RSS

Monthly Archives: Oct 2011

ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ – 1

“ശാസ്ത്രനിലാവിൽ ഗീത” എന്ന ശ്രീ സി. രാധാകൃഷ്ണന്റെ ഒരു ലേഖനമാണു് ഈ കുറിപ്പിനു് ആധാരം. ഒരു ഇ-മെയിൽ വഴിയാണു് 16.10.2011-ലെ വാരാന്ത്യകൗമുദിയിലെ ആ ലേഖനത്തെപ്പറ്റി അറിയാൻ ഇടവന്നതു്. ഫോണ്ട്‌ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ മുൻപു് അത്ര പതിവായിട്ടല്ലെങ്കിലും ഇടയ്ക്കിടെ കൗമുദിയുടെ ഓൺലൈൻ എഡിഷൻ ഞാൻ വായിക്കാറുണ്ടായിരുന്നു. പക്ഷേ, ഒരുപുറത്തു് ആദ്ധ്യാത്മികതയുടെ യാഗാഗ്നിയും, മറുപുറത്തു് “ഫയറിന്റെ” കാമാഗ്നിയും, അതിനിടയിൽ ജാതി തിരിച്ചുള്ള മാട്രിമോണിയൽ പരസ്യങ്ങളും, വാർഷിക-വാര-ദിവസ-മണിക്കൂർ കണക്കിനുള്ള നക്ഷത്രഫലങ്ങളും, സകല സാദ്ധ്യതകൾക്കും അപ്പുറമെത്തുന്നവിധം സെൻസേഷണൽ ആയിരിക്കണം വാർത്തകൾ എന്നു് നിർബന്ധമുള്ള ആരോ പടച്ചുവിടുന്നതെന്നു് തോന്നുന്നതരം സ്ക്യാൻഡൽ വാർത്തകളുമായി പ്രത്യക്ഷപ്പെടുന്ന ഒരു ആനുകാലികം വായിക്കുന്നതിലും പ്രയോജനകരമായ കാര്യങ്ങൾ വേറേ എത്രയോ ഉണ്ടെന്നു് മനസ്സിലാക്കിയതോടെ ആ വായന ഞാൻ നിർത്തി. കേരളത്തെ സംബന്ധിച്ചു് ഇത്തരം കാര്യങ്ങളിൽ ഒന്നും ഒന്നിനും, ആരും ആരിലും പിന്നിലല്ല എന്നു് ഇതിനോടകം വ്യക്തമായതിനാൽ കൗമുദിയെന്നല്ല, ഒരു മലയാളം ആനുകാലികവും ഇപ്പോൾ ഞാൻ വായിക്കാറില്ല.

ചിലവാകുന്നതെന്തും അനുവദനീയമാണു് – അതുമാത്രമാണു് മലയാള മാദ്ധ്യമങ്ങൾ പുലർത്തുന്ന ആദർശം. വാങ്ങാനും വായിക്കാനും കാത്തുനിൽക്കുന്ന ഒരു കൂട്ടം ആളുകളെ അവർക്കു് വേണ്ട ഇഷ്ടഭോജനങ്ങൾ നൽകി തൃപ്തിപ്പെടുത്തുക, അതാണു് കേരളത്തിലെ മാദ്ധ്യമമേഖലയിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ ബിസിനസ്‌ സ്ട്രാറ്റജി. ഏതെങ്കിലുമൊരു പ്രസ്ഥാനം നാട്ടുകാർക്കുവേണ്ടി നഷ്ടം സഹിച്ചു് നടത്തി മനുഷ്യകാരുണ്യം പ്രദർശിപ്പിക്കണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. ദൈവസ്നേഹവും മനുഷ്യകാരുണ്യവും പ്രസംഗിക്കുന്ന മതങ്ങൾ അതു് ചെയ്യുന്നില്ല, പിന്നെ പത്രക്കാർ അതു് ചെയ്യണമോ? പക്ഷേ, ലാഭത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാതിരിക്കുകയും, അതിനോടൊപ്പം ആദ്ധ്യാത്മികതയും ധാർമ്മികതയും പ്രസംഗിക്കുകയും, മനുഷ്യസമൂഹത്തെ പുരോഗതിയിലേക്കു് നയിക്കുന്ന ശാസ്ത്രചിന്തയെ കരിതേച്ചു് കാണിക്കുകയും ചെയ്യാൻ ഒരു വാർത്താവിതരണമാദ്ധ്യമം ശ്രമിക്കുമ്പോൾ അതിൽ ഗുരുതരമായ പന്തികേടുണ്ടു്. മാദ്ധ്യമസംസ്കാരമെന്നാൽ ഇതൊക്കെയാണെന്നു് ധരിച്ചുവച്ചിരിക്കുന്ന, പൊതുവേതന്നെ അന്ധവിശ്വാസികളായ ഒരു ജനവിഭാഗത്തെ ഒരിക്കലും കരകയറാൻ കഴിവില്ലാതാക്കുന്നവിധം അജ്ഞതയുടെ കമ്പോസ്റ്റ്‌ കുഴിയിലേക്കു് വലിച്ചിടാനുള്ള കുടിലശ്രമമായേ അതിനെ കാണാൻ പറ്റൂ. ആർഷഭാരതസംസ്കാരത്തിനു് ഏറ്റവും യോജിച്ച ധർമ്മപരിപാലനമായി ഈ കച്ചവടതന്ത്രത്തെ പ്രതിഷ്ഠിക്കുന്ന ഒരു വ്യാഖ്യാനം കൂടി ഇവർ സൃഷ്ടിച്ചെടുത്താൽ അതിൽ അത്ഭുതത്തിനു് വകയില്ല. മാറിവരുന്ന സന്ദർഭങ്ങൾക്കു് അനുസൃതമായി ഒരേ വേദവാക്യത്തിനു് പരസ്പരബന്ധമൊന്നുമില്ലാത്ത പലതരം വ്യാഖ്യാനങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവുമാത്രമല്ല, അതിനു് ഒരുവിധ മടിയുമില്ലാത്ത ആത്മീയാചാര്യന്മാർക്കു് പഞ്ഞമൊന്നുമില്ലാത്ത ഒരു നാട്ടിൽ അനുയോജ്യരായ ഏതാനും വ്യാഖ്യാതാക്കളെ അതിനുവേണ്ടി കണ്ടെത്തുക എന്നതു് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തോന്നുന്നില്ല.

