RSS

Monthly Archives: Sep 2007

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 11

വാക്കുകളുടെ സങ്കലന-വ്യവകലനങ്ങള്‍ വഴി സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ സാധാരണഗതിയില്‍ സംഭവിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത സങ്കല്‍പസൃഷ്ടികളെ മെനഞ്ഞെടുക്കാന്‍ മനുഷ്യനു് പ്രയാസമൊന്നുമില്ല. ഹിമാലയപര്‍വ്വതനിരകള്‍ക്കു് ചിറകുകള്‍ മുളച്ചു് പറന്നുയര്‍ന്നു് പസഫിക്‌ സമുദ്രത്തില്‍ ചെന്നു് മുങ്ങിക്കുളിച്ചുവെന്നോ, മുങ്ങിച്ചത്തുവെന്നോ, വീണ്ടും ജീവിച്ചുവെന്നോ, അതിനുശേഷം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ എവിടെയെങ്കിലും ചെന്നു് നാലോ നാല്‍പതോ തലയുള്ള ഒരു ദൈവമായി വാഴുന്നുവെന്നോ അതില്‍ കൂടുതലോ ഒക്കെ സങ്കല്‍പിക്കുവാന്‍ അല്‍പം ഭാവനാശേഷിയുണ്ടെങ്കില്‍ ആര്‍ക്കും കഴിയും. സ്വര്‍ണ്ണ ആപ്പിള്‍ തിന്നതുവഴി ഗര്‍ഭം ധരിച്ച യുവതികളും, സ്ത്രീരൂപം സ്വീകരിച്ചു് ഗര്‍ഭം ധരിച്ച പുരുഷദൈവങ്ങളും പുരാതനമതങ്ങളില്‍ വിരളമല്ലല്ലോ. കര്‍ത്തൃ-കര്‍മ്മ-ക്രിയാ-വിശേഷണങ്ങളുടെ ഭാവനാലോകത്തിലെ യഥേഷ്ടമായ ഒരു സമ്മിശ്രസമ്മേളനം മാത്രമാണിവിടെ സംഭവിക്കുന്നതു്. പദങ്ങളുടെ മുന്നറിവു് മാത്രം മുന്‍വിധിയായിട്ടുള്ള ഈ അത്ഭുതസൃഷ്ടികള്‍ക്കു് ദൈവങ്ങളുടെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ അവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത, പരിശുദ്ധവും പരിപാവനവുമായ പരമസത്യങ്ങളായി രൂപാന്തരപ്പെടുന്നതും സാധാരണമാണു്. വാക്കുകളുടെ എണ്ണമറ്റ സമ്മിശ്രണസാദ്ധ്യതകളില്‍ താത്വികതയുടെയും അനുഭവങ്ങളുടെയും തലങ്ങളില്‍ യുക്തിസഹമായി വിലയിരുത്തപ്പെടാന്‍ കഴിയാത്തവ അര്‍ത്ഥശൂന്യമായ ശബ്ദതരംഗങ്ങള്‍ മാത്രമേ ആവൂ.

എന്നേപ്പോലെതന്നെ രണ്ടുകാലില്‍ നടക്കുന്ന ഒരു മനുഷ്യന്‍, എനിക്കു് ഒരിക്കലും പൂര്‍ണ്ണമായ പ്രവേശനം സാദ്ധ്യമല്ലാത്ത അവന്റെ സാങ്കല്‍പികലോകത്തില്‍ മാത്രം നിലനില്‍ക്കുന്നതും, അവയുടെ ഏതെങ്കിലും വിധത്തിലുള്ള ഭൗതികനിലനില്‍പ്പു് എനിക്കു് വ്യക്തമാക്കിത്തരാന്‍ അവനു് കഴിയാത്തതുമായ കാര്യങ്ങള്‍ എന്നോടു് പറയുമ്പോള്‍ അവ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കുവാനുള്ള എന്തു് കടപ്പാടാണു് എനിക്കുള്ളതു്? കൊടിയ വേനലില്‍, നട്ടുച്ചയ്ക്കു് കഞ്ചാവിന്റെ ലഹരിയില്‍, വെള്ളപ്പൊക്കം സംഭവിക്കുന്നു എന്ന തോന്നലില്‍, ഉടുമുണ്ടഴിച്ചു് തലയില്‍ക്കെട്ടി തെരുവിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം നടന്നുനീങ്ങുന്ന ഒരുവനു് അവന്റെ ഈ മതിഭ്രമം മറ്റുള്ളവരും അംഗീകരിക്കണമെന്നു് ആവശ്യപ്പെടാന്‍ എന്തവകാശം? അവന്‍ പറയുന്നു എന്നതുകൊണ്ടു് വെള്ളപ്പൊക്കം എന്ന അവന്റെ മസ്തിഷ്കഭൂതം യാഥാര്‍ത്ഥ്യമാവുമോ? തീര്‍ച്ചയായും അതുപോലൊരു അനുഭവം അവന്റെ തലച്ചോറു് അവനില്‍ സൃഷ്ടിക്കുന്നുണ്ടാവാം. മാനസികവിഭ്രാന്തിയിലായിരിക്കുന്നിടത്തോളം ഈ വസ്തുത അവനെ മനസ്സിലാക്കാനുള്ള ഏതു് ശ്രമവും പരാജയപ്പെടുകയേയുള്ളുതാനും! മനുഷ്യഭാവനയ്ക്കു് അതിര്‍ത്തി സങ്കല്‍പിക്കുക സാദ്ധ്യമല്ല. മലയെ തലയില്‍ വഹിക്കുന്ന കുരങ്ങനെയോ, ആനയെ വിഴുങ്ങുന്ന കൊതുകിനെയോ, ഒറ്റമുണ്ടുമായി ഉടലോടെ ശൂന്യാകാശത്തിലേയ്ക്കു് പൊങ്ങിപ്പറന്നു് അപ്രത്യക്ഷമാവുന്ന മനുഷ്യനെയോ ഒക്കെ ഭാവനയില്‍ സൃഷ്ടിക്കുവാന്‍ കഞ്ചാവിന്റെയോ, മറ്റു് ലഹരിപദാര്‍ത്ഥങ്ങളുടെയോ സഹായം കൂടിയേ കഴിയൂ എന്നൊന്നുമില്ല. ഇന്ദ്രിയങ്ങള്‍ വഴി അറിയാനും, അനുഭവിക്കാനും കഴിയുന്ന വസ്തുക്കളെയും, വസ്തുതകളെയും വര്‍ണ്ണിക്കാന്‍ ഉപയോഗിക്കുന്ന അതേ വാക്കുകള്‍ തന്നെ അര്‍ത്ഥശൂന്യമായി കൂട്ടിയിണക്കി യഥാര്‍ത്ഥലോകത്തില്‍ യാതൊരുവിധ നിലനില്‍പ്പും അവകാശപ്പെടാനാവാത്ത സാങ്കല്‍പികസൃഷ്ടികള്‍ക്കു് രൂപം നല്‍കാന്‍ അല്‍പം ഭാവന മാത്രമേ വേണ്ടൂ.

ദൈവത്തെ ദൈവമാക്കുന്നതും, മനുഷ്യരെ വിശുദ്ധരും പാപികളുമാക്കുന്നതും, സ്വന്തജീവിതവും മറ്റുള്ളവരുടെ ജീവിതവും സ്വര്‍ഗ്ഗതുല്യമോ, നരകതുല്യമോ ആക്കി മാറ്റുന്നതുമൊക്കെ മനുഷ്യര്‍ തന്നെയല്ലാതെ മറ്റാരുമല്ല. വെള്ളപ്പൊക്കം, ഭൂമികുലുക്കം, ചുഴലിക്കാറ്റു് മുതലായ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ആയിരക്കണക്കിനു് ആളുകള്‍ക്കു് അപകടവും മരണവും സംഭവിക്കുന്നതു് സാധാരണമായ ബംഗ്ലാദേശിലെ അക്ഷരാഭ്യാസമില്ലാത്ത അനേകരെ അപകടസമയത്തു് രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതു് എങ്ങനെയെന്നു് മനസ്സിലാക്കാനുതകുന്നവിധം പൊതുസ്ഥലങ്ങളിലെ മതിലുകളിലും മറ്റും ചിത്രങ്ങള്‍ വരച്ചു് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച ഒരു അന്തര്‍ദേശീയസംഘടനയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആട്ടിയോടിക്കുന്ന മതഭ്രാന്തന്മാരെ കാണിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട്‌ ഒരിക്കല്‍ കാണുകയുണ്ടായി. അവരുടെ ദൈവത്തിനു് പ്രതിച്ഛായകള്‍ ഇഷ്ടമല്ല എന്ന കേട്ടുകേള്‍വിയോ, വിശ്വാസമോ മറ്റോ ആണത്രേ അവരുടെ ഈ കോപാവേശത്തിനു് കാരണം! പ്രകൃതിക്ഷോഭസമയത്തു്, സഹജീവികളുടെയും, ഈ വിഡ്ഢികളുടെയും, ജീവന്‍ രക്ഷിക്കേണ്ടതെങ്ങനെയെന്നു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിയോടിക്കുന്നവരെപ്പറ്റി എന്തു് പറയാന്‍? ഈ സമൂഹദ്രോഹികളും മനുഷ്യര്‍ തന്നെ! (ദൈവനാമം ചൂണ്ടിക്കാണിച്ചു് മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ മടി കാണിക്കാത്തവരെ മനുഷ്യര്‍ എന്നു് വിളിക്കാമോ എന്നതു് മറ്റൊരു കാര്യം!) അക്ഷരാഭ്യാസമില്ലാതിരുന്നിട്ടും “അറിവിനെ വെറുക്കരുതു്” എന്നറിയാനെങ്കിലും മതിയായ സാമാന്യബോധമുള്ള പാവം മനുഷ്യരുടെ ജീവിതം വഴിമുട്ടിക്കാന്‍, കുറേ പഴഞ്ചന്‍ വേദവാക്യങ്ങളുടെ പേരില്‍ ജ്ഞാനികളായി ചമയുന്നവര്‍ ശ്രമിക്കുന്നതു് നിയമപരമായി നിരോധിക്കേണ്ടതും, ശിക്ഷാവിധേയമാക്കേണ്ടതും സമൂഹത്തിന്റെ പുരോഗതിക്കും, ബോധവല്‍ക്കരണത്തിനും അത്യാവശ്യമാണെന്നെനിക്കു് തോന്നുന്നു.

എഴുത്തും വായനയും അറിയാത്തവര്‍ക്കു് അവരുടെ ജീവിതത്തിനു് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചിത്രങ്ങള്‍ പോലെയുള്ള മാധ്യമങ്ങള്‍ക്കു് ഒരു പ്രധാന പങ്കു് വഹിക്കാന്‍ കഴിയും. വിശ്വാസികള്‍ക്കു് ചെറിയ തോതിലെങ്കിലും ബൈബിള്‍ചരിതം മനസ്സിലാക്കിക്കൊടുക്കാന്‍ ക്രിസ്തുമതം ഈ മാര്‍ഗ്ഗം സ്വീകരിച്ചതിന്റെ തെളിവുകളാണു് പുരാതന ദേവാലയങ്ങളുടെ ഭിത്തികളിലേയും, മച്ചുകളിലേയുമൊക്കെ ചിത്രങ്ങള്‍ നല്‍കുന്നതു്. യൂറോപ്പിലെ ആദ്യകാലക്രിസ്ത്യാനികളില്‍ അധികവും സമൂഹത്തിലെ താഴേക്കിടയില്‍നിന്നുള്ള നിരക്ഷരരും അജ്ഞരുമായിരുന്നല്ലോ. യഹോവ തന്റെ പത്തുകല്‍പനകളില്‍ കര്‍ശനമായി നിരോധിച്ച സാദൃശവന്ദനം A. D. 787-ല്‍ നിഖ്യായില്‍ നടന്ന ഏഴാമത്തെ എക്യൂമെനിക്കല്‍ സുന്നഹദോസില്‍ വച്ചു് ക്രിസ്തീയസഭ ഔദ്യോഗികമായി പുനര്‍സ്ഥാപിക്കുകയായിരുന്നു. (ഇവിടെ ആരാണു് വലിയതു്? ദൈവമോ, മനുഷ്യരോ?) റോമന്‍ കത്തോലിക്കാസഭയും, കിഴക്കന്‍ ക്രിസ്തീയസഭകളും ഈ സുന്നഹദോസിനെ അംഗീകരിക്കുന്നു. (ഒരു വിഗ്രഹം ഉണ്ടാക്കരുതു്. മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു് – പുറപ്പാടു് 20: 4, 5). അതിലുപരി, മോശെയുടെ പ്രത്യേക താക്കീതും: “ഞാന്‍ നിങ്ങളോടു് കല്‍പിക്കുന്ന നിങ്ങളുടെ യഹോവയുടെ കല്‍പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു് കല്‍പിക്കുന്ന വചനത്തോടു് കൂട്ടുകയോ, അതില്‍നിന്നു് കുറയ്ക്കുകയോ ചെയ്യരുതു്”. – (ആവര്‍ത്തനം 4: 2) പക്ഷേ, മതാധികാരികളുടെ മുന്നില്‍ മോശെ ആരു്, യേശു ആരു്, സാക്ഷാല്‍ യഹോവ തന്നെ ആരു്?

അങ്ങനെ, യൂറോപ്യന്‍ പള്ളിച്ചുമരുകളിലെ ബൈബിള്‍ചിത്രങ്ങളിലൂടെ സെമറ്റിക്‌ മുഖങ്ങള്‍ക്കു് യൂറോപ്യന്‍ മുഖച്ഛായ ലഭിച്ചു. എബ്രായര്‍ യൂറോപ്യന്‍ വേഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ലക്ഷോപലക്ഷം വെഞ്ചരിക്കപ്പെട്ട വെന്തിങ്ങകളിലൂടെ അവ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. വിശ്വാസികളുടെ മനസ്സുകളില്‍ വിശുദ്ധരുടെ മുഖങ്ങള്‍ക്കു് വ്യക്തമായ രൂപങ്ങള്‍ ലഭിച്ചു. പള്ളികളിലും കപ്പേളകളിലും പുണ്യവാളന്മാരുടെ പ്രതിമകള്‍ ഉയര്‍ന്നു. മനഃപൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ട കഥകളും കാവ്യങ്ങളും പുണ്യവാളന്മാരേയും അവരുടെ പ്രതിമകളേയും വിശുദ്ധിയുടെ പാരമ്യതയിലേക്കുയര്‍ത്തി. വിഗ്രഹങ്ങള്‍ ദൈവികമായി, ദൈവതുല്യമായി. പ്രതിമകളുടെ വിശുദ്ധിയുടെ മുന്നില്‍ ദൈവവചനങ്ങളുടെ വിശുദ്ധിയ്ക്കു് മങ്ങലേറ്റു. ഫറവോയുടെ കാലത്തെ ഏതോ മമ്മിയുടെ അസ്ഥിക്കഷണങ്ങള്‍ വരെ ഫ്രാന്‍സിലെ വിശുദ്ധയായ Joan of Arc-ന്റേതെന്ന പേരില്‍ അവരോധിക്കപ്പെട്ടു. വിശ്വാസിയെ അതിനുമുന്നില്‍ മുട്ടുകുത്തിച്ചു, ആരാധിപ്പിച്ചു; മനസ്സാക്ഷിക്കുത്തിന്റെ കണികപോലുമില്ലാതെ!

തന്‍കാര്യം നേടാനായി ദൈവത്തെയും, മതത്തെയും, വിശുദ്ധരെയുമൊക്കെ എക്കാലവും മനുഷ്യര്‍ കരുവാക്കിയിരുന്നു. വെട്ടിത്തിരുത്തലും, ചെത്തിച്ചുരുക്കലുമെല്ലാം സ്വന്തം താല്‍പര്യം സംരക്ഷിക്കാനുതകുന്ന കുറുക്കുവഴികളായി കരുതിയവര്‍, അവരുടെ കാര്യസാദ്ധ്യത്തിനു് തടസ്സം എന്നു് വരുന്നിടത്തു് ദൈവവചനങ്ങള്‍ സാദ്ധ്യമെങ്കില്‍ തിരുത്തിയെഴുതി, അല്ലെങ്കില്‍ മനുഷ്യര്‍ അവ മറക്കാന്‍ വേണ്ടി, മറക്കുമെന്ന പ്രതീക്ഷയില്‍ , മറച്ചുപിടിച്ചു. വിശുദ്ധി എന്നതു് മനുഷ്യനു് അടുക്കാനോ, അറിയാനോ അവകാശമില്ലാത്ത രഹസ്യമായി മുദ്രകുത്തപ്പെട്ടു. അതിനുവേണ്ടി, ആദ്യകാലങ്ങളില്‍ സാധാരണമനുഷ്യര്‍ വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്നതുപോലും നിരോധിക്കപ്പെട്ടു. നിരോധനം ലംഘിക്കുന്നവര്‍ സാമൂഹികതലത്തില്‍ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ചു് ശിക്ഷിക്കപ്പെട്ടു. പറ്റുന്നിടത്തു് ഈ പഴയ തന്ത്രം പയറ്റാന്‍ ഇന്നും നേതാക്കള്‍ മടിക്കാറുമില്ല. മൂക്കില്ലാത്തിടത്തു് മുറിമൂക്കന്‍ രാജാവു്! (മുറിമൂക്കര്‍ തെറ്റിദ്ധരിക്കരുതു്. ഇതൊരു പഴഞ്ചൊല്ലുമാത്രമാണു്!) അങ്ങോട്ടുചെന്നു് തലകുനിച്ചില്ലെങ്കില്‍ ഉറക്കം കിട്ടാത്ത കുഞ്ഞാടുകള്‍ക്കു് ഒരിക്കലും പഞ്ഞം വരില്ല എന്നതിനാല്‍, ഇതിനൊരു ശാശ്വതപരിഹാരം സ്വപ്നം കാണുകയും വേണ്ട. മനുഷ്യന്‍ നിരുപാധികം അടിയറ പറയുന്നതാണത്രേ ദൈവസ്നേഹം! അപേക്ഷിക്കാനല്ലാതെ, അവകാശപ്പെടാന്‍ അധികാരമില്ലാത്ത അവസ്ഥ ഒരിക്കലും സ്നേഹമാവില്ല, അടിമത്തമേ ആവൂ.

