RSS

Monthly Archives: Nov 2009

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

“ഒരിക്കലും ഒന്നിനും നിസ്സാരം പോലുമായ ഒരർത്ഥവുമില്ല.” – Jean-Paul Sartre

മനുഷ്യന്റെ അനുഭവജ്ഞാനം എത്ര ഉറപ്പില്ലാത്ത തറയിലാണു് നിലകൊള്ളുന്നതെന്നു് മനസ്സിലാക്കിയിരിക്കുന്നതു് പലതുകൊണ്ടും നല്ലതാണു്. ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും ഇവിടെയെങ്ങുമല്ല, മറ്റെവിടെയോ ആണെന്നു് നമ്മെ പഠിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില മനുഷ്യരുണ്ടു്. സകല മനുഷ്യരുടെയും ആത്മാക്കളെ ദൈവത്തിനു് കൂട്ടിക്കൊടുത്തു് കഴിഞ്ഞിട്ടല്ലാതെ ഉറങ്ങുകയില്ല എന്നു് ശപഥമെടുത്തിരിക്കുന്നവരാണവർ. ദൈവത്തിന്റെ സ്പോൺസർമാരായി ചമഞ്ഞു് അങ്ങേർക്കു് ഭൂമിയിൽ വിസ സംഘടിപ്പിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവർ എന്നു് സ്വയം കരുതുന്ന അത്തരം മതപണ്ഡിതരുടെ എണ്ണം ലോകത്തിൽ, പ്രത്യേകിച്ചും അജ്ഞരും ദരിദ്രരും കൂടുതലുള്ള സമൂഹങ്ങളിൽ, കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. അവർ ഇല പഴുക്കുന്നതും പാലു് പിരിയുന്നതുമൊക്കെ “ഇടിച്ചാൽപൊട്ടാത്ത” തെളിവുകളായി ചൂണ്ടിക്കാണിച്ചു് ഇന്ദ്രിയജ്ഞാനത്തിൽ നിന്നും അതീന്ദ്രിയജ്ഞാനത്തിലേക്കും, ജീവാത്മാവിൽ നിന്നും പരമാത്മാവിലേക്കും, ചുമ്മാസത്യത്തിൽ നിന്നും പരമസത്യത്തിലേക്കും, അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കും, ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്കുമൊക്കെ (വാക്കുകൾ, വാക്കുകൾ! മനുഷ്യനിർമ്മിതമായ വാക്കുകൾ! ഭാരതത്തിലാണെങ്കിൽ ഒരു സംസ്ഥാനത്തിന്റെ അതിർത്തി കടന്നാൽ പോലും അർത്ഥശൂന്യമാവുന്നത്ര ദയനീയമായ, വ്യക്തിനിഷ്ഠമായ വാക്കുകൾ!) മലക്കം മറിഞ്ഞു്, കുതിച്ചുചാടി ജീവിതത്തിന്റെ “അർത്ഥവും ലക്ഷ്യവും” പഠിപ്പിക്കുമ്പോൾ വാപിളർന്നു് കണ്ണുതള്ളി കേട്ടുനിൽക്കുകയല്ലാതെ നമുക്കു് മറ്റു് പോംവഴികളില്ല. അതേസമയം, നമ്മൾ വലിയ കാര്യമായി കരുതി മനസ്സിലാക്കിവച്ചിരിക്കുന്ന നമ്മുടെ “സാദാ അർത്ഥങ്ങൾ” പോലും അർത്ഥശൂന്യമാണെന്നു് അറിയാൻ കഴിഞ്ഞാൽ നമ്മുടെ മുന്നിൽ സാക്ഷാൽ ദൈവത്തെ ഇഴകീറിമുറിച്ചു് കുളിപ്പിച്ചു് കിടത്തുന്ന, വേദോപദേശം തൊഴിലാക്കിയ ആത്മീയലാടഗുരുക്കളുടെ അമാനുഷികതയിലും ഇന്ദ്രിയാതീതമായ ജ്ഞാനശേഷിയിലും കൂടുതൽ കൂടുതൽ അത്ഭുതപരതന്ത്രരാവാനും അന്തം വിടാനും നമുക്കു് കഴിയും. പോരെങ്കിൽ, നമ്മൾ കാണുന്നതും കേൾക്കുന്നതുമൊക്കെ നമ്മുടെ തലച്ചോറിന്റെ ചില സൂത്രപ്പണികൾ ആണെന്നു് തിരിച്ചറിഞ്ഞാൽ, നമുക്കു് ഒത്തിരി “മൂച്ചു്” കൂടാതിരിക്കും. ദൈവവുമായി നേരിട്ടു് ഇടപെടുന്നവരോടു് ബഹുമാനം വർദ്ധിക്കാൻ അതു് തീർച്ചയായും സഹായിക്കുകയും ചെയ്യും. ദൈവം അങ്ങനെ എല്ലാവരോടും ഇടപെടുന്നവനല്ല. ഉദാഹരണത്തിനു്, യഹോവ/അല്ലാഹു എന്ന ഏകദൈവം ഇങ്ങോട്ടു് വന്നു് ഇടപെട്ടവർ ആദാം, നോഹ, മോശെ, മറിയ, മുഹമ്മദ്‌ എന്നീ ഏതാനും പേരാണു്. അവസാനം വന്നുപോയിട്ടുതന്നെ ഒന്നൊന്നരസഹസ്രാബ്ദമായി. ദൈവത്തെ കണ്ടു എന്നു് പറഞ്ഞവർ കണ്ടതു് എന്തായിരിക്കാം? അവരിൽ ആരെങ്കിലും സാധാരണമായ കാഴ്ചയുടെ അവസ്ഥ എന്തെന്നു് അറിയാവുന്നവരായിരുന്നോ? നോഹക്കും മറിയക്കും മുഹമ്മദിനുമൊക്കെ പ്രകാശസ്പെക്ട്രത്തെപ്പറ്റിയൊക്കെ അറിയുമായിരുന്നോ ആവോ? അവരെല്ലാവരും മരിച്ചുപോയതുകൊണ്ടു് ചോദിച്ചറിയാം എന്നു് കരുതണ്ട. പക്ഷേ, “ഇനി പ്രളയമുണ്ടാവില്ല എന്നതിന്റെ അടയാളമായി ഞാൻ മഴവില്ലു് ആകാശത്തിൽ വയ്ക്കുന്നു” എന്നു് യഹോവ പറഞ്ഞപ്പോൾ നോഹ “Objection Your Honour, Mr. Yahova” എന്നു് പറഞ്ഞതായി ബൈബിൾ എഴുത്തുകാരൻ എന്തായാലും ഒരു സൂചനയും തരുന്നില്ല എന്നതിനാൽ നോഹയുടെ കാര്യത്തിലെങ്കിലും വലിയ പ്രതീക്ഷ വച്ചിട്ടു് കാര്യമില്ല. അതുപോട്ടെ. നമുക്കു് നമ്മൾ ഒരോന്നു് കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുന്നതിലെ ചില രസകരമായ കാര്യങ്ങൾ ശ്രദ്ധിക്കാം.

