RSS

Monthly Archives: Aug 2010

അട്ടയെ മെത്തയിൽ കിടത്തിയാൽ…

(വോൾട്ടയറുടെ Bababec et les fakirs-ന്റെ സ്വതന്ത്ര പരിഭാഷ)

ബ്രാഹ്മണരുടെ പുരാതന വാസസ്ഥലമായ ബനാറസിൽ, ഗംഗയുടെ തീരത്തു് കഴിഞ്ഞിരുന്ന സമയത്തു് എന്റെ അറിവു് കഴിയുന്നത്ര വർദ്ധിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഭാരതീയ ഭാഷയിലെ ജ്ഞാനം കഷ്ടി ആയിരുന്നതിനാൽ ഞാൻ എല്ലാക്കാര്യങ്ങളും കൂടുതൽ ഏകാഗ്രതയോടെ കേൾക്കുകയും ഓരോന്നും കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ അതുവരെ കണ്ടിട്ടുള്ളവരിൽ വച്ചു് ഏറ്റവും മാന്യനായിരുന്ന ഒമ്രി എന്ന ഒരു കച്ചവടക്കാരൻ സുഹൃത്തിനോടൊപ്പമായിരുന്നു എന്റെ താമസം. അവൻ ഒരു ബ്രാഹ്മണനായിരുന്നു. മുസൽമാൻ എന്ന ബഹുമതി ആയിരുന്നു എന്റേതു്. മുഹമ്മദിന്റെയോ ബ്രഹ്മാവിന്റെയോ പേരിൽ ഞങ്ങൾ തമ്മിൽ ഒരിക്കലെങ്കിലും ഉച്ചത്തിലുള്ള വാക്കുതർക്കങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ടുപേരും, ഓരോരുത്തരും അവരവരുടേതായ രീതിയിൽ അനുശാസനങ്ങൾ അനുസരിച്ചുള്ള കഴുകലുകൾ നടത്തിപ്പോന്നു; രണ്ടു സഹോദരങ്ങളെപ്പോലെ, ഞങ്ങൾ ഒരേതരം നാരങ്ങാവെള്ളം കുടിച്ചും ഒരേതരം ചോറുണ്ടും ജീവിച്ചു. ഒരിക്കൽ ഞങ്ങൾ ഗവാനിക്ഷേത്രത്തിൽ പോയപ്പോൾ അവിടെ പല വിഭാഗങ്ങളിൽപ്പെട്ട ഫക്കീറുകളെ കണ്ടു. ധ്യാനത്തിൽ മുഴുകി ശാന്തമായ ജീവിതം നയിച്ചിരുന്ന യോഗികൾ ആയിരുന്നു അവരിൽ ഒരു വിഭാഗം. പഴയ നഗ്നസാധുക്കളുടെ (Gymnosophists) ശിഷ്യന്മാരായിരുന്നു മറ്റൊരു വിഭാഗം. അവർ ക്ലേശകരമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. പുരാതനബ്രാഹ്മണർ സംസാരിച്ചിരുന്ന പണ്ഡിതഭാഷയാണു് അവർ ഉപയോഗിക്കുന്നതെന്നു് പ്രസിദ്ധമായിരുന്നു. “വേദം” എന്നു് അവർ വിളിക്കുന്ന ഒരു ഗ്രന്ഥം ഈ ഭാഷയിൽ എഴുതപ്പെട്ടതാണു്. “Zend Avesta” ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ ഗ്രന്ഥങ്ങളേക്കാളും സംശയരഹിതമായി പഴക്കമേറിയതാണു് ഈ ഗ്രന്ഥം.

ആ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു ഫക്കീറിനെ ഞാൻ കടന്നുപോയപ്പോൾ അവൻ വിളിച്ചുപറഞ്ഞു: “നാശം പിടിച്ച അവിശ്വാസീ, നീ മൂലം ഞാൻ എണ്ണിക്കൊണ്ടിരുന്ന അക്ഷരങ്ങളുടെ എണ്ണം മറന്നു. അതുവഴി ഞാൻ ഇപ്പോഴുംകൂടെ ആശിച്ചിരുന്നതുപോലെ എന്റെ ആത്മാവു് ഒരു തത്തക്കിളിയിലേക്കു് എത്തുന്നതിനുപകരം ഒരു മുയലിന്റെ ശരീരത്തിലേക്കു് കുടിയേറേണ്ടിവരും”! ഞാൻ അവനു് പരിഹാരമായി ഒരു രൂപ കൊടുത്തു. ഞങ്ങൾ കുറച്ചുകൂടി നടന്നപ്പോൾ നിർഭാഗ്യവശാൽ എനിക്കു് തുമ്മേണ്ടിവന്നു. എന്റെ തുമ്മലിന്റെ ശബ്ദം നിര്‍വൃതിയില്‍ മുഴുകിയിരിക്കുകയായിരുന്ന മറ്റൊരു ഫക്കീറിനെ ഉണർത്തി. പരിഭ്രാന്തനായ അവന്റെ ജൽപനം ഇങ്ങനെയായിരുന്നു: “ഞാൻ എവിടെയാണു്? എന്തൊരു ഭയാനകമായ വീഴ്ച്ച! എനിക്കെന്റെ മൂക്കിന്റെ അറ്റം കാണാനാവുന്നില്ല. സ്വർഗ്ഗീയപ്രകാശവും മാഞ്ഞുപോയി”. ഞാൻ അവനോടു് പറഞ്ഞു: “അങ്ങേയ്ക്കു് അങ്ങയുടെ മൂക്കിന്റെ അറ്റത്തേക്കാൾ കൂടിയ അകലത്തിലേക്കു് കാണാൻ കഴിയുന്നതിന്റെ കുറ്റം എന്റേതാണെങ്കിൽ, അതുപോലൊരു അനർത്ഥം സൃഷ്ടിച്ചതിനു് പകരമായി ഞാൻ ഇതാ ഒരു രൂപ തരുന്നു. തുടർന്നും അങ്ങയുടെ സ്വർഗ്ഗീയപ്രകാശത്തിനു് സ്വയം സമർപ്പിച്ചാലും”.

അങ്ങനെ ആ പ്രശ്നത്തിൽ നിന്നും തന്മയത്വത്തോടെ തലയൂരിയശേഷം ഞാൻ നഗ്നസാധുക്കളുടെ അരികിലേക്കു് പോയി. ബ്രഹ്മാവിന്റെ നാമത്തിൽ തുടയിലോ കൈത്തണ്ടയിലോ തുളച്ചുകയറ്റാനുള്ളവയാണെന്ന നിർദ്ദേശത്തോടെ സുന്ദരമായ കുറെ ചെറിയ ആണികൾ അവരിൽ ചിലർ എനിക്കു് വച്ചുനീട്ടി. ഞാൻ അതു് വിലകൊടുത്തുവാങ്ങി. പിൽക്കാലത്തു് ഞാൻ അവ എന്റെ പരവതാനികൾ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ആ നഗ്നസാധുക്കളിലെ മറ്റുചിലർ കൈകളിൽ കുത്തി നടന്നുകൊണ്ടിരുന്നു. വേറേ ചിലർ അയഞ്ഞ കയറിൽ സ്വയം പ്രതിഷ്ഠിച്ചു് കാഴ്ചക്കുവച്ചു. വീണ്ടും ചിലർ ഒറ്റക്കാലിൽ ചാടിക്കൊണ്ടിരുന്നു. ചിലർ മാലകൾ ചാർത്തിയിരുന്നു, മറ്റുചിലർ ഭാരം ചുമന്നിരുന്നു. വേറെ പലരും അവരുടെ തല ഒരു പാത്രത്തിനുള്ളിൽ ഇറക്കിവച്ചു് ലോകത്തിലെ ഏറ്റവും മര്യാദക്കാരായ മനുഷ്യരെപ്പോലെ നിലകൊണ്ടു.

(ഇതുപോലുള്ള ആക്രബാറ്റിക്സ്‌ ബ്ലോഗിലും ബസിലും ചാറ്റിലുമൊക്കെ കൂടിവരുന്നുണ്ടെന്നതിനാൽ, അതിന്റെ പിന്നിൽ ഇത്തരം സാധുക്കളുടെ പിന്മുറക്കാരാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ചില അഭിപ്രായങ്ങൾ ചരിത്രകാരന്മാരുടേതായി നിലവിലുണ്ടു്. ചരിത്രം എന്നതു് ഭാരതത്തിൽ ചരിത്രകാരന്മാരുടെ ജാതി, മതം, രാഷ്ട്രീയ നിലപാടുകൾ, സാമ്പത്തികസ്രോതസ്സ്‌ മുതലായ പല കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാറിമറിയാവുന്നവയാണെന്നതിനാൽ കൃത്യമായ ഒരു വിലയിരുത്തൽ ഒരിക്കലും സാദ്ധ്യമല്ല).

എന്റെ സുഹൃത്തു് ഒമ്രി എന്നെ ബാബാബെക്‌ എന്ന പ്രസിദ്ധനായ ഒരു ഫക്കീറിന്റെ അറയിൽ കൊണ്ടുപോയി. ഒരു കുരങ്ങനെപ്പോലെ നഗ്നനായിരുന്ന അവൻ അറുപതു് പൗണ്ടിൽ കൂടുതൽ ഭാരം വരുന്ന ഒരു വലിയ ചങ്ങല കഴുത്തിൽ ധരിച്ചിരുന്നു. ചെറിയ ആണികൾ നിരപ്പെ വെടിപ്പായി ഉറപ്പിച്ചിരുന്ന ഒരു മരക്കുരണ്ടിയിലായിരുന്നു അവൻ ആസനസ്ഥനായിരുന്നതു്. ആണികൾ അവന്റെ ചന്തികളിൽ തുളഞ്ഞുകയറുന്നുണ്ടായിരുന്നെങ്കിലും, ഒരു വെൽവെറ്റ്‌ കുഷ്യനിൽ ഇരിക്കുകയായിരുന്നാലെന്നപോലുള്ള ഭാവമായിരുന്നു അവന്റെ മുഖത്തു്. എണ്ണമറ്റ സ്ത്രീകൾ അവനോടു് ഉപദേശം ചോദിക്കുന്നതിനുവേണ്ടി വന്നുകൊണ്ടിരുന്നു. ഒരു കുടുംബകോമരം ആയിരുന്ന അവൻ വലിയ ജനപ്രീതിയുള്ളവനായിരുന്നു എന്നു് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല.

ഒമ്രിയും അവനും തമ്മിലുള്ള നീണ്ട ഒരു സംഭാഷണത്തിനു് ഞാൻ സാക്ഷിയായിരുന്നു. ഒമ്രി ചോദിച്ചു: “ബഹുമാന്യനായ പിതാവേ, ഏഴുവട്ടം പുനർജ്ജനിക്കുക എന്ന പരീക്ഷയിൽ ജയിച്ചാൽ ഞാൻ ബ്രഹ്മാവിന്റെ സന്നിധിയിൽ എത്തുമെന്നു് അങ്ങു് കരുതുന്നുണ്ടോ”? അതിനു് ഫക്കീർ ഇങ്ങനെ മറുപടി പറഞ്ഞു: “നീ എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്”. അപ്പോൾ ഒമ്രി: “ഒരു നല്ല പൗരനും, ഒരു നല്ല ഭർത്താവും, ഒരു നല്ല അച്ഛനും, ഒരു നല്ല സുഹൃത്തുമായിരിക്കാൻ ഞാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. ഇടയ്ക്കിടെ പലിശ വാങ്ങാതെ ഞാൻ ധനികർക്കു് പണം കടം കൊടുക്കാറുണ്ടു്; ദരിദ്രർക്കും ഞാൻ പണം കൊടുക്കാറുണ്ടു്, കൂടാതെ ഞാൻ അയൽക്കാരുമായി സമാധാനത്തിലാണു് ജീവിക്കുന്നതു്”. “നീ ഇടയ്ക്കിടെയെങ്കിലും നിന്റെ ആസനത്തിൽ ആണികൾ തിരുകാറുണ്ടോ?” ആ ബ്രാഹ്മണൻ അന്വേഷിച്ചു. അതിനു് ഒമ്രി: “ഇല്ല പിതാവേ, ഒരിക്കലുമില്ല”. അതിനു് ഫക്കീറിന്റെ മറുപടി: “എങ്കിൽ ഞാൻ ദുഃഖിക്കുന്നു. നീ തീർച്ചയായും പത്തൊൻപതാം സ്വർഗ്ഗത്തിനു് അപ്പുറത്തേക്കു് കടക്കുകയില്ല. അതു് കഷ്ടം തന്നെ”. അതുകേട്ടു് അത്ഭുതപ്പെട്ട ഒമ്രി പറഞ്ഞു: “അതുകൊണ്ടെന്തു് കഷ്ടം? അതു് വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമാണല്ലോ. എന്റെ വിധിയിൽ ഞാൻ സംതൃപ്തനാണു്. എന്റെ ജന്മപരിണാമങ്ങളിലൂടെ കർത്തവ്യനിഷ്ഠതയോടെ ജീവിക്കാനും അവസാനത്തെ താവളത്തിൽ എത്തിച്ചേരാനും കഴിഞ്ഞാൽ, അങ്ങനെ ഞാൻ എത്തുന്ന സ്വർഗ്ഗം പത്തൊൻപതാമത്തേതോ ഇരുപതാമത്തേതോ എന്നതു് ഒരു വലിയ പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ബ്രഹ്മാവിന്റെ സന്നിധിയിൽ അനുഗൃഹീതനായിത്തീരാൻ ഈ ഭൂമിയിൽ മാന്യമായി ജീവിച്ചാൽ പോരേ? ആട്ടെ, ആണികളും ചങ്ങലയുമായി ജീവിക്കുന്ന ബഹുമാന്യനായ അങ്ങു് ഏതു് സ്വർഗ്ഗത്തിൽ എത്തിച്ചേരാനാണു് ആഗ്രഹിക്കുന്നതു്?” “മുപ്പത്തഞ്ചാമത്തേതിൽ” ഫക്കീർ പറഞ്ഞു. ഒമ്രി തിരിച്ചടിച്ചു: “സ്വർഗ്ഗത്തിൽ എന്നേക്കാളും മുകളിൽ ആയിരിക്കണം എന്ന അങ്ങയുടെ ആഗ്രഹം പരിഹാസ്യമായിട്ടാണു് എനിക്കു് തോന്നുന്നതു്. അതിമോഹമാണു് അതിനുപിന്നിൽ. ഈ ലോകത്തിൽ ഉന്നത പദവികൾ മോഹിക്കുന്നവരെ ശപിക്കുന്ന നിങ്ങൾ എന്തുകൊണ്ടു് പരലോകത്തിൽ സ്വയം ഉന്നതപദവികളിൽ എത്താൻ മോഹിക്കുന്നു? എന്തിന്റെ പേരിലാണു് സ്വർഗ്ഗത്തിൽ എന്നേക്കാൾ ഉയർന്ന പരിഗണനകൾക്കു് നിങ്ങൾ അർഹരാവുന്നതു്? നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഞാൻ ഇതുകൂടി പറയുന്നു: നിങ്ങളുടെ ആസനം തുളക്കാനുള്ള ആണികൾക്കായി പത്തുകൊല്ലംകൊണ്ടു് നിങ്ങൾ ചിലവാക്കുന്ന തുക ഞാൻ പത്തുദിവസംകൊണ്ടു് ദാനധർമ്മം ചെയ്യുന്നുണ്ടു്. നിങ്ങൾ മുഴുവൻ ദിവസവും പൂർണ്ണനഗ്നനായി ഒരു ചങ്ങലയും കഴുത്തിലിട്ടു് ആണിക്കുരണ്ടിയിൽ കുത്തിയിരിക്കുന്നതുകൊണ്ടു് ബ്രഹ്മാവിനു് തീർച്ചയായും ഏറെ ഗുണങ്ങളുണ്ടു്! കൂടാതെ, അതുവഴി നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിനു് ചെയ്യുന്നതും വിലമതിക്കാനാവാത്ത ഒരു സേവനമാണു്! എന്റെ കാഴ്ചപ്പാടിൽ, പച്ചക്കറി കൃഷി ചെയ്യുന്നവരും മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരും, നിങ്ങളേയും നിങ്ങളുടെ സഹപ്രവർത്തകരേയും പോലെ മൂക്കിന്റെ അറ്റം വീക്ഷിക്കുന്നവരും, അമിതമായ ആത്മീയകുലീനത്വത്തിന്റെ ഭാരം ചുമക്കുന്നവരുമായവരേക്കാൾ നൂറിരട്ടി മഹത്വമുള്ളവരാണു്”.

