മിന്നാമിനുങ്ങിനെ കരിയിലകളുടെ അടിയിൽ തിരുകി ആഞ്ഞൂതിയാൽ തീയുണ്ടാവുമെന്നു് വിശ്വസിക്കുന്നവരാണു് കുരങ്ങന്മാർ. വിശ്വസിക്കുക മാത്രമല്ല, തണുത്ത വെളുപ്പാൻ കാലങ്ങളിൽ ആ വിശ്വാസപ്രകാരം തീയുണ്ടാക്കാനായി കരിയിലച്ചോട്ടിലെ മിന്നാമിനുങ്ങുകളെ ഊതിയൂതി അവ തളരാറുമുണ്ടു്. അപ്പോഴേക്കും സൂര്യൻ ഉദിക്കുകയും തണുപ്പു് അകലുകയും ചെയ്യാറുള്ളതിനാൽ ഊത്തലിന്റെ ആയാസം അവ വളരെ പെട്ടെന്നു് മറക്കും. അതാണു് അവയ്ക്കു് ശീലവും, പതിവും, ആചാരവും. അതിലൊരു മാറ്റം ആരെങ്കിലും വരുത്തുന്നതു് അവയ്ക്കു് ഇഷ്ടമല്ലതന്നെ! അതിനു് ശ്രമിക്കുന്നവരെ അവർ വച്ചു് പൊറുപ്പിക്കില്ല.
മുടക്കമില്ലാതെ പരോപകാരി ആയിരുന്നുകൊള്ളാമെന്നു് വ്രതമെടുത്ത ഒരു സൂചിമുഖിപ്പക്ഷിക്കു് ഒരിക്കൽ കുരങ്ങന്മാരുടെ ഈ ഊത്തു് യജ്‌ഞം കാണേണ്ട ഗതികേടുണ്ടായി. അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആ സമയം നക്ഷത്രഫലപ്രകാരം സൂചിമുഖിപക്ഷി അതിന്റെ ശനിദശയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. ലഗ്നാലും, ചന്ദ്രാലും, ആസനത്തിലെ ആലാലും നോക്കിയാൽ, ലഗ്നം കണ്ടകരാശികളിലും, “കുളിയൻ ആതിയിലും” നിൽക്കുന്ന ശനിദശയിൽ മനുഷ്യരായാലും പക്ഷികളായാലും കാണരുതാത്തതു് കാണും, കേൾക്കരുതാത്തതു് കേൾക്കും, വേണ്ടാത്തിടത്തു് ചെന്നു് ഊരാനാവാത്തവിധം തലയിടും. അതാണതിന്റെയൊരു ജ്യോതിഷാധിഷ്ഠിതവിധി. അതിനെതിരായി എന്തെങ്കിലും ചെയ്യാൻ ദേവപ്രശ്നത്തിനുപോലും കഴിയില്ല. വ്രതാടിസ്ഥാനത്തിലും മനസ്സാക്ഷിപ്രകാരവും, തണുത്തുവിറയ്ക്കുന്ന കുരങ്ങന്മാരെ സഹായിക്കാൻ തനിക്കു് ബാദ്ധ്യതയുണ്ടെന്നു് മനസ്സിലാക്കിയ സൂചിമുഖിപ്പക്ഷി ഒട്ടും താമസിയാതെ സംഭവത്തിന്റെ കിടപ്പുവശം അവറ്റകളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. മിന്നാമിനുങ്ങുകളിൽ നിന്നും വെളിച്ചം വരുന്നതു് എങ്ങനെ, അതുവഴി തീയുണ്ടാക്കാൻ എന്തുകൊണ്ടു് കഴിയില്ല തുടങ്ങിയ സാങ്കേതികവിഷയങ്ങൾ ഒരു സൗഹൃദസംഭാഷണത്തിലൂടെ ശാസ്ത്രീയമായി വിശദീകരിക്കുക എന്നതായിരുന്നു പക്ഷിയുടെ പ്ലാൻ A. രാഹുൽകാലം മൂലമോ മറ്റോ പ്ലാൻ A പരാജയപ്പെടുന്നപക്ഷം പ്രയോഗിക്കാനായി ഒരു പ്ലാൻ B-യും, പ്ലാൻ C-യും പക്ഷി മനസ്സിൽ കണ്ടിരുന്നു. പക്ഷെ, അതിന്റെ ആവശ്യം വന്നില്ല. സംഭാഷണത്തിന്റെ തുടക്കത്തിൽത്തന്നെ കുരങ്ങന്മാർ സൂചിമുഖിപ്പക്ഷിയെ പിടികൂടി തല്ലികൊന്നുകളഞ്ഞു. വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദപ്രതിവാദപ്രകാരം, കുരങ്ങുവർഗ്ഗത്തെ ഉപദേശിക്കാൻമാത്രം സൂചിമുഖിവർഗ്ഗം വളർന്നിട്ടില്ല എന്ന ആർഗ്യുമെന്റിന്റെ അടിസ്ഥാനത്തിലായിരുന്നു വധശിക്ഷ.
