RSS

Daily Archives: Jun 18, 2008

കാര്യകാരണബന്ധവും ആദ്യകാരണവും

ദൈവാസ്തിത്വത്തെപ്പറ്റിയുള്ള വാദങ്ങളില്‍ മതപണ്ഡിതര്‍ ദൈവത്തെ പ്രപഞ്ചത്തിന്റെ ആദികാരണമായി സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടു്. ഏതൊരു കാര്യത്തിനും/ഫലത്തിനും ഒരു കാരണം ഉണ്ടായേ തീരൂ എന്ന ധാരണയാണു് അവരെ ഈ നിലപാടില്‍ എത്തിക്കുന്നതു്. അതേസമയം, തത്വചിന്തകര്‍ കോസാലിറ്റി എന്നു് വിളിക്കുന്ന കാര്യകാരണബന്ധം ചരിത്രപരമായി വളരെ പഴയ ഒന്നല്ല. പുരാതനതത്വചിന്തയില്‍, പ്രത്യേകിച്ചും സ്കൊളാസ്റ്റിക്’ യുഗത്തില്‍, കൌസ ഫൊര്‍മാലിസ്, കൌസ മറ്റെറിയാലിസ്, കൌസ ഫിനാലിസ്, കൌസ എഫിസെന്‍സ് എന്ന നാലുതരം കൌസ ഉപയോഗത്തിലുണ്ടായിരുന്നു. ഇതില്‍ നാലാമത്തേതു് മാത്രമാണു് ഇന്നത്തെ cause എന്ന വാക്കുമായി ഏകദേശം ബന്ധപ്പെടുത്തി ചിന്തിക്കാവുന്നതു്. അതായതു്, causa എന്ന പദം കാര്യവും കാരണവും തമ്മില്‍ ബന്ധപ്പെടുത്തുന്ന causality എന്ന ഇന്നത്തെ അര്‍ത്ഥത്തിലേക്കു് എത്തിച്ചേര്‍ന്നതു് നൂറ്റാണ്ടുകളിലൂടെയാണു്.

ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും തന്റെ തത്വചിന്തയുടെ ഊര്‍ജ്ജം സംഭരിക്കുന്ന ഇമ്മാന്വേല്‍ കാന്റ്‌ പറയുന്നു: “എന്തെങ്കിലുമൊരു കാര്യം സംഭവിക്കുമ്പോള്‍, അതു് അതിനു് മുന്‍പു് സംഭവിച്ച എന്തോ ഒന്നിന്റെ ഒരു നിയമാനുസൃതമായ തുടര്‍ച്ചയായി നമ്മള്‍ മനസ്സിലാക്കുന്നു.” കാര്യകാരണബന്ധത്തെ ഈവിധം ചുരുക്കുന്നതാണു് ഡിറ്റെര്‍മിനിസം. അതായതു്, പ്രകൃതിയില്‍ സ്ഥിരമായ നിയമങ്ങള്‍ ഉണ്ടെന്നും, അതുവഴി, ഏതൊരു വ്യവസ്ഥയുടെയും നിലവിലുള്ള അവസ്ഥ അറിയാമെങ്കില്‍, ഭാവിയിലെ അവസ്ഥ വ്യക്തമായി മുന്‍കൂട്ടി നിശ്ചയിക്കാനാവും എന്നുമുള്ള നിലപാടു്. കാലക്രമേണ ഇതു് ന്യൂട്ടോണിയന്‍ മെക്കാനിക്സിന്റെ അവിഭാജ്യഘടകം എന്ന നിലയില്‍ പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. ഇത്തരമൊരു സമീപനം ശരിയാവുന്ന മേഖലകളുണ്ടു്. പക്ഷേ, ആറ്റൊമിക്‌ ഫിസിക്സില്‍ എത്തുമ്പോള്‍ ഡിറ്റര്‍മിനിസം പരാജയപ്പെടേണ്ടിവരുന്നു. ശ്രദ്ധിച്ചാല്‍, ആണവശാസ്ത്രത്തില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലും കര്‍ശനമായ ഡിറ്റര്‍മിനിസം എല്ലായ്പോഴും ബാധകമാവുന്നില്ല എന്നു് കാണാവുന്നതാണു്.

