RSS

Monthly Archives: Jun 2009

പുരോഹിതന്റെ ശാസ്ത്രഭയം

(ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയുടെ The Antichrist- ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)

ബൈബിളിന്റെ തുടക്കത്തിൽ എഴുതപ്പെട്ടിരിക്കുന്ന വിഖ്യാതമായ കഥ വേണ്ടവിധത്തിൽ മനസ്സിലാക്കപ്പെട്ടോ? ശാസ്ത്രത്തിനു് നേരെയുള്ള ദൈവത്തിന്റെ നരകഭീതിയെപ്പറ്റിയുള്ള കഥ? ഇല്ല, അതു് ശരിയായി മനസ്സിലാക്കപ്പെട്ടില്ല. ആ പുരോഹിതപുസ്തകത്തിനു് അനുയോജ്യമെന്നോണം അതു് ആരംഭിക്കുന്നതുതന്നെ പുരോഹിതന്റെ ഏറ്റവും വലിയ ആന്തരവൈഷമ്യവുമായിട്ടാണു്: പുരോഹിതനു് ഒരു പ്രധാനവൈഷമ്യമേ ഉള്ളു, തൻനിമിത്തം “അവന്റെ ദൈവത്തിനും” ഒരു പ്രധാനവൈഷമ്യമേ ഉള്ളു.

പൂർണ്ണ “ആത്മാവും”, പൂർണ്ണ മഹാപുരോഹിതനും, സർവ്വസമ്പൂർണ്ണതയുമായ വൃദ്ധദൈവം അവന്റെ തോട്ടത്തിൽ ഉലാത്തുന്നു; പക്ഷേ, അവൻ വിരസനാണു്. വിരസതയ്ക്കെതിരായി ദൈവങ്ങൾ പോലും നിഷ്ഫലയത്നമാണു് നടത്തുന്നതു്. അവൻ എന്താണു് ചെയ്യുന്നതു്? അവൻ മനുഷ്യനെ കണ്ടുപിടിക്കുന്നു – മനുഷ്യൻ വിനോദിപ്പിക്കുന്നവനാണു്. പക്ഷേ, നോക്കൂ! മനുഷ്യനും വിരസനായിത്തീരുന്നു. എല്ലാ പറുദീസകളേയും വ്യതിരിക്തമാക്കുന്ന ദൈവത്തിന്റെ കേവലതീവ്രദുഃഖസഹാനുഭൂതിക്കു് അതിരുകളില്ല: അതിനാൽ അവൻ ഒപ്പം മറ്റു് മൃഗങ്ങളേയും സൃഷ്ടിക്കുന്നു. ദൈവത്തിന്റെ ആദ്യത്തെ തെറ്റു്: മനുഷ്യൻ മൃഗങ്ങളെ വിനോദിപ്പിക്കുന്നവയായി കണ്ടില്ല – പകരം അവൻ അവയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണു് ചെയ്തതു്, “മൃഗം” ആവാൻ പോലും അവൻ ആഗ്രഹിച്ചില്ല. – തത്ഫലമായി ദൈവം സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ തീർച്ചയായിട്ടും വിരസതക്കു് ഒരു് അറുതിവന്നു – അതോടൊപ്പം മറ്റു് പല കാര്യങ്ങൾക്കും! ദൈവത്തിന്റെ രണ്ടാമത്തെ തെറ്റായിരുന്നു സ്ത്രീ. “സ്ത്രീ സ്വഭാവം കൊണ്ടു് പാമ്പാണു്, Heva” – ഏതു് പുരോഹിതനും അതറിയാം; “ലോകത്തിലെ മുഴുവൻ അത്യാപത്തുകളും വരുന്നതു് സ്ത്രീയിൽ നിന്നുമാണു്” – അതും ഏതു് പുരോഹിതനും അറിയാം. “തത്ഫലമായി ശാസ്ത്രം വരുന്നതും അവളിൽ നിന്നുതന്നെ.” ജ്ഞാനവൃക്ഷത്തിന്റെ ഫലത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞതും സ്ത്രീയിൽക്കൂടിയാണു്.

എന്താ സംഭവിച്ചതു്? വൃദ്ധനായ ദൈവത്തെ നരകഭീതി പിടികൂടി. മനുഷ്യൻ തന്നെ ദൈവത്തിന്റെ ഏറ്റവുംവലിയ തെറ്റായി മാറി; ദൈവം അവനുതന്നെ ഒരു എതിരാളിയെ സൃഷ്ടിക്കുകയായിരുന്നു; ശാസ്ത്രം മനുഷ്യനെ ദൈവതുല്യൻ ആക്കുന്നു, – മനുഷ്യൻ ശാസ്ത്രീയനായാൽ അതു് ദൈവങ്ങളുടെയും പുരോഹിതന്മാരുടെയും അന്ത്യമാണു്! – ഗുണപാഠം: ശാസ്ത്രം അതിൽത്തന്നെ വിലക്കപ്പെട്ടതാണു് – അതു് മാത്രമാണു് വിലക്കപ്പെട്ടതു്. ശാസ്ത്രമാണു് ഒന്നാമത്തെ പാപം, എല്ലാ പാപങ്ങളുടെയും ബീജം, ആദ്യപാപം. – “നീ അറിയരുതു്” – ഇതു് മാത്രമാണു് സദാചാരം. ബാക്കിയെല്ലാം അതിൽ നിന്നും വരുന്നു.

ദൈവത്തിന്റെ നരകഭീതി അവന്റെ കൗശലത്തിനു് ഒരു തടസ്സമായിരുന്നില്ല. എങ്ങനെ ശാസ്ത്രത്തിനെ ചെറുക്കാൻ കഴിയും? അതായിരുന്നു ദീർഘനാളത്തേക്കു് അവന്റെ പ്രധാന പ്രശ്നം. മറുപടി: മനുഷ്യനെ പറുദീസയിൽ നിന്നും പുറത്തു് ചാടിക്കുക! ആനന്ദവും അലസതയും മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കും – എല്ലാ ചിന്തകളും ചീത്ത ചിന്തകളാണു്. അതിനാൽ മനുഷ്യൻ ചിന്തിക്കരുതു്. അങ്ങനെ “തനിപ്പുരോഹിതൻ” ദുരിതവും, മരണവും, ഗർഭധാരണത്തിലെ മരണകരമായ അപകടസാദ്ധ്യതകളും, എല്ലാവിധ കഷ്ടതയും, വാർദ്ധക്യവും, ക്ലേശവും, എല്ലാറ്റിലുമുപരി രോഗവും – എല്ലാം ശാസ്ത്രത്തോടു് പൊരുതാനുള്ള ഉപാധികൾ – കണ്ടെത്തുന്നു! ദുരിതം മനുഷ്യനെ ചിന്തിക്കാൻ അനുവദിക്കുന്നില്ല. എന്നിട്ടും! ഭയാനകം! സ്വർഗ്ഗത്തെ പിടിച്ചടക്കാനെന്നപോലെ, ദൈവങ്ങളെ ഇരുട്ടുകൊണ്ടു് മൂടാനെന്നപോലെ വിജ്ഞാനത്തിന്റെ സൗധം ഉയരുന്നു – എന്തു് ചെയ്യും? – വൃദ്ധനായ ദൈവം യുദ്ധം കണ്ടുപിടിക്കുന്നു, അവൻ മനുഷ്യരെ തമ്മിൽ വേർപ്പെടുത്തുന്നു, അവൻ അവരെ പരസ്പരം ഉന്മൂലനം ചെയ്യുന്നവരാക്കി മാറ്റുന്നു. (- പുരോഹിതന്മാർക്കു് യുദ്ധം എന്നും ആവശ്യമായിരുന്നു.) യുദ്ധം – മറ്റു് പലതിന്റെയും കൂട്ടത്തിൽ ശാസ്ത്രത്തെ ശല്യം ചെയ്യുന്ന ഒന്നാണു്! – അവിശ്വസനീയം! ജ്ഞാനം, അഥവാ, പുരോഹിതന്മാരിൽ നിന്നുള്ള വിമോചനം, യുദ്ധം ഉണ്ടായിട്ടുപോലും വീണ്ടും വളരുന്നു. – വൃദ്ധനായ ദൈവം അന്തിമമായ ഒരു തീരുമാനമെടുക്കുന്നു: “മനുഷ്യൻ ശാസ്ത്രീയനായിക്കഴിഞ്ഞു – മറ്റു് മാർഗ്ഗമൊന്നുമില്ല, അവൻ മുക്കിക്കൊല്ലപ്പെടണം!”

– നിങ്ങൾ എന്നെ മനസ്സിലാക്കി. ബൈബിളിന്റെ തുടക്കം ഉൾക്കൊള്ളുന്നതു് പുരോഹിതന്റെ മുഴുവൻ മനഃശാസ്ത്രവുമാണു്. – തനിക്കു് സംഭവിക്കാവുന്ന വലിയതായ ഒരേയൊരു അപകടം മാത്രമേ പുരോഹിതനു് അറിയാവൂ: അതു് ശാസ്ത്രമാണു്, – കാരണത്തേയും ഫലത്തേയും കുറിച്ചുള്ള നിരാമയധാരണ. പക്ഷേ, സന്തുഷ്ടമായ സാഹചര്യങ്ങളിലേ ശാസ്ത്രം മൊത്തത്തിൽ വളർന്നു് വികസിക്കുകയുള്ളു – അറിവു്’ സാദ്ധ്യമാവണമെങ്കിൽ സമയവും ചിന്താശേഷിയും ജാസ്തിയായി ഉണ്ടായാലേ കഴിയൂ എന്നു് സാരം. “തന്മൂലം മനുഷ്യൻ അസന്തുഷ്ടനാക്കപ്പെടണം” – ഏതു് കാലത്തും ഇതായിരുന്നു പുരോഹിതന്റെ ലോജിക്ക്‌. ഈ ലോജിക്ക്‌ പ്രകാരം എന്താണു് ലോകത്തിലേക്കു് ആദ്യമായി അവതരിപ്പിക്കപ്പെട്ടതു് എന്നു് നിങ്ങൾ ഊഹിച്ചുകാണും: “പാപം”. കുറ്റവും ശിക്ഷയും എന്ന ആശയവും, മുഴുവൻ “ലോകസദാചാരവ്യവസ്ഥയും” ശാസ്ത്രത്തിനു് എതിരായി കണ്ടുപിടിക്കപ്പെട്ടവയാണു്, – അഥവാ, പുരോഹിതനിൽ നിന്നുമുള്ള മനുഷ്യന്റെ വിമോചനത്തിനു് എതിരായി. മനുഷ്യൻ പുറത്തേക്കു് നോക്കരുതു്, അവൻ അവന്റെ ഉള്ളിലേക്കു് മാത്രമേ നോക്കാവൂ; ഒരു വിദ്യാർത്ഥിയെപ്പോലെ അവൻ ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവും വസ്തുക്കളിലേക്കു് നോക്കരുതു്, അവൻ നോക്കുകയേ ചെയ്യരുതു്, അവൻ നരകിക്കുക മാത്രം ചെയ്യണം. ഏതു് സമയവും ഒരു പുരോഹിതനെ ആവശ്യമായി വരുന്നവിധത്തിൽ ആയിരിക്കണം അവൻ നരകിക്കുന്നതു്. വൈദ്യന്മാരെ എന്നേക്കുമായി ഒഴിവാക്കുക! ഒരു രക്ഷകൻ ആവശ്യമാണു്. – കുറ്റവും ശിക്ഷയും എന്ന ആശയം – “ദൈവകൃപ”, “വീണ്ടെടുപ്പു്”, “മാപ്പു്” മുതലായ സിദ്ധാന്തങ്ങൾ ഉൾപ്പെടെ – മനഃശാസ്ത്രപരമായ യാതൊരു യാഥാർത്ഥ്യവും ഇല്ലാത്ത കല്ലുവെച്ച നുണകൾ മാത്രമാണു് – അവ കണ്ടുപിടിക്കപ്പെട്ടതു് മനുഷ്യന്റെ കാര്യകാരണബോധം നശിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു: കാരണ-ഫലങ്ങൾക്കുനേരെയുള്ള വധശ്രമമായിരുന്നു അവ. മുഷ്ടികൊണ്ടോ, കത്തികൊണ്ടോ, വെറുപ്പിലും സ്നേഹത്തിലും ഉള്ള സത്യസന്ധത കൊണ്ടോ ഉള്ള വധശ്രമമായിരുന്നില്ല! പകരം, അങ്ങേയറ്റം ഭീരുത്വപരമായ, അങ്ങേയറ്റം വഞ്ചനാപരമായ, ഏറ്റവും നീചമായ സഹജവാസനയിൽ നിന്നും രൂപമെടുത്ത ഒന്നു്! ഒരു പുരോഹിത-അക്രമം! ഒരു പരോപജീവി-അക്രമം! രക്തം കുടിക്കുന്ന ഒരു വിളറിയ അധോലോകവേതാള-അക്രമം!

