RSS

Monthly Archives: Apr 2008

പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍

ഫിസിക്സിലെ ഇതുവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ഡാര്‍ക്‌ എനര്‍ജി എന്നൊരു പ്രതിഭാസത്തിന്റെ സാദ്ധ്യതയിലേക്കു് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും, അതെന്താണെന്നു് കൃത്യമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല, വിശ്വാസയോഗ്യമായ ചില സങ്കല്‍പനങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും. അതേസമയം, ഡാര്‍ക്‌ മാറ്റര്‍ എന്നതു് ശാസ്ത്രലോകം തത്വത്തിലും സത്യത്തിലും അംഗീകരിച്ചും തെളിയിച്ചും കഴിഞ്ഞ വസ്തുതയാണുതാനും. ഐന്‍സ്റ്റൈന്റെ എനര്‍ജി ഇക്വേഷന്‍ പ്രകാരം മാറ്ററും എനര്‍ജിയും ഒന്നിന്റെ രണ്ടു് ഭാവങ്ങളാണെങ്കിലും, ഡാര്‍ക്‌ മാറ്ററും ഡാര്‍ക്‌ എനര്‍ജിയും രണ്ടു് വ്യത്യസ്ത ഭാവങ്ങളാണു് എന്ന അഭിപ്രായമാണു് പൊതുവേ നിലവിലിരിക്കുന്നതു്. അതുപോലെതന്നെ, ഡാര്‍ക്‌ മാറ്ററും, ആന്റിമാറ്ററും ഒന്നല്ല, രണ്ടു് വിഭിന്ന പ്രതിഭാസങ്ങളാണു്. ഡാര്‍ക്‌ എനര്‍ജിയിലേക്കു് കടക്കുന്നതിനു് മുന്‍പു്, വ്യക്തതയുടെ പേരില്‍, പ്രപഞ്ചത്തിന്റെ ആരംഭം സംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് മിക്കവാറും അംഗീകരിച്ചുകഴിഞ്ഞ തത്വങ്ങളില്‍നിന്നും തുടങ്ങേണ്ടതുണ്ടു്‌. dark എന്ന വാക്കിനു് ഏറ്റവും അനുയോജ്യമായ മലയാളപദം ശ്യാമം എന്നതിനേക്കാള്‍ ഇരുണ്ടതു് എന്നാണെന്നു് തോന്നുന്നതിനാല്‍, ഡാര്‍ക്‌ മാറ്റര്‍, ഡാര്‍ക്‌ എനര്‍ജി എന്നിവയ്ക്കു് ഇവിടെ ഇരുണ്ട ദ്രവ്യം, ഇരുണ്ട ഊര്‍ജ്ജം എന്ന പേരുകള്‍ സ്വീകരിക്കുന്നു.

പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം മനുഷ്യരുടെ അറിവിന്റെ തലങ്ങളെ ഇതിനോടകം വളരെയേറെ വികസിപ്പിച്ചു. ക്വാണ്ടം ഫിസിക്സ്‌ വഴി ആണവ ഉപഘടകങ്ങളെപ്പറ്റി വളറെയേറെ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കി. ശൂന്യാകാശവും താരവൃന്ദങ്ങളും സംബന്ധിച്ചും മനുഷ്യന്‍ കൈവരിച്ച വിജ്ഞാനം ഗണനീയമാണു്. പക്ഷേ, ഇവയില്‍ നിന്നൊക്കെ എത്രയോ വിപുലമാണു്, മനുഷ്യന്‍ ഇതുവരെ കാര്യമായ ഒരു ശ്രദ്ധയും ചെലുത്താതിരുന്ന പ്രപഞ്ചത്തിലെ ശൂന്യത എന്ന മേഖല. ഈ ശൂന്യതയുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രപഞ്ചത്തിലെ യഥാര്‍ത്ഥ ദ്രവ്യത്തിന്റെ അംശം ആകെ പ്രപഞ്ചത്തിന്റെ നേരിയ ഒരംശം പോലും വരില്ല എന്നതാണു് രസകരം. ഈ ദ്രവ്യാംശത്തിന്റെതന്നെ വളരെ ചെറിയ ഒരു ഭാഗത്തെപ്പറ്റി മാത്രമാണു് മനുഷ്യനു് ഇതുവരെ എന്തെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ആണവലോകത്തിലും (micro cosmos), ശൂന്യാകാശ-താരാപഥലോകത്തിലും (macro cosmos) ദ്രവ്യവും ശൂന്യതയും തമ്മിലുള്ള അനുപാതത്തില്‍ ഭീമമായ ഈ അന്തരം ഒരേപോലെ നിലനില്‍ക്കുന്നുണ്ടു്. ശൂന്യാകാശത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെയെങ്കിലും ഈ അന്തരം ഉള്‍ക്കൊള്ളാന്‍ നമുക്കു് കഴിയുമ്പോള്‍, ആണവലോകം നമ്മുടെ തലച്ചോറിന്റെ സങ്കല്‍പശേഷികളില്‍ നിന്നും പൂര്‍ണ്ണമായും വഴുതിമാറുകയാണു് ചെയ്യുന്നതു്. ഒരണുവിന്റെ സാക്ഷാല്‍ ദ്രവ്യാംശം വളരെ വളരെ ചെറുതാണു്. അതേസമയം, അണുകേന്ദ്രവും അതിനു് ചുറ്റുമുള്ള എലക്ട്രോണുകളും തമ്മിലുള്ള അകലം ആ കണികകളുടെ അളവുകള്‍ വച്ചു് നോക്കുമ്പോള്‍, വളരെ വലുതുമാണു്. ആണവലോകം ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പുവരെ മനുഷ്യനു് അജ്ഞാതമായിരുന്നതിനാല്‍, അതിനെ മനസ്സിലാക്കാനുതകുന്ന ഒരു ന്യൂറോണല്‍ സര്‍കിറ്റ് തലച്ചോറില്‍ എവൊല്യുഷന്‍ വഴി രൂപമെടുക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ലല്ലോ. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണു് ഒരു തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്റെ തലച്ചോറില്‍ ക്വാണ്ടം ലോകത്തെ സങ്കല്‍പിക്കുവാനുതകുന്ന ഒരു ഇന്റുവിഷന്‍ രൂപമെടുക്കുന്നതു്. ശില്‍പകാരന്റെ തലയില്‍ ശില്‍പവും, ചിത്രകാരന്റെ ഭാവനയില്‍ ചിത്രവും, പാചകക്കാരിയുടെ സങ്കല്‍പത്തില്‍ ഭക്ഷണത്തിന്റെ അന്തിമരൂപവുമൊക്കെ എങ്ങനെയോ മറഞ്ഞിരിക്കുന്നുണ്ടു് എന്നപോലെ. മനുഷ്യനുവേണ്ടി ഭൂമിയല്ല, ഭൂമിയില്‍ മനുഷ്യന്‍ രൂപമെടുക്കുകയായിരുന്നു എങ്കില്‍, കണ്ണുകളുള്ളതുകൊണ്ടു് സൂര്യനല്ല, സൂര്യന്‍ ഉള്ളതുകൊണ്ടു് കണ്ണുകള്‍ ഉണ്ടായി എന്നേ വരാന്‍ കഴിയൂ.

പ്രപഞ്ചം നിറയുന്ന ഈ ശൂന്യത യഥാര്‍ത്ഥത്തില്‍ എന്താണെന്നു് വ്യക്തമായി ഇതുവരെ നമുക്കു് അറിയില്ല എന്നതാണു് സത്യം. ശൂന്യത എന്നു് നമ്മള്‍ വിളിക്കുന്നതുകൊണ്ടു് അവിടെ ഒന്നും ഇല്ല എന്നു് അര്‍ത്ഥമാക്കാനാവില്ല എന്നു് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുതന്നെ അധികമായിട്ടില്ല. വാക്യും ഫ്ലക്ചുവേഷന്‍സ് മുതലായ ചില ആശയങ്ങളൊക്കെ ഉണ്ടെങ്കിലും അവയൊക്കെ ശാസ്ത്രീയമായ പഠനങ്ങളുടെ ആരംഭദശയിലാണു്. ഈ പഠനങ്ങള്‍ വെളിവാക്കിയ ഒരു വസ്തുത, മാക്രോ കോസ്മോസിലെ ഇരുണ്ട ലോകങ്ങളെ മനസ്സിലാക്കണമെങ്കില്‍ അടിസ്ഥാനപരമായി മൈക്രോ കോസ്മോസില്‍ തന്നെ, അഥവാ പ്രപഞ്ചത്തിന്റെ ഉത്ഭവവേളയില്‍ രൂപമെടുത്ത ആണവ-ഊര്‍ജ്ജഘടകങ്ങളില്‍ തന്നെ പഠനം ആരംഭിക്കണമെന്നതാണു്. ഇതുവരെയുള്ള അറിവുകള്‍ പരിമിതമാണു് എന്നതുകൊണ്ടു് ശാസ്ത്രലോകം നിന്നിടത്തുതന്നെ നില്‍ക്കുകയായിരുന്നു എന്നര്‍ത്ഥമില്ല. ഇക്കഴിഞ്ഞ ഇരുന്നൂറു്, മുന്നൂറു് വര്‍ഷങ്ങളില്‍ ശാസ്ത്രം നേടിയ അറിവുകൾ  അതിനു് മുന്‍പു്‌ ആര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നവയാണെന്ന കാര്യം നിഷേധിക്കാനാവില്ലല്ലോ.

ഒരു ആദിസ്ഫോടനം (Big-Bang) വഴി പ്രപഞ്ചം രൂപമെടുക്കുകയായിരുന്നു എന്നതാണു് പ്രപഞ്ചോത്പത്തിയെപ്പറ്റി ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. സ്ഥല-കാല-ദ്രവ്യങ്ങളുടെ (space, time and matter) ആരംഭം കുറിച്ചുകൊണ്ടു് ഏകദേശം 1370 കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഇതു് സംഭവിച്ചുകാണണം എന്നു് കണക്കുകള്‍ വ്യക്തമാക്കുന്നു. ശക്തിയേറിയ ടെലസ്കോപ്പുകളുടെ കണ്ടുപിടുത്തമാണു് ബിഗ്‌-ബാങ്ങ് തിയറിയില്‍ എത്തിച്ചേരാന്‍ മനുഷ്യനെ പ്രധാനമായും സഹായിച്ചതു്. പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഗാലക്സികളില്‍ നിന്നും ഭൂമിയില്‍ എത്തിച്ചേരുന്ന പ്രകാശത്തിന്റെ സ്പെക്ട്രം പ്രദര്‍ശിപ്പിക്കുന്ന റെഡ് ഷിഫ്റ്റ് വഴിയാണു് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതു്. റോഡിലൂടെ പാഞ്ഞുപോകുന്ന ഒരു വാഹനത്തിന്റെ സൈറണില്‍ നിന്നും നമ്മുടെ ചെവിയില്‍ എത്തുന്ന ശബ്ദതരംഗങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി ആ വാഹനം നമ്മോടു് അടുത്തു് വന്നുകൊണ്ടിരിക്കുന്നുവോ, അതോ അകന്നുപോയിക്കൊണ്ടിരിക്കുന്നുവോ എന്നു് മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ, വളരെ അകലെനിന്നും സ്വീകരിക്കപ്പെടുന്ന പ്രകാശതരംഗങ്ങള്‍ ചുവപ്പുനിറത്തിന്റെ ദിശയിലേക്കു് നീങ്ങി കാണപ്പെടുമ്പോള്‍, ആ പ്രകാശത്തിന്റെ ഉത്ഭവസ്ഥാനങ്ങള്‍ നമ്മില്‍നിന്നും അകലുകയാണെന്നു് മനസ്സിലാക്കാം. അതിനുപകരം, പ്രകാശം വയലറ്റ്‌ നിറത്തിന്റെ ദിശയിലേക്കു് നീങ്ങിയാണു് കാണപ്പെട്ടിരുന്നതെങ്കില്‍, ഗാലക്സികള്‍ അടുത്തുവന്നുകൊണ്ടിരിക്കുകയാണെന്നു് അനുമാനിക്കേണ്ടിവരുമായിരുന്നു. (Doppler Effect എന്ന പേരില്‍ അറിയപ്പെടുന്ന ഈ തത്വം തന്നെയാണു് വൈദ്യശാസ്ത്രം ഗര്‍ഭസ്ഥശിശുവിനേയും, ശരീരത്തിന്റെ അന്തര്‍ഭാഗത്തെ cancer-നെയുമൊക്കെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ultrasound scanner-ന്റെയും പ്രവര്‍ത്തനതത്വം.)

പക്ഷേ, ഗാലക്സികള്‍ ഭൂമിയില്‍ നിന്നും അകന്നുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല, പ്രപഞ്ചം ആകമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വേണം ഇതു് മനസ്സിലാക്കാന്‍. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം, ഈ വികാസം എന്നെങ്കിലും ആരംഭിച്ചിരിക്കണം എന്നാവുമല്ലോ. ഈ വസ്തുതകളെ ഗണിതശാസ്ത്രപരമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍, കിട്ടുന്ന ഉത്തരമാണു് 1370 കോടി വര്‍ഷങ്ങളാണു് പ്രപഞ്ചത്തിന്റെ പ്രായം എന്നതു്. ഈ കണക്കുകളുടെ ആധാരം ഉപകരണങ്ങളിലൂടെ ലഭിക്കുന്ന മൂല്യങ്ങള്‍ ആണെന്നതിനാല്‍, ഉപകരണങ്ങള്‍ എത്ര നവീനമോ, അത്രയും കൂടുതല്‍ കൃത്യമായിരിക്കും സ്വാഭാവികമായും കണക്കുകള്‍ വഴി ലഭിക്കുന്ന ഫലവും. പ്രകാശവര്‍ഷം എന്നതു്, പല വിദ്യാസമ്പന്നര്‍ പോലും മനസ്സിലാക്കിയിരിക്കുന്നതുപോലെ, സമയത്തിന്റെ അളവല്ല, ദൂരത്തിന്റെ അളവാണു്. ഒരു സെക്കന്റില്‍ ഏകദേശം മൂന്നു് ലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ടു് പിന്നിടുന്ന “ദൂരമാണു്” ഒരു പ്രകാശവര്‍ഷം. അതായതു്, ഏകദേശം (300000 x 60 x 60 x 24 x 365) കിലോമീറ്റര്‍. അഞ്ചു് പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയില്‍ അഞ്ചു് വര്‍ഷങ്ങള്‍ക്കു് ശേഷമേ എത്തിച്ചേരൂ എന്നു് സാരം. ഒരുകോടി പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറി നമ്മള്‍ ഇന്നു് കാണുന്നു എങ്കില്‍, അതു് സംഭവിച്ചതു് ഒരുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പായിരിക്കും എന്നതിനാല്‍, ഒരേസമയം എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ക്കു് ഒരു കോസ്മിക്‌ മാനദണ്ഡത്തില്‍ ചിന്തിക്കുമ്പോള്‍ യാതൊരുവിധ അര്‍ത്ഥവും ഇല്ലാതാവുന്നു.

‘ബിഗ്‌-ബാങ്ങിന്റെ സമയത്തു്’ (അപ്പോള്‍ സ്ഥലവും സമയവുമൊന്നും ആരംഭിച്ചിരുന്നില്ലാത്തതിനാല്‍ ഇതുപോലുള്ള പദപ്രയോഗങ്ങള്‍ മെറ്റഫോര്‍ ആയി മാത്രം മനസ്സിലാക്കേണ്ടതാണു്‌.) അനന്തമായ ഊര്‍ജ്ജത്തില്‍നിന്നും ഒരു സെക്കന്റിന്റെ കോടാനുകോടിഭാഗത്തിലും ചെറിയതായ സമയത്തിന്റെ ഒരു അംശത്തിനുള്ളില്‍ നമ്മുടെ പ്രപഞ്ചം ജനിക്കുന്നു. പക്ഷേ അതുവഴി രൂപമെടുത്തതു് ഇന്നു് നമ്മള്‍ അറിയുന്ന ദ്രവ്യത്തിന്റെ കണങ്ങള്‍ മാത്രമല്ല. ദ്രവ്യത്തിന്റെ പ്രതികണങ്ങളും (antimatter) അതോടൊപ്പം രൂപമെടുത്തിരുന്നു. നമ്മുടെ ലോകവും, വിപരീതചിഹ്നമുള്ള മറ്റൊരു ലോകവും രൂപമെടുത്തു എന്നു് വേണമെങ്കിലും ഈ അവസ്ഥയെ വര്‍ണ്ണിക്കാം. (പല പ്രപഞ്ചങ്ങള്‍ എന്ന ആശയം പോലും ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല.) ഇവിടെ ഒരു പ്രധാന പ്രശ്നമുണ്ടു്. ആദിസ്ഫോടനസമയത്തു് തുല്യമായ അളവിലാണു് കണങ്ങളും പ്രതികണങ്ങളും ഉണ്ടായതെങ്കില്‍, അവ പരസ്പരം ന്യൂട്രലൈസ്‌ ചെയ്തു് വീണ്ടും ഊര്‍ജ്ജമായി മാറുമായിരുന്നേനെ. (പ്ലസ് ഒന്നും മൈനസ്‌ ഒന്നും ചേര്‍ന്നു് പൂജ്യമാവുന്നപോലെ) അത്തരം ഒരു പ്രപഞ്ചത്തില്‍ ദ്രവ്യമോ നക്ഷത്രങ്ങളോ ജീവനോ രൂപമെടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, പ്രപഞ്ചവും, അതില്‍ നിന്നും ദ്രവ്യവും, അതുവഴി ജൈവലോകവും മനുഷ്യരും ഉണ്ടായി എന്നതുകൊണ്ടുതന്നെ ആദിസ്ഫോടനസമയത്തു് “ശകലം ദ്രവ്യം” മിച്ചം വരത്തക്കവിധത്തില്‍ ഒരു സിമെട്രി ബ്രേക്കിങ് സംഭവിച്ചിരിക്കണം എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു.

