RSS

മനുഷ്യന്‍ – തന്നോടൊപ്പം തനിയെ

16 Sep
(നീറ്റ്‌സ്‌ഷെയുടെ ചില സൂക്തങ്ങള്‍ – ഒരു സ്വതന്ത്ര തര്‍ജ്ജമ)

ഒരു മനസ്സു് മറ്റൊരു മനസ്സിനെ എങ്ങനെ സമീപിക്കുന്നു എന്നതിലല്ല, എങ്ങനെ അതില്‍നിന്നും അകലുന്നു എന്നതിലാണു് ആ മനസ്സിനു് മറ്റേതിനോടുള്ള ബന്ധുത്വവും, സഹാനുഭാവവും ഞാന്‍ തിരിച്ചറിയുന്നതു്.

മുഴുവനായും തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ ഓരോരോ തെറ്റിദ്ധാരണകളെയും സമൂലം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതു് അസാദ്ധ്യമായിരിക്കും. സ്വന്തപ്രതിരോധത്തിനായി വ്യര്‍ത്ഥമായ പ്രയത്നം ചെലവുചെയ്യാതിരിക്കാന്‍ ഈ വസ്തുത നമ്മള്‍ അംഗീകരിക്കണം.

ഇതുവരെ ആരോടും വെളിപ്പെടുത്താതിരുന്ന കാര്യങ്ങള്‍ നമ്മള്‍ പലപ്പോഴും ആദ്യം അറിയിക്കുന്നതു് നമ്മുടെ പുതിയ പരിചയക്കാരെ ആയിരിക്കും. അതു് നമ്മുടെ വിശ്വസ്തതയുടെ തെളിവായും, അവരെ നമ്മോടു് ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞേക്കാവുന്ന ശക്തിയേറിയ ഒരു ചങ്ങലയായും വിഡ്ഢിത്തം മൂലം നമ്മള്‍ കരുതുന്നു. പക്ഷേ, ഈ വെളിപ്പെടുത്തല്‍ വഴിയുള്ള നമ്മുടെ ബലി അത്ര ശക്തിമത്തായ ഒന്നാണെന്നു് തോന്നാന്‍ മാത്രം നമ്മെപ്പറ്റി അവര്‍ക്കൊന്നും അറിയില്ലാത്തതിനാല്‍ അവര്‍ – അതൊരു വിശ്വാസവഞ്ചനയണെന്നു് അറിയാതെതന്നെ – അതു് മറ്റുള്ളവരോടു് പറയുന്നു. അതുവഴി, ചിലപ്പോള്‍ നമുക്കു് നമ്മുടെ പഴയ പരിചയക്കാരെ നഷ്ടമായേക്കാം.

ആരോടെങ്കിലും നന്ദി കടപ്പെട്ടിരിക്കുന്നതില്‍ ഒരു ശുദ്ധമനസ്സു് വേദനിക്കുന്നു; ആരില്‍ നിന്നെങ്കിലുമെങ്കില്‍ ഒരു പരുക്കന്‍ മനസ്സും.

ചിരി സീല്‍ക്കാരമാവുമ്പോള്‍ ചെറ്റത്തരം കൊണ്ടു് മനുഷ്യന്‍ സകല മൃഗങ്ങളെയും കടത്തിവെട്ടുന്നു.

സഹിക്കാന്‍ കഴിയാത്ത മനുഷ്യരെ സംശയിക്കാന്‍ നമ്മള്‍ വഴിതേടുന്നു.

മനുഷ്യസ്നേഹിയായ ജ്ഞാനി തന്റെ യഥാര്‍ത്ഥസ്വത്വത്തിന്റെ തണുപ്പും, സമചിത്തതയുംകൊണ്ടു് സമീപസ്ഥരെ വേദനിപ്പിക്കാതിരിക്കാനായി പലപ്പോഴും വികാരാധീനനായും, ക്ഷുബ്ധനായും, സന്തോഷവാനായും ഭാവിക്കാന്‍ നിര്‍ബന്ധിതനാവുന്നു.

നന്മക്കൊപ്പം വളരാന്‍ കഴിയാത്തപ്പോള്‍, നന്മയെ നമുക്കിഷ്ടമാവുന്നില്ല.

