കാലിക്കൂട്ടനൈസര്‍ഗ്ഗികത – (Herd instinct)
ധാര്‍മ്മികനീതിയെ (morality) അഭിമുഖീകരിക്കുന്നിടത്തെല്ലാം മാനുഷികമായ ഉള്‍പ്രേരണകളുടെയും പ്രവര്‍ത്തനങ്ങളുടെയും സ്ഥാനവിലകളും വിലയിരുത്തലുകളുമാണു് നമുക്കു് കാണാന്‍ കഴിയുന്നതു്. ഈ വിലയിരുത്തലുകളും സ്ഥാനമൂല്യങ്ങളും എല്ലായ്പോഴും ഒരു സാമൂഹികകൂട്ടത്തിന്റെ, ഒരു സമുദായത്തിന്റെ ആവശ്യങ്ങളുടെ ആവിഷ്കരണമാണു്. കൂട്ടത്തിനു് ഏറ്റവും പ്രയോജനപ്രദമായതു് – രണ്ടാമത്തേതു്, മൂന്നാമത്തേതു് – എന്താണോ അതാണു് ആ കൂട്ടത്തിലെ എല്ലാ വ്യക്തികളുടെയും ഉത്തമമായ മൂല്യങ്ങളുടെ മാനദണ്ഡം. വ്യക്തികളെ സാമൂഹികകൂട്ടത്തിന്റെ ഒരു ഭാഗം മാത്രമായിത്തീരാനും, കൂട്ടത്തിന്റെ ഒരംശം എന്ന നിലയില്‍ മാത്രം തനിക്കൊരു മൂല്യം കല്‍പിക്കുവാനും ധാര്‍മ്മികനീതി പരിശീലിപ്പിക്കുന്നു. പക്ഷേ, സാമൂഹികപരിപാലനത്തിന്റെ നിബന്ധനകള്‍ വ്യത്യസ്തസമൂഹങ്ങളില്‍ വ്യത്യസ്തമായിരുന്നതിനാല്‍ അങ്ങേയറ്റം വ്യത്യസ്തമായ ധര്‍മ്മനീതികളും നിലനിന്നിരുന്നു. കൂട്ടങ്ങളിലും, സമുദായങ്ങളിലും, രാഷ്ട്രങ്ങളിലും, സമൂഹങ്ങളിലും അത്യന്താപേക്ഷിതമായി സംഭവിക്കാനിരിക്കുന്ന പരിവര്‍ത്തനപ്രക്രിയകളെ പരിഗണിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ ധാര്‍മ്മികനീതികള്‍ ഭാവിയിലും ഉണ്ടായിരിക്കുമെന്നു് പ്രവചിക്കാന്‍ പ്രയാസമില്ല. ഒരു വ്യക്തിയിലെ സാമൂഹ്യവാസനയാണു് ധാര്‍മ്മികനീതി.
