RSS

Tag Archives: നീറ്റ്സ്ഷെ

പൗലോസിന്റെ ക്രിസ്തുമതം

(നീറ്റ്‌സ്‌ഷെയുടെ Antichrist-ൽ നിന്നും – ഒരു സ്വതന്ത്ര പരിഭാഷ)
സുവിശേഷത്തിന്റെ നാശം തീരുമാനിക്കപ്പെട്ടതു് കുരിശുമരണത്തോടെയായിരുന്നു. സുവിശേഷമാണു്  “കുരിശിൽ” തൂങ്ങിയതു്. അപ്രതീക്ഷിതമായ, ലജ്ജാവഹമായ ഈ മരണം, പൊതുവേ നീചജനങ്ങൾക്കു് മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരുന്നതായ കുരിശു് – ഭീകരമായ ഈ വിരോധാഭാസമാണു് യേശുവിന്റെ ശിഷ്യന്മാർക്കു് നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രഹേളിക: “ആരായിരുന്നു അതു്? എന്തായിരുന്നു അതു്?” – എല്ലാം തലകീഴായിയെന്നും, അപമാനിക്കപ്പെട്ടു എന്നും ഉള്ള തോന്നൽ, അതുപോലൊരു മരണം അവർ പ്രതിനിധീകരിച്ച കാര്യത്തിന്റെ നിരാകരണമായേക്കുമോ എന്ന സംശയം, “എന്തുകൊണ്ടു് ഇങ്ങനെ?” എന്ന ഭയാനകമായ ചോദ്യചിഹ്നം – ഈയൊരവസ്ഥ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. ഇവിടെ എല്ലാം ആവശ്യമായിരിക്കണം, എല്ലാറ്റിനും അർത്ഥം, യുക്തി, ഏറ്റവും ഉന്നതമായ യുക്തി ഉണ്ടായിരിക്കണം; കാരണം, ഒരു അനുയായിയുടെ സ്നേഹത്തിനു് ആകസ്മികത എന്നതു് അജ്ഞാതമാണു്. ഇവിടെ മാത്രമാണു് വിള്ളൽ വ്യക്തമാവുന്നതു്: “ആരാണു് അവനെ കൊന്നതു്? ആരായിരുന്നു അവന്റെ സ്വാഭാവിക ശത്രു?” – ഈ ചോദ്യം ഒരു മിന്നൽപ്പിണർ പോലെ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിന്റെ മറുപടി: ഭരിക്കുന്ന യഹൂദവർഗ്ഗം, അവരിലെ ഏറ്റവും ഉന്നതമായ നിര. ആ നിമിഷം മുതൽ അവർ നിലവിലിരിക്കുന്ന വ്യവസ്ഥിതിക്കെതിരായി ചിന്തിക്കാൻ തുടങ്ങി, പോരാത്തതിനു്, പ്രത്യവലോകനത്തിൽ, യേശുവും നിലവിലിരിക്കുന്ന വ്യവസ്ഥിതിക്കെതിരായ വിപ്ലവത്തിലായിരുന്നു എന്നവർ മനസ്സിലാക്കി. അതേസമയം, അതുപോലൊരു യുദ്ധപരതയോ, വാക്കാലോ പ്രവൃത്തിയാലോ ഉള്ള നിഷേധമോ അതുവരെയുള്ള യേശുചിത്രത്തിന്റെ ലക്ഷണമായിരുന്നില്ല; എന്നുതന്നെയല്ല, അവൻ അതിന്റെ വിപരീതം പോലുമായിരുന്നു. ഈ രീതിയിൽ മരിക്കുന്നതിലെ മാതൃകാപരത, എല്ലാവിധത്തിലുമുള്ള വെറുപ്പിന്റെയും മേലുള്ള നിയന്ത്രണാധിപത്യം, ഈ മുഴുവൻ കാര്യങ്ങളിലേയും ഏറ്റവും പ്രധാനമായ ഈ ഘടകം ആ ചെറിയ ക്രിസ്തീയ സമൂഹത്തിനു് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണു് സത്യം: – അവനെപ്പറ്റി എത്ര കുറച്ചുമാത്രമാണു് ആകെപ്പാടെ അവർ മനസ്സിലാക്കിയതു് എന്നതിന്റെ അടയാളം! തന്റെ അനുശാസനത്തിന്റെ പരസ്യമായ തെളിവും, അതിന്റെ ഏറ്റവും ശക്തമായ പ്രദർശനവുമല്ലാതെ മറ്റൊന്നും ഇതുപോലൊരു മരണം വഴി യേശു ആഗ്രഹിച്ചില്ല. പക്ഷേ, അവന്റെ അനുയായികൾ ആ മരണം ക്ഷമിക്കുന്നതിൽ നിന്നും വളരെ ദൂരെയായിരുന്നു – അതു് ഏറ്റവും ഉന്നതമായ അർത്ഥത്തിൽ സുവിശേഷപരമായിരുന്നേനെ – സൗമ്യവും ശ്രേഷ്ഠവുമായ ഹൃദയശാന്തിയോടെ അതുപോലൊരു മരണത്തിനു് സ്വയം കാഴ്ചയർപ്പിക്കുക എന്നതിൽ നിന്നും അവർ വളരെ അകലെയായിരുന്നു. കൃത്യമായി അതിനു് വിപരീതമായ, ഏറ്റവും “ദുർവിശേഷപരമായ” വികാരം, പ്രതികാരം, എല്ലാറ്റിനും മുകളിലെത്തി. യാതൊരു കാരണവശാലും കുരിശുമരണം വഴി ഈ കാര്യം അവസാനിക്കാൻ പാടില്ല: ഒരു “പകരം വീട്ടൽ”, ഒരു “വിധിന്യായം” ആവശ്യമാണു് (- പക്ഷേ, “പ്രതികാരം”, “ശിക്ഷാവിധി”, “ന്യായാധിപസമിതി” ഇവയേക്കാൾ സുവിശേഷപരമല്ലാത്തതായി മറ്റെന്താണുള്ളതു്!). ഒരു മശിഹായ്ക്കു് വേണ്ടിയുള്ള സാമാന്യജനപരമായ കാത്തിരിക്കൽ ഒരിക്കൽ കൂടി മുൻപന്തിയിലേക്കു് വന്നു; ചരിത്രപരമായ ഒരു നിമിഷം ദൃശ്യമായി: തന്റെ ശത്രുക്കളെ ന്യായം വിധിക്കുന്നതിനായി “ദൈവരാജ്യം” വരുന്നു…പക്ഷേ, അതോടെ എല്ലാം തെറ്റിദ്ധരിക്കപ്പെട്ടു: അതോടെ “ദൈവരാജ്യം” അവസാനത്തെ അങ്കമായി, വാഗ്ദത്തമായി! സുവിശേഷം എന്നതു് കൃത്യമായി ഇതേ “ദൈവരാജ്യത്തിന്റെ” അസ്തിത്വവും, നിറവേറ്റലും, യാഥാർത്ഥ്യവുമായിരുന്നു. അതുപോലൊരു മരണം കൃത്യമായും ആ “ദൈവരാജ്യം” തന്നെ ആയിരുന്നു. അതുവഴി പരീശന്മാർക്കും മതശാസ്ത്രിമാർക്കും എതിരായ മുഴുവൻ വെറുപ്പും വിദ്വേഷവും നാഥന്റെ മാതൃകയിലേക്കും മാറ്റിപ്പാർപ്പിക്കപ്പെട്ടു – ഈ രീതിയിൽ അവർ അവനെത്തന്നെ ഒരു പരീശനും മതശാസ്ത്രിയും ആക്കി മാറ്റി! നേരെമറിച്ചു്, പൂർണ്ണമായും അടിത്തറയിളകിയ ഈ ആത്മാക്കളുടെ ഭ്രാന്തുപിടിച്ച ആരാധനക്കു് യേശു പഠിപ്പിച്ചതുപോലെ ഓരോ മനുഷ്യനും ദൈവത്തിന്റെ മകനാവാനുള്ള സുവിശേഷപരമായ തുല്യാവകാശം സഹിക്കാനാവുമായിരുന്നില്ല: യേശുവിനെ വേർപെടുത്തി എല്ലാ അതിരുകളും ലംഘിക്കുന്ന രീതിയിൽ മുകളിലേക്കു് ഉയർത്തുക എന്നതായിരുന്നു അവരുടെ പ്രതികാരം: – യഹൂദർ പണ്ടു് അവരുടെ ശത്രുക്കളോടുള്ള പ്രതികാരത്തിനായി സ്വന്തം ദൈവത്തെ വേർപെടുത്തി ഔന്നത്യങ്ങളിലേക്കു് ഉയർത്തിയ അതേപോലെതന്നെ. ഒരു ദൈവവും ദൈവത്തിന്റെ ഒരു പുത്രനും – രണ്ടും വെറുപ്പിന്റെ സൃഷ്ടികൾ.