ഫിസിക്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിവിധ തരം സിമട്രികളുണ്ടു്. അതില്‍ ചിലതു് സാമാന്യഭാഷയില്‍ വിശദീകരിക്കാവുന്നവയാണെങ്കില്‍, മറ്റു് ചിലതു് മനസ്സിലാക്കാന്‍ ഗണിതശാസ്ത്രത്തിന്റെ സഹായമില്ലാതെ സാധിക്കുകയില്ല. ആദ്യത്തെ വിഭാഗത്തില്‍ വരുന്ന ഒന്നാണു് കണ്ണാടിയിലെ പ്രതിബിംബസിമട്രി. ഒരു ഗോളം തിരിയുന്ന ദിശയുടെ എതിര്‍ദിശയില്‍ തിരിയുന്ന അതിന്റെ കണ്ണാടിയിലെ പ്രതിബിംബം സിമട്രിയുടെ ഒരുദാഹരണമാണു്. (സമയം പുറകോട്ടു് ചലിക്കുന്ന ഒരു ലോകത്തില്‍ ഗോളവും പ്രതിബിംബവും തിരിയുന്നതു് സ്വാഭാവികമായും ഒരേ ദിശയിലായിരിക്കും). ബിഗ് ബാങ്ങിനു്‌ ശേഷം ദ്രവ്യം രൂപമെടുക്കാന്‍ ആവശ്യമായിരുന്ന matter-antimatter asymmetry-യുടെ ചില നിബന്ധനകളാണു് പ്രപഞ്ചത്തിലെ thermodyanamic equilibrium, parity, charge, baryon number മുതലായവയുടെ symmetry breaking. ആദിസ്ഫോടനത്തിനു് ശേഷം ഇവയുടെ സിമട്രി ഭഞ്ജനമില്ലാതെ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രപഞ്ചം ദ്രവ്യമോ, തന്മൂലം ജീവനോ ഉണ്ടാവാനുള്ള സാദ്ധ്യതയില്ലാത്ത ഒരു ഫോട്ടോണ്‍ പ്രപഞ്ചമായി തുടരേണ്ടി വരുമായിരുന്നു.

ആന്റിമാറ്റര്‍ ഇന്നൊരു സങ്കല്‍പമല്ല. ജെനീവയിലെ CERN -ല്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ആന്റിമാറ്റര്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ബിഗ് ബാങ് സിമ്യുലേഷന്‍ അടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി 1989-ല്‍ ഭൂതലത്തില്‍ നിന്നും നൂറുമീറ്റര്‍ താഴെയായി വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന Large Electron-Positron Collider-ന്റെ നീളം 27 കിലോമീറ്ററാണു്. ആയിരത്തിലേറെ ഹൈടെക്ക് കുഴലുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ എലെക്ട്രോമാഗ്നെറ്റിക് ഫീല്ഡ് വഴി ആക്സിലെറേറ്റ് ചെയ്യപ്പെടുന്ന പ്രോട്ടോണ്‍സ് അതിനായി പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്ന ഭീമാകാരമായ ഒരു ഹാളില്‍ വച്ചു് പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ പരസ്പരം കൂട്ടിമുട്ടുന്നു. ഇതിനു് മുന്‍പൊരിക്കലും ഭൂമിയില്‍ പിണ്ഡത്തെ ഇത്രമാത്രം വേഗതയിലേക്കു് ആക്സിലെറേറ്റ് ചെയ്യാന്‍ മനുഷ്യനു് കഴിഞ്ഞിട്ടില്ല. വേഗതമൂലം കൊളീഷന്‍ സമയത്തു് അവയുടെ ഭാരം വളരെ കൂടുതലായിരിക്കും (വീണ്ടും ഐന്‍സ്റ്റൈന്‍). അതുവഴി രൂപമെടുക്കുന്ന പുതിയ കണങ്ങളുടെ പഠനം വഴി ശാസ്ത്രജ്ഞര്‍ പല ചോദ്യങ്ങളുടെയും മറുപടി തേടുന്നു. ദ്രവ്യത്തിനു് പിണ്ഡം ഉണ്ടാകുന്നതിന്റെ കാരണമെന്തു് എന്നതുമുതല്‍ ക്വാണ്ടം ഫിസിക്സിന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന, Peter Higgs എന്ന ഭൗതികശാസ്ത്രജ്ഞന്‍ പോസ്റ്റ്യുലേറ്റ് ചെയ്ത, ഹിഗ്സ് പാര്‍ട്ടിക്കിള്‍സിന്റേയും ഹിഗ്സ് ഫീല്‍ഡിന്റേയും അസ്തിത്വം തേടല്‍ വരെ CERN-ലെ അന്വേഷണങ്ങളില്‍ പെടുന്നു.

(ശേഷം അടുത്തതില്‍)

 
13 Comments

Posted by on Apr 29, 2008 in ലേഖനം

 

Tags: , ,

യൂദാസിന്റെ സുവിശേഷം – 3

ആരോ ഛര്‍ദ്ദിച്ചതില്‍ ഒരു ചെറിയ കറുപ്പുനിറം കണ്ട വാര്‍ത്ത പലവട്ടം വായ്മൊഴിയായി ചെവികളില്‍നിന്നും ചെവികളിലേക്കു് പകര്‍ന്നപ്പോള്‍ “ഒരുവന്‍ മൂന്നു് കാക്കകളെ ഛര്‍ദ്ദിച്ചു” എന്ന അത്ഭുതവാര്‍ത്തയായി മാറിയ കുട്ടിക്കഥ ചിലരെങ്കിലും ചെറുപ്പകാലത്തു് കേട്ടിരിക്കും. ഈ വര്‍ണ്ണന അതിഭാവുകത്വമാണെന്നു് നമുക്കറിയാം. അതു് ആ കഥ ലക്‍ഷ്യമാക്കുന്നുമുണ്ടാവാം. പക്ഷേ, ഇത്തരമോ, ഇതിലും വിചിത്രമോ, വിസ്മയകരമോ ആയ കഥകള്‍ പോലും മുഖവിലയ്ക്കു് വാങ്ങി കയ്യോടെ എളിയില്‍ തിരുകുന്നവരുടെ ലോകമാണു് ആത്മീയതയുടെ ലോകം. അത്ഭുതങ്ങളിലൂടെയും മായകളിലൂടെയുമാണു് ദൈവാസ്തിത്വം വെളിപ്പെടുന്നതു്! “നേരേ വാ, നേരേ പോ” എന്ന രീതി എന്തുകൊണ്ടോ ദൈവത്തിനു് അത്ര ഇഷ്ടമുള്ള കാര്യമല്ല! അതുകൊണ്ടാവാം, മനുഷ്യര്‍ക്കു് വെളിപ്പെടണമെന്ന ആഗ്രഹം നിയന്ത്രിക്കാന്‍ കഴിയാതാവുന്ന ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ദൈവം സാധാരണമനുഷ്യര്‍ക്കു് മടുപ്പുമൂലം ‘കോട്ടുവാ വിടാന്‍ തോന്നിപ്പോകുന്നത്ര ഏകാന്തവും വിരസവുമായ’ പര്‍വ്വതങ്ങളിലോ, ഗുഹകളിലോ ഒക്കെ ഒറ്റപ്പെട്ട വല്ല മനുഷ്യരും വന്നുപെട്ടിട്ടുണ്ടോ എന്നു് നോക്കി അവരുടെ മുന്നില്‍ ചെന്നു് പ്രത്യക്ഷപ്പെടുന്നതു്!

ഇനി വിഷയത്തിലേക്കു് കടക്കാം. ആദ്യകാലക്രിസ്തുമതം യഹൂദരില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ചെറിയ വിഭാഗമായിരുന്നു. കാലക്രമേണ ക്രിസ്തീയവിശ്വാസം സമീപപ്രദേശങ്ങളിലേക്കു് വ്യാപിച്ചു. ആരംഭകാല ഇടവകകളില്‍ യേശുചരിതം, പ്രത്യേകിച്ചും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പു് എന്ന അത്ഭുതത്തിലും കേന്ദ്രീകരിച്ചുകൊണ്ടു്, വായ്മൊഴിയായി അനുയായികള്‍ക്കു് പകര്‍ന്നുകൊടുക്കപ്പെട്ടു. അനുയായികള്‍ അവര്‍ കേട്ട കഥകള്‍ “മര്‍ക്കോസ്‌ പറഞ്ഞു, ലൂക്കോസ്‌ പറഞ്ഞു” മുതലായ എംഫസിസോടുകൂടി, ഓരോരുത്തന്‍ അവസരോചിതം തന്റെ ഭാവനയുടെ മസാലയും ചേര്‍ത്തു് സുവിശേഷപ്രസംഗം കേട്ടു് ആത്മാവിനെ രക്ഷിച്ചു് ആസന്നമായ ദൈവരാജ്യത്തിനു് അവകാശികളാകുവാന്‍ തടിച്ചുകൂടിയ ജനങ്ങളുടെ തലയിലേക്കു് ചെവിയിലൂടെ കോരിയൊഴിച്ചു. ഇന്നും ചില ഉപദേശികള്‍ കേരളത്തിലെ ഗ്രാമീണരായ സാധുക്കളോടു് ഘോഷിക്കുന്ന സുവിശേഷങ്ങളിലെ മണ്ടത്തരങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കു് രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു്, മനുഷ്യര്‍ ബൗദ്ധികമായി വളരെയേറെ പിന്നാക്കം നിന്നിരുന്ന ഒരു കാലഘട്ടത്തില്‍, സംഘടിപ്പിച്ചിരുന്ന സുവിശേഷയോഗങ്ങളിലെ പ്രസംഗകരുടെ ‘എരിവു്’ ഏകദേശം ഊഹിക്കാവുന്നതേയുള്ളു. യേശുവിന്റെ രണ്ടാമത്തെ വരവു് ഉടനെ ഉണ്ടാവുമെന്നു് ആ സാധുമനുഷ്യര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. സ്വര്‍ഗ്ഗത്തേയും നരകത്തേയുമൊക്കെ വെളിപ്പെടുത്താന്‍ അക്കാലത്തു് വരയ്ക്കപ്പെട്ട ചിത്രങ്ങളിലും, രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലുമെല്ലാം ഈ ആത്മാര്‍ത്ഥത നമുക്കു് വ്യക്തമായി കാണാന്‍ കഴിയും.

ഈച്ചകള്‍ക്കു് അമേധ്യത്തോടു് തോന്നുന്ന അതേ ആഭിമുഖ്യം മനുഷ്യര്‍ക്കു് എന്തുകൊണ്ടോ അത്ഭുതകഥകളോടുണ്ടു്. അതുകൊണ്ടുതന്നെ കേരളത്തിലെ ഏതെങ്കിലും ഒരു വീട്ടിലെ ഫോട്ടോ രക്തം ‘മുള്ളി’ എന്നു് കേട്ടാല്‍ മനുഷ്യര്‍ ഉടനെ അവിടെ ഹാജരാവുന്നു! രക്തം മുള്ളിയതു് ദൈവം ആയിക്കൂടെന്നില്ലല്ലോ! ഭാഗ്യം തേടലിന്റെ രാസവളമാണു് അജ്ഞത. ഇടയിളക്കി അല്‍പം അജ്ഞത വിതറിയാല്‍ ഭാഗ്യംതേടല്‍ തഴച്ചുവളരും.

ക്രിസ്തുവിന്റെ ശിഷ്യന്മാരായാലും എന്നെങ്കിലും മരിക്കേണ്ടിവരുമെന്നതിനാല്‍, കാലത്തിന്റെ കുത്തിയൊഴുക്കില്‍ എപ്പോഴോ യേശുവിനെ നേരില്‍ കണ്ടവര്‍ ആരും ഇപ്പോള്‍ തങ്ങളോടുകൂടെ ഇല്ല എന്ന സത്യം വിശ്വാസിസമൂഹങ്ങളും തിരിച്ചറിയേണ്ടിവന്നു. അതിനോടകം വ്യത്യസ്ത ഇടവകകളില്‍ വ്യത്യസ്തമായ രീതികളില്‍ വായ്മൊഴിയായി പകര്‍ന്നുകൊടുക്കപ്പെട്ട യേശുചരിതങ്ങള്‍ സുവിശേഷങ്ങളുടെ രൂപത്തില്‍ നിലവില്‍ വന്നു് പ്രബലപ്പെട്ടുകഴിഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസസത്യങ്ങള്‍ പിന്‍തലമുറകള്‍ക്കുവേണ്ടി ലിഖിതരൂപത്തില്‍ ആക്കേണ്ടതു് ഇടവകകളുടെ ഒരാവശ്യമായി മാറി. കേട്ടറിവുകളിലെ പൊരുത്തക്കേടുകള്‍ ഇടവകകളിലെ ലിഖിതരൂപങ്ങളിലും പ്രത്യക്ഷപ്പെട്ടു. ആരംഭകാലത്തു് ഇതൊരു പ്രശ്നമായിരുന്നില്ലെങ്കിലും സഭ വളര്‍ന്നപ്പോള്‍, അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളും, അതോടൊപ്പം ക്രിസ്തുസഭയ്ക്കു് പൊതുവായതും, ഏകോപിതവുമായ സുവിശേഷങ്ങളും ‘പുതിയ നിയമവും’ എല്ലാം ആവശ്യമായിത്തീര്‍ന്നു. അവരവരുടെ ‘വിശ്വാസപ്രമാണങ്ങളെ’ ഉപേക്ഷിക്കുവാന്‍ പല വിഭാഗങ്ങളും തയ്യാറായില്ല. യേശുവിന്റെ മരണത്തിനു് ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്കുശേഷം യേശു പറഞ്ഞതെന്തു്, പറയാത്തതെന്തു് എന്നു് കൃത്യമായി പറയാന്‍ ആര്‍ക്കു് കഴിയും? ഓരോ വിഭാഗത്തിനും അവര്‍ പറയുന്നതായിരുന്നു ശരി. അവരുടെ മുന്‍പന്തിയിലായിരുന്നു നോസ്റ്റിക്സ്‌ (gnostics) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വാസിവിഭാഗം. ഈ ചിന്താധാരയുടെ ഭാഗമായി രൂപമെടുത്ത ലിഖിതങ്ങളുടെ നിരയില്‍ വരുന്നതാണു് യൂദാസിന്റെ സുവിശേഷവും.

‘രഹസ്യജ്ഞാനം’ എന്നര്‍ത്ഥമുള്ള gnostikos എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നും രൂപമെടുത്ത Gnosticism മതപരവും തത്വചിന്താപരവുമായ വിവിധ ആശയധാരകളുടെ സംയോജനമാണു്. അക്കാലത്തെ ഗ്രീക്ക്‌-റോമന്‍ ലോകത്തിലെ, ഇന്നത്തെ അര്‍ത്ഥത്തില്‍ വേണമെങ്കില്‍ esoteric എന്നു് വിളിക്കാവുന്ന, ഒരു പരിഷ്കൃത ബൗദ്ധിക പ്രസ്ഥാനം. പുരാതന ഇറാനിലെ ദ്വന്ദ്വ വിശ്വാസം, പ്ലാറ്റോയിലെ ദൃഷ്ടാന്തപരമായ ആദര്‍ശവാദം, യഹൂദരിലെ നിഗൂഢവെളിപാടുകള്‍ മുതലായവയുടെ എല്ലാം ഒരു സമീകൃതസമ്മേളനം. തിന്മകൊണ്ടു് നിര്‍മ്മിച്ചതും, പൈശാചികത വാഴുന്നതുമായ ഈ ലോകം നന്മ നിറഞ്ഞവനായ ഒരു ദൈവത്തിന്റെ സൃഷ്ടിയാവാന്‍ കഴിയില്ല. അതുകൊണ്ടു്, ലോകത്തിന്റെ സ്രഷ്ടാവായ പഴയനിയമത്തിലെ യഹോവ അവര്‍ക്കു് ഒരു ‘താഴ്‌ന്ന’ ദൈവമാണു്. യഹോവയിലും ‘ഉയര്‍ന്നവനായ’ ‘യഥാര്‍ത്ഥ ദൈവത്തിന്റെ’ വെളിപാടു് വഴി മനുഷ്യര്‍ക്കു് വീണ്ടും ദൈവത്തില്‍ എത്തിച്ചേരാന്‍ കഴിയും. പക്ഷേ, ഈ വെളിപാടു് തത്വചിന്താപരമായ ബോധവല്‍ക്കരണം വഴിയോ, ക്രിസ്തുമതം പഴയനിയമത്തില്‍ നിന്നും ഏറ്റെടുത്ത വെളിപാടു് വഴിയോ ഉണ്ടാവുന്നതോ അവയുമായി താരതമ്യപ്പെടുത്താവുന്നതോ അല്ല. ആത്മരഹസ്യത്തിന്റെ അന്തര്‍ജ്ഞാനത്തിലൂടെ (intuition of the mystery of the self) മാത്രം നേടാന്‍ കഴിയുന്ന ഒന്നാണു്. ഉഗ്രകോപിയായ ഒരു യഹോവയുടെ നിയമങ്ങള്‍ പൊക്കിപ്പിടിക്കുന്നു എന്ന കാരണം പറഞ്ഞു് അവര്‍ പഴയനിയമത്തെ നിഷേധിക്കുന്നു. ‘യഥാര്‍ത്ഥ’ദൈവത്തില്‍ നിന്നും വന്ന മനുഷ്യര്‍ക്കു് തിരിച്ചു് ദൈവത്തില്‍ എത്തിച്ചേരാന്‍ യേശുവിന്റെ ആവശ്യമില്ല. മാത്രവുമല്ല, അവര്‍ യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നുമില്ല. കാരണം, സാക്ഷാല്‍ ദൈവത്തിന്റെ മകനായ യേശുവിനു് ഭൗമികമായ ഒരു മരണം സംഭവിക്കുക എന്നതു് സാദ്ധ്യമല്ല എന്നായിരുന്നു അവരുടെ വിശ്വാസം. അവരുടെ അഭിപ്രായത്തില്‍, യേശുവിനു് പകരം മറ്റാരോ ആണു് കുരിശില്‍ മരിച്ചതു്. നോസ്റ്റിക്സിന്റെ കാഴ്ചപ്പാടില്‍ അവരായിരുന്നു യേശുവിന്റെ ആശയങ്ങള്‍ യഥാര്‍ത്ഥമായി പിന്തുടര്‍ന്നിരുന്നവര്‍. ഇതുപോലുള്ള അവരുടെ നിലപാടുകള്‍ സ്വാഭാവികമായും സഭാനേതൃത്വത്തിന്റെ കഠിനമായ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. കുരിശില്‍ മരിക്കാത്ത, ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത യേശു!? ക്രിസ്തുവില്‍ കൂടിയല്ലാത്ത വീണ്ടെടുപ്പു്!? പള്ളിയും പട്ടക്കാരനും ആവശ്യമില്ലാത്ത, സഭ എന്ന ഒരു സ്ഥാപനമേ ആവശ്യമില്ലാത്ത ഒരു ക്രിസ്തുമതം!? അങ്ങനെയൊരു ക്രിസ്തുമതത്തില്‍ പൗരോഹിത്യത്തിനു് എന്തു് സ്ഥാനം? അതുകൊണ്ടൊക്കെത്തന്നെ Gnosticism വേരോടേ പിഴുതെറിയപ്പെടേണ്ടതു് സഭാപിതാക്കളുടെ നിലനില്‍പ്പിന്റെ പ്രശ്നവുമായിരുന്നു.