ഹീനമായതു് ചിന്തിക്കുന്നതില്‍ മനുഷ്യന്‍ ലജ്ജിക്കുന്നില്ല; പക്ഷേ, ഹീനമായതു് ചിന്തിക്കാന്‍ ശേഷിയുള്ളവനാണു് താന്‍ എന്നതില്‍ മറ്റുള്ളവര്‍ക്കു് സംശയമില്ല എന്നു് ചിന്തിക്കുന്നതില്‍ ഉണ്ടുതാനും.

ദുരഭിമാനികളും ദുരഹങ്കാരികളുമായ മനുഷ്യര്‍ക്കു് കുറെയെടുത്തു് ദാനം ചെയ്യാനുംമാത്രം സ്നേഹവും നന്മയും ലോകത്തിലില്ല.

ദൃഢവിശ്വാസങ്ങളാണു് സത്യത്തിന്റെ നുണകളേക്കാള്‍ കൂടുതല്‍ അപകടകാരികളായ ശത്രുക്കള്‍.

സഹസന്തോഷമാണു്, സഹസഹനമല്ല സുഹൃത്തിനെ സൃഷ്ടിക്കുന്നതു്.

മാരകമായ സത്യങ്ങള്‍ മൂലം ഇപ്പോള്‍ ആരും മരിക്കുന്നില്ല: അതിനെതിരായ ധാരാളം മറുവിഷങ്ങള്‍ ലഭ്യമാണു്.

സത്യം പറയുന്നതു് അപകടകരമാവുമ്പോഴല്ല, വിരസമാവുമ്പോഴാണു് സത്യത്തിന്റെ പ്രതിനിധികള്‍ വിരളമാവുന്നതു്.

ശത്രുവിനോടു് പൊരുതി ജീവിക്കുന്നവനു് ശത്രു ജീവിച്ചിരിക്കണം എന്നും ആഗ്രഹമുണ്ടു്.

യുവത്വം അരോചകമാണു്, കാരണം, ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ നിര്‍മ്മാണാത്മകമായതു് യുവത്വത്തില്‍ അസാദ്ധ്യമോ അയുക്തികമോ ആണു്.

കാഴ്ച കുറഞ്ഞവരുടെ കാഴ്ച കുറഞ്ഞുകുറഞ്ഞു് വരുന്നു; അതേസമയം, കേള്‍വി കുറഞ്ഞവര്‍ക്കു് ചിലതു് കൂടുതലായി കേള്‍ക്കേണ്ടിവരുന്നു.

ഉദ്ദിഷ്ടകാര്യം സാധിച്ചതിന്റെ ഉപകാരസ്മരണ നന്ദിപ്രകടനത്തിന്റെ ചരടുകൊണ്ടു് സ്വയം കഴുത്തില്‍ കുരുക്കിട്ടു് ചാവുന്നതുവരെ കൊണ്ടെത്തിക്കുന്ന അടിമകളായ ആത്മാക്കളുണ്ടു്.

അവരുടേതായ രീതിയില്‍ നല്ലവരാവാന്‍ വേണ്ടി ധാരാളം മനുഷ്യര്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്നു.

കുമ്പസാരിക്കുന്നവന്‍ തന്റെ പാപം മറക്കുന്നു. പക്ഷേ, കുമ്പസാരം കേട്ടവന്‍ പൊതുവേ അതു് മറക്കാറില്ല.

ഒരു തൊഴില്‍ ജീവിതത്തിന്റെ നട്ടെല്ലാണു്.

ജീവിതം അനായാസമാക്കാന്‍ പറ്റിയ കുറിപ്പടി – ഉദാഹരണത്തിനു് ക്രിസ്തുമതം – പിന്നീടു് പിടിച്ചേല്‍പ്പിക്കാന്‍ വേണ്ടിമാത്രം മനുഷ്യരുടെ ജീവിതം ക്ലേശകരമാക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുണ്ടു്.

കൂടുതല്‍ ചിന്തിക്കുന്നവനു് പാര്‍ട്ടിക്കാരനാവാനുള്ള യോഗ്യതയില്ല: അവന്‍ താമസിയാതെ പാര്‍ട്ടിയെയും തുളച്ചുകടന്നു് ചിന്തിക്കാന്‍ തുടങ്ങും.

