RSS

Monthly Archives: Nov 2007

യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും – 3

കാളയുടെയോ കൈപ്പത്തിയുടെയോ പടം നോക്കി സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഒരു ജനാധിപത്യം അതിന്റെ ദയനീയതയിലേയ്ക്കും ഗതികേടിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നതു്. അന്താരാഷ്ട്രീയതയുടെ തലങ്ങളില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിനും സ്വന്തം സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ അജ്ഞതയുടെ നേരെ കണ്ണടയ്ക്കാന്‍ അനുവാദമില്ല. മനുഷ്യബുദ്ധിയുടെ പ്രകൃതിസഹജമായ വളര്‍ച്ചയെ കല്‍ത്തുറുങ്കിലടച്ചു്, നിര്‍ജ്ജീവമാക്കി, മുരടിപ്പിച്ചു് നശിപ്പിക്കുവാന്‍ സ്ഥാപിതതാത്പര്യങ്ങളുടെ കേന്ദ്രീകൃതശക്തികള്‍ ഒന്നടങ്കം നിരന്തരം നടത്തുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ടു്. എന്താണു് പറയുന്നതു് എന്നതിനേക്കാള്‍ ആരാണു് പറയുന്നതു് എന്നതിലാണു് മനുഷ്യര്‍ക്കു് കൂടുതല്‍ താല്‍പര്യം. പറയുന്നവന്റെ സ്ഥാനവിലനോക്കി കേള്‍ക്കുന്നതു് അന്ധമായി അംഗീകരിക്കപ്പെടുന്നു. തനിയ്ക്കു് മുട്ടുമടക്കി ആരാധിക്കുവാന്‍ താന്‍ തന്നെ സൃഷ്ടിച്ച വിഗ്രഹങ്ങളെ ഔന്നത്യങ്ങളിലേക്കു് വിക്ഷേപിച്ചാലേ മനുഷ്യനു് സമാധാനമാവൂ! സ്വന്തം യുക്തിബോധവുമായി പൊരുത്തപ്പെടുന്നവയെ മാത്രം വിലമതിക്കാനും അല്ലാത്തവയെ തള്ളിക്കളയുവാനുമുള്ള അവകാശം ഏതൊരു മനുഷ്യനുമുണ്ടാവണം. പക്ഷേ, സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ ധൈര്യപൂര്‍വ്വം കൈക്കൊള്ളാന്‍ മനുഷ്യനു് കഴിയണമെങ്കില്‍ അതിനുതകുന്ന മാനസികവളര്‍ച്ച ബോധവല്‍ക്കരണം വഴി മനുഷ്യനു് ലഭിച്ചിരിക്കണം. പിതാവു് മന്ത്രിയായിരുന്നു എന്ന യോഗ്യത മകനു് മന്ത്രിയാവാന്‍ ധാരാളം മതിയാവുന്ന ഒരു സമൂഹത്തെ ആരു്, എങ്ങനെ ബോധവല്‍ക്കരിക്കും? രാഷ്ട്രീയമന്ദബുദ്ധികളുടെ ലജ്ജാവഹമായ ഈവിധം സാമൂഹിക സ്വയംപരാഗണം പ്രോത്സാഹിപ്പിക്കപ്പെടുന്നിടത്തു് ചര്‍വ്വിതചര്‍വ്വണത്തില്‍ ആമോദം കൊള്ളുന്ന ആശയനപുംസകങ്ങള്‍ മാത്രമേ രൂപമെടുക്കുകയുള്ളു. ഒരു ജീവിതകാലം മുഴുവന്‍ സമൂഹത്തിന്റെ തലപ്പത്തു് കയറിയിരിക്കാന്‍ അവസരം ലഭിച്ചിട്ടും സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത രാഷ്ട്രീയ വാചാലന്മാരില്‍ നിന്നും ഇനിയെന്തു് പ്രതീക്ഷിക്കാന്‍?