അക്കാലത്തു് ഇടവകകളില്‍ നടപ്പിലിരുന്ന പല സുവിശേഷങ്ങളിലും സ്ത്രീകള്‍ക്കു് നല്‍കിയിരുന്ന സ്ഥാനമാനങ്ങളും പിതാക്കന്മാര്‍ക്കു് സഹിക്കാവുന്നതില്‍ അധികമായിരുന്നു. തോമാസിന്റെ സുവിശേഷത്തില്‍ അപ്പോസ്തലപദവിയുള്ള രണ്ടു് സ്ത്രീകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. ചില നോസ്റ്റിക്‌ ലിഖിതങ്ങളില്‍ ഔദ്യോഗികസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീകളെപ്പറ്റി സൂചനയുണ്ടു്. ഒരിടത്തു് മഗ്ദലനമറിയ ശിഷ്യഗണത്തിലെ ഒന്നാമത്തവളായി അവരുടെ നേതൃത്വം അലങ്കരിക്കുന്നതായി പോലും വായിക്കാന്‍ കഴിയും! സഭയുടെ അംഗീകൃത പുതിയനിയമത്തില്‍നിന്നും ഈവിധത്തിലുള്ള യാതൊരു സൂചനയും നമുക്കു് ലഭിക്കുന്നില്ല. അതേസമയം, നാലാം നൂറ്റാണ്ടുവരെ സ്ത്രീകള്‍ സഭയില്‍ അധികാരസ്ഥാനങ്ങളില്‍ സജീവമായിരുന്നു എന്നതിനു് തെളിവുകളുണ്ടു്. പുരാതന കാലത്തെ പൊതുരീതിക്കു് വിരുദ്ധമായി, ആദ്യകാലക്രിസ്തുസഭയില്‍ സ്ത്രീകള്‍ക്കു് നേതൃത്വവും ഉത്തരവാദിത്വവും വഹിക്കാന്‍ അവകാശമുണ്ടായിരുന്നു. പക്ഷേ സഭയിലെ പുരുഷനേതൃത്വം സ്വന്തം സ്ഥാനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുവേണ്ടി ആസൂത്രണം ചെയ്തു് നടപ്പിലാക്കിയ നയപരിപാടികള്‍വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നും കാലക്രമേണ പുറന്തള്ളപ്പെട്ടു. ആദ്യനൂറ്റാണ്ടുകളില്‍ നിലവിലിരുന്ന മറ്റു് സുവിശേഷങ്ങള്‍ നിരോധിക്കപ്പെടാതിരുന്നെങ്കില്‍, അവ പുതിയനിയമത്തിലെ സുവിശേഷങ്ങള്‍ക്കു് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നു് സഭയിലെ അധികാരസ്ഥാനങ്ങളില്‍ തീര്‍ച്ചയായും സ്ത്രീകളും ഉണ്ടാവുമായിരുന്നു. അതു് മാത്രവുമല്ല, അവ വിലമതിക്കപ്പെട്ടിരുന്നുവെങ്കില്‍, യഹോവ എന്ന ദൈവത്തെ സംബന്ധിച്ചും, പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ചും, യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ചുമെല്ലാം ലോകത്തില്‍ ഇന്നു് നിലവിലിരിക്കുന്ന സങ്കല്‍പങ്ങള്‍ മറ്റൊന്നായിരുന്നേനെ! പക്ഷേ ചരിത്രം മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. ‘യഥാര്‍ത്ഥവിശ്വാസം’ ഏതെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി വിശ്വാസിവിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച മത്സരം നിയന്ത്രണാതീതവും രക്തരൂഷിതവുമായി. ഔദ്യോഗികസഭ അംഗീകരിക്കാത്ത സുവിശേഷങ്ങളും ‘മതനിന്ദാഗ്രന്ഥങ്ങളും’ ചുട്ടെരിക്കപ്പെട്ടു. ഇത്തരം നടപടികള്‍ വഴി സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ നിന്നു് പുറംതള്ളപ്പെടുക മാത്രമല്ല, Gnosticism എന്ന ശാഖ തന്നെ പൂര്‍ണ്ണമായി നശിപ്പിക്കുകപ്പെടുകയും ചെയ്തു.

ഈ ‘വിശുദ്ധശുദ്ധീകരണത്തിന്റെ’ തലവനായിരുന്നു സഭയിലെ വിശുദ്ധനായ Irenaeus. Lyon-ലെ ബിഷപ്പായിരുന്ന ഇദ്ദേഹം 180-ല്‍ എഴുതിയ Adversus haereses (മതനിന്ദയ്ക്കെതിരെ) എന്ന പുസ്തകത്തിലൂടെ നോസ്റ്റിക്സ്‌ മതനിന്ദകരായി പ്രഖ്യാപിക്കപെട്ടു. യഹോവയല്ല, യേശുവല്ല, പത്രോസല്ല, പൗലോസുമല്ല, ഇറേണിയൂസ്‌ എന്ന സഭാപിതാവാണു് തീരുമാനിച്ചതു്, ഏതാണു് ശരിയായ ക്രിസ്തീയവിശ്വാസം എന്നു്! ബൈബിളില്‍ ‘അദ്ദേഹം സ്ഥാനം നല്‍കിയ’ നാലു് സുവിശേഷങ്ങള്‍ മാത്രമാണു് ശരിയായതെന്നും, അല്ലാത്തതെല്ലാം മതനിന്ദയാണെന്നും പ്രഖ്യാപിക്കപ്പെട്ടു. മതനിന്ദകര്‍ നിര്‍ദ്ദാക്ഷിണ്യം പിന്തുടര്‍ന്നു് നശിപ്പിക്കപ്പെട്ടു. ഇറേണിയൂസ്‌ ചൂണ്ടിക്കാണിക്കുന്ന പ്രമാണങ്ങളില്‍ അധിഷ്ഠിതമല്ലാത്ത ക്രിസ്തുമതം ഒരു ക്രിസ്തുമതമല്ല എന്നു് സമ്മതിച്ചവര്‍ രക്ഷപെട്ടു.

അതുകൊണ്ടു് Gnosticism സഭയില്‍ സ്വന്തമായ ഒരു പാദമുദ്രയും പതിപ്പിക്കാതെ മറയുകയായിരുന്നു എന്നര്‍ത്ഥമില്ല. ക്രിസ്തീയസഭയുടെ പല അനുശാസനങ്ങളും തത്വസംഹിതകളും രൂപമെടുത്തതുതന്നെ gnostic വിശ്വാസങ്ങളോടുള്ള പ്രതികരണം എന്ന രൂപത്തിലായിരുന്നു. സഭാപിതാവായ അഗസ്റ്റിന്റെ പഠിപ്പിക്കലുകള്‍ക്കുപോലും നോസ്റ്റിക്‌ ചിന്തകളോടുള്ള കടപ്പാടു് മറച്ചുപിടിക്കാനാവുന്നതല്ല.

ആരംഭകാലത്തെ ക്രിസ്തുമതത്തിനു് റോമാക്കാരില്‍ നിന്നും നേരിടേണ്ടിവന്ന പിന്തുടരലും പീഡനവും നേരിട്ടു് കണ്ടും അനുഭവിച്ചും അറിഞ്ഞവനായ Irenaeus തന്നെയാണു് മറ്റു് ക്രിസ്ത്യാനികളെ അവരുടെ വിശ്വാസപരമായ നിലപാടുകളിലെ വ്യത്യസ്തതയുടെ പേരില്‍ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതു് എന്നതാണു് ഈ നാടകത്തിലെ ഏറ്റവും വലിയ വിരോധാഭാസം! അതു് തിരിച്ചറിയുന്നതുവഴി നമുക്കു് ലഭിക്കുന്നതു്, സഭാപിതാക്കള്‍ പ്രസംഗിക്കുന്ന ദൈവനീതിയിലും അയല്‍പക്കസ്നേഹത്തിലുമൊക്കെ മറഞ്ഞിരിക്കുന്ന കാപട്യവും മുതലക്കണ്ണീരും കൃത്യമായി അളക്കാന്‍ കഴിയുന്ന ഒരു അളവുകോലാണു്.

അതിലൊക്കെ ഉപരിയായി, ഇത്തരം ചരിത്രങ്ങളില്‍നിന്നും സംശയലേശമില്ലാതെ നമുക്കു് (വേണമെങ്കില്‍!) മനസ്സിലാക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എല്ലാ ദൈവശാസ്ത്രങ്ങളുടെയും, എല്ലാ സ്വര്‍ഗ്ഗസങ്കല്‍പങ്ങളുടെയും, എല്ലാ ദൈവികവെളിപാടുകളുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ‘രഹസ്യം’ മനുഷ്യബുദ്ധിയും മനുഷ്യന്റെ കൈവേലകളും മാത്രമാണെന്ന നിഷേധിക്കാനാവാത്ത സത്യമാണു്. ലളിതമാണു് ഈ സത്യം. പക്ഷേ അതു് തിരിച്ചറിയണമെങ്കില്‍ കാണാതെ പഠിച്ച കുറെയേറെ ‘സര്‍വ്വസമവാക്യങ്ങള്‍’ ചവറ്റുകുട്ടയില്‍ എറിയണം. ഒരു മനുഷ്യജന്മം മുഴുവന്‍ ശ്രമിച്ചാലും സാധിക്കണമെന്നില്ലാത്ത ഒരു ജോലിയാണതു്. കാരണം, കാണാതെ ‘പഠനം’ വഴി കര്‍ത്താവും കര്‍മ്മവും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നു. നിയന്ത്രിക്കേണ്ടവന്റെ നിയന്ത്രണം കാണാതെ പഠിച്ചവ ഏറ്റെടുക്കുന്നു, നീരാളിപ്പിടിത്തം പോലെ! – മിക്കവാറും എല്ലായ്പോഴും മരണം വരെ ആ പിടിയില്‍നിന്നും മനുഷ്യനു് മോചനം നല്‍കാതെ! താന്‍ ആത്യന്തികസത്യത്തിന്റെ “പിടിയില്‍” സുരക്ഷിതനാണെന്ന മിഥ്യാബോധം മൂലം മോചനം നേടണമെന്ന ആഗ്രഹം പോലും അവനില്‍ ഉദിപ്പിക്കാതെ!

 
5 Comments

Posted by on Apr 24, 2008 in മതം, ലേഖനം

 

Tags: , ,

ബൈബിളിലെ വൈരുദ്ധ്യങ്ങള്‍

“നീ മോഷ്ടിക്കരുതു്” എന്നു് കല്ലില്‍ കൊത്തിയ അക്ഷരങ്ങളുടെ രൂപത്തില്‍ മനുഷ്യരോടു് കല്‍പിക്കുന്ന ഒരു ദൈവം വേറൊരവസരത്തില്‍ അതേ മനുഷ്യരോടു് മോഷ്ടിക്കാന്‍ ആഹ്വാനം ചെയ്താല്‍ അതില്‍ ഒരു പരസ്പരവൈരുദ്ധ്യമുണ്ടു്. വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ അതംഗീകരിക്കുന്നതു് ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിലെ സാമാന്യമര്യാദയാണു്. എന്തിലെങ്കിലും വെറുതെ വിശ്വസിക്കാന്‍ ബുദ്ധി വേണമെന്നില്ല. പൊതുബോധത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയെ അവിശ്വസിക്കാന്‍ അല്‍പം ബുദ്ധിയും വ്യക്തിത്വവും കൂടാതെ കഴിയുകയുമില്ല. വിശ്വാസി-അവിശ്വാസി ചേരികള്‍ തമ്മില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഒരു ചര്‍ച്ച നിലവില്‍ വരാനാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെയൊരു ചര്‍ച്ച വഴി രണ്ടുപക്ഷവും എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അതു് സമയനഷ്ടം മാത്രമായിരിക്കും. “ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ യുക്തിപരവും ഭാഷാപരവുമായ രണ്ടു് വ്യത്യസ്ത തലങ്ങളിലുള്ളവയാണെങ്കില്‍ അവയെ ബന്ധിപ്പിക്കാന്‍ മൂന്നാമതൊരു തലം കൂടാതെ കഴിയുകയില്ല” എന്നു് ബെര്‍ട്രാന്‍ഡ് റസ്സല്‍ വ്യക്തമാക്കിയിട്ടുണ്ടു്. അതുകൊണ്ടു് വെറുതേ ആ പണിക്കു് പോകാതിരിക്കുന്നതാണു് ഉത്തമം. ദൈനംദിനജീവിതത്തിലെ പല വസ്തുതകളും ആശയപരമായി പ്രകടിപ്പിക്കുവാന്‍ ഫോര്‍മല്‍ ലോജിക്കോ ഭാഷയോ പര്യാപ്തമല്ലാത്ത അത്തരം പാരഡോക്സുകള്‍ B. C. ആറാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തകരുടെ തല പുകയിപ്പിച്ചിട്ടുണ്ടു്.

രസകരമായ പല ഉദാഹരണങ്ങള്‍ ഇതിനു് ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഒരുദാഹരണം: അറിയപ്പെടുന്ന ഒരു നുണയന്‍ “ഈ വാചകം നുണയാണു്” എന്നു് പറഞ്ഞാല്‍, അതു് നേരോ നുണയോ എന്നു് എങ്ങനെ നിശ്ചയിക്കും? ബെര്‍ട്രാന്‍ഡ്‌ റസ്സല്‍ അതു് ഇങ്ങനെ പ്രകടിപ്പിക്കുന്നു: The statement “I am lying” is true, only if it is false and false if it is true. യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല. അതിനാല്‍, കൊക്കില്‍ ഒതുങ്ങാത്തതു് കൊത്താന്‍ നില്‍ക്കാതെ, സമ്പത്തു് കാലത്തു് തൈപത്തുവച്ചാല്‍ (തൈകള്‍ ഒന്നോ രണ്ടോ കൂടിയാലും കുഴപ്പമില്ല) ആപത്തു് കാലത്തു് പൂവും കായുമൊക്കെ പത്തോ ഇരുപതോ വീതം പറിച്ചു് തിന്നാം. യഹോവ കല്പിച്ചതായി പുരോഹിതര്‍ നുണ പറഞ്ഞു്‌ പണ്ടു്‌ മനുഷ്യരെ പറ്റിച്ചതും, ഇന്നും പറ്റിച്ചുകൊണ്ടിരിക്കുന്നതുംപോലെ, വിളകളുടെയെല്ലാം ദശാംശങ്ങള്‍ വിളവെടുപ്പു്‌ കാലത്തു്‌ പള്ളിയില്‍ എത്തിച്ചാലേ അച്ചന്മാര്‍ക്കും കപ്യാരുകള്‍ക്കുമെല്ലാം തൈപത്തു്‌ വയ്ക്കാതെ തന്നെ കാപത്തു്‌ തിന്നാനും, ആകാശത്തേക്കു്‌ നോക്കി അലമുറയിട്ടു്‌, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങി കാപത്തു്‌ കാഴ്ച വച്ച കപ്പക്കിഴങ്ങുകള്‍ക്കു്‌ വിതരണം ചെയ്യാനും കഴിയൂ. കാപത്തു്‌ കൊടുത്തതിന്റെ രസീതു് വാങ്ങാന്‍ ഒരിക്കലും മറക്കരുതു്. സ്വര്‍ഗ്ഗവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ടി വരും. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്തും അതിനു്‌ മുന്‍പും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കാലത്തും, ഇന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല.

പറഞ്ഞുവന്നതു് വിശുദ്ധവചനങ്ങളിലെ വൈരുദ്ധ്യങ്ങളെപ്പറ്റിയാണല്ലോ. എവിടെ തുടങ്ങണമെന്നതു് ഒരു പ്രശ്നമല്ല. എവിടെ വേണമെങ്കിലും തുടങ്ങാം. വൈരുദ്ധ്യങ്ങള്‍ ബൈബിള്‍ നിറയെ നീണ്ടു്‌ പരന്നങ്ങനെ കിടക്കുകയല്ലേ. അതുകൊണ്ടു് യഹൂദര്‍ മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തേക്കു് പുറപ്പെടുന്നതിനുമുന്‍പു് അവരെക്കൊണ്ടു് മിസ്രയിമ്യരെ കൊള്ള ചെയ്യിക്കാന്‍ യഹോവ മോശെക്കു് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍ തുടങ്ങുന്നു: “ഓരോ സ്ത്രീ തന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരേയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.” – (പുറപ്പാടു് 3: 22) അതേ ദൈവത്തെപ്പറ്റി തന്നെയാണു് കനാനിലേക്കുള്ള വഴിമദ്ധ്യേ രണ്ടു് കല്‍പലകകളില്‍ സ്വന്ത കൈകൊണ്ടു് പത്തു് കല്‍പനകള്‍ എഴുതി മോശെയെ ഏല്‍പിച്ചു എന്നും, അതിലൊന്നു് “നീ മോഷ്ടിക്കരുതു്” എന്നായിരുന്നു എന്നും നമ്മള്‍ വായിക്കുന്നതു്. മോഷ്ടിക്കണമെന്നും മോഷ്ടിക്കരുതെന്നും ഒരേ ദൈവം – അതും ഒരേ ജനത്തോടു്‌ – പറയുന്നുവെങ്കില്‍ അതില്‍ ഗുരുതരമായ ഒരു പൊരുത്തക്കേടുണ്ടു്, സാമാന്യബോധത്തിനു് നിരക്കാത്ത ഒരു അപാകതയുണ്ടു്. ഈ വൈരുദ്ധ്യം വൈരുദ്ധ്യമാണെന്നു് അംഗീകരിക്കേണ്ടതു് മനുഷ്യന്റെ തലച്ചോറിലെ യുക്തിബോധത്തിന്റെ മൗലികമായ ഒരു ബാദ്ധ്യതയാണു്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ അതിനു് തയ്യാറാവാതിരിക്കുക എന്നാല്‍, അതു് അവന്റെ തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ എവിടെയോ എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടു് എന്നതിന്റെ തെളിവായി മാത്രമേ മനസ്സിലാക്കാനാവൂ.

