RSS

Daily Archives: Jul 9, 2009

യേശു – ഒരേയൊരു ക്രിസ്ത്യാനി

(ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയുടെ The Antichrist-ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)

മനുഷ്യരുടെ ചരിത്രബോധത്തിൽ അഭിമാനിക്കുന്ന ഒരു യുഗമാണു് നമ്മുടേതു്: എന്നിട്ടും അത്ഭുതകാർമ്മികരെയും രക്ഷകരെയും പറ്റി ക്രിസ്തീയതയുടെ ആരംഭത്തിൽ നിലവിലിരിക്കുന്ന പ്രാകൃതമായ കെട്ടുകഥകളും, ആദ്ധ്യാത്മീകവും പ്രതീകാത്മകവുമായ മുഴുവൻ കാര്യങ്ങളും പിൽക്കാലത്തുണ്ടായ സംഭവവികാസമാണു് എന്ന അസംബന്ധവും എങ്ങനെ നമുക്കു് നമ്മെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു? നേരെ മറിച്ചാണു് വസ്തുത: കുരിശിലെ മരണം മുതലുള്ള ക്രിസ്തീയതയുടെ ചരിത്രം, ഓരോ ചുവടിലും കൂടുതൽ കൂടുതൽ അസംബന്ധമായി മാറിക്കൊണ്ടിരുന്ന ഒരു തെറ്റിദ്ധരിക്കലിന്റെ, മൗലികമായ ഒരു പ്രതീകാത്മകതയുടെ ചരിത്രമാണു്. ക്രിസ്തുമതം രൂപമെടുത്തതിന്റെ മുൻവ്യവസ്ഥകൾ അറിയാതിരുന്നവരും, കൂടുതൽ പരന്നതും, കൂടുതൽ പരുക്കരുമായിരുന്ന ജനങ്ങളുടെ ഇടയിലേക്കു് വികാസം പ്രാപിച്ചപ്പോൾ തദനുസൃതം ക്രിസ്തീയതയെ കൂടുതൽ പ്രാകൃതമാക്കേണ്ടതു്, കൂടുതൽ മ്ലേച്ഛമാക്കേണ്ടതു് ആവശ്യമായി മാറി: റോമൻ എമ്പയറിലെ അധോലോകവിഭാഗങ്ങളുടെ എല്ലാ സിദ്ധാന്തങ്ങളും ആരാധനാരീതികളും, അവയ്ക്കിടയിലെ അർത്ഥശൂന്യവും രോഗബാധിതവുമായ എല്ലാത്തരം യുക്തിബോധവും അപ്പാടെ വിഴുങ്ങാൻ ക്രിസ്തുമതം തയ്യാറായി. മതവിശ്വാസം വഴി തൃപ്തിപ്പെടുത്തേണ്ടിയിരുന്ന ആവശ്യങ്ങൾ എത്രമാത്രം രോഗബാധിതവും നീചവും പ്രാകൃതവുമായിരുന്നോ അത്രത്തോളം രോഗബാധിതവും നീചവും പ്രാകൃതവുമായ നിലപാടുകൾ സ്വീകരിക്കുക എന്ന അനിവാര്യതയിലാണു് ക്രിസ്തീയതയുടെ വിധി നിലകൊണ്ടിരുന്നതു്. അവസാനം, രോഗബാധിതമായ കാട്ടാളത്തം സഭ എന്ന പേരിൽ അധികാരം ഏറ്റെടുക്കുന്നു – സഭ, എല്ലാ സത്യസന്ധതയ്ക്കും എതിരായ, എല്ലാത്തരം ആത്മീയ ഔന്നത്യത്തിനും എതിരായ, ജീവന്റെ എല്ലാ ശിക്ഷണങ്ങൾക്കും എതിരായ, നിർവ്യാജവും ധന്യവുമായ എല്ലാവിധ മനുഷ്യത്വത്തിനും എതിരായ മരണകരശത്രുതയുടെ മൂർത്തീകരണം. ക്രിസ്തീയ മൂല്യങ്ങൾ – ഉത്തമ മൂല്യങ്ങൾ: നമ്മൾ, ബുദ്ധിയെ സ്വതന്ത്രമാക്കിയ നമ്മൾ മാത്രമാണു് മൂല്യങ്ങളിൽ ഏറ്റവും വലിയതെന്നു് പറയാവുന്ന ഈ വൈരുദ്ധ്യം പുനരുദ്ധാരണം ചെയ്തതു്.

