RSS

യൂദവിരോധം – (1)

ദീർഘകാല മാനവചരിത്രത്തിൽ, മറ്റു് ജന/മതവിഭാഗങ്ങളിൽ നിന്നും യഹൂദർക്കു് നേരിടേണ്ടി വന്നിട്ടുള്ളത്ര വെറുപ്പും വിദ്വേഷവും പീഡനങ്ങളും യാതനകളും മറ്റൊരു ജന/മതവിഭാഗത്തിനും നേരിടേണ്ടിവന്നിട്ടില്ലെന്നു് തോന്നുന്നു.

മനുഷ്യരുടെ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും അനുസൃതമായി തികച്ചും വ്യത്യസ്തമായ സ്ഥലകാലബിന്ദുക്കളിലാണു് ചരിത്രത്തിന്റെ തുടക്കം! 1380 കോടി വർഷങ്ങൾക്കു് മുൻപു് ആരംഭിച്ച പ്രപഞ്ചചരിത്രം, 460 കോടി വർഷങ്ങൾക്കു് മുൻപു് തുടങ്ങിയ സൗരയൂഥചരിത്രം, 6000 വർഷങ്ങൾക്കു് മുൻപു് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചതോടെ നിലവിൽവന്ന ബിബ്ലിക്കൽ ലോകചരിത്രം, യേശുവിന്റെ ജനനത്തോടെ തുടങ്ങിയ ലോകചരിത്രം, മുഹമ്മദ് (സ) മെക്കയിൽ നിന്നും മെദീനയിലേക്കു് ഓടിപ്പോയതോടെ ആരംഭിച്ച ലോകചരിത്രം, ഡേവിഡ് ബെൻ-ഗൂറിയോൺ 1948-ൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ഹരിശ്രീ കുറിച്ച ലോകചരിത്രം അങ്ങനെയങ്ങനെ!

ചിന്തേരിടുന്നിടത്തു് ചീളുകൾ വീഴുമെന്നതുപോലെ, വ്യത്യസ്തരായ മനുഷ്യർ സാമൂഹികമായി ഒരുമിച്ചു് ജീവിക്കുമ്പോൾ ഇടയ്ക്കിടെ അസ്വാരസ്യങ്ങളും ലഹളകളും ഉണ്ടാവുന്നതും ക്രമേണ അവ കെട്ടടങ്ങുന്നതുമെല്ലാം സ്വാഭാവികം. യഹൂദരെയോ ക്രൈസ്തവരെയോ മുസ്ലീമുകളെയോ കാര്യകാരണസഹിതം വിമർശിക്കുന്നതും, അവർ യഹൂദരോ ക്രൈസ്തവരോ  മുസ്ലീമുകളോ ആയിരിക്കുന്നതിന്റെ മാത്രം പേരിൽ, അടങ്ങാത്ത അസഹിഷ്ണുതയും വിരോധവും വെറുപ്പും വച്ചുപുലർത്തി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതും രണ്ടും രണ്ടാണു്. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന, ആന്റിജൂഡായിസം ആന്റിസെമിറ്റിസം എന്നെല്ലാം അറിയപ്പെടുന്ന “യൂദവിരോധം” പക്ഷേ, എല്ലാ കാലഘട്ടങ്ങളിലും ലോകത്തിൽ ഉണ്ടായിരുന്ന ഒരു പ്രതിഭാസമല്ല.

പല കാരണങ്ങളാൽ പരദേശവാസികളായിരുന്നിട്ടുള്ളവരാണു് യഹൂദർ എന്നു് ബൈബിൾതന്നെ പലവട്ടം സാക്ഷ്യപ്പെടുത്തുന്നുണ്ടു്. എവിടെയൊക്കെ യഹൂദർ പരദേശികളായിരുന്നിട്ടുണ്ടോ, അവിടെയൊക്കെ അവരും ആതിഥേയസമൂഹത്തിലെ ജനങ്ങളും തമ്മിൽ ഏറിയോ കുറഞ്ഞോ ചില സംഘർഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും “യൂദവംശനശീകരണം” എന്ന നിലയിലേക്കു് ഡിജെനറേറ്റ് ചെയ്തിരുന്നവയല്ല. ഐഡിയോളജിയുടെയും, ഭാവനയുടെയും, സ്വപക്ഷന്യായീകരണത്തിന്റെയും അതിപ്രസരമുള്ള ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളിൽ ലോകചരിത്രത്തിന്റെ അരികും മൂലയും പൊട്ടും പൊടിയുമൊക്കെ ഉണ്ടായിക്കൂടെന്നില്ലെങ്കിലും, ഒബ്ജക്റ്റീവായ ചരിത്രപഠനത്തിനു് അനുയോജ്യമായവയല്ല അത്തരം കഥാകഥനങ്ങൾ.

