RSS

Monthly Archives: Aug 2008

ഐന്‍സ്റ്റൈനും ബോറും തമ്മിലെ മത്സരം

തന്റെ അഞ്ചു് മക്കളെയും കൊന്ന ഒരു സ്ത്രീയെ ജീവപര്യന്തം മാനസികരോഗികള്‍ക്കായുള്ള തടവറയില്‍ ആക്കുവാന്‍ ഏതാനും ആഴ്ചകള്‍ക്കു് മുന്‍പു് ഒരു ഒരു ജര്‍മ്മന്‍ കോടതി വിധിക്കുകയുണ്ടായി. റിലീജ്യസ് മാനിയ ആയിരുന്നു അവരുടെ രോഗം. തന്റെ മക്കള്‍ക്കു് ഭൂമിയില്‍ ജീവിക്കുന്നതിനേക്കാള്‍ സുഖമായും സന്തോഷമായും സ്വര്‍ഗ്ഗത്തില്‍ ജീവിക്കാന്‍ കഴിയും എന്ന ഉത്തമവിശ്വാസമാണു് മക്കളെ കൊലചെയ്തതിന്റെ  മോട്ടീവ് ആയി ആ സ്ത്രീ കോടതിയെ അറിയിച്ചതു്. വിധിനിര്‍ണ്ണയത്തിന്റെ ഭാഗമായി അവരെ മാനസികപരിശോധനക്കു് വിധേയമാക്കിയ മനഃശാസ്ത്രജ്ഞന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ചില വാചകങ്ങള്‍ ശ്രദ്ധാര്‍ഹമായിരുന്നു. മാനസികരോഗികളുടെ ലോകത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ തികച്ചും ലോജിക്കലും തന്മൂലം ന്യായവും ശരിയുമാണു്. അതു് അങ്ങനെയല്ല എന്നു് അവരെ ധരിപ്പിക്കുക എളുപ്പമല്ലെന്നു് മാത്രമല്ല, പലപ്പോഴും അസാദ്ധ്യവുമാണു്. സാധാരണ മനുഷ്യരെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഏതെങ്കിലും വിധത്തിലുള്ള കുറ്റബോധം അവരെ അലട്ടാത്തതിനു് കാരണവും സ്വന്തം പ്രവൃത്തി നീതിയുക്തം എന്നു് സ്വയം വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഈ മാനസികാവസ്ഥതന്നെയാണു്.