നമ്മൾ കാണുന്ന പ്രകൃതി വർണ്ണശബളമാണു്. പക്ഷേ, പ്രകൃതി അതിൽത്തന്നെ വർണ്ണശബളമാണോ? ഇരുണ്ട രാത്രിയിൽ ഒരു പൂവിന്റെ വർണ്ണങ്ങൾ നമുക്കു് കാണാനാവുമോ? ഇല്ലെന്നു് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടാണു് “രാത്രിയിൽ എല്ലാ പൂച്ചകളും ഇരുണ്ടതാണു്” എന്ന പഴഞ്ചൊല്ലിൽ പതിരൊന്നും നമ്മൾ കാണാത്തതും. എങ്കിലും, പകൽവെളിച്ചത്തിൽ നമ്മൾ കാണുന്ന പ്രകൃതിയിലെ എത്രയോ നിറങ്ങൾ സ്വാഭാവികമായും (പകലെന്നപോലെതന്നെ രാത്രിയിലും) നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ നമുക്കു് സാധാരണഗതിയിൽ സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. എന്നാൽ, സ്വയം നിലനിൽപുള്ള ഒന്നല്ല നിറങ്ങൾ എന്നതാണു് സത്യം. അതിനെപ്പറ്റി അധികം ആലോചിക്കാറില്ലാത്തതിനാൽ ഈ യാഥാർത്ഥ്യം നമ്മൾ അറിയുന്നില്ല എന്നുമാത്രം. നിങ്ങൾ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ലെങ്കിൽ, അഥവാ, വർണ്ണങ്ങൾക്കു് അവയിൽത്തന്നെ അസ്തിത്വം ഉണ്ടെന്നു് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഏതെങ്കിലും ഒരു നിറം, ഉദാഹരണത്തിനു് ചുവപ്പു്, എന്നാൽ എന്താണെന്നു് ജന്മനാ അന്ധനായ ഒരുവനെ പറഞ്ഞു് മനസ്സിലാക്കുന്നതിനെപ്പറ്റി ഒന്നു് സങ്കൽപിച്ചുനോക്കൂ. ചെമ്പരത്തിപ്പൂവുപോലെയെന്നോ, രക്തം പോലെയെന്നോ ഒക്കെയുള്ള വർണ്ണനകൾ അവനെ ഒരു നിഗമനത്തിലും എത്തിക്കുകയില്ല. അതുപോലുള്ള താരതമ്യങ്ങൾ കൊണ്ടു് അവയൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത അവൻ എന്തു് ആരംഭിക്കാൻ? ചുരുക്കത്തിൽ, ചുവപ്പു് എന്നാൽ എന്തെന്നു് ജന്മനാ അന്ധനായ ഒരുവനെ മനസ്സിലാക്കിക്കൊടുക്കുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. അതേസമയം, “ചെമ്പരത്തിപ്പൂവിന്റെ നിറമാണു് ചുവപ്പു്” എന്നു് മറ്റുള്ളവരോടു് പറയാൻ അവനു് കേട്ടറിവിന്റെ ആവശ്യമേയുള്ളുതാനും. “തുമ്പപ്പൂവിന്റെ നിറമാണു് ചുവപ്പു്” എന്നേ അവൻ അവന്റെ ജീവിതത്തിൽ കേട്ടിട്ടുള്ളുവെങ്കിൽ അവൻ വിശ്വസിക്കുന്നതും മറ്റുള്ളവരോടു് പറയുന്നതുമായ “ചുവപ്പുനിറം” തുമ്പപ്പൂവിന്റേതായിരിക്കും.

