RSS

Monthly Archives: Jul 2007

സ്ഥിതിസമത്വം – ഒരു മൃഗദാഹം

1848 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ കാള്‍ മാര്‍ക്സ്‌ ഇങ്ങനെ അവസാനിപ്പിക്കുന്നു: “The proletarians have nothing to lose but their chains. They have a world to win. Workingmen of all countries unite!” തൊഴിലാളിവര്‍ഗ്ഗത്തിനു് നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമായിരുന്ന, ചരിത്രപരമായ ഒരു “പൂജ്യം” അവസ്ഥ! ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്കു് ഒരു നവ്യാരംഭത്തിനു് നഷ്ടഭയം ഒരു തടസ്സമാവേണ്ട കാര്യമില്ല. തന്മൂലം ഒന്നുമില്ലാത്തവര്‍ എന്തെങ്കിലും ഉള്ളവരായിത്തീരാമെന്ന മോഹത്തില്‍ പുതിയലോകം വാഗ്ദാനം ചെയ്ത നേതാക്കളെ ജീവന്‍ ബലികഴിക്കാന്‍ വരെ സന്നദ്ധരായി പിന്‍തുടര്‍ന്നു. മാര്‍ക്സ്‌ തിരുത്തിയെഴുതിയ ഹേഗെലിന്റെ Thesis, Antithesis, Synthesis മുതലായവയൊക്കെ എന്താണെന്നു് മനസ്സിലാക്കിയവരായിരുന്നില്ല അവര്‍. ദാരിദ്ര്യത്തില്‍നിന്നുള്ള മോചനം, സാമൂഹികനീചത്വത്തില്‍നിന്നുള്ള മോചനം – അതൊക്കെയായിരുന്നു അവരുടെ സ്വപ്നങ്ങള്‍. ചൂഷിതരായിരുന്ന അവരുടെ സഹായത്തോടെ പണ്ടത്തെ ചൂഷകരുടെ കസേരകളില്‍ എത്തിയവര്‍ സ്വയം ചൂഷകരായി മാറി ജനങ്ങള്‍ക്കു് മുഖക്കൊട്ട കെട്ടിയപ്പോള്‍ സ്ഥിതിസമത്വമെന്ന മാര്‍ക്സിന്റെ സ്വപ്നലോകമല്ല യഥാര്‍ത്ഥമാര്‍ക്സിസത്തിന്റെ ലോകമെന്നും, അവിടെ മുതലാളിത്തത്തിന്റെ മുഖച്ഛായക്കു് മാത്രമേ മാറ്റം വരുന്നുള്ളു എന്നും, വ്യക്തിസ്വാതന്ത്ര്യം അഭിപ്രായസ്വാതന്ത്ര്യം മുതലായ മനുഷ്യരുടെ മൗലികമായ അവകാശങ്ങള്‍വരെ നിര്‍ദ്ദയം ചവിട്ടിമെതിക്കപ്പെടുമെന്നും ജനങ്ങള്‍ മനസ്സിലാക്കേണ്ടിവന്നു. സ്വന്തം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മതിലിനുള്ളിലടച്ചുകൊണ്ടു് (ഉദാ. പഴയ കിഴക്കന്‍ ജര്‍മ്മനി) നടപ്പിലാക്കേണ്ടിവരുന്ന ഒരു സാമൂഹികവ്യവസ്ഥിതിയും മനുഷ്യനന്മ ലക്‍ഷ്യമാക്കുന്നതാവുകയില്ലെന്നു് അനുഭവത്തിലൂടെ മനസ്സിലാക്കിയ കിഴക്കന്‍ യൂറോപ്പിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റേയും മനുഷ്യാവകാശങ്ങളുടെയും ശുദ്ധവായു ശ്വസിക്കാനായി കമ്മ്യൂണിസത്തോടു് വിടപറയുകയായിരുന്നു. തൊഴിലാളിവിരുദ്ധരായതുകൊണ്ടല്ല അവര്‍ അതു ചെയ്തതു്. യൂറോപ്പിലും ബഹുഭൂരിപക്ഷം ജനങ്ങളും ജോലി ചെയ്തു് ജീവിക്കുന്നവരാണു്. അവര്‍ പ്രബുദ്ധരാണെന്നതിനാല്‍, അധികപങ്കു് ഭാരതീയരില്‍നിന്നും വ്യത്യസ്തമായി, നിത്യമായ മണ്ടന്‍കളിപ്പിക്കലിനു് അവരെ കിട്ടുകയില്ല.

