(വോൾട്ടയറുടെ Jeannot et Colin-ന്റെ സ്വതന്ത്ര പരിഭാഷ)
ഒരു അക്കാഡമിക് ഹൈസ്കൂളും പാചകകലങ്ങളും വഴി ലോകം മുഴുവൻ പ്രസിദ്ധിയാർജ്ജിച്ചിരുന്ന ഒവേര്‍ന്യേയിലെ ഇസ്വാ എന്ന പട്ടണത്തിലെ സ്കൂൾ ബഞ്ചിൽ ഒരുമിച്ചിരുന്നു് പഠിക്കുന്നവരായി ഷെനോയേയും കോളിനേയും വിശ്വാസയോഗ്യരായ പലരും കണ്ടിരുന്നു. ഷെനോ പരക്കെ അറിയപ്പെടുന്ന ഒരു കോവർക്കഴുതക്കച്ചവടക്കാരന്റെ മകനായിരുന്നെങ്കിൽ കോളിന്റെ ജീവിതത്തിനു് ഉത്തരവാദി ഇസ്വായുടെ പ്രാന്തപ്രദേശത്തു് തന്റെ വിളനിലം കോവർക്കഴുതകളെ ഉപയോഗിച്ചു് കൃഷിചെയ്തിരുന്നവനും, പൗരനികുതിയും, കൂട്ടുവിലനികുതിയും, ഉപഭോക്തൃനികുതിയും, ഉപ്പുനികുതിയും (ഒരു പൗണ്ടിനു് ഒരു പൈസ) തലനികുതിയും ഭൂവിളനികുതിയുമൊക്കെ നൽകിയശേഷം വർഷാവസാനം താൻ ഒരുപാടു് ധനികനാണെന്ന തോന്നൽ ഇല്ലാതിരുന്ന ഒരു നിഷ്കപടകർഷകനായിരുന്നു.
ഒവേര്‍ന്യേക്കാർ എന്ന നിലയിൽ ഷെനോയും കോളിനും ശരിക്കും ലക്ഷണമൊത്തവരായിരുന്നു. ആത്മസുഹൃത്തുക്കളായിരുന്നതിനാൽ, പിൽക്കാലത്തൊരിക്കൽ ലോകത്തിൽ എവിടെയെങ്കിലും വച്ചു് വീണ്ടും കണ്ടുമുട്ടുമ്പോൾ ആളുകൾ എപ്പോഴും സന്തോഷത്തോടെ അനുസ്മരിക്കുന്ന തരത്തിലുള്ള രഹസ്യങ്ങളും വിശ്വസ്തതകളും അവർക്കു് തമ്മിൽത്തമ്മിൽ ഉണ്ടായിരുന്നു.
വിദ്യാലയജീവിതം തീർന്നയുടനെ ഒരു തയ്യൽക്കാരൻ ത്രിവർണ്ണസാറ്റിനിൽ തീർത്ത ഒരു സ്യൂട്ടും അങ്ങേയറ്റം ഭംഗിയുള്ള ഒരു ലിയോണിയൻ വെസ്റ്റും, അതിനോടൊപ്പം “ശ്രീമാൻ ഡെ ല ഷെനൊറ്റ്യേർ” എന്ന അഡ്രസ്സിൽ ഒരു കത്തുമായി ഷെനോയുടെ വീട്ടിലെത്തി. കോളിനെ ആ സ്യൂട്ട് ഏറെ വിസ്മയിപ്പിച്ചുവെങ്കിലും അവൻ അസൂയാലു ആയിരുന്നില്ല. എങ്കിലും, ഷെനോ ആ സ്യൂട്ടിനുള്ളിൽ താനൊരു മുന്തിയവൻ എന്ന രീതിയിൽ പ്രദര്‍ശിപ്പിച്ചതിനാൽ കോളിനു് അൽപം മനോവ്യഥ ഉണ്ടാവുകയും ചെയ്തു. അതിനുശേഷം ഷെനോ പഠനം തുടർന്നില്ല. അവൻ മുടങ്ങാതെ കണ്ണാടിയിൽ നോക്കാനും സകല ലോകത്തേയും അവജ്ഞയോടെ കാണാനും തുടങ്ങി. ഏതാനും നാളുകൾക്കു് ശേഷം ഒരു ഭൃത്യൻ ശ്രീമാൻ “മാർക്കീ” ഡെ ല ഷെനൊറ്റ്യേർ എന്ന മേൽവിലാസവും, മാന്യപുത്രൻ പാരീസിൽ എത്തണമെന്ന പിതാവിന്റെ നിർദ്ദേശം ഉള്ളടക്കവുമായി രണ്ടാമതൊരു എഴുത്തു് ഷെനോക്കു് കൈമാറി. താമസിയാതെ കുതിരവണ്ടിയിൽ കയറിയ ഷെനോ ഒരു കേമന്റെ മട്ടിൽ ഗമയോടെ ചിരിച്ചുകൊണ്ടു് കോളിനു് വിടവാങ്ങലിനായി ഹസ്തദാനം ചെയ്തു. താനൊരു നിസ്സാരൻ എന്നു് തോന്നിയ കോളിനു് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഷെനോ അവന്റെ പദവിയുടെ എല്ലാ ആഡംബരത്തോടും കൂടി പാരീസിലേക്കു് യാത്രയായി.
