RSS

Monthly Archives: Jul 2009

യേശുവിന്റെ നരകയാത്ര – 1

ശവക്കല്ലറയിലായിരുന്ന മൂന്നു് ദിവസങ്ങളിൽ യേശു നിഷ്ക്രിയനായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ മൂന്നു് ദിവസങ്ങൾ എന്നതു് അത്ര ശരിയായ കണക്കല്ല. കാരണം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു് മരണമടഞ്ഞ യേശു അന്നു് വൈകിട്ടെപ്പോഴെങ്കിലുമാവണം കല്ലറയിൽ വയ്ക്കപ്പെട്ടതു്. ശനിയാഴ്ച യഹൂദർക്കു് ശബത്തുനാൾ ആയതിനാൽ ആരും കല്ലറയുടെ ഭാഗത്തേക്കു് പോയിട്ടുമില്ല. ഞായറാഴ്ച അതിരാവിലെ അവിടെ എത്തിയവരാണു് കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടതു്. തത്വത്തിൽ, വെള്ളിയാഴ്ച രാത്രി തന്നെ യേശു ഉയിർത്തെഴുന്നേറ്റിരുന്നു എന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതു് കണ്ണുമടച്ചു് നിഷേധിക്കാനാവില്ല എന്നർത്ഥം. അതെന്തായാലും, ഉള്ള സമയം കളയാതെ യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള മുഴുവൻ നീതിമാന്മാരെയും സാത്താന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു എന്നാണു് നിക്കോദിമോസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പോക്രിഫയിൽ രേഖപ്പെടുത്തിയിരിക്കുന്നതു്.

ആ സുവിശേഷത്തിന്റെ ആദ്യഭാഗത്തു് പീലാത്തോസിന്റെ മുന്നിൽ വച്ചു് യേശു വിചാരണ ചെയ്യപ്പെടുന്നതിനെക്കുറിച്ചു് വളരെ വിശദമായും, അതേസമയം, കുരിശിൽ തറയ്ക്കപ്പെടുന്നതും, മന്ത്രിയും യേശുവിനെ പിന്തുടർന്നിരുന്നവനും ദൈവരാജ്യത്തിന്റെ വരവു് കാത്തിരുന്നവനുമായ അരിമത്യക്കാരൻ യോസേഫ്‌ (ലൂക്കോസ്‌ 23:50-56) മൃതശരീരം ഏറ്റുവാങ്ങുന്നതും കല്ലറയിൽ വക്കുന്നതുമെല്ലാം സംബന്ധിച്ചു് വളരെ ചുരുക്കത്തിലും വർണ്ണിച്ചിട്ടുണ്ടു്. അതിന്റെ രണ്ടാം ഭാഗത്തു് യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റുവോ എന്നതിനെ സംബന്ധിച്ചു് യഹൂദരുടെ ന്യായാധിപസംഘം (Synedrium) നടത്തുന്ന അന്വേഷണങ്ങൾ വിശാലമായി വിവരിച്ചിരിക്കുന്നു. പുതിയനിയമകാലത്തെ യഹൂദരുടെ ഒരുതരം സുപ്രീം കോടതിയായിരുന്ന ആ സംഘത്തിൽ മഹാപുരോഹിതന്മാരും, ഉന്നതകുടുംബങ്ങളിലെ തലവന്മാരും, പരീശന്മാരിൽപെട്ട ശാസ്ത്രികളും അടങ്ങുന്ന 71 പേർ അംഗങ്ങളായിരുന്നു.

മൂന്നാം ഭാഗത്തിനു് നൽകപ്പെട്ടിരിക്കുന്ന പേരു് ‘ക്രിസ്തുവിന്റെ നരകാവരോഹണം’ (Descensus Christi ad inferos) എന്നാണു്. യേശു നരകത്തിൽ നിന്നും മോചിപ്പിച്ചു് സ്വർഗ്ഗത്തിൽ എത്തിച്ചവരിൽ പെട്ട രണ്ടു് പുരുഷന്മാരാണു് അതു് എഴുതിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ നരകയാത്ര ആദ്യം എഴുതപ്പെട്ടതു് ഗ്രീക്ക്‌ ഭാഷയിൽ ആയിരുന്നു. പിൽക്കാലത്തു് അവസാനഭാഗത്തു് ശ്രദ്ധാർഹമായ ചില മാറ്റങ്ങൾ വരുത്തി അതിന്റെ ഒരു ലാറ്റിൻ പരിഭാഷ രൂപമെടുക്കുകയായിരുന്നു. അതിൽ, ഉദാഹരണത്തിനു്, പീലാത്തോസ്‌ ഒരു കത്തുമായി തന്റെ കൈസറിനു് മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. കൈസറുടെ പേരു് Claudius എന്നാണു് കൊടുത്തിരിക്കുന്നതു്. പക്ഷേ, പീലാത്തോസ്‌ ജീവിച്ചിരുന്നതു് Tiberius റോമൻകൈസർ ആയിരുന്ന കാലത്താണു്. ലൂക്കോസിന്റെ സുവിശേഷത്തിൽ സ്നാപകയോഹന്നാനെ പരാമർശിക്കുന്ന ഭാഗത്തു് ബൈബിളിലും Tiberius റോമൻ കൈസർ ആയിരുന്നു എന്നു് സൂചിപ്പിക്കപ്പെടുന്നുമുണ്ടു്:

“തീബെര്യൊസ്‌ കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്‌ പീലാത്തോസ്‌ യെഹൂദ്യനാടു് വാഴുമ്പോൾ, ഹേരോദാവു് ഗലീലയിലും അവന്റെ സഹോദരനായ ഫിലിപ്പോസ്‌ ഇതൂര്യ ത്രഖോനിത്തി ദേശങ്ങളിലും (Iturea and the region of Trachonitis) ലുസാന്യാസ്‌ അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാനു് മരുഭൂമിയിൽ വെച്ചു് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.” – ലൂക്കോസ്‌ 3:1-3

ക്ലൗഡിയസിന്റെ കാലത്തു് പത്രോസും മന്ത്രവാദിയായ ഒരു ശീമോനും തമ്മിൽ നടന്ന തർക്കത്തിൽ പീലാത്തോസിന്റേതെന്നു് പറയപ്പെടുന്ന ഈ കത്തു് ഉപയോഗിക്കപ്പെട്ടിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നും വിരുദ്ധമായി നീക്കോദിമോസ്‌ സുവിശേഷത്തിൽ പീലാത്തോസ്‌ ക്ലൗഡിയസിന്റെ കാലത്തിലേക്കു് പറിച്ചുനടപ്പെട്ടതിന്റെ കാരണം അതാവാം. ഈ കത്തിൽ പീലാത്തോസ്‌ വളരെ നീതിനിഷ്ഠയുള്ളവനും നല്ലവരിൽ നല്ലവനുമായും, യേശുവിന്റെ മരണത്തിനുള്ള മുഴുവൻ ഉത്തരവാദിത്വവും യഹൂദരുടേതുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

പീലാത്തോസിന്റെ മുന്നിൽ വച്ചു് നടന്ന യേശുവിന്റെ വിചാരണ വേളയിൽ സംഭവിച്ചതായി വർണ്ണിക്കപ്പെടുന്നതും, അംഗീകൃതബൈബിളിൽ ഇല്ലാത്തതുമായ വിവിധ അത്ഭുതങ്ങളിലേക്കു് സ്ഥലപരിമിതിമൂലം ഇവിടെ കടക്കുന്നില്ല. അതുപോലെതന്നെ, പീലാത്തോസിൽ നിന്നും യേശുവിന്റെ മൃതശരീരം ചോദിച്ചുവാങ്ങി പുതിയതും തന്റെ സ്വന്തവുമായിരുന്ന കല്ലറയിൽ സംസ്കരിക്കുന്ന അരിമത്യനായ യോസേഫിനെ യഹൂദർ പിടികൂടുന്നതും, പിറ്റേന്നു് ശാബത്തായതിനാൽ ആഴ്ചയുടെ ആദ്യദിവസം ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി ‘ജനലുകളില്ലാത്ത‘ ഒരു വീട്ടിൽ തടവിലാക്കുന്നതും, വീടിന്റെ വാതിൽ അടച്ചു് ഭദ്രമാക്കി മുദ്രവച്ചു് കാവൽക്കാരെ നിർത്തുന്നതും, ഇത്രയൊക്കെ ചെയ്തിട്ടും അവനെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ യേശു രക്ഷപെടുത്തുന്നതിന്റേയുമെല്ലാം വിശദാംശങ്ങൾ വിസ്താരഭയം മൂലം ഒഴിവാക്കുകയേ നിവൃത്തിയുള്ളു. പിന്നീടു് യഹൂദരുടെ ന്യായാധിപസംഘത്തിനുമുന്നിൽ വച്ചു് നടന്ന വിചാരണയിൽ ശനിയാഴ്ച അർദ്ധരാത്രിയിൽ താൻ തടങ്കലിൽ ആക്കപ്പെട്ടിരുന്ന വീടിന്റെ നാലു് മൂലകളും ഒപ്പം മുകളിലേക്കു് ഉയർത്തപ്പെടുകയും, ഇടിമിന്നൽ ഉണ്ടാവുകയും, താൻ ഭയപ്പെട്ടു് തറയിൽ വീഴുകയും ചെയ്തു എന്നും അപ്പോൾ യേശു അവനെ കൈപിടിച്ചു് പുറത്തുകടത്തുകയായിരുന്നു എന്നും മറ്റും യോസേഫ്‌ വ്യക്തമാക്കുന്നുണ്ടു്.

അതുപോലെതന്നെ, യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള സകല മരിച്ചവരെയും രക്ഷപെടുത്തിയ വിവരം മറ്റൊരവസരത്തിൽ ന്യായാധിപസംഘത്തെ അറിയിക്കുന്നതും യോസേഫാണു്. ന്യായാധിപസംഘത്തോടു് അവൻ ചോദിക്കുന്നു: “യേശു ഉയിർത്തെഴുന്നേറ്റു എന്നതിലാണോ നിങ്ങൾ അത്ഭുതം കൊള്ളുന്നതു്? പക്ഷേ, യഥാർത്ഥ അത്ഭുതം അവൻ ഉയിർത്തെഴുന്നേറ്റതോടൊപ്പം അനേകം മരിച്ചവരേയും ഉയിർത്തെഴുന്നേൽപിച്ചു എന്നതാണു്. അവരിൽ പലരും യേരുശലേമിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി. അവരിൽ മറ്റാരെയും നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും, യേശു കുഞ്ഞായിരുന്നപ്പോൾ അവനെ കൈകളിൽ എടുത്തവനായ ശിമെയോന്റെ രണ്ടു് മക്കളെ നിങ്ങൾ വിശ്വസിക്കുന്നുണ്ടാവുമല്ലോ? മരിച്ചവരായ അവരെ നമ്മൾ സംസ്കരിച്ചിട്ടു് അധികനാളായിട്ടില്ല എന്നും നിങ്ങൾക്കറിയാം. പക്ഷേ, ഇപ്പോൾ അവരുടെ ശവക്കല്ലറകൾ തുറന്നിരിക്കുന്നതും അതു് ശൂന്യമായിരിക്കുന്നതും ആർക്കും പോയി കാണാവുന്നതുമാണു്. അവരാണെങ്കിൽ ഇപ്പോൾ അരിമത്യയിൽ ഉണ്ടുതാനും.” അങ്ങനെ ന്യായാധിപസംഘത്തിൽ പെട്ടവരും മഹാപുരോഹിതന്മാരുമായ ഹന്നാവും കയ്യഫാവും യോസേഫിനോടും നിക്കോദിമോസിനോടും ഗമാലിയേലിനോടുമൊപ്പം അരിമത്യയിലെത്തി ശിമെയോന്റെ രണ്ടു് മക്കളെയും ‘ജീവിച്ചിരിക്കുന്നവരായി’ കാണുകയും അവരെ യേരുശലേമിലേക്കു് കൊണ്ടുവരികയും ചെയ്യുന്നു. സിനഗോഗിൽ എത്തിയ അവരോടു് യഹോവയിലും പഴയനിയമത്തിലും ആണയിട്ടു് അവരെ ഉയിർത്തെഴുന്നേൽപിച്ചതു് സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മുഖത്തു് കുരിശടയാളം വരക്കുകയും കടലാസും മഷിയും തൂവലും ചോദിച്ചുവാങ്ങി യേശുവിന്റെ നരകയാത്ര സംബന്ധിച്ച കൃത്യമായ വിവരങ്ങൾ താഴെക്കാണും പ്രകാരം രേഖപ്പെടുത്തുകയുമായിരുന്നത്രെ:

ലോകത്തിന്റെ ഉയിർത്തെഴുന്നേൽപ്പും ജീവനുമായ യേശുനാഥാ, നിന്റെ ഉയിർത്തെഴുന്നേൽപിനെപ്പറ്റിയും, നരകത്തിൽ നീ ചെയ്ത അത്ഭുതപ്രവൃത്തികളെപ്പറ്റിയും വർണ്ണിക്കാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ! ആദികാലം മുതൽ മരണമടഞ്ഞവരായ മറ്റെല്ലാവരോടുമൊപ്പം ഞങ്ങളും നരകത്തിൽ ആയിരുന്നു. പാതിരാവിന്റെ നാഴികയിൽ നരകത്തിന്റെ അന്ധകാരത്തിൽ സൂര്യപ്രകാശം പോലുള്ള വെളിച്ചം ഉണ്ടായി. എല്ലാവർക്കും തമ്മിൽത്തമ്മിൽ കാണാൻ കഴിഞ്ഞു. ഉടനെതന്നെ പിതാവായ അബ്രാഹാമും മറ്റു് പുരാതനപിതാക്കന്മാരും പ്രവാചകന്മാരും ഒരുമിച്ചുകൂടി പരസ്പരം പറഞ്ഞു: “വാഗ്ദത്തം ചെയ്യപ്പെട്ട വലിയ വിളക്കുകളുടെ പ്രകാശമാണതു്!” അപ്പോൾ അവരോടൊപ്പം ഉണ്ടായിരുന്നവനായ യെശയ്യാപ്രവാചകൻ സ്ഥിരീകരിച്ചു: “പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പ്രകാശമാണതു്. ജീവിച്ചിരുന്ന കാലത്തു് ഞാൻ അതിനെപ്പറ്റി പ്രവചിച്ചിരുന്നു. കാണുക, സെബൂലൂന്റെയും നഫ്താലിയുടെയും രാജ്യത്തിൽ അന്ധകാരത്തിൽ കഴിയുന്നവരായ ജനങ്ങളുടെ മേൽ ഒരു വലിയ പ്രകാശം പതിക്കുന്നു.” അതിനുശേഷം മരുഭൂമിയിൽ നിന്നുള്ള ഒരു സന്ന്യാസി ഞങ്ങളുടെ മദ്ധ്യത്തിലേക്കു് വന്നു. പിതാക്കന്മാർ അവനോടു് നീ ആരാണെന്നു് ചോദിച്ചപ്പോൾ അവന്റെ മറുപടി: “ഞാൻ പ്രവാചകന്മാരിൽ അവസാനത്തവനും, ദൈവപുത്രനു് വഴിനിരപ്പാക്കാൻ വന്നവനും, ജനങ്ങളോടു് പാപമോചനത്തിനായി അനുതപിച്ചു് മാനസാന്തരപ്പെടാൻ പ്രസംഗിച്ചവനുമായ യോഹന്നാനാണു്. ദൈവപുത്രൻ എന്റെയടുത്തേക്കു് വരുന്നതായി അകലനിന്നേ കണ്ടപ്പോൾതന്നെ ഞാൻ ജനങ്ങളോടു്പറഞ്ഞു: കാണൂ, ഇതാ ലോകത്തിന്റെ പാപഭാരം ഏറ്റെടുക്കുന്ന ദൈവത്തിന്റെ ആട്ടിൻകുട്ടി! എന്റെ കൈകൾ കൊണ്ടു് അവനെ ഞാൻ യോർദ്ദാൻ നദിയിൽ മാമൂദീസ മുക്കിയപ്പോൾ പരിശുദ്ധാത്മാവു് ഒരു പ്രാവിന്റെ രൂപത്തിൽ അവനിൽ വന്നിറങ്ങുന്നതു് ഞാൻ കാണുകയും, ഇതാ, ഞാൻ തിരഞ്ഞെടുത്തവനായ എന്റെ പ്രിയ പുത്രൻ എന്ന പിതാവായ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു. അതിനാൽ, ഏകജാതനായ ദൈവപുത്രൻ ഇങ്ങോട്ടും വരുന്നു എന്നു് നിങ്ങളെ അറിയിക്കാനായി അവൻ എന്നെ നിങ്ങളുടെ അടുത്തേക്കും അയച്ചിരിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും, അവനിൽ വിശ്വസിക്കാത്തവരോ വിധിക്കപ്പെടും. അതുകൊണ്ടു് ഞാൻ നിങ്ങളോടു് പറയുന്നു: മുകളിലെ ശൂന്യതയുടെ ലോകത്തിൽ വച്ചു് നിങ്ങൾ വിഗ്രഹങ്ങളെ ആരാധിച്ചതിനും, പാപങ്ങൾ ചെയ്തതിനുമായി അനുതപിച്ചു് മാനസാന്തരപ്പെടാനുള്ള സമയം ഇതാണു്. മറ്റൊരവസരം അതിനായി നിങ്ങൾക്കു് ലഭിക്കുകയില്ല.”

സ്നാപകയോഹന്നാൻ നരകത്തിൽ ഇപ്രകാരം പ്രസംഗിച്ചുകൊണ്ടിരുന്നതു് കേട്ടപ്പോൾ ആദ്യമനുഷ്യനും ആദിപിതാവുമായ ആദാം തന്റെ മകനായ ശേത്തിനോടു് പറഞ്ഞു: “പ്രിയമകനേ, ഞാൻ മരിക്കാൻ കിടന്നപ്പോൾ നിന്നെ എങ്ങോട്ടാണു് അയച്ചതെന്നു് മനുഷ്യരാശിയുടെ ഈ എല്ലാ പിതാക്കന്മാരേയും പ്രവാചകന്മാരേയും പറഞ്ഞറിയിക്കൂ!” അതുകേട്ട ശേത്ത്‌ പറഞ്ഞു: “സകല പിതാക്കന്മാരും പ്രവാചകന്മാരുമായുള്ളവരേ, കേൾക്കൂ! ആദിപിതാവും എന്റെ പിതാവുമായ ആദാം മരിക്കാൻ കിടന്നപ്പോൾ ദൈവത്തിനു് ഒരു അനുതാപപ്രാർത്ഥന അർപ്പിക്കാനായി അവൻ എന്നെ പറുദീസയുടെ പടിവാതിൽക്കലേക്കു് പറഞ്ഞയച്ചു. പ്രാർത്ഥന കേൾക്കുമ്പോൾ മാലാഖ ഇറങ്ങിവന്നു് എന്നെ കരുണയുടെ വൃക്ഷത്തിങ്കലേക്കു് കൂട്ടിക്കൊണ്ടുപോകുമെന്നും, അങ്ങനെ ആ മരത്തിൽനിന്നുമുള്ള എണ്ണകൊണ്ടു് തിരുമ്മുമ്പോൾ എന്റെ പിതാവിനു് ക്ഷീണം മാറി എഴുന്നേൽക്കാൻ ആവുമെന്നും ഉള്ള ധാരണയിലായിരുന്നു അതു്. എന്റെ പ്രാർത്ഥനക്കു് ശേഷം ദൈവത്തിന്റെ ഒരു മാലാഖ ഇറങ്ങിവന്നു് എന്നോടു് ചോദിച്ചു: ശേത്തേ, എന്താണു് നീ ആഗ്രഹിക്കുന്നതു്? നിന്റെ പിതാവിനുവേണ്ടി ബലഹീനരെ എഴുന്നേൽപ്പിക്കാൻ കഴിവുള്ള എണ്ണയോ, അതോ ചുരുങ്ങിയപക്ഷം, ആ എണ്ണ ഒഴുക്കുന്ന മരമോ നീ പ്രതീക്ഷിക്കുന്നതു്? ആ മരം പക്ഷേ ഇപ്പോഴില്ല. അതുകൊണ്ടു് നീ തിരിച്ചുപോയി നിന്റെ പിതാവിനോടു് പറയുക: ലോകസൃഷ്ടിക്കു് ശേഷം 5500 വർഷങ്ങൾ പൂർത്തിയാവുമ്പോൾ ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യരൂപമെടുത്തു് ഭൂമിയിൽ വരും. അവൻ ആ എണ്ണ കൊണ്ടു് നിന്റെ പിതാവിനെ തടവുകയും അവൻ എഴുന്നേൽക്കുകയും ചെയ്യും. അവൻ വെള്ളം കൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും അവനേയും അവനിൽ നിന്നും പുറപ്പെട്ട സകല പിൻഗാമികളേയും കഴുകും. അപ്പോൾ അവൻ എല്ലാ രോഗങ്ങളിൽ നിന്നും മുക്തനാവും. പക്ഷേ, ഇപ്പോൾ അതു് സാദ്ധ്യമല്ല.” പുരാതനപിതാക്കളും പ്രവാചകന്മാരും ഇതു് കേട്ടപ്പോൾ അത്യന്തം സന്തുഷ്ടരായി.

(നരകത്തിലെത്തിയ യേശു സാത്താനേയും നരകനാഥനേയും കീഴടക്കി മരിച്ചവരെ മോചിപ്പിക്കുന്നതും അവർ പറുദീസയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം അടുത്തതിൽ)

 
7 Comments

Posted by on Jul 24, 2009 in മതം, യേശു

 

