RSS

Monthly Archives: Jan 2011

എവൊല്യൂഷനും സൃഷ്ടിവാദികളും

ആർട്ടിഫിഷ്യൽ സെലക്ഷൻ വഴി വളർത്തുമൃഗങ്ങളിലും സസ്യങ്ങളിലുമെല്ലാം പരിണാമം സംഭവിപ്പിക്കാനാവുമെന്നു് നമുക്കറിയാം. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾകൊണ്ടു് വളർത്തുമൃഗങ്ങളിലും, (പ്രത്യേകിച്ചും നായ്ക്കളിൽ) വളർത്തുപക്ഷികളിലും, പച്ചക്കറിവർഗ്ഗങ്ങളിലുമെല്ലാം മനുഷ്യനിയന്ത്രണത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ എവൊല്യൂഷൻ കാണാതിരിക്കാനാവില്ലല്ലോ. ആരംഭകാലങ്ങളിൽ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ആഹാരത്തിനായി ചുറ്റിത്തിരിയാൻ തുടങ്ങിയ ചെന്നായ്ക്കളെ കാലക്രമേണയാണു് മനുഷ്യർ വളർത്തുമൃഗങ്ങൾ ആക്കി മാറ്റിയെടുത്തതു്. അവയിൽ നിന്നും ബ്രീഡിംഗ്‌ വഴി വളർത്തിയെടുക്കപ്പെട്ട, അങ്ങേയറ്റം വ്യത്യസ്തമായ നൂറുകണക്കിനു് ശ്വാനവർഗ്ഗങ്ങൾ ഇന്നു് നിലവിലുണ്ടു്. എത്രയോ പശുക്കുട്ടികൾ കുടിച്ചാലും തീരാത്തത്ര പാലു് സാധാരണയിലും കൂടിയ കാലത്തേക്കു് ഉൽപാദിപ്പിക്കാൻ കഴിയുന്നവിധത്തിൽ പശുക്കളുടെ അകിടിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതും നമ്മൾ കാണുന്നുണ്ടു്. തത്വത്തിൽ, ഈ വിധത്തിലുള്ള പരിണാമങ്ങൾ ഓരോന്നും മനുഷ്യരിലും സാദ്ധ്യമാവുന്നവയാണു്. കാബേജ്‌ മുതലായ പച്ചക്കറികൾ, റോസ്‌, ഓർക്കിഡ്‌ തുടങ്ങിയ പൂവുകൾ ഇവയിലെല്ലാം അപൂർവ്വമായ ഇനങ്ങൾ സൃഷ്ടിച്ചെടുക്കാൻ മനുഷ്യനു് കഴിഞ്ഞിട്ടുണ്ടെന്നതും ഇന്നു് ഒരു ദൈനംദിനാനുഭവമാണു്. ആർട്ടിഫിഷ്യൽ സെലക്ഷൻ വഴിയുള്ള പരിണാമത്തിന്റെ അനേകം ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണിവ. ഈ വസ്തുതകളെല്ലാം തെളിയിക്കുന്നതു് എവൊല്യൂഷൻ എന്നതു് ഒരു കെട്ടുകഥയല്ല, പ്രായോഗികമായി നമ്മുടെ കണ്മുന്നിൽത്തന്നെ സാദ്ധ്യമാവുന്ന ഒരു കാര്യമാണെന്നല്ലാതെ മറ്റെന്താണു്? ഇവിടെയെല്ലാം എവൊല്യൂഷനു് വേണ്ടി കൃത്രിമമായി സെലക്ഷൻ നടത്തുന്നതു് മനുഷ്യരാണെങ്കിൽ, നാച്യുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷനിൽ മനുഷ്യന്റെ സ്ഥാനം പ്രകൃതി ഏറ്റെടുക്കുന്നു എന്ന ഒരു വ്യത്യാസമേയുള്ളു. ഹോബി ആയോ, ബിസിനസ്‌ ലക്ഷ്യമാക്കിയോ മനുഷ്യരുടെ മേൽനോട്ടത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും, അത്തരം സ്വാർത്ഥമായ താത്പര്യങ്ങളൊന്നുമില്ലാതെ, സര്‍വൈവലിനു് യോഗ്യമായവ പ്രോത്സാഹിപ്പിക്കപ്പെടുന്ന പ്രകൃതിസഹജതയായ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷനും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവ രണ്ടും സംഭവിക്കാൻ വേണ്ടിവരുന്ന കാലദൈർഘ്യമാണു്. ഉദാഹരണത്തിനു്, നായ്ക്കളുടെ കാര്യത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള പരിണാമങ്ങൾ സംഭവിപ്പിച്ചു് നൂറുകണക്കിനു് വ്യത്യസ്ത ഇനങ്ങളെ സൃഷ്ടിക്കാൻ മനുഷ്യനു് ഏതാനും നൂറ്റാണ്ടുകളിലെ പരിശ്രമമേ വേണ്ടിവന്നുള്ളു. അതേസമയം, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിൽ, പൊതുവായ ഒരു പൂർവ്വികനിൽനിന്നും വ്യത്യസ്ത സ്പീഷിസ്‌ പരിണമിച്ചുണ്ടാവാൻ വേണ്ടിവരുന്നതു് ലക്ഷക്കണക്കിനു് വർഷങ്ങളാണു്.

