RSS

Monthly Archives: Mar 2008

സോദോം-ഗോമോറയും ലോത്തിന്റെ അഗമ്യഗമനവും

അങ്ങനെ, സാറ പാകം ചെയ്ത രുചികരമായ അപ്പം, അബ്രാമിന്റെ പരിചാരകര്‍ കൊന്നു്, തൊലിപൊളിച്ചു്, നന്മതിന്മകളെ വേര്‍പെടുത്തി, കഷണമാക്കി, അരച്ചതും പൊടിച്ചതുമായ ചേരുവകള്‍ ചേര്‍ത്തു് കറിപ്പരുവത്തിലാക്കിയ കാളക്കുട്ടിയെ, വൃത്തത്തിനും അലങ്കാരത്തിനും ഭംഗം വരാത്തവിധത്തില്‍, വിശദമായി കുഴച്ചുരുട്ടി യഹോവയും രണ്ടു് കൂട്ടുകാരും പരമാവധി ആസ്വാദ്യതയോടെ വിഴുങ്ങി. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല.

ആഹാരത്തിനു് ശേഷം യഹോവയുടെ രണ്ടു് കൂട്ടുകാരും ദൗത്യനിര്‍വ്വഹണത്തിനായി സോദോം-ഗോമോറയിലേക്കു് പുറപ്പെട്ടു. ഇന്നത്തെപ്പോലെ പോര്‍ഷെയോ, പ്രൈവറ്റ്‌ ജെറ്റോ ഉപയോഗിക്കുന്ന രീതി സ്വര്‍ഗ്ഗവാസികള്‍ അന്നു് തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ ആ വഴി മുഴുവന്‍ അവര്‍ നടന്നുതന്നെ തീര്‍ക്കേണ്ടിവന്നു. പൊടിപിടിച്ച മരുപ്രദേശങ്ങളിലൂടെ നടന്നുനടന്നു് വൈകുന്നേരമായപ്പോഴേക്കും ദൈവത്തിന്റെ കൂട്ടുകാര്‍ സോദോമില്‍ എത്തി. ലോത്ത്‌ പട്ടണവാതില്‍ക്കല്‍ കുത്തിയിരിക്കുന്നുണ്ടായിരുന്നു. പട്ടണവാതില്‍ക്കല്‍ കുത്തിയിരിക്കുക എന്ന ഹോബിയില്‍നിന്നും പൂര്‍ണ്ണമായി തങ്ങളെ മോചിപ്പിക്കാന്‍ സോക്രട്ടീസ്‌ അടക്കമുള്ള പുരുഷന്മാര്‍ക്കു് എന്തുകൊണ്ടോ കഴിയാറില്ല. അവരെ കണ്ടപാടെ ലോത്ത്‌ പറഞ്ഞു: “കയറിവരൂ, കാല്‍ കഴുകൂ, അപ്പം തിന്നൂ, വീഞ്ഞു്‌ കുടിക്കൂ, കിടന്നുറങ്ങൂ, അതിരാവിലെ കെട്ടുകെട്ടൂ”. വഴിയെ പോകുന്നവരെ മുഴുവന്‍ വീട്ടില്‍ വിളിച്ചുകേറ്റി കാലുകഴുകിച്ചു് തീറ്റകൊടുത്തു് ഉറക്കി രാവിലെ എഴുന്നേല്പിച്ചു്‌ വിടുന്നതു്‌ അക്കാലത്തെ ഒരു രീതി ആയിരുന്നു എന്നു് തോന്നുന്നു. അതിഥികള്‍ അതിനു് പ്രതിഫലം കൊടുത്തിരുന്നതുകൊണ്ടു്‌ അവര്‍ സംബോധന ചെയ്യപ്പെട്ടിരുന്നതു് ഒരുപക്ഷേ ദൈവങ്ങള്‍ എന്നായിരുന്നിരിക്കാനും വഴിയുണ്ടു്‌. അതിഥി രാജാവും, രാജാവു്‌ ദൈവവും ആണെന്നല്ലേ വയ്പു്‌. ക്ഷണിക്കുന്നതു് ആരായാലും, അതങ്ങനെ ചാടിപ്പിടിച്ചു് സ്വീകരിക്കുന്നതു് അപമര്യാദ ആയതുകൊണ്ടാവാം, അവര്‍ പറഞ്ഞു: “വേണ്ട, ഞങ്ങള്‍ വീഥിയില്‍ കിടന്നോളാം”. നിഷേധിക്കേണ്ടതു് അവരുടെ കടമ, നിര്‍ബന്ധിക്കേണ്ടതു് തന്റെ ചുമതല എന്നറിയാവുന്ന ലോത്ത്‌ അവരെ പിടിച്ചപിടിയാലെ വീട്ടിലെത്തിച്ചു.