ഇനി, എല്ലാമറിയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു് താനും എല്ലാമറിയുന്നവനാണു് എന്ന ധാരണ പുലര്‍ത്തുന്ന ഉഗ്രയുക്തിക്കാരനായ ഏതെങ്കിലും ഒരു സത്യക്രിസ്ത്യാനി ചോദിക്കുന്നു എന്നു് കരുതൂ: ” മോഷ്ടിക്കാന്‍ ദൈവം പറഞ്ഞതു് പത്തു് കല്‍പനകള്‍ നല്‍കുന്നതിനു് മുന്‍പല്ലേ? അതിലെന്തു് തെറ്റു്?” ഇങ്ങനെയൊരു ചോദ്യം ഞാന്‍ സങ്കല്‍പിച്ചെടുത്ത ഒരു സാദ്ധ്യതയാണെന്നു് കരുതണ്ട. ഇതിനേക്കാള്‍ അത്ഭുതകരമായ വാദമുഖങ്ങള്‍ ഞാന്‍ തന്നെ പലവട്ടം കേട്ടിട്ടുണ്ടു്. ചോദ്യം പൊട്ടത്തരമെങ്കിലും വാദത്തിനു് വേണ്ടി അതുപോലും അംഗീകരിച്ചുകൊണ്ടു് നമ്മള്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു എന്നും കരുതൂ! “നീ കൊല ചെയ്യരുതു്” എന്നു് ദൈവം പത്തു് കല്‍പനകള്‍ വഴി ആജ്ഞാപിച്ചതിനു് ശേഷം മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ അതേ ദൈവം തന്നെ കല്‍പിക്കുന്ന ഒരു ഭാഗം വൈരുദ്ധ്യതയുടെ മറ്റൊരു ഉദാഹരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ശ്വാസമുള്ള ഒന്നിനേയും ജീവനോടെ വക്കാതെ ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്‍പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.”- (ആവര്‍ത്തനം 20: 16, 17) “നീ കൊല ചെയ്യരുതു്” എന്നു് കല്‍പിച്ച അതേ ദൈവം ആ കല്‍പന നല്‍കിയ ശേഷം അന്യജാതിക്കാരായ വിവിധ ജനവിഭാഗങ്ങളെ നിഷ്കരുണം കൊന്നൊടുക്കാന്‍ യഹൂദരോടു് ആഹ്വാനം ചെയ്യുകയും, അതുവഴി അവരുടെ വര്‍ഗ്ഗനശീകരണത്തിനെത്തന്നെ നീതീകരിക്കുകയും ചെയ്യുന്നു! ഇവിടെയും കാണും സത്യവിശ്വാസിക്കു് മുട്ടായുക്തിയായി എന്തെങ്കിലും ഒരു ഉരുണ്ടുകളി. സകല മനുഷ്യരെയും ദൈവമാണു് സൃഷ്ടിച്ചതെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട സ്വന്തം ജനമായ യഹൂദര്‍ എന്ന, മറ്റേതൊരു മനുഷ്യനേയും പോലെ വിയര്‍പ്പുഗന്ധവും വായ്നാറ്റവുമുള്ള ഒരു മനുഷ്യവിഭാഗത്തിനു് ആ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്നവരുടെ പട്ടണങ്ങള്‍ പതിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടെയുള്ള “ജാതികളെ” ജെനൊസൈഡ് ചെയ്യുന്ന ഒരു യഹോവയെ ലോകവാസികള്‍ ഇന്നു് ദൈവമായി അംഗീകരിക്കണമെന്നു് ഘോഷിക്കാന്‍ ലജ്ജ തോന്നാത്തതിലല്ലേ മനുഷ്യര്‍ അത്ഭുതപ്പെടേണ്ടതു്?

പരസ്പരവൈരുദ്ധ്യങ്ങള്‍ക്കു് ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ബൈബിളില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിയാത്തതു്, ബൈബിള്‍ മുഴുവന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അപ്പാടെ ദൈവവചനങ്ങളും സത്യങ്ങളുമാണെന്നു് കണ്ണുമടച്ചു് വിശ്വസിക്കുന്നവരെ ഈ വൈരുദ്ധ്യം മനസ്സിലാക്കിക്കൊടുക്കലാണു്. ഒരു മൊട്ടുസൂചിക്കു് ഒന്നു് കുത്തിയാല്‍ ശൂന്യമാവുന്ന വെറുമൊരു സോപ്പുകുമിളയാണു് തങ്ങളുടെ ശാശ്വതസത്യം എന്നു് തിരിച്ചറിയേണ്ടി വരുന്നതിലെ ഭയം മൂലം അതിനു് ശ്രമിക്കുന്നവരുടെ പുറകെ കൊലവിളിയുമായി എത്താനാണു് ദൈവസ്നേഹം മാതൃകയാക്കുന്ന സത്യവിശ്വാസികള്‍ക്കു് കൂടുതല്‍ താല്‍പര്യം. ബോധോദയത്തിന്റെ സുവര്‍ണ്ണരശ്മികളേക്കാള്‍ ഭക്തിയുടെ മെഴുകുതിരിവെളിച്ചത്തെ അവര്‍ സ്നേഹിക്കുന്നു. സ്വയം അന്വേഷിച്ചു് അറിയുന്നതിനേക്കാള്‍ ആരുടേയോ അറിവുകളെ ആത്യന്തികസത്യമായി അവര്‍ അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന മുന്‍വിധി മൂലം അവയുടെ സംരക്ഷണത്തിനുവേണ്ടി തന്റേയും അന്യരുടേയും ജീവന്‍ ബലികഴിക്കാന്‍വരെ അവര്‍ തയ്യാറാവുന്നു. തല മുണ്ഡനം ചെയ്തു്, കാവി ധരിച്ചു്, ഭിക്ഷ തേടി ജീവിച്ചതുകൊണ്ടുമാത്രം ആരും “ബുദ്ധന്‍” ആവുകയില്ല. യേശുവിന്റെ അമലോത്ഭവത്തിലും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിച്ചതുകൊണ്ടു് മാത്രം ആരും ക്രിസ്ത്യാനിയും ആവുകയില്ല. ആത്മീയത, ദൈവവിശ്വാസം, മതവിശ്വാസം ഇവയെല്ലാം വ്യക്തിഗതമായ കാര്യങ്ങള്‍ മാത്രമായിരിക്കണം. അവയില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്‍പ്പിക്കുന്ന അതേ നിമിഷം അതു് കച്ചവടമായി മാറുകയാണു് ചെയ്യുന്നതു്. മനുഷ്യന്‍ ഒരു ആശയത്തിലോ വിശ്വാസപ്രമാണത്തിലോ വിശ്വസിക്കുന്നതു്‌ അവന്റെ അവകാശമാണു്‌. ഒരു നിലപാടു്‌ വച്ചുപുലര്‍ത്താന്‍ തീര്‍ച്ചയായും മനുഷ്യനു്‌ അവകാശവുമുണ്ടു്‌. പക്ഷേ, നിലപാടുകള്‍ ആര്‍ഗ്യുമെന്റുകളല്ല. ഈ വസ്തുതയാണു്‌ ഭക്തര്‍ക്കു്‌ മനസ്സിലാകാത്തതും.

മുകളില്‍ സൂചിപ്പിച്ചപോലെ, മോഷ്ടിക്കാനും കൊല്ലാനും വരെ യഹൂദരെ കര്‍ശനമായി ഉപദേശിച്ച യഹോവ എന്ന ഈ ദൈവത്തെപ്പറ്റിത്തന്നെ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നു: “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ‘ലോകത്തെ സ്നേഹിച്ചു'”! എന്തൊരു മറിമായം, എന്തു് മായാജാലം! കഴിഞ്ഞവയെപ്പറ്റി യാതൊരു ബോധവുമില്ലാതെ, താന്‍ തന്നെ പറഞ്ഞ കാര്യങ്ങളുടെ ക്രൂരതയെപ്പറ്റി യാതൊരു പശ്ചാത്താപമോ, മനശ്ചാഞ്ചല്യമോ ഇല്ലാതെ, വംശനാശത്തില്‍ നിന്നും വിശ്വസ്നേഹത്തിലേക്കുള്ള ദൈവികമായ ഒരു കുതിച്ചുചാട്ടം! ദൈവം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, എന്തെങ്കിലും ദൈവീകത നല്‍കാന്‍ കഴിയുമെങ്കില്‍, ഒരു ദൈവം ഇതുപോലൊരു മെറ്റമോര്‍ഫസിസിനു് തന്നെത്തന്നെ വിധേയനാക്കുമെന്നു് തോന്നുന്നില്ല. വിശ്വാസാധിക്യം മൂലം കണ്ണും കാതുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നവര്‍ക്കു് മാത്രമേ ഇതില്‍ വൈരുദ്ധ്യത കാണാതിരിക്കാന്‍ കഴിയുകയുള്ളു.

വേണമെങ്കില്‍ തത്കാലത്തെ “the last cry” എന്നു് വിളിക്കാവുന്ന ഒരു വിളംബരമാണു്, പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന കുറ്റസമ്മതം ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത. മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം. എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ് തോമ്പില്‍ എന്നൊരു ഓണ്‍ലൈന്‍ ഐഡി ഇട്ട ഒരു കമന്റില്‍ സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. “മലങ്കര മത്തായിമാര്‍ക്കു് ഇത്രയൊക്കെ മതി” എന്ന അനുഭവാധിഷ്ഠിത അറിവിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതര്‍ ഇങ്ങനെ ഒരു വെടി പൊട്ടിച്ചിട്ടുണ്ടാവാം. സംശയാലുക്കളുടെ കണ്ണില്‍ പൊടിയിട്ടു് നിശബ്ദരാക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും, എന്നും ചെയ്തിട്ടുമുണ്ടു്. ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് കത്തോലിക്കാസഭാനേതൃത്വം ഒരു ഇടയലേഖനം വഴി ആധികാരികമായി അംഗീകരിക്കുമെന്നോ, സഭ അതിനു് എന്നെങ്കിലും തയ്യാറാവുമെന്നോ സാമാന്യബോധമുള്ള ആരും ചിന്തിക്കുമെന്നു് തോന്നുന്നില്ല. ഏതെങ്കിലും ഒരു അച്ചനോ ബിഷപ്പോ അതിനു് ധൈര്യപ്പെട്ടാല്‍, അവര്‍ സഭയില്‍ നിന്നും കയ്യോടെ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവും വേണ്ട. സംശയാലുക്കളെ പുറത്താക്കുന്നതു് അയല്‍പക്കസ്നേഹവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒരു “ബിസ്നസ് ആസ് യൂഷ്വല്‍” മാത്രമാണു് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം. അതെന്നും അങ്ങനെ തന്നെ ആയിരുന്നുതാനും. ബൈബിളും, മോശെയും, ക്രിസ്തുവും ഒന്നുമല്ല, സഭയുടെ നിലനില്‍പാണു് പ്രശ്നം. പണമാണു്‌ പ്രശ്നം. സമ്പത്തു് പെരുകാന്‍ സത്യങ്ങള്‍ മറച്ചു് പിടിക്കേണ്ടിവരും. അതു് പാപമല്ല. ഇനി പാപമാണെങ്കില്‍തന്നെ, ധൂപക്കുറ്റി വീശി, അല്‍പം ആനാംവെള്ളം അങ്ങു് തളിച്ചേക്കും! ആനാംവെള്ളം വഴി ശുദ്ധീകരിക്കപ്പെടാത്ത പാപമെവിടെ? കുന്തിരിക്കത്തിന്റെ പുകയില്‍ പുറത്തുചാടാത്ത സാത്താനെവിടെ?

ഉല്പത്തിയും പുറപ്പാടും മിത്താണെന്നു്‌ സമ്മതിക്കുന്നതു്‌ യഹോവ ഒരു മിത്താണെന്നു്‌ സമ്മതിക്കുന്നതിനു്‌ തുല്യമാണു്‌. അപ്പോള്‍ ഒരു മുതുമിത്തായ ആ യഹോവ ഭൂമിയിലേക്കു്‌ ഇറങ്ങിവന്നു്‌ ജനിപ്പിച്ച യേശു ആരാവും? ആ യേശുവിലാണല്ലോ ക്രിസ്തുമതം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതുതന്നെ! ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് അംഗീകരിക്കുന്നതു്‌ യഹൂദവിശ്വാസത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാത്രമല്ല, ഇസ്ലാമിന്റെ പോലും അടിത്തറ ഇളക്കിമാറ്റുന്നതിനു്‌ തുല്യമാണു്‌. കാരണം ഈ മൂന്നു് മതങ്ങളും വിശ്വസിക്കുന്ന ദൈവം, അടിസ്ഥാനപരമായി, യഹോവ എന്ന ദൈവമാണു്. യഹൂദരുടെ മിസ്രയിമില്‍ നിന്നുള്ള വിമോചനത്തിനും, അവിടെ നിന്നും കനാന്‍ ദേശത്തേക്കുള്ള (യഹൂദരെ ഈജിപ്റ്റില്‍ നിന്നും കനാനിലെത്തിക്കാന്‍ യഹോവക്കു്‌ വേണ്ടിവന്നതു്‌ നാല്‍പതു് വര്‍ഷങ്ങളാണു്‌!) പുറപ്പാടിനും മോശയെ ചുമതലപ്പെടുത്താന്‍ ഹോരേബ്‌ പര്‍വ്വതത്തില്‍ വച്ചു് ആളിക്കത്തുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന ഒരു മുള്‍മരത്തിന്റെ രൂപത്തില്‍ മോശെക്കു് പ്രത്യക്ഷപെട്ട ദൈവം. അബ്രാഹാമിനെ പൂര്‍വ്വപിതാവായും, യേശുവിനെ പ്രവാചകനായും അംഗീകരിക്കുന്ന മുസ്ലീമുകള്‍ അല്ലാഹു എന്ന പേരു് നല്‍കി വിളിക്കുന്ന ദൈവം. യഹൂദര്‍ അവരുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എന്നു് വിളിക്കുന്ന യഹോവ. ക്രിസ്ത്യാനികള്‍ യേശുവിന്റെ പിതാവു് എന്നു് വിശ്വസിക്കുന്ന യഹോവ എന്ന അതേ ദൈവം. ഉത്പത്തിയിലും പുറപ്പാടിലും വര്‍ണ്ണിക്കപ്പെടുന്ന സംഭവപരമ്പരകള്‍ വെറും മിത്താണു് എന്നു് സമ്മതിക്കുക എന്നാല്‍, യഹോവ എന്ന ആ ഏകദൈവത്തിന്റെ സാധുത്വത്തെത്തന്നെ ചോദ്യം ചെയ്യുക എന്നേ വരൂ. അതുവഴി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്നതു് ക്രിസ്തുസഭ വിശുദ്ധം എന്നു് പ്രഖ്യാപിച്ചിരിക്കുന്ന പല വിശ്വാസസത്യങ്ങളുമായിരിക്കും. യഹോവ കന്യകമറിയത്തില്‍നിന്നും ജനിപ്പിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന യേശുവിന്റെ പിതൃത്വവും അമലോത്ഭവവും അടക്കമുള്ള സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങള്‍, ആ കുറ്റസമ്മതത്തിലൂടെ ഒഴുകി ഒലിച്ചുപോവുന്ന മൂലക്കല്ലുകളില്‍ ചിലതു് മാത്രമായിരിക്കും. ചുരുക്കത്തില്‍, ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിച്ചു എന്ന പ്രഖ്യാപനം, സഭയിലെ ഒരുപാടു് പഴയ മിത്തുകളുടെയിടയിലെ ഒരു “പുത്തന്‍ മിത്തു്” എന്നേ കരുതേണ്ടതുള്ളു. “ഒത്താല്‍ ഒരു കൊച്ചുവള്ളം, പോയാല്‍ ഒരു മാമ്പലക”. ആരാണു് ഇങ്ങനെയൊരു നിലപാടു് പ്രഖ്യാപിച്ചതു്, ആരാണു് ഇതു് പ്രസിദ്ധീകരിച്ചതിനു് പിന്നില്‍ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും എത്തില്ല, ആരെയും കണ്ടെത്തിയെന്നും വരില്ല.

ഒരിടയ്ക്കു് എനിക്കു് ചില എഴുത്തുകള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും വിശുദ്ധയെയോ വിശുദ്ധനെയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതും, അയാള്‍ വഴി ആര്‍ക്കൊക്കെയോ ലഭിച്ച അനുഗ്രഹങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ളതും ആയിരുന്നു അവ. ആ എഴുത്തിന്റെ കുറെ കോപ്പികള്‍ എടുത്തു് (കൃത്യമായ എണ്ണം പറഞ്ഞിരിക്കും) പരിചയക്കാര്‍ക്കു് അയച്ചുകൊടുക്കണം. അങ്ങനെ ചെയ്താല്‍ കിട്ടുന്ന നേട്ടങ്ങളുടെ വര്‍ണ്ണനയാണു് പിന്നെ. അതിനുശേഷം, അങ്ങനെ ചെയ്യാന്‍ മടിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംഭവിച്ച, മരണമടക്കമുള്ള, കഷ്ടനഷ്ടങ്ങളിലേക്കു്‌ വിരല്‍ ചൂണ്ടുന്ന ഭീഷണികളും. “ഉണ്ണിയെ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം” എന്നപോലെ, ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നതിനാല്‍, അവ ഞാന്‍ ഒട്ടും താമസിക്കാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തിനു് ശേഷം, ലെവനെ ഒഴിവാക്കിയേക്കാന്‍ വിശുദ്ധന്‍ കല്പിച്ചതുകൊണ്ടാണോ എന്തോ, പിന്നെ ജിബ്രീല്‍ മാലാഖ സദ്‌വര്‍ത്തമാനവുമായി എഴുത്തിന്റെ രൂപത്തില്‍ എന്നെ തേടി വന്നിട്ടില്ല. ജിബ്രീല്‍ മാലാഖ ഇതു്‌ വായിക്കുന്നുണ്ടെങ്കില്‍ ഇനിയും വന്നുകൂടെന്നുമില്ല. മാലാഖമാര്‍ മന്ദബുദ്ധികളാണെന്നു്‌ ഇതിനര്‍ത്ഥമില്ല. അവര്‍ക്കു്‌ കുഞ്ഞുപിള്ളേരുടെ മനസ്സാണെന്നേയുള്ളു. മല്ലുക്കളെപ്പോലെതന്നെ.

ഏതെല്ലാം മാനസികരോഗികളാണു് ഇവിടെ ദൈവത്തെ സഹായിക്കാന്‍ പണിപ്പുരയില്‍ സജീവമായിരിക്കുന്നതെന്നു് ചിന്തിച്ചാല്‍ മതി. ഇത്തരത്തില്‍ പെട്ടവരാണു് യുക്തി ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നതു്. ഈ ദൈവസേനാനികള്‍ ദൈവത്തെ രക്ഷിക്കാന്‍ നോക്കാതെ സ്വയം രക്ഷിക്കാനുള്ള വഴി തേടുകയാണു് ആദ്യം ചെയ്യേണ്ടതു്. അതിനു് കൂടുതല്‍ അനുയോജ്യം മനോരോഗാശുപത്രിയോ, ദുര്‍ഗ്ഗുണപരിഹാരപാഠശാലയോ ആയിരിക്കും. ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് മൂന്നു് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന ഒരു സ്ത്രീയുടെ രോഗവും റിലീജ്യസ് മാനിയ ആയിരുന്നു. ഇപ്പോള്‍ ആളുപദ്രവം ഉണ്ടാവാതിരിക്കാന്‍ പൂട്ടിയിടേണ്ട രോഗികള്‍ക്കായുള്ള സൈക്കിയാട്രി ക്ലിനിക്കില്‍ കിടന്നു് ആ സ്ത്രീ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കേസ്‌ യൂറോപ്പിലല്ല, കേരളത്തിലായിരുന്നുവെങ്കില്‍, കുഞ്ഞാടിന്റെ രോഗം മറ്റെന്തോ ആണെന്നു് വരുത്താന്‍‍ ഇടയന്മാര്‍ മത്സരിച്ചു്‌ ലേഖനപരമ്പര തന്നെ ഇറക്കിയേനെ. പറ്റുമെങ്കില്‍ അക്കൂട്ടത്തില്‍ ജാഥ, സമരം, ഹര്‍ത്താല്‍ തുടങ്ങിയ പതിവു്‌ കാട്ടിക്കൂട്ടല്‍ മാമാങ്കങ്ങളും അരങ്ങേറിയേനെ! സാമ്പത്തിക പരാധീനത മൂലം കോളേജിലെ ക്രിസ്തീയമേധാവികളില്‍ നിന്നു് പീഡനം‍ അനുഭവിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി സഹികെട്ടു് അവസാനം ആത്മഹത്യ ചെയ്തപ്പോള്‍ അവള്‍ എഴുതിയ ചരമകുറിപ്പു് മറ്റാരോ എഴുതിയതാണെന്നു് പറയാന്‍ വരെ മടിക്കാത്തവരല്ലേ യേശുവിന്റെ നിര്‍മ്മലസ്നേഹത്തിന്റെ പ്രതിനിധികള്‍ എന്നു് അഭിമാനത്തോടെ വീമ്പിളക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍!? എല്ലാവരും അങ്ങനെ അല്ലല്ലോ എന്നാവാം ദൈവത്തിന്റെ പോരാളികളുടെ എതിര്‍യുക്തി. ഇത്തരം സമൂഹദ്രോഹികളെ ഐലസാ വിളിച്ചു്‌ ചുമന്നുകൊണ്ടു്‌ നടക്കാന്‍ മടിയില്ലാത്ത ഭക്തവര്‍ഗ്ഗം അനുയായികളായി ഉള്ളിടത്തോളം അവരെ ചൂഷണം ചെയ്യാതിരിക്കുന്നതാവും നേതാ-പിതാ-ദൈവങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിഡ്ഢിത്തം. കേരളീയര്‍ ഒന്നടങ്കം തങ്ങളെപ്പറ്റിത്തന്നെ ലജ്ജിക്കുകയാണു് വേണ്ടതു്.

ബൈബിളില്‍ അവിടെയും ഇവിടെയും ഉള്ള നുറുങ്ങുകള്‍ക്കു് പള്ളി നല്‍കുന്ന വിശദീകരണങ്ങള്‍ ചില ഞായറാഴ്ചകളില്‍ കേട്ടതിന്റെ പേരില്‍ മതപണ്ഡിതര്‍ ചമയുന്നവരുമായി ശാസ്ത്രത്തിന്റേയും യുക്തിയുടേയും അടിസ്ഥാനത്തില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ യഥാതഥമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും സാദ്ധ്യമാവുകയില്ല. കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും കൊന്തയുടെയും കുരിശുവരയുടെയും ലോകമല്ല അറിവിന്റെ ലോകം. അതു്‌ നല്ലൊരളവു്‌ വിശാലമാണു്‌.

“Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life.” – Lord Byron

“നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്. ടിബറ്റിലെ പ്രാര്‍ത്ഥനാചക്രങ്ങളോടു് മാത്രമേ അതിനെ താരതമ്യം ചെയ്യാനാവൂ” എന്നു്‌ പറഞ്ഞതു്‌ ഇമ്മാന്വേല്‍ കാന്റാണു്‌. പ്രാര്‍ത്ഥനാചക്രങ്ങള്‍ താന്‍ എത്രവട്ടം തിരിക്കുന്നുവോ അത്രവട്ടം (അവയില്‍ മറ്റാരോ എഴുതിവച്ചിരിക്കുന്ന) പ്രാര്‍ത്ഥനാശീലുകള്‍ ദൈവസന്നിധിയില്‍ എത്തുമെന്നും, അവ മുഴുവന്‍ താന്‍ സ്വയം ഏറ്റുചൊല്ലുന്നതായി ദൈവം വരവു്‌ വയ്ക്കുമെന്നും, ക്ഷേത്രപരിസരം നിറയെ കെട്ടിത്തൂക്കിയിരിക്കുന്ന കൊടിതോരണങ്ങള്‍ കാറ്റിലാടുമ്പോള്‍ അവയില്‍ കുറിച്ചുവച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്കു്‌ പറന്നു്‌ പോകുകയാണു്‌ ചെയ്യുന്നതെന്നും മറ്റുമുള്ള പുരോഹിതപഠിപ്പിക്കലുകള്‍ അക്ഷരംപ്രതി വിശ്വസിക്കുന്ന ടിബറ്റുകാരെ ബോധവത്കരിക്കാനാണു് കാന്റ് അതു്‌ പറഞ്ഞതു്‌ എന്നു്‌ കരുതാന്‍ വയ്യ. പക്ഷേ, ഇന്നത്തെ കേരളത്തിന്റെ ഒരവസ്ഥ വച്ചു്‌ പറഞ്ഞാല്‍, അന്നു്‌ ടിബറ്റന്‍ പുരോഹിതര്‍ അതു്‌ കേട്ടിരുന്നെങ്കില്‍ ഒരു പരസ്യസംവാദത്തിനു്‌ കാന്റിനെ അവര്‍ വെല്ലുവിളിക്കുമായിരുന്നു എന്നു്‌ കരുതാതിരിക്കാനും വയ്യ. തങ്ങള്‍ മനസ്സിലാക്കുന്ന നന്മയോ, ജീവിതപരിവര്‍ത്തനമോ അല്ല കാന്റ് മനസ്സിലാക്കുന്ന നന്മയും ജീവിതപരിവര്‍ത്തനവും എന്ന വസ്തുത “ചക്രന്മാര്‍ക്കും ചക്രികള്‍ക്കും” അറിയില്ല എന്നതു്‌ അത്ര എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല.

 

 
20 Comments

Posted by on Apr 13, 2008 in ലേഖനം

 

Tags: , ,

സര്‍വ്വശക്തനായ ദൈവം!

ദൈവം സര്‍വ്വശക്തനാണെന്നും, മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി (free will) ഉണ്ടെന്നും ചില മതപണ്ഡിതര്‍ ഒരേ വായ്കൊണ്ടു് പറയുന്നതിലെ വൈരുദ്ധ്യത്തിലേക്കു് വിരല്‍ ചൂണ്ടുകയാണു് ഈ ലേഖനത്തിന്റെ ലക്‍ഷ്യം.

ദൈവത്തിന്റെ സര്‍വ്വശക്തിയിലാണു് എല്ലാ മതങ്ങളും പണിതുയര്‍ത്തിയിരിക്കുന്നതു്. സര്‍വ്വശക്തന്‍ എന്നതിനു് എന്താണര്‍ത്ഥം? എല്ലാം തികഞ്ഞവന്‍, എല്ലാം അറിയുന്നവന്‍, നന്മ നിറഞ്ഞവന്‍, തിന്മ തൊട്ടു് തീണ്ടിയിട്ടില്ലാത്തവന്‍ എന്നൊക്കെയല്ലേ? അതായതു് മനുഷ്യന്റെ അളവുകോലിന്റെ അടിസ്ഥാനത്തില്‍, തെറ്റോ, കുറ്റമോ, കഴിവുകേടോ, ബലഹീനതയോ ഉണ്ടാവാന്‍ പാടില്ലാത്ത എന്തോ ഒന്നു്. പക്ഷേ, ആ എന്തോ ഒന്നിനെ അവന്‍ എന്നോ, അവള്‍ എന്നോ, അതു് എന്നോ വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നതുവഴി മാത്രം എന്തോ ഒന്നായ ആ ദൈവത്തില്‍ മാനുഷികത്വത്തിന്റെ അംശം കലര്‍ത്തുകയല്ലേ നമ്മള്‍ ചെയ്യുന്നതു്? മാനുഷികഭാഷയോടുള്ള ദൈവത്തിന്റെ വിധേയത്വമല്ലേ അതു് കാണിക്കുന്നതു്? ദൈവത്തിനു് ലിംഗം ഉണ്ടോ ഇല്ലയോ എന്നോ, ദൈവം എന്താണു് എന്നോ ഉള്ള യാതൊരു വിവരവും മനുഷ്യനില്ല എന്ന വസ്തുത ഒരു വശത്തു്. എന്നിട്ടും, ദൈവത്തിന്റെ ലിംഗം സൂചിപ്പിക്കാന്‍ കഴിയുന്ന മൂന്നു് സാദ്ധ്യതകളില്‍ പുരുഷലിംഗം എന്ന സാദ്ധ്യത സ്വീകരിക്കാനാണു് മനുഷ്യര്‍ക്കിഷ്ടം. ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിച്ചു് ഒരു പുരുഷന്‍ ആക്കുന്നതിന്റെ മാനദണ്ഡം പൊതുവേ പുരുഷവര്‍ഗ്ഗം പ്രദര്‍ശിപ്പിക്കുന്ന മാംസപേശികളില്‍ അധിഷ്ഠിതമായ ശാരീരികശക്തിയല്ലാതെ മറ്റെന്താണു്? ദൈവത്തെ സര്‍വ്വശക്തനായി മാത്രം കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വന്തം ശക്തിഹീനതയെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റെന്താണു്?

ഈ യാഥാര്‍ത്ഥ്യമാണു്, മറ്റൊരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, പ്രസിദ്ധമായ ദൈവനിര്‍വചനത്തിലേക്കു് ലുഡ്വിഗ് ഫൊയര്‍ബാഹിനെ നയിച്ച അടിസ്ഥാനചിന്ത. “ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണമാണു്.” എത്ര മനോഹരമായി ഒരു വലിയ സത്യം അദ്ദേഹം പറഞ്ഞിരിക്കുന്നു! അതും വേണമെങ്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍. പക്ഷേ ഫൊയര്‍ബാഹിനെ ആര്‍ക്കുവേണം? മനുഷ്യനു് വേണ്ടതു് വെളിപാടുകളാണു്, അത്ഭുതങ്ങളാണു്, രക്തമൊഴുക്കുന്ന പ്രതിമകളും പടങ്ങളുമാണു്‌.

സര്‍വ്വശക്തനായ ഒരു ദൈവം സര്‍വ്വജ്ഞാനിയും, മനുഷ്യന്റേയും സകല പ്രപഞ്ചത്തിന്റേയും ഭാവി അറിയുന്നവനും ആവണം. അതായതു്, ഒരു മനുഷ്യന്‍ നാളെ എന്തു് ചെയ്യും എന്നു് ദൈവത്തിനു് ദൈവോത്ഭവം മുതല്‍ വ്യക്തമായ അറിവുണ്ടാവണം. ഭാവിയിലെ തന്റെ ഓരോ പ്രവൃത്തിയും ദൈവത്താല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നു് സാരം. “കാശിനു് രണ്ടു് എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന കുരികില്‍ പോലും പിതാവായ ദൈവം സമ്മതിക്കാതെ നിലത്തു് വീഴുകയില്ല” എന്നാണല്ലോ യേശുവും പറഞ്ഞതു്. മറ്റു് വാക്കുകളില്‍, നമ്മുടെ ഭാവി അറിയുന്ന സര്‍വ്വജ്ഞാനിയായ ഒരു ദൈവമുണ്ടു് എന്നു് പറയുന്നതിനു്, സംഭവിക്കാനിരിക്കുന്ന നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും, പ്രവചിക്കാവുന്നതും, മാറ്റാനാവാത്തതുമാണു് എന്ന ഒരര്‍ത്ഥമേ നല്‍കാന്‍ കഴിയൂ. ആ സ്ഥിതിക്കു്, നേര്‍ച്ചയോ, കാഴ്ച്ചയോ, പ്രാര്‍ത്ഥനയോ വഴി ഭാവിയെ മാറ്റിയെടുക്കാമെന്നു് അവകാശപ്പെടുന്നതു് ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തേയും ഇന്റെഗ്രിറ്റിയെ തന്നെയും ചോദ്യം ചെയ്യുന്നതിനു് തുല്യമായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രപഞ്ചത്തെ വേണമെങ്കില്‍ ന്യൂട്ടോണിയന്‍ ഫിസിക്സില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചത്തിനോടു് ഉപമിക്കാം. ഒരു നിശ്ചിത സമയത്തെ വസ്തുക്കളുടെ പിണ്ഡവും, സ്ഥാനവും, വേഗതയും അറിയാമെങ്കില്‍ അണു മുതല്‍ നക്ഷത്രങ്ങള്‍ വരെയുള്ള സകല വസ്തുക്കളുടെയും മറ്റേതൊരു സമയത്തേയും സ്ഥാനം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്ന ഒരുതരം ഘടികാരപ്രപഞ്ചമായിരിക്കുമതു്. ഈ സങ്കല്‍പത്തില്‍ നിന്നും പക്ഷേ ശാസ്ത്രലോകം വളരെ മുന്നോട്ടു് പോയി കഴിഞ്ഞു. ഒപ്പം എത്താന്‍ കഴിയാതിരുന്നതു് മതനേതാക്കള്‍ക്കും, അവര്‍ പുറകോട്ടു് പിടിച്ചുവലിച്ചു് നിര്‍ത്തിയതുമൂലം ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാതെ പ്ലാറ്റ് ഫോമില്‍ നിന്നുപോയ അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രം.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, സര്‍വ്വശക്തനായ ഒരു ദൈവം നിയന്ത്രിക്കുന്ന പ്രപഞ്ചത്തില്‍ മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി ഇല്ല. അഥവാ, മനുഷ്യന്‍ എന്തു് തീരുമാനിച്ചാലും, വരേണ്ടതെന്നു്‌ അനാദികാലത്തുതന്നെ ദൈവം നിശ്ചയിച്ചു്‌ ഉറപ്പിച്ചിട്ടുള്ളതുപോലെയേ വരൂ. അതുപോലൊരു ലോകത്തില്‍ വരുന്നതു് വരുന്നതുപോലെ സ്വീകരിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേ മനുഷ്യനുള്ളു എന്നു് ചുരുക്കം. നാളെ എന്തുചെയ്യണമെന്നു് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ഒരുത്തനു് നാളെ തീരുമാനിക്കാന്‍ കഴിയുമെങ്കില്‍, അവന്‍ എന്താണു് തീരുമാനിക്കാന്‍ പോകുന്നതു് എന്നു് ഒരു ദൈവിക ശക്തിക്കും മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെങ്കില്‍, എങ്കില്‍ മാത്രമേ തീരുമാനസ്വാതന്ത്ര്യം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. അവിടെ ദൈവത്തിന്റെ സര്‍വ്വശക്തിക്കു് ഒരു അര്‍ത്ഥവുമില്ല. അതായതു്, ഒന്നുകില്‍ ദൈവം സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും, മനുഷ്യന്‍ ആ ദൈവത്തിന്റെ വെറുമൊരു പാവയും അടിമയുമാണു്‌. അല്ലെങ്കില്‍ മനുഷ്യനു് എന്തു് തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, ദൈവത്തിനു് അവനെ നിയന്ത്രിക്കാന്‍ മതിയായ യാതൊരുവിധ ശക്തിയുമില്ല. അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്നു് വരും. ഇതിനു് രണ്ടിനും ഇടയിലുള്ള ഒരു നിലപാടു് യുക്തിസഹമല്ല. (തലച്ചോറിലെ ഒട്ടോമാറ്റിസത്തിന്റെ അടിസ്ഥാനത്തിലെ അസ്വാതന്ത്ര്യമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്‌.)

