ജര്‍മ്മന്‍ ഐഡിയോളജിയെപ്പറ്റി എഴുതുമ്പോള്‍ മാര്‍ക്സിനും എംഗല്‍സിനും സംശയമേതുമില്ലായിരുന്നു: “മനുഷ്യന്‍ വഴിയുള്ള മനുഷ്യന്റെ ചൂഷണവും, ക്യാപ്പിറ്റലിസത്തിന്റെ ജന്മമെടുക്കലും തുടങ്ങുന്നതു് കുടുംബത്തില്‍ നിന്നും, സ്ത്രീകളുടെ അടിച്ചമര്‍ത്തലില്‍ നിന്നുമാണു്.”
ബൂര്‍ഷ്വാസിയും ക്യാപ്പിറ്റലിസ്റ്റുകളും ജന്മികളും തൊഴിലാളികള്‍ക്കു് അര്‍ഹിക്കുന്ന കൂലിനല്‍കാതെ അവരെക്കൊണ്ടു് ജോലി ചെയ്യിക്കുന്നതിനും, ചൂഷണം ചെയ്യുന്നതിനും എതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചവനാണു് മാര്‍ക്സ്. പക്ഷേ, സ്വന്തം വീട്ടുവേലക്കാരിയായിരുന്ന ഹെലേന ഡേമൂത്ത് എന്ന സ്ത്രീയ്ക്കു് അവള്‍ അര്‍ഹിക്കുന്ന കൂലി സ്ഥിരമായി നല്‍കണമെന്നതു് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമായി എന്തുകൊണ്ടോ മാര്‍ക്സിനു് തോന്നിയില്ല. അര്‍ഹിക്കുന്ന കൂലി നല്‍കാതെ തൊഴിലാളിയെക്കൊണ്ടു് ജോലി ചെയ്യിപ്പിക്കുന്ന താന്‍ ഒരു ബൂര്‍ഷ്വാ ആണെന്നോ, തന്റെ പ്രവൃത്തി ഒരു ചൂഷണമാണെന്നോ ഒരുപക്ഷേ മാര്‍ക്സിനു് തോന്നാതിരുന്നതാവാം അതിനു് കാരണം. അതിനെല്ലാം പുറമെ, അവളില്‍ നിന്നും ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ കൂടി മാര്‍ക്സ് തയ്യാറാവുമ്പോള്‍, അതു് കൂലിക്കു് പകരം താന്‍ നല്‍കുന്ന പ്രതിഫലമായി അവള്‍ കണക്കാക്കി കൊള്ളട്ടെ എന്നാവുമോ ആ തൊഴിലാളിസ്നേഹി കരുതിയിട്ടുണ്ടാവുക? മനുഷ്യാദ്ധ്വാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മൂല്യം കൃത്യമായി കണക്കുകൂട്ടി തിട്ടപ്പെടുത്തി എന്നു് അവകാശപ്പെട്ട മാര്‍ക്സ് തന്റെ വീട്ടുവേലക്കാരി തനിക്കും തന്റെ കുടുംബത്തിനും നല്‍കുന്ന സേവനത്തിന്റെ മൂല്യം നിശ്ചയിക്കാന്‍ അപ്രാപ്തനായിരുന്നു എന്നു് വരുമോ?
