മതങ്ങളും, മാർക്സിയൻ കമ്മ്യൂണിസവുമെല്ലാം ഇന്നും ലോകത്തിൽ അവിടവിടെയായി നിലനിൽക്കുന്നതു് അവ ഏതെങ്കിലും തരത്തിലുള്ള ഒരു സത്യം ഉൾക്കൊള്ളുന്നതുകൊണ്ടല്ല, അവയിൽ ഒരുവിധ സത്യവും അടങ്ങിയിട്ടില്ല എന്നു് മനസ്സിലാക്കാൻ വേണ്ടത്ര ബൗദ്ധികവും മാനസികവുമായ വളർച്ച കൈവരിക്കാൻ അവയെ പിന്തുടരുന്നവർക്കു് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണു്. അതുകൊണ്ടാണു് ബലാൽസംഗക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം വച്ചു് കലണ്ടർ ഇറക്കാൻ കേരളത്തിലെ കത്തോലിക്കാസഭക്കും, പാർട്ടി നേതാക്കളുടെ സ്ത്രീപീഡനകേസുകൾ സ്വയം അന്വേഷിക്കാനും, അന്വേഷണാനന്തരം, തുടർന്നുള്ള സ്ത്രീപീഡനങ്ങൾക്കു് ആറുമാസത്തേക്കു് മൊററ്റോറിയം അനുവദിക്കാനുമെല്ലാം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കഴിയുന്നതു്. താമരക്കു് ചെളിയിൽ മുളച്ചു് വളർന്നു് പുഷ്പിച്ചു് വിരാജിക്കാൻ കഴിയുന്നതുപോലെ, മതങ്ങൾക്കും, ഐഡിയോളജികൾക്കും, വ്യാജചികിത്സകർക്കുമെല്ലാം അകമഴിഞ്ഞാടാൻ കഴിയുന്ന ഹ്യൂമസാണു് ഊളകളായ ജനങ്ങൾ വസിക്കുന്ന സമൂഹങ്ങൾ.
“കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണു് അവൾക്കു് രണ്ടു് വോയിൽ സാരി കൊടുക്കുക. അല്പം ബുദ്ധിമുട്ടിലാണു്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നു് കടം തീർത്തുകൊള്ളാം” എന്ന ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വാക്കുകൾ തീർച്ചയായും ദയനീയവും സഹാനുഭൂതി അർഹിക്കുന്നതുമാണു്. പക്ഷെ, മാർക്സ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിസത്തെ നെഞ്ചിലേറ്റാൻ അതു് മതിയായ കാരണമല്ല – പലരും അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും! അന്നു് ഇ. എം. എസിന്റെ മകൾക്കു് രണ്ടു് വോയിൽ സാരി കിട്ടിക്കാണുമെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല.
അതേസമയം, “കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാതുവാണു്. അവൾക്കു് ഒരു പൊതി ചോറു് കൊടുക്കുക. പനി പിടിച്ചു് കിടപ്പിലാണു്. പനി മാറി പണിക്കു് പോകാറായാൽ കടം തീർത്തുകൊള്ളാം” എന്നൊരു കത്തുമായി, “ബ്രാഹ്മണർകൾ ശാപ്പിടും സ്ഥലത്തു്” ചെല്ലുന്ന, ആഹാരം കഴിച്ചിട്ടു് ഒരാഴ്ചയായ മലയപ്പുലയന്റെ മകൾ മാതുവിനു് പൊതിച്ചോറു് കിട്ടുമായിരുന്നോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പുമില്ല. തന്റെ മകൾക്കു് ചോറു് കിട്ടിയില്ലെങ്കിലും വേണ്ടില്ല, നമ്പൂരിശ്ശന്റെ മകൾക്കു് സാരി കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാരാണു് മലയപ്പുലയന്മാരെങ്കിൽ, പിന്നെ എന്തു് പറഞ്ഞിട്ടും ചെയ്തിട്ടും വലിയ കാര്യവുമില്ല.
അതുപോലെതന്നെയാണു് തല്ലു് കൊള്ളലും കൊടുക്കലുമാണു് രാഷ്ട്രീയം എന്ന നിലപാടുകാരുടെ കാര്യവും. എ. കെ. ഗോപാലനോ, മറ്റു് നേതാക്കൾക്കോ പോലീസിന്റെ തല്ലു് ഏറ്റു് വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും കഷ്ടം തന്നെ. പക്ഷെ, തല്ലുകൊള്ളലും സോഷ്യൽ എഞ്ചിനിയറിങ്ങും തമ്മിൽ ബന്ധമൊന്നുമില്ല. തല്ലു് കൊള്ളുന്നതാണു് സാമൂഹിക പ്രശ്നങ്ങൾക്കു് പരിഹാരം കാണാനുള്ള മാനദണ്ഡമെങ്കിൽ, ചെണ്ടയെയോ ഉടുക്കിനെയോ പിടിച്ചു് മന്ത്രിപദം ഏല്പിക്കുന്നതാവും കൂടുതൽ ഇഫക്റ്റീവ്. ഇനി, ചുണയുണ്ടെങ്കിൽ നേരിട്ടുവന്നു് മുട്ടെടാ എന്നും മറ്റും ആക്രോശിക്കുന്നവരുടെ കാഴ്ചപ്പാടുപോലെ, തല്ലു് കൊടുക്കുന്നതാണു് സോഷ്യൽ എഞ്ചിനിയറിങ്ങെങ്കിൽ, അതിന്റെ ചുമതല ചെണ്ടകൊട്ടുകാരെയോ, പൊലീസിലെ വല്ല ഉരുട്ടൽ വിദഗ്ദ്ധരെയോ മറ്റോ ഏല്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണു്.