അതുപോലൊരു വ്യാഖ്യാനത്തിന്റെ കഥയാണു് മേൽപ്പറഞ്ഞ ലേഖനത്തിനും പറയാനുള്ളതു്. ലേഖനത്തിന്റെ പേരിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നിടത്തോളം ഗീത വിഹരിക്കുന്നതു് ശാസ്ത്രനിലാവിലാണു്. ശാസ്ത്രത്തിന്റെ നിലാവുദിച്ചുനിൽക്കുന്ന രാത്രിയിലെ വൈകിയ വേളയിൽ കുമാരി ഗീത പുറത്തു് വിരാജിക്കുന്നതു് എന്തിനെന്നു് എനിക്കറിയില്ല. യുവസുന്ദരികളുടെ രക്തം കുടിക്കാനായി ഭൂതപ്രേതാദികൾ ഓരോ കുറ്റിക്കാട്ടിലും പതിയിരിക്കുന്ന രാവിന്റെ ഭീതിദമായ യാമങ്ങളിൽ ഒറ്റയ്ക്കു് നിലാവിൽ ചുറ്റിക്കറങ്ങാൻ ഗീതക്കു് തെല്ലും ഭയമില്ലെന്നു് വേണം ഊഹിക്കാൻ. ഇനി, ഗീത എന്നതുകൊണ്ടു് ലേഖകൻ ഉദ്ദേശിക്കുന്നതു് മനുഷ്യജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാനായി സാക്ഷാൽ ദൈവം ഉപദേശിച്ച ഭഗവദ്‌ഗീതയാണെങ്കിൽ, അതുപോലൊരു ഗീതയെ പ്രതിഫലനത്തിലൂടെ മാത്രം പ്രകാശം പരത്തുന്ന നിലാവുപോലെ സ്വന്തമായ വ്യക്തിത്വമില്ലാത്ത ഒന്നിന്റെ കീഴിൽ നിർത്തുന്നതു് ദൈവത്തോടു് ചെയ്യുന്ന ഒരു അനീതി ആണെന്നാണു് എന്റെ അഭിപ്രായം. ഒരു ദൈവവിശ്വാസിക്കു് ഉപദേശം നൽകാൻ മതിയായ ആദ്ധ്യാത്മികയോഗ്യതയൊന്നും എനിക്കില്ലെങ്കിലും, ശ്രീ രാധാകൃഷ്ണന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ ചന്ദ്രനേയും നിലാവിനേയുമൊക്കെ പൂർണ്ണമായും ഒഴിവാക്കി “ശാസ്ത്രസൂര്യനെ” ഗീതയുടെ നിഴലിൽ നിറുത്തിപ്പൊരിക്കാൻ മടിക്കുമായിരുന്നില്ല. ദൈവവചനത്തിന്റെ നിഴലിൽപ്പോലും ഉണങ്ങിപ്പൊരിഞ്ഞു് കരുവാളിക്കാനല്ലാതെ സൂര്യനു് മറ്റെന്തു് പോംവഴി? ശത്രു എത്ര ശക്തനാണോ, അത്രയും കൂടുതലായിരിക്കും അവനെ തോൽപ്പിക്കുന്നവന്റെ മഹത്വം. ആജാനബാഹുവും യഹൂദരുടെ ശത്രുവും അജയ്യനുമായിരുന്ന ഗോലിയാത്തിനെ വെറുമൊരു കവണിയേറുവഴി “ദൈവസഹായത്താൽ” തോൽപിച്ചതിന്റെ പേരിലാണു് ഒരു “ചിന്നപയ്യൻ” മാത്രമായിരുന്ന ദാവീദിനെ തങ്ങളുടെ രാജാവായി വാഴിക്കാൻ ഇസ്രായേൽജനം തീരുമാനിച്ചതു്. അതുപോലുള്ള കാര്യങ്ങൾക്കു് ദൈവവും കേരളത്തിലെ നേതാക്കളെയാണു് മാതൃകയാക്കുന്നതു്. ശത്രുക്കളെ വകവരുത്താൻ അവരും ഗുണ്ടകളെ ചുമതലപ്പെടുത്തുകയല്ലാതെ നേരിട്ടു് ഇടപെട്ടു് കൈകൾ കളങ്കപ്പെടുത്താറില്ലല്ലോ.

