RSS

Monthly Archives: Dec 2013

അനിമല്‍ ഫാമും സോവിയറ്റ് യൂണിയനും

Animalism flag

അനിമല്‍ ഫാമിന്റെ പതാക

ജോര്‍ജ്ജ് ഓര്‍വെലിന്റെ ‘അനിമല്‍ ഫാം’ സേര്‍ച്ച് ചെയ്ത കൂട്ടത്തില്‍ ഇങ്ങനെയൊരു റിസല്‍റ്റും കിട്ടി:

“കവിത വിതച്ചത്: എങ്ങനെ ഒരാളെ … kavithavithachath.blogspot.com/2008/03/blog-post_14.html‎ Mar 14, 2008 – … കാര്യമാണു്. ബ്രിട്ടനിലെ ചില വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ അനിമല്‍ ഫാം എന്ന പുസ്തകം ചില്ലറ എഡിറ്റുങ്ങുകള്‍ മാത്രം വരുത്തി ഒന്നാന്തരം ആന്റി കമ്മ്യൂണിസ്റ്റ് വില്‍പ്പനച്ചരക്കാക്കി …”

ജോര്‍ജ്ജ് ഓര്‍വെല്‍ അനിമല്‍ ഫാം എഴുതിയതു്‌ ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ആയിരുന്നു എന്നതു്‌ എനിക്കൊരു പുതിയ അറിവായിരുന്നു. സൂചിതമായ ലിങ്കില്‍ നിന്നും കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞുമില്ല. അതുകൊണ്ടു്‌ മലയാളം വിക്കിയില്‍ നോക്കി (http://tinyurl.com/oazs3u3). അവിടെനിന്നും, പ്ലോട്ട് സമ്മറിയും, “ഈ നോവലിൽ രണ്ടാം ലോക മഹായുദ്ധത്തിനു്‌ മുമ്പായി സ്റ്റാലിൻ യുഗത്തിലേയും അതിലേക്കു്‌ നയിച്ചതുമായ സംഭവങ്ങൾ പ്രതിഫലിക്കുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഇൻഡിപെൻഡന്റ് ലേബർ പാർട്ടി അംഗവുമായ ഓർവെൽ ജോസഫ് സ്റ്റാലിന്റെ വിമർശകനായിരുന്നു” എന്നൊരു സൂചനയും ലഭിച്ചു. അതില്‍നിന്നും ജോര്‍ജ്ജ് ഓര്‍വെല്‍ ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കുകയായിരുന്നു എന്നു്‌ എന്തായാലും വായിച്ചെടുക്കാനാവില്ലല്ലോ. അങ്ങനെ ഒന്നായിരുന്നു ആ നോവലെങ്കില്‍, എഡിറ്റിംഗ് ഒന്നും നടത്താതെതന്നെ അതു്‌ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പബ്ലിഷ് ചെയ്യുന്നതിനു്‌ എന്തായിരുന്നു തടസ്സം? പ്രൊപഗാന്‍ഡയുടെ ഭാഗമായി ലോകം മുഴുവന്‍ പലതരം കമ്മ്യൂണിസ്റ്റ് സുവിശേഷങ്ങള്‍ വെറുതെയോ, നിസ്സാരവിലയ്ക്കോ വിതരണം ചെയ്തിരുന്ന സോവിയറ്റ് യൂണിയന്‍ അങ്ങനെ ചെയ്തില്ലെന്നു്‌ മാത്രമല്ല, കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇതും, ‘1984’ എന്ന ഓര്‍വെലിന്റെ മറ്റൊരു നോവലും നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ പെടുത്തുക പോലുമായിരുന്നു. വേണ്ടവര്‍ക്കു്‌ ആകെ ലഭിച്ചിരുന്നതു്‌ അവയുടെ ‘Samizdat’ പ്രതികള്‍ മാത്രമായിരുന്നു.

ഗൂഗിള്‍ സേര്‍ച്ചുവഴി കണ്ട ഏതോ ഒരു വാചകത്തിന്റെ പേരില്‍ എന്തിനീ നിഴല്‍ യുദ്ധം എന്ന ചോദ്യം അസ്ഥാനത്തല്ല. പക്ഷേ, ഇതുപോലുള്ള വളച്ചൊടിക്കലുകള്‍ ഒരു പ്രവണതയാണു്‌. സത്യം അറിയാനുള്ള ഒരു സമൂഹത്തിന്റെ അവകാശത്തിലാണു്‌ ഈ വ്യാജപണ്ഡിതര്‍ കത്തി വയ്ക്കുന്നതു്‌. സ്വന്തവിശ്വാസത്തില്‍ ഉത്തമബോദ്ധ്യമുള്ളവരെല്ലാംതന്നെ ഈ കലയുടെ ഉസ്താദുകളാണു്‌. വിശ്വാസം മാര്‍ക്സിസത്തിലായാലും, മതത്തിലായാലും, ദൈവത്തിലായാലും ഇക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഖുര്‍ആനില്‍ ബ്ലാക്ക് ഹോളും ബിഗ്-ബാംഗുമൊക്കെ ദര്‍ശിക്കുന്ന അതേ മനോവിഭ്രാന്തി തന്നെയാണു്‌ ഇടതിനെ വലതും, വലതിനെ ഇടതുമൊക്കെ ആക്കി മാറ്റുന്നതിന്റെ പിന്നിലും. അന്യചിന്താഗതിക്കാരെല്ലാം ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയുമൊക്കെ ആക്കുന്നവരാണു്‌ എന്നു്‌ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നവരും ഇവര്‍തന്നെ. തെറ്റുകള്‍ തിരുത്തുമെന്നു്‌, അതും തന്നോടു്‌ തന്നെയൊന്നുമല്ല, സകല ലോകത്തോടുമായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞതിന്റെ അലയൊലി മായുന്നതിനു്‌ മുന്‍പേ അതേ തെറ്റുതന്നെ ആവര്‍ത്തിക്കുകയും, തൊണ്ടിസഹിതം പിടിക്കപ്പെട്ടു എന്നു്‌ വന്നാല്‍ ഏതു്‌ വയ്ക്കോല്‍പ്പൊട്ടനും തലകുത്തിനിന്നു്‌ ചിരിച്ചു്‌ ചാവുന്നതരം വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ‘സല്‍ക്കര്‍മ്മികളായ’ നേതാക്കളാണു്‌ വഴികാട്ടികള്‍. ഇവരെയാണു്‌ അനുയായിവൃന്ദം കര്‍ത്താവു്‌ കുരിശു്‌ ചുമക്കുന്നതുപോലെ ചുമന്നുകൊണ്ടു്‌ നടന്നു്‌ നഗരി കാണിക്കുന്നതു്‌. ഞങ്ങളെ ചുമക്കുന്ന കലയില്‍ നിങ്ങള്‍ എത്ര സഹനശക്തി കാണിക്കുന്നുവോ, അത്ര പെട്ടെന്നു്‌ നമുക്കു്‌ ലോകത്തെ രക്ഷിക്കാനാവും എന്നാണു്‌ മഞ്ചത്തില്‍ വിശ്രമിക്കുകയും മഞ്ചലില്‍ സഞ്ചരിക്കുകയും ചെയ്യുന്ന സാഡിസ്റ്റുകളായ നേതാക്കള്‍ മാസക്കിസ്റ്റുകളായ ചുമട്ടുകാരെ പഠിപ്പിച്ചിരിക്കുന്ന വേദവാക്യം. ചക്കിക്കൊത്ത ചങ്കരന്‍ എന്നു്‌ ‘സംസ്കൃതം’.

സോവിയറ്റ് യൂണിയനു്‌ എന്തു്‌ സംഭവിച്ചു എന്നു്‌ അറിയുന്നവര്‍ക്കും, അറിയരുതു്‌ എന്നു്‌ നിര്‍ബന്ധമില്ലാത്തവര്‍ക്കും എല്ലാ “അനിമല്‍ ഫാമുകളെയും” കാത്തിരിക്കുന്ന വിധി ജോര്‍ജ്ജ് ഓര്‍വെലിന്റെ അനിമല്‍ ഫാമിന്റേതുതന്നെ ആയിരിക്കുമെന്നു്‌ മനസ്സിലാക്കാന്‍ അധികം ആലോചിക്കേണ്ടി വരുമെന്നു്‌ തോന്നുന്നില്ല. പക്ഷേ, ഏതു്‌ ചീത്ത സാഹചര്യങ്ങളില്‍ നിന്നുള്ള മോചനമാണോ ഫാമിലെ മൃഗങ്ങള്‍ക്കു്‌ വാഗ്ദാനം ചെയ്യപ്പെടുന്നതു്‌, അതിലും ഭീകരമായുള്ള സാഹചര്യങ്ങളിലേക്കുള്ള ഒരു മരണയോട്ടവും, അതുകൊണ്ടുതന്നെ അര്‍ത്ഥശൂന്യവുമാണു്‌ “അനിമലിസം” എന്ന ഐഡിയോളജി എന്നു്‌ മനസ്സിലാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മൃഗങ്ങള്‍ മൃഗങ്ങളായിരിക്കുമായിരുന്നില്ലല്ലോ.

ജോര്‍ജ്ജ് ഓര്‍വെല്‍ ഇംഗ്ലണ്ടിലെ വലതുപക്ഷ രാഷ്ട്രീയക്കാരെയല്ല, സോവിയറ്റ് യൂണിയനെയും ജോസഫ് സ്റ്റാലിനെയും ആണു്‌ കളിയാക്കിയതു്‌ എന്നറിയാന്‍ അനിമല്‍ ഫാമിലെ കഥാപാത്രങ്ങളെപ്പറ്റി ഒരു ചെറിയ വിവരണം.

