ഈ ഡാർവിൻ വർഷത്തിൽ ഡാർവിനെപ്പറ്റി എന്തെങ്കിലും എഴുതണം എന്നു് കരുതിയിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടു് അതു നീണ്ടുപോയി. അപ്പോഴാണു് പരിണാമത്തെ സംബന്ധിച്ചു് ഒരു ചർച്ച നടക്കുന്നതായി വിവരം ലഭിച്ചതു്. “ചുറ്റുപാടുകൾക്കനുസരിച്ചു് ജീവികളിൽ മാറ്റം വന്നാലും അതു് ജനിതകഘടനയിൽ മാറ്റം വരാത്തിടത്തോളം അടുത്ത തലമുറയിലേക്കു് വ്യാപരിക്കില്ല” എന്നും മറ്റും അവിടെ വായിക്കേണ്ടിവന്നപ്പോൾ അവിടത്തെ ചർച്ചകളിലേക്കു് കയറേണ്ട എന്നു് കരുതി. കാരണം, അത്തരം നിലപാടുകൾ ഇന്നത്തെ അറിവിൽ പഴയതാണു്. ഒരു മത്സ്യം മൂന്നു് പ്രാവശ്യം കരയിലേക്കു് തെറിച്ചു് വീണാൽ നാലാമത്തെ പ്രാവശ്യം അതിനു് നാലു് കാലുകൾ വേണം എന്നു് പ്രകൃതി നിശ്ചയിക്കുമെന്ന രീതിയിലുള്ള വാദങ്ങളും, ആരോ കുറേ എലികളുടെ വാലു് മുറിച്ചു് “പരീക്ഷിച്ചിട്ടും” എരണംകെട്ട എലികൾ പിന്നെയും വാലുമായി പിറവിയെടുത്തതുകൊണ്ടു് ഡാർവിനിസം അമ്പേ പരാജയം എന്നും മറ്റുമുള്ള തീർച്ചപ്പെടുത്തലുകളുമൊക്കെ ഇന്നു് ഡാർവിനിസവുമായി എന്തെങ്കിലും ബന്ധമുള്ളവർ ഉയർത്തുന്നതല്ല. വാലു് മുറിച്ച എലികൾ നഷ്ടപരിഹാരം ചോദിക്കാഞ്ഞതു് ഭാഗ്യം എന്നേ പറയാനുള്ളു.
ഡാർവിനിസം മയ്യത്തായി ഉടലോടെ നരകത്തിലെത്തി വറചട്ടിയിൽ കിടന്നു് പൊരിയുന്നതു് കാണാൻ അക്ഷമരായി കാത്തിരിക്കുന്നവർ തീർച്ചയായുമുണ്ടു്. അവരെ നിരാശരാക്കേണ്ടിവരുന്നതിൽ ഖേദവുമുണ്ടു്. കാരണം, ഡാർവിനിസം മരിച്ചിട്ടില്ല. ഡാർവിനിസം ലോകത്തിനു് കാഴ്ചവച്ച അടിസ്ഥാനപരമായ ഒരു ദൂതുണ്ടു്. അതു് ഒരുനാളും മരിക്കുകയുമില്ല. രൂപമെടുത്തതിനു് 150 വർഷങ്ങൾക്കു് ശേഷവും മൗലികമായി ഖണ്ഡിക്കപ്പെടുകയോ, ഒരു ബദൽ തത്വം വഴി പിൻതള്ളപ്പെടുകയോ ചെയ്യാതിരിക്കുക എന്നതു് ഒരു ശാസ്ത്രതത്വത്തെ സംബന്ധിച്ചു് അങ്ങേയറ്റം വിലപ്പെട്ട കാര്യമാണു്. അതു് പണിതുയർത്തപ്പെട്ടിരിക്കുന്ന അടിത്തറയുടെ അചഞ്ചലത്വത്തിന്റെ തെളിവാണതു്. ഡാർവിനിസം മരിക്കാതിരുന്നതു് ആരും അതിനു് ശ്രമിക്കാതിരുന്നതുകൊണ്ടല്ല. പരിണാമസിദ്ധാന്തത്തിനുനേരെ കാര്യമറിയാതെ വെറുതെ കുരയ്ക്കുന്ന മതവിശ്വാസികളല്ല, ശാസ്ത്രലോകം തന്നെയാണു് ആ സിദ്ധാന്തത്തെ കീറിമുറിച്ചു് പരിശോധിച്ചതും, ഇന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതും. എതിർവാദങ്ങൾ യുക്തിസഹമായി തെളിയിക്കാൻ ആർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഡാർവിനിസം പണ്ടേ ശാസ്ത്രലോകത്തിൽ നിന്നും അപ്രത്യക്ഷമായേനെ. വിശദാംശങ്ങളിലേക്കിറങ്ങിച്ചെന്നുള്ള ശാസ്ത്രീയ പഠനങ്ങൾ അതിനു് അനുയോജ്യമായ ഉപകരണങ്ങളുടെ സഹായമില്ലാതെ സാദ്ധ്യമല്ല എന്നതിന്റെ വെളിച്ചത്തിൽ ഒന്നരനൂറ്റാണ്ടു് മുൻപു് ലഭ്യമായിരുന്ന പരിമിതമായ സൗകര്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപവത്കരിക്കപ്പെട്ട ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ ചില കൂട്ടിച്ചേർക്കലുകൾ, ചില പുതുക്കലുകൾ ഇന്നത്തെ ലോകത്തിൽ ആവശ്യമായി വന്നെങ്കിൽ അതു് ഇത്തരം കാര്യങ്ങളുടെ സ്വഭാവത്തിൽ തന്നെ അന്തർലീനമായ കാര്യമാണു്. ഉദാഹരണത്തിനു്, X-Ray കണ്ടുപിടിക്കപ്പെട്ടതു് 1895-ലാണു്. എലക്ട്രോൺ മൈക്രോസ്കോപ്പിന്റെ ആദ്യമാതൃക 1931-ലാണു് നിർമ്മിക്കപ്പെട്ടതു്. ഉപകരണ നിർമ്മാതാക്കളും, താത്വികവും പ്രായോഗികവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും പരസ്പരപൂരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലൂടെ മാത്രമാണു് ശാസ്ത്രം പുരോഗമിക്കുന്നതു്. ഓരോ പുതിയ കണ്ടുപിടുത്തവും സംഭവിച്ചുകഴിയുമ്പോൾ അതെല്ലാം ഞങ്ങടെ കിത്താബിലുണ്ടു് എന്നു് അവകാശപ്പെടാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല, അതിനു് തൊലിക്കട്ടി മാത്രം മതി. പ്രതികരണം അർഹിക്കാത്ത ഇക്കൂട്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ നിരപരാധികളായ മനുഷ്യരും ഉണ്ടെന്നതിനാൽ, അവരെ യാഥാർത്ഥ്യങ്ങൾ പറഞ്ഞു് മനസ്സിലാക്കേണ്ടതുണ്ടു്. മനുഷ്യൻ അവന്റെ സ്വന്തബുദ്ധി ഉപയോഗപ്പെടുത്തി ചിന്തിക്കാനും, വസ്തുതകൾ സ്വതന്ത്രവെളിച്ചത്തിൽ വിലയിരുത്തി കപടന്മാരേയും ചൂഷകരേയും തിരിച്ചറിഞ്ഞു് അകറ്റിനിർത്താനും അതാവശ്യമാണു്. ജനങ്ങൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ അതാവശ്യമാണു്. ചൂഷകന്റെ കക്ഷത്തിലേക്കു് സന്തോഷത്തോടെ തലകൊണ്ടുപോയി വയ്ക്കുന്നവരും ലോകത്തിൽ വേണ്ടുവോളം ഉണ്ടു്. വസ്തുതകൾ മനസ്സിലാക്കാൻ അവസരം നൽകുക എന്നതാണു് കാര്യം. എന്തു് തീരുമാനമാണു് എടുക്കേണ്ടതു് എന്നു് ഓരോരുത്തരും സ്വയം അറിയണം.