എവൊല്യൂഷനിൽ വിശ്വസിക്കാത്ത ക്രിസ്തീയവിശ്വാസികൾക്കുവേണ്ടി ബൈബിളിൽ നിന്നുതന്നെ ഒരു “ആർട്ടിഫിഷ്യൽ സെലക്ഷൻ” കഥ: അൽപം വ്യത്യസ്തമായ രീതിയിലാണെങ്കിലും, കൃത്രിമമായ സെലക്ഷൻ വഴി വരയും പുള്ളിയുമുള്ള ആടുകളെ മാത്രം ജനിപ്പിക്കുന്ന തന്ത്രം ബൈബിളിലും വർണ്ണിക്കുന്നുണ്ടു്. കൗശലക്കാരനായ പുരാതനപിതാവു് യാക്കോബ്‌ അവന്റെ സൂത്രക്കാരനായ അമ്മായപ്പൻ ലാബാൻ തന്റെ പങ്കു് ആടുകളെക്കൂടി ഒപ്പിച്ചെടുക്കാതിരിക്കാനായി ഒരിക്കൽ ഒരു ഉടമ്പടി ഉണ്ടാക്കുന്നു: ചെമ്മരിയാടുകളിൽ കറുത്തവയൊക്കെയും, കോലാടുകളിൽ പുള്ളിയും മറവുമുള്ളവയൊക്കെയും തന്റെ പ്രതിഫലവും ബാക്കിയുള്ളവയെല്ലാം അമ്മായപ്പനുള്ളവയും ആയിരിക്കും. പിന്നീടു് പങ്കുവയ്ക്കുമ്പോൾ, തന്റെ പങ്കിൽ അങ്ങനെയല്ലാത്തവയെ കണ്ടാൽ അവ മോഷ്ടിക്കപ്പെട്ടവയാണെന്നു് കരുതാം. ഈ രണ്ടു് ഗ്രൂപ്പും തമ്മിൽ മൂന്നു് ദിവസത്തെ അകലമുണ്ടായിരിക്കും. ഈ ഉടമ്പടി രണ്ടുപക്ഷവും അംഗീകരിക്കുന്നു. തന്റെ ആടുകളെല്ലാം ഇപ്പറഞ്ഞ ഗുണങ്ങൾ ഉള്ളവയായി ജനിക്കുന്നതിനു് യാക്കോബ്‌ ചെയ്തതായി പറയുന്ന കാര്യങ്ങളെ മുഖവിലയ്ക്കെടുക്കാതെ, ഇന്നത്തെ ബുദ്ധിയുപയോഗിച്ചു് പ്രായോഗികമായി ചിന്തിച്ചാൽ, ഇവിടെ നമുക്കു് കാണാൻ കഴിയുന്നതു് ഒരു പ്രത്യേക ഇനം ആടുകളെ ജനിപ്പിക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന ആർട്ടിഫിഷ്യൽ സെലക്ഷനല്ലാതെ മറ്റൊന്നുമല്ല. താത്പര്യമുള്ളവർക്കു് ഉൽപത്തിപ്പുസ്തകം മുപ്പതാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിയിൽ ഈ ഭാഗം വിശദമായി വായിക്കാം. ഏതാനും ദശകങ്ങൾ മാത്രം പ്രായമുള്ള ഒരു ശാസ്ത്രശാഖയാണു് ജെനറ്റിക്സ്‌ എന്നതിനാൽ, യാക്കോബിന്റെ കഥയിലെന്നപോലെതന്നെ, ചുരുക്കം നൂറ്റാണ്ടുകൾക്കു് മുൻപു് നായ്ക്കളെ ബ്രീഡ്‌ ചെയ്യാൻ ആരംഭിച്ചവരും ജെനറ്റിക്സ്‌ വിദഗ്ദ്ധർ ഒന്നുമായിരുന്നില്ല.

മനുഷ്യനും കുരങ്ങും ഒരു പൊതുവായ പൂർവ്വികനിൽ നിന്നും വരുന്നു എന്നു് കേൾക്കുമ്പോൾ, സാമാന്യബുദ്ധിയിൽ അതു് അവിശ്വസനീയമായി നമുക്കു് തോന്നുന്നുവെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം, ഈ മാറ്റത്തിനു് വേണ്ടിവരുന്ന ദശലക്ഷക്കണക്കിനു് വർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വസ്തുത കാണാനുള്ള നമ്മുടെ സ്വാഭാവികമായ കഴിവുകേടാണു്. ഇന്നത്തെ അവസ്ഥയിൽ, ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷങ്ങൾ മാത്രം ആയുസ്സുള്ള മനുഷ്യന്റെ സാമാന്യചിന്തക്കു് ഉൾക്കൊള്ളാനാവുന്നതല്ല അനേക ലക്ഷവും കോടിയും വർഷങ്ങളിലൂടെ ജീവിവർഗ്ഗങ്ങളിൽ നടന്ന പരിണാമങ്ങൾ. ഭൂമിയിലെ അതിജീവനത്തിനുവേണ്ടി ഇരതേടുക, ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയുക, ഇണയെ കണ്ടെത്തുക മുതലായ ലക്ഷ്യങ്ങൾ സാദ്ധ്യമാവുന്നതിനാണു് ഇന്ദ്രിയങ്ങളും ബുദ്ധിയുമെല്ലാം, മറ്റേതൊരു ജീവിയിലുമെന്നപോലെതന്നെ, മനുഷ്യരിലും എവൊല്യൂഷൻ വഴി രൂപമെടുത്തതു്. അതുകൊണ്ടുതന്നെയാണു്, ആണവികതലത്തിൽ എന്തു് സംഭവിക്കുന്നു എന്നോ, ആകാശത്തിനുമപ്പുറമുള്ള ലോകത്തിൽ/ലോകങ്ങളിൽ എന്തു് സംഭവിക്കുന്നു എന്നോ അറിയാനുള്ള ശേഷി നൽകുന്ന ഇന്ദ്രിയങ്ങളൊന്നും മനുഷ്യർക്കില്ലാതെ പോയതു്. ഈ രണ്ടു് മൈക്രോ-മാക്രോ ലോകങ്ങൾക്കിടയിൽ, ഡോക്കിൻസിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരുതരം മധ്യലോകവാസികളായി, ഏതാനും ദശാബ്ദങ്ങൾ മാത്രം ചിലവഴിക്കാൻ കഴിയുന്നവരാണു് മനുഷ്യർ. ഭൂമിയിലെ അതിജീവനത്തിനു് അത്തരം കഴിവുകൾ ഒരു ആവശ്യമല്ല. ആയിരുന്നെങ്കിൽ, അവകൂടി എവൊല്യൂഷൻ വഴി നമുക്കു് ലഭിക്കുമായിരുന്നു എന്നു് ചിന്തിക്കുന്നതിൽ തെറ്റുമില്ല.

