F.B. 14-16
December 2016
Dec 1, 2016, 9:22 AM
ജനങ്ങളെ ലക്ഷ്യബോധമുള്ളവരാക്കാൻ ഭാരതത്തിലെ ഏമാന്മാർക്കുള്ള കഴിവു് സമ്മതിക്കണം. അവർ വായ തുറന്നാൽ മതി, മനുഷ്യർ “പട്ടിവാതിൽക്കലും പൂച്ചവാതിൽക്കലും” എത്തി ഓരിയിടാൻ തുടങ്ങിക്കൊള്ളും. എത്രവട്ടം ആവർത്തിച്ചാലും ജനത്തിനു് മടുപ്പു് വരാത്തതു് പ്രാർത്ഥനയുടെ കാര്യത്തിലാണെന്നായിരുന്നു മുൻപൊക്കെ എന്റെ ധാരണ. ആ തെറ്റിദ്ധാരണ തിരുത്തിത്തന്നതു് സമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷൻ എന്നു് വിളിക്കാവുന്ന സോഷ്യൽ മീഡിയയാണു്.
പാചകം ചെയ്യുന്നത്ര ചൂടോടെ ആരും ഭക്ഷിക്കാറില്ല എന്നതു് ഒരർത്ഥത്തിൽ കഷ്ടമാണു്. സോഷ്യൽ മീഡിയയിൽ ആർക്കോ വേണ്ടി തിളപ്പിയ്ക്കപ്പെടുന്ന സാമ്പാറുകൾ മുഴുവൻ അതേ ചൂടോടെ കോരിക്കുടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നെങ്കിൽ പണ്ടേതന്നെ ഭാരതത്തിൽ ജനകീയവിപ്ലവം പൊട്ടിപ്പുറപ്പെട്ടേനെ! എന്തു് ചെയ്യാൻ? ചാപിള്ളകളായി പിറന്നു് പണ്ടാറമടങ്ങാനാണു് ഭാരതത്തിൽ വിപ്ലവവിത്തിന്റെ വിധി.
Dec 3, 2016, 9:25 AM
സെൽഫ് എവിഡന്റ് ആയ കാര്യങ്ങൾ പ്രത്യേകം എടുത്തു് പറയാതിരിക്കുന്നതാണു് ഭംഗി. യുവതികൾ പമ്പയിൽ കുളിക്കരുതെന്നു് ആധികാരികമായി ആരോ നിർദ്ദേശിച്ചു എന്നു് ഫെയ്സ്ബുക്കിൽ വായിച്ചപ്പോൾ പണ്ടു് പഠിച്ച ഈ മഹദ്‌വചനമാണു് എനിക്കോർമ്മ വന്നതു്. സാധാരണ കുളിയുടെ ലക്ഷ്യം ശരീരം വൃത്തിയാക്കലാണു്. ജലവും മലവും മത്സരിച്ചൊഴുകുന്ന ഒരു നദിയിലെ കുളികൊണ്ടു് ആ ലക്ഷ്യം സാദ്ധ്യമാവില്ല. അതേസമയം, പുണ്യനദികളിലെ മനുഷ്യരുടെ കുളിയുടെ ലക്ഷ്യം ശരീരവൃത്തിയേക്കാൾ ആത്മീയശുദ്ധിയായതിനാൽ, ജലത്തിൽ ജൈവമാലിന്യങ്ങളോ ബാക്റ്റീരിയയോ വിഷാംശങ്ങളോ ഉണ്ടോ എന്ന വിഷയം അവരെ ബാധിക്കുന്ന കാര്യമല്ല. ശരീരം എന്നാൽ ആത്മാവു് വസിക്കുന്ന ഒരു കൂര മാത്രമാണു്. കൂര നശിച്ചാലും ആത്മാവു് നശിക്കുന്നില്ല. സ്വന്തമായി അസ്തിത്വവും വ്യക്തിത്വവുമുള്ള ഒരു വസ്തുവാണു് ഓരോ മനുഷ്യനിലേയും ആത്മാവു് എന്നു് വിശ്വസിക്കുന്നവർക്കു് അവരുടെ ആത്മാവിനെ ശുദ്ധീകരിക്കാനായി ഇടയ്ക്കിടെ വിശുദ്ധനദികളിൽ പോയി കുളിക്കേണ്ടി വരും. അതിനെ ചോദ്യം ചെയ്യുകയോ പുച്ഛിക്കുകയോ ചെയ്യരുതു്. വ്യക്തിസ്വാതന്ത്ര്യം എന്നതു് അനാർക്കിസ്റ്റുകൾ, മാർക്സിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ തുടങ്ങിയവർക്കു് മാത്രമുള്ള പ്രിവിലേജ് അല്ല. അതുകൊണ്ടു് യുവതികളെ മാത്രമല്ല, വിശുദ്ധജലത്തിൽ കുളിക്കാൻ ആഗ്രഹിക്കുന്ന ആരെയും അതിൽ നിന്നും തടയാതിരിക്കുന്നതാണു് ശരിയായ പൗരബോധം. തടഞ്ഞിട്ടു് കാര്യവുമില്ല. വിശ്വാസമാണു് എല്ലാം. വിശ്വാസമാണു് വിശ്വസിക്കുന്നവർക്കു് ആകെയുള്ള ഒരു പിടിവള്ളി. അതു് മുറിക്കരുതു്.
അതുപോലെതന്നെ സ്വയം പ്രത്യക്ഷമായ ഒരു കാര്യമാണു് “പാമ്പായാൽ” കുളിക്കരുതെന്നതും. ഇവിടെ ആത്മീയത്തേക്കാൾ ശാരീരികമാണു് പ്രശ്നം. കാരണം, പാമ്പായാൽ കുളിക്കാൻ പോയിട്ടു് എഴുന്നേറ്റു് നിൽക്കാൻ പോലും കഴിയില്ല എന്നാണു് അനുഭവസ്ഥർ പറഞ്ഞും, നേരിട്ടു് കണ്ടും ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. ഇതുപോലെ തികച്ചും വ്യക്തമായ കാര്യങ്ങൾ ഏതോ അന്യഗ്രഹജീവിയിൽ നിന്നും ഇപ്പോൾ ലഭിച്ച “ബ്രേക്കിങ് ന്യൂസ്” എന്ന രീതിയിൽ വർണ്ണിക്കുന്നവന്റെ ആപ്രിഹെൻഷനു് ഇറെപ്പറബിൾ ഡാമേജസ് വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നു് കേൾക്കുന്നവർ സംശയിച്ചുകൂടെന്നില്ല. സംശയം മൂത്താൽ അതുതന്നെ ഒരു രോഗമായി മാറുകയും ചെയ്യും. കൊലാറ്റെറൽ ഡാമേജ്!
സ്വയം സ്പഷ്ടമായ ഇത്തരം അനവധി കാര്യങ്ങളുണ്ടു്. മറ്റു് അപവാദങ്ങൾ ഇല്ലാത്തിടത്തോളം അവയൊന്നും വാർത്തയാവണമെന്നുമില്ല. അമ്മായിഅമ്മയും മരുമകളും തമ്മിൽ ഹവ്വയുടെയും, അവളുടെ മൂത്തമകൻ കയീന്റെ ഭാര്യ ആയിരുന്ന നോദ് ദേശക്കാരിയുടെയും കാലത്തു് തുടങ്ങിയതെങ്കിലും, ഇന്നും ഉശിരിനു് മങ്ങലൊന്നും ഏറ്റിട്ടില്ലാത്ത പോരു് അതുപോലൊന്നാണു്. അവർ തമ്മിൽ, മൂന്നാം ലോകങ്ങളിലെ ഇടതു്-വലതു്-മത-മദ്യ-കക്ഷി-രാഷ്ട്രീയക്കാർ തമ്മിൽ എന്നപോലെ, പൊരുത്തപ്പെടുത്താനാവാത്ത കലഹങ്ങൾ രൂപമെടുക്കാൻ “അമ്മായിഅമ്മയും മരുമകളും” എന്നതിൽ കവിഞ്ഞ ഒരു യോഗ്യതയുടെ ആവശ്യമില്ല. അക്ഷരാഭ്യാസത്തിന്റെ ആവശ്യം പോലും അതിനില്ല എന്നതാണു് സത്യം. ഒരു ക്ലാസ്റൂം അകത്തുനിന്നും കാണാത്തവരിൽ പോലും ഒരു ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ പൊരുതാൻ മതിയായ “വൊക്യാബുലറിയും” വാക്സാമർത്ഥ്യവും ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ടാണു്, ഏതെങ്കിലും അമ്മായിഅമ്മയും മരുമകളും തമ്മിൽ കലഹം ഇല്ലാതിരുന്നാൽ മാത്രം അതിനു് വാർത്താപ്രാധാന്യമുണ്ടാവുന്നതു്. കേരളരാഷ്ട്രീയത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, പട്ടി മനുഷ്യനെ കടിച്ചാലല്ല, മനുഷ്യൻ പട്ടിയെ കടിച്ചാലാണു് അതൊരു വാർത്തയാവുന്നതു്.
പട്ടിയെ കടിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള പഠനം അടുത്ത സെമെസ്റ്ററിൽ മതിയെന്നാണു് മന്ത്രിസഭാതീരുമാനം.
Dec 4, 2016, 7:51 PM
ശ്രദ്ധിച്ചില്ലെങ്കിൽ ആഹാരം തെരുവുനായ്ക്കൾ നക്കിപ്പോകും. സുഹൃത്തുക്കളോടൊത്തു് കഴിക്കാനാണു് അതു് വിളമ്പി വച്ചിരിക്കുന്നതെന്നു് അവയ്ക്കറിയണമെന്നില്ലല്ലോ. നായ്ക്കളെ കുറ്റപ്പെടുത്തിയാൽ മനേകഗാന്ധിയുടെയും പരിവാരത്തിന്റെയും തെറി കൂടി കേൾക്കേണ്ടിയും വരും.
Dec 6, 2016, 12:51 PM
ഒരു ഇലക്ഷൻ ജയിക്കാൻ ഏറ്റവും എളുപ്പമായ ഒരു മാർഗ്ഗം ശത്രുചിത്രങ്ങളെ ഊതിവീർപ്പിച്ചു് ജനത്തിനു് മുന്നിൽ പ്രദർശിപ്പിച്ചു് ഭയപ്പെടുത്തലാണു്. ജനത്തെ ശാരീരികവും ആത്മീയവുമായി “ചികിത്സിച്ചു്” പണം പിടുങ്ങാൻ ഏറ്റവും എളുപ്പമായ മാർഗ്ഗം രോഗം, മരണം, പ്രകൃതിക്ഷോഭങ്ങൾ, അപകടങ്ങൾ മുതലായവ ചൂണ്ടിക്കാണിച്ചു് ഭയപ്പെടുത്തലാണു്. പുരാതനകാലം മുതൽ മനുഷ്യമനസ്സുകളിൽ ദൈവം എന്ന മിഥ്യാബോധം കുടിയിരുത്തപ്പെട്ടിട്ടുള്ളതിനാൽ മതങ്ങൾക്കും ഷാർലറ്റനുകൾക്കും ജനത്തെ ദൈവഭയത്തിൽ പിടിച്ചുനിർത്തി ചൂഷണം ചെയ്യൽ വളരെ എളുപ്പവുമാണു്. നല്ല നാളെകൾ വാഗ്ദാനം ചെയ്തു് ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയങ്ങൾക്കും അവയുടെ ഐഡിയോളജിസ്റ്റുകൾക്കും മതങ്ങളുടെയും ഷാർലറ്റനുകളുടെയും രൂപമായിരിക്കുന്നതു് ഒരു യാദൃച്ഛികതയല്ല. ഈ മുതലെടുപ്പിനു് ദൈവത്തെ കൂട്ടുചേർക്കാൻ ആശയപരമായ തടസ്സങ്ങൾ ഉള്ള വിഭാഗങ്ങൾ പകരം ജനത്തിന്റെ അജ്ഞതയെയാണു് കൂട്ടുപിടിക്കാറുള്ളതു്. സാക്ഷരതയും പുരോഗമനവും ബോധവത്കരണവുമെല്ലാം പ്രസംഗിക്കുമ്പോഴും ജനത്തിന്റെ അജ്ഞത നിലനിൽക്കണം എന്നു് ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കാതിരിക്കാൻ അവർക്കു് കഴിയില്ല. ശത്രുചിത്രങ്ങളെ വിമർശിക്കാതെ ജീവിക്കാൻ കഴിയാത്തവർക്കു് ആ ശത്രുക്കൾ ഇല്ലാതാവണമെന്നു് ആഗ്രഹിക്കാൻ കഴിയുമോ? എന്നേക്കാൾ അജ്ഞനായിരുന്നാലേ നീ എന്റെ അജ്ഞത തിരിച്ചറിയാതിരിക്കൂ. ഞാൻ നിന്നിൽ കണ്ടെത്തുന്ന കുറ്റങ്ങളിൽ അധികവും എന്റെതന്നെ കുറ്റങ്ങളാണു്. നീ അതറിയാതിരിക്കേണ്ടതു് എന്റെ നിലനില്പിന്റെ ആവശ്യമായതിനാൽ ഞാനതു് നിന്നിൽ നിന്നും തന്മയത്വത്തോടെ മറച്ചു് പിടിക്കുന്നു. ലുഡ്വിഗ് ഫൊയർബാഹ് ശരിയായി നിരീക്ഷിച്ചതുപോലെ, ഒരു കള്ളനും അവൻ മോഷ്ടിച്ചുകൂട്ടിയ മുതൽ മോഷ്ടിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു മോഷ്ടാവാണെന്നതു് ഞാൻ മോഷ്ടിച്ച മുതലിനെ മോഷ്ടിക്കാനുള്ള നിന്റെ ന്യായീകരണമാവുന്നതു് എനിക്കിഷ്ടമല്ല.
സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും ജനത്തിനു് വേണ്ടതു് ലളിതമായ പരിഹാരങ്ങളാണു്. അതാണു് ഷാർലറ്റനുകളുടെ തുറുപ്പുചീട്ടു്. അമേരിക്കയിൽ ട്രമ്പും, ഫ്രാൻസിൽ ലെ പെന്നും, ജർമ്മനിയിൽ പെഗിഡയും, ഇൻഗ്ലണ്ഡിൽ ബ്രെക്സിറ്റ് പക്ഷവും പോലുള്ള പോപ്പുലിസ്റ്റുകൾ ഇറക്കിക്കളിക്കുന്ന തുറുപ്പുചീട്ടു്. ജനത്തിന്റെ കയ്യടി വാങ്ങൽ അത്ര പ്രയാസമുള്ള കാര്യമല്ല. നിങ്ങൾക്കു് മൊത്തമായ യുദ്ധം വേണോ? (Wollt ihr den totalen Krieg?) എന്നു് ഗ്യൊബൽസ് കൂവി വിളിച്ചാൽ പതിനായിരങ്ങൾ ഒരേ സ്വരത്തിൽ “യാ” എന്നു് മറുപടി നൽകും. ചിന്തിക്കാനല്ല, നയിക്കപ്പെടാനാണു് ജനം ആഗ്രഹിക്കുന്നതു്. അധികപങ്കും ദരിദ്രനാരായണന്മാരായ മനുഷ്യർ ജീവിക്കുന്ന നാടുകളിൽ നക്കാപ്പിച്ചയും പാഴ്വാഗ്ദാനങ്ങളും നൽകിയും ജനത്തിന്റെ “സ്നേഹവും” അംഗീകാരവും നേടിയെടുക്കാം – കാസ്‌റ്റ്രോ, ജയലളിത മുതലായ നേതാക്കൾ പ്രാവർത്തികമാക്കിയ ജനസേവനതന്ത്രം.
പണ്ടായാലും ഇന്നായാലും, യുദ്ധങ്ങളിൽ കോടിക്കണക്കിനു് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ആയുധനിർമ്മാതാക്കളും അവരുടെ സഹയാത്രികരും ആ യുദ്ധങ്ങളിലെ കെടുതികൾ മൂലം പട്ടിണികിടക്കുകയല്ല, കോടീശ്വരന്മാരായിക്കൊണ്ടിരിക്കുകയാണു് ചെയ്യുന്നതു്. ആത്മീയരും നിയമനിർമ്മാണത്തിന്റെ ചുമതല വഹിക്കുന്നവരുമെല്ലാമായിരുന്നു എല്ലാ കാലങ്ങളിലും ആയുധനിർമ്മാതാക്കളുടെ സഹയാത്രികർ. യുദ്ധങ്ങളുടെയും സമാധാനമില്ലായ്മയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും വാർത്തകൾ കേൾക്കാത്ത കാലം ലോകത്തിൽ വിരളമായിരുന്നു. അതുകൊണ്ടു് അത്തരം വാർത്തകൾ കേൾക്കുമ്പോൾ ലോകം അവസാനിക്കാറായി എന്നു് കരുതിക്കൊൾക എന്ന വേദഗ്രന്ഥമോഡൽ ആഹ്വാനങ്ങൾ നടത്താൻ ഏതു് പത്രക്കാരനും കഴിയും. അതിനു് ദൈവത്തിന്റെ പ്രവാചകൻ ആയിരിക്കണം എന്നു് നിർബന്ധമൊന്നുമില്ല. ദൈവത്തെ കൂട്ടുപിടിച്ചു് പ്രവചിച്ചാൽ ജനങ്ങൾക്കു് കൂടുതൽ വിശ്വാസം വരാൻ അതു് സഹായിക്കുമെന്നേയുള്ളു.
മനുഷ്യരെ മായാജാലങ്ങളിൽ മയക്കിയ മഹത്തുക്കൾ മരിക്കുമ്പോൾ ജനം അവർക്കു് ആദരാഞ്ജലികൾ അർപ്പിക്കുന്നതു് സ്വാഭാവികം. 2016-ൽ അറിയപ്പെടുന്ന ഒരുപാടു് മനുഷ്യർ മരിച്ചു. അവരിൽ ചിലരെ ചിലർക്കു് ഇഷ്ടമാണു്, മറ്റു് ചിലർക്കു് അവരെ കണ്ണെടുത്താൽ കണ്ടുകൂടാ. മനുഷ്യരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണതു്. മരിച്ചവരിൽ ചിലരെ ഈ ഫോട്ടോ ഗ്യാലറിയിൽ കാണാം: (http://www.abendblatt.de/vermischtes/article206883241/Diese-Persoenlichkeiten-sind-2016-gestorben.html). ജയലളിതയും ഇപ്പോൾ അവരോടു് ചേർന്നു. അവരുടെ ഒന്നോ രണ്ടോ സിനിമകൾ കണ്ടിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ആദരാഞ്ജലികൾ!
പീസിനെ പെർസീവ് ചെയ്യാൻ ആവശ്യമായ ഒരു ബയോളജിക്കൽ അഗ്രിഗേറ്റ് ഇല്ലാത്തിടത്തു് മനുഷ്യന്റെ റെസ്റ്റിനു് റെസ്റ്റ് ചെയ്യാൻ പീസ് ഉണ്ടെങ്കിലെന്തു്, ഇല്ലെങ്കിലെന്തു്? അതുകൊണ്ടുതന്നെ മനുഷ്യരുടെ “റെസ്റ്റ് “എത്തിപ്പെടുന്ന ലോകത്തിൽ പീസിനോ, തന്മൂലം “റെസ്റ്റ് ഇൻ പീസിനോ” എന്തെങ്കിലും അർത്ഥമുണ്ടാവാൻ വഴിയില്ല.
P. S. മലയാളം സോഷ്യൽ മീഡിയയിലെ സാമ്പത്തികവിദഗ്ദ്ധർ മോദിയുടെ കറൻസി പ്രശ്നം നാളെ മുതൽ വീണ്ടും വിശദമായ പരിശോധനകൾക്കു് വിധേയമാക്കുമെന്നും, തത്ഫലമായി എന്നെങ്കിലും മോദി രാജി വയ്ക്കാൻ നിർബന്ധിതനാവുമെന്നും പ്രതീക്ഷിക്കുന്നു. അതിനിടെ ആർത്തവം നിലയ്ക്കാത്ത ഏതെങ്കിലും സ്ത്രീ ശബരിമലയിലോ മറ്റോ കയറി സാമ്പത്തികവിദഗ്ദ്ധരുടെ ശ്രദ്ധ അങ്ങോട്ടു് തിരിച്ചു് വിടാതിരുന്നാൽ മതിയായിരുന്നു.
Dec 9, 2016, 12:52 PM
ഭാരതത്തിൽ ഒരുപാടു് ജാതികളും മതങ്ങളും വേഷങ്ങളും ഉള്ളതാണു് പ്രശ്നങ്ങളുടെ കാരണമെന്നൊരു “ശ്രുതി” ഉണ്ടു്. അങ്ങനെയെങ്കിൽ, സമത്വസുന്ദരവും വർഗ്ഗരഹിതവുമായ ഒരു ലോകം വിഭാവനം ചെയ്യുന്ന കമ്മ്യൂണിസം ഭാരതത്തിലുടനീളം നടപ്പിലാക്കി ആ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു എന്നു് തോന്നിയേക്കാം. പക്ഷേ, പ്രഭു മെക്കാളെ സായിപ്പു് പറഞ്ഞപോലെ, നട്ടിനോടു് അടുക്കുമ്പോഴേ മാങ്‌ഗോയുടെ പുളി അറിയാനാവൂ. മാർക്സിസ്റ്റ്, ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, മാവോയിസ്റ്റ്, ജോങ്-ഉണിസ്റ്റ്, മുതലായ വിവിധ കമ്മ്യൂണിസ്റ്റ് വേർഷനുകളിൽ ഏതെങ്കിലും ഒന്നു് നടപ്പിലാക്കാൻ ശ്രമിച്ചു് നോക്കുമ്പോഴേ മറ്റു് വേർഷനുകളെ പിൻതുടരുന്ന അണികളുടെ പുളിയും എരിവും അറിയാൻ കഴിയൂ. കമ്മ്യൂണിസം അത്ര എളുപ്പം സ്ഥാപിക്കാൻ കഴിയുന്ന ഒന്നല്ലെന്നു് സാരം. നിർവചനപരമായും ചരിത്രപരമായും, കമ്മ്യൂണിസത്തിന്റെ സ്ഥാപനത്തിലേയ്ക്കും അതിന്റെ നിലനിർത്തലിലേയ്ക്കുമുള്ള വഴിയിൽ കുറെയേറെ മനുഷ്യരക്തം ചിന്താം എന്ന കാര്യത്തിൽ തർക്കത്തിന്റെ ആവശ്യവുമില്ല. കാരണം, മാര്‍ക്സിന്റെ സ്വന്തം “സയന്റിഫിക് തിയറി” അനുസരിച്ചു് ഹിസ്റ്ററി ഡിറ്റര്‍മിനിസ്റ്റിക്കും വർഗ്ഗസമരം അനിവാര്യവുമാണു്. പോരെങ്കിൽ, ഹേഗെലിന്റെ ഫിലോസഫി ഓഫ് റൈറ്റിന്റെ വിമർശനത്തിൽ മാർക്സ് പറയുന്നപോലെ, “സമരത്തിൽ, എതിരാളി ശ്രേഷ്ഠനോ, തുല്യനോ എന്നല്ല നോക്കേണ്ടതു്, അവനെ പ്രഹരിക്കാനാണു്”. സമരത്തിൽ മുറിപ്പെടലും രക്തം ചിന്തലുമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തു് ഏറ്റുമുട്ടൽ, എന്തു് ചെങ്കൊടി?
എങ്കിൽപ്പിന്നെ, “ലോകാസമസ്താസുഖിനോഭവന്തു” ഭാരതത്തിൽ മുഴുവനും സ്ഥാപിക്കാൻ ഒന്നു് ശ്രമിച്ചു് നോക്കരുതോ എന്നാണെങ്കിൽ, ഏതു് ലോകം, ഏതു് വർണ്ണം, ഏതു് വർഗ്ഗം, ഏതു് ജാതി, ഏതു് ലിംഗം തുടങ്ങിയ, ഇതിനോടകം പല സ്വാമിമാരും കടിച്ചുപിടിച്ചു് പരിശ്രമിച്ചിട്ടും സ്വന്തം പല്ലു് പോയതല്ലാതെ മറ്റൊന്നും സംഭവിപ്പിക്കാൻ കഴിയാതെ പോയ ഗുരുതരമായ പ്രശ്നങ്ങളെ വീണ്ടും ചവച്ചുകൊണ്ടിരിയ്ക്കാമെന്നല്ലാതെ മറ്റു് പ്രയോജനമൊന്നും ഉണ്ടാവാൻ വഴിയില്ല. മനുഷ്യർ വസ്ത്രം ധരിച്ചോ ധരിക്കാതെയോ ദൈവത്തെ കാണേണ്ടതു് എന്ന കാര്യത്തിൽ വരെ ഒരു ധാരണയിൽ എത്താൻ കഴിയാത്ത ദൈവങ്ങളും മനുഷ്യരും ചേർന്നു് സമസ്ത ലോകത്തിനും സുഖം വരുത്താൻ ശ്രമിച്ചാൽ അതു് എന്തുമാതിരി സുഖമായിരിക്കുമെന്നു് ആലോചിച്ചാൽ മതി.
എങ്കിൽ, അയൽക്കാരനെ നിന്നേപ്പോലെ തന്നെ കരുതി സ്നേഹിക്കുക എന്ന അടിപൊളി ആദർശത്തിൽ കുടിയിരുത്തിയിരിക്കുന്ന ക്രൈസ്തവമതത്തെ ഭാരതത്തിന്റെ രാഷ്ട്രമതമാക്കി പ്രഖ്യാപിച്ചു് “ഒരുപാടിത്വത്തിൽ ഒരു ഒരുമത്വം” കണ്ടെത്തിക്കൂടെ എന്നു് ചോദിക്കാം. പക്ഷേ, കത്തോലിക്കാ, കാതോലിക്കാ, പാത്രിയർക്കാ, പെന്തെക്കൊസ്ത്, മാർത്തോമാ, സി. എം. എസ്., സി. എസ്. ഐ., യഹോവാസാക്ഷികൾ തുടങ്ങി, എത്രയെണ്ണമെന്നു് ക്രിസ്ത്യാനികൾക്കോ, സാക്ഷാൽ യേശുവിനു് പോലുമോ ഒരു പിടിയുമില്ലാത്ത അനേകം വിഭാഗങ്ങളിൽ ഏതിലാണു് യേശുവിന്റെ “യൂണിവേഴ്സൽ അയല്പക്കസ്നേഹം” ഇപ്പോൾ പതിയിരിക്കുന്നതെന്നു് ആർക്കു് എങ്ങനെ കണ്ടെത്താനാവും?
ഇനി മറ്റൊരു സാദ്ധ്യതയുള്ളതു്, സമാധാനത്തിന്റേയും സക്കാത്തിന്റേയും സുന്നത്തിന്റേയും മതമായ ഇസ്ലാമിനെ ഭാരതത്തിന്റെ ഏകമതമായി ഏറ്റെടുത്തു് ജനങ്ങളെ ഒരച്ചിൽ ഉണ്ടാക്കിയ പാവകളെപ്പോലെ അല്ലാഹു അക്ബർ വിളിപ്പിക്കുക എന്നതാണു്. ഒരു ദൈവം, ഒരു മതം, ഒരുജാതിവേഷം – മറ്റെന്തു് വേണം ഭാരതീയ ജാതിമതവേഷവൈവിദ്ധ്യത്തിന്റെ നാനാത്വത്തിൽ ഒരു ഏകത്വം കണ്ടെത്താൻ? പക്ഷേ, സത്യം അതിൽ നിന്നൊക്കെ വളരെവളരെ ദൂരത്താണു്. സുന്നി, ഷിയ, അഹമ്മദിയ, ഐസിസ്, അലാവിസ്, മുസ്ലീം ബ്രദർഹുഡ് മുതലായ, ആരു് ആരെ കൊല്ലാനാണു് ശ്രമിക്കുന്നതെന്നു് കൃത്യമായ ഒരു നിഗമനം അവർക്കുതന്നെ അസാദ്ധ്യമായ അനേകം കക്ഷികളിൽ ആരുടെ കൈകളിലാണു് ഭാരതത്തെ ഏൽപ്പിക്കേണ്ടതെന്നു് എന്തടിസ്ഥാനത്തിൽ വിലയിരുത്തും? അവിശ്വാസിയെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നു് വിശ്വസിക്കുന്നവരെ കണ്ടാൽ ഓടി രക്ഷപെടാനോ, അതോ ഭാരതവും മതസഹിഷ്ണുതയും എന്ന വിഷയം ചർച്ചചെയ്യാനോ സുബോധമുള്ള മനുഷ്യർ തയ്യാറാവുക?
റെയിൻഫോറസ്റ്റ് ആയാലും, “കോൺക്രീറ്റ്‌ഫോറസ്റ്റ്” ആയാലും മോണോകൾച്ചറല്ല, വൈവിദ്ധ്യമാണു് ലോകത്തിന്റെ സ്വഭാവം. അവിടെ പരമാധികാരാവകാശം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഹാബിറ്റാറ്റുകളും, മതങ്ങളും, ഐഡിയോളജികളും കൈവയ്ക്കാൻ ശ്രമിക്കുന്നതു് ലോകത്തിന്റെയും മനുഷ്യന്റെയും ആ വൈവിദ്ധ്യത്തിലാണു്. വൈവിദ്ധ്യങ്ങളെ അംഗീകരിച്ചും ബഹുമാനിച്ചും കൊണ്ടല്ലാതെ, ഒരു ജനാധിപത്യവ്യവസ്ഥിതിക്കു് നിലനിൽക്കാനാവില്ല. ഒരുപാടു് ജാതികളും മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും വേഷങ്ങളും നിലവിലുള്ള ഭാരതം പോലൊരു രാജ്യത്തിൽ അതുപോലൊരു സഹിഷ്ണുത ഇല്ലാഞ്ഞാലത്തെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു. സഹിഷ്ണുത ഒരിക്കലും അസഹിഷ്ണുതയുടെ അവകാശമാവാൻ അനുവദിക്കാതിരിക്കേണ്ടതു് ഏതൊരു ജനാധിപത്യവ്യവസ്ഥിതിയുടെയും കടമയാണു്.
Karl Popper “The Open Society and Its Enemies” (Vol. 1)-ൽ പറയുന്നപോലെ, “Unlimited tolerance must lead to the disappearance of tolerance. If we extend unlimited tolerance even to those who are intolerant, if we are not prepared to defend a tolerant society against the onslaught of the intolerant, then the tolerant will be destroyed, and tolerance with them.”
Dec 16, 2016, 9:51 AM
ബന്ധുക്കൾ എന്ന വിഭാഗത്തിൽ പെടുന്ന ചില കിഴവികൾ (ഇത്ര പോളിറ്റിക്കലി ഇൻകറക്റ്റ് ആകാൻ എനിക്കെങ്ങനെ കഴിഞ്ഞു?) ബാല്യകാലത്തു് പത്തു് പൈസ നീട്ടിക്കൊണ്ടു് പറയുമായിരുന്നു: “നിക്കറോ ഷർട്ടോ ബിരിയാണിയോ എന്താ മോനു് വേണ്ടതെന്നു് വച്ചാൽ വാങ്ങിക്കോട്ടോ”. ദോഷം പറയരുതല്ലോ, ഒന്നോ രണ്ടോ നാരങ്ങാമിട്ടായി വാങ്ങാൻ അതു് മതിയായിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ പിള്ളേരോടു് തള്ളമാർക്കു് ഒരു പ്രത്യേക സഹാനുഭൂതിയുണ്ടു്. പൊതുവേതന്നെ സഹാനുഭൂതിയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെ മുന്നിലാണു്. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ക്രിസ്തുമതം സ്ഥാപിക്കാൻ കച്ച കെട്ടിയിറങ്ങിയ പൗലോസിനു് ആ ഉദ്യമം ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. “നിനക്കുവേണ്ടി കുരിശിൽ മരിച്ച” യേശുവിനെപ്പറ്റി പൗലോസ് വർണ്ണിച്ച ഹൃദയഭേദകമായ കഥകൾ ആദ്യം സ്ത്രീകളുടെ ഉള്ളവും, പിന്നീടു്, തലയിണമന്ത്രങ്ങളിലൂടെ, പുരുഷന്മാരുടെ ഉള്ളവും വല്ലാതെ കലക്കിക്കളഞ്ഞു. ഈത്തപ്പനയോലയിൽ കിടന്നുറങ്ങിയതിന്റെ ഫലമായി മുത്തുനബിയുടെ ദേഹത്തു് വീണ പാടുകളെപ്പറ്റിയുള്ള വർണ്ണനകൾ കണ്ണീരോടു് കൂടിയേ ഇന്നും പല മുസ്ലീം സ്ത്രീകൾക്കും കേൾക്കാൻ കഴിയാറുള്ളു.
സ്ത്രീകളുടെ തലയിണമന്ത്രത്തിൽ മയങ്ങിയാൽ എന്തു് കടുംകയ്യും ചെയ്യാൻ മടിയില്ലാത്തവിധം പുരുഷന്മാർ ഇങ്ങനെ വിഡ്ഢികളായിരിക്കുന്നതു് അക്കാര്യം ആരും ഇതുവരെ അവർക്കു് പറഞ്ഞു് കൊടുക്കാത്തതുകൊണ്ടല്ല. ബൈബിളിലെ സദൃശവാക്യങ്ങളിലൂടെ ശലോമോൻ പണ്ടേതന്നെ ഉള്ളകാര്യം അവരോടു് തുറന്നു് പറഞ്ഞിട്ടുണ്ടു്: “അറുക്കുന്നേടത്തേക്കു് കാളയും ചങ്ങലയിലേക്കു് ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എന്റെ വാക്കു് കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിന്റെ മനസ്സു് അവളുടെ വഴിയിലേക്കു് ചായരുതു്; അവളുടെ പാതകളിലേക്കു് നീ തെറ്റിച്ചെല്ലുകയുമരുതു്. അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു. അവളുടെ വീടു് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു് മരണത്തിന്റെ അറകളിലേക്കു് ചെല്ലുന്നു”. (സദൃശവാക്യങ്ങൾ 7: 22-27)
സ്ത്രീകളെപ്പറ്റി ആധികാരികമായി സംസാരിക്കാൻ, 700 ഭാര്യമാരും 300 വെപ്പാട്ടിമാരും ഉണ്ടായിരുന്ന ശലോമോന്റെയത്ര യോഗ്യത മറ്റാർക്കാണു് ഉള്ളതു്? ബസിൽ കയറി ഇരുപ്പുസീറ്റോ നില്പുസീറ്റോ ഉറപ്പിച്ചു് കഴിഞ്ഞവർക്കേ ബസ് പിന്നീടു് കാണുന്നിടത്തെല്ലാം നിർത്തി ആളെക്കയറ്റുന്നതിന്റെ ബുദ്ധിമുട്ടു് അറിയാൻ കഴിയൂ. അതെന്തായാലും, ആയിരം സ്ത്രീകളെ സന്തോഷിപ്പിക്കേണ്ട ചുമതലയുണ്ടായിരുന്ന ശലോമോൻ ബൈബിളിലെ ശലോമോന്റേതെന്നു് അറിയപ്പെടുന്ന പുസ്തകങ്ങൾ മുഴുവൻ എഴുതാൻ എങ്ങനെ സമയം കണ്ടെത്തി എന്നാണു് എനിക്കു് മനസ്സിലാകാത്തതു്. ഹോർമോണുകളെയും അവയുടെ കൂടിയാട്ടങ്ങളെയും കുറിച്ചു് ശലോമോന്റെ കാലത്തു് ആർക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. അല്ലെങ്കിൽ, എന്തുകൊണ്ടാണു് പുരുഷന്മാർ എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാക്കാതെ വീണ്ടും വീണ്ടും “മരണത്തിന്റെ അറകളിലേക്കു് ചെല്ലുന്നതു്” എന്നു് അറിയാൻ ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ എന്നു് അറിയപ്പെടുന്ന ശലോമോനു് കഴിയേണ്ടതായിരുന്നു. “കണ്ടാലറിയാം കണിയാന്മാർക്കു്, കൊണ്ടാലും അറിയില്ല കൊശവന്മാർക്കു്”. (ദേ പിന്നേം പൊളിറ്റിക്കലി ഇൻകറക്റ്റ്!)
വല്യമ്മായിമാർ തന്നിരുന്ന പത്തു് പൈസകൊണ്ടു് ‘നാരങ്ങാമുട്ടിപ്പായി’ വാങ്ങിത്തിന്നിരുന്നതൊക്കെ ഒരു കാലം. അതിനു് നേർവിപരീതമാണു് ഇന്നത്തെ ലോകം. ഇന്നു് പ്രധാനമന്ത്രി മോദി പിള്ളേർക്കെല്ലാം രണ്ടായിരത്തിന്റെ നോട്ട് കൊടുത്തിട്ടു് നാരങ്ങാമിട്ടായിയോ കടുകുമിട്ടായിയോ എന്താ വേണ്ടതെന്നു് വച്ചാൽ അതു് വാങ്ങിത്തിന്നോട്ടോ എന്നാണത്രെ പറയാറു്! ചില്ലറയില്ലാതെ നട്ടം തിരിയുന്ന സകല പെട്ടിക്കടക്കാരുടെയും തെറി കേൾക്കാനാണു് ഇന്നത്തെ പിള്ളേരുടെ വിധി!
Dec 16, 2016, 12:32 PM
ഒന്നും പറയാതിരിക്കുന്നവൻ ഊമനാണെന്നു് ജനം കരുതും. കരുതൽ വിദഗ്ദ്ധരായ ജനത്തിനു് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലേറെ കരുതലുണ്ടു്. കരുതൽ മാത്രമല്ല, അസാമാന്യമായ സാമൂഹിക പ്രതിബദ്ധതയും പ്രദർശിപ്പിക്കാൻ ബദ്ധപ്പെടുന്നവരാണു് ജനം. അതുകൊണ്ടു്, വീണുകിട്ടുന്ന വിവരങ്ങൾ തത്സമയപ്രക്ഷേപണം വഴി നാട്ടുകാരെ അറിയിക്കേണ്ടതു് തന്റെ ബാദ്ധ്യതയായി ഓരോ പൗരനും കരുതുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു് കിട്ടിയാലേ ജനത്തിനു് അതു് റിലേ ചെയ്യാൻ പറ്റൂ. ജനം ഊമകളേക്കാൾ വായാടികളെ ഇഷ്ടപ്പെടുന്നതു് അതുകൊണ്ടാണു്. പക്ഷേ ഗതികേടിനു്, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ മനുഷ്യരും കണ്ഡീഷൻഡ് ആണെന്നതിനാൽ, നിരുപാധികമായൊരു പെർസെപ്ഷൻ മനുഷ്യനു് സാദ്ധ്യമല്ല. ചുരുക്കത്തിൽ, ഒരു മനുഷ്യൻ പറയുന്നതാവണമെന്നില്ല നിർബന്ധമായും മറ്റൊരു മനുഷ്യൻ മനസ്സിലാക്കുന്നതു്. വസ്തുത ഇതാണെന്നിരിക്കെ, എന്താണു് പറയുന്നതെന്നു് പറയുന്നവനു് പോലും അറിയില്ലെങ്കിൽ, അവന്റെ പറച്ചിൽ കൊണ്ടു് എന്തു് പ്രയോജനം എന്നു് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല. പക്ഷേ, പറയുന്നവൻ പറയുന്നതു് അവന്റെ ഉത്തമബോദ്ധ്യങ്ങളാണെന്നതാണു് പ്രശ്നം. ഒരുവന്റെ ഉത്തമബോദ്ധ്യങ്ങൾ മിക്കവാറും എല്ലായ്പോഴും അവന്റെ ദൃഷ്ടിയിൽ പരമമായ സത്യങ്ങളാണു്. തന്റെ പരമമായ സത്യങ്ങളെ ചോദ്യം ചെയ്യുന്നതു് ഒരു കടന്നാക്രമണമായി കരുതാനേ ഏതൊരു “ബോധിക്കും” കഴിയൂ. എന്റെ സത്യങ്ങളെപ്പറ്റി എന്നേക്കാൾ കൂടുതലായി മറ്റാർക്കാണു് അറിയാൻ കഴിയുക എന്നാവും അവന്റെ ചോദ്യം. “ഉത്തമബോദ്ധ്യങ്ങളാണു് സത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ” എന്നു് നീറ്റ്‌സ്‌ഷെ പറഞ്ഞതൊന്നും അവനെ അലട്ടുന്ന കാര്യങ്ങളല്ല.
ഉദാഹരണത്തിനു്, ദൈവം മനുഷ്യനു് വെളിപ്പെട്ടതും മനുഷ്യനോടു് സംസാരിച്ചതുമെല്ലാം അതു് വിശ്വസിക്കുന്നവനെ സംബന്ധിച്ചു് ഉത്തമബോദ്ധ്യങ്ങളാണു്. അവന്റെ ചിന്തയിൽ, കേൾക്കുന്നവനു് അതൊന്നും മനസ്സിലാകാത്തതിനു് പല കാരണങ്ങളുണ്ടു്. ഗ്രന്ഥം ശരിക്കു് പഠിക്കാത്തതുകൊണ്ടു്, ഗ്രന്ഥം ഒറിജിനൽ ഭാഷയിൽ വായിക്കാത്തതുകൊണ്ടു് തുടങ്ങിയ, കേൾക്കുന്നവന്റേതു് മാത്രമായ, ഒരു നൂറു് കാരണങ്ങൾ പറയുന്നവനു് ചൂണ്ടിക്കാണിക്കാനുണ്ടാവും. അതേസമയം, ആർക്കെങ്കിലും വെളിപ്പെടാനോ, ആരോടെങ്കിലും സംസാരിക്കാനോ ഒരു ദൈവത്തിനും കഴിയില്ല എന്നതു് നിഷേധിക്കാനാവാത്ത ഒരു കേവലസത്യമാണു്. കാരണം, ദൈവം എന്നതു് മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണു്. തന്നെ കടുവ പിടിച്ചെന്നോ, പാമ്പു് കടിച്ചെന്നോ, മറ്റു് പലതുമോ മനുഷ്യൻ സ്വപ്നം കണ്ടെന്നിരിക്കും. പക്ഷേ, ഉണരുമ്പോഴെങ്കിലും അതൊരു സ്വപ്നമായിരുന്നു എന്നു് മനസ്സിലാക്കാൻ ഏതെല്ലാം വിധത്തിൽ കണ്ഡീഷൻഡ് ആയ മനുഷ്യർക്കും സാധാരണഗതിയിൽ കഴിയേണ്ടതാണു്. ദൈവം രാത്രിയിൽ തനിക്കു് വെളിപ്പെട്ടു എന്നും, ഓഷോ മാതൃകയിലുള്ള ചില സാരോപദേശങ്ങൾ ഓതിത്തന്നു എന്നും ഒരുവൻ സ്വപ്നം കണ്ടുകൂടെന്നില്ല. മറ്റേതൊരു സ്വപ്നത്തേയും പോലെ അതും ഒരു സ്വപ്നമായിരുന്നു എന്നു് ഏറ്റവും വൈകിയാൽ ഉണർന്നശേഷമെങ്കിലും തിരിച്ചറിയാൻ ഒരു മനുഷ്യനു് കഴിയുന്നില്ലെങ്കിൽ അവന്റേതു് “കൗച്ച് ഡോക്ടറെ” കാണിക്കേണ്ട ഒരു കെയ്സാണെന്ന കാര്യത്തിൽ സംശയം വേണ്ട. അല്ലാതെ, മൂന്നു് വർഷങ്ങൾ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു് തീർപ്പുണ്ടാക്കേണ്ട ഗഹനതയൊന്നും അതിലില്ല. മൂന്നിനു് പകരം മുപ്പതു് വർഷങ്ങൾ ചർച്ച ചെയ്താലും വഞ്ചിയെ തിരുനക്കരയിൽ നിന്നും ഒരിഞ്ചു് പോലും നീക്കാൻ കഴിയുകയുമില്ല. കാരണം, ഹാർഡ്‌വെയർ ഉണ്ടായിട്ടു് കാര്യമൊന്നുമില്ല. കൊമ്പാറ്റിബിളായ ഓപറേറ്റിങ് സിസ്റ്റം ഇല്ലാത്തിടത്തു് മറ്റു് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നതു് പാഴ്വേലയായിരിക്കും.
ഒരു കുട്ടിക്കഥകൂടി പറഞ്ഞു് അവസാനിപ്പിച്ചേക്കാം. പണ്ടൊരിക്കൽ രാജാവിന്റെ മുടി വെട്ടലിന്റെ ചുമതല ലഭിച്ച ഒരു ബാർബർ മുടിവെട്ടലിനിടയിൽ രാജാവിന്റേതു് കഴുതച്ചെവികളാണെന്നു് കണ്ടെത്തി. ഇൻഡ്യ കണ്ടെത്താൻ പോയ പോക്കിലാണല്ലോ കൊളംബസ് ആയാലും അമേരിക്ക കണ്ടെത്തിയതു്! “അന്വേഷിപ്പിൻ, (എന്തെങ്കിലും) കണ്ടെത്തും” എന്നു് ബൈബിളും ഉറപ്പു് നൽകുന്നുണ്ടു്. അന്വേഷിക്കുന്നതുതന്നെ കണ്ടെത്തണം എന്നു് പിടിവാശി പിടിക്കാതിരുന്നാൽ ഒരുപാടു് കാര്യങ്ങൾ കണ്ടെത്താം. ആഹാരത്തിനും പണത്തിനും പലർക്കും പഞ്ഞമുണ്ടെങ്കിലും, മറ്റു് പല കാര്യങ്ങൾക്കും ലോകത്തിൽ പഞ്ഞമൊന്നുമില്ല. യാദൃച്ഛികമായി കണ്ടെത്താവുന്ന കാര്യങ്ങളുണ്ടു്, അന്വേഷിച്ചാൽ മാത്രം കണ്ടെത്താവുന്നവയുമുണ്ടു്. ബാർബറുടേതു് യാദൃച്ഛികമായ കണ്ടെത്തലായിരുന്നു. രഹസ്യം രാജകീയമാണെങ്കിൽ, ന്യൂസ് സെൻസേഷണലായേക്കാമെങ്കിലും, അതു് ചോർത്തി പരസ്യമാക്കുന്നതു് അപകടകരമാണു്. തല പോയിക്കൂടെന്നില്ല. ആരെ വിശ്വസിച്ചാലും മനുഷ്യരെ വിശ്വസിക്കാൻ പാടില്ലെന്നു് അറിയാമായിരുന്ന ബാർബർ അവസാനം “അമ്മച്ചിപ്ലാവു്” പോലൊരു മരത്തിന്റെ പൊത്തിലേക്കു് “രാജാവിനു് കഴുതച്ചെവികളാണേ” എന്നു് വിളിച്ചുപറഞ്ഞു് ആർത്തലച്ചു് ചിരിച്ചു് തന്റെ വാർത്താവിതരണബാദ്ധ്യത നിറവേറ്റി ആശ്വാസം തേടിയെന്നും, ബാർബറുടെ തലയുടെ കഷ്ടകാലത്തിനു്, “രാജാവിനു് കഴുതച്ചെവികളാണേ” എന്നു് അതിനെത്തുടർന്നു് മരപ്പൊത്തു് ബാങ്കു് വിളിക്കാൻ തുടങ്ങിയെന്നും കഥ.
മരപ്പൊത്തിനു് പ്രതിദ്ധ്വനിപ്പിക്കാനേ കഴിയൂ. മനുഷ്യനു് പ്രതിദ്ധ്വനിപ്പിക്കാനും, ധ്വനിപ്പിക്കാനും, വ്യാഖ്യാനിക്കാനും, വളച്ചൊടിക്കാനും കഴിയും.
Dec 18, 2016, 12:31 PM
ഏതോ ഒരു പഴയ മലയാളം സിനിമയിൽ നായകൻ ഒരു മുറിയിലെ ദേവീവിഗ്രഹത്തിനു് മുന്നിലിരുന്നു് ദേവീ ശ്രീദേവീ ഒഴുകിയൊഴുകിവരൂ എന്നോ, തെന്നിത്തെന്നി വരൂ എന്നോ മറ്റോ ഒരു ഭക്തിഗാനം ആലപിക്കുമ്പോൾ, സുകുമാരി (ഹാസ്യം) ഞാനിതാ ഒഴുകിയൊഴുകി വന്നിരിക്കുന്നു എന്നൊരു കിളിമൊഴിയുമായി നായകന്റെ മുന്നിലെത്തുന്ന ഒരു രംഗമുണ്ടു്. “നെറ്റിയിൽ മഞ്ഞൾ പ്രസാദം ചാർത്തി, അരയിൽ മഞ്ഞക്കുറിയുള്ള മുണ്ടുമൊക്കെ ചുറ്റി” യഥാർത്ഥ നായിക നായകന്റെ പാട്ടു് കേട്ടുകൊണ്ടു് ആ പരിസരത്തുതന്നെ ചുറ്റിത്തിരിയുന്നുണ്ടുതാനും. പക്ഷേ, അതൊന്നും നായകന്റെ സമീപത്തേക്കു് “പ്രണയപരവശയായി തെന്നിത്തെന്നി” ചെല്ലുന്നതിനു് സുകുമാരിക്കു് ഒരു തടസ്സമാവുന്നില്ല. ഗാനവും ഡയലോഗും ഇങ്ങനെതന്നെ ആയിരുന്നോ എന്നു് ഓർമ്മയില്ലെങ്കിലും കഥാഗതി ഏകദേശം ഇതുപോലെ ആയിരുന്നു. ചില സ്റ്റാറ്റസുകളുടെ അടിയിൽ വീഴുന്ന കമന്റുകൾ കാണുമ്പോൾ ആ സുകുമാരിയെയാണു് എനിക്കു് ഓർമ്മവരാറു്.
ആരെങ്കിലും ചക്കിനെപ്പറ്റി പറഞ്ഞാലും അതു് തന്നെപ്പറ്റിയാണെന്നേ കൊക്കിനു് തോന്നൂ എന്നു് വന്നാൽ എന്തു് ചെയ്യാൻ? കൊക്കിനുമില്ലേ പാരനൊയിഡ് ആകാനുള്ള അവകാശം?
Dec 18, 2016, 12:32 PM
ഒരുപാടു് പേർ ഒന്നുതന്നെ ചിന്തിക്കുന്ന ഒരു സമൂഹത്തിൽ ഒരുപാടു് ഒരേതരം ചിന്തകളല്ലാതെ ഒരുപാടു് പലതരം ചിന്തകൾ ഉണ്ടാവില്ല. ഒരു റ്റോട്ടാലിറ്റേറിയൻ സമൂഹത്തേയും ഒരു ഡെമോക്രാറ്റിക് സമൂഹത്തേയും തമ്മിൽ തിരിച്ചറിയാനുള്ള ഒരു ക്രൈറ്റീരിയൻ പോലുമാണതു്. (ഉദാ: നോർത്ത് കൊറിയ – സൗത്ത് കൊറിയ).
പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ആൽഫ്രെഡ് ആഡ്‌ലർ: “സ്വാതന്ത്ര്യം മഹത്വങ്ങളെ വിരിയിക്കുമ്പോൾ, നിർബന്ധം കൊല്ലുകയും മലീമസമാക്കുകയും ചെയ്യുന്നു”.
Dec 19, 2016, 10:14 AM
കേരളത്തിലെ ഇടതുപക്ഷം യേശുവിന്റെ പാതയിലാണെന്നു് കേട്ടു. യേശു പോയ പാതകളിൽ ഏതിന്റെ ഏതു് പക്ഷം ചേർന്നാണു് ഇടതുകൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നതു് എന്നു് ശ്രദ്ധിക്കുന്നതു് നന്നായിരിക്കും. മരിച്ച ലാസറിനെ കല്ലറയിൽ നിന്നും ഉയിർപ്പിച്ചശേഷം കഴുതപ്പുറത്തു് കയറി യേരുശലേമിലേക്കു് പോയ പാതയ്ക്കു് ശേഷം വരുന്നതു് തൂങ്ങാനുള്ള കുരിശും ചുമന്നുകൊണ്ടു് ഗൊൽഗോഥായിലേക്കു് പോയ പാതയാണു്. കഴുതപ്പുറത്തു് യേരുശലേമിലേക്കു് പോകുന്നവനു് ഓശാനാ വിളിക്കുന്നവർ തന്നെയാണു് ഗോൽഗോഥായിലേക്കു് പോകുന്നവനെ ക്രൂശിക്കുക എന്നു് വിളിക്കുന്നതും. അതുകൊണ്ടു് യേരുശലേമിൽ എത്താൻ മാത്രമേ കഴുതകളെ കൂട്ടുപിടിക്കാവൂ. അവിടെയെത്തിയാൽ മഹാപുരോഹിതന്മാരെ പ്രീണിപ്പിക്കുന്നതാണു് കുരിശുമരണം ഒഴിവാക്കാൻ നല്ലതു്.
പരാന്നഭോജികൾ ആതിഥേയരേക്കാൾ ശക്തരാണെന്നാണു് ചരിത്രവും പഠിപ്പിക്കുന്നതു് – ദീർഘകാലാടിസ്ഥാനത്തിലെങ്കിലും.
മനേക ഗാന്ധി ജീവിച്ചിരുന്നതു് രണ്ടായിരം വർഷങ്ങൾക്കു് മുൻപാവാതിരുന്നതു് ഭാഗ്യം. അല്ലെങ്കിൽ യേശുവിനെ പ്രസവിക്കാനായി മറിയ കാലിത്തൊഴുത്തു് ഉപയോഗിച്ചതിന്റെ പേരിൽ എന്തെല്ലാം പുകിലുകൾ കാണേണ്ടി വന്നേനെ! തൊഴുത്തിന്റെ വിസ്തീർണ്ണം, കാലികളുടെ എണ്ണം, ഓരോ കാലിക്കും വലിപ്പത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ യഥേഷ്ടം നിൽക്കാനും, കിടക്കാനും, അയവിറക്കാനും, സ്വന്തം ജീവിതത്തെപ്പറ്റി താത്വികമായ അവലോകനങ്ങൾ നടത്താനും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഏറിയയിൽ മറിയയുടെ കയ്യേറ്റം വഴി വന്ന കുറവു്, പ്രസവസമയത്തു് സ്വാഭാവികമായും ഉണ്ടാവാറുള്ള ശബ്ദകോലാഹലങ്ങൾക്കു് പുറമെ, മാലാഖമാരുടെ കൂവൽ, കുറുകൽ, ഹാലേലുയ്യ, പൊന്നും മൂരും കുന്തുരുക്കവുമായി എത്തിയ മൂന്നു് രാജാക്കന്മാരുടെ ആശംസകൾ, തള്ളലുകൾ തുടങ്ങിയ സ്‌റ്റ്രെസ് സിറ്റുവേഷൻസ് വഴി കാലികളും മക്കളും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ സംബന്ധിച്ച പരിവേദനങ്ങൾ! എത്രയെത്ര മൃഗപീഡനപരാതികൾ അതിന്റെ പേരിൽ കുടുംബ കോടതി മുതൽ സുപ്രീം കോടതി വരെ എത്തുമായിരുന്നില്ല!
“എങ്കിലും, മനേക ഗാന്ധി അന്നുണ്ടായിരുന്നെങ്കിൽ ഒരു ഗുണമുണ്ടായിരുന്നു. എങ്കിൽ, തൊഴുത്തോ മൃഗങ്ങളോ പുൽത്തൊട്ടിയോ ഒന്നും ഇല്ലാത്ത വല്ല വഴിയരികിലും മറിയക്കു് യേശുവിനെ പ്രസവിക്കേണ്ടി വരുമായിരുന്നു. എങ്കിൽ, മനുഷ്യർക്കു് തിരുപ്പിറവി ആഘോഷിക്കാൻ വർഷം തോറും വീടുകളിൽ കാലിത്തൊഴുത്തും പുൽത്തൊട്ടിലും മനുഷ്യ-, മൃഗരൂപങ്ങളും ഒരുക്കേണ്ടി വരുമായിരുന്നില്ല. അന്നത്തെ ആ മൃഗപീഡനം ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിൽ ഇന്നത്തെ മനുഷ്യപീഡനം ഒഴിവാക്കാമായിരുന്നു, ഒരുപക്ഷേ. ദൈവത്തിനുവേണ്ടി സ്വയം പീഡിപ്പിക്കാൻ മടിയില്ലാത്ത മനുഷ്യരെ സ്നേഹിക്കുന്നവരാണു് മിക്കവാറും എല്ലാ ദൈവങ്ങളും. “ദൈവം സ്നേഹമാണു്”. സ്വന്തം മകനെ കുരിശിൽ തറച്ചു് കൊല്ലിക്കാൻ മടിയില്ലാത്തത്ര വലിയ സ്നേഹം! ദൈവസ്നേഹമില്ലാതെ ജീവിക്കാൻ മനുഷ്യനു് കഴിയില്ല. (എന്നാണവൻ വിശ്വസിക്കുന്നതു്. അങ്ങനെയാണവൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നതു്)! അതുകൊണ്ടു് വർഷംതോറും തൊഴുത്തും പുൽത്തൊട്ടിലും കെട്ടി ദൈവത്തിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെന്തെങ്കിലുമൊന്നു് തട്ടിക്കൂട്ടുകയോ, കുറഞ്ഞപക്ഷം വല്ല മലയും ചവിട്ടുകയോ, അതുമല്ലെങ്കിൽ ചുമ്മാ “പുറപ്പെട്ടു് പോകുകയോ” മറ്റോ അവൻ ചെയ്തുകൂടെന്നുമില്ല.
അതേസമയം, മറിയയുടെ കാര്യം വളരെ ദയനീയമാണു്. നല്ലപോലെ വേദനയുണ്ടാവാൻ സാദ്ധ്യതയുള്ള ഒരേർപ്പാടാണു് പ്രസവം. എന്നിട്ടും എന്തുകൊണ്ടാണു് ബഹുഭൂരിപക്ഷം സ്ത്രീകളും പ്രസവിക്കാൻ തീരുമാനിക്കുന്നതു് എന്നെനിക്കറിയില്ല. എന്റെ ചക്രാന്വേഷണപരൂക്ഷണങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിടത്തോളം, കല്യാണസമയത്തു് മൈലാഞ്ചി ഇടാനും, ആഭരണങ്ങൾ ധരിക്കാനും, മന്ത്രകോടി ഉടുക്കാനും കഴിയുന്നതിൽ സ്ത്രീകൾ അനുഭവിക്കുന്ന സന്തോഷം പ്രസവത്തിന്റെ വേദനയേക്കാൾ വളരെ കൂടുതലായതിനാലാണു് പ്രസവവേദന സഹിക്കാൻ അവർ സന്നദ്ധരാവുന്നതു്. പക്ഷേ മറിയയുടെ കാര്യമോ? മൈലാഞ്ചിയിട്ടു്, വസ്ത്രാഭരണാലങ്കൃതയായി നിൽക്കുന്ന മറിയക്കു് നാലാളു് കാൺകെ ഒരു കസവുപുടവ കൊടുത്തിട്ടായിരുന്നു യഹോവ അവളെ ഗർഭം ധരിപ്പിച്ചിരുന്നതെങ്കിൽ മറിയക്കു് അല്പമെങ്കിലും സന്തോഷത്തിനു് വകയുണ്ടാവുമായിരുന്നു. ഇതിപ്പോൾ, കൊല്ലനും അറിഞ്ഞില്ല, കൊല്ലത്തീം അറിഞ്ഞില്ല, തിത്തൈ എന്നൊരു കൊച്ചരുവ എന്നു് പറഞ്ഞപോലെ, കാനേഷുമാരി കഴിഞ്ഞു് മടങ്ങിയ മറിയയും ഔസേപ്പും ഒരു ശുഭരാത്രിയിൽ ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തിനരികിൽ എത്തിയപ്പോൾ പ്രസവവേദന വരികയും മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്തു എന്നല്ലാതെ, പ്രസവവേദന സഹിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പ്രീകണ്ഡീഷൻസ് ഒന്നും മറിയയുടെ കാര്യത്തിൽ സംഭവിച്ചില്ല. ഉത്ഭവം മലമില്ലാതെ (അമലോത്ഭവം) ആയിരുന്നതിനാൽ പ്രസവം വേദനയില്ലാതെ ആയിരിക്കും യഹോവ സംഭവിപ്പിച്ചതു് എന്നു് വേണമെങ്കിൽ കരുതാം. മനുഷ്യർ വേദനയനുഭവിക്കുന്നതു് ഇഷ്ടപ്പെടുന്നവനല്ല യഹോവ എന്നു്, മരണസമയത്തു് “ഏലീ ഏലീ ലമ്മാ ശബക്താനി” എന്നു് ഉറക്കെ നിലവിളിച്ച സ്വന്തം മകനോടുള്ള യഹോവയുടെ സ്നേഹപൂർവ്വമായ പ്രതികരണത്തിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുള്ളതിനാൽ അങ്ങനെയൊരു നിഗമനം തെറ്റാവാൻ വഴിയില്ല.
ഞാൻ നിന്നെ ഗർഭം ധരിപ്പിക്കും എന്നു് കല്പിക്കുകയും നടപ്പാക്കുകയുമല്ല, എന്നിൽ നിന്നും ഗർഭം ധരിക്കാൻ നിനക്കു് സമ്മതമാണോ എന്നു് മറിയയോടു് ചോദിച്ചു് അനുവാദം വാങ്ങുകയായിരുന്നു യഹോവ ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന കാര്യത്തിൽ സ്വയംവരകാലത്തെ നാലാം ക്ലാസ്സുകാർക്കുപോലും എതിരഭിപ്രായമുണ്ടാവാൻ വഴിയില്ല. പക്ഷേ, ബുദ്ധിയിൽ കുഞ്ഞും അറിവിൽ ശിശുവും ആയിരുന്നതിനാൽ, സ്വന്തജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നു് ചിന്തിക്കാൻ യഹോവക്കു് കഴിയുമായിരുന്നില്ലല്ലോ. അതെങ്ങനെ? മനുഷ്യർ പാപം ചെയ്യുന്നുണ്ടോ എന്നറിയാൻ അവരുടെ മറപ്പുരകളിലും കുളിക്കടവുകളിലും കിടപ്പുമുറികളിലും സ്ഥിരമായി ഒളിഞ്ഞുനോക്കേണ്ട ചുമതലയുള്ള ഒരുവനു് പള്ളിക്കൂടത്തിൽ പോയി നാലക്ഷരം പഠിക്കാൻ നേരം കിട്ടുമോ? ഏതായാലും അന്നു് ഫെമിനിസ്റ്റുകൾ ഇല്ലാതിരുന്നതു് യഹോവയുടെ ഭാഗ്യം. മറിയയുടെ കഷ്ടകാലവും.
Dec 25, 2016, 12:28 PM
അമലോത്ഭവം (immaculata conceptio) എന്നതു് ഒൻപതാം നൂറ്റാണ്ടു് മുതൽ ആചരിക്കപ്പെടുന്നതിനു് തെളിവുള്ളതും, 08. 12. 1854-ൽ ആ പാരമ്പര്യത്തിന്റെ തന്നെ കൂട്ടുപിടിച്ചു് പീയൂസ് ഒൻപതാമൻ മാർപ്പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചതുമായ കത്തോലിക്കാസഭയുടെ ഒരു വിശ്വാസസത്യമാണു് . അതേസമയം, യേശുവിന്റേതു് കന്യാജനനം ആയിരുന്നു എന്ന വിശ്വാസം രണ്ടാം നൂറ്റാണ്ടു് മുതലേ (ബൈബിളിലെ സുവിശേഷങ്ങൾ രൂപമെടുത്ത കാലം മുതലേ) നിലനിൽക്കുന്നുമുണ്ടു്. ചുരുക്കം, കന്യാജനനവിശ്വാസവും അമലോത്ഭവവിശ്വാസവും രണ്ടും രണ്ടാണു്. “അമലോത്ഭവ ആയിരുന്നു മറിയം എന്ന ചിന്താധാരക്ക് നൂറുവർഷത്തിൽ താഴെയുള്ള പഴക്കമേയുള്ളൂ” എന്നു് ഇന്നലെ ഒരു ക്രൈസ്തവഭക്തൻ എന്നെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാണു് ഈ “നിർമ്മലസഭാസത്യം” വ്യക്തമാക്കേണ്ടി വരുന്നതു്. മറിയം അമലോത്ഭവ ആയിരുന്നു എന്നതും, മറിയയിൽ നിന്നുമുള്ള യേശുവിന്റെ ജനനം അമലോത്ഭവം ആയിരുന്നു എന്നതും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസമുണ്ടു്. വള്ളിയൂഞ്ഞാലിൽ ആനയാടുന്നതും ആടാടുന്നതും പോലുള്ള വ്യത്യാസം.
“പ്രപഞ്ചത്തിന്റെ” മദ്ധ്യത്തിൽ നിന്നും ഭൂമിയെ നിഷ്കാസനം ചെയ്തു് അവിടെ സൂര്യനെ പ്രതിഷ്ഠിച്ച നിക്കോളാസ് കോപ്പർനിക്കസിന്റെ (1473 – 1543), പണം വാങ്ങി പാപങ്ങൾ മോചിപ്പിച്ചിരുന്ന കത്തോലിക്കാസഭയിൽ നിന്നും തെറ്റിപ്പിരിഞ്ഞു് റിഫർമേഷനു് തുടക്കം കുറിച്ച മാർട്ടിൻ ലൂഥറുടെ (1483 – 1546), ഒരു പോളിമാത്ത് ആയിരുന്ന ഗാലിലെയൊ ഗാലിലൈയുടെ (1564 – 1642), പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രീയവിപ്ലവത്തിന്റെ ഒരു പ്രധാന സൂത്രധാരകനായിരുന്ന യോഹാന്നെസ് കെപ്ലെറുടെ (1571 – 1630), വിച്ച് ഹണ്ടിനു് വിധേയയാക്കപ്പെട്ട അദ്ദേഹത്തിന്റെ അമ്മ കത്തറീന കെപ്ലെറുടെ, ക്ലാസ്സിക്കൽ മെക്കാനിക്സിനു് തറക്കല്ലിട്ട ഐസക്ക് ന്യൂട്ടന്റെ (1643 – 1727) എല്ലാം യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടു് തുടക്കം കുറിക്കുന്നതിനു് തൊട്ടു് മുൻപും അതിനു് ശേഷവും നടന്ന ശാസ്ത്രീയമായ കണ്ടെത്തലുകൾ അഭൂതപൂർവ്വമായിരുന്നു. ലുഡ്വിഗ് ബോൾട്സ്മാൻ (1844 – 1906), മാക്സ് പ്ലാങ്ക് (1858 – 1947) ആൽബെർട്ട് ഐൻസ്റ്റൈൻ (1879 – 1955), നീൽസ് ബോർ (1885 – 1962), എർവിൻ ഷ്ര്യോഡിങ്ങർ (1887 – 1961), വെർണർ ഹൈസെൻബെർഗ് (1901 – 1976) തുടങ്ങിയ എത്രയോ പ്രതിഭകളുടെ അവിശ്രാന്തമായ പരിശ്രമങ്ങളുടെ ഫലമാണു് ആ കണ്ടെത്തലുകൾ. അമലോത്ഭവം എന്ന വിശ്വാസത്തിനു് നൂറു് വർഷങ്ങളിൽ താഴെയേ പഴക്കമുള്ളു എന്നു് അവകാശപ്പെടുന്നവർക്കു്, ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെല്ലാം അവർ അമലോത്ഭവത്തെപ്പറ്റി പരീക്ഷണനിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ബൈ പ്രൊഡക്റ്റുകൾ ആയിരുന്നു എന്നും അവകാശപ്പെടാം. ജഡ്ജിയില്ലാത്തിടത്തു് കുറ്റകൃത്യങ്ങളുമില്ല. മർമ്മം ശ്രദ്ധിച്ചേ അടിക്കാവൂ എന്നു് നിർബന്ധം പിടിക്കേണ്ട ആവശ്യം പൊട്ടനില്ല. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ ഒരു ശാസ്ത്രജ്ഞൻ അതുപോലൊരു അവകാശവാദം മുന്നോട്ടു് വച്ചാൽ അതു് ആദിയിൽ യഹോവ സൃഷ്ടിച്ച ഭൂമിയെപ്പോലെ “പാഴും ശൂന്യവും” ആയിരിക്കുമോ? ശൂന്യാകാശപര്യവേക്ഷണങ്ങളുടെ ഒരു വെയ്സ്റ്റ് പ്രൊഡക്റ്റ് എന്ന നിലയിലാണു് ഇന്റർനെറ്റ് പോലും രൂപമെടുത്തതു്! ഇന്റർനെറ്റ് ഇന്നു് വെയ്സ്റ്റുകൾ കൊണ്ടു് നിറയുന്നതും അതുകൊണ്ടുതന്നെ ആയിരിക്കണം.
പൊള്ളിച്ചത്ത കരിമീനിന്റെ മുതൽ തുള്ളിച്ചത്ത വെളിച്ചപ്പാടുകളുടെ വരെ പ്രൊഫൈലുകൾ കണ്ടെത്താൻ കഴിയുന്ന ഒരിടമാണു് സോഷ്യൽ മീഡിയ. നാനാത്വത്തിലെ ഏകത്വം എന്ന നിലയിൽ ഫെയ്സ്ബുക്ക് ഭാരതം പോലെതന്നെ ഭയങ്കര തമാശയാവുന്നതു് അതുകൊണ്ടാണു്. പറയുന്നതിനു് ഒരു ഓതെന്റിസിറ്റിയും സ്മാർട്ട് സിറ്റിയുമൊക്കെ കിട്ടാൻ താൻ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി നേടിയ അനവധികളായ ബിരുദങ്ങളും, Ph. D.-കളും, ലഭിച്ച പ്രൈസുകളും, അവാർഡുകളുമെല്ലാം പ്രൊഫൈലിൽ എഴുതിച്ചേർക്കുന്ന ഐഡികളുമുണ്ടു്. അവർ പൊതുവേ പ്രമുഖരായിരിക്കും. അതൊരു നല്ല കാര്യമായാണു് എനിക്കു് തോന്നുന്നതു്. ആർക്കാണു് കണ്ണും ചെവിയും നൽകുന്നതു് എന്നറിയാതെ പതിനായിരക്കണക്കിനു് ഫോളോവേഴ്സ് നഞ്ചുപിടിച്ച മീനുകളെപ്പോലെ നട്ടം തിരിയേണ്ടി വരുന്നതു് അത്ര ആശാസ്യമായ ഒരു കാര്യമല്ല. സോഷ്യൽ റെസ്പോൺസിബിലിറ്റി, മൈ ഡിയർ വാട്ട്സൺ, സോഷ്യൽ റെസ്പോൺസിബിലിറ്റി!
November 2016
Nov 3, 2016, 12:31 PM
ഒരു പുറത്തെഴുതിയിരിക്കുന്നതിന്റെ നേർവിപരീതമായതു് മറുപുറത്തുതന്നെ എഴുതിവച്ചിരിക്കുന്നവയോ, അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിച്ചെടുക്കാവുന്നവയോ ആണു് എല്ലാ മതഗ്രന്ഥങ്ങളും. അതുകൊണ്ടാണു്, “ഒരു വിഗ്രഹം ഉണ്ടാക്കരുതു്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു്” (King James Bible: Exodus 20: 4-5) എന്നു് യഹോവ മോശെയിലൂടെ കല്പിച്ചിട്ടുണ്ടെങ്കിലും, ഗർഭമുള്ളതോ, ഇല്ലാത്തതോ ആയ വിശുദ്ധ പുണ്യാളത്തിമാരുടെയും പുണ്യാളന്മാരുടെയും പ്രതിമകളോ പടങ്ങളോ ഉണ്ടാക്കുന്നതോ, അവയെ ആരാധിക്കുന്നതോ പാപമാണെന്ന ചിന്തപോലും ചില വിഭാഗം ക്രൈസ്തവർക്കെങ്കിലും ഉണ്ടാവാത്തതു്. അതുകൊണ്ടാണു്, ഈശ്വരൻ ഏകനാണെന്നു് പറയാൻ ഹൈന്ദവരിലെ ചിലർക്കും, ഈശ്വരർ മുപ്പത്തിമുക്കോടി എണ്ണമുണ്ടെന്നു് പറയാൻ അവരിലെതന്നെ മറ്റു് ചിലർക്കും കഴിയുന്നതു്. അതുകൊണ്ടാണു്, ഒട്ടകങ്ങളെ കഴുത്തറുത്തു് അല്ലാഹുവിനു് ബലി നൽകുന്ന അതേ ലാഘവത്തിൽ കാഫിറുകളുടെ കഴുത്തറുത്തു് ഭൂമിയിൽ നീതി നടപ്പാക്കുമ്പോൾ ഖുർആൻ ഉയർത്തിപ്പിടിക്കാൻ ഇസ്ലാമിക് സ്റ്റെയ്റ്റിനും, അതുപോലുള്ള ഓരോ കുറ്റകൃത്യങ്ങൾ സംഭവിക്കുമ്പോഴും അതൊന്നും ഇസ്ലാമികമല്ല, ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു് സ്ഥാപിക്കാനായി അതേ ഖുർആൻ തന്നെ ഉയർത്തിപ്പിടിക്കാൻ മറ്റു് മുസ്ലീമുകൾക്കും കഴിയുന്നതു്.
അത്താ തുർക്ക് എന്നറിയപ്പെടുന്ന മുസ്തഫാ കെമാൽ പാഷ ചെയ്തതുപോലെ, ഒരു രാഷ്ട്രം സ്ഥാപിച്ചു് മതേതരത്വം, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം മുതലായ ആധുനിക ജനാധിപത്യമൂല്യങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിച്ചു് നടപ്പിൽ വരുത്തിയതുകൊണ്ടു് മാത്രം ഒരു രാഷ്ട്രവും ആധുനികരാഷ്ട്രമാവില്ല. ആധുനികരാഷ്ട്രങ്ങളിലെ നിയമാവലികളും രീതികളും ഏറ്റെടുക്കാനും താത്കാലികമായി നടപ്പിലാക്കാനും ഒരു ഏകാധിപതിക്കു് കഴിഞ്ഞെന്നിരിക്കും. പക്ഷേ, ആ മാനവമൂല്യങ്ങളുടെ തത്വചിന്താപരവും ശാസ്ത്രീയവുമായ ഒരു അടിത്തറ വിദ്യാഭ്യാസപരമായി സ്ഥാപിച്ചെടുക്കാൻ കഴിയാത്തിടത്തോളം അവയുടെ സസ്റ്റെയ്നബിലിറ്റി ഉറപ്പു് വരുത്താനാവില്ല. അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു ലോകവ്യവസ്ഥയെ ഒറ്റമൂലികൾ കൊണ്ടു് നേരിടാൻ ശ്രമിക്കുന്നതു് പാണ്ടിലോറിയെ നേരിടാൻ ചൊറിയൻ തവളയെ അയക്കുന്നതു് പോലെ മാത്രമേ അവസാനിക്കൂ. ഒരു ഐഡിയോളജിയെയോ, ഒരു വ്യക്തിയെയോ കേന്ദ്രീകരിച്ചു് നിലവിൽ വരുന്ന സാമൂഹികവ്യവസ്ഥിതികൾക്കു് ഇന്നല്ലെങ്കിൽ നാളെ ലോകഗതിയുടെ മുന്നിൽ പരാജയപ്പെടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും തുർക്കിയിലും കണ്ടതും, ഇന്നും കാണുന്നതുമായ സംഭവവികാസങ്ങൾ അതിനു് തെളിവു്.
പുരാതനകാലം മുതലേതന്നെ കൂട്ടം കൂടി ജീവിക്കുന്നവരാണു് മനുഷ്യർ. അതുകൊണ്ടു് എല്ലാ കൂട്ടവും ഗോത്രരീതിയിൽ ജീവിക്കുന്നവയാണെന്നു് അർത്ഥമില്ല. പരമ്പരാഗതമായ വിശ്വാസങ്ങളും പ്രമാണങ്ങളും മറുചോദ്യമില്ലാതെ ഏറ്റെടുത്തു് അനുസരിക്കുന്നതാണു് ഗോത്രങ്ങളുടെ സ്വഭാവം. ഓരോ അംഗവും എന്തു് പറയരുതു് , എങ്ങനെ പെരുമാറരുതു് എന്നെല്ലാം അതാതു് ഗോത്രത്തിലെ മൂപ്പന്മാർ അന്തിമമായി നിശ്ചയിക്കും. അപ്പീലില്ലാത്ത അന്തിമനിശ്ചയമായിരിക്കും അവരുടേതു്. വിശ്വാസങ്ങളുടെയും പ്രമാണങ്ങളുടെയും പുതുക്കലുകളോ തിരുത്തലുകളോ അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ ആവശ്യപ്പെട്ടാൽ അതു് അവരുടെ ജീവന്റെ നാശത്തിനു് തന്നെ കാരണമായെന്നുമിരിക്കും.
ആധുനികസമൂഹവും ജീവിക്കുന്നതു് കൂട്ടമായിത്തന്നെയാണു്. പക്ഷേ, അവിടെ മനുഷ്യരുടെ പെരുമാറ്റച്ചട്ടങ്ങൾ നിശ്ചയിക്കാനുള്ള അധികാരം ഒരു മൂപ്പനോ, ഒരു പാഷയ്ക്കോ ഒറ്റയ്ക്കല്ല. ലോകാവസാനത്തോളം തിരുത്തു് ആവശ്യമില്ലാത്തവയുമല്ല അവ. അവയുടെ നിർമ്മിതിയിൽ സാമൂഹികാംഗങ്ങൾക്കു് നിർണ്ണയാവകാശമുണ്ടു്. പൊതുജീവിതത്തിന്റെ സുഗമമായ പ്രവർത്തനത്തിനു് എല്ലാവരും അവശ്യമായും ശ്രദ്ധിക്കേണ്ട പെരുമാറ്റരീതികളും മര്യാദകളും ഒഴിവാക്കിയാൽ മറ്റു് നിയന്ത്രണങ്ങൾ പാലിക്കാനുള്ള ബാദ്ധ്യതയൊന്നും മനുഷ്യർക്കില്ല. ദൈവത്തിന്റെ സ്വന്തം കയ്യിൽനിന്നും കിട്ടിയതെന്ന പേരിൽ ജാംബവാന്റെ ശൈശവകാലത്തു് ആരെങ്കിലും തട്ടിക്കൂട്ടിയ ന്യായപ്രമാണങ്ങളുടെ ഇന്നത്തെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കണം. മനുഷ്യർ അനുസരിക്കേണ്ട നിയമങ്ങൾ നിർമ്മിക്കേണ്ടതിന്റെ ചുമതല ഏതെങ്കിലും ദൈവത്തിനല്ല, മനുഷ്യർക്കു് തന്നെയാണു്. ഒരു കുഞ്ഞിനു് എപ്പോൾ മുല കൊടുക്കണം, എപ്പോൾ കൊടുക്കരുതു് എന്നൊക്കെ നിശ്ചയിക്കാൻ തന്നെയാണു് ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നതു് എന്നും മറ്റും ഒരുവൻ ഹാലുസിനേറ്റ് ചെയ്യാൻ തുടങ്ങിയാൽ അവനെ ഒന്നുകിൽ ജയിലിലേയ്ക്കോ, അല്ലെങ്കിൽ സൈക്കിയാട്രിയിലേയ്ക്കോ പറഞ്ഞയക്കാൻ അതുവഴിയേ കഴിയൂ.
Nov 9, 2016, 11:35 AM
“മനോരമ ഇങ്ങനെതന്നെ പറയണം. കാരണം മനോരമ ഇങ്ങനെ പറഞ്ഞാൽ നമ്മുടെ മാര്‍ഗ്ഗം ശരിയാണെന്നു് നമുക്കു് മനസിലാക്കാന്‍ കഴിയും. മനോരമ എന്നെങ്കിലും എന്നെ പുകഴ്ത്തിയാല്‍ എന്റെ മാര്‍ഗ്ഗത്തിനു് എന്തോ കുഴപ്പമുണ്ടെന്നാണര്‍ത്ഥം”. സഖാവു് ഇ. എം. എസ്. മനോരമയെപ്പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രെ! അദ്ദേഹം ഒരു ദീര്‍ഘദര്‍ശി ആയിരുന്നിരിക്കണം. കാരണം, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പിൻവലിച്ചതിനെ വിമർശിക്കുന്നവരെപ്പറ്റി വേണമെങ്കിൽ മോദിയ്ക്കും ഇന്നു് അങ്ങനെതന്നെ പറയാൻ കഴിയും. “അഞ്ചിന്റെ ടോർച്ചിനെ” തോല്പിക്കുന്ന ദീർഘദൃഷ്ടി ഉള്ളവർക്കു് മാത്രമേ ഇത്ര ഗഹനമായ കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയൂ.
അതെന്തായാലും, മോദിയുടെ കറൻസി പരിഷ്കാരം ഒരു കടുംകൈ ആയിപ്പോയി എന്നു് പറയാതെ വയ്യ. നോട്ടെണ്ണൽ മഷീനുകൾ മേലിൽ ചെറിയ നോട്ടുകൾ എണ്ണിയെണ്ണി ഊപ്പാടിളകും. മഷീൻ നല്ലപോലെ തണുപ്പിച്ചുകൊണ്ടിരുന്നെങ്കിൽ തീപിടുത്തത്തിനു് പോലും സാദ്ധ്യതയുണ്ടു്. വലിയ കറൻസികൾ രഹസ്യമായി അച്ചടിച്ചു് വിതരണം ചെയ്തിരുന്നവർക്കു് ചെറിയ കറൻസികൾ അച്ചടിക്കാൻ പുതിയ പ്രിന്റിങ് മഷീനുകൾ വാങ്ങുകയോ, പഴയതിനെ അനുയോജ്യമായവിധം പുതുക്കിപ്പണിയുകയോ ചെയ്യേണ്ടി വരും. വിതരണച്ചുമതല ഏറ്റെടുത്തിട്ടുള്ളവർക്കു് ചെറിയ നോട്ടുകൾ ചുമക്കാനായി വലിയ ചാക്കുകൾ സംഘടിപ്പിക്കേണ്ടിവരും. ചുമട്ടുതൊഴിൽ മേഖലയിലെ നോക്കുകൂലി നിരക്കിൽ ക്രമാതീതമായ വർദ്ധനവു് ഉണ്ടാവാൻ സാദ്ധ്യതയുണ്ടു്.
ചില ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ കണ്ടപ്പോഴാണു് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുമായാണു് പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങാൻ കേരളീയർ ദിവസേന വീടു് വിട്ടിറങ്ങുന്നതെന്നു് മനസ്സിലായതു്. വിദേശനാണ്യത്തിന്റെ കുത്തിയൊഴുക്കു് മൂലം കേരളത്തിൽ ജീവിതച്ചിലവു് വല്ലാതെ കൂടിയിട്ടുണ്ടെന്നു് വേണം കരുതാൻ. രണ്ടു് ദിവസം ബാങ്കുകൾക്കു് അവധി കൊടുത്താൽ അഞ്ഞൂറന്മാരുടെയും ആയിരന്മാരുടെയും ജീവിതം വഴിമുട്ടിപ്പോകുമെന്ന കാര്യം കേന്ദ്രഗവണ്മെന്റ് ഓർക്കേണ്ടതായിരുന്നു. നിരാഹാരസമരം ഇരിക്കുമ്പോൾ പോലും പട്ടിണി കിടന്നു് ശീലമുള്ളവരല്ല വലിയകറൻസിക്കാർ.
ബാങ്കുവഴി ഡിസംബർ അവസാനം വരെ വലുതിനെ ചെറുതാക്കി മാറ്റാൻ പറ്റുമത്രെ! പക്ഷേ, കോടിക്കണക്കിനു് ആയിരങ്ങൾ കുന്നുപോലെ കൂട്ടി വച്ചിട്ടുള്ളവർക്കു് അൻപതു് ദിവസം കൊണ്ടു് അതു് മുഴുവൻ മാറ്റിയെടുക്കാൻ പറ്റുമോ? ഒരു വഴിയുള്ളതു്, ഓരോ ദിവസവും മാറ്റിയെടുക്കാൻ അനുവാദമുള്ള തുകയെ കെട്ടുകളാക്കി, മാറ്റാൻ മാറ്റമില്ലാത്ത മാറ്റമല്ലാതെ മറ്റൊന്നുമില്ലാത്ത “പ്രോലെറ്റേറിയറ്റുകളെ” ഏല്പിച്ചു്, കമ്മീഷൻ വ്യവസ്ഥയിൽ ബാങ്കുകളിലേക്കയക്കുക എന്നതാണു്. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഒരു നോട്ടു് കൈകൊണ്ടു് തൊടാൻ പോലും ജീവിതത്തിൽ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്കും അതുവഴി “ഫിനാൻഷ്യൽ ക്യാപിറ്റൽ” കേക്കിൽ നിന്നും ഒരു കഷണം രുചി നോക്കാൻ കഴിയുകയും ചെയ്യും. അതു് സോഷ്യലിസമല്ലെങ്കിൽ!?
Nov 13, 2016, 11:45 AM
ലോകത്തിൽ എവിടെയെങ്കിലും ഒരു യുദ്ധമോ, ഒരു എകൊണോമിക് ക്രൈസിസോ ഉണ്ടാവുന്നതു് മാർക്സിനെ വളരെ ആവേശഭരിതനാക്കുമായിരുന്നത്രെ! തന്റെ കമ്മ്യൂണിസ്റ്റ് ബസിലസിനു് വേരുറപ്പിക്കാൻ പറ്റിയ വളമണ്ണായാണു് മാർക്സ് അത്തരം പ്രതിസന്ധികളെ വിലയിരുത്തിയിരുന്നതു്. മുപ്പതു് വർഷങ്ങൾക്കുള്ളിൽ നാല്പതു് വട്ടമാണത്രെ ഇപ്പോൾ വിപ്ലവം പൊട്ടിപ്പുറപ്പെടും എന്ന പ്രതീക്ഷയിൽ മാർക്സ് കൈനഖങ്ങൾ കൂട്ടിയുരുമ്മിയതു്! പ്രഷ്യയും ഡെന്മാർക്കും തമ്മിൽ നടന്ന സായുധസംഘട്ടനത്തിലെന്നപോലെ, ജനത്തെ തമ്മിലടിപ്പിക്കുക, യുദ്ധത്തിനു് ആഹ്വാനം ചെയ്യുക, യുദ്ധം കഴിയുന്നത്ര നീട്ടിക്കൊണ്ടു് പോവുക, സമാധാനം സ്ഥാപിക്കപ്പെടാതിരിക്കുക അതിനെല്ലാം വേണ്ടിയായിരുന്നു മാർക്സ് പത്രങ്ങളിലൂടെയും മറ്റും അത്യദ്ധ്വാനം ചെയ്തുകൊണ്ടിരുന്നതു്.
മാർക്സിനു് വേണ്ടതു് എന്താണെന്നു് അറിയാവുന്നതിനാലാവാം, 1851 സെപ്റ്റംബർ 23-നു് മാർക്സിനെഴുതിയ ഒരു കത്തിൽ എൻഗൽസ് ഇങ്ങനെ പ്രത്യാശപ്പെടുന്നു: “ഈ ഓസ്‌റ്റ്രേലിയൻ “സ്വർണ്ണത്തീട്ടം” ട്രെയ്ഡ് ക്രൈസിസിനെ പിടിച്ചു് നിർത്തില്ലെന്നു് ആശിക്കുന്നു”. ഇന്നായിരുന്നെങ്കിൽ ഇൻഡ്യയിലെ നോട്ടുകളുടെ പിൻവലിക്കലിനെപ്പറ്റിയും അതുപോലെന്തെങ്കിലുമൊരു പ്രത്യാശ എഴുതിപ്പിടിപ്പിച്ചു് മാർക്സിനെ തൃപ്തിപ്പെടുത്താൻ എൻഗൽസ് ശ്രമിക്കുമായിരുന്നു എന്നു് വേണം കരുതാൻ.
ഗുണപാഠം: മാർക്സ് കുത്തിയാൽ കാന്റ് മുളയ്ക്കില്ല. ആദ്യത്തേതിൽ വെറുപ്പിന്റെ സുവിശേഷവും, രണ്ടാമത്തേതിൽ തത്വചിന്തയുന്മായിരിക്കും മുളപൊട്ടുക.
Nov 15, 2016, 11:54 AM
രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ, ആ ദിവസം മുഴുവൻ എഴുതിയാൽ തീരാത്തത്ര ആശയങ്ങൾ എന്റെ മനസ്സിലുണ്ടാവുമായിരുന്നു എന്നു് പറഞ്ഞ ഗോട്ട്ഫ്രീഡ് ലൈബ്നിത്സ് (Gottfried Wilhelm Leibniz 01. 07. 1646 – 14. 11. 1716) മരിച്ചിട്ടു് ഇന്നലെ മുന്നൂറു് വർഷങ്ങളായി. ഫിലോസഫി, തിയോളജി, ഹിസ്റ്ററി, പൊളിറ്റിക്സ്, ഡിഫെറെൻഷ്യൽ ആൻഡ് ഇന്റെഗ്രൽ കാൽക്യുലസ്, ബൈനറി നമ്പർ സിസ്റ്റം, ഫിസിക്സ്, ടെക്നോളജി, റാഷണലിസം തുടങ്ങിയ കാക്കത്തൊള്ളായിരം വിഷയങ്ങളിൽ ഇടപെട്ടാലത്തെ പ്രശ്നമാണതു്. ഒരു പോളിമാത്ത് ചുമക്കേണ്ടിവരുന്ന ഹൃദയഭാരത്തിന്റെ ഒരംശം പോലും വേദനിക്കുന്ന ഒരു കള്ളപ്പണക്കോടീശ്വരനോ, തിരുനെല്ലായി നാരായണ അയ്യർ ശേഷനോ ചുമക്കേണ്ടി വരില്ല.
കിലോക്കണക്കു് വച്ചു് നോക്കിയാൽ അതിനോടു് അല്പമെങ്കിലും അടുത്തു് നിൽക്കുന്ന ഹൃദയഭാരം ചുമക്കേണ്ടിവരുന്നതു് സോഷ്യൽ മീഡിയകളിലെ പോളി മാത്തനുകൾക്കാണു്. പ്രിന്റ് മീഡിയ, ഓൺലൈൻ മീഡിയ, ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ, ലൈവ്സ്‌റ്റ്രീമുകൾ തുടങ്ങിയവ വഴി രാവിലെ തന്നെ അവരുടെ തലയിൽ കയറിക്കൂടുന്ന എണ്ണമറ്റ ബൈനറികളെ മുഴുവൻ “വ്യക്തിനിഷ്ഠമായി” വിലയിരുത്തി ലോകത്തെ അറിയിക്കാൻ ആ ദിവസവും രാത്രിയും ഇരുന്നു് ടൈപ്പ് ചെയ്താലും മതിയാവില്ല. വിഷയബാഹുല്യത്തിന്റെ കാര്യത്തിൽ ഓൺലൈൻ യൂണിവേഴ്സൽ ജീനിയസുകൾക്കു് മുന്നിൽ ലൈബ്നിത്സിന്റെ ജീനിയസൊന്നും ഒന്നുമല്ല. അങ്ങേർ അത്ര വലിയ ഒരു ജീനിയസായിരുന്നെങ്കിൽ, ഇക്കണ്ട വിഷയങ്ങളെ മുഴുവൻ ഓരോന്നായി പരിശോധിച്ചു് വട്ടു് പിടിക്കാതെ, ഇവയെല്ലാം അടങ്ങുന്ന ഖുർആനോ, തത്തുല്യമായ മറ്റേതെങ്കിലും ഒരു വേദഗ്രന്ഥമോ വായിച്ചു് പഠിക്കാനും, പഠിച്ചിട്ടു് വിമർശിക്കാനുമല്ലേ തീരുമാനിക്കുമായിരുന്നുള്ളു എന്നും വേണമെങ്കിൽ ചിന്തിക്കാവുന്നതാണു്.
ജാക്കീസ് അപ്പാർട്ട്, ലൈബ്നിത്സിനെപ്പറ്റി അല്പം കൂടി വിശദമായി എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇൻഡ്യൻ ജനത മൊത്തം കള്ളനോട്ടു് വെളുപ്പിക്കാനുള്ള തിരക്കിലാണു്. ചിലർ കുഴഞ്ഞുവീണു് മരിക്കുന്നുണ്ടെന്നു് പോലും കേൾക്കുന്നു. അതിനിടയിൽ ലൈബ്നിത്സിനെക്കൂടി തിരുകി അവരുടെ ഞരമ്പിനെ ഓവർസ്റ്റ്രെയിൻ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്നു് തോന്നിയതിനാൽ വേണ്ടെന്നു് വച്ചു. എങ്കിലും, ലൈബ്നിത്സിനെപ്പറ്റി അറിഞ്ഞിരിക്കുന്നതു് ദോഷം ചെയ്യില്ല എന്നതിനാൽ, ഇൻഗ്ലീഷ് വിക്കിയിലെ ബന്ധപ്പെട്ട ലിങ്ക് താഴെ കൊടുക്കുന്നു. അങ്ങേരെപ്പറ്റി ഒന്നും അറിയണ്ട എന്നുള്ളവർക്കു് ഒന്നുകിൽ അതു് വായിക്കാതിരിക്കാം, അല്ലെങ്കിൽ മലയാളം വിക്കി വായിക്കാം. രണ്ടും ഫലത്തിൽ ഒന്നുതന്നെ.
https://en.wikipedia.org/wiki/Gottfried_Wilhelm_Leibniz.
P.S. നോട്ടുകെട്ടുകൾ മാറാൻ ബാങ്കിൽ ചെല്ലേണ്ടിവരികയും ഏതെങ്കിലും ബ്യൂറോക്രാറ്റ് എന്റെ വിരലിൽ മഷി പുരട്ടാൻ ശ്രമിക്കുകയും ചെയ്താൽ ചത്താലും ഞാൻ സമ്മതിക്കില്ല. സമ്മതിക്കില്ലെന്നു് മാത്രമല്ല, അയാളെപ്പറ്റി ഞാൻ നാടുനീളെ അപവാദം പറഞ്ഞു് പരത്തുകയും ചെയ്യും. എന്നുമെന്നും എന്റെ വിരലിൽ മഷി പുരട്ടാൻ ബ്യൂറോക്രാറ്റുകൾക്കു് ഉളുപ്പില്ലെന്നു് കരുതി ദിവസേന വിരൽ നീട്ടിക്കൊടുക്കേണ്ടിവരുന്ന എനിക്കു് ഉളുപ്പില്ലാതിരിക്കാൻ പറ്റുമോ?
Nov 20, 2016, 1:16 PM
കറന്റ് കുത്തിയാൽ പ്ലഗ് വരും. സോറി, പ്ലഗ് കുത്തിയാൽ കറന്റ് വരും, ഈ കറന്റിന്റെ കാര്യമൊക്കെ അത്രേയുള്ളു. അല്ലാതെ ഒത്തിരി പഠിക്കാനും അറിയാനുമുള്ള കാര്യമൊന്നും അതിലില്ല. ചിലർ വർഷങ്ങൾ ചിലവാക്കി പഠിക്കുന്ന കാര്യങ്ങൾ കാകദൃഷ്ടിയുള്ളവർ നിമിഷങ്ങൾ കൊണ്ടു് മനസ്സിലാക്കും. ഒരു ജീവിതകാലം മുഴുവൻ ചിലവാക്കിയാലും മറ്റു് ചിലർക്കു് അതിനൊട്ടു് കഴിയുകയുമില്ല. ഒരു സന്യാസിക്കുപ്പായം തയ്പ്പിച്ചിട്ടാൽ തീരുമായിരുന്ന ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിലാണു് രാജകുമാരനായിരുന്ന ബുദ്ധൻ സ്വന്തം ഭാര്യയേയും മകനേയും ഉപേക്ഷിച്ചു് എത്രയോ നാൾ ഒരു മരച്ചുവട്ടിൽ ചെന്നിരുന്നു് തപസ്സു് ചെയ്തു് കഷ്ടപ്പെട്ടതു്. എന്നിട്ടു് നേടിയതോ? ങാ, പോട്ടെ, രണ്ടായിരത്തി അഞ്ഞൂറു് വർഷങ്ങൾക്കു് മുൻപത്തെ കഥയല്ലേ? വിട്ടുകളയാം. അന്നു് വൈരുദ്ധ്യാത്മകഭൗതികനൊന്നും അവതരിച്ചിരുന്നില്ലല്ലോ.
ഇൻഡോളജിയെ അരിച്ചു് പെറുക്കിയവൻ എന്ന പട്ടം കെട്ടാൻ ചിലർക്കു് സംസ്കൃതത്തിൽ ആറു് മാസത്തെ ഒരു ക്രാഷ് കോഴ്സ് ധാരാളം മതി. മൂന്നു് മാസം കൊണ്ടു് റോജർ പെൻറോസിന്റെ “The Road to Reality – A Complete Guide to the Laws of the Universe” എന്ന ഗ്രന്ഥം കാണാപ്പാഠം പഠിച്ച ഒരു സുഹൃത്തു് എനിക്കുണ്ടു്. അവൻ ഇപ്പോൾ പ്രപഞ്ചനിയമങ്ങളെപ്പറ്റി അബറിജനിസിനു് ക്ലാസ്സെടുക്കുകയാണെന്നു് കേട്ടു. അവന്റെ ഉദ്യമം ഒരു “റോറിങ് സക്സെസ്” ആണത്രെ! ഒരു പ്ലസ് ടൂവിനും രണ്ടു് ഹർത്താലിനും ശേഷമാണു് അവൻ റോജർ പെൻറോസിൽ കൈവച്ചതു് എന്നാലോചിക്കുമ്പോൾ അവന്റേതു് ഒരു ചെറിയ കുതിപ്പല്ല എന്നു് പറയാതെ വയ്യ. നീൽ ആംസ്റ്റ്രോങ് പറഞ്ഞപോലെ, “That’s one small step for a man, one giant leap for mankind.”
Nov 24, 2016, 10:29 AM
നിന്റെ സ്നേഹിതരെ എനിക്കു് കാണിച്ചു് തരൂ, നീ ആരാണെന്നു് ഞാൻ പറയാം എന്നായിരുന്നു പണ്ടു്. നിന്റെ മന്ത്രിമാരെ എനിക്കു് കാണിച്ചു് തരൂ, രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായി ഏതു് കമ്പോസ്റ്റ് കുഴിയിലാണു് നീ വസിക്കുന്നതെന്നു് ഞാൻ പറയാം എന്നൊരു പുതിയ ചൊല്ലിനു് ഇന്നു് അതിനേക്കാൾ കൂടുതൽ കൃത്യതയും പ്രസക്തിയുമുണ്ടു്.
Nov 27, 2016, 12:22 PM
“എന്തെങ്കിലും സംഭവിക്കാതെ പറ്റില്ലെന്നു് ജനം. ഒന്നും സംഭവിക്കാൻ പാടില്ലെന്നു് പാർട്ടി.” അനേകവർഷങ്ങൾ ക്യൂബയിൽ ജീവിച്ച ഒരു സാങ്കേതികവിദഗ്ദ്ധൻ ക്യൂബയെപ്പറ്റി ഇന്നലെ ജർമ്മൻ റ്റിവിയിൽ പറഞ്ഞു് കേട്ടതാണു്. ക്യൂബൻ തെരുവുകളും അവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതവും വിപ്ലവനേതാക്കളുടെ വർണ്ണാഭമായ അരങ്ങേറ്റങ്ങളും കണ്ടിട്ടുള്ളവർക്കു് അതു് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. എന്താണു് കാണുന്നതു് എന്നതു് ഏതു് പ്രെമിസിൽ നിന്നാണു് നോക്കുന്നതു് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അത്ര എളുപ്പം തിരുത്താവുന്ന ഒരു ചെറിയ പ്രശ്നമല്ല വിധിനിർണ്ണയത്തിൽ മനുഷ്യരുടെ കാഴ്ചപ്പാടുകൾക്കുള്ള പങ്കു്. ഒരു സ്വീഡൻകാരൻ കാണുന്ന ക്യൂബയും ഒരു സുഡാൻകാരൻ കാണുന്ന ക്യൂബയും ഒരുപോലെ ആയിരിക്കണം എന്നില്ല.
കാസ്‌റ്റ്രോയുടെ കാലം കഴിഞ്ഞാൽ “എന്തെങ്കിലും സംഭവിക്കാനുള്ള” സാദ്ധ്യത തെളിഞ്ഞു് വരുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും ട്രമ്പ് അമേരിക്കയുടെ അമരത്തെത്തി. അതോടെ ക്യൂബൻ ജനതയ്ക്കു് വീണ്ടും പണിയായി. ബൂർഷ്വാ കാപ്പിറ്റലിസ്റ്റ് രാഷ്ട്രത്തെ പിഴുതെറിഞ്ഞു് സോഷ്യലിസം സ്ഥാപിക്കപ്പെടണം എന്നു് പഠിപ്പിക്കുന്ന കാസ്‌റ്റ്രോയിസ്റ്റ് ഫാഷിസമാണോ, കാസ്‌റ്റ്രോയിസ്റ്റുകൾ, ലെനിനിസ്റ്റുകൾ, മറ്റിനം കമ്മ്യൂണിസ്റ്റുകൾ, ലാറ്റിനോസ്, കറുത്തവർ, തവിടുകൾ, മഞ്ഞകൾ, മുസ്ലീമുകൾ മുതലായവരെയെല്ലാം ഭൂമുഖത്തുനിന്നും – ചുരുങ്ങിയപക്ഷം അമേരിക്കയിൽ നിന്നെങ്കിലും – തൂത്തെറിഞ്ഞു് കാപ്പിറ്റലിസം സ്ഥാപിക്കപ്പെടണം എന്നു് ഉദ്ഘോഷിക്കുന്ന ട്രമ്പിസ്റ്റ് ഫാഷിസമാണോ കൂടുതൽ ഉപദ്രവകരം എന്നു് ആദ്യം തീരുമാനിക്കണം. എന്നിട്ടു് ഏതാണോ ചെറിയ തിന്മ, അതിനുവേണ്ടി എത്രനാൾ വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കണം. അതാണു് ക്യൂബൻ ജനതയ്ക്കു് ഇപ്പോൾ കിട്ടിയിരിക്കുന്ന പണി. എങ്കിലും നിരാശപ്പെടാൻ ഒന്നുമില്ല. കാരണം, പേരുകളേ മാറിയിട്ടുള്ളു, പണി പഴയതുതന്നെ.
വരുമെന്നു് ഒരു പ്രതീക്ഷയുണ്ടെങ്കിൽ ഒരു ബസിനുവേണ്ടി രണ്ടോ മൂന്നോ മണിക്കൂറുകൾ കാത്തുനിൽക്കാൻ പണ്ടൊക്കെ മലയാളികളും മടിക്കുമായിരുന്നില്ല. ഇപ്പോഴത്തെ കഥ എങ്ങനെയെന്നു് അറിയില്ല. കറൻസി നോട്ടിന്റെ പ്രശ്നം വന്നതോടെ കാത്തുനില്പിനോടുള്ള അവരുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ടെന്നു് കേൾക്കുന്നു. ക്യൂ എന്നാണു് ഇപ്പോൾ കാത്തുനില്പു് അറിയപ്പെടുന്നതത്രെ. (അത്രെ, എന്നതു്, പോലെ, മുതലായ വാക്കുകൾ ഇപ്പോൾ അത്ര ഫാഷനല്ല എന്നും കേൾക്കുന്നുണ്ടു്. വാക്കുകളെ മെതിക്കാതെ ആരും ഇന്നുവരെ പരീശനായിട്ടില്ല). വരേണ്ടതു് മോക്ഷമോ, മോക്ഷവുമായി വരുന്ന തമ്പ്രാക്കന്മാരിൽ ആരെങ്കിലുമോ ആണെങ്കിൽ ഒരു ജീവിതകാലം മുഴുവൻ കാത്തിരിക്കാനും മനുഷ്യർക്കു് മടുപ്പില്ല. എത്രയെത്ര തലമുറകൾ അങ്ങനെ കാത്തിരുന്നു് “പ്ലിങ്ങി” മണ്ണടിഞ്ഞാലും പിന്നെയും കാത്തിരിക്കാൻ പുതിയ തലമുറകളെ പഴയ തലമുറകൾ പഠിപ്പിക്കപ്പെടുകയും ചെയ്യും. “ഞാനോ കുഴിയിൽ വീണു, നീയും അങ്ങനെയങ്ങു് രക്ഷപെടണ്ട” എന്ന മധുരമുള്ള പ്രതികാരമാണോ ആ പഠിപ്പിക്കലിന്റെ പിന്നിലെ ചേതോവികാരം എന്നറിയില്ല. തമ്പ്രാൻ വലിയവനാണു് എന്നു് ബാല്യം മുതൽ ദിവസേന അഞ്ചുവട്ടം ഭജിക്കാൻ പഠിപ്പിക്കപ്പെട്ട ഒരു “മൂഢമതന്റെ” വായിൽ നിന്നും അബദ്ധത്തിൽ പോലും തമ്പ്രാൻ ചെറിയവനാണു് എന്നൊരു വാചകം പുറത്തു് വരില്ല. കോവാലൻ ഫാഷിസ്റ്റാണു് എന്നു് നിരന്തരം ഭജിക്കുന്നവന്റെ തലയിൽ നിന്നും അത്ര എളുപ്പം ഫാഷിസ്റ്റ് കോവാലൻ കുടിയൊഴിയുകയില്ല. അതാണു് കണ്ഡീഷനിങ്ങിന്റെ ഗുണം.
October 2016
Oct 2, 2016, 1:04 PM
ഇടയ്ക്കിടെ നയം വ്യക്തമാക്കിക്കൊണ്ടിരിക്കണം എന്നു് ശ്രീനിവാസൻ മാഷ്. സമൂഹത്തിലായാലും ഫെയ്സ്ബുക്കിലായാലും ഓറിയെന്റേഷൻ നഷ്ടപ്പെട്ടാൽ മനുഷ്യർ നിലാവത്തു് അഴിച്ചുവിട്ട കോഴികളെപ്പോലെ അലങ്കോലമായിപ്പോകും. അതുകൊണ്ടാണു് രാഷ്ട്രീയനേതാക്കളും മതമേധാവികളും സാംസ്കാരികപ്രമുഖരും സ്റ്റാറ്റസ് പ്രശസ്തരുമെല്ലാം കാലത്തും അകാലത്തും അവരുടെ നയങ്ങൾ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നതു്. ആടുകളുടെ പാലും മാംസവും കമ്പിളിയും ഇടയനു് എങ്ങനെയോ, അതുപോലെതന്നെ വിലപിടിപ്പുള്ളതാണു് വിവിധ വിഭാഗങ്ങളിലെ മുഖ്യരെ സംബന്ധിച്ചു് ആളുകളുടെ വോട്ടും നികുതിയും നേർച്ചയും ലൈക്കുകളും. “സെലിബ്രിറ്റി” കസേരയിൽ കയറിപ്പറ്റുന്നതിനേക്കാൾ വലിയ കഷ്ടപ്പാടാണു് അതിൽ പിടിച്ചിരിക്കുക എന്നതു്. ഫെയ്സ്ബുക്ക് പ്രശസ്തരുടെ കാര്യവും ഒട്ടും ഭിന്നമല്ല. അതു് വച്ചു് നോക്കുമ്പോൾ കുതിരപ്പുറത്തു് പിടിച്ചിരിക്കാനായി “റോഡിയോ റൈഡേഴ്സ്” പെടുന്ന പാടൊന്നും ഒരു പാടേയല്ല.
ഫെയ്സ്ബുക്കിൽ വെറുതെ ഒരു അക്കൗണ്ട് തുടങ്ങിയതുകൊണ്ടു് ആരും സെലിബ്രിറ്റി ആവുകയില്ല. അല്ലെങ്കിൽ പാരിസ് ഹിൽട്ടണെപ്പോലെ വല്ല തറവാട്ടു് സ്വത്തും കിട്ടിയതു് വഴിയോ, മറ്റേതെങ്കിലും വിധത്തിലോ ഫാഷണബിൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി മുൻകൂറായിത്തന്നെ സെലിബ്രിറ്റി ആക്കപ്പെട്ടവരായിരിക്കണം. എങ്കിൽ കാര്യമായി ഒന്നും ചെയ്യാതെതന്നെ ലൈക്കുകൾ കൊണ്ടുള്ള പൂമൂടൽ ആസ്വദിക്കാം. ഒരു പട്ടിക്കുഞ്ഞിനെ പിടിച്ചുകൊണ്ടൊരു ഫോട്ടോ, വയ്ക്കോൽ കൊണ്ടുള്ള ഒരു അരക്കുപ്പായത്തിൽ നിന്നോ ഇരുന്നോ കിടന്നോ മറ്റൊരു ഫോട്ടോ, ഹാ! എന്നോ ഹോ! എന്നോ ഒരു സ്റ്റാറ്റസ്, അതു് ധാരാളം മതി. മിനിമം ഒരു പതിനയ്യായിരം ലൈക്സ് ഉറപ്പു്. പുരുഷന്മാരെ സംബന്ധിച്ചു് ലൈക്ക് നേടൽ അത്രതന്നെ എളുപ്പമല്ല. പട്ടിക്കുഞ്ഞിനെ തോളിൽ ഏറ്റിയ ഫോട്ടോ ഇട്ടിട്ടൊന്നും വലിയ കാര്യമില്ല. “ക്രാ ത്ഫൂ” എന്നയിനം കമന്റുകൾ കിട്ടിക്കൂടെന്നുമില്ല. സിംഹത്തിന്റെ പുറത്തിരുന്നു് ചെണ്ട കൊട്ടിക്കൊണ്ടോ, കടുവയുടെ വായ്തുറന്നുപിടിച്ചു് പല്ലെണ്ണിക്കൊണ്ടോ വല്ല ഫോട്ടോയുമിട്ടാൽ ഒരു പത്തോ ആയിരമോ ലൈക്ക് കിട്ടിയാലായി. ഫെയ്സ് ബുക്കിൽ ചുറ്റിത്തിരിയുന്നവർ അധികവും പുരുഷന്മാരായതിന്റെ ഒരു സൈഡെഫക്റ്റാണതു്. മാഗ്നെറ്റിസത്തിലും സമാനധ്രുവങ്ങൾ വികർഷിക്കാറാണല്ലോ പതിവു്.
