RSS

Tag Archives: സൌദിഅറേബ്യ

മതഭീകരതയും സൗദി-അറേബ്യയും അമേരിക്കയും

ന്യൂയോര്‍ക്ക്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ 1993-ല്‍ സംഭവിച്ച സ്ഫോടനത്തില്‍ ആരംഭിച്ചു്, സൗദി അറേബ്യ, കെനിയ, ടാന്‍സാനിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടര്‍ക്കി, സ്പെയിന്‍, ഇംഗ്ലണ്ടു്, ഈജിപ്ത്‌ മുതലായ വിവിധ രാജ്യങ്ങളിലെ സ്ഫോടനങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും പലവട്ടം ആവര്‍ത്തിക്കപ്പെട്ടു്, ആയിരക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും, കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഏതാനും മതഭ്രാന്തന്മാര്‍ സൃഷ്ടിക്കുന്ന ഭീകരത എങ്ങനെ രൂപമെടുത്തു എന്നതിലേക്കു് ബ്ലോഗിന്റെ പരിമിതിയില്‍ നിന്നുകൊണ്ടുള്ള ഹ്രസ്വമായ ഒരു തിരിഞ്ഞുനോട്ടമാണിതു്.

1973-ലെ ഈജിപ്ത്‌-സിറിയന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ (Yom Kippur War) പഴയ (1948, 1956, 1967) ‘അറബി-ഇസ്രായേ‍ലി’ യുദ്ധങ്ങളില്‍ നിന്നു് വിപരീതമായി ആരംഭദശയില്‍ ഇസ്രായേലിനു് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. അതുവഴി രൂക്ഷമായ സാധനസാമഗ്രിക്ഷാമം അനുഭവിച്ച ഇസ്രായേല്‍ അമേരിക്കയോടു് സഹായം അഭ്യര്‍ത്ഥിക്കുന്നു. പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്സണ്‍ എമര്‍ജന്‍സി അടിസ്ഥാനത്തില്‍ ആയുധസാമഗ്രികളും മറ്റു് സഹായങ്ങളും എയര്‍ ലിഫ്റ്റ്‌ വഴി ഇസ്രായേലില്‍ എത്തിക്കാന്‍ തീരുമാനിക്കുന്നു. ഈജിപ്ത്‌, സിറിയ മുതലായ അറബിരാജ്യങ്ങള്‍ക്കു് ആയുധങ്ങള്‍ നല്‍കിയിരുന്നതു്റഷ്യയും, ഇസ്രായേലിനു് അമേരിക്കയും ആയിരുന്നു എന്നതിനാല്‍, ഇസ്രായേല്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ അതു് അമേരിക്കന്‍ ആയുധങ്ങളുടെ മേല്‍ റഷ്യന്‍ ആയുധങ്ങള്‍ കൈവരിച്ച വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നും, അതു് അനുവദിക്കാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടു്, ആദ്യനിലപാടുകള്‍ക്കു് വിപരീതമായി ഇസ്രായേലിനു് ആയുധസഹായം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തയ്യാറാവുകയായിരുന്നു.