മനുഷ്യരെ ഒരു ഉന്നത സ്പീഷിസ്‌ ആയി പരിഗണിക്കുന്നതും അങ്ങേയറ്റം പരിഹാസ്യം എന്നേ പറയാനുള്ളു. മനുഷ്യരേക്കാൾ കൂടുതൽ ഇന്ദ്രിയശേഷിയോ കായികശേഷിയോ വേഗതയോ ഒക്കെ ഉള്ള പലതരം ജീവികൾ ലോകത്തിലുണ്ടു്. നാച്യുറൽ സെലക്ഷൻ വഴിയുള്ള എവൊല്യൂഷനിലൂടെ ആ ജീവികൾ കൈവരിച്ച അതിജീവനോപാധികളാണു് അവയുടെ ഈദൃശ കഴിവുകൾ. മനുഷ്യരിലെ ചില വിഭാഗങ്ങൾ അവരെ ഏതോ ഒരു ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തതാണെന്ന പൊങ്ങച്ചഭ്രാന്തിനെ സ്വന്തം മതം സ്ഥാപിച്ചും, ദൈവം നേരിട്ടു് ഇറക്കിക്കൊടുത്ത ഗ്രന്ഥങ്ങൾ പൊക്കിക്കാണിച്ചും ന്യായീകരിക്കാറുള്ളതു് നമ്മൾ കാണാറുണ്ടു്. ഈ ദൈവം തന്നെയാണു് മറ്റു് മനുഷ്യരെ സൃഷ്ടിച്ചതെന്നും അവർതന്നെ പറയുകയും ചെയ്യും! സ്നേഹസ്വരൂപിയായ ഒരു പിതാവു് ഒരു പ്രത്യേക മകന്റെ കുടുംബത്തെ “സ്വന്തം കുടുംബം” എന്നു് വേർതിരിക്കുന്നതിൽ അങ്ങേരെ കുറ്റപ്പെടുത്താനാവുമോ? പ്രപഞ്ചസ്രഷ്ടാവു് എന്നാൽ ഇത്തിരി വലിയ ഒരു ഗോത്രപിതാവു് എന്ന രൂപത്തിൽ കണ്ടിരുന്ന അറേബ്യൻ പെനിൻസുലയിലെ ഒരു പേട്രിയാർക്കൽ കാലഘട്ടത്തിന്റെ ബാക്കിപത്രമാണു് സെമിറ്റിക്‌ മതങ്ങളിൽ ഇന്നു് കാണുന്ന ദൈവം. എവൊല്യൂഷന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, അതുപോലെ ദൈവത്തിന്റെ സ്വന്തം എന്നു് സ്വയം ഉയർത്തി ദൈവത്തിനൊപ്പം തങ്ങളെ പ്രതിഷ്ഠിച്ച ഒരു ജനവിഭാഗം വേണ്ടത്ര കാലം മറ്റു് മനുഷ്യരിൽ നിന്നും വേർപെട്ടു് ഏതെങ്കിലും ഒരു ഒറ്റപ്പെട്ട ദ്വീപിലോ മറ്റോ കഴിഞ്ഞിരുന്നെങ്കിൽ, കുറേ ആയിരം വർഷങ്ങൾ കഴിയുമ്പോഴെങ്കിലും ആ ദ്വീപിനു് വെളിയിലുള്ള മറ്റു് മനുഷ്യസ്പീഷിസുമായി ഇണചേർന്നു് മക്കളെ ജനിപ്പിക്കാൻ കഴിയാത്തവിധം പരിണാമം സംഭവിച്ചു് ഒരുപക്ഷേ അവർ മറ്റൊരു (സ്വാഭാവികമായും അവരുടെ അഭിപ്രായത്തിൽ ഉന്നതമായ!) സ്പെഷ്യൽ സ്പീഷിസ്‌ ആയി മാറിയേനെ! ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മഹത്വമേറിയ ജനം ആയതിനാലാണു് ഞങ്ങൾ നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിൽ എവൊല്യൂഷൻ വഴി “ഹോമിയോ യഹോവാസ്കുസ്‌” എന്നോ “ഹോമിയോ അറാബിസ്കുസ്‌” എന്നോ മറ്റോ പേരിൽ മറ്റൊരു സ്പീഷിസ്‌ ആയി മാറിയതെന്നു് സമർത്ഥിക്കുകയുമാവാം. ആറുദിവസത്തെ അദ്ധ്വാനം കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം വീട്ടിലിരുന്നു് വിശ്രമിക്കാതെ ഗത്യന്തരമില്ലാത്തവിധം തളർന്നുപോയ ദൈവത്തിനു് മ്യൂട്ടേഷൻ, സെലക്ഷൻ മുതലായ തലവേദനകൾ ഒഴിവായിക്കിട്ടുന്നതിൽ സന്തോഷമേ ഉണ്ടാവാൻ വഴിയുമുള്ളു.

ഇന്ദ്രിയങ്ങൾ വഴി നേരിട്ടു് അറിയാൻ കഴിയാത്ത കാര്യങ്ങളെ ചെറിയചെറിയ ചുവടുകളിലൂടെ കൃത്രിമമായി അറിയാൻ സഹായിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കാൻ മനുഷ്യർക്കു് കഴിഞ്ഞതും, കഴിയുന്നതും പരിണാമം വഴി മനുഷ്യബുദ്ധിക്കു് സംഭവിച്ച പടിപടിയായുള്ള വളർച്ചയുടെ ഫലമായാണു്. ജീവൻ പോലും പണയപ്പെടുത്തേണ്ടി വന്നേക്കാമായിരുന്ന വിധം പ്രതികൂലമായിരുന്ന സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടു് എത്രയോ ശാസ്ത്രജ്ഞർ നൂറ്റാണ്ടുകളിലൂടെ നടത്തിയ വിശ്രമരഹിതമായ പരിശ്രമങ്ങളുടെ ഫലമായാണു് ഇത്രയൊക്കെ പ്രപഞ്ചരഹസ്യങ്ങൾ ലോകം ഇതിനോടകം മനസ്സിലാക്കിയെടുത്തതു്. ആരംഭകാലത്തു് ശാസ്ത്രജ്ഞർക്കു് ചിതയൊരുക്കിയവരുടെ പിന്മുറക്കാർ ഇന്നും പ്രകൃതിശാസ്ത്രങ്ങളെ “യുദ്ധശാസ്ത്രം” എന്നു് വിശേഷിപ്പിക്കുന്നു. അവർത്തന്നെ ഈ ഇളിഭ്യത്തരം കൊട്ടിഘോഷിക്കാൻ ആധുനികസാങ്കേതികവിദ്യകളുടെ സഹായം തേടുന്നു. ഈ ഇരട്ടത്താപ്പിലെ ഉളുപ്പില്ലായ്മ മറച്ചുപിടിക്കാനായി ശാസ്ത്രീയനേട്ടങ്ങൾ തങ്ങളുടേതു് കൂടിയാണെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്നു. പരിതാപകരമായ ഈ ജന്മങ്ങൾ സ്വന്തം വേദഗ്രന്ഥത്തെ ശാസ്ത്രീയമായി ഊനമറ്റതാണെന്നു് വരുത്താൻ യാതൊരു മടിയുമില്ലാതെ അതേ നാവുകൊണ്ടുതന്നെ അതേ “യുദ്ധശാസ്ത്രത്തിന്റെ” കൂട്ടുപിടിക്കുകയും ചെയ്യുന്നു. അവരുടെ മാന്ത്രിക ഏലസ്സ്‌, വിഗ്രഹങ്ങൾക്കു് വട്ടം ചുറ്റൽ, പള്ളിയുടെയും അമ്പലത്തിന്റെയും മുറ്റത്തെ തറയിൽ ഉരുളൽ, മലയിൽ നിന്നു് മലയിലേക്കു് ഓടൽ, ചെകുത്താനെ കല്ലെറിയൽ, ആത്മപീഡനം, മൃഗബലി, നോമ്പു്, മുട്ടുകുത്തൽ, കുരിശുവര, ശീർഷാസനം, ശവാസനം തുടങ്ങിയ, മതവിശ്വാസത്തിനു് വെളിയിലെ ലോകത്തിൽ ആരുചെയ്താലും അവരെ ഉടനെ മനോരോഗാശുപത്രിയിൽ എത്തിക്കേണ്ടവിധം സംശയരഹിതമെന്നു് ആരും സമ്മതിക്കുന്ന മുഴുഭ്രാന്തുകൾ മുഴുവൻ “യുക്തിഭദ്രം” ആണെന്നു് “തെളിയിക്കാൻ” അവർക്കു് ഏറ്റവും ആധുനികമായ ശാസ്ത്രത്തിൽ കുറഞ്ഞതൊന്നും വേണ്ടതാനും.