Tags: ,

മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും

(നീറ്റ്‌സ്‌ഷെയുടെ Antichrist-ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)
മനുവിന്റെ നിയമങ്ങളുടെയും ക്രിസ്തീയതയുടെയും ഉദ്ദേശ്യങ്ങൾ താരതമ്യം ചെയ്താൽ, അവയുടെ ഉദ്ദേശ്യങ്ങളിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളെ ശക്തമായ വെളിച്ചത്തിലേക്കു് കൊണ്ടുവന്നാൽ, ക്രിസ്തീയതയുടെ ഉദ്ദേശ്യത്തിന്റെ അപവിത്രത വളരെ സ്പഷ്ടമാവും. അപ്പോൾ ക്രിസ്തീയതയെ നിന്ദ്യമാക്കാതിരിക്കാൻ ക്രിസ്തീയതയുടെ വിമർശകർക്കു് കഴിയാതെ വരും. മനുവിന്റേതു് പോലുള്ള ഒരു നീതിശാസ്ത്രഗ്രന്ഥം രൂപമെടുക്കുന്നതു് ഏതൊരു നല്ല നിയമഗ്രന്ഥവും രൂപമെടുക്കുന്നതുപോലെയാണു്: അതു് സുദീർഘമായ നൂറ്റാണ്ടുകളിലെ അനുഭവജ്ഞാനത്തെ, ദീർഘദൃഷ്ടിയെ, പരീക്ഷണാധിഷ്ഠിതധാർമ്മികതയെ സംക്ഷേപിക്കുകയാണു് ചെയ്യുന്നതു്; അവസാനം അതൊരു തീരുമാനത്തിലെത്തിച്ചേരുന്നു, പുതിയതൊന്നും അതു് നിർമ്മിക്കുന്നില്ല. ഏറെ നഷ്ടങ്ങൾ സഹിച്ചു്, സാവധാനം നേടിയെടുത്ത ഒരു സത്യത്തിനു് ആധികാരികത ഉറപ്പു് വരുത്തുക എന്ന ഉപാധിയിൽ അധിഷ്ഠിതമായ അതുപോലുള്ള ഒരു നിയമസംഹിതയുടെ മുൻവ്യവസ്ഥകളുടെ അടിസ്ഥാനം അവയെ തെളിയിക്കുന്നതിനുള്ള ഉപാധികളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമാണു്. ഒരു നീതിശാസ്ത്രസംഹിത ഒരിക്കലും ഒരു നിയമത്തിന്റെ ഭൂതകാലചരിത്രത്തിലെ പ്രയോജനത്തെപ്പറ്റിയോ, അടിസ്ഥാനത്തെപ്പറ്റിയോ, കാര്യകാരണങ്ങളെപ്പറ്റിയോ വിവരിക്കുന്നില്ല: അങ്ങനെ ചെയ്താൽ, അതിന്റെ ആജ്ഞാസ്വഭാവം (imperative tone), അഥവാ, അനുസരിക്കപ്പെടുന്നതിനുള്ള മുൻവ്യവസ്ഥയായ “നീ ഇന്നതു് ചെയ്യണം” (അല്ലെങ്കിൽ “നീ ഇന്നതു് ചെയ്യരുതു്”) എന്ന വിധിരൂപം, അതിനു് നഷ്ടമാവും. പ്രശ്നം സ്ഥിതി ചെയ്യുന്നതും കൃത്യമായി ഇവിടെത്തന്നെയാണു് .ഒരു ജനവിഭാഗത്തിന്റെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, അതിലെ ഏറ്റവും ജാഗരൂകരായവരുടെ നിരയിലെ (circumspect stratum), അഥവാ, പിൻ-മുൻ-വീക്ഷണശേഷിയുള്ളവരുടെ നിരയിലെ മനുഷ്യർ, ആ ജനവിഭാഗത്തിനു് ജീവിക്കാൻ വേണ്ടതായ – എന്നുവച്ചാൽ, ജീവിക്കാൻ കഴിയേണ്ടതായ – അനുഭവജ്ഞാനശേഖരണം പൂർത്തീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നു. പരീക്ഷണകാലഘട്ടങ്ങളിലെ തിക്തമായ അനുഭവങ്ങളുടെ വിളവു് കഴിയുന്നത്ര സമൃദ്ധവും പൂർണ്ണവുമായി വീട്ടിലെത്തിക്കുക എന്നതാണു് അവർ ലക്ഷ്യമാക്കുന്നതു്. തൻനിമിത്തം, എല്ലാറ്റിലുമുപരിയായി അപ്പോൾ തടയപ്പെടേണ്ടതു്, അവയിലെ തുടർന്നുള്ള പരീക്ഷണങ്ങളാണു്, മൂല്യങ്ങളുടെ ദ്രാവകാവസ്ഥയിലുള്ള തുടർച്ചയാണു്, പരിശോധനകളും, തിരഞ്ഞെടുക്കലുകളും, മൂല്യങ്ങളുടെ അനന്തമായ വിമർശനവുമാണു്. അതിനാൽ, തടയപ്പെടേണ്ടവ സംഭവിക്കാതിരിക്കാൻ ഒരു ഇരട്ടമതിൽ പണിതുയർത്തപ്പെടുന്നു: ഒന്നാമതു് വെളിപാടിന്റേതു്, അതായതു്, ഈ നിയമങ്ങളിലെ യുക്തിയുടെ ഉറവിടം മാനുഷികമല്ല, അഥവാ, അവ തെറ്റുകളിലൂടെയും തിരുത്തലുകളിലൂടെയും മനുഷ്യർ തന്നെ സാവധാനം കണ്ടെത്തിയ നിയമങ്ങളല്ല, പകരം, ദൈവികമായ ഉറവിടത്തിൽ നിന്നും ലഭിച്ചവയാണു്, പരിപൂർണ്ണമാണു് , സമഗ്രമാണു്, ഒരു ചരിത്രം ഇല്ലാത്തതാണു്, ഒരു സമ്മാനമാണു്, ഒരു അത്ഭുതമാണു്, (ദൈവത്തിൽ നിന്നും) പകർന്നു് കിട്ടിയതുമാത്രമാണു്. രണ്ടാമത്തെ മതിൽ പാരമ്പര്യത്തിന്റേതാണു്, അതായതു്, ഈ നിയമങ്ങൾ അനാദികാലം മുതലേ നിലനിൽക്കുന്നവയാണെന്നും, അതിനാൽ അവയെ സംശയിക്കുക എന്നതു് പൂർവ്വികരോടുള്ള അനാദരവും മഹാപാതകവുമാണെന്നുമുള്ള അവകാശവാദം. “ദൈവം അതു് തന്നു, പൂർവ്വികർ അതു് ജീവിച്ചു” എന്ന അടിത്തറയിലാണു് ഇത്തരം നിയമങ്ങളുടെ പ്രാമാണികത്വം നിലനിൽക്കുന്നതു്. അന്തർബോധത്തെ ചുവടു് ചുവടായി ശരിയെന്നു് തിരിച്ചറിഞ്ഞ (അതായതു്, കഠിനമായതും കർശനമായി അരിക്കപ്പെട്ടതുമായ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട) ജീവിതത്തിൽ നിന്നും പിൻതള്ളുക എന്നതിലാണു് ഇതുപോലൊരു നടപടിക്രമത്തിന്റെ ഉന്നതഹേതു കുടികൊള്ളുന്നതു്: അങ്ങനെ, എല്ലാത്തരം നിപുണതയുടേയും, ജീവിതകലയിലെ എല്ലാത്തരം പരിപൂർണ്ണതകളുടെയും മുൻനിബന്ധനയായ സഹജവാസനയുടെ പൂർണ്ണമായ അനൈച്ഛികപ്രവർത്തനം സാദ്ധ്യമാക്കിത്തീർക്കുന്നു. മനുവിന്റേതു് പോലുള്ള ഒരു നിയമപുസ്തകം ആവിഷ്കരിക്കുക എന്നാൽ, ജനങ്ങൾക്കു് ഇനിമേലിൽ, നിപുണരാവാനുള്ള, പൂർണ്ണരാവാനുള്ള – ഏറ്റവും ഉയർന്ന തരം ജീവിതം ആഗ്രഹിക്കുവാനുള്ള അവസരം നൽകുക എന്നാണർത്ഥം. അതിനു് അതു് അബോധാവസ്ഥയിൽ ആക്കപ്പെടണം. ഏതു് വിശുദ്ധനുണയുടെയും ലക്ഷ്യം ഇതാണു്.

ജാതിവ്യവസ്ഥ എന്ന, സർവ്വപ്രധാനവും പ്രബലവുമായ നിയമം, പ്രകൃതിവ്യവസ്ഥയുടെ ഒരു അംഗീകരണം മാത്രമാണു്, ഒന്നാം നിരയിൽ പെട്ടതും, പ്രകൃത്യനുസരണവുമായ ഈ നിയമാനുസൃതത്വത്തിനു് എതിരായി നിരങ്കുശത്വത്തിനോ, ഏതെങ്കിലും ആധുനിക ആശയങ്ങൾക്കോ ഒന്നും ചെയ്യാനാവില്ല. പരസ്പരനിബന്ധനയായിക്കൊണ്ടു് നിലകൊള്ളുന്നതും, ശരീരശാസ്ത്രപരമായി വ്യത്യസ്ത ഗുരുത്വാകർഷണതയുള്ളതും, ഓരോന്നിനും അതിന്റേതായ ശുചിത്വപരിപാലനവും, അതിന്റേതായ തൊഴിൽമേഖലയും, അതിന്റേതായ പരിപൂർണ്ണതാബോധവും നിപുണതയും ഉള്ളതുമായ മൂന്നുതരം മനുഷ്യർ ആരോഗ്യപൂർണ്ണമായ ഏതു് സമൂഹത്തിലും തമ്മിൽത്തമ്മിൽ ഇടപെടുന്നുണ്ടു്. പ്രധാനമായും ആത്മീയരായവരേയും പ്രധാനമായും ശാരീരികശക്തിയും ഊർജ്ജസ്വലതയും ഉള്ളവരേയും, ഈ രണ്ടു് തരത്തിലുമുള്ള മികവു് കാണിക്കാത്ത ഇടത്തരക്കാരായ മൂന്നാമത്തെ വിഭാഗത്തേയും തമ്മിൽത്തമ്മിൽ വേർപിരിക്കുന്നതു് മനുവല്ല, പ്രകൃതിയാണു് – മൂന്നാമത്തെ വിഭാഗമാണു് ബഹുഭൂരിപക്ഷവും, ആദ്യത്തെ വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേരും (elite).

ഏറ്റവും ഉയർന്ന ജാതിക്കു് – ഞാൻ അവരെ ഏറ്റവും വിരളമായവർ എന്നു് വിളിക്കുന്നു – പരിപൂർണ്ണരായതിനാൽ വിരളമായവരുടെ പ്രത്യേകാവകാശങ്ങളുമുണ്ടു്: ഭൂമിയിലെ സന്തോഷവും, സൗന്ദര്യവും, ധന്യതയും പ്രതിനിധീകരിക്കുന്നതിനുള്ള അവകാശം അവയിൽപ്പെടുന്നു. ഏറ്റവും ആത്മീയരായ മനുഷ്യർക്കു് മാത്രമേ സൗന്ദര്യത്തിനു്, മനോഹരമായതിനു് അനുവാദമുള്ളു: അവരുടെ ഇടയിൽ മാത്രമാണു് ധന്യത ബലഹീനതയല്ലാത്തതു്. Pulchrum est paucorum hominum (രമണീയത ചുരുക്കം മനുഷ്യർക്കു് സ്വന്തമാണു്): സദ്‌ഗുണം ഒരു പ്രത്യേകാവകാശമാണു്. അതിനു് വിപരീതമായി, പെരുമാറ്റവൈകൃതവും, വിഷാദാത്മകമായ നോട്ടവും, അസുഖദായകമായ ദൃഷ്ടിയും പോലെ അവർക്കു് ചേരാത്തതായി മറ്റൊന്നുമില്ല, അതുപോലെതന്നെ, വസ്തുതകളുടെ ആകമാനസ്വഭാവത്തോടുള്ള ധാർമ്മികരോഷവും (അവർക്കുള്ളതല്ല). ധാർമ്മികരോഷം ചണ്ഡാലന്റെ പ്രത്യേകാവകാശമാണു്; വിഷാദാത്മകത്വവും അതുപോലെതന്നെ.

“ലോകം പരിപൂർണ്ണമാണു്” എന്നാണു് ആത്മീയരായവരുടെ സഹജബോധം, അംഗീകാരത്തിന്റെ സഹജബോധം പറയുന്നതു്: അപൂർണ്ണതയും, എല്ലാത്തരം “താഴെ” ഉള്ളവയും, അകൽച്ചയും, അകൽച്ചയിലെ ആർദ്രഭാവവും, എന്തിനു്, ചണ്ഡാലൻ പോലും ഈ പരിപൂർണ്ണതയിൽ പെടുന്നു. മറ്റു് മനുഷ്യർ അവരുടെ അധോഗതി കണ്ടേക്കാവുന്നിടത്തു് മാനസികശേഷിയുള്ളവർ, അതിശക്തരെന്ന നിലയിൽ, അവരുടെ ഭാഗ്യം കണ്ടെത്തുന്നു: ലബിരിന്തിൽ, തങ്ങളോടും മറ്റുള്ളവരോടുമുള്ള കാഠിന്യത്തിൽ, പരീക്ഷണങ്ങളിൽ; സ്വയം കീഴടക്കലിലാണു് അവരുടെ സന്തോഷം; താപസവൃത്തി അവരിൽ സ്വഭാവവും, ആവശ്യകതയും, നൈസർഗ്ഗികതയും ആയി മാറുന്നു. ഭാരമേറിയ ജോലികൾ അവർക്കു് പ്രത്യേകാവകാശമാണു്. മറ്റുള്ളവർ തങ്ങളെ തകർക്കുന്ന ഭാരങ്ങളായി കരുതുന്ന കാര്യങ്ങളുമായി കളിക്കുന്നതാണു് അവർക്കു് നേരമ്പോക്കിനുള്ള വിനോദം. ജ്ഞാനം – താപസവൃത്തിയുടെ ഒരു രൂപം. അഭിവന്ദ്യരായ തരം മനുഷ്യരാണവർ: പക്ഷേ, സന്തോഷദായകരും മനം കവരുന്നവരും ആയിരിക്കാൻ അതവർക്കൊരു തടസ്സമാവുന്നുമില്ല. അവർ ഭരിക്കുന്നതു് അവർ അതാഗ്രഹിക്കുന്നതുകൊണ്ടല്ല, അവർ അതായിരിക്കുന്നതുകൊണ്ടാണു്; രണ്ടാമത്തവർ ആയിരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കില്ല.

രണ്ടാമത്തവർ: അവർ നിയമത്തിന്റെ സംരക്ഷകരാണു്, ക്രമപരിപാലനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാവൽക്കാർ, ഉത്തമരായ പടയാളികൾ, എല്ലാറ്റിലുമുപരി, പടയാളിയുടെ ഉന്നതരൂപമായ രാജാവു്, ന്യായാധിപൻ, നിയമത്തെ കാത്തുസൂക്ഷിക്കുന്നവർ. രണ്ടാമത്തവർ ഭരണനിർവ്വാഹകസംഘമാണു്, ആത്മീയരോടു് ഏറ്റവും അടുത്തവർ, അവരോടു് ചേർന്നവർ, അവരിൽ നിന്നും ഭരണസംബന്ധമായ പരുക്കൻ ജോലികൾ ഏറ്റെടുക്കുന്നവർ. – അവരുടെ അകമ്പടി, അവരുടെ വലംകൈ, അവരുടെ ഏറ്റവും നല്ല ശിഷ്യഗണം.

ഒരിക്കൽ കൂടി പറയുന്നു, ഇവയൊന്നും നിരങ്കുശമായതോ, കൃത്രിമസൃഷ്ടിയോ അല്ല; ഇവയിൽ നിന്നും വ്യത്യസ്തമായതെന്തോ അതാണു് കൃത്രിമസൃഷ്ടി – പ്രകൃത്യനുസൃതമായതിനെ നശിപ്പിക്കാനായി കണ്ടുപിടിക്കുന്നവയാണു് കൃത്രിമസൃഷ്ടി. ജാതിവ്യവസ്ഥ, അഥവാ, വിവിധ അണികളുടെ തരം തിരിക്കൽ, ജീവിതത്തിലെ ഉന്നതമായ നിയമത്തിനു് രൂപം നൽകിയതുതന്നെയാണു്; ഈ മൂന്നു് ശ്രേണികളുടെ തരംതിരിക്കൽ സമൂഹത്തിന്റെ നിലനിൽപിനു് അനുപേക്ഷണീയമാണു്, ഉയർന്നതും കൂടുതൽ ഉയർന്നതുമായ മാതൃകകളുടെ രൂപമെടുക്കൽ അങ്ങനെയേ സാദ്ധ്യമാവൂ. അവകാശങ്ങളിലെ അതുല്യതയാണു് അവകാശങ്ങൾ ഉണ്ടാവുന്നതിനുള്ള നിബന്ധന തന്നെ.