ഈ അവസരത്തിൽ എന്റെ ഒരു നെടുവീർപ്പു് ഒതുക്കിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏറ്റവും ഇരുണ്ട ശോകാത്മകതയേക്കാൾ ഇരുണ്ട ഒരു വികാരം എന്നെ പീഡിപ്പിക്കുന്ന ചില ദിവസങ്ങളുണ്ടു് – മനുഷ്യരോടുള്ള അവജ്ഞ. എന്തിനോടാണു് അവജ്ഞ, ആരോടാണു് അവജ്ഞ എന്ന കാര്യത്തിൽ സംശയമൊന്നും ബാക്കിയാവാതിരിക്കാനായി (പറയുന്നു): ഇന്നത്തെ മനുഷ്യൻ ആണതു്, സമകാലികനായി ഞാൻ എന്റെ ഭാഗധേയം പങ്കിടുന്ന അതേ മനുഷ്യൻ. ഇന്നത്തെ മനുഷ്യൻ – അവന്റെ അശുദ്ധമായ ശ്വാസത്തിൽ എനിക്കു് വീർപ്പുമുട്ടുന്നു. ജ്ഞാനത്തെ സ്നേഹിക്കുന്നവരായ മറ്റെല്ലാവരെയും പോലെതന്നെ ഞാനും കഴിഞ്ഞുപോയവയെപ്പറ്റി അങ്ങേയറ്റം സഹിഷ്ണുതയുള്ളവനാണു്, അഥവാ, മഹാമനസ്കതോടെയുള്ള ആത്മനിയന്ത്രണം (പാലിക്കുന്നവനാണു്): സമ്പൂർണ്ണസഹസ്രാബ്ദങ്ങളിലൂടെ ലോകം എന്ന ഭ്രാന്താലയത്തിലൂടെ, അതിനെ ക്രിസ്തീയതയെന്നോ, ക്രിസ്തീയവിശ്വാസമെന്നോ, ക്രൈസ്തവസഭയെന്നോ വിളിക്കാം – മ്ലാനമായ മുൻകരുതലോടുകൂടി ഞാൻ യാത്ര ചെയ്യുന്നു – മനുഷ്യരാശിയെ അവരുടെ മാനസികരോഗങ്ങൾക്കു് ഞാൻ ഉത്തരവാദികളാക്കുന്നില്ല. പക്ഷേ നവയുഗത്തിലേക്കു്, ഇന്നത്തെ നമ്മുടെ കാലഘട്ടത്തിലേക്കു് പ്രവേശിക്കുമ്പോൾ എന്റെ വികാരം തലതിരിയുന്നു, പൊട്ടിത്തെറിക്കുന്നു. (കാരണം,) നമ്മുടേതു് അറിവിന്റെ യുഗമാണു്.