ഒരു ബൂര്‍ഷ്വായുടെ കീഴില്‍ വീട്ടുവേല ചെയ്യുന്ന പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ തന്റെ മുതലാളിയുടെ ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നാഗ്രഹിച്ചാല്‍ അതു് വലിയ ഒരു തെറ്റോ, അത്ര അസാധാരണമായ കാര്യമോ അല്ല. പക്ഷേ, അനാഥയും, അഗതിയുമായ ഒരു സ്ത്രീ ‘പൊട്ടിച്ചെറിയാന്‍ പറ്റാത്ത ചങ്ങലയില്‍’ തളച്ചിട്ടാലെന്നപോലെ തന്റെ കീഴില്‍ വീട്ടുപണി ചെയ്തു് കഴിയുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ മൊത്തം രക്ഷകനാവാന്‍ അവതരിച്ചവന്‍ എന്നു് അഭിമാനിച്ച ഒരു വ്യക്തി, തന്റെ പ്രവൃത്തിയുടെ ഫലമായി അവള്‍ക്കും, ആ കുഞ്ഞിനും, തനിക്കുതന്നെയും ആജീവനാന്തം സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ, അവള്‍ക്കു് ബീജദായകനാവുക എന്നതു് മനസ്സിലാക്കാന്‍ ചില്ലറ സോഷ്യലിസ്റ്റ് ബുദ്ധിയൊന്നും മതിയാവില്ല. അങ്ങനെ തന്നില്‍ നിന്നും അവള്‍ ഗര്‍ഭിണി ആയപ്പോഴും, ജന്മം കൊണ്ടു് ഒരു ബൂര്‍ഷ്വാസി ആയിരുന്ന തനിക്കു് സമൂഹത്തില്‍ ഉണ്ടായിരുന്ന ‘റെപ്യൂട്ടേഷനു്’ കളങ്കമേല്‍ക്കാതിരിക്കാന്‍ ആ കുഞ്ഞിനെ അവളെക്കൊണ്ടു് ദത്തു് കൊടുപ്പിച്ചപ്പോഴും മാര്‍ക്സിന്റെ ‘സാര്‍വ്വലൗകികസോഷ്യലിസ്റ്റ് മനസാക്ഷിയില്‍’ പോറലൊന്നും ഏറ്റില്ല.
അല്ലെങ്കില്‍ത്തന്നെ, തന്റെ എല്ലാ പ്രവൃത്തികളിലും മാര്‍ക്സിനെ ഭരിച്ചിരുന്നതും നയിച്ചിരുന്നതുമായ ചേതോവികാരം ഒരിക്കലും സമൂഹത്തിലെ അനീതി ആയിരുന്നില്ല, തന്റെ സ്വന്തം ‘റെപ്യൂട്ടേഷന്‍’ മാത്രമായിരുന്നു. തന്റെ ആ ലക്ഷ്യം നേടാനുള്ള ഒരു ഉപാധി മാത്രമായിരുന്നു മാര്‍ക്സിനെസംബന്ധിച്ചു് തൊഴിലാളിവര്‍ഗ്ഗം. മാര്‍ക്സിന്റെ ജീവചരിത്രം അറിയാവുന്നവര്‍ക്കു് ഇക്കാര്യത്തില്‍ സംശയമൊന്നും ഉണ്ടാവാന്‍ വഴിയില്ല. തങ്ങള്‍ക്കുണ്ടാവുന്ന ഹലൂസിനേഷനുകളെ ദൈവവെളിപാടു് എന്നു് വിളിക്കുന്ന പ്രവാചകന്മാര്‍ നല്‍കുന്ന ഉറപ്പില്‍, സ്വര്‍ഗ്ഗലോകത്തിനായി കാത്തിരിക്കുന്ന വിശ്വാസികളെപ്പോലെ, വരാനിരിക്കുന്ന ഒരു സുവര്‍ണ്ണകാലം വാഗ്ദാനം ചെയ്താല്‍ എളുപ്പം മയക്കാനും കരുവാക്കാനും, ദുരുപയോഗം ചെയ്യാനും കഴിയുന്ന ഒരു കൂട്ടം മനുഷ്യര്‍, അതായിരുന്നു മാര്‍ക്സിന്റെ ദൃഷ്ടിയില്‍ ‘പ്രോലെറ്റേറിയറ്റ്’ എന്നു് മാമൂദീസ മുക്കപ്പെട്ട തൊഴിലാളിവര്‍ഗ്ഗം!
