RSS

Monthly Archives: Dec 2010

നാസ്തികനായ ദൈവം?

ഈശ്വരൻ ഉണ്ടെന്ന വിശ്വാസം ഇല്ലാത്തവൻ എന്നാണു് നാസ്തികൻ എന്ന വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതു് എന്നായിരുന്നു ഈ അടുത്തയിടവരെ ഞാൻ മനസ്സിലാക്കിയിരുന്നതു്. കുറച്ചുകൂടി വിപുലീകരിച്ചാൽ, ഇന്ദ്രിയങ്ങൾവഴി അനുഭവിക്കാനോ, യുക്തിപൂർവ്വമായ തെളിവുകൾവഴി സ്ഥാപിക്കാനോ കഴിയാത്തവയെല്ലാം ഇല്ലാത്തവയാണു് എന്നു് വിശ്വസിക്കുന്നവനാണു് നാസ്തികനെന്നോ, വിശ്വാസം എന്നതു് ആസ്തികരുടെ ഒരു കുത്തകാവകാശമാണെന്നു് അതിനു് അർത്ഥമുണ്ടെന്നോ ഒന്നും കരുതിയിരുന്നില്ല. ഉദാഹരണത്തിനു്, നാസ്തികനായതുകൊണ്ടു് ഒരു ഗവേഷകനു് തന്റെ പരിശ്രമം ഫലവത്താവുമെന്ന ആത്മവിശ്വാസം പാടില്ല എന്നില്ലല്ലോ. നാസ്തികരായ സുഹൃത്തുക്കൾ അവന്റെ വിജയത്തിൽ വിശ്വാസം അർപ്പിച്ചുകൂടാ എന്നുമില്ല. പക്ഷേ, “നാസ്തികനായ ദൈവം” എന്നാൽ എന്താണർത്ഥം? ഈശ്വരൻ ഉണ്ടെന്ന വിശ്വാസം ഇല്ലാത്ത ദൈവം എന്നോ? ഭൂലോകത്തും ബൂലോകത്തും “ആസ്തികരായ പിശാചുക്കൾ” ഉണ്ടെന്നു് നമുക്കറിയാം. അതിനു് തെളിവുകൾക്കും പഞ്ഞമില്ല. പക്ഷേ നാസ്തികനായ ദൈവം!? അതെന്തൊരു ദൈവം? റിച്ചാർഡ്‌ ഡോക്കിൻസിന്റെ “ഗോഡ്‌ ഡെല്യൂഷൻ” എന്ന പുസ്തകത്തെ അധികരിച്ചു് മലയാളഭാഷയിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ പേരു് “നാസ്തികനായ ദൈവം” എന്നാണത്രെ! എത്ര ശ്രമിച്ചിട്ടും ആ പേരു് SMS ആയോ കവിതയായോ, “വാക്കുകളിലൂടെയോ ഇമേജുകളിലൂടെയോ” എന്നെ എങ്ങുമെത്തിച്ചില്ല. ഇതിനു് മുൻപും മലയാളത്തിലെ ചില ആധുനിക സാഹിത്യസൃഷ്ടികളുടെയും, സിനിമാഗാനങ്ങളുടെയുമൊക്കെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു് പലപ്രാവശ്യം ഭീകരമായി പരാജയപ്പെട്ടിട്ടുള്ളതിനാൽ എന്റെ “ഗ്രഹണ”ശക്തിയെപ്പറ്റി പണ്ടേതന്നെ എനിക്കത്രവലിയ മതിപ്പൊന്നുമില്ല. പോരെങ്കിൽ, വേദപണ്ഡിതരുമായി “ബാർട്ടർ” സമ്പ്രദായത്തിൽ വല്ലപ്പോഴും വല്ല വാക്കുകളും കൈമാറേണ്ടിവന്നപ്പോഴെല്ലാം എന്റെ “ഗ്രാഹ്യ”ശേഷിയിലെ ഈ മന്ദത എനിക്കു് കൂടുതൽ ബോദ്ധ്യമാവുകയുമുണ്ടായി. അതുകൊണ്ടാവാം, നാസ്തികനായ ദൈവം എന്ന പ്രയോഗത്തിന്റെ അർത്ഥം പിടികിട്ടാഞ്ഞതു് ഒരു വലിയ പ്രശ്നമായി കണ്ടു് അതിന്റെ പുറകെ വച്ചുപിടിച്ചു് ചുരണ്ടണം എന്നു് തോന്നാതിരുന്നതു്. കേൾക്കാൻ ആഗ്രഹിക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്നതു് വളരെ ക്രൂരമായ ഒരു ഏര്‍പ്പാടാണു്. പക്ഷേ, കേട്ടാലും അറിയാൻ കഴിയാത്ത കാര്യങ്ങൾ കേൾക്കാതിരുന്നാൽ, അറിയാതിരിക്കൽ എന്ന ചടങ്ങു് കൂടുതൽ എളുപ്പമാവും. അതിനാൽ, ചെവിയിൽ ഈയം “ബഡ്ചെയ്തു്” വളർത്തിയെടുക്കുന്നതു് അത്ര മോശം കാര്യമല്ല എന്നു്‌ പറയാതെയും വയ്യ. ഒരുവന്റെ അഭിപ്രായങ്ങൾ കേൾക്കണമോ കേൾക്കാതിരിക്കണമോ എന്നു് തീരുമാനിക്കാനുള്ള മറ്റൊരുവന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാത്തിടത്തേ അഭിപ്രായസ്വാതന്ത്ര്യം പൂർണ്ണമാകുന്നുള്ളു.