ഷെനോയുടെ പിതാവു് ബിസിനസ് വഴി വളരെ പെട്ടെന്നു് ഭീമമായ സമ്പത്തിനു് ഉടമയാവുകയായിരുന്നു എന്ന കാര്യം പിന്നീടു് എന്തു് സംഭവിച്ചു എന്നറിയാൻ സന്തോഷത്തോടെ ആഗ്രഹിക്കുന്ന വായനക്കാർ ആദ്യമേ അറിഞ്ഞിരിക്കണം. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയേറെ സമ്പത്തു് ശേഖരിക്കാൻ എങ്ങനെ കഴിയുമെന്നു് നിങ്ങൾ ചോദിച്ചേക്കാം. അതിനു് പ്രധാനമായും ഒരുവനു് വേണ്ടതു് ഭാഗ്യമാണു്. മിസ്റ്റർ ഷെനോയും അവന്റെ ഭാര്യയും നല്ല രൂപഭംഗിയുള്ളവരും തികച്ചും യൗവനയുക്തരുമായിരുന്നു. ഒരു കേസിൽ തോറ്റു് ആകെത്തകർന്നതിനുശേഷം അവർ രണ്ടുപേരും പാരീസിൽ എത്തിച്ചേർന്നപ്പോൾ മനുഷ്യരെ നിരങ്കുശം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന വിധി അവർക്കു് ഒരു പട്ടാളആശുപത്രിയുടെ തലവന്റെ ഭാര്യയുമായി പരിചയപ്പെടാൻ ഇടനൽകി. അവളുടെ ഭർത്താവു് വളരെ കഴിവുള്ളവനായിരുന്നു. ഒരു പീരങ്കി പത്തു് വർഷങ്ങൾ കൊണ്ടു് കൊല്ലുന്നതിനേക്കാൾ കൂടുതൽ പട്ടാളക്കാരെ ഒരു വർഷം കൊണ്ടു് സ്വർഗ്ഗത്തിലേക്കയക്കുന്നവൻ എന്നു് അഭിമാനിക്കാനുള്ള യോഗ്യത അവനുണ്ടായിരുന്നു. മിസ്യോർ ഷെനോയ്ക്കു് ആ ഓഫീസറുടെ ഭാര്യയേയും മാഡം ഷെനോയ്ക്കു് ആ ഓഫീസറേയും വളരെ ഇഷ്ടപ്പെട്ടു. അധികം താമസിയാതെ ഷെനോ അവന്റെ ബിസിനസിൽ പങ്കാളിയായി. മറ്റു് ബിസിനസുകളിൽ ഇടപെടാനും അവൻ മടിച്ചില്ല. ഒരിക്കൽ നമ്മൾ ശരിയായ ഒഴുക്കിൽ എത്തിച്ചേർന്നാൽ പിന്നെ വെറുതെ ഒഴുകാൻ നമ്മളെ അനുവദിച്ചാൽ മതി, ഒരു പ്രയാസവുമില്ലാതെ നമുക്കു് ഭീമമായ സമ്പത്തിനു് ഉടമയാവാം. മുഴുവൻ പായ്കളും വിടർത്തി യാത്രചെയ്യുന്ന കപ്പലുകളെ തീരത്തുനിന്നു് കാണുന്ന പാവങ്ങൾ അത്ഭുതം കൊണ്ടു് വിടർന്ന കണ്ണുകളോടെ അന്തംവിട്ടു് നോക്കിനിൽക്കും. നമ്മൾ ഈ നിലയിൽ എത്തിച്ചേർന്നതെങ്ങനെയെന്നു് അവർ അറിയുന്നില്ല. ആകസ്മികതയിൽ അസൂയപ്പെട്ടു് അവർ നമുക്കെതിരായി, സ്വാഭാവികമായും നമ്മൾ ഒരിക്കലും