ഒരു രസികന്‍ കുറെ ശുനകാസ്ഥികളെ പട്ടില്‍പ്പൊതിഞ്ഞു്, ഏതെങ്കിലും വിശുദ്ധന്റേതെന്ന പേരില്‍ എവിടെയെങ്കിലും പ്രതിഷ്ഠിച്ചാല്‍, അതിനു് മുന്‍പിലും ഓടിയെത്തി മുട്ടുമടക്കാന്‍ മടിക്കാത്ത Homo sapiens! കുറേ നാളത്തെ ശീലിക്കലിനുശേഷം അവന്‍ തന്നെ ഈ ശുനകരഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായാല്‍ ദൈവദൂഷണം എന്ന കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞുകൊല്ലാന്‍ വരെ അവര്‍ മടിക്കുകയുമില്ല! അതാണു് വിശ്വാസത്തിന്റെ മത്തു് തലയ്ക്കു് പിടിച്ചാലത്തെ അവസ്ഥ. ഭയമോ, ഭക്തിയോ മനസ്സിനെ കീഴടക്കി ഭരിക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തനക്ഷമമല്ല. കാര്യകാരണസഹിതം ചിന്തിക്കാന്‍ കഴിയണമെങ്കില്‍ – ടാഗോറിന്റെ സ്വപ്നം പോലെ – മനസ്സു് സ്വതന്ത്രമായിരിക്കണം, മനുഷ്യന്‍ നിര്‍ഭയനായിരിക്കണം. മതഭ്രാന്തന്മാരുമായോ, ചാവേറുകളുമായോ ഒരു logical discussion സാദ്ധ്യമാവാത്തതും അതുകൊണ്ടുതന്നെ! brain wash ചെയ്തു് നിര്‍ഭയമാക്കിത്തീര്‍ത്ത അസ്വതന്ത്രമനസ്സിന്റെ ഉടമകളാണവര്‍ ‍. മുദ്രാവാക്യങ്ങളെ യുക്തികൊണ്ടു് നേരിടാനുള്ള ശ്രമം ആരംഭത്തിലേ ഉപേക്ഷിച്ചാല്‍ സമയവും, ക്ഷമയും ലാഭിക്കാം.

 

Tags: , ,

പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങള്‍

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാവട്ടെ എന്നു് ദൈവം കല്‍പിച്ചു; വെളിച്ചം നല്ലതു് എന്നു് ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു. ദൈവം വെളിച്ചത്തിനു് പകല്‍ എന്നും ഇരുളിനു് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” ഈ വര്‍ണ്ണനയുമായാണു് ബൈബിള്‍ ആരംഭിക്കുന്നതു്.(ഉല്‍പത്തി 1: 1 – 5)

“ഉണ്ടാവട്ടെ” എന്ന കല്‍പനവഴി പിന്നീടുള്ള സകല സൃഷ്ടിയും നടത്തുന്ന ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാന്‍ മാത്രം അങ്ങനെയൊരു കല്‍പന നല്‍കുന്നില്ല. പകരം എഴുത്തുകാരന്‍ ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന സ്വന്തം അഭിപ്രായം തിരുകിക്കയറ്റുക മാത്രം ചെയ്യുന്നു. അതുപോലെ, പിന്നീടു് സൃഷ്ടിക്കുന്നതു് മുഴുവനും നല്ലതു് എന്നു് ദൈവം കാണുന്നുണ്ടെങ്കിലും താന്‍ സൃഷ്ടിച്ച ഭൂമി മാത്രം എന്തുകൊണ്ടോ നല്ലതാവാതെ പാഴും ശൂന്യവുമായി ഇരിക്കുന്നു. അവിടെ പ്രകാശത്തിന്റെ കണികപോലുമില്ലാത്ത അന്ധകാരത്തിന്റെ അഗാധത മാത്രം. സത്യത്തിന്റെയും ജീവന്റെയും വഴിയില്‍ വെളിച്ചം വിതറേണ്ടുന്ന ദൈവത്തിന്റെ ആത്മാവു് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും അന്ധകാരം മറയുന്നില്ല. (ഞാന്‍ തന്നേ വഴിയും, സത്യവും, ജീവനുമാകുന്നു എന്നു്‌ ദൈവത്തിന്റെ പുത്രനായ യേശു.)

ലുഡ്‌വിഗ്‌ ഫൊയര്‍ബാഹ്‌ ഈ ഭാഗം വിമര്‍ശിക്കുന്നതു് ശ്രദ്ധിക്കൂ:

ലോകസൃഷ്ടിക്കായി ദൈവം തന്റെ കല്‍പനകള്‍ മനുഷ്യരുടെ ഭാഷയിലാണു് അരുളിച്ചെയ്യുന്നതു്. സംസാരം അനുസ്യൂതമായ (successive) ഒരു പ്രവൃത്തിയാണു്. അതായതു്, ആകാശവും, നക്ഷത്രങ്ങളും, ജലവും, മത്സ്യങ്ങളും ഒരേസമയം സംസാരം വഴി ആവിഷ്കരിക്കപ്പെടുക സാദ്ധ്യമല്ല. ദൈവം പറയുന്നതു് മാത്രം സംഭവിക്കുന്നു. ഓരോ വാക്കിനും അതിന്റേതായ അര്‍ത്ഥവും ലക്‍ഷ്യവും. ഓരോ ദിനത്തിനും അതിന്റേതായ ജോലി. ദൈവം പറയുന്ന ഓരോ വാക്കും നിവര്‍ത്തിക്കപ്പെടുന്നു, ഓരോ ജോലിയും കൃത്യമായി പൂര്‍ത്തീകരിക്കപ്പെടുന്നു; കൂടുതലില്ല, കുറവുമില്ല. വാക്കുകള്‍ കൊണ്ടുള്ള ഈ സൃഷ്ടി ആദ്യസൃഷ്ടിയായ ആകാശത്തിന്റെയും ഭൂമിയുടെയും കാര്യത്തില്‍ എങ്ങനെ നീതീകരിക്കാനാവും? ഭൂമി സൃഷ്ടിക്കപ്പെടുമ്പോള്‍ അതിലെ പാഴും ശൂന്യതയും നിര്‍ദ്ദേശിക്കപ്പെടുന്നില്ല. അതു് ദൈവം ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും ഭൂമി പാഴും ശൂന്യവുമായി ഇരിക്കുന്നു. ഭൂമിക്കു് ഭൂമി എന്നു് പേരിടുന്നതുതന്നെ മൂന്നാം ദിവസമാണു്. (ആകാശത്തിനു് കീഴുള്ള ജലം ഒരു സ്ഥലത്തു് കൂടട്ടെ. ഉണങ്ങിയ നിലം കാണട്ടെ. ഉണങ്ങിയ നിലത്തിനു് ഭൂമി എന്നും, വെള്ളത്തിന്റെ കൂട്ടത്തിനു് സമുദ്രം എന്നും ദൈവം പേരിട്ടു.) ആകാശം ആകാശമെന്നു് വിളിക്കപ്പെടുന്നതു് രണ്ടാം ദിവസം മാത്രം. (വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനമുണ്ടാക്കി വിതാനത്തിനു് കീഴുള്ള വെള്ളവും മീതെയുള്ള വെള്ളവും വേര്‍പിരിച്ചു് ദൈവം വിതാനത്തിനു് ആകാശം എന്നു് പേരിട്ടു.) വെള്ളവും ഭൂമിയും തമ്മിലോ, ആകാശവും ഭൂമിയും തമ്മിലോ വ്യത്യാസമില്ലാത്തിടത്തോളം ആകാശവുമില്ല, ഭൂമിയുമില്ല, അത്രതന്നെ. നാമം വഴിയേ അസ്തിത്വമുള്ളു. ഈവിധ വാക്കുകള്‍കൊണ്ടു് തുടങ്ങുന്നു എന്നതിന്റെ പേരില്‍, ബൈബിളിന്റെ ആരംഭത്തെ എങ്ങനെ പ്രപഞ്ചത്തിന്റെ ആരംഭമാക്കാന്‍ കഴിയും? ഒരു ബിബ്ലിയോളജിക്കല്‍ ശൂന്യതയെ എങ്ങനെ ഒരു കോസ്മോളജിക്കല്‍ ശൂന്യതയായി അംഗീകരിക്കാനാവും? അതേസമയം, യെശയ്യാപ്രവാചകന്‍ മറ്റൊരു നിലപാടു് സ്വീകരിക്കുന്നു: “അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി. അവന്‍ അതിനെ ഉറപ്പിച്ചു. വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു്. പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു്” – (യെശയ്യാവു് 45: 18). പോരാത്തതിനു്, “യഹോവയുടെ വചനത്താല്‍ ആകാശവും, അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി” എന്നു് ദാവീദിന്റെ സങ്കീര്‍ത്തനം (സങ്കീര്‍ത്തനങ്ങള്‍ 33: 6). ഉല്‍പത്തിയുടെ ആരംഭത്തില്‍ എഴുത്തുകാരനല്ലാതെ ദൈവം വായ്‌ തുറക്കുന്നില്ല എന്നതിനാല്‍ പ്രപഞ്ചസൃഷ്ടി എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയല്ലാതെ മറ്റെന്താവാനാവുമെന്നു് ഫൊയര്‍ബാഹ്‌ ചോദിക്കുന്നു. (Ludwig Feuerbach: Theogonie)

ഒന്നാം ദിവസം തന്നെ ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും, വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിക്കുകയും, വെളിച്ചത്തിനു് പകല്‍ എന്നും, ഇരുളിനു് രാത്രി എന്നും പേരിടുകയും ചെയ്യുന്നു. പക്ഷേ, പകലിനും രാത്രിക്കും കാരണഭൂതനായ സൂര്യനേയും, അതോടൊപ്പം ചന്ദ്രനേയും നക്ഷത്രങ്ങളേയും സൃഷ്ടിക്കുന്നതു് നാലാം ദിവസം മാത്രം – (ഉല്‍പത്തി 1: 16). സൂര്യനുണ്ടാവുന്നതിനു് മുന്‍പു് തന്നെ, ഒന്നും രണ്ടും, മൂന്നും ദിവസങ്ങളില്‍ ഭൂമിയില്‍ സന്ധ്യയും ഉഷസ്സും അഥവാ, രാത്രിയും പകലും ഉണ്ടായിക്കൊണ്ടിരിക്കുന്നു – (ഉല്‍പത്തി 1: 5, 8, 13). ഒരു ദിവസം എന്നതു് ഒരു കോടിയോ, അതില്‍ കൂടുതലോ വര്‍ഷങ്ങളാവ്യാഖ്യാനിച്ചാലും, ഈ വൈരുദ്ധ്യത്തെ വെള്ളപൂശി എടുക്കാനാവില്ല.

പുല്ലും വൃക്ഷങ്ങളും കന്നുകാലികളും ഇഴജാതികളും കാട്ടുമൃഗങ്ങളും അടക്കമുള്ള സകലജീവജാലങ്ങളേയും അതതുതരം എന്ന പൊതുവായ ഒരു വാക്കിലൊതുക്കി സൃഷ്ടിക്കുന്ന ദൈവം ശൂന്യാകാശവും, അതില്‍ കോടിക്കണക്കിനു് അതതുതരം ഗാലക്സികളും ഉണ്ടാവട്ടെ എന്നു് എന്തുകൊണ്ടോ കല്‍പിക്കുന്നില്ല. ദൈവം പേരുപറഞ്ഞു് സൃഷ്ടിക്കാതിരുന്നിട്ടും, എങ്ങനെയെന്നറിയില്ല, അവയും, അതുപോലെതന്നെ എത്രയോ ആണവഘടകങ്ങളും, ഇന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റനേകം പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടായി വന്നു. തനിക്കു് അജ്ഞാതമായിരുന്നവ സൃഷ്ടിക്കുന്നതായി വര്‍ണ്ണിക്കുവാന്‍ എഴുത്തുകാരനു് കഴിയാഞ്ഞതു് സ്വാഭാവികം. ഉള്ളവയുടെ സ്രഷ്ടാവായി ഒരു ദൈവത്തെ ഭാവനയില്‍ കാണാന്‍ കഴിയുമെങ്കിലും, ഇല്ലാത്തവയെ (ഉണ്ടെന്നറിയാത്തവയെ) ആ ദൈവം സൃഷ്ടിക്കുന്നതായി വര്‍ണ്ണിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇങ്ങനെയൊരു പൊല്ലാപ്പു് ഒഴിവാക്കാനാവാം പില്‍ക്കാലമതപണ്ഡിതര്‍ ദൈവത്തിനു് കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ സകലത്തിന്റേയും സ്രഷ്ടാവായി പ്രൊമോഷന്‍ നല്‍കിയതു്. അതവര്‍ ബുദ്ധിപൂര്‍വ്വമാണു് ചെയ്തതു്. കാരണം, ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ഇന്നുവരെ കാണപ്പെടാത്തവയായിരുന്ന പലതും കാണപ്പെടുന്നവയായിത്തീരാമെന്നതിനാല്‍ അവയുടെ നിര്‍മ്മാണാവകാശവും ദൈവത്തിന്റേതുതന്നെയെന്നു് സ്ഥാപിക്കുവാന്‍ അങ്ങനെയൊരു വാക്കു് അങ്ങേയറ്റം പ്രയോജനകരമാണു്. പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ സത്ഫലങ്ങള്‍ ആസ്വദിച്ചുകൊണ്ടു് അവരെ താഴ്ത്തിക്കെട്ടി പരിഹസിക്കാന്‍ അതു് സഹായകമാവുകയും ചെയ്യും.

കൃത്യമായി വ്യക്തമാക്കപ്പെടാതെ സൃഷ്ടി സാദ്ധ്യമാവുകയില്ല. “കടുവ” എന്നാല്‍ എന്തെന്നു് അറിയാത്ത ഒരു ലോകത്തില്‍, “ഒരു കടുവ ഉണ്ടാവട്ടെ!” എന്നു് കല്‍പിക്കുന്നതു് ദൈവമായാല്‍ത്തന്നെയും, അങ്ങനെയൊരു കല്‍പന അവ്യക്തവും യുക്തിഹീനവുമാണു്. ഉണ്ടാവേണ്ട കടുവ വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്തിടത്തോളം ഒരു കടുവയ്ക്കും രൂപമെടുക്കാന്‍ കഴിയുകയില്ല. രൂപമെടുക്കേണ്ട കടുവ ആണോ പെണ്ണോ, അതിന്റെ പ്രായമെത്ര, നീളമെത്ര, പൊക്കമെത്ര, തൂക്കമെത്ര മുതലായ എത്രയോ കാര്യങ്ങള്‍ നിശ്ചയിച്ചുറപ്പിക്കാതെ, “ഒരു കടുവയുണ്ടാവട്ടെ!” എന്നു് കല്‍പിച്ചാല്‍ , കടുവയോ, മറ്റെന്തെങ്കിലുമോ ഉണ്ടാവുകയില്ല. “കചടതപ” എന്നൊരു ജീവി ഉണ്ടാവട്ടെ എന്നു് കല്‍പിച്ചാല്‍ ഉണ്ടായേക്കാവുന്ന ജീവിയേപറ്റി ഒന്നു് ചിന്തിച്ചുനോക്കൂ.

മണ്ണുകുഴച്ചു് മെനഞ്ഞെടുക്കുന്ന ആദാം എന്ന മനുഷ്യനു് ദൈവം നല്‍കുന്ന രൂപവും നീളവും വണ്ണവും പൊക്കവും പ്രായവും അതുപോലുള്ള മറ്റു് ഭൗതികമാനങ്ങളുമേ ഉണ്ടാവൂ. അതായതു്, വൈറസ്‌ മുതല്‍ തിമിംഗലം വരെ, മുഴുവന്‍ ജീവജാലങ്ങളെയും അവയുടെ കൃത്യമായ രൂപവും, അളവുകളും, ലിംഗഭേദവും, മറ്റു് സ്വഭാവജന്യഗുണങ്ങളും മുന്‍കൂര്‍ നിശ്ചയിച്ചുറപ്പിക്കാതെ – മുന്‍പൊരിക്കലും അവ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ – അവയുടെ സൃഷ്ടി എന്ന പ്രക്രിയ സാദ്ധ്യമാവുകയില്ല. “അതതുതരം” ചെടികളും, വൃക്ഷങ്ങളും ഭൂമിയില്‍നിന്നും മുളച്ചുവരട്ടെ എന്ന കല്‍പനയ്ക്കു് ശൂന്യതയില്‍ നിന്നും ഉടലെടുത്ത ഒരു ഭൂമിയിലെ ശൂന്യാവസ്ഥയില്‍ യാതൊരു അര്‍ത്ഥവും നല്‍കാനാവില്ല.

ഭൂമിയില്‍നിന്നും പുല്ലും, വിത്തുള്ള സസ്യങ്ങളും, അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം മൂന്നാം ദിവസം തന്നെ കല്‍പിക്കുന്നു. സൂര്യനെ സൃഷ്ടിച്ചതു് നാലാം ദിവസവും! അതായതു്, മിക്കവാറും എല്ലാ സസ്യജാലങ്ങളുടെയും നിലനില്‍പിനു് ആവശ്യമായ  ഫോട്ടോസിന്തെസിസ് സംഭവിക്കാന്‍ ആവശ്യമായ സൂര്യപ്രകാശം ദൈവം സൃഷ്ടിച്ച ചെടികള്‍ക്കു് ബാധകമായിരുന്നില്ലെന്നു് വേണം കരുതാന്‍. അതതുതരം മരങ്ങള്‍ ഉണ്ടാവട്ടെ എന്നു് കല്‍പിച്ചാല്‍ അക്കൂട്ടത്തില്‍ താനും പെടുമെന്നു് അതുവരെ ഇല്ലാതിരുന്ന മണിമരുതു് എങ്ങനെ അറിയും? അതതുതരം പക്ഷികള്‍ ഉണ്ടാവട്ടെ എന്ന കല്‍പനയില്‍ താനും ഉള്‍പ്പെടുന്നുണ്ടെന്നു് പാവം മരംകൊത്തി എങ്ങനെ അറിയും? മരംകൊത്തി എന്നൊരു ജീവി അതിനു് മുന്‍പു് ഉണ്ടായിരുന്നെങ്കിലല്ലേ തന്റെ സ്വരൂപം എങ്ങനെയിരിക്കുമെന്നു്‌ അതിനു്‌ അറിയാന്‍ കഴിയുമായിരുന്നുള്ളു.

