“മതമില്ലാത്ത ജീവന്‍” എന്ന പാഠഭാഗം വിവാദവിഷയമായിരിക്കുകയാണല്ലോ. അവിടെ ജീവന്‍ എന്നതു് ഒരു വിദ്യാര്‍ത്ഥിയുടെ പേരാണു്. ആ പാഠഭാഗം വായിച്ച എനിക്കു് അതില്‍ ഏതെങ്കിലും വിധത്തില്‍ ആരുടെ എങ്കിലും മതവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതായി തോന്നിയില്ല. ഇനി, ജീവന്‍ എന്ന വാക്കു് ഭാഷാപരമായ അര്‍ത്ഥത്തില്‍ എടുത്താല്‍ എനിക്കു് എന്റെ ഈ നിലപാടു് തിരുത്തേണ്ടി വരുമോ? അഥവാ, ജീവനു് സത്യത്തില്‍ ഒരു മതമുണ്ടോ? അതറിയണമെങ്കില്‍ ആദ്യം ജീവന്‍ എന്തെന്നു് അറിയണമല്ലോ. ജീവന്‍ എന്നതുകൊണ്ടു് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നതു് പല മതങ്ങളും പഠിപ്പിക്കുന്ന, മനുഷ്യന്‍ മരിച്ചാലും മരിക്കാത്ത, ആത്മാവു് എന്ന എന്തോ ഒന്നു് അല്ല എന്നു് ആദ്യമേ സൂചിപ്പിക്കുന്നു. രൂപമെടുത്തു് വളര്‍ന്നു് അവസാനിക്കുന്ന, പൂര്‍ണ്ണമായ അനിശ്ചിതത്വത്തില്‍ അധിഷ്ഠിതമായ, ജൈവശാസ്ത്രപരമായ ഒരു പ്രതിഭാസം മാത്രമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ജീവന്‍. ആത്മാവു് എന്ന വിഷയത്തെപ്പറ്റി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടല്ല, നേരേ മറിച്ചാണു്. ഭൂമിയിലെ പല ആത്മീയരാജകൊട്ടാരങ്ങളുടെയും അറപ്പുരകളില്‍ ടണ്‍ കണക്കിനു് ശേഖരിച്ചുവച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഈ ഒരു വിഷയത്തെപ്പറ്റി മാത്രം എഴുതിയിട്ടുള്ളവയാണു്. കൂലികൊടുത്തു് എഴുതിപ്പിച്ചിട്ടുള്ള ഒരു നല്ല പങ്കു് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ! ഏതു് നിലപാടുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണോ അവ എഴുതപ്പെട്ടതു്, അവയെല്ലാം ഇന്നും പരിഹരിക്കപ്പെടാത്ത ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണു്. ആത്യന്തികമായ അര്‍ത്ഥം കണ്ടെത്തി എന്നു് വിശ്വസിക്കാനല്ലാതെ മറ്റൊന്നും അവര്‍ അതുവഴി ഇന്നുവരെ നേടിയുമില്ല. അങ്ങനെ വെറുതെ വിശ്വസിക്കാനായിരുന്നെങ്കില്‍ ആ ബുദ്ധിമുട്ടുകളുടെ എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ? എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ തെളിയിക്കാന്‍ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തിട്ടും, നില്‍ക്കുന്നിടത്തുനിന്നു് ഒരു ചുവടുപോലും മുന്നോട്ടു് വയ്ക്കാന്‍ കഴിയാത്ത ആത്മീയപണ്ഡിതര്‍ അവരുടെ ചിന്താശേഷിയെപ്പറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജീവന്‍ എന്ന പൊതുവില്‍ നിന്നും ആദ്യമായി മനുഷ്യജീവന്‍ എന്ന ഘടകത്തെ വേര്‍പെടുത്തി നമുക്കൊന്നു് ചിന്തിച്ചുനോക്കാം. ഒരുദാഹരണം: വ്യത്യസ്ത മതാനുയായികളായ രണ്ടു് ദമ്പതികള്‍ക്കു് ഒരാശുപത്രിയില്‍ ഒരേ രാത്രിയില്‍ ജനിക്കുന്ന രണ്ടു് കുഞ്ഞുങ്ങളെ ആരുമറിയാതെ തൊട്ടില്‍ മാറ്റിക്കിടത്തിയാല്‍, ആര്‍ക്കും ഒരു സംശയത്തിനും ഇടവരാതെ വളര്‍ന്നു് വലുതാവാന്‍ അവരെ അനുവദിച്ചാല്‍, അവരുടെ മതങ്ങള്‍ അവരെ ജനിപ്പിച്ച മാതാപിതാക്കളുടേതാവില്ല. ഏതു് കുടുംബത്തില്‍ അവര്‍ വളരുന്നുവോ ആ കുടുംബത്തിലേതായിരിക്കും അവരുടെ മതവും വിശ്വാസവും. ഈ രണ്ടു് മതങ്ങളും തമ്മില്‍ പിന്നീടു് എന്നെങ്കിലും രക്തരൂഷിതമായ ഒരു സംഘട്ടനം ഉണ്ടാവുന്നു എന്നും, അതില്‍ ഈ രണ്ടു് കുടുംബങ്ങളും പങ്കെടുക്കുന്നു എന്നും സങ്കല്‍പിച്ചാല്‍, അവിടെവച്ചു് ഇവര്‍ രണ്ടുപേരും അവര്‍ക്കു് ജന്മം നല്‍കിയ മാതാപിതാക്കളെപ്പോലും ഒരുപക്ഷേ കൊലചെയ്തു എന്നും വരാം. ഇവിടെ വേണമെങ്കില്‍ നമുക്കു് നമ്മോടുതന്നെ ചോദിക്കാം: മനുഷ്യജീവനു് അതില്‍ത്തന്നെ ഒരു മതമുണ്ടോ? ഇതിനു് നിങ്ങളുടെ മറുപടി ഉണ്ടു് എന്നാണെങ്കില്‍ നിങ്ങള്‍ രക്ഷപെടുത്താനാവാത്തവിധം ഒരു വിശ്വാസി ആയിരിക്കാനാണു് സാദ്ധ്യത. നിങ്ങള്‍ ഒരു വിശ്വാസിയായിത്തന്നെ തുടരുന്നതാണു് എന്തുകൊണ്ടും നിങ്ങള്‍ക്കു് നല്ലതും. നിങ്ങളുടെ നിലപാടു് ന്യായീകരിക്കാന്‍ ഉതകുന്ന എന്തെങ്കിലും വാദമുഖങ്ങള്‍ നിങ്ങള്‍ക്കു് കണ്ടെത്താനാവുമെന്ന കാര്യത്തിലും സംശയമൊന്നുമില്ല. പക്ഷേ, ആ വാദങ്ങള്‍ക്കു് നിങ്ങളുടെ ഭക്തിയുടെ ലോകത്തില്‍ മാത്രമേ സാധുതയുള്ളൂ. ഭക്തിയുടെ ആ ലോകത്തിനു് വെളിയില്‍ മറ്റൊരു ലോകമുണ്ടു്. റീസണ്‍ ലോജിക്ക് റാഷണാലിറ്റി എന്നിവയുടെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന മറ്റൊരു ലോകം. വൈജ്ഞാനികതയുടെ ആ ലോകത്തില്‍ മനുഷ്യര്‍ മറ്റു് ഗ്രഹങ്ങളില്‍ കുടിയേറാന്‍ കഴിയുമോ എന്ന പഠനങ്ങളില്‍ വരെ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നതു് നിങ്ങളെ ഒരുവിധത്തിലും അലട്ടണമെന്നില്ല. നിങ്ങള്‍ ചെയ്യേണ്ടതെന്തെന്നു് എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പു് ദൈവം നേരിട്ടു് വെളിപ്പെട്ടു് ആരോടൊക്കെയോ അരുളിച്ചെയ്തിട്ടുമുണ്ടല്ലോ! വൈജ്ഞാനിക ലോകത്തിലെ നിയമങ്ങള്‍ അറിയാത്തവര്‍ അവിടെ എന്തെങ്കിലും തേടിയിട്ടു് വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല.
“ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടാവുമോ?” എന്ന ശാസ്ത്രജ്ഞരുടെ ചോദ്യം അവിടെ മനുഷ്യജീവനുണ്ടോ എന്ന അര്‍ത്ഥത്തിലേക്കു് ചുരുക്കി മനസ്സിലാക്കുന്ന ധാരാളം മനുഷ്യരുണ്ടു്. ചൊവ്വയിലെ ഏതെങ്കിലും ഒരു നിഴലിന്റെ ഫോട്ടോയ്ക്കു് മനുഷ്യരൂപവുമായി നേരിയ ഛായ ഉണ്ടെന്നു് തോന്നിയാല്‍ ഉടനെ അവര്‍ അതു് അവിടെ ആരോ വെളിക്കിരിക്കുന്നതാണെന്നു് പ്രഖ്യാപിച്ചുകളയും! ജീവന്‍ എന്ന വാക്കു് ഭാഷാപരമായി നമ്മള്‍ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍, ഒരു കഷണം കല്ലിനു് ജീവനില്ല എന്ന കാര്യത്തില്‍ നമുക്കു് സംശയം ഒന്നും ഉണ്ടാവാന്‍ വഴിയില്ല. ഒരു ഏകകോശജീവിക്കു് ജീവന്‍ ഉണ്ടെന്നാണു് നമ്മള്‍ വിശ്വസിക്കുന്നതെന്നു് ആ പേരുതന്നെ നമ്മോടു് പറയുന്നുണ്ടു്. അതേസമയം ഒരു വൈറസിനോ? പെരുകുക എന്ന ഒരു പരിപാടി ഒഴികെ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊന്നിനും കഴിവില്ലാത്ത, അതിനുപോലും ജീവനുള്ള ഒരു അന്യസെല്ലിനെ ആശ്രയിക്കേണ്ടിവരുന്ന ഒരു വൈറസിനു് ജീവന്‍ ഉണ്ടെന്നു് പറയാന്‍ പറ്റുമോ? ഇവിടെയും നമ്മുടെ മറുപടി എന്താണു് എന്നതു് ഏതു് കാഴ്ചപ്പാടില്‍ നിന്നുകൊണാണ്ടു് നമ്മള്‍ വിധിയെഴുതുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഒരു നിര്‍ജ്ജീവവസ്തുവിന്റെ പരമാണുതലങ്ങളിലേക്കു് ഇറങ്ങി പരിശോധിച്ചാല്‍, അവിടെ ചില ശക്തികളും ചലനങ്ങളുമൊക്കെ കാണാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആ അവസ്ഥയെ ബയോളജിക്കല്‍ ആയ അര്‍ത്ഥത്തില്‍ ജീവന്‍ എന്നു് വിളിക്കാമോ എന്നതു് മറ്റൊരു കാര്യം. ഇവിടത്തെ വിഷയം അതല്ല താനും. അന്യഗ്രഹങ്ങളില്‍ പ്രിമിറ്റീവ് ആയ ബയോളജിക്കല്‍ ജീവന്‍ എന്ന പ്രതിഭാസം ഉണ്ടോ എന്നറിയാനാണു് ശാസ്ത്രം ശ്രമിക്കുന്നതു്. അല്ലാതെ അവിടെ ഏതെങ്കിലും വിശുദ്ധനും വിശുദ്ധയും കണ്ണുപൊത്തി കളിക്കുന്നുണ്ടോ എന്നറിയാനല്ല.
ഏതായാലും, വൈറസ് മുതല്‍ അമീബയും തിമിംഗലവും വരെയുള്ള ജീവികള്‍ക്കു്, അഥവാ അവയുടെ ജൈവശാസ്ത്രപരമായ ജീവനു് മതമുണ്ടാവില്ല എന്ന കാര്യത്തില്‍ സാധാരണഗതിയില്‍ നമുക്കു് സംശയം ഉണ്ടാവാന്‍ പാടില്ലാത്തതാണു്. പക്ഷേ ഈ മിണ്ടാപ്രാണികളെ പോലും മനുഷ്യനു് വേണമെങ്കില്‍ ദൈവവിശ്വാസികള്‍ ആക്കി മാറ്റാന്‍ കഴിയും! “മരത്തിന്‍കൊമ്പിലിരിക്കും പക്ഷി പെടുക്കും ശബ്ദമതുകേട്ടുറക്കമുണര്‍ന്നുടനെ നിന്റെ പടച്ചോനെ നീ സ്തുതിക്കൂ” എന്നും മറ്റും പണ്ഡിതരായ ഉപദേശിമാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ! ഈ പാട്ടിനോടു് നീതിപുലര്‍ത്താനായി എത്രയെത്ര ഞൊറിയിട്ട മേക്കാമോതിരങ്ങള്‍ പുലര്‍കാലേ ഞെട്ടിയുണര്‍ന്നു് “മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ പാട്ടുപാടീടുന്നു” എന്നും മറ്റും തോണ്ട കീറിയിട്ടില്ല? ദൈവത്തെ യുക്തിയുക്തം അനുഭവിച്ചറിഞ്ഞിട്ടുള്ള ഉപദേശിമാരുടെ അഭിപ്രായത്തില്‍ ഉച്ചഭാഷിണിയിലൂടെയും അല്ലാതെയുമുള്ള ഭൂമിയിലെ സകല ഒച്ചകള്‍ക്കും ഒച്ചുകള്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളു – ദൈവത്തെ സ്തുതിക്കുക! ചുമ്മാ ഏതെങ്കിലും ദൈവത്തെ സ്തുതിക്കലല്ല! ഏതു് ദൈവത്തിന്റെ ദാസനാണോ കഥാനായകനായ ഉപദേശി, അദ്ദേഹത്തിന്റെ പേഴ്സണലി എക്സ്പീരിയന്‍സ്ഡ് ദൈവത്തെ ആണു് ഇക്കണ്ട ചീവീടുകള്‍ മുഴുവന്‍ വായടയ്ക്കാതെ സ്തുതിച്ചുകൊണ്ടിരിക്കുന്നതു്! ചീവീടുകള്‍ പോലും ചിലക്കുമ്പോള്‍ മനുഷ്യര്‍ ചിലക്കാതിരുന്നാല്‍ എങ്ങനെ ശരിയാവും? അതാണതിന്റെ പിന്നിലെ ഉപദേശി ലോജിക്ക്!