ഒരേ നല്ല കാര്യംതന്നെ പലപ്രാവശ്യം ആദ്യപ്രാവശ്യം എന്നപോലെ ആസ്വദിക്കാനാവുമെന്നതാണു് കുറഞ്ഞ ഓര്‍മ്മശക്തിയുടെ നേട്ടം.

രക്തസാക്ഷിയുടെ അനുയായികളാണു് രക്തസാക്ഷിയേക്കാള്‍ കൂടുതല്‍ സഹിക്കുന്നതു്.

വണ്ടികയറി ചാവാനുള്ള ഏറ്റവും കൂടിയ സാദ്ധ്യത വണ്ടിക്കു് വഴിമാറിയ ഉടനെയാണു്.

 
22 Comments

Posted by on Sep 16, 2008 in ഫിലോസഫി

 

Tags: ,

22 responses to “മനുഷ്യന്‍ – തന്നോടൊപ്പം തനിയെ

  1. കാന്താരിക്കുട്ടി

    Sep 17, 2008 at 04:08

    പ്രവേശനം സാഹസികള്‍ക്ക് മാത്രം എന്നെഴുതി കണ്ടതു കൊണ്ട് ഓടി വന്നു നോക്കിയതാ..
    പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ പിന്നെ വരാം ട്ടോ..ഒരു വായന കൂടി വേണം ..എന്നാലേ പറയാന്‍ പറ്റൂ
    വന്ന സ്ഥിതിക്ക് പൊട്ടിക്കട്ടേ ഒരു തേങ്ങാ..

    {{{{{{{{{{{0}}}}}}}}}}

     
  2. കുഞ്ഞിപെണ്ണ് - Kunjipenne

    Sep 17, 2008 at 04:15

    ഈ ചിന്തകള്‍ പലപ്പോഴും സമൂഹത്തിന് മനസ്സിലാകുന്നതോ,മനസ്സിലായാല്‍ അംഗീകരക്കാന്‍ കഴിയുന്നതോ അല്ല. എന്‍റെ ആശംസകള്‍

     
  3. അനില്‍@ബ്ലോഗ്

    Sep 17, 2008 at 04:26

    പ്രിയ സി.കെ.ബാബു.

    വളരെ ഇഷ്ടമായി. താങ്കളുറ്റെ ഭൌതിക ശാസ്ത്രവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍‍ വായിച്ചു കണ്ണുതള്ളാറുണ്ട്.ഇതങ്ങനെയല്ല,കുഞ്ഞിപ്പെണ്ണു പറഞ്ഞതിന്റെ കടകവിരുദ്ധമാണ് എനിക്കു തോന്നിയതു. സി.രാധാകൃഷ്നണന്റ്റെ ഗീതാ പ്രഭാഷണത്തേക്കാള്‍ നമുക്കാവശ്യം ഇത്തരം ചിന്തകളാണ്.

    ആശംസകള്‍.

    വീണ്ടും വരാം.

     
  4. വേണു venu

    Sep 17, 2008 at 08:04

    ബാബു, ചിന്തിപ്പിക്കുന്നു ചിന്തകള്‍.
    ഗ്രൈറ്റ്….

     
  5. ഭൂമിപുത്രി

    Sep 17, 2008 at 09:09

    “ദൃഢവിശ്വാസങ്ങളാണു് സത്യത്തിന്റെ നുണകളേക്കാള്‍ കൂടുതല്‍ അപകടകാരികളായ ശത്രുക്കള്‍..”
    വാദിച്ച് വാദിച്ച ഒരു വഴിയാകുമ്പോൾ നമ്മുടെ ബൂലോകത്തിലെ കൂട്ടുകാർക്ക് ഓർക്കാവുന്ന വാചകം!

    പതിവ്തെറ്റിച്ച് ബാബു ഈത്തവണ ഹൃദയത്തോട് സംവദിച്ചതുകൊണ്ട്,വായിച്ച് അല്‍പ്പംകൂടി ബുദ്ധി നേടിയാൺ ഞാൻ പോകുന്നത്.നന്ദി!

