RSS

Daily Archives: Jun 12, 2011

സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ – 1

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ ഉരുത്തിരിയുക എന്നതു് മനുഷ്യന്റെ സാമാന്യബുദ്ധിക്കു് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണു്. സ്രഷ്ടാവില്ലാത്തൊരു സൃഷ്ടി അനുഭവലോകത്തിൽ സാധാരണമല്ല എന്നതിനാൽ, ദൈവനിർമ്മിതിയല്ലാത്ത ഒരു പ്രപഞ്ചത്തിനു് മനുഷ്യഭാവനയിൽ സ്ഥാനം ലഭിക്കുക അത്ര എളുപ്പമല്ല. അതേസമയം, മനുഷ്യൻ പരിധിയില്ലാത്ത ഭാവനാശേഷിയുടെ ഉടമയാണുതാനും. നരസിംഹവും, ഗണപതിയും, സൂര്യനേയും ചന്ദ്രനേയും മണിക്കൂറുകളോളം നിശ്ചലമാക്കി നിർത്തിയവരും, ചങ്കും കരളും ആമാശയവും സഹിതം സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയി മടങ്ങിവന്നവരും, മടങ്ങിവരാനിരിക്കുന്നവരും, അവിടെത്തന്നെ സ്ഥിരമായി സുഖമായി വാഴുന്നവരും, എന്നുവേണ്ട, ന്യായീകരിക്കാനാവുന്ന ഏതെങ്കിലുമൊരു അടിത്തറയോ അർത്ഥമോ നൽകാനാവാത്ത ആയിരക്കണക്കിനു് സ്വപ്നങ്ങളും, സങ്കൽപങ്ങളും, ദൈവികവെളിപാടുകളും രൂപമെടുത്ത അളവും അന്തവുമില്ലാത്ത അത്ഭുതസാമ്രാജ്യമാണു് മനുഷ്യരുടെ ഭാവനാലോകം. ഇന്നത്തെ അറിവിൽ, സ്വാർത്ഥതാത്പര്യം ലക്ഷ്യമാക്കിയുള്ള വഞ്ചനാപരമായ നുണയെന്നോ, മാനസികവിഭ്രാന്തിയെന്നോ, യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട രോഗാതുരമായ മനസ്സിൽനിന്നും ഉതിരുന്ന വിടുവാക്കുകളെന്നോ തിരിച്ചറിയപ്പെടുമായിരുന്ന എത്രയോ ഭ്രാന്തൻ ആശയങ്ങൾക്കു് നിരുപാധികമായ അംഗീകാരം നൽകി ജനകോടികൾ അവയെ അന്ധമായി അനുഗമിച്ചതിന്റെയും ആരാധിച്ചതിന്റെയും തുടർക്കഥകളാണു് സാമൂഹികവും മതപരവുമായ ലോകചരിത്രം. കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ ഇടയ്ക്കിടെ മുളച്ചുപൊന്തി വേറിട്ടുനിന്ന എതിർപ്പിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങൾ സാമൂഹികനേതൃത്വത്തിന്റെ സജീവമായ പിൻതുണയോടെ ശ്രദ്ധാപൂർവ്വം ഉന്മൂലനം ചെയ്യപ്പെട്ടു. തത്ഫലമായി കൂട്ടത്തിനോടു് ചേർന്നു് കൂവുന്നതാണു് നിലനിൽപിനു് ഏറ്റവും അനുയോജ്യമായ നിലപാടെന്നു് വന്നു. അതോടെ, നിലനിൽപിന്റെ അടിസ്ഥാനതത്വമായ നാച്യുറൽ സെലക്ഷനിലൂടെയുള്ള എവൊല്യൂഷന്റെ മാനദണ്ഡം, അഥവാ, സർവൈവലിനുള്ള ഫിറ്റ്‌നസിന്റെ അളവുകോൽ എന്നതു് കൂട്ടത്തിനോടു് ചേർന്നുള്ള കൂവൽസന്നദ്ധതയിലേക്കു് പരിമിതപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും, വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും, ജോലിയുടെയും കൂലിയുടെയുമെല്ലാം അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട കൂട്ടങ്ങൾ ഓരോന്നും കൂട്ടം തിരിഞ്ഞുനിന്നു് നിരന്തരം അങ്ങോട്ടുമിങ്ങോട്ടും ഓരിയിട്ടുകൊണ്ടിരുന്നപ്പോൾ തിരുത്തപ്പെടാനാവാത്തവിധം മ്യൂട്ടേഷൻ സംഭവിച്ചു് അവരിലെ ഓരോ കൂട്ടവും മറ്റു് കൂട്ടങ്ങളുമായി കാര്യമായ പൊതുഘടകങ്ങൾ ഒന്നുമില്ലാത്ത ഒരുതരം എയ്‌ലിയൻ സ്പീഷീസ്‌ എന്ന അവസ്ഥയിലേക്കു് പരിണമിച്ചുകൊണ്ടിരുന്നു. മനഃപൂർവ്വം വരുത്തിവയ്ക്കുന്ന ഇത്തരം ‘ജനിതകവ്യതിയാനങ്ങളുടെ’ ഗതിവേഗം ഈ രീതിയിൽ തുടരുന്ന പക്ഷം മനുഷ്യൻ എന്ന പൊതുവർഗ്ഗത്തിലെ ഒരു ജാതിയിൽനിന്നും മക്കളെ ജനിപ്പിക്കാൻ മറ്റൊരു ജാതിക്കു് കഴിയാത്തവിധം ഭാരതത്തിലെ മനുഷ്യജാതിക്കു് പരിണാമം സംഭവിക്കുന്ന കാലം അതിവിദൂരമാണെന്നു് തോന്നുന്നില്ല. അല്ലെങ്കിൽത്തന്നെ, യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു് ജീവിക്കാൻ ശ്രമിക്കുന്ന മറ്റു് ലോകസമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ആജീവനാന്തം സ്വപ്നലോകത്തിൽ വിഹരിക്കുന്ന ഒരു ‘വിഹാരജീവി’ ആണു് ഭാരതീയൻ. സാഹിത്യവും കലകളുമൊക്കെയാണു് സാധാരണഗതിയിൽ മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നതിനു് ഒരു സമൂഹത്തിനു് പ്രയോജനപ്പെടുത്താൻ കഴിയുന്ന ചൂരൽക്കഷായങ്ങൾ. പക്ഷേ, അതിനുവേണ്ടി ആരെങ്കിലും ശ്രമിച്ചാൽ ഭാരതീയന്റെ വിഹാരം വല്ലാതെ വ്രണപ്പെടും. വിഹാരം വ്രണപ്പെട്ടാൽ അവൻ നിർത്താതെ നിലവിളിക്കാൻ തുടങ്ങും. കുഞ്ഞുങ്ങൾ അങ്ങനെയാണു്. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്നു് പറഞ്ഞാൽ – അതു് പറയുന്നതു് താൻ തട്ടിപ്പോകാതിരിക്കാനാണെന്നു് അറിയാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്തതിനാൽ – അതുതന്നെ ചെയ്യുന്നതും, അതിന്റെ പേരിൽ പെടകിട്ടിയാൽ വലിയകൂട്ടം ഇടുന്നതുമാണു് അവരുടെ ഇഷ്ടവിനോദം. പുരാണകഥകൾ കേട്ടു് ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന പ്രായത്തിൽ നിത്യമായി തളച്ചിടപ്പെട്ട ഭാരതീയസമൂഹം ചെയ്യുന്നതും മറ്റൊന്നല്ല.