ഇത്രയും പറഞ്ഞശേഷം ശാന്തനായ ഒമ്രി ആ ഫക്കീറിനെ മുഖസ്തുതികൊണ്ടു് സാവകാശം കീഴ്പ്പെടുത്തുകയും, അവന്റെ ചങ്ങലയും ആണികളും ഉപേക്ഷിക്കാൻ അവനോടു് അപേക്ഷിക്കുകയും, തന്റെ വീട്ടിലേക്കു് വന്നു് മാന്യമായ ഒരു ജീവിതം നയിക്കാൻ അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, കുളിപ്പിച്ചു് വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങൾ പൂശി ശുദ്ധവസ്ത്രങ്ങൾ ധരിപ്പിക്കപ്പെട്ട ബാബാബെക്‌ പതിനാലു് ദിവസം ഒമ്രിയുടെ വീട്ടിൽ മര്യാദക്കാരനായി ജീവിച്ചു. ഇപ്പോഴത്തെ ജീവിതത്തിൽ താൻ മുൻപിലത്തേക്കാളും നൂറിരട്ടി ഭാഗ്യവാനാണെന്നു് അവൻ പലവട്ടം സമ്മതിച്ചു. പക്ഷേ, ഈ പുതിയ ജീവിതം വഴി അവനു് ജനത്തിന്റെ ഇടയിൽനിന്നും ലഭിച്ചിരുന്ന ശ്രദ്ധയും പ്രീതിയും നഷ്ടമായി; ഉപദേശം ചോദിക്കാനായി ഒരു സ്ത്രീയും അവനെത്തേടി വന്നില്ല. അവസാനം, പഴയതുപോലെ വീണ്ടും തന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അവൻ ഒമ്രിയെ വിട്ടു് അവന്റെ ആണികളിലേക്കുതന്നെ മടങ്ങിപ്പോയി.

(ഏകദേശം മുന്നൂറു് വർഷങ്ങളോളം പഴക്കമുള്ള വോൾട്ടയറിന്റെ ഈ രചനകൾ ഒരുപക്ഷേ മൂവായിരം വർഷങ്ങൾക്കു് മുൻപു് എഴുതപ്പെട്ടിരുന്നവ ആയിരുന്നെങ്കിൽ പോലും, ഭാരതീയ അവസ്ഥകളുടെ വർണ്ണനകളിൽ ഇന്നും വലിയ മാറ്റങ്ങൾ ഒന്നും വരുത്തേണ്ട കാര്യമില്ല എന്നതു് ഓരോ ഭാരതീയനും അഭിമാനാർഹമാണു്. അതിനേക്കാൾ നമ്മൾ രാജ്യഭക്തിയാൽ വികാരഭരിതരായി, ഞരമ്പുകളിൽ ചോര തിളച്ചുമറിയുന്നവരായി മാറേണ്ടതു്, ഇനിയും മിനിമം ഒരു മൂവായിരം വർഷങ്ങൾ കൂടി യാതൊരുവിധ മാറ്റവും ആവശ്യമില്ലാതെ നിലനിൽക്കാൻ മതിയായ പൊട്ടൻഷ്യൽ നമ്മുടെ നഗ്നസാധുക്കൾ നമുക്കു് പണ്ടേ പകർന്നു് നൽകിയിട്ടുണ്ടു് എന്ന വാദമുഖങ്ങളുടെ അഖണ്ഡനീയതയിലാണു്.)

 
1 Comment

Posted by on Aug 31, 2010 in ഫിലോസഫി

 

Tags: , ,

ഇൻഡ്യൻ അഡ്‌വെഞ്ചർ

(വോൾട്ടയറുടെ Aventure indienne-ന്റെ സ്വതന്ത്ര പരിഭാഷ)

പതാഗൊറസ്‌ ഭാരതത്തിൽ കഴിഞ്ഞിരുന്ന കാലത്തു് അവിടത്തെ നഗ്നസാധുക്കളുടെ വിദ്യാലയത്തിൽ നിന്നും മൃഗങ്ങളുടെയും ചെടികളുടെയും ഭാഷ പഠിച്ചിരുന്നു എന്നതു് പരസ്യമാണല്ലോ. ഒരിക്കൽ കടൽത്തീരത്തുള്ള ഒരു പുൽത്തകിടിയിലൂടെ നടക്കാനിറങ്ങിയപ്പോൾ അവൻ ഇങ്ങനെ ചില വാക്കുകൾ കേട്ടു: “വെറും ഒരു പുൽക്കൊടിയായി ഈ ഭൂമിയിൽ ജനിക്കേണ്ടിവന്ന ഞാൻ എത്ര നിർഭാഗ്യവാനാണു്! കഷ്ടിച്ചു് രണ്ടിഞ്ചു് വളരുമ്പോഴേക്കും തീറ്റഭ്രാന്തനായ ഒരു രാക്ഷസൻ, ഭയങ്കരനായ ഒരു ഭീകരജന്തു വന്നു് അവന്റെ ഭീമാകാരമായ കാലുകൾ കൊണ്ടു് എന്നെ ചവിട്ടിമെതിക്കുന്നു. അവന്റെ വായിൽ മൂർച്ചയേറിയ രണ്ടുനിര കത്തികളുണ്ടു്. അവകൊണ്ടു് അവൻ എന്നെ അരിഞ്ഞെടുത്തു് കഷണങ്ങളായി നുറുക്കി വിഴുങ്ങുന്നു. ഈ രാക്ഷസനെ മനുഷ്യർ ചെമ്മരിയാടു് എന്നാണു് വിളിക്കുന്നതു്. ഈ ജന്തുവിനേക്കാൾ അറപ്പുളവാക്കുന്ന മറ്റേതെങ്കിലുമൊരു ജീവി ലോകത്തിൽ ഉണ്ടെന്നു് തോന്നുന്നില്ല”.

പതാഗൊറസ്‌ ഏതാനും ചുവടുകൾ കൂടി നടന്നപ്പോൾ ഒരു പാറക്കെട്ടിനു് മുകളിൽ തോടുവിടർത്തിക്കിടന്നിരുന്ന ഒരു കക്കയെക്കണ്ടു. മൃഗങ്ങളും മനുഷ്യർക്കു് തുല്യരാണെന്നും അതിനാൽ അവയെ തിന്നരുതെന്നുമുള്ള നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അതുവരെ പതാഗൊറസിനു് കഴിഞ്ഞിട്ടില്ലായിരുന്നു. അവൻ ആ ജീവിയെ തിന്നാൻ ആരംഭിച്ചപ്പോൾ കരളലിയിക്കുന്ന ഈ വാക്കുകൾ അവന്റെ ചെവിയിൽ പെട്ടു: “പ്രകൃതീ, എന്നെപ്പോലെതന്നെ നിന്നാൽ സൃഷ്ടിക്കപ്പെട്ട ആ പുൽക്കൊടി എന്നേക്കാൾ എത്രയോ ഭാഗ്യമുള്ളതാണു്. മുറിച്ചാലും അതു് വീണ്ടും വളരും; അതിനു് മരണമില്ല. ഞങ്ങൾ പാവം ചിപ്പികൾ ഇരട്ടത്തോടുകൊണ്ടു് വൃഥാ ഞങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. നികൃഷ്ടരായവർ അവരുടെ ഭക്ഷണസമയങ്ങളിൽ ഞങ്ങളെ ഡസൻ കണക്കിനു് വിഴുങ്ങുമ്പോൾ അതു് ഞങ്ങളുടെ എന്നേക്കുമായ അന്ത്യമാണു്. എത്ര ദാരുണമായ വിധിയാണു് ഞങ്ങൾ ചിപ്പികൾ അനുഭവിക്കുന്നതു്! മനുഷ്യർ എന്നതു് എന്തൊരു കാട്ടാളവർഗ്ഗമാണു്”.

പതാഗൊറസിന്റെ ഹൃദയം കലങ്ങി. എത്ര ഭീകരമായ ഒരു കുറ്റകൃത്യമാണു് താൻ ചെയ്യാൻ തുടങ്ങിയതെന്നു് അവനു് ബോധ്യപ്പെട്ടു. കണ്ണുനീരോടുകൂടി ആ ചിപ്പിയോടു് ക്ഷമ യാചിച്ചുകൊണ്ടു് അവൻ അതിനെ വളരെ ശ്രദ്ധാപൂർവ്വം തിരിച്ചു് പാറപ്പുറത്തുതന്നെ വച്ചു. ഈ അനുഭവത്തെപ്പറ്റി ആലോചിച്ചുകൊണ്ടു് അവൻ പട്ടണത്തിലേക്കു് മടങ്ങിയപ്പോൾ, ചിലന്തികൾ ഈച്ചകളെ പിടിച്ചുതിന്നുന്നതും, ചിലന്തികളെ കുരുവികളും, കുരുവികളെ പരുന്തുകളും ശാപ്പിടുന്നതുമൊക്കെ അവന്റെ മനസ്സിലൂടെ കടന്നുപോയി. ഈ വർഗ്ഗങ്ങൾക്കു് തത്വചിന്തയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ എന്നവൻ സ്വയം പറഞ്ഞു.

പട്ടണത്തിൽ എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ കടന്നുപോകാൻ തുടങ്ങി. അവനെ സൈഡിലേക്കു് ഉന്തിമാറ്റിയും തള്ളിവീഴിച്ചുംകൊണ്ടു് ഓടുകയായിരുന്ന പ്രാകൃതരായ ആ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജനക്കൂട്ടം ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “അങ്ങനെതന്നെ വേണം, അങ്ങനെതന്നെ വേണം, അവർ അതു് അർഹിക്കുന്നുണ്ടു്”. “ആരു്? എന്തു്”? വീണിടത്തിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പതാഗൊറസ്‌ ചോദിച്ചു. പക്ഷേ ആ കൂട്ടം കൂക്കിവിളിച്ചുകൊണ്ടു് ഓട്ടം തുടർന്നതേയുള്ളു. “ഹായ്‌, പൊരിയുന്നതു് കാണാൻ നല്ല രസമായിരിക്കും”.

വല്ല മുതിരയോ പച്ചക്കറികളോ മറ്റോ പൊരിക്കുന്നതിന്റെ കാര്യമാവുമെന്നാണു് പതാഗൊറസ്‌ കരുതിയതു്. പക്ഷേ അതൊന്നുമായിരുന്നില്ല, സഹാനുഭൂതി അർഹിക്കുന്ന രണ്ടു് ഭാരതീയരുടേതായിരുന്നു പ്രശ്നം. “ഇപ്പോഴത്തെ ജീവിതം മടുത്തതിനാൽ മറ്റൊരു ജന്മം വഴി ഒരു പുതിയ ജീവിതം എടുക്കുന്നതിൽ സന്തോഷിക്കുന്ന മഹാത്മാക്കളായ രണ്ടു് ഭാരതീയ തത്വചിന്തകരായിരിക്കും അവർ” – പതാഗൊറസ്‌ ചിന്തിച്ചു. “താമസസൗകര്യം കുറവാണെങ്കിൽ ഒരു പുതിയ വീട്ടിലേക്കു് കുടിയേറിപ്പാർക്കാൻ മനുഷ്യർ ആഗ്രഹിക്കുന്നതു് സ്വാഭാവികമാണല്ലോ. അഭിരുചിയെപ്പറ്റി തർക്കിക്കേണ്ട കാര്യമില്ല”.

അവൻ ആ ജനക്കൂട്ടത്തെ ചന്തസ്ഥലം വരെ അനുഗമിച്ചപ്പോൾ അവിടെ ഒരു വലിയ ചിത എരിയുന്നതായി കണ്ടു. ഈ ചിതക്കെതിര്‍വശത്തായി ഒരു ബഞ്ചുണ്ടായിരുന്നു. ട്രൈബ്യൂണൽ എന്നറിയപ്പെടുന്ന ആ ബഞ്ചിൽ ജഡ്ജിമാർ ഓരോരുത്തരും കയ്യിൽ ഒരു പശുവാലും തലയിൽ തൊപ്പിയുമായി ഇരുന്നിരുന്നു. ആ തൊപ്പികൾ – ഓർഫിക്ക്‌ കാവ്യങ്ങളിൽ സത്യസന്ധമായി വർണ്ണിക്കുന്നതുപോലെ – കാലുകൾ നനയാതെ ചെങ്കടൽ കടക്കുകയും സൂര്യനേയും ചന്ദ്രനേയും നിശ്ചലമാക്കുകയും ചെയ്തശേഷം ബാക്കസിനെയും സെയിലനസിനെയും രാജ്യത്തു് എത്തിച്ച ഒരു മൃഗത്തിന്റെ (കഴുത) ചെവികളുടെ സ്മരണ ഉണർത്താൻ പര്യാപ്തമായതായിരുന്നു.