പ്രകാശതരംഗങ്ങൾ/കണികകൾ വ്യത്യസ്ത വസ്തുക്കളിൽ തട്ടി പ്രതിഫലിച്ചു് കണ്ണുകളിലും അവിടെനിന്നും തലച്ചോറിലും എത്തുമ്പോൾ അവയുടെ തരംഗദൈർഘ്യവും ഫ്രീക്വൻസിയും അനുസരിച്ചു് നമ്മുടെ തലച്ചോറു് സ്വയം സൃഷ്ടിക്കുന്നതാണു് ആ വസ്തുക്കളിലെ നിറങ്ങൾ എന്ന നമ്മുടെ അനുഭവം. പക്ഷേ പ്രകാശത്തിന്റെ വേവ്‌ ലെങ്ങ്ത്‌, ഫ്രീക്വൻസി എന്നീ രണ്ടു് മാനങ്ങൾക്കും അവയിൽത്തന്നെ “നിറം” എന്ന ഗുണം ഇല്ല. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിലെ ചലനങ്ങൾ രജിസ്റ്റർ ചെയ്യാനോ, കറുപ്പും വെളുപ്പും തിരിച്ചറിയാനോ മാത്രമല്ലാതെ നിറങ്ങൾ കാണാൻ കഴിവില്ലാത്ത ജീവികളുടെ ലോകവും വർണ്ണശബളമല്ല എന്നു് പ്രത്യേകം പറയേണ്ടല്ലോ. പോരെങ്കിൽ, ഇതുപോലെ കൂടിയോ കുറഞ്ഞോ ചുറ്റുപാടുകളെ വീക്ഷിക്കുന്നതിനുള്ള ജീവികളുടെ ശേഷിയുടെ അടിസ്ഥാന നിബന്ധനയായ പ്രകാശത്തിന്റെ കണികകൾക്കുപോലും അവ വീക്ഷിക്കപ്പെടുകയോ, അഥവാ, അളക്കപ്പെടുകയോ ചെയ്യാത്തിടത്തോളം ഒബ്ജക്റ്റീവ്‌ ആയ ഒരു നിലനിൽപു് ഇല്ല എന്നു് ഡബിൾ സ്ലിറ്റ്‌ പരീക്ഷണം (double slit experiment) നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെയാണു് നമ്മൾ കേൾക്കുന്ന വിവിധതരം ശബ്ദങ്ങൾക്കും സ്വരങ്ങൾക്കും ഉണ്ടെന്നു് ശീലം മൂലം നമ്മൾ കരുതുന്ന വസ്തുനിഷ്ഠതയുടെ കാര്യവും. ശബ്ദത്തെ വേർപെടുത്തി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ നമുക്കു് നേരിടേണ്ടിവരുന്ന പരാജയം അവയും വെറും ഇല്യൂഷൻ മാത്രമാണെന്നു് അംഗീകരിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഒരുദാഹരണം: വിജനവും വിശാലവുമായ ഒരു മരുഭൂമിയിൽ ഇടിവെട്ടിയാൽ അതാരും കേൾക്കുന്നില്ല. ഇടിവെട്ടുവഴി സ്വതന്ത്രമാവുന്ന ഊർജ്ജം മൂലം സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷവായുവിലെ മർദ്ദതരംഗങ്ങൾ ആർക്കും അനുഭവവേദ്യമാവാതെ അവയിലെ ഊർജ്ജം സാവകാശം അന്തരീക്ഷത്തിലേക്കു് പകർന്നു് ക്ഷയിച്ചില്ലാതാവുന്നു. ഇടിവെട്ടിലെ ഊർജ്ജം അന്തരീക്ഷവായുവിൽ മർദ്ദതരംഗങ്ങൾ ജനിപ്പിക്കുകയും അവ കർണ്ണപുടങ്ങളിൽ പതിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ആന്ദോലനങ്ങൾ നെർവ്‌ സിഗ്നലുകളായി തലച്ചോറിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമാണു് അവ ഇടിവെട്ടിന്റെ ശബ്ദമായി “വ്യാഖ്യാനിക്കപ്പെടുന്നതും” ആ രീതിയിൽ നമുക്കതു് അനുഭവവേദ്യമാവുന്നതും. ഒരു ടേപ്പിലോ സിഡിയിലോ ഈ ശബ്ദം (മറ്റേതു് ശബ്ദവും പോലെതന്നെ) റെക്കോർഡ്‌ ചെയ്തു് അതാതു് പ്ലെയറുകളിലൂടെ പിന്നീടു് കേൾക്കാൻ നമുക്കു് കഴിയുന്നതു് അന്തരീക്ഷവായുവിലെ മർദ്ദവ്യതിയാനങ്ങളെ എനർജിയുടെ വ്യത്യസ്ത രൂപങ്ങളായി (ഇലക്ട്രോമാഗ്നെറ്റിക്‌ എനർജി, മെക്കാനിക്കൽ എനർജി മുതലായവ) ആവശ്യാനുസരണം പരസ്പരം ട്രാൻസ്ഫോം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും നമുക്കു് കഴിയുന്നതുകൊണ്ടു് മാത്രമാണു്. ലൗഡ്‌സ്പീക്കറിന്റെ ഡയഫ്രത്തിൽ നിന്നും കർണ്ണപുടങ്ങളിൽ എത്തുന്ന മർദ്ദതരംഗങ്ങളുടെയും അടിസ്ഥാനസ്വഭാവം ഫ്രീക്വൻസിയും തരംഗദൈർഘ്യവുമാണു്. അല്ലാതെ അവ അവയിൽത്തന്നെ “ശബ്ദം” എന്ന ഗുണമല്ല. കർണ്ണപുടങ്ങളിൽ നിന്നും എത്തുന്ന “ശബ്ദമല്ലാത്ത” സിഗ്നലുകളെ വ്യാഖ്യാനിക്കുന്നതും, ശബ്ദം എന്ന അനുഭവം നമ്മിൽ ജനിപ്പിക്കുന്നതും തലച്ചോറാണു്. ക്യാമറ വഴി നമ്മൾ പിടിച്ചെടുക്കുന്നതുമൂലം പിന്നീടു് പലവട്ടം ആവർത്തിച്ചു് കാണാൻ സാദ്ധ്യമാവുന്ന ചിത്രങ്ങളുടെ കാര്യവും ഇതിൽനിന്നും വ്യത്യസ്തമല്ല. അതായതു്, കാണുന്നവയിലെ വിവിധ നിറങ്ങളെ എന്നപോലെതന്നെ, കേൾക്കുന്നവയിലെ വ്യത്യസ്ത ശബ്ദങ്ങളെയും തിരിച്ചറിയാൻ ഒരു ബോധമനസ്സിന്റെ സാന്നിദ്ധ്യം ആവശ്യമാണു്.

