RSS

Monthly Archives: Apr 2012

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പും സുവിശേഷകരും

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ബൈബിളിലെ നാലു്‌ സുവിശേഷങ്ങളില്‍ നടത്തിയിരിക്കുന്ന വര്‍ണ്ണനകളാണു്‌ താഴെ. അവ തമ്മില്‍ താരതമ്യം ചെയ്താല്‍, വെള്ളിയാഴ്ച വൈകിട്ടെപ്പൊഴോ കല്ലറയില്‍ വയ്ക്കപ്പെട്ട യേശുവിന്റെ മൃതശരീരം തേടി ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ അവിടെ എത്തിയവര്‍ ആരെല്ലാം, അവര്‍ അവിടെ കണ്ടതു്‌ ആരെയെല്ലാം, കേട്ടതു്‌ എന്തെല്ലാം മുതലായ കാര്യങ്ങളെ സംബന്ധിച്ചു്‌ സുവിശേഷങ്ങള്‍ എഴുതിയവര്‍ക്കുതന്നെ നല്ല നിശ്ചയമുണ്ടായിരുന്നില്ല എന്നേ ഊഹിക്കാന്‍ കഴിയൂ. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്വയം വായിച്ചു്‌ ബോദ്ധ്യപ്പെടുക. അതില്‍ അപാകതകളൊന്നും കാണാത്തവര്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിലും സ്വര്‍ഗ്ഗാരോഹണത്തിലുമൊക്കെ വിശ്വസിക്കുന്നതില്‍ എനിക്കു്‌ എതിര്‍പ്പൊന്നുമില്ല. ഒരുപക്ഷേ അവര്‍ക്കു്‌ ആകെ കഴിയുന്നതും, അതുകൊണ്ടുതന്നെ അവര്‍ക്കു്‌ നല്ലതും അതായിരിക്കുംതാനും. ഒരുവനു്‌ ചുമക്കാവുന്നതിലും വലിയ ഭാരം അവന്റെ തലയില്‍ വച്ചുകൊടുക്കരുതല്ലോ. പ്രപഞ്ചത്തില്‍ ഒരു ദൈവം ഉണ്ടെന്നു്‌ തെളിയിക്കലും അമേരിക്കയില്‍ ഏതെങ്കിലുമൊരു റോബര്‍ട്ട് ഉണ്ടെന്നു്‌ തെളിയിക്കലും ഒരുപോലെയാണെന്നു്‌ കരുതുന്ന ജനുസ്സുകളല്ലേ വിശ്വാസികള്‍? മത്തിയെ മത്തങ്ങയുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നും കാണാത്തവര്‍! അതുകൊണ്ടു്‌ വലിയ പ്രതീക്ഷയൊന്നുംവച്ചിട്ടു്‌ കാര്യവുമില്ല.

1. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മത്തായിയുടെ സുവിശേഷം പറയുന്നതു്‌:

“ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു്‌ വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു്‌ ഇറങ്ങിവന്നു, കല്ല് ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന്നു്‌ ഒത്തതും അവന്റെ ഉടുപ്പു്‌ ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു്‌ പേടിച്ചു്‌ വിറച്ചു്‌ മരിച്ചവരെപ്പോലെ ആയി. ദൂതൻ സ്ത്രീകളോടു്‌: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു്‌ ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്നു്‌ ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു്‌ അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു്‌ മുമ്പെ ഗലീലെക്കു്‌ പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു്‌ പറഞ്ഞിരിക്കുന്നു എന്നു്‌ പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു്‌ അവന്റെ ശിഷ്യന്മാരോടു്‌ അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു്‌ അവന്റെ കാൽ പിടിച്ചു്‌ അവനെ നമസ്കരിച്ചു. യേശു അവരോടു്‌: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു്‌ ഗലീലെക്കു്‌ പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.” (മത്തായി 28: 1 – 10)

2. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി മര്‍ക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു്‌ അവനെ പൂശേണ്ടതിന്നു്‌ സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു്‌ സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽ നിന്നു്‌ നമുക്കു്‌ വേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു്‌ തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു്‌ ഏറ്റവും വലുതായിരുന്നു. അവർ കല്ലറെക്കകത്തു്‌ കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു്‌ ഭാഗത്തു്‌ ഇരിക്കുന്നതു്‌ കണ്ടു്‌ ഭ്രമിച്ചു. അവൻ അവരോടു്‌: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു്‌ പോകുന്നു എന്നു്‌ പറവിൻ; അവൻ നിങ്ങളോടു്‌ പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു്‌ പറവിൻ എന്നു്‌ പറഞ്ഞു. അവർക്കു്‌ വിറയലും ഭ്രമവും പിടിച്ചു്‌ അവർ കല്ലറ വിട്ടു്‌ ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല. അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു്‌ താൻ ഏഴു്‌ ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു്‌ ആദ്യം പ്രത്യക്ഷനായി. അവൾ ചെന്നു്‌ അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു്‌ അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു്‌ പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു്‌ പ്രത്യക്ഷനായി. അവർ പോയി ശേഷമുള്ളവരോടു്‌ അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല. പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു്‌ പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു്‌ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മര്‍ക്കോസ് 16: 1 – 14)

3. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി ലൂക്കോസിന്റെ സുവിശേഷം പറയുന്നതു്‌:

അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി — അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു — പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു്‌ ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു്‌ പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു്‌ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്നു്‌ അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു്‌ കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു്‌ മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു്‌ ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കോസ് 23: 50 – 56)

അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു്‌ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു്‌ കല്ലറെക്കൽ എത്തി, കല്ലറയിൽ നിന്നു്‌ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു്‌ കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു്‌ അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു്‌ പുരുഷാന്മാർ അരികെ നില്ക്കുന്നതു്‌ കണ്ടു. ഭയപ്പെട്ടു്‌ മുഖം കുനിച്ചു്‌ നില്ക്കുമ്പോൾ അവർ അവരോടു്‌: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു്‌ എന്തു്‌? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു്‌: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു്‌ ഓർത്തുകൊൾവിൻ എന്നു്‌ പറഞ്ഞു. അവർ അവന്റെ വാക്കു്‌ ഓർത്തു, കല്ലറ വിട്ടു്‌ മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു്‌ ഒക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു്‌ അപ്പൊസ്തലന്മാരോടു്‌ പറഞ്ഞു. ഈ വാക്കു്‌ അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു്‌ കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു്‌ ആശ്ചര്യപ്പെട്ടു്‌ മടങ്ങിപ്പോന്നു. (ലൂക്കോസ് 24: 1 – 12)

4. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പിനെപ്പറ്റി യോഹന്നാന്റെ സുവിശേഷം പറയുന്നതു്‌:

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു്‌ കല്ലറവായ്ക്കൽ നിന്നു്‌ കല്ല് നീങ്ങിയിരിക്കുന്നതു്‌ കണ്ടു. അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു്‌ പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു്‌ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞങ്ങൾ അറിയുന്നില്ല എന്നു്‌ അവരോടു്‌ പറഞ്ഞു; അതുകൊണ്ടു്‌ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു്‌ കല്ലറെക്കൽ ചെന്നു. ഇരുവരും ഒന്നിച്ചു്‌ ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി; കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു്‌ കണ്ടു; അകത്തു്‌ കടന്നില്ലതാനും. അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു്‌ കല്ലറയിൽ കടന്നു്‌ ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു്‌ ഒരിടത്തു്‌ ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു്‌ ചെന്നു്‌ കണ്ടു്‌ വിശ്വസിച്ചു. അവൻ മരിച്ചവരിൽ നിന്നു്‌ ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു്‌ അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു്‌ മടങ്ങിപ്പോയി. എന്നാൽ മറിയ കല്ലെറക്കൽ പുറത്തു്‌ കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി. യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു്‌ വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു്‌ കണ്ടു. അവർ അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു്‌ ഞാൻ അറിയുന്നില്ല എന്നു്‌ അവൾ അവരോടു്‌ പറഞ്ഞു. ഇതു പറഞ്ഞിട്ടു്‌ അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു്‌ കണ്ടു; യേശു എന്നു്‌ അറിഞ്ഞില്ല താനും.
യേശു അവളോടു്‌: സ്ത്രീയേ, നീ കരയുന്നതു്‌ എന്തു്‌? ആരെ തിരയുന്നു എന്നു്‌ ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു്‌ നിരൂപിച്ചിട്ടു്‌ അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു്‌ പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു്‌ പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു്‌ കൊണ്ടുപൊയ്ക്കൊള്ളാം എന്നു്‌ അവനോടു്‌ പറഞ്ഞു. യേശു അവളോടു്‌: മറിയയേ, എന്നു്‌ പറഞ്ഞു. അവൾ തിരിഞ്ഞു്‌ എബ്രായഭാഷയിൽ: റബ്ബൂനി എന്നു്‌ പറഞ്ഞു; അതിന്നു്‌ ഗുരു എന്നർത്ഥം. യേശു അവളോടു്‌: എന്നെ തൊടരുതു്‌; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്‌: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു്‌ അവരോടു്‌ പറക എന്നു്‌ പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു്‌ താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു്‌ പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു. (യോഹന്നാന്‍ 20: 1 – 18)

 
1 Comment

Posted by on Apr 19, 2012 in മതം

 

Tags: , , ,

യഹോവയെ അടുത്തറിയുമ്പോള്‍

ബൈബിളിലെ തോറ, തൗറാത്ത് എന്നൊക്കെ വിളിക്കപ്പെടുന്ന പഴയനിയമഭാഗം വായിക്കുക, അനുഗ്രഹം നേടുക:

അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു്‌ പറഞ്ഞതു്‌: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു്‌:

“ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു്‌ വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു്‌.” (പുറപ്പാടു്‌ 35 : 1- 3)

(ആറുദിവസം ജോലി ചെയ്യാതിരിക്കുന്നതും അനുസരണയില്ലായ്മ ആണെന്നതിനാല്‍ അതിനും “മരണശിക്ഷ” നല്‍കാമായിരുന്നു. )

മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു്‌:

“യഹോവ കല്പിച്ചതു എന്തെന്നാൽ: നിങ്ങളുടെ ഇടയിൽ നിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു്‌ കൊണ്ടുവരേണം. പൊന്നു്‌, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ തഹശൂതോൽ, ഖദിരമരം, വിളക്കിന്നു്‌ എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം, ഗോമേദകക്കല്ല്, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നേ. നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം. തിരുനിവാസം, അതിന്റെ മൂടുവരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു്‌, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു്‌ എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല, ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാര വാതിലിന്റെ മറ, തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ.” – (പുറപ്പാടു്‌ 35 : 4 – 19)

