RSS

Daily Archives: Apr 24, 2021

കോവിഡും കേരളവും

തന്നാലാവും വിധം പിണറായി വിജയൻ കോവിഡിനെതിരെയും കുടുംബസംരക്ഷണാർത്ഥവും   മുക്കുന്നുണ്ടു്, അഥവാ പോരാളി ഷാജിയുടെ സ്ക്രിപ്റ്റിനൊപ്പിച്ചു് ആഞ്ഞു് മുക്കുന്നതുപോലെ അഭിനയിക്കാൻ ശ്രമിക്കുന്നുണ്ടു്. പക്ഷേ, പ്രതീക്ഷാനുസൃതം കുഞ്ജരസദൃശവികാസം പോയിട്ടു് മാർജ്ജാരസദൃശവികാസം പോലും സംഭവിക്കാത്തതിനു് അങ്ങേർക്കു് എന്തു് ചെയ്യാൻ പറ്റും? അമ്മാതിരി വീർപ്പിക്കലല്ലേ സഖാക്കൾ ഊതിയൂതി വീർപ്പിച്ചുവച്ചിരിക്കുന്നതു്! അതുകൊണ്ടാണു് മുക്കൽ കാണുന്ന “നിച്പച്ചർക്കു്” വികസിച്ചതു് പോരാ പോരാ എന്നു് തോന്നുന്നതും, “വീർക്കട്ടെ വീർക്കട്ടെ, ഇനിയുമിനിയും വീർക്കട്ടെ, ചെമ്മാനത്തോളം വീർക്കട്ടെ, ചെഞ്ചോരക്കൊടി ഉയരട്ടെ!” എന്നവർ വിളിച്ചു് കൂവുന്നതും! ആവേശകുമാരീകുമാരന്മാർക്കും ആഘോഷക്കമ്മിറ്റിക്കാർക്കും ആർപ്പിട്ടാൽ മതി, മുക്കുന്നവനറിയാം അവന്റെ പാടു്.  

നീലച്ചായത്തിൽ വീണ കുറുക്കൻ, പാപ്പാനായ ആട്ടിടയൻ മുതലായ കൂട്ടരെല്ലാം നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നമാണു് ഭാഷാപരമായ ചലഞ്ച്. വാക്സിൻ ചലഞ്ച്, സാലറി ചലഞ്ച്, ചിരി ചലഞ്ച്, സാരി ചലഞ്ച് തുടങ്ങിയ ചലഞ്ചുകൾ പോലെ ചിന്ന ചലഞ്ചല്ല, അസ്തിത്വത്തെത്തന്നെ അട്ടിമറിക്കാൻ പോന്ന സാക്ഷാൽ ചലഞ്ചാണു് ഭാഷാപരമായ ചലഞ്ച്. ഉദാഹരണത്തിനു്, “മേ!” എന്ന വാക്കിനു് ആടുലോകം നൽകുന്ന അതേ അർത്ഥം ആനലോകം നൽകണമെന്നില്ല. ആനജീവിതങ്ങളിൽ “മേ!” ശബ്ദം ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ വിളിച്ചുവരുത്താവുന്ന ഒരു അപശബ്ദമായിരിക്കാനും മതി. പാപ്പാനായി വേഷം കെട്ടിയാടേണ്ടിവരുന്ന ഒരു ആട്ടിടയനു് അതുവഴി ആനകളിൽ നിന്നും വല്ലാത്ത പൊല്ലാപ്പുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടു്.  