എങ്ങനെയാണു് ശ്രീ രാധാകൃഷ്ണൻ ഗീതയുടെ മാസ്മരശക്തി തിരിച്ചറിഞ്ഞതെന്നു് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ടു്. അതു് എന്റെ ഭാഷയിൽ അവതരിപ്പിച്ചാൽ ഏകദേശം ഇങ്ങനെ: അപ്ലൈഡ്‌ ഫിസിക്സ്‌ പഠിച്ചശേഷം ആസ്ട്രോഫിസിക്സിൽ ജോലി ചെയ്ത ശ്രീ രാധാകൃഷ്ണൻ ഒബ്സർവേറ്ററിയിലെ ദൂരദർശിനിയിലൂടെ “വിശ്വപ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യം” തേടുകയായിരുന്നു. അപ്പോൾ, അതാ അവിടെയൊരിടത്തിരുന്നു് സാക്ഷാൽ ഭഗവാൻ കണ്ണിറുക്കിക്കാണിക്കുന്നു! പിന്നെയൊട്ടും താമസിച്ചില്ല, ശ്രീ രാധാകൃഷ്ണൻ ആ മഹാസ്രഷ്ടാവിന്റെ പാദങ്ങളിൽ പ്രണമിക്കാൻ തീരുമാനിച്ചു! അങ്ങനെ പ്രണമിക്കുന്നതിനിടയിൽ ഒരത്ഭുതമെന്നോണം അദ്ദേഹത്തിന്റെ മനസ്സിലേക്കു് തന്റെ മുത്തച്ഛൻ ഗീതയിൽ നിന്നും ബാല്യത്തിൽ ഓതിക്കൊടുത്തിരുന്ന പാഠങ്ങൾ ഒരു വെളിപാടെന്നപോലെ കടന്നുവരുന്നു. ആ വാക്യങ്ങളിൽ തെളിഞ്ഞു് നിന്നതാണെങ്കിലോ ആധുനികശാസ്ത്രത്തിനു് ഇതുവരെ അഴിച്ചെടുക്കാനാവാത്ത സകല പ്രശ്നങ്ങളുടെയും ഉത്തരങ്ങളും! അത്ഭുതകരമായ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പെട്ടിയിൽ നിധിപോലെ സൂക്ഷിച്ചിരുന്നതിനാൽ പൊടിപിടിച്ചിരുന്ന ഗീത വീണ്ടുമെടുത്തു് വായിക്കാൻ അദ്ദേഹം തീരുമാനിക്കുന്നതോടെ ഗീതയ്ക്കു് “ഗീതാദർശനം” എന്നൊരു പുതിയ വ്യാഖ്യാനം ലഭിക്കുന്നു. ആരറിഞ്ഞു? ഗീതയെ വീണ്ടും പെട്ടിയിൽ ഭദ്രമായി അടച്ചുവയ്ക്കാനും ഒരു പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം ഒന്നുകൂടി വായിക്കാനും അദ്ദേഹത്തിനു് തോന്നിയാൽ ഗീതയ്ക്കു് മറ്റൊരു വ്യാഖ്യാനം കൂടി ലഭിച്ചുകൂടായ്കയില്ല. ഈശ്വരൻ ലോകത്തെ രക്ഷിക്കട്ടെ!

എല്ലാ വിശ്വാസികൾക്കും സംഭവിക്കുന്നതേ ശ്രീ രാധാകൃഷ്ണനും ഇവിടെ സംഭവിച്ചുള്ളു. നന്മ, തിന്മ, ആദ്ധ്യാത്മികത, ദൈവം എന്നതൊക്കെ പോയിട്ടു് ആട്ടിൻകാട്ടം എന്നാലെന്തു്, കൂർക്കക്കിഴങ്ങു് എന്നാലെന്തു് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത ചെറുപ്രായത്തിലും മുതിർന്നവർ – പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ ദൃഷ്ടിയിൽ വേണ്ടപ്പെട്ടവരായ ബന്ധുക്കൾ – ചൊല്ലിക്കൊടുക്കുന്ന പദങ്ങൾ ഹൃദിസ്ഥമാക്കാൻ മനുഷ്യക്കുഞ്ഞുങ്ങൾക്കു് കഴിയും. മറ്റെല്ലാ ഇൻഫർമേഷനുകളും പോലെതന്നെ ബാല്യത്തിൽ തത്തക്കിളിയെപ്പോലെ ആവർത്തിക്കപ്പെടുന്ന “ദൈവവചനങ്ങളും” തലച്ചോറിലെ നിശ്ചിത കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെടുന്നതു് ഓട്ടോമാറ്റിക്‌ ആയിട്ടായതിനാൽ പിന്നീടു് അതിൽ നിന്നുമുള്ള ഒരു മോചനം അങ്ങേയറ്റത്തെ പരിശ്രമം കൊണ്ടേ സാദ്ധ്യമാവൂ. എങ്കിൽപ്പോലും, പൂർണ്ണമായ ഒരു മോചനം മിക്കവാറും അസാദ്ധ്യമായിരിക്കും. കാരണം, മനുഷ്യന്റെ ഇച്ഛാശക്തിക്കു് എളുപ്പം സ്വാധീനിക്കാൻ കഴിയുന്നതല്ല അത്തരം വിവരങ്ങൾ ശേഖരിക്കപ്പെടുന്ന തലച്ചോറിലെ കേന്ദ്രങ്ങൾ. അങ്ങനെ ആയിരുന്നെങ്കിൽ ഡ്രൈവിംഗ്‌, സൈക്കിൾ സവാരി മുതലായ, ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ തലച്ചോറിന്റെ ഓട്ടോമാറ്റിക്‌ ആയ നിയന്ത്രണത്തിൽ സംഭവിക്കുന്ന, എത്രയോ പ്രവൃത്തികൾ ചെയ്യാൻ മനുഷ്യനു് സാധിക്കുമായിരുന്നില്ല. പോരെങ്കിൽ, നിലനിൽപിനുതന്നെ അനുപേക്ഷണീയം എന്ന രീതിയിൽ പഠിപ്പിക്കപ്പെടുന്നവയും ആ അർത്ഥത്തിൽത്തന്നെ ശേഖരിക്കപ്പെടുന്നവയുമാണല്ലോ എല്ലാത്തരം വേദവാക്യങ്ങളും! ഈ കാഴ്ചപ്പാടിൽ നിന്നുനോക്കുമ്പോൾ, ബുദ്ധിയുടെ സ്വാതന്ത്ര്യം എന്നാൽ എന്തെന്നു് അറിയാവുന്നവരും, അതിനനുസരിച്ചു് മക്കളെ വളർത്താൻ ശേഷിയുള്ളവരുമായ മാതാപിതാക്കളാണു് ഒരു മനുഷ്യനു് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്നു് പറയുന്നതിൽ തെറ്റില്ല. “കുഞ്ഞിലെ പഠിക്കാത്തതു് മുതിർന്നാലും പഠിക്കില്ല” എന്ന ചൊല്ല്  എത്രത്തോളം ശരിയാണോ, അതിനേക്കാൾ കൂടുതൽ ശരി എന്നു് പറയാവുന്നതു് “കുഞ്ഞിലെ പഠിച്ചതു് മുതിർന്നാലും മറക്കില്ല” എന്ന ചൊല്ലാണു്. ചൊല്ലുകളുടെ ലക്ഷ്യം അവ ചൊല്ലുന്നവരുടെ ലക്ഷ്യം നിറവേറ്റലാണെന്നതിനാൽ, അങ്ങനെയൊരു ചൊല്ല് ഇല്ലെന്നു് വന്നാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, അതുപോലൊരു ചൊല്ല് ബാല്യത്തിൽ ചൊല്ലിക്കൊടുത്തവർ ഏറ്റുചൊല്ലിയവർക്കു് – അവരുടെ ഭാവി എന്തായിത്തീരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ – അഡ്വാൻസായി നൽകിയ ഒരു കുറ്റസമ്മതമായി മാറിക്കൂടെന്നില്ലല്ലോ. അതുപോലുള്ള സാഹചര്യങ്ങൾ മനുഷ്യജീവിതത്തിൽ വിരളമല്ലതാനും.