അതൊന്നും പറ്റാത്തവർക്കു് ലൈക്ക് നേടാൻ പറ്റിയ ഒരു കുറുക്കുവഴിയാണു് രാഷ്ട്രീയമോ മതപരമോ ആയ പക്ഷം ചേർന്നു് സ്റ്റാറ്റസുകളിടൽ. കമ്മി പക്ഷം ചേർന്നു് സംഘിയെ പത്തു് തെറി വിളിച്ചാൽ കമ്മികളുടെ കുറെ ലൈക്സും ഷെയറിങ്ങും ഉറപ്പു്. പക്ഷേ, സംഘികളുടെ മറുതെറികൾ കേൾക്കാൻ തയ്യാറായിരിക്കണം. സംഘിപക്ഷം ചേർന്നു് കമ്മികളെ തെറി വിളിച്ചാലും ഫലത്തിൽ വ്യത്യാസമൊന്നുമില്ല. ഇതു് അതിന്റെ മറുവശമായിരിക്കുമെന്നേയുള്ളു. കുഞ്ഞാടു് പക്ഷം ചേർന്നു് കോയപക്ഷത്തെ ആക്രമിക്കുന്നതാണു് (നേരെ മറിച്ചും) ഇതിന്റെ മതപരവേർഷൻ. ഭൗതികവും ആത്മീയവുമായ ഈ രണ്ടു് വേർഷനുകളിൽ ഏതു് സ്വീകരിച്ചാലും കമന്റ് ടൈപ്പ് ചെയ്തു് ഊപ്പാടു് ഇളകാമെന്നൊരു ഗുണമുണ്ടു്. സമയത്തെ കൊല്ലാൻ വഴിയില്ലാതെ കഷ്ടപ്പെടുന്നവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു ചികിത്സാരീതിയാണു് രാഷ്ട്രീയമോ മതപരമോ ആയ ഓൺലൈൻ “ചർച്ചകളിൽ” ഏർപ്പെടുക എന്നതു്. ഉത്തരാധുനികം എന്നു് തോന്നിയേക്കാമെങ്കിലും സംഭവം പണ്ടത്തെ ചായക്കട ചർച്ചകളുടെ ഡിജിറ്റൽ വേർഷൻ മാത്രമാണു്. “അടുക്കളയിൽ നിന്നു് അരംഗത്തേയ്ക്കു്” എന്നപോലെ, ചായക്കടയിൽ നിന്നും ഇന്റർനെറ്റിലേയ്ക്കുള്ള ഒരു മാറിയിരുപ്പു്, അത്രതന്നെ.
ഫെയ്സ്ബുക്കിൽ ഇപ്പോൾ വൈറസുകളുടെ ഘോഷയാത്രയാണെന്നു് കേട്ടു. ഞാൻ ഇതുവരെ കണ്ടില്ല. ഇതുവരെ കാണാത്തതുകൊണ്ടു് ഇനി കണ്ടുകൂടെന്നുമില്ല. രണ്ടായിരം വർഷങ്ങളായിട്ടും കാണാത്തതുകൊണ്ടു് യേശുവിനോ, ഇതുവരെയും കാണാത്തതുകൊണ്ടു് പ്രത്യയശാസ്ത്രപരമായ നല്ല നാളെകൾക്കോ വേണ്ടിയുള്ള കാത്തിരിപ്പു് കൂടുതൽ ഊർജ്ജിതമായി തുടരാനല്ലാതെ ഉപേക്ഷിക്കാൻ മനുഷ്യർ തീരുമാനിച്ചോ? വൈറസും അതുപോലെതന്നെ. ഇന്നല്ലെങ്കിൽ നാളെ വന്നെത്തും, തീർച്ച. ഇപ്പോൾ പരക്കുന്ന കമ്പ്യൂട്ടർ വൈറസു് ലൈംഗികതയുമായി ഏതോ വിധത്തിൽ ബന്ധപ്പെട്ടതാണെന്നും കേൾക്കുന്നു. അതിൽ അത്ഭുതമില്ല. എയ്ഡ്സ് വൈറസ്, സിഫിലിസ് വൈറസ് തുടങ്ങിയവയെല്ലാം ഒരർത്ഥത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട അസ്തിത്വങ്ങൾ തന്നെയല്ലേ? വിർച്വൽ ലൈഫിലും വൈറസുകൾക്കു് റിയൽ ലൈഫിലെപ്പോലെതന്നെ ചില പ്രെഫെറൻസുകൾ ഉണ്ടായിക്കൂടെന്നില്ല. മീനില്ലാത്തിടത്തു് ചൂണ്ടയിട്ടിട്ടു് എന്തു് കാര്യം? ഏതായാലും, ഈ വൈറസ് മൂലം നയം വ്യക്തമാക്കാനുള്ള ബാദ്ധ്യത ഒന്നുകൂടി കൂടി എന്നു് പറഞ്ഞാൽ മതി.
ആരെങ്കിലും എനിക്കു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കുന്നതു് ഞാൻ എഴുതുന്നതു് വായിക്കാനാണെന്നാണു് എന്റെ ധാരണ. അവരോടു് എനിക്കു് നന്ദിയും കടപ്പാടുമുണ്ടു്. എഴുത്തല്ലാതെ കാര്യമായി മറ്റൊന്നും ഞാൻ ഫെയ്സ്ബുക്കിൽ ചെയ്യാറില്ല. ചുരുക്കം ചില ഫ്രണ്ഡ് റിക്വസ്റ്റുകൾ ആഫ്രിക്കയിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നുമെല്ലാം എനിക്കു് വരാറുണ്ടു്. അവർ ഏതെങ്കിലും മല്ലു സ്വാമിമാരുടെ ധ്യാനസമ്മേളനങ്ങളിൽ പങ്കെടുക്കാനോ മറ്റോ മലയാളം പഠിച്ചിട്ടുള്ളവരാവണം. അല്ലെങ്കിൽ, അധികപങ്കും മലയാളത്തിൽ എഴുതുന്ന എനിക്കു് അവരെന്തിനു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കണം? അവർ അപവാദമെന്യേ സ്ത്രീകൾ ആയിരിക്കുന്നതു് എന്നെ അത്ഭുതപ്പെടുത്താറുണ്ടു്. ധ്യാനം, ഭക്തി തുടങ്ങിയ ആത്മീയകാര്യങ്ങളിൽ പൊതുവേ സ്ത്രീകളാണു് പുരുഷന്മാരെ അപേക്ഷിച്ചു് മുൻനിരയിൽ നിൽക്കുന്നതു് എന്നതാണു് അതിന്റെ കാരണമായി എനിക്കു് തോന്നുന്നതു്. ഞാനൊരു നാസ്തികനാണെങ്കിലും അതു് എന്നെ വായിക്കുന്നതിൽ നിന്നും ഭക്തരെ തടയണമെന്നില്ല. കഥാപരമായ ജിജ്ഞാസയുടെ കാര്യത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ മുൻപിലാണു്. നരകത്തിൽ എന്തൊക്കെയാണു് വിശേഷങ്ങൾ എന്നറിയാൻ അവർക്കു് ആഗ്രഹം തോന്നിയാൽ അതൊരു പാപമാണെന്നു് പറയാനാവില്ല.
പറഞ്ഞപോലെ, ഞാനൊരു നാസ്തികനായതിനാൽ, ആർക്കെങ്കിലും അങ്ങോട്ടു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടു്. ഒന്നാമതു്, മനുഷ്യരെ നിർബന്ധിച്ചു് നാസ്തികത വായിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടാമതു്, മനുഷ്യരെ പാപികളാക്കി നരകത്തിൽ എത്തിക്കുന്നവർക്കു് കമ്മീഷനൊന്നും കിട്ടുകയുമില്ല. മനുഷ്യർ അവരുടെ തീരുമാനങ്ങളും, അവയിലേക്കു് എത്തിച്ചേരാൻ വേണ്ട ഉറവകളും സ്വയം തേടി കണ്ടെത്തണമെന്ന പക്ഷക്കാരനാണു് ഞാൻ. ഡിങ്കകോപം മൂലം “മൗസ്” ചതിച്ചു് ചില ഫ്രണ്ഡ് റിക്വസ്റ്റുകൾ എന്റെ അറിവോ സമ്മതമോ ഇല്ലാതെ അയക്കപ്പെടാറുണ്ടു്. ആ വകകൾ എന്റെ ശ്രദ്ധയിൽ പെട്ടാൽ കയ്യോടെ ഞാൻ ഡിലീറ്റ് ചെയ്യാറുമുണ്ടു്. ചില സുഹൃത്തുക്കൾ പുതിയവരെ റെക്കമൻഡ് ചെയ്യുമ്പോഴും ഇതുതന്നെയാണെന്റെ നയം. അതേസമയം ഇങ്ങോട്ടു് അയക്കുന്ന ഫ്രണ്ഡ് റിക്വസ്റ്റുകൾ 98 ശതമാനവും വലിയ കാലതാമസമില്ലാതെ ഞാൻ സ്വീകരിക്കാറുമുണ്ടു്. ബാക്കി 2 ശതമാനം, അവരുടെ ID കാണുമ്പോൾത്തന്നെ, എന്നെ അവർ വായിച്ചിട്ടോ, ഞാൻ അവരെ വായിച്ചിട്ടോ യാതൊരു പ്രയോജനവുമില്ലെന്ന ബോദ്ധ്യം മൂലം, കെയ്സിന്റെ തീവ്രതയനുസരിച്ചു് ഒഴിവാക്കുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്യപ്പെടുന്നവയാണു്. ബ്ലോക്കിനെപ്പറ്റി പറയുമ്പോൾ ഇതുകൂടി പറയാതെ വയ്യ: “എന്നെ അവൻ/അവൾ ബ്ലോക്കിയേ” എന്നു് “മാർക്കറ്റ്പ്ലെയ്സിൽ” നിന്നു് വിലപിക്കുന്നവർ ബ്ലോക്ക് ചെയ്യപ്പെടാൻ തികഞ്ഞ അർഹതയുള്ളവരാണെന്നാണു് എന്റെ അഭിപ്രായം. തന്റെ എന്തു് തോന്ന്യവാസവും മറ്റുള്ളവർ നിരുപാധികം അംഗീകരിച്ചുകൊള്ളണം എന്നതൊരു മാക്സിം ആയാലെന്നപോലെ പെരുമാറുന്ന “സഹിഷ്ണുക്കളെ” അല്ലാതെന്തു് ചെയ്യണം എന്നെനിക്കറിയില്ല. അസഹിഷ്ണുത അസഹിഷ്ണുതേനയും, ഉഷ്ണം ഉഷ്ണേനയും മാത്രമല്ലാതെ ഇതുവരെ ശാന്തിയെ കണ്ടിട്ടില്ല. പാമ്പുകളെ മടിയിൽ വച്ചുകൊണ്ടിരുന്നാൽ യൂറോപ്പായാലും അതിനു് വലിയ വില കൊടുക്കേണ്ടിവരും. അതു് വച്ചു് നോക്കുമ്പോൾ പുകവലിയ്ക്കു് കൊടുക്കേണ്ടി വരുന്ന വിലയൊന്നും ഒരു വിലയേയല്ല. (വല്ലപ്പോഴും മല്ലുസിൽമ കാണേണ്ടി വരികയും, ഈ പുകവലിവിരുദ്ധപ്പരസ്യം കേൾക്കേണ്ടി വരികയും ചെയ്യുമ്പോഴെല്ലാം എനിക്കു് ഹൃദയഭേദകമായി കരയേണ്ടി വരാറുണ്ടു്).
ചാറ്റ് ചെയ്യൽ സംബന്ധിച്ച എന്റെ നയം: ചാറ്റ് ചെയ്യലിന്റെ ഒരു സുഹൃത്തല്ല ഞാൻ. പരിചയമില്ലാത്തവരുമായി പ്രത്യേകിച്ചും. ഒന്നാമതു്, “ആൻ-മറീ-സ്വെറ്റ്‌ലാന” എന്ന ID-യിൽ എന്നോടു് ചാറ്റ് ചെയ്യുന്നതു് ഒരു കരടിയെപ്പോലെ ദേഹമാസകലം രോമാവൃതനായ ഒരു “മാക്സിമില്യൻ അലെക്സാണ്ഡർ” അല്ലെന്നുള്ള (നേരെ മറിച്ചും) ഒരുറപ്പും എനിക്കില്ല. എന്തിനു് വെറുതെ വല്ല ദിവ്യാനുരാഗശകലങ്ങളും ആൻ-മറീ-സ്വെറ്റ്‌ലാനയ്ക്കു് അയച്ചുകൊടുത്തു് മാക്സിമില്യൻ അലെക്സാണ്ഡറെക്കൊണ്ടു് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം? രണ്ടാമതു്, വൈറസുകളെ വളർത്തി വലുതാക്കാൻ ശ്രമിക്കുന്ന മനുഷ്യരും അതിനു് പറ്റിയ ഒരു മാർഗ്ഗമായി ചാറ്റിങ്ങിനെ കണ്ടെത്തി തുടങ്ങിയിട്ടുണ്ടു്. സൂക്ഷിച്ചാൽ പിന്നീടു് ശോകഗാനം പാടാതെ കഴിക്കാം.
നമ്മൾ അങ്ങോട്ടു് ചെന്നു് ഏറ്റെടുത്ത ഒരു സൗഹൃദം നമ്മുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്നില്ലെന്നു് തോന്നിയാൽ അൺഫ്രണ്ഡ് ചെയ്തു് പോകുന്നതാണു് ഭംഗിയെന്നു് പ്രത്യേകം പറയേണ്ടി വരുന്നതുതന്നെ മഹാകഷ്ടമാണു്. തന്റെ സൗഹൃദം ഏറ്റെടുത്തതു് തന്നെ ചൊറിയാൻ വേണ്ടിയായിരുന്നു എന്നു് ഒരുവനു് തോന്നിയാൽ അവൻ ആ സൗഹൃദത്തെ എടുത്തു് ദൂരെക്കളയുന്നതും അങ്ങേയറ്റം ലെജിറ്റിമെറ്റ് ആയ കാര്യമാണു്. അതൊക്കെ ഒരു പ്രശ്നമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ യഥാർത്ഥ പ്രശ്നത്തിന്റെ വേരുകൾ തേടേണ്ടതു് മറ്റാരിലുമല്ല, അവനവനിൽ തന്നെയാണു്. സോഷ്യൽ മീഡിയകൾ ഒരുക്കിത്തരുന്ന സൗകര്യങ്ങൾ അവയുടെ നിയമാവലികൾ അനുസരിച്ചു് ഉപയോഗിച്ചു് പറയാനുള്ള കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ടു്. അവ വ്യക്തിപരമായ അവഹേളനങ്ങൾ അല്ലാത്തിടത്തോളം ആർക്കെങ്കിലും കണക്കു് ബോധിപ്പിക്കേണ്ട ബാദ്ധ്യത ഒരു യൂസർക്കുമില്ല – തന്നെപ്പറ്റിത്തന്നെ ഊതിവീർപ്പിച്ച മതിപ്പുള്ള യൂസേഴ്സിനു് അങ്ങനെ തോന്നണമെന്നില്ലെങ്കിലും. ഉന്നതരാണെന്ന ബോദ്ധ്യം മൂലം ഫീസടയ്ക്കാതെ ഒളിഞ്ഞിരുന്നു് “റേഡിയോ” കേൾക്കാൻ ഇഷ്ടപ്പെടുന്ന മഹത്തുക്കളാണവർ. കാര്യമാക്കാനില്ല.
Oct 6, 2016, 2:11 PM
ഇന്നു് ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ട ഒരു സ്റ്റാറ്റസിൽ നിന്നും:
“എന്തേ ഇവരൊക്കെ ഇങ്ങിനെ ആയിപ്പോയതു്? ഇത്ര വലിയ ഈ നേതാക്കൾക്കു് എങ്ങിനെയാണു് ഇത്രയും വൃത്തികെട്ട അല്പത്തരങ്ങൾ ചെയ്യാൻ കഴിയുന്നതു്? ഇത്രയും വർഷങ്ങളായി ഈ പാർട്ടിയുടെ നേതാക്കളായി പ്രവർത്തിച്ചിട്ടും, കമ്മ്യൂണിസ്റ്റ് ജീവിതമൂല്യങ്ങളുടെ പ്രാഥമികപാഠങ്ങളെങ്കിലും ഇവർ പഠിക്കാതെ പോയതെന്തുകൊണ്ടാണു്?”
പ്രശ്നം നേതാക്കളുടേതല്ല. ഇതുപോലെ ജല്പിക്കുന്ന അനുയായികളുടേതാണു്. അനുയായികളെ നേതാക്കൾക്കറിയാം. നേതാക്കളെ അനുയായികൾക്കറിയില്ല. വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണു് നേതാക്കളെയെന്നല്ല, ആരെയും മനസ്സിലാക്കേണ്ടതെന്ന അനുയായികളുടെ അറിവില്ലായ്മയുടെ മുതലെടുപ്പാണു് കേരള/ഭാരതരാഷ്ട്രീയത്തിൽ നടക്കുന്നതു്. “എന്റെ കഴുത പാവം” എന്ന, വലിയ ചിലവില്ലാത്ത തഴുകലുകൾ ഇടയ്ക്കിടെ നൽകിക്കൊണ്ടിരുന്നാൽ കൂടുതൽ വിഴുപ്പുകെട്ടുകൾ സന്തോഷപൂർവ്വം മുതുകിലേക്കു് ഏറ്റെടുക്കാനുള്ള കഴുതകളുടെ സന്നദ്ധതയാണു് പ്രശ്നം. കഴുതകൾക്കു് അതിനേ കഴിയൂ. അതുപോലെ, അല്പൻ നേതാവായാൽ അല്പത്തരം ചെയ്യാനേ കഴിയൂ. നേതാക്കൾ എത്ര വലിയ അല്പത്തരം ചെയ്യുമ്പോഴും, “ഇത്ര വലിയ നേതാക്കൾ” എന്നു് അവരെ വിശേഷിപ്പിക്കാൻ കഴിയുന്നതിൽ നിന്നുതന്നെ അനുയായികളുടെ കഴുതസ്വഭാവം മനസ്സിലാക്കാവുന്നതേയുള്ളു. അതു് മനസ്സിലാക്കേണ്ടതും അതിനനുസരിച്ചു് തിരുത്തലുകൾ വരുത്താൻ തയ്യാറാവേണ്ടതും കഴുതകളായ അതേ അനുയായികൾ തന്നെയാണെന്നതാണു് പ്രശ്നം.
തന്നെപ്പറ്റി ചിന്തിക്കാനുള്ള ശേഷി മനുഷ്യർക്കുണ്ടു്. വേണമെങ്കിൽ അവർക്കതു് ഉപയോഗപ്പെടുത്തുകയും ചെയ്യാം. കഴുതകൾക്കു് ആ ശേഷിയില്ല. ഇല്ലാത്ത ശേഷി ഉപയോഗിക്കാനോ, അങ്ങനെ തോന്നാൻ പോലുമോ അവയ്ക്കു് കഴിയുകയുമില്ല. എത്ര തഴുകിയാലും തല്ലിയാലും അക്കാര്യത്തിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല. അതുകൊണ്ടുതന്നെയാണു് “ഇത്രയും വർഷങ്ങളായിട്ടും പാർട്ടിയുടെ നേതാക്കളായി പ്രവർത്തിക്കാൻ” അല്പന്മാരായ നേതാക്കൾക്കു് കഴിയുന്നതും. “കമ്മ്യൂണിസ്റ്റ് ജീവിതമൂല്യങ്ങളുടെ പ്രാഥമികപാഠങ്ങൾ” എന്നും മറ്റും ഉദ്ഘോഷിക്കാൻ ഒരുവിധ ചിന്താശേഷിയുടെയും ആവശ്യമില്ല. പ്രത്യയശാസ്ത്രമാഷന്മാർ പാടിപ്പഠിപ്പിച്ച കമ്മ്യൂണിസത്തിന്റെ മണിപ്രവാളശീലുകൾ തത്തയെപ്പോലെ ഏറ്റുപാടാൻ കഴിഞ്ഞാൽ ധാരാളം.
കാൽ നൂറ്റാണ്ടുകൊണ്ടു് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പുരോഗതി കൈവരിച്ചു് രൂപാന്തരം സംഭവിച്ച കിഴക്കൻ ജർമ്മനിയിൽ പോലും ഇന്നും കാണാൻ കഴിയുന്നപോലെ, നിത്യ ഇന്നലെകളുടെ കോൺക്രീറ്റ് തലകളിൽ ഒരിക്കൽ കയറിക്കൂടിയ ഭൂതത്തെ ഇറക്കിവിടുക അത്ര എളുപ്പമല്ല. യൂറോപ്പിനെ ബാധിപ്പിക്കാൻ കഴിഞ്ഞതിൽ മാനിഫെസ്റ്റോയിലൂടെ കാൾ മാർക്സ് അങ്ങേയറ്റം അഭിമാനിച്ച ആ പഴയ കമ്മ്യൂണിസ്റ്റ് ഭൂതം തന്നെ! സ്വതന്ത്രവ്യക്തികളായ മനുഷ്യർ ജീവിക്കുന്ന തുറന്നതും ആധുനികവുമായ ഒരു സമൂഹത്തിൽ, കമ്മ്യൂണിസം എന്ന ആശയത്തിനു് താത്വികമായോ പ്രായോഗികമായോ അധികനാൾ നിലനിൽക്കാനാവില്ല എന്നതിനു് ലോകചരിത്രം തെളിവു്.
എങ്ങനെയോ അധികാരത്തിലെത്തിയ “എലീറ്റുകൾ” അവരുടെ സ്വന്തം നിയമം അനുസരിച്ചു് കാര്യങ്ങൾ നടപ്പാക്കുകയും സമൂഹത്തിലെ റിസോഴ്സുകൾ തമ്മിൽത്തമ്മിൽ വീതിച്ചെടുക്കുകയും ചെയ്യുന്നിടത്തു് ഓപ്പൺ സൊസൈറ്റി എന്ന വ്യവസ്ഥ അസാദ്ധ്യമായിരിക്കും. അവിടെ ജനാധിപത്യം പോലും സാദ്ധ്യമാവില്ല. വോട്ടു് ചെയ്യലും മന്ത്രിസഭ രൂപീകരിക്കലും മാത്രമല്ല ജനാധിപത്യം. പഴയ കിഴക്കൻ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്ന SED-യുടെ പിൻഗാമിപ്പാർട്ടിയായ PDS-ന്റെ ചെയർമാൻ ആയിരുന്ന ലോത്താർ ബിസ്കിയുടെ മകനും പെയ്‌ന്ററുമായ നോർബെർട് ബിസ്കി കഴിഞ്ഞദിവസം ഒരു ഇന്റർവ്യൂവിൽ പറഞ്ഞു് കേട്ടു: “കമ്മ്യൂണിസ്റ്റ് ജർമ്മനിയിൽ മനുഷ്യർക്കു് തലയ്ക്കു് മീതെ ഒരു കൂരയും കഴിക്കാൻ ആഹാരവും ഉണ്ടായിരുന്നു. പക്ഷേ, അതു് മാത്രമല്ല ജീവിതം”.
ഒരുനേരം പോലും തൃപ്തിയായി ആഹാരം കഴിക്കാൻ വകയില്ലാത്തവരോടു് നല്ല നാളെകൾ ഘോഷിച്ചു് അവരെ വലയിൽ വീഴിക്കാൻ എളുപ്പമാണു്. അക്ഷരാഭ്യാസം പോലുമില്ലാത്ത അജ്ഞർക്കു് എന്തു് മാർക്സ്, എന്തു് എൻഗൽസ്, എന്തു് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം? ലോജിഷൻ, റാഷണലിസ്റ്റ് എന്നെല്ലാമുള്ള നെറ്റിപ്പട്ടങ്ങളുമായി പാമ്പു് പിടുത്തക്കാരന്റെ പുറകെ സെൻസേഷണൽ ന്യൂസുകൾക്കായി ഓടുന്നവരുടെ നാട്ടിൽ ശാസ്ത്രമോ മതേതരത്വമോ വളരില്ല, “ചാത്രവും മതേതറത്വവും” മാത്രമേ വളരൂ.
Oct 7, 2016, 11:42 AM
ഒരു വെജിറ്റേറിയൻ മരിച്ചു് കഴിഞ്ഞാൽ ദഹിപ്പിക്കുകയും നോൺ-വെജിറ്റേറിയൻ മരിച്ചു് കഴിഞ്ഞാൽ കുഴിച്ചിടുകയും വേണമെന്നാണു് എന്റെ അഭിപ്രായം. ജീവനോടെ ദഹിപ്പിക്കലും കുഴിച്ചുമൂടലും ഇന്നും അത്ര അപൂർവ്വമല്ലാത്തതിനാലാണു് “മരിച്ചു് കഴിഞ്ഞാൽ” എന്നു് പ്രത്യേകം പറഞ്ഞതു്. മരണത്തിനു് മുൻപോ പിൻപോ സംസ്കാരം എന്ന സംശയം കേൾക്കുന്നവരിൽ ഉണ്ടാവരുതല്ലോ. ജീവിതകാലം മുഴുവൻ മാംസം കഴിക്കാതെ ജീവിച്ച ഒരുവന്റെ മാംസം മാംസാഹാരികളായ പുഴുക്കളും കൃമികളും കഴിക്കുന്നതു് അനീതിയാണു്. വെജിറ്റേറിയനായ ഒരുവനെ മാംസാഹാരിയായ ഒരു കടുവ പിടിച്ചു് തിന്നുന്നതിനോടും എനിക്കു് യോജിപ്പില്ല. അതേസമയം, മാംസമോ, കിഴങ്ങുകളോ, പച്ചക്കറികളോ എന്ന വ്യത്യാസമൊന്നുമില്ലാതെ കിട്ടുന്നതെല്ലാം തിന്നു് ജീവിച്ച ഒരുവന്റെ മാംസം മിശ്രഭുക്കുകളായ പുഴുക്കളും കൃമികളും കഴിക്കുന്നതു് അനീതിയല്ലെന്നു് മാത്രമല്ല. അതൊരു കാവ്യനീതി പോലുമാണു്. ജീവിച്ചിരുന്നപ്പോൾ അന്യജീവികളുടെ മാംസം തിന്നു, മരിച്ചശേഷം കുഴിയിൽ കിടന്നു് മേലോട്ടു് നോക്കി പുല്ലുകളുടെ വേരുകൾ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ സ്വന്തമാംസം അന്യജീവികളെ തീറ്റിക്കുന്നു! അതുപോലൊരുവനെ കടുവ പിടിച്ചു് തിന്നുന്നതിനോടു് പോലും എനിക്കു് വിയോജിപ്പില്ല.
(ശൈലീപരമായ കാരണത്താലാണു്, അല്ലാതെ ഇതു് പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു കാര്യമായതുകൊണ്ടല്ല “ഒരുവന്റെ” എന്നു് പറഞ്ഞതു്. വ്യാകരണപരമായ ഈ ലിംഗം സാമൂഹികമോ ജന്തുശാസ്ത്രപരമോ ആയ ലിംഗത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നു് സാരം).
വെജിറ്റേറിയനിസത്തിനു് മേൽക്കോയ്മയുള്ള ഹിന്ദുമതത്തിൽ മൃതശരീരങ്ങളെ കുഴിച്ചിടുന്നതിനു് പകരം ദഹിപ്പിക്കുന്ന രീതി നിലവിൽ വന്നതു് ഈ “പോവെറ്റിക് ജസ്റ്റീസ്” നിലനിർത്താനാണോ എന്നുപോലും എനിക്കു് സംശയമുണ്ടു്. പക്ഷേ, ഇതിൽ ഏതു് മാർഗ്ഗം സ്വീകരിച്ചാലും, ആത്മാവു് ഡിവോഴ്സ് ചെയ്തു് പോയശേഷം ബാക്കിയാവുന്ന ഭൗതികശരീരത്തിലെ മൂലകങ്ങൾ കാറ്റിലൂടെയും മഴയിലൂടെയും വളഞ്ഞുതിരിഞ്ഞു് എന്നെങ്കിലും ചെടികളിലും മൃഗങ്ങളിലും, അതുവഴി വെജിറ്റേറിയനും നോൺ-വെജിറ്റേറിയനുമായ മനുഷ്യരിലും എത്തിക്കൂടെന്നുമില്ല. പുലിവാലു് പിടിക്കാൻ പുലിയുടെ വാലിൽത്തന്നെ പിടിക്കണമെന്നില്ലെന്നു് ചുരുക്കം. മനുഷ്യമാംസം ഏതു് പുഴുവിനും ഭക്ഷിക്കാം, പക്ഷേ, മനുഷ്യനു് ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ ഒരു പുഴുവിനെപ്പോലും ഭക്ഷിക്കാൻ അനുവാദമില്ല എന്നു് വരുന്നതിലും “ആദ്ധ്യാത്മികമായ” ഒരു പന്തികേടുണ്ടു്.
ദോഷം പറയരുതല്ലോ, മുഹമ്മദ് നബി ഈവിധ പ്രശ്നങ്ങൾക്കു് യുക്തിപൂർവ്വമായ ഒരു പരിഹാരം കണ്ടെത്തി മനുഷ്യർക്കു് കാണിച്ചുതന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വ്യഭിചാരവും മദ്യപാനവുമെല്ലാം ഭൂമിയിൽ വച്ചു് ചെയ്താൽ മാത്രമേ മഹാപാപങ്ങളാവൂ. ചത്തു് സ്വർഗ്ഗത്തിലെത്തിയാൽ ഈവക കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്തില്ലെങ്കിലാണു് മഹാപാപം. നസ്രാണികളുടെ സ്വർഗ്ഗവും മോശമല്ല. ഭൂമിയിൽ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നസ്രാണികൾക്കായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നതു് സെമനെറികളിലേതു് പോലെ അലങ്കരിച്ച തീന്മേശകളാണു്. ഇസ്ലാമിന്റെ സ്വർഗ്ഗത്തിലേതുപോലെ നസ്രാണിസ്വർഗ്ഗത്തിൽ ഹൂറികൾ ഉണ്ടാവാൻ സാദ്ധ്യതയില്ല. ഉണ്ടായിരുന്നെങ്കിൽ മറിയയ്ക്കു് വേണ്ടി നീക്കിവയ്ക്കാൻ ദൈവത്തിനു് സമയം കിട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. “വചനം ദൈവത്തോടു് കൂടെയും, വചനം ദൈവവും” ആണെന്ന സത്യം നമ്മൾ മറക്കരുതു്. ഹൂറികൾ ഇല്ലെങ്കിലും “ഓമനക്കൈകളിൽ ഒലിവിലക്കൊമ്പും പിടിച്ചു് ഓശാനാഗീതങ്ങൾ പാടുന്ന” ഭക്തസുന്ദരികൾ ഉണ്ടാവാതിരിക്കില്ല. ജീവിതകാലത്തു് അവർ പ്രാർത്ഥിച്ച പ്രാർത്ഥനകളും നോക്കിയ നോമ്പുകളും അനുഷ്ഠിച്ച ധ്യാനങ്ങളും അപ്പാടെ പാഴായിപ്പോയി എന്നു് കരുതാനാവുമോ?
ഭാരതത്തിലെ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ പ്രശ്നത്തിലും അതുപോലുള്ള എന്തെങ്കിലും ഒരു പരിഹാരം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നു് തോന്നുന്നു. “ഇവിടെ ചീഞ്ഞതു് അവിടെ ശുദ്ധം” എന്നോ മറ്റോ ഒരു ആധികാരിക പരിഹാരം.
Oct 14, 2016, 11:44 AM
“അതൊരു നല്ല തിരഞ്ഞെടുപ്പല്ല, സെൻസേഷണലായൊരു തിരഞ്ഞെടുപ്പാണു്. സമകാലികരായ മറ്റേതൊരു എഴുത്തുകാരനേക്കാളും കൂടുതലായി മനുഷ്യരെ സ്വാധീനിക്കാൻ കഴിഞ്ഞതു് ഒരുപക്ഷേ ബോബ് ഡിലനായിരിക്കും – അതും സാഹിത്യപരമായിത്തന്നെ. ഞാൻ എന്തായിത്തീർന്നോ, അതായിത്തീരാൻ ഡിലൻ ഇല്ലായിരുന്നെങ്കിൽ എനിക്കു് കഴിയുമായിരുന്നില്ല. അക്കാര്യത്തിൽ ഞാൻ ഒരുപാടൊരുപാടു് പേരിൽ ഒരുവൻ മാത്രമാണു്.” – വിം വെൻഡേർസ്.
“ഞാനൊരു ഔട്ട്സൈഡറായിരുന്നു. ഒരു ഔട്ട്സൈഡറായി ഞാനീ പട്ടണത്തിൽ വന്നു. എപ്പോഴോ ഞാൻ മുൻപൊരിക്കലും അല്ലാതിരുന്ന വിധം കൂടുതൽ ഔട്ട്സൈഡറായി. എന്നെ ഒരു നിശ്ചിത ഐഡിയോളജിയുടെ ഇൻസൈഡറാക്കാൻ അവർ ആഗ്രഹിച്ചു.” – ബോബ് ഡിലൻ
ഒരു തലമുറയുടെയോ ഒരു പ്രൊട്ടെസ്റ്റ് മൂവ്മെന്റിന്റെയോ ശബ്ദം ആവാൻ ആഗ്രഹിക്കാതിരുന്ന “നിത്യനിഷേധി” ബോബ് ഡിലനു് ഒരു ലിറ്ററേച്ചർ നൊബേൽ പ്രൈസിന്റെ ആവശ്യം ഉണ്ടായിരുന്നെന്നു് തോന്നുന്നില്ല. ട്രമ്പിന്റെയും ഹിലറിയുടെയും അമേരിക്കയ്ക്കു് അതിന്റെ ആവശ്യമുണ്ടെന്നു് ഒരുപക്ഷേ നൊബേൽ കമ്മിറ്റിയ്ക്കു് തോന്നിക്കാണണം.
Bob Dylan – Masters of War:
Oct 18, 2016, 11:11 AM
ഇ. പി. ജയരാജൻ പാർട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞതായി ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ടതാണു്: “സുധീർ നമ്പ്യാരെ നിയമിച്ചതു് വിജിലൻസ് ക്ലിയറൻസില്ലാതെയാണു്. വലിയ “വീഴ്ചക്കുറവും” ശ്രദ്ധക്കുറവുമാണിതു്”.
വിജിലൻസ് ക്ലിയറൻസ് വേണമെന്നു് ആദ്യമേതന്നെ തോന്നാതിരുന്നതു് തലയിൽ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടായിക്കൂടെന്നില്ല. അതിനാണെങ്കിൽ തലയിൽ “സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും” ഉണ്ടായാലേ പറ്റൂ താനും. ഈ വിഷയത്തിൽ മമ്മൂട്ടിയുമായി ഒരു കൺസൽട്ടേഷൻ നടത്തുന്നതു് ഭാവിയിലെങ്കിലും ഇതുപോലെ തീട്ടത്തിൽ പോയി ചറപറാ ചവിട്ടാതിരിക്കാൻ സഹായിച്ചേക്കും.
ഇ. പി. ജയരാജൻ നിയമസഭയിൽ ഇങ്ങനെയും പറഞ്ഞത്രെ! “നിയമനം പൊതുമേഖലാ ചട്ടവും നിയമവും പാലിച്ചാണു്. വിജിലൻസ് പരിശോധനയ്ക്കും വിധേയം”.
ഒന്നായതിനെ രണ്ടായിക്കണ്ടു് “ഇണ്ടുന്നതു്” കേരളക്കരയിൽ ഒരു പുതിയ കാര്യമൊന്നുമല്ല. പക്ഷേ, ഇതുവരെ ദൈവമായിരുന്നു ഓരോ നിമിഷവും മനുഷ്യരുടെ ഇണ്ടലിന്റെയും കുളിയുടെയും വളിയുടെയുമെല്ലാം സ്ക്രീൻ ഷോട്ട് എടുത്തു് വിധിദിനത്തിലെ തെളിവിനായി സൂക്ഷിച്ചു് വച്ചിരുന്നതെങ്കിൽ, ഫെയ്സ്ബുക്കും മറ്റും വന്നതിനു് ശേഷം ദൈവത്തിനു് പുറമേ സോഷ്യൽ “മീഡിയാക്സും” സോഷ്യൽ മാനിയാക്സിന്റെ ഓരോ അനക്കവും വാക്കും പ്രവൃത്തിയും സ്ക്രീൻ ഷോട്ട് എടുത്തു് സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങിയിട്ടുണ്ടു്. അതിനാൽ, പൊതുവിനെക്കൊണ്ടു് ജീവിക്കുന്നവർ ഇനിയുള്ള കാലം പൊതുവിനു് വേണ്ടി ജീവിച്ചില്ലെങ്കിൽ അവരുടെ ജീവിതം വല്ലാത്ത തലവേദനയായി മാറിക്കൂടെന്നില്ല.
ഒന്നാലോചിച്ചാൽ, കേരളരാഷ്ട്രീയം വച്ചുനീട്ടുന്ന “ജ്ഞാനപ്പഴങ്ങൾ” കണ്ണുമടച്ചു് വാങ്ങിത്തിന്നാതിരിക്കുന്നതാണു് ബുദ്ധി. ബൈബിളിൽ പോലും മനുഷ്യർക്കു് അതിനു് ദൃഷ്ടാന്തമുണ്ടു്. തന്റെ കുനുഷ്ഠിന്റെ കുരുപ്പായി ആദമിനെയും, അവന്റെ വാരിയെല്ലുകൊണ്ടു് ഹവ്വയെയും സൃഷ്ടിച്ചു് ഏദൻ തോട്ടത്തിൽ ആക്കിയപ്പോൾ ദൈവമായ യഹോവ അവരോടു് പറഞ്ഞു: “നിങ്ങൾക്കു് ഈ തോട്ടത്തിലുള്ള എന്തു് വേണമെങ്കിലും തിന്നാം. പക്ഷേ “നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം” എന്ന തലേക്കെട്ടുമായി തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന മരത്തിന്റെ ഫലം മാത്രം പറിച്ചു് തിന്നേക്കരുതു്”.
ഏകദേശം അതുപോലെ തന്നെയാണു് ഫെയ്സ്ബുക്കിലെ ഇടപെടലുകളുടെ കാര്യവും. തത്വത്തിൽ ആർക്കും എന്തിനെപ്പറ്റി വേണമെങ്കിലും പറയാം. പക്ഷേ, മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളെപ്പറ്റി മാത്രം ഒന്നും പറഞ്ഞേക്കരുതു്. അവയുടെ ഡോക്ട്രിനുകളിലെ വിഡ്ഢിത്തങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള കാര്യങ്ങളെപ്പറ്റി പ്രത്യേകിച്ചും! പ്രശ്നം സത്യത്തിൽ ഫെയ്സ്ബുക്കിന്റേതല്ല, അതിൽ നുഴഞ്ഞു് കയറിയിരിക്കുന്ന ഉത്തമബോദ്ധ്യക്കാരുടേതാണു്. തന്റെ ബോദ്ധ്യങ്ങൾ മാത്രമാണു് ഉത്തമം എന്നു് ബോദ്ധ്യമുള്ളവർ! ഫെയ്സ്ബുക്ക് ഒരു ആധുനിക മാദ്ധ്യമം ആണെങ്കിലും, അതിൽ ഇത്തരം ഒരുപാടു് മോറൽ പെഡഗോഗ്സ് കയറിപ്പറ്റിയിട്ടുണ്ടു്. നൂറ്റാണ്ടുകൾ പഴകിയ സദാചാരവിഴുപ്പുകെട്ടുകൾ കൊണ്ടു് ചിറ കെട്ടിയാൽ ലോകഗതിയെ തടഞ്ഞു് നിർത്താനാവുമെന്നു് വ്യാമോഹിക്കുന്ന ഇൻഡോക്ട്രിനേറ്റഡ് പോലീസ്! പക്ഷേ, അവരെ തിരിച്ചറിയാൻ കഴിയണമെങ്കിൽ ആദ്യം “നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം” തിന്നു് കണ്ണുകൾ തുറന്നിട്ടുണ്ടാവണം. ജീവവൃക്ഷത്തിന്റെ ഫലവും അവർക്കു് മാത്രമുള്ളതാണു്.
Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life. – Lord Byron
Oct 18, 2016, 4:07 PM
ലോകരാജ്യങ്ങളിലെ ഭാഗ്യത്തിന്റെ റാങ്ക് ലിസ്റ്റ്
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഒന്നാം റാങ്ക് ഡെന്മാർക്കിനും രണ്ടാം റാങ്ക് സ്വിറ്റ്സർലന്റിനുമാണു്. ബുറുണ്ഡിയുടേതു് 157, സിറിയയുടേതു് 156. ഇൻഡ്യയുടെ സ്ഥാനം 118. അതു് സഹിക്കാമായിരുന്നു. പക്ഷേ, പകിസ്ഥാൻ 92, സൊമാലിയ 76 – ഇതൊക്കെ എങ്ങനെ സഹിക്കും? ജനെറ്റിക്കലി മോഡിഫൈഡ് കോട്ടൺ സപ്ലൈ വഴി മൊൺസാന്റൊ കമ്പനി കുളിപ്പിച്ചു് കിടത്തിയ ബുർക്കിന ഫാസൊയുടെ സ്ഥാനം 145 ആണെന്നതു് മാത്രമാണു് ഇൻഡ്യക്കു് അല്പമൊരു ആശ്വാസത്തിനു് വക നൽകുന്നതു്.
എന്റെ ഒരു പഴയ സുഹൃത്തിന്റെ അഭിപ്രായത്തിൽ, ചൊറിയുന്നിടത്തു് മാന്താൻ കഴിയുന്നതാണു് ഏറ്റവും വലിയ ഭാഗ്യം. എമ്പിരിക്കലായിട്ടാണു് അവൻ ആ അഭിപ്രായത്തിൽ എത്തിച്ചേർന്നതു്. ഒരിക്കൽ ഒരു ഹൈ വോൾട്ടേജ് ലൈനുമായി ബന്ധപ്പെട്ടു് ഫീൽഡ് ഡ്യൂട്ടിയിൽ ആയിരുന്ന അവനെ ഒരു പട്ടി ഓടിച്ചു് വെട്ടുകുഴിയിൽ വീഴിച്ചതിന്റെ ഫലമായി അര മുതൽ കഴുത്തുവരെ പ്ലാസ്റ്ററിട്ടു് ഏതാനും ആഴ്ചകൾ കഴിക്കേണ്ടിവന്നപ്പോഴാണു്, പുറം ചൊറിയുമ്പോൾ ആ സ്ഥാനം നോക്കി ഇഷ്ടാനുസരണം മാന്താൻ കഴിയുന്നതിൽ കവിഞ്ഞ ഒരു ഭാഗ്യവും ലോകത്തിലില്ല എന്ന ബോധോദയം അവനുണ്ടായതു്.
ബോധോദയങ്ങൾ പലതരമുണ്ടു്. ഒരുപാടു് നാളുകൾ മരത്തിൻ ചുവട്ടിലിരുന്നു് തപസ്സു് ചെയ്താൽ മാത്രം ഉണ്ടാവുന്ന ബോധോദയം. ബുദ്ധനു് ഉണ്ടായതു് അതുപോലൊന്നാണു്. റിഫ്ലക്സീവ് ആയി ഉണ്ടാവുന്ന ബോധോദയമാണു് മറ്റൊന്നു്. കടിക്കാൻ വരുന്ന ഒരു “നായിന്റെ മോനു്” ഹൈ വോൾട്ടേജ് ട്രാൻസ്മിഷനെപ്പറ്റി ക്ലാസ്സ് എടുക്കാൻ നിൽക്കാതെ, ഉസൈൻ ബോൾട്ടിനെപ്പോലെ ഓടണമെന്ന, എന്റെ സുഹൃത്തിനുണ്ടായ ബോധോദയം അത്തരത്തിൽ ഒന്നാണു്. അത്തരമൊരു റിഫ്ലക്സീവ് ബോധോദയം ഉണ്ടാവേണ്ട സാഹചര്യം ബുദ്ധനു് വന്നിട്ടുള്ളതായി കേട്ടിട്ടില്ല.
സാവകാശവും പെട്ടെന്നുമുള്ള രണ്ടിനം ബോധോദയങ്ങളും അനുഭവിച്ചിട്ടുള്ള എന്റെ സുഹൃത്തിനോടു് ചോദിച്ചാൽ, ഏതു് രാജ്യത്താണു് ജീവിക്കുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലല്ല, പ്ലാസ്റ്ററിനടിയിലെ ചൊറിച്ചിൽ ഉന്നം വച്ചു് മാന്തി ശമിപ്പിക്കാൻ മനുഷ്യർക്കു് കഴിയുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം മനുഷ്യർ ഭാഗ്യവതികളോ ഭാഗ്യവാന്മാരോ എന്നു് നിശ്ചയിക്കേണ്ടതു് എന്നേ അവൻ പറയൂ.
Click to access 10520-worldhappiness_v1.pdf
Oct 19, 2016, 7:42 AM
കഴുതയ്ക്കു് ഒരുപാടു് സുഖം വന്നാൽ അവൻ മഞ്ഞിൽ നൃത്തം ചെയ്യാൻ പോകും എന്നൊരു ജർമ്മൻ ചൊല്ലുണ്ടു്. കഴുതയ്ക്കു് ഒരുപാടു് സുഖം വന്നാൽ അവൻ തൈരു് കടയാൻ പോകും എന്നായിരുന്നെങ്കിൽ അതു് സാർവ്വലൗകികമായിരുന്നേനെ! കഴുതകൾ ഉണ്ടാവുന്നിടത്തു് മഞ്ഞുണ്ടാവണമെന്നു് നിർബന്ധമില്ലെങ്കിലും, തൈരുണ്ടാവാതിരിക്കില്ലല്ലോ. കഴുതയെ സംബന്ധിച്ചു് രണ്ടായാലും തൈരുതന്നെയാണു് താനും.
Oct 21, 2016, 12:24 PM
കേരളത്തിലെ ആദിവാസിശിശുക്കളുടെ മരണം സംബന്ധിച്ചു് സാംസ്കാരികവകുപ്പു് മന്ത്രി നടത്തിയ സംസ്കാരശൂന്യമായ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണു് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. കേരളത്തിൽ എത്ര വയസ്സു് വരെയാണു് ബാലപദവി, എത്ര വയസ്സു് മുതലാണു് വൃദ്ധപദവി, ആരൊക്കെയാണു് പ്രായപരിധിയുടെ കാര്യത്തിൽ അപവാദപദവിക്കു് അർഹതയുള്ളവർ എന്നൊന്നും കൃത്യമായി അറിയാത്തിടത്തോളം ഈ കുറ്റകൃത്യം ജുവെനൈൽ ലോ അനുസരിച്ചു് ശിക്ഷിക്കപ്പെടണമോ, വാർദ്ധക്യപരമായ സെമാന്റിക് ഡിമെൻഷ്യയായി പരിഗണിച്ചു് അവഗണിക്കപ്പെടണമോ എന്നൊന്നും തീർത്തു് പറയാൻ കഴിയില്ല. നിയമം പഠിച്ച വല്ല കേരളമന്ത്രിമാർക്കും കഴിഞ്ഞാലായി.
ചില പ്രതിഷേധസ്വരങ്ങളുടെ സംസ്കാരം ശ്രദ്ധിക്കുമ്പോൾ മന്ത്രിയെ മാത്രം ശിക്ഷിച്ചിട്ടെന്തു് കാര്യം എന്നും തോന്നായ്കയില്ല. സോഷ്യൽ മീഡിയ ഷെയർ മാർക്കറ്റ് പോലെയാണു്. ഷെയർ മാർക്കറ്റുകളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഭവമോ നടപടിയോ ഒരിക്കൽ ഷെയറുകളുടെ വില കൂടാനും, മറ്റൊരിക്കൽ വില കുറയാനും കാരണമായിക്കൂടെന്നില്ല. സംഭവം ആകെമൊത്തം മനഃശാസ്ത്രമാണു് – ഫോൾക്ക് സൈക്കോളജി! (ഫോൾക്ക് എന്ന കൂട്ടത്തിന്റെ സബ്സെറ്റുകളാണു് വോട്ടുബാങ്കുകൾ). അതുപോലെതന്നെ, മന്ത്രിയുടെ ആ പ്രസ്താവന സോഷ്യൽ മീഡിയയിലെ ഐഡിയോളജിക്കൽ വാറിയറുകളിൽ ചിലരെയെങ്കിലും ഇളക്കിമറിച്ചതു് അവരുടെ സ്വന്തം ഭാഷാനിലവാരത്തോളം മന്ത്രിയുടെ ഭാഷ ഉയരാത്തതുകൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പരദൂഷണത്തെ അത്യന്താധുനിക കവിതകളാക്കാൻ കഴിവുള്ള വിപ്ലവമഹാകവികൾ മുതൽ എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്യാൻ മാനസികവും ശാരീരികവുമായ ഹത്യകളെപ്പോലും ന്യായീകരിക്കുന്ന “മനുഷ്യസ്നേഹികൾ” വരെയുള്ളവർ വിശ്രമമില്ലാതെ ചുറ്റിത്തിരിയുന്ന ലോകമാണു്! മസ്തിഷ്കപ്രക്ഷാളനം വഴി നേർചിന്താശേഷി തലയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർ! എല്ലാം മണ്മറഞ്ഞുപോയ ആചാര്യന്മാരുടെ കൃപാനുഗ്രഹം എന്നു് പറഞ്ഞാൽ മതി. “ശത്രുക്കൾക്കു്” കൊടുക്കേണ്ടതു് കൊടുക്കേണ്ട സമയത്തു് കൊടുക്കേണ്ടപോലെ കൊടുത്തിരിക്കണം എന്ന മാക്സിമുമായി നടക്കുന്നവർക്കു് മന്ത്രി പറഞ്ഞതു് കുറഞ്ഞുപോയി എന്നല്ലാതെ കൂടിപ്പോയി എന്നു് ചിന്തിക്കാനാവുമോ? അതുപോലെ ചിന്തിക്കുന്നവരിൽ നിന്നും ഒരാൾ മന്ത്രിയായാൽ ഇതൊക്കെത്തന്നെയല്ലാതെ മറ്റെന്തെങ്കിലും പറയാൻ കഴിയുമോ? “You can’t teach an old dog new tricks” എന്നു് സായിപ്പു്.
Oct 25, 2016, 10:12 AM
കോഴഞ്ചേരി, കുമ്പനാടു്, തിരുവല്ല, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ പിശാചിനെ പിടിക്കുന്ന പാസ്റ്റര്‍മാര്‍ ധാരാളമുണ്ടെന്നു് ഒരു FB സ്റ്റാറ്റസിൽ കണ്ടു. ഒരുപാടു് പാസ്റ്റേഴ്സ് പിശാചു് പിടുത്തത്തിൽ ഏർപ്പെടണമെങ്കിൽ എത്രമാത്രം പിശാചുക്കൾ ആ ഭാഗങ്ങളിൽ ഉണ്ടായിരിക്കുമെന്നാണു് ഞാൻ അത്ഭുതപ്പെടുന്നതു്. ചേരയില്ലാത്തിടത്തു് ആരെങ്കിലും ചേര പിടുത്തം തൊഴിലായി സ്വീകരിക്കുമോ? ജന്മവാസന ചേരപിടുത്തമാണെങ്കിലും, അതുകൊണ്ടു് ജീവിച്ചു് പോകാനുള്ള വക ഒപ്പിക്കാൻ കഴിയില്ലെങ്കിൽ ആ തൊഴിലിനു് പോയിട്ടു് എന്തു് പ്രയോജനം? അതുകൊണ്ടാവണം കേരളത്തിൽ ഒരുപാടു് മനുഷ്യർ അവരുടെ ജന്മവാസന ഉപേക്ഷിച്ചു് രാഷ്ട്രീയം, പൗരോഹിത്യം, അക്കാദമികം, ആൾദൈവതം, ആടുദൈവതം മുതലായ, ഒന്നു് വച്ചും, ഒന്നും വയ്ക്കാതെയും കണ്ടമാനം മുതലുണ്ടാക്കാൻ കഴിയുന്ന തൊഴിലുകളിൽ ഏർപ്പെടുന്നതു്. ഓരോ കലവും അതിനു് യോജിച്ച അടപ്പിനെ കണ്ടെത്തും എന്നു് പറയുന്നപോലെ, വർഗ്ഗസ്നേഹം മൂലം പാസ്റ്റേഴ്സ് പിശാചുക്കളോടൊത്തു് വസിക്കാൻ തീരുമാനിക്കുന്നു, അത്രതന്നെ.
മുഖത്തു് ലക്ഷണങ്ങളും, ഹസ്തങ്ങളിൽ രേഖകളും, ഉത്തരത്തിനു് താങ്ങായി പല്ലിയും ഉണ്ടെന്നതുകൊണ്ടു് മാത്രം മനുഷ്യർ മുഖലക്ഷണശാസ്ത്രജ്ഞർക്കും ഹസ്തരേഖാശാസ്ത്രജ്ഞർക്കും ഗൗളിശാസ്ത്രജ്ഞർക്കും മുന്നിൽ പണസഞ്ചി തുറക്കില്ല. മനുഷ്യർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പൊരുളുകൾ അവയിലെല്ലാം മറഞ്ഞു് ഇരിക്കുന്നുണ്ടെന്ന തോന്നൽ കഥകളും പ്രസംഗങ്ങളും വഴി ആദ്യം അവരിൽ ഉണ്ടാക്കിയെടുക്കണം. അവർക്കങ്ങനെ തോന്നിത്തുടങ്ങിയാൽ, “പൊരുളുകൾ ശാസ്ത്രീയമായി വെളിപ്പെടുത്തിക്കൊടുക്കപ്പെടും” എന്നൊരു ബോർഡുമായി, സാഹചര്യം അനുസരിച്ചു്, കട്ടയും പടവും, പൊട്ടും ചാന്തും, പൂക്കളും ചന്ദനത്തിരികളുമൊക്കെയായി നാൽക്കവലയിലോ ആൽത്തറയിലോ, “നന്മതിന്മകളുടെ അപ്പുറം കണ്ട അതീന്ദ്രിയൻ” എന്ന ഭാവത്തിൽ ഇരുന്നാൽ മതി. ജ്ഞാനദാഹികളായ ജനം മുഖലക്ഷണത്തിന്റെയും, ഹസ്തരേഖയുടെയും, പല്ലി ചൊല്ലിയതിന്റെയും, കാക്ക തൂറിയതിന്റെയുമെല്ലാം പൊരുളുകൾ അറിയാനായി തള്ളിക്കയറിക്കൊള്ളും. പിന്നെ അതീന്ദ്രിയസ്വാമി(നി)ക്കു് വച്ചടി വച്ചടി കയറ്റമായിരിക്കും. ഇത്തിരി സാരോപദേശം, ഒത്തിരി മുഖസ്തുതി (ഇക്കാര്യത്തിൽ ഒരു കാരണവശാലും പിശുക്കു് കാണിക്കരുതു്), ധാര കോരാൻ വേണ്ടുവോളം ദൈവഭക്തി, വേണമെങ്കിൽ ഇന്ദ്രിയത്തിൽ ഒരു കെട്ടിപ്പിടുത്തം, എത്രനേരം കിടന്നുരുളേണ്ടി വന്നാലും ഒരു പോറൽ പോലും ഏൽക്കാത്തത്ര, കണ്ടാമൃഗത്തെ തോല്പിക്കുന്ന തൊലിക്കട്ടി – ഇത്രയുമുണ്ടെങ്കിൽ ധാരാളം.
Oct 29, 2016, 7:47 AM
വി. എം. സുധീരൻ ഒരു കോൺഗ്രസ്സ് “ആണിയെ” നായിന്റെ മോൻ എന്നു് വിളിച്ചതാണു് ഇപ്പോൾ മല്ലുഫെയ്സ്ബുക്കിലെ നവരാഷ്ട്രീയതരംഗം. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ, സംഭവം വൈറൽ ആയിപ്പോയി. ആ വാർത്ത സത്യമാണെങ്കിൽ (ഇങ്ങനെയൊരു മുൻകൂർ ജാമ്യത്തോടെ കേരളത്തിലെ വാർത്തകളെ കൈകാര്യം ചെയ്താൽ നാറാതിരിക്കാം. അതാണെങ്കിൽ, തൂറിയവനെ ചുമന്നാലത്തെ നാറ്റമൊന്നുമല്ല, തൂറ്റലും ഛർദ്ദിയും ഒരുമിച്ചുള്ളവനെ തോളിലേറ്റിയാലത്തെ നാറ്റമായിരിക്കും), സുധീരൻ അങ്ങനെ വിളിച്ചതു് വളരെ മോശമായിപ്പോയി എന്നേ പറയാനുള്ളു. നരേന്ദ്രമോദിയെ വിളിക്കാനായി ഓൺലൈൻ കമ്മ്യൂണിസ്റ്റുകൾ റിസർവ്വ് ചെയ്തു് വച്ചിരിക്കുന്ന ഓമനപ്പേരു് ഒരു കടപ്പാടും വയ്ക്കാതെ എടുത്തുപയോഗിക്കുന്നതു് കോപ്പി റൈറ്റ് ലംഘനമാണെന്നെങ്കിലും ശ്രീമാൻ സുധീരൻ ഓർക്കേണ്ടതായിരുന്നു. മറ്റൊരുവന്റെ ബൗദ്ധികസമ്പത്തു് മോഷ്ടിക്കുന്നതു് രാഷ്ട്രീയ നേതാക്കളായതുകൊണ്ടു് നാണംകെട്ട പരിപാടി അല്ലാതാവുകയില്ല. കേരളരാഷ്ട്രീയത്തിലെ അംഗീകൃതപ്രയോഗങ്ങളായ ശുംഭൻ, പരനാറി തുടങ്ങിയവയുമായി “നായിന്റെ മോൻ” കൊമ്പാറ്റിബിൾ ആണെന്നതൊക്കെ ശരിതന്നെ. പക്ഷേ, പുതിയ പുതിയ പ്രയോഗങ്ങൾ സ്വന്തമായി കണ്ടെത്തി മലയാളഭാഷയെ പരിപോഷിപ്പിച്ചു് ജനത്തെ പ്രകാശം പരത്തുന്നവരാക്കി മാറ്റാനുള്ള ബാദ്ധ്യത ഓരോ രാഷ്ട്രീയ നേതാവും ഏറ്റെടുക്കാതിരുന്നാൽ കേരളത്തെ എന്നെങ്കിലും നന്നാക്കാനാവുമോ?
കോടീശ്വരനായ ബിൽ ഗെയ്റ്റ്സ് പറഞ്ഞപോലെ, (ഈയടുത്തയിടെ സംഭവിച്ചപോലത്തെ ഗ്രീസ് മോഡൽ) സോഷ്യലിസത്തിലൂടെ മാത്രമേ ലോകത്തെ നന്നാക്കാവൂ എന്നില്ല. നല്ല കിടിലൻ നാമവിശേഷണങ്ങൾ പതിവായി ജപിച്ചാലും ലോകം നന്നാവും. ലോകത്തിനു് അത്ര വലിയ ഡംഭു് ഒന്നുമില്ല. അതുകൊണ്ടു്, രാഷ്ട്രീയത്തിൽ ഇടപെടുന്നവർ “dumb” ആവാതിരുന്നാൽ മാത്രം മതി ലോകം നന്നാവാൻ.
Oct 30, 2016, 12:05 PM
വിതയ്ക്കാൻ പോയവരുടെ ചില ഉപമകളുണ്ടു് ബൈബിളിൽ. വിതയ്ക്കാൻ പോയവരുടെ ഒരു പടം ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ടു. നോട്ടുമാലയിട്ട കുറെ പാതിരികൾ കാർണെവൽ വേഷത്തിൽ ലോകജീവികൾക്കു് ദർശനം നൽകുന്നതു് കഴിഞ്ഞ ദിവസം കണ്ടതേയുള്ളു. സ്മാർട്ട് ഫോൺ യുഗത്തിന്റെ ഒരു ഗുണമാണതു്. തത്സമയചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടു് ലോകത്തിന്റെ ഏതു് മൂലയിലും എത്തും. A picture can tell you more than a thousand words എന്നായതിനാൽ, പലരുടെയും പടങ്ങൾ പൊഴിഞ്ഞു് വീഴാൻ ഒരു പടം ധാരാളം മതി. അങ്ങനെയല്ല, ഇങ്ങനെയാണു് കാര്യങ്ങൾ എന്നു് നിരന്തരം സ്ഥാപിച്ചുകൊണ്ടിരിക്കേണ്ടതു്, സത്തയുടെ സ്ഥാനത്തു് ഭാഷാപരമായ ചൂടു് കാറ്റല്ലാതെ മറ്റൊന്നും ഇല്ലാത്തവരെ സംബന്ധിച്ചു് നിലനില്പിന്റെ തന്നെ പ്രശ്നമായി മാറിയതു് അതുകൊണ്ടാണു്. ഫോട്ടോഷോപ്പിനോടു് അവർ കുറച്ചൊന്നുമല്ല കടപ്പെട്ടിരിക്കുന്നതു്.
വിതയ്ക്കാൻ പോയവരുടെ ആ ചിത്രം വളരെ സംവേദനക്ഷമത ഉള്ളതായിട്ടാണു് എനിക്കു് തോന്നിയതു്. ഒരു ചിത്രത്തിനു് ഇത്രയേറെ വിശദാംശങ്ങൾ കാഴ്ചക്കാരുമായി പങ്കു് വയ്ക്കാൻ കഴിയുന്നതു് അത്ഭുതം തന്നെ! മാർക്സിസ്റ്റ് കമ്മ്യൂണിസം എന്ന “ശാസ്ത്രീയതയുടെ” സാരാംശം ജനങ്ങളെ മനസ്സിലാക്കാൻ എഴുതപ്പെട്ട എത്രയെത്ര കവിതകൾ, കഥകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ! എത്രയെത്ര നാടകങ്ങൾ, സിൽമകൾ! എന്നിട്ടും കമ്മ്യൂണിസം എന്നാൽ ഇങ്ക്വിലാബ് സിന്ദാബാദ് ആണെന്നാണു് ആളുകൾ കരുതുന്നതു്. ഈ ചിത്രത്തിനു് അവരെയൊക്കെ ശരിയായ കമ്മ്യൂണിസം എന്നാൽ എന്തെന്നു് പഠിപ്പിക്കാൻ കഴിയേണ്ടതാണു്.
നേതാക്കൾ വള്ളിനിക്കർ ധരിച്ചായിരുന്നു ആ ചടങ്ങിൽ പങ്കെടുത്തിരുന്നതെങ്കിൽ ശരിക്കും കലക്കിയേനെ! മടക്കിക്കുത്തിയാലും മതിയായിരുന്നു. പക്ഷേ, മടക്കിക്കുത്തിയാൽ വെള്ളത്തിൽ വല്ലതും പ്രതിഫലിക്കുകയും, അതാരെങ്കിലും സ്മാർട്ട് ഫോണിൽ പകർത്തുകയും ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്യുകയും ചെയ്യില്ല എന്നു് ഉറപ്പൊന്നുമില്ലല്ലോ. പല നേതാക്കളുടെയും മാനസികവളർച്ച വച്ചു് നോക്കിയാലും വള്ളിനിക്കർ ചേർച്ചക്കുറവൊന്നുമല്ല. ബെർമൂഡ ആണെന്നു് പറയുകയും ചെയ്യാം. വള്ളി ഉള്ളതുകൊണ്ടു് താഴേയ്ക്കു് ഊർന്നു് പോകുമെന്ന ഭയം വേണ്ട. നേതൃജീവിതത്തിന്റെ ഒരു പാർശ്വഫലമാണു് കുടവയറു്. വള്ളിയില്ലാത്ത നിക്കറായാലും പാന്റ്സായാലും കുടവയറുമായി പൊരുത്തപ്പെടുകയില്ല. എപ്പോഴും താഴേയ്ക്കു് ഊർന്നിറങ്ങിക്കൊണ്ടിരിക്കും. വള്ളിനിക്കർ ആ പ്രശ്നത്തിനൊരു പരിഹാരമാണു്. തിന്നു് കൊതിയും മതിയും മാറിയാലും വേണമെങ്കിൽ ഒരിലച്ചോറു് കൂടി കഴിക്കുകയും ചെയ്യാം.
സൂക്ഷിച്ചു് നോക്കിയാൽ ചിത്രത്തിൽ ഒരു സ്ത്രീ നിൽക്കുന്നതായി കാണാം. പ്രമുഖർ വിത്തെറിയുന്ന നേരത്തു് “കയ്യടിക്കു്, കയ്യടിക്കു്” എന്നു് കാഴ്ചക്കാരോടു് പറയാനാണു് അവരെ അവിടെ നിർത്തിയിരിക്കുന്നതു് എന്നു് കരുതരുതു്. വരാനിരിക്കുന്ന സ്ഥിതിസമത്വസമൂഹത്തിലെ സ്ത്രീപുരുഷസമത്വത്തിന്റെ പ്രതീകമായാണു് അവർ അവിടെ നിൽക്കുന്നതു്.
വെറും രണ്ടു് പേർ മാത്രം ചേറിൽ നിൽക്കുന്നതും പ്രതീകാത്മകമായി കാണേണ്ട കാര്യമാണു്. മൂരാച്ചികളായ ജന്മി-മുതലാളി-കർഷകരെ ഉന്മൂലനം ചെയ്തു് പാർട്ടിമുരുകന്മാർ മുതലാളികളാവുമ്പോൾ ചെളിയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു് ഒടുവിൽ കമ്പ്ലീറ്റ് ഇല്ലാതാവും – “അന്ത്യകാലത്തു്” രാഷ്ട്രം “whither away” ആകും എന്ന മാർക്സിയൻ പ്രവചനം പോലെതന്നെ!
വിത്തു് വിതയ്ക്കുന്നവർ തോളിൽ തൂക്കിയിട്ട ഒരു കൊട്ടയിൽ വിത്തുമായി പാടത്തിലൂടെ നടന്നുകൊണ്ടാണു് സാധാരണ അതു് ചെയ്യാറുള്ളതു്. നേതാക്കൾ ചെയ്തതുപോലെ ഒരു സൈഡിലേക്കു് മാത്രമായി വിതറുകയുമാവാം. അപ്പോൾ ആ സൈഡിൽ മാത്രം, “ഒരു പറ കണ്ടത്തിൽ പത്തിടങ്ങഴി വിത്തു് വിതച്ചതിനേക്കാൾ” ഇടതൂർന്ന രീതിയിലേ നെല്ലു് വളരൂ എന്നേയുള്ളു. എനിക്കു് തോന്നുന്നതു്, നേതാക്കൾ പോയിക്കഴിയുമ്പോൾ, ചെളിയിൽ നിൽക്കുന്ന തൊഴിലാളികൾ വിത്തു് വേണ്ടവിധം പാടത്തു് മുഴുവനായും വിതയ്ക്കുമെന്നാണു്. ഒരു തൊഴിലാളിയ്ക്കും തൊഴിലിന്റെ കാര്യത്തിൽ മാർക്സിയൻ നേതാക്കളുടെ അത്ര സ്റ്റ്യുപ്പിഡ് ആവാൻ കഴിയുമെന്നു് തോന്നുന്നില്ല.
എന്നെ നിലത്തെഴുത്തു് പഠിപ്പിച്ച ആശാൻ ലുങ്കിധാരി ആയിരുന്നു. ലുങ്കിയുടെ മടിയിൽ പിച്ചളകൊണ്ടുള്ളൊരു മുറുക്കാൻ ചെല്ലവും, എളിയിൽ ഒരു പിച്ചാത്തിയുമായിരുന്നു അദ്ദേഹത്തിന്റെ ജംഗമവസ്തുക്കൾ. കുട്ടികളുടെ ഭാഷാപരമായ നിലവാരം അനുസരിച്ചു്, ഓലയിൽ നോക്കിയോ നോക്കാതെയോ തറയിലെ മണലിൽ പകർത്തിവരയ്ക്കുകയും മായ്ക്കുകയും വീണ്ടും വരയ്ക്കുകയും ചെയ്യേണ്ടുന്ന അക്ഷരങ്ങളും അക്കങ്ങളും ചൂണ്ടിക്കാണിച്ചു് തന്നുകഴിഞ്ഞാൽ അദ്ദേഹം മടിയിൽ നിന്നും ചെപ്പെടുത്തു് തുറന്നു് താനിരിക്കുന്ന ബഞ്ചിന്റെ അരികിൽ വയ്ക്കും. കഷ്ടിച്ചാൽ മൂന്നു് പേർക്കു് ഇരിക്കാവുന്ന ആ ബഞ്ചു് മാത്രമായിരുന്നു ആ വിദ്യാലയമുറിയിലെ ആകെമൊത്തം ഫർണ്ണീച്ചർ. അതിനുശേഷം അദ്ദേഹം എളിയിൽ നിന്നും പിച്ചാത്തിയെടുത്തു് അടയ്ക്കയുടെ പുറംതോടു് കളയുക, തൊലി ചുരണ്ടുക, പുകയില പാകത്തിനു് കഷണിക്കുക തുടങ്ങിയ ജോലികളിൽ ഏർപ്പെടും. കാണാതെ പോയ ഒരു ആടിനെ തേടിപ്പിടിച്ചുകൊണ്ടുവന്നു് മറ്റു് തൊണ്ണൂറ്റൊൻപതു് ആടുകളോടു് ചേർക്കാതെ സ്വസ്ഥതയില്ലാത്ത ഇടയനെപ്പോലെ, പല്ലിന്റെ ഇടകളിൽ നഷ്ടപ്പെട്ടുപോയ മുറുക്കാൻ കഷണങ്ങളെ പിച്ചാത്തിമുനകൊണ്ടു് ഇളക്കിയെടുത്തു് വായിലെ മുറുക്കാൻ കളക്റ്റീവിനോടു് ചേർത്തു് ചവയ്ക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായിരുന്നു.
ഇന്നത്തെ സ്മാർട്ട് ഫോൺ യുഗത്തിലായിരുന്നെങ്കിൽ, പിള്ളേർക്കു് എക്സർസൈസ് കൊടുത്തശേഷം അദ്ദേഹത്തിനു് സ്മാർട്ട് ഫോണിൽ കുത്തിക്കൊണ്ടിരിക്കേണ്ടി വരുമായിരുന്നു. കാലത്തിനനുസരിച്ചു് മാറാതിരുന്നാൽ ആശാന്മാർക്കായാലും പിടിച്ചു് നിൽക്കാനാവില്ല.
September 2016
Sep 1, 2016, 11:45 AM
ആഴ്ചയിൽ മിനിമം രണ്ടു് പ്രാവശ്യമെങ്കിലും “Updates available” എന്നു് പറഞ്ഞു് സ്മാർട്ട് ഫോൺ എന്നെ പേടിപ്പിക്കാറുണ്ടു്. ആർക്കും കയറി എപ്പോഴും എന്തും ചെയ്യാവുന്ന വിധത്തിൽ വേണമെങ്കിൽ നിനക്കു് നിന്റെ സ്മാർട്ട് ഫോൺ സെറ്റ് ചെയ്യാമെന്നു് ഓപറേറ്റിങ് സിസ്റ്റത്തിന്റെ മുതലാളി തുടക്കത്തിലേ എന്നോടു് പറഞ്ഞിരുന്നു. പക്ഷേ, ആർക്കറിയാം, എന്റെ ഫോണിൽ ആർത്തവമുള്ള വല്ല സ്ത്രീകളും കയറി വല്ലതും ഇൻസ്റ്റാൾ ചെയ്താൽ, പിന്നെ പറഞ്ഞിട്ടു് കാര്യമുണ്ടോ? അതുകൊണ്ടാണു് അങ്ങേയ്ക്കു് വിരോധമില്ലെങ്കിൽ ഓരോ ഊത്തകയറ്റത്തിനും മുൻപു് എന്നോടു് ഒരു വാക്കു് ചോദിക്കുന്നതാണു് എനിക്കിഷ്ടമെന്നു് ഞാൻ മുതലാളിയോടു് പറഞ്ഞതു്. നിന്റെ ആഗ്രഹം എനിക്കു് കല്പനയാണെന്നു് മുതലാളി എനിക്കു് വാക്കും തന്നു. പക്ഷേ, പുതിയ ചരക്കെത്തിയിട്ടുണ്ടു്, നിനക്കു് വേണോ എന്നു് ആഴ്ചയിൽ രണ്ടും മൂന്നും വട്ടമൊക്കെ ചോദിക്കാൻ തുടങ്ങിയാൽ, ചോദിക്കുന്നതു് മുതലാളി ആയാലും ശരി, മനുഷ്യനു് ദേഷ്യം വരും. എനിക്കു് മടുത്തു, എനിക്കു് മതിയായി, ഞാൻ നിർത്തി, എനിക്കു് ഈ സ്മാർട്ട് ഫോൺ പരിപാടിയേ വേണ്ട. ഇന്നുമുതൽ അല്ലാഹുവാണെന്റെ സ്മാർട്ട് ഫോൺ, ഖുർആനാണെന്റെ ഓപറേറ്റിങ് സിസ്റ്റം, ഹദീസുകളാണെന്റെ Apps.
Simple, powerful and especially no updates!
ഹാർഡ്‌വെയർ: അല്ലാഹു: – തുടക്കമില്ല, ഒടുക്കമില്ല, ആളുമില്ല. അപ്ഡെയ്റ്റ്സ് വേണ്ട.
ഓപറേറ്റിങ് സിസ്റ്റം: ഖുർആൻ: – തിരുത്തണ്ട, പുതുക്കണ്ട, ലോകാവസാനത്തോളം സാധു. അപ്ഡെയ്റ്റ്സ് വേണ്ട.
ആപ്പ്സ്: ഹദീസുകൾ – സിസ്റ്റത്തിന്റെ കറിമസാല; നിക്കാഹ്, തലാഖ്, സുന്നത്ത്, സക്കാത്ത് – ഓൾ ഇങ്ക്ലൂഡഡ്. അപ്ഡെയ്റ്റ്സ് വേണ്ട.
ആനന്ദലബ്ധിക്കിനിയെന്തുവേണം!? അല്ലാഹു അക്ബർ!
Sep 2, 2016, 2:31 PM
നമുക്കു് ചില മറുപടികൾ പറയാനുണ്ടു്. പക്ഷേ, നമ്മളോടു് ആരും ചോദ്യമൊന്നും ചോദിക്കുന്നുമില്ല. ഭയങ്കര “ത്രില്ലിങ്” ആയ ഒരു സിറ്റുവേഷനാണതു്. അപ്പോൾ നമ്മൾ എന്തു് ചെയ്യും? നമുക്കു് അറിയാവുന്ന മറുപടികൾക്കു് യോജിച്ച ചില ചോദ്യങ്ങൾ ചില ആളുകൾ സ്ഥിരം ചോദിക്കാറുണ്ടെന്നു് തുടക്കത്തിലേ നമ്മൾതന്നെ അങ്ങു് പ്രസ്താവിക്കും. എന്നിട്ടു് അവയ്ക്കുള്ള നമ്മുടെ തട്ടുതകർപ്പൻ മറുപടികൾ നിരത്തും. ഈ പൂഴിക്കടകൻ തന്ത്രം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതു് ഓൺലൈൻ തർക്കങ്ങളിൽ ആക്റ്റീവ് ആയ വിവിധയിനം ഭക്തരാണെന്നു് അവരുടെ ചർച്ചകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രപഞ്ചം താനേ ഉണ്ടായി എന്നു് ശാസ്ത്രം പറയുന്നു എന്ന മുൻകൂർ പ്രസ്താവന ഇതിന്റെ ഒരു വകഭേദമാണു്. ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകുന്നില്ല, പിന്നെ എങ്ങനെ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന വൺ മില്ല്യൺ ഡോളർ ചോദ്യം ശാസ്ത്രലോകത്തെ പ്രതിനിധീകരിക്കുന്ന പക്ഷത്തിനോടു് ചോദിക്കാൻ പറ്റിയ ഒരു പ്രെമിസ് സൃഷ്ടിക്കുകയാണു് ആ പ്രസ്താവനയിലൂടെ ബുദ്ധിമാനായ നമ്മുടെ ഭക്തൻ ചെയ്യുന്നതു്. പ്രപഞ്ചത്തെ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ അങ്ങേരെ മറ്റാരെങ്കിലും ഉണ്ടാക്കിയതായിരിക്കണ്ടേ എന്ന ചോദ്യം ഭക്തൻ എതിർപക്ഷത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ടു്. ആ ചോദ്യത്തിനു്, അങ്ങേർ സ്വയംഭൂവാണെന്ന സ്ഥിരം മറുപടിയുള്ളപ്പോൾ പേടിക്കേണ്ട കാര്യവുമില്ല. ഇൻഫിനിറ്റ് റിഗ്രെസ്സൊന്നും ഭക്തനെ ബാധിക്കുന്ന കാര്യമല്ല. പ്രാർത്ഥന കേട്ടാൽ ആമീൻ പറയണം, പഠിച്ചിട്ടു് വിമർശിക്കാൻ പറയണം, എതിരഭിപ്രായമുള്ളവരെയെല്ലാം മണ്ടന്മാരെന്നു് മുദ്രയടിക്കണം. ഓൺലൈൻ ചർച്ചകളിൽ പിടിച്ചു് നിൽക്കാൻ ഒരു ഭക്തനു് അതിൽ കൂടുതലൊന്നും ആവശ്യമില്ല.
പ്രപഞ്ചത്തിനു് ഉണ്ടാവാൻ കഴിയാത്ത അതേ ഇല്ലായ്മയിൽ നിന്നും സ്വയം ഉണ്ടായതെന്നു് അവൻതന്നെ വിശേഷിപ്പിക്കുന്ന തന്റെ ദൈവത്തെ ഉണ്ടാക്കിയെടുക്കാൻ കഴിവുള്ള മാജിക്കുകാരനാണു് ഭക്തൻ. അവന്റെ കാഴ്ചപ്പാടിൽ അതിൽ യുക്തിവിരുദ്ധതയൊന്നുമില്ല. ഭക്തന്റെ വീക്ഷണത്തിൽ ഇല്ലായ്മ രണ്ടു് തരമുണ്ടു്: ഒന്നു്, ദൈവത്തിനു് ഉണ്ടാവാൻ കഴിയുന്ന ഇല്ലായ്മ, മറ്റൊന്നു്, ബാക്കി പ്രപഞ്ചത്തിനു് ഉണ്ടാവാൻ കഴിയാത്ത ഇല്ലായ്മ. അങ്ങനെ, “സ്വയംഭൂവായ” ഒരു ദൈവത്തെ ഇല്ലായ്മയിൽ നിന്നും നിർമ്മിച്ചു് മൂക്കിൽ ഊതി ജീവൻ നൽകി സിംഹാസനത്തിൽ ഇരുത്തിക്കഴിഞ്ഞാൽ ഭക്തൻ സ്വസ്ഥനായി. ബാക്കി കാര്യങ്ങൾ കളിമണ്ണു് സിദ്ധാന്തം ഏറ്റെടുത്തുകൊള്ളും.
ശൂന്യതയിൽ നിന്നും ദൈവത്തെക്കൊണ്ടു് പ്രപഞ്ചത്തെ സൃഷ്ടിപ്പിച്ചതു് മതമാണു്, ശാസ്ത്രമല്ല. ശൂന്യതയിൽ ആ ദൈവം എവിടെനിന്നു് വന്നു എന്ന ചോദ്യത്തിനു്, ദൈവം സ്വയംഭൂവാണു് എന്നു് മറുപടി പറയാനുള്ള തൊലിക്കട്ടി മതങ്ങൾക്കേയുള്ളു, ശാസ്ത്രത്തിനില്ല. ഒരു ബിഗ്-ബാങ്ങിലൂടെ ഇപ്പോഴത്തെ പ്രപഞ്ചം രൂപമെടുത്തു എന്നു് ഇതുവരെയുള്ള ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ പറയാമെന്നല്ലാതെ, എന്തിനു് ബിഗ്-ബാങ് ഉണ്ടായി, ബിഗ്-ബാങ്ങിനു് മുൻപു് എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു് സംശയരഹിതമായ മറുപടി ഇതുവരെ ശാസ്ത്രത്തിനില്ല. ഇല്ലാത്ത മറുപടിയുടെ പേരിൽ സ്വയംഭൂസിദ്ധാന്തികളുടെയും, കളിമൺവിശാരദരുടെയും മുന്നിൽ കണക്കു് ബോധിപ്പിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്നു് കരുതുന്ന ഏതെങ്കിലും ഒരു ശാസ്ത്രജ്ഞൻ ഈ ലോകത്തിലുണ്ടെന്നും എനിക്കു് തോന്നുന്നില്ല. ദൈവവിശ്വാസികൾ തെറ്റായ വഴിയിലാണെന്നും, അവരെ നേരായ വഴിയിൽ കൊണ്ടുവരേണ്ടതു് തന്റെ കടമയാണെന്നുമുള്ള ചിന്തമൂലം ശാസ്ത്രജ്ഞരുടെ രാവുകൾ നിദ്രാവിഹീനങ്ങളാണെന്നു് കരുതുന്ന ഭക്തരുമുണ്ടാവാം. അതു് ആ ഭക്തരുടെ മാത്രം പ്രശ്നമാണു്, ശാസ്ത്രത്തിന്റേതല്ല.
മദ്ധ്യകാലയൂറോപ്പിലെ ക്രിസ്തുമതമാണു് തത്വചിന്തയെ വിശ്വാസത്തിന്റെ അടിത്തറയിൽ കുത്തിനിർത്തിയതു്. ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറ മൂന്നു് ഉത്തമബോദ്ധ്യങ്ങളാണു്: 1. ശൂന്യതയിൽ നിന്നും ദൈവം സൃഷ്ടിച്ചതാണു് ഈ ലോകം. 2. ദൈവം സ്നേഹമാണു്. 3. ദൈവത്തിന്റെ രാജ്യം വരും.
ആദ്യത്തെ വിശ്വാസസത്യം വരുന്നതു് ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ നിന്നാണു്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”. സർവ്വശക്തനായ ഒരു ദൈവം ഭൗതികവും ആത്മീയവുമായ എല്ലാ പ്രപഞ്ചവസ്തുക്കളെയും സൃഷ്ടിച്ചു എന്ന സൂപ്പർനാച്ചുറൽസത്യം ദൈവം തന്നെ മനുഷ്യനു് വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. യഹൂദമതവും ക്രിസ്തുമതവും ഇസ്ലാമും വെളിപാടു് മതങ്ങളാവുന്നതു് അതുകൊണ്ടാണു്. ദൈവം തന്റെ ഇച്ഛാശക്തി പ്രയോഗിച്ചാണു് എല്ലാറ്റിനേയും സൃഷ്ടിച്ചതു് എന്ന വിശ്വാസപ്രമാണം വഴി ക്രൈസ്തവസഭ തള്ളിക്കളഞ്ഞതു്, പ്രപഞ്ചത്തിനു് ഒരു ആരംഭമില്ല എന്ന അരിസ്റ്റോട്ടിലിന്റെയും, പ്രപഞ്ചത്തിൽ കയോട്ടിക് അവസ്ഥയിൽ ഉണ്ടായിരുന്ന ആദിദ്രവ്യത്തിൽ നിന്നും ഒരു ശില്പിയുടെ മാതൃകയിൽ, ദൈവം ഓർഗനൈസ്ഡ് ആയ ഈ ലോകത്തെ സൃഷ്ടിക്കുകയായിരുന്നു എന്ന പ്ലേറ്റോയുടെയും ഫിലോസഫികളെ ആയിരുന്നു.
ദൈവം സ്നേഹമാണെന്ന രണ്ടാമത്തെ വിശ്വാസപ്രമാണം വരുന്നതു് യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുമാണു്: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”. സ്വയംപൂർണ്ണനായ ഒരു ദൈവം അപൂർണ്ണരായ മനുഷ്യരിലേക്കു് ഇറങ്ങിവരികയും, അവരുടെ പാപങ്ങളുടെ പേരിൽ അങ്ങേയറ്റം ഹീനമായ കുരിശുമരണം സ്വീകരിക്കുകയും ചെയ്തു എന്നതൊക്കെ പൗരാണിക ഗ്രീക്ക് തത്വചിന്തപ്രകാരം സങ്കല്പിക്കാൻ പോലും പറ്റാത്തവിധം നികൃഷ്ടമായ കാര്യങ്ങളാണു്. ക്രൈസ്തവരുടെ ഈ ദൈവസ്നേഹസിദ്ധാന്തത്തിൽ നിന്നും വ്യത്യസ്തമായി, “സ്വയം ചലിക്കാതെ ചലിപ്പിക്കുന്ന” ഒരു ദൈവത്തേയും, ആ ദൈവത്തോടു് മനുഷ്യർക്കുള്ള ഏകപക്ഷീയമായ സ്നേഹത്തേയുമേ അരിസ്റ്റോട്ടിൽ കണ്ടിരുന്നുള്ളു.
ദൈവരാജ്യം വരുമെന്ന മൂന്നാമത്തെ വിശ്വാസസത്യം വരുന്നതു് സുവിശേഷങ്ങളിൽ നിന്നുമാണു്. ഉദാഹരണത്തിനു്, മർക്കോസിന്റെ സുവിശേഷം: “എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു് നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു് അവർ കാണും. അന്നു് അവൻ തന്റെ ദൂതന്മാരെ അയച്ചു്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും”. യേശു ഇതു് പറയുമ്പോൾ കേട്ടുകൊണ്ടു് നിന്നിരുന്നവരുടെ തലമുറ അവസാനിക്കുന്നതിനു് മുൻപേ ഇവയൊക്കെ സംഭവിക്കും എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം.
ഉല്പത്തിപ്പുസ്തകം പറയുന്നപോലെ, ലോകത്തിനു് ഒരു ഉത്ഭവം മാത്രമല്ല, അവസാനവുമുണ്ടു്. അതിനു് ശേഷമാണു് ദൈവത്തിന്റെ വാഗ്ദത്തദേശം സംജാതമാവുന്നതു്. ഇവിടെയും ക്രൈസ്തവവിശ്വാസം ഗ്രീക്ക് തത്വചിന്തയെ നിഷേധിക്കുകയാണു് ചെയ്യുന്നതു്. പ്രകൃത്യനുസൃതമായതും, ചാക്രികമായി ആവർത്തിക്കപെടുന്നതുമായ ഒരു പ്രക്രിയയായി പ്രപഞ്ചം എന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ പുരാതന ഗ്രീക്ക് ചിന്തകർ ഇഷ്ടപ്പെടുമ്പോൾ, സൃഷ്ടിയിൽ തുടങ്ങി, ക്രിസ്തു എന്ന മദ്ധ്യത്തിലൂടെ (B. C./A. D.), അന്ത്യവിധിനാളിലെത്തുന്ന രേഖീയമായ (linear) ഒരു പ്രപഞ്ചഗതിയാണു് ക്രൈസ്തവർ സ്വീകരിക്കുന്നതു്. ഈ “മദ്ധ്യബിന്ദു സിദ്ധാന്തം” രൂപമെടുക്കുമ്പോൾ പ്രപഞ്ചവും ഭൂമിയുമൊന്നും അവയുടെ വയസ്സറിയിച്ചിരുന്നില്ല (Universe: ca. 14 billion years; Earth: ca. 4.5 billion years). അതുകൊണ്ടു് യേശുവിനെ രണ്ടായിരം വർഷങ്ങൾക്കു് മുൻപുള്ള ഒരു ബിന്ദുവിൽ പ്രതിഷ്ഠിച്ച സഭാപിതാക്കൾക്കു് ആ ബിന്ദുവിനെ കാലത്തിന്റെ മദ്ധ്യബിന്ദുവാക്കി വെഞ്ചരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. “അബദ്ധവും ഭോഷത്വവുമായ ചാക്രികചലനങ്ങൾ” എന്നു് പരിഹസിച്ചാണു് സഭാപിതാവു് സെയ്‌ന്റ് അഗസ്റ്റിൻ (Augustine of Hippo 354 – 430) ഗ്രീക്ക് ചിന്തകരുടെ “പ്രഹസനങ്ങളെ” തള്ളിക്കളയുന്നതു്!
ഒരു ഏകദേശ കാലഘട്ടം സൂചിപ്പിച്ചാൽ, ആയിരം വർഷം നീണ്ടുനിന്ന ഗ്രീക്ക്-റോമൻ പുരാതനകാലം A. D. 476-ലെ പശ്ചിമറോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെയാണു് അവസാനിച്ചതു്. അടുത്ത ആയിരം വർഷം നീണ്ടുനിന്ന മദ്ധ്യകാലം അവസാനിച്ചതു് A. D. 1492-ൽ അമേരിക്ക കണ്ടുപിടിക്കപ്പെട്ടതോടെ ആയിരുന്നു. വീഞ്ഞുകുടിച്ചും മാംസം തിന്നും വീർത്ത സഭാപിതാക്കളുടെ സുവർണ്ണകാലമായിരുന്നു അതു്. അന്ധകാരയുഗവും, ഇൻക്വിസിഷനും, ജീവനോടെ ദഹിപ്പിക്കലുമെല്ലാം ഉൾപ്പെടുന്ന “ദൈവസ്നേഹത്തിന്റെ” നല്ല കാലം! കൂട്ടത്തിൽ ഇതുകൂടി ശ്രദ്ധിക്കുന്നതു് രസകരമായിരിക്കും: സെയ്‌ന്റ് അഗസ്റ്റിൻ മരിച്ചു് 140 വർഷങ്ങൾ കഴിഞ്ഞിട്ടാണു് മുഹമ്മദ് നബി (570 – 632) ജനിക്കുന്നതു്. അല്ലാഹു ജിബ്രീൽ വഴി മുഹമ്മദിനു് ഖുർആൻ ഓതിക്കൊടുക്കാൻ തുടങ്ങുന്നതു് അഗസ്റ്റിൻ മരിച്ചു് 180 വർഷങ്ങൾ കഴിഞ്ഞു് A.D. 610 മുതലും!
ദൈവഭക്തർ ബിഗ്-ബാങ്ങിലും, ക്വാണ്ടം ഫിസിക്സിലും, ഇവൊല്യൂഷനിലുമെല്ലാം കയറിപ്പിടിച്ചു് കൈ പൊള്ളിക്കുന്നതിനു് മുൻപു് ഈ കഥകളൊക്കെ ഒന്നു് അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. പ്രപഞ്ചം തനിയെ ഉണ്ടായി എന്നു് ശാസ്ത്രം പറയുന്നു എന്നും മറ്റും ശാസ്ത്രമെന്തെന്നോ സ്വന്തം ഗ്രന്ഥമെന്തെന്നോ അറിയാത്ത കുറേ ഭക്തർ പീരിയോഡിക്കലായി വിളിച്ചുപറഞ്ഞു് ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നതു് മനസ്സിലാക്കാവുന്നതേയുള്ളു. എല്ലാ സൃഷ്ടിപ്പും തന്റേതാണു്, എല്ലാ നേട്ടങ്ങളും താൻ ഉണ്ടാക്കിയതാണു് എന്നെല്ലാം എട്ടുകാലി മമ്മൂഞ്ഞുകൾ അവകാശപ്പെടുന്നു, പ്രപഞ്ചവും അതിലുള്ളവയുമെല്ലാം എന്റെ ദൈവം ഉണ്ടാക്കിയതാണെന്നു് ഭക്തൻ അവകാശപ്പെടുന്നു, അത്രതന്നെ. ഒറിജിനൽ എട്ടുകാലി മമ്മൂഞ്ഞുകൾക്കു് അതിൽ വൈക്ലബ്യമൊന്നും തോന്നാറില്ല. കാരണം, അതു് അവരുടെ എസ്സൻഷ്യലായ ഗുണമാണു്. സ്വന്തം ദൈവത്തെ കാണുന്നിടത്തെല്ലാം കൊണ്ടുപോയി ഒട്ടിച്ചു് അതിന്റെയെല്ലാം അവകാശിയാക്കി വേഷം കെട്ടിച്ചു് എട്ടുകാലി മമ്മൂഞ്ഞു് ചമയിക്കുന്നവർക്കും അതേ കാരണത്താൽതന്നെയാണു് വൈക്ലബ്യമൊന്നും തോന്നാത്തതു്.
God’s only excuse is that he does not exist എന്നു് Stendhal പറഞ്ഞപോലെ, എന്റെ ഏറ്റവും വലിയ ഭാഗ്യം ഞാൻ ഇല്ല എന്നതാണു് എന്നു് ഭക്തമമ്മൂഞ്ഞുകളുടെ ദൈവവും ആശ്വസിക്കുന്നുണ്ടാവണം.
Sep 3, 2016, 7:16 AM
ആർത്തവം കൂടിയേ തീരൂ എന്ന പിടിവാശി സ്ത്രീകൾ ഉപേക്ഷിച്ചാൽ ഇപ്പോൾ കേരളത്തെ ബാധിച്ചിരിക്കുന്ന ആത്മീയകൊടിഞ്ഞിക്കു് ഒരു പരിഹാരമായേനെ! നൂറുകണക്കിനു് ചർച്ചത്തൊഴിലാളികൾ തൊഴിലില്ലാത്തവരാകും എന്നതിനാലാവണം ആർത്തവം ഉപേക്ഷിക്കില്ലെന്ന നിലപാടിൽ സ്ത്രീകൾ ഉറച്ചു് നിൽക്കുന്നതു്. വീട്ടിൽ അടുപ്പു് പുകയാതായാലത്തെ കഷ്ടപ്പാടു് സ്ത്രീകൾക്കേ അറിയൂ. തൊഴിലില്ലാതാവുന്ന മുഴുവൻ ക്ലൗണുകൾക്കും തൊഴിൽ നൽകാൻ മാത്രം സർക്കസുകൾ എവിടെയിരിക്കുന്നു കേരളത്തിൽ? തുറക്കാനാവുന്ന കശുവണ്ടി ഫാക്ടറികളുടെ എണ്ണത്തിനുമില്ലേ ഒരു പരിധി?
Sep 4, 2016, 12:33 PM
അഗതികളെയും, ആസന്നമരണരെയും, അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയുമെല്ലാം അവർക്കുതന്നെ വിറ്റു് കാശാക്കാം. എങ്ങനെയെന്ന ബിസ്നസ് തന്ത്രം അറിയണമെന്നേയുള്ളു.
Sep 5, 2016, 5:37 PM
തെരേസ അമൃതാനന്ദമയിയല്ല, മുഖ്യമന്ത്രി പ്രധാനമന്ത്രിയല്ല, മാണി ബാബുവല്ല, ഷി ജിൻപിങ് ഒബാമയുമല്ല. ഈ വ്യത്യാസം എപ്പോഴും ശ്രദ്ധിക്കാൻ നമ്മൾ കുഴലൂത്തുകാർ ബാദ്ധ്യസ്ഥരാണു്. പുകഴ്ത്തേണ്ടവരെ പുകഴ്ത്തുക, ഇകഴ്ത്തേണ്ടവരെ ഇകഴ്ത്തുക എന്ന, നമ്മൾ ഏറ്റെടുത്തിരിക്കുന്ന വിശുദ്ധകർമ്മം നിറവേറ്റാൻ അതു് ആവശ്യമാണു്. നമ്മൾ വിസിൽ ബ്ലോവേഴ്‌സല്ല, കുഴൽ ബ്ലോവേഴ്സാണു്. ആളും തരവും നോക്കി മാറിമാറി വരുന്നതാവണം നമ്മുടെ ശരിതെറ്റുകൾ.
Sep 8, 2016, 12:43 PM
അസ്തിത്വദുഃഖങ്ങൾ പലവിധമുണ്ടു്. കരഞ്ഞു് തീർക്കാവുന്നവയുണ്ടു്, കരഞ്ഞാലും തീരാത്തവയുമുണ്ടു്. അസ്തിത്വം എന്നാൽ ഉണ്ടു് എന്ന അവസ്ഥയായതിനാൽ, ഉണ്മ ഇൽമയായാൽ അസ്തിത്വദുഃഖവും നിശ്ശേഷമായും ഇല്ലാതാവേണ്ടതാണു്. പക്ഷേ, ഭൗതികമായ അസ്തിത്വത്തിനു് ശേഷം ആത്മീയമായ അസ്തിത്വമുണ്ടു് എന്നു് വിശ്വസിക്കുന്നവരുടെ കാര്യത്തിൽ ഈ ദുഃഖം പരലോകത്തിലുമെത്തി ആത്മാവിന്റെ തലങ്ങളിൽ തന്റെ ക്ഷുദ്രപ്രവൃത്തികൾ തുടർന്നു് കൂടെന്നുമില്ല. ഇവയ്ക്കു് രണ്ടിനും പുറമെ “അസ്ഥിത്വദുഃഖം” എന്ന മറ്റൊന്നുകൂടിയുണ്ടു്. അതു് പക്ഷേ അസ്ഥികൾക്കു് പരിക്കു് പറ്റിയാലേ ഉണ്ടാവാറുള്ളു. വഴി ചോദിക്കുന്നവന്റെ ജാതി ചോദിച്ചു് കാലു് തല്ലിയൊടിക്കുന്നവരുടെ നാട്ടിൽ അസ്ഥിത്വദുഃഖത്തെപ്പറ്റിയും സൂചിപ്പിക്കേണ്ടതുണ്ടു്. തെറ്റിദ്ധാരണകൾ ഉണ്ടാവാൻ പാടില്ലല്ലോ.
അങ്ങനെയുള്ള അനേകദുഃഖങ്ങളിൽ ഒരേകദുഃഖമാണു് ഉറങ്ങാൻ കഴിയാത്തവന്റെ ദുഃഖം. കവി ജി സുധാകരൻ ജി തന്റെ ഒരു കവിതയിൽ അതു് വൃത്തിയായി വരച്ചു് കാണിക്കുന്നുണ്ടു്. കവിതാസ്വാദകർക്കു് തൊട്ടു് നാക്കിൽ വയ്ക്കാൻ അതിൽ നിന്നും ഒരു സാമ്പിൾ:
“ഉറങ്ങണം
എനിക്ക് ഉറങ്ങണം
പക്ഷേ, ഉറങ്ങുവാന്‍
ഒട്ടും കഴിയുന്നില്ലല്ലോ
ഉറങ്ങുവാന്‍
കിടന്നുറങ്ങുമ്പോള്‍
പെട്ടെന്നുണര്‍ന്നു-
പോകുന്നു
ഉറക്കം പോകുന്നു
ഉറക്കമേ!
പറന്നകന്നു പോകുന്നോ
പറന്നങ്ങെത്തുവാന്‍
കഴിയുന്നീലല്ലോ!”
ദുഷ്ടനായ രാവണൻ ചിറകുകൾ അരിഞ്ഞുകളഞ്ഞതിനാൽ പറക്കാനാവാതെ പാറയിൽ കിടന്നു് പിടയാൻ മാത്രം കഴിയുന്ന ജഡായുവിനോടാണു്, ഉറക്കത്തിന്റെ പുറകെ വച്ചു് പിടിക്കാൻ കഴിയാത്ത കവി തന്നെത്തന്നെ താരതമ്യം ചെയ്യുന്നതു്. രാവണൻ സീതയെ എന്നപോലെ, നിദ്രാദേവൻ (അതോ ദേവിയോ?) കവിയുടെ ഉറക്കത്തെ ബന്ധിയാക്കി പുഷ്പകവിമാനത്തിൽ കയറ്റി പറന്നു് അകന്നകന്നു് പോകുമ്പോൾ കവി അനുഭവിക്കുന്ന അസ്തിത്വദുഃഖമാണു് ആ കവിതയിലൂടെ കണ്ണുനീരായി ഒഴുകുന്നതു്.
സ്വൈര്യവും സമാധാനവുമായി ഉറങ്ങുന്നവരെ കാണുമ്പോഴുള്ള കണ്ണുകടിയും അസ്തിത്വദുഃഖമായി, വിലാപകാവ്യമായി ഭക്തരുടെ ലോകങ്ങളിൽ പരിണമിക്കാറുണ്ടു്. ഏതു് നിമിഷവും സംഭവിക്കാവുന്ന, നമ്മുടെ കർത്താവേശുമശിഹായുടെ രണ്ടാമത്തെ വരവിനു് വേണ്ടി ഉറക്കമിളച്ചും കരഞ്ഞുവിളിച്ചും കാത്തിരിക്കാതെ, പോത്തുപോലെ കിടന്നു് ഉറങ്ങുന്നവരെ കാണുമ്പോൾ അസ്തിത്വദുഃഖം അനുഭവിക്കുന്ന കവികളുടെ രചനകൾ ആ വിഭാഗത്തിൽ വരുന്നവയാണു്. സരസാത്മാക്കൾക്കു് രുചി നോക്കാൻ അവരുടെ പാട്ടിന്റെ ഒരു കഷണം: “കപ്പലിലുറങ്ങീടുന്ന യോനായേപ്പോലുള്ളവരെ, എത്രനാളുറങ്ങുമെന്റെ കർത്താവിപ്പോൾ വന്നേക്കാം”. ദൈവത്തോടൊപ്പം, ഉറങ്ങുന്നവരെക്കൂടി ഉണർത്തിയാൽ മാത്രം ആശ്വാസം ലഭിക്കുന്ന അസ്തിത്വദുഃഖമായതിനാലാവാം, പാടുന്നതിനൊപ്പം ഭൂതബാധയേറ്റവരെപ്പോലെ തമ്പേർ കൊട്ടുകയും ചെയ്യുന്നതാണു് ഇവരുടെ രീതി.
“മരത്തിൻ ചോട്ടിൽ പെടുക്കും പട്ടി കുരയ്ക്കും ശബ്ദമതു് കേട്ടാലും” ഉണരാതെ, റിപ് വാൻ വിങ്കിളിനെപ്പോലെ കിടന്നുറങ്ങുന്നവരും വിശ്വാസപരമായ കാര്യങ്ങളിൽ പാറപോലെ (പത്രോസ് പോലെ എന്നു് പറഞ്ഞാലും അർത്ഥം ഒന്നുതന്നെ) ഉറച്ച മനസ്സുള്ളവരിലും സമാനമായ അസ്തിത്വദുഃഖം ഉണർത്താറുണ്ടു്:
“മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിയ്ക്ക
മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു് നീ കിടന്നു്
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ”
അതുകൊണ്ടു്, എനിക്കുറങ്ങണം എന്നൊരു കവി പാടിയാൽ ആയിക്കോട്ടേ എന്നു് മറുപടി പറയാൻ എനിക്കു് സന്തോഷമേയുള്ളു. മറ്റാർക്കും ദോഷമില്ലാത്ത ഒരു കാര്യത്തിനു് ചേതമില്ലാത്ത ഒരു ഉപകാരം. അവിടെ കയറി റെയ്ഡ് നടത്തി ശല്യം ചെയ്യുന്നതു് മര്യാദകേടാണു്. പക്ഷേ, ഉറങ്ങുന്നവരെ ഉണർത്തുന്നവിധം തമ്പേർ കൊട്ടി പാട്ടുകുർബ്ബാന ചൊല്ലുന്ന പരിപാടി അത്ര നല്ല കാര്യമായി എനിക്കു് തോന്നുന്നില്ല. ആലാപനസമയത്തെ അവരുടെ മുഖഭാവം, പ്രശ്നം മലബന്ധമാണോ എന്നൊരു സംശയത്തിനു് വക നൽകുന്നുണ്ടു്. അങ്ങനെയെങ്കിൽ, മനത്തെയല്ല, സ്വന്തം മലത്തെയാണു് അവർ പാടിയുണർത്തി പുറത്തു് ചാടിക്കേണ്ടതു് എന്നാണെന്റെ പക്ഷം. “മലമേ എന്റെ കുടലിൽ കിടന്നുറങ്ങാതെന്റെ മലമേ” എന്ന പാട്ടു് പുലർകാലത്തിലേതന്നെ പദ്മാസനത്തിലിരുന്നു് പാടുന്നതു് എന്റെ കാര്യത്തിൽ നല്ല ഫലം നൽകാറുണ്ടു്. കോപ്പി ലെഫ്റ്റ് ആയതിനാൽ, ഈ പ്രൊസീജർ ആർക്കും പരീക്ഷിച്ചു് നോക്കാവുന്നതാണു്. കടപ്പാടു് വയ്ക്കേണ്ട ആവശ്യമില്ല.
Sep 8, 2016, 12:57 PM
വാമനനും ഇ. എം. എസ്. നമ്പൂതിരിപ്പാടും തമ്മിൽ വല്ല ജന്മാന്തരഅന്തർധാരയും ഉണ്ടായിരുന്നോ എന്നൊരു പരിശോധന അസ്ഥാനത്തല്ലെന്നു് തോന്നുന്നു.
Sep 11, 2016, 12:56 PM
യോഹന്നാൻ എന്ന പേരിൽ ബൈബിളിലെ സുവിശേഷം എഴുതിയതു് ആരായിരുന്നാലും, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു” എന്നെല്ലാം ദൈവദത്തമായ ആധികാരികതയോടെ പ്രഖ്യാപിക്കുന്ന ആ വ്യക്തിക്കു് തുടക്കത്തിലേതന്നെ ചില തെറ്റുകൾ പറ്റി എന്നു് പറയാതെ വയ്യ. അദ്ദേഹം സങ്കല്പിച്ചപോലെ ആദിയിൽ വചനമോ ദൈവമോ ഉണ്ടായിരുന്നില്ല. ഭൂമി പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വചനത്തിനു് ദൈവത്തോടുകൂടെയോ, ദൈവംതന്നെയോ ആയിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ അറിവിൽ*, ആദിയിൽ ഉണ്ടായിരുന്നതു് ദ്രവ്യത്തിന്റെ ഒരു രൂപഭേദമായ ഊർജ്ജം ആയിരുന്നിരിക്കണം. രൂപമാറ്റം സംഭവിക്കാമെന്നല്ലാതെ, ഇല്ലാതാവാൻ കഴിയാത്ത ആ ഊർജ്ജത്തിൽ നിന്നും ഇവോൾവ് ചെയ്തതാവണം ഇപ്പോഴത്തെ പ്രപഞ്ചം. പക്ഷേ, ആ ഊർജ്ജമാണു്, എത്രയോ കോടി വർഷങ്ങൾ കഴിഞ്ഞു് പ്രപഞ്ചത്തിലെ സൗരയൂഥത്തിൽ ഒരു ചെറിയ തരിയായി രൂപമെടുത്ത ഭൂമി എന്നൊരു ഗ്രഹത്തിലെ, “ചലനശേഷിയുള്ള പൂപ്പലുകൾ” എന്നു് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന മനുഷ്യജീവികളുടെ കർമ്മങ്ങൾ വീക്ഷിച്ചു് നന്മതിന്മകൾ തരം തിരിച്ചു് അവരിൽ ശിക്ഷാവിധികൾ നടപ്പിലാക്കാനായി കാത്തിരിക്കുന്ന ദൈവം എന്നൊക്കെ പറയണമെങ്കിൽ അല്പമൊന്നും ചാണകം തലയിൽ ഉണ്ടായാൽ പോരാ .
1400 കോടി വർഷങ്ങൾക്കു് മുൻപു് ഒരു ബിഗ് ബാങ്ങിലൂടെ രൂപമെടുത്ത പ്രപഞ്ചത്തിൽ, 450 കോടി വർഷങ്ങൾക്കു് മുൻപു് ഭൂമി എന്ന ഗ്രഹം ഉണ്ടായെങ്കിലും ജീവിവർഗ്ഗങ്ങൾക്കു് രൂപമെടുക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഭൂമിയിലുണ്ടായതു് അതിനും വളരെ കാലങ്ങൾക്കു് ശേഷമാണു്. സുദീർഘമായ ആ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഹോമോ സേപിയൻസ് എന്നു് വിളിക്കപ്പെടുന്ന ഇന്നത്തെ മനുഷ്യവർഗ്ഗം ഭൂമിയിൽ വസിക്കുന്ന ഏകദേശം രണ്ടു് ലക്ഷം വർഷങ്ങളെ ഏതാനും നിമിഷങ്ങൾ എന്നേ വിളിക്കാനാവൂ. അതിനും വളരെ വർഷങ്ങൾക്കു് ശേഷമാണു് ഹോമോ സേപിയൻസ് സ്വന്തം തലകളിൽ അവരുടെ വിവിധയിനം ദൈവങ്ങൾക്കു് ജന്മം നൽകിയതു്. കാണുന്നതും കാണാത്തതുമായ എല്ലാറ്റിന്റെയും പിന്നിൽ ദൈവമാണെന്നും, ദൈവത്തെപ്പറ്റി ചിന്തിച്ചുകൊണ്ടല്ലാതെ ലോകത്തെപ്പറ്റിയോ മനുഷ്യരെപ്പറ്റിയോ ചിന്തിക്കരുതെന്നും കണ്ഡീഷൻ ചെയ്യപ്പെട്ട തലകളിലല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരിടത്തും കാണാനില്ലെങ്കിലും, സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയും എന്നുവേണ്ട, ഒരു മനുഷ്യനു് തനിക്കുതന്നെ എന്തെന്തെല്ലാം സ്യുപർലറ്റീവുകൾ ചാർത്തിക്കൊടുക്കാൻ പറ്റുമോ അവയെല്ലാം തന്റെ ദൈവത്തിലും കുത്തിത്തിരുകി, ഊതി വീർപ്പിച്ചു് പ്രപഞ്ചത്തേക്കാൾ വലുതാക്കി ആകാശസ്വർഗ്ഗത്തിലെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട മനുഷ്യന്റെ പ്രതിബിംബങ്ങളല്ലാതെ മറ്റൊന്നുമല്ല ദൈവങ്ങൾ.