വ്യത്യസ്തമായ വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കും ബോധമനസ്സിൽ നിന്നും സ്വതന്ത്രമായ ഒരു നിലനിൽപില്ല, അഥവാ, അവയ്ക്കു് കേവലമായ അസ്തിത്വം ഇല്ല. ഒരു താരതമ്യം സാദ്ധ്യമല്ലാത്തിടത്തോളം ഉയർച്ച-താഴ്ച, മുകൾഭാഗം-അടിഭാഗം, ചലനം-നിശ്ചലത മുതലായ, നമ്മൾ തികച്ചും സ്വാഭാവികം എന്നു് കരുതുന്ന പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങൾക്കും പ്രക്രിയകൾക്കും യാതൊരു അടിസ്ഥാനമോ അർത്ഥമോ കൽപിക്കാനാവില്ല. അളവുകൾ എന്നാൽ താരതമ്യം ചെയ്യലാണു്. പ്രപഞ്ചത്തെ മനസ്സിലാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വസ്തുക്കളെയും പ്രക്രിയകളെയും അളക്കാനും തിട്ടപ്പെടുത്താനും മനുഷ്യനെ പ്രാപ്തനാക്കിയതു് ഗണിതശാസ്ത്രമാണു്. ഗണിതശാസ്ത്രമില്ലാതെ മറ്റു് ശാസ്ത്രങ്ങൾ സാദ്ധ്യമാവുമായിരുന്നില്ല. ഭൂമിയിൽ അക്ഷാംശരേഖകളും രേഖാംശരേഖകളുമില്ല. ഭൂമിയെ പരിശോധിക്കാനും, അളക്കാനും, വിശദീകരിക്കാനുമെല്ലാമായി മനുഷ്യനാൽ ആസൂത്രണം ചെയ്യപ്പെട്ട സാങ്കൽപികരേഖകൾ മാത്രമാണവ. അതുപോലെതന്നെ, ഉയരത്തിൽ ഇരിക്കുന്ന ഒരു കല്ലിൽ അടങ്ങിയിരിക്കുന്ന പൊട്ടൻഷ്യൽ എനർജി, താഴേക്കു് വീഴുന്ന കല്ലിലെ കൈനറ്റിക്‌ എനർജി, തീയിലെ ഹീറ്റ്‌ എനർജി ഇവയെല്ലാം അവയിൽത്തന്നെ നിലനിൽപുള്ളവയല്ല. മാഗ്നറ്റിക്‌ ഫീൽഡ്‌, എലക്ട്രിക്‌ ഫീൽഡ്‌, എനർജിയുടെ വിവിധ രൂപങ്ങൾ മുതലായവയെല്ലാം പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളും, പ്രക്രിയകളും, വസ്തുക്കളുടെ അളവുകളും ഗുണങ്ങളും വർണ്ണിക്കാനും നിർണ്ണയിക്കാനുമുള്ള (ഗണിത)ശാസ്ത്രപരമായ അബ്‌സ്ട്രാക്ഷൻസ്‌ മാത്രമാണു്. അവ യഥാർത്ഥത്തിൽ, അഥവാ, ഒബ്ജക്റ്റീവ്‌ ആയി നിലനിൽക്കുന്ന റിയാലിറ്റികളല്ല.

മനുഷ്യന്റെ അന്വേഷണത്വര അവനെ മറ്റു് ചില വസ്തുതകൾ കൂടി മനസ്സിലാക്കിക്കൊടുത്തു: ഒബ്ജക്റ്റീവ്‌ റിയാലിറ്റിയുമായി പൊരുത്തമില്ലാത്തതാണെങ്കിലും, ഭംഗിയും അഭംഗിയും, നന്മയും തിന്മയും, ചൂടും തണുപ്പും, കറുപ്പും വെളുപ്പും, എരിവും പുളിയുമൊക്കെയായി തലച്ചോറു് മനുഷ്യനു് വെളിപ്പെടുത്തിത്തരുന്ന “ഈ സ്വൽപം പ്രപഞ്ചാംശം” എന്നതു് മുഴുവൻ പ്രപഞ്ചത്തിന്റേയും അഞ്ചോ ആറോ ശതമാനമേ വരൂ എന്നതാണതു്. അതായതു്. ബാക്കി തൊണ്ണൂറ്റഞ്ചു് ശതമാനത്തെപ്പറ്റിയും നമുക്കു് പൂജ്യം വിവരമേ ഉള്ളു.

