RSS

Daily Archives: Apr 13, 2009

ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം

(By Friedrich Nietzsche – ഒരു സ്വതന്ത്രപരിഭാഷ)
ഒരു വ്യക്തി അവന്റെ സ്വന്തം ആദര്ശങ്ങള്‍ പടുത്തുയർത്തുകയും അതിൽനിന്നും തന്റെ നിയമവും, തന്റെ സന്തോഷങ്ങളും, തന്റെ അവകാശങ്ങളും രൂപപ്പെടുത്തുകയും ചെയ്യുക – അതു് മിക്കവാറും ഇതുവരെ മനുഷ്യർക്കു് സംഭവിക്കാവുന്നതിൽ വച്ചു് ഏറ്റവും വലിയ വഴിപിഴക്കലും വിഗ്രഹാരാധനതന്നെയുമായി പരിഗണിക്കപ്പെട്ടിരുന്നു; അത്തരമൊരു നടപടിക്കു് ധൈര്യപ്പെട്ട ചുരുക്കം ചിലർക്കു് അവരോടുതന്നെ വാസ്തവത്തിൽ ഒരു ക്ഷമാപണം ആവശ്യമാണെന്നു് തോന്നിയിരുന്നു. സധാരണഗതിയിൽ ആ ക്ഷമാപണം ഇങ്ങനെയായിരുന്നു: “ഞാനല്ല! ഞാനല്ല! എന്നിൽക്കൂടി ഒരു ദൈവം!”ദൈവങ്ങളെ സൃഷ്ടിക്കുന്ന അത്ഭുതകരമായ കലയുടെയും കഴിവിന്റെയും ആസക്തിക്കു് വിമുക്തി നേടാൻ കഴിഞ്ഞ മാധ്യമം – ബഹുദൈവവിശ്വാസം (polytheism)- വഴി ഈ ആസക്തി ശുദ്ധീകരിക്കപ്പെട്ടു, പൂർത്തീകരിക്കപ്പെട്ടു, വിശിഷ്ടമാക്കപ്പെട്ടു: അതേസമയം, ആദ്യകാലങ്ങളിൽ അതു് അധമവും വിരൂപവുമായ, ദുർവ്വാശിയും അനുസരണമില്ലായ്മയും അസൂയയുമായി ബന്ധമുള്ള ഒന്നായിരുന്നു. സ്വന്തം ആദര്‍ശങ്ങളോടുള്ള ആസക്തിയുടെ ശത്രു ആയിരിക്കുക: അതായിരുന്നു അക്കാലത്തു് എല്ലാ ആചാരങ്ങളുടെയും നിയമം. അന്നു് ഒരു മാനദണ്ഡമേ (norm) ഉണ്ടായിരുന്നുള്ളു: “മനുഷ്യൻ” – ഒരോ ജനവിഭാഗവും ആദ്യത്തേതും അവസാനത്തേതുമായ ഈ മാനദണ്ഡം അവർക്കുള്ളതായി വിശ്വസിച്ചു.

പക്ഷേ, തങ്ങൾക്കു് ഉപരിയായും ബാഹ്യമായും, വിദൂരമായ ഒരു ഉന്നതലോകത്തിൽ അനേകമാനദണ്ഡങ്ങൾ കണ്ടെത്തുക എന്നതു് അനുവദനീയമായിരുന്നു: ഒരു ദൈവം മറ്റൊരു ദൈവത്തിന്റെ നിഷേധിക്കലോ നിന്ദിക്കലോ ആയിരുന്നില്ല! വ്യക്തി എന്ന ആഡംബരം ആദ്യമായി അവിടെ അനുവദിക്കപ്പെട്ടു, വ്യക്തിയുടെ അവകാശങ്ങൾ ആദ്യമായി ബഹുമാനിക്കപ്പെട്ടു. എല്ലാത്തരം ദൈവങ്ങളുടെയും, വീരപുരുഷന്മാരുടെയും, അതിമാനുഷരുടെയും, അതുപോലെ, പാര്‍ശ്വ-, അധമമനുഷ്യരുടെയും, വാമനന്മാരുടെയും, യക്ഷികളുടെയും, മൃഗമനുഷ്യസങ്കരജീവികളുടെയും, വനദേവതകളുടെയും, ഭൂതങ്ങളുടെയും, പിശാചുക്കളുടെയും കണ്ടെത്തൽ വ്യക്തിയുടെ അഹംഭാവത്തിന്റെയും ആധിപത്യപ്രവണതയുടെയും നീതീകരണത്തിനു് വേണ്ടിയുള്ള അമൂല്യമായ പ്രാഥമികപരിശീലനമായിരുന്നു: ദൈവത്തിനു് മറ്റു് ദൈവങ്ങളുടെ നേരെ അനുവദിച്ചു് കൊടുക്കപ്പെട്ട അതേ സ്വാതന്ത്ര്യം അവസാനം നിയമങ്ങൾക്കും ആചാരങ്ങൾക്കും അയൽക്കാർക്കുമെതിരെ മനുഷ്യൻ തനിക്കുതന്നെ അനുവദിച്ചുകൊടുത്തു.

ഇതിനു് വിപരീതമായി, ഒരു നോര്‍മല്‍ മനുഷ്യൻ എന്ന സിദ്ധാന്തത്തിന്റെ കർക്കശപരിണതഫലമായ ഏകദൈവവിശ്വാസം (monotheism) – അഥവാ, തന്നെക്കൂടാതെയുള്ള ദൈവങ്ങളെല്ലാം കപടരായ നുണയൻദൈവങ്ങൾ മാത്രമായ ഒരു നോര്‍മല്‍ ദൈവത്തിലുള്ള വിശ്വാസം – അതു് ഒരുപക്ഷേ ഇന്നുവരെയുള്ള മാനവരാശിയുടെ ഏറ്റവും വലിയ അപകടമായിരുന്നു: അതായതു്, ഒരു നോര്‍മല്‍ മൃഗത്തിലും സ്വന്തവര്‍ഗ്ഗാദര്‍ശത്തിലും വിശ്വസിക്കുകയും, ആചാരങ്ങളുടെ ആചാരക്രമം (morality of mores) രക്തത്തിലേക്കും മാംസത്തിലേക്കും അന്തിമമായി ഏറ്റെടുക്കുകയും ചെയ്ത മിക്കവാറും എല്ലാ മൃഗവംശങ്ങളും, നമുക്കു് കാണാൻ കഴിയുന്നിടത്തോളം, പണ്ടേ എത്തിച്ചേർന്നതുപോലെയുള്ള ഒരു അകാലനിശ്ചലത്വം (premature stagnation) മനുഷ്യവംശത്തെയും ഭീഷണിപ്പെടുത്തി; ബഹുദൈവവിശ്വാസത്തിൽ മനുഷ്യരുടെ സ്വതന്ത്രബുദ്ധിയും ബഹുമുഖബുദ്ധിയും അവയുടെ പ്രാഥമികരൂപത്തിൽ ഉടലെടുത്തു: മനുഷ്യർക്കു് പുതിയതും സ്വന്തവുമായ, കൂടുതൽ പുതിയതും കൂടുതൽ സ്വന്തവുമായ ദൃഷ്ടികൾ വീണ്ടും വീണ്ടും രൂപപ്പെടുത്തുന്നതിനുള്ള ശക്തി: അങ്ങനെ, എല്ലാ മൃഗങ്ങളുടെയും ഇടയിൽ മനുഷ്യർക്കു് മാത്രമായി നിത്യമായ ചക്രവാളങ്ങളും പരിപ്രേക്ഷ്യങ്ങളും ഇല്ലാത്ത വിധം.

 
21 Comments

Posted by on Apr 13, 2009 in ഫിലോസഫി, മതം

 

Tags: , ,