RSS

തുണിപൊക്കലിലെ ആവിഷ്കാരസ്വാതന്ത്ര്യം

29 Nov

ആവിഷ്കാരസ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണു്. മൗലികമായ ആ അവകാശം മനുഷ്യൻ നേടിയെടുത്തിട്ടു് അധികകാലം ആയിട്ടില്ല. ആ നേട്ടത്തിന്റെ മൊണോപൊളി അവകാശപ്പെടാനുള്ള അർഹത കമ്മ്യൂണിസ്റ്റുകൾക്കോ, ക്യാപ്പിറ്റലിസ്റ്റുകൾക്കോ, ഏതെങ്കിലും പ്രത്യേക മതത്തിന്റെ വക്താക്കൾക്കോ അല്ല. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗം കൈവരിച്ച നേട്ടമാണതു്.

ആവിഷ്കാരസ്വാതന്ത്ര്യത്തിനും വളരെ മുൻപേതന്നെ മനുഷ്യരിൽ ഉണ്ടായിരുന്ന ഒരു ഗുണമാണു് വിവേചനബുദ്ധി. ഭൂമിയിലെ തന്റെ നിലനിൽപ്പിനു് ഏറ്റവും അനുയോജ്യമായതെന്തെന്നു് തിരിച്ചറിയാനുള്ള ബുദ്ധി മൃഗങ്ങൾക്കും, ചെടികൾക്കും പോലുമുണ്ടു്. എന്നിരിക്കെ, അവയുടെ പിൻതുടർച്ചക്കാരായ മനുഷ്യർക്കു് അതിനുള്ള ശേഷി കൈമോശം വരുന്നെങ്കിൽ, അതിനു് പ്ലോസിബിളായ ഒരു കാരണമേ തോന്നുന്നുള്ളു: ചെടികളിലും മൃഗങ്ങളിലും കാണാൻ കഴിയാത്ത വിധത്തിൽ, മതത്തിന്റെയും ഐഡിയോളജികളുടെയും അടിസ്ഥാനത്തിലുള്ള മസ്തിഷ്കപ്രക്ഷാളനങ്ങൾക്കു് മനുഷ്യർ മാത്രമേ ബുദ്ധിയുറയ്ക്കാത്ത ചെറുപ്രായത്തിലേതന്നെ വിധേയരാക്കപ്പെടാറുള്ളു.

ശബരിമലയിൽ പോയി ശ്രീ അയ്യപ്പനെ കാണാനും തൊഴാനുമുള്ള സ്വാതന്ത്ര്യം യുവതികളായ സ്ത്രീകൾക്കും ലഭിക്കേണ്ടുന്ന മൗലികമായ ഒരു അവകാശമാണെന്നു് സുപ്രീം കോടതി വിധിച്ചാൽ, പിറ്റേന്നു് മുതൽ യുവതികളെല്ലാം കൂട്ടം കൂട്ടമായി ശബരിമലയിലേക്കു് ഒഴുകുമെന്നു് ഭയപ്പെടുന്നതും, അവരെ അങ്ങനെ ഒഴുക്കിയില്ലെങ്കിൽ കോടതി വഴക്കു് പറയുമെന്നു് കരുതി, “യുദ്ധകാലാടിസ്ഥാനത്തിൽ” ശബരിമലയിൽ പോലീസിനെയും പട്ടാളത്തെയും, പോരെങ്കിൽ കുറേ ഗൂർഖകളെയും, മൊത്തം റെഡ് വാളണ്ടിയേഴ്സിനെയും വിന്യസിക്കാൻ തീരുമാനിക്കുന്നതുമെല്ലാം ഒന്നുകിൽ വിവേചനബുദ്ധിയില്ലായ്മയോ, അല്ലെങ്കിൽ ചില അജണ്ടകൾ നടപ്പാക്കാനുള്ള നീക്കമോ ആയി മാത്രമേ വിലയിരുത്താനാവൂ.