ബൈബിളിൽ വായിക്കാൻ കഴിയുന്ന യഹൂദരുടെ ഏതാനും ചില പരദേശവാസകഥകൾ:  

യഹോവ സൃഷ്ടിച്ച ആദിമനുഷ്യനായ ആദാമിന്റെ മൂത്തമകനും, താനർപ്പിച്ച ബലിയെക്കാൾ, അനുജൻ ഹാബെൽ അർപ്പിച്ച ബലിയിൽ യഹോവ കൂടുതൽ സന്തുഷ്ടനായതിൽ അസൂയ മൂത്തു് അവനെ തല്ലിക്കൊന്നവനുമായ കയീനെ യഹോവ നോദ് എന്ന അയൽനാട്ടിലേക്കു് നാടുകടത്തുകയും, അവൻ അവിടെച്ചെന്നു് പെണ്ണുകെട്ടി ഹാനോക്കിനെ ജനിപ്പിക്കുകയും, ഒരു പട്ടണം പണിയുകയും അതിനു് ഹാനോക് എന്നു് പേരിടുകയും ചെയ്തു. (ഉല്പത്തി: അദ്ധ്യായം 4). നോദ് ദേശത്തെത്തി കുടുംബവും പട്ടണവും സ്ഥാപിച്ച കയീൻ “യൂദവിരോധം” നേരിട്ടതായി ബൈബിൾ പരാമർശിക്കുന്നില്ല.

(ഇതിൽ നിന്നും, യഹോവയായ ദൈവം ആകാശം,  ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഏദൻതോട്ടം, ആദം, ഹവ്വാ ഇത്യാദി സൃഷ്ടികൾ നടത്തിക്കൊണ്ടിരുന്നപ്പോൾ, മറ്റു് ദൈവങ്ങളും വെറുതെ ഇരിക്കുകയായിരുന്നില്ലെന്നും, അവരും ആകാശം, ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, തോട്ടങ്ങൾ, ഈച്ച, കൊതുകു്, ഞണ്ടു്, ഞവണി, കടലാമ, കരയാമ, ആണുങ്ങൾ, പെണ്ണുങ്ങൾ മുതലായ സൃഷ്ടികൾ നടത്തുകയായിരുന്നു എന്നും  കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, നോദ് ദേശത്തെത്തിയ കയീൻ ജീവിതകാലം മുഴുവൻ “കെട്ടാച്ചെക്കൻ” ആയി ജീവിച്ചു് മക്കളില്ലാതെ മരിക്കേണ്ടി വരുമായിരുന്നല്ലോ. അന്യദൈവങ്ങൾക്കു് കയീന്റെ സ്തുതിയും സ്തോത്രവും!!)

കയീന്റെ കാലം മുതലേതന്നെ യഹൂദർ പരദേശവാസികളായിരുന്നു എന്നു് സാരം.

കാലം മാറി, കഥ മാറി. മഹാപ്രളയം വന്നു, നോഹ വന്നു, പെട്ടകം വന്നു. പിന്നീടു്, നോഹയുടെ പരമ്പരയിൽപ്പെട്ട തേരഹ് വന്നു. അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. സൊദോം-ഗൊമോര ഫെയിം ലോത്തിനെ ജനിപ്പിച്ച ഹാരാൻ തേരഹിനും മുന്നേ മരിച്ചുപോയി.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ഈജിപ്റ്റിലെ പരദേശവാസം:

തേരഹിന്റെ മരണശേഷം, യഹോവയായ ദൈവത്തിന്റെ അരുളപ്പാടു് പ്രകാരം, കനാൻ ദേശത്തു് ചെന്നു് വസിക്കുകയായിരുന്ന അബ്രാം (അബ്രഹാം/ഇബ്രാഹിം) കനാനിൽ കഠിനമായ ക്ഷാമം ഉണ്ടായപ്പോൾ ഭാര്യക്കും ലോത്തിനുമൊപ്പം മിസ്രയിമിലേക്കു് (ഈജിപ്റ്റ്) കുടിയേറുകയുണ്ടായി. സുന്ദരിയായ തന്റെ ഭാര്യ സാറായിയെ (പിൽക്കാലത്തെ സാറ) സ്വന്തമാക്കാനായി മിസ്രയിമ്യർ തന്നെ കൊല്ലുമെന്നു് ഭയന്ന അബ്രാം അവൾ തന്റെ സഹോദരിയാണെന്നു് അവളെക്കൊണ്ടു് നുണ പറയിച്ചു. അങ്ങനെ, ഫറവോന്റെ അരമനയിൽ പോകേണ്ടിവന്ന സാറായി നിമിത്തം അബ്രാമിനെ ഫറവോ വളരെ സമ്പന്നനാക്കിയപ്പോൾ, പതിവുപോലെ യഹോവ ഇടപെടുകയും ഫറവോയെയും കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അതോടെ കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടിയ ഫറവോ അബ്രാമിനെ അവനുള്ളതൊക്കെയുമായി മിസ്രയിമിൽ നിന്നും പറഞ്ഞയച്ചു. മടങ്ങിയെത്തിയപ്പോൾ, അവരുടെ ഇടയന്മാർ തമ്മിലുണ്ടായ പിണക്കം മൂലം പരസ്പരം പിരിയാൻ  ഉഭയസമ്മതപ്രകാരം തീരുമാനിച്ചു്, അബ്രാം കനാനിലും ലോത്ത് യോർദ്ദാനരികെയുള്ള സൊദോം-ഗൊമോര പ്രദേശത്തുമായി കുടിപാർത്തു. (ഉല്പത്തി: അദ്ധ്യായം 12, 13). അതിഥിയായി വന്നു് തന്നെ കബളിപ്പിച്ചു് സമ്പന്നനായ അബ്രഹാമിനെ, പെണ്ണും പിടക്കോഴിയും സമ്പത്തും സഹിതം മടക്കി അയച്ചതല്ലാതെ, “വംശഹത്യ” പോലുള്ള യൂദവിരോധമൊന്നും അക്കാലത്തെ ഫറവോ പ്രകടിപ്പിച്ചതായി ബൈബിളിൽ കാണുന്നില്ല.

യാക്കോബിന്റെയും അവന്റെ മക്കളായ പന്ത്രണ്ടു് ഗോത്രപിതാക്കളുടെയും ഈജിപ്റ്റിലെ പരദേശവാസം:

തന്നോടു് ഒരു രാത്രി മുഴുവൻ മല്ലുപിടിച്ചു് ജയിച്ചതിന്റെ പേരിൽ, യഹോവ “യിസ്രായേൽ” എന്ന പേരു് നൽകി ആദരിച്ചവനും, പന്ത്രണ്ടു് ഗോത്രപിതാക്കളുടെ പിതാവുമാണു് അബ്രഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകൻ യാക്കോബ്. യാക്കോബ് അധികം സ്നേഹിച്ച മകനും സ്വപ്നം വ്യാഖ്യാനിക്കാൻ കഴിവുണ്ടായിരുന്നവനുമായ യോസേഫിനെ, അസൂയ മൂത്ത സഹോദരങ്ങൾ 20 വെള്ളിക്കാശിനു് മിദ്യാന്യകച്ചവടക്കാരായ യിശ്മായേല്യർക്കു് വിറ്റശേഷം, ആടിന്റെ രക്തത്തിൽ മുക്കിയ അവന്റെ നിലയങ്കി കാണിച്ചു് അവനെ വന്യമൃഗം കൊന്നു എന്നു് യാക്കോബിനെ വിശ്വസിപ്പിച്ചു. മിദ്യാന്യർ യോസേഫിനെ ഫറവോയുടെ അകമ്പടിനായകനായ പോത്തീഫറിനു് മറിച്ചുവിറ്റു. ഫറവോ കണ്ട ഒരു സ്വപ്നം സന്ദർഭവശാൽ ശരിയായി വ്യാഖ്യാനിച്ചതിന്റെ പേരിൽ അവൻ യോസേഫിനെ മിസ്രയിമിന്റെ മൊത്തം മേലധികാരിയാക്കി.

ക്ഷാമം വന്നപ്പോൾ, ധാന്യത്തിനായി മിസ്രയിമിൽ എത്തിയ സഹോദരങ്ങളെ തിരിച്ചറിഞ്ഞ യോസേഫ്, യാക്കോബിനെയും കുടുംബത്തെയും മിസ്രയിമിൽ എത്തിക്കുകയും അവിടെ കുടിപാർപ്പിക്കുകയും ചെയ്തു. ഈ യിസ്രായേല്യരുടെ പിൻഗാമികളെയാണു് പിൽക്കാലത്തു് മോശെ നാല്പതു് വർഷങ്ങളെടുത്തു് പാലും തേനുമൊഴുകുന്ന കനാൻ ദേശത്തേക്കു് നയിച്ചതു്. ഞാൻ വളരെ ചുരുക്കി ഇവിടെ വിവരിച്ച യോസേഫ് ചരിതത്തിന്റെ അല്പം നീണ്ട വിശദാംശങ്ങൾ അറിയണമെന്നുള്ളവർ (ഉല്പത്തിപ്പുസ്തകത്തിലെ 37 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങൾ വായിക്കുക!).

