RSS

Monthly Archives: May 2008

മഹാപ്രളയവും മരണപ്പെട്ടകവും – 3

= 3 =

അങ്ങനെ, പ്രളയാവസാനം ഭൂലോകത്തിലെ സകല പാപികളും ചത്തു് സ്ഥലം കാലിയാക്കി. ദൈവത്തിന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്കില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയായി. ചത്ത പാപികളുടെ കൂട്ടത്തില്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. യഹോവ അങ്ങനെയാണു്. കലിപ്പു്‌ കയറിയാല്‍ പിന്നെ കുഞ്ഞുമില്ല കുട്ടിയുമില്ല. കോപം കൊണ്ടു് കണ്ണു് കാണാതായാല്‍ മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും മോശെയെപ്പോലെതന്നെ. ദൈവം സ്വന്തം കൈകൊണ്ടു് എഴുതിയ പത്തു് കല്‍പനകളുടെ കല്പലകകള്‍ ദേഷ്യം കയറിയപ്പോള്‍ എറിഞ്ഞു്‌ പൊട്ടിച്ചവനാണു്‌ മോശെ. സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിദൈവത്തെ അരച്ചു് കലക്കി മൊത്തം യഹൂദരെയും കുടിപ്പിച്ചവനാണു്‌ മോശെ. സ്വഭാവം കൊണ്ടു് യഹോവയും മോശെയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു്‌ സാരം. കലി കയറിയാല്‍ മോശെക്കും ദൈവത്തിനും ആത്മനിയന്ത്രണം നഷ്ടപ്പെടും. ഇരട്ടപിറന്നതുപോലെയാണു്‌ പെരുമാറ്റം.

പ്രളയവും ബാര്‍ബെക്യൂ സദ്യയും കഴിഞ്ഞപ്പോഴേക്കും ദൈവത്തിന്റെ കോപമടങ്ങി തല ഒട്ടൊന്നു് തണുത്തിരുന്നു. ദൈവകോപം അടങ്ങി എന്നതിനു് അടയാളമായി തന്റെ (മഴ)വില്ലു്‌ ആകാശത്തില്‍ നിവര്‍ത്തിനിര്‍ത്തിയശേഷം ഒരു മേഘടാക്സിയില്‍ ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. പുരുഷന്മാര്‍ പൊട്ടു് തൊടുകയും, സ്വന്തശരീരത്തില്‍, ഒരു ക്യാന്‍വാസില്‍‌ എന്നപോലെ, വര്‍ണ്ണചിത്രങ്ങള്‍ രചിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നാട്ടില്‍ ഇന്ദ്രചാപം എന്നു് പേരുനല്‍കി വിളിക്കപ്പെടുന്ന ചാപമല്ല യഹോവയുടെ ഈ ചാപം. അതു് വെറും പാപചാപം. ഇതു് സാക്ഷാല്‍ പാപമോചനചാപം.

ദൈവത്തിനു് റ്റാറ്റാ പറഞ്ഞശേഷം നോഹയും കുടുംബവും ജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ആദ്ധ്യാത്മികത വഴി എളുപ്പം കോടീശ്വരനാവാമെന്നു് നോഹക്കറിയാമായിരുന്നു. വലിയ മുതല്‍ മുടക്കില്ല താനും. ആവശ്യത്തിനു് ഇറക്കമുള്ള ഒരു അങ്കി വേണമെന്നേയുള്ളു. അങ്കിയുടെ നിറം ബന്ധപ്പെട്ട സാമൂഹികഘടനയുമായി താദാത്മ്യം പ്രാപിക്കാന്‍ പര്യാപ്തമായിരിക്കണം. അതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഇറക്കം തീരെ കുറഞ്ഞാല്‍ കണങ്കാലിലെ രോമവും അരിമ്പാറയും പുഴുക്കടിയുമൊക്കെ കാല്‍ മുത്തുന്ന ഭക്തന്മാര്‍ കാണും. അപ്പോള്‍ അവര്‍ക്കൊരു ഇമ്പ്രഷന്‍ ഉണ്ടാവില്ല. സ്വാമിയായാലും സ്വാമിനിയായാലും പുഴുക്കടിയിലൊക്കെ മുത്തുക, തലോടുക എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും അറച്ചു് മാറിനില്‍ക്കും. എന്തിനു്‌ വെറുതെ റിസ്ക്‌ എടുക്കണം? ഒരു സ്വാമി/സ്വാമിനി രോമയോ അരോമയോ, അരിമ്പാറയോ അനരിമ്പാറയോ എന്നതെല്ലാം എന്നാളും രഹസ്യമായിരിക്കേണ്ട കാര്യങ്ങളാണു്. അത്ഭുതഗര്‍ഭം പോലെയാണതും. അത്ഭുതഗര്‍ഭം എന്നാളും ഒരു രഹസ്യമായിരിക്കണം. രഹസ്യമല്ലാത്തതില്‍ അത്ഭുതമില്ല. അത്ഭുതമില്ലെങ്കില്‍ ജനം മുഖം തിരിക്കും.നീണ്ട ഒരു കുപ്പായം തുന്നിക്കൂട്ടുന്നതെങ്ങനെ എന്നതായിരുന്നില്ല നോഹയുടെ പ്രശ്നം. കാണിക്കയും നേര്‍ച്ചകാഴ്ചകളുമായി എത്താന്‍ ഏതെങ്കിലുമൊരു ഉണ്ണാക്കന്‍ ഭൂമിയില്‍ ഉണ്ടായിട്ടു് വേണ്ടേ? ബലികുടീരങ്ങള്‍ വിപ്ലവം വിപ്ലവം എന്നു്‌ സ്പന്ദിക്കാറുണ്ടെങ്കിലും നേര്‍ച്ചയിടാറില്ലല്ലോ.

അവസാനം, നോഹ പണ്ടത്തെ കയീനെപ്പോലെ കര്‍ഷകനാവാന്‍ തീരുമാനിച്ചു. അവര്‍ നാലാണും നാലു് പെണ്ണും കൂടി കഠിനമായി അദ്ധ്വാനിച്ചു. രാപ്പകലില്ലാതെ അവര്‍ കൃഷിയിടം ഉഴുതുമറിച്ചു് വിളവിറക്കി. അങ്ങനെ “സകലഭൂമിയിലുമുള്ള” മരങ്ങളും ചെടികളും പുല്ലുകളും അവര്‍ നട്ടുപിടിപ്പിച്ചു. ബാക്കിവന്ന സ്ഥലത്തു് തടമെടുത്തു് കുറേ മുന്തിരിയും നട്ടു. അതിനുശേഷം എല്ലാറ്റിനും വെള്ളമൊഴിച്ചു് കിഴക്കോട്ടു് നോക്കി പ്രാര്‍ത്ഥിച്ചു്‌ പ്രത്യാശയോടെ അവര്‍ കാത്തിരുന്നു. പ്രാര്‍ത്ഥനയുടെ തീവ്രതമൂലം എല്ലാം പത്തും നൂറും മേനി വിളവുനല്‍കി. എല്ലാ വിളവിന്റേയും ദശാംശം അവര്‍ ദൈവം ഇനി വരുമ്പോള്‍ കൊടുക്കാനായി നീക്കിവച്ചു. ദൈവത്തിനു് എന്തെങ്കിലും കൈമടക്കു്‌ കൊടുക്കുക എന്ന രൂപത്തിലല്ല, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു് ഉപകാരസ്മരണ ഒരു ബാദ്ധ്യതയാണെന്ന ഉത്തമബോദ്ധ്യത്തിന്റെ പേരില്‍.

ഉത്തമഗീതങ്ങളില്‍, അനുരാഗലോലയായ കാമിനിയെ അംഗോപാംഗം നിരീക്ഷിക്കുന്ന ശലോമോന്റെ സ്തനവര്‍ണ്ണനപോലെ മുന്തിരിക്കുലകള്‍ തോട്ടം മുഴുവന്‍ വിളഞ്ഞുനിറഞ്ഞു. (ഉത്തമഗീതങ്ങള്‍ 7: 9). മുന്തിരി വിളഞ്ഞപ്പോള്‍ മുന്തിരിക്കുലകള്‍ ഇറുത്തെടുത്തു് യഹൂദരുടെ ഭക്‍ഷ്യസുരക്ഷാനിയമത്തിനു്‌ പോറലൊന്നും ഏല്‍ക്കാത്തവിധം വീഞ്ഞുണ്ടാക്കി നൂറുകണക്കിനു് തടിവീപ്പകളില്‍ നിറച്ചു് സൂക്ഷിക്കാന്‍ നോഹ തീരുമാനിച്ചു.

നോഹയെപ്പോലെ നിര്‍മ്മലരായ ദൈവഭക്തര്‍ക്കു് ജപം പോലെതന്നെയാണു്‌ കുടിയും. തുടങ്ങിയാല്‍ പിന്നെ നിര്‍ത്തല്‍ വലിയ ബുദ്ധിമുട്ടാണു്. കാരണം, അവര്‍ ബലഹീനരാണു്. സ്വന്തം ബലഹീനത കോമ്പന്‍സേറ്റ്‌ ചെയ്യാനല്ലേ അവര്‍ സര്‍വ്വശക്തനായ ദൈവത്തെ കൂട്ടുപിടിച്ചിരിക്കുന്നതു്? നോഹയും ഒരു പക്കാ ഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ ദൈവം അവനെയും കുടുംബത്തെയും മാത്രം പ്രളയത്തില്‍ നിന്നും രക്ഷിച്ചതു്‌. ഒരിക്കല്‍ നോഹ പതിവുപോലെ വീഞ്ഞുകുടിച്ചു് ബോധമില്ലാതെ കൂടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. കുളിച്ചു എന്നു് കാണിക്കാന്‍ അണ്ടര്‍വയര്‍ ഊരി പുരപ്പുറത്തിട്ടിരുന്നതുകൊണ്ടു് അന്നത്തെ ദിവസം അങ്കിയുടെ അടിയില്‍ മറ്റൊന്നും ധരിക്കാതെ ആയിരുന്നു നോഹയുടെ ഔദ്യോഗിക നടപടികള്‍. ഉറക്കത്തില്‍ തുണി അഴിഞ്ഞു് താന്‍ നഗ്നനായതും അതിനോടൊപ്പം “എന്തതിശയമേ ദൈവത്തിന്റെ…” എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഉയര്‍ന്നതും നോഹ അറിഞ്ഞില്ല. ഈ സമയത്തു് ഹാം എന്ന മകന്‍ ഒരു കുറ്റിബീഡി കത്തിക്കാന്‍ തീപ്പെട്ടി തപ്പി അവിടെ കയറിച്ചെന്നു. പിന്നണിഗാനം “വൃശ്ചികപ്പൂനിലാവേ … മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാന്‍ ലജ്ജയില്ലേ?” എന്നായി മാറി. പഴയ പ്ലേറ്റായതുകൊണ്ടു് കറങ്ങുന്നിടത്തുതന്നെ കിടന്നു് കറങ്ങി “ലജ്ജയില്ലേ? ലജ്ജയില്ലേ?” എന്നു് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു അശരീരി ആയി കരുതിയ അവന്‍ ഭയന്നു് വിറച്ചു് കുറ്റബോധത്തോടെ പുറത്തിറങ്ങി ഓടിച്ചെന്നു് സഹോദരന്മാരെ വിവരമറിയിച്ചു.

