വ്യത്യസ്തഭാരമുള്ള രണ്ടു് വസ്തുക്കൾ തുല്യ ഉയരത്തിൽ നിന്നും താഴേക്കു് വീണാൽ ഭാരം കൂടുതലുള്ള വസ്തു ആദ്യം തറയിലെത്തുമെന്ന അരിസ്റ്റോട്ടിലിന്റെ (BC 384 – 322) സിദ്ധാന്തം തെറ്റാണെന്നും, അവ തറയിലെത്തുന്നതു് ഒരേ സമയമായിരിക്കുമെന്നും ലോകത്തിനു് കാണിച്ചുകൊടുക്കാൻ അരിസ്റ്റോട്ടിലിനു് ഏകദേശം 2000 വർഷങ്ങൾക്കു് ശേഷം ജീവിച്ചിരുന്ന ഗലീലിയോ ഗലീലൈ (AD 1564-1642) വേണ്ടിവന്നു. അതിനുവേണ്ടി ഗലീലൈ നടത്തിയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളാണു്, മറ്റു് പലതിനുമെന്നപോലെ, ന്യൂട്ടന്റെ ചലനനിയമങ്ങൾക്കും, ഐൻസ്റ്റൈന്റെ റിലേറ്റിവിറ്റി തിയറികൾക്കും, ആധുനികമായ ബ്ളാക്ക് ഹോൾ തിയറിക്കുമെല്ലാം അടിത്തറ പാകിയതു്.
“എനിക്കു് കൂടുതൽ ദൂരത്തേക്കു് കാണാൻ കഴിഞ്ഞെങ്കിൽ, അതു് ഞാൻ ഭീമന്മാരുടെ തോളിൽ നിന്നതുകൊണ്ടാണു്” എന്നു് ഐസക് ന്യൂട്ടൺ.
(ന്യൂട്ടൺ തോളിൽ കയറി നിന്നവരിൽ ചിലർ: ഹീലിയോസെൻട്രിക് മോഡലിന്റെ ഉപജ്ഞാതാവായ നിക്കോളാസ് കോപ്പർനിക്കസ്, ഗ്രഹങ്ങളുടെ ചലനങ്ങളെപ്പറ്റിയുള്ള മൂന്നു് നിയമങ്ങൾ രൂപീകരിച്ച യോഹാന്നസ് കെപ്ലർ, ഭൂമിയുടെ ഗ്രാവിറ്റേഷണൽ ഫീൽഡിൽ സ്വതന്ത്രമായി വീഴുന്ന ഒരു വസ്തു പിന്നിടുന്ന ദൂരവും സമയവും തമ്മിലുള്ള ബന്ധവും, പെൻഡുലത്തിന്റെ ഓസിലേഷൻ പീരിയഡുമെല്ലാം തിട്ടപ്പെടുത്തിയ ഗലീലിയോ ഗലീലൈ, പ്രകാശത്തിന്റെ തരംഗസിദ്ധാന്തവും, സെൻട്രിപെറ്റൽ ഫോഴ്‌സിന്റെയും, സെൻട്രിഫ്യൂഗൽ ഫോഴ്‌സിന്റെയും സ്റ്റാൻഡേർഡ് ഫോർമ്യുലകളുമെല്ലാം കണ്ടുപിടിച്ച ക്രിസ്റ്റ്യാൻ ഹയ്‌ഗെൻസ്, … …)
ഒരു ചുറ്റികയും, ഒരു പക്ഷിത്തൂവലുമായിരുന്നിരിക്കണം അരിസ്റ്റോട്ടിൽ ഒരുമിച്ചു് തറയിലേക്കിട്ടതു്. ചുറ്റികയ്ക്കു് തൂവലിനേക്കാൾ എളുപ്പം എയർ റെസിസ്റ്റൻസിനെ നേരിടാൻ കഴിയുമല്ലോ. 1971-ൽ എയർ റെസിസ്റ്റൻസില്ലാത്ത ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-15 ആസ്ട്രോണോട്ട് ഡേവിഡ് സ്കോട്ട് ഗലീലിയോയുടെ സിദ്ധാന്തം തെളിയിക്കാനായി ഒരു ചുറ്റികയും തൂവലും ഒരേസമയം താഴേക്കിടുകയുണ്ടായി. വേണ്ടവർക്കു് അതിന്റെ ഒരു ചെറിയ വീഡിയോ ഇവിടെ കാണാം.