പന്നിവിഭാഗം : (അനിമല്‍ ഫാമിലെ മറ്റു്‌ മൃഗങ്ങളെക്കാള്‍ ബുദ്ധിമാന്മാര്‍, നേതാക്കള്‍)

പന്നികള്‍: സോവിയറ്റ് യൂണിയനിലെ വര്‍ക്കേഴ്സ് കൗണ്‍സിലിലും സ്റ്റാലിന്റെ ഡിക്റ്റേറ്റര്‍ഷിപ്പിലും അധികാരികളായിരുന്ന ബോള്‍ഷെവിക്കുകള്‍.

ഓള്‍ഡ് മേജര്‍: കാര്‍ള്‍ മാര്‍ക്സിനെയും ലെനിനെയും പ്രതിനിധീകരിക്കുന്ന വൃദ്ധനായ ആണ്‍പന്നി (Middle White boar). അനിമല്‍ ഫാമിലെ മൃഗങ്ങളെ അവയുടെ ദുരിതാവസ്ഥ പറഞ്ഞു്‌ മനസ്സിലാക്കുകയും, അതിനു്‌ ഒരറുതി വരുത്താനായി ഒരിക്കല്‍ മൃഗങ്ങളുടെ വിപ്ലവം വരുമെന്നും, അതുവഴി ചൂഷകരായ മനുഷ്യര്‍ ഇല്ലാത്ത, സമത്വസുന്ദരമായ ഒരു മൃഗലോകം ഉറപ്പായും സംജാതമാവുമെന്നും, അതു്‌ സംഭവിക്കുന്നതു്‌ ഒരാഴ്ചകൊണ്ടോ, അതോ നൂറു്‌ വര്‍ഷങ്ങള്‍ കൊണ്ടോ എന്ന കാര്യത്തില്‍ മാത്രമേ ഉറപ്പില്ലായ്മയുള്ളു എന്നും ഓള്‍ഡ് മേജര്‍ മൃഗങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു. മൃഗങ്ങള്‍ക്കു്‌ ഇഷ്ടാനുസരണം സന്ദര്‍ശിക്കാനും ആരാധന അര്‍പ്പിക്കാനുമായി മേജറുടെ തലയോട്ടിയും സൂക്ഷിച്ചുവയ്ക്കപ്പെടുന്നു – ലെനിന്‍ മൗസോളിയത്തിന്റെ വ്യംഗ്യോക്തി.

നെപ്പോളിയന്‍: ജോസഫ് സ്റ്റാലിനെ സിംബളൈസ് ചെയ്യുന്ന ആണ്‍പന്നി (Berkshire boar). തുടക്കത്തില്‍ സാധുവായി ഭാവിച്ചുകൊണ്ടു്‌, പട്ടിക്കുഞ്ഞുങ്ങളെ രഹസ്യപ്പോലീസാക്കി വളര്‍ത്തിയെടുത്തു്‌, സഹചാരി ആയിരുന്ന സ്നോബോളിനെ തുരത്തിയശേഷം ഫാമിന്റെ മുഴുവന്‍ അധികാരവും നെപ്പോളിയന്‍ ഏറ്റെടുക്കുന്നു. അതിനെത്തുടര്‍ന്നു്‌, ഏതു്‌ അടിച്ചമര്‍ത്തലില്‍ നിന്നാണോ മൃഗങ്ങള്‍ മോചനം നേടാന്‍ ആഗ്രഹിച്ചതു്‌, അതിനേക്കാള്‍ ക്രൂരമായി അവയെ അടിച്ചമര്‍ത്തുന്നു.

സ്നോബോള്‍: ലിയോ ട്രോട്സ്കിയുടെ അലെഗോറി. നെപ്പോളിയനോടു്‌ ചേര്‍ന്നു്‌ വിപ്ലവം നയിച്ചെങ്കിലും, താമസിയാതെ അവര്‍ തമ്മില്‍ ഭിന്നിക്കുന്നു. നെപ്പോളിയന്റെ പട്ടികള്‍ സ്നോബോളിനെ നാടുകടത്തുകയും  വധിക്കുകയും ചെയ്യുന്നു. ഫാമിലെ മുഴുവന്‍ പരാജയങ്ങളുടെയും ഉത്തരവാദിത്വം സ്നോബോളിന്റെ തലയില്‍ വച്ചുകെട്ടുകയും, അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ചാരനായിരുന്നു എന്നു്‌ വരുത്തുകയും ചെയ്യുന്നു.

സ്ക്വീലര്‍: വ്യച്ചേസ്ലാവ് മൊളൊടോവിന്റെ സ്ഥാനം ഏറ്റെടുക്കുന്ന കൊഴുത്തു്‌ കുറുകിയ പന്നി. നെപ്പോളിയന്റെ പ്രൊപഗാന്‍ഡ മിനിസ്റ്റര്‍. നെപ്പോളിയന്റെ ഏതു്‌ തീരുമാനത്തെയും ന്യായീകരിക്കുക, എതിരാളികളെ അപമാനപ്പെടുത്തി നിഷ്ക്രിയരാക്കുക, മിസ്റ്റര്‍ ജോണ്‍സ് (tsar) മടങ്ങിവന്നാല്‍ മൃഗസമൂഹം പഴയതിലും ഭീകരമായ അവസ്ഥയെ നേരിടേണ്ടിവരുമെന്നു്‌ ഭയപ്പെടുത്തി വിമര്‍ശനങ്ങളെ മുളയിലേ നുള്ളുക, കഴിഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചു്‌, യാഥാര്‍ത്ഥ്യങ്ങളെ തെറ്റായി അവതരിപ്പിച്ചു്‌, മൃഗങ്ങളുടെ ഓര്‍മ്മയെ മനിപ്യുലേയ്റ്റ് ചെയ്തു്‌ വൈരുദ്ധ്യമൊന്നും ഇല്ല എന്ന വ്യാജമായ ധാരണ സൃഷ്ടിക്കുക, മിസ്റ്റര്‍ ജോണ്‍സിന്റെ കീഴിലെ ജീവിതത്തെക്കാള്‍ സുഖസമൃദ്ധമാണു്‌ ഇപ്പോഴത്തേതെന്നു്‌, മറ്റൊന്നു്‌ ചിന്തിക്കാന്‍ മൃഗങ്ങള്‍ക്കു്‌ ഇടലഭിക്കാത്തവിധം, വീണ്ടും വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞു്‌ ഏതു്‌ പട്ടിണിയേയും ദുരിതത്തേയും വെള്ളപൂശി എല്ലാം ശുഭം എന്നു്‌ വരുത്തുക ഇതൊക്കെയാണു്‌ സ്ക്വീലറുടെ ചുമതല.

പിങ്കൈ: നെപ്പോളിയന്റെ ആഹാരത്തില്‍ ആരും വിഷം ചേര്‍ത്തിട്ടില്ല എന്നു്‌ രുചിച്ചുനോക്കി ഉറപ്പു്‌ വരുത്താനായി നിയോഗിക്കപ്പെട്ട യുവപന്നി. തന്നെ കൊല്ലാനുള്ള ഗൂഢാലോചനയുമായി നടക്കുന്നവരാണു്‌ തനിക്കു്‌ ചുറ്റും എന്ന സ്റ്റാലിന്റെ ഹാലുസിനേഷനിലേക്കും, തത്ഫലമായി നടത്തപ്പെട്ട മഹാശുദ്ധീകരണം (great purge) എന്ന കൂട്ടക്കൊലയിലേക്കുമുള്ള വ്യംഗ്യോക്തി.

കുതിരകളായ കഥാപാത്രങ്ങള്‍ (അനിമല്‍ ഫാമിലെ മൂന്നു്‌ വര്‍ഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നവര്‍):

ബോക്സര്‍: ശക്തനായ വണ്ടിക്കുതിര. താഴെക്കിടയിലുള്ള, എളിയവരായ തൊഴിലാളികളുടെ പ്രതിനിധി. സാമാന്യവിദ്യാഭ്യാസവും കരുത്തുമുണ്ടെങ്കിലും സാവധാനം മാത്രം ചിന്തിക്കാന്‍ കഴിയുന്നവനും നിഷ്കപടനും ആയതിനാല്‍ ചൂഷകരെ നേരിടാനുള്ള ഇച്ഛാശക്തിയും തന്റേടവുമില്ലാത്തവന്‍. ശുദ്ധഗതിക്കാരനും നല്ലവനുമായതിനാല്‍ നേതൃത്വത്തെ അന്ധമായി വിശ്വസിച്ചു്‌, അവര്‍ക്കുവേണ്ടി സ്വയം മറന്നു്‌ മരിച്ചു്‌ അദ്ധ്വാനിക്കുന്നവന്‍. തൊഴില്‍ സമയത്തു്‌ അപകടം സംഭവിക്കുമ്പോഴും അവനെ തോല്‍വ്യാപാരികള്‍ക്കു്‌ വിറ്റു്‌ ആ പണം കൊണ്ടു്‌ വിസ്ക്കി വാങ്ങാനാണു്‌ നേതാക്കളായ പന്നികള്‍ തീരുമാനിക്കുന്നതു്‌. ഇതു്‌ ഒരുപക്ഷേ, സോവിയറ്റ് യൂണിയനിലെ ‘Stakhanovite movement’-ലേക്കുള്ള സൂചന ആവാം.

മോളി: റഷ്യന്‍ നൊബിലിറ്റിയെയും ബൂര്‍ഷ്വാസിയെയും സിംബളൈസ് ചെയ്യുന്ന സൗന്ദര്യവതിയും, വിവരം കെട്ടതും, നാര്‍സിസിസ്റ്റിക്കുമായ പെണ്‍കുതിര. സടയില്‍ സന്തോഷത്തോടെ റിബണ്‍ കെട്ടുകയും പഞ്ചസാര (ലക്ഷുറി) ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്ന മോളി, ഈ രണ്ടു്‌ വിഭാഗത്തെയും പോലെതന്നെ, വിപ്ലവം കഴിഞ്ഞതോടെ ശീലിച്ച സുഖജീവിതം തുടര്‍ന്നും ആസ്വദിക്കുന്നതിനായി വിദേശത്തേക്കു്‌ കുടിയേറി രക്ഷപെടുന്നു.