പണ്ടു് രോഗമായിരുന്നതു് ഇന്നു് അന്തസ്സില്ലായ്മയാണു് – ക്രിസ്ത്യാനിയാവുക എന്നതു് ഇന്നു് അന്തസ്സില്ലായ്മയാണു്. അവിടെയാണു് എന്റെ മനം പിരട്ടൽ ആരംഭിക്കുന്നതു്. ഞാൻ ചുറ്റും നോക്കുന്നു: പണ്ടു് “സത്യം” എന്നു് വിളിക്കപ്പെട്ടിരുന്നതിൽ നിന്നും ഒരു വാക്കുപോലും ഇന്നു് അവശേഷിച്ചിട്ടില്ല, ഒരു പുരോഹിതന്റെ വായിൽനിന്നും “സത്യം” എന്ന വാക്കു് പുറത്തു് വരുന്നതു് പോലും താങ്ങാൻ ഇന്നു് നമുക്കാവില്ല. ഒരു നേരിയ സത്യസന്ധതയെങ്കിലും (നമ്മിൽ ഉണ്ടെന്നു്) നമ്മൾ അവകാശപ്പെടുന്നുവെങ്കിൽ, ഒരു മതപണ്ഡിതൻ, ഒരു പുരോഹിതൻ, ഒരു പാപ്പ, ഇവരൊക്കെ പറയുന്ന ഓരോ വാചകങ്ങളും തെറ്റാണെന്നു് മാത്രമല്ല, നുണയാണെന്നും അറിയാൻ നമ്മൾ ബാദ്ധ്യസ്ഥരാണു് – “ശുദ്ധഗതി”യുടെയോ “അജ്ഞത”യുടെയോ പേരിൽ നുണപറയാനുള്ള സ്വാതന്ത്ര്യം അവനില്ല എന്നും (നമ്മൾ അറിയണം). “ദൈവമോ”, “പാപിയോ”, “രക്ഷകനോ” ഇല്ലെന്നും – സ്വതന്ത്ര “ഇച്ഛാശക്തിയും”, “ധാർമ്മികമായ ലോകനീതിയും” നുണകളാണെന്നും മറ്റേതൊരു മനുഷ്യനേയും പോലെ നന്നായി ഏതു് പുരോഹിതനും അറിയാം – കാര്യത്തിന്റെ ഗൗരവവും, മനസ്സിന്റെ ആഴമേറിയ സ്വയംതരണംചെയ്യലും അതറിയാതിരിക്കാൻ ഇന്നു് ആരെയും അനുവദിക്കുന്നില്ല. സഭയുടെ എല്ലാ ആശയങ്ങളും അവ എന്താണോ, അവയായി ഇന്നു് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു – പ്രകൃതിയെ, പ്രകൃതിമൂല്യങ്ങളെ അവമൂല്യനം ചെയ്യുന്നതിനു് ലഭ്യമായതിൽ വച്ചു് ഏറ്റവും മാരകമായ കള്ളനാണയങ്ങളാണവ; അതുപോലെതന്നെ പുരോഹിതനും അവൻ ആരാണോ, അതായി തിരിച്ചറിയപ്പെട്ടുകഴിഞ്ഞു, ഏറ്റവും അപകടകാരിയായതരം പരാന്നഭുക്കു്, ജീവിതത്തിലെ യഥാർത്ഥ വിഷ-ചിലന്തി (അതാണു് പുരോഹിതൻ). പുരോഹിതന്മാരുടെയും സഭയുടെയും ബീഭത്സമായ കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ വില എന്തെന്നു്, കാണുമ്പോൾ തന്നെ മനം പിരട്ടൽ തോന്നുന്ന സ്വയംപങ്കിലമാക്കലിന്റെ അവസ്ഥയിലേക്കു് മനുഷ്യരാശിയെ ചവിട്ടിത്താഴ്ത്തുക എന്ന ലക്ഷ്യം നേടുകയായിരുന്നു അവയുടെയൊക്കെ കണക്കുകൂട്ടലെന്നു് ഇന്നു് നമുക്കറിയാം, നമ്മുടെ മനസ്സാക്ഷിക്കു് ഇന്നതറിയാം: – “പരലോകം”, “അന്ത്യന്യായവിധി”, “ആത്മാവിന്റെ അനശ്വരത”, “ആത്മാവു്” തന്നെയും – എല്ലാം മനുഷ്യപീഡനത്തിനുള്ള ഉപകരണങ്ങളാണു്, പുരോഹിതനു് അധിപതിയാവാനും, അധിപതിയായി തുടരാനും കരുതിക്കൂട്ടി കണ്ടുപിടിക്കപ്പെട്ട വ്യവസ്ഥാപിതമായ ക്രൂരതകൾ…