ഇപ്പോൾ മുതൽ പരിഹാസ്യമായ ഒരു പ്രശ്നം ആവിർഭവിച്ചു: “ദൈവത്തിനു് എങ്ങനെ ഇതു് അനുവദിക്കാൻ കഴിഞ്ഞു?” ആകെ താറുമാറിലായിരുന്ന ആ ചെറിയ സമൂഹം അതിനു് കണ്ടെത്തിയ അങ്ങേയറ്റം ഭയാനകവും യുക്തിഹീനവുമായ മറുപടി: “മനുഷ്യരുടെ പാപമോചനത്തിനുള്ള ബലിയായി ദൈവം അവന്റെ സ്വന്തമകനെ നൽകി”. അങ്ങനെ ഒറ്റയടിക്കു് സുവിശേഷത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു! “പാപപരിഹാരബലി” എന്നതു് അതിന്റെ ഏറ്റവും ബീഭത്സമായ, കിരാതമായ രൂപത്തിൽ, കുറ്റവാളികളുടെ പാപമോചനത്തിനായി കുറ്റമില്ലാത്തവനെ ബലികഴിക്കുക! എത്ര ഭീകരമായ വിഗ്രഹാരാധന!

“പാപം” എന്ന ആശയം തന്നെ യേശു ഇല്ലാതാക്കിയിരുന്നു – ദൈവവും മനുഷ്യനും തമ്മിലുള്ള പിളർപ്പു് അവൻ നിരാകരിച്ചിരുന്നു, ദൈവവും മനുഷ്യനും തമ്മിലുള്ള ഈ ഏകത്വം അവൻ തന്റെ “സന്തോഷകരമായ സന്ദേശ”ത്തിലൂടെ ജീവിക്കുകയായിരുന്നു. അല്ലാതെ പ്രത്യേകാവകാശം ആയിട്ടല്ല. ഇപ്പോൾ മുതൽ ചുവടുചുവടായി രക്ഷകന്റെ ചിത്രത്തിലേക്കു് പ്രവേശിപ്പിക്കപ്പെട്ടവ: ന്യായവിധിയുടേയും തിരിച്ചുവരവിന്റേയും അനുശാസനം, കുരിശുമരണത്തെ ബലിമരണമാക്കുന്ന അനുശാസനം, പുനരുത്ഥാനത്തിന്റെ അനുശാസനം – അതെല്ലാംവഴി “അനുഗ്രഹം” എന്ന ആശയം മുഴുവൻ, സുവിശേഷത്തിന്റെ ഒരേയൊരു യാഥാർത്ഥ്യം മുഴുവൻ ആഭിചാരം ചെയ്യപ്പെട്ടു – മരണാനന്തരമുള്ള ഒരു ജീവിതാവസ്ഥക്കു് സഹായകമാവും വിധം.

യഹൂദഗുരുസഹജമായ അധികപ്രസംഗസ്വഭാവക്കാരൻ എന്ന വിശേഷണത്തിനു് എല്ലാ വിധത്തിലും യോഗ്യനായ പൗലോസ്‌ ഈ ആശയത്തെ, ആശയമെന്ന ഈ അശ്ലീലത്തെ ലോജിക്കലാക്കി മാറ്റിയതു് ഇങ്ങനെ: “ക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ വിശ്വാസം വ്യർത്ഥമാണു്.” – അതോടെ ഒറ്റ മാത്രയിൽ സുവിശേഷം എന്നതു് ഒരിക്കലും പൂർത്തീകരിക്കപ്പെടാൻ കഴിയാത്തതും, വാഗ്ദാനങ്ങളിൽ വച്ചു് ഏറ്റവും നിന്ദ്യമായതുമായ, വ്യക്തിയുടെ അനശരത്വം എന്ന അസംഗത അനുശാസനമായി മാറി. പൗലോസ്‌ തന്നെ അതൊരു പ്രതിഫലം ആണെന്നു് പഠിപ്പിക്കുകയായിരുന്നു!