അനുഭവങ്ങള്‍ ലോജിക്കല്‍ ആയതുകൊണ്ടു് അവ വെറും തോന്നലുകള്‍ ആയിക്കൂടെന്നില്ല എന്നു് വ്യക്തമാക്കുവാനാണു് ഞാനിതിവിടെ സൂചിപ്പിച്ചതു്. ഭൗതികമായ കാര്യങ്ങളിലെ നമ്മുടെ തോന്നലുകള്‍ മുഴുവന്‍ ഈ ഉദാഹരണത്തിലെപ്പോലെ മാനസിക രോഗമാവണമെന്നില്ല. പക്ഷേ നമ്മുടെ അനുഭവങ്ങളെല്ലാം യാഥാര്‍ത്ഥ്യവും വസ്തുനിഷ്ഠവുമാണെന്ന കടുംപിടുത്തം മാനസികരോഗത്തിനു് തുല്യമായ ഒരവസ്ഥയാണെന്നു് പറയാതിരിക്കാനും വയ്യ. തോന്നലുകള്‍ സംശയരഹിതമായ യാഥാര്‍ത്ഥ്യങ്ങളായി അനുഭവപ്പെടുന്നതിനു് തെളിവായി ധാരാളം ഉദാഹരണങ്ങള്‍ ദൈനംദിനജീവിതത്തില്‍ നിന്നും ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഒരു സെക്കന്റില്‍ 29,79 കിലോമീറ്റര്‍ എന്ന വേഗതയില്‍ സൂര്യനെ ചുറ്റുന്ന ഭൂമിയിലാണു് നമ്മള്‍ ജീവിക്കുന്നതു്. അതോടൊപ്പം, ഭൂമദ്ധ്യരേഖയിലെ ഓരോ ബിന്ദുവും മണിക്കൂറില്‍ 1669,8 കിലോമീറ്റര്‍ എന്ന വേഗതയില്‍ ഭൂമി സ്വയം തിരിയുകയും ചെയ്യുന്നു. വടക്കോട്ടും തെക്കോട്ടും ചെല്ലുന്തോറും ഈ വേഗത കുറഞ്ഞുകുറഞ്ഞു് ധ്രുവങ്ങളില്‍ എത്തുമ്പോള്‍ പ്രായോഗികമായി പൂജ്യത്തില്‍ എത്തിച്ചേരുന്നു. എന്നിട്ടും, സ്ഥിരമായി നില്‍ക്കുന്ന ഒരു ഭൂമിയില്‍ ജീവിക്കുന്നതായാണു് നമുക്കു്‌ തോന്നുന്നതും നമ്മുടെ അനുഭവവും. അറിവൊന്നു്, അനുഭവം മറ്റൊന്നു്. ഓടുന്ന ഭൂമി, നില്‍ക്കുന്ന ഭൂമി! അതില്‍ ഇല്ലോജിക്കലായി എന്തെങ്കിലും നമ്മള്‍ കാണുന്നുമില്ല. ഭൂമിയില്‍ ആയിരിക്കുന്നിടത്തോളം ഭൂമിയുടെ ഭ്രമണം “അനുഭവങ്ങളിലൂടെ” ബോദ്ധ്യപ്പെടാന്‍ നമുക്കു് ഒരുവിധത്തിലും കഴിയുകയില്ല. അതായതു്‌, ലോകത്തിലെ എല്ലാ മനുഷ്യരും വിശ്വസിക്കുന്നു എന്നതും, എല്ലാവര്‍ക്കും ലോജിക്കല്‍ ആയി തോന്നുന്നു എന്നതും മനുഷ്യരുടെ അനുഭവങ്ങള്‍ ഒന്നിനൊന്നു് എന്നരീതിയില്‍ വസ്തുനിഷ്ഠമാണെന്നതിനുള്ള തെളിവുകളല്ല.

ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സ്വന്തം അനുഭവം വഴി യാതൊരു സംശയത്തിനും വകയില്ലാതെ, തികഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ എന്നു്  “അറിയാവുന്ന” കാര്യങ്ങളാണു് ഭൂമിസംബന്ധമായി ഇവിടെ സൂചിപ്പിച്ചതു്. അവപോലും വസ്തുതകളുമായി യാതൊരു പൊരുത്തവുമില്ലാത്ത ഇത്തരം വെറും തോന്നലുകളാവാമെങ്കില്‍, മനുഷ്യരുടെ ഇടയിലെ ചെറുതും വലുതുമായ വിഭാഗങ്ങള്‍ ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്ന എത്രയോ നീതിശാസ്ത്രങ്ങളും വിശ്വാസസത്യങ്ങളും സത്യത്തില്‍നിന്നും സത്യത്തില്‍ എത്രമാത്രം അകന്നതായിരിക്കാമെന്നു് ഊഹിക്കാവുന്നതേയുള്ളു. മനുഷ്യര്‍ വിശ്രമമില്ലാതെ കൊട്ടിഘോഷിക്കുന്ന ശാശ്വതസത്യങ്ങള്‍ എന്ന അര്‍ത്ഥശൂന്യതയെപ്പറ്റി തുടര്‍ചിന്തകളെ ഭയക്കാത്തവര്‍ക്കായി ഇത്രയും സൂചിപ്പിച്ചു എന്നേയുള്ളു. പല ശാശ്വതസത്യങ്ങളും മനുഷ്യക്കുരുതിയുടെവരെ ന്യായീകരണമാവാറുള്ള ഭാരതത്തില്‍, അവനവന്റെ സത്യങ്ങളെ വസ്തുതകള്‍, തോന്നലുകള്‍, ഭ്രാന്തുകള്‍ എന്നിങ്ങനെ ഒന്നു് വേര്‍തിരിക്കാന്‍ സമയം കിട്ടുമ്പോഴൊക്കെ ശ്രമിച്ചുനോക്കുന്നതു് കാണാതെ പഠിച്ച ശീലുകള്‍ അനവരതം ആവര്‍ത്തിച്ചു് അന്തരീക്ഷം മലീമസമാക്കുന്നതിനേക്കാള്‍ സഹജീവികള്‍ക്കു് സമാധാനപരമായി ജീവിക്കാന്‍ കൂടുതല്‍ സഹായകമായേക്കാമെന്നു് എനിക്കു് “തോന്നുന്നു”.

