RSS

Monthly Archives: May 2009

മറുപടിയില്ല എന്നുവേണ്ട

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിയുടെ കമന്റിനുള്ള മറുപടിയാണിതു്. കമന്റിന്റെ ദൈർഘ്യം മൂലം കമന്റ് ബോക്സിൽ ഒതുങ്ങാത്തതുകൊണ്ടു് പോസ്റ്റാക്കുന്നു.

Faizal Kondotty,
ഖുർആനിലും ബൈബിളിലും സൂചിപ്പിക്കപ്പെടുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് വ്യക്തമാക്കുകയായിരുന്നു പ്രധാനമായും എന്റെ പോസ്റ്റിന്റെ ലക്ഷ്യം. അതിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കുള്ള യുക്തിസഹമായ എതിർവാദമായിരുന്നേനെ എന്റെ അഭിപ്രായം തെറ്റാണെന്നു് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനു് മാത്രമായി എതിർചോദ്യങ്ങൾ ചോദിച്ചു് ചർച്ച വലിച്ചുനീട്ടുന്നതിന്റെ അർത്ഥമില്ലായ്മയും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു് ഞാൻ തിരിച്ചു് ചോദിക്കുന്നു: ഞാൻ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാൻ മതിയായ എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടോ?

പല ചോദ്യങ്ങളുടെയും മറുപടി എന്റെ പഴയ പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ളവയാണെങ്കിലും കമന്റിൽ ചോദിച്ച സ്ഥിതിക്കു് ഒരുവട്ടം കൂടി മറുപടി പറയുന്നു, പ്രയോജനം ഒന്നും ഉണ്ടാവാൻ വഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ.

ഏതു് രാജ്യവും നടത്തുന്ന നിയമനിർമ്മാണം ആ രാജ്യത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതായിരിക്കും. അതു് അവരുടെ ചുമതലയും അവകാശവുമാണു്. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുന്ന മനുഷ്യർ വിഡ്ഢികളാണെന്നു് സാരം. ജനങ്ങളെ ബൗദ്ധികമായി വളർത്തി മറ്റു് രാജ്യങ്ങളുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാനും സ്വന്ത താൽപര്യങ്ങൾ സംരക്ഷിക്കാനും ശേഷിയുള്ളവരാക്കിത്തീർക്കുകയാണു് ഏതു് രാജ്യത്തിന്റെയും ചുമതല. ശാസ്ത്രപുരോഗതിമൂലം ഒരു ഗ്രാമമെന്നോണം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ചൂഷണത്തിനു് വിധേയമാവാതെ പിടിച്ചുനിൽക്കാൻ ശത്രുചിത്രങ്ങൾ കാണിച്ചു് മനുഷ്യരെ വികാരഭരിതരാക്കി സ്വന്തചേരിയിൽ പിടിച്ചുനിർത്തുന്ന പഴയ തന്ത്രങ്ങൾ ഫലപ്രദമാവില്ല. സഹകരണവും, സഹിഷ്ണുതയും വിദ്യാഭ്യാസവുമാണു് പരിഹാരം. ചൈനയേയും പാകിസ്ഥാനേയും സ്നേഹിക്കുന്നവരെയല്ല, ഭാരതത്തെ സ്നേഹിക്കുന്നവരെയാണു് ഇന്നു് രാജ്യത്തിനു് ആവശ്യം. നിയമത്തെ ദുരുപയോഗം ചെയ്യലും സ്വജനപക്ഷപാതവുമൊക്കെ ലോകത്തിൽ എന്നുമുണ്ടായിരുന്നു, എന്നാളും ഉണ്ടായിരിക്കുകയും ചെയ്യും. ഒറ്റയടിക്കു് അതിനു് പരിഹാരം കാണാൻ ആവില്ല. അതിനെതിരായി ചെയ്യാൻ കഴിയുന്നതു് ദുരുപയോഗം കുറയ്ക്കാൻ കഴിയുന്ന തരത്തിൽ നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുകയും, അതുവഴി നിയമം അനുസരിക്കുന്നവർ വിഡ്ഢികളാക്കപ്പെടുന്ന അവസ്ഥ ഇല്ലായ്മ ചെയ്യുകയുമാണു്. രാജ്യത്തിന്റെയും വ്യക്തിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പാക്കാനും കഴിയണമെങ്കിൽ മനുഷ്യർ ബോധവത്കരിക്കപ്പെടണം, അവർ മാനസികമായി വളരണം, മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വരണം. എന്നാൽത്തന്നെയും, അതുവഴി തിന്മയുടെ അളവു് കുറക്കാമെന്നല്ലാതെ, തിന്മയെ പൂർണ്ണമായും ലോകത്തിൽ നിന്നു് നിർമ്മാർജ്ജനം ചെയ്യുക മനുഷ്യനെന്നല്ല, “ദൈവത്തിനു്” പോലും കഴിയുകയില്ല. ദൈവത്തിനും ദൈവത്തിന്റെ നിയമങ്ങൾക്കും അതിനു് കഴിയുമായിരുന്നെങ്കിൽ രണ്ടായിരം വർഷത്തെ ക്രിസ്തുമതത്തിനു് ക്രിസ്ത്യൻ രാജ്യങ്ങളിലും, ഒന്നരസഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാമിനു് മുസ്ലീം രാജ്യങ്ങളിലുമെങ്കിലും അതു് പണ്ടേ കഴിയേണ്ടതായിരുന്നു. ഇവിടെയും “ദൈവത്തിന്റെ” സർവ്വശക്തി പരാജയപ്പെടുന്നു എന്നു് മാത്രമാണു് അതിനർത്ഥം.

മനുഷ്യനു് സ്വാർത്ഥത പാടുണ്ടോ എന്ന ചോദ്യം അർത്ഥശൂന്യമാണു്. കാരണം, പ്രകൃതിസഹജതയെ പൂർണ്ണമായി തുടച്ചുമാറ്റാനാവില്ല. മനുഷ്യരിൽ മാത്രമല്ല ഏതു് ജീവിയിലും സ്വാർത്ഥത ഒരു ജന്മവാസനയാണു്. ജന്മവാസനയെ മറച്ചുപിടിക്കാൻ മൃഗങ്ങൾക്കാവില്ല എന്നതു് മൃഗലോകത്തെ വീക്ഷിക്കുന്നവർക്കറിയാം. മാനസികവും സാംസ്കാരികവുമായ വളർച്ച മൂലം മനുഷ്യർ ചില നിയന്ത്രണങ്ങൾക്കു് നിർബന്ധിതരാവുന്നു. അതു് പലതരം പ്രശ്നങ്ങൾക്കും കാരണമാവുന്നുമുണ്ടു്. മഠങ്ങളിലും മറ്റും സംഭവിക്കുന്ന ചില വഴുതലുകൾ അതിനൊരു ചെറിയ ഉദാഹരണം മാത്രം. സമൂഹജീവിയായ മനുഷ്യനു് സമാധാനപരമായി ജീവിക്കാൻ നിയമങ്ങൾ വേണം. ആധുനികനഗരങ്ങളിൽ വാഹനഗതാഗതം നിയമങ്ങൾ വഴി നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം തന്നെ സാദ്ധ്യമാവില്ല. പക്ഷേ, ആ നിയമങ്ങൾ എല്ലാവർക്കും ബാധകമാണു്. അവ എല്ലാവരുടെയും പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണു്. മതമോ ജാതിയോ തിരിച്ചുള്ളതല്ല. (കേരളത്തിലെപ്പോലെ, ഉറക്കെ ഹോൺ അടിക്കുന്നവനല്ല റോഡിൽ മുൻഗണന!) ഓരോ സമൂഹവും അവർക്കനുയോജ്യമായ നിയമങ്ങളാണു് ഉണ്ടാക്കുന്നതു്. ജർമ്മൻ സമൂഹത്തിലെ നിയമങ്ങൾ യെമൻ സമൂഹത്തിനു് മനസ്സിലാവണമെന്നുപോലുമില്ല. ആയിരത്തഞ്ഞൂറു് വർഷം മുൻപത്തെ മെക്കയിലെയോ, രണ്ടായിരം വർഷം മുൻപത്തെ യേരുശലേമിലേയോ നിയമങ്ങൾകൊണ്ടു് ഇന്നു് അവിടങ്ങളിൽ പോലും വലിയ പ്രയോജനമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. പിന്നെ മറ്റു രാജ്യങ്ങളിലെ കാര്യം പറയണോ‌‌?

ഡാർവ്വിനിസത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയും ഇത്രയുമേ പറയാനുള്ളു: ആറുദിവസം കൊണ്ടു് സകല പ്രപഞ്ചവും മനുഷ്യരടക്കമുള്ള ജീവജാലങ്ങളും ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കും. പക്ഷേ, 1300 കോടി വർഷങ്ങളിൽ സംഭവിക്കാവുന്ന പരിണാമങ്ങളെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങളും ഡാർവ്വിനിസവും – രണ്ടും വിമർശനാത്മകമായി പഠിക്കുക – കഴിയുമെങ്കിൽ!

ഓരോ മനുഷ്യനും അവനവനു് തോന്നുന്നതു് ചെയ്യാമെന്നു് ആരെങ്കിലും പറഞ്ഞാലല്ലേ അതു് മനുഷ്യത്വമാണോ അല്ലയോ എന്ന ചോദ്യം ഉദിക്കുന്നുള്ളു? ഓരോരുത്തനും അവനവനു് തോന്നുന്നതു് ചെയ്യുന്നതു് മനുഷ്യത്വമല്ല, അനാർക്കിസമാണു്. അതു് ഞാൻ ചെയ്താലും, മുഹമ്മദ്‌ നബി ചെയ്താലും! ഒരുവൻ നിന്നോടു് ചെയ്യണമെന്നു് നീ ആഗ്രഹിക്കുന്നതു് അവനോടും ചെയ്യുന്നതാണു് മനുഷ്യത്വം. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണു് മനുഷ്യത്വം. എത്ര സൂക്ഷിച്ചു് നോക്കിയിട്ടും മനുഷ്യത്വത്തിൽ ഒരു ഏകദൈവത്വത്തിന്റെ സാന്നിദ്ധ്യമോ ആവശ്യമോ എനിക്കു് കാണാൻ കഴിയുന്നില്ല. മനുഷ്യത്വമാണു് ഒരുവന്റെ ലക്ഷ്യമെങ്കിൽ, അതിനു് ഒരു ദൈവം അവനു് ആവശ്യമെങ്കിൽ അതിലും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല.

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു് ജീവിക്കുന്നതും അവർ പരസ്പരം എങ്ങനെ പെരുമാറണമെന്നതും അവരുടെ സ്വാതന്ത്ര്യത്തിൽപെട്ട കാര്യമാണു്. മനുഷ്യർ അനേക രക്തച്ചൊരിച്ചിലുകളിലൂടെ “ദൈവം” അവരോധിച്ചവർ എന്നു് അവകാശപ്പെടുന്നവരും, അല്ലാത്ത തരത്തിൽ സമൂഹത്തിന്റെ തലപ്പത്തു് എത്തിപ്പെട്ടവരുമായ വല്യേട്ടന്മാരിൽ നിന്നും നേടിയെടുത്ത മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യമാണതു്. ഒരുമിച്ചുള്ള ജീവിതത്തിനു് വലിയ അർത്ഥമില്ല എന്നു് തോന്നുന്ന അവസരത്തിൽ, ഒരുമിച്ചു് കഴിഞ്ഞു് ജീവിതം നരകമാക്കുന്നതിൽ എത്രയോ ഭേദമാണു് അവർ തമ്മിൽ പിരിയുന്നതു്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ കാണാറുള്ളതുപോലെ പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും തമ്മിൽ പിരിയാൻ കഴിഞ്ഞാൽ അതു് ഒന്നുകൂടി നല്ലതു്. അതു് പക്ഷേ ബന്ധപ്പെട്ടവരുടെ മാനസികവളർച്ചയിൽ അധിഷ്ഠിതമായ കാര്യമാണു്.

ജീവനാംശത്തിന്റെ കാര്യവും ഓരോ സമൂഹത്തിന്റെയും ഘടന അനുസരിച്ചു് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമാണു്. ഒരു കാർഷികരാജ്യത്തിലെ ദാമ്പത്യബന്ധവും, പുരുഷനും സ്ത്രീയും ജോലിചെയ്തു് സ്വന്തമായ വരുമാനം ഉണ്ടാക്കുന്ന, രണ്ടുപേരും പൂർണ്ണ സ്വയംപര്യാപ്തത ആസ്വദിക്കുന്ന ഒരു വ്യവസായിക രാജ്യത്തിലെ ദാമ്പത്യബന്ധവും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവില്ല. മതപരമായ അർത്ഥത്തിലെ വിവാഹബന്ധം പോലും വിരളമായേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്നുള്ളു എന്നതു് മറ്റൊരു കാര്യം. അതെന്തായാലും ഖുർആനിൽ പറയുന്നപോലെ “മടക്കിയെടുക്കാൻ അനുമതിയുള്ള വിവാഹമോചനം രണ്ടുപ്രാവശ്യം മാത്രമാകുന്നു. മൂന്നാമതും അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിനുശേഷം അവളുമായി ബന്ധപ്പെടൽ അവനു് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതു് വരേക്കും. എന്നിട്ടു് അവൻ (പുതിയ ഭർത്താവു്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്കു്) തിരിച്ചു് പോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല.” (ഖുർആൻ 2: 229, 230) മുതലായ നിയമങ്ങൾക്കു് അക്കാലത്തെ അറബികളുടെ ഇടയിലെ നാട്ടുനടപ്പുകളുടെ വെളിച്ചത്തിൽ മാത്രമേ എന്തെങ്കിലും പ്രസക്തിയുള്ളു. ഒരു സമൂഹത്തിലെ നിയമങ്ങൾ ആ സമൂഹത്തിന്റെ സാംസ്കാരികനിലവാരമാണു് കാണിച്ചുതരുന്നതു്. അതുകൊണ്ടാണു് ഓരോ സമൂഹവും അവരുടെ മാനസികവളർച്ചയ്ക്കനുസരിച്ച നിയമങ്ങളുണ്ടാക്കുന്നതും അവ മറ്റു് സമൂഹങ്ങളിലേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും. മനുഷ്യരെ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും വളരാൻ അനുവദിച്ചാൽ അവരുടെ നിയമങ്ങളുടെ നിലവാരവും അതിനനുസരിച്ചു് വളരും.

ഖുർആനിലോ പുതിയനിയമത്തിലോ പറയുന്നപോലുള്ള ഒരു മരണാനന്തര ജീവിതം ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നില്ല. നരകത്തിലെത്തുന്ന പാപികളെ കൈകാര്യം ചെയ്യുന്ന ഭാഗം വായിച്ചിട്ടുണ്ടാവുമെന്നു് കരുതുന്നു: “തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ടു് കരിക്കുന്നതാണു്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്കു് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണു്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണതു് (!)” ഖുർആൻ 4: 56) പുതിയ പുതിയ തൊലികൾ മാറ്റിവച്ചുകൊടുത്തു് കരിക്കാൻ കാത്തിരിക്കുന്ന ദൈവം! അങ്ങേർക്കു് വേറെ ജോലിയൊന്നുമില്ലേ? ഇതു് കേട്ടു് ഇന്നത്തെ പ്രൈമറിസ്കൂളിലെ കുട്ടികൾ ചിരിക്കാതിരുന്നാൽ ഭാഗ്യം! ഈ പ്രപഞ്ചത്തിൽ ഉള്ളതൊന്നും നശിക്കുന്നില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അതു് പക്ഷേ, തികച്ചും ഭൗതികമായ അർത്ഥത്തിലാണു്, അല്ലാതെ ആത്മീയമോ മതപരമോ ആയ യാതൊരു അർത്ഥത്തിലും മനസ്സിലാക്കേണ്ട ഒരു “മരണാനന്തരജീവിതം” അല്ല. അതു് എന്റെ വ്യക്തിപരമായ വിശ്വാസം. അതിൽ മറ്റാർക്കും ഇടപെടേണ്ട കാര്യമില്ല.

അധികവും ബാലിശമായ അവസാനപാരഗ്രാഫിനെപ്പറ്റി ഇത്രയുമേ പറയാനുള്ളു: അഴിമതി അതു് രാഷ്ട്രീയക്കാരൻ ചെയ്താലും ഇമാം ചെയ്താലും, കർദ്ദിനാൾ ചെയ്താലും അഴിമതി തന്നെ. അതു് ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമം അനുസരിച്ചു് ശിക്ഷിക്കപ്പെടണം.

കമന്റിലെ പോയിന്റുകളിൽ ഇതിൽ കൂടുതലായ വിശദീകരണമൊന്നും തരാനില്ല. ഞാൻ ആദ്യം പറഞ്ഞപോലെ, പോസ്റ്റിൽ സൂചിപ്പിച്ച കാര്യങ്ങൾക്കു് ന്യായവും വ്യക്തവുമായ എതിർവാദമുഖങ്ങൾ ഉണ്ടെങ്കിൽ അതിനു് മറുപടി പറയാം.

 
18 Comments

Posted by on May 22, 2009 in ചര്‍ച്ച, മതം

 

Tags: ,

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

ഇ. എ. ജബ്ബാറിന്റെ ബ്ലോഗ്‌ ഞാൻ വായിക്കാറുള്ള ചുരുക്കം ബ്ലോഗുകളിൽ ഒന്നാണു്. ചില നിത്യഇന്നലെകളെ തിരുത്താൻ ആവില്ലെങ്കിലും ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം എന്നതാണു് ആ ബ്ലോഗിന്റെ പ്രസക്തി. അവിടത്തെ ചർച്ചകളിൽ ഞാൻ പൊതുവേ പങ്കെടുക്കാറില്ല. പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലുമുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം “നാൽക്കവലവാദപ്രതിവാദങ്ങളിൽ” തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ. ചോദിക്കാൻ വേണ്ടി മാത്രമായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്കു് മറുപടി പറയാൻ ശ്രമിച്ചാൽ പറഞ്ഞുപറഞ്ഞു് ഊർജ്ജം നഷ്ടപ്പെടുത്തി ക്ഷീണിക്കാമെന്നല്ലാതെ മറ്റെന്തു് പ്രയോജനം? ചോദ്യങ്ങൾ അപ്പോഴും അതിസാരം പോലെ ഒരു ദൈവികനിയന്ത്രണത്തിനും പിടികൊടുക്കാതെ നിരന്തരമായി അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. അതുപോലെതന്നെ, എന്തു് മറുപടി ലഭിക്കുമെന്നു് അറിയാമെങ്കിൽ എന്തിനു് വെറുതെ ചോദിച്ചു് സമയം കളയണം? എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.

ആർക്കും എന്തും എഴുതാവുന്ന ബ്ലോഗ്‌ ലോകത്തിൽ ഇപ്പോൾ ദൈവങ്ങളും അവതരിച്ചു് ആക്റ്റീവ്‌ ആവുന്നതു് എന്തായാലും നല്ല കാര്യമാണു്. പണ്ടൊക്കെ ദൈവത്തിന്റെ തനിരൂപം കാണണമെങ്കിൽ സ്വർഗ്ഗാരോഹണം ചെയ്യണമായിരുന്നു. അതു് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യവുമല്ല. “അവൻ ഉദ്ദേശിക്കുന്നവരോടു് അവൻ പ്രത്യേക കരുണ കാണിക്കുന്നു” എന്നാണല്ലോ മുഹമ്മദ്‌ നബിയും പറഞ്ഞതു്. – (ഖുർആൻ 3: 74) പക്ഷേ, ഇപ്പോൾ ദൈവത്തെ നേരിൽ കാണാൻ “കത്തോലിക്കാസഭയുടെ ജ്വരം മുഴുക്കുന്നു”, “ABCD-വക്രത” മുതലായ ആത്മീയബ്ലോഗുകളിൽ സത്യത്തിന്റെ ധൂപക്കുറ്റിയിൽ നിന്നും “ഖുമുഖുമാ” സ്വർഗ്ഗത്തിലേക്കുയരുന്ന കുന്തുരുക്കത്തിന്റെ പുകമറക്കിടയിലൂടെ സൂക്ഷിച്ചു് നോക്കിയാൽ മതി. “പണ്ടു് ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ദൈവം ബ്ലോഗിൽബ്ലോഗിൽ” എന്നാണല്ലോ പുതിയ പഴഞ്ചൊല്ല്! ദൈവികസ്നേഹം മനുഷ്യരിൽ എത്തിക്കുവാൻ ദൈവം തനിയെ വിചാരിച്ചാൽ അത്ര ശരിയാവില്ല എന്നതിനാൽ ദൈവത്തിന്റെ പ്രതിനിധിപ്പട്ടം കെട്ടിയ ചില ആത്മീയർ അവരുടെ വേദഗ്രന്ഥങ്ങളിലെ ആയിരക്കണക്കിനു് വാക്യങ്ങളിൽ നിന്നു് കേട്ടറിവുമൂലം തങ്ങൾക്കു് വേണ്ടപ്പെട്ടതെന്നു് മനസ്സിലാക്കിയിട്ടുള്ള മൂന്നേമുക്കാൽ വാക്യങ്ങൾ അവരുടെ ആത്മീയബ്ലോഗുകളിൽ ഛർദ്ദിച്ചുവയ്ക്കുന്നു. അങ്ങനെ അവർ പൊക്കിപ്പിടിക്കുന്ന വാക്യങ്ങൾ എഴുതിയിരിക്കുന്ന വേദഗ്രന്ഥത്തിലെ പേജിന്റെ മറുപുറത്തു് അതിന്റെ വിപരീതവും എഴുതി വച്ചിട്ടുണ്ടു് എന്നതാണു് മറ്റൊരു യാഥാർത്ഥ്യം. പക്ഷേ, അതറിയാൻ ആ ബ്ലോഗുകൾ മാത്രം വായിച്ചാൽ പോരാ, അവരുടെ വേദഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിക്കുകയും, വായിക്കുന്നതു് ഉൾക്കൊള്ളാൻ വേണ്ട ബുദ്ധിയും സ്വതന്ത്ര ചിന്താശേഷിയും വായിക്കുന്നവനു് ഉണ്ടായിരിക്കുകയും വേണം. ഒരു മതഗ്രന്ഥവും ഇതിനൊരു അപവാദമല്ല. ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി “സ്വന്തം” ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന “ദൃഷ്ടാന്തങ്ങൾ” വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ! “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്കു് പല ദൃഷ്ടാന്തങ്ങളുമുണ്ടു്.” (ഖുർആൻ 3: 190)

ഒരു വിശുദ്ധഗ്രന്ഥം എന്ന ഒരു മുൻവിധിയോടുകൂടിയല്ലാതെ വേദഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ളവരും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ മനുഷ്യബുദ്ധിയുടെ ശരാശരി അറിവു് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളവരുമായ ആർക്കും ഒരിക്കലും അവ ഒരു പ്രപഞ്ചസ്രഷ്ടാവിൽ നിന്നും ലഭിച്ചതാണെന്നോ, അല്ലെങ്കിൽ അതു് അതീന്ദ്രിയജ്ഞാനം എന്ന ദൈവികമോ അമാനുഷികമോ, വിശുദ്ധമോ ആയ ഏതോ സൂത്രം വഴി മനുഷ്യൻ ഒപ്പിച്ചതാണെന്നോ പറയാനാവില്ല. ദൈവത്തെ ഒരു പ്രപഞ്ചനിയന്ത്രകശക്തി ആയി അവരോധിക്കുന്ന ഏതൊരു വ്യക്തിയും താഴെപ്പറയുന്ന ചില വസ്തുതകൾ നിരുപാധികം അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണു്. കാരണം ആ അടിത്തറകളിലാണു് ഏതൊരു ദൈവവിശ്വാസവും സ്ഥാപിക്കപ്പെട്ടിരിക്കുന്നതുതന്നെ.

1. കുറ്റമോ കുറവോ, ബലഹീനതയോ, നെഗറ്റീവ്‌ ആയ മറ്റേതെങ്കിലും ഗുണങ്ങളോ സങ്കൽപിക്കാൻ പോലും കഴിയാത്ത രൂപത്തിൽ മഹത്വമുള്ളവനായി വർണ്ണിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ സൃഷ്ടികളിൽ – അവ വസ്തുക്കളായാലും, ജീവജാലങ്ങളായാലും, ലിഖിതങ്ങളായാലും – ഏതെങ്കിലും വിധത്തിലുള്ള ഒരു ന്യൂനത ഉണ്ടാവുക എന്നതു് ആ ദൈവത്തിന്റെ അന്യൂനതയെ സംശയാസ്പദമാക്കുകയാണു് ചെയ്യുന്നതു്. സർവ്വശക്തനായ, സർവ്വവ്യാപിയായ, സർവ്വജ്ഞാനിയായ, സർവ്വംപൊരുളായ, ആദിയും അന്തവും ഇല്ലാത്തവനായ, അവനിലുപരിയായി മറ്റെന്തെങ്കിലുമൊന്നു് ചിന്തിക്കാൻ പോലും കഴിയാത്തവിധം “അല്ലാഹു അക്ബർ” ആയ ഒരു ദൈവത്തിന്റെ “കൈ”-വേലയാണു് പ്രപഞ്ചവും അതിലെ സകലവും എന്ന മതങ്ങളുടെ വാദം ശരിയെങ്കിൽ പ്രപഞ്ചത്തിൽ കാണുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദി ആ ദൈവം തന്നെയല്ലാതെ മറ്റാരാണു്? എങ്കിൽ പിന്നെ മേൽപറഞ്ഞ ദൈവിക വിശേഷണങ്ങൾക്കു് എന്തർത്ഥം? മനഃപൂർവ്വം അംഗവൈകല്യമുള്ളവരോ മന്ദബുദ്ധികളോ ആയ മക്കളെ ജനിപ്പിക്കുന്നവനാണു് ഒരു പിതാവെങ്കിൽ അവൻ “ചങ്ങലയിലും തടിയിലും” ഇടേണ്ട ടൈപ്പല്ലേ?

2. “പ്രപഞ്ചനാഥൻ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം പ്രപഞ്ചം എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം. “നമ്മുടെ” പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല. ആകെ അറിയാവുന്ന ബാക്കി അഞ്ചു് ശതമാനം തന്നെ വിവിധ വിഭാഗങ്ങളിലായി പരന്നുകിടക്കുകയുമാണു്. ജിയോളജിയെപ്പറ്റി അറിയാവുന്നവനു് മെഡിസിനെപ്പറ്റി ഒന്നും അറിയണമെന്നില്ല. അറിയുന്നെങ്കിൽത്തന്നെ അതു് അപൂർണ്ണവുമായിരിക്കും. അസ്ട്രോണമിയെപ്പറ്റി അറിയുന്നവനു് കെമിസ്ട്രിയെപ്പറ്റി കാര്യമായി ഒന്നും അറിയണമെന്നില്ല. ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ അറിവുള്ള ചില അപൂർവ്വപ്രതിഭകൾ ഉണ്ടാവാമെങ്കിലും അവർക്കും എല്ലാ വിഷയങ്ങളിലും അറിവുണ്ടാവുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. പ്രപഞ്ചത്തെസംബന്ധിച്ചു് നമുക്കു് കാര്യമായ ഒരു “മാങ്ങാത്തൊലിയും” അറിയില്ല എന്നു് മനുഷ്യർ ശാസ്ത്രീയപഠനങ്ങളും അന്വേഷണങ്ങളും വഴി സ്വയം മനസ്സിലാക്കുകയായിരുന്നു, അല്ലാതെ ഏതെങ്കിലും ഗുഹയിൽ അല്ലാഹുവോ ഇബ്‌ലീസോ മറ്റേതെങ്കിലും അത്ഭുതജീവികളോ ആർക്കെങ്കിലും പകൽസ്വപ്നത്തിലോ രാത്രിസ്വപ്നത്തിലോ പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തുകയായിരുന്നില്ല.

എല്ലാം അറിയാമെന്നു് ഭാവിക്കുന്നതിൽ ലജ്ജിക്കാത്ത ഒരു വിഭാഗമേ ഉള്ളു – സർവ്വജ്ഞനായ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ തങ്ങളും സർവ്വജ്ഞരാണെന്നു് ഉറപ്പായും കരുതുന്ന വിശ്വാസിസമൂഹം! ദൈവവും സ്വർഗ്ഗനരകങ്ങളും മുതൽ ഭൂമിമലയാളവും പെൺവർഗ്ഗത്തിന്റെ ആർത്തവവും വരെയുള്ള ഏതു് “ശാസ്ത്രീയ” വിഷയങ്ങളിലും അവർ കയറി കൈവച്ചുകളയും! നബി തന്നെ മാതൃക കാണിച്ചിട്ടുമുണ്ടു്: “ആർത്തവത്തെപ്പറ്റി അവർ നിന്നോടു് ചോദിക്കുന്നു, പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്നു് അകന്നു് നിൽക്കേണ്ടതാണു്. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു് കഴിഞ്ഞാൽ അല്ലാഹു നിങ്ങളോടു് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്തു് ചെന്നുകൊള്ളുക.” – (ഖുർആൻ 2: 222) സ്ത്രീകളുടെ അടുത്തു് ചെല്ലാനായി അല്ലാഹു കൽപിച്ച “വിധം” എങ്ങനെ എന്നു് അറിയാത്ത അറബികൾക്കായി തൊട്ടുതാഴെ: “നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്കു് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണു്.” – (ഖുർആൻ 2: 223)

(ഈ കൽപന ലഭിച്ചശേഷം ചില അറബികൾ ആർത്തവം കഴിഞ്ഞു് ശുചിയായ ഭാര്യമാരെ തൂമ്പയും മൺവെട്ടിയും, നേഞ്ചലും നുകവുമായി മാത്രമേ സമീപിക്കാറുണ്ടായിരുന്നുള്ളൂ എന്നാണു് കേൾവി. തിരുവായ്ക്കു് എതിർവായില്ല.)

അതിലെല്ലാമുപരി, നമ്മുടെ പ്രപഞ്ചം എന്നതു് മറ്റൊരു വലിയ പ്രപഞ്ചത്തിനുള്ളിലെ പല കൊച്ചുകൊച്ചു “പ്രപഞ്ചകുമിളകളുടെ” ഇടയിലെ ഒരു ചെറിയ കുമിള മാത്രമാവാം. നമ്മുടെ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്ന ആ വലിയ പ്രപഞ്ചം അതിലും വലിയ മറ്റേതോ പ്രപഞ്ചത്തിനുള്ളിലെ ഒരു നുറുങ്ങാവാം. (അങ്ങനെ വലിയ പ്രപഞ്ചങ്ങളെ ഉൾക്കൊള്ളുന്ന എത്ര സൂപ്പർ പ്രപഞ്ചങ്ങളെ വേണമെങ്കിലും അനന്തമായി പുറകോട്ടു് ചിന്തിക്കാം.) നമ്മുടെ ഈ “ചെറിയ” പ്രപഞ്ചത്തിന്റെ തൊണ്ണൂറ്റഞ്ചു് ശതമാനത്തെപ്പറ്റിയും നമുക്കു് ഒരു “ചുക്കും” അറിയില്ലെന്നിരിക്കെ, ഈ പ്രപഞ്ചത്തെ ഒന്നിനുമീതെ ഒന്നു് എന്ന രീതിയിൽ ഉൾക്കൊള്ളുന്ന മറ്റെത്രയോ കോടി പ്രപഞ്ചങ്ങളുടെ സാദ്ധ്യത നമുക്കു് കണ്ണുമടച്ചു് തള്ളിക്കളയാനും ആവില്ല. parallel universes എന്ന മറ്റൊരു ശാസ്ത്രീയസങ്കൽപം വേറെയും! ഒരു ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ ആ ദൈവം അത്തരം പ്രപഞ്ചങ്ങളുടെ മുഴുവൻ “അധിപതി” ആയിരിക്കണം, വേണ്ടേ? അതുപോലുള്ള പ്രപഞ്ചങ്ങളുടെ എല്ലാം നാഥൻ ആയിരിക്കേണ്ട ഒരു ദൈവത്തെപ്പറ്റി അവനു് (ദൈവത്തിനു്) അനുകൂലമായോ പ്രതികൂലമായോ ഒരു വാക്കു് മിണ്ടാനുള്ള അർഹതയുണ്ടോ മനുഷ്യനു്? (പ്രത്യേകം ശ്രദ്ധിക്കുക: “അവനു്” എന്നാണു്, “അവൾക്കു്” എന്നോ “അതിനു്” എന്നോ അല്ല പ്രയോഗം. പരോക്ഷാർത്ഥം: ദൈവകഥാകാഥികന്റെ അഭിപ്രായത്തിൽ, ദൈവം ഒരു അവനാണു്, അഥവാ ഒരു പുരുഷനാണു്!)

അധിപതിയും, നാഥനും, നിയന്ത്രകനും, വലുതും, ചെറുതുമൊക്കെ മനുഷ്യൻ കണ്ടുപിടിച്ച വാക്കുകളാണു്. കാണലും, കേൾക്കലും, മണക്കലും, രുചിക്കലും, സൃഷ്ടിക്കലും, കൽപലകകളിൽ കൽപനകൾ കൊത്തലുമെല്ലാം കണ്ണും, ചെവിയും, മൂക്കും, നാക്കും, കൈകളും, ചിന്താശേഷിയുമുള്ള ജീവികളുടെ ലോകത്തിലെ കാര്യങ്ങളാണു്. തന്റെ ദൈവത്തെ അത്തരം പ്രപഞ്ചങ്ങളുടെ എല്ലാം ഭരണാധികാരി ആയോ, നിയന്ത്രകൻ ആയോ, സിംഹാസനത്തിൽ ഇരിക്കുന്നതോ കിടക്കുന്നതോ ശീർഷാസനം ചെയ്യുന്നതോ ആയോ സങ്കൽപിക്കുന്ന ഒരു ദൈവവിശ്വാസി പ്രപഞ്ചം എന്ന വാക്കുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു്? ഇത്തിരി വലിയ ഏതോ കോഴിക്കോടോ? അതോ അതിലും വലിയൊരു കോഴിക്കൂടു് തന്നെയോ? ദൈവം എന്ന വാക്കുകൊണ്ടു് എന്താണു് അവൻ ഉദ്ദേശിക്കുന്നതു്? ഒരു ലോക്കൽ പ്രഭുവോ? അതോ കിരീടവും ചെങ്കോലും ധരിച്ചു് ഭൂമിയും ഏഴു് സ്വർഗ്ഗങ്ങളും വാഴുന്ന ഒരു കിടിലൻ ചക്രവർത്തിയോ? “അവനാണു് നിങ്ങൾക്കു് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നതു്. പുറമെ ഏഴു് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ടു് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണു്.” (ഖുർആൻ 2: 29)

3. ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങൾ പരസ്പരവിരുദ്ധമാണെങ്കിൽ, അവ ഇന്നു് ലോകത്തിൽ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങൾക്കു് കടകവിരുദ്ധമാണെങ്കിൽ, അവ വർണ്ണിക്കുന്ന കഥകൾ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കിൽ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വർത്തമാന-ഭാവികാലങ്ങൾ അറിയേണ്ടവനായ ഒരു ദൈവം ആവാൻ കഴിയില്ലെന്നും, അങ്ങനെയെങ്കിൽ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാൻ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തിൽ ഒരു ദൈവത്തിന്റെ വാക്യങ്ങൾ ആയിരുന്നെങ്കിൽ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാൻ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിർവചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാൻ കഴിയാത്ത ഒന്നാണു്.

ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ ‘ഒന്നാം ദിവസം’ ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!) എന്ന ദൈവം “പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവുമായി” സൂര്യനേയും ചന്ദ്രനേയും അതോടൊപ്പം നക്ഷത്രങ്ങളേയും സൃഷ്ടിച്ചതു് നാലാം ദിവസം മാത്രം! വാനഗോളങ്ങളെപ്പറ്റി ഇന്നു് മനുഷ്യനു് അറിയാവുന്ന വസ്തുതകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല ഈ വർണ്ണനകൾ. ആദിമനുഷ്യനായി ദൈവം ആദാമിനെ സൃഷ്ടിക്കുകയായിരുന്നു എന്നതു് സംശയരഹിതമായ ഒരു നുണയാണെന്നതു് സത്യം സത്യമായി നുണ എന്ന എന്റെ കഴിഞ്ഞപോസ്റ്റിൽ ഞാൻ ബൈബിളിന്റെ തന്നെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിരുന്നു. വേദഗ്രന്ഥങ്ങളിലെ ഇതുപോലുള്ള എത്രയോ വർണ്ണനകൾ ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ തള്ളിക്കളയാനാവാത്ത നുണകളും കെട്ടുകഥകളുമാണെന്നു് അവയിലെതന്നെ വാക്യങ്ങൾ ഉപയോഗിച്ചു് തെളിയിക്കപ്പെടുമ്പോൾ അതു് കണ്ടില്ലെന്നു് നടിക്കുകയോ, ശ്രദ്ധ തിരിച്ചുവിടാനായി വിഷയത്തിൽ നിന്നും വ്യതിചലിക്കുകയോ അല്ല, ആ വസ്തുതകൾക്കു് യുക്തിക്കു് നിരക്കുന്ന വിശദീകരണങ്ങൾ നൽകുകയാണു് ആത്മാർത്ഥമായ ഒരു ചർച്ച ആഗ്രഹിക്കുന്ന, സ്വന്തം നിലപാടാണു് ശരി എന്നു് തെളിയിക്കാൻ ആഗ്രഹിക്കുന്ന ഏതു് വിശ്വാസിയും ചെയ്യേണ്ടതു്.

എഴുതാനോ വായിക്കാനോ അറിയാതെ, ജനനം മുതൽ ആരോ ചൊല്ലിപ്പഠിപ്പിച്ച പ്രാർത്ഥനകൾ ഉരുവിട്ടു്, ആവർത്തനം വഴി ശീലിപ്പിച്ച ചടങ്ങുകൾ നിരന്തരം നിറവേറ്റി മോക്ഷം നേടാൻ ശ്രമിക്കുന്ന അൽപപ്രാണികളോടല്ല ഞാനിതു് പറയുന്നതു്. അവരെ ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നതു് അവരെ സഹായിക്കലല്ല, ദ്രോഹിക്കലേ ആവൂ. ഒരുവനു് ചുമക്കാൻ കഴിയാത്ത ഭാരം അവന്റെ തലയിൽ വച്ചുകൊടുക്കരുതു്. അവരെ അവരുടെ വഴിയെ വിടുകയാണു് സാമാന്യമര്യാദയുടെ പേരിൽ വെളിവുള്ള ആരും ചെയ്യേണ്ടതു്. മുൻപേ പോകുന്ന പശു നാളെ എതിർദിശയിലേക്കു് തിരിഞ്ഞാൽ അതിനു് പുറകേ പോകാൻ മാത്രം കഴിയുന്നവരാണവർ. മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്നതരം “അൽപപ്രാണികൾ” ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്. ശാസ്ത്രത്തിനു് ഇന്നു് അറിയാവുന്നതും, അതിലൊക്കെ വളരെ കൂടുതലും, പ്രപഞ്ചസൃഷ്ടിക്കും മുൻപേ തന്റെ ദൈവത്തിനു് അറിയാമായിരുന്നു എന്നു് വീമ്പിളക്കുകയും, അതോടൊപ്പംതന്നെ അതുപോലൊരു ദൈവത്തിനു് ഈ ലോകത്തിലെ മനുഷ്യരുടെ ഇടയിൽ വിലയിടിയാതെ നിലനിൽക്കാൻ (ജീവിക്കാൻ) കഴിയണമെങ്കിൽ തങ്ങളുടെ സഹായം വേണമെന്നു് കരുതുകയും ചെയ്യുന്നതുവഴി, (അല്ലായിരുന്നെങ്കിൽ ആ ദൈവത്തിനുവേണ്ടി വാദിക്കാൻ അവർ ഒരുങ്ങിപ്പുറപ്പെടുകയില്ലായിരുന്നല്ലോ!) തങ്ങൾ ആ ദൈവത്തേക്കാൾ വലിയ “ഉടയതമ്പുരാക്കന്മാരായി” ചമയുകയാണെന്നു് എന്തുകൊണ്ടോ മനസ്സിലാക്കാൻ കഴിയാത്ത “മതപണ്ഡിതന്മാർ” പ്രപഞ്ചനിയന്ത്രകനേപ്പറ്റിയോ ശാസ്ത്രത്തെപ്പറ്റിയോ അല്ല, മനുഷ്യബുദ്ധിക്കു് ഒരുവിധത്തിലും അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചനാഥൻ പറഞ്ഞുകൊടുത്തതെന്നു് ആരോ പറഞ്ഞുകേട്ട ഏതെങ്കിലും ഗ്രന്ഥത്തിന്റെ കൂട്ടുപിടിച്ചു്, മനുഷ്യരെ സദാചാരം പഠിപ്പിക്കാൻ തങ്ങൾ യോഗ്യർ എന്നു് സ്വപ്നം കാണുന്നതിലെ സ്വന്തം വിഡ്ഢിത്തത്തെപ്പറ്റിയാണു് സാവകാശം ചിന്തിക്കാൻ തുടങ്ങേണ്ടതു്.

മനുഷ്യർക്കു് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനും അവ കാലാനുസൃതമായി, മാറിമാറിവരുന്ന സാമൂഹികഘടനകൾക്കു് അനുസൃതമായി നവീകരിക്കാനുമുള്ള കഴിവു് മനുഷ്യനു് സ്വന്തമായുണ്ടു്. ഏതോ ഒറ്റപ്പെട്ട മനുഷ്യനു് മരുഭൂമിയിൽ മറ്റാരും കാണാതെ ഒളിച്ചു് പ്രത്യക്ഷപ്പെടുകയും, അപ്പോൾ തന്റെ വിശുദ്ധിക്കു് കളങ്കമേൽക്കാതിരിക്കാൻ “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽ നിന്നും ചെരിപ്പു് അഴിച്ചു് മാറ്റൂ” എന്നു് അവനോടു്  “കൽപിക്കുകയും” ചെയ്യുന്ന (ബൈബിൾ: പുറപ്പാടു് 3: 5) ഒരു വിചിത്രദൈവത്തിന്റെ സഹായം സമൂഹത്തിനു് അനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കാൻ ഇന്നത്തെ മനുഷ്യനു് തീർച്ചയായും ആവശ്യമില്ല.

ഏതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ വേദഗ്രന്ഥം ആരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര വിശുദ്ധമാണു്. തന്റെ വേദഗ്രന്ഥം പ്രപഞ്ചസ്രഷ്ടാവും നിയന്ത്രകനുമായ ഒരു ദൈവം നേരിട്ടു് വെളിപ്പെടുത്തിക്കൊടുത്തതോ, അല്ലെങ്കിൽ, മറ്റു് അമാനുഷികമോ ദിവ്യമോ ആയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതോ ആയ വിശുദ്ധവചനങ്ങളുടെ സമാഹാരമാണെന്നു് മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതിനാലാണു് അതുപോലൊരു വ്യക്തിയുമായി റീസണബിൾ ആയ, അഥവാ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ചർച്ച സാദ്ധ്യമാവാത്തതു്. പ്രപഞ്ചരഹസ്യങ്ങൾ (കഴിവതും) വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു് ആകെയുള്ള പണിയായുധമാണു് യുക്തിപരമായി ചിന്തിക്കാനുള്ള ശേഷി. യുക്തിചിന്ത എന്നാൽ നെഗറ്റീവ്‌ ആയ, അല്ലെങ്കിൽ കഴിയുന്നത്ര അകറ്റി നിർത്തേണ്ടതായ പിശാചിന്റെ സൂത്രമാണെന്നു് ധരിച്ചുവശായിരിക്കുന്നവരാണു് പൊതുവേ മതവിശ്വാസികൾ. ഈ മുൻവിധി മൂലം വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കങ്ങൾ യുക്തിപൂർവ്വമായ വിമർശനത്തിനു് വിധേയമാക്കപ്പെടുമ്പോൾ, സാമാന്യബുദ്ധിക്കുപോലും നിഷേധിക്കാനാവാത്തവിധം അവയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, ഒന്നുകിൽ അവ അംഗീകരിക്കുകയോ, അല്ലെങ്കിൽ അവയ്ക്കു് കൃത്യവും വ്യക്തവുമായ എതിർമറുപടികൾ നൽകുകയോ ചെയ്യുന്നതിനു് പകരം മലവെള്ളം പോലെ കുറെ വ്യാഖ്യാനങ്ങൾ പകർത്തിവച്ചു് ചർച്ചയെ കാടുകയറ്റാനോ അല്ലെങ്കിൽ വഴിതെറ്റിക്കാനോ അവർ ശ്രമിക്കുന്നു.

അത്തരമൊരു ദിവ്യത്വം വേദഗ്രന്ഥങ്ങൾക്കു് നൽകുന്നതു് അടിസ്ഥാനരഹിതമാണെന്നും, തന്മൂലം അർത്ഥശൂന്യമാണെന്നും (വേണമെങ്കിൽ) മനസ്സിലാക്കാൻ മുകളിൽ വിവരിച്ച കാര്യങ്ങൾ ധാരാളം മതി. എന്നിട്ടും അതു് വേണ്ടാത്തവർക്കു് തീർച്ചയായും അതു് തള്ളിക്കളയാം. പക്ഷേ, തന്റെ വേദഗ്രന്ഥം നിത്യസത്യമായി മറ്റുള്ളവരെല്ലാം അംഗീകരിക്കണം എന്നു് പിടിവാശി പിടിക്കുന്നവർ അതു് വായിക്കാനും സ്വന്തം അഭിപ്രായം രൂപീകരിക്കാനും മറ്റുള്ളവരെ അനുവദിക്കുകയും, അവരുടെ ന്യായമായ സംശയങ്ങളും വിമർശനങ്ങളും സഹിഷ്ണുതയോടെ കേൾക്കാൻ തയ്യാറാവുകയും വേണം. ഏതെങ്കിലും ഒരു ദൈവം ഞാൻ അനുസരിക്കേണ്ടതായ നിയമങ്ങളും കൽപനകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നു് എന്നേപ്പോലെതന്നെയുള്ള മറ്റൊരു മനുഷ്യൻ എന്നോടു് പറയുമ്പോൾ, എന്തിനു് ഞാൻ അതൊക്കെ അനുസരിക്കണമെന്നും, എന്നോടു് അതു് കൽപിക്കുന്ന ദൈവം ആരെന്നും, അതു് കൽപിക്കുവാനുള്ള അവന്റെ ലെജിറ്റിമേഷൻ എന്തെന്നും എനിക്കറിയണം. (ഞാൻ ചെയ്യാത്ത) എന്റെ പാപത്തിൽ നിന്നും എന്നെ മോചിപ്പിക്കാനായി മറ്റാരെങ്കിലും ക്രൂശിക്കപ്പെടുന്നതു് എനിക്കിഷ്ടമില്ല. “ജന്മപാപം” എന്ന വിശേഷണം നൽകി, മനുഷ്യൻ ജനിച്ചതുതന്നെ ഒരു പാപമാണെന്നു് പഠിപ്പിക്കുന്ന ഒരു വിഡ്ഢി എന്നെ പാപി എന്നു് വിളിക്കുന്നതും എനിക്കിഷ്ടമില്ല. അഥവാ ഞാൻ ഒരു പാപിയെങ്കിൽ അതിന്റെ ഫലം സ്വയം അനുഭവിക്കുന്നതാണു് എനിക്കിഷ്ടം. ഞാൻ അനുസരിക്കേണ്ടുന്ന നിയമങ്ങളുടെ നിർമ്മാണത്തിൽ തത്വത്തിലെങ്കിലും എനിക്കുകൂടി പങ്കെടുക്കാൻ അവകാശമുള്ള ഒരു നിയമസംഹിതക്കു് കീഴ്പെടുന്നതാണു്, കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത, ഏതോ എന്തോ ആയ ഒരു ദൈവം ആർക്കോ എവിടെയോ എപ്പോഴോ നൽകിയതെന്നു് പറയപ്പെടുന്നതും, ആ ദൈവത്തിന്റെ നീതിനിർവ്വഹണക്കാരായ പത്തു് താടിക്കാരന്മാർക്കു് പതിനഞ്ചു് വിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതും, ഇഷ്ടാനുസരണം വീണ്ടും വീണ്ടും വളച്ചൊടിക്കാൻ കഴിയുന്നതും, എന്റെ ദൃഷ്ടിയിൽ കാടത്തമെങ്കിലും എനിക്കു് ചോദ്യം ചെയ്യാൻ യാതൊരു അവകാശമില്ലാത്തതുമായ കുറെ അറുപഴഞ്ചൻ “നിയമസംഹിതകൾക്കു്” കീഴ്പെടുന്നതിനേക്കാൾ എനിക്കു് കൂടുതലിഷ്ടം.

 
124 Comments

Posted by on May 21, 2009 in മതം, ലേഖനം

 

Tags: , ,

സത്യം സത്യമായി നുണ

സത്യം എന്നതു് ഭയങ്കരമായ ഒരു കാര്യം തന്നെ! സത്യമില്ലാതെ ജീവിക്കുക എന്നതുതന്നെ മനുഷ്യനു് അസാദ്ധ്യമാണു്. മനുഷ്യവർഗ്ഗം സത്യം തേടുന്ന ജീവികളാണു്. അതിനു് അവർ പല മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ടു്. മതം, തത്വചിന്ത, ധ്യാനം, തപസ്സു് മുതലായവ കൂടാതെ മഷിനോട്ടം, കവടിനിരത്തൽ, തത്തയെക്കൊണ്ടു് സത്യച്ചീട്ടിൽ കൊത്തിക്കൽ, മുഖലക്ഷണം പരിശോധിക്കൽ, ഹസ്തരേഖാശാസ്ത്രം, ഗൗളിശാസ്ത്രം, തലയിൽ കാക്ക തൂറിയാൽ അതിനെ അപഗ്രഥിക്കൽ അങ്ങനെ പലതരം ശാസ്ത്ര-സാങ്കേതികത്വങ്ങൾ ഉപയോഗിച്ചു് അവർ സത്യത്തെ കണ്ടെത്തുന്നു. സത്യം കണ്ടെത്താൻ സഹായകം എന്നു് തോന്നുന്ന ഏതു് ചപ്പും ചവറും പൊക്കിനോക്കാൻ മനുഷ്യർ മടിക്കാറില്ല. അത്ര തീവ്രമാണു് അവന്റെ സത്യാഗ്രഹം. പൂച്ച ട്രാഫിക്‌ ലൈറ്റ്‌ ശ്രദ്ധിക്കാതെ റോഡ്‌ ക്രോസ്‌ ചെയ്താൽ, ആമ അട്ടഹസിച്ചാൽ, ആന പൊട്ടിച്ചിരിച്ചാൽ, ഉറുമ്പു് അപ്രതീക്ഷിതമായോ അസാധാരണമായോ വളി വിട്ടാൽ അതിലെല്ലാം ചില സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നു് മനുഷ്യനറിയാം. അതൊക്കെ കൃത്യമായി വീക്ഷിച്ചാൽ ഏമ്പക്കം മുതൽ അപകടമരണം വരെ മനുഷ്യർക്കു് സംഭവിക്കാനുള്ള സാദ്ധ്യതകളെ പ്രവചിക്കാൻ കഴിയുമെന്നും അവൻ മനസ്സിലാക്കിയിട്ടുണ്ടു്. അതൊക്കെ ശാസ്ത്രീയമായ കാര്യങ്ങൾ ആയതിനാൽ അതിനെപ്പറ്റി പഠിച്ച പണ്ഡിതർക്കേ കൃത്യമായ പ്രവചനം സാദ്ധ്യമാവൂ. ഉദാഹരണത്തിനു് ഉത്തരത്തിലോ ചോദ്യത്തിലോ ഇരുന്നു് ഒരു പല്ലി ഒരു പദ്യം ചൊല്ലിയാൽ അതു് വ്യാഖ്യാനിക്കണമെങ്കിൽ വീടിന്റെ ഏതു് മൂലയിലിരുന്നു് എപ്പോൾ എങ്ങനെ ചൊല്ലി എന്നെല്ലാം അറിഞ്ഞിരിക്കണം. പിടിവിട്ടു് താഴേക്കു് വീഴുന്നതിനിടയിലാണു് പല്ലി ഇത്തരം ശ്ലോകങ്ങൾ ചൊല്ലുന്നതെങ്കിൽ അതു് ‘ദാണ്ടെ കെടക്കണു മൈ(ഡിയ)രു്’ (പാലിഭാഷയുടെ ഒരു വകഭേദമായ പല്ലിഭാഷയെ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തിയതു്) എന്നാവാനാണു് മിക്കവാറും സാദ്ധ്യത. ഇതിൽ ബ്രാക്കറ്റിലെ രണ്ടക്ഷരങ്ങൾ (= ഡിയ) എഴുതുമ്പോഴല്ലാതെ പറയുമ്പോൾ പല്ലികൾ ഉപയോഗിക്കാറില്ല. ഈ സൂക്തം പക്ഷേ മനുഷ്യരേക്കാൾ വീഴുന്ന പല്ലിയെത്തന്നെയാണു് ബാധിക്കാറുള്ളതു്. അതു് അത്യാഹിതമോ അംഗഭംഗമോ ആയിക്കൂടെന്നുമില്ല.

പലകാര്യങ്ങളെപ്പറ്റിയും മനുഷ്യർ സംശയാലുക്കളാണെങ്കിലും ഒരു കാര്യത്തിൽ മനുഷ്യനു് യാതൊരു സംശയവുമില്ല – നിത്യമായ, ആത്യന്തികമായ ഒരു സത്യം ഉണ്ടെന്നതാണതു്. എന്നോ എവിടെയോ വച്ചു് ആരോ ഒരുത്തൻ ഈ പരമസത്യത്തിനു് ദൈവം എന്നൊരു പേരിട്ടതുമുതൽ മനുഷ്യർ ദൈവം എന്ന സത്യത്തെ തേടാൻ തുടങ്ങി. മനുഷ്യൻ ജീവിക്കുന്നതു് അപ്പം കൊണ്ടു് മാത്രമല്ലെങ്കിലും ഇടയ്ക്കിടെ അപ്പമോ കപ്പയോ കിട്ടിയില്ലെങ്കിൽ ആളു് വടിയാവുമെന്നതിനാൽ ആദ്യമാദ്യം സത്യംതേടലിനിടയിൽ തടി അനങ്ങി അദ്ധ്വാനിക്കാനും മനുഷ്യർ നിർബന്ധിതരായിരുന്നു. അങ്ങനെയിരിക്കെയാണു് തേടിയ വള്ളി കാലിൽ ചുറ്റിയപോലെ മനുഷ്യവർഗ്ഗം മുഴുവൻ അന്വേഷിച്ചും ആരാധിച്ചും കാത്തിരുന്നും മടുത്ത ദൈവം ആർക്കോ പ്രത്യക്ഷപെട്ടു എന്ന വാർത്ത കാട്ടുതീ പോലെ ലോകത്തിൽ പരന്നതു്.

കൂട്ടത്തിലെത്തിയാൽ കൂവാതിരിക്കാൻ കുറുക്കനു് കഴിയാത്തതുപോലെ അത്ഭുതം എന്നു് കേട്ടാൽ അന്തം വിടാതിരിക്കാൻ പൊതുവേ മനുഷ്യനു് കഴിയാറില്ല. അറിയുന്ന കാര്യങ്ങളോടോ ചെറിയ കാര്യങ്ങളോടോ മനുഷ്യനു് വലിയ താൽപര്യമോ ബഹുമാനമോ പണ്ടേതന്നെ ഒട്ടില്ലതാനും. അറിയാത്തതും ഇത്തിരി വലുതുമായ കാര്യങ്ങളേ അവനു് വേണ്ടൂ. മനുഷ്യരുടെ ഈ ബലഹീനത മുതലെടുത്തു് ദൈവം തനിക്കു് പ്രത്യക്ഷപെട്ടു എന്നു് തോന്നിയവനും അവന്റെ ശിങ്കിടികളും കൂടി മനുഷ്യരുടെ ഇടയിൽ തൊഴിൽ വിഭജനം എന്നൊരേർപ്പാടു് സ്ഥാപിച്ചെടുത്തു. വെളിപ്പെട്ട ദൈവം മനുഷ്യരെ അറിയിക്കാനായി തന്നെ പിടിച്ചേൽപിച്ചതു് എന്നു് പ്രഖ്യാപിക്കപ്പെട്ട കൽപനകളും നിയമങ്ങളും അവർക്കു് അങ്ങനെ ചില തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിയമപരമായ അധികാരം നേടിക്കൊടുത്തു, അഥവാ അതുവഴി അവർ അതിനുള്ള അവകാശം പിടിച്ചുവാങ്ങി. ചില പ്രദേശങ്ങളിൽ ഈ ദൈവികനിയമങ്ങൾ എഴുതിയ കൽപലകകളെ അതു് ദൈവത്തിൽ നിന്നും ഏറ്റെടുത്തവൻ തന്നെ കലികയറി എറിഞ്ഞു് പൊട്ടിച്ചപ്പോൾ രണ്ടാമതും കൊത്തിക്കൊടുക്കാൻ വരെ, തീക്ഷ്ണതയുള്ളവനെങ്കിലും അതോടൊപ്പം കരുണയുമുള്ളവനായ ഒരു ദൈവം തയ്യാറായതായാണു് റിപ്പോർട്ട്‌ (പുറപ്പാടു് 36:1).

അങ്ങനെ സ്ഥാപിക്കപ്പെട്ട പുതിയ തൊഴിൽവിഭജനപ്രകാരം ആത്മീയർ എന്ന പേരിൽ ദൈവപ്രതിനിധികളായി പട്ടംകെട്ടി സ്വയം അവരോധിച്ച പുരോഹിത-നിയമാധികാരികളുടെ ജോലി സത്യത്തെ എണ്ണതേച്ചു് കുളിപ്പിച്ചു് മിനുക്കി മുടിചീകി കൈവളയും കൊലുസുമിട്ടു് ഒരുക്കി തൊട്ടിലിൽ കിടത്തി ഇക്കിളിയിട്ടു് താരാട്ടുപാട്ടു് പാടുക എന്നതും, പേരിനു് ഒരാത്മാവു് ഉണ്ടെങ്കിലും പ്രായോഗികമായി “അനാത്മീയപ്പരിഷകൾ” ആയ ബാക്കിയുള്ള അലവലാതികളുടെ ജോലി മൂക്കത്തെ വിയർപ്പുമായി അദ്ധ്വാനിച്ചു് അപ്പവും വീഞ്ഞുമുണ്ടാക്കി സത്യത്തെ അഥവാ ദൈവത്തെ തേച്ചുകുളിപ്പിച്ചു് കളിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുക എന്നതുമാണെന്നു് രേഖാമൂലം നിശ്ചയിച്ചുറപ്പിക്കപ്പെട്ടു. ഈ തീരുമാനം അംഗീകരിക്കാൻ മടിച്ച മനുഷ്യരിൽ അതു് കൊല്ലും കൊലയും വഴി അടിച്ചേൽപിക്കപ്പെട്ടു. ദൈവത്തിനു് അതിനുള്ള അധികാരവുമുണ്ടല്ലോ! കാലക്രമേണ അദ്ധ്വാനിച്ചു് അപ്പമുണ്ടാക്കുന്നവർക്കു് അദ്ധ്വാനിക്കാതെ അപ്പം തിന്നുന്നവരെ ചോദ്യം ചെയ്യാനോ, അവരുടെ നീതിശാസ്ത്രങ്ങൾ വായിക്കാനോ പഠിക്കാനോ അവകാശമില്ലാതായി. “നീ അടുത്തു് ചെന്നു് നമ്മുടെ ദൈവം അരുളിച്ചെയ്യുന്നതു് ഒക്കെയും കേൾക്ക. എന്നിട്ടു് നിന്നോടു് അരുളിച്ചെയ്യുന്നതു് ഒക്കെയും ഞങ്ങളോടു് പറക; ഞങ്ങൾ കേട്ടു് അനുസരിച്ചുകൊള്ളാം” (ആവർത്തനം 5:27) എന്നു് അങ്ങോട്ടു് കേറിപ്പറയാൻ മാത്രം മണ്ടന്മാരായിരുന്നു അക്കാലത്തെ അജഗണമഖിലം എന്നാണു് കേൾവി. അങ്ങനെ, നക്ഷത്രനില തങ്ങൾക്കു് അനുകൂലമെന്നു് തിരിച്ചറിഞ്ഞ ഒരു ശുഭമുഹൂർത്തത്തിൽ അദ്ധ്വാനിക്കാതെ അപ്പം തിന്നു് അപ്പിയിടുന്നവർ സ്വർഗ്ഗത്തിന്റെ താക്കോൽ ഏറ്റെടുത്തു് മടിയിൽ തിരുകി. അതുമുതൽ അവർ മനുഷ്യരുടെ പ്രത്യുത്പാദനത്തിന്റെയും ജനനത്തിന്റെയും മരണത്തിന്റെയും ഭൂമിയുടെയും സ്വർഗ്ഗത്തിന്റേയും നരകത്തിന്റെയും കാവൽനായ്ക്കളായി ചാർജ്ജെടുത്തു് കുരയ്ക്കാൻ തുടങ്ങി. പിടിക്കാത്ത സിനിമയുടെ പണിയാത്ത തിയേറ്ററിലെ കന്നിപ്രദർശനത്തിനു് ടിക്കറ്റ്‌ വിൽക്കുന്നതുപോലെ അവർ മനുഷ്യരുടെ പാപങ്ങൾ മുൻകൂറായി ടിക്കറ്റ്‌ വിറ്റു് മോചിച്ചുകൊടുത്തു. പാപമോചനചീട്ടു് ലഭിച്ച വിശ്വാസികളായ ആടുകളും പോത്തുകളും ആടിയാടി പ്രാർത്ഥിക്കുന്ന കൊന്തനമസ്കാരത്തിനിടയിലും സ്വർഗ്ഗത്തിലെത്തുമ്പോൾ കാണാൻ പോകുന്ന പൂരവും പൂരാടവും പൂരുരുട്ടാതിയും രഹസ്യമായി സ്വപ്നം കണ്ടുകൊണ്ടിരുന്നതിനിടയിൽ ആടുമാടുകളുടെ ദൈവിക ഇടയന്മാർ (“cowboys of yahova”) തങ്ങൾക്കു് ഭൂമിയിൽ സ്വർഗ്ഗതുല്യമായ ബസിലിക്കകളും കൊട്ടാരസദൃശമായ വാസസ്ഥലങ്ങളും പണികഴിപ്പിച്ചുകൊണ്ടിരുന്നു.

കാര്യങ്ങൾ ഇത്രയുമെത്തിയപ്പോൾ തലയിൽ കുടിപാർപ്പുള്ളവരും മരിക്കാൻ ഭയമില്ലാതിരുന്നവരുമായ ചില മഹാപാപികൾ സത്യദൈവത്തിന്റെ കൽപനകളിൽ “സത്യത്തിൽ” എന്താണു് എഴുതിയിരിക്കുന്നതു് എന്നു് അറിയാൻ ശ്രമിച്ചു. അവരുടെ ശ്രമഫലമായി ചെമ്പു് തെളിഞ്ഞു, സനാതനസത്യങ്ങളിൽ നിന്നും പൂച്ചകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുചാടി. ദൈവിക മറുപടികളുടെ ശാശ്വതഭണ്ഡാരം എന്നു് വാഴ്ത്തപ്പെട്ടതു് ഉത്തരങ്ങളിലേറെ ചോദ്യങ്ങളും, അതിലേറെ വൈരുദ്ധ്യങ്ങളും നിറഞ്ഞ ജീർണ്ണതയുടെ കലവറയാണെന്നു് തിരിച്ചറിയപ്പെട്ടു. മേൽക്കോയ്മക്കു് മുന്നിൽ മുട്ടുമടക്കിയില്ലെങ്കിൽ അടിമമനസ്സിലെ ഭയം മൂലം കൂട്ടിയിടിക്കുന്ന മുട്ടുകളിലൂടെ മൂത്രമൊഴുകുന്നവർക്കൊഴികെ ബാക്കി മനുഷ്യർക്കു് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഏകദേശം പിടികിട്ടി.

വസ്തുതകൾ അന്യരുടെ കണ്ണടയിലൂടെയല്ലാതെ കാണാൻ ആഗ്രഹിക്കുന്നവൻ തന്റെ സ്വന്തം യുക്തിബോധത്തെയാണു് ആശ്രയിക്കുന്നതു്. തന്റെ നിലപാടു് എന്തുതന്നെ ആയിരുന്നാലും അതു് വ്യക്തമാക്കാൻ ശ്രമിക്കുന്ന ഒരുവൻ ആ നിലപാടിനു് ആധാരമായ ഗ്രന്ഥം ആദ്യാവസാനം വായിച്ചിരിക്കണം, വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അല്ലാത്തവനു് ആ വിഷയത്തെപ്പറ്റി ആധികാരികമായി പറയാൻ ന്യായമായ ഒരവകാശവുമില്ല. മതപരമോ അല്ലാത്തതോ ആയ ഒരു ഗ്രന്ഥത്തിൽ നിന്നും തനിക്കു് വേണ്ടതു് മാത്രം തിരഞ്ഞെടുക്കാനുള്ള അവകാശം തീർച്ചയായും ആർക്കുമുണ്ടു്. പക്ഷേ, മറ്റുള്ളവരുടെ മുന്നിൽ തന്റെ നിലപാടു് പൂർണ്ണമായും ശരിയെന്നു് സ്ഥാപിക്കുകയും, അതിലേക്കു് അവരെ ആകർഷിക്കുകയുമാണു് അവന്റെ ലക്ഷ്യമെങ്കിൽ തന്റെ ഗ്രന്ഥത്തിലെ തനിക്കു് പ്രതികൂലമായ വസ്തുതകളും അവൻ മനസ്സിലാക്കിയിരിക്കണം. അത്തരം വൈരുദ്ധ്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ, സൂചിപ്പിച്ച കാര്യത്തിനു് വ്യക്തമായ മറുപടി പറയാനുള്ള അവന്റെ ബാദ്ധ്യതയോടു് നീതിപുലർത്താൻ അതുവഴിയേ അവനു് കഴിയൂ. അതിനു് കഴിവില്ലാത്തവൻ അവന്റെ വിശ്വാസം വ്യക്തിപരമായ കാര്യമായി കരുതി വീട്ടിലിരുന്നു് ഇഷ്ടാനുസരണം പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ കുമ്പിടുകയോ കുരവയിടുകയോ ഒക്കെ ചെയ്യുന്നതാണു് സാമാന്യമര്യാദ. കഥയറിയാതെ ആട്ടം കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു്. കാണുന്നതു് മനസ്സിലാവുന്നുണ്ടോ ഇല്ലയോ എന്നതു് അവന്റെ സ്വന്തം പ്രശ്നവും. പക്ഷേ, കഥയറിയാത്തവൻ ആളുകളുടെ മുന്നിൽ കഥകളിക്കാൻ തുടങ്ങിയാൽ അതു് സമൂഹദ്രോഹമേ ആവൂ.

ദൈവത്തേയും മതത്തേയും ശാസ്ത്രവുമായി ബന്ധിപ്പിച്ചു് സ്വന്തവിശ്വാസം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു വിശ്വാസി അവന്റെ മതഗ്രന്ഥം വായിച്ചാൽ മാത്രം പോരാ, ശാസ്ത്രത്തിലും അവഗാഹം ഉള്ളവനായിരിക്കണം. മതഗ്രന്ഥത്തിലെ ഒരു വാക്കിനു് ഏതെങ്കിലുമൊരു ആധുനിക ശാസ്ത്രപദവുമായുള്ള സ്വരസാമ്യം ആ ശാസ്ത്രസത്യത്തെപ്പറ്റി ആയിരത്തഞ്ഞൂറോ രണ്ടായിരമോ വർഷങ്ങൾക്കു് മുൻപേതന്നെ അതു് ദൈവം വെളിപ്പെടുത്തിയിരുന്നു എന്നതിനു് തെളിവായി ചൂണ്ടിക്കാണിക്കുന്ന ഒരുവനു് അതിനനുസരിച്ചുള്ള ശാസ്ത്രജ്ഞാനമേ ഉണ്ടാവൂ എന്നതിനാൽ അതു് അങ്ങനെയല്ല എന്നു് അവനെ മനസ്സിലാക്കിക്കൊടുക്കാൻ എത്ര വലിയ ശാസ്ത്രജ്ഞനും ആവുകയുമില്ല. ഒരുവൻ എഴുതുന്ന ലേഖനത്തിൽ നിന്നും അവന്റെ ശാസ്ത്രജ്ഞാനത്തിന്റെ നിലവാരം ശാസ്ത്രവുമായി ബന്ധമുള്ളവർക്കു് എളുപ്പം മനസ്സിലാക്കാൻ കഴിയും. ശാസ്ത്രത്തിലെ ഒരു ബിരുദം ശാസ്ത്രജ്ഞാനത്തിന്റെ തെളിവു് ആവണമെന്നു് നിർബന്ധമൊന്നുമില്ല. സ്വന്തം മതഗ്രന്ഥം പോലും ഒരുവൻ വേണ്ടത്ര മനസ്സിലാക്കി വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നതും ആ ഗ്രന്ഥം ശ്രദ്ധാപൂർവ്വം വായിച്ചിട്ടുള്ളവർക്കു് ഒറ്റനോട്ടത്തിൽ പിടികിട്ടും. അത്തരമൊരുത്തന്റെ തെറ്റുകൾ തിരുത്താനോ അതിനായി അവനെ ഗണിതശാസ്ത്രത്തിലെയും ഫിസിക്സിലെയും തത്വങ്ങളോ അവന്റെതന്നെ മതഗ്രന്ഥത്തിലെ വാക്യങ്ങളോ ഒക്കെ പഠിപ്പിച്ചുകൊടുക്കാനോ ഉള്ള ചുമതല മറ്റാർക്കുമില്ല, ആരെങ്കിലും ഇനി അതിനു് ശ്രമിച്ചാലും അതൊട്ടു് സാധിക്കുകയുമില്ല. അവനു് സാമാന്യബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വന്തഗ്രന്ഥത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന, ഒരു ശാസ്ത്രത്തിന്റെയും സഹായം ആവശ്യമില്ലാതെ മനസ്സിലാക്കാൻ കഴിയുന്ന മണ്ടത്തരങ്ങൾ അവൻ ആദ്യമേ മനസ്സിലാക്കിയേനെ. എങ്കിൽ അവൻ അതിൽ ശാസ്ത്രരഹസ്യങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു എന്നു് ചിന്തിക്കാനോ, അതിനായി വിഫലമായി മുങ്ങിത്തപ്പാനോ, അതൊക്കെ പരസ്യമായി വിളിച്ചുകൂവി നാണംകെടാനോ തുനിയുമായിരുന്നില്ല. തികച്ചും ഭൗതികമായ കാര്യങ്ങളായാൽ പോലും അതറിയാത്തവനു് തനിക്കതറിയില്ലെന്നു് അറിയാൻ കഴിയില്ല. അവനെ അതു് അറിയിക്കാനും ആർക്കും കഴിയില്ല. ഒരുവന്റെ തലച്ചോറിൽ ഉള്ള കാര്യങ്ങൾ അറിയാനല്ലേ അവന്റെ തലച്ചോറിനു് കഴിയൂ? ആത്മീയതയുടെ മൺകലങ്ങൾ പൊതുവേ കമിഴ്‌ന്നേ ഇരിക്കൂ. അതുകൊണ്ടു് ആ അവസ്ഥയിൽ അതു് നിറക്കുക സാദ്ധ്യമല്ല.

തന്റെ വിശ്വാസത്തെപ്പറ്റി ഏതെങ്കിലും ഡോക്ടർ മർക്കോസോ, പ്രൊഫസർ ലൂക്കോസോ, ഡയറക്ടർ ഇദി അമീനോ പറഞ്ഞതു് ക്വോട്ട്‌ ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിൽ യാതൊരു കാര്യവുമില്ലതാനും. കാരണം, ഒരു വ്യക്തിയുടെ അഭിപ്രായം അവന്റെ സ്വന്തമാണു്, അതു് പ്രതിനിധീകരിക്കാൻ അവനു് സ്വാതന്ത്ര്യവുമുണ്ടു്. അവൻ അതു് പ്രതിനിധീകരിക്കുന്നതിനു് അവന്റേതായ കാരണങ്ങളും ന്യായീകരണങ്ങളും അവനുണ്ടാവും. പക്ഷേ, തന്റെ മതഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗമോ വാചകമോ വിമർശിക്കപ്പെടുമ്പോൾ അതിനെ സാമാന്യബോധത്തിനു് നിരക്കുന്ന വിധത്തിൽ നേരിടാനും ഖണ്ഡിക്കാനും അവനോ, അവനെ ക്വോട്ട്‌ ചെയ്യുന്നവനോ കഴിയുന്നുണ്ടോ എന്നതാണു് കാര്യം. തന്റെ വേദഗ്രന്ഥം എത്രമാത്രം ദൈവികവും കുറ്റമറ്റതുമാണെന്നാണോ ഒരുവൻ വാശിപിടിക്കുന്നതു്, അത്രമാത്രം വലുതാണു് അതിനെതിരായ ഏതു് വിമർശനവും അടിസ്ഥാനരഹിതമാണെന്നു് യുക്തിപൂർവ്വം തെളിയിക്കാനുള്ള അവന്റെ ബാദ്ധ്യത.

ദൈവവചനങ്ങൾ കുറ്റമില്ലാത്തവയും നിത്യസത്യങ്ങളുമാണെന്ന വിശ്വാസികളുടെ വാദം എത്രമാത്രം അബദ്ധജടിലമാണെന്നതിനു് ഞാൻ ബൈബിളിൽ നിന്നും ലളിതമായ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. (ഇതു് ബൈബിളിൽ മാത്രമല്ല, ഖുർആനിലും വായിക്കാവുന്നതാണു്. ആ രണ്ടു് ഗ്രന്ഥങ്ങളിലും ഇതുപോലുള്ള ഉദാഹരണങ്ങൾ വേറെയും ധാരാളമുണ്ടു്. ഖുർആൻ ബൈബിളിനെ നിഷേധിക്കുന്നില്ലെന്നു് മാത്രമല്ല, പലവട്ടം ശരിവക്കുകയും ചെയ്യുന്നുണ്ടു് എന്നും ഓർക്കുക. ഇവിടെ പക്ഷേ ഞാൻ ബൈബിളിലെ വിവരണമാണു് അടിസ്ഥാനമാക്കുന്നതു്.) ആദിയിലെ മനുഷ്യസൃഷ്ടിയാണു് വിഷയം. ദൈവമായ യഹോവ മണ്ണുകുഴച്ചു് മനുഷ്യരൂപം സൃഷ്ടിച്ചു് അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി ആദാം എന്ന ആദ്യമനുഷ്യനെ സൃഷ്ടിച്ചു. അതിനുശേഷം അവനു് ഒരു ഗാഢനിദ്രവരുത്തി അവന്റെ ഇടതുവശത്തെ ഒരു വാരിയെല്ല് ഊരിയെടുത്തു് ഹവ്വ എന്ന ആദ്യത്തെ സ്ത്രീയേയും സൃഷ്ടിച്ചു. ഇവരുടെ ആദ്യത്തെ രണ്ടു് മക്കളാണു് കർഷകനായ കയീനും, ആട്ടിടയനായ ഹാബേലും. ഇവർ യഹോവക്കു് ബലി അർപ്പിച്ചപ്പോൾ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളുടെ മേദസ്സിൽ നിന്നുള്ള ഹാബേലിന്റെ ബലിയിൽ യഹോവ സന്തുഷ്ടനാവുകയും, കയീന്റെ കാർഷികവിഭവങ്ങളിൽ നിന്നുള്ള ബലിയിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കയീൻ കുശുമ്പുമൂലം അനുജനെ വയലിലേക്കു് വിളിച്ചുകൊണ്ടുപോയി തല്ലിക്കൊന്നു. ഇത്രയും നമ്മളിൽ പലരും കേട്ടിട്ടുള്ള കഥയാണു്. ദൈവത്തിനു് നൽകുന്ന ബലികൾ ഊനമില്ലാത്തതായിരുന്നാൽ അതുകൊണ്ടുള്ള നേട്ടം തങ്ങൾക്കാണെന്നു് അറിയാവുന്നതിനാലാവാം ഇത്രയും ഭാഗം വീണ്ടും വീണ്ടും ആവർത്തിച്ചു് പഠിപ്പിച്ചു് മനുഷ്യരുടെ തലയിൽ പതിപ്പിക്കുവാൻ പൗരോഹിത്യം ലക്ഷ്യബോധത്തോടെ ഇക്കാലമത്രയും വിശ്രമമില്ലാതെ പരിശ്രമിച്ചതു്. പക്ഷേ, ബൈബിളിലെ ഈ ഭാഗം അൽപം കൂടി തുടർന്നു് വായിച്ചാലോ? അനുജനെ കൊന്ന കയീനെ യഹോവ “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു് എന്നോടു് നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു് ശാപഗ്രസ്തനായി പോകേണം. …” മുതലായ ചില പതിവു് വാചകമടികൾക്കുശേഷം ദേശത്തുനിന്നും പുറത്താക്കുന്നു. അപ്പോൾ “ആരെങ്കിലും എന്നെ കണ്ടാൽ എന്നെ കൊല്ലും” എന്നു് വിലപിക്കുന്ന കയീനെ ആരും കൊല്ലാതിരിക്കാൻ യഹോവ അവനു് ഒരു അടയാളം വക്കുകയും “ആരെങ്കിലും കയീനെ കൊന്നാൽ അവനു് ഏഴിരട്ടി പകരം കിട്ടും” എന്നു് അരുളിച്ചെയ്യുകയും ചെയ്യുന്നു.

ഈ ഭാഗം ഒന്നു് ശ്രദ്ധിക്കൂ. ആദിമനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും ആദ്യത്തെ രണ്ടുമക്കളിൽ ഒരുവനായ ഹാബേൽ കൊലചെയ്യപ്പെട്ട സ്ഥിതിക്കു്, ഹവ്വ മൂന്നാമത്തെ പുത്രനായ ശേത്തിനെയോ മറ്റു് ‘പുത്രന്മാരെയോ, പുത്രിമാരേയോ’ പ്രസവിക്കാൻ തുടങ്ങിയിരുന്നില്ല എന്ന സ്ഥിതിക്കു് കയീനെ ലോകത്തിൽ മറ്റാരു് കാണാൻ? മറ്റാരു് അവനെ കൊല്ലാൻ? യഹോവ അവനു് വച്ചുകൊടുത്ത “അടയാളം” മറ്റാരെ കാണിക്കാൻ? ശത്രുക്കളെപ്പറ്റിയുള്ള കയീന്റെ ഭയത്തിനു് എന്തടിസ്ഥാനം? സഹോദരഘാതകനായ കയീനെ ആരെങ്കിലും കൊന്നാൽ കൊല്ലുന്നവനു് എന്തു് ന്യായീകരണത്തിന്റെ പേരിൽ യഹോവ ഏഴിരട്ടി പ്രതികാരം ചെയ്യുമെന്നു് കൽപിക്കുന്നു? എന്താണു് ഏഴിരട്ടി എന്നാൽ? യഹോവ അവനെ ഏഴുപ്രാവശ്യം കൊല്ലുമെന്നോ?

ഇത്രയുംകൊണ്ടു് തീർന്നില്ല, കഥാപ്രസംഗം പിന്നേയും മുന്നേറുന്നു: “അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു് പുറപ്പെട്ടു് ഏദനു് കിഴക്കു് നോദ്‌ ദേശത്തു് ചെന്നു് പാർത്തു. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു. അവൾ ഗർഭം ധരിച്ചു് ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്‌ എന്നു് തന്റെ മകന്റെ പേരിട്ടു.”

പൊട്ടന്മാരായ നമുക്കു് വീണ്ടും സംശയം. വീണ്ടും ചോദ്യങ്ങൾ. ആദാമും ഹവ്വായും ലോകത്തിലെ ആദ്യത്തെ ആണും പെണ്ണും. കയീൻ അവരുടെ തത്കാലം ജീവിച്ചിരിക്കുന്ന ഒരേയൊരു മകൻ. പിന്നെ കയീനു് കല്യാണം കഴിക്കാൻ പറ്റിയ ഒരു പെണ്ണു് നോദ്‌ ദേശത്തു് എവിടെനിന്നു് വന്നു? കല്യാണച്ചടങ്ങും ആർഭാടവുമൊക്കെ കാണാൻ മറ്റാരും ലോകത്തിലില്ലെങ്കിൽ കല്യാണവസ്ത്രങ്ങൾ തയ്ക്കേണ്ടതോ, സ്വർണ്ണക്കടക്കു് അതേപടി വീട്ടിലേക്കു് സ്ഥാനമാറ്റം കൊടുക്കേണ്ടതോ, കല്യാണസദ്യ ഒരുക്കേണ്ടതോ ആയ ആവശ്യമൊന്നും ഇല്ലെന്നു് വേണമെങ്കിൽ സമ്മതിക്കാം. പക്ഷേ മണവാട്ടിക്കു് അപ്പനും അമ്മയും വേണ്ടേ? അവൾ കുഞ്ഞായിരിക്കുമ്പോൾ മുലകൊടുത്തു് വളർത്തപ്പെടണ്ടേ? ഇനി, കേരളക്കരയിലെ പതിവുപോലെ അവൾക്കു് പുലിയോ കടുവയോ മുലകൊടുത്തു് വളർത്തുകയായിരുന്നോ? എന്നാലും ജനിപ്പിക്കാൻ മാതാപിതാക്കളില്ലാതെ!? മതങ്ങളിലെ പൊതുരീതിപോലെ അവൾ വല്ല അത്ഭുതഗർഭത്തിന്റേയും ഫലമാണെങ്കിൽ ചുരുങ്ങിയപക്ഷം ഒരമ്മയെങ്കിലും വേണ്ടേ? ഇതൊന്നുമല്ല, അവൾ വല്ല പാറയും പിളർന്നു് ഉണ്ടായതാണെങ്കിൽ “സത്യം തേടുന്ന ജീവികൾ” എന്ന നിലയിൽ മനുഷ്യരുടെ അന്വേഷണത്വര ശമിപ്പിക്കാനെങ്കിലും ബൈബിൾ രചയിതാവു് ആ വിവരം നമ്മോടൊന്നു് പറയേണ്ടതായിരുന്നില്ലേ? കുലീനരും വിശ്വാസികളും നാട്ടിൽ കൊള്ളാവുന്നവരുമായ ചേട്ടന്മാരും ചേട്ടത്തിമാരും ഇതൊക്കെ കേൾക്കുമ്പോൾ ചൂടാവുമെന്നറിയാം. കാരണം, അവർ അതിവിശുദ്ധമെന്നു് വാഴ്ത്തുന്ന വേദവാക്യങ്ങളാണല്ലോ ഇവിടെ പ്രതിക്കൂട്ടിൽ കയറ്റപ്പെടുന്നതു്! വിറകിനടിയിലെ മിന്നാമിനുങ്ങിനെ ഊതി ഊതിയാണു് തങ്ങൾ തീയുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു് മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ ഏതു് അഹംഭാവത്തിനാണു് സഹിക്കാൻ കഴിയുന്നതു്? പക്ഷേ, “സത്യ”ദൈവത്തിൽ വിശ്വസിക്കുന്നവർ ആ ദൈവത്തിന്റെ വചനങ്ങളിൽ സ്പഷ്ടമായ കറകൾ കാണുമ്പോൾ അതു് കറയാണെന്നു് തിരിച്ചറിയുകയല്ലേ “സത്യത്തിൽ” വേണ്ടതു്? പ്രത്യേകിച്ചും “സത്യത്തിനു് സാക്ഷി നിൽക്കേണ്ടതിനു് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നു് പീലാത്തോസിനോടു് മറുപടി പറഞ്ഞ യേശുവിന്റെ പിൻഗാമികളാണു് തങ്ങൾ എന്നു് അഭിമാനിക്കുന്നവർ!? (യോഹന്നാൻ 18:37)

യേശുവിന്റെ ഈ പ്രസ്താവനയെ “സത്യം എന്നാൽ എന്തു്” എന്ന മറുപടി കൊണ്ടു് പീലാത്തോസ്‌ നേരിടുന്നുണ്ടെങ്കിലും, അതുവഴി അവൻ എന്താണു് ഉദ്ദേശിച്ചതെന്നു് അവന്റെ അപ്പോഴത്തെ മുഖഭാവം കാണാതെ പറയുക അസാദ്ധ്യം. പീലാത്തോസിന്റെ ഈ വാചകം ഒരു ചോദ്യമായിരുന്നിരിക്കാം, യേശുവിന്റെ അഭിപ്രായത്തോടുള്ള ഒരു പരിഹാസമായിരുന്നിരിക്കാം, അല്ലെങ്കിൽ ഒരു പൊതുവായ പ്രസ്താവനയായിരുന്നിരിക്കാം. അതുവഴി അവൻ എന്താണു് അർത്ഥമാക്കിയതെന്നു് നിശ്ചയിക്കാൻ ഇന്നത്തെ മനുഷ്യർക്കു് ഒരു നിവൃത്തിയുമില്ല. മുഖത്തുനിന്നും നേരിട്ടു് കേട്ടാലല്ലാതെ, വായനകൊണ്ടു് മാത്രം മനസ്സിലാക്കാൻ കഴിയാത്തവയാണു് ചില പ്രസ്താവനകൾ എന്നതിനു് തെളിവായി ഇതിവിടെ സൂചിപ്പിച്ചു എന്നുമാത്രം. പല വേദവാക്യങ്ങളും അതു് നേരിട്ടു് കേട്ടവർ എന്ന രീതിയിലാണു് വിശ്വാസികൾ വ്യാഖ്യാനിച്ചു് കാണുന്നതു്. എല്ലാറ്റിലുമുപരി, പണ്ടു് ആരോ പറഞ്ഞതായി എഴുതപ്പെട്ട ഒരു വാചകം അതിന്റെ ശരിയായതും പൂർണ്ണമായതുമായ അർത്ഥത്തിൽ മനസ്സിലാക്കാൻ അതു് പറഞ്ഞപ്പോഴത്തെ മുഖഭാവം മാത്രമല്ല, അതു് പറഞ്ഞവന്റെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരവും, വ്യക്തിപരവുമായ എത്രയോ ഘടകങ്ങളും അതു് പറഞ്ഞ സാഹചര്യവും പശ്ചാത്തലവും എല്ലാം അറിഞ്ഞിരുന്നാലേ കഴിയൂ.