അവന്റെ സഹോദരന്മാര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. മനുഷ്യര്‍ക്കു് പുറകില്‍ കണ്ണില്ല എന്ന ഒരു കച്ചിത്തുരുമ്പു് മാത്രമാണു് വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗം എന്നവര്‍ മനസ്സിലാക്കി. അവര്‍ ഒരു തുണിക്കഷണവുമായി പുറകോട്ടു് നടന്നുചെന്നു് കൈയിലെ തുണി പുറകോട്ടു് എറിഞ്ഞു. അതേറ്റു എന്നു് പറഞ്ഞാല്‍ മതിയല്ലോ. തുണി വീഴേണ്ടിടത്തു് തന്നെ ചെന്നു് വീണു. അങ്ങനെ അവര്‍ പിതാവിന്റെ നഗ്നതാദര്‍ശനം വഴി ആര്‍ക്കും ശാശ്വതമോ മാരകമോ ആയ ദോഷഫലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ വിദഗ്ദ്ധമായി പൂര്‍ത്തിയാക്കി. നോഹയുടെ നഗ്നതയുടെ പേരില്‍ മനുഷ്യരാശിയുടെ ഭാവിതന്നെ വെറുമൊരു വാഴനാരില്‍ തൂങ്ങിക്കിടന്നു് ആടുകയായിരുന്നല്ലോ! മൂത്രമൊഴിക്കാന്‍ മുട്ടി ഉറക്കമുണര്‍ന്നപ്പോഴാണു് നോഹ വിവരമറിയുന്നതു്. ആരെയെങ്കിലും ഒന്നു് ശപിക്കാഞ്ഞാല്‍ ഈ നഗ്നതാപ്രശ്നത്തിനു് എന്തെങ്കിലും ഒരു ഗൗരവം വരുമോ? നാലുപേര്‍ അക്കാര്യം അറിയുമോ? നോഹ തന്റെ നഗ്നത കണ്ടവനായ ഹാമിനെ ശപിക്കുന്നതിനു് പകരം അവന്റെ മകനായ കനാനെയാണു്‌ ശപിക്കുന്നതു്‌! “കനാനേ, നിന്റെ വല്യപ്പനാകുന്ന ഞാന്‍ ഇന്നേദിവസം, ഇനിമേലില്‍ എന്നേക്കുമായി നിന്നെ യഹോവയുടെ ന്യായപ്രമാണപ്രകാരം ശപിച്ചിരിക്കുന്നു. നീ മറ്റു് സഹോദരന്മാര്‍ക്കു് ദാസനായിത്തീരും”.

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ചിലര്‍ പിടിക്കാറുണ്ടു്. ഇവിടെ വേണമെങ്കില്‍ കട്ടവനെ തന്നെ പിടിക്കാമായിരുന്നു. എന്നിട്ടും നോഹ പിടിക്കുന്നതും ശിക്ഷിക്കുന്നതും നിരപരാധിയെയാണു്‌. താന്‍ വീഞ്ഞുകുടിച്ചു് ബോധം കെട്ടുറങ്ങി നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ ശിക്ഷ ചുമ്മാതിരുന്ന പേരക്കിടാവിനു്! മുഴുവന്‍ മനുഷ്യരും പാപികളായിരുന്ന ലോകത്തില്‍ പാപരഹിതനായിരുന്നതിനാല്‍ രക്ഷപെട്ട നോഹയുടെ പ്രളയശേഷമുള്ള അവസ്ഥയാണിതു്‌.  സകലലോകവും നിര്‍ദ്ദയം നശിപ്പിക്കപ്പെട്ടപ്പോള്‍ ദൈവം രക്ഷപെടുത്തിയ ഒരേയൊരു കുടുംബം! വേദഗ്രന്ഥങ്ങള്‍ വലിയ വായില്‍ പാപം, പുണ്യം, നന്മ, നീതി എന്നൊക്കെ അലമുറയിടുന്നതിനു്‌ ഇത്രയൊക്കെ വിലയേ നല്‍കേണ്ടതുള്ളു.

പ്രളയകാലഘട്ടത്തില്‍ മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ചുരുക്കാന്‍ ദൈവം തീരുമാനിച്ചെങ്കിലും, നോഹയുടെ പിന്‍തലമുറകളില്‍ പലരും നാനൂറും അഞ്ഞൂറും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടു്. നോഹയുടെ മകന്‍ ശേം 500 വര്‍ഷം, അവന്റെ മകന്‍ അര്‍പ്പക്ഷാദ്‌ 403 വര്‍ഷം, അവന്റെ മകന്‍ ശാലഹ്‌ 403 വര്‍ഷം, അവന്റെ മകന്‍ ഏബര്‍ 430 വര്‍ഷം …!  പാപപുണ്യനന്മതിന്മകളുടെ വിലയിരുത്തലില്‍ എന്നപോലെതന്നെ, ദൈവത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ കാര്യത്തിലും അത്ര കൃത്യതയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു്‌ ഗുണപാഠം.

പ്രളയത്തിനു് ശേഷം നോഹയുടെ മക്കള്‍ “ജാതി ജാതിയായും കുലം കുലമായും” വേര്‍പിരിഞ്ഞു് ഭൂമിയില്‍ നിറയുകയായിരുന്നു. അവരുടെ വേര്‍പിരിയലിന്റെ കാരണം ജാതിയോ കുലമോ, അതോ സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വല്ല വര്‍ഗ്ഗസമരമോ മറ്റോ ആയിരുന്നോ എന്നറിയില്ല. ലോകചരിത്രത്തെപ്പറ്റി അങ്ങനെയെന്തൊക്കെയോ ചില നിഗമനങ്ങള്‍ ഒരുപാടു് നാളുകള്‍ക്കു് ശേഷം കാള്‍ മാര്‍ക്സ്‌ എന്ന മറ്റൊരു ഒറിജിനല്‍ യഹൂദന്‍ നടത്തിയിട്ടുണ്ടു്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികം ഭദ്രമാക്കുന്നതില്‍ ഒരു “ഭൂലോക തോല്‍വിയും ദുരന്തവും” ആയിരുന്നെങ്കിലും, ലോകത്തിന്റെ സാമ്പത്തികത്തെപ്പറ്റിയും ലോകത്തിന്റെ ചരിത്രത്തെപ്പറ്റിയും വലിയ വലിയ കാര്യങ്ങള്‍ പ്രവചിച്ച ഒരു പ്രവാചകനായിരുന്നു അദ്ദേഹം.

 

 
12 Comments

Posted by on May 25, 2008 in പലവക, മതം

 

Tags: , ,

മഹാപ്രളയവും മരണപ്പെട്ടകവും – 2

= 2 =

തന്റെ മൂന്നു് ആണ്മക്കളായ ശേം, ഹാം, യാഫെത്ത്‌ എന്നിവര്‍ ജനിച്ചപ്പോള്‍ അഞ്ഞൂറുവയസ്സിലേറെ പ്രായമുണ്ടായിരുന്ന നോഹയുടെ അറുന്നൂറാം വയസ്സിലാണു് ജലപ്രളയം സംഭവിച്ചതു്. മൃഗങ്ങളും പറവജാതികളും, നോഹയുടെ കുടുംബവും എങ്ങനെയോ പെട്ടകത്തിനുള്ളില്‍ കയറിപ്പറ്റി. എങ്ങനെയാണെന്നൊന്നും ചോദിക്കരുതു്. വേദഗ്രന്ഥം പറയുന്നതു് മറുചോദ്യം ചോദിക്കാതെ കണ്ണുമടച്ചു്‌ വിശ്വസിക്കുന്നതാണു് സത്യവിശ്വാസം. അതാണു് ദൈവത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തമവിശ്വാസം. മനുഷ്യ-മൃഗ-പറവ-സമൂഹം മുഴുവന്‍ പെട്ടകത്തില്‍ കയറി ഏഴുദിവസങ്ങള്‍ക്കുശേഷം ആകാശത്തിന്റെ കിളിവാതിലുകളും ആഴിയുടെ ഉറവുകളും തുറന്നു. നാല്‍പതു് രാവും നാല്‍പതു് പകലും ഈ കിളിവാതിലുകളും ഉറവുകളും തുറന്നുതന്നെ ഇരുന്നു.

“നാല്‍പതു്”! ഈ നാല്‍പതു് അക്കാലത്തെ ഒരു മാന്ത്രികസംഖ്യയായിരുന്നപോലെ തോന്നുന്നു. മിസ്രയിമില്‍നിന്നും കനാന്‍ദേശത്തെത്താന്‍ യഹൂദര്‍ക്കു് വേണ്ടിവന്നതു് നാല്‍പതു് വര്‍ഷം. യഹോവയില്‍ നിന്നും കല്‍പനകളുടെ കല്‍പലകകള്‍ ഏറ്റുവാങ്ങാന്‍ മോശെ സീനായി പര്‍വ്വതത്തില്‍ ആഹാരമോ ജലപാനമോ ഇല്ലാതെ കാത്തുകിടന്നതു് നാല്‍പതു് രാവും നാല്‍പതു് പകലും. അതും ഒന്നല്ല, രണ്ടുപ്രാവശ്യം. പിശാചിന്റെ പരീക്ഷയെ നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കാനായി മരുഭൂമിയില്‍ പോയി യേശു നടത്തിയ ഉപവാസത്തിന്റെ ദൈര്‍ഘ്യം നാല്‍പതു് രാവും നാല്‍പതു് പകലും. ക്രിസ്തീയ പിതാക്കള്‍ ഈ നാല്‍പതിനോടു് കൂട്ടുപലിശ അടിസ്ഥാനത്തില്‍ പത്തു് ദിവസങ്ങള്‍ കൂട്ടിച്ചേര്‍ത്താണോ ഇപ്പോഴത്തെ അന്‍പതുനോമ്പു് എന്ന സര്‍വ്വരോഗസംഹാരിയും ആത്മസംയമനത്തിനുള്ള കുറുന്തോട്ടിരസായനവുമായ നസ്രാണി സ്പെഷ്യല്‍ വലിയനോമ്പു് തട്ടിക്കൂട്ടിയതു് എന്നെനിക്കറിയില്ല. വലിയനോമ്പു്, ചെറിയനോമ്പു്‌, വലിയവെടി, ചെറിയവെടി! വലുതുകളേയും ചെറുതുകളേയും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചു്‌ കണ്ടു്‌ തദനുസരണം ഫലം നല്‍കുന്നവനാണു്‌ ദൈവമെന്നു്‌ എല്ലാ ഭക്തര്‍ക്കുമറിയാം.

പറഞ്ഞുവന്നതു് ജലദ്വാരങ്ങള്‍ തുറന്ന കാര്യമായിരുന്നല്ലോ. ആകാശത്തിന്റെയും ആഴിയുടെയും സകല ജലവാതിലുകളും നാല്‍പതുദിവസങ്ങള്‍ അടയാതിരുന്നതിനാല്‍ ഭൂമിയില്‍ ജലനിരപ്പു് ഉയര്‍ന്നു. വീണ്ടും വീണ്ടും ഉയര്‍ന്നു. അതിനുമീതെ പെട്ടകവും ഒപ്പത്തിനൊപ്പം ഉയര്‍ന്നു. തലയ്ക്കുമീതേ വെള്ളം പൊങ്ങിയാല്‍ അതുക്കു് മീതേ തോണി. അങ്ങനെ പൊങ്ങിപ്പൊങ്ങി ആകാശത്തിന്‍കീഴെയുള്ള സകല പര്‍വ്വതങ്ങളെയും വെള്ളം കീഴിലാക്കി. ഹിമാലയപര്‍വ്വതം വിട്ടു്, കൃത്യമായി പറഞ്ഞാല്‍ മൗണ്ട്‌ എവറസ്റ്റ്‌ വിട്ടു് പതിനഞ്ചുമുഴം കൂടി (നാല്‍പതു് മുഴമല്ല) വെള്ളം ഉയര്‍ന്നു. ഇതെല്ലാം കൃത്യമായി ആരു് എങ്ങനെ അളന്നു എന്നൊക്കെയാവും നിങ്ങളുടെ ചോദ്യം. ദൈവവചനത്തെ ചോദ്യം ചെയ്യരുതെന്നേ അതിനു്‌ മറുപടിയുള്ളു. അങ്ങനെ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട്‌ എവറസ്റ്റും കൂടി മൂടിയപ്പോള്‍ ഭൂമി ഒരു ജലഗോളമായി മാറി. ജലഗോളത്തില്‍ സൂര്യപ്രകാശമേറ്റു് വെട്ടിത്തിളങ്ങുന്ന കാഴ്ച സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കു് നയനാനന്ദകരമായി അനുഭവപ്പെട്ടിരിക്കണം. (സമുദ്രനിരപ്പില്‍ നിന്നു് അളക്കാതെ ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നോ, ആഴിയുടെ അടിത്തട്ടില്‍ നിന്നോ ആണു് അളക്കുന്നതെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരം കൂടിയ വേറെ രണ്ടു് പര്‍വ്വതങ്ങളുണ്ടു്: ‌ പസിഫിക് സമുദ്രത്തിലെ Mauna Kea‍, ഇക്വഡോറിലെ Chimborazo).