     
  6. സി. കെ. ബാബു

    Sep 17, 2008 at 09:38

    കാന്താരിക്കുട്ടി,
    അവിശ്വാസിയുടെ പോസ്റ്റിലും തേങ്ങ പൊട്ടിച്ചോ? എന്നെ നന്നാക്കിയിട്ടേ അടങ്ങൂ അല്ലേ? ഏതായാലും ഇരിക്കട്ടെ. കരിമ്പനചക്കര കൂടി കിട്ടിയാല്‍ കുശാല്‍!‍ 🙂

    കുഞ്ഞിപെണ്ണ്,
    ആദ്യം പറഞ്ഞതു് ഭാഗികമായി ശരി. രണ്ടാമതു് പറഞ്ഞതു് അധികപങ്കും ശരി. മനസ്സിലായാലും അംഗീകരിക്കാന്‍ സമൂഹത്തിലെ ഭൂരിഭാഗത്തിനും താത്പര്യമില്ല എന്നായിരുന്നെങ്കില്‍ പൂര്‍ണ്ണമായും‍ ശരിയായിരുന്നേനെ! അതെന്തായാലും കുഞ്ഞിപെണ്ണിനെ വായനക്കാരിയായി കിട്ടിയതില്‍ എനിക്കു്‍ സന്തോഷമേയുള്ളു. 🙂

    അനില്‍@ബ്ലോഗ്,
    ബ്ലോഗില്‍ ആണവവും കരാറും അമേരിക്കയും ഇന്ത്യയുമൊക്കെ 1, 2, 3 എന്ന രീതിയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇത്തിരി ആണവശാസ്ത്രവും കൂട്ടത്തില്‍ ഇരിക്കട്ടെ എന്നുകരുതി.

    ഇവിടെ ഞാന്‍ നീറ്റ്‌സ്ഷെ ചിന്തകളുടെ ലളിതമായ ഒരംശം പാകത്തിനു് മുറിച്ചെടുക്കുകയായിരുന്നു. 🙂

    വേണു,
    ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുന്നതല്ലാത്ത ഈശ്വരനെവിടെ? ലോകമെവിടെ? 🙂

    ഭൂമിപുത്രി,
    ഭൂമിപുത്രിയെ ഒരുവഴിയ്ക്കാക്കിയിട്ടേ ഇനി എനിക്കു് വിശ്രമമുള്ളു! 🙂

     
  7. സൂരജ് :: suraj

    Sep 17, 2008 at 17:37

    ഭൂമി പുത്രി ക്വോട്ടിയ വാചകം ഐന്‍സ്റ്റൈന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് :

    “Unthinking respect for authority is the greatest enemy of truth.”

     
  8. സി. കെ. ബാബു

    Sep 17, 2008 at 18:48

    സൂരജ്,
    അതാണല്ലോ ഐന്‍സ്റ്റൈന്‍ ഒരു anti-authoritarian ആയിരുന്നതിന്റെ രഹസ്യം! ജര്‍മ്മന്‍ഭാഷയില്‍ എഴുതിയിരുന്ന നീറ്റ്സ്‌ഷെയുടെ ചിന്തകള്‍ അക്കാലത്തെ ബൌദ്ധികലോകത്തില്‍ പൊതുവെ എന്ന‌പോലെ ജര്‍മ്മനിയില്‍ ജനിച്ചു് വളര്‍ന്ന ഐന്‍സ്റ്റൈനിലും ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയിരിക്കാന്‍ വഴിയില്ല. അതുകൊണ്ടു് ഐന്‍സ്റ്റെന്റെ ഈ വാചകം നീറ്റ്സ്‌ഷെയുടെ ഒരു derivative ആണെന്നു് അതിനര്‍ത്ഥവുമില്ല. ‍ ‍

     
  9. കാവലാന്‍

    Sep 18, 2008 at 13:18

    “സഹിക്കാന്‍ കഴിയാത്ത മനുഷ്യരെ സംശയിക്കാന്‍ നമ്മള്‍ വഴിതേടുന്നു”

    ഇതിലെ ഓരോ വാചകങ്ങളും ചിന്തിപ്പിക്കുന്നതാണ് അഭിനന്ദനങ്ങള്‍.