മനുഷ്യാസ്തിത്വത്തിനു് സംഭവിക്കാവുന്നതിൽ വച്ചു് ഏറ്റവും ദയനീയമായ അധഃപതനത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണു് വിശ്വാസികൾ എന്ന അസാമാന്യ “സ്പീഷിസ്‌”. ഏതു് സ്പീഷിസും സ്വന്തം വീഴ്ചയിൽ നിന്നും ഏതു് വിധേനയും കരകയറാൻ ശ്രമിക്കുമ്പോൾ, വിശ്വാസിവർഗ്ഗം അവർ സ്വയം ഏറ്റെടുക്കുന്ന അടിമത്വത്തിന്റെ ചെളിക്കുഴിയിൽ കിടന്നു് ആർപ്പുവിളിക്കുന്നതിലും വഴിപോക്കരെ ചെളിവാരി എറിയുന്നതിലും അങ്ങേയറ്റം സായൂജ്യം അനുഭവിക്കുന്നവരാണു്. കാരണം, അവരുടെ കാഴ്ചപ്പാടിൽ, അവർ ഈ ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല, സ്വർഗ്ഗരാജ്യമാണു് അവരുടെ ലോകം. അങ്ങോട്ടേക്കുള്ള യാത്രാമദ്ധ്യേ ചില പ്രാർത്ഥനകളും പൂജകളും മറ്റുചില തരികിടകളും അർപ്പിക്കുന്നതിനായി അവർ ഈ ഭൂമിയിൽ കുറച്ചുനാൾ തങ്ങുന്നു എന്നുമാത്രം. സാധാരണ മനുഷ്യർക്കു് ഗണിതശാസ്ത്രം എന്നപോലെ, തർക്കശാസ്ത്രമാണു് അവരുടെ മാതൃശാസ്ത്രം. എന്തിനെപ്പറ്റിയാണു് തർക്കിക്കുന്നതു് എന്നുപോലുമറിയാതെയാണു് തർക്കിക്കുന്നതെന്നു് മാത്രം. ഒരു സൃഷ്ടിവാദി വാദപ്രതിവാദങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയപദങ്ങൾ ശ്രദ്ധിച്ചാൽ, ശാസ്ത്രവുമായി ബന്ധമുള്ള ആർക്കും ഇക്കൂട്ടരുടെ “ശാസ്ത്രജ്ഞാനം” മനസ്സിലാക്കാനാവും. ശാസ്ത്രീയപ്രതിഭാസങ്ങളുടെ കടിച്ചാൽ പൊട്ടാത്ത കുറേ നാമങ്ങൾ ഏതെങ്കിലും സൃഷ്ടിവാദവെബ്‌സൈറ്റിൽ നിന്നും പകർത്തിവയ്ക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എവൊല്യൂഷനെപ്പറ്റി ചർച്ച ചെയ്യുമ്പോൾ എവൊല്യൂഷനായിരിക്കണം വിഷയം. സൃഷ്ടിവാദത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ സൃഷ്ടിവാദമായിരിക്കണം വിഷയം. എവൊല്യൂഷനെ തെറിപറഞ്ഞാൽ സൃഷ്ടിവാദത്തിന്റെ തെളിവാവുകയില്ല. അതുവഴി വെറുതെ പടർപ്പിൽ തല്ലി കുറെ ബഹളമുണ്ടാക്കാമെന്നുമാത്രം. തെർമോഡൈനാമിക്സിലെ രണ്ടാം നിയമം എന്നോ, ഫ്രീഡ്മാൻ ഗ്രാഫിൽ എവിടെയോ ഒരു പൂജ്യമുണ്ടെന്നോ ഒക്കെ തട്ടിവിടാൻ എളുപ്പമാണു്. ചിയർ ഗേൾസിനെ തൃപ്തിപ്പെടുത്താൻ അതു് ധാരാളം മതിതാനും. പക്ഷേ, എന്താണു് തെർമോഡൈനാമിക്സ്‌, എന്താണു് ഫ്രീഡ്മാൻ ഗ്രാഫ്‌ മുതലായ കാര്യങ്ങൾ പണ്ഡിതനായ ഒരു ഫിസിസിസ്റ്റുമായി ചർച്ച ചെയ്യാൻ അത്തരം ചപ്പടാച്ചികൾ ഒന്നും പോരാ. മലയാളം ബ്ലോഗുലകത്തിലെ ഏതെങ്കിലുമൊരു സൃഷ്ടിവാദിക്കു് തന്റേടമുണ്ടോ അവൻ എഴുതിവിടുന്ന ശാസ്ത്രീയ പദങ്ങളെ അധികരിച്ചു് ശാസ്ത്രീയമായ അടിത്തറയോടെ ഒരു ലേഖനമെഴുതാൻ? ശാസ്ത്രം എന്ന ലേബലിൽ എഴുതിവിടുന്ന നോവലുകളല്ല ഞാനുദ്ദേശിക്കുന്നതു്. അത്തരം ചാപിള്ളകൾക്കു് പഞ്ഞമൊന്നുമില്ല എന്നു് എനിക്കുമറിയാം. ഒരു സൃഷ്ടിവാദിയുമായി ചർച്ച ചെയ്യാൻ ഒരുമാതിരി വിലയും നിലയുമുള്ള ഒരു ശാസ്ത്രജ്ഞനും വരില്ല എന്ന ഉറപ്പുമൂലം തട്ടിക്കൂട്ടുന്ന ചവറുകളാണു് സൃഷ്ടിവാദികളുടെ ശാസ്ത്രലേഖനങ്ങൾ.

സൃഷ്ടിവാദ വെബ്‌സൈറ്റുകൾ കോപ്പി-പേസ്റ്റ്‌ ചെയ്യുന്നവർത്തന്നെ വിക്കിപീഡിയ തുടങ്ങിയ സൈറ്റുകളെ പരിഹസിക്കുന്നതും ഒരു സാധാരണ കാഴ്ചയാണു്. ആധുനികശാസ്ത്രത്തിലെ അറിവുകൾ പങ്കുവയ്ക്കുന്ന ബായസ്ഡ്‌ അല്ലാത്ത ധാരാളം വെബ്‌സൈറ്റുകളുണ്ടു്. ആധുനികശാസ്ത്രങ്ങളെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർക്കു്, വിക്കിപീഡിയ വേണ്ടെങ്കിൽ, അവയിൽ നിന്നും വേണ്ടതു് തിരഞ്ഞെടുക്കാം. അതല്ലെങ്കിൽ ശാസ്ത്രീയഗ്രന്ഥങ്ങൾ വായിക്കാം. പക്ഷേ, ഫിസിക്സ്‌ എന്നാൽ എന്തെന്നറിയാത്തവർ തെർമോഡൈനാമിക്സ്‌ വായിച്ചിട്ടെന്തു് കാര്യം? അതൊന്നും ചെയ്യാത്തവരാണു്, എന്തിനു്, സ്വന്തമതഗ്രന്ഥം പോലും മനസ്സിരുത്തി വായിക്കാത്തവരാണു് ശാസ്ത്രസത്യങ്ങളെ ഖണ്ഡിക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിക്കുന്ന മുഴുവൻ സൃഷ്ടിവാദികളും. ഇത്തരം അജ്ഞാനികളെയും അൽപജ്ഞാനികളെയും ലക്ഷ്യമാക്കിയാണു് സൃഷ്ടിവാദ “പണ്ഡിതർ” അവരുടെ പുസ്തകങ്ങൾ പടച്ചുവിടുന്നതും. സാമ്പത്തികസ്രോതസ്സായി അവർക്കു് അവിശ്വാസിവർഗ്ഗത്തിന്റെ ഡോളറും വേണ്ടുവോളമുണ്ടു്. ഡോളറിനു് അയിത്തമില്ല. യഥാർത്ഥ ശാസ്ത്രലോകം ഈ വട്ടന്മാരെ അവഗണിക്കാൻ തുടങ്ങിയിട്ടു് കാലമേറെയായെങ്കിലും, അവർ വിട്ടുകൊടുക്കാൻ ഭാവമില്ല. വായിക്കാനറിയില്ലെങ്കിലും പല കളറിലുള്ള നോട്ടീസുകൾ കരസ്ഥമാക്കാൻ അനൗൺസ്മെന്റ്‌ ജീപ്പിന്റെ പിന്നാലെ ഓടുന്ന ഗ്രാമീണബാലികാബാലന്മാരെപ്പോലെ, അവർ “ശാസ്ത്രജീപ്പിന്റെ” പുറകെയെത്തി വീണുകിട്ടുന്ന നോട്ടീസുകളുടെ നിറം നോക്കി ശാസ്ത്രീയമായ അപഗ്രഥനങ്ങൾ നടത്തുന്നു. മുകളിൽ പറഞ്ഞപോലെ, കഠിനമായ ശാസ്ത്രീയ പദങ്ങൾ ജപമാലയിലെ കുരുക്കൾ പോലെ കോർത്തുവച്ചു് ഏതാനും വാക്യങ്ങൾ സൃഷ്ടിക്കുന്നതാണു് സൃഷ്ടിവാദികളുടെ അഭിപ്രായത്തിൽ ശാസ്ത്രീയമായ വിശകലനങ്ങളും ശാസ്ത്രസത്യങ്ങളുടെ ഖണ്ഡനങ്ങളും. ബൗദ്ധികലോകത്തെ ഒന്നടങ്കം പുച്ഛിക്കുന്നതു് പ്രധാന ഹോബിയാക്കിയിരിക്കുന്ന ഇക്കൂട്ടർ വസ്തുതകൾ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും പരിഹസിച്ചുകൊണ്ടു് മൊഴിയുന്നു: “ഞങ്ങളുടെ കളി കാണണമെങ്കിൽ ഞങ്ങൾ ചത്തു് കഴിയുമ്പോൾ നീയൊക്കെ സ്വർഗ്ഗത്തിലേക്കു് വാ, കാണിച്ചുതരാം”. “അയ്യോ, വേണ്ടായേ” എന്നേ എനിക്കു് പറയാനുള്ളു. ഇക്കൂട്ടരുടെ ദൈവം ഏതായാലും ഒരു അത്ഭുതപ്രതിഭാസംതന്നെ എന്നു് സമ്മതിക്കാതെ വയ്യ! മരിച്ചുകഴിഞ്ഞാലും തീയിലിട്ടു് പൊരിക്കാൻ മാത്രം തീവ്രമായ പാപം ചെയ്യാൻ ശേഷിയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നവനാണു് ആ ദൈവം. രാജവെമ്പാലയെ ജനിപ്പിക്കുന്ന വെമ്പാല! മരിച്ചവരെ വറചട്ടിയിലിട്ടു് വീണ്ടും വീണ്ടും പൊരിച്ചാലും വിദ്വേഷവും വെറുപ്പും തീരാത്ത ഒരു ദൈവം! “ജോണി ഒരിക്കലും ഒന്നും മറക്കുന്നില്ല!” അതുപോലൊരു വിചിത്രദൈവത്തിന്റെ പരിഹാസ്യത എത്രവട്ടം വ്യക്തമാക്കിയാലും മനസ്സിലാക്കാൻ കഴിയാത്ത അതിലും വിചിത്രരായ കുറേ ദൈവവിശ്വാസികൾ! സ്രഷ്ടാവു് എങ്ങനെയാണോ, അതുപോലെതന്നെ സൃഷ്ടിയും. അഥവാ, മനുഷ്യൻ എങ്ങനെയാണോ, അതുപോലെതന്നെ അവൻ സൃഷ്ടിച്ച ദൈവവും!

ഒരു ലാർജ്ജ്‌ ഹാഡ്രോൺ കൊളൈഡർ നിർമ്മിച്ചുകൊണ്ടായിരുന്നില്ല ശാസ്ത്രജ്ഞർ അവരുടെ കണ്ടുപിടുത്തങ്ങൾക്കു് ഹരിശ്രീ കുറിച്ചതു്. പല മൃഗങ്ങളും അതിജീവനത്തിനായി ഉപയോഗിക്കുന്നപോലുള്ള പ്രിമിറ്റീവ്‌ ആയ സഹായവസ്തുക്കളിൽ നിന്നും ആരംഭിച്ചു് പടിപടിയായി മനുഷ്യൻ ആധുനിക ഉപകരണങ്ങളുടെ ലോകത്തിൽ എത്തിച്ചേരുകയായിരുന്നു. അവയിൽ ഒന്നിനെപ്പറ്റിയെങ്കിലും ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത കോടിക്കണക്കിനു് മനുഷ്യർ ഇന്നത്തെ ലോകത്തിൽ ജീവിക്കുന്നുണ്ടെന്നതു് ഒരു യാഥാർത്ഥ്യമാണു്. വ്യത്യസ്ത ചുറ്റുപാടുകളിൽ കഴിയുന്ന ഇന്നത്തെ മനുഷ്യജീവിതങ്ങൾ തമ്മിൽത്തമ്മിൽ അനേകനൂറ്റാണ്ടുകളുടെ അകലം കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല എന്നു് ചുരുക്കം. പിന്നാക്കം നിൽക്കുന്നവരെ പുരോഗതിയിലേക്കു് നയിച്ചു് ഈ അകലം കുറയ്ക്കാൻ സഹായിക്കേണ്ടതിനു് പകരം അവരെ കൂടുതൽ കൂടുതൽ പുറകോട്ടേക്കു് ആട്ടിപ്പായിക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിതികശക്തികൾ മാനവരാശിയോടു് ചെയ്യുന്നതു് അക്ഷന്തവ്യമായ ഒരു കുറ്റകൃത്യമാണെന്നേ പറയാനുള്ളു. ആ ശക്തികളുടെ മുൻപന്തിയിൽ തന്നെയാണു് മതമേധാവിത്വത്തിന്റെ സ്ഥാനം. ചൂഷണം വഴിയുള്ള സ്ഥാപിതതാത്പര്യസംരക്ഷണം ഒന്നുമാത്രമാണു് അവരുടെ ലക്ഷ്യം. മനുഷ്യരുടെ അജ്ഞത ചൂഷണം ചെയ്യുന്ന കച്ചവടമനസ്ഥിതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു എക്കാലവും മതങ്ങൾ. ദൈവവിശ്വാസം എന്ന പുകമറ ഉള്ളിടത്തോളം ഒരു വിശ്വാസിക്കു് ഈ ചൂഷകരെ തിരിച്ചറിയാനാവുകയുമില്ല. ചൂഷിതർ ചൂഷകരെ സ്വന്തജീവൻ പോലും നൽകി സംരക്ഷിക്കാൻ മടിക്കാത്ത, ചികിത്സയില്ലാത്ത ഭ്രാന്തിന്റെ പേരാണു് ദൈവവിശ്വാസം. ശാസ്ത്രത്തിന്റെ വളർച്ചയുടെ ഫലമായി മതവിശ്വാസമെന്ന ചീട്ടുകൊട്ടാരത്തിനു് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. മതങ്ങൾക്കു് പണ്ടേതന്നെ ഇല്ലാതിരുന്ന ബൗദ്ധികവും യുക്തിയുക്തവുമായ കെട്ടുറപ്പു് ചിന്താശേഷി പണയം വയ്ക്കാത്ത ഓരോരുത്തർക്കും ഇന്നു് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. അങ്ങനെ ബൗദ്ധികലോകത്തിൽ നിലനിൽപു് ഇല്ലാതായിത്തീർന്ന ദൈവ-മതവിശ്വാസങ്ങളെ യുക്തിഹീനമായ ശാസ്ത്രീയവ്യാഖ്യാനങ്ങൾ (വിശ്വാസത്തിൽ എന്തു് യുക്തി?) കെട്ടിച്ചമച്ചു്, ആടുകൾ ഇടയനെ എന്നപോലെ തങ്ങളെ പിന്തുടരുന്ന അനുയായികളെ തൃപ്തിപ്പെടുത്താൻ സ്വയാവരോധിതരായ സൃഷ്ടിവാദശിങ്കങ്ങൾ നിർബന്ധിതരായിത്തീരുന്നു. അവരേക്കാൾ മന്ദബുദ്ധികളായ കേൾവിക്കാരുടെ ഇടയിൽനിന്നും അവർക്കു് ലഭിക്കുന്ന ഹുറാ വിളിയിൽ ആവേശഭരിതരായി ശാസ്ത്രവിരോധികളും ശാസ്ത്രം എന്നാൽ എന്തെന്നുപോലും അറിയാത്തവരുമായ സൃഷ്ടിവാദികൾ ശാസ്ത്രപണ്ഡിതർ എന്ന ആട്ടിൻതോലണിഞ്ഞു് ശാസ്ത്രസത്യങ്ങളെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു് പുലിവാൽ പിടിച്ചാലെന്നപോലെ അവഹേളിതരാവുന്നു. കാരണം, ശാസ്ത്രവും ലോജിക്കും സംബന്ധിച്ച ചില മൗലികസത്യങ്ങൾ അവർക്കറിയില്ല, അതറിയാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മുൻനിബന്ധനകൾ അവരുടെ “വൈജ്ഞാനിക”ലോകത്തിനു് എത്തിപ്പിടിക്കാനാവാത്തവിധം വെളിയിൽ ആണെന്നതിനാൽ, അവരെ അതറിയിക്കാൻ ആർക്കും ആവുകയുമില്ല. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സകല പ്രപഞ്ചത്തെയും നിയന്ത്രിക്കാൻ മാത്രം വലിയവനും ശക്തിമാനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഒരു ദൈവത്തെ നിർമ്മിക്കുകയും, ആ ദൈവത്തെ അറിയാൻ പോന്ന അതീന്ദ്രിയജ്ഞാനം തനിക്കുണ്ടെന്നു് അവകാശപ്പെടുകയും ചെയ്യുന്ന ആത്മീയചെപ്പടിവിദ്യയുടെ നേരെ വിപരീതമായതാണു് പ്രകൃതിശാസ്ത്രങ്ങൾ. വാചാടോപമല്ല, വസ്തുതകളും എവിഡൻസുകളുമാണു് പ്രകൃതിശാസ്ത്രത്തിന്റെ ആധാരം. വേണ്ടത്ര എതിർതെളിവുകൾ ലഭിച്ചാലും ഉപേക്ഷിക്കപ്പെടാതിരിക്കാൻ മാത്രം ശാശ്വതവും വിശുദ്ധവുമായ ഒരു സത്യവും ശാസ്ത്രത്തിലില്ല. മതവിശ്വാസത്തിലേതുപോലെ, വ്യക്തമായ എതിർതെളിവുകളെപ്പോലും തള്ളിക്കളഞ്ഞു് വിശ്വാസത്തെ രക്ഷപെടുത്തുന്നതിനുവേണ്ടി നടത്തപ്പെടുന്ന വ്യാഖ്യാനക്കസർത്തുകളും, വളച്ചൊടിക്കലുകളും ശാസ്ത്രത്തിന്റെ രീതികളല്ല. സ്ത്രൈണതയെപ്പോലും നാണം കെടുത്തുന്ന വിധം കുറ്റപ്പെടുത്തലുകളും പരാതികളുമായി ശാസ്ത്രത്തിന്റെ പുറകെ സ്വമേധയാ മണത്തുകൊണ്ടു് നടക്കുന്ന സൃഷ്ടിവാദിശിങ്കങ്ങൾ ആദ്യം മനസ്സിലാക്കേണ്ടതു് ഈ വസ്തുതകളാണു്. ശാസ്ത്രലോകത്തിനു് നിങ്ങളെ ആവശ്യമില്ല.