ഒരു ബെയ്ക്കറുടെ മകളായി 1820 ഡിസംബര്‍ 31-നു് ജര്‍മ്മനിയിലെ സാര്‍ലാന്‍ഡ് സംസ്ഥാനത്തില്‍ ജനിച്ച ഹെലേന ഡേമൂത്ത് പത്താമത്തെ വയസ്സില്‍ അര്‍ദ്ധഅനാഥയായി. ജനനരജിസ്റ്റര്‍ പ്രകാരം വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ഒന്നും ലഭിച്ചവളായിരുന്നില്ല എന്നതിനാല്‍, ഏതെങ്കിലും ധനികകുടുംബത്തിലെ വേലക്കാരിയായോ, അല്ലെങ്കില്‍, വല്ല ഫാക്ടറിയിലും ദിവസക്കൂലിക്കാരിയായോ അധികമാരുമറിയാതെ അവസാനിക്കേണ്ടിയിരുന്ന ഹെലേനയുടെ ജീവിതത്തിനു് ചരിത്രത്തില്‍ ഇടം ലഭിച്ചതു് 1837-ല്‍ ഒരു വീട്ടുവേലക്കാരിയായി അവള്‍ ചെന്നുപെട്ടതു് അയല്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡിലെ ട്രിയറില്‍ ലുഡ്‌വിഗ് ഫോണ്‍ വെസ്റ്റ്ഫാളന്‍ എന്ന പ്രഭുവിന്റെ വീട്ടിലായിരുന്നു എന്നതിനാലാണു്. കാരണം, അദ്ദേഹത്തിന്റെ മകളായ ജെന്നി ഫോണ്‍ വെസ്റ്റ്ഫാളനില്‍ ആയിരുന്നു പിന്നീടു് കമ്മ്യൂണിസ്റ്റ് ഗുരു ആയി മാറിയ കാര്‍ള്‍ മാര്‍ക്സ് അന്തം വിട്ടു് പ്രണയപരവശനായതും, അവളെ ഒന്നിനുപിറകെ ഒന്നെന്നോണം പ്രണയകാവ്യങ്ങള്‍കൊണ്ടു് വീര്‍പ്പു് മുട്ടിച്ചതും, അവരുടെ കുടുംബങ്ങള്‍ തമ്മില്‍ നിലവിലിരുന്ന, അക്കാലത്തു് ഒട്ടും അപ്രധാനമല്ലാതിരുന്ന, ‘ക്ലാസ് ഡിസ്റ്റിങ്ഷന്‍’ മൂലം രണ്ടു് കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും, അവസാനം, തന്നെക്കാള്‍ നാലു് വയസ്സിനു് പ്രായക്കൂടുതല്‍ ഉണ്ടായിരുന്ന ജെന്നിയെ 1843-ല്‍ വിവാഹം കഴിച്ചതും.
ഏതാനും മാസത്തെ പത്രപ്രവര്‍ത്തനം വഴി പ്രഷ്യന്‍ രാജാവിന്റെ അതൃപ്തി നേടിയ മാര്‍ക്സ് പാരീസിലേക്കു് നാടു് കടത്തപ്പെട്ടപ്പോള്‍ ജെന്നിയും ഒപ്പമുണ്ടായിരുന്നു. ഒരു കൈക്കുഞ്ഞുമായി പാരീസിലെ ഒരു ചെറിയ ഫ്ലാറ്റില്‍ മാര്‍ക്സിനോടൊപ്പം ജീവിച്ചിരുന്ന ജെന്നി പാചകമോ മറ്റു് വീട്ടുജോലികളോ ശീലിച്ചിട്ടുള്ളവളായിരുന്നില്ല. മകളെ വീട്ടുജോലികളില്‍ സഹായിക്കാനായിട്ടാണു് ജെന്നിയുടെ അമ്മ, “തനിക്കു് അയയ്ക്കാന്‍ കഴിയുന്നതില്‍ ഏറ്റവും വിശ്വസ്തയും, സ്നേഹവതിയുമായ” ഹെലേനയെ പാരീസിലേയ്ക്കു് അയച്ചതു്. രാഷ്ട്രീയ നിലപാടുകള്‍ മൂലം, പാരീസില്‍ നിന്നും ബ്രസ്സല്‍സിലേയ്ക്കും, അവിടെനിന്നും ലണ്ഡനിലേയ്ക്കും താമസം മാറ്റാന്‍ മാര്‍ക്സും കുടുംബവും നിര്‍ബന്ധിതരായപ്പോഴെല്ലാം അവരോടൊപ്പമുണ്ടായിരുന്ന ഹെലേന, ജെന്നിയും മാര്‍ക്സും മരിക്കുന്നതുവരെ മാര്‍ക്സ് കുടുംബത്തിന്റെ ഒരു ഭാഗമായിരുന്നു. ശാസ്ത്രം എന്ന ലേബല്‍ വഹിച്ചുകൊണ്ടു് ലക്ഷക്കണക്കിനു് മനുഷ്യരെ കൊലയ്ക്കു് കൊടുത്ത അര്‍ത്ഥശൂന്യമായ ഒരു ഐഡിയോളജി എന്നു് പില്‍ക്കാലത്തു് തെളിയിക്കപ്പെടേണ്ടിയിരുന്ന മാര്‍ക്സിസത്തിന്റെ മിക്കവാറും മുഴുവന്‍ പ്രസവവേദനകളും നേരിട്ടു് അനുഭവിച്ചറിഞ്ഞ മാര്‍ക്സ് കുടുംബത്തിന്റെ വീട്ടുവേലക്കാരി.
തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തെപ്പറ്റി സ്വൈര്യമായി ഇരുന്നു് ചിന്തിക്കാനും എഴുതാനും വേണ്ട സമയം മാര്‍ക്സിനു് ലഭിച്ചതു്, എഴുതുന്നവയുടെ തിരുത്തലും പകര്‍ത്തലുമെല്ലാം ജെന്നിയും, വീട്ടുജോലികളും, മാര്‍ക്സിന്റെ ഏഴു് മക്കളുടെ (അവരില്‍, നാലുപേര്‍ ബാല്യത്തിലേ മരിച്ചെങ്കിലും) സംരക്ഷണവും, വീട്ടുചിലവുകളുടെ നിയന്ത്രണവുമെല്ലാം ഹെലേനയും ഏറ്റെടുത്തതുകൊണ്ടുകൂടി ആയിരുന്നു. മേല്‍വസ്ത്രങ്ങള്‍ വരെ പണയത്തിലായിരുന്നതിനാല്‍ വീടിനു് പുറത്തിറങ്ങാന്‍ പോലും കഴിയാത്തത്ര ഗതികേടിലായിരുന്നത്രെ പലപ്പോഴും മാര്‍ക്സും കുടുംബവും. വീട്ടുചിലവിനു് പണമില്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ ഉപകരണങ്ങളോ വസ്ത്രങ്ങളോ പണയം വയ്ക്കുന്നതു് സംബന്ധിച്ചു് കടക്കാരുമായി വിലപേശിയിരുന്നതും ഹെലേന തന്നെ ആയിരുന്നത്രെ. അത്തരം ‘താഴ്ന്ന’ ജോലികളില്‍ നേരിട്ടു് ഏര്‍പ്പെട്ടു് തൊഴിലാളിസംരക്ഷകനായ മാര്‍ക്സിനു് ജന്മസിദ്ധമായിരുന്ന ബൂര്‍ഷ്വാഭിമാനം വ്രണപ്പെടരുതല്ലോ.
