RSS

മസാല – ബോണ്ട് മുതൽ ദോശ വരെ

കടം വാങ്ങുന്ന പണം മിച്ചം വയ്ക്കുന്ന പണത്തേക്കാൾ എപ്പോഴും കുറവായിരിക്കുമെന്ന ധനതത്വശാസ്ത്രനിയമം മനസ്സിലാക്കാൻ ജർമ്മനിയുടെ “പെൻഷൻ അഡ്ജസ്റ്റ്മെന്റ് ഫോർമ്യുല” ഡിറൈവ് ചെയ്യാൻ കഴിയുന്നവർക്കേ സാധിക്കൂ എന്നില്ല. ആയിരം രൂപ മാത്രം മാസവരുമാനമുള്ള ഒരുവൻ മാസം തോറും ആയിരത്തിഒന്നു് രൂപ വീതം ചിലവാക്കിയാൽ, വർഷാവസാനം വരവും ചിലവും ക്രമീകരിക്കാൻ അവനു് പന്ത്രണ്ടു് രൂപ കടം വാങ്ങേണ്ടി വരും. മാസം തോറുമുള്ള ചിലവു് 999 രൂപയിൽ ഒതുക്കിയാലേ വർഷാവസാനം അവന്റെ കയ്യിൽ പന്ത്രണ്ടു് രൂപ മിച്ചമുണ്ടാവൂ. വ്യക്തികളായാലും, ഗ്രീസോ, ഇറ്റലിയോ പോലുള്ള രാജ്യങ്ങളായാലും, കേരളം പോലുള്ള “മാതൃകാസംസ്ഥാനങ്ങളായാലും”, അടിസ്ഥാനപരമായ അവസ്ഥ അതുതന്നെ.

നിശ്ചിത കാലാവധിക്കുള്ളിൽ മുതൽ പലിശസഹിതം മടക്കിത്തരണമെന്നും, മടക്കിത്തന്നുകൊള്ളാമെന്നും കടം കൊടുക്കുന്നവനും, കടം വാങ്ങുന്നവനും ചേർന്നു്, പരസ്പരസമ്മതപ്രകാരം, ഒപ്പുവയ്ക്കുന്ന ഒരു ഉടമ്പടിയാണു് കടപ്പത്രം. കടം വാങ്ങിയവന്റേതു് ആ ഉടമ്പടി പാലിക്കാനുള്ള ബാദ്ധ്യതയാണെങ്കിൽ, കൊടുത്ത പണം പലിശയുൾപ്പെടെ തിരിച്ചു് വാങ്ങാനുള്ള നിയമപരമായ അവകാശമാണു് കടം കൊടുത്തവന്റേതു്. ആ അവകാശം – സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിലെ End User License Agreement (EULA) പോലെ, പലപ്പോഴും വളരെ ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള, വളരെ നീണ്ട ഒരു ടെക്സ്റ്റിലൂടെ ഉറപ്പു് വരുത്തിയിട്ടുണ്ടാവും. അത്തരം ഉടമ്പടികൾ എല്ലാംതന്നെ, “ഉള്ളവൻ” സ്വയം എഴുതുന്നതോ, പണം മുടക്കി സാമ്പത്തികവിദഗ്ദ്ധരെക്കൊണ്ടു് അവനു് വേണ്ടി എഴുതിക്കുന്നതോ ആയിരിക്കുമെന്നതിനാൽ, അവയിലെ ക്ലോസുകൾ എപ്പോഴും അവനു് അനുകൂലമായിട്ടുള്ളവയായിരിക്കും. കടം വാങ്ങുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ലാത്ത “ഇല്ലാത്തവനു് ” അവ അനുകൂലമായിരിക്കില്ലെന്നു് മാത്രമല്ല, അവ വായിച്ചു് മനസ്സിലാക്കാനുള്ള കഴിവുപോലും പലപ്പോഴും അവനുണ്ടായിരിക്കുകയുമില്ല.

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനു് 3500 കോടി രൂപ കടമുണ്ടെന്നാൽ, മാക്രിയെന്നോ ഗോക്രിയെന്നോ വ്യത്യാസമില്ലാതെ, ഓരോ കേരളീയനും 1000 രൂപ വീതം കടമുണ്ടെന്നാണതിനർത്ഥം. പണം കടം വാങ്ങേണ്ട ആവശ്യം വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാവാം. പക്ഷേ, ഭാവിയിലെ വരുമാനത്തിലൂടെ കടം വീട്ടാൻ കഴിയുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനു് പകരം ഏതാനും പേർക്കു് പുട്ടടിക്കാൻ മാത്രമായാണു് കടം വാങ്ങിയ പണം ഉപയോഗപ്പെടുത്തുന്നതെങ്കിൽ, അതുവഴി സമൂഹം “പുരോഗമിക്കുന്നതു്” ആ കടം വീട്ടാനായി വീണ്ടും എടുക്കേണ്ടിവരുന്ന പുതിയ കടങ്ങളിലേക്കും അവസാനം സമൂഹത്തിന്റെ പാപ്പരത്വത്തിലേക്കുമായിരിക്കും. പക്ഷേ, “എനിക്കു് ശേഷം പ്രളയം” എന്ന മുദ്രാവാക്യക്കാരാണു് പുരോഗമനനായകരെങ്കിൽ, അതിന്റെ പേരിൽ അവർക്കെന്തിനു് ചൊറിയണം?

സിവിൽ എൻജിനിയറിങ്ങിന്റെ ബാലപാഠങ്ങളായ ഹുക്സ് ലോയെപ്പറ്റിയോ, സ്‌റ്റ്രെങ്ത് ഓഫ് മറ്റീരിയൽസിനെപ്പറ്റിയോ കേട്ടുകേൾവി പോലുമില്ലാത്തവർക്കും പാലം പണിയുടെ ചുമതല വഹിക്കാൻ കഴിയുന്ന ഒരു നാട്ടിൽ, ഡാമിൽ ജലനിരപ്പു് ക്രമാതീതമായി ഉയർന്നാലും, പത്രക്കാർ കുത്തൊഴുക്കിന്റെ ഫോട്ടോയെടുത്തു് “സുഖിക്കാതിരിക്കാൻ” വേണ്ടി, ഷട്ടർ തുറക്കാൻ വിസമ്മതിച്ചു് ജനങ്ങളെ കുരുതികൊടുക്കുന്ന മന്ത്രിക്കും സപ്പോർട്ട് നൽകുന്ന ഊളകളുടെ നാട്ടിൽ, വേണ്ടപ്പെട്ടവരുടെ ഭൂമി കണ്ടാൽ, തീണ്ടൽ മൂലം തനിയെ വളയുന്ന ഹൈ വോൾട്ടേജ്‌ ലൈനുകളുടെ നാട്ടിൽ സാമ്പത്തികസ്വയംപര്യാപ്തത കൈവരിച്ചു് ഭാവി ശോഭനമാക്കാനെന്ന പേരിൽ തുടങ്ങുന്ന സംരംഭങ്ങളും, അവയിലെ ഇൻവെസ്റ്റ്മെന്റുകളും, ഉത്തരവാദിത്വബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള രാഷ്ട്രീയ-, ശാസ്ത്ര-, സാങ്കേതിക-, സാമ്പത്തികവിദഗ്ദ്ധരുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നുറപ്പു്. സംശയമുള്ളവർ പ്രളയദുരിതമനുഭവിക്കുന്നവർക്കു് പ്രളയദുരിതാശ്വാസനിധി വിതരണം ചെയ്യുന്നതിൽ പാലിക്കപ്പെടുന്ന സൂക്ഷ്മതയും സുതാര്യതയും വീക്ഷിച്ചാൽ മതി.

വീക്ഷിക്കാൻ ചുമതലപ്പെട്ടവരുടെ അവസ്ഥയാണു് മുകളിൽ വിവരിച്ചതു്. അതിനാൽ, വീക്ഷിക്കാൻ അർഹതയുള്ളവരെ എങ്ങനെ കണ്ടെത്താമെന്ന കാര്യത്തിൽ ആദ്യമേതന്നെ ഒരു തീരുമാനമുണ്ടായശേഷം വീക്ഷിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.

അന്ധവിശ്വാസനിർമ്മാർജ്ജനബിൽ പാസ്സാക്കാൻ അന്ധവിശ്വാസികളോടു് ആഹ്വാനം ചെയ്താൽ, “അന്ധവിശ്വാസി-നിർമ്മാർജ്ജനത്തിനു് ” അവർ സ്വയം തയ്യാറാകുമെന്നു് കരുതാൻ തത്കാലം വകയൊന്നുമില്ലാത്തിടത്തോളം, കുറെ ഒച്ച വയ്ക്കാമെന്നല്ലാതെ, ആഹ്വാനികൾക്കോ സമൂഹത്തിനോ അതുവഴി കാര്യമായി എന്തെങ്കിലും നേടാൻ കഴിയുമെന്നു് തോന്നുന്നില്ല.

 
Comments Off on മസാല – ബോണ്ട് മുതൽ ദോശ വരെ

Posted by on May 22, 2019 in Uncategorized

 