അധികം അറിയണമെന്ന ആഗ്രഹമോ അതിനുള്ള കഴിവോ ഇല്ലാത്തവരാണു് അധികപങ്കു് മനുഷ്യരും. സ്വന്തം പ്രവൃത്തികളിലെ, പ്രത്യേകിച്ചു് വിശ്വാസപരമായ കാര്യങ്ങളിലെ യുക്തിയും യുക്തിഹീനതയുമൊന്നും സാധാരണ ഗതിയില്‍ മനുഷ്യരെ അലട്ടാറില്ല. തലമുറകളിലൂടെയുള്ള ശിക്ഷണം വഴി ധൈര്യം കെടുത്തി, “മിണ്ടാപ്രാണികളാക്കി”ത്തീര്‍ത്തതുമൂലം അവര്‍ ചിന്താശേഷിയില്ലാത്തവരായി തീരുകയായിരുന്നു. ജനങ്ങളുടെ പരമാധികാരത്തില്‍ അധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥിതിയില്‍ പൗരനു് കടമകള്‍ മാത്രമല്ല, അവകാശങ്ങളുമുണ്ടു്. ഉദാഹരണത്തിനു്, തന്റെ ജീവിതവുമായി നിരുപാധികം ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു് ലോകത്തില്‍ നിലവിലിരിക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അറിയാനും വിലയിരുത്താനുമുള്ള അവകാശം അവനുണ്ടാവണം. അങ്ങനെയൊരു താരതമ്യപഠനത്തിനു് ശേഷം ഒരു വ്യക്തി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മാത്രമേ സാമാന്യബുദ്ധിയുടെ വെളിച്ചത്തില്‍ നീതീകരിക്കാനാവൂ. ഏതു് ആദര്‍ശത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ പേരിലായാലും മനുഷ്യന്റെ മാനസികവളര്‍ച്ചയെ നിരുത്സാഹപ്പെടുത്തുന്നതു് മനുഷ്യദ്രോഹമാണു്, മനുഷ്യനിന്ദയാണു്. അന്വേഷിക്കാനും അറിയാനും ചിന്തിക്കാനുമുള്ള മനുഷ്യന്റെ മൗലികമായ അവകാശത്തെ പുസ്തകങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും നിരോധിച്ചുകൊണ്ടു്, സാഹിത്യകാരന്മാരേയും കലാകാരന്മാരെയും പീഡിപ്പിച്ചുകൊണ്ടു് തടസ്സപ്പെടുത്തുന്നതു് മനുഷ്യാവകാശലംഘനമാണു്. മറ്റു് ചിന്താസരണികളെ വിലക്കുകൊണ്ടും ഭീഷണികൊണ്ടും നിരോധിക്കാന്‍ ശ്രമിക്കുന്നതു് പരോക്ഷമായി അവയുടെ മൂല്യത്തിന്റെ ഔന്നത്യം അംഗീകരിക്കുന്നതിനു് തുല്യമാണു്.

ഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരസ്പരം വിപരീതമായ ദ്വൈതഭാവം പ്രപഞ്ചസ്വഭാവമാണു്. ഒരു നാണയത്തിന്റെ രണ്ടു് വശങ്ങള്‍ പോലെ. ഉത്തരധ്രുവവും ദക്ഷിണധ്രുവവും പോലെ. എലക്ട്രോണും പോസിട്രോണും പോലെ. പ്രകാശത്തിന്റെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ മനസ്സിലാക്കുവാനും വിശദീകരിക്കുവാനും ഭൗതികശാസ്ത്രജ്ഞര്‍ക്കു് സന്ദര്‍ഭാനുസരണം ആശ്രയിക്കേണ്ടിവരുന്ന wave theory-യും quantum theory-യും പോലെ. ഫ്രഞ്ച്‌ തത്വചിന്തകനും സാഹിത്യകാരനും നോബല്‍ പ്രൈസ്‌ നേടിയവനുമായ ആല്‍ബെര്‍ കമ്യൂ (Albert Camus) മനുഷ്യജീവിതത്തെ നിഴലും വെളിച്ചവും, ജയവും തോല്‍വിയും പോലുള്ള പരസ്പരവൈരുദ്ധ്യങ്ങളുടെ സമാഹാരമായി വിവക്ഷിക്കുന്നു. ഒരു പക്ഷത്തിനും പരമമായ ആത്യന്തികത അവകാശപ്പെടാന്‍ കഴിയില്ല. പരസ്പരപൂരകങ്ങളായവയിലൊന്നിനെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലം രണ്ടിന്റേയും നാശം മാത്രമേ ആവൂ. ഈ സത്യം അംഗീകരിക്കാനുള്ള ബാദ്ധ്യത മനുഷ്യനുണ്ടു്.

