RSS

Monthly Archives: Feb 2013

പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി

ആകാശത്തട്ടിനു്‌ മുകളില്‍ ഒരു സ്വര്‍ഗ്ഗമോ ഭൂമിക്കടിയില്‍ ഒരു നരകമോ ഇല്ലെന്നു്‌ കോപ്പര്‍നിക്കസിന്റെ ഹീലിയോസെന്റ്റിക് മോഡലിനു്‌ ശേഷമോ, ഏറ്റവും വൈകിയാല്‍ പ്രപഞ്ചവികസനം എന്ന ആശയം ഹബ്ബിള്‍ കണ്ടെത്തിയതിനു്‌ ശേഷമെങ്കിലുമോ ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവണം. അതിനേക്കാള്‍ എത്രയോ കൂടുതല്‍ മനുഷ്യര്‍, ദൈവപുത്രനായിരുന്ന ഒരു യേശു കുരിശില്‍ മരിച്ചെന്നും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയെന്നും, ജീവിച്ചിരിക്കുന്നവരിലേയും മരിച്ചവരിലേയും നല്ലവരായ മനുഷ്യരെ മുഴുവന്‍ അതേ സ്വര്‍ഗ്ഗത്തിലേക്കു്‌ കൂട്ടിക്കൊണ്ടുപോകാനായി ഇന്നോ നാളെയോ മടങ്ങിവരുമെന്നും വിശ്വസിച്ചു്‌ കാത്തിരിക്കുന്നവരായുണ്ടു്‌. ബൈബിളിലെ പുതിയനിയമത്തില്‍ ഉള്ള കാര്യങ്ങള്‍ മുഴുവന്‍ യേശു നേരിട്ടു്‌ പറഞ്ഞതോ ചെയ്തതോ ഒക്കെ ആണെന്ന തെറ്റായ ധാരണ പുലര്‍ത്തുന്നവരാണു്‌ അവരില്‍ അധികവും. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, സത്യത്തിന്റെ അംശം പോലും അവകാശപ്പെടാനില്ലാത്ത കുറെ കഥകളുടെ അടിസ്ഥാനത്തിലാണു്‌ ക്രൈസ്തവമതങ്ങളും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്‌. അത്തരം മതവിഭാഗങ്ങളില്‍ ഒന്നാണു്‌ മാര്‍പ്പാപ്പ നയിക്കുന്ന കത്തോലിക്കാസഭയും.

ഏതെങ്കിലുമൊരു മാര്‍പ്പാപ്പയ്ക്കു്‌ ഒരു സുപ്രഭാതത്തില്‍ ഈ കാത്തിരിപ്പും വിശ്വാസവും ആകെമൊത്തം അടിസ്ഥാനരഹിതവും അബദ്ധവുമാണെന്നു്‌ മനസ്സിലാക്കാന്‍ മതിയായ ശാസ്ത്രബോധം ഉദിച്ചാല്‍ പോലും അങ്ങേര്‍ അതു്‌ ഒരു ഇടയലേഖനം വഴി തന്നെ പിന്‍തുടരുന്ന വിശ്വാസികളെ മുഴുവന്‍ അറിയിക്കുമെന്നു്‌ കരുതാന്‍ മാത്രം വിഡ്ഢിത്തം കത്തോലിക്കാസഭ നശിച്ചു്‌ കാണണം എന്നു്‌ ആഗ്രഹിക്കുന്നവര്‍ക്കുപോലും ഉണ്ടായിരിക്കുമെന്നു്‌ തോന്നുന്നില്ല. കാരണം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ മനുഷ്യരെ ദൈവികമെന്നും നിത്യമെന്നും പറഞ്ഞു്‌ പഠിപ്പിച്ച ആദര്‍ശസത്യങ്ങളുടെ അന്ത്യമായിരിക്കുമതു്‌. ഇനി, ഒരു മാര്‍പ്പാപ്പ സത്യമായും അങ്ങനെ ചെയ്തു എന്നു്‌ കരുതുക! അടുത്തനിമിഷം പുറത്തു്‌ തെരുവുകളില്‍ ആ പാപ്പയുടെ രക്തത്തിനു്‌ വേണ്ടിയുള്ള അലര്‍ച്ചകളാവും ഉയരുന്നതു്‌. കോപ്പര്‍നിക്കസിന്റെ അസ്റ്റ്റോണമിയോ, മാര്‍പ്പാപ്പയ്ക്കുണ്ടായ പുതിയ ശാസ്ത്രബോധമോ ഒന്നുമല്ല വിശ്വാസികള്‍ക്കു്‌ വേണ്ടതു്‌. അവര്‍ മാര്‍പ്പാപ്പയെ ചുമക്കുന്നതു്‌ തലമുറകളിലൂടെ നടന്നുനടന്നു്‌ പുല്ലുപോലും മുളക്കാതായ വഴികളിലൂടെ അവന്‍ തങ്ങളെ തുടര്‍ന്നും നയിക്കുമെന്ന പ്രതീക്ഷയിലാണു്‌. അതിനു്‌ തയ്യാറില്ലാത്ത പാപ്പയെ എടുത്തു്‌ ദൂരെയെറിഞ്ഞു്‌ തങ്ങളുടെ സ്വപ്നാടനത്തിനു്‌ തടസ്സം നില്‍ക്കാത്ത മറ്റൊരു പാപ്പയെ അവര്‍ വാഴിക്കും. അതാണു്‌ മനുഷ്യര്‍. ജനക്കൂട്ടത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും റാഷണല്‍ ആയിരുന്നിട്ടില്ല, അവ എക്കാലവും ഇമോഷണലേ ആയിരുന്നിട്ടുള്ളു. ഇന്നു്‌ പുകഴ്ത്തുന്നവനെ നാളെ ഇകഴ്ത്താനും, വേണമെങ്കില്‍ അവനെത്തന്നെ മറ്റന്നാള്‍ വീണ്ടും പുകഴ്ത്താനും മടിയില്ലാത്തവരായിരുന്നു എന്നാളും ജനക്കൂട്ടം.