ക്ലോവര്‍: ദൃഢഗാത്രയെങ്കിലും നാലാമത്തെ പ്രസവത്തിനു്‌ ശേഷം തന്റെ പഴയ ഫോം വീണ്ടുകിട്ടിയിട്ടില്ലാത്ത തള്ളക്കുതിര. സാമാന്യം ശക്തമായ മിഡില്‍ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു. ബോക്സര്‍ (തൊഴിലാളിവര്‍ഗ്ഗം) അപകടത്തില്‍ പെടുമ്പോള്‍ സഹാനുഭൂതിയോടെ അവനെ ശുശ്രൂഷിക്കുന്നു. പഴയ ഏഴു്‌ നിയമങ്ങളില്‍ സ്ക്വീലര്‍ നടത്തിയ തിരിമറികള്‍ മൂലം അവ മറന്നുപോയതില്‍ ലജ്ജിക്കുന്നവള്‍. എങ്കിലും, ബോക്സറുടെ പിന്‍ഗാമികളായ മൂന്നു്‌ യുവകുതിരകള്‍ അവളോടു്‌ വളരെ  ബഹുമാനത്തോടെ പെരുമാറുന്നു.

മനുഷ്യപകഥാപാത്രങ്ങള്‍ (സോവിയറ്റ് ശക്തികളല്ലാത്തവര്‍):

മിസ്റ്റര്‍ ജോണ്‍സ്: തന്റെ ഫാമിനെയും അതിലെ മൃഗങ്ങളെയും അവഗണിക്കുന്ന നികൃഷ്ടനായ ഒരു ആല്‍ക്കഹോളിക്. Tsar Nicholas II-യുടെ അലെഗോറി.

മിസ്റ്റര്‍ പില്‍ക്കിങ്ടണ്‍: അലസനെങ്കിലും സമ്പന്നനും സൂത്രശാലിയും. ഫോക്സ്‌വുഡ് ഫാമിന്റെ ഉടമ. അമേരിക്ക, ഇംഗ്ലണ്ട് എന്നീ പാശ്ചാത്യശക്തികളെ പ്രതിനിധീകരിക്കുന്നു. ആരംഭത്തില്‍ ശത്രുക്കള്‍ ആയിരുന്നെങ്കിലും, പിന്നീടു്‌ നെപ്പോളിയനുമായി സഹകരിക്കുന്നു. എന്നിട്ടും അവസാനം അവര്‍ തമ്മില്‍ പോരു്‌ തുടങ്ങുന്നു. റഷ്യയും അമേരിക്കയും തമ്മില്‍ ആരംഭിക്കുന്ന കോള്‍ഡ് വാറിലേക്കുള്ള സൂചന.

മിസ്റ്റര്‍ ഫ്രെഡ്രിക്ക്: എളുപ്പം വഴങ്ങാത്തവനും, കൗശലക്കാരനും. ഫാമിന്റെ അയല്പക്കത്തുള്ള, ചെറിയതെങ്കിലും നല്ലപോലെ പരിപാലിക്കപ്പെടുന്ന പിഞ്ച് ഫീല്‍ഡിന്റെ ഉടമ. അഡോള്‍ഫ് ഹിറ്റ്ലറിനെയും നാറ്റ്സി ജര്‍മ്മനിയെയും സിംബളൈസ് ചെയ്യുന്നു. ഫ്രെഡ്രിക്കും നെപ്പോളിയനുമായി തുടക്കത്തില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിലും, പിന്നീടു്‌ അനിമല്‍ ഫാമിനെ ആക്രമിച്ചു്‌ അവിടത്തെ വിന്‍ഡ്മില്‍ (ഫാമിനെ ഏതു്‌ വിധേനയും വ്യവസായവത്കരിക്കാനുള്ള ശ്രമമാണു്‌ വിന്‍ഡ്മില്‍ സൂചിപ്പിക്കുന്നതു്‌) നശിപ്പിക്കുന്നു. പക്ഷേ, പ്രത്യാക്രമണത്തില്‍ നെപ്പോളിയന്‍ ഫ്രെഡ്രിക്കിനെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്നു. പരസ്പര ആക്രമണം ഒഴിവാക്കുന്ന ഒരു ഉടമ്പടിയില്‍ ഹിറ്റ്‌ലറും സ്റ്റാലിനും ആദ്യം ഒപ്പുവച്ചതും, പിന്നീടു്‌ ഹിറ്റ്ലര്‍ അതു്‌ അവഗണിച്ചുകൊണ്ടു്‌ റഷ്യയെ ആക്രമിച്ചതും, അവസാനം ബാറ്റില്‍ ഓഫ് സ്റ്റാലിന്‍‌ഗ്രാഡില്‍ വച്ചു്‌ റഷ്യ ജര്‍മ്മനിയെ പരാജയപ്പെടുത്തിയതും ഇവിടെ ഓര്‍മ്മിക്കാം.

മറ്റു്‌ മൃഗങ്ങള്‍:

ബെന്‍‌ജമിന്‍: വിപ്ലവത്തെയും പന്നികളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു സിനിക്കല്‍ കഴുത. ബോക്സര്‍ക്കു്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്‌ എന്തെന്നു്‌ തിരിച്ചറിയുന്നവനാണു്‌ വായിക്കാന്‍ അറിയുന്നവനും വൃദ്ധനും ബുദ്ധിമാനുമായ ബെന്‍‌ജമിന്‍. തൊഴിലാളികളോടു്‌ സഹാനുഭൂതി ഉണ്ടെങ്കിലും, വിപ്ലവകാരികളോടു്‌ ചേരാതെ വിപ്ലവത്തിന്റെ ഗതിവിഗതികളെ വീക്ഷിക്കുകയും വിലയിരുത്തുകയും മാത്രം ചെയ്യുന്ന റഷ്യന്‍ സമൂഹത്തിലെ സ്കെപ്റ്റിക്കല്‍ ഇന്റെലിജെന്റ്സിയയെ പ്രതിനിധീകരിക്കുന്നവന്‍. ഗ്രീക്ക് മിഥോളജിയിലെ കസാന്‍ഡ്രയുടെ മാതൃകയില്‍, വിപ്ലവത്തിന്റെ ദുഷിച്ച വശങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ദീര്‍ഘദര്‍ശി.

മൂറിയല്‍: ഫാമിലെ എല്ലാ മൃഗങ്ങളുമായി സൗഹൃദത്തില്‍ കഴിയുന്ന ബുദ്ധിമതിയും വൃദ്ധയുമായ ഒരു ആടു്‌. ബെന്‍‌ജമിനെയും സ്നോബോളിനെയും പോലെ, ഫാമില്‍ വായിക്കാനറിയാവുന്ന ചുരുക്കം മൃഗങ്ങളില്‍ ഒരുവള്‍. ഫാമിലെ ഇന്റെലെക്ച്വല്‍സിനെ പ്രതിനിധീകരിക്കുന്നു. വിപ്ലവാനന്തരറഷ്യയിലെ ഇന്റെലെക്ച്വല്‍സിന്റെ തലമുറയെപ്പോലെതന്നെ, കഥാന്ത്യത്തിനു്‌ അല്പം മുന്‍പു്‌ മൂറിയല്‍ മരിക്കുന്നു.

മോസെസ്: സൗമ്യതയുള്ള ഒരു കറുത്ത കാക്ക. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനെ സിംബളൈസ് ചെയ്യുന്നു. മോസെസ് ആദ്യം മിസ്റ്റര്‍ ജോണ്‍സുമായി സഹവര്‍ത്തിത്വത്തിലായിരുന്നു. അധികാരത്തില്‍ ഇരിക്കുന്നതു്‌ ആരായാലും, അവരെ അനുസരിക്കുകയും കഠിനമായി ജോലി ചെയ്യുകയും ചെയ്യുന്ന മൃഗങ്ങള്‍ മരണശേഷം മേഘങ്ങള്‍ക്കു്‌ മുകളിലുള്ള ‘കല്‍ക്കണ്ടമലയില്‍’ എത്തി അദ്ധ്വാനഭാരമൊന്നുമില്ലാതെ എന്നേക്കും സുഖമായി വിശ്രമിക്കുമെന്നു്‌ വാഗ്ദാനം ചെയ്യലാണു്‌ മോസെസ് സന്തോഷത്തോടെ ചെയ്യുന്ന ജോലി. ഇഹലോകത്തില്‍ കഷ്ടപ്പാടുകള്‍ പെരുകുമ്പോള്‍ പരലോകം ചൂണ്ടിക്കാണിച്ചു്‌ മോസെസ് മൃഗങ്ങളെ ആശ്വസിപ്പിക്കും – മൃഗങ്ങള്‍ക്കു്‌ അതുകൊണ്ടു്‌ ഗുണമൊന്നുമില്ലെങ്കിലും. സ്റ്റാലിന്‍ റഷ്യന്‍ ഓര്‍ത്തൊഡോക്സ് സഭയെ തിരിച്ചു്‌ കൊണ്ടുവന്നതുപോലെ, നെപ്പോളിയനും മോസെസിനെ മടക്കിക്കൊണ്ടുവരുന്നു.

പേരില്ലാത്ത മൃഗങ്ങളില്‍ ചിലവ:

നായ്‌ക്കുട്ടികള്‍: Bluebell, Jessie, Pincher എന്നീ നായ്ക്കളുടെ കുഞ്ഞുങ്ങള്‍. നെപ്പോളിയന്റെ വ്യക്തിപരമായ സുരക്ഷിതത്വത്തിനും, സ്നോബോളിനെപ്പോലെ അപ്രിയരായ എലെമെന്റുകളെ ഇല്ലായ്മ ചെയ്യുന്നതിനും മറ്റുമായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന, എന്തു്‌ ചെയ്യാനും മടിയില്ലാത്ത, അനുചരന്മാര്‍. സ്റ്റാലിന്റെ കീഴിലെ Cheka, State Political Directorate (GPU), NKVD എന്നിവയെ പ്രതിനിധീകരിക്കുന്നു.

