RSS

Monthly Archives: May 2019

മസാല – ബോണ്ട് മുതൽ ദോശ വരെ

കടം വാങ്ങുന്ന പണം മിച്ചം വയ്ക്കുന്ന പണത്തേക്കാൾ എപ്പോഴും കുറവായിരിക്കുമെന്ന ധനതത്വശാസ്ത്രനിയമം മനസ്സിലാക്കാൻ ജർമ്മനിയുടെ “പെൻഷൻ അഡ്ജസ്റ്റ്മെന്റ് ഫോർമ്യുല” ഡിറൈവ് ചെയ്യാൻ കഴിയുന്നവർക്കേ സാധിക്കൂ എന്നില്ല. ആയിരം രൂപ മാത്രം മാസവരുമാനമുള്ള ഒരുവൻ മാസം തോറും ആയിരത്തിഒന്നു് രൂപ വീതം ചിലവാക്കിയാൽ, വർഷാവസാനം വരവും ചിലവും ക്രമീകരിക്കാൻ അവനു് പന്ത്രണ്ടു് രൂപ കടം വാങ്ങേണ്ടി വരും. മാസം തോറുമുള്ള ചിലവു് 999 രൂപയിൽ ഒതുക്കിയാലേ വർഷാവസാനം അവന്റെ കയ്യിൽ പന്ത്രണ്ടു് രൂപ മിച്ചമുണ്ടാവൂ. വ്യക്തികളായാലും, ഗ്രീസോ, ഇറ്റലിയോ പോലുള്ള രാജ്യങ്ങളായാലും, കേരളം പോലുള്ള “മാതൃകാസംസ്ഥാനങ്ങളായാലും”, അടിസ്ഥാനപരമായ അവസ്ഥ അതുതന്നെ.

നിശ്ചിത കാലാവധിക്കുള്ളിൽ മുതൽ പലിശസഹിതം മടക്കിത്തരണമെന്നും, മടക്കിത്തന്നുകൊള്ളാമെന്നും കടം കൊടുക്കുന്നവനും, കടം വാങ്ങുന്നവനും ചേർന്നു്, പരസ്പരസമ്മതപ്രകാരം, ഒപ്പുവയ്ക്കുന്ന ഒരു ഉടമ്പടിയാണു് കടപ്പത്രം. കടം വാങ്ങിയവന്റേതു് ആ ഉടമ്പടി പാലിക്കാനുള്ള ബാദ്ധ്യതയാണെങ്കിൽ, കൊടുത്ത പണം പലിശയുൾപ്പെടെ തിരിച്ചു് വാങ്ങാനുള്ള നിയമപരമായ അവകാശമാണു് കടം കൊടുത്തവന്റേതു്. ആ അവകാശം – സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിലെ End User License Agreement (EULA) പോലെ, പലപ്പോഴും വളരെ ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള, വളരെ നീണ്ട ഒരു ടെക്സ്റ്റിലൂടെ ഉറപ്പു് വരുത്തിയിട്ടുണ്ടാവും. അത്തരം ഉടമ്പടികൾ എല്ലാംതന്നെ, “ഉള്ളവൻ” സ്വയം എഴുതുന്നതോ, പണം മുടക്കി സാമ്പത്തികവിദഗ്ദ്ധരെക്കൊണ്ടു് അവനു് വേണ്ടി എഴുതിക്കുന്നതോ ആയിരിക്കുമെന്നതിനാൽ, അവയിലെ ക്ലോസുകൾ എപ്പോഴും അവനു് അനുകൂലമായിട്ടുള്ളവയായിരിക്കും. കടം വാങ്ങുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ലാത്ത “ഇല്ലാത്തവനു് ” അവ അനുകൂലമായിരിക്കില്ലെന്നു് മാത്രമല്ല, അവ വായിച്ചു് മനസ്സിലാക്കാനുള്ള കഴിവുപോലും പലപ്പോഴും അവനുണ്ടായിരിക്കുകയുമില്ല.