“മോന്‍ മത്തായി പഠിക്കാത്തതു് അപ്പന്‍ മത്തായി ഒരിക്കലും പഠിക്കില്ല” എന്ന അര്‍ത്ഥത്തില്‍ ഒരു ജര്‍മ്മന്‍ പഴഞ്ചൊല്ലുണ്ടു്. അതായതു്, മനുഷ്യനെ വെട്ടില്‍ വീഴിക്കണമെങ്കില്‍ ചെറുപ്പത്തിലേ ചാക്കിട്ടു് പിടിച്ചിരിക്കണം. അതൊരു വണ്‍ വേ ട്രാഫിക് പോലെയാണു്. ഒരിക്കല്‍ ചാക്കില്‍ വീണാല്‍ ഒരു മടക്കയാത്ര അത്ര എളുപ്പമല്ല. ഒരുത്തനെ വിഡ്ഢിക്കു് തുല്യനായ വിശ്വാസി ആക്കിത്തീര്‍ക്കണമെങ്കില്‍ അതിനുള്ള ശ്രമം ബാല്യത്തിലേ ആരംഭിച്ചിരിക്കണം. ഒരുവനെ വീഴിച്ചാല്‍ മതി, അവന്റെ പിന്‍തലമുറകള്‍ മിക്കവാറും അവന്റെ സത്യമാര്‍ഗ്ഗം പിന്‍തുടര്‍ന്നുകൊള്ളും.
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ മതവിരുദ്ധഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടു് തെരുവിലിറങ്ങാന്‍ ഇന്നു് കുറേപ്പേരെങ്കിലും തയ്യാറാവുന്നുണ്ടെങ്കില്‍ അതിനു് കാരണം കീഴ്‌വഴക്കത്തില്‍ അധിഷ്ഠിതമായ വിധേയത്വമാണു്. ഇടയലേഖനം എന്നു് കേള്‍ക്കുമ്പോള്‍ തന്നെ അരയും തലയും മുറുക്കി ചാടിപ്പുറപ്പെടുന്ന അവരില്‍ അധികവും ആ പാഠഭാഗങ്ങള്‍ വായിച്ചിട്ടുള്ളവരല്ല എന്നതു് മറ്റൊരു സത്യം. അതു് വായിക്കേണ്ട ആവശ്യം അവര്‍ക്കില്ല. എന്തിനു് അവരതു് വായിക്കണം? പിതാക്കള്‍ അതുപോലെ എന്തൊക്കെയോ പറഞ്ഞു എന്നു് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ തന്നെ ധാരാളം.
