RSS

ആത്മസാക്ഷാത്‌കാരത്തിനു്‌ ഒരു കുറുക്കുവഴി

02 Sep

“യാവാനര്‍ഥ ഉദപാനേ സര്‍വതഃ സമ്പ്ലുതോദകേ
താവാൻസർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ” (ഭഗവദ്ഗീത 2: 46)

ഒരു പരിഭാഷ: “എല്ലായിടത്തും വെള്ളം കൊണ്ടു്‌ നിറഞ്ഞിരിക്കുമ്പോള്‍ കിണറുകൊണ്ടു്‌ എത്ര പ്രയോജനമുണ്ടോ അത്രയ്ക്കു്‌ പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണനു്‌ വേദങ്ങളാസകലം കൊണ്ടുണ്ടാകൂ”.

മറ്റൊരു പരിഭാഷ: “ഒരു ചെറിയ കിണറിനു്‌ നിവൃത്തീകരിക്കാന്‍ കഴിയുന്നതെല്ലാം ഒരു വലിയ ജലാശയത്തിനും നിവൃത്തീകരിക്കാനാവും. അതുപോലെ, വേദങ്ങളുടെ പിന്നിലെ ലക്ഷ്യം അറിയുന്നവനു്‌ അവയുടെ എല്ലാ ലക്ഷ്യങ്ങളും നേടാനാവും”.

ഇവിടെ ജലാശയം, അഥവാ എല്ലായിടത്തും നിറഞ്ഞിരിക്കുന്ന വെള്ളം എന്നതുകൊണ്ടു്‌ ഉദ്ദേശിക്കുന്നതു്‌ ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്ന, ഉപ്പുരസമുള്ള സമുദ്രമാണോ, അതോ ശുദ്ധജലമാണോ എന്നുകൂടി വ്യക്തമാക്കാതെ ആ വെള്ളത്തിനു്‌ കിണറ്റിലെ വെള്ളത്തിന്റെ  ലക്ഷ്യം നിറവേറ്റാനാവുമോ ഇല്ലയോ എന്നു്‌ തീര്‍ത്തു്‌ പറയാനാവില്ല എന്നൊരു ചെറിയ വിയോജനക്കുറിപ്പു്‌ ഭഗവാന്റെ ഈ താരതമ്യത്തിനോടു്‌ രേഖപ്പെടുത്തുന്നു. അതു്‌ ജ്ഞാനിയായ ഒരു ഗുരുവിന്റെ ‘ശരിയായ’ വ്യാഖ്യാനം കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ഭാഗ്യം എനിക്കു്‌ ലഭിക്കാത്തതുകൊണ്ടുള്ള ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ആയിക്കൂടെന്നുമില്ല.

ഇനി, (വെള്ളം കൊണ്ടുള്ള പ്രയോജനം എന്തെന്നപോലെ), വേദങ്ങളുടെ ലക്ഷ്യം എന്താണു്‌, അതെങ്ങനെയാണു്‌ മനുഷ്യനു്‌ അറിയാന്‍ കഴിയുക? അതും ഗീതയില്‍ പറയുന്നുണ്ടു്‌.

“സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിജ്ഞാനമപോഹനം ച
വേദൈശ്ച സർവൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം” (15: 15)

“എല്ലാവരുടെയും ഹൃദയത്തില്‍ ഞാനുണ്ടു്‌. ഓര്‍മ്മയും ജ്ഞാനവും മറവിയും എന്നില്‍ നിന്നും വരുന്നു. ഞാനാണു്‌ എല്ലാ വേദങ്ങളിലൂടെയും അറിയപ്പെടേണ്ടവന്‍. വേദാന്തകര്‍ത്താവും വേദങ്ങളെ അറിയുന്നവനും ഞാന്‍ തന്നെ”.