സൃഷ്ടിയുടെ നിർബന്ധനിബന്ധനയായി ഏതെങ്കിലുമൊരു സ്രഷ്ടാവോ വിവിധ സ്രഷ്ടാക്കളോ അവരോധിക്കപ്പെട്ടതും മനുഷ്യന്റെ ബോധമനസ്സിനു് സംഭവിച്ചുകൊണ്ടിരുന്ന പരിണാമപ്രക്രിയയുടെ വൈകിയ ഏതോ ഒരു കാലഘട്ടത്തിൽ ആയിരുന്നിരിക്കണം. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിലവിലിരുന്നതും, അവിടങ്ങളിലെ ഭൂമിശാസ്ത്രവും ഫ്ലോറയും ഫോണയുമായി അഭേദ്യമെന്നോണം ബന്ധപ്പെട്ടിരുന്നതുമായ പ്രപഞ്ചസൃഷ്ടിസങ്കൽപങ്ങൾ പ്രപഞ്ചസ്രഷ്ടാക്കളായ ദൈവങ്ങളുടെ സൃഷ്ടി മനുഷ്യഭാവനയിൽ മാത്രം സംഭവിച്ചതാണെന്ന സത്യം വിളിച്ചോതുന്നവയാണു്. ഒരു ആഫ്രിക്കൻ പുരാണപ്രകാരം മനുഷ്യരൂപിയും വെളുത്ത തൊലിയുള്ളവനുമായ Mbombo എന്ന ദൈവം കലശലായ വയറ്റുവേദന മൂലം ഒന്നുരണ്ടുവട്ടം ഛർദ്ദിച്ചപ്പോൾ പുറത്തുവന്നതാണു് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും. അതിനു് മുൻപു് മ്പോംബൊ ദൈവം ഏകനും, ഭൂമി അന്ധകാരത്താലും വെള്ളത്താലും മൂടിയതുമായിരുന്നു. സൂര്യപ്രകാശത്തിന്റെ ചൂടേറ്റപ്പോൾ വെള്ളം ആവിയായി, മേഘങ്ങളുണ്ടായി, ഉണങ്ങിയ മലകൾ കാണാറായി. വയറ്റുവേദന എന്നിട്ടും കുറയാത്തതിനാൽ ദൈവം പിന്നെയും ഛർദ്ദിച്ചു. അപ്പോൾ പുറത്തുവന്നതു് ഒൻപതു് മൃഗങ്ങളായിരുന്നു. അവയോരോന്നും സ്വന്തം പോർട്ട്ഫോളിയോ അനുസരിച്ചു് സൃഷ്ടിച്ചവയാണു് ലോകത്തിലെ മറ്റെല്ലാത്തരം ജീവികളും. ഇതിനൊക്കെ ശേഷവും അൽപം വയറ്റുവേദന ബാക്കിനിന്നതിനാൽ മ്പോംബൊ ഒരിക്കൽ കൂടി ഛർദ്ദിച്ചു എന്നും, അപ്പോൾ അവനെപ്പോലെ വെളുത്തനിറമുള്ള ഒരു മകൻ ഉൾപ്പെടെ ധാരാളം മനുഷ്യർ പുറത്തുവന്നു എന്നും മറ്റുമായി ആഫ്രിക്കൻ മോഡൽ സൃഷ്ടിയുടെ കഥ തുടരുന്നു.

ഭൂമദ്ധ്യരേഖയോടടുത്ത ചൂടൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ലോകസൃഷ്ടിചരിതങ്ങൾ ഏകദേശം ഈ രീതിയിലുള്ളവയാണെങ്കിൽ, ധ്രുവപ്രദേശത്തോടടുത്ത മഞ്ഞുരാജ്യങ്ങൾക്കു് പറയാനുള്ളതു് തികച്ചും വ്യത്യസ്തമായ സൃഷ്ടികഥകളാണു്. ഉദാഹരണത്തിനു്, നോർസ്‌ മിഥോളജിക്കു് പറയാനുള്ള പ്രപഞ്ചസൃഷ്ടിപുരാണം അനുസരിച്ചു് ആദിയിൽ ഒന്നുമുണ്ടായിരുന്നില്ല – മുകളിൽ ആകാശമോ താഴെ ഭൂമിയോ ഒന്നും. പക്ഷേ, എങ്ങനെയെന്നു് ആർക്കുമറിയില്ല, ഈ ശൂന്യതയുടെ വടക്കും തെക്കുമായി മഞ്ഞുലോകവും അഗ്നിലോകവും നീണ്ടുനിവർന്നു് കിടന്നിരുന്നു. അഗ്നിലോകത്തിന്റെ ചൂടേറ്റു് മഞ്ഞുലോകം ഉരുകിയപ്പോൾ ഇറ്റുവീണുകൊണ്ടിരുന്ന ജലത്തുള്ളികളിൽ നിന്നും Ymir എന്നൊരു രാക്ഷസൻ രൂപമെടുത്തു. ഭാഗ്യവശാൽ, അവിടെ അവനെക്കൂടാതെ അകിടിൽ നിന്നും നാലു് പാലരുവികൾ പ്രവഹിച്ചുകൊണ്ടിരുന്ന Audhumla എന്നൊരു പശുവുമുണ്ടായിരുന്നതിനാൽ അവൻ പട്ടിണി കിടന്നു് ചാവാതെ അവളുടെ പാലു് കുടിച്ചു് ജീവിച്ചുകൊണ്ടിരുന്നു. അവളാകട്ടെ ഉപ്പുരസമുള്ള മഞ്ഞുകട്ടകൾ നക്കിത്തിന്നായിരുന്നു ജീവിച്ചിരുന്നതു്. അവളുടെ നക്കലിന്റെ ഫലമായി ആദ്യദിവസം വൈകിട്ടു് ഒരു മനുഷ്യന്റെ തലമുടിയും, രണ്ടാം ദിവസം ഒരു മനുഷ്യത്തലയും മൂന്നാം ദിവസം ഒരു പൂർണ്ണമനുഷ്യനും പുറത്തുവന്നു. Buri എന്നു് വിളിക്കപ്പെട്ട ഇവനാണു് ആദ്യത്തെ ദൈവം. ഈ ദൈവത്തിന്റെ മകൻ Borr, അവന്റെ മകൻ Odin. എങ്ങനെയെങ്കിലും ഒരു ദൈവം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ മനുഷ്യർ രക്ഷപെട്ടു. പ്രപഞ്ചത്തിലെ സൃഷ്ടി-സ്ഥിതി-സംഹാരം സംബന്ധിച്ച ബാക്കി സകല കാര്യങ്ങളുടെയും ചുമതല ആ ദൈവത്തിന്റെ തലയിൽ വച്ചുകെട്ടുക എന്നതു് പിന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങനെയാണല്ലോ പുരാണങ്ങൾ രൂപം കൊള്ളുന്നതുതന്നെ.