തന്റെ ഗോഡ്‌ ഡെല്യൂഷനെ ആസ്പദമാക്കി നാസ്തികനായ ദൈവം എന്നൊരു പുസ്തകം ഗോഡ്സ്‌ ഓൺ കണ്ട്രിയിൽ രചിക്കപ്പെട്ടെന്നു് ഡോക്കിൻസിനു് വല്ല ഗ്രാഹ്യവും ഉണ്ടോ ആവോ. ഗോഡ്‌ ഡെല്യൂഷൻ വായിച്ചിട്ടുണ്ടെങ്കിലും, നാസ്തികനായ ദൈവം ഞാൻ വായിച്ചിട്ടില്ല. അതിനാൽ, അതിൽ എഴുതിയിരിക്കുന്നതു് എന്താണെന്നു് സത്യത്തിൽ എനിക്കു് അറിയുകയുമില്ല. ഒരു പുസ്തകം (ഉദാ. വേദഗ്രന്ഥങ്ങൾ) വായിക്കാതെ അതിലെ ഉള്ളടക്കം കൃത്യമായി അറിയാൻ കഴിവുള്ള കോടിക്കണക്കിനു് മനുഷ്യർ ലോകത്തിലുണ്ടു്. ആ ഭാഗ്യം എന്തുകൊണ്ടോ എനിക്കില്ല. ഏതായാലും, നാസ്തികനായ ദൈവം ആശയപരമായി ഖണ്ഡിക്കപ്പെട്ടാൽ അതു് ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കുന്നതിനു് തുല്യമായിരിക്കും എന്നാണു് ജനസംസാരം. അതു് സാക്ഷാൽ ഡോക്കിൻസിനെ നിത്യമായ നരകത്തിൽ എത്തിക്കുകയും ചെയ്യുമത്രെ! യുക്തിവാദികൾക്കു്‌ ശവക്കുഴി തോണ്ടുന്നവർ ഓവര്‍ടൈം ചെയ്താണു് ഡോക്കിൻസിനു് ശവപ്പെട്ടി പണിയുന്നതെന്നും കേൾക്കുന്നു. സ്റ്റോക്ക്‌ എക്സ്ചേഞ്ചിലെ “ഗോഡ്‌ ഡെല്യൂഷൻ പുട്ട്‌ ഓപ്ഷൻ വാറണ്ടുകളുടെ” ഡിമാൻഡ്‌ നികത്താനാവാത്തവിധം ഭീമമായി പെരുകുന്നതു് ഡോക്കിൻസിന്റെ കാര്യം മിക്കവാറും പോക്കാണെന്നതിന്റെ തെളിവായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുമുണ്ടു്‌. ഭാവിയെ സംബന്ധിച്ചു്‌ മനുഷ്യരുടെ വായില്‍ നിന്നും പ്രവചനരീതിയില്‍ പുറത്തുവരുന്ന ശബ്ദങ്ങളില്‍ അധികവും ഭാവിയില്‍ നടന്നു്‌ കാണാന്‍ അവർ ആഗ്രഹിക്കുന്ന അവരുടെ സ്വന്തം ഇഷ്ടസ്വപ്നങ്ങളാണല്ലോ.