പുറപ്പാടു്‌ ഇരുപതാം അദ്ധ്യായത്തില്‍ വെളിപ്പെടുന്ന മോശെയുടെ (യഹോവയുടെ!) മറ്റൊരു മുഖം:

അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു്‌: “നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു്‌ നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു്‌. എനിക്കു്‌ മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു്‌ സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും. കല്ലു കൊണ്ടു്‌ എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു്‌ അതു പണിയരുതു്‌; നിന്റെ ആയുധംകൊണ്ടു്‌ അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും. എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു്‌.” (പുറപ്പാടു്‌ 20 : 22 – 26)

അംഗഹീനരെ “ശുദ്ധീകരിക്കുന്ന” യഹോവ!:

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു്‌: “നീ അഹരോനോടു പറയേണ്ടതു്‌ എന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതു്‌. അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു്‌; കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കയ്യൊടിഞ്ഞവൻ, കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു്‌. പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തു വരരുതു്‌; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുതു്‌. തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു്‌ ഭക്ഷിക്കാം. എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു്‌; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു്‌; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.” (ലേവ്യ 21: 16-23)

പഴയനിയമത്തിലെ ഒരദ്ധ്യായത്തിലെതന്നെ രണ്ടു്‌ പ്രസ്താവനകള്‍:

“ഒരുത്തൻ തന്റെ സ്നേഹിതനോടു്‌ സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു്‌ അഭിമുഖമായി സംസാരിച്ചു.” (പുറപ്പാടു്‌ 33: 11)

“നിനക്കു്‌ എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു്‌ ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു. … … നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറപ്പാടു്‌ 33: 20 – 23)

(അതുകൊണ്ടു്‌ ഇതു്‌ രണ്ടും വിളക്കിച്ചേര്‍ത്തു്‌ ന്യായീകരിക്കാന്‍ പറ്റിയ വ്യാഖ്യാനമൊന്നും വിശ്വാസിയുടെ പക്കല്‍ ഇല്ല എന്നു്‌ കരുതണ്ട. ഏതു്‌ വൈരുദ്ധ്യത്തിനും പറ്റിയ മുട്ടായുക്തികള്‍ ഇല്ലായിരുന്നെങ്കില്‍ വിശ്വാസി വിശ്വാസി ആവുമായിരുന്നില്ലല്ലോ. വിശ്വാസിയുടെ കാഴ്ചപ്പാടില്‍ ഹനുമാന്‍ ദൈവമാകുന്നതും ഡിങ്കന്‍ ദൈവമല്ലാതാകുന്നതും അങ്ങനെയാണു്‌.)

ഇതിന്റെയെല്ലാം കുറ്റം പുരോഹിതന്മാരില്‍ ആരോപിക്കുന്നവര്‍ അവരുടേതിനെ വിശേഷിപ്പിക്കുന്നതു്‌ “ശരിയായ ദൈവവിശ്വാസം” എന്നാണു്‌. ദൈവം തന്നെ പുരോഹിതസൃഷ്ടിയാണെന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കാനാണു്‌ അവര്‍ക്കിഷ്ടം. “സകല മനുഷ്യരുടെയും സ്രഷ്ടാവായ”, ശബ്ബത്തില്‍ ജോലി ചെയ്യുന്നവനു്‌ മരണശിക്ഷ വിധിക്കുന്ന, “സ്നേഹസ്വരൂപിയായ” ഒരു ദൈവം! ആശുപത്രി, പോലീസ്, ഫയര്‍ഫോഴ്സ്, വാഹനഗതാഗതം മുതലായ അത്യാവശ്യസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ ശബ്ബത്തിലും ജോലി ചെയ്യുന്നവരാണെന്നതിനാല്‍ അവരെ എന്താണാവോ “ശരിയായ സത്യവിശ്വാസികള്‍” ആരും കല്ലെറിഞ്ഞു്‌ കൊല്ലാത്തതു്‌? ദൈവകല്പനകളെ നിഷേധിക്കുന്നവരെ കാത്തിരിക്കുന്നതു്‌ നിത്യനരകമാണെന്നു്‌ അവര്‍ മറന്നുവെന്നുണ്ടോ?

 
Comments Off on യഹോവയെ അടുത്തറിയുമ്പോള്‍

Posted by on Apr 19, 2012 in പലവക

 