വെള്ളമുയരുന്നതിനനുസരിച്ചു് അന്തരീക്ഷവായുവും മുകളിലേക്കു് തള്ളിമാറ്റപ്പെടുമെന്നതിനാല്‍ ജലോപരിതലത്തിലെ ഒരു ഏകദേശമര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദമായ 101 കിലോപാസ്കല്‍ ആയിരുന്നിരിക്കണം. ഇതെന്റെ ഒരു ഊഹമാണു്. കൃത്യമായ അളവുകള്‍ നടത്താന്‍ പറ്റിയ ഉപകരണങ്ങള്‍ അന്നു് ലോകത്തിലോ, തന്മൂലം പെട്ടകത്തിനകത്തോ ഉണ്ടായിരുന്നില്ലല്ലോ. സാധാരണ ഗതിയില്‍ ഉയരം കൂടുന്നതിനനുസരിച്ചു് മര്‍ദ്ദം കുറയുകയും അന്തരീക്ഷവായുവിന്റെ ഘടനയില്‍ മാറ്റം വരികയുമൊക്കെ ചെയ്യും. ഉദാഹരണത്തിനു് 5000 മീറ്റര്‍ ഉയരത്തില്‍ മര്‍ദ്ദം ഏകദേശം പകുതി മാത്രമാണു്. താപനിലയില്‍ വരുന്ന വ്യത്യാസമാണെങ്കില്‍ അതിലും ഭയാനകം. ഭൂമിയുടെ ഉപരിതലത്തോടു് ചേര്‍ന്ന അന്തരീക്ഷപാളിയില്‍ ഓരോ ആയിരം മീറ്റര്‍ ഉയരത്തിനും അഞ്ചിനും ആറിനും ഇടയ്ക്കു് ഡിഗ്രി എന്ന തോതില്‍ താപനില കുറയും. പതിനായിരം മീറ്റര്‍ ഉയരത്തില്‍ പൂജ്യത്തിനു് താഴെ 50 ഡിഗ്രിയോളം. പ്രളയസമയത്തു്‌ വെള്ളവും ഒപ്പം അന്തരീക്ഷവായുവും ഉയര്‍ന്നതുകൊണ്ടു് ഈവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പെട്ടകവാസികള്‍ക്കുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ലെന്നും, അവര്‍ പ്രളയത്തെ അതിജീവിച്ചതുകൊണ്ടു് പെട്ടകത്തിനുള്ളില്‍ കണ്ഡീഷന്‍സ് അണ്ഡര്‍ നോര്‍മല്‍ ടെമ്പറേച്ചര്‍ ആന്‍ഡ് പ്രെഷര്‍ (NTP) നിലവിലിരുന്നു എന്നും വേണം കരുതാന്‍. അല്ലെങ്കില്‍ നോഹയും കുടുംബവും മൃഗങ്ങളും പറവകളും മരിച്ചു് മരവിച്ചു് മദ്ധ്യഭാരതത്തിലെ കരിനാഗപുരിയില്‍ നിന്നും നോര്‍ത്ത് പോളില്‍ ശവാസനതപസ്സു്‌ അനുഷ്ഠിക്കാന്‍ ഒരു ദിഗംബരസന്യാസി പോയാലെന്നപോലെ വടിയായി പോവുമായിരുന്നല്ലോ.

ബൈബിള്‍ പറയുന്നതനുസരിച്ചു്‌, ജീവജാലങ്ങള്‍ പെട്ടകത്തില്‍ കടന്നു് ഏഴു് ദിവസങ്ങള്‍ക്കുശേഷം മഴ പെയ്യാന്‍ തുടങ്ങി. അതു് നോഹയുടെ അറുന്നൂറാം വയസ്സില്‍ രണ്ടാം മാസം പതിനേഴാം തീയതിയായിരുന്നു. നാല്‍പതു് ദിവസം മഴ പെയ്തു. നൂറ്റമ്പതു് ദിവസം ഭൂമിയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. അതിനുശേഷം ദൈവം ഒരു കാറ്റടിപ്പിച്ചപ്പോള്‍ വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു. ജലനിരപ്പു് കുറയാന്‍ തുടങ്ങി. കൃത്യം അഞ്ചു് മാസങ്ങള്‍ക്കു് ശേഷം ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചു. പത്താം മാസം ഒന്നാം തീയതി പര്‍വ്വതശിഖരങ്ങള്‍ കാണായി. പിന്നെയും നാല്പതു് ദിവസം കഴിഞ്ഞശേഷം നോഹ കിളിവാതില്‍ തുറന്നു് ആദ്യം ഒരു മലങ്കാക്കയെയും, പിന്നെ ഒരു പ്രാവിനെയും പുറത്തുവിട്ടു. കാക്ക വന്നും പോയും കൊണ്ടിരുന്നു. പക്ഷേ, വെള്ളം കാരണം കാലുവയ്ക്കാന്‍ സ്ഥലം കാണാതെ പ്രാവു് മടങ്ങിവന്നു. ഏഴുദിവസം കഴിഞ്ഞു് അവന്‍ പ്രാവിനെ പിന്നെയും പുറത്തുവിട്ടു. പ്രാവു് വൈകിട്ടു് വായില്‍ ഒരു പച്ച ഒലിവിലയുമായി തിരിച്ചുവന്നു. പിന്നെയും ഏഴുദിവസം കഴിഞ്ഞു് പ്രാവിനെ വീണ്ടും പുറത്തുവിട്ടപ്പോള്‍ പ്രാവു് മടങ്ങിവന്നില്ല. അറുന്നൂറ്റൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. നോഹയുടെ അറുന്നൂറ്റൊന്നാം വയസ്സില്‍, രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. അങ്ങനെ ഒരുവര്‍ഷവും പത്തു് ദിവസങ്ങളും കഴിഞ്ഞപ്പോള്‍ പെട്ടകത്തിലുണ്ടായിരുന്ന ജീവജാലങ്ങളെയെല്ലാം പുറത്തിറക്കാന്‍ ദൈവം ആജ്ഞാപിച്ചു. പെട്ടകത്തില്‍ കയറിയദിവസം മുതല്‍ കൂട്ടിയാല്‍ ഒരുവര്‍ഷവും പതിനേഴു് ദിവസങ്ങള്‍ക്കും ശേഷം. അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കുകയും പെറ്റു് പെരുകുകയും ചെയ്യട്ടെ എന്നും ദൈവം കല്പിച്ചു. ദൈവം പ്രത്യേകം പറഞ്ഞില്ലെങ്കില്‍ ചില ജാതികള്‍ പെറുകയുമില്ല, പെരുകുകയുമില്ല!

പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചതു് എന്തായാലും നന്നായി. പ്രളയാവസാനം അതെങ്ങാനും എവറസ്റ്റിന്റെ മുകളില്‍ ഉറച്ചുപോയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? എങ്കില്‍, ആനയും പോത്തും ജിറാഫും കടുവയും രാജവെമ്പാലയും ടര്‍ക്കിക്കോഴിയുമടക്കമുള്ള പെട്ടകവാസികളെ മുഴുവന്‍ പര്‍വ്വതത്തിനു് താഴെയെത്തിക്കുക എന്നതു് വല്ലാത്ത പൊല്ലാപ്പാവുകയും, തണുപ്പും ശ്വാസം മുട്ടലും മൂലം ശുദ്ധരും അശുദ്ധരുമെല്ലാം ഇഹലോകവാസം വെടിയുകയും പത്രത്തിലെ ചരമവാര്‍ത്തയുടെ പേജില്‍ ഫോട്ടോ വരികയും ചെയ്തേനെ! പടയെ പേടിച്ചു് പന്തളത്തു് ചെന്നപ്പോള്‍ പന്തവും കൊളുത്തി പടയിങ്ങോട്ടു് എന്ന അവസ്ഥ. ഈദൃശ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാവാം 8000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ലോകത്തിലെ പതിനാലു് കൊടുമുടികളില്‍ ഒന്നിലും ഉറപ്പിക്കാതെ, നോഹയുടെ പെട്ടകത്തെ ടര്‍ക്കിയുടെ കിഴക്കേയറ്റത്തു് ഇറാന്റെയും അര്‍മ്മീനിയയുടെയും അതിര്‍ത്തികളോടു് ചേര്‍ന്നു് കിടക്കുന്ന അണഞ്ഞ അഗ്നിപര്‍വ്വതനിരയിലെ രണ്ടു് കൊടുമുടികളില്‍ (വലിയ അരാരത്തു് – 5165 മീറ്റര്‍, ചെറിയ അരാരത്തു് – 3896 മീറ്റര്‍) ഒന്നിലെവിടെയോ ഉറപ്പിക്കാന്‍ ദൈവം തീരുമാനിച്ചതു്.

അങ്ങനെ പെട്ടകവാസികളുടെ വീക്ഷണകോണത്തില്‍ കൂടി നോക്കിയാല്‍, പ്രളയം സമംഗളം പര്യവസാനിച്ചു എന്നു് പറയാം. പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങിയ ശുദ്ധിയുള്ള മൃഗങ്ങളിലെ ചിലതിനെങ്കിലും പ്രളയത്തിന്റെ അവസാനം സമംഗളം ആയിരുന്നില്ല എന്നു് പ്രത്യേകം പറയേണ്ടതുണ്ടു്‌. കാരണം, മലമുകളിലുറച്ച പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങി അവനവന്റെ ദേശീയഗാനം ആലപിച്ചുകൊണ്ടും, കീജേ വിളിച്ചുകൊണ്ടും മലയിറങ്ങി സ്വന്തം നാടുകളിലേക്കു് പോകാന്‍ തുടങ്ങിയ അവയില്‍ ചിലതിനെ നോഹ ഓടിച്ചിട്ടു് പിടിച്ചു് യഹോവയ്ക്കു് സൗരഭ്യവാസനയായി ഹോമയാഗം അര്‍പ്പിച്ചുകളഞ്ഞു! ദൈവം പൊരിച്ച ഇറച്ചി തിന്നിട്ടു് ഒരു വര്‍ഷത്തില്‍ മീതെ ആവുകയും ചെയ്തിരുന്നല്ലോ. നോഹയുടെ പൊരിച്ചിറച്ചി സദ്യയില്‍ സന്തുഷ്ടനായ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു് ഞാന്‍ നിങ്ങളോടു് ഒരു നിയമം ചെയ്യുന്നു. ഞാനും നിങ്ങളും നിങ്ങളോടു് കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു്: ഞാന്‍ എന്റെ വില്ലു്‌ മേഘത്തില്‍ വയ്ക്കുന്നു. അതു് ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിനു് അടയാളമായിരിക്കും. ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു്‌ കാണും. അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഓര്‍ക്കും.” അതിനു്‌ മുന്‍പു്‌ ലോകത്തില്‍ മഴവില്ലുണ്ടായിരുന്നില്ല. അപ്പോള്‍ ദൈവം മഴവില്ലിനെ സ്വര്‍ഗ്ഗത്തിലെ ഡപ്പിയില്‍ അടച്ചു്‌ വച്ചിരിക്കുകയായിരുന്നല്ലോ. ഡപ്പിയില്‍ ഇരിക്കുമ്പോള്‍ മഴവില്ലിനു്‌ മേഘത്തില്‍ പ്രത്യക്ഷപ്പെടാനാവില്ലല്ലോ.