“നാസ്തികനായ ദൈവം” എന്ന പുസ്തകത്തെ (അഥവാ ഗോഡ്‌ ഡെല്യൂഷൻ എന്ന പുസ്തകത്തെ) ഖണ്ഡിക്കാനും, അതുവഴി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനും തകൃതിയായ ശ്രമങ്ങൾ ഇപ്പോൾ ബ്ലോഗുലോകത്തു് നടക്കുന്നുണ്ടു്. ഏറ്റവും മുതൽ മുടക്കു് കുറഞ്ഞ ഒരു ഹോബിയാണു് ദൈവത്തിനു് വേണ്ടി വാദിക്കുക എന്നതു്. അതിനാൽ, പതിവുപോലെ, ദൈവത്തിന്റെ ഒരു സേനതന്നെ സൃഷ്ടിവാദത്തിന്റെ പ്രതിരോധത്തിനായി അണിനിരന്നിട്ടുണ്ടു്. ദൈവത്തിന്റെ സർവ്വശക്തി അവനെ സ്വയം സംരക്ഷിക്കാൻ പര്യാപ്തമല്ലാത്തതിനാലാവാം, ഓരോ മതത്തിലേയും ദൈവത്തെ സംരക്ഷിക്കേണ്ട ചുമതല ആ മതത്തിലെ ഓരോ വിശ്വാസിയുടേതുമായിരിക്കുന്നതു്. വിശ്വാസികളല്ലാത്തവർക്കു് ഈ രഹസ്യം മനസ്സിലാവണമെന്നില്ല. ഇര മറ്റെവിടെയെങ്കിലുമാണു് ഇരിക്കുന്നതെങ്കിൽ ഉത്തരത്തിനടിയിൽ ഇരിക്കുന്ന പല്ലി ഉത്തരം വിട്ടു് അങ്ങോട്ടു് പോകാറുണ്ടെന്നതിനാൽ, താനാണു് ഉത്തരത്തെ താങ്ങിനിർത്തുന്നതെന്നു് പല്ലികൾ പോലും കരുതുന്നുണ്ടാവാൻ വഴിയില്ല. ഇരിക്കുന്ന കൊമ്പുകൾ മുറിക്കുന്ന മനുഷ്യർ ഉണ്ടെങ്കിലും, താങ്ങുന്ന ഉത്തരത്തെ ഉപേക്ഷിക്കുന്ന പല്ലികൾ തീർച്ചയായും ഉണ്ടാവില്ല. ഉത്തരങ്ങൾ കൊണ്ടുള്ള വീടുപണികൾ – ദൈവാനുഗ്രഹത്താലെന്നേ പറയേണ്ടൂ – ഇക്കാലത്തു് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിനാൽ പല്ലികളും അവയുടെ സ്ട്രാറ്റെജിയിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. അതേസമയം, പരിണാമം വഴി മറ്റു് മനുഷ്യരെപ്പോലെ ദൈവവിശ്വാസിക്കും ശാരീരികമായി മനുഷ്യരൂപം ലഭിച്ചിട്ടുണ്ടെങ്കിലും, മാനസികമായി അവൻ പല്ലിയുടെ അത്ര വളർച്ച പ്രാപിച്ചിട്ടില്ല എന്നതിനാലാവാം, വിശ്വാസി എന്ന പല്ലി, ദൈവം എന്ന ഉത്തരത്തെ താങ്ങിനിർത്താൻ ഇന്നും പെടാപ്പാടു് പെടുന്നതു്‌.

അറിവിന്റെ വൃക്ഷത്തിന്റെ ഫലം പാപമാണെന്നു് ലോകാരംഭത്തിൽത്തന്നെ യഹോവയെന്ന ദൈവം (പുരോഹിതനെന്ന ദൈവം എന്നായിരുന്നേനെ കൂടുതല്‍ ശരി) പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, വിദ്യാഭ്യാസം എത്ര കുറഞ്ഞിരിക്കുന്നോ, അത്ര കൂടുതലായിരിക്കും ദൈവത്തിന്റെ പടയാളി ആവാനുള്ള യോഗ്യതയും. ദൈവനാമത്തിൽ പുരോഹിതൻ വിളിച്ചുപറയുന്ന മുഴുവൻ കാര്യങ്ങളും കയ്യും കാലുമില്ലാത്ത വികലജന്മങ്ങളാണെന്ന നേരിയ ബോധം പോലും ഉണ്ടാവാതിരിക്കാനും അതു് സഹായിക്കും. ന്യൂട്ടൺ ആവിഷ്കരിച്ച ചലനനിയമങ്ങൾ എന്താണെന്നു് അറിയുക പോയിട്ടു് അവ തെറ്റുകൂടാതെ പകർത്തി എഴുതാൻ പോലും അറിയാത്തവർക്കും പ്രപഞ്ചാരംഭത്തിനും മുൻപു് നടന്ന കാര്യങ്ങൾ “കിളികിളിപോലെ” വിളമ്പാൻ കഴിയുന്ന ലോകമാണു് മതവിശ്വാസികളുടേതു്‌. വിളിച്ചു് കൂവിയതു് വിഡ്ഢിത്തമാണെന്നു് വെളിവുള്ള ആരെങ്കിലും പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിച്ചാൽ അവൻ ന്യൂട്ടണെ ശരിക്കു് പഠിക്കാത്തതുകൊണ്ടാണെന്നു് വച്ചു് കാച്ചും. യുക്തിഭദ്രമായ മറുപടികളില്ലാത്ത ഏതൊരു ചോദ്യത്തിൽ നിന്നും രക്ഷപെടാൻ മതവിശ്വാസികൾ തലമുറകളായി പരീക്ഷിച്ചു് വിജയിച്ചിട്ടുള്ള ഒരു തന്ത്രമാണതു്. ദൈവവിശ്വാസികൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു എന്നു് മാത്രമല്ല, വിശ്വാസിതന്നെ ഒരു അത്ഭുതമാണു്. പ്രകൃതിനിയമങ്ങളെ അസാധുവാക്കുന്ന പ്രതിഭാസങ്ങളെയാണു് സാധാരണഗതിയിൽ അത്ഭുതങ്ങൾ എന്നു് വിശേഷിപ്പിക്കാറുള്ളതു്. ദൈവത്തിനു് പ്രകൃതിനിയമങ്ങൾ ബാധകമല്ല എന്നതിനു് പല തെളിവുകൾ വേദഗ്രന്ഥങ്ങൾ നിരത്തുന്നുണ്ടു്. “മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം” എന്നപോലെ, വേദഗ്രന്ഥങ്ങളിൽ നിന്നും ഊർജ്ജം സംഭരിക്കുന്ന വിശ്വാസിക്കും പ്രകൃതിനിയമങ്ങൾ ബാധകമല്ല. അത്രയെങ്കിലും ഇല്ലെങ്കിൽ പിന്നെ ഈ ദൈവവിശ്വാസം കൊണ്ടെന്തു് പ്രയോജനം? അതുകൊണ്ടു് വിശ്വാസി ഒരു അത്ഭുതമാണു്, ഒരു അത്ഭുതജീവിതന്നെയാണു്. (ഇപ്പോൾ, എന്താണീ പ്രകൃതിനിയമങ്ങൾ എന്നൊരു ചോദ്യം കേൾക്കുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ, അതൊരു അശരീരിയാണെന്നു് തെറ്റിദ്ധരിക്കണ്ട, നിങ്ങൾ സ്ഥിതി ചെയ്യുന്നതു് ഒരു ദൈവസേനാനിയുടെ സമീപത്താണെന്നും, ദൈവാസ്തിത്വം തെളിയിക്കാൻ അവൻ മുന്നോട്ടു് വയ്ക്കുന്ന ശക്തമായ ഒരു ആർഗ്യുമെന്റാണു് അതെന്നും കരുതിയാൽ മതി. ശാസ്ത്രം ബിഗ്‌-ബാങ്ങിനെപ്പറ്റി പറയുമ്പോൾ, കദിന വെടിയും പൊഹയും  എന്നു്‌ മനസ്സിലാക്കുന്ന ദൈവത്തിന്റെ പോരാളികൾ!)

ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കാൻ ഇറങ്ങിത്തിരിച്ചവർ അക്വീനാസിന്റെ എന്നോ കാലഹരണപ്പെട്ട ദൈവാസ്തിത്വത്തെളിവുകൾ ഇന്നും പ്രസക്തമെന്നു് കാഷ്വൽ ആയ ചില പരാമർശങ്ങളിലൂടെ ഒന്നു് സ്പർശിച്ചു് “തെളിയിച്ച” ശേഷം, പിന്നീടു് മുഴുവൻ സമയവും ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ ചുറ്റിത്തിരിയുന്നതു് അതിൽ ഇതുവരെ കണ്ടെത്താത്ത ചില “മിസ്സിംഗ്‌ ലിങ്കുകൾ” ഉണ്ടു് എന്നൊരു ശ്രുതി കേട്ടിട്ടുള്ളതിനാലാണോ എന്നെനിക്കറിയില്ല. മിസ്സിംഗ്‌ ലിങ്കുകളുടെ വിടവുകളിൽ ഒളിച്ചിരുന്നു് ശത്രുക്കളിൽ നിന്നും രക്ഷപെടുന്നതും survival of the fittest എന്ന തത്വത്തിന്റെ ഭാഗമാണു്. ഡാർവ്വിനിസത്തെ എതിർക്കുന്നവർപോലും അവരുടെ സര്‍വൈവലിനു് ഇതുപോലെ ഡാർവ്വിനിയൻ തത്വത്തെ ഉപയോഗിക്കാറുണ്ടെങ്കിലും, അവരുടെ ആന്റെന ദൈവത്തിലേക്കു് തിരിച്ചു് വച്ചിരിക്കുന്നതിനാൽ അവർ അതിലും ദൈവത്തിന്റെ ലീലാവിലാസങ്ങൾ മാത്രമേ കാണൂ. എന്തിനേയും ഏതിനേയും ദൈവം എന്ന കുറ്റിയിൽ കൊണ്ടുപോയി കെട്ടുന്നതാണല്ലോ ദൈവവിശ്വാസം. മുകളിൽ ചുറ്റിപ്പറക്കുന്ന പരുന്തിനെ കാണുമ്പോൾ പാറമുകളിൽ കയറിനിന്നു് പരുന്തിനെ വെല്ലുവിളിക്കുന്ന കോഴിക്കുഞ്ഞു് നല്ല “ഫിറ്റ്‌” ആയിരിക്കാമെങ്കിലും, സർവൈവലിനുള്ള ചാൻസ്‌ അതിനേക്കാൾ കൂടുതൽ പരുന്തിന്റെ ദൃഷ്ടിയിൽ പെടാതെ പാറയുടെ അടിയിലെ വിടവിൽ ഒളിക്കുന്ന അത്ര “ഫിറ്റല്ലാത്ത” കോഴിക്കുഞ്ഞിനായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നാസ്തികനായ ദൈവത്തെ ഖണ്ഡിക്കുന്നതിനു് പകരം, നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷൻ എന്ന സിദ്ധാന്തത്തെ ആയിരുന്നു ഖണ്ഡിക്കേണ്ടിയിരുന്നതെങ്കിൽ, അതിനു് ഡോക്കിൻസിന്റെതന്നെ The Greatest Show on Earth – The Evidence for Evolution എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിമർശനമോ ചർച്ചയോ ആയിരുന്നു എന്തെങ്കിലും ഫലം ഉളവാക്കാൻ കൂടുതൽ പര്യാപ്തമായിരുന്നതു്. കാരണം, ആ ഗ്രന്ഥത്തിലാണു് ഡോക്കിൻസ്‌ എവൊല്യൂഷനെ യഥാർത്ഥത്തിൽ പ്രതിരോധിക്കുന്നതു്. തന്റെ മറ്റൊരു ഗ്രന്ഥത്തിലും ഇത്ര വിശദമായി എവൊല്യൂഷന്റെ എവിഡൻസ്‌ നൽകിയിട്ടില്ല എന്നു് അതിൽ ഡോക്കിൻസ്‌ തന്നെ സമ്മതിക്കുന്നുമുണ്ടു്. അതേസമയം, ഒരു സ്യൂപ്പർ നാച്യുറൽ ദൈവം നിലനിൽക്കുന്നില്ല എന്നു് മിക്കവാറും ഉറപ്പായി പറയാം എന്നതിനുള്ള വാദമുഖങ്ങളാണു് ഗോഡ്‌ ഡെല്യൂഷനിൽ ആകമാനം ഡോക്കിൻസ്‌ നിരത്തുന്നതു്. എവൊല്യൂഷനും അതിൽ പരാമർശിക്കപ്പെടുന്നുണ്ടു് എന്നതു് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണു്. പക്ഷേ, നരകത്തിലെ വറചട്ടികളിലെ ചൂടു് ലജ്ജിച്ചു് തലതാഴ്ത്തുന്ന വിധത്തിലുള്ള ചൂടോടെ മലയാളം ബ്ലോഗ്‌ ലോകത്തിൽ നടക്കുന്ന ചർച്ചകൾ വീക്ഷിച്ചാൽ, എവൊല്യൂഷന്റെ മാത്രം അടിസ്ഥാനത്തിലാണു് ഡോക്കിൻസ്‌ ഗോഡ്‌ ഡെല്യൂഷനിൽ തന്റെ ദൈവാസ്തിത്വനിരാകരണം സമർത്ഥിച്ചിരിക്കുന്നതു് എന്നേ തോന്നൂ. നാസ്തികതയുടെ തെളിവുകളിലേക്കു് വരുന്നതിനു് മുന്നോടിയായി “Arguments for God’s existence” എന്ന മൂന്നാം അദ്ധ്യായത്തിൽ ദൈവാസ്തിത്വത്തിനു് അനുകൂലമായി രൂപമെടുത്ത ആർഗ്യുമെന്റുകൾ പരാമർശിക്കുന്നിടത്താണു് അക്വീനാസിന്റെ തെളിവുകളും അവയുടെ ഖണ്ഡനവും നൽകിയിരിക്കുന്നതു്. ആ അദ്ധ്യായത്തിൽ ചർച്ച ചെയ്യപ്പെടുന്ന ദൈവാസ്തിത്വത്തിന്റെ “തെളിവുകൾ” ഇവയെല്ലാമാണു്: Thomas Aquinas’ proofs, The ontological argument and other a priori arguments, The argument from beauty, The argument from personal experience, The argument from scripture, The argument from admired religious scientists, Pascal’s Wager, Bayesian arguments.