അന്നത്തെ സൗദി രാജാവായിരുന്ന ഫൈസലിനെ ചൊടിപ്പിച്ച ഒരു നടപടിയായിരുന്നു അതു്. അതിനു് കാരണങ്ങളുമുണ്ടു്. രണ്ടാം ലോകമഹായുദ്ധകാലത്തു് ആദ്യം നിഷ്പക്ഷത പാലിക്കുകയും 1945-ല്‍ ജര്‍മ്മനിയോടു് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത സൗദി അറേബ്യയെ അമേരിക്കയും ഇംഗ്ലണ്ടും സാമ്പത്തികമായി സഹായിച്ചിരുന്നു. 1938-ല്‍ തന്നെ സൗദി അറേബ്യയില്‍ ഓയില്‍ കണ്ടെത്തിയിരുന്നെങ്കിലും ലോകയുദ്ധത്തിനു് ശേഷമാണു് ഓയിലിനുള്ള ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചതും സൗദികള്‍ക്കു് ഓയില്‍ ഒരു വരുമാനമാര്‍ഗ്ഗമായതും. അതുവരെ മെക്കാതീര്‍ത്ഥാടകരും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാര്‍ഗ്ഗങ്ങള്‍. സൗദി രാജകുടുംബത്തിനു് തീര്‍ത്തും സ്വാഗതാര്‍ഹമായിരുന്ന ഈ സാമ്പത്തികസഹായം ഒരു സൗദി-അമേരിക്കന്‍ സൗഹൃദമായി വളര്‍ന്നു. രണ്ടാം ലോകയുദ്ധശേഷം റഷ്യയും അമേരിക്കയും തമ്മില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ‘കോള്‍ഡ്‌ വാറില്‍’ സൗദി അറേബ്യ അമേരിക്കന്‍ പക്ഷമായിരുന്നു. ഈ സൗഹൃദത്തിനിടയില്‍ സൗദി രാജകുടുംബത്തിന്റെ കണ്ണിലെ കരടായിരുന്നതു് അമേരിക്കയുടെ ഇസ്രായേല്‍ പക്ഷപാതം മാത്രമായിരുന്നു. അതേസമയം, അമേരിക്കയെ സംബന്ധിച്ചിടത്തോളം സൗദിയുമായുള്ള സൗഹൃദം നിലനിര്‍ത്തേണ്ടതു് സൗദിയിലെ ഓയിലിന്റെ പേരില്‍ ആവശ്യവുമായിരുന്നു. കൂടാതെ, റഷ്യയുടെ സ്വാധീനം മൂലം മറ്റു് അറബിരാജ്യങ്ങളില്‍ കമ്മ്യൂണിസം വളരുന്നതു് തടയാനും അമേരിക്കയ്ക്കു് ആ ഭാഗത്തു് ഒരു അറേബ്യന്‍ സഖ്യകക്ഷി പ്രയോജനകരമായിരുന്നു. സൗദി രാജകുടുംബത്തിന്റെ കമ്മ്യൂണിസ്റ്റ്‌ വിരോധം അതിനു് അനുയോജ്യവുമായി. ഈ രണ്ടു് രാജ്യങ്ങളുടെയും പൊതുസ്വഭാവമായ കമ്മ്യൂണിസ്റ്റ്‌ വിരോധം പല സന്ദര്‍ഭങ്ങളിലും ഭിന്നതകള്‍ മറന്നു് ഒരുമിച്ചു് നില്‍ക്കാന്‍ അവരെ നിര്‍ബന്ധിച്ചിട്ടുമുണ്ടു്.

ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്ക തയ്യാറായതില്‍ ക്ഷുഭിതനായ ഫൈസല്‍ രാജാവു് ഒരു ഓയില്‍ എംബാര്‍ഗൊ വഴി പ്രതികരിക്കുന്നു. അതുവഴി അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഓയില്‍ കിട്ടാനില്ലാതായി. ഏതാനും ആഴ്ചകള്‍കൊണ്ടു് ഓയിലിന്റെ വില ബാരലിനു് രണ്ടു് ഡോളറില്‍ നിന്നും പതിനേഴു് ഡോളറില്‍ എത്തി. വിയറ്റ്‌നാമില്‍ കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്കയ്ക്കു് ഒരു ഓയില്‍ എംബാര്‍ഗൊ ഒരു കാരണവശാലും താങ്ങാനാവുമായിരുന്നില്ല. എംബാര്‍ഗൊ അനിശ്ചിതമായി നീണ്ടുപോകുന്നതു് അമേരിക്കയെ വിയറ്റ്‌നാം യുദ്ധത്തില്‍ പൂര്‍ണ്ണപരാജയത്തിലേക്കു് നയിക്കുമെന്നതു് നിശ്ചയമായ കാര്യവുമായിരുന്നു. ഫൈസല്‍ രാജാവിനെ ഏതുവിധേനയും എംബാര്‍ഗൊയില്‍നിന്നും പിന്‍തിരിപ്പിക്കുക എന്ന നിര്‍ദ്ദേശവുമായി പ്രസിഡന്റു് നിക്സണ്‍ വിദേശകാര്യമന്ത്രി ഹെന്‍റി കിസിഞ്ചറെ സൗദി അറേബ്യയിലേക്കു് അയക്കുന്നു. പക്ഷേ, അറബി-ഇസ്രായേല്‍ സമാധാനചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതിനു് ശേഷമേ എംബാര്‍ഗൊയെപ്പറ്റി സംസാരിക്കൂ എന്ന നയമായിരുന്നു ഫൈസല്‍ രാജാവിന്റേതു്. അറബി-ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനു് സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു് വച്ച കിസിഞ്ചര്‍ അവയ്ക്കു് അമേരിക്കയുടെ പൂര്‍ണ്ണമായ പിന്‍തുണ വാഗ്ദാനം ചെയ്തു. ഓയില്‍ എംബാര്‍ഗൊ നിലനില്‍ക്കുന്നിടത്തോളം എന്തെങ്കിലും ചെയ്യുക പ്രായോഗികമായി അസാദ്ധ്യമായിരിക്കുമെന്നും അതിനാല്‍ ആദ്യം എംബാര്‍ഗൊ പിന്‍വലിക്കണമെന്നുമുള്ള കിസിഞ്ചറിന്റെ തന്ത്രപൂര്‍വ്വമായ അപേക്ഷ അവസാനം ഫൈസല്‍ രാജാവു് അംഗീകരിച്ചു. കിസിഞ്ചര്‍ നല്‍കിയ വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ അഞ്ചുമാസം നീണ്ട എംബാര്‍ഗൊ അങ്ങനെ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു. പക്ഷേ കിസിഞ്ചര്‍ ഫൈസല്‍ രാജാവിനു് നല്‍കിയ വാഗ്ദാനം സ്വാഭാവികമായും പാലിക്കപ്പെട്ടില്ല.