ഒരു വിശ്വാസി ഡാർവിനിസത്തെ വിമർശിക്കുന്നതു് എന്തടിസ്ഥാനത്തിലാണെന്നു് അധികം ആലോചിക്കാതെ ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണു്. അതിനുള്ള അർഹത അവനുണ്ടോ ഇല്ലയോ എന്നതു് ഇത്തരം കാര്യങ്ങൾ വിശദീകരിക്കാൻ ഡാർവിനിസത്തേക്കാൾ യോഗ്യതയുള്ളതായി അവൻ ചൂണ്ടിക്കാണിക്കുന്ന “സിദ്ധാന്തം” ഏതാണു് എന്നതിന്റെ വെളിച്ചത്തിൽ വിലയിരുത്തേണ്ട കാര്യമാണു്. ഏതൊരു വിശ്വാസിയുടേയും “ബദൽസിദ്ധാന്തം” അവന്റെ വേദഗ്രന്ഥമായിരിക്കും. നൂറ്റാണ്ടുകളായി സ്വന്തം വേദഗ്രന്ഥം “വായിച്ചിട്ടും” അതിലെ എത്രയോ മണ്ടത്തരങ്ങൾ തിരിച്ചറിയാതെ, അതിന്റെ അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും, മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കു് അന്യനിലപാടുകളെ വിമർശിക്കാൻ എന്തു് യോഗ്യത? സ്വന്തവിശ്വാസങ്ങളിലെ തിരുത്തൽ വേണ്ടതായ ലളിതമായ പൊരുത്തക്കേടുകൾ പോലും കാണാൻ ശ്രമിക്കാതെ, ഡാർവിനിസത്തിലെയോ, മറ്റേതെങ്കിലും ശാസ്ത്രശാഖയിലെയോ തെറ്റുകൾ തേടാനുള്ള ശ്രമം ഒരു “ഹിഡൻ അജണ്ട”യുടെ ഭാഗം ആവാൻ മാത്രമേ കഴിയൂ. ഒരു വിശ്വാസി എപ്പോഴും “തുറന്ന ചർച്ചയെ” സ്വാഗതം ചെയ്യുന്നവനാണു് – സ്പർശിക്കാൻ പാടില്ലാത്ത അവന്റെ “റ്റബൂ”വിഷയങ്ങൾ ആദ്യമേ അവൻ ബ്രാക്കറ്റിനു് പുറത്തിറക്കിയിരിക്കും എന്നുമാത്രം! അതൊഴിവാക്കിയുള്ളതാണു് “തുറക്കൽ” എന്നതുകൊണ്ടു് അവൻ ഉദ്ദേശിക്കുന്നതു്! അതിൽ യുക്തിരഹിതമായി സാധാരണഗതിയിൽ അവൻ ഒന്നും കാണാറുമില്ല.
സ്വന്തം മുറ്റമോ അതോ അയൽവാസിയുടെ മുറ്റമോ മനുഷ്യർ ആദ്യം അടിച്ചുവാരേണ്ടതു്? അതുകൊണ്ടു് എന്റെ അഭിപ്രായത്തിൽ, “വെറും” മനുഷ്യനായ ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ വിമർശിക്കുന്നതിനു് മുൻപു്, കോടിക്കണക്കിനു് മനുഷ്യർ നൂറ്റാണ്ടുകളായി നിത്യേന ആവർത്തിക്കാൻ നിർബന്ധിതരാക്കപ്പെടുന്ന “ഒറിജിനൽ” ദൈവത്തിന്റെ വചനങ്ങളിലെ വിഡ്ഢിത്തങ്ങൾ മനസ്സിലാക്കി മനുഷ്യരോടു് മാപ്പു് പറയുകയാണു് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും തൊട്ടുതീണ്ടിയിട്ടുള്ള “മതപണ്ഡിതന്മാർ” ആദ്യം ചെയ്യേണ്ടതു്. ആ മണ്ടത്തരങ്ങളുടെ ഒരു ചെറിയ അംശം വേണമെന്നുണ്ടെങ്കിൽ എന്റെ ഈ പോസ്റ്റും അതിലെ കമന്റുകളും കാണുക. പോരെങ്കിൽ, എന്റെ ബ്ലോഗുകളിൽ ഒരു നല്ല പങ്കും പൊതുവേ അത്തരം ഉദാഹരണങ്ങളിലേക്കു് വിരൽ ചൂണ്ടുന്നവയുമാണു്.