പിടക്കോഴികള്‍: തങ്ങളുടെ മുട്ടകള്‍ മുഴുവന്‍ വിറ്റു്‌ തുലയ്ക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍. സ്വന്തമായി ഭൂമിയുള്ളവരും എക്സ്പ്രൊപ്രിയേഷന്‍ ഭയപ്പെടുന്നവരുമായ ‘കുലാക്കുകള്‍’, കര്‍ഷകര്‍ തുടങ്ങിയവരുടെ അലെഗോറി.

പൂച്ചകള്‍: കുഴിമടിയരും, അര്‍പ്പണബോധമില്ലാത്തവരും. ആരാണു്‌ അധികാരത്തില്‍ ഇരിക്കുന്നതു്‌ എന്നതിനെപ്പറ്റി യാതൊരു താത്പര്യവുമില്ലെങ്കിലും, അപകടം മണത്താല്‍ ഉടനടി അപ്രത്യക്ഷമാവുന്ന റഷ്യന്‍ മാഫിയകളും ക്രിമിനലുകളും. ഏതു്‌ ഭരണവ്യവസ്ഥയായാലും സ്വന്തം നേട്ടത്തെപ്പറ്റി മാത്രം ചിന്തിക്കുന്നവരെ പ്രതിനിധീകരിക്കുന്നു.

ചെമ്മരിയാടുകള്‍: ആരെങ്കിലും ദീര്‍ഘനാള്‍ പാടിക്കേള്‍പ്പിക്കുന്നതു്‌ ഏറ്റു്‌ കരയാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത വിഡ്ഢികളും ചിന്താഹീനരും. തങ്ങളുടെ കാര്യം നേടാനായി പ്രോപഗാന്‍ഡ വഴി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്ന, ഇഗ്നൊറന്റ് ആയ സാമാന്യജനത്തിന്റെ അലെഗോറി.

പൊതുമുദ്രാവാക്യം: “നാലുകാല്‍ നല്ലതു്‌, രണ്ടുകാല്‍ ചീത്ത”. കാലാന്തരത്തില്‍ പന്നികള്‍ക്കു്‌ മനുഷ്യരൂപം കൈവരാന്‍ തുടങ്ങുമ്പോള്‍ മുദ്രാവാക്യവും മാറുന്നു: “നാലുകാല്‍ നല്ലതു്‌, രണ്ടുകാല്‍ കൂടുതല്‍ നല്ലതു്‌!” അഭിപ്രായം ഇരുമ്പുലക്കയല്ല, റബ്ബര്‍ ബാന്‍ഡാണു്‌.

അനിമല്‍ ഫാമിലെ ആദ്യകാലകല്പനകള്‍: (സ്വരക്ഷക്കായി പന്നികള്‍ പിന്നീടു്‌ തിരുത്തിയ കല്പനകള്‍ ബ്രാക്കറ്റില്‍)

1. Whatever goes upon two legs is an enemy.
2. Whatever goes upon four legs, or has wings, is a friend.
3. No animal shall wear clothes.
4. No animal shall sleep in a bed. (No animal shall sleep in a bed with sheets.)
5. No animal shall drink alcohol. (No animal shall drink alcohol to excess.)
6. No animal shall kill any other animal. (No animal shall kill any other animal without cause.)
7. All animals are equal. (All animals are equal, but some animals are more equal than others.)

അനിമല്‍ ഫാമിന്റെ ഫുള്‍ ലെങ്ത് ആനിമേറ്റെഡ് മൂവി (length 1:11:58) കാണണമെന്നുള്ളവര്‍ക്കു്‌ അതിന്റെ യൂറ്റ്യൂബ് ലിങ്ക്:

ഇംഗ്ലീഷ് വിക്കിയിലെ അനിമല്‍ ഫാമിന്റെ ലിങ്ക്:

http://en.wikipedia.org/wiki/Animal_Farm

“If liberty means anything at all, it means the right to tell people what they do not want to hear.” – George Orwell

കടപ്പാടു്‌: വിക്കിപ്പീഡിയ

 
1 Comment

Posted by on Dec 30, 2013 in പലവക

 

Tags: , , , ,

ഡയലെക്‌റ്റിക്കല്‍ മെറ്റീരിയലിസം

ഒരു മുന്‍വ്യവസ്ഥയെ (premise) അടിസ്ഥാനമാക്കിക്കൊണ്ടു്‌, അറിവു്‌ നേടാനോ, നിലവിലുള്ള അറിവിനെ പരിശോധിക്കാനോ ആയി രണ്ടോ, അതില്‍ കൂടുതലോ പേര്‍ സം‌വാദത്തില്‍ ഏര്‍പ്പെടുന്ന രീതിയെയാണു്‌ ഡയലെക്റ്റിക്സ് എന്ന വാക്കുകൊണ്ടു്‌ ഗ്രീക്ക് ചിന്തകര്‍ ആരംഭത്തില്‍ ഉദ്ദേശിച്ചതു്‌. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍, അതുപോലൊരു സംവാദരീതി സീനോ ഓഫ് എലിയ ആയിരുന്നു ആദ്യമായി പ്രയോഗത്തില്‍ വരുത്തിയതു്‌ (ca. 490 BC – ca. 430 BC).

സോക്രട്ടീസിനെ സംബന്ധിച്ചു്‌ ഡയലെക്റ്റിക്സ് പരസ്പരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വഴി അറിവിന്റെ നിജസ്ഥിതി കണ്ടെത്തലായിരുന്നു. ഇന്ദ്രിയപരമായ ഗ്രഹണമോ, അവയുടെ സ്വാധീനമോ ഇല്ലാതെ സംജ്ഞകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു്‌ അവയെ തരംതിരിക്കുകയും പരസ്പരബന്ധങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ശുദ്ധമായ ചിന്തയുടെ രീതി ആയിരുന്നു സോക്രട്ടീസിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോയുടെ ഡയലെക്റ്റിക്സ്. പ്ലേറ്റോയുടെ ചിന്തയില്‍ മനുഷ്യരുടെ അഭിപ്രായം നിഴലുകള്‍ക്കു്‌ തുല്യമാണു്‌ (Allegory of the Cave). പക്ഷേ, ഡയലെക്റ്റിക്സ് എന്നാല്‍ ഉണ്മയെ (Being) സംബന്ധിക്കുന്ന യഥാര്‍ത്ഥജ്ഞാനം തേടലാണു്‌. ഐഡിയകളുടെ ശാസ്ത്രമാണതു്‌. പ്ലേറ്റോയുടെ ഐഡിയ അല്ലെങ്കില്‍ ഫോം എന്നതു്‌ മനഃശാസ്ത്രപരമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതല്ല. അതൊരു സങ്കല്പചിത്രമോ, സ്വപ്നമോ അല്ല, ഉന്നതമായ ഒരു യാഥാര്‍ത്ഥ്യമാണു്‌. എത്ര ഉറപ്പുള്ളതെങ്കിലും മാറ്റവും നാശവും സംഭവിക്കുന്ന സാധാരണ വസ്തുക്കളെക്കാള്‍ വളരെ ഉന്നതമായ ഒരു യാഥാര്‍ത്ഥ്യം. കാരണം, പ്ലേറ്റോയുടെ ഐഡിയ പൂര്‍ണ്ണവും അനശ്വരവുമാണു്‌. തന്മൂലം, പ്ലേറ്റോയുടെ അഭിപ്രായത്തില്‍ രണ്ടുതരം ലോകങ്ങളുമുണ്ടു്‌ – ഇന്ദ്രിയാനുഭവവേദ്യമായ, സ്ഥലകാലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു ഭൗതികലോകം, അതിനതീതമായ, അനുഭവവേദ്യമല്ലെങ്കിലും, ഇന്ദ്രിയലോകവുമായി ബന്ധപ്പെട്ടു്‌ കിടക്കുന്ന ഐഡിയകളുടേതു്‌ മാത്രമായ മറ്റൊരു ലോകം – മറ്റീരിയലും ഇമ്മറ്റീരിയലുമായ രണ്ടുതരം ലോകങ്ങള്‍.

പ്ലേറ്റോയുടെ ശിഷ്യനും, തത്വചിന്തയെ വിപുലീകരിക്കുകയും വ്യവസ്ഥാനുസൃതമാക്കുകയും ചെയ്തവനും, ലോജിക്, തിയറി ഓഫ് കാറ്റെഗൊറീസ്, എംപിരിക്കല്‍ സയന്‍സ് മുതലായവയുടെ ഉപജ്ഞാതാവും ആയിരുന്ന അരിസ്റ്റോട്ടില്‍ പ്ലേറ്റോയുടെ ഈ “രണ്ടുലോകതത്വം” അംഗീകരിക്കുന്നില്ല. വസ്തുക്കളില്‍ നിന്നും വേര്‍പെട്ടു്‌ മറ്റൊരു ലോകത്തിലല്ല, അവയില്‍ത്തന്നെയാണു്‌ “ഐഡിയ” (അരിസ്റ്റോട്ടിലിന്റെ ഭാഷയില്‍ “ഫോം”) നിലനില്‍ക്കുന്നതു്‌. കൂടാതെ, എല്ലാ വസ്തുക്കള്‍ക്കും അവയുടേതായ ലക്ഷ്യവും വിധിയും പുരോഗതിയുമുണ്ടു്‌. (ഹേഗെലിന്റെ അബ്സൊല്യൂട്ട് ഐഡിയലിസം എന്ന ആശയത്തിലേക്കു്‌ വരാനുള്ളതുകൊണ്ടാണു്‌ ഇതിവിടെ സൂചിപ്പിച്ചതു്‌).