സാധാരണജനങ്ങളുടെ അജ്ഞത മുതലെടുത്തു് തിന്നു് കൊഴുക്കുന്ന, കൊഴുക്കുമ്പോള്‍ സെലിബസിയും സന്യാസിജീവിതത്തിലെ മറ്റു് നിയന്ത്രണങ്ങളുമൊക്കെ മറക്കാന്‍ തോന്നുന്ന, നമുക്കു് കൃത്യവും വ്യക്തവും ആയി അറിയാവുന്ന ചിലരുടെയും, അവരുടെ ശിങ്കിടികളുടെയും ചരടുവലിക്കൊത്തു് തെരുവിലിറങ്ങി കൊത്തിച്ചാവാന്‍ ഈ കൊത്തുകോഴികള്‍ സ്വമേധയാ സന്നദ്ധരാവുകയാണു്. തന്റെ നിലനില്‍പ്പിനു് ദോഷം ചെയ്യുന്ന, തനിക്കു് നഷ്ടമല്ലാതെ ലാഭം ഒന്നുമില്ലാത്ത ഒരു നടപടി കൈക്കൊള്ളരുതെന്നു് ഏതു് മൃഗത്തിനും ഇന്‍സ്റ്റിങ്ക്റ്റിവായി അറിയാം. എന്നിട്ടും, ചിന്താശേഷി ഉണ്ടാവേണ്ടവരായ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ അദ്ധ്വാനഫലം കൊണ്ടു് സുഖജീവിതം നയിക്കുന്ന ഏതാനും ഇത്തിക്കണ്ണികളുടെ കസേര ഉറപ്പിക്കാന്‍ തെരുവിലിറങ്ങി തല്ലുകൊള്ളാന്‍ തയ്യാറാവുന്നതിന്റെ കാരണം തങ്ങള്‍ ബലിയാടുകളാക്കപ്പെടുകയാണെന്നു് അവര്‍ അറിയുന്നില്ലെന്നതാവാനേ കഴിയൂ. ജാതിമതഭേദമെന്യേ സാമൂഹികജീര്‍ണ്ണതക്കെതിരെ, സമൂഹത്തിലെ മാനുഷികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാല്‍ അതിനു് അന്തസ്സുണ്ടു് നീതീകരണമുണ്ടു്. അങ്ങനെ ജനങ്ങള്‍ ചെയ്താല്‍ ആദ്യം മാളത്തില്‍ നിന്നും പുറത്തുചാടേണ്ടവരാണു് ഇന്നു് ഏഴാം ക്ലാസിലെ നിരീശ്വരവാദം എന്ന ഉമ്പാച്ചി കാണിച്ചു് അനുയായികളെ ഒരു ജനകീയസര്‍ക്കാരിനെതിരെ അണിനിരത്തുന്നതു്. ഇവരുടെ ചരടുവലിക്കൊപ്പിച്ചു്, നാളെയും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മറുചോദ്യം ചോദിക്കാതെ തെരുവുയുദ്ധം നടത്താന്‍ ഏതാനും വിഡ്ഢികളെ കിട്ടണമെങ്കില്‍ ഇന്നത്തെ യുവതലമുറയില്‍ തന്നെ ഇവര്‍ തലമുറകളായി നടത്തുന്ന ബ്രെയ്‌ന്‍ വാഷിങ് തുടങ്ങിയിരിക്കണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു് നോക്കുമ്പോള്‍, കുട്ടികള്‍ ഒരുകാര്യവും വിമര്‍ശനാത്മകമായി പഠിക്കരുതു് ചിന്തിക്കരുതു് എന്ന നിലപാടുകൊണ്ടു് ആര്‍ക്കാണു് നേട്ടം എന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
ഇനി, ആളുകള്‍ മുഴുവന്‍ നിരീശ്വരവാദികളാവാന്‍ തീരുമാനിച്ചു എന്നു് വാദത്തിനുവേണ്ടി കരുതുക. എന്തേ? ജനങ്ങള്‍ക്കു് അതിനുള്ള അവകാശമില്ലേ? ഭരണഘടന അതിനു് അനുവാദം നല്‍കുന്നില്ലേ? ദൈവത്തില്‍ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ, ഏതെങ്കിലുമൊരു മതത്തില്‍ അംഗമാവാനോ ആവാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കു് അനുവദിക്കുന്ന ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തില്‍, “മതേതരത്വം നിരീശ്വരവാദമാണോ?” എന്നു് ചോദിക്കുന്നവരോടു് ഒന്നേ പറയാനുള്ളു: മതേതരത്വം നിരീശ്വരവാദമല്ലെങ്കില്‍ അതു് മതവിശ്വാസവുമല്ല; മതേതരത്വം മതവിശ്വാസമാണെങ്കില്‍ അതു് നിരീശരവാദവുമാണു്. അത്ര ലളിതമാണു് കാര്യം.