ചന്ദ്രനിൽ വൃദ്ധിക്ഷയങ്ങൾ ഉണ്ടാവുന്നതു് ഏതോ അറബികൾക്കു് ഹജ്ജിനു് പോകേണ്ട സമയമായി എന്നറിയിക്കാനായി അല്ലാഹു ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു “ആകാശടൈംപീസ്” ആണെന്നു് ആയിരത്തഞ്ഞൂറു് വർഷം മുൻപു് ആരോ എഴുതിപ്പിടിപ്പിച്ചതു് ഇന്നും വിശ്വസിക്കുന്ന “പണ്ഡിതശിരോമണികൾ” ആയിരം കാതം അകന്നു് നിൽക്കേണ്ട ഒരു ലോകമാണു് ശാസ്ത്രത്തിന്റേതു്. ശാസ്ത്രത്തെ “ചാത്രം ചാത്രം” എന്നു് പരിഹസിക്കുന്നവർ ആദ്യം ചെയ്യേണ്ടതു് അവരുടെ ദൈനംദിന ജീവിതത്തിൽ നിന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഉപകരണങ്ങളും ഒഴിവാക്കുകയാണു്. അങ്ങനെ ചെയ്താൽ, ഒട്ടകപ്പാലും “ഈച്ചപ്പഴവും” അല്ലാതെ കൂടുതലൊന്നും ബാക്കിവരാൻ വഴിയില്ല. അറബികളെ കോടീശ്വരന്മാരാക്കാൻ അല്ലാഹു അവരുടെ മണൽക്കാട്ടിനടിയിലേക്കു് “സ്വർഗ്ഗത്തിൽനിന്നും” ഓയിൽ പമ്പു് ചെയ്തു കൊടുത്തു. പക്ഷേ, ഓയിൽ കൊണ്ടു് പെട്രോളും, ഡീസലും, പ്ലാസ്റ്റിക്കും, മറ്റു് ബൈപ്രോഡക്റ്റ്‌സുമൊക്കെ ഉണ്ടാക്കുന്നതെങ്ങനെയെന്നു് ദൈവം വെളിപ്പെടുത്തിക്കൊടുക്കാഞ്ഞതുകൊണ്ടു് അവർ അതു് നിസ്സാരവിലക്കു് സായിപ്പിനു് വിറ്റു് പെട്രോഡോളർ സമ്പാദിക്കുന്നു. സായിപ്പു് അതു് സംസ്കരിച്ചു് വ്യത്യസ്ത ഉത്പന്നങ്ങളുണ്ടാക്കി പതിന്മടങ്ങു് വിലക്കു് അറബികൾക്കടക്കം ലോകം മുഴുവൻ വിറ്റു് പണം കൊയ്യുന്നു. പോരെങ്കിൽ, ആധുനികമാതൃകയിൽ പള്ളികൾ പണിയേണ്ടതു് എങ്ങനെയെന്നും, ഒട്ടകങ്ങൾക്കു് എയർക്കണ്ടീഷൻഡ് തൊഴുത്തുകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ പറഞ്ഞുപിടിപ്പിച്ചും, അതിന്റെയൊക്കെ പ്ലാനിംഗിന്റേയും, നടത്തിപ്പിന്റേയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തും സായിപ്പു് അറബിക്കു് കൊടുത്ത പെട്രോ ഡോളർ ഒന്നിനു് പത്തെന്ന രീതിയിൽ തിരിച്ചു് പിടിക്കുന്നു. അറബികളുടെ ശാസ്ത്രബോധവും വിശ്വാസവും! വാക്കും പ്രവൃത്തിയും! ഇരട്ടത്താപ്പിന്റെ ഉസ്താദുമാർ!
ബുദ്ധിപൂർവ്വം ചിന്തിക്കാനുള്ള ശേഷി കൈവന്ന കാലം മുതൽ ആരംഭിച്ചതാണു് മനുഷ്യൻ എവിടെനിന്നു് വരുന്നു, എവിടേക്കു് പോകുന്നു മുതലായ കാര്യങ്ങളെപ്പറ്റിയുള്ള അവന്റെ ഉത്ക്കണ്ഠ. അത്തരം ചോദ്യങ്ങളുടെ മറുപടി കണ്ടെത്താൻ രണ്ടു് വഴികളുണ്ടു്. ഒന്നു് വളരെ എളുപ്പമാണു്: ഞാനും പ്രപഞ്ചവും എനിക്കു് അറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ മറ്റെല്ലാ കാര്യങ്ങളും ഒരു ദൈവത്തിന്റെ സൃഷ്ടിയാണു്. “ഞാൻ” പക്ഷേ, ഇത്തിരി വലിയ ഒരു വേന്ദ്രൻ ആയതുകൊണ്ടു് എനിക്കു് വേണ്ടിയാണു് “ഉപ്പുപ്പാ ദൈവം” ഇക്കണ്ട സകല സാമാനങ്ങളും ഉണ്ടാക്കി വച്ചിരിക്കുന്നതു്. അവസാനം ഞാൻ ഉപ്പുപ്പായുടെ അടുത്തു് തിരിച്ചു് ചെല്ലണമെന്നതാണു് അവന്റെ ആഗ്രഹം. പക്ഷേ, അതങ്ങനെ “നുൾ ടാരിഫിൽ” ലഭിക്കുന്ന കാര്യമല്ല. അതിനു് ഞാൻ ഇടക്കിടെ കയ്യും കാലുമൊക്കെ കഴുകി ചില മന്ത്രങ്ങൾ ജപിച്ചിരിക്കണം, ചില സർക്കസുകൾ കാണിച്ചിരിക്കണം, ദൈവത്തിന്റെ എല്ലാ നിർദ്ദേശങ്ങളും അക്ഷരം പ്രതി പാലിച്ചിരിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ ചത്തുകഴിയുമ്പോൾ സ്വർഗ്ഗം എന്റെ സ്വന്തം! ഇതൊക്കെ അറിയാനും അനുവർത്തിക്കാനും പള്ളിക്കൂടത്തിൽ പോവുകയോ പഠിക്കുകയോ ഒന്നും വേണ്ടതാനും. ഇനി, അതിനു് തെളിവു് വേണമെന്നാണെങ്കിൽ ഏതെങ്കിലും ഒരു പുണ്യസ്ഥലത്തു് പോയി അവിടെ വരുന്നവരെയും അവരുടെ ചേഷ്ടകളും അൽപം മാറിനിന്നു് നിഷ്പക്ഷമായി വീക്ഷിച്ചാൽ മതി. ഭക്തിയുടെ പശ്ചാത്തലത്തിൽ നിന്നും ഓരോന്നായി വേർപെടുത്തി വീക്ഷിച്ചാൽ അപസ്മാരരോഗത്തിന്റെ ഗോഷ്ടികളോ എന്നു് സംശയം തോന്നുന്ന തരത്തിലുള്ള ആംഗ്യങ്ങളും, ചുവടുവയ്പുകളും, പിറുപിറുക്കലുക്കളും! ദൈവം വളരെ “കരുണാനിധി” ആയതിനാൽ മോക്ഷം നേടാൻ ആവശ്യമായ ഇത്തരം നടപടിക്രമങ്ങൾ ഏതെങ്കിലും വനത്തിലോ മരുഭൂമിയിലോ ഗുഹയിലോ മറ്റോ പോയി അവിടെ ഒറ്റക്കിരിക്കുന്ന ആർക്കെങ്കിലും “വെളിപ്പെടുത്തി” കൊടുക്കും. എല്ലാവരേയും “ആളാം വീതം” കണ്ടു് വിവരമറിയിക്കുക എന്നൊക്കെപ്പറഞ്ഞാൽ അതു് ദൈവത്തിനായാലും പറ്റുന്ന കാര്യമല്ലല്ലോ. പോരെങ്കിൽ, ദൈവം ഒരു ഏകാന്തപഥികനാണു്. കേരളരാഷ്ട്രീയത്തിൽ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാലാവാം അദ്ദേഹം വൻപിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു് സംസാരിക്കാറില്ല. ഒളിഞ്ഞും മറഞ്ഞുമുള്ള അധോലോകരീതിയാണു് ദൈവത്തിനു് കൂടുതൽ പഥ്യം.
അസ്തിത്വസംബന്ധമായ പ്രശ്നങ്ങളുടെ മറുപടി തേടുന്നവർ സ്വീകരിക്കുന്ന മറ്റൊരു വഴിയുണ്ടു്. അതു് ഇത്തിരി കഠിനവും അദ്ധ്വാനഭാരം ഏറിയതുമാണു്. ഗുഹയിൽ ഒളിച്ചിരിക്കാതെ ലോകത്തിലേക്കു് ഇറങ്ങിച്ചെന്നു് പ്രപഞ്ചപ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും, ആവർത്തിച്ചു് പരീക്ഷണവിധേയമാക്കുകയും, അതുവഴി യുക്തിസഹമായ ഒരു നിഗമനത്തിൽ എത്തിച്ചേരുകയുമാണു് ആ മാർഗ്ഗം. അതാണു് പൊതുവേ ശാസ്ത്രജ്ഞർ സ്വീകരിക്കുന്ന രീതി. ആ ലോകത്തിൽ ദൈവത്തേപ്പോലെ ഒളിക്കലും മറയ്ക്കലുമില്ല. പറയുന്ന വസ്തുതകൾ നേരോ നുണയോ എന്നു് ആർക്കും സ്വയം പരീക്ഷിച്ചു് ബോദ്ധ്യപ്പെടുന്നതിനു് അവിടെ തടസ്സമൊന്നുമില്ല. ആരെങ്കിലും പറഞ്ഞതായി പറയുന്ന കാര്യങ്ങൾ കണ്ണുമടച്ചു് ഏറ്റെടുക്കാനുള്ള മടി, അഥവാ, ഒരു പങ്കു് ആരോഗ്യപൂർവ്വമുള്ള സന്ദേഹം, അതു് ബുദ്ധിയുടെ ലക്ഷണമാണു്. പരിണാമസിദ്ധാന്തത്തിൽ എത്തിച്ചേരാൻ ചാൾസ് ഡാർവിൻ സ്വീകരിച്ച രീതിയും മറ്റൊന്നായിരുന്നില്ല.