ഇന്നു് കേൾക്കുമ്പോൾ ഏറിയാൽ ഒരു ഇളം ചിരിക്കു് മാത്രം വക നൽകുന്നവയാണു് എല്ലാ മതപുരാണങ്ങളുമെങ്കിലും, അന്നു് ആരെങ്കിലും അവയെപ്പറ്റി ഗൗരവതരമായ താഴാഴ്മയോടെയല്ലാതെ സംസാരിക്കുകയോ, ദൈവവും പുരോഹിതനുമായുള്ള സിന്ക്രണൈസേഷൻ സംഭവിക്കുന്ന വിശുദ്ധസ്ഥലങ്ങളെ സമീപിക്കുകപോലുമോ ചെയ്താൽ അവർക്കു് നേരിടേണ്ടിയിരുന്നതു് പീഡനവും മരണവും പോലുള്ള ഗുരുതരമായ ഭവിഷ്യത്തുകളായിരുന്നു. ഇതുവരെ യുക്തിബോധത്തിന്റെ സൂര്യൻ ഉദിച്ചിട്ടില്ലാത്ത ചില രാജ്യങ്ങളിൽ ഇപ്പോഴും ഈ അവസ്ഥ നിലനിൽക്കുന്നുമുണ്ടു്. ഈജിപ്റ്റിലും യെമനിലും ലിബിയയിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ, സ്വേച്ഛാധിപത്യപ്രഭുക്കളാൽ അടിച്ചമർത്തപ്പെട്ടിരുന്ന മനുഷ്യർ ഈയിടെയായി ജനാധിപത്യത്തിനുള്ള മുറവിളി കൂട്ടുന്നുണ്ടെങ്കിലും, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നശിപ്പിക്കപ്പെട്ട അത്തരം സമൂഹങ്ങൾക്കു് ഏറെക്കാലത്തെ കഠിനമായ അദ്ധ്വാനം കൊണ്ടുമാത്രമേ ജനങ്ങളുടെ സ്വയംഭരണം എന്ന ലക്ഷ്യത്തിൽ അന്തിമമായി എത്തിച്ചേരാൻ കഴിയൂ. അതിനിടയിൽ അതിനേക്കാൾ എളുപ്പവും വിജയകരവുമായി സംഭവിക്കാൻ സാദ്ധ്യതയുള്ളതു് – അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു് ആശിക്കുമ്പോഴും – ജനകീയവിപ്ലവത്തിന്റെ ഫലമായി തറയിൽ വീണുരുണ്ട കുറെ ചൂഷകതലകളുടെ സ്ഥാനത്തു് അതേ സ്ഥാപിതതാത്പര്യങ്ങളുടെ ലായത്തിൽ നിന്നുതന്നെ വരുന്ന വേറെ കുറെ ചൂഷകതലകൾ അവരോധിക്കപ്പെടുക എന്നതായിരിക്കും.

പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ചതുമൂലമാവാം, താരതമ്യേന അൽപം ലിബറൽ എന്നു് വിശേഷിപ്പിക്കാവുന്ന ഒരു സൗദി രാജകുമാരൻ ഒരു ഇന്റർവ്യൂവിൽ പ്രകടിപ്പിച്ച അഭിപ്രായം ഈയവസരത്തിൽ പ്രസക്തമാണെന്നു് തോന്നുന്നു: “പാശ്ചാത്യരാജ്യങ്ങളിൽ നിലവിലിരിക്കുന്നതുപോലുള്ള ഒരു ജനാധിപത്യം അറേബ്യൻ രാജ്യങ്ങളിൽ എന്നെങ്കിലും സാദ്ധ്യമാവുമെന്നു് തോന്നുന്നില്ല. കാരണം, അത്ര ശക്തമാണു് അവിടത്തെ ജനങ്ങളുടെ മേലുള്ള മതത്തിന്റെ നീരാളിപ്പിടുത്തം”. മറ്റൊന്നു് കണ്ടിട്ടില്ലാത്ത ജനങ്ങൾ, അന്യം ആയതെല്ലാം അപകടകരമെന്ന മനുഷ്യസഹജമായ ഭയവും, അജ്ഞതയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികചുറ്റുപാടുകളും മൂലം പ്രത്യേകിച്ചും, വാസ്തവത്തിൽ അവർ ഒരു ജീവിതപുരോഗതി ആഗ്രഹിക്കുമ്പോൾത്തന്നെ, അതിനു് തടസ്സമായി നിൽക്കുന്ന സമൂഹികഘടകങ്ങളെ, അവ പൊതുമനസ്സാക്ഷിയിൽ വേരുറച്ചുപോയതുമൂലം, യഥാർത്ഥ പ്രശ്നങ്ങളായി തിരിച്ചറിയാനും അവയിൽ നിന്നും സ്വയം മോചിപ്പിക്കുവാനും ധൈര്യപ്പെടുകയില്ല. ദീർഘമായ കാലങ്ങളിലൂടെ സംഭവിച്ച കണ്ഡീഷനിംഗിൽ നിന്നുള്ള സാമൂഹികമനസ്സാക്ഷിയുടെ മോചനം പുതിയ തലമുറകൾക്കു് അനുയോജ്യമായ വിദ്യാഭ്യാസവും ബോധവത്കരണവും നൽകുന്നതുവഴി മാത്രമേ സാദ്ധ്യമാവൂ. പക്ഷേ, ഈ ജോലിയുടെ ചുമതല ഏറ്റെടുക്കേണ്ട അധ്യാപകർതന്നെ അതേ കണ്ഡീഷനിംഗിൽ നിന്നും മോചിതരല്ല എന്നതാണു് അതുപോലുള്ള രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം – വശങ്ങളിലേക്കു് മാത്രം നടക്കാൻ കഴിയുകയും, അതു് ലോകാവസാനത്തോളം പാലിക്കേണ്ട ദൈവനീതിയെന്നു് വിശ്വസിക്കുകയും ചെയ്യുന്ന മുതിർന്ന ഞണ്ടുകൾക്കു് ഇളം ഞണ്ടുകളെ നേരെ നടക്കുന്നതെങ്ങനെയെന്നു് പഠിപ്പിക്കാനാവാത്തതുപോലുള്ള ഗൗരവതരമായ ഒരു പ്രശ്നം. ഐസ്ക്രീമിനും ഗോവിന്ദച്ചാമിക്കും സിൽസിലയ്ക്കും ശേഷം ഇപ്പോൾ കേരളത്തിൽ സജീവമായ ചർച്ചാവിഷയമായിരിക്കുന്നതു് അധ്യയനഭാഷയാണല്ലോ. വിധ്യാർത്തികൾ എട്ടുവരെ മുതലെങ്കിലും അദ്യാപകരെ ബുദ്ദിപൂർവ്വം ബാഷ കണക്കിനു് ചൊല്ലിക്കൊടുത്തു് പടിപ്പിക്കണമെന്നാണു് എന്റെയും അദിപ്രായം.