പുരാതനകാലത്തെ ഗ്രീക്ക്‌ തത്വചിന്തകരായിരുന്ന ഡെമോക്രൈറ്റസ്‌, ലുസിപ്പസ് എന്നിവരുടെ ആറ്റൊമിസം എന്ന തിയറിയില്‍ത്തന്നെ, ഡിറ്റര്‍മിനിസത്തിനു് അനുകൂലമല്ലാത്ത നിലപാടു് കാണാന്‍ കഴിയും. ചെറിയവയില്‍ സംഭവിക്കുന്ന ക്രമരഹിതമായ എത്രയോ പ്രക്രിയകളാണു് വലിയവയില്‍ സംഭവിക്കുന്ന പ്രക്രിയകള്‍ക്കു് നിദാനം എന്നവര്‍ പഠിപ്പിക്കുന്നു. ഡെമോക്രൈറ്റസ്‌ ഇങ്ങനെ എഴുതി: “ഒരു വസ്തു മധുരിക്കുന്നതോ കയ്ക്കുന്നതോ എന്നതു് നമ്മുടെ തോന്നല്‍ മാത്രമാണു്, അതിന്റെ നിറവും നമ്മുടെ വെറും തോന്നലാണു്, യഥാര്‍ത്ഥത്തില്‍ പരമാണുവും ശൂന്യതയും മാത്രമേയുള്ളു.”

വസ്തുതകളിലെ ചെറിയ അംശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ സ്വാഭാവത്തില്‍ എത്തിച്ചേരും. സ്റ്റാറ്റിസ്റ്റിക്കല്‍ എന്നാല്‍, “ഒരുപക്ഷേ അങ്ങനെ, അല്ലെങ്കില്‍ ഇങ്ങനെ” എന്നു് ലളിതമാക്കി പറയാം. കൃഷിയിറക്കുന്ന ഒരു കര്‍ഷകനു് അറിയില്ല, കാലാകാലങ്ങളില്‍ മഴ ലഭിക്കുമോ, അതോ വരള്‍ച്ച ഉണ്ടാവുമോ, കേടുകൂടാതെ വിളവെടുക്കാന്‍ പറ്റുമോ എന്നെല്ലാമുള്ള കാര്യങ്ങള്‍. മുന്‍തലമുറകളില്‍ നിന്നും പകര്‍ന്നുകിട്ടിയതും സ്വന്തവുമായ അനുഭവങ്ങളിലൂടെ ഇടവപ്പാതി, തുലാവര്‍ഷം തുടങ്ങിയ പ്രതിഭാസങ്ങളെപ്പറ്റി ചില ധാരണകളൊക്കെയുള്ള കര്‍ഷകന്‍ അതിനനുസരിച്ചു് വിളവിറക്കുകയും മറ്റു് പ്രവൃത്തികള്‍ ചെയ്യുകയുമെല്ലാം ചെയ്യുന്നു. നൂറു് ശതമാനം ഉറപ്പില്ലെങ്കിലും മിക്കവാറും അവന്റെ ധാരണകള്‍ക്കനുസരിച്ചു് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും. എങ്കിലും ഈ വിഷയത്തില്‍ പൂര്‍ണ്ണമായ ഒരു അറിവു് അവനോ മറ്റാര്‍ക്കെങ്കിലുമോ സാദ്ധ്യമല്ല. സ്റ്റാറ്റിസ്റ്റിക്കല്‍ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതും ഈ അനിശ്ചിതത്വം മാത്രമാണു്. പരമാണുവിന്റെ, അഥവാ ക്വാണ്ടം ഫിസിക്സിന്റെ തലങ്ങളില്‍ ഈ അനിശ്ചിതത്വം കൃഷിപ്പണിയിലേതിനേക്കാള്‍ എത്രയോ മടങ്ങു് സങ്കീര്‍ണ്ണമാണെന്നുമാത്രം.

പൊതുവായി പറഞ്ഞാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ നിയമങ്ങള്‍ അര്‍ത്ഥമാക്കുന്നതു്, അതുവഴി പരാമര്‍ശിക്കപ്പെടുന്ന ഭൗതികവ്യവസ്ഥ അപൂര്‍ണ്ണമായി മാത്രമേ നമുക്കു് മനസ്സിലാക്കാന്‍ കഴിയൂ എന്നാണു്. സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്‌ എന്ന ശാസ്ത്രശാഖക്കു് രൂപം നല്‍കുകവഴി ഈ അനിശ്ചിതാവസ്ഥയെ ഗണിതശാസ്ത്രപരമായ ഒരു അടിത്തറയില്‍ ഉറപ്പിച്ചതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണു് ഗിബ്സ്, ബോള്‍ട്സ്മാന്‍ എന്നീ ശാസ്ത്രജ്ഞര്‍. ഈ രണ്ടുപേരുടെയും നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അക്കാലത്തെ തലമൂത്ത ശാസ്ത്രജ്ഞര്‍ തയ്യാറായില്ല എന്നതില്‍നിന്നും, അവരുടെ കണ്ടെത്തലുകളിലെ വിപ്ലവാത്മകത ഏകദേശം മനസ്സിലാക്കാന്‍ കഴിയും. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ തന്റെ കൈനറ്റിക്‌ ഗ്യാസ്‌ തിയറിയോടു് കാണിച്ച എതിര്‍പ്പു് താങ്ങാനാവാതെ ബോള്‍ട്സ്‌മാന്‍ 1906-ല്‍ ജീവനൊടുക്കി. മരണത്തിനു് ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് അതുവരെ ശാസ്ത്രലോകത്തിനു് അജ്ഞാതനായിരുന്ന ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ എന്ന ഫിസിസിസ്റ്റ്‌ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസം വഴി തന്റെ ശാസ്ത്രീയ നിലപാടുകള്‍ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുമെന്നു് അറിയാന്‍ ബോള്‍ട്സ്‌മാനു് കഴിയാതെ പോയി. ക്ലാസിക്കല്‍ ഫിസിക്സിലെയും, ക്വാണ്ടം ഫിസിക്സിലെയും മിക്കവാറും എല്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ രൂപവത്കരണങ്ങളിലും കാണാന്‍ കഴിയുന്ന Boltzmann Constant “k” വഴി ശാസ്ത്രം അദ്ദേഹത്തെ എന്നേക്കുമായി ആദരിക്കുന്നു.

ബ്ലാക്ക് ബോഡി റേഡിയേഷനെ സംബന്ധിച്ചു് പഠനം നടത്തിക്കൊണ്ടിരുന്ന മാക്സ് പ്ലാങ്ക്, എനര്‍ജി റേഡിയേഷന്‍ സ്ഥിരമായ ഒരു പ്രതിഭാസം അല്ലെന്നും, അതു് ചെറിയ ചെറിയ എനര്‍ജി ക്വാണ്ടുകള്‍ (പൊതിക്കെട്ടുകള്‍) ആയിട്ടാണു്, അഥവാ സ്റ്റാറ്റിസ്റ്റിക്കല്‍ ആയിട്ടാണു് റേഡിയേറ്റ്‌ ചെയ്യപ്പെടുന്നതെന്നും കണ്ടെത്തിയതോടെ ക്വാണ്ടം തിയറി ജന്മമെടുത്തു. മാക്സ്‌ പ്ലാങ്കിന്റെ ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റൈന്‍, ബോര്‍, സൊമ്മര്‍ഫെല്‍ഡ്‌ എന്നിവര്‍ ഏറ്റെടുത്തു് പൂര്‍ത്തിയാക്കിയ ജോലികളിലൂടെ ലഭിച്ച അറിവുകള്‍ ഡിറ്റര്‍മിനിസം എന്ന ആശയത്തെത്തന്നെ കൈവെടിയുവാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുകയായിരുന്നു. അവരുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്‍താങ്ങിക്കൊണ്ടു് ഹൈസന്‍ബെര്‍ഗിന്റെ  അണ്‍സെര്‍ട്ടെന്റി തത്വവും രൂപമെടുത്തു. എലെമെന്ററി പാര്‍ട്ടിക്കിളിന്റെ സ്ഥാനവും വേഗതയും ഒരേസമയം, യഥേഷ്ടം, കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല എന്നതാണു് ആ തത്വം. സ്ഥാനം കൃത്യമായി നിശ്ചയിക്കാന്‍ കഴിയുമ്പോള്‍ വേഗതയോ, വേഗത കൃത്യമായി നിശ്ചയിക്കാനാവുമ്പോള്‍ സ്ഥാനമോ പിടി തരികയില്ല.