അവകാശം ഒരു പ്രത്യേകാനുകൂല്യമാണു്. തന്റേതായ രീതിയിലുള്ള ഒരു അസ്തിത്വത്തിനു് ഏതു് മനുഷ്യനും പ്രത്യേകമായ അവകാശമുണ്ടു്. ഇടത്തരക്കാരായ മനുഷ്യരുടെ പ്രത്യേകമായ അവകാശങ്ങളെ നമ്മൾ വിലകുറച്ചു് കാണരുതു്. മനുഷ്യൻ ഉയരുന്തോറും ജീവിതം കൂടുതൽ കൂടുതൽ കഠിനമാവുകയാണു് ചെയ്യുന്നതു് – (അതോടൊപ്പം) തണുപ്പു് കൂടുന്നു, ഉത്തരവാദിത്വം കൂടുന്നു.

ഒരു ഉന്നത സംസ്കാരം ഒരു പിരമിഡാണു്. വിശാലമായ ഒരു അടിത്തറയിലേ അതിനു് നിലനിൽക്കാൻ കഴിയൂ; ശക്തവും പരിപക്വമായി ഘനീഭവിച്ചതുമായ ഇടത്തരക്കാർ അതിന്റെ മുൻനിബന്ധനയാണു്. കൈത്തൊഴിൽ, ക്രയവിക്രയം, കൃഷി, ശാസ്ത്രം, പ്രധാനമായ കലാവിഭാഗം, ഒറ്റവാക്കിൽ പറഞ്ഞാൽ, തൊഴിൽപരമായ എല്ലാ പ്രവർത്തനങ്ങളുടെയും സാരസർവ്വസം, (ഇവയെല്ലാം) ഒരിടത്തരം അളവു് കഴിവും ഉൽക്കർഷേച്ഛയുമായി മാത്രമേ പൊരുത്തപ്പെടുകയുള്ളു; അത്തരം കാര്യങ്ങൾ അപവാദങ്ങളുടെ ഇടയിൽ അസ്ഥാനത്തായിരിക്കും. അതിനാവശ്യമായ സഹജവാസന അരിസ്റ്റോക്രസിക്കും അനാർക്കിസത്തിനും വിരുദ്ധമാണു്. ഒരുവൻ പൊതുസമൂഹത്തിനു് പ്രയോജനപ്രദമാവാൻ, അതിലെ ഒരു ചക്രമാവാൻ, അതിൽ ഒരു ചുമതല ഏറ്റെടുക്കാൻ, അതിനു് ഓരോരുത്തർക്കും പ്രകൃതിദത്തമായ ഒരു വിധിയുണ്ടു്: സമൂഹമല്ല, ബഹുഭൂരിപക്ഷം മനുഷ്യരും പ്രാപ്തന്മാരായ വിധത്തിലുള്ള ഒരുതരം ഭാഗ്യമാണു് അവരിൽ നിന്നും ബുദ്ധിയുള്ള യന്ത്രങ്ങളെ നിർമ്മിക്കുന്നതു്. ഇടത്തരക്കാരനെ സംബന്ധിച്ചു് ഇടത്തരക്കാരനായിരിക്കുന്നതാണു് അവന്റെ ഭാഗ്യം; ഒരു കാര്യത്തിലെ നൈപുണ്യം, സ്പെഷ്യലൈസേഷൻ – പ്രകൃതിദത്തമായ സഹജവാസന.

സമൂഹത്തിലെ ഇടനിലയെ അതിൽത്തന്നെ ഒരു തടസ്സമായി കാണുക എന്നതു് ആഴമേറിയ ഒരാത്മാവിനു് തികച്ചും അനുയോജ്യമല്ലാത്ത ഒരു കാര്യമായിരിക്കും. യഥാർത്ഥത്തിൽ അപവാദങ്ങൾ ഉണ്ടാവുന്നതിനുള്ള ആദ്യത്തെ നിബന്ധനയാണതു്: ഒരു ഉയർന്ന സംസ്കാരം അതിലാണു് ആശ്രയിക്കുന്നതു്. “അപവാദ-മനുഷ്യൻ” അവന്റെ സഹജീവികളായ ഇടനിലക്കാരുമായി തന്നോടും തന്റെ തരക്കാരോടുമെന്നതിൽ കൂടുതൽ ബഹുമാനപൂർവ്വം ഇടപെടുന്നുവെങ്കിൽ അതു് വെറും ഹൃദയനന്മയോ മര്യാദയോ അല്ല, അതവന്റെ സാമാന്യമായ കടമയാണു്.

ഇന്നത്തെ പ്രാകൃതരിൽ ആരെയാണു് ഞാൻ ഏറ്റവും വെറുക്കുന്നതു്? സഹജവാസനയുടെയും, സന്തോഷത്തിന്റെയും, തൊഴിലാളികൾക്കു് അവരുടെ എളിയ അസ്തിത്വത്തിലുള്ള സംതൃപ്തിബോധത്തിന്റേയും അടിത്തറ മാന്തുന്നവരും, അവരെ അസൂയാകലുഷിതരാക്കുന്നവരും, അവരെ പ്രതികാരദാഹികളാക്കുന്നവരുമായ സോഷ്യലിസ്റ്റ്‌ പ്രാകൃതരും, ചണ്ഡാല അപ്പൊസ്തലന്മാരുമാണവർ. തിന്മയുടെ ഉറവിടം ഒരിക്കലും അതുല്യമായ അവകാശങ്ങളിലല്ല, തുല്യമായ അവകാശം എന്ന അവകാശവാദത്തിലാണു് കുടികൊള്ളുന്നതു്.

എന്താണു് ചീത്തയായതു്? അതു് ഞാൻ പക്ഷേ നേരത്തേ പറഞ്ഞുകഴിഞ്ഞതാണു്: ബലഹീനതയിൽ നിന്നും, അസൂയയിൽ നിന്നും, പ്രതികാരദാഹത്തിൽ നിന്നും ഉടലെടുക്കുന്നവയെല്ലാം ചീത്തയായതാണു്. അനാർക്കിസ്റ്റിന്റേയും ക്രിസ്ത്യാനിയുടെയും ഉറവിടം ഒന്നുതന്നെയാണു്.

(പൗലോസ്‌ സ്ഥാപിച്ച ക്രിസ്തുമതത്തെപ്പറ്റി അടുത്തതിൽ)

Addendum:

ഭാരതീയ മനസ്സുകളിൽ നിന്നും ഇന്നും വിട്ടുമാറാൻ മടിക്കുന്ന ജുഗുപ്സാവഹമായ ജാതിചിന്തയുടെ ന്യായീകരണമാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം എന്ന, ഒരുപക്ഷേ ഉണ്ടായേക്കാവുന്ന, ധാരണ മുളയിലേ നുള്ളുന്നതിനു് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു.

ജീവിതത്തിൽ മനുഷ്യർ സംതൃപ്തരാണോ അല്ലയോ എന്നതു് അവർക്കു് സ്വന്തജീവിതത്തിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിൽ, അഥവാ, ഭാഗ്യാനുഭൂതിയിൽ അധിഷ്ഠിതമാണു്. സഹജവാസനക്കനുസൃതമായ കർമ്മങ്ങളിൽ ഏർപ്പെടാൻ കഴിയുന്നതിലാണു് മനുഷ്യന്റെ ആനന്ദം കുടികൊള്ളുന്നതു്. അതുവഴി ഒരു ശരാശരി ജീവിതം നയിക്കുന്നതിനുള്ള വരുമാനം ഉണ്ടാക്കാൻ കഴിയുകയുംകൂടി ചെയ്താൽ അവൻ സംതൃപ്തനുമായിരിക്കും. സമൂഹത്തിന്റെ ആകമാനവളർച്ചക്കനുസരിച്ചു് ജീവിതശരാശരിയും വളർന്നുകൊണ്ടിരിക്കുന്നതിനാൽ ചലനാത്മകമായ ഈ പ്രക്രിയയെ വിദൂരഭൂതകാലങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥകളോ ജീവിതനിലവാരമോ ആയി താരതമ്യം ചെയ്യുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ആയിരം വർഷങ്ങൾക്കു് മുൻപു് ലോകസമൂഹങ്ങളിൽ നിലനിന്നിരുന്ന ജീവിതശരാശരിയുടെ വളർച്ചയുടെ ഗതിവേഗത്തേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു് ഇന്നത്തെ സമൂഹങ്ങളുടെ വളർച്ച എന്നതിനാൽ പുരാതനനീതിശാസ്ത്രങ്ങൾ ആധുനിക ലോകത്തിന്റെ പ്രശ്നപരിഹാരങ്ങൾക്കു് അടിസ്ഥാനമാക്കുന്നതും വിവേകശൂന്യതയായിരിക്കും. അതുപോലെതന്നെ, ഒരേ സമൂഹത്തിലും ഒരേ കാലഘട്ടത്തിലും ജീവിക്കുന്ന മനുഷ്യർ തന്നെ ‘ഭാഗ്യം’ എന്ന അവസ്ഥയെ വിലയിരുത്തുന്നതു് ഒരേതരത്തിലല്ല. ഏതെങ്കിലും നീതിശാസ്ത്രങ്ങൾ വഴിയോ, വിപ്ലവം വഴിയോ മനുഷ്യരെ ഒരച്ചിലുണ്ടാക്കിയ പാവകളാക്കിത്തീർക്കുക സാദ്ധ്യമല്ല, അഥവാ, സാദ്ധ്യമായാൽതന്നെ അവർ ഒരേപോലെ സന്തോഷവാന്മാരും സംതൃപ്തരും ആയിരിക്കുകയുമില്ല. ശിൽപകാരനാവേണ്ടവൻ സംഗീതജ്ഞനാവേണ്ടിവന്നാൽ, ശാസ്ത്രജ്ഞനാവേണ്ടവൻ കാര്യമായ ബുദ്ധിയൊന്നും ആവശ്യമില്ലാത്ത ഒരു തൊഴിൽ ചെയ്യേണ്ടിവന്നാൽ അതു് അവനെ മുരടിപ്പിക്കുകയല്ലാതെ ഒരിക്കലും സംതൃപ്തനാക്കുകയില്ല. അതുപോലെതന്നെ, കലയും സാഹിത്യവും അടക്കമുള്ള സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ നിന്നും ഏതെങ്കിലും നീതിശാസ്ത്രത്തിന്റെ പേരിൽ മനുഷ്യർക്കു് വിലക്കു് കൽപിക്കുന്നതു് മനുഷ്യദ്രോഹമാണു്, അതു് മനുഷ്യരുടെ സാംസ്കാരികവളർച്ചയെ മുരടിപ്പിക്കലാണു്. രോഗബാധിതമായ ഒരു മനസ്സിനു് മാത്രമേ പ്രതിഭാധനരായ മനുഷ്യരുടെ സർഗ്ഗശക്തിയിൽ പൈശാചികത ദർശിക്കാനാവൂ.