അരിസ്റ്റോട്ടിലിന്റെ ഭൗതികശാസ്ത്രസിദ്ധാന്തത്തിനു് ഏകദേശം 2000 വർഷങ്ങൾ ചോദ്യം ചെയ്യപ്പെടാതെ ലോകത്തിൽ നിലകൊള്ളാമെങ്കിൽ, ദൈവപുത്രന്റെ മരിച്ചുയിർപ്പുപോലൊരു ആത്മീയസിദ്ധാന്തത്തിനും, ചന്ദ്രനെ പിളർത്തിയ അല്ലാഹു സിദ്ധാന്തത്തിനും, “മോശമായ ഇന്നു് എന്റേതു്, നല്ലതായ മറ്റന്നാൾ നിന്റേതു്” എന്ന മാർക്സിയൻ ഐഡിയോളജിക്കൽ സിദ്ധാന്തത്തിനുമെല്ലാം ലോകാവസാനത്തോളം നെഞ്ചുവിരിച്ചു് നിലകൊള്ളാം. “നീ എന്തു് കോപ്പാടാ കോപ്പേ ഈ പറയുന്നേ?” എന്നു് ആ സിദ്ധാന്തത്തെ ചോദ്യം ചെയ്യാൻ തന്റേടമുള്ള ഒരു ഗലീലിയോ ഉണ്ടാവരുതെന്നേയുള്ളു. അഥവാ ഉണ്ടായാൽത്തന്നെ, “പ്രസ്ഥാനത്തിനുവേണ്ടി” ചോര കൊടുക്കാനും, തലവെട്ടാനും, കൈവെട്ടാനും, കാൽവെട്ടാനും, കുതികാൽവെട്ടാനും, 51 വെട്ടു് വെട്ടാനും, “വിപരീതമായ മാനസികാവസ്ഥ മൂലം” തുടലിലിട്ടു് പൂട്ടാനും, മടൽവെട്ടിയടിക്കാനുമെല്ലാം രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ “പുകസ-പുംസക-നപുംസക” ചാവേറുകൾ “അണിയണിയായ്, പടയണിയായ്, നിരനിരയായ്, കൊണകൊണയായ്, കുതികുതിച്ചു്” എത്തുമെന്നിരിക്കെ, Everything’s hunky-dory!, Everything’s Tutti paletti!!
സിദ്ധാന്തകർത്താവു് അരിസ്റ്റോട്ടിൽ ആയതിനാൽ, ഭാരം കുറഞ്ഞ വസ്തു ആദ്യം ഭൂമിയിലെത്തും എന്നായിരുന്നു അങ്ങേർ പറഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ ആളുകൾ അതും വെള്ളം തൊടാതെ വിഴുങ്ങിയേനെ! ഒരു അഥോറിറ്റി ഒരു കാര്യം പറഞ്ഞാൽ അതു് തെറ്റാവാൻ വഴിയില്ല എന്ന മനുഷ്യരുടെ വിശ്വാസം ഇടിച്ചാൽ പൊട്ടാത്തതാണു്.
ഉദാഹരണത്തിനു്, ഇന്നു് ഉമ്മസമരമാണു്, എല്ലാ സഖാക്കളും വഴിയിൽ കാണുന്നവരെയെല്ലാം ഉമ്മവച്ചു് സമരം ചെയ്യണം എന്നു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രീം ലീഡർ സഖാവു് പിണറായി വിജയൻ അരുളിച്ചെയ്താൽ, ഏതെങ്കിലുമൊരു നവോത്ഥാനകമ്മിസഖാവു് അങ്ങനെ ചെയ്യാതിരിക്കുമോ? ഇല്ല! അല്ലെങ്കിൽ, ആർക്കും കോഴിക്കൂട്ടിലിരുന്നു് ഉമ്മിക്കാം, കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കരുതു് എന്നു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രീം ലീഡർ സഖാവു് പിണറായി വിജയൻ അരുളിച്ചെയ്താൽ, ഏതെങ്കിലുമൊരു നവോത്ഥാനശശിസഖാവു് കോഴിക്കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കാൻ തയ്യാറാകുമോ? ഇല്ല!