എന്താണു് “ഗീതാദർശനം” എന്ന വ്യാഖ്യാനം കൊണ്ടു് അദ്ദേഹം ഉദ്ദേശിക്കുന്നതു്? ശ്രീ രാധാകൃഷ്ണന്റെ സ്വന്തം അഭിപ്രായത്തിൽ പറഞ്ഞാൽ, മൊബൈൽ ഫോണിന്റെയോ മൈക്രോവേവ്‌ അവനിന്റെയോ ഒക്കെ കൂട്ടത്തിൽ ലഭിക്കുന്ന ഒരു ഇരുന്നൂറു് പേജുള്ള യൂസേഴ്സ്‌ മാന്യുവൽ പോലെ ജീവിതത്തിനായുള്ള ഒരു കൈപ്പുസ്തകമാണു് ഗീത. ഒരു ഉപാധികളുമില്ലാതെ ജീവിക്കാൻ മനുഷ്യരെ പഠിപ്പിക്കുന്ന ഒരു കൈപ്പുസ്തകം. ഒരു ഉപാധിയുമില്ലാതെ ജീവിക്കാൻ എന്തിനു് ഗീത എന്നൊരു ഉപാധി എന്നു് എന്തുകൊണ്ടു് ആ വാചകം എഴുതിയപ്പോൾ അദ്ദേഹം സ്വയം ചോദിച്ചില്ല എന്നെനിക്കറിയില്ല. സർവ്വജ്ഞാനിയായ ഒരു ഭഗവാനു് ആരുടെയും വ്യാഖ്യാനമില്ലാതെ മനുഷ്യർക്കു് മനസ്സിലാക്കാൻ കഴിയുന്നവിധത്തിൽ തന്റെ ഉപദേശങ്ങൾ ക്രോഡീകരിക്കാൻ എന്തുകൊണ്ടു് കഴിയുന്നില്ല എന്നും എന്തുകൊണ്ടോ അദ്ദേഹം ചിന്തിച്ചില്ല. ഗീതയെപ്പറ്റി കേട്ടുകേൾവി പോലുമില്ലാതെ ജീവിച്ചവരും ജീവിക്കുന്നവരുമായ കോടിക്കണക്കിനു് മനുഷ്യരുണ്ടു്. എന്തു് പരിമിതിയുടെ പേരിലായാലും അവരിൽ എത്താൻ കഴിയാതെ പോയ ഗീതയിലെ ഏതാനും വാക്യങ്ങൾക്കു്, ലോജിക്കലായി ചിന്തിക്കാൻ മൗലികമായിത്തന്നെ ബാദ്ധ്യസ്ഥനായ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ, എന്തു് ദൈവികതയാണു് ശ്രീ രാധാകൃഷ്ണൻ കൽപിക്കുന്നതെന്നും വാസ്തവത്തിൽ എനിക്കറിയില്ല. എല്ലാ മതങ്ങൾക്കും അവരവരുടെ വേദഗ്രന്ഥങ്ങൾ – മറ്റു് മതങ്ങളുടെ ദൃഷ്ടിയിൽ അവ തെറ്റാവട്ടെ, ശരിയാവട്ടെ – ജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാൻ കഴിയുന്നതും ദൈവികമായതുമായ ഒരേയൊരു “യൂസേഴ്സ്‌ മാന്യുവൽ” ആണെന്ന കാര്യം ശ്രീ രാധാകൃഷ്ണൻ എന്തുകൊണ്ടാണു് മറക്കുന്നതു്?

മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ശാസ്ത്രജ്ഞരുടെ സൃഷ്ടിയാണു്. അവ എങ്ങനെ ഉപയോഗിക്കണം എന്നു് ഉപഭോക്താക്കൾക്കു് വിശദീകരിച്ചു് കൊടുക്കേണ്ടതു് അവ നിർമ്മിച്ചവരുടെ ചുമതലയാണു്. പൊതുവായ ഗൈഡ്‌ലൈൻസ്‌ ഇല്ലെങ്കിൽ ഒരു എഞ്ചിനിയർ നിർമ്മിച്ച ഉപകരണത്തിലെ സ്വിച്ചുകൾ പോലും എന്തിനുള്ളവയാണെന്നു് അറിയാൻ മറ്റൊരു എഞ്ചിനിയർക്കു് കഴിയണമെന്നില്ല. അതു് ഉപകരണസാങ്കേതികത്വത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. അതിൽ നിന്നും വ്യത്യസ്തമായി, മനുഷ്യർ പ്രകൃതിയുടെ സൃഷ്ടിയാണു് (പ്രകൃതിയിൽ പ്രകൃത്യാ ഉരുത്തിരിഞ്ഞതാണെന്നു് കൂടുതൽ ശരി). മറ്റെല്ലാ ജീവികളെയും പോലെ ഈ ഭൂമിയിൽ ജീവിച്ചു് മരിക്കുന്നതിനുവേണ്ട, ജനിതകമായതും, സ്വയം പൂർത്തീകരിക്കാൻ കഴിയുന്നതുമായ യൂസേഴ്സ്‌ മാന്യുവലുകളുമായാണു് ആരോഗ്യവാനായ ഓരോ മനുഷ്യനെയും പ്രകൃതി ഈ ലോകത്തിലേക്കു് പറഞ്ഞുവിടുന്നതു്. അതിനാൽ മനുഷ്യജീവിതം ജീവിക്കാൻ സ്പെഷ്യലായി ഒരു ഗീതയോ മറ്റേതെങ്കിലുമൊരു വേദഗ്രന്ഥമോ ആവശ്യമില്ല. ചാപിള്ളകളെ ജീവിപ്പിക്കാനോ, അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ചികിത്സിക്കാനോ സംരക്ഷിക്കാനോ ഒരു ഗീതയ്ക്കും ആവില്ല. ചില മനുഷ്യർ അവരുടെ ഇത്തിക്കണ്ണിജീവിതം സുഖമായി ജീവിച്ചുതീർക്കാൻ ഗീത പോലെയുള്ള ഗ്രന്ഥങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതു് ശരിയാണു്. പക്ഷേ, അവർ ചെയ്യുന്നതു് അതുപോലുള്ള ഗ്രന്ഥങ്ങൾ കുത്തിയിരുന്നു് എഴുതിയുണ്ടാക്കിയവരുടെ ചിലവിൽ, പുറകെ നടക്കുന്ന കുറെയേറെ വിഡ്ഢികളെ അതിലെ വാക്കുകൾ അമ്മാനമാടിക്കാണിച്ചും, ചെലവാകുമെന്നു് തോന്നുന്നിടത്തു് ചെപ്പടിവിദ്യകൾ കാണിച്ചു് കണ്ണിൽ പൊടിയിട്ടും അതെല്ലാം എന്തോ വലിയ ആനക്കാര്യമാണെന്നു് വിശ്വസിപ്പിച്ചു് നടത്തുന്ന ചൂഷണം ചെയ്യൽ മാത്രമാണു്.

വിഡ്ഢികൾ എക്കാലവും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടു്. ആ അവസ്ഥക്കു് ഭാവിയിലും മാറ്റമൊന്നും വരാൻ പോകുന്നില്ല. അതും വേണമെങ്കിൽ ഒരുതരം പ്രകൃതിനിയമമാണെന്നു് പറയാം. പക്ഷേ, തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്നു് തിരിച്ചറിയാൻ കഴിയാത്തതു് തീർച്ചയായും ഒരു പ്രകൃതിനിയമമല്ല. അതു് മൃഗങ്ങളിൽ പോലും കാണാൻ കഴിയാത്തത്ര ദയനീയമായ വിഡ്ഢിത്തമാണു്. ഒരു ഈച്ച പോലും അടിച്ചുകൊല്ലാനായി ഇരുന്നുകൊടുക്കാറില്ല. ചെന്നായുടെ മുന്നിൽ നെഞ്ചും വിരിച്ചുനിന്നു് “ദൈവം വലിയവൻ” എന്നു് കൊട്ടിഘോഷിക്കാൻ മാത്രം ഒരു കോഴിയും വിഡ്ഢിയല്ല. ആ സന്ദർഭത്തിൽ ചെന്നായാണു് ദൈവത്തേക്കാൾ വലിയവൻ എന്നും തത്കാലം തന്റെ വിധികർത്താവു് ആ ചെന്നായാണെന്നും ഏതു് കോഴിക്കും അറിയാം. അതിനനുസരിച്ചു് ചെന്നായിൽ നിന്നും രക്ഷപെടാനുള്ള ഏതു് മാർഗ്ഗവും സാദ്ധ്യമെങ്കിൽ സ്വീകരിക്കാൻ ആ ജീവി മടിക്കുകയുമില്ല. പക്ഷേ, ദൈവസ്വരൂപിയും “ബുദ്ധിമാനുമായ” വിശ്വാസി അതിനേക്കാളൊക്കെ എത്രയോ കാതങ്ങൾ മുന്നിലാണു്. ഏതു് വിളിക്കാത്ത സദ്യയിലും വലിഞ്ഞുകയറിച്ചെന്നു് ദൈവം അക്ബറും ഹൈദറും ഔറംഗസീബും മറ്റു് പലതുമാണെന്നു് വായിട്ടലയ്ക്കാൻ മടിയില്ലാത്ത ഒരേയൊരു ജീവിയേ ഈ ലോകത്തിലുള്ളു – അതാണു് ദൈവവിശ്വാസിയായ മനുഷ്യൻ. (അവിശ്വാസികളെ “പുത്തിജീവി” എന്നു് പരിഹസിക്കുന്ന അതേ വിശുദ്ധവിശ്വാസി തന്നെ! മനുഷ്യബുദ്ധി എന്ന ശേഷി വിശ്വാസിയുടെ ദൃഷ്ടിയിൽ അവഹേളനം അർഹിക്കുന്ന ഒരു മഹാപാപമാണു്!)