Tags: , , ,

ഹിപ്നോസിസ്

ഒരുതരം നിദ്രാവസ്ഥയാണു്‌ ഹിപ്നോസിസിന്റെ സാരാംശം. ഈ നിദ്രാവസ്ഥ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഉളവാക്കപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്യണം എന്നതു്‌ മാത്രമാണു്‌ ഇതിലെ നിഗൂഢത. ഹിപ്നോട്ടിസ്റ്റിനെ സ്വീകരിക്കാന്‍ സന്നദ്ധതയുള്ള ഒരു “മീഡിയം” ഉണ്ടെങ്കിലേ ഹിപ്നോസിസ് ഫലപ്രദമാവുകയുള്ളു. മറ്റൊരുവന്റെ സ്വാധീനത്തിനു്‌ വിമര്‍ശനമില്ലാതെ വഴങ്ങുന്ന സ്വഭാവം സ്വന്തമായ ഒരു വ്യക്തിയിലേ ഈ പ്രത്യേകതരം നിദ്രാവസ്ഥ സംജാതമാക്കാന്‍ കഴിയുകയുള്ളു. ഇവിടെ, സാധാരണ നിദ്രയില്‍നിന്നും വ്യത്യസ്തമായി, ചലനശേഷിയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ഹിപ്നോട്ടിസ്റ്റിനു്‌ കഴിയുന്നു. ഹിപ്നോസിസില്‍ സംഭവിച്ച കാര്യങ്ങളില്‍ ഹിപ്നോട്ടിസ്റ്റ് ഇച്ഛിക്കുന്നവ മാത്രമേ ഈ അവസ്ഥക്കു്‌ ശേഷം മീഡിയത്തിനു്‌ ഓര്‍മ്മിക്കാന്‍ സാധിക്കുകയുള്ളു. ആധുനിക മനുഷ്യന്റെ സംസ്കാരികനേട്ടം എന്നു്‌ വിശേഷിപ്പിക്കേണ്ട വിമര്‍ശനശേഷിയാണു്‌ ഏറ്റവും കൂടുതലായി ഈ നിദ്രാവസ്ഥയില്‍ നിഗ്രഹിക്കപ്പെടുന്നതു്‌ എന്നതു്‌ ശ്രദ്ധാര്‍ഹമാണു്‌. ഹിപ്നോട്ടിസ്റ്റിന്റെ ഇച്ഛാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന, അവന്റെ ദീര്‍ഘിപ്പിക്കപ്പെട്ട ഒരു അവയവമായി മാറുകയാണു്‌ ഹിപ്നോസിസില്‍ മീഡിയം ചെയ്യുന്നതു്‌.

ഹിപ്നോസിസിനു്‌ വിധേയനാകാനുള്ള ഇച്ഛ തനിക്കുണ്ടെന്നു്‌ പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതുകൊണ്ടു്‌ ഒരു മനുഷ്യനു്‌ അതിനുള്ള മാനസികമായ സന്നദ്ധത ഉണ്ടാവണമെന്നില്ല. അതുപോലെതന്നെ, ഹിപ്നോസിസിനോടു്‌ തനിക്കുള്ള എതിര്‍പ്പു്‌ സ്പഷ്ടമായി പ്രകടിപ്പിക്കുന്ന ഒരുവന്‍ കീഴ്പ്പെടാന്‍ ആന്തരികമായി/മാനസികമായി ഒരുക്കമുള്ളവനുമാവാം. ഹിപ്നോട്ടൈസ് ചെയ്യപ്പെടാനുള്ള തന്റെ സന്നദ്ധതയെപ്പറ്റി ‘മീഡിയം’ എന്തു്‌ പറയുന്നു, എന്തു്‌ വിശ്വസിക്കുന്നു എന്നതല്ല, എന്താണു്‌ അവന്റെ മാനസികമായ നിലപാടു്‌ എന്നതു്‌ മാത്രമാണു്‌ ഹിപ്നോസിസിനു്‌ ആധാരം. ആദ്യം എതിര്‍പ്പു്‌ പ്രകടിപ്പിക്കുന്നതുപോലെ പെരുമാറുന്ന ധാരാളം മീഡിയങ്ങള്‍ അവസാനം ഹിപ്നോട്ടിസ്റ്റിന്റെ ആജ്ഞക്കു്‌ വശംവദരാകുന്നതു്‌ സാധാരണമാണെന്നതിനാല്‍ ഇതു്‌ സംബന്ധിച്ച ഈവിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഏറെ ചിന്താക്കുഴപ്പങ്ങള്‍ക്കു്‌ കാരണമായിട്ടുണ്ടു്‌. ഹിപ്നോട്ടൈസ് ചെയ്യപ്പെടാനുള്ള സന്നദ്ധതയുടെ പരിധി വ്യത്യസ്തമായതിനാലാണു്‌ ഹിപ്നോസിസിന്റെ ഫലം പല മനുഷ്യരില്‍ പല വിധത്തിലായിരിക്കുന്നതു്‌. മീഡിയത്തിന്റെ മനഃസ്ഥിതിയാണു്‌, അല്ലാതെ ഒരു കാരണവശാലും ഹിപ്നോട്ടിസ്റ്റിന്റെ ഇച്ഛാശക്തിയല്ല ഈ പരിധിയുടെ അടിസ്ഥാനം.