ഇതുപോലുള്ള പ്രളയപുരാണങ്ങള്‍ മിക്കവാറും എല്ലാ പുരാതനസംസ്കാരങ്ങളിലും കാണാന്‍ കഴിയും. പുരാതനസംസ്കാരങ്ങള്‍ നദീതടസംസ്കാരങ്ങള്‍ ആയിരുന്നു എന്നതാവാം അതിനു് കാരണം. വെള്ളപ്പൊക്കവും, നദികള്‍ കര കവിയുന്നതും അനേകം മനുഷ്യരും മൃഗങ്ങളും അതുവഴി ചത്തൊടുങ്ങുന്നതും ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണല്ലോ. സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടു് പ്രതിരോധനടപടികള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ മരണസംഖ്യയും സാമ്പത്തികനാശവും നല്ലൊരു പരിധിവരെ കുറയ്ക്കാന്‍ അവര്‍ക്കു് കഴിയുന്നു.  രാഷ്ട്രീയമെന്നാല്‍, ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്കു്‌ ചാടിക്കൊണ്ടിരിക്കുന്ന കുരങ്ങുകളെപ്പോലെ, ഒരു കൊച്ചുവിഷയത്തില്‍നിന്നും മറ്റൊന്നിലേക്കു്‌ ചാടിക്കൊണ്ടിരിക്കുന്ന, ഓര്‍മ്മശക്തി നശിച്ച ജനക്കൂട്ടത്തിനു്‌ നല്‍കപ്പെടുന്ന വാഗ്ദാനങ്ങളുടെ വാചകമടി മാത്രമായ കേരളത്തില്‍ നേതാക്കള്‍ക്കു്‌ സ്വന്തം വാലില്‍ കടിക്കാന്‍ വട്ടം ചുറ്റുന്ന നായ്ക്കളെപ്പോലെ അഴിമതിയും, അഴിഞ്ഞാട്ടവും, മന്ത്രവാദവുമായി സ്വന്തസുഖം തേടലും സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കലുമൊഴിഞ്ഞിട്ടു്‌ നേരമെവിടെ? അഞ്ചു്‌ വര്‍ഷം നമ്മള്‍, അഞ്ചു്‌ വര്‍ഷം അവര്‍, അതാണു്‌ കേരളത്തില്‍ നാലു്‌ ചക്രമുണ്ടാക്കാനുള്ള ചക്രഗതി. അതിനിടയില്‍ സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ എന്‍ജിനിയറിങ് തുടങ്ങിയ തലവേദനകള്‍ ആര്‍ക്കുവേണം?

B. C. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യഘട്ടത്തില്‍ രൂപമെടുത്ത ശ്രേഷ്ഠകൃതിയായ എപിക് ഓഫ് ഗില്‍ഗമേഷില്‍ വര്‍ണ്ണിക്കുന്ന ഒരു മെസോപ്പൊട്ടേമിയന്‍ പ്രളയചരിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണു് നോഹയുടെ കാലത്തെ പ്രളയം എന്നതാണു് പണ്ഡിതമതം. ആ പുരാണപ്രകാരം, “EA” എന്ന ദൈവം ഉത്നപിഷ്ടിം എന്ന രാജാവിന്റെ പട്ടണം നശിപ്പിക്കാന്‍ തീരുമാനിക്കുകയും ഒരു കപ്പല്‍ പണിയുവാന്‍ അദ്ദേഹത്തോടു് ആവശ്യപ്പെടുകയും ചെയ്യുന്നു. ഏഴുദിവസത്തെ പ്രളയത്തിനുശേഷം കപ്പല്‍ ഒരു പര്‍വ്വതമുകളില്‍ അടിയുകയും ഉത്നപിഷ്ടിം ഭാര്യയോടൊപ്പം അമര്‍ത്യതയിലേക്കു് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. B. C. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ രൂപമെടുത്ത പിന്‍ഡാര്‍ എന്ന കവിയുടെ പ്രളയചരിതത്തില്‍ സ്യൂസ് എന്ന ദൈവം ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചതായും, ഡ്യുക്കേലിയന്‍ എന്ന രാജാവും കുടുംബവും ഒരു പെട്ടകത്തില്‍ ആഹാരസാധനങ്ങളുമായി രക്ഷപെട്ടതായും ചിത്രീകരിക്കപ്പെടുന്നു. B. C. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഹൈന്ദവപുരാണത്തില്‍ മത്സ്യം മനുവിനെ വരാന്‍ പോകുന്ന ഒരു പ്രളയം അറിയിക്കുകയും മനു ഒരു തോണിയില്‍ രക്ഷപെടുകയും ചെയ്യുന്നതായി വര്‍ണ്ണിക്കപ്പെടുന്നു.

അതായതു്, പ്രളയവും, ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ പെട്ടകം വഴിയുള്ള രക്ഷപെടലുമൊക്കെ യഹോവയുടെ മനസ്സില്‍ ഉദിച്ച ഒരു പ്രത്യേക പദ്ധതിയൊന്നുമല്ല. ലോകത്തില്‍ പലയിടങ്ങളില്‍ പല “ദൈവങ്ങള്‍ക്കും” അതുപോലുള്ള നശീകരണഭ്രാന്തുകള്‍ ഉണ്ടായിട്ടുണ്ടു്. എഴുത്തുകാരന്റെ ഭാവനക്കനുസരിച്ചു് ഈ സങ്കല്‍പകഥകള്‍ക്കു് അവയുടേതായ രൂപവും ഭാവവും ഒക്കെ ലഭിച്ചു എന്നുമാത്രം. ക്രിസ്തുമതവും സഭയുടെ സമ്പത്തും യൂറോപ്പില്‍ രക്തച്ചൊരിച്ചിലുകളിലൂടെ വളര്‍ന്നപ്പോള്‍ ക്രിസ്തുമതപ്രചരണവും ലോകവ്യാപകമായി വളര്‍ന്നു. അതുവഴി, ബൈബിളിലെ കഥകള്‍ക്കു് മറ്റു് മതങ്ങളിലെ കഥകളെക്കാള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. പൌരോഹിത്യവും മാധ്യമവും പണവും എന്നും പരസ്പരസഹായ സഹകരണസംഘങ്ങളായിരുന്നു. കേള്‍ക്കുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന മനുഷ്യരെ ചാക്കിട്ടു്‌ പിടിച്ചു്‌ തിന്നു്‌ ചീര്‍ക്കുക എന്നതു് അവയുടെ പൊതുവായ രഹസ്യലക്‍ഷ്യവും.

 
10 Comments

Posted by on May 16, 2008 in പലവക, മതം

 

Tags: , ,

മഹാപ്രളയവും മരണപ്പെട്ടകവും – 1

= 1 =

ഒന്നാംദിവസം ആകാശത്തിലും ഭൂമിയിലും ആരംഭിച്ചു്‌, ആറാം ദിവസം മനുഷ്യനില്‍ അവസാനിച്ച, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകല ചരാചരങ്ങളുടേയും സൃഷ്ടി അത്ര ആനക്കാര്യം ഒന്നുമല്ലാത്തതിനാല്‍, അതിന്റെ വര്‍ണ്ണനക്കു് ബൈബിളില്‍ ഒരദ്ധ്യായത്തില്‍ കൂടുതല്‍ സ്ഥലം അനുവദിക്കുന്നതു് അനാവശ്യമായ ഒരു ലക്ഷ്വറി ആയി പഴയനിയമരചയിതാവു് കരുതിയപോലെ തോന്നുന്നു. അതുകൊണ്ടാവാം പ്രപഞ്ചസൃഷ്ടി സംബന്ധിച്ച കാര്യങ്ങള്‍ മുഴുവന്‍ ഒന്നാം അദ്ധ്യായത്തിലെ വെറും മുപ്പത്തൊന്നു് വാക്യങ്ങളില്‍ ഒതുക്കാന്‍ അദ്ദേഹം തീരുമാനിച്ചതു്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സങ്കീര്‍ണ്ണതകളെപ്പറ്റി എഴുത്തുകാരനു് അത്രയൊക്കെയേ അറിയുമായിരുന്നുള്ളു എന്നതു് വേണ്ടവര്‍ക്കു്‌ അതില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന രഹസ്യവും. ദൈവം ആറു് ദിവസങ്ങള്‍ കൊണ്ടു് “പുല്ലും, വിത്തുള്ള സസ്യങ്ങളും, അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും”,  കൂട്ടത്തില്‍ സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയും, അവസാനം ഒരു രസത്തിനെന്നോണം മനുഷ്യനേയും സൃഷ്ടിച്ചു, അത്രതന്നെ! അക്കാര്യങ്ങള്‍ വര്‍ണ്ണിക്കാന്‍ ഒരദ്ധ്യായം തന്നെ ധാരാളം.

അതേസമയം, നോഹയുടെ കാലത്തു് സംഭവിച്ച ഒരു മഹാപ്രളയം ഉത്പത്തിയിലെ ആറുമുതല്‍ ഒന്‍പതുവരെയുള്ള നാലു് അദ്ധ്യായങ്ങളിലാണു്‌ വലിച്ചുവാരി വിവരിച്ചിരിക്കുന്നതു്. മനഃപൂര്‍വ്വം സംഭവിപ്പിച്ച ആ പ്രളയം വഴി ഭൂമിയിലെ സകല മനുഷ്യരെയും മൃഗങ്ങളെയും യഹോവ എന്ന “ഏകദൈവം” നശിപ്പിക്കുകയായിരുന്നു. നോഹയും ഭാര്യയും, മൂന്നു് പുത്രന്മാരും അവരുടെ ഭാര്യമാരും, ശുദ്ധിയുള്ള മൃഗങ്ങള്‍ ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങള്‍ ആണും പെണ്ണുമായി ഈരണ്ടും വീതം മാത്രം രക്ഷപ്പെട്ടു. വെള്ളത്തില്‍ ജീവിക്കുന്ന ഇനങ്ങള്‍ക്കു് അതു് സുഭിക്ഷകാലമായിരുന്നു. അതിഭക്ഷണം മൂലം അവയിലും കുറെയേറെയെണ്ണം ചത്തുമലച്ചു് വെള്ളത്തില്‍ പൊങ്ങിക്കിടന്നിട്ടുണ്ടാവണം.

ആയിരം വര്‍ഷങ്ങള്‍ ദൈവത്തിനു് ഒരു ദിവസം പോലെയാണെന്നു് ക്രിസ്തുമതത്തിലെ ഒരു പുരാതന പിതാവു് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ആ നിഗമനം ശരിയാണെന്നു് പലപ്പോഴും എനിക്കും തോന്നാറുണ്ടു്. കാരണം, ദൈവം ഇടയ്ക്കിടെ ഭൂമിയെ നോക്കാത്തതുകൊണ്ടല്ല, സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും കലണ്ടറുകളിലെ ഈ വ്യത്യാസമാവണം മനുഷ്യരുടെ സകല കഷ്ടതകളുടെയും കാരണം. ദൈവം ഓരോ ദിവസവും ഭൂമിയെ നോക്കുന്നുണ്ടെന്നു് കരുതിയാല്‍പോലും, നമുക്കു് അതു് ആയിരം വര്‍ഷത്തില്‍ ഒരിക്കലാണു്. അതിനിടയില്‍ ഇവിടെ, ഈ ഭൂമിയില്‍, വരള്‍ച്ചയും, വെള്ളപ്പൊക്കവും, ഭൂമികുലുക്കവും, മിസ്റ്റര്‍ കോസ്മോസിനെ പൊന്നാടചാര്‍ത്തലുമെല്ലാം എത്രയോ വട്ടം സംഭവിച്ചിരിക്കും. ഒരുപാടു് ജോലിത്തിരക്കുകളുള്ള ദൈവം ഒരുദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഭൂമിയെ നോക്കണമെന്നൊക്കെ പറയുന്നതു് ഇത്തിരി കടന്ന കയ്യാണു്‌.

ആയിരം വര്‍ഷങ്ങള്‍ എന്നു് പറഞ്ഞപ്പോഴാണു് ഓര്‍ത്തതു്: ആദാം മുതല്‍ നോഹ വരെയുള്ള കാലഘട്ടത്തില്‍ മനുഷ്യര്‍ ശരാശരി ആയിരം കൊല്ലത്തോളം ജീവിച്ചിരുന്നിരുന്നു. ആദാം 930 വര്‍ഷം, നോഹ 950 വര്‍ഷം അങ്ങനെയങ്ങനെ. സ്വര്‍ഗ്ഗവര്‍ഷത്തില്‍ പറഞ്ഞാല്‍ 950 ഭൂമിവര്‍ഷം എന്നതു് കഷ്ടി ഒരു സ്വര്‍ഗ്ഗദിവസം. അഥവാ, ദൈവദൃഷ്ടിയില്‍ മനുഷ്യര്‍ വെറും ഒറ്റദിവസ ഈച്ചകള്‍ മാത്രം! പ്രളയത്തിനു് ശേഷമാണു് മനുഷ്യന്റെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ദൈവം വെട്ടിച്ചുരുക്കിയതു്. ഈ തീരുമാനത്തിനു് ദുരൂഹമായ ഒരു കാരണമാണു് ബൈബിള്‍ നല്‍കുന്നതു്: മനുഷ്യര്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി. അവര്‍ക്കു് പുത്രിമാര്‍ ജനിച്ചപ്പോള്‍ “ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ” സൗന്ദര്യമുള്ളവരെന്നു് കണ്ടിട്ടു് തങ്ങള്‍ക്കു് ബോധിച്ച ഏവരേയും ഭാര്യമാരായി എടുത്തു. അപ്പോള്‍ യഹോവ: “മനുഷ്യനില്‍ എന്റെ ആത്മാവു് സദാ കാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിയിരുപതു് സംവത്സരമാകും എന്നു് അരുളിച്ചെയ്തു”. ദൈവത്തിന്റെ പുത്രന്മാരും, മനുഷ്യരുടെ പുത്രിമാരും! ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയാതെ മതപണ്ഡിതര്‍ ഇന്നും വട്ടം ചുറ്റുകയാണു്. എന്തൊക്കെയോ ചിലതു് അവര്‍ ഇടക്കിടെ വിളിച്ചുപറയാറുണ്ടു്. പക്ഷേ അതെന്താണെന്നു് അവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാവാറില്ല.