അതായതു്‌, പരമാത്മാവിന്റെ രൂപത്തില്‍ കൃഷ്ണന്‍ എല്ലാ ഹൃദയങ്ങളിലുമുണ്ടു്‌. (കഴിഞ്ഞൊരു പോസ്റ്റില്‍ പറഞ്ഞിരുന്നതുപോലെ, ജീവജാലങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയുമെല്ലാം ഹൃദയത്തില്‍ സ്ഥിതി ചെയ്തുകൊണ്ടു്‌ അവയുടെ മുഴുവന്‍ ശരീരത്തെയും സ്വാധീനിക്കുന്നതും അഞ്ചുതരം വായുക്കള്‍ വഴി മലീമസമാക്കപ്പെടാവുന്നതുമായ ജീവാത്മാവു്‌ വേറെ. ആത്മാക്കളുടെ കാര്യത്തില്‍ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടു്‌). പരമാത്മാവു്‌ സര്‍വ്വവ്യാപിയാണെന്നതിനുപരി, ‘പ്രാദേശികമായ’ അര്‍ത്ഥത്തില്‍, ഓരോ വ്യക്തിയിലും സന്നിഹിതനാണു്‌. കഴിഞ്ഞ ജീവിതം മനുഷ്യര്‍ക്കു്‌ മറക്കാന്‍ കഴിയുന്നതും, മറന്നിടത്തുനിന്നും പൂര്‍വ്വകാല ചെയ്തികളുടെ അടിസ്ഥാനത്തില്‍ വീണ്ടും പുതിയ ജീവിതം തുടങ്ങാന്‍ വേണ്ട അറിവും ഓര്‍മ്മയും (?) ലഭിക്കുന്നതും ഹൃദയത്തിലെ പരമാത്മാവിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു്‌ മാത്രമാണു്‌. തിരഞ്ഞെടുക്കപ്പെട്ട നേതാവു്‌ ജനങ്ങളെയെന്നപോലെ, മരണത്തോടെ പരമാത്മാവു്‌ ഹൃദയം കാലിയാക്കി ജീവാത്മാവിനെ എന്നേക്കുമായി മറന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. (ഇതു്‌ മനസ്സിലായില്ലെങ്കില്‍ യാതൊരു നിരാശയും വേണ്ട. ഇതുവരെ ആര്‍ക്കും ഇതു്‌ മനസ്സിലായിട്ടില്ല. ഭഗവാന്‍ പറഞ്ഞതായതുകൊണ്ടു്‌ നേരായിരിക്കുമെന്നു്‌ എല്ലാവരും വിശ്വസിക്കുകയും, കാണാപ്പാഠം പഠിക്കുകയും, എല്ലാം മനസ്സിലായതുപോലെ നടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നേയുള്ളു. ഇക്കൂട്ടരില്‍ പെട്ടവരും കണ്ടാമൃഗത്തിന്റേതില്‍ നിന്നും ഒട്ടും കുറവല്ലാത്ത തൊലിക്കട്ടിയുള്ളവരുമാണു്‌ വ്യാഖ്യാതാക്കളോ, ഗുരുക്കളോ, പണ്ഡിതരോ ഒക്കെ ആയി ചമഞ്ഞു്‌ അവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ മനസ്സിലാവാത്ത എന്തൊക്കെയോ വ്യാഖ്യാനം എന്ന പേരില്‍ വിളിച്ചുപറയുന്നതു്‌ – ഒരുതരം കക്കോഫണി, അഥവാ പൂച്ചസംഗീതം! മനസ്സിലാവാത്തതു്‌ വിശ്വസിക്കുക എന്നതു്‌ ദൈവദൃഷ്ടിയില്‍ ഒരു സദ്ഗുണമാണെന്നതിനാല്‍ ദൈവഹിതം ചെയ്യാതിരുന്നതിന്റെ പേരില്‍ ദൈവദോഷം ഉണ്ടാവാതിരിക്കാന്‍ അവര്‍ പറയുന്നതെല്ലാം വിശ്വസിക്കുകയും, കാണാപ്പാഠം പഠിക്കുകയും, എല്ലാം മനസ്സിലായതുപോലെ നടിക്കുകയും ചെയ്യുന്നതായിരിക്കും ഉത്തമം).