    ഓടോ:

    ക്വാണ്ടം ഖഃണ്ടശഭോജനം ചെയ്യുകയാണു ഞാന്‍,സംഗതി ബഹു ജോര്‍ യാഥാര്‍ത്ഥ്യത്തിന്റെയും മുന്‍വിധിയുടെയും നടുക്ക് വലിച്ചു കെട്ടിയ ഒരു നാരിലൂടെ സഞ്ചരിക്കുന്നപോലെ തോന്നുന്നു, വിദൂരങ്ങളില്‍ ഉള്ള ക്വാണ്ടം ജോഡിയുടെ പരസ്പരസംവേദനം എന്നൊക്കെ വരുന്നിടത്തു പ്രത്യേകിച്ചും.

     
  10. Neeraj

    Sep 18, 2008 at 14:29

    എന്റെ ഒരു കാരണവര്‍ പറയുകയുണ്ടായി, മാര്‍ക്‌സിനേയും ന്യൂ മാര്‍ക്‌സിസത്തേയും മടുത്ത്‌ നീത്‌ഷേയിലേക്കാവും പുതുതലമുറ തലയെത്തി നോക്കുകയെന്ന്‌.
    (സത്യത്തിലതൊരു പഴമയിലേക്കുതന്നെ. പിറവിയെടുക്കുക ഒരു പക്ഷെ ഒരു ഖലീല്‍ജിബ്രാനും ഒട്ടനധികം ഹിറ്റ്‌ലര്‍മാരും ആയിരിക്കും)

    എന്തുകൊണ്ടിങ്ങിനെ സെക്കന്റ്‌്‌ഹാന്റ്‌ ആവുന്നു ?

     
  11. ഭൂമിപുത്രി

    Sep 18, 2008 at 14:45

    “സി.രാധാകൃഷ്നണന്റ്റെ ഗീതാ പ്രഭാഷണത്തേക്കാള്‍ നമുക്കാവശ്യം ഇത്തരം ചിന്തകളാണ്..”
    അദ്ദേഹം മാതൃഭുമിപത്രത്തിൽ തുടങ്ങിയ കോളം
    കണ്ടാണോ അനില് ഇത് പറഞ്ഞതു?
    എങ്കിൽ ഒരുചോദ്യം-അതു വായിച്ച് മനസ്സിലാക്കാൻ ശ്രമിച്ചോ,അതോ ‘ഗിത’എന്നു
    കണ്ടപ്പോഴേയ്ക്കും അവജ്ഞയോടെ പേജ് മറിച്ചോ?
    (ബാബൂനെ ഒരു വഴിയ്ക്കാക്കീട്ട് തന്നെ കാര്യം:))

     
  12. സി. കെ. ബാബു

    Sep 18, 2008 at 16:20

    കാവലാന്‍,
    ഞാന്‍ വായിച്ചിട്ടുള്ള ചിന്തകരില്‍ നീറ്റ്സ്‌ഷെയെപ്പോലെ ആരും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. പക്ഷേ നമ്മില്‍ പലര്‍ക്കും ഫ്രോയ്ഡ് എന്നാല്‍ ഏതോ ഒരു “സെക്സ്മാന്‍” ആണെന്നപോലെ, നീറ്റ്സ്‌ഷെ എന്നാല്‍ ഏതോ ഒരു നിരീശ്വരവാദി! നീറ്റ്സ്‌ഷെയെ വായിച്ച ഉടനെ ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയായിരുന്നു! അതൊക്കെയാണു് അധികം പേരുടെയും ധാരണകള്‍! അത്ര ഉപരിപ്ലവമാണു് നമ്മുടെ പല അറിവുകളും‍!

    ശാസ്ത്രം തീര്‍ച്ചയായും ഒരു അത്ഭുതലോകം തന്നെയാണു്. പക്ഷേ അതു് സായിബാബ മാതൃകയിലുള്ള അത്ഭുതങ്ങള്‍ അല്ല എന്നുമാത്രം! 🙂