സാദ്ധ്യതകളും ഗൂഢാലോചനകളും

എല്ലാ റോഡുകളും റോമിലേക്കു് നയിക്കുന്നു എന്നൊരു പ്രയോഗമുണ്ടു്. ഏകദേശം രണ്ടു് സഹസ്രാബ്ദങ്ങൾക്കു് മുൻപു് റോം ലോകശക്തി ആയിരുന്ന കാലത്താവണം അതിന്റെ ഉത്ഭവം. അതിൽ നിന്നും വന്നതാണോ എന്നറിയില്ല, എല്ലാ വഴികളും ദൈവത്തിലേക്കു് നയിക്കുന്നു എന്നും ചിലർ പറയാറുണ്ടു്. താൻ സഹിഷ്ണുതയുള്ള ഒരു ദൈവഭക്തനാണെന്നു് വരുത്തുക എന്നതാണു് ആ പ്രയോഗത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിയിൽ യഥാർത്ഥമായി നിലനിൽക്കുന്ന റോമിലേക്കു് ഭൗതികമായതും, സങ്കല്പസൃഷ്ടിയായതിനാൽ യഥാർത്ഥമായ നിലനില്പില്ലാത്ത ദൈവത്തിലേക്കു് ഭൗതികമല്ലാത്തതുമായ പല വഴികൾ സാദ്ധ്യമാണു്. ദൈവത്തിലേക്കുള്ള പല വഴികളുടെ സാദ്ധ്യതയാണു് മനുഷ്യരുടെ ഇടയിൽ വ്യത്യസ്തമതങ്ങൾ രൂപമെടുക്കാൻ കാരണമായതു്. റോമിലേക്കുള്ള പല വഴികൾ വ്യത്യസ്തഹൈവേകൾക്കു് ജന്മം നൽകി.
അതുപോലെതന്നെ, മിക്കവാറും എല്ലാ കാര്യങ്ങൾക്കും വ്യത്യസ്തമായ സാദ്ധ്യതകളുണ്ടു്. ഉദാഹരണത്തിനു്, വോട്ടിങ് മെഷീനു് വേണമെങ്കിൽ – പ്രോഗ്രാം സ്പെസിഫിക് ആയി – കുത്തുന്ന വോട്ടു് കുത്തിയതുപോലെ കാണിക്കാം, എങ്ങും കുത്താത്തതുപോലെ കാണിക്കാം, കുത്തിയിടത്തല്ല കുത്തിയതെന്നു് കാണിക്കാം, വേണ്ടാത്തിടത്താണു് കുത്തിയതെന്നു് കാണിക്കാം. അവസാനം, ഒരു ഉപസംഹാരഉപഹാരം എന്നപോലെ, അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി, അതിനുള്ളിൽ ആനന്ദനു് കിത്താബ് വായിക്കാൻ മണ്ണെണ്ണദീപം കൊളുത്തിവച്ച ശ്രീമാൻ പരമൻ പ്രകാശനെപ്പറ്റി രണ്ടു് വരി കവിത ചൊല്ലി സമ്മതിദായകനെ കേൾപ്പിക്കുകയുമാവാം.
ഭൂമി ഉരുണ്ടതോ, പരന്നതോ, ചതുരക്കട്ട മോഡലോ ആവാം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടാവാം ഇല്ലായിരിക്കാം. വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമിച്ചതു് ഇസ്ലാമിസ്റ്റുകളോ ജൂതരോ മങ്ഗോളിയരോ ആവാം. എല്ലാം കോൺസ്പിരസി തിയറികൾക്കു് വളക്കൂറുള്ള മണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാദ്ധ്യതകളാണു്. അത്തരം സാദ്ധ്യതകളിൽ നിന്നും മനുഷ്യർ അവരുടെ തലയ്ക്കു് താങ്ങാവുന്നതും, നിലപാടുകൾക്കു് ഗുണകരവുമായ ഒരു സാദ്ധ്യത തിരഞ്ഞെടുക്കുന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന സമ്മതിദായകർ വോട്ടിങ് മെഷീന്റെ കാര്യത്തിൽ ചെയ്യുന്നതും അതുതന്നെ.
ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും നിലപാടുകളും ആ വ്യക്തി വളർന്നതും, വളർത്തപ്പെട്ടതുമായ സാഹചര്യങ്ങൾക്കനുസരിച്ചുള്ള അനുഭവങ്ങളുടെയും കണ്ഡീഷനിങ്ങിന്റെയും ഫലമായി, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യമാക്കുന്നവിധം, സ്ഥിരമായി മനസ്സിൽ രൂപപ്പെടുന്നവയായതിനാൽ, ഒരുവൻ തിരഞ്ഞെടുക്കുന്ന വ്യക്തിനിഷ്ഠമായ സാദ്ധ്യതകൾക്കു് വെളിയിലുള്ളവയെ, അവ വസ്തുനിഷ്ഠമായവയായാൽ പോലും, തന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല എന്നതിന്റെ മാത്രം പേരിൽ അവയെ തള്ളിക്കളയാൻ അവനു് മടിയുണ്ടാവില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് മനസ്സിലാക്കിയശേഷം അംഗീകരിക്കപ്പെടുകയും അനുഗമിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളെ, ബുദ്ധിയും യുക്തിയും ഉപയോഗിച്ചു് ക്രമേണയെങ്കിലും ഒരുപക്ഷേ തിരുത്താൻ കഴിഞ്ഞേക്കാം. ഒരിക്കൽ ശരിയായിരുന്ന കാര്യങ്ങൾ നവീനമായ ശാസ്ത്രോപകരണങ്ങളുടെ സഹായത്തോടെയും മറ്റും, തെറ്റായിരുന്നു എന്നു് പിന്നീടു് തെളിയിക്കപ്പെട്ടാൽ, പഴയ ധാരണകളെ തിരുത്താൻ മനുഷ്യർക്കു് ബുദ്ധിമുട്ടൊന്നും വരാറില്ല എന്നതുപോലെ. പക്ഷേ, പൈതൃകവും ആചാരപരവും, തന്മൂലം വൈകാരികവുമായി ഏറ്റെടുക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ അതു് പര്യാപ്തമല്ലെന്നു് മാത്രമല്ല, ഒരു തിരുത്തൽ മിക്കവാറും അസാദ്ധ്യവുമായിരിക്കും. കാരണം, പൊതുവായ ഒരു റെഫെറെൻസ് ഫ്രെയിം ഇല്ലാത്തിടത്തു് ആശയപരമായ ഒരു എക്സ്ചേഞ്ച് ദുഷ്കരമാണു്.
ശ്രീലങ്കയിൽ മുന്നൂറിലേറെ മനുഷ്യർ കൊലചെയ്യപ്പെട്ട ചാവേറാക്രമണം അങ്ങേയറ്റം നീചമായ ഒരു ക്രൂരകൃത്യമാണെന്നു് നിരുപാധികം അംഗീകരിക്കാൻ ചിലർക്കെങ്കിലും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതപരവും സാംസ്കാരികവുമായ കണ്ഡീഷനിങ് വഴി “വൺ വേ ട്രാഫിക്‌” മോഡസിലേക്കു് ഉടച്ചുവാർക്കപ്പെട്ട യാന്ത്രികജീവികൾക്കു് സ്വപക്ഷത്തിന്റെ തെറ്റുകൾ അംഗീകരിക്കുന്നതു് മരിക്കുന്നതിനു് തുല്യമാണു്. തങ്ങളെ ആരും പ്രതിക്കൂട്ടിലാക്കാതിരിക്കാൻ മിന്നൽ വേഗതയിലാവും ഇക്കൂട്ടർ ഇത്തരം വാർത്തകളോടു് പ്രതികരിക്കുന്നതു്. വാർത്ത വന്നു് സെക്കന്റുകൾക്കുള്ളിലുള്ള അവരുടെ പ്രതികരണങ്ങൾ കണ്ടാൽ, അതുപോലുള്ള വാർത്തകൾക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ചു് കാത്തിരുന്നു് പ്രതികരിക്കാനായി ആരോ അവരെ കൂലികൊടുത്തു് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നേ തോന്നൂ. ചാവേറാക്രമണം I. S. ഏറ്റെടുത്താലും, “I. S. പാവങ്ങൾ” ഈവിധം ക്രൂരകൃത്യങ്ങൾ ചെയ്യുന്നതു് ഗതികേടു് കൊണ്ടാണെന്നും, അതിന്റെയെല്ലാം അടിസ്ഥാനകാരണം അമേരിക്കയോ, ഇസ്ലാമിസ്റ്റുകൾ അവരുടെ നിത്യശത്രുക്കളായി വാഴിച്ചു്, നിത്യേന സന്ദർശിച്ചു്, പൂജയും ഹോമവും അർപ്പിക്കുന്ന, യുക്തിവാദികളടക്കമുള്ള മറ്റാരെങ്കിലുമോ ആണെന്നും സ്ഥാപിച്ചില്ലെങ്കിൽ സ്വസ്ഥത കിട്ടാത്ത, ഒരു പ്രത്യേകതരം അതിജീവനതന്ത്രത്തിന്റെ ഉടമകളാണവർ! അതിനായി അവർ നിരത്താറുള്ള ആർഗ്യുമെന്റുകളാണു് അതിലും ഉദാത്തം! അബ്‌സെർഡിറ്റിയുടെ ലോകത്തിലെ അതുല്യമുത്തുമണികളായി വാഴ്ത്തപ്പെടേണ്ട അമൂല്യതകളാണവയോരോന്നും!
ഇത്തരം “ഒബ്സെസിവ്-കംപൽസിവ് ന്യുറോസിസ്” ബാധിച്ച പ്രതികരണത്തൊഴിലാളികളെ മതങ്ങളിൽ മാത്രമേ കാണാൻ കഴിയൂ എന്ന തെറ്റിദ്ധാരണ വേണ്ട. കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിൽ ഇത്തരക്കാരുടെ “ചാകര” തന്നെയുണ്ടു്.
അത്യാവശ്യമായി ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിന്റെ ബ്ലൂ ലൈറ്റ് കണ്ടാലോ, സൈറൺ കേട്ടാലോ വഴി കൊടുക്കുന്നവരല്ല “പ്രബുദ്ധറൗഡികളായ” മലയാളികൾ. മല്ലുക്കളുടെ നാട്ടിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ തിയറിയിലും പ്രാക്ടീസിലും പരീക്ഷകൾ പാസ്സാകണമെന്ന നിബന്ധനയൊന്നുമില്ല. കൈമടക്കു് കൊടുത്താൽ ലൈസൻസ് നേടാം, കയ്യൂക്കുണ്ടെങ്കിൽ എവിടെയും ഇടിച്ചു് കയറാം. മന്ത്രിയുടെ വാഹനവ്യൂഹത്തിനുവേണ്ടി അത്യാസന്നാവസ്ഥയിലെത്തിയ രോഗിയുമായി പോകുന്ന ആംബുലൻസ് ആയാലും, സൈഡൊതുക്കി നിർത്തിയിടേണ്ടതു് ആംബുലൻസ് ഡ്രൈവറുടെ “ഭരണഘടനാപരമായ” ബാദ്ധ്യതയും, നിലനില്പിന്റെ അനിവാര്യതയുമാണെന്നു് കരുതുക മാത്രമല്ല, അതിനുവേണ്ടി – മന്ത്രി ഞമ്മന്റെ പാർട്ടിക്കാരനാണെങ്കിൽ – രാപകലില്ലാതെ വാദിക്കുക കൂടി ചെയ്യുന്ന ഊളകളുടെ നാട്ടിൽ, ആംബുലൻസ് വരുന്നതു് കണ്ടാൽ, പബ്ലിക് റോഡുകളുടെ സമ്പൂർണ്ണാവകാശികളായ “നാട്ടിൽ പ്രഭുക്കൾ” അവരുടെ വണ്ടി സൈഡൊതുക്കിക്കൊടുക്കും എന്നു് കരുതുന്നതാണു് വിഡ്ഢിത്തം.
“മോളിൽ നല്ല പിടുത്തമുള്ളവരാണു്” നാട്ടിൽ പ്രഭുക്കൾ. അതുകൊണ്ടാണു്, ഹൃദയശസ്ത്രക്രിയ ആവശ്യമുള്ള ഒരു കുഞ്ഞുമായി ആശുപത്രിയിലേക്കു് പോകുന്ന ആംബുലൻസിനു് വഴികൊടുക്കൂ എന്നു്, “ആളകലം പാറവെടിയേയ്” എന്ന പാറവെടിക്കാരന്റെ കൂവലിനെ ഓർമ്മിപ്പിക്കുമാറു്, മുഖ്യമന്ത്രി ആപ്പീസിനു് ഫെയ്‌സ്ബുക്കിലൂടെ അലമുറയിടേണ്ടി വരുന്നതു്. ഒരു പരിഷ്കൃതസമൂഹത്തിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത അവസ്ഥ! ആ കുഞ്ഞിനെ ട്രാൻസ്‌പോർട്ട് ചെയ്യാൻ എന്തുകൊണ്ടു് ഒരു ഹെലികോപ്റ്റർ ഉപയോഗിച്ചില്ല എന്ന ചോദ്യത്തെ തത്സമയപ്രതികരണചാവേറുകൾ നേരിട്ടതു്, പറന്നുയരുന്ന ഹെലികോപ്റ്ററിലെ അന്തരീക്ഷമർദ്ദവ്യതിയാനം താങ്ങാൻ കുഞ്ഞിനു് കഴിയില്ല എന്ന ആർഗ്യുമെന്റിലൂടെയായിരുന്നു. ബരോമീറ്ററുകൾ ഫിറ്റ് ചെയ്ത ഹെലികോപ്റ്ററുകൾ പൊങ്ങിയും താണും മർദ്ദത്തിന്റെ ഓസിലേഷൻസ് വിവരാവകാശനിയമപ്രകാരം ലൈവ് ഷോയിലൂടെ ജനത്തെ അറിയിച്ചുകൊണ്ടിരുന്നു.
സിംപതിയുടെ പാളത്തിലൂടെ വണ്ടി ഉരുട്ടിയാൽ നാലു് വോട്ടു് കൂടുതൽ കിട്ടുമെങ്കിൽ, അപ്പനെയോ, അമ്മയെയോ, രണ്ടുപേരെയും ഒരുമിച്ചോ കൊന്നിട്ടായാലും, കുഞ്ഞിനുവേണ്ടി കരയാൻ പറ്റിയ ഒരു സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടമായി കരുതുന്നവനെയേ മല്ലുക്കൾ രാഷ്ട്രീയത്തിലെ ഹീറോയോ, ഭീഷ്മരോ, ഹനുമാനോ, സുഗ്രീവനോ ഒക്കെ ആയി അംഗീകരിക്കൂ! അതാണു് സമൂഹത്തിന്റെ സംസ്കാരമെങ്കിൽ, രാഷ്ട്രീയക്കാർ പിന്നെയെന്തു് ചെയ്യാൻ? അവർക്കും ചെയ്യണ്ടേ ചൂഷണം? അതല്ലേ ജനാധിപത്യം?
കേരളമുഖ്യമന്ത്രി വോട്ടു് ചെയ്യാനെത്തിയ സ്‌കൂളിന്റെ ഹൈജീനിക് അവസ്ഥ വിലയിരുത്താൻ പറ്റിയ ഒരു ഫോട്ടോ കണ്ടിരുന്നു. ആ ഫോട്ടോ കണ്ടപ്പോൾ ആദ്യം തോന്നിയതു്, വോട്ടു് ചെയ്യാനായി കേരളമുഖ്യമന്ത്രി എന്തിനു് മോദിയുടെ ഗുജറാത്തിൽ പോയി എന്നായിരുന്നു. BJP- യോ, കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലാതെ, നംബർ വൺ കേരളത്തിലെ സ്‌കൂളുകളിൽ അതുപോലൊരു ദയനീയാവസ്ഥ സ്ഥിതി ചെയ്യുന്നുണ്ടെന്നു് ചിന്തിക്കാൻ പോലും എനിക്കു് കഴിയുമായിരുന്നില്ല. മാർക്സിയൻ സഖാക്കൾ അവരുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകളിലൂടെ അവരുടെയത്ര ബുദ്ധിയില്ലാത്ത ജനങ്ങളെ ബോധവത്കരിക്കാനായി പ്രചരിപ്പിക്കുന്ന വിവരണങ്ങളും വിശദീകരണങ്ങളും കംപ്ലീറ്റ് വസ്തുനിഷ്ഠമാണെന്നു് വിശ്വസിക്കുന്ന ഒരു “നിഷ്ക്കു” എന്ന നിലയിൽ, അതൊരു ഫോട്ടോ ഷോപ്പ് ചതിയാണെന്ന നിഗമനത്തിൽ എത്തുകയേ എനിക്കു് നിവൃത്തിയുണ്ടായിരുന്നുള്ളു.
ഭാഗ്യത്തിനു്, അടുത്ത സെക്കൻഡിൽത്തന്നെ, വളഞ്ഞ വാലിനെ നേരെയാക്കുന്ന പതിവു് രീതിയിലുള്ള ഒരു വിശദീകരണം ഒരു സഖാവിന്റേതായി വന്നു: അതൊരു പ്രൈവറ്റ് സ്‌കൂളാണത്രെ! ആ പ്രൈവറ്റ് സ്‌കൂൾ കേരളത്തിലാണെങ്കിലും, സംഭവത്തിന്റെ ദൂഷ്യവശം ബൂർഷ്വാസിയുടെ തലയിൽ വച്ചുകെട്ടാമെന്നറിഞ്ഞതു് എനിക്കു് നൽകിയ ആശ്വാസം ചില്ലറയല്ല. എങ്കിലും, ഒരു ബൂർഷ്വാസി സ്‌കൂളിലെ പൂപ്പൽ പിടിച്ച മുറിയിൽ പോയി ഒരു ഇടതൻ മുഖ്യമന്ത്രി വോട്ടു് ചെയ്തതു് എനിക്കൊരല്പം ശ്വാസതടസ്സം ഉണ്ടാക്കിയെന്ന വസ്തുത, ഒരിക്കലും നുണ പറഞ്ഞിട്ടില്ലാത്ത ഒരു ശുദ്ധഹൃദയൻ എന്ന നിലയിൽ, വായനക്കാർക്കു് മുന്നിൽ ഞാൻ മറച്ചു് വയ്ക്കുന്നില്ല.