പുരുഷോത്തമനായ ഭഗവാന്‍ അറിയുന്ന വേദകാര്യങ്ങള്‍ നമുക്കു്‌ അറിയാന്‍ കഴിയുമോ എന്നൊരു സംശയം ഇപ്പോള്‍ ആര്‍ക്കും തോന്നാവുന്നതാണു്‌. (ധ്യാനിച്ചുകൊണ്ടല്ലാതെ, കണ്ണുതുറന്നു്‌ വായിക്കുന്നവര്‍ക്കു്‌ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ലഭിക്കും എന്നതാണു്‌ എല്ലാ വേദഗ്രന്ഥങ്ങളുടെയും ഒരു ഗുണം). വേദങ്ങളുടെ ലക്ഷ്യം അറിയണമെങ്കില്‍ മനുഷ്യനു്‌ അസാമാന്യമായ ബുദ്ധിയുണ്ടായിരിക്കണം എന്നു്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ അങ്ങനെയൊരു സംശയത്തില്‍ കാര്യമില്ലാതില്ല. എങ്കിലും നമ്മള്‍ നിരാശപ്പെടേണ്ടതില്ല, അതിനും ഗ്രന്ഥത്തില്‍ വഴി നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടു്‌. ഭഗവാന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കുക എന്നതാണതു്‌. ശ്രീമദ് ഭാഗവതത്തില്‍ പറയുന്ന പ്രകാരം നീചകുടുംബത്തില്‍ ജനിച്ച ഒരു ചണ്ഡാളനുപോലും അതുവഴി ആത്മസാക്ഷാത്‌കാരത്തിന്റെ ഏറ്റവും ഉന്നതമായ പടിയിലേയ്ക്കു്‌ സ്ഥാനക്കയറ്റം ലഭിക്കാമത്രെ! അതൊരു ചെറിയ കാര്യമല്ല. എങ്കിലും, വെറുതെ നാമം ജപിച്ചാല്‍ മാത്രം പോരാ, മറ്റു്‌ അല്ലറചില്ലറ ചുമതലകള്‍ കൂടി അവന്‍ ചെയ്യേണ്ടതായിട്ടുണ്ടു്‌. അല്ലെങ്കില്‍ കാണുന്ന അണ്ടനും അടകോടനുമെല്ലാം ചുമ്മാ നാമം ജപിച്ചുകൊണ്ടു്‌ ഏറ്റവും മുകളിലത്തെ പടിയില്‍ കയറി സീറ്റു്‌ പിടിക്കാന്‍ നോക്കും. അതു്‌ അങ്ങനെ അനുവദിച്ചു്‌ കൊടുത്താല്‍ ശരിയാവില്ല. അതുകൊണ്ടു്‌ ഭഗവാനുമായി കോമ്പ്ലിമെന്റ്സ് ആയി, ആത്മസാക്ഷാത്‌കാരം കൈവരിക്കണമെന്നുമുള്ളവര്‍ വേദങ്ങള്‍ അനുശാസിക്കുന്ന പൂജാവിധികള്‍ക്കനുസരിച്ചുള്ള ബലികള്‍ എല്ലാം അര്‍പ്പിച്ചിരിക്കണം, ചെയ്യാനുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്തിരിക്കണം, പലപ്രാവശ്യം വേദഗ്രന്ഥങ്ങള്‍ പഠിച്ചിരിക്കണം, വിശുദ്ധമായ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പോയി മുങ്ങിക്കുളിച്ചിട്ടുണ്ടായിരിക്കണം. (സോപ്പു്‌ തേച്ചു്‌ കുളിക്കുന്നതിലും അനുഗ്രഹപ്രദം ആയുര്‍വേദവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഇഞ്ചയും താളിയും തേച്ചു്‌ കുളിക്കുന്നതാവാനാണു്‌ സാദ്ധ്യത. വേദജ്ഞാനിയായ ഭഗവാനു്‌ ആയുര്‍വ്വേദമായിരിക്കും പഥ്യം എന്നതിനു്‌ പ്രത്യേക വിശദീകരണം ആവശ്യമുണ്ടെന്നു്‌ തോന്നുന്നില്ല). ഇത്രയൊക്കെ ചെയ്യുന്ന മനുഷ്യന്‍ ആര്യകുടുംബത്തിലെ ഏറ്റവും ശ്രേഷ്ഠനായി കണക്കാക്കപ്പെടും, പെടണം.