1851 ജൂണ്‍ 23-നു് ഹെലേന ഡേമൂത്ത് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു – ഹെന്‍റി ഫ്രെഡെറിക് ഡേമൂത്ത്. ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരു് ‘അജ്ഞാതം’ എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ആ കുഞ്ഞു് ലേവിസ് എന്നൊരു കുടുംബത്തിനു് ദത്തു് നല്‍കപ്പെടുകയായിരുന്നു. മാര്‍ക്സ് കുടുംബം താമസിച്ചിരുന്നിടത്തുനിന്നും ഏതാനും തെരുവുകള്‍ മാറി ഒരു സ്ലം ഏറിയയില്‍ ആയിരുന്നു ഹെലേനയുടെ സുഹൃത്തും തൂപ്പുകാരിയുമായിരുന്ന മറീ ലേവിസ് കഴിഞ്ഞിരുന്നതു്. മാര്‍ക്സിന്റെ വീടു് മറ്റൊരു കുഞ്ഞിനുകൂടി ആരോഗ്യപൂര്‍വ്വം ജീവിക്കാന്‍ വേണ്ടത്ര ഇടം നല്‍കാന്‍ കഴിയാത്തവിധം ഇടുങ്ങിയതും സൗകര്യമില്ലാത്തതും ആയതുകൊണ്ടു് മാത്രമായിരുന്നില്ല ആ ദത്തു് കൊടുക്കല്‍. മാര്‍ക്സിനു് സാമൂഹികമായും കുടുംബപരമായും ഉണ്ടാകാവുന്ന പേരുദോഷത്തില്‍ നിന്നും രക്ഷപെടുത്തുന്നതിനായി ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടു് എംഗല്‍സ് അധികം താമസിയാതെ മുന്നോട്ടു് വന്നതില്‍ നിന്നും ആ നടപടിയുടെ പിന്നിലെ യഥാര്‍ത്ഥ ചിന്ത എന്തായിരുന്നിരിക്കാം എന്നു് ഊഹിക്കാവുന്നതേയുള്ളു. കമ്മ്യൂണിസ്റ്റ് ഗുരുവിന്റെ ബൂര്‍ഷ്വാഭിമാനം വ്രണപ്പെടരുതല്ലോ. മാര്‍ക്സിനെ അപവാദത്തില്‍ നിന്നും മോചിപ്പിക്കാന്‍ അതുകൊണ്ടും കഴിഞ്ഞില്ലെങ്കിലും, എംഗല്‍സിനു് മാര്‍ക്സിനോടുണ്ടായിരുന്ന നിരുപാധികമായ വിധേയത്വത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ അതു് സഹായിക്കും.
മകന്റെ വളര്‍ത്തലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി ഒന്നും ചെയ്യാതെ അവനെ ചേരിപ്രദേശത്തു് ജീര്‍ണ്ണിക്കാന്‍ വിടുകയായിരുന്നു മാര്‍ക്സ് ചെയ്തതെങ്കിലും, എംഗല്‍സ് തന്റെ ഹൗസ് കീപ്പര്‍ വഴി അവനെ സാമ്പത്തികമായി സഹായിച്ചിരുന്നു. സ്വയം സഹായിക്കാന്‍ കഴിയാതിരുന്ന മാര്‍ക്സിനു് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്നതെങ്ങനെ എന്നും വേണമെങ്കില്‍ ചോദിക്കാം. ഉള്ളിന്റെയുള്ളില്‍ ഒരു ബൂര്‍ഷ്വാ ആയിരുന്ന മാര്‍ക്സ് തന്റെ ജാരസന്തതിക്കു് സാമ്പത്തികസഹായം ചെയ്തു് നാണം കെടണമായിരുന്നോ എന്ന സോഷ്യലിസ്റ്റ് ചോദ്യവും അനുവദനീയമാണു്. ഉത്തരങ്ങളെക്കാള്‍ എളുപ്പമാണു് ചോദ്യങ്ങള്‍.