മനുഷ്യനെ തന്റെ രൂപത്തില്‍ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു് വ്യക്തമായി ഒന്നാം അദ്ധ്യായത്തില്‍ പറയുന്നുണ്ടെങ്കിലും (ഉല്‍പത്തി 1: 27), രണ്ടാം അദ്ധ്യായത്തില്‍ (വാക്യം 20) മനുഷ്യനു് തക്കതായൊരു തുണയെ കണ്ടുകിട്ടിയില്ല എന്നും ദൈവം കേഴുന്നു. സ്വന്തം സൃഷ്ടി അയോഗ്യവും, അപൂര്‍ണ്ണവുമെന്ന പശ്ചാത്താപമാണെന്നുണ്ടോ അതു്? സൃഷ്ടി കഴിഞ്ഞു് കിഴക്കു് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി അവിടെ തോട്ടക്കാരനായി എകനായ “മനുഷ്യനെ” (ഏകവചനം ശ്രദ്ധിക്കുക) നിയമിച്ചശേഷമാണു് ഏകാന്തതയുടെ പ്രശ്നം ഒരു ഭൂതോദയം പോലെ ദൈവത്തിന്റ ശ്രദ്ധയില്‍ പെടുന്നതു് – (ഉല്‍പത്തി 2: 7 -21). മനുഷ്യനു് തക്കതായ ഒരു തുണയെ കിട്ടാനില്ല എന്ന സത്യം അപ്പോഴാണു് ദൈവം അറിയുന്നതു്. ആദാം തന്റെ ഏകാന്തതയില്‍ ദുഃഖമോ അസംതൃപ്തിയോ പ്രകടിപ്പിച്ചതുകൊണ്ടല്ല അവനു് ഒരു തുണ വേണമെന്നു് ദൈവം തീരുമാനിച്ചതു്. ഒരു തുണയെ ദൈവം അവനില്‍ വച്ചുകെട്ടുകയായിരുന്നു. അങ്ങനെ, മനുഷ്യനു് തുണയുണ്ടാക്കാന്‍ അവനു് ഒരു ഗാഢനിദ്രവരുത്തി, അവന്റെ ഇടതുവശത്തെ ഒരു വാരിയെല്ലെടുത്തു് ദൈവം സ്ത്രീയെ സൃഷ്ടിക്കുന്നു. ഇങ്ങനെ ഒരു മോഷണം താന്‍ പ്ലാനിടുന്നുണ്ടെന്നുപോലും ദൈവം ആദാമിനെ അറിയിക്കുന്നില്ല! (ഒരു plastic surgery വഴി ഊരിയെടുത്ത വാരിയെല്ലിന്റെ സ്ഥാനത്തു് മാംസം വച്ചുപിടിപ്പിക്കാന്‍ അതേസമയം ദൈവം ശ്രദ്ധിക്കുന്നുമുണ്ടു്. ആ മാംസം ആദാമിന്റെ സ്വന്തമായിരുന്നോ, അതോ ആണും പെണ്ണുമായി സൃഷ്ടിക്കപ്പെട്ട മറ്റാരുടെയെങ്കിലുമായിരുന്നോ എന്നതിനു് രേഖകളൊന്നുമില്ല.

അങ്ങനെ ലോകത്തിലാദ്യമായി മനുഷ്യനെ ക്ലോണ്‍ ചെയ്തു് ദൈവം മാതൃക കാണിച്ചു. ഹവ്വയുടെ സൃഷ്ടി അലൈംഗികമായിരുന്നു എന്നു് മാത്രമല്ല, ആദാമിന്റെ അതേ ജീനുകള്‍ ഹവ്വ ഏറ്റെടുക്കേണ്ടിയും വന്നു. അതുവഴി ആദാമിന്റേയും ഹവ്വയുടെയും, അവരുടെ മക്കളുടെയും ഭാവിയിലെ നിഷിദ്ധസംഗമത്തിനു് (incest) വഴിതെളിക്കുക കൂടിയായിരുന്നു ദൈവം. മറ്റേതെങ്കിലും ഒരു മൂലയില്‍ നിന്നു് ശകലം മണ്ണുകുഴച്ചു് ഹവ്വയെ സൃഷ്ടിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രകൃതി വിരുദ്ധത ഒഴിവാക്കാമായിരുന്നില്ലേ എന്നു് സംശയിച്ചുപോകുന്നു. ക്ലോണിംഗ്‌ ശരിയോ തെറ്റോ എന്നൊരു പരിശോധന ഇവിടെ ലക്‍ഷ്യമാക്കുന്നില്ല. എങ്കില്‍ത്തന്നെയും, മതപരമായി നീതീകരിക്കാവുന്നതോ അല്ലയോ എന്ന പരിഗണനയേക്കാള്‍ മാനവസമൂഹത്തില്‍ അതു് സൃഷ്ടിച്ചേക്കാവുന്ന സാംസ്കാരികമായ പ്രത്യാഘാതങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ക്ലോണിംഗ് സംബന്ധമായ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടതു് എന്ന എന്റെ എളിയ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു.

ആദാമിനേയും ഹവ്വയേയും സാധാരണ ലോകഗതിപോലെ കുഞ്ഞുങ്ങളായല്ല ജനിപ്പിക്കുന്നതു്. പ്രത്യുത്പാദനശേഷിയുള്ളവരായി അഥവാ, തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നാന്‍ കൊതി തോന്നുന്ന പ്രായത്തിലെത്തിയവരായിട്ടാണു് മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതു്. മനുഷ്യരെ മാത്രമല്ല, സകല ജീവജാലങ്ങളെയും മുതിര്‍ന്നവരായിട്ടാണു് ദൈവം സൃഷ്ടിച്ചതെന്നു് വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നെ അവയ്ക്കൊക്കെ മുലകൊടുക്കാനും, ഇരതേടിക്കൊടുക്കാനുമൊന്നും ആരുമില്ലാതെ അവ ചത്തുപോകുമായിരുന്നല്ലോ. ചത്തവരെ ഉയിര്‍പ്പിക്കുന്ന തന്ത്രം പ്രപഞ്ചസൃഷ്ടിയുടെ കാലത്തു് നിലവിലുണ്ടായിരുന്നില്ല. അല്ലെങ്കില്‍, ജ്യേഷ്ഠനും, ദുഷ്ടനുമായ കയീന്‍ അനുജനും, നല്ലവനുമായ ഹാബേലിനെ തല്ലിക്കൊന്നപ്പോള്‍, മറിയയുടെയും, മാര്‍ത്തയുടെയും സഹോദരനായ ലാസറിനെ യേശു മരിച്ചവരുടെ ഇടയില്‍നിന്നും ഉയിര്‍പ്പിച്ചപോലെ അവനെ ഉയിര്‍പ്പിക്കാന്‍ ദൈവവും മടിക്കുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം. ലാസറിനെ യേശു ഉയിര്‍പ്പിച്ചതും, യേശുവിന്റെ സ്വന്തം ഉയിര്‍ത്തെഴുന്നേല്‍പ്പും രണ്ടും രണ്ടാണു്. ലാസര്‍ ഉയിര്‍ത്തെഴുന്നേറ്റതു് പിന്നീടൊരിക്കല്‍ അന്തിമമായി മരിക്കാന്‍ വേണ്ടിയായിരുന്നെങ്കില്‍, യേശു ഉയിര്‍ത്തെഴുന്നേറ്റതു് പിന്നീടൊരിക്കലും മരിക്കേണ്ടി വരാത്തവിധത്തില്‍ നിത്യമായി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു് കരേറുവാന്‍ വേണ്ടിയായിരുന്നു. ഈ അടിത്തറയിലാണു് ക്രിസ്തുമതം പണിയപ്പെട്ടിരിക്കുന്നതുതന്നെ. സ്വര്‍ഗ്ഗാരോഹണത്തിനു് മുന്‍പു് ശിഷ്യര്‍ക്കു് പ്രത്യക്ഷപ്പെടുന്ന യേശു അവരോടു് ഒരു കഷണം വറുത്ത മീനും, തേന്‍കട്ടയും വാങ്ങി അവര്‍ കാണ്‍കെ തിന്നുകപോലും ചെയ്യുന്നതില്‍നിന്നും തികച്ചും ഭൗതികമായ ശരീരവുമായാണു് സ്വര്‍ഗ്ഗാരോഹണം സംഭവിച്ചതെന്നു് കരുതാതിരിക്കാന്‍ വയ്യ. “എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിനു് മാംസവും അസ്ഥിയുമില്ലല്ലോ.” “അവര്‍ ഒരു ഖണ്ഡം വറുത്ത മീനും തേന്‍കട്ടയും അവനു് കൊടുത്തു. അതു് അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.” – ലൂക്കൊസ്‌ 24: 39 – 42

അക്കാലത്തെ മനുഷ്യര്‍ക്കു് ഭൂമിയിലും ആകാശത്തിലും കാണാന്‍ കഴിഞ്ഞിരുന്നതൊക്കെ ദൈവം സൃഷ്ടിക്കുന്നതായി ബൈബിള്‍ രചയിതാവു് ഭംഗിയായി വര്‍ണ്ണിക്കുന്നുണ്ടു്. എഴുത്തുകാരനു് സത്യം വെളിപ്പെടുത്തിക്കൊടുക്കുമ്പോള്‍, തനിക്കറിയാവുന്ന കാര്യങ്ങള്‍ മറച്ചുപിടിക്കേണ്ട എന്തെങ്കിലും ആവശ്യം ദൈവത്തിനുണ്ടെന്നു് തോന്നുന്നില്ല. അന്നത്തെ ദൈവവും, ഇന്നത്തെ ദൈവവും രണ്ടുപേരാവില്ലല്ലോ. ഇന്നു് മനുഷ്യര്‍ക്കു് അറിയാവുന്നതു് അന്നു് ദൈവത്തിനു് അറിയാന്‍ കഴിയാതെ പോയതിന്റെ കാരണം, രചയിതാവിനു് അറിയാമായിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ദൈവത്തിനും അറിയില്ലായിരുന്നു എന്നതു് മാത്രമേ ആവാന്‍ കഴിയൂ. ബൈബിളിലെ പഠിപ്പിക്കലുകള്‍ ഏറ്റെടുത്തു്, മനുഷ്യര്‍ അറിവുതേടുന്നതു് മഹാപാപമാക്കി ലോകഭരണം നടത്തിയ പുരോഹിതരെ ചോദ്യം ചെയ്യുന്നതു് മരണശിക്ഷാര്‍ഹമായ കുറ്റമായിരുന്നല്ലോ. എന്നിട്ടുപോലും സ്വന്തജീവന്‍ പണയപ്പെടുത്തി അന്വേഷണശാലികളായ ഏതാനും ചിലര്‍ തീവ്രമായ പരിശ്രമം വഴി നേടിയ അറിവുകളിലൂടെ പ്രപഞ്ചത്തിനു് യുക്തിസഹമായ വിശദീകരണങ്ങള്‍ കണ്ടെത്തിയതുമൂലമാണു് മനുഷ്യമനസ്സിനു് മന്ത്രവാദികളുടെ പിടിയില്‍നിന്നു് സാവകാശമെങ്കിലും മോചനം നേടാന്‍ കഴിഞ്ഞതു്. ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ വെളിപാടുകാരുടെ നിയന്ത്രണത്തിന്‍ കീഴില്‍ ‍സഹിക്കേണ്ടിവന്ന മാനസികാടിമത്വത്തില്‍നിന്നും മനുഷ്യരെ മോചിപ്പിച്ചതു് മനുഷ്യര്‍ തന്നെയാണു്, ഏതെങ്കിലും ദൈവങ്ങളോ, പുരോഹിതരോ അല്ല.

ആകാശത്തിനു് മീതെയുള്ള വെള്ളവും, അതിനു് കീഴെയുള്ള വെള്ളവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുതന്നെ ഇക്കാലത്തു് പരിഹാസ്യമേ ആവൂ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, കീഴ്‌വഴക്കങ്ങളെ മുറുകെപ്പിടിക്കുന്ന യഹൂദരും ചില ക്രിസ്തീയവിഭാഗങ്ങളും, ഉല്‍പത്തിയില്‍ വിവരിക്കുന്ന വംശാവലിയുടെ അടിസ്ഥാനത്തില്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതു് B. C. 3761 ഒക്ടോബര്‍ 7-നു് ആയിരുന്നു, അതായതു്, 5778 വര്‍ഷങ്ങള്‍ക്കു് മുന്‍പു് മാത്രമായിരുന്നു എന്നു് ഉറച്ചു് വിശ്വസിക്കുന്നുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ദൈവം അവരില്‍ ചിലര്‍ക്കു് ഒരു ഇന്റെലിജെന്റ് ഡിസൈനര്‍ ആണു്! ഇന്റെലിജെന്‍സ് എന്നതുകൊണ്ടു്‌ അവര്‍ എന്താണു്‌ ഉദ്ദേശിക്കുന്നതെന്നു്‌ അവര്‍ക്കേ അറിയൂ. പക്ഷേ, അവരുടെ ആ ഇന്റെലിജെന്‍സിനു്‌ ശാസ്ത്രജ്ഞാനവുമായി വലിയ ബന്ധമൊന്നുമില്ലെന്നു്‌ സാമാന്യബോധം മറ്റാര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടുതാനും.

ശ്വസിക്കാന്‍ തടസ്സമില്ലെങ്കില്‍ , അത്യാവശ്യം കുടിക്കാനും, കടിക്കാനും വേണ്ട വകയുണ്ടെങ്കില്‍ , പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു് മിനിഞ്ഞാന്നു് രാത്രി പത്തുമണിക്കാണെന്നു് വിശ്വസിച്ചുകൊണ്ടു് വേണമെങ്കിലും ചാവുന്നതുവരെ ഈ ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനു് കഴിയും. ‍ കണ്ടാമൃഗങ്ങള്‍ക്കെന്തിനു് ക്വാണ്ടം തിയറി?

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 10

പദങ്ങള്‍കൊണ്ടുള്ള ഒരുതരം ഉരുണ്ടുകളിയാണു് മതതത്വശാസ്ത്രം എന്നു് പറഞ്ഞാല്‍ അതില്‍ വലിയ തെറ്റുണ്ടാവുമെന്നു് തോന്നുന്നില്ല. തിരിച്ചും മറിച്ചും നിര്‍വ്വചിക്കാവുന്ന വാക്കുകള്‍കൊണ്ടു് മയക്കി, ആരും കാണാത്തവയെ വാഗ്ദാനം ചെയ്തു് വ്യാമോഹിപ്പിച്ചു് ആരംഭവും അവസാനവുമില്ലാത്ത ലാബിരിന്‍തില്‍ അകപ്പെടുത്തപ്പെടുന്ന മനുഷ്യവര്‍ഗ്ഗം! വായടച്ചുകൊണ്ടു് കൂട്ടത്തിലോടാന്‍ തയ്യാറായാല്‍ മരണം വരെ അകത്തു് കഴിയാം. വിയര്‍പ്പുകൊണ്ടു് വിലകൊടുത്തു് മരണാനന്തരം സ്വര്‍ഗ്ഗം തന്റെ സ്വന്തം എന്ന സ്വപ്നം കാണാം. സമുദായത്തിനുള്ളിലെ പ്രാകൃതരീതികള്‍വരെ വിശ്വാസികള്‍ കണ്ണുമടച്ചു് അംഗീകരിച്ചേ പറ്റൂ. ഒരുകാരണവശാലും മറശീലയ്ക്കുള്ളിലെ മനം പിരട്ടുന്ന ദുര്‍ഗ്ഗന്ധം ബാഹ്യലോകം അറിയാന്‍ ഇടവരരുതു്. അതാണു് മതം! ഒരു മന്ത്രവാദിയും അവന്റെ പിന്നാമ്പുറം വെളിപ്പെടുത്താറില്ലല്ലോ. പൊള്ളയായ പള്ളിമണികളെപ്പോലെ, അര്‍ത്ഥശൂന്യമായ, ബൗദ്ധികശൂന്യതയില്‍നിന്നും ഉടലെടുക്കുന്ന ഉള്ളടക്കമില്ലാത്ത ശബ്ദതരംഗങ്ങള്‍കൊണ്ടു് മതവിശ്വാസികള്‍ നിരന്തരം ഹിപ്നോടൈസ്‌ ചെയ്യപ്പെടുന്നു, അവരുടെ ചിന്താശേഷി നശിപ്പിക്കപ്പെടുന്നു. ജന്മവാസനമൂലവും, ഗതികേടു് മൂലവും സാവകാശമെങ്കിലും വിശ്വാസപരമായ കാര്യങ്ങളുമായി പൊരുത്തപ്പെടാതിരിക്കാന്‍ ഹോമോ സാപിയന്‍സിനു് കഴിയുകയുമില്ല. “എന്തും ശീലിക്കാന്‍ കഴിവുള്ള ഒരു മൃഗമാണു് മനുഷ്യന്‍” എന്നാണല്ലോ ചൊല്ലും! ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ഒരു പടികൂടി മുന്നിലാണു്. സ്വന്തം നികൃഷ്ടതയും അപമാനവുമെല്ലാം ഒരു യോഗ്യതയായി കണക്കാക്കണമെന്നാണു് അവരെ പഠിപ്പിച്ചിരിക്കുന്നതു്! യേശുവിന്റെ നാമത്തില്‍ പീഡനവും, യാതനയുമെല്ലാം സഹിക്കേണ്ടിവരുമ്പോള്‍ ഹൃദയത്തില്‍ സന്തോഷിച്ചുകൊള്ളാനാണല്ലോ ദൈവകല്‍പന! ഏതു് ദൈവമാണു് ഭൂമിയില്‍ കൃമിതുല്യം ഇഴയുന്ന നശ്വരരായ മനുഷ്യരോടു് താഴാഴ്മ ആവശ്യപ്പെടാനും, അവരുടെ അപമാനത്തിലൂടെ തന്റെ മഹത്വം സ്ഥാപിക്കാനും, സ്ഥിരീകരിക്കാനും മാത്രം പരിഹാസ്യന്‍ എന്നേ ചിന്തിക്കേണ്ടതുള്ളു.