പതാഗൊറസിനു് നല്ല പരിചയമുണ്ടായിരുന്ന വളരെ ബഹുമാന്യനായ ഒരുവൻ ആ ജഡ്ജിമാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭാരതീയനായ പണ്ഡിതൻ സാമോസ് കാരനായ പണ്ഡിതനു് ആ ഹൈന്ദവസമൂഹത്തിനു് മുന്നിൽ പ്രദര്‍ശിപ്പിക്കപ്പെടാൻ പോകുന്ന നാടകത്തിന്റെ ചരിത്രം പറഞ്ഞുകൊടുത്തു.

അവൻ പറഞ്ഞു: “ബഹുമാന്യരായ എന്റെ സഹപ്രവർത്തകർ അങ്ങനെ വിധി എഴുതിയെങ്കിലും, ദഹിപ്പിക്കപ്പെടാൻ ഈ രണ്ടു് ഭാരതീയർക്കും ഇഷ്ടമില്ല. ശാക്യമുനിയുടെ സ്വത്വവും ബ്രഹ്മാവിന്റെ സ്വത്വവും തമ്മിൽ പൊതുവായ ഘടകങ്ങൾ ഒന്നുമില്ല എന്ന അവകാശവാദമായിരുന്നു അവരിൽ ഒരുത്തൻ ചെയ്ത കുറ്റകൃത്യം. മറ്റവൻ ചെയ്ത കുറ്റം, മനുഷ്യനു് സന്മാർഗ്ഗപരമായ ജീവിതം കൊണ്ടു് ഉന്നതനായ ദൈവത്തിന്റെ കൃപ നേടാൻ ആവുമെന്നും, അതിനുവേണ്ടി മരണസമയത്തു് ഒരു പശുവിന്റെ വാലിൽ പിടിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിഗമനത്തിൽ എത്തിച്ചേർന്നതായിരുന്നു. അവൻ അതിനു് നൽകിയ വിശദീകരണം ഇതായിരുന്നു: മനുഷ്യനു് ഏതു് സമയത്തും വേണമെങ്കിൽ സന്മാർഗ്ഗിയാവാൻ കഴിയും, പക്ഷേ, മരണസമയത്തു് പിടിക്കാനായി ഒരു പശുവിന്റെ വാൽ എല്ലായ്പ്പോഴും കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല. ആ പട്ടണത്തിലെ ധീരരായ സ്ത്രീകളെ ഈ രീതിയിലുള്ള ദൈവനിന്ദാപരമായ അഭിപ്രായപ്രകടനങ്ങൾ വല്ലാതെ ഞെട്ടിപ്പിച്ചതിനാൽ അവർ ആ നിർഭാഗ്യവാന്മാരെ മരണശിക്ഷക്കു് വിധിക്കുന്നതുവരെ ജഡ്ജിമാർക്കു് സ്വൈര്യം കൊടുത്തില്ല.

പുൽക്കൊടി മുതൽ മനുഷ്യർ വരെ എല്ലാ ജീവജാലങ്ങൾക്കും പരാതിപ്പെടാൻ കാരണങ്ങളുണ്ടെന്നു് പതാഗൊറസ്‌ മനസ്സിലാക്കി. എങ്കിലും, ആ ജഡ്ജിമാരെയും, കടുത്ത വിശ്വാസികളെപ്പോലും, മര്യാദയിലേക്കു് തിരിച്ചുകൊണ്ടുവരുവാൻ അവനു് കഴിഞ്ഞു – അങ്ങനെയൊരു കാര്യം ഈ ഒരൊറ്റ പ്രാവശ്യം മാത്രമേ സംഭവിച്ചിട്ടുള്ളു.

ഈ സംഭവത്തിനുശേഷം ക്രോട്ടോണിലേക്കു് മടങ്ങിയ പതാഗൊറസ്‌ അവന്റെ അനുയായികളോടു് സഹിഷ്ണുതയെപ്പറ്റി പ്രഘോഷിച്ചു. എന്നിട്ടും, അസഹിഷ്ണുവായ ഒരുവൻ പതാഗൊറസിന്റെ വീടിനു് തീ വയ്ക്കുകയും, അങ്ങനെ, രണ്ടു് ഭാരതീയരെ ചിതാമരണത്തിൽനിന്നും രക്ഷപെടുത്തിയവനായ പതാഗൊറസ്‌ തീയിൽപ്പെട്ടു് മരിക്കുകയും ചെയ്തു.

അതുകൊണ്ടു്, “കഴിയുന്നവൻ രക്ഷപെടുക!

 
Comments Off on ഇൻഡ്യൻ അഡ്‌വെഞ്ചർ

Posted by on Aug 25, 2010 in ഫിലോസഫി

 

Tags: , ,

ഒരു നല്ല ബ്രാഹ്മണന്റെ കഥ

(വോൾട്ടയറുടെ Histoire d’un bon bramin-ന്റെ സ്വതന്ത്ര പരിഭാഷ)

എന്റെ യാത്രകളിൽ ഞാൻ വളരെ പണ്ഡിതനും, ആത്മീയസമ്പത്തും ഉന്നതവിദ്യാഭ്യാസമുള്ളവനുമായ ഒരു വൃദ്ധബ്രാഹ്മണനെ പരിചയപ്പെട്ടു. അതിനൊക്കെ പുറമെ വളരെ ധനികനുമായിരുന്ന അവനു് ഒന്നിന്റെയും കുറവില്ലാതിരുന്നതിനാൽ ആരെയെങ്കിലും കബളിപ്പിക്കേണ്ട ആവശ്യമില്ലാതിരുന്ന അവൻ ഒരു യഥാർത്ഥജ്ഞാനിയായിരുന്നു. മാതൃകാപരമായി അവന്റെ വീട്ടുകാര്യങ്ങൾ നോക്കിനടത്തിപ്പോന്നിരുന്ന സുന്ദരികളായ മൂന്നു് സ്ത്രീകൾ അവനിൽ താത്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ആ സ്ത്രീകളുമായി ആനന്ദത്തിൽ ഏർപ്പെടാത്തപ്പോഴെല്ലാം അവൻ തത്വചിന്താപരമായ കാര്യങ്ങളിൽ മുഴുകിയിരുന്നു.

വിസ്മയകരമായ പൂങ്കാവനത്താൽ ചുറ്റപ്പെട്ടു് ഏറെ ചിത്രപ്പണികളാൽ മനോഹരമാക്കിയിരുന്ന അവന്റെ വീടിനു് സമീപം കൃത്രിമത്വമൊന്നുമില്ലാത്ത, ആശക്കു് വകയില്ലാത്തവിധം ദരിദ്രയും പുണ്യതൽപരയും വൃദ്ധയുമായിരുന്ന ഒരു ഭാരതീയസ്ത്രീ ജീവിച്ചിരുന്നു.

ഒരിക്കൽ ആ ബ്രാഹ്മണൻ എന്നോടു് പറഞ്ഞു: “ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ എന്നാണു് ഞാൻ ആഗ്രഹിക്കുന്നതു്”. അതെന്തുകൊണ്ടെന്ന എന്റെ ചോദ്യത്തിനു് അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നാൽപതു് വർഷങ്ങളായി ഞാൻ പഠനങ്ങൾ നടത്തുന്നു. അതു് നഷ്ടപ്പെട്ട എന്റെ നാൽപതു് വർഷങ്ങളാണു്. മറ്റുള്ളവരെ ഞാൻ പഠിപ്പിക്കുന്നു, പക്ഷേ, എനിക്കു് ഒന്നും അറിയുകയുമില്ല. ഈ അവസ്ഥ എന്റെ മനസ്സിനെ അസംതൃപ്തികൊണ്ടും വെറുപ്പുകൊണ്ടും നിറയ്ക്കുന്നതിനാൽ എന്റെ ജീവിതം തന്നെ അസഹ്യമായി തീർന്നിരിക്കുന്നു. ഞാൻ ജനിക്കുകയും ഈ സമയത്തു് ജീവിക്കുകയും ചെയ്യുന്നു, പക്ഷേ, സമയം എന്നാൽ എന്തെന്നുപോലും എനിക്കറിയില്ല. ഞങ്ങളിലെ ജ്ഞാനികളുടെ അഭിപ്രായപ്രകാരം ഞാൻ രണ്ടു് നിത്യതകളുടെ മദ്ധ്യേയുള്ള ഒരു ബിന്ദുവിലാണു് കഴിയുന്നതു്, പക്ഷേ, നിത്യത എന്നതിനെപ്പറ്റി ഒരു ഗ്രാഹ്യവും എനിക്കില്ല. ദ്രവ്യത്താലാണു് ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണെന്റെ ചിന്ത, പക്ഷേ, ചിന്തകൾ എങ്ങനെ രൂപമെടുക്കുന്നു എന്നതു് എനിക്കു് ഇന്നും വ്യക്തമായിട്ടില്ല. എന്റെ ഗ്രാഹ്യശേഷി എന്നതു്, നടക്കുന്നതും ദഹിക്കുന്നതും പോലെയുള്ള ഒരു സാമാന്യശേഷിയാണോ എന്നോ, ഞാൻ എന്റെ തലകൊണ്ടു് ചിന്തിക്കുന്നതു് എന്റെ കൈകൾ കൊണ്ടു് പിടിക്കുന്നതുപോലെ എന്തോ ആണോ എന്നോ എനിക്കറിയില്ല. ചിന്താശേഷിയുടെ ഉത്ഭവം മാത്രമല്ല, എന്റെ ചലനങ്ങളുടെ തത്വവും എനിക്കു് മറഞ്ഞിരിക്കുന്നു: ഞാൻ എന്തിനു് ജീവിക്കുന്നു എന്നെനിക്കറിയില്ല. എങ്കിൽപ്പോലും ഇതുപോലുള്ള മുഴുവൻ കാര്യങ്ങളെപ്പറ്റിയും ആളുകൾ ദിവസേന എന്നോടു് ചോദിക്കുന്നു. വെളിവുള്ള ഒരു മറുപടിയും പറയാൻ എനിക്കു് കഴിയുന്നില്ലെങ്കിലും ഞാൻ ഒരുപാടു് സംസാരിക്കുകയും, ഓരോ പ്രാവശ്യവും അങ്ങനെ സംസാരിച്ചതിനെപ്പറ്റി അത്ഭുതപ്പെടുകയും സ്വയം ലജ്ജിക്കുകയും ചെയ്യേണ്ടിവരുന്നു”.

അതിനെക്കാളൊക്കെ എത്രയോ ദയനീയമാണു് ബ്രഹ്മാവിനെ സൃഷ്ടിച്ചതു് വിഷ്ണുവാണോ, അല്ലെങ്കിൽ അവർ രണ്ടുപേരും അനശ്വരരാണോ എന്നും മറ്റുമുള്ള ചോദ്യങ്ങൾ മനുഷ്യർ എന്നോടു് ചോദിക്കുമ്പോഴത്തെ എന്റെ അവസ്ഥ. അതൊക്കെ സംബന്ധിച്ചു് ഒരു “മണ്ണാങ്കട്ടയും” എനിക്കറിയില്ല എന്നതിനു് ദൈവം സാക്ഷി. അതിനനുസരിച്ചുള്ളവയാണു് സ്വാഭാവികമായും എന്റെ മറുപടികളും. “ബഹുമാന്യനായ പിതാവേ, എന്തുകൊണ്ടു് ലോകം തിന്മകളാൽ നിറഞ്ഞിരിക്കുന്നുവെന്നു് ഞങ്ങൾക്കു് വിശദീകരിച്ചുതരിക” എന്നവർ എന്നോടു് പറയുന്നു. അതു് ചോദിക്കുന്നവരെപ്പോലെതന്നെ അറിവില്ലാത്തവനാണു് ഞാനും! ഈ ലോകത്തിലുള്ളതെല്ലാം നന്മക്കു് വേണ്ടിയാണെന്നു് ചിലപ്പോഴൊക്കെ അവരോടു് ഞാൻ പറയാറുണ്ടെങ്കിലും, യുദ്ധം മൂലം എല്ലാം നശിച്ചവരും, അംഗഹീനർ ആയവരും അതൊന്നും വിശ്വസിക്കുന്നില്ല – അവരെപ്പോലെതന്നെ ഞാനും. അപ്പോൾ ജ്ഞാനദാഹത്താൽ പീഡിതനും, അറിവില്ലായ്മയെപ്പറ്റിയുള്ള ബോധം മൂലമുള്ള യാതനയാൽ തകർക്കപ്പെട്ടവനുമായി ഞാൻ പിൻതിരിയുന്നു. ഇതിനെപ്പറ്റി ഞങ്ങളുടെ പുരാതനഗ്രന്ഥങ്ങളിൽ ഞാൻ വായിക്കുമ്പോൾ എന്റെ അറിവില്ലായ്മ കൂടുതൽ ആവുന്നതേയുള്ളു. എന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളോടു് ഞാൻ സംസാരിക്കാറുണ്ടു്. മറ്റു് മനുഷ്യരുടെ കാര്യങ്ങൾ ചെകുത്താനു് വിട്ടുകൊടുത്തുകൊണ്ടു് നമ്മൾ നമ്മുടെ സ്വന്തം ജീവിതം ആസ്വദിക്കണം എന്നൊരു കൂട്ടർ പറയുന്നു. മറ്റുചിലരാകട്ടെ, ചിലതൊക്കെ അറിയുന്നതായി ഭാവിക്കുകയും, അതിയായി വലിച്ചുമുറുക്കിയ ആശയങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവയെല്ലാം എന്റെ മനക്ലേശത്തെ വർദ്ധിപ്പിക്കുന്നതേയുള്ളു. എന്റെ എല്ലാ ഗവേഷണങ്ങൾക്കു് ശേഷവും ഞാൻ എവിടെനിന്നു് വരുന്നുവെന്നോ, ഞാൻ എന്താണെന്നോ, ഞാൻ എങ്ങോട്ടു് പോകുന്നുവെന്നോ, എനിക്കു് എന്തു് സംഭവിക്കുമെന്നോ അറിയാൻ എനിക്കു് കഴിയുന്നില്ല എന്നു് ചിന്തിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ നൈരാശ്യത്തിന്റെ വക്കത്തെത്താറുണ്ടു്.

ആ നല്ല ബ്രാഹ്മണന്റെ മാനസികാവസ്ഥ എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. കാരണം, ആ ബ്രാഹ്മണനേക്കാൾ വിവേകിയും വിശ്വാസയോഗ്യനുമായ ഒരു മനുഷ്യനെ സങ്കൽപിക്കുക സാദ്ധ്യമായിരുന്നില്ല. അവൻ എത്രത്തോളം കുശാഗ്രബുദ്ധിയും സൂക്ഷ്മബോധമുള്ളവനുമായിരുന്നോ, അത്രത്തോളം അവൻ നിർഭാഗ്യവാനുമായിരുന്നു എന്നെനിക്കു് വ്യക്തമായി.