വായിക്കാത്ത, ആക്ഷേപഹാസ്യകാവ്യങ്ങൾ രചിക്കും. വലിയ കാലതാമസമില്ലാതെ “ശ്രീമാൻ ഡെ ല ഷെനൊറ്റ്യേർ” ആയിത്തീർന്ന ഷെനോയുടെ പിതാവിനും ഇതുതന്നെയാണു് സംഭവിച്ചതു്. ആറുമാസങ്ങൾക്കുശേഷം ‘മാർക്കീ’ പദവി വിലകൊടുത്തു് വാങ്ങിയപ്പോൾ, പാരീസിൽ പേരും പദവിയുമുള്ളവരുടെ ലോകത്തിലേക്കു് പ്രവേശിപ്പിക്കുന്നതിനുവേണ്ടി അവൻ ശ്രീമാൻ പ്രഭുപുത്രനെ സ്കൂളിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
ഷെനോയെ മറക്കാൻ കഴിയാതിരുന്ന കോളിൻ അവനു് ആശംസകൾ അർപ്പിച്ചുകൊണ്ടു് ഹൃദയംഗമമായ ഒരു കത്ത് തന്റെ പഴയ സുഹൃത്തിനെഴുതി. പക്ഷേ കൊച്ചുപ്രഭു അതിനു് മറുപടി എഴുതിയില്ലെന്നതിൽ കോളിൻ വളരെ ദുഃഖിതനായിരുന്നു.
യുവപ്രഭുവിന്റെ മാതാപിതാക്കൾ ആദ്യമേ ചെയ്തതു് അവനെ പഠിപ്പിക്കാനായി ഒരു അധ്യാപകനെ നിയമിക്കുകയായിരുന്നു. വളരെ ഭംഗിയായി പെരുമാറാൻ അറിയുമായിരുന്ന ആ അധ്യാപകനു് ഒരു വിവരവും ഉണ്ടായിരുന്നില്ല എന്നതിനാൽ പ്രഭുകുമാരൻ ഷെനോയെ എന്തെങ്കിലും പഠിപ്പിക്കാനും അവനു് കഴിയുമായിരുന്നില്ല. മകൻ ലാറ്റിൻ പഠിക്കണമെന്നായിരുന്നു ശ്രീമാൻ പ്രഭുവിന്റെ ആഗ്രഹം. പക്ഷേ, ശ്രീമതി പ്രഭു അതാഗ്രഹിച്ചില്ല. സുഖിപ്പിക്കുന്ന ചില സാഹിത്യസൃഷ്ടികളിലൂടെ അക്കാലത്തു് പ്രശസ്തനായിത്തീർന്നിരുന്ന ഒരു എഴുത്തുകാരനെ ഈ വിഷയത്തിൽ റഫറിയാക്കാൻ അവൾ തീരുമാനിച്ചു. അവൾ അവനെ ഭക്ഷണത്തിനു് ക്ഷണിച്ചു. വീട്ടുടമസ്ഥൻ ഇങ്ങനെ സംഭാഷണം ആരംഭിച്ചു: “നിങ്ങൾക്കു് ലാറ്റിൻ അറിയാമെന്നതിനാലും, എന്റെ ഗൃഹസദസ്സിൽ ആണെന്നതിനാലും…” ഇത്രയും കേട്ടപ്പോഴേക്കും അവനെ തടസ്സപ്പെടുത്തിക്കൊണ്ടു് ആ സൗന്ദര്യാരാധകൻ പറഞ്ഞു: “ലാറ്റിനോ? എനിക്കോ? ബഹുമാന്യനായ പ്രഭോ, ഒരക്ഷരം ലാറ്റിൻ എനിക്കറിയില്ല, അതു് നല്ലതാണെന്നും ഞാൻ കരുതുന്നു. കാരണം, ഒരേസമയം മാതൃഭാഷയിലും അന്യഭാഷകളിലും ശുഷ്കാന്തി കാണിക്കാതിരുന്നാൽ കൂടുതൽ നന്നായി മാതൃഭാഷ സംസാരിക്കാൻ നമുക്കു് കഴിയും. നമ്മുടെ വനിതകളെ നോക്കൂ! നമ്മൾ ആണുങ്ങളെ അപേക്ഷിച്ചു് അവർ രസികത്തികളും വളരെ മനോഹരമായി കത്തെഴുതുന്നവരുമാണു്. അവർ ലാറ്റിൻ സംസാരിക്കുന്നവരായിരുന്നെങ്കിൽ അവർക്കു് ഇക്കാര്യങ്ങളിൽ നമ്മേക്കാൾ മെച്ചപ്പെട്ടവരാവാൻ ഒരിക്കലും കഴിയുമായിരുന്നില്ല.” അതു് കേട്ടപാടെ മാഡം ഷെനോ ഇടപെട്ടു. “കണ്ടോ, ഇപ്പോ എന്തായി. ഞാൻ പറഞ്ഞതു് ശരിയായിരുന്നില്ലേ? എന്റെ മകൻ ഒരു രസികനായിത്തീരണമെന്നും അവൻ ജീവിതത്തിൽ മുന്നോട്ടു് പോകണമെന്നുമാണു് എന്റെ ആഗ്രഹം. ലാറ്റിൻ സംസാരിക്കുന്നവനായാൽ, നിനക്കു് തീർച്ചയായും അംഗീകരിക്കാൻ കഴിയുന്നതുപോലെ, അവനു് നഷ്ടമേ വരാനുള്ളു. ദയവായി ഒന്നു് കേൾക്കൂ! നാടകവും ഓപെറയുമൊക്കെ ലാറ്റിനിലാണോ കളിക്കുന്നതു്? കോടതിയിൽ കേസ് വാദിക്കുന്നതു് ലാറ്റിനിലാണോ? അല്ലെങ്കിൽ, പ്രണയിക്കുന്നതു് ലാറ്റിനിലാണോ?” ഭാര്യയുടെ യുക്തിഭദ്രമായ ഈ വാദമുഖങ്ങൾ തന്നെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നതിനാൽ ഭർത്താവു് കുറ്റം തന്റേതാണെന്നു് ഏറ്റുപറഞ്ഞു. അങ്ങനെ, പ്രഭുകുമാരൻ ഷെനോ തന്റെ സമയം വെറുതെ സിസെറോ, ഹോറെസ്, വിര്‍ജില്‍ തുടങ്ങിയവരോടുകൂടെ നഷ്ടപ്പെടുത്തരുതെന്നു് തീരുമാനമായി.
പക്ഷേ, എന്താണു് അവൻ പഠിക്കേണ്ടതു്? ആത്യന്തികമായി അവൻ എന്തെങ്കിലും അറിയേണ്ടേ? അവനെ അൽപം ജിയോഗ്രഫി പഠിപ്പിച്ചാലോ? അപ്പോൾ അധ്യാപകൻ ചോദിച്ചു: ” അവനു് അതുകൊണ്ടു് എന്താണൊരു പ്രയോജനം ഉണ്ടാവാനുള്ളതു്? ശ്രീമാൻ പ്രഭുമകൻ തന്റെ വസ്തുവകകൾ കാണാൻ പോകുമ്പോൾ കുതിരവണ്ടി പോസ്റ്റ്‌മാന്മാർക്കു് വഴി അറിയാതിരിക്കുമെന്നാണോ? അവർ അവനെ വഴി തെറ്റിച്ചു് തീർച്ചയായും അബദ്ധത്തിൽ ചാടിക്കുകയില്ല. യാത്ര ചെയ്യാൻ മനുഷ്യനു് ഒരു കോമ്പസ്സിന്റെ ആവശ്യമില്ല. പാരീസിൽ നിന്നും സുഖമായി ഒവേര്‍ന്യേയിൽ എത്താൻ ഏതു് അക്ഷാംശരേഖയിലാണു് താൻ നിലകൊള്ളുന്നതെന്നു് അറിയേണ്ട യാതൊരു കാര്യവുമില്ല.”
