RSS

Monthly Archives: Aug 2007

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 6

സര്‍വ്വശക്തിയും പരാജയവും തമ്മില്‍ പൊരുത്തപ്പെടുകയില്ല എന്നതിനാല്‍ , മനുഷ്യരെ പാപവിമുക്തരാക്കാന്‍ സര്‍വ്വശക്തനായ ഒരു ദൈവം ആദിമുതല്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലവത്താകാതിരിക്കുന്നതില്‍ എന്തോ പൊരുത്തക്കേടുള്ളതുപോലെ എനിക്കു് തോന്നുന്നു. സാമാന്യബോധത്തിനു് നിരക്കുന്ന വിധം ഈ വൈരുദ്ധ്യം മനസ്സിലാക്കാന്‍ രണ്ടു് വഴികളേയുള്ളു. ഒന്നുകില്‍, മനുഷ്യര്‍ എന്തു് ചിന്തിക്കുന്നു, എന്തു് പറയുന്നു, എന്തു് പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ ദൈവത്തിനു് യാതൊരു പങ്കോ, താല്‍പര്യമോ ഇല്ല. അല്ലെങ്കില്‍ ദൈവത്തിനു് മനുഷ്യരെ നന്നാക്കാനുള്ള ശക്തിയില്ല. ശക്തിയില്ലാത്ത ദൈവം സര്‍വ്വശക്തനാവുമോ? മനുഷ്യരുടെ ചെയ്തികളില്‍ ഒരു താല്‍പര്യവുമില്ലാത്ത ദൈവം അവരുടെ സ്രഷ്ടാവാവുമോ? അതായതു്, ഈ രണ്ടു് വഴികളും ആദ്യം സൂചിപ്പിച്ച ആന്തരികവൈരുദ്ധ്യം യുക്തിസഹമായി വിശദീകരിക്കാന്‍ മതിയായവയല്ല. തന്റെ അന്വേഷണങ്ങള്‍ വഴിമുട്ടിയപ്പോള്‍, നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ എന്ന പോളണ്ടുകാരന്‍ സ്വീകരിച്ച, “കോപ്പര്‍നിക്കസിന്റെ വഴിത്തിരിവു്” എന്നറിയപ്പെടുന്ന മാര്‍ഗ്ഗമേ ഇവിടെയും സഹായകമാവൂ എന്നു് തോന്നുന്നു. തലച്ചോറില്‍ വേരുറച്ച നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം വഴിമുട്ടുമ്പോള്‍, ആ നിഗമനങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ടു് പുതിയ വഴികളെ തേടുക! ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ക്രിസ്തീയസഭയുടെ പഠിപ്പിക്കലുകള്‍ അടിസ്ഥാനമാക്കി വാനഗോളങ്ങളുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നു് തിരിച്ചറിഞ്ഞ കോപ്പര്‍നിക്കസ്‌, അതുവരെ സങ്കല്‍പാതീതവും, സഭയുടെ ദൃഷ്ടിയില്‍ ശിക്ഷാര്‍ഹവുമായിരുന്ന മറ്റൊരു നിഗമനത്തിനു് ധൈര്യപ്പെടുകയായിരുന്നു. സൗരയൂധത്തിന്റെ കേന്ദ്രത്തില്‍ ഭൂമിക്കു് പകരം സൂര്യനെ പ്രതിഷ്ഠിച്ചതുവഴി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹത്തിനു് കഴിഞ്ഞു. പഠിപ്പിക്കല്‍ വഴി തലച്ചോറില്‍ വേരുറച്ചുപോയതുമൂലം, ഉപേക്ഷിക്കാന്‍ പാടില്ലെന്നു് ഉറപ്പായ എല്ലാ “സത്യങ്ങള്‍ക്കും” ശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട ഇതേ മാര്‍ഗ്ഗം ബാധകമാക്കാവുന്നതാണെന്നു് തോന്നുന്നു. പ്രപഞ്ചനിയന്ത്രകനാവേണ്ട സര്‍വ്വശക്തന്‍ മനുഷ്യരെ നന്നാക്കാന്‍ കാലാകാലങ്ങളായി പെടുന്ന പാടുകളെപ്പറ്റി പഠിപ്പിച്ചു് വച്ചിരിക്കുന്ന സത്യങ്ങള്‍, ഈ ലോകത്തില്‍ എന്നും നിലനിന്നിരുന്ന, ഇന്നും നിലനില്‍ക്കുന്ന, (സംസ്കാരസമ്പന്നരായ മനുഷ്യരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ഇല്ലാതെ പോയാല്‍ ഭാവിയില്‍ എന്നാളും നിലനില്‍ക്കാന്‍ എല്ലാ സാദ്ധ്യതകളുമുള്ള!) അനീതികളുടേയും ഉച്ചനീചത്വങ്ങളുടേയും വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികള്‍ നേരിടേണ്ടിവരുന്ന പൊരുത്തക്കേടുകള്‍ സര്‍വ്വശക്തനേയും മനുഷ്യനേയും തമ്മില്‍, അഥവാ, സ്രഷ്ടാവിനേയും സൃഷ്ടിയേയും തമ്മില്‍ പരസ്പരം സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുന്നതുവഴി പരിഹരിക്കപ്പെട്ടേക്കാം!

ആലംബഹീനരായ മനുഷ്യര്‍ക്കു് അവരുടെ ദൈവത്തിലോ, ദൈവങ്ങളിലോ ആശ്രയവും ആശ്വാസവും തേടാതിരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുതലെടുത്തു്, അര്‍ദ്ധദൈവങ്ങള്‍ ചമയുന്ന ഒരു ന്യൂനപക്ഷം സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ജനലക്ഷങ്ങളുടെ ഗതികേടും ബലഹീനതയും എന്നാളും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ജനങ്ങളുടെ അജ്ഞതയും, അന്ധവിശ്വാസങ്ങളും സര്‍വ്വസാദ്ധ്യതകളും ഉപയോഗിച്ചു് പ്രോത്സാഹിപ്പിക്കുന്നു. സംസ്കാരസമ്പന്നതയും, പുരോഗതിയും കൈവരിക്കാന്‍ ശ്രമിക്കുന്ന ഒരു ജനാധിപത്യസമൂഹത്തിനും ഇതുപോലുള്ള അവസ്ഥകള്‍ കണ്ടില്ലെന്നു് നടിക്കാന്‍ അവകാശമില്ല. അര്‍ദ്ധബോധാവസ്ഥയില്‍ ഉറഞ്ഞുതുള്ളുന്ന മനുഷ്യക്കോലങ്ങളുടെ ജല്‍പനങ്ങളിലൂടെ കോഴിവെട്ടും, വെള്ളംകുടിയും, ഭോജനയാഗവും, പാനീയയാഗവും (ചോദ്യം ചെയ്യാന്‍ ആരുമില്ലെങ്കില്‍ നരബലിവരെയും!) ശുദ്ധഗതിക്കാരായ മനുഷ്യരോടു് ആവശ്യപ്പെടുന്ന ഒരു ശാപ്പാട്ടുരാമനോ ജഗദീശ്വരന്‍?

ഏതു് സമൂഹത്തിലും ഇതുപോലെ കുറേ സ്വപ്നാടകരുണ്ടാവുമെന്നതു് ശരിതന്നെ. പക്ഷേ, പരിഷ്കൃതസമൂഹങ്ങളില്‍ അവരുടെ എണ്ണം പരിമിതമായിരിക്കും. തന്മൂലം സാമൂഹികപുരോഗതിയുടെ പാതയിലെ വിലങ്ങുതടികളാവാന്‍ അവര്‍ക്കു് കഴിയില്ല. അതേസമയം ബഹുഭൂരിപക്ഷവും അന്ധവിശ്വാസികളായ ഒരു സമൂഹത്തില്‍ സ്ഥിതി നേരേ മറിച്ചായിരിക്കും. മറ്റൊന്നു് അറിയാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തതുമൂലം നൂറ്റാണ്ടുകളായി കിടന്നിടത്തുതന്നെ കിടന്നു് ജീര്‍ണ്ണിക്കുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റു് അലറിയാല്‍, തകര്‍ന്നു് വീഴുന്നതു് ദൈവത്തിന്റെ മനസ്സിലിരുപ്പു് അപ്പാടെ അറിയുന്നവരായി ഭാവിക്കുന്ന നായകന്മാരുടെ സിംഹാസനങ്ങളായിരിക്കുമെന്നതിനാല്‍, മനുഷ്യരുടെ അറിവില്ലായ്മയും പിന്നാക്കാവസ്ഥയും നിഗൂഢമായി, തന്മയത്വത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാത്രവുമല്ല, അതെല്ലാം ദൈവവിധിയാണെന്നും, അവയെ സന്തോഷപൂര്‍വ്വം താഴാഴ്മയോടെ ഏറ്റുവാങ്ങിയാല്‍ ദൈവസന്നിധിയില്‍ പ്രത്യേക ബോണസ്‌ ലഭിക്കുമെന്നുവരെ പഠിപ്പിക്കപ്പെടുന്നു. കവലകള്‍ തോറും നിന്നു് സുവിശേഷിക്കുന്നവര്‍ വിളിച്ചുകൂവുന്ന വിശുദ്ധവാക്യങ്ങള്‍ പലതും നമുക്കു് കേട്ടുകേട്ടു് കാണാപ്പാഠമായവയാണു്. പലര്‍ക്കും അറിയാത്തതു് ആ വാക്യങ്ങളോടു് ചേര്‍ന്നുതന്നെ അവയുടെ വിപരീതവും എഴുതപ്പെട്ടിരിക്കുന്നു എന്നതാണു്. (ഇതൊക്കെ പരിശോധിക്കാന്‍ ആര്‍ക്കെവിടെ സമയം?) വേദഗ്രന്ഥങ്ങള്‍ വായിക്കാന്‍ എല്ലാവര്‍ക്കും അനുവാദമൊട്ടില്ലതാനും! തങ്ങള്‍ക്കു് വേണ്ടതു് കിട്ടുന്നതുവരെ ദൈവവചനങ്ങള്‍ തിരിച്ചും മറിച്ചും, ഹരിച്ചും ഗുണിച്ചും വളച്ചൊടിക്കാന്‍ കഴിവുള്ളവരെയാണു് ദൈവം അതിനു് നിയമിച്ചിരിക്കുന്നതു്!

എന്റേയും കൂടി നന്മക്കായി ദൈവം അരുളിച്ചെയ്തു എന്നു് പഠിപ്പിക്കപ്പെടുന്ന വചനങ്ങള്‍ എന്താണെന്നു് മറ്റാരെങ്കിലും പറഞ്ഞു് കേള്‍ക്കുന്നതിനേക്കാള്‍ അതു് സ്വയം വായിച്ചു് മനസ്സിലാക്കുന്നതാണു് എനിക്കു് കൂടുതല്‍ ഇഷ്ടം. എനിക്കു് മനസ്സിലാവാത്ത ദൈവവചനങ്ങള്‍ എന്നെ മനസ്സിലാക്കുവാന്‍ മറ്റു് മനുഷ്യരുടെ സഹായം തേടേണ്ടിവരുന്ന ഒരു ദൈവത്തില്‍ എന്തോ പന്തികേടുള്ളതുപോലെ എനിക്കു് തോന്നുന്നു. എങ്കില്‍ത്തന്നെയും, വായിക്കാനറിയാത്തവരും, വായിക്കാന്‍ മടിയായവരും, വായിച്ചാല്‍ മനസ്സിലാവാത്തവരുമൊക്കെ ഭാവിയിലും “വായിച്ചവര്‍ എന്നു് കരുതുന്നവര്‍” പറയുന്നതു് സന്തോഷപൂര്‍വ്വം കണ്ണുമടച്ചു് വിശ്വസിക്കാനും, ഏറ്റുപാടാനുമാണു് തീരുമാനിക്കുന്നതെങ്കില്‍ അതവരുടെ ഇഷ്ടം!

വിശുദ്ധബൈബിളിലെ എത്രയോ പരസ്പരവൈരുദ്ധ്യങ്ങളില്‍ ചിലതു്:

“അവന്‍ ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു് സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു”. – (ലൂക്കോസ്‌ 1: 51-53)

അതേസമയം തന്നെ അഞ്ചു് അദ്ധ്യായങ്ങള്‍ താഴെ:

“അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ”. – (ലൂക്കോസ്‌ 6: 35) (ദുഷ്ടന്മാരോടു് ദയകാണിച്ചാലേ താഴ്‌ന്നവരെ ഉയര്‍ത്താന്‍ കഴിയൂ എന്നാവാം!)

അതുപോലെതന്നെ മറ്റൊരിടത്തു്:

“അങ്ങനെ ഉള്ളവനു് ഏവനും ലഭിക്കും, ഇല്ലാത്തവനോടോ ഉള്ളതും കൂടി എടുത്തുകളയും”. – (മത്തായി 25: 29) (സഹൃദയനായ ദൈവം! അല്ലാതെന്തുപറയാന്‍?)

മനഞ്ഞില്‍ എന്ന മത്സ്യത്തിന്റെ തല കണ്ടാല്‍ പാമ്പാണെന്നും, വാലുകണ്ടാല്‍ മീനാണെന്നും തോന്നുമെന്നു് കേട്ടിട്ടുണ്ടു്. അവസരോചിതം തലയോ, വാലോ ഉയര്‍ത്തിക്കാണിച്ചു് പാമ്പോ, മീനോ ആണെന്നു് വരുത്താന്‍ മനഞ്ഞിലിനു് തന്മൂലം വലിയ ബുദ്ധിമുട്ടില്ല. അധികപങ്കു് വേദവാക്യങ്ങളും ഏതാണ്ടു് അതുപോലെയാണു്. ഏതു് ഭാഗം എപ്പോള്‍ എവിടെ ഉപയോഗിക്കണം എന്ന ബോധവും, അല്‍പം പരിശീലനവുമുണ്ടെങ്കില്‍ ആര്‍ക്കും അവയെ അപഗ്രഥിച്ചു്, വളച്ചുകെട്ടി പാമ്പോ മീനോ ആക്കി മാറ്റാന്‍ ലളിതമായി സാധിക്കും. അടിയാന്മാരുടെ വളര്‍ത്തിയെടുത്ത അറിവില്ലായ്മയും, ഇടയന്മാരുടെ ദൈവദത്തമായ ശിക്ഷാധികാരവും കൂടെ ഒത്തുചേരുമ്പോള്‍ പൂര്‍ണ്ണവുമായി!

യേശുവിന്റെ തന്നെ മറ്റു് ചില വചനങ്ങള്‍ :

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു് നിരൂപിക്കരുതു്. സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു്”. – (മത്തായി 10: 34)

ഏതാനും അദ്ധ്യായങ്ങള്‍ താഴെ:

“അപ്പോള്‍ യേശു: വാള്‍ ഉറയില്‍ ഇടുക, വാള്‍ എടുക്കുന്നവന്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും”. – (മത്തായി 26: 52)

ഗിരിപ്രഭാഷണത്തിലെ മറ്റൊരു യേശുവചനം:

“സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു് വിളിക്കപ്പെടും”. – (മത്തായി 5: 9)

മറ്റൊരിടത്തു്:

“ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു് ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു് ഇച്ഛിക്കേണ്ടു”. – (ലൂക്കോസ്‌ 12: 49)

ഇനി വേറൊരിടത്തു്:

“സഹോദരനോടു് നിസ്സാര എന്നു് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്നില്‍ നില്‍ക്കേണ്ടിവരും, മൂഢാ എന്നു് പറഞ്ഞാലോ അഗ്നിനരകത്തിനു് അര്‍ഹനാകും”. – (മത്തായി 5: 22) (സഹോദരനെ നിന്ദിക്കുന്നവരെല്ലാം നരകത്തില്‍ എത്തുമെങ്കില്‍ , സ്വര്‍ഗ്ഗത്തിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരും!)

ഒരുവശത്തു് വാളും തീയുമായി നില്‍ക്കുന്ന യേശുതന്നെ മറുവശത്തു് സമാധാനവും സഹോദരസ്നേഹവും പ്രസംഗിക്കുന്നു! ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാതിരിക്കണമെങ്കില്‍ അജ്ഞത പ്രോത്സാഹിപ്പിക്കപ്പെടണം. അറിയാനുള്ള ശ്രമം ദൈവത്തിനു് നേരെയുള്ള അനുസരണക്കേടാവണം. അവിശ്വാസം പാപമാക്കപ്പെടണം. പലതും മറച്ചുപിടിക്കപ്പെടണം. പലതും നിരോധിക്കപ്പെടണം. പലരും കുരിശില്‍ തറയ്ക്കപ്പെടണം. സ്വതന്ത്രബുദ്ധികള്‍ ദൈവദോഷികളാക്കപ്പെടണം. ചിന്താശേഷി നശിപ്പിക്കപ്പെടണം. വായടച്ചു് കൂടെ നടക്കുന്നവരുടെ കുനിഞ്ഞ ശിരസ്സും, മുതുകും നിവരാതെ നിത്യം കുനിഞ്ഞുതന്നെയിരിക്കാന്‍ അതാവശ്യമാണു്. മനുഷ്യചേതനയോടു് ചെയ്യുന്ന കൊടുംക്രൂരതയെന്നല്ലാതെ ഇതിനെ എന്തു് പേരു് പറഞ്ഞാണു് വിളിക്കേണ്ടതു്?

ഈ ബ്ലോഗിനെപ്പറ്റി ഒരു വിശദീകരണം: (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍!)

ഇതു് സ്വതന്ത്രചിന്തയുടെ ലോകമാണു്. ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ശരിയെങ്കില്‍ അംഗീകരിക്കുവാനും, തെറ്റെങ്കില്‍ അതു് സ്വന്തം വിശദീകരണങ്ങള്‍ വഴി ഖണ്ഡിക്കുവാനും, (internet is free to all!) അതുമല്ലെങ്കില്‍ അപ്പാടെ അവഗണിക്കാന്‍ പോലുമുള്ള ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു് ഈ ലോകത്തിന്റെ അടിസ്ഥാനസ്വഭാവം. ഇവിടെ ഒന്നും മനഃപൂര്‍വ്വം മറച്ചുപിടിക്കപ്പെടുന്നില്ല. ഒന്നും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. അന്യചിന്തകളെ പിന്‍തുടരുന്നവര്‍ തടയപ്പെടുന്നില്ല. ജന്മം മുതല്‍ സ്വന്തകുറ്റം മൂലമല്ലാതെ മറ്റനേകം മനുഷ്യരെപ്പോലെ ഞാനും പിന്‍തുടരേണ്ടിവന്ന ആദര്‍ശങ്ങളിലെ, ഇന്നത്തെ എന്റെ അറിവിനു് അംഗീകരിക്കാന്‍ നിവൃത്തിയില്ലാത്ത വൈരുദ്ധ്യങ്ങളിലേക്കു് വിരല്‍ ചൂണ്ടുകയാണു് എന്റെ ലക്‍ഷ്യം. ഇവിടെ വിശുദ്ധിയോ അയിത്തമോ മനുഷ്യനെ അകറ്റിനിര്‍ത്തുന്നില്ല. മനുഷ്യാദ്ധ്വാനത്തിന്റെ ഗന്ധമില്ലാത്ത ഒരു സത്യവും ഇവിടെയില്ല. ആദര്‍ശങ്ങളുടെ മദ്ധ്യബിന്ദുവായി മനുഷ്യന്‍ മാറുകയാണാവശ്യം. അതിനു് ആദ്യം വേണ്ടതു് ആദര്‍ശങ്ങള്‍ മനുഷ്യനു് വേണ്ടിയാണെന്നും, മനുഷ്യന്‍ ആദര്‍ശങ്ങള്‍ക്കുവേണ്ടിയല്ലെന്നും അംഗീകരിക്കുകയാണു്. (കുറേനാള്‍ അധികാരത്തിന്റെ മത്തു് മോന്തിക്കഴിയുമ്പോള്‍ മനുഷ്യര്‍ സൗകര്യപൂര്‍വ്വം മറക്കുന്ന ഒരു സത്യം!)