മാംസം ഭക്ഷിക്കുന്ന ദൈവങ്ങൾ, വെണ്ണയും പാലും മദ്യവും സേവിക്കുന്ന ദൈവങ്ങൾ, “നീ വലിയവൻ” എന്നു് ദിവസത്തിൽ എത്രവട്ടം കേട്ടാലും മതിവരാത്ത ദൈവങ്ങൾ, പേടിക്കേണ്ടുന്ന ദൈവങ്ങൾ, പ്രപഞ്ചത്തെ വാക്കുകൊണ്ടും, മനുഷ്യനെ കളിമണ്ണുകൊണ്ടും സൃഷ്ടിച്ച ദൈവങ്ങൾ, ഭൂമിയെ പപ്പടം പോലെ പരത്തിയ ദൈവങ്ങൾ, ഉണ്ടപോലെ ഉരുട്ടിയ ദൈവങ്ങൾ, രാവെന്നോ പകലെന്നോ, കക്കൂസിലെന്നോ കുളിമുറിയിലെന്നോ വ്യത്യാസമില്ലാതെ ഒളിഞ്ഞുനോക്കി മനുഷ്യരുടെ എല്ലാ പ്രവൃത്തികളും കാണുകയും കേൾക്കുകയും, എല്ലാം കണക്കുപുസ്തകത്തിൽ കുറിച്ചു് വയ്ക്കുകയും ചെയ്യുന്ന ഗുമസ്തദൈവങ്ങൾ! ഈവിധ ദൈവങ്ങളാണു് ഇന്നത്തെ പ്രപഞ്ചത്തിനും, ഒരുപാടു് പണ്ടത്തെ ബിഗ് ബാങ്ങിനും പിന്നിൽ ഒളിച്ചിരുന്നു് മനുഷ്യരുടെ കളികളും കാര്യങ്ങളും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നതു്! ഈ വിഡ്ഢിത്തങ്ങളെല്ലാം മറുചോദ്യമില്ലാതെ വിശ്വസിച്ചാൽ ചത്തു് കഴിഞ്ഞു് സ്വർഗ്ഗത്തിലേക്കു് രക്ഷപെടാം, വിശ്വസിച്ചില്ലെങ്കിൽ നരകത്തിലെ വറചട്ടിയിൽ കിടന്നു് തന്നെയും പിന്നെയും പൊരിയാം.
ആത്മീയബിസ്നസിന്റെ ആദിയിൽ വചനമോ ദൈവമോ അല്ല ഉണ്ടായിരുന്നതു്, വചനശേഷിയുള്ള മനുഷ്യനായിരുന്നു, ആ മനുഷ്യനാണു് വില്പനച്ചരക്കായ ദൈവത്തിന്റെ സ്രഷ്ടാവു്. മാറിമാറിവന്ന ദൈവവില്പനക്കാർ ദൈവത്തിന്റെ വായിൽ തിരുകിയ വചനങ്ങളല്ലാതെ ഒരു ദൈവവും ഇന്നുവരെ ഒരു വചനവും സ്വന്തമായി പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. കാരണം, മിഥ്യയായതിനു് ചിന്താശേഷിയോ സംസാരശേഷിയോ പ്രവർത്തനശേഷിയോ ഇല്ല. ഓംനിപൊട്ടന്റ് ആയ ഒരു ദൈവവും ഇല്ല. മനുഷ്യനെ ആശ്രയിക്കാതെ, അവന്റെ സഹായമില്ലാതെ നിലനിൽക്കാൻ കഴിയുന്ന ഒരു ദൈവവും ഇതുവരെ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അതുകൊണ്ടു്, എല്ലാ ദൈവങ്ങളും ഇംപൊട്ടന്റുകളാണു്. ഒരു ആബ്സൊല്യൂട്ട് സത്യം വേണമെന്നു് നിർബന്ധമുള്ളവർക്കു് അതു് ഈ സത്യത്തിൽ കണ്ടെത്താം.
ദൈവങ്ങൾ സ്വയം അവതരിക്കുകയായിരുന്നില്ല, അവരെ മനുഷ്യർ അവതരിപ്പിക്കുകയായിരുന്നു. പുരാതനകാലങ്ങളിലെ ദൈവങ്ങളെ മിത്തുകളിലൂടെ ആയിരുന്നു മനുഷ്യർ ലോകത്തിലേക്കു് ആനയിച്ചതു്. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കു് ഇഡിയറ്റ് പ്രൂഫ് ആയ വിശദീകരണങ്ങൾ, മനുഷ്യർ നേരിടുന്ന രോഗം, അപകടം, മരണം തുടങ്ങിയ പ്രശ്നങ്ങൾക്കു് ഒറ്റമൂലി പരിഹാരങ്ങൾ! അതായിരുന്നു പൊതുവേ മിത്തുകളുടെ മുഖമുദ്ര. രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ ചിലവിൽ എന്നപോലെ, മനുഷ്യരുടെ ചിലവിൽ ദൈവങ്ങളും, ഭൂതങ്ങളും, പ്രേതങ്ങളും അരങ്ങേറുന്ന പൊറാട്ടുനാടകങ്ങൾ! പ്രപഞ്ചവും അതിലെ മുഴുവൻ ചരാചരങ്ങളും ഐതിഹ്യങ്ങൾ വഴി വിശദീകരിക്കപ്പെട്ടിരുന്നു. ഓരോ പ്രദേശങ്ങൾക്കും അവയുടേതായ ദൈവങ്ങളും സൃഷ്ടികഥകളും ഉണ്ടായിരുന്നു. ഗ്രീക്ക് മിഥോളജിയുടെ ഒരു വേർഷൻ പ്രകാരം, ആദിയിൽ ഉണ്ടായിരുന്നതു് യുറിനോം എന്ന ദേവിയായിരുന്നു. കയോസിൽ നിന്നും നഗ്നയായി ഉയർന്നു് വന്ന അവൾ കാലു് വയ്ക്കാൻ ഇടം കാണാഞ്ഞു് ആകാശത്തേയും കടലിനേയും തമ്മിൽ വേർപിരിച്ച ശേഷം തിരകൾക്കു് മീതെ നൃത്തം ചെയ്യാൻ തുടങ്ങി. തുടർന്നു്, മഹാസർപ്പമായ ഒഫിയോണുമായി ഇണചേർന്ന ശേഷം പ്രാവിന്റെ രൂപമെടുത്ത യുറിനോം തിരകളുടെ പുറത്തു് “ലോകമുട്ട”യിട്ടു. അവളുടെ കല്പനപ്രകാരം ഒഫിയോൺ ആ മുട്ടയെ ഏഴു് വട്ടം ചുറ്റുകയും അതുവഴി മുട്ട വിരിയുകയും ചെയ്തു. ആ മുട്ടയിൽ നിന്നുമാണു് പ്രപഞ്ചത്തിലുള്ള സകലതും പുറത്തു് വന്നതു്. ഗ്രീക്ക് മിഥോളജിയിലെ മുഖ്യദൈവമായ സ്യൂസിന്റെ മൂന്നാമത്തെ ഭാര്യയും കൂടിയാണു് യുറിനോം.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ സാങ്കല്പിക കഥകളിലൂടെ വ്യാഖ്യാനിച്ചിരുന്ന മിത്തുകളോടു് ആദ്യമായി വിടപറഞ്ഞു് തത്വചിന്ത രൂപമെടുത്തതു് ഗ്രീസിലായിരുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാണു് ഗ്രീസിനെ അക്കാര്യത്തിൽ നല്ലൊരു അളവുവരെ സഹായിച്ചതു്. പൊട്ടക്കിണറ്റിൽ എന്നപോലെ ഐസൊലേറ്റഡ് ആയ സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ തലയിൽ വലിയ ചിന്തകൾ രൂപമെടുക്കാനുള്ള സാദ്ധ്യത കുറവായിരിക്കും. അവർക്കു് അതു് അറിയാൻ കഴിയുകയുമില്ല എന്നതാണു് അതിനേക്കാൾ ദുഃഖകരം. അതുപോലെ, മരുഭൂമിയിലെ ചൂടിൽ ഉണങ്ങിവരളുന്ന തലകളിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള തരം ഹലൂസിനേഷൻസ് ധ്രുവപ്രദേശത്തെ തണുപ്പിൽ ജീവിക്കുന്ന എസ്കിമൊകളുടെ തലയിൽ ഉണ്ടാവുമെന്നും കരുതാൻ വയ്യ.
B. C. E. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്രീസിന്റെ കോളണി ആയിരുന്ന ഏഷ്യ മൈനറിന്റെ (Anatolia) തീരപ്രദേശങ്ങളിലെ ഒറ്റയാന്മാരായ ചില മനുഷ്യർ ഈവിധ ഐതിഹ്യങ്ങളുടെ തണലിൽ സ്വന്തം പരമാധികാരം പടുത്തുയർത്തിയിരുന്ന മതങ്ങളുടെ വേലിക്കെട്ടുകളിൽ നിന്നും പുറത്തു് വരാൻ ധൈര്യപ്പെട്ടു. വീക്ഷണങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലമായി, യാഥാർത്ഥ്യങ്ങളുടേതും, മിഥ്യകളുടേതുമെന്നു് രണ്ടായി ലോകത്തെ തരം തിരിക്കാൻ അവർക്കു് കഴിഞ്ഞു. മിത്തുകളിലൂടെയും അവയുടെ വ്യാഖ്യാനങ്ങളിലൂടെയും മനസ്സിലാക്കിയതല്ലാത്ത ഒരു പുതിയ ലോകത്തെ അറിയാനും കൂടുതലായി പഠിക്കാനും അവർ ആരംഭിച്ചതോടെ തത്വചിന്ത ജന്മമെടുത്തു. പിൽക്കാലത്തു് സോക്രട്ടീസിനു് മുൻപുള്ളവരെന്നും പിൻപുള്ളവരെന്നും രണ്ടു് വിഭാഗമായി ഈ തത്വചിന്തകർ വേർപിരിക്കപ്പെട്ടു. ഇവരിലെ ആദ്യത്തെ വിഭാഗം പ്രകൃതിയെയാണു് പഠനവിധേയമാക്കിയതു്. പ്രകൃതിയുടെ ഐകരൂപ്യം അവരുടെ ഉത്തമബോദ്ധ്യം ആയിരുന്നതിനാൽ, പ്രപഞ്ചത്തിലെ എല്ലാറ്റിനേയും തിരിച്ചു് കൊണ്ടെത്തിക്കാൻ കഴിയുന്ന മൗലികമായ ഒരു അടിത്തറ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. പ്രപഞ്ചത്തെ ആന്തരമായി കൂട്ടിച്ചേർത്തിരിക്കുന്ന ആ “ഒന്നിനു്” വേണ്ടി ദൈവങ്ങളുടെ സഹായം കൂടാതെ നടത്തപ്പെട്ട ചിന്താപരമായ അന്വേഷണങ്ങൾ.
ആദിദ്രവ്യത്തെയും (Thales), ആദിരൂപത്തെയും (Pythagoras), സാർവ്വലൗകികമായ ഒരു വ്യവസ്ഥയെയും (Heraclitus), മൗലികകണങ്ങളെയും ആദിശക്തിയെയും (Anaxagoras) പരമാണുസിദ്ധാന്തത്തേയും (Democritus) എല്ലാം കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങൾ, നിഗമനങ്ങൾ. ഡെമൊക്രിറ്റസ് സോക്രട്ടീസിന്റെ സമകാലികനായിരുന്നു. B. C. E. അഞ്ചാം നൂറ്റാണ്ടിലാണു് ക്ലാസ്സിക്കൽ ഗ്രീക്ക് ഫിലോസഫിയുടെയും, അതുവഴി, സോക്രട്ടീസിനു് പിൻപുള്ളവർ എന്ന വിഭാഗത്തിന്റെയും തുടക്കം കുറിച്ചുകൊണ്ടു് “അറിവിന്റെ അദ്ധ്യാപകർ” എന്നറിയപ്പെട്ടിരുന്ന സോഫിസ്റ്റുകൾ രംഗപ്രവേശം ചെയ്തതു്. പ്രകൃതിയെപ്പറ്റി ആയിരുന്നു പ്രീസോക്രാറ്റിക്കുകളുടെ പഠനങ്ങളെങ്കിൽ, ഇക്കൂട്ടരുടെ പഠനങ്ങൾ മനുഷ്യനെ കേന്ദ്രീകരിച്ചായിരുന്നു.
(* “ഇന്നത്തെ അറിവിൽ” എന്നു് പ്രത്യേകം പറയണം. അല്ലെങ്കിൽ ആബ്സൊല്യൂട്ട് നോളെഡ്ജിന്റെ ഉസ്താദുകളായ ഭക്തർക്കു് ഇഷ്ടപ്പെടില്ല. എന്നത്തേയും അറിവിൽ എന്നു് പറയണമെങ്കിൽ ഭക്തരെപ്പോലെ മനുഷ്യനു് ആത്യന്തികമായ അറിവുണ്ടായിരിക്കണം. അതിനു് ആദ്യം സർവ്വജ്ഞാനിയായ ദൈവത്തിന്റെ തലയിലിരുപ്പു് അറിയണം. ഒരു ദൈവത്തിന്റെ തലയിലിരുപ്പു് അറിയണമെങ്കിൽ ആ ദൈവം നൽകിയ ഗ്രന്ഥം വായിക്കണം. വെറുതെ വായിച്ചാൽ പോരാ, ഒറിജിനൽ ഭാഷയിൽത്തന്നെ വായിക്കണം. ഒറിജിനൽ ഭാഷ പഠിക്കാമെന്നു് വച്ചാലും പ്രയോജനമില്ല. ഏതു് ദൈവമാണു് ഒറിജിനൽ എന്നറിയാതെ ഏതു് ഗ്രന്ഥമാണു് വായിക്കേണ്ടതെന്നു് എങ്ങനെ അറിയും? ഏതു് ഭക്തനും അവന്റെ ദൈവമാണു് ഒറിജിനൽ സത്യദൈവം. എല്ലാറ്റിനുമുപരി, ഒരളവിൽ കൂടുതൽ വേദഗ്രന്ഥങ്ങൾ വായിക്കാനും അതെല്ലാം വിശ്വസിക്കാനും തുടങ്ങിയാൽ മനുഷ്യർ സ്വന്തം പേരുപോലും അറിയാത്തവിധം ഒന്നിനും കൊള്ളാത്തവർ – ബളബളാസ്, ട്രമ്പിനോസ്, സ്റ്റുപ്പിഡോസ് – ആയിപ്പോകും! അതുകൊണ്ടു് വലിയ “ഓണം – ബക്രീദ്” ഡെക്കറേഷനൊന്നും ഇല്ലാതിരിക്കുന്നതാണു് നല്ലതു്. അതുകൊണ്ടു് , “ഇന്നത്തെ അറിവിൽ” – അതുമതി.)
Sep 14, 2016, 12:14 PM
പണ്ടു് കല്ലുകളിലും ഓലകളിലും കടലാസുകളിലും സ്ഥാനം പിടിച്ചിരുന്ന കുത്തുകളും വരകളും എഴുത്തുകളുമെല്ലാം പിന്നീടു് കട്ടപ്പലകകൾ വഴി കണക്കുകൂട്ടനിലേക്കും അവിടെനിന്നും അക്കങ്ങളുടെ രൂപത്തിൽ ലോകവ്യാപകവലവഴി ആവശ്യക്കാരുടെ കണക്കുകൂട്ടനുകളുടെ നിരീക്ഷണത്തിരയിലൂടെ മനുഷ്യരുടെ കണ്ണുകളിലേക്കും എത്താൻ തുടങ്ങി. അതുപോലെ, ആദ്യം നേർക്കുനേർ ആയിരുന്ന വാമൊഴികൾ, പിന്നീടു് സോപാധികമായി (ഒച്ചപെരുക്കികൾ വഴി) പരിമിതമായ എണ്ണം ശ്രോതാക്കളുടെ ചെവികളിലേക്കു് ഒഴുകാനാരംഭിച്ചു. ഇപ്പോൾ ലോകവ്യാപകവലയിലൂടെയുള്ള തത്സമയപ്രക്ഷേപണം വഴി ഭൂമിമലയാളം മുഴുവനുമുള്ള ആവശ്യക്കാരുടെ കണ്ണുകളിലേക്കും ചെവികളിലേക്കും ആർക്കു് വേണമെങ്കിലും അവർ ഇരിക്കുന്നതും നടക്കുന്നതും കിടക്കുന്നതും തിന്നുന്നതും കുടിക്കുന്നതും പറയുന്നതും പാടുന്നതുമെല്ലാം ഒരേസമയത്തുതന്നെ എത്തിക്കാൻ കഴിയും. മനുഷ്യരാശിയുടെ ഈ ജൈത്രയാത്ര അടുത്തൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. കടലിൽ നിന്നും കരയിലെത്തി, കരയിൽ നിന്നും ആകാശത്തെത്തി, ആകാശത്തുനിന്നും ശൂന്യാകാശത്തെത്തി, ഇപ്പോൾ അവിടെനിന്നും അന്യഗ്രഹങ്ങളിൽ കാലുകുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവൻ എന്ന പ്രതിഭാസം! ജീവന്റെ നിരന്തരമായ ഈ യാത്ര നല്ലതാണു്. കാരണം, ജീവിതം എന്നാൽ ചലനമാണു്. ചലനം നിലച്ചാൽ മരണവും. ഭൗതികമോ ആത്മീയമോ ആയ സ്വന്തം ഇസത്തിൽ ആത്യന്തികത കാണുന്നവർ ജീവിതയാത്രയുടെ അന്ത്യം മുൻകൂറായി കണ്ടെത്തി എന്നു് കരുതുന്നവരാണു് – ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വന്തം മരണത്തിൽ അഭിരമിക്കാൻ കഴിയുന്നവർ! മനുഷ്യരെ ഉയർന്നതും താഴ്ന്നതുമായ വർഗ്ഗങ്ങളും ജാതികളുമായി തരം തിരിച്ചാൽ, ചത്തതിനൊക്കുന്ന സ്വന്തം ജീവിതത്തെ മഹത്വീകരിക്കാൻ കഴിയുമെന്നു് ഉത്തമബോദ്ധ്യമുള്ളവർ!
വേട്ടയാടലും കന്നുകാലിവളർത്തലും കൃഷിയുമൊക്കെയായി തുടക്കം കുറിച്ച ഹോമോ സേപിയൻസിനെ സംബന്ധിച്ചു് ജീവിതം ഒരു ഈവ്നിങ് വാക്കായിരുന്നില്ല, കഠിനമായ അദ്ധ്വാനമായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യർക്കു് ക്രമാനുഗതമായ വിശ്രമവും ഇടയ്ക്കിടെയുള്ള ആഘോഷങ്ങളും ആവശ്യമാണു്. അതറിയാവുന്നതുകൊണ്ടാണു് ആറു് ദിവസം ദൈവത്തെക്കൊണ്ടു് കഠിനാദ്ധ്വാനം ചെയ്യിപ്പിച്ച മനുഷ്യർ അങ്ങേർക്കു് ഒരു ദിവസം അവധി കൊടുത്തതു്. വിളവെടുപ്പിനു് ശേഷവും, നല്ല കാലാവസ്ഥയിലുമല്ലാതെ എപ്പോഴാണു് ഒരു കർഷകനു് ഏറ്റവും കൂടുതൽ സന്തോഷിക്കാനും ആഘോഷിക്കാനും കഴിയുക? ഓണാഘോഷവും അതുപോലെതന്നെ. ഇടവപ്പാതി മുതൽ ഇടമുറിയാതെ പെയ്യുന്ന മഴയ്ക്കും, പട്ടിണിക്കാലമായ കർക്കിടകത്തിനും ശേഷം, കൊയ്ത്തും മെതിയും കഴിഞ്ഞു് എന്തെങ്കിലും വായ്‌നിറയെ കടിയ്ക്കാൻ കിട്ടുകയും, അതുവഴി എല്ലിനിടയിൽ നെയ്‌മെത്താൻ തുടങ്ങുകയും ചെയ്യുമ്പോൾ ഒന്നു് കൂത്താടാൻ തോന്നിയില്ലെങ്കിൽ പിന്നെയെന്തു് കർഷകജീവിതം? വലിയ ശാരീരിക അദ്ധ്വാനമൊന്നും ഇല്ലാത്ത ജോലികൾ ചെയ്തു് മാസം തോറും ശമ്പളം വാങ്ങി ജീവിക്കുന്ന മനുഷ്യരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഒരു വിളവെടുപ്പു് ഉത്സവത്തിനു് എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. മത്സ്യത്തിനു് ദാഹശമനം ഒരു ആഘോഷമാക്കേണ്ട കാര്യമുണ്ടോ?
ഒരു വിളവെടുപ്പുത്സവമായിട്ടാവണം ഓണാഘോഷവും തുടങ്ങിയതു്. താടിയുള്ള അപ്പന്മാരെ മാത്രമേ പേടിക്കൂ എന്നൊരു നിർബന്ധം മനുഷ്യർക്കുള്ളതുകൊണ്ടു്, താടിയോ ചുരുങ്ങിയപക്ഷം കൊമ്പൻമീശയെങ്കിലുമോ ഉള്ള ദൈവങ്ങളെയും ദൈവതുല്യരെയുമൊക്കെ ആഘോഷങ്ങളുമായി ബന്ധിപ്പിച്ചാൽ തുള്ളാനറിയാത്ത മനുഷ്യരെക്കൊണ്ടുപോലും തുള്ളിപ്പിക്കാമെന്നു് ആഘോഷക്കമ്മിറ്റിക്കാർ മനസ്സിലാക്കിയതിനാൽ ഓണത്തിനു് ഒരു ദൈവിക-ആത്മീയപരിവേഷം നൽകാൻ അവർ തീരുമാനിച്ചെന്നേയുള്ളു. പഴയകാലം മുതൽ ലോകത്തിൽ നിലവിലിരിക്കുന്ന എല്ലാ ആഘോഷങ്ങളിലെയും ദൈവികതയുടെ കാര്യം ഇത്രയേയുള്ളു. സമാധാനത്തിന്റേയും സ്നേഹത്തിന്റേയും ആഘോഷമായ ക്രിസ്മസ് കൃത്യമായി വർഷം തോറും ആചരിച്ചില്ലെങ്കിൽ തലവെട്ടുമെന്നു് തുടക്കത്തിൽ ഒന്നോ രണ്ടോ വട്ടം ചെണ്ടകൊട്ടി മനുഷ്യരെ അറിയിക്കേണ്ട ആവശ്യമേയുള്ളു. പിന്നീടു് അവർക്കതു് ശീലമായിക്കൊള്ളും. സുഹൃത്തുക്കളെ പരിചയപ്പെടാനും പരിചയങ്ങൾ പുതുക്കാനുമായി ഇന്നു് ഡിസ്ക്കോയിൽ പോകുന്ന യുവജനങ്ങൾ അതു് ചെയ്യുന്നതു് ഏതെങ്കിലുമൊരു ദൈവം അങ്ങനെ കല്പിച്ചതുകൊണ്ടാവാൻ വഴിയില്ല.
പറഞ്ഞുവന്നതു്, ഓണാഘോഷവും ഓണാശംസകളുമെല്ലാം നല്ല കാര്യങ്ങളാണു്. പക്ഷേ, ട്രാൻസ്‌ലിറ്ററേഷനിലൂടെ മലയാളം എഴുതാൻ കഴിയുന്ന ഈ കൽക്കിയുഗത്തിൽ ഒരല്പം ശ്രദ്ധക്കുറവു് മതി, വാമനമാഹാത്മ്യം വമനമാഹാത്മ്യമോ വാമണമാഹാത്മ്യമോ ഒക്കെ ആയിപ്പോകാൻ. അതു് അത്രതന്നെ നല്ല ഒരു കാര്യമാണെന്നു് തോന്നുന്നില്ല. ഓണത്തീറ്റയ്ക്കു് മുൻപോ പിൻപോ എന്നനുസരിച്ചു് രണ്ടും മൂന്നും മാഹാത്മ്യങ്ങളുടെ നന്മതിന്മകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൂടെന്നില്ലെങ്കിലും. ബോധം (consciousness) എന്ന അവസ്ഥയുടെ പല തലങ്ങളായ അനുഭവം, ഓർമ്മ, അറിവു്, ഉണർവ്വു്, ഉദ്ദേശ്യം എന്നിവയെല്ലാം പോലെതന്നെ ഒട്ടും അപ്രധാനമല്ലാത്ത ഒരു ഗുണമാണു് ശ്രദ്ധ എന്ന കാര്യം മറ്റാരു് മറന്നാലും ആദ്ധ്യാത്മികതയും ബോധവും ബുദ്ധിയുമെല്ലാം ഇടവിടാതെ പ്രസംഗിക്കുന്നവരെങ്കിലും മറക്കരുതല്ലോ.
ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ!
Sep 16, 2016, 10:23 AM
“ഇന്നലത്തെ ദിനപ്പത്രത്തേക്കാൾ പഴയതല്ല മറ്റൊന്നും.” – ഒരു ജർമ്മൻ ചൊല്ലു്
അതുകൊണ്ടാവണം കാലത്തിനൊത്തു് നീങ്ങണം എന്നാഗ്രഹിക്കുന്ന പത്രവായനക്കാർ ചവിട്ടുപടിയിൽ നിന്നിട്ടായാലും ശരി, ഇന്നത്തെ പത്രബസുകളിൽത്തന്നെ യാത്ര ചെയ്തു് നാളത്തെ പിൻതിരിപ്പൻ നോട്ടസമയത്തെ നൊസ്റ്റാൾജ്യക്കുള്ള ക്യാപ്പിറ്റൽ ആത്മാവിന്റെ ഡപ്പികളിൽ ശേഖരിക്കാനായി തിടുക്കപ്പെടുന്നതു്. അതിനോടൊപ്പം, വാർത്തകളുടെ ആഴവും, അവയിലെ സെൻസേഷനും മൂലമുള്ള ഞെട്ടലും, പ്രതികരിക്കാനും പ്രതികാരം ചെയ്യാൻ ആഹ്വാനിക്കാനുമുള്ള ആവേശവും അവരെ പത്രബസുകളിലെ യാത്രയ്ക്കു് നിബന്ധിതരാക്കാറുണ്ടു്. ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ എന്നാണു് അവരുടെ ചോദ്യം. ഇത്രയേറേ ലോയേഴ്സും ഫൊറെൻസിക്സും സൈക്കോളജിസ്റ്റ്സും സൊഷ്യോളജിസ്റ്റ്സും പൊളിറ്റിഷ്യൻസും ഉണ്ടായിട്ടാണോ കേരളത്തിനു് ഡോഗ്സ് ഓൺ കൺട്രി ആയി ഞൊണ്ടി നടക്കേണ്ടി വരുന്നതു് എന്നാണു് ജനങ്ങളുടെ ചോദ്യം.
യാത്രക്കാർ എല്ലാവരും ടിക്കറ്റെടുത്തു എന്നു് ഉറപ്പായാൽ ബസ് ബ്രേക്ക് ഡൗൺ ആകാനുള്ള ബെൽ കൊടുക്കണമെന്നാണു് സമൂഹം വഴി പൊതുവേയും, ട്രെയിനിങ് കാലത്തു് പ്രത്യേകിച്ചും മലയാളം പത്രബസുകളുടെ കണ്ഡക്ടേഴ്സ് പഠിപ്പിക്കപ്പെടുന്നതു്. ബസിൽ നിന്നും വഴിമദ്ധ്യേ വെറും കയ്യോടെ ഇറക്കിവിട്ടു് എത്രവട്ടം ഇളിഭ്യരാവേണ്ടി വന്നാലും, ഉറങ്ങാൻ പോകുന്നതിനു് മുൻപു് അക്കാര്യം മറന്നിരിക്കണമെന്നു് ഇൻസ്റ്റിങ്ക്റ്റീവ് ആയിത്തന്നെ പത്രവായനക്കാരും മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടു് കൊമ്പാറ്റിബിലിറ്റിയുടെ പ്രശ്നമില്ല. സക്കിക്കൊത്ത സങ്കരൻസ്.
തമ്പ്രാൻ ഇന്നു് വീഴ്ത്തിത്തരുന്ന മന്നായും കാടപ്പക്ഷിയും ഇന്നുതന്നെ പെറുക്കിയെടുത്തു് തിന്നു് തീർക്കാനുള്ളതാണു്. നാളത്തേയ്ക്കു് അവ “കൃമിച്ചു് നാറി” കേടായിപ്പോകും. (വിശുദ്ധ ശാബത്ത് നാളിന്റെ തലേന്നു് ഇരട്ടി പെറുക്കിയിരിക്കണം. ശബത്തിൽ ജോലി ചെയ്യാൻ ആർക്കും അനുവാദമില്ല. അന്നു് കൃമികൾ പോലും വിശ്രമിക്കും. അതുകൊണ്ടു് മന്നായ്ക്കും കാടപ്പക്ഷിയ്ക്കും കേടു് സംഭവിക്കുകയുമില്ല. ശബത്ത് നാളിൽ ദൈവവും വിശ്രമത്തിലാണെന്നതിനാൽ അന്നു് തീറ്റ വീഴ്ത്തലുമില്ല. ഡിവൈൻ ലോജിക്!)
ബൈബിളിന്റെ കാലത്തിനു് മുൻപും പിൻപും ഇങ്ങനെയൊക്കെയാണു് തീറ്റയുടെയും വിഡ്ഢിത്തത്തിന്റെയും കാര്യങ്ങൾ. തീറ്റ വളിച്ചും പുളിച്ചും കൃമിച്ചും പോകും, വിഡ്ഢിത്തത്തിനാണെങ്കിൽ വേദനയുമില്ല. ആദ്യത്തേതിനു് ഫ്രിഡ്ജും, രണ്ടാമത്തേതിനു് യുക്തിബോധത്തോടെയുള്ള ചിന്തയും ഒരു പരിഹാരമായിക്കൂടെന്നില്ല. അതെന്തായാലും, വിഡ്ഢിത്തത്തിനു് വേദനയില്ലാത്തതു് നന്നായി. അല്ലെങ്കിൽ എന്തായിരുന്നേനെ ഭക്തരുടെ ലോകത്തിൽ നിന്നും ഉയരുന്ന കരച്ചിലിന്റെ ഒച്ച!?
Sep 17, 2016, 12:36 PM
മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറണമെന്നാണോ നമ്മൾ ആഗ്രഹിക്കുന്നതു് അങ്ങനെതന്നെ നമ്മൾ അവരോടും പെരുമാറണം എന്ന “ഗോൾഡൻ റൂൾ” ലോകത്തിലെ പല സംസ്കാരങ്ങളിലും നിലനിന്നിരുന്ന ഒരു പ്രമാണമാണു്. മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറരുതെന്നാണോ നമ്മൾ ഇച്ഛിക്കുന്നതു് അങ്ങനെ അവരോടും നമ്മൾ പെരുമാറരുതു് എന്ന നിഷേധരൂപമടക്കം പല രൂപങ്ങളിലും, രാജ്യങ്ങളിലും, കാലങ്ങളിലുമായി ഈ പ്രമാണം അവതരിപ്പിക്കപ്പെട്ടിട്ടുണ്ടു്:
“മറ്റുള്ളവർ ചെയ്താൽ അവരെ നീ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ നീയും ചെയ്യാതിരിക്കുക.” – Thales (624 BCE – 546 BCE)
“നിന്റെ അയൽക്കാരന്റെ ലാഭവും നഷ്ടവും നിന്റെ ലാഭവും നഷ്ടവും ആയി കരുതുക.” – Laozi (Died: 531 BCE)
“മറ്റുള്ളവർ നിന്നോടു് ചെയ്യരുതെന്നു് നീ ആഗ്രഹിക്കുന്ന കാര്യങ്ങൾ നീ മറ്റുള്ളവരോടും ചെയ്യാതിരിക്കുക.” – Confucius (551 BCE – 479 BCE)
“മറ്റുള്ളവർ നിന്നോടു് ചെയ്യുമ്പോൾ നിനക്കു് കോപം തോന്നുന്ന കാര്യങ്ങൾ അവരോടും ചെയ്യാതിരിക്കുക.” Isocrates (436 BCE – 338 BCE)
“നിനക്കു് വെറുപ്പുളവാക്കുന്നതു് സഹജീവികളോടു് ചെയ്യാതിരിക്കുക. ഇതാണു് മുഴുവൻ തോറയും. ബാക്കിയെല്ലാം വിശദീകരണങ്ങളാണു്.” – Hillel the Elder (ca. 110 BCE – 10 CE)
“നിന്റെ അധീശൻ നിന്നോടു് എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നതു്, അങ്ങനെതന്നെ നിന്റെ അധീനനോടും ചെയ്യുക.” – Seneca (4 BCE – 65 CE)
“നീ നിന്നോടു് പെരുമാറുന്നതുപോലെ മറ്റുള്ളവരോടും പെരുമാറുക.” – മഹാഭാരതം.
“മനുഷ്യർ നിങ്ങൾക്കു് ചെയ്യേണം എന്നു് നിങ്ങൾ ഇച്ഛിക്കന്നതു് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതുതന്നേ.” – ബൈബിൾ
“അവനവനാത്മസുഖത്തിനായാചരിക്കുന്നവയപരനു് സുഖത്തിനായ് വരേണം” എന്ന ശ്രീനാരായണഗുരുവിന്റെ (1856 – 1928) ഉപദേശവും ഇതിന്റെ (എന്റെ അഭിപ്രായത്തിൽ മോശമായ) ഒരു അനുകരണമല്ലാതെ മറ്റൊന്നുമല്ല. ആത്മസുഖത്തിനായി ഒരുവൻ ചെയ്യുന്ന കാര്യങ്ങൾ, അവൻ വേണമെന്നു് കരുതിയാൽ പോലും, അപരനു് നിർബന്ധമായും സുഖം വരുത്തിക്കൊള്ളണമെന്നില്ല. മനുഷ്യൻ ചെയ്യുന്ന മിക്കവാറും എല്ലാ കാര്യങ്ങളും സ്വന്തം സുഖത്തിനായി ചെയ്യുന്നവയാണു്. ജോലി, ആഹാരം, ഉറക്കം, വിനോദം, പ്രാർത്ഥന തുടങ്ങിയവയെല്ലാം മനുഷ്യന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സുഖത്തിനു് വേണ്ടി ചെയ്യപ്പെടുന്ന കാര്യങ്ങളാണു്. ആ കർമ്മങ്ങൾവഴി മറ്റുള്ളവർക്കു് കഴിവതും ശല്യമോ തടസ്സമോ നേരിടാതിരിക്കാൻ ശ്രമിക്കാമെന്നല്ലാതെ, അവരെ അതുവഴി “സുഖിപ്പിക്കണം” എന്നു് കരുതിയാൽ അതു് എപ്പോഴും നടക്കണമെന്നു് നിർബന്ധമില്ല. അല്ലെങ്കിൽ, അവർ ആ കർമ്മങ്ങൾ ചെയ്യുന്നവന്റെ സുഖത്തിൽ സുഖം കണ്ടെത്തുന്നവരായിരിക്കണം. മുലകുടി എന്ന കർമ്മം ചെയ്യുന്ന കുഞ്ഞിന്റെ സുഖത്തിൽ സ്വയം സുഖിക്കുന്ന അമ്മയെപ്പോലെ.
കഷ്ടകാലത്തിനു്, മറ്റുള്ളവരുടെ സുഖത്തിൽ സുഖിക്കാൻ കഴിയുന്ന ഇനം മനുഷ്യർ ലോകത്തിൽ വളരെ വിരളമാണു്. ആഹാരത്തിനും, സ്പോർട്ട്സിനും, ധ്യാനത്തിനുമെല്ലാം വേണ്ട സാഹചര്യങ്ങളും വസ്തുവകകളും ഒരുക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കു് ആ കർമ്മങ്ങൾ ചെയ്യുന്ന മനുഷ്യർ വഴി – ആ സാമഗ്രികൾ തന്നെ തഴഞ്ഞു് മറ്റു് കക്ഷികളിൽ നിന്നും വാങ്ങിക്കാത്തിടത്തോളം – ഒരുതരം സുഖം ലഭിക്കുന്നുണ്ടെന്നു് വേണം കരുതാൻ. ഈ ലോകത്തിൽ ഒന്നും ഫ്രീ അല്ല. നല്ല തൊലിക്കട്ടിയും അതിനൊത്ത ഉളുപ്പില്ലായ്മയും ഉണ്ടെങ്കിലേ നോക്കുകൂലി പോലും വാങ്ങാൻ കഴിയൂ. ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന ഒരു സഖാവിനു് കമ്മ്യൂണിസ്റ്റ് പാർട്ടിയും “സഹസഖാക്കളും” നൽകുന്ന പിന്തുണയുടെ ആയുസ്സിനു് അവൻ ഇങ്ക്വിലാബ് മുർദ്ദാബാദ് എന്നു് മാറ്റി വിളിക്കുന്നതു് വരെ മാത്രമേ ദൈർഘ്യമുണ്ടാവൂ. എന്നെ വിശ്വാസം വരാത്ത സഖാക്കൾക്കു് സ്വയം ഒരു “guinea pig” ആയി ഇതിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടാവുന്നതാണു്.
അതുകൊണ്ടു്, അപരനു് മനഃപൂർവ്വം ദുഃഖമോ കഷ്ടനഷ്ടങ്ങളോ ഒന്നും വരുത്താതെ, അവനവന്റെ ആത്മസുഖത്തിനായി വല്ലതുമൊക്കെ ആചരിക്കാൻ ശ്രമിച്ചാൽത്തന്നെ ധാരാളം. അവനവനെയും ആത്മാവിനെയും സുഖിപ്പിക്കാനായി വസ്ത്രം പോലും ഉപേക്ഷിക്കുന്ന ജൈനസന്യാസികളുണ്ടെന്ന കാര്യം മറക്കുന്നില്ല. അപവാദങ്ങൾ നിയമങ്ങളെ സ്ഥിരീകരിക്കുന്നു എന്നാണല്ലോ! അവരെ ആ സ്ഥിതിയിൽ കാണേണ്ടി വരുന്ന അപരരുടെ മാനസികവ്യാപാരങ്ങൾ – സുഖമാണോ, ദുഃഖമാണോ, നിർവ്വികാരതയാണോ തുടങ്ങിയവ – അവരെ ബാധിക്കാറില്ല. അതിനെപ്പറ്റിയൊന്നും അവർ ചിന്തിക്കാറേയില്ല എന്നു് തോന്നുന്നു. ദിഗംബരസ്വാമികൾ മറ്റു് മനുഷ്യർക്കു് കൂടി അവകാശപ്പെട്ട ദിക്കുകളെ സ്വന്തം അംബരമാക്കി ശരീരത്തിൽ വാരിച്ചുറ്റുന്നതു് ഒരുതരം സ്വാർത്ഥതയല്ലേ എന്നൊരു ചോദ്യം ഓർഡിനറി മോർട്ടലുകളുടെ കാഴ്ചപ്പാടിൽ നിന്നു് നോക്കിയാൽ ഒട്ടും അപ്രസക്തമല്ല. പക്ഷേ, സ്വന്തം നഗ്നത പോലും ഒരു പ്രശ്നമല്ലാത്തവിധം ഇന്ദ്രിയാനുഭവബോധത്തെ ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്കെറിഞ്ഞു് നന്മതിന്മകൾക്കു് അപ്പുറത്തെത്തിയവർക്കു് എന്തു് ചോദ്യം, എന്തു് ഉത്തരം! വേണ്ടിവന്നാൽ തുണിയുടുത്തവർക്കു് വരെ സ്റ്റഡിക്ലാസ്സ് എടുക്കുന്ന ആത്മീയപണ്ഡിതർ! എവിടെ ഡിമാൻഡ് ഉണ്ടോ അവിടെ സപ്ലൈയുമുണ്ടാവും. പ്രശ്നം ഡിമാൻഡിന്റേതാണു്, ആ ഡിമാൻഡിനു് ജന്മം നൽകുന്ന മാനസികാവസ്ഥയുടേതാണു്. അജ്ഞതയുടെ ആ വിളനിലം വരണ്ടാൽ സപ്ലൈയും ചൂഷണവും ഓട്ടോമാറ്റിക് ആയി നിലയ്ക്കും.
നീ അങ്ങോട്ടു് ചെയ്ത കാര്യങ്ങൾ നിനക്കു് തിരിച്ചു് കിട്ടുമ്പോൾ വാങ്ങിച്ചു് കെട്ടിക്കൊൾക എന്നൊരു ന്യൂജൻ “ലോ ഓഫ് റെസിപ്രോസിറ്റി” അസ്ഥാനത്തല്ലെന്നു് തോന്നുന്നു.
Sep 21, 2016, 3:07 PM
മലയാളം വിക്കിപ്പീഡിയയിൽ കാണുന്നതു് ശരിയാണെങ്കിൽ ഇൻഡ്യൻ പാർലമെന്റ് വായനശാലയിൽ ഓഷോ, ഗാന്ധി എന്നീ രണ്ടു് വ്യക്തികളുടെ മാത്രമേ മുഴുവൻ കൃതികളും സൂക്ഷിച്ചു് വച്ചിട്ടുള്ളു. പ്രസ്തുത വ്യക്തികളുടെ ഔന്നത്യമാണോ, പാർലമെന്റിന്റെ നീചത്വമാണോ അതു് സൂചിപ്പിക്കുന്നതു് എന്നെനിക്കറിയില്ല. ചുരുങ്ങിയപക്ഷം മാർക്സിന്റെ തകൃതികൾ കൂടി അക്കൂട്ടത്തിൽ സൂക്ഷിക്കാമായിരുന്നു എന്നാണു് വ്യക്തിപരമായ എന്റെ അഭിപ്രായം. ലെനിനിസവും സ്റ്റാലിനിസവും മാവോയിസവും കാസ്‌റ്റ്രോയിസവും ഒന്നും ഇതുവരെ ഭാരതത്തെ ഗമ്പ്ലീറ്റ് പിടിച്ചടക്കിയിട്ടില്ല എന്ന ധൈര്യത്തിലാണിതു് പറയുന്നതു്. സൈബീരിയയിലെ ലേബർ ക്യാമ്പുകളിലേക്കു് തട്ടുന്നതും ഹിമാലയത്തിന്റെ മുകളിലേക്കു് തള്ളുന്നതും തമ്മിൽ, തണുപ്പിന്റെ കാഠിന്യം വച്ചു് നോക്കുമ്പോൾ അത്ര വലിയ വ്യത്യാസമൊന്നുമില്ല.
അതെന്തായാലും, പാർലമെന്റ് എന്നാൽ മനുഷ്യരുടെ ഒരു കൂട്ടം മാത്രമായതിനാൽ, പാർലമെന്റിന്റെ നിലവാരം എന്നതു് അതിലെ അംഗങ്ങളുടെ നിലവാരത്തിൽ അധിഷ്ഠിതമായിരിക്കുന്ന കാര്യമാവാനേ വഴിയുള്ളു എന്നതു് സാമാന്യബുദ്ധി. പാർലമെന്റ് അംഗങ്ങൾ ജനത്തിന്റെ പ്രതിനിധികൾ ആയതിനാൽ പാർലമെന്റ് അംഗങ്ങളുടെ നിലവാരം എന്നതു്, അന്തിമമായി, ജനത്തിന്റെ ഔന്നത്യത്തിനും നീചത്വത്തിനും ഇടയിൽ എവിടെയോ കിടക്കുന്ന ഒരു ശരാശരി ആകാനേ തരമുള്ളു. മനുഷ്യരുടെ കാഴ്ചപ്പാടുകൾ ആത്മനിഷ്‌ഠമായതിനാൽ, മറ്റുള്ളവരെപ്പറ്റി മനുഷ്യർ നടത്തുന്ന വിലയിരുത്തലുകളും വ്യക്തിഗതം മാത്രമായിരിക്കും എന്നതും സ്വാഭാവികം. (സംഘം ചേർന്നു് സമത്വം സ്ഥാപിക്കാനായി ഈ ഭൂമിയിലേക്കു് അവതരിച്ചിരിക്കുന്ന ഞാൻ അക്കൂട്ടത്തിലൊന്നും പെടുന്നവനല്ല എന്നു് പ്രത്യേകം പറയേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല). വസ്‌തുനിഷ്‌ഠമായും നിശ്ശേഷമായും മറ്റു് മനുഷ്യരെ വിലയിരുത്തുക എന്നതു് മനഃശാസ്ത്രജ്ഞർക്കു് പോലും മിക്കവാറും അസാദ്ധ്യമാണെന്നിരിക്കെ, “പന്തീരാണ്ടു് പട്ടരുടെ കൂടെ വസിച്ചിട്ടും, പട്ടരുടെ കുടുമ മുൻപോട്ടോ പുറകോട്ടോ എന്നു് അറിയാൻ കഴിയാതെ പോയവർ” മനുഷ്യരെ അളക്കാനും വിധിക്കാനും ശ്രമിച്ചാൽ എങ്ങനെയിരിക്കും എന്നു് ചിന്തിക്കാവുന്നതേയുള്ളു.
ഒരു കൂരയുടെ കീഴിൽ കഴിയുന്ന മനുഷ്യരെ അറിയുക എന്നതിനേക്കാൾ എത്രയോ എളുപ്പമാണു് പ്രപഞ്ചത്തിനും അപ്പുറത്തേയ്ക്കു് മനുഷ്യർ എറിഞ്ഞു് പിടിപ്പിച്ചിരിക്കുന്ന ദൈവത്തെ അറിയുക എന്നതു്. അതു് മനുഷ്യർക്കു് ദൈവത്തെ അറിയാൻ കഴിയുന്നതുകൊണ്ടല്ല, ആരെങ്കിലും തന്നെ അറിയുന്നുണ്ടോ എന്നറിയണമെങ്കിൽ ആദ്യം താൻതന്നെ ഉണ്ടായിരിക്കണം എന്ന നിബന്ധന ദൈവത്തിന്റെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല എന്നതിനാലാണു്. അതുകൊണ്ടാണു് ദൈവത്തിന്റെ പേരിൽ ആരെല്ലാം എന്തെല്ലാം കോപ്രായങ്ങൾ കാട്ടിക്കൂട്ടിയാലും ഒന്നും സംഭവിക്കാത്തതും, എന്നിട്ടും സ്വന്തം ഇച്ഛാനുസരണം എല്ലാം സംഭവിക്കുന്നുണ്ടെന്നു് വിശ്വസിക്കാൻ മനുഷ്യർക്കു് ഒരു ചളിപ്പും ഇല്ലാത്തതും.
ബ്രാഹ്മണൻ – ചണ്ഡാലൻ, സത്തുക്കൾ – അസത്തുക്കൾ, ബൂർഷ്വാസി ആയ കമ്മ്യൂണിസ്റ്റുകൾ – കമ്മ്യൂണിസ്റ്റുകൾ അല്ലാത്ത ബൂർഷ്വാസികൾ എന്നിങ്ങനെയൊക്കെ മനുഷ്യരെ തരംതിരിക്കുന്നവരെ കാണേണ്ടിവരുമ്പോൾ ഇക്കാര്യം ഓർമ്മിക്കുന്നതു് നന്നായിരിക്കും. അതുപോലെ, മറ്റു് വ്യക്തികളെപ്പറ്റി സ്വന്തമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ, മനുഷ്യൻ എന്ന സ്പീഷിസിനെപ്പറ്റി ആ വ്യക്തികളുടെ കാഴ്ചപ്പാടുകൾ എന്തായിരുന്നു എന്നു് അറിഞ്ഞിരിക്കുന്നതും നല്ലതാണു്. മനുഷ്യനു് മനുഷ്യനെപ്പറ്റി ഉണ്ടാവേണ്ട കാഴ്ചപ്പാടുകളല്ല മതങ്ങൾക്കും ജാതികൾക്കും പാർട്ടികൾക്കുമെല്ലാം തമ്മിൽത്തമ്മിലുള്ളതെന്ന തിരിച്ചറിവു് അതുവഴി ഉണ്ടായിക്കൂടെന്നില്ല – കണ്ണടകൾക്കു് കാഴ്ചപ്പാടുകളെ എത്രമാത്രം സ്വാധീനിക്കാൻ കഴിയും എന്നതിനെപ്പറ്റിയുള്ള തിരിച്ചറിവു്.
ഗാന്ധിയുടെയും ഓഷോയുടേയും കൃതികളെപ്പറ്റി ആയിരുന്നല്ലോ പറഞ്ഞു് തുടങ്ങിയതു്. ഗാന്ധി ഭാരതീയരുടെ രാഷ്ട്രപിതാവാണു്. അദ്ദേഹത്തിന്റെ മൊത്തം കൃതികളും പാർലമെന്റ് ലൈബ്രറിയിൽ ഇല്ലെന്നു് വന്നാൽ മോശമാണു്. തന്റെ മൊത്തം കൃതികൾക്കും പാർലമെന്റ് ലൈബ്രറിയിൽ സ്ഥാനം ലഭിച്ച ഓഷോയും ഭാരതീയരുടെ കാഴ്ചപ്പാടിൽ രാഷ്ട്രപിതാവിനു് തുല്യമായ ഒരു പദവി അർഹിക്കുന്നുണ്ടാവണം. ആളുകളെ സംഘം ചേർത്തു് ലോകത്തെ നന്നാക്കാൻ ശ്രമിച്ച ഒരു “നിയോ സന്യാസി” ആയിരുന്നു എന്റെ അറിവിൽ ഓഷോ. ധനികന്റെ ഗുരു എന്നു് സ്വയം വിശേഷിപ്പിച്ച ആ കർമ്മബദ്ധൻ ഭാരതത്തിൽ അതിനു് വേണ്ട സൗകര്യം ഇല്ലെന്നു് തോന്നിയപ്പോൾ അമേരിക്കയിലേയ്ക്കു് കടക്കുകയായിരുന്നു. ഹോമോ സെക്ഷ്വൽ ആണെങ്കിൽ നീയൊരു മനുഷ്യനല്ല, അന്ധനോ ബധിരനോ മൂകനോ അംഗഹീനനോ ഒക്കെ ആയി ജനിക്കുന്ന കുഞ്ഞുങ്ങളെ കൊന്നുകളയുകയാണു് അവരെ സ്നേഹിക്കുന്ന മാതാപിതാക്കൾ ചെയ്യേണ്ടതു് എന്നെല്ലാമുള്ള “സ്നേഹദൂതുകൾ” മനുഷ്യർക്കു് നൽകാനായാണു് അദ്ദേഹം അമേരിക്കയിലെ ഒറിഗണിൽ അഞ്ചേമുക്കാൽ മില്ല്യൺ ഡോളർ കൊടുത്തു് 64229 ഏക്കർ വിസ്തീർണമുള്ള “The Big Muddy Ranch” വാങ്ങിയതു്. ഗുരുവിനു് ശിഷ്യഗണം സമ്മാനമായി വാങ്ങിക്കൊടുത്തതു് തൊണ്ണൂറിലേറെ റോൾസ് റോയ്സു് കാറുകളായിരുന്നത്രെ! ഗുരു ദിവസേന വ്യത്യസ്ത കാറുകളിലെത്തി ദർശനം നൽകുന്നതിന്റെ സുഖം ഭക്തർക്കേ അറിയൂ!
ഗുരുക്കൾക്കു് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണു് ഭക്തർ എന്ന ജനുസ്സു്. അന്യർ അവരെ ഭക്തർ എന്നു് വിളിക്കുന്നതു് അവർക്കത്ര ഇഷ്ടമല്ല എന്നേയുള്ളു. ഏതായാലും, അർത്ഥമില്ലാത്തവനു് അർത്ഥം കിട്ടുമ്പോഴോ, തൂറാത്തവൻ തൂറുമ്പോഴോ ഒക്കെയുള്ള പതിവുപോലെ, “റാഞ്ചോ രജനീഷ്” ക്രിമിനാലിറ്റിയുടെയും പെഡൊഫിലിയയുടെയും, നികുതിവെട്ടിപ്പിന്റെയുമെല്ലാം കൂത്തരങ്ങാവുകയും അമേരിക്കൻ അധികൃതർ ഓഷോയിൽ പിടി മുറുക്കുകയും ചെയ്തപ്പോൾ ഓഷോക്കു് അവിടെനിന്നും കെട്ടുകെട്ടേണ്ടി വന്നതു് ഓഷോചരിത്രം. കുറച്ചു് കാലത്തേയ്ക്കൊക്കെയല്ലാതെ, എല്ലാവരേയും എല്ലാ കാലത്തേക്കും കളിപ്പിയ്ക്കാൻ എല്ലാവരും ഗുരുവിനെ കാണുമ്പോൾ കണ്ണടഞ്ഞു് പോകുന്നതരം ഭക്തഭാരതീയരല്ലല്ലോ. അമേരിക്കയുടെ ഇടപെടൽ മൂലം നേപ്പാൾ – ക്രീറ്റ് – യുറുഗ്വയ് എന്നിവിടങ്ങളിലൊന്നും കാലുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പൂനെയിലെത്തി, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായി, ശിഷ്ടകാലം പൂർത്തിയാക്കാൻ ഓഷോ തീരുമാനിക്കുകയായിരുന്നു.
ദൈവങ്ങൾ രക്തസാക്ഷികളെപ്പോലെയാണു്, ഒരിക്കലും മരിക്കില്ല. മരിക്കാൻ അവരുടെ ശവം വിറ്റു് ജീവിക്കേണ്ടവർ സമ്മതിക്കില്ല എന്നു് പറയുന്നതാവും കൂടുതൽ ശരി. അതുകൊണ്ടു് ഓഷോയ്ക്കും കിട്ടി ആ വകയിൽ പെടുത്താവുന്നയിനം ഒരു സ്മാരകശില:
“ഓഷോ ഒരിക്കലും ജനിച്ചില്ല, ഒരിക്കലും മരിച്ചില്ല, ഭൂമി എന്ന ഈ ഗ്രഹത്തെ 1931 ഡിസംബർ 11-നും 1990 ജനുവരി 19-നും ഇടയിൽ സന്ദർശിക്കുക മാത്രം ചെയ്തു”.
ഇപ്പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ? എനിക്കെന്തായാലുമില്ല.
കൂടുതൽ വേണമെന്നുള്ളവർക്കായി: https://en.wikipedia.org/wiki/Rajneesh
Sep 26, 2016, 11:14 AM
കവയിത്രി സുഗതകുമാരി എന്തോ പറഞ്ഞെന്നു് കേട്ടു. എന്താണെന്നു് കൃത്യമായി മനസ്സിലാക്കാൻ പറ്റിയില്ല. എന്നാലും ഫെയ്സ്ബുക്ക് സ്‌റ്റ്രീമിലെ സഹപ്രാപ്പിടിയന്മാരുടെ രോഷം കണ്ടിട്ടു് ക്ഷമയർഹിക്കാത്ത എന്തോ മര്യാദാലംഘനം അവരുടെ വായിൽ നിന്നും വന്നിട്ടുണ്ടാവുമെന്നേ കരുതാനാവൂ. ഒത്തിരി നാറണമെങ്കിൽ ഇത്തിരിയെങ്കിലും തൂറിയിരിക്കണം എന്നാണല്ലോ മാള അരവിന്ദനും പറഞ്ഞിട്ടുള്ളതു്. ഒരു കവയിത്രി എന്തെങ്കിലും പറഞ്ഞാൽ എനിക്കെന്തു് പ്രശ്നം എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. കവിതയെഴുതുന്ന ഒരു സ്വഭാവം ആയകാലത്തു് എനിക്കും ഉണ്ടായിരുന്നു. കാട്ടുപൂച്ചയ്ക്കും മരക്കാവിയ്ക്കുമെല്ലാം അനശ്വരത നൽകാൻ എന്റെ ചില കവിതകളിലൂടെ ഞാനും കിണഞ്ഞു് പരിശ്രമിച്ചിട്ടുണ്ടു്. ജന്മനാ വിനയശീലനായതുകൊണ്ടു് ഒരു കവിയാണെന്ന ഭാവമൊന്നും ഞാൻ കാണിക്കാറില്ലെന്നേയുള്ളു. ഭാഗ്യത്തിനു്, എന്നെക്കണ്ടാൽ ഒരു കവിയാണെന്നു് തോന്നുകയുമില്ല. അല്ലെങ്കിൽ ആരാധകർ എന്നെ നിലത്തു് നിർത്തുമായിരുന്നോ? ഒരു കവയിത്രിയോ കവിയോ വേണ്ടാതനം പറഞ്ഞു് കവിസമൂഹത്തിനു് മൊത്തം പേരുദോഷം ഉണ്ടാക്കിയാൽ അതിനെതിരെ രണ്ടു് വാക്കു് പറയാതിരിക്കാൻ ഒരു കവിയെന്ന നിലയിൽ എനിക്കാവതില്ല. പൂക്കാതിരിക്കാൻ മാത്രമല്ല, പ്രതികരിക്കാതിരിക്കാനും കവികൾക്കു് ആവതില്ലാതാവുന്ന ചില സാഹചര്യങ്ങളുണ്ടു്. അതുകൊണ്ടു് ഞാൻ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി അവരുടെ അന്യായത്തിനെതിരെ അതിശക്തമായി പ്രതികരിക്കുന്നു: കവയിത്രി സുഗതകുമാരി പറഞ്ഞതു് എന്തുതന്നെയായാലും അതു് മഹാ മോശമായിപ്പോയി. സമൂഹത്തിനു് മാതൃക കാണിക്കേണ്ടവർ അങ്ങനെയൊന്നും ഒരിക്കലും പറയരുതു്. എങ്കിൽത്തന്നെയും, ശനിദശയിൽ അകപ്പെട്ട ഒരു കവയിത്രിയ്ക്കു് പ്രതിഫലേച്ഛയില്ലാതെ വിദഗ്ദ്ധോപദേശം നൽകാൻ ഏതൊരു കവിയും ബാദ്ധ്യസ്ഥനാണെന്ന അഭിപ്രായക്കാരനാണു് ഞാൻ. എന്റെ അഭിപ്രായത്തിൽ ഈ വൈകിയ വേളയിൽ കവയിത്രി സുഗതകുമാരിക്കു് ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: പറഞ്ഞതെന്താണോ, അതുതന്നെ പനയോലയിൽ നാരായം കൊണ്ടു് നൂറുപ്രാവശ്യം ഇമ്പൊസിഷൻ എഴുതി ബന്ധപ്പെട്ട പത്രമാപ്പീസുകളിൽ സമർപ്പിച്ച ശേഷം മാത്രമേ ഭാവിയിൽ സാഹിതീപൂജ തുടരൂ എന്നൊരു തീരുമാനം എടുക്കുക! നഷ്ടപ്പെട്ട റെപ്യുട്ടേഷൻ ഒരുപക്ഷേ അതുവഴി വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. ഉഷ്ണം ഉഷ്ണേന ശാന്തി.
ഇതിനിടെ കവി ജി സുധാകരൻ ജിയും എന്തോ മൊഴിഞ്ഞെന്നു് കേട്ടു. കവികളും കവയിത്രികളും ഇങ്ങനെ നിറുത്തില്ലാതെ ഓരോന്നു് മൊഴിഞ്ഞുകൊണ്ടിരുന്നാൽ “പ്രതികാരികൾ” എന്തു് ചെയ്യുമെന്നു് എനിക്കറിയില്ല. ഇങ്ങനെ പോയാൽ ഈ അടുത്തിടെയൊന്നും ഫെയ്സ്ബുക്ക് പോരാളികൾക്കു് ലോകത്തെ രക്ഷപെടുത്താൻ ആവുമെന്നു് തോന്നുന്നില്ല. നിലത്തു് കാലുറപ്പിച്ചാലല്ലേ ഗുസ്തി പിടിക്കാൻ പറ്റൂ? ഫെയ്സ്ബുക്ക് പോരാളിയെന്നാൽ ഒരു ഓൾറൗണ്ഡറാണു് – മൾട്ടി-റ്റാലെന്റ്! സാഹിത്യകാരോടു് മാത്രം പ്രതികരിച്ചുകൊണ്ടിരിക്കാൻ അവനാവതില്ല. ത്രിവർണ്ണപതാകയുടെ നിറം മാറ്റൽ, ഇൻഡോ-പാക് ന്യൂക്ലിയർ മാച്ച്, എമ്മെല്ലെയുടെ തൊപ്പിയിടൽ, പശുവിന്റെ അപ്പിയിടൽ തുടങ്ങിയ എത്രയോ ടാസ്ക്കുകൾ അവന്റെ ജുഡിഷസായ ഇടപെടലിനായി കാത്തു് കിടക്കുന്നുണ്ടു്. മൾട്ടി ടാസ്കിങ്ങിനുമില്ലേ ഒരു പരിധി? സാഹിത്യകാരും മന്ത്രിമാരുമെല്ലാം കാളമൂത്രം പോലെ ഓരോന്നു് വിളിച്ചു് പറയുന്നതിനു് മുൻപു് ഇക്കാര്യം കൂടി പരിഗണിച്ചാൽ വേണ്ടില്ല.
Sep 29, 2016, 11:41 AM
സംസാരിക്കാൻ കഴിയുന്ന ഒരു തത്തയ്ക്കു് മാർക്സ് എന്ന പദം ഉച്ചരിക്കാൻ മാർക്സ് എന്ന പദത്തിന്റെ അർത്ഥമറിയണമെന്നില്ല. കേൾക്കുന്നവർക്കു് വാക്കുകളായി തോന്നുന്ന ശബ്ദങ്ങൾ പുറത്തു് വിടുക എന്നതാണു് സംസാരശേഷിയുള്ള തത്തകളുടെയും മൈനകളുടെയും രീതി. ശ്രമിച്ചാൽ അവയെക്കൊണ്ടു് “എർവിൻ ഷ്ര്യോഡിങ്ങർ” എന്നോ, “ലുഡ്‌വിഗ് ബോൾട്സ്മാൻ” എന്നോ ഒക്കെപ്പോലും പറയിപ്പിക്കാൻ കഴിയും. അതുകൊണ്ടു് അവയ്ക്കു് “ഷ്ര്യോഡിങ്ങർ ഇക്വേഷൻ” എന്തെന്നു് പോയിട്ടു്, “ഷ്ര്യോഡിങ്ങറുടെ പൂച്ച” എന്തെന്നു് പോലുമോ അറിയാമായിരിക്കുമെന്നൊരു കൺക്ലൂഷനിൽ സുബോധമുള്ള മനുഷ്യരാരും എത്തുകയില്ല. പാടിപ്പഠിപ്പിച്ചാൽ വേണമെങ്കിൽ ആ വാക്കുകളും അവയ്ക്കു് ഏറ്റുപാടാൻ കഴിഞ്ഞെന്നുമിരിക്കും. ബോൾട്സ്മാൻ എന്ന വാക്കു് ഉച്ചരിക്കാൻ കഴിയുന്ന ഒരു തത്തയ്ക്കോ മൈനയ്ക്കോ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് വശമായിരിക്കുമെന്നു് കരുതിയാൽ എങ്ങനെയിരിക്കും? തെറി പറയാൻ കഴിയുന്നതുകൊണ്ടു് ഒരു തത്തയ്ക്കു് തെറിയെന്നാൽ എന്താണെന്നു് അറിയാമെന്നു് അർത്ഥമില്ല. മനുഷ്യരുടെ കാര്യം അങ്ങനെ ആയിരിക്കണം എന്നു് നിർബന്ധവുമില്ല. രണ്ടായാലും, ആരിൽ നിന്നെങ്കിലും പഠിച്ചതാണു് ആ തെറികൾ എന്ന കാര്യത്തിൽ സംശയവും വേണ്ട. “അങ്ങനെയൊന്നും ആരോടും പറയരുതു്” എന്നു് തത്തയെ ഉപദേശിക്കാൻ പോയാൽ “അങ്ങനെയൊന്നും ആരോടും പറയരുതു്” എന്ന മറുപടി റിട്ടേൺ മെയിൽ ആയിത്തന്നെ ലഭിക്കുകയും ചെയ്യും. അവിശ്വസനീയം എന്നു് തോന്നിയേക്കാമെങ്കിലും, അങ്ങോട്ടു് പറയുന്നതു് തത്തയെപ്പോലെ തിരിച്ചു് പറയാൻ മടിയില്ലാത്ത മനുഷ്യരും ഈ ലോകത്തിൽ ധാരാളമുണ്ടു്.
സങ്കീര്‍ണ്ണമായ ഉള്ളടക്കങ്ങളെ ഗ്രഹിക്കാൻ ചിന്തകൾക്കു് ഒരു ഘടന വേണം. “Mentalese” എന്നു് അമേരിക്കൻ ഫിലോസഫർ ജെറി ഫോഡർ വിളിക്കുന്ന, മനസ്സിന്റെ ആ ഭാഷയുടെ ഏകകങ്ങൾ പദങ്ങളല്ല, പദാർത്ഥങ്ങളാണു്. ചിന്തയുടെ ക്യാറ്റഗൊറികളാണു് പദാർത്ഥങ്ങൾ. സംസാരിക്കാൻ നമുക്കു് വേണ്ടതു് പദങ്ങളാണെങ്കിൽ, ചിന്തിക്കാൻ വേണ്ടതു് പദാർത്ഥങ്ങളാണു്. പദങ്ങളുടെ അർത്ഥം പ്രകടിപ്പിക്കാൻ മാത്രമാണു് മനുഷ്യർ പദങ്ങൾ (വാക്കുകൾ) ഉപയോഗിക്കുന്നതു്. പദാർത്ഥങ്ങൾ എന്ന വാക്കിനു് ഇവിടെ പദങ്ങളുടെ അർത്ഥം (terms) എന്നാണർത്ഥം. വസ്തു (object) എന്ന അർത്ഥത്തിലും പദാർത്ഥം എന്ന വാക്കു് ഉപയോഗിക്കാറുള്ളതുകൊണ്ടു് സൂചിപ്പിച്ചെന്നേയുള്ളു. തനിക്കു് അറിയുന്നതല്ലാത്ത അർത്ഥങ്ങളും വാക്കുകൾക്കു് ഉണ്ടാവാമെന്നു് കേൾക്കുന്നതു് എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാര്യമായിക്കൊള്ളണമെന്നില്ല.
P.S. പറ്റിപ്പോയതിൽ തന്നോടുതന്നെ തെറി പറയാൻ തോന്നുന്ന അബദ്ധങ്ങളുണ്ടു്. അബദ്ധത്തിൽ ഉച്ചത്തിലായിപ്പോകുന്ന ആത്മഗതങ്ങളുമുണ്ടു്. എപ്പോഴും മാതൃഭാഷയിലേ വെളിപ്പെടൂ എന്നതാണു് തെറിയുടെയും, ആത്മഗതത്തിന്റെയുമൊക്കെ ഒരു പ്രത്യേകത. അതുകൊണ്ടാണു് “പോയി പണി നോക്കെടോ” എന്നൊരു തെറിയോ ആത്മഗതമോ ഒരിക്കലും ഐസ്ലാൻഡിൽ നിന്നോ ഉഗാണ്ടയിൽ നിന്നോ ഒന്നും വരാറില്ലാത്തതു്. ഭാഷാപരവും സാംസ്കാരികവുമായ കാരണങ്ങളാൽ അതുപോലുള്ള പ്രയോഗങ്ങളുടെ വരവു് ഡോഗ്സ് ഓൺ കണ്ട്രിയിൽ നിന്നും ആയിരിക്കാനേ വഴിയുള്ളു.
Sep 30, 2016, 8:28 AM
ലോകപ്രസിദ്ധരായ ഒരുപാടു് അംഗ്രേസി കവികളുടെയും സാഹിത്യകാരുടെയും പേരുകൾ കാണാതെ പാടാൻ എനിക്കുമറിയാം. കേരളത്തിലെ “ഇടതുപക്ഷഎലീറ്റ്” ക്ലബ്ബിൽ അംഗത്വം കിട്ടാനുള്ള മിനിമം യോഗ്യത അതാണെന്നു് കേട്ടതുകൊണ്ടു് പണ്ടു് പഠിച്ചുവച്ചതാണു്. പക്ഷേ, വരമ്പത്തും പാടത്തുമെല്ലാം കൂലികൊടുക്കുന്ന തൊഴിലാളിവർഗ്ഗസംരക്ഷകരായ മുതലാളിമാരെ വെള്ള പൂശാൻ പെയിന്റും ബ്രഷുമായി രാപകലില്ലാതെ പുറകെ നടക്കാൻ റിക്രൂട്ട് ചെയ്യപ്പെടുന്നവരാണു് ഈ “ഇടതുപക്ഷഎലീറ്റുകൾ” എന്ന പട്ടം കെട്ടി നടക്കുന്നവർ എന്നു് പിന്നീടാണു് മനസ്സിലായതു്.
സ്വന്തം ശരികളെ സ്വതന്ത്രമായി പിൻതുടരാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചു് മറ്റുള്ളവരുടെ തെറ്റുകളെ ന്യായീകരിക്കാൻ നിരുപാധികം ബാദ്ധ്യസ്ഥരാവുക എന്നതിനേക്കാൾ അറപ്പുളവാക്കുന്നതായി മറ്റെന്തെങ്കിലും ഉണ്ടെന്നു് തോന്നുന്നില്ല. “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകം” എന്നു് ഏതോ നാടൻ കവി. ക്രിമിനലുകൾക്കു് സിന്ദാബാദ് വിളിക്കാൻ പോകേണ്ടവിധം പാരതന്ത്ര്യത്തിൽ അകപ്പെടരുതു് എന്നറിയാൻ, താനൊരു സ്വതന്ത്രനും മാന്യനും ആണെന്ന “സ്വബോദ്ധ്യം” ഉണ്ടാവാതിരിക്കാൻ വഴിയില്ലാത്ത ആ കവി പാടിയതുപോലെ “മാനി” ആവണമെന്നു് നിർബന്ധമൊന്നുമില്ല, വല്ലപ്പോഴുമെങ്കിലും കണ്ണാടിയിൽ സ്വന്തം മുഖം ആത്മനിന്ദയോടെയല്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനായാൽ മതി.
അംഗ്രേസി, ഫ്രഞ്ച്, സ്പാനിഷ് എഴുത്തുകാരുടെയും അവരുടെ കിത്താബുകളുടെയുമെല്ലാം നാക്കുളുക്കുന്ന പേരുകൾ കാണാതെ പഠിച്ചു് “ഇടതുപക്ഷഎലീറ്റ്” ആവാൻ നടന്ന നേരം കൊണ്ടു് നാലു് വാഴ വയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണെന്റെ ഇപ്പോഴത്തെ ദുഃഖം. സാരമില്ല, ഡിങ്കാനുഗ്രഹത്താൽ ഒന്നുരണ്ടു് വാഴകൃഷികൾ ഇറക്കാനും എടുക്കാനുമുള്ള സമയം ഇനിയുമുണ്ടു്.
August 2016
Aug 1, 2016, 5:26 PM
ഹ്യൂമനിസത്തിന്റെ പിതാവു് എന്നു് വിളിക്കപ്പെടുന്ന ഫ്രാൻചെസ്ക്കൊ പെറ്റ്റാർക്കയുടെ (1304 – 1374) ചില വാക്കുകൾ:
“സ്കൊളാസ്റ്റിക്കുകൾ അറിവിന്റെ പേരിൽ സമ്പാദിച്ച കേവലഅറിവു് വിനാശകരമല്ലെങ്കിൽ, ഉപയോഗശൂന്യമെങ്കിലുമാണു്. പഴയ ശണ്ഠകളുടെ അനന്തമായ അയവിറക്കൽ വഴി ക്ഷീണിക്കുന്ന ഡയലക്റ്റീഷൻസിന്റെ വിടുവായത്തങ്ങൾ. വാക്കുതർക്കങ്ങളുടെ മുഷിപ്പിക്കുന്ന മുടിനാരിഴ കീറലുമായി ദിവസം മുഴുവൻ മനസ്സിനെ പീഡിപ്പിക്കുന്ന സാധുക്കൾ! കാര്യങ്ങളുടെ സത്ത എന്തെന്നു് നിങ്ങൾ അറിയുന്നില്ല. ശൂന്യമായ പദാവലികളുടെ കീഴിൽ നിങ്ങൾ വൃദ്ധരാവുന്നു, നരച്ച മുടിയും ചുളുങ്ങിയ നെറ്റിയുമായി ബാലിശമായ തന്ത്രങ്ങൾ മനഞ്ഞുകൊണ്ടിരിക്കുന്നു.
ഓരിയിടുന്ന ഒരു സ്കൊളാസ്റ്റിക്കിനു് ആകെ അറിയാവുന്നതു് അരിസ്റ്റോട്ടിൽ എന്ന വിഗ്രഹത്തെയാണു്. അതിനെ അവൻ ആരാധിക്കുന്നു. പൊങ്ങച്ചക്കാരുടെ ഈ കൂട്ടം, കപ്പലപകടത്തിൽ പെട്ടവർ തടിക്കഷണത്തെ എന്നപോലെ, അരിസ്റ്റോട്ടിലിന്റെ വാക്കുകളെ മുറുകെപ്പിടിക്കുന്നു. മഹാനായ പ്ലേറ്റോയുടെ ഒറിജിനൽ ഗ്രീക്ക് ഗ്രന്ഥങ്ങളുടെ ലാറ്റിൻ തർജ്ജമകൾ ഒന്നും ഇല്ലാത്തതിനാൽ അവയെപ്പറ്റി ഈ തത്വചിന്താപ്രഭുക്കൾക്കു് യാതൊരു ഗ്രാഹ്യവുമില്ല. അതുകൊണ്ടാണു് അരിസ്റ്റോട്ടിൽ ഒരുപാടു് എഴുതിയിട്ടുണ്ടെന്നും, പ്ലേറ്റോ ഒന്നും എഴുതിയിട്ടില്ലെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നതു്. ഞാൻ ഒരു ഗ്രീക്കോ, പണ്ഡിതനോ അല്ലെങ്കിൽ പോലും, പ്ലേറ്റോയുടെ പതിനാറോ അതിൽ കൂടുതലോ ഗ്രന്ഥങ്ങൾ എന്റെ വീട്ടിലുണ്ടു്. അവയിൽ ഏതെങ്കിലും ഒന്നിന്റെ പേരുപോലും ഈ അരിസ്റ്റോട്ടിലിയൻസ് കേട്ടിട്ടുണ്ടു് എന്നെനിക്കു് തോന്നുന്നില്ല. ഇതവർ വിശ്വസിക്കുന്നില്ലെങ്കിൽ അവർക്കു് നേരിട്ടു് വന്നു് കാണാവുന്നതാണു്.”
ഫ്രാൻചെസ്ക്കോ പതിനാലാം നൂറ്റാണ്ടിൽ പ്രകടിപ്പിച്ച ഈ അഭിപ്രായം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിലേക്കു് ഏറ്റെടുത്തു്, അരിസ്റ്റോട്ടിലിന്റെ സ്ഥാനത്തു് മുഹമ്മദിനെയും, സ്കൊളാസ്റ്റിക്കുകളുടെ സ്ഥാനത്തു് മാർക്‌സിസ്റ്റുകളെയും പ്രതിഷ്ഠിച്ചാൽ, യൂറോപ്യൻ അന്ധകാരയുഗത്തിൽ നിന്നും കേരളം എത്ര ദൂരം മുന്നോട്ടു് പോയി എന്നു് മനസ്സിലാക്കാം.
Aug 2, 2016, 11:56 AM
ഇന്നു് പിതൃക്കൾക്കു് ബലിയിടുന്നവർക്കു് അവരുടെ മക്കൾ ബലിയിടേണ്ടി വരുന്ന കാലമാവുമ്പോൾ ഡൈനിങ് ടേബിളിലല്ലാതെ വല്ല തറ ലെവലിലും കൊണ്ടുപോയി ബലിയിട്ടാൽ, മക്കളുടെ കൈകൊട്ടു് കേൾക്കുന്ന കാക്കകൾ അവരെ തെറി പറഞ്ഞു് കണ്ണുപൊട്ടിച്ചു് കൂടെന്നില്ല.
Aug 4, 2016, 8:24 AM
കാഴ്ചക്കാരെ ആനന്ദിപ്പിക്കാനായി പുരാതനറോമിൽ എതിരാളികളുമായോ വന്യമൃഗങ്ങളുമായോ ജീവന്മരണപോരാട്ടത്തിൽ ഏർപ്പെട്ടിരുന്നവരാണു് ഗ്ലാഡിയേറ്റേഴ്സ്. നല്ല ശാരീരികശേഷിയും ദീർഘനാളത്തെ പരിശീലനവും ഉള്ളവർക്കു് മാത്രം യോജിച്ച ഒരു ആയോധനമുറയാണതു്. ഗ്ലാഡിയേറ്റേഴ്സിന്റെ ഒരു വകഭേദം കേരളത്തിലുമുണ്ടു്. കീലേരി അച്ചൂസ് എന്നും വിളിക്കപ്പെടുന്ന ഓറൽ ഗ്ലാഡിയേറ്റേഴ്സ്! ആരുണ്ടെടാ എന്നോടു് മുട്ടാൻ? ധൈര്യമുള്ളവൻ ഇറങ്ങിവാടാ. കുത്തി മലർത്തും ഞാൻ എന്നും മറ്റും അറേനയിൽ ഇറങ്ങിനിന്നു് ആക്രോശിക്കുന്ന കീലേരി അച്ചൂസ്! ഗ്ലാഡിയേറ്റർ ആകാൻ വേണ്ടത്ര ശാരീരികബലവും അദ്ധ്വാനവുമൊന്നും അച്ചുക്കൾക്കു് ആവശ്യമില്ല. ചീവീടിനെപ്പോലെ ചിലയ്ക്കാനുള്ള കഴിവു്, റ്റീഷോപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും സംഘടിപ്പിച്ച ഒരു വിടുവായോളജിബിരുദം, ഒരു നീളൻ കത്തി. ഇത്രയുമുണ്ടെങ്കിൽ ഓറൽ ഗ്ലാഡിയേറ്റർ റെഡി.
Aug 4, 2016, 8:56 AM
“നീ കൊല ചെയ്യരുതു്”. ദൈവമായ യഹോവ നൽകിയ പത്തു് കല്പനകളിൽ ഒന്നാണിതു്. (ആവർത്തനപ്പുസ്തകം 5: 17)
യഹോവ ഉദ്ദേശിച്ചതു് യഹൂദരെ നീ കൊല്ലരുതു് എന്നായിരിക്കണം. കാരണം, പതിനഞ്ചു് അദ്ധ്യായങ്ങൾ താഴെ നമ്മൾ ഇങ്ങനെയും വായിക്കുന്നു:
“നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം. അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതകളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു് പാപം ചെയ്യാതിരിക്കേണ്ടതിനു് തന്നേ.” – (ആവർത്തനപ്പുസ്തകം 20 : 16 -18)
ദൈവമായ യഹോവയുടെ ബുദ്ധിമുട്ടു് യഹോവയ്ക്കേ അറിയൂ: ഉദാഹരണത്തിനു്, പോർക്കെർച്ചി തിന്നുന്നവർ, പട്ടിയെർച്ചി തിന്നുന്നവർ, പാമ്പെർച്ചി തിന്നുന്നവർ എന്നിങ്ങനെ, യഹോവയ്ക്കു് ഹറാമായ “എർച്ചികൾ” തിന്നുന്ന അന്യജാതിക്കാരുടെ സ്റ്റഡി ക്ലാസ്സുകൾ വഴി, ദൈവമായ യഹോവയ്ക്കു് യഹൂദർ കണ്ണിൽ കാണുന്ന ഏതെർച്ചിയും ബലിയർപ്പിക്കാൻ തുടങ്ങിയാൽ യഹോവയുടെ കാര്യം കഷ്ടത്തിലാവും. തടിപ്പിച്ച കാളയുടെയും മെഴുപ്പിച്ച ആടിന്റെയുമെല്ലാം മാംസം പൊരിച്ചു് കിട്ടിയാൽ “മുന്തിരിച്ചാർ” ചേർത്തു് അടിക്കുമെങ്കിലും, ഒട്ടകം, കുഴിമുയൽ തുടങ്ങിയ അശുദ്ധജീവികളുടെ മാംസം പൊരിച്ചതായാലും കറിവച്ചതായാലും കഴിക്കുന്നവനല്ല യഹോവ. അശുദ്ധമായതു് കഴിച്ചു് അശുദ്ധനായാൽ യഹോവയുടെ സ്ഥാനവും ചവറ്റുകൊട്ടയിലാവും.
ഈവക എർച്ചികൾ തരുന്ന മൃഗങ്ങളെ സൃഷ്ടിക്കാതിരിക്കാമായിരുന്നു. ശുദ്ധനായ താൻ എങ്ങനെ അശുദ്ധജീവികളെ സൃഷ്ടിച്ചു എന്ന കാര്യം യഹോവയ്ക്കു് ഇന്നും ഒരു പ്രഹേളികയാണു്. പതിവിലേറെ മുന്തിരിച്ചാർ അകത്താക്കിയശേഷം സൃഷ്ടി നടത്തിയതുമൂലം സംഭവിച്ച ഒരു പിഴയാവാനാണു് സാദ്ധ്യത. സൃഷ്ടിച്ചു് പോയ സ്ഥിതിക്കു്, വേണമെങ്കിൽ, ആവക അശുദ്ധമൃഗങ്ങളെ “ശപഥാർപ്പിതമായി നിശ്ശേഷം സംഹരിക്കണം” എന്നു് തന്റെ സ്വന്തം ജനമായ യഹൂദരോടു് കല്പിക്കാമായിരുന്നു. പക്ഷേ, മ്ലേച്ഛമായ മൃഗങ്ങളെ കൊല്ലിക്കുന്നതിനേക്കാൾ എളുപ്പം, മ്ലേച്ഛരായ മനുഷ്യരെ യഹൂദരെക്കൊണ്ടു് കൊല്ലിക്കുന്നതാണെന്നു് യഹോവയ്ക്കു് തോന്നി. അന്യജാതിയിൽ പെട്ട മനുഷ്യരെ സ്വന്തം കൈകൊണ്ടു് കൊല്ലാൻ യഹോവയ്ക്കു് കഴിയാഞ്ഞിട്ടല്ല. യഹോവയ്ക്കു് കൂടുതൽ ഇഷ്ടം മനുഷ്യരെ പ്രളയത്തിൽ മുക്കിയും, തീമഴയിൽ ചുട്ടും കൊല്ലുന്നതാണു്. നേരിട്ടുള്ള വെട്ടും കുത്തും കൊലപാതകവുമെല്ലാം യഹോവ മനുഷ്യരെ ഏല്പിക്കാറാണു് പതിവു്. തന്റെ വിശുദ്ധമായ കാഞ്ചിപുരം കാപ്പയിൽ ചോരക്കറ പറ്റരുതല്ലോ. മാത്രവുമല്ല, യഹൂദർ വല്ലതിനെയുമൊക്കെ വെട്ടി നശിപ്പിക്കുന്നതിനേക്കാൾ യഹോവയുടെ ദൃഷ്ടിയിൽ നീതിപൂർവ്വമായതു്, അവർ മറ്റു് ജാതിയിൽ പെട്ട മനുഷ്യരെ വെട്ടി നശിപ്പിക്കുന്നതാണു്.
യഹൂദർക്കു് അക്കാര്യത്തിൽ ഒരു സംശയം ഉണ്ടാവാതിരിക്കാനാണു് യഹോവ മുകളിൽ സൂചിപ്പിച്ച മൂന്നു് വാക്യങ്ങളുടെ തൊട്ടു് താഴെ ഇങ്ങനെ രണ്ടു് വാക്യങ്ങൾ കൂടി പറഞ്ഞതു്: “ഒരു പട്ടണം പിടിപ്പാൻ അതിനോടു് യുദ്ധംചെയ്തു് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു് വെട്ടി നശിപ്പിക്കരുതു്; അവയുടെ ഫലം നിനക്കു് തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു് മനുഷ്യനാകുന്നുവോ? തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു് അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.”
ദൈവസ്നേഹം, ദൈവകാരുണ്യം, ദൈവനീതി എന്നൊക്കെ പറഞ്ഞാൽ അതാണു്! വൃക്ഷങ്ങളെ വെട്ടാൻ അവയെന്താ മനുഷ്യരോ? വൃക്ഷങ്ങളെ വെട്ടാൻ അവയെന്താ “അന്യജാതി” മനുഷ്യരോ എന്നായിരുന്നെങ്കിൽ ഒന്നുകൂടി കലക്കിയേനെ! തീറ്റയുടെ പേരിലാണു് ഫലവൃക്ഷങ്ങൾ വെട്ടരുതെന്നു് യഹോവ കല്പിച്ചതു്. “തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു് അറിയുന്ന വൃക്ഷങ്ങളെ” വെട്ടിക്കളയുന്നതിനു് യഹോവയ്ക്കു് എതിർപ്പില്ല. വൃക്ഷലതാദികളിലെ ഫോട്ടോസിന്തെസിസും മറ്റും തീറ്റയുടെ അത്ര വില കല്പിക്കേണ്ട കാര്യങ്ങളല്ല എന്ന അഭിപ്രായകാരനാണു് യഹോവ. അന്യജാതികളോടു് യുദ്ധം ചെയ്യാൻ മനുഷ്യർ തിന്നുകൊണ്ടിരിക്കണം. “An army marches on its stomach” എന്നു് സായിപ്പിനെപ്പോലെ യഹോവയ്ക്കുമറിയാം. അതിനുവേണ്ടിയാണു് ഈ എർച്ചിതീറ്റയും വൃക്ഷഫലം തീറ്റയുമെല്ലാം.
ഇങ്ങനെയൊക്കെയാണെങ്കിലും, “as thick as thieves” എന്നു് മാത്രം വിശേഷിപ്പിക്കാനാവുന്ന ഒരു സ്നേഹബന്ധം ദൈവവും മനുഷ്യരും തമ്മിൽ ആരംഭകാലം മുതലേ നിലനിൽക്കുന്നുണ്ടു്. മനുഷ്യരോടുള്ള ഈ ദിവ്യാനുരാഗത്തിന്റെ സാക്ഷാത്കാരത്തിനായി, “നീ വ്യഭിചാരം ചെയ്യരുതു്” എന്ന തന്റെ മറ്റൊരു കല്പനയെ വരെ തത്കാലത്തേക്കു് ഊരിവയ്ക്കാൻ മടിക്കാത്തവനാണു് ദൈവം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് അവനെ നല്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3: 16). ആ പുത്രനെ ലോകത്തിനു് നൽകാനായി മറ്റൊരുവനു് വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഒരു സ്ത്രീയെ വ്യഭിചാരം ചെയ്യാൻ പോലും തയ്യാറാവുന്ന സ്നേഹമാണു് ദൈവസ്നേഹം.
അതുകൊണ്ടു്, നീ “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കുക!”
Aug 8, 2016, 5:33 PM
സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയായിരുന്നു കോപ്പർനിക്കസിന്റെ കാലത്തിനു് മുൻപത്തെ യൂറോപ്പിലെ ഏഴു് “ഗ്രഹങ്ങൾ”. ഈ ഏഴു് ഗ്രഹങ്ങൾക്കും ഏഴു് ലോഹങ്ങളുമായി ഒരു സിംബോളിക് ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്നത്തെ മനുഷ്യർ എത്തിച്ചേർന്നു. സംഖ്യാന്ധവിശ്വാസം ജീവവായു എന്നപോലെ മനുഷ്യരുടെയിടയിൽ വ്യാപിച്ചിരുന്ന അക്കാലത്തു് ഇതുപോലെ “ശാസ്ത്രീയമായ” ഒരു കണ്ടെത്തൽ നടത്താൻ വലിയ പ്രയാസമില്ലാതെ അവർക്കു് കഴിഞ്ഞിരുന്നിരിക്കണം. “നവഗ്രഹങ്ങൾക്കും” മരതകക്കല്ലുകൾക്കുമെല്ലാം ഭാരതീയരുടെ ജീവിതത്തിൽ യഥേഷ്ടം ഇടപെടാനും, ഭാഗ്യം, നിർഭാഗ്യം, ശത്രുസംഹാരം, വിവാഹം, പുനരുത്പാദനം, ക്യാൻസർ, ആക്സിഡന്റ്, മരണം, പുനരുത്ഥാനം തുടങ്ങിയ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇന്നും അവകാശവും അധികാരവും ഉള്ളതുപോലെതന്നെ. മദ്ധ്യകാലയൂറോപ്പിലെ താരലോഹബന്ധങ്ങൾ ഇപ്രകാരമായിരുന്നു: സൂര്യൻ – സ്വർണ്ണം, ചന്ദ്രൻ – വെള്ളി, ബുധൻ – രസം, ശുക്രൻ – ചെമ്പു്, ചൊവ്വ – ഇരുമ്പു്, വ്യാഴം – ടിൻ, ശനി – ഈയം.
ഈ ലോഹങ്ങൾ എക്സ്‌റ്റ്രാക്റ്റ് ചെയ്യുന്നതോ, ഉപയോഗിക്കുന്നതോ ആയ രാസപ്രവർത്തനങ്ങൾ നിശ്ചിതസമയങ്ങളിൽ മാത്രമേ ചെയ്യാവൂ എന്നു് ആൽകെമിസ്റ്റുകൾ നിഷ്കർഷിച്ചിരുന്നു. ഏതു് പ്രവൃത്തിയിൽ നിന്നും ശരിയായ ഫലം ലഭിക്കണമെങ്കിൽ ആ പ്രവൃത്തിയുടെ ചുമതലക്കാരനായ അദൃശ്യാത്മാവു് അനുകൂലമായിരിക്കണം എന്നു് അവർക്കറിയാമായിരുന്നു. ഒരു ലോഹവുമായി ബന്ധപ്പെട്ട ഗ്രഹം ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴായിരിക്കും ആ താരവും ലോഹവും തമ്മിലുള്ള ബന്ധപ്രകാരം ഈ അനുകൂലാവസ്ഥയും ഏറ്റവും ശക്തമായിരിക്കുക. സൂര്യൻ നേരെ മുകളിൽ നിൽക്കുമ്പോഴാണല്ലോ തലയാണെങ്കിലും ഏറ്റവും കൂടുതൽ ചൂടാവുന്നതു്! ഒന്നിലധികം ലോഹങ്ങൾ ഉപയോഗിച്ചു് നടത്തേണ്ടിവരുന്ന വാറ്റലിനും നീറ്റലിനുമായി അതാതു് ഗ്രഹങ്ങൾ തമ്മിൽത്തമ്മിലുള്ള ഉച്ചനീചത്വങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടു്. ആവക കാര്യങ്ങൾ അറിയുന്നവരാണു് ആൽകെമിസ്റ്റുകൾ. എവിടെ വസ്തുവുണ്ടോ, അവിടെ വാസ്തുനോട്ടക്കാരുമുണ്ടാവും.
ഭാരതത്തിൽ വ്യത്യസ്തമായ മേഖലകളാണു് ഇക്കൂട്ടർ വിപുലമായിത്തന്നെ കയ്യടക്കി വച്ചിരിക്കുന്നതു്. തൊഴിലുകൾ അനുസരിച്ചു് അവർ പല പേരുകളിൽ അറിയപ്പെടാറുണ്ടെന്നേയുള്ളു. തൊഴിലുകൾ വ്യത്യസ്തമാണെങ്കിലും, അവരുടെയും ഇവരുടെയും മറ്റവരുടെയുമെല്ലാം രീതിശാസ്ത്രവും തൊഴിൽ രഹസ്യവും ഒരുപോലെതന്നെ. തുട്ടുകൾ കിലുങ്ങും എന്നു് തോന്നിയാൽ ദൈവത്തെക്കൊണ്ടു് മൂത്രമൊഴിപ്പിക്കാനോ, കണ്ണീരൊഴുക്കിക്കാനോ, രക്തം ചിന്തിക്കാനോ മടിയില്ലാത്തവർ വരെയുണ്ടു് അക്കൂട്ടത്തിൽ. അതുപോലെ, ഭാരതീയ ജ്യോതിഷത്തിൽ, വാരതാരയോഗപ്രകാരം, ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും, വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും ഒത്തുവന്നാൽ വർജ്ജിക്കുകയോ ഛർദ്ദിക്കുകയോ ചെയ്യുക എന്നല്ലാതെ ജ്യോതിഷിയുടെ കെണിയിൽ വീണുപോയവർക്കു് മറ്റു് രക്ഷാമാർഗ്ഗമൊന്നുമില്ല. കാരണം, സംഭവം മൃത്യുയോഗമാണു്. കണ്ടകശനി കൊണ്ടാലേ പോകൂ എന്നു് ജ്യോതിഷമതം.
മദ്ധ്യകാലത്തിലെ ക്രൈസ്തവയൂറോപ്പിൽ സ്മാർട്ട്‌ഫോണും ഇന്റർനെറ്റും ഇല്ലായിരുന്നു എന്നതു് സത്യം തന്നെ. എന്നോർത്തു്, വിശ്വാസപരമായ കാര്യങ്ങളിൽ ഇന്നത്തെ ഭാരതത്തിനുമുന്നിൽ അന്ധകാരയുഗയൂറോപ്പിനു് നാണിച്ചു് തലകുനിക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഏതു് കാര്യത്തിനും മനുഷ്യരുടെ അനിഷേദ്ധ്യരായ അഥോറിറ്റികൾ അരിസ്റ്റോട്ടിലും അപ്പൊസ്തലനായ പൗലോസുമായിരുന്നു. ഒന്നുരണ്ടു് അഥോറിറ്റികൾ ഭാരതത്തിനുമുണ്ടു്. ഇല്ലെന്നു് മാത്രം പറയരുതു്. മൂക്കു് പിഴിയേണ്ടിവരും എന്നതിനാലാണു്. ഒരു പ്രത്യേക വിഷയത്തിൽ അരിസ്റ്റോട്ടിൽ ഒന്നും പറഞ്ഞിട്ടില്ലെന്നു് തോന്നിയാൽ, അതിനു് ഒരു വ്യാഖ്യാനം തേടുകയായിരുന്നു രീതി. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ വ്യാഖ്യാനത്തെ വീണ്ടും വീണ്ടും വ്യാഖ്യാനിക്കാൻ നോക്കും. പണ്ടു് പൗലോസും പിന്നീടു് മാർക്സും വിജയകരമായി പയറ്റി മനുഷ്യരെ പറ്റിച്ച ഡയലെക്റ്റിക്കൽ ഊഞ്ഞാലാട്ടം! തനിക്കു് വേണ്ട റിസൽറ്റ് കിട്ടുന്നതുവരെ അങ്ങോട്ടും ഇങ്ങോട്ടും നിർത്താതെ ആടിക്കൊണ്ടേയിരിക്കുക എന്നതാണു് അതിന്റെ രീതി. കാപട്യമെന്നു് തിരിച്ചറിയാതിരിക്കാൻ മാത്രം ആകർഷണീയത തോന്നുന്ന ഒരു ആശയപ്പിറവി സംഭവിക്കുന്നതുവരെയുള്ള ഊഞ്ഞാലാട്ടം.
പൗലോസ് ആടിയാടി വാറ്റിയെടുത്ത ഒരു ആശയപ്രകാരം, അരിസ്റ്റോട്ടിലിന്റെ ഗ്രാവിറ്റിസിദ്ധാന്തം അനുസരിക്കാത്ത “ബോഡീസ്” എല്ലാം ആത്മീയ “ബോഡീസ്” ആണു്. അതിൻപ്രകാരം, ഉയിർത്തെഴുന്നേൽക്കുന്ന ശരീരം അദൃശ്യമല്ല, ആൽകെമിസ്റ്റിന്റെ ടെസ്റ്റ് റ്റ്യൂബിൽ നിന്നുയരുന്ന ആവിപോലെ അനിശ്ചിതം മാത്രമാണു്! വായുവിനു് ഭാരമില്ലെന്നായിരുന്നു അക്കാലത്തെ മനുഷ്യരുടെ ഉത്തമവിശ്വാസം. മെഡിസിനിലും, മെറ്റലർജ്ജിയിലും, ഫെർമെന്റേഷനിലുമെല്ലാം സംഭവിക്കുന്നതു്, കണക്കാക്കാനോ സങ്കല്പിക്കാനോ കഴിയാത്ത “ഭാരമില്ലാത്ത” ഭൂതങ്ങളുടെ ഇടപെടലുകളാണെന്നു് വിശ്വസിച്ചിരുന്നവരുടെ ലോകം! ഏതു് പാമ്പെണ്ണ വില്പനക്കാരന്റെയും വലയിൽ അങ്ങോട്ടുചെന്നു് വീഴാൻ മടിക്കാത്ത ആ മദ്ധ്യകാല മനുഷ്യരുടെയിടയിലാണു് അവർക്കും ഒന്നര സഹസ്രാബ്ദങ്ങൾക്കു് മുൻപേ പൗലോസ് ഏതൊക്കെയോ ചെവികളിൽ ഓതിയുറപ്പിച്ച യേശുവിന്റെ ഉയിർത്തെഴുന്നേല്പും, മറിയയുടെ ദിവ്യഗർഭവും, അത്ഭുതകരമായ മറ്റു് “സംഭവ”കഥകളും, ചാണകക്കുഴിയിൽ വീണ ചീരപോലെ, ശാസ്ത്രീയതയുടെ മൂടുപടമണിഞ്ഞു് വളർന്നു് പന്തലിച്ചതു്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ ഇന്നത്തെ ഭാരതത്തിൽ അതേ കഥകളോടൊപ്പം തന്നെ, അവയെ തോല്പിക്കുന്ന മറ്റു് അത്ഭുതകഥകളും, രോഗശാന്തിശുശ്രൂഷകളും, ഒറ്റമൂലിപരിഹാരങ്ങളും ചൂടപ്പം പോലെ വിറ്റുപോകുന്നതു് ശ്രദ്ധിച്ചാൽ നാനൂറു് വർഷങ്ങൾക്കു് മുൻപുള്ള യൂറോപ്പിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. ആ അപ്പക്കടകൾക്കു് മുന്നിൽ മുട്ടുമടക്കി തന്റെ ഊഴത്തിനായി കാത്തിരിക്കുന്നവരിൽ പ്രമുഖർ ജനം സമൂഹത്തിന്റെ നവീകരണച്ചുമതല ഏല്പിച്ചിരിക്കുന്ന മഹാന്മാരാണു് എന്നുകൂടി അറിയുമ്പോൾ ആ മനസ്സിലാക്കൽ പൂർണ്ണമാവുകയും ചെയ്യും.
കൊരിന്ത്യർക്കെഴുതിയ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് നടത്തുന്ന ഊഞ്ഞാലാട്ടം:
“സ്വർഗ്ഗീയശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു്; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു് വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു് വേറെ. സൂര്യന്റെ തേജസ്സു് വേറെ, ചന്ദ്രന്റെ തേജസ്സു് വേറെ, നക്ഷത്രങ്ങളുടെ തേജസ്സു് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു”: (1. കൊരിന്ത്യർ 15: 40, 42)
“സ്വർഗ്ഗീയബാഡീസ് ഭൗമബാഡീസ്, കറപ്ഷനിലെ വിത, ഇൻകറപ്ഷനിലെ ഉയിർപ്പു്” King James Bible- ൽ നിന്നും (ഒരു താരതമ്യത്തിനു്):
“There are also celestial bodies, and bodies terrestrial: but the glory of the celestial is one, and the glory of the terrestrial is another. There is one glory of the sun, and another glory of the moon, and another glory of the stars: for one star differeth from another star in glory. So also is the resurrection of the dead. It is sown in corruption; it is raised in incorruption”: (1-Corinthians 15: 40, 42)
മദ്ധ്യകാലയൂറോപ്പിനെ മനസ്സിലാക്കാൻ അക്കാലത്തെ ഒരു കെമിസ്‌റ്റ്രി പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഉദാഹരണമായി: “വന്യസർപ്പം ഇണക്കപ്പെടുകയും, വ്യാളി തന്റെ സ്വന്തം വാലു് തിന്നാൻ നിർബന്ധിതനാകുന്ന നിലയിലേക്കു് കീഴ്പ്പെടുത്തപ്പെടുകയും ചെയ്യും”. ആൽകെമിസ്റ്റിന്റെ കെമിസ്‌റ്റ്രി!
ആൽകെമിസ്റ്റുകളുടെ രസതന്ത്രവും, പ്രവാചകരുടെ ദൈവശാസ്ത്രവും, ജ്യോതിഷികളുടെ വാരതാരയോഗവിധികളും, വിരുദ്ധാത്മാക്കളുടെ ഭൗതികവാദശാസ്ത്രവുമെല്ലാം ഇങ്ങനെ പ്രതീകാത്മകമായോ, അത്യന്താധുനികമായോ, കഴിയുമെങ്കിൽ രണ്ടും ചേർത്തോ മാത്രമേ പറയാവൂ എന്നതു് ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യമാണു്!
Aug 10, 2016, 12:26 PM
ഗൊറിലകളെയും ചിമ്പാൻസീകളെയുമെല്ലാം പരിശീലിപ്പിച്ചു്, മുന്നൂറോളംവരെ വസ്തുക്കളെയും പ്രവൃത്തികളെയും ചിഹ്നങ്ങൾ വഴി തിരിച്ചറിയാനാവുന്ന നിലയിലേക്കു് അവയെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടത്രെ! മരങ്ങളുടെ പൊത്തുകളിലെ ചിതലുകളെയും മറ്റു് ചെറുജീവികളെയും പിടിച്ചു് തിന്നാനായി ഇലകളഞ്ഞ ചെറിയ മരച്ചില്ലകൾ ഉപയോഗിക്കാമെന്നും, കായ്കളുടെ കട്ടിയുള്ള പുറംതോടു് പൊട്ടിക്കാൻ അവയെ കല്ലിൽ വച്ചു് കല്ലുകൊണ്ടു് ഇടിച്ചാൽ മതിയെന്നുമൊക്കെ സ്വതസിദ്ധമായിത്തന്നെ അവയ്ക്കറിയാം. പല്ലും നഖവുമെല്ലാം വൃത്തിയാക്കാനും അവ അനുയോജ്യമായ “പണിയായുധങ്ങൾ” ഉപയോഗിക്കാറുണ്ടു്. ഒരേ വർഗ്ഗത്തിൽ പെട്ടവയെങ്കിലും, സ്വന്തം കൂട്ടത്തിൽ അംഗമല്ലാത്തവയെ ആക്രമിച്ചു് ആട്ടിയോടിക്കുന്ന രീതിയും അവയുടെയിടയിലുണ്ടു്. ഹോമോ സേപ്പിയൻസ് എന്ന ഒരേ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും, ഇസപ്രകാരം വ്യത്യസ്ത കൂട്ടത്തിൽ പെട്ടവരാണെങ്കിൽ പരസ്പരം അക്രമിക്കുന്ന രീതി മനുഷ്യരുടെയിടയിലും അസാധാരണമല്ലല്ലോ. സംശയമുള്ളവർ ഓൺലൈനിലെ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റുകളെ ഒന്നുരണ്ടാഴ്ചത്തേക്കു് ഫോളോ ചെയ്താൽ സംശയനിവൃത്തി വരുത്താവുന്നതേയുള്ളു.
ചിമ്പാൻസീകളുടെയിടയിൽ, പ്രാകൃതമെങ്കിലും, ഒരുതരം സോഷ്യൽ ഇന്റെലിജെൻസ്, അഥവാ കൂട്ടത്തിലെ അംഗങ്ങളുടെ തലയിൽ എന്താണു് നടക്കുന്നതു് എന്നതിനെപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ നിലവിലുണ്ടെന്നും വീക്ഷിക്കപ്പെട്ടിട്ടുണ്ടു്. ഗൊറിലകളുടെ IQ ചില മനുഷ്യരുടേതിനേക്കാൾ ഉയർന്നതാണത്രെ! മൃഗശാലയിൽ പോയി ഗൊറിലകളുമായി മുഖാമുഖം നിൽക്കേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ അങ്ങനെയൊരു തോന്നൽ എനിക്കും ഉണ്ടായിട്ടുണ്ടു്. സ്വന്തം അനുഭവം മാത്രം അടിസ്ഥാനപ്പെടുത്തി ഒരു സിദ്ധാന്തം രൂപീകരിക്കാനാവില്ല എന്നതിനാലാണു് മൃഗസംബന്ധിയായ എന്റെ പരൂക്ഷണ നിരൂക്ഷണങ്ങൾ ജനാധിപത്യകേരളത്തിലേക്കു് കൂടി നീട്ടാൻ ഞാൻ തീരുമാനിച്ചതു്. അങ്ങനെയാണു് “ബാ മാണീ ബാ” എന്നു് വിളിച്ചു് ചില ഇടതുപക്ഷ നേതാക്കൾ പ്രശ്നാധിഷ്ഠിതമുക്രയിടൽ നടത്തി ന്യായീകരണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം അണികളെ ശ്വാസം മുട്ടിക്കുന്നതു് കാണാനും, താഴ്ന്ന സോഷ്യൽ ഇന്റെലിജെൻസ് പ്രദർശിപ്പിക്കാൻ ചിമ്പാൻസി വർഗ്ഗത്തിൽ അംഗമായിരിക്കണം എന്നു് നിർബന്ധമൊന്നുമില്ല എന്ന വസ്തുത മനസ്സിലാക്കാനും എനിക്കു് കഴിഞ്ഞതു്.
അത്ഭുതമെന്നേ പറയേണ്ടൂ, ഇന്റെലിജെൻസ് ക്വോഷ്യന്റിന്റെ കാര്യത്തിൽ ഗൊറിലകളെ തോല്പിക്കുന്ന മനുഷ്യർ കുടിപാർക്കുന്നതും കേരളത്തിൽ തന്നെയാണു്! മുങ്ങിച്ചാവാൻ നേരത്തു് രക്ഷപെടുത്താൻ ശ്രമിക്കുന്നവനോടു് “നീങ്ങ പോയി പാടു് നോക്കു്, എന്നെ നീന്തലറിയാത്ത എന്റെ ഇക്കാക്ക രക്ഷിച്ചാൽ മതി” എന്നു് നിർബന്ധം പിടിക്കുന്നവരുടെ രൂപത്തിൽ നിങ്ങൾക്കവരെ കണ്ടെത്താൻ കഴിയും. അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഈ കുറിപ്പു് വായിക്കുമ്പോൾ, ആരാണു് സുഹൃത്തേ “ബാ മാണീ ബാ” എന്നു് വിളിച്ചതു് എന്നോ, ആരാണു് സഹോദരാ “നീങ്ങ പോയി പാടു് നോക്കു്, എന്നെ നീന്തലറിയാത്ത എന്റെ ഇക്കാക്ക രക്ഷിച്ചാൽ മതി” എന്നു് നിർബന്ധം പിടിച്ചതെന്നോ കമന്റിടാൻ കൈതരിക്കുന്ന ശുദ്ധഹൃദയരുടെ രൂപത്തിൽ ഉറപ്പായും നിങ്ങൾക്കു് അവരെ കണ്ടെത്താൻ കഴിയും.
മനുഷ്യൻ അഹങ്കാരത്തോടെ സ്വയം ചാർത്തിക്കൊടുത്ത “വ്യക്തി” എന്ന പദവി വഹിക്കാനുള്ള അവകാശം, എന്തു് നീതിന്യായത്തിന്റെ പേരിലാണു് ഗൊറിലാസ്, ചിമ്പാൻസീസ്, ഒറാങുറ്റാൻസ് തുടങ്ങിയ കുരങ്ങുവർഗ്ഗങ്ങൾക്കു് നിഷേധിക്കപ്പെടുന്നതെന്നു് എനിക്കു് മനസ്സിലാകുന്നില്ല.