അതിനു് ശ്രീ പപ്പാ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ പറഞ്ഞതു് ശരിയാണു്. എന്നാൽ, ഞാൻ അസ്റ്റ്രോണമി എന്നോ മറ്റോ പേരുള്ള ഒരു നല്ല ശാസ്ത്രത്തെപ്പറ്റി കേട്ടിട്ടുണ്ടു്, അതെങ്ങനെ?” അപ്പോൾ അധ്യാപകൻ പറഞ്ഞു: “അതു് പഠിക്കുക എന്നതു് ഒരു മഹാ കഷ്ടമായിരിക്കും. ഈ ലോകത്തിൽ ആരെങ്കിലും നക്ഷത്രങ്ങളാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുമോ? പ്രധാന ഉത്സവങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും, അതിനോടുകൂടെ ചന്ദ്രന്റെയും യൂറോപ്പിലെ എല്ലാ രാജകുമാരികളുടെയും പ്രായവും കൃത്യമായി കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടു് എന്നതിനാൽ, സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും കണക്കുകൂട്ടലുകളുമായി തല പുകയ്ക്കേണ്ട വല്ല ആവശ്യവും ശ്രീ പ്രഭുകുമാരനുണ്ടോ?”
അധ്യാപകന്റെ അതേ അഭിപ്രായം തന്നെ ആയിരുന്നു ശ്രീമതിക്കു്, കൊച്ചുപ്രഭു ആകട്ടെ, സന്തോഷം കൊണ്ടു് തുള്ളിച്ചാടി, പിതാവു് ഒരു തീരുമാനത്തിലെത്താനാവാതെ കുഴങ്ങി. “എന്താണു് എന്റെ മകൻ പഠിക്കേണ്ടതു്?” അവൻ ചോദിച്ചു. റഫറി ആയി എത്തിയ എഴുത്തുകാരൻ മറുപടി പറഞ്ഞു: “മനുഷ്യരിൽ സൗഹൃദമുണർത്തുന്നവനാവണം അവൻ. മറ്റുള്ളവരെക്കൊണ്ടു് ഇഷ്ടപ്പെടുത്താൻ കഴിഞ്ഞാൽ മറ്റെല്ലാം അവനു് എളുപ്പം കഴിയും. ഈ കല അവൻ തന്റെ അമ്മയിൽനിന്നും പഠിക്കണം. അതിനു് അവനോ അവൾക്കോ അൽപം പോലും പ്രയത്നത്തിന്റെ ആവശ്യമില്ല.”
ഇതുകേട്ടപ്പോൾ അജ്ഞാനിയായ ആ സ്നേഹസ്വരൂപനെ കെട്ടിപ്പിടിച്ചുകൊണ്ടു് മാഡം ഷെനോ പറഞ്ഞു: “പ്രിയ സുഹൃത്തേ, അങ്ങേയറ്റം പണ്ഡിതനായ ഒരു ലോകപുരുഷനാണു് അങ്ങെന്നു് ഇതിൽനിന്നും ആർക്കും മനസ്സിലാക്കാം. എന്റെ മകന്റെ മുഴുവൻ വിദ്യാഭ്യാസത്തിനും അവൻ നന്ദി പറയേണ്ടതു് അങ്ങയോടു് മാത്രമായിരിക്കും. എങ്കിൽത്തന്നെയും, അവൻ അൽപം ചരിത്രം പഠിച്ചിരിക്കുന്നതു് മോശമായിരിക്കുകയില്ല എന്നെനിക്കു് തോന്നുന്നു. “ആഹ്, പ്രിയ മാഡം, എന്തിനുവേണ്ടി?” എന്നായിരുന്നു അധ്യാപകന്റെ ചോദ്യം. അവൻ തുടർന്നു: “രസകരവും പ്രയോജനകരവുമായതു് ആധുനികചരിത്രം മാത്രമാണു്. നമ്മുടെ സൗന്ദര്യാരാധകരിൽ ഒരുവൻ അഭിപ്രായപ്പെട്ടതുപോലെ, ആർക്കും വഴി കണ്ടെത്താനാവാത്തവിധം പഴയ ചരിത്രം ഗൂഢാലോചനകളുടെ യക്ഷിക്കഥയും, ആധുനിക ചരിത്രം കുഴഞ്ഞുമറിഞ്ഞതുമാണു്. മഹാനായ ചാർളമൈൻ ചക്രവർത്തി ഫ്രാൻസിൽ പന്ത്രണ്ടു് തുല്യപദവിക്കാരായ പ്രഭുക്കളെ വാഴിച്ചു എന്നതും, അവന്റെ പിൻഗാമിക്കു് വിക്കുണ്ടായിരുന്നുവെന്നതുമൊക്കെ നമ്മുടെ ശ്രീ കൊച്ചുപ്രഭു അറിഞ്ഞിട്ടു് എന്തു് നേടാൻ?”
അധ്യാപകൻ വാദം തുടർന്നു: “അനാവശ്യമായ അറിവുകളുടെ ഭാരം തലയിൽ തിരുകി നമ്മൾ നമ്മുടെ കുഞ്ഞുങ്ങളുടെ ബുദ്ധിയെ ശ്വാസം മുട്ടിച്ചു് കൊല്ലുകയാണെന്നതാണു് ശരി. എന്റെ അഭിപ്രായത്തിൽ സകല ശാസ്ത്രങ്ങളിലും വച്ചു് ഏറ്റവും അസംബന്ധമായ ഒന്നാണു് ജിയോമെട്രി. അതിലുപരി, അതു് എല്ലാ മാനസികശേഷിയേയും ശ്വാസം മുട്ടിച്ചു് കൊല്ലുന്നു. പരിഹാസ്യമായ ഈ ശാസ്ത്രം ഇടപെടുന്നതു്, പ്രകൃതിയിൽ കാണാൻ പോലും കഴിയാത്ത വിസ്തീർണ്ണം, നീളം, ബിന്ദു മുതലായവയുമായാണു്. അവിടെ ഒരുവൻ ഒരു വൃത്തത്തിനും ഒരു ടാൻജെന്റിനും ഇടയിൽ ഒരു ലക്ഷം ഗ്രാഫുകൾ സങ്കൽപിക്കുന്നു. യഥാർത്ഥത്തിലോ, അതിനിടയിൽ ഒരു കച്ചിത്തുരുമ്പുപോലും കടക്കുകയുമില്ല. ജിയോമെട്രി എന്നതു് സത്യത്തിൽ വളരെ മോശമായ ഒരു തമാശയാണു്.”
അധ്യാപകൻ പറഞ്ഞതെന്താണെന്നു് പ്രഭുദമ്പതികൾക്കു് വേണ്ടത്ര പിടികിട്ടിയില്ലെങ്കിലും രണ്ടുപേരും അവന്റെ അഭിപ്രായത്തോടു് പൂർണ്ണമായും യോജിച്ചു.