മറ്റു്‌ മനുഷ്യരെ സ്വാധീനിക്കാനുള്ള പ്രവണത പ്രദര്‍ശിപ്പിക്കുന്ന മനുഷ്യര്‍ അതിനുള്ള ശേഷി അവര്‍ക്കു്‌ മാത്രം സ്വായത്തമായ ഏതോ രഹസ്യശക്തിയാണെന്ന രീതിയില്‍ പെരുമാറാറുണ്ടു്‌. ഇക്കൂട്ടര്‍ പരഹൃദയജ്ഞാനികളും അത്ഭുതഹിപ്നോട്ടിസ്റ്റുകളുമൊക്കെയായി ചമഞ്ഞു്‌ മനുഷ്യരെ കബളിപ്പിക്കാറുമുണ്ടു്‌. സത്യത്തില്‍ അവര്‍ ചെയ്യുന്നതു്‌ മനുഷ്യാന്തസ്സിനുതന്നെ പരിക്കേല്പിക്കുന്ന പ്രവൃത്തിയാണെന്നതിനാല്‍ അത്തരം ദുര്‍മന്ത്രവാദികള്‍ക്കു്‌ കൂച്ചുവിലങ്ങിടുകയാണു്‌ അവര്‍ അര്‍ഹിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ എന്നു്‌ പറയേണ്ടിയിരിക്കുന്നു. ഹിപ്നോസിസ് എന്ന പ്രതിഭാസം അതില്‍ത്തന്നെ ഒരു തട്ടിപ്പാണെന്ന അര്‍ത്ഥത്തിലല്ല ഇതു്‌ പറയുന്നതു്‌. പക്ഷേ, കാലാകാലങ്ങളായി ഒരു പുനര്‍ചിന്തയുമില്ലാതെ മേല്‍ക്കോയ്മകള്‍ക്കു്‌ നിരുപാധികം കീഴ്പെട്ടും, ഒരു വിമര്‍ശനവുമില്ലാതെ കല്പനകള്‍ അനുസരിച്ചുമൊക്കെ അധികാരത്തിനോടു്‌ വിധേയത്വം പ്രകടിപ്പിച്ചു്‌ ജീവിക്കുന്നവരാണു്‌ അധികപങ്കു്‌ മനുഷ്യരുമെന്നതിനാല്‍ അവര്‍ ഇത്തരം കപടന്മാരുടെ വലയില്‍ വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്‌. വിമര്‍ശനമില്ലാത്ത വിധേയത്വം ഇടയ്ക്കിടെ “കീഴാളന്മാരുടെ” എതിര്‍പ്പിനും പ്രക്ഷോഭത്തിനും വിപ്ലവത്തിനുമെല്ലാം കാരണമായേക്കാമെന്നല്ലാതെ മനുഷ്യരുടെ സഹവര്‍ത്തിത്വത്തില്‍ ഊന്നിയുള്ള സമാധാനപരമായ ഒരു ജീവിതവ്യവസ്ഥ കൈവരിക്കാന്‍ അതുവഴി ഒരിക്കലും സാദ്ധ്യമായിട്ടില്ല, സാദ്ധ്യമാവുകയുമില്ല.

അന്യചിത്തജ്ഞാനിയോ ഹിപ്നോട്ടിസ്റ്റോ ഒക്കെ ആയി വേഷം കെട്ടുന്നവര്‍ക്കു്‌ അവരുടെ ഭാഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ ആയിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണു്‌. ഹിപ്നോസിസില്‍ ഉണ്ടെന്നു്‌ നമുക്കു്‌ തോന്നുന്നതു്‌ ഒരിക്കലും ഹിപ്നോട്ടിസ്റ്റിന്റെ “ശക്തി” അല്ല. മീഡിയത്തിന്റെ അടിമപ്പെടാനുള്ള ചായ്വല്ലാതെ, മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മാന്ത്രികശക്തിയുമല്ല അതു്‌. ഏറിയാല്‍, അതിനെ വിശേഷിപ്പിക്കാവുന്നതു്‌ ഭോഷ്കു്‌ പറയാന്‍ ഹിപ്നോട്ടിസ്റ്റിനുള്ള കഴിവെന്നോ കലയെന്നോ മാത്രം.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സന്ദേഹംവിനാ ഏറ്റെടുത്തു്‌ നടപ്പാക്കുന്നതിനു്‌ പകരം, ഏതുകാര്യവും വേണ്ടത്ര അവലോകനം ചെയ്തും, സ്വയം തീരുമാനമെടുത്തും ജീവിക്കാന്‍ ശീലിച്ചിട്ടുള്ള ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്യുക എളുപ്പമല്ല. അവന്‍ പരഹൃദയജ്ഞാനം മുതലായ പ്രതിഭാസങ്ങളോടു്‌ പ്രത്യേക പ്രതിപത്തിയൊന്നും കാണിക്കുന്നവനുമായിരിക്കില്ല. കാരണം, ഇത്തരം പ്രതിഭാസങ്ങളുടെയെല്ലാം അടിസ്ഥാനം അന്ധമായ അനുസരണയാണു്‌. “ദൈവം മനുഷ്യരില്‍ നിന്നും പ്രതീക്ഷിക്കുന്നു” എന്നു്‌ മതങ്ങളുണ്ടായ കാലം മുതല്‍ പുരോഹിതന്‍ മനുഷ്യരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ “അനുസരണ”! “അനുസരണ ബലിയേക്കാള്‍ നല്ലതാകുന്നു” എന്ന വചനം പുരോഹിതന്‍ – ഇതുരണ്ടും യാതൊരു കാരണവശാലും ആവശ്യമില്ലാത്ത – ദൈവത്തിന്റെ വായില്‍ തിരുകിയതു്‌ ഗൂഢോദ്ദേശ്യം ഒന്നുമില്ലാതെയാണു്‌ എന്നു്‌ കരുതണമെങ്കില്‍ മനുഷ്യന്‍ വിശ്വാസി ആയിരിക്കണം. മനുഷ്യന്‍ ദൈവത്തെ അനുസരിക്കുകയും അവനു്‌ ബലി അര്‍പ്പിക്കുകയും ചെയ്യുന്നതുകൊണ്ടു്‌ നേട്ടം കൈവരിച്ചിട്ടുള്ളതു്‌ ഒരുകാലത്തും ഒരു സമൂഹത്തിലും മനുഷ്യരോ ദൈവമോ ആയിരുന്നില്ല, മറിച്ചു്‌ എല്ലാ കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും പുരോഹിതന്മാരും പ്രവാചകന്മാരും മാത്രമായിരുന്നു. മനുഷ്യരില്‍ അടിച്ചേല്പിക്കപ്പെട്ട ദൈവം ഒരുകാലത്തും ഒരു സമൂഹത്തിലും മനുഷ്യരുടെയോ പ്രപഞ്ചത്തിന്റെയോ ദൈവമായിരുന്നില്ല, മറിച്ചു്‌ എല്ലാ കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും ദൈവമായിരുന്നു. എന്തുകൊണ്ടു്‌? ദൈവം എന്നൊന്നില്ല എന്നതുകൊണ്ടു്‌, അതുകൊണ്ടുമാത്രം!