Aug 16, 2016, 8:34 AM
ബൈബിളിലെ പഴയനിയമത്തിൽ ദൈവത്തിന്റെ പാർട്ട് അഭിനയിക്കുന്ന യഹോവ മോശെയ്ക്കു് നൽകിയ ന്യായപ്രമാണത്തിലാണു് ജീവനു് പകരം ജീവൻ, കണ്ണിനു് പകരം കണ്ണു്, പല്ലിനു് പകരം പല്ലു്, കൈക്കു് പകരം കൈ തുടങ്ങിയ പ്രാസസുന്ദരമായ ശിക്ഷാവിധികൾ രേഖപ്പെടുത്തിയിരിക്കുന്നതു്. മോശെ ഒരു ചരിത്രപുരുഷനല്ലെന്നും ഒരു ഐതിഹാസിക കഥാപാത്രമാണെന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാർ ഉണ്ടെങ്കിലും, മോശെ ജീവിച്ചിരുന്നെങ്കിൽ അതു്, ബൈബിളിന്റെ അടിസ്ഥാനത്തിൽ യഹൂദപണ്ഡിതർ നടത്തിയ കണക്കു് കൂട്ടലുകൾ അനുസരിച്ചു്, യേശുവിനു് ഏകദേശം ഒന്നര സഹസ്രാബ്ദങ്ങൾക്കു് മുൻപായിരുന്നിരിക്കണം. അതുകൊണ്ടാവും ബോഫോഴ്സ്, ലാവ്ലിൻ, സോളാർ, തുടങ്ങിയ കേസുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി യഹോവ വ്യക്തമായ നിർദ്ദേശങ്ങളൊന്നും ന്യായപ്രമാണത്തിലൂടെ നൽകാതിരുന്നതു്. പക്ഷേ, ആടു് മോഷണം, കാലിമോഷണം, ആണു് പെണ്ണിന്റെയും, പെണ്ണു് ആണിന്റെയും വസ്ത്രം ധരിക്കൽ, എല്ലാറ്റിലുമുപരി, വ്യഭിചാരത്തിന്റെ വ്യത്യസ്ത രൂപാന്തരങ്ങളിൽ ഏർപ്പെടുക മുതലായ, 3500 വർഷം മുൻപു് ജീവിച്ചിരുന്ന മനുഷ്യർക്കു് ചെയ്യാൻ കഴിയുമായിരുന്ന മിക്കവാറും എല്ലാവിധ കുറ്റകൃത്യങ്ങൾക്കും നൽകേണ്ടുന്ന ശിക്ഷകളെപ്പറ്റി യഹോവ മോശെക്കു് വിവരിച്ചു് കൊടുക്കുന്നുണ്ടു്. ലൈംഗികത എന്നു് കേട്ടാൽ നിയന്ത്രണം വിടുന്നവരാണു് പൊതുവേ സെമിറ്റിക് ദൈവങ്ങൾ. അതുകൊണ്ടാവണം അവരുടെ ന്യായപ്രമാണങ്ങൾ പ്രധാനമായും ലൈംഗികത എന്നൊരു കേന്ദ്രബിന്ദുവിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെ തോന്നുന്നതു്. മോശെയുടെ ന്യായപ്രമാണങ്ങളെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്കു് അവ വേദവാക്യങ്ങളാണെങ്കിലും, അല്ലാത്തവർക്കു് 3500 വർഷം പഴകിയ ആ പ്രാകൃതശിക്ഷാവിധികൾ കാട്ടാളത്തമെന്നു് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
പാലിനെ തൈരാക്കി മാറ്റാൻ ഉറയൊഴിച്ചാൽ മതിയെന്നു് അറിയാത്ത വീട്ടമ്മമാരോ വീട്ടപ്പന്മാരോ ഉണ്ടെന്നു് തോന്നുന്നില്ല. എന്തെങ്കിലും കാരണവശാൽ വീട്ടിൽ സ്വന്തമായി ഉറയില്ലെന്നു് വന്നാൽ അയല്പക്കത്തുനിന്നും അല്പം ഉറ വാങ്ങി പാലിലൊഴിച്ചു് തൈരുണ്ടാക്കുക എന്നതാണു് നാട്ടുനടപ്പു്. ഏകദേശം 1400 വർഷം മുൻപു് ജീവിച്ചിരുന്ന മുഹമ്മദ് നബിക്കു് ഒരു മതം സ്ഥാപിക്കണമെന്നും, അതിനു് പറ്റിയ ഒരു ന്യായപ്രമാണം വേണമെന്നും തോന്നിയപ്പോൾ അദ്ദേഹം സ്വീകരിച്ചതും ഈ ഉറയൊഴിക്കൽ സൂത്രം തന്നെ. അയല്പക്കക്കാരനായിരുന്ന മോശെയുടെ ന്യായപ്രമാണങ്ങളിൽ നിന്നും തനിക്കു് വേണ്ടുവോളം തൈരു് ചോർത്തി അല്പം കാന്താരിയും കറിവേപ്പിലയുമെല്ലാം ചേർത്തു് അദ്ദേഹവും ഉണ്ടാക്കി ഒരു ന്യായപ്രമാണ തൈരു് സാദം.
അങ്ങനെയാണു്, മുഹമ്മദിനേക്കാൾ ഏകദേശം 2000 വർഷങ്ങൾക്കു് മൂത്തവനായ മോശെയുടെ കാലത്തെ ന്യായപ്രമാണ യീസ്റ്റു് അറബികളിലേക്കു് സംക്രമിക്കാനും, അവരുടെ ഭൗതികവും ആത്മീയവുമായ ജീവിതം പുളിച്ചു് പൊന്താനും തുടങ്ങിയതു്. ആ തൈരു്സാദയീസ്റ്റിനെ സകല ലോകത്തിലേക്കും വ്യാപിപ്പിക്കാനാണു് ISIS പോലുള്ള “സമാധാനക്രിമിനലുകൾ” കഷ്ടപ്പെടുന്നതു്. യഹൂദരുടെ ദൈവമായ യഹോവയെ അല്ലാഹു എന്നും, ന്യായപ്രമാണഗ്രന്ഥത്തെ ഖുർആൻ എന്നും ഒരു ഒറിജിനാലിറ്റിക്കു് വേണ്ടി മുഹമ്മദ് പുനർനാമകരണം ചെയ്തെങ്കിലും, ജീവനു് പകരം ജീവൻ, കണ്ണിനു് പകരം കണ്ണു്, പല്ലിനു് പകരം പല്ലു്, കൈക്കു് പകരം കൈ തുടങ്ങിയ നീതിസാരവാക്യങ്ങൾ അതേപടി ഖുർആനിലേക്കു് ഏറ്റെടുക്കാൻ അദ്ദേഹം മടിച്ചില്ല. ലോകാവസാനത്തോളം മാറ്റമൊന്നും ആവശ്യമില്ലാത്ത നിയമങ്ങളെ ഏറ്റെടുക്കാൻ മുഹമ്മദ് എന്തിനു് മടിക്കണം? ഖുർആൻ പ്രമാണങ്ങളെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്കു് അവ വേദവാക്യങ്ങളാണെങ്കിലും, അല്ലാത്തവർക്കു് 1400 വർഷം പഴകിയ ആ പ്രാകൃതശിക്ഷാവിധികൾ കാട്ടാളത്തമെന്നു് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനി, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റെയ്റ്റിൽ ജീവിച്ചുകൊണ്ടു്, കൊലയ്ക്കു് പകരം കൊല, വെട്ടിനു് പകരം വെട്ടു്, കുത്തിനു് പകരം കുത്തു് തുടങ്ങിയ പഴയ കാടൻശിക്ഷാവിധികൾക്കു് ‘നവോത്ഥാനം’ നൽകാൻ ശ്രമിക്കുന്നവരെപ്പറ്റി ഒരു നിമിഷം ആലോചിച്ചുനോക്കൂ. സ്വപക്ഷത്തിലെ ക്രിമിനലുകൾ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ മോശെയുടെ കാലത്തെ നിയമവ്യവസ്ഥകൾ പോലും ഏറ്റെടുക്കാൻ മടിയില്ലാത്തവരുടെ മാനസികലോകം എത്ര ആയിരം വർഷങ്ങൾ പിന്നിലായിരിക്കണം?
ഇറ്റാലിയൻ ഹ്യൂമനിസം എന്ന ആദ്യഘട്ടത്തിനു് ശേഷം പ്രധാനമായും പ്ലേറ്റോയുടെയും പ്ലോടിനസിന്റെയും ചിന്തകൾക്കു് സംഭവിച്ച പുനർജന്മം മുതൽ എൻലൈറ്റെന്മെന്റ് വരെയുള്ള കാലഘട്ടമാണു് പൊതുവേ യൂറോപ്യൻ റിണൈസൻസ് എന്നറിയപ്പെടുന്നതു്. നാച്യുറൽ ഫിലോസഫി, നെയ്ചർ മിസ്റ്റിസിസം, ആസ്‌റ്റ്രോളജി, ആൽക്കെമി, മാജിക്, പ്രതീകാത്മകജ്ഞാനം, ഭൂതപ്രേതാദികൾ തുടങ്ങിയ വെടികളും പുകകളും മനുഷ്യജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പരിഹാരമാർഗ്ഗങ്ങളും നിശ്ചയിച്ചിരുന്ന കാലഘട്ടം. അതിൻ പ്രകാരം, “നവോത്ഥാനത്തിനു്” വേണ്ടി ശ്രമിക്കുന്ന ഒരു ഇസ്ലാമിസ്റ്റോ, ഒരു മാർക്സിസ്റ്റോ, ഒരു ഹിന്ദുത്വവാദിയോ ലക്ഷ്യം വയ്ക്കുന്നതു് എന്താണെന്നു് ഊഹിക്കാവുന്നതേയുള്ളു. നവോത്ഥാനമല്ല, ബോധവത്കരണമാണു് മനുഷ്യനു് ആവശ്യം. പക്ഷേ, ഇസ്ലാമിസം, മാർക്സിസം, ഹിന്ദുത്വവാദം തുടങ്ങിയവയുടെ വിഷനിലങ്ങളിൽ പാകിയാൽ മുളയ്ക്കുന്നവയല്ല ബോധവത്കരണത്തിന്റെ വിത്തുകൾ. മിഥുകളിൽ നിന്നും ആദ്യം പ്രീ-സോക്രാറ്റിക് ഫിലോസഫിയിലെത്തി, അവിടെനിന്നും വിവിധയിനം തത്വചിന്തകളുടെയും പരീക്ഷണനിരീക്ഷണങ്ങളുടെയും പടയോട്ടങ്ങളുടേയും ലോകയുദ്ധങ്ങളുടെയുമെല്ലാം എത്രയോ പടികൾ കടന്നാണു് ഹ്യൂമനിസത്തിലും, റിണൈസൻസിലും, റിഫർമേഷനിലും, എൻലൈറ്റെന്മെന്റിലും നവയുഗത്തിലുമെല്ലാം യൂറോപ്യൻ സമൂഹം എത്തിച്ചേർന്നതു്. യൂറോപ്യൻസ് കടന്നുപോയ വഴികളെ മാതൃകയാക്കാനായിട്ടല്ല, ഇപ്പോഴും മിഥുകളിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തെ നവയുഗത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതു് എത്ര ദുഷ്കരമാണെന്നു് സൂചിപ്പിക്കാനായി പറഞ്ഞെന്നേയുള്ളു.
ഇരുപതു് വർഷങ്ങൾ വേണമെങ്കിലും ഒരു തെറ്റു്, അതൊരു തെറ്റാണെന്നറിയാതെ ചെയ്തുകൊണ്ടിരിക്കാൻ മനുഷ്യനു് കഴിയും എന്നൊരു ബോർഡ് ജർമ്മൻ പ്രോട്ടസ്റ്റന്റ് സഭ നടത്തുന്ന ഒരു ആശുപത്രിയുടെ പൂമുഖത്തു് തൂക്കിയിട്ടിരുന്നതു് ഒരിക്കൽ കാണാനിടയായിട്ടുണ്ടു്. ദൈവദത്തമായ കല്പനകൾ എന്നു് വിശ്വസിപ്പിച്ചാൽ, ആയിരത്തിനാനൂറോ, മൂവായിരത്തിഅഞ്ഞൂറോ വർഷങ്ങൾ വേണമെങ്കിലും കാട്ടാളത്തങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചുകൊണ്ടിരിക്കാൻ മടിയില്ലാത്തവരാണു് മനുഷ്യർ എന്ന അനുഭവസത്യത്തിനു് മുന്നിൽ, ഇരുപതോ നൂറ്റമ്പതോ വർഷങ്ങൾ ഒരു വിഡ്ഢിത്തം വിഡ്ഢിത്തമാണെന്നു് തിരിച്ചറിയാതെ പിൻതുടരുന്നതിൽ അസാധാരണമായി എന്തിരിക്കുന്നു? ഇൻറ്റ്രൊസ്പെക്ഷനു് ശേഷിയില്ലാത്ത മനുഷ്യരിൽ ഇസങ്ങൾ പ്രവർത്തിക്കുന്നതു് ഡ്രഗ്സ് പോലെതന്നെയാണു്. സ്വന്തം പോരായ്മകൾ സ്വയം പരിഹരിക്കാൻ കഴിയാതെയോ ശ്രമിക്കാതെയോ, അതിന്റെ കാരണങ്ങൾ മുഴുവൻ മറ്റു് മനുഷ്യരിൽ വച്ചുകെട്ടാൻ ശ്രമിക്കുന്ന, ഏതൊക്കെയോ ആശയങ്ങളോടുള്ള ആസക്തിയുടെ അടിമകളാണവർ. സമൂഹം, സിസ്റ്റം, സാമ്രാജ്യത്വം, അമേരിക്ക, ഇസ്രായേൽ, ശൈത്താൻ തുടങ്ങിയവയൊക്കെ അവരെ പിടിച്ചു് തിന്നാൻ വേണ്ടി മാത്രം വഴിനീളെ പതിയിരിക്കുന്ന അവരുടെ ജന്മശത്രുക്കളാണു്. തങ്ങൾ പ്രതിക്കൂട്ടിൽ കയറേണ്ടിവരും എന്നു് തോന്നുന്ന ഏതു് കാര്യത്തിന്റേയും ഉത്തരവാദിത്വം മുതുകത്തേക്കു് ഉന്തിവയ്ക്കാൻ അതുപോലെ കുറെ ശത്രുചിത്രങ്ങൾ ഉണ്ടെങ്കിൽ മാത്രം പിടിച്ചു് നിൽക്കാൻ കഴിയുന്ന ഐഡിയോളജിക്കൽ ആഡിക്റ്റ്സ്!
Aug 17, 2016, 9:35 AM
“പക വീട്ടാനുള്ളതാണു്.”
അങ്ങനെയങ്ങു് പറഞ്ഞു് കൊടുക്കു് സാറേ! പിള്ളേർക്കു് വിവരം വയ്ക്കട്ടെ.
Aug 17, 2016, 11:17 AM
“അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തു് കൊണ്ടുചെന്നു് അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു് കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു് പുരമേൽ കയറി ഓടു് നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. … … അവൻ പക്ഷവാതക്കാരനോടു്: “എഴുന്നേറ്റു് കിടക്ക എടുത്തു് വീട്ടിലേക്കു പോക എന്നു് ഞാൻ നിന്നോടു് പറയുന്നു” എന്നു് പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു്, താൻ കിടന്ന കിടക്ക എടുത്തു് ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു് പോയി.” – (ലൂക്കോസ് 5: 18, 19, 24, 25)
രോഗികളോടുള്ള സഹതാപം എന്നൊക്കെപ്പറഞ്ഞാൽ ഇതാണു്. കിടപ്പിലായ പക്ഷവാതരോഗിയെ കിടക്കയിൽ ചുമന്നുകൊണ്ടു് അത്യാവശ്യമായി വൈദ്യസന്നിധിയിൽ എത്തിച്ചു് രക്ഷപെടുത്താൻ നോക്കുമ്പോൾ ഔട്ട്പേഷ്യന്റ്സിന്റെ തിരക്കുമൂലം വൈദ്യൻ ഇരിക്കുന്ന വീടിനകത്തേക്കു് കടക്കാനേ പറ്റില്ലെന്നു് വന്നാൽ വീടിന്റെ മേൽക്കൂര പൊളിച്ചു് രോഗിയെ കിടക്കസഹിതം താഴേക്കു് ഇറക്കിവയ്ക്കാൻ ആരായാലും ശ്രമിച്ചുപോകും. പുരപ്പുറം ഓടോ, വയ്ക്കോലോ, ഓലയോ മേഞ്ഞതായാൽ അങ്ങനെയൊരു ഗുണമുണ്ടു്. പൊളിക്കൽ എളുപ്പമാണു്. കഴുക്കോലുകൾക്കും ഉത്തരങ്ങൾക്കുമെല്ലാം ചുമട്ടുകാരെയും രോഗിയെയും കിടക്കയേയും താങ്ങാൻ വേണ്ടത്ര ബലമുണ്ടാവണമെന്നേയുള്ളു. പക്ഷേ, പുരയും പുരപ്പുറവും കോൺക്രീറ്റിൽ തീർത്തതായാൽ പൊളിക്കൽ കുറച്ചുകൂടി ശ്രമകരമായിരിക്കും.
എനിക്കു് തോന്നുന്നതു്, ഓടു് പൊളിക്കാൻ ചുമട്ടുകാർക്കൊപ്പം ആ പക്ഷവാതരോഗിയും ഒത്തുപിടിച്ചു എന്നാണു്. വല്ലതും കാര്യമായി തടയുമെന്നുണ്ടെങ്കിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രം വരെ, മുകളിൽ നിന്നോ താഴെനിന്നോ സൈഡിൽ നിന്നോ പൊളിക്കാൻ മടിക്കുന്നവരല്ല മനുഷ്യർ. മേൽക്കൂരയിലെ ഓടു് പൊളിക്കാൻ കഴിയുന്നവനു് ഒരു കിടക്കയോ തഴപ്പായോ മെത്തപ്പായോ ചുമന്നുകൊണ്ടു് നടക്കാനും പറ്റും എന്നറിയാൻ ദൈവപുത്രനോ യേശുവോ ഒന്നും ആവേണ്ട കാര്യവുമില്ല.
ഒരു ദൈവപുത്രനെ വാർത്തെടുക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. നല്ല കറതീർന്ന ഫിക്ഷൻ എഴുതാൻ കഴിയുന്നവർക്കു് മാത്രം സാധിക്കുന്ന ഒരു കാര്യമാണതു്. സാമാന്യബുദ്ധിയിൽ എത്ര അവിശ്വസനീയമാണോ ആ ഫിക്ഷൻ, അത്ര കൂടുതലായിരിക്കും ദൈവപുത്രഭക്തർ അതിനു് നൽകുന്ന വിശ്വാസയോഗ്യത. കാരണം, പ്രകൃതിനിയമങ്ങളെയും, അന്യദൈവങ്ങളേയും അസാധുവാക്കി, പുറംകാൽ കൊണ്ടു് തട്ടി കുപ്പത്തൊട്ടിയിലേക്കു് എറിയാൻ കഴിവുള്ളവനാണു് ഏതൊരു വിശ്വാസിക്കും അവന്റെ ദൈവം.
Aug 19, 2016, 9:31 AM
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ ഹാർവാർഡ് കൊമ്പാറ്റിബിൾ ആയിരിക്കുമല്ലോ എന്നതാണു് ഒരാശ്വാസം. എന്നേപ്പോലുള്ള വെരി ഇമ്മോറൽ പേഴ്സൺസിനു് ദർശനസൗകര്യം വേണ്ട എന്ന തീരുമാനം മറ്റൊരാശ്വാസം. സൗകര്യം നൽകിയിട്ടും പോകാതിരുന്നാൽ VIP-കളെ സംബന്ധിച്ചു് അതു് ഭയങ്കര അപമര്യാദയാണു്.
Aug 19, 2016, 9:40 AM
രണ്ടു് വാക്കു് പറയുവർക്കു് വേണ്ടി നോക്കിപ്പാർത്തിരുന്നു് അവരെ പേരു് വിളിച്ചു് നാലു് വാക്കു് പറയുന്നതു് നല്ലൊരു കലയും സേവനവുമാണു്. മനുഷ്യർക്കു് മനുഷ്യനാമങ്ങൾ കേട്ടു് മതിവരാം. വംശവർദ്ധനവിൽ ഏർപ്പെട്ടിരിക്കുന്നവർക്കു് അവരുടെ ഉൽപ്പന്നങ്ങൾക്കു് നൽകാനോ നൽകാതിരിക്കാനോ പറ്റിയ പേരുകൾ കണ്ടെത്താനും അതു് സഹായിക്കും.
Aug 19, 2016, 10:54 AM
രണ്ടു് ഭാരതീയപെൺകുട്ടികൾ ഒളിമ്പിക്സിൽ മെഡൽ നേടി എന്നൊക്കെ കേട്ടു. അടിസ്ഥാനപരമായി ഞാനൊരു കുശുമ്പനാണെങ്കിലും, മൗലികമായി ഞാനൊരു പുരുഷൻ ആയതുകൊണ്ടു് ആ പെൺകുട്ടികൾക്കു് ആശംസകൾ അർപ്പിക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടു്. പക്ഷേങ്കി, ഏതു് ജാതി, ഏതു് മതം, ഏതു് പാർട്ടി എന്നൊക്കെ അറിയാതെ ചുമ്മാ കേറി എങ്ങനെയാ ആശംസകൾ കോരിയൊഴിക്കുകാന്നൊരു ഡവുട്ട്. ഒരു മെഡൽകാരി മുസ്ലീമാണെന്നു് മുസ്ലീം ഷഹോദരങ്ങളുടെ സ്റ്റാറ്റസുകളിൽ നിന്നും അറിയാൻ കഴിഞ്ഞു. അതൊരു മഹാഭാഗ്യമെന്നേ പറയേണ്ടൂ! എന്നാലും, ബുർഖയിടാതെ ഗുസ്തി പിടിച്ചതുകൊണ്ടു് ഖബറിന്റെ വിശാലതയുടെ കാര്യത്തിൽ പടച്ചോൻ എന്തു് തീരുമാനം എടുക്കുമോ എന്തോ? പടച്ചോൻ എന്നോടു് ചോദിച്ചാൽ, അവൾടെ ഖബർ പത്തു് ഫുട്ട്ബാൾ കോർട്ടിനേക്കാൾ വലുതാക്കിക്കൊടുക്കണമെന്നേ ഞാൻ പറയൂ. പക്ഷേ, അങ്ങേർ ഒരു തോന്നിയവാസി ആയതുകൊണ്ടു് എന്നോടു് ചോദിക്കുമെന്നു് തോന്നുന്നില്ല. എന്നേക്കാൾ കുശുമ്പനാണു് അല്ലാഹു. ഞാൻ നന്നാവുന്നതു് പണ്ടേതന്നെ അങ്ങേർക്കിഷ്ടമില്ല.
മറ്റേ തട്ടിക്കളിക്കാരിക്കാണെങ്കിൽ ഒരു കളിയും കൂടി കളിക്കാനുണ്ടത്രെ! പൊതുവേ പറഞ്ഞാൽ, ഈ പെണ്ണുങ്ങൾ ഒരുപാടു് കളിക്കാതിരിക്കുന്നതാണു് നല്ലതു് എന്നാണെന്റെ പക്ഷം. പക്ഷേ. കളിക്കാരിപ്പെൺപിള്ളേരും അല്ലാഹുവിനെപ്പോലെയാണു്. എന്റെ പക്ഷം എന്തെന്നു് അവരും ചോദിക്കാറില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ദയനീയാവസ്ഥയിലാണു് എന്റെ ഇപ്പോഴത്തെ ജീവിതം എന്നു് പറഞ്ഞാൽ മതി. ഏതായാലും, ആ ബാഡ്മിന്റൺകാരി കളിക്കാൻ തീരുമാനിച്ച സ്ഥിതിക്കു്, ജയിക്കുമോ തോൽക്കുമോ എന്നും, അവളുടെ ജാതിയും മതവും പാർട്ടിയുമൊക്കെ ഏതെന്നും അറിഞ്ഞശേഷം ആശംസകൾ അറിയിക്കുന്നതായിരിക്കും, അത്യാസന്നാധുനിക ബൃഹദാഖ്യാനങ്ങളുടെ ഭാരതീയ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് ചിന്തിക്കുമ്പോൾ ഉചിതമെന്നു് തോന്നുന്നു.
Aug 21, 2016, 11:27 AM
“അധികാരത്തിനു് വേണ്ടിയുള്ള വിശപ്പടക്കാന്‍ മതങ്ങളെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നു് രാഷ്ട്രപതി …” എന്നൊരു വാർത്ത റിപ്പോർട്ടർ ലൈവിന്റേതായി ഇന്നലെ ഫെയ്സ് ബുക്ക് സ്‌റ്റ്രീമിൽ കണ്ടു. നിർജ്ജീവമോ സജീവമോ (dead or alive) ആയ ഒരു മലയാളം ചാനലിനേയും ഞാൻ ഫോളോ ചെയ്യാറില്ലെങ്കിലും, ഏതോ ഒരു സുഹൃത്തു് ആ വാർത്തയ്ക്കു് ലൈക്ക് അടിച്ചു എന്ന വിവരം പരോപകാരിയായ ഫെയ്സ്ബുക്ക് എന്നെ അറിയിച്ചതുവഴി ഞാൻ അവിടെ എത്തിപ്പെടുകയായിരുന്നു. പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു് പറഞ്ഞപോലെയാണു് ചിലപ്പോഴെങ്കിലും ഫെയ്സ്ബുക്കിന്റെ കാര്യം. പ്രലോഭിപ്പിച്ചു് ലിങ്കിൽ ക്ലിക്ക് ചെയ്യിക്കുക എന്ന, അത്ര നിസ്വാർത്ഥമല്ലാത്ത ഫെയ്സ്ബുക്കിന്റെ ലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളു. എനിക്കുവേണ്ടി നിസ്വാർത്ഥസേവനം അനുഷ്ഠിക്കാനുള്ള ബാദ്ധ്യതയൊന്നും ഫെയ്സ്ബുക്കിനെന്നല്ല, ഈ ലോകത്തിലോ, പരലോകമുണ്ടെങ്കിൽ ആ ലോകത്തിലോ ആർക്കുമില്ല. ലിങ്കിൽ ക്ലിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളിടത്തോളം അതിലൊരു പ്രശ്നം ഞാൻ കാണുന്നുമില്ല.
മനുഷ്യവർഗ്ഗം കണ്ടുപിടിച്ച ഡ്രഗ്സിൽ ഒന്നാം സ്ഥാനം അർഹിക്കുന്നതു് മതമാണെന്ന അഭിപ്രായക്കാരനാണു് ഞാൻ. മദ്യവും കഞ്ചാവുമൊക്കെ ലഹരികളാണു്. പക്ഷേ, ഏറിയാൽ, ഈ ലോകത്തിൽ ചില മായാനുഭൂതികൾ ലഭിക്കാൻ സഹായിക്കും എന്നല്ലാതെ, ചത്തു് കഴിഞ്ഞാൽ സ്വർഗ്ഗത്തിലെത്തി തുടർന്നും ജീവിക്കും എന്നും മറ്റും വിശ്വസിപ്പിച്ചു് മനുഷ്യരെ മയക്കാൻ മാത്രം ലഹരി മതങ്ങൾക്കൊഴികെ മറ്റു് ഡ്രഗ്സിനൊന്നിനുമില്ല. മതങ്ങളെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നു് രാഷ്ട്രപതി പറഞ്ഞു എന്നു് കേട്ടപ്പോൾ കൊള്ളാമല്ലോ എന്നു് എനിക്കു് തോന്നിയതും അതുകൊണ്ടാണു്. മാർക്സിന്റെ അഭിപ്രായത്തിൽ ഓപ്പിയമായ മതത്തിനെതിരായി ഇൻഡ്യൻ പ്രസിഡന്റ് നടത്തുന്ന ഒരാഹ്വാനത്തിനു് അതിന്റേതായ ഒരു വിലയുണ്ടു്. പ്രസിഡന്റ് വല്ല ദേവാലയത്തിലും നിന്നുകൊണ്ടാണോ പ്രസംഗിച്ചതെന്നു് അറിയില്ലെങ്കിലും, ആ അഭിപ്രായത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞിരിക്കാം എന്ന ചിന്തയിലാണു്, പതിവിനു് വിപരീതമായി, റിപ്പോർട്ടർ ലൈവിന്റെ ലിങ്കിൽ ക്ലിക്കാൻ ഞാൻ തീരുമാനിച്ചതു്. ദോഷം പറയരുതല്ലോ, എനിക്കു് നിരാശപ്പെടേണ്ടി വന്നില്ല. കാരണം, എന്നെ അവിടെ കാത്തിരുന്നതു് തികച്ചും സൗജന്യവും, തികച്ചും റാഷണലും ആയ ഈ പരസ്യമായിരുന്നു:
“നിങ്ങളുടെ ജാതകം തികച്ചും സൗജന്യമായ്… വിദ്യാഭ്യാസം, തൊഴിൽ, സമ്പത്തു്, വിവാഹം – Click here!”
വിദ്യാഭ്യാസം, തൊഴിൽ, സമ്പത്തു്, വിവാഹം മുതലായവയ്ക്കു് വേണ്ടി ജാതകത്തിനെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നുകൂടി രാഷ്ട്രപതി ആഹ്വാനം ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാണു്, സത്യം പറഞ്ഞാൽ, ആ പരസ്യം കണ്ടപ്പോൾ എനിക്കു് തോന്നിയതു്. പരസ്യക്കാർ പറയുന്നിടത്തു് ക്ലിക്ക് ചെയ്യാതിരിക്കാനും, ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്യാനും മനുഷ്യനു് കഴിയുന്നതും ഒരു വലിയ ദൈവാനുഗ്രഹം തന്നെയാണു്!
Aug 25, 2016, 10:47 AM
ആയിരക്കണക്കിനു് വർഷങ്ങൾ രാസത്വരകങ്ങൾ ഉപയോഗിച്ചു് ബെയ്ക്കിങ്ങും, ബ്ര്യൂവിങ്ങും മനുഷ്യർ നടത്തിക്കൊണ്ടിരുന്നെങ്കിലും, പുളിച്ചു് പൊന്തലിന്റെ (fermentation) പിന്നിലെ ശാസ്ത്രീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ മനുഷ്യർക്കു് അജ്ഞാതമായിരുന്നു. അറബികൾ വാറ്റിയിരുന്നതും, പാനീയങ്ങളിലെ ലഹരിയുടെ ചുമതലക്കാരനുമായ “സ്പിരിറ്റ്” രൂപമെടുക്കുമ്പോൾ പതഞ്ഞുയരുന്ന ഗ്യാസ് കാർബൺ ഡയോക്സൈഡ് ആണെന്നു് ജോസഫ് ബ്ലാക്ക് (1728 – 1799) കണ്ടെത്തിയിരുന്നെങ്കിലും, നല്ല മൈക്രോസ്കോപ്പുകൾ ഇല്ലാതിരുന്നതിനാൽ യീസ്റ്റിന്റെ പ്രകൃതം മനസ്സിലാക്കാൻ കഴിയാതിരുന്നതും, പഞ്ചസാരയുടെ രാസഘടനയെപ്പറ്റിയുള്ള അജ്ഞതയും മൂലം ഫെർമെന്റേഷൻ പോലുള്ള രാസമാറ്റങ്ങൾ ഒരു ഭൂതപ്രവൃത്തിയാണെന്ന മനുഷ്യരുടെ ധാരണ തുടർന്നുകൊണ്ടിരുന്നു.
ലോകത്തിൽ നിന്നും ഭൂതങ്ങളെ പുറത്താക്കൽ അത്ര എളുപ്പമല്ലെന്നു് ഉന്നത ശാസ്ത്രജ്ഞർ പോലും വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അതു്. തുലാഭാരവും ശത്രുസംഹാരപൂജയും പൂമൂടലും മറ്റും മനുഷ്യജീവിതത്തിൽ സജീവമായ പങ്കു് വഹിക്കുന്ന സമൂഹങ്ങൾ ഇന്നും ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നില്ല. കാലഹരണപ്പെട്ടതിനാൽ, ആധുനികശാസ്ത്രലോകത്തിൽ വിലയൊന്നും ഇല്ലെങ്കിലും, പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ശാസ്ത്രലോകത്തിൽ പോലും വൈറ്റലിസം എന്ന “ഭൂതസിദ്ധാന്തത്തിനു്” നല്ല സ്വാധീനമുണ്ടായിരുന്നു. ഫിസിക്സിലെയോ കെമിസ്‌റ്റ്രിയിലെയോ തത്വങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ശക്തി ജീവന്റെ ഉത്ഭവത്തിലും ജൈവപ്രതിഭാസങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന വിശ്വാസസംഹിതയാണു് വൈറ്റലിസം. ഇനോർഗാനിക് കെമിസ്റ്റ്രിയിലെ തത്വങ്ങൾ മാത്രം ഉപയോഗിച്ചു് ഓർഗാനിക് കെമിസ്‌റ്റ്രിയിലെ പ്രതിഭാസങ്ങൾ വിശദീകരിക്കാനാവില്ല എന്നു് പ്രസിദ്ധ ഇൻഗ്ലീഷ് കെമിസ്റ്റും, “Henry’s law”-യുടെ ഉപജ്ഞാതാവുമായ വില്യം ഹെൻറിയെക്കൊണ്ടു് (1774 – 1836) പറയിച്ചതും ഈ സിദ്ധാന്തമായിരുന്നു: “ഈവക പ്രവർത്തനങ്ങളിൽ പ്രകൃതിയെ അനുകരിക്കാൻ നമുക്കു് എന്നെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല. കാരണം, ജീവിക്കുന്ന ഒരു ചെടിയെ പ്രവർത്തനക്ഷമമാക്കുന്നതിനു് പിന്നിൽ നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ സാന്നിദ്ധ്യമുണ്ടു്. ജൈവവസ്തുക്കൾക്കു് സ്വന്തവും ഉത്കൃഷ്ടവുമായ ആ ജീവശക്തി (vital force) അജീവവസ്തുക്കളിലെ “കെമിക്കൽ അഫിനിറ്റി” എന്നറിയപ്പെടുന്ന പ്രേരകശക്തിയിൽ നിന്നും വ്യത്യസ്തമാണു്”.
ഹെൻറി ഇതു് പറഞ്ഞതിന്റെ അടുത്ത വർഷം (1828) മനുഷ്യമൂത്രത്തിലെ പ്രധാന ഘടകമായ യുറിയ, ബാഷ്പീകരിക്കപ്പെടുന്ന അമോണിയം സയനേറ്റിൽ അടങ്ങിയിട്ടുണ്ടെന്നും, കാർബണും, നൈട്രജനും, ഹൈഡ്രജനും, ഓക്സിജനും ചേർന്ന ആ പദാർത്ഥം ലബോററ്ററിയിൽ നിർമ്മിക്കാമെന്നും ജർമ്മൻ കെമിസ്റ്റ് ഫ്രീഡ്റിഹ് വ്യോളർ (1800 – 1882) കണ്ടെത്തി (“Wöhler synthesis”). മനുഷ്യന്റെയോ, നായുടെയോ, കിഡ്നിയുടെയോ സഹായമില്ലാതെ തനിക്കു് യുറിയ നിർമ്മിക്കാൻ ആവുമെന്ന വിശദീകരണത്തോടെയാണു് വ്യോളർ തന്റെ കണ്ടുപിടുത്തം ലോകത്തെ അറിയിച്ചതു്.
ഈവിധ കണ്ടുപിടുത്തങ്ങളിലൂടെയാണു് കെമിസ്‌റ്റ്രിയിൽ വാണരുളിയിരുന്ന ഭൂതസിദ്ധാന്തങ്ങളെ അവയുടെ അവസാനത്തെ സിംഹാസനങ്ങളിൽനിന്നുവരെ ആട്ടിപ്പായിക്കാൻ ശാസ്ത്രജ്ഞർക്കു് കഴിഞ്ഞതു്.
Aug 26, 2016, 10:55 AM
നമ്മെയോ നമ്മുടെ കൂട്ടത്തെയോ നേരിട്ടു് ബാധിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ ജനറലൈസ് ചെയ്യുന്നതു് റെട്ടറിക്കിനു് യോജിച്ച കാര്യമല്ല. ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി തോളിലേറ്റി കിലോമീറ്ററുകള്‍ നടന്നു് വീട്ടിലെത്തിക്കേണ്ടി വരുന്ന ആദിവാസിയെപ്പറ്റി, കോയമ്പത്തൂരിലെ സര്‍ക്കാര്‍ വക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു് വീട്ടില്‍ എത്തിക്കേണ്ടിവരുന്ന ആദിവാസി മാതാപിതാക്കളെപ്പറ്റി, ചിത്രലേഖ എന്ന ദളിതു് സ്ത്രീയുടെ ഓട്ടോ റിക്ഷ നശിപ്പിച്ചു് അവളെയും കുടുംബത്തേയും ജീവിക്കാൻ അനുവദിക്കാതിരിക്കുന്നതിനെപ്പറ്റി എല്ലാം എലഗന്റ് ആയ നിശ്ശബ്ദത പാലിക്കാൻ നമുക്കു് കഴിഞ്ഞാൽ ഒന്നുകൂടി നല്ലതു്. ഒറ്റപ്പെട്ട സംഭവങ്ങൾ കക്ഷിരാഷ്ട്രീയപരമായ നമ്മുടെ സ്വന്തം താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നു് തോന്നിയാൽ ഏതവസരത്തിലും അവയെ ജനറലൈസ് ചെയ്യുകയും വേണം. അതിൽ തെറ്റില്ല. പ്രിവിലേജുകൾ നമുക്കു് മാത്രം അവകാശപ്പെട്ടതാണു്. മറ്റുള്ളവർക്കു് അതിനുള്ള അർഹതയില്ല. ദളിതരുടെയും ആദിവാസികളുടെയുമെല്ലാം ജീവന്മരണപ്രശ്നങ്ങൾ ഇമ്മീഡിയറ്റ് പരിഹാരങ്ങൾ അർഹിക്കുന്നവയല്ല. ഒട്ടുപാൽ പോലെ ഇഷ്ടാനുസരണം വലിച്ചുനീട്ടാൻ പറ്റിയ വ്യാവഹാരിക ബൃഹദാഖ്യാനങ്ങളാണു് അവയ്ക്കു് വേണ്ടതു്. ജാതീയവും വംശീയവും ലിംഗപരവുമായ ചൂഷണങ്ങളേയും വിവേചനങ്ങളേയും സംബന്ധിച്ച ഘോരഘോരമായ ഐഡിയോളജിക്കൽ പ്രബോധനങ്ങൾ!
Aug 27, 2016, 10:56 AM
അമിതമായ ആത്മവിശ്വാസം പുലർത്തുക എന്നതു് മനുഷ്യർ പൊതുവേ പ്രദർശിപ്പിക്കുന്ന ഒരു പ്രവണതയാണു്. ഒരു പഠനത്തിൽ, നിങ്ങൾ ഒരു നല്ല ഡ്രൈവറാണോ എന്നൊരു ചോദ്യത്തിനു്, അതേ എന്ന ഉത്തരം നൽകിയതു് അറുപത്തഞ്ചു് ശതമാനത്തിലേറെ പങ്കാളികളാണു്! കുറഞ്ഞതു്, പതിനാറു് ശതമാനം ഡ്രൈവേഴ്സ് എങ്കിലും ഡ്രൈവിങ്ങിലുള്ള അവരുടെ കഴിവിനെ ഓവർഎസ്റ്റിമേറ്റ് ചെയ്യുന്നവരാണു്. പത്തു് ലക്ഷത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടു് ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ, എഴുപതു് ശതമാനത്തിൽ അധികം പേർ ഭാവിയിലെ ലീഡിങ് പൊസിഷനുകൾക്കു് അസാമാന്യമായ വിധം യോജിച്ചവരായിട്ടാണു് സ്വയം വിലയിരുത്തിയതു്. 100 ശതമാനം പങ്കാളികളുടെയും ധാരണയിൽ അവർ അസാധാരണമായ വിധം സഹൃദയരും വിനയശീലരുമായിരുന്നു. 60 ശതമാനം പേർ അവർക്കു് മുന്തിയ 10 ശതമാനത്തിലാണു് സ്വന്തം സ്ഥാനം കണ്ടതു്. 25 ശതമാനം പേരുടെ അഭിപ്രായത്തിൽ അവർ ഏറ്റവും വിശിഷ്ടരായ ഒരു ശതമാനം വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നവരാണു്. തന്നെപ്പറ്റി എക്സാജെറേറ്റഡ് ആയ അഭിപ്രായം പുലർത്തുന്ന കാര്യത്തിൽ പ്രൊഫസേഴ്സും ഒട്ടും പിന്നിലായിരുന്നില്ലത്രെ! 94 ശതമാനം പ്രൊഫസേഴ്സും അവരുടെ പഠിപ്പിക്കൽ ശരാശരിയിൽ നിന്നും ഉയർന്നതാണെന്നു് കരുതുന്നവരായിരുന്നു.
മനുഷ്യർ സ്വയം വിലയിരുത്താറുള്ള മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഈ പ്രതിഭാസം കാണാൻ കഴിയും. തന്റെയും മക്കളുടെയും ബുദ്ധി, ഭാവിയിൽ രോഗം വരാനുള്ള സാദ്ധ്യത തുടങ്ങിയ കാര്യങ്ങളിലെല്ലാം അമിതമായ ആത്മവിശ്വാസം പുലർത്തുന്നവരാണു് മനുഷ്യർ. സ്വന്തം രാജ്യം സാമ്പത്തികമായി വിജയിച്ചുകൊണ്ടിരിക്കുകയാണെന്നു് തോന്നിയാൽ, അതോടൊപ്പം തന്റെ ഭാവിയും ശോഭനമായിത്തീരും എന്നു് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണു് അധികം മനുഷ്യരും.
പഠിപ്പിക്കാൻ അസാമാന്യമായ ശേഷിയുള്ളവരാണു് തങ്ങളെന്ന ഭ്രമം കേരളത്തിലെ മന്ത്രിമാരെ പിടി കൂടുന്നതു് ഈ പ്രതിഭാസം മൂലമാണോ എന്നറിയില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, കേരളമന്ത്രിമാർ പിള്ളേരെ പഠിപ്പിക്കാൻ പോകുമ്പോൾ ബോഡി ഗാർഡ്സിനോടൊപ്പം ഒന്നുരണ്ടു് “വാക്യം തിരുത്തൽ” വിദഗ്ദ്ധരെക്കൂടി കൂട്ടത്തിൽ കൊണ്ടുപോകുന്നതു് നന്നായിരിക്കും. മന്ത്രിമാരുടെയും നേതാക്കളുടെയും വായിൽ നിന്നും വന്നതായി പത്രങ്ങളിൽ ഇന്നു് വരുന്ന വാർത്തകൾക്കു് ഇന്നുതന്നെയോ, ഏറിയാൽ നാളെയെങ്കിലുമോ തിരുത്തൽ കൊടുക്കാതെ പിടിച്ചു് നിൽക്കാൻ പറ്റാത്ത സാഹചര്യമാണു് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളതു്. അതുകൊണ്ടു്, ഒരു മുൻകരുതൽ ദോഷം ചെയ്യില്ല. പിള്ളേർക്കു് അനുഭവജ്ഞാനപരമോ ആശയപരമോ ആയ തെറ്റിദ്ധാരണകൾ ഉണ്ടായാൽ തിരുത്തിക്കൊടുക്കേണ്ടതുണ്ടു്. അതുപോലെതന്നെ, കിൻഡർ ഗാർട്ടൺ മുതൽ പിള്ളേരെ കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാൻ പഠിപ്പിക്കേണ്ടതും, മാർക്സ് പറഞ്ഞതുപോലെ, അനിവാര്യമായി സംഭവിക്കേണ്ട, സംഭവിച്ചില്ലെങ്കിൽ സംഭവിപ്പിക്കേണ്ട സാമൂഹികമായ ഒരു ആവശ്യമാണു്. കാരണം, സമൂഹത്തിന്റെ, പ്രത്യേകിച്ചും നമ്മുടെ സ്വന്തം ഭാവിയുടെ വാഗ്ദാനങ്ങളാണവർ.
പഠിപ്പിക്കാൻ ഞാനും ഒട്ടും മോശമല്ലെന്നാണു് എന്റെയൊരു തോന്നൽ. സത്യം പറഞ്ഞാൽ, ജൈന സന്യാസിമാരെപ്പോലെ നഗ്നാസനനായി കസേരയിൽ ഇരുന്നു് പഠിപ്പിക്കണം എന്നാണു് എന്റെയും ആഗ്രഹം. പക്ഷേ, “സ്തബ്ധപ്രജ്ഞരായ” അവർക്കു് കഴിയുന്നപോലെ, നനഞ്ഞ വളികളെ നിയന്ത്രിക്കാൻ എനിക്കു് കഴിയാതെ പോയാൽ, പഠിപ്പിക്കൽ കഴിയുമ്പോഴേക്കും, കസേരയുടെ കുഷൻ കടുവാവരയൻ ആയേക്കുമോ എന്നൊരു ഭയം ഇല്ലാതില്ല. അതുകൊണ്ടു്, അരിസ്റ്റോട്ടിലിനെപ്പോലെ, പെരിപറ്റെറ്റിക് ആയി (ക്ലാസ്സിൽ ചുറ്റിനടന്നു്) പഠിപ്പിക്കുക എന്നതാണു് എന്റെ പരിപാടി. ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ ഒരവസരം കിട്ടിയാൽ ക്ലാസ്സ് തുടങ്ങേണ്ടതു് എങ്ങനെ എന്നതിനെപ്പറ്റി ഒരു രൂപരേഖയും ഞാൻ തയ്യാറാക്കിയിട്ടുണ്ടു്. പാഠം ഒന്നു്, തറ – പറ, തറ- പറ എന്ന സ്കീം അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ നടപ്പിലാക്കാനാണു് ഞാൻ തീരുമാനിച്ചിരിക്കുന്നതു്.
പാഠം ഒന്നു്, തറ – മുറ, തറ- മുറ; പാഠം രണ്ടു്, തെറി – നാറി, തെറി – നാറി; പാഠം മൂന്നു്, സുനി – സുന, സുനി – സുന; പാഠം നാലു്, വെട്ടു് – കുത്തു്, വെട്ടു് – കുത്തു് അങ്ങനെയങ്ങനെ വോൾഗാനദിയുടെ തരംഗമാലകളും ഗംഗാ നദിയും നൈലും യാംഗ്സിയും ഏറ്റുപാടുന്ന ലെനിന്റെ വിപ്ലവഗീതങ്ങൾ പോലെ അലയടിച്ചൊഴുകുന്ന എന്റെ വാഗ്ധോരണിയിലൂടെ പിള്ളേരെ ഒരു വഴിക്കാക്കാൻ കഴിയുമെന്നാണു് എന്റെ പ്രതീക്ഷ.
Aug 29, 2016, 11:04 AM
ചൈന, ലാവോസ്, തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിൽ വസിക്കുന്ന ഒരു ഏത്നിക് മൈനോറിറ്റിയാണു് മോങ് (Hmong people). നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ അനുസരിച്ചു് ജീവിക്കുന്ന മോങ് ജനതയിൽ പിതൃക്കളുടെയും ആത്മാക്കളുടെയും ലോകം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണു്. അവരുടെ വിശ്വാസപ്രകാരം, ഓരോ മനുഷ്യനിലും ചുരുങ്ങിയതു് മൂന്നു് ആത്മാക്കളെങ്കിലുമുണ്ടു്. അതിലൊന്നു്, മരണശേഷം പരലോകത്തിലേക്കു് പോകും. മറ്റൊന്നു് കുടുംബാത്മാവായി വീട്ടിൽ കഴിയും. ഇനിയും മറ്റൊന്നു് പുനർജനിക്കാനുള്ളതാണു്. പ്രസവശേഷം മറുപിള്ളയെ ശരിയായ സ്ഥലത്തു് മറവു് ചെയ്താൽ മാത്രമേ ഈ പുനർജനിക്കൽ സാദ്ധ്യമാവൂ. മറുപിള്ളയെ കുഴിച്ചിടാൻ പറ്റിയ ഒരു സ്ഥാനം അമ്മായിഅമ്മയുടെ കട്ടിൽക്കാലിനു് സമീപമാണു്. തന്റെ വാസസ്ഥലം എവിടെയാണെന്നു് അറിയാൻ ആത്മാവിനെ അതു് സഹായിക്കും എന്നു് മാത്രമല്ല, അമ്മയും കുഞ്ഞും അതുവഴി ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും എന്നാണവരുടെ വിശ്വാസം.
“ആധുനിക”മതസ്ഥരുടെ കാഴ്ചപ്പാടിൽ അതു് തികഞ്ഞൊരു അന്ധവിശ്വാസമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പിതാവു്, പുത്രൻ, പരിശുദ്ധറൂഹ എന്നിങ്ങനെ മൂന്നു് ദൈവങ്ങൾ ഒട്ടിപ്പിടിച്ചു് “ത്രിയേകദൈവം” ആവുന്നതു് മനസ്സിലാക്കാൻ കഴിയുന്നതുപോലെ എളുപ്പമല്ല, മൂന്നു് ആത്മാക്കൾ ഒട്ടിച്ചേർന്നു് ഒരു “ത്രിയേകമനുഷ്യൻ” ആവുന്ന രഹസ്യം മനസ്സിലാക്കുക എന്നതു്. അതുപോലെതന്നെ, ഒരു മനുഷ്യൻ മരിച്ചുയർത്തു് പരലോകത്തിലേക്കു് പോയി എന്നു് പറയുന്നതുപോലെ വിശ്വാസയോഗ്യമല്ല, മരിച്ച ഒരു മോങ് മനുഷ്യനിലെ മൂന്നിൽ ഒരു ആത്മാവു് പരലോകത്തിലേക്കു് പോകും എന്നും മറ്റും പറയുന്നതു്. നിക്കറിന്റെ ഉള്ളിലെ ആസനം ഞങ്ങളുടേതാണെങ്കിൽ വള്ളിക്കളസവും ബെർമൂഡയായി മാറും എന്നാണു് പ്രമാണം!
അതുപോലെ, ചെറുപ്പത്തിലേതന്നെ വിവാഹിതരാവുന്നതിനാൽ, പതിനാലു് വയസ്സിൽ പെൺകുട്ടികൾ അമ്മമാരാവുന്നതു് മോങ് ജനതയുടെയിടയിൽ അത്ര അസാധാരണമല്ല. ചിലവിനു് കൊടുക്കാൻ വകയുണ്ടെങ്കിൽ ഒന്നിലധികം ഭാര്യമാരെ എടുക്കാൻ പുരുഷന്മാർക്കു് അനുവാദമുണ്ടു്. അതൊരു നല്ല കാര്യമാണെന്നു് കരുതുന്ന ചില മതവിശ്വാസികളെങ്കിലും ഉണ്ടാവും എന്നു് ഉറപ്പുള്ളതുകൊണ്ടാണു് അക്കാര്യം കൂടി പറയുന്നതു്. മരിച്ചു് സ്വർഗ്ഗത്തിൽ എത്തുന്നതുവരെ പാപപങ്കിലമായ ഈ ലോകത്തിൽ കഷ്ടപ്പെട്ടു് ജീവിതം തള്ളിനീക്കുന്ന ദൈവഭക്തർക്കു് അല്പം സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഒരിക്കലും നമ്മൾ അവരിൽ നിന്നും മറച്ചുപിടിക്കരുതു് എന്നാണെന്റെ അഭിപ്രായം.
ശരീരത്തിനു് ആവശ്യമുള്ളതിന്റെ 80 മുതൽ 90 ശതമാനം വരെ വിറ്റമിൻ-D സൂര്യപ്രകാശത്തിൽ നിന്നുമാണു് സാധാരണഗതിയിൽ മനുഷ്യർക്കു് ലഭിക്കുന്നതു്. ചില ആഹാര പദാർത്ഥങ്ങളിൽ ചെറിയ അളവിൽ അതു് അടങ്ങിയിട്ടുണ്ടു്. വിറ്റമിൻ-D സംബന്ധിച്ച പ്രശ്നങ്ങളോ രോഗമോ ഉള്ളവർക്കുവേണ്ടി മരുന്നു് രൂപത്തിലും സംഭവം ലഭ്യമാണു്. ഭൂമദ്ധ്യരേഖയിൽ നിന്നും അകന്നു് കിടക്കുന്ന യൂറോപ്പിൽ സമ്മറിൽ മാത്രം ലഭിക്കുന്ന ഒരു അമൂല്യസമ്പത്താണു് സൂര്യപ്രകാശം. തണുപ്പിനെ നേരിടാൻ മഞ്ഞുകാലത്തു് ദേഹം മുഴുവൻ മൂടിക്കെട്ടിമാത്രം പുറത്തിറങ്ങി നടക്കാൻ കഴിയുന്ന യൂറോപ്യൻസ് വേനൽക്കാലത്തു് അല്പവസ്ത്രധാരികളാവുന്നതിന്റെ പിന്നിലെ ഒരു പ്രധാന ലക്ഷ്യം ഈ വിറ്റമിൻ-D സമ്പാദനമാണു്.
വേനൽക്കാലമാണെങ്കിൽ “റ്റൂ-പീസ് സ്വിംസ്യൂട്ട് “ധരിച്ചുകൊണ്ടാണു് ആളുകൾ “ഫിൽഹാർമോണിക് ഓർക്കെസ്‌റ്റ്ര” സന്ദർശിക്കുന്നതെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഏറിയോ കുറഞ്ഞോ “ഡ്രസ്കോഡ്” നിലവിലുണ്ടു്. സന്ദർഭത്തിനനുസരിച്ചു് വസ്ത്രം ധരിക്കുക എന്നതു് ഓരോ സമൂഹത്തിന്റേയും സംസ്കാരത്തിന്റെ ഭാഗമായി രൂപപ്പെട്ടതായിരിക്കണം. ലേഡീസ് സ്യൂട്ട്, മെൻസ് സ്യൂട്ട്, ഫസ്റ്റ് കമ്മ്യൂണിയൻ സ്യൂട്ട്, “ആദാംസ് സ്യൂട്ട്” അങ്ങനെയങ്ങനെ… കേരളത്തിൽ ആയാലും, നാൽക്കവലയിൽ എതിർപക്ഷത്തുള്ളവരുടെ കോലമോ പടമോ ലുങ്കിയുടുത്തവർക്കും കത്തിക്കാമെന്നല്ലാതെ, നിയമസഭയിൽ ആരെങ്കിലും ലുങ്കിയുടുത്തുകൊണ്ടു് ജനാധിപത്യപരമായ പിടിവലികളും തല്ലുമുണ്ടാക്കുമോ? എല്ലാറ്റിനും അതിന്റേതായ സമയവും ഡ്രസ്കോഡും ഉണ്ടെന്നു് അവിടത്തെ ദാസന്മാർക്കുമറിയാം.
ഗൾഫ് പ്രദേശങ്ങളിലെ സ്ത്രീകളിൽ നല്ലൊരു വിഭാഗം വിറ്റമിൻ – D യുടെ കുറവു് പരിഹരിക്കാൻ ഗുളികകൾ കഴിക്കുന്നവരാണത്രെ! അവിടെ ഒരിക്കൽ ഒരു ടൂറിനു് പോയപ്പോൾ ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു് കേട്ടതാണു്. ഗൾഫിലെ സ്ത്രീകൾ വീടിനു് വെളിയിൽ ഇറങ്ങാത്തതാണോ, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുകൊണ്ടു് മാത്രം വെളിയിൽ ഇറങ്ങുന്നതാണോ ഗുളിക കഴിച്ചു് പരിഹരിക്കേണ്ടവിധം ഗുരുതരമായ അവരുടെ വിറ്റമിൻ – D ഡിഫിഷൻസിയുടെ കാരണം എന്നറിയില്ല. ഏതായാലും ഗൾഫ് പ്രദേശത്തു് സൂര്യപ്രകാശം ലഭിക്കാത്തതാണു് അതിന്റെ കാരണം എന്നു് തോന്നുന്നില്ല. പറഞ്ഞപോലെ, ഗൾഫ് രാജ്യങ്ങളിലും ഡ്രസ്കോഡുണ്ടു്. ഡ്രസ്കോഡിൽ ഒരു നിശ്ചിത അളവിൽ കൂടുതൽ മായം ചേർക്കുന്നവരല്ല അറബികൾ. കാരണം, വസ്ത്രധാരണം, പ്രഭാതകർമ്മങ്ങൾ തുടങ്ങിയ ഗൗരവതരമായ കാര്യങ്ങൾ സംബന്ധിച്ച അല്ലാഹുവിന്റെ കല്പനകൾ അക്ഷരം പ്രതി അനുസരിക്കാൻ ശ്രദ്ധിക്കുന്നവരാണു് അവർ.
ക്രൈസ്തവരുടെയിടയിലെ കന്യാസ്ത്രീകൾ, പ്രത്യേകിച്ചും കത്തോലിക്കാസഭയിലുള്ളവർ, മുഖവും കൈകളും ഒഴികെയുള്ള മുഴുവൻ ശരീരവും മറയ്ക്കുന്ന വസ്ത്രം ധരിച്ചു് മാത്രം വെളിയിൽ ഇറങ്ങാൻ അനുവാദമുള്ളവരാണു്. അവർ സ്വയം തീരുമാനിച്ചു് തിരഞ്ഞെടുക്കുന്ന ജീവിതമാണതു്! ആ ജീവിതം എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ ഒരു ക്രൈസ്തവ കന്യാസ്ത്രീ എങ്ങനെ മാത്രമേ ജീവിക്കാവൂ എന്നു് മറ്റു് ചിലർ പണ്ടെന്നോ നിശ്ചയിച്ചുറപ്പിച്ച ചിട്ടകളും മുറകളും ഞാൻ പാലിച്ചുകൊള്ളാമെന്ന എഗ്രിമെന്റിൽ അവർ സ്വാഭീഷ്ടപ്രകാരം ഒപ്പുവയ്ക്കുന്നു. അവർ, അവരുടെ തീരുമാനം, അവരുടെ മഠം, അവരുടെ ജീവിതം, അവരുടെ നിത്യമണവാളൻ. ആർക്കു് ചേതം?
പക്ഷേ, “പാത്രിയാർക്കീസുകൾ” അരുളിവാഴുന്ന ഒരു സമൂഹത്തിൽ, റ്റീനേജിൽ നിന്നും പുറത്തു് കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി എടുക്കുന്ന തീരുമാനങ്ങൾ എത്രത്തോളം സ്വന്തമായിരിക്കും, എത്രത്തോളം സ്വതന്ത്രമായിരിക്കും എന്നതു് ചിന്താർഹമായ ഒരു വിഷയം തന്നെയാണു്. ക്രൈസ്തവരായ അപ്പനും അമ്മയ്ക്കും ജനിക്കുകയും, അവരുടെ നിയന്ത്രണത്തിൽ, സഭാപരമായ ആചാരങ്ങളും ചടങ്ങുകളും നിർവ്വഹിച്ചു് പതിനേഴോ പതിനെട്ടോ വയസ്സുവരെ ജീവിക്കുകയും ചെയ്തു എന്നതൊഴികെ, ജീവിതകാലം മുഴുവൻ നീണ്ടു് നിൽക്കുന്ന ഒരു സന്ന്യാസജീവിതം നയിച്ചുകൊള്ളാമെന്ന ഒരു തീരുമാനത്തിൽ എത്തുന്നതിനു് സഹായകമായ എന്തു് അറിവും ലോകപരിചയവുമാണു് ആ പെൺകുട്ടി നേടിയിട്ടുണ്ടാവുക?
ഗർഭം ധരിക്കാൻ ശാരീരികവളർച്ച മതി, മാനസികവളർച്ചയുടെ ആവശ്യമില്ല. കന്യാസ്ത്രീപ്പട്ടം ഏറ്റെടുക്കുന്നതിനു് മുൻപു് (പിൻപും!) എത്ര പേർ ബൈബിൾ പൂർണ്ണമായി വായിച്ചിട്ടുണ്ടാവും? സ്കൂളിൽ അവർക്കു് ലഭിക്കുന്ന വിദ്യാഭ്യാസം പോലും വിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണോ? എല്ലാറ്റിലുമുപരി, താൻ കന്യാസ്ത്രീമഠത്തിൽ പെട്ടുപോകുകയായിരുന്നു എന്നും, ഇതു് തനിക്കു് പറ്റിയ ജീവിതമല്ല എന്നും പിന്നീടൊരിക്കൽ ഒരു ബോധോദയം ഉണ്ടായാലും, മഠജീവിതം ഉപേക്ഷിച്ചു് പുറത്തുവരുന്ന ഒരു സ്ത്രീയ്ക്കു്, “പാത്രിയാർക്കീസുകളിൽ” നിന്നും, അവരുടെ ഗോത്ര സമൂഹത്തിൽ നിന്നും, പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്നുപോലും നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളെയും മാനം കെടുത്തലുകളെയും പറ്റി ചിന്തിക്കുന്ന ഒരു സ്ത്രീയും അതുപോലൊരു ചുവടുവയ്പിനു് തീരുമാനിയ്ക്കുമെന്നു് തോന്നുന്നില്ല.
തിന്നുക, തൂറുക, ഉറങ്ങുക, ചാവുക എന്ന മൃഗീയചോദനകളിൽ ഒതുങ്ങുന്നതാണു് ഒരു കന്യാസ്ത്രീയുടെ ജീവിതം. ഒരർത്ഥത്തിൽ മൃഗങ്ങളുടെ ജീവിതം അതിലും ഭേദമാണു്. കാരണം, മൃഗങ്ങൾക്കു്, കന്യാസ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, പ്രാർത്ഥിക്കാതിരിക്കാനും, മക്കളെ ജനിപ്പിക്കുന്നതിലൂടെ സ്വന്തം ജീൻ ലോകത്തിൽ നിലനിർത്തുക എന്ന ജീവിവർഗ്ഗങ്ങളുടെ പ്രഥമവും പ്രധാനവുമായ ജീവിതലക്ഷ്യം നിറവേറ്റാൻ ശ്രമിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്. അസ്തിത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് നോക്കുമ്പോൾ അതു് നിസ്സാരമായ ഒരു കാര്യമല്ല. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സന്ന്യാസജീവിതത്തിലൂടെ, മരണാനന്തരം തന്നെ താലി കെട്ടാനായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്ന ഒരു നിത്യമണവാളനുവേണ്ടി സകല സമ്പത്തും ഭൗതികസുഖങ്ങളും ലൗകികബന്ധങ്ങളും വെടിഞ്ഞു് ഈ ലോകത്തിൽ, ഉള്ളിന്റെയുള്ളിൽ അസംതൃപ്തരും ദോഷൈകദൃക്കുകളുമായ വേറെ കുറെ മൂശേട്ടകളോടൊപ്പം ജീവിതം നരകമാക്കി കഴിഞ്ഞുകൂടുക! അതോടൊപ്പം, മഠത്തിൽ നിലവിലിരിക്കുന്നതു് ഐഡിയൽ വേൾഡാണെന്നു് തോന്നിപ്പിച്ചു് പുറം ലോകത്തിനെ പൊട്ടൻ കളിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക!
ആത്മീയത കയറി മൂടിയാൽ എന്തെന്തു് കടുംകൈകൾ ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയില്ല എന്നതിന്റെ ഒരു ഉദാഹരണമാണു് ജിഹാദികൾ. അവരുടെ എതിർദിശയിലുള്ള മറ്റൊരു ഉദാഹരണമാണു് ജൈനമതത്തിലെ ദിഗംബരസന്ന്യാസിമാർ. ദിഗംബരസന്ന്യാസിമാരുടെ ഒരനുഗ്രഹം, അവരോടു് ആരും ബെൽറ്റ് ലെവലിനു് താഴെയുള്ള തെറി പറയില്ല എന്നതാണു്. കാരണം, വസ്ത്രമില്ലാതെ ബെൽറ്റ് മാത്രം ധരിക്കുന്നതു് അഭംഗിയാണെന്നു് കരുതുന്നവരാണവർ. അതേസമയം, ജിഹാദികളെ കണ്ടാൽ തെറി പറയാനല്ല, ഓടി രക്ഷപെടാനേ സുബോധമുള്ള ഏതു് മനുഷ്യനും ശ്രമിക്കൂ. അരയിൽ ബെൽറ്റ് ബോംബും, ആ ബെൽറ്റിനു് താഴെ “അണ്ടിപ്പാഡും” ധരിക്കുന്നവരാണു് ജിഹാദികൾ എന്നാണു് കേൾവി. സ്വർഗ്ഗത്തിൽ എത്തുമ്പോൾ ആവശ്യം വരുന്ന പണീയായുധം സംരക്ഷിക്കാനാണത്രെ അവർ പാഡ് ധരിക്കുന്നതു്! മനുഷ്യനു് ബുദ്ധിയുണ്ടായാൽ പോരാ, ചിന്തിക്കുകയും ചെയ്യണം എന്നാണു് അവരുടെ പക്ഷം.
യുക്തിബോധത്തോടെ വിമർശനാത്മകമായി കാര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവാണു് മനുഷ്യരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നതു്. ബോധപൂർവ്വം ലോകത്തെയും തന്നെയും പറ്റി ചിന്തിക്കുകയും, യുക്തിഭദ്രമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന, സ്വയം നിർണ്ണയാവകാശമുള്ള, അരിസ്റ്റോട്ടിലും ഇമ്മാന്വേൽ കാന്റുമെല്ലാം പ്രകീർത്തിച്ച ആ പഴയ മനുഷ്യചിത്രത്തിനു് ഇന്നും അത്ര വലിയ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമില്ല. ക്രിട്ടിക്കൽ റീസണിങ്ങിന്റെ ഉപയോഗപ്പെടുത്തലാണു് അന്നും ഇന്നും തത്വചിന്ത. ശരിയായ അകലത്തിലേക്കു് മാറിനിന്നു്, സൂക്ഷ്മദൃഷ്ടിയോടെ ഒരിക്കൽക്കൂടിയുള്ള നോട്ടത്തിലൂടെ കാര്യങ്ങളെ കൂടുതൽ തെളിമയോടെ കാണാനുള്ള ശ്രമം. ജിഹാദികളെയും, ദിഗംബരന്മാരെയും, കന്യാസ്ത്രീകളെയും, പർദ്ദക്കാരെയും, അല്പവസ്ത്രക്കാരെയും, മോങ് ജനതയെയുമെല്ലാം വ്യക്തമായി കാണാനും ചിന്തിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന രണ്ടാമത്തെ വീക്ഷണം.
Aug 29, 2016, 11:59 AM
സ്ത്രീകൾ ശബരിമല”ചവിട്ടലിനായി” കാത്തിരിക്കുന്നതൊക്കെ കൊള്ളാം പക്ഷേ, മെനോപോസ് കഴിഞ്ഞാൽ “ഉണ്ണികൾ പുനരുണ്ടാകില്ലെന്നു്” പറയാൻ അമ്മ പറഞ്ഞു. എനിക്കു് ഉണ്ണികൾ വേണ്ടെടാ “കൂവേ” എന്നൊരു ഒബ്ജക്ഷൻ ഉന്നയിക്കണമെന്നു് തോന്നുന്നവരിൽ നിന്നും, ഞാനൊന്നും പറഞ്ഞില്ലെടി “ചേമ്പേ” എന്നു് അഡ്വാൻസായി എക്സ്ക്യൂസി ഞാൻ സ്കൂട്ട് ചെയ്യുന്നു.
Aug 31, 2016, 9:25 AM
സാമാനങ്ങൾ (ചരക്കുകൾ) നിർമ്മിക്കുന്നതിന്റെയോ, ജോലി പൂർത്തിയാക്കുന്നതിന്റെയോ നിരക്കാണു് ലളിതമായി പറഞ്ഞാൽ “പ്രൊഡക്റ്റിവിറ്റി”. സർക്കാർ ജീവനക്കാർ ജോലിസമയത്തു് പൂക്കളമിടാനും, യൂണിയൻ പ്രവർത്തനം നടത്താനും, സമരം ചെയ്യാനും, പത്രം വായിക്കാനും, ഫെയ്സ്ബുക്കിൽ സ്റ്റാറ്റസിടാനുമെല്ലാം പോയാൽ അവർ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ ആ സമയത്തു് നോ-ലോഡിൽ ഓടേണ്ടിവരും. അതുവഴി കുറയുന്നതു് പ്രൊഡക്ഷനും, അതോടൊപ്പം പ്രൊഡക്റ്റിവിറ്റിയുമായിരിക്കുമെന്നു് പറയേണ്ടതില്ലല്ലോ. അതു് മനസ്സിലാക്കാതെയാണെന്നു് തോന്നുന്നു ചില സ്ഥാപിതതാത്പര്യക്കാർ ഗവണ്മെന്റിന്റെ പൂക്കളനിർദ്ദേശത്തെ വിമർശിക്കുന്നതു്. പണ്ടു് കുടത്തിന്റെ അടപ്പു് തുറന്നു് പുറത്തുവിട്ട ആ പഴയ ഭൂതത്തെ ആവാഹിച്ചു് വീണ്ടും കുടത്തിൽ കയറ്റാനുള്ള ശ്രമത്തിലാണു് ഗവണ്മെന്റ് ഇപ്പോൾ മുഴുകിയിരിക്കുന്നതു്. അക്കാര്യത്തിൽ സർവ്വാത്മനാ ഗവണ്മെന്റിനോടു് സഹകരിക്കാനുള്ള ബാദ്ധ്യത ജനത്തിനുണ്ടു്. ട്യൂബിൽ നിന്നും ഞെക്കി പുറത്തു് ചാടിച്ച ടൂത്ത്പേസ്റ്റിനെ അതേപടി വീണ്ടും ട്യൂബിൽ കയറ്റുന്നപോലെ ആയാസകരമായ ഒരു കാര്യമാണതു്. ആണു്-പെണ്ണു്, ആർത്തവമുള്ളവർ-ഇല്ലാത്തവർ തുടങ്ങിയ ഒരു തരം തിരിവുമില്ലാതെ എല്ലാവരും ഒരുമിച്ചു് ഐലസ വിളിച്ചു് ഒത്തുപിടിച്ചാലേ അതു് സാദ്ധ്യമാവൂ.
Aug 31, 2016, 11:36 AM
സതി അനുഷ്ഠാനം പ്രാകൃതമായ ഒരു രീതിയാണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. പക്ഷേ, ചില അമ്മായിഅമ്മമാരെയും നാത്തൂന്മാരെയുമെല്ലാം കാണുമ്പോൾ, ഭർത്താവു് മരിച്ചശേഷം അവരോടൊപ്പം ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലതു് ഭർത്താവിന്റെ ചിതയിൽ ചാടി ചാവുന്നതു് തന്നെയാണെന്നു് കരുതുന്ന ഭാര്യമാരെ കുറ്റം പറയാനും തോന്നുന്നില്ല. അതുപോലെതന്നെ, തന്റെ അമ്മയുടെ സഹജീവിസ്നേഹത്തെ തൃപ്തിപ്പെടുത്താനായോ, തന്റെ ജീൻ ഈ ലോകത്തിൽ നിലനിർത്താൻ അനിവാര്യമായും വേണ്ട ഒരു ഗർഭപാത്രത്തെ കരുതലോടെ തനിക്കായി നീക്കിവച്ച ഒരു സ്ത്രീയോടുള്ള നന്ദി എന്ന നിലയിലോ, സ്വന്തം ഭാര്യയുടെ മുഖത്തു് ആസിഡ് കോരി ഒഴിക്കാൻ വരെ മടിക്കാത്ത മഹാമനസ്കനായ ഒരു ഭാരതപുരുഷശ്രീശ്രീയോടൊപ്പം ജീവിക്കുന്നതിനേക്കാൾ, “സതി” അനുഷ്ഠിച്ചു്, “ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി” കാത്തു് സൂക്ഷിക്കുന്നതു് തന്നെയല്ലേ ഒരു ഭാരതീയ ഭാര്യക്കു് നല്ലതു് എന്നും ചിലപ്പോഴെങ്കിലും എനിക്കു് തോന്നാറുണ്ടു്. ഇതിന്റെയെല്ലാം വെളിച്ചത്തിലും, ആർഷഭാരതത്തിന്റെ സാംസ്കാരികപാരമ്പര്യപരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടു് ചിന്തിച്ചാൽ, മാർക്സിസ്റ്റ്, ഇസ്ലാമിസ്റ്റ് തുടങ്ങിയ “ഇസ്റ്റ്” ക്യാറ്റഗൊറികളിൽ കുടുങ്ങി സ്വന്തം ചിന്താശേഷി നഷ്ടപ്പെടുത്തിയിട്ടില്ലാത്തവരായ ആർക്കും ബോദ്ധ്യപ്പെടുന്ന ഒരു സത്യമുണ്ടു്: ആളെക്കൊല്ലാൻ മുറിവൈദ്യം തന്നെ വേണമെന്നില്ല, മുറിവേദവും, മുറിശാസ്ത്രവും തുല്യശക്തിയുള്ള ആളെക്കൊല്ലികൾ തന്നെയാണു്. പക്ഷേ, ആ സത്യം പ്രത്യയശാസ്ത്രങ്ങളിലും വേദങ്ങളിലും ഗീതങ്ങളിലും ഉണ്ടെന്നു് പറയുന്നതും, ഈ ലോകത്തിലൊരിടത്തും മനുഷ്യനു് കാണാൻ കഴിയാത്തതുമായ സാങ്കല്പികമോ, മിഥ്യയോ ആയ സത്യമല്ല, യാഥാർത്ഥ്യങ്ങളുടെ അടിത്തറയുള്ള വസ്തുത എന്ന അർത്ഥത്തിലെ, മനുഷ്യന്റെ ഗന്ധമുള്ള – മനുഷ്യരക്തത്തിന്റെ ഗന്ധമല്ല – സത്യം.
July 2016
Jul 2, 2016, 11:37 AM
മാപ്പു് ആവശ്യപ്പെട്ട ഒരു എം. പി.ക്കു് കോഴിക്കോടു് ജില്ലാ കളക്ടർ കുന്നംകുളത്തിന്റെ മാപ്പു് നൽകിയത്രെ! അതിപ്പോ കൊച്ചിയുടെ മാപ്പോ, കൊറിയയുടെ മാപ്പോ വേണ്ടതെന്നു് കൃത്യമായി പറയാതിരുന്ന സ്ഥിതിക്കു്, കൈവശമുള്ള ഒരു മാപ്പു് എടുത്തു് കൊടുത്തതിൽ തെറ്റുണ്ടെന്നു് തോന്നുന്നില്ല. ഏതു് കാര്യത്തിലും ഒരു ഒബ്ജക്ഷൻ ഉന്നയിച്ചിരിക്കണം എന്നതു് കേരളീയനെ സംബന്ധിച്ചു് ഒരു ഒബ്ലിഗേഷനും ഒബ്സെഷനുമായതിനാൽ, കോഴിക്കോടിന്റെ മാപ്പായിരുന്നെങ്കിൽ ഒന്നുകൂടി ഉചിതമായിരുന്നേനെ എന്നൊരു ഒബ്ജക്ഷൻ വേണമെങ്കിൽ ഉന്നയിക്കാമായിരുന്നു എന്നേയുള്ളു. അതേസമയം, ഒരു മാപ്പും കൊടുക്കാതിരുന്നെങ്കിൽ അതൊരു കൃത്യവിലോപമായി കാണേണ്ടി വരികയും ചെയ്യുമായിരുന്നു.
“ജാക്ക്സ്” അപ്പാർട്ട്, പാർലമെന്റിലെ ഒരു അംഗത്തെയാണു് എം. പി. എന്നു് ചുരുക്കി വിളിക്കുന്നതു്. ച്ചാൽ, പാർലമെന്റിൽ ഇരുന്നു് ഉറങ്ങുകയും, ഇടയ്ക്കിടെ നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഇനത്തിൽ പെട്ട ഒരു മനുഷ്യജീവി. അങ്ങനെ നിർമ്മിക്കപ്പെടുന്ന നിയമങ്ങളിൽ, തന്റെ പരിധിയിലും ചുമതലയിലും വരുന്നവയെ നീതിനിഷ്ഠമായി നടപ്പാക്കുക എന്നതാണു് കളക്ടർ ബ്രോസിന്റെയും സിസ്‌സിന്റെയും ജോലി. ഏതെങ്കിലും ഒരു കാര്യം സാധിച്ചു് കിട്ടുന്നതിനു് വേണ്ടി തന്നെ സമീപിക്കുന്നവരുടെ വ്യക്തിപരമായ പദവിയോ പത്രാസ്സോ, സാമൂഹികമായ മറ്റിനം ഉയർച്ചകളോ താഴ്ചകളോ കണക്കിലെടുക്കാതെ ആ ജോലി ഉത്തരവാദിത്വപൂർവ്വം ചെയ്തു് തീർക്കാനാണു് സമൂഹം അവർക്കു് ശമ്പളം നൽകുന്നതു്. ഇക്കാര്യം കളക്ടർ ബ്രോസ് ആൻഡ് സിസ്‌സിനെപ്പോലെതന്നെ, എം. പി. മാരും, എം. എൽ. എ. മാരും, മന്ത്രിമാരും ജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണു്. ജനങ്ങളിൽ ഒരു നല്ലവിഭാഗത്തിനു് അതൊന്നും അറിയില്ല എന്നതു്, ആ അറിവില്ലായ്മ മുതലെടുത്തു് ബ്യൂറോക്രാറ്റുകളും ഡെമോക്രാറ്റുകളും ഡെമൊൺസ്‌റ്റ്രേഷൻ-ക്രാറ്റുകളും എല്ലാം കൂടി ജനങ്ങളെ കബളിപ്പിക്കുന്ന പതിവുരീതിയെ ന്യായീകരിക്കാൻ മതിയായ കാരണമല്ല. പൗരസമൂഹത്തോടു് ചെയ്യുന്ന ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ല അതു്. ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിന്റെ നിയമങ്ങൾ ആ സ്റ്റേറ്റിലെ പൗരസമൂഹത്തിനു് മുഴുവനുമായി നിർമ്മിക്കപ്പെടുന്നവയാണു്. അല്ലാതെ, ഭൂരിപക്ഷം ചിലരെ അനുസരിപ്പിക്കുന്നതിനു് വേണ്ടി ന്യൂനപക്ഷം ചിലർ നിർമ്മിക്കുന്നവയല്ല അവ. അതു് മനസ്സിലാക്കാൻ കഴിയാത്തവരാണു് വളഞ്ഞ വഴികളിലൂടെ അവരുടെ താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതു്. ഞാൻ നിയമനിർമ്മാണസഭയിലെ അംഗമായതുകൊണ്ടു് എനിക്കു് നിയമങ്ങളൊന്നും ബാധകമല്ല എന്നു് വിശ്വസിക്കുന്നവരുണ്ടു്. ആരെല്ലാം എന്തെല്ലാം വിശ്വസിക്കുന്നില്ല? ആ വിശ്വാസിയെ സപ്പോർട്ട് ചെയ്യാനും ആരെങ്കിലുമൊക്കെയുണ്ടാവും. ആരൊക്കെ എന്തിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നില്ല? പക്ഷേ, അതുകൊണ്ടൊന്നും നിയമത്തിന്റെ കാഴ്ചപ്പാടിൽ അതൊരു കുറ്റകൃത്യം അല്ലാതാവുന്നില്ല.
പിന്നെ, ഓരോരുത്തരുടെ പ്രതികരണ രീതിയും ഭാഷയും! അതിപ്പോൾ പഠിപ്പിച്ചതും പഠിച്ചതുമല്ലേ ആർക്കായാലും പാടാൻ കഴിയൂ? എതിരാളികളെ നാറികൾ എന്നു് വിളിക്കുന്നതാണു് മന്ത്രിയുടെ രീതിയെങ്കിൽ, എം. എൽ. എ. മാരും, എം.പി. മാരും അവരെ വിളിക്കാൻ പരനാറികൾ എന്ന വിശേഷണമല്ലാതെ മറ്റെന്തു് ഉപയോഗിക്കാൻ? ആ ജനുസ്സിൽ പെട്ട ഭാഷയും രീതിയും ഉപയോഗിച്ചുകൊണ്ടല്ലാതെ സംവദിച്ചാൽ പൊതുജനത്തിനു് ഒരു “കോപ്പും” മനസ്സിലാവില്ല എന്ന ഒരു ചെറിയ പ്രശ്നം ഒഴിവാക്കിയാൽ, ഇതൊന്നും ബല്യേ ഇശ്യൂ ആക്കേണ്ട കാര്യങ്ങളല്ല.
പണിക്കൂലി വേണമെന്നു് എംപി. പണി പരിശോധിച്ചിട്ടു് കൂലി എന്നു് കളക്ടർ. മാപ്പു് വേണമെന്നു് എംപി. ഇതാ മാപ്പു് എന്നു് കളക്ടർ!
“നമ്പിയാരെന്നു് ചോദിച്ചു, നമ്പിയാരെന്നു് ചൊല്ലിനേൻ, നമ്പി കേട്ടഥ കോപിച്ചു, തമ്പുരാനേ പൊറുക്കണേ!”
Jul 5, 2016, 11:53 AM
“കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു് സുവിശേഷം അറിയിക്കുന്നു.” – ഇതൊന്നും വരുവാനുള്ളവൻ ഞാൻ തന്നെയാണെന്നതിന്റെ തെളിവല്ലെങ്കിൽ പിന്നെയെന്താണെന്നു് ബൈബിളിൽ യേശു ചോദിക്കുന്നു. (മത്തായി 11:4)
എന്നിട്ടും, ഇതൊന്നും ശരിയാക്കലിന്റെ ലക്ഷണങ്ങൾ അല്ല എന്നു് വിലപിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ അതിന്റെ തൊട്ടുതാഴെയുള്ള ഈ വാക്യം കൂടി വായിച്ചാൽ അല്പം ആശ്വാസം കിട്ടിയേക്കും: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി?”
സ്നാപകയോഹന്നാനും യേശുവും തമ്മിൽ എന്നപോലെതന്നെ, കേരളത്തിലെ രാഷ്ട്രീയ കൊണാണ്ടർമാരുടെയിടയിലെ തത്പരകക്ഷികൾ തമ്മിലും ഉണ്ടാക്കിയെടുത്തിട്ടുണ്ടായിരിക്കാൻ സാദ്ധ്യതയുള്ള അഡ്ജസ്റ്റ്മെന്റുകളെപ്പറ്റി യാതൊരു ഗന്ധവുമില്ലാതെ ഞെട്ടിത്തെറിക്കുന്നവർക്കു് ഈ ചികിത്സ പരീക്ഷിക്കാവുന്നതാണു്. ഇതിലും നല്ലതു് വേണമെന്നുള്ളവർ ഹോമിയോപ്പതിയെ ആശ്രയിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
Jul 6, 2016, 7:29 AM
സ്കൂളിൽ എനിക്കു് വർക്കി എന്നൊരു സഹപാഠി ഉണ്ടായിരുന്നു. അവന്റെ കയ്യിലിരുപ്പു് അങ്ങനെ ആയിരുന്നതിനാൽ, യുദ്ധത്തിനു് കീ കൊടുക്കുന്നവൻ എന്ന അർത്ഥത്തിൽ, അധ്യാപകരിലെ ചില രസികർ അവനെ “WarKey” എന്നായിരുന്നു വിളിച്ചിരുന്നതു്. ആരുടെയെങ്കിലും – മിക്കപ്പോഴും വാസ്തവമല്ലാത്ത – കുറ്റങ്ങൾ മറ്റാരോടെങ്കിലും ചെന്നു് പറഞ്ഞു് അവരെ തമ്മിൽ അടി കൂടിച്ചില്ലെങ്കിൽ സ്വൈരം കിട്ടുമായിരുന്നില്ലാത്ത ഒരു അസ്വസ്ഥാത്മാവു്. അവസാനം രണ്ടു് പക്ഷത്തുനിന്നും അടി തനിക്കു് തന്നെ കിട്ടുമ്പോൾ ചങ്ങായി മോങ്ങിക്കൊണ്ടു് സാറന്മാരുടെ അടുത്തു് പരാതിയുമായി ചെല്ലും. A. D. ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, മാസെഡോണിയയിലും പ്രാന്തപ്രദേശങ്ങളിലും യേശുവിന്റെ മരണവും ഉയിർത്തെഴുന്നേൽപ്പുമെല്ലാം പ്രസംഗിച്ചു് നിഷ്കുകളെ ചാക്കിട്ടു് നടന്നിരുന്ന അപ്പൊസ്തലനായ പൗലോസിന്റെ പെരുമാറ്റരീതികൾ ബൈബിളിൽ വായിക്കുമ്പോൾ ആ വർക്കിയെ ആണു് എനിക്കു് ഓർമ്മ വരാറു്.
ബൈബിളിലെ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിൽ പൗലോസിനെ ന്യായാധിപന്റെ അടുക്കൽ കൊണ്ടുചെല്ലുമ്പോൾ സംഭവിക്കുന്നതായി പറയുന്ന കാര്യങ്ങൾ രസകരമാണു് (18 : 12 – 17): റോമൻ അധീനതയിലായിരുന്ന ഗ്രീസിലെ അഖായയിൽ ദേശാധിപതിയായി വാണിരുന്ന ഗല്ലിയോയുടെ (Lucius Junius Gallio Annaeanus) മുന്നിൽ ഒരിക്കൽ അവിടത്തെ യഹൂദർ പൗലോസിനെ പിടിച്ചുകൊണ്ടു് ചെല്ലുന്നു. ന്യായപ്രമാണത്തിനു് വിരുദ്ധമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ അവൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു പരാതി. പബ്ലിസിറ്റിക്കു് വേണ്ടി അല്പമോ, അല്പം കൂടുതലോ അടിയോ ഇടിയോ ഏൽക്കേണ്ടി വന്നാൽ പൗലോസിനു് അതൊരു പ്രശ്നമായിരുന്നില്ല. അതുവഴി ഇത്തിരി “ഓഡിയൻസ് അപ്പീൽ” ഉള്ളവിധം നാലു് വാക്കു് സംസാരിക്കാൻ അവസരം ലഭിച്ചാൽ പൗലോസ് സംതൃപ്തനാവും. അങ്ങനെ, ഗല്ലിയോയുടെ മുന്നിൽ എത്തിച്ച പൗലോസ് പതിവുപോലെ “വായ്തുറപ്പാൻ” ആരംഭിച്ചു. പക്ഷേ, “യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ (കോപ്പു്) ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു് ന്യായാധിപതി ആകുവാൻ എനിക്കു് മനസ്സില്ല” എന്നു് പറഞ്ഞു് ഗല്ലിയോ അവരെ ന്യായാസനത്തിങ്കൽ നിന്നു് പുറത്താക്കിക്കളഞ്ഞു. പിന്നെയെന്തു് ചെയ്യാൻ? അന്തിമമായ ഒരു ശ്രദ്ധ ക്ഷണിക്കൽ ചടങ്ങു് എന്ന നിലയിൽ യഹൂദർ പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു് ന്യായാസനത്തിന്റെ മുമ്പിൽവെച്ചു് അടിച്ചു് ഒരു സീൻ ഉണ്ടാക്കാൻ ശ്രമിച്ചുനോക്കി. പക്ഷേ അതുപോലും ഗല്ലിയോ കൂട്ടാക്കിയില്ല. പൗലോസ് ശരിക്കും നിരാശനായിട്ടുണ്ടായിരിക്കണം. സെനെക്കയുടെ (Seneca the Younger) മൂത്ത സഹോദരനാണു് ഈ ഗല്ലിയോ എന്നും കൂടി അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
അതുപോലുള്ള മറ്റൊരു “ഗല്ലിയോ” ആയിരുന്നു ജുഡെയ പ്രോവിൻസ് ഭരിച്ചിരുന്ന പീലാത്തോസ്. അവിടെ യേശുവിനെ ആയിരുന്നു യഹൂദരും അവരുടെ മഹാപുരോഹിതന്മാരും കൂടി ശിക്ഷാവിധിക്കായി പീലാത്തോസിന്റെ അടുത്തെത്തിച്ചതു്. “നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ” എന്നായിരുന്നു പീലാത്തോസിന്റെ ആദ്യവിധി. പക്ഷേ, മതഭ്രാന്തന്മാർ വിടുമോ? “നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ, ഞാൻ അവനിൽ കുറ്റം കാണുന്നില്ല” എന്നു് പറഞ്ഞു് ഒഴിവായ പീലാത്തോസിനെക്കൊണ്ടു്, പെസഹനാളിൽ ഒരു കുറ്റവാളിയെ വിട്ടുകൊടുക്കുന്ന രീതി അനുസരിച്ചു് ബറബ്ബാസ് എന്ന കവർച്ചക്കാരനെ മോചിപ്പിച്ചതിനും, യേശുവിനെ കുരിശിൽ തൂക്കിക്കൊല്ലാനായി വിട്ടുകിട്ടിയതിനും ശേഷമേ ന്യായപ്രമാണപ്രാണികൾ അടങ്ങിയുള്ളു. ആ കഥകൾ പക്ഷേ മിക്കവരും ഇതിനോടകം കേട്ടിട്ടുള്ളതായിരിക്കണം. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിലേക്കു് നയിച്ച യേശുവിന്റെ കുരിശുമരണം ഉയിർത്തെഴുന്നേൽപ്പു് തുടങ്ങിയ കഥകൾ.
മതവും രാഷ്ട്രവും തമ്മിൽ വേർപെടുത്തിയ ഒരു മാതൃകാരാഷ്ട്രീയമായിരുന്നു കീഴടക്കിയ രാജ്യങ്ങളിൽ റോമാക്കാർ പിൻതുടർന്നിരുന്നതു്. യഹൂദനെന്നോ, ക്രിസ്ത്യൻ എന്നോ മറ്റു് മതസ്ഥർ എന്നോ ഉള്ള വ്യത്യാസമില്ലാതെ, വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ജനങ്ങൾക്കു് അനുവദിക്കാൻ അവർ ശ്രമിച്ചിരുന്നു. പക്ഷേ, ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ടു്. രാജ്യത്തിൽ മതസ്ഥാപനങ്ങളും അവയോടുള്ള ബഹുമാനസൂചകമായ നിലപാടുകളും ചിട്ടകളുമെല്ലാം അവർക്കും ഉണ്ടായിരുന്നെങ്കിലും, “religio” എന്ന വാക്കു്, ഉദാഹരണത്തിനു്, ഭാരതീയർ മതം എന്ന വാക്കിനു് നൽകുന്ന അർത്ഥത്തിൽ ആയിരുന്നില്ല അവർ ഉപയോഗിച്ചിരുന്നതു്. ആ രീതിയിലുള്ള മതവിശ്വാസങ്ങളും ആചാരങ്ങളും അവരെ സംബന്ധിച്ചു് “superstitio” ആയിരുന്നു. കിഴക്കരുടെയും പ്രാകൃതരുടെയുമെല്ലാം രീതികൾ എന്ന നിലയിൽ അവർ അവജ്ഞയോടെ കണ്ടിരുന്ന അന്ധവിശ്വാസങ്ങൾ. പക്ഷേ, റോമാക്കാരുടെ പബ്ലിക് പോളിസികൾക്കു് തടസ്സമാകാത്തിടത്തോളം മറ്റുള്ളവരുടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
അശുദ്ധമാകാതിരിക്കാൻ മനുഷ്യരിൽ ചിലരെ അകറ്റി നിർത്തേണ്ടിവരുന്ന ഭാരതത്തിലെ അമ്പലങ്ങളുടെയും, പള്ളികളുടെയും, മറ്റു് വിശുദ്ധസ്ഥലങ്ങളുടെയും പേരിൽ സ്ഥിരമായി ബഹളങ്ങളും ലഹളകളും സൃഷ്ടിച്ചു് മനുഷ്യരുടെ സ്വൈരജീവിതം തകർത്തുകൊണ്ടു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഭാരതീയരെ പ്രശ്നപരിഹാരത്തിനായി ഒന്നാം നൂറ്റാണ്ടിലെ റോമൻ പ്രോവിൻസുകൾ ഭരിച്ചിരുന്ന അധികാരികളുടെ മുന്നിൽ എത്തിച്ചിരുന്നെങ്കിൽ!? തുണി ഉടുത്തോ ഉടുക്കാതെയോ അമ്പലങ്ങളിൽ പ്രവേശിക്കേണ്ടതു്, ആർത്തവമുള്ളവരോ അല്ലാത്തവരോ ആയ സ്ത്രീകൾക്കു് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാമോ, അഞ്ചുനേരമോ ഒരുനേരമോ നിസ്കരിക്കേണ്ടതു്, നാലു് സ്ത്രീകളെ കെട്ടണമോ, ഒരു സ്ത്രീയെ കെട്ടണമോ, ആത്മഹത്യ ചെയ്തവരെ തെമ്മാടിക്കുഴിയിലോ, സാദാ കുഴിയിലോ അടക്കേണ്ടതു് തുടങ്ങിയ “അന്തമില്ലാത്ത” ഗുരുതരപ്രശ്നങ്ങളുമായി ഒരു ഗല്ലിയോയെ സമീപിക്കുന്ന കേരളീയ മത/നാട്ടുപ്രമാണികളെ അങ്ങേർ എങ്ങനെ ആയിരിക്കും സ്വീകരിക്കുക എന്നു് ആലോചിക്കുന്നതു് രസകരമായിരിക്കും. “സില്ലി മാറ്റേഴ്സിന്റെ” പേരിൽ സമൂഹത്തിൽ സ്വൈരക്കേടു് ഉണ്ടാക്കുന്നവരെ കുറ്റിയിൽ കെട്ടിയിട്ടു് ചാട്ടവാറിനു് അടിയ്ക്കലും റോമൻസ് അക്കാലത്തു് നൽകിയിരുന്ന ഒരു ശിക്ഷാവിധിയായിരുന്നു എന്നുകൂടി ഓർത്താൽ ഒന്നുകൂടി രസകരമായിരിക്കും.
Jul 6, 2016, 11:29 AM
നത്തോലി ഒരു ചെറിയ മീനല്ലെന്നു് സിൽമാക്കാർ പറഞ്ഞു് തന്നിരുന്നു. വള്ളിപുള്ളിവ്യത്യാസം ഒരു ചെറിയ വ്യത്യാസമല്ലെന്നു് 2016-ലെ ഒരു ഈദ് ആശംസയും പഠിപ്പിച്ചുതന്നു. ചാകുന്നതുവരെ പഠിച്ചുകൊണ്ടിരിക്കാനാണു് മനുഷ്യരുടെ വിധി എന്നു് പറയുന്നതു് എത്ര ശരി! നത്തോലിയോ ശരി, നെത്തോലിയോ ശരി തുടങ്ങിയ ഗഹനമായ ചിന്ത വഴി തലയിലെ ന്യൂറൽ നെറ്റ്‌വർക്സ് കുരുക്കുകളിൽ നിന്നും കുരുക്കുകളിലേക്കു് നിരന്തരം പടർന്നു് പന്തലിച്ചു് തലയ്ക്കു് വെളിയിലേക്കു് ഇറങ്ങാതിരുന്നാൽ മതിയായിരുന്നു. മറ്റൊന്നും കൊണ്ടല്ല. അതു് ക്യാൻസർ ആണെന്നു് പ്രഖ്യാപിച്ചു് മുള്ളാത്ത ലക്ഷ്മികൾ ആരെങ്കിലും വല്ല തരുവുമായി എത്തിയാൽ പിന്നെ ആ ക്യാൻസറുകളിൽ നിന്നു് രക്ഷപെടാനായിക്കൂടി കഷ്ടപ്പെടേണ്ടി വരുമല്ലോ എന്ന ഭയത്തിന്റെ പേരിൽ മാത്രം.
Jul 7, 2016, 8:34 AM
Nevertheless, “Brutus is an honourable man; So are they all, all honourable men.”
Jul 8, 2016, 6:04 PM
എന്തു് ചെയ്യണം എന്നറിയാതെ വിഷമിക്കുന്നവൻ എന്ന അർത്ഥത്തിലാണു് ഇതികർത്തവ്യതാമൂഢൻ എന്ന “മറുഭാഷ” മലയാളികൾ ഉപയോഗിക്കാറുള്ളതു്. ആദ്യത്തേതു് സാമാന്യവും അരസികവും, രണ്ടാമത്തേതു് കേൾക്കാൻ രസമുള്ളതെങ്കിലും കഠിനവും ഒരു ബുദ്ധിജീവിപരിവേഷം ഉള്ളതുമായതിനാൽ സാധാരണക്കാർക്കു് വേണമെങ്കിൽ ഈ രണ്ടു് പ്രയോഗങ്ങൾക്കും പകരം “അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ” എന്നു് പറഞ്ഞു് രക്ഷപെടാം. (കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ, “വോട്ടു് കളഞ്ഞ സഖാവിനെപ്പോലെ” എന്നൊരു പ്രയോഗം സഖാക്കളല്ലാത്തവരുടെ ഇടയിലെങ്കിലും രൂപം കൊണ്ടാൽ മലയാളഭാഷ അത്രയും കൂടി ധന്യമാകും). പൊതുവേ പറഞ്ഞാൽ, ഏതു് പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങൾ തേടുന്നവരാണു് മനുഷ്യർ. ഒറ്റമൂലികൾ, ഹോമിയോ, ഓതിയൊഴിപ്പിക്കൽ, ഊതിയൊഴിപ്പിക്കൽ, ഏലസ്സുകൾ തുടങ്ങിയവ പോലെ, കോൺസ്പിരസി തിയറികൾ, ഇടതു്/വലതു്/മതതീവ്രവാദങ്ങൾ തുടങ്ങിയവയ്ക്കും മനുഷ്യരുടെയിടയിൽ ഡിമാൻഡ് ഉണ്ടാവുന്നതും, ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെ. വിദ്യാഭ്യാസം കൊണ്ടു് ഒരു ശാസ്ത്രജ്ഞനെ വളർത്തിയെടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണു് ബ്രെയിൻ വാഷിങ് കൊണ്ടു് ഒരു മതഭ്രാന്തനെയോ ഒരു സൂയിസൈഡ് ബോംബറെയോ ഉണ്ടാക്കിയെടുക്കൽ.
മനുഷ്യരിൽ കയറിക്കൂടുന്ന ധാരാളം ഭൂതങ്ങളേയും അശുദ്ധാത്മാക്കളേയും ദൈവം സൃഷ്ടിച്ചിട്ടുണ്ടു്. മനുഷ്യരുടെ ഭാഗ്യമെന്നേ പറയേണ്ടൂ, അവയോടൊപ്പംതന്നെ അവയെ എല്ലാം പുറത്താക്കാൻ പ്രാപ്തിയുള്ള പ്രേതങ്ങളെ സൃഷ്ടിക്കാനും ദൈവം മറന്നില്ല. ദൈവം കരുണാനിധിയും “ഉക്തിമാനും” ആണെന്നു് സാരം. ചെറിയ മനുഷ്യരുടെ ചെറിയ യുക്തി പോലെയല്ല വലിയ ദൈവത്തിന്റെയും ആ ദൈവത്തിന്റെ വലിയ ഭക്തന്മാരുടെയും വലിയ ഉക്തി. അതുകൊണ്ടു്, ഭൂതങ്ങളോ പ്രേതങ്ങളോ അല്ലാത്ത, ഇഹലോകത്തിലെ ജീവിതം അവസാനിച്ചാൽ ജീവിക്കാനായി പിന്നെ ഒരിടത്തും ഒരു നിമിഷം പോലും ലഭിക്കാത്തവരായ മനുഷ്യർ ഒരുകാര്യം ഓർത്തിരിക്കുന്നതു് അവരുടെ പരിമിതമായ സമയവും ഊർജ്ജവും അർത്ഥശൂന്യമായ കാര്യങ്ങൾക്കു് വേണ്ടി നഷ്ടപ്പെടുത്താതിരിക്കാൻ സഹായിക്കും: മനുഷ്യരിൽ നിന്നും ഭൂതബാധയെ ഒഴിവാക്കുക എന്നതും ഒട്ടും എളുപ്പമായ കാര്യമല്ലെങ്കിലും, ഭക്തരുടെ തലയിൽ കയറിക്കൂടിയ കോൺസ്പിരസി തിയറികളെയും, മരണാനന്തരസ്വർഗ്ഗം/നല്ലനാളെ തിയറികളെയും അവിടെനിന്നും ഇറക്കിവിടുക എന്നതു് അതിനേക്കാൾ എത്രയോ മടങ്ങു് പ്രയാസമുള്ള കാര്യമാണു്. എത്ര ശ്രമിച്ചാലും ഒരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്തവയാണു് അത്തരം തിയറികളിൽ അധികവും. മനുഷ്യൻ ചന്ദ്രനിൽ കാലു് കുത്തിയിട്ടില്ല എന്ന ഇടിച്ചാൽ പൊട്ടാത്ത “തിയറി”, വാക്സിൻ എടുക്കാൻ ആവശ്യപ്പെടുന്നവർ മരുന്നു് മാഫിയകളിൽ നിന്നും പണം പറ്റുന്നവരാണെന്ന തിയറി തുടങ്ങിയവ ഉദാഹരണങ്ങൾ. ആദ്യത്തേതു് അമേരിക്കയുടെയും രണ്ടാമത്തേതു് ബഹുരാഷ്ട്രകുത്തകകളുടെയും ഇടപാടു് ആയതിനാൽ, ആ ശത്രുക്കളുടെ വിമർശനം ആഹാരമാക്കി മാത്രം ജീവിക്കാൻ കഴിയുന്നവർക്കു് അവരെ എതിർത്തുകൊണ്ടിരുന്നേ പറ്റൂ.
എന്തു് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നവന്റെ അതേ വിഷമം തന്നെയാവണം, ഒന്നുകിൽ ചെകുത്താന്റെ വായിലേക്കു് പ്രവേശിക്കുക, അല്ലെങ്കിൽ കടലിന്റെ വയറ്റിലേക്കു് ചാടുക, അതുമല്ലെങ്കിൽ ഇവ രണ്ടിനുമിടയിൽ ചത്തപോലെ അനങ്ങാതെ കിടന്നു് എന്തു് സംഭവിക്കണമെന്ന തീരുമാനം വിധിക്കു് വിട്ടുകൊടുക്കുക എന്നിവയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാത്ത മനുഷ്യരുടേതും. രാഷ്ട്രീയത്തിൽ എന്നപോലെതന്നെ, മറ്റു് സാമൂഹിക വിഷയങ്ങളിലും ഈ മൂന്നു് ചോയ്സുകളിൽ ഏതെങ്കിലും ഒന്നു് സ്വീകരിക്കാൻ നിർബന്ധിതരാവുന്നവരാണു് മലയാളികൾ. ബഹുഭൂരിപക്ഷവും മൂന്നാമത്തെ ഓപ്ഷൻ സ്വീകരിക്കുന്നവരാണു്. “നമ്മുടേതു്” അല്ലാത്തവരുടെ ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും കുറ്റങ്ങളും ദോഷങ്ങളും മാത്രം തേടുകയും, ആവകയൊന്നും കാണാനില്ലെങ്കിൽ വ്യാഖ്യാനിച്ചു് തനിക്കു് വേണ്ടതു് അവയിൽ കണ്ടെത്തുകയും ചെയ്യുന്നവരുടെ സമൂഹത്തിൽ മദ്ധ്യവഴികൾ തേടാൻ മനുഷ്യർ നിർബന്ധിതരാവും.
കേരളത്തിൽ എന്തും തെറ്റാവാം, എന്തും ശരിയുമാവാം. ആരു് പറയുന്നു, ആരോടു് പറയുന്നു, ആരൊക്കെ കേൾക്കുന്നു തുടങ്ങിയ മാനദണ്ഡങ്ങളാലാണു് മനുഷ്യരുടെ വാക്കുകളിലെ ശരിതെറ്റുകൾ വിലയിരുത്തപ്പെടുന്നതു്. “ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും” ആകണമോ വേണ്ടയോ എന്നെല്ലാം ആ മാനദണ്ഡങ്ങൾ അനുസരിച്ചു് നിശ്ചയിക്കപ്പെടും. എത്ര എമണ്ടൻ അബദ്ധവും ഒരിക്കൽ ശാസ്ത്രമായോ സദാചാരമായോ അംഗീകരിക്കപ്പെട്ടു് കഴിഞ്ഞാൽ, പിന്നെയൊരു തിരിച്ചുപോക്കു് മിക്കവാറും അസാദ്ധ്യമായിരിക്കും. ഉദാഹരണത്തിനു്, പല്ലിയുടെ കരച്ചിൽ ഗൗളിശാസ്ത്രമായി, വാക്സാമർത്ഥ്യമുള്ള ചില സൂത്രശാലികളുടെ ഉപജീവനത്തിനുള്ള മാർഗ്ഗമായി മാറിക്കഴിഞ്ഞശേഷം ഏതെങ്കിലും “അജ്ഞർ” അതിനെ ഗൗളിവിലാപം എന്നോ, ഗൗളിമൂളൽ എന്നോ മറ്റോ കളിയാക്കി വിളിച്ചാൽ ഒഴുകുന്നതു് ചോരപ്പുഴയായിരിക്കും. ഒഴുക്കുന്നതു് ഗൗളികളല്ല, ഗൗളിശാസ്ത്രം വിറ്റു് ജീവിക്കുകയും, അതു് വാങ്ങി സ്വന്തം ജീവിതത്തിനു് ഒരു “ദിശാബോധം” ഉണ്ടാക്കുകയും ചെയ്യുന്ന ഗൗളിജ്ഞാനികളുടെ കൂട്ടം. ഒരു പുരുഷൻ നാലു് സ്ത്രീകളെ ഒരേസമയം ഭാര്യമാരായി വച്ചുകൊണ്ടിരിക്കുന്നതു് സദാചാരമായി അംഗീകരിക്കപ്പെടുന്ന സമൂഹത്തിൽ, അതു് ദുരാചാരമാണെന്നോ, പുരുഷനു് ആകാമെങ്കിൽ സ്ത്രീക്കും നാലു് പുരുഷന്മാരെ ഒരേസമയം ഭർത്താക്കന്മാരായി വച്ചുകൊണ്ടിരിക്കാം എന്നോ പറയാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ സംഭവിക്കുന്നതും അതുതന്നെ ആയിരിക്കും.
മറ്റുള്ളവരെ ചൂഷണം ചെയ്തും കബളിപ്പിച്ചും നയിക്കുന്ന സുഖജീവിതത്തിനു് തടസ്സം നേരിടുമെന്നു് വന്നാൽ, ആരായാലും അസ്വസ്ഥരാകും. ഒരുനേരം കഞ്ഞികുടിച്ചു് ജീവിക്കുന്നവരുടെ ലോകത്തിൽ മൂന്നുനേരമോ അതിലും കൂടുതൽ തവണകളോ കഞ്ഞി കുടിച്ചു് ജീവിക്കാൻ കഴിവുള്ളവൻ സുഖജീവിതം നയിക്കുന്ന മുതലാളിയാണു്. അതുകൊണ്ടാവണം ബൂർഷ്വാസി “റിലേറ്റീവ്സ്” ആണെന്നു് കാൾ മാർക്സ് പറഞ്ഞതു്. പക്ഷേ, മാർക്സ് പറഞ്ഞതു് പട്ടിണിക്കാർക്കു് മനസ്സിലാകണമെങ്കിൽ “ഇക്കൊണോമിക് റിലേറ്റിവിറ്റി ഓഫ് ഡയലെക്റ്റിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം” എന്നു് ലളിതമായിത്തന്നെ പറയണം. കത്തോലിക്കാസഭയിൽ ലാറ്റിനിലും, യാക്കോബായ സഭയിൽ അരാമ്യഭാഷയിലും കുർബ്ബാന ചൊല്ലാൻ പുരോഹിതർ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല. പുരോഹിതർ ആലപിക്കുന്നതു് വെറും “ഗൊബിൾഡിഗൂക്ക്” അല്ലെന്നു് ഭക്തജനത്തിനു് തോന്നണം! മാർക്സിന്റെ ഈ റിലേറ്റിവിറ്റി തത്വപ്രകാരമാണു്, ബൂർഷ്വാസി എന്ന നിലയിലേക്കു് ഇതിനോടകം എത്തിയവർ ആ നില തുടരാനും, അവിടേക്കു് എത്രയും വേഗം എത്താൻ ആഗ്രഹിക്കുന്നവർ അതിനു് വകയില്ലാത്ത സാധുക്കൾക്കു് ആ തിയറിയിൽ ട്യൂഷൻ എടുത്തു് നാലു് കാശു് ഉണ്ടാക്കി ബൂർഷ്വാസി ആകാനും ശ്രമിക്കുന്നതു്. അല്ലാതെ, അതിന്റെ വിപരീതദിശയിലാണു് “ചരിത്രഗതി” എന്നു് വിശ്വസിക്കുന്ന മാർക്സിസ്റ്റുകൾ ആരെങ്കിലും ഇക്കാലത്തു് ഉണ്ടെങ്കിൽ അവർക്കു് തലയ്ക്കു് സ്ഥിരതയില്ല എന്നു് കരുതിയാൽ മതി. നോമ്പു് നോക്കിയും, വെറുതെ പട്ടിണി കിടന്നുമെല്ലാം വേദനിക്കുന്ന മുതലാളിമാർ ഇല്ലെന്നല്ല. അവർ ഒന്നുകിൽ സ്വർഗ്ഗത്തിലെത്തി ബൂർഷ്വാസിജീവിതം നയിക്കാനോ, അല്ലെങ്കിൽ നല്ല ശരീരവടിവുണ്ടാക്കി ഈ ലോകത്തിലെ ബൂർഷ്വാസിയിൽ ഒരു ഇമ്പ്രഷൻ നേടിയെടുക്കാനോ വേണ്ടിയാണു് ആ കഷ്ടപ്പാടുകൾ സഹിക്കുന്നതു്. ചുരുക്കത്തിൽ, സ്വർഗ്ഗത്തിലെയോ ഭൂമിയിലെയോ സുഖജീവിതമാണു് പൊതുവേ പറഞ്ഞാൽ മനുഷ്യരുടെ ലക്ഷ്യം. പണം എല്ലാറ്റിനുമുള്ള പരിഹാരമല്ല എന്നതൊക്കെ സമ്മതിച്ചു. പക്ഷേ, പണം എന്ന ആ സംഭവം നൽകുന്ന ആ ഒരു സമാശ്വാസം, അതൊന്നു് വേറെ തന്നെ!