അതേദിവസംതന്നെ അവന്റെ വീടിനു് സമീപം താമസിച്ചിരുന്ന ആ വൃദ്ധസ്ത്രീയെ കാണാനിടയായപ്പോൾ, അവളുടെ ആത്മാവിനുള്ളിലെ കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്നു് അറിയാൻ കഴിയാത്തതിൽ അവൾ ദുഃഖിതയാണോ എന്നു് ഞാൻ അവളോടു് ചോദിച്ചു. എന്റെ ചോദ്യം ആ സ്ത്രീക്കു് മനസ്സിലായില്ല എന്നു് മാത്രമല്ല, ആ ബ്രാഹ്മണനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ ഒന്നിനെപ്പറ്റിയും ജീവിതത്തിലൊരിക്കലെങ്കിലും അവൾ ചിന്തിക്കുകപോലും ചെയ്തിരുന്നുമില്ല. വിഷ്ണുവിന്റെ രൂപാന്തരങ്ങളിൽ അവൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു. അൽപം ഗംഗാജലംകൊണ്ടു് അവിടെയും ഇവിടെയുമൊക്കെ ഒന്നു് കഴുകാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾ സകല സ്ത്രീകളേക്കാളും ഭാഗ്യവതി ആയിരുന്നേനെ എന്നായിരുന്നു അവളുടെ അഭിപ്രായം.

ഭാഗ്യാനുഭൂതിയെപ്പറ്റിയുള്ള ആ സ്ത്രീയുടെ നിലപാടിൽ അത്ഭുതസ്തബ്ധനായി ഞാൻ തത്വചിന്തകനായിരുന്ന എന്റെ ബ്രാഹ്മണന്റെ അടുത്തേക്കു് തിരിച്ചുചെന്നു. ഞാൻ അവനോടു് ചോദിച്ചു: “നിങ്ങളുടെ പടിവാതിലിനുമുന്നിൽ വൃദ്ധയായ ഒരു ദരിദ്രസ്ത്രീ യാതൊരു പുനര്‍വിചിന്തനങ്ങളും നടത്താതെ, സ്വന്തം പ്രേരകശക്തിക്കു് അനുസരിച്ചു് ജീവിച്ചു് ഭാഗ്യവതിയായി കഴിയുമ്പോൾ, ഇതുപോലെ നിർഭാഗ്യവാനായിരിക്കാൻ നിങ്ങൾ ലജ്ജിക്കുന്നില്ലേ?” അതിനു് അവന്റെ മറുപടി: “നിങ്ങൾ പറയുന്നതു് ശരിയാണു്. എന്റെ അയൽക്കാരിയായ ആ സ്ത്രീയെപ്പോലെ, വിഡ്ഢിയായിരുന്നെങ്കിൽ ഞാനും അവളെപ്പോലെതന്നെ ഭാഗ്യവാനായിരുന്നേനെ എന്നു് ഒരു നൂറുപ്രാവശ്യമെങ്കിലും ഞാൻ എന്നോടുതന്നെ പറഞ്ഞിട്ടുണ്ടാവും. പക്ഷേ, അതുപോലൊരു ഭാഗ്യം എനിക്കു് വേണ്ട”.

ഇതുവരെ ഞാൻ അവനിൽനിന്നും കേട്ട എല്ലാ കാര്യങ്ങളെക്കാളും ആഴമേറിയ മതിപ്പു് അവന്റെ ഈ മറുപടി എന്നിൽ സൃഷ്ടിച്ചു. ഞാൻ ഒരു ആത്മപരിശോധന നടത്തി നോക്കിയപ്പോൾ, വിഡ്ഢിയായിരിക്കുക എന്ന നിബന്ധന പാലിച്ചുകൊണ്ടു് ഭാഗ്യവാനായിരിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല എന്നെനിക്കു് സ്വയം അംഗീകരിക്കേണ്ടിവന്നു.

ഈ ചോദ്യം ഞാൻ മറ്റു് തത്വചിന്തകരോടും ചോദിച്ചു. അവരും എന്റെ അഭിപ്രായക്കാരായിരുന്നു. എങ്കിൽത്തന്നെയും എനിക്കു് പറയേണ്ടിവരുന്നു: “ഈ രീതിയിലുള്ള ചിന്ത സ്പഷ്ടമായ ഒരു വൈരുദ്ധ്യം ഉൾക്കൊള്ളുന്നു. കാരണം, എന്താണു് അന്തിമമായി ഇവിടെ ലക്ഷ്യം? ഭാഗ്യമുള്ളവരായിരിക്കുക എന്നതുതന്നെ. എങ്കിൽപ്പിന്നെ ബുദ്ധിമാനായാലും വിഡ്ഢിയായാലും അതിലെന്തു് പ്രശ്നം”?

തുടർന്നു്: സ്വന്തം ജീവിതത്തെപ്പറ്റി സന്തോഷം അനുഭവിക്കുന്നവർക്കു് അവർ സംതൃപ്തരാണെന്നു് തീർച്ചയായും അറിയാം. അതേസമയം, ആധിപൂണ്ടിരിക്കുന്നവർക്കു് അവർ ശരിയായിട്ടാണോ ചിന്തിക്കുന്നതെന്നു് കൃത്യമായി അറിയില്ല. അതിന്റെ അടിസ്ഥാനത്തിൽ, മനുഷ്യന്റെ സാമാന്യബോധം അവന്റെ ഭാഗ്യാനുഭൂതിയെ ഏതെങ്കിലും വിധത്തിൽ അപകടപ്പെടുത്തുന്നുവെങ്കിൽ, സാമാന്യബോധത്തെ ഉപേക്ഷിക്കുന്നതാണു് മനുഷ്യർക്കു് നല്ലതെന്നു് വ്യക്തമാവുന്നു. ആ തത്വചിന്തകർ എല്ലാവരും അതു് സമ്മതിച്ചു. പക്ഷേ, അവരിൽ ഒറ്റയൊരുത്തനും വിഡ്ഢിത്തം ഏറ്റെടുത്തു് ഭാഗ്യവാനാവുക എന്ന മാറ്റക്കച്ചവടത്തിൽ താത്പര്യം പ്രകടിപ്പിച്ചില്ല. അതിൽ നിന്നും ഞാൻ എത്തിച്ചേർന്ന നിഗമനം ഇതാണു്: ഭാഗ്യാനുഭൂതിക്കു് നമ്മൾ എന്തെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ, അതിനേക്കാൾ കൂടിയ വില നമ്മൾ വിവേകബുദ്ധിക്കു് നൽകുന്നുണ്ടു്. പക്ഷേ, ഇതിനെപ്പറ്റി നമ്മൾ ശരിയായി ചിന്തിക്കുമ്പോൾ, ഭാഗ്യത്തേക്കാൾ വില വിവേകത്തിനു് നൽകുന്നതു് അർത്ഥശൂന്യമായ ഒരു കാര്യമാണെന്നു് വരുന്നു. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണു് വിശദീകരിക്കാനാവുക? മറ്റെല്ലാറ്റിനെയും പോലെതന്നെ! അതിനെസംബന്ധിച്ചു് ഒരുപാടു് സംസാരിക്കാം.

 
1 Comment

Posted by on Aug 22, 2010 in ഫിലോസഫി

 

Tags: , ,

അന്ധർ വർണ്ണങ്ങളെ വർണ്ണിക്കുമ്പോൾ

(വോൾട്ടയറുടെ Les aveugles juges des couleurs-ന്റെ സ്വതന്ത്ര പരിഭാഷ)

പാരീസിലെ “Quinze-Vingts” അന്ധാശുപത്രിയുടെ സ്ഥാപനസമയത്തു് എല്ലാ അന്തേവാസികൾക്കും തുല്യാവകാശം വാഗ്ദാനം ചെയ്യപ്പെട്ടതും അവരുടെ എല്ലാ കാര്യങ്ങളും ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കപ്പെടണമെന്നു് തീരുമാനിച്ചതും വിഖ്യാതമാണല്ലോ. അവരുടെ ശക്തിയേറിയ സ്പര്‍ശനേന്ദ്രിയശേഷി മൂലം അവർക്കു് ഒരു ചെമ്പു് നാണയവും വെള്ളിനാണയവും തമ്മിൽ ഒരു പ്രയാസവുമില്ലാതെ തിരിച്ചറിയാനാവുമായിരുന്നു. അവരിൽ ആരും ഒരിക്കൽ പോലും “ആട്ടിൻകാട്ടം കൂർക്കക്കിഴങ്ങാണെന്നു്” തെറ്റിദ്ധരിച്ചിരുന്നില്ല. രണ്ടു് കണ്ണുകളുമുള്ള അവരുടെ സഹജീവികളെ അപേക്ഷിച്ചു് കൂടുതൽ വളർച്ച പ്രാപിച്ച ഘ്രാണശേഷിയും അവർക്കു് സ്വന്തമായിരുന്നു. അവരുടെ നാലു് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചു് റീസണബിൾ ആയ ഒരു വിധിനിർണ്ണയത്തിൽ എത്തിച്ചേരുവാൻ അവർ തികച്ചും പ്രാപ്തരായിരുന്നു. അങ്ങനെ, കാര്യങ്ങളെ അറിയേണ്ടിടത്തോളം അറിയാൻ അവർക്കു് കഴിഞ്ഞിരുന്നതിനാൽ അവർ അന്ധർക്കു് സാദ്ധ്യമാവുന്നത്ര സന്തുഷ്ടവും സമാധാനപൂർവ്വവുമായി ജീവിച്ചുപോയിക്കൊണ്ടിരുന്നു. നിർഭാഗ്യവശാൽ, ഒരു ദിവസം അവരുടെ അദ്ധ്യാപകരിലൊരുവൻ കാഴ്ചക്കുള്ള അവന്റെ ശേഷി അവനെസംബന്ധിച്ചു് വളരെ വ്യക്തമായ ഒരു കാര്യമാണെന്നു് അവകാശപ്പെട്ടു. അവൻ അതിനെപ്പറ്റി പ്രസംഗങ്ങൾ നടത്തുകയും, അന്ധരിൽ ജിജ്ഞാസ ഉണർത്തുകയും, ആവേശഭരിതരായ ധാരാളം അനുയായികളെ സൃഷ്ടിക്കുകയും ചെയ്തതിന്റെ ഫലമായി അവസാനം അന്ധസമൂഹത്തിന്റെ നേതാവായി അംഗീകരിക്കപ്പെട്ടു. താമസിയാതെ അവൻ നിറങ്ങളെപ്പറ്റി ഏകാധിപത്യസ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ മറ്റൊന്നിനും വിലയില്ലാതായി.

അന്ധാശുപത്രിയിലെ ആദ്യത്തെ ഈ സ്വേച്ഛാധിപതി ചെറിയ ഒരു ഉപദേശകസമിതി രൂപീകരിക്കുകയും അവരെക്കൊണ്ടു് അവനെ ചാരിറ്റി അഡ്മിനിസ്റ്റ്രേറ്റർ ആയി വാഴിപ്പിക്കുകയും ചെയ്തു. അതിനുശേഷം ആരും അവനെ എതിർക്കാൻ തയ്യാറായില്ല. അതോടെ, ആ അന്ധാശുപത്രിയിലെ എല്ലാ അന്തേവാസികളും ധരിക്കുന്ന വസ്ത്രങ്ങൾ വെള്ളയാണെന്നു് അവൻ പ്രഖ്യാപിച്ചു. അവർ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്നുപോലും വെള്ളയല്ലാതിരുന്നിട്ടും, അന്ധർ അതു് വിശ്വസിക്കുകയും, അന്നുമുതൽ തങ്ങളുടെ “മനോഹരമായ വെള്ള വസ്ത്രങ്ങളെപ്പറ്റി” മാത്രം സംസാരിക്കുകയും ചെയ്തു. അതുകേട്ട ജനങ്ങൾ അവരെ പരിഹസിക്കാൻ തുടങ്ങിയതിന്റെ പേരിൽ അന്ധർ തങ്ങളുടെ അധിപതിയുടെ മുന്നിൽ പരാതിയുമായി എത്തി. അവൻ അവരോടു് ഒട്ടും സൗഹൃദപരമല്ലാതെ പെരുമാറുകയും, അന്ധരല്ലാത്തവരുടെ ഭ്രാന്തൻ ആശയങ്ങളാൽ വഴിതെറ്റിക്കപ്പെട്ടവരും, സ്വന്തം അധിപതിയുടെ അപ്രമാദിത്വത്തിൽ സംശയാലുക്കളും, നവീകരണാസക്തരും, സ്വതന്ത്രബുദ്ധികളും, വിപ്ലവകാരികളുമായി മുദ്രകുത്തി അവരെ ഭര്‍ത്സിക്കുകയും ചെയ്തു. രണ്ടു് പാർട്ടികളുടെ രൂപമെടുക്കലായിരുന്നു ഈ ലഹളയുടെ ഫലം.

തുടർന്നു്, അന്ധരെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടി അവരുടെ വസ്ത്രങ്ങൾ ചുവപ്പാണെന്നൊരു അനുശാസനം സ്വേച്ഛാധിപതി പ്രസിദ്ധപ്പെടുത്തി. അതേസമയം, ആ അന്ധാശുപത്രിയിൽ ഒറ്റ വസ്ത്രം പോലും ചുവന്നതായിരുന്നില്ല. അതോടെ ജനങ്ങളുടെ പരിഹാസം പതിന്മടങ്ങായി പെരുകി. അന്ധസമൂഹത്തിന്റെ പുതിയ പരാതി – അധിപതി കോപാകുലനായി, അന്തേവാസികളും അതുപോലെതന്നെ. നീണ്ട ചർച്ചകളുടെയും തർക്കങ്ങളുടെയും അവസാനം സ്വന്തം വസ്ത്രത്തിന്റെ നിറം എന്തെന്ന വിധിനിർണ്ണയത്തിൽ സ്വയം എത്തിച്ചേരാനുള്ള അനുവാദം അന്ധന്മാർക്കു് ലഭിച്ചതോടെ മാത്രമേ ലഹള തീർന്നുള്ളു.

വർണ്ണസംബന്ധമായ ഈ ഒരു വിഷയത്തെപ്പറ്റി അന്ധരായവർ സംസാരിച്ചതു് ശരിയായ ഒരു കാര്യമായിരുന്നില്ല എന്നാണു് ഈ കഥ വായിച്ച ബധിരനായ ഒരുവൻ അഭിപ്രായപ്പെട്ടതു്. പക്ഷേ, സംഗീതത്തെപ്പറ്റി സംസാരിക്കാനുള്ള അവകാശം ബധിരർക്കു് മാത്രമുള്ളതാണെന്ന തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അവൻ പറഞ്ഞു.