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 5

ദൈവം സൃഷ്ടിച്ച ഒരു ലോകത്തില്‍ ദൈവം സൃഷ്ടിച്ച മനുഷ്യര്‍ അതേ ദൈവത്തിന്റെ നാമത്തില്‍തന്നെ വിഭിന്ന മതങ്ങള്‍ സ്ഥാപിക്കുകയും, ആത്മീയമോ ദൈവീകമോ ആയ യാതൊരു നീതീകരണവും നല്‍കാനാവാത്ത തികച്ചും ലൗകികമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിഭാഗീയ മേല്‍ക്കോയ്മ സ്ഥാപിക്കാനായി മനുഷ്യരെ പരസ്പരം തരംതിരിക്കുകയും, അടിച്ചമര്‍ത്തുകയും, അറുകൊല ചെയ്യുകയും വരെ ചെയ്യുമ്പോള്‍ അതു് നിഷ്ക്രിയനും നിര്‍വികാരനുമായി നോക്കിനില്‍ക്കേണ്ടിവരുന്ന ഒരു ദൈവം അഗതികള്‍ക്കു് അഭയവും ബലഹീനര്‍ക്കു് ആശ്രയവും നല്‍കുന്ന സര്‍വ്വശക്തന്‍ എന്ന വിശേഷണത്തിനു് അര്‍ഹനല്ലാതായിത്തീരുകയല്ലേ ചെയ്യുന്നതു്? തിന്നാനും തിന്നപ്പെടാനും വേണ്ടി രൂപവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമിയില്‍, ഇര തേടുന്നതിനിടയില്‍ സ്വയം ഇരയായി തീരാതിരിക്കണമെങ്കില്‍ അങ്ങേയറ്റം സൂക്ഷിക്കാനും ശ്രദ്ധിക്കാനും സകല ജീവജാലങ്ങളും ബാദ്ധ്യസ്ഥരാണെന്നിരിക്കെ, ഈ രണ്ടു് വിഭാഗങ്ങള്‍ക്കും ഒരേസമയം ആശ്രയദായകനാവാന്‍ ഒരു ദൈവത്തിനു് കഴിയുന്നതെങ്ങനെ? കൊല്ലുന്നവനേയും, കൊല്ലപ്പെടുന്നവനേയും കൊല സംഭവിക്കുന്ന നിമിഷത്തില്‍ ഒരേ ദൈവംതന്നെ തുണയ്ക്കുമെന്നു് വിശ്വസിക്കാനാവുമോ? ഏകനായ ഒരു ദൈവത്തില്‍ വിശ്വസിക്കുമ്പോഴും വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പെരുമാറുന്ന മതവിഭാഗങ്ങള്‍ അതേ ദൈവത്തിന്റെ നാമത്തില്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ അതിനു് യുക്തിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ന്യായീകരണം നല്‍കാന്‍ കഴിയുന്നതെങ്ങനെ?

വലയില്‍ കുരുങ്ങുന്ന ചെറുപ്രാണിയേയും, അതിനെ കൊന്നുതിന്നുന്ന ചിലന്തിയേയും ഒരേസമയം പിന്തുണയ്ക്കാന്‍ ഏതെങ്കിലും നിഷ്പക്ഷമതികള്‍ക്കു് കഴിയുമോ? അതു് പ്രകൃതി നിയമമെങ്കില്‍ അതിനൊരു നിയന്ത്രകന്റെ ആവശ്യമെന്തു്? അതിന്റെ ചുമതല പ്രകൃതിക്കുതന്നെ വിട്ടുകൊടുക്കുന്നതല്ലേ നല്ലതു്? ഇരയായിത്തീര്‍ന്ന പ്രാണിയെപ്പോലെതന്നെ ആ ചിലന്തിയും ഏതു് നിമിഷവും തന്റെ ശത്രുവര്‍ഗ്ഗത്തിനു് ഇരയായിത്തീരാം. ദൈവം സംരക്ഷിക്കുമെന്ന ഉറപ്പില്‍ സ്വയം സംരക്ഷിക്കാതിരിക്കുന്ന ഏതെങ്കിലുമൊരു ജീവി ഭൂമിയില്‍ ഉണ്ടെന്നു് തോന്നുന്നില്ല. അതോ, വിശ്വാസികളായ മനുഷ്യരെപ്പോലെ ആകാശത്തിലെ പറവകളും പള്ളിയില്‍ നേര്‍ച്ചയിട്ടു് കാര്യം സാധിക്കുകയാണോ? ഇരതേടാനും ശത്രുക്കളുടെ പിടിയില്‍ പെടാതിരിക്കാനും ആകാശത്തിലെ പറവകളടക്കമുള്ള ജീവികള്‍ എത്രമാത്രം ബുദ്ധിമുട്ടണമെന്നതു് അവയ്ക്കേ അറിയൂ. അതു് മനുഷ്യനു് മനസ്സിലാവണമെന്നില്ല. മണവാളവസ്ത്രം ധരിച്ചു് സുവിശേഷം ഘോഷിച്ചു് തിന്നാനുള്ള അപ്പവും, കുടിക്കാനുള്ള വീഞ്ഞും സംഘടിപ്പിക്കാനുള്ള ഭാഗ്യം ആ ജീവികള്‍ക്കില്ല. എല്ലാവരും ദൈവരാജ്യം ഘോഷിക്കാന്‍ തുടങ്ങിയാല്‍ അപ്പവും വീഞ്ഞും എവിടെനിന്നു് വരും? ഈ ഭൂമിയിലെ സാധാരണ മനുഷ്യരുടെ പുത്രന്മാരും പുത്രികളും അപ്പം കൊണ്ടും വീഞ്ഞുകൊണ്ടുമല്ല, അധികപങ്കും അദ്ധ്വാനിച്ചു് നേടുന്ന കപ്പയും കഞ്ഞിയുമൊക്കെക്കൊണ്ടാണു് നിത്യവൃത്തി കഴിച്ചുപോകുന്നതെന്ന സത്യം തുറന്നുപറയുന്നതു് ദൈവദൂഷണവും, അധികപ്രസംഗവുമൊക്കെ ആവുമോ എന്തോ! ഒന്നുകില്‍, ദൈവമക്കള്‍ ഈവിധം പരസ്പരം കൊലവിളിക്കുന്നതു് അന്തിമമായി അവസാനിപ്പിക്കണം, അല്ലെങ്കില്‍, ഏറ്റവും ചുരുങ്ങിയതു്, ഈ കൊലവിളി ന്യായീകരിക്കാന്‍ ദൈവനാമം പൊക്കിപ്പിടിക്കാതിരിക്കുകയെങ്കിലും ചെയ്യണം. മര്യാദയുടെ പേരില്‍ മാത്രമല്ല, മനുഷ്യത്വത്തിന്റേയും, വിശ്വാസയോഗ്യതയുടേയും പേരില്‍ അതിനുള്ള ലളിതമായ കടപ്പാടു് അറിയപ്പെടുന്ന ജൈവലോകത്തിലെ തത്ക്കാലത്തെ അന്തിമോത്പന്നമായ മനുഷ്യജാതിയ്ക്കുണ്ടെന്നു് താഴ്മയായി ഇവിടെ സൂചിപ്പിക്കുന്നു.

മൃഗങ്ങളില്‍ നിന്നു് വിഭിന്നമായി, സമൂഹത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കാന്‍ വേണമെങ്കില്‍ മനുഷ്യര്‍ക്കു് കഴിയും. അനുയോജ്യമായ നിയമനിര്‍മ്മാണവും കഠിനമായ പ്രയത്നവും വഴിയാണു് പരിഷ്കൃതസമൂഹങ്ങള്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും മറ്റു് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതു്. സാമൂഹികപരിഷ്കരണം എന്നതു് മുദ്രാവാക്യം വിളിയോ, സ്തോത്രം ചൊല്ലലോ പോലെ അത്ര എളുപ്പമുള്ള കാര്യമല്ല.

കളങ്കമില്ലാത്ത, നന്മനിറഞ്ഞ ഒരു ദൈവത്തില്‍നിന്നും കാപട്യവും തിന്മയും തിങ്ങിവിങ്ങുന്ന ഒരു ലോകം രൂപമെടുക്കുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. വിത്തുഗുണം പത്തുഗുണം എന്നല്ലേ ചൊല്ലുതന്നെ? ദൈവം സ്നേഹമെങ്കില്‍ ആ സ്നേഹത്തില്‍നിന്നും പാപികളും കൊലപാതകികളും ഉരുത്തിരിയുന്നതെങ്ങനെ? മീന്‍ പാമ്പിനെ ജനിപ്പിക്കുമോ? ചില മതപണ്ഡിതര്‍ വാദിക്കുന്നതുപോലെ, എന്തു് ചെയ്യണമെന്നും എന്തു് ചെയ്യാതിരിക്കണമെന്നും തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം മനുഷ്യനു് നല്‍കിയതു് ദൈവമെങ്കില്‍, അങ്ങനെയൊരു ദൈവം ഉള്ളതും ഇല്ലാത്തതും തമ്മില്‍ എന്തു് വ്യത്യാസം? അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു് നന്മതിന്മകള്‍ തിരിച്ചറിയുന്നതു് പാപമാണെന്നു് കല്‍പിച്ചു് നിരോധിച്ച അതേ ദൈവം തന്നെ, നന്മതിന്മകള്‍ തിരിച്ചറിഞ്ഞു് തീരുമാനങ്ങളെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം മനുഷ്യനു് നല്‍കി എന്നുപറഞ്ഞാല്‍ കാക്കാത്തി പോലും ഇക്കാലത്തു് വിശ്വസിക്കുമെന്നു് തോന്നുന്നില്ല. നിരുപാധികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യരുടെ സ്വാതന്ത്ര്യം ദൈവദത്തമെങ്കില്‍, അനുയായികള്‍ക്കു് ചിന്താസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മറ്റനവധി അടിസ്ഥാനസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന മതങ്ങള്‍ ദൈവനിശ്ചയത്തിനു് എതിരായി പ്രവര്‍ത്തിക്കുകയല്ലേ ചെയ്യുന്നതു്? ദൈവേഷ്ടം അറിയുന്നവരെന്നും കാത്തുസൂക്ഷിക്കുന്നവരെന്നും അവകാശപ്പെടുന്നവര്‍ ദൈവതാല്‍പര്യങ്ങളെ വളച്ചൊടിക്കുന്നതു് ദൈവദൂഷണമാവില്ലെന്നുണ്ടോ?

ആദാമിനെ സൃഷ്ടിക്കുന്ന ദൈവം മൈക്കെലാഞ്ചെലോയുടെ ഭാവനയില്‍പോലും താടി നീണ്ട ഒരു പുരുഷരൂപമായി മാത്രമേ വെളിപ്പെടുന്നുള്ളു. (ദൈവം തന്റെ രൂപത്തിലായിരുന്നല്ലോ മനുഷ്യനെ സൃഷ്ടിച്ചതു്. ദൈവത്തിനു് പില്‍ക്കാലത്തു് പലതരം മെറ്റമോര്‍ഫസിസ്‌ സംഭവിച്ചുവെങ്കിലും!) കണ്ണും ചെവിയും മൂക്കും നാക്കും തൊലിയും മനുഷ്യരൂപവുമുള്ള ഒരു ദൈവം തന്നെയാണു് ശൂന്യാകാശവും താരാപഥങ്ങളും സൃഷ്ടിച്ചതെന്നും പ്രവര്‍ത്തനക്ഷമമായി കാത്തുസൂക്ഷിക്കുന്നതെന്നും മനുഷ്യനിര്‍മ്മിതമായ ഉപകരണങ്ങള്‍ ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ തിരുമുറ്റത്തെത്തി അളന്നുകുറിച്ചുകൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യര്‍ വിശ്വസിക്കണമെന്നാണോ? അതുമാത്രവുമല്ല, ഏതു് മനുഷ്യന്റെ എത്ര തലമുടി എപ്പോള്‍ എവിടെ എങ്ങനെ കൊഴിയുന്നു എന്നതിന്റെ കൃത്യമായ കണക്കെടുത്തു് വരവുപോക്കുകള്‍ നിശ്ചയിക്കുന്നവന്‍ കൂടിയാവണം ദൈവം! – (മത്തായി 10: 30). എല്ലാം കാണുന്നവനായ ദൈവം മനുഷ്യരുടെ മലമൂത്രവിസര്‍ജ്ജനവും ഒളിഞ്ഞുനോക്കി കാണുന്നുണ്ടെന്ന ചിന്തമൂലം അങ്ങേയറ്റം നിര്‍ഭാഗ്യവതിയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥ കേട്ടിട്ടുണ്ടു്. മറ്റാരും കാണുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും ഉള്ള ഉറപ്പോടെ സ്വൈര്യമായി മറപ്പുരയില്‍ പോകാനും ദൈവം സമ്മതിക്കുകയില്ലെന്നു് വന്നാല്‍!?

മനുഷ്യരുടെ കണ്ണുനീരും കഷ്ടപ്പാടും കാണാന്‍ ദൈവത്തിനു് കഴിയണമെങ്കില്‍ അവനു് കണ്ണുകള്‍ വേണം. മനുഷ്യരുടെ രോദനങ്ങള്‍ കേള്‍ക്കണമെങ്കില്‍ അവനു് ചെവികള്‍ വേണം. മനുഷ്യര്‍ അര്‍പ്പിക്കുന്ന ഹോമയാഗങ്ങളുടേയും ദഹനയാഗങ്ങളുടേയും സൗരഭ്യവാസനയില്‍ ദൈവം സന്തുഷ്ടനാവണമെങ്കില്‍ അവനു് നാസാരന്ധ്രങ്ങള്‍ വേണം. മനുഷ്യരുടെ ദുഃഖത്തില്‍ ദുഃഖിക്കുവാനും, സന്തോഷത്തില്‍ സന്തോഷിക്കുവാനും ദൈവത്തിനു് കഴിയണമെങ്കില്‍ അവനില്‍ വൈകാരികത ഉണ്ടാവണം. അതിലെല്ലാമുപരി, മനുഷ്യരുടെ പാപങ്ങളെ വെറുക്കുന്നവനും, ദുര്‍ന്നടപ്പുകളെ ക്രൂരമായി ശിക്ഷിക്കുന്നവനുമാവണം ദൈവം. ചുരുക്കത്തില്‍, ദൈവം എങ്ങനെയുള്ളവന്‍ ആയിരിക്കണമെന്നു് മനുഷ്യരുടെയിടയിലെ ചില മൂപ്പന്മാര്‍ നിശ്ചയിച്ചുറപ്പിക്കുന്നു. അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ ദൈവദോഷികളാക്കി, മരണശിക്ഷ നല്‍കി ഉന്മൂലനം ചെയ്തുകൊണ്ടു് അവര്‍ കാലക്രമേണ തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതും ദൈവദത്തവുമായ അവകാശമാക്കി മാറ്റുന്നു. ദൈവകല്‍പനകളും ന്യായപ്രമാണങ്ങളും കെട്ടിച്ചമച്ചു് ആദ്യം അവര്‍ മനുഷ്യരെ പാപികളാക്കിത്തീര്‍ക്കുന്നു. മനുഷ്യരുടെ അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങളില്‍ വരെ അവര്‍ ദൈവനാമം കാണിച്ചു് കണ്ണുരുട്ടി, കൈകടത്തി അധികാരം സ്ഥാപിക്കുന്നു. വിശുദ്ധ പൗലോസ്‌ തന്നെ ഇക്കാര്യം സമ്മതിക്കുന്നു: “എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല. മോഹിക്കരുതു് എന്നു് ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു് കല്‍പനയാല്‍ എന്നില്‍ സകലവിധ മോഹത്തേയും ജനിപ്പിച്ചു. ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.” – (റോമര്‍ 7: 7, 8) മനുഷ്യരുടെ പ്രകൃതിസഹജമായ വാസനകള്‍ പൈശാചീകരിക്കാനായി രൂപം കൊടുക്കപ്പെടുന്ന ന്യായപ്രമാണങ്ങള്‍ അന്യായപ്രമാണങ്ങളേ ആവൂ!

മനുഷ്യവര്‍ഗ്ഗം അറ്റുപോവാതിരിക്കാന്‍ പ്രകൃതി മറ്റു് സകല ജീവജാലങ്ങളിലുമെന്നപോലെതന്നെ മനുഷ്യരിലും സംജാതമാക്കുന്ന മൃദുലവികാരങ്ങളും മോഹങ്ങളുമെല്ലാം ദൈവദൃഷ്ടിയില്‍ ശാപാര്‍ഹമായ കൊടുംപാതകങ്ങളാണെന്നു് വരുത്തി, മനുഷ്യരില്‍ കുറ്റബോധം കുത്തിവച്ചു് പാപികളാക്കുന്നവര്‍ കുഞ്ഞാടുകളുടെ പാപവിമോചനത്തിനായി ദൈവത്തോടു് കേണപേക്ഷിക്കാന്‍ തങ്ങളെ വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ കൊണ്ടു് അലങ്കരിക്കുന്നു! വിശിഷ്ടവസ്ത്രങ്ങള്‍ ധരിച്ചവരുടെ യാചന കേട്ടാല്‍ മാത്രമേ ദൈവം കണ്ണുതുറക്കുകയുള്ളു എന്നതുകൊണ്ടാവാം ഒരുപക്ഷേ ലോകത്തിലെ അര്‍ദ്ധപ്പട്ടിണിക്കാര്‍ മുഴുപ്പട്ടിണിക്കാരായും, അര്‍ദ്ധദൈവങ്ങള്‍ പൂര്‍ണ്ണദൈവങ്ങളായും മാറിക്കൊണ്ടിരിക്കുന്നതു്. കഞ്ഞിക്കില്ലാത്തവന്‍ കസവുടയാട ധരിക്കുന്നതെങ്ങനെ? ഇല്ലായ്മകളും പോരായ്മകളും പരിഹരിക്കാന്‍ ദൈവസഹായം തേടി പള്ളിയില്‍ പോകുമ്പോഴും ഉള്ളതില്‍ നല്ല ഉടയാടകള്‍ വാരിച്ചുറ്റാന്‍ നിര്‍ബന്ധിതനാണു് മനുഷ്യന്‍. (അല്ലെങ്കില്‍ ദൈവം എന്തു് കരുതും?) എല്ലാം സംഭവിപ്പിക്കുന്നവനായ ദൈവം മനുഷ്യരുടെ സകല ദുരിതങ്ങളുടെയും ഉത്തരവാദിയാവണമെന്നിരിക്കെ, തിന്മയും ദുഃഖവും അനുഭവിക്കാന്‍ ഇടവരുമ്പോള്‍ അവയില്‍നിന്നും മോചനം നേടാന്‍ ഞായറാഴ്ച്ചവസ്ത്രങ്ങളില്‍ പൊതിഞ്ഞു് നേര്‍ച്ചകാഴ്ച്ചകളുമായി പള്ളിയിലെത്തുന്നവര്‍ ദൈവത്തിനു് കൈക്കൂലി കൊടുത്തു് ദൈവനിശ്ചയം അസാധുവാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നതു്? തിരുത്തേണ്ടിവരുന്ന തീരുമാനങ്ങള്‍ എടുക്കുന്ന, താന്‍ ചെയ്യുന്നതെന്തെന്നു് വലിയ നിശ്ചയമൊന്നുമില്ലാത്ത, സ്വന്തനിലപാടുകളിലെ മണ്ടത്തരങ്ങള്‍ മനസ്സിലാക്കാന്‍ പുരോഹിതന്റെ സഹായം വേണ്ടിവരുന്ന എന്തോ ഏതോ ആണോ ദൈവം? കഷ്ടപ്പെടുന്നവനെ സഹായിക്കണമെങ്കില്‍ അവന്‍ ഉള്ളവനെപ്പോലെ വേഷം കെട്ടി ദൈവസന്നിധി തേടിയെത്തണം എന്നു് നിഷ്കര്‍ഷിക്കുന്നതിനേക്കാള്‍, അവനു് കഷ്ടത വരുത്താതിരിക്കുന്നതാണു് യഥാര്‍ത്ഥ മനുഷ്യസ്നേഹവും, ദീനാനുകമ്പയുമെന്നു് അറിയാന്‍ കഴിവില്ലാത്തവനാവുമോ ദൈവം? ദൈവത്തിന്റെ പാദപീഠമായ ഈ ഭൂമിയിലെ മരച്ചുവടുകളിലും ചേരിപ്രദേശങ്ങളിലും ദാരിദ്ര്യം മൂലം എല്ലും തൊലിയുമായിത്തീര്‍ന്നു് മരണത്തോടു് മല്ലിടുന്ന ജനലക്ഷങ്ങളെ രക്ഷിക്കാനെന്ന പേരില്‍, കസവില്‍പ്പൊതിഞ്ഞ കാനോന്‍ പാണ്ഡിത്യങ്ങളര്‍പ്പിക്കുന്ന ദിവ്യബലിയും പ്രതീക്ഷിച്ചു് വര്‍ണ്ണച്ഛായാചിത്രങ്ങളാല്‍ അലംകൃതമായ ബസിലിക്കകളില്‍ കാത്തിരിക്കുന്ന ദീനദയാലുവും സകല മനുഷ്യരുടെയും സ്രഷ്ടാവുമായ ജഗദീശ്വരന്‍!