അതെന്തായാലും, പ്രായത്തില്‍ വരുത്തിയ ഈ വെട്ടിച്ചുരുക്കലിനു് അത്ര മോശമല്ലാത്ത ഒരു വിശദീകരണം നല്‍കാന്‍ കഴിയുമെന്നു് തോന്നുന്നു. ആദിപിതാക്കള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നതുകൊണ്ടു് അവരുടെ ലിസ്റ്റിന്റെ നീളം ഗണ്യമായി ചുരുക്കാന്‍ കഴിഞ്ഞു. 900 വര്‍ഷത്തിനുപകരം അവര്‍ വെറും 60 വര്‍ഷം മാത്രം ജീവിച്ചിരുന്നെങ്കില്‍, ഒരാളുടെ സ്ഥാനത്തു് പതിനഞ്ചുപേരാവും. പത്തു് പുരാതനപിതാക്കന്മാരുടെ സ്ഥാനത്തു് 150 പിതാക്കന്മാര്‍. ഇവര്‍ക്കും മക്കള്‍ക്കുമെല്ലാം പേരിടുന്നതുതന്നെ ഒരു നല്ല ജോലിയായേനെ. ബൈബിളിന്റെ കട്ടി കൂടുമെന്നല്ലാതെ, അതുകൊണ്ടു് ആര്‍ക്കെന്തു് പ്രയോജനം? ചുരുങ്ങിയതു്‌, ഓരോ ഇരുപതു് വര്‍ഷം കൂടുമ്പോഴെങ്കിലും ഓരോ പുതിയ തലമുറ രൂപം കൊണ്ടതായി എഴുതിപ്പിടിപ്പിക്കണം. അല്ലെങ്കില്‍ അതിനും വിശദീകരണം നല്‍കേണ്ടിവരും. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ മനുഷ്യര്‍ പെരുകണമെന്നതു് ഇന്നത്തെ സഭാപിതാക്കളെപ്പോലെതന്നെ അക്കാലത്തു് ദൈവത്തിനും വളരെ നിര്‍ബന്ധമായിരുന്നുതാനും. അനാവശ്യമായി തന്റെ മഷി തീരാതിരിക്കാനും, തൂവല്‍ തേയാതിരിക്കാനുമായി ബൈബിള്‍ എഴുത്തുകാരന്‍ കണ്ടെത്തിയ ഒരു പ്രായോഗികതന്ത്രമായിരിക്കണമതു്‌.

പതിവുപോലെ, നോഹയുടെ കാലത്തും ദൈവം ഭൂമിയിലേക്കു് നോക്കി. മനുഷ്യനെ സൃഷ്ടിച്ചതിന്റെ പേരില്‍ ദൈവം മൂന്നാമത്തെ പ്രാവശ്യം ദുഃഖിച്ചു. ആദ്യം, തിന്നരുതു് എന്നു് പ്രത്യേകം പറഞ്ഞ പഴം ആദാമും ഹവ്വായും പറിച്ചുതിന്നപ്പോള്‍. പിന്നെ, സ്വന്തം സഹോദരനായ ഹാബേലിനെ കയീന്‍ കൊന്നപ്പോള്‍. ഇപ്പോള്‍, സകലമാന മനുഷ്യരും പാപത്തിന്റെ നിലയില്ലാക്കടലില്‍ മുങ്ങിക്കുളിക്കുന്നതു്‌ കണ്ടപ്പോഴും. ഇവറ്റകള്‍ ഇത്തരക്കാരാണെന്നു് സൃഷ്ടിയില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയതില്‍ ദൈവത്തിനു് തന്നോടുതന്നെ അരിശം തോന്നി. പാപങ്ങളുടെ ഭീകരതയും എണ്ണവും കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ താന്തോന്നിത്തത്തിനു് പ്രതികാരം ചെയ്യാതിരിക്കാന്‍ ദൈവത്തിനു് കഴിയില്ല. കാരണം, പാപവും പാപിയും ദൈവത്തിനെതിരാണു്. പാപം ചെയ്യാത്തവരായി ആകെയുള്ളതു് നോഹയും ഭാര്യയും, മൂന്നു് ആണ്‍പിള്ളേരും, അവരുടെ ഭാര്യമാരായ മൂന്നു് പെണ്‍കുട്ടികളും മാത്രം. ബാക്കിയുള്ളവരൊക്കെ ദൈവം വിചാരിച്ചാലും തിരുത്താനാവാത്തവിധം മഹാപാപികളായിത്തീര്‍ന്നവര്‍. നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും ജീവന്റെ വൃക്ഷവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ഇത്തരം വിഡ്ഢികള്‍ ചെറിയ ശിക്ഷകൊണ്ടൊന്നും പഠിക്കുകയില്ല. കല്‍പിക്കുന്നതു് ദൈവമായാലും മനുഷ്യര്‍ നന്നാവില്ല. കാരണം, ദൈവം അവര്‍ക്കു് ഫ്രീ വില്‍ കൊടുത്തുപോയി. ആ ഫ്രീ വില്‍ ഇനി തിരിച്ചെടുത്താല്‍  പിശാചു്‌ എന്തു് വിചാരിക്കും? അതുകൊണ്ടു് നോഹയും കുടുംബവുമൊഴികെ സകല മനുഷ്യരേയും പ്രളയത്തില്‍ മുക്കിക്കൊല്ലുകതന്നെ പ്രതിവിധി എന്നു്‌ ദൈവം കണ്ടു. തത്ക്കാലം പ്രളയമാവട്ടെ എന്നും, മറ്റേ ദൈവമായ അല്ലാഹുവിന്റെ മാതൃകയില്‍ തീ കൊണ്ടുള്ള പൊരിക്കല്‍ പരിപാടി സോദോം-ഗോമോറയുടെ കാലത്താവാമെന്നും യഹോവ എന്ന ദൈവം തീരുമാനിച്ചു. അല്ലാഹുവിനെപ്പോലെതന്നെ യഹോവയും എല്ലാം അറിയുന്നവനും സകല ഭാവിയും മുന്‍കൂറായി കാണുന്നവനുമാണു്‌. അക്കാര്യത്തില്‍ അങ്ങേരേക്കാള്‍ ഒരുപടി മുന്നിലാണെങ്കിലേയുള്ളു.

ഉദാഹരണത്തിനു്‌, കേരളത്തില്‍ കത്തോലിക്കാസഭ ഒരു അച്ചനെയോ ബിഷപ്പിനെയോ കര്‍ദ്ദിനാളെയോ തിരുവേലയ്ക്കായി അഭിഷേകം ചെയ്യുമ്പോള്‍ത്തന്നെ ആരൊക്കെ ആരെയൊക്കെ ഗര്‍ഭം ധരിപ്പിക്കുമെന്നും, അവരില്‍ ആരൊക്കെ എത്ര കോടി സ്വന്തം പോക്കറ്റില്‍ തിരുകുമെന്നും, ആരൊക്കെ വനഭൂമി കയ്യേറുമെന്നും ആരൊക്കെ അതിനവരെ സഹായിക്കുമെന്നും, ആര്‍ക്കെല്ലാം അതിന്റെ പേരില്‍ സ്ഥലം മാറ്റവും സ്ഥാനഭ്രഷ്ടും നേരിടേണ്ടി വരുമെന്നുമെല്ലാം യഹോവയ്ക്കു്‌ കൃത്യമായി അറിയാം. യഹോവ ഒരു പൊട്ടനാണെന്നു്‌ കരുതരുതു്‌. ഒരു തൊഴിലാളിപ്പാര്‍ട്ടി അവരുടെ പാര്‍ട്ടി സെക്രട്ടറി, മന്ത്രിമാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ജനസേവനത്തിനായി നേതാക്കളെ അവരോധിക്കുമ്പോഴത്തെ കാര്യവും അങ്ങനെതന്നെ. പൊതുമുതലില്‍ നിന്നും കോടികള്‍ ഒതുക്കാന്‍ ആരെല്ലാം എന്തെല്ലാം ന്യായീകരണങ്ങള്‍ കണ്ടെത്തും, ആരൊക്കെ എത്ര തുക വീതം മരുന്നിനും മന്ത്രത്തിനും എന്ന പേരില്‍ വക മാറ്റും, കണ്ടാലും കൊണ്ടാലും പഠിക്കാത്ത എത്രയെത്ര സിന്താവാ കോവാലന്മാര്‍ അപ്പോഴും അവര്‍ക്കെല്ലാം കീജേ വിളിച്ചുകൊണ്ടു്‌ പുറകെ നടക്കും തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഒരു മഷിനോട്ടക്കാരനേപ്പോലെ കണ്‍മുന്നില്‍ കാണുന്നവനാണു്‌ യഹോവ.

അക്കാലത്തു് ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലിനു് ഇന്നത്തെപ്പോലുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ ഫെസിലിറ്റീസ് ആവശ്യമായിരുന്നില്ല. മനുഷ്യര്‍ക്കു് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഒരു കാഹളം സ്വര്‍ഗ്ഗത്തിലേക്കു് നീട്ടിപ്പിടിച്ചു് നാലുവട്ടം ഊതും. ദൈവത്തിനു് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അവന്‍ ഏതെങ്കിലും മലയില്‍ പ്രത്യക്ഷപ്പെടും. അങ്ങനെ ദൈവം നോഹയോടു് പറഞ്ഞു: “ഡാ, നോഹേ, പ്രളയം അനിവാര്യം. അതുകൊണ്ടു് പെട്ടെന്നുതന്നെ ഗോഫര്‍ മരം കൊണ്ടു് ഒരു പെട്ടകം ഉണ്ടാക്കി നീയും കുടുംബവും അതില്‍ കയറി രക്ഷപെട്ടുകൊള്ളുക. നീയും മക്കളും രക്ഷപെട്ടില്ലെങ്കില്‍ മനുഷ്യനെ ഉണ്ടാക്കാനായി ഞാന്‍ ഇനിയും മണ്ണുകുഴക്കാനും വാരിയെല്ലൂരാനും പോകണം. ഈ വയസ്സുകാലത്തു് പഴയപോലുള്ള ആറുദിവസത്തെ മാരത്തണ്‍ ഓട്ടമൊന്നും ശരിയാവില്ല. ഇനിയുള്ള കാലമെങ്കിലും അടുത്തൂണും അഞ്ചുസെന്റ്‌ സ്ഥലവും വാങ്ങി വിശ്രമജീവിതം നയിക്കണം”.