    neeraj,
    സെക്കന്റ് ഹാന്‍ഡ് എന്നതില്‍ നിന്നും കാരണവന്മാര്‍ പറയുന്നതു് ആവര്‍ത്തിക്കുന്നതിനെ ഒഴിവാക്കിയോ? സെക്കന്‍ഡ് ഹാന്‍ഡ് അല്ലാത്ത അക്ഷരമാലയുണ്ടോ? പഴയതിനെ തിരുത്തിയും പുതുക്കിയും തുടര്‍ന്നു് പണിയുന്നതിലൂടെയാണു് അറിവു് വളരുന്നതു്. പഴയതില്‍ കടിച്ചു് തൂങ്ങിയാല്‍ പണി ലാഭിക്കാം. മനുഷ്യന്‍ ഇന്നു് എവിടെ എത്തിനില്‍ക്കുന്നു എന്നു് അറിയുന്നതു് ചക്രം വീണ്ടും വീണ്ടും പുതിയതായി കണ്ടുപിടിക്കേണ്ടി വരാതിരിക്കാനാണു്. ‍അല്ലാതെ അതിനെ സെക്കന്‍ഡ് ഹാന്‍ഡ് പ്രണയം എന്നു് വിളിച്ചാല്‍, എത്ര നമ്മള്‍ പുറകോട്ടു് പോകുന്നോ അത്രയും പഴകിയതുമായിരിക്കും നമ്മുടെ പ്രണയപാത്രങ്ങളും എന്നു് സമ്മതിക്കേണ്ടിവരും‍!

    ഒരു പുസ്തകത്തിന്റെ മുഖവുരയില്‍ നീറ്റ്സ്‌ഷെ എഴുതി: “ഈ പുസ്തകം വളരെ ചുരുക്കം പേരുടേതാണു്. ഒരുപക്ഷേ അവരിലാരും‍ ഇന്നു് ജീവിക്കുന്നുപോലുമില്ല… എന്റെ ദിവസം മറ്റെന്നാളാണു്. ചിലര്‍ മരണശേഷമാണു് ജനിക്കുന്നതു്”. ആ നീറ്റ്സ്‌ഷെയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ “സെക്കന്‍ഡ് ഹാന്‍ഡ്” എന്നൊക്കെ തട്ടിവിടുന്നതു് ഇത്തിരി കടന്ന കൈ എന്നേ പറയാനുള്ളു. എങ്കിലും താങ്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.

    ഇത്രയും എഴുതിയതുകൊണ്ടു് ഞാന്‍ നീറ്റ്സ്‌ഷെയുടെ രൂപം വച്ചു് പൂജിക്കുന്നവനാണെന്നൊന്നും ധരിക്കണ്ട! വ്യക്തികളെ ഞാന്‍ ആരാധിക്കാറില്ല. മനുഷ്യരുടെ കഴിവുകളെ ബഹുമാനിക്കുന്നതു് ഒരു കുറച്ചിലായി എനിക്കു് തോന്നാറുമില്ല. 🙂

    ഭൂമിപുത്രി,
    പണ്ടേതന്നെ പെരുവഴിയിലായ എന്നെ ഇനി ഏതു് വഴിയ്ക്കാക്കാന്‍? 🙂 (“പെരുവഴി” എന്നു് പറഞ്ഞതുകൊണ്ടു് പെണ്‍ചൊല്ലുകേട്ടു് ഞാന്‍ പെരുവഴിയിലായി എന്നൊന്നും വ്യാഖ്യാനിച്ചേക്കല്ലേ!)

    അനില്‍ ഗീത വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ സി.രാധാകൃഷ്നണന്റെ ഗീതാ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ടാവും. അതുവഴി‍ പറ്റിയ പരിക്കുകള്‍ അനിലിന്റെ വാക്കുകളില്‍ കാണാനാവുന്നില്ലേ? 🙂

     
  13. അമൃതാ വാര്യര്‍

    Sep 24, 2008 at 16:28

    “കൂടുതല്‍ ചിന്തിക്കുന്നവനു് പാര്‍ട്ടിക്കാരനാവാനുള്ള യോഗ്യതയില്ല: അവന്‍ താമസിയാതെ പാര്‍ട്ടിയെയും തുളച്ചുകടന്നു് ചിന്തിക്കാന്‍ തുടങ്ങും.”

    ഈ വാക്കുകള്‍ തീര്‍ത്തും ശരി തന്നെ…
    കാരണം കൂടുതല്‍ ചിന്തിക്കുന്നവര്‍ പ്രത്യയശാസ്ത്രത്തിന്റെ അപ്രായോഗികതയെക്കുറിച്ചും അപചയത്തെക്കുറിച്ചും പെട്ടെന്ന്‌ മനസ്സിലാക്കിയെടുക്കും.