ഭർത്താവിന്റെ രോഗക്കിടക്ക സ്ത്രീകൾ ചന്തസ്ഥലത്തേക്കു് ചുമക്കുന്നു എന്ന നീറ്റ്സ്‌ഷെ വചനത്തിനു്, ഭാര്യയുടെ രോഗക്കിടക്ക ഭർത്താക്കന്മാർ പൊതുസ്ഥലത്തേക്കു് ചുമക്കാറില്ല എന്നർത്ഥമില്ല. (ഈ നീറ്റ്സ്ഷെ വചനം ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു എന്നാണോർമ്മ. അതു് വായിച്ചവർ ഇതു് വായിക്കുന്നപക്ഷം അടുത്തപ്രാവശ്യത്തെ കുമ്പസാരത്തിൽ രണ്ടു് പാപങ്ങളും കൂട്ടിച്ചേർത്തു് കുമ്പസാരിക്കാൻ മറക്കണ്ട. ഞാൻമൂലം പാപികളാകുന്ന മനുഷ്യർക്കു് മൂലപാപമോചനത്തിനുള്ള വഴികൂടി പറഞ്ഞു് കൊടുത്തില്ലെങ്കിൽ എന്തൊരു മൻസനാണയാൾ എന്നു് പൊതുജനസഖാക്കൾ പറയും. അപഖ്യാതി ഉണ്ടാകരുതല്ലോ.)  

പിടക്കോഴികൾ കൊക്കിയും, പൂവൻകോഴികൾ കൂവിയും വ്യത്യസ്തമായ ശബ്ദതരംഗങ്ങൾ “എയറിലേക്കു്” വിടുന്നതു് കോഴിലോകത്തിലെ സഹജീവികളെ ആശയപരമായി ഒരുപടികൂടി സമ്പന്നസമ്പുഷ്ടരാക്കി പുരോഗമിപ്പിക്കുന്നതിനാണു്. കോഴി വർഗ്ഗത്തിനു് അന്യമായ ജനുസ്സുകളെ അവ ലക്ഷ്യമാക്കുന്നുണ്ടെന്നു് തോന്നുന്നില്ല. മുകളിൽ സൂചിപ്പിച്ചപോലെ, ആടുലോകത്തിലായാലും, ആനലോകത്തിലായാലും, കോഴിലോകത്തിലായാലും പ്രശ്നം പ്രധാനമായും ഭാഷാപരമാണു്. ഭാഷാപരമായ പൊരുത്തക്കേടുകൾ നിലവിലിരിക്കുന്ന ലോകങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ ശ്രമിക്കുന്നതു് ടെൻസർ അനാലിസിസ് ഉപയോഗിച്ചു്, ലഗ്നത്തിന്റെയോ ചന്ദ്രന്റെയോ ശുക്രന്റെയോ അശ്രീകരമായ വല്ല രാശികളിലുമാണോ ചൊവ്വഗ്രഹം നിലയുറപ്പിച്ചിരിക്കുന്നതു് എന്നു് ജ്യോതിഷപരമായി അനലൈസ് ചെയ്തു് ചൊവ്വാദോഷം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനു് തുല്യമായിരിക്കും.  

മാർക്സിയൻ സ്ഥിതിസമത്വം വന്നുകഴിഞ്ഞ ആന-, മയിൽ-, ഒട്ടകലോകങ്ങളിലെ കൂവലിന്റെയും കൊക്കലിന്റെയും കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, അവസരസമത്വംപോലും ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ഈ ഭൂമിയിലെ കമ്മ്യൂണിസ്റ്റ് – ക്യാപിറ്റലിസ്റ്റ് ദ്വൈതലോകത്തിൽ, ഒരു മനുഷ്യജീവിക്കു് രോഗം വരികയും, ആ രോഗം ഒരു പകർച്ചവ്യാധിയായിരിക്കുകയും ചെയ്താൽ, പ്രസ്തുത രോഗിയെയും കിടക്കയെയും അവ രണ്ടും ആയിരിക്കേണ്ടിടത്തു് ആയിരിക്കാൻ വിടുന്നതാണു്, അങ്ങനെ ചെയ്യാതിരുന്നശേഷം അതു് ചന്തസ്ഥലത്തും പൊതുസ്ഥലത്തും നാടു് നീളെയും ഉളുപ്പില്ലാതെ ന്യായീകരിച്ചു് “വിടൽ കാസ്ട്രോ” ചമയുന്നതിനേക്കാൾ ഇരുപക്ഷത്തിനും ഭംഗിയും ബുദ്ധിയും ഉത്തരവാദിത്വബോധപൂർവ്വവും.    