യേശു പറയുന്നതു് ശ്രദ്ധിക്കൂ: “പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പനം ചെയ്യരുതു്. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു് തോന്നുന്നതു്. അവരോടു് തുല്യരാവരുതു്. നിങ്ങള്‍ക്കു് ആവശ്യമുള്ളതു് ഇന്നതു് എന്നു് നിങ്ങള്‍ യാചിക്കും മുന്‍പേ നിങ്ങളുടെ പിതാവു് അറിയുന്നുവല്ലോ.” – (മത്തായി 6: 8). പട്ടിണിപ്പാവങ്ങളായവര്‍ക്കു് വേണ്ടതു് വിശപ്പടക്കാന്‍ ആവശ്യമായ ആഹാരമാണെന്നു് തിരിച്ചറിയാന്‍ എന്നിട്ടും ദൈവത്തിനു് കഴിയാതെ പോകുന്നതു് ഒന്നുകില്‍ അവര്‍ ജാതികള്‍ ആയതിനാലോ അല്ലെങ്കില്‍, അവര്‍ ദൈവസഹായത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനു് വേണ്ടത്ര ശക്തി ഇല്ലാത്തതിനാലോ ഒക്കെ ആവാം!

പാപികളായ മനുഷ്യരെ രക്ഷപെടുത്താനായി സര്‍വ്വശക്തനായ ദൈവം ലോകാരംഭം മുതല്‍ പെടുന്ന കഷ്ടപ്പാടുകള്‍ ഹൃദയമുരുകുന്നവിധം വര്‍ണ്ണിച്ചുകൊണ്ടു്, ജീവിക്കാന്‍ വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരും, പാപം ചെയ്തതുമൂലം ദൈവദോഷികളായിത്തീര്‍ന്നവരുമായവരുടെ പാപക്കറപുരണ്ട ചില്ലിക്കാശുകളുപയോഗിച്ചു് പണിതുയര്‍ത്തി സുരക്ഷിതമാക്കിയ ബാബേല്‍ ഗോപുരങ്ങളിലെ കല്യാണവിരുന്നുകളിലേക്കു് സൗകര്യപൂര്‍വ്വം പിന്‍തിരിയുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക: ലോകാരംഭം മുതല്‍ ഇന്നോളം പരിശ്രമിച്ചിട്ടും ലോകത്തെ നന്നാക്കാനോ, രക്ഷിക്കാനോ കഴിയാത്ത ഒരു ദൈവത്തിനു് ആ ശ്രമം എന്നേക്കുമായി ഉപേക്ഷിക്കുവാനുള്ള സാമാന്യമായ മര്യാദ ഉണ്ടാവണം. മനുഷ്യരെ പാപവിമോചിതരാക്കുക എന്ന ദൈവത്തിന്റെ ഉള്ളിന്റെയുള്ളിലെ ലക്‍ഷ്യം സാദ്ധ്യമാക്കാന്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തില്‍ മുങ്ങിച്ചാവേണ്ടിവന്ന മുഴുവന്‍ മനുഷ്യരുടേയും പേരില്‍ , ലോത്തിന്റെ കാലത്തു് തീയും ഗന്ധകവും കൊണ്ടു് കൊന്നൊടുക്കപ്പെട്ട സോദോമിലേയും, ഗോമോറയിലേയും ആയിരങ്ങളുടെ പേരില്‍, “കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരേണമേ” എന്നു് കരഞ്ഞപേക്ഷിച്ചിട്ടും കരുണ ലഭിക്കാതെ മനുഷ്യരുടെ നിത്യരക്ഷയെന്ന ലക്‍ഷ്യം നേടാന്‍ പ്രയോജനരഹിതമായി കുരിശില്‍ തൂങ്ങി മരിക്കേണ്ടിവന്ന ദൈവത്തിന്റെ ഏകജാതനായ യേശുവിന്റെ പേരില്‍, മതങ്ങള്‍ രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ ദൈവനാമത്തില്‍ ജീവനൊടുക്കേണ്ടിവന്ന കോടിക്കണക്കിനു് മനുഷ്യരുടെ പേരില്‍ അങ്ങനെയൊരു നടപടി വഴി സ്വന്തം കഴിവുകേടു് അംഗീകരിച്ചു് തന്റെ വിശ്വാസയോഗ്യത തെളിയിക്കുവാനുള്ള പ്രാഥമികമായ കടപ്പാടു് മനുഷ്യരോടു് നല്ലനടപ്പു് ആവശ്യപ്പെടുന്ന ഒരു ദൈവത്തിനു് തീര്‍ച്ചയായും ഉണ്ടു്‌. മനുഷ്യസൃഷ്ടിമുതല്‍ ആയിരക്കണക്കിനു് വര്‍ഷങ്ങളിലൂടെ നിരന്തരം ശ്രമിച്ചിട്ടും, മനുഷ്യരെ നേര്‍വഴിക്കു് നടത്താന്‍ കഴിയാത്ത ഒരു ദൈവം “സര്‍വ്വശക്തനായവന്‍” എന്ന സ്വന്തം നാമവിശേഷണത്തിന്റെ പരിഹാസ്യതയെപ്പറ്റി ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക.

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 4

ഏതാനും വര്‍ഷങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്നവനായ മനുഷ്യന്‍ തനിക്കു് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി തനിക്കു് ശരിയെന്നു് തോന്നുന്ന ഒരഭിപ്രായം പറഞ്ഞാല്‍ അവനു് പരസ്യമായി വധശിക്ഷ വിധിക്കാന്‍വരെ ധൈര്യപ്പെടുന്ന മറ്റു് ചില മനുഷ്യരുടെ അതിനുള്ള അധികാരം ഒരു ദൈവം നല്‍കിയതെങ്കില്‍, ആ ദൈവവുമായി ഒരു വര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യര്‍ക്കു് പൊതുവായി എന്തെങ്കിലും ബന്ധമുണ്ടാവുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. യുക്തിസഹമായ എന്തു് നീതീകരണത്തിന്റെ പേരില്‍, ഏതെങ്കിലുമൊരു മനുഷ്യനു് തന്റെ “ദൈവികാധികാരം” അംഗീകരിക്കുന്ന സ്വന്തം അനുയായികളെ അല്ലാതെ, മറ്റു് മനുഷ്യരെ ദൈവനാമത്തില്‍ ശിക്ഷിക്കാനാവും? ഇംഗ്ലണ്ടിലെ നിയമം ജര്‍മ്മനിയില്‍ ബാധകമാവുമോ? ഒരു ഇംഗ്ലണ്ടുകാരന്‍ ജര്‍മ്മനിയിലെ റോഡുകളില്‍ ഇടതുവശത്തുകൂടി കാറോടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ശിക്ഷാര്‍ഹനാവുന്നതു് ജര്‍മ്മന്‍ നിയമം അനുസരിച്ചാണു്. ജര്‍മ്മനിയില്‍ ഇംഗ്ലീഷുകാരുടെ നിയമം നടപ്പാക്കണമെന്നു് പറഞ്ഞാല്‍ ആരെങ്കിലും അതംഗീകരിക്കുമോ?

ഈ പ്രപഞ്ചത്തെ സംബന്ധിച്ചു് കാര്യമായി ഒന്നുംതന്നെ ഇതുവരെ മനുഷ്യനു് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിയില്ലെന്നുമിരിക്കെ, തനിക്കു് അങ്ങേയറ്റം അജ്ഞാതമായ ഒരു പ്രപഞ്ചത്തിന്റെ സ്രഷ്ടാവു് ആവേണ്ട ഒരു സര്‍വ്വശക്തന്‍ തന്റെ പോക്കറ്റിലാണെന്നു് പഠിപ്പിക്കുന്ന മനുഷ്യരെപ്പറ്റി എന്തു് പറയാന്‍? ആകര്‍ഷണശക്തി, കാന്ത-വൈദ്യുതശക്തി, ആണവശക്തി ഇവയൊക്കെ മനസ്സിലാക്കി “ശക്തി” എന്ന വാക്കിനു് പുതിയ മാനങ്ങള്‍ നല്‍കാന്‍ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടുതന്നെ അധികം വര്‍ഷങ്ങളായിട്ടില്ല. ശക്തി എന്നാല്‍ എന്തെന്നു് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതിനു് മുന്‍പേ സര്‍വ്വശക്തനെ പിടിച്ചു കൂട്ടിലാക്കാനും, അവനേക്കൊണ്ടു് തനിക്കു് തോന്നിയതൊക്കെ ചെയ്യിക്കാനും കഴിയുന്ന മനുഷ്യരെ വണങ്ങാതെന്തുചെയ്യും? വിശദീകരിക്കാന്‍ കഴിയാത്ത ചില പ്രപഞ്ചപ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ സഹായിച്ചേക്കാവുന്ന പ്രപഞ്ചത്തിലെ ഒരു അഞ്ചാം മൗലികശക്തിയെ തേടുകയാണു് ഇന്നു് ഭൗതികശാസ്ത്രജ്ഞര്‍. അതേസമയം, ഭാരതത്തില്‍ ഇന്നും പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടില്ലാത്ത കാക്കാത്തി കൈനോക്കി ഭാവി പ്രവചിക്കുക മാത്രമല്ല, ലോട്ടറി അടിക്കാന്‍ ഏതു് നിറത്തിലുള്ള അടിവസ്ത്രം ധരിച്ചുകൊണ്ടു് ടിക്കറ്റ്‌ വാങ്ങണമെന്നുവരെ കിറുകൃത്യമായി തത്തക്കിളിയെക്കൊണ്ടു് പറയിക്കുകയും ചെയ്യുന്നു! അപകടത്തില്‍ മുറിഞ്ഞറ്റുപോയ കാലു് സ്ത്രോത്രം ചൊല്ലി കൂട്ടിച്ചേര്‍ക്കാമെന്നു് വിശ്വസിക്കുന്നവരാണു് ശാസ്ത്രത്തേയും ഗവേഷണത്തേയും പരിഹസിക്കുന്നതു്! പ്രാര്‍ത്ഥനാപുസ്തകത്തിലെ അക്ഷരങ്ങള്‍ തെളിഞ്ഞു് കാണാന്‍ അവര്‍ ധരിക്കുന്ന വെള്ളെഴുത്തുകണ്ണട ഏദന്‍തോട്ടത്തില്‍ നിന്നു് പെറുക്കി എടുത്തതാവുമോ?

ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അതല്ല ഇവിടെ ചര്‍ച്ചാവിഷയം. ദൈവം എന്ന ആശയം അതില്‍ത്തന്നെ ഒരു വിഡ്ഢിത്തമാണെന്നു് വിളംബരം ചെയ്യുക എന്നതും ഇവിടെ ഉദ്ദേശ്യമല്ല. കാര്യസാദ്ധ്യത്തിനായി ഒരു പരിഹാസ്യചിത്രമാക്കി തരംതാഴ്ത്തപ്പെടുന്ന ദൈവമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്നതു്. ഈശ്വരവിശ്വാസികളെ നിരീശ്വരവാദികളാക്കുക എന്നതൊന്നും എന്റെ ലക്‍ഷ്യമല്ല. പക്ഷേ കേള്‍ക്കുന്നതെന്തും മുഖവിലയ്ക്കെടുക്കാനുള്ള ഒരു ബാദ്ധ്യതയും എനിക്കില്ല എന്നു് ഞാന്‍ വിശ്വസിക്കുന്നു. അന്ധമായി എന്തും വിശ്വസിക്കാന്‍ മനുഷ്യര്‍ തയ്യാറാവരുതെന്നാണു് എന്റെ അഭിപ്രായവും. ദൈവീകമായ അരുളപ്പാടുകളും വെളിപാടുകളുമെല്ലാം ഉണ്ടായിട്ടുള്ളതു് ഇന്നുവരെ മനുഷ്യര്‍ക്കു് മാത്രമാണു്. മനുഷ്യരില്‍ അതിരുകവിഞ്ഞ വിശ്വാസം അര്‍പ്പിക്കുന്നതു് അങ്ങേയറ്റം അപകടകരമാണെന്നു് സ്വന്തം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ സ്വന്തനിലപാടു് ഏതെന്നു് ഓരോരുത്തരും അവരവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തീരുമാനിക്കുന്നതിനോടു് എനിക്കു് യാതൊരു വിയോജിപ്പുമില്ല. പക്ഷേ, തന്റെ വിശ്വാസം മാത്രമാണു് ശരിയെന്നും, അതു് ഏതുവിധേനയും ആരിലും അടിച്ചേല്‍പ്പിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും തനിക്കുണ്ടെന്നുമുള്ള ആരുടെ നിലപാടും സ്വീകരിക്കാനാവില്ല. ശാശ്വതമെന്നു് കരുതിയ എത്രയോ പരമസത്യങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ തകര്‍ന്നുവീഴുന്നതു് ഇതിനോടകം ലോകം കണ്ടുകഴിഞ്ഞു!?

അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന്‍ ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു. വേദഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം തെറ്റുകള്‍ ശരിയോ, അവയില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു് ശരികള്‍ തെറ്റോ ആവുകയില്ല. മനുഷ്യചേതന പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു അന്തിമ ഉത്പന്നമല്ല, നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഇന്നലെ വരെ ശരിയായിരുന്നവ എന്നേക്കും ശരിയാവണമെന്നില്ല. പല പുരാതനസമൂഹങ്ങളിലും നരബലി സ്വാഭാവികമായിരുന്നു. അതിനു് ധാരാളം തെളിവുകളുണ്ടു്. പക്ഷേ, ഇന്നു് ഏതെങ്കിലുമൊരു പരിഷ്കൃതസമൂഹം മനുഷ്യജീവനോടുള്ള ഈ കാട്ടാളത്തം അനുവദിക്കുമോ? ബൈബിളിലെ പഴയനിയമവും പുതിയനിയമവും വഴി നമുക്കു് ലഭിക്കുന്ന അക്കാലത്തെ സമൂഹത്തിന്റെ ചിത്രങ്ങളില്‍നിന്നും, ആ കാലഘട്ടത്തിലെ മനുഷ്യര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളുടെ ഒരു ഏകദേശരൂപം വേണമെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനേക്കാള്‍ നികൃഷ്ടമായ നിലയില്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ഒരുപക്ഷേ ഇന്നും ലോകത്തില്‍ ഉണ്ടാവാം; ഇല്ലെന്നല്ല. ആടുമാടുകളെ ബലികഴിക്കലും, ഭൂതവും പ്രേതവും ബാധിക്കലും ഒഴിപ്പിക്കലും, മരിച്ചവരെ ഉയിര്‍പ്പിക്കലും, ദൈവവും മനുഷ്യനുമായുള്ള മല്‍പിടുത്തവുമൊക്കെ അന്നു് ആരും വിശ്വസിച്ചിരുന്ന സ്വാഭാവികതകളായിരുന്നു. അന്നുള്ളവരുടെ മാനസികനിലവാരവും അതിനനുസൃതം മാത്രമേ ആവാന്‍ കഴിയൂ. നിസ്സാരവും, പലപ്പോഴും മാനുഷികവുമായ പ്രവൃത്തികള്‍വരെ പാപങ്ങളായിക്കരുതി മരണശിക്ഷ വിധിക്കുകയും, അതിന്റെ പേരില്‍ മനുഷ്യരെ പരസ്യമായി കല്ലെറിഞ്ഞും തീയിലിട്ടും കൊല്ലുകയും ചെയ്തിരുന്ന ഒരു സമൂഹം എത്രമാത്രം പിന്നാക്കമായിരുന്നിരിക്കണമെന്നു് ചിന്തിക്കാവുന്നതേയുള്ളു. ഇന്നും ഇത്തരം കാട്ടാളത്തങ്ങള്‍ ഭാഗികമായെങ്കിലും നിയമപരമായി നിലനിര്‍ത്തുന്ന സമൂഹങ്ങള്‍ അവയുടെ അജ്ഞതയും മൃഗീയതയും സംസ്കാരശൂന്യതയുമാണു് വെളിപ്പെടുത്തുന്നതു്. മാനസികമായ വളര്‍ച്ചകൊണ്ടേ മൃഗീയത മൃഗീയതയാണെന്നു് മനസ്സിലാക്കപ്പെടുകയുള്ളു. സമൂഹത്തില്‍ നിലവിലിരിക്കുന്ന ദുരാചാരങ്ങള്‍ ദൂരീകരിക്കപ്പെടണമെങ്കില്‍ അവ ദുരാചാരങ്ങളാണെന്നു് മനസ്സിലാക്കപ്പെടണം. അവ എന്നേക്കുമായി കൈവെടിയേണ്ടതിന്റെ ആവശ്യം അംഗീകരിക്കപ്പെടണം. മലീമസവും ദുര്‍ഗ്ഗന്ധവാഹികളുമായ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടാതെ അതു് സാദ്ധ്യമാവുകയില്ല. അതു് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരാണു് യഥാര്‍ത്ഥ സമൂഹദ്രോഹികള്‍.