ഒന്നരനൂറ്റാണ്ടിനുശേഷം പുറകോട്ടു് തിരിഞ്ഞു് നോക്കുമ്പോള്‍ ഒരു ചോദ്യം ചോദിക്കാന്‍ ആരും ആഗ്രഹിച്ചുപോകും. മാര്‍ക്സിസം വഴി, നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രമുണ്ടായിരുന്നവരായ തൊഴിലാളികള്‍ എന്തു് നേടി? മാര്‍ക്സിസത്തിനു് കാലുറപ്പിക്കാന്‍ കഴിഞ്ഞ റഷ്യയിലും, കിഴക്കന്‍ ജര്‍മ്മനിയിലും, മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികള്‍ക്കു് അവരുടെ വിലങ്ങുകള്‍ പൊട്ടിച്ചെറിയാന്‍ കഴിഞ്ഞോ? അവിടങ്ങളില്‍ സം‌ഭവിച്ചതെന്തെന്നു് നമ്മള്‍ കണ്ടുകഴിഞ്ഞു. തൊഴിലാളികളുടെയിടയില്‍ സ്ഥിതിസമത്വമോ അവസരസമത്വമോ സംജാതമാവുന്നതിനുപകരം പാര്‍ട്ടി പുതിയ മതവും, പാര്‍ട്ടിനേതാക്കള്‍ അഭിനവദൈവങ്ങളുമായി മാറുകയായിരുന്നു. (വിദ്യാഭ്യാസപരവും, സാംസ്കാരികവുമായി പിന്നാക്കം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇന്നും അവസ്ഥ അതുതന്നെ!) ഏതാനും പേരുടെ സ്വേച്ഛാധിപത്യം കുറെനാളത്തേക്കേ ഏതു് സമൂഹവും സഹിക്കുകയുള്ളു. എത്രനാള്‍ എന്നതു് ആ സമൂഹം ബൌദ്ധികമായി എത്രത്തോളം വളര്‍ന്നിട്ടുണ്ടു് എന്നതില്‍ ‍ അധിഷ്ഠിതമായിരിക്കും. രാഷ്ട്രീയവും, മതപരവുമായ സമഗ്രാധിപത്യം മനുഷ്യരുടെ മാനസികവളര്‍ച്ചയെ നിരുത്സാഹപ്പെടുത്തുന്നതു് എന്തിനാണെന്നു് ഇതു് വ്യക്തമാക്കുന്നു. മനുഷ്യരെ മൂഢാവസ്ഥയില്‍ പിടിച്ചുനിര്‍ത്തുക എന്ന ജോലി മതങ്ങള്‍ക്കു് താരതമ്യേന എളുപ്പമാണു്. കാരണം, അവര്‍ക്കു് ദൈവത്തിന്റെ പിന്‍തുണയുണ്ടല്ലോ. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തെ നിരോധിച്ചുകൊണ്ടുമാത്രം നടപ്പിലാക്കാന്‍ കഴിയുന്ന ഏതു് ആദര്‍ശസത്യവും അവനെ മൃഗീയതയില്‍ പിടിച്ചുനിര്‍ത്താനേ ഉപകരിക്കൂ. മനുഷ്യനെ മൃഗത്തിനു് അതീതനാക്കുന്നതു് അവന്റെ ചിന്താശേഷി മാത്രമാണു്. അതും നിരോധിക്കപ്പെട്ടാല്‍!? ധര്‍മ്മവും അധര്‍മ്മവും, വിവേകവും അവിവേകവും, സംബന്ധവും അസംബന്ധവുമെല്ലാം തമ്മിലുള്ള അതിര്‍വരമ്പുകള്‍ക്കു് സ്ഥലകാലധിഷ്ഠിതമായ സാമൂഹികസാഹചര്യങ്ങള്‍ക്കു് അനുസൃതമായി വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ കണ്ടെത്താനാവും. പക്ഷേ, വിശപ്പില്‍ നിന്നും ദാഹത്തില്‍നിന്നും, തണുപ്പില്‍നിന്നും ചൂടില്‍നിന്നും, അനീതിയില്‍ നിന്നും അസമത്വത്തില്‍നിന്നുമെല്ലാം മോചനം നേടാനുള്ള മനുഷ്യരുടെ ദാഹം സാര്‍വ്വലൗകികമാണു്. സ്ഥിതിസമത്വം സാമാന്യബോധത്തിന്റെ വെളിച്ചത്തില്‍ ഒരു അസാദ്ധ്യതയാണു്. രാഷ്ട്രത്തിനു് അതിന്റെ ജനങ്ങള്‍ക്കുവേണ്ടി അങ്ങേയറ്റം ചെയ്യാന്‍ കഴിയുന്നതു്, എന്റെ അഭിപ്രായത്തില്‍, സാമാന്യമായി പ്രതിനിധീകരിക്കാന്‍ കഴിയുന്ന അവസരസമത്വം സമൂഹത്തില്‍ സംജാതമാക്കുകയും, അതു് അനുയോജ്യമായി ഉപയോഗപ്പെടുത്താനുതകുന്ന മാനസികവളര്‍ച്ച വിദ്യാഭ്യാസവും, ബോധവല്‍ക്കരണവും വഴി ജനങ്ങള്‍ക്കു് ലഭ്യമാക്കുകയുമാണു്. ഓരോരുത്തനും നന്നാവുമ്പോള്‍ എല്ലാവരും നന്നാവുന്നു.

