ഇൻഡ്യൻ സുപ്രീംകോർട്ടിലും ഡൽഹി ഹൈക്കോർട്ടിലും അംഗമായ ഒരു അഡ്വക്കേറ്റിനു് മോഷ്ടിക്കാൻ തോന്നുന്നത്ര വിലപിടിപ്പുള്ളവയാണു് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ എന്നറിയുന്നതു് ആർക്കായാലും അഭിമാനകരമായിരിക്കും. തത്വത്തിൽ, ഭാവിയിൽ ചീഫ് ജസ്റ്റീസൊക്കെ ആകാൻ സാദ്ധ്യതയുള്ളവരാണു് അഡ്വക്കേറ്റ്സ്. ഇപ്പോഴത്തെ നിലയനുസരിച്ചു് , ഭാവിയിൽ ഇൻഡ്യയിൽ മൊത്തം കമ്മ്യൂണിസ്റ്റ് ഭരണം (ച്ചാൽ, കറതീർന്ന ജനാധിപത്യഭരണം) വന്നുകൂടെന്നുമില്ല. സ്വന്തം പാർട്ടിക്കോ മതത്തിനോ വേണ്ടി ഉറക്കമൊഴിഞ്ഞു് കൂലിയെഴുത്തു് നടത്തുന്ന വിവരദോഷികളായ വീരാളി ശംഭുക്കളെപ്പോലെ നിരുത്തരവാദപരമായി പെരുമാറുന്നവരല്ല സുപ്രീം കോർട്ട് പോലൊരു ഉന്നത അഥോറിറ്റിയിൽ ജോലിചെയ്യുന്ന അഡ്വക്കേറ്റ്സ്. അന്യരുടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി നന്ദിയോ കടപ്പാടോ പ്രകടിപ്പിക്കാതെ ഏറ്റെടുത്തു് സ്വന്തമാക്കുന്നതു് മോഷണവും, തന്മൂലം കുറ്റകൃത്യവുമാണെന്നു് അറിയുന്ന അവർക്കുപോലും അതുപോലൊരു പ്രലോഭനത്തിനു് വഴങ്ങേണ്ടിവരുന്നെങ്കിൽ, അതിനു് കാരണഭൂതമായ “ഒബ്ജെക്റ്റ് ഓഫ് ഡിസയർ” അത്ര മോശമായിരിക്കാൻ വഴിയില്ല. എനിക്കിന്നലെ എന്നെപ്പറ്റിത്തന്നെ അഭിമാനം തോന്നിയതും അതുകൊണ്ടാണു്.
യാദൃച്ഛികമായാണു് ഇന്നലെ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ട് ഷെയർ ചെയ്ത ഒരു പോസ്റ്റ് കണ്ടതു്. കണ്ടപ്പോഴേതന്നെ അതൊരു വ്യാജനാണെന്നു് തോന്നിയതിനാൽ പോസ്റ്റിന്റെ ഒറിജിനൽ സ്രഷ്ടാവിനെ ഒന്നറിഞ്ഞിരിക്കാമെന്നു് കരുതി പ്രോഫൈൽ നോക്കി. അപ്പോഴാണു് ആ പോസ്റ്റിനു് തൊട്ടു് താഴെ എന്റേതെന്നു് തോന്നിക്കുന്ന ചില വാക്കുകളിൽ തുടങ്ങുന്ന മറ്റൊരു പോസ്റ്റ് കണ്ടതും, വായിച്ചതും, അതുതാനല്ലയോ ഇതു് എന്ന ബോധോദയം ഉണ്ടായതും. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ സുപ്രീം കോർട്ടുവരെ ചെല്ലുന്നുണ്ടു് എന്നറിഞ്ഞപ്പോൾ, പരിശുദ്ധാത്മാവിന്റെ വെളിപാടുണ്ടാവുമ്പോൾ പെന്തെക്കൊസ്തുകാർക്കു് എന്നപോലെ, സന്തോഷംകൊണ്ടു് എനിക്കു് ഇരിക്കപ്പൊറുതിയില്ലാതായി എന്നു് പറഞ്ഞാൽ മതി. എന്റെ സ്ഥാനത്തു് ബൈബിൾ വിശ്വാസികളുടെ പിതാവായ അബ്രാഹാമായിരുന്നെങ്കിൽ, മൂന്നിടങ്ങഴി മാവു് എടുത്തു് കുഴച്ചു് അപ്പവും, ഒരു കാളക്കുട്ടിയെ അറുത്തു് കറിയും പാകം ചെയ്തു് വെണ്ണയും പാലും സഹിതം വഴിപോക്കരെ പിടിച്ചിരുത്തി തീറ്റിച്ചേനെ! ഒരു ആശ അടക്കിയാൽ ഒരു പാപം മോചിക്കപ്പെടുമെന്നു് ഫ്രാങ്കോ പിതാവു് പറഞ്ഞിട്ടുള്ളതിനാൽ, ഞാൻ ആ ആശ ഉള്ളിലൊതുക്കി “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന പത്തു് പ്രാവശ്യം ചൊല്ലി പാപമോചിതനായി.
