ഗ്രീസില്‍ മുളപൊട്ടിവിരിഞ്ഞ മനുഷ്യബുദ്ധിയെ നിര്‍ബാധം വളരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മാനവരാശിയുടെ ഇന്നത്തെ നേട്ടങ്ങള്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പേ കൈവരിക്കുവാന്‍ മനുഷ്യനു് കഴിഞ്ഞേനെ! B. C. 585-ലെ സൂര്യഗ്രഹണം കണക്കുകൂട്ടി പ്രവചിച്ച താലസില്‍ ആരംഭിച്ചു്, പൈതഗോറസിലൂടെ സോക്രട്ടീസിലും, തുടര്‍ന്നു് പ്ലാറ്റോ വഴി അരിസ്റ്റോട്ടിലിലും എത്തിച്ചേര്‍ന്ന ഗ്രീക്ക് തത്വചിന്ത സാവകാശം വഴിമുട്ടി മുരടിക്കേണ്ടി വന്നു. ഉടനെ സംഭവിക്കാന്‍ പോകുന്ന ദൈവരാജ്യം വാഗ്ദാനം ചെയ്തുകൊണ്ടു് യൂറോപ്പില്‍ രംഗപ്രവേശം ചെയ്തു് വളര്‍ന്ന ക്രിസ്തുമതം ഭൗതികമായ അറിവുകള്‍ തേടിയുള്ള അന്വേഷണം ആദ്യം അനാവശ്യവും, പിന്നെ അധികപ്രസംഗവുമാക്കി മാറ്റിയപ്പോള്‍ സ്വതന്ത്ര ചിന്ത വളരാന്‍ കഴിയാതെ കൂമ്പടഞ്ഞു് പോവുകയായിരുന്നു. അന്ധകാരയുഗമെന്നു് പേരുപറഞ്ഞു് വിളിക്കപ്പെടുന്ന, വേണമെങ്കില്‍ മനുഷ്യബുദ്ധിയുടെ ജയില്‍വാസകാലമെന്നു് വിശേഷിപ്പിക്കാവുന്ന, ആറാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള എട്ടു് നൂറ്റാണ്ടുകള്‍ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത അതിഭൗതികതയെത്തേടിയുള്ള അര്‍ത്ഥശൂന്യമായ അന്വേഷണത്തിലൂടെ സ്വന്തം ചിന്താശേഷി പാഴാക്കിക്കളയുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ദൈവരാജ്യത്തിന്റെ വരവു് നോക്കിയുള്ള പതിനാലു് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന നിഷ്ഫലമായ കാത്തിരുപ്പിനുശേഷം ചിന്താശീലരായ ചുരുക്കം ചില പ്രതിഭാശാലികള്‍ മെറ്റാഫിസിക്സിന്റെ അജ്ഞാതമായ മഹത്വം ഉപേക്ഷിക്കാനും, ദൈവത്തേയും പിശാചിനേയും, സ്വര്‍ഗ്ഗത്തേയും, നരകത്തേയുമെല്ലാം പള്ളിക്കും പട്ടക്കാരനും വിട്ടുകൊടുത്തുകൊണ്ടു്, തന്നേയും തനിക്കു് ചുറ്റുമുള്ള ലോകത്തേയും സംബന്ധിച്ച ചെറിയ ചെറിയ കാര്യങ്ങള്‍ നോക്കിക്കാണാനും ശ്രദ്ധിക്കാനും അടുത്തറിയാനും തീരുമാനിച്ചപ്പോള്‍ ആധുനികശാസ്ത്രങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
അളവും അതിര്‍ത്തിയും നിര്‍ണ്ണയിക്കാനാവാത്ത മനുഷ്യഭാവനയില്‍ രൂപം കൊള്ളുന്ന സാങ്കല്‍പികസൃഷ്ടികള്‍ മുഴുവന്‍ അക്ഷരം പ്രതി യാഥാര്‍ത്ഥ്യങ്ങളാണെന്നു് വിശ്വസിക്കാനുള്ള അവകാശം തീര്‍ച്ചയായും ഏതൊരു മനുഷ്യനുമുണ്ടു്. പക്ഷേ അവയെ യുക്തിപൂര്‍വ്വം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യബുദ്ധി പിന്തുടരുന്നതു് മൃഗതൃഷ്ണയെ മാത്രമായിരിക്കും. പതിനായിരം തലയുള്ള മനുഷ്യരെയോ, സൂര്യനെയും ചന്ദ്രനേയും മാത്രമല്ല, മുഴുവന്‍ ഗാലക്സികളെയും വരെ ഒരുമിച്ചു് വിഴുങ്ങാന്‍ പോന്ന സര്‍പ്പങ്ങളേയോ, ഞാഞ്ഞൂലുകളെപ്പോലുമോ സങ്കല്‍പിക്കുവാന്‍ കഴിയുന്ന ഭാവനാശേഷിയുള്ളവരും അവ യാഥാര്‍ത്ഥ്യങ്ങളെന്നു് വിശ്വസിക്കാന്‍ തയ്യാറാവുന്ന സാമാന്യ മനുഷ്യരും ലോകത്തില്‍ ധാരാളമുണ്ടു്. കോടാനുകോടി നക്ഷത്രസമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ നേരിയ അംശം പോലും അറിയാന്‍ ഇതുവരെ മനുഷ്യനു് കഴിഞ്ഞിട്ടില്ലെന്നിരിക്കെ, അതേ പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ കൃത്യമായി അറിയുന്നവര്‍ എന്നു് വീമ്പിളക്കുന്നവരുടെ ലോകത്തിലാണു് നമ്മള്‍ ജീവിച്ചിരിക്കുന്നതു്!