അവൻ തുടർന്നു: “ശ്രീ പ്രഭുകുമാരനെപ്പോലെ കുലീനനായ ഒരുവൻ ഇതുപോലെ പ്രയോജനരഹിതമായ പഠനങ്ങളിൽ ഏർപ്പെട്ടു് വെറുതെ തലച്ചോറു് നശിപ്പിക്കരുതു്. എന്നെങ്കിലും ഒരിക്കൽ തന്റെ ഏതെങ്കിലും വസ്തുവിന്റെ ഒരു പ്ലാൻ രൂപവത്കരിക്കാൻ ഒരു സർവേക്കാരനെ വേണ്ടിവന്നാൽ അവൻ അവനു് പ്രതിഫലം കൊടുത്തുകൊള്ളും. അതുപോലെതന്നെ, വളരെ പിന്നോട്ടു് നീണ്ടു് പടർന്നു് കിടക്കുന്ന കുലീനമായ അവന്റെ വംശപരമ്പരയുടെ ഗവേഷണം ഭാവിയിൽ എന്നെങ്കിലും ആവശ്യമായിവന്നാൽ അവനു് ആ ജോലി ഏറ്റെടുക്കാനായി ഒരു ബെനഡിക്റ്റിൻ പാതിരിയെ വിളിക്കാം. എല്ലാ കലകളുടെ കാര്യവും അതുപോലെതന്നെ സാധിക്കാവുന്നതേയുള്ളു. നല്ല പാരമ്പര്യമുള്ള ഒരു യുവാവിനു് പെയിന്ററോ സംഗീതജ്ഞനോ, ആർക്കിടെക്റ്റോ കൊത്തുപണിക്കാരനോ ആവേണ്ട ആവശ്യമില്ല. തന്റെ മഹാമനസ്കതയോടെയുള്ള ദാനങ്ങൾ വഴി ഈവിധ കലകളെയെല്ലാം അവൻ വികസിപ്പിക്കുന്നു. അത്തരം കലകൾ സ്വയം അനുഷ്ഠിക്കുന്നതിനേക്കാൾ സംശയരഹിതമായും പ്രധാനമായതു്, അവയെ സംരക്ഷിക്കുന്നതാണു്. ശ്രീമാൻ പ്രഭുപുത്രനു് നല്ല അഭിരുചിയുണ്ടെങ്കിൽ അതു് ധാരാളം മതി. കാരണം, ജോലിചെയ്യുക എന്നതു് കലാകാരന്മാരുടെ ചുമതലയാണു്. കാലക്രമേണ, വാങ്ങുന്നതും വിലകൊടുക്കുന്നതുമായ എല്ലാ വസ്തുക്കളെയും യഥാർത്ഥത്തിൽ വിലയിരുത്താൻ അവർ ശീലിക്കുമെന്ന അർത്ഥത്തിൽ, ഉന്നതരായ വ്യക്തികൾ (ഒരുപാടു് ധനികരായ വ്യക്തികൾ എന്നു് ഇവിടെ വിവക്ഷ) ഒന്നും പഠിച്ചവരല്ലെങ്കിലും എല്ലാം അറിയുന്നവരാണെന്ന പൊതുജനങ്ങളുടെ അഭിപ്രായം വളരെ ശരിയാണു്.”
സ്നേഹനിർഭരനായ നമ്മുടെ അജ്ഞാനി അപ്പോൾ പറഞ്ഞു: “മാഡം, നിങ്ങൾ ചൂണ്ടിക്കാണിച്ചതു് വളരെ ശരിയായ കാര്യമാണു്. ഒരു മനുഷ്യന്റെ ലക്ഷ്യം സമൂഹത്തിൽ വിലയുണ്ടാക്കിയെടുക്കുക എന്നതാണു്. നെഞ്ചിൽ കൈവച്ചു് പറഞ്ഞാൽ – ഈ വിജയം ശാസ്ത്രങ്ങൾ വഴി നേടിയെടുക്കാവുന്നതാണോ? ഏതെങ്കിലും ഒരു നല്ല സൊസൈറ്റിയിൽ ജിയോമെട്രിയെപ്പറ്റി സംസാരിക്കണം എന്നൊരു തോന്നൽ ആർക്കെങ്കിലും ഇതുവരെ ഉണ്ടായിട്ടുണ്ടോ? അന്തസ്സുള്ള ഏതെങ്കിലും ഒരു മനുഷ്യനോടു് ഇന്നു് സൂര്യനോടൊപ്പം ഉദിക്കുന്ന നക്ഷത്രം ഏതെന്നു് ആരെങ്കിലും എന്നെങ്കിലും ചോദിക്കുമോ? ഒരു