     
  14. സി. കെ. ബാബു

    Sep 25, 2008 at 11:14

    അമൃതാ വാര്യര്‍,

    വീണ്ടും കണ്ടതില്‍ സന്തോഷം. 🙂

     
  15. ചിത്രകാരന്‍chithrakaran

    Oct 5, 2008 at 06:56

    നീറ്റ്സ്ഷെയുടെ ചിന്താരത്നങ്ങള്‍ മലയാളത്തില്‍ തൊട്ടുകാണിച്ചതില്‍ സന്തോഷം.

     
  16. ഭ്രമരന്‍

    Oct 5, 2008 at 09:26

    ശ്രീ ബാബു
    ഇവിടെ വരാൻ വളരെ വൈകിയല്ലൊ എന്നു തോന്നുന്നു.better late than never എന്നാണല്ലൊ. ശക്തമായിത്തന്നെ തുടരുക.
    ഹൃദയംഗമമായ ഭാവുകങ്ങൾ

     
  17. സി. കെ. ബാബു

    Oct 6, 2008 at 10:31

    ചിത്രകാരന്‍, ഭ്രമരന്‍,

    രണ്ടുപേര്‍ക്കും നന്ദി.

     
  18. വേണാടന്‍

    Oct 7, 2008 at 04:21

    ആദ്യമായണു. ഹ്രുദയംഗമമായ അഭിനന്ദനങ്ങള്‍…

    താങ്കള്‍ നീറ്റ്‌സ്‌ഷെയെപ്പറ്റിപ്പറഞ്ഞതുപോലെ വളരെ തെറ്റിദ്ധരിക്കപ്പെട്ട മൊറ്റൊരു വ്യക്തിത്വമാണു ഓഷോയും…
    ഓഷോയുടെ പ്രസിദ്ധമായവ ‘ദൈവം പ്രശ്ന പരിഹാരമല്ല മറിച്ച് പ്രശ്നഹേതുവാണു” അതുപോലെ ‘ ദൈവം ഭൂമിയില്‍ ഒരിക്കലും ജനിച്ചിട്ടില്ല ഇനി ജനിക്കുകയും ഇല്ല’

    ഇവിടെ കണ്ടതില്‍ ഏറ്റവും സ്വാധീനിച്ചത് “ഹീനമായതു് ചിന്തിക്കുന്നതില്‍ മനുഷ്യന്‍ ലജ്ജിക്കുന്നില്ല; പക്ഷേ, ഹീനമായതു് ചിന്തിക്കാന്‍ ശേഷിയുള്ളവനാണു് താന്‍ എന്നതില്‍ മറ്റുള്ളവര്‍ക്കു് സംശയമില്ല എന്നു് ചിന്തിക്കുന്നതില്‍ ഉണ്ടുതാനും.“

     
  19. സി. കെ. ബാബു

    Oct 11, 2008 at 11:46

    വേണാടന്‍,
    എന്റെ ബ്ലോഗിലേക്കു് സ്വാഗതം. വായനക്കു് നന്ദി.

     
  20. Kunjipenne - കുഞ്ഞിപെണ്ണ്

    Oct 15, 2008 at 02:39

    ഭൂമിപുത്രി…
    ഏതായാലും ഉദാത്തമായ ഒന്നാണെന്ന് എനിക്കഭിപ്രായമില്ല…

     
  21. ഭൂമിപുത്രി

    Oct 15, 2008 at 14:14

    ഏതിനെപ്പറ്റിയാൺ കുഞ്ഞിപ്പെണ്ണേ?
    നിഷെ or സി.രാധാകൃഷ്ണൻ?
    സി.രാ.ആണെങ്കിൽ,’ഗീത’യുടെ ഓരോവാക്കും വരിയും ധ്വനിപ്രധാനമാൺ.I think he is doing a good job of interpreting it for the laypeople.

     
  22. Jufan

    Nov 19, 2008 at 10:54

    Hi, Sagar…!
    My name’s Jufan. I’m sorry that I say this word to ya:

    “do you have another Blog? Coz I don’t know about your language… Do you have another?”

    Oops, I forget that I should said, “I knew you when you left a comment at Janitung”. I’m a boy who left a comment after you. I boy from Java.
    Just want to know about you… NICE to MEET YA!!