ലുങ്കി ഒരു വെഴ്സറ്റൈൽ യൂട്ടിലിറ്റിയാണു്. “ഒന്നുകൊണ്ടു് എല്ലാം!” അതാണു് ലുങ്കി ജനക്കൂട്ടത്തിനു് നൽകുന്ന വാഗ്ദാനം. ഇന്നലെ പറഞ്ഞതു് ഇന്നത്തേക്കു് മറക്കുന്ന പിണറായി വിജയനെപ്പോലെയല്ല; ലുങ്കിയുടെ വാക്കു് വിശ്വാസയോഗ്യമാണു്. താൻ പറഞ്ഞതു് പാലിക്കുന്നതാണു് ലുങ്കിയുടെ രീതി. തെങ്ങു് ഒരു കല്പവൃക്ഷമാണു്; ലുങ്കി ഒരു കല്പവസ്ത്രമാണു്.
ലുങ്കിയുടെ എണ്ണമറ്റ ഗുണങ്ങളിൽ ചിലതു്:
ഉടുക്കാം, പുതയ്ക്കാം, കുളിച്ചു് തോർത്താം, താറുടുക്കാം, നെഞ്ചൊപ്പം ഉയർത്തി ഉടുത്താൽ മുലക്കച്ചയും അരക്കച്ചയും ഒറ്റ ഫ്രെയിമിൽ ഒതുക്കാം, മടക്കിക്കുത്താം, ഫിറ്റ് ചെയ്യാൻ ബെൽറ്റ് വേണ്ട, ഉണ്ടായാലും ഒരു പ്രശ്നവുമില്ല, ഏതെങ്കിലും എംബസിയിൽനിന്നു് കനമുള്ള വല്ലതും കിട്ടിയാൽ മടിയിൽ ഭദ്രമായി തിരുകി ആരും കാണാതെ, “pollice” സംഘം സ്ഥിരം കാവലുള്ളതും, മുൾവേലിയാൽ സുരക്ഷിതമാക്കിയതുമായ “ആയുഷ്ക്കാല” ഔദ്യോഗിക വസതിയിലെത്തിച്ചു് ഒളിപ്പിച്ചുവയ്ക്കാം, മടിയിൽ കനമില്ലാത്തവരായ “ലെസ് ലഗേജ് മോർ കംഫർട്ട്” പ്രത്യയശാസ്ത്രജ്ഞർ കടാപ്പുറത്തെത്തുമ്പോൾ കാണേണ്ടിവരുന്ന പങ്കായം പോലുള്ള അപ്രതീക്ഷിതമായ മാരകായുധഭീഷണികളിൽനിന്നും ഒട്ടും കാലതാമസമില്ലാതെ, തത്ക്ഷണം പറിച്ചെറിഞ്ഞു് ജീവനുംകൊണ്ടോടി ആദ്യം കാണുന്ന കാറിലോ ഓട്ടർഷയിലോ കയറി വിപ്ലവകരമായി തടി കയ്ച്ചിലാക്കാം!
നിറം കറുപ്പല്ലെങ്കിൽ, അശോകസ്തംഭത്തിലെ സിംഹങ്ങളുടെ എണ്ണംപോലെ, മൂന്നോ, നാലോ, നാല്പതോ ആയി മടക്കി മാസ്ക്കാക്കിയാൽ കോവിഡ് – 19 വൈറസിനെ തുരത്താം. നിറം കറുപ്പാണെങ്കിൽ അതേ മാസ്ക്ക് കാണിച്ചാൽ മതി, സാക്ഷാൽ “കാരണ-വർ-ഭൂതത്തെ” പോലും പമ്പയും ഗോദാവരിയും കടത്താം.
സമൂഹത്തിൽ നിലയും വിലയും സ്വാധീനവും ഉണ്ടാക്കിയെടുക്കാൻ കൊതിക്കുന്ന മനുഷ്യർക്കു്, ലുങ്കിയുടെ ഉപയോഗങ്ങളെയും, ഉപകാരങ്ങളെയും, ജീവിതശുദ്ധിയിൽ ലുങ്കിയുടെ പങ്കിനെപ്പറ്റിയും സാമാന്യജനങ്ങളെ സ്റ്റഡിക്ലാസ്സുകളിലൂടെ ബോധവത്കരിക്കാം.
കഥാപ്രസംഗങ്ങളുടെ മോഡലിൽ, കഥയില്ലാക്കഥനങ്ങൾ തന്മയത്വമായി പൊതുസദസ്സുകളിൽ കോരിവിളമ്പി, സ്വന്തം വീരകഥാകഥനങ്ങൾ പരസ്യബോർഡുകളിലൂടെ ലോകസമക്ഷം വാരിവിതറി, “സാക്ഷരജനത്തിന്റെ” കണ്ണുവെട്ടിച്ചുകൊണ്ടല്ലാതെ, ഏതെങ്കിലുമൊരു സമൂഹത്തിൽ “വീര-കോര-കള്ള-ശൂര-കട്ട-ബൊമ്മന്റെ” ആലക്തിക വീരപരിവേഷം ഒരുവിധം ഒപ്പിച്ചെടുക്കാൻ ഇന്നുവരെ ഒരു “ചരിത്രപുരുഷനും” കഴിഞ്ഞിട്ടില്ലതന്നെ!
ചുരുക്കത്തിൽ, എന്തിനുംപോന്ന, എല്ലാം ഉൾക്കൊള്ളുന്ന, അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് “ഓൾ ഇൻ വൺ” കളക്റ്റീവ് ഫെസിലിറ്റിയാണു്, യൂക്ലിഡിയൻ ജ്യോമട്രിയിലെ കാർട്ടീസിയൻ കോഓർഡിനേറ്റ്സിലെ റ്റൂ ഡൈമെൻഷണൽ സ്പെയ്സിൽ “നീറിയമരാൻ വിധിക്കപ്പെട്ടു്”, ഗതിമുട്ടിയ സ്വന്തം അഭിശപ്തജീവിതം തള്ളിനീക്കുമ്പോഴും, “കർവിലീനിയർ റീമാനിയൻ സ്പെയ്സ്-ടൈം മാനിഫോൾഡുകളിൽ”, ആർക്കും നിഷേധിക്കാനാവാത്തവിധം സ്വന്തം വ്യക്തിത്വം, സ്വപ്രയത്നത്തിലൂടെ അരക്കിട്ടുറപ്പിക്കാനായി നടത്തിയ ഭഗീരഥപ്രയത്നത്തിൽ അമ്പേ വിജയിച്ച, നീളവും വീതിയുമുണ്ടെങ്കിലും, പ്രായോഗികമായി ഘനം പൂജ്യമായ, മല്ലുക്കളുടെ ജീവാത്മാവും പരമാത്മാവുമായ സാക്ഷാൽ ലുങ്കി!
ഹൈൽ ലുങ്കി! വാഴ്ക, വാഴ്ക ലുങ്കീ! നീണാൾ വാഴ്ക ലുങ്കീ!!