അങ്ങനെ മനുഷ്യന്റെ സകല ഭാവിയും അറിഞ്ഞുകൊണ്ടു്, അവനു് എന്തു് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നു് പ്രഖ്യാപിച്ചു്‌ അവനെ ഇരുട്ടില്‍ തപ്പിത്തടയാന്‍ വിട്ടു്‌ കഷ്ടപ്പെടുത്തുന്ന എന്തോ ഒന്നാണു് ദൈവമെങ്കില്‍, ഏറ്റവും ലഘുവായ ഭാഷയില്‍ പറഞ്ഞാല്‍, പറക്കമുറ്റാത്ത മക്കളെ പീഡിപ്പിച്ചു് ആനന്ദിക്കുന്ന പിതാവിനു് തുല്യനും, ക്രൂരനുമായ ഒരു സാഡിസ്റ്റ് മാത്രമായിരിക്കും അത്തരമൊരു ദൈവം. ആ ചിത്രം ദൈവത്തിനല്ല, ആ ദൈവത്തെ പ്രതിനിധീകരിച്ചു്, സര്‍വ്വജ്ഞാനി ചമഞ്ഞു്‌, മനുഷ്യരെ നരകം കാണിച്ചു്‌ ഭയപ്പെടുത്തി, സ്വര്‍ഗ്ഗം കാണിച്ചു്‌ മോഹിപ്പിച്ചു് ഉപജീവനം തരപ്പെടുത്തുന്ന പുരോഹിതന്മാര്‍ക്കാവും കൂടുതല്‍ ചേരുക. ഏതെങ്കിലും ഒരു ഈശ്വരനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ, ആ ഈശ്വരനോടുള്ള പ്രാര്‍ത്ഥനയോടെയല്ലാതെ, വൈദ്യുതവിളക്കുകളുടെ പ്രഭാപൂരത്തിലും നിലവിളക്കു്‌ കൊളുത്തി ആ ഈശ്വരന്റെ അനുഗ്രഹം തേടിക്കൊണ്ടല്ലാതെ ഏതെങ്കിലും ഒരു കര്‍മ്മം ചെയ്യാന്‍ മനുഷ്യന്‍ ധൈര്യപ്പെടാതിരിക്കുന്ന കാലത്തോളം ഈ ചൂഷണം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കും. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു്‌ മനസ്സിലാക്കാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം, തന്റെ മുന്നില്‍ വിശ്വസ്തന്റെ കപടവേഷം കെട്ടിയാടുന്ന ചൂഷകനെ തിരിച്ചറിയാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം അവന്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.

എല്ലാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവത്തിനു് വിധവയുടെ ചില്ലിക്കാശുപോലെ എന്തെങ്കിലും നല്‍കിയാല്‍ അദ്ദേഹം തന്റെ തീരുമാനം പുനപരിശോധിക്കുമെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു! ദൈവത്തിനു് നല്‍കാന്‍ നിധിയില്ല എന്നൊരു പരാതി മതങ്ങള്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കോ ഒട്ടില്ലതാനും. ദൈവത്തിനു് അല്‍പം കൈക്കൂലി നല്‍കി ലോകത്തിലെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ നേരെയാക്കുവാന്‍ എന്നിട്ടും മതങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും കഴിയാത്തതിനേക്കാള്‍ വലിയ ഒരു തെളിവു്‌ അവര്‍ കെട്ടിയാടുന്നതു്‌ കപടവേഷങ്ങളാണെന്നതിനു്‌ ആവശ്യമില്ല.

ദൈവത്തെ സര്‍വ്വശക്തനും, മനുഷ്യവിധിയുടെ നാഥനുമാക്കുന്ന മതങ്ങളുടെ പ്രഖ്യാപനങ്ങളിലെ വൈരുദ്ധ്യങ്ങളുടെ പാരമ്യതയാണു് വരാനിരിക്കുന്ന ഒരു വിധിദിനം എന്നതു്. മനുഷ്യരുടെ തീരുമാനങ്ങള്‍ ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, മനുഷ്യരുടെ ഭാവി എന്തെന്നു് കൃത്യമായി ദൈവത്തിനു് അറിയാമായിരുന്നെങ്കില്‍, മനുഷ്യര്‍ എന്തു് തീരുമാനിച്ചാലും, എന്തു് ചെയ്താലും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതേ നടക്കുമായിരുന്നുള്ളൂ എന്നതിനാല്‍, മനുഷ്യര്‍ക്കു് അവരുടെ വഴി സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലായിരുന്നു എന്നതിനാല്‍, ഇതെല്ലാം അനുഭവിച്ചതിനും, സഹിച്ചതിനും ശേഷം മരിച്ചു് ദൈവസന്നിധിയില്‍ എത്തുന്ന മനുഷ്യരെ വിചാരണ ചെയ്തു് “പാപവും പുണ്യവും” തരം തിരിച്ചു് നരകവും സ്വര്‍ഗ്ഗവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ദൈവത്തേക്കാള്‍ നീതിബോധമില്ലാത്ത, പരിഹാസ്യമായ ഒരു ദൈവരൂപത്തെ സങ്കല്‍പിക്കാന്‍ കഴിയുമോ?

പാപം ചെയ്ത ആദിമനുഷ്യരെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കി. അതിനുകാരണം അവര്‍ ആ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലവുംകൂടി പറിച്ചുതിന്നു് നിത്യജീവന്‍ നേടി എന്നാളും ജീവിക്കാതിരിക്കാന്‍ വേണ്ടിക്കൂടി ആയിരുന്നു. പിന്നീടു് അതേ ദൈവം തന്റെ ഏകജാതനായ പുത്രനെ കുരിശുമരണത്തിനേല്‍പ്പിക്കുന്നു. മനുഷ്യനു് നിത്യജീവന്‍ നേടിക്കൊടുക്കുക എന്നതായിരുന്നത്രെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റേയും ലക്‍ഷ്യം! എങ്കില്‍ പിന്നെ അന്നേതന്നെ ആ മനുഷ്യരെ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്നാന്‍ അനുവദിച്ചാല്‍ പോരായിരുന്നോ? നീ നിന്റെ സഹോദരനുള്ളതു് യാതൊന്നും ആഗ്രഹിക്കരുതെന്നാണു് കല്‍പ്പന. പക്ഷേ, സ്വന്തമകനെ ഭൂമിയില്‍ ജനിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നതു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയെ! പരസ്യമായി പ്രസംഗിച്ചുനടന്നിരുന്ന യേശുവിനെ ഒരു യൂദാസ്‌ ഒറ്റിക്കൊടുത്തിട്ടുവേണമോ പുരോഹിതന്മാര്‍ക്കു് പിടികൂടുവാന്‍? പക്ഷേ, തിരക്കഥ അങ്ങനെ ആയിപ്പോയാല്‍ യേശുവിനു്‌ എന്തു്‌ ചെയ്യാന്‍ പറ്റും? അതുകൊണ്ടാണു്‌ എല്ലാം അറിയുന്ന ദൈവത്തിന്റെ സ്വന്തം പുത്രനായ യേശു യൂദാസ് എന്ന തന്റെ ഒറ്റുകാരനെ കൂട്ടത്തില്‍ കൊണ്ടുനടന്നതു്‌. പിതാവു്‌ അനാദികാലത്തെന്നോ കൈക്കൊണ്ട ഒരു തീരുമാനത്തിനു്‌ മുന്നില്‍ സ്വന്തം മകന്റെ സ്വതന്ത്ര ഇച്ഛാശക്തിക്കു്‌ പുല്ലുവിലയാണെങ്കില്‍ മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം?

ഇതിനേക്കാള്‍ ഒക്കെ മഹാത്ഭുതം ദൈവത്തിന്റെ ഇത്തരം രഹസ്യചിന്തകള്‍ എല്ലാം ചോര്‍ത്താന്‍ കഴിയുന്ന, പൊരുള്‍ തിരിക്കാന്‍ കഴിയുന്ന ചില മനുഷ്യര്‍ ഉണ്ടെന്നതാണു്. അക്കാര്യത്തില്‍ അവര്‍ ചെകുത്താനെപ്പോലെയാണു്. ചെകുത്താന്‍ ഉറങ്ങുന്നില്ല, അവരും ഉറങ്ങുന്നില്ല. എങ്ങനെയാണു് ഇക്കൂട്ടര്‍ ദൈവരഹസ്യങ്ങള്‍ ചോര്‍ത്തുന്നതു് എന്നല്ലേ? ശ്രദ്ധിക്കൂ: “അവന്‍ അവിടം വിട്ടു് പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും, അവന്റെ വായില്‍നിന്നു് വല്ലതും പിടിക്കാമോ എന്നുവച്ചു് അവന്നായി പതിയിരുന്നുകൊണ്ടു് പലതിനേയും കുറിച്ചു് കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.” (ലൂക്കോസ്‌ 11: 53,54) ഇങ്ങനെയാണു് അവര്‍ മനുഷ്യരുടെ മാത്രമല്ല, ദൈവത്തിന്റെവരെ മനസ്സിലിരുപ്പു് തന്മയത്വത്തോടെ ചോര്‍ത്തി എടുക്കുന്നതു്‌. അന്നത്തെ ശാസ്ത്രിമാരും പരീശന്മാരും ഇന്നു്‌ “അക്ഷരമെതിയന്മാരായ” മതപണ്ഡിതരും വ്യാഖ്യാതാക്കളുമായി വേഷം മാറിയാണു്‌ പതിയിരിക്കുന്നതു്‌ എന്ന വ്യത്യാസമേയുള്ളു.

 
26 Comments

Posted by on Apr 7, 2008 in മതം, ലേഖനം

 

Tags: , ,

യൂദാസിന്റെ സുവിശേഷം – 2

കൈറോയില്‍ പുരാവസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഹന്നാ എന്നൊരാളാണു് ആ ലിഖിതം വാങ്ങിയതു്. അയാള്‍ അതു് താമസിയാതെതന്നെ സ്വിറ്റ്‌സര്‍ലണ്ടില്‍ പുരാവസ്തു വ്യാപാരിയും, കച്ചവടത്തിലൂടെ തന്റെ പരിചയക്കാരിയുമായ ഒരു സ്ത്രീക്കു് വില്‍ക്കാന്‍ ശ്രമിക്കുന്നു. മുപ്പതു് ലക്ഷം ഡോളറാണു് അതിനു് വിലയായി അയാള്‍ ആവശ്യപ്പെട്ടതു്. അത്രയും തുക നല്‍കാന്‍ ആ സ്ത്രീ തയ്യാറായിരുന്നില്ല. ഒന്നാമതു്, അതിനകത്തു് എന്താണു് എഴുതിയിരിക്കുന്നതു്, അതു് ഒറിജിനല്‍ ആണോ എന്നൊക്കെയുള്ള സംശയം. രണ്ടാമതു്, അതൊരു വലിയ തുകയായിരുന്നു എന്ന വസ്തുത. അയാള്‍ക്കെന്നല്ല, ആര്‍ക്കും അറിയില്ലായിരുന്നു അതില്‍ എന്താണു് രേഖപ്പെടുത്തിയിരിക്കുന്നതെന്നു്. അങ്ങനെ അന്നു് അതിന്റെ വില്‍പന നടക്കാതെ പോയി.

കുറേ മാസങ്ങള്‍ കടന്നുപോയി. അതിനിടയില്‍ ഹന്നാ അതിലെ ഉള്ളടക്കത്തിന്റെ ഒരു ലിസ്റ്റ്‌ തയ്യാറാക്കി. ഒരു ഗ്രീക്ക്‌ പുരാവസ്തുവ്യാപാരിക്കു് ഒറിജിനല്‍ അല്ലാത്ത പ്രതിമ വിറ്റതിന്റെ പേരില്‍ അയാളുടെ പ്രതിനിധിയായ ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടയില്‍ ഹന്നാ ഈ ലിഖിതത്തെപ്പറ്റി സൂചിപ്പിക്കുന്നു. ആ സ്ത്രീ അതു് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനായി വീണ്ടുമൊരിക്കല്‍ വരാമെന്നു് പറയുകയാണുണ്ടായതു്. ഹന്നാ കോപ്ടിക്‌ സഭാവിശ്വാസിയാണു്. യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായിരുന്ന മര്‍ക്കോസിനാല്‍ സ്ഥാപിതമായതെന്നു് വിശ്വസിക്കപ്പെടുന്ന ഈ സഭ ലോകത്തിലെ ആദ്യത്തെ രാഷ്ട്രസഭയായി പൊതുവേ പരിഗണിക്കപ്പെടുന്നു. വിശ്വാസപരമായി ആ ചുറ്റുപാടുകളിലെ മദ്ധ്യ ഈജിപ്തില്‍ വളര്‍ന്നവനാണു് ഹന്നാ.
1980-ല്‍ ആ സ്ത്രീ വീണ്ടും കൈറോയിലെ ഹന്നായുടെ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ എത്തുന്നു. ആ മാന്യുസ്ക്രിപ്റ്റ്‌ കണ്ടെങ്കിലും, അവസാനം അതു് വാങ്ങാതിരിക്കുകയാണു് അവള്‍ ചെയ്തതു്. ആ സ്ത്രീയുടെ മുതലാളി അതു് വാങ്ങേണ്ട എന്നു് പറഞ്ഞത്രെ! സംശയം തോന്നിയ ഹന്നാ ഒരു ഉറപ്പിനായി ആ മാന്യുസ്ക്രിപ്റ്റ്‌ കടയില്‍നിന്നും വീട്ടിലെത്തിച്ചു് അലമാരയില്‍ സൂക്ഷിക്കുന്നു. താമസിയാതെ, ആ ഗ്രീക്ക്‌ പുരാവസ്തുവ്യാപാരിയുടെ നിര്‍ദ്ദേശപ്രകാരം അതു് മോഷ്ടിക്കാന്‍ ആ സ്ത്രീ ചിലരെ ചുമതലപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കു് ശേഷം ഹന്നാ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, വിലപിടിപ്പുള്ള മറ്റു് വസ്തുക്കളോടൊപ്പം ആ മാന്യുസ്ക്രിപ്റ്റും മോഷ്ടിക്കപ്പെട്ടതായി കാണുന്നു.
ആ ലിഖിതം വഴി ഒരു നല്ല തുക സ്വപ്നം കണ്ടിരുന്ന ഹന്നാ ഭ്രാന്തിളകിയപോലെ ആയി. ആ ചുറ്റുപാടുകളിലുള്ള ആരെങ്കിലുമാവും അതിനു് പിന്നില്‍ എന്നായിരുന്നു അയാളുടെ ധാരണ. കാരണം, യൂറോപ്യര്‍ അങ്ങനെ ഒരു കൃത്യം ചെയ്യുമെന്നു് സങ്കല്‍പിക്കാന്‍ അയാള്‍ക്കു് കഴിയുമായിരുന്നില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു് ശേഷം യൂറോപ്പിലെ ആര്‍ട്ട്‌ മാര്‍ക്കറ്റില്‍ ആ ലിഖിതത്തിന്റെ ചില ഭാഗങ്ങള്‍ വില്‍പനയ്ക്കായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗ്രീക്കുകാരനായ പുരാവസ്തുവ്യാപാരിയായിരുന്നു ആ മോഷണത്തിനു് പിന്നില്‍ എന്നു് വ്യക്തമായി. ഏതായാലും, ഹന്നായ്ക്കു് അയാളുടെ മുതല്‍ തിരിച്ചുകിട്ടി.
അര്‍ഹിക്കുന്ന വിലയ്ക്കു് അതു് ഈജിപ്തില്‍ വില്‍ക്കാന്‍ സാധിക്കുകയില്ലെന്നു് മനസ്സിലാക്കിയ ഹന്നാ അതുമായി 1982-ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തുന്നു. ജനീവയില്‍ വച്ചു് അതു് വിദഗ്ദ്ധരെ കാണിക്കുമ്പോള്‍ പോലും ഹന്നാ അങ്ങേയറ്റം സംശയാലു ആയിരുന്നു. തന്മൂലം, അതിന്റെ ഫോട്ടോ എടുക്കാനോ, കുറിപ്പുകള്‍ എഴുതുവാനോ അയാള്‍ ആരെയും അനുവദിച്ചില്ല. അവിടെ വച്ചാണു് ആ മാന്യുസ്ക്രിപ്റ്റിന്റെ വില ആദ്യമായി മനസ്സിലാവുന്നതു്. ആദ്യകാലക്രിസ്തുമതത്തിന്റെ ഒരു ശാഖയായിരുന്ന നോസ്റ്റിക് വിഭാഗത്തില്‍ രൂപമെടുത്ത ഒരു മാന്യുസ്ക്രിപ്റ്റായിരുന്നു അതു്. അതിന്റെ പേരു്: “യൂദാസിന്റെ സുവിശേഷം” എന്നും!
തന്റെ കഷ്ടാനുഭവങ്ങള്‍ക്കു് മുന്‍പു് യേശു യൂദാസും മറ്റു് ശിഷ്യന്മാരുമായി നടത്തുന്ന ഒരു സംഭാഷണം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ബൈബിളിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട നാലു് സുവിശേഷങ്ങളിലെ ചിത്രീകരണത്തിനു് വിരുദ്ധമായി, പോസിറ്റിവ്‌ ആയ ഒരു യൂദാസിനെയാണു് യൂദാസ്‌ സുവിശേഷത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നതു്. യേശുവിന്റെ വിശ്വസ്തശിഷ്യനായ യൂദാസ്‌. “നിങ്ങള്‍ മനുഷ്യരെ വഴി തെറ്റിക്കുന്നു” എന്നു് മറ്റു് ശിഷ്യന്മാരെ ശകാരിക്കുന്ന യേശു. മത്തായിയുടെ സുവിശേഷത്തില്‍ വര്‍ണ്ണിക്കുന്ന മുപ്പതു് വെള്ളിക്കാശിനെപ്പറ്റിയോ, യൂദാസിന്റെ ആത്മഹത്യയെപ്പറ്റിയോ ഒന്നും യൂദാസിന്റെ സുവിശേഷത്തില്‍ ഒരു സൂചനയുമില്ല. മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന സുവിശേഷങ്ങള്‍ അവര്‍ നേരിട്ടു് എഴുതിയതല്ല എന്നപോലെ തന്നെ, യൂദാസിന്റെ സുവിശേഷം എന്ന പേരു്, അതു് യൂദാസ്‌ സ്വയം രചിച്ചതാണെന്ന അര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടതു്. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാവണം അതു് രൂപമെടുത്തതു് എന്നാണു് പണ്ഡിതാഭിപ്രായം.
പിന്നീടു്, യൂദാസിന്റെ സുവിശേഷവുമായി ഹന്നാ ന്യൂയോര്‍ക്കിലെത്തുന്നു. ആ ലിഖിതം വാങ്ങാന്‍ താല്‍പര്യമുള്ളവരുമായി ഹോട്ടലില്‍ കണ്ടുമുട്ടുമ്പോഴും വളരെ കരുതലോടെയാണു് അയാളുടെ നീക്കങ്ങള്‍. താന്‍ വീണ്ടും കബളിപ്പിക്കപ്പെടുമോ എന്ന ഭയം. താല്‍പര്യം പ്രകടിപ്പിച്ചവര്‍ നല്‍കാന്‍ തയ്യാറായ മാക്സിമം വില മുന്നൂറു് ലക്ഷം ഡോളറാണു്. ഹന്നാ ആദ്യം ആവശ്യപ്പെട്ട തുകയുടെ പത്തിലൊന്നുമാത്രം. അയാള്‍ അതു് വില്‍ക്കുന്നില്ല. അതിനുപകരം, അതു് ന്യൂയോര്‍ക്കിലെ ഒരു ബാങ്കിലെ സെയ്ഫില്‍ പൂട്ടിവയ്ക്കാനാണു് അയാള്‍ തീരുമാനിക്കുന്നതു്. പക്ഷേ, അയാള്‍ക്കു് അറിയാന്‍ കഴിയാതെ പോയതു്, അനുയോജ്യമായരീതിയില്‍ സൂക്ഷിക്കാതിരുന്നാല്‍ ഇത്രയും പഴയ ലിഖിതങ്ങള്‍ക്കു് തിരുത്താനാവാത്ത കേടുപാടുകള്‍ സംഭവിക്കുമെന്ന വസ്തുതയാണു്. എന്തുകൊണ്ടാണു് അയാള്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാത്രം ആര്‍ക്കുമറിയില്ല.
പതിനാറു് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി! ബാങ്ക്‌ സെയ്ഫിലെ യൂദാസിന്റെ സുവിശേഷത്തിന്റെ കഥ മറവിയിലേക്കു് മറഞ്ഞതുപോലെ. അതു് വില്‍ക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ഈ കാലഘട്ടത്തില്‍ ഹന്നാ നടത്തുന്നില്ല. അങ്ങനെയിരിക്കെ, 2000-ത്തില്‍, ഫ്രീഡാ നുസ്ബര്‍‍ഗര്‍ ഹന്നായെ വിളിക്കുന്നു. അന്നത്തെ മാന്യുസ്ക്രിപ്റ്റ്‌ ഇപ്പോഴും കൈവശം ഉണ്ടോ എന്നറിയുക എന്നതായിരുന്നു അവരുടെ ലക്‍ഷ്യം. ഒരുപക്ഷേ അതു് വില്‍ക്കാനുള്ള അവസാനത്തെ അവസരമാണു് അതെന്നു് മനസ്സിലാക്കുന്ന ഹന്നാ ആ സ്ത്രീയുമായി ന്യൂയോര്‍ക്കില്‍ ഒത്തുചേരുന്നു. സെയ്ഫ്‌ തുറന്നപ്പോള്‍ അവര്‍ കണ്ടതു് ദയനീയമായ കാഴ്ചയായിരുന്നു! ആയിരത്തിയെണ്ണൂറുവര്‍ഷങ്ങള്‍ ഒരു കേടുമില്ലാതെ ഈജിപ്തില്‍ കിടന്ന ആ ലിഖിതം പതിനാറു് വര്‍ഷങ്ങള്‍കൊണ്ടു് മിക്കവാറും ദ്രവിച്ചുകഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ ‘ആറക്കമുള്ള’ ഒരു ഡോളര്‍സംഖ്യ വിലയായി വാങ്ങി ആ മാന്യുസ്ക്രിപ്റ്റ്‌ അയാള്‍ ഫ്രീഡാ നുസ്ബര്‍ഗറിനു് വില്‍ക്കുന്നു. അവര്‍ അതു് സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ഫൗണ്ടേഷനു് കൈമാറുന്നു. കോപ്ടിക്‌ ഭാഷാപണ്ഡിതനായ Prof. Gregor Wurst-ന്റെയും, restoration വിദഗ്ദ്ധയായ Florence Darbre-ന്റേയും നേതൃത്വത്തില്‍ ഇന്നും പൂര്‍ത്തിയാവാത്ത അതിന്റെ restoration പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതു് പൂര്‍ത്തിയാവുമ്പോള്‍ ആദികാല ക്രിസ്തുമതത്തിന്റെ ചരിത്രത്തെ സംബന്ധിച്ചു് വ്യത്യസ്തവും പുതിയതുമായ കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി, ഇതൊക്കെ മാറ്റിനിര്‍ത്തി നമുക്കൊന്നു് ചിന്തിച്ചുനോക്കാം. യൂദാസ്‌ യേശുവിനെ ഒറ്റിക്കൊടുത്തു എന്നതും, അതിനുശേഷം കുറ്റബോധം മൂലം പശ്ചാത്തപിച്ചു് ആത്മഹത്യ ചെയ്തു എന്നതും സത്യമെന്നു് സങ്കല്‍പ്പിക്കാം. അപ്പോള്‍ പോലും, എന്താണു് യൂദാസ്‌ അതുവഴി ചെയ്ത തെറ്റു്? യേശു കുരിശില്‍ മരിക്കേണ്ടതും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതും മനുഷ്യവര്‍ഗ്ഗത്തിനു് നിത്യജീവന്‍ ലഭിക്കാന്‍ അനുപേക്ഷണീയമാണെന്നിരിക്കെ, അതു് ദൈവമായ യഹോവയുടെ ആഗ്രഹമാണെന്നിരിക്കെ, ദൈവം പോലും യേശുവിനെ കുരിശില്‍ നിന്നും രക്ഷപെടുത്താന്‍ തയ്യാറാവുന്നില്ല എന്നിരിക്കെ, ലോകരക്ഷക്കായി യേശുവിനെ കാണിച്ചുകൊടുത്തു് ദൈവേഷ്ടം നടപ്പിലാവാന്‍ സ്വയം കുറ്റവാളിയാവുന്ന യൂദാസ്‌ യേശുവിന്റെ കുരിശുമരണത്തിനു് തുല്യം എന്നു് പറയാവുന്ന ഒരു പ്രവൃത്തിയല്ലേ ചെയ്യുന്നതു്? മകന്റെ കുരിശുമരണസമയത്തു് മൗനം പാലിക്കുന്ന ദൈവത്തിന്റെ നിലപാടിനു് തുല്യമായ ഒരു നിലപാടല്ലേ യൂദാസിന്റേതും? ദൈവം യേശുവിനെ രക്ഷിച്ചിരുന്നെങ്കില്‍ അവന്റെ മരണവും ഉയിര്‍പ്പും സാദ്ധ്യമാവുമായിരുന്നോ? ‘ഒറ്റിക്കൊടുക്കലിനുശേഷം’ പശ്ചാത്തപിച്ചു് ജീവനൊടുക്കുന്ന യൂദാസിനു് എന്തുകൊണ്ടു് ചുരുങ്ങിയതു് ഒരു വിശുദ്ധന്റെ പദവിയെങ്കിലും ലഭിക്കുന്നില്ല? ഒരിക്കലും തെറ്റു് ചെയ്യാത്തവരാണോ സഭയിലെ മറ്റു് വിശുദ്ധന്മാര്‍? യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞിട്ടു് പശ്ചാത്തപിക്കുന്ന പത്രോസ്‌ സഭയുടെ തലവനാവുന്നു, വിശുദ്ധനാവുന്നു! ക്രിസ്ത്യാനികളെ മുടങ്ങാതെ പീഡിപ്പിക്കാനും കൊല്ലാനും കൂട്ടുനില്‍ക്കുന്ന ശൗല്‍ എന്ന പൗലോസ്‌ വെളിപാടുവഴി മനസ്സുമാറ്റുമ്പോള്‍ സഭയുടെ അംഗീകാരം ലഭിച്ചു് വിശുദ്ധനും നായകനുമാവുന്നു! അങ്ങനെ എത്ര കഥകള്‍ വേണമെങ്കിലും പറയാനാവും. കൊല അതില്‍ത്തന്നെ കൊലക്കുറ്റമെങ്കില്‍ ആരാച്ചാരേയും ആരെങ്കിലും കൊല്ലണം! അവനെ മറ്റാരെങ്കിലും! അവനെ വീണ്ടും മറ്റാരെങ്കിലും….! പക്ഷേ, അതു് ആരും ചെയ്യാറില്ല. കാരണം അതു് സ്വാഭാവികമായും ‘അനീതി’ ആണു്. പക്ഷേ, ദൈവേഷ്ടം നടപ്പാവാന്‍ ‘കുറ്റം’ ചെയ്യുന്ന യൂദാസ്‌ എന്തുകൊണ്ടോ നമുക്കു് നീചനാണു്, ദുഷ്ടനാണു്. അവന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ അവനെ നമ്മള്‍ കൊല്ലാന്‍ പോലും മടിക്കില്ലായിരുന്നു!
ഒരു പ്രവൃത്തിയുടെ വിശുദ്ധിയുടെയും അശുദ്ധിയുടേയും മാനദണ്ഡം അതുകൊണ്ടു് നമുക്കു് ലഭിക്കുന്നതു് നേട്ടമോ കോട്ടമോ ആണോ എന്നതിന്റെ അടിസ്ഥാനത്തിലാണെന്നു് വരുമോ? അതിനെന്തിനു് കല്പനയും നീതിശാസ്ത്രങ്ങളും? ദൈവശാസ്ത്രവും, ലിഖിതനിയമങ്ങളും, പൗരോഹിത്യവും ഒന്നുമില്ലാത്ത കാട്ടിലും അതുതന്നെ അല്ലേ ‘നിയമം’? “നീ കൊല ചെയ്യരുതു്” എന്നതിനു് ആരെയും കൊല ചെയ്യരുതു് എന്നല്ലാതെ, ചിലരെയൊക്കെ കൊല്ലാമെന്നു് ഒരര്‍ത്ഥമുണ്ടോ? ഉണ്ടാവാന്‍ കഴിയുമോ?
ആരംഭകാലക്രിസ്തുമതത്തില്‍ യൂദാസിനെ സംബന്ധിച്ചു് മാത്രമല്ല, സഭയിലെ സ്ത്രീകളുടെ സ്ഥാനത്തെ സംബന്ധിച്ചും ഇന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്ന ധാരണകളില്‍ നിന്നു് തികച്ചും വിരുദ്ധമായ നിലപാടുകള്‍ നിലനിന്നിരുന്നു. നഗ്‌-ഹമാദിയില്‍ നിന്നു് ലഭിച്ച തോമസിന്റെ സുവിശേഷത്തില്‍ ആരംഭകാലത്തു് സഭയില്‍ അപ്പോസ്തലരായിരുന്ന രണ്ടു് സ്ത്രീകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ടു്.

വ്യത്യസ്ത സുവിശേഷങ്ങള്‍ രൂപമെടുത്തതിനെപ്പറ്റി, അംഗീകൃതസുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവ നശിപ്പിക്കപ്പെട്ടതിനെപ്പറ്റി, സ്ത്രീകള്‍ സഭയിലെ അധികാരസ്ഥാനങ്ങളില്‍ നിന്നു് പുറന്തള്ളപ്പെട്ടതിനെപ്പറ്റി എല്ലാം അടുത്തതില്‍.

(തുടരും)

 
11 Comments

Posted by on Apr 5, 2008 in ലേഖനം

 

Tags: , ,

യൂദാസിന്റെ സുവിശേഷം – 1

ഈജിപ്തില്‍ 1979-ല്‍ കണ്ടെടുത്ത യൂദാസിന്റെ സുവിശേഷത്തിലേക്കു് കടക്കുന്നതിനു് മുന്‍പു് പുതിയനിയമസുവിശേഷങ്ങളും, ആദികാല ക്രിസ്തുമതവും ഒന്നു് സ്പര്‍ശിച്ചിരിക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു. യേശുവിനെ കുരിശുമരണത്തിനു് ഏല്പിച്ചുകൊടുക്കുന്ന ഒറ്റുകാരന്റേയും, ദുഷ്ടന്റേതുമാണു് പുതിയനിയമം നമ്മെ വരച്ചുകാണിക്കുന്ന യൂദാസിന്റെ ചിത്രം. അതേസമയം, യൂദാസിന്റെ സുവിശേഷം നമുക്കു് വെളിപ്പെടുത്തിത്തരുന്ന യൂദാസ്‌, മനുഷ്യരെ വഴിതെറ്റിക്കുന്നതിനാല്‍ യേശുവിന്റെ ശകാരം കേള്‍ക്കേണ്ടിവരുന്ന മറ്റു് ശിഷ്യന്മാരില്‍നിന്നു് വിപരീതമായി, തന്റെ ഗുരുവിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരു ഉത്തമശിഷ്യനും യേശുവിന്റെ ആത്മമിത്രവുമാണു്. ഈ വൈരുദ്ധ്യത്തിന്റെ വേരുകള്‍ ആദികാല ക്രിസ്തുമതത്തിലാണു് തേടേണ്ടതു്. അതിന്റെ സൂത്രധാരകരായതു് ഗ്രീക്ക്‌-റോമന്‍ ലോകത്തിലെ നോസ്റ്റിസിസം (Gnosticism) എന്ന തത്വചിന്താപരവും, മതപരവുമായ പ്രസ്ഥാനത്തെ എതിര്‍ത്തു് നശിപ്പിച്ച സഭാപിതാക്കളായിരുന്നു. അവരുടെ മുന്‍പന്തിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐറേനിയസ് എന്ന വിശുദ്ധപിതാവും.

എത്ര തേടിയാലും, എത്ര അന്വേഷിച്ചാലും, അന്തിമമായി നമ്മള്‍ എത്തിച്ചേരുന്നതു്, ഏതു് ദൈവത്തിന്റേയും, ഏതു് മതത്തിന്റേയും, ഏതു് വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍, അതിന്റെ രൂപീകരണത്തില്‍ ആത്യന്തികമായി മറഞ്ഞിരിക്കുന്നതു് മനുഷ്യനാണു്, മനുഷ്യന്‍ മാത്രമാണു് എന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തിലായിരിക്കും. ഏതു് മതത്തിലായാലും, മനുഷ്യനേക്കാള്‍ കൂടുതല്‍ ദൈവത്തെ സ്നേഹിക്കുന്നതു്, തന്റെ വിശ്വാസത്തിന്റെ പേരില്‍ അന്യവിശ്വാസികളായ മറ്റു് മനുഷ്യരെ കൊല്ലാന്‍ പോലും മടിക്കാതിരിക്കുന്നതു്, ദൈവവിശ്വാസമോ മതവിശ്വാസമോ അല്ല, മതഭ്രാന്താണു്.

“മതഭ്രാന്തു് നിരീശ്വരവാദത്തേക്കാള്‍ അപകടകാരിയാണു്.” – Pierre Bayle, French Philosopher (18.11.1647 – 28.12.1706 )

യേശുവിന്റെ ജീവിതം ആധികാരികമായി വര്‍ണ്ണിക്കപ്പെടുന്നതു് ബൈബിളിലെ പുതിയനിയമത്തിലെ ആദ്യത്തെ നാലു് സുവിശേഷങ്ങളിലാണല്ലോ. പക്ഷേ, മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്ന പേരുകളില്‍ ഈ സുവിശേഷങ്ങള്‍ അറിയപ്പെടുന്നതുകൊണ്ടു് അവ എഴുതിയതും അവര്‍ തന്നെ ആണു് എന്നു് കരുതുന്നതു് ശരിയായിരിക്കുകയില്ല. മര്‍ക്കോസിന്റെ സുവിശേഷമാണു് അവയില്‍ പഴക്കമേറിയതു്. മറിയയുടെ പശുത്തൊഴുത്തിലെ പ്രസവം മുതലായ ക്രിസ്തുമസ്‌ ചരിതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതു് ലൂക്കോസിന്റെ സുവിശേഷത്തിലാണു്. ഘടനയിലും, ഉള്ളടക്കത്തിലും, പദപ്രയോഗങ്ങളിലുമുള്ള സാമ്യം മൂലം ആദ്യത്തെ മൂന്നു് സുവിശേഷങ്ങള്‍ പൊതുവേ സിനോപ്ടിക് ഗോസ്പെല്‍സ് എന്നു് വിളിക്കപ്പെടുന്നു. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം യേശുചരിതം അല്‍പം വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണു് അവതരിപ്പിക്കുന്നതു്. അപ്പവും വീഞ്ഞും പങ്കുവച്ചുകൊണ്ടു് വിശ്വാസികള്‍ ഇന്നും ഓര്‍മ്മ ആചരിക്കുന്ന അവസാനത്തെ അത്താഴത്തിനും, കഷ്ടാനുഭവത്തിനും, കുരിശുമരണത്തിനും, ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഊന്നല്‍ നല്‍കി രചിക്കപ്പെട്ടിരിക്കുന്ന ഈ നാലു് സുവിശേഷങ്ങളെ മാത്രമാണു് സഭ നിയമാനുസൃതമായി അംഗീകരിച്ചു് പുതിയ നിയമത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നതു്. ബൈബിളില്‍ ഈ നാലു് സുവിശേഷം മാത്രമാണു് ഉള്ളതെന്നതിനാല്‍ ഇവ മാത്രമേ രചിക്കപ്പെട്ടിട്ടുള്ളു എന്നൊരു വലിയ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണു് മിക്കവാറും എല്ലാ വിശ്വാസികളും. ജനങ്ങള്‍ ഇങ്ങനെയൊരു തെറ്റായ വിശ്വാസം പുലര്‍ത്തുന്നതു് സഭയുടെ താല്‍പര്യങ്ങള്‍ക്കു് അനുയോജ്യമായിരുന്നതിനാല്‍ സഭാപിതാക്കള്‍ ഈ നിലപാടിനു് ബോധപൂര്‍വ്വം പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വടി കൊടുത്തു് അടി വാങ്ങാന്‍ അവര്‍ തയ്യാറായില്ല എന്നു് ചുരുക്കം.