പക്ഷേ ഈ ചര്‍ച്ചക്കും എംബാര്‍ഗൊ പിന്‍വലിക്കലിനുമൊക്കെ ഇടയില്‍ വളരെനാള്‍ രഹസ്യമായി സൂക്ഷിക്കപ്പെട്ട ചില നാടകങ്ങള്‍ വാഷിങ്ങ്ടണിലും പെന്റഗണിലും അണിയറകളില്‍ നടന്നുകൊണ്ടിരുന്നു. അമേരിക്കന്‍ നേവിയ്ക്കു് നിര്‍ബാധം ഓയില്‍ നല്‍കേണ്ടതു് Aramco (Arabian American Oil company) ആയിരുന്നു. ഓയില്‍ എംബാര്‍ഗൊ ഒരുവശത്തും വിയറ്റ്‌നാം യുദ്ധം മറുവശത്തുമായി ‘ചെകുത്താനും കടലിനുമിടയില്‍’ എന്ന അവസ്ഥയിലെത്തിയ അമേരിക്കയ്ക്കു് എംബാര്‍ഗൊ പിന്‍വലിപ്പിക്കുവാന്‍ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടായിരുന്നില്ല. അതിലൊന്നായിരുന്നു അമേരിക്കയിലെയും സൗദിയിലെയും Aramco പ്രതിനിധികള്‍ സ്വീകരിച്ച മറ്റൊരു തന്ത്രം. ഒരു രഹസ്യദൗത്യത്തിലൂടെ അവര്‍ സൗദികളുടെ കമ്മ്യൂണിസ്റ്റ്‌ വിരോധം എന്ന തുറുപ്പുചീട്ടു് ഇറക്കിക്കളിക്കാന്‍ തീരുമാനിക്കുന്നു. അറബി-ഇസ്രായേലി പ്രശ്നത്തിന്റെ ഗൗരവം അംഗീകരിച്ചുകൊണ്ടുതന്നെ, കമ്മ്യൂണിസത്തിനെതിരായുള്ള വിയറ്റ്‌നാം യുദ്ധത്തിനു് മുന്‍ഗണന നല്‍കാനുള്ള അമേരിക്കയുടെ താത്പര്യം സൗദികളുടെയും താത്പര്യമാണെന്നു് ഫൈസല്‍ രാജാവിനെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കു് വലിയ ബുദ്ധിമുട്ടു് വന്നില്ല. അറബ്‌ ലീഗിന്റെ ശത്രുത നേരിടേണ്ടിവന്നേക്കാമെന്നതു് കണക്കാക്കാതെ ഫൈസല്‍ രാജാവു് അമേരിക്കയ്ക്കു് അനുകൂലമായ തീരുമാനം എടുക്കുന്നു. അങ്ങനെ, Aramco രൂപം കൊടുത്ത ഒരു രഹസ്യ പ്ലാന്‍ വഴി, എംബാര്‍ഗൊ നിലനില്‍ക്കുമ്പോഴും, കിംഗ്‌ ഫൈസലിന്റെ മൗനാനുവാദത്തോടെ, പിന്നീടു് എംബാര്‍ഗൊ പിന്‍വലിക്കാന്‍ ചുമതലപ്പെട്ടവരെപ്പോലും മണ്ടന്മാരാക്കിക്കൊണ്ടു് ഓയില്‍ എത്തേണ്ടിടത്തു് തടസ്സമില്ലാതെ എത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങളോളം അതൊരു രഹസ്യമായി സൂക്ഷിക്കപ്പെട്ടു.