യൂറോപ്പില്‍ ശ്മശാനം ഓരോരോ മതവിഭാഗങ്ങളുടെതല്ല, നിരീശ്വരവാദികള്‍ക്കടക്കം എല്ലാവര്‍ക്കും പൊതുവാണു്. അവിടെ തെമ്മാടിക്കുഴികളില്ല. ശവസംസ്കാരത്തിനു് ചിലവുള്ളതുകൊണ്ടു് നിശ്ചിത ഫീസുമുണ്ടു്. കഴിവില്ലാത്തവര്‍ക്കു് സഹായം ലഭിക്കും. ശവം എവിടെ സൂക്ഷിക്കണമെന്നും, എങ്ങനെയൊക്കെ സംസ്കരിക്കാമെന്നും (കുഴിച്ചിടല്‍, ദഹിപ്പിക്കല്‍, മുതലായ രീതികള്‍) ഉള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളുണ്ടു്. അതു് പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണു്. അനുവദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശവസംസ്കാരം ശിക്ഷാര്‍ഹവുമാണു്. സാധാരണഗതിയില്‍ ശവസംസ്കാരം അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ആളുകളെ ഏല്‍പിക്കാറാണു് പതിവു്. ഞാന്‍ ഇതിവിടെ പറയാന്‍ കാരണം, “നിന്നെ തെമ്മാടിക്കുഴിയില്‍ അടക്കും”, അല്ലെങ്കില്‍ “നിന്റെ ശവം ഞങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കുകയില്ല, നിന്റെ മക്കളെ പള്ളിയില്‍ കെട്ടിക്കുകയില്ല” മുതലായ നാറുന്ന ഭീഷണികള്‍ അവിടെ ചെലവാവില്ല എന്നു് സൂചിപ്പിക്കാന്‍ വേണ്ടിയാണു്. മനുഷ്യനെ തെമ്മാടിക്കുഴിയില്‍ അടക്കാന്‍ മടിക്കാത്ത ഇത്തരം സാക്ഷാല്‍ തെമ്മാടികളെ പ്രബുദ്ധന്‍ എന്നു് അഭിമാനിക്കുന്ന കേരളീയന്‍ ഇന്നും സഹിക്കുന്നതും, ഇനിയും സംരക്ഷിക്കാന്‍ തുനിയുന്നതും ലജ്ജാവഹമാണു് എന്നേ പറയാനുള്ളു.
മനുഷ്യര്‍ നിരീശ്വരവാദികളായാല്‍ ലോകം അവസാനിക്കും എന്നു് പേപ്പിടി കാണിക്കുന്ന സമൂഹദ്രോഹികള്‍. ലോകം അവസാനിക്കും എന്നതു് ഒരു പരിധിവരെ ശരിയാണു്. ആരുടെ ലോകമാണു് അവസാനിക്കുന്നതു് എന്നേ അറിയേണ്ടതുള്ളു. അതു് പക്ഷേ ഈ ഭൂമിയോ, അതില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ലോകമോ ആയിരിക്കുകയില്ല. ജനങ്ങള്‍ ബോധവാന്മാരായാല്‍ അവസാനിക്കുന്നതു് അഗതികളില്‍ അഗതികളായവരുടെ പോലും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാന്‍ അറയ്ക്കാത്ത, സത്യവേദമോതുന്ന പിശാചുക്കളുടേതായിരിക്കും. ഇനി പറയൂ, എന്തുകൊണ്ടാണു് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ശീലിക്കരുതെന്നു് പരിശുദ്ധപിതാക്കന്മാര്‍ കടുംപിടുത്തം പിടിക്കുന്നതെന്നു്. യേശു പഠിപ്പിച്ചപോലെ, പ്രാര്‍ത്ഥിക്കണം എന്നു് തോന്നുമ്പോള്‍ മനുഷ്യര്‍ മുഴുവന്‍ മുറിയില്‍ കയറി വാതിലടച്ചു് ദൈവവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അച്ചന്മാര്‍ പള്ളിയില്‍ ചൂണ്ട ഇട്ടുകൊണ്ടിരുന്നിട്ടെന്തുകാര്യം? മനുഷ്യര്‍ സ്വയംപര്യാപ്തത കൈവരിക്കാതിരിക്കേണ്ടതു് മറ്റാരേക്കാള്‍ കൂടുതലായി പൗരോഹിത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണു്. കുപ്പായം ഊരിമാറ്റി, സാധാരണജനങ്ങളെപ്പോലെ ജോലിചെയ്തു് വിയര്‍ക്കേണ്ട അവസ്ഥയില്‍ പുരോഹിതര്‍ എത്താതിരിക്കണമെങ്കില്‍ ജനങ്ങള്‍ അജ്ഞരായി തുടരണം. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പള്ളിക്കു് എന്തു് സംഭവിക്കുമെന്നു് പതിവായി യൂറോപ്പും മറ്റും സന്ദര്‍ശിക്കുന്ന പിതാക്കള്‍ നേരിട്ടു് കണ്ടു് മനസ്സിലാക്കുന്ന കാര്യങ്ങളാണുതാനും.