ആ സമാശ്വാസം കൈവരിക്കാൻ പല മാർഗ്ഗങ്ങളുമുണ്ടു്. കൈനോട്ടശാസ്ത്രം, മുഖം നോട്ടശാസ്ത്രം, വായിൽ നോട്ടശാസ്ത്രം, ജ്യോതിഷശാസ്ത്രം, ഹോമിയോശാസ്ത്രം, നാച്ചുറോപ്പതിശാസ്ത്രം, ആസനശാസ്ത്രം, ആന്റിവാക്സിൻശാസ്ത്രം, വൈരുദ്ധ്യാത്മകശാസ്ത്രം തുടങ്ങി എത്രയോ ശാസ്ത്രങ്ങൾ വഴി മനുഷ്യർക്കു് പണമുണ്ടാക്കാം. ഭാരതം പോലെ സംസ്കാരസമ്പന്നമായ ഒരു രാഷ്ട്രത്തിൽ ഏതു് ഒടിയനും സിദ്ധനും കോടീശ്വരന്മാരാവാൻ വലിയ തടസ്സമൊന്നും ഇല്ല. ശാസ്ത്രജ്ഞർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയനേതാക്കൾ വരെ ഒടിയന്മാരുടെയും ഒടിച്ചികളുടെയും മുന്നിൽ ചെന്നു് ഏത്തമിടുന്ന നാടാണു്! ഈയിടെ കാണുന്ന ഒരു ഫാഷൻ, ഏതു് വിദ്യയോടും ശാസ്ത്രം എന്ന വാൽ ചേർക്കലാണു്. ശാസ്ത്രത്തെ തെറി പറയുന്നവരും സ്വന്തം ബിസ്നസ് ശാസ്ത്രീയമാണെന്നേ പറയൂ. ഗൂഗിൾ ഫെയ്സ്ബുക്ക് തുടങ്ങിയ ബഹുരാഷ്ട്രകുത്തകകൾ വന്നതുകൊണ്ടു് ഇത്തരം ഒടിവിദ്വാന്മാരുടെ ചീട്ടുകളിലേക്കു് ഒളികണ്ണിടാൻ ഇപ്പോൾ മനുഷ്യർക്കു് അത്ര പ്രയാസമില്ല. അതുകൊണ്ടു്, നേർപ്പിച്ചും കുലുക്കിയും വീണ്ടും നേർപ്പിച്ചും സ്‌റ്റ്രോങ് ന്യൂക്ലിയർ ഫോഴ്സ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ആണവകണങ്ങളെപ്പോലും വേർപെടുത്തി വെള്ളത്തിലാക്കി മനുഷ്യരെ കുടിപ്പിച്ചു് ശരീരം മുഴുവൻ വ്യാപിച്ച ക്യാൻസറിനെവരെ സുഖപ്പെടുത്തുന്ന ചികിത്സാരീതികളെ മനുഷ്യർ അല്പം സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടു്. അതിന്റേതായ അസ്വസ്ഥതകൾ ശാസ്ത്രീയചികിത്സാകലാകാരന്മാരുടെ കേന്ദ്രങ്ങളിൽ ഉരുത്തിരിയുന്നുമുണ്ടു്. പക്ഷേ, പഠിപ്പിക്കുന്നവരെ ആരു് പഠിപ്പിക്കും എന്ന പുരാതനചോദ്യത്തിനു്, അവരെ “ഗൈഡ്” പഠിപ്പിക്കുമെന്നോ, പഠനം തന്നെ എന്തിനെന്നോ വരെയുള്ള മറുപടികൾ ഉയർത്തുന്നവരുടെ ലോകത്തിൽ, ബലിയാടുകളുടെ കശാപ്പുകാരനെ ചോദ്യം ചെയ്യുന്നവരുടെ നേരെ മറ്റു് കശാപ്പുകാരോടൊപ്പം കത്തി ഉയർത്താൻ അവർ കശാപ്പു് ചെയ്യാനായി നിരത്തി നിർത്തിയിരിക്കുന്ന ആടുകളും മുൻനിരയിൽത്തന്നെ ഉണ്ടായിരിക്കുമെന്നതിനാൽ, കശാപ്പുകാർക്കും, ലാടഗുരുക്കൾക്കും, കുലുക്കിക്കുത്തുകാർക്കും അത്ര പെട്ടെന്നു് കട്ടയും പടവും മടക്കേണ്ട ആവശ്യം വരുമെന്നു് തോന്നുന്നില്ല.
Jul 9, 2016, 12:46 PM
സ്‌റ്റ്രീമിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നിടത്തോളം, ഇപ്പോൾ ഒരു ഡോക്ടർ സക്കീര്‍ നായിക്കാണു് താരം. ഇസ്ലാമിലെ ഏതോ ഒരു ആത്മീയ അരുവിയെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയാണു് ആ മാന്യദേഹം എന്നു് മനസ്സിലാക്കാൻ ആ മുഖത്താമരയിലെ എക്സ്റ്റ്രാഫിറ്റിങ്സ് ശ്രദ്ധിച്ചാൽ മതി. എന്തുകൊണ്ടാണു് അദ്ദേഹം ഇത്രയേറെ ആഘോഷിക്കപ്പെടുന്നതെന്നു് അറിയില്ല. സത്യം പറഞ്ഞാൽ, അതറിയണമെന്ന ആഗ്രഹവും എനിക്കില്ല. കാരണം, ഒന്നാമതായി, അദ്ദേഹം മുഹമ്മദിനെ വെല്ലുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരിക്കുമെന്നതു് മിക്കവാറും അസാദ്ധ്യമായ കാര്യമാണു്. രണ്ടാമതായി, ഖുർആനിലൂടെ മുഹമ്മദ് പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും അദ്ദേഹത്തിനു് പറയാൻ ഉണ്ടാവുമെന്നു് കരുതുന്നതും അബദ്ധമായിരിക്കും. മുഹമ്മദ്, ഇസ്ലാം എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനു് പറയാനുണ്ടെന്നു് തോന്നുന്നില്ല. എന്നെ സംബന്ധിച്ചു്, അക്കാര്യങ്ങൾ അറിയാൻ സക്കീര്‍ നായിക്ക് എന്റെ കൂടെ ഉണ്ടായേ പറ്റൂ എന്നു് നിർബന്ധമൊന്നുമില്ല. മാർക്സ് പറയുന്നതു് മനസ്സിലാക്കാൻ മാർക്സിസ്റ്റിനെയല്ല, മാർക്സിനെയും, മാർക്സ് വിരുദ്ധരേയുമാണു് വായിക്കേണ്ടതു് എന്ന നിലപാടുകാരനാണു് ഞാൻ. വ്യാഖ്യാതാക്കളുടെ സഹായം ആവശ്യമുള്ളവർ അത്തരക്കാരെ സമീപിക്കുന്നതിനു് എനിക്കു് എതിർപ്പുമില്ല. അതുപോലെ, മുഹമ്മദ് ആരെന്നു് അറിയാൻ ഖുർആൻ വായിച്ചാൽ മതി. ഭൂരിഭാഗവും ബൈബിളിന്റെ വികലീകരിച്ച കോപ്പിയായ ഖുർആനെ വ്യക്തമായി അറിയാൻ ബൈബിൾ വായിച്ചാൽ മതി. ശാസ്ത്രജ്ഞാനത്തിന്റെ പിൻതുണയോടെയുള്ള സ്വതന്ത്രവും വിശാലവും ക്രിട്ടിക്കലുമായ വായനകളും പഠനങ്ങളും കൈമുതലായുണ്ടെങ്കിൽ, ബൈബിളിലെ വൈരുദ്ധ്യങ്ങളും, കെട്ടുകഥകളെ തോല്പിക്കുന്ന വർണ്ണനകളും തിരിച്ചറിയാൻ സാധിക്കും. ബൈബിളിലെ വിഡ്ഢിത്തങ്ങൾ മനസ്സിലാക്കാൻ പള്ളീലച്ചന്റെ ഞായറാഴ്ച പ്രസംഗങ്ങൾ കേട്ടാൽ മാത്രം മതിയാവില്ല.
ചുരുക്കത്തിൽ, ബൈബിളിനെ “പൊളിച്ചടുക്കിയാൽ”, അതോടൊപ്പം ഖുർആനും ഓട്ടോമാറ്റിക്കായി പൊളിച്ചടുക്കപ്പെടും. പ്രത്യേകമായ ഒരു ഖുർആൻ പൊളിച്ചടുക്കലിന്റെ ആവശ്യമില്ലെന്നു് സാരം. ബൈബിളിന്റെ പൊളിച്ചടുക്കൽ എന്ന ചടങ്ങു് യൂറോപ്യൻ ബൗദ്ധികലോകം പണ്ടേതന്നെ പൂർത്തീകരിച്ചതാണു്. ഇപ്പറഞ്ഞതിനു്, ഈ രണ്ടു് മതവിഭാഗങ്ങളിലേയും വിശ്വാസികൾ ആ പൊളിച്ചടുക്കൽ അംഗീകരിച്ചു എന്നു് ഒരു കാരണവശാലും അർത്ഥവുമില്ല. ഏതൊരു കാര്യവും അംഗീകരിക്കപ്പെടണമെങ്കിൽ ആദ്യം അതെന്താണെന്നു് ബോദ്ധ്യപ്പെടണം. ബോദ്ധ്യപ്പെടണമെങ്കിൽ ആദ്യം അതെന്താണെന്നു് മനസ്സിലാക്കപ്പെടണം. ഇവയൊക്കെയാണെങ്കിൽ പ്രാർത്ഥിച്ചോ, ധ്യാനിച്ചോ, നേർച്ചയിട്ടോ, കുമ്പസാരിച്ചോ ദൈവത്തിന്റെ കണ്ണിൽ പൊടിയിട്ടു്, ലോകാരംഭത്തിലേതന്നെ അങ്ങേർ ഓരോ മനുഷ്യനെയും പറ്റി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കാര്യങ്ങൾ തിരുത്തി എഴുതിക്കുന്നത്ര എളുപ്പമായ കാര്യങ്ങളുമല്ല. (മാലാഖമാരുടെ ചിറകിലെ തൂവൽ കൊണ്ടും, നാരായം കൊണ്ടും മനുഷ്യരുടെ നിത്യവിധികൾ തിരുത്തി എഴുതിയെഴുതി അവശനായപ്പോഴാണു് തൊഴിൽ ലഘൂകരണത്തിനായി പേന കണ്ടുപിടിക്കാൻ അല്ലാഹു തീരുമാനിച്ചതു്). അതിലും എളുപ്പം, പഠിച്ചിട്ടു് വിമർശിക്കൂ സഹോദരാ, ഗ്രന്ഥത്തെ ഒറിജിനൽ ഭാഷയിൽ വായിക്കൂ സുഹൃത്തേ, ലേഖനം നീണ്ടുപോയി കൂട്ടുകാരാ, വിശദീകരിക്കാമോ ചങ്ങായീ തുടങ്ങിയ “ഫാക്ച്വൽ” ആർഗ്യുമെന്റുകളുമായി തട്ടു് പൊളിപ്പൻ ചർച്ചാനാടകങ്ങൾ അരങ്ങേറുന്നതാണു്. ചിരപരിചിതമായ ആത്മീയ കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു് കിടന്നുറങ്ങി, സക്കീർ നായിക്കിനെപ്പോലുള്ള സത്യവിശ്വാസികളോടൊപ്പം സ്വർഗ്ഗം പങ്കിടുന്നതിനെപ്പറ്റി സ്വപ്നം കാണുന്നതു് മറ്റൊരോപ്ഷൻ.
Jul 11, 2016, 12:14 PM
കുഞ്ഞുകുട്ടികളും പ്രാരബ്ധങ്ങളുമായി കുറച്ചുപേർ ഐസിസിനോടൊപ്പം ജിഹാദിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നും ഇറാക്കിലേക്കോ സിറിയയിലേക്കോ മറ്റോ പോയത്രെ! കേരളത്തിൽ നിന്നുള്ള വാർത്തയായതുകൊണ്ടു്, പണ്ടാരോ മൂന്നു് കാക്കകളെ ഛർദ്ദിച്ചതുപോലത്തെ കഥയായിക്കൂടെന്നില്ല. കഥ സത്യമെങ്കിൽ, പെണ്ണും പിടക്കോഴിയുമായി യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന പുരുഷന്മാർ ഒന്നുകിൽ അവിടങ്ങളിൽ സംഭവിക്കുന്നതു് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതുപോലെ, രാവിലെ പുട്ടും കടലയുമോ, ഇഡ്ഡലി സാമ്പാറോ വയറ്റിലാക്കിയശേഷം സ്വന്തം കക്ഷിയുടെ ദിനപ്പത്രവും കക്ഷത്തിൽ തിരുകി ആപ്പീസിലേക്കു് പോയി, ഉച്ചക്കു് ഹോട്ടൽ ഭക്ഷണവും കഴിഞ്ഞു് വൈകിട്ടു് പൂമുഖവാതിലിൽ സ്നേഹം വിടർത്തി കാത്തുനിൽക്കുന്ന പൂന്തിങ്കളിന്റെ അടുത്തേക്കു് മടങ്ങുന്നപോലത്തെ ഒരു ദിനചര്യ ആണെന്നു് കരുതുന്നവരോ, അല്ലെങ്കിൽ ചെയ്യുന്നതെന്തെന്നു് അറിയാൻ കഴിയാത്തവിധം സ്ഥലകാലബോധം നഷ്ടപ്പെട്ടവരോ ആയിരിക്കണം. വിഷയം മതവുമായി ബന്ധപ്പെട്ടതായതിനാൽ, രണ്ടാമത്തേതാവാനാണു് കൂടുതൽ ചാൻസ്.
ഈ വിഷയത്തിലെ ഏതോ ഒരു വിശദീകരണത്തിൽ കണ്ടതുപോലെ, അവർ ആടുകളെ മേയ്ക്കാനായിട്ടാണു് സിറിയയിലേക്കു് പോയതെങ്കിൽ അവരുടെ ആടുകൾ മണ്ണും കല്ലും കോൺക്രീറ്റും തിന്നു് ജീവിക്കുന്ന ഇനമായിരിക്കാൻ ശ്രദ്ധിച്ചാൽ അവയ്ക്കു് പട്ടിണിമരണം സംഭവിക്കാതിരിക്കും. യുദ്ധറിപ്പോർട്ടുകളിലൂടെ കാണുന്നതു് അനുസരിച്ചു്, ആവക വസ്തുക്കൾക്കു് ഇപ്പോൾ അവിടങ്ങളിൽ യാതൊരു പഞ്ഞവുമില്ല. ഒരുപക്ഷേ, അല്ലാഹു അവരെ ആട്ടിത്തെളിച്ചതു് സിറിയയിലേയോ ഇറാക്കിലേയോ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു് ആയിക്കൂടെന്നുമില്ല. ദൈവചിന്തകൾ ആരുകണ്ടു? ദൈവത്തിന്റെ ചിന്തയും മനുഷ്യരുടേതു് പോലെതന്നെ ഒരു ഇലെക്ട്രോകെമിക്കൽ പ്രോസെസ് ആണെങ്കിലും, അല്ലാഹുവിന്റെ തലയിലെ ഇലെക്ട്രിസിറ്റിയുടെ വോൾട്ടേജും കറന്റുമൊക്കെ മനുഷ്യരുടേതു് പോലെ തന്നെയാണോ, കെമിക്കലുകളുടെ ഡൈല്യൂഷൻ ഹോമിയോയുടെതുപോലെ തന്നെയും പിന്നെയുമാണോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശുദ്ധഗ്രന്ഥത്തിൽ സൂചനയൊന്നും ഇല്ലാത്തിടത്തോളം ദൈവത്തിന്റെ ചിന്തകൾ എന്തെല്ലാമെന്നു് മനുഷ്യർക്കു് അറിയാൻ കഴിയില്ല. ഭക്തർ ഭാവനയുടെ ആൾക്കാരായതിനാൽ, അവർക്കതു് സാധിച്ചുകൂടെന്നുമില്ല.
ഇനി, സത്യമായിട്ടും അവർ ജിഹാദിൽ പങ്കെടുക്കാനായിട്ടാണു് പോയതെങ്കിൽ, അവരെ സംബന്ധിച്ചു് അതൊരു നല്ല കാര്യം തന്നെ. ഈ നരകത്തിൽ നിന്നും എത്രയും പെട്ടെന്നു് സ്വർഗ്ഗത്തിലേക്കു് കരകേറാൻ കഴിയുക എന്നതിൽ കവിഞ്ഞു് എന്താണു് ഒരു ഭക്തനു് ആഗ്രഹിക്കാനുള്ളതു്? അതും തന്റെ ദൈവത്തിന്റെ വഴി പിൻതുടരാത്ത കുറേ അന്യവിശ്വാസികളേയും അവിശ്വാസികളേയും നരകത്തിലെ വിറകാക്കി മാറ്റിയശേഷമാണു് ആ കരകയറൽ എന്ന സ്ഥിതിക്കു് അല്ലാഹുവിന്റെ സന്നിധിയിൽ പ്രത്യേക പരിഗണനകൾ കൊലയാളിഭക്തനു് ലഭിക്കുമെന്നും ഉറപ്പു്. അതൊരു ദൈവിക വാഗ്ദാനമാണു്. കാഫിറിന്റെ തലയും ഉടലും തമ്മിൽ വേർപെടുത്തുന്നവർക്കു് നൽകിയ വാക്കു് ഒരിക്കലും മാറ്റുന്നവനല്ല ദൈവം. പക്ഷേ, അതൊരു പ്രശ്നമാകുന്നതു്, അല്ലാഹുവിന്റെ വചനങ്ങളാൽ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട ഈ ദൈവമക്കൾ യുദ്ധത്തിൽ ചാവാതെ, എന്നെങ്കിലും ജനിച്ച നാട്ടിലേക്കു് മടങ്ങിവന്നാലാണു്. അവിടത്തെ ജനങ്ങൾ ഏതു് സമയവും പൊട്ടിത്തെറിക്കാൻ തയ്യാറായിരിക്കണം. എനിക്കു് ഇപ്പോൾ ചാവണ്ട എന്നൊന്നും പറഞ്ഞു് രക്ഷപെടാമെന്നു് കരുതണ്ട. അവിശ്വാസികളുടെ അഭിപ്രായം ചോദിച്ചിട്ടല്ല അല്ലാഹു ഓരോരോ കാര്യങ്ങൾ ചെയ്യുന്നതും, സത്യവിശ്വാസികളെക്കൊണ്ടു് ചെയ്യിക്കുന്നതും. അവിശ്വാസികളെ കാണുന്നിടത്തു് വച്ചെല്ലാം കൊന്നു് സ്വർഗ്ഗം നേടാൻ ശ്രമിക്കണം എന്നതു് സത്യവിശ്വാസികൾക്കുള്ള ദൈവത്തിന്റെ ലിഖിതകല്പനയായതിനാൽ, സത്യവിശ്വാസികളുടെ നന്മക്കായി വിട്ടുവീഴ്ച ചെയ്യാനും ചാവാനുമുള്ള ബാദ്ധ്യത അവിശ്വാസികൾക്കുണ്ടു്.
ഈ വിഷയസംബന്ധിയായി നടന്ന ഏതോ ഒരു ചാനൽ ചർച്ചയിൽ, മനുഷ്യർക്കു് വിശാലമായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോ ഊന്നിയൂന്നി പറഞ്ഞത്രെ! വിശാലമായ കാഴ്ചപ്പാടു് ഒരു നല്ല കാര്യമാണു്. പക്ഷേ, ഏതെങ്കിലും ഒരു ഇസത്തിനകത്തു് നിൽക്കുന്ന ഉത്തമബോദ്ധ്യക്കാർ അതിനു് വെളിയിലേക്കു് ഒരുപാടു് വിശാലമായി കാര്യങ്ങളെ കാണുമെന്നും, ചിന്തിക്കുമെന്നുമൊക്കെ കരുതണമെങ്കിൽ അസാമാന്യമായ ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കണം. കുട്ടയ്ക്കടിയിൽ മൂടിയിട്ടിരിക്കുന്ന കോഴികൾ തമ്മിൽത്തമ്മിൽ കൊത്തു് കൂടുമ്പോഴും വിശാലമായി ചിന്തിക്കണം എന്നു് അങ്ങോട്ടുമിങ്ങോട്ടും ആഹ്വാനം ചെയ്യാറുണ്ടെന്നാണു് കേൾവി.
Jul 12, 2016, 12:28 PM
ഖുർആനെയും അതിന്റെ നിയമവ്യവസ്ഥയേയും പറ്റി സർവ്വരാജ്യ തൊഴിലാളിവിപ്ലവത്തിനു് ആഹ്വാനം ചെയ്ത കാൾ മാർക്സ് :
“ഖുർആനും അതിൽ അധിഷ്ഠിതമായ മുസ്ലീമുകളുടെ നിയമവ്യവസ്ഥയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജിയോഗ്രഫിയേയും എത്നോഗ്രഫിയേയും വിശ്വാസികൾ എന്നും അവിശ്വാസികൾ എന്നും രണ്ടായി തരം തിരിച്ചു് ലളിതവും സൗകര്യപ്രദവുമാക്കി ലഘൂകരിക്കുന്നു. അവിശ്വാസി “ഹാർബി”, അഥവാ ശത്രു ആണു്. അവിശ്വാസികളുടെ സമൂഹത്തിനു് ഭ്രഷ്ടു് കല്പിച്ചുകൊണ്ടു് വിശ്വാസികൾക്കും അവിശ്വാസികൾക്കുമിടയിൽ ഇസ്ലാം സ്ഥിരമായ ശത്രുത്വം സ്ഥാപിക്കുന്നു.”
കാൾ മാർക്സിന്റെ അഭിപ്രായം അത്രപോരാ എന്നു് തോന്നുന്നവർക്കു്, സമാധാനത്തിന്റെ മതം സ്ഥാപിച്ചു എന്നു് അവകാശപ്പെടുന്ന മുഹമ്മദ് നബിയുടെ വാക്യങ്ങൾ ഖുർആനിൽനിന്നും (9: 5, 29):
“അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു് വെച്ചു് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക…. … വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതു് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോടു് നിങ്ങള്‍ യുദ്ധം ചെയ്തു് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ടു് കയ്യോടെ കപ്പം കൊടുക്കുന്നതു് വരെ.”
വലിയ വലിയ വ്യാഖ്യാനങ്ങൾക്കൊന്നും തുനിയാതിരുന്നാൽ, ഇപ്പറഞ്ഞതിനു് ഇത്രയേ അർത്ഥമുള്ളു: തങ്ങൾ സമൂഹത്തിൽ ന്യൂനപക്ഷമായിരിക്കുന്നിടത്തോളം, യഹൂദരോ ക്രിസ്ത്യാനികളോ “ജാതികളോ” ആയ ജനങ്ങളുമായി യുദ്ധം ചെയ്യാതിരിക്കുന്നതാണു് മുസ്ലീമുകൾക്കു് നല്ലതു്. അതിനു് ശേഷം അവരുമായുള്ള യുദ്ധം അനുവദനീയം മാത്രമല്ല, ഓരോ മുസ്ലീമിന്റേയും കടമയുമാണു്. ഒരു കയ്യിൽ ഖുർആനും മറുകയ്യിൽ കലാഷ്നിക്കോവോ, വാളോ ഉയർത്തിപ്പിടിച്ചു് അല്ലാഹു അക്ബർ ഉരുവിടുന്ന ജിഹാദികൾ നിറവേറ്റാൻ ശ്രമിക്കുന്നതും ഖുർആനിൽ അധിഷ്ഠിതമായ ബ്രെയ്ൻവാഷിങ്ങിലൂടെ വിശുദ്ധമെന്നു് അവർ പഠിപ്പിക്കപ്പെട്ട ഈ കടമയാണു്. ഐസിസ് പോലുള്ളവർ ഊർജ്ജം സംഭരിക്കുന്നതു് ഖുർആനിൽ നിന്നുമല്ലെന്നു് സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ, അങ്ങനെ സ്ഥാപിച്ചെടുക്കേണ്ടതു് അവരുടെ നിലനില്പിനു് അതാവശ്യമാണെന്നേ അതിനർത്ഥമുള്ളു. അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ഒരുതരം രഹസ്യ അജണ്ട. ഖുർആൻ ആദ്യാവസാനം ഒരു മസ്തിഷ്കപ്രക്ഷാളനഗ്രന്ഥമാണു്. പറയൂ, പറയൂ എന്നു് നിരന്തരം ആവർത്തിക്കുന്ന ഒരു അല്ലാഹുവും, ചൊല്ലിക്കൊടുക്കുന്നതു് വീണ്ടും വീണ്ടും ഏറ്റുചൊല്ലാനുള്ള ആഹ്വാനങ്ങളും അതിനു് മതിയായ തെളിവുകളാണു്.
തീവ്രവാദത്തിനു് മതമില്ലെന്നാണു് ചില രാഷ്ട്രീയക്കാരുടെ അഭിപ്രായം. തീവ്രവാദത്തിനു് മതമില്ലെന്നല്ല, തീവ്രവാദത്തിനു് മതം വേണമെന്നു് നിർബന്ധമില്ല, അതിനു് രാഷ്ട്രീയംതന്നെ ധാരാളം എന്നായിരുന്നു അവരുടെ അഭിപ്രായമെങ്കിൽ ഒന്നുകൂടി ശരിയായിരുന്നേനെ! ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു് കിട്ടുന്നതിനല്ലേ മനുഷ്യർ അൽഫോൻസാമ്മയോടുള്ള ഉപകാരണസ്മരണ പത്രങ്ങൾതോറും പണം നൽകി പരസ്യപ്പെടുത്തുന്നതു്? പത്രങ്ങൾക്കു് പണം, അൽഫോൻസാമ്മയ്ക്കു് പരസ്യം. അതുവഴി, കൂടുതൽ മനുഷ്യർ, കൂടുതൽ ഉദ്ദിഷ്ടകാര്യങ്ങൾ, കൂടുതൽ ഉപകാരസ്മരണകൾ, കൂടുതൽ പരസ്യങ്ങൾ, കൂടുതൽ ചില്ലറകിലുക്കങ്ങൾ!
Jul 13, 2016, 11:22 AM
ഇന്നായിരുന്നെങ്കിൽ രോഗിയെ വട്ടാപ്പീസിലെ കൗച്ചിൽ കിടത്തി സൈക്കൊഅനാലിസിസിനു് വിധേയമാക്കാതെതന്നെ ഫ്രൊയിഡിനു് രോഗനിർണ്ണയം വളരെ എളുപ്പം സാദ്ധ്യമാവുമായിരുന്നു! അതിനു്, രോഗി ഫെയ്സ്ബുക്കിലിട്ട സ്റ്റാറ്റസുകളിലേക്കു് ഫ്രൊയിഡിനു് ഒരു പ്രവേശനാനുമതിയും, ചാറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയാൽ ധാരാളം മതിയായേനെ! വട്ടായിപ്പോയതിന്റെ കിടപ്പുവശവും ചികിത്സാസാദ്ധ്യതകളും അസാദ്ധ്യതകളുമെല്ലാം അതുവഴി ഓൺലൈനായിത്തന്നെ ക്രമപ്പെടുത്തി രോഗിയെ ധരിപ്പിക്കാൻ ഫ്രൊയിഡിനു് കഴിയുമായിരുന്നു. ഓരോ രോഗിക്കും വേണ്ടി കൗച്ചിൽ പുതിയ ഷീറ്റ് വിരിക്കണ്ട, അലക്കണ്ട, തേയ്ക്കണ്ട… തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ ഇതിനെല്ലാം പുറമേയും! അതൊരു റാഷണലിസേഷൻ മെഷർ അല്ലെങ്കിൽ!?
Jul 14, 2016, 11:47 AM
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ബൈബിൾ വാക്യങ്ങൾക്കു് നല്ല കൺജങ്ക്ചർ ആണത്രെ!
“വിശുദ്ധമായതു് നായ്‌ക്കൾക്കു് കൊടുക്കരുതു്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു്; അവ കാൽകൊണ്ടു് അവയെ ചവിട്ടുകയും തിരിഞ്ഞു് നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു്” എന്നു് യേശു പറഞ്ഞതായി മത്തായി പറയുന്ന ഒരു വാക്യം ബൈബിളിൽ ഉണ്ടു് (മത്തായി 7: 6). പക്ഷേ, യേശു ആ വാക്യം പറയുന്നതു് വിശുദ്ധമായ വാക്കുകളെ അമേധ്യം തിന്നാൻ അറപ്പില്ലാത്ത നായ്ക്കളുടെയും, മലം തിന്നു് ചെളിയിൽ തിമിർക്കുന്നതിൽ അശുദ്ധിയൊന്നും കാണാത്ത പന്നികളുടെയും മുന്നിൽ വാരി വിതറുന്നതിനെ കുറിച്ചാണു്. അല്ലാതെ, നായ്ക്കളും പന്നികളും മാറിമാറി ആനുകാലികമായി നക്കിത്തുടച്ചു് അശുദ്ധമാക്കിയ ഇമിറ്റേഷൻ മുത്തുകളെക്കുറിച്ചാവാൻ വഴിയില്ല. യേശുവും മത്തായിയും ജീവിച്ചിരുന്ന രണ്ടായിരം വർഷങ്ങൾക്കു് മുൻപത്തെ ലോകത്തിൽ ഇമിറ്റേഷൻ മുത്തുകളും ക്യുബിക് സിർക്കോണിയയും മറ്റും ഉണ്ടായിരുന്നു എന്നുപോലും കരുതാനാവില്ല.
ആറു് വാക്യങ്ങൾ താഴെ, പ്രവാചകന്മാരും ന്യായപ്രമാണവും പറയുന്ന മുഴുവന്റേയും സാരാംശം എന്നു് വിശേഷിപ്പിച്ചു് യേശു പറയുന്ന ഒരു വാക്യമുണ്ടു്. നായ്ക്കൾക്കും പന്നികൾക്കും വേണ്ടിയല്ല, മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യരെ ലക്ഷ്യമാക്കി പറയുന്ന ശക്തമായ ആ വാചകം ഇമ്മാന്വേൽ കാന്റടക്കമുള്ള പിൽക്കാല തത്വചിന്തകർ ഏറ്റെടുത്തു് വ്യത്യസ്തമായ വാക്കുകളിലൂടെ അവതരിപ്പിച്ച മഹത്തായ ഒരു ആശയമാണു്:
“മനുഷ്യർ നിങ്ങൾക്കു് ചെയ്യേണം എന്നു് നിങ്ങൾ ഇച്ഛിക്കുന്നതു് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു് തന്നേ”.
(മറ്റു് വിധത്തിൽ പറഞ്ഞാൽ, മനുഷ്യർ നിങ്ങളോടു് ചെയ്യരുതെന്നു് നിങ്ങൾ ഇച്ഛിക്കുന്നതു് നിങ്ങൾ അവരോടും ചെയ്യാതിരിപ്പിൻ!)
Jul 16, 2016, 3:25 PM
യഹോവ എന്ന ദൈവം, ഒരു യോസെഫുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയ എന്ന കന്യകയിൽ ജനിപ്പിച്ച സ്വന്തം മകനാണു് നസറായനായ യേശു. യഹൂദർ ആ യേശുവിനെ കുരിശിൽ തറച്ചു് കൊന്നു. എങ്കിലും അവൻ മൂന്നാം ദിവസം കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലെ തന്റെ പിതാവിന്റെ അടുത്തേക്കു് പോയി. മനുഷ്യരുടെ പാപങ്ങൾ പരിഹരിക്കപ്പെടുന്നതിനായി പാപമില്ലാത്ത ഒരു കുഞ്ഞാടു് (ഇവിടെ യേശു) പാപികളാൽ കൊല്ലപ്പെടുകയും ഉയിർക്കുകയും ചെയ്യേണ്ടതു് ദൈവത്തിന്റെ ബുദ്ധിയിൽ ആവശ്യമായിരുന്നു. താൻ ഉണ്ടാക്കിയ ഗർഭത്തെ യോസെഫിന്റെ തലയിൽ വച്ചുകൊടുത്ത ദൈവബുദ്ധി! ഗർഭം ധരിപ്പിക്കുന്നതുപോലത്തെ സുഖമൊന്നുമില്ല മക്കളെ വളർത്താൻ. ആ അർത്ഥത്തിൽ അന്നു് സംഭവിച്ചതെല്ലാം ദൈവത്തിന്റെ പ്ലാൻ അനുസരിച്ചു് കൃത്യമായും, യോസെഫ് അടക്കമുള്ള മനുഷ്യരുടെ നന്മക്കു് വേണ്ടിയുമായിരുന്നു സംഭവിച്ചതു്. അങ്ങനെ യേശു ജനിച്ചു, വളർന്നു, കുരിശിൽ മരിച്ചു, ഉയിർത്തു, ക്രിസ്തുമതം രൂപമെടുക്കുകയും ചെയ്തു. ഈ കഥകൾ ബൈബിൾ ഒരിക്കലും വായിച്ചിട്ടില്ലാത്ത ക്രിസ്തുമതവിശ്വാസികളും കേട്ടിട്ടുള്ളതായിരിക്കണം.
ഒരു ഓണംകേറാമൂലയിൽ പോയി സ്വന്തമായി ഒരു മകനെ ജനിപ്പിച്ചു് “ലോകത്തെ” രക്ഷിക്കുന്നതിനെപ്പറ്റി യഹോവയായ ദൈവം ആഴത്തിൽ ആലോചിച്ചും പഠിച്ചുംകൊണ്ടിരുന്ന അതേ കാലത്തു് തന്നെയാണു് റോമാക്കാർ സ്കോട്ട്‌ലന്റ് മുതൽ ഈജിപ്റ്റ് വരെയും, സ്പെയിൻ മുതൽ മെസൊപ്പൊട്ടേമിയ വരെയും നീണ്ടു് പരന്നു് കിടന്നിരുന്ന ഒരു സാമ്രാജ്യം സ്ഥാപിച്ചു് ഭരിച്ചുകൊണ്ടിരുന്നതു്! പക്ഷേ, യഹോവ ഇങ്ങനെയൊരു ഇടപാടു് ഒപ്പിച്ച വിവരം ഒന്നുകിൽ അവർ അറിഞ്ഞില്ല, അല്ലെങ്കിൽ സാമ്രാജ്യത്തിലെ ഗൗരവതരമായ വിഷയങ്ങൾക്കിടയിൽ ഇത്തരം സില്ലി കാര്യങ്ങൾ ശ്രദ്ധിക്കാൻ അവർക്കു് നേരമുണ്ടായിരുന്നില്ല.
ആ റോമൻ സാമ്രാജ്യത്തിന്റെ തന്നെ നിയന്ത്രണത്തിലായിരുന്നതും, മദ്ധ്യധരണ്യാഴിയോടു് തൊട്ടുചേർന്നു് കിടക്കുന്നതുമായ പ്രദേശങ്ങളിലെ ‘ഠ’ വട്ടത്തിലൂടെ ആയിരുന്നു, യേശുവിന്റെ സ്വർഗ്ഗാരോഹണകഥകളും, ലോകാരംഭം മുതലുള്ള സകല മനുഷ്യരുടെയും നന്മതിന്മകളുടെ കണക്കുകൾ പരിശോധിച്ചു് പുണ്യാളന്മാരെ സ്വർഗ്ഗീയർ എന്നും, പാപികളെ നരകീയർ എന്നും വിധിക്കാനായി അന്നത്തെ തലമുറ അവസാനിക്കുന്നതിനു് മുൻപുതന്നെ മേഘത്തിലേറി യേശു വീണ്ടും ഭൂമിയിലേക്കു് വരുമെന്നും മറ്റുമുള്ള സുവിശേഷഘോഷണങ്ങളുമായി പൗലോസ് ചുറ്റിത്തിരിഞ്ഞിരുന്നതു്! ഇന്നത്തെ തുർക്കിയുടെയും ഗ്രീസിന്റെയുമെല്ലാം പ്രാന്തപ്രദേശങ്ങൾ.
യേശുവിന്റെ രണ്ടാം വരവിനു് വേണ്ടിയുള്ള ക്രിസ്ത്യാനികളുടെ കാത്തിരുപ്പു് തുടങ്ങി ഏകദേശം അറുന്നൂറു് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ യഹോവ തന്നെ അല്ലാഹു എന്ന പേരിൽ വീണ്ടും ഭൂമിയിലെത്തി. ഇസ്ലാം എന്ന പുതിയൊരു മതം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ആ ചുമതല, ഖുർആൻ എന്നൊരു ഗ്രന്ഥം സഹിതം, മുഹമ്മദ് എന്നൊരു അറബിയെ ഏല്പിച്ചശേഷം അല്ലാഹു സ്വർഗ്ഗത്തിലേക്കു് മടങ്ങിപ്പോയി. ആ ഗ്രന്ഥത്തിലൂടെ അല്ലാഹു നൽകിയ കല്പനകൾ അക്ഷരം പ്രതി നടപ്പിലാക്കിക്കൊണ്ടു് ഇസ്ലാം മതം പഴയ ക്രിസ്തുമതത്തിനെ തോല്പിക്കാൻ എന്നപോലെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു! ആ സാംസ്കാരിക മുന്നേറ്റത്തിന്റെ പെരുമ്പറകൊട്ടലുകളും വർണ്ണചിത്രങ്ങളുമാണു് ഫ്രാൻസിലും, അമേരിക്കയിലും, ബംഗ്ലാദേശിലുമെല്ലാം ലോകം കണ്ടുകൊണ്ടിരിക്കുന്നതു്.
ഈവിധ ഗ്രന്ഥങ്ങളിലെ വർണ്ണനകൾ കണ്ണുമടച്ചു് വിശ്വസിക്കാവുന്നതാണോ എന്നു് ചോദിച്ചാൽ, ആണെന്നും അല്ലെന്നും പറയാം. അവരുടെ പേരുകൾ സൂചിപ്പിക്കുന്നതുപോലെ, അവിശ്വാസികൾ അതൊന്നും വിശ്വസിക്കുന്നവരല്ല, വിശ്വാസികൾ അതു് വിശ്വസിക്കുന്നവരാണുതാനും. വിശ്വാസികൾക്കു് അവ വിശ്വസിക്കാനുള്ള കടമ പോലുമുണ്ടു്. കാരണം, തന്റെ ദൈവം പറയുന്നതു് ആത്യന്തികസത്യമാണെന്ന ഉത്തമബോദ്ധ്യമുള്ളവരാണു് വിശ്വാസികൾ. ആ ആത്യന്തികസത്യത്തിന്റെ മടിയിൽ ഇരുന്നുകൊണ്ടു് താനൊരു സത്യാന്വേഷിയാണെന്നു് പ്രഖ്യാപിക്കുന്നതിൽ യുക്തിഹീനതയൊന്നും കാണുന്നവരല്ല ഭക്തർ. അവരുടെ ഈ “യുക്തിഭദ്രത”, സത്യത്തെ വ്യാഖ്യാനങ്ങളിലൂടെ വ്യഭിചാരം ചെയ്യുക എന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ പ്രഥമവും പ്രധാനവുമായ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കുന്നതു്.
എന്താണു് ചെയ്യേണ്ടതെന്നു് ലളിതമായ ഭാഷയിലും, എന്തിനു് വേണ്ടിയാണു് അതു് ചെയ്യേണ്ടതെന്നു് ഒന്നുകിൽ കട്ടിയായതോ അന്യമായതോ ആയ ഭാഷയിൽ മാത്രം പറയുകയോ, അല്ലെങ്കിൽ ഒന്നും പറയാതെ മറച്ചു് പിടിക്കുകയോ ചെയ്താൽ വിശ്വാസസംബന്ധമായ ഏതു് പോക്കാന്തവളയേയും ഭക്തർ വിഴുങ്ങിക്കൊള്ളുമെന്നു് ദൈവത്തിന്റെ റെപ്രസെന്ററ്റിവ്സിനു് അറിയാം. താൻ റെപ്രസെന്റ് ചെയ്യുന്നതിനെ വിറ്റു് ജീവിക്കുന്നവനാണു് റെപ്രസെന്ററ്റിവ്. പ്രശ്നങ്ങളെ ഊതിവീർപ്പിച്ചും, പരിഹാരങ്ങളെ ലളിതമാക്കിയും അവതരിപ്പിക്കുക. അതാണു് തമ്പുരാന്മാരിൽ നിന്നും ഭക്തർ പ്രതീക്ഷിക്കുന്നതു്! ഒന്നുവച്ചാൽ പത്തു്, പത്തുവച്ചാൽ നൂറു്! ലോട്ടറി പോലെ! നേർച്ചകൾ പോലെ! വോട്ടു് പോലെ! ഇന്നു് എനിക്കു് വോട്ടുചെയ്താൽ നാളെ നിനക്കു് സ്വർഗ്ഗം!
അല്ലാഹു അക്ബർ! തമ്പ്രാൻ കീ ജേ! ഇങ്കിലാ സിന്താവാ! ഹാലേലുയ്യ! ഓം ശാന്തി ശാന്തി ശാന്തി! അത്രയൊക്കെ ധാരാളം മതി. ബാക്കി മസാലക്കൂട്ടുകൾ ഭക്തർ സ്വയം ചേർത്തുകൊള്ളും.
Jul 17, 2016, 11:30 AM
ഒൻപതാം ക്ലാസ്സിൽ ഞങ്ങളെ (അതായതു്, പണ്ടൊരു പോസ്റ്റിൽ പറഞ്ഞ “WarKey”-യെയും എന്നെയുമൊക്കെ) മലയാളം പഠിപ്പിച്ചിരുന്നതു് ഒരു പ്രഭാകരൻ മാഷായിരുന്നു. മുറിക്കയ്യൻ കാക്കിഷർട്ടിന്റെ പശ്ചാത്തലത്തിലല്ലാതെ പ്രഭാകരൻ മാഷിനെ സ്കൂളിൽ ആരും കണ്ടിട്ടില്ല. മുൻവശത്തു് ഏകദേശം 20cm x 15cm വലിപ്പത്തിലുള്ള നാലു് പോക്കറ്റുകളുള്ള കട്ടിത്തുണിഷർട്ടുകളായിരുന്നു മാഷിന്റെ വിശേഷലക്ഷണം. ധാരാളം വായിക്കുന്ന സ്വഭാവക്കാരനായിരുന്നതിനാൽ, ഈ പോക്കറ്റുകളിൽ ഒന്നുരണ്ടെണ്ണത്തിലെങ്കിലും ഓരോ പുസ്തകം തിരുകിവയ്ക്കാൻ മാഷ് മറന്നിരുന്നില്ല. മൗലികമായി ആളൊരു രസികൻ ആയിരുന്നെങ്കിലും, രസികത്വത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു മൗലികവാദി ആയിരുന്നില്ല. ഷർട്ടിന്റെ മുന്നിലെന്നപോലെ പിന്നിലും നാലു് പോക്കറ്റുകൾ വച്ചുപിടിപ്പിക്കാൻ അദ്ദേഹത്തിനു് തോന്നാതിരുന്നതിൽ നിന്നുമാണു് അദ്ദേഹമൊരു മൗലികവാദിയല്ലെന്ന നിഗമനത്തിൽ വർക്കിയും ഞാനും അടങ്ങുന്ന വിദ്യാർത്ഥിലോകം എത്തിച്ചേർന്നതു്. രാമായണപാരായണമാസമായ കർക്കിടകമാസമായതിനാലാവാം, സന്ധിയും സമാസവും വൃത്തവും അലങ്കാരവുമൊക്കെ പഠിപ്പിച്ച പ്രഭാകരൻ മാഷ് ഓർമ്മയിലേക്കു് കടന്നു് വന്നതു്.
പ്രഭാകരൻ മാഷ് ഞങ്ങളെ കാകളിയിൽ നിന്നും കളകാഞ്ചിയിലെത്തിച്ചതു് ഇങ്ങനെയാണു്:
ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലു നീ (വൃത്തം കാകളി)
ശാരികയേയും പൈതലിനേയും കൊണ്ടു് ചകരി പിരിപ്പിച്ചാൽ,
ചകരിപിരി ചകരിപിരി ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലുനീ (വൃത്തം കളകാഞ്ചി)
മറ്റൊരു സാദ്ധ്യത:
ചകരിപിരി ചകരിപിരി ചകരിപിരിലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലുനീ (വൃത്തം കളകാഞ്ചി)
മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു് ചൊല്ലാം കാകളിയെന്നുപേർ
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേൾ
കണകുണകളടിപൊളികൾപകിടകളിപമ്പരം
പാണ്ഡവാ കൗരവാ കൊല്ലെടാ തിന്നെടാ.
മനുഷ്യന്മാരുടെ കാര്യോം, വൃത്തങ്ങളുടെ കാര്യോം, അലങ്കാരങ്ങളുടെ കാര്യോം, പഞ്ഞക്കർക്കിടത്തിന്റെ കാര്യോം രാമായണപാരായണത്തിന്റെ കാര്യോമൊക്കെ ഇത്രേള്ളൂ.
കൊണ്ടുകൊണ്ടങ്ങിരിക്കും ജനത്തിനെ കൊണ്ടില്ലെന്നു് വരുത്തുന്നതും ദിവാൻ.
Jul 19, 2016, 9:41 AM
കേരളരാഷ്ട്രീയത്തിൽ ഇപ്പോൾ ചപ്പാത്തി ചുടുന്നതു് പോലെ തിരിച്ചും മറിച്ചുമിട്ടാണത്രെ ധാർമ്മികതയും മനസ്സാക്ഷിയും മാനവികതയുമെല്ലാം പാകപ്പെടുത്തി കൊണ്ടിരിക്കുന്നതു്! “Too many cooks spoil the broth” എന്നായതിനാൽ, ആദർശചപ്പാത്തികൾ വേവാതിരിക്കാനോ, കരിഞ്ഞുപോകാനോ ഉള്ള സാദ്ധ്യതകളും ചെറുതല്ല. പാചകക്കാരുടെ പൂർവ്വകാല ചരിത്രം വച്ചു് നോക്കുമ്പോൾ പൊതുജനം ഒന്നു് ജാഗ്രതയായിരിക്കുന്നതു് നന്നായിരിക്കും.
Jul 19, 2016, 12:24 PM
അത്താത്തുർക്കിന്റെ നാട്ടിലെ കുട്ടിപ്പട്ടാളത്തിന്റെ അട്ടിമറിശ്രമവും, അനിഷ്ടരായവരെ അറസ്റ്റുചെയ്യലും, വധശിക്ഷ വീണ്ടും നടപ്പിലാക്കേണ്ടതു് ചർച്ചാവിഷയമാവലുമെല്ലാം വളരെ പെട്ടെന്നായിരുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു് വേണ്ടി ഒരു ജനത എന്തെന്തെല്ലാം കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു് തുർക്കി.
കഴിഞ്ഞതെല്ലാം എത്രയും പെട്ടെന്നു് മറക്കുക എന്നതാണു് പൊതുജനസ്വഭാവം. അതുകൊണ്ടു്, അവരെ കാര്യങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കണം. അല്ലാഹുവിന്റെ കാര്യം അതിലും കഷ്ടമാണു്. അങ്ങു് വലിയവനാണു് എന്നു് ദിവസത്തിൽ മിനിമം അഞ്ചുവട്ടമെങ്കിലും വിളിച്ചു് പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ താനൊരു പീക്കിരിയാണെന്നു് അങ്ങേർക്കു് തോന്നും. ഓത്തുപള്ളിക്കൂടം മുതലേ അതാണു് അങ്ങേരുടെ സ്വഭാവം. അതുകൊണ്ടു് ഒരു മാറ്റിയെടുക്കൽ അസാദ്ധ്യമാണു്. ജനങ്ങളുടെ മറവി മാറ്റാനും അതുപോലുള്ള ചില ഓർമ്മപ്പെടുത്തലുകൾ വല്ലപ്പോഴുമെങ്കിലും ആവശ്യമാണു്. അതു് ഒന്നുകിൽ അവരുടെയിടയിലെ “നാരദർ” ചെയ്യണം, അല്ലെങ്കിൽ അവരെ ഭരിച്ചു് ശരിയാക്കിക്കൊള്ളാം എന്നു് സത്യപ്രതിജ്ഞ എടുത്തിരിക്കുന്ന നേതൃത്വം ചെയ്യണം. തുർക്കികളുടെ ഭരണം ഏറ്റെടുത്ത ഒരു അധികാരി എന്ന നിലയിൽ തുർക്കി പ്രസിഡന്റ് എർഡോവാൻ ചെയ്തതും മറ്റൊന്നുമല്ല.
ചരിത്രത്തിൽ നിന്നും മനുഷ്യർ ഒന്നും പഠിക്കുന്നില്ല എന്നാണു് ചരിത്രം നമ്മെ പഠിപ്പിക്കുന്നതു് എന്നു് ഹേഗെൽ. പക്ഷേ, ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കാത്ത മനുഷ്യരെ, ചരിത്രത്തിൽ നിന്നുമുള്ള കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ ഭരിക്കാനാവില്ല എന്നൊന്നും ഹേഗെൽ പറഞ്ഞിട്ടില്ല. അങ്ങനെ നോക്കുമ്പോൾ, പൗലോസ്, മുഹമ്മദ്, … … സ്റ്റാലിൻ, ഹിറ്റ്‌ലർ, മുസ്സോളിനി, മാവോ, കാസ്‌ട്രൊ, ചെ, പീനഷേയ് തുടങ്ങിയ മനുഷ്യാവകാശസംരക്ഷകരുടെ നീണ്ട ചങ്ങലയിലെ ഒരു കുഞ്ഞുകണ്ണി മാത്രമാണു് റീസെപ് റ്റയിപ് എർഡോവാൻ. അവസാനത്തേതാവാൻ വഴിയില്ലാത്ത ഒരു ചെറുകണ്ണി.
പട്ടാളം അട്ടിമറിശ്രമം നടത്തിയതു് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഇന്നലെ വരെ ജുഡീഷ്യറിയിലും മിലിറ്ററിയിലുമായി ഏകദേശം 8000 പേർ അറസ്റ്റു് ചെയ്യപ്പെട്ടത്രെ! ആരെയൊക്കെ ഉന്മൂലനം ചെയ്താലാണു് തനിക്കു് സ്വൈരമായി വാഴാൻ കഴിയുക എന്നതിന്റെ വിശദമായ ഒരു ലിസ്റ്റ് എർഡോവാന്റെ മേശവലിപ്പിൽ മോക്ഷം കാത്തു് കിടക്കുന്നുണ്ടായിരുന്നു എന്നുവേണം കരുതാൻ. മൂന്നുദിവസം കൊണ്ടു് ജനസേവനാർത്ഥം ഇത്ര കൃത്യമായ ഒരു ലൊജിസ്റ്റിക്സ് സാദ്ധ്യമാക്കാൻ കഴിഞ്ഞതു് അതുകൊണ്ടാവാനേ വഴിയുള്ളു. ഇതുപോലെ തകൃതിയായി എതിരാളികളെ പിടിച്ചു് കൂട്ടിലിടുക എന്നതു് ഇതിനു് മുൻപു് നടപ്പാക്കിയിരുന്നതു് നാത്സികളും കമ്മ്യൂണിസ്റ്റുകളും മാത്രമായിരുന്നു. എങ്ങനെ ആയാലെന്തു്? “ജനാധിപത്യം” സംരക്ഷിക്കപ്പെടണം, അതേ ജനത്തിനു് വേണ്ടൂ.
(ഇപ്പറഞ്ഞതിനു്, ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള നിരുപാധികമായ അവകാശം പട്ടാളത്തിനുണ്ടെന്നോ, വധശിക്ഷയെ ഞാൻ അനുകൂലിക്കുന്നു എന്നോ അർത്ഥമില്ല. എർഡോവാൻ ഇച്ഛിച്ചതും പട്ടാളം ശ്രമിച്ചതും അട്ടിമറി എന്നേ ഉദ്ദേശിച്ചുള്ളു. മതാധിപത്യത്തോടു് ആഭിമുഖ്യമോ, ചുരുങ്ങിയപക്ഷം എതിർപ്പില്ലായ്മയെങ്കിലുമോ പ്രകടിപ്പിക്കുന്ന ഒരു ജനതയുടെ ജനാധിപത്യബോധം മറ്റൊരു വിഷയമാണു്.)
Jul 22, 2016, 10:17 AM
വിശേഷാവകാശങ്ങളും അധികാരങ്ങളും പേറുന്ന ഉണിക്കോനാർമാരുടെയും ഉണിച്ചന്ത്രാർമാരുടെയും മൂപ്പിളവു് തർക്കങ്ങൾക്കു് പരിഹാരം കാണാൻ ചേകോന്മാർ അങ്കം വെട്ടി കൊല്ലുകയും ചാവുകയും ചെയ്യുമ്പോഴും, കടമകളല്ലാതെ, അവകാശങ്ങളൊന്നുമില്ലാത്തവരും, സമൂഹത്തിന്റെ ഓരങ്ങളിൽ വസിക്കുന്നവരുമായവർ പീഡിപ്പിക്കപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ, ഭീഷണിപ്പെടുത്തപ്പെടുകയോ, അവർക്കു് മറ്റു് തരത്തിലുള്ള അവകാശലംഘനങ്ങൾ നേരിടേണ്ടി വരികയോ ചെയ്യുമ്പോഴും, അതെല്ലാം ഒന്നുകിൽ കണ്ടില്ലെന്നു് നടിക്കുകയോ, അല്ലെങ്കിൽ പക്ഷം ചേർന്നു് “നഖങ്ങൾ കൂട്ടിയുരുമ്മി” കണ്ടു് രസിക്കുകയോ, മസാലകൾ ചേർത്തു് ജനത്തിനു് വിളമ്പി മുതലെടുപ്പു് നടത്തുകയോ ചെയ്യുന്ന “സമൂഹത്തിലെ പ്രധാന ദിവ്യന്മാർ” തമ്മിൽത്തമ്മിൽ ഇടയ്ക്കിടെ അങ്കം വെട്ടുന്നതു് കാണുന്നതും ജനത്തിനു് മുഷിയുമെന്നു് തോന്നുന്നില്ല. സിൽമയിലായാലും ജീവിതത്തിലായാലും ബസിലായാലും പള്ളിയിലായാലും പള്ളിക്കൂടത്തിലായാലും മറ്റെന്തിനേക്കാളും കൂടുതലായി സ്റ്റണ്ടിന്റേയും സെക്സിന്റേയും വിവിധ അവസ്ഥാന്തരങ്ങൾ അരങ്ങേറുന്നതു് കണ്ടും കയ്യടിച്ചും ശീലിച്ച ജനമല്ലേ? ദിവ്യന്മാർ ഇടിച്ചും അടിച്ചും പൊളിക്കട്ടെ! ജനം പതിവു് അടിയഭിഷേകങ്ങൾക്കൊപ്പം ഇതുംകൂടി കണ്ടു് കയ്യടിച്ചു് സ്വയം മറന്നു് ആർപ്പിടട്ടെ! ആരാന്റെ ദുഃഖങ്ങളും ഗതികേടുകളും വിറ്റു് കാശാക്കിയിരുന്നവർ അരങ്ങിലെത്തി തുണിയില്ലാക്കളികളുടെ തട്ടു് തകർപ്പൻ പ്രകടനം കാഴ്ചവച്ചു് “ആരാനുകളായിരുന്ന പഴയ നടീനടന്മാരെ” തൃപ്തിപ്പെടുത്തുന്നതുപോലുള്ള പ്രതിഭാസങ്ങളും ഒരുതരം റിറ്റ്രിബ്യൂട്ടിവ് ജസ്റ്റീസ് തന്നെ!
Jul 22, 2016, 11:13 AM
ദളിതർ പ്രതികരിക്കാൻ തുടങ്ങുന്നതു് നല്ല ലക്ഷണമാണു്. പ്രതികരിക്കേണ്ടതിന്റെ ആവശ്യകത സ്വയം ബോദ്ധ്യപ്പെട്ടിട്ടാണു് അങ്ങനെ ചെയ്യുന്നതെങ്കിൽ ഒന്നുകൂടി നല്ലതു്. ദളിതരുടെ മാത്രമല്ല, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ചിലവിൽ സ്ഥാപിതവും സ്വാർത്ഥവുമായ താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന ആട്ടിൻതോലിട്ട മത-, രാഷ്ട്രീയചെന്നായ്ക്കൾക്കു് ഭാരതത്തിൽ പഞ്ഞമൊന്നുമില്ലാത്തതിനാലാണു് ഇതു് പ്രത്യേകം എടുത്തു് പറയേണ്ടി വരുന്നതു്. ദളിതർ എന്നൊരു വിഭാഗം ഇന്നലെ പൊട്ടിമുളച്ചതാണെന്നു് തോന്നിപ്പിക്കുന്ന വിധത്തിൽ, ദളിതർ പ്രതികരിച്ച രീതി തെറ്റിപ്പോയി, അവർ അങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതു്, അവർ ഞങ്ങളുടെ കൂടെ നിന്നാണു് (കീഴിൽ നിന്നാണു് എന്നു് വായിക്കുക) പ്രതികരിക്കേണ്ടതു് തുടങ്ങിയ തിട്ടൂരങ്ങൾ ഇറക്കുന്ന സന്മനസ്സുകളിൽ കുമിഞ്ഞു് കൂടിയിരിക്കുന്ന ദളിതസ്നേഹത്തിന്റെ ധാരാളം “ദൃഷ്ടാന്തങ്ങൾ” ചുറ്റുപാടും ശ്രദ്ധിച്ചാൽ കാണാവുന്നതേയുള്ളു. അകത്തുള്ളതേ പുറത്തേക്കു് വമിക്കൂ. സമൂഹത്തിൽ തങ്ങൾക്കു് നേരിടേണ്ടിവരുന്ന ശോചനീയാവസ്ഥകളെ തിരിച്ചറിഞ്ഞു് സ്വയം പൊരുതി നേടിയെടുക്കുന്ന സദ്ഫലങ്ങൾ പേപ്പട്ടികൾ നക്കിപ്പോകാതിരിക്കാൻ ഇത്തരം സഹായമനസ്കരെ അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. “ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ തന്നെ കഞ്ഞി കുടിക്കേണ്ട” ഗതികേടു് കോരനു് അന്തിമമായി ഇല്ലാതാവണമെങ്കിൽ, എനിക്കു് നിന്റെ കുമ്പിളിലെ കഞ്ഞി വേണ്ട എന്നു് പറയാനുള്ള തന്റേടം കോരനല്ലെങ്കിൽ കോരന്റെ മക്കളെങ്കിലും ആർജ്ജിച്ചിരിക്കണം. ഏറിയോ കുറഞ്ഞോ അവർക്കു് കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അതായിരിക്കണം. തനിക്കു് വേണ്ടതെന്തെന്നു് അറിയാൻ കഴിഞ്ഞാൽ, തനിക്കു് വേണ്ടാത്തവയെ തിരിച്ചറിഞ്ഞു് അകറ്റി നിർത്താനും എളുപ്പമായിരിക്കും.
Jul 25, 2016, 10:17 AM
ചത്തു് സ്വർഗ്ഗത്തിൽ ചെല്ലുന്ന കൊലയാളിഭക്തരെ കാത്തിരിക്കുന്ന ഹൂറികൾക്കും മദ്യപ്പുഴകൾക്കും ഇളംശരീരങ്ങൾക്കും (പരോപകാരാർത്ഥമിളം ശരീരം എന്നു് കവി അല്ലാഹു) വേണ്ടി നിരപരാധികളെ ഈ ഭൂമിയിൽ നിന്നും ദൈവനാമത്തിൽ എലിമിനേറ്റ് ചെയ്യുന്ന ഇസ്ലാമിസ്റ്റുകളെയും, തൊണ്ട തുറന്നു് നാലു് മുദ്രാവാക്യം മുഴക്കുകയും മുതലാളികളെ ഉന്മൂലനം ചെയ്യുകയും ചെയ്താൽ വർഗ്ഗരഹിതമായ ഒരു ചുവപ്പൻ നാളെ ഉദിച്ചുയരുമെന്നു് പഠിപ്പിക്കുന്ന രാഷ്ട്രീയ മീമാംസകരെയുമെല്ലാം കാണുമ്പോൾ, ഒട്ടകങ്ങൾ മരുന്നുകടയുടെ മുന്നിൽ നിന്നു് ചിരിച്ചിരുന്ന ആ സുവർണ്ണകാലത്തെ ഓർക്കാതിരിക്കാൻ ആർക്കാണു് കഴിയുക? കള്ളത്തരങ്ങൾ എന്നാൽ പ്രധാനമായും കള്ളപ്പറയും ചെറുനാഴിയുമാണെന്നു് പ്രഖ്യാപിച്ചു് മഹാബലി കേരളം വാണിരുന്ന ആ നല്ലകാലം! കള്ളവുമില്ല, പൊളിയുമില്ല. അതിനും അല്പം മുൻപുള്ള കാലത്താണു് ഹനുമാൻ ഏതോ പച്ചമരുന്നിനു് വേണ്ടി മരുത്വാമല പിഴുതെടുത്തതും, അതും ചുമന്നുകൊണ്ടു് രാമൻ പാലം പണിതുകൊണ്ടിരുന്ന സേതുസമുദ്രം ലക്ഷ്യമാക്കി പറന്നതും. പച്ചമരുന്നു് എമർജൻസി ആയി ട്രാൻസ്പോർട്ട് ചെയ്യാൻ പുഷ്പകവിമാനം ഉപയോഗിക്കാൻ കഴിയാതെ പോയതു്, അതു് രാവണന്റെ കസ്റ്റഡിയിലായിരുന്നതിനാലാണു്. അതുപോലെ, തീരെ ചെറുതല്ലാത്ത നാലു് മലകൾ ഭാരതത്തിനും ലങ്കയ്ക്കുമിടയിൽ കുത്തി നിർത്താൻ ഹനുമാനോടു് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പ്രത്യേകമായ ഒരു പാലം പണിയുടെ ആവശ്യം വരില്ലായിരുന്നു. പക്ഷേ, രാമൻ പറയാത്തതു് ചെയ്യാൻ ഹനുമാനു് അനുവാദമില്ല. പറ്റിയ സാങ്കേതിക ഉപദേഷ്ടാവു് ഇല്ലാതിരുന്നതിനാൽ, അക്കാര്യം ആരും രാമനോടു് സൂചിപ്പിച്ചതുമില്ല. നല്ല ലോകം, നല്ല കാലം എന്നെല്ലാം മനുഷ്യർ വിളിക്കുന്നതു് അത്തരം ലോകങ്ങളെയും കാലങ്ങളെയുമാണു്. മാനുഷരെല്ലാരും ഒന്നുപോലെ നേരെ (രണ്ടു് പോലെ വളഞ്ഞതല്ല) ആയിരുന്നതും, പൊയ്പോയതും, എന്തു് വില കൊടുത്തും തിരിച്ചു് കൊണ്ടുവരേണ്ടതുമായ സമത്വസുന്ദരലോകങ്ങൾ!
ഒരു പ്രധാന കാര്യം ഇപ്പോൾ മറന്നു് പോയേനെ! ചാവേറുകളും അമൊക്കുകളും ഉറുമ്പുകളെ ചവിട്ടിയരച്ചു് കൊല്ലുന്നത്ര ലാഘവത്തിൽ മനുഷ്യരെ ബോംബുകളും തോക്കുകളും കൊണ്ടു് കൊന്നൊടുക്കുന്ന ആധുനികലോകത്തിലെ ഭക്തിപ്രസ്ഥാനകലാരൂപങ്ങളെ നേരിടാൻ കേരളത്തിൽ വളരെ ഫലപ്രദമായ ഒരു പുതിയ മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടു്. ചാവേറുകളെ പ്രതിരോധിക്കാൻ എല്ലാ മനുഷ്യരും ചാവേറുകളാവുക, അമൊക്കുകളെ നേരിടാൻ എല്ലാ മനുഷ്യരും അമൊക്കുകളാവുക! എങ്ങനീണ്ടു്? ഇപ്പറഞ്ഞവരുടെ കൂട്ടത്തിലേക്കു് ഈ സൂത്രം കണ്ടെത്തിയ “ജ്ഞാനികളെ” ഉൾപ്പെടുത്തരുതു്. അവർ ഇല്ലാതായാൽ അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സുഖസൗകര്യങ്ങൾ ആരു് നോക്കും? സ്വയം നിയന്ത്രിക്കാൻ കഴിവില്ലാത്തവരാക്കി അവർ വളർത്തിയെടുത്ത ജനങ്ങളെ ആരു് നിയന്ത്രിക്കും?
Jul 26, 2016, 6:38 AM
“നിങ്ങൾ ഇത്രത്തോളം തരം താഴരുതു്.” കാരണം, നിങ്ങൾ ഞാനിരിക്കുന്നിടത്തേക്കു് താണാൽ എനിക്കു് ഇരിപ്പിടവും കിടപ്പിടവും ഇല്ലാതാവും.
Jul 26, 2016, 9:21 AM
ഒരു ഭരണം കയ്യിൽ കിട്ടി എന്നു് കരുതി പഠിച്ച പണി ചെയ്യാതിരിക്കാൻ മനുഷ്യർക്കു് കഴിയുമോ? എങ്ങനെയോ കശാപ്പുകാരനാവേണ്ടി വന്ന ഡാൻസ് മാസ്റ്റർ ഇറച്ചിനുറുക്കുന്നതും ഒരു പ്രത്യേക താളത്തിലായിരിക്കും: തിത്തിത്തരികിട തിമൃദത്തരികിട മൊത്തംതരികിട തോം.
Jul 27, 2016, 8:15 AM
ഗുരുവായൂർ കേശവന്റെയൊക്കെ കാലത്തെ നെറ്റിപ്പട്ടങ്ങളായിരുന്നു നെറ്റിപ്പട്ടങ്ങൾ. ഏതെങ്കിലും കുഴിയാന എന്റെ നെറ്റിയേയും ഒന്നലങ്കരിക്കൂ എന്നു് അപേക്ഷിച്ചുകൊണ്ടു് എത്ര പുറകെ നടന്നാലും, നീ പോയി പണിനോക്കി കൂലിവാങ്ങൂ എന്നു് മുഖത്തുനോക്കി പറയാൻ തന്റേടമുണ്ടായിരുന്ന നെറ്റിപ്പട്ടങ്ങൾ! ഇന്നത്തെ നെറ്റിപ്പട്ടങ്ങളെ എന്തിനു് കൊള്ളാം? നട്ടെല്ലുള്ള ഒരെണ്ണമെങ്കിലുമുണ്ടോ? അതെന്തിനു്, ഏതെങ്കിലും കുഴിയാന തന്നെ വിളിക്കുന്നുണ്ടോ എന്നറിയാൻ കുളിച്ചു് കുറിയും തൊട്ടു് മനപ്പായസം കുടിച്ചു് കാത്തിരിക്കുന്ന അവസരവാദികളായ ചില പിന്തിരിപ്പൻ മൂരാച്ചി നെറ്റിപ്പട്ടങ്ങൾ പോലുമുണ്ടെന്നാണു് കരക്കമ്പി.
Jul 27, 2016, 12:20 PM
ചില ഭക്തർ വിരിച്ചിട്ട തീക്കനലുകൾക്കു് മുകളിലൂടെ നടക്കുന്നതു് കണ്ടിട്ടുണ്ടു്. തീപ്പരമ്പിന്റെ നീളമാണു് ഭക്തിയുടെ അളവുകോൽ! മൂത്ത ഭക്തർക്കു് അഞ്ചോ പത്തോ അതിൽ കൂടുതലോ കിലോമീറ്റർ നീളത്തിൽ വിരിച്ചിട്ട തീക്കനലുകൾക്കു് മുകളിലൂടെ, ചാർലി ചാപ്ലിൻ ഈവ്നിങ് വാക്കിനു് പോകുന്നത്ര കൂളായി, വിരാമമില്ലാതെ നടക്കാൻ കഴിയുമത്രെ! എന്തിനാണു് അവർ ഇത്ര കഷ്ടപ്പെട്ടു് തീക്കനലെല്ലാം റെഡിയാക്കി അതിന്റെ മീതെ ഇങ്ങനെ നടക്കുന്നതെന്നു് എനിക്കറിയില്ല. അവരുടെ ഒരു മട്ടു് കണ്ടിട്ടു് അതിനെപ്പറ്റി അവർക്കും വലിയ ഗ്രാഹ്യമൊന്നുമില്ലെന്നു് തോന്നുന്നു.
Jul 28, 2016, 10:48 AM
“ദാവീദ്‍ രാജാവു് വയസ്സുചെന്നു് വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനു് പരിചാരികയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു് അവളെ പരിഗ്രഹിച്ചില്ല.” (രാജാക്കന്മാർ 1: 1 – 4)
ഗുണദോഷപാഠങ്ങൾ: രാജാക്കന്മാരായാലും ചക്രവർത്തിമാരായാലും, രാഷ്ട്രപിതാക്കളായാലും, പാർട്ടി ചെയർമാന്മാരായാലും വയസ്സുചെന്നാൽ വൃദ്ധനാവും. വൃദ്ധനായാൽ കുളിരും. അതാണു് പ്രകൃതിനിയമം. കമ്പിളി പുതപ്പിച്ചാൽ മാറുന്നയിനത്തിൽപെട്ട ഒരു കുളിരല്ല അതു്. സുന്ദരിയും സർവ്വോപരി കന്യകയുമായ ഒരു യുവതിയെ പ്രസ്തുത കക്ഷിയുടെ മാറിൽ കിടത്തുക എന്നതാണു് അതിനുള്ള പരിഹാരം. കട്ടിലിനടിയിൽ നെരുപ്പോടു് വയ്ക്കുക, വൈദ്യുതിയുണ്ടെങ്കിൽ തെർമ്മൽ ബ്ലാങ്കെറ്റ് ഉപയോഗിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും കുളിരിന്റെ തീവ്രത കുറയ്ക്കാമെങ്കിലും, വിർജിൻ ബ്ലാങ്കെറ്റാണെങ്കിൽ കൂടുതൽ ഇഫക്റ്റീവും നല്ല തമാശയുമായിരിക്കും. അതു് ഭൃത്യന്മാർക്കറിയാം. ഭൃത്യരെ ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുതു്. മാറിൽ കിടത്തിയിരിക്കുന്ന കന്യകയുമായി രാജാവു് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ എന്നുപോലും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നവരാണു് ഭൃത്യന്മാർ. ദാവീദ്‍ രാജാവു് അബീശഗിനെ പരിഗ്രഹിച്ചില്ല എന്ന, ലോകജനതക്കു് മൊത്തം ആശ്വാസജനകമായ ആ നഗ്നയാഥാർത്ഥ്യം അങ്ങനെയാണു് അവർ മനസ്സിലാക്കിയതും, രേഖാമൂലം ലോകത്തെ അറിയിച്ചതും. രാജാവിന്റെ ആരോഗ്യസ്ഥിതി മോണിറ്റർ ചെയ്യാൻ CCTV ക്യാമറകൾ ഇല്ലാഞ്ഞാൽ പിന്നെ അവരെന്തു് ചെയ്യാൻ?
ഇത്രയും പറഞ്ഞ സ്ഥിതിക്കു് ഇതുകൂടി പറഞ്ഞേക്കാം: അതിസുന്ദരിയായ ബത്ത്-ശേബ എന്നൊരു സ്ത്രീ വൈകിട്ടു് കുളിച്ചുകൊണ്ടു് നിൽക്കുന്നതു് മാളികമുകളിൽ നിന്നു് കാണുകയും ഉടനെതന്നെ അവളെ കൊട്ടാരത്തിൽ വരുത്തി അവളോടുകൂടി ശയിച്ചു് അവളെ ഗർഭം ധരിപ്പിക്കുകയും, അവളുടെ ഭർത്താവായിരുന്ന ഊരീയാവിനെ ശത്രുവിന്റെ വെട്ടുകൊണ്ടു് മരിക്കത്തക്കവിധം പടയുടെ മുന്നിൽ നിർത്താൻ കല്പിച്ചു് കൊല്ലിക്കുകയും ചെയ്ത സന്മനസ്സാണു് ചെറുപ്പത്തിലേതന്നെ കവണിയേറു് വിദഗ്ദ്ധനായിരുന്നതിനാൽ രാജാവാകാൻ ഭാഗ്യം ലഭിച്ച ഈ ദാവീദ്! സ്ഥിരം പിൻബുദ്ധിക്കാരനായ യഹോവ ദാവീദിന്റെ ഈ തോന്നിയവാസം കേട്ടു് വന്നപ്പോഴേക്കും പതിവുപോലെ താമസിച്ചു് പോയിരുന്നു. അതുകൊണ്ടു്, ബത്ത്-ശേബ പ്രസവിക്കുന്ന കുഞ്ഞു് ഏഴാം ദിവസം മരിച്ചുപോകട്ടെ എന്നു് ചങ്കു് തകർന്നു് ശപിക്കാനേ അങ്ങേർക്കു് കഴിഞ്ഞുള്ളു. പക്ഷേ, ഭാഗ്യത്തിനു്, ബത്ത്-ശേബ വീണ്ടും പ്രസവിച്ചു. ആ മകനാണു് ബുദ്ധിമാൻ എന്നു് ലോകം വാഴ്ത്തുന്ന ശലോമോൻ.
ഈ ദാവീദ് രാജാവിന്റെ കുലത്തിലാണു് കുറേനാൾ കഴിഞ്ഞു് യേശു പിറന്നുവീണതു്! യേശുവിന്റെ പിതാവു് യഹോവ എന്ന ദൈവമാണെങ്കിൽ, യേശു എങ്ങനെ ദാവീദിന്റെ കുലത്തിൽ പിറന്നവനാവും? അതിനുമുണ്ടു് യഹോവയ്ക്കു്, അഥവാ സുവിശേഷകർക്കു് ന്യായീകരണം. “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു് സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്തായി). സ്വപ്നം എന്നൊരു ഏർപ്പാടു് ഇല്ലായിരുന്നെങ്കിൽ മതകഥാകഥനങ്ങളുടെ കാര്യം മഹാകഷ്ടമായിരുന്നേനെ! അതുപോലെ, യേശു യോസേഫിന്റെ മകൻ എന്നു് ജനം വിചാരിച്ചു എന്നൊരു വാക്യം മാന്ത്രികമെന്നോണം ആവാഹിച്ചശേഷമാണു്, യോസേഫ് ഹേലിയുടെ മകൻ എന്നു് തുടങ്ങുന്ന യേശുവിന്റെ വംശാവലി സുവിശേഷക്കാരൻ ലൂക്കോസ് പിന്നോട്ടു് ആദാം വരെ എണ്ണിപ്പെറുക്കുന്നതു്!
ഒരു പേട്രിയാർക്കൽ സമൂഹത്തിൽ, പുരുഷനുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിച്ചു എന്നും, മനുഷ്യരെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാനായി ദൈവമാണു് അവനെ അവളിൽ ജനിപ്പിച്ചതെന്നും മറ്റുമുള്ള നട്ടാൽ കുരുക്കാത്ത നുണകൾ നാടുനീളെ പ്രസംഗിച്ചു് നടക്കുകയും, പിന്നീടൊരിക്കൽ ആ നുണകളെയെല്ലാം സത്യമെന്നു് തോന്നത്തക്കവിധം എഴുതി പിടിപ്പിക്കുകയും ചെയ്യേണ്ടി വന്നാൽ അതിന്റെ ഫലം ഇതുപോലുള്ള ചാപിള്ളകളേ ആവൂ.
Jul 28, 2016, 1:14 PM
വിവിധതരം ശില്പകലകൾ, ചിത്രകലകൾ, സാഹിത്യം, സംഗീതം, നൃത്തകലകൾ തുടങ്ങിയവയെല്ലാം മനുഷ്യർ മാത്രമല്ല, ഏറിയോ കുറഞ്ഞോ പക്ഷിമൃഗാദികൾ പോലും തമ്മിൽത്തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള മാദ്ധ്യമങ്ങളാണു്. മനസ്സിനെ സന്തോഷിപ്പിക്കാനും മനുഷ്യനെ ചിന്തിപ്പിക്കാനും ചിത്രങ്ങൾക്കും ശില്പങ്ങൾക്കും സാഹിത്യരചനകൾക്കും സിനിമകൾക്കും മറ്റു് പലയിനം കലാരൂപങ്ങൾക്കും കഴിയുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, എന്റെ ദൂതനോടു് ഞാൻ അരുളിച്ചെയ്തതായി ആ ദൂതൻ നിങ്ങളോടു് പറയുന്ന മൂന്നേമുക്കാൽ വാക്കുകളിൽ ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള സകല പ്രപഞ്ചരഹസ്യങ്ങളും ശാസ്ത്രസത്യങ്ങളും ഉണ്ടെന്നും, അവയ്ക്കു് വെളിയിലുള്ളതെല്ലാം പിശാചിന്റെ സൃഷ്ടിപ്പായതിനാൽ നിഷിദ്ധവും നശിപ്പിക്കപ്പെടേണ്ടതുമാണെന്നും ഏകനും, മറ്റു് ദൈവങ്ങളെ കണ്ണെടുത്താൽ കണ്ടുകൂടാത്തവനുമായ ഒരു ദൈവം കല്പിച്ചിട്ടുണ്ടെന്നു് ബാല്യം മുതലേ ആവർത്തിച്ചാവർത്തിച്ചു് തലയിൽ അടിച്ചുകയറ്റി ആ ദൈവത്തിൽ വിശ്വസിപ്പിക്കപ്പെടുന്ന മനുഷ്യർ ആ കല്പനകൾ അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ മറ്റെന്തു് ചെയ്യാൻ?
താൻ തന്റെ ദൂതനു് ചൊല്ലിക്കൊടുത്ത മൂന്നേമുക്കാൽ അക്ഷരങ്ങൾ ആർക്കും അനുകരിക്കാൻ പറ്റാത്തതും ലോകാവസാനത്തോളം വള്ളിപുള്ളിവ്യത്യാസം വരുത്തേണ്ട ആവശ്യമില്ലാത്തവിധം പരിപൂർണ്ണമാണെന്നുമൊക്കെ ഒരു ദൈവം അവകാശപ്പെട്ടാൽ, അച്ചങ്ങായിക്കു് അക്ഷരങ്ങളുടെ ലോകമെന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല എന്നേ അതിനർത്ഥമുള്ളു. ഒരു ദൈവത്തിന്റെയും സഹായമില്ലാതെ മനുഷ്യരാൽ മാത്രം ലോകത്തിൽ ഇതുവരെ എഴുതപ്പെട്ടതു് മൂന്നേമുക്കാലല്ല, കോടാനുകോടി അക്ഷരങ്ങളാണെന്നു് മാത്രമല്ല, അവയെ അനുകരിക്കാൻ പോയിട്ടു്, അവയിൽ നല്ലൊരുപങ്കും എന്താണു് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നെങ്കിലും മനസ്സിലാകണമെങ്കിൽ മേൽപ്പടി ദൈവം എത്രവട്ടം പുനർജ്ജനിച്ചാലും മതിയാവുമെന്നു് തോന്നുന്നില്ല. അങ്ങേരുടെ “മാസ്റ്റർ പീസിലൂടെ” ഒരുവട്ടം കണ്ണോടിച്ചിട്ടുള്ളവരും, ഇപ്പറഞ്ഞ മനുഷ്യനിർമ്മിതഗ്രന്ഥങ്ങളുടെ ഒരു നേരിയ അംശമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവരുമായ ആർക്കും അക്കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല.
ഒരു ദൈവത്തിനു് മനസ്സിലാവാത്ത കാര്യങ്ങൾ ആ ദൈവത്തിന്റെ ഭക്തർക്കു് മനസ്സിലാകുമോ? മനസ്സിലാകുമായിരുന്നെങ്കിൽ, എന്തിനു്, സുബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, തനിക്കു് സ്വർഗ്ഗത്തിലെത്തി സുഖിക്കാൻ കഴിയും എന്ന ഭ്രാന്തൻ സങ്കല്പത്തിന്റെ പേരിൽ നിരപരാധികളായ മനുഷ്യരെ തോക്കുകൾക്കും ബോംബുകൾക്കും ഇരയാക്കുമ്പോഴും, ബാമിയനിലെ ബുദ്ധപ്രതിമകളെയും, ആലെപ്പൊയിലെ പുരാതനശില്പകലകളെയും, മാനവസംസ്കാരം പടുത്തുയർത്തിയ എല്ലാത്തരം മോണ്യുമെന്റുകളേയും തീരാത്ത വെറുപ്പോടെ തല്ലിത്തകർക്കുമ്പോഴും, താൻ എന്താണു് ചെയ്യുന്നതു് എന്നു് ഒരു നിമിഷം ചിന്തിക്കാതിരിക്കാൻ ഒരു മനുഷ്യജീവിക്കു് കഴിയുമോ? അതിനു് കഴിയാത്ത ഒരു ജന്തുവുമായി എന്തു് ആശയവിനിമയമാണു് സാമാന്യബോധം നശിച്ചിട്ടില്ലാത്ത ഒരു മനുഷ്യനു് സാദ്ധ്യമാവുക? വായിച്ചാൽ തെറ്റു്, എഴുതിയാൽ തെറ്റു്, ചിത്രം വരച്ചാൽ തെറ്റു്, ശില്പം നിർമ്മിച്ചാൽ തെറ്റു്, പാടിയാൽ തെറ്റു്, നൃത്തം ചെയ്താൽ തെറ്റു്…തെറ്റുകളുടെ ഒരു നീണ്ട ഘോഷയാത്രയാണു്! പിന്നെ എന്താണു് ശരി? എന്താണു് മനുഷ്യർ ചെയ്യേണ്ടതു്? എന്തു് ചെയ്യാനാണു് വായും ഗുദവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ചുരുക്കം ചില പീറ ഭക്തരുടെ അഭിപ്രായത്തിൽ മനുഷ്യർക്കു് അനുവാദമുള്ളതു്? ഉത്തരം ലളിതം: തിന്നുക, തൂറുക, പ്രാർത്ഥിക്കുക, മക്കളെ ഉണ്ടാക്കുക! ചുരുക്കത്തിൽ: ഒരിക്കലും മനുഷ്യനായി പരിണമിക്കാതിരിക്കുക, എന്നാളും മൃഗമായി തുടരുക!
(“കൂട്ടു് ചേർക്കാൻ പാടില്ലാത്ത” ദൈവങ്ങൾ പോലും!! ഉണ്ടു്, കൂട്ടു് ചേർക്കാൻ പാടില്ലാത്ത ദൈവങ്ങളുണ്ടു്. എല്ലാം സൃഷ്ടിച്ചവനും, സർവ്വശക്തനും, ഏകരിൽ ഏകനുമായ ദൈവം അങ്ങനെ ചില ചെറിയ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ തന്നേക്കാൾ വലിയ ദൈവത്തെവരെ സൃഷ്ടിക്കാൻ കഴിയുന്നവനാണു് ഭക്തന്റെ സർവ്വശക്തൻ!)
Jul 31, 2016, 12:15 PM
നല്ലൊരു സാമ്പത്തികവിദഗ്ദ്ധയെ ഉപദേഷ്ടാവായി കിട്ടുക എന്നതു് ഏതൊരു സംസ്ഥാനഗവണ്മെന്റിന്റെയും അന്തസ്സു് ഉയർത്തുമെന്ന കാര്യം നിസ്തർക്കമാണു്. മാർക്സിന്റെ “ഡയമെറ്റ്രിക്കൽ” മറ്റീരിയലിസത്തിലും, സർപ്ലസ് വാല്യു തിയറിയിലുമെല്ലാം അടിയുറച്ചു് വിശ്വസിക്കുന്ന ഒരു ഇടതുപക്ഷ ഗവണ്മെന്റാണു് ആ സംസ്ഥാനം ഭരിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അന്തസ്സു് ഹീലിയം നിറച്ച ബലൂൺ പോലെയാവും മുകളിലേക്കു് ഉയരുക. അന്യാധീനപ്പെട്ടു് ‘കമ്മോഡിറ്റീസ്’ ഉല്പാദിപ്പിക്കുന്നതിലൂടെ സ്വയം നഷ്ടപ്പെടുകയും, സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്, ISRO “വാണം വിടുന്നതുപോലെ”, മുകളിലേക്കു് ഉയർത്തുകയും ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിനും അതു് തീർച്ചയായും അഭിമാനകരമായ ഒരു കാര്യമായിരിക്കും. ആ സാമ്പത്തികവിദഗ്ദ്ധ ഒരു “തീവ്ര വലതുപക്ഷ, നവലിബറൽ സാമ്പത്തികശാസ്ത്രജ്ഞ” കൂടി ആണെങ്കിൽ സംസ്ഥാനവാസികളുടെ ആനന്ദമൂർച്ഛക്കു് മറ്റെന്തു് വേണം? അലുവയും മത്തിക്കറിയും ഉഗ്രൻ കോമ്പിനേഷനാണെന്നാണു് പണ്ടേതന്നെ കേട്ടുകേൾവി.
എല്ലാറ്റിനും ഒരു ഉത്സവപ്രതീതി വേണമെന്നു് നിർബന്ധമുള്ളവരാണു് മലയാളികളെന്നതിനാൽ, സാമ്പത്തികവിദഗ്ദ്ധയുടെ വരവേല്പു് ഗംഭീരമായിരിക്കുമെന്നു് വേണം കരുതാൻ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, താലപ്പൊലിയേന്തിയ മൃഗരാജകടികളുമെല്ലാം ഗജരാജവിരാജിതമന്ദഗതിയോടെ ഹാജരുണ്ടാവും. അക്കൂട്ടത്തിൽ ചോപ്പൻ ഷർട്ടും കാക്കി നിക്കറുമിട്ട ഒരു നൂറു് നോക്കുകൂലിക്കാരെക്കൂടി “സമരം 1001-ആം ദിവസം” എന്നു് വലിയ ചുവന്ന അക്ഷരങ്ങളിൽ എഴുതിയ പ്ലാക്കർഡുകളുമായി അണിനിരത്തിയാൽ ഒന്നുകൂടി ഇരമ്പും. “ആധുനിക ബൃഹദാഖ്യാനങ്ങളുടെ സാർവ്വലൗകീക പരിപ്രേക്ഷ്യത്തിന് കണ്ടെടുക്കാൻ പറ്റാത്തത്ര സൂക്ഷ്മമായ തലങ്ങളിലാണു് സാമൂഹ്യവും സാംസ്കാരികവും ആയ പാർശ്വവൽക്കരണത്തിന്റെ രാഷ്ട്രീയം നിലനില്ക്കുന്നതു് എന്ന തിരിച്ചറിവു്” സാമ്പത്തികവിദഗ്ദ്ധയ്ക്കുണ്ടാവാൻ ആ ജനസാഗരം സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. “ആഗോള സൈദ്ധാന്തിക ഘടനകൾ”, “സവർണ്ണ സ്ത്രീയിൽ ജാതീയമായ സവർണ്ണതയും ലിംഗപരമായ സബാൾട്ടേണിറ്റിയും എന്ന വിപരീതങ്ങൾ സംഗമിക്കുന്നതെങ്ങനെ” തുടങ്ങിയ എകോണോമിക് പരിപ്പുവടകളും, ഡയലെക്റ്റിക് കട്ടൻചായകളും ഓൺലൈനിൽ വിതരണം ചെയ്യുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വിദഗ്ദ്ധരുടെ വക ഒരു ഒപ്പന കൂടി ഏർപ്പാടാക്കിയാൽ ജനം എപ്പോ ഞെട്ടി എന്നു് ചോദിച്ചാൽ മതി.
Best of luck! എന്ന അർത്ഥത്തിൽ, “കഴുത്തും കാലും ഒടിയട്ടെ!” (Hals- und Beinbruch!) എന്നൊരു പ്രയോഗം ജർമ്മൻ ഭാഷയിലുണ്ടു്. ഉറുമ്പിൻ കൂട്ടിലേക്കു് ചാടാൻ തീരുമാനിച്ച പുതിയ സാമ്പത്തികവിദഗ്ദ്ധയ്ക്കു് അർപ്പിക്കാൻ അതിനേക്കാൾ യോജിച്ച ഒരു ആശംസ ഗൂഗിളിൽ മുഴുവൻ തപ്പിയിട്ടും കിട്ടിയില്ല.
P.S. “വലതു് പക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു്? ഏഴു് ചോദ്യങ്ങളും ഉത്തരങ്ങളും” എന്നൊരു തലക്കെട്ടു് ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ടു. വായിച്ചില്ല. വായിക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഇന്നത്തെ ലോകത്തിൽ ധാരാളമുണ്ടു്. ഒരു കണക്കിനു് അതൊരനുഗ്രഹവുമാണു്. എന്താ ഇക്കാലത്തു് സമയത്തിന്റെയൊക്കെയൊരു സ്പീഡ്? അതാണെങ്കിൽ ഫെയ്സ് ബുക്കിനു് മാത്രം ബാധകമായ ഒരു കാര്യവുമല്ല. വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു് എന്നു് ഏഴോ എഴുപതോ വട്ടം ചോദിച്ചാലും ഒരൊറ്റ മറുപടിയുടെ ആവശ്യമേ അതിനുള്ളു: ഇടതു് പക്ഷ ഉപദേശികളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ! പ്രോട്ടസ്റ്റന്റ് ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു് എന്നു് ഏതാനും കത്തോലിക്കപ്പുരോഹിതർ ചോദിച്ചാൽ, അതിനു്, കത്തോലിക്കപ്പുരോഹിതരുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ എന്ന ഒരു മറുപടിയേ ഉള്ളു എന്നതുപോലെതന്നെ!
June 2016
Jun 1, 2016, 11:28 AM
റിപ്പബ്ലിക് ഓഫ് കേരളയുടെ മേലുള്ള അധികാരം CPI (M) നേതൃത്വത്തിലുള്ള LDF പിടിച്ചടക്കിയതു് ഇൻഡ്യൻ ഡയസ്പൊറയ്ക്കു് വലിയ ഒരനുഗ്രഹമായി. മുഴുവൻ ഡയസ്പൊറയ്ക്കും ഇല്ലെങ്കിലും, അവരിലെ റാഡിക്കൽ ലെഫ്റ്റ് വിഭാഗത്തിനെങ്കിലും ഒരു സുവർണ്ണകാലമാണു് സംജാതമായിരിക്കുന്നതു്. പുത്തനുണർവ്വിന്റെ നവയുഗം പിറന്നു് വീണിരിക്കുന്നു! ഉണർന്നവനു് നാലു് പുത്തനുണ്ടാക്കാൻ ബുദ്ധിമുട്ടില്ലെന്നേ ആ പുത്തനുണർവ്വിനു് അർത്ഥമുള്ളു എന്നു് ചില ദുഷിച്ച നാവുകൾ പറഞ്ഞു് പരത്തുന്നുണ്ടു്. അതു് കാര്യമാക്കാനില്ല. രാപകലില്ലാതെ മാലാഖമാർ ദൈവത്തിനു് ദിവസേന സ്തോത്രഗീതങ്ങൾ പാടുന്ന സ്വർഗ്ഗീയാന്തരീക്ഷസുഖം ആസ്വദിക്കാൻ ഇനിമേൽ തേനീച്ചക്കൂട്ടിൽ കല്ലെറിയേണ്ട ആവശ്യമില്ല, പുത്തനുണർവ്വിന്റെ പുകഴ്ത്തുപാട്ടുകൾ അലയടിക്കുന്ന കേരളത്തിലേക്കു് നോക്കിയാൽ മതി.
ഫാഷിസത്തെക്കൊണ്ടു് പൊറുതിമുട്ടി നാടുവിടേണ്ടിവരികയും, മതാധികാരകിരാതവാഴ്ചകളുടെയും, മുതലാളിത്തതേർവാഴ്ചകളുടെയും നുകങ്ങൾക്കു് കീഴിൽ പിൻകഴുത്തു് വച്ചുകൊടുത്തു് തഴമ്പു് വീഴിക്കേണ്ടിവരികയും ചെയ്തവർക്കു് ഇനി പാലും തേനും ഒഴുകുന്ന കേരളത്തിലേക്കു് മടങ്ങിപ്പോകാം. “From each according to his ability, to each according to his work”, അഥവാ “ജോലി ചെയ്തു് ജീവിക്കുന്നവനിൽ നിന്നും കൂലി വാങ്ങാനായി നോക്കുന്നവനിലേക്കു്” എന്ന തത്വത്തിൽ അധിഷ്ഠിതമായ ധനസമ്പാദനരീതി! നാലു് പേർ കേട്ടാൽ ദോഷം പറയാത്ത പ്രൊമോഷൻ സാദ്ധ്യത! സ്ഥലവും സാഹചര്യങ്ങളും അനുകൂലമാക്കി പടമാവാൻ ശ്രദ്ധിച്ചാൽ രക്തസാക്ഷി പദവിയിലേക്കുവരെ പ്രൊമോഷൻ ലഭിച്ചുകൂടായ്കയില്ല. ഒരു “ഫുൾഫിൽഡ് ലൈഫ്” നയിക്കാൻ സഹായകമായ ഈ അപൂർവ്വാവസരം പാഴാക്കുന്നവർ അതിനു് വലിയ വില കൊടുക്കേണ്ടിവരും!
Jun 2, 2016, 7:11 AM
അതിരപ്പിള്ളി പദ്ധതിയെപ്പറ്റി അഭിപ്രായം പറയാനുള്ളവർ വേഗം വേഗം ടിക്കറ്റെടുത്തു് ചർച്ചാഹാളിലേക്കു് പ്രവേശിക്കാൻ മടിക്കണ്ട. പ്രൈവറ്റ് ബസിലെ കിളി “ങാ, പാം റൈറ്റ്” എന്നു് പറഞ്ഞു് ബെല്ലടിക്കുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കുന്ന ഒരു ഗവണ്മെന്റാണു് ഇന്നു് കേരളം ഭരിക്കുന്നതു്. അഞ്ചുമണിക്കു് ജോലിയിൽ നിന്നും വിരമിക്കേണ്ട പ്രൊഫസ്സറെ നാലു് മണി മുതൽ ഒരു മണിക്കൂർ നേരത്തേക്കു് പ്രിൻസിപ്പലാക്കാൻ മൂന്നരമണിക്കു് ഉത്തരവു് ഇറക്കുന്ന “സഗൗരവ” സ്പീഡി ഗോൺസാലസുകൾ വാഴുന്ന ബനാനറിപ്പബ്ലിക്! പോരെങ്കിൽ, ഈ സര്‍ക്കാരിന്റെ കാലത്തു് “പഴയതുപോലെ ആരെങ്കിലും കയറിയും ഇറങ്ങിയും കളിനടത്തി മുന്നോട്ടു് പോകുന്നുണ്ടോ എന്നു് നോട്ട് ചെയ്തു് മുകളിലേക്കു് റിപ്പോർട്ട് ചെയ്തു്” എല്ലാം ശരിയാക്കാൻ കണ്ണിലെണ്ണയുമൊഴിച്ചു് ജാഗ്രതയോടെ കാത്തിരിക്കുന്ന വേതാളങ്ങൾ വേറെയും! ഹൈഡ്രോഎലക്ട്രിക്, വിൻഡ് പവ്വർ, ഫോട്ടോവോൾട്ടായിക്, കോൺസെൻറ്റ്രേറ്റഡ് സോളാർ പവ്വർ, ബയോ, മിനി ന്യൂക്ലിയർ പവ്വർ, മാക്സി ന്യൂക്ലിയർ പവ്വർ അങ്ങനെ ഏതു് സാങ്കേതികത്വവും വാണം വിടുന്ന ലാഘവത്തോടെ സമഗ്രമായി അപഗ്രഥിക്കാൻ കഴിവുള്ള പ്രത്യയശാസ്ത്രസാങ്കേതിക വിദഗ്ദ്ധരായിരിക്കും പരിസ്ഥിതിയേയും പവ്വർ ജനറേഷനെയും തമ്മിൽ കൂട്ടിമുട്ടിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ മുന്നോട്ടു് വയ്ക്കപ്പെടുന്ന ഓരോ നിർദ്ദേശവും ഇഴകീറി പരിശോധിച്ചു് തീരുമാനം എടുക്കുന്നവർ. സംശയമുള്ള കാര്യങ്ങളിൽ അവർ തമിഴ്നാട്ടിൽ നിന്നുമുള്ള വിദഗ്ദ്ധാഭിപ്രായങ്ങൾ സ്വീകരിക്കും. അതുകൊണ്ടു് വിഷയത്തിന്റെ സൂക്ഷ്മമായ പഠനത്തിനും ക്രൂരമായ വിലയിരുത്തലുകൾക്കും വേണ്ടി ചിലവഴിക്കുന്ന ഊർജ്ജവും സമയവും പാഴായിപ്പോകും എന്ന പരാതിയുടെ ആവശ്യമില്ല.
F. I. R. എഴുതുന്നതുപോലെ എഴുതി സമർപ്പിക്കപ്പെടുന്ന നിർദ്ദേശങ്ങൾ പോസ്റ്റ് മോർട്ടം പോലും ചെയ്യാതെ ദഹിപ്പിക്കപ്പെടുമെന്നും കൂടി ഓർത്തിരുന്നാൽ നല്ലതു്. ഇതു് കേരളമാണു്, ഡെന്മാർക്കല്ല. അടുത്തിടയൊന്നും ആകാനും വഴിയില്ല. ആ അർത്ഥത്തിലായാലും നിർദ്ദേശങ്ങൾ സമർപ്പിക്കാനായി അധികം കാത്തിരുന്നിട്ടു് കാര്യമില്ല. സർവ്വോപരി, നാളെ വല്ല അത്ഭുതഗർഭമോ ബലാൽസംഗമോ വെടിക്കെട്ടോ പോലെ കൂടുതൽ കൂലങ്കഷമായ ചർച്ചകൾ ആവശ്യമായ ഗുരുതരസംഭവങ്ങൾ നടന്നാൽ ജനശ്രദ്ധ അങ്ങോട്ടു് കേന്ദ്രീകരിക്കപ്പെടും. അതോടെ വൈദ്യുതി-പരിസ്ഥിതി വിഷയത്തിന്റെ കാര്യം സ്വാഹയുടെ സംഭോഗം പോലെ!
Jun 2, 2016, 1:16 PM
മാര്‍ക്കാണ്ടെയ കട്ജു, തന്റെ പോസ്റ്റുകളിൽ കവിതാരൂപത്തിലുള്ള കമന്റുകൾ എഴുതാൻ സ്ത്രീകളോടു് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ്, എന്റെ ഫ്രണ്ട് ലിസ്റ്റിലെ ആരോ ലൈക്ക് ചെയ്തതിന്റെ ഫലമായിട്ടാവണം, സ്‌റ്റ്രീമിൽ ഒന്നു് മിന്നി മറയുന്നതു് കണ്ടിരുന്നു. അതൊന്നു് ഷെയർ ചെയ്തേക്കാമെന്നു് കരുതിയപ്പോൾ, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയെപ്പോലെ, ആ പോസ്റ്റ് പൊഹച്ചുരുളുകളായി ആഹാശത്തേക്കു് പൊങ്ങിപ്പോയി എന്നൊരു ഫെയ്സ്ബുക്ക് മെസേജ് കിട്ടി. കട്ജുവിനെ ഞാൻ ഫോളോ ചെയ്യുന്നില്ലാത്തതുകൊണ്ടു് കൂടുതൽ വിവരങ്ങളൊന്നും അറിയില്ല.
തനതു് മലയാളി മാതൃകയിൽ, സ്വന്തം അനുഭവങ്ങളിൽ മസ്സിൽ പിടിച്ചുനിന്നുകൊണ്ടു് കട്ജുവിനെ ഒന്നു് ബോധവത്കരിക്കുക എന്നതായിരുന്നു ആ പോസ്റ്റ് ഷെയർ ചെയ്യുന്നതുവഴി, ജന്മനാ ഒരു സഹജീവിസ്നേഹിയായ ഞാൻ ലക്ഷ്യമാക്കിയതു്. പക്ഷേ, എന്റെ ഉദ്യമം പരിപൂര്‍ണ്ണമായും പാളിപ്പോയി എന്നു് പറഞ്ഞാൽ മതിയല്ലോ. പക്ഷേ അത്തരം ചെറിയ തിരിച്ചടികൾക്കു് ഇല്ലാതാക്കാൻ കഴിയുന്നതല്ല എന്റെ സഹജീവിസ്നേഹം. ഒരു കട്ജുവിനെ മാത്രമേ സഹായിക്കാവൂ എന്നു് നിർബന്ധമൊന്നുമില്ല എന്നാണു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും പറഞ്ഞിരിക്കുന്നതു്. സഹായാർത്ഥികളുടെ ലിസ്റ്റിൽ കട്ജു മാത്രമേ പെടാവൂ എന്നു് പെന്തകൊസ്റ്റുകളോ യഹോവാസാക്ഷികളോ പോലും കരുതുന്നുണ്ടെന്നും തോന്നുന്നില്ല. ചുരുക്കത്തിൽ, കട്ജുവിനു് മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലെ സ്ത്രീനാമങ്ങൾ കണ്ടു് മനപ്പായസം കുടിച്ചു് വയറ്റിളക്കം ബാധിക്കുന്ന മറ്റനേകം പുരുഷന്മാർക്കും ലൊപെരാമൈഡ് ഗുളികകളുടെ ആവശ്യമുണ്ടു്. അതുകൊണ്ടു്, സോഷ്യൽ മീഡിയകളിലൂടെ പുഷ്പിക്കാൻ ആഗ്രഹിക്കുന്ന, കട്ജു അടക്കമുള്ളവർ അറിഞ്ഞിരിക്കേണ്ട ഒന്നാമത്തെ നിയമം: ഇന്റർനെറ്റ് യുഗത്തിൽ നാമം ലിംഗത്തിന്റെ എവിഡൻസല്ല. ഉദാഹരണത്തിനു്, സാക്ഷാൽ വീരപ്പൻ പോലും “മറിലിൻ മൺറോ” എന്ന പേരിലാണു് എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതു്! ഞാൻ പിന്നെ ജന്മനാ ഒരു നല്ല മനുഷ്യനായതുകൊണ്ടു് ഏതു് ഫ്രണ്ട് റിക്വസ്റ്റും സ്വീകരിക്കും. നുണ പറയരുതല്ലോ, “മുങ്ങിച്ചത്ത തിലോപ്പിയ” എന്ന രീതിയിലുള്ള ഐഡികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ ഞാൻ ഒഴിവാക്കാറുണ്ടു്. കാരണം, ചത്ത തിലോപ്പിയകൾ എഴുതുന്ന കവിതകൾ പേടിപ്പെടുത്തുന്നതാണു്.
Jun 3, 2016, 8:18 AM
എന്റെ ലേഖനമോ കവിതയോ കഥയോ അവയിൽ അച്ചടിച്ചു് വരുന്നതോടെ നഷ്ടപ്പെടുന്നതാണു് “മ” പത്രങ്ങൾക്കു് ഞാൻ പതിച്ചു് നൽകിയിരിക്കുന്ന മഞ്ഞപ്പത്രപദവി.
Jun 5, 2016, 9:31 AM
മന്ത്രിമാർക്കു് വിവരം ഉണ്ടായിരിക്കണം എന്നു് പറയുന്നതിലൊന്നും വലിയ കാര്യമില്ല. അമ്പലങ്ങളിലെ വിഗ്രഹങ്ങൾക്കും പള്ളിയിലെ കുരിശുകൾക്കും എന്തെങ്കിലും വിവരമുണ്ടായിട്ടാണോ കോടിക്കണക്കിനു് ഭക്തജനം അവിടേക്കു് ഒഴുകുന്നതു്? എറിഞ്ഞുടയ്ക്കാൻ കുറച്ചു് തേങ്ങയും നേർച്ചയിടാൻ ഇത്തിരി പണവും, അതേയുള്ളു നിബന്ധന. വിഷയങ്ങളിൽ വിവരമുണ്ടെങ്കിലേ ഓരോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറ്റൂ എന്നു് നിർബന്ധം പിടിച്ചാൽ ശിവലിംഗത്തിനു് കാമസൂത്രത്തിൽ ബിരുദമെടുക്കേണ്ടിവരും. നടക്കുന്ന കാര്യത്തിലേ നമ്മൾ പിടിവാശി പിടിക്കാവൂ. മന്ത്രിമാരുടെ കാര്യവും അത്രേയുള്ളു. ഭക്തജനമുണ്ടെങ്കിൽ ആർക്കും മന്ത്രിയാവാം. മന്ത്രിയായാൽ എന്തെങ്കിലുമൊക്കെ വിളിച്ചു് പറയാൻ ബാദ്ധ്യസ്ഥനാവുകയും ചെയ്യും. നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണു് ജനം. മൻമോഹൻ സിങ്ങിനെപ്പോലെ, മൗനം ഭൂഷണമാക്കിയ ചുരുക്കം ചില വിദ്വാന്മാരെ ഒഴിവാക്കിയാൽ, ഉള്ളതുകൊണ്ടു് ഓണം പോലെ വിളമ്പാൻ മടിയുള്ളവരല്ല പൊതുവേ മന്ത്രിമാർ. കലവറയിൽ ചൂടു് കാറ്റല്ലാതെ കാര്യമായ വിഭവങ്ങൾ ഒന്നും ഇല്ലെന്നും ആ വിവരം അവർക്കില്ലെന്നുമുള്ള ഒരേയൊരു പ്രശ്നമാണു് അവരുടെ കാലൻ.
ചെരിപ്പു് ഇടുകയുമില്ല, തീട്ടത്തിൽ പതിവായി ചവിട്ടുകയും വേണം എന്നൊരു നിർബന്ധം ഉള്ളവരാണു് പൊതുവേ മന്ത്രിമാർ. അതുകൊണ്ടു്, കാലു് കഴുകാൻ മൊന്തയിൽ വെള്ളവുമായി പിന്നാലെ നടക്കുന്ന കുറേ മൊന്തന്മാർ ഇല്ലാതെ ഒരു മന്ത്രിക്കും തന്റെ മന്ത്രിപദവി നിലനിർത്താൻ കഴിയില്ല. ചരിത്രപരമായ ഒരു അനിവാര്യതയാണു് അതെന്നു് ചരിത്രം പഠിച്ചാലേ അറിയാൻ കഴിയൂ. ഉദാഹരണത്തിനു്, കോംഗൊയുടെ ചരിത്രം അറിയാത്തവർക്കു്, എന്തുകൊണ്ടാണു് “വിയറ്റ്കോംഗോയിൽ” മുഹമ്മദലി കറുത്തവർഗ്ഗക്കാർക്കെതിരെ യുദ്ധം ചെയ്യാതിരുന്നതു് എന്നറിയാൻ കഴിയുമോ? മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ബോക്സർ എന്നാൽ ഇടിയനുമാവാം, ഒരിനം ഡോഗ് ബ്രീഡുമാവാം (https://en.wikipedia.org/wiki/Boxer_%28dog%29). പട്ടികളുടെയും പൂച്ചകളുടെയുമെല്ലാം വർഗ്ഗചരിത്രം മുഴുവൻ പഠിച്ചശേഷം മന്ത്രിയാവാൻ കാത്തിരുന്നാൽ ജീവിതത്തിൽ എന്നെങ്കിലും ആർക്കെങ്കിലും മന്ത്രിയാവാൻ പറ്റുമോ? ഇല്ലതന്നെ! അത്രേയുള്ളു കാര്യം. അഭിപ്രായം ചോദിക്കുന്നവർക്കു് ചോദിച്ചാൽ മതി.
ചുരുക്കത്തിൽ, കേരളത്തിലായാലും ശരി, കോംഗൊയിലായാലും ശരി, മന്ത്രിയാവാൻ യാതൊരു വിവരവും ഉണ്ടാവണമെന്നില്ല, അഥവാ വിവരമുണ്ടായിട്ടു് മന്ത്രിയാവാനിരുന്നാൽ ഗണപതിയുടെ കല്യാണം കഴിഞ്ഞാലും അതു് നടക്കുകയുമില്ല. വിവരമില്ലെങ്കിലും, പോലീസിന്റെ തല്ലു് കൊണ്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു അധികയോഗ്യതയായി പരിഗണിക്കപ്പെടും. ഭാരതീയർക്കു് തല്ലുകൊള്ളികളോടു് പണ്ടേതന്നെ ഒരു സോഫ്റ്റ് കോർണറുണ്ടു്. ആ കണ്ടെത്തലാവണം ഇൻഡ്യയുടെ സ്വാതന്ത്ര്യം സഹനസമരത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ എന്ന വിജയകരമായ ആശയത്തിലേക്കു് ഗാന്ധിജിയെ നയിച്ചതു്. ഏതായാലും, സുഭാഷ് ചന്ദ്രബോസിന്റെ പിന്നാലേ അധികം ഭാരതീയർ പോകാതിരുന്നതും അങ്ങേർ നേരത്തേതന്നെ അപ്രത്യക്ഷമായതും നന്നായി. അല്ലെങ്കിൽ, കുത്തിയിരുന്നു് നാവുകൊണ്ടു് മാത്രം യുദ്ധം ചെയ്യുന്ന വീരശൂരപരാക്രമികൾ അങ്ങേരെ നാണം കെടുത്തിയേനെ!
P. S. മരുഭൂമിയിലെ ചുഴിമണലിൽപെട്ടു് നമ്മളിങ്ങനെ താഴേയ്ക്കു് താഴേയ്ക്കു് പോയിക്കൊണ്ടിരിക്കുമ്പോൾ, രക്ഷപെടാനായി കയറിപ്പിടിക്കുന്നതു് ഒരു കരിന്തേളിന്റെ വാലിലായാലത്തെ ആ അവസ്ഥ! എന്റെ പൊന്നുസാറേ!
Jun 5, 2016, 12:15 PM
ഇപ്പോഴത്തെ അർജന്റീനിയൻ പ്രസിഡന്റിന്റെ പേരു് “മാക്രി” എന്നാണു് (Mauricio Macri). വല്ല അപകടവും സംഭവിച്ചു് അങ്ങേർക്കു് ഇഹലോകവാസം വെടിയേണ്ടിവന്നാൽ, തവളച്ചാട്ടത്തിൽ കേരളത്തിന്റെ ലോകറിക്കാർഡ് ഭേദിച്ച മൊറിഷ്യൻ തവളയുടെ അകാലനിര്യാണത്തിൽ ഞാൻ ഹൃദയം പൊട്ടിയ അനുശോചനം രേഖപ്പെടുത്തുന്നു എന്നൊന്നും മല്ലു മന്ത്രിമാർ ചാനലുകളിൽ ചെന്നു് പ്രസ്താവിക്കാതിരുന്നാൽ മതിയായിരുന്നു. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്നാണല്ലോ. കേരളത്തിൽ ഇപ്പോൾ കലി വാഴുന്ന കാലമായതിനാൽ എന്തും സംഭവിക്കാം. ഒന്നും സംഭവിക്കാതെയുമിരിക്കാം.