ക്വാണ്ടം ലോകത്തില്‍ എത്തുമ്പോള്‍ അനുഭവങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ വൈരുദ്ധ്യത്തിനു് കൂടുതല്‍ സങ്കീര്‍ണ്ണമായ മറ്റൊരു മാനം ലഭിക്കുന്നു. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാനത്തിലെ ലോകനിര്‍വചനത്തില്‍ ഒബ്ജക്റ്റീവ് റിയാലിറ്റിക്കു്‌ യാതൊരു സ്ഥാനവുമില്ല. മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍, ആണവോപകണികകളുടെ ലോകത്തില്‍ അബ്സൊല്യൂട്ട് ട്രൂത്ത് എന്നൊന്നില്ല. അതായതു്, (അടിസ്ഥാനപരമായി ദ്രവ്യവും ഊര്‍ജ്ജവുമായ) പ്രപഞ്ചം രൂപീകൃതമായിരിക്കുന്നതു് ആണവോപകണികകളാല്‍ ആണെന്നതിനാല്‍, പ്രപഞ്ചത്തിലും ഒരു അബ്സൊല്യൂട്ട് ട്രൂത്ത് ഉണ്ടാവാന്‍ കഴിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഒന്നിനുപുറകെ ഒന്നായി ക്വാണ്ടം ഫിസിക്സില്‍ രൂപമെടുത്ത തിയറികളുടെ വെളിച്ചത്തില്‍, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോബബിലിറ്റിയില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചചിത്രം സ്വീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഡബിള്‍ സ്ലിറ്റ് എക്സ്പെരിമെന്റിലെ ഇന്റര്‍ഫെറെന്‍സ് പാറ്റേണ്‍ പോലെ ഓവര്‍ലാപ്പ് ചെയ്യുന്ന എണ്ണമറ്റ സാദ്ധ്യതകള്‍ പ്രപഞ്ചത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ആയി നിലനില്‍ക്കുന്നു. വീക്ഷണം വഴി അതിലെ ഒരു സാദ്ധ്യതക്കു് യാഥാര്‍ത്ഥ്യം കൈവരുന്നു. ഭൂമിയുടെ വേഗതയുടെ കാര്യത്തിലെന്നപോലെതന്നെ, സഹജാവബോധത്തിലൂടെ ക്വാണ്ടം ലോകത്തിന്റെ ഈ പ്രത്യേകത അറിയുവാന്‍ നമുക്കാവില്ല. പക്ഷേ, ഇവിടെ അതു് നമ്മുടെ അറിവിന്റെ പരിമിതി എന്നതിലുപരി, ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യം എന്നരീതിയില്‍ മനസ്സിലാക്കപ്പെടേണ്ട കാര്യമാണു്. ഗണിതശാസ്ത്രപരമായും, പരീക്ഷണങ്ങള്‍ വഴിയും പലവട്ടം തെളിയിക്കപ്പെട്ട ഒരു പ്രപഞ്ചയാഥാര്‍ത്ഥ്യമാണതു്. ക്വാണ്ടം ഫിസിക്സില്‍, കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷന്‍ എന്നപേരില്‍ അറിയപ്പെടുന്ന ശാസ്ത്രീയതത്വങ്ങളുടെ സമാഹാരമാണു് സ്റ്റാറ്റിസ്റ്റിക്കല്‍ ലോകചിത്രത്തിനു് ആധാരം. അങ്ങനെ ഒരു ഇന്റര്‍പ്രെറ്റേഷന്‍ ആരും എഴുതി ഉണ്ടാക്കിയതുകൊണ്ടല്ല ഈ പേരു്. ഈ ചിന്താധാരയിലെ പ്രധാന നടനായിരുന്ന നീല്‍സ്‌ ബോര്‍ കോപ്പന്‍ഹാഗനില്‍ ആയിരുന്നതുകൊണ്ടു് ഈ ലോകവ്യാഖ്യാനത്തിനു് അങ്ങനെ ഒരു പേരു് വീണുകിട്ടി എന്നുമാത്രം.

കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷന്റെ ഒരു പ്രധാന ഘടകമാണു് ഹൈസെന്‍ബെര്‍ഗിന്റെ അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിള്‍. ഗണിതശാസ്ത്രത്തിലെ മാട്രിക്സിന്റെ അടിസ്ഥാനത്തില്‍ ഹൈസന്‍ബെര്‍ഗ്‌ രൂപപ്പെടുത്തിയ ക്വാണ്ടം ലോകത്തിലെ ഒരു സുപ്രധാന തിയറിയാണിതു്. ഒരു കണികയുടെ സ്ഥാനവും ഇംപള്‍സും ഒരേസമയം പരീക്ഷണം വഴിയോ, താത്വികമായിപ്പോലുമോ കൃത്യമായി നിര്‍ണ്ണയിക്കാനാവില്ല എന്നതാണതു്. സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കുമ്പോള്‍ വേഗതയോ, വേഗത കൃത്യമായി നിര്‍ണ്ണയിക്കുമ്പോള്‍ സ്ഥാനമോ കൃത്യമായി നിശ്ചയിക്കപ്പെടാനാവില്ല. ഇതു് ഉപകരണങ്ങളുടെ പരിമിതി എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതല്ല. ഒരേസമയം കൃത്യമായ സ്ഥാനവും ഇംപള്‍സും എന്ന ആശയത്തിനു് പ്രകൃതിയില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന ആഴമേറിയ യാഥാര്‍ത്ഥ്യമാണു് അതിനുപിന്നില്‍. അതായതു്, ക്വാണ്ടം മെക്കാനിക്സിലെ മൗലികമായ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍, കൃത്യമായ ഒരു സ്ഥാനവും കൃത്യമായ ഇംപള്‍സും ഉള്ള ഒരു ആണവകണിക എന്നൊന്നില്ല. എനര്‍ജി, സമയം മുതലായ ജോഡികള്‍ക്കും ഹൈസന്‍ബെര്‍ഗിന്റെ അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിള്‍ ബാധകമാണു്.

അതുപോലെ, എലക്ട്രോണ്‍ എന്ന സങ്കീര്‍ണ്ണതയുടെ കോംപ്ലിമെന്ററി ആയ രണ്ടു് ഭാവങ്ങളാണു് കണികയും തരംഗവും എന്ന നീല്‍സ് ബോറിന്റെ കോംപ്ലിമെന്ററി പ്രിന്‍സിപ്പിള്‍, കണികകളുടെ ക്വാണ്ടം-മെക്കാനിക്കല്‍ തരംഗങ്ങളെ സ്റ്റാറ്റിസ്റ്റിക്കല്‍ ആയി വിവരിക്കുന്ന എര്‍വിന്‍ ഷ്ര്വേഡിങ്ങറുടെ വേവ് ഫങ്ക്ഷന്‍, ഒരു ആറ്റത്തിലെ രണ്ടു് എലക്ട്രോണുകള്‍ക്കു് (അഥവാ, ഫെര്‍മിയോണ്‍ വിഭാഗത്തില്‍ പെട്ട കണികകള്‍ക്കു്) ഒരേസമയം ഒരേ അവസ്ഥ (configuration) സ്വീകരിക്കാനാവില്ല എന്ന വോള്‍ഫ്ഗാങ് പൌളിയുടെ എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍, ക്വാണ്ടം മെക്കാനിക്സ്‌ ക്ലാസിക്കല്‍ മെക്കാനിക്സിനെ ഉള്‍ക്കൊള്ളുന്നപോലെ, മാട്രിക്സ് മെക്കാനിക്സിനെ ഉള്‍ക്കൊള്ളുന്ന പോള്‍ ഡിറാക്കിന്റെ ക്വാണ്ടം അള്‍ജിബ്ര ഇവയെല്ലാം കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷനെ താങ്ങിനിര്‍ത്തുന്ന ശാസ്ത്രീയതത്വങ്ങളാണു്.