എനിക്കു്‌ മനസ്സിലാവാത്തതു്‌, പരമാത്മാവും ജീവാത്മാവും സഹകരണാടിസ്ഥാനത്തില്‍ ഹൃദയത്തില്‍ വസിച്ചിട്ടും, ഇപ്പറയുന്ന ബലികളും തലകുത്തിമറിയലും നടത്തിയാലേ ആത്മസാക്ഷാത്കാരം ലഭിക്കുകയുള്ളു എങ്കില്‍ അതെന്തു്‌ കോപ്പു്‌ ആത്മാക്കളാണെന്നാണു്‌. സോറി, സരസ്വതി തീണ്ടാരി ആയിരിക്കുന്നതിനാല്‍ ഇതിലും നല്ല ഭാഷ വരുന്നില്ല. അല്ലെങ്കില്‍ കാളിദാസന്റെ ഇസ്ലാം വിമര്‍ശന പോസ്റ്റുകളില്‍ ഫാഷ്ലി ഫോസ് എന്നോ മറ്റോ ഒരു അള്ളാവിശ്വാസി എഴുതുന്നപോലുള്ള വിശുദ്ധഭാഷയില്‍ എഴുതാമായിരുന്നു. ആരെന്തു്‌ പറഞ്ഞാലും, ദൈവസഹായമില്ലാതെ സംശുദ്ധമായ ഭാഷയില്‍ എഴുതുക എന്നതു്‌ മനുഷ്യസാദ്ധ്യമല്ല. “നാവില്‍ സരസ്വതി വിളയാടുക” എന്നാണു്‌ അതിനു്‌ ഞങ്ങളുടെ നാട്ടില്‍ പറയുക. ഭഗവദ്ഗീത പ്രകാരം ദൈവസഹായമില്ലാതെ ആഹാരത്തിന്റെ ദഹനം പോലും സാദ്ധ്യമല്ല, പിന്നെയാണു്‌ സംസ്കൃതമായ ഭാഷ! “ഞാന്‍ ജീവികളുടെ ശരീരങ്ങളില്‍ അഗ്നിയുടെ രൂപത്തില്‍ അകത്തേക്കും പുറത്തേക്കും ഒഴുകുന്ന പ്രാണവായുവിനോടു്‌ ചേര്‍ന്നു്‌ നാലു്‌ തരത്തിലുള്ള ഭക്ഷണത്തേയും ദഹിപ്പിക്കുന്നു” എന്നാണു്‌ ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്‌!  (15: 14).

“ക്ഷരന്‍, അക്ഷരന്‍ എന്നീ രണ്ടു്‌ പുരുഷന്മാരാണു്‌ ഈ ലോകത്തിലുള്ളതു്‌. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണു്‌.നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണു്‌ അക്ഷരപുരുഷന്‍. മൂന്നു്‌ ലോകങ്ങളെയും വ്യാപിച്ചു്‌ അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു്‌ വിളിക്കപ്പെടുന്നവനുമായ ഈശ്വരന്‍ ഇപ്പറഞ്ഞ രണ്ടു്‌ പുരുഷന്മാരില്‍ നിന്നും ഭിന്നനായ ഉത്തമപുരുഷന്‍. ക്ഷരത്തിനു്‌ അതീതനും അക്ഷരത്തിനേക്കാള്‍ ഉത്തമനുമായതിനാല്‍ ഞാന്‍ ഈ ലോകത്തിലും വേദത്തിലും പുരുഷോത്തമന്‍ എന്നു്‌ അറിയപ്പെടുന്നു” – (15: 16 – 18).