 
Comments Off on അന്ധർ വർണ്ണങ്ങളെ വർണ്ണിക്കുമ്പോൾ

Posted by on Aug 20, 2010 in ഫിലോസഫി

 

ഏതു് മതം?

(റൂസ്സോയുടെ എമിലിൽ നിന്നും: സ്വതന്ത്ര പരിഭാഷ)

ക്ലേശകരമായ ഒരു വിഡ്ഢിത്തം വരച്ചുകാണിക്കേണ്ടിവന്നാൽ, കുട്ടികളെ മതപരമായ പ്രശ്നോത്തരപാഠം (catechism) പഠിപ്പിക്കുന്ന ഒരു പണ്ഡിതമ്മന്യനെ ആയിരിക്കും ഞാൻ വരച്ചുകാണിക്കുക; ഒരു കുട്ടിയെ വിഡ്ഢിയാക്കണമെന്നുണ്ടെങ്കിൽ ഞാൻ ചെയ്യുന്നതു്, അവൻ ക്യാറ്റെക്കിസം ഉരുവിടുമ്പോൾ, എന്താണവൻ പറയുന്നതെന്നു് വിശദീകരിക്കാൻ അവനെ നിർബന്ധിക്കുകയായിരിക്കും. ക്രൈസ്തവസിദ്ധാന്തങ്ങൾ അധികവും നിഗൂഢമാണെന്നും (mystery) മനുഷ്യബുദ്ധിക്കു് അതു് പിടികിട്ടാനാവുന്നതുവരെ കാത്തിരിക്കണമെന്നുമാവും ഇതിനു് എനിക്കു് ലഭിച്ചേക്കാവുന്ന മറുപടി. പക്ഷേ, അതിനർത്ഥം, ആ കുട്ടി പ്രായപൂർത്തിയാവുന്നതുവരെ കാത്തിരിക്കുക എന്നല്ല, മനുഷ്യനേ ഇല്ലാതാവുന്നതുവരെ കാത്തിരിക്കുക എന്നതായിരിക്കും. എന്തെന്നാൽ, ഒന്നാമതായി എനിക്കു് പറയാനുള്ളതു്: മനുഷ്യനു് മനസ്സിലാക്കാൻ മാത്രമല്ല, വിശ്വസിക്കാൻ പോലും അസാദ്ധ്യമായ മിസ്റ്ററികൾ ഉണ്ടു്. അവയൊക്കെ കുട്ടികളെ പഠിപ്പിക്കുന്നതുവഴി, അവരെ ബാല്യത്തിലേതന്നെ നുണപറയാൻ പഠിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണു് മനുഷ്യൻ നേടുന്നതെന്നു് എനിക്കു് മനസ്സിലാവുന്നില്ല. എനിക്കു് തുടർന്നു് പറയാനുള്ളതു്: മിസ്റ്ററികളെ ഞാൻ അംഗീകരിക്കണമെങ്കിൽ, അവ ദുര്‍ഗ്രഹമാണെന്നെങ്കിലും ചുരുങ്ങിയപക്ഷം ഞാൻ ഗ്രഹിച്ചിരിക്കണം. പക്ഷേ, അതുപോലൊരു ഗ്രഹിക്കലിനുള്ള ശേഷി കുട്ടികൾക്കു് കൈവന്നിട്ടില്ല. എല്ലാം മിസ്റ്ററിയായ ഇളംപ്രായത്തിൽ യഥാർത്ഥത്തിൽ മിസ്റ്ററി എന്നൊന്നു് ഇല്ല.

“അനുഗൃഹീതനാവാൻ മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കണം”. തെറ്റായി മനസ്സിലാക്കപ്പെടുന്ന ഈ സിദ്ധാന്തമാണു് യുക്തിഭദ്രതയ്ക്കു് മാരകമായ പ്രഹരമേൽപിക്കുന്ന, രക്തരൂഷിതമായ എല്ലാ അസഹിഷ്ണുതയുടെയും, ദുരഭിമാനത്തിലൂന്നിയ എല്ലാ അദ്ധ്യയനങ്ങളുടെയും അടിത്തറ. കാരണം, അതു് വാക്കുകൾ കൊണ്ടു് കബളിപ്പിക്കപ്പെടാൻ മനുഷ്യനെ ശീലിപ്പിക്കുന്നു. തീർച്ചയായും, ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ നിത്യമായ അനുഗ്രഹം നേടിയെടുക്കണമെന്നാണു് കുട്ടികൾ പഠിപ്പിക്കപ്പെടുന്നതു്. പക്ഷേ, അതിനു് ഏതാനും വാക്കുകൾ മുറതെറ്റാതെ ആവർത്തിച്ചാൽ മതിയെങ്കിൽ, സ്വർഗ്ഗലോകം കുട്ടികളെക്കൊണ്ടു് എന്നപോലെതന്നെ, തത്തകളെയും മൈനകളെയും കൊണ്ടും നിറയ്ക്കുന്നതിനു് എന്താണു് തടസ്സം എന്നെനിക്കു് മനസ്സിലാവുന്നില്ല.

വിശ്വസിക്കാനുള്ള ബാദ്ധ്യതയുടെ മുൻ നിബന്ധന അതിനുള്ള സാധ്യതയാണു്. താൻ രൂപപ്പെടുത്തിയെടുത്തെ യുക്തിയുക്തതയെ തെറ്റായി വിനിയോഗിക്കുന്നു എന്നതിനാൽ, അതിൽ വിശ്വസിക്കാത്ത ഒരു തത്വചിന്തകന്റെ പ്രവൃത്തി ശരിയല്ലെന്നു് പറയാം. പക്ഷേ, ക്രിസ്തുമതം ഏറ്റുപറയുന്ന ഒരു കുട്ടി എന്താണു് വിശ്വസിക്കുന്നതു്? അവനു് പിടികിട്ടുന്നതാണു് അവൻ വിശ്വസിക്കുന്നതു്. പക്ഷേ, അവനു് പിടികിട്ടുന്നതു് വളരെക്കുറച്ചു് മാത്രമാണെന്നതിനാൽ, അതിനു് നേരേ വിപരീതമായതും അവൻ ഏറ്റുപറയാൻ തയ്യാറാവും. കുട്ടികളുടെയും മുതിർന്ന ധാരാളം മനുഷ്യരുടെയും വിശ്വാസം തികച്ചും ഭൂമിശാസ്ത്രപരമായ ഒരു കാര്യമാണു്. മെക്കയിൽ ജനിക്കുന്നതിനുപകരം റോമിൽ ജനിച്ചതിന്റെ പേരിൽ അവർക്കു് പ്രതിഫലം ലഭിക്കുമോ? ഒരു കുട്ടിയോടു് പറയുന്നു: മുഹമ്മദ്‌ ദൈവത്തിന്റെ പ്രവാചകനാണു്, അവൻ അതേറ്റുപറയുന്നു: മുഹമ്മദ്‌ ദൈവത്തിന്റെ പ്രവാചകനാണു്. മറ്റേ കുട്ടിയോടു് പറയുന്നു: മുഹമ്മദ്‌ ഒരു തെമ്മാടിയാണു്, അവൻ ഏറ്റുപറയുന്നു: മുഹമ്മദ്‌ ഒരു തെമ്മാടിയാണു്. അവരെ രണ്ടുപേരേയും പരസ്പരം സ്ഥലം മാറ്റിയാൽ ഓരോരുത്തരും മറ്റവൻ ഏറ്റുപറഞ്ഞതു് ഏറ്റുപറയാൻ തയ്യാറാവും. തുല്യമായ ഈ രണ്ടു് അഭിപ്രായങ്ങളുടെ പേരിൽ ഒരുവനെ സ്വർഗ്ഗത്തിലും മറ്റവനെ നരകത്തിലും അയക്കാനാവുമോ? ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നൊരു കുട്ടി പറയുമ്പോൾ അവൻ വിശ്വസിക്കുന്നതു് ദൈവത്തിലല്ല, ദൈവം എന്ന എന്തോ ഒന്നുണ്ടു് എന്നു് അവനോടു് പറഞ്ഞ ഒരു പീറ്ററിലോ ജാക്കിലോ ആണു്. സ്വന്തം ഇച്ഛാശക്തി വരുത്തുന്ന തെറ്റുകളുടെ പേരിൽ മാത്രമേ ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടുകയുള്ളു എന്നും, സ്വന്തനിയന്ത്രണത്തിനു് അതീതമായ അജ്ഞാനം മൂലം സംഭവിക്കുന്ന തെറ്റുകൾ ഒരുവൻ ചെയ്യുന്ന കുറ്റകൃത്യങ്ങളായി കണക്കിടപ്പെടുകയില്ലെന്നും യുക്തിബോധം നമ്മോടു് പറയുന്നു. അതിനർത്ഥം, ഒരു നിത്യനീതിപീഠത്തിനു് മുന്നിൽ, സത്യവിശ്വാസത്തിന്റെയോ, അല്ലെങ്കിൽ സത്യത്തിനുനേരെ മുഖം തിരിക്കുന്ന ശിക്ഷാർഹമായ അവിശ്വാസത്തിന്റേയോ പേരിൽ ഒരുവൻ വിധിക്കപ്പെടണമെങ്കിൽ ആ വിശ്വാസവും, അതുപോലെതന്നെ അവിശ്വാസവും ആവശ്യമായ ഉൾക്കാഴ്ച്ചയോടെ സംഭവിച്ചതായിരിക്കണം.

ഉൾക്കൊള്ളാൻ കഴിയാത്തവർക്കു് സത്യം വെളിപ്പെടുത്തി കൊടുക്കുന്നതു് ഒരു തെറ്റായിരിക്കുമെന്നതിനാൽ, ആ തെറ്റു് ചെയ്യാതിരിക്കാൻ നമുക്കു് ശ്രദ്ധിക്കാം. ദൈവത്വത്തെപ്പറ്റി നീചമോ, ഭാവനാപരമോ, അസഭ്യമോ, അയോഗ്യമോ ആയ പദങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ യാതൊരുവിധ പദപ്രയോഗങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണു് നല്ലതു്. ദൈവം എന്ന ഒന്നിനെ അറിയാതിരിക്കുന്നതാണു് ദൈവത്തിനെ ദുഷിക്കുന്നതിനേക്കാൾ കുറഞ്ഞ തിന്മ. എത്ര വലിയ ബുദ്ധിമുട്ടാണു് ഇവിടെ എനിക്കു് മുന്നിൽ പ്രത്യക്ഷപ്പെടുന്നതു്! ആ ബുദ്ധിമുട്ടു് ആ വസ്തുതയിൽ എന്നതിനേക്കാൾ, ആ വസ്തുതയെ തരണം ചെയ്യുന്നതിനുള്ള അവരുടെ ചങ്കൂറ്റമില്ലായ്മയിലാണു് കുടികൊള്ളുന്നതു് എന്നതിനാൽ, അത്രമാത്രം വലിപ്പമേറിയതാണതു്. ഒരു കുട്ടി അവന്റെ പിതാവിന്റെ മതത്തിൽ വളർത്തപ്പെടുന്നു. അതു് ഏതു് മതമായാൽത്തന്നെയും, അതു് മാത്രമാണു് പരമാർത്ഥമായ ഒരേയൊരു മതമെന്നും, മറ്റെല്ലാ മതങ്ങളും ഭ്രാന്തവും അർത്ഥശൂന്യവുമാണെന്നും വളരെ സംക്ഷിപ്തമായി എപ്പോഴും അവനോടു് സമർത്ഥിക്കപ്പെട്ടുകൊണ്ടിരിക്കും. അതിനുള്ള പ്രചോദനത്തിന്റെ ശക്തി അതു് ഉന്നയിക്കപ്പെടുന്നതു് ഏതു് രാജ്യത്തിൽ ആണെന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ക്രിസ്തുമതം പരിഹാസ്യമായ ഒന്നായി കാണുന്ന കോൺസ്റ്റാന്റിനോപ്പിളിലെ ഒരു ടർക്കിക്കാരൻ, പാരീസിൽ ചെന്നു് നോക്കിയാൽ, അവിടെ മുഹമ്മദനിസത്തെപ്പറ്റി ആളുകൾ എന്തു് ചിന്തിക്കുന്നു എന്നു് കാണാം. മതത്തിന്റെ മേഖലയിൽ മുൻവിധികളാണു് എപ്പോഴും വിജയം ആഘോഷിക്കുന്നതു്. നമ്മൾ, എല്ലായിടത്തും മതത്തിന്റെ നുകം കുടഞ്ഞെറിയുന്നവരായ നമ്മൾ, പ്രാമാണികത്വത്തിനു് ഒന്നും അനുവദിച്ചുകൊടുക്കാത്തവരായ നമ്മൾ, ഓരോ രാജ്യത്തും അവൻ സ്വയം പഠിക്കുന്നവയല്ലാതെ, മറ്റൊന്നും നമ്മുടെ എമിലിനെ അനുശാസിക്കാൻ ആഗ്രഹിക്കാത്തവരായ ഈ നമ്മൾ, ഏതു് മതത്തിലേക്കാണു് നമ്മൾ അവനെ പഠിപ്പിക്കേണ്ടതു്? ഏതു് സെക്റ്റിലേക്കാണു് പ്രകൃതിയിലെ മനുഷ്യരെ നമ്മൾ പറഞ്ഞുവിടേണ്ടതു്? മറുപടി ലളിതമാണു്: ഇതിലേക്കോ അതിലേക്കോ അല്ല! അവന്റെ യുക്തിയുക്തതയുടെ ഏറ്റവും നല്ല പ്രയോജനപ്പെടുത്തൽ അവനെ കൊണ്ടെത്തിക്കുന്ന ഒരു മതം തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരവസ്ഥയിലേക്കു് അവനെ എത്തിക്കുക എന്നതു് മാത്രമാണു് നമ്മൾ ആഗ്രഹിക്കുന്നതു്.

വായനക്കാരാ, ഞാൻ എന്റെ ആദര്‍ശവചനം ഒരിക്കലും മറക്കില്ല, പക്ഷേ, എന്റെ വിധിനിർണ്ണയത്തെ സന്ദേഹിക്കാൻ എനിക്കു് അനുവാദമുണ്ടാവണം. ഞാൻ എന്തു് ചിന്തിക്കുന്നു എന്നു് പറയുന്നതിനു് പകരം, എന്നേക്കാൾ വിലയുള്ളവനായിരുന്ന ഒരു മനുഷ്യൻ ചിന്തിച്ചതു് എന്തെന്നു് ഞാൻ നിങ്ങളോടു് പറയാം. ഞാൻ പറയുന്ന വസ്തുതകളുടെ വാസ്തവികതക്കായി ഞാൻ നിലകൊള്ളുന്നു. മറ്റൊരുവന്റെയോ എന്റെതന്നെയോ ഉത്തമബോദ്ധ്യങ്ങളെ ഒരു ആദര്‍ശമായി കുത്തിനിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെ പരിശോധനക്കായി നിങ്ങളുടെ മുന്നിൽ നിരത്തുക എന്നതു് മാത്രമാണു് എന്റെ ആഗ്രഹം.