ചീത്ത മനുഷ്യരെ കുലംകുത്തി, പരനാറി, നികൃഷ്ടജീവി മുതലായ കാറ്റഗറികളായി തരം തിരിച്ചു് അവരിൽ നിന്നും നല്ല മനുഷ്യരായ സഖാക്കളെ സംരക്ഷിക്കുക, അമിത് ഷായുടെ ശരീരത്തിന്റെ കൊഴുപ്പളവു് നിർണ്ണയിക്കുക, റോഡുകൾ, മൈൽക്കുറ്റികൾ, കലുങ്കുകൾ, പാലങ്ങൾ, വെയ്റ്റിങ് ഷെഡുകൾ മുതലായ സോഫിസ്റ്റിക്കേറ്റഡ് പദ്ധതികൾ നൂറുനൂറാന്തരം ഉദ്ഘാടനം ചെയ്യുക ഇത്യാദി അത്യുദാത്തമായ കർമ്മശേഷി ആവശ്യമുള്ള കർത്തവ്യങ്ങളുടെ നിർവഹണങ്ങളിൽ ഏർപ്പെട്ടു് ജനകോടികളെ ആവേശഭരിതരാക്കി തകിടം മറിക്കുന്ന ഒരു സമുന്നതവ്യക്തിക്കു്, മാസ്ക്ക് ധരിക്കുക, അകലം പാലിക്കുക, കൈകഴുകുക, കൂട്ടം കൂടാതിരിക്കുക മുതലായ സില്ലി കോവിഡ് പ്രതിരോധനടപടിക്രമങ്ങളോടു് ലൊട്ടുവൈദ്യനു് ലൊടുക്കുവൈദ്യനോടെന്നപോലെ, അവജ്ഞ കലർന്ന ഒരുതരം “നിസ്സാരതാത്മകത്വം” തോന്നുന്നതു് സ്വാഭാവികം. “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു് നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, “ജനം” ഇച്ഛിക്കുംപോലെ ആകട്ടെ!  

ഫയലിൽ എന്താണു് എഴുതിയിരിക്കുന്നതു് എന്നറിയാതെ അതിനടിയിൽ ഒപ്പിടുന്നവനാണു് താൻ എന്നു് മണികൊട്ടി അറിയിക്കുന്ന ഒരു മുഖ്യമന്ത്രിയെ വിഡ്ഢിയെന്നോ ഊളയെന്നോ വിളിച്ചിട്ടും വലിയ കാര്യമുണ്ടെന്നു് തോന്നുന്നില്ല. Two things are infinite: the universe and human stupidity; and I’m not sure about th’universe! എന്ന, ഐൻസ്റ്റൈന്റേതായി പരിഗണിക്കപ്പെടുന്ന ഒരു ഉദ്ധരണിപ്രകാരം, വേണമെങ്കിൽ ഇൻഫിനിറ്റ് സ്റ്റുപ്പിഡ് എന്നു് വിളിക്കാമെന്നു് തോന്നുന്നു. പക്ഷേ അപ്പോൾ,  ഇരിക്കുന്ന കൊമ്പു് മുറിക്കുന്ന ഇൻഫിനിറ്റ് സ്റ്റുപ്പിഡിൽ ഇരട്ടച്ചങ്കു് ദർശിക്കുന്ന പാർട്ടി ബുദ്ധിജീവികളെ മൾട്ടി ഇൻഫിനിറ്റ് സ്റ്റുപ്പിഡ്സ് എന്നെങ്കിലും വിളിച്ചില്ലെങ്കിൽ അവർ “പ്രകാശം പരത്താൻ” മടിച്ചെന്നു് വരില്ല. അത്തരം സൂപ്പർ ലീഗ് കളിക്കാരെപ്പറ്റിയാവണം, ബാല്യത്തിൽ എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുള്ള ഒരു പഴഞ്ചൊല്ലു്: “എല്ലാരും കളിയ്ക്കണെ കളി പഠിക്കാൻ; കോരപ്പൻ കളിയ്ക്കണെ കൊതം കടിയ്ക്കാൻ!”  