സെമിറ്റിക്‌ മതങ്ങളിലും, ഹിന്ദുമതത്തിലും, എന്നുവേണ്ട, ലോകത്തിൽ നിലനിന്നിരുന്നതും നിലനിൽക്കുന്നതുമായ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും ആ സമൂഹങ്ങളിലെയും അതാതു് കാലഘട്ടങ്ങളിലെയും ചുറ്റുപാടുകൾക്കും ബൗദ്ധികശേഷിയ്ക്കും പൊരുത്തപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ക്രിയേഷൻ മിത്തുകൾ കാണാനാവും. അവയൊക്കെ വാക്കുവാക്കായും അക്ഷരം അക്ഷരമായും സത്യമെന്നും, ഇന്നും നിരുപാധികം പിന്തുടരേണ്ടവയെന്നും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവരോടു് സഹാനുഭൂതി പ്രകടിപ്പിക്കുന്നതുപോലും മനുഷ്യബുദ്ധിയോടുള്ള അവഹേളനമേ ആവൂ. പീഡൊഫൈലുകളോടും സ്ത്രീപീഡകരോടും അഴിമതിക്കാരോടും “ഒരു ജനം എന്ന നിലയിൽ ഞങ്ങളുടെ ഭാഗധേയം നിശ്ചയിക്കൂ” എന്ന മുദ്രാവാക്യവുമായി അവരെ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു് അധികാരക്കസേരയിൽ എത്തിയ്ക്കാൻ മാത്രം മനുഷ്യബുദ്ധിയെ മയക്കി നിർവീര്യമാക്കാനുള്ള അത്ഭുതസിദ്ധി മതവിശ്വാസത്തിനുണ്ടു്. മനുഷ്യരെ മയക്കാൻ മാത്രമല്ല, അന്യമതവിശ്വാസികളിൽ നിന്നും ഭിന്നമായ ഒരു സ്പീഷീസ്‌ ആക്കി മനുഷ്യരെ പരിണമിപ്പിക്കാൻ പോലും കഴിയുന്നത്ര മാരകമായ വിഷം പേറുന്നവയാണു് മിക്കവാറും എല്ലാ മതങ്ങളും. അത്തരത്തിൽ ജനിതകമാറ്റം സംഭവിച്ചവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നാണെങ്കിൽ, അവർ സഭ്യതയുടെയും സദാചാരത്തിന്റെയും ധാർമ്മികതയുടെയും മൊത്തക്കച്ചവടക്കാരും കാവൽപ്പടയാളികളുമായി സ്വയം അവരോധിച്ചിട്ടുള്ളവരാണെന്നതിനാൽ, അവരെ തിരിച്ചറിയുന്നത്ര എളുപ്പമായ മറ്റൊരു കാര്യവും ലോകത്തിലില്ല എന്നേ പറയാനുള്ളു. “അധാർമ്മികവും അസഭ്യവുമായ” തീട്ടം, മൂത്രം, കീഴ്ശ്വാസം, തമിഴിലെ രോമം മുതലായ വാക്കുകൾ കേൾക്കുമ്പോൾ കുരിശു് കണ്ട പിശാചിനെപ്പോലെയോ, വെളുത്തുള്ളി മണത്ത ഡ്രാക്കുളയെപ്പോലെയോ, വെള്ളം കണ്ട പേപ്പട്ടിവിഷബാധിതനെപ്പോലെയോ ഒക്കെ പൊട്ടിത്തെറിച്ചു്, തട്ടിക്കയറി, കത്തിയുടെ മൂർച്ചക്കുറവുമൂലം പകുതിമുറിഞ്ഞ കഴുത്തുമായി മരണവെപ്രാളത്താൽ തല്ലിപ്പിടയ്ക്കുന്ന കോഴിയെപ്പോലെയോ, ചയ്കോവ്സ്കിയുടെ സ്വാൻ ലെയ്കിൽ അരയന്നത്തിന്റെ അന്ത്യരംഗമാടുന്ന ബാലേ നർത്തകിയെപ്പോലെയോ ഒക്കെ ബ്രേക്ക്‌ ഡാൻസ്‌ ചെയ്യുന്ന ഹോമോ സേപ്പിയൻസിനെക്കണ്ടാൽ രണ്ടാമതു് ഒരാലോചനയില്ലാതെ കട്ടായമായും മനസ്സിൽ ഉറപ്പിക്കാം: വേദോപദേശം വഴി ബുദ്ധിരാക്ഷസരായി വളർന്നു് വികസിച്ചു് ദൈവത്തിന്റെ പുന്നാരമക്കളായി രൂപാന്തരം പ്രാപിച്ചവർ ഇവർതന്നെ! ദൈവനിഷേധികളും നിത്യനരകത്തിനു് അവകാശികളുമായ ഞാനും നിങ്ങളും പോലുള്ള സാദാ മനുഷ്യർ അതുപോലുള്ള മഹാത്മാക്കളുമായി ഇടപെടേണ്ടിവരുന്ന സാഹചര്യങ്ങൾ കഴിയുമെങ്കിൽ ഒഴിവാക്കുകയാണു് ബുദ്ധി. ഇനി അബദ്ധവശാലെങ്ങാനും അവരുടെ കെണിയിൽചെന്നു് പെട്ടുപോയാൽ ആത്മരക്ഷാർത്ഥം നമ്മൾ ഉടനടി ചെയ്യേണ്ടതു്, അപകടമേഖലയിലേയ്ക്കു് പ്രവേശിക്കാതെ അനുയോജ്യമായ, അഥവാ ആസ്ഫാൾട്ട്‌ പെഡഗോഗുകളിൽ നിന്നും പാലിക്കേണ്ടതായി ഡ്രൈവിംഗ്‌ സ്കൂളിൽ പഠിച്ച മിനിമം ദൂരത്തിൽ അകന്നുനിൽക്കുക എന്നതാണു്. വെജിറ്റേറിയനും നോൺ-വെജിറ്റേറിയനുമായ മുഴുവൻ ആർഷഭാരതസംസ്കാരത്തിന്റേയും, ഭൗമികവും അഭൗമികവുമായ സകല ആദ്ധ്യാത്മികമീമാംസയുടെയും, പച്ചയും ഉണക്കയുമായ മറ്റെല്ലാ മീന്മാംസങ്ങളുടെയും അതീന്ദ്രിയജ്ഞാനപരിവേഷത്തിന്റെ ചിതൽപ്പുറ്റിനാൽ ആവരണം ചെയ്യപ്പെട്ടവരോടു് മാനുഷികമായ എക്സ്‌ക്രിമെന്റുകളെയും ദുർഗന്ധങ്ങളെയും സൂചിപ്പിക്കുന്ന നീചമായ വാക്കുകൾ ഉച്ചരിക്കുകയോ? ഒരിക്കലും പാടില്ല! അതൊക്കെ വളരെ മോശമായ കാര്യങ്ങളാണു്. ആസാമികൾക്കു് യോഗാസനങ്ങൾ പലതുണ്ടെങ്കിലും ജന്തുലോകസഹജവും, അതുകൊണ്ടുതന്നെ മോശവുമായ ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും ഫിറ്റ്‌ ചെയ്തിട്ടുള്ള സാദാ ആസനമില്ലെന്നറിയുക. സദാചാരമൂല്യമില്ലാത്തതും സംസ്കാരശൂന്യവുമായ പദാവലികൾ കേട്ടാൽ ദിവ്യപുരുഷന്മാരുടെ മർദ്ദം കൂടും, അതേസമയം, വീർക്കാവുന്നതിന്റെ പരമാവധി പണ്ടേ വീർത്തുകഴിഞ്ഞിട്ടുള്ളതിനാൽ ശാരീരികവ്യാപ്തത്തിനു് കൂടുതൽ വർദ്ധിക്കാൻ ആവുകയുമില്ല. ഒരു തെർമോഡൈനാമിക്സ്‌ തത്വപ്രകാരം മർദ്ദവും വ്യാപ്തവും ഇൻവേഴ്സിലി പ്രൊപ്പോർഷണലായതിനാൽ ഇത്തരമൊരവസ്ഥയിൽ ആസാമികളുടെ ആകമാന പൊട്ടിത്തെറി സുനിശ്ചിതം. മലയാളക്കരയിലെ പതിരില്ലാത്ത ഒരു ചൊല്ലു് പ്രകാരം “തൂറാത്തവൻ തൂറിയാൽ തീട്ടം കൊണ്ടു് ആറാട്ടു്”! ആ സ്ഥിതിക്കു്, ഉന്നതകുലജാതരായതിനാൽ സാധാരണ നാട്ടുനടപ്പനുസരിച്ചു് അമേധ്യവും മറ്റും പുറത്തുപോകേണ്ടുന്ന എക്സോസ്റ്റ്‌ പൈപ്പുകൾ സ്വാഭാവികമായും ഇല്ലാത്തവരായ ആത്മീയരും അൽമായരുമൊക്കെ പൊട്ടിത്തെറിച്ചാൽ തീട്ടത്തിലുള്ള ആറാട്ടിനിടയിൽ തോട്ടപൊട്ടിയാലത്തെ അവസ്ഥയായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടല്ലോ. അതുകൊണ്ടാണു് ആളപായമുണ്ടാവാതിരിക്കാൻ സുരക്ഷിതമായ അകലം പാലിക്കേണ്ടതു് ആവശ്യമായി വരുന്നതു്.