(ഈ കുറിപ്പിലെ അധിക പങ്കും ലോകപ്രസിദ്ധ വ്യക്തിമനഃശാസ്ത്രജ്ഞനായ ആല്‍ഫ്രെഡ് ആഡ്ലറുടെ “മനുഷ്യജ്ഞാനം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണു്‌.)

 
2 Comments

Posted by on Apr 9, 2012 in പലവക

 

Tags: , ,

ഹാപ്പി ഉയിര്‍ത്തെഴുന്നേല്പു്‌!

ആകര്‍ഷണശക്തിയെ തരണം ചെയ്യാതെ ഭൂമിയില്‍ നിന്നും ഒരു വസ്തുവിനു്‌ ശൂന്യാകാശത്തിലേക്കു്‌ രക്ഷപെടാനാവില്ല. അതിനു്‌ ആ വസ്തുവിനു്‌ ഉണ്ടായിരിക്കേണ്ട മിനിമം വേഗതയാണു്‌ escape velocity. ഗ്രഹം നക്ഷത്രം മുതലായ വാനഗോളങ്ങളില്‍ നിന്നുള്ള എസ്കെയ്പ്പ് വെലോസിറ്റി അവയുടെ പിണ്ഡം വ്യാസം എന്നിവയില്‍ ആശ്രയിച്ചിരിക്കുന്നു.

To leave the planet Earth, an escape velocity of 11.2 km/s (approx. 40,320 km/h) is required; however, a speed of 42.1 km/s is required to escape the Sun’s gravity (and exit the Solar System) from the same position.

ഇതിന്റെ വെളിച്ചത്തില്‍ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്പീഡ് ഒന്നാലോചിച്ചുനോക്കൂ! യേശു ‘അശരീരി’ ആയിട്ടായിരുന്നില്ല, പച്ചയായ മനുഷ്യനായിട്ടായിരുന്നു ഉയിര്‍ത്തെഴുന്നേറ്റതെന്നു്‌ ബൈബിള്‍ തന്നെ പറയുന്നുമുണ്ടു്‌:

“ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.) അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു്‌? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു്‌? ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു്‌ അവൻ കയ്യും കാലും അവരെ കാണിച്ചു.) അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്‍ക്കുമ്പോൾ അവരോടു്‌: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവനു്‌ കൊടുത്തു. അതു്‌ അവൻ വാങ്ങി അവർ കാൺകെ തിന്നു.” (ലൂക്കോസ് 24: 36 – 43)

ഉള്ളില്‍ മീനും തേനും കിടക്കുമ്പോള്‍ അശരീരി ആവുക അത്ര എളുപ്പമാണെന്നു്‌ തോന്നുന്നില്ല. ദേഹത്താണെങ്കില്‍ ആണിത്തുളകളും! എങ്കിലും “ദൈവങ്ങള്‍ക്കു്‌ എല്ലാം സാദ്ധ്യമാണു്‌” എന്ന ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത നിത്യസത്യത്തില്‍ നമുക്കൊരു പിടിവള്ളിയുണ്ടു്‌. അതാണു്‌ വിശ്വാസത്തിന്റെ യുക്തി. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയില്ല എന്നു്‌ വാദിക്കും. അതിനോടോപ്പംതന്നെ മനുഷ്യന്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയെന്നു്‌ വിശ്വസിക്കും. ശാസ്ത്രത്തിനു്‌ എല്ലാറ്റിനും മറുപടിയുണ്ടോ എന്ന ഭയങ്കര ചോദ്യം ചോദിക്കും. അതേ ശ്വാസത്തില്‍തന്നെ എല്ലാറ്റിന്റെയും മറുപടി ‘ദൈവം’ ആണെന്ന ഭയങ്കരയുക്തി വിളംബരം ചെയ്യും. എല്ലാ ശാസ്ത്രീയ അറിവുകളും കിത്താബിലുണ്ടെന്നു്‌ വാദിക്കും. പക്ഷേ, അത്തരം അറിവുകള്‍ ശാസ്ത്രം കണ്ടെത്തുമ്പോഴേ മതപണ്ഡിതര്‍ക്കു്‌ വിളക്കു്‌ തെളിയുകയും, വ്യാഖ്യാനത്വര ബാധിക്കുകയും ചെയ്യുകയുള്ളു എന്ന ‘അത്ഭുതത്തിന്റെ’ നേരെ കണ്ണടക്കുകയും ചെയ്യും.