ഓരോരുത്തർക്കും ഇന്നതറിയാം: എന്നിട്ടും എല്ലാം പഴയപടി തുടരുന്നു. സാധാരണഗതിയിൽ തങ്ങളുടെ പ്രവൃത്തികളിൽ പക്ഷപാതരഹിതരായ, മതവിരുദ്ധരായ രാജ്യതന്ത്രജ്ഞർ പോലും ഇന്നു് സ്വയം ക്രിസ്ത്യാനികൾ എന്നു് വിളിക്കുകയും തിരുവത്താഴകൂദാശയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ അന്തസ്സിനെപ്പറ്റിയും ആത്മബഹുമാനത്തെപ്പറ്റിയുമുള്ള അവരുടെ അവസാനത്തെ ബോധം എവിടെയാണു് പോയി മറയുന്നതു്? ഒരു സൈന്യദളത്തിന്റെ തലവനായ ഒരു യുവരാജകുമാരൻ – അവന്റെ ജനങ്ങളുടെ സ്വാർത്ഥതയുടെയും ദുരഭിമാനത്തിന്റെയും പ്രകടനം എന്നപോലെ പ്രതാപവാനായി – എങ്കിലും ഒരു ലജ്ജയുമില്ലാതെ, താനൊരു ക്രിസ്ത്യാനിയാണെന്നു് ഏറ്റുപറയുന്നു! ക്രിസ്തീയത ആരെയാണു് നിഷേധിക്കുന്നതു്? “ലോകം” എന്നാൽ എന്താണു്? ഒരുവൻ ഒരു പട്ടാളക്കാരനാണെന്നു്, ഒരുവൻ ഒരു ന്യായാധിപനാണെന്നു്, ഒരുവൻ ഒരു സ്വരാജ്യസ്നേഹിയാണെന്നു്; ഒരുവൻ ചെറുക്കുന്നുവെന്നു്, ഒരുവൻ തന്റെ ബഹുമാനം കാത്തുസൂക്ഷിക്കുന്നുവെന്നു്; ഒരുവൻ തന്റെ നേട്ടങ്ങൾ അന്വേഷിക്കുന്നുവെന്നു്; ഒരുവൻ അഭിമാനിയാണെന്നു്. ഓരോ നിമിഷത്തിലേയും പ്രവർത്തനങ്ങളും, ഓരോ സഹജവാസനയും, പ്രവൃത്തിയായി മാറുന്ന ഓരോ വിലയിരുത്തലുകളും ക്രൈസ്തവവിരുദ്ധമാണു്: ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും ക്രിസ്ത്യാനി എന്നു് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കാതിരിക്കാൻ ഒരു ആധുനികമനുഷ്യനു് കഴിയണമെങ്കിൽ അവൻ ഏതു് തരത്തിൽപെട്ട കാപട്യത്തിന്റെ ചാപിള്ളയായിരിക്കണം?

ഞാൻ തിരിച്ചുവരുന്നു, ക്രിസ്തീയതയുടെ യഥാർത്ഥ ചരിത്രം വിവരിക്കാനായി. ക്രിസ്തീയത എന്ന വാക്കു് തന്നെ ഒരു തെറ്റിദ്ധാരണയാണു്: അടിസ്ഥാനപരമായി നോക്കിയാൽ ഒരു ക്രിസ്ത്യാനി മാത്രമേ ഉണ്ടായിട്ടുള്ളു, അവൻ കുരിശിൽ മരിച്ചു. “സുവിശേഷം” (Evangelium) കുരിശിൽ മരിച്ചു. ആ നിമിഷം മുതൽ “സുവിശേഷം” എന്നു് വിളിക്കപ്പെടുന്നതു് അവൻ ജീവിച്ച ജീവിതത്തിന്റെ നേരെ വിപരീതമായതിനെയാണു്: അഥവാ, “ദുർവിശേഷം”, – ഒരു Dysangelium. ഏതെങ്കിലും ഒരു “വിശ്വാസത്തിൽ”, ഉദാഹരണത്തിനു്, ക്രിസ്തുവിൽ കൂടിയുള്ള “പാപപരിഹാരം” എന്ന വിശ്വാസത്തിൽ, ക്രിസ്ത്യാനി എന്നതിന്റെ അടയാളം ദർശിക്കുക എന്നതു് വിഡ്ഢിത്തത്തിനോടു് അടുത്തു് നിൽക്കുന്നത്ര അബദ്ധമാണു്: കുരിശിൽ മരിച്ചവൻ ജീവിച്ചതുപോലെ പ്രാവർത്തികമായി ജീവിക്കുന്നതു് മാത്രമാണു് ക്രിസ്തീയം.