പക്ഷേ, “ചൂതു് കളിക്കുന്ന ഒരു ദൈവത്തില്‍” ഒട്ടും സന്തുഷ്ടനാവാന്‍ കഴിയാതിരുന്ന ശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്ന ഐന്‍സ്റ്റൈനു് കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷന്‍ സ്വീകാര്യമായിരുന്നില്ല. പ്രോബബിലിറ്റിയില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചം ഐന്‍സ്റ്റൈനു് “താങ്ങാവുന്നതില്‍” കൂടുതലായിരുന്നു. പ്രത്യേകിച്ചും അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിള്‍, ക്വാണ്ടം എന്റാന്‍ഗിള്‍മെന്റ് എന്നീ പ്രതിഭാസങ്ങളുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു് കഴിയുമായിരുന്നില്ല. ക്വാണ്ടം തിയറിയുടെ മൂലക്കല്ലായി സ്റ്റാറ്റിസ്റ്റിക്സ്‌ മാറുകയും അതുവഴി കൌസാലിറ്റിക്കു്‌ ഇളക്കം സംഭവിക്കുകയും ചെയ്തപ്പോള്‍, ആരംഭത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ രീതികള്‍ തന്റെ ഗണിതങ്ങള്‍ക്കു് ആധാരമാക്കിയ ഐന്‍സ്റ്റൈന്‍ സാവകാശം അസ്വസ്ഥനാവാന്‍ തുടങ്ങുകയായിരുന്നു. അതുപോലെ, ആദ്യം നീല്‍സ്‌ ബോര്‍ “പ്രകാശക്വാണ്ടം” എന്ന ആശയത്തിന്റെ എതിരാളി ആയിരുന്നു. പക്ഷേ, ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിയാലിറ്റിയുടെ ശത്രു ആയപ്പോഴേക്കും ബോര്‍ അതിന്റെ ആരാധകന്‍ ആയിക്കഴിഞ്ഞിരുന്നു. ഐന്‍സ്റ്റെന്റെ അഭിപ്രായത്തില്‍, കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷന്‍ അപൂര്‍ണ്ണമായ ഒരു തത്വസംഹിതയാണു്. ക്ലോക്കു് പോലെ പ്രവര്‍ത്തിക്കുന്ന ഐന്‍സ്റ്റൈന്റെ പ്രപഞ്ചത്തില്‍ ഒബ്ജെക്റ്റീവ് റിയാലിറ്റി എന്നൊന്നുണ്ടു്. അങ്ങനെ ഒന്നില്ല എന്ന തോന്നലിനു് കാരണം ക്വാണ്ടം തലങ്ങളിലെ സ്റ്റാറ്റിസ്റ്റിക്കല്‍ വേരിയേഷന്‍സ് മാത്രമാണു്. അതായതു്, ഒരു വീക്ഷകനും ഇല്ലെങ്കിലും നിശ്ചിതമായ സ്ഥാനവും, നിശ്ചിതമായ ഇംപള്‍സും ഉള്ള ആണവകണികകള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ചില ഹിഡന്‍ വേരിയബിള്‍സ് ആവാം ഈ പ്രശ്നങ്ങള്‍ക്കു് പിന്നില്‍ എന്നുവരെ നിഗമനങ്ങളുണ്ടായി. തന്റെ നിലപാടുകള്‍ സ്ഥാപിക്കാന്‍ ഐന്‍സ്റ്റൈന്‍ പല ചിന്താപരീക്ഷണങ്ങളും മുന്നോട്ടു് വച്ചു. ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്വ-തത്വം തെറ്റാണെന്നു് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ “പെട്ടിയിലെ ക്ലോക്ക്‌” എന്ന സാങ്കല്‍പിക പരീക്ഷണത്തിന്റെ ലക്‍ഷ്യം. ആ പരീക്ഷണം വഴി, സ്ഥാനവും വേഗതയും പോലെതന്നെ, കോംപ്ലിമെന്ററി ആയ എനര്‍ജിയും സമയവും ഒരേസമയം അറിയാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. സ്വാഭാവികമായും ഇതു് ചിന്തയില്‍ മാത്രം നടത്തപ്പെടുന്ന ഒരു പരീക്ഷണമാണു്.