ശുചീകരണത്തിനും, ആഹാരത്തിനും ശേഷം അവര്‍ ഉറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും പുരുഷമൈഥുനക്കാരായ സോദോം നിവാസികള്‍ വീടുവളഞ്ഞു. അതും ഒന്നും രണ്ടും പേരല്ല. “സോദോം പട്ടണത്തിലെ പുരുഷന്മാര്‍ സകലഭാഗത്തുനിന്നും ആബാലവൃദ്ധം” ലോത്തിന്റെ മുറ്റത്തും പറമ്പിലുമായി ഒരു പാര്‍ട്ടിസമ്മേളനത്തിനെന്നപോലെ തടിച്ചുകൂടുകയായിരുന്നു! പുറത്തു് കവാത്തു് ചെയ്യുന്ന കാമരാജകോമാളികളോടു് ലോത്ത്‌ പറഞ്ഞു: “സഹോദരരേ, എനിക്കു് പുരുഷന്‍ തൊടാത്ത രണ്ടു് പുത്രിമാരുണ്ടു്‌. വേണമെങ്കില്‍ അവരെ നിങ്ങള്‍ പിടിച്ചു്‌ കൊണ്ടുപൊയ്ക്കൊള്ളൂ. പക്ഷേ, പുരുഷന്മാരെ മാത്രം ചോദിക്കരുതു്”. വിദേശി ആയ ലോത്തിനെ വക വയ്ക്കാതെ അവര്‍ വാതില്‍ തല്ലിപ്പൊളിക്കാന്‍ കാഹളമൂതി. അപ്പോള്‍ ആ രണ്ടു് അതിഥികള്‍ അതിശയകരമായി അവര്‍ക്കെല്ലാം അന്ധത പിടിപ്പിക്കുന്നു. ജനം ലോത്തിന്റെ വീടിന്റെ വാതില്‍ തപ്പി നട്ടംതിരിയുന്നു.

അതിനുശേഷം ദൈവത്തിന്റെ ആ രണ്ടു് കൂട്ടുകാര്‍ ലോത്തിനോടു് പറഞ്ഞു: “നിനക്കു് വേണ്ടപ്പെട്ടവരെയെല്ലാം  പെട്ടെന്നു്‌ വിവരം അറിയിച്ചോളൂ. എന്നിട്ടു് അവരേയും കൂട്ടി ഓടി രക്ഷപെട്ടുകൊള്ളൂ”. ലോത്ത്‌ രാത്രിതന്നെ പെണ്മക്കളുടെ ഭാവിഭര്‍ത്താക്കന്മാരോടു്‌ കാര്യം പറഞ്ഞു. “ചുമ്മാ കളി പറയാതെ വീട്ടില്‍ പോ” എന്നായിരുന്നു അവരുടെ മറുപടി. വെളുപ്പിനുതന്നെ ആ രണ്ടു് പുരുഷന്മാര്‍ ലോത്തിനേയും ഭാര്യയേയും രണ്ടു് പെണ്മക്കളേയും പട്ടണത്തിനു് വെളിയില്‍ കൊണ്ടുപോയി ആക്കിയശേഷം പറഞ്ഞു: “ജീവന്‍ വേണമെങ്കില്‍ പുറകോട്ടു് തിരിഞ്ഞുനോക്കാതെ പര്‍വ്വതത്തിലേക്കു് ഓടിപ്പൊയ്ക്കൊള്ളൂ.”