ഈ വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ എത്തിച്ചേരുന്നതു് യാതൊന്നിനും ഒരർത്ഥവുമില്ല എന്ന, ആരംഭത്തിൽ സൂചിപ്പിച്ച, സാർത്രിന്റെ അഭിപ്രായത്തിലായിരിക്കും. “ക്വാണ്ടം തിയറി കേട്ടിട്ടു് ഞെട്ടാത്തവർക്കു് അതു് എന്താണെന്നു് മനസ്സിലായിട്ടില്ല” എന്നു് നീൽസ്‌ ബോർ (Niels Bohr) പറഞ്ഞതും ഏതാണ്ടു് ഇതേ അർത്ഥത്തിലാണു്. മനുഷ്യന്റെ അനുഭവവേദ്യതകൾക്കു് യാതൊരു അർത്ഥവുമില്ലാതാവുന്ന ലോകമാണു് സബ്‌ ന്യൂക്ലിയർ പാർട്ടിക്കിളുകളുടെ ലോകം. അതിസൂക്ഷ്മമായ ഉപകരണങ്ങളുടെ സഹായം ഒന്നുകൊണ്ടു് മാത്രം വെളിച്ചം വീശാനായ ക്വാണ്ടം ലോകം മനുഷ്യന്റെ ദൈനംദിനാനുഭവങ്ങളുടെ ലോകമല്ല. ഏതാനും ദശകങ്ങൾക്കു് മുൻപുവരെപോലും അതു് അജ്ഞാതലോകവുമായിരുന്നു. അതുപോലെതന്നെയാണു് മനുഷ്യന്റെ സ്വാഭാവികമായ അനുഭവലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന X-ray-യുടെ കാര്യവും. സാധാരണഗതിയിൽ ആർക്കും അനുഭവവേദ്യമായ വർണ്ണങ്ങളുടെയും ശബ്ദങ്ങളുടെയും ലോകത്തിന്റെ അവസ്ഥ നമ്മൾ മുകളിൽ കണ്ടുകഴിഞ്ഞു. ഇത്തരം ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഇങ്ങനെയെല്ലാമാണു് മനുഷ്യജീവിതത്തിലെ അനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും സത്യങ്ങളുടെയുമൊക്കെ അവസ്ഥ. “സത്യം” എന്ന വാക്കിനു് ഒരർത്ഥം നൽകണമെന്നു് നിർബന്ധമാണെങ്കിൽ അങ്ങേയറ്റം നൽകാൻ കഴിയുന്നതു് “വസ്തുതായാഥാർത്ഥ്യം” എന്നൊരർത്ഥം മാത്രമാണു്. കൃത്യമായി പറഞ്ഞാൽ ഈ അർത്ഥം തന്നെ അത്ര അനുയോജ്യമല്ല എന്നിരിക്കെ, അതിൽ കവിഞ്ഞതായി സത്യം എന്ന വാക്കിനു് നൽകപ്പെടുന്ന ഏതൊരർത്ഥവും സാങ്കൽപികലോകത്തിൽ മാത്രം നിലനിൽപുള്ള ഭാവനാസൃഷ്ടിയേ ആവൂ.

നേരിട്ടു് അറിയാൻ കഴിയുന്ന കാര്യങ്ങളേക്കാൾ എത്രയോ മടങ്ങു് കൂടുതലാണു് നേരിട്ടറിയാൻ കഴിയാത്തവ എന്നതിനാൽ മനുഷ്യരുടെ ഇടയിൽ സംഭവിക്കുന്ന ആശയവിനിമയങ്ങളിൽ നല്ലൊരു പങ്കും കേട്ടറിവു് എന്ന കാറ്റഗറിയിൽ പെടുത്താവുന്നവയാണു്. പ്രത്യേകിച്ചും, ആദ്ധ്യാത്മികതയുടെ തലങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികൾ എന്ന ഔന്നത്യത്തിന്റെയും ആധികാരികതയുടെയും പരിവേഷം ചാർത്തി ജനങ്ങളുടെ ഇടയിൽ മറുചോദ്യമില്ലാതെ അംഗീകാരം നേടിയെടുക്കാൻ തങ്ങളെത്തന്നെ വിശേഷവസ്ത്രങ്ങളിൽ പൊതിയുന്ന പുരോഹിതവർഗ്ഗം (അൽമായർ എന്ന, “കാശിനു് കൊള്ളാത്ത” വേറൊരു വർഗ്ഗമാണു് ഇവർക്കു് ചിലവിനു് കൊടുക്കാൻ ബാദ്ധ്യസ്ഥർ! അവരിൽ ചിലരാണു് പട്ടക്കാരുടെ പാട്ടകൊട്ടുകാരായോ, മെഗാഫോണുകളായോ വർത്തിച്ചു് മനുഷ്യരെ വധിക്കുന്ന കൂലിയില്ലാത്ത കൂലിപ്പട!) നിരന്തരം അസ്തിത്വങ്ങളിലെ അനിശ്ചിതത്വം, മരണം, വിധിദിനം, സ്വർഗ്ഗം, നരകം, ദൈവം, പിശാചു് മുതലായ ഭയങ്ങളുടെ നഞ്ചു് കലക്കുന്ന ജീവിതം എന്ന ചെളിവെള്ളത്തിൽ സ്വപക്ഷാന്ധത ബാധിച്ചു് ഉഴലുന്ന സാമാന്യജനങ്ങളിലേക്കു് പകർന്നൊഴിക്കപ്പെടുന്ന എല്ലാ മൊഴിമുത്തുകളും അപവാദമെന്യേ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്നവയാണു്. കേൾക്കുന്ന അന്ധർ ഉപദേശിക്കുന്ന അന്ധരുടെ അന്ധത മനസ്സിലാക്കാതിരിക്കാൻ, കേൾവിക്കാരിൽ അങ്ങനെയൊരു നേരിയ സംശയം പോലും ഒരുനാളും ഉടലെടുക്കാതിരിക്കാൻ, അതിനവരെ പ്രാപ്തരാക്കിയേക്കാവുന്ന ചിന്താശേഷി എന്ന ഒരു ഗുണം ഒരിക്കലും അവരിൽ നാമ്പെടുക്കാതിരിക്കാൻ ഭയനഞ്ചു് കലക്കിയ വിശ്വാസാന്ധതയുടെ ചെളിവെള്ളം ഒരിക്കലും തെളിയാതിരിക്കണം. മനുഷ്യർ കണ്ണറിയാതെ നീന്തിത്തുലയുന്ന ഈ ചെളിവെള്ളം വീണ്ടും വീണ്ടും കലക്കിക്കൊണ്ടിരിക്കുക – അതാണു് നിത്യസത്യസൂക്ഷിപ്പുകാരുടെ നിരന്തരജാഗ്രതയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം! മനുഷ്യന്റെ അറിവിന്റെ ചക്രവാളത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്ന അതിരുകളേ അവന്റെ വീക്ഷണത്തിന്റെ വിശാലതക്കും ഉണ്ടാവാൻ കഴിയൂ. അതിനർത്ഥം, അറിവിന്റെ വിപുലീകരണത്തിലൂടെയല്ലാതെ വീക്ഷണചക്രവാളത്തിന്റെ വിപുലീകരണം എന്ന ലക്ഷ്യം നേടുക മനുഷ്യനു് സാദ്ധ്യമാവുന്ന കാര്യമല്ല. ഒറ്റക്കിത്താബിൽ അടങ്ങിയിരിക്കുന്ന സർവ്വജ്ഞാനം ഒറ്റക്കക്ഷത്തിൽ ഒതുങ്ങുന്ന ജ്ഞാനമേ ആവൂ.

വാക്കുകളുടെ യഥേഷ്ടമായ സമ്മിശ്രണം വഴി യാതൊരു പ്ലോസിബിലിറ്റിയും അവകാശപ്പെടാനില്ലാത്ത വാചകങ്ങൾ നിർമ്മിക്കാൻ ആർക്കും കഴിയും. ആദ്ധ്യാത്മികലോകത്തിൽ ഇത്തരം വാചകങ്ങൾ എത്ര വേണമെങ്കിലും ഉണ്ടു്. പാമ്പു് സൂര്യനെ വിഴുങ്ങുന്നതും, മരിച്ചവർ ഉയിർക്കുന്നതും, മനുഷ്യൻ ഒറ്റരാത്രികൊണ്ടു് സ്വർഗ്ഗത്തിൽ പോയി മടങ്ങുന്നതും ഇന്നത്തെ മനുഷ്യബുദ്ധിയിൽ പ്ലോസിബിൾ ആയ കാര്യങ്ങളാണോ? അല്ലെന്നു് മറ്റാരും അറിഞ്ഞില്ലെങ്കിലും വിദ്യാസമ്പന്നരും ശാസ്ത്രജ്ഞരുമൊക്കെയെങ്കിലും അറിയണമെന്നാണു് എന്റെ അഭിപ്രായം. എന്നിട്ടും എന്തുകൊണ്ടു് ഇവയെല്ലാം ചിന്താശേഷി ഉള്ളവർ എന്നു് കരുതേണ്ടവരടക്കം ചിലരെങ്കിലും ഇന്നും വിശ്വസിക്കുന്നു? ഉത്തരം ലളിതമാണു്: ഭാവനാസൃഷ്ടികൾ എന്നു് നിസ്സംശയം പറയാവുന്ന ആദ്ധ്യാത്മികതയിലെ സാങ്കൽപികകഥകൾ മനുഷ്യൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനു് കാരണം “ദൈവം” എന്ന മറ്റൊരു സങ്കൽപവും മനുഷ്യനിൽ ജന്മസിദ്ധമായ ഭയവുമാണു്. ആദ്ധ്യാത്മികതയുടെ വക്താക്കളായ മതങ്ങൾ മനുഷ്യരിലെ ഈ സഹജവാസനയെ ഊതിവീർപ്പിച്ചു് അവരെ “ഭയരോഗികൾ” ആക്കിമാറ്റുന്നു. നിരന്തരവും അവിശ്രാന്തവുമായ ദീർഘകാല പരിശ്രമത്തിന്റെ ഫലമായി മതങ്ങൾ മനുഷ്യരിലെ നൈസർഗ്ഗികമായ ഭയത്തെ ഒരു മാനസികരോഗമാക്കി മാറ്റുക മാത്രമല്ല, പാപം, ശിക്ഷാവിധി മുതലായ മസ്തിഷ്കഭൂതങ്ങളെ കാണിച്ചു് ഈ ഭ്രാന്തിനെ ജീവിതത്തിനു് അപ്പുറത്തേക്കുകൂടി (മരണാനന്തര “ജീവിതം” എന്നതു് മറ്റൊരു ഭാവനാസൃഷ്ടി!) കൃത്രിമമായി വലിച്ചുനീട്ടുന്നു. ആരോഗ്യകരമായ ഒരംശം ഭയം മനുഷ്യരിലും മറ്റെല്ലാ ജീവികളിലും ഒരു നൈസർഗ്ഗികതയാണു്. നിലനിൽപിനു് അതാവശ്യവുമാണു്. ശത്രുവിനെ നേരിടാൻ കഴിവുണ്ടെങ്കിൽ ജയിക്കാനായി നേരിടുക, അല്ലെങ്കിൽ ഓടിയോ, ഒളിച്ചോ രക്ഷപെടുക – അതാണു് പ്രകൃതിയിലെ എല്ലാ ജീവികളും പിന്തുടരുന്ന സ്വാഭാവികനിയമം. എല്ലാ ജീവികളിലും അതിനനുയോജ്യമായ കഴിവുകളും ഗുണങ്ങളും ജന്മസിദ്ധമായി പ്രകൃതി നൽകിയിട്ടുണ്ടു്. മറ്റൊരു “ജീവനെ” ആഹരിച്ചുകൊണ്ടല്ലാതെ ഒരു “ജീവനും” നിലനിൽക്കാനാവില്ല. “ശത്രുവിനെ സ്നേഹിക്കുക” എന്ന ഉപദേശം അതുകൊണ്ടുതന്നെ ജീവികളിലെ നൈസർഗ്ഗികതക്കെതിരാണു്. അത്തരം ഒരു നിലപാടുകൊണ്ടു് ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് ശത്രുവിനു് മാത്രമായിരിക്കും. മനുഷ്യരോടു് അവരുടെ ശത്രുക്കളായ മനുഷ്യരെ സ്നേഹിക്കാൻ കൽപന നൽകുന്നതു് ഒരു ദൈവമാണെങ്കിൽ ആ ദൈവം നിലകൊള്ളുന്നതു് ശത്രുക്കളുടെ പക്ഷത്താണു്. അതുവഴി മനുഷ്യരുടെ ശത്രുക്കളുടെ മുന്നിലുള്ള തന്റെ നിസഹായതയാണു് ദൈവം വെളിപ്പെടുത്തുന്നതു്. ഈ ഭൂമിയിൽ മനുഷ്യർ ഒഴികെ മറ്റെല്ലാ ജീവികളും ഇതുപോലൊരു കൽപന അതു് നൽകുന്നവന്റെ മുഖത്തേക്കു് വലിച്ചെറിഞ്ഞുകൊണ്ടാവും പ്രതികരിക്കുക.