 
Comments Off on സാദ്ധ്യതകളും ഗൂഢാലോചനകളും

Posted by on Apr 25, 2019 in Uncategorized

 

ചരമപ്രസംഗങ്ങൾ

മരിച്ചവരോടു് മനുഷ്യർ ആദരവു് പ്രകടിപ്പിക്കാതിരിക്കുന്നതു് മര്യാദകേടാണു്. എന്നോർത്തു് എല്ലാ മരിച്ചവരേയും ആദരിക്കാനൊന്നും പോയേക്കരുതു്. മാണിയെ ആദരിക്കുന്നതുപോലെ ടി.പി.യെ ആദരിക്കരുതു്. സ്റ്റാലിനെ ആദരിക്കുന്നതുപോലെ ട്രോട്സ്കിയെ ആദരിക്കരുതു്. പ്രതിഷേധം അർഹിക്കുന്ന മരണങ്ങളുടെ കാര്യവും അതുപോലെ തന്നെ. വടക്കേ ഇൻഡ്യൻ കർഷകരുടെ ആത്മഹത്യകളിൽ നിർബന്ധമായും നമ്മൾ കേരളീയർ പ്രതിഷേധിച്ചിരിക്കണം. അതേസമയം, കേരളത്തിലെ കർഷകരുടെ ആത്മഹത്യയിൽ ഒരുവിധ പ്രതിഷേധവും ഉയരാതിരിക്കാനും നമ്മൾ ശ്രദ്ധിച്ചിരിക്കണം. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ കൊലചെയ്ത മനഷ്യരെയും, സാംസ്കാരിക വിപ്ലവത്തിൽ മാവോ കൊല ചെയ്തവരേയും ഒരേ കണ്ണുകൊണ്ടു് കാണുന്നതു് അത്ര ശരിയല്ല. അങ്ങനെ, ഇരട്ടത്താപ്പു് കാണിക്കേണ്ട ധാരാളം മരണാവസരങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വരുന്നവരാണു് കേരളീയരായ നമ്മൾ.

കാര്യങ്ങൾ വിവേചനബുദ്ധിയോടെ വീക്ഷിക്കാൻ നമുക്കു് കഴിയണം. അതു് ഒരിക്കലും നമ്മുടെ സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ചായിരിക്കരുതു് താനും. വിഗ്രഹങ്ങളെപ്പോലെ നമ്മൾ മനസ്സിൽ അവരോധിച്ചു് ആരാധിക്കുന്ന നേതാക്കളുടെ വിവേചനബുദ്ധി ഉപയോഗിച്ചു് കാര്യങ്ങൾ കാണാൻ കഴിയുന്നതിലൂടെയാകണം, വിശ്വസ്തരായ പാർട്ടി അടിമകൾ, മതഭക്തർ തുടങ്ങിയ നിലകളിൽ നമ്മൾ നമ്മുടെ യഥാർത്ഥശക്തി പ്രകടമാക്കേണ്ടതു്.

നോർത്ത് കൊറിയൻ സോഷ്യലിസം നിർവിഘ്നം ഒഴുകുന്നതിനുവേണ്ടി സുപ്രീം ലീഡർ കിം ജോങ് യുന്നിനു് ചിലപ്പോൾ തന്റെ അമ്മാവനെയോ മറ്റാരെയെങ്കിലുമോ ഒക്കെ കൊന്നൊടുക്കേണ്ടി വരും. അതിന്റെ പേരിൽ സുപ്രീം ലീഡർക്കു് സിന്താവാ വിളിക്കുകയല്ലാതെ, മരിച്ചവരോടു് ആദരവു് പ്രകടിപ്പിക്കാൻ സുബോധമുള്ള വടക്കൻ കൊറിയക്കാർ ആരെങ്കിലും തയ്യാറാവുമോ? അവരിൽ നമുക്കു് നല്ലൊരു ദൃഷ്ടാന്തമുണ്ടു്.

പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാൻ ഒരു ദളിത് സ്ത്രീ ധൈര്യപ്പെട്ടാൽ, തന്റെ ഞരമ്പുകളിലൂടെ സവർണ്ണരക്തമാണു് ഒഴുകുന്നതെന്നു് ഉറപ്പുള്ള ഏതൊരു ഞരമ്പിനും അവളെ അവഹേളിക്കണം എന്നു് തോന്നും. തികച്ചും സ്വാഭാവികം! ആ പ്രവൃത്തിയെ ഒരു സംസ്കാരശൂന്യന്റെ ഊളത്തരം എന്നോ, ഇനി, മാർക്സിസ്റ്റുകൾക്കുകൂടി മനസ്സിലാകണം എന്നുണ്ടെങ്കിൽ, മാർക്സിയൻ ശ്രേഷ്ഠഭാഷയിൽ, ഒരു നികൃഷ്ടജീവിയുടെ നാറിത്തരം എന്നോ ചുരുങ്ങിയ വാക്കുകളിൽ അപലപിച്ചു് തടിതപ്പുകയല്ല, എന്തെല്ലാം കാരണങ്ങൾകൊണ്ടു് ആ മഹാത്മാവിന്റേതു് ഒരു സദ്പ്രവൃത്തി ആയിരുന്നു എന്നു് സ്ഥാപിക്കാൻ പത്തു് പേജിൽ കുറയാതെ ഉപന്യസിക്കുകയോ, അഞ്ചു് പേജിൽ കവിയാത്ത ഒരു തുറന്ന കത്തെഴുതി പേരറിയാവുന്ന ആർക്കെങ്കിലും അയക്കുകയോ ചെയ്യാനാണു് നമ്മൾ ശ്രമിക്കേണ്ടതു്. എപ്പോഴും ഓർമ്മിക്കുക: ശരിയെ ശരിയെന്നു് പറയാനും, തെറ്റിനെ തെറ്റെന്നു് പറയാനും ഒരുപാടു് വായിട്ടലക്കേണ്ട കാര്യമില്ല. നമ്മുടെ ലക്ഷ്യം പക്ഷേ മറ്റൊന്നായതിനാൽ, സ്ഥിരം വായിട്ടലക്കാനും, കഷ്ടപ്പെട്ടു് അദ്ധ്വാനിക്കാനും നമ്മൾ സന്നദ്ധരായിരിക്കണം.യേശു പറഞ്ഞതുപോലെ, നമ്മൾ ലോകത്തിന്റെ ഉപ്പാണു്. അതും വെറുമുപ്പല്ല, സാക്ഷാൽ വെടിയുപ്പു്!