ഫ്രെഡെറിക് ലേവിസിനു് തന്റെ യഥാര്‍ത്ഥ അമ്മ ആരാണെന്നു് അറിയാമായിരുന്നു. അവന്‍ പതിവായി ഹെലേനയെ കാണാന്‍ മാര്‍ക്സിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു – അവന്‍ അമ്മയെ സന്ദര്‍ശിച്ചിരുന്നതു് പക്ഷേ അടുക്കളയില്‍ മാത്രമായിരുന്നു. ഹെലേനയെ സംബന്ധിച്ചു് ഇത്തരം അനുഭവങ്ങളൊന്നും മാര്‍ക്സിനെ അവഹേളിക്കാനോ ആ കുടുംബത്തെ ഉപേക്ഷിക്കാനോ മതിയായ കാരണങ്ങളായിരുന്നില്ല. സന്തോഷവതിയും സംതൃപ്തയും സഹായസന്നദ്ധയുമായിട്ടായിരുന്നത്രെ അവള്‍ എപ്പോഴും കാണപ്പെട്ടിരുന്നതു്. ജെന്നിയെയും മാര്‍ക്സിനെയും അവരുടെ അന്ത്യം വരെ സ്നേഹപൂര്‍വ്വം പരിചരിച്ച ഹെലേന മാര്‍ക്സിന്റെ മരണശേഷം 1883-ല്‍ എംഗല്‍സിന്റെ വീട്ടുജോലിക്കാരിയായി.
1890 നവംബര്‍ 4-നു് ഹെലേന ഡേമൂത്ത് നിര്യാതയായി. മാര്‍ക്സിന്റെയും ജെന്നിയുടെയും ആഗ്രഹപ്രകാരം ഹെലേനയുടെ മൃതശരീരം ലണ്ഡനിലെ ഹൈഗെയ്റ്റ് സെമിറ്ററിയിലെ അവരുടെ കുടുംബക്കല്ലറയിലാണു് അടക്കം ചെയ്യപ്പെട്ടതു്. ആദ്യം ഒരു ലെയ്ത്ത് ഓപറേറ്ററും പിന്നീടു് ഒരു പ്രിന്ററുമായി ജോലി ചെയ്തിരുന്ന ഫ്രെഡെറിക് ലേവിസ് 1929-ല്‍ ലണ്ഡനില്‍ മൃതിയടഞ്ഞു. അവന്‍ ട്രെയ്ഡ് യൂണിയനിലും ആക്റ്റീവ് ആയിരുന്നത്രെ. തന്റെ പിതാവു് ആരെന്നു് ഫ്രെഡെറിക്കിനു് അറിയാമായിരുന്നോ ആവോ. ഫ്രെഡിയ്ക്കു് മാര്‍ക്സുമായി പരിഹാസ്യമായ വിധത്തിലുള്ള സാമ്യമുണ്ടു് എന്നു് കുടുംബസുഹൃത്തായിരുന്ന ഒരു സ്ത്രീ അവനെപ്പറ്റി പറയുന്നുണ്ടെങ്കിലും, മാര്‍ക്സിന്റെ ജീവിതകാലത്തു് അധികമാരും അറിഞ്ഞിരുന്ന ഒരു കാര്യമല്ല ഇതു്. 1960-കളിലെ ഗവേഷണങ്ങളില്‍ പഠനവിധേയമാക്കപ്പെട്ട കത്തുകള്‍ വഴി മാര്‍ക്സിന്റെ പിതൃത്വം സ്ഥിരീകരിക്കപ്പെട്ടു.
മാര്‍ക്സില്‍ വിശ്വസിക്കുന്നവര്‍ക്കു് ഇതെല്ലാം ക്യാപ്പിറ്റലിസ്റ്റ് പ്രോപഗാന്‍ഡയായി തോന്നാം. ഇവയെല്ലാം സത്യമായാല്‍ത്തന്നെ, അതെങ്ങനെ മാര്‍ക്സിന്റെ ചിന്തകളെ പ്രതികൂലമായി ബാധിക്കും എന്ന ചോദ്യവും ന്യായം തന്നെ. മനുഷ്യന്‍, ചുരുങ്ങിയ പക്ഷം, തന്നോടുതന്നെയെങ്കിലും സത്യസന്ധനായിരിക്കണം. അല്ലാത്തിടത്തു് വാഴുന്നതു് അവനവനിസത്തിന്റെ അവസരവാദമാണു്. അവിടെ ഏതു് ചോദ്യവും ന്യായം, ഏതു് മറുപടിയും യുക്തം, ഏതു് വിശ്വാസവും സത്യം.