യഥാര്‍ത്ഥത്തില്‍ ചിന്തിക്കുവാന്‍ കഴിയുന്നവയെപ്പറ്റി വ്യക്തമായി ചിന്തിക്കുവാന്‍ കഴിയും എന്നു് തുറന്നടിച്ചു് പ്രഖ്യാപിച്ചുകൊണ്ടു് അതിഭൗതികതയെ തള്ളിക്കളയുന്ന, യൂറോപ്യന്‍ ക്ലാസിക്കല്‍ തത്വചിന്തയുടെ മരണമണി മുഴക്കിയ ലുഡ്‌വിഗ്‌ വിറ്റ്‌ഗെന്‍സ്റ്റൈന്‍ (Ludwig Wittgenstein) പറയുന്നു: “വാക്കുകള്‍ ചെയ്യേണ്ടതു് യാഥാര്‍ത്ഥ്യത്തെ യുക്ത്യനുസൃതമായ രൂപത്തില്‍ വെളിപ്പെടുത്തുകയാണു്. പറയാന്‍ കഴിയുന്നവ തെളിച്ചും വ്യക്തമായും പറയാന്‍ കഴിയും. പറയാന്‍ കഴിയാത്തവയെപ്പറ്റി മനുഷ്യന്‍ നിശബ്ദത പാലിക്കണം.”

നിഹിലിസത്തിന്റെ വക്താവായിരുന്ന തത്വചിന്തകജീന്യസ്‌ ഫ്രീഡ്‌റിഹ്‌ നീറ്റ്‌സ്ഷെ സ്വതസിദ്ധമായ തീക്ഷ്ണതയോടെ മുന്‍പേതന്നെ പ്രഖ്യാപിച്ചിരുന്നു: “കാണാനോ കയ്യെത്തിപ്പിടിക്കാനോ കഴിയാത്തിടങ്ങളില്‍ എന്തെങ്കിലും അന്വേഷിക്കേണ്ട ആവശ്യം മനുഷ്യനില്ല. നിരുപാധികമായ നിശ്ചയവും, പരമമായ ജ്ഞാനവുമെല്ലാം അതില്‍ത്തന്നെ വൈരുദ്ധ്യങ്ങളാണെന്നതിനാല്‍ വാക്കുകളുടെ വശീകരണങ്ങളില്‍ നിന്നും മനുഷ്യന്‍ അന്തിമമായി സ്വയം മോചിപ്പിക്കണമെന്നു് ഒരു നൂറുവട്ടം ഞാന്‍ ആവര്‍ത്തിക്കുന്നു.”

ഒരുവശത്തു്, ആണവോപഘടകങ്ങളെപ്പറ്റിയും, മറുവശത്തു്, മാനവമാനകങ്ങള്‍ക്കു് അതീതമെന്നോണം അനന്തമെന്നു് തോന്നുന്ന, കോടാനുകോടി നക്ഷത്രസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ സംബന്ധിച്ചും മനുഷ്യന്‍ നേടിയ അറിവുകളുടെ വെളിച്ചത്തില്‍ സ്വന്തം നിലപാടുകളിലെ യുക്തിയും യുക്തിഹീനതയും ഒരു തുറന്ന പരിശോധനയ്ക്കു് വിധേയമാക്കാനുള്ള ബാദ്ധ്യത സാമാന്യബോധമുള്ള മനുഷ്യര്‍ക്കു് ഉണ്ടാവേണ്ടതാണു്. പക്ഷേ, അദ്ധ്യാത്മികതയുടെ അമാനുഷികമേഖലകളില്‍ “അതീന്ദ്രിയജ്ഞാനത്തിലൂടെ” ശാശ്വതമായ ആത്യന്തികസത്യം കണ്ടെത്തിയെന്നു് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്നവര്‍ എന്തിനു് ഒരു ആത്മപരിശോധനയ്ക്കു് ഒരുങ്ങണം? എല്ലാം അറിയാമെന്ന ഭാവത്തിലെ അപ്രമാദിത്വമാണു് അന്യമായതിനോടുള്ള അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും നിദാനം. അടുക്കുന്തോറും അകന്നകന്നു് പോകുന്ന ഒരു മരീചിക മാത്രമാണു് അറിവു്. പൂര്‍ണ്ണമായ അറിവു് മനുഷ്യനു് അപ്രാപ്യമാണു്. ഒരു ചോദ്യത്തിന്റെ മറുപടിയായി തുറക്കപ്പെടുന്ന വാതില്‍ മനുഷ്യനെ എത്തിക്കുന്നതു് ഒന്നോ അതിലധികമോ ചോദ്യങ്ങളുടെ അടഞ്ഞ വാതിലുകള്‍ക്കു് മുന്നിലായിരിക്കും. ഒരു ജ്ഞാനപീഠത്തിനും അറിവിന്റെ പാരമ്യതയില്‍ പ്രതിഷ്ഠിക്കപ്പെടാനുള്ള അര്‍ഹത അവകാശപ്പെടാന്‍ കഴിയുകയില്ല. നിത്യമായി അറിവു് തേടിക്കൊണ്ടിരിക്കാന്‍ മാത്രമേ മനുഷ്യനു് കഴിയൂ. അതാണവന്റെ ബാദ്ധ്യതയും.