കുട്ടികള്‍ എറിഞ്ഞോടിച്ചു് വഴിമുട്ടിനില്‍ക്കുന്ന ഒരു ശുനകന്റെ അടുത്തേക്കു് വെറുംകയ്യോടെ ചെല്ലുന്നവന്റേയും നേരെ കുരയ്ക്കാനും, പറ്റിയാല്‍ കടിക്കാനുമേ ആ ജീവിക്കു് കഴിയൂ. തലമുറകളിലൂടെ ഭയപ്പെടുത്തി നിശബ്ദരാക്കിയ മനുഷ്യരുടെ, മാറ്റങ്ങളെ നിരുപാധികം എതിര്‍ക്കാനുള്ള പ്രവണതയും ഈ ഉദാഹരണത്തിനു് തുല്യമാണു്. ശിക്ഷണം വഴി തുറക്കപ്പെട്ട ഒരു മനസ്സിലേ സഹിഷ്ണുതയ്ക്കും പ്രതിപക്ഷബഹുമാനത്തിനും ഇടമുണ്ടാവുകയുള്ളു. വിമോചനം പരമാവധി ദുര്‍ഘടമായ വിധത്തില്‍, ആജീവനാന്തം തന്റെ ബാല്യകാലശിക്ഷണത്തിന്റെ അടിമയായിരിക്കും മനുഷ്യന്‍ എന്നു് എത്ര പറഞ്ഞാലും മതിയാവുമെന്നു് തോന്നുന്നില്ല. “കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍” എന്ന സാര്‍വ്വലൗകികക്ഷണപ്പത്രവുമായി കാത്തിരിക്കുന്നവരുടെ നിഗൂഢലക്‍ഷ്യവും മനുഷ്യമനസ്സിന്റെ, അഥവാ മസ്തിഷ്കത്തിന്റെ ഈ ബലഹീനത മുതലെടുക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. മസ്തിഷ്കപ്രക്ഷാളണം ചെയ്യപ്പെട്ട കുറേ ചാവേര്‍പ്പടകള്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ നിലനില്‍പ്പിനു് എന്നും അനിവാര്യമായിരുന്നല്ലോ. അരയിലുറപ്പിച്ച ബോംബുമായി നിരപരാധികളായ മനുഷ്യരുടെയിടയിലെത്തി തന്നേയും അവരേയും സ്ഫോടനത്തിനിരയാക്കുന്ന ദൈവത്തിന്റെ സേനാനായകന്മാരും അരയില്‍ ബോംബുമായി ജനിക്കുകയായിരുന്നില്ല, ബോംബേറുകാരായി തീരുകയായിരുന്നു, അഥവാ അവരെയങ്ങനെ ആക്കിത്തീര്‍ക്കുകയായിരുന്നു.

“തത്വചിന്താപരമായ ഏതു് നിലപാടിലാണു് നമ്മള്‍ ഇന്നു് നില്‍ക്കുന്നതെങ്കിലും, ആ നിലപാടില്‍നിന്നുകൊണ്ടു് വീക്ഷിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്നു എന്നു് വിശ്വസിക്കുന്ന ലോകത്തെസംബന്ധിച്ച തെറ്റിദ്ധാരണകളാണു് ഏറ്റവും തീര്‍ച്ചയായതും, ഉറപ്പായതുമായി നമുക്കു് കാണാന്‍ കഴിയുന്നതു്” – ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ.

(തുടരും)

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 3

ബൈബിളിലെ വിവരണപ്രകാരം ലോകത്തിലെ ആദിമനുഷ്യര്‍ ദൈവതിരുമുന്‍പില്‍ ചെയ്ത ആദ്യപാപം അനുസരണമില്ലായ്മയായിരുന്നു. എന്തു് അനുസരണക്കേടാണു് അവര്‍ കാണിച്ചതു്? എദന്‍ തോട്ടത്തിന്റെ നടുവില്‍ നിന്നിരുന്ന ഒരു വൃക്ഷത്തില്‍നിന്നും നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പഴം പറിച്ചുതിന്നു. അതായതു്, അറിവുണ്ടാവാന്‍, അഥവാ അജ്ഞതയില്‍നിന്നും മോചനം നേടാന്‍ ശ്രമിച്ചു എന്നതാണു് മനുഷ്യര്‍ ചെയ്ത ആദ്യത്തെ പാപം! തിരിച്ചറിവു് നേടാന്‍ ശ്രമിക്കുന്നതു് ദൈവത്തോടു് ചെയ്യുന്ന ഏറ്റവും വലിയ പാപമായി വരുത്തുകയും, അതിന്റെ പേരില്‍ ദൈവം മനുഷ്യരെ പറുദീസയില്‍നിന്നും പുറത്താക്കിയതായി വര്‍ണ്ണിക്കുകയും ചെയ്യുന്നതുവഴി പുരോഹിതന്‍ അനുസരണയില്ലായ്മയെയും പാപങ്ങളുടെ പട്ടികയിലെ പ്രധാന സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുന്നു. ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളെ ഇടതുകൈകൊണ്ടു് അമ്മാനമാടാന്‍ കഴിയുന്ന, കഴിയേണ്ടുന്ന ഒരു ദൈവം തോട്ടത്തിന്റെ നടുവില്‍ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നട്ടുപിടിപ്പിച്ചപ്പോള്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് എന്തെന്നു് അറിഞ്ഞില്ല പോലും! തിന്നാന്‍ കൊള്ളാത്ത, അഥവാ തിന്നാല്‍ മരിച്ചുപോകുന്ന ഫലം കായ്ക്കുന്ന ഒരു വൃക്ഷമായി തീരുമെന്നു് അറിഞ്ഞുകൊണ്ടു്, തന്റെ മക്കള്‍ അതു് പറിച്ചു് തിന്നുമോ എന്നു് പരീക്ഷിക്കാനായി ഒരു സാധാരണ കര്‍ഷകന്‍ പോലും അതിനു് തടമെടുത്തു് നട്ടുനനച്ചു് വളമിട്ടു് വളര്‍ത്തുവാന്‍ തയ്യാറാവുകയില്ല എന്നിരിക്കെ, സര്‍വ്വജ്ഞാനിയായ ഒരു ദൈവം അതുപോലൊരു മരം, അതും തോട്ടത്തിന്റെ ഒത്തനടുവില്‍ത്തന്നെ, നട്ടുപിടിപ്പിക്കുന്നു! ആത്മീയനേതൃത്വം പൊതുവേ അവരുടെ അനുയായികള്‍ക്കു് കര്‍ശനമായി വിലക്കുന്ന സ്വാതന്ത്ര്യം മനുഷ്യരുടെ പ്രവൃത്തികളില്‍ അനുവദിക്കുന്നവനാണു് ദൈവം എന്നു് കരുതിയാല്‍ തന്നെ, അവയുടെ പരിണതഫലങ്ങള്‍ അറിയാത്തവനാവുകയില്ല എന്നു് അംഗീകരിക്കാതെ നിവൃത്തിയില്ല. പുരോഹിതന്റെ പഠിപ്പിക്കലുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ മനുഷ്യര്‍ മണ്ടന്മാരായി തുടരണം. അതിനാല്‍ പുരോഹിതന്‍ മനുഷ്യരെ പഠിപ്പിച്ചു: “അറിവു് പാപമാണു്, അനുസരണമില്ലായ്മ പാപമാണു്, ലൈംഗികത പാപമാണു്”! ചുരുക്കത്തില്‍, ജീവിതത്തിനു് അര്‍ത്ഥപൂര്‍ണ്ണതയും വ്യക്തിത്വവും ആനന്ദസൗഭാഗ്യവും പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ അപ്പാടെ പാപമാണു്! കൊന്തനമസ്കാരവും നോമ്പും പ്രാര്‍ത്ഥനയും ഒഴികെ ബാക്കി എല്ലാം അനുതപിച്ചു് കരഞ്ഞുവിളിച്ചു് കുമ്പസാരിക്കേണ്ട മഹാപാപങ്ങളാണു്! ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമല്ല, സ്ത്രീയെ മോഹിക്കേണ്ടതിനു് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ടു് അവളോടു് വ്യഭിചാരം ചെയ്തുകഴിഞ്ഞു – (മത്തായി 5: 27, 28) പുരുഷനെ മോഹിക്കേണ്ടതിനു് അവനെ നോക്കുന്ന സ്ത്രീകളും ഹൃദയം കൊണ്ടു് അവനോടു് വ്യഭിചാരം ചെയ്യുന്നുണ്ടോ ആവോ! അതോ സ്ത്രീകള്‍ക്കു് മോഹവും ഹൃദയവും ഒന്നും ഇല്ലെന്നാവുമോ? പിന്നെ എന്തിനാണെന്നുണ്ടോ പെണ്‍വര്‍ഗ്ഗം ഒന്നടങ്കം കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി കണ്ണെഴുതി വളകളും തളകളും കിലുങ്ങുന്നവിധം തുള്ളിക്കുണുങ്ങി നടക്കുന്നതു്? (പുരാതനകാലത്തെ യഹൂദരുടെ ഇടയില്‍ സ്ത്രീകള്‍ക്കും, പന്ത്രണ്ടു് വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്കും ആത്മാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നത്രേ! ഒരുപക്ഷേ അതുകൊണ്ടാവാം മോഹിക്കേണ്ടതിനായി നോക്കി വ്യഭിചരിക്കുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളെ യേശു ഉള്‍പെടുത്താതിരുന്നതു്. ആത്മാവില്ലാത്തവര്‍ക്കെന്തിനു് ഹൃദയം? ഹൃദയമില്ലാത്തവര്‍ക്കെന്തു് മോഹം?)

സ്ത്രീപുരുഷശരീരങ്ങള്‍ യുവത്വം ആരംഭിക്കുന്നതോടെ മനോഹാരിതയുടെ പാരമ്യതയില്‍ എത്തുന്നതു് പരസ്പരം ആകര്‍ഷിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആസ്വദിക്കപ്പെടാനും അതുവഴി മനുഷ്യന്‍ എന്ന വര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമാവാതിരിക്കാനും വേണ്ടിയാവാനാണു് കൂടുതല്‍ സാദ്ധ്യത എന്നെനിക്കു് തോന്നുന്നു. ഭൂതങ്ങളേപ്പോലെ അടിമുതല്‍ മുടിവരെ കറുത്ത കുപ്പായത്തില്‍ മൂടി മനുഷ്യരെ ഭയപ്പെടുത്തിയാല്‍ മാത്രമേ വംശവര്‍ദ്ധനവിനുള്ള ദാഹം വര്‍ദ്ധിക്കുകയുള്ളുവെങ്കില്‍, പ്രായപൂര്‍ത്തി ആവുന്നതോടെ പ്രകൃതി മനുഷ്യരെ കറുത്ത ചാക്കുകൊണ്ടു് പൊതിയുമായിരുന്നു. കരടികളെ രോമം കൊണ്ടു് പൊതിയുന്ന പ്രകൃതിക്കു് തീര്‍ച്ചയായും അതിനുള്ള കഴിവു് ഉണ്ടാവുമായിരുന്നു എന്നാണെന്റെ വിശ്വാസം. തണുപ്പില്‍നിന്നും രക്ഷനേടാന്‍ പ്രത്യേകം പുതപ്പുവാങ്ങാതെ കഴിക്കുകയും ചെയ്യാമായിരുന്നു. ചാക്കില്‍ പൊതിഞ്ഞവരെ ചാക്കിട്ടുപിടിച്ചു് ലൈംഗീകവേഴ്ച്ച നടത്തി മനുഷ്യര്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെ പെരുകണമെന്നതു് ദൈവത്തിന്റെ കല്‍പനയാണോ എന്നെനിക്കറിയില്ല. അതായിരുന്നു ദൈവത്തിന്റെ ലക്‍ഷ്യമെങ്കില്‍, കുഞ്ഞിനെ പ്രസവിക്കുന്നതിനു് പകരം മത്സ്യങ്ങളേപ്പോലെയോ, തവളകളേപ്പോലെയോ ആയിരക്കണക്കിനു് മുട്ടകള്‍ ഒറ്റയടിക്കു് ഇടാന്‍ ശേഷിയുള്ള പ്രസവയന്ത്രങ്ങളായി സ്ത്രീകളെ സൃഷ്ടിക്കുന്നതായിരുന്നില്ലേ കൂടുതല്‍ അനുയോജ്യം? ഓണത്തിനു് ഒന്നാംതരമൊരു പൂക്കളം ഒരുക്കിയശേഷം അതിനുമീതെ ഒരു വലിയ ചാക്കിട്ടങ്ങുമൂടിയാല്‍ എന്താ അതിന്റെ ഒരു ചന്തം!? മതാന്ധതയിലെ അബോധാവസ്ഥമൂലം പറയുന്നതിന്റെ പരിണതഫലം എന്തെന്നുപോലും അറിയാന്‍ കഴിവില്ലാതായിത്തീര്‍ന്ന ഒരുപറ്റം വികലമാനസരാല്‍ നയിക്കപ്പെടേണ്ടിവരുന്ന പാവം വിശ്വാസികള്‍!

കുര്‍ട്‌ ടുഹോള്‍സ്കി പറയുന്നപോലെ, “എനിക്കു് കഴിയുന്നില്ല അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല” എന്നതാവാം ഈ ഷണ്ഡപണ്ഡിതരെ നയിക്കുന്ന ചേതോവികാരം. പുരോഹിതന്‍ അനുഗ്രഹിച്ചതുകൊണ്ടു് മാത്രം കുഞ്ഞുങ്ങള്‍ ജനിക്കുകയോ, അനുവദിക്കാത്തതുകൊണ്ടു് ജനിക്കാതിരിക്കുകയോ ചെയ്യുമെന്നു് എനിക്കു് തോന്നുന്നില്ല. വംശവര്‍ദ്ധനവിനു് അതിലുപരി ജന്തുശാസ്ത്രപരമായ ചില സൂത്രങ്ങള്‍ നിറവേറ്റപ്പെടേണ്ടതുണ്ടു്. ഒരു പുതിയ ജീവന്‍ രൂപംകൊള്ളാന്‍ ഇക്കാലത്തു് സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടേ തീരൂ എന്നില്ല എന്നതിന്റെ തെളിവല്ലേ കൃത്രിമ ഗര്‍ഭധാരണം വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍? അതൊന്നും മനസ്സിലാവാത്ത ആത്മാവിന്റെ വക്കീലന്മാര്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതല്ലേ കൂടുതല്‍ ഉത്തമം? ഇന്ദ്രിയങ്ങള്‍ ഈ ലോകത്തില്‍ മാര്‍ഗ്ഗദര്‍ശനം ലഘൂകരിക്കാനും ജീവിതം ആസ്വാദ്യകരമാക്കുവാനുമുള്ളതാണു്. അവയുടെ പ്രേരണക്കനുസൃതമായി ഉപയോഗിക്കേണ്ട സമയത്തു് മനുഷ്യശരീരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ അവ പുഴുവിനും ചിതലിനുമൊക്കെ സന്തോഷം പകരാനേ ഉപകരിക്കൂ. ലൈംഗികത പുരോഹിതദൃഷ്ടിയില്‍ മാത്രമാണു് പൈശാചികം. പ്രകൃതിയുടെ ഭംഗിയും അതിലെ വിഭവങ്ങളും യുവത്വത്തിന്റെ സൗന്ദര്യവും ആസ്വദിക്കപ്പെടാനുള്ളതാണു്. കാട്ടുമൃഗങ്ങള്‍ പോലും അവയുടെ ജന്മസഹജമായ വാസനകള്‍ക്കു് അനുസൃതമായാണു് ജീവിക്കുന്നതു്. പക്ഷേ, ചിന്താശേഷിയുള്ള, സമൂഹജീവികള്‍ എന്നവകാശപ്പെടുന്ന മനുഷ്യര്‍ക്കുമാത്രം അതു് മഹാപാപമായതിനാല്‍ ദൈവം നിഷേധിക്കുന്നു, അഥവാ നിഷേധിക്കുന്നതായി പുരോഹിതന്‍ പഠിപ്പിക്കുന്നു.

കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ കുടുംബമാണു്. ഭദ്രതയുള്ള കുടുംബത്തില്‍നിന്നേ വിവേകമുള്ള തലമുറകള്‍ ഉരുത്തിരിയുകയുള്ളു. ലൈംഗികവും, മാനസികവുമായ ആകര്‍ഷണം കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മുന്‍വിധിയാണു്. നോമ്പും പ്രാര്‍ത്ഥനയുമാണു് ജീവിതലക്‍ഷ്യമെങ്കില്‍ അതിനു് ഒരു കുടുംബം വേണമെന്നില്ല. പ്രാര്‍ത്ഥന അധികപങ്കു് മനുഷ്യര്‍ക്കും ഒരു ലക്‍ഷ്യമല്ല; ജീവിതം സുഖപ്രദമാവണം എന്ന ലക്‍ഷ്യത്തിനു് ദൈവസഹായം ഉറപ്പുവരുത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പിന്‍തുടരപ്പെടുന്ന ഒരു മാര്‍ഗ്ഗം മാത്രമാണു്. അസ്തിത്വഭയത്തില്‍ അധിഷ്ഠിതമായ (തത്വത്തില്‍ അടിസ്ഥാനരഹിതമായ!) മനഃശാസ്ത്രപരമായ ഒരാവശ്യം, അത്രതന്നെ. പ്രാര്‍ത്ഥനവഴി ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കില്‍ അതിനു് ആര്‍ക്കെന്തു് പരാതി? പക്ഷേ മനുഷ്യന്‍ തേടുന്ന ആത്മീയസമാധാനം ആവശ്യത്തിനനുസരിച്ചു് വിതരണം (demand and supply) എന്ന കമ്പോളനിയമത്തിനു് അധീനമാക്കപ്പെടുമ്പോള്‍ അതു് ആത്മീയമോ ദൈവീകമോ അല്ല, പ്രത്യുത, ലൗകികവും മാനുഷികവുമാണു്, വില്‍ക്കലും വാങ്ങലുമാണു്, കച്ചവടമാണു്, വ്യവസായമാണു്. അതിനായി ഒരു ജഗദീശ്വരന്റെ നാമം ദുരുപയോഗം ചെയ്യപ്പെടുന്നതു് അനീതിയും അധര്‍മ്മവുമാണു്. അതു് ദൈവത്തെ നിന്ദിക്കലും താഴ്ത്തിക്കെട്ടലുമാണു്. സ്വയം അദ്ധ്വാനിക്കാതെ പ്രാര്‍ത്ഥനയും ധ്യാനവും മാത്രം ജീവിതലക്‍ഷ്യമാക്കുന്ന സന്ന്യാസിമാരും വിശപ്പും ദാഹവും ഉള്ളവര്‍ തന്നെയാണു് എന്നതിനാല്‍, അവര്‍ സത്യത്തില്‍ മറ്റു് മനുഷ്യരുടെ ചെലവില്‍ ജീവിക്കുന്നവരല്ലേ? പ്രാര്‍ത്ഥനകൊണ്ടേ ഭൂമി വിളവുനല്‍കൂ എന്നു് അദ്ധ്വാനിക്കുന്ന പാവങ്ങളെ വിശ്വസിപ്പിച്ചു് സ്വന്തം അപ്പം നേടുകയല്ലേ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു്? എന്തെങ്കിലും പ്രവര്‍ത്തിക്കുന്നവര്‍ക്കേ തെറ്റുപറ്റുകയുള്ളു. ഒന്നും ചെയ്യാത്തവനു് തെറ്റു് പറ്റുന്നതെങ്ങനെ? നിഷ്ക്രിയത്വം തെറ്റോ പാപമോ അല്ലാത്തതുമൂലമാണു് അപ്രമാദിത്വം അവകാശപ്പെട്ടു് ദൈവതുല്യരാകുവാന്‍ നിഷ്ക്രിയര്‍ക്കു് കഴിയുന്നതു്. ഒന്നും ചെയ്യാതെ, മറ്റുള്ളവരുടെ പ്രവൃത്തികളിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു് അവരുടെ ചെലവില്‍ ജീവിക്കുന്നതു് ഒരു മഹത്വമായി കണക്കാക്കപ്പെടുന്ന സമൂഹങ്ങളില്‍ കഴിയുമെങ്കില്‍ ഒന്നും ചെയ്യാതിരിക്കാന്‍ ചില അതിബുദ്ധിമാന്മാര്‍ ശ്രമിക്കുന്നതില്‍ എന്തത്ഭുതം? വലിയ അദ്ധ്വാനമൊന്നുമില്ലാതെ ഭൂമിയില്‍ അല്ലലറിയാതെ ജീവിക്കാനും സ്വര്‍ഗ്ഗത്തില്‍ സ്വന്തം സീറ്റ്‌ ഉറപ്പാണെന്നു് വിശ്വസിക്കാനും കഴിയുന്നതിനേക്കാള്‍ അഭികാമ്യമായ ജീവിതം എവിടെ? ആഹാരസമ്പാദനത്തിനായി ജീവജാലങ്ങള്‍ ഇരകളുടെ ബലഹീനതകള്‍ മുതലെടുക്കുന്നതു് പ്രകൃതിസഹജമാണു്. പക്ഷേ സഹജീവികളെ ഒരേ ദൈവത്തിന്റെ മക്കള്‍ എന്നു് വിശേഷിപ്പിക്കാനും, അതേ ദൈവനാമം തന്നെ കാണിച്ചു് പൊള്ളവാഗ്ദാനം നല്‍കി ചൂഷണം ചെയ്യാനും തൊലിക്കട്ടി മാത്രം പോരാ, ഒരു നല്ല പങ്കു് മനുഷ്യാധമത്വവും വേണം. ഇതൊരു തന്ത്രമാണെന്നു് മനസ്സിലാക്കാന്‍ കഴിവില്ലാതാക്കിത്തീര്‍ത്ത സാധാരണമനുഷ്യര്‍ സ്വമേധയാ ബലിമന്ദിരങ്ങള്‍ തേടിച്ചെല്ലുക മാത്രമല്ല, അതിലെ യുക്തിഹീനത പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികളെ – വിരോധാഭാസമെന്നേ പറയേണ്ടൂ – എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട ദൈവദോഷികളായും, തങ്ങളെ ചൂഷണം ചെയ്യുന്നവരെ ഭയഭക്തിപുരസരം തൊഴുതുവണങ്ങേണ്ട ദൈവതുല്യരായും വിലയിരുത്തുകകൂടി ചെയ്യുന്നു! ബലിമന്ദിരങ്ങള്‍ തേടി അങ്ങോട്ടു് ചെല്ലുന്ന ബലിമൃഗങ്ങള്‍!