Jun 5, 2016, 12:50 PM
പാടിപ്പതിഞ്ഞ പഴമ്പാട്ടുകളും കീറിപ്പറിഞ്ഞ മുദ്രാവാക്യങ്ങളും ഏറ്റുപാടിക്കൊണ്ടു് കേരളസമൂഹം ബൗദ്ധികവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ, ഒരു പുത്തനുണർവ്വിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന നിർണ്ണായകമായ ഈ വേളയിൽ ISIS സപ്പോട്ടകളായ സഹോദരന്മാരോടു് എനിക്കു് ഒരപേക്ഷയേയുള്ളു: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സഖാവും, കേരളസംസ്ഥാനത്തിൽ മന്ത്രിയുമായ ശ്രീ ഇ. പി. ജയരാജൻ അവർകൾക്കു് ഒരു വായബദ്ധം പിണഞ്ഞു. അദ്ദേഹത്തിനു് പിണഞ്ഞ ആ നാവബദ്ധത്തിൽ “മുഹമ്മദ്” എന്നൊരു വാക്കു് കടന്നു് കൂടിയിട്ടുണ്ടു്. സത്യമായിട്ടും മനസാ വാചാ കർമ്മണാ മുഹമ്മദ് നബിയെ ഉദ്ദേശിച്ചുകൊണ്ടല്ല സഖാവു് ജയരാജൻ ആ വാക്കു് ഉപയോഗിച്ചിട്ടുള്ളതു് എന്നതിനു് അല്ലാഹുവും ഞാനും സാക്ഷി. അതുകൊണ്ടു്, കണ്ണിനു് കണ്ണു്, നാവിനു് നാവു്, പല്ലിനു് പല്ലു് എന്ന, കരുണാനിധിയായ അല്ലാഹു, വെപ്പുപല്ലു് മാർക്കറ്റിൽ എത്തുന്നതിനു് മുൻപേ മുഹമ്മദ് നബിക്കു് ഇറക്കിക്കൊടുത്ത കല്പനപ്രകാരം സഖാവു് ജയരാജന്റെ നാക്കു് അറുത്തുമാറ്റി ദൈവനീതി നടപ്പാക്കാൻ ദയവുചെയ്തു് ശ്രമിക്കരുതു്. ഇതൊരു അപേക്ഷയാണു്. ചോരയുടെ മണമടിച്ച വന്യമൃഗങ്ങളുടെ പെരുമാറ്റം പ്രവചനാതീതമാണെന്നപോലെ, ജോസഫ് സാറിന്റെ കൈവെട്ടിമാറ്റി നേടിയ തൊഴിൽ പരിചയം ഏതേതു് പുതുമേഖലകൾ തേടാനാണു് സമാധാനം കാംക്ഷിക്കുന്ന ദൈവമക്കളെ പ്രേരിപ്പിക്കുന്നതെന്നു് തീർത്തു് പറയാൻ കഴിയാത്തതുകൊണ്ടുള്ള വിനീതമായ ഒരപേക്ഷ.
Jun 6, 2016, 8:31 AM
Gestapo ആയിരുന്നു നാത്സികളുടെ രഹസ്യപ്പോലീസ്. കമ്മ്യൂണിസ്റ്റ് റഷ്യയിൽ KGB-ക്കായിരുന്നു ആ സംരക്ഷണച്ചുമതല. കമ്മ്യൂണിസ്റ്റ് ജർമ്മനിയിൽ (DDR) “Shield and sword of the party” എന്ന തലയിലെഴുത്തുമായി ആ ജോലി നിർവ്വഹിച്ചിരുന്ന രഹസ്യപ്പോലീസ് Stasi എന്ന ഓമനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നതു്. വിദേശ- സ്വദേശവ്യത്യാസമില്ലാത്ത ചാരപ്രവൃത്തിയിലൂടെ “ജനത്തിന്റെ” സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു എല്ലാറ്റിന്റെയും ലക്ഷ്യം. പ്രോപഗാൻഡ വഴി ഈ സുരക്ഷിതത്വബോധം ജനത്തിനു് ലഭിക്കുകയും ചെയ്തിരുന്നു. അതിനാൽ, ഇലക്ഷൻ നടന്നാൽ, DDR-ൽ “സുരക്ഷിതജനം” നൂറു് ശതമാനത്തിനടുത്തു് വോട്ടുനൽകി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിക്കുമായിരുന്നു. മറ്റു് പാർട്ടികളെ വളരാൻ അനുവദിക്കാതിരുന്നാൽ അങ്ങനെ ചില ഗുണങ്ങളുണ്ടു്. മറ്റാരേയും വളരാൻ അനുവദിക്കാതിരിക്കുക എന്ന കല ഏറ്റവും ഭംഗിയായി ചെയ്യാൻ അറിയുന്നവരാണു്, കൊല, വ്യക്തിഹത്യ തുടങ്ങിയ ഏതു് മാർഗ്ഗവും ലക്ഷ്യത്തെ വിശുദ്ധീകരിക്കും എന്ന കാട്ടാളനീതിയെ ആദർശമാക്കി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകൾ.
പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, 1989-ൽ ബർലിൻമതിൽ വീണപ്പോൾ അണക്കെട്ടു് പൊട്ടി വെള്ളം കുത്തിയൊഴുകുന്നപോലെ ജനം ബൂർഷ്വാജർമ്മനിയിലേക്കു് ഒഴുകി. പത്തു് നാല്പതു് കൊല്ലം മുദ്രാവാക്യങ്ങൾ പാടിപ്പഠിപ്പിച്ച പ്രോലെറ്റേറിയൻ പാർട്ടിയെ പിൻഭാഗം കാണിച്ചിട്ടു് നാടുവിടാൻ തീരുമാനിച്ച നന്ദിയില്ലാത്ത തൊഴിലാളിവർഗ്ഗം! അന്നുമുതൽ ഇന്നുവരെ, ജോലി ചെയ്തു് ജീവിക്കുന്ന പശ്ചിമജർമ്മൻ “ബൂർഷ്വകൾ” സോളിഡാരിറ്റി സർച്ചാർജ് എന്നപേരിൽ നികുതിയുടെ നല്ലൊരംശം നൽകി, “റിയൽ സോഷ്യലിസം” വഴി കുട്ടിച്ചോറാക്കപ്പെട്ട പഴയ DDR-നെ “ബൂർഷ്വീകരിച്ചു”കൊണ്ടിരിക്കുന്നു.
ഇതൊക്കെയാണു് വസ്തുതകൾ എങ്കിലും, റിപ്പബ്ലിക് ഓഫ് കേരളയിലെ ചില കോൺക്രീറ്റ് തലകളിൽ ഇന്നും ക്യൂബ ഒരു ഐഡിയൽ റിപ്പബ്ലിക്കും, “കാസ്ട്രോ ഈസ് ആനോണറബിൾ മാനും” ആയതിനാൽ, കേരളത്തിലും താമസിയാതെ “കേസ്റ്റാപ്പോ” എന്നോ മറ്റോ പേരിൽ ഒരു രഹസ്യപ്പോലീസ് രൂപമെടുത്തുകൂടെന്നില്ല. ഇതു് സോഷ്യൽ മീഡിയകളുടെ കാലമായതിനാൽ റിക്രൂട്ടിംഗ് അവിടെ നിന്നും ആയിരിക്കാനാണു് സാദ്ധ്യത. കാരണം, യജമാനഭക്തി, ആക്രമണോത്സുകത തുടങ്ങിയ കാര്യങ്ങളിൽ അമേരിക്കൻ പിറ്റ് ബുൾ റ്റെറിയർ പോലും സല്യൂട്ടടിച്ചു് ലാൽ സലാം വിളിച്ചുപോകുന്നത്ര ഉയർന്ന വിധേയത്വയോഗ്യതകൾ കൂടാതെ, ആൾമാറാട്ടം, എട്ടുകാലി മമ്മൂഞ്ഞു് ചമയൽ, ശത്രുസങ്കേതങ്ങളിൽ നുഴഞ്ഞുകയറ്റം തുടങ്ങിയ ലളിതകലകളിൽ ഹൌഡിനിയെ തോല്പിക്കുന്ന മികവും തികവും കൈവരിച്ചിട്ടുള്ള ബോധിസ്വത്വങ്ങളുടെ ഒരു പൂൾ തന്നെയുണ്ടു് സോഷ്യൽ മീഡിയകളിൽ. അവരെയൊക്കെ ഒന്നു് ബഹുമാനിച്ചു് തുടങ്ങുന്നതു് നന്നായിരിക്കും. എന്തിനു് വെറുതെ ഉള്ള റേഷനരി ഇല്ലാതാക്കണം?
Jun 8, 2016, 11:59 AM
ഏതു് വിദ്യാലയവും അതിലെ അധ്യാപകരോളം മാത്രമേ നല്ലതായിരിക്കൂ. ജൂബയുടെ കൈക്കുള്ളിൽ ചൂരൽ വടിയും തിരുകി നടക്കുന്ന ഗുരുകുലകാല ഉഷ്കൂളുകളിലെ മുൻഷിമാർ മാത്രമല്ല, പോസ്റ്റ് മോഡേൺ യുഗത്തിലെ, രാഷ്ട്രീയം ചരിത്രം സാമ്പത്തികം സാമൂഹ്യം മതപരം തുടങ്ങിയ സമസ്തമേഖലകളും കയറിയിറങ്ങി വാചാലത തെളിയിക്കുന്ന പെരിപറ്റെറ്റിക്കുകളും ഇതറിഞ്ഞിരിക്കുന്നതു് നല്ലതാണു്. ഒറ്റമൂലിപരിഹാരങ്ങളുടെയും നിത്യസത്യവെളിപാടുകളുടെയും പുളിച്ചാർത്ത ഛർദ്ദിലുകൾ സ്വയം തിന്നുകയും വിദ്യാർത്ഥികളെ തീറ്റിക്കുകയും ചെയ്യലല്ല, ജീവിതകാലം മുഴുവൻ അർപ്പിതമനസ്സോടെ ഒരു വിദ്യാർത്ഥി ആയിരിക്കലാണു് യഥാർത്ഥത്തിൽ അധ്യാപനം എന്നു് മനസ്സിലാക്കാൻ അതു് സഹായിച്ചേക്കും.
Jun 9, 2016, 11:08 AM
അടിമസമ്പ്രദായം നിലനിന്നിരുന്ന കാലത്തു് ധനികരായ മനുഷ്യർ, സ്വന്തം ശരീരമല്ലാതെ മറ്റൊരു സമ്പത്തും ഇല്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും അടിമച്ചന്തകളിൽ പോയി കാളകളേയും പോത്തുകളേയുമെന്നപോലെ വിലപേശി പണം കൊടുത്തു് വാങ്ങി അടിമകളാക്കുന്നതായിരുന്നു രീതി. അവിശ്വസനീയം എന്നു് തോന്നിയേക്കാമെങ്കിലും, അടിമകൾ അവരെ വാങ്ങുന്നവർക്കു് അങ്ങോട്ടു് പണം കൊടുത്തു് അടിമത്വം ഏറ്റെടുക്കേണ്ടിവരുന്ന ഒരു രീതി ഭാരതം പോലുള്ള രാജ്യങ്ങളിൽ നിലവിലിരിക്കുന്നുണ്ടു്. അടിമകൾ സ്ത്രീകളെന്നും, അടിമപ്പണം സ്ത്രീധനം എന്നും, അടിമസമ്പ്രദായം കല്യാണമെന്നും, അടിമച്ചന്ത വിവാഹക്കമ്പോളമെന്നുമാണു് അറിയപ്പെടുന്നതു് എന്ന നോമിനൽ ആയ ചില വ്യത്യാസങ്ങൾ ഒഴിച്ചാൽ, രണ്ടും അടിമക്കച്ചവടം തന്നെ. അടിമയോടൊപ്പം പണവും സ്വന്തമാക്കാൻ “യജമാനനെ” അനുവദിക്കുന്ന ഒരു സാമൂഹ്യനീതി കണ്ടെത്തിയ ആ ഭാരതീയബുദ്ധിയെയാണു് നമ്മൾ നമിക്കേണ്ടതു്!
കറുത്തവരെ വെളുത്തവർ അടിമകളാക്കിയിരുന്ന പഴയ മാതൃകയിലും ഇന്നു് ഭാരതത്തിൽ അടിമക്കച്ചവടം നടക്കുന്നുണ്ടു്. ആ അടിമകളിലധികവും ബാലികാബാലന്മാരാണു്. രാസപദാർത്ഥങ്ങളുമായി ഇടപഴകേണ്ട തൊഴിലുകളിൽ പോലും യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യിക്കാനായി മാതാപിതാക്കൾക്കു് വില കൊടുത്തു് വാങ്ങുന്നവരും, അനാഥരായതിനാൽ ആർക്കും ഒന്നും കൊടുക്കാതെ പിടിച്ചുകൊണ്ടുപോകാൻ കഴിയുന്നവരുമായ ബാല്യവേലാടിമകൾ. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ചു് ജോലി ചെയ്തു് ഏതാനും വർഷങ്ങൾക്കുള്ളിൽ രോഗികളായി ചാകേണ്ടിവരുന്ന ഭാരതീയ പൗരന്മാർ!
കൊളോണിയൽ കാലത്തെ സായിപ്പിന്റെ അടിമത്വത്തിൽ നിന്നും മോചനം നേടിയശേഷം ഭാരതം സാംസ്കാരികമായി വളരെയേറെ പുരോഗമിച്ചിട്ടുള്ളതിനാൽ, അടിമത്വത്തിനും അതിനനുസൃതമായ രൂപഭാവാന്തരങ്ങൾ സംഭവിക്കണമല്ലോ. സായിപ്പു് ഭാരതീയരെക്കൊണ്ടു് ഭാരതീയരുടെ നേരെ തോക്കുചൂണ്ടിച്ചു് കീഴ്പ്പെടുത്തി അവരെ ചൂഷണം ചെയ്തു, ഭാരതീയൻ ആലംബഹീനരായ ഭാരതീയരെ “അടിച്ചും ഇടിച്ചും തെറിവിളിച്ചും” കീഴ്പ്പെടുത്തി ചൂഷണം ചെയ്തു് സായിപ്പാവാൻ ശ്രമിക്കുന്നു!
Jun 10, 2016, 1:46 PM
ദൈവാസ്തിത്വത്തെ നിരസിക്കുന്നവർക്കു് ഭക്തരിൽ നിന്നും പലപ്പോഴും കേൾക്കേണ്ടിവരുന്ന ഒരു ചോദ്യമാണു്, ദൈവത്തിനു് പകരമായി മറ്റെന്താണു് നിങ്ങൾക്കു് മുന്നോട്ടു് വയ്ക്കാനുള്ളതെന്നു്. ഏതെങ്കിലുമൊരു ദൈവത്തിന്റെ പുറകെ ഓടാതെ മനുഷ്യർക്കെങ്ങനെ ജീവിക്കാൻ കഴിയും? അതാണവരുടെ ചിന്ത. സ്വന്തം ദൈവമാണു് അവരുടെ റെഫറൻസ് പോയിന്റ്. ആ ദൈവത്തിലുള്ള വിശ്വാസം എന്ന അടിത്തറയിൽ നിന്നുള്ള ഏതു് വ്യതിയാനവും സ്വന്തം ജീവിതത്തിൽ നികത്താനാവാത്ത ഒരു വിടവു് സൃഷ്ടിക്കുമെന്ന ഭയം മൂലമാണു് അവിടെത്തന്നെ തുടർന്നും നിൽക്കാൻ അവരിഷ്ടപ്പെടുന്നതു് (status quo bias). ദൈവത്തിനു് ഒരു ഓൾട്ടെർനേറ്റിവ് ലഭിക്കാൻ വേണ്ടിയല്ല, അങ്ങനെയൊരു ഓൾട്ടെർനേറ്റിവ് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല എന്ന ബോദ്ധ്യമാണു് അവരെക്കൊണ്ടു് ആ ചോദ്യം ചോദിപ്പിക്കുന്നതു്.
വിധിനിർണ്ണയത്തിനും തിരഞ്ഞെടുപ്പിനുമായി മനുഷ്യർ ഉപയോഗപ്പെടുത്തുന്ന രണ്ടുതരം കോഗ്നിറ്റീവ് സിസ്റ്റങ്ങളെപ്പറ്റി ഡാനിയേൽ കാനെമാൻ “തിങ്കിങ്, ഫാസ്റ്റ് ആൻഡ് സ്ലോ” എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ടു്. ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ഒരു ഇന്റുയിറ്റീവ് സിസ്റ്റവും, പരിചിന്തനശേഷിയുള്ള (reflective) ഒരു റാഷണൽ സിസ്റ്റവും (system-1 and system-2). അത്യാവശ്യം ഗണിതം പഠിച്ചവർക്കു് മൂന്നും രണ്ടും കൂട്ടിയാൽ എത്രയെന്ന ചോദ്യത്തിനു് അഞ്ചു് എന്ന മറുപടി പറയാൻ പ്രത്യേകമൊരു പരിചിന്തനത്തിന്റെ ആവശ്യമില്ലാത്തതും, ഡ്രൈവിങ് അറിയാവുന്നവനു് റോഡിൽ ശ്രദ്ധിക്കുക എന്നതല്ലാതെ അക്സിലറേറ്ററും ബ്രേക്കും ഗിയറുമെല്ലാം എവിടെയാണെന്നു് പരതിക്കൊണ്ടിരിക്കേണ്ടി വരാത്തതും തുടർച്ചയായ പരിശീലനം വഴി അത്തരം ജോലികളുടെ നിയന്ത്രണം “സിസ്റ്റം-1” ഏറ്റെടുക്കുന്നതുകൊണ്ടാണു്. പരിശീലനത്തിലൂടെ “കണ്ഡീഷൻ” ചെയ്യപ്പെട്ടു് അനിയന്ത്രിതമായും, അനായാസമായും, അതിവേഗത്തിലും, ബോധപൂർവ്വമല്ലാതെയും, അസോസിയേഷനുകളിലൂടെയും പ്രവർത്തിക്കുന്ന ഈ സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി, നിയമങ്ങളാൽ നയിക്കപ്പെടുന്ന “സിസ്റ്റം-2” പ്രവർത്തിക്കുന്നതു് ഇതിനെല്ലാം നേരെ വിപരീതമായാണു് – നിയന്ത്രിതം, തീക്ഷ്ണം, സാവധാനം, ബോധപൂർവ്വം, നിഗമനത്തിലൂടെ (deduction).
ദൈവത്തിലുള്ള വിശ്വാസവും കണ്ഡീഷൻഡ് റിഫ്ലക്സ് തത്വപ്രകാരം പ്രവർത്തിക്കുന്ന ഒരു പ്രതിഭാസം ആയതിനാലാണു്, ദൈവാസ്തിത്വം നിഷേധിക്കാൻ പര്യാപ്തമായതും, ഒന്നോ രണ്ടോ പുസ്തകങ്ങൾ എഴുതാൻ മതിയായതുമായ കാര്യങ്ങൾ ലളിതമായും ലോജിക്കലി കൺസിസ്റ്റന്റ് ആയും നാലോ അഞ്ചോ പേജിലായി ചുരുക്കി ആരെങ്കിലും എഴുതിയിരിക്കുന്ന ഒരു ലേഖനം കണ്ടാൽ, ലേഖകൻ ഒരു നാസ്തികനാണെന്നു് ശീലം വഴി സിസ്റ്റം-1-നു് അറിയാമെങ്കിൽ, അതു് വായിച്ചുപോലും നോക്കാതെ, അതിനെ നിഷേധിച്ചുകൊണ്ടുള്ള ഒരു മറുപടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ദൈവഭക്തനു് ഇരിക്കപ്പൊറുതി കിട്ടാത്തതു്. ആ ലേഖനം ശ്രദ്ധാപൂർവ്വം വായിക്കുകയും അതിനെപ്പറ്റി പരിചിന്തനം ചെയ്യുകയും ചെയ്യണമെങ്കിൽ സിസ്റ്റം-2-നെ കൂട്ടുചേർത്താലേ കഴിയൂ. അതാണെങ്കിൽ കഠിനവും ബോധപൂർവ്വവുമായതിനാൽ സാവധാനം മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണുതാനും. എപ്പോൾ വേണമെങ്കിലും എടുത്തുകാണിച്ചു് തടിതപ്പാൻ കഴിയുന്ന സ്റ്റീരിയോ ടൈപ് മറുപടികൾ സിസ്റ്റം-1-ന്റെ കൊട്ടകളും കൂടകളും നിറയെ ഉള്ളപ്പോൾ മനുഷ്യൻ എന്തിനു് വെറുതെ വായിച്ചും ചിന്തിച്ചും കഷ്ടപ്പെടണം? ഭക്തി ലോജിക്കിനു് സ്റ്റാറ്റസ് ക്വൊ ബയസിന്റെ ആശംസകൾ!
Jun 11, 2016, 11:07 AM
അമൃതാനന്ദമയിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടെന്നു് ആരോപിക്കപ്പെടുന്ന സാമ്പത്തികക്രമക്കേടുകളും, സംശയാസ്പദമായ ചുറ്റുപാടുകളിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളും വിശദമായ പരിശോധനകൾക്കു് വിധേയമാക്കി സത്യാവസ്ഥ തെളിയിക്കേണ്ടതു് അതിനുള്ള ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്വമാണു്. പൊതുജനത്തിൽ നിന്നും ആരെങ്കിലും അക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഒരു കുറ്റകൃത്യം നടന്നു എന്ന വിവരമല്ലാതെ, കുറ്റാന്വേഷണം നടക്കണമെങ്കിൽ ആരെങ്കിലും അതു് പ്രത്യേകമായി ശ്രദ്ധയിൽ പെടുത്തിയിരിക്കണം എന്നൊരു നിർബന്ധം ലോകത്തിൽ ഏതെങ്കിലുമൊരു രാജ്യത്തിൽ ഉള്ളതായി കേട്ടിട്ടില്ല. ചില പ്രത്യേക താത്പര്യങ്ങൾ സംരക്ഷിക്കണം എന്നുള്ളവർ അത്തരം നിർദ്ദേശങ്ങൾ വയ്ക്കാൻ പൊതുജനത്തോടു് ആഹ്വാനം ചെയ്താൽ അതിൽ അത്ഭുതവുമില്ല. ചുമതലപ്പെട്ടവർ കുറ്റാന്വേഷണങ്ങളിൽ കാണിക്കുന്ന അനാസ്ഥയും, വരുത്തുന്ന പിഴവുകളും വഴി സംസ്ഥാനത്തു് നിലവിലിരിക്കുന്ന നിയമവാഴ്ച തന്നെയാണു് പ്രതിക്കൂട്ടിൽ കയറേണ്ടിവരുന്നതു്.
കുതിരയെയോ റാണിയെയോ രക്ഷപെടുത്താനായി കാലാളെ കുരുതികൊടുക്കുന്നതു് ചെസ്സ് കളിയിൽ ന്യായീകരിക്കാനാവുമെങ്കിലും, കുറ്റവാളിയെ രക്ഷപെടുത്താനായി നിരപരാധികളെ കുരുതി കൊടുക്കുന്ന തരം മഹാമനസ്കത, നിയമവാഴ്ച നിലവിലിരിക്കുന്ന ജനാധിപത്യസമൂഹങ്ങളിൽ അണികളെയോ കാണികളെയോ തൃപ്തിപ്പെടുത്താനായിപ്പോലും ആരും ചെയ്യാറില്ലാത്ത കാര്യമാണു്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കു് വരുന്ന മനുഷ്യർ സമ്പൂർണ്ണസാക്ഷരരുടെ നാട്ടിലെ കൊലയാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും കുറ്റകൃത്യങ്ങൾ ഏറ്റെടുക്കാനല്ല, അവർക്കൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞേക്കുമെന്ന ആഗ്രഹവുമായി വരുന്നവരാണു്. അപ്പനും അമ്മയും മറ്റു് വേണ്ടപ്പെട്ടവരും ഉള്ളവരോ, ഉണ്ടായിരുന്നവരോ ആയ, നിന്നേയും എന്നേയും പോലുള്ള മനുഷ്യരാണവരും. അതുകൊണ്ടുതന്നെ, അവരിൽ കുറ്റവാളികളേ ഇല്ല എന്നൊന്നും ഇപ്പറഞ്ഞതിനു് അർത്ഥവുമില്ല.
സമ്പൂർണ്ണസാക്ഷരർക്കും ലോജിക്കൽ ഭക്തർക്കും അതു് മനസ്സിലായാലും ഇല്ലെങ്കിലും, കുറ്റം ചെയ്തവരാണു്, അവർക്കുവേണ്ടി മറ്റാരെങ്കിലുമല്ല ശിക്ഷ അനുഭവിക്കേണ്ടതെന്നതു് ഒരു മൗലികനീതിയാണു്. കാര്യങ്ങളുടെ കിടപ്പും നടപ്പും എന്തുകൊണ്ടു് ഇപ്പോൾ ആയിരിക്കുന്നതുപോലെ ആയിത്തീർന്നു എന്നു് മനസ്സിലാക്കാൻ, അഴിമതിയുടേയും കുറ്റകൃത്യങ്ങളുടേയും ഭാരം ചുമക്കുന്നവരെ മുഴുവൻ എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയാൽ കേരളത്തിൽ എത്ര നേതാക്കളും എത്ര ഉദ്യോഗസ്ഥരും ബാക്കി വരും എന്നും, അവരെ ഒഴിവാക്കാൻ ശ്രമിച്ചാൽ അതിനെതിരായി കൊടിപിടിയ്ക്കാനും, “കളങ്കമില്ലാത്ത സ്വന്തക്കാർക്കുവേണ്ടി രക്തം ചിന്താനും” തയ്യാറായി എത്ര ആയിരങ്ങൾ തെരുവിലിറങ്ങുമെന്നും ആലോചിച്ചാൽ മതി.
ഇപ്പറഞ്ഞ കാര്യങ്ങൾ നിലനിൽക്കെത്തന്നെ, എന്റെ അഭിപ്രായത്തിൽ, അമൃതാനന്ദമയിയും, അവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിൻതുണയ്ക്കുന്നവരും കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന, അക്ഷന്തവ്യം എന്നു് മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യം, കേരളസമൂഹത്തിനോടു്, പ്രത്യേകിച്ചും അതിലെ യുവതലമുറയോടു് അവർ ചെയ്യുന്ന ബൗദ്ധികമായ വ്യഭിചാരമാണു്.
ശാസ്ത്രീയമനോഭാവത്തേയും മാനുഷികത്വത്തേയും അന്വേഷണോത്സാഹത്തേയും പരിഷ്കരണത്തേയും വളർത്തുക എന്നതു് ഓരോ ഇൻഡ്യൻ പൗരന്റേയും കടമ ആയിരിക്കണമെന്നു് ഇൻഡ്യൻ ഭരണഘടന പ്രസ്താവിക്കുന്നു. അമൃതാനന്ദമയി ആയി രൂപാന്തരപ്പെട്ട സുധാമണിയുടെ – അക്കാര്യത്തിനു്, മറ്റേതു് ആൾദൈവങ്ങളുടെയോ, ആളല്ലാത്ത ദൈവങ്ങളുടെയോ – സന്നിധാനത്തിൽ എത്തുന്ന ഒരു ഇൻഡ്യൻ പൗരനു്, പണം പിടുങ്ങി കീശ വീർപ്പിക്കാനുള്ള തന്ത്രങ്ങളുമായി കാത്തിരിക്കുന്ന കുറേ ഷാർലറ്റനുകളെയല്ലാതെ, എന്തു് ശാസ്ത്രബോധമാണു്, എന്തു് മാനവികതയാണു്, എന്തു് അന്വേഷണദാഹമാണു്, എന്തു് നവീകരണശ്രമമാണു് അവിടെ കാണാൻ കഴിയുന്നതു്, അല്ലെങ്കിൽ, അവിടെ നടത്താൻ കഴിയുന്നതു്? കുറേ ചെപ്പടിവിദ്യക്കാർക്കു് ദൈവികപരിവേഷം ചാർത്തിക്കൊടുത്തതുകൊണ്ടു് എന്തു് ബൗദ്ധികവികസനമാണു് ഒരു സമൂഹത്തിനു് കൈവരിക്കാൻ കഴിയുന്നതു്?
ലോജിക് എന്നാൽ എന്തെന്നോ, റീസൺ എന്നാൽ എന്തെന്നോ അറിയാതെ, “യുക്തിപൂർവ്വം ഭക്തരാവണം” എന്നും മറ്റുമുള്ള പമ്പരവിഡ്ഢിത്തം പ്രഘോഷിക്കുന്ന കുറേ മരത്തലകളെ സൃഷ്ടിച്ചിട്ടുള്ളതല്ലാതെ, ഭരണഘടന ആഹ്വാനം ചെയ്യുന്നവിധത്തിൽ ഇൻഡ്യൻ സമൂഹത്തെ എൻലൈറ്റെൻ ചെയ്യാൻ ഉതകുന്ന എന്തു് നടപടികളാണു് ഈ “അമ്മയോ” മറ്റു് ആൾദൈവങ്ങളോ കൈക്കൊണ്ടിട്ടുള്ളതു്? മോക്ഷംതേടികളിൽ നിന്നും, ധനികരാഷ്ട്രങ്ങളിൽ നിന്നും ഒപ്പിച്ചതിന്റെ നേരിയ ഒരംശം വല്ല അഗതികൾക്കും നക്കാപ്പിച്ചയായി നൽകി പത്രങ്ങളിലൂടെ “കരുണാർദ്രത” പ്രദർശിപ്പിക്കുന്നതു് ശാസ്ത്രബോധം വളർത്തലോ, മാനവികതയോ, സാമൂഹിക നവീകരണമോ, എൻലൈറ്റെന്മെന്റോ അല്ല, അതു് കച്ചവടമാണു്. ഭാരതം പോലെ, അജ്ഞതയിൽ അഭിരമിക്കുന്ന ഒരു സമൂഹത്തിൽ, തുടങ്ങിയാൽ സ്വയം പടർന്നു് പന്തലിച്ചുകൊള്ളുന്ന, കാര്യമായ മുതൽമുടക്കൊന്നുമില്ലാത്ത ആത്മീയക്കച്ചവടം.
Jun 14, 2016, 9:42 AM
“Pray for the souls!”
ഒരക്ഷരത്തിന്റെ വ്യത്യാസമില്ലായിരുന്നെങ്കിൽ – pray എന്നതിനു് പകരം prey ആയിരുന്നെങ്കിൽ – ഈ ആത്മീയവചനം ഒരു സാര്‍വ്വലൗകിക സത്യമായിരുന്നേനെ! Prey for the souls! ആത്മാക്കൾക്കു് വേണ്ടതു് ഇരകളെയാണു്. “വിശുദ്ധാത്മാക്കൾ” വിശ്വസ്താത്മാക്കളായ കഴുതകളെ നിത്യസ്വർഗ്ഗത്തിന്റേയും നല്ലനാളെകളുടെയും സാങ്കല്പിക ക്യാരട്ടുകൾ കാണിച്ചു് പുറകെ നടത്തി ചൂഷണം ചെയ്യുന്നു; വിശുദ്ധാത്മാക്കൾ ഘോഷിക്കുന്ന വ്യവസ്ഥിതിയിൽ ഫിറ്റാവാത്ത അശുദ്ധാത്മാക്കളെ ഉന്മൂലനം ചെയ്തു് വിശ്വസ്താത്മാക്കൾ സങ്കല്പസ്വർഗ്ഗത്തിലെ ക്യാരട്ടുകൾ നേടുന്നതിനുള്ള അവരുടെ യോഗ്യത തെളിയിക്കുന്നു.
Jun 23, 2016, 12:11 PM
പണ്ടു് പണ്ടു്, 2007ന്റെ മദ്ധ്യത്തിൽ, ഞാൻ മലയാളം ബ്ലോഗുലകത്തിലേക്കു് വലതുകാൽ വച്ചു് കയറിയ കാലത്തു് കേരളത്തിൽ സ്വന്തമായി വൃദ്ധമന്ദിരങ്ങൾ സ്ഥാപിക്കുന്നതിനെപ്പറ്റി ഇന്റെൻസീവ് ആയ ചില ചർച്ചകൾ നടന്നിരുന്നു. ഇതിനിടെ കാഞ്ഞു് പോയിട്ടില്ലെങ്കിൽ അവരൊക്കെ ഇപ്പോൾ കേരളത്തിലെ സുഖവാസപ്രദേശങ്ങളിൽ സ്വിമ്മിങ് പൂളും, ഗോൾഫ് ഫെസിലിറ്റിയുമൊക്കെയുള്ള സ്വന്തം വൃദ്ധസദനങ്ങളിൽ അല്ലലറിയാതെ വസിക്കുന്നുണ്ടാവണം.
നിങ്ങൾ എന്നോടു് ചോദിച്ചാൽ, അക്കാലമായിരുന്നു ബ്ലോഗുലകത്തിന്റെ സുവർണ്ണകാലം എന്നേ ഞാൻ പറയൂ. റഷ്യയിലും ചൈനയിലുമെല്ലാം റിയലായി നടന്നതുപോലുള്ള “റീ-എജ്യുക്കേഷന്റെ” ഒരു വിർച്വൽ മോഡൽ ബ്ലോഗിൽ ഉടനീളം കാണാമായിരുന്നു. റാഗിങ് എന്നൊക്കെപ്പറഞ്ഞാൽ അക്കാലത്തെ റാഗിങ് ആയിരുന്നു റാഗിങ്! വിർച്വൽ സെക്റ്റുകൾ അധോലോകമാതൃകയിലായിരുന്നു എതിർസെക്റ്റുകളെ ആക്രമിച്ചു് നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതു്! സ്വന്തം ഐഡിയോളജിക്കൽ/തിയോളജിക്കൽ നിലപാടുകളുമായി പൊരുത്തപ്പെടാത്ത കവിതയോ കഥയോ ലേഖനമോ എഴുതുന്നവരുടെ കഴുത്തിൽ കഴുതപ്പുലികളെ തോല്പിക്കുംവിധം “ലിറ്റെറാറ്റി” സംഘം ചേർന്നു് ചവണപ്പിടി പിടിച്ചു് മിണ്ടാതാക്കുന്നതു് ആരെയും രോമാഞ്ചകുഞ്ചു ആക്കുന്നത്ര മഹത്തായ ഒരു കലയായിരുന്നു. വിർച്വൽ “വ്യഭിചാരികളെ” വിർച്വൽ സദാചാരികൾ വിർച്വലായി കല്ലെറിഞ്ഞുകൊല്ലുന്നതു് ബ്ലോഗിൽ ഒരു അസാധാരണത്വമേ അല്ലായിരുന്നു.
അതൊന്നും ഇന്നില്ലെന്നല്ല. പക്ഷേ, ഇപ്പോൾ റാഗിങ് വിദഗ്ദ്ധരുടെ എണ്ണവും എരിവും കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാവാം, പണ്ടത്തെ ആ ഒരു ശൗര്യം ഇന്നു് അനുഭവപ്പെടുന്നില്ല. ഒരുപക്ഷേ അവർ റിയൽ വേൾഡിലെ കൂടുതൽ ത്രില്ലിങ് ആയ റാഗിങ് രീതികളിലേക്കു് ശ്രദ്ധ തിരിച്ചതാവാനും മതി. റാഗിങ് എന്ന പേരിൽ ഒരു ദളിതു് വിദ്യാർത്ഥിനിയെ മറ്റു് രണ്ടു് വിദ്യാർത്ഥിനികൾ ചേർന്നു് ടൊയ്ലെറ്റ് ക്ലീനർ കുടിപ്പിച്ചതിന്റെ വാർത്ത കേട്ടാൽ, മൃഗീയമായ ആ കുറ്റകൃത്യത്തെ നിരുപാധികം അപലപിക്കുന്നതിനും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നു് ആവശ്യപ്പെടുന്നതിനും പകരം, ഏതേതു് പാർട്ടികൾ പ്രതികരിച്ചില്ല, ഏതേതു് ജാതികൾ പ്രതികരിച്ചില്ല എന്നതിന്റെ കണക്കെടുക്കാൻ തിടുക്കപ്പെടുന്ന ഒരുവൻ/ഒരുവൾ എത്രമാത്രം പെർവെർട്ട് ആയിരിക്കുമെന്നു് ചിന്തിച്ചാൽ മതി. “സെൽഫ്-അഗ്രാൻഡൈസിങ്” ഇഡിയറ്റ്സ്!
“Enlightenment is man’s emergence from his self-imposed immaturity” എന്നു് ഇമ്മാന്വേൽ കാന്റ്. മറ്റൊരുവനാൽ നയിക്കപ്പെടാതെ സ്വബുദ്ധിയെ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണു് ബാല്യാവസ്ഥ. ബാല്യാവസ്ഥ (അപക്വത) ഒരു സ്വയംകൃതകുറ്റമാകുന്നതു്, ഗ്രഹണശേഷിക്കു് കുറവില്ലാതിരുന്നിട്ടും മറ്റൊരുവന്റെ സഹായത്താലല്ലാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കാനുള്ള ധൈര്യക്കുറവും സ്ഥിരതയില്ലായ്മയും മൂലമാണു്. അതുകൊണ്ടാണു് “അറിയാൻ ധൈര്യപ്പെടുക!” (Sapere aude!) എന്നു് കാന്റ് ആഹ്വാനം ചെയ്യുന്നതു്.
എന്തു് കുറ്റത്തിന്റെ പേരിലായാലും, മനുഷ്യജീവികളുടെ മുഖത്തേക്കു് ആസിഡ് കോരിയൊഴിക്കാനും, അവരുടെ അടിവയറ്റിലേക്കു് കമ്പിപ്പാര കയറ്റാനും, അവരെക്കൊണ്ടു് ടോയ്ലെറ്റ് ക്ലീനർ കുടിപ്പിക്കാനും, രാഷ്ട്രീയപ്രതിയോഗികളെ അറുകൊല ചെയ്യാനും ചെയ്യിക്കാനുമെല്ലാം കഴിയണമെങ്കിൽ കാന്റിയൻ മാതൃകയിലുള്ള ഒരു അപക്വമനസ്സു് മാത്രമുണ്ടായാൽ പോരാ, നല്ലൊരളവു് മാനസികവൈകൃതവും കൂടി ഉണ്ടായിരിക്കണം. ചികിത്സ കൊണ്ടുപോലും മാറാൻ സാദ്ധ്യതയില്ലാത്ത അത്തരം മാനസികവൈകൃതങ്ങൾ എൻലൈറ്റെന്മെന്റ് കൊണ്ടു് ഭേദമാക്കാൻ കഴിയുമെന്നു് കരുതുന്നതും വ്യാമോഹം മാത്രമായിരിക്കും.
Jun 24, 2016, 2:49 PM
മരിച്ചതോ, മരിച്ചു എന്നു് വിശ്വസിക്കപ്പെടുന്നതോ ആയ ഒരു മനുഷ്യന്റെ ശരീരം ദുരൂഹമായ സാഹചര്യത്തിൽ, കണ്ടെടുക്കാൻ പറ്റാത്തവിധം അപ്രത്യക്ഷമായാൽ, അവൻ ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലേക്കു് പോയി എന്നു് പറഞ്ഞു് പരത്താൻ വലിയ ബുദ്ധിമുട്ടില്ല. സാക്ഷ്യം പറയാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്തണമെന്നേയുള്ളു. മതസ്ഥാപകർ സ്വപ്നത്തിൽ പോലും സങ്കല്പിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത സിദ്ധാന്തങ്ങൾ അവരുടെ മരണശേഷം ഭാവനാസമ്പന്നരായ മുൻനിര അനുയായികൾക്കു് വ്യാഖ്യാനങ്ങൾവഴി അവരുടെ വായിൽ തിരുകാൻ കഴിയുന്നതും, പിൻനിര അനുയായികൾ അവയെല്ലാം കൈമൊത്തിന്റേയും കാൽമൊത്തിന്റേയും അകമ്പടിയോടെ ഭയഭക്തിപുരസ്സരം ഏറ്റുവാങ്ങി വിഴുങ്ങുന്നതും അതുകൊണ്ടാണു്. ബൈബിൾ പറയുന്നതു് സത്യമാണെങ്കിൽ, ഹാനോക്, ഏലിയ, യേശു എന്നിവരെല്ലാം ഉടലോടെ സ്വർഗ്ഗത്തിലേക്കു് എടുക്കപ്പെട്ടവരാണു്. കൊൺസ്പിരസി തിയറികൾ, മറ്റിനം ഭാവനാസൃഷ്ടികൾ എന്നിവപോലെതന്നെ, മതപരവും രാഷ്ട്രീയവുമായ പ്രവചനങ്ങൾക്കും ഉപരിപ്ലവതയിൽ സംതൃപ്തരായ മനുഷ്യരുടെയിടയിൽ എന്നും നല്ല ഡിമാൻഡുണ്ടായിരുന്നു.
ലോകത്തിൽ ജീവജാലങ്ങൾ ഉണ്ടായകാലം മുതൽ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ബിസ്നസ് തന്ത്രമാണു് ഡിമാൻഡ് നോക്കി സപ്ലൈ ചെയ്യുക എന്നതു്. മനുഷ്യരടക്കമുള്ള ജീവികളൊന്നും പിടിച്ചു് തിന്നാനില്ലായിരുന്നെങ്കിൽ, “ഡിസ്പ്രൊപ്പോർഷണൽ” ആയി പെറ്റു് പെരുകാൻ മത്തികൾ തീരുമാനിക്കുമായിരുന്നു എന്നു് തോന്നുന്നില്ല. മത്തികളുടെ ലോകത്തിൽ സ്വയം നശീകരണത്തിനുള്ള ലോകമഹായുദ്ധങ്ങളോ വർഗ്ഗസമരങ്ങളോ ഇല്ല എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഒന്നു് ചിന്തിച്ചു് നോക്കൂ. കടലുകളിൽ “എവിടെത്തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം” മത്തികൾ, മത്തികൾ മാത്രം! നിയന്ത്രണമില്ലാതെ പെറ്റു് പെരുകുന്ന മത്തികൾ! ആ ഒരു സാഹചര്യത്തിൽ കടലിലെ സുന്നികളും, ഷിയകളും, കത്തോലിക്കരും, പ്രോട്ടെസ്റ്റന്റുകളും, ബ്രാഹ്മണരും, ദളിതരുമെല്ലാം എവിടേക്കു് പോകും?
മുയലുകളുടെ കാര്യവും അതുപോലെ തന്നെ. വേട്ടക്കാരൻ കാടടച്ചു് വെടിവയ്ക്കുന്നതു് മുയലുകൾക്കു് സഹിക്കാൻ കഴിയുന്ന കാര്യമല്ല. വേട്ടക്കാരൻ കൃത്യമായി തന്റെ നെഞ്ചിലേക്കു് തന്നെ വെടിവയ്ക്കുന്നതാണു് ഏതു് മുയലിനും ഇഷ്ടം. ജിഹാദിയുടെ അന്ത്യസമയത്തെ അല്ലാഹു അക്ബർ വിളിപോലെ, “കൊള്ളാം സാറേ” എന്നു് വേട്ടക്കാരനോടു് ഞരങ്ങിക്കൊണ്ടു് അന്ത്യശ്വാസം വലിക്കാൻ കഴിയുക എന്നതാണു് ഏതൊരു മുയലിന്റെയും സായുജ്യം. ഭാരതീയൻ അതിനെ വിധിയെന്നോ, കർമ്മമെന്നോ ഒക്കെ വിളിയ്ക്കും. Destiny എന്നു് സായിപ്പു്. മാറ്റാൻ കഴിയാത്ത “Destiny”-യെ മോക്ഷം എന്നു് വിളിച്ചു് സ്വയം ആശ്വസിപ്പിക്കുക എന്നതു് ചില ഭാരതീയരുടെ കാഴ്ചപ്പാടിൽ “തത്വചിന്ത” പോലുമാണു്.
Brexit-ന്റെ കാര്യവും ഇതിൽ നിന്നും ഭിന്നമല്ല. ഗ്രേറ്റ് ബ്രിട്ടൺ “Brexit”-നു് തീരുമാനിച്ച സ്ഥിതിക്കു് അതിലേക്കു് നയിച്ച കാരണങ്ങൾ അപഗ്രഥനം ചെയ്യൽ വലിയ പ്രയാസമുള്ള കാര്യമല്ല. “Afterwards one is always wiser”. അതേസമയം, ആ തീരുമാനത്തിന്റെ പരിണതഫലങ്ങൾ പ്രവചിക്കുക എന്നതു് അത്രതന്നെ എളുപ്പമല്ല. അല്ലെങ്കിൽ നിങ്ങൾ “ലീനിയർ” ആയ ഒരു ചരിത്രഗതിയിൽ വിശ്വസിക്കുന്ന മാർക്സോ, ഇ. എം. എസോ, പ്രവാചകനോ, പ്രവാചകഭക്തനോ മറ്റോ ആയിരിക്കണം.
Jun 26, 2016, 9:42 AM
വെറ്റെറിനറി ഡോക്ടേഴ്സ് ഹോമിയോ ചികിത്സക്കു് തയ്യാറെടുക്കുകയാണെന്നു് വാർത്ത. ഹോമിയോ രീതിയിൽ മൃഗങ്ങളെ ചികിത്സിക്കാനാണു് അവർ ലക്ഷ്യമിടുന്നതെന്നു് തോന്നുന്നു. ഭാരതത്തിന്റെ തനതു് സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അവരുടെ ചികിത്സ മൃഗങ്ങളിൽ മാത്രമായി ഒതുക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്നാണെന്റെ അഭിപ്രായം. മൃഗങ്ങളെപ്പോലെതന്നെ മനുഷ്യരെയും ചികിത്സിക്കാനുള്ള അനുവാദം നിയമപരമായിത്തന്നെ വെറ്റെറിനറി ഡോക്ടേഴ്സിനു് നൽകേണ്ടതാണു്. അതുപോലെതന്നെ, മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടേഴ്സിനു് മൃഗങ്ങളെയും ചികിത്സിക്കാൻ അനുവാദം നൽകണം. ചികിത്സാരീതികളിൽ ഹോമിയോപ്പതി എന്നോ അല്ലോപ്പതിയെന്നോ ഉള്ള തരംതിരിവുകളുടെയൊന്നും യാതൊരു ആവശ്യവുമില്ല. പൊതുവേതന്നെ, ആയുർവേദം, സിദ്ധ, ഹോമിയോപ്പതി, യുനാനി, യോഗ (ASHUY) തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ആർക്കും ആരെയും എപ്പോഴും ചികിത്സിക്കാൻ കഴിയണം.
അങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും ഇല്ലാതിരിക്കുന്നതായിരിക്കും ഭാരതത്തിലെ ജനങ്ങൾക്കു് കൂടുതൽ ഇഷ്ടവും. ബ്രാഹ്മണൻ, ദളിതൻ തുടങ്ങിയ തരംതിരിവുകൾ പണ്ടേതന്നെ ഇഷ്ടമുള്ളവരല്ല അവർ. ആ നിലപാടു് അത്ര അർത്ഥശൂന്യമല്ലതാനും. ചങ്കും കരളും, എല്ലും പല്ലും. കണ്ണും മൂക്കുമെല്ലാം മനുഷ്യർക്കുള്ളതുപോലെതന്നെ മൃഗങ്ങൾക്കുമുണ്ടു്. അങ്ങനെയൊരു ആദ്ധ്യാത്മിക കാഴ്ചപ്പാടിൽ നിന്നു് നോക്കിയാൽ, മനുഷ്യൻ തന്നെ മൃഗം, മൃഗം തന്നെ മനുഷ്യൻ എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ആരെ, എന്തിനെ, എങ്ങനെ, എന്തുകൊണ്ടു് ചികിത്സിച്ചാലെന്തു് രോഗം മാറിയാൽ പോരേ എന്ന അവരുടെ ചോദ്യം അത്ര അന്യായമല്ലെന്നു് സാരം.
Jun 27, 2016, 11:09 AM
“ഒവ്വ!”
മലയാളിയുടെ ഒരു തനതു് പ്രയോഗം മറക്കാതിരിക്കാൻ സൂചിപ്പിച്ചെന്നേയുള്ളു.
Jun 27, 2016, 2:45 PM
കെമിക്കൽസ് കണ്ടുപിടിക്കുന്നതിനു് മുൻപു് ആളുകൾ 120 വയസ്സ് വരെ ജീവിച്ചിരുന്നെന്നു് കേരളസംസ്ഥാനത്തിലെ കൃഷി മന്ത്രി.
ചില സൂക്ഷ്മഭേദങ്ങൾ ഒഴിവാക്കിയാൽ മന്ത്രി പറഞ്ഞതിൽ വലിയ തെറ്റുണ്ടെന്നു് തോന്നുന്നില്ല. പഴയ സുവർണ്ണകാലത്തിൽ ആളുകൾ 120 വയസ്സു് വരെയല്ല, 120 വയസ്സിനു് മേൽ ജീവിച്ചിരിക്കുമായിരുന്നു. വരെ എന്നതിനു് പകരം, അതുക്കും മേലെ എന്നായിരുന്നെങ്കിൽ മന്ത്രിയുടെ പ്രസ്താവനയ്ക്കു് A+ ലഭിച്ചേനെ! സത്യചരിത്രങ്ങൾ സത്യവെളിപാടുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന സത്യഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ആർക്കും ഈ സത്യം മനസ്സിലാക്കാവുന്നതേയുള്ളു.
ബൈബിളിലെ ഒന്നാനാം മനുഷ്യനായ ആദാം 930 വർഷമാണു് ജീവിച്ചിരുന്നതു്. 130 വയസ്സുള്ളപ്പോഴാണു് ശേത്ത് എന്ന മൂന്നാമത്തെ മകനെ ആദാം ജനിപ്പിക്കുന്നതു്. അതിനു് മുൻപു് എപ്പോഴോ കയീൻ, ഹാബെൽ എന്ന രണ്ടു് മക്കളെയും ആദാം ജനിപ്പിച്ചിരുന്നു. പക്ഷേ, ഏതാനും ദശാബ്ദങ്ങൾക്കു് മുൻപത്തെ കേരളസമൂഹത്തിൽ എന്നപോലെതന്നെ, സൃഷ്ടിയും സംഹാരവുമെല്ലാം എപ്പോൾ എങ്ങനെ എന്നൊക്കെ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന രീതി, ചുരുങ്ങിയതു് ആദാമിന്റെ ആദ്യകാലത്തെങ്കിലും ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. ചരിത്രഗതി ഈവിധം ആവുമെന്നൊക്കെ ഗണിക്കാൻ അന്നു് ജ്യോതിഷികളില്ലായിരുന്നല്ലോ. ഈ ശേത്ത് 912 വർഷം ജീവിച്ചു. 105 വയസായപ്പോൾ ശേത്ത് എനോശിനെ ജനിപ്പിച്ചു. അങ്ങനെ ഏറിയോ കുറഞ്ഞോ ഒൻപതു് നൂറ്റാണ്ടുകൾവീതം ജീവിച്ച തലമുറകളിലെ ഒരു കണ്ണിയാണു് മഹാപ്രളയകാലത്തെ നോഹ. ശേം, ഹാം, യാഫെത്ത് എന്ന തന്റെ മൂന്നു് ആണ്മക്കളെ നോഹ ജനിപ്പിക്കുന്നതു് അഞ്ഞൂറു് വയസ്സു് കഴിഞ്ഞ ശേഷമാണു്. ആദാമിനെയും ശേത്തിനേയുമൊക്കെ വച്ചു് നോക്കുമ്പോൾ മക്കളെ ജനിപ്പിക്കുന്ന കാര്യത്തിൽ നോഹ അത്ര ഉത്സാഹിയല്ലായിരുന്നിരിക്കണം. മനുഷ്യർ ആയിരം വർഷമൊക്കെ ജീവിക്കുന്ന ലോകത്തിൽ എന്തിനു് ധൃതി പിടിക്കണം എന്നു് കരുതിയാണോ നോഹ അമാന്തിച്ചതു് എന്നറിയില്ല. അതെന്തായാലും, ആ കാലഘട്ടത്തിലാണു് ദൈവമായ യഹോവ മനുഷ്യരുടെ ആയുസ്സു് 120 വർഷമായി ചുരുക്കാൻ തീരുമാനിച്ചതു്. ബൈബിളിലെ മറ്റു് ആരംഭകാലപിതാക്കൾ എത്രയെത്ര നൂറ്റാണ്ടുകൾ വീതമാണു് ജീവിച്ചിരുന്നതു് എന്നറിയേണ്ടവർക്കു് ഉല്പത്തി അഞ്ചാം അദ്ധ്യായം വായിച്ചു് ജ്ഞാനദാഹം ശമിപ്പിക്കാം.
മനുഷ്യരുടെ വയസ്സിന്റെ കാര്യത്തിൽ ബൈബിളിനെ കടത്തിവെട്ടുന്നതാണു് ഭാരതീയരുടെ പുരാണങ്ങൾ. അവിടെ ചിലർക്കൊന്നും മരണമേയില്ല. ചിരമായി ജീവിക്കുന്നവരാണവർ! പുരാണങ്ങൾ പരതിയാൽ മിനിമം ഒരു അയ്യരുകളിക്കുള്ള ചിരഞ്ജീവികളെയെങ്കിലും കണ്ടെത്താൻ ബുദ്ധിമുട്ടു് വരില്ല. ചിരഞ്ജീവി കരുണാനിധി, ചിരഞ്ജീവി വീരപാണ്ഡ്യകട്ടബൊമ്മൻ എന്നൊക്കെ ബഹുമാനസൂചകമായി വിശേഷിപ്പിക്കപ്പെടുന്ന ചിരഞ്ജീവികളല്ല, കല്ലിൽ വച്ചു് ചതച്ചാലും ചാകാത്ത, വേണമെങ്കിൽ യേശുവിനോടോ മറ്റോ മാത്രം താരതമ്യം ചെയ്യാൻ കഴിയുന്ന, എന്നെന്നേക്കും ജീവിക്കുന്ന സാക്ഷാൽ ചിരഞ്ജീവികൾ!
പാമ്പു് കടിയേറ്റും, വിഷഫലങ്ങളും വിഷക്കൂണുകളും മറ്റും തിന്നും മനുഷ്യർ പണ്ടും തട്ടിപ്പോയിട്ടുണ്ടു്. പക്ഷേ, “കെമിക്കൽസ്” കണ്ടുപിടിക്കുന്നതിനു് മുൻപു് അവയിലെ കെമിക്കൽസ് ആണു് ഘാതകർ എന്നു് ആർക്കുമറിയുമായിരുന്നില്ല എന്നേയുള്ളു. പാമ്പു് കടിച്ചു, തട്ടിപ്പോയി, അത്രതന്നെ! തട്ടിപ്പോയവനോ, അവന്റെ കഴിഞ്ഞുപോയ തലമുറകളിൽ പെട്ട ആരെങ്കിലുമോ ചെയ്തതും, ഉടനടി ശിക്ഷ നൽകാൻ എന്തുകൊണ്ടോ ആരാധനാമൂർത്തിക്കു് കഴിയാതെ പോയതുമായ പാതകത്തെപ്പറ്റി കൃത്യമായ വിവരം കൈവശമുള്ള ഒന്നോ രണ്ടോ സഹൃദയരെ ഏതു് സമൂഹത്തിലും കാണാനാവും. അവരുടെ സാക്ഷ്യം വഴി പാമ്പുകടിയേറ്റു് അവൻ മരിക്കേണ്ടിവന്നതിന്റെ പിന്നിലെ ദൈവനീതി പൊതുവിനു് ബോദ്ധ്യപ്പെടും. ആരാധനാമൂർത്തിയുടെ കോപശമനം! ജനം അതോടെ സംതൃപ്തരായി പിറ്റേന്നു് മുതൽ പതിവുപോലെ വാഴ നടാനായി പറമ്പിലേക്കു് പോകും.
കെമിക്കൽസ് കണ്ടുപിടിക്കുന്നതിനു് മുൻപു് ആളുകൾ 120 വയസ്സ് വരെ ജീവിച്ചിരുന്നു എന്നൊരു “മിനിമലിസ്റ്റ്” പ്രസ്താവന കേൾക്കുമ്പോൾ അതിനു് മുൻപു് കെമിക്കൽസേ ഇല്ലായിരുന്നു എന്നൊരു ധാരണ ജനത്തിനുണ്ടായിക്കൂടെന്നില്ല. പരിധിവിട്ടു് പട്ടയടിച്ചു് പാമ്പാവുന്ന ഏർപ്പാടു് മനുഷ്യരുടെയിടയിൽ പണ്ടും ഉണ്ടായിരുന്നു. “C2H6O” എന്നൊരു കെമിക്കലാണു് പട്ട/ആൽക്കഹോൾ. മേൽപ്പറഞ്ഞ നോഹ തന്നെ പ്രളയശേഷം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി വീഞ്ഞുകുടിച്ചു് ബോധം കെട്ടു് തുണിയില്ലാതെ കിടന്നുറങ്ങിയിരുന്നു എന്നും, ഹാം എന്ന മകൻ അവന്റെ നഗ്നത കണ്ടു എന്നും, അതിന്റെ പേരിൽ നോഹ ഹാമിന്റെ മകനായ കനാനെ ശപിച്ചു എന്നുമൊക്കെ ബൈബിൾ വിവരിക്കുന്നുണ്ടു്. നഗ്നത കണ്ടവനെയല്ല, അവന്റെ മകനെയാണു് നോഹ ശപിക്കുന്നതു്! ഈ നോഹ മാത്രമായിരുന്നു ഭൂമിയിലെ ഒരേയൊരു നല്ലവൻ എന്നതുകൊണ്ടാണു് ലോകത്തിലെ സകല പാപികളെയും പ്രളയത്തിൽ മുക്കിക്കൊന്നപ്പോൾ അവനേയും കുടുംബത്തേയും മാത്രം യഹോവ പെട്ടകത്തിൽ കയറ്റി രക്ഷപെടുത്തിയതു് എന്നോർത്താലേ ദൈവികമായ നീതിയുടേയും ദീർഘദൃഷ്ടിയുടേയും സർവ്വജ്ഞാനത്തിന്റേയും ആ കുളിരുകോരൽ നമുക്കു് അനുഭവപ്പെടൂ.
വീഞ്ഞുകുടിച്ചു് എന്നതിനു് പകരം, “C2H6O”-യുടെ ദുരുപയോഗം മൂലമാണു് നോഹ പാമ്പായി കിടന്നതു് എന്നെഴുതാൻ ബൈബിൾ എഴുത്തുകാരനു് കഴിയുമായിരുന്നില്ല. കാരണം, ആൽക്കഹോളിന്റെ ഫോർമ്യുല C2H6O ആണെന്നു് അക്കാലത്തു് ബൈബിൾ കഥാകൃത്തിനും, തന്മൂലം യഹോവയ്ക്കും അറിയുമായിരുന്നില്ല. ഇതുപോലുള്ള (പഴയതോ പുതിയതോ ആയ) മിക്കവാറും എല്ലാ സത്യകഥകൾക്കും പ്രസ്താവനകൾക്കും കമന്ററികൾക്കും ഒരു ഗുണപാഠമുണ്ടാവും. അതു് നല്ലതാണു്. വല്ലതുമൊക്കെ പഠിക്കാൻ പറ്റും. ബോധം കെട്ടു് നഗ്നനായി ഉറങ്ങിയിരുന്ന നോഹ അണ്ടർവെയർ ധരിച്ചിരുന്നില്ല എന്നതാണു് നോഹക്കഥയുടെ ഗുണപാഠം.
May 2016
May 2, 2016, 5:16 PM
കാലം കഴിഞ്ഞവയെ മനുഷ്യർക്കു് പൊതുവെ അത്ര ഇഷ്ടമല്ല. പക്ഷേ, ഇതു് എല്ലാ കാര്യങ്ങൾക്കും ബാധകമല്ല. ധാരാളം കാര്യങ്ങൾ ഇതിനു് അപവാദമായുണ്ടു്. പഴയകാല മാസ്റ്റേഴ്സിന്റെ പെയ്‌ന്റിങ്സ്, ഓൾഡ്-റ്റൈമർ ഓട്ടൊമൊബൈൽസ് തുടങ്ങിയവയ്ക്കെല്ലാം ധാരാളം ആരാധകരുണ്ടു്. മതഗ്രന്ഥങ്ങൾ, പ്രത്യയശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ അവയിൽ വിശ്വസിക്കുന്നവർക്കു് അനന്തമായ മൂല്യമുള്ളവയാണു്. ദൈവത്തിന്റെ വിശുദ്ധമായ വചനങ്ങൾ എഴുതിവച്ചിരിക്കുന്ന ഗ്രന്ഥത്തിന്റെ താളുകളെ തന്റെ അളിഞ്ഞ കൈകൊണ്ടു് തൊട്ടാൽ അവ അശുദ്ധമാകുമെന്ന ഭയം മൂലം അവ ഒരിക്കലും തുറന്നിട്ടില്ലാത്ത ഭക്തരെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. പണമുള്ള ഭക്തർ അവരുടെ വിശുദ്ധഗ്രന്ഥത്തെ ശുദ്ധിയുള്ള മൃഗത്തിന്റെ തോലിൽ പൊതിഞ്ഞു് സ്വർണ്ണം കെട്ടി ഭദ്രമായി സൂക്ഷിക്കാൻപോലും ശ്രദ്ധിക്കാറുണ്ടു്. പഴകുംതോറും വീര്യവും വിലയും വർദ്ധിക്കുന്ന മദ്യങ്ങളുണ്ടു്. മലയാളികളാണെങ്കിൽ പാമ്പുകളിലും പഴയതാണു് നല്ലതെന്നു് കരുതുന്നവരാണു്. പക്ഷേ, മനുഷ്യരുടെ വാർദ്ധക്യത്തിന്റെ കാര്യത്തിൽ ഒരുതരം ആമ്പിവലെന്റ് നിലപാടു് പുലർത്താനാണു് അവർ ഇഷ്ടപ്പെടുന്നതു്. പ്രായമായവരെ പ്രയോജനമൂല്യം അനുസരിച്ചു് റോഡ്സൈഡിൽ തട്ടേണ്ടവരെന്നും മഞ്ചലിൽ ചുമന്നുകൊണ്ടു് നടക്കേണ്ടവരെന്നും തരം തിരിക്കുന്നതാണു് കേരളത്തിൽ പൊതുവെ കണ്ടുവരുന്ന രീതി. അന്യരെന്നോ, സ്വന്തമെന്നോ, മാതാപിതാക്കളെന്നോ ഉള്ള വ്യത്യാസം അക്കാര്യത്തിലില്ല. വൃദ്ധരെ എന്തു് ചെയ്യണം എന്ന കാര്യത്തിൽ കോസ്റ്റ്-ബെനിഫിറ്റ് അനാലസിസ് ആണു് മലയാളികളെ നയിക്കുന്ന മാർഗ്ഗരേഖ. സമ്പൂർണ്ണസാക്ഷരതയുടെ, അഥവാ തറനിലത്തെഴുത്തിന്റെ ഗുണം.
മൃതപ്രായരായാലും ജനങ്ങളുടെയിടയിൽ ഡിമാൻഡ് നശിക്കാത്ത രണ്ടു് കൂട്ടരാണു് സ്വപക്ഷത്തെ രാഷ്ട്രീയക്കാരും സ്വമതത്തിലെ ആത്മീയരും. ആദ്യത്തെ വിഭാഗം, അവരെ മുന്നിൽ നിർത്തിയാൽ ഇഹലോകജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞേക്കാവുന്ന നേട്ടങ്ങളുടെ പേരിലും, രണ്ടാമത്തെ വിഭാഗം, അവരെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിൽ മരണാനന്തരജീവിതത്തിൽ ഉണ്ടായേക്കാവുന്ന കോട്ടങ്ങളോടുള്ള ഭയത്തിന്റെ പേരിലും അനുയായികളാൽ ആദരിക്കപ്പെടുന്നു. അനുയായികൾ പ്രകടിപ്പിക്കുന്ന ഈ ആദരവു് മാനുഷികമായ ഒരു സ്വഭാവഗുണമാണെന്നൊന്നും കരുതണ്ട. ഇഹത്തിലും പരത്തിലും സ്വന്തംകാര്യം കാണാനുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണതു്. മനുഷ്യത്വവുമായി അതിനു് കാര്യമായ ബന്ധമൊന്നുമില്ല. കിട്ടുന്ന ഏതു് അവസരത്തിലും സ്വപക്ഷത്തോടു് പ്രകടിപ്പിക്കുന്ന ആദരവിന്റെ അത്രതന്നെ അളവിലോ അതിൽ കൂടുതലോ അവഹേളനം എതിർപക്ഷത്തോടു് പ്രകടിപ്പിക്കാൻ മടിയില്ലാത്തവരാണു് ഇപ്പറഞ്ഞ അനുയായികൾ എല്ലാവരുംതന്നെ.
ഏതായാലും, വേണ്ടപ്പെട്ടവരെ മരിക്കുവോളം പുകഴ്ത്തിപ്പറയുക, പൊക്കിക്കൊണ്ടു് നടക്കുക, മരിച്ചാൽ, ഒന്നുകിൽ ഉപ്പിലിട്ടുണക്കി സർവ്വാഭരണവിഭൂഷിതമായി പിരമിഡുകൾക്കുള്ളിൽ പ്രതിഷ്ഠിച്ചു് ശവക്കല്ലറമോഷ്ടാക്കളെ ആകർഷിക്കുക, അല്ലെങ്കിൽ എംബാം ചെയ്തു് മിനുക്കി മൗസൊളിയത്തിൽ സൂക്ഷിച്ചു് പോലീസിനെയോ പട്ടാളത്തെയോ സ്ഥിരമായി കാവൽ നിർത്തി, മൃതന്റെ ഐഡിയോളജിയെ പുറംകാലിനു് തൊഴിക്കാൻ മടിക്കാത്ത പ്രതിലോമകാരികളിൽ നിന്നും സംരക്ഷിക്കുക, അതുമല്ലെങ്കിൽ പ്രതിമകളാക്കി നാൽക്കവലകൾ തോറും കുത്തിനിർത്തി, തൂറാൻമുട്ടി ടോയ്ലെറ്റ് തേടുന്ന പ്രാവുകളെയും കാക്കകളെയും സഹായിക്കുക, മരിച്ചവർ ആത്മീയരാണെങ്കിൽ (സത്യത്തിൽ ആത്മീയർ മരിക്കുകയല്ല, കാലം ചെയ്യുകയോ, സമാധിയടയുകയോ ഒക്കെയാണു് ചെയ്യുന്നതു്) അവരുടെ ശവമഞ്ചം തെരുവിലൂടെ ചുമന്നുകൊണ്ടുനടന്നു് “നഗരി കാണിക്കുക” തുടങ്ങിയ ഏർപ്പാടുകൾക്കുവേണ്ടി എത്രവേണമെങ്കിലും കഷ്ടപ്പെടാൻ സ്വപക്ഷസ്നേഹം മൂലം ഇക്കൂട്ടർക്കു് മടിയില്ല. ഇൻഡ്യ, ഈജിപ്റ്റ്, ക്യൂബ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ പരിശോധിച്ചാൽ, ആരാധനാബദ്ധമായ ഈ ആർഭാടങ്ങളിൽപെട്ട ഒരിനമോ അല്ലെങ്കിൽ മറ്റൊരിനമോ കണ്ടെത്താൻ പുരാവസ്തുഗവേഷകർക്കു് പ്രയാസമുണ്ടാവില്ല.
എംബാം ചെയ്യൽ, ഉപ്പിലിട്ടുണക്കൽ, നഗരി കാണിക്കൽ തുടങ്ങിയ മരണാനന്തര പീഡനങ്ങൾക്കു് അല്പം അയവു് വന്നിട്ടുണ്ടെങ്കിലും, കാര്യം കാണാൻ വയസ്സൻകാലും പിടിക്കണമെന്നയിനം കൊട്ടിയാടലുകൾക്കു് ഇന്നും ഭാരതീയരുടെയിടയിൽ ആവശ്യക്കാർ കുറഞ്ഞിട്ടില്ല. ഇലക്ഷൻകാലങ്ങളിൽ ക്രമാതീതമായി വർദ്ധിക്കാറുള്ള ഈവിധ മഞ്ചലോട്ടങ്ങൾ ഈ വസ്തുതയെ ശരി വയ്ക്കുന്നുണ്ടു്. സിൽമയിൽ രാജാപ്പാർട്ടുകളൊക്കെ കണ്ടു് ശീലിച്ചിട്ടുള്ളതുകൊണ്ടാവാം, ജനങ്ങളുടെ അധിപതികളെ ചെല്ലും ചെലവും കൊടുത്തു് തീറ്റി മെഴുപ്പിക്കലും, പൂവിട്ടു് പൂജിക്കലുമാണു് ജനാധിപത്യം എന്നു് കരുതുന്നവരാണു് അധികം ഭാരതീയരും. അതുകൊണ്ടു്, അറുപതോ എഴുപതോ വർഷങ്ങളായി കേട്ടു് ശീലിച്ച സുന്ദരവാഗ്ദാനങ്ങൾ മൂത്തുപഴകിയ നേതാക്കളിൽ നിന്നുതന്നെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആന്റിക്വിറ്റിയോടുള്ള അടങ്ങാത്ത സ്നേഹം മൂലം, പരിശുദ്ധാത്മാവിനെ സ്വീകരിച്ച പെന്തക്കൊസ്തുകാരെപ്പോലെ, നവജീവൻ ഉൾക്കൊണ്ടു് പണ്ടത്തേക്കാൾ കൂടുതൽ ആവേശഭരിതരായി അന്യഭാഷകളിൽ ആർപ്പിടാൻ ജനം തയ്യാറാവുന്നു. പരിശീലിപ്പിച്ചെടുത്ത ഈ വിധേയത്വം മൂലമാണു്, ജനാധിപത്യത്തിൽ അധികാരികളായിരിക്കേണ്ട ജനം അവരുടെ ന്യായമായ അവകാശങ്ങൾക്കു് വേണ്ടി – അവ ജനസേവകരുടെ പക്ഷത്തു് നിന്നുള്ള ഔദാര്യങ്ങളായാലെന്നപോലെ – അവരുടെ മുന്നിൽ വാക്കൈ പൊത്തി നിൽക്കാനും, അതൊരു സ്വാഭാവികതയായി കരുതി നിശ്ശബ്ദം സഹിക്കാനും തയ്യാറാവുന്നതു്.
ജനം ബോധവത്കരിക്കപ്പെടാത്തിടത്തോളം, തനിക്കുതന്നെ മനസ്സിലാകാത്ത സങ്കീർണ്ണമായ സാമൂഹികപ്രശ്നങ്ങളുടെ പരിഹാരമെന്നോണം ആത്മീയമോഡലിലുള്ള ശരിയാക്കൽ മന്ത്രങ്ങളും, കൈവയ്പുചികിത്സകളും, ഓതിയൊഴിപ്പിക്കലുകളും കാണിച്ചു് അവരുടെ കണ്ണിൽ പൊടിയിട്ടു് അധികാരക്കസേരയിൽ എത്തിപ്പെടാനുള്ള നേതാക്കളുടെ ശ്രമം പതിവുപോലെ തുടർന്നുകൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഓരോ ഇലക്ഷൻ പ്രചാരണവും ഈ വസ്തുത ആവർത്തിച്ചു് ഉറപ്പിക്കുക മാത്രമാണു് ചെയ്യുന്നതു്.
May 3, 2016, 9:12 AM
ഓരോ ക്രിമിനൽ കുറ്റകൃത്യം സംഭവിക്കുമ്പോഴും കുറെ വിഭാഗം ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ജാഥ നയിക്കുകയും ചെയ്താലേ പ്രതി(യെ)കളെ കണ്ടെത്താനും നിയമാനുസൃതമായ ശിക്ഷ നൽകാനുമുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നാണെങ്കിൽ, പോലീസ് ഫോഴ്സിനെ പിരിച്ചുവിടുന്നതാവും നല്ലതു്. ധാർമ്മികബോധം ഉള്ളവരാണു് സാധാരണഗതിയിൽ പ്രതിഷേധജാഥകൾ നയിക്കാറുള്ളതെന്നതിനാൽ, ജാഥയുടെ മുൻനിരക്കാർ സ്വയമേവ ഒരു ടീം രൂപീകരിച്ചു് കേസന്വേഷണം നടത്തിയാൽ അതു് കൂടുതൽ കാര്യക്ഷമമായിരിക്കുംതാനും. രാഷ്ട്രീയമോ മതപരമോ മറ്റിനമോ ആയ സ്ഥാപിതതാല്പര്യങ്ങൾ ഇല്ലാത്തവരാണു് അവരെങ്കിൽ, “മുകളിൽ നിന്നുള്ള ഇടപെടലുകൾ” ഉണ്ടാവുകയില്ല, ഉണ്ടായാൽത്തന്നെ അതു് വകവയ്ക്കേണ്ട കാര്യവുമില്ല. മുകളിൽ നിന്നുള്ള ഇടപെടലുകൾ ഇല്ലാതെ കേസുകൾ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ട പഠനവും പരിശീലനവും പോലീസ് ഫോഴ്സിനു് നൽകാനാവുന്നില്ലെങ്കിൽ അങ്ങനെയൊരു പരിപാടിയേ വേണ്ടെന്നു് വയ്ക്കുന്നതല്ലേ നല്ലതു്? അതു് ഖജനാവു് കാലിയാകാതിരിക്കാൻ സഹായിക്കും. മാത്രവുമല്ല, ഓരോ കുറ്റകൃത്യങ്ങളേയും സ്വപക്ഷമുന്നേറ്റത്തിനു് മുതൽക്കൂട്ടാക്കി മാറ്റാൻ രാഷ്ട്രീയസ്വയംസേവാത്തൊഴിലാളികൾക്കും അതു് നല്ലൊരു സഹായമായിരിക്കും.
May 4, 2016, 10:00 AM
എത്ര പുരോഗമിച്ച സമൂഹങ്ങളിലും ഏതാനും ഡോഗ്മാറ്റിക് ഇഡിയറ്റ്സ് ഉണ്ടാവും. ഏതു് ഇൻപുട്ട് നൽകിയാലും “സമഗ്രമായ” പ്രോസെസിങ്ങിനു് ശേഷം ഔട്ട്പുട്ടായി ഒരുകൊട്ട അമേധ്യവും, ബോണസായി കുറെ ഹാ ഹാ ഹാ കളും മാത്രം ഡെലിവെർ ചെയ്യാനല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത കുറേ ദയനീയാത്മാക്കൾ. ഉദാഹരണത്തിനു്, സ്വീഡൻ എന്നു് കേട്ടാൽ അതുമായി ശവഭോഗത്തെ മാത്രം അസോസിയേറ്റ് ചെയ്യാൻ കഴിയുന്ന “സർവ്വതന്ത്രസ്വതന്ത്രചിന്തകർ”! ബലാൽസംഗമെന്നു് കേട്ടാൽ അതു് ചെയ്തതു് യുക്തിവാദിയോ നാസ്തികനോ ആവാനേ വഴിയുള്ളു എന്നു് ഊഹിച്ചുകളയുന്ന റിലീജ്യസ് ഇഡിയറ്റ്സ്! കൊലപാതകമെന്നു് കേട്ടാൽ അതിന്റെ ഉത്തരവാദിത്വം ശത്രുപക്ഷത്തിന്റെ തലയിൽ വച്ചുകെട്ടാതെ ഉറക്കം വരാത്ത പൊളിറ്റിക്കൽ ഇഡിയറ്റ്സ്! എക്സ്റ്റ്രീമുകളിലൂടെയല്ലാതെയുള്ള ഒരു ചിന്ത അസാദ്ധ്യമായ ഈവിധ ലളിതഘടനാസ്തിത്വങ്ങൾ തനിക്കു് ചുറ്റും സ്വയം കെട്ടിപ്പൊക്കിയ കൽത്തുറുങ്കിന്റെ മതിലുകളാണു് പ്രപഞ്ചത്തിന്റെ അതിരുകളെന്ന ഉത്തമബോദ്ധ്യത്തിൽ അഭിരമിക്കുന്നവരാണു്. കുക്കൂണിൽ നിന്നും ഒരിക്കലും മോചനം ആഗ്രഹിക്കാത്ത ഇത്തരം ഇഡിയോട്ടിക് പ്യൂപ്പകളെക്കൂടി “നന്നാക്കിയിട്ടേ” സമൂഹത്തിന്റെ പുരോഗതിക്കു് വേണ്ടി ശ്രമിക്കാവൂ എന്നാണെങ്കിൽ, സാമൂഹിക പുരോഗതി എന്നതു് ഗണപതിയുടെ കല്യാണം പോലെയോ, മാർക്സിയൻ “നല്ല നാളെ” പോലെയോ ഒരു യുട്ടോപ്പിയ ആയി അവസാനിക്കുകയേയുള്ളു. വസ്തുത ഇതാണെന്നിരിക്കെ, ഒരു സമൂഹത്തിൽ ബഹുഭൂരിപക്ഷവും ഐഡിയോളജിക്കൽ ഇഡിയറ്റ്സ് ആയാലത്തെ അവസ്ഥ (ബാക്കിയുള്ളവർക്കെങ്കിലും) ആലോചിക്കാവുന്നതേയുള്ളു.
May 6, 2016, 9:45 AM
അക്ഷയജട്ടീയയെപ്പറ്റി എന്തെന്തു് തെറ്റിദ്ധാരണകളാണു് മലയാളക്കരയിലെ യൂണിവേഴ്സിറ്റി പ്രൊഫസ്സേഴ്സിന്റെ ഇടയിൽ പോലും നിലവിലുള്ളതെന്ന നഗ്നയാഥാർത്ഥ്യം എനിക്കു് മനസ്സിലായതു് ഇന്നു് ഫെയ്സ്ബുക്കിലെ ഒരു കമന്റ് കണ്ടപ്പോഴാണു്. അക്ഷയതൃതീയയെ കളിയാക്കാനാണത്രെ “അക്ഷയജട്ടീയ” എന്നൊരു ആഘോഷദിനം ജട്ടിപൂജക്കായി ഡിങ്കോയിസ്റ്റുകൾ നീക്കിവച്ചിരിക്കുന്നതു്! വള്ളിയിൽ തൂങ്ങിക്കിടക്കുന്ന എമണ്ടൻ കുമ്പളങ്ങകൾ കണ്ടു്, “മേൽക്കാച്ചിങ്ങ ഇത്രേമൊണ്ടെങ്കി കീഴ്ക്കാച്ചിങ്ങ എന്തൊണ്ടളിയാ” എന്നു് അത്ഭുതപ്പെട്ടു് കുമ്പളത്തിന്റെ വേരു് മാന്തിയ രണ്ടു് മലയാളി അളിയന്മാരുടെ “കാച്ചിൽകഥ” പോലെ, പ്രധാന അദ്ധ്യാപകരുടെ മേൽക്കാച്ചിങ്ങാതെറ്റിദ്ധാരണകൾ ഇത്രേം വലുതാണെങ്കിൽ നിരക്ഷരകുക്ഷികളായ സാദാ വോട്ടർമാരുടെ കീഴ്ക്കാച്ചിങ്ങാതെറ്റിദ്ധാരണകൾ എത്രമാത്രം വലുതും ഭീകരവുമായിരിക്കും!?
“അക്ഷയജട്ടീയ” എന്നാൽ ഡിങ്കന്റെ മുദ്രയുള്ള ജട്ടി വാങ്ങി ധരിക്കുന്നവർക്കു് (വിലകൊടുത്തു് വാങ്ങിയതായിരിക്കണം. മോഷ്ടിച്ചതായാൽ ഫലം വിപരീതമാവും) ഒരിക്കലും ക്ഷയിക്കാത്ത അനുഗ്രഹങ്ങൾ ഡിങ്കഭഗവാൻ വാരിക്കോരി നൽകുന്ന ദിവസമാണു്. ധനവും മാനവും പെരുകാനും ക്ഷയം വരാതിരിക്കാനും ഡിങ്കഭക്തർ ആചരിക്കുന്ന ഒരു പുണ്യദിനം. യൂണിവേഴ്സിറ്റി പ്രൊഫസ്സറന്മാരെ വരെ ഇത്തരം “സില്ലി മാറ്റേഴ്സ്” പഠിപ്പിക്കണം എന്നു് വന്നാൽ, കേരളത്തെ മാനസികരോഗവിമുക്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മനുഷ്യർക്കു് ഗോവിന്ദച്ചാമിമാരെയും, രാഷ്ട്രീയനേതാക്കളെയും, മതപണ്ഡിതരെയും ചികിത്സിക്കാൻ നേരം കിട്ടുമോ?
May 6, 2016, 10:14 AM
ഏതാനും “V. I. P” -കൾക്കു് ഉണ്ടായിരുന്ന ഗൺമാൻ സംരക്ഷണം (വെടിക്കാരൻ അകമ്പടി എന്നായിരുന്നെങ്കിൽ ജനത്തിനു് കാര്യം എളുപ്പം പിടികിട്ടിയേനെ!) ഗവണ്മെന്റ് എടുത്തുകളഞ്ഞത്രെ! ആ “V. I. P” -കളിൽ നിന്നും ജനങ്ങൾക്കു് മേലിൽ അപായമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നു് ഗവണ്മെന്റിനു് തോന്നിക്കാണണം.
May 10, 2016, 8:31 AM
“അവശന്മാരാർത്തന്മാർ ആലംബഹീനന്മാരവരുടെ സങ്കടമാരറിവാൻ?”
ഒണ്ടൊണ്ടു് അറിവാനാളൊണ്ടു്. “ഉമിനീരിറക്കാതെ ചാവുമ്പോൾ ഉദകക്രിയപോലും ചെയ്യേണ്ട ആവശ്യമില്ലാത്ത ആ ആർദ്രചിത്തരുടെ” (കേൾക്കുമ്പോൾത്തന്നെ മലയാളികളുടെ കണ്ണുകളിൽ – ഇടതു് കണ്ണിലും വലതു് കണ്ണിലും – മൂത്രം നിറയാനായി കവി കഷ്ടപ്പെട്ടു് തയ്യാറാക്കിയ ഹൃദയഭേദകമായ വിശേഷണങ്ങൾ!) സങ്കടം അറിയാൻ കഴിയുന്ന മനുഷ്യസ്നേഹികളായ നേതാക്കൾ ഇന്നുമുണ്ടു്. “അപഹാസപാത്രങ്ങളായ” ആ അടിയാളന്മാർ മേലാളന്മാരുടെ മാതൃകയിൽ പതിവായി ഹർത്താൽ ആചരിക്കാറില്ലാത്തതുകൊണ്ടു് ശുഭ്രവസ്ത്രധാരികളായ ആ നല്ല സമരിയാക്കാരന്മാരെയും -കാരികളെയും മനസ്സിലാക്കാൻ അത്ര എളുപ്പം ആർക്കും കഴിയാറില്ലെന്നേയുള്ളു.
(കവിതാരചന: ചങ്ങമ്പുഴ കൃഷ്ണപിള്ള. കവിതയുടെ പേരു്: വാഴക്കുല അഥവാ തേങ്ങാക്കൊല)
May 10, 2016, 10:03 AM
നാടകമേ ഉലകം! കർട്ടനുയരുമ്പോൾ സിംഹാസനത്തിൽ തൊലി വെളുത്ത രാജാപ്പാർട്ടു്! “തൊലി വെളുത്ത” എന്നാൽ ലണ്ഡൻ സായിപ്പിന്റെ അത്രത്തോളം വെളുത്തതു് എന്നു് അർത്ഥമില്ല. കണ്ണൂരും കോഴിക്കോട്ടും കൊല്ലത്തും ചങ്ങനാശേരിയിലും പാലായിലുമൊക്കെ കാണുന്നയിനം മനുഷ്യത്തൊലികളുടെ വെളുപ്പു് എന്നു് കരുതിയാൽ മതി. “ഊരും പേരും ഇല്ലാത്തവർ” എന്നു് കേട്ടാൽ നാടും നാമവും ഇല്ലാത്തവർ എന്നല്ല, “ഈരും പേനും ഇല്ലാത്തവർ” എന്നല്ലേ നമ്മൾ കരുതാറുള്ളു? അതുപോലെതന്നെ.
ശീല പൊങ്ങിക്കഴിയുമ്പോൾ രാജാപ്പാർട്ടു് ഗർജ്ജിക്കുന്നു: “ആരവിടെ?”. തൊലികറുത്ത ഒരു ഭടപ്പാർട്ടു് ഭയഭക്ത്യാദരവുകളോടെ പ്രവേശിച്ചു് വണങ്ങുന്നു. “തൊലി കറുത്ത” എന്നാൽ ആഫ്രിക്കയിലെ ഇദി അമീന്റെ അത്രത്തോളം കറുത്തതു് എന്നർത്ഥമില്ല. കണ്ണൂരും കോഴിക്കോട്ടും കൊല്ലത്തും ചങ്ങനാശേരിയിലും പാലായിലുമൊക്കെ കാണുന്നയിനം മനുഷ്യത്തൊലികളുടെ കറുപ്പു് എന്നു് കരുതിയാൽ മതി. ഭടപ്പാർട്ടു് വിനയനും കുനിയനുമായി അറിയിക്കുന്നു: “അടിയൻ”. രാജൻ വീണ്ടും: “അടിയവനെ!” അടിക്കാൻ മറ്റാരെയും കാണാത്തതിനാൽ ഭടപ്പാർട്ടു് തന്നെത്താൻ അടിച്ചു് കൊല്ലുന്നു. ചത്തു് വീഴുന്നു. ശീല താഴുന്നു. ശുഭം!
ഇത്തരം നാടകങ്ങൾ ഒരു കിടിലൻ അവതരണഗാനത്തോടെ ആയിരിക്കും ആരംഭിക്കുക. വയലാറിന്റെ വക “ബലികുടീരങ്ങൾ” എന്ന പാട്ടു് ആ വകയിലെ ഒരു തട്ടു് തകർപ്പൻ ആയിരുന്നു. കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ സകല രോമങ്ങളും ശത്രുവിനെക്കണ്ട മുള്ളൻപന്നിയെപ്പോലെ എഴുന്നു് നിൽക്കുന്ന ടൈപ്പ് പാട്ടു്!
“ബലികുടീരങ്ങളേ…………….
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തീ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ”
“ഹിമഗിരിമുടികൾ കൊടികളുയർത്തിയ”, “കടലുകൾ പടഹമുയർത്തിയ” അക്കാലത്തു് സിന്ദൂരവും താമരയും ബി ജെ പിയിൽ ചേർന്നിട്ടുണ്ടായിരുന്നില്ല. ങാ, അതൊക്കെ ഒരു കാലം!
പുല്ലിംഗത്തിനു് പരിക്കൊന്നും പറ്റാത്ത വിധം ആരെങ്കിലും എന്നെ കൊല്ലുന്നതു് അത്ര വലിയ ഒരു പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ലിംഗമില്ലാത്ത പുരുഷൻ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതു് മഹാ നാണക്കേടാണെന്നാണു് എന്റെ പക്ഷം. കാരണം, മുഹമ്മദുനബി പറഞ്ഞതു് ശരിയാണെങ്കിൽ, ഒരു പുരുഷൻ ചത്തു് സ്വർഗ്ഗീയറെഡ്സ്ട്രീറ്റിലെ മദ്യപ്പുഴബാറുകളിൽ എത്തുമ്പോൾ ഒന്നോ രണ്ടോ അല്ല, 72 യുവസുന്ദരികളായിരിക്കും അവന്റെ “തോട്ടത്തിന്റെ നടുവിൽ” ആദാമിന്റെ കാലത്തേതന്നെ അല്ലാഹു വിലക്കിയ ആ വൃക്ഷം – നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം – നിൽക്കുന്നുണ്ടോ എന്നറിയാനായി ഇമ വെട്ടാതെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതു് – അവൻ മീശയും മുടിയും വടിച്ചവനും, താടിവടിക്കാത്തവനും ആണെങ്കിൽ മാത്രം! അല്ലാത്തവരെ ഹൂറികൾ തഴയും. കാരണം, താടിയാണു് അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ ലൈംഗികധാടിയുടെ മനോമീറ്റർ! ചുരുക്കത്തിൽ, താടിയാണു് ധാടി! ഭൂമിയിലെപ്പോലെ തന്നെ സ്വർഗ്ഗത്തിലും പുരുഷന്മാരേക്കാൾ പൊതുവെ കാഴ്ചശക്തിയും പ്രായോഗികബുദ്ധിയും കൂടുതലുള്ളവരാണു് സ്ത്രീകൾ. തിയറിയിലെ പരിമിതികൾ പ്രാക്ടിക്കലിലാണു് അവർ കോമ്പൻസേറ്റ് ചെയ്യുന്നതു്. തോക്കില്ലാതെ വെടി വയ്ക്കാനാവില്ലെന്നു് അറിയാൻ അവർക്കു് വെടിമരുന്നിന്റെ കെമിക്കൽ കോമ്പോസിഷൻ അറിയേണ്ട ആവശ്യമില്ലെന്നു് സാരം.
അതുകൊണ്ടു്, എന്റെ അഭിപ്രായത്തിൽ, ലിംഗമില്ലാത്ത പുരുഷനു് കിട്ടുന്ന അല്ലാഹുവിന്റെ സ്വർഗ്ഗം പട്ടിക്കു് കിട്ടുന്ന കൊട്ടത്തേങ്ങയേക്കാൾ കഷ്ടമായിരിക്കും. എത്രയായാലും, പെണ്ണുങ്ങളെപ്പോലെ, ചാവേറോ, ബോംബേറോ, പാളിപ്പോയ ബോംബ് നിർമ്മാണമോ വഴി ഇഞ്ച ചതച്ചതുപോലെ അലങ്കോലമായിപ്പോയ പുരുഷന്റെ കല്യാണസാമാനത്തെ നോക്കി കിക്കിക്കീ എന്നു് ചിരിക്കുന്ന സ്വഭാവം കൊട്ടത്തേങ്ങകൾക്കില്ല.
ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരുവൻ സ്വർഗ്ഗം മുഴുവനും നേടിയാലും അവനു് അണ്ടിയില്ലെങ്കിൽ ആ നേട്ടം കൊണ്ടു് അവനെന്തു് പ്രയോജനം?
May 12, 2016, 9:30 AM
സൊമാലിയയിലേയും അട്ടപ്പാടിയിലേയും ഇതുവരെ മരിക്കാത്ത അസ്ഥികൂടങ്ങൾക്കു് അവരുടെയിടയിലെ പട്ടിണിമരണങ്ങളെപ്പറ്റി വല്ല അഭിപ്രായമോ, അവ പറയാനുള്ള ശക്തിയോ സ്വാതന്ത്ര്യമോ ഒക്കെ ഉണ്ടോ ആവോ?
കേരളത്തിൽ പട്ടികവർഗ്ഗങ്ങളിലെ ശിശുമരണനിരക്കു് സൊമാലിയയിലേക്കാൾ അപകടകരമാണു് എന്നു് മോദി പറഞ്ഞത്രെ! കേരളത്തിൽ ഏതു് കാര്യവും വിലയിരുത്തപ്പെടുന്നതു് എന്തു് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, ആരു് പറയുന്നു എന്നതിന്റേയും ആരു് കേൾക്കുന്നു എന്നതിന്റേയും അടിസ്ഥാനത്തിലാണെന്ന വസ്തുത മോദിക്കു് ഇതുവരെ മനസ്സിലായിട്ടില്ലെന്നു് തോന്നുന്നു. കേരളത്തിലെ പട്ടികവർഗ്ഗങ്ങളിൽ ശിശുമരണങ്ങളേയില്ല എന്നോ, സൊമാലിയയിലേക്കാളും വളരെ താഴെയാണെന്നോ, കേരളത്തിൽ തേനും പാലും ഒഴുകുകയാണെന്നോ ഒക്കെ പറഞ്ഞിരുന്നെങ്കിൽ, അതിൽ മറഞ്ഞിരിക്കുന്ന പരോക്ഷമായ ചാണ്ടിഭരണറെക്കഗ്നീഷൻ മൂലം, കമ്മിസമൂഹം തെറി വിളിക്കുമായിരുന്നെങ്കിലും, കൊങ്കിസമൂഹത്തിന്റെ കയ്യടിയെങ്കിലും ഉറപ്പാക്കാമായിരുന്നു. ഇതിപ്പോൾ രണ്ടു് തേനീച്ചക്കൂടുകൾക്കു് ഒന്നിച്ചു് തീവച്ചതുപോലെ ആയി കാര്യം! പതിവുപോലെ, മൂളക്കം കുറയാൻ അല്പം നേരക്കമെടുക്കുമെന്നതൊഴിച്ചാൽ മറ്റു് അത്യാഹിതമൊന്നും സംഭവിക്കാനില്ല. പട്ടിണിമരണമായാലും, ശിശുമരണമായാലും, തന്നെ അതു് നേരിട്ടു് ബാധിക്കാത്തിടത്തോളം, മലയാളിയെസംബന്ധിച്ചു് എല്ലാം ആവേശഭരിതമായ വളവളകൾക്കു് പറ്റിയ അല്പായുസ്സു്-രസഗുളകൾ മാത്രമാണു്.
പട്ടിണിമരണത്തിലേക്കു് വഴുതിവീണുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിന്റേയും അതിനു് സമീപം കാത്തിരിക്കുന്ന ഒരു കഴുകന്റേയും ചിത്രം കാണാത്തവർ വിരളമായിരിക്കും. ഇരയെ ജീവനോടെ കൊത്തിപ്പറിച്ചാലും ആരിൽ നിന്നും എതിർപ്പൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലാതിരുന്നിട്ടും, ഇരയുടെ മരണത്തിനായി കാത്തിരിക്കുന്ന ഒരു ശവംതീനിക്കഴുകൻ! ആ കഴുകന്റെ സ്ഥാനത്തു് പ്രബുദ്ധനായ ഒരു രാഷ്ട്രീയമല്ലു ആകാതിരുന്നതു് നന്നായി. അല്ലെങ്കിൽ, തല കുമ്പിട്ടു് കുനിഞ്ഞിരുന്നു് മരിച്ചുകൊണ്ടിരിക്കുന്ന ആ അസ്ഥികൂടത്തിന്റെ മുതുകത്തു് കയറിനിന്നു് ഐഡിയോളജി പ്രസംഗിക്കുന്ന ഒരു സമ്പൂർണ്ണസാക്ഷരതാനികൃഷ്ടനെക്കൂടി ലോകത്തിനു് കാണേണ്ടിവന്നേനെ!
May 13, 2016, 10:56 AM
ഇൻഡ്യയിലെ ദളിതർക്കായാലും ആദിവാസികൾക്കായാലും ഒരു വിദേശയാത്രക്കോ മറ്റോ വേണ്ടി ഒരു പാസ്പ്പോർട്ട് ആവശ്യമായി വന്നാൽ അതിൽ രേഖപ്പെടുത്തുന്ന നാഷണൽ സ്റ്റാറ്റസ് “CITIZEN OF INDIA” എന്നായിരിക്കും.
അതറിയാത്ത ചില “സിറ്റിസൺസ് ഓഫ് ഇൻഡ്യ” ഇൻഡ്യയിലും ഇൻഡ്യക്കു് വെളിയിലുമായി ചുറ്റിത്തിരിയുന്നുണ്ടെന്നു് തോന്നിയതുകൊണ്ടു് ചുമ്മാ സൂചിപ്പിച്ചെന്നേയുള്ളു.
May 14, 2016, 10:20 AM
കൈരളിപ്പെണ്ണിന്റെ വയർ അല്പം വീർത്തിട്ടിട്ടുണ്ടു്. പെണ്ണിനു് ഗർഭമായിരിക്കാനാണു് സാദ്ധ്യത എന്നായിരുന്നു പ്രശ്നം വച്ചു് നോക്കിയ ചങ്ങായിയുടെ വിധി. അതു് കേട്ട പാതി കേൾക്കാത്ത പാതി പെൺവീട്ടിൽ കയറ്റിറക്കം ഉണ്ടായിരുന്ന രണ്ടു് എട്ടുകാലി മമ്മൂഞ്ഞുകൾ അവളുടെ ഇടതുപക്ഷത്തും വലതുപക്ഷത്തുമായി നിന്നു് ഗർഭത്തിന്റെ അവകാശം തന്റേതെന്നു് സ്ഥാപിക്കാനായി പരസ്പരം ഗോഗ്വാവിളികളും പിടിവലികളും തുടങ്ങി. ശക്തമായ ഉലച്ചിൽ ഏറ്റതുകൊണ്ടാവാം, കൈരളിപ്പെണ്ണു് ദിഗന്തങ്ങളെ ഭേദിക്കുമാറു് ഭീകരമായ ഒരു വളി വിട്ടു. അതുവഴി സഹ്യപർവ്വതനിരകൾക്കുണ്ടായ കുലുക്കം ഗുജറാത്തിനെവരെ ഞെട്ടിച്ചുകളഞ്ഞു! സംഭവം ഗർഭമായിരുന്നില്ല, ഗ്യാസായിരുന്നു. എട്ടുകാലി മമ്മൂഞ്ഞുകളുടെ വായാടിത്തം കേട്ടാൽ വിശപ്പു് മാറില്ലെന്നു് മനസ്സിലാക്കി ഗൾഫിലേക്കും മറ്റും രക്ഷപെട്ട മലയാളികൾ ഒഴുക്കിക്കൊണ്ടിരുന്ന വിദേശനാണയം വരുത്തിവച്ച ഗ്യാസ്! വയറു് ബോംബുപോലെ പൊട്ടിത്തെറിക്കാതിരുന്നതു് ഭാഗ്യം എന്നു് കരുതിയാൽ മതി. വല്ലവന്റെയും വിയർപ്പിന്റെ ഫലം ഊറ്റിയെടുത്തു്, അതുകൊടുത്തു് അന്യസംസ്ഥാനങ്ങളിൽ നിന്നും ആഹാരവും തൊഴിൽശക്തിയും വിലയ്ക്കുവാങ്ങി അനങ്ങാതിരുന്നു് തിന്നും കുടിച്ചും കൊണ്ടു് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളും സീരിയലുകളും കണ്ടുകൊണ്ടിരുന്നാൽ അജീർണ്ണതയും ഗ്യാസ്ട്രബിളും മാത്രമല്ല, സ്റ്റ്യുപ്പിഡിറ്റിയും വരും, അവ മാത്രമേ വരൂ.
May 15, 2016, 10:31 AM
ഭക്തന്റെ “കൺഫർമേറ്റൊറി ബയസ്” അവിടെയും ഫാറ്റ മൊർഗാനയെ വ്യാഖ്യാനിച്ചു് മരുപ്പച്ചയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. (“Confirmatory bias is the tendency to search for, interpret, favor, and recall information in a way that confirms one’s preexisting beliefs or hypotheses, while giving disproportionately less consideration to alternative possibilities.” – Wiki)
May 17, 2016, 7:42 AM
കവടി നിരത്താൻ പരിശീലിക്കേണ്ടതായിരുന്നു.
May 18, 2016, 10:05 AM
USA-യുടെ പ്രസിഡന്റ് എന്ന നിലയിൽ നോർത്ത് കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനും സ്വേച്ഛാധിപതിയുമായ കിം ജോങ് ഉന്നുമായി താൻ ചർച്ച നടത്തുമെന്നും, അതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തനിക്കു് തോന്നുന്നില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡോണാൾഡ് ട്രമ്പ്!
ഈനാംപേച്ചികളും മരപ്പട്ടികളും തമ്മിൽ സംവാദത്തിൽ ഏർപ്പെടുന്നതു് അസാധാരണമായ ഒരു കാര്യമല്ല. മല്ലു സോഷ്യൽ മീഡിയകളിലാണെങ്കിൽ അതിന്റെ അയ്യരുകളികളും പത്തരുകളികളും തട്ടിയിട്ടു് നടക്കാൻ വയ്യാത്ത അവസ്ഥയാണു്. അവനവൻ വിശ്വസിക്കുന്ന ധാർമ്മിക-രാഷ്ട്രീയ-ഒറ്റമൂലി മൂല്യങ്ങൾക്കുവേണ്ടി സന്ധിയില്ലാസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇടതുകളും-വലതുകളും, മുമ്പുകളും-പിമ്പുകളും തമ്മിലുള്ള വാക്പയറ്റുകൾ! യഹോവാപക്ഷം-അല്ലാഹുപക്ഷം, മാവോയിസ്റ്റ്പക്ഷം-മൗദൂദിപക്ഷം, ബിജെപിപക്ഷം-മാർക്സിസ്റ്റ്പക്ഷം, കോൺഗ്രസ്പക്ഷം-സൗരോർജ്ജപക്ഷം, മോദിയുമായി “എടാ പോടാ” വിളിക്കാൻ മാത്രം അടുപ്പമുള്ളവർ-മോദിയുടെ കോട്ടിലെ അക്ഷരങ്ങൾ എണ്ണാൻ അവകാശമുള്ളവർ, വിഎസിനെ വലതുനിന്നു് താങ്ങുന്നവർ, പിണറായിയെ ഇടതുനിന്നു് താങ്ങുന്നവർ, ഛോട്ടാ നേതാക്കളെ സൗകര്യം പോലെ മുന്നിൽ നിന്നും പിന്നിൽ നിന്നുമെല്ലാം മാറിമാറി താങ്ങുന്നവർ, അങ്ങനെ ഉന്തുന്നവരുടേയും തള്ളുന്നവരുടേയും, പൊക്കുന്നവരുടേയും താഴ്ത്തുന്നവരുടേയും ഗോഗ്വാവിളികൾ, നൂറരുകളികൾ!
അത്തരം ചെറുകിട ഈനാംപേച്ചി-മരപ്പട്ടി കൂട്ടുകെട്ടുകളെയെല്ലാം നിഷ്‌പ്രഭമാക്കുന്നതായിരിക്കും ട്രമ്പും ഉന്നും തമ്മിലുള്ള കൂടിച്ചേരൽ എന്നുറപ്പു്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും പരസ്പരം അടുത്താൽ സംഭവിക്കുന്നതുപോലൊരു ഇലക്ട്രിക് ഡിസ്ചാർജ്, ഒരു ഇടിമിന്നൽ ആയിരിക്കുമതു്. നല്ലപോലെ ഇടിവെട്ടി ഒരു മഴ പെയ്താൽ മാനം തെളിയാനും സാദ്ധ്യതയുണ്ടു്. രണ്ടു് പ്രശ്നങ്ങളേയുള്ളു: ഒന്നു്, താൻ ഇപ്പോൾ പറഞ്ഞതു് നാളെയും പറയുമോ എന്നു് ഡോണാൾഡ് ട്രമ്പിനു് നല്ല നിശ്ചയമില്ല. രണ്ടു്, ട്രമ്പിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന തന്റെ ചോദ്യത്തിനു് കണ്ണാടി പറയുന്ന ഉത്തരം ഇന്നും അന്നും ഒന്നായിരിക്കുമോ എന്നു് ഉന്നിനും നല്ല നിശ്ചയമില്ല.
May 19, 2016, 1:07 PM
മലയാളിത്തത്തിന്റെ വിജയം! ഒരുത്തൻതന്നെ വീണ്ടും വീണ്ടും കലത്തിൽ കയ്യിട്ടു് വാരിത്തിന്നുന്നതു് സഹിക്കാൻ ത്രാണിയുള്ളവരല്ല മലയാളികൾ. സഹസ്രാബ്ദങ്ങളായി ധരിച്ചിരിക്കുന്ന അടിവസ്ത്രങ്ങൾ മാറ്റാൻ മടിക്കുന്നവർ, ധരിക്കാൻ തുടങ്ങിയിട്ടു് ഏതാനും ദശാബ്ദങ്ങൾ മാത്രമായിട്ടുള്ള മേൽവസ്ത്രങ്ങൾ അഴിച്ചു് മാറ്റുമെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. മേൽക്കുപ്പായം ഇടയ്ക്കിടെ ഒന്നു് തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കാൻ കഴിയുന്നതുതന്നെ അവർക്കൊരു വലിയ മാറ്റമാണു്. അതുകൊണ്ടു്, കാലാനുസാരിയായ ഇലക്ഷനുകളിലൂടെ ഒരു ചെറിയ വിഭാഗം വോട്ടർമാർ സാദ്ധ്യമാക്കുന്ന ഓരോ “കുടമാറ്റവും” സമൂഹത്തിൽ ഒരു സമൂലപരിവർത്തനം സംഭവിച്ചാലെന്നപോലെ വിവിധ “കമ്പിളിപ്പുതപ്പു് വിഭാഗങ്ങൾ” ആഘോഷപൂർവ്വം കൊണ്ടാടുന്നു.
May 21, 2016, 10:37 AM
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനു് ‘N’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു പേരു് വേണമത്രെ! “നെയ്യപ്പം” എന്ന പേരിനെ വിന്നേഴ്സ് പോഡിയത്തിൽ എത്തിക്കാനുള്ള ശ്രമം മലയാളികൾ തുടങ്ങിക്കഴിഞ്ഞു. രുചികരമായ പലഹാരങ്ങളുടെ പേരാണുപോലും പതിവുരീതി. അതു് കഷ്ടമായിപ്പോയി. എന്തെന്തു് സെലക്ഷൻ സാദ്ധ്യതകളാണു് അതുവഴി ആൻഡ്രോയിഡിനു് നഷ്ടപ്പെട്ടതു്? നത്തോലി, നായാടി, നമ്പൂരി, നായ, നാമോ, നാറാണത്തു്, … … അങ്ങനെ ‘N’-ൽ തുടങ്ങുന്ന എത്രയെത്ര കലക്കൻ പേരുകളിൽ മുങ്ങിത്തപ്പാൻ “ഗൂഗിൾ-N”-നു് കഴിയുമായിരുന്നില്ല?
ദോഷം പറയരുതല്ലോ, നെയ്യപ്പം ഒരു നല്ല ഓപ്ഷനാണു്. മലയാളിയെ പൂർണ്ണമായും പ്രതിനിധീകരിക്കാൻ നെയ്യപ്പത്തിനു് കഴിയും. പേരിലുള്ളതു് വസ്തുവിൽ ഉണ്ടാവാതിരിക്കുന്നതു് കേരളക്കരയുടെ ഒരു തനിമതന്നെയാണു്. (പേരിൽ ഇല്ലാത്ത “മായകൾ” വസ്തുവിൽ ഉണ്ടാവുന്നതും മലയാളക്കരയിൽ അപൂർവ്വമല്ല). പേരു് നെയ്യപ്പം എന്നാണെങ്കിലും, നെയ്യപ്പത്തിനു് നെയ് ഒരു നിർബന്ധമല്ല. ചേർക്കുന്നതിൽ അപാകതയുമില്ല. നെയ് ചേർത്താൽ ബൂർഷ്വാ നെയ്യപ്പം കിട്ടും, ചേർത്തില്ലെങ്കിൽ കളക്റ്റീവ് നെയ്യപ്പം കിട്ടും. നെയ്യപ്പം തിന്നാൽ ലഭിക്കുന്ന രണ്ടു് ഗുണങ്ങളും രണ്ടിൽ നിന്നും ലഭിക്കുകയും ചെയ്യും. ഞാൻ തിന്നാൻ തുടങ്ങുന്ന ഈ അപ്പത്തിൽ നെയ്യുണ്ടു് എന്നു് മനസ്സിൽ ധ്യാനിച്ചു് തിന്നാൽ നെയ്യപ്പമായി. പേരിൽ മാർക്സിസം ഉള്ള ഒരു പാർട്ടിയെ പിന്തുടരുന്ന ഒരുവൻ “ശരിയായ” മാർക്സിസ്റ്റ് ആകാനും ആകാതിരിക്കാനും സാദ്ധ്യതയുള്ളതുപോലെ. ധ്യാനിക്കുന്നവൻ പക്കാ മാർക്സിസ്റ്റ്, ധ്യാനിക്കാത്തവൻ പരസ്യമായി ഇടതു്, രഹസ്യമായി ഒരല്പം മാർക്സിസ്റ്റ് – അതാണു് നടപ്പുരീതി.
അതുപോലെ പിൻതുടരപ്പെടുന്നവയാണു് എല്ലാ ഐഡിയോളജികളും. അതാണെന്നു് കരുതിയാൽ അതുതന്നെ! അങ്ങനെ കരുതാൻ മറ്റെല്ലാവരും ബാദ്ധ്യസ്ഥരാണെന്നു് കരുതാത്തിടത്തോളം ആ കരുതൽ ഒരു പ്രശ്നമാവണമെന്നുമില്ല. പക്ഷേ, ആരു് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ബെർമൂഡ വള്ളിക്കളസവും, പ്രതീകാത്മകശവമടക്കു് ആർട്ട് ഇൻസ്റ്റലേഷനും, അവഹേളനങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവും, സ്ത്രീവിരുദ്ധപുലികളികൾ മാനവകമ്മ്യൂണിസവുമൊക്കെ ആകുന്നതു് എന്നതിനാൽ, അതത്ര എളുപ്പമായ കാര്യമല്ല. വിഗ്രഹങ്ങളെ ദൈവങ്ങളായി ആരാധിക്കാനും, ശത്രുക്കളുടെ വയ്ക്കോൽ രൂപങ്ങളെവരെ ബലാൽസംഗം ചെയ്യാനും തോന്നിക്കുന്ന പ്രിമിറ്റീവ് ആസക്തികൾ സ്ഥിരമായി പുളിച്ചു് തികട്ടിക്കൊണ്ടിരിക്കുന്ന പ്രാകൃതതലകളിൽ പ്രതിപക്ഷബഹുമാനം പോലുള്ള സാംസ്കാരികമൂല്യങ്ങൾ ഉണ്ടാവുമെന്നു് കരുതുന്നതാണു് തെറ്റു്.