നൂറിലേറെ ശബരിമലതീർത്ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേടു് ദുരന്തം മകരവിളക്കും മകരജ്യോതിയുമൊക്കെ സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കു് വഴി വച്ചിരിക്കുന്ന സമയമാണല്ലോ ഇതു്. പ്രകൃത്യതീതമായ ഒരു ദൈവം ഇല്ല എന്നു് ബോദ്ധ്യം വന്നവർക്കു് മകരവിളക്കു് അമാനുഷികമായ ഒരു പ്രതിഭാസമല്ല എന്ന കാര്യത്തിൽ പണ്ടേതന്നെ സംശയമൊന്നും ഉണ്ടാവാൻ വഴിയില്ല. പ്രകൃതിയിലെ ഒരു പ്രതിഭാസവും മനുഷ്യരാൽ ആരാധിക്കപ്പെടേണ്ടതല്ല എന്നും അവർക്കറിയാം. അതു് ദിവ്യമായ എന്തോ ഒന്നു് ആയിരിക്കണം എന്നു് നിർബന്ധമുള്ളവർക്കേ ഇതൊരു തലവേദന ആവേണ്ട കാര്യമുള്ളു. അല്ലാത്തവർക്കെല്ലാം വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തവിധം പല പ്രസ്താവനകളും ഔദ്യോഗികമായിത്തന്നെ ഉണ്ടായിട്ടുമുണ്ടു്. ഏതായാലും, മനുഷ്യർ കത്തിക്കുന്ന മകരവിളക്കും, മലമുകളിൽ നിന്നും മുഖം കാണിക്കുന്ന നക്ഷത്രവും പ്രകൃത്യതീതമോ ദൈവികമോ ആയ ഒരു രഹസ്യവും ഉൾക്കൊള്ളുന്നില്ല എന്നതൊരു യാഥാർത്ഥ്യമാണു്. സിറിയസ്‌ (Sirius) എന്ന “പട്ടിനക്ഷത്രം” (Dog Star) രാത്രിയാകാശത്തിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണു്. ഇതിനേക്കാൾ കൂടുതൽ പ്രകാശം സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളിൽ വീനസ്‌, ജൂപിറ്റർ, മാർസ്സ്‌, മെർക്ക്യുറി എന്നിവയ്ക്കുമേയുള്ളു. ഭൂമിയുടെ പ്രായം ഏകദേശം 455 കോടി വർഷങ്ങളാണു്. ഫോട്ടോസിന്തെസിസ്‌ വഴി ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഏകകോശജീവികളുടെ രൂപത്തിൽ “ജീവൻ” ഉണ്ടായിവന്നതു് ഏകദേശം 350 കോടി വർഷങ്ങൾക്കു് മുൻപാണെന്നു് കണക്കാക്കപ്പെടുന്നു. അതിന്റെ വെളിച്ചത്തിൽ 24 കോടി വർഷങ്ങൾ മാത്രം പ്രായമുള്ള Sirius താരതമ്യേന ശൈശവദശയിൽ കഴിയുന്ന ഒരു നക്ഷത്രമാണെന്നു് പറയാം. സിറിയസ്‌ നക്ഷത്രത്തെ കാണാൻ ശബരിമലയിൽ പോകേണ്ട കാര്യമില്ല. വേണമെങ്കിൽ അവനവന്റെ മുറ്റത്തുനിന്നും കാണാവുന്ന ആ നക്ഷത്രം മലമുകളിൽ പ്രത്യക്ഷപ്പെടുന്നതു് കാണാൻ മാത്രമായി, ഒരു അഡ്വെഞ്ചർ എന്ന രൂപത്തിൽ, ബുദ്ധിമുട്ടുകൾ സഹിച്ചു് ആരെങ്കിലും ശബരിമലയ്ക്കു് പോകുന്നുവെങ്കിൽ അതവരുടെ ഇഷ്ടം എന്നേ പറയാനുള്ളു. പക്ഷേ, ശബരിമലയിലെത്തി ഈ നക്ഷത്രം ഉദിച്ചുയരുന്നതു് കണ്ടാൽ അനുഗ്രഹങ്ങൾ ലഭിക്കുമെന്നു് വിശ്വസിക്കുന്നതിന്റെ പേരിൽ ചില മനുഷ്യർ നോമ്പുനോറ്റു്, ലൗകികസുഖങ്ങൾ ത്യജിച്ചു്, അതിനായി വിധിപ്രകാരമുള്ള പ്രത്യേക തയ്യാറെടുപ്പുകൾ എല്ലാം നടത്തി, പലവിധ അപകടങ്ങൾ പതിയിരിക്കുന്ന കാട്ടിനുള്ളിലൂടെ ദുർഘടം പിടിച്ച വഴികൾ താണ്ടി അവിടേക്കു് പോകുമ്പോൾ അതു് വെറുമൊരു അഡ്വെഞ്ചർ അല്ല, അവരുടെ ദൃഷ്ടിയിൽ തികഞ്ഞ ഭക്തിയുടെ പ്രകടനം കൂടിയാണതു്. സ്വാഭാവികമായും ഈ രണ്ടു് വിഭാഗത്തിനും അതിനുള്ള സ്വാതന്ത്ര്യവുമുണ്ടു്. സമ്പൂർണ്ണ ബോധവത്കരണം സംഭവിച്ച ഒരു സമൂഹത്തിൽ, ആദ്യത്തെ വിഭാഗത്തിൽ പെടുത്താവുന്ന മനുഷ്യർ, ലോകത്തിൽ മറ്റെവിടെയുമെന്നപോലെ, വീണ്ടും അവിടേക്കു് പോയിക്കൂടെന്നില്ല. എവറസ്റ്റ്‌ കൊടുമുടി കയറാൻ ചില മനുഷ്യർ പോകുന്നതു് അവിടെയെത്തി നേർച്ചയിട്ടു് അനുഗ്രഹം നേടാനല്ലല്ലോ. മരണകരമാകാവുന്ന ബൻജി ജമ്പിംഗ്‌, ബെയ്സ്‌ ജമ്പിംഗ്‌ മുതലായ സ്പോർട്ടുകൾ ചെയ്യുന്ന മനുഷ്യരും ഈ ലോകത്തിലുണ്ടു്. അതേസമയം, ശബരിമലയിൽ സംഭവിക്കുന്നതു് ദിവ്യമോ അനുഗ്രഹപ്രദമോ ആയ ഒന്നുമല്ലെന്നു് വ്യക്തമായും അറിയാവുന്ന ഒരുവൻ “ഭക്തിയുടെ പേരിൽ” വീണ്ടും അങ്ങോട്ടു് പോകുന്നുവെങ്കിൽ അതു് ഭോഷത്തം എന്ന ചികിത്സയില്ലാത്ത രോഗമാവാനേ വഴിയുള്ളു. ദൈവനിശ്ചയം എന്നു് വിവക്ഷിക്കപ്പെടുന്ന മനുഷ്യവിധി, ഏതെങ്കിലും ഒരു മകരജ്യോതിക്കോ വെളിപാടുകൾക്കോ സ്വാധീനിക്കാനോ തിരുത്തിയെഴുതാനോ കഴിയുമെന്ന വിശ്വാസം അതിൽത്തന്നെ ഒരു വൈരുദ്ധ്യമാണു്. വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണു് വിശ്വാസം. ഈ സത്യം തിരിച്ചറിയുന്ന ഒരുവനു് വിശ്വാസിയായി തുടരാനാവില്ല. ഓരോ മനുഷ്യനും ഈ സത്യം മനസ്സിലാക്കാൻ മാത്രമുള്ള ബൗദ്ധികവളർച്ചയിലേക്കു് പരിണമിച്ച ഒരു (യുട്ടോപ്പിയൻ)സമൂഹമാണു് സമ്പൂർണ്ണമായി ബോധവത്കരിക്കപ്പെട്ട സമൂഹം.