മരംചാട്ടത്തിലൂടെ ലോകവീക്ഷണം നടത്തുന്നവരെ വിഹഗവീക്ഷണത്തിലൂടെ ലഭിക്കുന്ന ലോകചിത്രത്തെ ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നു് കരുതിയതാണു് സൂചിമുഖിപ്പക്ഷിക്കു് പറ്റിയ തെറ്റു്. ഗരുഡൻതൂക്കക്കാർക്കു് ഗരുഡവീക്ഷണവും ഉണ്ടാവുമെന്നതു് ഒരു തെറ്റിദ്ധാരണയാണെന്നു് മനസ്സിലാക്കാൻ ആ പക്ഷിക്കു് കഴിയാതെപോയി. അതുകൊണ്ടു് ജീവനും പോയി. എന്തും സംഭവിക്കാമായിരുന്ന ശനിദശയിൽ മരണമല്ലേ സംഭവിച്ചുള്ളു എന്നു് ആശ്വസിക്കാം. ദൈവത്തിനു് സ്തുതി!
P. S. മിന്നാമിനുങ്ങിൽ നിന്നും തീയുണ്ടാക്കാൻ ശ്രമിക്കുന്ന കുരങ്ങന്മാരെ ബോധവത്കരിക്കാൻ സൂചിമുഖിപ്പക്ഷിക്കു് അവകാശമില്ലാത്തതുപോലെ, അജ്ഞതയിൽ അർമ്മാദിക്കാനുള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ യുക്തിവാദികൾക്കും അവകാശമില്ല. വളരെ പെട്ടെന്നു് പൊട്ടി ചലമൊഴുകുന്ന ഒരുപാടു് വികാരവ്രണങ്ങൾ ചുമക്കുന്നവരാണു് മതം, രാഷ്ട്രീയം, യുക്തിവാദം തുടങ്ങിയ എല്ലായിനത്തിലും പെട്ട ഭക്തർ. ഇന്ത്യയിലെ നാഷണൽ ഹൈവേകളിൽ യഥേഷ്ടം അലഞ്ഞുതിരിയാനുള്ള അമ്പലക്കാളകളുടെയും അമ്മപ്പശുക്കളുടെയും സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ലാമ്പോർഗീനി ഡ്രൈവേഴ്സിനു്, അവർ രാഷ്ട്രീയ നേതാക്കളോ, മതാധികാരികളോ ഒന്നുമല്ലാത്തിടത്തോളം, അവകാശമുണ്ടോ? അത്രേയുള്ളു കാര്യം.
ഒബ്ലിഗേറ്റൊറി എക്സ്ക്യൂസ് നോട്ട് (മല്ലു വേർഷൻ): ഞാനൊരു യുക്തിവാദിയല്ല.