ഏതെങ്കിലും ഒരു മത്തായിയുടേയോ മര്‍ക്കോസിന്റേയോ വംശം നിലനില്‍ക്കണമോ വേണ്ടയോ എന്നതു് പ്രകൃതിയുടെ തലവേദനയല്ല. അതു് അവരുടെ സ്വന്തം കാര്യം. തങ്ങള്‍ക്കു് വേണ്ടതു് വനവാസമോ ഗുഹാവാസമോ തപസ്സോ ശുഷ്കാസനമോ എന്നു് ഒരോരുത്തരും സ്വയം തീരുമാനിക്കണം. വ്യക്തിപരമായ ഏതെങ്കിലും പരിഗണനകളുടെ പേരില്‍, “പ്രകൃതിവിരുദ്ധജീവിതം” തെരഞ്ഞെടുക്കുന്നവര്‍ അവരുടെ നിലപാടു് നീതീകരിക്കാന്‍ ശ്രമിക്കുന്നതു് മനസ്സിലാക്കാം. അതിനുള്ള സ്വാതന്ത്ര്യവും തീര്‍ച്ചയായും അവര്‍ക്കുണ്ടു്. പക്ഷെ അങ്ങനെയുള്ളവര്‍ മനുഷ്യരുടെമേല്‍ അധികാരം സ്ഥാപിച്ചു്, പ്രകൃതിസഹജമായ വാസനകളും വികാരങ്ങളും പാപങ്ങളാണെന്നു് വിവക്ഷിച്ചു് അവരില്‍ കുറ്റബോധം കുത്തിവയ്ക്കുന്നതു് മനുഷ്യദ്രോഹമാണു്, മനുഷ്യവര്‍ഗ്ഗത്തോടു് ചെയ്യുന്ന പാതകമാണു്. മനുഷ്യര്‍ അവരുടെ ഭാവി തലമുറയെ കുറ്റബോധത്തോടെ ജനിപ്പിക്കേണ്ടിവരുന്നതോ ദൈവഹിതം? ഇത്തരം ഭ്രാന്തു് ദൈവകല്‍പനയെന്നു് പഠിപ്പിക്കുന്നവരാണു് യഥാര്‍ത്ഥദൈവദോഷികള്‍. മനുഷ്യര്‍ എന്തു് ചെയ്യുന്നതും, എന്തു് ചെയ്യാതിരിക്കുന്നതുമാണോ തന്റെ നിലനില്‍പ്പിനു് പ്രയോജനപ്രദം, അതിനു് അനുയോജ്യമായി മനുഷ്യരെ വളര്‍ത്തിയെടുക്കുക എന്നതാണു് പുരോഹിതന്‍ പഠിപ്പിക്കുന്ന സകല ദൈവകല്‍പനകളുടെയും ലക്‍ഷ്യം. പുരോഹിതന്‍ പറയുന്ന “ദൈവതിരുമുന്‍പില്‍” എന്ന വാക്കിനു് “പുരോഹിതതിരുമുന്‍പില്‍” എന്നല്ലാതെ മറ്റു് യാതൊരു അര്‍ത്ഥവും കല്പിക്കേണ്ടതില്ല. ദൈവം ആവശ്യപ്പെട്ടാല്‍ വിശ്വാസികളുടെ പിതാവായ അബ്രാഹാമിനേപ്പോലെ സ്വന്തം മകനെ വരെ ബലികഴിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കണം. (അബ്രാഹാമിന്റെ കാലത്തു് നരബലി എന്ന ഏര്‍പ്പാടു് അസാധാരണമായിരുന്നില്ല എന്നു് മാത്രമേ ഈ വര്‍ണ്ണന വഴി മനസ്സിലാക്കേണ്ടതുള്ളു.) തന്റെ ആവശ്യമെന്തെന്നു് ദൈവം പുരോഹിതനെ അറിയിക്കുന്നു; പുരോഹിതന്‍ അതു് മനുഷ്യരെ അറിയിക്കുന്നു; അവര്‍ അനുസരണയുള്ള കുഞ്ഞാടുകളേപ്പോലെ കഴുത്തു് നീട്ടി കാണിക്കുന്നു, അഥവാ കാണിക്കണമെന്നു് പുരോഹിതന്‍ ആഗ്രഹിക്കുന്നു.

മനുഷ്യര്‍ നന്മ ചെയ്യുന്നതിലെ സന്തോഷം രേഖപ്പെടുത്തുന്നതിനേക്കാള്‍, തിന്മ ചെയ്യുന്നതിലെ ദുഃഖവും അതിലേറെ അമര്‍ഷവും പ്രകടിപ്പിക്കുന്നതിലും, അതിനു് നിര്‍ബന്ധമായും പരിഹാരം ചെയ്യാന്‍ കല്‍പിക്കുന്നതിലും ദൈവം കാണിക്കുന്നതായി പൊതുവേ വേദഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്ന ശുഷ്കാന്തി ശ്രദ്ധേയമാണു്. മൃഗങ്ങളിലും, സസ്യങ്ങളില്‍പോലും അസ്തിത്വസ്വാഭാവികതയായ ഗുണങ്ങള്‍ മനുഷ്യരില്‍ പാപങ്ങളായി പരിണമിക്കുന്നതു്, പരിഗണിക്കണമെന്നു് പഠിപ്പിക്കപ്പെടുന്നതു്, പാപപരിഹാരമായി ലഭിക്കുന്ന ബലിയര്‍പ്പണങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ദൈവത്തിനു് കഴിയില്ല എന്നതുകൊണ്ടാവുമോ? മനുഷ്യരുടെ അദ്ധ്വാനഫലം കൊണ്ടു് ജീവിക്കേണ്ടിവരുന്ന ഒരു ദൈവം തന്റെ നിലനില്‍പ്പുതന്നെ സാദ്ധ്യമാക്കിത്തീര്‍ക്കുന്ന മനുഷ്യരുടെ ആശ്രിതനല്ലേ ആവുകയുള്ളു? കൃഷി ചെയ്തോ, ചുമടു് ചുമന്നോ, റിക്ഷ വലിച്ചോ, റോഡു് മെറ്റല്‍ ചെയ്യാന്‍ കരിംപാറ തല്ലിപ്പൊട്ടിച്ചോ, മറ്റേതെങ്കിലും വിധത്തില്‍ അദ്ധ്വാനിച്ചോ ഒരു ദൈവവും മനുഷ്യര്‍ക്കു് ചെലവിനു് കൊടുത്തതായി ഇന്നോളം ഞാന്‍ കേട്ടിട്ടില്ല. നേരേമറിച്ചു്, പറുദീസയില്‍നിന്നും പുറത്താക്കിയപ്പോള്‍ മുഖം വിയര്‍ത്തു് അദ്ധ്വാനിച്ചു് കഷ്ടതയോടെ അഹോവൃത്തി കഴിക്കുവാന്‍ കല്‍പിക്കുക മാത്രമല്ല, വിളവു് നശിപ്പിക്കുന്ന മുള്ളും പറക്കാരയും കൃഷിഭൂമിയില്‍നിന്നു് മുളയ്ക്കട്ടേയെന്നു് മനുഷ്യനെ ശപിക്കുക കൂടിയായിരുന്നു സ്നേഹമയനായ ദൈവം! (ഉല്പത്തി 3: 17, 18) ആ ദൈവം തന്നെ മനുഷ്യന്റെ പ്രയത്നഫലത്തിന്റെ അംശം കാഴ്ചയും വഴിപാടുമായി ആവശ്യപ്പെടുന്നു! ചുരുങ്ങിയപക്ഷം ബൈബിളില്‍ അങ്ങനെ വര്‍ണ്ണിക്കപ്പെടുന്നു. “വെറുംകയ്യോടെ നിങ്ങള്‍ എന്റെ മുന്‍പാകെ വരരുതു്.” – (പുറപ്പാടു് 34: 20) വെറുംകയ്യോടെ വരരുതു് എന്നു് കേട്ടതുകൊണ്ടു് കയ്യില്‍ കിട്ടിയതുമായി ദൈവസന്നിധിയില്‍ എത്താതിരിക്കാനും ദൈവം മുന്‍കൂട്ടിത്തന്നെ കരുതല്‍ നടപടി സ്വീകരിക്കുന്നു. ശ്രദ്ധിക്കൂ: “കുരുടു്, ചതവു്, മുറിവു്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനേയും യഹോവയ്ക്കു് അര്‍പ്പിക്കരുതു്. ഇവയില്‍ ഒന്നിനേയും യഹോവയ്ക്കു് യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു്. അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയേയും കുഞ്ഞാടിനേയും സ്വമേധാദാനമായിട്ടു് അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായിട്ടു് അതു് പ്രസാദമാകയില്ല. വരി ചതച്ചതോ, എടുത്തുകളഞ്ഞതോ, ഉടച്ചതോ, മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവയ്ക്കു് അര്‍പ്പിക്കരുതു്.” – (ലേവ്യ. 22: 22 – 24) (വാസെക്ടമി കഴിഞ്ഞ പുരുഷന്മാര്‍ എന്തിനായി ദൈവസന്നിധിയിലെത്തുന്നു എന്നെനിക്കു് മനസ്സിലാവുന്നില്ല. “കണ്ടതു് കണ്ടതു് കൊത്തിനടക്കുന്ന കാവളങ്കിളിയല്ല” ദൈവമെന്നു് അവര്‍ക്കറിയില്ലെന്നുണ്ടോ?) ഇതൊക്കെയാണു് ദൈവവചനങ്ങള്‍! ഈ ഭാഷാനിലവാരം ഇന്നു് കേരളരാഷ്ട്രീയത്തില്‍ പോലും കാണാന്‍ കഴിയില്ല എന്നാണെന്റെ വിശ്വാസം. ഈ ദൈവം തന്നെയാണു് പില്‍ക്കാലത്തു് സകല മനുഷ്യരുടേയും നിത്യരക്ഷക്കായി തന്റെ ഏകജാതനായ യേശുവിനു് ഭൂമിയില്‍ മനുഷ്യജന്മം നല്‍കുന്നതും, അവനെ മനുഷ്യരെക്കൊണ്ടു് കുരിശില്‍ തറപ്പിക്കുന്നതുമെല്ലാം!

പ്രകാശവര്‍ഷങ്ങള്‍ അകലെ ഇന്നു് ഒരു നക്ഷത്രസ്ഫോടനം നടന്നാല്‍, അതിന്റെ വിവരം നാളെ ജനിക്കുന്നവര്‍ വയസ്സുചെന്നു് മരിച്ചാലും സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ ഭൂമിയില്‍ എത്തണമെന്നില്ല എന്നത്ര വലുതായ പ്രപഞ്ചത്തിന്റെ “നാഥനായ” ഒരു ദൈവം മനുഷ്യരോടു് തനിക്കു് ചൊറിയും പുഴുക്കടിയുമില്ലാത്ത ആടുകളേയും കാളകളേയും ബലിനല്‍കണമെന്നു് ആവശ്യപ്പെടുന്നു!

(തുടരും)

 

Tags: , ,

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 2

കുളിയും ജപവും ഇല്ലാതെ പൊടിയില്‍ പൊതിഞ്ഞു് പൊരിയുന്ന മരുഭൂമിസമൂഹങ്ങളില്‍, ഒരു പുതിയ ജീവിതാരംഭത്തിനു് മുന്നോടിയായി, ഒരു ആന്തരനവീകരണത്തിനു് തുടക്കം കുറിക്കലായി ഒരു കുളി, ഒരു മാമോദീസ, ഒരു ബാഹ്യശുചീകരണം തികച്ചും ആശാസ്യമാണു്. നവ്യമായ ഒരു ആരംഭം അതുവഴി സാധിച്ചാലും ഇല്ലെങ്കിലും, വിയര്‍പ്പിന്റെയും മറ്റു് ശാരീരികമാലിന്യങ്ങളുടെയും ദുര്‍ഗ്ഗന്ധം അകറ്റാന്‍ ഒരു കുളി തീര്‍ച്ചയായും സഹായകമാവും. പക്ഷേ, പുഴകളും കുളിക്കടവുകളും അരുവികളും ആമ്പല്‍പൊയ്കകളും നിറഞ്ഞ കേരളത്തില്‍, നിത്യേനയുള്ള മുങ്ങിക്കുളി ഒരു സ്വാഭാവികചടങ്ങായ മലയാളക്കരയില്‍ ഇങ്ങനെയൊരു ഏര്‍പ്പാടിന്റെ ആവശ്യം അവ്യക്തമാണു്. സായിപ്പിന്റെ നാട്ടില്‍നിന്നും വിളവു് സംരക്ഷിക്കുന്നതിനായി കേരളകര്‍ഷകരെ തേടിയെത്തിയ കീടനാശിനികള്‍ കൈത്തോടുകളിലും നെല്‍പ്പാടങ്ങളിലും സുലഭമായിരുന്ന ചെറുമീനുകളേയും, ഞവണി-ഞണ്ടു്-ഞാഞ്ഞൂലുകളെയും ഒന്നടങ്കം കൊന്നൊടുക്കികൊണ്ടു് കുടിവെള്ളത്തില്‍ വരെ വിഷം കലര്‍ത്താന്‍ തുടങ്ങാതിരുന്ന അക്കാലത്തു് പ്രത്യേകിച്ചും! കീടനാശിനികളും രാസവളങ്ങളും കൈകോര്‍ത്തുപിടിച്ചു് വര്‍ദ്ധിപ്പിച്ച വിളവിന്റെ വിലയിലേറെയും കീടനാശിനിക്കമ്പനികളിലേക്കും, യന്ത്രനിര്‍മ്മാണശാലകളിലേക്കും മറ്റും ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ അതിനനുസൃതമായി സായിപ്പിന്റെ നാണയങ്ങളുടെ മൂല്യവില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. അതോടൊപ്പം, കേരളീയന്റെ പഴയകാലത്തെ നാണയമായിരുന്ന കാലണകളിലും കടലാസു് രൂപകളിലും മാത്രമല്ല, കഞ്ഞിക്കലങ്ങളില്‍ പോലും ഓട്ടകള്‍ വീഴുകയുമായിരുന്നു. അതേസമയം, സമൂഹത്തിലെ ചോരുന്ന ദ്വാരങ്ങള്‍ കാണാനും ഭാരതീയനെ സ്വയംപര്യാപ്തമാക്കാന്‍ തക്കതായ പ്രായോഗികനടപടികള്‍ സ്വീകരിക്കാനും ബാദ്ധ്യസ്ഥമായ രാഷ്ട്രീയനേതൃത്വം ഇറക്കുമതിചെയ്യപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ അന്ധമായി, ഒന്നിനൊന്നു് എന്ന തോതില്‍, അനുകരിച്ചുകൊണ്ടു് പണ്ടേതന്നെ അജ്ഞരും അന്ധവിശ്വാസികളുമായ അനുയായികളെ കവലകളില്‍ കുത്തിയിരുന്നു് സമരം ചെയ്യുന്നതും സത്യാഗ്രഹം അനുഷ്ഠിക്കുന്നതുമാണു് പൗരധര്‍മ്മം എന്നു് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാരതീയരുടെ അസംസ്കൃതപദാര്‍ത്ഥങ്ങളും, അദ്ധ്വാനഫലങ്ങളും നിസ്സാരവിലയ്ക്കു് വാങ്ങുകയും, അവരുടെ സംസ്കൃത ഉത്‌പന്നങ്ങള്‍ ഭാരതീയനു് പൊന്നുംവിലയ്ക്കു് വില്‍ക്കുകയും ചെയ്തുകൊണ്ടു് അന്യരാജ്യങ്ങള്‍ സമൃദ്ധിയില്‍നിന്നും സമൃദ്ധിയിലേക്കു് ഉയര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അതറിയാത്തതായി ഭാവിച്ചു് അതിനു് കൂട്ടുനില്‍ക്കുകയായിരുന്നു. ഗണിതശാസ്ത്രത്തിലും വാനശാസ്ത്രത്തിലും സാഹിത്യത്തിലും കലകളിലുമെല്ലാം ഉന്നതനിലവാരം കൈവരിച്ച ഒരു ജനവിഭാഗം കവടിനിരത്താനും, കൈനോക്കാനും ആരംഭിച്ചു് നികൃഷ്ടതയിലെക്കു് കുതിച്ചുകൊണ്ടിരുന്നപ്പോള്‍ അതു് കണ്ടില്ലെന്നു് നടിക്കുകയായിരുന്നു. മനുഷ്യനെ മനുഷ്യത്വത്തിലേക്കും, പരസ്പരബഹുമാനത്തിലേക്കും, സഹിഷ്‌ണുതയിലേക്കും കൈപിടിച്ചു് നടത്തേണ്ടുന്ന മതനേതൃത്വമാകട്ടെ, ഹിന്ദുമതത്തിനും ബുദ്ധമതത്തിനും ജൈനമതത്തിനും സിക്കുമതത്തിനും ജന്മം നല്‍കിയ ഒരു ഉപഭൂഖണ്ഡത്തില്‍, തമസോമാ ജ്യോതിര്‍ഗ്ഗമയാ എന്ന സാര്‍വ്വലൗകികമന്ത്രാലാപം കേട്ടുണര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ സ്വത്വത്തെ അവഗണിച്ചുകൊണ്ടു് സ്വന്തം സമൂഹത്തിന്റെ അന്തസത്തയെ, ആത്മാവിനെ അന്യാധീനപ്പെടുത്തുകയായിരുന്നു. സ്വന്തമായവയിലെ പരിമിതികള്‍ പരിഹരിക്കുന്നതിനും നവീകരിക്കുന്നതിനും പകരം ഭാരതീയന്റെ തനിമയെ വിദേശമേല്‍ക്കോയ്മക്കു് അടിയറവയ്ക്കുകയായിരുന്നു. അര്‍ഹതയില്ലാത്തവന്റെ അധികാരത്തിനു് കീഴ്പ്പെടുന്നതിനേക്കാള്‍ ഹീനമായി മറ്റെന്തെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യനു് സംഭവിക്കാവുന്നതായി ഉണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, ചിന്താശേഷിയില്ലാതാക്കിത്തീര്‍ത്ത ഒരു ജനവിഭാഗത്തിനു്, മതങ്ങളും രാഷ്ട്രീയവും ഒത്തൊരുമിച്ചു് അന്തസ്സും വ്യക്തിത്വവും നശിപ്പിച്ച ഒരു സമൂഹത്തിനു്, അജ്ഞത ദൈവനിശ്ചയമാണെന്നു് പഠിപ്പിച്ചുവച്ചിരിക്കുന്നതുമൂലം അക്ഷരവിരോധികളായി മാറിയ കുറേ അടിമമാനസര്‍ക്കു് അതു് മനസ്സിലാവുകയില്ല. അജ്ഞത കര്‍മ്മഫലമായി അംഗീകരിക്കപ്പെടുന്നിടത്തു് അവബോധനം അസാദ്ധ്യമായിരിക്കും. ബോധവല്‍ക്കരണം അവിടെ ദൈവദൂഷണമായേ മനസ്സിലാക്കപ്പെടുകയുള്ളു. അവിടെ മനുഷ്യര്‍ ദൈവനാമത്തില്‍ കല്ലെറിയപ്പെടുന്നു; മതങ്ങള്‍ക്കുവേണ്ടി മനുഷ്യനും, മനുഷ്യത്വവും കുരിശിലേറ്റപ്പെടുന്നു, കുരുതികഴിക്കപ്പെടുന്നു. അതു് പക്ഷേ മറ്റൊരു കഥ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതുകൊണ്ടാവാം പള്ളിയിലെ പരിശുദ്ധസിംഹാസനാസനസ്ഥരായ നരശാര്‍ദ്ദൂലന്മാരുടെ ഈവിധ ഗോഷ്ടികള്‍ക്കു് എന്നെ വിധേയനാക്കുവാന്‍ ഒരുപക്ഷേ എന്റെ മാതാപിതാക്കള്‍ സന്നദ്ധരായതു്. ഇതെല്ലാം യഹോവയായ ദൈവം കല്‍പിച്ചതാണെന്ന പൊതുവിശ്വാസവും, ഇവയൊഴിവാക്കിയാല്‍ സമുദായത്തില്‍നിന്നും ഒഴിവാക്കപ്പെടുമെന്നും ഒറ്റപ്പെടുമെന്നുമുള്ള ഭയവുമൊക്കെ വായടച്ചുകൊണ്ടു് മറ്റുള്ളവരുടെ കൂട്ടത്തിലോടാനുള്ള പ്രേരണയുടെ പിന്നിലെ ചേതോവികാരങ്ങളായിരുന്നിരിക്കാം. പലപ്പോഴും ഇതുപോലുള്ള കാര്യങ്ങള്‍ മനുഷ്യരെ കാര്യമായി അലട്ടാറേയില്ല എന്നതാണു് കൂടുതല്‍ ശരിയെന്നു് തോന്നുന്നു. സമുദായത്തില്‍ പരാതി ഉണ്ടാവാത്തവിധത്തില്‍ കര്‍മ്മങ്ങള്‍ നടന്നിരിക്കണം. ചട്ടങ്ങളും വട്ടങ്ങളും നിറവേറ്റപ്പെട്ടിരിക്കണം, അത്രതന്നെ! (വര്‍ഗ്ഗപരമായി വായാടികളും, അധികപങ്കും ദോഷൈകദൃക്കുകളുമായ അയല്‍വാസികളെ തൃപ്തിപ്പെടുത്താന്‍ എന്തെന്തു് കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ മനുഷ്യന്‍ തയ്യാറാവുകയില്ല?) തലമുറകളായി പകര്‍ന്നുകൊടുക്കപ്പെട്ട കീഴ്‌വഴക്കങ്ങള്‍ ആവര്‍ത്തനം കൊണ്ടു് സ്വാഭാവികതയായി മാറുമ്പോള്‍ അവയെ ഒരു പുനര്‍വിചിന്തനത്തിനു് വിധേയമാക്കേണ്ടതിന്റെ ആവശ്യം ഉണ്ടാവുന്നതെങ്ങനെ? എന്തിനു്? ആവര്‍ത്തനവിരസത എന്നതു് മതപരമായ കാര്യങ്ങള്‍ക്കു് ബാധകമല്ല. സാക്ഷാല്‍ ദൈവം‍ നേരിട്ടു് കല്പിച്ച വിശ്വാസപ്രമാണാചാരാനുഷ്ഠാനങ്ങളില്‍ ആവര്‍ത്തനം മൂലമായാലും വിരസത അനുഭവപ്പെടുക എന്നതു് ദൈവദൂഷണമാണു്, നിരീശ്വരവാദത്തിനു് തുല്യമാണു്. ഒരു മതവിശ്വാസിക്കു് അങ്ങനെ ചിന്തിക്കാന്‍ പോലും അനുവാദമില്ല. ചര്‍വ്വിതചര്‍വ്വണം മതാനുശാസനം! ആയിരക്കണക്കിനു് വര്‍ഷങ്ങളായി ചവച്ചുചവച്ചു് കുരടു് പുണ്ണായി മാറിയിട്ടും, മടിയോ ക്ഷീണമോ മനംപിരട്ടലോ തോന്നാതെ മനുഷ്യകോടികള്‍ ഇന്നും ചവയ്ക്കുന്നു. വായില്‍ തലങ്ങും വിലങ്ങുമിട്ടു് ചവയ്ക്കുന്നതു് ചപ്പോ ചവറോ ചാണപ്പീരയോ എന്നു് ചിന്തിക്കാനോ അറിയാനോ ഉള്ള താല്‍പര്യമോ തന്റേടമോ കാണിക്കാന്‍ കഴിയാതെ രാപ്പകല്‍ അനുദിനം നിരന്തരം ചവച്ചു് വിഴുങ്ങി ആത്മനിര്‍വൃതി അടയുന്ന വിശ്വാസിവൃന്ദം! ഒഴുക്കിന്റെ ഉത്ഭവത്തിലേക്കുള്ള വഴി ഒഴുക്കിനെതിരെ ആവാനേ കഴിയുകയുള്ളു എന്നതിനാല്‍, അറിവിന്റെ ഉറവ തേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് ഒഴുക്കിനെതിരെ നീന്താതെ നിവൃത്തിയില്ല. തടസ്സങ്ങളും എതിര്‍പ്പുകളും നേരിടാനുതകുന്ന നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമില്ലാത്തവര്‍ക്കു് അതു് സാദ്ധ്യമാവുകയുമില്ല. അതേസമയം, കൂട്ടത്തിലൊഴുകാന്‍ തയ്യാറാവുന്നവര്‍ക്കു് ജീവിതം ഒരു പരിധിവരെയെങ്കിലും എളുപ്പമാണുതാനും. ചത്ത മീനുകളും ഒഴുകുകയാണു്, നീന്തുകയല്ല. അനുയായികളെ ഒഴുക്കിനൊപ്പം ഒഴുകാന്‍ നിര്‍ബന്ധിക്കുകയും, ഒഴുക്കിനെതിരെയുള്ള നീന്തല്‍ നിരോധിക്കുകയും ചെയ്യുന്ന മേലാളന്മാര്‍ മറ്റാരോ കൈവരിച്ച നേട്ടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു് സ്വന്തജീവിതം സുഖപ്രദമാക്കാന്‍ ശ്രമിക്കുന്നവരാണു്.