 
Comments Off on ഏതു് മതം?

Posted by on Aug 11, 2010 in ഫിലോസഫി

 

Tags: ,

വളർത്തലിലെ ബലപ്രയോഗം

(റൂസ്സോയുടെ എമിലിൽ നിന്നും ഒരു ഭാഗം: സ്വതന്ത്ര പരിഭാഷ)

കുഞ്ഞുങ്ങളെ യുക്തികൊണ്ടു് സ്വാധീനിക്കുക എന്നതു് ലോക്കിന്റെ (John Locke) ഇന്നും ഏറെ ജനപ്രീതിയുള്ള പ്രധാന തത്വമായിരുന്നു. പക്ഷേ, അതു് കൈവരിച്ച നേട്ടം അതിനനുകൂലമായി സംസാരിക്കുന്നു എന്നെനിക്കു് തോന്നുന്നില്ല. എന്റെ അനുഭവത്തിൽ, എപ്പോഴും യുക്തി മാത്രം കേട്ടു് വളരുന്ന കുട്ടികളേക്കാൾ മടയത്തമുള്ളതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. മനുഷ്യന്റെ മറ്റെല്ലാ ശേഷികളേക്കാളും താമസിച്ചും, ഏറ്റവും ഭാരമേറിയതുമായി, അവയുടെ എല്ലാം കൂടിച്ചേരലിലൂടെ രൂപമെടുക്കുന്നതാണു് യുക്തിയുക്തത. വിവേചനശേഷിയുള്ള ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുക എന്നതു് ഒരു നല്ല വളർത്തലിന്റെ ശ്രേഷ്ഠതയാണു്. എന്നിട്ടും മനുഷ്യനു് കുഞ്ഞിനെ യുക്തി ഉപയോഗിച്ചു് വളർത്തണം! അതിനർത്ഥമോ, അവസാനത്തിൽ നിന്നും ആരംഭിക്കുക, അല്ലെങ്കിൽ, ഉത്പന്നത്തിൽ നിന്നും പണിയായുധം നിർമ്മിക്കുക എന്നും! കുഞ്ഞുങ്ങൾക്കു് വിവേചനബുദ്ധിയുണ്ടായിരുന്നെങ്കിൽ, അവർക്കു് വളർത്തപ്പെടേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ഇളം പ്രായം മുതൽ അവർക്കു് മനസ്സിലാവാത്ത ഒരു ഭാഷയിൽ അവരോടു് സംസാരിച്ചാൽ, ഭാഷാശൈലികൊണ്ടു് ചതിക്കപ്പെടാനും, അധ്യാപകരെപ്പോലെതന്നെ വിവേകബുദ്ധിയുള്ളവരെന്നു് കരുതാനും വഴക്കാളികളും ധിക്കാരികളുമാവാനും അവരെ ശീലിപ്പിക്കുകയായിരിക്കും നമ്മൾ ചെയ്യുന്നതു്.

കുട്ടികളുമായി നടത്തുന്ന മിക്കവാറും എല്ലാ സദാചാരസംഭാഷണങ്ങളും പോകുന്ന വഴി ഇങ്ങനെയായിരിക്കും:

അധ്യാപകൻ: അതു് ചെയ്യാൻ പാടില്ല.
കുട്ടി: എന്തുകൊണ്ടു് അതു് ചെയ്യാൻ പാടില്ല?
അധ്യാപകൻ: അതു് അനീതി ആയതുകൊണ്ടു്.
കുട്ടി: അനീതി! എന്നു് പറഞ്ഞാൽ എന്താ?
അധ്യാപകൻ: നിനക്കു് നിരോധിക്കപ്പെട്ടിരിക്കുന്നതു്.
കുട്ടി: എനിക്കു് നിരോധിക്കപ്പെട്ടിരിക്കുന്നതു് ഞാൻ ചെയ്താൽ എന്താ തകരാറു്?
അധ്യാപകൻ: നീ അനുസരണക്കേടു് കാണിച്ചതുകൊണ്ടു് നിനക്കു് ശിക്ഷ കിട്ടും.
കുട്ടി: എങ്കിൽ ആരും അറിയാത്തവിധത്തിൽ ഞാനതു് ചെയ്യും.
അധ്യാപകൻ: ആളുകൾ നിന്നെ ശ്രദ്ധിക്കും.
കുട്ടി: ഞാൻ ഒളിച്ചിരിക്കും.
അധ്യാപകൻ: ആളുകൾ നിന്നെ ചോദ്യം ചെയ്യും.
കുട്ടി: ഞാൻ നുണ പറയും.
അധ്യാപകൻ: നുണപറയാൻ പാടില്ല.
കുട്ടി: എന്തുകൊണ്ടു് നുണ പറയാൻ പാടില്ല?
അധ്യാപകൻ: അതു് അനീതി ആയതുകൊണ്ടു്. …

അങ്ങനെ അങ്ങനെ…

അനിവാര്യമായ ഒരു ചാക്രിക ആവർത്തനം. അതിനും അപ്പുറത്തേക്കു് നീ പോയാൽ ആ കുട്ടിക്കു് നിന്നെ മനസ്സിലാക്കാൻ പോലുമാവില്ല. ഞാൻ അതിനെ വളരെ പ്രയോജനകരമായ ശിക്ഷണമെന്നു് വിളിക്കും! നന്മയും തിന്മയും തിരിച്ചറിയുക, മാനുഷിക കടപ്പാടുകളുടെ അടിസ്ഥാനം മനസ്സിലാക്കുക മുതലായവയൊന്നും ഒരു കുഞ്ഞിന്റെ കാര്യങ്ങളല്ല.

അവർ പുരുഷന്മാരാവുന്നതുവരെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിരിക്കാൻ പ്രകൃതി ആഗ്രഹിക്കുന്നു. ഈ പ്രകൃതിവ്യവസ്ഥയെ തലതിരിക്കാൻ ശ്രമിച്ചാൽ നീരോ കരുത്തോ ഇല്ലാത്ത, പിഞ്ചിലേ പഴുത്ത ഫലങ്ങളെയാവും നമ്മൾ പുറത്തുകൊണ്ടുവരുന്നതു്: യുവപണ്ഡിതരും വൃദ്ധബാലന്മാരും. ചിന്തിക്കാനും, കാണാനും, അനുഭവിക്കാനും ബാല്യത്തിനു് ‘അതിന്റേതായ’ രീതിയുണ്ടു്. അതിനുപകരം അവരിൽ നമ്മുടേതായ രീതികൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അർത്ഥശൂന്യമായ മറ്റൊന്നുമില്ല. പത്തുവയസ്സുള്ള ഒരു കുട്ടിയിൽ നിന്നും വിവേചനശേഷി പ്രതീക്ഷിക്കുന്നതുപോലെതന്നെയാണു് അവനു് അഞ്ചടി ഉയരമുണ്ടായിരിക്കണമെന്നു് ആവശ്യപ്പെടുന്നതും.

നിങ്ങളുടെ കുഞ്ഞുങ്ങളെ അനുസരണയുടെ ബാദ്ധ്യത ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ, ഈ ആരോപിതബോദ്ധ്യപ്പെടുത്തലിനോടൊപ്പം ബലപ്രയോഗവും ഭീഷണിയും, അതല്ലെങ്കിൽ അതിലും ചീത്തയായ മുഖസ്തുതിയും വാഗ്ദാനങ്ങളും നിങ്ങൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെ അവർ സ്വന്തപ്രയോജനത്താൽ പ്രലോഭിപ്പിക്കപ്പെട്ടിട്ടോ, ബലപ്രയോഗത്താൽ കീഴടക്കപ്പെട്ടിട്ടോ, നിങ്ങൾ നിരത്തിയ കാര്യകാരണങ്ങളാൽ മൂടപ്പെട്ടിട്ടെന്നപോലെ നിങ്ങൾക്കു് സ്വയം ഏൽപിച്ചുതരുന്നു. അവർക്കു് അഹിതകരമായതാണു് നിങ്ങൾ അവരിൽ നിന്നും ആവശ്യപ്പെടുന്നതു് എന്നതിനാൽ, അവരുടെ അനുസരണക്കേടു് ശ്രദ്ധിക്കപ്പെടാത്തിടത്തോളം അവ നീതി ആയിരുന്നു എന്ന ബോദ്ധ്യത്തിലും, അഥവാ പിടിക്കപ്പെട്ടാൽ, കൂടുതൽ തിന്മ അനുഭവിക്കേണ്ടിവരും എന്ന ഭയം മൂലം, ചെയ്തതു് തെറ്റായിരുന്നു എന്നു് സമ്മതിക്കാൻ തയ്യാറായിക്കൊണ്ടും, അവർക്കു് ഹിതകരമായ കാര്യങ്ങൾ അവർ രഹസ്യമായി ചെയ്യുന്നു. ശിക്ഷയോടുള്ള ഭയം, ക്ഷമിക്കപ്പെടും എന്ന പ്രതീക്ഷ, മറുപടി പറയേണ്ടിവരുമ്പോഴത്തെ പാരവശ്യം ഇവയെല്ലാം മൂലം, ആവശ്യപ്പെടുന്ന ഏതു് കുറ്റസമ്മതത്തിനും അവർ പ്രേരിതരാവുന്നു, നിങ്ങളോ, അവരെ വിരട്ടുകയും മുഷിപ്പിക്കുകയും മാത്രം ചെയ്തപ്പോഴും, അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നുവെന്നു് വിശ്വസിക്കുന്നു.

കുഞ്ഞുങ്ങളുടെ വളർത്തൽ എന്ന വിഷയം പരിഗണനയിൽ വന്നതുമുതൽ, അവരെ നിയന്ത്രിക്കാൻ പരസ്പരമത്സരം, സ്പർദ്ധ, അസൂയ, ദുരഭിമാനം, ദുരാഗ്രഹം, നീചമായ ഭയം, ശരീരം രൂപമെടുക്കുന്നതിനു് മുൻപുതന്നെ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന അപകടകരമായ വികാരങ്ങൾ മുതലായ കാര്യങ്ങളൊഴികെ മറ്റൊരു മാർഗ്ഗവും മനുഷ്യർ കണ്ടെത്തിയില്ല എന്നതു് വളരെ വിചിത്രമായിരിക്കുന്നു. നല്ലതായിരിക്കുക എന്നാൽ എന്താണെന്നു് കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അവരെ ദുഷിക്കണമെന്നും, അതിന്റെ ഫലം അത്ഭുതകരമായിരിക്കുമെന്നും വിവരദോഷികളായ ചില വളർത്തൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം അവർ ഗൗരവപൂർവ്വം നമ്മോടു് ഇതുകൂടി പറയുന്നു: “അങ്ങനെയാണു് മനുഷ്യർ!”

അതെയതെ, തീർച്ചയായും അങ്ങനെതന്നെയാണു് മനുഷ്യർ – നിങ്ങൾ നിർമ്മിച്ച മനുഷ്യർ!

Jean-Jacques Rousseau

 
4 Comments

Posted by on Aug 7, 2010 in ഫിലോസഫി

 

Tags: ,

ധൂർത്തനായ ദൈവം

ഭൂമിയിൽ മനുഷ്യർക്കു് ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ വളരെ പരിമിതമാണു്. ഭൂമിയുടെ ഏകദേശം മൂന്നിൽ രണ്ടു് ഭാഗമായ സമുദ്രങ്ങളിൽ ഒരു സാമൂഹികജീവിതം കെട്ടിപ്പടുക്കുക എന്നതു് അത്ര പ്രായോഗികമായ കാര്യമല്ല. ശേഷിക്കുന്ന മൂന്നിൽ ഒന്നു് മാത്രമായ കരപ്രദേശത്തിലാണെങ്കിൽ, ധ്രുവപ്രദേശങ്ങളിലോ, മഞ്ഞുമൂടിയ പർവ്വതങ്ങൾക്കു് മുകളിലോ, മരുഭൂമിയിലോ ഒന്നും സ്ഥിരമായ മനുഷ്യവാസം സാദ്ധ്യമല്ല. അതുപോലെതന്നെ, ഭൂമിയിൽ നിന്നും മുകളിലേക്കു് പോയാൽ, ഏതാനും കിലോമീറ്റർ കഴിയുമ്പോഴേക്കും അന്തരീക്ഷത്തിന്റെ ഘടന ജീവനെപ്പോലും അപകടത്തിലാക്കുന്ന നിലയിലെത്തും. ഈ പ്രദേശങ്ങളിലൊക്കെ ഒന്നു് പോയിവരണമെങ്കിൽത്തന്നെ മനുഷ്യബുദ്ധിയിൽ വിരിഞ്ഞ സൂത്രങ്ങളും മനുഷ്യനിർമ്മിതമായ ഉപകരണങ്ങളും ഉപയോഗിക്കാതെ കഴിയുകയുമില്ല.