ഒരു കർമ്മത്തിന്റെ സ്വാഭാവികമായ പരിണതഫലം “സ്വാഭാവികം” അല്ലാതിരിക്കുകയും, പകരം അവ സംഭവിക്കുന്നതിന്റെ കാരണം അന്ധവിശ്വാസത്തിലെ ആശയഭൂതങ്ങൾ വഴി, ദൈവം വഴി, പ്രേതങ്ങൾ വഴി, ആത്മാവുകൾ വഴി അവ ധാർമ്മികമായ പരിണതഫലങ്ങളോ, പ്രതിഫലമോ, ശിക്ഷയോ, മാർഗ്ഗനിർദ്ദേശമോ, വിദ്യാഭ്യാസോപാധിയോ ആയാലെന്നപോലെ കരുതി ചിന്തിക്കപ്പെടുമ്പോൾ അറിവിന്റെ മുൻനിബന്ധനകൾ നശിപ്പിക്കപ്പെടുകയാണു് ചെയ്യുന്നതു് – അങ്ങനെ മനുഷ്യരാശിയോടു് ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യപ്പെട്ടു. – ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു, പാപം, മനുഷ്യന്റെ നിരുപാധികമായ സ്വയംപങ്കിലമാക്കലിന്റെ ഈ രൂപം, ശാസ്ത്രത്തേയും, സംസ്കാരത്തേയും, മനുഷ്യന്റെ എല്ലാ ശ്രേഷ്ഠതയേയും, മാഹാത്മ്യത്തേയും അസാദ്ധ്യമാക്കിത്തീർക്കുന്നതിനു് വേണ്ടിയാണു് കണ്ടുപിടിക്കപ്പെട്ടതു്; പാപത്തിന്റെ കണ്ടുപിടുത്തം വഴിയാണു് പുരോഹിതൻ മനുഷ്യരുടെമേൽ ഭരണാധികാരം ഏറ്റെടുത്തതു്.

 
2 Comments

Posted by on Jun 24, 2009 in ഫിലോസഫി, മതം

 

Tags: , ,

ദൈവവചനം = മനുഷ്യവചനം

ഒരു ശരാശരി ക്രിസ്ത്യാനിക്കു് പഴയനിയമവും പുതിയനിയമവും അടങ്ങുന്ന ഒരു ബൈബിളേ പരിചയമുണ്ടാവൂ. ചെറുപ്പം മുതൽ പള്ളിയിലും വേദോപദേശക്ലാസുകളിലും കേട്ടും ഹൃദിസ്ഥമാക്കിയും ശീലിച്ചതുമൂലം ഒരു വിമർശനാത്മകവായന അനാവശ്യവും ഒരുപക്ഷേ അസാദ്ധ്യവുമായി മാറിയ ബൈബിൾ. അൽപം ശ്രദ്ധയും, മറ്റൊരു കാഴ്ചപ്പാടും ഉണ്ടായാൽ ബൈബിൾ നമ്മിൽ ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയായിരിക്കും. ആദ്യകാലക്രിസ്ത്യാനികളുടെ കാര്യവും ഏതാണ്ടു് അതുപോലെതന്നെയായിരുന്നു. യേശുവിനെയും, മറിയയെയും, അപ്പൊസ്തലന്മാരെയും പറ്റി കാര്യമായി ഒന്നും സുവിശേഷങ്ങളിൽ നിന്നും അറിയാനാവില്ല എന്നതിനാൽ അവരേയും അവരുടെ ജീവിതത്തെയും അവരുടെ ദൗത്യത്തെപ്പറ്റിയുമൊക്കെ കൂടുതൽ അറിയാൻ മനുഷ്യർ ആഗ്രഹിച്ചതു് സ്വാഭാവികം മാത്രം. സകല ലോകത്തിന്റെയും രക്ഷകനാവേണ്ട തന്റെ മകന്റെ മാതാവാവാൻ ദൈവം തിരഞ്ഞെടുത്ത മറിയയുടെ ജനനവും യുവത്വവും, ഗർഭധാരണത്തിനും പ്രസവത്തിനും ശേഷവും അവൾ കന്യകയായി തുടർന്നതും മറ്റുമായ കാര്യങ്ങളെപ്പറ്റി വിശദമായി അറിയാൻ ജനങ്ങൾ ആഗ്രഹിച്ചു. മശിഹായുടെ ജന്മമെടുക്കൽ ദൈവം എങ്ങനെ പ്രാവർത്തികമാക്കി, ഐഹികജീവിതത്തിനു് ശേഷം പാപികളായ സാധാരണ മനുഷ്യരുടേതുപോലുള്ള ഒരു മരണമായിരുന്നോ മറിയയും നേരിടേണ്ടിവന്നതു്? അതുപോലെ, യേശു ബാല്യത്തിലേതന്നെ മനുഷ്യർക്കു് അത്ഭുതങ്ങളും അറിവുകളും വെളിപ്പെടുത്തി തന്റെ ദൈവികഉറവിടത്തിനു് തെളിവുകൾ നൽകിയിരുന്നോ? സുവിശേഷങ്ങളിൽ പറയുന്നതല്ലാത്ത യേശുവചനങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ടോ? മരണശേഷം രക്ഷകനായ യേശുവിനു് എന്തു് സംഭവിച്ചു?എങ്ങനെയായിരുന്നു ഉയിർത്തെഴുന്നേൽപ്പു്? എവിടെയൊക്കെയാണു് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചതു്? അവരുടെ മരണം എങ്ങനെയായിരുന്നു? തിരഞ്ഞെടുക്കപ്പെട്ടവരുടെയും തള്ളിക്കളയപ്പെട്ടവരുടെയും മരണാനന്തരലോകത്തിലെ ജീവിതം എങ്ങനെയായിരിക്കും? ചോദ്യങ്ങൾക്കുപുറമേ ചോദ്യങ്ങൾ!

തീർച്ചയായും വെറും ആകാംക്ഷയുടെ ഫലമായും ആരിലും ഇത്തരം ചോദ്യങ്ങൾ ഉടലെടുക്കാം. പക്ഷേ, സാമാന്യത്തിൽ സാമാന്യരും, സമൂഹത്തിന്റെ ഏറ്റവും താഴത്തെത്തട്ടിൽ കഴിഞ്ഞിരുന്നവരുമായിരുന്ന ആദ്യകാലക്രിസ്ത്യാനികളിൽ ഉടനെതന്നെ വരാനിരിക്കുന്ന ദൈവരാജ്യവും, അതിനു് മുന്നോടിയായി സംഭവിച്ച ദൈവപുത്രന്റെ മനുഷ്യരൂപമെടുക്കലും, അതിനുവേണ്ടി പത്രോസ്‌ എന്ന പാറയിൽ പണിയപ്പെട്ട പള്ളിയായ ക്രിസ്തുമതവുമൊക്കെ ആനന്ദവും ആവേശവും ഉണർത്തിയ ചിന്തകൾക്കു് വഴിയൊരുക്കി എന്നതിൽ അത്ഭുതമൊന്നുമില്ല.

യേശുവിന്റെ വചനങ്ങൾ ഓർമ്മകളും ദൃക്‌സാക്ഷിവിവരണങ്ങളുമെന്ന രൂപത്തിൽ ആദ്യകാലശിഷ്യന്മാരാൽ വായ്മൊഴിയായി പുതിയ സഭാംഗങ്ങൾക്കു് പകർന്നുകൊടുക്കപ്പെടുകയായിരുന്നു. അതുമൂലം, ഒരുവശത്തു് അപ്പൊസ്തലന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട വചനങ്ങൾ രേഖപ്പെടുത്തുകയും അവ വായിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴും മറുവശത്തു് വായ്മൊഴിയായുള്ള പങ്കുവയ്ക്കൽ തുടർന്നുകൊണ്ടിരുന്നു. ഉറവിടം കൃത്യമായി നിശ്ചയിക്കപ്പെടാനാവാത്തവയും മുകളിൽ സൂചിപ്പിച്ചതുപോലുള്ള പല ചോദ്യങ്ങളുടെയും മറുപടികൾ ഉൾക്കൊള്ളുന്നവയുമായ ധാരാളം വായ്മൊഴികൾ താമസിയാതെ ലിഖിതരൂപത്തിൽ രംഗപ്രവേശം ചെയ്തു.

ഒരു കൃതി കാനോനിക്കലോ അല്ലയോ, അഥവാ, ഔദ്യോഗികബൈബിളിൽ അതിനു് സ്ഥാനം നൽകപ്പെടാമോ ഇല്ലയോ എന്നു് തീരുമാനിക്കപ്പെട്ടതു് അതു് യേശുവുമായി നേരിട്ടു് ബന്ധപ്പെട്ടതാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ആദ്യകാലങ്ങളിൽ പ്രധാനമായും യേശുവചനങ്ങൾ മാത്രമേ ഘോഷിക്കപ്പെട്ടിരുന്നുള്ളു. ക്രിസ്തീയസമൂഹം വളരെ വേഗം വളർന്നതിനാൽ എല്ലാ ഇടവകകളിലും സുവിശേഷം അറിയിക്കാൻ ദൃക്‌സാക്ഷികൾക്കു് തനിയെ സാധിക്കാതെ വന്നു. അതിന്റെ ഫലമായി വായ്മൊഴിക്കു് പകരമെന്നോണം ഏഴും എട്ടും ദശകങ്ങളിൽ സുവിശേഷങ്ങൾ എഴുതപ്പെടുകയും അധികം താമസിയാതെതന്നെ അവ വിശുദ്ധവചനങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്തു. ആ സുവിശേഷങ്ങൾ രചിച്ചവർക്കു് എത്രത്തോളം യേശുവചനങ്ങളുടെ ആധികാരികവക്താക്കൾ എന്ന പദവി നൽകപ്പെടാൻ കഴിയുമെന്ന കാര്യം സംശയാസ്പദമാണെങ്കിലും, അപ്പൊസ്തലന്മാരുടെ ശേഷകാലഘട്ടത്തിൽ (A.D. 70-നും 140-നും ഇടയിൽ) അവയ്ക്കു് പൊതുവേ അംഗീകാരം ലഭിച്ചു. സഭാസംബന്ധമായ കാര്യങ്ങളിലെ പ്രധാന ചോദ്യങ്ങൾക്കു് മറുപടി ആവശ്യമായി വരുമ്പോഴെല്ലാം സുവിശേഷങ്ങളെ ആശ്രയിക്കുന്നതായിരുന്നു രീതി.