വിശ്വാസപ്രമാണങ്ങളുടെ ഇടതടവില്ലാത്ത ആവര്‍ത്തനങ്ങളിലൂടെ, മുട്ടിപ്പായിട്ടുള്ള പ്രാര്‍ത്ഥനകളിലൂടെ പദാര്‍ത്ഥാന്തരീകരണം സംഭവിച്ചു് പുരോഹിതരുടെ ചരടുവലിക്കൊപ്പം തുള്ളുന്ന ബൊമ്മകളായി മാറുന്ന മനുഷ്യര്‍! ഒരിക്കല്‍ ചരടു് വലിക്കാരായിരുന്നവര്‍, പിന്നീടു് മനുഷ്യത്വത്തിന്റെയോ ആത്മാര്‍ത്ഥതയുടെയോ പേരില്‍ ഈ പാവകളിയുടെ നിര്‍ദ്ദാക്ഷിണ്യമായ നിലപാടുകളുമായി, തന്ത്രങ്ങളും മന്ത്രങ്ങളുമായി യോജിച്ചുപോകാന്‍ മടി കാണിച്ചാല്‍, അതു് പുറത്തു് പറയാന്‍ ശ്രമിച്ചാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ചു് മൃഗീയമായി പീഡിപ്പിച്ചു് നശിപ്പിക്കപ്പെടും. അല്ലെങ്കില്‍ പുകച്ചു് പുറത്താക്കപ്പെടും. താഴെ പൂഴിയില്‍ നിന്നും, കിടന്നും, ഉരുണ്ടും കൊണ്ടു് ദൈവനാമത്തില്‍ ആര്‍പ്പുവിളിക്കുന്ന സ്വപ്നാടകര്‍ സത്യം എന്തെന്നു് അറിയരുതല്ലോ. ഇങ്ങനെ രക്ഷപെട്ടു് പുറത്തു് ചാടാന്‍ കഴിയുന്നവര്‍ക്കു് ബാഹ്യലോകത്തില്‍ സാമാന്യമായ ഒരു ജീവിതം നയിക്കണമെങ്കില്‍തന്നെ ദീര്‍ഘകാലത്തെ മനഃശാസ്ത്രപരമായ ചികിത്സയും പരിചരണവും കൂടാതെ കഴിയുകയില്ല. അമലോത്ഭവം, അതീന്ദ്രിയപദാര്‍ത്ഥാന്തരീകരണം മുതലായ സാമാന്യബുദ്ധിക്കു് നിരക്കാത്ത മസ്തിഷ്കഭൂതങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചതിന്റെപേരില്‍ കത്തോലിക്കാസഭ സര്‍വ്വകലാശാലാജോലിയില്‍നിന്നു് പിരിച്ചുവിട്ട ബുദ്ധിജീവികള്‍ വിരളമല്ല. “അന്ധമായി അനുസരിക്കുക, അനുഗമിക്കുക” – അതാണു് മതങ്ങളുടെ അഭിപ്രായത്തില്‍ ദൈവം മനുഷ്യരില്‍നിന്നും ആഗ്രഹിക്കുന്നതു്, ആവശ്യപ്പെടുന്നതു്! ജന്തുശാസ്ത്രപരമായി ഒരു മൃഗം മാത്രമായ മനുഷ്യനെ മൃഗീയാവസ്ഥയില്‍നിന്നും വേര്‍പെടുത്തി ഉത്കൃഷ്ടനാക്കുന്നതു് കാര്യകാരണസഹിതം ചിന്തിക്കാനുള്ള അവന്റെ കഴിവൊന്നുമാത്രമാണു്. സ്വതന്ത്രമായി ചിന്തിക്കാനുള്ള മനുഷ്യരുടെ മൗലികമായ അവകാശം നിഷേധിക്കുന്നവര്‍ മനുഷ്യനെ മൃഗമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവര്‍ വഴികാട്ടികളായി അംഗീകരിക്കപ്പെടുകയും, പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നിടതു് മാനവപുരോഗതി എങ്ങനെ സാദ്ധ്യമാവും എന്നെനിക്കറിയില്ല.

തത്വചിന്താസാഗരങ്ങളുടെ അഗാധതകളില്‍, പ്രകൃതിശാസ്ത്രശൈലങ്ങളുടെ ഔന്നത്യങ്ങളില്‍ സത്യം തേടി അലയുന്ന സ്വതന്ത്രബുദ്ധികളെ അറിവിനെ അധികാരത്തിന്റെ കുത്തകാവകാശമാക്കിവച്ചിരിക്കുന്ന മനുഷ്യാധമന്മാര്‍ എക്കാലവും വെറുത്തിട്ടുണ്ടെന്നു് മാത്രമല്ല, സാധിച്ചപ്പോഴൊക്കെ വകവരുത്തിയിട്ടുമുണ്ടു്. “അവന്‍ അന്വേഷിക്കുന്നതുകൊണ്ടും, അവന്‍ അന്വേഷിക്കുന്നതു് നിങ്ങള്‍ കണ്ടെത്തിയെന്നു് വിശ്വസിക്കാന്‍ അവന്‍ തയ്യാറില്ലാത്തതുകൊണ്ടും നിങ്ങള്‍ അവനെ വെറുക്കുന്നു” – Friedrich Nietzshe.

യഥാര്‍ത്ഥ തത്വചിന്തകര്‍ ആത്മാര്‍ത്ഥതയുള്ള മനുഷ്യരാണു്. അവര്‍ സത്യം തേടുകയും, ചിന്തിക്കുന്നതു് പറയുകയും ചെയ്യുന്നു. മിക്കവാറും എല്ലാ മതപണ്ഡിതരും ആത്മാര്‍ത്ഥതയില്ലാത്ത മനുഷ്യരാണു്. സകല സത്യങ്ങളും പുരാതനകാരണവന്മാര്‍ ജാംബവാന്റെ ചെറുപ്പകാലത്തു് തന്നെ കണ്ടെത്തിയെന്ന ഉറപ്പുമൂലം അവര്‍ സത്യം തേടുന്നില്ല. ചിന്തിക്കുന്നതു് പുറത്തുപറഞ്ഞാല്‍ സ്വന്തം നിലനില്‍പ്പു് അപകടത്തിലാവുമെന്നു് വ്യക്തമായി അറിയാവുന്നതുകൊണ്ടു് അവര്‍ ഒരിക്കലും യഥാര്‍ത്ഥമനസ്സിലിരിപ്പു് പുറത്തു് പറയുകയുമില്ല. തന്മൂലം, കാലാകാലങ്ങളായി യാതൊരു അര്‍ത്ഥവുമില്ലാത്ത പദങ്ങള്‍കൊണ്ടു് അവര്‍ മിഥ്യയെ സത്യമാക്കി അവതരിപ്പിച്ചു് മനുഷ്യരെ അന്ധവിശ്വാസികളാക്കി, സ്വാര്‍ത്ഥതാല്‍പര്യസംരക്ഷണത്തിനുള്ള കരുക്കളാക്കി നിലനിര്‍ത്തുന്നു!

നിങ്ങള്‍ ഇതു് വിശ്വസിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കൂ! ഏതാനും നാള്‍ മുന്‍പു് ഞാന്‍ മതപണ്ഡിതനായ ഹാന്‍സ്‌ ക്യുങ്ങ്‌ (Hans Kueng) എഴുതിയ “എല്ലാത്തിന്റെയും ആരംഭം, പ്രകൃതിശാസ്ത്രവും മതവും” എന്ന ഒരു പുസ്തകം വായിച്ചു. അദ്ദേഹത്തോടുള്ള പൂര്‍ണ്ണബഹുമാനത്തോടെ, അതിലെ, ദൈവം എന്താണു് എന്നു് വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിലെ ചില പദക്കസര്‍ത്തുകള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നു. കഷ്ടിച്ചു് അഞ്ചു് പേജില്‍നിന്നു് അരിച്ചെടുത്തതാണിവ. ആകെ പേജുകള്‍ 247!

1. ദൈവം പ്രപഞ്ചവുമായി (cosmos) തുല്യമല്ല (identical).
2. ദൈവം ഭൂഗര്‍ഭമൂര്‍ത്തിയല്ല.
3. ദൈവം വസ്തുതായാഥാര്‍ത്ഥ്യമല്ല. (factual reality)
4. ദൈവം ലോകമൂര്‍ത്തിയല്ല.
5. ദൈവം പിതാവോ മാതാവോ അല്ല.
6. ദൈവം ഭൂതലമൂര്‍ത്തിയല്ല.
7. ദൈവം ഭൗമേതരമൂര്‍ത്തിയല്ല. (extraterrestrial being)
8. ദൈവം നിശ്ചലമല്ല. (static)
9. ദൈവം പരിണാമാതീതമായ നന്മയുടെ ആശയമല്ല. (Plato)
10. ദൈവം സ്വയം ചലിക്കാതെ ചലിപ്പിക്കുന്നവനല്ല. (Aristotle)
11. ദൈവം ജീവിക്കാത്ത നിത്യപൂര്‍ണ്ണതയല്ല. (Plotinus)
12. ദൈവം അതിമാനുഷനും അതി-അഹവും അല്ല. (Superman and Super-I)
13. ദൈവം അമൂര്‍ത്തമല്ല (impersonal), അധഃമൂര്‍ത്തവുമല്ല. (Sub-personal)
14. ദൈവം വ്യക്തിയിലും കുറഞ്ഞതല്ല.
15. ദൈവം പ്രപഞ്ചത്തില്‍ ഒറ്റപ്പെട്ടതല്ല.
16. ദൈവം കണ്‍കെട്ടുവിദ്യകള്‍ ഉപയോഗിക്കുന്ന മാന്ത്രികനല്ല.
17. ദൈവം അന്ത്യമുള്ളവയ്ക്കൊപ്പം അന്ത്യമുള്ള യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഭാഗമല്ല.
18. ദൈവം ഈ പ്രപഞ്ചത്തിലും, പ്രപഞ്ചം ദൈവത്തിലുമാണു്.
19. ദൈവം ലോകത്തിലും വലുതാണു്.
20. ദൈവം വലിയവനാണു്. (അള്ളാഹു അക്ബര്‍ !)
21. ദൈവം സര്‍വ്വാന്തര്‍യാമിയാണു്. (worldimmanent)
22. ദൈവം സര്‍വ്വാനുഭവജ്ഞാനാതീതമാണു്. (transcendental)
23. ദൈവം സകലവും ഉള്‍ക്കൊള്ളുന്ന അനുഭവാതീതമായ യഥാര്‍ത്ഥബന്ധുത്വമാണു്. (transempiric real relation)
24. ദൈവം ചലനാത്മകത തന്നെയാണു്.
25. ദൈവം പിടികിട്ടാത്ത അനന്തപരിമാണമാണു് (infinite dimension)
26. ദൈവം യഥാര്‍ത്ഥമായ അനന്തപരിമാണമാണു് (real infinite dimension)
27. ദൈവം വ്യക്തിയിലും കൂടുതലാണു്.
28. ദൈവം ഏറ്റവും ഉയര്‍ന്ന അന്തിമയാഥാര്‍ത്ഥ്യമാണു്.
29. ദൈവം പ്രപഞ്ചത്തിലും കൂടുതലാണു്.

വിശ്വാസിസമൂഹം കപ്യാര്‍ സഹിതം ഏകകണ്ഠമായി ഒരു “ആമേന്‍” കൂടി ആലപിച്ചിരുന്നെങ്കില്‍ പൂര്‍ത്തിയായേനെ! കുറച്ചുകൂടി തപ്പിയിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ കിട്ടുമായിരുന്നു! വാക്കുകളെ ബലാല്‍സംഗം ചെയ്തു് ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ കാണുമ്പോള്‍ “ദൈവം തേങ്ങയല്ല, മത്തങ്ങയാണു്, എനിക്കല്‍പം സ്വൈര്യം തരൂ” എന്നാണു് സത്യത്തില്‍ പറയാന്‍ തോന്നുന്നതു്! പിടികിട്ടാത്ത അനന്തപരിമാണത്തിനെ പിടിച്ചുകെട്ടിയേ അടങ്ങൂ എന്ന പിടിവാശി! നൂറ്റാണ്ടുകളിലൂടെ ശ്രമിച്ചു് ശ്രമിച്ചു് എത്രയോ പ്രാവശ്യം മൂക്കുംകുത്തി വീണിട്ടും പിടിവിടുകയില്ല! ശാസ്ത്രമെന്തെന്നു് അറിയില്ലെങ്കിലും ശാസ്ത്രീയമായി ദൈവാസ്തിത്വം തെളിയിച്ചിട്ടേ സമ്മതിക്കൂ! വിശ്വസിക്കണമെങ്കില്‍ വിശ്വസിച്ചാല്‍ പോരേ? ഈ വധം വേണോ?

“ദൈവം വ്യക്തിയിലും കൂടുതലാണു്, ലോകത്തിലും വലിയതാണു്” എന്നെല്ലാം പറയുന്നതു് കൂട്ടിയെഴുതപ്പെട്ട കുറേ അക്ഷരങ്ങള്‍ മാത്രമല്ലാതെ മറ്റെന്താണു്? ലോകം എന്ന വാക്കുതന്നെ മനുഷ്യനിര്‍മ്മിതവും, ആപേക്ഷികവും, തന്മൂലം അപൂര്‍ണ്ണവും ആണെന്നതിനാല്‍, ലോകത്തിന്റെ വലിപ്പം എന്നതിനു് എന്തര്‍ത്ഥമാണു് കല്‍പിക്കാന്‍ കഴിയുന്നതു്? ഉറുമ്പിനു് അരിയും, ആനയ്ക്കു് തടിയും ഭാരമേറിയതാണു്. ഭൂമിക്കു് സൂര്യനും, സൂര്യനു് ഗാലക്സിയും, ഗാലക്സികള്‍ക്കു് പ്രപഞ്ചവും വലിപ്പമേറിയതാണു്. പ്രപഞ്ചം എന്ന വാക്കു് ഓരോരുത്തരുടെയും ഭാവനയില്‍ ഉണര്‍ത്തുന്ന ചിത്രം എങ്ങനെയുള്ളതായാലും, നമ്മുടെ പ്രപഞ്ചം, ഇന്നോളം മനുഷ്യനു് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത, ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിയുകയില്ലാത്ത മറ്റൊരു വലിയ പ്രപഞ്ചത്തിനുള്ളിലെ ഒരു കുമിള മാത്രമാവാമെന്നും, ഈ കുമിള പോലെ മറ്റനേകം പ്രപഞ്ചകുമിളകളും ആ വലിയ പ്രപഞ്ചത്തില്‍ ഉണ്ടാവാമെന്നും, ആ വലിയ പ്രപഞ്ചംതന്നെ അതിലും വലിയൊരു പ്രപഞ്ചത്തിനുള്ളിലെ പല വലിയ പ്രപഞ്ചങ്ങളില്‍ ഒന്നാവാമെന്നും, ഈ ചിന്ത ഇഷ്ടാനുസരണം നീട്ടിക്കൊണ്ടുപോകാന്‍ മനുഷ്യനു് കഴിയുമെന്നുമുള്ള വസ്തുത നമുക്കു് നിഷേധിക്കാനാവുമോ?

അറിയാന്‍ കഴിയാത്തവ ഇല്ലാതിരിക്കണമെന്നോ, ഉണ്ടായിരിക്കണമെന്നോ നിര്‍ബന്ധമില്ല. അറിയാന്‍ കഴിയാത്തവയെ കച്ചവടച്ചരക്കാക്കാനായി സാമാന്യം തരക്കേടില്ലാത്ത ഒരു രൂപമൊക്കെ നല്‍കി കുട്ടിക്കുപ്പായത്തില്‍ കുത്തിയിറക്കി അവതരിപ്പിക്കുന്നതാണു് അധികപ്രസംഗവും അരോചകവും! മതങ്ങളുടെ നിര്‍വ്വചനം ശരിയെങ്കില്‍, ദൈവം നമ്മുടെ പ്രപഞ്ചത്തെ മാത്രമല്ല, അതിനെ ഉള്‍ക്കൊള്ളുന്ന, അതിനുപരിയായി നിലകൊള്ളുന്നു എന്നതിനുള്ള സാദ്ധ്യത നിഷേധിക്കാനാവാത്ത മറ്റനേകം പ്രപഞ്ചങ്ങളുടെയും നിയന്ത്രകശക്തിയാവണം. അങ്ങനെയൊരു ദൈവം യഹൂദരെ മിസ്രയിമില്‍നിന്നും (ഈജിപ്റ്റ്‌) മോചിപ്പിക്കുവാന്‍ അഹറോന്റെ വടിയെ പാമ്പാക്കി എന്നും, മിസ്രയിമിലെ സകല കടിഞ്ഞൂലുകളെയും (യഹൂദരുടെ ഒഴികെ!) ഒരു തമാശയെന്നപോലെ ഒറ്റരാത്രികൊണ്ടു് കൊന്നൊടുക്കി എന്നുമൊക്കെ വായിക്കേണ്ടിവരുമ്പോള്‍ മനംപിരട്ടല്‍ തോന്നാതിരിക്കുന്നതെങ്ങനെ?

അറിയാന്‍ കഴിയാത്തവയെപ്പറ്റി പറയാതിരിക്കാന്‍ മനുഷ്യനു് കഴിയണം. വിഭാവനം ചെയ്യാനും വിളിച്ചുപറയാനും കഴിയുന്നവ മുഴുവന്‍ യാഥാര്‍ത്ഥ്യങ്ങളാവണമെന്നില്ല. മനുഷ്യബുദ്ധിയെ ഈവിധം വാക്കുകള്‍കൊണ്ടു് വ്യഭിചാരം ചെയ്യുന്നതു് കാണുമ്പോള്‍ കണ്ടില്ലെന്നു് നടിക്കാമെന്നു് വച്ചാല്‍ ഇതുപോലുള്ള വധം വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല. കണ്ടാലും കാണാനോ, കേട്ടാലും മനസ്സിലാക്കാനോ കഴിവില്ലാതാക്കിത്തീര്‍ത്ത കുഞ്ഞാടുകള്‍ക്കു് രണ്ടായാലും ഒന്നുതന്നെയാണുതാനും. ഇതുപോലുള്ള തേങ്കാരവും മാങ്കാരവും വായിച്ചതുകൊണ്ടല്ല അവര്‍ പ്രാര്‍ത്ഥനകള്‍ പിറുപിറുത്തുകൊണ്ടു് പുറകെനടക്കുന്നതു്. ദൈവത്തെ ചാക്കിട്ടുപിടിച്ചു് തന്‍കാര്യം നേടാനുള്ള ഒരു കുറുക്കുവഴിയാണു് അവര്‍ക്കു് വേണ്ടതു്. വിശ്വാസം വഴി അതു് നേടാനാവുമെന്നു് അവര്‍ വിശ്വസിക്കുന്നു! അങ്ങനെയുള്ള പാവങ്ങളെ മുതലെടുക്കാന്‍ ഇതുപോലെ ദൈവനിര്‍വ്വചനങ്ങള്‍കൊണ്ടുള്ള പ്രജ്ഞാവധത്തിന്റെ ആവശ്യമൊന്നുമില്ല. അവര്‍ക്കു് പരിണാമമെന്തു്? പരിമാണമെന്തു്? വിധവകള്‍ തീര്‍ച്ചയായും ചില്ലിക്കാശുമായി എത്തും, സംശയിക്കേണ്ട. പ്രാര്‍ത്ഥനയെന്ന പേരില്‍ നിത്യേന ആവര്‍ത്തിച്ചാവര്‍ത്തിച്ചു്, കാണാപാഠമായി മാറിയ ചില ശീലുകള്‍ അര്‍ത്ഥമറിയാതെ ഉരുവിടുന്ന ആ സാധുക്കള്‍ അല്ലാതെ എന്തു് ചെയ്യാന്‍? മറ്റൊന്നു് അവര്‍ക്കറിയില്ല, ആരും അവരെ പഠിപ്പിച്ചില്ല. മനുഷ്യവിധി ദൈവവിധി അല്ലെന്നും, പാപമോ, പുണ്യമോ ആയി മനുഷ്യരുടെ വിധിക്കു് യാതൊരു ബന്ധവുമില്ലെന്നും, മനുഷ്യരുടെ നന്മയിലോ, തിന്മയിലോ താല്‍പര്യമുള്ള ഒരു ദൈവം അതേ കാരണം കൊണ്ടുതന്നെ തന്റെ നിലനില്‍പ്പിന്റെ അര്‍ത്ഥശൂന്യത തെളിയിക്കുകയാണെന്നും അറിയാനുള്ള കഴിവു് അവരില്‍ ആരും വളര്‍ത്തിയില്ല.