ഇതു്‌ മാര്‍പ്പാപ്പയെയും കത്തോലിക്കാസഭയേയും മാത്രം ബാധിക്കുന്ന ഒരു കാര്യമാണെന്നു്‌ കരുതണ്ട. സുവര്‍ണ്ണവാഗ്ദാനങ്ങളുടെ പുറകെ മണത്തുകൊണ്ടു്‌ നടക്കുന്ന ഏതു്‌ കൂട്ടത്തിനും ബാധകമായ കാര്യമാണിതു്‌. ഉദാഹരണത്തിനു്‌ തൊഴിലാളികളുടെ ലോകാധിപത്യം എന്ന മാര്‍ക്സിയന്‍ സ്വപ്നം ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ സംജാതമാകുമെന്നു്‌ വിശ്വസിക്കുന്നവരാണു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകള്‍. ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഒട്ടേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടു്‌, രക്തപ്പുഴകള്‍ ഒഴുകിയിട്ടുണ്ടു്‌. എന്നിട്ടും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശാശ്വതമായി വേരുറപ്പിക്കാന്‍ മാര്‍ക്സിസത്തിനു്‌ കഴിഞ്ഞില്ല എന്നതു്‌ കഴിഞ്ഞ മുപ്പതു്‌ വര്‍ഷങ്ങളിലെ ലോകചരിത്രം. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മാര്‍ക്സിസം ഒരു പരാജയമായിരുന്നു എന്നു്‌ താന്‍ അംഗീകരിക്കുന്നു എന്നു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതത്തിലെ നേതാവു്‌ ശ്രീ പ്രകാശ് കാരാട്ടു്‌ ഒരു പ്രസ്താവന ഇറക്കും എന്നു്‌ പ്രതീക്ഷിക്കാനാവുമോ? അതും, കത്തോലിക്കാസഭയുടെ നിലപാടുകള്‍ കാലോചിതമോ സാമാന്യബോധത്തിനു്‌ നിരക്കുന്നതോ അല്ലെന്നൊരു പ്രസ്താവന മാര്‍പ്പാപ്പ ഇറക്കും എന്നു്‌ പ്രതീക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പ്രകാശ് കാരാട്ടു്‌ അങ്ങനെ പ്രസ്താവിച്ചാല്‍ അതില്‍ സന്തോഷിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാവുമെന്നപോലെതന്നെ, മാര്‍പ്പാപ്പ താന്‍ ഇരിക്കുന്ന കൊമ്പു്‌ മുറിക്കുന്നതു്‌ കാണാന്‍ ആഗ്രഹിക്കുന്ന പാപ്പാവിരുദ്ധരും തീര്‍ച്ചയായും ഉണ്ടാവും. സൗദി രാജാവോ, ഇറാനിലെ അയത്തൊള്ളമാരോ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളല്ല എന്ന സത്യം ഒരിക്കല്‍ അംഗീകരിക്കും എന്നു്‌ കരുതുന്നപോലെയോ, ഭഗവദ്ഗീതയും ഭഗവാനും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ഹൈന്ദവപണ്ഡിതര്‍ എന്നെങ്കിലും സമ്മതിച്ചുതരുമെന്നു്‌ വ്യാമോഹിക്കുന്നതുപോലെയോ ഒക്കെത്തന്നെ.