ഐന്‍സ്റ്റൈന്റെ “പെട്ടിയിലെ ക്ലോക്ക്” എന്ന ചിന്താപരീക്ഷണം:

ഒരുവശത്തു് ഒരു ദ്വാരമുള്ള ഒരു പെട്ടി തൂക്കം നോക്കാന്‍ ആവുന്ന വിധത്തില്‍ ഒരു സ്പ്രിംഗില്‍ തൂക്കിയിട്ടിരിക്കുന്നു. ഈ ദ്വാരം പെട്ടിക്കകത്തുള്ള ഒരു ക്ലോക്കിന്റെ നിയന്ത്രണം വഴി അടക്കുകയും തുറക്കുകയും ചെയ്യാം. പെട്ടിയില്‍ ക്ലോക്കിനെ കൂടാതെ റേഡിയേഷനും ഉണ്ടു്. മുന്‍കൂട്ടി കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്തു് ക്ലോക്ക്‌ ദ്വാരം തുറന്നു്, ഒരു ഫോട്ടോണിനെ മാത്രം പുറത്തുവിടുന്നു, ഉടനെതന്നെ ദ്വാരം വീണ്ടും അടയുന്നു. ഫോട്ടോണിനെ പുറത്തുവിടുന്നതിനു് മുന്‍പും അതിനു് ശേഷവും പെട്ടിയുടെ തൂക്കം നോക്കുന്നു. E = mc² ആയതിനാല്‍ രണ്ടു് തൂക്കങ്ങളും തമ്മിലുള്ള വ്യത്യാസത്തില്‍നിന്നും ഫോട്ടോണിന്റെ എനര്‍ജിയും, ക്ലോക്ക്‌ വഴി ഫോട്ടോണ്‍ പുറത്തുപോയ സമയവും “കൃത്യമായി” അറിയാന്‍ കഴിയും. ചുരുക്കത്തില്‍, വെര്‍ണര്‍ ഹൈസന്‍ബെര്‍ഗിന്റെ അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിള്‍ തെറ്റാണു്!

ബോറിന്റെ എതിര്‍വാദങ്ങള്‍:

ഫോട്ടോണ്‍ പുറത്തു് പോകുമ്പോള്‍ പെട്ടിയുടെ ഭാരം കുറഞ്ഞു് സ്പ്രിംഗ്‌ ചുരുങ്ങുന്നതുകൊണ്ടും, ഫോട്ടോണിന്റെ വേഗതവഴിയുള്ള റിക്കോയില്‍ മൂലവും ക്ലോക്കിനു് ചലനം സംഭവിക്കും, അഥവാ, അതിന്റെ സ്ഥാനത്തിനു് മാറ്റം സംഭവിക്കും. ക്ലോക്കിന്റെ ഗതിവേഗത ഗ്രാവിറ്റേഷണല്‍ ഫീല്‍ഡിലെ സ്ഥാനത്തിനനുസരിച്ചു് മാറുമെന്നതു് ഐന്‍സ്റ്റൈന്റെ തന്നെ തിയറിയാണു്. അതായതു്, ക്ലോക്കിന്റെ സ്ഥാനത്തിലും, അതുവഴി ക്ലോക്കിന്റെ ഗതിവേഗതയിലും അണ്‍സെര്‍ട്ടെന്റി സംഭവിക്കും. ഒരു ചെറിയ ഭാരം ഉപയോഗിച്ചു് സ്പ്രിംഗിനെ വീണ്ടും പഴയ സ്ഥാനത്തു് എത്തിച്ചുകൊണ്ടുള്ള ഒരു പരീക്ഷണവും, പെട്ടി അനങ്ങാത്ത വിധത്തില്‍ ഉറപ്പിച്ചുകൊണ്ടുള്ള രണ്ടാമതൊരു പരീക്ഷണസാദ്ധ്യതയും അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിളിനെ ഖണ്ഡിക്കാന്‍ പര്യാപ്തമല്ല എന്നു് നിഷ്പ്രയാസം തെളിയിക്കാന്‍ ബോറിനു് കഴിഞ്ഞു. ഈ പരീക്ഷണത്തില്‍ ബോറിന്റെ വാദങ്ങളെ ഏതായാലും ഐന്‍സ്റ്റൈന്‍ അംഗീകരിച്ചു. ഐന്‍സ്റ്റൈനെപ്പോലൊരു ശാസ്ത്രജ്ഞന്‍ ഇതുപോലൊരു പരീക്ഷണം സങ്കല്‍പിച്ചു എന്നതു് ഇന്നു് ഒരു തമാശയായി മാത്രമേ കാണാനാവൂ. ആ പരീക്ഷണം ഐന്‍സ്റ്റൈന്റെ തിയറിതന്നെ ഉപയോഗിച്ചു് ഖണ്ഡിക്കാന്‍ കഴിഞ്ഞതാണു്‌ നീല്‍സ്‌ ബോറിന്റെ നേട്ടം.

മറ്റൊരു ചിന്താപരീക്ഷണം ആണു് പ്രസിദ്ധമായ EPR പാരഡോക്സ്. ഐന്‍സ്റ്റൈനും, സഹപ്രവര്‍ത്തകരായ Boris Podolsky, Nathan Rosen എന്നിവരും ചേര്‍ന്നു് രൂപപ്പെടുത്തിയ മറ്റൊരു ചിന്താപരീക്ഷണമാണിതു്. (ഇതു് ഒരു പാരഡോക് അല്ല എന്നു് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു). പരസ്പരപ്രവര്‍ത്തനത്തിനു് ശേഷം മറ്റൊരു ഇന്ററാക്ഷനും വിധേയമാകാത്തവിധത്തില്‍ തമ്മില്‍ അകന്നുപോകുന്ന രണ്ട്‌ കണികകളെ സങ്കല്‍പിക്കുക. അതിനുശേഷം ഏതോ ഒരു പരീക്ഷകന്‍ അതിലൊരു കണികയെ പരിശോധനക്കു് വിധേയമാക്കുന്നു എന്നും കരുതുക. ഓരോ കണികയ്ക്കും അതിന്റേതായ ഇംപള്‍സും, ഓരൊന്നിനും പ്രപഞ്ചത്തില്‍ എവിടെയോ നിശ്ചിതമായ സ്ഥാനങ്ങളും ലഭിക്കുന്നു. ആരംഭത്തില്‍ രണ്ടും അടുത്തടുത്തായിരിക്കുമ്പോള്‍ അവ തമ്മിലുള്ള അകലവും, രണ്ടിന്റേയും ആകെ ഇംപള്‍സും “കൃത്യമായി” അളക്കാം. ഏറെ സമയം കഴിഞ്ഞശേഷം അവയില്‍ ഒന്നിന്റെ ഇംപള്‍സ്‌ അളക്കപ്പെടുന്നു. ആകെ ഇംപള്‍സിനു് വ്യത്യാസം വരുന്നില്ല എന്നതിനാല്‍, അതുവഴി രണ്ടാമത്തേതിന്റെ ഇംപള്‍സ്‌ അറിയാന്‍ കഴിയും. ഇംപള്‍സ്‌ അളന്നശേഷം അതേ കണികയുടെ സ്ഥാനവും നിര്‍ണ്ണയിക്കപ്പെടുന്നു. അതുവഴി ആ കണികയുടെ ഇംപള്‍സ്‌ നശിപ്പിക്കപ്പെടുമെങ്കിലും, വളരെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തേതിന്റെ ഇംപള്‍സിനു് അതുവഴി മാറ്റം സംഭവിക്കുന്നില്ല (?). അതിനുശേഷം, രണ്ടാമത്തെ കണികയുടെ ആദ്യത്തെ സ്ഥാനവും, ഇപ്പോഴത്തെ ഇംപള്‍സും അറിയാം എന്നതിനാല്‍, അതില്‍നിന്നും അതിന്റെ ഇപ്പോഴത്തെ സ്ഥാനം കണക്കുകൂട്ടാം. അങ്ങനെ അകലത്തിലുള്ള രണ്ടാമത്തെ കണികയുടെ സ്ഥാനവും, ഇംപള്‍സും അണ്‍സെര്‍ട്ടെന്റി പ്രിന്‍സിപ്പിളിനു് വിപരീതമായി കണ്ടുപിടിക്കാനാവും!