ബൈബിളിൽ വർണ്ണിക്കുന്ന കയീന്റെ ഈ കഥയിൽ നിന്നും ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് മനുഷ്യർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിൽ എന്തെങ്കിലും സംശയമോ രണ്ടഭിപ്രായമോ ഉണ്ടാവാൻ കഴിയുമോ? അതുപോലെ, കയീനും ഭാര്യയും കൂടി ഹാനോക്‌ എന്നൊരു പട്ടണം പണിയാൻ മാത്രം മക്കളെ ജനിപ്പിച്ചു എന്നു് വിശ്വസിക്കണമെങ്കിൽ നമ്മൾ എത്രമാത്രം വിഡ്ഢികളായിരിക്കണം? മീൻ മുട്ടയിടുന്നതുപോലെ മുട്ടയിട്ടു് മക്കളെ വിരിയിക്കുന്നവരാണോ മനുഷ്യസ്ത്രീകൾ? എന്നാൽപ്പോലും കയീന്റെ ഒറ്റത്തലമുറയിൽ അവന്റെ ഭാര്യ ഒരു പട്ടണം നിറയാൻ മാത്രം കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നൊക്കെ പറഞ്ഞാൽ? അതുപോലെതന്നെ, ആദാം ഹവ്വാ എന്ന രണ്ടു് ആദിമനുഷ്യരിൽ നിന്നും അഗമ്യഗമനം വഴിയല്ലാതെ, അഥവാ, ദൈവംതന്നെ നിരോധിച്ച സഹോദരീസഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം വഴിയല്ലാതെ ലോകത്തിൽ മനുഷ്യർ ജനിക്കുമോ? പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു് ബൈബിളിലെ പിതാക്കന്മാരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ B.C. 3761-ൽ, അഥവാ ഇന്നേക്കു് 5770 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നു് ഇന്നും ചില യഹോവാവിശ്വാസികൾ കടുംപിടുത്തം പിടിക്കുന്നുണ്ടെന്നും കൂടി ഇതിനോടു് കൂട്ടിവായിക്കുക!

ഇതൊന്നും പോരാത്തതിനു്, കഴിഞ്ഞ നൂറ്റാണ്ടിലെ “ശുദ്ധീകരണ” വിദഗ്ദ്ധരായിരുന്ന ഹിറ്റ്‌ലറേയും സ്റ്റാലിനേയും ലജ്ജിപ്പിക്കുന്ന രീതിയിൽ നോഹയുടെ കാലത്തു് യഹോവ ഒരു മഹാപ്രളയം വഴി നോഹയും ഭാര്യയും അവരുടെ മൂന്നു് ആണ്മക്കളും അവരുടെ ഭാര്യമാരുമടക്കം ആകെ എട്ടു് മനുഷ്യരൊഴികെ ബാക്കിയെല്ലാ മനുഷ്യരെയും കിഴവനാവട്ടെ, കൈക്കുഞ്ഞാവട്ടെ, ആണാവട്ടെ പെണ്ണാവട്ടെ എല്ലാറ്റിനേയും പാപികൾ എന്നു് ഒറ്റയടിക്കു് മുദ്രകുത്തി മുക്കിക്കൊല്ലുന്നു! അതുവഴി വീണ്ടും ആരംഭിക്കുന്നു നിലത്തെഴുത്തുമുതൽ വീണ്ടും അതേ നിഷിദ്ധഗമനത്തിന്റെ നീരാളിപ്പിടുത്തം! എന്തും സാദ്ധ്യമാവേണ്ടവനായ ദൈവം പാപികളായ മനുഷ്യരെ ‘ഇടുകുടുക്കേ ചോറും കറിയും’ എന്നു് പറയുന്ന രീതിയിൽ പാപമോചിതരാക്കിയിരുന്നെങ്കിൽ അവർ നിഷിദ്ധഗമനം ചെയ്യേണ്ടിവരുമായിരുന്നോ? മനുഷ്യരായി നോഹയേയും കുടുംബത്തേയും മാത്രം പെട്ടകത്തിൽ കയറ്റി പ്രളയത്തിൽ നിന്നും രക്ഷപെടുത്താൻ ദൈവം തീരുമാനിച്ചതുതന്നെ അവർ മാത്രമായിരുന്നു ആകെ ലോകത്തിൽ പാപം ചെയ്യാത്ത പരിശുദ്ധരായി അവശേഷിച്ചവർ എന്നതിനാലായിരുന്നു എന്നതാണു് അതിലൊക്കെ രസം! പരിശുദ്ധരായിരുന്ന ആ മനുഷ്യരെ അഗമ്യഗമനമല്ലാതെ മറ്റു് പോംവഴി ഒന്നുമില്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ച ദൈവത്തോളം പാപികളായിരുന്നോ പ്രളയത്തിൽ മുങ്ങിച്ചാവേണ്ടിവന്ന മുലകുടിമാറാത്ത കുഞ്ഞുങ്ങൾ? ഈ കെട്ടുകഥകളിൽ ഏതെങ്കിലും വിധത്തിലുള്ള ദൈവത്തിന്റെ പങ്കാളിത്തം പോയിട്ടു് യാഥാർത്ഥ്യത്തിന്റെ ഒരു നേരിയ കണികപോലും ഉണ്ടാവില്ല എന്നു് മനസ്സിലാക്കാൻ സാമാന്യബോധമുള്ള ഒരു മനുഷ്യനു് രണ്ടാമതൊന്നു് ആലോചിക്കേണ്ടതുണ്ടോ? വേദഗ്രന്ഥം എന്നു് പേരിട്ടാൽ എന്തു് വിഡ്ഢിത്തവും വാങ്ങി തൊണ്ടതൊടാതെ മനുഷ്യർ വിഴുങ്ങിക്കൊള്ളണമെന്നാണോ?

ബൈബിളിലെ ആദ്യപുസ്തകമായ ഉൽപത്തിയിലെ ആദ്യത്തെ ഒൻപതു് അദ്ധ്യായങ്ങളിൽ ഈ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം. അതുകൊണ്ടു് ഇവ മാത്രമാണു് ആ അദ്ധ്യായങ്ങളിൽ വായിക്കാൻ കഴിയുന്ന വൈരുദ്ധ്യങ്ങൾ എന്നു് കരുതണ്ട. ശ്രദ്ധിച്ചു് വായിച്ചാൽ മറ്റു് പല പൊരുത്തക്കേടുകളും കണ്ടെത്താം.

മതഗ്രന്ഥങ്ങളിൽ ശാസ്ത്രീയത തേടുന്ന വിശ്വാസിസുഹൃത്തുക്കൾ കഴിയുമെങ്കിൽ ആദ്യം ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അത്തരം പൊരുത്തക്കേടുകൾക്കു് ന്യായമായ എന്തെങ്കിലും വിശദീകരണം നൽകാൻ കഴിയുമോ എന്നു് ആലോചിക്കുക. അതിനു് യുക്തിക്കു് നിരക്കുന്ന, സാമാന്യബോധത്തിനു് സത്യമെന്നു് അംഗീകരിക്കാൻ കഴിയുന്ന വിശദീകരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അതു് സത്യമല്ലെന്നും, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥകളാണെന്നും, അതുകൊണ്ടുതന്നെ കെട്ടിച്ചമച്ച നുണകളാണെന്നും, അവ ഒരിക്കലും ദൈവികസത്യങ്ങൾ ആവാൻ കഴിയില്ലെന്നും അംഗീകരിക്കുക. മനുഷ്യന്റെ സാമാന്യബുദ്ധിക്കും ആത്മാർത്ഥതക്കും മനസ്സാക്ഷിക്കും പരിക്കേൽപിച്ചുകൊണ്ടല്ലാതെ ആദാമിന്റേയും ഹവ്വയുടെയും കയീന്റേയും നോഹയുടെയും കഥകളിൽ സത്യത്തിന്റെ ഒരു തരിപോലും ഉണ്ടെന്നു് സ്ഥാപിക്കാനാവില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ന്യായമായ സാദ്ധ്യത ഈ വൈരുദ്ധ്യത്തെ വൈരുദ്ധ്യമായി സമ്മതിക്കുക എന്നതു് മാത്രമാണു്. അതോടെ എന്നേക്കുമായി അവസാനിക്കുന്നതു്, സംശയരഹിതമായി തെറ്റെന്നു് തെളിയിക്കപ്പെടുന്നതു്, ഈ കഥകൾ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ ദൈവികതയും, ആത്യന്തികതയും, വൈരുദ്ധ്യമില്ലായ്മയും, പൂർണ്ണതയും, വിശുദ്ധിയുമൊക്കെ ആയിരിക്കും. ദൈവികസത്യങ്ങളിൽ ഒരു നുണ കണ്ടെത്തുക എന്നതു് ഒരു ലിറ്റർ പാലിൽ ഒരു തുള്ളി വിഷം ചേരുന്നതുപോലെയാണു്. അതു് മുഴുവൻ ദൈവികസത്യങ്ങളെയും സംശയാസ്പദവും തന്മൂലം ഉപയോഗശൂന്യവുമാക്കി മാറ്റുന്നു. അപ്പോൾ പിന്നെ ഒരു ലിറ്ററിൽ പകുതിയിൽ കൂടുതലും വിഷമാണെങ്കിലോ? ദൈവികസത്യങ്ങളിൽ പകുതിസത്യം എന്നൊന്നില്ല എന്നു് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും വിശ്വാസികളെങ്കിലും മനസ്സിലാക്കേണ്ടേ?

ചുരുക്കത്തിൽ, ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായിരുന്ന കയീൻ ഏദനു് കിഴക്കു് നോദ്‌ എന്ന ദേശത്തുചെന്നു് ഒരു സ്ത്രീയെ ഭാര്യയാക്കി അവളിൽ നിന്നും മക്കളെ ജനിപ്പിച്ചു എന്ന ബൈബിളിലെ വാക്യം സത്യമെങ്കിൽ, ആദാമിന്റെ കാലത്തു് ലോകത്തിൽ മറ്റു് ദേശങ്ങളും അവിടെ വിവാഹപ്രായമെത്തിയ സ്ത്രീകളും, കൊലക്കുറ്റം ശിക്ഷാർഹമാണെന്നു് അറിയാൻ മാത്രമെങ്കിലും സാംസ്കാരികമായി വളർച്ച പ്രാപിച്ചിരുന്ന മനുഷ്യരും ജീവിച്ചിരുന്നു എന്നതും ഒരു സത്യമായി നമ്മൾ അംഗീകരിക്കേണ്ടിവരും. അതൊരു സത്യമെങ്കിൽ അതിനർത്ഥം യഹോവ എന്ന ദൈവം സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യനാണു് ആദാം എന്ന ബൈബിളിലെ വർണ്ണന ഒരു നുണയാണെന്നു് മാത്രവും! എങ്കിൽ, ബൈബിൾ എന്ന വിശുദ്ധഗ്രന്ഥം ഒരിക്കലും സർവ്വജ്ഞാനിയായ ഒരു ദൈവം എഴുതിയതാവില്ല. അതു് ദൈവനാമത്തിൽ ഏതോ മനുഷ്യർ എഴുതിയൊപ്പിച്ചതു് മാത്രമേ ആവൂ. അതുകൊണ്ടു് മാത്രമാണു് ബൗദ്ധികമായി വളർന്ന ഇന്നത്തെ മനുഷ്യർക്കു് അതിൽ തെറ്റുകളും വൈരുദ്ധ്യങ്ങളും നുണകളും കാണാൻ കഴിയുന്നതു്. അതുകൊണ്ടു്, ആദ്യം ഇക്കാര്യത്തിൽ ഒരു സത്യസന്ധമായ തീരുമാനം എടുത്താൽ, അഥവാ നുണയെ നുണയെന്നു് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ, വേദഗ്രന്ഥവും അതിലെ കൂടുതൽ കൂടുതൽ നുണകളും സത്യമാണെന്നു് സ്ഥാപിക്കാനുള്ള ഭഗീരഥപ്രയത്നത്തിൽ നിന്നും എന്നേക്കുമായി മുക്തി നേടാം. നിരപരാധികളായി ചുമ്മാ ഇരിക്കുന്ന മനുഷ്യരുടെ പാവം കൂതികളിൽ ആത്മീയതയുടെ ചുണ്ണാമ്പു് തേച്ചു് പൊള്ളിക്കാതിരിക്കാനെങ്കിലും അതു് സഹായിച്ചാലോ?

വേദഗ്രന്ഥങ്ങളിൽ തെറ്റുകളും നുണകളുമുണ്ടെന്നു് തിരിച്ചറിഞ്ഞവർക്കു്, അതു് സമ്മതിക്കാൻ മടിയില്ലാത്തവർക്കു് വായിക്കാനും വേണമെങ്കിൽ ചിന്തിക്കാനും വേണ്ടി ഒരു വാക്യം ഖുർആനിൽ നിന്നും: “അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമികൾ ആരുണ്ടു്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.” (6:21)

 
23 Comments

Posted by on May 11, 2009 in മതം, ലേഖനം

 

Tags: , ,