ദൈവം തുടര്‍ന്നു: “പെട്ടകം എന്നു് കേട്ടതുകൊണ്ടു് പേടിക്കണ്ട. വെള്ളം കയറാത്ത ഇത്തിരി വലിയ ഒരു കോഴിക്കൂടു്, അഥവാ, സാമാന്യത്തില്‍നിന്നും ശകലം ഭേദപ്പെട്ട ഒരു പത്തായം, അത്രതന്നെ! മുന്നൂറു് മുഴം നീളം, അന്‍പതുമുഴം വീതി, മുപ്പതുമുഴം ഉയരം. മുകളില്‍നിന്നും ഒരുമുഴം താഴെ ഒരു കുഞ്ഞു് കിളിവാതിലുമിരുന്നോട്ടെ”. ശ്വാസം കിട്ടണമെന്നതുകൊണ്ടല്ല, പ്രളയാവസാനം, അഥവാ, പെട്ടകപ്പുറത്തു് തുടികൊട്ടും പാട്ടുമായി മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം കേള്‍ക്കാതാവുമ്പോള്‍ മാത്രം, അപ്പോള്‍ മാത്രം തുറക്കാനും കാക്കയേയും പ്രാവിനേയും പുറത്തുവിട്ടു് ജലനിരപ്പു് പരിശോധിക്കുവാനും ഒരു കിളിവാതില്‍ ഇല്ലാതെ കഴിയുകയില്ല എന്നതിനാലാണതു്. പ്രളയാവസാനം ഭൂമി ഉണങ്ങിയെന്ന വിവരം ദൈവത്തിനു് നേരിട്ടു് പറയാവുന്നസ്ഥിതിക്കു് കാക്കയേയും പ്രാവിനേയും പുറത്തുവിടാന്‍ മാത്രമായി ഒരു കിളിവാതില്‍ അത്ര നിര്‍ബന്ധമാണോ എന്നൊരു സംശയം നോഹയുടെ ബുദ്ധിയില്‍ തോന്നാതിരുന്നില്ല. പക്ഷേ, വീട്ടില്‍ മൂത്തവര്‍ അടുപ്പത്തിരുന്നു്‌ കാഷ്ഠിക്കുമ്പോള്‍ ചന്തി പൊള്ളാറില്ല എന്ന മഹദ്‌വചനം നോഹയും പഠിച്ചിരുന്നു. ദൈവം പിന്നേയും നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നു: “പെട്ടകത്തിനു് മൂന്നു് തട്ടും, ഒരുവശത്തു് ഒരു വാതിലും വേണം. ആഫ്രിക്കയിലേയും ഇന്‍ഡ്യയിലേയും കൊമ്പനാനകള്‍ക്കും പിടികള്‍ക്കും കയറാനുള്ളതുകൊണ്ടു് വാതില്‍ തീരെ ചെറുതാവരുതു്. ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഈരണ്ടും, ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ആണും പെണ്ണുമായി ഏഴേഴും വീതം പെട്ടകത്തില്‍ കയറ്റണം. ശുദ്ധിയുള്ളവയില്‍ കുറെയെണ്ണത്തിനെ വേണ്ടിവന്നാല്‍ ശാപ്പിടാം എന്നതിനാലാണു് ഏഴേഴെന്നു് പറഞ്ഞതു്. മാത്രവുമല്ല, പ്രളയാവസാനം എനിക്കു് ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍ ശുദ്ധിയുള്ള ചില മൃഗങ്ങളും പറവകളും ആവശ്യമാണുതാനും.”

പെട്ടകം പണിത ആശാരിമാര്‍ അന്തം വിട്ടു. കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച സകല സാങ്കേതികത്വങ്ങളും തലകീഴ്മറിഞ്ഞതായി അവര്‍ക്കു് തോന്നി. തട്ടുകളില്‍ ശുദ്ധവായുവും വെളിച്ചവും ലഭ്യമാക്കുന്നതും, തട്ടുകളിലേക്കുള്ള പ്രവേശനവും, കീരിയും പാമ്പും, കുറുക്കനും കോഴിയുമെല്ലാം വസിക്കുന്ന കൂടുകള്‍ തമ്മില്‍ത്തമ്മില്‍ നിലനിര്‍ത്തേണ്ട മിനിമം അകലവുമെല്ലാം തലവേദനയായി. അകത്തും പുറത്തും കീല്‍ തേച്ച പെട്ടകത്തിലെ അറകളില്‍ കഴിയുന്ന മൃഗങ്ങളുടെ ഒരുവര്‍ഷകാലത്തെ വിസര്‍ജ്ജ്യവസ്തുക്കള്‍ പെട്ടകം തുറക്കാതെ പുറത്തുകളയുന്നതെങ്ങനെയെന്നതായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. മലമൂത്രങ്ങളുടെ ദുര്‍ഗ്ഗന്ധവും അവയില്‍ രൂപമെടുക്കുന്ന മാരകമായ വാതകങ്ങളും ഒഴിവാക്കാന്‍ വഴികാണാതെ ആശാരിമാര്‍ കുഴങ്ങി. അക്കാലത്തു് സെപ്ടിക് ടാങ്കുകള്‍ ഇല്ലായിരുന്നെങ്കിലും, “സെപ്ടിക് ടാങ്കിലെ അപകടമരണം” ഒരു ഹൈപ്പോത്തെസിസ് എന്ന നിലയില്‍ അവര്‍ക്കു് സുപരിചിതമായിരുന്നു. അതേ പേരില്‍ ആയിടെ ഇറങ്ങിയ ഒരു സയന്‍സ്‌ ഫിക്‍ഷന്‍ ഫിലിം സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ “സെപ്ടിക് ടാങ്ക്” സമൂഹത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയവുമായിരുന്നു. പെട്ടകത്തിന്റെ പണി തീര്‍ത്തശേഷം അധികം താമസിയാതെ തങ്ങള്‍ മുങ്ങിച്ചാവണമെന്നു് പാവം ആശാരിമാര്‍ അറിഞ്ഞിരുന്നില്ല. നോഹ ഒരു മൃഗശാലയോ, സര്‍ക്കസോ മറ്റോ തുടങ്ങാന്‍ പോകുന്നു എന്ന ധാരണയായിരുന്നു അവര്‍ക്കു്. നോഹയുടെ വര്‍ണ്ണനയ്ക്കനുസൃതമായും, കുറെയൊക്കെ സ്വന്തം യുക്തിപോലെയും പെട്ടകത്തിന്റെ പണി മുഴുവന്‍ ഒരുവിധം തീര്‍ത്തു് പണിക്കൂലിയും വാങ്ങി പതിവുപോലെ പാപം ചെയ്യാനായി അവര്‍ പട്ടണത്തിലെ മറ്റു് പാപികളുടെ ഇടയിലേക്കു് പോയി.

പെട്ടകത്തില്‍ കയറാനുള്ള മൃഗസമൂഹത്തെ കണ്ട നോഹ അമ്പരന്നുപോയി. ഇവയെ മുഴുവന്‍ എങ്ങനെ ഈ പെട്ടിയിലൊതുക്കും? ആറാം ദിവസം ദൈവം സൃഷ്ടിച്ച കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇത്രയേറെ ഉണ്ടാവുമെന്നു് നോഹ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനുപുറമേ, അഞ്ചാം ദിവസം വൈകിട്ടു് സൃഷ്ടിച്ച പറവകള്‍ വേറെയും! നോഹ അധികസമയവും പ്രാര്‍ത്ഥനയിലും ജപത്തിലും മുഴുകി സമയം കഴിച്ചിരുന്നതിനാല്‍ പൊതുവിജ്ഞാനം ഇത്തിരി കമ്മിയുമായിരുന്നു. വലിയ മൃഗങ്ങളെ ഒഴിവാക്കിയാല്‍ പോലും ബാക്കിയുള്ളവയുടെ നാലിലൊന്നുപോലും ഈ പത്തായത്തില്‍ ഒതുങ്ങുകയില്ല. മഴ പെയ്യുമ്പോള്‍ പറവകളെ പറന്നുനടക്കാന്‍ അനുവദിക്കുന്നതെങ്ങനെ? സകല പര്‍വ്വതങ്ങളും വെള്ളത്തിനടിയില്‍ ആയതിനാല്‍ പറന്നുപറന്നു് ചിറകു് തളരുമ്പോള്‍ എവിടെയെങ്കിലും ഒന്നിരിക്കാന്‍ പോലും കഴിയുകയുമില്ല. മൃഗങ്ങള്‍ക്കുപോലും സ്ഥലമില്ലാത്തിടത്തു്, ഓരോ ഇനത്തിനും യോജിച്ച തീറ്റസാധനങ്ങള്‍ എവിടെ കയറ്റും? ആനയും കണ്ടാമൃഗവുമൊക്കെ കുറച്ചു് തീറ്റകൊണ്ടൊന്നും മതിയാവുന്ന തരക്കാരുമല്ല. പ്രളയം തീരുന്നതുവരെ അവറ്റകളെ പട്ടിണിക്കിട്ടാല്‍ അവ പരസ്പരം കടിച്ചുകീറി തിന്നും.പോരെങ്കില്‍, ഏതു് വര്‍ഗ്ഗത്തിനും ഒന്നോ അതിലധികമോ വര്‍ഗ്ഗശത്രുക്കളുമുണ്ടു്.

പുതിയ സൃഷ്ടി നടത്തിയാലും ഇല്ലെങ്കിലും, ഇതില്‍ ഭേദം പ്രളയം വഴി എല്ലാത്തിനേയും അങ്ങു് കൊല്ലുന്നതു് തന്നെയായിരുന്നു എന്നു് പലവട്ടം നോഹ വിചാരിച്ചെങ്കിലും, പുറത്തു് പറഞ്ഞില്ല. ഹൃദയവിചാരങ്ങളെ പറയാതെതന്നെ അറിയുന്നവനാണു് ദൈവം എന്നു് തിരക്കിനിടയില്‍ നോഹ ചിന്തിച്ചില്ല. മറ്റു്‌ മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടു് നോഹയുടെ ദുശ്ചിന്തകള്‍ അറിഞ്ഞതായി ദൈവം ഒട്ടു് നടിച്ചതുമില്ല. ആകെ ധര്‍മ്മസങ്കടത്തിലായ നോഹ ഈവിധ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിച്ചു എന്നതു് ഇന്നുവരെ വെളിച്ചം കാണാത്ത ഒരു രഹസ്യമാണു്.

ധ്രുവപ്രദേശത്തെ വെള്ളക്കരടിയും, ആസ്റ്റ്‌റേലിയയിലെ ക്യാന്‍ഗരൂവും, കേരളരാഷ്ട്രീയത്തില്‍ മാത്രം കാണാന്‍ കഴിയുന്ന ചില അസാധാരണ ജനുസുകളും, സാമൂഹികപരിഷ്കര്‍ത്താക്കളും, കുതികാല്‍വെട്ടികളും പെട്ടകത്തില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നും ഇതുവരെ ആര്‍ക്കുമറിയില്ല. പ്രളയത്തെ അതിജീവിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല എന്നതിനാല്‍ നിര്‍മ്മലരില്‍ നിര്‍മ്മലരായ എട്ടു്‌ നോഹകളോടൊപ്പം ഈവകകളും പെട്ടകത്തില്‍ ഉണ്ടായിരുന്നു എന്നു് കരുതാതെ നിവൃത്തിയുമില്ല.

 
6 Comments

Posted by on May 13, 2008 in പലവക, മതം

 

Tags: , ,

ദൈവമല്ലാത്ത ഊര്‍ജ്ജങ്ങള്‍

=  2  =

CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി സിമ്യുലേറ്റ് ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് അക്സിലെറേറ്റ് ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ ഒരു ലോഹക്കട്ടിയിലേക്കു് കൊളൈഡ് ചെയ്യിക്കുക എന്നതു്. അതുവഴി പുതിയ പ്രോട്ടോണുകള്‍ രൂപമെടുക്കുന്നു. അവയില്‍ ശരാശരി പത്തുലക്ഷത്തില്‍ ഒന്നു് എന്ന അനുപാതത്തില്‍ രൂപമെടുക്കുന്ന ആന്റിപ്രോട്ടോണിനെ (പ്രോട്ടോണിന്റെ പ്രതികണം) പിടിച്ചെടുത്തു് ഒരു എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ വഴി അതിന്റെ വേഗതകുറച്ചു് കെണിയില്‍ പെടുത്തിയശേഷം ഒരു ആന്റിഎലക്ട്രോണുമായി (എലക്ട്രോണിന്റെ പ്രതികണം) സംയോജിപ്പിക്കുന്നു. അതുവഴി സംജാതമാവുന്ന ആന്റിമാറ്റര്‍ പഠനവിധേയമാക്കപ്പെടുന്നു.