സെപ്റ്റംബർ 29-ലെ എന്റെ പോസ്റ്റിനു് ഇതുവരെ കിട്ടിയതു് 30 ലൈക്കും ഒരു ഇമോജിയും 4 ഷെയേഴ്‌സും! അഡ്വക്കേറ്റ് അതിൽ നിന്നും കോപ്പിയടിച്ചു് ഇന്നലെയിട്ട ഒരു ഖണ്ഡികക്കു് ഇതുവരെ മൊത്തം കിട്ടിയതു് 125 ലൈക്കുകൾ, ഇമോജികൾ, കുമ്മോജികൾ, 10 ഷെയേഴ്സ്, 18 കമന്റുകൾ!
ഈ ലോകം ശരിയല്ല. 😉
ഹൃദയഭേദകമായിത്തോന്നിയതു്, അതു് വായിച്ച ഒരാൾക്കു് പോസ്റ്റ്മാനെ കെട്ടിപ്പിടിച്ചു് ഒരുമ്മ കൊടുക്കാൻ തോന്നി എന്നു് കണ്ടപ്പോഴാണു്. അതു് മാത്രമായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു. പക്ഷെ, പണ്ടൊരിക്കൽ അതേ പോസ്റ്റ് മറ്റൊരു സഹൃദയ എഴുതിയപ്പോൾ ആരൊക്കെയോ വരിവരിയായി ചെന്നു് ആ സ്ത്രീയെ തെറി വിളിച്ചു എന്നുകൂടി കേട്ടപ്പോൾ, എന്റെ സാറേ, എന്റെ ഇടനെഞ്ചു് പൊട്ടിപ്പോയി. നന്മ നിറഞ്ഞ മനുഷ്യരുടെ ലോകം ഒരുവശത്തു്, തിന്മ നിറഞ്ഞ മനുഷ്യരുടെ ലോകം മറുവശത്തു്! രണ്ടാമത്തെ കൂട്ടരെ ഉന്മൂലനം ചെയ്യാനാണു് കമ്മ്യൂണിസം വരുന്നതു്. കമ്മ്യൂണിസത്തിനല്ലാതെ മറ്റൊന്നിനും ഈ ലോകത്തെ രക്ഷപെടുത്താനാവില്ല. അതുകൊണ്ടു് ഞാൻ ഇന്നുമുതൽ കമ്മ്യൂണിസ്റ്റാവാനും, അതുവഴി നല്ലവനാവാനും തീരുമാനിച്ചു.
ആ പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/sreejith.perumana/posts/10157219926472590
എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/permalink.php?story_fbid=2415453745148007&id=100000502159847
അതിലെ എട്ടാമത്തെ ഖണ്ഡിക (സെക്കൻഡ് ലാസ്റ്റ്) കാണുക.