പരിശോധിക്കുക, ചിന്തിക്കുക മുതലായ ക്രിയാരൂപങ്ങളില്‍ നിന്നും വരുന്ന ലോജിക് എന്ന പദവും, ചര്‍ച്ച ചെയ്യുക, വാദപ്രതിവാദത്തിലേര്‍പ്പെടുക തുടങ്ങിയ ക്രിയകളില്‍ നിന്നും വരുന്ന ഡയലെക്റ്റിക്സ് എന്ന പദവും പുരാതനകാലം മുതല്‍ തുല്യാര്‍ത്ഥമുള്ളവയായി ഉപയോഗിക്കപ്പെട്ടിരുന്നു. മൂലരൂപത്തിലെ അവയുടെ ഈ അര്‍ത്ഥവ്യത്യസ്തത കണ്ടെത്തിയതു്‌ ഷൊപ്പെന്‍ഹവര്‍ ആയിരുന്നു. ട്രാന്‍സെന്‍ഡെന്റല്‍ ഡയലെക്റ്റിക്സിനു്‌ ഇമ്മാന്വേല്‍ കാന്റ് നല്‍കിയ “ലോജിക്ക് ഓഫ് ഇല്യൂഷന്‍” എന്ന നിര്‍വചനം വഴി പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ സൊഫിസ്റ്റിക് രീതിയിലുള്ള വാക്കുതര്‍ക്കകലയിലെ വഴിതെറ്റിക്കല്‍തന്ത്രം എന്ന നെഗറ്റീവ് ധ്വനിയുള്ള ഒരു അര്‍ത്ഥം കൂടി ഡയലെക്റ്റിക്സിനു്‌ ലഭിച്ചു. (ട്രാന്‍സെന്‍ഡെന്റല്‍ ഡയലെക്റ്റിക്സ്‌ കൈകാര്യം ചെയ്യുന്നതു്‌  ദൈവം, ആത്മാവിന്റെ അനശരത്വം തുടങ്ങിയ അതിഭൗതികവിഷയങ്ങളാണു്‌). ലോജിക്കിനെ “ചിന്താനിയമങ്ങളുടെ ശാസ്ത്രം” എന്നു്‌ നിര്‍വചിച്ച ഷൊപ്പെന്‍ഹവര്‍, ഡയലെക്റ്റിക്സിനെ “വാഗ്വാദകല” എന്നാണു്‌ വിശേഷിപ്പിച്ചതു്‌. സത്യം കണ്ടെത്താനോ, പരസ്പരം അറിവു്‌ വര്‍ദ്ധിപ്പിക്കാനോ സഹായകമല്ലാത്ത അത്തരം തര്‍ക്കതന്ത്രങ്ങളെ (stratagems), തെറ്റിദ്ധാരണ ഒഴിവാക്കാനായി, “എറിസ്റ്റിക് ഡയലെക്റ്റിക്സ്” എന്നും വിളിച്ചതും ഷൊപ്പെന്‍ഹവറാണു്‌. (കേരളത്തിലെ രാഷ്ട്രീയവും മതപരവുമായ ചര്‍ച്ചകള്‍ കണ്ടിട്ടുള്ള മലയാളികള്‍ക്കു്‌ ഈ രീതി അത്ര അപരിചിതമാവാന്‍ വഴിയില്ല). ഷൊപ്പെന്‍ഹവര്‍ സമകാലികനായിരുന്ന ഹേഗെലിന്റെ ബദ്ധവിരോധി ആയിരുന്നു എന്ന വസ്തുത ഇവിടെ സ്മരണാര്‍ഹമാണു്‌.

പണ്ടുമുതലേതന്നെ അര്‍ത്ഥപരമായി ഐകരൂപ്യം ഇല്ലായിരുന്നെങ്കിലും, ഡയലെക്റ്റിക്സ് എന്ന പദത്തിനു്‌ ഇന്നു്‌ അതു്‌ മനസ്സിലാക്കപ്പെടുന്ന രൂപത്തിലുള്ള അര്‍ത്ഥം ലഭിച്ചതു്‌ പതിനെട്ടാം നൂറ്റാണ്ടു്‌ മുതലാണു്‌. നിലവിലുള്ളതോ പരമ്പരാഗതമോ ആയ ഒരു ആശയത്തെയും (Thesis), അതില്‍ കാണാന്‍ കഴിയുന്ന വൈരുദ്ധ്യത്തെയും (Antithesis) നേര്‍ക്കുനേര്‍ നിര്‍ത്തിക്കൊണ്ടുള്ള പരിശോധനയിലൂടെ ഒരു പരിഹാരത്തിലോ പുതിയൊരു ധാരണയിലോ (Synthesis) എത്തിച്ചേരുന്ന ഒരു രീതിശാസ്ത്രമെന്ന നിലയിലാണു്‌ അതു്‌ തുടക്കത്തില്‍ ചിന്തയുടെ ലോകത്തില്‍ സ്ഥാനം നേടിയതു്‌.

അതായതു്‌, ഏകദേശം രണ്ടായിരത്തിഇരുന്നൂറു്‌ വര്‍ഷങ്ങള്‍, സത്യം തേടുക, അറിവു്‌ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ചിന്ത, പരിശോധന, സംവാദം മുതലായ അര്‍ത്ഥങ്ങളല്ലാതെ, ഇന്നു്‌ അതു്‌ തത്വചിന്തയില്‍ ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള ഒരര്‍ത്ഥം ഡയലെക്റ്റിക്സ് എന്ന പദത്തിനു്‌ ഉണ്ടായിരുന്നില്ല.

മുഴുവന്‍ പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളുടെയും സാക്ഷാത്കാരരൂപങ്ങളും അവയുടെ ചരിത്രപരമായ പുരോഗതിയും പരസ്പരബന്ധത്തോടെയും വ്യവസ്ഥാപിതമായും ആധികാരികമായും ആവിഷ്കരിക്കുന്നതാണു്‌ തന്റെ തത്വചിന്ത എന്നു്‌ അവകാശപ്പെടുന്ന ഹേഗെലില്‍ എത്തിയതോടെ ഡയലെക്റ്റിക്സിനു്‌ പുതിയ ഒരു മാനം കൈവന്നു. പക്ഷേ അതു്‌ (ഹേഗെലിന്റെ കടുകട്ടി ഭാഷയുടെ മാത്രം പേരില്‍) ഏതാനും തത്വചിന്തകരുടെ ലോകത്തില്‍ മാത്രമായി ഒതുങ്ങാതെ, സാമാന്യജനങ്ങളിലെ നല്ലൊരു വിഭാഗത്തിലേക്കു്‌ എത്തിയതിന്റെ ക്രെഡിറ്റ് കാര്‍ള്‍ മാര്‍ക്സിനുള്ളതാണു്‌. മാര്‍ക്സിന്റെ ഡയലെക്റ്റിക്കല്‍-ഹിസ്റ്റോറിക്കല്‍ മറ്റീരിയലിസം എന്തെന്നു്‌ മനസ്സിലാക്കിയതുകൊണ്ടല്ല, മനസ്സിലാക്കാത്തതുകൊണ്ടാണു്‌ മാര്‍ക്സിയന്‍ ചിന്തകള്‍ക്കു്‌ സാമാന്യജനങ്ങളുടെ ഇടയില്‍ വളരെ വേഗം പ്രചരിക്കാന്‍ കഴിഞ്ഞതു്‌. പക്ഷേ, ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കു്‌ വരാനിരിക്കുന്ന നല്ല നാളെ എന്ന മാര്‍ക്സിന്റെ മോഹനവാഗ്ദാനം ജനലക്ഷങ്ങളെ കൊണ്ടുചെന്നെത്തിച്ചതു്‌ സ്റ്റെയ്റ്റ് ക്യാപിറ്റലിസത്തിന്റെ ക്രൂരവും അപൂര്‍വ്വവുമായ അടിച്ചമര്‍ത്തലിലേക്കും ചൂഷണത്തിലേക്കുമായിരുന്നു എന്നതിനു്‌ പില്‍ക്കാലലോകചരിത്രം സാക്ഷി.

തങ്ങള്‍ക്കു്‌ മനസ്സിലാകാത്ത കാര്യങ്ങള്‍ ഗഹനമായവയാണെന്നു്‌ സങ്കല്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണു്‌ സാമാന്യജനം. അതുകൊണ്ടാണു്‌ സ്വയം ചിന്തിക്കുന്നതിനേക്കാള്‍ അഥോറിറ്റികളുടെ കല്പനകള്‍ അന്ധമായി അനുസരിക്കാന്‍ അവര്‍ തയ്യാറാവുന്നതു്‌. ടിബറ്റിലേതുപോലെ, ഒരു മണിചക്രം കയ്യില്‍പിടിച്ചു്‌ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നാല്‍ അറിവും മോക്ഷവുമെല്ലാം ലഭിക്കുമെന്നതുപോലുള്ള പഠിപ്പിക്കലുകള്‍ പിന്‍തുടരുന്നതില്‍ അഭിമാനം കൊള്ളാനും, അത്തരം അന്ധവിശ്വാസങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താല്‍, കഴിയുമെങ്കില്‍ അവരെ ഇല്ലായ്മ ചെയ്യാനോ, ചുരുങ്ങിയപക്ഷം, അവരുടെ കയ്യോ കാലോ വെട്ടിക്കളയാനെങ്കിലുമോ മടിക്കാത്ത ഭക്തജനങ്ങള്‍ ജീവിക്കുന്ന ഒരു ലോകമാണിതു്‌. തങ്ങള്‍ ഏതര്‍ത്ഥത്തിലും അജയ്യരാണെന്നു്‌ വരുത്താന്‍ ഗൊറില്ലകളെപ്പോലെ രണ്ടു്‌ കൈകൊണ്ടും നെഞ്ചത്തിടിച്ചു്‌ “ഹാ ഹാ ഹാ” വയ്ക്കുന്ന കുറെ ഷാര്‍ലറ്റനുകളാണു്‌, അസംബന്ധം എന്നുമാത്രം വിശേഷിപ്പിക്കേണ്ടുന്ന ഏതൊക്കെയോ സ്വപ്നലോകങ്ങള്‍ക്കുവേണ്ടി മതപരമോ രാഷ്ട്രീയമോ ആയ വിഴുപ്പുചാക്കുകെട്ടുകള്‍ സമര്‍പ്പണമനോഭാവത്തോടെ വലിച്ചുകൊണ്ടു്‌ നീങ്ങുന്ന ഇത്തരം വണ്ടിക്കാളകളെ തെളിക്കുന്നതും, അവര്‍ക്കു്‌ ആവേശം പകരുന്നതും. ഇവിടെ വണ്ടിക്കാളകളാണോ അതോ അവയെ തെളിക്കുന്നവരാണോ കൂടുതല്‍ സംതൃപ്തര്‍ എന്നു്‌ ചോദിച്ചാല്‍ മറുപടി അത്ര എളുപ്പമല്ല. പീഡിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ഒരു സാഡിസ്റ്റും, പീഡിപ്പിക്കപ്പെടുന്നതില്‍ സന്തോഷിക്കുന്ന ഒരു മാസക്കിസ്റ്റും ചേര്‍ന്നു്‌ നടത്തുന്ന ഒരു “ചടങ്ങില്‍” ആര്‍ക്കാണു്‌ കൂടുതല്‍ രസാനുഭവം ഉണ്ടാകുന്നതു്‌ എന്നപോലുള്ള ഒരു ചോദ്യമാണതും. ധാര്‍മ്മികരോഷത്തിന്റെ പേരില്‍ ആദ്യകക്ഷിയെയോ, സഹാനുഭൂതിയുടെ പേരില്‍ രണ്ടാം കക്ഷിയെയോ സമീപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു്‌ രണ്ടുപക്ഷത്തിന്റെയും ഒരുമിച്ചുള്ള ആക്രമണം നേരിടേണ്ടി വരുമെന്ന കാര്യം മാത്രം ഉറപ്പിച്ചു്‌ പറയാം. അതെന്തായാലും, നമുക്കു്‌ ഡയലെക്റ്റിക്സിലേക്കു്‌ മടങ്ങിവരാം.