ഇടിയും മിന്നലും, സൂര്യ-ചന്ദ്രഗ്രഹണങ്ങളും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, മഴയും മഴവില്ലും മുതൽ പ്രകൃതിയിലെ സാധാരണവും അസാധാരണവുമായ എല്ലാ പ്രതിഭാസങ്ങൾക്കും പുരാതനമനുഷ്യർക്കു് ഒരൊറ്റ മറുപടി ധാരാളം മതിയായിരുന്നു – ദൈവശക്തി! ദുഷിപ്പുകളുടെയും തിന്മകളുടെയും ഉത്തരവാദിത്തം ചാർത്തിക്കൊടുക്കാൻ പിശാചു് എന്നൊരു സങ്കൽപം കൂടി രംഗപ്രവേശം ചെയ്തതോടെ ദൈവത്തിന്റെ പ്രതിനിധികൾ ദൈവത്തേക്കാൾ സർവ്വശക്തരായി. ഗ്രീസിൽ മുളയെടുത്തു് വികസിക്കാൻ ആരംഭിച്ച യുക്തിബോധത്തിൽ അധിഷ്ഠിതമായ മനുഷ്യബുദ്ധിയെ വെള്ളം വീഞ്ഞാക്കുന്ന യഹൂദകാപട്യം കഴുത്തു് ഞെരിച്ചു് കൊല്ലുകയായിരുന്നു. പിന്നെയങ്ങോട്ടു് അത്ഭുതഗർഭവും പടിക്കലെത്തിനിൽക്കുന്ന ദൈവരാജ്യവുമൊക്കെ നൂറ്റാണ്ടുകളിലൂടെ അരങ്ങുതകർക്കുകയായിരുന്നു. ഒരു ദൈവത്തിനും തോൽപിക്കാനാവാത്ത മനുഷ്യബുദ്ധി എന്നിട്ടും ഉയിർത്തെഴുന്നേറ്റു. പൗരോഹിത്യം കല്ലറയിൽ അടച്ച മനുഷ്യബുദ്ധി കല്ലറ പിളർന്നു് പുറത്തുവന്നതു് രാത്രിയുടെ അന്ധകാരത്തിലും വിജനതയിലുമല്ല, പരസ്യമായിട്ടായിരുന്നു, ആർക്കും എപ്പോഴും പരിശോധിക്കാവുന്ന വിധത്തിൽ. അതുമുതൽ ഞായറാഴ്ചകൾ തോറും “മനുഷ്യപുത്രന്റെ” രക്തം കുടിക്കുകയും അവന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതിനാൽ “നരഭോജികൾ” എന്നു് നീറ്റ്‌സ്‌ഷെ വിശേഷിപ്പിച്ച ദൈവരഹസ്യത്തിന്റെ സൂക്ഷിപ്പുകാർ തിരുശേഷിപ്പുകൾ ചുമന്നുകൊണ്ടു് ചുവടുചുവടായി പുറകോട്ടു് മാറേണ്ടിവന്നു. ഓരോ ചുവടു് പിന്നോട്ടു് വയ്ക്കുമ്പോഴും അന്വേഷണദാഹിയായ മനുഷ്യമനസ്സിനെ പല്ലിളിച്ചു് കാണിക്കാതിരിക്കാൻ ധാർഷ്ട്യവും അഹംഭാവവും അവരെ അനുവദിക്കുന്നുമില്ല. അവർ സർവ്വശക്തനായ ദൈവത്തിന്റെ സ്വന്തക്കാരാണല്ലോ. അറിയാത്ത മുഴുവൻ കാര്യങ്ങളുടെയും ചുമതലക്കാരനും സർവ്വജ്ഞാനിയുമായി പൗരോഹിത്യം വാഴിച്ചിരുന്ന ദൈവത്തിന്റെ പുരയിടവിസ്തീർണ്ണം ശാസ്ത്രലോകം കൈവരിച്ച ഓരോ നേട്ടങ്ങൾക്കുമൊപ്പം കുറഞ്ഞുകുറഞ്ഞു് ദൈവത്തിനു് തലചായ്ക്കാൻ ഇടയില്ലാത്ത അവസ്ഥയിലെത്തി. തങ്ങളുടെ ദൈവത്തിനു് തലചായ്ക്കാൻ ഇടം തേടി അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും മൊത്തവിൽപനക്കാരായ പൗരോഹിത്യം അവരുടെ വിശുദ്ധരഹസ്യങ്ങൾ എന്ന നുണ മുഖവിലക്കെടുക്കാൻ മാത്രം വിഡ്ഢികളായവരെത്തേടി നാലുപാടും അലഞ്ഞു. മൂന്നാം ലോകങ്ങളിൽ അവർ അവരുടെ കസ്റ്റമേഴ്സിനെ കണ്ടെത്തി. ദൈവത്തിനു് കിടപ്പിടം ഇല്ലാത്ത അവസ്ഥയിലെത്തിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാർ അവിടങ്ങളിൽ രക്ഷാസങ്കേതങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണിപ്പോൾ!