പരീക്ഷയുടെ വേലി സൂത്രത്തില്‍ കടക്കാന്‍ സഹായിക്കുന്ന കേരളവിദ്യാലയങ്ങളിലെ ഗൈഡുകള്‍ പോലെ, ഭൂമിയില്‍ ദൈവാനുഗ്രഹം ഉറപ്പുവരുത്തുവാന്‍ മാത്രമല്ല, മരിച്ചാലും ജീവിക്കുവാന്‍, അഥവാ മരണാനന്തരം സ്വര്‍ഗ്ഗത്തിലെത്തി ദൈവസന്നിധിയില്‍ എന്നെന്നേക്കുമായി ഒരുക്കപ്പെട്ട തീന്‍മേശക്കു് ചുറ്റുമിരുന്നു് (വായും വയറുമൊന്നുമില്ലെങ്കിലും!) തിന്നും കുടിച്ചും തൃപ്തിയാകുവാന്‍വരെ സഹായിക്കുന്ന റെഡിമെയ്ഡ്‌ തന്ത്രങ്ങള്‍ ആത്മീയസ്ഥാപനങ്ങളിലും ലഭ്യമാണു്. ഉറച്ച വിശ്വാസം വേണമെന്ന ഒരു നിബന്ധനയേ ഉള്ളു. മതങ്ങളുടെ നിലനില്‍പ്പു് തന്നെ ഇങ്ങനെയുള്ള ഒറ്റമൂലികളുടെ വില്‍പനയില്‍ അധിഷ്ഠിതമാണു്. ഭൂരിപക്ഷം മനുഷ്യരും ഭയം മൂലവും എളുപ്പത്തിന്റെ പേരിലും ആത്മീയഗൈഡുകള്‍ വിലയ്ക്കുവാങ്ങി ജീവിതം അനായാസമാക്കുവാന്‍ ശ്രമിക്കുന്നു. എതിര്‍ത്താല്‍ പുറത്തു്! സംശയിച്ചാല്‍ വിലക്കു്! പൗരോഹിത്യമേധാവികളായ അര്‍ദ്ധദൈവങ്ങള്‍ കല്‍പിക്കുന്നു: “ഇതാണു് ശരി! ഇതുമാത്രമാണു് ശരി!” ദൈവമക്കള്‍ മറുചോദ്യമില്ലാതെ അനുസരിക്കുന്നു. ഇടയര്‍ വടിയോങ്ങുന്നു, കുഞ്ഞാടുകള്‍ വായ്പൊത്തുന്നു. ഹവ്വാ നല്‍കുന്നു, ആദാം തിന്നുന്നു. അന്നത്തേതുപോലെതന്നെ ഇന്നും. വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാര്യങ്ങളുടെ ഗതിവിഗതികള്‍ വീക്ഷിക്കുമ്പോള്‍ ഈ അടുത്ത കാലത്തെങ്ങും വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന നേരിയ പ്രതീക്ഷയുടെ പോലും ആവശ്യവുമില്ല – ചുരുങ്ങിയപക്ഷം മതപരമായ കാര്യങ്ങളിലെങ്കിലും. ആകാശത്തിന്റെ ഔന്നത്യങ്ങളില്‍ വരെ മുഴങ്ങി പ്രതിഫലിക്കുന്ന വിധത്തില്‍ ആടിക്കൊട്ടിപ്പാടിപ്പുകഴ്ത്തപ്പെടുന്ന കറപുരളാത്ത ദൈവസ്നേഹത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയുമൊക്കെ യഥാര്‍ത്ഥനിറം അറിയണമെങ്കില്‍ തങ്ങളുടെ പ്രവൃത്തികള്‍ക്കു് ദൈവത്തിന്റെ അനുവാദവും ആശിര്‍വാദവും അവകാശപ്പെടുന്ന ഇടയപ്രമുഖരുടെ പഠിപ്പിക്കലുകളില്‍ സംശയം പ്രകടിപ്പിച്ചാല്‍ മതി. സ്വതന്ത്രമായി ചിന്തിക്കാന്‍ ധൈര്യപ്പെട്ട പ്രതിഭാശാലികളെ ജീവനോടെ ചുട്ടെരിക്കാന്‍ ദൈവസ്നേഹം പ്രസംഗിക്കുന്ന ക്രിസ്തുമതമേധാവിത്വം മദ്ധ്യകാലങ്ങളില്‍ യൂറോപ്പില്‍ ഒരുക്കിയ ചിതകളിലെ അഗ്നി ഇന്നും പൂര്‍ണ്ണമായും എരിഞ്ഞടങ്ങിയിട്ടില്ല. ആ ചിതകള്‍ക്കു് തീ കൊളുത്തിയവര്‍ ആരെന്നുപോലും ആരെങ്കിലും ഇന്നു് ഓര്‍മ്മിക്കുന്നുണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, അവയില്‍ വെന്തെരിയേണ്ടിവന്ന മഹാത്മാക്കള്‍ ലോകത്തിനു് കാഴ്ചവച്ച ബൗദ്ധികദീപശിഖകള്‍ മനുഷ്യരാശിയുടെ വിജ്ഞാനവീഥികളിലെ അനശ്വരമായ വഴികാട്ടികളായി മാറുകയായിരുന്നു. എങ്ങനെയോ അധികാരത്തിലെത്തിയ ഏതാനും ചിലര്‍ സ്വാര്‍ത്ഥതാല്‍പര്യസംരക്ഷണത്തിനു് ഉതകുംവിധം ചരിത്രഗതിയെ നിയന്ത്രിക്കുവാന്‍ ദൈവനാമം ദുരുപയോഗം ചെയ്തിട്ടുള്ളതല്ലാതെ, അവരുടെ പ്രവൃത്തികള്‍ക്കു് ദൈവികപിന്‍തുണ അവകാശപ്പെട്ടിട്ടുള്ളതല്ലാതെ, ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇന്നോളം ലോകത്തില്‍ ഒരു കാര്യത്തിലും സംഭവിച്ചിട്ടില്ല, സംഭവിക്കുകയുമില്ല.

ആത്മീയ ഇടയന്മാര്‍ വിശ്വാസികളായ അവരുടെ അനുയായികളെ കുഞ്ഞാടുകള്‍ എന്ന ഓമനപ്പേര്‍ നല്‍കി വിളിക്കുന്നു. ആത്മീയമായും ഭൗതികമായും പക്ഷേ അവര്‍ ഇന്നോളം കുഞ്ഞാടുകളല്ല, ബലിയാടുകള്‍ മാത്രമായിരുന്നു. തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നു് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം അവര്‍ എന്നും ബലിമൃഗങ്ങള്‍ ആയിരിക്കുകയും ചെയ്യും. തന്മൂലം, മനുഷ്യരില്‍ തിരിച്ചറിവിനുള്ള ശേഷി വളരാതിരിക്കേണ്ടതു് മതങ്ങളുടെ നിലനില്‍പ്പിനു് അനിവാര്യമാണു്. മനുഷ്യജ്ഞാനം മതകണ്ഠകോടാലി! അറിവു് തേടാനുള്ള മനുഷ്യരുടെ ഏതൊരു ശ്രമത്തിലും മതങ്ങളുടെ മരണമണിമുഴക്കമാണു് മറഞ്ഞിരിക്കുന്നതു്. അതിനാല്‍ മനുഷ്യന്‍ എന്നാളും അജ്ഞതയുടെ അന്ധകാരത്തില്‍ കഴിയണം. മനുഷ്യനു് വേണ്ടതു് ദൈവജ്ഞാനം മാത്രം! ദൈവജ്ഞാനം എന്നാല്‍ പുരോഹിതജ്ഞാനമെന്നര്‍ത്ഥം. ദൈവത്തിന്റെ അറിവും, ആഗ്രഹവുമെന്തെന്നു് കൃത്യമായി അറിയുന്നവനാണല്ലോ പുരോഹിതന്‍! മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍: പുരോഹിതന്‍ പറയുന്നതു് അക്ഷരം പ്രതി ദൈവവചനങ്ങളാണു്. ദൈവത്തിനു് തെറ്റുപറ്റുകയില്ല എന്നതിനാല്‍ പുരോഹിതനും തെറ്റുപറ്റുകയില്ല. തെറ്റുപറ്റാത്തിടത്തു് സംശയങ്ങള്‍ക്കു് സ്ഥാനമില്ല. എന്നിട്ടും സംശയിക്കാനോ, ചോദ്യം ചെയ്യാനോ ധൈര്യപ്പെടുന്നവന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. മാതൃകാപരമായി എന്നാല്‍ ക്രൂരമായി എന്നര്‍ത്ഥം. പുരോഹിതനെ ചോദ്യം ചെയ്യുന്നവന്‍ ദൈവത്തെയാണു് ചോദ്യം ചെയ്യുന്നതു്. അതിനു് ഭാവിയില്‍ ആരും ധൈര്യപ്പെടാതിരിക്കണമെങ്കില്‍ കുറ്റവാളി ക്രൂരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ മാത്രമേ മനുഷ്യനെ ഇച്ഛാശക്തി നശിപ്പിച്ചു് നിശ്ശബ്ദബലിയാടുകളാക്കി മാറ്റുവാന്‍ കഴിയൂ. ജീവനോടെ തൊലിയുരിയലും ചിതയിലെറിയലും വരെ ഒരുകാലത്തു് ഈ ശിക്ഷയുടെ ഭാഗങ്ങളായിരുന്നു! ചോദിക്കാനാരുമില്ലെന്നു് വന്നാല്‍ അതുപോലെയോ, അതിലധികമായോ, നിര്‍മ്മലരായ മനുഷ്യരെ പോലും ശിക്ഷിച്ചു് നിശബ്ദരാക്കാന്‍ മടിക്കാത്ത മതനേതാക്കള്‍ മാത്രമല്ല, മറ്റു് പലതരം നേതാക്കളും ഇന്നും സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വിരളമല്ല. വായ്‌ തുറന്നാല്‍ തങ്ങള്‍ക്കു് അസുഖദായകരായിത്തീര്‍ന്നേക്കാമെന്നു് തോന്നുന്നവരെ നിശബ്ദരാക്കുവാന്‍, ദ്രോഹിച്ചും പീഡിപ്പിച്ചും വേണ്ടിവന്നാല്‍ കൊന്നു് കിണറ്റിലെറിഞ്ഞും സ്വന്തം അധികാരവും പദവിയും രക്ഷപെടുത്തി സാര്‍വ്വജനീനസൗഹൃദം വാരിവിതറുന്ന സ്മേരവദനരായി, അമലരായി, പരിശുദ്ധരായി അവരങ്ങനെ ലോകമദ്ധ്യേ വാണരുളുന്നു!

(തുടരും)

 

Tags: , ,

സ്വാതന്ത്ര്യഷഷ്ടിപൂര്‍ത്തി

ഭാരതം ഇന്നു് സാമ്പത്തീകമായും വ്യാവസായികമായും വളരെ വളര്‍ന്നുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ സാവകാശം അതു് അംഗീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഭാരതീയനോ? ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗത്യന്തരമില്ലാതെ സഹിക്കേണ്ടിവരുന്ന സാമൂഹികസാഹചര്യങ്ങള്‍ അഭിമാനത്തിനു് വക നല്‍കുന്നവയാണോ? സാമൂഹികപ്രതിഭാസങ്ങളിലെ നേരിയ ചലനങ്ങള്‍ പോലും കാലേകൂട്ടി, മറ്റാരിലും മുന്‍പേ മനസ്സിലാക്കാന്‍ കഴിയേണ്ടവരാണു് സമൂഹത്തിലെ ബുദ്ധിജീവികള്‍ സാഹിത്യകാരന്മാര്‍ കലാകാരന്മാര്‍ മുതലായവരടങ്ങുന്ന സംസ്കാരികനേതൃത്വം. പക്ഷേ, സമൂഹത്തിന്റെ ജീര്‍ണ്ണതയും വ്യക്തിത്വത്തിനു് സംഭവിക്കുന്ന മൂല്യച്ച്യുതിയും മനുഷ്യജീവന്‍ പന്താടപ്പെടുന്നതുമൊക്കെ കാണുമ്പോള്‍ അതിന്റെയൊക്കെ സ്റ്റാറ്റിസ്റ്റിക്സ്‌ ശേഖരിക്കുകയല്ലാതെ, അവയുടെ പരിഹാരത്തിനു് ആവശ്യമായ ക്രിയാത്മകമായ നടപടികളെപ്പറ്റി അവര്‍ ബോധപൂര്‍വ്വം ചിന്തിക്കുന്നുണ്ടോ എന്നു് സംശയിക്കേണ്ടിവരുന്നു. സ്വാതന്ത്ര്യം നേടി അറുപതു് വര്‍ഷങ്ങള്‍ തികഞ്ഞിട്ടും, മാനസികമായി വളരാന്‍ ഭാരതീയന്‍ എന്തുകൊണ്ടു് അനുവദിക്കപ്പെടുന്നില്ല എന്നു് നിഷ്പക്ഷവും വിമര്‍ശനാത്മകവുമായി ചിന്തിക്കുവാന്‍ സമൂഹത്തെ ഒരുക്കേണ്ടതിന്റെ ചുമതല അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണു്? യഥാസ്ഥിതികതയുടെ വ്യാജപ്രവാചകരില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അവരല്ലാതെ മറ്റാരാണു് ശ്രമിക്കേണ്ടതു്?

വികേന്ദ്രീകരണം ഇന്നു് പലരും ഉപയോഗിക്കുന്ന ഒരു പദമാണു്. തീര്‍ച്ചയായും വികേന്ദ്രീകരണം ആവശ്യവുമാണു്. പക്ഷേ, അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവുമൊക്കെ ദൈനംദിനജീവിതത്തിന്റെ ഒരു ഭാഗമെന്നോണം തികഞ്ഞ സ്വാഭാവികതയായി മാറിക്കഴിഞ്ഞ ഒരു സമൂഹത്തിലെ വികേന്ദ്രീകരണം “കള്ളനെ കാവലേല്‍പ്പിക്കുന്നതിനു്” തുല്യമല്ലേ ആവൂ? ക്രിമിനല്‍സിനെ സംരക്ഷിക്കാന്‍ പോലും മനസാക്ഷിക്കുത്തു് തോന്നാത്ത ഒരു നാട്ടില്‍ വികേന്ദ്രീകരണം കൊണ്ടു് എന്തു് പ്രയോജനം? സായിപ്പിന്റെ കാലത്തെ കണക്കപ്പിള്ളമാര്‍, സായിപ്പു് ഭാരതീയനു് നല്‍കിയ വിദ്യാഭ്യാസം, സായിപ്പു് ഭാരതത്തില്‍ സ്ഥാപിച്ച റെയില്‍വേ – ഇവയുടെയെല്ലാം ലക്‍ഷ്യം, കൂടുതലും കുറവുമില്ലാതെ, സായിപ്പിന്റെ നേട്ടങ്ങള്‍ ഉറപ്പുവരുത്തുക എന്നതു് മാത്രമായിരുന്നു. ഭാരതീയനെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യാന്‍ സായിപ്പു് നിര്‍മ്മിച്ച നിയമങ്ങളും ചട്ടങ്ങളും ഇന്നും തലയില്‍ സൂക്ഷിക്കുന്ന ഭാരതീയര്‍ വിരളമല്ല. ഭാരതീയന്റെ ഭാഗധേയം ഇന്നു് അവന്റെ കയ്യില്‍ത്തന്നെയാണു്. അവന്‍ ശൂന്യാകാശം വരെ കയ്യടക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ, തന്റെ ഗൃഹപാഠം ചെയ്യാന്‍, സ്വന്തം മുറ്റം അടിച്ചുവാരാന്‍ അവനു് കഴിയുന്നില്ല! സമൂഹത്തെ കാലാനുസൃതമായി വളര്‍ത്തിയെടുക്കേണ്ട “നാടുവാഴികളിലും” അധികാരികളിലും അധികപങ്കും അവര്‍ ചെയ്യുന്ന ജോലിയോടു് ആത്മാര്‍ത്ഥത കാണിക്കുന്നവരല്ലെന്നു് മാത്രമല്ല, എന്താണു് തങ്ങളുടെ ജോലി എന്നതിനെപ്പറ്റിപ്പോലും വലിയ ഗ്രാഹ്യമൊന്നും ഇല്ലാത്തവരാണെന്നതു് ദുഃഖകരമായ ഒരു സത്യം മാത്രമാണു്. തന്മൂലം ജനങ്ങള്‍ തങ്ങളുടെ തികച്ചും ന്യായമെങ്കിലും, മേലാളന്മാരുടെ കടുംപിടുത്തങ്ങളും സ്വാര്‍ത്ഥതല്‍പര്യങ്ങളും മൂലം നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വരെ കോടതികളെ ആശ്രയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണു്. ശരാശരി അറുപതോ എഴുപതോ വര്‍ഷം ജീവിച്ചേക്കാവുന്ന ഭാരതീയന്‍ അതില്‍ എത്ര വര്‍ഷം കേസുപറയാനായി നീക്കിവയ്ക്കണം? മനുഷ്യരുടെ നന്മക്കായി നിയമം നിര്‍മ്മിച്ചു് നടപ്പിലാക്കാന്‍ ജനങ്ങള്‍തന്നെ ശമ്പളം നല്‍കി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ “വാഴിച്ചിരിക്കുന്നവരെ” അവര്‍ ചെയ്യേണ്ട ജോലി എന്തെന്നു് പറഞ്ഞു് മനസ്സിലാക്കേണ്ട ഗതികേടാണു് ജനങ്ങള്‍ക്കു് പലപ്പോഴുമുള്ളതു്.

മരാമത്തുപണികളോ മറ്റു് നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ നടക്കുന്ന പണിസ്ഥലങ്ങള്‍ അപകടസാദ്ധ്യത വ്യക്തമായി തിരിച്ചറിയാനും സൂക്ഷിക്കാനും മനുഷ്യരെ സഹായിക്കുന്ന വിധത്തില്‍ അനുയോജ്യമായ കരുതല്‍നടപടികള്‍ വഴി സുരക്ഷിതമാക്കേണ്ടതു് ഏറ്റവും ചുരുങ്ങിയതു് എന്നു് പറയേണ്ടുന്ന ഒരാവശ്യമാണു്. അങ്ങനെയുള്ള ബാലപാഠങ്ങള്‍ പോലുമറിയാത്തവരെ കയറൂരിവിട്ടു് മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കുന്നതിനെ മനഃപൂര്‍വ്വമുള്ള നരഹത്യ എന്നല്ലേ വിളിക്കേണ്ടതു്? ഇത്തരം അപകടങ്ങള്‍ എത്രയോ പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു. മനുഷ്യജീവനു് ഭാരതത്തില്‍ യാതൊരു വിലയുമില്ലാതായി എന്നുണ്ടോ? അതുപോലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും, അവരുടെ മേലുദ്യോഗസ്ഥരും അതുവഴി സംഭവിക്കാവുന്ന അപകടങ്ങളേപ്പറ്റി ബോധവാന്മാരായിരിക്കണം. അതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ബാദ്ധ്യത അവര്‍ക്കു സമൂഹത്തിനോടുണ്ടു്. സമൂഹത്തിനോടു് ബാദ്ധ്യത ഇല്ലാത്തവരെ ജോലിയില്‍വച്ചു് ചെലവിനുകൊടുത്തു് സംരക്ഷിക്കുവാനുള്ള ഒരു ബാദ്ധ്യതയും ഒരു സമൂഹത്തിനുമില്ല. തന്റെ ജോലി “ഉന്തിയുരുട്ടി” ഒപ്പിക്കാതെ അതിന്റെ എല്ലാവിധ അര്‍ത്ഥത്തിലും വിദഗ്ദ്ധമായി പൂര്‍ത്തീകരിക്കുവാനുള്ള ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തം ജോലിക്കാരനുണ്ടു്. അതിനു് കഴിവോ, മനസ്സോ ഇല്ലാത്തവരെ ജോലിയില്‍നിന്നും പിരിച്ചുവിടാനുള്ള അവകാശവും അധികാരവും അവര്‍ക്കു് ശമ്പളം നല്‍കാന്‍ ഖജനാവു് നിറയ്ക്കുന്ന നികുതിദായകര്‍ക്കുമുണ്ടു്.

യുവ എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോള്‍ തലയ്ക്കു് അടി കിട്ടുന്നപോലെ തോന്നുന്നു എന്നു് ഒരു മുതിര്‍ന്ന സാഹിത്യകാരന്‍ ഏതാനും നാള്‍ മുന്‍പു് പറഞ്ഞതു് പത്രത്തില്‍ വായിച്ചു. മനസ്സിലാവാത്തതിന്റെ കുറ്റം എഴുത്തുകാരുടേതു് മാത്രമാവണമെന്നുണ്ടോ? ശാസ്ത്രീയതത്വങ്ങള്‍ ഒരുവനു് മനസ്സിലാവുന്നില്ലെങ്കില്‍ അതിന്റെ കുറ്റം ശാസ്ത്രത്തിന്റേതാവണമെന്ന നിലപാടിനു് തുല്യമല്ലേ അതു്? “ഞാന്‍ ഇതുവരെ പുളിശ്ശേരിയേ കഴിച്ചിട്ടുള്ളു; എനിക്കതുകൊണ്ടു് ദോഷമൊന്നും ഉണ്ടായിട്ടില്ല; അതുകൊണ്ടു് എരിശ്ശേരി കഴിക്കാന്‍ ആര്‍ക്കും അനുവാദമില്ല” എന്ന ചിന്താഗതിയല്ലേ ഈ നിലപാടിനു് പിന്നില്‍? എനിക്കു് മനസ്സിലാവുന്നില്ല എന്നതു് ആര്‍ക്കും മനസ്സിലാവുന്നില്ല എന്ന വിധിയെഴുത്തിന്റേയോ, മറ്റാരും അതു് മനസ്സിലാക്കാന്‍ പാടില്ല എന്ന നിലപാടിന്റേയോ നീതീകരണമായിക്കൂടാ എന്നെനിക്കു് തോന്നുന്നു. പഴയതിനെ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി ആദരിച്ചുകൊണ്ടു് നവീനതയെ ഉത്തേജിപ്പിക്കുവാന്‍ ശ്രമിക്കുന്നതല്ലേ വളര്‍ച്ച? പുതിയ ആശയങ്ങളും പുതിയ കാഴ്ചപ്പാടുകളും പ്രോത്സാഹിപ്പിക്കപ്പെടാതെ ഒരു സമൂഹം വളരുന്നതെങ്ങനെ?

ഏതൊരു സമൂഹത്തിന്റെയും പ്രധാന മൂലധനം വളര്‍ന്നുവരുന്ന തലമുറയാണു്. അവര്‍ക്കു് അന്തസുറ്റ വിദ്യാഭ്യാസം ലഭ്യമാക്കിയാലേ സമൂഹത്തിനു് അവരേക്കൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടാവൂ. രാഷ്ട്രീയത്തിന്റെയും മതങ്ങളുടെയും കൈകളിലെ കളിപ്പാവകളാവാന്‍ അവരെ വിട്ടുകൊടുക്കുന്നതു് കഷ്ടമാണു്. കേരളത്തിലെ വിദ്യാഭ്യാസമേഖല കച്ചവടം ലക്‍ഷ്യമാക്കുന്നവരുടെ പിടിയില്‍പ്പെട്ടു് കാളച്ചന്തയുടെ നിലവാരത്തിലേക്കു് അധഃപതിക്കുന്നതു് കാണേണ്ടിവരുന്നതു് വേദനാജനകമാണു്. സ്വന്തം മക്കളുടെ ഭാവിയാണു് ഈ വല്യേട്ടന്മാര്‍ ഇട്ടു് പന്താടുന്നതു് എന്നു് മനസ്സിലാക്കാന്‍ പോലും കേരളീയനു് കഴിയുന്നില്ലെന്നുണ്ടോ?

അതുപോലെതന്നെ, ഉത്‌പാദകമായ പ്രവൃത്തികളിലൂടെയേ സമൂഹത്തിന്റെ വളര്‍ച്ച സാദ്ധ്യമാവൂ. ഉത്‌പാദനപ്രക്രിയകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതു് മുഴുവന്‍ ചെലവഴിച്ചാലും മതിയാവാത്ത അവസ്ഥ അധോഗതിയുടെ ചൂണ്ടുപലകയാണു്. ഉത്‌പാദനാത്മകമല്ലാത്ത തൊഴിലവസരങ്ങള്‍ ഘട്ടംഘട്ടമായെങ്കിലും ഒരു മിനിമത്തിലേക്കു് കൊണ്ടുവരേണ്ടതു് സാമൂഹികപുരോഗതിക്കു് അനുപേക്ഷണീയമാണു്. ഒരു കുരുക്കഴിച്ചതു് ശരിയായിട്ടായിരുന്നോ എന്നറിയാന്‍ ഒന്നിനുപുറകെ ഒന്നായി ഒന്‍പതുപേര്‍ ആ കുരുക്കു് പരിശോധിക്കേണ്ടിവന്നാല്‍, അതേ കുരുക്കില്‍പെട്ടു് സമൂഹം ശ്വാസം മുട്ടേണ്ടിവരുമെന്നല്ലാതെ മറ്റൊന്നും നേടാനാവില്ല. കുരുക്കഴിക്കേണ്ടവനു് അതു് ചെയ്യാന്‍ വേണ്ട വിദഗ്ദ്ധപരിശീലനം നല്‍കിയാല്‍ പരിശോധകരുടെ എണ്ണം ഗണ്യമായി കുറച്ചു് ഉത്‌പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നു് ആര്‍ക്കാണു് അറിയാത്തതു്?

സ്പീഡ്‌ ലിമിറ്റ്‌ 10 km എന്നു വലിയ ട്രാഫിക്‌ ബോര്‍ഡ്‌ എഴുതിവച്ചാലും സ്പീഡ്‌ കുറയ്ക്കാത്തവര്‍ റോഡില്‍ വേണ്ടത്ര ഉയരത്തില്‍ പൊന്തലുകള്‍ പണിതുവച്ചാല്‍ ആക്സില്‍ ഒടിയാതിരിക്കാനായി മര്യാദയോടെ പതിയെ ഓടിക്കാന്‍ തയ്യാറാവും. അതാണു് പൊതുവേ മനുഷ്യസ്വഭാവം. മനുഷ്യജീവന്‍ ലാഘവബുദ്ധിയോടെ അപകടത്തിലാക്കുന്നവരേയും, സ്വന്തം കാഴ്ചപ്പാടുവഴി ലഭിക്കുന്ന ലോകചിത്രത്തിനു് ആത്യന്തികത്വവും അപ്രമാദിത്വവും നല്‍കി, അതിന്റെ വെളിച്ചത്തില്‍ മറ്റുമനുഷ്യരെ വിലയിരുത്തി വിധിയെഴുതുന്നവരെയുമൊക്കെ നല്ലവാക്കു് പറഞ്ഞു് തിരുത്താനാവുമെന്നു് തോന്നുന്നില്ല. അതു് സാദ്ധ്യമായിരുന്നെങ്കില്‍, ദൈവം സ്നേഹമാണെന്നും, അയല്‍ക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണമെന്നുമൊക്കെ സഹസ്രാബ്ദങ്ങളായി ക്ഷീണമില്ലാതെ ഉപദേശിക്കുന്ന മതങ്ങള്‍ക്കു് അവരുടെ അനുയായികളെയെങ്കിലും നല്ലവരാക്കാന്‍ കഴിയേണ്ടതായിരുന്നു. പകരം, നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടു് ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരായി മാറുകയായിരുന്നു അവര്‍.

ഭാരതം സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ഈയവസരത്തില്‍ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോടൊപ്പംതന്നെ സമൂഹത്തിലെ കോട്ടങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിക്കൂടി ചിന്തിക്കുന്നതു് നല്ലതായിരിക്കുമെന്നു് എനിക്കുതോന്നുന്നു. പ്രത്യാശയാണു് ഏറ്റവും ഒടുവില്‍ മരിക്കുന്നതു് എന്നൊരു ചൊല്ലുണ്ടു്. തന്മൂലം, പ്രത്യാശ മരിക്കുന്നതിനുമുന്‍പു് പ്രവര്‍ത്തിക്കാനും കൂടി തയ്യാറായാലേ ചിന്തകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടാവൂ.

ഈ അര്‍ത്ഥത്തില്‍ ,
ഭാരതം ഭാരതീയനിലൂടെ വളരട്ടെ എന്നാശംസിക്കുന്നു!

 
4 Comments

Posted by on Aug 14, 2007 in പലവക

 

Tags:

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 1

സ്വര്‍ഗ്ഗം എന്ന അത്യുന്നതയില്‍, താഴെ ഭൂമിയിലെ സാധാരണമനുഷ്യരുടെ അവസ്ഥകളായ ദാരിദ്ര്യമോ തീരാരോഗമോ വാര്‍ദ്ധക്യമോ ദൈനംദിനജീവിതത്തിലെ മറ്റു് ദീനതകളോ ഒന്നും അറിയേണ്ടതോ അനുഭവിക്കേണ്ടതോ ആയ ആവശ്യമൊന്നുമില്ലാതെ സുഖമായി വാഴുന്ന ശുനകന്റേയും ശൂന്യാകാശത്തിന്റേയുമടക്കം സകലത്തിന്റേയും സ്രഷ്ടാവായ ദൈവമേ! നിന്റെ മാതൃഭാഷ ഏതെന്നു് എനിക്കറിയില്ല. നീ മോശെക്കു് പ്രത്യക്ഷപ്പെട്ടപ്പോള്‍ സംസാരിച്ച ഭാഷ എനിക്കു് വശവുമില്ല. ബാബേല്‍ഗോപുരത്തിന്റെ പണി നടന്നുകൊണ്ടിരുന്ന കാലത്തു് ആ ഗോപുരം സ്വര്‍ഗ്ഗത്തില്‍ മുട്ടിയേക്കുമോ എന്ന ഭയം മൂലം അന്നത്തെ മനുഷ്യര്‍ സംസാരിച്ചിരുന്ന ഏകഭാഷയെ കലക്കി അനേകഭാഷകളാക്കി മാറ്റിയതു് നീയാണു് എന്നതിനാല്‍, പരസ്പരബന്ധപ്പെടലിനു് അനുപേക്ഷണീയമായ ഭാഷ എന്ന മാദ്ധ്യമത്തിന്റെ തലങ്ങളില്‍ നിലവിലിരിക്കുന്ന പ്രശ്നങ്ങളുടെ പ്രധാന ഉത്തരവാദി നീ തന്നെയാണു് എന്നു് പറയേണ്ടിവരുന്നതില്‍ ക്ഷമിക്കുക. അമേരിക്കന്‍ മോഡല്‍ ജീവിതവുമായി കിടപിടിക്കാന്‍ കഴിയാത്ത മനുഷ്യജീവിതങ്ങള്‍ ഭൂമിയില്‍നിന്നും അനുസ്യൂതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു്, സായിപ്പിന്റെ ഭാഷയായ ഇംഗ്ലീഷ്‌ പറയേണ്ടവിധത്തില്‍ പറയാനറിയില്ലെങ്കിലും, പിടിച്ചുനില്‍ക്കാന്‍ വേണ്ടി God’s own country എന്നും മറ്റും സ്വന്തം നാടിനെപ്പറ്റി, ആത്മപ്രശംസയില്‍ അന്തര്‍ലീനമായ ദുര്‍ഗ്ഗന്ധം വകവയ്ക്കാതെ, കൊട്ടും കുരവയുമായി കോട്ടുവായിടുന്ന കേരളീയന്റെ സക്ഷാല്‍ മാതൃഭാഷയായ മലയാളത്തില്‍ നീ സംസാരിച്ചതായി ഇതുവരെ എനിക്കറിയില്ല. എങ്കിലും, എന്റെ ഈ മലയാള അക്ഷരനിരകള്‍ ഭാഷാപരമായി മനസ്സിലാക്കുവാനും ആശയപരമായി അംഗീകരിക്കുവാനും നിനക്കു് കഴിയുമെന്നു് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അറിയുന്നവനായ നിനക്കു് ഈ ലോകത്തിലെ മുഴുവന്‍ ഭാഷകളും വശമായിരിക്കുമെന്ന കാര്യത്തില്‍ സംശയം തോന്നുവാന്‍ ഇഹലോകവാസികള്‍ക്കു് എങ്ങനെ കഴിയും? സകല ജീവജാലങ്ങളേയും (അവസാനം സംഹരിക്കുന്നതിനായി!) സൃഷ്ടിച്ചവനും സംരക്ഷിക്കുന്നവനുമായ നിന്നെ “നീ” എന്നു് വിളിക്കുന്നതിനും, അറിവിന്റെ അറിവായ നിന്റെ അറിവിനായി ഇങ്ങനെ ചിലതു് കുത്തിക്കുറിക്കുവാന്‍ ധൈര്യം കാണിക്കുന്നതിനും എന്നോടു് ക്ഷമിക്കുക. വിശുദ്ധ പൗലോസ്‌ പ്രസ്താവിക്കുന്നതുപോലെ, മാനവരാശിക്കു് മുഴുവന്‍ “ആദ്യം” യഹൂദനും, “പിന്നെ” ജാതികള്‍ക്കും നിത്യജീവന്‍ നേടിക്കൊടുക്കുവാനായി (റോമര്‍ 1: 13 – 16) നീ നേരിട്ടു് ജന്മം നല്‍കിയ, നസറായനായ യേശു നിത്യവും പ്രാര്‍ത്ഥിക്കാനായി പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥനയിലും “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, “നിന്റെ” നാമം പരിശുദ്ധമാക്കപ്പെടേണമേ” എന്നല്ലോ ഞങ്ങള്‍ നിന്നോടു് പ്രാര്‍ത്ഥിക്കുന്നതു്. ഈ നശ്വരലോകത്തില്‍ നിന്നെ പ്രതിനിധീകരിക്കുവാനും മനുഷ്യരുടെയിടയില്‍ നിന്റെ സുവിശേഷം ഘോഷിക്കുവാനും മാമോദീസയും മനസമ്മതവും മരണാനന്തരചടങ്ങുകളും മംഗളമായി നടത്താനുമായി നീ അധികാരം നല്‍കി വാഴിച്ചിരിക്കുന്നവര്‍ മനുഷ്യരൂപമുള്ളവരെങ്കിലും അവരെ നീയെന്നും മറ്റും വിളിക്കാന്‍ പൊതുവേ അവര്‍ അനുവദിക്കാറില്ല എന്നറിയാവുന്നതുകൊണ്ടാണു് ഞാന്‍ ഇതു് പ്രത്യേകം സൂചിപ്പിക്കുന്നതു്.

ഇവിടെ, ഈ ഭൂമിയില്‍, ആഫ്രിക്കയിലേയും ഏഷ്യയിലേയുമൊക്കെ ദരിദ്രരാജ്യങ്ങളില്‍ ആഹാരത്തിനു് വകയില്ല എന്ന ഒറ്റക്കാരണത്താല്‍ അസ്ഥിപഞ്ജരങ്ങളായി മാറിയ, നിന്റെ സൃഷ്ടി എന്നു് പഠിപ്പിക്കപ്പെടുന്ന മനുഷ്യര്‍ – കൈക്കുഞ്ഞുങ്ങള്‍വരെ – ആയിരക്കണക്കിനു് ദിനംപ്രതി മരണമടയാറുണ്ടെന്ന വസ്തുത സ്നേഹസ്വരൂപിയായ നീ അറിയുന്നുണ്ടെന്നു് കരുതാന്‍ എനിക്കു് കഴിയുന്നില്ല. ഇസ്രായേല്‍ജനം മിസ്രയിമില്‍ വിലകൂടാതെ മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ തിന്നുകൊണ്ടു് ജീവിച്ചിരുന്നിട്ടും, (സംഖ്യാ. 11: 4 – 6) അവര്‍ അവിടെ അടിമകളായിരുന്നു എന്നതിനാല്‍ നാല്‍പതു് (!) വര്‍ഷം നീണ്ടുനിന്ന ഒരു യാത്രയിലൂടെ അവരെ മോചിപ്പിക്കാനും, മരുഭൂമിയില്‍വച്ചു് അവര്‍ക്കു് വിശന്നപ്പോള്‍ ആകാശത്തില്‍നിന്നും മന്നായും കാടപ്പക്ഷിയും വര്‍ഷിപ്പിച്ചു് അവരെ തൃപ്തിപ്പെടുത്താനും തയ്യാറായ ഒരു ദൈവം ഇന്നു് അറിഞ്ഞുകൊണ്ടു് മുഴുപ്പട്ടിണിക്കാരുടെ നേരെ കണ്ണടയ്ക്കുമെന്നു് കരുതുന്നതെങ്ങനെ? അതുപോലെതന്നെ, ഈ ഭൂമിയില്‍ സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ വാഴുന്ന, ഒരുവശത്തു് ക്രൂരവും മറുവശത്തു് ദയനീയവുമായ ഉച്ചനീചത്വങ്ങള്‍ നീ അറിഞ്ഞുകൊണ്ടും അനുവദിച്ചുകൊണ്ടുമാണു് സംഭവിക്കുന്നതെന്നു് വിശ്വസിക്കാനുള്ള മടിയുടെ ഫലമായി എന്നില്‍ ഉദിക്കുന്ന ഒട്ടേറെ സംശയങ്ങള്‍ നിന്നെ അറിയിക്കുവാന്‍ അനുയോജ്യമായ മറ്റു് മാര്‍ഗ്ഗങ്ങളൊന്നും ഞാന്‍ കാണുന്നില്ല. അതുകൊണ്ടാണു് അക്ഷരങ്ങളുടെ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചതു്. യഹൂദരുടെ നല്ല നടപ്പിനായി മോശെവഴി നല്‍കപ്പെട്ട പത്തു് കല്‍പനകള്‍ രണ്ടു് കല്‍പലകകളില്‍ സ്വന്തവിരല്‍കൊണ്ടു് അക്ഷരരൂപത്തില്‍ എഴുതിയ നീ ഒരു അക്ഷരവിരോധി ആവുകയില്ല എന്നു് എന്തായാലും എനിക്കു് നിശ്ചയമാണു്. കല്‍പലകകളിലും കളിമണ്‍പലകകളിലുമൊക്കെയുള്ള എഴുത്തും ഓലയിലെഴുത്തും കടലാസിലെഴുത്തും കടന്നു് അച്ചടിയിലും കമ്പ്യൂട്ടറിലും ലേസര്‍പ്രിന്ററിലുമെല്ലാമെത്തിനില്‍ക്കുന്നു നീ സൃഷ്ടിച്ചവരായ മനുഷ്യര്‍ ഇന്നു്!

ജാതിമത-, വര്‍ഗ്ഗവര്‍ണ്ണ-, തെക്കുവടക്കുഭേദമെന്യേ സകലമനുഷ്യരുടേയും സ്രഷ്ടാവായ നീ എന്റേയും പിതാവായിരിക്കണമല്ലോ. ഒരു മകനു് സ്വന്തം പിതാവുമായി ബന്ധപ്പെടുവാനും ആശയവിനിമയം നടത്തുവാനും മൂന്നാമതൊരുവന്റെ സഹായം ആവശ്യമില്ല എന്ന എന്റെ വിശ്വാസം നീ ശരിവയ്ക്കുമെന്നു് കരുതുന്നു. മാത്രവുമല്ല, അങ്ങനെയുള്ള മൂന്നാമന്മാരുടെ സഹായം തേടാമെന്നുവച്ചാല്‍പോലും എനിക്കറിയിക്കുവാനുള്ളതു് അവര്‍ നിന്നെ അറിയിക്കുമോ എന്നും, അറിയിച്ചാല്‍ത്തന്നെ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുതകുംവിധം അവയുടെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുകയില്ല എന്നുള്ളതിനും എന്താണുറപ്പു്? നിന്റേതു് എന്ന പേരില്‍ ഞങ്ങളെ അറിയിച്ചിരിക്കുന്ന വചനങ്ങള്‍ നീ അരുളിച്ചെയ്തതാണോ എന്നും, അങ്ങനെ എന്തെങ്കിലും കാര്യങ്ങള്‍ മനുഷ്യരെ അറിയിക്കുവാന്‍ എന്നെങ്കിലും നീ ആഗ്രഹിച്ചിരുന്നോ എന്നും സത്യത്തില്‍ എനിക്കറിയില്ല. ദൈവം പറയുന്നതും, ദൈവം പറഞ്ഞു എന്നു് പറയുന്നതും തമ്മില്‍ തിരിച്ചറിയാന്‍ അന്ധമായ വിശ്വാസമല്ലാതെ, യുക്തിസഹമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ മനുഷ്യനു് തുറന്നുകൊടുക്കുവാന്‍ എന്തുകൊണ്ടു് സര്‍വ്വശക്തനായ നിനക്കു് കഴിയുന്നില്ല? നീ യഹൂദരുടെയും, ജാതികളുടെയും ഏകദൈവമായ സ്ഥിതിക്കു് (റോമര്‍ 3: 29) ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളും, വിഭിന്ന മതങ്ങളും, അനേകം ആരാധനാരീതികളും രൂപമെടുക്കുന്നതെങ്ങനെയെന്നും, തുറന്നുപറഞ്ഞാല്‍, എനിക്കറിയില്ല. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും ഈ ലോകത്തിലെ അനേകം കോണുകളില്‍ വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പരസ്പരം കടിച്ചുകീറുന്നതും, സ്വന്തം പ്രവൃത്തി നീതീകരിക്കുവാന്‍ അതേ ദൈവത്തിന്റെ നാമം തന്നെ ഉയര്‍ത്തിക്കാണിക്കുന്നതും മനസ്സിലാക്കുവാന്‍ എന്റെ സാമാന്യബുദ്ധിക്കു് കഴിയുന്നില്ല. എന്റെ സംശയങ്ങള്‍ ബാലിശമായി നിനക്കു് തോന്നുന്നുവെങ്കില്‍ ദയവുചെയ്തു് ക്ഷമിക്കുക.

സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനു് മുന്‍പു് ആദ്യമായി ഞാന്‍ എന്നെ ഒന്നു് പരിചയപ്പെടുത്തട്ടെ: അനേകദൈവങ്ങളുള്ള ഭാരതത്തിലെ ഏതോ ഒരു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ചവനെങ്കിലും, എന്റെ അപ്പന്‍ മന്ത്രിയോ അമ്മയുടെ സഹോദരന്‍ ബിഷപ്പോ കര്‍ദ്ദിനാളോ ഒന്നുമല്ലാതിരുന്നതിനാല്‍ ഉപജീവനാര്‍ത്ഥം സുഭിക്ഷത നിലവിലിരിക്കുന്ന (ഒരുപക്ഷേ ദൈവത്തിന്റെ സ്വന്തമല്ലാത്തതുകൊണ്ടാവാം) ഒരു അന്യരാജ്യത്തില്‍ അഭയം തേടേണ്ടിവന്ന എന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ എന്നെ നിനക്കു് പരിചയമുണ്ടായിരിക്കാമെന്ന ധാരണയെ ഒരുവിധത്തിലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. അതുകൊണ്ടു് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമാണെന്നു് തോന്നുന്നു. ഹിന്ദുവായ ഒരു ഭാര്‍ഗ്ഗവന്റെ മകള്‍ ഭഗീരഥി നിത്യേന പ്രദോഷത്തില്‍ കുളിച്ചു് ശരീരശുദ്ധിവരുത്തി, സന്ധ്യാദീപം കൊളുത്തി, രാമനാമം ജപിക്കുന്ന ഒരു ഹൈന്ദവസ്ത്രീയായിത്തീരുന്നതുപോലെ, ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചതുമൂലം അള്ളാ എന്ന ദൈവത്തില്‍ വിശ്വസിക്കാനും, സുന്നത്തു് ചെയ്യപ്പെടാനും മെക്കയിലേക്കു് തിരിഞ്ഞു് നിസ്കരിക്കാനും കടപ്പെട്ടവനായിത്തീരുന്ന ഒരു മുഹമ്മദിനെപ്പോലെ, ഭാരതമെന്ന ഉപഭൂഖണ്ഡത്തിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തില്‍, നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും മാവും പ്ലാവും കാപ്പിയും കറിവേപ്പും കളിയാടുന്ന ഒരു പ്രദേശത്തു്, ഒരു കൊച്ചു കര്‍ഷകകുടുംബത്തില്‍ ആദ്യം എനിക്കജ്ഞാതരായിരുന്നെങ്കിലും കാലക്രമേണ പരിചയപ്പെടാന്‍ സാധിച്ച ക്രിസ്ത്യാനിയും തികഞ്ഞ വിശ്വാസിയുമായിരുന്ന ഒരു സ്ത്രീയുടേയും, ക്രിസ്ത്യാനിയെങ്കിലും അത്ര കടുത്ത വിശ്വാസിയല്ലാതിരുന്ന ഒരു പുരുഷന്റേയും മകനായി ജനിച്ചതുവഴി ഞാനൊരു ക്രിസ്ത്യാനിയായി. എന്റെ അറിവോ, സമ്മതമോ അതിനാവശ്യമായിരുന്നില്ല. എന്റെ അനുമതി ചോദിക്കാതെതന്നെ അവര്‍ എനിക്കൊരു പേരും നല്‍കി.

അതുകൊണ്ടു് ജനിച്ചനാള്‍ മുതല്‍ ഞാന്‍ തികഞ്ഞ ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നല്ല അര്‍ത്ഥം. മറ്റെല്ലാ മതങ്ങളിലുമെന്നപോലെതന്നെ ജന്മം മൂലം ഞാന്‍ അംഗമാവേണ്ടിവന്ന ക്രിസ്തീയമതവിഭാഗത്തിലും (ക്രിസ്തുവിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുമതത്തില്‍ ഇപ്പോള്‍ എത്ര വിഭാഗങ്ങളുണ്ടെന്നു് ക്രിസ്തുവിനുപോലും അറിയുമോ എന്നെനിക്കറിയില്ല) ചില നടപടികളും ചടങ്ങുകളും അവയുമായി ബന്ധപ്പെട്ട ശാരീരികവും മാനസീകവുമായ പീഡനങ്ങളും മതാംഗത്വം നേടുന്നതിനു് മുന്നോടിയായി അനുഭവിച്ചു് തീര്‍ക്കണം. ഈ ചട്ടവട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നതു് മതാംഗത്വം വേണ്ടെന്നു് വയ്ക്കുന്നതിനു് തുല്യമാണു്. ജ്ഞാനസ്നാനമെന്നു് തര്‍ജ്ജമ ചെയ്യപ്പെടുന്ന, മാമോദീസയെന്ന, തുറന്നുപറഞ്ഞാല്‍ എനിക്കിന്നും പൂര്‍ണ്ണമായി അര്‍ത്ഥമോ ആവശ്യമോ അറിഞ്ഞുകൂടാത്ത ഒരു പള്ളിച്ചടങ്ങില്‍വച്ചു്, ഭൂമദ്ധ്യരേഖയോടടുത്തുകിടക്കുന്ന കേരളം പോലുള്ള ഒരു പ്രദേശത്തു് നഗ്നതമറയ്ക്കാന്‍ സാധാരണഗതിയില്‍ ആവശ്യമുള്ളതിനേക്കാള്‍ എത്രയോമടങ്ങു് കൂടുതലും, വിചിത്രവുമായ വസ്ത്രനിരകളില്‍ പൊതിഞ്ഞ ഒരു പുരോഹിതന്‍ എന്നെ ഇളം ചൂടുള്ള വെള്ളത്തില്‍ മുക്കി. എനിക്കു് പിടികിട്ടാത്ത ചില രഹസ്യസൂത്രവാക്യങ്ങള്‍ ചിലപ്പോള്‍ ഗദ്യമായും പലപ്പോഴും പദ്യമായും മറ്റുചിലപ്പോള്‍ ഗദ്യമോ പദ്യമോ എന്നു് തിരിച്ചറിയാന്‍ കഴിയാത്ത ശാര്‍ദ്ദൂലവിക്രീഡിതമാതൃകയിലും ആരോഹണാവരോഹണങ്ങളിലൂടെ ആലപിച്ചുകൊണ്ടു് എന്റെ നെറുകയില്‍ പലപ്രാവശ്യം ആംഗ്യരൂപത്തില്‍ കുരിശടയാളം വരച്ചു. അനേകമിനുട്ടുകള്‍ നീണ്ടുനിന്ന മാമോദീസ എന്ന ഈ കടന്നാക്രമണത്തിനുശേഷം നനഞ്ഞവനും നഗ്നനുമായിരുന്ന ഞാന്‍ ഭക്തിപുരസരം സന്തോഷാശ്രുക്കളാല്‍ ഈറനണിഞ്ഞ മിഴികളും ഉണങ്ങിയ തുവര്‍ത്തുമായി കാത്തുനിന്നിരുന്ന എന്റെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. അതിരാവിലെ അമ്മ തന്നെ കുളിപ്പിച്ചു് വൃത്തിയാക്കി മാമോദീസയ്ക്കായി (അയല്‍ക്കാരെ കാണിക്കാനും) പ്രത്യേകം വാങ്ങിയ വിലകൂടിയതും ഭംഗിയുള്ളതുമായ വസ്ത്രം ധരിപ്പിച്ചു് പള്ളിയിലെത്തിക്കപ്പെട്ട ഞാന്‍ അരമണിക്കൂറിനുള്ളില്‍ വീണ്ടുമൊരു കുളിയുടെ ആവശ്യം വരത്തക്കവിധത്തില്‍ അശുദ്ധനായിരുന്നോ എന്നെനിക്കറിയില്ല. ജ്ഞാനസ്നാനം അഥവാ, അറിവിന്റെ കുളി എന്ന ഈ രണ്ടാം തളിച്ചുകുളിവഴി ഏതെങ്കിലുമൊരു ജ്ഞാനം എനിക്കു് ലഭിച്ചതായുള്ള അനുഭവമോ അറിവോ ഇതുവരെ എനിക്കുണ്ടായിട്ടുമില്ല. വിശാലമായ ഈവിധ മാമോദീസാപരിപാടികളുടെ പര്യവസാനത്തില്‍, ഞാന്‍ ക്രിസ്തീയ സമുദായത്തിലെ ഒരു നിയമാനുസൃത അംഗമായി അംഗീകരിക്കപ്പെടുന്നതിനുള്ള ആദ്യപടിയില്‍ കാലുവച്ചു. അങ്ങനെ ഞാന്‍ ആദ്യം യഹൂദരുടെയും പില്‍ക്കാലത്തു് ക്രിസ്തീയരുടെയും ദൈവമായി സ്ഥാനമേറ്റ യഹോവ എന്ന ഏകദൈവത്തിന്റെ മകനായിത്തീര്‍ന്നു. (ക്രിസ്തുവിനു് ഏതാനും നൂറ്റാണ്ടുകള്‍ക്കു് ശേഷം മുഹമ്മദ്‌ നബി സ്ഥാപിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന മുസ്ലീമുകള്‍ അള്ളാ എന്ന പേരുനല്‍കി വിളിക്കുന്നതും ഈ ദൈവത്തിനെത്തന്നെ!) നരനായിങ്ങനെ ഭൂമിയില്‍ ജനിച്ചതിന്റെയോ ഒരു ക്രിസ്ത്യാനിയായി തീരേണ്ടിവന്നതിന്റേയോ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, അതുകൊണ്ടു് അതു് എന്റെ മാതാപിതാക്കളെ നിന്ദിക്കലോ തള്ളിപ്പറയലോ ആണെന്നു് ധരിക്കരുതു്. അവരും സ്വന്തപങ്കാളിത്തമില്ലാതെ ഇവിടെയെത്തിയവരും, സമയമോ സ്ഥലമോ അറിയാന്‍ കഴിയാതെ, യാത്രാമദ്ധ്യേ എന്നോ എവിടെയോ വച്ചു് ഈ ലോകത്തോടു് വിടപറയാന്‍വേണ്ടി മറ്റാരൊക്കെയോ നിര്‍ദ്ദേശിച്ച വഴികളിലൂടെ ഗത്യന്തരമില്ലാതെ കൂലിനല്‍കി യാത്രചെയ്യേണ്ടിവന്നവരുമല്ലോ.

(തുടരും)

 

Tags: , ,