എഥിക്സിനെ അപഗ്രഥിക്കുന്നതിനിടയില്‍ കടമകളുടെയും പ്രവണതകളുടെയും അടിസ്ഥാനത്തില്‍ ഇമ്മാന്വേല്‍ കാന്റ് മനുഷ്യനെ രണ്ടു്‌ പകുതിയാക്കുന്നുണ്ടു്‌ – ധാര്‍മ്മികനിയമങ്ങളെപ്പറ്റി ബോധമുള്ള ഒരു real self, നിന്ദ്യമായ ചായ്‌വുകളുള്ള ഒരു empirical self. പക്ഷേ അതുപോലൊരു വേര്‍പെടുത്തലല്ല, മനുഷ്യന്റെ സമ്പൂര്‍ണ്ണമായ ഐക്യമാണു്‌ ഹേഗെലിന്റെ ലക്ഷ്യം. മനുഷ്യന്റെ ധാര്‍മ്മികതയും, അവന്റെ പ്രകൃതിസഹജമായ ചായ്‌വുകളും ഒരുമിക്കുന്ന സ്നേഹത്തില്‍ ആ ലക്ഷ്യത്തിലേക്കുള്ള വഴി ഹേഗെല്‍ യുവത്വത്തിലേതന്നെ കണ്ടെത്തുന്നുമുണ്ടു്‌. സ്നേഹത്തിലൂടെ മുഴുവന്‍ ലോകയാഥാര്‍ത്ഥ്യങ്ങളിലും കാണാന്‍ കഴിയുന്ന ഡയലെക്റ്റിക് എന്ന ആശയത്തില്‍ ഹേഗെല്‍ എത്തുന്നു. സ്നേഹത്തിലും, ജീവിതത്തിലും, പ്രപഞ്ചത്തിലും, അവസാനം ദൈവത്തിലും ഈ ഡയലെക്റ്റിക്കല്‍ ഗതിയാണു്‌ ഹേഗെല്‍ ദര്‍ശിക്കുന്നതു്‌.

സ്നേഹത്തില്‍ എന്താണു്‌ സംഭവിക്കുന്നതെന്നതിനെപ്പറ്റി ഹേഗെല്‍ പറയുന്നു: ആദ്യം, സ്നേഹിക്കുന്ന വ്യക്തി അവനെത്തന്നെ അംഗീകരിക്കുന്നു (I am). സ്നേഹം എന്ന ഘടനയിലെ ആദ്യത്തെ ഈ ചുവടാണു്‌ Thesis. അടുത്ത ചുവടു്‌, തീസിസിന്റെ നെഗേഷന്‍ (Antithesis) എന്നതു്‌, സ്നേഹിക്കുന്ന വ്യക്തി സ്നേഹിക്കപ്പെടുന്ന വ്യക്തിയിലേക്കു്‌ എത്തുന്നതും, അതുവഴി അവന്‍ അവനു്‌ ബാഹ്യമാവുന്നതും, പങ്കാളിയില്‍ സ്വയം അന്യവത്കരിക്കപ്പെടുന്നതുമാണു്‌. സ്നേഹിക്കുന്നവന്‍ സ്നേഹിക്കപ്പെടുന്ന വ്യക്തിയില്‍ സ്വയം മറന്നു്‌, സ്വയം സമര്‍പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്‌ അവന്റെ വീണ്ടുമുള്ള സ്വയം കണ്ടെത്തലാണു്‌. അവിടെ ഡയലെക്റ്റിക്സിന്റെ മൂന്നാമത്തെയും അവസാനത്തെയും ചുവടായ Synthesis സംഭവിക്കുന്നു. സ്നേഹത്തെസംബന്ധിച്ച ഹേഗെലിന്റെ ഡയലെക്റ്റിക്സ്‌ ചുരുക്കിപ്പറഞ്ഞാല്‍ ഏകദേശം ഇങ്ങനെ: സ്വന്തം കോണ്‍ഷ്യസ്നെസ്സ് ഉപേക്ഷിക്കുകയും, മറ്റൊരു സ്വത്വത്തില്‍ സ്വയം മറക്കുകയും, ഈ വേര്‍പെടലിലും മറവിയിലുംപോലും തന്റെ സ്വത്വത്തെ കണ്ടെത്തി വീണ്ടും സ്വായത്തമാക്കുകയും ചെയ്യുന്നതിലാണു്‌ സ്നേഹത്തിന്റെ യഥാര്‍ത്ഥസത്ത കുടികൊള്ളുന്നതു്‌.

ഹേഗെലിന്റെ അഭിപ്രായത്തില്‍, പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളില്‍ കാണുന്നതെല്ലാം വൈരുദ്ധ്യങ്ങളും പൊരുത്തപ്പെടലുകളുമാണു്‌, അഥവാ തീസിസ്, ആന്റിതെസിസ്, സിന്തെസിസ് എന്നീ മൂന്നു്‌ ചുവടുകളിലൂടെ സംഭവിക്കുന്ന ഡയലെക്റ്റിക്കല്‍ ഗതിയാണു്‌. അങ്ങനെ, എല്ലാ യാഥാര്‍ത്ഥ്യങ്ങളുടെയും അന്തിമയാഥാര്‍ത്ഥ്യമായതെന്തോ അതാണു്‌ ഹേഗെലിന്റെ “the absolute”. സ്നേഹിക്കുന്നവര്‍ വ്യത്യസ്തമായ സ്വത്വങ്ങളായിരുന്നിട്ടും വേര്‍പാടിന്റെ വ്യഥയും, വീണ്ടും ഒരുമിക്കാനുള്ള ഉള്‍പ്രേരണയും അവരില്‍ ഉണ്ടാവുന്നതു്‌ അവരിലൂടെ പ്രവഹിക്കുന്നതു്‌ ഒരേ പ്രപഞ്ചജീവനായതിനാലാണു്‌. അതായതു്‌, മുഴുവന്‍ യാഥാര്‍ത്ഥ്യങ്ങളിലൂടെയും പ്രകടമാവുന്ന ജീവിതം അടിസ്ഥാനപരമായി ഒരു ഡയലെക്റ്റിക്കല്‍ പ്രക്രിയയാണു്‌ – വേര്‍പെടലും യോജിക്കലുമായി, അഥവാ സ്വയം അന്യവത്കരണവും വീണ്ടും പൊരുത്തപ്പെടലുമായി പുരോഗമിക്കുന്ന ഡയലെക്റ്റിക്കല്‍ മൂവ്മെന്റ്.

അതുപോലെ, അനന്തമായ ജീവിതമാണു്‌ ഹേഗെലിനു്‌ ദൈവം. ഇപ്പോള്‍ മുതലാണു്‌ ഹേഗെലിന്റെ തത്വചിന്ത – ഫൊയര്‍ബാഹ് പരിഹസിച്ച മാതിരി – തിയോളജി ആവുന്നതു്‌. പക്ഷേ, ഹേഗെലിന്റെ ദൈവം യഹൂദ-ക്രൈസ്തവ-ഇസ്ലാംദൈവത്തെപ്പോലെ വ്യക്തിരൂപിയായ ഒരു സ്രഷ്ടാവല്ല. ദൈവം സ്പിരിറ്റ് (German: Geist) ആണു്‌. ഗൈസ്റ്റ് (മനസ്സു്‌, ബുദ്ധി, ജീവന്‍, …) ഹേഗെലിന്റെ തത്വചിന്തയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. ദൈവം സ്പിരിറ്റും, ലോകം ആ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലുമായതിനാല്‍ ലോകവും ഒരു സ്പിരിച്ച്വല്‍ അസ്തിത്വമാണു്‌. മനുഷ്യനും മൃഗങ്ങളും മാത്രമല്ല, മലയും കുന്നുമെല്ലാം ഹേഗെലിന്റെ ചിന്തയില്‍ “ഗൈസ്റ്റ്” ആണു്‌. (ഹേഗെലിന്റെ കാലത്തു്‌ ഇന്നത്തെ രീതിയിലുള്ള ന്യൂറോസയന്‍സ് ഇല്ലാതിരുന്നതിന്റെ പരിമിതി ഇവിടെ നമുക്കു്‌ കാണാന്‍ കഴിയും. അല്ലെങ്കില്‍, മനസ്സു്‌, ബുദ്ധി, ജീവന്‍, മുതലായവയെല്ലാം ശരീരത്തില്‍ പൊതുവെയും, തലച്ചോറില്‍ പ്രത്യേകിച്ചും സംഭവിക്കുന്ന എലക്ട്രോകെമിക്കല്‍ പ്രക്രിയകളുടെ ഫലമല്ലാതെ മറ്റൊന്നുമല്ലെന്നു്‌ മനസ്സിലാക്കാന്‍ ഹേഗെലിനും കഴിയുമായിരുന്നു).