കുരിശിലെ മരണത്തോടെ അന്ത്യം കണ്ടതു് എന്താണെന്നു് വ്യക്തം: വാഗ്ദത്തം മാത്രമല്ലാതെ, ഭൂമിയിലെ യഥാർത്ഥമായ സന്തോഷത്തിനു് അനുയോജ്യമായ, ബുദ്ധമതാടിസ്ഥാനത്തിലുള്ള ഒരു സമാധാനപ്രസ്ഥാനത്തിന്റെ പുതിയതും, പൂർണ്ണമായും മൗലികമായതുമായ ഒരു അടിത്തറ. അതിനു് – അതു് ഞാൻ മുൻപും സൂചിപ്പിച്ചിരുന്നു – ഈ രണ്ടു് ക്ഷയോന്മുഖമതങ്ങളും തമ്മിൽ നിലനിൽക്കുന്ന അടിസ്ഥാനപരമായ വ്യത്യാസം: ബുദ്ധമതം ഒന്നും വാഗ്ദാനം ചെയ്യുന്നില്ല, പക്ഷേ നിറവേറ്റുന്നു, ക്രിസ്തുമതം എല്ലാം വാഗ്ദാനം ചെയ്യുന്നു, പക്ഷേ ഒന്നും നിറവേറ്റുന്നില്ല. – “സന്തോഷകരമായ സന്ദേശത്തിന്റെ” കാലടികളെ പിൻതുടർന്നതു് ഏറ്റവും ചീത്തയായവയായിരുന്നു: അതായതു്, പൗലോസിന്റേതു്. “സന്തോഷകരമായ സന്ദേശകാരന്റെ” നേർവിപരീതമായ വെറുപ്പിലെ ജീനിയസ്‌, വെറുപ്പിന്റെ ദർശനത്തിലെ, വെറുപ്പിന്റെ ഒരിക്കലും വഴങ്ങാത്ത ലോജിക്കിലെ ഗുണങ്ങൾ പൗലോസിൽ മൂർത്തീകരിക്കപ്പെടുന്നു. വെറുപ്പിനുവേണ്ടി ഈ “ദുർവിശേഷകൻ” എന്തെന്തെല്ലാം ബലികഴിച്ചില്ല? എല്ലാറ്റിലുമുപരി രക്ഷകനെത്തന്നെ: അവൻ അവനെ അവന്റെ കുരിശിൽ തറച്ചു. യേശുവിന്റെ ജീവിതം, ഉദാഹരണം, അനുശാസനം, മരണം, സുവിശേഷത്തിന്റെ മുഴുവൻ അർത്ഥവും നീതിയും – തനിക്കു് വേണ്ടതെന്തെന്നു് വെറുപ്പിന്റെ ഈ കള്ളനാണയക്കാരൻ മനസ്സിലാക്കിയതോടെ അവയിലൊന്നും ബാക്കി വന്നില്ല. യാഥാർത്ഥ്യമില്ല, ചരിത്രപരമായ സത്യമില്ല! ഒരിക്കൽ കൂടി യഹൂദന്റെ പൗരോഹിത്യ-സഹജവാസന അതേ കുറ്റകൃത്യം ചരിത്രത്തോടു് ചെയ്തു – ക്രിസ്തീയതയുടെ ഇന്നലെയും മിനിഞ്ഞാന്നും അവൻ കേവലം വെട്ടിത്തിരുത്തി, അവൻ ആദ്യകാല ക്രിസ്തീയതയുടെ ഒരു ചരിത്രം കണ്ടുപിടിച്ചു. പോരെങ്കിൽ: തന്റെ പ്രവൃത്തിയുടെ മുൻചരിത്രം ആകത്തക്കവിധത്തിൽ അവൻ യിസ്രായേലിന്റെ ചരിത്രത്തെ ഒരിക്കൽ കൂടി തിരുത്തിക്കുറിച്ചു: എല്ലാ പ്രവാചകന്മാരും തന്റെ രക്ഷകനെപ്പറ്റിയാണു് പറഞ്ഞതു്! പിന്നീടു് ക്രിസ്തുസഭ മാനവചരിത്രത്തെത്തന്നെ ക്രിസ്തീയതയുടെ മുൻചരിത്രമായി തിരുത്തിയെഴുതി.

രക്ഷകന്റെ രൂപം, അനുശാസനം, പ്രവർത്തനം, മരണം, മരണത്തിന്റെ അർത്ഥം, മരണത്തിന്റെ ശേഷമുള്ളവ പോലും – ഒന്നും സ്പർശിക്കപ്പെടാതിരുന്നില്ല, ഒന്നിനും യാഥാർത്ഥ്യവുമായി സാമ്യം പോലും ഉണ്ടായിരുന്നില്ല. ആ മുഴുവൻ അസ്തിത്വത്തിന്റേയും ഗുരുത്വകേന്ദ്രം ആ അസ്തിത്വത്തിന്റെ ശേഷത്തിലേക്കു് പൗലോസ്‌ കേവലമായി മാറ്റിസ്ഥാപിച്ചു – “പുനരുത്ഥാനം ചെയ്ത” യേശു എന്ന നുണയിലേക്കു്. രക്ഷകന്റെ ജീവിതം കൊണ്ടു് അടിസ്ഥാനപരമായി പൗലോസിനു് യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല – അവനു് വേണ്ടതു് കുരിശിലെ മരണവും ഒരൽപംകൂടിയും മാത്രമായിരുന്നു.