സകലവും ഉള്‍ക്കൊള്ളുന്ന അനുഭവാതീതയഥാര്‍ത്ഥബന്ധുത്വം! സര്‍വ്വാനുഭവജ്ഞാനാതീതം! അനുഭവജ്ഞാനത്തിനു് അതീതമായ ഒന്നുമായി അനുഭവബന്ധം സ്ഥാപിക്കുന്നതെങ്ങനെ? അനുഭവാതീതമായി ബന്ധുത്വം രൂപമെടുക്കുന്നതെങ്ങനെ? എന്തിനുവേണ്ടി? വിശപ്പു് മാറി എന്നു് അനുഭവാതീതമായി സങ്കല്‍പിച്ചാല്‍ ആമാശയം നിറഞ്ഞു് വിശപ്പു് മാറുമോ? പ്രാര്‍ത്ഥനയില്‍ മനുഷ്യന്‍ ദൈവവുമായി ബന്ധപ്പെടുന്നു എന്നാണല്ലോ സങ്കല്‍പം. സ്ഥല-കാല-യാഥാര്‍ത്ഥ്യങ്ങളുടെ ഒരു ഭാഗമല്ലാത്ത, ഭൗതികമായ യാതൊരു മാനദണ്ഡങ്ങളാലോ, ഗുണങ്ങളാലോ വ്യക്തമാക്കപ്പെടാന്‍ കഴിയാത്ത എന്തോ, ഏതോ ആയ ഒരു ദൈവവുമായി ഒരു ആശയവിനിമയം, ഒരു സംഭാഷണം എങ്ങനെ സാദ്ധ്യമാവും? എന്റെ എഴുത്തുമേശയുമായി ഞാന്‍ ഒരു സംഭാഷണത്തിലേര്‍പ്പെടുന്നതും, മേശ ഞാനുമായി ബന്ധപ്പെടുന്നു എന്നു് ഉറച്ചു് വിശ്വസിക്കുന്നതും, വിശ്വാസി ദൈവവുമായി പ്രാര്‍ത്ഥനയിലൂടെ ബന്ധപ്പെടുന്നതും തമ്മില്‍ തത്വത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

യഥാര്‍ത്ഥമായ അനന്ത പരിമാണം! അന്ത്യമില്ലാത്ത അളവിനെന്തര്‍ത്ഥം? അവസാനമില്ലാത്ത, പരിധിയില്ലാത്ത, അളക്കാനാവാത്ത അളവു്! പരിമാണം അനന്തമാവുമ്പോള്‍ അതു് പരിമാണമല്ല. മറ്റെന്തോ ആണു്. അളക്കാനാവാത്തതു് അളവല്ല. അതെന്താണെന്നു് അറിയാന്‍ മനുഷ്യനു് കഴിവില്ല. ഒരു വസ്തുവിനെ പൂജ്യം അളവിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കഷണങ്ങളായി ഭാഗിക്കാം. പക്ഷേ, ആ വസ്തുവില്‍‍നിന്നും ഒരു പൂജ്യം അംശം വേര്‍തിരിക്കുക എന്നതു് അര്‍ത്ഥശൂന്യമാണു്. അതു് അങ്ങേയറ്റം പോയാല്‍, ആ വസ്തുവിനെ ഭാഗിക്കപ്പെടാത്ത അവസ്ഥ എന്നേ വരൂ.

ദൈവം എല്ലാറ്റിലും കൂടുതലാവണം, എല്ലാവരിലും വലിയവനാവണം എന്ന തീവ്രമായ ആഗ്രഹം ക്യുങ്ങിന്റെ വര്‍ണ്ണനകളില്‍ വ്യക്തമായി കാണാം. അഹംകേന്ദ്രിതത്വത്തില്‍ നിന്നു് ഉടലെടുക്കുന്ന മനുഷ്യന്റെ വലിമത്വദാഹമാണു് ദൈവം വലുതാവണമെന്ന ആഗ്രഹത്തില്‍ മറഞ്ഞിരിക്കുന്നതു്. അങ്ങനെയൊരു ദൈവം അസഹിഷ്ണുവേ ആവൂ. “ഞാനല്ലാതെ മറ്റു് ദൈവങ്ങള്‍ നിനക്കുണ്ടാവരുതെന്നു്” കല്‍പിക്കാതിരിക്കാന്‍ അങ്ങനെയൊരു ദൈവത്തിനു് കഴിയുകയില്ല. ആ ദൈവം അങ്ങനെ കല്‍പിക്കണമെന്നതു് ആ ദൈവത്തെ സൃഷ്ടിച്ച മനുഷ്യരുടെ ആഗ്രഹവും, ആവശ്യവുമാണു്. എന്റെ ദൈവത്തേക്കാള്‍ വലിയവനായ മറ്റൊരു ദൈവം ഉണ്ടായിക്കൂടാ എന്ന പിടിവാശി എനിക്കു് ഏറ്റവും വലിയവനാവണമെന്ന ആഗ്രഹത്തിന്റെ സന്തതിയാണു്.

ഒരു വാക്കിനെ ഭൗതികതയുമായി, അഥവാ, ദ്രവ്യമോ, ഊര്‍ജ്ജമോ ആയ അവസ്ഥയുമായി, സ്ഥല-കാല- യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന എല്ലാ ബൌദ്ധികസാദ്ധ്യതകളും നിഷേധിക്കപ്പെടുമ്പോള്‍ അതു് വെറുമൊരു മസ്തിഷ്കഭൂതമായി മാറുകയാണു് ചെയ്യുന്നതു്. വാക്കുകള്‍ മനുഷ്യജീവിതത്തെ ലഘൂകരിക്കുന്നതിനുവേണ്ടി മനുഷ്യരാല്‍ മാത്രം രൂപവല്‍ക്കരണം ചെയ്യപ്പെട്ടവയാണു്. അവയെ മനഃപൂര്‍വ്വം, അര്‍ത്ഥശൂന്യമായി കൂട്ടിക്കുഴച്ചു്, മനുഷ്യനെ കാടുകയറ്റി ഭ്രാന്തുപിടിപ്പിച്ചു് വഴിതെറ്റിക്കാനായി ദുരുപയോഗം ചെയ്തുകൂടാ.

 

Tags: , ,

ദൈവങ്ങളുടെ ഉത്ഭവം

(ദൈവങ്ങളുടെ ഉത്ഭവത്തേപ്പറ്റി ലുഡ്‌വിഗ്‌ ഫൊയെര്‍ബാഹിന്റെ (Ludwig Feuerbach) ചിന്തകളിലേക്കുള്ള ഒരു ചെറിയ എത്തിനോട്ടമാണിതു്.)

പത്തൊന്‍പതാമത്തെ വയസ്സില്‍ ഹൈഡല്‍ബെര്‍ഗ്‌ യൂണിവേഴ്സിറ്റിയില്‍ പ്രോട്ടസ്റ്റന്റ്‌ തിയോളജി പഠിക്കാന്‍ ആരംഭിച്ച ഫൊയര്‍ബാഹ്‌ “വഴിപിഴച്ച കുശാഗ്രബുദ്ധിയുടെ കഫക്കെട്ടില്‍ പൊതിഞ്ഞ സോഫിസത്തിന്റെ ചിലന്തിവലകള്‍” താങ്ങാനാവാതെ അവിടം വിടുന്നു. “ഭാഷയെ സ്വയവും സ്വതന്ത്രവുമായി വിടരാന്‍ അനുവദിക്കാത്ത ഹൈഡല്‍ബെര്‍ഗിലെ പ്രൊഫസറുടെ മതദ്രോഹവിചാരണയുടെ കോടതിയിലെ, സ്പാനിഷ്ബൂട്ട്‌സിന്റെ പീഡനത്തില്‍നിന്നു്” രക്ഷപെട്ടു് (ഫൊയര്‍ബാഹ്‌ മാതാപിതാക്കള്‍ക്കെഴുതിയ കത്തിലെ പരാമര്‍ശങ്ങളാണിവ) ബെര്‍ലിനിലെത്തി ഹേഗെലിന്റെ (Georg Wilhelm Friedrich Hegel) കീഴില്‍ രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം തിയോളജിയും ഫിലോസഫിയും പൂര്‍ത്തിയാക്കിയ ഫൊയര്‍ബാഹ്‌ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അവിടെനിന്നും എര്‍ലാങ്ങനിലെത്തി ഡോക്ടറേറ്റും ഉപരിപഠനവും നേടുന്നു. വിദ്യാര്‍ത്ഥികളെ തന്റെ ലെക്ചറുകളില്‍ പിടിച്ചിരുത്താനുള്ള കഴിവു് കമ്മിയായിരുന്ന ഫൊയര്‍ബാഹ്‌ മനുഷ്യരുടെ അമര്‍ത്യതയ്ക്കെതിരായ വാദമുഖങ്ങളുമായി ഒരു കൃതി പ്രസിദ്ധീകരിക്കുകകൂടി ചെയ്തപ്പോള്‍ അവിടത്തെ മതതത്വശാസ്ത്രജ്ഞരുടെ വിരോധത്തിനു് പാത്രമാവുകയും 1832-ല്‍ എര്‍ലാങ്ങന്‍ വിടേണ്ടിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സര്‍വ്വകലാശാലാജീവിതത്തിന്റെ അവസാനമായിരുന്നു അതു്. ഒരു പുതിയ ജോലിക്കു് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, ഉള്‍നാട്ടിലേക്കൊതുങ്ങി എഴുത്തില്‍ മുഴുകിയ ഫൊയര്‍ബാഹിനു് പുസ്തകങ്ങളില്‍നിന്നുള്ള പരിമിതവരുമാനം മാത്രമായിരുന്നു ജീവിതമാര്‍ഗ്ഗം.

നിലവിലിരിക്കുന്ന വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുന്നതു്‌ ഇന്നു്‌ മാത്രമല്ല, അന്നും, എന്നും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. രണ്ടു്‌ കൂട്ടരായിരിക്കും അത്തരം പീഡകരുടെയും പരിഹാസികളുടെയും മുന്‍നിരയില്‍. പീഡനത്തിന്റെയും പരിഹാസത്തിന്റേയും കുത്തകാവകാശം തങ്ങള്‍ക്കു്‌ മാത്രമാണെന്നു്‌ ഉത്തമബോദ്ധ്യമുള്ള ഇവര്‍ മറ്റുള്ളവരുടെ അസഹിഷ്ണുതയെപ്പറ്റി സ്ഥിരം വാചാലരായിരിക്കും. ഒന്നാമത്തെ വിഭാഗം, ആ പ്രമാണങ്ങള്‍ അജ്ഞരായ മനുഷ്യര്‍ക്കു്‌ വിറ്റു്‌ സുഖജീവിതം നയിക്കുന്ന നേതാക്കളും ആചാര്യന്മാരുമാണു്‌. സമൂഹത്തിലെ ഓരോ മാറ്റത്തിനെതിരെയും അണികളെ ഇളക്കിവിടുന്ന ഇക്കൂട്ടരില്‍ അധികപങ്കും പിന്നില്‍ മറഞ്ഞിരുന്നു്‌ ചരടു്‌ വലിക്കുന്നവരായിരിക്കും. രണ്ടാമത്തവര്‍, ഈ വിശുദ്ധ തിരുമേനിമാര്‍ക്കുവേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്തവിധം ബ്രെയ്‌ന്‍വാഷ് ചെയ്യപ്പെട്ടു്‌, അവരുടെ സമ്പൂര്‍ണ്ണ വിധേയരായി മാറിയവരും. സംഭവം എന്താണെന്നു്‌ അടിസ്ഥാനപരമായി വലിയ ഗ്രാഹ്യമൊന്നും ഇല്ലെങ്കിലും, നേതാക്കള്‍ പറഞ്ഞു്‌ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അക്ഷരം പ്രതി പാലിക്കേണ്ടവയാണെന്നും, അല്ലെങ്കില്‍ ലോകത്തിന്റേയും അതോടൊപ്പം തങ്ങളുടെതന്നേയും ഭാവി അപകടത്തിലാകുമെന്നുമുള്ള കാര്യത്തില്‍ സംശയമേതുമില്ലാത്തവര്‍.

ഫൊയര്‍ബാഹിന്റെ ഏറ്റവും പ്രധാനഗ്രന്ഥമായ “ക്രിസ്തീയതയുടെ അന്തസ്സത്ത” (The Essence of Christianity) എന്ന പുസ്തകം കാര്‍ള്‍ മാര്‍ക്സിന്റെ ചിന്തകളെ ഏറെ സ്വാധീനിച്ചിരുന്നു. അതിന്റെ പ്രസിദ്ധീകരണത്തിനുശേഷം അതിലെ തന്റെ ചിന്തകളിലെ ഒരോ വാചകങ്ങളുടേയും ചരിത്രപരമായ യാഥാര്‍ത്ഥ്യവും സത്യവും തെളിയിക്കുന്നതിനായി മറ്റൊരു ഗ്രന്ഥം എഴുതാനുള്ള ആഗ്രഹത്തിന്റെ സഫലീകരണത്തിനായി നടത്തിയ ആറുവര്‍ഷത്തെ തീവ്രമായ പഠനത്തിന്റെ ഫലമാണു് Theogonie അഥവാ “ദൈവങ്ങളുടെ ഉത്ഭവം” എന്ന പുസ്തകം. എബ്രായ, ക്രിസ്തീയ പൗരാണികതയുടെ പ്രാമാണിക ഉറവിടങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവം എന്ന ആശയത്തെപ്പറ്റി നടത്തുന്ന ഒരു വിശദമായ പഠനമാണു് അതിന്റെ ഉള്ളടക്കം. പ്രാചീന കാലത്തെ എബ്രായ, ക്രിസ്തീയഗ്രന്ഥങ്ങളോടൊപ്പം ഹോമറിന്റെ Iliad, Odyssey എന്ന കൃതികളും, അവയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഗ്രീക്ക്‌ ദൈവങ്ങളും വേണ്ടുവോളം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടു്.

മതങ്ങള്‍ കവണിയില്‍ കെട്ടി സ്വര്‍ഗ്ഗത്തിലേക്കു് എറിഞ്ഞ, മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ സമ്പത്തായ ദൈവത്തെ താത്വികമായെങ്കിലും തിരിച്ചുകൊണ്ടുവന്നു് മനുഷ്യഹൃദയങ്ങളില്‍ വാഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദ്യകാലത്തു് ഹേഗെല്‍ എഴുതിയിരുന്നു. അതിനു് ശക്തിയുള്ള ഏതെങ്കിലുമൊരു കാലഘട്ടം ഉണ്ടാവുമോ എന്നതു് മാത്രമായിരുന്നു ഹേഗെലിന്റെ സംശയം. പില്‍ക്കാലത്തു് ഉന്നതമായ ഈ ആശയം ഉപേക്ഷിച്ചു് വെട്ടിമുറിച്ച മതതത്വശാസ്ത്രമായി മാറിയ ഹേഗെലിയനിസത്തോടു് – ഹേഗെല്‍ തന്റെ ഗുരുനാഥനാണെന്നു് അംഗീകരിച്ചുകൊണ്ടുതന്നെ – ഫൊയര്‍ബാഹ്‌ വിടപറയുകയായിരുന്നു. ഹേഗെലിനു് കഴിയാതെ പോയതു് സാദ്ധ്യമാക്കിത്തീര്‍ക്കുകയായിരുന്നു ഫൊയര്‍ബാഹിന്റെ ലക്‍ഷ്യം. തത്വത്തിലെങ്കിലും അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

മതതത്വശാസ്ത്രം ഫൊയര്‍ബാഹിനു് നരവംശശാസ്ത്രമാണു്. ദൈവം മനുഷ്യന്റെ ആന്തരികപ്രകൃതിയുടെ ബാഹ്യമായ ആവിഷ്കരണമാണു്. മനുഷ്യന്റെ ദൈവം, പരമമായ സത്ത, അവന്റെ സ്വന്തം സത്തയാണു്. ദൈവബോധം മനുഷ്യന്റെ ആത്മബോധമാണു്. ദൈവജ്ഞാനം മനുഷ്യന്റെ ആത്മജ്ഞാനമാണു്. മതങ്ങള്‍ മനുഷ്യന്റെ ശക്തിയെ, സ്വത്വത്തെ, സ്വഭാവത്തെ, ഗുണങ്ങളെ അവനില്‍നിന്നും അടര്‍ത്തിയെടുത്തു് രൂപം നല്‍കി, ഭാവം നല്‍കി, വ്യക്തിത്വം നല്‍കി സ്വര്‍ഗ്ഗത്തിലേക്കു് വിക്ഷേപിക്കുന്നു. ഏകദൈവവിശ്വാസമോ, ബഹുദൈവങ്ങളിലുള്ള വിശ്വാസമോ എന്ന വ്യത്യാസം ഈ പ്രക്രിയയെ ബാധിക്കുന്നില്ല.

ഫൊയര്‍ബാഹ്: “തന്റെ സംരംഭം ഒരു പരാജയമാവുമോ എന്ന ഭയജനകമായ സംശയം, പ്രത്യേകിച്ചും ആ കാര്യത്തിന്റെ വിജയം ഒരു സങ്കല്‍പവും സാദ്ധ്യതയും മാത്രമായ അതിന്റെ ആരംഭസമയത്തു്, മനുഷ്യനെ ഏറ്റവും ബലവത്തായി പിടികൂടുമെന്നതിനാല്‍, പരാജയഭീതി ഒഴിവാക്കി ആഗ്രഹം സഫലീകരിക്കാനാവുമെന്ന ഉറപ്പു് മനസ്സിലേക്കു് ഒഴുകിയെത്തിക്കുവാന്‍ അവന്‍ ദൈവത്തെ വിളിക്കുന്നു. കാരണം, ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായവയുടെ പ്രത്യക്ഷീകരണമാണു്”.

ആഗ്രഹമാണു് ദൈവങ്ങളുടെ ഉത്ഭവഹേതു. ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, നിഷേധിക്കുന്നവര്‍ കൂടിയാവണം ദൈവങ്ങള്‍. കാരണം, ഒരുവനു് നിഷേധിക്കപ്പെടാതെ മറ്റൊരുവനു് നല്‍കപ്പെടാന്‍ കഴിയാത്ത എണ്ണമറ്റ ആഗ്രഹങ്ങളുണ്ടു്. നന്മയുടെ മാത്രമല്ല, തിന്മയുടെ ആഗ്രഹങ്ങളും ധാരാളമാണു്. “നിനക്കു് നല്ലതു് വരട്ടെ!” എന്നതു് മാത്രമല്ല, “നിന്റെ കുടുംബം നശിച്ചുപോകട്ടെ!” “നിന്നെ പാമ്പു് കടിക്കട്ടെ!” എന്നിവയും ആഗ്രഹങ്ങളാണു്. ദൈവങ്ങള്‍ നീതിയുള്ളവരാണു്. നീതിയില്ലാത്തവര്‍ ദൈവങ്ങളാവില്ല. നീതിയുള്ള ദൈവങ്ങള്‍ നീതിയുള്ള ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നു. എന്നോടു് തിന്മ ചെയ്യുന്നവന്‍ തിന്മ അനുഭവിക്കണമെന്നതാണു് എന്റെ “നീതിപൂര്‍വ്വമായ” ആഗ്രഹം. മനുഷ്യരുടെ നീതിയും അനീതിയും നിശ്ചയിക്കപ്പെടുന്നതു് അവരുടെ നിലപാടുകള്‍ക്കനുസരിച്ചാണു്. ഞാന്‍ ശപിക്കുന്നവരെ ശിക്ഷിക്കുന്നവരാണു് എന്നെസംബന്ധിച്ചു് നീതിയുള്ള ദൈവങ്ങള്‍. തനിക്കു് കഴിഞ്ഞിരുന്നെങ്കില്‍ താന്‍തന്നെ ശിക്ഷിക്കുമായിരുന്നവരെ ശിക്ഷിക്കുന്നവരാണു്, മനുഷ്യരുടെ ശാപങ്ങള്‍ നടപ്പാക്കുന്നവരാണു് (നടപ്പാക്കേണ്ടവരാണു്‌) ദൈവങ്ങള്‍.