മനുഷ്യജീവിതവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുത്താവുന്ന ലൗകികവും അലൗകികവുമായ എല്ലാ മേഖലകളുടെയും സർവ്വാധികാരം തങ്ങളുടെ ചുമതലയിലാണെന്നു് മനുഷ്യരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നതും, അതിൽ അനായാസം വിജയിച്ചിരുന്നതും എക്കാലവും മതങ്ങൾ ആയിരുന്നു. മനുഷ്യന്റെ മാനസികശേഷി വളരുന്നതിനനുസരിച്ചു് ദൈവസങ്കൽപങ്ങളുടെ ആകൃതിയും പ്രകൃതിയും കാലാനുസൃതമായി പുതിയപുതിയ വ്യാഖ്യാനങ്ങളിലൂടെ തിരുത്തിക്കുറിക്കുന്നതിലും അവർ ബദ്ധശ്രദ്ധരായിരുന്നു. ഇടിയും മിന്നലും പ്രകൃതിക്ഷോഭങ്ങളുമൊക്കെയായിരുന്നു ഒരുകാലത്തു് അധികം മനുഷ്യരുടെയും ദൈവങ്ങൾ. കാലക്രമേണ, വിരൂപി, സ്വരൂപി, അരൂപി മുതലായ വിവിധ ഘട്ടങ്ങൾ കടന്നു് ശൂന്യതയിൽ നിന്നും സൃഷ്ടി നടത്താൻ പ്രാപ്തിയുള്ളവൻ എന്ന നിലയിലേക്കു് ദൈവത്തെ അവർ പരിണമിപ്പിച്ചിട്ടു് അധികനാളുകളായിട്ടില്ല. ഒന്നുമില്ലാത്ത ഒരവസ്ഥയിൽനിന്നും എല്ലാം ഉണ്ടാക്കാൻ കഴിയുന്നവൻ! അതിൽ കൂടിയ ഒരു വിശേഷണം ദൈവത്തിനു് നൽകാനാവുമോ? സത്യത്തിൽ ഇതു് ഒരു പുതിയ നിലപാടല്ല. ആർക്കും കഴിയാത്തതു് കഴിയുന്നവനും, ആർക്കും അറിയാത്തതു് അറിയുന്നവനുമൊക്കെയായിരുന്നു എക്കാലവും മനുഷ്യമനസ്സിലെ ദൈവം. പക്ഷേ, തടവറകൾക്കും ഇരുമ്പുചങ്ങലകൾക്കും ചിതകൾക്കും തോൽപിക്കാനാവാതെ മനുഷ്യന്റെ ബുദ്ധിയും കഴിവും അറിവും നിരന്തരമെന്നോണം (ചില രാജ്യങ്ങളിലെങ്കിലും) വളരുന്നു എന്നു് കണ്ടപ്പോൾ ദൈവത്തിന്റെ അംഗരക്ഷകരായ ഫീൽഡ്‌ മാർഷൽമാരും ബ്രിഗെഡിയർ ജനറൽമാരും ചാടിക്കെട്ടിച്ചവിട്ടി വീശിയടിച്ച പൂഴിക്കടകനടി ആയിരുന്നു ശൂന്യതയിൽ നിന്നുള്ള ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി. കാലം മാറുമ്പോൾ മനുഷ്യരുടെ കോലം മാത്രമല്ല, ദൈവത്തിന്റെ കോലവും മാറും! ഇനി, വെറും ശൂന്യതയിൽ പ്രത്യക്ഷപ്പെട്ട ആ ദൈവത്തെ ആരു് സൃഷ്ടിച്ചു എന്ന തികച്ചും ന്യായമായ ചോദ്യം ആരെങ്കിലും ചോദിച്ചാലോ? ചോദ്യം ചോദിക്കൽ വിശ്വാസിക്കു് മാത്രം അവകാശപ്പെട്ട കാര്യമായതിനാൽ മറുപടി ലഭിക്കാനുള്ള സാദ്ധ്യത കുറവാണു്. ഇനി അഥവാ ലഭിച്ചാൽത്തന്നെ, ദൈവം ആദ്യകാരണമാണെന്നോ, മദ്ധ്യതോരണമാണെന്നോ, അന്ത്യമാരണമാണെന്നോ, അതുകൊണ്ടു് ദൈവത്തിനെ ആരും സൃഷ്ടിക്കേണ്ടതില്ലെന്നോ ഒക്കെയാവും മറുപടി. അതുവഴി നമ്മൾ വിശ്വാസികളുമായുള്ള ഏതു് ചർച്ചകളിലുമെന്നപോലെ വീണ്ടും തുടങ്ങിയിടത്തു് തന്നെ എത്തിച്ചേരുന്നു: “എല്ലാം കഴിയുന്നവനാണു് ദൈവം”! അതായതു്, വിശ്വാസികൾ അവരുടെ ദൈവത്തിനു് ചാർത്തിക്കൊടുക്കുന്ന സ്വഭാവഗുണങ്ങൾ വച്ചു് നോക്കിയാൽ, എട്ടുകാലി മമ്മൂഞ്ഞിന്റെ ഇരട്ടയായി പിറന്നവനാവാൻ എന്തുകൊണ്ടും യോഗ്യതയുള്ളവനാണു് അവർ തലയിൽ ചുമന്നുകൊണ്ടുനടക്കുകയും പ്രപഞ്ചസ്രഷ്ടാവെന്നു് വാഴ്ത്തുകയും ചെയ്യുന്ന അവരുടെ ദൈവം. “ഇതും എന്റെ ദൈവത്തിന്റേതു്, മറ്റേതും എന്റെ ദൈവത്തിന്റേതു്, അതിനപ്പുറം വല്ലതുമുണ്ടെങ്കിൽ അതും എന്റെ ദൈവത്തിന്റേതു്”!