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനു് 3500 കോടി രൂപ കടമുണ്ടെന്നാൽ, മാക്രിയെന്നോ ഗോക്രിയെന്നോ വ്യത്യാസമില്ലാതെ, ഓരോ കേരളീയനും 1000 രൂപ വീതം കടമുണ്ടെന്നാണതിനർത്ഥം. പണം കടം വാങ്ങേണ്ട ആവശ്യം വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാവാം. പക്ഷേ, ഭാവിയിലെ വരുമാനത്തിലൂടെ കടം വീട്ടാൻ കഴിയുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനു് പകരം ഏതാനും പേർക്കു് പുട്ടടിക്കാൻ മാത്രമായാണു് കടം വാങ്ങിയ പണം ഉപയോഗപ്പെടുത്തുന്നതെങ്കിൽ, അതുവഴി സമൂഹം “പുരോഗമിക്കുന്നതു്” ആ കടം വീട്ടാനായി വീണ്ടും എടുക്കേണ്ടിവരുന്ന പുതിയ കടങ്ങളിലേക്കും അവസാനം സമൂഹത്തിന്റെ പാപ്പരത്വത്തിലേക്കുമായിരിക്കും. പക്ഷേ, “എനിക്കു് ശേഷം പ്രളയം” എന്ന മുദ്രാവാക്യക്കാരാണു് പുരോഗമനനായകരെങ്കിൽ, അതിന്റെ പേരിൽ അവർക്കെന്തിനു് ചൊറിയണം?

സിവിൽ എൻജിനിയറിങ്ങിന്റെ ബാലപാഠങ്ങളായ ഹുക്സ് ലോയെപ്പറ്റിയോ, സ്‌റ്റ്രെങ്ത് ഓഫ് മറ്റീരിയൽസിനെപ്പറ്റിയോ കേട്ടുകേൾവി പോലുമില്ലാത്തവർക്കും പാലം പണിയുടെ ചുമതല വഹിക്കാൻ കഴിയുന്ന ഒരു നാട്ടിൽ, ഡാമിൽ ജലനിരപ്പു് ക്രമാതീതമായി ഉയർന്നാലും, പത്രക്കാർ കുത്തൊഴുക്കിന്റെ ഫോട്ടോയെടുത്തു് “സുഖിക്കാതിരിക്കാൻ” വേണ്ടി, ഷട്ടർ തുറക്കാൻ വിസമ്മതിച്ചു് ജനങ്ങളെ കുരുതികൊടുക്കുന്ന മന്ത്രിക്കും സപ്പോർട്ട് നൽകുന്ന ഊളകളുടെ നാട്ടിൽ, വേണ്ടപ്പെട്ടവരുടെ ഭൂമി കണ്ടാൽ, തീണ്ടൽ മൂലം തനിയെ വളയുന്ന ഹൈ വോൾട്ടേജ്‌ ലൈനുകളുടെ നാട്ടിൽ സാമ്പത്തികസ്വയംപര്യാപ്തത കൈവരിച്ചു് ഭാവി ശോഭനമാക്കാനെന്ന പേരിൽ തുടങ്ങുന്ന സംരംഭങ്ങളും, അവയിലെ ഇൻവെസ്റ്റ്മെന്റുകളും, ഉത്തരവാദിത്വബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള രാഷ്ട്രീയ-, ശാസ്ത്ര-, സാങ്കേതിക-, സാമ്പത്തികവിദഗ്ദ്ധരുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നുറപ്പു്. സംശയമുള്ളവർ പ്രളയദുരിതമനുഭവിക്കുന്നവർക്കു് പ്രളയദുരിതാശ്വാസനിധി വിതരണം ചെയ്യുന്നതിൽ പാലിക്കപ്പെടുന്ന സൂക്ഷ്മതയും സുതാര്യതയും വീക്ഷിച്ചാൽ മതി.

വീക്ഷിക്കാൻ ചുമതലപ്പെട്ടവരുടെ അവസ്ഥയാണു് മുകളിൽ വിവരിച്ചതു്. അതിനാൽ, വീക്ഷിക്കാൻ അർഹതയുള്ളവരെ എങ്ങനെ കണ്ടെത്താമെന്ന കാര്യത്തിൽ ആദ്യമേതന്നെ ഒരു തീരുമാനമുണ്ടായശേഷം വീക്ഷിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.

അന്ധവിശ്വാസനിർമ്മാർജ്ജനബിൽ പാസ്സാക്കാൻ അന്ധവിശ്വാസികളോടു് ആഹ്വാനം ചെയ്താൽ, “അന്ധവിശ്വാസി-നിർമ്മാർജ്ജനത്തിനു് ” അവർ സ്വയം തയ്യാറാകുമെന്നു് കരുതാൻ തത്കാലം വകയൊന്നുമില്ലാത്തിടത്തോളം, കുറെ ഒച്ച വയ്ക്കാമെന്നല്ലാതെ, ആഹ്വാനികൾക്കോ സമൂഹത്തിനോ അതുവഴി കാര്യമായി എന്തെങ്കിലും നേടാൻ കഴിയുമെന്നു് തോന്നുന്നില്ല.

 
Comments Off on മസാല – ബോണ്ട് മുതൽ ദോശ വരെ

Posted by on May 22, 2019 in Uncategorized