പുറന്തള്ളപ്പെട്ട സ്വന്തം അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഫിനിക്സ്‌ അപ്പന്റെ വെപ്പാട്ടിയോടൊപ്പം ഉറങ്ങുന്നു. വിവരമറിഞ്ഞ പിതാവു് അവനു് മക്കളുണ്ടാവാതെപോകട്ടെ എന്നു് ശപിക്കുവാന്‍ പ്രതികാരദേവതകളെ വിളിച്ചപേക്ഷിക്കുന്നു. ദേവതകള്‍ പ്രാര്‍ത്ഥന കേള്‍ക്കുകയും ഫിനിക്സ്‌ മക്കളില്ലാത്തവനായിതീരുകയും ചെയ്യുന്നു. – (Iliad). പ്രതികാരം പൗരനിയമം അനുസരിച്ചുള്ള ഒരു ശിക്ഷ അല്ല, (നിയമപരമായ അടിസ്ഥാനമില്ലാതെ) ശത്രുവിനു് നല്‍കപ്പെടേണ്ട പീഡനമാണു്. നമുക്കു് പ്രയാസം ഉണ്ടാക്കിയവനെ അതിന്റെ പേരില്‍ മാത്രം തിരിച്ചും പ്രയാസം അനുഭവിക്കാന്‍ അനുവദിച്ചു് ആനന്ദിക്കുന്നതാണു് പ്രതികാരം. നൊമ്പരപ്പെടുത്തിയവനെ തിരിച്ചും നൊമ്പരപ്പെടുത്തിയാല്‍ മാത്രം സ്വൈര്യം കിട്ടുന്ന ഒരു വികാരമാണു് പ്രതികാരം. “മനുഷ്യരക്തം ഒഴുക്കിയവന്റെ രക്തവും ഒഴുകണം”. പ്രതികാരദാഹത്തിലാണു് വധശിക്ഷയുടെ യഥാര്‍ത്ഥമായ അടിസ്ഥാനം. ഔപചാരികവും അനൗപചാരികവുമായ, നിയമപരവും നിയമവിരുദ്ധവുമായ പ്രതികാരവാഞ്ഛ എന്ന വ്യത്യാസം നിയമജ്ഞരുടെ ഇടയില്‍ മാത്രമേ നിലവിലിരിക്കുന്നുള്ളു, മനുഷ്യരുടെ ഇടയിലില്ല.

“ദൈവം ഇല്ല എന്നു് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു” – (സങ്കീര്‍ത്തനങ്ങള്‍ 14: 1, 53:1). പക്ഷേ, ആ മൂഢന്മാര്‍ തിന്മ ചെയ്യുന്നവരാണു്, ജനത്തെ വിഴുങ്ങുന്നവരാണു്, ദൈവമില്ലാത്തവരാണു്! യഹോവ പറയുന്നു: “പ്രതികാരവും, പ്രതിഫലവും എന്റെ പക്കലുണ്ടു്” – ( ആവര്‍ത്തനം 32: 35). “ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു” – (നഹൂം 1: 2).

ഫൊയര്‍ബാഹ്‌: “എബ്രായ മതതത്വശാസ്ത്രത്തിന്റെ കാട്ടാളത്തത്തില്‍ നിന്നും ജര്‍മ്മന്‍ നരവംശശാസ്ത്രത്തിലേക്കു് പരിഭാഷപ്പെടുത്തുമ്പോള്‍ ഈ വാചകങ്ങളുടെ അര്‍ത്ഥം: പ്രതികാരം ഒരു ദൈവിക കാര്യമാണു്, ഒരു ദൈവിക ആസ്വാദനമാണു് എന്നല്ലാതെ മറ്റൊന്നുമല്ല”. ശത്രുക്കളോടു് പ്രതികാരം ചെയ്യാനായി മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നു: “യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു് എതിര്‍ത്തുനില്‍ക്കേണമേ.” – (സങ്കീര്‍ത്തനങ്ങള്‍ 7: 6). പക്ഷേ, ദൈവം മിണ്ടാതെ, മൗനമായി, സ്വസ്ഥമായി ഇരിക്കുകയും, (സങ്കീര്‍ത്തനങ്ങള്‍ 83: 1) “നിന്റെ ദൈവം എവിടെ” എന്നു് (സങ്കീര്‍ത്തനങ്ങള്‍ 79: 10) ശത്രുക്കള്‍ ആരവമിടുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ അസ്തിത്വം ഒരു പ്രശ്നമാവുന്നു, നിരാശാജനകമാവുന്നു, ഹൃദയത്തിലെ ഒരു ആഗ്രഹം മാത്രമായി ചുരുങ്ങുന്നു. അതേസമയം, ഈ ആഗ്രഹം ഒരു യാഥാര്‍ത്ഥ്യമാവുമ്പോള്‍ , ഭക്തനു് പ്രതികാരരോദനത്തിന്റെ കണ്ണുനീരിനു് പകരം ശത്രുവിന്റെ രക്തത്തില്‍ ആറാടി നൃത്തം ചെയ്യാനാവുമ്പോള്‍, ദൈവത്തിന്റെ നിലനില്‍പ്പു് നിഷേധിക്കാനാവാത്ത ഒരു പരമസത്യമായി മാറുന്നു.

മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ആകെ ചെയ്യാന്‍ കഴിയുന്നതു്, ചെയ്യാന്‍ സാധിക്കുന്നതു് അനുഗ്രഹവും ശാപവും, ആഗ്രഹവും നിഷേധവും മാത്രമാണു്. ദൈവങ്ങളില്‍നിന്നും സ്വര്‍ഗ്ഗീയ വാഗ്ദത്തങ്ങള്‍ എടുത്തു് മാറ്റിയാല്‍ ആ സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നതു് തികഞ്ഞ ആരോഗ്യം, നിറഞ്ഞ തൊഴുത്തുകള്‍, കവിഞ്ഞൊഴുകുന്ന വീഞ്ഞുകുടങ്ങള്‍ മുതലായ ആഗ്രഹങ്ങള്‍ മാത്രമായിരിക്കും. നരകഭയം എടുത്തുമാറ്റിയാല്‍ അവിടെ കാണുന്നതു് മാരകമായ രോഗങ്ങള്‍, പ്രസവമില്ലാത്ത പെണ്ണുങ്ങള്‍, പെറ്റുപെരുകാത്ത വളര്‍ത്തുമൃഗങ്ങള്‍, വിളവുനല്‍കാത്ത ഭൂമി മുതലായവയേക്കുറിച്ചുള്ള ഭയങ്ങള്‍ മാത്രമായിരിക്കും. ദൈവങ്ങളില്‍നിന്നും എല്ലാ ശക്തിയും, എല്ലാ അധികാരവും എടുത്തുമാറ്റിയാല്‍ അവിടെ അവശേഷിക്കുന്നതു് മനുഷ്യരുടെ പരമാനന്ദാനുഭവദാഹം മാത്രമായിരിക്കും. ദൈവങ്ങളുടെ അടുക്കലേക്കോടുന്ന മനുഷ്യര്‍ അവരുടെ സ്വന്തം ഭാഗ്യാനുഭൂതിയിലേക്കാണു് ഓടുന്നതു്. ഇവ തമ്മിലുള്ള പരസ്പരബന്ധം തത്വചിന്തകര്‍ പലവട്ടം ഖണ്ഡിച്ചിട്ടുണ്ടെങ്കിലും, ആനന്ദവും, ഐശ്വര്യവും, ഭാഗ്യവും കൈവരിക്കാന്‍ കഴിയുന്ന വലിയ ചെലവില്ലാത്ത ഒരു കുറുക്കുവഴി എന്ന നിലയില്‍ മതവിശ്വാസം ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കും മുകളില്‍ വാഴുന്ന ശക്തിയായി എന്നും നിലനില്‍ക്കും.

“ആയിരം പ്രാവശ്യം ഖണ്ഡിക്കപ്പെട്ട ഒരു വിശ്വാസവാക്യം പോലും ഒരുവനു് അതു് ആവശ്യമെങ്കില്‍ പിന്നെയും പിന്നെയും അതു് സത്യമെന്നു് വിശ്വസിക്കാന്‍ മടിക്കാത്തവനാണു് മനുഷ്യന്‍.” – ഫ്രീഡ്‌റിഹ്‌ നീറ്റ്‌സ്‌ഷെ.

“ആദര്‍ശത്തെ മനുഷ്യനു് ബാഹ്യമായി പ്രതിഷ്ഠിക്കാനാവില്ല, കാരണം, അപ്പോള്‍ അതൊരു വസ്തു ആയിത്തീരും – മനുഷ്യന്റെ ഉള്ളില്‍ മാത്രമായിട്ടുമാവില്ല, കാരണം, അപ്പോള്‍ അതൊരു ആദര്‍ശമാവില്ല.” – ഹേഗെല്‍

“ഒരു മനുഷ്യനെ ജനിപ്പിക്കാന്‍ രണ്ടു് മനുഷ്യര്‍ വേണം – ഭൗതികവും മാനസികവുമായ അര്‍ത്ഥത്തില്‍ . സത്യത്തിന്റെയും പൊതുവായതിന്റെയും തത്വവും മാനദണ്ഡവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണു്. എത്ര കൂടുതല്‍ ഒരുവന്‍ സ്നേഹിക്കുന്നുവോ, അത്രയും കൂടുതലാണവന്‍. നേരെമറിച്ചും. സ്നേഹം മനുഷ്യനെ ദൈവവും ദൈവത്തെ മനുഷ്യനുമാക്കുന്നു. മനുഷ്യന്‍ മനുഷ്യനോടു്: ഞാനും നീയും തമ്മിലുള്ള ഏകത്വമാണു് ദൈവം” – ഫൊയര്‍ബാഹ്‌

 
9 Comments

Posted by on Sep 17, 2007 in മതം, ലേഖനം

 

Tags: , , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 9

ഒരു തേജോവലയം ആകര്‍ഷണീയമായതുകൊണ്ടു് അനിവാര്യമാവണമെന്നില്ല. മനുഷ്യജീവിതത്തിനു് മതങ്ങള്‍ നല്‍കുന്ന ആദ്ധ്യാത്മികപരിവേഷം വ്യാമോഹിപ്പിക്കുന്നതാവുന്നതിനു് കാരണം അവയിലെ ഏതെങ്കിലും അഭൗമികമൂല്യങ്ങളല്ല, തികച്ചും ലൗകികമായ ഘടകങ്ങള്‍ മനസ്സിലുണര്‍ത്തുന്ന മായാദര്‍ശനങ്ങളാണു്. കൊട്ടും കുരവയും, മന്ത്രങ്ങളും മണികിലുക്കങ്ങളും, ധൂപപ്രാര്‍ത്ഥനകളുടെ ധൂമപടലങ്ങളും മനുഷ്യമനസ്സിനെ മറ്റൊരു തലത്തിലേക്കു് പിടിച്ചുയര്‍ത്തുന്നു. മനസ്സില്‍ ഉന്മാദാവസ്ഥ സൃഷ്ടിക്കുവാന്‍ മതവിശ്വാസത്തിനു് മാത്രമല്ല, പ്രകൃതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ക്കും, കവിത, സംഗീതം, സാഹിത്യം, ചിത്രരചന മുതലായ, പൂര്‍ണ്ണമായും ലൗകികമായ മാധ്യമങ്ങള്‍ക്കും കഴിയുമെന്നതു് നിഷേധിക്കാനാവുമോ? മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി വിളങ്ങുന്ന ഗ്രാമഭംഗിയും, ചായത്തില്‍ മുങ്ങിയ അസ്തമയസന്ധ്യകളും, ഉത്തര- ദക്ഷിണധ്രുവങ്ങളില്‍ ഇടക്കിടെ ദര്‍ശിക്കാന്‍ കഴിയുന്ന ആലക്തികസ്വഭാവമുള്ള പ്രഭാപടലങ്ങളും (aurora borealis, aurora australis), നിലാവില്‍ കുളിച്ച ശീതളയാമങ്ങളും മനുഷ്യരില്‍ അഭൗമികം എന്നു് വിശേഷിപ്പിക്കേണ്ട അനുഭൂതികള്‍ ഉണര്‍ത്തുമെന്നതു് കവികളും കലാകാരന്മാരും മാത്രമാണോ മനസ്സിലാക്കിയിട്ടുള്ളതു്? അടുത്തറിയാന്‍ ശ്രമിച്ചാല്‍ മാനസികമായ ഒരു വിശേഷാവസ്ഥയാണു് ഇവയെ ആകര്‍ഷകങ്ങളായ പ്രതിഭാസങ്ങളാക്കി മാറ്റുന്നതും, ആസ്വദിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതുമെന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പൂരവും മേളയും, പൂക്കളവും പുഷ്പാര്‍ച്ചനയും, ക്രിസ്മസ്‌ട്രീയും ദീപക്കാഴ്ചകളും ദൈവനാമത്തില്‍ ആചരിക്കുന്ന മനുഷ്യന്‍ അതുവഴി യഥാര്‍ത്ഥത്തില്‍ സന്തോഷിപ്പിക്കുന്നതു് ദൈവങ്ങളേയോ, അതോ അവനെത്തന്നെയോ? യുവഹൃദയങ്ങളില്‍ അവ ഭാവിയില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി മാറേണ്ട സ്വര്‍ഗ്ഗീയമായ അനുഭവങ്ങളായി വിരിഞ്ഞു് വിടര്‍ന്നു് ആഴത്തില്‍ വേരോടുമ്പോള്‍, ജീവിതസായാഹ്നത്തിലേക്കു് ചുവടുവച്ചടുക്കുന്ന മനുഷ്യരില്‍ അവ ഒരിക്കലും വീണ്ടെടുക്കാനാവാത്ത നഷ്ടസ്വര്‍ഗ്ഗമായി, ഗൃഹാതുരത്വമായി, ഭൂതകാലസ്മരണകളായി നീറിപ്പടരുന്നു! ജീവിതത്തിലെ, പ്രത്യേകിച്ചും ബാല്യത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ മനുഷ്യനില്‍ അഗാധമായ വൈകാരികതയ്ക്കു് രൂപം നല്‍കുന്നതു് ഒരു മാനസിക പ്രതിഭാസമാണു്. അതു് മതപരമോ, വിശ്വാസപരമോ ആയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിക്കൊള്ളണമെന്നു് നിര്‍ബന്ധമില്ല. അകലങ്ങളില്‍നിന്നും ബാല്യവും യുവത്വവും ചെലവഴിച്ചിടങ്ങളിലേക്കു് തിരിച്ചുചെല്ലുവാന്‍ ഒരുവന്‍ ആഗ്രഹിക്കുന്നതു് അവന്‍ ഏതെങ്കിലുമൊരു മതാനുയായി ആയതുകൊണ്ടല്ല. ഗൃഹാതുരത്വം മതാധിഷ്ഠിതമല്ല, മനുഷ്യസഹജമാണു്. വിശ്വാസപരമായ കാര്യങ്ങള്‍ സ്വാഭാവികമായും ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നവ ആണെന്നതിനാല്‍, അവയില്‍ സംഭവിക്കുന്ന നേരിയ തോതില്‍ പോലുമുള്ള വ്യതിചലനം വിശ്വാസികളും ശുദ്ധഗതിക്കാരുമായ മനുഷ്യരുടെ മനസ്സില്‍ ഭയങ്കരമായ കുറ്റബോധം ഉളവാക്കുമെന്നതിനാല്‍, ചെറുപ്പം മുതലുള്ള ശിക്ഷണം വഴി തിരുത്താനാവാത്ത വിധം വേരുറച്ച ശീലങ്ങളും അനുഷ്ഠാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ പിന്‍തുടരുവാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു.

മനുഷ്യരുടെ ഇതുപോലുള്ള മാനസികബലഹീനതകളെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ കഴിയണമെങ്കില്‍ അവരെ കുഞ്ഞിലേ കുഴിയില്‍ വീഴിച്ചിരിക്കണം. മതങ്ങള്‍ ചെയ്യുന്നതും മറ്റൊന്നുമല്ല. മനുഷ്യര്‍ പിടിവിട്ടു് പോകാതിരിക്കാന്‍ അവര്‍ക്കു് മാനസികമായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും, അതിനു് യുക്തിസഹമായ യാതൊരു അര്‍ഹതയോ നീതീകരണമോ ഇല്ലാതെ ദൈവനാമം ദുരുപയോഗം ചെയ്യുന്നതുമാണു് മതങ്ങള്‍ ചെയ്യുന്ന തെറ്റു്. മനുഷ്യരുടെ ബൗദ്ധികമായ വളര്‍ച്ചയെ അതു് പ്രതികൂലമായി ബാധിക്കുന്നു എന്നതിനാല്‍ സമൂഹം എത്രയോ തലമുറകളായി പഴയ ലായങ്ങളില്‍ ഗതികിട്ടാപ്രേതം പോലെ ചടഞ്ഞുകൂടേണ്ടിവരുന്നതാണു് ഇതിന്റെ ദയനീയവും, അംഗീകരിക്കാനാവാത്തതുമായ മറുവശം. സാമൂഹികജീര്‍ണ്ണതയുടെ അടിസ്ഥാനകാരണങ്ങളില്‍ എറ്റവും പ്രധാനമായതു് അന്ധമായ മതവിശ്വാസമാണെന്നു് പറയേണ്ടിവരുന്നതും അതുകൊണ്ടുതന്നെ! മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തി സമൂഹത്തെ രക്ഷിക്കേണ്ടതിന്റെ കാരണവും മറ്റൊന്നല്ല.