ബൗദ്ധികവളർച്ചയുടെ ഫലമായി രൂപമെടുത്തതും നിരന്തരമെന്നോണം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സാംസ്കാരിക ജീവിതത്തിലെ പ്രശ്നങ്ങൾക്കു് പരിഹാരം കാണാൻ ആവശ്യമായ “യൂസേഴ്സ്‌ മാന്യുവൽ” സൃഷ്ടിക്കേണ്ടതു് മനുഷ്യൻ തന്നെയാണു്, ദൈവമല്ല. ആ യൂസേഴ്സ്‌ മാന്യുവൽ ഒരു കാരണവശാലും നിത്യനിതാന്തവും സമ്പൂർണ്ണവുമായ ഒന്നല്ല, അനിവാര്യമായി സംഭവിക്കുന്ന കാലത്തിന്റെ പുരോഗതിക്കും, സാഹചര്യങ്ങളിലെ മാറ്റങ്ങൾക്കും അനുസരിച്ചു് തിരുത്തപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യേണ്ടതാണതു്. അതിനു് ആർക്കെങ്കിലും യോഗ്യതയുണ്ടെങ്കിൽ അതു് മനുഷ്യനു് മാത്രമാണു്, അതിനു് എല്ലാ അർത്ഥത്തിലും യാതൊരു യോഗ്യതയുമില്ലാത്ത ഒന്നുണ്ടെങ്കിൽ അതു് ദൈവം എന്ന പൂജ്യം മാത്രവും. കാരണം, ഇല്ലാത്ത ഒരു ദൈവത്തിനു് എന്തെങ്കിലും പറയാൻ കഴിയുകയില്ല എന്നതിനാൽ, ദൈവം പറഞ്ഞു എന്നു് മനുഷ്യൻ പറഞ്ഞിട്ടുള്ളതല്ലാതെ ദൈവം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ഇനിയെന്നെങ്കിലും പറയുകയുമില്ല. ഉത്ഭവസ്ഥാനം തേടിപ്പോയാൽ ഏതു് ദൈവകൽപനയും, ഏതു് വെളിപാടു് ചരിതവും, ഏതു് ദിവ്യാത്ഭുതവർണ്ണനകളും അവയുടെ ആരംഭം കുറിച്ചതു് മനുഷ്യനിലാണു്, മനുഷ്യനിൽ മാത്രമാണു് എന്നു് മനസ്സിലാക്കാൻ കഴിയും. അതു് മനസ്സിലാക്കാൻ ഏതെങ്കിലും ഒരുത്തനു് കഴിയുന്നില്ലെങ്കിൽ അതിനു് ഒരർത്ഥമേയുള്ളു: അവൻ മുകളിൽ സൂചിപ്പിച്ചപോലെ, വിഡ്ഢിത്തത്തിന്റെ കാര്യത്തിൽ മൃഗങ്ങളെ കടത്തിവെട്ടാൻ മാത്രം സിമ്പിൾ സ്ട്രക്ച്ചേർഡ്‌ ആയ ഒരു മനുഷ്യരൂപിയാണു് – അവനെ, മോക്ഷം പ്രാപിക്കാനായി കരഞ്ഞും വിളിച്ചും അവൻ നടന്നുതീർക്കുന്ന അവന്റെ വഴിയെ വിടുക എന്നതുമാത്രമേ സമയത്തിനു് വിലകൽപിക്കുന്ന മനുഷ്യർക്കു് കരണീയമായിട്ടുള്ളു.

ശ്രീ രാധാകൃഷ്ണൻ തുടരുന്നു: >>ഇതുവരെയുള്ള ഗീതാവ്യാഖ്യാനങ്ങൾക്കു് ഓരോ ഉദ്ദേശ്യമുണ്ടായിരുന്നു. അറിഞ്ഞവർ പല വിധത്തിൽ വ്യാഖ്യാനിച്ചതല്ലാതെ ആരും – ഗാന്ധിജിയും ശങ്കരാചാര്യരുമടക്കം – സത്യം പറഞ്ഞില്ല. മായാവാദം സ്ഥാപിക്കാനാണു് ശങ്കരാചാര്യർ ഗീതയെ ഉപയോഗിച്ചതെങ്കിൽ, ഗാന്ധിജിക്കും, ബാലഗംഗാധരതിലകനും സ്വാതന്ത്ര്യസമരത്തിന്റെ വിജയത്തിനായിരുന്നു ഗീതയുടെ സ്വാധീനം വേണ്ടിയിരുന്നതു്. സ്വാമി ചിന്മയാനന്ദനാകട്ടെ ആചാരാനുഷ്ഠാനങ്ങൾക്കെതിരെ ഗീതയിൽ പറയുന്ന കാര്യങ്ങൾ തെളിച്ചു് പറയാൻ മടിച്ചു. മറ്റുചിലർ ഗീതയെ മതത്തിന്റെ ചട്ടക്കൂട്ടിൽ തളച്ചിടാൻ ശ്രമിച്ചു<<.