യാക്കോബ് മരിച്ചപ്പോൾ, മരിക്കുമ്പോൾ തന്നെ മിസ്രയീമിൽ അടക്കാതെ, കനാനിലെ തന്റെ പിതാക്കന്മാരുടെ ശ്മശാന ഭൂമിയിൽ അടക്കണമെന്ന അന്ത്യാഭിലാഷപ്രകാരം, കനാനിലെ കല്ലറയിൽ കൊണ്ടുപോയി അടക്കാനും, യോസേഫിന്റെ കുടുംബത്തോടൊപ്പം തന്റെ ഭൃത്യരും കോവിലധികാരികളും മിസ്രയീം പ്രമാണിമാരും അടങ്ങുന്ന വലിയൊരു കൂട്ടത്തെ ആ യാത്രയെ അനുഗമിക്കാനും അനുവദിച്ചതല്ലാതെ, അക്കാലത്തെ ഫറവോയും ആന്റിജൂഡായിസമൊന്നും കാണിച്ചില്ല. അതുപോലെ, മോശെയുടെ നേതൃത്വത്തിൽ മിസ്രയിം വിട്ടുപോകാൻ ശ്രമിച്ചപ്പോൾ യൂദരെ അതിൽനിന്നും പിൻതിരിപ്പിക്കാനല്ലാതെ, അവരുടെ “വംശഹത്യ” അപ്പോൾ മിസ്രയീം ഭരിച്ചിരുന്ന ഫറവോയുടെയും ലക്ഷ്യമായിരുന്നില്ല.

“ബാബിലോണിയൻ എക്സൈൽ” എന്നറിയപ്പെടുന്ന യഹൂദരുടെ പരദേശവാസം:

BC 597-ൽ നെബൂഖദ്നേസർ II എന്ന ബാബിലോണിയൻ രാജാവു് യൂദാ രാജ്യത്തെ ആക്രമിച്ചു് കീഴടക്കുകയും, ശലോമോൻ പണികഴിപ്പിച്ച യേരുശലേം ദേവാലയം തകർക്കുകയും ചെയ്തു് യഹൂദരെ തടവുകാരാക്കി ബാബിലോണിൽ എത്തിച്ചതുമുതൽ, BC 539-ൽ പേർഷ്യൻ രാജാവു് കൈറോസ് II ബാബിലോൺ ആക്രമിച്ചു് കീഴടക്കുകയും യഹൂദരെ മടങ്ങാൻ അനുവദിക്കുകയും ചെയ്തതുവരെയുള്ള കാലഘട്ടമാണു്  “ബാബിലോണിയൻ എക്സൈൽ”. (എസ്രാ അദ്ധ്യായം 1, 2; നെഹെമ്യാവ് അദ്ധ്യായം 7)

യൂദരുടെ മതപരമായ താല്പര്യസംരക്ഷണാർത്ഥം, “ബാബേൽ നദികളുടെ തീരത്തു് ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. നാശം അടുത്തിരിക്കുന്ന ബാബേൽ പുത്രിയേ, നീ ഞങ്ങളോടു് ചെയ്തതുപോലെ നിന്നോടു് ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു് പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ” എന്നെല്ലാം ബൈബിളിൽ സങ്കീർത്തനക്കാരൻ പാടുന്നുണ്ടെങ്കിലും, (സങ്കീർത്തനങ്ങൾ: അദ്ധ്യായം 137) ബാഹ്യമായി നോക്കുമ്പോൾ, യഹൂദർ ബാബിലോണിൽ നയിച്ചിരുന്നതു് സുഖകരമായ ജീവിതമായിരുന്നു

“ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്” എന്ന പക്കാ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ യൂദമതത്തിന്റെ അടിത്തറയിൽനിന്നു് ആദ്യം രൂപമെടുത്ത ക്രിസ്തുമതത്തിലും, ഇവ രണ്ടിന്റെയും അടിസ്ഥാനത്തിൽ പുതിയ വ്യാഖ്യാനവുമായി ഉരുത്തിരിഞ്ഞ ഇസ്ലാമിലുമാണു് യൂദരുടെ ഉന്മൂലനം ലക്ഷ്യമാക്കുന്ന തരത്തിൽ അപകൃഷ്ടമായ യൂദവിരോധത്തിന്റെ വേരുകൾ തേടേണ്ടതു്.

(ചരിത്രപരമായി രേഖകളുള്ള, “pogrom” എന്നു് വിളിക്കാവുന്ന ആദ്യത്തെ “യൂദവിരോധം”, AD 38-ൽ ഈജിപ്റ്റിലെ അലക്സാൻഡ്രിയയിലാണു് നടന്നതു്. അതും തുടർചരിത്രവും അടുത്തതിൽ.)

 
Comments Off on യൂദവിരോധം – (1)

Posted by on Oct 20, 2023 in Uncategorized