ഇവയാണു് ആ പുസ്തകത്തിലെ പല ഉപവിഭാഗങ്ങളുള്ള പത്തു് അദ്ധ്യായങ്ങൾ:

1.) A deeply religious non-believer 2.) The God Hypothesis 3.) Arguments for God’s existence 4.) Why there almost certainly is no God 5.) The roots of religion 6.) The roots of morality: why are we good? 7.) The ‘Good’ Book and the changing moral Zeitgeist 8.) What is wrong with religion? Why be so hostile ? 9.) Childhood, abuse and the escape from religion 10.) A much needed gap?

എന്തു് തോന്നുന്നു? അക്വീനാസും ഡാർവിനും മാത്രമാണു് ഗോഡ്‌ ഡെല്യൂഷനിലെ ചർച്ചാവിഷയം എന്നാണോ ഈ ലിസ്റ്റ്‌ പറയുന്നതു്? അങ്ങനെ അല്ലെങ്കിൽ, പരിണാമസിദ്ധാന്തത്തിൽ കിടന്നു് ചുറ്റിക്കളിക്കാതെ, ആ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ ഓരോന്നായി ഖണ്ഡിച്ചു് സൃഷ്ടിവാദമാണു് ശരിയെന്നു് സ്ഥാപിക്കാൻ ശ്രമിക്കുക എന്നേ അതിനായി തുനിഞ്ഞിറങ്ങിയവരോടു് പറയാനുള്ളു. പരിണാമസിദ്ധാന്തത്തിന്റെ പുതിയ രൂപമായ moderm evolutionary synthesis-നെ സംബന്ധിച്ചു് ആധികാരികമായി എന്തെങ്കിലും പറയാൻ കഴിവുള്ള ആരെയും സൃഷ്ടിവാദികളുടെ പക്ഷത്തു് ഇതുവരെ കാണാൻ കഴിഞ്ഞില്ല എന്നതിന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും. “പാണന്റെ കല്യാണം പാണൻ തന്നെ തിന്നും” എന്നപോലെ, സൃഷ്ടിവാദികൾ “ഡാർവ്വിനിസം” എന്നപേരിൽ തട്ടിവിടുന്ന മണ്ടത്തരങ്ങൾ പരിണാമസിദ്ധാന്തമാണെന്നു് സൃഷ്ടിവാദികളിലെതന്നെ കുറെ ചിയർ ഗേൾസിനെക്കൊണ്ടു് ഓശാന പാടിച്ചതുകൊണ്ടു് വെളിവുള്ള മനുഷ്യരുടെ മുന്നിൽ സൃഷ്ടിവാദം തെളിയിക്കപ്പെടുകയില്ല. വിശ്വാസപരമായ ഏതെങ്കിലും ഒരു കാര്യം സൃഷ്ടിവാദികളെ ബോദ്ധ്യപ്പെടുത്താൻ ശാസ്ത്രീയമായ തെളിവുകളുടെ ആവശ്യമൊന്നുമില്ലതാനും. “ദൈവം ആർക്കോ വെളിപ്പെട്ടു് അങ്ങനെയും ഇങ്ങനെയും പറഞ്ഞു, അതെല്ലാം ശാസ്ത്രമാണെന്നും പറഞ്ഞു” എന്നു് പറഞ്ഞാൽത്തന്നെ അവർക്കു് ധാരാളം. ഗോഡ്‌ ഡെല്യൂഷനെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ ആ പുസ്തകത്തിന്റെ ഒരു കോപ്പി പോലും കയ്യിൽ ഇല്ലാത്തവർ ആയിരിക്കുമോ? ദൈവവിശ്വാസികളുടെ കാര്യത്തിൽ അതും അതിലപ്പുറവും സാദ്ധ്യമാണു് എന്നറിയാതെയല്ല ഇതു് പറയുന്നതു്.

ഇന്നലെ 26.12.2004-ലെ റ്റ്‌സുനാമിയുടെ ആറാം വാർഷികസ്മരണയോടനുബന്ധിച്ചു് ഭാരതത്തിൽ സ്ത്രീകൾ കടലിൽ പാലു് ഒഴുക്കുന്നതു് കണ്ടു. പാലുകൊടുത്തു് തൃപ്തിപ്പെടുത്തിയാൽ, ഭാവിയിൽ അത്തരം റ്റ്‌സുനാമികളിൽ നിന്നും കടൽ തങ്ങളെ രക്ഷപെടുത്തുമെന്ന വിശ്വാസമാവാം അതിനു് പിന്നിൽ. കടലിനു് ഏതാനും ലിറ്റർ പാലു് നൽകി ഒഴിവാക്കാവുന്നതായിരുന്നു റ്റ്‌സുനാമിയെങ്കിൽ, കാര്യങ്ങൾ എത്ര എളുപ്പമായിരുന്നു! ആ പാലിനു് കടലിനേക്കാൾ കൂടുതൽ ആവശ്യം ആഹാരത്തിനു് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്കായിരുന്നില്ലേ? പക്ഷേ, അതാണു് വിശ്വാസം. ദൈവപ്രീതിക്കുവേണ്ടി മൃഗങ്ങളെയും, എന്തിനു്, മനുഷ്യരെപ്പോലും ബലികഴിക്കാൻ മടിക്കാത്തവരോടു് യുക്തിചിന്തയുടെയും, ശാസ്ത്രബോധത്തിന്റെയും ആവശ്യകത പ്രസംഗിച്ചിട്ടു് എന്തുകാര്യം? ഈ വർഷവും റ്റ്‌സുനാമി ഉണ്ടാവുമെന്നു് ഏതോ ജ്യോതിഷക്കാരൻ പ്രവചിച്ചിരുന്നത്രെ! അയാൾ ഇപ്പോൾ അടുത്ത പ്രവചനം തയ്യാറാക്കുന്ന തിരക്കിലാവും. 2000-ത്തിൽ ലോകം അവസാനിക്കുമെന്നു് വിശ്വസിച്ചിരുന്ന ഒരു സെക്റ്റ്‌ ആഫ്രിക്കയിൽ ഉണ്ടായിരുന്നു. പക്ഷേ, ലോകം എന്നിട്ടും അവസാനിക്കാതിരുന്നതുകൊണ്ടു് നേതാവു് അനുയായികളെ മുഴുവൻ വിഷം കൊടുത്തു് കൊന്നു് വിശ്വാസത്തെ രക്ഷിച്ചു. അടുത്ത ലോകാവസാനം ഡിസംബർ 2012-ലാണു്. രണ്ടായിരം വർഷങ്ങളായി ക്രിസ്ത്യാനികൾ യേശുവിന്റെ രണ്ടാം വരവു് കാത്തിരിക്കുന്നു. കോടാനുകോടികളുടെ കണ്ണീരോടെയുള്ള കാത്തിരിപ്പു് ദൈവം എന്തുകൊണ്ടു് കാണുന്നില്ല എന്നുമാത്രം ആർക്കുമറിയില്ല. ഈ ലോകം ഒന്നു് അവസാനിച്ചു് കിട്ടിയിരുന്നെങ്കിൽ മതിയായിരുന്നു എന്ന ഒരൊറ്റ പ്രാർത്ഥനയുമായി കഴിയുന്ന കുറെ ചാവാലിപ്പുഴുക്കൾ. പൊങ്കാല എന്ന പേരിൽ അടുക്കളയിലെ ചട്ടിയും കലവുമായി കുറെ പെണ്ണുങ്ങൾ പെരുവഴിയിലിറങ്ങി കഞ്ഞിവച്ചാൽ ഏതെങ്കിലും ദൈവം പ്രസാദിക്കുമെന്നും, ഭാഗ്യം കൈവരുമെന്നും വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ ബോധവത്കരിക്കാനാവുമോ? നാത്സിഭ്രാന്തിൽ മനസ്സുമടുത്ത കുർട്ട്‌ ടുഹോൾസ്കി പറഞ്ഞതുപോലെ, “അത്രയും താഴ്ത്തി വെടി വയ്ക്കാനാവില്ല.”