140-നും 200-നും ഇടയിൽ സുവിശേഷങ്ങൾ കാനോനിക്കൽ ആയി അംഗീകരിക്കപ്പെടാൻ തുടങ്ങി. ക്രിസ്ത്യൻ തത്വചിന്തകനായിരുന്ന ജസ്റ്റിൻ (Justin Martyr A.D. 100-165) സുവിശേഷങ്ങൾക്കു് കാനോനിക്കൽ പദവി നൽകുന്നുണ്ടു് – യോഹന്നാന്റെ സുവിശേഷം അതിൽ ഉൾപെടുന്നുണ്ടോ എന്നു് വ്യക്തമല്ലെങ്കിലും. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ‘നാലുതരം’ സുവിശേഷങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ അവയെ പൊരുത്തപ്പെടുത്തി സംയോജിപ്പിച്ചു് ടാറ്റിയൻ (Tatian the Assyrian) Diatessaron എഴുതിയെങ്കിലും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഐറണിയസിന്റെ (Irenaeus) നേതൃത്വത്തിൽ അന്നത്തെ സഭാപിതാക്കൾ നാലു് സുവിശേഷങ്ങളെത്തന്നെ നിലനിർത്താൻ തീരുമാനിച്ചു. അതിന്റെ തുടർച്ചയായി അഞ്ചാം നൂറ്റാണ്ടു് ആയപ്പോഴേക്കും ടാറ്റിയൻ മതനിന്ദകനായി മുദ്രകുത്തപ്പെടുകയും, അതുവഴി രണ്ടു് നൂറ്റാണ്ടു് കാലത്തോളം സിറിയക്ക്‌ ക്രിസ്തീയതയുടെ പ്രമാണമായിരുന്ന Diatessaron നശിപ്പിക്കപ്പെടുകയും ചെയ്തു.

ഒരുപക്ഷേ, ഇസ്ലാം മതസ്ഥാപകനായ മുഹമ്മദിനു് ലഭിച്ചതു് ഈ ഗ്രന്ഥമായതുകൊണ്ടാവാം ഇൻജീൽ (Evangelium) എന്നതു് ക്രിസ്ത്യാനികളുടെ സുവിശേഷം ഉൾക്കൊള്ളുന്ന ഒരു ഒറ്റ കൃതിയാണെന്ന നിഗമനം ഖുർആനിൽ ഉണ്ടായതു്.

കാനോന്റെ രൂപമെടുക്കൽ കിഴക്കൻ സഭകളിലും പടിഞ്ഞാറൻ സഭയിലും വ്യത്യസ്തമായിട്ടാണു് സംഭവിച്ചതു്. ചില സൃഷ്ടികളെ പാശ്ചാത്യസഭ നിരാകരിച്ചപ്പോൾ, പല കിഴക്കൻ സഭകളിലും അവ നാലാം നൂറ്റാണ്ടുവരെ അമൂല്യവും കാനോനിക്കലുമായി അംഗീകരിക്കപ്പെട്ടിരുന്നു. അവയിൽ പെടുന്നവയാണു് ബാർണബാസിന്റെ ലേഖനം, പത്രോസിനുണ്ടായ വെളിപാടു് മുതലായവ. കിഴക്കരുടെ ഇടയിൽ ഈ പ്രശ്നത്തിനു് ഒരു പരിഹാരം കാണാനായി ഒറിജെൻ (Origen A.D 185-254) ക്രിസ്തീയലിഖിതങ്ങളെ കാനോനിക്കലും അല്ലാത്തവയുമായി തരം തിരിച്ചു. ഒന്നാമത്തേതു്, പൊതുവേ അംഗീകരിക്കപ്പെട്ട സുവിശേഷങ്ങൾ, രണ്ടാമത്തേതു്, കപടന്മാരാൽ രചിക്കപ്പെട്ട നുണക്കഥകൾ, മൂന്നാമത്തെ വിഭാഗം ഉറവിടത്തിന്റെ അപ്പൊസ്തലത്വവും മൗലികതയും സംശയാസ്പദമായവ. പുതിയ നിയമത്തിൽ എത്ര പുസ്തകങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന കാര്യത്തിൽ ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭയിൽ മൂന്നാം നൂറ്റാണ്ടിൽ പോലും വ്യക്തമായ ഒരു തീരുമാനം നിലനിന്നിരുന്നില്ല. അതിനു് പരിഹാരമായി അത്തനേസിയസിന്റെ (Athanasius of Alexandria) A.D. 367-ലെ “ഈസ്റ്റർ ലേഖനം” വഴി പുതിയനിയമത്തിലെ പുസ്തകങ്ങളുടെ എണ്ണം 27 ആയി ഉറപ്പിക്കപ്പെട്ടു. എന്നിട്ടും അവയിലെ “കത്തോലിക്കാലേഖനങ്ങൾ” എന്നറിയപ്പെടുന്ന ഏഴു് ലേഖനങ്ങൾക്കു് ആറാം നൂറ്റാണ്ടിനോടടുത്തു് മാത്രമേ പൊതുവായ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞുള്ളു. അതേസമയം, യോഹന്നാനുണ്ടായ വെളിപാടു് ചില സഭാ സമൂഹങ്ങളിൽ ഒൻപതാം നൂറ്റാണ്ടിൽ പോലും കാനോനിക്കൽ ആയി കണക്കാക്കപ്പെട്ടിരുന്നില്ല.

“ഈസ്റ്റർ ലേഖനത്തിൽ” പഴയ നിയമത്തിലെ പുസ്തകങ്ങളെ വിവരിച്ചശേഷം അത്തനേസിയസ്‌ തുടരുന്നു: “പുതിയനിയമത്തിലെ പുസ്തകങ്ങൾ ആശങ്കക്കിടയില്ലാതെ ഈ പറയുന്നവയാണു്: മത്തായിയും, മർക്കോസും, ലൂക്കോസും, യോഹന്നാനും എഴുതിയ നാലു് സുവിശേഷങ്ങൾ, അതിനുശേഷം അപ്പോസ്തലന്മാരുടെ പ്രവർത്തികളും ‘കത്തോലിക്കാലേഖനങ്ങൾ’ എന്നറിയപ്പെടുന്ന അപ്പൊസ്തലന്മാരുടെ ഏഴു് ലേഖനങ്ങളും – യാക്കോബിന്റെ ഒന്നും, പത്രോസിന്റെ രണ്ടും, യോഹന്നാന്റെ മൂന്നും, യൂദായുടെ ഒന്നും. അതിന്റെ കൂട്ടത്തിൽ അപ്പൊസ്തലനായ പൗലോസിന്റെ പതിനാലു് ലേഖനങ്ങളും – റോമർക്കു് ഒന്നും, കൊരിന്ത്യർക്കു് രണ്ടും, ഗലാത്യർക്കും എഫേസ്യർക്കും, ഫിലിപ്പിയർക്കും, കൊലോസ്സ്യർക്കും ഓരോന്നും, തെസ്സലോനിക്യർക്കു് രണ്ടും, എബ്രായർക്കു് ഒന്നും, തീമൊഥേയോസിനു് രണ്ടും, തീത്തോസിനു് ഒന്നും, അവസാനമായി ഫിലേമോന്നു് ഒന്നും. കൂടാതെ യോഹന്നാനു് ഉണ്ടായ വെളിപാടും.”

പാശ്ചാത്യസഭയിൽ A.D.400-ൽ തന്നെ 27 പുസ്തകങ്ങളുള്ള പുതിയനിയമം അംഗീകരിക്കപ്പെട്ടു് കഴിഞ്ഞിരുന്നു. അവിടെ ചില പുസ്തകങ്ങളെ സംബന്ധിച്ചു് അവ കാനോനിക്കലോ അല്ലയോ എന്നതിനേക്കാൾ അവ വ്യാജമോ അല്ലയോ എന്നതായിരുന്നു പ്രധാനമായും നിലനിന്നിരുന്ന സംശയം. ഉദാഹരണത്തിനു് പൗലോസ്‌ എബ്രായർക്കെഴുതിയ ലേഖനത്തിന്റെ ഉറവിടശുദ്ധി സംശയാസ്പദമാണു്. അവസാനം, കത്തോലിക്കാസഭ 1546-ലെ സിനോഡിൽ (Counsil of Trent) നാലാം നൂറ്റാണ്ടിലെ ബൈബിളിനെ – അവയിലെ ചില പുസ്തകങ്ങളുടെ ഉറവിടശുദ്ധിയെ സംബന്ധിച്ചു് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ തന്നെ – അന്തിമമായി അംഗീകരിച്ചു.

ചുരുക്കിപ്പറഞ്ഞാൽ, എല്ലാ ദൈവവചനങ്ങളും മനുഷ്യവചനങ്ങൾ മാത്രം! ദൈവവചനങ്ങൾ എഴുതിയുണ്ടാക്കിയവൻ എല്ലാക്കാലവും മനുഷ്യൻ മാത്രമായിരുന്നതിനാൽ ആ വചനങ്ങളിൽ വർണ്ണിക്കപ്പെടുന്ന ദൈവവും അവന്റെ സൃഷ്ടി മാത്രമേ ആവാൻ കഴിയൂ! അനാദ്യന്തനായ ഒരു അരൂപിയിൽ അക്ഷരാഭ്യാസം ആരോപിക്കുന്നതു് അവനെ അവഹേളിക്കുന്നതിനു് തുല്യമാണു്.

ആരംഭമോ അവസാനമോ ഇല്ലാത്ത ഒരുവൻ, യാതൊരു രൂപവും ഇല്ലാത്ത ഒരുവൻ, സകലമാന പ്രപഞ്ചവും അതിനപ്പുറം വല്ലതുമുണ്ടെങ്കിൽ അതും സൃഷ്ടിച്ച ഒരുവൻ നിലത്തെഴുത്തിനിരിക്കുന്നതു് ഒന്നാലോചിച്ചുനോക്കൂ! അവൻ എഴുതുന്നതു് മണലിലോ അതോ അരിയിലോ? എഴുതുന്നതു് പച്ചമലയാളത്തിൽ ഹരിശ്രീ ഗണപതായേ നമഃ എന്നുതന്നെയാവുമല്ലേ?

 
7 Comments

Posted by on Jun 21, 2009 in ഫിലോസഫി, മതം

 

Tags: , ,

യേശുക്കുഞ്ഞിന്റെ വിഷചികിത്സ

(യേശുവി‌ന്റെ ബാല്യകാലകഥകൾ-3)

കുപിതനായ അധ്യാപകൻ

യേശുബാലൻ പ്രായംകൊണ്ടും ബുദ്ധികൊണ്ടും കുറച്ചുകൂടി മുതിർന്നപ്പോൾ അവൻ ജീവിതകാലം മുഴുവൻ അക്ഷരം അറിയാത്തവനായി കഴിയാതിരിക്കാൻ വേണ്ടി യോസേഫ്‌ അവനെ മറ്റൊരു അധ്യാപകന്റെ അടുത്തു് കൊണ്ടുചെന്നാക്കി. ആ അധ്യാപകൻ യോസേഫിനോടു് പറഞ്ഞു: “ഞാൻ അവനെ ആദ്യം ഗ്രീക്ക്‌ അക്ഷരമാലയും, അതിനുശേഷം ഹീബ്രൂഭാഷയും പഠിപ്പിക്കാനാണു് ഉദ്ദേശിക്കുന്നതു്.” ആദ്യത്തെ അധ്യാപകനുണ്ടായ അനുഭവം കേട്ടറിഞ്ഞിരുന്നതുമൂലം യേശുവിന്റെ അറിവിന്റെ പേരിൽ അവനു് അൽപം ഭയവുമുണ്ടായിരുന്നു. എങ്കിലും അവൻ ഗ്രീക്ക്‌ ആൽഫബേറ്റ്‌ എഴുതിക്കാണിച്ചിട്ടു് ദീർഘനേരം യേശുവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നിട്ടും ഏറെ നേരം മറുപടി ഒന്നും പറയാതിരുന്ന യേശു അവസാനം ആ അധ്യാപകനോടു് പറഞ്ഞു: “നീ യഥാർത്ഥത്തിൽ ഒരു അധ്യാപകനാണെങ്കിൽ, നിനക്കു് അക്ഷരങ്ങൾ നല്ല നിശ്ചയമാണെങ്കിൽ നീ ആദ്യം A-യുടെ അർത്ഥം പറയൂ, അപ്പോൾ ഞാൻ B-യുടെ അർത്ഥം പറയാം.” അതു് കേട്ടപ്പോൾ ദ്വേഷ്യം കയറിയ അധ്യാപകൻ അവന്റെ തലയ്ക്കുതന്നെ ഒരടി കൊടുത്തു. അടികൊണ്ടു് നല്ലപോലെ വേദനിച്ച യേശു അവനെ പ്രാകി. അതു് കേൾക്കേണ്ട താമസം, അധ്യാപകൻ ബോധം കെട്ടു് തറയിൽ മുഖമടിച്ചു് വീണു. യേശു ഒന്നും സംഭവിക്കാത്തപോലെ വീട്ടിലേക്കും പോയി. ഈ കഥ കേട്ടു് ആകെ മനപ്രയാസത്തിലായ യോസേഫ്‌ മറിയയോടു് പറഞ്ഞു: “നീ അവനെ ഇനി പടിക്കു് പുറത്തിറക്കരുതു്. കാരണം, അവനെ ദ്വേഷ്യം കയറ്റുന്നവരുടെയെല്ലാം വിധി മരണമാണു്”.

സ്നേഹമുള്ള അധ്യാപകൻ

കുറച്ചു് നാളുകൾക്കു് ശേഷം യോസേഫിന്റെ അടുത്ത സുഹൃത്തായിരുന്ന മറ്റൊരധ്യാപകൻ അവനോടു് പറഞ്ഞു: “നീ നിന്റെ മകനെ എന്റെ സ്കൂളിലേക്കു് വിടൂ. ഒരുപക്ഷേ എനിക്കു് അവനെ സൗഹൃദപരമായ രീതിയിൽ അക്ഷരമാല പഠിപ്പിക്കാൻ കഴിഞ്ഞേക്കും.” യോസേഫ്‌ അവനോടു് പറഞ്ഞു: “സഹോദരാ, നിനക്കു് അതിനുള്ള ധൈര്യമുണ്ടെങ്കിൽ നീ അവനെ വിളിച്ചു് കൊണ്ടുപോയിക്കൊള്ളൂ.” ആ അധ്യാപകൻ അവനെ അൽപം ഭയത്തോടും മനപ്രയാസത്തോടും കൂടിയാണെങ്കിലും കൂടെ കൊണ്ടുപോയി. യേശുക്കുട്ടൻ അതേസമയം സന്തോഷത്തോടെതന്നെ അവന്റെ കൂട്ടത്തിൽ പോവുകയും ചെയ്തു. ലജ്ജയോ മടിയോ കാണിക്കാതെ ധാർഷ്ട്യത്തോടെതന്നെ അവൻ ക്ലാസ്‌റൂമിൽ പ്രവേശിച്ചു. അപ്പോൾ അതാ കിടക്കുന്നു മേശപ്പുറത്തു് ഒരു പുസ്തകം. യേശു അതു് കയ്യിലെടുത്തു് വായിക്കാൻ തുടങ്ങി. പക്ഷേ, വായിച്ചതു് അതിലെ അക്ഷരങ്ങളായിരുന്നില്ല, പകരം അവൻ പരിശുദ്ധാത്മാവു് നിറഞ്ഞവനായി തന്റെ വായ്‌ തുറന്നു് ചുറ്റും നിന്നവരെ പഠിപ്പിച്ചതു് മോശെയുടെ നിയമങ്ങളായിരുന്നു! വലിയോരുകൂട്ടം അപ്പോഴേക്കും അവിടേക്കൊഴുകിയെത്തി അവൻ പഠിപ്പിക്കുന്നതു് ശ്രദ്ധാപൂർവ്വം കേട്ടു. ഒരു മൈനർ ആയിരുന്ന യേശുവിന്റെ പഠിപ്പിക്കലുകളുടെ ഭംഗിയും അക്ഷരങ്ങളുടെ ഘടനയിലെ കൃത്യതയുമെല്ലാം കണ്ടും കേട്ടും അവർ അത്ഭുതപരതന്ത്രരായി. ഈ വിവരം കേട്ടറിഞ്ഞപ്പോൾ യോസേഫിനു് മൊത്തത്തിൽ ഭയമായി. യേശു അവസാനം ഈ അധ്യാപകനും വിവരമില്ലാത്തവനാണെന്നെങ്ങാനും സ്ഥാപിച്ചുകളയുമോ എന്നതായിരുന്നു അവന്റെ ഭയം. അവൻ ഉടനെ സ്കൂളിലേയ്ക്കോടി. പക്ഷേ, ആ അധ്യാപകൻ അവനോടു് പറഞ്ഞു: “സഹോദരാ, നീ അറിഞ്ഞിരിക്കാൻ വേണ്ടിയാണു് ഞാൻ ഇതു് പറയുന്നതു്: ഞാൻ നിന്റെ മകനെ ഒരു വിദ്യാർത്ഥി എന്ന നിലയിലാണു് ഏറ്റെടുത്തതു്; എന്നാൽ ഇതുപോലെ ചാരുതയും ജ്ഞാനവും നിറഞ്ഞവനായ ഒരുവനു് എന്റെ അധ്യാപനത്തിന്റെ യാതൊരു ആവശ്യവുമില്ല. അതുകൊണ്ടു് സഹോദരാ, നീ അവനെ നിന്റെ വീട്ടിലേക്കു് തിരിച്ചു് കൊണ്ടുപോകണം എന്നൊരപേക്ഷ മാത്രമേ എനിക്കുള്ളു.” ഇതുകേട്ടു് സന്തോഷഭരിതനായ യേശു അധ്യാപകനെ നോക്കി ചിരിച്ചുകൊണ്ടു് പറഞ്ഞു: “നീ നേരു് പറഞ്ഞതുകൊണ്ടും നേരിനു് സാക്ഷ്യം വഹിച്ചതുകൊണ്ടും നിന്നെപ്രതി മുൻപു് എന്റെ ശാപമേറ്റവരും സുഖം പ്രാപിക്കും. “യേശുവിന്റെ ശാപമേറ്റു് ബോധം കെട്ടു് മുഖമടച്ചുവീണ അധ്യാപകൻ ആ നിമിഷം സുഖം പ്രാപിച്ചു. യോസേഫ്‌ യേശുവുമായി വീട്ടിലേക്കു് പോയി.

അണലിവിഷം ഇറക്കുന്നതു്

ഒരിക്കൽ യോസേഫ്‌ തന്റെ മകനായ യാക്കോബിനെ വയലിലോ വനത്തിലോ പോയി വിറകു് ശേഖരിച്ചു് ഒരു കെട്ടാക്കി കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ചു. ഒരു കൂട്ടെന്ന നിലയിൽ യേശുക്കുഞ്ഞും കൂട്ടത്തിൽ പോയി. വിറകു് ശേഖരിച്ചുകൊണ്ടിരുന്നതിനിടയിൽ ഒരു അണലി യാക്കോബിന്റെ കയ്യിൽ കടിച്ചു. യാക്കോബ്‌ വേദനകൊണ്ടു് തറയിൽ കിടന്നു് പുളഞ്ഞപ്പോൾ യേശു അവനെ സമീപിച്ചു് മുറിപ്പാടിൽ ഊതി. ആ നിമിഷം വേദന അവസാനിച്ചു, കടിച്ച പാമ്പു് കഷണങ്ങളായി പൊട്ടിച്ചിതറി, യാക്കോബ്‌ തൽക്ഷണം സുഖം പ്രാപിച്ചു.

മരിച്ച കുഞ്ഞിനെ ഉയിർപ്പിക്കുന്നതു്

അതിനുശേഷം ഒരിക്കൽ യോസേഫിന്റെ അയൽപക്കത്തു് ദീർഘനാൾ രോഗമായി കിടന്നിരുന്ന ഒരു കുഞ്ഞു് മരിച്ചു. കുഞ്ഞു് മരിച്ചതിലെ ദുഃഖം മൂലം അതിന്റെ അമ്മ അലമുറയിട്ടു് കരഞ്ഞുകൊണ്ടിരുന്നു. കരച്ചിലും ബഹളവും കേട്ട യേശുക്കുട്ടൻ ധൃതിപ്പെട്ടു് അവിടെയെത്തി. കുഞ്ഞു് മരിച്ചതായി കണ്ടെത്തിയ അവൻ അതിന്റെ നെഞ്ചിൽ കൈതൊട്ടുകൊണ്ടു് പറഞ്ഞു: “കുഞ്ഞേ, ഞാൻ നിന്നോടു് പറയുന്നു, നീ മരിക്കരുതു്, പകരം, നീ തുടർന്നു് ജീവിച്ചു് നിന്റെ അമ്മയോടു് ചേരുക.” ആ കുഞ്ഞു് ഇതു് കേട്ടപ്പോൾ കണ്ണു് തുറന്നു് അവനെ നോക്കി ചിരിച്ചു. യേശുവോ ആ അമ്മയോടു് പറഞ്ഞു: “നീ നിന്റെ കുഞ്ഞിനെയെടുത്തു് അതിനു് പാലു് കൊടുക്കുക, എന്നെ ഓർമ്മിക്കുകയും ചെയ്യുക.” ഇതു് കണ്ടുകൊണ്ടു് ചുറ്റും നിന്നിരുന്ന ജനം അത്ഭുതപ്പെട്ടുകൊണ്ടു് പറഞ്ഞു: “തീർച്ചയായും ഈ ബാലൻ ഒരു ദൈവമോ, ഒരു മാലാഖയോ ആണു്. അവൻ പറയുന്ന ഓരോ വാക്കും അതുപോലെതന്നെ സംഭവിക്കുന്നു.” അതിനുശേഷം യേശു മറ്റു് കുട്ടികളോടൊത്തു് കളിക്കാനായി അവിടെനിന്നും പോയി.

ഒരു തൊഴിലാളിയെ ഉയിർപ്പിക്കുന്നതു്

കുറേ നാളുകൾക്കു് ശേഷം ഒരു വീടുപണി നടന്നുകൊണ്ടിരുന്ന സമയത്തു് യേശു ആ പരിസരത്തു് ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. അപ്പോൾ അതാ പണിസ്ഥലത്തു് വലിയൊരു തിരക്കും ബഹളവും! സംഗതി എന്തെന്നറിയാനായി യേശുബാലനും അടുത്തു് ചെന്നു. അവൻ കണ്ടതോ തറയിൽ മരിച്ചുകിടക്കുന്ന ഒരു പണിക്കാരനേയും! യേശു ഉടനെ അവന്റെ കൈപിടിച്ചുകൊണ്ടു് പറഞ്ഞു: “ഞാൻ നിന്നോടു് പറയുന്നു: നീ എഴുന്നേറ്റു് നിന്റെ പണി തുടരുക.” അവൻ ഉടനെ പിടച്ചെഴുന്നേറ്റു് യേശുവിനു് സ്തുതിഗീതങ്ങൾ പാടി. ജനക്കൂട്ടം അതു് കണ്ടപ്പോൾ പതിവുപോലെ അത്ഭുതപ്പെട്ടുകൊണ്ടു് പറഞ്ഞു: “ഈ ബാലൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണു്. കാരണം അവൻ ധാരാളം മനുഷ്യരെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നു. അവന്റെ ജീവിതകാലം മുഴുവനും മനുഷ്യരെ രക്ഷപെടുത്താനുള്ള വരം അവനു് ലഭിച്ചിട്ടുണ്ടു്.”

(യേശുബാലന്റെ ഈ അത്ഭുതകൃത്യങ്ങളുടെ authenticity-യിൽ കേരളത്തിലാർക്കും തെല്ലും സംശയമില്ലെന്നു് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ഒരു നവവിശ്വാസതരംഗം തന്നെ രൂപമെടുത്തുകഴിഞ്ഞു എന്നും അവർ അറിയിച്ചു. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഭക്തജനങ്ങളുടെ ആത്മീയദാഹം ശമിപ്പിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു് ശ്രീയേശുബാലാനന്ദരോഗശാന്തിശുശ്രൂഷാകേന്ദ്രങ്ങളും അഞ്ചു് ശ്രീയേശുബാലാദൃശ്യബോധധ്യാനമന്ദിരങ്ങളും മൂന്നു് പുതിയ ശ്രീയേശുബാലാത്ഭുതസാക്ഷ്യബസിലിക്കകളും എണ്ണമറ്റ ചാപ്പലുകളും തകൃതിയായി പണികഴിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണത്രേ! ‘ഹരേ രാമ ഹരേ കൃഷ്ണ’ മൂവ്മെന്റിനുശേഷം ഇത്ര ആവേശപൂർവ്വമായ ഒരു ആത്മീയ ഉണർവ്വ് ഭാരതം ദർശിച്ചിട്ടില്ലെന്നാണു് പൊതുവേയുള്ള വിലയിരുത്തൽ.)

 
13 Comments

Posted by on Jun 15, 2009 in മതം, യേശു

 

Tags: ,

പുരപ്പുറത്തുനിന്നു് ചാടുന്ന യേശുകുട്ടൻ

(യേശുവിന്റെ ബാല്യകാലകഥകൾ-2)

അദ്ധ്യാപകനായ സഖേയസിന്റെ അടുത്തു്

പിതാവായ യോസേഫിനോടു് യേശു ഇതൊക്കെ പറയുന്നതു് കേട്ടുകൊണ്ടു് അടുത്തുനിന്നിരുന്ന ഒരദ്ധ്യാപകൻ സഖേയസ്‌ ഒരു കൊച്ചുകുട്ടി ഈവിധമൊക്കെ സംസാരിക്കുന്നതു് കേട്ടു് അത്ഭുതപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു് ശേഷം അവൻ യോസേഫിനെ സമീപിച്ചു് പറഞ്ഞു: “നിന്റെ മകൻ സമർത്ഥനാണു്; അവനു് ബുദ്ധിയുണ്ടു്. അവൻ അക്ഷരം പഠിക്കേണ്ടതിനായി അവനെ നീ എന്നെ ഏൽപിക്കൂ. ഞാൻ അവനെ അക്ഷരങ്ങളും എല്ലാ ശാസ്ത്രങ്ങളും മാത്രമല്ല, എങ്ങനെയാണു് പിതാവിന്റേയും പിതാമഹന്റേയുമൊക്കെ അടുത്തു് പെരുമാറേണ്ടതെന്നും, എങ്ങനെയാണു് സമപ്രായക്കാരെ സ്നേഹപൂർവ്വം സമീപിക്കേണ്ടതെന്നുമെല്ലാം പഠിപ്പിക്കാം.”

അങ്ങനെ അവൻ യേശുവിനു് A മുതൽ O വരെയുള്ള (ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങളായ Alpha, Omega) അക്ഷരങ്ങൾ കൃത്യമായി ചൊല്ലിക്കൊടുത്തു. പക്ഷേ, അതു് കേട്ട യേശു സഖേയസിനെ നോക്കി പറഞ്ഞു: “കപടനാട്യക്കാരാ, ‘A‘ എന്ന അക്ഷരത്തെ അതിന്റെ സത്തയിൽ മനസ്സിലാക്കാൻ പോലും കഴിയാത്ത നീ എങ്ങനെയാണു് മറ്റുള്ളവരെ ‘B‘ എന്ന അക്ഷരം പഠിപ്പിക്കുന്നതു്? നിനക്കറിയാമെങ്കിൽ ആദ്യം നീ A എന്തെന്നു് പഠിപ്പിക്കൂ! B-യെപ്പറ്റി നീ പഠിപ്പിക്കുന്നതു് അതുകഴിഞ്ഞു് ഞങ്ങൾ വിശ്വസിക്കാം. തുടർന്നു് അവൻ ആ അദ്ധ്യാപകനോടു് A എന്ന അക്ഷരത്തെപ്പറ്റി ചോദിക്കാൻ തുടങ്ങി. പക്ഷേ, അവന്റെ ചോദ്യങ്ങൾക്കു് മറുപടി പറയാൻ സഖേയസിനു് കഴിഞ്ഞില്ല. പല ആളുകളും കേട്ടുകൊണ്ടു് നിൽക്കെ അവൻ സഖേയസിനോടു് പറഞ്ഞു: “അദ്ധ്യാപകനേ, ആദ്യാക്ഷരത്തിന്റെ നിർമ്മിതി എങ്ങനെയെന്നു് ശ്രദ്ധിക്കൂ! അതിൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു് നേർരേഖകളും അവയെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മദ്ധ്യരേഖയുമുണ്ടെന്നും, അങ്ങനെ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു് രേഖകളുടെ മുനമ്പു് അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നു എന്നും, അതോടൊപ്പംതന്നെ ഒരു തല രൂപപ്പെടുന്നു എന്നും, അതിന്റെ ആരംഭത്തിനും അടിസ്ഥാനത്തിനും ഒരേ രീതിയിലുള്ള മൂന്നു് ചിഹ്നങ്ങൾ നിദാനമാവുന്നു എന്നും മനസ്സിലാക്കൂ. ‘A‘ എന്ന അക്ഷരത്തിലെ മൂന്നു് രേഖകളുടെ സാരാംശം ഇതാ നിനക്കു് ലഭിച്ചിരിക്കുന്നു.” ആദ്യാക്ഷരത്തെപ്പറ്റി ഇത്ര വിശദമായതും, ആഴമേറിയതും, ദൃഷ്ടാന്തപരമായ അർത്ഥസമ്പൂർണ്ണത ഉൾക്കൊള്ളുന്നതുമായ യേശുവിന്റെ ഈ വിവരണം കേട്ട സഖേയസ്‌ എന്തു് മറുപടി പറയണമെന്നറിയാതെ നിസ്സഹായനായി “ഇടം വലം” ചുറ്റിയശേഷം ചുറ്റും കൂടി നിന്നവരോടു് പറഞ്ഞു: “ഹാ കഷ്ടം! ഇതെന്നെ തകർത്തുകളഞ്ഞു. ഇവനെ പഠിപ്പിക്കാനായി വിളിച്ചുകൊണ്ടുവന്നു് എനിക്കു് സ്വയം അപമാനം വരുത്തിവച്ച നിർഭാഗ്യവാനാണു് ഞാൻ! സഹോദരാ, യോസേഫെ, ഇവനെ നീ ദയവുചെയ്തു് തിരിച്ചു് കൊണ്ടുപോകൂ. ഇവന്റെ നോട്ടത്തെ നേരിടാൻ എനിക്കു് കഴിവില്ല. ഇവൻ പറയുന്ന കാര്യങ്ങൾ ഒരുവട്ടം പോലും താങ്ങാൻ ഇനി എനിക്കാവില്ല. ഈ ബാലൻ ഭൂമിയിൽ നിന്നുള്ളവനല്ല. ഇവൻ തീയെ പോലും പിടിച്ചുകെട്ടാൻ കഴിവുള്ളവനാണു്. അന്തിമമായി പറഞ്ഞാൽ, ലോകസൃഷ്ടിക്കും മുൻപേ ജനിപ്പിക്കപ്പെട്ടവനാണിവൻ. ഏതു് ഗർഭപാത്രമാണു് ഇവനെ വഹിച്ചതെന്നും, ഏതു് അമ്മയുടെ മടിയിലാണു് ഇവനു് ആഹാരം നൽകപ്പെട്ടതെന്നും എനിക്കറിയില്ല. സുഹൃത്തേ, എനിക്കിതൊരു ഭാരമായിരിക്കുന്നു, ഇവന്റെ ബുദ്ധിയെ പിൻതുടരാൻ എനിക്കു് കഴിവില്ല. അങ്ങേയറ്റം നിർഭാഗ്യവാനായ ഞാൻ എന്നെത്തന്നെ ചതിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയെ ലഭിക്കാൻ ഞാൻ ശ്രമിച്ചു; പക്ഷേ, എനിക്കു് ലഭിച്ചതു് ഒരു അദ്ധ്യാപകനെയാണെന്നു് അവനെന്നെ കാണിച്ചുതന്നു. വൃദ്ധനായ എനിക്കു് ഒരു കുട്ടിയുടെ മുന്നിൽ തോറ്റുകൊടുക്കേണ്ടിവന്നു എന്നു് ഞാൻ സമ്മതിക്കുന്നു. ഈ ബാലനെ പ്രതി എല്ലാ വിലയും നഷ്ടപ്പെട്ടവനായ എനിക്കു് മരിക്കുക എന്നൊരു ജോലി മാത്രമേ ഇനി ബാക്കിയുള്ളു. എന്നെ ഒരു കൊച്ചുകുട്ടി തോൽപിച്ചുകളഞ്ഞു എന്നു് എല്ലാ ആളുകളും പറയുമ്പോൾ അതിനെതിരായി എനിക്കെന്താണു് പറയാനുള്ളതു്? ആദ്യാക്ഷരത്തിന്റെ രേഖകളെപ്പറ്റി അവൻ വിശദീകരിച്ചതിനെ സംബന്ധിച്ചു് ഞാൻ എന്തു് പറഞ്ഞാലാണു് ആളുകൾ എന്റെ പരാജയം ഒരുവിധമെങ്കിലും മനസ്സിലാക്കുന്നതു്? അവൻ പറഞ്ഞതു് മനസ്സിലാക്കാൻ എനിക്കുതന്നെ കഴിയുന്നില്ല. കാരണം, അതിന്റെ ആരംഭമോ അവസാനമോ എനിക്കു് പിടികിട്ടുന്നില്ല. അതുകൊണ്ടു് സഹോദരനായ യോസേഫേ, നീ അവനെ നിന്റെ വീട്ടിലേക്കു് തിരിച്ചുകൊണ്ടുപോകുക. നിന്റെ മകൻ മഹത്വമേറിയ എന്തോ ആണു്, ഒരു ദൈവമോ, മാലാഖയോ, എന്താണെന്നു് പറയാൻ പോലും എനിക്കറിയില്ലാത്ത മറ്റെന്തോ ആണു്.” ഇത്രയും കേട്ട യൂദന്മാർ സഖേയസിനെ ആശ്വസിപ്പിക്കാനായി ഓരോന്നു് പറഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു പൊട്ടിച്ചിരിച്ചുകൊണ്ടു് പറഞ്ഞു: “ഇപ്പോൾ ഫലം നൽകാത്തവ ഫലം വഹിക്കും, അന്ധമായ ഹൃദയമുള്ളവർ കാണും. ഞാൻ മുകളിൽ നിന്നും താഴെ വന്നതു്, നിങ്ങളെപ്രതി എന്നെ അയച്ചവൻ എന്നെ ചുമതലപ്പെടുത്തിയതുപോലെ, ശാപം അർഹിക്കുന്നവരെ ശപിക്കാനും അല്ലാത്തവരെ മുകളിലേക്കു് വിളിക്കാനുമാണു്.” അവൻ അതു് പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവന്റെ ശാപമേറ്റവരെല്ലാം ആ നിമിഷംതന്നെ ആരോഗ്യവാന്മാരായിത്തീർന്നു. അതിനുശേഷം ആരും അവനെ ദ്വേഷ്യം പിടിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു. കാരണം, അവനെങ്ങാനും ദ്വേഷ്യം കേറി ശപിച്ചുപോയാൽ ശപിക്കപ്പെട്ടവർ അംഗഹീനരായി മാറിയേക്കാമെന്നവർ ഭയപ്പെട്ടു.

പുരപ്പുറത്തുനിന്നുള്ള വീഴ്ച

ഏതാനും ദിവസങ്ങൾക്കുശേഷം യേശു ഒരു കെട്ടിടത്തിനു് മുകളിലെ ബാൽക്കണിയിൽ മറ്റു് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ അതിലൊരുവൻ താഴെ വീണു് മരിച്ചു. ഇതുകണ്ട മറ്റു് കുട്ടികളെല്ലാം ഓടിയൊളിച്ചു. യേശു മാത്രം ബാക്കിയായി. താമസിയാതെ മരിച്ചവന്റെ മാതാപിതാക്കൾ വന്നു. മകനെ യേശു ഉന്തിവീഴിക്കുകയായിരുന്നു എന്ന നിഗമനത്തിൽ മകന്റെ മരണത്തിന്റെ കുറ്റം അവർ യേശുവിൽ ചുമത്തി. യേശു പറഞ്ഞു: “ഞാൻ അവനെ തീർച്ചയായിട്ടും ഉന്തി താഴെയിട്ടില്ല.” പക്ഷേ, ആ മാതാപിതാക്കൾ അതു് വിശ്വസിക്കാതെ അവനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അപ്പോൾ യേശു കെട്ടിടത്തിനു് മുകളിൽ നിന്നും താഴേക്കു് ചാടി മരിച്ചവന്റെ സമീപം നിലയുറപ്പിച്ചുകൊണ്ടു് പറഞ്ഞു: “സീനോൻ, (അങ്ങനെയായിരുന്നു മരിച്ചവന്റെ പേരു്) നീ എഴുന്നേൽക്കൂ! എന്നിട്ടു് പറയൂ; ഞാനാണോ നിന്നെ ഉന്തി താഴെയിട്ടതു്?” ഉടനെ അവൻ ചാടിയെഴുന്നേറ്റു് പറഞ്ഞു: “അല്ല പ്രഭോ, നീയെന്നെ ഉന്തി താഴെയിട്ടില്ല. പകരം, നീയെന്നെ ഉയിർപ്പിക്കുകയാണു് ചെയ്തതു്.” മരിച്ചവനായിരുന്നവന്റെ മാതാപിതാക്കൾ അതുകണ്ടപ്പോൾ ഞെട്ടിവിറക്കുകയും സംഭവിച്ച ഈ അടയാളത്തിന്റെ പേരിൽ ദൈവത്തെ പുകഴ്ത്തുകയും യേശുവിനു് സ്തുതി പാടുകയും ചെയ്തു.

യുവാവായ വിറകുകീറൽകാരൻ

വീണ്ടും കുറച്ചുദിവസങ്ങൾക്കുശേഷം ചെറുപ്പക്കാരനായ ഒരുവൻ വിറകു് കീറിക്കൊണ്ടിരുന്നപ്പോൾ കോടാലി വീണു് അവന്റെ പാദം മുറിഞ്ഞുപോയി. അവൻ രക്തം വാർന്നു് മരണത്തിന്റെ വക്കത്തെത്തി. ആളുകൾ ഓടിക്കൂടുന്നതിന്റെ ബഹളം കേട്ടു് യേശുബാലനും സ്ഥലത്തെത്തി. ആളുകളുടെയിടയിലൂടെ തിക്കിത്തിരക്കി അവൻ ആസന്നമരണനായവന്റെ അടുത്തെത്തി. ചെന്നപാടെ അവൻ അവൻ മുറിഞ്ഞുപോയ പാദത്തിൽ തൊട്ടു. യുവാവിന്റെ പാദം നൊടിയിടയിൽ വീണ്ടും പഴയപോലെ ആയിത്തീർന്നു! യേശു അവനോടു് പറഞ്ഞു: “യുവാവേ, എഴുന്നേറ്റു് വീണ്ടും വിറകു് കീറൽ തുടർന്നോളൂ! എന്നെ ഓർമ്മിക്കുകയും ചെയ്യൂ!” സംഭവിച്ചതെല്ലാം കണ്ടവരായ ജനക്കൂട്ടം യേശുവിനെ സ്തുതിച്ചുകൊണ്ടു് പറഞ്ഞു: “തീർച്ചയായിട്ടും ഈ പയ്യന്റെയുള്ളിൽ ദൈവത്തിന്റെ ആത്മാവു് വസിക്കുന്നുണ്ടു്.”

പൊട്ടിയ മൺകുടം

യേശുവിനു് ആറു് വയസ്സുണ്ടായിരുന്നപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവരുവാനായി അവന്റെ അമ്മ മറിയം ഒരു മൺകുടവും കൊടുത്തു് അവനെ പറഞ്ഞയച്ചു. ആളുകളുടെ തിരക്കിനിടയിൽ മറ്റാരോ ആയി കൂട്ടിയിടിച്ചതിന്റെ ഫലമായി കുടം പൊട്ടിത്തകർന്നുപോയി. യേശു ഉടനെ അവൻ പുതച്ചിരുന്ന വസ്ത്രം ഊരിയെടുത്തു് അതിൽ വെള്ളം നിറച്ചു് അമ്മയുടെ അടുത്തെത്തിച്ചു. ഈ അടയാളം കണ്ട അവന്റെ അമ്മ അവനെ ചുംബിക്കുകയും അവൻ ചെയ്ത ഈ കാര്യം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.

അത്ഭുതകരമായ വിളവു്

മറ്റൊരിക്കൽ, വിളവിറക്കലിന്റെ സമയത്തു് പിതാവായ യോസേഫ്‌ ഗോതമ്പു് വിതയ്ക്കാനായി വയലിലേക്കു് പോയ കൂട്ടത്തിൽ യേശുവും പോയി. യോസേഫ്‌ വിത്തു് വിതച്ചുകൊണ്ടിരുന്നതിനിടയിൽ യേശുവും വിത്തു് വിതച്ചു. കൂടുതലൊന്നുമില്ല, ഒരേയൊരു ഗോതമ്പുമണി! (നഞ്ചെന്തിനു് നാനാഴി!) പിന്നീടു് വിളവെടുപ്പു് സമയത്തു് മെതിപ്പുരയിൽ ശേഖരിക്കപ്പെട്ട ധാന്യത്തിന്റെ അളവു് നൂറു് ‘Malter’ (ഏകദേശം 70000 ലിറ്റർ)! അതുമുഴുവൻ സൂക്ഷിക്കാൻ വീട്ടിൽ സ്ഥലമില്ല. ഇനി, വിറ്റു് പണമാക്കാനാണെങ്കിൽ യോസേഫ്‌ ഇന്നത്തെ അധി-‘രൂപ താ’ വിഭാഗത്തിൽ പെട്ടവനായിരുന്നുമില്ല. അതുകൊണ്ടു് അവൻ ഗ്രാമത്തിലുള്ള മുഴുവൻ പാവങ്ങളേയും മെതിപ്പുരയിൽ വിളിച്ചുവരുത്തി എല്ലാവർക്കും ധാന്യം ദാനം ചെയ്തു! ബാക്കിവന്ന ഗോതമ്പു് സ്വന്ത ആവശ്യത്തിനായി യോസേഫ്‌ വീട്ടിലെത്തിച്ചു. ഈ അത്ഭുതം ചെയ്തപ്പോൾ യേശുവിനു് എട്ടു് വയസ്സായിരുന്നു.

യോസേഫിന്റെ വർക്ക്ഷോപ്പിൽ

യേശുവിന്റെ ‘വളർത്തു’പിതാവായിരുന്ന യോസേഫ്‌ തൊഴിലുകൊണ്ടു് ആശാരിയായിരുന്നു. ആ സമയത്തു് അവൻ നേഞ്ചലും നുകവും മാത്രമേ ഉണ്ടാക്കിക്കൊടുത്തിരുന്നുള്ളു. അങ്ങനെയിരിക്കെ ഒരു ധനികൻ അവന്റെയടുത്തു് ഒരു കട്ടിലിനു് ഓർഡർ നൽകി. പക്ഷേ, അതിന്റെ പണി തീർത്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു പ്രശ്നം! കട്ടിലിൽ കുറുകെ പാരലൽ ആയി വെക്കേണ്ട രണ്ടു് പലകകളിൽ ഒന്നിനു് നീളംകുറവു്. എന്തുചെയ്യണമെന്നു് യോസേഫിനും അവന്റെ സഹായിക്കും യാതൊരു പിടിയും കിട്ടിയില്ല. അപ്പോൾ യേശുക്കുട്ടി പറഞ്ഞു: “രണ്ടു് പലകകളും മദ്ധ്യബിന്ദുവിൽ നിന്നും രണ്ടുവശത്തേക്കും തുല്യമായ നീളം വരുന്ന വിധത്തിൽ ചേർത്തു് തറയിൽ വയ്ക്കുക.” യേശു പറഞ്ഞപോലെതന്നെ യോസേഫ്‌ ചെയ്തു. യേശു എതിർവശത്തുനിന്നുകൊണ്ടു് നീളം കുറഞ്ഞ പലകയെ പിടിച്ചു് വലിച്ചുനീട്ടി മറ്റേതിനോടു് തുല്യമാക്കി! അതുകണ്ട യോസേഫ്‌ അത്ഭുതപരതന്ത്രനായി യേശുവിനെ കെട്ടിപ്പിടിച്ചു് ഉമ്മവച്ചുകൊണ്ടു് പറഞ്ഞു: “ഇതുപോലൊരു മകനെ എനിക്കു് ദൈവം സമ്മാനിച്ചതിൽ ഞാനെന്നെ അതീവഭാഗ്യവാനായി കണക്കാക്കണം.”

(ഈ കെട്ടുകഥകൾ പ്രചരിച്ചിരുന്ന നാടുകളിൽ അക്കാലത്തു് ജീവിച്ചിരുന്നവരുമായി ബൗദ്ധികവും മാനസികവുമായി ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന വിശ്വാസികൾ മലയാളം വായിക്കുന്നവരുടെ ഇടയിൽ ഇന്നും വിരളമല്ലെന്നതിനാൽ, ഇതു് യേശു സാക്ഷാൽ ദൈവപുത്രനാണെന്നതിന്റെ തെളിവായി ഈ കഥകളെ അവർ കണ്ടുകൂടെന്നില്ല. അതിനാൽ, വെളുക്കാൻ തേയ്ക്കുന്നതു് പാണ്ടായി മാറുമോ എന്നൊരു സംശയവും ഇല്ലാതില്ല.)

 
15 Comments

Posted by on Jun 11, 2009 in മതം, യേശു

 

Tags: ,

യേശുവിന്റെ ബാല്യകാലകഥകൾ

യേശുവിന്റെ ബാല്യകാലത്തെ സംബന്ധിച്ച കഥനങ്ങൾ പൊതുവേ “തോമസിന്റെ സുവിശേഷം” എന്നു് വിളിക്കപ്പെടുന്നു. യേശുവിന്റെ അഞ്ചുമുതൽ പന്ത്രണ്ടു് വയസ്സുവരെയുള്ള കാലഘട്ടത്തിൽ ചെയ്തുകൂട്ടിയ അത്ഭുതങ്ങളുടെ കഥകളാണു് അതിന്റെ ഉള്ളടക്കം. ബൈബിൾ എന്ന പേരിൽ ഇന്നു് അറിയപ്പെടുന്ന ഗ്രന്ഥത്തിൽ ഔദ്യോഗികമായി സ്ഥാനം നൽകപ്പെടാതിരുന്ന രചനകൾക്കു് പൊതുവേ നൽകപ്പെടുന്ന പേരാണു് അപ്പോക്രിഫാ (apocrypha). ആദ്യകാലങ്ങളിൽ വിലമതിക്കപ്പെടുകയും, പിന്നീടു് മൗനാനുവാദം നൽകപ്പെടുകയും, അവസാനം ഉപേക്ഷിക്കപ്പെടുകയും ചെയ്ത, പഴയനിയമവും പുതിയനിയമവുമായി ബന്ധപ്പെട്ടതും, പലരാൽ എഴുതപ്പെട്ടതുമായ ബൈബിൾസാഹിത്യം.

യേശുവിന്റെ ബാല്യകാലകഥകളുടെ രചയിതാവായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതു് യിസ്രായേലിയും തത്വചിന്തകനുമായ ഒരു “തോമസ്‌” ആണെങ്കിലും, അതു് പല സ്വതന്ത്രവർണ്ണനകളുടെയും, കെട്ടുകഥകളുടെയും ഒരു ക്രോഡീകരണമാണെന്നതാണു് യാഥാർത്ഥ്യം. അതിൽ യേശു ധീരതയുള്ള ഒരു “അത്ഭുതക്കുട്ടി” ആയി ചിത്രീകരിക്കപ്പെടുന്നു. ഭാരതത്തിലെ കൃഷ്ണന്റേയും, ബുദ്ധന്റേയുമൊക്കെ ബാല്യകാലങ്ങളിലെ അത്ഭുതകഥകളുമായി പല സമാനതകളും അതിൽ കണ്ടെത്താനാവുമെങ്കിലും, ബൈബിളിലെ അംഗീകൃതപുതിയനിയമത്തിൽ ഉടനീളം പ്രകടമാവുന്ന “മനുഷ്യന്റെ രക്ഷ” എന്ന അടിസ്ഥാനലക്ഷ്യവുമായി ആ കഥകൾക്കു് യാതൊരു ബന്ധവുമില്ല. കേൾക്കുന്നവന്റെ ശ്രദ്ധയെ പിടിച്ചുനിർത്താനുള്ള വകയുണ്ടോ എന്നതായിരുന്നു കഥകൾ തിരഞ്ഞെടുക്കുന്നതിന്റെ അളവുകോൽ എന്നു് തോന്നുന്നു. ഒരു കഥ എത്രമാത്രം വിസ്മയജനകമോ അത്രമാത്രം എളുപ്പം അതിനു് സുവിശേഷത്തിൽ സ്ഥാനം ലഭിച്ചിരുന്നിരിക്കണം.

പുതിയനിയമത്തിൽ വർണ്ണിക്കുന്നതും, യേശു പിന്നീടു് ചെയ്യാനിരിക്കുന്നതുമായ അത്ഭുതങ്ങളുമായി പല ബാല്യകാലമാജിക്കുകളിലും ഔപചാരികമായ പൊരുത്തം ദർശിക്കാനാവും. ഉദാഹരണത്തിനു്, യേശു ശപിച്ചു് ഉണക്കുന്ന ഒരു അത്തിമരത്തെ (മത്തായി 21:18-22, മർക്കോസ്‌ 11:12-14) വേണമെങ്കിൽ ഫലം നൽകാത്ത യിസ്രായേലുമായി ബന്ധപ്പെടുത്താം. പക്ഷേ, തോമസ്‌ സുവിശേഷത്തിൽ “യേശുക്കുട്ടി” മറ്റൊരു ബാലനെ മരം ഉണങ്ങുന്നതുപോലെ ഉണക്കുന്നതിനെ ഈ ഉപമയുമായി ബാഹ്യമായി മാത്രമേ താരതമ്യം ചെയ്യാനാവൂ. ഇവിടെ അതിനെ വികാരശൂന്യനായ ഒരു “കുഞ്ഞുദൈവത്തിന്റെ” അനിയന്ത്രിതമായ ചേഷ്ട എന്നേ വിളിക്കാനാവൂ. അതുപോലെതന്നെ, പല പണ്ഡിതരുടെ മുന്നിൽ പല സന്ദർഭങ്ങളിലായി എത്തുന്ന യേശുബാലൻ മുഴുവൻ പൗരാണികജ്ഞാനവും ഉൾക്കൊള്ളുന്ന ഒരുവനായിട്ടാണു് വർണ്ണിക്കപ്പെടുന്നതു്. അതായതു്, “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു” (2:52) എന്നു് ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നതിനു് വിപരീതമായി, ജ്ഞാനത്തിലുള്ള ഒരു “തുടർവളർച്ച” ആവശ്യമില്ലാത്തവനാണു് തോമസിന്റെ സുവിശേഷത്തിലെ യേശു. നിഗൂഢതത്വശാസ്ത്രത്തിൽ (esotericism) വിശ്വസിക്കുന്നവരായ നോസ്റ്റിക്സിന്റെ (Gnostics) സ്വാധീനം ഇവിടെ ദൃശ്യമാണു്. അവരുടെ വിശ്വാസമായ ഡോസെറ്റിസം (docetism) യേശുവിന്റെ ഭൗതികശരീരവും കുരിശുമരണവുമെല്ലാം ഇല്യൂഷൻ ആയിരുന്നുവെന്നും, യേശു യഥാർത്ഥത്തിൽ ശുദ്ധമായ ആത്മാവു് മാത്രമായതിനാൽ മരിക്കാൻ സാധിക്കുകയില്ലെന്നും മറ്റും പഠിപ്പിക്കുന്നതാണു്. ക്രിസ്തീയമതപണ്ഡിതരിൽ അധികപങ്കും ആദികാലത്തു് ശക്തമായിരുന്ന ഈ വിശ്വാസരീതിയെ നിഷേധിക്കുന്നവരാണു്. എങ്കിൽത്തന്നെയും, ധാരാളം വിശ്വാസികൾ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നതിനാൽ, തോമസ്‌ സുവിശേഷം പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ട ഒന്നാണെന്നതും ശ്രദ്ധേയമാണു്. തോമസ്‌ സുവിശേഷത്തിലെ ചില കഥകൾ ഇവിടെ കുറിക്കാൻ ശ്രമിക്കുന്നു.

മുഖവുര

അതിനാൽ, യിസ്രായേല്യനായ തോമസ്‌ എന്ന ഞാൻ, നമ്മുടെ നാഥനായ യേശു ക്രിസ്തു, ഞങ്ങളുടെ നാട്ടിൽ ജന്മമെടുത്തതിനു് ശേഷം നിർവ്വഹിച്ച അത്ഭുതകരമായ ബാല്യകാലപ്രവർത്തികളെ സംബന്ധിച്ച വിവരങ്ങൾ ജാതികളിൽപ്പെട്ട എല്ലാ സഹോദരങ്ങളേയും അറിയിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ അതിന്റെയെല്ലാം തുടക്കം കുറിച്ചു.