ഓരോ എലെമെന്ററി പാര്‍ട്ടിക്കിളിന്റേയും ഭാരം ഭൂമിയിലായാലും, മറ്റേതെങ്കിലും ഗാലക്സിയിലായാലും ഒന്നുതന്നെയായിരിക്കും. പക്ഷേ, സ്വന്തഭാരം ഇത്രയായിരിക്കണമെന്നു് ഓരോ കണങ്ങളും എങ്ങനെ “അറിയുന്നു”? അഥവാ, വ്യത്യസ്ത കണങ്ങള്‍ക്കു് എങ്ങനെ വ്യത്യസ്തമായ ഭാരം ലഭിക്കുന്നു? എപ്പോള്‍, എങ്ങനെയാണു് അതു് “തീരുമാനിക്കപ്പെട്ടതു്”? ഇവിടെയാണു് ഹിഗ്സ് ഫീല്‍ഡിന്റെ പ്രാധാന്യം. എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ പോലെയുള്ള ഫീല്‍ഡുകളില്‍ നിന്നു് വ്യത്യസ്തമായ ഹിഗ്സ് ഫീല്‍ഡ്‌ ഒരു scalar field ആണു്. അതായതു്, വെക്ടൊര്‍ ഫീല്‍ഡീല്‍ നിന്നും വ്യത്യസ്തമായി, അതിനു് മാഗ്നിറ്റ്യൂഡ് മാത്രമേയുള്ളു, ഡിറെക്ഷന്‍ ഇല്ല. ഇതിന്റെ മറ്റൊരു അസാധാരണത്വം, ഫീല്‍ഡ്‌ പൂജ്യം ആവുമ്പോള്‍ അതിന്റെ എനര്‍ജി, ഫീല്‍ഡ്‌ പൂജ്യമല്ലാത്തപ്പോഴേക്കാള്‍ കൂടുതലായിരിക്കുമെന്നതാണു്. ഈ പ്രത്യേകത നിമിത്തം, ഇന്നു് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു എന്നു് കരുതുന്ന ഈ ഫീല്‍ഡ്‌, പ്രപഞ്ചാരംഭത്തില്‍ മറ്റു് കണങ്ങളുമായി പ്രതിപ്രവര്‍ത്തനം നടത്തി, അവയുടെ സ്വഭാവത്തെ നിശ്ചയിച്ചുറപ്പിച്ചുകാണണം എന്നു് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഹിഗ്സ് ഫീല്‍ഡ്‌ ഹൈപൊതെറ്റിക്കല്‍ ആയതിനാല്‍, അവയുടെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ ഇക്കാര്യങ്ങളില്‍ അവയുടെ പ്രാതിനിധ്യം ഒരു സാദ്ധ്യത മാത്രമായി കണക്കാക്കാനേ പറ്റൂ. ഹിഗ്സ് ബോസോണ്‍സ് തെളിയിക്കപ്പെടേണ്ടിവരുന്നതും, അതിനുവേണ്ടി ആദിസ്ഫോടനത്തിലെ അവസ്ഥ സിമ്യുലേറ്റ് ചെയ്യപ്പെടേണ്ടി വരുന്നതും അതുകൊണ്ടുതന്നെ.

CERN-ല്‍ ആദിസ്ഫോടനം സിമ്യുലേറ്റ് ചെയ്യുന്നതുവഴി എനര്‍ജി ദ്രവ്യമായി മാറ്റപ്പെടുന്നു. അങ്ങനെ, ബിഗ്-ബാങ്ങിനു്‌ നൂറുകോടിയില്‍ ഒരംശത്തിനു് താഴെയുള്ള സെക്കന്റിലെവരെ അവസ്ഥയില്‍ എനര്‍ജിയും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാനും, അതുവഴി, അവയില്‍ ഹിഗ്സ് ഫീല്‍ഡ്‌ കണ്ടെത്താനും, ആ ഫീല്‍ഡിന്റെ പ്രപഞ്ചാരംഭത്തിലെ പങ്കാളിത്തം മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു. ഹിഗ്സ് ഫീല്‍ഡ്‌ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു കാരണം ശൂന്യത എന്നാല്‍ ഒന്നുമില്ലായ്മ ആവാന്‍ കഴിയില്ല എന്ന ചിന്തയാണു്. കണങ്ങളുടെ ഭാരത്തിനു് ഉത്തരവാദി ഈ ശൂന്യത ആവാനേ കഴിയൂ എന്നാണു് പൊതുവേ വിശ്വസിക്കപ്പെടുന്നതു്. ഇതു് നേരത്തേ സൂചിപ്പിച്ച സിമെട്രി ബ്രേക്കിങ്ങുമായി ബന്ധപ്പെട്ടു് കിടക്കുന്ന കാര്യമാണു്. നമുക്കു് അറിയാവുന്ന നാലു് അടിസ്ഥാന ശക്തികളാണു് ഗ്രാവിറ്റേഷണല്‍, എലെക്ട്രോമാഗ്നെറ്റിക്, വീക് അറ്റോമിക്, സ്റ്റ്രോങ് അറ്റോമിക് എന്നീ ശക്തികള്‍. ഇവയില്‍ electromagnetic force, weak atomic force എന്നിവ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയെങ്കിലും, അവയുടെ ശക്തിയുടെ റേഞ്ച്‌ തുല്യമല്ല. ആരംഭം മുതലേ എല്ലാം സിമട്രിക്കല്‍ ആയിരുന്നെങ്കില്‍ ഇവ രണ്ടും തുല്യമാവാതിരിക്കാന്‍ കാരണമൊന്നുമില്ലതാനും. തന്മൂലം, ഈ രണ്ടു് ശക്തികളും തമ്മിലുള്ള ഡിസ്പാരിറ്റിക്കു് കാരണം പ്രപഞ്ചാരംഭത്തിലുണ്ടായ ഒരു സിമെട്രി ബ്രേക്കിങ് മാത്രമേ ആവാന്‍ കഴിയൂ എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ആന്റിമാറ്ററിന്റെ കഥയും ആരംഭിച്ചതു് ഏതാണ്ടു് ഇതുപോലെതന്നെ ആയിരുന്നു. ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറിയും, ക്വാണ്ടം തിയറിയും തമ്മില്‍ ഏകോപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വഴി രൂപംകൊണ്ട യൂണിഫൈഡ്‌ ഫീല്‍ഡ്‌ തിയറിയുടെ ഗണിതശാസ്ത്രപരമായ അനന്തരഫലമായിരുന്നു ആന്റിമാറ്റര്‍ ഉണ്ടായിരിക്കണമെന്നതു്. തിയററ്റിക്കല്‍ ഫിസിക്സിന്റെ ഈ നിഗമനത്തിന്റെ ഭൗതികസാധുത്വം തേടിയുള്ള അന്വേഷണങ്ങള്‍ ശാസ്ത്രത്തെ ആന്റിമാറ്ററിന്റെ കണ്ടെത്തലില്‍ എത്തിക്കുകയായിരുന്നു.

ശാസ്ത്രം ഒരു പുതിയ കണ്ടുപിടുത്തം നടത്തുമ്പോള്‍ തുറന്നുവരുന്നതു് പുതിയ പല മേഖലകളാണു്. ഒരു ചോദ്യത്തിന്റെ മറുപടിയായി ഒരു വാതില്‍ തുറക്കുമ്പോള്‍, പുതിയ ചോദ്യങ്ങളുടെ അടഞ്ഞു്‌ കിടക്കുന്ന എത്രയോ പുതിയ വാതിലുകളാണു് പ്രത്യക്ഷപ്പെടുന്നതു്‌. അതു് ശരിയുമാണു്. കാരണം,പുതിയ ചോദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥ അന്വേഷണത്തിന്റേയും, തന്മൂലം മനുഷ്യബുദ്ധിയുടെതന്നെയും മുരടിപ്പും അന്ത്യവുമായിരിക്കും. പുതിയ ചോദ്യങ്ങളുടെ പഠനവും മറുപടികളും വഴി പഴയ മറുപടികളെ തിരുത്തുകയോ പുതുക്കുകയോ ചെയ്യേണ്ടിവരുന്നതു് ശാസ്ത്രത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. അതുവഴിയാണു് ശാസ്ത്രം വളരുന്നതും നിലനില്‍ക്കുന്നതും. പഴയതു് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവിധം അപ്പാടെ ശരിയെന്നു് വിശ്വസിച്ചു് അതില്‍ കടിച്ചുതൂങ്ങുന്നതാണു് മതവിശ്വാസം. പുതിയതിന്റെ നേരെ മുന്‍വിധി ഇല്ലാതിരിക്കുന്നതും, റാഷണല്‍ എന്നു് തെളിയിക്കപ്പെട്ട പുതിയവയെ അംഗീകരിക്കുന്നതുമാണു് ശാസ്ത്രീയത. ശാസ്ത്രത്തില്‍ സത്യം ഏകമല്ല, നിത്യമല്ല, ദൈവികവുമല്ല. ഡാര്‍ക് മാറ്റര്‍, ഡാര്‍ക് എനര്‍ജി എന്നീ പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കാമെന്ന നിഗമനത്തില്‍ ശാസ്ത്രം എത്തിച്ചേര്‍ന്നതും പഴയതുവഴി പുതിയതിലേക്കു് എന്ന അതേ മാര്‍ഗ്ഗത്തിലൂടെയാണു്. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ സ്വാഭാവികമായ പരിണതഫലമാണതു്.

1905-ല്‍ ഐന്‍സ്റ്റൈന്‍ തന്റെ സ്പെഷല്‍ തിയറി ഓഫ് റിലേറ്റിവിറ്റി അവതരിപ്പിച്ചു. സ്ഥല-കാലങ്ങളുടെ വക്രതയുടെ ഫലമായി ഉണ്ടാവുന്ന ഒരു പ്രതിഭാസമാണു്‌ ഗ്രാവിറ്റേഷന്‍ എന്നു് സ്ഥാപിക്കാന്‍, നിലവിലുണ്ടായിരുന്ന നോണ്‍-യുക്ലിഡിയന്‍ ജ്യോമെട്രിയിലെ തിയറി ഉപയോഗിക്കുക മാത്രമാണു് ഐന്‍സ്റ്റൈന്‍ ചെയ്തതു്. യുക്ലിഡിയന്‍ പോസ്റ്റ്യുലേറ്റ്സില്‍ അധിഷ്ഠിതമായ, കാര്‍ട്ടീഷന്‍ കോഓര്‍ഡിനേറ്റ്സിനു്‌ പൊരുത്തപ്പെടാന്‍ കഴിയുന്ന, സ്പെയ്സ് എന്ന ത്രീ-ഡിമെന്‍ഷണല്‍ കണ്ടിന്യുവം, റ്റൈം എന്ന വണ്‍-ഡിമെന്‍ഷണല്‍ കണ്ടിന്യുവം എന്നിവയെ ആധാരമാക്കുന്ന ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും നോണ്‍-യുക്ലിഡിയന്‍ മാത്തമാറ്റിക്സിന്റെ സഹായത്തോടെ, സ്പെയ്സ്-റ്റൈം കണ്ടിന്യുവം എന്ന ഫോര്‍-ഡിമെന്‍ഷണല്‍ കണ്ടിന്യുവം സൃഷ്ടിച്ചെടുത്തതുവഴി, നീളം, ഭാരം, സമയം ഇവയെല്ലാം ആപേക്ഷികമാണെന്നും, അവയുടെ വേഗതയില്‍ വരുന്ന വ്യത്യാസത്തിനനുസരിച്ചു് ഈ മൂല്യങ്ങളിലും മാറ്റം സംഭവിക്കുമെന്നും സ്ഥാപിക്കുകയായിരുന്നു ഐന്‍സ്റ്റൈന്‍. (ഐന്‍സ്റ്റൈന്‍ എന്ന ജര്‍മ്മന്‍ സായിപ്പിനെ ഐന്‍സ്റ്റീന്‍ എന്ന ഇന്‍ഗ്ലീഷ് സായിപ്പാക്കുന്നതു്‌, രാജന്‍ എന്ന മലയാളിയെ ജര്‍മ്മന്‍കാര്‍ “രയാന്‍” ആക്കുന്നതുപോലെയാണു്‌. രണ്ടിലും ആളൊന്നുതന്നെ; എന്നാലും ഒരുതരം ബൌദ്ധിക-വൈകാരിക അസ്ക്യത.)

