റോമൻ സാമ്രാജ്യത്തിൽ വസിച്ചിരുന്ന അന്യമതസ്ഥർക്കു് അവരുടെ മതങ്ങളിൽ വിശ്വസിക്കാനും പരമ്പരാഗതജീവിതം നയിക്കാനും റോമൻ നിയമം അനുവദിച്ചിരുന്നു. പുരാതന ഈജിപ്റ്റിലെ മത-സാംസ്കാരികകേന്ദ്രവും കോസ്മോപ്പൊളിറ്റൻ നഗരവുമായിരുന്ന അലക്സാൻഡ്രിയയിൽ അന്നു് റോമക്കാരും ഗ്രീക്കുകാരും ഈജിപ്റ്റുകാരും യൂദരും വസിച്ചിരുന്നു. അലക്സാണ്ഡർ വഴി, പടയാളികളായും അടിമകളായും അലക്സാൻഡ്രിയയിൽ എത്തിയവരായിരുന്നു യൂദർ. അക്കാലത്തു് യൂദർ മതപരിവർത്തനം ചെയ്യിച്ചിരുന്നതിനാൽ മതംമാറി യൂദരായ അനേകരും യൂദസമൂഹത്തിന്റെ ഭാഗമായിരുന്നു. പലവിധ തൊഴിലുകളിലൂടെ യൂദർ കൈവരിച്ച സാമ്പത്തിക അഭിവൃദ്ധി ഈജിപ്റ്റുകാരുടെ അസൂയക്കും വിരോധത്തിനും കാരണമായി.
പന്നിമാംസം കഴിക്കരുതു്, ഏഴാം നാൾ ജോലി ചെയ്യരുതു് മുതലായ ദൈവദത്ത നിയമങ്ങൾ പാലിക്കുന്നതും, റോമൻ സാമ്രാജ്യത്തിലെ ഏകദൈവവിശ്വാസികളായ ഒരേയൊരു ജനവിഭാഗം എന്ന നിലയിൽ, സിനഗോഗിൽ റോമൻ കൈസറെ സ്തുതിക്കൽ ഒഴിവാക്കിയിരുന്നതും മറ്റും ഈജിപ്റ്റുകാർക്കു് യൂദരോടുള്ള വെറുപ്പും വിദ്വേഷവും കൂടുതൽ പെരുകാൻ കാരണമായി.
അലക്സാൻഡ്രിയയിലെ ലൈബ്രറിയുടെ തലവനും, ജനത്തെ യൂദർക്കെതിരെ തിരിക്കാനായി വർഷങ്ങളായി ശ്രമിച്ചിരുന്നവനുമായ ഗ്രമേറിയൻ ആപിയോണിന്റെ (Apion Pleistoneices) ഹേറ്റ് സ്പീച്ചുകൾ ജനത്തിന്റെ യൂദവിരോധം പെരുകാൻ സഹായിച്ചു. യൂദർ മനുഷ്യവിരോധികളാണു്, ഹിപ്പൊക്രൈറ്റുകളാണു്, ഈജിപ്റ്റിനെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരാണു്, ആദ്യം പേർഷ്യക്കാരും, പിന്നെ ഗ്രീക്കുകാരും, അവസാനം റോമാക്കാരും ഈജിപ്റ്റിനെ കീഴടക്കിയതിനു് പിന്നിൽ പ്രവർത്തിച്ചതു് യൂദരാണു്! ചുരുക്കത്തിൽ, ഈജിപ്റ്റ് നേരിടുന്ന എല്ലാ നിർഭാഗ്യങ്ങൾക്കും കാരണം യൂദരാണു് എന്ന തരത്തിലായിരുന്നു യൂദർക്കെതിരെ ആപിയോൺ നടത്തിക്കൊണ്ടിരുന്ന ആരോപണങ്ങൾ.
സർവ്വോപരി, യൂദർ സിനഗോഗുകളിൽ നരബലി അർപ്പിക്കുന്നുണ്ടെന്ന രഹസ്യവും ആപിയോൺ കണ്ടുപിടിച്ചു! സിനഗോഗുകളിൽ വിഗ്രഹങ്ങളൊന്നും ഇല്ലാത്തതിനാൽ, യൂദർ അവിടെ എന്തു് ക്ഷുദ്രപ്രവൃത്തികളായിരിക്കും ചെയ്യുന്നതെന്നതിനെപ്പറ്റി തലപുകച്ചിരുന്ന ജനത്തിനു് അവരെ തല്ലാനായി വീണുകിട്ടിയ ഒരു വടിയായിരുന്നു ആപിയോണിന്റെ ഈ നരബലി ആരോപണം. അന്യമതസ്ഥരുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുവന്നു് തീറ്റിക്കൊഴുപ്പിച്ചു്, മിസ്രയിമിൽ നിന്നു് കനാനിലേക്കുള്ള യൂദരുടെ പുറപ്പാടിന്റെ ഓർമ്മപ്പെരുന്നാളായ പെസഹാ ദിനത്തിൽ കൊന്നു് രക്തമെടുത്തു് പുളിപ്പില്ലാത്ത അപ്പം (matzo) ചുടലാണു് സിനഗോഗിൽ യൂദന്മാരുടെ പരിപാടി എന്നായിരുന്നു ആപിയോണിന്റെ കണ്ടെത്തൽ!
യൂദരെ മനുഷ്യവിരുദ്ധരും ഗൂഢാലോചനക്കാരും നരബലിക്കാരുമെല്ലാമാക്കി ചിത്രീകരിച്ചു് ജനത്തെ അവർക്കെതിരെ ഇളക്കിവിടാനായി ആപിയോൺ മെനഞ്ഞെടുത്ത കള്ളക്കഥകൾ യൂദവിരോധികളിൽ ചെലുത്തിയ സ്വാധീനം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും സജീവമാണു്.
AD 38-ൽ ജൂഡിയയുടെ ഭരണാധികാരിയായി ഹെറോദേസ് അഗ്രിപ്പായെ റോമൻ കൈസർ കലിഗുള നിയമിച്ചു. ധനികനും റോമാക്കാരുടെ സുഹൃത്തും കൈസറുടെ വാത്സല്യഭാജനവും ആയിരുന്ന അഗ്രിപ്പാ ജൂഡിയയിലേക്കുള്ള തന്റെ യാത്രയിൽ റോമൻ അധികാരത്തിന്റെ ഔദ്യോഗികചിഹ്നങ്ങളും അംഗരക്ഷകരുമെല്ലാമായി ആഡംബരപൂർവ്വം അഴകിയ രാവണനായി അലക്സാൻഡ്രിയയിൽ എത്തിയപ്പോൾ, ഈജിപ്റ്റിൽ റോമൻ അധിനിവേശത്തിനു് കീഴിൽ കഴിഞ്ഞിരുന്ന ഗ്രീക്കുകാരുടെ അമർഷം കത്തിജ്ജ്വലിച്ചു. യൂദരിൽ തങ്ങൾ വെറുക്കുന്നതെല്ലാം യൂദനായ ഹെറോദേസ് അഗ്രിപ്പായിൽ ദർശിച്ച അവർ അവനെയും അതിലൂടെ മൊത്തം യൂദരെയും പരിഹസിച്ചുകൊണ്ടു് ആംഫിതിയേറ്ററിൽ ഹാസ്യകലാപരിപാടികൾ അവതരിപ്പിച്ചു. പക്ഷേ, അവരുടെ യൂദവിരോധം ആ കലാപരിപാടികളിൽ ഒതുങ്ങുന്നതായിരുന്നില്ല.
യൂദരും ഗ്രീക്കുകാരും താമസിച്ചിരുന്ന ഇടങ്ങളിലെ സിനഗോഗുകളിൽ, താൻ ദൈവമാണെന്നു് കരുതിയിരുന്ന കൈസർ കലിഗുളയുടെ പ്രതിമ വയ്ക്കാൻ അലക്സാൻഡ്രിയയിലെ റോമൻ ഗവർണർ ഫ്ലാക്കുസ് (Aulus Avillius Flaccus) ഗ്രീക്കുകാരെ അനുവദിച്ചതിൽ യൂദസമൂഹം പ്രതിഷേധിച്ചപ്പോൾ, അക്രമാസക്തരായ ഗ്രീക്ക് മോബ് സിനഗോഗുകൾ നശിപ്പിക്കാൻ തുടങ്ങി. ആക്രമണത്തെ തടയേണ്ടതിനു് പകരം, യൂദരെ അന്യരും പരദേശികളുമായി പ്രഖ്യാപിക്കുകയും, അവരുടെ പൗരാവകാശം റദ്ദ് ചെയ്യുകയുമാണു് ഗവർണർ ഫ്ലാക്കുസ് ചെയ്തതു്! അതോടെ, ആപിയോൺ കൊളുത്തിയ യൂദവിരോധം അതിന്റെ വിശ്വരൂപത്തിൽ ദംഷ്ട്രകൾ കാണിച്ചു് പുറത്തുവന്നു.
യൂദർക്കെതിരെ നടന്ന ആ പോഗ്രോമിന്റെ ദൃക്സാക്ഷി ആയിരുന്ന യൂദതത്വചിന്തകൻ ഫീലോ (Philo of Alexandria) അതു് ഇങ്ങനെ വിവരിക്കുന്നു: “കോപാകുലരായ ലഹളക്കൂട്ടം യൂദരുടെ വീടുകളും കടകളും കൊള്ളയടിച്ചു. അവരുടെ വീടുകൾക്കു് തീയിടുകയും, വീടുകളിൽ നിന്നു് അവരെ ആട്ടിയോടിച്ചു് ഒരിടത്തായി കൂട്ടിനിർത്തി സ്ത്രീകളെന്നോ കുഞ്ഞുങ്ങളെന്നോ നോക്കാതെ തല്ലിയും കല്ലെറിഞ്ഞും തീവച്ചും കൊല്ലുകയും ചെയ്തു. യൂദസ്ത്രീകളെപ്പോലെ തോന്നിയവരെപ്പോലും അവർ വെറുതെ വിട്ടില്ല. പന്നിയിറച്ചി തൊടാൻ മടിച്ചവരെയും അവർ പിടികൂടി കഠിനമായി ശിക്ഷിച്ചു. ഉപദേശകസമിതിയിലെ 38 മൂപ്പന്മാരെ ഫ്ലാക്കുസ് പരസ്യമായി ചാട്ടവാറിനു് അടിപ്പിച്ചു.”
ഒരു മാസത്തിനു് ശേഷം കലിഗുള ഫ്ലാക്കുസിനെ സ്ഥാനഭ്രഷ്ടനാക്കുകയും ആൻഡ്രോസ് ദ്വീപിലേക്കു് നാടുകടത്തി അവിടെ വച്ചു് AD 39-ൽ വധിക്കുകയും ചെയ്തു. പക്ഷേ, അതു് ഫ്ലാക്കുസ് യൂദരോടു് ചെയ്ത ക്രൂരതയുടെ പേരിലായിരുന്നില്ല, റ്റിബെരിയുസിന്റെ സുഹൃത്തു് എന്ന നിലയിൽ കലിഗുള അവനെ വെറുത്തിരുന്നതുകൊണ്ടാണു്.
യൂദരെ അവർ യൂദരാണെന്നതിന്റെ പേരിൽ ഇല്ലായ്മ ചെയ്യാനായി സംഭവിച്ച ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ആക്രമണമാണു് അലക്സാൻഡ്രിയയിൽ യൂദർക്കെതിരെ നടന്നതു്. അതിന്റെ അടിസ്ഥാനത്തിൽ, രേഖപ്പെടുത്തപ്പെട്ട ലോകചരിത്രത്തിലെ ആദ്യത്തെ യൂദവിരോധി ആപിയോണും, യൂദവിരോധത്തിനെതിരെ ആദ്യമായി എഴുതിയ വ്യക്തി ഫീലോയും ആണെന്നു് പറയുന്നതിൽ തെറ്റില്ല.
ആപിയോൺ ഒരുക്കിയ യൂദവിരോധത്തിന്റെ അടിത്തറയിൽ, റോമൻ ഗവർണർ ഫ്ലാക്കുസിന്റെ പിൻതുണയോടെ, യൂദരുടെ ഉന്മൂലനം ലക്ഷ്യമാക്കി അലക്സാൻഡ്രിയൻ ഗ്രീക്ക്സ് നടത്തിയ ആ ആക്രമണത്തിൽ പങ്കാളികളാകാൻ ക്രൈസ്തവർക്കോ, മുസ്ലീമുകൾക്കോ കഴിയുമായിരുന്നില്ല. കാരണം, അന്നു് ക്രൈസ്തവരോ മുസ്ലീമുകളോ ലോകത്തിൽ ഉണ്ടായിരുന്നില്ല. ക്രൈസ്തവർ ഒരുപക്ഷേ ഉണ്ടായിരുന്നെങ്കിൽത്തന്നെ, അവർ “ഡൈപർ” പ്രായത്തിൽ ആയിരുന്നിരിക്കാനേ വഴിയുള്ളു. പൊതുവാളുകൾ നീട്ടിപ്പിടിക്കാനും, നീട്ടിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഓടാനും, പ്രത്യേക ഏക്ഷൻ കാണിക്കാനുമൊന്നും കഴിയാത്ത ശൈ-ശവത്തിൽ എന്തു് പോഗ്രോം, ഏതു് പോഗ്രോം!
ക്രിസ്തുവർഷത്തിന്റെ തുടക്കത്തിൽ മെഡിറ്ററേനിയൻ കടലിനു് ചുറ്റുമുള്ള “ഠ” വട്ടത്തിനുള്ളിൽ ഉണ്ടായിരുന്ന 40 ലക്ഷം യൂദരിൽ 10 ലക്ഷവും 3000 വർഷങ്ങളായി യഹൂദരുടെ വാസസ്ഥലം ആയിരുന്ന ജൂഡിയയിലായിരുന്നു പാർത്തിരുന്നതു്. റോമാക്കാരുടെ അധീനതയിലായിരുന്ന ചെറിയ ജൂഡിയ രാജ്യത്തിൽ ഭിന്നിച്ചു് കഴിഞ്ഞിരുന്ന യഹൂദവിഭാഗങ്ങളുടെ ഇടയിലേക്കാണു് യഹൂദർ ദീർഘകാലമായി കാത്തിരിക്കുന്ന മശിഹാ താനാണെന്ന അവകാശവാദവുമായി നസറായനായ യേശു കടന്നുവരുന്നതു്. അവനെ പിൻതുടർന്നവരാണു് ക്രിസ്ത്യാനികൾ. ആദ്യകാല ക്രിസ്ത്യാനികൾ യൂദരായിരുന്നു. യേശുവിനെ മശിഹയായി കരുതിയ യൂദർ ക്രിസ്ത്യാനികളും, അല്ലാത്തവർ യൂദരുമായിത്തുടർന്നു. ഒരേ മതത്തിന്റെ രണ്ടു് ശാഖകൾ ആയാലെന്നപോലെ, ഒരേ ഗ്രന്ഥവും ഒരേ ഭാഷയും പലപ്പോഴും ഒരേ സിനഗോഗുപോലും ഉപയോഗിച്ചിരുന്ന ആദ്യകാല ക്രിസ്ത്യാനികളെയും യൂദരെയും തമ്മിൽ തിരിച്ചറിയുക അത്ര എളുപ്പമായിരുന്നില്ല.
ക്രിസ്ത്യാനികളെയും യൂദരെയും തമ്മിൽ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, അതാദ്യം വിളിച്ചു് പറഞ്ഞതു് ക്രൈസ്തവ ചിന്തകനായിരുന്ന ജസ്റ്റിനാണു് (Justin Martyr). ഒരു സാങ്കല്പിക യൂദനുമായുള്ള സംഭാഷണം എന്ന രീതിയിലാണു് AD 135-ൽ ജസ്റ്റിൻ നാബ്ലസിൽ (Nablus) വച്ചു് തന്റെ സിദ്ധാന്തം ക്രോഡീകരിച്ചതു്. യഹോവയുടെ തിരഞ്ഞെടുത്ത ജനമായ യൂദർ തന്റെ പുത്രനായ യേശുവിനെ ക്രൂശിച്ചതോടെ അവരെ കൈവെടിഞ്ഞ ദൈവം അവരുടെ സ്ഥാനം, യേശുവിൽ സത്യദൈവത്തെ തിരിച്ചറിഞ്ഞ ക്രിസ്ത്യാനികൾക്കായി പതിച്ചുനൽകി. യഹോവയുടെ ഈ പുതിയ നിയമം എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണു്.” -(replacement theology/supersessionism).
മറ്റു് ശിഷ്യന്മാരെപ്പോലെതന്നെ യൂദനായിരുന്ന യൂദാസാണു് യേശുവിനെ ഒറ്റിക്കൊടുത്തതെന്ന ആഖ്യാനം ജസ്റ്റിന്റെ “സിദ്ധാന്തത്തിനു്” മാറ്റുകൂട്ടി. യേശുവിന്റെ കുരിശുമരണത്തിലൂടെ മാത്രമേ മനുഷ്യരെ പാപവിമുക്തരാക്കാൻ കഴിയുമായിരുന്നുള്ളു എന്നാണു് ദൈവവിധിയെങ്കിൽ, ആ വിധി നടപ്പാക്കാനായി യേശുവിനെ ഒറ്റിക്കൊടുത്ത ശിഷ്യൻ യൂദാസ് ദൈവേഷ്ടം നടപ്പാക്കാൻ സഹായിക്കുകയല്ലേ ചെയ്തതു് എന്നൊന്നും ആരും ചോദിച്ചില്ല. യൂദാസ് – യുദെയാ – യൂദർ!! ദൈവപുത്രനായ യേശുവിനെ കൊന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ദൈവം ഉപേക്ഷിച്ചവരായ യൂദർക്കുതന്നെ! റോമാക്കാർക്കു് അതിൽ വല്ല പങ്കുമുണ്ടായിരുന്നെങ്കിൽ, റോമിനു് സഭയുടെ തലസ്ഥാനം ആകാനോ, ലാറ്റിനു് ദൈവത്തിന്റെ ഭാഷയാകാനോ കഴിയുമായിരുന്നോ?
യോഹന്നാൻ തന്റെ സുവിശേഷത്തിൽ വർണ്ണിക്കുന്നതുപോലെ, സർവ്വശക്തനും പിതാവുമായ ദൈവം സ്നേഹത്തിന്റെ പൂർണ്ണതയാകുമ്പോൾ, ലോകത്തിൽ നിലനിൽക്കുന്ന വെറുപ്പിന്റെയും തിന്മകളുടെയുമെല്ലാം ഉത്തരവാദിത്വം പ്രതികാരശേഷിയില്ലാത്ത ഏതെങ്കിലും ബലിയാടുകളുടെ തലയിൽ ചാർത്തിക്കൊടുത്തു് തടിതപ്പാൻ കഴിയുന്നതു് നല്ലൊരു സ്ട്രാറ്റെജി തന്നെ!!
AD 70-ൽ യൂദരുടെ ചരിത്രപ്രധാന കേന്ദ്രം കയ്യടക്കിയ റോമാക്കാർ, ബാബിലോണിയൻ തടവിൽ നിന്നും മടങ്ങിയെത്തിയ യൂദർ പുനർനിർമ്മിച്ച യേരുശലേം ദേവാലയം വീണ്ടും നിലംപരിശാക്കി. ഏതാനും ദശാബ്ദങ്ങൾക്കു് ശേഷം നടന്ന ഒരു പ്രക്ഷോഭത്തിൽ യൂദർക്കു് ജൂഡിയ പൂർണ്ണമായും റോമാക്കാർക്കു് വിട്ടുകൊടുക്കേണ്ടിവന്നു. തുടർന്നുള്ള മൂന്നു് നൂറ്റാണ്ടുകളിൽ, ഒട്ടേറെ യൂദർ ജൂഡിയ വിട്ടു്, ഇൻഡ്യയിലെ കൊങ്കൺ പ്രദേശങ്ങളും ചൈനയുമുൾപ്പെടെ, ലോകമെമ്പാടുമുള്ള യൂദസമൂഹങ്ങളിൽ അഭയം തേടി.
യൂദർ ദൈവഘാതകരാണെന്ന ജസ്റ്റിൻ പ്രമാണത്തിനു് വലിയ സ്വാധീനമൊന്നും തുടക്കത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. യൂദരും ആദ്യകാല ക്രൈസ്തവരും ജാതികളും (gentiles) തികഞ്ഞ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന കോൺസ്റ്റാന്റിനോപ്പിളിൽ ധാരാളം അന്യമതസ്ഥരെ യൂദമതത്തിലേക്കു് പരിവർത്തിപ്പിക്കാൻ യൂദർക്കു് കഴിഞ്ഞിരുന്നതു് അതിനു് തെളിവാണു്. പക്ഷേ, റോമാക്കാരുടെയിടയിൽ ക്രിസ്തുമതത്തിന്റെ സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരുന്നു. “ഈ അടയാളത്തിൽ ⳩ (chi-rho) നീ ജയിക്കും” എന്നൊരു ദർശനംവഴി ക്രിസ്തുനാമത്തിൽ യുദ്ധം ചെയ്തു് AD 312-ൽ റോമൻ കൈസർ കോൺസ്റ്റന്റൈൻ (Constantine the Great) മിൽവിയൻ ബ്രിഡ്ജ് യുദ്ധം ജയിച്ചു് ക്രൈസ്തവവിശ്വാസം സ്വീകരിച്ചതോടെ ക്രിസ്തുമതം റോമിലെ സ്റ്റേറ്റ് റിലീജ്യണായി. അങ്ങനെ റോമൻ കൈസർ കോൺസ്റ്റന്റൈൻ ക്രൈസ്തവരുടെ ദൈവത്തിന്റെ അംഗീകാരമുള്ളവനായി. അതുവഴി, ബഹുദൈവവിശ്വാസികളായ റോമാക്കാരുടെയിടയിൽ ഒരു ദൈവം, ഒരു സാമ്രാജ്യം, ഒരു മതം എന്ന ആശയം രൂഢമൂലമായി.
റോമിന്റെ സ്റ്റേറ്റ് റിലീജ്യണായി മാറിയ ക്രിസ്തുമതത്തിൽപ്പെട്ടവരോടു് അതല്ലാത്തവർ എങ്ങനെ പെരുമാറണമെന്ന വിഷയം – ആപിയോണിനും ജസ്റ്റിനും ശേഷം – ആന്റിജൂഡായിസത്തിലേക്കു് നയിച്ച നാഴികക്കല്ലായി. കോൺസ്റ്റന്റൈന്റെ പിൻഗാമികൾ, റോം പുറപ്പെടുവിച്ച സഹിഷ്ണുതാ ശാസനം (edict of toleration) ക്രമാനുഗതം ദുർബ്ബലമാക്കി. ചരിത്രത്തിലാദ്യമായി, AD 439-ലെ തിയോഡൊസിയൻ കോഡ് പ്രകാരം, യൂദർക്കു് നിയന്ത്രിതമായ അവകാശങ്ങൾ മാത്രമുള്ള ഒരു “ഔദ്യോഗികപദവി” ലഭിച്ചു! അതിൻപ്രകാരം, പുതിയ സിനഗോഗുകൾ പണിയാനോ, സൈനികർ അഭിഭാഷകർ ഉദ്യോഗസ്ഥർ മുതലായ തൊഴിലുകൾ ചെയ്യാനോ യൂദർക്കു് അനുവാദമില്ല. യൂദർ ക്രമേണ ക്രൈസ്തവരെ അപേക്ഷിച്ചു് രണ്ടാംകിട പൗരന്മാരായി തരം താഴ്ത്തപ്പെട്ടു.
റോമൻ സാമ്രാജ്യത്തിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായിരുന്ന അൾജീറിയയിലെ അന്നാബയിൽ ബിഷപ്പായിരുന്ന അഗസ്റ്റിൻ (St. Augustine of Hippo) AD 413 മുതൽ എഴുതി തുടങ്ങിയ “ദൈവ നഗരം” (On the City of God Against the Pagans) എന്ന ബൃഹത്ഗ്രന്ഥമാണു് ആയിരത്തിലേറെ വർഷങ്ങൾ യൂറോപ്പിലെ ആന്റിജ്യൂവിഷ് പോളിസിയുടെ റെഫറൻസായതു്. ലാറ്റിനിൽ നിന്നും പരിഭാഷ ചെയ്യപ്പെട്ട 400 കയ്യെഴുത്തു് പ്രതികളായി അഗസ്റ്റിന്റെ “The City of God” ക്രൈസ്തവരാജ്യങ്ങളിൽ വിതരണം ചെയ്യപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു.
ബൈബിളിലെ പഴയനിയമത്തിൽ പരാമർശിക്കപ്പെടുന്ന മശിഹയെ അംഗീകരിച്ചു് ക്രിസ്തുമതം സ്വീകരിക്കുന്നതിനു് പകരം, എന്തുകൊണ്ടു് യൂദർ യൂദരായി തുടരുന്നു എന്നതാണു് അഗസ്റ്റിനെ അലട്ടിയ പ്രശ്നം. യൂദനായിരിക്കുക എന്നാൽ മശിഹയെ, അഥവാ യേശുവിനെ നിഷേധിക്കുക എന്നല്ലേ അർത്ഥം? ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാൻ അവർക്കു് ഇഷ്ടമില്ലെങ്കിൽ അതങ്ങനെ ആയിരിക്കട്ടെ. പക്ഷേ, ആ സാഹചര്യത്തിൽ അവരെ ഭൂതകാല അവശിഷ്ടങ്ങളായി പ്രഖ്യാപിച്ചു്, “living fossils” എന്ന നിലയിൽ, ക്രൈസ്തവസമൂഹത്തിനുള്ളിൽ രണ്ടാം കിടകളായി സംരക്ഷിച്ചു് നിലനിർത്തപ്പെടണം. അവർ കൊല ചെയ്യപ്പെടരുതു്. അങ്ങനെ, ഈ ലോകത്തിൽ യൂബിക്വിറ്റസായ യൂദർ വഴി യേശുസംബന്ധമായ ബൈബിളിലെ പ്രവചനങ്ങൾ ക്രൈസ്തവരുടെ കണ്ടുപിടുത്തങ്ങളല്ലെന്നു് മനുഷ്യർ മനസ്സിലാക്കണം. അവർക്കു് തിരുവെഴുത്തുകളുണ്ടു്. പക്ഷേ, അവരതു് വായിക്കുന്നതു് അന്ധരെപ്പോലെയാണു്. നമുക്കു് ക്രിസ്തുവുണ്ടു്. ക്രിസ്തുമതത്തിന്റെ ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരല്ലാതെ മറ്റെന്താണു് അതുപോലൊരു ജനം? ക്രൈസ്തവസമൂഹത്തിൽ രണ്ടാംകിട മനുഷ്യരായി യൂദർ നിലനിൽക്കേണ്ടതിന്റെ ആവശ്യകത അഗസ്റ്റിൻ ഈവിധത്തിൽ ആസൂത്രണം ചെയ്തിരുന്നില്ലെങ്കിൽ ഒരുപക്ഷേ, യൂദർ പണ്ടേതന്നെ ക്രൈസ്തവലോകത്തിൽ നിന്നും അപ്രത്യക്ഷമായേനെ!
AD 413 -ൽ അഗസ്റ്റിൻ “The City of God” എഴുതാൻ തുടങ്ങിയപ്പോൾ, യഹൂദരുടെ “arch-enemy No.2” ആയ മുസ്ലീമുകൾ ലോകത്തിൽ ഉണ്ടായിരുന്നില്ല. കാരണം, ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് (സ) അതിനു് 157 വർഷങ്ങൾക്കു് ശേഷം AD 570-ലാണു് ലോകത്തിന്റെ വെളിച്ചം കണ്ടതു്. ഇസ്ലാമിന്റെ രൂപമെടുക്കലും അതിന്റെ പരിണതഫലങ്ങളിൽ ഒന്നായ കുരിശുയുദ്ധവും അതിനോടനുബന്ധിച്ചു് യൂറോപ്പിൽ ക്രൈസ്തവർ നടത്തിയ യൂദനശീകരണവും അടുത്തതിൽ.