സിറിയസ്‌ നക്ഷത്രം ജന്മമെടുക്കുന്നതിനു് 325 കോടി വർഷങ്ങൾക്കു് മുൻപുതന്നെ ഏകകോശജീവികൾ ഭൂമിയിൽ രൂപമെടുത്തിരുന്നു. 325-നോടു് ഏഴു് പൂജ്യങ്ങൾ ചേർത്താൽ 325 കോടിയാവുമെന്നു് നമുക്കറിയാം. പക്ഷേ, ഈ ഭീമമായ കാലയളവു് ഉൾക്കൊള്ളാൻ നമുക്കാവുമോ? ഇല്ല എന്നതാണു് സത്യം. അതുപോലൊരു കാലയളവിനെ ഉൾക്കൊള്ളാനാവുന്ന മനുഷ്യൻ എന്ന ഒരു ജീവിയെ രൂപപ്പെടുത്തുക എന്നതായിരുന്നില്ല എവൊല്യൂഷന്റെ ലക്ഷ്യം. (എവൊല്യൂഷനു് ഒരു ലക്ഷ്യവുമില്ല. “ലക്ഷ്യം” മുതലായ വാക്കുകൾ വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടവയാണു്. ശാസ്ത്രപക്ഷത്തുനിന്നും വീണുകിട്ടുന്നതിൽ തങ്ങൾക്കു് അനുകൂലം എന്നു് തോന്നുന്ന ഓരോ തരികളും തലയിലേറ്റി പട്ടണം ചുറ്റി പ്രദക്ഷിണം നടത്താൻ കാത്തിരിക്കുന്നവരാണു് ഏകതാനബുദ്ധികളായ സൃഷ്ടിവാദികൾ. കാൾ പൊപ്പർ “ഡാർവിനിസത്തെപ്പറ്റി” എന്തോ പറഞ്ഞതു് കൊള്ളാമെന്നു് തോന്നിയതിനാൽ അതും പൊക്കിപ്പിടിച്ചുകൊണ്ടു് നടത്തപ്പെടുന്ന “മുടിയാട്ടങ്ങൾ” നമ്മൾ കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ. വിഭവസമൃദ്ധമായ തീന്മേശയിലും ഈച്ച തേടുന്നതു് അമേധ്യമായിരിക്കും. അതിനു് ഈച്ചയെ ശകാരിച്ചിട്ടു് കാര്യമില്ല. ആസ്വദിക്കാൻ കഴിയുന്നതേ ഈച്ചക്കും വേണ്ടൂ). “മധ്യലോകവാസികളായ” നമുക്കു് 325 കോടി വർഷങ്ങൾ കൊണ്ടു് ഏകകോശജീവികളിൽ നിന്നും മനുഷ്യരിലേക്കു് സംഭവിച്ച പരിണാമം ഉൾക്കൊള്ളാൻ ആവാത്തതിന്റെ ഒരു പ്രധാന കാരണം ആ കാലഘട്ടത്തിന്റെ ചിന്താതീതമായ ദൈർഘ്യമാണു്. ഒരു ലക്ഷം പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെപ്പറ്റി ചിന്തിച്ചുനോക്കൂ. ആ നക്ഷത്രത്തിൽ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിൽ എത്താൻ ഒരു ലക്ഷം വർഷങ്ങൾ വേണ്ടിവരും. ആ നക്ഷത്രം ജന്മമെടുത്തതു് ഒരു ലക്ഷം വർഷങ്ങൾക്കു് മുൻപാണെങ്കിൽ, ഇന്നാവും അതിന്റെ പ്രകാശം ഭൂമിയിൽ എത്തുക. ഒരു ദൈവമായിരുന്നു നക്ഷത്രങ്ങളെ സൃഷ്ടിച്ചതെങ്കിൽ, സൃഷ്ടിയോടൊപ്പം തത്സമയം തന്നെ അവയിൽ നിന്നുള്ള പ്രകാശവും ഭൂമിയിൽ എത്തിയിരുന്നിരിക്കണം. അല്ലെങ്കിൽ ആദാമിന്റേയും ഹവ്വായുടേയും കണ്ണുകൾക്കു് അത്തരം നക്ഷത്രങ്ങളെ കാണാനാവുമായിരുന്നില്ലല്ലോ. പ്രകൃതിനിയമമാണു് ദൈവം എന്നു് വാദിക്കുന്നവർ ശ്രദ്ധിക്കാനാണു് ഇതു് പറയുന്നതു്. പുതിയ നക്ഷത്രങ്ങൾ ജന്മമെടുക്കുന്നതു് ശാസ്ത്രം ഇന്നു് വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ നോക്കിയാൽ, സൃഷ്ടിവാദികൾ പ്രപഞ്ചത്തിനു് നൽകുന്ന പ്രായമായ ഏതാനും ആയിരം വർഷങ്ങൾ എത്ര പരിഹാസ്യമാണെന്നു് മനസ്സിലാവും. ഫോസിലുകളുടെയും മറ്റും പ്രായനിർണ്ണയം ഏതെങ്കിലും ഒരു കിത്താബിന്റെ അടിസ്ഥാനത്തിൽ മാത്രം നടത്തപ്പെടുന്ന വ്യാഖ്യാനങ്ങളിൽ ഊന്നിയുള്ള കൺകെട്ടുകളികളല്ല.

(തുടരും)

 
9 Comments

Posted by on Jan 24, 2011 in മതം

 

Tags: , , ,