അതേസമയം തന്നെ, പരസ്യമോ രഹസ്യമോ ആയ ഒരു പദ്ധതിയും പ്രാവര്‍ത്തികമാവാതെ വരുന്ന ഒരു സാഹചര്യത്തെ നേരിടാനായി അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന ഹെന്‍റി കിസിഞ്ചറും, പ്രതിരോധമന്ത്രിയായിരുന്ന ജെയിംസ്‌ ഷ്ലീസിഞ്ചറും സൗദി അറേബ്യയില്‍ ഒരുപക്ഷേ വേണ്ടിവന്നേക്കാവുന്ന ഒരു ഇന്‍വേഷന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. അതായതു്, കിംഗ്‌ ഫൈസല്‍ തുടര്‍ന്നും എംബാര്‍ഗൊയില്‍ കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ ‘സുഹൃത്തായ’ അമേരിക്ക 1973-ല്‍ ഓയില്‍ സപ്ലൈ തടസ്സപ്പെടാതിരിക്കാനായി സൗദി അറേബ്യയെ ആക്രമിക്കുവാന്‍ മടിക്കുമായിരുന്നില്ല. എംബാര്‍ഗൊയുടെ കാര്യത്തില്‍, ചുരുങ്ങിയപക്ഷം അമേരിക്കയുടെ നേരെയെങ്കിലും, അല്‍പം അയഞ്ഞ നയം കൈക്കൊള്ളുവാന്‍ ഫൈസല്‍ രാജാവു് തീരുമാനിച്ചതുവഴി ഒരുപക്ഷേ സംഭവിച്ചേക്കാമായിരുന്ന ഒരു സൗദി-അമേരിക്കന്‍ യുദ്ധം ഒഴിവായി.

എംബാര്‍ഗൊ കഥകളെല്ലാം ഒരുവിധം ഒതുങ്ങിയ 1975-ലെ ഒരു മാര്‍ച്ച്‌ 25-നു് കിംഗ്‌ ഫൈസല്‍ ഒരു കുടുംബാംഗത്താല്‍ കൊലചെയ്യപ്പെട്ടു. ഒരു കുവൈറ്റ്‌ ഡെലിഗേഷനില്‍ സൂത്രത്തില്‍ കയറിപ്പറ്റി സൌദി കൊട്ടാരത്തിലെത്തിയ, ഒരു അനന്തരവനായ ഫൈസല്‍ ബിന്‍ മുസഇദ്‌ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. ചിത്രപ്രദര്‍ശനം ഇസ്ലാം വിരുദ്ധമാണെന്ന വാദവുമായി റിയാദിലെ ഒരു ടെലിവിഷന്‍ സ്റ്റേഷനിലേക്കു് പ്രകടനം നടത്തിയപ്പോള്‍ വെടിയേറ്റു് 1965-ല്‍ മൗലികവാദിയായിരുന്ന അവന്റെ ഒരു സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കിംഗ്‌ ഫൈസലിന്റെ മരണശേഷം പ്രിന്‍സ്‌ ഖാലിദ്‌ രാജാവായി. പക്ഷേ ഭരണത്തേക്കാള്‍ പക്ഷിവേട്ടയില്‍ തല്‍പരനായിരുന്ന ഖാലിദ്‌ രാജാവു് ഭരണകാര്യങ്ങള്‍ പ്രിന്‍സ്‌ ഫാഹ്‌ദിലേക്കു് സന്തോഷപൂര്‍വ്വം തള്ളിവിട്ടുകൊണ്ടിരുന്നു. അധികാരം ഖാലിദിനെങ്കിലും എല്ലാ രാഷ്ട്രീയകാര്യങ്ങളും നിയന്ത്രിച്ചിരുന്നതു് പ്രിന്‍സ്‌ ഫാഹ്‌ദ്‌ ആയിരുന്നു.