മനുഷ്യർ വിവിധതരം തൊഴിലുകൾ ചെയ്യാതെ ഏതെങ്കിലും ഒരു സമൂഹത്തിനു് നിലനിൽക്കാനാവുമോ? ഒരു തൊഴിൽ ചെയ്യുന്നവനെ ആ തൊഴിലിന്റെ പേരിൽ ഒരു ജാതിയാക്കി, അതുപോലുള്ള പലതരം ‘ജാതികളെ’ ഉന്നതമെന്നോ നീചമെന്നോ തരംതിരിച്ചു് സമൂഹത്തിലെ വിവിധ തട്ടുകളിലെ തടവറകളിലാക്കുന്നതാണു് ഭാരതത്തിൽ പ്രായോഗികമാക്കപ്പെടുന്നതും അങ്ങേയറ്റം നിന്ദ്യമായതുമായ ജാതിവ്യവസ്ഥ. നേരേമറിച്ചു്, ഒരുവന്റെ സഹജവാസന ശാസ്ത്രത്തിലോ, കലയിലോ, സാഹിത്യത്തിലോ, കൈത്തൊഴിലുകളിലോ എന്നതിനനുസരിച്ചു് അതിനു് അനുയോജ്യമായ പഠനവും പരിശീലനവും പൂർത്തിയാക്കി ആ പ്രവർത്തനമേഖലകളിൽ ഏർപ്പെടാൻ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും അവസരം ലഭിക്കുന്നതു് വിവേചനപരമായ ജാതിവ്യവസ്ഥയല്ല, അതു് ഓരോരുത്തനും അവന്റെ വ്യക്തിപരമായ ഭാഗ്യം കണ്ടെത്തുന്നതിനുള്ള നീതിയുക്തമായ സാമൂഹികവ്യവസ്ഥിതിയാണു്. അതു് പ്രകൃതിനിയമത്തിന്റെ അംഗീകാരമാണു്. കാപ്പിറ്റലിസ്റ്റ്‌ സമൂഹങ്ങളിലും, കമ്മ്യൂണിസ്റ്റ്‌ സമൂഹങ്ങളിലും, ഏകാധിപത്യപരമോ, സമഗ്രാധിപത്യപരമോ ആയ സമൂഹങ്ങളിലുമെല്ലാം വിവിധശ്രേണികളിലാണു് മനുഷ്യർ ജോലിചെയ്യുന്നതു്. ജീവിതകാലം മുഴുവൻ മോചനമില്ലാത്തവിധം തന്റെ ‘വിധിയിൽ’, തന്റെ ‘ജാതിയിൽ’ തളയ്ക്കപ്പെടാൻ മനുഷ്യൻ നിർബന്ധിക്കപ്പെടാത്തിടത്തോളം അതിൽ അനീതിയായി ഒന്നുമില്ല. ജാതിചിന്ത സ്വന്തസംസ്കാരത്തിന്റെ ഭാഗമാണെന്ന സത്യത്തിനുനേരെ കണ്ണടച്ചുകൊണ്ടു്, സംസ്കാരസമ്പന്നർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന കാടന്മാരിൽ നിന്നും വിഭിന്നമായി, യഥാർത്ഥത്തിൽ സാംസ്കാരികമായ വളർച്ച പ്രാപിച്ച സമൂഹങ്ങളിൽ ആരും ആരെയും അവന്റെ തൊഴിലിന്റെ പേരിൽ ഉയർന്നവനെന്നോ താഴ്‌ന്നവനെന്നോ വിലയിരുത്തുന്നില്ല. ഏതു് തൊഴിലും, അതു് ചെയ്യുന്ന തൊഴിലാളികളും സമൂഹത്തിന്റെ ഭാഗമാണു്, സമൂഹത്തിന്റെ ആരോഗ്യപൂർണ്ണമായ നിലനിൽപിനു് അവ അത്യന്താപേക്ഷിതമാണു്. ഏതു് തൊഴിൽ ചെയ്യുന്നതിനും അതിന്റേതായ അറിവും പരിശീലനവും ആവശ്യമാണു്. ‘ഉന്നതമായ’ തൊഴിലുകൾ ചെയ്യുന്ന വ്യക്തികൾ ആരാധിക്കപ്പെടുകയോ, ‘നീചമായ’ തൊഴിലുകൾ ചെയ്യുന്നവർ നിന്ദിക്കപെടുകയോ അല്ല, ഓരോരുത്തരിലേയും വ്യത്യസ്തമായ കഴിവുകൾ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയുമാണു് ചെയ്യേണ്ടതു്. വ്യക്തികൾ ദൈവങ്ങളാക്കപ്പെടുന്നതുവഴി ഒരു സമൂഹം വെളിപ്പെടുത്തുന്നതു് അതിന്റെ അജ്ഞതയും പിന്നാക്കാവസ്ഥയുമാണു്. ഒരു തൊഴിൽ ‘ഉന്നതമോ’ ‘നീചമോ’ ആക്കുന്നതു് അർഹതയില്ലാതെ ‘ഔന്നത്യത്തിൽ’ എത്തിച്ചേർന്ന മനുഷ്യാധമന്മാരാണു്, അല്ലാതെ പ്രകൃതിയല്ല. ‘ഉന്നതന്റെയും’ കൂടി നിലനിൽപിനു് അനിവാര്യമായ ജോലികൾ ചെയ്യുന്ന ‘താഴ്‌ന്ന’ മനുഷ്യരേയും അവരുടെ പ്രവർത്തനമേഖലകളേയും ‘നീചം’ എന്നു് മുദ്രകുത്തുന്നതുവഴി ഉന്നതം എന്നു് ‘ഉന്നതർ’ കരുതുന്ന അവരുടെ സ്വന്തം തൊഴിലിനെ നീചമാക്കുകയാണു് അവർ ചെയ്യുന്നതു്. സ്വന്തം തൊഴിലിനെ നീചമാക്കുന്ന അവരാണു് യഥാർത്ഥത്തിൽ നീചന്മാർ എന്ന പേരിനു് കൂടുതൽ യോഗ്യർ.

പ്രകൃതിനിയമങ്ങളെ ദൈവികപരിവേഷം ചാർത്തി, മതത്തിന്റെ ചട്ടക്കൂട്ടിലാക്കി, പുരോഹിതഹസ്തങ്ങളിൽ ഏൽപിക്കപ്പെട്ട മനുസ്മൃതി അതിന്റെ സത്തയിൽ മനസ്സിലാക്കപ്പെട്ടിരുന്നെങ്കിൽ, തെറ്റായ ദിശയിലേക്കു് നയിക്കുന്ന വ്യാഖ്യാനങ്ങൾ ആരംഭത്തിലേ തിരിച്ചറിഞ്ഞു് തിരുത്തപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഭാരതത്തിൽ ജാതിഭ്രാന്തു് ഇത്ര കൊടുമ്പിരിക്കൊള്ളുമായിരുന്നില്ല എന്നു് മിക്കവാറും ഉറപ്പാണെങ്കിലും അത്തരം ഒരു ഉറപ്പുകൊണ്ടു് ഇന്നു് വലിയ പ്രയോജനമൊന്നുമില്ല. അത്രമാത്രം ജാതിഭൂതം കുടത്തിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞു. മുകളിലെ ലേഖനത്തിൽ വായിക്കാവുന്നതുപോലെ, മതപരമായ ഒരു നീതിശാസ്ത്രം നിലനിൽക്കുന്നതുതന്നെ അതിന്റെ ദൈവികഉറവിടം, തന്മൂലമുള്ള അപ്രമാദിത്വം, പൂർവ്വികന്മാരാൽ നിരുപാധികം പിന്തുടരപ്പെട്ട കീഴ്‌വഴക്കത്തിന്റെ പിൻബലം മുതലായവയുടെ അടിത്തറയിലാവുമ്പോൾ അവയിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു തിരുത്തൽ പുരോഹിതപക്ഷത്തുനിന്നും ഉണ്ടാവുകയില്ല എന്നു് മാത്രമല്ല, അതിനെ കൂടുതൽ കൂടുതൽ കർശനമാക്കുന്നതിലാവും അവരുടെ പൂർണ്ണമായ ശ്രദ്ധയും. വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു മതഗ്രന്ഥത്തിലെ ഏതു് തിരുത്തലും അതിന്റെ അടിസ്ഥാനനിഗമനങ്ങളുടെ അടിസ്ഥാനമില്ലായ്മയുടെ തെളിവായിരിക്കുമെന്നതിനാൽ അവയെ എന്തു് വിലകൊടുത്തും സംരക്ഷിക്കേണ്ടതു് പൗരോഹിത്യത്തിന്റെ നിലനിൽപിന്റെ പ്രശ്നവുമാണു്. സ്വന്തനിലനിൽപിനു് അനുയോജ്യമല്ലാത്ത മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുപിടിക്കുക എന്ന, ഇന്നും വിട്ടുവീഴ്ചയില്ലാതെ പിതുടരപ്പെടുന്ന, പൗരോഹിത്യ ജാഗ്രതയുടെയും, ‘മുകളിലെവിടെയോ കിരീടവും ചെങ്കോലുമായി സിംഹാസനത്തിൽ ഉറച്ചിരുന്നു് വാഴുന്ന’ ദൈവത്തിങ്കലേക്കു് നിരന്തരം ചൂണ്ടുവിരൽ ചൂണ്ടുന്നതിന്റേയും അടിസ്ഥാനലക്ഷ്യവും മറ്റൊന്നുമല്ല. സ്വന്തസമൂഹത്തിലെ ‘ദൈവസൃഷ്ടികളായ’ മനുഷ്യരെ തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും തരം തിരിക്കുന്ന നികൃഷ്ടമായ നിലയിലേക്കു് ‘ദൈവദത്തമായ’ വിശ്വാസപ്രമാണങ്ങളുടെ വ്യാഖ്യാനങ്ങൾ അധഃപതിക്കുമ്പോഴും അവയ്ക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതിരിക്കുകയും, അതോടൊപ്പം വേദഗ്രന്ഥങ്ങളുടെയും മനുഷ്യരുടെയും ഉറവിടം ദൈവമാണെന്നു് വായിട്ടലയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനു് പിന്നിൽ പാമ്പുകളുടേതിനു് തുല്യമായി പിളർന്ന ഇരട്ട നാവല്ലാതെ മറ്റെന്താണു്?

ക്രിസ്തുമതസ്ഥാപനത്തിനു് പൗലോസ്‌ അവലംബിച്ച മാർഗ്ഗങ്ങളും, സാമൂഹികനിയമങ്ങളെ മതനീതിശാസ്ത്രത്തിൽ നിന്നും വേർപെടുത്തി ചിന്തിക്കാൻ മാത്രം സാംസ്കാരികമായി വളർന്നിട്ടില്ലാത്ത സമൂഹങ്ങളിൽ ഒരു നീതിശാസ്ത്രം രൂപമെടുക്കുന്നതിന്റെ നിബന്ധനകളും താരതമ്യം ചെയ്യുന്ന നീറ്റ്‌സ്‌ഷെ മനുസ്മൃതിയ്ക്കു് മനുഷ്യരുടെ അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായ, ചരിത്രത്തിൽ വേരൂന്നിയ ഒരു വിശദീകരണം നൽകുകയാണിവിടെ. അതു് ഒരിക്കലും മനുസ്മൃതിയുടെയോ, മറ്റേതെങ്കിലും നീതിശാസ്ത്രങ്ങളുടെയോ അപ്രമാദിത്വത്തിന്റെയോ ആത്യന്തികത്വത്തിന്റെയോ ന്യായീകരണമായി മനസ്സിലാക്കേണ്ടതല്ല.

സൗമ്യമായ കാലാവസ്ഥയുള്ള ഒരു രാജ്യത്തിൽ, ആയിരക്കണക്കിനു് വർഷങ്ങൾക്കു് മുൻപു് രൂപമെടുത്ത ഏതെങ്കിലും ഒരു മതത്തിലെ ആചാരമര്യാദകൾ തണുത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ഭൂമിയിലെ രാജ്യങ്ങളിൽപോലും അതേപടി അനുഷ്ഠിക്കപ്പെടാൻ ആവില്ലെന്നിരിക്കെ, അതിനു് സർവ്വപ്രപഞ്ചത്തിലും സാധുത്വവും ദൈവികത്വവും ആത്യന്തികത്വവുമൊക്കെ കൽപിക്കുന്നതു് പരിഹാസ്യമാണെന്നല്ലാതെ എന്തു് പറയാൻ?

മനുവിന്റെ നിയമപുസ്തകത്തിൽ നിന്നും വേണമെങ്കിൽ ഇതാ ഒരു ഉദാഹരണം: “തന്റെ പേശികൾ ബലഹീനമാവുകയും, തന്റെ തലയിലെ മുടി നരയ്ക്കുകയും, തന്റെ മകന്റെ മകനെ കാണുകയും ചെയ്യുമ്പോൾ കുടുംബനാഥനായ ഒരുവൻ (തുടർജീവിതം നയിക്കാനായി) വനത്തിലേക്കു് പോകട്ടെ.” (6: 2) സ്വീഡനിലോ ഡെന്മാർക്കിലോ ജീവിക്കുന്ന മനുഷ്യർക്കു് സാമാന്യബോധമുള്ള ആരെങ്കിലും ഇതുപോലൊരു നിർദ്ദേശം നൽകുമെന്നു് തോന്നുന്നില്ല.