ഐന്‍സ്റ്റൈന്റെയും സഹപ്രവര്‍ത്തകരുടെയും അഭിപ്രായത്തില്‍, കോപ്പന്‍ഹേഗന്‍ ഇന്റര്‍പ്രെറ്റേഷന്‍ അംഗീകരിക്കുക എന്നാല്‍, രണ്ടാമത്തെ കണികയുടെ സ്ഥാനവും ഇംപള്‍സും ആദ്യത്തെ കണികയില്‍ നടത്തപ്പെടുന്ന അളവുകള്‍ വഴി സ്വാധീനിക്കപ്പെടുന്നു എന്നു് അംഗീകരിക്കുകയാണു്. പക്ഷേ ഈ അളവുകള്‍ രണ്ടാമത്തെ കണികയെ യാതൊരു വിധത്തിലും “ശല്യം” ചെയ്യുന്നില്ല എന്നതിനാല്‍, “വിവേകപൂര്‍വ്വമായ ഏതെങ്കിലും ഒരു യാഥാര്‍ത്ഥ്യനിര്‍വചനത്തില്‍നിന്നും അതുപോലൊരു അവസ്ഥ പ്രതീക്ഷിക്കാനാവില്ല” എന്നതായിരുന്നു അവരുടെ വാദം. “വിവേകപൂര്‍വ്വമായ യാഥാര്‍ത്ഥ്യനിര്‍വചനം” എന്നാല്‍ എന്തു് എന്നതാണു് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം എന്നായിരുന്നു നീല്‍സ്‌ ബോറിന്റേയും സംഘത്തിന്റേയും പ്രതികരണം. ക്വാണ്ടംഫിസിക്സിന്റെ അടിസ്ഥാനത്തിലെ പ്രപഞ്ചത്തിന്റെ മൗലികവിവരണത്തില്‍ ഒബ്ജെക്റ്റീവ് റിയാലിറ്റിക്കോ കൌസാലിറ്റിക്കോ യാതൊരു സ്ഥാനവുമില്ല. അതേസമയം കൌസാലിറ്റിയില്‍ അധിഷ്ഠിതമല്ലാത്ത പരസ്പരബന്ധം (entanglement) ഉണ്ടുതാനും. ഐന്‍സ്റ്റൈന്‍ പ്രതിനിധീകരിച്ച ഒബ്ജെക്റ്റീവ് റിയാലിറ്റിയും, ബോര്‍ പ്രതിനിധീകരിച്ച ക്വാണ്ടം ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ റിയാലിറ്റിയും തമ്മിലുള്ള സമരത്തില്‍ നിന്നും 1955-ലെ തന്റെ മരണം വരെ ഐന്‍സ്റ്റൈന്‍ പിന്മാറിയില്ല.

1982-ല്‍ ഫ്രഞ്ച്‌ ഫിസിസിസ്റ്റ്‌ ആയ അലന്‍ അസ്പെക്റ്റ് നടത്തിയ പരീക്ഷണത്തിലൂടെ EPR പാരഡോക് അടിസ്ഥാനരഹിതമാണെന്നും, അതുവഴി ഐന്‍സ്റ്റൈന്റെ ഒബ്ജെക്റ്റീവ് റിയാലിറ്റി എന്ന നിലപാടു് തെറ്റായിരുന്നു എന്നും തെളിയിക്കപ്പെട്ടു. അതിന്റെ പിന്നില്‍ “പ്രേതതുല്യമായ” ഏതെങ്കിലും ഒരു “ഹിഡന്‍ പരാമിറ്റര്‍ ഇല്ലെന്നും” അതുവഴി അദ്ദേഹം തെളിയിച്ചു.

(വേര്‍പെട്ട അവസ്ഥയിലെ ക്വാണ്ടം വ്യവസ്ഥകള്‍ തമ്മില്‍ സാദ്ധ്യമായ “നോണ്‍ ക്ലാസിക്കല്‍” പരസ്പരബന്ധമാണു് ക്വാണ്ടം എന്റാന്‍ഗിള്‍മെന്റ്. എനര്‍ജി പോലെതന്നെ ഒരു ഫിസിക്കല്‍ റിസോഴ്സ്‌ ആയ ക്വാണ്ടം എന്റാന്‍ഗിള്‍മെന്റ് അളക്കാനും, പരിണമിപ്പിക്കുവാനും, സംസ്കരിക്കുവാനും കഴിയുമെന്നതിനാല്‍, ഈ പ്രതിഭാസം ക്വാണ്ടം കംപ്യുട്ടേഷന്‍, ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍, ക്വാണ്ടം ടെലെപൊര്‍ട്ടേഷന്‍ മുതലായ ജോലികള്‍ക്കെല്ലാം ഉപയുക്തമാക്കുവാന്‍ കഴിയും.)

 
Comments Off on ഐന്‍സ്റ്റൈനും ബോറും തമ്മിലെ മത്സരം

Posted by on Aug 30, 2008 in ലേഖനം

 

Tags: , , ,