അമ്പിളിമാമനെ പിടിച്ചു് അടപ്രഥമൻ ഉണ്ടാക്കിത്തരാം, ആകാശനീലിമയെ താഴെയെത്തിച്ചു് എല്ലാറ്റിന്റെയും വെള്ളകോണകങ്ങൾ നീലം മുക്കിത്തരാം, പ്രവാസിക്കു് ആയിരം കോടി തരാം, സ്വദേശിക്കു് പതിനായിരം കോടി തരാം, പരദേശിക്കു് ഒരുലക്ഷം കോടി, “വിദേശാഭിമാനിക്കു്” പത്തുലക്ഷം കോടി എന്നെല്ലാം വാഗ്ദാനിക്കുന്ന ഒരു ജീനിയസിനോടു് ചായക്കടയിൽ ചായ അരിക്കാൻ പോലും കൊള്ളാത്ത കോവിഡ് മാസ്ക്കിന്റെയും, കിറ്റു് വിതരണം ചെയ്യുന്ന ചേളാകത്തിന്റെയുമെല്ലാം കണക്കു് ചോദിക്കാനും പറയാനും നിങ്ങൾക്കു് നാണമില്ലേ ലജ്ജയില്ലേ ഉളുപ്പില്ലേ ശുംഭത്വമില്ലേ എന്നു് പ്രബുദ്ധ മല്ലുക്കളോടു് ആഞ്ഞാഞ്ഞു് ചോദിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണു്. ആനപ്പുറത്തിരുന്നു് ആനവാതിലുകളിലൂടെ പോക്കുവരവുകൾ നടത്തുന്നവനു് കാൽനടയുടെ കഷ്ടപ്പാടുകൾ കടലാസ്സിൽ കുറിച്ചു് ആയിരം കൈയൊപ്പുകൾ ചാർത്തി ആനപ്പുറത്തേക്കു് തോട്ടികെട്ടിയെത്തിച്ചു് ബുദ്ധിമുട്ടിക്കുന്നതിലെ അനൌചിത്യം മല്ലുക്കളിലെ വിദ്യാവിശാരദർക്കു് മനസ്സിലാകാതെ പോകുന്നതെന്തുകൊണ്ടു്? എന്തുകൊണ്ടു് ആവക തുണ്ടുകൾ നിങ്ങൾ കയ്യോടെ കുപ്പത്തൊട്ടിയിൽ ഇടുന്നില്ല? ആനപ്പുറത്തുനിന്നും കുപ്പത്തൊട്ടിയിലേക്കു് എറിയുന്നതിനേക്കാൾ എളുപ്പമല്ലേ അതു്? 

ആനപ്പുറത്തു് എങ്ങനെയെങ്കിലും കയറിപ്പറ്റി അവിടെ അള്ളിപ്പിടിച്ചു് കുത്തിയിരുന്നിട്ടു് കാര്യമില്ല. നല്ല ഗമയോടെ ചങ്കു് വിരിച്ചിരുന്നു് ആനയുടെയും ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും താളാത്മകമായ ചലനങ്ങൾക്കൊപ്പം, ആരാധ്യപുരുഷനെ ഒരുനോക്കു് കണ്ടു് സായുജ്യമടയാൻ ഇടതുപക്ഷത്തും വലതുപക്ഷത്തും ആകാംക്ഷാഭരിതരായി കാത്തുനിൽക്കുന്ന അടിയാളരുടെ നേരെ മാറി മാറി തലതിരിച്ചു് കൈയുയർത്തി ആശീർവാദങ്ങൾ നൽകി അനുഗ്രഹിച്ചുകൊണ്ടു് രാജകീയമായി മുന്നോട്ടും പിന്നോട്ടും ചാഞ്ചാടിക്കൊണ്ടിരുന്നാലേ ചന്തിയിൽ നല്ല തയമ്പുണ്ടാകൂ.  

രാജയോഗമായിരുന്നു. പക്ഷേ, ശംഖുചക്രം കൂതിയിലായിപ്പോയി. എന്തു് ചെയ്യാൻ?

 
Comments Off on കോവിഡും കേരളവും

Posted by on Apr 24, 2021 in Uncategorized