 

Tags: , ,

യേശു – ഒരേയൊരു ക്രിസ്ത്യാനി

(ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയുടെ The Antichrist-ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)

മനുഷ്യരുടെ ചരിത്രബോധത്തിൽ അഭിമാനിക്കുന്ന ഒരു യുഗമാണു് നമ്മുടേതു്: എന്നിട്ടും അത്ഭുതകാർമ്മികരെയും രക്ഷകരെയും പറ്റി ക്രിസ്തീയതയുടെ ആരംഭത്തിൽ നിലവിലിരിക്കുന്ന പ്രാകൃതമായ കെട്ടുകഥകളും, ആദ്ധ്യാത്മീകവും പ്രതീകാത്മകവുമായ മുഴുവൻ കാര്യങ്ങളും പിൽക്കാലത്തുണ്ടായ സംഭവവികാസമാണു് എന്ന അസംബന്ധവും എങ്ങനെ നമുക്കു് നമ്മെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു? നേരെ മറിച്ചാണു് വസ്തുത: കുരിശിലെ മരണം മുതലുള്ള ക്രിസ്തീയതയുടെ ചരിത്രം, ഓരോ ചുവടിലും കൂടുതൽ കൂടുതൽ അസംബന്ധമായി മാറിക്കൊണ്ടിരുന്ന ഒരു തെറ്റിദ്ധരിക്കലിന്റെ, മൗലികമായ ഒരു പ്രതീകാത്മകതയുടെ ചരിത്രമാണു്. ക്രിസ്തുമതം രൂപമെടുത്തതിന്റെ മുൻവ്യവസ്ഥകൾ അറിയാതിരുന്നവരും, കൂടുതൽ പരന്നതും, കൂടുതൽ പരുക്കരുമായിരുന്ന ജനങ്ങളുടെ ഇടയിലേക്കു് വികാസം പ്രാപിച്ചപ്പോൾ തദനുസൃതം ക്രിസ്തീയതയെ കൂടുതൽ പ്രാകൃതമാക്കേണ്ടതു്, കൂടുതൽ മ്ലേച്ഛമാക്കേണ്ടതു് ആവശ്യമായി മാറി: റോമൻ എമ്പയറിലെ അധോലോകവിഭാഗങ്ങളുടെ എല്ലാ സിദ്ധാന്തങ്ങളും ആരാധനാരീതികളും, അവയ്ക്കിടയിലെ അർത്ഥശൂന്യവും രോഗബാധിതവുമായ എല്ലാത്തരം യുക്തിബോധവും അപ്പാടെ വിഴുങ്ങാൻ ക്രിസ്തുമതം തയ്യാറായി. മതവിശ്വാസം വഴി തൃപ്തിപ്പെടുത്തേണ്ടിയിരുന്ന ആവശ്യങ്ങൾ എത്രമാത്രം രോഗബാധിതവും നീചവും പ്രാകൃതവുമായിരുന്നോ അത്രത്തോളം രോഗബാധിതവും നീചവും പ്രാകൃതവുമായ നിലപാടുകൾ സ്വീകരിക്കുക എന്ന അനിവാര്യതയിലാണു് ക്രിസ്തീയതയുടെ വിധി നിലകൊണ്ടിരുന്നതു്. അവസാനം, രോഗബാധിതമായ കാട്ടാളത്തം സഭ എന്ന പേരിൽ അധികാരം ഏറ്റെടുക്കുന്നു – സഭ, എല്ലാ സത്യസന്ധതയ്ക്കും എതിരായ, എല്ലാത്തരം ആത്മീയ ഔന്നത്യത്തിനും എതിരായ, ജീവന്റെ എല്ലാ ശിക്ഷണങ്ങൾക്കും എതിരായ, നിർവ്യാജവും ധന്യവുമായ എല്ലാവിധ മനുഷ്യത്വത്തിനും എതിരായ മരണകരശത്രുതയുടെ മൂർത്തീകരണം. ക്രിസ്തീയ മൂല്യങ്ങൾ – ഉത്തമ മൂല്യങ്ങൾ: നമ്മൾ, ബുദ്ധിയെ സ്വതന്ത്രമാക്കിയ നമ്മൾ മാത്രമാണു് മൂല്യങ്ങളിൽ ഏറ്റവും വലിയതെന്നു് പറയാവുന്ന ഈ വൈരുദ്ധ്യം പുനരുദ്ധാരണം ചെയ്തതു്.

ഈ അവസരത്തിൽ എന്റെ ഒരു നെടുവീർപ്പു് ഒതുക്കിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏറ്റവും ഇരുണ്ട ശോകാത്മകതയേക്കാൾ ഇരുണ്ട ഒരു വികാരം എന്നെ പീഡിപ്പിക്കുന്ന ചില ദിവസങ്ങളുണ്ടു് – മനുഷ്യരോടുള്ള അവജ്ഞ. എന്തിനോടാണു് അവജ്ഞ, ആരോടാണു് അവജ്ഞ എന്ന കാര്യത്തിൽ സംശയമൊന്നും ബാക്കിയാവാതിരിക്കാനായി (പറയുന്നു): ഇന്നത്തെ മനുഷ്യൻ ആണതു്, സമകാലികനായി ഞാൻ എന്റെ ഭാഗധേയം പങ്കിടുന്ന അതേ മനുഷ്യൻ. ഇന്നത്തെ മനുഷ്യൻ – അവന്റെ അശുദ്ധമായ ശ്വാസത്തിൽ എനിക്കു് വീർപ്പുമുട്ടുന്നു. ജ്ഞാനത്തെ സ്നേഹിക്കുന്നവരായ മറ്റെല്ലാവരെയും പോലെതന്നെ ഞാനും കഴിഞ്ഞുപോയവയെപ്പറ്റി അങ്ങേയറ്റം സഹിഷ്ണുതയുള്ളവനാണു്, അഥവാ, മഹാമനസ്കതോടെയുള്ള ആത്മനിയന്ത്രണം (പാലിക്കുന്നവനാണു്): സമ്പൂർണ്ണസഹസ്രാബ്ദങ്ങളിലൂടെ ലോകം എന്ന ഭ്രാന്താലയത്തിലൂടെ, അതിനെ ക്രിസ്തീയതയെന്നോ, ക്രിസ്തീയവിശ്വാസമെന്നോ, ക്രൈസ്തവസഭയെന്നോ വിളിക്കാം – മ്ലാനമായ മുൻകരുതലോടുകൂടി ഞാൻ യാത്ര ചെയ്യുന്നു – മനുഷ്യരാശിയെ അവരുടെ മാനസികരോഗങ്ങൾക്കു് ഞാൻ ഉത്തരവാദികളാക്കുന്നില്ല. പക്ഷേ നവയുഗത്തിലേക്കു്, ഇന്നത്തെ നമ്മുടെ കാലഘട്ടത്തിലേക്കു് പ്രവേശിക്കുമ്പോൾ എന്റെ വികാരം തലതിരിയുന്നു, പൊട്ടിത്തെറിക്കുന്നു. (കാരണം,) നമ്മുടേതു് അറിവിന്റെ യുഗമാണു്.

പണ്ടു് രോഗമായിരുന്നതു് ഇന്നു് അന്തസ്സില്ലായ്മയാണു് – ക്രിസ്ത്യാനിയാവുക എന്നതു് ഇന്നു് അന്തസ്സില്ലായ്മയാണു്. അവിടെയാണു് എന്റെ മനം പിരട്ടൽ ആരംഭിക്കുന്നതു്. ഞാൻ ചുറ്റും നോക്കുന്നു: പണ്ടു് “സത്യം” എന്നു് വിളിക്കപ്പെട്ടിരുന്നതിൽ നിന്നും ഒരു വാക്കുപോലും ഇന്നു് അവശേഷിച്ചിട്ടില്ല, ഒരു പുരോഹിതന്റെ വായിൽനിന്നും “സത്യം” എന്ന വാക്കു് പുറത്തു് വരുന്നതു് പോലും താങ്ങാൻ ഇന്നു് നമുക്കാവില്ല. ഒരു നേരിയ സത്യസന്ധതയെങ്കിലും (നമ്മിൽ ഉണ്ടെന്നു്) നമ്മൾ അവകാശപ്പെടുന്നുവെങ്കിൽ, ഒരു മതപണ്ഡിതൻ, ഒരു പുരോഹിതൻ, ഒരു പാപ്പ, ഇവരൊക്കെ പറയുന്ന ഓരോ വാചകങ്ങളും തെറ്റാണെന്നു് മാത്രമല്ല, നുണയാണെന്നും അറിയാൻ നമ്മൾ ബാദ്ധ്യസ്ഥരാണു് – “ശുദ്ധഗതി”യുടെയോ “അജ്ഞത”യുടെയോ പേരിൽ നുണപറയാനുള്ള സ്വാതന്ത്ര്യം അവനില്ല എന്നും (നമ്മൾ അറിയണം). “ദൈവമോ”, “പാപിയോ”, “രക്ഷകനോ” ഇല്ലെന്നും – സ്വതന്ത്ര “ഇച്ഛാശക്തിയും”, “ധാർമ്മികമായ ലോകനീതിയും” നുണകളാണെന്നും മറ്റേതൊരു മനുഷ്യനേയും പോലെ നന്നായി ഏതു് പുരോഹിതനും അറിയാം – കാര്യത്തിന്റെ ഗൗരവവും, മനസ്സിന്റെ ആഴമേറിയ സ്വയംതരണംചെയ്യലും അതറിയാതിരിക്കാൻ ഇന്നു് ആരെയും അനുവദിക്കുന്നില്ല. സഭയുടെ എല്ലാ ആശയങ്ങളും അവ എന്താണോ, അവയായി ഇന്നു് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു – പ്രകൃതിയെ, പ്രകൃതിമൂല്യങ്ങളെ അവമൂല്യനം ചെയ്യുന്നതിനു് ലഭ്യമായതിൽ വച്ചു് ഏറ്റവും മാരകമായ കള്ളനാണയങ്ങളാണവ; അതുപോലെതന്നെ പുരോഹിതനും അവൻ ആരാണോ, അതായി തിരിച്ചറിയപ്പെട്ടുകഴിഞ്ഞു, ഏറ്റവും അപകടകാരിയായതരം പരാന്നഭുക്കു്, ജീവിതത്തിലെ യഥാർത്ഥ വിഷ-ചിലന്തി (അതാണു് പുരോഹിതൻ). പുരോഹിതന്മാരുടെയും സഭയുടെയും ബീഭത്സമായ കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ വില എന്തെന്നു്, കാണുമ്പോൾ തന്നെ മനം പിരട്ടൽ തോന്നുന്ന സ്വയംപങ്കിലമാക്കലിന്റെ അവസ്ഥയിലേക്കു് മനുഷ്യരാശിയെ ചവിട്ടിത്താഴ്ത്തുക എന്ന ലക്ഷ്യം നേടുകയായിരുന്നു അവയുടെയൊക്കെ കണക്കുകൂട്ടലെന്നു് ഇന്നു് നമുക്കറിയാം, നമ്മുടെ മനസ്സാക്ഷിക്കു് ഇന്നതറിയാം: – “പരലോകം”, “അന്ത്യന്യായവിധി”, “ആത്മാവിന്റെ അനശ്വരത”, “ആത്മാവു്” തന്നെയും – എല്ലാം മനുഷ്യപീഡനത്തിനുള്ള ഉപകരണങ്ങളാണു്, പുരോഹിതനു് അധിപതിയാവാനും, അധിപതിയായി തുടരാനും കരുതിക്കൂട്ടി കണ്ടുപിടിക്കപ്പെട്ട വ്യവസ്ഥാപിതമായ ക്രൂരതകൾ…

ഓരോരുത്തർക്കും ഇന്നതറിയാം: എന്നിട്ടും എല്ലാം പഴയപടി തുടരുന്നു. സാധാരണഗതിയിൽ തങ്ങളുടെ പ്രവൃത്തികളിൽ പക്ഷപാതരഹിതരായ, മതവിരുദ്ധരായ രാജ്യതന്ത്രജ്ഞർ പോലും ഇന്നു് സ്വയം ക്രിസ്ത്യാനികൾ എന്നു് വിളിക്കുകയും തിരുവത്താഴകൂദാശയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ അന്തസ്സിനെപ്പറ്റിയും ആത്മബഹുമാനത്തെപ്പറ്റിയുമുള്ള അവരുടെ അവസാനത്തെ ബോധം എവിടെയാണു് പോയി മറയുന്നതു്? ഒരു സൈന്യദളത്തിന്റെ തലവനായ ഒരു യുവരാജകുമാരൻ – അവന്റെ ജനങ്ങളുടെ സ്വാർത്ഥതയുടെയും ദുരഭിമാനത്തിന്റെയും പ്രകടനം എന്നപോലെ പ്രതാപവാനായി – എങ്കിലും ഒരു ലജ്ജയുമില്ലാതെ, താനൊരു ക്രിസ്ത്യാനിയാണെന്നു് ഏറ്റുപറയുന്നു! ക്രിസ്തീയത ആരെയാണു് നിഷേധിക്കുന്നതു്? “ലോകം” എന്നാൽ എന്താണു്? ഒരുവൻ ഒരു പട്ടാളക്കാരനാണെന്നു്, ഒരുവൻ ഒരു ന്യായാധിപനാണെന്നു്, ഒരുവൻ ഒരു സ്വരാജ്യസ്നേഹിയാണെന്നു്; ഒരുവൻ ചെറുക്കുന്നുവെന്നു്, ഒരുവൻ തന്റെ ബഹുമാനം കാത്തുസൂക്ഷിക്കുന്നുവെന്നു്; ഒരുവൻ തന്റെ നേട്ടങ്ങൾ അന്വേഷിക്കുന്നുവെന്നു്; ഒരുവൻ അഭിമാനിയാണെന്നു്. ഓരോ നിമിഷത്തിലേയും പ്രവർത്തനങ്ങളും, ഓരോ സഹജവാസനയും, പ്രവൃത്തിയായി മാറുന്ന ഓരോ വിലയിരുത്തലുകളും ക്രൈസ്തവവിരുദ്ധമാണു്: ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും ക്രിസ്ത്യാനി എന്നു് വിളിക്കപ്പെടുന്നതിൽ ലജ്ജിക്കാതിരിക്കാൻ ഒരു ആധുനികമനുഷ്യനു് കഴിയണമെങ്കിൽ അവൻ ഏതു് തരത്തിൽപെട്ട കാപട്യത്തിന്റെ ചാപിള്ളയായിരിക്കണം?