ശബരിമലയിൽ തൊഴുതു് നിൽക്കുന്ന സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ഭക്തരുടെ മുഖഭാവം ശ്രദ്ധിച്ചാൽ, ആ സമയത്തു് അവർ സ്ഥിതിചെയ്യുന്നതു് ഈ ലോകത്തിലല്ല, നന്മതിന്മകൾക്കപ്പുറമുള്ള മറ്റേതോ ലോകത്തിലാണെന്നു് മനസ്സിലാക്കാൻ കഴിയും. യുക്തിക്കു് പ്രവേശനം നിഷേധിക്കപ്പെടുന്ന, വികാരത്താൽ നിയന്ത്രിക്കപ്പെടുന്ന അതുപോലൊരു ലോകത്തിന്റെ നിയമങ്ങൾ പാലിക്കപ്പെടാൻ തലമുറകളായി കണ്ടീഷൻ ചെയ്യപ്പെട്ട മനുഷ്യരെ പരസ്യചുംബനസമരത്തിന്റെ ശൈലിയിൽ നേരിടാൻ ശ്രമിക്കുന്നതു് വിവേചനബുദ്ധി ഒട്ടുമില്ലെന്നതിന്റെ മാത്രമല്ല, നല്ലൊരളവു് വിഡ്ഢിത്തം ഉണ്ടെന്നതിന്റെ കൂടിയും തെളിവാണു്.

ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവ നേടിയെടുക്കാൻ മനുഷ്യർ സമരം ചെയ്യാറുണ്ടു്. സ്ത്രീകളുമായി ബന്ധപ്പെട്ട അത്തരം സമരങ്ങളുടെ ഭാഗമായി യൂറോപ്പിൽ ചില സ്ത്രീകൾ മേൽഭാഗം നഗ്നമാക്കിയും, കീഴ്ഭാഗം നഗ്നമാക്കിയും, മേലും കീഴും ഒരുപോലെ നഗ്നമാക്കിയുമെല്ലാം തെരുവിലൂടെ ഓടാറുണ്ടു്. മനുഷ്യന്റെ നഗ്നത അത്ര വലിയ ഒരു ആനക്കാര്യമൊന്നുമല്ലാത്ത നാടുകളിൽ സ്ത്രീകൾ നഗ്നയോട്ടം നടത്തുന്നതും, കാൾ മാർക്സിന്റെ അപ്പനപ്പൂപ്പന്മാർ ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു് മുൻപത്തെ യൂറോപ്പിൽ പോലും ഇല്ലാതിരുന്ന തരത്തിലുള്ള മോറൽ ധാരണകളുമായി ജീവിക്കുന്ന ഭാരതം പോലൊരു സമൂഹത്തിൽ (യുവ)സ്ത്രീകൾ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടു് ഓടുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണു്. തുണിയുടുത്ത ഒരു പോൺസ്റ്റാർ വരുന്നു എന്നു് കേട്ടാൽ, അമ്പലങ്ങളിലെ ആനയെഴുന്നള്ളത്തുകൾക്കോ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനജാഥകൾക്കോ കൂടുന്നതിനേക്കാൾ കൂടുതൽ പുല്ലിംഗങ്ങൾ തടിച്ചു് കൂടുന്ന കേരളത്തിൽ തുണിയുടുക്കാതെ ഒരു “ആർത്തവക്കാരി” ഓടിയാലത്തെ സ്ഥിതി ആലോചിച്ചാൽ മതി.

ഒരിടത്തു് ശരിയായതുകൊണ്ടു് അതേ കാര്യം മറ്റൊരിടത്തു് ശരിയായിക്കൊള്ളണമെന്നില്ല. അതുപോലുള്ള കാര്യങ്ങൾ തിരിച്ചറിയാനാണു് മനുഷ്യനു് വിവേചനബുദ്ധിയുള്ളതു്. ഭക്തരുടെ ഭാഷയിൽ പറഞ്ഞാൽ, അതിനാണു് ദൈവം ചെടികൾക്കും മൃഗങ്ങൾക്കുമെന്നപോലെതന്നെ, മനുഷ്യർക്കും വിവേചനബുദ്ധി നൽകി അനുഗ്രഹിച്ചിരിക്കുന്നതു്. എന്തു് നൽകുമ്പോഴും ബോണസായി അല്പം അനുഗ്രഹം കൂടി നൽകുന്ന കരുണാനിധിയാണു് ദൈവം. അങ്ങേരെ നാണം കെടുത്തരുതു്.

 
Comments Off on തുണിപൊക്കലിലെ ആവിഷ്കാരസ്വാതന്ത്ര്യം

Posted by on Nov 29, 2018 in Uncategorized

 

Comments are closed.

 
%d bloggers like this: