RSS

Monthly Archives: Jan 2009

പ്രാര്‍ത്ഥനയുടെ വില

(By Friedrich Nietzsche – ഒരു സ്വതന്ത്ര പരിഭാഷ)

ആത്മാവിന്റെ ആരോഹണം അജ്ഞാതമായവരോ, അല്ലെങ്കില്‍ അതു് അവരുടെ ശ്രദ്ധയില്ലാതെ സംഭവിക്കുന്നവരോ, അതുമല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വന്തമായ ചിന്ത എന്നൊന്നു് ഇല്ലാത്തവരോ ആയവര്‍ക്കു് വേണ്ടിയാണു് പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. സമാധാനവും ഒരുതരം അന്തസ്സും ആവശ്യമായ വിശുദ്ധമന്ദിരങ്ങളിലും, ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പെട്ട ആളുകള്‍ എന്തു് ചെയ്യാന്‍? അതുകൊണ്ടു് അവര്‍ ഒരു ശല്യമാവാതിരിക്കാന്‍ വേണ്ടി ചെറുതും വലുതുമായ മതങ്ങളുടെ സ്ഥാപകന്മാര്‍ അവര്‍ക്കു് കൈകളും കാലുകളും (കണ്ണുകള്‍ പ്രത്യേകിച്ചും!) ഒരു നിര്‍ദ്ദിഷ്ടരീതിയില്‍ സ്ഥിരമായി “വിന്യസിച്ചു”കൊണ്ടുള്ളതും, ഓര്‍മ്മശക്തിയെ പങ്കെടുപ്പിച്ചുകൊണ്ടും ആയാസപ്പെടുത്തിക്കൊണ്ടുള്ളതുമായ ചുണ്ടുകളുടെ ഒരുതരം ദീര്‍ഘവും യാന്ത്രികവുമായ ജോലി – പ്രാര്‍ത്ഥന – എന്ന പ്രമാണസൂത്രം കല്‍പിച്ചുകൊടുത്തു!

അതിന്റെ ഫലമായി അവര്‍ ഒന്നുകില്‍ ടിബറ്റുകാരെപ്പോലെ “ഓം മണി പദ്മേ ഹൂം” എന്നു് എണ്ണമറ്റ പ്രാവശ്യം അയവിറക്കും, അല്ലെങ്കില്‍, ബനാറസിലേപ്പോലെ ദൈവത്തിന്റെ നാമമായ റാം-റാം-റാം മുതലായവ (ആകര്‍ഷകമായോ അല്ലാതെയോ) വിരലുകളില്‍ എണ്ണിത്തീര്‍ക്കും, അല്ലെങ്കില്‍, വിഷ്ണുവിന്റെ ആയിരമോ, അള്ളായുടെ തൊണ്ണൂറ്റൊന്‍പതോ വിളിപ്പേരുകള്‍ വിളിച്ചു് ബഹുമാനിക്കും, അതുമല്ലെങ്കില്‍ അവര്‍ പ്രാര്‍ത്ഥനാചക്രങ്ങളേയോ കൊന്തമാലയേയോ ഓപറേറ്റ്‌ ചെയ്യും. അതെന്തായാലും, ഈ ജോലിവഴി അവര്‍ കുറെനേരത്തേക്കെങ്കിലും “കെട്ടിയിടപ്പെടുകയും” ഒരുമാതിരി സഹിക്കാവുന്ന രൂപത്തിലുള്ള ഒരു കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുമെന്നതാണു് പ്രധാനമായ കാര്യം.

സ്വന്തചിന്തകള്‍ ഉള്ളവരും ആത്മാവിന്റെ ഔന്നത്യം സ്വാഭാവികമായിത്തന്നെ അറിയാവുന്നവരുമായ ഭക്തന്മാരുടെ പ്രയോജനത്തിനു് വേണ്ടിയാണു് ഇക്കൂട്ടത്തില്‍ പെട്ടവരുടെ തരം പ്രാര്‍ത്ഥന കണ്ടുപിടിക്കപ്പെട്ടതു്. “ശരിയായ” ഭക്തന്മാര്‍ക്കുപോലും അഭിവന്ദ്യതയുടെ ഒരു പരമ്പര പദങ്ങളും സ്വരങ്ങളും, ഭക്തിപൂരിതമായ യാന്ത്രികതയും ആനന്ദദായകമാവുന്ന ചില ക്ഷീണിതനിമിഷങ്ങളുണ്ടു്. സ്വയം സഹായിക്കാന്‍ കഴിയുന്ന ഭക്തരായ അപൂര്‍വ്വമനുഷ്യര്‍ ഉണ്ടെന്നു് സങ്കല്‍പിച്ചാലും – എല്ലാ മതങ്ങളിലും ധര്‍മ്മനിഷ്ഠനായ മനുഷ്യന്‍ ഒരു അപവാദമാണു് – ആത്മാവില്‍ ദരിദ്രതയുള്ള ആദ്യത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ സ്വയം സഹായിക്കാന്‍ അറിയാത്തവരാണു്. അവരുടെ “പ്രാര്‍ത്ഥനാചടപടശബ്ദം” നിരോധിക്കുക എന്നാല്‍, പ്രോട്ടസ്റ്റന്റുകാര്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ കാണിച്ചു് തരുന്നതുപോലെ, അവരില്‍ നിന്നും അവരുടെ മതം എടുത്തു് മാറ്റുക എന്നായിരിക്കും അര്‍ത്ഥം.

ഇതുപോലുള്ള മനുഷ്യരില്‍ നിന്നും മതം ആഗ്രഹിക്കുന്നതു് അവര്‍ കണ്ണുകള്‍ കൊണ്ടും, കൈകള്‍ കൊണ്ടും, കാലുകള്‍ കൊണ്ടും, ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ കൊണ്ടും ശാന്തത പാലിക്കുക എന്നതു് മാത്രമാണു് – അതുവഴി കുറെനേരത്തേക്കു് അവര്‍ നല്‍കുന്ന കാഴ്ചയില്‍ പുരോഗതി ഉണ്ടാവും, അവര്‍ മനുഷ്യസമാനരാവും!

 
26 Comments

Posted by on Jan 16, 2009 in ഫിലോസഫി

 

Tags: ,

ലോജിക്കിന്റെ ഉത്ഭവം

(by Friedrich Nietzsche – സ്വതന്ത്ര പരിഭാഷ)

മനുഷ്യമസ്തിഷ്കത്തില്‍ എങ്ങനെയാണു് യുക്തിബോധം രൂപം കൊണ്ടതു്? തീര്‍ച്ചയായും യുക്തിയില്ലായ്മയുടെ, ആദ്യകാലത്തു് ഭീമാകാരമായിരുന്നിരിക്കാനിടയുള്ള ലോകത്തില്‍ നിന്നേ ആവൂ. നമ്മള്‍ ഇന്നു് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എണ്ണമറ്റ അസ്തിത്വങ്ങള്‍ എന്നെന്നേക്കുമായി മണ്മറഞ്ഞു. എന്നിരുന്നാലും അവയുടെ വഴികള്‍ നേരായവ ആയിരുന്നിരിക്കണം. ഉദാഹരണത്തിനു്, ആഹാരത്തിന്റെ കാര്യത്തിലോ, വര്‍ഗ്ഗശത്രുക്കളുടെ കാര്യത്തിലോ “തുല്യമായതിനെ” എളുപ്പം വീണ്ടും വീണ്ടും  കണ്ടെത്താന്‍ കഴിയാതിരുന്നവനു്, അല്ലെങ്കില്‍ വളരെ സാവധാനം അന്തര്‍ഗണിച്ചിരുന്നവനു്, അഥവാ അന്തര്‍ഗണനത്തില്‍ (subsumption) വളരെ സൂക്ഷ്മാലു ആയിരുന്നവനു്, തുടര്‍ജീവിതത്തിനുള്ള സാദ്ധ്യത, സാമ്യതയുള്ളവയിലെല്ലാം ഉടനടി സമത്വം കണ്ടെത്തിയിരുന്നവനെ അപേക്ഷിച്ചു് അത്യന്തം വിരളമായിരുന്നു. അതായതു്, സമാനതയെ തുല്യതയായി പരിഗണിക്കാനുള്ള പ്രബലമായ പ്രവണതയാണു്, – സത്യത്തില്‍ അതൊരു യുക്തിഹീനമായ പ്രവണതയാണു്; കാരണം, “തുല്യമായവ” എന്നൊന്നു് യഥാര്‍ത്ഥത്തില്‍ ഇല്ല – എല്ലാ യുക്തിബോധത്തിന്റെയും അടിത്തറ പാകിയതു്. അതുപോലെതന്നെ, സാരാംശം (substance) എന്ന, യുക്തിബോധത്തിനു് ഒഴിവാക്കാനാവാത്ത ആശയത്തിന്റെ – അങ്ങനെയൊന്നിനു് കര്‍ശനമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമായി ഒരു സാദൃശ്യവും ഇല്ലെങ്കിലും! – രൂപമെടുക്കലിനു് ദീര്‍ഘകാലം വസ്തുക്കളിലെ പരിവര്‍ത്തനം എന്ന പ്രതിഭാസം കാണപ്പെടാതെയോ, അനുഭവപ്പെടാതെയോ പോയിട്ടുണ്ടാവണം. കൃത്യമായി കാര്യങ്ങള്‍ കാണാന്‍ കഴിയാതിരുന്ന അസ്തിത്വങ്ങള്‍ക്കു് എല്ലാം “ഒഴുകുന്നതായി” (ചലനാത്മകമായി) കാണാന്‍ കഴിഞ്ഞവയെ അപേക്ഷിച്ചു് നേട്ടങ്ങള്‍ കൈവരിക്കാനായി.