ഗോഡ്‌ ഡെല്യൂഷനിൽ നിന്നും:

“വിശുദ്ധന്മാർക്കു് സ്വർഗ്ഗീയാനന്ദവും ദൈവത്തിന്റെ മഹത്വവും ഹൃദയം നിറയെ കണ്ടു് ആസ്വദിക്കുന്നതിനുവേണ്ടി നരകത്തിലെ ഗുണം പിടിക്കാത്തവർക്കു് ദൈവം നൽകുന്ന ശിക്ഷ കാണാൻ അവർക്കു് അനുവാദമുണ്ടു്.” ഇതു് ആരു് പറഞ്ഞതാണെന്നു് കരുതി? മറ്റാരുമല്ല, ദൈവാസ്തിത്വം പുഷ്പം പോലെ തെളിയിച്ച വിശുദ്ധനായ സാക്ഷാൽ തോമാസ്‌ അക്വീനാസ്‌ തന്റെ Summa Theologica-ൽ അരുളിച്ചെയ്തതാണിതു്! മിടുമിടുക്കനായ മനുഷ്യസ്നേഹി എന്നല്ലാതെ എന്തു് പറയാൻ?

ഒരു സർവ്വേ പ്രകാരം, അമേരിക്കയിലെ 95 ശതമാനം ജനങ്ങളും മരണാനന്തരജീവിതത്തിൽ വിശ്വസിക്കുന്നവരാണത്രെ! അവരുടെ വിശ്വാസം ആത്മാർത്ഥമായിരുന്നെങ്കിൽ അവർ ആബട്ട്‌ ഓഫ്‌ ആമ്പിൾഫോർത്തിനെപ്പോലെ പെരുമാറുമായിരുന്നില്ലേ എന്നു് ഡോക്കിൻസ്‌ അത്ഭുതപ്പെടുന്നു. കർദ്ദിനാൾ ബേസിൽ ഹ്യൂം താൻ മരിക്കുകയാണെന്നു് പറഞ്ഞപ്പോൾ, ആമ്പിൾഫോർത്ത്‌ ഇങ്ങനെ പ്രതികരിച്ചത്രെ!: “കൺഗ്രാജുലേഷൻസ്‌! അതൊരു സുന്ദരൻ വാർത്തയാണു്. എനിക്കും നിന്നോടൊപ്പം വരാൻ സാധിച്ചിരുന്നെങ്കിൽ എന്നു് ഞാൻ ആഗ്രഹിക്കുന്നു.” ആ ആബട്ട്‌ ഒരു യഥാർത്ഥ വിശ്വാസി ആയിരുന്നിരിക്കണം. മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുമെന്നു് വിശ്വസിക്കുന്ന ഒരു കർദ്ദിനാളിനു് മരണസമയത്തു് ഇതുപോലുള്ള ആശംസകൾ അർപ്പിക്കുന്നതിനേക്കാൾ നല്ല ഒരു പ്രവൃത്തിയുണ്ടോ? ഇതിനു് സമാനമായ ഒരു പ്രവൃത്തി: നഗ്നയായ ഒരു സ്ത്രീ “Make love not war” എന്നൊരു ബോർഡും പിടിച്ചു് നിൽക്കുന്നതു് കണ്ട ഒരാൾ: “Now that’s what I call sincerity”. ഒരു ബന്ധുവോ സുഹൃത്തോ മരിക്കുന്നു എന്നു് കേൾക്കുമ്പോൾ നമ്മുടെ ആബട്ട്‌ പറഞ്ഞതുപോലുള്ള വാചകങ്ങളെന്തുകൊണ്ടു് മുസ്ലീമുകളും ക്രിസ്ത്യാനികളും പറയുന്നില്ല? രോഗിയും ഭക്തയുമായ ഒരു സ്ത്രീയോടു് അവൾക്കിനി ഏതാനും മാസങ്ങൾ കൂടി മാത്രമേ ജീവിക്കാനുള്ളു എന്നു് അവളുടെ ഡോക്ടർ പറയുമ്പോൾ, ഒരു ലോട്ടറിയിൽ സെയ്ചെൽസ്‌ ദ്വീപിൽ ഹോളിഡേ ലഭിച്ചാലെന്നതുപോലെ എന്തുകൊണ്ടു് അവൾ “അത്രയും കാത്തിരിക്കാൻ എനിക്കാവില്ല” എന്നുപറഞ്ഞു് സന്തോഷം കൊണ്ടു് തുള്ളിച്ചാടുന്നില്ല? എന്തുകൊണ്ടു് ബെഡ്ഡിനു് ചുറ്റും നിൽക്കുന്ന അവളുടെ വിശ്വസ്തരായ സന്ദർശകർ അവരുടെ മരിച്ചുപോയവർക്കു് നൽകാനായി അവളെ ആശംസകളും സ്നേഹാന്വേഷണങ്ങളും കൊണ്ടു് പൊതിയുന്നില്ല? “നീ സ്വർഗ്ഗത്തിൽ അങ്കിൾ റോബർട്ടിനെ കാണുമ്പോൾ എന്റെ സ്നേഹം അവനെ അറിയിക്കുമോ?….”