 

നഗ്നമാക്കിയ ശരീരവുമായി മുള്‍മെത്തയില്‍ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിവര്‍ന്നു് കിടന്നു് വിശ്രമിക്കാനും, ലൈംഗികാവയവത്തില്‍ ഭാരമേറിയ കല്ലോ കോണ്‍ക്രീറ്റ് പലകകളോ ഒക്കെ കെട്ടിത്തൂക്കി കാഴ്ച്ചക്കാരെ അതിശയപ്പെടുത്താനും, മറ്റു് പലതരം ചെപ്പടിവിദ്യകള്‍ കാണിക്കാനുമൊക്കെ ധൈര്യം കാണിക്കുന്ന യോഗിവര്യന്മാര്‍ ഭാരതത്തില്‍ വിരളമല്ലല്ലോ! എന്തിനുവേണ്ടി അവര്‍ അതൊക്കെ ചെയ്യുന്നു? സ്വന്തം സംയമനശേഷിയും ഇച്ഛാശക്തിയും പരിശോധിക്കാനോ തെളിയിക്കാനോ ആണു് ദയനീയമായ ഈ ഗോഷ്ടികളെങ്കില്‍ അതു് മറ്റാരും കാണാതെ ഏതെങ്കിലും വനാന്തരങ്ങളില്‍ പോയി അവതരിപ്പിച്ചാലും ലക്‍ഷ്യം നേടാം. സര്‍വ്വവ്യാപിയായ ഈശ്വരന്‍ അവരുടെ ആത്മസംയമനപരീക്ഷണ നിരീക്ഷണാര്‍ത്ഥമുള്ള ഈ ഭഗീരഥതപസ്സു് എവിടെ അരങ്ങേറിയാലും അതു് വീക്ഷിക്കാനും, അര്‍ഹിക്കുന്ന മോക്ഷം നല്‍കി അവരെ ബഹുമാനിക്കാനും കഴിവുള്ളവനാണുതാനും. എന്നിട്ടും തങ്ങളുടെ ഈ മൂകാംഗനാടകത്തിനു് നാലാളുകൂടുന്ന നാല്‍ക്കവലകള്‍തന്നെ അവര്‍ തിരഞ്ഞെടുക്കുന്നു!

“മാനസികജീവിതത്തിലെ എല്ലാ പ്രതിഭാസങ്ങളും എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഏതോ ലക്‍ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളായി മനസ്സിലാക്കപ്പെടണം” എന്നു് സുപ്രസിദ്ധ വ്യക്തിമനഃശാസ്ത്രജ്ഞനായ Alfred Adler പറഞ്ഞിട്ടുണ്ടു്. അതു് പക്ഷേ മാനസികജീവിതത്തിനു് മാത്രം ബാധകമായ കാര്യമാണെന്നു് തോന്നുന്നില്ല. മനുഷ്യന്റെ ഏതു് പ്രവൃത്തിയും (അവനു് പോലും അറിയണമെന്നു്‌ നിര്‍ബന്ധമില്ലാത്ത) ഏതെങ്കിലുമൊക്കെ ലക്‍ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടിയേ ആവൂ. മാനസികവിഭ്രാന്തി സംഭവിച്ചവരുടെ പ്രവൃത്തിപോലും ഇതിനു് അപവാദമല്ല. അവരുടെ ലക്‍ഷ്യം അറിയണമെങ്കില്‍ അവരുടെ ലോകത്തില്‍ കടന്നു് നോക്കണമെന്നു് മാത്രം!

അതായതു്, സമൂഹമദ്ധ്യേ കസര്‍ത്തുകള്‍ നടത്തി തന്റെ ആത്മശക്തി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതു് യോഗിയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വന്തം ലക്‍ഷ്യങ്ങളാണു് അതുവഴി നേടാന്‍ ശ്രമിക്കുന്നതു്. ദൈവതിരുമുന്‍പിലെ അദ്ധ്യാത്മികചോദ്യചിഹ്നങ്ങള്‍ എന്നു് വിളിക്കാവുന്ന ഈ സാധുക്കളുടെ കണ്ണുകള്‍ ദൈവീകവെളിപാടിനേക്കാള്‍ ഡോളറിന്റെ വെളിപാടിലാണു് സാധാരണ വിടര്‍ന്നു് വികസിച്ചു് പന്തംപോലെ തിളങ്ങാറുള്ളതു്! അതുകൊണ്ടു് അവരുടെ ലക്‍ഷ്യം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. ഇവിടെയും ദൈവം മനുഷ്യനു് അവന്റെ ലക്‍ഷ്യം നേടുന്നതിനുള്ള, സ്വന്തപ്രവൃത്തികള്‍ അമാനുഷം എന്നു് വരുത്തി അന്യരെ ചാക്കിലാക്കുന്നതിനുള്ള ഒരു രാസത്വരകം മാത്രം!

അദ്ധ്യാത്മികതയ്ക്കു് ഉന്നതസ്ഥാനവില കല്‍പിക്കുന്ന ഭാരതത്തില്‍ അദ്ധ്വാനിക്കാന്‍ ആഗ്രഹിക്കാത്ത കുറേ വിശുദ്ധമടിയന്മാര്‍ അദ്ധ്യാത്മികതയെ ഉപജീവനമാര്‍ഗ്ഗമാക്കാന്‍ ശുദ്ധഗതിക്കാരായ പാവങ്ങളുടെ സന്മനസ്സിനെ കരുവാക്കുന്നു, അത്രതന്നെ! “പരാതിയുള്ളിടത്തേ ന്യായാധിപനുള്ളു” എന്നതിനാല്‍ ഈ വ്യവസായം തലമുറകളായി നിര്‍വിഘ്നം പുരോഗമിക്കുന്നു. അന്താരാഷ്ട്രസമൂഹത്തിനുമുന്നില്‍ ഭാരതത്തെ അവജ്ഞാപാത്രമാക്കുന്ന ഇതുപോലുള്ള നികൃഷ്ടതകള്‍ ഭാരതീയസംസ്കാരമാണെന്നു് മനസ്സിലാക്കിവച്ചിരിക്കുന്ന സാമൂഹികനേതൃത്വത്തില്‍നിന്നും ആശിര്‍വാദമല്ലാതെ പരാതി ഉണ്ടാവുമെന്നു് കരുതുന്നതെങ്ങനെ?

കപിലമുനിയുടെ ശാപമേറ്റു് ചാരമായിത്തീര്‍ന്ന തന്റെ പിതൃക്കളായ സഗരപുത്രന്മാരുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ജലത്തിനു് വേണ്ടിയാണു് ഭഗീരഥന്‍ ദീര്‍ഘകാലത്തെ കഠിനമായ തപസ്സിലൂടെ ഗംഗയേയും പിന്നീടു് ശിവനേയും പ്രസാദിപ്പിച്ചു് ഗംഗാനദിയെ ഭൂമിയിലേക്കു് ആനയിച്ചതു് എന്നു് കേട്ടിട്ടുണ്ടു്. അതിനു് അദ്ദേഹം ടൂറിസ്റ്റുകള്‍ സംഘംസംഘമായി എത്തുന്ന ഏതെങ്കിലും നാല്‍ക്കവലയില്‍ സ്റ്റേജ്‌ കെട്ടുകയും കാഴ്ച്ചക്കാരെ ക്യാന്‍വാസ്‌ ചെയ്യുകയും ചെയ്തിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, കഠിനമായ തപസ്സുകൊണ്ടു് ദേവീദേവന്മാരെ പ്രസാദിപ്പിച്ചു് മനുഷ്യനന്മ കൈവരിക്കാന്‍ കഴിഞ്ഞിരുന്ന കാലം പണ്ടേ കഴിഞ്ഞുപോയെന്നും, കഠിനമായ മനുഷ്യപ്രയത്നം കൊണ്ടു് മാത്രമേ ഇക്കാലത്തു് അതു് സാദ്ധ്യമാവൂ എന്നും സാമാന്യബോധമുള്ള ഇന്നത്തെ മനുഷ്യര്‍ അറിഞ്ഞിരിക്കുന്നതില്‍ തെറ്റില്ല എന്നാണു് എനിക്കു് തോന്നുന്നതു്.

 

Tags: , ,

സേതുസമുദ്രം – ഒരു കാഴ്ചപ്പാടു്‌

സ്വന്തം ഭൂതകാലസംസ്കാരത്തെ വിലമതിക്കാനുള്ള എത്രമാത്രം ബാദ്ധ്യത ഒരു സമൂഹത്തിനുണ്ടു് എന്നതു് അതുവഴി അംഗങ്ങള്‍ക്കു് കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളും, അതിനായി സഹിക്കേണ്ടിവരുന്ന കോട്ടങ്ങളും ആ സമൂഹത്തിന്റെ ലോകത്തിലെ അന്തസ്സുറ്റ നിലനില്‍പ്പിനെ എത്രത്തോളം അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കും എന്നതില്‍ അധിഷ്ഠിതമായിരിക്കണമെന്നാണു് എനിക്കു് തോന്നുന്നതു്. അതിന്റെ വിലയിരുത്തല്‍ മനുഷ്യന്‍ ഇന്നോളം നേടിയെടുത്തതും, ബൗദ്ധികലോകം പൊതുവേ അംഗീകരിക്കുന്നതുമായ അറിവുകളുടെ വെളിച്ചത്തില്‍ ആയിരുന്നാലേ അതിനു് യുക്തിസഹമായ നീതീകരണം നല്‍കാന്‍ കഴിയുകയുള്ളു.

സേതുസമുദ്ര-കപ്പല്‍ച്ചാല്‍-പദ്ധതി നടപ്പാക്കിയാല്‍ ഇന്ധനലാഭം വഴി നേടാന്‍ കഴിയുന്നതു് വര്‍ഷം തോറും 21 കോടി രൂപയാണു് (കേരളകൗമുദി 09. 04. 2007). അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഇന്ധനശേഖരം ഇനി ഏതാനും ദശാബ്ദങ്ങളിലേക്കു് മാത്രമേ തികയൂ എന്ന ശാസ്ത്രനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ധനം ലാഭിക്കേണ്ടതിന്റെ ആവശ്യം തീര്‍ച്ചയായും വ്യക്തമാണു്. പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ തേടേണ്ടതു് അസ്തിത്വപ്രാധാന്യമര്‍ഹിക്കുന്ന വിഷയവുമാണു്. അനതിവിദൂരഭാവിയില്‍ അന്ത്യം കാണേണ്ടിവരുന്ന എണ്ണ ലാഭിക്കാനായി പ്രകൃതിയിലെ അമൂല്യതകളെ എന്നേക്കുമായി നശിപ്പിക്കണമോ എന്നതാണു് തന്മൂലം ചിന്തിക്കപ്പെടേണ്ട പ്രശ്നം. തിരുത്താനാവാത്ത ശസ്ത്രക്രിയകള്‍ക്കു് പ്രകൃതിയെ വിധേയമാക്കിയാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നതു് പിന്‍തലമുറകളായിരിക്കും. ഭൂമി നമുക്കു്‌ പൈതൃകമായി ലഭിച്ചതല്ല, നമ്മള്‍ മക്കളില്‍ നിന്നും കടമെടുത്തതാണു്‌ എന്നൊരു ചൊല്ലു്‌ നേറ്റീവ് അമേരിക്കന്‍സിന്റെ ഇടയിലുണ്ടു്‌. അതു് ചുരുങ്ങിയപക്ഷം പരിക്കുകളില്ലാതെയെങ്കിലും മക്കള്‍ക്കു്‌ തിരിച്ചുകൊടുക്കാനുള്ള ബാദ്ധ്യത മനുഷ്യര്‍ക്കുണ്ടു്‌.

പരിസ്ഥിതിസംബന്ധമായി ഇന്നു് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറിയപങ്കും മനുഷ്യന്‍ തന്നെ സൃഷ്ടിച്ചവയാണു്. വ്യത്യസ്തമായ മരങ്ങളും ചെടികളും നിറഞ്ഞുനിന്നിരുന്ന കേരളത്തിലെ മനോഹരങ്ങളായ വനങ്ങള്‍ നിശ്ശേഷം വെട്ടിനശിപ്പിച്ചു് തേക്കുപോലുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച “മോണോ കള്‍ച്ചര്‍ വിപ്ലവം” ഒരുദാഹരണം മാത്രം. ചില തെറ്റുകള്‍ തിരുത്താവുന്നവയാണു്. പക്ഷേ, മറ്റു് ചിലതില്‍നിന്നും മോചനം നേടാന്‍ മരണം വഴിയല്ലാതെ മനുഷ്യനു് കഴിയുകയില്ല. സങ്കുചിതമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ സാമൂഹികസ്ഥാപനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ കൈക്കൊണ്ട പല നടപടികളും സമൂഹത്തിന്റെ സ്വയം നശീകരണത്തിനു് വഴിമരുന്നായി തീരുകയായിരുന്നു. അജ്ഞത മൂലമോ അപ്രമാദിത്വം മൂലമോ അന്നു് അവര്‍ക്കതറിയാന്‍ കഴിയാതെ പോയെങ്കിലും, ഇന്നത്തെ മനുഷ്യനു് അതിനു് അനുവാദമില്ല. കാരണം, നമ്മള്‍ ജീവിച്ചിരിക്കുന്ന യുഗം അറിവിന്റെ യുഗമാണു്. അറിയണമെന്ന ആഗ്രഹമുണ്ടെങ്കില്‍ വസ്തുതകള്‍ യഥാര്‍ത്ഥവെളിച്ചത്തില്‍ കാണാനുള്ള സാദ്ധ്യത ഇന്നു് ലോകത്തിലുണ്ടു്. ഭൂമി എന്ന, നമ്മള്‍ വസിക്കുന്ന കൊമ്പു് മുറിക്കാതിരിക്കാന്‍ വേണമെങ്കില്‍ മനുഷ്യനു് ഇന്നു് കഴിയുമെന്നു് ചുരുക്കം. ജീവന്റെ നിലനില്‍പ്പിനു് അനുപേക്ഷണീയമായ സാഹചര്യങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നും, ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങള്‍ നിഷേധിക്കപ്പെടരുതെന്നുമുള്ള സാമാന്യസത്യം അംഗീകരിക്കാന്‍ വലിയ അറിവിന്റെ ആവശ്യമൊന്നും ഇല്ല. ഭൂമിക്കു് നമ്മെയല്ല, നമുക്കു് ഭൂമിയെയാണു് ആവശ്യം.

80 ശതമാനം മനുഷ്യര്‍ അവരുടെ ജീവിതച്ചിലവു് ഒരുദിവസം രണ്ടു് ഡോളറില്‍ താഴെയും, 35 ശതമാനം പേര്‍ വെറും ഒരു ഡോളറില്‍ താഴെയും ഒതുക്കി തൃപ്തിപ്പെടേണ്ടിവരുന്ന ഭാരതത്തിലെ സാധാരണജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇന്ധനലാഭം വഴി ഓരോ വര്‍ഷവും നേടാന്‍ കഴിഞ്ഞേക്കാവുന്ന 21 കോടി രൂപ വിനിയോഗിക്കപ്പെടുകയില്ലെന്നു് മാത്രമല്ല, അതിനതു് പര്യാപ്തമാവുകയുമില്ല. അതിലുപരി, പരിസ്ഥിതിമലിനീകരണത്തിന്റെ ദുഷ്ഫലങ്ങളില്‍ ആദ്യവും അധികവും മുങ്ങിക്കുളിക്കേണ്ടതു് സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണുതാനും. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ എറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹനിരകളെ ശ്രദ്ധിച്ചാല്‍ ഇതു് മനസ്സിലാവും. രാമസേതുവിനെസംബന്ധിച്ചു് നിലവിലിരിക്കുന്ന പുരാണാധിഷ്ഠിതകഥകള്‍ ശരിയായാലും തെറ്റായാലും, രാമസേതുവും അതിന്റെ പരിസരങ്ങള്‍ പരിവാസത്തിനു് പ്രയോജനപ്പെടുത്തുന്ന ജലസസ്യങ്ങളും, പവിഴപ്പുറ്റുകളും യാഥാര്‍ത്ഥ്യങ്ങളാണു്, അമൂല്യമാണു്. അവയെ സംരക്ഷിക്കാന്‍ ഒരു പൈസയുടെപോലും ചെലവുമില്ല. അവയെ വെറുതെവിട്ടാല്‍ മതി. അതേസമയം, കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാനായി അവയെ നശിപ്പിക്കുന്നതുവഴി നേടാന്‍ കഴിയുന്നതു് ഓരോ വര്‍ഷവും 21 കോടി രൂപ എന്ന കണക്കില്‍, നൂറു് വര്‍ഷംകൊണ്ടു് 2100 കോടി രൂപയാണു്. അതായതു്, അതുവഴി നൂറു് വര്‍ഷംകൊണ്ടു് നേടാന്‍ കഴിയുന്നതു് ഭാരതത്തിന്റെ ഒരു വര്‍ഷത്തെ ഗ്രോസ് നാഷണല്‍ പ്രോഡക്റ്റിന്റെ ഏകദേശം ആറു് ശതമാനം മാത്രമാണു്. (ഉറവിടം: UN Statistics, World Bank Statistics)

ചുരുക്കത്തില്‍ , സേതുസമുദ്ര-കപ്പല്‍ച്ചാല്‍ പദ്ധതിയില്‍ ഒരു ദീര്‍ഘവീക്ഷണവുമില്ല. സ്ഥാപിതമായ ഏതോ താല്‍പര്യങ്ങളുടെ താത്കാലികലാഭം മാത്രമാണു് അതിന്റെ ലക്‍ഷ്യം. സമ്പത്തികമോ, പരിസ്ഥിതിപരമോ ആയ എന്തെങ്കിലും നേട്ടം സാമന്യജനങ്ങള്‍ക്കു് അതുവഴി ഉണ്ടാവുകയില്ല എന്നിരിക്കെ, എന്തിനുവേണ്ടി അവര്‍ അതിനെ പിന്‍താങ്ങണം എന്നെനിക്കറിയില്ല. സര്‍വ്വോപരി, ഭാരതീയന്റെ സാമൂഹികപ്പുരോഗതിക്കു് പ്രധാന തടസ്സമായി നില്‍ക്കുന്നതു് 21 കോടി രൂപയുടെ കുറവല്ല, സ്ഥാപിതതാല്‍പര്യങ്ങള്‍ നൂറ്റാണ്ടുകളിലൂടെ അവനില്‍ വളര്‍ത്തിയെടുത്ത ആന്തര അടിമത്തമാണു്. ഈ സത്യം അറിയാന്‍ അവനു് അവകാശമില്ലെന്നു് അവന്‍ തന്നെ അടിയുറച്ചു് വിശ്വസിക്കുന്നു, തിരുത്താനാവാത്തവിധം!