ഞാൻ തിരിച്ചുവരുന്നു, ക്രിസ്തീയതയുടെ യഥാർത്ഥ ചരിത്രം വിവരിക്കാനായി. ക്രിസ്തീയത എന്ന വാക്കു് തന്നെ ഒരു തെറ്റിദ്ധാരണയാണു്: അടിസ്ഥാനപരമായി നോക്കിയാൽ ഒരു ക്രിസ്ത്യാനി മാത്രമേ ഉണ്ടായിട്ടുള്ളു, അവൻ കുരിശിൽ മരിച്ചു. “സുവിശേഷം” (Evangelium) കുരിശിൽ മരിച്ചു. ആ നിമിഷം മുതൽ “സുവിശേഷം” എന്നു് വിളിക്കപ്പെടുന്നതു് അവൻ ജീവിച്ച ജീവിതത്തിന്റെ നേരെ വിപരീതമായതിനെയാണു്: അഥവാ, “ദുർവിശേഷം”, – ഒരു Dysangelium. ഏതെങ്കിലും ഒരു “വിശ്വാസത്തിൽ”, ഉദാഹരണത്തിനു്, ക്രിസ്തുവിൽ കൂടിയുള്ള “പാപപരിഹാരം” എന്ന വിശ്വാസത്തിൽ, ക്രിസ്ത്യാനി എന്നതിന്റെ അടയാളം ദർശിക്കുക എന്നതു് വിഡ്ഢിത്തത്തിനോടു് അടുത്തു് നിൽക്കുന്നത്ര അബദ്ധമാണു്: കുരിശിൽ മരിച്ചവൻ ജീവിച്ചതുപോലെ പ്രാവർത്തികമായി ജീവിക്കുന്നതു് മാത്രമാണു് ക്രിസ്തീയം.

അതുപോലൊരു ജീവിതം ഇന്നും സാദ്ധ്യമാണു്, ചിലതരം മനുഷ്യർക്കു് അതു് ആവശ്യവുമാണു്: അകൃത്രിമമായ, മൗലികമായ ക്രിസ്തീയത എല്ലാ കാലങ്ങളിലും സാദ്ധ്യമാണു്. (ക്രിസ്തീയത) ഒരു വിശ്വാസമല്ല, ഒരു കർമ്മമാണു്; എല്ലാറ്റിലുമുപരി, പല കർമ്മങ്ങൾ ചെയ്യാതിരിക്കലാണു്, അസ്തിത്വത്തിന്റെ മറ്റൊരു അവസ്ഥയാണു് . അന്തർബോധത്തിന്റെ അവസ്ഥകൾ, ഏതെങ്കിലുമൊരു വിശ്വാസം, ഉദാഹരണത്തിനു്, ഒരു കാര്യം സത്യമാണെന്നു് ധരിക്കൽ – ഏതു് മനഃശാസ്ത്രജ്ഞനും അതറിയാം – (ഇവയെല്ലാം) സഹജവാസനയുടെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ അഞ്ചാം നിരയിൽ നിൽക്കുന്ന, ഔദാസീന്യമായ കാര്യങ്ങളാണു്: കൂടുതൽ കൃത്യമായി പറഞ്ഞാൽ, ആദ്ധ്യാത്മികമായ കാര്യകാരണബന്ധം എന്ന ആശയം അപ്പാടെ തെറ്റാണു്. ക്രിസ്ത്യാനി ആയിരിക്കുക എന്നതിനെയോ, ക്രിസ്തീയതയെത്തന്നെയോ ഒരുകാര്യം സത്യമാണെന്നു് വിശ്വസിക്കുന്ന ഒരു തലത്തിലേക്കു്, വെറുമൊരു അന്തർബോധപ്രതിഭാസം എന്ന നിലയിലേക്കു് ചുരുക്കുക എന്നാൽ, അതു് ക്രിസ്തീയതയെ നിഷേധിക്കുന്നതിനു് തുല്യമാണു്. യഥാർത്ഥത്തിൽ ഇതുവരെ ഒരൊറ്റ ക്രിസ്ത്യാനി പോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രിസ്ത്യാനി എന്നു് വിളിക്കപ്പെടുന്ന തരത്തിലുള്ള ഒരു “ക്രിസ്ത്യാനി”, മനഃശാസ്ത്രപരമായ ഒരു സ്വയം-തെറ്റിദ്ധാരണയാണു്. അടുത്തു് പരിശോധിച്ചാൽ, എല്ലാ വിശ്വാസങ്ങളും ഉണ്ടായിട്ടും അവനിൽ വാണിരുന്നതു് അവന്റെ സഹജവാസന മാത്രമായിരുന്നു എന്നു് കാണാൻ കഴിയും – അതും എന്തൊരു തരം സഹജവാസന!

വിശ്വാസം എല്ലാ കാലത്തും, ഉദാഹരണത്തിനു്, മാർട്ടിൻ ലൂഥറിൽ, ഒരു മേലങ്കി, ഒരു ഒഴികഴിവു്, ഒരു തിരശ്ശീല ആയിരുന്നു, അതിനുപിന്നിൽ അരങ്ങേറിയിരുന്നതു് സഹജവാസനകൾ മാത്രമായിരുന്നു – ചില പ്രത്യേക സഹജവാസനകളുടെ മേലുള്ള ആധിപത്യം സംബന്ധിച്ച കൗശലപൂർവ്വമായ ഒരുതരം അന്ധത… വിശ്വാസം – ഞാൻ പണ്ടേതന്നെ അതിനു് നൈസർഗ്ഗികമായ ക്രിസ്തീയകുശലത എന്നു് പേരു് നൽകിയിരുന്നു – മനുഷ്യൻ “വിശ്വാസത്തെപ്പറ്റി” എപ്പോഴും പറഞ്ഞു, പക്ഷേ, സഹജവാസനപ്രകാരം മാത്രം എപ്പോഴും പ്രവർത്തിച്ചു…

യാഥാർത്ഥ്യത്തെ നേരിയ തോതിൽ സ്പർശിക്കുക പോലും ചെയ്യുന്ന യാതൊന്നും ക്രിസ്ത്യാനിയുടെ സാങ്കൽപികലോകത്തിൽ കാണാനാവില്ല: അതിനു് വിപരീതമായി, എല്ലാ യാഥാർത്ഥ്യങ്ങളോടുമുള്ള സഹജവാസനയായ വെറുപ്പു് എന്ന ഘടകത്തിൽ ക്രിസ്തീയതയുടെ പ്രേരകശക്തിയെ, ഒരേയൊരു പ്രേരകശക്തിയെ അതിന്റെ വേരുകളിൽതന്നെ നമുക്കു് തിരിച്ചറിയാൻ കഴിയുന്നു. അതിൽനിന്നും നമ്മൾ എന്താണു് മനസ്സിലാക്കുന്നതു്? മനഃശാസ്ത്രപരമായും ഇവിടെ തെറ്റു് മൗലികമാണു്, അഥവാ, സാരാംശനിർണ്ണയത്തെ സ്വാധീനിക്കുന്നതാണു്, അഥവാ, (തെറ്റു്) സത്തയാണു്. ഏതെങ്കിലും ഒരു ആശയം എടുത്തുമാറ്റി അവിടെ ഒരേയൊരു യാഥാർത്ഥ്യം തിരുകിയാൽ മതി, അതോടെ മുഴുവൻ ക്രിസ്തീയതയും ശൂന്യതയിലേക്കു് മറിഞ്ഞു് വീഴും!

ഏറ്റവും അസാധാരണമായ ഈ വസ്തുതകൾ, ഔന്നത്യത്തിൽ നിന്നു് നോക്കിയാൽ, തെറ്റുകളെ നിബന്ധനകളാക്കുക മാത്രമല്ല, പ്രത്യുത, ഹാനികരം മാത്രമായ, മനസ്സിലും ജീവിതത്തിലും വിഷം പുരട്ടുന്ന തെറ്റുകളുടെ കണ്ടുപിടുത്തശേഷിയും, കുശലതയുമുള്ള ഈ മതം ദൈവങ്ങൾക്കു് ഒരു കൗതുകദൃശ്യമായിരിക്കും – കാരണം, ദൈവങ്ങളും, അതേസമയം തന്നെ തത്വചിന്തകരുമായ അവരെ ഞാൻ ഉദാഹരണത്തിനു്, Naxos-ലെ വിഖ്യാതമായ ആ സംഭാഷണത്തിനിടയിൽ കണ്ടുമുട്ടിയിരുന്നു. മനംപിരട്ടൽ അവരെ (നമ്മളേയും!) വിട്ടുമാറുന്ന നിമിഷത്തിൽ ക്രിസ്ത്യാനികളുടെ ഈ നാടകപ്രദർശനത്തിൽ അവർ കൃതജ്ഞതയുള്ളവരായിരിക്കും: ഒരുപക്ഷേ, ഭൂമി എന്നു് വിളിക്കപ്പെടുന്ന ശോചനീയമായ ഈ ഗ്രഹം കൗതുകകരമായ ഈ സംഗതിയുടെ പേരിൽ ദൈവികമായ ഒരു കടാക്ഷം, ദൈവികമായ ഒരു സഹാനുഭൂതി അർഹിക്കുന്നുണ്ടാവാം… ക്രിസ്ത്യാനികളെ നമ്മൾ വിലകുറച്ചു് കാണരുതു്: നിരപരാധിത്വത്തോടടുത്തു് നിൽക്കുന്നത്ര കപടനായ ക്രിസ്ത്യാനി, കുരങ്ങുകളെക്കാൾ വളരെ ഉയരത്തിലാണു് – ക്രിസ്ത്യാനിയെ സംബന്ധിച്ചു് സുപ്രസിദ്ധമായ ഒരു വംശപരമ്പരാസിദ്ധാന്തം വെറുമൊരു കോമ്പ്ലിമെന്റ്‌ മാത്രമാണു്.

 
 

Tags: ,

ഉണ്ണിയേശു ഈജിപ്റ്റിൽ

യേശുവിന്റെ ബാല്യകാല സുവിശേഷങ്ങൾ

യേശുവിന്റെ ബാല്യകാലം വർണ്ണിക്കുന്ന സുവിശേഷങ്ങളുടെ അടിത്തറ യാക്കോബിന്റെയും (Protoevangelium of James) തോമസിന്റെയും അപ്പോക്രിഫൽ സുവിശേഷങ്ങളാണു്. മറ്റു് ശൈശവകാല സുവിശേഷങ്ങൾ ഒന്നുകിൽ അവയോടു് കൂട്ടിച്ചേർത്തോ, അല്ലെങ്കിൽ അവയിൽ നിന്നും സഭയുടെ ഡോഗ്മയുമായി പൊരുത്തപ്പെടാത്ത ഭാഗങ്ങൾ നീക്കം ചെയ്തോ എഴുതപ്പെട്ടവയാണു്. മറ്റൊരു രീതി ഈ രണ്ടു് ഉറവിടങ്ങളിലെയും ഉള്ളടക്കങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു് പുതിയതു് സൃഷ്ടിക്കുന്നതായിരുന്നു. പഴയവയിൽ നിന്നും പുതിയ സുവിശേഷങ്ങൾ എഴുതിയുണ്ടാക്കുന്ന രീതി പുരാതനകാലത്തിലോ, മദ്ധ്യകാലത്തിലോ മാത്രം ഒതുങ്ങിയിരുന്നില്ല. ഉദാഹരണത്തിനു്, ഇരുപതാം നൂറ്റാണ്ടിൽ പോലും യേശുവിന്റെ ജീവിതം വിവരിക്കുന്ന ലാറ്റിൻ ഭാഷയിലെ ഒരു പുസ്തകത്തിന്റെ ഫ്രഞ്ചു് തർജ്ജമ Catull Mendes എന്നൊരാൾ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലിരിക്കുന്ന കഥകളുടെ ശേഖരണങ്ങളായ പഴയ ടെക്സ്റ്റുകളിൽ നിന്നും വ്യത്യസ്തമായി അതു് പൂർണ്ണമായും വ്യാജനിർമ്മിതമായിരുന്നു. അതുപോലെതന്നെ ജർമ്മനിയിൽ “ബെനാൻ ലേഖനം” എന്ന പേരിൽ ഒരു രചന പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ബെനാൻ (Benan) എന്നൊരു ഈജിപ്ഷ്യൻ ഡോക്ടർ ഡൊമിറ്റിയാന്റെ (Domitian) കാലത്തു് എഴുതപ്പെട്ടതു് എന്നു് അവകാശപ്പെടുന്ന ഒരു സൃഷ്ടി. അതിൽ യേശു ഒരു ഈജിപ്ഷ്യൻ ജ്യോതിശാസ്ത്രജ്ഞന്റെ കീഴിൽ വളർത്തപ്പെട്ടു എന്നും, അതുവഴി അവന്റെ രഹസ്യജ്ഞാനം യേശുവിനു് പകർന്നുകിട്ടി എന്നും മറ്റും വിവരിച്ചിരിക്കുന്നു. യേശുവിനു് അപകീർത്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ രചിക്കപ്പെട്ട ഈ പുസ്തകം പക്ഷേ, അധികം താമസിയാതെതന്നെ വ്യാജമാണെന്നു് തിരിച്ചറിയപ്പെട്ടു.