വെളിച്ചപ്പാടിന്റെ അരുളപ്പാടിനു് വിരുദ്ധമായി കോഴിക്കൂട്ടിനു് വെളിയിലിറങ്ങി ഉമ്മിക്കാൻ തയ്യാറാകുന്ന അന്യവിശ്വാസികളായ കോഴികളെ, “പ്രസ്ഥാനത്തിനുവേണ്ടി” ചോര കൊടുക്കാനും, തലവെട്ടാനും, കൈവെട്ടാനും, കാൽവെട്ടാനും, കുതികാൽവെട്ടാനും, 51 വെട്ടു് വെട്ടാനും, “വിപരീതമായ മാനസികാവസ്ഥ മൂലം” തുടലിലിട്ടു് പൂട്ടാനും, മടൽവെട്ടിയടിക്കാനുമെല്ലാം സർവ്വാത്മനാ സന്നദ്ധരായി “അണിയണിയായ്, പടയണിയായ്, നിരനിരയായ്, കൊണകൊണയായ്, കുതികുതിച്ചു്” അഹമഹമികയാ ഇടിച്ചുകയറുന്ന രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ “പുകസ-പുംസക-നപുംസക” ചാവേറുകൾ വെറുതെ വച്ചേക്കുമോ? ഇല്ല!
അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് വ്യക്തിസ്വാതന്ത്ര്യം! അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത! അതാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ശാസ്ത്രാധിഷ്ഠിത-വൈരുദ്ധ്യാത്മക-പ്രബോധോദയവിപ്ലവം! രാജാവിന്റെ “ഡൈമൺ ഗുലാനെ” “ഇസ്പേഡ് തുറുപ്പിന്റെ” ഏഴാംകൂലിയിട്ടു് വെട്ടാനുള്ള പാർട്ടിസഹജവും, മതസഹജവും, ഭക്തസഹജവുമായ വൈക്ലബം ചുറ്റികയ്ക്കു് തലയിൽ അടിച്ചു് പൊട്ടിക്കാനോ, അരിവാളിനു് കഴുത്തിൽ വെട്ടി മുറിക്കാനോ കഴിയില്ലതന്നെ!!
“വിശ്വാസം അതല്ലേ എല്ലാം” എന്നു് ചെന്നായ്ക്കൾ ചൊല്ലിക്കൊടുത്താൽ, അതേറ്റുപാടിയും, കിറ്റുതുറന്നും, ആനാംവെള്ളം തളിച്ചും, ധൂപക്കുറ്റി വീശിയും അവർ വിതറുന്ന ധാന്യമണികൾ കൊത്തിത്തിന്നും നക്കിത്തിന്നും തൃപ്തിപ്പെടുന്നതാണു് നേർച്ചക്കോഴികളുടെ ഒരു രീതി. ഓരോ നേർച്ച കഴിയുമ്പോഴും കോഴികളുടെ എണ്ണം അത്ഭുതകരമായി കുറയാറുണ്ടെന്നതിനാൽ, കൂടുതൽകൂടുതൽ നവകോഴികൾക്കു് നിരന്തരം ജന്മം നൽകി ഓവർകൊമ്പൻസേറ്റ് ചെയ്തുകൊണ്ടിരിക്കാൻ നേർച്ചക്കോഴികൾ ശ്രദ്ധിക്കാറുണ്ടു്. പല നേർച്ചക്കോഴികളുടെയും പ്രധാന ഹോബിപോലും അതാണു്.