ഇപ്പോൾ നമ്മൾ വന്നുപെട്ടതു് ഒരു അതിർത്തിമേഖലയിലാണു്. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതലേ വാക്കും വാളും ഉപയോഗിച്ചു് ആത്മീയതയും ഭൗതികതയും തമ്മിൽ കഠോരമായ പോരാട്ടം നടക്കുന്ന ആശയഭിന്നതകളുടെ അതിർത്തിപ്രദേശം. രക്തരൂഷിതമായിരുന്നു ആ പോരാട്ടങ്ങൾ അധികവും. ആദ്യകാലങ്ങളിൽ, അനേകനാളുകളിൽ ആദ്ധ്യാത്മികതക്കായിരുന്നു വിജയം. അറിവിന്റെ പൂർണ്ണത എന്നു് പഠിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ പക്ഷം ചേർന്നു് പൊരുതിയവർക്കു് എന്തിനും ഏതിനും മറുപടിയുണ്ടായിരുന്നു – ചിന്താശേഷി ആവശ്യമില്ലാതെ ആർക്കും എളുപ്പം എത്തിച്ചേരാവുന്ന ഒരു മറുപടി – ദൈവം എന്ന മറുപടി! ചിന്തിക്കുക എന്ന ജോലി മറ്റുള്ളവർക്കു് വിട്ടുകൊടുക്കുന്നതിനേക്കാൾ സന്തോഷത്തോടെ മനുഷ്യർ ചെയ്യുന്ന മറ്റൊരു കാര്യവുമില്ലാത്തതുകൊണ്ടു് അന്നത്തെപ്പോലെതന്നെ ഇന്നും അനുയായികൾക്കു് പഞ്ഞമൊന്നുമില്ല. ഫ്രഞ്ചു് തത്വചിന്തകൻ റൂസോ കൃത്യമായി മനസ്സിലാക്കിയതുപോലെ, മനുഷ്യരുടെ “ഉത്തമബോദ്ധ്യങ്ങളുടെ” ഉത്ഭവം തേടിയാൽ നമ്മൾ എത്തിച്ചേരുന്നതു് ഏതെങ്കിലും വിശുദ്ധപിതാവിലോ “എനിക്കു് ദൈവം വെളിപ്പെട്ടു” എന്നു് അവകാശപ്പെടുന്ന ഏതെങ്കിലും മനുഷ്യനിലോ ആയിരിക്കും. ചോദ്യം ചെയ്യപ്പെടാതെ സ്വതഃസ്പഷ്ടമെന്നോണം മനുഷ്യർ ഏറ്റെടുത്തു് വിശ്വസിച്ചു് ഉത്തമബോദ്ധ്യങ്ങളാവുന്ന എല്ലാ “ആത്യന്തികസത്യങ്ങളും” ഏതെങ്കിലും ഒരു മനുഷ്യവായിൽനിന്നു്, ഒരു മനുഷ്യന്റെ തൂലികയിൽനിന്നു് പുറപ്പെട്ടവയാണു്. പഠിപ്പിക്കുന്നവർക്കു് തെളിയിച്ചുതരാൻ കഴിവില്ലാത്തതിനാൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവയെന്നു് വിശുദ്ധീകരിക്കപ്പെടുന്ന “ഉത്തമബോദ്ധ്യങ്ങൾ”. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാതിരുന്നവ എല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, മറുപടി കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യാൻ പാടില്ലെന്ന വിശുദ്ധി കൽപിക്കപ്പെടുന്ന “ഉത്തമബോദ്ധ്യങ്ങളാണു്” മനുഷ്യബുദ്ധിയുടെ, മനുഷ്യവർഗ്ഗത്തിന്റെതന്നെ, വളർച്ചയുടെ പ്രധാനശത്രു.

 
Comments Off on നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

Posted by on Nov 29, 2009 in ലേഖനം

 

Tags: , ,