അറേബ്യൻ ബാല്യകാല സുവിശേഷം

സുറിയാനി ഭാഷയിൽ രചിക്കപ്പെട്ടു് പിന്നീടു് മറ്റു് ഭാഷകളിലേക്കു് തർജ്ജമ ചെയ്യപ്പെട്ടവയാണു് യേശുവിന്റെ അറേബ്യയിലെ ബാല്യകാല സുവിശേഷം. യേശുവിന്റെ ജനനം, ഈജിപ്റ്റിലെ അത്ഭുതങ്ങൾ, തോമസിന്റെ സുവിശേഷത്തിൽ നിന്നും ഏറ്റെടുത്ത യേശുബാലന്റെ ബാല്യകാലത്തെ അത്ഭുതപ്രവൃത്തികൾ ഇവയാണു് അതിന്റെ ഉള്ളടക്കം. അറബിയിലേക്കുള്ള തർജ്ജമ വഴി അതിലെ പല ഐതിഹ്യങ്ങളും മുസ്ലീമുകളുടെ ഇടയിലും പ്രചരിച്ചിരുന്നു. അവയിൽ ചിലതു് ഖുർആനിലും കാണാമെന്നതിനാൽ, മുഹമ്മദിനും അവയെപ്പറ്റി അറിവുണ്ടായിരുന്നിരിക്കണം.

ഹേരോദാരാജാവിനാൽ യേശു കൊല്ലപ്പെടാതിരിക്കാൻ യോസേഫിനു് സ്വപ്നത്തിൽ ദൈവത്തിന്റെ അരുളപ്പാടുണ്ടായപ്രകാരം യോസേഫും മറിയയും യേശുവുമായി ഹേരൊദാരാജാവു് മരിക്കുന്നതുവരെ ഈജിപ്റ്റിൽ ചെന്നു് പാർക്കുകയായിരുന്നു എന്നു് മത്തായിയുടെ സുവിശേഷം പറയുന്നു (മത്തായി 2:13-15).

ഉണ്ണിയേശു ഈജിപ്റ്റിൽ

… ഉണ്ണിയേശുനാഥനെ ഒരു സ്ത്രീ സുഗന്ധജലം ഉപയോഗിച്ചു് കുളിപ്പിച്ചു. അതിനുശേഷം ആ ജലം അവൾ കളയാതെ സൂക്ഷിച്ചുവച്ചു. കുഷ്ടരോഗബാധമൂലം ദേഹം മുഴുവൻ വെളുത്തുകഴിഞ്ഞിരുന്ന ഒരു ബാലിക ആ ഭാഗത്തു് താമസിച്ചിരുന്നു. യേശുവിനെ കുളിപ്പിച്ച സ്ത്രീ അവളെക്കണ്ടപ്പോൾ ആ ജലത്തിന്റെ ഒരംശമെടുത്തു് ആ പെൺകുട്ടിയുടെ ദേഹത്തൊഴിച്ചു. അതുകൊണ്ടു് ദേഹമാസകലം കഴുകിയപ്പോൾ ഉടനെതന്നെ അവൾ കുഷ്ടരോഗത്തിൽ നിന്നും പൂർണ്ണമായും മോചിതയായി. ഈ അത്ഭുതം കണ്ട ആ പട്ടണത്തിലെ ജനങ്ങൾ ഒന്നടങ്കം പറഞ്ഞു: “യോസേഫും മറിയയും ഈ കുഞ്ഞും ദൈവങ്ങളാണു്, യാതൊരു സംശയവുമില്ല.” അവർ ആ പട്ടണം വിട്ടു് പോകാൻ തുടങ്ങിയപ്പോൾ തന്നെയും കൂട്ടത്തിൽ കൊണ്ടുപോകണമെന്നു് ആ പെൺകുട്ടി അവരോടു് അപേക്ഷിക്കുകയും ചെയ്തു.

അവിടെ നിന്നും തുടർന്നു് യാത്ര ചെയ്തു് യോസേഫും മഹത്വവതിയായ മറിയയും ഒറ്റപ്പെട്ട ഒരു പ്രദേശത്തു് എത്തിച്ചേർന്നു. അതു് മോഷ്ടാക്കളാൽ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശമാണെന്നു് കേട്ടതിനാൽ അവർ രാത്രിയിൽ യാത്ര തുടരാൻ തീരുമാനിച്ചു. എന്നിട്ടും അതാ കിടക്കുന്നു വഴിയിൽ രണ്ടു് കവർച്ചക്കാർ! അവരുടെ കൂട്ടുകാരായ മറ്റു് ധാരാളം കൊള്ളക്കാരും അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. യേശുവും കുടുംബവും ചെന്നുപെട്ട രണ്ടു് കള്ളന്മാർ ടൈറ്റസും ഡ്യുമാക്കസും ആയിരുന്നു. അപ്പോൾ ടൈറ്റസ്‌ ഡ്യുമാക്കസിനോടു് പറഞ്ഞു: “നമ്മുടെ കൂട്ടുകാരുടെ ശ്രദ്ധയിൽപെടാതെ തുടർന്നു് യാത്രചെയ്യാൻ നീ ദയവുചെയ്തു് ഇവരെ അനുവദിക്കുക.” പക്ഷേ ഡ്യുമാക്കസ്‌ സമ്മതിച്ചില്ല. അപ്പോൾ അവൻ ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉണർത്താതിരിക്കാനായി ടൈറ്റസ്‌ അവനു് നാൽപതു് ദ്രഹ്മം (പഴയ ഗ്രീക്ക്‌ നാണയം drachma) പണയമായി കൊടുത്തു. പോരാത്തതിനു് തന്റെ അരയിൽ ചുറ്റിയിരുന്ന ബെൽറ്റും അവൻ അഴിച്ചുനൽകി. അതുകണ്ടപ്പോൾ ദൈവമാതാവായ മറിയ ടൈറ്റസിനെ അനുഗ്രഹിച്ചു: “മഹത്വമുള്ളവനായ ദൈവം നിന്നെ അനുഗ്രഹിക്കുകയും നിന്റെ പാപങ്ങൾ മോചിച്ചുതരികയും ചെയ്യും.” അപ്പോൾ യേശുക്കുഞ്ഞു് അവളോടു് പറഞ്ഞു: “അമ്മേ, മുപ്പതു് വർഷങ്ങൾ കഴിയുമ്പോൾ ഞാൻ യേരുശലേമിൽ യൂദന്മാരാൽ ക്രൂശിക്കപ്പെടേണ്ടവനാണു്, ഈ രണ്ടു് കള്ളന്മാരും – ടൈറ്റസ്‌ എന്റെ വലതുവശത്തും, ഡ്യുമാക്കസ്‌ ഇടതുവശത്തുമായി – അന്നു് എന്നോടൊപ്പം കുരിശിൽ തറയ്ക്കപ്പെടും. ആ ദിവസത്തിനുശേഷം ടൈറ്റസ്‌ എനിക്കു് മുൻപായി പറുദീസയിൽ എത്തിച്ചേരും.” അതു് കേട്ട ടൈറ്റസ്‌ യേശുവിനോടു് പറഞ്ഞു: “പ്രിയ മകനേ, ദൈവം നിന്നെ അതിൽനിന്നും രക്ഷിക്കട്ടെ.” അനന്തരം അവർ വിഗ്രഹങ്ങളുടെ പട്ടണത്തിലേക്കു് പോയി. ആ പട്ടണത്തോടടുത്തപ്പോൾ അവർ മണൽക്കുന്നുകളായി രൂപാന്തരം പ്രാപിച്ചു.

അവിടെനിന്നും അവർ അൽ-മറ്റാറിയ എന്ന സ്ഥലത്തു് എത്തിചേർന്നു. അവിടെ യേശു ഒരു നീരുറവയെ ഉത്ഭവിപ്പിച്ചു. ആ ഉറവയിലെ ജലത്തിൽ മറിയ യേശുവിന്റെ കുപ്പായം അലക്കിപ്പിഴിഞ്ഞപ്പോൾ അതിൽ നിന്നും ഉതിർന്ന യേശുവിന്റെ വിയർപ്പാണു് ആ ഭാഗത്തെ സുഗന്ധതൈലങ്ങളായി മാറിയതു്.

ആട്ടിൻകുട്ടികളായി പരിണമിച്ച മനുഷ്യകുട്ടികൾ

ഒരിക്കൽ മഹത്വവാനായ യേശുക്കുട്ടൻ വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ തെരുവിൽ കളിക്കാനായി വട്ടം കൂടിയ കുറെ കുട്ടികളെ കണ്ടു. പക്ഷേ, അവൻ അവരുടെ അടുത്തേക്കു് ചെന്നപ്പോൾ അവരെല്ലാവരും ഓടിയൊളിച്ചു. യേശു അവരെത്തേടി ഒരു വീടിനു് മുന്നിലെത്തി. വീടിനു് വെളിയിൽ കൂട്ടംകൂടിനിന്നു് കുശലം പറഞ്ഞിരുന്ന കുറെ സ്ത്രീകളോടു് യേശു ആ കുട്ടികളെപ്പറ്റി ചോദിച്ചപ്പോൾ ഇവിടെയെങ്ങും ആരുമില്ല എന്നായിരുന്നു അവരുടെ മറുപടി. നിങ്ങളുടെ അടുക്കളയിൽ നിൽക്കുന്നവർ പിന്നെ ആരാണെന്ന ചോദ്യത്തിനു് അതു് മൂന്നു് വയസ്സുള്ള ആട്ടിൻകുട്ടികളാണെന്നായിരുന്നു ആ സ്ത്രീകളുടെ പ്രതികരണം. അപ്പോൾ യേശു വിളിച്ചുപറഞ്ഞു: “കുഞ്ഞാടുകളേ, നിങ്ങൾ നിങ്ങളുടെ ഇടയന്റെ അടുത്തേക്കു് ഇറങ്ങിവരൂ.” അപ്പോൾ ആ കുട്ടികൾ എല്ലാവരും ആട്ടിൻകുട്ടികളുടെ രൂപത്തിൽ പുറത്തിറങ്ങിവന്നു് യേശുവിനു് ചുറ്റും ചാടിക്കളിക്കാൻ തുടങ്ങി. ഇതു് കണ്ടപ്പോൾ ആ സ്ത്രീകൾക്കു് ആകെമൊത്തം അത്ഭുതവും ഭയവുമായി. ഉടനടി അവർ യേശുവിനു് മുന്നിൽ വീണുകിടന്നു് അപേക്ഷിച്ചു: “ഓ! ഞങ്ങളുടെ ദൈവമായ യേശുവേ, മറിയയുടെ പുത്രനേ, സത്യമായിട്ടും നീ യിസ്രായേലിന്റെ നല്ല ഇടയനാണു് , നിന്റെ മുന്നിൽ വീണുകിടക്കുന്ന ഈ കന്യകമാരോടു് കരുണ തോന്നേണമേ, നശിപ്പിക്കാനല്ല, രക്ഷിക്കാനായാണു് നീ വന്നിരിക്കുന്നതെന്നതിൽ ഒരുനാളും ഞങ്ങൾക്കു് സംശയമുണ്ടായിരുന്നില്ല.” അപ്പോൾ യേശുബാലൻ പറഞ്ഞു: “ലോകജനതയുടെ ഇടയിൽ എത്യോപ്യക്കാരെപ്പോലെയാണു് യിസ്രയേലിന്റെ സന്തതികൾ.” അതുകേട്ട ആ സ്ത്രീകൾ മറുപടിയായി പറഞ്ഞു: “പ്രതാപവാനായ യേശുവേ, നീ എല്ലാം അറിയുന്നവനാണു്, ഒന്നും നിനക്കു് മറഞ്ഞിരിക്കുന്നില്ല; എങ്കിലും, ഇപ്പോൾ നിന്റെ അടിമകളായ ഈ കുട്ടികളോടു് നിനക്കു് ദയതോന്നി അവരെ മുൻപിലത്തെ അവസ്ഥയിലേക്കു് മാറ്റിത്തരണമെന്നു് ഞങ്ങൾ താഴാഴ്മയോടെ നിന്നോടു് അപേക്ഷിക്കുന്നു.” അപ്പോൾ യേശുക്കുഞ്ഞു് ആ കുട്ടികളെ നോക്കി പറഞ്ഞു: “വരൂ കുട്ടികളേ, നമുക്കു് കളിക്കാൻ പോകാം.” അതേ നിമിഷം ആട്ടിൻകുട്ടികളായി പരിണമിച്ചിരുന്ന കുട്ടികൾ എല്ലാവരും ആ സ്ത്രീകളുടെ സാന്നിദ്ധ്യത്തിൽ തന്നെ തിരിച്ചു് മനുഷ്യക്കുട്ടികളായി രൂപാന്തരം പ്രാപിച്ചു.

 
6 Comments

Posted by on Jul 1, 2009 in മതം, യേശു

 

Tags: ,