1973-ല്‍ ഓയിലിന്റെ വില വര്‍ദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് ആ രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളര്‍ച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവര്‍ഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വരുമാനം 45 ബില്യണ്‍ സൗദി റിയാല്‍ ആയിരുന്നതു് രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യണ്‍ റിയാലിലും കൂടുതല്‍ ആയി വര്‍ദ്ധിച്ചിരുന്നു! സൗദികളുടെ ഈ ‘ഓയില്‍ ബൂം’ പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകര്‍ഷിച്ചു. ഈ വളര്‍ച്ചയെ താങ്ങാന്‍ വേണ്ട തൊഴില്‍ശക്തി ഇല്ലാതിരുന്ന സൗദികള്‍ വിദേശീയരെ ജോലിക്കായി എടുക്കാന്‍ നിര്‍ബന്ധിതരായി. എന്തെങ്കിലും ഒരു ജോലി ചെയ്യേണ്ട ആവശ്യമേ സൗദികള്‍ക്കില്ല എന്ന അവസ്ഥ വന്നു.

സാമ്പത്തികവളര്‍ച്ചയുടെ ഭയാനകമായ വേഗത സ്വാഭാവികമായും സമൂഹത്തിലെ വിപരീത ഘടകങ്ങള്‍ തമ്മില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു് വഴിയൊരുക്കി. ഒരുവശത്തു്, ‘ഓയില്‍ബൂം’ വഴി സൗദിയില്‍ എത്തിച്ചേര്‍ന്ന പാശ്ചാത്യജീവിതരീതികളുടെ സ്വാധീനം. മറുവശത്തു്, ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മാത്രം മാനസികവളര്‍ച്ച പ്രാപിക്കാത്തവരും, പാശ്ചാത്യസൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലും ഉള്ളിന്റെയുള്ളില്‍ ‘അവിശ്വാസികളായ’ പാശ്ചാത്യരെ വെറുപ്പോടെ വീക്ഷിക്കുന്നവരുമായ, എഴുപതു് ശതമാനത്തിലധികം വരുന്ന, മൗലികവാദികള്‍ എന്നു് പറയാവുന്നത്ര യാഥാസ്ഥിതികരായ ഇസ്ലാം വിശ്വാസികളായ ജനങ്ങളും! ഈ മതമൗലികവിഭാഗത്തിന്റെ പ്രതിനിധികള്‍ സാമൂഹിക നവീകരണം ലക്‍ഷ്യമാക്കിയ സൗദി രാജകുടുംബത്തില്‍ തങ്ങളുടെ ശത്രുചിത്രങ്ങളെ കണ്ടെത്തി. ഫൈസല്‍ രാജാവിന്റെ പൗത്രനായ പ്രിന്‍സ്‌ അമ്ര് അല്‍ ഫൈസലിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍: ‘ഈന്തപ്പഴം തിന്നു്, ഒട്ടകപ്പാലു് കുടിച്ചു് മരുഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തൂക്കിയെടുത്തു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിച്ചു’ എന്ന സാഹസത്തിന്റെ തിക്തഫലം കാണാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ബൗദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയുടെ പിന്‍ബലമില്ലാതെ സംഭവിക്കുന്ന സാമ്പത്തികവളര്‍ച്ചക്കു് യഥാര്‍ത്ഥമായ സാമൂഹികവളര്‍ച്ചയെ പ്രതിനിധാനം ചെയ്യാനാവില്ലല്ലോ.