അങ്ങനെ ഓടിയോടി സൂര്യന്‍ ഉദിച്ചപ്പോഴേക്കും ലോത്ത്‌ സോവര്‍ എന്ന പട്ടണത്തില്‍ എത്തി. തിരിഞ്ഞുനോക്കാതെ ഓടിയതുകൊണ്ടു് ഭാര്യ കൂട്ടത്തിലില്ല എന്ന കാര്യം ലോത്തു് അറിയുന്നതു് അവിടെ എത്തിയശേഷമാണു്. ഓട്ടത്തിനിടയില്‍, വസ്തുവകകളിലേക്കു്‌ തിരിഞ്ഞുനോക്കിയതിനാല്‍ അവള്‍ ഉപ്പുതൂണായിപ്പോയിരുന്നു. ലോത്തും രണ്ടു് പെണ്മക്കളും സോവറില്‍ എത്തിയെന്നു് ഉറപ്പായപ്പോള്‍ യഹോവ തന്റെ സന്നിധിയില്‍നിന്നു്, ‘ആകാശത്തില്‍നിന്നുതന്നെ’, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു് സോദോമിനേയും ഗോമോറയേയും നിശ്ശേഷം നശിപ്പിച്ചു.

പക്ഷേ, ലോത്ത്‌ സോവറില്‍ പാര്‍പ്പാന്‍ എന്തുകൊണ്ടോ ഭയപ്പെട്ടു. അതിനാല്‍ അവന്‍ പെണ്മക്കളുമായി പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ ചെന്നു് പാര്‍ത്തു. അങ്ങനെയിരിക്കെ, ഭൂമിയില്‍ എല്ലാടവുമുള്ള നടപ്പുപോലെ തങ്ങളുടെ അടുത്തു് വരുവാന്‍ ഭൂമിയില്‍ (സോവറും പരിസരപ്രദേശങ്ങളും ഭൂമിയില്‍ പെടുകയില്ലേ എന്നു് ചോദിക്കരുതു്) പുരുഷന്മാര്‍ ആരുമില്ലെന്ന ഭയാനകസത്യം ആദ്യം മൂത്തവളും, അവള്‍വഴി ഇളയവളും മനസ്സിലാക്കുന്നു. മൂത്തവള്‍ പറഞ്ഞു: “വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിനു് അവനെ വീഞ്ഞു് കുടിപ്പിച്ചു് അവനോടുകൂടെ ശയിക്ക.” അങ്ങനെ, ലോത്തിനെ വീഞ്ഞുകുടിപ്പിച്ചശേഷം മൂത്തവള്‍ അപ്പനോടൊത്തു് ശയിക്കുന്നു. “അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല”. പിറ്റേന്നു് രണ്ടാമത്തവളും ഈ നടപടിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു. “അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല”. സൃഷ്ടിയുടെ രണ്ടു് രാത്രികള്‍. മൂന്നാം രാത്രി ശബത്തായിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ അവര്‍ രണ്ടുപേരും പിതാവില്‍നിന്നും ഗര്‍ഭം ധരിക്കുന്നു. സ്രഷ്ടാവറിയാതെ സൃഷ്ടി നടത്തിക്കാന്‍ മാത്രം കൃത്യമായി ബോധം കെടുത്തുന്ന സോവറിലെ വീഞ്ഞു് സ്പെഷല്‍ ഇനമായിരുന്നിരിക്കണം. ഏതായാലും, ഗുഹയിലേക്കു് പോയപ്പോള്‍ രണ്ടുകലം വീഞ്ഞു് കൂട്ടത്തില്‍ കരുതാന്‍ ആ കുട്ടികള്‍ക്കു് തോന്നിയതു് നന്നായി. ഒരു വംശം നശിക്കാതെ കഴിഞ്ഞല്ലോ! മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു. അവനു് മോവാബ്‌ എന്നു് പേര്‍. അവന്‍ മോവാബ്യരുടെ പിതാവു്. രണ്ടാമത്തവള്‍ ബെന്‍-അമ്മീ എന്നവനെ പ്രസവിച്ചു. അവന്‍ അമ്മോന്യര്‍ക്കു് പിതാവു്.