ഇനി ആകമാനപ്രപഞ്ചത്തെപ്പറ്റി പറയുകയാണെങ്കിൽ, ഒരു മനുഷ്യായുസ്സിലോ ഒരു പതിനായിരം മനുഷ്യായുസ്സുകളിലോ (അതിലും എത്രയോ കൂടുതൽ പോലുമോ!) – മനുഷ്യൻ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നു എന്നു് സങ്കൽപിച്ചാൽത്തന്നെ – പോയി തിരിച്ചുവരാൻ പോയിട്ടു് എത്തിപ്പെടാൻ പോലും പറ്റാത്തത്ര വിപുലമാണു് ശക്തമായ ടെലിസ്കോപ്പുകൾ വഴി മനുഷ്യൻ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞ കോസ്മോസ്‌. ഇതുവരെ കണ്ടതിലും കൂടുതൽ എന്നു് പറയാമെന്നല്ലാതെ, ഇനി കാണാൻ കിടക്കുന്ന പ്രപഞ്ചം എത്രയെന്നു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ സങ്കൽപിക്കാൻ പോലും ആവില്ല എന്നതു് മറ്റൊരു യാഥാർത്ഥ്യം! അതായതു്, ഈ ഭൂമിയിലെ വളരെ ചെറിയ ഒരംശത്തിൽ ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷങ്ങൾ കഴിഞ്ഞുകൂടുന്നവനാണു് മനുഷ്യൻ എന്ന ജീവി. ശ്വാസോച്ഛ്വാസം തടസ്സപ്പെട്ടാൽ മാത്രം മതി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ മനുഷ്യൻ മരിക്കുമെന്ന വസ്തുതയുടെ വെളിച്ചത്തിൽ, സൗരയൂഥമാനദണ്ഡത്തിൽ നോക്കിയാൽ ഒരു നേരിയ പാട എന്ന രീതിയിൽ ഭൂമിയെ പൊതിയുന്ന അന്തരീക്ഷവും അതിലെ ശുദ്ധവായുവും മനുഷ്യജീവന്റെ നിലനിൽപിനു് എത്രമാത്രം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നു് ഊഹിക്കാവുന്നതേയുള്ളു. ഇതുപോലൊരു ഭൂമിയും, അത്യാവശ്യം പകൽവെളിച്ചത്തിനു് ഒരു സൂര്യനും, നിർബന്ധമാണെങ്കിൽ രാത്രിയിൽ ഒരു രസത്തിനു് ഒരു ചന്ദ്രനും കൂടിയുണ്ടെങ്കിൽ ചിമ്പാൻസിയേക്കാൾ മെച്ചമായി ജീവിക്കാൻ മനുഷ്യനു് അതു് ധാരാളം മതിയായിരുന്നു. പിന്നെ എന്തിനു് കയ്യും കാതും കണ്ണും ടെലസ്കോപ്പും എത്താത്തത്ര വിപുലമായ ഒരു കോസ്മോസ്‌ ഉണ്ടാക്കിവച്ചിരിക്കുന്നു? ഇതാരുടെ പണി? അതാരായിരുന്നാലും അവൻ ഒരു ധൂർത്തനും, തോന്ന്യവാസിയും, പ്രായോഗികബുദ്ധി എന്നൊന്നു് തൊട്ടുതീണ്ടിയിട്ടില്ലാത്തവനും ആണെന്നതിൽ സംശയമൊന്നുമില്ല. ചില മതങ്ങൾ പറയുന്നു, ആ പ്രപഞ്ചാശാരിക്കു് മനുഷ്യന്റെ രൂപമാണെന്നു്! അവർ പറയുന്നതു് മനുഷ്യർ ചുമ്മാതെ അങ്ങു് കേട്ടു് വിശ്വസിച്ചാൽ മതിയത്രെ! ഏതായാലും മതങ്ങൾക്കു് ഇതുപോലുള്ള കാര്യങ്ങളിൽ എപ്പോഴും റെഡിമെയ്ഡ്‌ ഉത്തരങ്ങളുള്ളതു് മനുഷ്യരുടെ മഹാഭാഗ്യം എന്നേ പറയേണ്ടൂ. തന്നെത്താൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് അന്വേഷിച്ചു് ഓരോരോ കാര്യങ്ങൾ കണ്ടെത്തേണ്ടി വരുന്നില്ലല്ലോ. അതൊരു ഭാഗ്യമല്ലെന്നു് തോന്നുന്നുണ്ടോ? ജീവനിൽ കൊതിയുള്ളവർക്കു് അല്ലെന്നു് തോന്നാൻ വഴിയില്ല. കാരണം, കല്ലേറും തലവെട്ടുമൊക്കെ അത്ര വലിയ തമാശയുള്ള കാര്യങ്ങളല്ല – ചുരുങ്ങിയതു് അതൊക്കെ അനുഭവിക്കേണ്ടി വരുന്നവന്റേയും അവന്റെ ബന്ധുക്കളുടേയും കാഴ്ചപ്പാടിലെങ്കിലും.

ഈ മാതിരി അനന്തമായ പ്രപഞ്ചത്തെയും, അതിനുശേഷം ഈ ഭൂമിയേയും സൃഷ്ടിച്ചതു് ഒരു ദൈവമായിരുന്നുവെന്നും, അവയുടെയെല്ലാം ചുമതലക്കാരനായി ദൈവത്തിന്റെ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു എന്നും മറ്റും മനുഷ്യരെ വിശ്വസിപ്പിക്കാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ, അവന്റെ തലക്കു് കാര്യമായ എന്തോ തകരാറുണ്ടാവണം. ഭർത്താവിനും രണ്ടു് കുഞ്ഞുമക്കൾക്കും വേണ്ടി ഒരു വീട്ടമ്മയും നൂറുപേർ തിന്നാലും തീരാത്തത്ര ഉച്ചഭക്ഷണം പാചകം ചെയ്യില്ല. ആ വീട്ടമ്മയുടെ സാമാന്യബോധം പോലും ഒരു ദൈവത്തിനില്ല എന്നുവരികിൽ മാത്രമേ “ഏകദിന ഈച്ചകളായ” കുറേ മനുഷ്യർക്കുവേണ്ടി ഇക്കണ്ട പ്രപഞ്ചമെല്ലാം ഉണ്ടാക്കിവയ്ക്കാൻ അങ്ങേർ തയ്യാറാവുകയുള്ളു. മുപ്പതുമീറ്റർ ഉയരമുള്ള ഒരു മരത്തിനു് മുകളിൽ തന്റെ പിടക്കോഴികൾക്കു് മുട്ടയിടാനായി ഒരു കോഴിമുതലാളിയും ഒരു കോഴിക്കൂടു് പണിതുവയ്ക്കില്ല. കാരണം, അത്രയും ഉയരത്തിൽ പറന്നുപൊങ്ങാൻ ഒരു പാവം കോഴിപ്പിടയ്ക്കാവില്ല. ഏതു് കോഴിപ്പിടയും പാതിവഴിയിൽ മുട്ടയിട്ടുപോവേണ്ടുന്ന ഒരു സാഹചര്യമാവും അതുവഴി സംജാതമാവുക. മുട്ടയിടുക എന്ന പ്രവൃത്തിയുടെ ലക്ഷ്യം തന്നെ മാർഗ്ഗത്തിൽ വച്ചു് പൊട്ടിച്ചിതറിപ്പോകുമെന്നും താൻ ഒരു റോക്കറ്റല്ലെന്നും അറിയാൻ മതിയായ പ്രായോഗികബുദ്ധി ഏതു് പിടയ്ക്കുമുണ്ടു്. അതുകൊണ്ടു് പറ്റാത്ത പണികൾക്കൊന്നും പോകാതെ, ഏതെങ്കിലും കുറ്റിക്കാട്ടിൽ ഒതുങ്ങിയിരുന്നു് മുട്ടയിടാനേ സാധാരണഗതിയിൽ പിടകൾ തയ്യാറാവുകയുള്ളു. വെറും വിശ്വാസികളിൽ നിന്നും വ്യത്യസ്തമായി കോഴിപ്പിടകൾ നല്ല റീസണിംഗ്‌ പവ്വറുള്ള യുക്തിവാദികളാണു്. അറബി ശരിക്കറിയാത്തവർക്കു് ഖുർആൻ വേണ്ടവിധം മനസ്സിലാവാത്തതുപോലെ, സംസ്കൃതം ശരിക്കറിയാത്തവർക്കു് വേദങ്ങളും ഉപനിഷത്തുകളും വേണ്ടവിധം പിടികിട്ടാത്തതുപോലെ, എബ്രായഭാഷ ശരിക്കറിയാത്തവർക്കു് പഴയനിയമത്തിന്റെ തുമ്പിൽ പോലും പിടിക്കാനാവാത്തതുപോലെ കോഴിഭാഷ ശരിക്കറിയാത്തതിനാലാണു് കോഴിലോജിക്കിന്റെ മുക്കും മൂലയും പോലും (മൂക്കും മുലയുമല്ല!) നമ്മൾ മനുഷ്യർക്കു് അജ്ഞാതമായിരിക്കുന്നതു്. പ്രകോപിപ്പിക്കപ്പെട്ട കോഴിപ്പിടകൾ വളരെ ചെറിയ മുട്ടകൾ ഇടുന്നു എന്ന ഭയാനകമായ സത്യം മസാച്യുസെറ്റ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്ക്നോളജിയിലെ ഹെൻ ആൻഡ്‌ എഗ്‌ വിഭാഗം ഒരു ദീര്‍ഘകാലപഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ടു്. കോഴിപ്പിടകൾ കളിക്കുന്ന കളി വെറും ക്യാരംസോ, “പാമ്പും കോണിയുമോ” അല്ല.

“eccentric” എന്നൊരു സംഗതിയുണ്ടു്. മദ്ധ്യബിന്ദുവിൽ നിന്നു് മാറ്റി ഒരു തുളയിട്ടു്, ആ തുളയെ കേന്ദ്രമാക്കി ഒരു ചക്രത്തെ കറങ്ങാൻ അനുവദിച്ചാലത്തെ അവസ്ഥ. മദ്യപിച്ചവൻ വണ്ടിയോടിക്കുന്നതുപോലെ, ഒരു പ്രത്യേകതരം കറക്കമാണു് അവന്റെ സ്വത്വം. മെക്കാനിക്കൽ എഞ്ചിനിയേഴ്സ്‌ ഈ വേന്ദ്രനെ കറിക്യുലത്തിന്റെ ഭാഗമായി തീർച്ചയായും പരിചയപ്പെട്ടിട്ടുണ്ടാവും. പിരി വെട്ടിയതുപോലുള്ള ഈ കറക്കം സത്യത്തിൽ പിരി ലൂസായതുകൊണ്ടല്ല, അതങ്ങിനെയാണു്. ഒരിക്കലും ഇങ്ങനെയല്ലാതെ, എപ്പോഴും അങ്ങനെ മാത്രമായിരിക്കുന്നതിനെയാണല്ലോ നമ്മൾ ‘സ്വത്വം’ എന്ന ഇതിഹാസാത്മകവും ഘനഗംഭീരവുമായ വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതുതന്നെ.

apropos പിരി. പിരി അൽപം ലൂസായാലും മമ്മൂട്ടിയുടെ ഡാൻസ്‌ പോലെ കറക്കം (Pirouette) absolutely arrhythmic ആയിക്കൂടെന്നില്ല. പക്ഷേ, ഡാൻസിന്റെ കാര്യത്തിൽ ഇതിനൊരു ചെറിയ പരിഹാരം ഉണ്ടെന്നാണു് കേട്ടിട്ടുള്ളതു്. ഡാൻസ്‌ തുടങ്ങുന്നതിനു് ഏകദേശം ഒന്നുരണ്ടു് മിനുട്ട്‌ മുൻപു് ഡാൻസറുടെ വിലയേറിയ സ്ഥാനത്തു് കൊടിത്തൂവ ഇലകൊണ്ടു് ലോലമായ ഒരു മസാജ്‌ നടത്തിയാൽ, റിഥം നന്നായില്ലെങ്കിലും ഡാൻസിന്റെ സ്പീഡ്‌ ഗണ്യമായി വർദ്ധിക്കുമത്രേ. മലയാളസിൽമയുടെ ഭാവിയിലേക്കു് ഇത്തരമൊരു നവീകരണം വെട്ടിത്തുറന്നേക്കാവുന്ന പെരുവഴിയുടെ വീതി അഭൂതപൂർവ്വവും നാഷണൽ ഹൈവേയെ നാണിപ്പിക്കുന്നതുമായിരിക്കും.

നമുക്കു് “സ്മാർട്ട്‌ സിറ്റിയിൽ” നിന്നും എക്സെന്റ്രിസിറ്റിയിലേക്കു് മടങ്ങിവരാം. പറഞ്ഞുവന്നതു്, മനുഷ്യരിലുമുണ്ടു് ഇത്തരം എക്സെന്റ്രിക്കുകൾ. ഈ ജനുസ്സുകൾ പൊതുവേ പറ്റംപറ്റമായി പാർക്കുന്നവരാണു്. അതിനാൽ, ഒറ്റക്കെങ്ങാനും നമ്മൾ അവർക്കിടയിൽ പെട്ടുപോയാൽ തെരുവുനായ്ക്കൾക്കിടയിൽപ്പെട്ടുപോയ അപ്പീൻസ്ലറിന്റെ അവസ്ഥയിലാവും. (Appenzeller എന്നതു് ചീസ്‌ ആയാലും പട്ടി ആയാലും ഇവിടത്തെ സന്ദർഭത്തിനു് ചേർച്ചക്കുറവു് ഒന്നുമുണ്ടാവുന്നില്ല എന്നു് ശ്രദ്ധിക്കുക. രണ്ടും ‘made in Switzerland’ തന്നെ!) ചുരുക്കത്തിൽ, നായ്ക്കളായാലും മനുഷ്യരായാലും അപ്പനമ്മമാർ മക്കളെ എങ്ങനെ വളർത്തി എന്നതു് അത്ര അപ്രസക്തമായ ഒരു കാര്യമല്ല. നമ്മൾ ഇത്തരം എക്സെന്റ്രിക്കുകളോടു് ചോദിക്കുകയോ പറയുകയോ ചെയ്യുന്ന കാര്യങ്ങൾക്കു്, ആ കാര്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ പ്രത്യക്ഷമായ ബന്ധമുള്ള വസ്തുതകൾ ഒഴികെ, ലോകത്തിലെ ബാക്കി മുഴുവൻ ചവറുകളും അവർ നമുക്കു് വിളമ്പും. നമ്മൾ പറയാത്തതു് അവർ കേൾക്കും. പൊതുവേ മനുഷ്യർ പറയാൻ അറയ്ക്കുന്ന കാര്യങ്ങൾ വരെ അവർ വിളിച്ചുപറയും. കാരണം, അവരുടെ അഭിപ്രായത്തിൽ അവർ ലോകത്തിലെ മറ്റു് മനുഷ്യരെപ്പോലെയല്ല. അവർക്കു് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ചില പ്രത്യേക അധികാര-അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ സാദാ മനുഷ്യർക്കു് ബാദ്ധ്യതയുണ്ടു്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഷയം അവരെ പ്രതികൂലമായി ബാധിച്ചേക്കും എന്നൊരു നേരിയ തോന്നൽ മതി, ഉടനെ അവർ സെൻസർഷിപ്പുമായി ചാടിവീഴും. ആ വിഷയത്തിന്റെ പരിധിയിൽ ഒതുങ്ങി സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക എന്നതിനേക്കാൾ, എതിരഭിപ്രായം പറഞ്ഞവനേയും അവൻ അതു് എങ്ങനെ പറഞ്ഞു എന്നതിനേയുമൊക്കെ കേന്ദ്രീകരിച്ചായിരിക്കും ബഹളം. അതിൽ അത്ഭുതവുമില്ല. “ഏകദൈവം, ഏകമതം, ഏക അഭിപ്രായം” എന്ന അടിത്തറയിലുള്ള ഒരു വ്യവസ്ഥിതി വിഭാവനം ചെയ്യുന്നവർ അന്യദൈവങ്ങളെയും, അന്യമതങ്ങളേയും, അന്യ അഭിപ്രായങ്ങളേയും ഉന്മൂലനം ചെയ്യാനല്ലേ ശ്രമിക്കൂ. “ഞാൻ പറയുന്നതെന്തും അനുസരിക്കാനുള്ള നിന്റെ സ്വാതന്ത്ര്യം” – അതാണു് അവരുടെ കാഴ്ചപ്പാടിൽ ജനാധിപത്യം. പക്ഷേ ഈ ചെന്നായമുഖം എപ്പോഴും ആട്ടിൻതോലിൽ പൊതിഞ്ഞുമാത്രം സമൂഹത്തിൽ പ്രദര്‍ശിപ്പിക്കുക എന്നതാണു് അവരുടെ സ്റ്റ്രാറ്റജി. സാമാന്യജനം ഇതൊന്നും അത്ര ചുഴിഞ്ഞു് ചിന്തിക്കുന്നവരല്ല എന്ന അറിവിലാണു് അവർ ആശ്രയിക്കുന്നതു്. സ്വാർത്ഥമായ അവരുടെ ലക്ഷ്യങ്ങളെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കാത്ത വിഷയങ്ങളിൽ അവർക്കു് കണ്ണില്ല, ചെവിയില്ല, നാവുമില്ല. അവർ വിഭാവനം ചെയ്യുന്നതുപോലുള്ള ഒരു ഏകതാനലോകം മാനവരാശിയുടെ അന്ത്യമായിരിക്കും. ലോകത്തിലുള്ള സകല വനങ്ങളും ഉന്മൂലനം ചെയ്തു് ഒരേയൊരു ഇനം മരം മാത്രം വച്ചുപിടിപ്പിച്ചാൽ, അതു് വനങ്ങളുടെ മാത്രമല്ല, മനുഷ്യന്റേയും മറ്റനേകം ജീവജാലങ്ങളുടേയും അവസാനമായിരിക്കും എന്നതുപോലെ. വൈവിധ്യത്തിലേ ജീവനും സൗന്ദര്യത്തിനും നിലനിൽപ്പുള്ളു.