വിക്ടോറിയൻ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന ആകമാന ലോകചിത്രം ബൈബിളിൽ അധിഷ്ഠിതമായിരുന്നു. ആറു് ദിവസം കൊണ്ടു് ദൈവം സകലപ്രപഞ്ചത്തേയും ജീവജാലങ്ങളേയും അവയുടെയെല്ലാം മകുടമായി മനുഷ്യനേയും സൃഷ്ടിച്ചു എന്നും ഏഴാം ദിവസം വിശ്രമിച്ചു എന്നും വർണ്ണിക്കുന്ന ലോകചിത്രം. ഈ ലോകചിത്രത്തിനു് ഏറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഡാർവിനിസം. പിന്നീടൊരിക്കലും ലോകം പഴയതുപോലെ ആയില്ല. എന്നെങ്കിലും ആവുമെന്നും തോന്നുന്നില്ല.
നമ്മുടെ കാഴ്ചപ്പാടിൽ ലോകം വർണ്ണശബളമാണു്. ജൈവലോകം വൈവിധ്യമാർന്നതാണു്. ഡാർവിന്റെ ഇവൊല്യൂഷൻ പ്രകാരം നാചുറൽ സെലക്ഷൻ വഴി ചുറ്റുപാടുകളുമായി ഏറ്റവും കൂടുതൽ പൊരുത്തപ്പെട്ടു് പോകാൻ കഴിയുന്ന ജൈവഇനങ്ങൾക്കു് തുടർന്നു് നിലനിൽക്കാൻ കഴിയുന്നു; അല്ലാത്തവ കാലക്രമേണ നശിക്കുന്നു. ഇതു് ജന്തുലോകത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമായിരുന്നെങ്കിൽ അതു് ഒരുപറ്റം വിദഗ്ദ്ധരുടെ പ്രശ്നമായി ഒരുപക്ഷേ ഒതുങ്ങിയേനെ. പക്ഷേ, ഈ സ്കീമിൽ സ്വാഭാവികമായും മനുഷ്യനും പെടും എന്നു് വന്നതോടെ സഭ ഡാർവിനെതിരെ പടവാളെടുത്തു. പല മതവിശ്വാസികളുടെയും ദൃഷ്ടിയിൽ ഡാർവിൻ ചെകുത്താന്റെ സന്തതിയാണു്. പക്ഷേ, മനുഷ്യജീവിതത്തിന്റെ ഭാവിയെ മൗലികമായി മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു് പ്രചോദനവും വഴികാട്ടിയുമായി ചാൾസ് ഡാർവിൻ ഇന്നും നിലകൊള്ളുന്നു. epigenetics, cloning, stem cell research, artificial intelligence, robotics മുതലായ ശാസ്ത്രമേഖലകളിലെല്ലം കൂടിയോ കുറഞ്ഞോ ഡാർവിന്റെ വിരലടയാളങ്ങൾ ഉണ്ടു്. അവയെപ്പറ്റിയെല്ലാമുള്ള പഠനങ്ങൾ ഇപ്പോഴും ആരംഭദശയിലുമാണു്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സംശയരഹിതമായി തെളിയിക്കപ്പെടുന്ന സത്യങ്ങൾ അനുസ്യൂതം മുന്നോട്ടു് പോയിക്കൊണ്ടിരിക്കും. “നിത്യസത്യത്തിന്റെ” പ്രതിനിധികൾ ആ യാത്രയുടെ നേട്ടങ്ങൾ അനുഭവിച്ചുകൊണ്ടുതന്നെ പിന്നിൽനിന്നും കുരച്ചുകൊണ്ടിരിക്കും. അതും ഒരുതരം ഡാർവിയൻ മോഡൽ “survival of the fittest” ആവാം!