ഞങ്ങളുടെ ദൈവം സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നും പറഞ്ഞു്‌ ക്രിസ്ത്യാനികള്‍ മാത്രം അങ്ങനെ സുഖിക്കണ്ട. മറ്റു്‌ മതങ്ങളും സ്വര്‍ഗ്ഗവുമായി ഡിപ്ലോമാറ്റിക് ബന്ധം പുലര്‍ത്തുന്നവയാണു്‌. ഇസ്ലാമിലെ ചില വിഭാഗങ്ങള്‍ പറയുന്നതു്‌ വിശ്വസിക്കാമെങ്കില്‍ മുഹമ്മദും ഒറ്റ രാത്രികൊണ്ടു്‌ സ്വര്‍ഗ്ഗത്തില്‍ പോയിവന്നിട്ടുണ്ടു്‌.

“In the journey, Muhammad travels on the steed Buraq to “the farthest mosque” where he leads other prophets in prayer. He then ascends to heaven where he speaks to God, who gives Muhammad instructions to take back to the faithful regarding the details of prayer.” (http://en.wikipedia.org/wiki/Isra_and_Mi%27raj)

ഈ യാത്രയില്‍ മുഹമ്മദിനു്‌ സഹായി ആയിരുന്ന Buraq എന്ന ‘സ്പെഷ്യല്‍ കുതിര’ അബ്രാഹാമിനെയും ട്രാന്‍സ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്രെ! അബ്രാഹാമിനു്‌ മെക്കയിലും സിറിയയിലും ഉണ്ടായിരുന്ന ഭാര്യമാരുമായി ‘വിഹിതബന്ധം’ പുലര്‍ത്താന്‍ വേണ്ടി ദൈവം ചെയ്തുകൊടുത്ത ഒരു ഒത്താശ. ദൈവം അങ്ങനെയാണു്‌. ആണൊരുത്തനു്‌ വേണ്ടതെന്തെന്നു്‌ അങ്ങേര്‍ക്കു്‌ നല്ലപോലെ അറിയാം. പട്ടിണി, ദുരിതം, രോഗം ഇവയൊന്നും സ്വര്‍ഗ്ഗത്തില്‍ ഇല്ലാത്തതിനാല്‍ അവയെപ്പറ്റി ദൈവത്തിനു്‌ വലിയ ജ്ഞാനമില്ല.

“The Buraq was also said to transport Abraham (Ibrahim) when he visited his wife Hagar and son Ishmael. According to tradition, Abraham lived with one wife in Syria, but the Buraq would transport him in the morning to Mecca to see his family there, and take him back in the evening to his Syrian wife.” (http://en.wikipedia.org/wiki/Buraq)

ഹിന്ദുമതത്തിലാണെങ്കില്‍ ദേവലോകവും ഭൂലോകവും തമ്മിലുള്ള ബന്ധം അതിലൊക്കെ വിപുലമാണു്‌. ദേവന്മാരും അസുരന്മാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുമ്പോള്‍ അതില്‍ മനുഷ്യര്‍ പങ്കെടുക്കുന്നതുവരെ സാധാരണമായിരുന്നു. രഥത്തിന്റെ ചക്രത്തിലെ ആണി ഊരിപ്പോയപ്പോള്‍ ആ സ്ഥാനത്തു്‌ വിരലിട്ടു്‌ ഭര്‍ത്താവു്‌ യുദ്ധത്തില്‍ പരാജയപ്പെടാതിരിക്കാന്‍ സഹായിച്ചിട്ടുള്ള സ്ത്രീകള്‍ വരെ ഒരുകാലത്തു്‌ ഭാരതത്തില്‍ ഉണ്ടായിരുന്നു. എന്തായിരുന്നു അക്കാലത്തെ സ്ത്രീകളുടെ വിരലുകള്‍! ഒരിക്കല്‍ ദേവലോകത്തുനിന്നും “ഞാന്‍ ദാണ്ടെ വരുന്നു” എന്ന ഒറ്റ വിളിയുമായി ഗംഗ ഭൂമിയിലേക്കു്‌ പതിച്ചപ്പോള്‍ ശിവന്‍ അവളെ തന്റെ ജട വിടര്‍ത്തി അതിനുള്ളില്‍ ഒതുക്കുകയായിരുന്നു. പിന്നീടു്‌ ശിവന്‍ ഗംഗയെ അവിടെ നിന്നും കുറേശ്ശെ കുറേശ്ശെയായി ഭൂമിയിലേക്കു്‌ ഒഴുക്കാന്‍ തുടങ്ങി. അതു്‌ നന്നായി അതുകൊണ്ടു്‌ മനുഷ്യര്‍ക്കു്‌ വിശദമായി ഒന്നു്‌ മുങ്ങിക്കുളിക്കണം എന്നു്‌ തോന്നുമ്പോള്‍ ഗംഗയിലേക്കു്‌ പോയാല്‍ മതി.