ഈ വസ്തുത അറിയാത്തതിനാലാണോ എന്നറിയില്ല, നശ്വരരായ ചില സാദാ മനുഷ്യന്മാര്‍ പുരുഷോത്തമന്‍ എന്ന പേരുമായി ചുറ്റിത്തിരിയുന്നതു്‌. സത്യത്തില്‍ അവരെ അതിനു്‌ കുറ്റം പറയേണ്ടതില്ല, മാതാപിതാക്കള്‍ ഒരു പേരിട്ടാല്‍ അതു്‌ പീലാത്തോസ് എഴുതിയതു്‌ പോലെയാണു്‌, “ഞങ്ങള്‍ ഇട്ടതു്‌ ഇട്ടു”. ഭഗവാന്റെ എതിര്‍പ്പു്‌ മൂലമാവാം, ഇപ്പോള്‍ ഗസറ്റിലും പത്രത്തിലുമൊക്കെ പരസ്യപ്പെടുത്തി പേരു്‌ മാറ്റാമെന്നു്‌ കേള്‍ക്കുന്നു. അതിന്റെ മറ്റൊരു വശമുള്ളതു്‌, കൃഷ്ണന്‍, നാരായണന്‍ മുതലായി ഉള്ള പേരുകള്‍ മുഴുവന്‍ ഭഗവാന്‍ ഏറ്റെടുത്താല്‍ മനുഷ്യര്‍ എന്തുചെയ്യും എന്നതാണു്‌. സ്വന്തമായി ഒരു പേരെങ്കിലും ഇല്ലെങ്കില്‍ പിന്നെ മനുഷ്യനെ എന്തിനു്‌ കൊള്ളാം?

സകല പ്രപഞ്ചങ്ങളേയും സൃഷ്ടിച്ചവനും, സംരക്ഷിക്കുന്നവനും, വേദകര്‍ത്താവും, വേദജ്ഞാനിയും, ജീവജാലങ്ങളുടെ ദഹനവും മല-മൂത്രവിസര്‍ജ്ജനവും വരെ നിയന്ത്രിക്കുന്നവനും, സര്‍വ്വോത്‌കൃഷ്‌ടസൂചകമായ മറ്റെന്തൊക്കെ വിശേഷണങ്ങള്‍ ഒരുവനു്‌ ചാര്‍ത്താനാവുമോ അതെല്ലാം ചാര്‍ത്തിക്കൊടുക്കാനാവുന്ന ഈശ്വരനില്‍ എത്തിച്ചേരാന്‍ നമ്മള്‍ ഒന്നും അറിയേണ്ടതില്ല, ഭഗവാന്റെ നാമം വെറുതെ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതി എന്നതില്‍ കൂടിയ ഒരാശ്വാസം മനുഷ്യര്‍ക്കു്‌ ലഭിക്കാനുണ്ടോ?