മോശെയും ബുദ്ധനും ജൈനനും യേശുവും മുഹമ്മദും മാർക്സും എനിക്കറിയാവുന്നവരും അറിയാത്തവരുമായ വേറെ ഒരുപാടു് പേരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലോകം ശരിയായ ലെവലിലേക്കു് ഇതുവരെ എത്തിയിട്ടില്ല. അക്കാര്യം അറിയാത്തവരായി ആരെങ്കിലുമുണ്ടെന്നു് തോന്നുന്നില്ല. ആ ജോലി പൂർത്തീകരിക്കാനായി വാക്കാലും അദ്ധ്വാനത്താലും ബുദ്ധിമുട്ടി കഷ്ടപ്പെടുന്ന ഒരുവൻ എന്ന നിലയിൽ, ശരിയെ തെറ്റാക്കാനും, തെറ്റിനെ ശരിയാക്കാനും ശ്രമിക്കുന്ന ആർക്കു് വേണമെങ്കിലും എന്നെ ഒരു മാതൃകയാക്കാവുന്നതാണു്.

 
Comments Off on ചരമപ്രസംഗങ്ങൾ

Posted by on Apr 10, 2019 in Uncategorized

 

ഭാഷാപോഷിണി

വി. ടി. ബൽറാമിൽ നിന്നും ഞാൻ അല്പം കൂടി ഭാഷാപരമായ നിലവാരം പ്രതീക്ഷിച്ചിരുന്നു. ഭാഷാപരമായ നിലവാരം ന്ന്വച്ചാൽ, മാർക്സിയൻ ശ്രേഷ്ഠഭാഷാനിലവാരം! പന്നപ്പട്ടിപ്പരനാറികൾ, കുലംകുത്തികൾ, നികൃഷ്ടജീവികൾ, “പ്രകാശം പരത്തുന്നവർ”, തന്തയില്ലാത്തവർ, പല തന്തക്കു് പിറന്നവർ തുടങ്ങിയ, മാർക്സിയൻ കമ്മ്യൂണിസവുമായി കൊൺഫോർമൽ ആയ ഉത്തരാധുനിക “ലാൽ സലാമുകളും”, “ഇൻക്വിലാബ് സിന്ദാബാദുകളും”! “മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം” എന്ന കവിവചനം പോലെ, വിജയൻ മലമണമേറ്റുകിടക്കും മണിയനുമുണ്ടാം ഒരു ദുർഗന്ധം എന്നതു്, ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും, ഒരു പ്രകൃതിനിയമമെന്നപോലെ അംഗീകരിക്കപ്പെട്ടു് കഴിഞ്ഞിട്ടുണ്ടു്.

ചുറ്റുപാടും കാണുന്ന യുഗപുരുഷന്മാരെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നവരാണു് ജനങ്ങൾ. യുഗപുരുഷന്മാരുടെ/ യുഗപുരുഷികളുടെ ഭാഷ, അവരുടെ വേഷം, അവരുടെ യുക്തി, അവരുടെ ഭക്തി മുതലായവയെല്ലാം ഏറ്റെടുത്തു് ജനം അവരെപ്പോലെതന്നെ സംസ്കാരസമ്പന്നരാകാൻ ശ്രമിക്കുന്നു. മാർക്സിസമല്ലാതെ ഇടതുപക്ഷമില്ലാത്തതിനാലും, ഇടതുപക്ഷമെന്നാൽ സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ലോകമായതിനാലുമാണു്, മാർക്സിസ്റ്റുകൾ – പ്രത്യേകിച്ചും അവരിലെ നേതാക്കളും സൈദ്ധാന്തികരും – മാതൃകാപരമായ ഭാഷാപ്രയോഗങ്ങളും സംസ്കാരസമ്പന്നമായ സാമൂഹികഇടപെടലുകളും നടത്തുന്നതിൽ ഇത്രയേറെ ശ്രദ്ധാലുക്കളാകുന്നതു്. അവരോടൊപ്പം എത്താൻ കഴിയാത്തവർ, അതിപ്പോൾ വി. ടി. ബൽറാമായാലും മറ്റാരുതന്നെയായാലും, അവരോടു് ഡയലോഗടിക്കാൻ പോകരുതു്. പോയാൽ “ആസേതുഹിമാചലം” നാറും.

ഒരു മനുഷ്യനു് മതപരമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് ഇസ്‌ലാമിസം. ഒരു മനുഷ്യനു് രാഷ്ട്രീയമായി അധഃപതിക്കാൻ കഴിയുന്നതിന്റെ അവസാനത്തെ അടിത്തട്ടാണു് മാർക്സിസം. അവിടെനിന്നും ഒരുപടികൂടി താഴേക്കു് എങ്ങനെ ഇറങ്ങാൻ കഴിയുമെന്ന പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു് ഓൺലൈൻ മല്ലുലോകത്തിലെ മാർക്സിയൻ ഉപജാപകവൃന്ദം. കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ ഒരുപാടു് താഴേക്കു് ഇറങ്ങേണ്ടിവരുന്നതു് അതുകൊണ്ടാണു്. നരകത്തിലുള്ളവരോടു് സംസാരിക്കാൻ നരകത്തിലേക്കു് ഇറങ്ങിയാൽ മാത്രം പോരാ, നരകത്തിലെ ഭാഷ സംസാരിക്കാൻ കഴിയുകയും വേണം. ഈ വസ്തുത ഒരു രാഷ്ട്രീയക്കാരനായ വി. ടി. ബൽറാം മനസ്സിലാക്കേണ്ടതായിരുന്നു.

അതേസമയം, സ്വതന്ത്രചിന്തകർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർക്കു് അതറിയാം. “സ്വതന്ത്രചിന്തകർ” എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, “മാർക്സിയൻ സ്വതന്ത്രചിന്തകർ”, “ഇസ്‌ലാമിസ്ററ് സ്വതന്ത്രചിന്തകർ”, “പെന്തെകൊസ്ത് സ്വതന്ത്രചിന്തകർ”, തുടങ്ങിയ സർവ്വതന്ത്രസ്വതന്ത്രരായ ജനുസ്സുകളെയാണു്. അല്ലാതെ, മാതാപിതാക്കൾ നൽകിയ മുസ്ലിം പേരു് മാറ്റാതെ ഖുർആൻ വിമർശനം നടത്തുന്ന മുസ്ലീമുകളെയോ, ദൈവവിശ്വാസിയായ ഭാര്യയെ തല്ലിക്കൊല്ലാതെ നാസ്തികനായിരിക്കുന്ന ബൈബിൾ വിമർശകനെയോ, അമ്പലത്തിൽ വച്ചു് നടക്കുന്ന ബന്ധുവിന്റെയോ മിത്രത്തിന്റെയോ കല്യാണച്ചടങ്ങിൽ പങ്കെടുക്കുന്ന ഹിന്ദുമതവിമർശകനെയോ പോലുള്ള, തത്ത്വദീക്ഷയില്ലാത്ത “സാദാ” മനുഷ്യരെയല്ല. (ഭാഷാപോഷകരും ശ്രേഷ്ഠവ്യാകരണരും “സാധാ” എന്നു് വായിക്കുക. അവർക്കു് വായനാസമയത്തു് മാതൃഭാഷാപരമായ മാനസികാസ്വസ്ഥതകളൊന്നും ഉണ്ടാവരുതല്ലോ!)

സ്വന്തമായി ആക്ട് ചെയ്യുന്നതിനേക്കാൾ റിയാക്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണു് മലയാളികൾ. ആക്ട് ചെയ്യുക എന്നതിനു് സിൽമയിൽ അഭിനയിക്കുക എന്നതിനപ്പുറമുള്ള അർത്ഥമൊന്നും അവർ കല്പിക്കാറില്ല. പ്രവൃത്തി അവർക്കു് പ്രസംഗമാണു്. ആക്ഷൻ ഹീറോകൾക്കും കഥാപ്രാസംഗികർക്കും അവർ നൽകുന്ന സ്ഥാനവിലതന്നെ അതിനു് തെളിവു്. രാഷ്ട്രീയക്കാരോ, സില്മാക്കാരോ, ആസാമികളോ, ആത്മീയരോ, സാഹിത്യനായകരോ/കരികളോ, സാംസ്കാരികനായകരോ/കരികളോ, എന്തെങ്കിലും ചെയ്യുകയോ പറയുകയോ എഴുതുകയോ ചെയ്യുന്നുണ്ടോ എന്നു് ശ്രദ്ധാപൂർവ്വം നോക്കിക്കൊണ്ടിരിക്കുക, ഒട്ടും സമയനഷ്ടം വരുത്താതെ ഉടനടി പ്രതികരിക്കുക – അതിലാണവരുടെ ജന്മസാഫല്യം. ഏതു് ഊളക്കേസായാലും, അതിനെപ്പറ്റി “നേതാവോ നേതാവിയോ” എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അവർ അസ്വസ്ഥരാകും. പിന്നെ ആകെമൊത്തം പരവേശമാണു്. നാടു് വാഴുന്നവരുടെ ഓരോ വളിക്കും വിളികേട്ടു് ശീലിച്ചവർ അവരുടെ വളികൾ കേൾക്കുന്നില്ലെന്നു് വന്നാൽ “വിത്‌ഡ്രോവൽ സിംപ്റ്റം” പ്രദർശിപ്പിക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ?

ആതിഥേയശരീരമില്ലാതെ പെരുകാൻ കഴിയാത്ത വൈറസുകളെപ്പോലെ, ആതിഥേയത്തേക്കാൾ ആതിഥ്യത്തെ ആഗ്രഹിക്കുന്നവരാണു് മലയാളികൾ! “അതിഥി ദേവോ ഭവഃ” എന്നു് പഠിപ്പിക്കപ്പെട്ടവർ ദേവനാകാനോ അതോ അസുരനാകാനോ കൂടുതൽ ഇഷ്ടപ്പെടുക? മലയാളികൾ റിയാക്ഷനറികളായി, നിത്യപ്രതിലോമകാരികളായി പിന്നോട്ടു് തിരിഞ്ഞിരിക്കുന്നതു് ഒരു കാരണവുമില്ലാതെയല്ല. അവിടെ, ആ ഭൂതകാലക്യാറ്റക്കൊമ്പുകളിലാണു് സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള അവരുടെ മൊത്തം ജീവിതവും കുടികൊള്ളുന്നതു്.

മല്ലുവും മത്തായിയും മാർക്സിസവും മൈതാനമനസ്ഥിതിയും, മൈ(ഡിയ)രുകളുമെല്ലാം ‘മ’കാരത്തിൽ ആരംഭിക്കുന്നതു് തികച്ചും യാദൃഛികമാണെന്ന അഭിപ്രായം എനിക്കില്ല. അവയെല്ലാം മാർക്സ് ന്യൂട്ടോണിയൻ മാതൃകയിൽ “ശാസ്ത്രീയമായി” വരച്ചുകാണിച്ചതും, മാർക്സിയൻ സമത്വസുന്ദരവടിവാൾലോകം എന്ന അന്തിമലക്ഷ്യത്തിലേക്കു് ലീനിയറായി പുരോഗമിക്കുന്നതുമായ ലോകചരിത്രഗതിയുടെ ഭാഗമായി അനിവാര്യമായി സംഭവിക്കുന്നതാണു്.

 
1 Comment

Posted by on Feb 25, 2019 in Uncategorized

 

ഉദ്ധതരുടെ നവോത്ഥാനം

നവോത്ഥാനം എന്ന വാക്കുകൊണ്ടു് മലയാളികൾ എന്താണു് ഉദ്ദേശിക്കുന്നതെന്നു് സത്യം പറഞ്ഞാൽ, എനിക്കിതുവരെ മനസ്സിലായിട്ടില്ല. പതിനഞ്ചു് – പതിനാറു് നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്ന റിനൈസൻസാണു് നവോത്ഥാനം എന്ന വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, അതുപോലൊരു നവോത്ഥാനം ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ല, സംഭവിക്കാൻ സാദ്ധ്യതയുമില്ല. കാരണം, യൂറോപ്പിനെ റിനൈസൻസിലെക്കു് നയിച്ച മുൻവ്യവസ്ഥകളും സാഹചര്യങ്ങളും കേരളത്തിലോ ഭാരതത്തിലോ ഒരിക്കലും നിലവിലിരുന്നിട്ടില്ല. മനുഷ്യന്റെ ബൌദ്ധികവും സാംസ്കാരികവുമായ ഉത്ഥാനത്തിനു് ഒരിക്കൽ തുടക്കം കുറിക്കുകയും, എന്തു് കാരണത്താലോ അതു് പൂർത്തീകരിക്കപ്പെടാൻ കഴിയാതെ പോകുകയും ചെയ്തിടത്തേ ഒരു നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നതിനു് എന്തെങ്കിലും അർത്ഥമുള്ളു. വീണ്ടും ജനനം, അഥവാ പുനർജ്ജന്മം എന്ന, ഫ്രഞ്ചിൽ നിന്നും വരുന്ന റിനൈസൻസ് എന്ന പദത്തിന്റെ അർത്ഥംതന്നെ അതു് വ്യക്തമാക്കുന്നുണ്ടു്. ഒരിക്കൽ ജനിക്കുകയും പിന്നീടു് മരിക്കുകയും ചെയ്തശേഷമല്ലാതെ, ഒരു വീണ്ടും ജനിക്കൽ സംഭവിക്കുന്നതെങ്ങനെ? നിർബന്ധമാണെങ്കിൽ, “ചത്തതിനോക്കുമേ ജീവിച്ചിരിക്കിലും” എന്ന അവസ്ഥയിൽ നിന്നുമുള്ള ഉയിർത്തെഴുന്നേല്പിനെക്കൂടി പുനർജന്മത്തിന്റെ പരിധിയിൽ പെടുത്താം. “പ്രബുദ്ധർ” എന്നു് നിരന്തരം നിലവിളിക്കുന്ന ജനങ്ങൾ വസിക്കുന്ന ചില നാടുകളിൽ രോഗശാന്തിശുശ്രൂഷകരായ ചില സുവിശേഷഘോഷകർ അത്തരം ഉയിർപ്പിക്കലുകൾ നടത്താറുമുണ്ടു്. പക്ഷേ, മരിച്ചപോലെ കിടന്നശേഷം, ഉയിർപ്പിക്കൽ ഉപദേശി “യേശ്ശ്ശ്ശുവിന്റെ” നാമത്തിൽ തന്നെ പേരു് ചൊല്ലി വിളിക്കുമ്പോൾ ഉയിർത്തു് എഴുന്നേൽക്കുന്നപോലെ അഭിനയിക്കാനായാലും ഒരിക്കൽ ഒരമ്മയിൽ നിന്നും ജനിച്ച കക്ഷികൾക്കല്ലേ കഴിയൂ? മക്കളെ ജനിപ്പിക്കൽ ഭക്തർ മല ചവിട്ടുന്നതുപോലെയാണു്: ജനകരെ സംബന്ധിച്ചു് – ആയാസകമായ അദ്ധ്വാനമെങ്കിലും – സംഭവം ഫലത്തിൽ ആനന്ദകരമായ ഒരുതരം നിർവൃതിയാണു്. ജനനിമാരെ സംബന്ധിച്ചും ആരംഭത്തിൽ അങ്ങനെതന്നെ. പക്ഷേ, അതിനോടനുബന്ധിച്ചുള്ള ഗർഭം, ഛർദ്ദി, പ്രസവം തുടങ്ങിയ ചടങ്ങുകൾ വച്ചു് നോക്കുമ്പോൾ, യുവതികൾ കയറിയ അയ്യപ്പക്ഷേത്രത്തെ ശുദ്ധീകരിക്കാൻ മന്ത്രം ചൊല്ലലും, ചാണകം കലക്കലും, തളിക്കലും, കഴുകലുമെല്ലാമായി കഷ്ടപ്പെടേണ്ടിവരുന്ന തന്ത്രിരുമാരരുകളുടെ അവസ്ഥയാണു് അവരുടേതു്. പക്ഷേ, എന്തു് ചെയ്യാൻ? പൂക്കാതിരിക്കാൻ അവർക്കാവതില്ലല്ലോ!

അതുപോലെ, റിനൈസൻസിൽ നിന്നും ലഭിച്ച ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ രൂപമെടുത്ത എൻലൈറ്റെൻമെന്റിനെ, വേണമെങ്കിൽ ജ്ഞാനോദയം എന്നോ മറ്റോ വിളിക്കാമെന്നല്ലാതെ, നവോത്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്നതു് കുഞ്ഞിനെ തളളയാക്കുന്നതിനു് തുല്യമാണു്. റിനൈസൻസ്, റിഫർമേഷൻ, എൻലൈറ്റെൻമെന്റ് തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്ന കാര്യങ്ങളാണെങ്കിലും, അവ പ്രതിനിധീകരിക്കുന്നതു് വ്യത്യസ്തമായ സാമൂഹിക ചലനങ്ങളെയാണു്. തീർച്ചയായും, നവോത്ഥാനം എന്ന വാക്കിനു് തങ്ങളുടേതായ മറ്റൊരർത്ഥം നൽകാനുള്ള സ്വാതന്ത്ര്യം മലയാളികൾക്കുണ്ടു്. ഗ്ലോബലൈസേഷൻ, ഫ്രീ ട്രേഡ്, ഫ്രീഡം ഓഫ് എക്സ്പ്രഷൻ തുടങ്ങിയ പ്രയോഗങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉചയോഗിക്കുന്നതും, ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് – വാൾട്ടർ സ്റ്റൈൻമയർ ഉപയോഗിക്കുന്നതും ഒരേ അർത്ഥത്തിൽ ആയിരിക്കണം എന്നു് നിർബന്ധം പിടിക്കാനാവുമോ?

മാറു് മറയ്ക്കാനോ തുറക്കാനോ, അമ്പലത്തിലോ പള്ളിയിലോ പോകാനോ പോകാതിരിക്കാനോ അനുവാദമില്ലാതിരുന്ന വിഭാഗങ്ങൾ ആ വകകൾക്കുള്ള അവകാശം പൊരുതി നേടിയെടുത്താൽ അതിനെ അവർ ഉൾപ്പെടുന്ന സമുദായത്തിൽ സംഭവിച്ച ഒരു പരിഷ്കരണം എന്നു് വിളിക്കുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, സമൂഹത്തിന്റെ ഉപഗണങ്ങൾ മാത്രമാണു് സമുദായങ്ങൾ. ശ്രീ നാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കപ്പെട്ട, ഇന്നും ശരിയായ ലക്ഷ്യത്തിലെത്താത്ത, സാമുദായികമോ, ഏറിയാൽ കേരളത്തിൽ മാത്രമായി പരിമിതപ്പെടുത്താവുന്നതോ ആയ പരിഷ്ക്കരണശ്രമങ്ങളെ, യൂറോപ്യൻ സമൂഹങ്ങളുടെ ബൌദ്ധികവും സാംസ്കാരികവുമായ സമസ്തമേഖലകളുടെയും ഉടച്ചുവാർക്കലിലേക്കു് നയിച്ച റിനൈസൻസിനു് സമാനമായ ഒരു നവോത്ഥാനചലനമായും മറ്റും വ്യാഖ്യാനിക്കുന്നതു് അല്പത്തിനും വളരെ അകലത്തേക്കു് കടന്നുനിൽക്കുന്ന ഒരു കയ്യോ, ഒന്നിലധികം കൈകളോ ആയിരിക്കും. റിനൈസൻസ് എന്നാൽ എന്തെന്നതിനെപ്പറ്റി നല്ലൊരളവു് അജ്ഞതയില്ലാതെ അതുപോലൊരു വ്യാഖ്യാനം സാദ്ധ്യമാവില്ല. കെട്ടുകഥകളെ ചരിത്രമെന്നു് വിളംബരം ചെയ്യാൻ മടിയില്ലാത്തവർക്കു് അതൊരു പ്രശ്നമാവാൻ വഴിയുമില്ല.

“പുനർജ്ജന്മം” എന്ന വാക്കു് ആർഷഭാരതത്തിലും പ്രയോഗത്തിലുണ്ടു്. പക്ഷേ, അതു് യൂറോപ്യൻ റിനൈസൻസുമായി പുലബന്ധം പോലും പുലർത്തുന്ന ഒരു വാക്കല്ല. മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ സ്വാധീനിക്കാനും നിയന്ത്രിക്കാനും മാത്രം സ്ഥാനവില നൽകപ്പെടുന്നതും ഈശ്വരന്റെ ലീലാവിലാസമായി മനസ്സിലാക്കപ്പെടുന്നതുമായ ഒരു പ്രതിഭാസമാണു് ഭാരതീയന്റെ കാഴ്ചപ്പാടിലെ പുനർജ്ജന്മം. കവി അതിനെ കാവ്യാത്മകമായി ഇങ്ങനെ വർണ്ണിച്ചിട്ടുണ്ടു്:

“അജം ചത്തു് ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജമായീടുന്നു.
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായി പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.”