വിജ്ഞാനത്തിന്റെ വികസനം വികേന്ദ്രീകരണത്തില്‍ അന്തര്‍ലീനമായ സ്വാതന്ത്ര്യം വഴി മാത്രമേ സാദ്ധ്യമാവൂ. കേന്ദ്രീകരണം അതില്‍ത്തന്നെ സങ്കോചമാണു്, ചുരുങ്ങലാണു്, വികാസത്തിനു് വിപരീതമാണു്. തന്മൂലം കേന്ദ്രീകരണം നാശവും ശൂന്യതയും മാത്രമേ സൃഷ്ടിക്കുകയുള്ളു. സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ അല്‍ഫ്രെഡ് ആഡ്‌ലര്‍: “സ്വാതന്ത്ര്യത്തില്‍നിന്നേ മഹത്വം വിരിയൂ. അതേസമയം, അസ്വാതന്ത്ര്യത്തിലെ നിര്‍ബന്ധം നശിപ്പിക്കുകയും ശൂന്യമാക്കുകയും ചെയ്യുന്നു.” ഇന്നത്തെ പരിഷ്കൃതലോകത്തില്‍ തികച്ചും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന എത്രയോ “സാമാന്യസത്യങ്ങള്‍” ഏതാനും നൂറ്റാണ്ടുകള്‍ക്കു് മുന്‍പുവരെ അതു് തുറന്നുപറയാന്‍ ധൈര്യം കാണിച്ചവര്‍ക്കു് വധശിക്ഷ നേടിക്കൊടുത്തിരുന്ന ദൈവദൂഷണങ്ങള്‍ ആയിരുന്നു എന്ന വസ്തുത നമ്മള്‍ മറക്കാതിരിക്കുക. വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ ഇന്നും മദ്ധ്യകാലയൂറോപ്പില്‍ നിലനിന്നിരുന്ന കാട്ടാളരീതികള്‍ ആവര്‍ത്തിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നതില്‍നിന്നും മാനസികവളര്‍ച്ചയ്ക്കു് ബോധവല്‍ക്കരണം എത്രത്തോളം അനുപേക്ഷണീയമാണെന്നു് മനസ്സിലാക്കാന്‍ കഴിയും. മനുഷ്യബുദ്ധി ഇന്നോളം കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തുവാനും അതില്‍ അഭിമാനം കൊള്ളുവാനും വേണ്ടി ഇടയ്ക്കിടെ ഒന്നു് പിന്തിരിഞ്ഞു് നോക്കിയതുകൊണ്ടു് ലോത്തിന്റെ ഭാര്യയേപ്പോലെ ഉപ്പുതൂണായി മാറുമെന്നു് ആരും ഭയപ്പെടേണ്ട കാര്യമില്ല.
“നിന്റെ സ്വന്തം ചിന്താശേഷിയും യുക്തിബോധവും ഉപയോഗപ്പെടുത്തൂ” എന്ന ഇമ്മാന്വേല്‍ കാന്റിന്റെ ഉപദേശം ഏതൊരു വ്യക്തിയുടെയും മൗലികബാദ്ധ്യത എന്തെന്നു് നമ്മെ മനസ്സിലാക്കാനാണു് ശ്രമിക്കുന്നതു്. സ്വതന്ത്രമായി ചിന്തിക്കുവാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശത്തെ വിലക്കുകള്‍ കൊണ്ടും ഭീഷണികൊണ്ടും നേരിടാന്‍ സ്വന്തം തത്വശാസ്ത്രങ്ങള്‍ക്കു് അപ്രമാദിത്വം അവകാശപ്പെടുന്ന ചില സര്‍വ്വജ്ഞാനികള്‍ ഇന്നും ശ്രമിക്കുന്നതു് കാണുമ്പോള്‍ “മനുഷ്യന്‍ ചരിത്രത്തില്‍നിന്നും ഒന്നും പഠിക്കുന്നില്ല എന്നതിനു് ചരിത്രം തന്നെ തെളിവു്” എന്ന ഹേഗെലിന്റെ അഭിപ്രായമാണു് ഓര്‍ത്തുപോകുന്നതു്. സമൂഹത്തില്‍ കാലാകാലങ്ങളായി കാറ്റും വെളിച്ചവും കടക്കാത്ത കല്‍ഭരണികളില്‍ കെട്ടിക്കിടന്നു് പുളിച്ചാര്‍ത്തു് പൂപ്പല്‍ പിടിച്ച ആശയസംഭാരം അവസരോചിതം വ്യത്യസ്തചഷകങ്ങളില്‍ മാറിമാറിപ്പകര്‍ന്നു് ഇഷ്ടാനുസരണം വാരിയും കോരിയും കുടിക്കുന്നതിനുള്ള ഔദ്യോഗിക അനുവാദമല്ല ചിന്താസ്വാതന്ത്ര്യം. വിപരീതചിന്തകളോടു് സമൂഹം കാണിക്കുന്ന സഹിഷ്ണുതയാണു് ചിന്താസ്വാതന്ത്ര്യത്തിന്റെ അളവുകോല്‍. ഏതൊരു അംഗീകൃത ജനാധിപത്യവ്യവസ്ഥിതിയും വിപരീത ആശയങ്ങളെ നേരിടുന്നതു് ബൗദ്ധികതയുടെ ആയുധങ്ങള്‍ കൊണ്ടാണു്, മാരകായുധങ്ങള്‍ കൊണ്ടല്ല. ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വവും ആത്മീയ നേതൃത്വവുമൊക്കെ ഈ യാഥാര്‍ത്ഥ്യം അവരുടെ അനുയായികളെ പറഞ്ഞു് മനസ്സിലാക്കിയിരുന്നെങ്കില്‍ രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ചേരിപ്പോരുകളുടെ പേരില്‍ സംഭവിക്കുന്ന അര്‍ത്ഥശൂന്യമായ എത്രയെത്ര കാട്ടാളത്തങ്ങളും മനുഷ്യക്കുരുതികളും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല?
പാശ്ചാത്യസംസ്കാരത്തിന്റെ അധഃപതനത്തില്‍ അതിശയോക്തി കലര്‍ത്തി ആനന്ദിക്കുന്നതില്‍ നമ്മുടെ ചില സാംസ്കാരിക നായകന്മാര്‍ക്കു് മടിയോ ക്ഷീണമോ തോന്നാറില്ല. (പാശ്ചാത്യസംസ്കാരം എന്നാല്‍ എന്തെന്നു് പോലും അറിയാത്തവരാണു് അവരില്‍ അധികപങ്കും എന്നതാണു് അതിലേറെ രസം!) പക്ഷേ നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും അറിഞ്ഞും അറിയാതെയും നമ്മളോരോരുത്തരും അനുദിനം പാശ്ചാത്യസംസ്കാരത്തെ അനുകരിക്കുകയും സ്വന്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന സത്യം നാം അംഗീകരിച്ചേ മതിയാവൂ. ഏതു് വ്യവസ്ഥിതിയിലും അതിന്റേതായ പ്രശ്നങ്ങളുണ്ടു്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനുള്ളതാണു്. അല്ലാതെ ദൈവവിധി എന്നു് സ്വയം ശപിച്ചുകൊണ്ടു് ഒളിച്ചോടാനുള്ളതല്ല. അന്യസംസ്കാരങ്ങളുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്കു് ഉതകുമെന്നുണ്ടെങ്കില്‍ അവ സ്വായത്തമാക്കുന്നതില്‍ എന്തു് തെറ്റു്? യൂറോപ്യരുടെ നേട്ടമായിരുന്ന പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും നമ്മള്‍ ഇറക്കുമതി ചെയ്തു. കമ്മ്യൂണിസവും ജനാധിപത്യവും കോപ്പിയടിക്കുവാന്‍ നമ്മള്‍ മടിച്ചില്ല. ഇസ്ലാമും ക്രിസ്തുമതവും ഭാരതീയമാണോ? യൂറോപ്പിന്റെ ഉത്പന്നങ്ങളായ എത്രയോ ആധുനികസൗകര്യങ്ങള്‍ സാധിക്കുമെങ്കില്‍ സ്വന്തമാക്കാന്‍ നമുക്കു് മടിയൊന്നുമില്ല. പിന്നെ എന്തിനു് ഈ കപടനാട്യം?
(തുടരും)