ഒരു സംസ്കൃതസമൂഹത്തിൽ പരസ്പരം നിലനിൽക്കുന്നതിനു് ചില മിനിമം മര്യാദകൾ പാലിക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണു്. അതുപോലും ഇത്തരക്കാരിൽ നിന്നും ആരെങ്കിലും പ്രതീക്ഷിച്ചാൽ അവർക്കു് തെറ്റി. കൃത്യമായി ഇതൊക്കെത്തന്നെയാണു് അവരുടെ ആയുധങ്ങൾ. വ്യക്തിപരമായ ചെളിവാരിയെറിയലുകളും അവഗണനാർഹമായ ഏതെങ്കിലും വാക്കുകളിൽ കടിച്ചുതൂങ്ങിക്കൊണ്ടുള്ള പടർപ്പിൽ തല്ലലുമല്ലാതെ, പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ വസ്തുനിഷ്ഠമായ ഒരു പ്രതികരണം ഇതുവരെ ആർക്കെങ്കിലും നൽകാൻ അവർക്കു് കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കുത്തിയിരുന്നു് ഹെമറോയിഡ്‌ പൊട്ടിയൊഴുകുന്നതുവരെ ബ്ലാ ബ്ലാ പറയുന്നതു് സഹിക്കാൻ മാത്രം ബോറടി അനുഭവിക്കുന്നവർ ഈ ലോകത്തിൽ വിരളമാണെന്നതിനാൽ അത്തരം തേനീച്ചക്കൂടുകളിൽ നിന്നും രക്ഷപെട്ടു് ഓടിയവർ ഇന്നും ഓട്ടം തുടരുകയാണെന്നു് പാണന്മാരുടെ പാട്ടു്. ചക്കെന്നു് പറഞ്ഞാൽ കൊക്കെന്നുപോലും മനസ്സിലാക്കാൻ മനസ്സില്ലാത്തവരോടു് സംവദിക്കുന്നതിനേക്കാൾ രസകരമായ എത്രയോ ഹോബികൾ ഈ ലോകത്തിൽ വേറെയുണ്ടു് എന്നു് മനുഷ്യർ സാവകാശമെങ്കിലും മനസ്സിലാക്കിത്തുടങ്ങി.

അതിലൊക്കെ രസം, ഇമ്മാതിരി ചവറുകളെല്ലാം മുകളിൽ പറഞ്ഞതുപോലെ അനന്തമെന്നോണം സങ്കൽപാതീതമായ ഒരു പ്രപഞ്ചത്തിന്റെ “ഏകനാഥനായ” ഒരു ദൈവം പറഞ്ഞതാണെന്ന വാദമാണു്. ഇന്നു് അറിയപ്പെടുന്ന പ്രപഞ്ചത്തെപ്പറ്റി ഒരു ഏകദേശധാരണയെങ്കിലുമുള്ള ഒരു മനുഷ്യജീവിക്കും അങ്ങനെയൊരു വാദം അംഗീകരിക്കാനാവില്ല. ദൈവത്തെ കയ്യിലിട്ടു് അമ്മാനമാടുന്ന മതപണ്ഡിതരോടു് ഇത്രയേ പറയാനുള്ളു: നിങ്ങൾ മനുഷ്യരെ പഠിപ്പിക്കാൻ ശ്രമിക്കുന്നതുപോലുള്ള ഒരു ദൈവം ഈ പ്രപഞ്ചത്തിന്റെ മറുപടി ആവുക എന്നതു് കേവലം അസാദ്ധ്യമാണു്. ഏതു് ദൈവത്തിലോ പിശാചിലോ വേണമെങ്കിലും നിങ്ങൾക്കു് വിശ്വസിക്കാം. പക്ഷേ, ബുദ്ധിക്കോ, യുക്തിക്കോ, മനുഷ്യമനസ്സിന്റെ യാതൊരുവിധ ശേഷിക്കോ ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നിനെ ദൈവം എന്ന പേരുനല്‍കി നിങ്ങളുടെ വയറ്റിൽപ്പിഴപ്പിനായി മനുഷ്യർക്കു് കൂട്ടിക്കൊടുക്കരുതു്.

പ്രപഞ്ചത്തിന്റെ സ്വന്തം നിയമങ്ങളാൽ സ്വയം നിയന്ത്രിക്കുന്ന ഒരു പ്രപഞ്ചത്തിനു് ഒരു ദൈവത്തിന്റെ ആവശ്യമില്ല. വേണമെങ്കിൽ, പ്രപഞ്ചം തന്നെയാണു് ദൈവമെന്നും, ദൈവം തന്നെയാണു് പ്രപഞ്ചമെന്നുമൊക്കെയുള്ള വാചകക്കസർത്തുകൾ നടത്താം. പക്ഷേ, അനാദികാലം മുതൽ ഉപയോഗിച്ചുപയോഗിച്ചു് തേയുക മാത്രമല്ല, അസഹ്യമായി നാറുക കൂടി ചെയ്യുന്നതിനാൽ, ദൈവം എന്ന വാക്കു് അതു് യഥാർത്ഥത്തിൽ പ്രതിനിധീകരിക്കേണ്ടുന്ന അർത്ഥത്തെ ഇന്നു് ഒരു വിധത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നു് മാത്രമല്ല, ബലാൽസംഗം ചെയ്യുകകൂടി ചെയ്യുന്നു. അതുകൊണ്ടു്, മനുഷ്യരാശിക്കു് ബുദ്ധിപൂർവ്വം ചെയ്യാവുന്ന ഒരേയൊരു കാര്യം ആ വാക്കിൽ നിന്നും എന്നേക്കുമായി വിടവാങ്ങുക എന്നതുമാത്രമാണു്.

പ്രപഞ്ചത്തിന്റെ നിയന്ത്രകശക്തിയായ ഒരു ദൈവം എന്തെങ്കിലും പറയുന്നവനാവില്ല, അതുപോലൊരു ദൈവം ആർക്കും, ഒരു മനുഷ്യനും വെളിപ്പെടുന്നവനാവില്ല. അതുപോലൊരു ദൈവത്തിനു് മനുഷ്യൻ എന്നൊരു ഷ്പീഷീസിനെ ആവശ്യമേയില്ല. അതുപോലൊരു ദൈവം പാറപ്പലകയിൽ കൽപനകൾ കൊത്തുന്ന ഒരു മൂത്താശാരിയാവില്ല. അതുപോലൊരു ദൈവത്തെ ഒരു പ്രവാചകനും രായ്ക്കുരാമാനം സന്ദര്‍ശിച്ചു് മടങ്ങാനാവില്ല. അതുപോലൊരു ദൈവം മനുഷ്യരാശിയെ പാപത്തിൽ നിന്നും രക്ഷിക്കാൻ നശ്വരയായ ഒരു മനുഷ്യസ്ത്രീയെ ഗർഭിണി ആക്കുകയില്ല. കാരണം, മനുഷ്യരെ സൃഷ്ടിച്ചതു് സർവ്വശക്തനായ ഒരു ദൈവമാണെങ്കിൽ, അവർ പാപം ചെയ്യേണ്ടിവരുന്നതിന്റെ ഉത്തരവാദിത്വവും അതേ ദൈവം ഏറ്റെടുത്തേ പറ്റൂ. പാപം ചെയ്യേണ്ട ആവശ്യം ഇല്ലാത്ത മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ കഴിവില്ലാത്ത ഒരു ദൈവം ഒരിക്കലും സർവ്വശക്തനാവില്ല. ആരും ആവശ്യപ്പെടാതെതന്നെ ആദിയിൽ പാപം ചെയ്യുന്ന മനുഷ്യരെ സ്വന്ത ഇഷ്ടപ്രകാരം സൃഷ്ടിച്ചിട്ടു് അവരെ അവരുടെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ മകനെ ജനിപ്പിച്ചു് കൊലയ്ക്കു് കൊടുക്കുകയോ, ഏതെങ്കിലും പ്രവാചകന്മാർക്കു് “ആബ്ര കഡാബ്ര” ഓതിക്കൊടുക്കുകയോ ഒക്കെ ചെയ്യുകയും, മനുഷ്യരെ പാപവിമുക്തരാക്കാനുള്ള അത്തരം ഭഗീരഥപ്രയത്നങ്ങളിൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു ദൈവം ലളിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യനാണു്, മനുഷ്യനേക്കാൾ നിന്ദ്യനാണു്. കാരണം, ബുദ്ധിയുള്ള മനുഷ്യർ അവരുടെ തെറ്റുകളിൽ നിന്നും പഠിക്കുന്നവരാണു്. അവർ ഒരേ തെറ്റു് ഒൻപതുപ്രാവശ്യം ആവർത്തിക്കുന്നവരല്ല. ദൈവം തോട്ടത്തിൽ നിന്നും പുറത്താക്കിയിട്ടും, മഹാപ്രളയം വഴി വിരലിലെണ്ണാവുന്ന ഏതാനും പേരൊഴികെ ബാക്കി സകല മനുഷ്യരേയും കൊന്നൊടുക്കിയിട്ടും, ഏകജാതനായ സ്വന്തമകനെ കുരിശിൽ തറച്ചു് കൊല്ലാൻ മനുഷ്യരെ അനുവദിച്ചിട്ടും, “ദൈവസാദ്ധ്യമായ” മറ്റെത്രയോ പരിശ്രമങ്ങൾ നടത്തിയിട്ടും മനുഷ്യവർഗ്ഗത്തെ താൻ ഉദ്ദേശിക്കുന്ന വഴിയിലേക്കു് കൊണ്ടുവരാൻ ദൈവത്തിനു് കഴിയുന്നില്ലെങ്കിൽ, ആ ദൈവത്തേക്കാൾ മനുഷ്യൻ എന്ന ജനുസ്സിനെ വിലമതിക്കാനുള്ള കടമ മനുഷ്യവർഗ്ഗത്തിനുണ്ടു്.

പ്രപഞ്ചത്തിൽ സംഭവിക്കുന്നതും, മനുഷ്യർ ചെയ്യുന്നതുമെല്ലാം ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, പ്രപഞ്ചത്തിനോ മനുഷ്യനോ ഒരിക്കലും ദൈവത്തിന്റെ തീരുമാനങ്ങളിൽ നിന്നും മോചനമില്ല എങ്കിൽ, ഒന്നൊഴിയാതെ ലോകത്തിലെ എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കും (നന്മകൾക്കു് മാത്രമല്ല) ഒരേയൊരു ഉത്തരവാദിയേയുള്ളു – അതു് ദൈവം മാത്രമാണു്. അതുപോലൊരു ദൈവം സർവ്വശക്തനല്ല, സർവ്വവ്യാപിയല്ല, മതങ്ങൾ നൽകുന്ന ഏതെങ്കിലുമൊരു വിശേഷണം അർഹിക്കുന്നവനുമല്ല. മനുഷ്യന്റെ പ്രവൃത്തികൾക്കു് മനുഷ്യന്‍ മാത്രമാണു് ഉത്തരവാദി. അവന്റെ പ്രവൃത്തികളിൽ അവനെ നയിക്കുന്ന നീതിശാസ്ത്രങ്ങൾ അവന്റെ സമൂഹം അവനിൽ വളർത്തിയെടുക്കുന്നതായതിനാൽ, പരോക്ഷമായി ആ സമൂഹവും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ.

ഈ പ്രപഞ്ചവുമായുള്ള താരതമ്യത്തിൽ ശൂന്യം എന്നു് പറയാൻ മാത്രം നിസ്സാരനായ മനുഷ്യൻ അവനെപ്പറ്റിയും, അവൻ കൂടി ഒരു ഭാഗമായ ഈ പ്രപഞ്ചത്തെപ്പറ്റിയും ഇത്രയുമൊക്കെ മനസ്സിലാക്കിയതു് അവന്റെ സ്വന്തം അന്വേഷണത്വരയും ശേഷിയും വഴിയാണു്. അതിനു് ഏതെങ്കിലും ഒരു ദൈവത്തിന്റെ സഹായം അവനു് തീർച്ചയായും ലഭിച്ചിട്ടില്ല. ആരെയെങ്കിലും ആരാധിക്കണമെന്നു് – പരസ്പരം ബഹുമാനിക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും – മനുഷ്യർക്കു് നിർബന്ധമാണെങ്കിൽ മനുഷ്യൻ ആരാധിക്കേണ്ടതു് അവനെത്തന്നെയാണു്, മറ്റാരെയുമല്ല.

 
1 Comment

Posted by on Aug 2, 2010 in മതം

 

Tags: , ,