അതുപോലൊരു ജീവിതം ഇന്നും സാദ്ധ്യമാണു്, ചിലതരം മനുഷ്യർക്കു് അതു് ആവശ്യവുമാണു്: അകൃത്രിമമായ, മൗലികമായ ക്രിസ്തീയത എല്ലാ കാലങ്ങളിലും സാദ്ധ്യമാണു്. (ക്രിസ്തീയത) ഒരു വിശ്വാസമല്ല, ഒരു കർമ്മമാണു്; എല്ലാറ്റിലുമുപരി, പല കർമ്മങ്ങൾ ചെയ്യാതിരിക്കലാണു്, അസ്തിത്വത്തിന്റെ മറ്റൊരു അവസ്ഥയാണു് . അന്തർബോധത്തിന്റെ അവസ്ഥകൾ, ഏതെങ്കിലുമൊരു വിശ്വാസം, ഉദാഹരണത്തിനു്, ഒരു കാര്യം സത്യമാണെന്നു് ധരിക്കൽ – ഏതു് മനഃശാസ്ത്രജ്ഞനും അതറിയാം – (ഇവയെല്ലാം) സഹജവാസനയുടെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ അഞ്ചാം നിരയിൽ നിൽക്കുന്ന, ഔദാസീന്യമായ കാര്യങ്ങളാണു്: കൂടുതൽ കൃത്യമായി പറഞ്ഞാൽ, ആദ്ധ്യാത്മികമായ കാര്യകാരണബന്ധം എന്ന ആശയം അപ്പാടെ തെറ്റാണു്. ക്രിസ്ത്യാനി ആയിരിക്കുക എന്നതിനെയോ, ക്രിസ്തീയതയെത്തന്നെയോ ഒരുകാര്യം സത്യമാണെന്നു് വിശ്വസിക്കുന്ന ഒരു തലത്തിലേക്കു്, വെറുമൊരു അന്തർബോധപ്രതിഭാസം എന്ന നിലയിലേക്കു് ചുരുക്കുക എന്നാൽ, അതു് ക്രിസ്തീയതയെ നിഷേധിക്കുന്നതിനു് തുല്യമാണു്. യഥാർത്ഥത്തിൽ ഇതുവരെ ഒരൊറ്റ ക്രിസ്ത്യാനി പോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രിസ്ത്യാനി എന്നു് വിളിക്കപ്പെടുന്ന തരത്തിലുള്ള ഒരു “ക്രിസ്ത്യാനി”, മനഃശാസ്ത്രപരമായ ഒരു സ്വയം-തെറ്റിദ്ധാരണയാണു്. അടുത്തു് പരിശോധിച്ചാൽ, എല്ലാ വിശ്വാസങ്ങളും ഉണ്ടായിട്ടും അവനിൽ വാണിരുന്നതു് അവന്റെ സഹജവാസന മാത്രമായിരുന്നു എന്നു് കാണാൻ കഴിയും – അതും എന്തൊരു തരം സഹജവാസന!

വിശ്വാസം എല്ലാ കാലത്തും, ഉദാഹരണത്തിനു്, മാർട്ടിൻ ലൂഥറിൽ, ഒരു മേലങ്കി, ഒരു ഒഴികഴിവു്, ഒരു തിരശ്ശീല ആയിരുന്നു, അതിനുപിന്നിൽ അരങ്ങേറിയിരുന്നതു് സഹജവാസനകൾ മാത്രമായിരുന്നു – ചില പ്രത്യേക സഹജവാസനകളുടെ മേലുള്ള ആധിപത്യം സംബന്ധിച്ച കൗശലപൂർവ്വമായ ഒരുതരം അന്ധത… വിശ്വാസം – ഞാൻ പണ്ടേതന്നെ അതിനു് നൈസർഗ്ഗികമായ ക്രിസ്തീയകുശലത എന്നു് പേരു് നൽകിയിരുന്നു – മനുഷ്യൻ “വിശ്വാസത്തെപ്പറ്റി” എപ്പോഴും പറഞ്ഞു, പക്ഷേ, സഹജവാസനപ്രകാരം മാത്രം എപ്പോഴും പ്രവർത്തിച്ചു…