ഒരിക്കല്‍ വേദപണ്ഡിതനായ ശ്രീ പ്രകാശാനന്ദ സരസ്വതിസ്വാമി ശ്രീ ചൈതന്യസ്വാമിയോടു്‌ നീ എന്തുകൊണ്ടാണു്‌ വേദം അഭ്യസിക്കാതെ ഇത്ര ആവേശഭരിതനായി നാമം ജപിക്കുക മാത്രം ചെയ്യുന്നതു്‌ എന്നു്‌ ചോദിച്ചത്രെ! അവന്റെ ആത്മീയഗുരുവിന്റെ ദൃഷ്ടിയില്‍ ഒരു പമ്പരവിഡ്ഢിയായിരുന്നതിനാല്‍, ശ്രീകൃഷ്ണനാമം മുടങ്ങാതെ ജപിച്ചുകൊണ്ടിരിക്കാന്‍ ഗുരു അവനോടു്‌ കല്പിച്ചത്രെ. സ്വാഭാവികമായും അവന്‍ അതു്‌ ചെയ്യുകയും അതുവഴി ഹര്‍ഷോന്മാദം മൂത്തു്‌ അവനു്‌ ഭ്രാന്തു്‌ പിടിച്ചതുപോലെ ആവുകയും ചെയ്തു എന്നായിരുന്നു അവന്റെ മറുപടി. അതുകൊണ്ടു്‌ അവന്റെ ഉപദേശം: “കലികാലത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും വേദാന്തഫിലോസഫി മനസ്സിലാക്കാന്‍ മാത്രം വിവരമില്ലാത്ത വിഡ്ഢികളും വിദ്യാഭാസമില്ലാത്തവരും ആയതിനാല്‍, വേദജ്ഞാനത്തിന്റെ സത്തയായ വേദാന്തത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും മനസ്സിലാക്കാന്‍ അവര്‍ക്കു്‌ ഒരു വഴിയേയുള്ളു: ഭഗവാന്റെ നാമം പിഴവില്ലാതെ ജപിച്ചുകൊണ്ടിരിക്കുക”!

ജപിക്കാതെ ജപിക്കുന്ന ടിബറ്റിലെ ബുദ്ധമതക്കാര്‍ ഇക്കാര്യത്തില്‍ ഒരുപടികൂടി മുന്നിലെത്തി എന്നു്‌ പറയേണ്ടിയിരിക്കുന്നു. അവര്‍ ‘ഓം മണി പദ്മേ ഹും’ എന്നു്‌ (പലവട്ടം) എഴുതിവച്ചിട്ടുള്ള ഒരു പ്രെയര്‍ വീല്‍ കയ്യില്‍ പിടിച്ചു്‌ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു്‌ കാര്യം നേടുകയാണു്‌ പതിവു്‌. ക്ഷേത്രങ്ങളിലും പ്രെയര്‍ വീലുകളില്‍ തോണ്ടി കറക്കലാണു്‌ വായിട്ടലയ്ക്കുന്നതിനേക്കാള്‍ അവര്‍ക്കു്‌ പഥ്യമെന്നു്‌ തോന്നുന്നു. അതെന്തായാലും നല്ലതാണു്‌. ഇടയ്ക്കിടെ വീലുകള്‍ക്കു്‌ ഇത്തിരി ഓയില്‍ ഇട്ടു്‌ കൊടുത്തുകൊണ്ടിരുന്നാല്‍ നാട്ടുകാര്‍ക്കു്‌ വലിയ ശല്യമോ, നോയിസ് പൊള്യൂഷനോ ഒന്നുമില്ലാതെ സ്മൂത്തായി കറങ്ങുന്ന പ്രാര്‍ത്ഥനാചക്രങ്ങള്‍ വഴി ഭക്തജനങ്ങള്‍ക്കു്‌ മോക്ഷത്തിലേക്കുള്ള പാതയിലൂടെ പടിപടിയായി മുന്നേറിക്കൊണ്ടിരിക്കാം. എല്ലാ മതങ്ങള്‍ക്കും ഇതൊരു മാതൃകയാക്കാവുന്നതാണെന്നാണു്‌ എന്റെ വിനീതമായ അഭിപ്രായം.

 
Comments Off on ആത്മസാക്ഷാത്‌കാരത്തിനു്‌ ഒരു കുറുക്കുവഴി

Posted by on Sep 2, 2012 in മതം

 

Tags: , ,

Comments are closed.