കളിമണ്ണുകൊണ്ടുള്ള കുരുവികൾ

അഞ്ചു് വയസ്സുകാരനായിരുന്ന യേശുക്കുഞ്ഞു് ഒരു പുഴക്കടവിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. താഴേക്കു് ഒഴുകിക്കൊണ്ടിരുന്ന ചെളിവെള്ളത്തെ അവൻ അരികിലെ കുഴികളിലേക്കു് തിരിച്ചുവിട്ടു. അതിനുശേഷം തന്റെ (വാക്കാലുള്ള) കൽപനകൊണ്ടുമാത്രം അവൻ ആ കുഴികളിലെ ചെളിവെള്ളത്തെ തെളിനീരാക്കി മാറ്റി. പിന്നീടു് അവൻ മണ്ണും വെള്ളവും ചേർത്തുകുഴച്ച ചെളിയിൽ നിന്നും പന്ത്രണ്ടു് കുരുവികളെ നിർമ്മിച്ചു. അവനതു് ചെയ്തതു് ഒരു ശാബത്ത്‌ നാളിലായിരുന്നു. ധാരാളം മറ്റു് കുട്ടികളും അവനോടൊപ്പം കളിച്ചുകൊണ്ടിരുന്നു. ശാബത്ത്‌ ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ യേശു ചെയ്ത ഈ പ്രവർത്തി കണ്ട ഒരു യൂദൻ നേരെ (വളർത്തു)പിതാവായ യോസേഫിന്റെ അടുത്തുചെന്നു് വിവരം പറഞ്ഞു: “നോക്കൂ! നിന്റെ സന്തതി പുഴക്കരയിൽ കളിക്കുന്നു. അവൻ മണ്ണുകുഴച്ചു് പന്ത്രണ്ടു് കുരുവികളെയുണ്ടാക്കി. ഈ പ്രവർത്തിമൂലം അവൻ ശാബത്തിനെ അശുദ്ധമാക്കിയിരിക്കുന്നു.” യോസേഫ്‌ ഉടനെ തന്നെ പുഴക്കരെയെത്തി കാര്യം കണ്ടു് ബോദ്ധ്യപ്പെട്ടു. അപ്പോൾ അവൻ യേശുവിനെ ശകാരിച്ചു. “ശാബത്തിൽ ചെയ്യാൻ അനുവാദമില്ലാത്ത കാര്യങ്ങൾ നീ എന്തിനു് ചെയ്യുന്നു?” യേശു പക്ഷേ കൈകൊട്ടി കുരുവികളെ വിളിച്ചുകൊണ്ടു് പറഞ്ഞു: “വേഗം, വേഗം! എല്ലാവരും പറന്നുപോകൂ!” ഇതു് കേൾക്കാത്ത താമസം കുരുവികളെല്ലാം ചിലച്ചുകൊണ്ടു് ചിറകടിച്ചുപറന്നകന്നുപോയി. യൂദന്മാർ അതുകണ്ടപ്പോൾ വളരെ ഭയക്കുകയും, യേശു ചെയ്തതിനേപ്പറ്റി അവരുടെ ശാസ്ത്രിമാരോടു് പോയി പറയുകയും ചെയ്തു.

ഈസാ കളിമണ്ണുകൊണ്ടു് ഒരു പക്ഷിയുടെ രൂപമുണ്ടാക്കി അതിൽ ഊതിയപ്പോൾ അല്ലാഹു അതിനെ ജീവനുള്ള ഒരു പക്ഷിയാക്കി എന്ന ഖുർആൻ ഭാഗം മുഹമ്മദിനു് ലഭിച്ചതിന്റെ ഉറവിടം ഈ സുവിശേഷമാവണം. “… നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണു് ഞാൻ നിങ്ങളുടെ അടുത്തു് വന്നിരിക്കുന്നതു്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കുവേണ്ടി ഞാൻ ഉണ്ടാക്കുകയും, എന്നിട്ടു് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. … ” (3:49)

(“ഊതി” രോഗം ഭേദമാക്കൽ കേരളത്തിലും അജ്ഞാതമായ ഒരു ചികിത്സാരീതി അല്ലല്ലോ! ഊതി രോഗം ഭേദമാക്കാമെങ്കിൽ എന്തുകൊണ്ടു് ഊതി ജീവൻ നൽകിക്കൂടാ? ആദാമിനെ കളിമണ്ണിൽ നിന്നും സൃഷ്ടിച്ച യഹോവയും അവന്റെ മൂക്കിലൂടെ “ഊതി” ജീവൻ നൽകുകയായിരുന്നില്ലേ? യഹോവ ഈ വിദ്യ ഭാരതത്തിൽ നിന്നും പഠിച്ചതാവാനാണു് സാദ്ധ്യത! ഒരു റിസേർച്ചിനുള്ള വകുപ്പു് ലക്ഷണശാസ്ത്രപ്രകാരം കാണുന്നുണ്ടു്. നാരായവുമായി നാരായവേരു് മാന്തുകയേ വേണ്ടൂ!)

യേശു ശല്യക്കാരനെ ശിക്ഷിക്കുന്നു

ആ സമയത്തു് യോസേഫിനോടൊപ്പം എഴുത്തു്-ജ്ഞാനിയായ ഹന്നാസിന്റെ മകനും നിൽക്കുന്നുണ്ടായിരുന്നു. അവൻ ഒരു കോലെടുത്തു് കുത്തി തുളയുണ്ടാക്കി യേശു കുഴികളിൽ ശേഖരിച്ചിരുന്ന വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. അതു് കണ്ടപ്പോൾ ദ്വേഷ്യം കയറിയ യേശു അവനോടു് പറഞ്ഞു: “എടാ, ദൈവമില്ലാത്ത മര്യാദകെട്ട പോക്കിരി! ആ കുഴികളും അതിലെ വെള്ളവും നിന്നോടു് എന്തു് ദ്രോഹം ചെയ്തിട്ടാണു് നീ അതിനെ ഇമ്മാതിരി ഉണങ്ങിവരളാൻ അനുവദിച്ചതു്? കണ്ടോളൂ! വെള്ളം കിട്ടാത്ത ഒരു മരം ഉണങ്ങിപ്പോകുന്നപോലെ നീയും ഇലകളോ, വേരുകളോ, ഫലങ്ങളോ ഇല്ലാതെ ഉണങ്ങി വരണ്ടുപോകും!” പറഞ്ഞുതീരേണ്ട താമസം ആ പയ്യൻ പൂർണ്ണമായും ഉണങ്ങിവരണ്ടുപോയി. യേശു കൂളായി വേദിയിൽ നിന്നും പിൻവാങ്ങി യോസേഫിന്റെ വീട്ടിലേക്കു് പോയി. വരണ്ടുപോയവന്റെ മാതാപിതാക്കൾ അവന്റെ ജീവിതം ഇത്ര ഇളംപ്രായത്തിൽ ഇതുപോലെ നശിപ്പിക്കപ്പെട്ടതിലെ ദുഃഖം മൂലം കരച്ചിലും പിഴിച്ചിലുമായി ഉണങ്ങിപ്പോയ മകന്റെ ശരീരവും ചുമന്നുകൊണ്ടു് യോസേഫിന്റെ അടുത്തു് ചെന്നു് പറഞ്ഞു: “ഇത്തരം ക്രൂരകൃത്യം ചെയ്യുന്ന ഒരു മകനാണു് നിനക്കുള്ളതു്.”

ഒരു കൂട്ടിയിടിയും പരിണതഫലങ്ങളും

ഈ സംഭവത്തിനുശേഷം പിന്നീടൊരിക്കൽ യേശുബാലൻ ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവനെ കടന്നുപോയ മറ്റൊരു കുട്ടി അവന്റെ തോളുമായി കൂട്ടിയിടിച്ചു. കുപിതനായ യേശു അവനോടു് പറഞ്ഞു: “ഇനി നിന്റെ വഴിയേ നീ ഒരടി മുന്നോട്ടു് പോകരുതു്!” ഉടനെതന്നെ ആ കുട്ടി വഴിയിൽ വീണു് മരിച്ചു. ഇതു് സംഭവിക്കുന്നതു് കണ്ടുനിന്ന ചിലർ പറഞ്ഞു: “ഈ ബാലൻ എവിടെനിന്നു് വരുന്നു? അവൻ പറയുന്ന ഓരോ വാക്കും അതുപോലെതന്നെ സംഭവിക്കുന്നു!” മരിച്ച കുട്ടിയുടെ മാതാപിതാക്കൾ യോസേഫിന്റെ അടുത്തുചെന്നു് പരാതി പറഞ്ഞു: “ഇതുപോലൊരു മകനുമായി നിനക്കു് ഞങ്ങളോടൊപ്പം ഈ ഗ്രാമത്തിൽ താമസിക്കാനാവില്ല. അല്ലെങ്കിൽ, ശപിക്കുകയല്ല, അനുഗ്രഹിക്കുകയാണു് വേണ്ടതെന്നു് നീ അവനെ പറഞ്ഞു് പഠിപ്പിക്കുക.” യോസേഫ്‌ യേശുവിനെ അടുത്തു് വിളിച്ചു് വേണ്ടപോലെ ശകാരിച്ചു. “എന്തിനാണു് നീ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു്? ഈ മനുഷ്യരാണു് അതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടവർ. അവസാനം അവർ നമ്മളെ വെറുക്കുകയും നമ്മെ ഈ ഗ്രാമത്തിൽ നിന്നും ആട്ടിയോടിക്കുകയും ചെയ്യും.” പക്ഷേ, യേശു പറഞ്ഞു: “നീ ഇപ്പറഞ്ഞ വാക്കുകൾ നിന്റേതല്ലെന്നും നിനക്കു് ആരോ ഓതിത്തന്നതാണെന്നും എനിക്കു് കൃത്യമായി അറിയാം. എന്നിരുന്നാൽത്തന്നെയും നിന്നെപ്രതി ഞാൻ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, അവർ അതിനുള്ള ശിക്ഷ വഹിച്ചേ പറ്റൂ!” ഇതുകേട്ടപ്പോൾ യേശുവിനെപ്പറ്റി യോസേഫിനോടു് പരാതി പറഞ്ഞവരെല്ലാം അതേ നിമിഷം അന്ധന്മാരായിത്തീർന്നു. നിസ്സഹായരായി അതു് കണ്ടുനിന്നവർ വളരെ ഭയപ്പെട്ടു. അവർ യേശുവിനെപ്പറ്റിപ്പറഞ്ഞു: “നല്ലതായാലും ചീത്തയായാലും, അവൻ പറയുന്ന ഓരോ വാക്കും അത്ഭുതകരമായി അതുപോലെതന്നെ സംഭവിക്കുന്നു.” യേശു ഇതു് ചെയ്തതു് കണ്ട യോസേഫ്‌ അവന്റെ ചെവിക്കു് പിടിച്ചു് നല്ല കണക്കിനു് തിരുമ്മി. പക്ഷേ യേശു അപ്പോഴും രോഷാകുലനായി പറഞ്ഞു: “നിനക്കതു് മതിയാവണം. അന്വേഷിച്ചാലും കണ്ടെത്താതിരിക്കുകയും, വിവേകമില്ലാതിരിക്കുകയുമെന്നതു് മാറ്റമില്ലാത്ത നിന്റെ വിധിയാണു്. അങ്ങേയറ്റം ബുദ്ധിയില്ലാത്ത പ്രവർത്തിയാണു് നീ ചെയ്തതു്! ഞാൻ നിന്റേതാണെന്നും, നിന്നോടുകൂടെ ഉള്ളവനാണെന്നും നിനക്കറിയില്ലേ? നീ എനിക്കു് മനക്ലേശമുണ്ടാക്കാതിരിക്കുക!”

 
14 Comments

Posted by on Jun 8, 2009 in മതം, യേശു

 

Tags: ,