മ്പോംബൊ ദൈവം സൃഷ്ടിച്ച ആഫ്രിക്കൻ രാജ്യത്തിൽ ഇന്നു് ജീവിക്കുന്നതു് മുസ്ലീമുകളോ ക്രിസ്ത്യാനികളോ ആണെങ്കിൽ ലോകസൃഷ്ടിയുടെ ചുമതല ഇതിനോടകം അല്ലാഹുവോ യഹോവയോ ഏറ്റെടുത്തിട്ടുണ്ടാവണം. യൂറോപ്പിൽ പൊതുവെ എന്നപോലെ, സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മിക്കവാറും പൂർണ്ണമായി മതപരമായ സർവ്വാധിപത്യം സ്ഥാപിക്കാൻ ക്രിസ്തുമതത്തിനു് കഴിഞ്ഞതിനാൽ പശു നക്കിനക്കി പുറത്തുകൊണ്ടുവന്ന ദൈവത്തിന്റെ സ്ഥാനം പണ്ടേതന്നെ യഹോവ ഏറ്റെടുക്കുകയും ചെയ്തു – അവിടത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ബൈബിളിൽ വർണ്ണിക്കുന്ന പ്രപഞ്ചസൃഷ്ടിക്കു് ഒരു പുരാണകഥ എന്നതിൽ കവിഞ്ഞ വിലയൊന്നും ഇന്നു് നൽകുന്നില്ലെങ്കിൽ പോലും. ഒരു മതം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ആ മതം വരച്ചുകാണിച്ച പ്രപഞ്ചസൃഷ്ടിപുരാണത്തിനും, അതിലെ പ്രോട്ടഗോണിസ്റ്റായ ദൈവത്തിനും നിലനിൽക്കാനാവൂ. അതാണു് മണ്മറഞ്ഞ എത്രയോ മതങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്ന വസ്തുത. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അത്തരം ഓരോ ദൈവങ്ങളും, ആ ദൈവങ്ങളുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട മതങ്ങളുടെ നീതിശാസ്ത്രങ്ങളും “ഒറ്റവാക്കും കൊഴിഞ്ഞുപോകാതെ” ലോകാന്ത്യത്തോളം നിലനിൽക്കുമെന്നായിരുന്നു അവയോരോന്നിലും അധികാരസ്ഥാനങ്ങൾ കയ്യാളി മനുഷ്യരെ ചൂഷണം ചെയ്തിരുന്നവർ വീമ്പിളക്കിക്കൊണ്ടിരുന്നതു്. ശൂന്യതയിൽ നിന്നും പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതുൾപ്പെടെ എന്തും ചെയ്യാൻ കഴിയുന്നവിധം സർവ്വശക്തനാണു് ദൈവമെന്നു് ഇന്നും ഘോഷിക്കുന്നവരുടെ ജൽപനങ്ങൾക്കും അതിൽ കൂടിയ എന്തെങ്കിലും ഒരർത്ഥമോ വിലയോ നൽകാൻ ചരിത്രം അറിയാവുന്നവർ തയ്യാറാവാത്തതും അതുകൊണ്ടുതന്നെ. ഏതെങ്കിലും ആശയങ്ങളെയോ വിശ്വാസപ്രമാണങ്ങളേയോ കുറെ ലക്ഷങ്ങളോ കോടികളോ പിൻതുടരുന്നുവെന്നതു് ആ മാർഗ്ഗങ്ങളെ നീതീകരിക്കാൻ മതിയായ മാനദണ്ഡമല്ല. ഏതെങ്കിലുമൊരു മതം ഏറെക്കാലമായിട്ടും നശിച്ചുപോകാതെ ലോകത്തിൽ നിലനിൽക്കുന്നു എന്ന അവകാശവാദം വിളിച്ചുപറയുന്നതു് ഒന്നുമാത്രമാണു്: ഇത്രയും കാലമായിട്ടും അതിന്റെ അനുയായികൾക്കു് ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിലേക്കു് സ്വന്തം വിശ്വാസപ്രമാണങ്ങളെ നീക്കിനിർത്തി അവയുടെ അർത്ഥശൂന്യത തിരിച്ചറിയുന്നതിനുള്ള ബൗദ്ധികശേഷി കൈവരിക്കാനായിട്ടില്ല എന്ന ലളിതസത്യം – മാനവചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കാലാകാലങ്ങളിൽ വീണുകിടന്നു് ജീർണ്ണിക്കുന്ന “നിത്യസത്യങ്ങൾ” എല്ലാംതന്നെ മനുഷ്യരുടെ മേൽ അടിച്ചേൽപിക്കപ്പെട്ടവയും, കാലത്തിന്റെ കുത്തിയൊഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ പിൽക്കാലത്തു് കടപുഴകി വീണവയുമാണെന്ന അടിസ്ഥാനസത്യം. പക്ഷേ, അതറിയാൻ ആദ്യം ലോകചരിത്രം അറിയണം. അതാണെങ്കിൽ, സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഏതെങ്കിലുമൊരു ദൈവത്തിന്റെ തലയിൽ ഏൽപിച്ചുകൊടുത്തിട്ടു് ചൊറിയും കുത്തി സീരിയൽ കാണുന്നപോലെ അത്ര എളുപ്പമായ കാര്യവുമല്ല.

പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റി ലോകത്തിലെ എല്ലാ പുരാണങ്ങൾക്കും പറയാനുള്ളതു് ഇവിടെ സൂചിപ്പിച്ചതുപോലുള്ള കെട്ടുകഥകൾ മാത്രമാണു്. മാനവരാശി അതിന്റെ ബാല്യം പിന്നിട്ടിട്ടില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ മനുഷ്യരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാൻ അവ മതിയായിരുന്നു, അഥവാ, അവയിൽ കൂടിയ വിശദീകരണങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യർ അശക്തരായിരുന്നു. മനുഷ്യബുദ്ധി/ബോധം എന്നതു് നിരന്തരമായ പരിണാമത്തിനു് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ബയോളജിക്കൽ ആഗ്രിഗെയ്റ്റ്‌ ആയ തലച്ചോറിൽ സംഭവിക്കുന്ന വൈദ്യുതവും രാസപരവുമായ പ്രക്രിയകളുടെ ഫലമായി രൂപമെടുക്കുന്ന ഒരു പ്രതിഭാസമാണു്. തലച്ചോറിൽ കൂടുതൽ കൂടുതൽ സർക്യൂട്ടുകൾ രൂപമെടുക്കുന്നതിനനുസരിച്ചു് അതിന്റെ പ്രവർത്തനശേഷിയും വർദ്ധിച്ചുകൊണ്ടിരിക്കും. ഒരുകാലത്തു് ഛർദ്ദിക്കാരനായ ഒരു മ്പോംബൊയോ, പശുനക്കി പുറത്തുകൊണ്ടുവന്ന ഒരു ബുറിയോ, മറ്റു് പലതരം വിചിത്ര രൂപങ്ങളോ ഒക്കെ ആയിരുന്ന ദൈവങ്ങളിൽ നിന്നും കാലക്രമേണ, അരൂപിയോ, കാരണമാവശ്യമില്ലാത്ത ആദ്യകാരണമായി ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുന്നതോ, മനുഷ്യഭാവനയും വാക്കുകളും അനുവദിക്കുന്നിടത്തോളം മറ്റെന്തൊക്കെയോ എത്രയൊക്കെയോ യോഗ്യതകളും കഴിവുകളും വേണമെങ്കിലും കൽപിച്ചുനൽകാൻ തടസ്സമൊന്നുമില്ലാത്തതോ ആയ ഒരു അവനോ, അവളോ, അതോ എന്ന നിലകളിലേക്കു് ദൈവം വളരുന്നതു് മനുഷ്യന്റെ ബുദ്ധിക്കും യുക്തിബോധത്തിനും സംഭവിക്കുന്ന വളർച്ചയ്ക്കനുസരിച്ചു് “ദൈവത്തെ” രക്ഷപെടുത്തി സ്വന്തം ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിനായി മതങ്ങൾ കണ്ടെത്തുന്ന വാചകമടി മാത്രമായ മുട്ടായുക്തികളിലൂടെയാണു്. സ്വഭാവത്തിൽത്തന്നെ ഇത്തിക്കണ്ണികളായ മതനേതാക്കൾ സ്വാർത്ഥതാത്പര്യസംരക്ഷണാർത്ഥം നടത്തുന്ന ഈ കള്ളക്കളി എപ്പോഴും ദൈവത്തെ മുന്നിൽ നിർത്തി ആണെന്നതിനാൽ, ദൈവമില്ലാതെ അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലേക്കു് സ്വയം തള്ളിക്കയറ്റിയ ഒരു വിശ്വാസിക്കു് ഒരിക്കലും അതിലെ കാപട്യവും ദുരുദ്ദേശ്യവും തിരിച്ചറിയാനാവില്ല. മനുഷ്യന്റെ അജ്ഞതയിലാണു് മതങ്ങളുടെ വേരുകൾ ഉറപ്പിയ്ക്കപ്പെടുന്നതു്. തന്റെ ദൈവത്തിനു് മുൻപും ഈ ലോകത്തിൽ ദൈവങ്ങൾ ഉണ്ടായിരുന്നുവെന്നും, ആ ദൈവങ്ങളുടെ ഗുണഗണങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും മനസ്സിലാക്കിയിട്ടുള്ള ഒരു മനുഷ്യനു് ഒരിക്കലും ഒരു വിശ്വാസി ആയിരിക്കാൻ സാധിക്കുകയില്ല. അതായതു്, ഒരു നിരീശ്വരൻ ദൈവത്തെ നിഷേധിക്കുമ്പോൾ അവൻ നിഷേധിക്കുന്നതു്, മൗലികമായ അർത്ഥത്തിൽ, ഇന്നോളം ലോകത്തിൽ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട ഓരോ മ്പോംബൊകളെയുമാണു്. മ്പോംബൊ ഒരു ദൈവമല്ലെങ്കിൽ ഇന്നു് ലോകത്തിൽ ആരാധിക്കപ്പെടുന്ന ഒരു ദൈവവും ദൈവമല്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ, യഹോവ ദൈവമാണെങ്കിൽ, അല്ലാഹു ദൈവമാണെങ്കിൽ, ഇന്നത്തെ മറ്റു് മതങ്ങളിലെ ദൈവങ്ങൾ ദൈവങ്ങളാണെങ്കിൽ മ്പോംബൊയും, ബുറിയും, മനുഷ്യമനസ്സിൽ ഇന്നോളം ജനിച്ചു് വളർന്നു് മരിച്ച എല്ലാ ദൈവങ്ങളും ദൈവങ്ങളാണു്. ചുരുക്കത്തിൽ, ഒരു ദൈവത്തിന്റെ അസ്തിത്വത്തിനും ശാസ്ത്രീയമായ അടിത്തറയില്ല – മണ്മറഞ്ഞ ദൈവങ്ങളായാലും, മതങ്ങൾ ഇന്റൻസീവ്‌ കെയറിൽ കിടത്തി ജീവൻ നിലനിർത്താൻ പെടാപ്പാടു് പെടുന്ന ഇന്നത്തെ ദൈവങ്ങളായാലും.

ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ രൂപമെടുക്കാൻ ദൈവത്തിന്റെയോ പ്രകൃത്യതീതമായ മറ്റേതെങ്കിലുമൊരു ശക്തിയുടെയോ ആവശ്യമില്ല. അതു് വിശദീകരിക്കാൻ മാത്രം ശാസ്ത്രം ഇന്നു് വളർന്നുകഴിഞ്ഞു. ദൈവത്തെ തൃപ്തിപ്പെടുത്താനായി മനുഷ്യരെ കുരുതികൊടുക്കുന്നതുപോലും ന്യായം എന്ന രീതിയിൽ ആരോ എവിടെയോ എഴുതിവച്ച ഭ്രാന്തൻ ജൽപനങ്ങളെ സ്വന്തം ദൈവത്തിന്റെ വായിൽ തിരുകാൻ മടിക്കാത്ത ഏതാനും മാനസികരോഗികളൊഴികെ മറ്റേതൊരു മനുഷ്യജന്മവും ശാസ്ത്രലോകം കൈവരിക്കുന്ന ഓരോ നേട്ടത്തിലും അഭിമാനിക്കുകയേയുള്ളു. കാരണം, ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യബുദ്ധിയുടെ വളർച്ചയാണു്. ദൈവത്തിന്റെ പക്ഷം ചേർന്നു് മനുഷ്യബുദ്ധിയെ അപഹസിക്കാൻ മാത്രമുള്ള ദൈവികപൊങ്ങച്ചവും മാനുഷികനീചത്വവും തലയിൽ പേറുന്നവർക്കു് ഇതു് മനസ്സിലാവുമോ എന്നെനിക്കറിയില്ല. അതിനുവേണ്ട മിനിമം ചിന്താശേഷിയെങ്കിലും അവർക്കുണ്ടായിരുന്നെങ്കിൽ, അവർതന്നെ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നപോലെ, സകലത്തിന്റേയും സ്രഷ്ടാവു് അവരുടെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിന്റെതന്നെ സൃഷ്ടിയായിരിക്കണം കൂടുതൽ കൂടുതൽ ആഴത്തിൽ പ്രപഞ്ചരഹസ്യങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന വിധം കഴിഞ്ഞ മൂന്നു് നാലു് നൂറ്റാണ്ടുകളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതും, ഇന്നും വളർന്നുകൊണ്ടിരിക്കുന്നതുമായ മനുഷ്യബുദ്ധിയും എന്നു് മനസ്സിലാക്കാൻ അവർക്കു് കഴിയേണ്ടതായിരുന്നു. ഞങ്ങളുടെ ദൈവം ഞങ്ങളെ സൃഷ്ടിച്ചതു് വളർച്ച പ്രാപിക്കാനല്ല, ആരോ ചൂണ്ടിക്കാണിച്ച ദിക്കിലേക്കു് നോക്കിയപടി നോക്കിക്കൊണ്ടു് ഇരുത്തിയിടത്തു് ഇരിക്കാനാണു് എന്നു് കുറെപ്പേർ പിടിവാശി പിടിച്ചാൽ എന്തുചെയ്യാൻ? ദൈവത്തിന്റെ വക്കാലത്തു് ഏറ്റെടുത്തു്, ശാസ്ത്രതത്വങ്ങൾ ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം എട്ടുകാലി മമ്മൂഞ്ഞുകൾ അവ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണെന്നു് വിളിച്ചുകൂവാനുള്ള മനുഷ്യരുടെ മടിയില്ലായ്മയെ മനുഷ്യാധമത്വത്തിനു് മാത്രം സാദ്ധ്യമാവുന്ന അജ്ഞതയുടെയും അഹംഭാവത്തിന്റെയും ലജ്ജയില്ലായ്മയുടെയും ക്രൈറ്റീരിയൻ ആയി പ്രഖ്യാപിക്കേണ്ടതാണു്.

ശൂന്യതയിൽ നിന്നുള്ള പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനെ സംബന്ധിച്ചു് ശാസ്ത്രത്തിനു് പറയാനുള്ളതു് അടുത്ത ഭാഗത്തിൽ.

(തുടരും)

 
7 Comments

Posted by on Jun 12, 2011 in ശാസ്ത്രം

 

Tags: , ,