പ്രകാശത്തിന്റെ വേഗത കോണ്‍സ്റ്റന്റ് ആണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതു്, ആല്‍ബെര്‍ട്ട് മൈക്കെള്‍സണ്‍ എന്ന അമേരിക്കന്‍ ഫിസിസിസ്റ്റ്‌ നടത്തിയ ഒരു പരീക്ഷണത്തിന്റെ വിശദീകരിക്കാനാവാത്ത ഫലം വഴിയായിരുന്നു. പരീക്ഷണത്തില്‍ സൂര്യനില്‍ നിന്നും എത്തുന്ന പ്രകാശത്തിന്റെ വേഗതയും, ഭൂമി സൂര്യനെ ചുറ്റുന്ന വേഗതയും ചേര്‍ന്നു് 300030 km/sec എന്ന ഫലമാണു് ലഭിക്കേണ്ടിയിരുന്നതെങ്കിലും, മൈക്കെള്‍സണു്‌ ലഭിക്കുന്നതു് 300000 km/sec മാത്രം! ആപേക്ഷികമായ വേഗതകളെ ഇഷ്ടാനുസരണം പരസ്പരം കൂട്ടാം എന്നതായിരുന്നു അതുവരെയുള്ള ധാരണ. അങ്ങനെയെങ്കില്‍, വേഗതകളെ ഇഷ്ടംപോലെ കൂട്ടിച്ചേര്‍ത്തു് പ്രപഞ്ചത്തിലെവിടെയും നിമിഷം കൊണ്ടു് എത്താന്‍ കഴിയേണ്ടതല്ലേ? അതു്  അബ്സെര്‍ഡ് ആണെന്നതിനാല്‍, വേഗതക്കു് ഒരു പരിധി ഉണ്ടാവണം. അതായതു്, അതിനപ്പുറം എന്നൊന്നില്ലാത്ത ഒരു മാക്സിമം വേഗത ഉണ്ടായിരിക്കണം. ഈ ചിന്തവഴിയാണു്‌ പ്രകാശത്തിന്റെ വേഗതയുടെ കോണ്‍സ്റ്റന്‍സിയില്‍ ഐന്‍സ്റ്റൈന്‍ എത്തിപ്പെട്ടതു്‌. 1916-ല്‍ സ്പെഷല്‍ തിയറി ഓഫ് റിലേറ്റിവിറ്റി, ജെനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി ആയി വിപുലീകരിക്കപ്പെട്ടു.

ഐന്‍സ്റ്റൈന്‍ വിഭാവനം ചെയ്ത പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ സ്റ്റാറ്റിക് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രപഞ്ചമോഡലില്‍ ഒരു റെഡ് ഷിഫ്റ്റ് പ്രവചിക്കപ്പെട്ടിരുന്നില്ല. ഒരു ഐന്‍സ്റ്റൈന്‍ പോലും മുന്‍വിധിയില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രനല്ല എന്നതിനു് തെളിവാണു് അദ്ദേഹം തന്റെ സമവാക്യത്തെ കൈകാര്യം ചെയ്ത രീതി. തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ഹോമോജിനിയസും, ഐസൊട്രോപ്പിക്കും, സ്റ്റാറ്റിക്കുമായ ഒരു യൂണിവേഴ്സിനു്‌ ഭംഗം വരാതിരിക്കാന്‍ 1917-ല്‍ അദ്ദേഹം തന്റെ സമവാക്യത്തില്‍ ഒരു കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റ് കുത്തിത്തിരുകി. ഗ്രാവിറ്റേഷന്‍ വഴി തന്റെ സ്റ്റാറ്റിക്‌ യൂണിവേഴ്സ്‌ “ഇടിഞ്ഞുവീഴാതിരിക്കാന്‍” ഗ്രാവിറ്റേഷണല്‍ ആകര്‍ഷണത്തെ ചെറുക്കാനുതകുന്ന വികര്‍ഷണത്തിന്റെ ഒരു ഘടകമായിരുന്നു ആ കോണ്‍സ്റ്റന്റ്‌ വഴി ഐന്‍സ്റ്റൈന്‍ കൃത്രിമമായി തന്റെ ഇക്വേഷനോടു്‌ കൂട്ടിച്ചേര്‍ത്തതു്. ആ വര്‍ഷം തന്നെ പ്രപഞ്ചത്തിന്റെ വികാസം കണ്ടെത്തുകയും, 1929-ല്‍ എഡ്വിന്‍ ഹബിള്‍ അതു് നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍, ഖേദം പ്രകടിപ്പിച്ചുകൊണ്ടു് തന്റെ ഇക്വേഷനില്‍ നിന്നും കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റ് ഐന്‍സ്റ്റൈന്‍ എടുത്തു് മാറ്റി. യഥാര്‍ത്ഥത്തില്‍, 1922-ല്‍ അലക്സാണ്ഡര്‍ ഫ്രീഡ്മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞനാണു് ഐന്‍സ്റ്റൈന്റെ മൂലസമവാക്യത്തില്‍ നിന്നും സ്റ്റാറ്റിക്‌ അല്ലാത്ത ഒരു പ്രപഞ്ചത്തിനു് അനുയോജ്യമായ homogeneous and isotropic solution കണ്ടെത്തിയതു്.

1998-ല്‍, പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല, വികാസത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണെന്നും തെളിയിക്കപ്പെട്ടു. അതിനര്‍ത്ഥം, വികാസവേഗതയെ വര്‍ദ്ധിപ്പിക്കുന്ന, സജീവമായ ഏതോ ഒരു ആന്റി-ഗ്രാവിറ്റേഷണല്‍ ഫോഴ്സ് പ്രപഞ്ചത്തില്‍ ഉണ്ടാവണമെന്നാണല്ലോ. ഉണ്ടെന്നു് തത്വത്തില്‍ അറിയാമെന്നല്ലാതെ, പ്രകാശം പ്രസരിപ്പിക്കുകയോ, മറ്റേതെങ്കിലും രൂപത്തില്‍ സ്വയം വെളിപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍, ഈ പ്രതിഭാസത്തെപ്പറ്റി മറ്റു് വിവരങ്ങളൊന്നും അറിയാന്‍ കഴിയുകയുമില്ല. ഈ രഹസ്യശക്തിയെ ശാസ്ത്രജ്ഞര്‍ “ഡാര്‍ക്ക് എനര്‍ജി” എന്നു് പേരുനല്‍കി വിളിച്ചു. പ്രപഞ്ചത്തിന്റെ വികാസം ആദിസ്ഫോടനം മുതല്‍ ആരംഭിച്ചു എന്നു് നമുക്കറിയാം. എപ്പോഴെങ്കിലും ഒരു മടക്കയാത്ര ആരംഭിക്കാന്‍ കഴിയണമെങ്കില്‍ ഈ വികാസത്തിന്റെ ഗതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണു് വേണ്ടതു്. അപ്പോഴാണു് വികാസത്തിന്റെ വേഗത സ്ഥിരമായി കൂടിക്കൊണ്ടിരിക്കുകയാണെന്ന കണ്ടെത്തല്‍. പ്രപഞ്ചവികാസത്തിനു് കാരണം ഇരുണ്ട എനര്‍ജിയോ ഇരുണ്ട ദ്രവ്യമോ ആവാം. രണ്ടും പ്രപഞ്ചത്തില്‍ ഉണ്ടുതാനും. ഈ രണ്ടു് പ്രതിഭാസങ്ങളെയും കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ പലതരത്തില്‍ നടക്കുന്നുണ്ടു്. അതിലൊന്നാണു് ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ കോസ്മോളജിസ്റ്റ്സ്, എലെമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിസിസ്റ്റ്സ് എന്നിവര്‍ ഒരുമിച്ചു് നടത്തുന്ന ഒരു പരീക്ഷണം. കോസ്മിക്‌ റേഡിയേഷന്‍ തടയുന്നതിനുവേണ്ടി കിലോമീറ്റര്‍ കട്ടിയുള്ള പാറയുടെ ഉള്ളിലാണു് പരീക്ഷണശാല. അങ്ങേയറ്റം ശുദ്ധീകരിച്ച, ആബ്സൊല്യുട്ട് സീറോയോടടുത്ത ഊഷ്മാവിലേക്കു് (-273,15 ° C) തണുപ്പിച്ച ജെര്‍മ്മേനിയം ക്രിസ്റ്റല്‍സില്‍ സംഭവിക്കുന്ന ഏറ്റവും ചെറിയ താപവര്‍ദ്ധനപോലും പ്രത്യേക സെന്‍സേഴ്സ് ഉപയോഗിച്ചു് അളക്കപ്പെടുന്നു. ഫലം ലഭിക്കുമോ എന്നു് നിശ്ചയമില്ലാത്ത, വളരെ ചിലവുകൂടിയ ഒരു പദ്ധതിയാണതു്. മറ്റു് ചിലയിടങ്ങളില്‍, ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ ആദ്യം ന്യുട്രിനോകളെ തേടുന്നു.

ഇരുണ്ട എനര്‍ജിയില്‍ നിന്നു് വ്യത്യസ്തമായി, ഇരുണ്ട ദ്രവ്യത്തെ അതു് പ്രകാശം പ്രസരിപ്പിക്കാത്തതുകൊണ്ടു് നേരിട്ടു് കാണാന്‍ കഴിയുകയില്ലെങ്കിലും, അതിന്റെ അസ്തിത്വം പരോക്ഷമായി വീക്ഷിക്കാന്‍ നമുക്കു് സാധിക്കും. ഇരുണ്ട ദ്രവ്യത്തിന്റെ ഗ്രാവിറ്റി മൂലം, സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ ഗതിയില്‍ അതു് വരുത്തുന്ന വ്യതിചലനം വഴി അതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനും, അളവു് കണക്കാക്കുവാനും ശാസ്ത്രജ്ഞര്‍ക്കു് കഴിയും. ഇരുണ്ട ദ്രവ്യം എന്നതു്‌ പാര്‍ട്ടിക്കിള്‍സ് ആവണമെന്നില്ലെന്നും വാക്യും ഫ്ലക്ചുവേഷന്റെ ഫലമാവാമെന്നും ഒരഭിപ്രായം നിലവിലുണ്ടു്.

ഇരുണ്ട എനര്‍ജിയുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം ഫലപ്രദമാവില്ല. അതിനു് പ്രധാന കാരണം, ദ്രവ്യത്തിന്റെ ഗുണങ്ങളൊന്നും അതിനില്ല എന്നതാണു്. പ്രപഞ്ചത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഡാര്‍ക്ക് എനര്‍ജി പ്രകാശത്തെ എങ്ങനെ, എങ്ങോടു് വ്യതിചലിപ്പിക്കാന്‍?ഡാര്‍ക്ക് എനര്‍ജിയെ മനസ്സിലാക്കണമെങ്കില്‍ പ്രപഞ്ചത്തെ മൊത്തമായി പരിഗണിച്ചാലേ സാദ്ധ്യമാവൂ. അത്തരമൊരു പരിഗണനയില്‍ ഏറിയോ കുറഞ്ഞോ നീതീകരിക്കാവുന്നതായ രണ്ടു് മാതൃകകളുണ്ടു്. ഒന്നു്, ഐന്‍സ്റ്റൈന്‍ എടുത്തുമാറ്റിയ കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റിനെ പങ്കുചേര്‍ത്തുകൊണ്ടുണ്ടുള്ളതു്‌. മറ്റൊന്നു്, അഞ്ചാമത്തെ ഒരു പുതിയ ഫീല്‍ഡ്‌, അഥവാ അഞ്ചാമതൊരു പ്രപഞ്ചശക്തി കണ്ടെത്തുക എന്നതു്‌. അത്തരമൊരു ഫീല്‍ഡില്‍ ഡാര്‍ക്ക് എനര്‍ജി കോണ്‍സ്റ്റന്റ് ആയിരിക്കുകയില്ല, ഡൈനാമിക് ആയിരിക്കും. അതു് സമയത്തിനു് ആപേക്ഷികമായി വ്യത്യാസം വരുന്ന ഒന്നായിരിക്കുമെന്നു് സാരം. ഈവിധം ഒരു പുതിയ ഫീല്‍ഡ്‌ തെളിയിക്കപ്പെട്ടാല്‍, അതു് ശാസ്ത്രത്തിലെ അടിസ്ഥാനപരവും വിപ്ലവകരവുമായ ഒരു നേട്ടമായിരിക്കും. കാരണം, അതുവഴി നമുക്കു് ലഭിക്കുന്നതു് പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഫീല്‍ഡിന്റെ പ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അറിവായിരിക്കും.

(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ച 2008 മെയ് നാലില്‍നിന്നും വ്യത്യസ്തമായി, 2012 ജൂലൈ നാലിനു്‌ ഹിഗ്സ് ബോസോണുമായി കണ്‍സിസ്റ്റന്റ് ആയ ഒരു കണം കണ്ടെത്തിയെന്നു്‌ CERN പ്രഖ്യാപിച്ചു. https://home.cern/topics/higgs-boson)

 
Comments Off on ദൈവമല്ലാത്ത ഊര്‍ജ്ജങ്ങള്‍

Posted by on May 4, 2008 in ലേഖനം

 

Tags: , , ,