“ഡ്യൂക്കിലി” രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന മാഫിയാനേതാക്കളും, ആടും ദൈവം, പാടും ദൈവം, കൊറോണ കണ്ടാൽ മുങ്ങും ദൈവങ്ങളും കസ്റ്റമേഴ്‌സിനായി കാഴ്ചപ്പെട്ടകങ്ങളിൽ നിരത്തിവച്ചിരിക്കുന്ന സ്വർഗ്ഗവും, സ്വർണ്ണവും, ഈന്തപ്പഴങ്ങളും, കേരളസ്ക്കോച്ചും, കിറ്റും വീടും പള്ളിക്കൂടവും, ആനമയിലൊട്ടകങ്ങളുമെല്ലാം “വലിയ വില കൊടുത്തു്” വാങ്ങി പോക്കറ്റിൽ തിരുകുന്നവരാണു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന കേരളീയരിൽ ഭൂരിഭാഗവും എന്നിരിക്കെ, നേർച്ചക്കോഴികളുടെയും, അരിസ്റ്റോട്ടിൽ മുതൽ ഗലീലിയോ വരെയുള്ള കാലഘട്ടത്തിൽ ലോകത്തിൽ ജീവിച്ചിരുന്ന പഴയകാലമനുഷ്യരുടെയും ആവക പെരുമാറ്റരീതികളെ ആർക്കു് കുറ്റപ്പെടുത്താനാവും? അത്തരം കെണികളിൽ വീഴാൻ തയ്യാറാകാത്തവരെ വായിൽ തോന്നുന്ന തെറി മുഴുവൻ വിളിച്ചുപറഞ്ഞു് അവഹേളിക്കാനും, തക്കത്തിനു് കിട്ടിയാൽ തട്ടിക്കളയാനും മടിക്കാത്തവരാണു് ദൈവത്തിന്റെ അമ്മായിയമ്മയുടെ സ്വന്തം നാട്ടിലെ സർവ്വജ്ഞാനികൾ എന്നു് ഭാവിക്കുന്ന കേരളീയർ എന്നിരിക്കെ, അക്കാര്യത്തിൽ അവർ ഒരുപടികൂടി മുന്നിലാണു് എന്നു് തലകുലുക്കി സമ്മതിക്കാതിരിക്കാൻ ആർക്കു് കഴിയും?
ഇപ്പറഞ്ഞ കാര്യത്തിൽ സിവിലോ ക്രിമിനലോ ആയ സംശയമുള്ളവർ ബന്ധപ്പെട്ട കക്ഷികളുടെ അനുയായികൾ കേൾക്കെ പിണറായി വിജയനെയോ, അമൃതാന്ദമയിഅമ്മയെയോ, ബിഷപ്പ് യോഹന്നാൻ ദ ഡക്കിനെയോ, മുടിപ്പള്ളി മുസ്ല്യാരെയോ, ലാലേട്ടനെയോ, ഇക്കയെയോ, മറ്റിനം സ്വദേശ-പരദേശ അമ്മായിമാരെയോ അപ്പാവിമാരെയോ, എന്തിനു്, രമേശ് ചെന്നിത്തലയെപ്പോലുമോ, മനസ്സിരുത്തി കൂലങ്കഷമായി വിമർശിച്ചാൽ നിജസ്ഥിതി ബോദ്ധ്യപ്പെട്ടു് നിർവാണമടയാം – വിമർശനശേഷം വിമർശിക്കുന്ന കക്ഷി ജീവനോടെ ഇരുന്നാൽ മാത്രം!
വാഹനങ്ങളാലും ട്രാഫിക് തെമ്മാടികളാലും No.1 കേരളത്തിലെ റോഡുകൾ നിബിഡമാണെന്നു് മറക്കാതിരിക്കുക! “Toyota Innova” is in “left sided hemiplegic” Kerala omnipresent!
അതുകൊണ്ടു് നേർച്ചക്കോഴികൾക്കു് വിമർശനസ്വാതന്ത്ര്യമില്ല എന്നർത്ഥമില്ല. ചെന്നായ്ക്കളെ ആരാധിക്കുന്ന കോഴിഗോത്രത്തിൽ ചെന്നു് കുറുക്കന്മാരെ വിമർശിക്കുന്നതിൽ തെറ്റില്ല. വിമർശനത്തിന്റെ ഗുമ്മനുസരിച്ചു് ഔദ്യോഗികപദവികൾവരെ ലഭിച്ചെന്നും വരാം. പക്ഷേ, ചെന്നായ്ക്കളെ വെറുക്കുന്ന കോഴിഗോത്രത്തിൽ ചെന്നു് ചെന്നായ്ക്കൾക്കു് ഹാലേലുയ്യ പാടിയാൽ, ഫലം ധനനഷ്ടവും മാനഹാനിയും ആത്മനാശവും വംശനാശവും ആയിക്കൂടെന്നില്ല. ബിജെപ്പിയെ വിമർശിക്കുന്നിടത്തുചെന്നു് ബിജെപ്പിയെ അല്ലാതെ, സിപിഎമ്മിനെ വിമർശിക്കരുതെന്നു് സത്യപ്രതിജ്ഞാസംസ്കൃതം.