ഭരണകാലത്തു് പ്രജകളെ കൃമികളെയെന്നപോലെ പീഡിപ്പിച്ച നൃപൻ ചത്താൽ കൃമിയായും, ജീവിതകാലത്തു് പൂച്ചക്കവിതകളെഴുതി പൂച്ചകളെ അവഹേളിച്ച ഈച്ച ചത്താൽ പൂച്ചയായും പുനർജ്ജനിക്കും. അതാണു് ഈശ്വരന്റെ വക “പാപപരിഹാരാർത്ഥനീതിനിർവ്വഹണസമത്വം”! നാരി ചത്താൽ ഉടനെ ഓരിയായിപ്പോകും എന്ന പ്രസ്താവന അല്പം തെറ്റിദ്ധാരണാജനകമാണെന്നു് പറയാതെ വയ്യ. നേപാം ബോംബിനെയോ ഹൈഡ്രജൻ ബോംബിനെവരെയോ നാവുകൊണ്ടു് നേരിടാൻ കഴിവുള്ള നാരികളും ലോകത്തിൽ ഉണ്ടു്. അതിനാൽ, ചത്താൽ, ഓരിയായി, അഥവാ ഒച്ചയായിപ്പോവുകയായിരിക്കും ചെയ്യുക എന്നു് അതു് വായിക്കുന്ന ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. “ഓരോ ജീവകണത്തിനുള്ളിലും ഒളിയായ് ഒലിയായ് ഉണ്മയായ് നന്മയായ് ഉണരുന്ന ചിദാനന്ദമന്ത്രമായ” ഓംകാരവും ഒരർത്ഥത്തിൽ “ഓരി” ആയതിനാൽ, നാരികൾ ചത്താൽ അവർ തത്ക്ഷണം ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുമെന്നാണു് ഈ കവിതാശകലം സൂചിപ്പിക്കുന്നതെന്ന ചിന്തയും യുക്തിഹീനമല്ല. പക്ഷേ, കഷ്ടകാലത്തിനു്, ഓരി എന്നാൽ കുറുനരി എന്നും അർത്ഥമുള്ളതിനാലും, നരി ചത്താൽ നരനായി പിറക്കുന്നതിനാലും, നാരി ചത്താൽ കുറുനരിയായി പിറക്കാനാണു് സാദ്ധ്യത. കുറുനരിയാവുമ്പോൾ, മനസ്സിണങ്ങി ഓരിയിടുന്നതിനു് തടസ്സവുമില്ല.

ഭാരതീയദർശനപ്രകാരം ഒരു ശരീരം മരിച്ചാൽ അതിലെ ജീവൻ കർമ്മഫലമനുസരിച്ചു് ഒന്നുകിൽ മറ്റൊരു ശരീരം സ്വീകരിക്കും അല്ലെങ്കിൽ ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കും. മൂന്നാമതൊരു മാർഗ്ഗം ഇല്ല. മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കപ്പെടുന്നതു്, തിന്നുതിന്നു് ഇലയുടെ അറ്റത്തു് എത്തുന്ന പുഴു “കയ്യോടെ” അടുത്ത ഇലയിലേക്കു് പ്രവേശിച്ചു് തീറ്റാകർമ്മം തുടരുന്നതുപോലെ, കാലതാമസമില്ലാതെ ആയിരിക്കുമെന്നു് ബൃഹദാരണ്യകം വ്യക്തമായി പറയുന്നുണ്ടു്. ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, കർത്താവു് പുഴു ആയതിനാലും, പുഴുവിനു് കൈകൾ ഇല്ലെങ്കിലും അതിനുംകൂടി ധാരാളം കാലുകൾ ഉള്ളതിനാലും, അടുത്ത ഇലയിലേക്കു് “കാലോടെ” പ്രവേശിച്ചു്, പൂർവ്വ പ്രജ്ഞയും കർമ്മവും ഒന്നിച്ചാരംഭിക്കുമെന്നു് പറയുന്നതാവും കൂടുതൽ ശരി. കഴിഞ്ഞ കാലവും നടപ്പു് കാലവും ഒന്നുചേർന്നു് തത്സമയം സംഭവിക്കുന്ന ഒരുതരം ഒത്തുകളിയാണു് പുനർജ്ജന്മം എന്നു് സാരം.

അമേധ്യമണംപിടുത്ത ശാസ്ത്രത്തിൽ താൻ തന്റെ ന്യൂറൽ നെറ്റ്വർക്കുകളിൽ സമാഹരിച്ച ജ്ഞാനങ്ങളുമായി ഈച്ചയുടെ ജീവാത്മാവു് പൂച്ചയിലേക്കു് പ്രവേശിക്കും. ഭാവിയിൽ, ആ പൂച്ച ചാവുമ്പോൾ, ഈച്ചയിൽ നിന്നും കിട്ടിയ മണംപിടുത്തശാസ്ത്രപരമായ പൂർവ്വ പ്രജ്ഞയും, എലിപിടുത്തശാസ്ത്രത്തിലൂടെ താൻ ശേഖരിച്ച നവപ്രജ്ഞയും കൂട്ടിച്ചേർത്തു് പൂച്ചയുടെ ജീവാത്മാവു് അടുത്ത ശരീരത്തിലേക്കു് പകർന്നുകൊടുക്കപ്പെടും. ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ, ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുന്നതുവരെ, കർമ്മഫലത്തിന്റെ അടിസ്ഥാനത്തിൽ, ഈ ചടങ്ങു് തുടർന്നുകൊണ്ടിരിക്കും. ഇതിനിടയിൽ, പൂർവ്വാശ്രമത്തിൽ മുട്ടയായിരുന്ന പുഴു, ഒന്നിനുപിറകെ ഒന്നായി ഇലകൾ തിന്നു് വീർത്തു്, പറവയായി രൂപാന്തരം പ്രാപിക്കാനായി താത്കാലിക സമാധിയുടെ പ്യൂപ്പദശയിൽ പ്രവേശിക്കും. പക്ഷേ, ഒരു ശരീരത്തിൽ നിന്നും “കൊഴിഞ്ഞ” ജീവൻ ഒട്ടും കാലതാമസമില്ലാതെ മറ്റൊരു ശരീരത്തിലേക്കു് കുടിയേറുന്നതു് വർണ്ണിക്കാൻ മുട്ടയുടെയോ പ്യൂപ്പയുടെയോ പറവയുടെയോ സഹായം തേടുന്നതു് ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്നതിനാൽ, ഇലയിൽനിന്നും ഇലയിലേക്കു് നിർവിഘ്നമായി തിന്നുനീങ്ങുന്ന പുഴുവിനെ രൂപകമാക്കാൻ വേദപണ്ഡിതർ തീരുമാനിച്ചു, അത്ര തന്നെ! നമ്മുടെ മാംസത്തിൽ നമ്മൾതന്നെ കത്തി വയ്ക്കരുതല്ലോ! പുനർജ്ജന്മമെന്തെന്നോ, ഇല തിന്നുന്ന പുഴുവെന്തെന്നോ, അവ തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള പൊതുഘടകങ്ങൾ നിലനിൽക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശ്രീ ശ്രീ ദിവ്യാത്മാക്കൾക്കു് വലിയ ഗ്രാഹ്യമൊന്നുമില്ല. സാഹിത്യത്തിൽ ഇരട്ടിമധുരം ചാലിച്ച വിടുവായത്തങ്ങൾക്കു് പഞ്ഞവുമില്ല. ആത്മീയമായ കാര്യങ്ങൾ എല്ലാം പ്രതീകാത്മകമായും ദൃഷ്ടാന്തങ്ങളായും മനസ്സിലാക്കപ്പെടേണ്ടവയാണു്!

നിർദ്ദിഷ്ടമായ ആചാരങ്ങളും ചിട്ടകളും – പ്രധാനമായും പൌരോഹിത്യത്തിനു് സുഖജീവിതം സാദ്ധ്യമാക്കുന്ന നടപടിക്രമങ്ങൾ – അനുസരിച്ചു് ജീവിച്ചാൽ പുനർജ്ജന്മത്തിൽ നിന്നും മോചനം നേടി മോക്ഷപ്രാപ്തി കൈവരിക്കാം. അല്ലെങ്കിൽ പട്ടിയോ പൂച്ചയോ പുഴുവോ മറ്റോ ആയി വീണ്ടും വീണ്ടും പുനർജ്ജനിച്ചുകൊണ്ടിരിക്കും.

 
Comments Off on ഉദ്ധതരുടെ നവോത്ഥാനം

Posted by on Feb 18, 2019 in Uncategorized

 

“നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം”

കേരളത്തിന്റെ ഭാവി കുട്ടികൾ തീരുമാനിക്കട്ടെ എന്ന മുദ്രാവാക്യവുമായി അവർക്കു് നവോത്ഥാന ചരിത്രവും ഭരണഘടനയും പകർന്നു് നൽകാൻ വിദ്യാഭ്യാസവകുപ്പു് ഒരുങ്ങുന്നു എന്നൊരു വാർത്ത കുറച്ചു് ദിവസങ്ങൾക്കു് മുൻപു് കണ്ടിരുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ സംസ്ഥാനത്തു് ധ്രുവീകരണം നടക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്രെ ആ തീരുമാനം! കുട്ടികളെ നവോത്ഥാന”ചാരിത്രവും” ഭരണഘടനയുമെല്ലാം അഭ്യസിപ്പിക്കാൻ ചുമതലപ്പെട്ടവരെ കൂട്ടത്തോടെ പിടിച്ചുകെട്ടി ക്ലാസ്സിലിരുത്തി, കുട്ടികളെക്കൊണ്ടു് അവർക്കു് ക്ലാസ്സെടുപ്പിക്കുകയായിരുന്നേനെ കൂടുതൽ അർത്ഥപൂർണ്ണം. കണ്ടാമിനേറ്റഡായ മെഗഫോണുകൾ തുപ്പുന്ന വെറുപ്പിന്റെ വിഷമേറ്റു് കുട്ടികളുടെ മനസ്സിലെ വെള്ളക്കടലാസുകൾ ഒരിക്കലും തിരുത്താനാവാത്തവിധം കരിഞ്ഞു് ഉപയോഗശൂന്യമാകാതിരിക്കാൻ അതു് സഹായകമായിരുന്നേനെ!

ആരംഭശൂരത്വത്തിനു് പേരു് കേട്ടവരാണു് മലയാളികൾ. കേട്ടാൽ ഞെട്ടുന്ന, ഇടിവെട്ടു് മോഡൽ പേരുകളും, വർണ്ണശബളമായി അലങ്കരിച്ച സ്റ്റേജുകൾ കെട്ടിപ്പൊക്കിയുള്ള ഉദ്ഘാടനങ്ങളുമില്ലാത്ത ഒരു പദ്ധതി അവർക്കു് സങ്കല്പിക്കാനാവുന്ന കാര്യമല്ല. സ്വാഭാവികമായും ഈ പദ്ധതിക്കുമുണ്ടു് അത്യന്തം ആധുനികമായ ഒരു പേരു്: “നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം”. പദ്ധതിയുടെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ലെങ്കിൽ, പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല എന്നേ കരുതേണ്ടതുള്ളു. ആർഭാടപൂർവ്വമായ ഒരു ഉദ്ഘാടനത്തിനു് ശേഷമല്ലാതെ, “ചറ പറ” എഴുതി സാക്ഷരപട്ടം നേടി, കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും തകർത്തു് ദൈവകോപം വിളിച്ചു് വരുത്താൻ വിദ്യാരംഭം കുറിക്കുന്ന കേരളത്തിലെ വന്ദ്യവയോധികർപോലും ധൈര്യപ്പെടാറില്ല. നല്ല ദൈവഭയം ഉള്ളവരാണു് മലയാളികൾ. ദൈവഭയം ഇല്ലാത്ത ഒരു താന്തോന്നിക്കു് “താൻ നൊന്തുപെറ്റ മകളെ” കെട്ടിച്ചു് കൊടുക്കാൻ സുബോധമുള്ള ഒരു മലയാളിയമ്മയും തയ്യാറാവില്ല. അത്ര ആഴത്തിലാണു് മലയാളിമങ്കമാരുടെ മനസ്സിൽ ദൈവഭയത്തിന്റെ വേരുകൾ പടർന്നു് പന്തലിച്ചിരിക്കുന്നതു്!