പക്ഷേ, ആധുനിക ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും ഈ വിഷയത്തെ സംബന്ധിച്ചു് പഠിക്കാന്‍ ആരംഭിക്കുകയും, അവരുടെ പരിശ്രമങ്ങള്‍ക്കു് പിന്തുണ നല്‍കാനുതകുന്ന യന്ത്രസാമഗ്രികള്‍ നിര്‍മ്മിക്കുവാന്‍ ശാസ്ത്രത്തിനു് കഴിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ “അറിയാതിരിക്കാന്‍ മറച്ചുപിടിക്കുക” എന്ന സഭാനേതൃത്വത്തിന്റെ നയം പതിയെപ്പതിയെ ഉലയാന്‍ തുടങ്ങിയിരിക്കുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രം (സഭാചരിത്രം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്) ഇന്നു് നമ്മെ പഠിപ്പിക്കുന്നതു്, പുതിയനിയമം രൂപമെടുത്ത കാലഘട്ടത്തിനു് മുന്‍പുതന്നെ, അതായതു്, നാലാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിനു് മുന്‍പുതന്നെ, മറ്റു് പല സുവിശേഷങ്ങളും നിലവിലുണ്ടായിരുന്നു എന്നാണു്. യേശുവിന്റെ അന്ത്യകാലാനുഭവങ്ങള്‍ നേരില്‍ കണ്ട ശിഷ്യന്മാര്‍ അവയെല്ലാം അവരുടേതായ രീതിയില്‍ അനുയായികള്‍ക്കു് വായ്മൊഴിയായി പകര്‍ന്നുകൊടുത്തു. കാലക്രമേണ അവ ക്രോഡീകരിക്കപ്പെട്ടു, ഏകോപിപ്പിക്കപ്പെട്ടു. അതുവഴി വിശ്വാസികള്‍ അറിയേണ്ട യേശുചിത്രം ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ടു: സ്വന്തം മരണം മുന്‍കൂട്ടി കണ്ട പ്രവാചകന്‍, ലോകത്തിന്റെ രക്ഷകന്‍, ദൈവത്തിന്റെ ഏകജാതന്‍, സ്വന്തം ശിഷ്യനായിരുന്ന (നീചനായ!) യൂദാസിനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട നസറായനായ യേശു! പുലര്‍കാലനാഴികയില്‍ തടവുകാരനാക്കപ്പെട്ടു്, ചാട്ടവാറടിയേറ്റു്, താന്‍ തറയ്ക്കപ്പെടേണ്ട കുരിശു് സ്വയം ചുമന്നുകൊണ്ടു് തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗൊഥായിലേക്കു് നടന്നുനീങ്ങുന്ന യേശു സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങളുടെ പ്രതീകങ്ങളായി. അവന്‍ ചുമന്ന കുരിശു് നിത്യജീവന്റെ അടയാളമായി. യേശു എന്ന പുരുഷന്‍ മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടി ബലിയര്‍പ്പിക്കപ്പെടാനായി മറിയയിലൂടെ ദൈവം ജനിപ്പിച്ച മനുഷ്യപുത്രനായി.

ഇതിലൂടെയെല്ലാം ലോകം എന്തുനേടി? സത്യത്തിനു് സാക്ഷി നില്‍ക്കേണ്ടതിനായി ലോകത്തില്‍ വന്നവന്‍ എന്നു് യോഹന്നാന്‍ വിശേഷിപ്പിക്കുന്ന യേശുവിന്റെ വഴികള്‍ക്കു് രണ്ടായിരം വര്‍ഷത്തെ സമയം ലഭിച്ചിട്ടും ലോകത്തില്‍ സത്യവും ജീവനും സ്ഥാപിക്കാന്‍ കഴിഞ്ഞോ? “ഇല്ല” എന്നു് മറുപടി പറയാന്‍ അധികം ആലോചിക്കേണ്ട കാര്യമില്ല. “എന്റെ രണ്ടാമത്തെ വരവുവരെ മരണം കാണാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ടു്” എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പക്ഷേ, അമ്മാതിരി ഒന്നും സംഭവിച്ചില്ല. ശാശ്വതസത്യവും നിത്യജീവനും മരണാനന്തര ജീവിതത്തിലേക്കു്, സ്വര്‍ഗ്ഗലോകത്തിലേക്കു് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു, അത്രമാത്രം. അങ്ങോട്ടുള്ള വഴി മുടക്കമില്ലാതെ പിന്തുടരാനുള്ള ബാദ്ധ്യത, ആ യാത്രക്കുള്ള അവകാശം കണിശമായി വിലനല്‍കി വാങ്ങാനുള്ള മനുഷ്യരുടെ ചുമതല, അതുമാത്രം മാറ്റമില്ലാത്ത, മാറ്റാന്‍ പാടില്ലാത്ത (ഇഹലോക)സത്യമായി ഇന്നോളം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജനം കണ്ണുമടച്ചു് അനുസരിക്കുന്നു, പിന്തുടരുന്നു. കാരണം, രണ്ടു് സഹസ്രാബ്ദങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന വാഗ്ദത്തരാജ്യം സത്യമോ മിഥ്യയോ എന്നു് ഇന്നും അവര്‍ക്കറിയില്ല, ആര്‍ക്കുമറിയില്ല. ഉണ്ടോ, ഇല്ലയോ? ഇനി, അഥവാ ഉണ്ടെങ്കില്‍? റിസ്ക്കെടുക്കാന്‍ മനുഷ്യര്‍ തയ്യാറല്ല.

അന്വേഷിക്കാന്‍ ആരും അവരെ പഠിപ്പിച്ചില്ല. തന്മൂലം, അറിയുക എന്ന ദുര്‍ഘടതയേക്കാള്‍ അധികാരത്തെ അന്ധമായി വിശ്വസിച്ചുകൊണ്ടു് കൂട്ടത്തില്‍ ഒഴുകുക എന്ന എളുപ്പത്തെ അവര്‍ സ്വീകരിക്കുന്നു. സ്വന്തം വിശ്വാസത്തെ, അനക്കാന്‍ അവകാശമില്ലാത്ത ആത്യന്തികസത്യമായി അവര്‍ അവരോധിക്കുന്നു, ആരാധിക്കുന്നു. ഏതു് മരമാക്രിയെപ്പറ്റിയായാലും ഒരുവാക്കു് സംസാരിക്കാന്‍ സ്വന്തം വിശ്വാസത്തിന്റെ പിന്തുണയില്ലാതെ, സ്വന്തം ദൈവത്തിന്റെ മറപറ്റിയല്ലാതെ കഴിയുകയില്ലെന്ന ഭ്രാന്തന്‍ അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു, എത്തിക്കപ്പെട്ടു. സ്വന്തം അടിമത്തത്തില്‍, സ്വന്തം നീചത്വത്തില്‍ ആഹ്ലാദിക്കാനും അഹങ്കരിക്കാനും പോലും മടിയില്ലാത്തവരായി അവര്‍ രൂപാന്തരം പ്രാപിച്ചു. അങ്ങനെ, അവസാനം, കളങ്കമില്ലാത്ത രക്തം ചിന്തപ്പെടുമ്പോള്‍, നൈര്‍മ്മല്യം കിണറ്റില്‍ മുക്കിക്കൊല്ലപ്പെടുമ്പോള്‍, അതിനു് ഉത്തരവാദികളായവര്‍ക്കു് ആവേശപൂര്‍വ്വം ഹോശന്നയും, ഹാലേലുയ്യായും വിളിക്കുന്നതില്‍ ജീവിതസായുജ്യം കണ്ടെത്തുന്നവരായി അവര്‍ മാറി. കാട്ടാളത്തത്തിന്റെ കൊട്ടുമേളക്കാരനായ ബറബ്ബാസിനെ വിട്ടുകിട്ടാനായി അവര്‍ ദിനത്തില്‍ അഞ്ചും ഏഴും വട്ടം മുട്ടില്‍ കിടന്നു് കെഞ്ചി അപേക്ഷിക്കാന്‍ മടിച്ചില്ല. സുവര്‍ണ്ണവസ്ത്രങ്ങളില്‍ പൊതിഞ്ഞു്, സ്വര്‍ണ്ണക്കുരിശു് കഴുത്തില്‍ ചാര്‍ത്തി മരക്കുരിശിന്റെ പ്രതിനിധികളാണെന്നഭിമാനിക്കുന്നവര്‍ ബറബ്ബാസിനെ അവര്‍ക്കു് വിട്ടുകൊടുക്കുമ്പോള്‍ നിത്യസത്യം കണ്ടെത്തിയതായി അവര്‍ ആര്‍പ്പിടുന്നു, അട്ടഹസിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിനു് ഒരു മറുപടിയേ ഉള്ളു: “അവര്‍ക്കറിയില്ലെന്നു് അവര്‍ക്കറിയില്ല, അവര്‍ക്കതറിയണമെന്നില്ല”.

ക്രിസ്ത്യാനികള്‍ കാത്തിരുന്ന ദൈവരാജ്യം പിറന്നുവീണില്ല. പകരം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലൂടെ ക്രിസ്തുമതത്തില്‍ ജന്മമെടുത്തു് വളര്‍ന്നതു് വ്യത്യസ്ത വിഭാഗങ്ങളും അവയുടേതായ വ്യത്യസ്ത വിശ്വാസപ്രമാണങ്ങളുമായിരുന്നു. ദീര്‍ഘമായ ഈ കാലഘട്ടത്തില്‍ ഓരോ വിഭാഗത്തിനും അവരുടേതായ മുഖച്ഛായയും, ആചാരങ്ങളും, ചടങ്ങുകളുമുണ്ടായി. അവരവരുടേതായ സത്യങ്ങള്‍. അവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന ഒരു കാര്യത്തില്‍ മാത്രമായിരുന്നു എല്ലാ വിഭാഗങ്ങളുടേയും നിലപാടുകളില്‍ പൊരുത്തം. വൈരുദ്ധ്യങ്ങളോടടുക്കുന്ന ഇത്തരം വിശ്വാസവൈവിദ്ധ്യങ്ങളില്‍ ശാശ്വതമായ “ഒരു സത്യത്തേപ്പറ്റി” പറയാന്‍ കഴിയുന്നതെങ്ങനെ? ഏകദൈവം, ഏകസത്യം, ഏകജാതന്‍, ഏകവഴി, അവന്റെ ഏകമായ ജീവിതകഥ!? “നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക” എന്ന യേശുവാക്യത്തില്‍ നട്ടു് നനയ്ക്കപ്പെട്ടു് പരിശുദ്ധമായ ദൈവസ്നേഹത്തിലും, ഐകമത്യത്തിലും വളര്‍ന്നു് പന്തലിക്കുകയായിരുന്നോ ക്രിസ്തുമതം? ഒരിക്കലുമല്ല. ആരംഭകാലത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട ക്രിസ്തുമത-ഇടവകകളില്‍ അവര്‍ക്കു് പകര്‍ന്നുകിട്ടിയ യേശുകഥയുടെ അറിവുകളുടേയും കീഴ്‌വഴക്കങ്ങളുടേയും വെളിച്ചത്തില്‍, ആദ്യനൂറ്റാണ്ടുകളില്‍, അവരുടേതായ സുവിശേഷങ്ങള്‍ ഉരുത്തിരിയുകയായിരുന്നു. സ്വാഭാവികമായും സ്വന്തം വിശ്വാസസത്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറില്ലാതിരുന്ന ശത്രുചേരികള്‍ തമ്മില്‍ സത്യത്തിന്റെ പേരില്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുടേയും, കൂട്ടക്കൊലകളുടേയും നിണമണിഞ്ഞ നിലവിളികളാണു് ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രം. ബാവയും മെത്രാനും തമ്മില്‍ത്തല്ലുന്നതു് ഇന്നും നിറുത്തിയിട്ടുമില്ല. അതുവഴി മരിച്ചുവീണ പല സത്യങ്ങള്‍ സഭാചരിത്രത്തിന്റെ കല്ലറകളില്‍ മനഃപൂര്‍വ്വം മറച്ചുവച്ചുകൊണ്ടു്, സഭയുടെ സത്യം ഏകസത്യമായി അടിച്ചേല്‍പിക്കപ്പെട്ടു. ഇവിടെയാണു് നാലാം ശതകത്തിനു് മുന്‍പു് രൂപമെടുത്തവയും, വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ പിന്‍തുടര്‍ന്നിരുന്നവയെങ്കിലും, ബൈബിളില്‍ സ്ഥാനം ലഭിക്കാതെ പോയവയുമായ സുവിശേഷങ്ങളുടെ പ്രസക്തി.

1945-ല്‍ ഈജിപ്റ്റിലെ നജ്-ഹമാദിയില്‍ നിലം ഉഴുവുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ മണ്ണിനടിയില്‍ ഒരു മണ്‍കുടം കണ്ടെത്തുന്നു. അതിനുള്ളില്‍ സ്വര്‍ണ്ണമോ മറ്റു് വിലപിടിപ്പുള്ള വസ്തുക്കളോ ആവാമെന്ന ധാരണയില്‍ തല്ലിപ്പൊട്ടിച്ചപ്പോള്‍ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച കുറെ പഴയ പപ്പിറസ്‌ ചുരുളുകളാണു് അവന്‍ കാണുന്നതു്. ആ ലിഖിതങ്ങളുടെ മൂല്യം അറിയാന്‍ കഴിയാതിരുന്ന അയാളുടെ ഭാര്യ അതില്‍ കുറെയെടുത്തു് അടുപ്പിലിട്ടു് തീയുണ്ടാക്കുന്നു. ഭാഗ്യത്തിനു് ഈജിപ്തിലെ കോപ്ടിക്‌ സഭാവിശ്വാസിയായ ഒരു പുരോഹിതന്‍ അതിനേപ്പറ്റി കേള്‍ക്കുകയും, അതിലെ അക്ഷരങ്ങള്‍ വായിക്കാന്‍ അറിയാമായിരുന്ന അദ്ദേഹം രക്ഷിക്കാന്‍ ബാക്കിയുണ്ടായിരുന്നതെല്ലാം രക്ഷിക്കുകയും ചെയ്യുന്നു. ഇടനിലക്കാരുടെ കൈകളിലൂടെ മാറിമറിഞ്ഞു്, വളരെയധികം യാത്രകള്‍ക്കും ചുറ്റിക്കറങ്ങലുകള്‍ക്കും ശേഷം ആ ചുരുളുകള്‍ ഇന്നു് കൈറോയിലെ കോപ്ടിക്‌ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കാര്യമായ പരിക്കുകള്‍ പറ്റാതിരുന്ന തോമസിന്റെ സുവിശേഷവും അതില്‍ പെടുന്നു.

1979-ല്‍ നജ്-ഹമാദിയില്‍ നിന്നും അധിക ദൂരത്തിലല്ലാത്ത ഒരു പ്രദേശത്തുനിന്നും രണ്ടു് കല്ലറമോഷ്ടാക്കള്‍ അതുവരെ ആരും കണ്ടെത്താത്ത ഒരു ശവകുടീരത്തില്‍ ഒരു കല്‍പ്പെട്ടി കണ്ടെത്തുന്നു. അതില്‍ ആഭരണങ്ങളും രത്നങ്ങളും പ്രതീക്ഷിച്ച അവരും നിരാശപ്പെടേണ്ടിവരുന്നു. തോല്‍കൊണ്ടുള്ള ഒരു കവറില്‍ പൊതിഞ്ഞ കുറെ പപ്പിറി മാത്രമാണതിനുള്ളില്‍. പക്ഷേ, മുന്‍പിലത്തെ കഥ വഴി, പഴയ ലിഖിതങ്ങള്‍ക്കും വില ലഭിക്കാം എന്നറിയാമായിരുന്നതിനാല്‍ അവര്‍ ഒരു ഏജന്റിനെ അതു് ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ഏല്‍പിക്കുകയും, ഒരു പുരാവസ്തുകച്ചവടക്കാരന്‍ നിസ്സാരമായൊരു വിലക്കു് അതു് വാങ്ങുകയും ചെയ്യുന്നു. “യൂദാസിന്റെ സുവിശേഷം” എന്നപേരില്‍ പിന്നീടു് തിരിച്ചറിയപ്പെടേണ്ടുന്ന ഈ ലിഖിതത്തിനു് പക്ഷെ ആദ്യത്തെ നിധിക്കു് നേരിടേണ്ടിവന്നതിനേക്കാള്‍ ക്രൂരമായ കഷ്ടകാലമാണു് പിന്നീടുള്ള അനേകവര്‍ഷങ്ങളില്‍‍ അനുഭവിക്കേണ്ടിവന്നതു്.

(തുടരും)

 
23 Comments

Posted by on Apr 2, 2008 in ലേഖനം

 

Tags: , ,