May 22, 2016, 7:33 AM
എഴുതാനും വായിക്കാനും അറിയാത്ത ഇംഗ്ലണ്ഡുകാർ പോലും ഇംഗ്ലീഷിലേ സംസാരിക്കുള്ളൂത്രെ! അധികപ്രസംഗം എന്നല്ലാതെ എന്താ ഇപ്പൊ പറയ്യ?
May 24, 2016, 8:33 AM
ചീഫ് മിനിസ്റ്റർ, ചീഫ് ഓഫ് പൊലീസ് തുടങ്ങിയ ഡെസിഗ്നേഷനുകൾ പോലെ, chief whip-നെ (മുഖ്യ ചാട്ട) “chief VIP” എന്നു് വിളിക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. ലോകജനാധിപത്യങ്ങളിലെ ഒരു നടപ്പുരീതി വച്ചു് നോക്കുമ്പോൾ, ചീഫ് വിപ്പ് ഒരു വെരി ഇമ്പോർട്ടന്റ് പേഴ്സൺ (VIP) കൂടി ആയിരിക്കണമല്ലോ. കേരളം അക്കാര്യത്തിൽ ഒരു പടികൂടി മുന്നിലാണു്. കേരളീയർ ആ വാക്കിനു് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ടു് കൊടിയ അർത്ഥവിപുലതകൾ സാദ്ധ്യമാക്കിയിട്ടുണ്ടു്. ഉദാഹരണത്തിനു്, കേരളത്തിൽ ചീഫ് വിപ്പിനെ മുഖ്യചാട്ടവാറെന്നോ, മുഖ്യചമ്മട്ടിയെന്നോ, മുഖ്യഉറുമിയെന്നു് പോലുമോ വിളിക്കുന്നതു് അന്യായമോ അർത്ഥശൂന്യതയോ അല്ല. വടക്കൻ വീരഗാഥകളുടെ ഹാങ്ങോവറിൽ നിന്നും ഇതുവരെ മോചനം പ്രാപിച്ചിട്ടില്ലാത്ത കേരളീയൻ രാഷ്ട്രീയത്തിൽ നിന്നും പ്രതീക്ഷിക്കുന്നതുതന്നെ കളരിപ്പയറ്റുകളും കോഴികൾ തമ്മിലുള്ള പോരുകളുമാണു്! എല്ലാം, “കൊളമാണു് ലക്ഷ്യമെങ്കിൽ അങ്ങോട്ടേക്കു് ഏതു് മാർഗ്ഗം സ്വീകരിച്ചാലും പ്രശ്നമൊന്നുമില്ല” എന്നും, “മാറ്റമില്ലാത്തതു് മാറ്റത്തിനും മാറ്റാർക്കും മാത്രം” എന്നും മറ്റും അരുളിച്ചെയ്തശേഷം യശശ്ശരീരനായ കാൾ മാർക്സ് മുത്തപ്പന്റെ അനുഗ്രഹം!
May 25, 2016, 8:38 AM
കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റ്രീം നിറയെ കേരളരാഷ്ട്രീയത്തിലെ കൊലക്കണക്കുകളുടെയും പണക്കണക്കുകളുടേയും മാർച്ച് പാസ്റ്റായിരുന്നു. കൊലപാതകരഹിത-, അഴിമതിരഹിതനവയുഗം പൊട്ടിവിരിഞ്ഞതിന്റെ ആഘോഷമായിരിക്കുമതെന്നു് കരുതി. ഇന്നു് സ്‌റ്റ്രീമിൽ കവിതകളുടെ ഫാഷൻ പരേഡാണു്. അഴിമതിക്കാരും കൊലപാതകികളും മൊത്തമായി കവിതാരചനയിലേക്കു് തിരിഞ്ഞെന്നുണ്ടോ? “മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ” എന്നും മറ്റുമുള്ള ശോകഗാനങ്ങൾ പാടി കടാപ്പുറത്തുകൂടി അലഞ്ഞുതിരിയുന്ന ഏകാന്തഗായകരായ കൊടിസുനികളേയും ദാവൂദ് ഇബ്രാഹിമുകളെയും കൂടി കണ്ടിട്ടു് ചാകേണ്ടിവരുമോ എന്റെ തിർമൽ ദേവാ!
(അറിയാത്തവർക്കുവേണ്ടി: തിർമൽ ദേവൻ ഒരു ഫിസിയോ തെറാപ്പിസ്റ്റാണു്. തിരുമ്മൽ വിദഗ്ദ്ധരുടെ കുലദൈവം. തിരുമ്മൽ ദേവൻ തേഞ്ഞുതേഞ്ഞു് തിർമൽ ദേവൻ ആവുകയായിരുന്നു.)
May 25, 2016, 2:17 PM
ഏതെങ്കിലും എമ്മെല്ലെമാരുകളോ മന്ത്രിമാരുകളോ ചെരിപ്പു് ധരിക്കാതെ നടക്കുന്നതിനെ കുറ്റം പറയാൻ ഞാനാളല്ല. പണമില്ലായ്മ, അലെർജി, ആദർശം തുടങ്ങിയ കാരണങ്ങൾ ചെരിപ്പു് വേണ്ടെന്നു് വയ്ക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുന്ന വകുപ്പുകളാണു്. (ഉടുതുണി പോലും വേണ്ടെന്നു് വയ്ക്കുന്ന മനുഷ്യർ ജീവിക്കുന്ന നാടാണു്!) പക്ഷേ, യാത്രാവേളകളിൽ കേരളത്തിലെ പൊതുകക്കൂസുകൾ ഉപയോഗിക്കേണ്ട ആവശ്യമുള്ള ജനപ്രതിനിധികൾ ഏതാനും കയ്യുറകളും, അലെർജി ഉണ്ടാക്കാത്ത ഒരു ജോഡി ചെരിപ്പും, സൗകര്യം പോലെ, ഒരു ചാക്കിലോ സഞ്ചിയിലോ കൂട്ടത്തിൽ കരുതുന്നതാണു് അവർക്കും അവരാൽ ഭരിക്കപ്പെടുന്ന ജനത്തിനും നല്ലതു്.
ജനപ്രതിനിധികൾ പകർച്ചവ്യാധി പിടിച്ചു് ചത്താൽ പിന്നെ ജനം ജീവിച്ചാലെന്തു്? ജീവിച്ചില്ലെങ്കിലെന്തു്? പണ്ടു് അമേരിക്കക്കാർ കൊളോണിയൽ ഇംഗ്ലണ്ഡിനോടു് പറഞ്ഞപോലെ, പ്രാതിനിധ്യം ഇല്ലാതെ നികുതി ചുമത്തുന്നതെങ്ങനെ? അതുകൊണ്ടുള്ള അപേക്ഷയാണു്: ചെരിപ്പുധാരണത്തെ കാറ്റഗോറിക്കലി നിഷേധിക്കുന്ന ജനപ്രതിനിധികളായാലും, ജനത്തെ പ്രതി, കേരളത്തിലെ സമ്പൂർണ്ണസാക്ഷര ജനകീയ കക്കൂസിനു് അകത്തു് കയറുന്നതിനു് മുൻപു് ഈശ്വരപ്രാർത്ഥനയോടെ ആദ്യം കയ്യുറയും പിന്നെ ചെരിപ്പും ധരിക്കാൻ മറക്കാതിരിക്കുക.
(ഒന്നിനും രണ്ടിനും മുൻപും പിൻപും ശരീരഭാഗങ്ങൾ തൊട്ടു് വന്ദിക്കാൻ ബാദ്ധ്യതയുള്ളവർ ആ ചടങ്ങു് ചെരിപ്പിടാൻ ഉപയോഗിച്ച കയ്യുറകൾ കൊണ്ടു് നിർവഹിക്കാതിരിക്കുക.)
പുറത്തിറങ്ങിയശേഷം ദേശീയഗാനാലാപത്തോടെ ആദ്യം ചെരിപ്പും പിന്നെ കയ്യുറയും ഊരി മാറ്റുന്നതിൽ തെറ്റില്ല. ചില ഗാന്ധിയൻ ആദർശങ്ങൾക്കു് ആഘാതം ഏൽക്കാതിരിക്കാൻ ആ നടപടി സഹായിക്കുകയും ചെയ്യും. പക്ഷേ, പൊതുകക്കൂസിനകത്തു്, “മസ്റ്റ് വി ഹാവ് ചപ്പൽസ് ഇൻ കേരള”!
ചെരിപ്പുധാരണം സാമൂഹിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തിലെ ഗവേഷണങ്ങൾ ഇതുവരെ ആരംഭദശ തരണം ചെയ്തിട്ടില്ല. അതുകൊണ്ടു് ആ കാര്യത്തിൽ ഒരഭിപ്രായം ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല.
May 27, 2016, 2:57 PM
“തിരുവനന്തപുരം എകെജി സെന്ററിന് മുന്നില്‍ വെയ്ക്കാവുന്ന ഒരു ബോര്‍ഡ് (വേണമെങ്കില്‍ മതി, നിര്‍ബന്ധമില്ല)” – “വെള്ളാപ്പള്ളി ഈ വീടിന്റെ ഐശ്വര്യം” – Joseph Antony-യുടെ വക ഒരു സ്റ്റാറ്റസ്
എകെജി സെന്റർ ഭാരതത്തിൽ ആയതുകൊണ്ടു് കുഴപ്പമില്ല. വയ്ക്കുന്ന ബോർഡ് നെയ്‌പ്രൂഫും പാൽപ്രൂഫും ആയിരിക്കാൻ ശ്രദ്ധിക്കണമെന്നേയുള്ളു. കാരണം, എവിടെയെങ്കിലും പടങ്ങളോ പ്രതിമകളോ ഇരിക്കുന്നതു് കണ്ടാൽ അതിന്റെ മീതെ നെയ്യും പാലും കോരിയൊഴിക്കണം എന്നൊരു സദ്സ്വഭാവം ഭാരതീയർക്കുണ്ടു്. നെയ്യും പാലും വഴി ബോർഡിനു് കൊറോഷൻ സംഭവിക്കരുതല്ലോ. പക്ഷേ, കൊറോഷൻ പ്രൂഫ് ആയാലും അല്ലെങ്കിലും, നെറ്റിയിൽ “ഹോട്ട്സ്പോട്ട്” ഉള്ള ബോർഡുകൾ യാതൊരു കാരണവശാലും USA-യിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നു്. അമ്മയുടെ ആലിംഗനതെറാപ്പിപോലുള്ള അത്ഭുതരോഗശാന്തി ശുശ്രൂഷകളിലേയ്ക്കു് പണമുള്ള രാജ്യങ്ങളിൽ നിന്നും പച്ചപ്പരമാര്‍ത്ഥം തേടുന്ന ചില രോഗികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടു് എന്നതിനാൽ, ഏതെങ്കിലുമൊരു ഭക്തനു് അതുപോലൊരു പ്രതിഷ്ഠാവെളിപാടു് ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ അവിടേക്കു് നടത്തേണ്ടിവരുന്ന എത്ര ദീർഘമായ തീർത്ഥയാത്രയും ഒരു ബുദ്ധിമുട്ടായി കരുതുന്നവരല്ല പെരുച്ചാഴികൾ. പ്രതിഷ്ഠാകർമ്മത്തിനു് അമ്മദൈവമോ അപ്പൻദൈവമോ എന്ന വ്യത്യാസമൊന്നുമില്ല. നിന്റെ ഐഡലിനു് കഴിയുന്നതും അതിൽ കൂടുതലും എന്റെ ഐഡലിനു് കഴിയും എന്നു് അനുയായികൾക്കു് തോന്നണം. അല്ലെങ്കിൽ ആളുകൾ കൊഴിഞ്ഞുപോകും. ശ്രേഷ്ഠമല്ലാത്തതിനെ ആരാധിക്കുന്ന സ്വഭാവം മനുഷ്യഭക്തിക്കു് പണ്ടേയില്ല. ദൃഢപ്രതിജ്ഞ ആയാലും സത്യപ്രതിജ്ഞ ആയാലും ശ്രേഷ്ഠതയുടെ കാര്യത്തിൽ നല്ലൊരളവു് യാഥാസ്ഥിതികത്വം ഇഷ്ടപ്പെടുന്നവരാണു് മനുഷ്യർ.
USA ഒരു കൗബോയ് നാടായതിനാൽ, എവിടെയെങ്കിലും ഒരു “സ്പോട്ട്” കണ്ടാൽ അതിനെ ലക്ഷ്യമാക്കി ചറപറാ വെടിവയ്ക്കുക എന്നൊരു സദ്സ്വഭാവം അമേരിക്കൻസിനുണ്ടു്. ഓരോ നാടുകൾ, ഓരോ രീതികൾ! സ്പോട്ട് കണ്ടാൽ സ്പോട്ടിൽ വെടി – അതാണു് യാങ്കികളുടെ നയം. ഒരു ചുറ്റിക എവിടെയെങ്കിലും വെറുതെ ഇരിക്കുന്നതു് കണ്ടാൽ, അതു് ചുമ്മാതെയുള്ള ഒരു ഇരിക്കലല്ലെന്നും, എന്നെയെടുത്തു് ഏതെങ്കിലും ഒരാണിയുടെ തലയ്ക്കു് അടിയ്ക്കൂ എന്നൊരു കല്പനയുമായാണു് ചുറ്റിക അങ്ങനെ ഇരിക്കുന്നതെന്നും കരുതുന്ന മനുഷ്യരുണ്ടു്. സ്ത്രീകൾ മിനിസ്കെർട്ടോ ബിക്കിനിയോ ധരിക്കുന്നതു് താനെന്ന കാമസൂത്രവിദഗ്ദ്ധനെ അവരുടെ കിടപ്പറകളിലേക്കു് തൽക്ഷണം കൂട്ടിക്കൊണ്ടു് പോകാനാണെന്നു് കരുതുന്ന ലോകസദാചാരപരിപാലകരായ മനുഷ്യരുമുണ്ടു്! അമേരിക്കൻ കൗബോയ്സും അതുപോലെതന്നെ. വഴിയിൽ കാണുന്ന ഏതു് സ്പോട്ടും “എന്നെ വെടിവയ്ക്കൂ” എന്നു് തന്നോടു് പറയുകയാണെന്നു് കരുതുന്നവരാണവർ. സാധാരണഗതിയിൽ കറുത്ത സ്പോട്ടുകളാണു് അവരിൽ വെടിദാഹം ഉണർത്താറുള്ളതെങ്കിലും, ചുവപ്പും കമ്മ്യൂണിസവും തമ്മിലുള്ള ചരിത്രപരമായ രക്തബന്ധം മൂലം ചുവന്ന സ്പോട്ടുകൾ അവരെ കൂടുതൽ ഭ്രാന്തു് പിടിപ്പിക്കാൻ സാദ്ധ്യതയുണ്ടു്. വെളുത്തുള്ളിയും ഡ്രാക്കുളയും തമ്മിലുള്ള ആത്മബന്ധമാണു് പണ്ടേതന്നെ കാപ്പിറ്റലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിൽ പുലർത്തുന്നതു്. അതുകൊണ്ടു്, “ഹോട്ട്സ്പോട്ട്” ബോർഡുകൾ അമേരിക്കയിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതിനു് മുൻപു് രണ്ടുവട്ടം ആലോചിക്കുന്നതു് ഉചിതമായിരിക്കും.
May 28, 2016, 8:10 AM
സ്വന്തം കഴിവുകളെ ഓവർഎസ്റ്റിമേറ്റ് ചെയ്യാനുള്ള മനുഷ്യരുടെ സ്വാഭാവിക പ്രവണതക്കു് പ്രൊഫസ്സർ ഡേവിഡ് മയേഴ്സ് നൽകിയ പേരാണു് “The Lake Wobegon effect”. മിനെസോട്ടയിലെ ഒരു ഫിക്ഷണൽ ടൗണിനു് ഗാരിസൺ കീലർ നൽകിയ പേരാണു് Lake Wobegon – “where all the women are strong, all the men are good looking, and all the children are above average.”
സ്വന്തം കഴിവുകളെ ഓവർഎസ്റ്റിമേറ്റ് ചെയ്യാൻ ലെയ്ക്ക് വൊബെഗൊണിൽ ജീവിക്കുന്നവർക്കേ കഴിയൂ എന്നു് നിർബന്ധമൊന്നുമില്ല. കേരളീയരും അക്കാര്യത്തിൽ മുൻപന്തിയിൽത്തന്നെയാണു്. എന്നോടാണോടാ കളി എന്ന ഒറ്റച്ചോദ്യത്തിലൂടെ മതം, ശാസ്ത്രം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങിയ ഏതു് വിഷയത്തിലും സ്വന്തം അജയ്യത തെളിയിക്കാൻ കഴിയുന്നവരാണു് മലയാളികൾ. ഡ്രൈവിങ്ങിൽ നിക്കൊ റോസ്ബെർഗ്, സാഹിത്യത്തിൽ ഷേക്സ്പിയർ, കവികളിൽ കാളിദാസൻ, സർവ്വകലാവല്ലഭരിൽ മൈക്കലാൻജെലോ, ലൈംഗികതയിൽ കാസനോവ തുടങ്ങിയ മഹാരഥന്മാരെയെല്ലാം നിഷ്‌പ്രഭരാക്കാൻ കഴിയുന്നവരെന്ന തിരുത്താനാവാത്ത ശുഭാപ്തിവിശ്വാസം വച്ചുപുലർത്തുന്നവർ. പ്രൊഫ. മയേഴ്സിനു് കേരളത്തെ പരിചയം ഉണ്ടായിരുന്നു എന്നു് തോന്നുന്നില്ല. അല്ലെങ്കിൽ ഈ അൺറിയലിസ്റ്റിക് ഒപ്ടിമിസത്തിനു് “The State Kerala Effect” എന്ന പേരു് നൽകി ബഹുമാനിക്കാൻ അദ്ദേഹം മടിക്കുമായിരുന്നില്ല.
May 29, 2016, 7:55 AM
പരിശുദ്ധാത്മാവു് തലയിൽ കയറിക്കൂടിയാൽ അന്യഭാഷകളിൽ സംസാരിക്കുന്നതു് എല്ലാത്തരം ഭക്തരുടെയും രീതിയാണു്. തലയുടെ നിയന്ത്രണം ഏറ്റെടുത്തു് കഴിഞ്ഞാൽ പിന്നെ സംസാരിക്കുന്നതു് ഭക്തനായിരിക്കില്ല, പരിശുദ്ധാത്മാവായിരിക്കും. പാമ്പാവാൻ വേണ്ടി പട്ട കുടിച്ചവർ, പട്ട കുടിച്ചതുകൊണ്ടു് പാമ്പായവർ തുടങ്ങിയവരുടെ നിയന്ത്രണം പട്ട ഏറ്റെടുക്കുന്നതുപോലെ. ഭക്തി ഒരു ഭ്രാന്താണു്. തടിതപ്പാൻ വേണ്ടി എണ്ണമറ്റ എക്സ്ക്യൂസുകൾ സദാ കൈവശമുള്ള ഒരുതരം ഭ്രാന്തു്. എരിവു് മൂക്കുമ്പോൾ എതിരാളികളെ ലക്ഷ്യമാക്കി നായിന്റെമോൻ, പരനാറി, ശുംഭൻ, പട്ടിത്തീട്ടം തുടങ്ങിയ മറുഭാഷകൾ അനർഗ്ഗളം വിനിർഗ്ഗമിക്കുന്നതു് ഈ ഭ്രാന്തിൽ നിന്നുമാണു്. മറുഭാഷകനു് ആ നിമിഷത്തിൽ താൻ ആരായാണോ തോന്നുന്നതു് എന്നറിയാൻ ഉപകരിക്കുന്ന പദാവലികളുടെ കുത്തിയൊഴുക്കു്.
സാധാരണഗതിയിൽ, വലിയ വിലയൊന്നും നൽകാതെ അവഗണിക്കാവുന്ന ജല്പനങ്ങളാണവ. പക്ഷേ, അച്ചങ്ങായി ആരെ അലങ്കരിക്കാൻ എന്ന ഭാവത്തിലാണോ ആ വാക്കുകൾ പുറത്തു് വിട്ടതു്, അവരെ പിന്നീടൊരിക്കൽ, പ്രത്യേകിച്ചും അവരുടെ സബോർഡിനേറ്റ് എന്ന നിലയിൽ, നേരിടേണ്ടിവരികയും, അവരുമായി ഹസ്തദാനം പോലുള്ള ആചാരമര്യാദകൾ പാലിക്കാൻ നിർബന്ധിതനാവുകയും ചെയ്യുമ്പോൾ പഴയ ശ്രേഷ്ഠഭാഷ ഒരു തലവേദനയായി മാറിക്കൂടായ്കയില്ല. കാരണം, അത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായി ചുണ്ടിൽ വിരിയേണ്ട ഡിപ്ലോമാറ്റിക് ചിരി കടയടച്ചു് ഹർത്താൽ ആചരിച്ചുകളയും. മനസ്സിലാക്കാൻ അത്ര പ്രയാസമുള്ള ഒരു കാര്യമല്ലതു്. അതിനു്, നായിന്റെമോനും പട്ടിത്തീട്ടത്തിനുമെല്ലാം കൈകൊടുക്കേണ്ടി വന്നാൽ പ്രകാശം പരത്തുന്ന ഒരു വ്യക്തി അനുഭവിക്കേണ്ടിവരുന്ന വൈക്ലബ്യം എത്രയായിരിക്കുമെന്നു് ഒന്നാലോചിച്ചു് നോക്കിയാൽ മതി. കഥാപുരുഷനു് ഇവിടെ ആകെ ചെയ്യാൻ കഴിയുന്നതു്, യാന്ത്രികമായ, ന്ന്വച്ചാൽ ജീവനില്ലാത്ത, ഒരു ചിരി കഷ്ടപ്പെട്ടു് നിർമ്മിച്ചു് ചുണ്ടിൽ ഫിറ്റ് ചെയ്യുക എന്നതാണു്. ചിരിനിർമ്മാതാവിനു് ആ നിർമ്മാണം വഴി മാർക്സിയൻ മാതൃകയിലുള്ള വല്ല അന്യവത്കരണവും സംഭവിക്കുമോ എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, മുഖത്തെ ചിരിമസ്സിലുകളിൽ ഒരുവിധ ചലനവും ആ ചിരിവഴി സൃഷ്ടിക്കപ്പെടുകയില്ല എന്നതൊരു വസ്തുതയാണു്. എങ്കിലും ഒന്നുമില്ലാത്തതിൽ ഭേദം.
ജനങ്ങളുടെ ജീവിതം ശരിയാക്കാനായി പൊതുസമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവർ അവരുടെ വാക്കുകൾ സബ്ജക്റ്റ് സ്പെസിഫിക്കും ഒബ്ജക്റ്റീവും മാത്രമായിരിക്കാൻ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ഒരു കാര്യമേ ഇതിലുള്ളു എന്നതാണു് ഏറെ രസം. പക്ഷേ പറയുന്നത്ര അനായാസം പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു കാര്യമല്ലതു്. വ്യക്തിത്വരൂപീകരണത്തിനായി കുടുബത്തിൽ നിന്നേതന്നെ സോൾവ് ചെയ്തു് തുടങ്ങേണ്ടുന്ന ഒരുപാടു് വേര്യബിൾസുണ്ടു്. അവ ഒന്നാകെ നെഗ്ലക്റ്റ് ചെയ്യപ്പെട്ടാൽ അതിന്റെ ഫലമായി പുറത്തു് വരുന്നതു് മറുഭാഷകൾ സംസാരിക്കാനല്ലാതെ കാര്യമായ മറ്റു് വിഭവശേഷികളൊന്നുമില്ലാത്ത ഒരു ജനസമൂഹമായിരിക്കും.
May 30, 2016, 12:38 PM
രാഹുൽ ഈശ്വർ ഒരു ഊളയാണെന്നു് പറയണമെന്ന അതിയായ ആഗ്രഹം മറ്റു് പലരേയും പോലെ എനിക്കുമുണ്ടു്. പക്ഷേ, അതു് പറയാൻ തുടങ്ങുമ്പോഴെല്ലാം, “ഉത്ഭവാത്മകമായി” നീയും ഒരു പീറമലയാളിയാണെടാ ഊളേ എന്നൊരു അശരീരി ഞാൻ കേൾക്കുന്നു! അതോടെ, നൂറ്റിഎൺപതു് ഡിഗ്രിയിലേക്കു് തിളച്ചു് കിസ് ഓഫ് ലൗവിനു് ഇറങ്ങിത്തിരിച്ചെങ്കിലും, കിടപ്പറയിൽ ചെയ്യുന്നതു് റോഡിൽ ചെയ്യരുതു് എന്നൊരു അശരീരി കേട്ടതിന്റെ പേരിൽ, “കിടപ്പറയിൽ ചെയ്യുന്നതു് ചെയ്യാനായി” റോഡിലേക്കു് പുറപ്പെട്ട “സ്വതന്ത്രചിന്തകരായ” യുവസഖാക്കൾക്കു് പൂജ്യം ഡിഗ്രിയിലേക്കു് തണുത്തു് കൂട്ടിലേക്കു് മടങ്ങേണ്ടിവന്നതുപോലെ, എനിക്കും ആ ഉദ്യമത്തിൽ നിന്നും നിരുപാധികം പിൻതിരിയേണ്ടിവരുന്നു.
April 2016
Apr 2, 2016, 8:39 AM
ഇന്നു് കണ്ടൊരു മൊഴിമുത്തു്:
“ലോകത്തിന്‍െറ ഇന്നത്തെ പോക്കില്‍ താന്‍ ദു:ഖിതനാണു്.” – യേശുദാസ്
ആ മാന്യദേഹത്തിനു് ഒരുപക്ഷേ ഒരിക്കലും അറിയാൻ കഴിയാത്തതു്: യേശുദാസിന്റെ എന്നത്തേയും പോക്കിൽ വളരെ മുൻപേ മുതൽ ദുഃഖിക്കാൻ തുടങ്ങിയതാണു് ഇന്നത്തെ ലോകം . “അല്ലാഹു എന്ന പേരിന്റെ അർത്ഥവും, അതിന്റെ വിശദീകരണവും” യേശുദാസ് അറിയുന്ന പോലെയല്ലാതെ മനസ്സിലാക്കിയ ഇന്നത്തെ മനുഷ്യർ പ്രത്യേകിച്ചും. ഭാഷ അറിഞ്ഞുകൊണ്ടാണു് “ബിസ്മി” ചൊല്ലുന്നതെങ്കിൽ പ്രശ്നമൊന്നുമില്ല എന്ന ആ തിരിച്ചറിവുണ്ടല്ലോ, അതാണു് ഹൈലൈറ്റ്!
കൊലയാളികൾക്കുവരെ സംരക്ഷകപട്ടം ചാർത്തിക്കൊടുത്തു് ജീവൻ രക്ഷിക്കേണ്ട ഗതികേടിലേക്കു് ജ്ഞാനപീഡനക്കാർ “പോക്കിയ” ജനമല്ലേ? ഏതു് വിഡ്ഢിത്തം കേട്ടാലും, കേൾക്കുന്നതു് ഉന്നതപീഠത്തിൽ നിന്നെങ്കിൽ, അവർ ആർപ്പിട്ടുകൊള്ളും. വായ്ത്താളങ്ങളെ അവർ വാക്കുകളേക്കാൾ ഇഷ്ടപ്പെടുന്നതും മറ്റൊന്നുകൊണ്ടുമല്ല.
(“ചാവറ കള്‍ചറല്‍ സെന്‍ററില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം പ്രകാശനം ചെയ്തശേഷം “ബിസ്മി” ചൊല്ലിക്കൊണ്ട് തുടങ്ങിയത് സദസ്സിനെ അതിശയിപ്പിച്ചു. “ബിസ്മി” പറയുന്നതിലല്ല, ഭാഷ അറിയാത്തതിനാലാണ് പ്രശ്നമുണ്ടാകുന്നത്. ഒരു സ്റ്റേജ് പരിപാടിയില്‍ ഉണ്ടായ അനുഭവത്തെ ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു. പലര്‍ക്കും “അല്ലാഹു” എന്ന പേരിന്‍െറ അര്‍ഥമോ അതിന്‍െറ ഒന്ന് വിശദീകരിക്കാനോ അറിയില്ല.”)
Apr 2, 2016, 12:13 PM
“വിവാഹം വിദ്യാഭ്യാസത്തേക്കാൾ പ്രധാനമെന്നു് ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.”
കല്യാണം വിളിച്ചുചൊല്ലുന്നതിനും, കല്യാണപ്പെണ്ണിന്റെ കഴുത്തിൽ ഇടേണ്ടുന്ന കുടുക്കിനെ കൂദാശ ചെയ്തു് കൊടുക്കുന്നതിനുമൊക്കെ കുറച്ചു് വല്ലതുമാണോ തടയുന്നതു്? അതു് മാത്രമോ? കൂട്ടിക്കെട്ടലിന്റെ aftermath(ematics) വച്ചുനോക്കുമ്പോൾ, വിവാഹം അപ്രധാനമായാൽ അതുവഴി മറ്റെത്രയോ വരുമാനസ്രോതസ്സുകൾ കൂടിയാണു് അടയുന്നതു്! മക്കളുടെ മാമൂദീസ, ആദ്യകുർബ്ബാന, അന്ത്യകുർബ്ബാന, മോൻകെട്ടുകൾ, മോൾകെട്ടുകൾ തുടങ്ങിയവയെല്ലാം പള്ളിക്കു് ഗാന്ധിത്തലകളുടെ വറ്റാത്ത ഒരു ഉറവതന്നെ വാഗ്ദാനം ചെയ്യുന്നവയാണു്. തെമ്മാടിക്കുഴിയെന്നു് കേട്ടാൽ കുരിശുകണ്ട പിശാചിനെപ്പോലെ മരണവെപ്രാളം കാണിക്കുന്നവരാണു് വിശ്വാസികൾ! അതുകൊണ്ടു് വിശ്വാസപരമായ ചടങ്ങുകളിൽ വീഴ്ച വരുത്താൻ അവർ ധൈര്യപ്പെടുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല. സർവ്വോപരി, പള്ളിയുടെ ഭക്തിദുർഗന്ധമില്ലാത്ത വിദ്യാഭ്യാസം ലഭിച്ചാൽ, ബൈബിൾ വായിച്ചാൽ മനസ്സിലാകുന്ന നിലയിലേക്കു് വിശ്വാസികൾ എത്തിച്ചേർന്നു് കൂടെന്നുമില്ല.
കേരളത്തിൽ മനുഷ്യർ പെണ്ണുകെട്ടിയാൽ പത്താം മാസം പ്രസവമാണു്. അല്ലെങ്കിൽ എവിടെയോ എന്തോ തകരാറുണ്ടെന്നു് ജനം ഊഹിക്കാൻ തുടങ്ങും. ജനം ഊഹിക്കാൻ തുടങ്ങിയാൽ അതോടെ കെട്ടിയവരുടെ കഥ തീരും! ഇനി, പ്രസവിച്ചാൽ പിന്നെ മുല കൊടുക്കലായി, അപ്പി കോരലായി, നൂറുകൂട്ടം പണികളായി തിരക്കോടു് തിരക്കായിരിക്കും. അതിനുശേഷം പഠിക്കാൻ പോകണമെന്നെങ്ങാൻ പ്രസവിച്ചവൾ പറഞ്ഞുപോയാൽ അതോടെ ആ “എരണംകെട്ടവളുടെ” കഥയും നാട്ടുകാർ തീർക്കും! അതിനു് പറ്റിയ അയൽക്കാരുടെയും അമ്മായി-അമ്മാവന്മാരുടെയും കൈകളിൽ ഭദ്രമാണു് കേരളം. അഭിപ്രായസ്വാതന്ത്ര്യം എന്നതുകൊണ്ടു് മലയാളി ഉദ്ദേശിക്കുന്നതുതന്നെ അന്യരുടെ കാര്യങ്ങളിൽ അധികാരപൂർവ്വം ഇടപെട്ടു് അവരെ കുളിപ്പിച്ചു് കിടത്തുന്നതിനുള്ള അവകാശമാണു്. അതുകൊണ്ടാണു്, “വിവാഹം തുടർപഠനത്തിന് തടസ്സമാകില്ല” എന്നു് ഉറപ്പിച്ചു് പറയാൻ ഇടുക്കി ബിഷപ്പിനു് കഴിയുന്നതു്. കെട്ടിക്കിട്ടിയാൽ നമുക്കുള്ളതു് നമുക്കു് കിട്ടും. ബാക്കി കാര്യങ്ങൾ നാട്ടുകാർ നോക്കിക്കൊള്ളും. അതാണു് പിതാവിന്റെ കണക്കുകൂട്ടൽ.
വിശുദ്ധനായ പൗലോസ് (നീറ്റ്സ്ഷെയുടെ അഭിപ്രായത്തിൽ, കള്ളനാണയമായ പൗലോസ്!) കൊരിന്ത്യർ 1: 20-ൽ പറയുന്നപോലെ, ലോകത്തിന്റെ ജ്ഞാനം ഭോഷത്വമാക്കിത്തീർത്ത ഒരു ദൈവത്തിന്റെ നാമത്തിലാണല്ലോ ഇക്കണ്ട വായ്ത്താരികളും ഇടയലേഖനങ്ങളും മുഴുവൻ എന്നതാണു് ആകെയൊരാശ്വാസം! ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിന്റെ താർക്കികൻ എവിടെ? എന്നൊക്കെയാണു് മറ്റേ ലോകത്തിന്റെ താർക്കികനായ പൗലോസ് ആക്രോശിക്കുന്നതു്. ക്രിസ്തുമതത്തിന്റെ സ്ഥാപകപിതാവായ പൗലോസ്! ആ ക്രിസ്തുമതത്തെ തൈലാഭിഷേകം നടത്തി ആയുസ്സു് നീട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ പിതാക്കൾ! വിജ്ഞാനവിരോധം മൂട്ടിൽ നിന്നുതന്നെ തുടങ്ങിയതാണെന്നു് ചുരുക്കം.
Apr 3, 2016, 10:56 AM
“വിശ്വ വിഖ്യാത തെറി”! കൊള്ളാം. ഒരു കോളെജ് മാഗസിനു് യോജിച്ച കലക്കൻ പേരു്!
ഒരു വടക്കൻ വീരഗാഥയിൽ ബാലൻ കെ. നായരും മമ്മൂട്ടിയും തമ്മിലുള്ള ഒരു ഡയലോഗാണു് എനിക്കു് ഓർമ്മ വരുന്നതു്: “അടവിലും തൊഴിലിലും ആരോമൽ(സ്) ആർക്കും പിന്നിലല്ല. പക്ഷേ, അങ്കം ജയിക്കാൻ അതുമാത്രം പോര”.
Apr 5, 2016, 8:01 AM
കുറേ വർഷങ്ങൾക്കു് മുൻപാണു് “കൽപ്പണിക്കാരന്റെ അറ്റഷേ കെയ്സ്” എന്നൊരു പ്രയോഗം എവിടെയോ വായിച്ചതു്. അധികം ആവശ്യം വരാഞ്ഞതിനാലാവാം, പിന്നീടു് അതു് മറന്നും പോയിരുന്നു.
സ. പിണറായി വിജയന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഏപ്രിൽ നാലിനു് തിരുവനന്തപുരം കനകക്കുന്നു് കൊട്ടാരത്തിൽ വച്ചു് നടക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ ആ പ്രയോഗം എങ്ങനെയോ എനിക്കോർമ്മ വന്നു. വെബ്സൈറ്റുകളും കമ്പ്യൂട്ടറുകളും തമ്മിലുള്ള ആത്മബന്ധമാണോ, തൊഴിലാളിവർഗ്ഗവും കനകക്കൊട്ടാരങ്ങളും തമ്മിലുള്ള ശത്രുബന്ധമാണോ അതുപോലൊരു അസോസിയേഷനിലേക്കു് എന്നെ എത്തിച്ചതു് എന്നറിയില്ല. ഏതായാലും, കാലം മാറുമ്പോൾ കോലവും മാറുന്നതിൽ തെറ്റൊന്നുമില്ല എന്നാണു് എന്റെയും അഭിപ്രായം. (കോലം മാറുമ്പോൾ = തടി കൂടുമ്പോൾ) മാറ്റുവിൻ ചട്ടകളെ അല്ലെങ്കിൽ ചട്ടകളുടെ തുന്നൽ പൊട്ടും എന്നാണല്ലോ കവിയും പാടിയതു്.
Apr 5, 2016, 12:16 PM
ഏതു് വിശ്വാസവും അന്ധവിശ്വാസമാണെന്നും മറ്റും ചില യുക്തിവാദികളും നിരീശ്വരവാദികളും അവകാശപ്പെടാറുണ്ടു്. അജ്ഞത മൂലമാണു് അവർ അങ്ങനെ പറയുന്നതു്. ശ്രീമാൻ കരുണാനിധി വ്യക്തമായ തെളിവുകളുമായി ഒരു ദൂതനെ അയച്ചിട്ടും അവനിൽ വിശ്വസിക്കാത്ത നിഷേധികളാണവർ. സത്യത്തിൽ, വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ സബ്സ്റ്റാൻഷ്യലായ വ്യത്യാസമുണ്ടു്. നിങ്ങൾ കാണുന്നില്ലേ? അന്ധവിശ്വാസത്തിൽ ‘അ’, ‘ന്ധ’ എന്നീ രണ്ടക്ഷരങ്ങൾ അധികപ്പറ്റായുണ്ടു്. അതുകൊണ്ടാണു് ഞങ്ങന്റെ വിശ്വാസം ശരിയായ സത്യവിശ്വാസവും, നിങ്ങന്റെ വിശ്വാസം തെറ്റായ അന്ധവിശ്വാസവുമാകുന്നതു്. വിശ്വാസമുള്ളവർക്കേ ദൃഷ്ടാന്തം മുള്ളൂ.
Apr 6, 2016, 12:45 PM
2015-ൽ ലോകത്തിൽ നടന്നിടത്തോളം വധശിക്ഷകൾ കഴിഞ്ഞ ഇരുപത്തഞ്ചു് വർഷങ്ങൾക്കുള്ളിൽ നടന്നിട്ടില്ലെന്നു്, 77 പേജുകൾ നീളുന്ന ഒരു ഡോക്യുമെന്റിൽ ആംനെസ്റ്റി ഇന്റെർനാഷണൽ. 2015-ൽ, ഏറ്റവും ചുരുങ്ങിയപക്ഷം, 1634 മനുഷ്യർ വധശിക്ഷക്കു് വിധേയരായി. ഇതു് 2014-ൽ നടപ്പാക്കിയതിനേക്കാൾ 573 പേർ കൂടുതലാണു്. 25 രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കപ്പെട്ടു. അതിൽ, പത്തിൽ ഒൻപതും നടന്നതു് മൂന്നു് രാജ്യങ്ങളിലായാണു്: ഇറാൻ – (ചുരുങ്ങിയതു്) 977 പേർ, പാകിസ്ഥാൻ – 326 പേർ, സൗദി അറേബ്യ – (ചുരുങ്ങിയതു്) 158 പേർ. 28 പേരെ വധിച്ച അമേരിക്ക അഞ്ചാം സ്ഥാനത്താണു്. 61 രാജ്യങ്ങൾ വധശിക്ഷ വിധിച്ചു. ചുരുങ്ങിയതു്, 20292 മനുഷ്യർ വധശിക്ഷയും കാത്തു് തടവറകളിൽ കഴിയുന്നുണ്ടു്.
ചൈനയിൽ വധശിക്ഷകൾ “സ്റ്റെയ്റ്റ് സീക്രട്ട്” ആയതിനാൽ, അവിടെ നിന്നുള്ള കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. വ്യത്യസ്ത വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മറ്റു് രാജ്യങ്ങളെല്ലാം കൂടി നടപ്പാക്കുന്നത്രയോ, അതിൽ കൂടുതലോ വധശിക്ഷകൾ (2400) ചൈന നടപ്പാക്കുന്നുണ്ടത്രെ! അതിനർത്ഥം, ലോകത്തിൽ 2015-ൽ വധശിക്ഷക്കു് വിധേയരായതു് 4000 മനുഷ്യരാണു്!
സന്തോഷകരമായ കാര്യം, വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളുടെ എണ്ണം 2015-ൽ 102 എന്ന റിക്കോർഡ് വാല്യുവിലേക്കു് ഉയർന്നു എന്നതാണു്. കഴിഞ്ഞ പത്തു് വർഷങ്ങളിൽ ആരെയും വധശിക്ഷക്കു് വിധേയമാക്കാത്ത രാജ്യങ്ങളെക്കൂടി ഇതിനോടു് ചേർത്താൽ, 102 എന്നതു് 140 ആയി ഉയരും. കൂടാതെ, ഏതെല്ലാം കുറ്റകൃത്യങ്ങളെയാണു് വധശിക്ഷകൊണ്ടു് നേരിടേണ്ടതു് എന്ന കാര്യം ചൈന പരിശോധിക്കുകയും ചെയ്യുന്നുണ്ടത്രെ!
(അവലംബം: Spiegel Online)
P.S. കുറച്ചു് നാൾ മുൻപു്, അവയവങ്ങൾ മാറ്റിവയ്ക്കേണ്ട ആവശ്യമുള്ളവർക്കു് ചൈന ഒരു “എൽ ഡോറാഡൊ” ആണെന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. വേണ്ടത്ര “ദസ് കാപ്പിറ്റൽ” ഉള്ള രോഗികൾ ചൈനയിലെത്തി ബന്ധപ്പെട്ടവരെ സമീപിച്ചാൽ മതി, ചുരുങ്ങിയ സമയത്തിനുള്ളിൽ അനുയോജ്യമായ അവയവവുമായി അവർക്കു് ആരോഗ്യവാന്മാരായി മടങ്ങാൻ കഴിയും! ആവശ്യാനുസരണം ഏതു് സമയവും വധിച്ചു് അവയവങ്ങൾ എടുക്കാനായി, വധശിക്ഷക്കു് വിധിക്കപ്പെട്ട രാഷ്ട്രീയത്തടവുകാരുടെയും, “Falun Gong” വിഭാഗത്തിൽ പെട്ടവരുടെയുമെല്ലാം ഒരു പൂൾ തന്നെ സൂക്ഷിക്കപ്പെടുന്നുണ്ടത്രെ! പണമുള്ള മനുഷ്യശരീരങ്ങളുടെ കേടുപാടുകൾ തീർക്കാനായി കൊല്ലുവോളം ജീവിപ്പിക്കുന്ന ഹ്യൂമൻ സ്പെയർപാർട്ട്സ്! മാവോയിസത്തിൽ നിന്നും അന്യമായ വിശ്വാസമോ നിലപാടുകളോ പുലർത്തുന്ന എലമെന്റുകളെ എലിമിനേയ്റ്റ് ചെയ്യാൻ പാർട്ടിയുടെ അധികാരവും വധശിക്ഷയും ഉപയോഗപ്പെടുത്താമെങ്കിൽ, എന്തുകൊണ്ടു് അതുവഴി അല്പം വിദേശനാണയം കൂടി സമ്പാദിച്ചുകൂടാ? അതാണു് സോഷ്യലിസ്റ്റ് മാർക്കറ്റ് എക്കോണമി! എല്ലാം തൊഴിലാളിവർഗ്ഗത്തിന്റെ അന്തിമമായ മോചനത്തിനാണെന്നു് മറക്കാതിരുന്നാൽ പ്രശ്നമൊന്നുമില്ല.
വേണമെന്നുള്ളവർക്കു് കൂട്ടി വായിക്കാൻ: https://en.wikipedia.org/wiki/Persecution_of_Falun_Gong
Apr 10, 2016, 12:33 PM
പരവൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വെടിക്കെട്ടുകളും ആനയെഴുന്നള്ളിപ്പുകളുമെല്ലാം ദൈവങ്ങൾക്കു് വേണ്ടിയല്ല, മനുഷ്യർക്കു് വേണ്ടി നടത്തപ്പെടുന്നവയാണു്. അദ്ധ്വാനിച്ചു് ജീവിക്കുന്ന മനുഷ്യർ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വിളവെടുപ്പു്, പുതുവത്സരാരംഭം തുടങ്ങിയ ആഘോഷങ്ങൾ കൊണ്ടാടുന്നതു് ലോകത്തിൽ എവിടെയും സാധാരണമാണു്. അത്തരം ആഘോഷങ്ങളും, സാഹിത്യം കലകൾ തുടങ്ങിയ വിനോദങ്ങളും ഇല്ലാതാക്കിയാൽ മനുഷ്യർ യന്ത്രങ്ങളായി മാറുകയാവും ഫലം. മനുഷ്യരുടെ നിപുണതകളേയും ആനന്ദങ്ങളേയുമെല്ലാം പൈശാചീകരിക്കൽ അടിസ്ഥാനതത്വങ്ങളായി സ്വീകരിച്ചിരിക്കുന്ന ചില ഇസങ്ങളും ഇല്ലാതില്ല. ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാൻ വിധിക്കപ്പെട്ടവയാണവ. ആനയെഴുന്നള്ളിപ്പു് പോലെ, മൃഗങ്ങൾ പീഡിപ്പിക്കപ്പെടുന്ന സമ്പ്രദായങ്ങൾ നിരോധിക്കപ്പെടണം. പക്ഷേ, നിരോധനം എന്തിനും യോജിച്ച ഒരു യൂണിവേഴ്സൽ പരിഹാരമാർഗ്ഗമാണെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. നിരോധനങ്ങളുടെ ചരിത്രം അതിനു് തെളിവാണു്. നിരോധനം പാലിക്കാൻ മനുഷ്യർ തയ്യാറായിരുന്നെങ്കിൽ പരവൂർ ദുരന്തവും ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നുവേണം, വാർത്ത ശരിയാണെങ്കിൽ, കരുതാൻ.
(പ്രധാനമായും) ഒരു മതം മാത്രം നിലവിലുള്ള യൂറോപ്യൻ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭാരതം പോലൊരു ബഹുമതസമൂഹത്തിൽ ആഘോഷങ്ങളുടെ എണ്ണം – തന്മൂലം അവധിദിനങ്ങളുടെ എണ്ണവും – കൂടുതലായിരിക്കും എന്നു് പറയേണ്ടതില്ലല്ലോ. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആഘോഷങ്ങളിൽ – മറ്റിനങ്ങളോടൊപ്പം – വെടിക്കെട്ടു് ഒരു ഭാഗമാണെങ്കിൽ, മുസ്ലീങ്ങളുടേതിൽ പകൽ സമയത്തു് മുസ്ലീം ഹോട്ടലുകളും ചായക്കടകളും അടച്ചിടലാണു് രീതി. ഒരുവൻ സ്വയം ആഹാരം കഴിക്കാതിരിക്കുന്നതിനേക്കാൾ ദൈവത്തിനു് – അദ്ദേഹം കരുണാമയനാണെങ്കിൽ പ്രത്യേകിച്ചും – കൂടുതൽ ഇഷ്ടം അവൻ നോമ്പു് നോക്കാത്ത, വിശക്കുന്ന മനുഷ്യർക്കു് ആഹാരവും, ദാഹിക്കുന്നവർക്കു് പാനീയവും കൊടുക്കുന്നതായിരിക്കും. പക്ഷേ, അതു് മറ്റൊരു വിഷയം. അതിനേക്കാൾ മനുഷ്യർക്കു് ജീവാപായം സംഭവിക്കാൻ സാദ്ധ്യത കൂടുതലുള്ളവയാണു് വെടിക്കെട്ടുകൾ. അതുകൊണ്ടു് എന്താണു് ചെയ്യുന്നതെന്നു് അറിയാൻ വേണ്ടത്ര പഠനവും പരിശീലനവും ലഭിച്ചവർക്കേ അമ്പലങ്ങളിലും പള്ളികളിലും മറ്റും വെടിക്കെട്ടുകൾ സൂക്ഷിക്കാനും നടത്താനും അനുവാദം ഉണ്ടാവാൻ പാടുള്ളു. പൗരന്റെ ജീവനും സ്വത്തിനും വിലകൽപ്പിക്കുന്ന സമൂഹങ്ങൾ എത്രമാത്രം നിഷ്കർഷ ഇത്തരം കാര്യങ്ങളിൽ പുലർത്തുന്നുണ്ടെന്നറിയാൻ, വെടികെട്ടുകൾ എങ്ങനെ സൂക്ഷിക്കണം എന്നതിനെപ്പറ്റിമാത്രമുള്ള ജർമ്മൻ നിയമം ശ്രദ്ധിച്ചാൽ മതി. (ഭാഷ ജർമ്മനാണെങ്കിലും, ഇതു് ഗൂഗിളിന്റെ കാലമാണല്ലോ). http://bit.ly/1S3vm3u
പക്ഷേ, എന്തു് ദുരന്തം സംഭവിച്ചാലും, എത്ര പേർ അതുവഴി മരിച്ചാലും, എത്ര പേർക്കു് പരിക്കു് പറ്റിയാലും, അതിൽ നിന്നെല്ലാം എങ്ങനെ എനിക്കു്/നമുക്കു് മുതലെടുക്കാൻ പറ്റും എന്നു് നോക്കി കാത്തിരിക്കുന്ന “മനുഷ്യസ്നേഹികളോടു്” ഇതൊക്കെ പറഞ്ഞിട്ടു് വലിയ കാര്യമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. ആരാണു് “ശവം തീനികൾ”, ആരാണു് ശവം തീനികളുടെ ഉച്ഛിഷ്ടം തിന്നുന്നവർ, അവരിൽ ആരാണു് കൂടുതൽ യോഗ്യർ എന്നൊക്കെ സ്ഥാപിക്കാനുള്ള മത്സരയോട്ടത്തിലല്ലേ അവർ? മനസ്സിന്റെ അടിത്തട്ടിൽ എത്രമാത്രം ദുഷിപ്പുമായാണു് ഇക്കൂട്ടർ ജീവിതം തള്ളിനീക്കുന്നതു് എന്നറിയാൻ സഹായിക്കുമെന്നതാണു് ഇത്തരം ദുരന്തങ്ങളിലെ “ഐറണി ഓഫ് ഫെയ്റ്റ്”! വിരമിച്ച ഒരു വനിതാ പ്രിൻസിപ്പലിനെ ആദരിക്കാനായി “ശവക്കൂന” കൂട്ടിയവരും, അതൊരു “ഇൻസ്റ്റലേഷൻ” ആയിരുന്നു എന്നു് വ്യഖ്യാനിച്ചു് ജനത്തെ അത്ഭുതകരമായി ബോധവത്കരിച്ച അവരുടെ നേതാവുമൊക്കെ ജീവിക്കുന്ന സമ്പൂർണ്ണസാക്ഷരരുടെ ജനാധിപത്യസമൂഹമല്ലേ? കൂടുതൽ എന്തു് പറയാൻ?
Apr 12, 2016, 10:14 AM
ചെറിയ പനിയോ തലവേദനയോ വന്നാൽ പാരാസെറ്റമോളോ ആസ്പിരിനോ കഴിക്കുന്നതാണു് സാധാരണ രീതി. നാട്ടുചികിത്സയിൽ പക്ഷേ, രോഗി ഒരു വൈദ്യന്റെ കഷായമോ ഗുളികയോ ആണു് സേവിക്കുന്നതു്. വൈദ്യന്റെ പേരല്ലാതെ, മരുന്നുകളുടെ പേരു് അറിയേണ്ട കാര്യം രോഗിക്കില്ല. മരുന്നു് എന്തെന്നു് രോഗി അറിഞ്ഞാൽ ഫലം കുറയാനും മതി. ആ പേരു് സൂചിപ്പിക്കുന്നതുപോലെതന്നെ, നാട്ടുചികിത്സ ഓരോ നാട്ടിലേയും ചികിത്സയാണു്. ഓരോ നാട്ടിലും ഓരോരോ വൈദ്യന്മാർ. ഉദാഹരണത്തിനു്, മേലൂരിടത്തിൽ ഉണിക്കോനാർ വൈദ്യൻ ചികിത്സിക്കും, കീഴൂരിടത്തിൽ ഉണിച്ചന്ത്രാർ വൈദ്യൻ ചികിത്സിക്കും. ഏതു് രോഗത്തിനായാലും രണ്ടുപേരുടെയും കഷായങ്ങളും ഗുളികകളും രണ്ടിനമായിരിക്കും. രണ്ടുപേരുടേയും ആരാധനാമൂർത്തികളും വ്യത്യസ്തമായിരിക്കും. വൈദ്യന്റെ മരുന്നു് ഫലപ്രദമാവുന്നതിൽ ആരാധനാമൂർത്തിക്കുള്ള പങ്കു് ചെറുതല്ല. താൻ പാതി, ദൈവം പാതി! അരിയെത്തിയാൽ ആരും ചാവും. ഞാൻ അരിയല്ല, ഗോതമ്പാണു് തിന്നുന്നതു് എന്നതു് വൈദ്യന്റെയോ ദൈവത്തിന്റെയോ മുന്നിൽ പറയാൻ കൊള്ളാവുന്ന ഒരു എക്സ്ക്യൂസ് അല്ല. അരിയെത്തിയാൽ ഗോതമ്പു് തിന്നുന്നവനും ചാവും, വൈദ്യനും ചാവും. ചാവുന്നതിന്റെ തലേന്നു് ഉണിക്കോനാർ തന്റെ ഇഷ്ടസന്താനത്തെ അരികെ വിളിച്ചു് ഏതെല്ലാം പച്ചിലകളും വേരുകളും കായ്കനികളുമാണു് തന്റെ കഷായ-ഗുളികകളുടെ ചേരുവകൾ എന്നു് അവനു് പറഞ്ഞുകൊടുക്കും. പിതാവിന്റെ മരണപ്പിറ്റേന്നു് മുതൽ മകൻവൈദ്യൻ ചികിത്സ ആരംഭിക്കും. ഉണിച്ചന്ത്രാരുടെ കാര്യവും അതുപോലെതന്നെ. അതാണു് നാട്ടുനടപ്പു്. നാട്ടുചികിത്സയുടെ ലക്ഷ്യം ചികിത്സാശാസ്ത്രത്തെ വളർത്തലല്ല, വൈദ്യന്മാരുടെ കഞ്ഞികുടിയാണു്. സ്വന്തം കഞ്ഞിയിൽ വന്നുവീഴാൻ ഒരു പാറ്റയെയും അവർ അനുവദിക്കില്ല. അക്കാര്യത്തിൽ മകനും പാറ്റയും തമ്മിൽ വ്യത്യാസമൊന്നും കാണുന്നവരല്ല നാട്ടുവൈദ്യന്മാർ. മകൻവൈദ്യൻ വല്ല വെടിക്കെട്ടിലോ മറ്റോ പെട്ടു് അകാലചരമം പ്രാപിച്ചാൽ ആ കുടുംബം കൈവശം വച്ചു് അനുഭവിച്ചിരുന്ന ചികിത്സാകലയും അതോടെ ഇഹലോകവാസം വെടിയും. ചികിത്സയുടെ ഉള്ളുകള്ളികൾ ഒളിഞ്ഞുനിന്നു് മനസ്സിലാക്കിയിട്ടുള്ള അമ്മയോ ഭാര്യയോ ഉണ്ടെങ്കിൽ അവർ സ്വന്തം കുടുംബചികിത്സയെ ഏറ്റെടുത്തു് നടത്തി രക്ഷപെടുത്തും.
യാതൊരു കാരണവശാലും ഇതു് കേരളത്തിലെ നാട്ടുചികിത്സകളിൽ മാത്രം കണ്ടുവരുന്ന ഒരു രീതിയാണെന്നു് കരുതരുതു്. രാഷ്ട്രീയം, മതം, സാഹിത്യം, പാട്ടു്, കൂത്തു്, വെടിക്കെട്ടു്, സിൽമാദികലകൾ, പത്രപ്രവർത്തനം, എന്നുവേണ്ട, കേരളത്തിലെ എല്ലായിനം സാമൂഹിക-സാംസ്കാരികമേഖലകളിലും ഇടപെടുന്ന “സ്പെഷ്ലിസ്റ്റുകൾ” പിൻതുടരുന്ന രീതിയാണിതു്. എക്സിസ്റ്റെൻഷ്യലിസം – കേരളാമോഡൽ!
Apr 12, 2016, 10:31 AM
ആലപ്പുഴയിൽ വിശുദ്ധ മാതാവിന്റെ രൂപത്തിൽ നിന്നും രക്തമൊഴുകുന്നെന്നു് വാർത്ത. ദേവികൾക്കു് തൃപ്പൂത്തു് വരുന്ന നാടാണു്. മാതാവിനും അങ്ങനെ വല്ലതും സംഭവിച്ചതാവാനേ വഴിയുള്ളു. ഒത്തിരി ഇറുങ്ങിയ അടിവസ്ത്രം വഴിയോ, മറ്റു് സാങ്കേതികതടസ്സങ്ങൾ മൂലമോ ആർത്തവരക്തത്തിന്റെ സ്വാഭാവികഗതിക്കു് തടസ്സം നേരിട്ടാൽ രക്തം മുകളിലേക്കു് ഉയർന്നു് കണ്ണിൽക്കൂടിയും മൂക്കിൽക്കൂടിയുമൊക്കെ പുറത്തുവരില്ലെന്നു് ആരുകണ്ടു? ഒരു ടിപ്പർ ലോറിയിൽ കയറ്റി മാതാവിനെ ഒരു ഗൈനക്കോളജിസ്റ്റിനെയോ, അയാൾ വല്ല തെറിയും പറഞ്ഞാൽ, വല്ല പ്ലംബറെയോ കാണിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു എന്നു് തോന്നുന്നു – പ്രഥമദൃഷ്ട്യാ.
Apr 13, 2016, 11:57 AM
ഒരു കവിതയെഴുതിയിട്ടു് ഒരുപാടു് നാളായി:
ആടുജീവിതം പേടുജീവിതം
മറന്നിടാമെല്ലാം വിഷുവടുത്തുപോയ്
വിഷുവടുത്തുപോയ് വിഷുവടുത്തുപോയ്
വിഷമമൊക്കെയും പടികടന്നുപോയ്
പടികടന്നുപോയ് കുടിലമാനസ
കിരാതഡിങ്കോൾഫി പടികടന്നുപോയ്
ഷവർമ്മയില്ലാത്ത തെളിർമ്മയില്ലാത്ത
പുളിർമ്മയില്ലാത്ത കുളിർമ്മയില്ലാത്ത
കരുണയില്ലാത്ത ഹൃദയമില്ലാത്ത
കദനരാക്ഷസി നടയിറങ്ങിപ്പോയ്
കറിക്കരിയുന്ന തുരുമ്പൻകത്തിയെ
കരളിലാഴ്ത്തുന്ന കരാളതാടക!
കടിച്ചുകീറുവാൻ പൊരിച്ചെടുക്കുന്ന
കുക്കുടത്തുട മതിയെനിക്കിനി
അമിട്ടുപൊട്ടണം പടക്കം പൊട്ടണം
കതിന പൊട്ടണം വിഷുവടുത്തുപോയ്
എവിടെ കൊന്നകൾ മലർവിരിക്കുന്നോ
അവിടെ നല്ലോണം ലഹരി മൂക്കണം
വരണ്ട ഭൂമിയിൽ ഇളകിയാടണം
ഇരുണ്ട ലോകത്തെ ഇളിച്ചുകാട്ടണം
രണ്ടുകൈകളേം പിടിച്ചുകെട്ടിയ
വടങ്ങളൊക്കെയും വലിച്ചെറിയണം
രണ്ടുകാൽകളേം തളച്ചിടാനായി
വിളക്കിച്ചേർത്തതാം ഇരുമ്പിൻചങ്ങല
കടിച്ചുപൊട്ടിച്ചു് കുടഞ്ഞെറിയണം
തളർന്നുപോകാതെ പിടഞ്ഞെണീക്കണം
പിടഞ്ഞെണീക്കണം ഉയിർത്തെണീക്കണം
ചുരുണ്ടുകൂടാതെ നിവർന്നുനിൽക്കണം
ആടുജീവിതം പേടുജീവിതം
മറന്നിടാമെല്ലാം വിഷുവടുത്തുപോയ്
കടിച്ചുകീറുവാൻ പൊരിച്ചെടുക്കുന്ന
കുക്കുടത്തുട മതിയെനിക്കിനി
അമിട്ടുപൊട്ടണം പടക്കം പൊട്ടണം
കതിന പൊട്ടണം വിഷുവടുത്തുപോയ്
Apr 14, 2016, 4:28 PM
“മൈ ലൈഫ്: ഫിഡൽ കാസ്ട്രോ” എന്ന ഗ്രന്ഥം അവസാനിക്കുന്നതു് ”ഒരിക്കലും ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്ന കാസ്ട്രോയുടെ വാചകത്തോടെയാണത്രെ! അക്കാര്യം പ്രത്യേകം എടുത്തു് പറയേണ്ടിവരുന്നു എന്നതിൽ കൂടിയ ഒരു തെളിവു് ആ പ്രസ്താവനയുടെ സത്യസന്ധതയ്ക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
Apr 17, 2016, 11:19 AM
“അവർ” പിള്ളേരായതാണു് പ്രശ്നം. അല്ലാതെ, ആ പിള്ളേരെ “പഠിപ്പിച്ചു്” കൊളമാക്കിയ “നമ്മൾക്കു്” അതിൽ പങ്കൊന്നുമില്ല. (നമുക്കുവേണ്ടി കൊല്ലാനും ചാവാനും ആ പിള്ളേർ തയ്യാറാവുന്നിടത്തോളം ഇതൊന്നും നുമ്മ ബല്യ ഇശ്യു ആക്കുകയുമില്ല!) അത്ഭുതമെന്നേ പറയേണ്ടൂ, കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും “മറ്റവരാണു്” കാരണക്കാർ. തെറിവിളിച്ചു് ചൊറിച്ചിലടക്കാൻ ദുഷിച്ചവരിൽ ദുഷിച്ചവനായ ഒരു ചതിയൻ ചന്തു, തലയിലേറ്റി പുകഴ്ത്തി ആർപ്പിടാൻ നല്ലവരിൽ നല്ലവനായ ഒരു ആരോമലുണ്ണി, അല്ലെങ്കിൽ വീരരിൽ വീരയായ ഒരു ഉണ്ണിയാർച്ച! രണ്ടായാലും പുത്തൂരം വീട്ടിലാണു് ജന്മം എങ്കിൽ ഒന്നൂടെ പഷ്ടു്.
ഞങ്ങ കേരളീയർ പണ്ടേതന്നെ ഫെയർ ആൻഡ് ലൗലിയുടെ ആൾക്കാരാണു്. സവർണ്ണതയുടെ ആ ഒരു ഗുമ്മുണ്ടല്ലോ, അതു് എത്രയായാലും അവർണ്ണതയ്ക്കു് കിട്ടില്ല. അവർണ്ണതയെ ഏറിയാൽ സമരിക്കാനോ, ജാഥിക്കാനോ, നിരാഹരിക്കാനോ, തല്ലുകൊണ്ടു് ചാവാനോ ഒക്കെ ഉപയോഗിക്കാം. അതിൽ കൂടുതലൊന്നും വേണ്ട. “കാക്ക കുളിച്ചാൽ കൊക്കാകുമോ” എന്നും മറ്റും പണ്ഡിതശിരോമാണിക്യങ്ങൾ പുരാതനകാലം മുതലേ മനുഷ്യരെ പാടിപ്പഠിപ്പിച്ചതു് പിന്നെ എന്തിനായിരുന്നു? അന്താരാഷ്ട്രബൗദ്ധികലെവലിലേക്കു് കഴുത്തിനു് കുത്തിപ്പിടിച്ചു് ഉയർത്താനായിട്ടല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു അവർ കഷ്ടപ്പെട്ടു് ജനത്തെ ബോധവത്കരിച്ചതു്? ദീർഘവീക്ഷണത്തോടെ അവർ നടത്തിയ വിദ്യാഭ്യാസപദ്ധതികൾ ഇല്ലായിരുന്നെങ്കിൽ, ഏതൊരു പ്രശ്നത്തേയും തുടക്കം മുതലേ വില്ലൻ-ഹീറോ, കറുപ്പു്-വെളുപ്പു്, നായാടി-നമ്പൂരി, പുതുക്രിസ്ത്യാനി-പഴംക്രിസ്ത്യാനി തുടങ്ങിയ ദ്വന്ദ്വങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ മലയാളിക്കു് കഴിയുമായിരുന്നോ?
ദ്വന്ദ്വങ്ങളെ തരം തിരിക്കുന്ന കാര്യത്തിൽ ദ്വൈതനോ അദ്വൈതനോ എന്ന വ്യത്യാസമൊന്നും മലയാളി കാണിക്കാറില്ല. അണ്ടിയോടു് അടുക്കുന്തോറും ദ്വൈതന്റെ മാങ്ങയ്ക്കും അദ്വൈതന്റെ മാങ്ങയ്ക്കും ഒരുപോലെ പുളി കൂടിക്കൊണ്ടിരിക്കും. മറ്റാരും കണ്ടെത്തുന്നതിനു് മുൻപേ ഏതൊരു പ്രശ്നത്തിലെയും ദ്വന്ദ്വങ്ങളെ കണ്ടെത്തി, അവയിൽ തന്റെ നിലപാടുകളോടു് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നിന്റെ പക്ഷം ചേർന്നു്, പുതിയ സെൻസേഷണൽ വാർത്തകൾ വല്ലതും ഉണ്ടാകുന്നതുവരെ ഊതിക്കത്തിച്ചുകൊണ്ടിരിക്കാനുള്ള കഴിവിലാണു് മലയാളിയുടെ മഹത്വം സ്ഥിതി ചെയ്യുന്നതു്. അത്ര തീവ്രമല്ലാത്ത, പൂർണ്ണനഗ്നർക്കുപോലും മഞ്ഞിൽ തണുത്തു് മരവിച്ചോ, വെയിലിൽ പൊള്ളിയുരുകിയോ മരിക്കാതെ ഒരുവിധം ജീവിച്ചുപോകാൻ വലിയ പ്രയാസമില്ലാത്ത കാലാവസ്ഥയും, വിളവിറക്കിനും വിളവെടുപ്പിനുമിടയിൽ മിക്കവാറും ഒരു മേൽനോട്ടത്തിൽ കൂടിയ പ്രയത്നമൊന്നും ആവശ്യമില്ലാത്ത കാർഷികവ്യവസ്ഥിതിയും പങ്കുചേർന്നു് മനുഷ്യർക്കു് പതിച്ചുനൽകിയ അലസതയുടെയും സമയധാരാളിത്വത്തിന്റെയും പാർശ്വഫലം!
Apr 17, 2016, 11:21 AM
അറിവു് ഒരു നിരന്തരത്വമാണെങ്കിൽ (അക്കാര്യത്തിൽ സംശയം ആവശ്യമില്ലതാനും) വേദാന്തം എങ്ങനെ അറിവിന്റെ അറ്റമാവും? ഒരാൾക്കു് ഒരേസമയം ഓടാനും നിൽക്കാനും കഴിയും എന്നു് പറയുന്നപോലത്തെ ഒരു അസംബന്ധമല്ലേ അതുപോലൊരു അവകാശവാദം?
Apr 20, 2016, 9:33 AM
ഡോണാൾഡ് ട്രമ്പും ഹിലറി ക്ലിന്റണും മുന്നേറുകയാണത്രെ! എനിക്കതു് പണ്ടേ തോന്നിയിരുന്നു. സ്വതവേതന്നെ ഡക്ക്സും ബ്ലൂ ജീൻസും ഇഷ്ടപ്പെടുന്നവരാണു് ഭൂരിപക്ഷം അമേരിക്കക്കാരും. ഹീറോസ്, ഹീറോയിൻസ്, റൊണാൾഡ് റേഗൻ, ഡൊണാൾഡ് ഡക്ക്, ഡെയ്സി ഡക്ക്, കോൺഗ്രസ്, പ്രസിഡന്റ്! ഡോണാൾഡ് ട്രമ്പ് പണക്കാരനും തന്മൂലം ബൂർഷ്വായും ആയതുകൊണ്ടു് അയാൾ പ്രസിഡന്റ് ആവുന്നതു് മലയാളികൾക്കു് അത്ര പഥ്യമാവാൻ വഴിയില്ല. അതു് കുശുമ്പാണെന്നാണു് അസൂയക്കാർ പറയുന്നതു്. പോരെങ്കിൽ, പോലീസിന്റെ തല്ലു് കൊണ്ടവൻ എന്ന പ്രഥമവും പ്രധാനവുമായ യോഗ്യതയില്ലാത്ത ആരെയും രാഷ്ട്രീയത്തൊഴിലാളി ആയി അംഗീകരിക്കുന്നവരല്ല പൊതുവേ കേരളീയർ. തല്ലു് കൊണ്ടാലേ മനുഷ്യർ നന്നാവൂ എന്നും, നന്നായവരിൽ നിന്നേ നല്ല രാഷ്ട്രീയം വരൂ എന്നുമാണു് രാഷ്ട്രീയകാര്യങ്ങളിൽ പ്രബുദ്ധരായ മലയാളികൾ പറയുന്നതു്. പക്ഷേ, അതിനേക്കാൾ കൂടുതലായി എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതു് ട്രമ്പിന്റെ തലമുടിയാണു്. അതുപോലത്തെ തലമുടിയുമായി ഒരാൾ അമേരിക്കൻ പ്രസിഡന്റ് കസേരയിൽ ഇരിക്കുക എന്നതു് എന്റെ ബുദ്ധിയിലോ ഭാവനയിലോ ഒതുങ്ങുന്ന കാര്യമല്ല. എന്നാലും ചൈനയിലെ അത്ര പ്രശ്നമുണ്ടാവാൻ വഴിയില്ലെന്നു് തോന്നുന്നു. അവിടെ ഗ്രോസ് നാഷണൽ പ്രൊഡക്റ്റിന്റെ പകുതിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ മുടി കറുപ്പിക്കാനാണത്രെ ഉപയോഗിക്കുന്നതു്! ഹിലറി ക്ലിന്റൺ പ്രസിഡന്റ് ആവുന്നതും മലയാളികൾക്കത്ര ഇഷ്ടമുള്ള കാര്യമാവാൻ വഴിയില്ല. പ്രഭാതത്തിൽ ആയാലും, തിയേറ്ററിൽ ആയാലും കൂവൽ കോഴിപ്പൂവന്മാരുടെ അവകാശമാണെന്നാണു്, ആൺ-പെൺ ഭേദമില്ലാതെ, അവരുടെ ഉത്തമബോദ്ധ്യം. വേണ്ടാത്തിടത്തു് കയറി പിടക്കോഴികൾ ഇടപെടുന്നതു് അവർക്കു് സഹിക്കാൻ കഴിയുന്ന കാര്യമല്ല.
ഒരു ഓൺലൈൻ പത്രം സ്വന്തമായിട്ടുണ്ടായിരുന്നെങ്കിൽ “പിടക്കോഴി കൂവുന്ന നൂറ്റാണ്ടു്- ലോകാവസാനം അടുത്തോ?” എന്ന ഗംഭീരതലക്കെട്ടിൽ ഒരു ലേഖനം എഴുതി ഞെട്ടലുകൾക്കായി നോക്കിപ്പാർത്തിരിക്കുന്ന വിർച്വൽ ലോകത്തെ ഞെട്ടിക്കാമായിരുന്നു. പക്ഷേ, എന്തു് ചെയ്യാൻ? സമ്പത്തു് കാലത്തു് തൈപത്തു് വയ്ക്കാതെ ലോകാവസാനകാലത്തു് കാപത്തു് തിന്നണം എന്നു് കരുതിയാൽ ചുമ്മാ കരുതിക്കൊണ്ടിരിക്കാമെന്നല്ലാതെ എന്തു് പ്രയോജനം?
Apr 22, 2016, 11:32 AM
വിശപ്പു് സഹിക്കാനാവാതെ ഒരു ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നൊരു വാർത്ത കണ്ടു. മലയാളക്കരയിലെ പത്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യമോ മിഥ്യയോ എന്നറിയാൻ എട്ടു് ദിക്കുകളിൽ നിന്നു് വീക്ഷിച്ചാലും മതിയായിക്കൊള്ളണമെന്നില്ല. ആസന്നമായ നിയമസഭാ ഇലക്ഷൻ മൂലം സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ഈദൃശ ദുർഘടത കൂടിയിട്ടുള്ളതല്ലാതെ ഒരു കാരണവശാലും കുറഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. പത്രക്കാരുടേതു് പോലെതന്നെ, ലളിതവും ജനങ്ങളുടെയിടയിൽ ഭാഗികമായെങ്കിലും പവ്വർഫുളുമായ രാഷ്ട്രീയക്കാരുടെയും ഫിലോസഫി ഇത്രയേയുള്ളു: ഈച്ചകളെ ബോധവത്കരിക്കുക എന്നതല്ല അവയെ പിടിക്കാൻ വല കെട്ടുന്ന ചിലന്തികളുടെ ലക്ഷ്യം. ഇതു് ഈച്ചകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള ഒരു നിഗമനമല്ല എന്നതിനാൽ, ഇതിന്റെ നേർവിപരീതമായ ഒരു നിലപാടാണു് കൂടുതൽ യുക്തിഭദ്രം എന്നു് കരുതുന്ന ഈച്ചകൾ ധാരാളം ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു ഒബ്ജെക്ഷനും എനിക്കില്ല. (അതിന്റെ പേരിൽ ഒരു തർക്കം വേണ്ട എന്നു് സംസ്കൃതം). കേരളത്തിലെ പഞ്ചായത്തുകളിൽ (അക്കാര്യത്തിനു്, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലുമൊക്കെ) “സോഷ്യൽ വർക്കർ” എന്നൊരു തസ്തിക ഉണ്ടോ എന്നോ, ഇല്ലെങ്കിൽ, അതിന്റെ കാരണം, ജോലി ലഭിച്ചാൽ അവരും കാലക്രമേണ വെള്ളാനകളാവുമെന്നോ, അതോ ഞമ്മന്റെ “കക്ഷത്തിൽ” പെടാത്ത “പ്രതിലോമകാരികളെ” നിയമിച്ചാൽ അതു് സ്വന്തം മാംസത്തിൽ കത്തിയിറക്കുന്നതിനു് തുല്യമായിരിക്കുമെന്നോ ഒക്കെയുള്ള എക്സിസ്റ്റെൻഷ്യൽ ഭയമാണോ എന്നോ ഒന്നും എനിക്കറിയില്ല. (കുശുമ്പു് യൂണിവേഴ്സലാണു്. അതിനു് വ്യക്തിയെന്നോ പാർട്ടിയെന്നോ തരംതിരിവില്ല). ആഹാരം കഴിക്കാൻ വകയില്ലാതെ വലയുന്ന ഒരു കുടുംബത്തെ നേരിട്ടു് സഹായിക്കാൻ കഴിവില്ലെങ്കിൽ, ആ വിവരം പഞ്ചായത്തിലോ മറ്റു് ബന്ധപ്പെട്ടവരെയോ അറിയിക്കാനെങ്കിലും കഴിയുന്നില്ലെങ്കിൽ അതെന്തൊരുതരം അയല്പക്കസ്നേഹമാണെന്നും എനിക്കറിയില്ല. പക്ഷേ, ഓരോരുത്തന്റെ “അമ്മയെ കെട്ടിയവന്റെ” പാർട്ടിക്കു് മൈലേജ് ഉണ്ടാക്കാനായി ഇതുപോലൊരു വാർത്തയെ ദുരുപയോഗം ചെയ്യുന്നതിനേക്കാൾ ഭേദമായിരുന്നേനെ അതു്. ആ വാർത്ത ശരിയാണെങ്കിൽ, ആ പെൺകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അതുപോലൊരു നാറുന്ന സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നതിനേക്കാൾ ഭേദം ആത്മഹത്യയാണെന്ന ആ ആദിവാസി പെൺകുട്ടിയുടെ തീരുമാനത്തിനു് മുന്നിൽ ബഹുമാനപൂർവ്വം നമ്രശിരസ്കനാവാനേ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിക്കും കഴിയൂ. പക്ഷേ, ആ കയറിൽ തൂങ്ങിയാടേണ്ടിയിരുന്നതു് ആ ആദിവാസി പെൺകുട്ടി ആയിരുന്നില്ല; വർണ്ണശബളമായി അലങ്കരിച്ച സ്റ്റേജുകളിൽ തീപ്പൊരി പ്രസംഗങ്ങളുടെ ചിലന്തിവലകൾ പണിതുയർത്തി “നല്ല നാളെകൾ” വാഗ്ദാനം ചെയ്യുന്ന ആട്ടിടയന്മാരും പോത്തുനോട്ടക്കാരുമായിരുന്നു.
Apr 23, 2016, 9:45 AM
പത്തു മിനിറ്റുകൊണ്ടു് ഒരുത്തൻ 68 ചൂടൻ പട്ടികളെ തിന്നു എന്ന വാർത്ത വിശ്വസിക്കുന്നവരുടെ നാട്ടിൽ, PhD കഴിഞ്ഞ് ഡോക്ടറാവുന്ന ഒരു കനയ്യകുമാർ ചികിത്സിക്കുന്ന രോഗികളുടെ ദുരവസ്ഥയെപ്പറ്റി ചിന്താവിഷ്ടയായ സീത വ്യാകുലമാതാവാകുന്നതിൽ അപാകതയൊന്നുമില്ല. പിടിക്കപ്പെട്ടാൽ, തത്വചിന്തയെ ചികിത്സിക്കാനുള്ള യോഗ്യതയാണു് Doctor of Philosophy എന്നു് വ്യാഖ്യാനിക്കുകയുമാവാം. “ad hominem” അനുസരിച്ചു് തത്വചിന്തയെ ചികിത്സിക്കുക എന്നാൽ തത്വചിന്തകരെ കുളിപ്പിച്ചു് കിടത്തുക എന്നേ അർത്ഥമുള്ളു. കേരളത്തിൽ രാഷ്ട്രീയക്കാർ പരസ്പരം വ്യക്തിഹത്യ നടത്തുന്നതു് രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്നതുപോലത്തെ ഒരു ചുറ്റിക്കളി, അഥവാ റെവല്യൂഷൻ.
Apr 24, 2016, 10:53 AM
സൂത്രത്തിൽ നിന്നും ലീലയിലേക്കുള്ള ഷിഫ്റ്റും ഒരു പാരഡൈം ഷിഫ്റ്റ് തന്നെ!
Apr 26, 2016, 10:20 AM
അത്ഭുതമെന്നേ പറയേണ്ടൂ, കഴിക്കുന്നതു് മാംസാഹാരമായാലും സസ്യാഹാരമായാലും മിശ്രാഹാരമായാലും ദഹനം കഴിഞ്ഞാൽ വിസർജ്ജ്യമേ പുറത്തുവരൂ. അക്കാര്യത്തിൽ നടവർഗ്ഗം, ഇഴവർഗ്ഗം, പറവർഗ്ഗം, കരവർഗ്ഗം, ജലവർഗ്ഗം, തൊഴിലാളിവർഗ്ഗം, മുതലാളിവർഗ്ഗം, മലയാളിവർഗ്ഗം എന്ന തരംതിരിവൊന്നുമില്ല. ജാതിമതവർണ്ണവിവേചനമില്ല. ചിലയിനം ജീവികൾ അയവിറക്കി ഈ പ്രശ്നത്തിനു് ഒരു പരിഹാരം കാണാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലം തഥൈവ. ഒരു സ്റ്റേബിലൈസർ സർക്യൂട്ട് പോലെ, ഇൻപുട്ട് എന്തായിരുന്നാലും എല്ലാറ്റിനേയും വെട്ടിനിരത്തി ലെവലാക്കി ഒരേ ഔട്ട്പുട്ട് തരുന്ന ഒരുതരം സമത്വവാദിയാണു് ജീവികളുടെ ദഹനേന്ദ്രിയവ്യവസ്ഥ എന്നു് പറഞ്ഞാൽ തെറ്റാവില്ല.
മിക്കവാറും എല്ലായിനം ഭക്തരുടെ ലോകവും ഇതുപോലെയാണു് പ്രവർത്തിക്കുന്നതു്. അങ്ങോട്ടു് ആരെന്തു് പറഞ്ഞാലും ഇങ്ങോട്ടു് ലഭിക്കുന്നതു് മുദ്രാവാക്യസമാനമായ മറുപടികളായിരിക്കും. അല്പം പരിചിതമായിക്കഴിഞ്ഞാൽ സാധാരണഗതിയിൽ ആർക്കും ആന്റിസിപേറ്റ് ചെയ്യാൻ കഴിയുന്ന സ്ഥിരരൂപവാക്യങ്ങൾ മറുപടികളായി ആവർത്തിക്കുന്നവരാണു് ഭക്തർ. പക്ഷേ, അവർ അവയെ വാദങ്ങളിൽ അവതരിപ്പിക്കുന്നതു് അനിഷേദ്ധ്യമായ പുതുപുത്തൻ ആർഗ്യുമെന്റുകൾ ആയാലെന്നപോലെ ആയിരിക്കും. ജീവിതകാലം മുഴുവൻ ശ്രമിച്ചാലും തന്റെ ജപമാലയിൽ എത്ര മണികളുണ്ടെന്നു് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവരാണു് കക്ഷികൾ എന്നാലോചിക്കുമ്പോൾ അതിൽ അത്ര വലിയ അത്ഭുതത്തിനു് വകയുമില്ല. കാലഹരണപ്പെടുക എന്നൊരു വാക്കു് അവരുടെ ഡിക്ഷണറിയിൽ ഉണ്ടാവാൻ വഴിയില്ല. കേട്ടുകേട്ടു് മടുത്തതുകൊണ്ടാവണം, അവരുടെതന്നെ വാദങ്ങളുമായി ചില രസികന്മാർ അവരെ സമീപിക്കാറുള്ളതു്. അവരെപ്പിടിച്ചു് വല്ല സത്യസായിബാബയോ അമൃതാനന്ദമയിയോ മറ്റോ ആക്കുകയോ, കുന്തങ്കാലിലിരുത്തി കൂച്ചിക്കെട്ടി വല്ല ബാലികേറാമലയിലും കൊണ്ടുപോയി പ്രതിഷ്ഠിക്കുകയോ ചെയ്യാതിരുന്നാൽ ഭാഗ്യം! ജീവനിൽ കൊതിയുള്ളവർ ഒരിക്കലും ഭക്തരെ അണ്ഡർഎസ്റ്റിമേറ്റ് ചെയ്യരുതു്. അസാമാന്യമായ ത്രാണിയുള്ളവരാണു് ഭക്തർ. സ്വന്തം ആത്മാവിനെയും, അതിലുപരി സ്വന്തം ദൈവങ്ങളേയും രക്ഷപെടുത്താനായി എന്തു് കടുംകൈ ചെയ്യാനും അവർ മടിക്കില്ല.
Apr 27, 2016, 2:39 PM
ഡെസിമൽ സിസ്റ്റമാണു് പൊതുവേ മനുഷ്യർ ഉപയോഗിക്കുന്നതു്. കൈകളിൽ മൊത്തം പത്തു് വിരലുകൾ ഉള്ളതുകൊണ്ടാവാം അതുപോലൊരു രീതി സ്വീകരിക്കാൻ മനുഷ്യർ തീരുമാനിച്ചതു്. വിടർത്താനും മടക്കാനും കഴിയുന്നവയാണു് വിരലുകൾ എന്നതിനാൽ കണക്കെടുപ്പും എളുപ്പമാണു്. ഒരു മടക്കലും ഒരു വിടർത്തലും വഴി ഇരുപതു് വരെയുള്ള കണക്കെടുപ്പു് സാദ്ധ്യമാവും എന്നതൊരു ചെറിയ കാര്യമല്ല.
ബൈനറി ന്യൂമെറൽ സിസ്റ്റം വ്യാപകമായതു് കമ്പ്യൂട്ടറുകൾ വന്നതിനു് ശേഷമായതു് ഒരുകണക്കിനു് ഭാഗ്യമെന്നേ പറയേണ്ടൂ. ചൈനയിലെ “യിൻ-യാങ്”, ഭാരതത്തിലെ “ദ്വൈതം” തുടങ്ങിയവയിലെ ദ്വന്ദ്വഭാവങ്ങൾ ഉപയോഗിച്ചു് ഒരു ബൈനറി സിസ്റ്റം വികസിപ്പിക്കാൻ ആര്യഭടനു് തോന്നിയിരുന്നെങ്കിൽ നാരായത്തിനു് എഴുത്തോലയെ കണ്ടമാനം പീഡിപ്പിക്കേണ്ടിവന്നേനെ. അതു് മാത്രമോ? ഓലയിൽ നിരനിരയായി നിരന്നു് നിൽക്കുന്ന ലക്ഷോപലക്ഷം പൂജ്യങ്ങളുടെയും ഒന്നുകളുടെയും നാരായക്കുറികൾ കണ്ടു് തലപെരുത്തു് എത്രയെത്ര മനുഷ്യർക്കു് ഭ്രാന്തു് പിടിക്കുമായിരുന്നില്ല? സ്വതവേതന്നെയുള്ള ആദ്ധ്യാത്മികവൈകല്യത്തിനു് പുറമേയാണു് അതെന്നോർക്കണം!
തിരഞ്ഞെടുപ്പു് ആസന്നമായ കേരളത്തിൽ രാഷ്ട്രീയക്കാർ എതിരാളികളെ തറപറ്റിക്കാനായി ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം അധികപങ്കും എന്തുകൊണ്ടു് പത്തിൽ ഒതുങ്ങുന്നു? അതിന്റെ രഹസ്യവും ഈ ഡെസിമൽ സിസ്റ്റത്തിലാണു് കുടികൊള്ളുന്നതെന്നു് തോന്നുന്നു. അതുപോലെ, സ്വർഗ്ഗത്തിലെ കണക്കു് കൂട്ടലുകളും ഡെസിമൽ സിസ്റ്റത്തിൽ ആയിരിക്കാനേ വഴിയുള്ളു. അല്ലെങ്കിൽ മോശെക്കു് നൽകിയ കല്പനകളുടെ എണ്ണം യഹോവ എന്തുകൊണ്ടു് പത്തിൽ ഒതുക്കി? എന്തുകൊണ്ടു് യഹോവ ഒൻപതോ, അല്ലെങ്കിൽ പതിനൊന്നോ കല്പനകൾ നൽകിയില്ല? സ്വർഗ്ഗത്തിലെ സിസ്റ്റം ദശകഗണനമാണെന്നും, യഹോവയ്ക്കു് രണ്ടു് കൈകളിലായി പത്തു് വിരലുകളുണ്ടെന്നുമല്ലാതെ ന്യായീകരിക്കാനാവുന്ന മറ്റു് വിശദീകരണമൊന്നും കല്പലകകളിൽ പത്തു് കല്പനകൾ സ്വന്തകൈകൾ കൊണ്ടു് കൊത്താൻ തീരുമാനിച്ച യഹോവയുടെ പ്രവൃത്തിക്കു് നൽകാനാവില്ല.
ഏതായാലും, മനുഷ്യർ “millipedes” ആവാതിരുന്നതു് യഹോവയുടെയും രാഷ്ട്രീയക്കാരുടെയും ഭാഗ്യം. അല്ലെങ്കിൽ കയ്യുളിയും ചുറ്റികയും ഉപയോഗിച്ചു് കല്പലകകളിൽ ആയിരം കല്പനകൾ ഒറ്റയ്ക്കു് കൊത്തേണ്ടിവരുമായിരുന്ന യഹോവയും, ആയിരം ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്കെല്ലാം മറുപടി പറയാനും നിർബന്ധിതരാവുമായിരുന്ന രാഷ്ട്രീയക്കാരും അവശരായിപ്പോയേനെ! അതിന്റെയെല്ലാം നഷ്ടം സഹിക്കേണ്ടി വരുന്നതു് കാഴ്ചക്കാരായ ജനങ്ങളും. ബഫൂൺസ് കിടപ്പിലായാൽ പിന്നെ അവർക്കെന്തു് കോമഡി?
Apr 28, 2016, 11:10 AM
സോഷ്യൽ മീഡിയയിൽ ഇപ്പോൾ യുക്തിവാദികളാണു് “നിരപരാധികൾ”! തട്ടിക്കളയുകയാണോ ശരിയാക്കിക്കളയുകയാണോ വേണ്ടതു് എന്ന കാര്യത്തിലേ ഒരല്പം കൺഫ്യൂഷിയസ് നിലവിലുള്ളു എന്നാണു് കേൾക്കുന്നതു്. അവറ്റകളെ പരസ്യമായി കല്ലെറിഞ്ഞു് കൊല്ലണമെന്നാണു് എന്റെ അഭിപ്രായം. ഒരു സ്ത്രീയെ നാലുപേർ ചേർന്നു് ബലാൽസംഗം ചെയ്താലും കല്ലെറിഞ്ഞു് കൊല്ലേണ്ടതു് അവളെയായിരിക്കണം എന്നാണു് ദൈവൻ കല്പിച്ചിരിക്കുന്നതു്. നാലു് ബലാൽസംഗികൾ ഉള്ള സ്ഥിതിക്കു് കള്ളസാക്ഷികളെ പ്രത്യേകം കൊണ്ടുവരേണ്ടതില്ലല്ലോ എന്നാണു് ദൈവന്റെ ന്യായം. ദൈവൻ യുക്തിമാൻ മാത്രമല്ല, ന്യായവാനുമാണു്. യുക്തിവാദിയെ കൊല്ലുന്നതിൽ യുക്തി കാണുന്ന ഒരു ദൈവനേ യുക്തിമാനും കരുണാനിധിയുമാകാൻ കഴിയൂ. അതാണു് ഭക്തന്റെ സ്വതന്ത്രചിന്തയിലെ യുക്തി! ദൈവകല്പനപ്രകാരം ശിക്ഷ നടപ്പിലാക്കണം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തവരാണു് ഇന്നും ചില രാജ്യങ്ങളിലെ മനുഷ്യർ. പിന്നിൽ BCE എന്നുകൂടി ചേർക്കും എന്നതൊഴിച്ചാൽ, അവർ വർഷം എഴുതുന്നതും, യുക്തിവാദികളെപ്പോലെ, 2016 എന്നുതന്നെ. കല്ലെറിഞ്ഞു് കൊല്ലൽ കാലഹരണപ്പെട്ട ഒരു ശിക്ഷയല്ല എന്നു് ചുരുക്കം. ആഘോഷമായി നടത്തപ്പെടേണ്ട ഒരു കലാപരിപാടിയാണു് അതു്. മുട്ടുകുത്തും പ്രാർത്ഥനയും കൃഷിനിലങ്ങളെ ഉഴുതു് മറിക്കലുമൊഴികെ മറ്റു് സകല ഹോബികളും നിഷിദ്ധമായ സത്യവിശ്വാസികളായ സമാധാനികൾക്കു് ഒരു ചെയ്ഞ്ച് എന്ന നിലയിലും കൂടിയാണു് ദൈവൻ കല്ലെറിഞ്ഞുകൊല്ലൽ, കൈവെട്ടൽ, കാൽവെട്ടൽ, തലവെട്ടൽ തുടങ്ങിയ മൃദുശിക്ഷകൾ ഏർപ്പെടുത്തിക്കൊടുത്തതു്. ദൈവൻ എല്ലാം അറിയുന്നവനാകുന്നു.
അതുകൊണ്ടു് സംഭവം ഗംഭീരമായിരിക്കണം. ആദ്യം ചെയ്യേണ്ടതു്, കല്ലെറിഞ്ഞു് കൊല്ലേണ്ടവരുടെ വിശദവിവരങ്ങൾ ചെണ്ടകൊട്ടും നോട്ടീസ് വിതരണവുമായി നാടുനീളെ പരസ്യപ്പെടുത്തുകയാണു്. കാഴ്ചക്കാർ കുറഞ്ഞുപോയാൽ കല്ലേറുകൊലച്ചടങ്ങിനു് ഒരു ഗുമ്മുണ്ടാവില്ല. കൊലദിവസം പബ്ലിക് ഹോളിഡേ ആക്കിയാൽ ഒന്നുകൂടി നന്നായിരിക്കും. അല്ലെങ്കിൽത്തന്നെ പ്രൊഡക്റ്റിവിറ്റി അടിനരകത്തിൽ സ്ഥിരവാസമാക്കിയ നാടുകളിൽ ഒന്നോരണ്ടോ അവധിദിനങ്ങൾ കൂടിയതുകൊണ്ടു് ഒരു ചുക്കും സംഭവിക്കാനുമില്ല. കൺവെൻഷനും മഹാമഹങ്ങളുമെല്ലാം നടത്തുന്ന വലിയ മൈതാനത്തു് വച്ചായിരിക്കണം ചടങ്ങു്. ഉച്ചഭാഷിണികളിലൂടെ കരുണാർദ്രമായ ഭക്തിഗീതങ്ങൾ ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിക്കണം. ഓതിയും ഊതിയും നിഷിദ്ധി നീക്കിയ ഉച്ചഭാഷിണികളേ ഉപയോഗിക്കാവൂ.
ഏതെങ്കിലും സഖ്യരാഷ്ട്രത്തിന്റെ തലവനെക്കൊണ്ടു് പരിപാടി ഉദ്ഘാടനം ചെയ്യിച്ചാൽ സംഭവത്തിനു് ഒരു അന്തർദേശീയത കൈവരും. അതു് പ്രധാനപ്പെട്ട ഒരു കാര്യമാണു്. നമ്മൾ ഒരു സംഭവമാണെന്നു് ലോകം അറിയണം. നമ്മുടെ പ്രൗഢിക്കു് മങ്ങലേൽപ്പിക്കുന്നവയെ നമ്മൾ നശിപ്പിക്കണം. നശിപ്പിക്കാൻ പറ്റാത്തതിനെ മൂടി വയ്ക്കുകയെങ്കിലും ചെയ്യണം. മറ്റുള്ളവർ നമ്മെപ്പോലെ ബുദ്ധിമാന്മാർ അല്ലാത്തതിനാൽ, അവരെ കബളിപ്പിക്കാൻ എളുപ്പമാണു്. ദരിദ്രനാരായണന്മാർക്കു് പട്ടിണിയായതുകൊണ്ടു് ഒളിമ്പിക് മത്സരങ്ങൾ ആരെങ്കിലും വേണ്ടെന്നു് വയ്ക്കുമോ? രാജ്യത്തു് പട്ടിണി എത്ര കൂടുതലാണോ അത്രകണ്ടു് കൂടുതലായിരിക്കണം ജനശ്രദ്ധ തിരിച്ചുവിടാനായി ഭരണാധികാരികൾ നടത്തേണ്ടുന്ന വേഷംകെട്ടലുകൾ! 2016-ൽ ബ്രസീലിൽ നടക്കേണ്ടുന്ന സമ്മർ ഒളിമ്പിക്സ്, നോർത്ത് കൊറിയയിലെ മിലിറ്ററി പരേഡ് ഇവയിലൊക്കെ നമുക്കു് ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്!
നമ്മുടെ ഉജ്ജ്വലപ്രകടനങ്ങൾ കണ്ടും കേട്ടും ലോകം ഞെട്ടണം. ഒറ്റയൊരുത്തൻ വീട്ടിനു് വെളിയിൽ ഇറങ്ങാൻ ധൈര്യപ്പെടരുതു്. അന്യനിലപാടുകൾ വച്ചു് പുലർത്താനോ, അതിനെപ്പറ്റി മിണ്ടാൻ പോലുമോ ഒരുത്തനെയും അനുവദിക്കരുതു്. നമ്മൾ ഫാഷിസത്തിനു് എതിരാണു്. നമുക്കു് ഇഷ്ടമില്ലാത്തതെല്ലാം ഫാഷിസമാണു്. അതു് ചെയ്യുന്നവരെല്ലാം ഫാഷിസ്റ്റുകളാണു്. നമ്മൾ ചൊല്ലിക്കൊടുക്കുന്നതു് ഏറ്റു് ചൊല്ലുന്നതിൽ കൂടിയ യുക്തിയൊന്നും ആർക്കും വേണ്ട. യുക്തിവാദികൾ മുർദ്ദാബാദ്! ഇനി ആർക്കെങ്കിലും വല്ലതും വായിച്ചു് പഠിക്കണം എന്നുണ്ടെങ്കിൽ അതിനാണു് നമ്മുടെ കിത്താബുള്ളതു്. മനുഷ്യനു് വേണ്ടതെല്ലാം അതിലുണ്ടു്. അതിൽ ഇല്ലാത്തതൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽ അതൊന്നും മനുഷ്യനു് വേണ്ടവയല്ല. തിന്നുക, തൂറുക, ഓടിനടന്നു് കൃഷിനിലങ്ങൾ കലപ്പകൊണ്ടു് ഉഴുതു് മറിക്കുക, ഇടവേളകളിൽ വിടവില്ലാതെ കുരുവെണ്ണി പ്രാർത്ഥിക്കുക! ഈ ചടങ്ങുകൾ വരിയും നിരയും തെറ്റാതെ ആവർത്തിച്ചുകൊണ്ടേ ഇരിക്കുക. അതുമതി, അതു് ധാരാളം മതി, ചാകുവോളം ഈ ഭൂമിയിലും, ചത്തശേഷം സ്വർഗ്ഗത്തിലും ഇതുതന്നെ മനുഷ്യനു് പണി! മറ്റൊരു പണിയുടെ ആവശ്യം മനുഷ്യനില്ല.
March 2016
Mar 1, 2016, 5:36 PM
പുതിയതോ സങ്കീർണ്ണമോ ആയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ, പരിചിതമോ ലളിതമോ ആയ മറുപടികളെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നവരാണു് മനുഷ്യർ. മതം, രാഷ്ട്രീയം, ധാർമ്മികത തുടങ്ങിയ കാര്യങ്ങളിൽ സ്വയം ചിന്തിച്ചു് ഒരു തീരുമാനത്തിൽ എത്തുന്നതിനേക്കാൾ പ്രമാണഗ്രന്ഥങ്ങളെയോ, അവയുടെ അഥോറിറ്റികളുടെ അഭിപ്രായങ്ങളെയോ സ്വന്തനിലപാടായി സ്വീകരിക്കാൻ മനുഷ്യർ മടിക്കാറില്ലാത്തതു് അതുകൊണ്ടാണു്. ഭൌതികശാസ്ത്രത്തിന്റെ കോംപ്ലക്സിറ്റിയേക്കാൾ പൌരാണികവും ലളിതവുമായ ഗൗളിശാസ്ത്രത്തെയാണു് പൊക്കി തലയിൽ വയ്ക്കാൻ എളുപ്പം. കുറഞ്ഞ റിസ്കിൽ, ഓൺ ഹാൻഡായ പ്രശ്‌നപരിഹാരങ്ങളാണു് മനുഷ്യർക്കു് വേണ്ടതു്.
Mar 1, 2016, 6:12 PM
ഉത്തരവാദിത്വബോധമുള്ള സ്പെക്യുലേറ്റേഴ്സ് മാർക്കറ്റിനെ നിയന്ത്രിച്ചു് ധാന്യവിലയെ സ്റ്റെബിലൈസ് ചെയ്യാൻ സഹായിക്കുമ്പോൾ, “ലാഭൈകദൃക്കുകളായ” സ്പെക്യുലേറ്റേഴ്സ് ധാന്യവില കൃത്രിമമായി ഊതിവീർപ്പിച്ചു് മാർക്കറ്റിന്റെ സമനില തെറ്റിച്ചു് സ്വന്തം പോക്കറ്റ് വീർപ്പിക്കുന്നു. അതുവഴി, ആഫ്രിക്കപോലെയുള്ള “മൂന്നാം രാജ്യങ്ങളിലെ”, സ്വതവേതന്നെ എല്ലാ സാമൂഹികതലങ്ങളിലും പിന്നാക്കം നിൽക്കുന്ന ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും വഴുതിവീഴുന്നു. warrants-നെ പറ്റി പഠിച്ചാൽ എങ്ങനെ ഈ “ബ്ലഡ്സക്കറുകൾ” അതു് സാധിച്ചെടുക്കുന്നു എന്നറിയാൻ കഴിയും. മറ്റൊരു എളുപ്പവഴിയുള്ളതു്, സോഷ്യൽ മീഡിയയിലെ “എർഗൊണോമിക്സ്, പോളിട്രിക്സ്” സ്പെക്യുലേഷനുകൾ ശ്രദ്ധിക്കുക എന്നതാണു്.
Mar 2, 2016, 1:06 PM
അഭിനയകലയിലെ അവാർഡുകൾ കുറച്ചുകൂടി വിപുലപ്പെടുത്തേണ്ട സമയം അതിക്രമിച്ചു എന്നാണെന്റെ അഭിപ്രായം. നല്ല നടൻ/നടി എന്ന അവാർഡ് സിൽമയിൽ അഭിനയിക്കുന്ന നടനോ നടിയ്ക്കോ മാത്രമായി പരിമിതപ്പെടുത്തുന്നതു് കടുത്ത വിവേചനമാണു്. അഭിനയം സിൽമയിൽ മാത്രമേ സാധിക്കൂ എന്ന തെറ്റിദ്ധാരണയാണു് അതിനു് പിന്നിൽ. അവനവന്റെ പ്രൊഫഷനിൽ സിൽമയിലെ സൂപ്പർസ്റ്റാറുകളെവരെ തോല്പിക്കാൻ കഴിയുന്നത്ര ഉഗ്രൻ അഭിനയം കാഴ്ച വയ്ക്കുന്ന എഞ്ചിനിയേഴ്സ്, ഡോക്ടേഴ്സ്, പൊളിറ്റീഷ്യൻസ്, സാംസ്കാരികനായകർ തുടങ്ങിയവർ കേരളത്തിൽ കുറച്ചൊന്നുമല്ല. പാടത്തും പറമ്പിലും കൂലിവേല ചെയ്യുന്നവർ, മറ്റിനം മെയ്ക്കാടു് പണികൾ ചെയ്യുന്നവർ അങ്ങനെ “മുഷിഞ്ഞ” തൊഴിലുകൾ ചെയ്തു് ജീവിക്കുന്നവരേ അഭിനയിക്കാത്തവരായുള്ളു. അതു് അവർക്കു് അഭിനയിക്കാൻ അറിയാത്തതുകൊണ്ടാവണം എന്നു് നിർബന്ധമൊന്നുമില്ല. അഭിനയം കൊണ്ടു് മാത്രം ജീവിക്കാൻ കഴിയില്ലെന്നു് അറിയാവുന്നതുകൊണ്ടോ, നോക്കുകൂലി വാങ്ങി ജീവിക്കാൻ മാത്രം ഉളുപ്പില്ലായ്മ ഇല്ലാത്തതുകൊണ്ടോ, ലഭ്യമായ എന്തെങ്കിലും ജോലി ചെയ്യുകയേ നിവൃത്തിയുള്ളു എന്നതുകൊണ്ടോ ഒക്കെ ആവാം അവരുടെ ഈ അഭിനയവിരോധം. അവരെ അഭിനയത്തിനുള്ള അവാർഡിനു് പരിഗണിക്കേണ്ട കാര്യമില്ല. രോഗശാന്തി ശുശ്രൂഷകർക്കുള്ള അവാർഡ് പാസ്റ്റേഴ്സിനു് മാത്രം എന്നപോലെ, നടനത്തിനുള്ള അവാർഡ് നാട്യക്കാർക്കു് മാത്രം അവകാശപ്പെട്ടതായിരിക്കണം. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാൽ എന്തെന്തു് സാദ്ധ്യതകൾ തുറക്കപ്പെടുകയില്ല? ഗൈനക്കോളജിയിലെ മികച്ച നടൻ/നടി, എലക്ട്രോണിക്സിലെ മികച്ച ഗായകൻ/ഗായിക, നിയമസഭയിലെ മികച്ച വസ്ത്രാലങ്കാരം, പാർലമെന്റിലെ മികച്ച പശ്ചാത്തല സംഗീതം … …
കാലാനുസൃതമായ നവീകരണം ഏതു് കാര്യത്തിനും ആവശ്യമായതിനാൽ, മതങ്ങൾക്കു് അഭൂതപൂർവ്വമായ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ സിൽമാ അവാർഡുകൾ മതാടിസ്ഥാനത്തിൽ ആയിരിക്കേണ്ടതു് അത്യന്താപേക്ഷിതമാണെന്നു് പ്രത്യേകം പറയേണ്ട കാര്യമില്ല. എങ്കിലും ചുമ്മാ പറഞ്ഞേക്കാം. ഒരു വഴിക്കു് പോകുന്നതല്ലേ? മികച്ച ഹിന്ദുനടൻ/നടി, മികച്ച മുസ്ലീംനടൻ/നടി, മികച്ച നസ്രാണിനടൻ/നടി, അങ്ങനെ എല്ലാ മതങ്ങൾക്കും സംസ്ഥാനത്തിലെ അവരുടെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടു്. പ്രസവനിരക്കു് കൂടുതലുള്ള മതങ്ങളിൽ രണ്ടോ മൂന്നോ നടീനടന്മാരെ മികച്ചവരായി പ്രഖ്യാപിച്ചു്, ഓരോരുത്തർക്കും അവാർഡുകൾ നൽകി ബഹുമാനിക്കുന്നതും പരിഗണിക്കാവുന്ന കാര്യമാണു്. നാട്യത്തിനു് മാത്രമല്ല, പാട്ടു്, സദ്സ്വഭാവനടൻ/നടി, ദുസ്സ്വഭാവനടൻ/നടി, പിന്നണിഗായകൻ/ഗായിക, മുന്നണിഗായകൻ/ഗായിക എന്നിങ്ങനെ സിൽമയും ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേയും കലാകാരികൾക്കും കലാകാരന്മാർക്കും മതങ്ങളുടെ അടിസ്ഥാനത്തിൽ അവാർഡുകൾ നൽകേണ്ടതു് നവകേരളത്തിന്റെ ഒരു അനിവാര്യതയാണു്. മതപരമായ അവാർഡ്ദാനം ഒരുവിധം ക്ലച്ച് പിടിച്ചു് ഓടിത്തുടങ്ങിയാൽ, അധികം താമസിയാതെ ജാതിപരമായ അവാർഡ് ദാനങ്ങളിലേക്കു് ഗിയർ മാറ്റിയിട്ടു് അവാർഡ്ദാനശകടത്തിന്റെ ഓട്ടം കൂടുതൽ സ്മൂത്താക്കാവുന്നതാണു്. ഇത്രയും ചെയ്താൽ, മത-ജാതി അടിസ്ഥാനത്തിൽ അവാർഡുകൾ നൽകാത്തതിനാലാണു് കേരളത്തിൽ മതേതരത്വം പൂത്തുലയാതിരിക്കുന്നതു് എന്നൊരു പരാതി, കേരളത്തിലേക്കു്, പ്രത്യേകിച്ചും വടക്കൻ കേരളത്തിലേക്കു്, ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒബാമയിൽ നിന്നും കേൾക്കാനും, അതിന്റെ പേരിൽ തെക്കുവശത്തെ മൂലയിൽ പോയി മുഖം പൊത്തിനിന്നു് നാണിക്കാനും മലയാളിസമൂഹത്തിനു് ഇടവരില്ല.
Mar 3, 2016, 3:47 PM
കക്കുന്നവന്റെ കൈ വെട്ടണം എന്നു് മനുഷ്യരെ പഠിപ്പിച്ച ദൈവമുണ്ടു്. പക്ഷേ, കക്കുന്നവനെ എങ്ങനെ കക്കാത്തവൻ ആക്കി മാറ്റാമെന്നോ, വെട്ടി മാറ്റിയ കൈ എങ്ങനെ വീണ്ടും തുന്നിച്ചേർക്കാമെന്നോ മനുഷ്യരെ പഠിപ്പിച്ച ഒരു ദൈവവും ഇന്നുവരെ ലോകത്തിൽ ഉണ്ടായിട്ടില്ല, ഇനിയൊട്ടു് ഉണ്ടാവുകയുമില്ല. അതും അതിൽ എത്രയോ കൂടുതലും ചെയ്യാൻ കഴിയുന്ന ഒരു ജീവിയേയുള്ളു – മനുഷ്യൻ! എല്ലാ ദൈവങ്ങളുടെയും സ്രഷ്ടാവായ മനുഷ്യൻ! പക്ഷേ, അവനൊരു തെറ്റു് പറ്റി. ദൈവം എന്ന ആ മയക്കുമരുന്നു് അവൻ കുത്തിവച്ചതു്, ഒന്നും അറിയാത്തപ്പോഴും എല്ലാം അറിയാമെന്നു് ഭാവിക്കാൻ മടിയോ ലജ്ജയോ ഇല്ലാത്ത കുറേ മനുഷ്യരുടെ തലയിലേക്കായിരുന്നു! അന്നുമുതൽ തുടങ്ങിയതാണു്, തന്റെ കഞ്ചാവിനാണു് കൂടുതൽ ലഹരി എന്നു് സ്ഥാപിക്കാനായി വാളിന്റെയോ, കൊട്ടോടിയുടെയോ, മറ്റിനം വീട്ടുപകരണങ്ങളുടെയോ അടയാളങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു് സമനില തെറ്റിയ ആ ഭക്തസമാധാനികൾ ലോകത്തിൽ നടത്തുന്ന കൊല്ലും കൊലയും തീവയ്പ്പും.