ചൂഷണം ലക്‍ഷ്യമാക്കി, സാമാന്യമനുഷ്യരെ അജ്ഞതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന സാമൂഹികനേതൃത്വവും അവരുടെ ദ്രവിച്ച തത്വസംഹിതകളുമാണു് ഭാരതീയന്റെ ശാപം. മനുഷ്യന്‍ ജനിക്കുന്നതു് മരണാനന്തരം ജീവിക്കുവാന്‍ വേണ്ടിയല്ല, ഈ ലോകത്തില്‍ മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കുവാനാണു്. ജീവിതസുഖം അധികാരത്തിന്റെ മാത്രം ആനുകൂല്യമല്ല, മനുഷ്യരുടെ പൊതുവായ അവകാശമാണു്. തീര്‍ച്ചയായും മനുഷ്യര്‍ (പാവകളെപ്പോലെ!) തുല്യരല്ല, ആവുകയുമില്ല. ഓരോ മനുഷ്യന്റെയും കഴിവുകള്‍ വ്യത്യസ്തമാണു്. അവ ജാതിമതഭേദമെന്യേ തിരിച്ചറിയാനും വളര്‍ത്തിയെടുക്കുവാനും മനുഷ്യര്‍ക്കു് കഴിഞ്ഞാല്‍ അവര്‍ക്കും സമൂഹത്തിനും അതുകൊണ്ടു് നേട്ടമേ ഉണ്ടാവൂ. റിക്ഷാ വലിക്കുന്നവനും ചുമട്ടുതൊഴിലാളിയും ആവാനാവരുതു് ഒരു ഭാരതീയന്‍ ഭൂമിയില്‍ ജനിക്കുന്നതു്. ചുരുങ്ങിയപക്ഷം, ഗതികേടുകൊണ്ടു് അങ്ങനെ ആയിത്തീരേണ്ടി വരുന്നവരെ അതു് ദൈവവിധിയാണെന്നു് വിധിയെഴുതി, ന്യായീകരിച്ചു്, അതേ അവസ്ഥയില്‍ എന്നാളും പിടിച്ചുനിര്‍ത്തി ദ്രോഹിക്കാതിരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും മനുഷ്യനുണ്ടാവണം. ദൈവവിധി അറിയുന്നു എന്ന ഭാവം അഹംഭാവമാണു്. അറിയാന്‍ കഴിയാത്തവയെപ്പറ്റി പറയാതിരിക്കാന്‍ മനുഷ്യനു് കഴിയണം. പഴയതു് അന്ധമായി വിശ്വസിക്കാതിരിക്കാന്‍, പുതിയവയെ യുക്തിയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍, അറിഞ്ഞതിനെപ്പറ്റി ചിന്തിക്കുവാന്‍, ചിന്തിച്ചവയെപ്പറ്റി അനുചിന്തനം ചെയ്യുവാന്‍, തെറ്റെന്നു് ഉത്തമബോദ്ധ്യം ഉള്ള കാര്യങ്ങളുടെ നേരെ വിരല്‍ ചൂണ്ടുവാന്‍, അതിനുവേണ്ട കരുത്തു് സംഭരിക്കുവാന്‍ ശ്രമിക്കുകയാണാവശ്യം. അതിന്റെ ആദ്യപടി ബോധവല്‍ക്കരണമാണു്.

“മനുഷ്യന്‍ സ്വാപരാധത്താല്‍ സൃഷ്ടിച്ച അപക്വതയില്‍ നിന്നുള്ള വിമോചനമാണു് ബോധവല്‍ക്കരണം. മറ്റാരുടെയെങ്കിലും മേല്‍നോട്ടമില്ലാതെ സ്വന്ത ബുദ്ധിയെ ഉപയോഗപ്പെടുത്തുവാനുള്ള കഴിവില്ലായ്മയാണു് അപക്വത. ഈ അപക്വത സ്വന്തം ബുദ്ധിയുടെ കുറവിലല്ല; പ്രത്യുത സ്വബുദ്ധിയെ അന്യമേല്‍നോട്ടമില്ലാതെ ഉപയോഗപ്പെടുത്തുവാനുള്ള ധൈര്യക്കുറവിലാണു് അധിഷ്ഠിതമെങ്കില്‍ അതു് സ്വാപരാധസൃഷ്ടിയാണു്. ധൈര്യം ഉണ്ടാവുക എന്നതാണു് ബോധവല്‍ക്കരണത്തിന്റെ മുദ്രാവാക്യം.” – ഇമ്മാന്വേല്‍ കാന്റ്‌.

 
4 Comments

Posted by on Nov 29, 2007 in ലേഖനം

 

Tags: , ,