അടിസ്ഥാനപരമായി, തീരുമാനമെടുക്കുന്നതിലെ ഏതുതരം കൂടിയ ശ്രദ്ധയും, സന്ദേഹത്തിന്റെ ഏതുതരം പ്രവണതയും ജീവിതത്തിനു് അങ്ങേയറ്റം അപകടകരമാണു്. അതിന്റെ നേരെ വിപരീതമായ പ്രവണത, തീരുമാനം നീട്ടിവയ്ക്കുന്നതിനേക്കാള്‍ അതംഗീകരിക്കുന്നതും, കാത്തിരിക്കുന്നതിനേക്കാള്‍ തെറ്റുപറ്റുന്നതും, രചിക്കുന്നതും, നിഷേധിക്കുന്നതിനേക്കാള്‍ സമ്മതിക്കുന്നതും, നീതിപൂര്‍വ്വമാവുന്നതിനേക്കാള്‍ വിധിക്കുന്നതും കാലാന്തരങ്ങളിലൂടെ അതിശക്തമായി വളര്‍ത്തിയെടുക്കപ്പെടാതിരുന്നെങ്കില്‍, ജീവനുള്ളവയൊന്നും അതിജീവിക്കുമായിരുന്നില്ല. ഇന്നത്തെ മനുഷ്യരുടെ തലച്ചോറിനുള്ളിലെ യുക്തിപൂര്‍വ്വമായ ചിന്തകളുടെയും അനുമാനങ്ങളുടെയും ഗതി, ഒറ്റയൊറ്റയായി എടുത്താല്‍ അത്യന്തം യുക്തിഹീനവും, നീതിരഹിതവുമായ ആസക്തികളുടെ സമരങ്ങളും പ്രക്രിയകളുമാണു്. നമ്മള്‍ അറിയുന്നതു് സാധാരണഗതിയില്‍ ആ സമരത്തിന്റെ ഫലം മാത്രം – അത്ര വേഗത്തിലും അത്ര മറഞ്ഞുമാണു് അതിപുരാതനമായ ഈ മെക്കാനിസം ഇന്നു് നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു്.

വാല്‍ നക്ഷത്രം:

ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ എന്ന പേരിനു് പല ഉച്ചാരണങ്ങള്‍ നല്‍കി കാണുന്നതിനാല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ: ഇംഗ്ലീഷ്‌ ഭാഷയില്‍ നിന്നും വിപരീതമായി ജര്‍മ്മന്‍ ഭാഷ ഉച്ചരിക്കുന്നതു് എഴുതുന്നതുപോലെ തന്നെയാണു്. അക്ഷരങ്ങളുടെ ഉച്ചാരണത്തിലും വ്യത്യാസമുണ്ടു്. z എന്ന അക്ഷരം റ്റ്‌സ്‌, sch എന്നതു് ഷ്‌, e എന്നതു് എ, ch എന്നതു് ഹ്‌ (ചിലപ്പോള്‍ ‘ക്‌’ എന്നും!). ച, ജ മുതലായ അക്ഷരങ്ങള്‍ ഇല്ല. g = ഗ്‌, j = യ്‌, v = ഫ്‌. ei = ഐ, ie = ഈ. ഉദാഹരണത്തിനു്, നിഷ്കളങ്കമായ ഉച്ചാരണത്തില്‍, Rajan‍ = രയാന്‍, Varghese = ഫര്‍ഗ്‌ഹേസെ etc. ചൈനാക്കാര്‍ എന്ന ‘Chinesen’ കിനേസെന്‍, ഷിനേസെന്‍, ഹിനേസെന്‍ എന്നൊക്കെ ഉച്ചരിക്കപ്പെടും! ഹിമാലയ “ഹിമലായ” ആയി മാറും. ഇംഗ്ലീഷില്‍ ഫ്രീഡ്രിക്ക്‌ നീച്ച എന്നാണു് പ്രയോഗമെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷയായ ജര്‍മ്മനില്‍ അതു് ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ എന്നാണു്. ജര്‍മ്മനില്‍ ജര്‍മ്മന്‍ എന്നതു് ഡൊയ്റ്റ്ഷ്‌ (Deutsch) എന്നും. Goethe എന്നതു് ചില മലയാളപത്രങ്ങള്‍ വരെ “ഗൊയ്ഥെ” എന്നും മറ്റും എഴുതാറുണ്ടെങ്കിലും, ‘ഗ്വേറ്റെ’ എന്നതാണു് ജര്‍മ്മനില്‍ ശരി. ഉച്ചരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ t-ക്കും e-ക്കും ഇടയില്‍ ഒരു ഇളം ‘h’ (ഹ്‌) ഉണ്ടെന്നു് മനസ്സിലാവുകയും ചെയ്യും. അതുപോലെ കാര്‍ള്‍ മാര്‍ക്സിന്റെ പുസ്തകം ‘ദസ്‌ കപിറ്റാല്‍’ (das Kapital) ആണു്. Kapital എന്ന ജര്‍മ്മന്‍ വാക്കു് നപുംസകലിംഗമായതിനാല്‍ ചേര്‍ക്കേണ്ടുന്ന ഒരു ആര്‍ട്ടിക്കിളാണു് ദസ്‌. “ദാസ്‌ കാപിറ്റല്‍” അല്ല. ഇംഗ്ലീഷില്‍ the മാത്രമാണു് ആര്‍ട്ടിക്കിള്‍ എങ്കില്‍ ജര്‍മ്മനില്‍ അവ പുല്ലിംഗത്തിനും (der), സ്ത്രീലിംഗത്തിനും (die), നപുംസകത്തിനും (das) വേറെ വേറെയാണു്. ഇവയ്ക്കു് നാമം വിഭക്തിയോടു് ചേരുന്നതിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലവിധ രൂപമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യും! (ഉദാ. den, dem, des, dessen, deren…) ചില ജര്‍മ്മന്‍ വാക്കുകള്‍ അവയുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷിലേക്കുപോലും തര്‍ജ്ജമ ചെയ്യുക ദുഷ്കരമാണു്. മലയാളത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന സ്വിറ്റ്‌സര്‍ലന്റ്‌, ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളിലെ സംസാരഭാഷയില്‍ പലപ്പോഴും അവ ഒരേ ഭാഷയാണെന്നു് പോലും തോന്നാത്തത്ര വ്യത്യാസങ്ങള്‍ ഉണ്ടുതാനും. മലയാളം വിക്കിപ്പീഡിയയില്‍ ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെയെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചപ്പോള്‍ അതിലെ പല പ്രയോഗങ്ങളും വളരെ രസകരമായി തോന്നി. ഈച്ചയെ അറിയാവുന്നതുകൊണ്ടാവാം നീച്ച അരോചകമായി തോന്നിയതു്. കൊളോണിയല്‍ മുതലാളികള്‍ ആയിരുന്ന ഇംഗ്ലീഷുകാര്‍ അന്യഭാഷകളിലെ വാക്കുകള്‍ അവരുടെ നാക്കിനു് ചേരുമ്പടി വെട്ടി മുറിക്കുകയായിരുന്നല്ലോ! ഇംഗ്ലീഷിനോടൊപ്പം ജര്‍മ്മന്‍ ഉച്ചാരണങ്ങളും അറിയണമെന്നുള്ളവര്‍ക്കു് ഇതാ രണ്ട്‌ ലിങ്കുകള്‍: dict.cc, inogolo.com. Friedrich Nietzsche എന്ന പേരിന്റെ ഉച്ചാരണങ്ങള്‍ രണ്ടാമത്തെ ലിങ്കിലേ ലഭിക്കൂ.]

 
15 Comments

Posted by on Jan 11, 2009 in ഫിലോസഫി

 

Tags: ,