അറിയപ്പെടുക മാത്രമല്ല, ആരാധിക്കപ്പെടുകപോലും ചെയ്യുന്ന ഈ വ്യക്തിത്വങ്ങൾ ഇതൊക്കെയാണു് ചെയ്തതെങ്കിൽ, തീർച്ചയായും അതു് ന്യായമായിരുന്നില്ല എന്നു് സമ്മതിക്കുമ്പോൾ തന്നെ, ശ്രീ രാധാകൃഷ്ണൻ ഇപ്പോൾ ചെയ്യുന്നതു് അതിൽ നിന്നും ഏതർത്ഥത്തിലാണു് വ്യത്യസ്തമായിരിക്കുന്നതു്? ശ്രീ രാധാകൃഷ്ണന്റേതാണു് ഗീതയുടെ ശരിയായ വ്യാഖ്യാനമെന്നു് ഒരു വായനക്കാരൻ എന്ന നിലയിൽ ഒരുവൻ എന്തടിസ്ഥാനത്തിൽ വിശ്വസിക്കണം? തന്റെ സ്വന്തം വചനങ്ങളെ വളയ്ക്കുകയോ, ഒടിക്കുകയോ, അവയവങ്ങൾ ആമ്പ്യുട്ടേറ്റ്‌ ചെയ്യുകതന്നെയോ ചെയ്യുന്നതിനു് തുല്യമായ ഇത്തരം വ്യാഖ്യാനങ്ങളെല്ലാം മനുഷ്യരുടെ ഇടയിൽ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടപ്പോൾ, ഒരു ഒറിജിനൽ നിർഗ്ഗുണബ്രഹ്മത്തിനു് തികച്ചും അനുയോജ്യമായ വിധത്തിൽ “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടിൽ ആ ദൈവനിന്ദകൾക്കുനേരെ നിശ്ശബ്ദതയും നിഷ്ക്രിയത്വവും പാലിച്ച ഒരു ദൈവത്തിന്റെ കൈകളിലേക്കു് എന്തു് ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരുവനു് അവനു് ആകെയുള്ള ഒരു ജീവിതത്തെ ഏൽപിച്ചുകൊടുക്കാനാവും? ഗീതയെ കത്തിക്കണമെന്നും, ഗീത തലയ്ക്കുവച്ചു് കിടന്നുറങ്ങണമെന്നുമൊക്കെ പറയുന്നതല്ലാതെ, ആരും ഗീതയെ മനസ്സിലാക്കിയിട്ടില്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ആരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു ഗ്രന്ഥത്തെ ശ്രീ രാധാകൃഷ്ണനു് മനസ്സിലാക്കാൻ പാടില്ല എന്നൊന്നുമില്ല. പക്ഷേ, അംഗീകാരയോഗ്യമായ തെളിവുകളുടെ അകമ്പടിയോടെയല്ലാതെ അങ്ങനെയൊരു അവകാശവാദത്തിനു് എന്തെങ്കിലും വലിഡിറ്റി നൽകാൻ അന്ധമായ മതവിശ്വാസം മൂലം വസ്തുതകൾ കാണാൻ കഴിയാതായിത്തീർന്നവർ ഒഴികെ മറ്റാരെങ്കിലും തയ്യാറാവുമോ?

താൻ പഠിച്ച ഫിസിക്സിനു് ഒരു ശാസ്ത്രകുതുകിയുടെ ന്യായമായ ചില സംശയങ്ങൾക്കു് ഉത്തരം നൽകാൻ സാധിച്ചില്ല എന്നു് ശ്രീ രാധാകൃഷ്ണൻ. ഏതു് ചോദ്യത്തിനും മറുപടിയായി നൽകാൻ കഴിയുന്ന, “ദൈവം” എന്നപോലുള്ള, ഒരു ദൈവവിശ്വാസി എപ്പോഴും പ്രതീക്ഷിക്കുന്ന ഒറ്റവാക്കുത്തരങ്ങൾ നൽകാൻ ശാസ്ത്രത്തിനാവില്ലെന്നു് അറിയാത്ത ഒരു വ്യക്തിക്കു് ശാസ്ത്രം എന്നാൽ എന്തെന്നുപോലും അറിയില്ലെന്നേ അർത്ഥമുള്ളു. ദൈവം എന്ന ഉത്തരം ലോകത്തിൽ ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ടു് സഹസ്രാബ്ദങ്ങളായി. ഈ ഭൂമിയിൽ വിഡ്ഢിത്തം ഉള്ളിടത്തോളം ആ ഉത്തരംകൊണ്ടു് തൃപ്തിപ്പെടുന്നവരും ഉണ്ടായിരിക്കും. അതുപോലൊരു മറുപടി മതിയായിരുന്നെങ്കിൽ ശാസ്ത്രം എന്നൊരു ഏർപ്പാടേ ഉണ്ടാവുമായിരുന്നില്ല. എന്തിനെയും ഏതിനേയും ദൈവവുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്നവർക്കുള്ളതല്ല ശാസ്ത്രം. എന്താണു് പ്രപഞ്ചം? എന്താണു് അതിന്റെ അധിഷ്ഠാനം? എന്താണു് ജീവൻ? മുതലായ ചോദ്യങ്ങൾ ഫിലോസഫിയുടെ വകുപ്പിൽ പെടുന്നവയാണു്. പക്ഷേ, ഏതാനും ദശകങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളർച്ചയിൽ ഒപ്പമെത്താൻ കഴിയാത്ത അവസ്ഥയിലാണിന്നു് ഫിലോസഫി. പോരെങ്കിൽ, പാറമടകളിലെ ക്രഷറിൽ ഇട്ടാൽ പോലും മനസ്സിലാക്കാൻ പാകത്തിനു് ഒരുവിധം പൊട്ടിച്ചെടുക്കാൻ പറ്റാത്ത വാക്കുകളും വാചകങ്ങളും ഉന്തിയുരുട്ടിക്കൊണ്ടു് ഹേഗെലിനെപ്പോലുള്ള തത്വചിന്തകർ നടത്തിയ അക്രോബാറ്റിക്സിനും ഇത്തരം പ്രശ്നങ്ങളുടെ മറുപടി കണ്ടെത്താനായില്ലെന്നു് മാത്രമല്ല, അതു് മനുഷ്യരെ മടുപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ അതുകൊണ്ടാവാം, “വാക്കുകൾ ചെയ്യേണ്ടതു് യാഥാർത്ഥ്യത്തെ യുക്ത്യനുസൃതമായ രൂപത്തിൽ വെളിപ്പെടുത്തുകയാണു്. പറയാൻ കഴിയുന്നവ തെളിച്ചും വ്യക്തമായും പറയാൻ കഴിയും. പറയാൻ കഴിയാത്തവയെപ്പറ്റി മനുഷ്യൻ നിശ്ശബ്ദത പാലിക്കണം” എന്ന വാക്കുകളിലൂടെ ലുഡ്‌വിഗ്‌ വിറ്റ്‌ഗെൻസ്റ്റൈൻ യൂറോപ്യൻ ക്ലാസിക്കൽ തത്വചിന്തയുടെ മരണമണി മുഴക്കിയതു്. പ്രപഞ്ചത്തെ സംബന്ധിച്ചു് മുഴുവനും അറിയാൻ കഴിയുന്നതു് നല്ല കാര്യമാണു്. പക്ഷേ, ചുവടുചുവടായിപ്പോലും വസ്തുതകൾ മനസ്സിലാക്കാൻ പാടുപെടുന്ന മനുഷ്യനു് മുഴുവൻ വസ്തുതകളും ഒരുമിച്ചു് അറിയാൻ കഴിയുന്നതെങ്ങനെ എന്നു് “മുഴുവൻ ജ്ഞാനം” അവകാശപ്പെടുന്നവർ ആലോചിക്കുന്നതു് അതിനേക്കാൾ നല്ല കാര്യമാണു്. തനിക്കു് നേരിയ തോതിൽപ്പോലും അനുഭവമോ അറിവോ ഇല്ലാത്ത ലോകങ്ങളിലേക്കു്, അഥവാ, തനിക്കതീതമായി, ചിന്തിക്കാനുള്ള ശേഷി മനുഷ്യനുണ്ടു്. ആ ചിന്തകൾ പക്ഷേ യാഥാർത്ഥ്യങ്ങളെയാണു് പ്രതിനിധീകരിക്കുന്നതു് എന്ന അവകാശവാദത്തിനു് യുക്തിസഹമായൊരു നീതീകരണം നൽകുന്നതെങ്ങനെ?

ശാസ്ത്രം ഇത്ര വളർന്നിട്ടും എന്തുകൊണ്ടു് മനുഷ്യന്റെ മനസ്സിനേയും ചുറ്റുമുള്ള ലോകത്തെയും നന്നാക്കാൻ അതിനു് കഴിയാതെ പോകുന്നു എന്നാണു് ശ്രീ രാധാകൃഷ്ണന്റെ ചോദ്യം. എന്നുമുതലാണു് ഇന്നത്തേതുപോലുള്ള ഒരു ശാസ്ത്രത്തെ വളരാൻ മതങ്ങൾ അനുവദിക്കാൻ തുടങ്ങിയതു്? എത്ര വർഷത്തെ വളർച്ചയുണ്ടു് ആധുനികശാസ്ത്രത്തിനു്? അതിനും എത്രയോ സഹസ്രാബ്ദങ്ങൾ മുൻപുമുതൽ “മനുഷ്യമനസ്സിനെ നന്നാക്കാൻ” മതങ്ങൾ ശ്രമിച്ചിട്ടു് എന്തേ ആ ശ്രമങ്ങൾ അപ്പാടെ ചീറ്റിപ്പോയി? അതിനു് മതങ്ങൾക്കു് സർവ്വശക്തിയും സർവ്വജ്ഞാനവുമുള്ള ഒന്നോ ഒന്നിലധികമോ ദൈവങ്ങളുടെ പിന്തുണയുണ്ടായിരുന്നിട്ടുപോലും? ശാസ്ത്രത്തിനു് ലഭിച്ച ചുരുങ്ങിയ കാലഘട്ടം കൊണ്ടു് മനുഷ്യന്റെ അറിവു് വർദ്ധിപ്പിക്കാനും, അവനു് ചുറ്റുമുള്ള ലോകത്തെ ജീവിതയോഗ്യമാക്കുവാനും ശാസ്ത്രം ഒന്നും ചെയ്തില്ല എന്നു് പരാതിപ്പെടാൻ ചില്ലറ അന്ധതയൊന്നും പോരാ. മനുഷ്യരുടെ ജീവിതദൈർഘ്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞതു് ശാസ്ത്രത്തിന്റെ നേട്ടമല്ലെന്നുണ്ടോ? അന്തസ്സോടെ അക്കമിട്ടു് എഴുതാൻ കഴിയുന്ന വേറെ എത്രയോ നേട്ടങ്ങളുണ്ടു്. ചത്താൽ സ്വർഗ്ഗം ലഭിക്കുമെന്നോ, വീണ്ടും ജനിക്കുമെന്നോ ഒക്കെയുള്ള, ബോധമുള്ള ആരും ഇന്നു് മുഖത്തേക്കു് തിരിച്ചെറിയുന്നതരം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നവർക്കു് മനുഷ്യായുസ്സു് കൂടിയാലെന്തു്, കുറഞ്ഞാലെന്തു്? മനുഷ്യജീവിതത്തിന്റെ പുരോഗതിക്കും ലളിതവത്കരണത്തിനുമായി ശാസ്ത്രം നൽകിയിട്ടുള്ള സംഭാവനകളുടെ നേരിയ ഒരംശമെങ്കിലും എല്ലാ മതങ്ങളും കൂടി ഇതുവരെ മനുഷ്യർക്കു് ചെയ്തിട്ടുള്ള “സഹായങ്ങൾ” ആകെമൊത്തം അരിച്ചുപെറുക്കിയാലും ലഭിക്കുകയില്ലെന്നു് തീർച്ച. മതങ്ങൾ മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു് പാപമോചനം നേടി മോക്ഷം പ്രാപിക്കാനായി ശാരീരികവും, മാനസികവുമായി ആത്മപീഡനം നടത്താനും, ദൈവത്തിനു് സാമ്പത്തിക സഹായം ചെയ്യാനുമാണല്ലോ. മനുഷ്യന്റെ മനസ്സിനെയും ചുറ്റുമുള്ള ലോകത്തെയും നന്നാക്കാൻ ദൈവനാമത്തിൽ വച്ചുനീട്ടപ്പെടുന്ന വേദഗ്രന്ഥാധിഷ്ഠിത സർവ്വപ്രശ്നസംഹാരി!

(തുടരും)

 
8 Comments

Posted by on Oct 30, 2011 in മതം

 

Tags: , , ,