ദൈവം എന്ന ഈ “absolute Geist”-നെ ഡയലെക്റ്റിക്സ് ഉപയോഗിച്ചു്‌ എങ്ങനെയാണു്‌ മനുഷ്യരുടെ മനസ്സിലേക്കും, പ്രകൃതിയിലേക്കും അന്യവത്കരിക്കാനും, വീണ്ടും തന്നിലേക്കുതന്നെ തിരിച്ചെത്തിക്കാനും സാധിക്കുക? മനുഷ്യന്റെ ആത്മബോധം ഡയലെക്റ്റിക്കലായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണു്‌. അതുപോലെ ദൈവത്തിനും ഒരു പരിണാമചരിത്രം ഉണ്ടെന്നു്‌ ഹേഗെല്‍ സമര്‍ത്ഥിക്കുന്നു. ആത്മബോധമില്ലാതെ, സ്വപ്നാവസ്ഥയില്‍ കഴിയുന്ന സ്ഥിതിയാണു്‌ ദൈവത്തിന്റെ ഡയലെക്റ്റിക്കല്‍ ഗതിയിലെ ആദ്യത്തെ ചുവടായ തീസിസ്. ആത്മബോധം കൈവരിക്കണമെങ്കില്‍ സ്വപ്നാവസ്ഥയില്‍ നിന്നും വെളിയില്‍ വരണം, ദൈവം തന്നെത്തന്നെ അന്യവത്കരിക്കണം. ദൈവത്തിന്റെ അന്യവത്കരണമാണു്‌ പ്രപഞ്ചം. ആ പ്രപഞ്ചത്തെ, ദൈവത്തിന്റെതന്നെ ബാഹ്യരൂപമായ മനുഷ്യമനസ്സു്‌ വീക്ഷിക്കുമ്പോള്‍ സംഭവിക്കുന്നതു്‌, ദൈവത്തിന്റെ സ്വയം വീക്ഷിക്കലാണു്‌ – നോക്കുന്നവനും കാണുന്നവനും ഒന്നായുള്ള അവസ്ഥ. തന്നിലേക്കുതന്നെയുള്ള ദൈവത്തിന്റെ ഈ തിരിച്ചെത്തല്‍ സംഭവിക്കുന്നതു്‌ മനുഷ്യനിലൂടെയാണു്‌. അങ്ങനെ, മനുഷ്യനിലൂടെ ദൈവത്തിന്റെ ആത്മബോധത്തിന്റെ ഡയലെക്റ്റിക്കല്‍ ഗതിയുടെ മൂന്നാമത്തെ ചുവടു്‌ പൂര്‍ത്തീകരിക്കപ്പെടുന്നു. മനുഷ്യമനസ്സിന്റെ തലത്തില്‍, വ്യക്തികളുടെ അസ്തിത്വം, ചരിത്രം, രാഷ്ട്രം, നിയമം, ശാസ്ത്രം, കല, മതം, തത്വചിന്ത മുതലായവയെല്ലാം സഫലീകരിക്കപ്പെടുന്നതിലൂടെ ദൈവത്വം വീണ്ടും തന്നിലേക്കുതന്നെ തിരിച്ചെത്തുന്നു.

പക്ഷേ ഏതു്‌ യാഥാര്‍ത്ഥ്യങ്ങളിലാണോ ഐഡിയോളജിക്കലായി ഹേഗെല്‍ അബ്സൊല്യൂട്ട് ഗൈസ്റ്റിനെ ദര്‍ശിച്ചതു്‌, അതേ യാഥാര്‍ത്ഥ്യങ്ങള്‍ക്കു്‌ മുന്നില്‍ പരാജയപ്പെടാനായിരുന്നു ഹേഗെലിയന്‍ ഡയലെക്റ്റിക്സിന്റെ വിധി. പ്രകൃതിയിലെ അര്‍ത്ഥശൂന്യതകള്‍, അപൂര്‍ണ്ണതകള്‍, പരാജയങ്ങള്‍, ഉദാസീനമായ ചരിത്രഗതി തുടങ്ങിയവയൊന്നും ഒരു കാരണവശാലും ലോകത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു അബ്സൊല്യൂട്ട് സ്പിരിറ്റിന്റെ ആത്മബോധമായി മനസ്സിലാക്കപ്പെടാന്‍ കഴിയുന്നവയല്ല. അവയ്ക്കു്‌ ഒരര്‍ത്ഥമേ നല്‍കാന്‍ കഴിയൂ: ഈ ലോകം ഒരിക്കലും ഒരു ദൈവത്വത്തിന്റെ റെപ്രെസെന്റേഷന്‍ അല്ല. വ്യക്തികളിലോ, രാഷ്ട്രത്തിലോ, കലയിലോ, തത്വചിന്തയിലോ ഒരുപക്ഷേ പരിപൂര്‍ണ്ണതകള്‍ കാണാനാവുമെന്നു്‌ അംഗീകരിച്ചാല്‍തന്നെ, അവ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന കയോസും, അനീതികളും, കുറ്റങ്ങളും കുറവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവഗണനീയമായ ഒരംശം മാത്രമേ ആവൂ. അതായതു്‌, ലോകമാകാനുള്ള ശ്രമത്തില്‍ ദൈവത്തിനു്‌ സംഭവിക്കുന്നതു്‌ നേരിയ ഒരംശമൊഴികെ ബാക്കി മുഴുവനും പരാജയങ്ങള്‍ മാത്രമാണു്‌ – ഒരു ദൈവത്വത്തിനു്‌ ഒട്ടും ചേരുന്നതല്ലാത്ത സ്ഥിതിവിശേഷം!

ഹേഗെലില്‍ നിന്നുമുള്ള ചരിത്രത്തിന്റെ ഡയലെക്റ്റിക്കല്‍ ഗതിയും, ഫൊയര്‍ബാഹില്‍ നിന്നും വരുന്ന ദൈവ-മതവിമര്‍ശനവും, ഇംഗ്ലണ്ടില്‍ നിന്നുമുള്ള സാമ്പത്തികശാസ്ത്രതത്വങ്ങളും ഏറ്റെടുത്തു്‌, അവയെ കമ്മ്യൂണിസത്തിനും മറ്റീരിയലിസത്തിനും അനുയോജ്യമായ വിധം രൂപാന്തരപ്പെടുത്തിയതാണു്‌ മാര്‍ക്സിയന്‍ തത്വസംഹിതകള്‍. “ഗൈസ്റ്റ് (spirit) ആണു്‌ പരമമായതു്‌ (The Absolute), അതാണു്‌ പരമമായതിന്റെ ഏറ്റവും ഉന്നതമായ നിര്‍‌വചനം” എന്ന ഹേഗെലിന്റെ വാചകത്തില്‍ നിന്നുമാണു്‌ “ദ്രവ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഉല്പന്നം മാത്രമാണു്‌ സ്പിരിറ്റ്” എന്ന മാര്‍ക്സിന്റെ ആന്റിതെറ്റിക്കല്‍ സ്റ്റെയ്റ്റ്മെന്റ് വരുന്നതു്‌. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ഡയലെക്റ്റിക്കല്‍-ഹിസ്റ്റോറിക്കല്‍ മറ്റീരിയലിസം സാദ്ധ്യമാക്കിയതു്‌ ഹേഗെലിന്റെ അബ്സൊല്യൂട്ട് ഐഡിയലിസമാണെന്നു്‌ ചുരുക്കം.

ഗൈസ്റ്റിന്റെ സ്വയംചലനം എന്ന ഹേഗെലിന്റെ മെറ്റഫിസിക്കല്‍ ആശയമാണു്‌ മാര്‍ക്സില്‍ എത്തുമ്പോള്‍ മറ്റീരിയലിസ്റ്റിക് ആവുന്നതു്‌. ഗൈസ്റ്റിന്റെ സ്ഥാനത്തു്‌ സാമ്പത്തികശക്തികളാല്‍ മാത്രം നിശ്ചയിക്കപ്പെട്ടു്‌ നിയന്ത്രിക്കപ്പെടുന്ന യഥാര്‍ത്ഥമനുഷ്യനെ മാര്‍ക്സ് പ്രതിഷ്ഠിക്കുന്നു. തൊഴിലില്‍ അന്യവത്കരിക്കപ്പെടുന്ന മാര്‍ക്സിയന്‍ മനുഷ്യന്‍, ഭാവിയില്‍ ചരിത്രപരമായ ഒരു അനിവാര്യതയുടെ ഫലമായി സംഭവിക്കാനിരിക്കുന്ന വിപ്ലവത്തിലൂടെയും തൊഴിലിന്റെ ഉന്മൂലനത്തിലൂടെയും തന്നിലേക്കുതന്നെ തിരിച്ചെത്തുന്നതാണു്‌ മാര്‍ക്സിന്റെ ഡയലെക്റ്റിക്സ്.