സമ്പത്തിന്റെ പെരുപ്പത്തില്‍ മാത്രം അധിഷ്ഠിതമായി തലകറങ്ങുന്ന വേഗതയില്‍ സൗദി അറേബ്യയില്‍ സംഭവിച്ച ഈ സാമൂഹികമാറ്റങ്ങള്‍ക്കെതിരായി രൂപം കൊണ്ട പ്രതിഷേധത്തിന്റെ ഒരു മുഖമാണു് മെക്കയിലെ ഗ്രാന്‍ഡ്‌ മോസ്ക്‌ പിടിച്ചെടുക്കാന്‍ 1979-ല്‍ നടന്ന ശ്രമം. Juhayman al-Otaibi എന്ന സൗദി ഉപദേശിയുടെ നേതൃത്വത്തില്‍ 1979 നവംബര്‍ 20-നു് (അറേബ്യന്‍ കലണ്ടര്‍ പ്രകാരം, പുതുവര്‍ഷത്തിലെ ആദ്യദിവസം) ആയുധധാരികളായ വിമതര്‍ (ഇവരുടെ എണ്ണം പല രേഖകളിലും പലതാണു്! പറയുന്നതാരെന്നനുസരിച്ചു് ഇരുന്നൂറു്, അഞ്ഞൂറു്, ആയിരത്തിനുമേല്‍ എന്നിങ്ങനെ പല കണക്കുകള്‍ കാണാനാവും!) ഗ്രാന്‍ഡ്‌ മോസ്കില്‍ ഒളിച്ചുകയറി പ്രഭാതനമസ്കാരസമയത്തു് മൈക്ക്‌ പിടിച്ചുവാങ്ങി ‘മശീഹാ എത്തിയിരിക്കുന്നു, എല്ലാവരും വന്നു് വണങ്ങുവിന്‍’ എന്നു് പ്രഖ്യാപിക്കുകയായിരുന്നു! പള്ളിയിലെ ഭക്തജനങ്ങളെ അവര്‍ തടവുകാരാക്കി. (അവരില്‍ കുറെപ്പേരെ പിന്നീടു് വിട്ടയച്ചു.) മുസ്ലീമുങ്ങള്‍ ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലം എന്നു് വിശ്വസിക്കുന്ന പള്ളിയുടെ ഗോപുരങ്ങളില്‍ നിന്നും വെടിയും പുകയും ഉയര്‍ന്നു! അവിടെ ഏതോ ഫിലിം ഷൂട്ട്‌ ചെയ്യുകയായിരിക്കുമെന്നാണത്രെ ചില ദൃക്‌സാക്ഷികള്‍ കരുതിയതു്!

സൗദി അറേബ്യയില്‍ ഏതു് രാഷ്ട്രീയ തീരുമാനവും ഇസ്ലാംനിയമങ്ങളുടെ ഒരു അരിപ്പയിലൂടെ കടന്നുപോകേണ്ടതുണ്ടു്. അതിനു് ചുമതലപ്പെട്ടവരായ ulema എന്നറിയപ്പെടുന്ന ഇസ്ലാം പണ്ഡിതരുടെ അംഗീകാരം മുന്‍കൂട്ടി വാങ്ങിയിരിക്കേണ്ടതു് സൗദിരാജാവിന്റെ തീരുമാനങ്ങളുടെ നിയമസാധുത്വത്തിനു് അനുപേക്ഷണീയമാണു്. അതിനാല്‍, അതിവിശുദ്ധമായ al-Haram പള്ളിയില്‍ ഒളിച്ചിരിക്കുന്ന മൗലികവാദികളെ പുറത്തുചാടിക്കാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നതു് ഇസ്ലാം വിശ്വാസവുമായി പൊരുത്തപ്പെടുമോ ഇല്ലയോ എന്നതു് സംബന്ധിച്ചു് ulema-യുടെ അന്തിമാഭിപ്രായം ആരായേണ്ടതു് സൗദിരാജാവിന്റെ കടമയായിരുന്നു. പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചവരെ വിമതരായി പ്രഖ്യാപിച്ചുകൊണ്ടു്, രാജാവിന്റെ അധികാരസാധുത്വത്തിനു് ഭംഗം വരുത്താതെ, മതപണ്ഡിതര്‍ (ulema) ഒരു fatwa വഴി ആക്രമണത്തിനു് അനുമതി നല്‍കി. പ്രധാനകവാടം വഴി നേരിട്ടുള്ളതും വിപുലമായതുമായ ഒരാക്രമണത്തിനാണു് സൗദികള്‍ ആദ്യം തീരുമാനിച്ചതു്. പക്ഷേ ആ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ധാരാളം യോദ്ധാക്കള്‍ വിമതരുടെ വെടിയേറ്റു് മരിക്കേണ്ടിവന്നു.