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 8

അപ്രതീക്ഷിതമായി സംഭവിക്കാവുന്ന മരണവും, രോഗങ്ങളും, മറ്റു് അത്യാഹിതങ്ങളും, സ്വന്തപരിശ്രമങ്ങള്‍ ഫലവത്താവുമോ എന്നതിലെ അനിശ്ചിതത്വവുമൊന്നുമില്ലെങ്കില്‍ മനുഷ്യനു് ഒരു ദൈവത്തിന്റെ ആവശ്യമെന്തു്? ഇഹലോകജീവിതത്തില്‍ ആഗ്രഹമുണ്ടായിരുന്നിട്ടും നേടാന്‍ കഴിയാതെപോയ കാര്യങ്ങളുടെ സഫലീകരണദാഹവും, നേടാന്‍ കഴിഞ്ഞ സൗഭാഗ്യങ്ങള്‍ നിറം മങ്ങാതെ നിത്യമായി നിലനിന്നുകാണാനുള്ള നിതാന്തമോഹവും, പ്രതികാരം ചെയ്യാന്‍ സ്വയം അശക്തരായവര്‍ സമൂഹത്തില്‍ പൊതുവേ അനുഭവിക്കേണ്ടിവരുന്ന അനീതിയും, പീഡനവും ഒന്നുമില്ലായിരുന്നെങ്കില്‍ മരണാനന്തരം മനുഷ്യരെ അവരുടെ പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലവുമായി കാത്തിരിക്കുന്ന സ്വര്‍ഗ്ഗവും നരകവും അവയിലെ മാലാഖമാരും പിശാചുക്കളുമെല്ലാം എന്തിനുവേണ്ടി? മാലാഖമാര്‍ യുവത്വത്തിന്റെ തുടിപ്പും സൗന്ദര്യവും ആകര്‍ഷണീയതയും നിറഞ്ഞുകവിയുന്നവരായി വര്‍ണ്ണിക്കപ്പെടുമ്പോള്‍, പിശാചുക്കള്‍ വാലും കൊമ്പുമുള്ള ഭയാനകരൂപികളായി വികൃതവല്‍ക്കരിക്കപ്പെടുന്നതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നതു് ലൗകികമായ മാനദണ്ഡങ്ങളും മനുഷ്യരുടെ സങ്കല്‍പങ്ങളും പ്രതീക്ഷകളുമൊക്കെയല്ലാതെ മറ്റെന്താണു്? തീവ്രമായ മതപരനിലപാടുകളുടെ പേരില്‍ കൊല്ലാനും മരിക്കാനും തയ്യാറാവുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കു് ലഭിക്കാനിരിക്കുന്ന ദൈവീകപ്രതിഫലത്തില്‍ ഉറച്ചുവിശ്വസിക്കുന്നവരാണു്. സഹജീവികളെ കൊല്ലുന്നവന്‍ തന്റെ പ്രവൃത്തിയില്‍ ദൈവം അവനെ “നേരിട്ടു് ഭരമേല്‍പ്പിച്ചിരിക്കുന്ന” ഒരു ചുമതലയുടെ നീതിയുക്തമായ പൂര്‍ത്തീകരണം ദര്‍ശിക്കുന്നു. ഇനി, ഈ കടമനിര്‍വഹണത്തില്‍ മരിക്കേണ്ടിവന്നാല്‍, അതുവഴി തികച്ചും വിശുദ്ധമായ ഒരു ലക്‍ഷ്യം നേടുന്നതിനുള്ള പാതയിലെ മറ്റൊരു രക്തസാക്ഷിയായിമാറി താന്‍ ദൈവേഷ്ടം നിറവേറ്റുകയാണെന്നു് അവന്‍ കൃതാര്‍ത്ഥതയോടെ വിശ്വസിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയാവുമ്പോള്‍ തന്റെ ആത്മാവിനെ യുവകന്യകമാരുടെ സംഘം ആര്‍ഭാടപൂര്‍വ്വം ആനയിച്ചു് ദൈവസന്നിധിയില്‍ എത്തിക്കുമെന്ന പ്രതീക്ഷ അവനു് പ്രചോദനം നല്‍കുന്നു. എന്തുകൊണ്ടു് “യുവകന്യകമാര്‍ “? പല്ലുകൊഴിഞ്ഞു്, കവിളൊട്ടി, തൊലി ചുളിഞ്ഞു്, മുടികൊഴിഞ്ഞു്, മുതുകുവളഞ്ഞ “മുതുക്കികളെ” എന്തുകൊണ്ടു് രക്തസാക്ഷികളെ ദൈവസന്നിധിയിലേക്കു് ആനയിക്കേണ്ട ജോലി ഏല്‍പ്പിക്കുന്നില്ല? ലോകാരംഭത്തിനു് മുന്‍പേ “സ്വയം ജനിച്ച” ദൈവവും അത്ര പ്രായം കുറഞ്ഞവനായിരിക്കുകയില്ല എന്നിരിക്കെ, വൃദ്ധകളുടെയും, വൃദ്ധന്മാരുടെയും പക്വതയും, അനുഭവസമ്പത്തും വിലമതിക്കുന്നതില്‍, ഉപയോഗപ്പെടുത്തുന്നതില്‍ എന്തു് തെറ്റു്?

വളര്‍ച്ച പ്രാപിച്ച സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വിവേകശൂന്യമെന്നു് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ വരെ വിശ്വാസതീവ്രതമൂലം വീണ്ടുവിചാരമില്ലാതെ ചെയ്യാന്‍ അധികപങ്കും പ്രായപൂര്‍ത്തിപോലുമായിട്ടില്ലാത്തവര്‍ ഒരുങ്ങുമ്പോള്‍, അവയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളുടെ അളവുകോലുകള്‍ പ്രലോഭകമായ ലൗകികതയാണെന്നതില്‍നിന്നും അവയില്‍ അഭൗമികതയും ദൈവികതയും ദര്‍ശിക്കുന്നതിലെ അര്‍ത്ഥശൂന്യത തിരിച്ചറിയാന്‍ കഴിയേണ്ടതല്ലേ? ആദര്‍ശപരമായ കാര്യങ്ങളെ അന്ധമായി പിന്‍തുടരാനുള്ള യുവത്വത്തിന്റെ സ്വാഭാവികചായ്‌വുമൂലം, അദൃശ്യരായി എവിടെയോ ഇരുന്നു് ചിരിച്ചുകൊണ്ടു ചരടു് വലിക്കുന്നവര്‍ സ്വന്തം ലക്‍ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ ഉപകരണങ്ങളാക്കുമ്പോള്‍ അതു് മനസ്സിലാക്കാന്‍ അവര്‍ക്കു് കഴിയുന്നില്ല. അവരില്‍ അധികപങ്കും മസ്തിഷ്കപ്രക്ഷാളനം സംഭവിച്ചുകഴിഞ്ഞവരായിരിക്കുംതാനും!

തലമുറകളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു് രൂപത്തിനും ഭാവത്തിനും തേയ്മാനം സംഭവിച്ച ഏതാനും ശീലുകള്‍ മൈനകളേപ്പോലെ ഏറ്റുപാടുന്നതുവഴി തന്നെത്താന്‍ brain-wash ചെയ്യുന്ന പാവം മനുഷ്യര്‍! ഒരു പ്രാര്‍ത്ഥന നാല്‍പതും അന്‍പതും പ്രാവശ്യം ആവര്‍ത്തിക്കുമ്പോഴും അതില്‍ അസാധാരണമായി ഒന്നും തോന്നാത്ത അവസ്ഥയിലെത്തിയവര്‍! “ദൈവമേ, നീ പരിശുദ്ധനാകുന്നു” എന്ന പ്രാര്‍ത്ഥനാശകലത്തിന്റെ അര്‍ത്ഥം നമുക്കറിയാം. ദൈവത്തോടുള്ള നന്ദിയും ബഹുമാനവും സൂചിപ്പിക്കുവാന്‍ ഈ വാചകം ഉപയോഗപ്പെടുത്തുന്നതും മനസ്സിലാക്കാം. പക്ഷേ അതു് വീണ്ടും വീണ്ടും നൂറുപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടാലോ? “സുഹൃത്തേ, നീ നല്ലവനാണു്” എന്നൊരു നല്ല മനുഷ്യന്‍ നമ്മോടു് പറഞ്ഞാല്‍ നമ്മള്‍ അതില്‍ സന്തോഷിക്കും. നമ്മുടെ സന്തോഷം ന്യായമായും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം ആ മനുഷ്യന്‍ അതേ വാചകം ഇരുന്ന ഇരുപ്പില്‍ ഇരുപത്തഞ്ചുപ്രാവശ്യം നമ്മുടെ ചെവിയില്‍ ഉരുവിടാന്‍ തുടങ്ങിയാല്‍ അയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം അടുത്ത മാനസികരോഗാശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും. കാരണം, അയാളുടെ ഈ പ്രവൃത്തി നമ്മുടെ ദൃഷ്ടിയില്‍ ഒരു abnormality ആണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാര്‍ത്ഥനകളും മന്ത്രങ്ങളുമൊക്കെ കൊന്തയുടെയോ ജപമാലയുടെയോ സഹായത്തോടെ ഇടവിടാതെ ആവര്‍ത്തിക്കുന്ന ഒരു ഭക്തന്‍ ഒരു അസാധാരണത്വവും നമ്മില്‍ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിച്ചാല്‍, ദൈവം ഒന്നുകില്‍ ചെവിയില്ലാത്തവനോ, അല്ലെങ്കില്‍ കേള്‍ക്കുന്നതു് മനസ്സിലാക്കാന്‍ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാല്‍ അതില്‍ അത്ഭുതമെന്തു്? തങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ സ്വന്തദൈവത്തെ ഇതുപോലെ കുരങ്ങുകളിപ്പിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാവുമായിരുന്നോ? പറയുന്ന കാര്യങ്ങള്‍ നൂറുവട്ടം ആവര്‍ത്തിച്ചാലും മനസ്സിലാവാത്തവര്‍ നമ്മുടെ അഭിപ്രായത്തില്‍ വിഡ്ഢികളാണു്. അവര്‍ക്കു് തുല്യനാവണമോ ദൈവം? സാധാരണ ജീവിതത്തില്‍ abnormal ആയ കാര്യങ്ങള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തികച്ചും normal ആയി പരിഗണിക്കപ്പെടുന്നു. ഗണിതശാസ്ത്രപരമായി രണ്ടു് എന്ന അക്കത്തിന്റെ വര്‍ഗ്ഗമൂലം യുക്തിഹീനമാണു്. (square root of two is irrational) വിശ്വാസവും ഏതാണ്ടു് അതുപോലെതന്നെയാണു്. യുക്തിയുടെ (reason) വെളിച്ചത്തില്‍ അതിനു് അടിസ്ഥാനമൊന്നുമില്ല. യുക്തിഹീനതയുടെ ഏതോ സാങ്കല്‍പികതലങ്ങളില്‍ ദൈവങ്ങളും, മതങ്ങളും, മനുഷ്യരുടെ വിശ്വാസവും പരസ്പരപൂരകങ്ങളായി, പരസ്പരം നീതീകരിച്ചുകൊണ്ടു് നിലകൊള്ളുന്നു. സ്വന്തം വിശ്വാസത്തിലെ യുക്തിപൂര്‍വ്വതയല്ല മനുഷ്യര്‍ മതങ്ങളെ അനുഗമിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തി. മതവിശ്വാസത്തിനു് അടിമയാവുമ്പോഴുണ്ടാവുന്ന ഒരുതരം മോഹനിദ്രയുടെ അവസ്ഥയില്‍ സ്വയം മറന്നു് സ്വപ്നാടനം ചെയ്യുന്നവരാണു് ഭൂരിപക്ഷം വിശ്വാസികളും. ഏതാനും പ്രാര്‍ത്ഥനാശീലുകളുടെ നിരന്തരമായ ആവര്‍ത്തനം വഴി സ്വയം ഹിപ്നോടൈസ്‌ ചെയ്യുന്ന വിശ്വാസി തന്റെ സുഷുപ്താവസ്ഥയ്ക്കു് ശാശ്വതമായ സ്ഥിരീകരണം നല്‍കുന്നു. സ്വന്തം മതങ്ങളുടെ വേലിക്കെട്ടിനുള്ളിലെ സ്വാതന്ത്ര്യമല്ലാതെ, അതിനു് ബാഹ്യമായ ഒരു സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവസരം അവര്‍ക്കു ലഭിക്കുന്നില്ല. തന്മൂലം അതിനുള്ള ആഗ്രഹം അവരില്‍ ഉദിക്കുന്നുമില്ല. ജയിലിന്റെ മതിലിനെപ്പറ്റി ബോധവാന്മാരല്ലാത്തവര്‍ ജയിലിനുള്ളിലും സ്വതന്ത്രരായിരിക്കുമല്ലോ!

മനുഷ്യരെ ഭയപ്പെടുത്താന്‍ മതങ്ങള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളില്‍ മരണം വളരെ പ്രധാനപ്പെട്ട ഒരു പങ്കു് വഹിക്കുന്നുണ്ടു്‌. പക്ഷേ, ഭയപ്പെടേണ്ട ഒന്നാണോ മരണം? ഭയപ്പെട്ടതുകൊണ്ടു് മരണം ഒഴിവാവുമോ? ബോധപൂര്‍വ്വം ജീവിക്കുകയും, പ്രായോഗികതയുടെ തലങ്ങളില്‍ സാദ്ധ്യവും, ലഭ്യവുമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടു് അകാലചരമം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതല്ലാതെ, ഭയപ്പെട്ടതുകൊണ്ടോ, നേര്‍ച്ചയിട്ടതുകൊണ്ടോ മരണത്തെ എന്നേക്കുമായി മാറ്റിനിര്‍ത്താന്‍ ഒട്ടു് കഴിയുകയുമില്ല. മരണഭയംകൊണ്ടു് മതങ്ങള്‍ക്കേ എന്തെങ്കിലും പ്രയോജനമുള്ളു. വിശ്വാസികളും അവിശ്വാസികളുമായ അനേകകോടി മനുഷ്യരും മൃഗങ്ങളും ഇതിനോടകം ചത്തു. ഇനിയും ചാവും. അവരൊക്കെ ചത്തെങ്കില്‍, ചാവുമെങ്കില്‍ നമ്മളും എന്നെങ്കിലും തീര്‍ച്ചയായും ചാവും, സംശയിക്കേണ്ട. മരണത്തിനുവേണ്ടി കാത്തിരിക്കേണ്ട. മരണം തനിയേ വന്നുകൊള്ളും. മനുഷ്യന്‍ പൊരുതേണ്ടതു് ജീവിതവുമായാണു്, മരണവുമായല്ല. ജീവിതമാണു് ശത്രു, മരണമല്ല!

പ്രകൃതിസഹജമായ മരണം ഭയപ്പെടേണ്ട ഒന്നായിത്തീരുന്നതിന്റെ പലകാരണങ്ങളില്‍ പ്രധാനമായ ഒന്നു്, മതങ്ങള്‍ മരണാനന്തരജീവിതത്തെ മനുഷ്യര്‍ ഇഹലോകജീവിതത്തില്‍ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെടുത്തുന്നു എന്നതാണു്. അതേസമയം, കര്‍മ്മഫലാധിഷ്ഠിതമായ ഒരു മരണാനന്തരജീവിതം ഉണ്ടെങ്കില്‍തന്നെ, വീണ്ടുമൊരിക്കലും ഒരു പുനര്‍ജ്ജന്മം അവര്‍ക്കുണ്ടാവാത്തവിധത്തില്‍ നരകത്തിന്റെ ഏറ്റവും അടിയിലെത്തുന്നവര്‍ പുരോഹിതന്മാരായിരിക്കും! ദൈവം സൃഷ്ടിച്ച മനുഷ്യരെ ജന്മത്തിന്റെ പേരില്‍ ജാതിയും മതവും തിരിക്കുന്നവര്‍, അവരെ സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും വേര്‍പെടുത്തുന്നവര്‍ ചെയ്യുന്നതില്‍ കവിഞ്ഞ ഒരു നികൃഷ്ടകര്‍മ്മം ദൈവത്തോടു് ചെയ്യാനാവുമെന്നു് തോന്നുന്നില്ല. ദൈവത്തോടു് ചെയ്യുന്ന നികൃഷ്ടകര്‍മ്മങ്ങളുടെ ഫലം മോചനമില്ലാത്ത നിത്യനരകമേ ആവൂ! മനുഷ്യന്‍ ജനിക്കുന്നതു് ദുഷ്കര്‍മ്മിയായിട്ടല്ല. അവന്റെ സമൂഹം, അവന്റെ ചുറ്റുപാടുകള്‍ അവനെ ദുഷ്കര്‍മ്മങ്ങളിലേക്കു് തള്ളിവിടുകയാണു് ചെയ്യുന്നതു്. മനുഷ്യന്‍ ദുഷ്കര്‍മ്മം ചെയ്യുന്നതിന്റെ പ്രധാന ഉത്തരവാദി അവന്റെ സമൂഹം തന്നെയാണു്. മറ്റൊരുവന്‍ തെറ്റുകാരനാവുന്നതിന്റെ ഉത്തരവാദിത്തം നമുക്കു് ഓരോരുത്തര്‍ക്കുമാണു്. മനുഷ്യാത്മാവിനു് എന്തെങ്കിലും ദൈവികത അവകാശപ്പെടാന്‍ കഴിയുമെങ്കില്‍, അങ്ങനെയൊരു ആത്മാവിനെ കര്‍മ്മത്തിന്റെ പേരില്‍ ഒരു മൃഗശരീരത്തില്‍ പുനര്‍ഭവിക്കാന്‍ ഒരു ദൈവവും അനുവദിക്കുകയില്ല. മനുഷ്യര്‍ തിന്മ ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ദൈവത്തിനോ, സമൂഹത്തിനോ പൂര്‍ണ്ണമായി കൈകഴുകി ഒഴിവാവാന്‍ സാദ്ധ്യമല്ല എന്നതിനാല്‍, ദൈവികമോ മാനുഷികമോ ആയ എന്തെങ്കിലുമൊരു നീതി അതില്‍ ദര്‍ശിക്കാനുമാവില്ല. തിന്മയെ നിരുപാധികം നിരോധിക്കാന്‍ കഴിയുന്നവര്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നതു് കാപട്യവും അധര്‍മ്മവുമാണു്.

“മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിട്ടുകൊള്ളും” (ലൂക്കോസ്‌ 7: 59, 60) എന്നു് യേശു പറഞ്ഞതു് മരണത്തെ അപ്രധാനമാക്കാനായാല്‍ മാത്രമേ അതിനു് താത്വികമായ എന്തെങ്കിലും വില കല്‍പിക്കാനാവൂ. അല്ലാതെ, മൃതിയടഞ്ഞ പിതാവിനെ മരിച്ചവര്‍ വരുന്നതും കാത്തു്, കിടന്നിടത്തു് കിടന്നു് ചീയാന്‍ അനുവദിക്കുക എന്ന അര്‍ത്ഥത്തില്‍ അതു് മനുഷ്യാധമത്വമേ ആവൂ. യേശു അങ്ങനെ പറഞ്ഞതുകൊണ്ടു് സാമാന്യബോധമുള്ള ഏതെങ്കിലും ക്രിസ്ത്യാനി മരണമടഞ്ഞ സ്വന്തം പിതാവിനെ സംസ്കരിക്കാതിരിക്കുമോ?

 

Tags: , ,