ഭരണഘടന ജനങ്ങള്‍ക്കു് എത്രതന്നെ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചാലും, വ്യക്തമായ ഒരു നിലപാടു് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കു് കഴിയണമെങ്കില്‍ കാര്യങ്ങളുടെ വ്യത്യസ്തവശങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു് കഴിയണം. തങ്ങളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കു് വിപരീതമായ ചില നിലപാടുകള്‍ ലോകത്തില്‍ നിലവിലുണ്ടു് എന്നുപോലും അറിയാന്‍ അവസരം നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്കു് അങ്ങനെ ഒന്നിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുമോ? കുട്ടികളിലേക്കു് അറിവു് കുനീല്‍ വച്ചു് കോരി ഒഴിക്കാതെ, മറുപടികളിലും പരിഹാരങ്ങളിലും സ്വയം എത്തിച്ചേരാന്‍ പ്രാപ്തരാക്കുന്ന ഒരു ശിക്ഷണരീതി തെറ്റാണെന്നു് പറയുന്നവന്‍ ഒന്നുകില്‍ വിഡ്ഢി, അല്ലെങ്കില്‍ പഠിച്ച കള്ളനും ചൂഷകനും! ഇതില്‍ ഏതു് വിഭാഗമാണു് തങ്ങള്‍ എന്നു് ഈ വിദ്യാഭ്യാസരീതിയെ വിമര്‍ശിക്കുന്നവര്‍ക്കു് സ്വയം തീരുമാനിക്കാം. രണ്ടായാലും, സ്വന്തം കോട്ടകൊത്തളങ്ങള്‍ സംരക്ഷിക്കാന്‍ ഭാവിതലമുറയെ കരുവാക്കുന്നവര്‍ ചെയ്യുന്നതു് കുട്ടികള്‍ക്കു് അവരുടെ കഴിവുകള്‍ കണ്ടെത്തി സ്വതന്ത്രമായി വളരാനുള്ള മൗലികാവകാശത്തില്‍ കൈകടത്തലാണെന്നതിനാല്‍, അതു് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യാവകാശധ്വംസനമാണു്.
സ്ഥാപിതതാല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതോ, വിഭാഗീയചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതോ, ലാഭമാത്രലക്‍ഷ്യത്തില്‍ നടത്തപ്പെടുത്തുന്നതോ അല്ലാത്ത, സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു നല്ല മാധ്യമം പോലുമില്ലാത്ത ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍ അമാവാസി നാളിലെ അര്‍ദ്ധരാത്രിയില്‍ കലങ്ങിയ വെള്ളത്തില്‍ നീന്തേണ്ടി വരുന്ന മത്സ്യങ്ങളെപ്പോലെ ആയിരിക്കും. അവര്‍ക്കായി വീശപ്പെട്ട വലകളെയോ വല വീശിയവരെയോ കാണുവാന്‍ അവര്‍ക്കു് കഴിയുകയില്ല.
പന്ത്രണ്ടുവയസ്സില്‍ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം മാനസികമായി വളര്‍ന്നിട്ടുണ്ടാവുമോ എന്നതാണു് പരിഗണനാര്‍ഹമായ ഒരു സംശയം. പന്ത്രണ്ടുവയസ്സു് അത്ര ചെറിയ ഒരു പ്രായമായി എനിക്കു് തോന്നുന്നില്ല. അതു് യേശു പണ്ടു് പന്ത്രണ്ടാമത്തെ വയസ്സില്‍ത്തന്നെ യേരുശലേം ദേവാലയത്തിലെ പുരോഹിതന്മാരുമായി ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം വളര്‍ന്നിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. ദൈവപുത്രനായിരുന്ന യേശു ഒരു സ്പെഷല്‍ അപവാദമായിത്തന്നെ നിലനില്‍ക്കട്ടെ. പല സമൂഹങ്ങളിലും പെണ്‍കുട്ടികള്‍ പന്ത്രണ്ടു് വയസ്സിനു് മുന്‍പേ തന്നെ പ്രത്യുത്പാദനശേഷി കൈവരിക്കാറുണ്ടു് എന്നതും ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പഠിക്കുന്നതിനുള്ള പ്രായപരിധിയുടെ മാനദണ്ഡമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയുടെയും പക്വതയുടെയും കാര്യത്തില്‍ ചുരുങ്ങിയതു് മൂന്നുനാലു് വയസ്സിനെങ്കിലും പെണ്‍കുട്ടികളെക്കാള്‍ പിന്നിലായിരിക്കുമെന്നതും മറക്കരുതല്ലോ. ആണ്‍കുട്ടികളും പഠിക്കേണ്ടതാണല്ലോ ഈ പുസ്തകം! അതല്ല, ഈ പാഠഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഉദ്ദിഷ്ട ലക്‍ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒരു പന്ത്രണ്ടു് വയസ്സുകാരനു് കഴിയും, കഴിയണം. അവനു് കഴിയുമെങ്കില്‍ അവള്‍ക്കു് തീര്‍ച്ചയായും കഴിയും. മതപരമായ അടിസ്ഥാനവിവരങ്ങള്‍ കുട്ടികള്‍ അപ്പോഴേക്കും അവരുടെ വീട്ടില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുണ്ടാവണം. അതിനര്‍ത്ഥം അതിനോടകം അവര്‍ അവരവരുടെ മതഗ്രന്ഥങ്ങള്‍ വായിച്ചിട്ടും പഠിച്ചിട്ടും ഉണ്ടായിരിക്കും എന്നല്ല. അതിന്റെ ആവശ്യവുമില്ല. കുട്ടികളെപ്പറ്റി മുതലക്കണ്ണീര്‍ ഒഴുക്കുന്ന പാതിരിമാരില്‍ എത്രപേര്‍ സ്വന്തം മതഗ്രന്ഥങ്ങള്‍ മനസ്സിരുത്തിയോ അല്ലാതെയോ വായിച്ചിട്ടുണ്ടു്? അച്ചന്മാര്‍ മറുപടി പറയണമെന്നില്ല. എന്തിനു് വെറുതെ ഒരു നുണകൂടി പറയണം? അതില്‍ വായിച്ചതൊക്കെ ദൈവവചനമാണെന്നു് പറയുന്നതുതന്നെ ആവശ്യത്തിലേറെ നുണയാണു്. സാമൂഹികപിന്നാക്കാവസ്ഥമൂലം ഇത്തരം അറിവുകളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം എന്നതു് ഇവിടെ വിസ്മരിക്കുന്നില്ല. പ്രായത്തിലെ തുല്യത ബുദ്ധിയിലെ തുല്യതയുടെ അളവുകോല്‍ ആവണമെന്നില്ല എന്നും അറിയാം. പക്ഷേ, വീട്ടില്‍ വൈദ്യുതി എന്ന ഒരു ഏര്‍പ്പാടെ ഇല്ലായിരുന്നു എന്നതു് ഒരുവനു് എലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആവാന്‍ ഒരു തടസ്സമാവണമെന്നില്ലല്ലോ. ഇതുപോലുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഷ്കൃതരാജ്യങ്ങളിലുമുണ്ടു്. അതുപക്ഷേ മറ്റൊരു വിഷയമാണു്. അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്കൂളുകളിലെ അദ്ധ്യാപകരും ബന്ധപ്പെട്ട മാതാപിതാക്കളും കൂടി തേടുന്നതാവും ഏറ്റവും ഉചിതം. അല്ലെങ്കില്‍ തന്നെ, കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍ത്തൃബന്ധം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണുതാനും.
ഏഴാം ക്ലാസിലെ സാമൂഹ്യപാഠമായാലും മറ്റേതു് പുസ്തകമായാലും, അതു് വായിക്കുന്നവനു് അവന്‍ കാണാന്‍ ആഗ്രഹിക്കുന്നതു് മാത്രമേ അതില്‍ കാണാന്‍ സാധിക്കുകയുള്ളു. സമൂഹത്തിന്റെ പൊതുനന്മയെ ലക്‍ഷ്യമാക്കി നിയമനിര്‍മ്മാണം നടത്തേണ്ടതും, അതു് നടപ്പില്‍ വരുത്തി സംരക്ഷിക്കേണ്ടതും ഏതൊരു ഭരണകൂടത്തിന്റെയും ചുമതലയാണു്. ദീര്‍ഘവീക്ഷണമില്ലാതെ മുന്‍കാലങ്ങളില്‍ കൈക്കൊണ്ട തെറ്റായ നടപടികളുടെ ഫലമാണു് ഇന്നു് കേരളസമൂഹം അനുഭവിക്കുന്നതു്. ജനങ്ങളുടെ പൊതുനന്മക്കായി ഗവണ്മെന്റ് ഏറ്റെടുത്ത പല ചുവടുകള്‍ക്കും പിന്‍തുണ പ്രഖ്യാപിച്ച ജനങ്ങളെ വിഡ്ഢികളാക്കിയ നിലപാടുകള്‍വരെ അധികാരിതലങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടു്. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇപ്പോഴും, ഭാവിയിലും ഭരണകൂടം പിന്‍വലിയല്‍ നയം കാഴ്ചവയ്ക്കുമെന്നു് ജനങ്ങള്‍ സംശയിച്ചാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അര്‍ഹതയില്ലാത്തവര്‍ക്കു് ജനങ്ങളുടെ ചിലവില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ നന്നു് എന്നുമാത്രം സൂചിപ്പിക്കുന്നു. മുന്നോട്ടു് പോയില്ലെങ്കിലും, പുറകോട്ടു് പോകാതിരിക്കാനെങ്കിലും ഒരു സമൂഹത്തിനു് കഴിയണമല്ലോ.