വിശ്വാസികള്‍ ചരിക്കുന്ന ലോകത്തിലെ യുക്തിബോധം! ഈ അടിത്തറയില്‍ നിന്നുകൊണ്ടാണു്‌ വിശ്വാസികള്‍ ശാസ്ത്രത്തെ നേരിടുന്നതു്‌. വിവേചനബുദ്ധിയും ശാസ്ത്രബോധവുമുള്ള ഒരു മനുഷ്യനു്‌ സ്വന്തം വേദഗ്രന്ഥം വായിച്ചാല്‍ മതി ദൈവം, മതം, വിശ്വാസം മുതലായവക്കു്‌ ഒരു കാരണവശാലും ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടെത്താനാവില്ല എന്നു്‌ മനസ്സിലാക്കാന്‍. മുകളില്‍ സൂചിപ്പിച്ചതുപോലുള്ള വിഡ്ഢിത്തങ്ങള്‍ ശാസ്ത്രത്തിലും എഞ്ചിനിയറിംഗിലുമൊക്കെ ബിരുദമെടുത്തവര്‍ പോലും സനാതനസത്യങ്ങള്‍ ആയാലെന്നപോലെ വിശ്വസിക്കുകയും അവയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു്‌ കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നതു്‌ ഇതുമാത്രമാണു്‌: “ഉയിര്‍ത്തെഴുന്നേല്പും, സ്വര്‍ഗ്ഗാരോഹണവും, മരണാനന്തരം മനുഷ്യരെ കാത്തിരിക്കുന്ന സ്വര്‍ഗ്ഗീയജീവിതവുമൊക്കെപ്പോലെയുള്ള പച്ചനുണകള്‍ യാതൊരുവിധ പുനരവലോകനവുമില്ലാതെ ഏറ്റെടുത്തു്‌ കുനിഞ്ഞ മുതുകുമായി ചൂഷകര്‍ മാത്രമായ കുറെ ദൈവവില്പനക്കാരുടെ പുറകെ നടക്കാന്‍ തയ്യാറാവുന്ന നിങ്ങള്‍ നിങ്ങളുടെ വിദ്യാഭ്യാസം വഴി എന്തു്‌ ശാസ്ത്രബോധമാണു്‌ കൈവരിച്ചതു്‌?” ഗൗളിശാസ്ത്രത്തില്‍ കവിഞ്ഞ ശാസ്ത്രജ്ഞാനമൊന്നുമില്ലാത്തവരുടെ കാര്യം വിടാം. പക്ഷേ ഫിസിസിസ്റ്റ് എന്നും മറ്റുമുള്ള പട്ടവും കെട്ടി നടക്കുന്നവരുടെ കാര്യമോ?

ഇന്നലെ രാജീവ് ചേലനാട്ടിനു്‌ ഫെയ്സ് ബുക്കില്‍ നല്‍കിയ ഒരു കമന്റ്‌ ഇവിടെയും പ്രസക്തമാണെന്നു്‌ തോന്നുന്നതിനാല്‍ ഇതിനോടു്‌ ചേര്‍ക്കുന്നു:

“യുക്തിയെന്നാല്‍ എന്തെന്നോ, ശാസ്ത്രബോധം എന്നാല്‍ എന്തെന്നോ അറിയാത്ത ജ്യോതിഷികള്‍, വിശ്വാസികള്‍ മുതലായവരെ ചര്‍ച്ചകള്‍ വഴി ഒന്നും കണ്‍വിന്‍സ് ചെയ്യിക്കാനാവില്ല. ശാസ്ത്രലോകം അവരുമായി ചര്‍ച്ചക്കു്‌ ചെന്നാല്‍ അതു്‌ സ്വന്തം ക്രെഡിബിലിറ്റിയുടെ തെളിവായും, ചെന്നില്ലെങ്കില്‍ അതു്‌ ശാസ്ത്രത്തിന്റെ പരാജയമായും അനുയായികളോടു്‌ ഘോഷിക്കാന്‍ കഴിവുള്ള വ്യാജന്മാരാണവര്‍. വ്യാഖ്യാനമാണല്ലോ അവരുടെ കുലത്തൊഴില്‍! ജനങ്ങളില്‍ അധികവും അവരെ മുഖവിലയ്ക്കെടുക്കാന്‍ മാത്രം മണ്ടന്മാരായ ഒരു നാട്ടില്‍ കബളിപ്പിക്കല്‍ വളരെ എളുപ്പവുമാണു്‌. ഗണനീയമായ ഒരു ജനവിഭാഗം ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ശേഷിയുള്ളവരാവുന്നതുവരെ ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും. ശാസ്ത്രീയമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത ഒരു ജനത്തിനു്‌ ചര്‍ച്ചകളെ അവയില്‍ പങ്കെടുക്കുന്നവരുടെ വാക്സാമര്‍ത്ഥ്യം നോക്കിയല്ലാതെ വിലയിരുത്താനാവുമോ?

ലിങ്കുകള്‍ വഴി അബദ്ധത്തില്‍ ചില ചാനലുകളിലെ ചര്‍ച്ചകള്‍ കാണേണ്ടിവരുമ്പോള്‍ കേരളത്തിലെ ചര്‍ച്ചാസംസ്കാരത്തെയോര്‍ത്തു്‌ സത്യത്തില്‍ സഹതാപമാണു്‌ തോന്നാറു്‌. മറ്റൊന്നു്‌ കണ്ടിട്ടില്ലാത്ത മനുഷ്യര്‍ അവര്‍ തിരഞ്ഞെടുത്തു്‌ വിട്ടവര്‍ നല്‍കുന്ന ഭിക്ഷ വാങ്ങി ഭക്ഷിക്കുന്നു.”

എല്ലാ സുഹൃത്തുക്കള്‍ക്കും ഹോളി സ്പിരിറ്റില്‍ മുങ്ങിയ ഹാപ്പി ഉയിര്‍ത്തെഴുന്നേല്പു്‌!

 
3 Comments

Posted by on Apr 8, 2012 in പലവക

 

Tags: , ,