കാലിക്കൂട്ടമനസ്സാക്ഷിക്കുത്തു് – (Herd remorse)
മാനവചരിത്രത്തിന്റെ ചിരകാലീനവും അതിവിദൂരവുമായ കാലഘട്ടങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു മനസ്സാക്ഷിക്കുത്തായിരുന്നു നിലനിന്നിരുന്നതു്. താന്‍ ഇച്ഛിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ക്കു് മാത്രമാണു് സ്വയം ഉത്തരവാദിയായി ഇന്നു് ഒരുവനു് തോന്നുന്നതു്, ഒരു വ്യക്തി എന്ന നിലയില്‍ അവനു് അവനില്‍ തന്നെ അഭിമാനവുമുണ്ടു്: വ്യക്തിയുടെ ഈ ആത്മബോധത്തില്‍ നിന്നും ആസക്തികളില്‍ നിന്നും ആരംഭിക്കുന്നു എന്നതിനാല്‍ നമ്മുടെ എല്ലാ നിയമാദ്ധ്യാപകരും നിയമത്തിന്റെ ഉറവിടം എല്ലായ്പോഴും ഇവിടെയായിരുന്നു എന്ന രീതിയില്‍ ചിന്തിക്കുന്നവരാണു്. പക്ഷേ, മനുഷ്യരാശിയുടെ സുദീര്‍ഘമായ കാലഘട്ടങ്ങളിലെ അധികപങ്കിലും വ്യക്തി എന്ന നിലയില്‍ ചിന്തിക്കുന്നത്ര ഭീതിജനകമായി മറ്റൊന്നുമുണ്ടായിരുന്നില്ല. ഒറ്റക്കായിരിക്കുക, ഏകനായി കാര്യങ്ങള്‍ അനുഭവിക്കുക, അനുസരിക്കുകയോ ഭരിക്കുകയോ ചെയ്യാതിരിക്കുക, ഒരു വ്യക്തി ആയിരിക്കുക – അതൊക്കെ അക്കാലത്തു് സന്തോഷമായിരുന്നില്ല, ശിക്ഷയായിരുന്നു; മനുഷ്യന്‍ വ്യക്തിയായി വിധിക്കപ്പെടുകയായിരുന്നു. ചിന്താസ്വാതന്ത്ര്യം യഥാര്‍ത്ഥ ദുരിതമായി പരിഗണിക്കപ്പെട്ടിരുന്നു. നിയമവും വിധേയത്വവും ഇന്നു് നമ്മള്‍ നിര്‍ബന്ധവും നഷ്ടവുമായി അനുഭവിക്കുമ്പോള്‍, അക്കാലത്തു് ആത്മാഭിമാനം (egoism) ആയിരുന്നു വേദനയും യഥാര്‍ത്ഥ ദുരിതവുമായി മനുഷ്യനു് അനുഭവപ്പെട്ടിരുന്നതു്. അവനവന്‍ ആയിരിക്കുക, സ്വന്തം അളവുകളും തൂക്കങ്ങളും കൊണ്ടു് തന്നെത്തന്നെ അളക്കുക – അതു് അക്കാലത്തെ അഭിരുചിക്കു് വിരുദ്ധമായിരുന്നു. അത്തരം പ്രവണതകള്‍ ഭ്രാന്തായി പരിഗണിക്കപ്പെട്ടിരുന്നിരിക്കണം: കാരണം, ഒറ്റക്കായിരിക്കുക എന്ന അവസ്ഥയുമായി ഓരോ ദുരിതവും, ഓരോ ഭയവും ബന്ധിപ്പിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ഇച്ഛാശക്തിയുടെ (free will) തൊട്ടടുത്ത അയല്‍വാസി അക്കാലത്തു് ചീത്ത മനസ്സാക്ഷിയായിരുന്നു: എത്രമാത്രം അസ്വതന്ത്രമായി ഒരുവന്‍ പെരുമാറിയിരുന്നോ, വ്യക്തിബോധത്തിനുപകരം എത്രമാത്രം കാലിക്കൂട്ടനൈസര്‍ഗ്ഗികത അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തിയിരുന്നോ അത്രമാത്രം ധാര്‍മ്മികനീതിയുള്ളവനായി അവന്‍ സ്വയം വിലമതിച്ചു. തന്റെ കൂട്ടത്തിനു് ഹാനി വരുത്തുന്നതെല്ലാം, ഒരുവന്‍ അതു് ആഗ്രഹിച്ചതോ അല്ലാത്തതോ ആവട്ടെ, ഓരോ വ്യക്തിയിലും മനസ്സാക്ഷിക്കുത്തുണ്ടാക്കി – അതിനോടൊപ്പം അവന്റെ അയല്‍വാസിക്കും, അങ്ങനെ മുഴുവന്‍ കൂട്ടത്തിനും! – അക്കാര്യത്തില്‍ ഏതായാലും നമ്മള്‍* നല്ലൊരുപങ്കു് തിരുത്തിപ്പഠിച്ചു.
* നമ്മള്‍ എന്നതുകൊണ്ടു് നീറ്റ്‌സ്‌ഷെ ഇവിടെ ഉദ്ദേശിക്കുന്നതു് പശ്ചിമയൂറോപ്യരെയാണു്.