സോദോം-ഗോമോറയെ മുഴുവന്‍ തീയും ഗന്ധകവും കൊണ്ടു് നശിപ്പിക്കുന്നതിനു്, അവിടത്തെ ജനങ്ങള്‍ പുരുഷമൈഥുനക്കാരായിരുന്നു എന്ന മഹാപരാധം കാരണമായി ചൂണ്ടിക്കാണിക്കുന്ന യഹോവ, അതുവഴി രണ്ടു് പെണ്‍കുട്ടികളെ എത്തിക്കുന്നതു് വംശം നശിക്കാതിരിക്കാന്‍ സ്വന്തം അപ്പനോടൊത്തു് ശയിക്കേണ്ടിവരുന്ന ദുരവസ്ഥയിലേക്കാണു്. അപ്പവും കാളയിറച്ചിയും തിന്നു് ആമോദം കൊള്ളുന്ന യഹോവയ്ക്കു് ഇത്തരമൊരു ദയനീയാവസ്ഥയില്‍ എന്തുകൊണ്ടാണാവോ മനുഷ്യനു് കേള്‍ക്കാന്‍ കൊള്ളാവുന്ന മറ്റു് സ്ട്രാറ്റജികളൊന്നും തലയില്‍ ഉദിക്കാതിരുന്നതു്?

ഈ ആധുനിക ലോകത്തില്‍ ദൈവത്തിന്റെയോ മതങ്ങളുടെയോ പേരില്‍ മനുഷ്യനെ അജ്ഞതയുടെ അന്ധകാരത്തില്‍ തപ്പിത്തടയാന്‍ വിടുന്നതു്, ഒരു അംഗീകൃതലോകതത്വമായി മാറിക്കഴിഞ്ഞ ജനാധിപത്യവ്യവസ്ഥിതിയില്‍ നീതീകരിക്കാനാവുമോ എന്നെനിക്കറിയില്ല. അന്ധവിശ്വാസികളായവരുടെ ജനാധിപത്യം അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ആധിപത്യമാണു്. ജനാധിപത്യത്തിന്റെ അടിസ്ഥാനനിബന്ധനകള്‍ അവിടെ പാലിക്കപ്പെടുകയില്ല. ശുദ്ധഗതിക്കാരായ മനുഷ്യരില്‍ കാലഹരണപ്പെട്ട ആശയങ്ങളും ആദര്‍ശങ്ങളും ഇന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു് അനുവദിക്കാനാവുമോ എന്നു് എല്ലാ ജനാധിപത്യശക്തികളും പരസ്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. സ്വന്തം ഇഷ്ടമോ കുറ്റമോ മൂലമല്ലാതെ, പിറന്നുവീഴുന്നതിന്റെ മാത്രം പേരില്‍ അവരുടേതായിത്തീരുന്ന മതങ്ങളിലും വിശ്വാസങ്ങളിലും മനുഷ്യരെ തുടരാന്‍ അനുവദിക്കുകയും, നിഷ്പക്ഷമായ ബോധവല്‍ക്കരണം വഴി, അഥവാ വിവിധ വിജ്ഞാനമേഖലകളിലേക്കുള്ള പ്രവേശനം മുന്‍വിധിയില്ലാതെ, ആത്മീയരക്ഷാധികാരി ചമയാതെ, സാദ്ധ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതുവഴി സമൂഹത്തിന്റെ ജീര്‍ണ്ണത മനസ്സിലാക്കാനും, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ, ശാസ്ത്രത്തിന്റെ സഹായത്തോടെ സാമൂഹികപുനര്‍നിര്‍മ്മാണത്തിന്റെ ആവശ്യം സ്വയം ഉള്‍ക്കൊള്ളാനുതകുന്ന മാനസികവളര്‍ച്ച നേടിയെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലേ, വിഡ്ഢിത്തപാരായണം വഴി, മൂഢമുദ്രാവാക്യങ്ങള്‍ വഴി, മനുഷ്യരെ തിരുത്താനാവാത്ത മസ്തിഷ്കപ്രക്ഷാളനത്തിനു് വിധേയരാക്കുന്ന മതങ്ങളുടെയും, രാഷ്ട്രീയത്തിലെ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളുടെയും നീരാളിപ്പിടുത്തത്തിനു് വിട്ടുകൊടുക്കുന്നതിനേക്കാള്‍ അഭികാമ്യം?

(ആധാരം: ഉത്പത്തി: അദ്ധ്യായം 18, 19)

 
14 Comments

Posted by on Mar 18, 2008 in ലേഖനം

 

Tags: , , ,