stoic പ്രബോധോദയകേന്ദ്രം തറവാടായിരുന്ന ഒരു പൗലോസ്‌, രക്ഷകൻ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി തനിക്കുണ്ടായ ഒരു മായാദൃശ്യം ചെത്തിമിനുക്കുമ്പോൾ അവനെ സത്യസന്ധനായി പരിഗണിക്കുക, അല്ലെങ്കിൽ, അതുപോലൊരു മായാദൃശ്യം തനിക്കുണ്ടായി എന്നു് വർണ്ണിക്കുമ്പോൾ തന്നെ അവനെ വിശ്വസിക്കുക എന്നതു് ഒരു മനഃശാസ്ത്രജ്ഞനെസംബന്ധിച്ചു് യഥാർത്ഥത്തിൽ ഭോഷത്തമായിരിക്കും: പൗലോസിനു് തന്റെ ലക്ഷ്യം ആവശ്യമായിരുന്നു, അതുകൊണ്ടു് ഒരു മാർഗ്ഗവും ആവശ്യമായിരുന്നു. അവൻ സ്വയം വിശ്വസിക്കാത്ത കാര്യം, ഏതു് വിഡ്ഢികളുടെ ഇടയിലാണോ അവൻ അത്തരം അനുശാസനങ്ങൾ പ്രസംഗിച്ചതു്, അവർ അതൊക്കെ വിശ്വസിച്ചു. – അധികാരമായിരുന്നു അവന്റെ ആവശ്യം; പൗലോസിലെ പൗരോഹിത്യം ഒരിക്കൽ കൂടി അധികാരത്തിലെത്താൻ ആഗ്രഹിച്ചു – സാമാന്യജനങ്ങളിൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ, അവരെ പറ്റങ്ങളാക്കിമാറ്റാൻ പര്യാപ്തമായ പദങ്ങളും, അനുശാസനങ്ങളും, പ്രതീകങ്ങളും മാത്രമേ അവനു് ആവശ്യമുണ്ടായിരുന്നുള്ളു. എന്തായിരുന്നു പിൽകാലത്തു് മുഹമ്മദ്‌ ക്രിസ്തീയതയിൽ നിന്നും കടമെടുത്ത ഒരു കാര്യം? പൗലോസിന്റെ കണ്ടുപിടുത്തം, പൗരോഹിത്യസ്വേച്ഛാധിപത്യത്തിനുള്ള അവന്റെ മാർഗ്ഗം, പറ്റങ്ങളുടെ രൂപീകരണം: വ്യക്തിയുടെ അനശരത്വത്തിലുള്ള വിശ്വാസം – എന്നുവച്ചാൽ “അന്ത്യന്യായവിധി” എന്ന അനുശാസനം.

ജീവിതത്തിന്റെ ഗുരുത്വകേന്ദ്രം ജീവിതത്തിൽ തന്നെയല്ലാതെ, “അതിനപ്പുറത്തേക്കു്” – ശൂന്യതയിലേക്കു് – മാറ്റിസ്ഥാപിക്കുമ്പോൾ ജീവിതത്തിന്റെ ഗുരുത്വകേന്ദ്രത്തെ അപ്പാടെ എടുത്തു് കളയുകയാണു് നമ്മൾ ചെയ്യുന്നതു്. വ്യക്തിയുടെ അനശ്വരത എന്ന വലിയ നുണ എല്ലാ യുക്തിയേയും, ജന്മവാസനകളിലെ എല്ലാ പ്രകൃത്യനുസൃതയേയും നശിപ്പിക്കുന്നു – ജന്മവാസനകളിലെ ഉദാരപ്രകൃതിയായ, ജീവിതാഭിവൃദ്ധിക്കു് സഹായകമായ, ഭാവി ഉറപ്പു് നൽകുന്നതായ എല്ലാം അപ്പോൾ ശങ്കാധീനമാവുന്നു. ജീവിക്കുന്നതിനു് യാതൊരു അർത്ഥവുമില്ലാത്ത വിധത്തിൽ ജീവിക്കുക എന്നതു് അപ്പോൾ ജീവിതത്തിന്റെ അർത്ഥമായി മാറുന്നു…

 
7 Comments

Posted by on Aug 3, 2009 in മതം

 

Tags: , ,