കാരാട്ടു്‌ അങ്ങനെ ഒരു പ്രസ്താവന ഇറക്കിയാല്‍, അബദ്ധം ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച പാപ്പയുടെ കാര്യത്തില്‍ എന്നപോലെതന്നെ, അതുവരെ കാരാട്ടിനെ ചുമന്നവര്‍ കാരാട്ടിന്റെ രക്തം കിട്ടുന്നതുവരെ മുറവിളി കൂട്ടിക്കൊണ്ടിരിക്കും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു്‌ നേരിടാന്‍ കഴിവില്ലാത്തവര്‍ രക്തം കൊണ്ടേ തൃപ്തിപ്പെട്ടിട്ടുള്ളു. കൈകാലുകള്‍ വെട്ടല്‍, തലവെട്ടല്‍ മുതലായവയൊക്കെയാണു്‌ അവര്‍ക്കു്‌ ആകെ അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍. ചാവുന്നതു്‌ ഞാനോ എനിക്കു്‌ വേണ്ടപ്പെട്ടവരോ അല്ലാതിരിക്കുകയും, എന്റെ ശത്രുപക്ഷത്തില്‍ പെട്ടവര്‍ ആയിരിക്കുകയും ചെയ്യുന്നിടത്തോളം അതെന്നെ അലട്ടുന്നില്ലെന്നു്‌ മാത്രമല്ല, സന്തോഷപ്രദമായ കാര്യവുമായിരിക്കും.

സ്ഥാപനങ്ങളായി മാറിയ എല്ലാ മത-രാഷ്ട്രീയ വ്യവസ്ഥകളും മനുഷ്യരക്തം കൊണ്ടു്‌ കുതിര്‍ന്ന മണ്ണിലാണു്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്‌. അവനവന്റെ ശരികള്‍ക്കും നീതിശാസ്ത്രങ്ങള്‍ക്കും വേണ്ടി കൊന്നവരും ചത്തവരും. അവര്‍ക്കിടയില്‍ പെട്ടുപോയതുകൊണ്ടുമാത്രം ചാവേണ്ടിവന്ന നിരപരാധികള്‍ അതിലേറെയും! തങ്ങളെ രക്ഷപെടുത്താനായി അവതരിക്കുന്ന മശിഹായെ കാത്തിരിക്കുന്നവരാണു്‌ പൊതുവേ മനുഷ്യര്‍. അവരുടെ ഇടയിലേക്കു്‌ ലോകത്തെ രക്ഷപെടുത്താനുള്ള ഒറ്റമൂലിസിദ്ധാന്തങ്ങളുമായി എത്തുന്നവര്‍ അതിനാലാണു്‌ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതു്‌. ഈ മശിഹാമാരുടെയെല്ലാം യഥാര്‍ത്ഥ ചിത്രവും, ലോകത്തിന്റെ യഥാര്‍ത്ഥ ചരിത്രവും എന്തെന്നു്‌ മനസ്സിലാക്കാനും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും മനുഷ്യര്‍ക്കു്‌ കഴിയുമായിരുന്നെങ്കില്‍ ആത്യന്തികപരിഹാരമായി കരുതി മനുഷ്യര്‍ പിന്‍തുടര്‍ന്ന എല്ലാ ആദര്‍ശസത്യങ്ങളും നീതിശാസ്ത്രങ്ങളും പൊള്ളയായ വിടുവാക്കുകളായിരുന്നു എന്നു്‌ അവര്‍ തിരിച്ചറിഞ്ഞേനെ! ചുരുങ്ങിയപക്ഷം, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി നേടിയെടുക്കാന്‍ മാത്രം യോഗ്യതയുള്ള ഒരു ശാശ്വതസത്യവും, ഒരു നീതിശാസ്ത്രവും, ഒരു ദൈവസ്നേഹവും, ഒരു മനുഷ്യസ്നേഹവും, ഒരു തൊഴിലാളിസ്നേഹവും, ഇന്നോളം ലോകത്തില്‍ ഉണ്ടായിട്ടില്ല എന്നറിയാനെങ്കിലും അതവരെ സഹായിച്ചേനെ!

 
Comments Off on പാപ്പയ്ക്കും തന്‍പള്ളി പൊന്‍പള്ളി

Posted by on Feb 19, 2013 in ലേഖനം

 

Tags: , ,