യാഥാർത്ഥ്യത്തെ നേരിയ തോതിൽ സ്പർശിക്കുക പോലും ചെയ്യുന്ന യാതൊന്നും ക്രിസ്ത്യാനിയുടെ സാങ്കൽപികലോകത്തിൽ കാണാനാവില്ല: അതിനു് വിപരീതമായി, എല്ലാ യാഥാർത്ഥ്യങ്ങളോടുമുള്ള സഹജവാസനയായ വെറുപ്പു് എന്ന ഘടകത്തിൽ ക്രിസ്തീയതയുടെ പ്രേരകശക്തിയെ, ഒരേയൊരു പ്രേരകശക്തിയെ അതിന്റെ വേരുകളിൽതന്നെ നമുക്കു് തിരിച്ചറിയാൻ കഴിയുന്നു. അതിൽനിന്നും നമ്മൾ എന്താണു് മനസ്സിലാക്കുന്നതു്? മനഃശാസ്ത്രപരമായും ഇവിടെ തെറ്റു് മൗലികമാണു്, അഥവാ, സാരാംശനിർണ്ണയത്തെ സ്വാധീനിക്കുന്നതാണു്, അഥവാ, (തെറ്റു്) സത്തയാണു്. ഏതെങ്കിലും ഒരു ആശയം എടുത്തുമാറ്റി അവിടെ ഒരേയൊരു യാഥാർത്ഥ്യം തിരുകിയാൽ മതി, അതോടെ മുഴുവൻ ക്രിസ്തീയതയും ശൂന്യതയിലേക്കു് മറിഞ്ഞു് വീഴും!

ഏറ്റവും അസാധാരണമായ ഈ വസ്തുതകൾ, ഔന്നത്യത്തിൽ നിന്നു് നോക്കിയാൽ, തെറ്റുകളെ നിബന്ധനകളാക്കുക മാത്രമല്ല, പ്രത്യുത, ഹാനികരം മാത്രമായ, മനസ്സിലും ജീവിതത്തിലും വിഷം പുരട്ടുന്ന തെറ്റുകളുടെ കണ്ടുപിടുത്തശേഷിയും, കുശലതയുമുള്ള ഈ മതം ദൈവങ്ങൾക്കു് ഒരു കൗതുകദൃശ്യമായിരിക്കും – കാരണം, ദൈവങ്ങളും, അതേസമയം തന്നെ തത്വചിന്തകരുമായ അവരെ ഞാൻ ഉദാഹരണത്തിനു്, Naxos-ലെ വിഖ്യാതമായ ആ സംഭാഷണത്തിനിടയിൽ കണ്ടുമുട്ടിയിരുന്നു. മനംപിരട്ടൽ അവരെ (നമ്മളേയും!) വിട്ടുമാറുന്ന നിമിഷത്തിൽ ക്രിസ്ത്യാനികളുടെ ഈ നാടകപ്രദർശനത്തിൽ അവർ കൃതജ്ഞതയുള്ളവരായിരിക്കും: ഒരുപക്ഷേ, ഭൂമി എന്നു് വിളിക്കപ്പെടുന്ന ശോചനീയമായ ഈ ഗ്രഹം കൗതുകകരമായ ഈ സംഗതിയുടെ പേരിൽ ദൈവികമായ ഒരു കടാക്ഷം, ദൈവികമായ ഒരു സഹാനുഭൂതി അർഹിക്കുന്നുണ്ടാവാം… ക്രിസ്ത്യാനികളെ നമ്മൾ വിലകുറച്ചു് കാണരുതു്: നിരപരാധിത്വത്തോടടുത്തു് നിൽക്കുന്നത്ര കപടനായ ക്രിസ്ത്യാനി, കുരങ്ങുകളെക്കാൾ വളരെ ഉയരത്തിലാണു് – ക്രിസ്ത്യാനിയെ സംബന്ധിച്ചു് സുപ്രസിദ്ധമായ ഒരു വംശപരമ്പരാസിദ്ധാന്തം വെറുമൊരു കോമ്പ്ലിമെന്റ്‌ മാത്രമാണു്.

 
 

Tags: ,