അത്താഴസദ്യയിൽ മെറോവിങ്ങ്യനായ ക്ലോഡ്‌വിഗ് റൈൻ നദിയുടെ മറുകരയിൽ എത്തിയോ എന്നു് ആരെങ്കിലും അന്വേഷിക്കുമോ?” “ഇല്ല, തീർച്ചയായും ഇല്ല” ഇടയ്ക്കിടെ ഉന്നതകുലലോകവുമായി ബന്ധപ്പെടേണ്ടിവന്ന മർക്കീസ് ഡെ ല ഷെനൊറ്റ്യേർ ഉത്തേജിതയായി എടുത്തുചാടി പ്രതികരിച്ചു. “എന്റെ ശ്രീ മകന്റെ മനസ്സു് ഇത്തരം ചവറുകളുടെ പഠനങ്ങളിലൂടെ ശ്വാസം മുട്ടരുതു്. പക്ഷേ, മറ്റെന്താണു് അവൻ പഠിക്കേണ്ടതു്? ഒരു യുവകുലീനൻ എന്ന നിലയിൽ ഇടയ്ക്കിടെ, എന്റെ പ്രിയ ഭർത്താവു് പറഞ്ഞതുപോലെ, സൊസൈറ്റിയിൽ തിളങ്ങാൻ കഴിയുന്നതു് എന്തുകൊണ്ടും നല്ലതാണു്. ഏറ്റവും ആനന്ദപ്രദമായ ശാസ്ത്രം ഏതെന്നു് ഒരു മഠാധിപതി ഒരിക്കൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു. പക്ഷേ ആ ശാസ്ത്രത്തിന്റെ പേരു് ഞാൻ മറന്നുപോയി. അതു് തുടങ്ങിയതു് ‘H’ എന്ന അക്ഷരത്തിലായിരുന്നു എന്നുമാത്രം അറിയാം.” “‘H’ കൊണ്ടോ മാഡം? അതു് ‘Heortologie’ ആയിരുന്നില്ലേ മാഡം?” അവൾ പറഞ്ഞു: “അല്ല, ആ ശാസ്ത്രത്തെപ്പറ്റിയല്ല അവൻ സംസാരിച്ചതു്. അതു് ആരംഭിച്ചതു് ‘H’-യിലും അവസാനിച്ചതു് ‘ik’-ലുമായിരുന്നു.” പ്രിയംകരനായ അജ്ഞാനി അവളുടെ സഹായത്തിനെത്തി: “ആഹ്, മാഡം, പിടികിട്ടി, പിടികിട്ടി. അതു് ‘Heraldik’ ആയിരുന്നു. അതു് യഥാർത്ഥത്തിൽ വളരെ ഗഹനമായ ഒരു ശാസ്ത്രമാണു്. എങ്കിലും, കുതിരവണ്ടിയുടെ പട്ടയിൽ മുദ്ര പെയിന്റ് ചെയ്യുന്ന രീതി പൊതുവേ ഉപേക്ഷിക്കപ്പെട്ടതോടെ ആ ശാസ്ത്രം ഫാഷൻ അല്ലാതായി. ക്രമീകൃതമായ ഒരു രാജ്യത്തിൽ എന്തായാലും അതു് ഒരുകാലത്തു് ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമായ ഒരു കാര്യമായിരുന്നു എന്നു് പറയാതെ വയ്യ. പക്ഷേ, ഇന്നു് ആ ശാസ്ത്രപഠനം അനന്തമായിരിക്കും, കാരണം, ഇന്നു് സ്വന്തം മുദ്രയില്ലാത്ത ഒരു ക്ഷൗരക്കാരൻ പോലുമില്ല. നിങ്ങൾക്കറിയാവുന്നപോലെ: പൊതുവേ ശീലമായതു് കുറച്ചേ വിലമതിക്കപ്പെടുന്നുള്ളു.”
അങ്ങനെ മുഴുവൻ ശാസ്ത്രങ്ങളുടെയും നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ശ്രീമാൻ പ്രഭുകുമാരൻ ഡാൻസ് പഠിക്കണം എന്ന അന്തിമമായ തീരുമാനത്തിൽ അവർ എത്തിച്ചേർന്നു.
(രണ്ടാം ഭാഗം അടുത്തതില്‍ )