ഒരിക്കലും പല്ലുതേക്കാത്തവനു് സഹൃദയനായ ഒരുവന്‍ സദുദ്ദേശത്തില്‍ കരിമ്പു് വാങ്ങിത്തിന്നാന്‍ പണം കൊടുത്താല്‍, അതുകൊടുത്തു് പുഴുങ്ങിയ കിഴങ്ങു് വാങ്ങിത്തിന്നുന്നവര്‍ തീര്‍ച്ചയായും ലോകത്തില്‍ എന്നും ഉണ്ടായിരിക്കും. പല്ലുതേക്കേണ്ടതു് ഒരാവശ്യമാണെന്നു് അറിയേണ്ട പ്രായത്തില്‍ അവരെ അറിയിച്ചാല്‍, ഒരുപക്ഷേ, കരിമ്പു് വാങ്ങാന്‍ പണം കൊടുക്കേണ്ട ആവശ്യം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.

മാര്‍ക്സിന്റെ ലോകമല്ല ഇന്നത്തെ ലോകം. “ബൗദ്ധികമായി അങ്ങേയറ്റം വിനാശകരം” എന്നു് ഷൊപ്പെന്‍ഹവര്‍ വിശേഷിപ്പിച്ച ഹേഗെലിന്റെ ഡയലെക്റ്റിക്സ് ചിന്തകളെ ലോകം പിന്‍തള്ളിക്കഴിഞ്ഞു. യൂറോപ്പിനെ കമ്മ്യൂണിസം എന്ന ഭൂതം ബാധിച്ചിരിക്കുന്നു എന്നു പ്രഖ്യാപിച്ച മാര്‍ക്സ്‌ ഹേഗെലിയന്‍ ഭൂതത്തിന്റെ പിടിയില്‍നിന്നു് സ്വയം ഒരിക്കലും മോചിതനായിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിനെ ഇന്നത്തെ യൂറോപ്പുമായി താരതമ്യം ചെയ്യാനാവില്ല. മാര്‍ക്സിനുശേഷം യൂറോപ്പു് രണ്ടു ലോകമഹായുദ്ധങ്ങള്‍ കണ്ടു. ലെനിന്‍ പരിഷ്ക്കരിച്ചിട്ടുപോലും റഷ്യയില്‍ വിജയം വരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനു് കഴിഞ്ഞില്ല എന്നതു് നിഷേധിക്കാനാവുമോ? സ്വയമേവ മാറ്റങ്ങള്‍ക്കു് വിധേയമായ സാമൂഹികഘടനകളെ ഏതെങ്കിലും ഒരു വ്യവസ്ഥിതിക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുകയല്ല, അവ അനിവാര്യമാക്കിത്തീര്‍ക്കുന്ന പ്രശ്നങ്ങളെ ആധുനികവിജ്ഞാനത്തിന്റെ സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണു് ചെയ്യേണ്ടതു്. ജനങ്ങളെ കാലത്തിനു് അനുസൃതമായി വളരാന്‍ അനുവദിക്കാനുള്ള സമൂഹത്തിന്റെ ബാദ്ധ്യതയിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

 
2 Comments

Posted by on Jul 29, 2007 in പലവക

 

Tags: