ഒരു കമ്മ്യൂണിസ്റ്റ് പച്ചയുടെയോ, “ഗുല്മോഹർ പുല്പത്തിന്റെയോ” പടം വരച്ചാൽ മതി, പിന്നെ ആളുടെ ഭാവഹാഹാദികളും നടപ്പും എടുപ്പും, താൻ യൂറോപ്യൻ നവോത്ഥാനകാല ചിത്രകാരനായ മൈക്കൽ ആഞ്ചെലോ ആണെന്ന മട്ടിലായിരിക്കും. “പാബ്ലോ മയ്യത്ത്” എന്നോ, “സാൽവഡോർ സുന്നത്തു്” എന്നോ, “catchpenny” ആയ ഒരു ഉപനാമത്തിൽ ഏതെങ്കിലുമൊരു മല്ലു മഞ്ഞപ്പത്രത്തിൽ അതു് പ്രസിദ്ധീകരിക്കുക കൂടി ചെയ്താൽപ്പിന്നെ, എന്റെ സാറേ!!
അതുപോലെതന്നെയാണു് മല്ലുക്കളായ എഴുത്തുകാരുടെ കാര്യവും. ഒരു കഥയോ കവിതയോ പടച്ചാൽ മതി, പിന്നെ ആളുടെ ഭാവഹാഹാദികളും നടപ്പും എടുപ്പും താനൊരു ഷേക്‌സ്പിയറോ കാളിദാസനോ ആണെന്ന മട്ടിലായിരിക്കും.
സത്യത്തിൽ, ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തിന്റെ “ജ്ഞാനക്കുരണ്ടി” പുരസ്കാരം ലഭിക്കാൻ “സമസ്ത” യോഗ്യതകളുമുള്ള ഒരു മഹാമനീഷിയായിട്ടും, “കപടലോകത്തിലെന്റെ കാപട്യത്തെ ഒരുത്തനും കാണാത്തതാണെൻ പരാജയം” എന്ന ഹൃദയഭേദകമായ ശോകഗാനം, മറ്റാരും കാണാതെ, ജീവാത്മാവിലും പരമാത്മാവിലും അടക്കിപ്പിടിച്ചു് പാടിജീവിക്കാൻ വിധിക്കപ്പെട്ട, ബൂർഷ്വാ-മുതലാളിത്ത-സാമ്രാജ്യത്വ-പ്രാകൃതസിസ്റ്റത്തിന്റെ ഒരു നിസ്സഹായ ഇരയാണു് താനെന്നു് “ദീനദയാലുക്കളായ” പൊതുസമൂഹത്തോടു് ഉച്ചൈസ്തരം വിളിച്ചുപറയുന്ന മുഖഭാവത്തോടെയായിരിക്കും അച്ചങ്ങായിയുടെ ഐഹികജീവിതം.