അവസാനം, സൗദി രാജകുടുംബം ഇത്തരം പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ്‌ ചെയ്ത ഫ്രഞ്ച്‌ പോലീസ്‌ വിഭാഗത്തിന്റെ (GIGN) സഹായം തേടി. ഗ്യാസും മറ്റു് ഉപകരണങ്ങളും സപ്ലൈ ചെയ്യുകയും അവ ഉപയോഗിക്കേണ്ടതു് എങ്ങനെ എന്നു് മുസ്ലീം യോദ്ധാക്കളെ പരിശീലിപ്പിക്കുകയും മാത്രമായിരുന്നു ഫ്രാന്‍സിനു് ഈ പ്രശ്നത്തില്‍ ഉണ്ടായിരുന്ന പങ്കു് എന്നതാണു് സൗദികളുടെ ഔദ്യോഗിക നിലപാടു്. ‘അവിശ്വാസികളായ’ ഫ്രഞ്ചുകാര്‍ പള്ളിയില്‍ പ്രവേശിക്കാതിരിക്കേണ്ടതു് മൗലികവാദികള്‍ ബഹളം വയ്ക്കാതിരിക്കാന്‍ ആവശ്യവുമായിരുന്നു. (ഫ്രഞ്ചുകാരില്‍ മൂന്നുപേരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇസ്ലാമിലേക്കു് ‘അത്യാവശ്യമതപരിവര്‍ത്തനം’ നടത്തി എന്നും മറ്റുമുള്ള ചില വേര്‍ഷനുകളും ഇതിനോടനുബന്ധമായി നിലവിലുണ്ടു്.) ഏതായാലും പതിനെട്ടു് ദിവസങ്ങളോളം വിമതര്‍ പിടിച്ചുനിന്നു. ജീവനോടെ പിടിക്കപ്പെട്ട 63 (ചിലയിടങ്ങളില്‍ 67 എന്നും കാണുന്നുണ്ടു്.) പേര്‍ പരസ്യമായി വധിക്കപ്പെട്ടു.

പള്ളി തിരിച്ചു് പിടിച്ചശേഷം സാമൂഹികനവീകരണം തുടരുന്നതിനു് പകരം വിമതരോടു് അനുഭാവം പുലര്‍ത്തിയിരുന്ന യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്തുന്നതിനായി ഇസ്ലാം നിയമങ്ങള്‍ കര്‍ശനമാക്കുവാനാണു് സൗദി രാജകുടുംബം തീരുമാനിക്കുന്നതു്! എങ്കിലും, ഈ സംഭവം ഇസ്ലാമിലെ ഗണനീയമായ ഒരു വിഭാഗം മൗലികവാദികളുടെ പ്രതിഷേധപ്രസ്ഥാനമായി കാണാതെ, ഒറ്റപ്പെട്ടതും അപ്രധാനവുമായ ഒന്നായി ചിത്രീകരിക്കുവാനായിരുന്നു സൗദി രാജകുടുംബത്തിനു് കൂടുതല്‍ താത്പര്യം. മതമൗലികവാദികളുടെ ഈ വിഭാഗത്തിലാണു് പില്‍ക്കാലത്തു് ‘അല്‍ ഖാഇദ’ എന്ന, അന്തര്‍ദേശീയ ടെറര്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനേതാവായ ഒസാമ ബിന്‍ ലാദന്റെ വേരുകള്‍.

അടുത്തതില്‍: ഖുമൈനി, സദ്ദാം, ബിന്‍ ലാദന്‍ ആന്‍ഡ്‌ കൊ

 
27 Comments

Posted by on Sep 28, 2008 in ലേഖനം

 

Tags: , , ,