ഹേഗെലിന്റേതില്‍ നിന്നും അങ്ങേയറ്റം വ്യത്യസ്തമാണു്‌ മാര്‍ക്സിന്റെ ഡയലെക്റ്റിക്സില്‍ “അന്യവത്കരണം”. ഹേഗെലിയന്‍ ഡയലെക്റ്റിക്സിലെ ഓരോ ചുവടിനും അതിന്റേതായ പോസിറ്റീവ് മൂല്യങ്ങളുണ്ടു്‌. അതേസമയം, നശിപ്പിക്കപ്പെടാന്‍ മാത്രം അര്‍ഹതയുള്ളത്ര നെഗറ്റീവ് ആയ ഒന്നാണു്‌ മാര്‍ക്സിയന്‍ ആന്റിതെസിസ്. പ്രഭു-ഭൃത്യബന്ധത്തില്‍ ഹേഗെല്‍ ദര്‍ശിക്കുന്നതു്‌, തന്റെ തൊഴിലിലൂടെ സ്വയം ആവിഷ്കരിക്കാനും, സ്വയം രൂപപ്പെടുത്താനും, സ്വയം വളരാനും കഴിയുന്ന ഒരു തൊഴിലാളിയെ ആണെങ്കില്‍, മാര്‍ക്സിന്റെ തൊഴിലാളി തൊഴിലില്‍ സ്വയം അന്യവത്കരിക്കുന്നവനാണു്‌, സമ്പൂര്‍ണ്ണമായും സ്വയം നശിക്കുന്നവനാണു്‌, സ്വയം നേടുന്നവനല്ല. തൊഴില്‍ അവനു്‌ സ്വേച്ഛാനുസൃതമായതല്ല, നിര്‍ബന്ധിതമായതാണു്‌. അതു്‌ അവന്റെ സത്തയുടെ ഭാഗമല്ല. അതിനാല്‍ അവന്‍ അതിനെ അംഗീകരിക്കുന്നില്ല, നിഷേധിക്കുക മാത്രം ചെയ്യുന്നു. തൊഴിലില്‍ അവന്‍ ഭാഗ്യവാനല്ല, നിര്‍ഭാഗ്യവാനാണു്‌. തൊഴില്‍ അവന്റേതല്ല, മറ്റാരുടേതോ ആണു്‌. അങ്ങനെ പോകുന്നു തൊഴിലും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെസംബന്ധിച്ച മാര്‍ക്സിന്റെ “ശാസ്ത്രീയ” കാഴ്ചപ്പാടുകള്‍. തൊഴിലിനെ വിശേഷിപ്പിക്കാന്‍ നെഗറ്റിവിറ്റികളല്ലാതെ മറ്റൊന്നും മാര്‍ക്സിന്റെ പക്കലില്ല.

ഹേഗെലിന്റെ ഡയലെക്റ്റിക്സില്‍ മറ്റുചില വളച്ചൊടിക്കലുകളും മാര്‍ക്സ് നടത്തുന്നുണ്ടു്‌. തീസിസില്‍ നിന്നും അതിന്റെ നെഗേഷനായ ആന്റിതെസിസിലും അവ രണ്ടിനെയും അസാധുവാക്കിക്കൊണ്ടു്‌ മറ്റൊരു ഉയര്‍ന്ന തലത്തിലേക്കു്‌ പുരോഗമിച്ചു്‌ സിന്തെസിസിലും എത്തി തുടരുന്ന ഹേഗെലിയന്‍ ഡയലെക്റ്റിക്സില്‍ നിന്നും വിരുദ്ധമായി, ചരിത്രഗതി വിപ്ലവങ്ങളില്‍ നിന്നും വിപ്ലവങ്ങളിലേക്കു്‌ മുന്നേറി മഹത്തായ കമ്മ്യൂണിസ്റ്റ് അന്തിമവിപ്ലവത്തില്‍ എത്തി വിജയം പ്രാപിച്ചുകഴിഞ്ഞാല്‍, പിന്നീടൊരു ആന്റിതെസിസ് അസംബന്ധം ആയാലെന്നപോലെ, ചരിത്രഗതിയുടെ മാര്‍ക്സിയന്‍ ഡയലെക്റ്റിക്സ് അപ്പോള്‍ അവിടെവച്ചു്‌ അവസാനിക്കും. മുതലാളിവര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണമായ ഉന്മൂലനത്തിലൂടെ വിരിയുന്ന വര്‍ഗ്ഗരഹിതലോകത്തില്‍ പാര്‍ട്ടിനേതാക്കള്‍ എന്നൊരു എലീറ്റ് വര്‍ഗ്ഗം ആന്റിതെറ്റിക്കലായി രൂപമെടുക്കുമെന്ന ചിന്തയൊന്നും മാര്‍ക്സിനെ അലട്ടുന്നില്ല. എന്തു്‌ വില കൊടുക്കേണ്ടി വന്നാലും വേണ്ടില്ല, വിപ്ലവം വരണം, വന്നേ പറ്റൂ! വിപ്ലവചിന്ത തലയെ കാര്‍ന്നു്‌ തിന്നുകൊണ്ടിരിക്കുമ്പോള്‍ ചരിത്രത്തിന്റെ ഡയലെക്റ്റിക്കല്‍ ഗതിയെ സമചിത്തതയോടെ പരിശോധിക്കുക എന്നതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യങ്ങളല്ല. അല്ലെങ്കില്‍ ഒരു ഡയലെക്റ്റിക്കല്‍ മൂവ്മെന്റില്‍ അനിവാര്യമായും സംഭവിക്കേണ്ടുന്ന ഈ ചുവടു്‌ കാണാതിരിക്കാന്‍ മാര്‍ക്സിനു്‌ കഴിയുമായിരുന്നില്ല.

മാര്‍ക്സിന്റെ ചിന്തയില്‍, അന്തിമവിപ്ലവത്തോടെ എന്നേക്കുമായി പ്രീഹിസ്റ്ററിയുടെ അന്ത്യം കുറിച്ചുകൊണ്ടു്‌ റിയല്‍ഹിസ്റ്ററി ആരംഭിക്കും. അതോടെ സംജാതമാകുന്ന വര്‍ഗ്ഗരഹിതസമൂഹത്തില്‍നിന്നും സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും സ്‌പര്‍ദ്ധയും കുറ്റകൃത്യങ്ങളുമെല്ലാം അപ്പാടെ അപ്രത്യക്ഷമാവും, ബൂര്‍ഷ്വാനിയമങ്ങള്‍ തന്മൂലം അനാവശ്യമാവും. വര്‍ഗ്ഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും, വിദ്വേഷം വളര്‍ത്താനും, അന്യവത്കരണത്തിനു്‌ കാരണമാവാനുമല്ലാതെ മറ്റൊന്നിനും കൊള്ളാത്ത സ്റ്റെയ്റ്റും അതിനോടൊപ്പം അതിന്റെ എല്ലാത്തരം ഇന്‍സ്റ്റിറ്റ്യൂഷനുകളും, കുടുംബവും, മതവും സഹിതം ഇല്ലാതാവും! പ്രൊഡക്ഷന്‍ മീന്‍സിലെ സ്വകാര്യമൂലധനവും, തൊഴില്‍വിഭജനവും ഇല്ലാതാവുന്നതോടെ അന്യവത്കരിക്കപ്പെട്ടിരുന്ന തൊഴിലാളിവര്‍ഗ്ഗം എന്നേക്കുമായി സ്വതന്ത്രരാവും, അവരുടെ സമ്പൂര്‍ണ്ണസാക്ഷാത്ക്കാരം സംഭവിക്കും. അപ്പോള്‍ മനുഷ്യര്‍ “from each according to his abilities, to each according to his needs” എന്ന, (ഒരിക്കലും നടക്കാത്ത, നടക്കാന്‍ സാദ്ധ്യമല്ലാത്ത) മോഹനസുന്ദരമാര്‍ക്സിയന്‍ ലോകത്തില്‍ എത്തിച്ചേരും! ഇന്നലെവരെ വിപ്ലവത്തില്‍ ബൂര്‍ഷ്വാക്യാപിറ്റലിസ്റ്റുകളെ കൊന്നുതള്ളിയശേഷം ഇന്നു്‌ സുഖമായി ഉറങ്ങി ക്ഷീണം തീര്‍ത്തു്‌ നാളെമുതല്‍ മാലാഖക്കുഞ്ഞുങ്ങളാകുന്ന തൊഴിലാളിവര്‍ഗ്ഗം! മാര്‍ക്സ് എന്തുകൊണ്ടു്‌ ഒരു മനഃശാസ്ത്രജ്ഞന്‍ ആയിരുന്നില്ല എന്ന ചോദ്യത്തിന്റെ മറുപടി ഇതിലുണ്ടു്‌.

മാര്‍ക്സ് പറയുന്നതുപോലെ ചരിത്രത്തിന്റെ ഡയലെക്റ്റിക്കല്‍ ഗതി നിശ്ചലമായാല്‍ പിന്നെ ജീവിതത്തിനു്‌ ത്രില്‍ പോയിട്ടു്‌, എന്തെങ്കിലും അര്‍ത്ഥം തന്നെയുണ്ടോ? ശത്രുവര്‍ഗ്ഗത്തെയും മറ്റെല്ലാ വൈപരീത്യങ്ങളെയും  ഇല്ലായ്മചെയ്തു്‌ തൊഴിലാളിവര്‍ഗ്ഗം വര്‍ഗ്ഗരഹിതമാക്കിത്തീര്‍ത്ത ഒരു ലോകത്തില്‍ ആന്തരികമായ എല്ലാ വളര്‍ച്ചയും, എല്ലാ പുരോഗതിയും എന്നേക്കുമായി മുരടിക്കുകയല്ലാതെ മറ്റെന്താണു്‌ സംഭവിക്കാന്‍ കഴിയുക? അങ്ങനെ സ്ഥാപിക്കപ്പെടുന്ന ഒരു മാര്‍ക്സിയന്‍ “സ്വതന്ത്രലോകത്തില്‍” മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരോ അതോ സ്വാതന്ത്ര്യത്തിലേക്കു്‌ അന്യവത്കരിക്കപ്പെടുന്നവരോ?

 
 

Tags: , , ,