പുറത്തു് കാണിക്കാൻ കൊള്ളാവുന്നതായി ഉള്ളിൽ ഒന്നുമില്ലാതിരിക്കുകയോ, ഉള്ളിലുള്ളതു് ആരെയും കാണിക്കാൻ കൊള്ളാത്തതായിരിക്കുകയോ ചെയ്താൽ അവ സമൂഹത്തിൽ നിന്നും ഒളിച്ചു് വയ്ക്കപ്പെടേണ്ടതുണ്ടു്. ശവക്കല്ലറകളെ വെള്ള പൂശേണ്ടിവരുന്നതു് അതുകൊണ്ടാണു്. പുറം പൂച്ചു്! മുസ്ലീമുകൾ നെറ്റിയിൽ സൃഷ്ടിക്കുന്ന നിസ്ക്കാരത്തഴമ്പു്, നസ്രാണികൾ നെറ്റിയിൽ ചാർത്തുന്ന ചാരക്കുരിശു്, ചരടിൽ തൂക്കുന്ന വെന്തിങ്ങ, മാലയിൽ തൂക്കുന്ന സ്വർണ്ണക്കുരിശു്, ഹിന്ദുക്കൾ നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന “ഹോട്ട് സ്പോട്ട്”, ശരീരത്തിൽ വരയ്ക്കുന്ന ഗ്രാഫുകൾ തുടങ്ങിയവയെല്ലാം സമൂഹം തന്നെ ആരായി കാണാനാണു് താൻ ആഗ്രഹിക്കുന്നതെന്ന ആ വ്യക്തിയുടെ പ്രഖ്യാപനങ്ങളാണു്. ബുദ്ധമതക്കാർക്കു് തല മൊട്ടയടിയോടാണു് കൂടുതൽ പ്രതിപത്തി. അവരും മുട്ടുകുത്തി പ്രാർത്ഥിക്കാറുണ്ടു്. പക്ഷേ, അവരുടെ നെറ്റിയിൽ തഴമ്പു് വീഴുന്നതായി കണ്ടിട്ടില്ല. മുട്ടുകുത്തി തറയിലേക്കു് വീഴുമ്പോൾ പരിക്കോ ആഘാതമോ ഒന്നും ഏൽക്കാതെയും, അതുവഴി പാടോ തഴമ്പോ ഒന്നും വീഴാതെയും അവരുടെ തിരുനെറ്റിയെ അവർ എങ്ങനെയാണാവോ സംരക്ഷിക്കുന്നതു്? ഒരുപക്ഷേ, അല്ലാഹു അക്ബർ എന്നതിനു് പകരം, നെറ്റിയുടെ സംരക്ഷണത്തിനു് പറ്റിയ വല്ല സൂക്തവും ചൊല്ലിക്കൊണ്ടാവും അവർ വീഴുന്നതു്. എന്തായാലും, സംഭവം ഫലപ്രദമാണു്. കർഷകവീട്ടിൽ വിരുന്നു് വന്നാൽ കോഴിക്കു് രക്ഷയില്ലെന്നപോലെ, മതബാധ ഏറ്റാൽ രക്ഷയില്ലാതാവുന്നതു് മനുഷ്യരുടെ നെറ്റിയ്ക്കാണു്. ഈവിധ അടയാളങ്ങൾ ആ വ്യക്തിയുടെ ഉള്ളിലിരുപ്പിന്റെ വ്യാജമോ സത്യസന്ധമോ ആകാവുന്ന പ്രകടനങ്ങളാണു്. എക്സിബിഷനിസത്തിന്റെ ഒരു ലൈറ്റ് വേർഷൻ എന്നോ, വകഭേദമെന്നോ, സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ചു്, വേണമെങ്കിൽ വേർതിരിക്കാവുന്ന പ്രകടനങ്ങൾ, വിൻഡോ ഡ്രസ്സിങ്ങുകൾ! ധൂപക്കുറ്റിയുമായി പള്ളിയകത്തു് റോന്തു് ചുറ്റുന്ന കപ്യാരെപ്പോലെ, ഝലഝലാരവങ്ങളും ആടയാഭരണങ്ങളും ദേഹമാസകലം മൈലാഞ്ചിയും ചന്ദനലേപവുമെല്ലാമായി പബ്ലിക് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു് രാജകീയമായി ഞെളിഞ്ഞു് നീങ്ങുന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലെ ലോറികളെ മാത്രമേ പുറം പൂച്ചിന്റെ കാര്യത്തിൽ മലയാളികൾക്കു് ഭയപ്പെടേണ്ടതായിട്ടുള്ളു.

രാജ്യത്തിന്റെ ഭരണം കുട്ടികളെ ഏല്പിക്കുകയാണു് വേണ്ടതെന്നു് ഏകദേശം രണ്ടായിരത്തി അഞ്ഞൂറു് വർഷങ്ങൾക്കു് മുൻപു് ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലൈറ്റസിനും പറയേണ്ടി വന്നിട്ടുണ്ടു്. അതിനോടൊപ്പം, എഫേസസിലെ ആ സമയത്തെ ഭരണാധികാരികൾ ഒന്നടങ്കം തൂങ്ങിച്ചാവുകയാണു് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അന്യസംസ്കാരങ്ങളിലും അന്യമനുഷ്യരിലും കാണാൻ കഴിയുന്നവയും തങ്ങളിൽ ഇല്ലാത്തവയുമായ നന്മകൾ ഏറ്റെടുത്തും, അന്യമായവയിൽ ഇല്ലാത്തതും തങ്ങളിൽ വേരുറച്ചവയുമായ തിന്മകൾ പിഴുതെറിഞ്ഞുമെല്ലാമാണു് സമൂഹങ്ങൾ വളരുന്നതു്. ഏറ്റെടുത്തവയുടെ യഥാർത്ഥ പിതൃത്വത്തിനു് അവകാശവാദം ഉന്നയിക്കാത്തിടത്തോളം അതിൽ തെറ്റൊന്നുമില്ല. ക്രിസ്തുവിനു് 1400 വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന സിസിഫസിനു് ഓരോ വട്ടവും പരാജയപ്പെടാനായി കുന്നിൻമുകളിലേക്കു് കല്ലുരുട്ടിക്കയറ്റേണ്ടിവന്നതു്, ഹോമർ പറയുന്ന പ്രകാരം, ശിക്ഷാവിധിയുടെ ഫലമായിട്ടായിരുന്നു. ആ സ്ഥിതിക്കു്, ശിക്ഷാവിധിയൊന്നും നേരിടേണ്ട ആവശ്യമില്ലാതിരുന്ന നാറാണത്തു് ഭ്രാന്തനു് അതേ കഷ്ടപ്പാടു് സ്വമേധയാ ഏറ്റെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, കല്ലുരുട്ടിക്കൊണ്ടു് വീണ്ടും വീണ്ടും മല കയറിയേ താനടങ്ങൂ എന്നാണു് നാറാണത്തിന്റെ തീരുമാനമെങ്കിൽ അവനെ അതിനു് വിടുന്നതാണു് ഭംഗി. അങ്ങനെയെങ്കിലും അവനൊരടക്കം കിട്ടിയാൽ അത്രയുമായി. അതിനു് പകരം, അവനെ പിടിച്ചു് മന്ത്രിയാക്കി, കേരളത്തെ “ഇട്ടിക്കാലനെ തോട്ടം വെട്ടാൻ ഏല്പിച്ച” അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നതിലും ഭേദമായിരിക്കുമതു്.

മനുഷ്യരെ പുരോഗതിയിലേക്കു് നയിക്കാനുതകുന്നതരം ബൌദ്ധികവും സാംസ്കാരികവുമായ ഏറ്റെടുക്കലുകളും, പങ്കു് വയ്ക്കലുകളും മനുഷ്യരുടെയിടയിലുണ്ടു്. അതിൽനിന്നും വ്യത്യസ്തമായി, കാര്യമെന്തെന്നറിയാതെ, കുരങ്ങുകളുടെ മാതൃകയിലുള്ള അന്ധമായ അനുകരണങ്ങളും കോപ്പിയടികളും നടത്താനും മടിക്കുന്നവരല്ല മനുഷ്യർ. മാവിലിരിക്കുന്ന കുരങ്ങിനെ കല്ലെറിഞ്ഞാൽ, കുരങ്ങു് തിരിച്ചു് മാങ്ങയെറിയും. കുരങ്ങിന്റെ നേരെ ചിരിച്ചാൽ, കുരങ്ങു് തിരിച്ചു് പല്ലിളിക്കും. ഒരു പാർട്ടി ചെയ്ത ചൂടാറാത്ത കൊലപാതകം ചൂണ്ടിക്കാണിക്കപ്പെട്ടാൽ, എതിർപാർട്ടി പണ്ടെന്നോ ചെയ്ത കൊലപാതകം “റിയൽ റ്റൈമിൽ” ചൂണ്ടിക്കാണിക്കുന്ന കക്ഷിരാഷ്ട്രീയക്കാരൻ ചെയ്യുന്നതും ഈ “കുരങ്ങൽ” അല്ലാതെ മറ്റൊന്നുമല്ല. ആ ചുമതല നിറവേറ്റുക എന്ന ഒരേയൊരു ലക്ഷ്യവുമായി ഓൺലൈനിൽ കുടിപാർക്കുന്ന ധാരാളം പാർട്ടിഭക്തരുണ്ടു്. കേട്ടുപഴകി ദുർഗന്ധം വമിക്കുന്ന കക്ഷിരാഷ്ട്രീയശീലുകളൊഴികെ, ഏതെങ്കിലുമൊരു വിഷയത്തിൽ മനുഷ്യനു് പ്രയോജനമുള്ള ഒരു വാക്കു് ഉച്ചരിക്കാൻ കഴിവില്ലാത്ത, പാർട്ടിഅടിമകളായ സാധുക്കൾ. കുരങ്ങുകളെപ്പോലെ അന്തസ്സാരശൂന്യമായി അനുകരിക്കുന്നതിനു് ജർമ്മൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും വാക്കുകളുണ്ടു്. “കുരങ്ങു് കളിപ്പിക്കുക” എന്നപോലെ, “കുരങ്ങുക” എന്നൊരു വാക്കു് മലയാളത്തിനും ആകാമായിരുന്നു. കുരങ്ങുക എന്ന ക്രിയാപദം സൃഷ്ടിക്കപ്പെട്ടാൽ അതിന്റെ മറ്റു് രൂപങ്ങൾ സ്വാഭാവികമായും ക്രമേണ രൂപമെടുക്കുകയും ചെയ്യുമായിരുന്നു. രൂപത്തിൽ കുരങ്ങെങ്കിലും, സത്യത്തിൽ ദൈവമായ ഹനുമാൻ കോപിച്ചാലോ എന്ന ഭയം മൂലമാവും മലയാളി ആ വാക്കു് വേണ്ടെന്നു് തീരുമാനിച്ചതു്.

കേരളത്തിലെ കുട്ടികളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശാധികാരങ്ങൾ കുറേ ക്രിമിനലുകളുടെ കയ്യിൽ ആയിരിക്കുന്നിടത്തോളം, ആ കുട്ടികളാൽ തീരുമാനിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി എങ്ങനെ ഇരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളു. ബലാൽസംഗവീരന്മാരായ പാർട്ടിശിങ്കങ്ങൾ, കോപ്പിയടിവിദദ്ധരായ നവോത്ഥാനനായകർ, ബാലപീഡകരായ ഓത്തു് വാദ്ധ്യാന്മാർ, സദാചാരസംരക്ഷകരായ ബിഷപ്പന്മാർ, അച്ചന്മാർ, തന്ത്രികൾ, മന്ത്രികൾ! അവരുടെയെല്ലാം പുറകെ, സ്വന്തം കക്ഷിയുടെ കുറ്റകൃത്യങ്ങൾ കഴുകി വെളുപ്പിക്കാനും, അന്യകക്ഷികളുടെ അതേ കുറ്റങ്ങൾ ഊതിവീർപ്പിച്ചു് പരമാവധി പെരുപ്പിച്ചു് കാണിക്കാനും സദാ സന്നദ്ധരായി നടക്കുന്ന, എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത, എത്ര കൊണ്ടാലും ഉളുപ്പോ മടുപ്പോ ഇല്ലാത്ത പോരാളിവീരന്മാരും ന്യായീകരണത്തൊഴിലാളികളും! ഈ അവസ്ഥയിൽ നിന്നുകൊണ്ടാണു് ഞങ്ങൾ സാക്ഷരമലയാളികൾ അനീതിക്കെതിരായി പോരാടുന്നതും, “നീതിയില്ലെങ്കിൽ നീ തീയ്യാവണം” എന്നും മറ്റും വലിയ വായിൽ ഫിലോസഫിക്കുന്നതും! തങ്ങളെ മേയ്ക്കാൻ ആടുകൾ ആദ്യം കുറേ ചെന്നായ്ക്കളെ തിരഞ്ഞെടുക്കും. അതിനു് ശേഷം ആടുകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ചെന്നായ്ക്കളോടു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കും. ഞങ്ങളുടെ ഇഷ്ടവിനോദമായ ഈ “ആടു്-ചെന്നായ” കളിയെ പ്രബുദ്ധരാക്ഷസരായ ഞങ്ങൾ മലയാളികൾ രാഷ്ട്രീയമെന്നു് വിളിക്കും.

ഹെറാക്ലൈറ്റസിന്റെ അഭിപ്രായം ഏറ്റെടുത്തു് കേരളത്തിന്റെ ഭാവി കുട്ടികളെ ഏല്പിക്കുമ്പോൾ, എഫേസസിലെ ഭരണാധികാരികൾ ചെയ്യേണ്ടതായി അങ്ങേർ നിർദ്ദേശിച്ച നടപടിക്രമം കൂടി കേരളത്തിലെ ഭരണാധികാരികൾ പ്രോട്ടോക്കോൾ തെറ്റിക്കാതെ നടപ്പാക്കിയാൽ നന്നായിരിക്കും.

 
Comments Off on “നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം”

Posted by on Dec 9, 2018 in Uncategorized

 

തുണിപൊക്കലിലെ ആവിഷ്കാരസ്വാതന്ത്ര്യം

ആവിഷ്കാരസ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണു്. മൗലികമായ ആ അവകാശം മനുഷ്യൻ നേടിയെടുത്തിട്ടു് അധികകാലം ആയിട്ടില്ല. ആ നേട്ടത്തിന്റെ മൊണോപൊളി അവകാശപ്പെടാനുള്ള അർഹത കമ്മ്യൂണിസ്റ്റുകൾക്കോ, ക്യാപ്പിറ്റലിസ്റ്റുകൾക്കോ, ഏതെങ്കിലും പ്രത്യേക മതത്തിന്റെ വക്താക്കൾക്കോ അല്ല. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗം കൈവരിച്ച നേട്ടമാണതു്.

ആവിഷ്കാരസ്വാതന്ത്ര്യത്തിനും വളരെ മുൻപേതന്നെ മനുഷ്യരിൽ ഉണ്ടായിരുന്ന ഒരു ഗുണമാണു് വിവേചനബുദ്ധി. ഭൂമിയിലെ തന്റെ നിലനിൽപ്പിനു് ഏറ്റവും അനുയോജ്യമായതെന്തെന്നു് തിരിച്ചറിയാനുള്ള ബുദ്ധി മൃഗങ്ങൾക്കും, ചെടികൾക്കും പോലുമുണ്ടു്. എന്നിരിക്കെ, അവയുടെ പിൻതുടർച്ചക്കാരായ മനുഷ്യർക്കു് അതിനുള്ള ശേഷി കൈമോശം വരുന്നെങ്കിൽ, അതിനു് പ്ലോസിബിളായ ഒരു കാരണമേ തോന്നുന്നുള്ളു: ചെടികളിലും മൃഗങ്ങളിലും കാണാൻ കഴിയാത്ത വിധത്തിൽ, മതത്തിന്റെയും ഐഡിയോളജികളുടെയും അടിസ്ഥാനത്തിലുള്ള മസ്തിഷ്കപ്രക്ഷാളനങ്ങൾക്കു് മനുഷ്യർ മാത്രമേ ബുദ്ധിയുറയ്ക്കാത്ത ചെറുപ്രായത്തിലേതന്നെ വിധേയരാക്കപ്പെടാറുള്ളു.

ശബരിമലയിൽ പോയി ശ്രീ അയ്യപ്പനെ കാണാനും തൊഴാനുമുള്ള സ്വാതന്ത്ര്യം യുവതികളായ സ്ത്രീകൾക്കും ലഭിക്കേണ്ടുന്ന മൗലികമായ ഒരു അവകാശമാണെന്നു് സുപ്രീം കോടതി വിധിച്ചാൽ, പിറ്റേന്നു് മുതൽ യുവതികളെല്ലാം കൂട്ടം കൂട്ടമായി ശബരിമലയിലേക്കു് ഒഴുകുമെന്നു് ഭയപ്പെടുന്നതും, അവരെ അങ്ങനെ ഒഴുക്കിയില്ലെങ്കിൽ കോടതി വഴക്കു് പറയുമെന്നു് കരുതി, “യുദ്ധകാലാടിസ്ഥാനത്തിൽ” ശബരിമലയിൽ പോലീസിനെയും പട്ടാളത്തെയും, പോരെങ്കിൽ കുറേ ഗൂർഖകളെയും, മൊത്തം റെഡ് വാളണ്ടിയേഴ്സിനെയും വിന്യസിക്കാൻ തീരുമാനിക്കുന്നതുമെല്ലാം ഒന്നുകിൽ വിവേചനബുദ്ധിയില്ലായ്മയോ, അല്ലെങ്കിൽ ചില അജണ്ടകൾ നടപ്പാക്കാനുള്ള നീക്കമോ ആയി മാത്രമേ വിലയിരുത്താനാവൂ.

ശബരിമലയിൽ തൊഴുതു് നിൽക്കുന്ന സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ഭക്തരുടെ മുഖഭാവം ശ്രദ്ധിച്ചാൽ, ആ സമയത്തു് അവർ സ്ഥിതിചെയ്യുന്നതു് ഈ ലോകത്തിലല്ല, നന്മതിന്മകൾക്കപ്പുറമുള്ള മറ്റേതോ ലോകത്തിലാണെന്നു് മനസ്സിലാക്കാൻ കഴിയും. യുക്തിക്കു് പ്രവേശനം നിഷേധിക്കപ്പെടുന്ന, വികാരത്താൽ നിയന്ത്രിക്കപ്പെടുന്ന അതുപോലൊരു ലോകത്തിന്റെ നിയമങ്ങൾ പാലിക്കപ്പെടാൻ തലമുറകളായി കണ്ടീഷൻ ചെയ്യപ്പെട്ട മനുഷ്യരെ പരസ്യചുംബനസമരത്തിന്റെ ശൈലിയിൽ നേരിടാൻ ശ്രമിക്കുന്നതു് വിവേചനബുദ്ധി ഒട്ടുമില്ലെന്നതിന്റെ മാത്രമല്ല, നല്ലൊരളവു് വിഡ്ഢിത്തം ഉണ്ടെന്നതിന്റെ കൂടിയും തെളിവാണു്.

ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവ നേടിയെടുക്കാൻ മനുഷ്യർ സമരം ചെയ്യാറുണ്ടു്. സ്ത്രീകളുമായി ബന്ധപ്പെട്ട അത്തരം സമരങ്ങളുടെ ഭാഗമായി യൂറോപ്പിൽ ചില സ്ത്രീകൾ മേൽഭാഗം നഗ്നമാക്കിയും, കീഴ്ഭാഗം നഗ്നമാക്കിയും, മേലും കീഴും ഒരുപോലെ നഗ്നമാക്കിയുമെല്ലാം തെരുവിലൂടെ ഓടാറുണ്ടു്. മനുഷ്യന്റെ നഗ്നത അത്ര വലിയ ഒരു ആനക്കാര്യമൊന്നുമല്ലാത്ത നാടുകളിൽ സ്ത്രീകൾ നഗ്നയോട്ടം നടത്തുന്നതും, കാൾ മാർക്സിന്റെ അപ്പനപ്പൂപ്പന്മാർ ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു് മുൻപത്തെ യൂറോപ്പിൽ പോലും ഇല്ലാതിരുന്ന തരത്തിലുള്ള മോറൽ ധാരണകളുമായി ജീവിക്കുന്ന ഭാരതം പോലൊരു സമൂഹത്തിൽ (യുവ)സ്ത്രീകൾ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടു് ഓടുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണു്. തുണിയുടുത്ത ഒരു പോൺസ്റ്റാർ വരുന്നു എന്നു് കേട്ടാൽ, അമ്പലങ്ങളിലെ ആനയെഴുന്നള്ളത്തുകൾക്കോ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനജാഥകൾക്കോ കൂടുന്നതിനേക്കാൾ കൂടുതൽ പുല്ലിംഗങ്ങൾ തടിച്ചു് കൂടുന്ന കേരളത്തിൽ തുണിയുടുക്കാതെ ഒരു “ആർത്തവക്കാരി” ഓടിയാലത്തെ സ്ഥിതി ആലോചിച്ചാൽ മതി.

ഒരിടത്തു് ശരിയായതുകൊണ്ടു് അതേ കാര്യം മറ്റൊരിടത്തു് ശരിയായിക്കൊള്ളണമെന്നില്ല. അതുപോലുള്ള കാര്യങ്ങൾ തിരിച്ചറിയാനാണു് മനുഷ്യനു് വിവേചനബുദ്ധിയുള്ളതു്. ഭക്തരുടെ ഭാഷയിൽ പറഞ്ഞാൽ, അതിനാണു് ദൈവം ചെടികൾക്കും മൃഗങ്ങൾക്കുമെന്നപോലെതന്നെ, മനുഷ്യർക്കും വിവേചനബുദ്ധി നൽകി അനുഗ്രഹിച്ചിരിക്കുന്നതു്. എന്തു് നൽകുമ്പോഴും ബോണസായി അല്പം അനുഗ്രഹം കൂടി നൽകുന്ന കരുണാനിധിയാണു് ദൈവം. അങ്ങേരെ നാണം കെടുത്തരുതു്.

 
Comments Off on തുണിപൊക്കലിലെ ആവിഷ്കാരസ്വാതന്ത്ര്യം

Posted by on Nov 29, 2018 in Uncategorized