മതവിശ്വാസികൾ എന്തുകൊണ്ടു് മരണസമയത്തു് അങ്ങനെയൊന്നും പറയുന്നില്ല? അവർ വിശ്വസിക്കുന്നു എന്നു് ഭാവിക്കുന്ന കാര്യങ്ങൾ ഒന്നും അവർ സത്യത്തിൽ വിശ്വസിക്കാത്തതുകൊണ്ടാണോ അതു്? ഒരുപക്ഷേ, അതൊക്കെ വിശ്വസിക്കുന്നുണ്ടെങ്കിലും മരണം എന്ന പ്രക്രിയയെ അവർ ഭയപ്പെടുന്നതുകൊണ്ടാവാമതു്. മൃഗഡോക്ടറുടെ അടുത്തുപോയി ദുരിതത്തിനു് എന്നേക്കുമായി ഒരു അറുതി വരുത്താൻ അനുവാദമില്ലാത്ത ഒരേയൊരു സ്പീഷീസ്‌ മനുഷ്യൻ ആണു്. അതിനു് കാരണവുമുണ്ടാവാം. പക്ഷേ, യൂത്തനേസിയയ്ക്കും, അസിസ്റ്റെഡ്‌ സൂയിസൈഡിനും എതിരായുള്ള നിലപാടു് എന്തുകൊണ്ടു് മതവിശ്വാസികളിൽ നിന്നും വരുന്നു? “ആബട്ട്‌ ഓഫ്‌ ആമ്പിൾഫോർത്ത്‌”, “സെയ്ചെൽസ്‌ ഹോളിഡേ” മുതലായ തരം മരണങ്ങളുടെ കാര്യത്തിൽ മതവിശ്വാസികൾ ഐഹികജീവിതത്തിൽ കടിച്ചുതൂങ്ങാതിരിക്കാൻ ബാദ്ധ്യസ്ഥരല്ലേ? എല്ലാത്തരം കൊലപാതകങ്ങളും പാപമാണെന്നതാവാം ഔദ്യോഗികമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം. പക്ഷേ, അതുവഴി സ്വർഗ്ഗയാത്ര ത്വരിതപ്പെടുത്തുകയാണെന്നു് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തിനു് അതൊരു പാപമായി പരിഗണിക്കപ്പെടണം? മാർക്ക്‌ ട്വൈൻ പറഞ്ഞപോലെ, മരിക്കുന്നതും ജനിക്കാതിരിക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇന്നത്തെ മനുഷ്യർ ദൈനൊസോറുകളുടെയോ, ഫറവോകളുടെയോ, മഹാനായ അലക്സാണ്ഡറുടെയോ കാലത്തു് എങ്ങനെ ആയിരുന്നോ അന്തുപോലെതന്നെ ആയിരിക്കും, അത്രതന്നെ. അതിൽ ഭയപ്പെടാനൊന്നുമില്ല. നിങ്ങളുടെ വളർത്തുപട്ടി വേദനകൊണ്ടു് പുളഞ്ഞു് മരിക്കുകയാണെങ്കിൽ, മൃഗഡോക്ടറെക്കൊണ്ടു് വേദനയില്ലാതെ മരിക്കാൻ സഹായിക്കുന്ന ഇൻജെക്ഷൻ കൊടുപ്പിക്കാഞ്ഞതിനാൽ നിങ്ങൾ ഒരു ക്രൂരൻ എന്നു് വിധിക്കപ്പെടും. അതേസമയം, വേദനയോടെയുള്ള നിങ്ങളുടെ മരണത്തിന്റെ സമയത്തു്, അതേ സേവനം ഒരു ഡോക്ടർ നിങ്ങൾക്കു് നൽകിയാൽ, അവൻ കൊലപാതകത്തിനു് ഉത്തരവാദിയാവും. നിങ്ങൾ സ്വിറ്റ്‌സർലണ്ടിലോ, നെതർലണ്ടിലോ, ഒറിഗണിലോ ജനിക്കാത്തതിന്റെ കുറ്റം. എന്തുകൊണ്ടാണു് ബോധദീപ്തമായ രാജ്യങ്ങൾ ഇത്ര കുറവു്? അധികപങ്കും മതങ്ങളുടെ സ്വാധീനം കൊണ്ടാണതു്.

(തുടരും)

 
1 Comment

Posted by on Dec 27, 2010 in മതം

 

Tags: , , ,