ഒരു വസ്തുവിന്റെ നിശ്ചിത സമയത്തെ സ്ഥാനവും വേഗതയും അറിഞ്ഞാലേ ന്യൂട്ടോണിയന്‍ മെക്കാനിക്സില്‍ അതിന്റെ ചലനം വിവരിക്കുവാന്‍ നമുക്കു് കഴിയുകയുള്ളു എന്നതിനാല്‍, ഒരേസമയം സ്ഥാനവും വേഗതയും കൃത്യമായി നിശ്ചയിക്കാന്‍ കഴിയാത്ത എലെമെന്ററി പാര്‍ട്ടിക്കിളിന്റെ ലോകത്തില്‍ ന്യൂട്ടോണിയന്‍ മെക്കാനിക്സ്‌ പരാജയപ്പെടുന്നു. അവിടെ സ്റ്റാറ്റിസ്റ്റിക്സില്‍ അധിഷ്ഠിതമായ ക്വാണ്ടം മെക്കാനിക്സില്‍ ആശ്രയിക്കുകയല്ലാതെ ശാസ്ത്രത്തിനു് മറ്റു് വഴിയില്ല. അതുകൊണ്ടു് ഒന്നു് പൂര്‍ണ്ണമായും തെറ്റെന്നും, മറ്റേതു് പൂര്‍ണ്ണമായും ശരിയെന്നും അര്‍ത്ഥമാവുന്നില്ല. അവയുടെ ലോകത്തില്‍, അവയുടേതായ പശ്ചാത്തലത്തില്‍ അവ ശരികള്‍ തന്നെ. ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റിയും, ക്വാണ്ടം മെക്കാനിക്സും ന്യൂട്ടോണിയന്‍ ഫിസിക്സിനെ ഉള്‍ക്കൊള്ളുന്നു, നേരേ മറിച്ചല്ല താനും. അതുകൊണ്ടുതന്നെ ഒരു ഡിറ്റര്‍മിനിസ്റ്റിക്‌’ ലോകചിത്രത്തിനു് ശാസ്ത്രദൃഷ്ടിയില്‍ നിലനില്‍ക്കാന്‍ ആവില്ല. എല്ലാ പ്രപഞ്ചനിയമങ്ങളും സ്റ്റാറ്റിസ്റ്റിക്കല്‍ ആണു്. കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതം എന്നു് തോന്നുന്ന ദൈനംദിനപ്രതിഭാസങ്ങള്‍ക്കു് ആ പ്രത്യേക പശ്ചാത്തലത്തില്‍, ആ പ്രത്യേക പരിധികള്‍ക്കുള്ളില്‍ മാത്രമേ എന്തെങ്കിലും വില കല്‍പിക്കാനാവൂ.ഡിറ്റര്‍മിനിസം പ്രപഞ്ചത്തിനു് പൊതുവായ ഒരു നിയമമാവുകയില്ല.

പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളും മനുഷ്യജീവിതവുമൊക്കെ പൂര്‍ണ്ണമായും ഡിറ്റര്‍മിനിസ്റ്റിക്‌ ആയിരുന്നുവെങ്കില്‍ – കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ – ലോകത്തില്‍ ഒരു ദൈവമോ, ആരാധനയോ, അമ്പലങ്ങളോ, പള്ളികളോ ഉണ്ടാവുമായിരുന്നില്ല. ഉണ്ടാവേണ്ട ആവശ്യവുമില്ലായിരുന്നു. എന്തിനുവേണ്ടി? ഡിറ്റര്‍മിനിസം എന്നാല്‍ ഭാവിയിലെ ഓരോ ചലനങ്ങള്‍ പോലും കൃത്യമായി ഇന്നേതന്നെ അറിയാന്‍ കഴിയുന്ന, അവയെ അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ ഒരു ശക്തിക്കും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍, അത്തരം ഒരവസ്ഥയില്‍, ഭാവിയിലെ സ്വന്തം നന്മക്കോ, തന്നെ ദ്രോഹിച്ച അന്യന്റെ തിന്മക്കോ വേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ വലിയൊരു വിഡ്ഢിത്തമുണ്ടോ? ലോകാരംഭത്തിനു് മുന്‍പേതന്നെ ലോകാരംഭം അടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരിക്കുന്നു എങ്കില്‍, ആ തീരുമാനം മാറ്റാവുന്നതാണെന്നു് വിശ്വസിക്കുന്നവന്‍, അങ്ങനെ മറ്റുള്ളവരെ ഉപദേശിക്കുന്നവന്‍, അതിനു് അവരോടു് പ്രതിഫലം വാങ്ങുന്നവന്‍ തുടങ്ങിയ സകലമാന “അവന്മാരും” ആ തീരുമാനം എടുത്ത അവനേക്കാള്‍ വല്യ അവന്മാര്‍ ആയിരിക്കണം.

ഇവിടെയാണു് സാമാന്യമായി ചിന്തിക്കുന്നവര്‍ക്കു് മതങ്ങളുടെ പഠിപ്പിക്കലുകളിലെ ഇരട്ടത്താപ്പു് വ്യക്തമാവുന്നതു്. ഒരുകൈകൊണ്ടു് മതങ്ങള്‍ പ്രപഞ്ചത്തിലെയും, മനുഷ്യരുടെ ജീവിതത്തിലെയും അനിശ്ചിതത്വം ചൂണ്ടിക്കാണിക്കുന്നു. ഒപ്പംതന്നെ മറുകൈകൊണ്ടു് അതേ അനിശ്ചിതത്വത്തെ നിയന്ത്രിക്കാനും, ഓരോരുത്തന്റെയും ദൈവനിശ്ചിതമായ വിധി അവനു് അനുകൂലവുമാക്കിത്തീര്‍ക്കാനും കഴിവുള്ള സര്‍വ്വശക്തനായ ഒരു ദൈവത്തെ ചൂണ്ടിക്കാണിക്കുന്നു. ദൈവം മനുഷ്യര്‍ക്കു് നല്‍കിയ “ദൈവവിധി” പുരോഹിതനോ ദേവാലയത്തിനോ കൈക്കൂലി കൊടുത്താല്‍ തിരുത്തി എഴുതാന്‍ തയ്യാറാവുന്ന ദൈവം ഒരു വിചിത്രദൈവമായിരിക്കണം. അങ്ങനെയൊരു ദൈവം അവനെക്കൊണ്ടു് ജീവിക്കുന്നവരുടെ കണ്ടുപിടുത്തമാവാനേ കഴിയൂ. അങ്ങനെയെങ്കില്‍, ആ ദൈവത്തെയല്ല, ആ ദൈവത്തെ കണ്ടുപിടിച്ചവരെയാണു് മനുഷ്യര്‍ ആരാധിക്കേണ്ടതു്. ദൈവത്തെ സൃഷ്ടിച്ചവരേക്കാള്‍, ദൈവത്തെ തൂക്കിവില്‍ക്കുന്നവരേക്കാള്‍ വലുതാവുമോ ദൈവം? ആ സ്രഷ്ടാക്കളേയും, അവരോ അവര്‍ക്കുവേണ്ടി മറ്റുള്ളവരോ നിര്‍മ്മിച്ച അവരുടെ വിഗ്രഹങ്ങളേയും ആരാധിക്കുകയല്ലാതെ മറ്റൊന്നുമല്ല മനുഷ്യര്‍ ചെയ്യുന്നതും.

 
9 Comments

Posted by on Jun 18, 2008 in ലേഖനം

 

Tags: ,