Mar 5, 2016, 7:59 AM
Theory-induced Blindness:
“Once you have accepted a theory and used it as a tool in your thinking, it is extraordinarily difficult to notice its flaws. If you come upon an observation that does not seem to fit the model, you assume that there must be a perfectly good explanation that you are somehow missing. You give the theory the benefit of the doubt, trusting the community of experts who have accepted it.” – Daniel Kahneman, an Israeli-American psychologist and winner of the 2002 Nobel Prize in Economics.
Mar 5, 2016, 9:10 AM
സരിതകൾ വരും പോകും, രോഹിത് വെമുലകൾ വരും പോകും, കൻഹയ്യ കുമാറുകൾ വരും പോകും. അപ്പോഴെല്ലാം നെറ്റിയിൽ “ജനാധിപത്യം” എന്നു് വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുള്ള ട്രോജൻ ഹോഴ്സുകൾ രംഗത്തു് വന്നുകൊണ്ടുമിരിക്കും. അവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതു്, കലാപങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ചു് രസിക്കാനോ, അവ്യക്തമായ മറ്റു് സ്വാർത്ഥ-, സ്ഥാപിതതാല്പര്യങ്ങൾ നേടിയെടുക്കാനോ ആഗ്രഹിക്കുന്ന സാമൂഹ്യദ്രോഹികളായിരിക്കും. ഒരുപാടു് താമസിച്ചുമാത്രം നേരം വെളുക്കുന്ന ധാരാളംപേർ ഇക്കൂട്ടർക്കുവേണ്ടി ട്രോജനെ തള്ളാൻ റെഡിയായി നിൽക്കുന്നുണ്ടു് എന്നതാണു് അവരുടെ ഭാഗ്യം.
പുതിയ ചുവടുകൾ വയ്ക്കാൻ ധൈര്യപ്പെടുന്ന യുവജനങ്ങൾ ഏതു് സമൂഹത്തിന്റെയും വളർച്ചക്കു് ആവശ്യമാണു്. പക്ഷേ, മുളപൊട്ടുമ്പോഴേക്കും, പിന്നിത്തുടങ്ങിയ സ്വന്തം ആശയപഴഞ്ചാക്കുകളിൽ ഒതുങ്ങുന്ന വിധത്തിൽ അവരെ “ബഡ്ഡ്” ചെയ്തു് “സ്വന്തമാക്കാൻ” ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധതാപ്പാനകൾ തിരിച്ചറിയപ്പെടുകയും, ഒഴിവാക്കപ്പെടുകയും ചെയ്യാത്തിടത്തോളം, എല്ലാം പഴയപടി “കുരുക്കളെയും അവരുടെ കിത്താബുകളേയും” കേന്ദ്രീകരിച്ചുള്ള വിപ്ലവമന്ത്രോച്ചാരണങ്ങളും ഏകതാനപ്രദക്ഷിണങ്ങളുമായി തുടർന്നുകൊണ്ടിരിക്കും.
Mar 6, 2016, 10:07 AM
“ഉറപ്പായി പറയാവുന്നതു് ഞാനൊരു മാർക്സിസ്റ്റ് അല്ല എന്നതാണു്” എന്നു് മാർക്സ് പറയാറുണ്ടായിരുന്നു എന്നു് ഫ്രീഡ്രിഹ് എൻഗെൽസ്. അതിൽ അത്ഭുതമൊന്നുമില്ല. യഥാർത്ഥ മാർക്സിസം എന്തെന്നു് അറിയാൻ ഫ്രാൻസിലെ സഖാക്കളെ സമീപിച്ചിട്ടു് കാര്യമില്ലെന്നും, അതു് കേരളത്തിലെ സഖാക്കളിൽ നിന്നുതന്നെ പഠിക്കണമെന്നും മാർക്സിനു് അറിയാമായിരുന്നു. പക്ഷേ, അങ്ങേരുടെ കഷ്ടകാലത്തിനു്, “EMS – postEMS” കാലത്തെ കേരളത്തിൽ ജീവിക്കാൻ മാർക്സിനു് കഴിഞ്ഞില്ലല്ലോ.
“Now what is known as ‘Marxism’ in France is, indeed, an altogether peculiar product — so much so that Marx once said to Lafargue: ‘Ce qu’il y a de certain c’est que moi, je ne suis pas Marxiste.’” – Friedrich Engels: Letter to Bernstein, 1882.
“The materialist conception of history has a lot of them nowadays, to whom it serves as an excuse for not studying history. Just as Marx used to say, commenting on the French “Marxists” of the late 1870s: “All I know is that I am not a Marxist.” – Friedrich Engels: Letter to Schmidt, 1890
Mar 6, 2016, 1:55 PM
“പുരുഷന്മാർക്കു് ഒരേസമയം നാലു് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കു് എന്തുകൊണ്ടു് നാലു് ഭർത്താക്കന്മാരായിക്കൂടാ” – ജസ്റ്റീസ് കെമാൽ പാഷ
ആകാമല്ലോ. ആകുന്നുമുണ്ടു്. നാടുകളിലും വീടുകളിലും നടക്കുന്നതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം എന്നു് നിർബന്ധം പിടിക്കരുതു്. ഫിസിയോളജിയുടെ പ്രത്യേകത മൂലം “ഒരേസമയം” നാലു് ലൈംഗികപങ്കാളികളെ വേണമെങ്കിൽ “ആക്കാൻ” പുരുഷന്മാരേക്കാൾ സ്ത്രീകൾക്കു് എളുപ്പം പോലുമാണു്. ലച്ചോപലച്ചം ബീജങ്ങൾ ഒരു അണ്ഡത്തിന്റെ പുറകെ ഓടുന്നപോലെ, ഒരുലച്ചം അണ്ഡങ്ങൾ ഒരേസമയം ഒരു ബീജത്തിന്റെ പുറകെ ഓടാൻ തുടങ്ങിയാൽ എന്താവും ലോകത്തിന്റെ അവസ്ഥ!? നമ്മൾ പ്രാഗ്മാറ്റിക് ആയിരിക്കണം എന്നാണെന്റെ പക്ഷം.
ഇതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട കാര്യങ്ങളല്ല. ഇശ്യൂ ആക്കൽ ഈ പെണ്ണുങ്ങൾക്കു് പണ്ടേതന്നെ അത്ര ഇഷ്ടമുള്ള കാര്യവുമല്ല. സ്വന്തം കാര്യത്തിൽ പ്രത്യേകിച്ചും. ആസ്വാദകർ ആസ്വദിക്കുക, എന്നിട്ടു് മിണ്ടാതിരിക്കുക എന്നതാണു് അവരുടെയിടയിൽ ഇതിന്റെയൊക്കെയൊരു നടപ്പുരീതി. സത്യം പറയാമല്ലോ, നാലു് “ഭർത്താക്കന്മാർ” എന്നൊരു ലിമിറ്റേഷൻ ഉള്ള കാര്യം സ്ത്രീകളുടെ ലോകത്തിൽ ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്നാണു് എനിക്കു് കിട്ടിയ വിവരം. നമ്മൾ കൌണ്ടർ പ്രൊഡക്റ്റീവ് ആകാതിരിക്കുന്നതല്ലേ നല്ലതു്?
പിന്നെ, ഈ സിവിൽ കോഡും ക്രിമിനൽ കോഡുമൊക്കെ. അതു് നീങ്ങ അതാതിന്റെ തരം പോലെ ഒണ്ടാക്കുകയോ ഒണ്ടാക്കാതിരിക്കുകയോ എന്താ വേണ്ടേന്നു് വച്ചാൽ ചെയ്തോളൂ. അവർ, ച്ചാൽ, വിഷയാസക്തരായ ആണുങ്ങളും പെണ്ണുങ്ങളും, അതിനനുസരിച്ചു് സമയവും സന്ദർഭവുമൊക്കെ അഡ്ജസ്റ്റ് ചെയ്തോളും. മുതലക്കുഞ്ഞുങ്ങൾക്കു് ആരും ഇന്നുവരെ നീന്തലിനു് ട്യൂഷൻ എടുത്തിട്ടില്ല. പറ്റുമെങ്കിൽ, മനുഷ്യർ ഇണ ചേരുന്നിടത്തു് ഒളിഞ്ഞുനോക്കാനും കല്ലെറിഞ്ഞു് കൊല്ലാനുമൊക്കെ നടക്കുന്നതു് മഹാ കച്ചറ പരിപാടിയാണെന്നു് സദാചാരസംരക്ഷകരായ സംസ്കാരസമ്പന്നരെ വേണ്ടവിധം ഒന്നു് പറഞ്ഞു് മനസ്സിലാക്കിയാൽ വേണ്ടില്ല എന്നൊരഭിപ്രായമുണ്ടു്.
ദോഷം പറയരുതല്ലോ, ഒരു ഏകീകൃതസിവിൽ കോഡ് (അതെന്താണെന്നു് കോഡെഴുത്തുകാർക്കു് മാത്രമേ അറിയൂ!) ഒട്ടും മോശം സംഭവമല്ല. DNA-യുടെ ഒക്കെ കാലമാണു്. പണ്ടൊക്കെ വിശ്വസിക്കാൻ കൊള്ളാത്ത മനുഷ്യരേ ഉണ്ടായിരുന്നുള്ളു. ഇക്കാലത്തു് നിരോധിനെപ്പോലും വിശ്വസിക്കാൻ കൊള്ളില്ല. വിശ്വാസവഞ്ചനയുടെ ഫലം ചുമക്കേണ്ടി വരുന്നവർക്കു് നിയമപരമായ ഒരു ഇൻഷുറൻസ് ഉള്ളതു് എന്തുകൊണ്ടും നല്ലതാണു്.
Mar 6, 2016, 3:48 PM
“ക്രിമിനലുകളുടെ നാമത്തിൽ വരുന്നവർ വാഴ്ത്തപ്പെടും!”
Mar 8, 2016, 8:30 AM
US അമേരിക്കയിൽ അടിമസമ്പ്രദായം നിർത്തലാക്കിയ കാലഘട്ടത്തിൽ തെക്കൻ സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യത്തിലേക്കു് വിടുതൽ ചെയ്യപ്പെടുന്നതിനേക്കാൾ അടിമത്വത്തിൽ തുടരാൻ ഇഷ്ടപ്പെട്ട “കറുത്ത വർഗ്ഗക്കാർ” ഉണ്ടായിരുന്നത്രെ! ഇന്നത്തെ ഒരു ഇൻഡ്യൻ ഫാഷൻ വച്ചു് പറഞ്ഞാൽ, അവർക്കു് ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കാനുള്ള അനുവാദവും അറിവും ഉണ്ടായിരുന്നെങ്കിൽ, “സ്ലേവറി അബൊളിഷൻ” പ്രഖ്യാപിച്ചവരുടെ നേരെ മുഷ്ടി ചുരുട്ടി ആകാശത്തേക്കു് എറിഞ്ഞുകൊണ്ടു് “ആസാദി സേ ആസാദി” എന്നു് വിളിക്കാൻ തയ്യാറാവുമായിരുന്നവർ! പക്ഷേ, അനുവദിച്ച സ്വതന്ത്ര്യം സ്വീകരിക്കുക എന്നല്ലാതെ, അതു് വേണ്ടെന്നു് വയ്ക്കാനുള്ള സ്വാതന്ത്ര്യം – സ്വാതന്ത്ര്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം – അവർക്കുണ്ടായിരുന്നില്ല. ഫലത്തിൽ, തലേന്നു് വരെ അടിമകൾ എന്ന ലേബലിൽ ചെയ്തുകൊണ്ടിരുന്ന ജോലി പിറ്റേന്നു് മുതൽ അവർ സ്വതന്ത്രർ എന്ന ലേബലിൽ ചെയ്യാൻ തുടങ്ങി. അതിൽ കൂടുതലൊന്നും അവരുടെ ലോകത്തിൽ അന്നു് സംഭവിച്ചില്ല. 1865-ൽ ആയിരുന്നു ആ പ്രഖ്യാപനം. 1929-ൽ ജനിച്ച മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെട്ടതു്, നൂറില്പരം വർഷങ്ങൾക്കു് ശേഷം, 1968-ലാണു്!
നിയമനിർമ്മാണം വഴി അടിമസമ്പ്രദായമോ, മറ്റു് കാട്ടാളത്തങ്ങളോ നിർത്തലാക്കി മനുഷ്യാവകാശങ്ങളുടെ അംഗീകാരത്തിലേക്കു് ഒരു വലിയ ചുവടുവയ്പു് നടത്തി എന്നതുകൊണ്ടു് മാത്രം സാമൂഹികമായ അസമത്വങ്ങൾ ദൂരീകരിക്കപ്പെടുകയോ മനുഷ്യാവകാശങ്ങൾ സ്ഥാപിക്കപ്പെടുകയോ ചെയ്യുകയില്ല. മനുഷ്യരുടെ തലയിൽ വളർന്നു് പന്തലിച്ച അച്ചുകളിൽ, ചിന്താരീതികളിൽ മാറ്റങ്ങൾ വരാത്തിടത്തോളം, നിയമനിർമ്മാണം വഴിയോ, വിപ്ലവങ്ങൾ വഴിപോലുമോ സംഭവിക്കുന്ന സാമൂഹികമാറ്റങ്ങൾ ഏട്ടിലെ പശുക്കളോ, “സ്റ്റ്രോ ഫയറോ” മാത്രമായി അവശേഷിക്കുകയേയുള്ളു. റഷ്യൻ വിപ്ലവത്തിനു് ശേഷം ബോൾഷെവിക്സ് മിക്കവാറും ഉന്മൂലനം ചെയ്ത റഷ്യൻ ഓർത്തഡോക്സ് ചർച്ചിനു് ഇപ്പോൾ നവോത്ഥാനം സംഭവിച്ചു് വിശ്വാസികൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ, രണ്ടു് ലോകമഹായുദ്ധങ്ങളടക്കം ധാരാളം യുദ്ധങ്ങൾ നടന്നിട്ടും, അതുപോലുള്ള മതനശീകരണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത പശ്ചിമയൂറോപ്പിൽ ചർച്ചുകൾ പലതും ഇന്നു് വിശ്വാസികളുടെ അഭാവം മൂലം മെയിന്റെനൻസിനു് പോലും പണമില്ലാതെ പൂട്ടിയിടേണ്ടതായോ, ഹോട്ടൽ പോലുള്ള മറ്റാവശ്യങ്ങൾക്കായി വിൽക്കുകയോ വാടകയ്ക്കു് നൽകുകയോ ചെയ്യേണ്ടതായോ വരുന്നു എന്നതു് ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു.
സ്വാതന്ത്ര്യത്തിൽ മാത്രമേ മനുഷ്യബുദ്ധിക്കു് വികസിക്കാനാവൂ. അടിമത്വത്തിൽ അതിനു് വളർച്ച മുരടിച്ചു്, കേട്ടുപഠിച്ച ശീലുകൾ ഏറ്റുപാടി, ഇതാണു് സ്വർഗ്ഗം എന്നു് സായൂജ്യമടയാനേ സാധിക്കൂ. തലമുറകളിലൂടെ സാമൂഹികമായ അടിമത്തത്തിൽ കഴിയേണ്ടിവന്ന ഒരു ജനത്തിനു് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി ദീർഘകാലപദ്ധതികളിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. സ്വാതന്ത്ര്യം എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഇൻഡസ്‌റ്റ്രിയൽ ക്യാപ്പിറ്റലിസത്തിന്റെ പശ്ചാത്തലത്തിൽ മാർക്സ് വിഭാവനം ചെയ്ത, സാമ്പത്തികം എന്ന ഏകതാനതയുടെ അടിസ്ഥാനത്തിലെ “ഏകവർഗ്ഗസ്വാതന്ത്ര്യ”മല്ല. ജീവിതത്തിന്റെ എല്ലാ ഫാസെറ്റുകളും ഉൾപ്പെടുന്ന, ഉത്തരവാദിത്വജനാധിപത്യത്തിൽ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യവും സാമൂഹികസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളായി എല്ലാത്തരം ജനങ്ങളിലും എത്തുമ്പോഴേ അതു് മനുഷ്യവർഗ്ഗത്തിന്റെ സ്വാതന്ത്ര്യമാവൂ. വിപ്ലവങ്ങളുടെ വിപ്ലവമായ ഒരു “അമ്മവിപ്ലവത്തിലൂടെയോ”, ഒരു ലോകരക്ഷകന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ വരവോടെയോ എന്നേക്കുമായി പൂർത്തീകരിക്കപ്പെടുന്ന ഒന്നല്ല, നിരന്തരമുള്ള തിരുത്തലിലൂടെയും പുതുക്കലിലൂടെയും മാത്രം വികസിക്കാൻ കഴിയുന്നതും, ഒരുപക്ഷേ ഒരിക്കലും പൂർത്തീകരിക്കപ്പെടാൻ കഴിയാതെ പോയേക്കാവുന്നതുമായ ഒരു “കണ്ടിന്യുവസ് പ്രോസെസ്” മാത്രമാണു് മനുഷ്യവർഗ്ഗത്തിന്റെ സ്വാതന്ത്ര്യം.
“പാരീസ് മാന്യുസ്ക്രിപ്റ്റ്സിൽ” തൊഴിലാളികളുടെ അന്യവത്കരണത്തേക്കുറിച്ചു് മാർക്സ് വളരെയേറെ വാചാലനാകുന്നുണ്ടു്. സ്വകാര്യസ്വത്തു്, തൊഴിൽ വിഭജനം, മൂലധനമെന്ന പിശാചു് ഇവയൊക്കെയാണു് മനുഷ്യരെ (ന്ന്വച്ചാൽ, തൊഴിലാളികളെ, മുതലാളികൾ മാർക്സിന്റെ ദൃഷ്ടിയിൽ മനുഷ്യരേ അല്ല) ഏലിയനേഷനിലേക്കു് എത്തിക്കുന്നതു്! തൊഴിലാളി അവന്റെ ജീവിതം ഉല്പന്നവസ്തുവിൽ അർപ്പിക്കുന്നു; പക്ഷേ, ഇപ്പോൾ അതു് അവന്റേതല്ല, ആ വസ്തുവിന്റേതാണു്. എത്ര പ്രസക്തമാണോ അവന്റെ പ്രയത്നം, അത്ര അപ്രസക്തനാണു് തൊഴിലാളി. എന്താണോ അവന്റെ തൊഴിലിന്റെ ഫലം, അതു് അവനല്ല. ഉല്പന്നം എത്ര വലുതാണോ, അത്ര ചെറുതാണു് അവൻ. എത്ര കൂടുതൽ അവൻ ഉല്പാദിപ്പിക്കുന്നുവോ, അത്ര കുറച്ചേ അവനു് ചിലവഴിക്കാൻ കിട്ടുന്നുള്ളു. എത്ര കൂടുതൽ മൂല്യം അവൻ ഉണ്ടാക്കുന്നുവോ, അത്രയേറെ മൂല്യശൂന്യനാവുന്നു അവൻ. എത്ര പരിഷ്കൃതമാണോ അവന്റെ ഉല്പന്നം, അത്രമാത്രം അവൻ അപരിഷ്കൃതനായിത്തീരുന്നു. എത്രശക്തമാണോ അവന്റെ തൊഴിൽ, അത്രകണ്ടു് അശക്തനാവുന്നു അവൻ… ഇങ്ങനെയൊക്കെയാണു് മാർക്സ് തൊഴിലാളികളുടെ അന്യവത്കരണം “ശാസ്ത്രീയമായി” സ്ഥാപിക്കുന്നതു്! പൊള്ളയായ, യാഥാർത്ഥ്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത വാക്കുകളും വാക്പയറ്റുകളും! സ്വന്തമായി തൊഴിൽ ചെയ്തു് ജീവിക്കുകയോ, ജീവിക്കുന്നവരുടെ സാമീപ്യമോ വിയർപ്പു് ഗന്ധമോ അനുഭവിക്കുകയോ ചെയ്യാത്ത ഒരാൾക്കു് മാത്രം പടച്ചു് വിടാൻ കഴിയുന്ന അർത്ഥശൂന്യമായ വാചാടോപങ്ങൾ! “മതത്തെ മാർക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല” എന്നും മറ്റും നേതാവു് പറഞ്ഞാൽ അതിനു് ആമീൻ വിളിക്കാൻ മാത്രം ശീലിച്ച മനുഷ്യർക്കു് അങ്ങനെ തോന്നണമെന്നില്ലെങ്കിലും.
വരാനിരിക്കുന്ന തൊഴിലാളിസർവ്വാധിപത്യം പ്രവചിക്കുന്ന, അവിടെ സർവ്വസ്വാതന്ത്ര്യം വാഴുമെന്നു് വാഗ്ദാനം ചെയ്യുന്ന മാർക്സ്! തൊഴിലാളിക്കു് സംഭവിക്കുന്ന ഏലിയനേഷൻ വ്യക്തമാക്കാൻ മാർക്സ് ഉപയോഗിച്ച അതേ റെട്ടറിക് “നല്ല നാളെയിലെ” കമ്മ്യൂണിസ്റ്റ് ലോകത്തിലേക്കു് “നിർബന്ധിച്ചു്” സ്വതന്ത്രരാക്കപ്പെടുന്ന തൊഴിലാളികളിലേക്കുകൂടി വ്യാപിപ്പിച്ചാൽ? ആശ്രിതത്വം എന്നാൽ പാരതന്ത്ര്യമാവണമെന്നില്ല എന്നു് കരുതുന്ന, അതു് നൽകുന്ന സുരക്ഷിതത്വത്തിൽ സംതൃപ്തരായ മനുഷ്യർ ഉണ്ടാവരുതെന്നുണ്ടോ? രാജാവിന്റെ ഭൃത്യരെപ്പോലെ, കിം ജോങ് ഉനിന്റെ അംഗരക്ഷകരെപ്പോലെ, പാർട്ടി ചെയർമാന്റെ കാവൽക്കാരെപ്പോലെ സ്വാതന്ത്ര്യത്തിലേക്കു് “എലിയനേറ്റ്” ചെയ്യപ്പെടാൻ ഇഷ്ടമില്ലാത്തവരോ ഭയമുള്ളവരോ ഒക്കെ തൊഴിലാളികളും ജീവിച്ചു് പോകാൻ ആഗ്രഹിക്കുന്ന മനുഷ്യരും തന്നെയല്ലേ? മാവോയുടെ ലോകത്തിൽ ജീവിച്ചിരുന്ന മനുഷ്യർ, ഏറിയാൽ, ക്യാപിറ്റലിസത്തിൽ നിന്നും ആസാദി, സാമ്രാജ്യത്വത്തിൽ നിന്നും ആസാദി, ആസാദിയിൽ നിന്നും ആസാദി എന്നൊക്കെയല്ലാതെ, മാവോയിസത്തിൽ നിന്നും ആസാദി, മാവോയുടെ സാംസ്കാരികവിപ്ലവത്തിൽ നിന്നും ആസാദി എന്നൊക്കെ മുദ്രാവാക്യം മുഴക്കാൻ മാത്രം ജീവനിൽ കൊതിയില്ലാത്തവരായിരുന്നോ എന്നറിയില്ല. പക്ഷേ, ആയിരുന്നെങ്കിൽ അവർ നേരിട്ടിരിക്കാവുന്നതു്, 1989-ൽ റ്റിയാനമെൻ സ്ക്വയറിൽ “സ്വർഗ്ഗീയ സമാധാനത്തിന്റെ ഗെയ്റ്റിനു്” മുന്നിലേക്കു് പ്രതിഷേധജാഥ നയിച്ചവർക്കു് നേരിടേണ്ടി വന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമാവുമായിരുന്നില്ല എന്നു് ഉറപ്പായും പറയാം.
വിപ്ലവം ചിലവാകില്ല എന്നു് തോന്നുന്നിടത്തു് അധികാരത്തിലെത്താൻ വാരിയണിയേണ്ടിവരുന്ന ഒരു മുഖം മൂടി മാത്രമാണു് കമ്മ്യൂണിസത്തെസംബന്ധിച്ചു് – അതു് മാർക്സിസമായാലും, ലെനിനിസമായാലും, മാവോയിസമായാലും – ജനാധിപത്യം. അതറിഞ്ഞിരിക്കുന്നതു് നല്ലതാണു്. കുട്ടിച്ചാത്തനെ ഒഴിപ്പിക്കാൻ ബേൽസബൂബിനെ കുടിയിരുത്തി പുലിവാലു് പിടിക്കാതിരിക്കാൻ അതു് സഹായിക്കും.
Mar 9, 2016, 11:46 AM
മനുഷ്യരുടെ കൈ വെട്ടരുതു്. പെൻസിലുകൾ വെട്ടാതിരിക്കുകയുമരുതു്. പക്ഷേ, അവയെ കൈ വെട്ടുന്നപോലെ നടുവെ വെട്ടി രണ്ടായി മുറിക്കരുതു്. മുന മുറിയാത്ത വിധം അറ്റത്തെ തടി മാത്രം വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പത്തുപേർ പെൻസിൽ വെട്ടിയാൽ അതിൽ ഒരുത്തനോ ഒരുത്തിക്കോ അതുകൊണ്ടു് എഴുതിപ്പഠിക്കണം എന്നു് തോന്നിക്കൂടായ്കയില്ല. അതുവഴി വലിയ കാര്യവിവരം ഒന്നും ഉണ്ടായില്ലെങ്കിലും കയ്യക്ഷരമെങ്കിലും നന്നായാൽ അത്രയുമായല്ലോ എന്നതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
Mar 14, 2016, 10:49 AM
“Democracy is a government of the fools, for the fools, by the fools.” – George Bernard Shaw
അതിനെ ഇങ്ങനെ മലയാളീകരിച്ചാൽ “മലയാളം പെഡന്റ്സ്” ചൂടാവുമോ എന്നറിയില്ല: “കച്ചറകൾക്കുവേണ്ടി കച്ചറകൾ ഭരിക്കുന്ന (ഭരിക്കാൻ അനുവദിക്കാതിരിക്കുന്ന) കച്ചറകളുടെ ഭരണകൂടമാണു് ജനാധിപത്യം”. കിളി പോയതറിയാത്ത കുറേ “ഡെമോക്രാറ്റുകൾ” അസ്വസ്ഥരായി ഓടിനടന്നു് വളവളകളും തെറിവിളികളും വിളമ്പി ജനങ്ങളെ സ്ഥിരം എന്റർട്ടെയ്ൻ ചെയ്തുകൊണ്ടിരിക്കുന്നതിലൂടെ അതു് മാനിഫെസ്റ്റ് ചെയ്യപ്പെടുന്നു!
ഈ പ്രത്യേക സാഹചര്യത്തിൽ, വിക്കിപ്പീഡിയയെ ആകർഷണീയവും അതുവഴി ജനകീയവുമാക്കി കൂടുതൽ വിക്കിപ്പീഡിയന്മാരെ സൃഷ്ടിക്കാൻ അതിന്റെ പേരു്, ഫക്കിപ്പീഡിക എന്നോ കക്കിപ്പീഡിക എന്നോ മാറ്റിയാൽ മതിയാവേണ്ടതാണു്. ശവമുള്ളിടത്തു് കഴുകന്മാർ കൂടും എന്നു് ബൈബിൾ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) എന്നോ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ എന്നോ ഒക്കെ വിശദമായും ആർഭാടമായും പറഞ്ഞുകൊണ്ടേ ഓൺലൈനിലെ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളുവെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ ശുഷ്കമായിരുന്നേനെ എന്നാണെനിക്കു് തോന്നുന്നതു്. കമ്മി, സുഡാപ്പി, സംഘി, കൊങ്കി തുടങ്ങിയ “ചുരുക്കെഴുത്തുകൾ” രാഷ്ട്രീയ ചർച്ചകളെ കുറച്ചൊന്നുമല്ല ജനകീയവും ആവേശകരവുമാക്കി മാറ്റിയതു്. ഒരു പേരിൽ എന്തിരിക്കുന്നു എന്നതല്ല, എന്തൊക്കെയോ ഇരിക്കുന്നു എന്നതാവണം ശരി.
Mar 16, 2016, 11:39 AM
സോഷ്യലിസത്തെയും, തൊഴിലാളികളെയും, ഡിറ്റർമിനിസ്റ്റിക് ആയ ഒരു ഭാവികാലത്തേയും പ്രതിനിധീകരിക്കുന്നവർക്കു് ശാസ്ത്രീയതയുടെ മുഖംമൂടിയണിഞ്ഞു് ജനസ്വാധീനം നേടാൻ ഐൻസ്റ്റൈൻ ഒരു നല്ല സെലക്ഷനാണെന്ന കാര്യത്തിൽ സംശയമില്ല. ഇസ്രായേലിന്റെ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിട്ടും അതു് വേണ്ടെന്നു് വച്ച ഐൻസ്റ്റൈനു് രാഷ്ട്രീയത്തെപ്പറ്റി മോശമായ അഭിപ്രായം ഒന്നും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. റഷ്യയോ ചൈനയോ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം അതു് സീകരിക്കുകയും ചെയ്തേനെ! ഒരു “ആന്റിഅഥോറിറ്റേറിയൻ” എന്ന നിലയിൽ ഐൻസ്റ്റൈൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരിക്കാൻ സാദ്ധ്യതയുള്ളതു് “വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടൊട്ടാലിറ്റേറിയൻ സിസ്റ്റങ്ങളെ” ആയിരിക്കണമല്ലോ.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെ അഭിപ്രായത്തിൽ, ഒരു “സോഷ്യലിസ്റ്റ്-ഹോബി-ഹോഴ്സ്” ആയി ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു് അവരെ പൊട്ടൻ കളിപ്പിക്കാൻ ഐൻസ്റ്റൈനേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ള പ്രസിദ്ധവ്യക്തി ഹിറ്റ്‌ലർ ആയിരുന്നേനെ! തൊഴിലാളിസ്നേഹവും സോഷ്യലിസവുമെല്ലാം ഹിറ്റ്‌ലറുടെ “ദേശീയസോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളിപ്പാർട്ടിയുടെ” (Nationalsozialistische Deutsche Arbeiterpartei) പേരിൽത്തന്നെ ആളിക്കത്തുകയല്ലേ? അത്രയേറെ ആളിക്കത്തുന്ന സോഷ്യലിസം കണ്ടാൽ, ഈയാമ്പാറ്റകളെ തോല്പിക്കുന്ന ആവേശത്തോടെ പറന്നടുക്കാതിരിക്കാൻ കഴിയാത്ത വോട്ടർമാരെവിടെ കേരളത്തിൽ? “ഇന്നലെകളെ പറ്റി സംസാരിക്കുക എന്നതാണു് ചരിത്രപരമായ സമ്പ്രദായം” എന്നപോലെ, നാളെകളുടെ ചരിത്രപരമായ ഉറപ്പിനെപ്പറ്റി സംസാരിക്കുന്നതും, ആ നല്ല നാളെകളെ വാഗ്ദാനം ചെയ്യുന്നതുമാണു് രാഷ്ട്രീയപരമായ കേരളീയസമ്പ്രദായം എന്നു് അറിയാവുന്നവരാണു് അവിടത്തെ വോട്ടർമാർ.
Mar 19, 2016, 9:28 AM
പോയ മൂന്നും നാലും വർഷങ്ങളിലെ വരെ സ്റ്റാറ്റസുകൾ ഫെയ്സ്ബുക്ക് എടുത്തു് കാണിക്കുമ്പോഴാണു് ഇക്കാലമത്രയും ഒരു ഐഡിയോളജിക്കൽ മാറ്റവും എന്നിൽ സംഭവിച്ചില്ലല്ലോ എന്ന ദു:ഖം എനിക്കുണ്ടാകുന്നതു്. ഇക്കണക്കിനു് പോയാൽ, എനിക്കു് എന്നെത്തന്നെ തല്ലിക്കൊല്ലേണ്ടി വരുമെന്നു് തോന്നുന്നു.
മാറ്റത്തിനൊഴികെ മറ്റെല്ലാറ്റിനും മാറ്റമുണ്ടാവണമെന്നു് മാർക്സ് അസന്ദിഗ്ദ്ധമായി കല്പിച്ചിട്ടുണ്ടു്. മാറ്റം എന്നതുകൊണ്ടു് മാർക്സ് ഉദ്ദേശിച്ചതു് മാർക്സിസത്തെ മാത്രം ആവാനേ വഴിയുള്ളു. ലോകത്തിന്റെ ആകെമൊത്തം മാറ്റം ലക്ഷ്യമാക്കി വിപ്ലവിക്കുന്ന മാർക്സിസത്തിനൊഴികെ മറ്റെല്ലാ കിടുതാപ്പുകൾക്കും അനിവാര്യമായ മാറ്റമുണ്ടാവണമെന്നല്ലാതെ മറ്റു് ദുരുദ്ദേശങ്ങളൊന്നും മാർക്സിനു് ഉണ്ടാവേണ്ട കാര്യമില്ല.
ആ ലോജിക് പ്രകാരമാണു്, മൂന്നുനാലു് വർഷങ്ങളായിട്ടും ആശയത്തിനോ ആമാശയത്തിനു് പോലുമോ മാറ്റമൊന്നും വരാത്ത എന്റെ കാര്യം പോക്കാണെന്നു്, അല്ലെങ്കിൽ പോക്കാവേണ്ടതുണ്ടെന്നു് ഞാൻ മനസ്സിലാക്കിയതു്. ഒരു മാറ്റവുമില്ലാതെ ജീവിച്ചുകൊണ്ടിരിക്കാൻ, മാർക്സിനു് തന്നെപ്പറ്റിത്തന്നെ ഉറപ്പായി പറയാൻ കഴിഞ്ഞിരുന്നതുപോലെ, “ഞാനും ഒരു മാർക്സിസ്റ്റല്ല”.
Mar 20, 2016, 11:09 AM
കള്ളു് അഡിക്ഷനിൽ നിന്നും രക്ഷപെടാൻ അഡിക്ഷൻ ക്ലിനിക്കുകളിൽ പോകാം. കാളി അഡിക്ഷനിൽ നിന്നും രക്ഷപെടാൻ ഏതു് അഡിക്ഷൻ ക്ലിനിക്കിൽ പോയാൽ മതിയാവും?
കാളി മാത്രമല്ല മനുഷ്യരിൽ അഡിക്ഷൻ ഉണ്ടാക്കുന്നതു്. മുഹമ്മദ്, യേശു, ദൈവം, മതം, യുക്തിവാദം, കാപ്പി, ചായ, പഞ്ചസാര, ബീഡി, സിഗററ്റ്, ഡ്രഗ്സ്, സദാചാരം, കമ്പ്യൂട്ടർ, മൊബൈൽ, കമ്മി, സംഘി, കൊങ്കി, മൂരി, പശു തുടങ്ങിയവയെല്ലാം മനുഷ്യരെ ആഡിക്റ്റ്സ് ആക്കുന്നവയാണു്. അവയിൽ നിന്നും വേണ്ടേ മനുഷ്യർക്കു് ഒരു മോചനം?
മദ്യം പാനം ചെയ്യുക എന്നതിനു് ആൽക്കഹോളിനു് ആഡിക്റ്റ് ആവുക എന്നാണു് അർത്ഥമെങ്കിൽ, യൂറോപ്യൻ രാജ്യങ്ങളെ ഭരിക്കുന്നതു് ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും. അങ്ങനെയെങ്കിൽ, വൈൻ ആഹാരത്തിന്റെ ഒരു അവിഭാജ്യഘടകം എന്നുതന്നെ പറയാവുന്ന മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ മുഴുവൻ ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും. അങ്ങനെയെങ്കിൽ, കുർബ്ബാന സമയത്തു് യേശുവിന്റെ രക്തവും ശരീരവും എന്ന പേരിൽ വീഞ്ഞും ഗോതമ്പപ്പവും വാഴ്ത്തുകയും ഭക്ഷിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ എല്ലാം ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും.
ഓരോ പ്രദേശങ്ങളിലും അവിടങ്ങളിലേതായ ആഹാരപദാർത്ഥങ്ങളും ആഹാരരീതികളുമുണ്ടു്. അതുകൊണ്ടാണു്, അവസാനത്തെ അത്താഴസമയത്തു് യേശു ശിഷ്യന്മാരോടൊപ്പം റൊട്ടിയും വീഞ്ഞും കഴിച്ചു എന്നു് ബൈബിളിൽ വായിക്കേണ്ടി വരുന്നതു്. ബോധം മറയുന്നതുവരെ “ചാരായം” കുടിച്ചു്, വയറു് പൊട്ടുന്നതുവരെ ചോറും കറികളും വാരിവിഴുങ്ങുന്ന മലയാളി മാതൃക ആയിരുന്നു അവിടെ നിലനിന്നിരുന്നതെങ്കിൽ, യേശുവിനെ തലച്ചുമടായി പീലാത്തോസിന്റെ മുന്നിൽ എത്തിക്കേണ്ടി വരുമായിരുന്നു.
ഒരു മനുഷ്യൻ ആരായിരിക്കുന്നുവോ, ആ നിലയിലേക്കു് അവനെ എത്തിക്കുന്നതിൽ അവന്റെ കുടുംബപരവും, മതപരവും, സാമൂഹികവുമായ ചുറ്റുപാടുകൾ വഹിക്കുന്ന പങ്കു് ഒട്ടും ചെറുതല്ല. ഇന്നത്തെ സാഹചര്യത്തിൽ സ്വീഡനിൽനിന്നും ഒരു ഒസാമാ ബിൻ ലാദനോ, മഞ്ഞിൽ ജീവിക്കുന്ന എസ്കിമോകളുടെ ഇടയിൽ നിന്നും ഭാരതീയ മാതൃകയിലെ ഒരു “നഗ്നസ്വാമിമതമോ” ഉണ്ടാവാനുള്ള സാദ്ധ്യത മിക്കവാറും പൂജ്യമായിരിക്കും എന്നതുപോലെ.
Mar 20, 2016, 11:58 AM
പഴയതു്:
എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്.
പുതിയതു്:
- എവിടെ ഡോണാൾഡ് ട്രമ്പുണ്ടോ, അവിടെ അടിപിടിയും പിടിവലിയുമുണ്ടു്.
- എവിടെ വെറുപ്പിന്റെ സുവിശേഷകരുണ്ടോ, അവിടെ നിണമൊഴുകുന്ന തെരുവുകളും, തൂങ്ങിയാടുന്ന മൃതശരീരങ്ങളുമുണ്ടു്.
Mar 21, 2016, 11:01 AM
സ്റ്റ്റീമിൽ “ചുവപ്പു് സ്റ്റാറ്റസുകൾ” കണ്ടാൽ നിശബ്ദനിർവികാരമായി താഴേക്കു് സ്ക്രോൾ ചെയ്തു് പോകുക എന്നതു് കുറച്ചു് നാളായി എന്റെയൊരു ശീലമാണു്. ക്ഷീരബല ആയാലും നൂറ്റൊന്നിൽ കൂടുതൽ പ്രാവശ്യം ആവർത്തിച്ചാൽ താങ്ങാനാവില്ല. പക്ഷേ, ഇന്നലെ ചുവപ്പുനിറം കണ്ടു് പതിവുപോലെ താഴേക്കു് സ്ക്രോൾ ചെയ്തപ്പോൾ ഇടിനാദം പോലെ, “സ്റ്റോപ്പ്” എന്നൊരു അശരീരി ഉണ്ടായി. “ഞെട്ടിത്തെറിച്ച” ഞാൻ തിരിച്ചു് സ്ക്രോൾ ചെയ്തപ്പോഴാണു് ആ സത്യം എനിക്കു് മനസ്സിലായതു്! ഞാൻ സ്ക്രോൾ ചെയ്തുവിട്ടതു് ചുവന്ന ജട്ടിയാൽ അലങ്കൃതനായി സ്റ്റ്റീമിൽ പ്രത്യക്ഷപ്പെട്ട സാക്ഷാൽ ഡിങ്കഭഗവാനെ ആയിരുന്നു!
എന്റെ തെറ്റു്, എന്റെ തെറ്റു്, എന്റെ ദാരുണമായ തെറ്റു്! സർവ്വശക്തനായ ഡിങ്കനും അവന്റെ ഇടവകാംഗങ്ങൾക്കും മുന്നിൽ ഞാനെന്റെ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു് കുമ്പസാരിക്കുന്നു:
“I confess to almighty Dinkan
and to you, my brothers and sisters,
that I have greatly sinned,
in my thoughts and in my words,
in what I have done and in what I have failed to do,
through my fault, through my fault,
through my most grievous fault;
therefore I ask blessed “Pankila never-virgin”,
all the Angels and Saints,
and you, my brothers and sisters,
to pray for me to the Lord our God”.
Mar 23, 2016, 1:44 PM
വളയാത്ത ഒരു നട്ടെല്ലായിരുന്നു ജീവികളുടെ അതിജീവനത്തിനു് കൂടുതൽ അഡ്വൻറ്റേജ്യസ് ആയിരുന്നതെങ്കിൽ, (മനുഷ്യരുടെ) നട്ടെല്ലിന്റെ സ്ഥാനത്തു് തുടയെല്ലോ (femur), അതിന്റെ മുന്തിയ ഒരു വേർഷനോ മാത്രമേ പ്രകൃതി ഫിറ്റ് ചെയ്യുമായിരുന്നുള്ളു. കാരണം, പ്രകൃതി എന്നാൽ, അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങളുടെ മാതൃകയിലുള്ള ഒരു ഡൂക്കിലി ദൈവമല്ല.
പ്രകൃതിയെ കടത്തി വെട്ടാൻ കരുത്തുള്ള ഒരു ദൈവമേ – “ബിഗ്-ബാംഗ്” എന്ന ബല്യപെരുന്നാൾ വെടിക്കെട്ടിനു് മുൻപായാലും പിൻപായാലും – ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളു – ദീർഘവീക്ഷണമുണ്ടായിരുന്ന ഒരു എലികന്യക സകലലോകത്തിന്റെയും രക്ഷയെ മുന്നിൽ കണ്ടു് പങ്കിലക്കാട്ടിൽ “പിഴച്ചു് പ്രസവിച്ച” എലിപുത്രൻ, സാക്ഷാൽ ഡിങ്കഭഗവാൻ!
Mar 29, 2016, 5:37 PM
യുക്തിവാദികളെ കൊല്ലുക!
സമകാലികരാഷ്ട്രീയജല്പനങ്ങളുടെ നികൃഷ്ടതയും ജനകീയതയുടെ സ്വാർത്ഥപരതയും കാണണമെങ്കിൽ മനുഷ്യർ പർവ്വതങ്ങളിൽ ജീവിക്കാൻ പരിശീലിച്ചിട്ടുണ്ടായിരിക്കണം എന്നു് നീറ്റ്സ്‌ഷെ. കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ ഇത്തരം “മണ്ടത്തരങ്ങൾ” അങ്ങേർ ചിന്തിച്ചു് കൂട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. ഏതെങ്കിലുമൊരു പക്ഷത്തിന്റെയോ, ഒരു ഇസത്തിന്റെയോ, ഒരു ജാതിയുടെയോ ഒരു മതത്തിന്റെയോ, ഒരു ദൈവത്തിന്റെയോ പിന്നാലെ അവസരോചിതം സിന്ദാബാദോ മുർദ്ദാബാദോ വിളിച്ചുകൂവി നടന്നുകൊണ്ടല്ലാതെയുള്ള ഒരു ജീവിതം സങ്കല്പിക്കാൻ പോലും കഴിയാത്തിടത്തു് സ്വതന്ത്രമായ ചിന്തകൾ മുളയിലേ നുള്ളപ്പെടും. പ്രതിലോമപരമായ, ഒഴുക്കിനെതിരെ നീന്താനുള്ള ഏതു് പ്രവണതയും നശിപ്പിക്കപ്പെടണം എന്നതാണു് അവിടങ്ങളിലെ മാനിഫെസ്റ്റോതന്നെ. സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന മനുഷ്യർ എല്ലായിനം സിംഹാസനവാസികളുടെയും എക്കാലത്തേയും പേടിസ്വപ്നമായിരുന്നു. സാധാരണഗതിയിൽ, സ്വസ്ഥതയുണ്ടെങ്കിൽ മാത്രം സാദ്ധ്യമാവുന്ന ഒരു പ്രക്രിയയാണു് സ്വതന്ത്രചിന്ത. അതിനാലാണു് ഇരുമുടിക്കെട്ടോ, മരക്കുരിശോ, മാറാപ്പോ, കൊടികളോ, ബാനറുകളോ ഒക്കെയായി മനുഷ്യരെ പൊന്തിയോസിൽ നിന്നും പീലാത്തോസിലേക്കു് മാറിമാറി ഓടിച്ചുകൊണ്ടിരിക്കണമെന്നു് ദൈവങ്ങൾക്കു്/തമ്പ്രാക്കൾക്കു് ഇത്ര നിർബന്ധം. സ്വൈര്യം കൊടുത്താൽ വളരെ അപകടകാരിയായേക്കാവുന്ന ഒരു ജീവിയാണു് മനുഷ്യൻ എന്നവർക്കറിയാം.
മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയാൽ അവന്റെ ചിന്ത സ്വതന്ത്രമാവും. ചിന്ത സ്വതന്ത്രമായാൽ അവൻ തൂമ്പയെ തൂമ്പയെന്നും, കൊട്ടോടിയെ കൊട്ടോടിയെന്നും, അരിവാളിനെ അരിവാളെന്നും, അങ്ങനെ ഓരോന്നിനേയും പേരുപറഞ്ഞു് വിളിക്കാൻ തുടങ്ങും. യാഥാർത്ഥ്യങ്ങളെ ഭംഗിവാക്കുകൾ കൊണ്ടു് മൂടിവച്ചു്, അവയുടെ “സ്വത്വത്തെ”ത്തന്നെ എലിയനേയ്റ്റ് ചെയ്യുന്ന നാമമാത്രസ്വതന്ത്രചിന്തകരുടെ (മാർക്സിസ്റ്റ് സ്വതന്ത്രചിന്തകർ, മാവോയിസ്റ്റ് സ്വതന്ത്രചിന്തകർ, ഇസ്ലാമിസ്റ്റ് സ്വതന്ത്രചിന്തകർ തുടങ്ങിയ “ഓക്സിമൊറോൺ” ജനുസ്സുകൾ) രീതി സ്വതന്ത്രചിന്തകർക്കു് അജ്ഞാതമാണു്. അതുകൊണ്ടാണു് പരസ്പരം വെറുക്കുന്ന തൂമ്പകളും കൊട്ടോടികളും അരിവാളുകളും മറ്റിനം മാരകായുധങ്ങളും ഒറ്റക്കെട്ടായി, സംഘം ചേർന്നു്, അവരെ അവരുടെ പേരുചൊല്ലി വിളിച്ചതിന്റെ പേരിൽ സ്വതന്ത്രചിന്തകരെ വെറുക്കുന്നതു്. അതുകൊണ്ടാണു് സ്വതന്ത്രചിന്തകരോടു് ഏറ്റവും അടുത്തു് നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ യുക്തിവാദികളുടെ നേരെ അവർ കല്ലെറിയുന്നതു്. എറിയുന്നതു് കല്ലുകൾ കൊണ്ടല്ല, ബൂമെറാങ്ങുകൾ കൊണ്ടാണു് എന്നു് അറിയാൻ കഴിയാത്തതു് അവരുടെ കഷ്ടകാലം. മറുവശം അറിയുക എന്നതിനേക്കാൾ, കൂട്ടത്തിൽ ഒഴുകുക എന്നതായിരുന്നല്ലോ എന്നാളും അവരുടെ ആദർശവും ശക്തിയും!
February 2016
Feb 1, 2016, 9:31 AM
ചത്തുചീഞ്ഞതിൽ നിന്നും നാറ്റമേ വരൂ. കുഴിച്ചു് മൂടുന്നതുവരെ അതിന്റെ ഓരോ അംഗങ്ങളും അംശങ്ങളും അസഹ്യമായ നാറ്റം വമിപ്പിച്ചുകൊണ്ടേയിരിക്കും. ചത്തതു് വിഷപ്പാമ്പായാലും ശരി, മാർക്സിസമായാലും ശരി. ഇവ തമ്മിൽ അത്ര ചെറുതല്ലാത്ത ഒരു വ്യത്യാസം ഇല്ലാതെയുമില്ല. ആദ്യത്തേതു്, ചത്തതിനു് ശേഷം സ്വന്തം ദ്രവിക്കലിനെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാതെ ചീഞ്ഞു് മണ്ണടിയുമ്പോൾ, അക്ഷരംകൊത്തലിൽ വൈദഗ്ദ്ധമുള്ള രണ്ടാമത്തേതു്, സ്വന്തം പ്യൂട്രിഫാക്ഷൻ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആ ചീയലിന്റെ അഴുക്കുകൾ മുഴുവനും എന്തു് വില കൊടുത്തും നാറ്റിക്കേണ്ടവരായ നിത്യശത്രുക്കളുടെ മുഖത്തേക്കു് വാരിയെറിഞ്ഞു് തീർത്തതിനു് ശേഷം മാത്രംമണ്ണടിയുന്നു.
ജനാധിപത്യപരമായ ഒരു ഇടതുപക്ഷം ലോകത്തിന്റെതന്നെ ഒരു അനിവാര്യതയാണു്. പക്ഷേ, അതു് മാർക്സിസം-ലെനിനിസം-മാവോയിസം മാതൃകയിലുള്ള ഒരു രാഷ്ട്രീയവ്യവസ്ഥിതിയാവാൻ കഴിയില്ല. കാരണം, പ്രോപഗാൻഡ കൊണ്ടു് പിടിച്ചുനിർത്തപ്പെടുന്ന ടോട്ടാലിറ്റേറിയനിസമല്ല ഡെമോക്രസിയും നിയമരാഷ്ട്രവും.
Feb 2, 2016, 10:52 AM
പണ്ടൊരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞതാണു്. പക്ഷേ, കൂടുതൽ ഇഴകളും കൂടുതൽ ചുറ്റുമുണ്ടെങ്കിൽ കെട്ടു് കൂടുതൽ മുറുകുമെന്നാണല്ലോ. പൂണൂലിനായാലും ഒറ്റ ഇഴ പോരെന്നല്ലേ പ്രമാണം?
ബൈബിൾ പ്രകാരം ലോകാരംഭത്തിൽ ആദാം എന്ന ഒരു പുരുഷനും ഹവ്വ എന്നൊരു സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ, മനുഷ്യവർഗ്ഗം ഈ രണ്ടുപേരുടെ മക്കളിൽ നിന്നും – തന്മൂലം നിഷിദ്ധസംഗമത്തിന്റെ (incest) ഫലമായി – രൂപമെടുത്തതാണെന്നു് വിശ്വസിക്കുന്നവരുണ്ടു്. അതു് ശരിയല്ല എന്നതിനു് ബൈബിളിൽ തന്നെ തെളിവുണ്ടു്. (ഉല്പത്തിപ്പുസ്തകത്തിലെ നാലാം അദ്ധ്യായത്തിലെ പതിനാറും പതിനേഴും വാക്യങ്ങൾ കാണുക). ഞങ്ങടെ ഗ്രന്ഥം പഠിച്ചിട്ടു് വിമർശിക്കൂ എന്നതു് എല്ലാ മതവിശ്വാസികളുടെയും സ്ഥിരം പല്ലവിയാണു്. ബൈബിൾ ശരിക്കു് പഠിക്കൂ, എന്നിട്ടു് വിമർശിക്കൂ എന്നു് ആഹ്വാനം ചെയ്യുന്നവർ എന്നെങ്കിലും ബൈബിൾ വായിക്കാൻ തുടങ്ങിയിട്ടെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നാലാം അദ്ധ്യായം വായിക്കുന്നതിനു് മുൻപേ ആ വായന നിർത്തിയിട്ടില്ലെങ്കിൽ, അവർക്കു് ആദമിന്റെ കാലത്തു് മറ്റു് മനുഷ്യരും ലോകത്തിൽ ഉണ്ടായിരുന്നു എന്നു് കാണാൻ കഴിയേണ്ടതായിരുന്നു. പക്ഷേ, ഭക്തികൊണ്ടു് അടഞ്ഞ കണ്ണുകളുമായി വേദഗ്രന്ഥം തുറക്കുന്ന ഭക്തന്മാർക്കു് വേണ്ടതു് സത്യമെന്തെന്നു് അറിയലല്ല, അത്ഭുതങ്ങളുടെ കഥകളാണു്. ആ കഥകളാണെങ്കിൽ ചെറുപ്പത്തിലേ തന്നെ വീടും നാടും പള്ളിയും വഴി തലയിൽ തനിക്കുപോലും ഡിലീറ്റ് ചെയ്യാൻ പറ്റാത്തവിധം സേവ് ചെയ്തു് വച്ചിട്ടുള്ളവയുമാണു്. അതുകൊണ്ടു് ഒരു ഭക്തനു് ബൈബിൾ വായനയുടെ ആവശ്യമില്ലെന്നു് മാത്രമല്ല, ക്രിട്ടിക്കലായ ഒരു വായന ദൈവദോഷം വരുത്തിവയ്ക്കുകയും ചെയ്യും. ഏറിയാൽ ചെയ്യാവുന്നതു് കാണാതെ പഠിപ്പിച്ച അത്ഭുതകഥകളുടെ പാരായണം മാത്രം. അസാദ്ധ്യമായവ ദൈവം സാദ്ധ്യമാക്കിയതിന്റെ അത്ഭുതകഥകൾ പാടുന്നതിലേയും, കേൾക്കുന്നതിലേയും, വിശ്വസിക്കുന്നതിലേയും ആ ഒരു ത്രിൽ!
മനുഷ്യസൃഷ്ടിപ്പിന്റെ ഇവിടെ പ്രസക്തമായ കഥ ചുരുക്കത്തിൽ: ആദാമിനും ഹവ്വയ്ക്കും ആദ്യം ഉണ്ടായ രണ്ടു് മക്കളാണു് കയീനും ഹാബേലും. (ഹാബേലിന്റെ മരണശേഷം ശേത്ത് എന്നൊരു മകൻ കൂടി അവർക്കു് ജനിക്കുന്നുണ്ടു്). ഇളയ സഹോദരനായ ഹാബേലിനെ കൊന്നതിന്റെ പേരിൽ കയീനെ യഹോവയായ ദൈവം തന്റെ “തിരുസന്നിധിയിൽ” നിന്നും ആട്ടിപ്പുറത്താക്കി. നാടുവിടേണ്ടിവന്ന കയീൻ എദനു് കിഴക്കുള്ള നോദ് എന്ന സ്ഥലത്തുചെന്നു് പാർക്കുന്നു, ഒരു സ്ത്രീയെ സംഘടിപ്പിക്കുന്നു, അവളെ പരിഗ്രഹിക്കുന്നു, അവൾ ഒരു മകനെ പ്രസവിക്കുന്നു; സൃഷ്ടിയുടെ ഈ ചടങ്ങുകൾ നടക്കുന്നതിനിടയിൽത്തന്നെ കയീൻ ഒരു പട്ടണം പണിയുകയും, പട്ടണത്തിനു് മകന്റെ പേരായ ഹാനോക്ക് എന്നു് പേരിടുകയും ചെയ്യുന്നു. സർവ്വം ശുഭം.
അവശേഷിക്കുന്ന ചില ചോദ്യങ്ങൾ: ആദ്യത്തെ മനുഷ്യനായ ആദാമിനെ സൃഷ്ടിക്കാനായി യഹോവ മണ്ണു് കുഴച്ചുകൊണ്ടിരുന്നപ്പോൾ നോദ് എന്ന ദേശത്തു് മക്കളെ ജനിപ്പിച്ചുകൊണ്ടിരുന്ന മനുഷ്യവർഗ്ഗം ഏതായിരുന്നു? ഏതു് ഡിങ്കനായിരുന്നു അവരെ സൃഷ്ടിച്ചതു്? ആദാമിന്റെ മൂത്തമകന്റെ ഭാര്യയാവാൻ മാത്രം പ്രായമുള്ള പെണ്മക്കൾ അവർക്കുണ്ടായിരുന്നു എങ്കിൽ അവർ യഹോവയുടെ മനുഷ്യസൃഷ്ടിക്കും മുൻപോ, ചുരുങ്ങിയപക്ഷം അതിനോടൊപ്പമെങ്കിലുമോ “മനുഷ്യരെ സൃഷ്ടിക്കൽ” തുടങ്ങിയിരുന്നു എന്നുവേണ്ടേ കരുതാൻ?
നോദ് എന്ന ദേശത്തു് കയീൻ പണിയുന്നതു് ഹാനോക്ക് എന്ന ഒരു “പട്ടണം” ആണു്! സ്വന്തം കുടുംബാംഗങ്ങളായ നാലോ അഞ്ചോ അതിൽ കൂടുതലോ പേർക്കു് വസിക്കാൻ ഏറിയാൽ ഒരു വീടല്ലാതെ, ഒരു പട്ടണംതന്നെ പണിയാൻ കയീൻ തീരുമാനിച്ചതു് എന്തിനായിരിക്കും? അതോ അക്കാലത്തെ നോദുകാർ വീടിനു് നൽകിയിരുന്ന പേരു് “പട്ടണം” എന്നായിരുന്നോ?
ergo: ഒരു ദൈവവും ഒരു മനുഷ്യനേയും സൃഷ്ടിച്ചിട്ടില്ല. ആദിമനുഷ്യനായ ആദാമിന്റെ സൃഷ്ടി എന്നതു് ബൈബിളിലെ ഒരു നുണക്കഥ മാത്രം. ബൈബിളിൽ ആദാമിന്റേതെന്നു് പറയുന്ന കാലഘട്ടത്തിൽ മറ്റു് നാടുകളും പട്ടണങ്ങളും മനുഷ്യരും ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതാണു് വാസ്തവം. കയീനെ നോദിൽ എത്തിക്കുകയും കല്യാണം കഴിപ്പിക്കുകയും ചെയ്തതുവഴി ബൈബിൾ എഴുതിയവർക്കു് മറച്ചുപിടിക്കാനോ നിഷേധിക്കാനോ കഴിയാതായിത്തീർന്ന ഒരു സത്യം.
മലയാളം മാധ്യമങ്ങളെ മാതൃകയാക്കി, ബൈബിളിൽ നിന്നും ചോർത്തിയ ഈ “രഹസ്യറിപ്പോർട്ടിന്റെ” പൂർണ്ണരൂപം വേണമെന്നുള്ളവർക്കു് ഉല്പത്തിപ്പുസ്തകത്തിലെ നാലാം അദ്ധ്യായം വായിക്കാം. ആകെ 26 വാക്യങ്ങൾ മാത്രമേയുള്ളു.
Feb 2, 2016, 2:53 PM
തിരുവനന്തപുരത്തു് ഇന്നലെ ഒരു പയ്യനെ മറ്റു് ചില പയ്യന്മാർ തല്ലിക്കൊന്നു എന്നും ചാനലുകൾക്കു് അതൊരു ചാകര ആയിരുന്നു എന്നും സോഷ്യൽ മീഡിയ വഴി അറിഞ്ഞു. ഇത്തരം സെൻസേഷണൽ ന്യൂസുകളുടെ തൽസമയപ്രക്ഷേപണമോ താമസിച്ചപ്രക്ഷേപണമോ കാണാൻ ഞാൻ ഒട്ടും ബദ്ധപ്പെടാറില്ല. എനിക്കു് എല്ലാം തികഞ്ഞ ഒരു കൊലപാതകസീൻ കാണണമെന്നു് തോന്നുമ്പോൾ ഞാൻ ഏതെങ്കിലും മലയാളം സിൽമ കാണാറാണു് പതിവു്. മല്ലു സിൽമകളിൽ സൂപ്പർ സ്റ്റാറുകൾ മെഷീൻ ഗണ്ണുകളുമായി ടപടപടപേന്നു് വെടി വയ്ക്കുമ്പോൾ വെടിയേൽക്കുന്നവന്റെ ശരീരത്തിൽ നിന്നും ഫൗണ്ടനിൽ നിന്നെന്നപോലെ രക്തമൊഴുകി അവൻ പിടഞ്ഞു് വീണു് ചാവുന്ന ആ രംഗങ്ങൾ! ഹായ്, എന്താ ഒരു രസം! നിങ്ങൾക്കറിയാം. വൈകുന്നേരങ്ങളിൽ അമ്മ-മുത്തശിമാരെല്ലാം കുളിച്ചൊരുങ്ങി, കുശവൻ പുത്തൻകലങ്ങളുടെ പുറത്തു് വരയ്ക്കുന്നപോലത്തെ ഭസ്മക്കുറിയൊക്കെ തൊട്ടു് മക്കളേയും പേരക്കിടാങ്ങളേയും മടിയിലിരുത്തി കണ്ടു് രസിക്കുന്നതരം മലയാളം സിൽമകൾ! ധാരാളം ദൃഷ്ടാന്തങ്ങളുള്ള അത്തരം സിൽമകൾ കാണാനാണു് എനിക്കു് ഏറ്റവും ഇഷ്ടം. അതിൽനിന്നൊക്കെ മനുഷ്യർക്കു് പലതും പഠിക്കാനാവുമെന്നതാണു് കാര്യം.
പണ്ടത്തെ മലയാള സിൽമകളിൽ AK-47 ഉപയോഗിച്ചുള്ള വെടിയ്ക്കു് ഇന്നത്തെ അത്ര പ്രചാരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. പഴയ സിൽമകളിൽ നല്ല ഒന്നാംതരം ബലാൽസംഗസീനുകളൊക്കെ ഉണ്ടാവുമായിരുന്നു. വില്ലൻ നായികയെ വട്ടമിട്ടു് പിടിക്കാൻ ശ്രമിക്കുമ്പോൾ, ചില ഹൈ പിച്ച് ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു് നായിക കുതറി മാറാൻ ശ്രമിക്കും. രണ്ടുപേരും നന്നേ ക്ഷീണിക്കുന്നതുവരെ ആവർത്തിക്കപ്പെടുന്ന ഈ അനുഷ്ഠാനമാണു് സിൽമയിലെ ബലാൽസംഗം. ഇന്നത്തെ സിൽമകളിലും ബലാൽസംഗസീനുകൾ ഉണ്ടെങ്കിലും പഴയതിന്റെ അത്ര ഒരു ഗുമ്മില്ല. അതിലും നല്ല ബലാൽസംഗങ്ങൾ ഇന്നു് ബസിലും ട്രെയിനിലുമൊക്കെ നടക്കുന്നുണ്ടു്. അതോടെ സിൽമാസീനുകൾ തോറ്റു് തുന്നം പാടി; ഇൻഡ്യൻ റിയൽ ലൈഫ് സീനുകൾ ജയിച്ചു് പതാക ഉയർത്തി. അതിനു് മുൻപു് നായികമാരുടെ കുളിസീനിനായിരുന്നു ഡിമാൻഡ്. തൊലി പോകുന്നതുവരെ നായിക കാലിന്റെ മുട്ടുമുതൽ പാദം വരെ സോപ്പിട്ടു് ഉരുമ്മിക്കൊണ്ടിരിക്കുന്ന ചടങ്ങാണു് കുളിസീൻ. താഴെ ഇരുന്നു് നോക്കിയാൽ കൂടുതൽ കാണാനാവുമെന്ന ധാരണയിൽ പ്രേക്ഷകർ തറട്ടിക്കറ്റെടുത്തു് വെള്ളിത്തിരയുടെ ചോട്ടിൽ പോയി മേലോട്ടു് നോക്കി ഇരുന്നിരുന്ന സുവർണ്ണകാലം. മലയാളികളെ ഇന്നത്തെ രീതിയിൽ പ്രബുദ്ധരാക്കി മാറ്റിയതിൽ ഈവിധ സിൽമാറിച്ച്വലുകൾ വഹിച്ച പങ്കു് പറഞ്ഞറിയിക്കാവുന്നതല്ല.
കൊല ചെയ്യാനും ബലാൽസംഗം ചെയ്യാനും അന്യന്റെ കുളിമുറികളിലേക്കു് ഒളിഞ്ഞുനോക്കാനുമെല്ലാം മനുഷ്യനു് സ്വാഭാവികമായ ഒരു മടിയുണ്ടു്, ഒരുതരം “സ്വയംനിരോധനം”. ഇപ്പറഞ്ഞ കൃത്യങ്ങൾ പതിവായി കാണുന്നതിലൂടെ ആ നിരോധനമതിലിന്റെ ഉയരം കുറഞ്ഞുകുറഞ്ഞു് വരികയും അതിനെ മറികടക്കാൻ മനുഷ്യനു് മടിയില്ലാതാവുകയും ചെയ്യും. മനുഷ്യന്റെ ബൗദ്ധികനിലവാരം എത്ര കുറഞ്ഞിരിക്കുന്നുവോ അത്ര കൂടുതലായിരിക്കും നിരുപദ്രവകരമായ കാര്യങ്ങളെപ്പോലും തെറ്റായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അതിനോടു് അതിവൈകാരികമായി പ്രതികരിക്കാനുമുള്ള അവന്റെ പ്രവണത. പ്രൊഫസ്സർ ഡിങ്കൻ എന്ന ഒരു സിനിമയുടെ പേരിൽ കുറെ ഡിങ്കന്മാർ ദിലീപിന്റെ ചായക്കടയിലേക്കു് നടത്തിയ “പ്രതിഷേധപ്രകടനത്തിനോടു്” ചില ഓൺലൈൻ സത്യമതവിശ്വാസികൾ പ്രതികരിച്ച രീതി കണ്ടവർക്കു് ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
Feb 4, 2016, 12:42 PM
ഭക്തരായ മനുഷ്യർ അവരവരുടെ ദൈവങ്ങളെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്തുതിക്കും, ഉച്ചഭാഷിണികളിലൂടെ രാപകലില്ലാതെ പാടിപ്പുകഴ്ത്തും. അതു് സ്വാഭാവികമാണു്. യഹോവയായ ദൈവത്തെ യഹൂദരും ക്രിസ്ത്യാനികളും “തപ്പുകളാലും ചതുരത്തപ്പുകളാലും” പാടിപ്പുകഴ്ത്തുന്നപോലെ, ഹിന്ദുക്കൾ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരേയും, മുപ്പത്തിമുക്കോടിയിൽ അവശേഷിക്കുന്ന മറ്റു് ദൈവങ്ങളേയും ഗീതങ്ങളും ഗാഥകളും തംബുരുവും കൊണ്ടു് വാഴ്ത്തുന്നപോലെ, മുസ്ലീങ്ങൾ അവരുടെ ദൈവത്തെ, കഷായം സേവിക്കുന്നതുപോലെ, ദിനംപ്രതി അഞ്ചുനേരമോ, വേണ്ടിവന്നാൽ അതിൽ കൂടുതലോ പ്രാവശ്യം “അല്ലാഹു അക്ബർ” എന്നു് ആവർത്തിച്ചു് പറഞ്ഞു് അങ്ങേർ വലിയവൻതന്നെയെന്നു് ഉറപ്പു് വരുത്തുന്നപോലെ, മാർക്സിസ്റ്റുകൾ അവരുടെ ദൈവമായ മാർക്സ് പഠിപ്പിച്ച വിപ്ലവസൂക്തങ്ങളെ ആറ്റിക്കുറുക്കി “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നാക്കി തൊണ്ടപൊട്ടെ വിളിച്ചുകൊണ്ടു് തെരുവുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നപോലെ, ഡിങ്കോയിസ്റ്റുകളും അവരുടെ ദൈവമായ ഡിങ്കഭഗവാനു് ചെംജെട്ടിഗാനങ്ങളോടെയും പച്ചക്കപ്പപ്പാട്ടുകളോടെയും സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ടിരിക്കും. ഭക്തിയുടെ ലോകത്തിൽ നിത്യസാധാരണമായ ഒരു പ്രതിഭാസമാണതു്.
ദൈവം ഉള്ളിടത്തു് ഭക്തിയുണ്ടു്. ഭക്തി ഉള്ളിടത്തു് ദൈവം ഇല്ലാതിരിക്കില്ല. ഇല്ലെങ്കിൽ മനുഷ്യർ പുതിയൊരു ദൈവത്തെ സൃഷ്ടിക്കും. കാരണം, ഭക്തി ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു കൂട്ടമാണു് മനുഷ്യർ. ദൈവത്തിന്റെ കല്പനകൾ വാങ്ങാൻ മലയിലേക്കു് പോയ മോശെ തിരിച്ചു് വരാൻ താമസിച്ചപ്പോൾ “ഭക്തിക്കാൻ” മുട്ടിയ യഹൂദരും സ്വർണ്ണം കൊണ്ടു് ഒരു കാളക്കുട്ടി ദൈവത്തെ ഉണ്ടാക്കി പാട്ടു് പാടുകയും പ്രാർത്ഥിക്കുകയും ചെയ്തു എന്ന “ചരിത്രസത്യം” നമ്മൾ മറക്കരുതു്.
ഡിങ്കോയിസ്റ്റുകൾ ഹൃദയപൂർവ്വം ആലപിക്കുന്ന ഭക്തിഗീതങ്ങൾ അന്യവിശ്വാസികൾക്കു് അരോചകമാണു്, അവരെ അതു് ബോറടിപ്പിക്കുന്നു എന്നൊക്കെയാണു് അസഹിഷ്ണുക്കളുടെ പരാതി! ചരിത്രബോധമില്ലായ്മയല്ലാതെ മറ്റെന്താണതു്? ഡിങ്കമതമൊഴികെ മറ്റൊരു മതവും ഇന്നുവരെ അന്യമതങ്ങളെ സഹിഷ്ണുതയോടെ കണ്ടിട്ടില്ല. ഡിങ്കമതം ശാസ്ത്രജ്ഞരെയോ, മന്ത്രവാദിനികളെന്നു് മുദ്രകുത്തി സ്ത്രീകളെയോ ചുട്ടെരിച്ചിട്ടില്ല, വിധവകളോടു് ഭർത്താവിന്റെ ചിതയിൽ ചാടി ചാവാൻ കല്പിച്ചിട്ടില്ല, അന്യവിശ്വാസികളെ കണ്ടിടത്തു് വച്ചുതന്നെ കഴുത്തറക്കാൻ ആഹ്വാനം ചെയ്തിട്ടില്ല, ആരെയും ഗ്യാസ് ചേമ്പറിൽ അടച്ചു് കൊന്നിട്ടില്ല, ഡിങ്കോയിസത്തിൽ നിന്നും അന്യമായ ആദർശങ്ങൾ പിൻതുടരുന്നവരുടെ വംശനാശം വരുത്തണം എന്നു് പറഞ്ഞിട്ടില്ല. ഇതൊക്കെ ചെയ്തിട്ടുള്ളവർക്കു്, ഇപ്പോഴും ചെയ്യുന്നവർക്കു് ഡിങ്കമതത്തെ കുറ്റം വിധിക്കാൻ എന്തവകാശം?
പറഞ്ഞതുതന്നെ രണ്ടായിരം വർഷമായി പറയുന്ന ക്രിസ്തുമതം, അതിനും മുന്നേ തുടങ്ങിയ ചവയ്ക്കൽ ഇന്നും തുടരുന്ന ഹിന്ദുയിസവും ബുദ്ധിസവും യൂദായിസവും, ആയിരത്തിനാനൂറു് വർഷങ്ങളായി “അല്ലാഹു അക്ബർ” എന്നു് ഒരു മടുപ്പുമില്ലാതെ ആവർത്തിക്കുന്ന ഇസ്ലാം, നൂറ്റമ്പതു് വർഷമായി “നല്ല നാളെ, നല്ല നാളെ” എന്നു് മുടങ്ങാതെ ഉരുവിടുന്ന മാർക്സിസം … ഇവയൊന്നും ചർവ്വിതചർവ്വണം അല്ലെന്നുണ്ടോ? ഡിങ്കമതം ബോറടിപ്പിക്കുന്നത്രെ! സോഷ്യൽ മീഡിയ തുറന്നാൽ ച്യൂവിങ് ഗം ചവയ്ക്കുന്നപോലെ, ചാണ്ടി -സരിത, ചാണ്ടി – സരിത എന്നു് ചവയ്ക്കുന്നതിന്റെ അപസ്വരങ്ങൾ അനുഭവിക്കേണ്ടി വരുന്നത്ര അരോചകതയോ, പള്ളി-ക്ഷേത്രാദികളിലെ ഉച്ചഭാഷിണികൾ മുറുക്കിത്തുപ്പുന്നത്ര ബോറടിയോ, ശബ്ദമലിനീകരണമോ ഡിങ്കഭക്തരുടെ ശത-സഹസ്രനാമജപം വഴി ഉണ്ടാവുന്നതെങ്ങനെ എന്നു് മനസ്സിലാകുന്നില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അതിനു് അനലോഗും ഡിജിറ്റലുമായ പല പരിഹാരങ്ങളുമുണ്ടു്. ആർക്കും പരസഹായമില്ലാതെ ചെയ്യാവുന്ന സമസ്താപരാധപരിഹാരബലികൾ. എന്നിട്ടും അവയൊന്നും ചെയ്യാതെ ജനകോടികൾ ഡിങ്കമതത്തിനു് ചെവി കൊടുക്കുന്നുവെങ്കിൽ, നിത്യജീവൻ ഡിങ്കനിലൂടെ മാത്രം എന്നേ അതിനു് അർത്ഥം നൽകേണ്ടതുള്ളു.
മനുഷ്യവർഗ്ഗം പട്ടിണി കിടന്നു് നശിച്ചുപോകാതെ നിത്യജീവൻ പ്രാപിച്ചു് രക്ഷപെടേണ്ടതിനായി തന്റെ ഏകസമ്പാദ്യമായ പച്ചക്കപ്പയെവരെ മനുഷ്യർക്കു് ഇറക്കിക്കൊടുക്കാൻ മാത്രം ഡിങ്കൻ ലോകത്തെ സ്നേഹിച്ചു.
Feb 5, 2016, 10:30 AM
സിക്ക വൈറസിനെ പ്രതിരോധിക്കാൻ പറ്റിയ രണ്ടിനം വാക്സിനുകൾ കണ്ടെത്തിയെന്നു് ഭാരതീയ ശാസ്ത്രജ്ഞർ. വൈറസിനു് കാരണമെന്നു് കരുതുന്ന കൊതുകുവർഗ്ഗത്തെ കണ്ടുപിടിക്കാനുള്ള ശ്രമം പണ്ടേതന്നെ തുടങ്ങിയിരുന്നു എന്നും, ആ ശ്രമം ഒരുവർഷം മുൻപു് വിജയിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി. അഞ്ചു് വർഷത്തിനുള്ളിൽ മൃഗങ്ങളിൽ ഈ വാക്സിൻ പരീക്ഷിക്കും. പരീക്ഷണം വിജയിച്ചാൽ അടുത്ത പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി മനുഷ്യരിൽ പരീക്ഷിക്കും. പത്തു് വർഷങ്ങൾക്കുള്ളിൽ സിക്ക വൈറസിനെ പ്രതിരോധിക്കാൻ പറ്റിയ ഒരു വാക്സിൻ കണ്ടെത്താൻ അന്യരാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കു് കഴിഞ്ഞാലോ എന്ന ചോദ്യത്തിനു് ആ സാദ്ധ്യത എങ്ങനെ ഭാരതീയശാസ്ത്രജ്ഞർക്കു് അനുകൂലമായി മാറ്റിയെടുക്കാൻ കഴിയുമെന്ന കാര്യം അപ്പോൾ ചിന്തിക്കും എന്നായിരുന്നു മറുപടി. പരീക്ഷണങ്ങൾക്കും വട്ടച്ചിലവിനും വേണ്ടത്ര പണം താമസിയാതെ ഗവണ്മെന്റിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
അഖണ്ഡഭാരതത്തിലെ ജാതീയപ്രശ്നങ്ങൾ പരിഗണിച്ചു് ആദ്യം മനുഷ്യരിലും പിന്നീടു് മൃഗങ്ങളിലും പരീക്ഷണം നടത്തുന്ന കാര്യവും ആലോചനയിലുണ്ടത്രെ! ഒരു സ്വാമിനഗ്നന്റെ ചോദ്യത്തിനു് മറുപടിയായി, പശുക്കളിലോ, ദൈവവാഹനങ്ങളായ മൃഗങ്ങളിലോ പരീക്ഷണം നടത്തുകയില്ലെന്നു് അവർ ഉറപ്പുനൽകി. എലികളിൽ പരീക്ഷണം നടത്തുകയില്ല എന്ന അറിയിപ്പു് ഹർഷാരവത്തോടെയാണു് ഡിങ്കോയിസ്റ്റുകൾ സ്വീകരിച്ചതു്. “മൂഷികരെ” ഒഴിവാക്കിയതിൽ കേരളത്തിലെ രാഷ്ട്രീയനേതാക്കളും ഹൃദയഭേദകമായ നന്ദി രേഖപ്പെടുത്തി. സ്വ. ലേ.
Feb 5, 2016, 11:39 AM
നിയമരാഷ്ട്രം (constitutional state) പരാജയപ്പെടുന്നിടത്തു് സാമ്പത്തികമോ, രാഷ്ട്രീയമോ, മതപരമോ, ഇവയെല്ലാം ചേർന്നതോ ആയ മഫിയോസികൾ മേൽക്കോയ്മ സ്ഥാപിക്കും. അതുപോലൊരു സാഹചര്യത്തിലേക്കാണു് കേരളം/ഭാരതം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതു്.
Feb 5, 2016, 1:22 PM
“നിയമസഭയിൽ ഗവർണ്ണർ നയം പ്രഖ്യാപിച്ചു് പ്രസംഗിച്ചു.” – വാർത്ത
“നയവഞ്ചകരോടു് നയം പ്രഖ്യാപിച്ചിട്ടു് എന്തു് കാര്യം?” – ജനം
Feb 7, 2016, 7:23 AM
“നിശ്ചിതകാലത്തേക്കു് മരണം വരെയും സമരം ചെയ്യും”.
(730 ദിവസം മുൻപത്തെ ഒരു പോസ്റ്റ്)
Feb 8, 2016, 12:37 PM
ഇടതു്- വലതു് തിരഞ്ഞെടുപ്പു് യുഗ്മഗാനം/സമൂഹഗാനം
കട്ടു കട്ടില്ല, കട്ടു കട്ടില്ല
കട്ടവരുണ്ടോ മാളോരേ?
തിരഞ്ഞെടുപ്പു് അടുക്കുമ്പോൾ ജനങ്ങളെ പാട്ടിലാക്കാൻ ശ്രമിക്കേണ്ടതു് രാഷ്ട്രീയപ്പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും നിലനില്പിന്റെ പ്രശ്നമാണു്. എലക്ഷൻ ജയിക്കാൻ ആവശ്യമായതും, അതിനുശേഷം കാര്യമായ ഉപയോഗമൊന്നും ഇല്ലാത്തതുമായ ഒരു അനിവാര്യതിന്മയാണു് രാഷ്ട്രീയപ്പാർട്ടികളുടെ ദൃഷ്ടിയിൽ ജനം. പാലം കടക്കുവോളം നാരായണനാരായണ ചൊല്ലി തൃപ്തിപ്പെടുത്തേണ്ടവർ! എല്ലാം ദൈവനിശ്ചയമാണെന്നു് വിശ്വസിക്കുന്ന സമൂഹങ്ങളിൽ, ജനാധിപത്യവും ഒരുതരം ദൈവനിശ്ചയമാണെന്നും, കുറേ ജനാബുകളെയും ശ്രീ ശ്രീ കളെയും ജീ ജീ കളെയും പിടലിയിലേറ്റി ചുമക്കുന്നതാണു് സംഭവമെന്നും ജനങ്ങൾക്കുമറിയാം. മറ്റൊരുതരം ജനാധിപത്യം അവർക്കു് അജ്ഞാതമാണു്. പൊതുജനം കഴുതയാണെന്നു് പൊതുജനത്തിനുതന്നെ ഉറപ്പുള്ള അവസ്ഥ! പക്ഷേ, യഥാർത്ഥ കഴുതകൾ ഇതു് സമ്മതിക്കാറില്ല. അവരുടെ കാഴ്ചപ്പാടിൽ, പൊതുജനം എന്നതു് എല്ലായ്പോഴും കഴുതകളല്ല. ചിലപ്പോഴൊക്കെ അവർ പാമ്പാട്ടിയുടെ കൊട്ടയിലെ പാമ്പോ, പാപ്പാന്റെ മുന്നിലെ ആനയോ, യജമാനന്റെ മുന്നിലെ പട്ടിയോ, കുരങ്ങുകളിക്കാരന്റെ കയറിൻ തുമ്പത്തെ കുരങ്ങോ ഒക്കെയുമാണു്. നാനാത്വത്തിൽ ഏകത്വം എന്നല്ല, ഏകത്വമില്ലാത്ത നാനാത്വം എന്നതാണു് കഴുതകളുടെ ലോകദർശനം. ലോകത്തെ ദ്വൈതത്തിലേക്കോ അദ്വൈതത്തിലേക്കോ ചുരുക്കാൻ അവ ഇഷ്ടപ്പെടുന്നില്ല.
ജനങ്ങളെ വശത്താക്കാൻ രാഷ്ട്രീയക്കാർക്കു് പല വഴികളുമുണ്ടു്. എല്ലാ വഴികളുടെയും കേന്ദ്രബിന്ദു ഇത്രമാത്രമായിരിക്കും: സമൂഹത്തെ അലട്ടുന്ന ഓരോ പ്രശ്നങ്ങളേയും പരിഹരിക്കാൻ ഏതേതുതരം മുയലുകളെയാണു് ഞങ്ങൾ തൊപ്പിയിൽ നിന്നും പുറത്തെടുക്കാൻ പോകുന്നതെന്നും, ഭരണപക്ഷത്തിന്റെ മുയലുകൾക്കു് എന്തുകൊണ്ടു് ഇതുവരെ അതു് സാധിച്ചില്ലെന്നും പാമ്പാട്ടിയുടെ കുഴലൂത്തുപോലെ ജനങ്ങളോടു് ഓതിക്കൊണ്ടിരിക്കുക! മനുഷ്യർ ഇവിടെ നിസ്സഹായരാണു്. കാരണം, കണ്ണുകളെ അടയ്ക്കാൻ കഴിയുന്നപോലെ ചെവികളെ അടയ്ക്കാൻ മനുഷ്യർക്കു് കഴിയില്ല. അതുകൊണ്ടുതന്നെ സെൽഫികളെ കണ്ണടച്ചുപിടിച്ചു് ഒഴിവാക്കാൻ കഴിയുന്നതുപോലെ ശബ്ദമലിനീകരണത്തെ ചെവിയടച്ചുപിടിച്ചു് ഒഴിവാക്കാൻ മനുഷ്യർക്കു് ആവില്ല. സാധാരണഗതിയിൽ അതൊരു ഗുരുതരമായ പ്രശ്നമാണെങ്കിലും, ഉച്ചഭാഷിണികളിലൂടെയുള്ള പള്ളിപ്പാട്ടുകളും അമ്പലപ്പാട്ടുകളും വാങ്കുവിളികളും കേട്ടുകേട്ടു് ചെവിക്കല്ലു് കരിങ്കല്ലായി മാറിയതിനാലാവാം എത്ര ഉച്ചത്തിൽ കാറിയാലും അതു് കേൾക്കുന്നതായിപ്പോലും ഭാവിക്കാതെ ആത്മധ്യാനത്തിൽ മുഴുകാൻ മലയാളികൾക്കു് കഴിയും.
യൂറോപ്പിലേയും അമേരിക്കയിലേയുമൊക്കെ തിരഞ്ഞെടുപ്പു് കാഹളങ്ങൾ ശ്രദ്ധിച്ചാൽ ആ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ഏകദേശരൂപം ലഭിക്കും. മറ്റു് സമൂഹങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒരു സമൂഹത്തേയും അവിടത്തെ ജനങ്ങളുടെ സാംസ്കാരിക നിലവാരത്തേയും, ജനം നേരിടുന്ന പ്രശ്നങ്ങളേയും ഒറ്റ ഫോക്കസിലായി കാണാനുള്ള ഒരവസരമാണു് തിരഞ്ഞെടുപ്പു് പ്രചരണമഹാമഹങ്ങൾ നൽകുന്നതു്. അഴിമതിയുടെയും മോഷണത്തിന്റെയും സത്യാവസ്ഥകൾ പരിശോധിക്കാനുള്ള തിരക്കു് മൂലം മറ്റു് പ്രശ്നങ്ങൾ കാണാനോ കേൾക്കാനോ പഠിക്കാനോ സമയമില്ലാത്ത സമൂഹങ്ങളിൽ ഈ ഫോക്കസ് “കട്ടു-കട്ടില്ല” എന്ന ദ്വന്ദ്വത്തിലേക്കു് ചുരുങ്ങുന്നതിന്റെ കാരണം മറ്റൊന്നല്ല.
“തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ; മൊട്ടുവിരിയുമ്പോൾ മുത്തുകൊഴിയുമ്പോൾ മുത്തായ മുത്തൊക്കെ ഞാനെടുക്കും” എന്നൊരു സിൽമാപ്പാട്ടുണ്ടു്. അതുപോലെ, ജയിക്കുന്നവർക്കു് ആവോളം മുത്തുകൾ യഥേഷ്ടം തിരഞ്ഞെടുക്കാനാണു് ഭാരതത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നതു്. മുത്തുകൾ വിരിയണം കൊഴിയണം തുടങ്ങിയ ആഡംബരങ്ങളൊന്നും ഭാരതീയനെ ബാധിക്കുന്ന കാര്യങ്ങളല്ല. കൊഴിയാത്തതിനെ കുലുക്കി താഴെ വീഴിക്കും, പഴുക്കാത്തതിനെ ഞെക്കി പഴുപ്പിക്കും, എന്നിട്ടും പഴുക്കാത്തതിനെ പച്ചക്കു് തിന്നും – അതാണു് ഭാരതീയൻ! കല, സാഹിത്യം, സംഗീതം, ഫാഷൻ തുടങ്ങിയ മിക്കവാറും എല്ലാ സാംസ്കാരിക പ്രതിഭാസങ്ങളും സിൽമയിലൂടെ നിശ്ചയിക്കപ്പെടുന്ന ഭാരതീയസമൂഹത്തിൽ അതിന്റെ സ്വാധീനം തിരഞ്ഞെടുപ്പുകളിലും “കട്ടു-കട്ടില്ല” എന്ന രീതിയിൽ പ്രതിഫലിക്കുന്നതു് സ്വാഭാവികം.
അധികം സിൽമകളും തിന്മയും നന്മയും തമ്മിലുള്ള പോരാട്ടവും, നന്മയുടെ അന്തിമവിജയവും പ്രദർശിപ്പിക്കുന്നവയാണെങ്കിലും, എന്തുകൊണ്ടു് ഭാരതത്തിൽ തിന്മ പെരുകുകയും, നന്മക്കു് പലപ്പോഴും ആത്മഹത്യ ചെയ്യേണ്ടിവരികയും ചെയ്യുന്നു എന്ന ചോദ്യത്തിനു്, മനുഷ്യരുടെ കൂട്ടമാണു് സമൂഹം എന്നേ മറുപടിയുള്ളു. എന്തു് കണ്ടാലും, എന്തു് കേട്ടാലും, അവയിൽ നിന്നും തനിക്കു് വേണ്ടതു് മാത്രമേ മനുഷ്യൻ സ്വീകരിക്കൂ. നന്മ-തിന്മാസിൽമകൾ കാണുന്ന മനുഷ്യർക്കു് വേണ്ടതു് തിന്മ ആയതുകൊണ്ടു് അവർ അതു് തിരഞ്ഞെടുക്കുന്നു. നന്മ ഉപേക്ഷിക്കപ്പെടുന്നു. ഭാരതം ഋഷികളുടേതായതുകൊണ്ടു് അവിടത്തെ സ്ഥിതി മറ്റൊന്നായിരിക്കണം എന്നു് പിടിവാശി പിടിച്ചിട്ടു് കാര്യമൊന്നുമില്ല. കാരണം, ഋഷികളും ഒട്ടും മോശമല്ല. അവരും തികഞ്ഞ വേന്തരന്മാരാണു്.
Feb 9, 2016, 9:15 AM
ഒരു ജനാധിപത്യസമൂഹത്തിൽ ജനങ്ങളുടെ അവകാശമാണു് അഭിപ്രായസ്വാതന്ത്ര്യം. ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ, അതൊരു അഭിപ്രായനിർബന്ധമല്ല, അഭിപ്രായസ്വാതന്ത്ര്യമാണു്. (തനിക്കു് അറിയാവുന്ന കാര്യങ്ങളിൽ) അഭിപ്രായം പറയാൻ പൌരസമൂഹത്തിനു് നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യവും, അവകാശവും.
അഴകുള്ള മൂക്കിനും മുഖത്തിനും മൂക്കുത്തി ഒരു അലങ്കാരമാണു്. മനുഷ്യരുടെ (അധികപങ്കും സ്ത്രീകളുടെ) മൂക്കിനെ അലങ്കരിക്കാനാണു് – പന്നിമൂക്കുകളെ മോടി പിടിപ്പിക്കാനല്ല – മൂക്കുത്തികൾ നിർമ്മിക്കപ്പെടുന്നതു്.
അഴകിന്റെ കാര്യത്തിൽ സ്വന്തം മൂക്കും മുഖവും മറ്റാരുടേതിൽ നിന്നും ഒട്ടും പിന്നിലല്ല എന്നാണു് ഏതു് പന്നിയും കരുതുന്നതു്. അതൊരു സെൽഫ് പ്രിസർവേഷൻ ഇൻസ്റ്റിങ്ക്റ്റിന്റെ ഭാഗമായതിനാൽ അങ്ങനെ കരുതാതിരിക്കാൻ ഒരു പന്നിക്കും കഴിയുകയുമില്ല. അങ്ങനെ കരുതാനും ഏതിനം മൂക്കുത്തിയും അണിയാനുമുള്ള സ്വാതന്ത്ര്യം പന്നികൾക്കുണ്ടുതാനും. പക്ഷേ, അതൊരു നിർബന്ധമായി പന്നികൾ കരുതുന്നതു് കഷ്ടമാണു്. മൂക്കുത്തിയിട്ട മൂക്കുകൊണ്ടു് ചേറു് ഉഴുതു് മറിച്ചാൽ മൂക്കുത്തി എന്തു് കരുതും, “നാട്ടുകാർ എന്തു് കരുതും” എന്നെങ്കിലും ചിന്തിക്കണ്ടേ?
Feb 10, 2016, 11:49 AM
ഫെയ്സ്ബുക്ക് സ്റ്റ്റീമിൽ വന്നുകിട്ടിയതു്:
“ആരും മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടല്ല ജന്മനാ തന്നെ മത വിശ്വാസി ആകുകയാണ്.മത ഗ്രന്ഥങ്ങളെ കണ്ണുംപൂട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. മതവിമര്‍ശകര്‍ പക്ഷെ ഗ്രന്ഥംപഠിച്ചു അതിനെ ആണ് വിമര്‍ശിക്കുന്നത്.ആളുകള്‍കേള്‍ക്കും എന്നല്ലാതെ അത്കൊ ണ്ടു യാതൊരുപ്രയോജനവുംഇല്ല. ആവിമര്‍ശനം അഡ്രസ് ചെയ്യുന്നത് ഗ്രന്ഥംപഠിക്കുന്ന ന്യുനപക്ഷത്തെമത്രമാണ്.ഇസ്ലാമായാലുംക്രിസ്ത്യാനി ആയാലുംഹിന്ദുആയാലും ഇതു തന്നെസ്ഥിതി.മതവിമരശകരായയുക്തിവാദികളുടെ ആദ്യയുക്തിക്കുറവ് ഇവിടെയാണ്.”
ഇവിടെ എവിടെയാണു് യുക്തിവാദികളുടെ “ആദ്യയുക്തിക്കുറവു്” എന്നെനിക്കു് മനസ്സിലാകുന്നില്ല.
- “മതവിശ്വാസികൾ മതഗ്രന്ഥങ്ങൾ പഠിക്കാതെ കണ്ണും പൂട്ടി മതവിശ്വാസികൾ ആവുകയാണു്”. – അങ്ങനെ ആയിരിക്കാം. ആയിക്കോട്ടേ. അതിൽ യുക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു് മതവിശ്വാസികളുടെ പ്രശ്നമല്ലാതെ യുക്തിവാദികളുടെയോ മതവിമർശകരുടെയോ യുക്തിക്കുറവാകുന്നതെങ്ങനെ?
- “മതവിമർശകർ മതഗ്രന്ഥങ്ങൾ പഠിച്ചിട്ടാണു് മതങ്ങളെ വിമർശിക്കുന്നതു്”. – ഏതു് വിഷയമായാലും അതു് പഠിച്ചിട്ടു് വിമർശിക്കുന്നതു് ശരിയും യുക്തവുമായ രീതിയല്ലാതെ യുക്തിയില്ലായ്മ ആകുന്നതെങ്ങനെ? അതോ മതഗ്രന്ഥങ്ങൾ പഠിക്കാതെ അവർ മതങ്ങളെ വിമർശിക്കേണ്ടിയിരുന്നോ?
- “വിമർശകർ അഡ്രസ്സ് ചെയ്യുന്നതു് ഗ്രന്ഥം പഠിക്കുന്ന ന്യൂനപക്ഷത്തെ മാത്രമാണു്”. – വസ്തുതകൾ ചൂണ്ടിക്കാണിക്കുകയാണു് വിമർശകർ ചെയ്യുന്നതു്. ഗ്രന്ഥം പഠിച്ചവരോ പഠിക്കാത്തവരോ ആയ ആർക്കും അവർ പറയുന്നതെന്തെന്നു് കേൾക്കാം, വേണമെന്നുണ്ടെങ്കിൽ കാര്യമെന്തെന്നു് മനസ്സിലാക്കുകയുമാവാം. ഇനി, വിമർശകർ ഗ്രന്ഥം പഠിക്കുന്ന ന്യൂനപക്ഷത്തിനെ മാത്രമാണു് അഡ്രസ്സ് ചെയ്യുന്നതെങ്കിൽത്തന്നെ, അവർ ആരെയും നിർബന്ധിക്കുകയോ, ജാഥകാർക്കു് എന്നപോലെ കള്ളും പണവും നൽകി പ്രലോഭിപ്പിക്കുകയോ ഒന്നും ചെയ്യാത്തിടത്തോളം അതിലെന്തു് തെറ്റു്?
- “ആളുകള്‍ കേള്‍ക്കും എന്നല്ലാതെ അതുകൊണ്ടു് യാതൊരു പ്രയോജനവും ഇല്ല”. – കേൾക്കുന്ന കാര്യങ്ങൾ കൊണ്ടു് ആളുകൾക്കു് പ്രയോജനമുണ്ടോ ഇല്ലയോ എന്നതു് കേൾക്കുന്നവർ തീരുമാനിക്കേണ്ട കാര്യമല്ലേ? ആളുകളെ ഓരോന്നു് പാടിക്കേൾപ്പിച്ചതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെങ്കിൽ ഇക്കണ്ട രാഷ്ട്രീയപ്പാർട്ടികളും മതങ്ങളുമെല്ലാം കൊടിതോരണങ്ങളുമായി മഹാസമ്മേളനങ്ങൾ നടത്തി തൊണ്ട പൊട്ടിക്കുന്നതു് എന്തിനു് വേണ്ടിയായിരിക്കും?
യുക്തിവാദികളുടെ യുക്തിയില്ലായ്മയെപ്പറ്റിയുള്ള ഈ ബേജാറാവലിന്റെ കാരണം തേടി അധികം അലയേണ്ടതില്ല. മതങ്ങളെ വിമർശിക്കുന്നവർ എല്ലാത്തരം “മതങ്ങളേയും” ഇന്നല്ലെങ്കിൽ നാളെ വിമർശിക്കും. കാരണം, മതഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രഗ്രന്ഥങ്ങളും കൻജീനിയലാണു്. കെട്ടിക്കിടക്കുന്ന ചെളിവെള്ളങ്ങൾ ഉണ്ടെങ്കിലേ രോഗകാരികളായ കൊതുകുകൾക്കു് മുട്ടയിടാൻ പറ്റൂ. “യുക്തിക്കുറവുള്ള” ഏതെങ്കിലും യുക്തിവാദി ചെളിവെള്ളം തുറന്നുവിട്ടാൽ മുട്ടയിടൽ നടക്കില്ല. കൊതുകുകളുടെ വംശനാശമാവും അതിന്റെ ഫലം. കൊതുകുകളെപ്പോലെതന്നെ, മതശാസ്ത്രികളും പ്രത്യയശാസ്ത്രികളും വംശം നശിക്കാൻ ആഗ്രഹിക്കുന്നവരല്ല. മനസ്സിലാക്കാവുന്ന കാര്യം.
Feb 14, 2016, 11:15 AM
ഇന്നു് ജനതാ പാർട്ടിക്കോ, നാളെ കോൺഗ്രസ്സ് പാർട്ടിക്കോ, മറ്റെന്നാൾ മറ്റേതെങ്കിലും പാർട്ടിക്കോ, ഒറ്റയ്ക്കോ കൂട്ടായോ ഭരിക്കാനാവുന്ന ഭാരതമെന്ന ജനാധിപത്യരാഷ്ട്രത്തിന്റെ പരമാധികാരത്തെ (State Sovereignty) നശിപ്പിക്കാനോ, അന്യരാജ്യങ്ങൾക്കു് പണയം വയ്ക്കാനോ, സങ്കുചിതമായ സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ ശിഥിലീകരിക്കാനോ ശ്രമിക്കുന്നതു് രാജ്യദ്രോഹകുറ്റവും, നിയമത്തിന്റെ പരമാവധി കാഠിന്യത്തോടെ ശിക്ഷിക്കപ്പെടേണ്ടതുമാണു്. ദാറ്റ് ഈസ് ഓൾ യുവറോണർ.
സോഷ്യൽ മീഡിയകളിലെ “JNU നാട്ടുവിശേഷങ്ങളും കിഞ്ചനവർത്തമാനങ്ങളും” കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളു.
ഇൻഡ്യ മുർദ്ദാബാദ്! പാകിസ്ഥാൻ സിന്ദാബാദ്! ഇൻഡ്യയിൽ നിന്നും കേരളത്തെ മോചിപ്പിക്കുക! തുടങ്ങിയ, JNU കാമ്പസിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന കാര്യത്തിൽ “ഞങ്ങൾക്കു്” സംശയമൊന്നുമില്ല. പക്ഷേ അതു് വിളിച്ചതു് ഞങ്ങളല്ല.
Feb 15, 2016, 9:41 AM
“എങ്ങനെ വിശ്വസിക്കും ഈ മുഖ്യമന്ത്രിയെ? – ഡോ. ടി എം തോമസ് ഐസക്ക്”
എന്റെ പൊന്നുസാറേ, വിശ്വാസവും അവിശ്വാസവുമൊക്കെ പ്രസംഗിക്കാൻ രാഷ്ട്രീയമെന്താ വല്ല ഭക്തി-മുക്തി-വാരഫലക്കച്ചവടമോ മറ്റോ ആണോ? മറ്റു് വഴിയൊന്നും ഇല്ലാത്തതിനാൽ അമ്പലങ്ങളിലും പള്ളികളിലും ആൾദൈവങ്ങളിലും ആശ്രയം തേടേണ്ടി വരുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയുമാണു് രാഷ്ട്രീയത്തിന്റെ ജോലി. അല്ലാതെ, രാഷ്ട്രീയത്തിൽ ഇടപെടുന്നതിനേക്കാൾ മണ്ണപ്പം ചുട്ടുകളിക്കൽ കൂടുതൽ യോജിക്കുന്നവരായ കുറെ നേതാക്കൾ പരസ്പരം കൊതിക്കെറുവു് തീർക്കുന്നതും അനുയായികളെ രക്തസാക്ഷികളാക്കാൻ വിടുന്നതുമല്ല. പരസ്പരം കുറ്റപ്പെടുത്തൽ കലഹത്തിനു് പറ്റിയ ഒരു കലയാവാം. ഏതൊരു അമ്മായിഅമ്മയിലും മരുമകളിലും ഇൻസ്റ്റിങ്ക്റ്റീവായി ഉള്ള കല. പക്ഷേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആ കല പോര. വിശക്കുന്ന മനുഷ്യർക്കു് വേണ്ടതു് ആഹാരമാണു്. ഉടുക്കാൻ ഇല്ലാത്തവർക്കു് വേണ്ടതു് വസ്ത്രമാണു്. വിദ്യാർത്ഥികൾക്കു് വേണ്ടതു്, മാതാപിതാക്കളുടെ ജാതിയോ മതമോ പദവിയോ സാമ്പത്തികസ്ഥിതിയോ നോക്കാതെ, ഏറ്റവും ചുരുങ്ങിയപക്ഷം, എന്താണു് പഠിക്കുന്നതെന്നെങ്കിലും അറിയാൻ കഴിയുന്ന തരത്തിൽ പകർന്നു് നൽകപ്പെടുന്ന വിദ്യാഭ്യാസമാണു്. ആൺപെൺ ഭേദമില്ലാതെ, തൊഴിലാളികൾക്കു് വേണ്ടതു് ജീവിക്കാൻ മതിയായ വരുമാനം ലഭിക്കുന്ന തൊഴിലുകളാണു്; ഉള്ള കഞ്ഞിയിൽ കൂടി പാറ്റയെ വീഴിക്കുന്നതരം സമരങ്ങളല്ല. സ്ത്രീകൾക്കു് വേണ്ടതു് പുരുഷന്മാർക്കു് സമൂഹത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങളിൽ നിന്നും, അവകാശങ്ങളിൽ നിന്നും ഒട്ടും കുറവല്ലാത്ത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമാണു്. നീതിബോധമുള്ള മനുഷ്യർക്കു് വേണ്ടതു് സദാചാരപോലീസിന്റെ കടന്നാക്രമണം ഭയപ്പെടാതെ പൊതുവായ ഇടങ്ങളും റോഡുകളും ബസ്, ട്രെയിൻ തുടങ്ങിയ യാത്രസൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയുമെന്ന ഉറപ്പു് വരുത്തലാണു്.
സാമാന്യജനങ്ങളെ സംബന്ധിച്ചു് ഇടതു് കക്ഷത്തിന്റേയും വലതു് കക്ഷത്തിന്റേയും ദുർഗന്ധങ്ങൾ തമ്മിൽ ഒരു വ്യത്യാസവും ഇല്ല എന്നു് ആദ്യം മനസ്സിലാക്കുക. ഇടതുപക്ഷവും വലതുപക്ഷവും, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നങ്ങളും, അധികാരത്തിനു് വേണ്ടിയുള്ള വടംവലികളും, ഐഡിയോളജിക്കൽ ഡില്യൂഷനുകളുമെല്ലാം നിങ്ങൾ നേതാക്കൾ നേരിൽക്കണ്ടു് പരസ്പരം പത്മാസനത്തിൽ തിരുകി ആത്മസായൂജ്യം അടയുന്നതല്ലേ ഭംഗി? ജനങ്ങളെ എന്തിനു് ആ ചെളിക്കുണ്ടിലിട്ടു് വലിച്ചിഴക്കണം? മനുഷ്യരെ അലട്ടുന്നതു് അവരുടെ പ്രശ്നങ്ങളാണു്, അല്ലാതെ, ജനങ്ങളുടേതെന്നു് വരുത്താൻ നിങ്ങൾ വ്യത്യസ്ത പാർട്ടികളുടെ നേതാക്കൾ ശ്രമിക്കുന്ന സ്വന്തം പ്രശ്നങ്ങളല്ല. അതുകൊണ്ടു്, നിങ്ങൾക്കു് അർത്ഥപൂർവ്വം ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: വിണ്ടുകീറിത്തുടങ്ങിയ പഴയ തഴമ്പുകൾ തടവി സഹാനുഭൂതിതരംഗങ്ങൾ സൃഷ്ടിക്കലല്ലാതെ, മേല്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ വല്ല പുതിയ പരിപാടിയും ഉണ്ടെങ്കിൽ അതു് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക. അല്ലെങ്കിൽ അവരെ വെറുതെ വിടുക. അവർ എങ്ങനെയെങ്കിലും സ്വയം നന്നായിക്കൊള്ളും.
അപ്പോൾ ശരി, എല്ലാം പറഞ്ഞപോലെ. ബീപ്-പ്ലവം സിന്ദാബാദ്!
Feb 16, 2016, 8:32 AM
അതിരുകളില്ലാത്ത ഒരു ലോകമാണു് ഞാൻ വിഭാവനം ചെയ്യുന്നതു്. പക്ഷേ, അതെത്രവട്ടം പറഞ്ഞാലും പാസ്പോർട്ടും വിസയും കാണിക്കാതെ പല അന്യരാജ്യങ്ങളുടെയും അതിർത്തി കടക്കാൻ കാവൽക്കാർ എന്നെ അനുവദിക്കുന്നില്ല. “പ്രകാശം പരത്തുന്നവർ”! മിസ് വി. ഭാവനയുമായി പൊട്ടക്കിണറ്റിൽ ജീവിക്കാതെയും വിശാലവീക്ഷണം ഉണ്ടാവാം എന്നു് തെറ്റിദ്ധരിച്ച എന്നെ പറഞ്ഞാൽ മതി.
Feb 16, 2016, 11:11 AM
രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നാൽ ചർച്ചാകേരളം “പക്ഷേ”-കളുടെയും, റിലേറ്റിവൈസേഷനുകളുടെയും ലോകമായും, ഓൺലൈൻ ചർച്ചകൾ ഒരു സോഫ്റ്റ്‌വെയറിൽ ഒതുക്കാൻ കഴിയുന്നത്ര സ്റ്റീരിയോടൈപ്പ് ആയും മാറും. എന്തുകൊണ്ടു് സാമൂഹികപരിഷ്കരണത്തിനായി “മുല്ലപ്പൂ വിപ്ലവങ്ങൾ” ചില സമൂഹങ്ങളിൽ മാത്രം പൊട്ടിപ്പുറപ്പെടുന്നു എന്നറിയേണ്ടവർക്കായി ഇത്രയും. വിപ്ലവമെന്നാൽ വിടുവായത്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! എങ്കിൽ, ദിനംപ്രതി മൂന്നുനേരം ഞങ്ങളുടെ രാജ്യത്തും വിപ്ലവം സംഭവിക്കുന്നുണ്ടു് എന്നു് ഭാരതീയർക്കു് വീമ്പിളക്കാമായിരുന്നു.
Feb 16, 2016, 12:38 PM
“തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” – ബൈബിൾ, യോഹന്നാന്റെ സുവിശേഷം: അദ്ധ്യായം 3, വാക്യം 16.
“മനുഷ്യവർഗ്ഗം പട്ടിണി കിടന്നു് നശിച്ചുപോകാതെ നിത്യജീവൻ പ്രാപിച്ചു് രക്ഷപെടേണ്ടതിനായി തന്റെ ഏകസമ്പാദ്യമായ പച്ചക്കപ്പയെവരെ മനുഷ്യർക്കു് ഇറക്കിക്കൊടുക്കാൻ മാത്രം ഡിങ്കൻ ലോകത്തെ സ്നേഹിച്ചു.” – ഡിങ്കവദ്ഗീത, ബഹുവിശേഷം: അദ്ധ്യായം 333, വാക്യം 161616.
Feb 17, 2016, 10:24 AM
മുല്ലപ്പൂവിപ്ലവം – “താമരവിപ്ലവം”
ടുണീഷ്യയിലെ ചെറുപ്പക്കാരനായ ഒരു പച്ചക്കറിക്കച്ചവടക്കാരൻ ദേഹത്തു് പെട്രോളോഴിച്ചു് തീകൊളുത്തി ആത്മഹത്യ ചെയ്തതായിരുന്നു “Arab Spring”-ന്റെ ആരംഭം. എന്തെങ്കിലും ജോലി ചെയ്തു് കുടുംബം പോറ്റാൻ പോലും മനുഷ്യരെ അനുവദിക്കാത്ത രീതിയിലേക്കു് അധഃപതിച്ച സാമൂഹിക സാഹചര്യങ്ങളാണു് അവനെ ആത്മഹത്യയിലേക്കു് നയിച്ചതു്. ടുണീഷ്യയിൽ ആരംഭിച്ച പ്രക്ഷോഭം മറ്റു് പല അറേബ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ആ “വിപ്ലവങ്ങൾ” ആ രാജ്യങ്ങളെ എവിടേയ്ക്കാണു് എത്തിച്ചതെന്നു് അവയുടെ ഇന്നത്തെ അവസ്ഥ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. അതിന്റെ കുറ്റം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ വളരെ എളുപ്പമാണു്. പക്ഷേ, ഏതൊരു സമൂഹവും പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം അതിലെ ജനങ്ങളുടേതു് മാത്രമാണെന്നതാണു് സത്യം. ജനങ്ങളെ പരാജിതരാക്കി മാറ്റുന്നതു് ആ സമൂഹങ്ങളിൽ വാഴുന്ന വ്യവസ്ഥിതികളും. ഉദാ. പഴയ കിഴക്കൻ ജർമ്മനി. ഒറ്റമൂലിരാഷ്ട്രീയങ്ങളും, മതങ്ങളും, മറ്റിനം ഭക്തിപ്രസ്ഥാനങ്ങളും ചേർന്നു് ജനത്തെ ബ്രെയ്ൻ വാഷ് ചെയ്തു് സ്തുതിപാഠകരും ചിന്താശൂന്യരും ആക്കിത്തീർക്കുന്നതിന്റെ ഫലം. അതുപോലുള്ള രാജ്യങ്ങളിൽ വിപ്ലവം വന്നതുകൊണ്ടോ, സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടോ സാമൂഹികാവസ്ഥകളിൽ കാര്യമായ മാറ്റമൊന്നും വരാൻ പോകുന്നില്ല. അതിനു് ആദ്യം മനുഷ്യമനസ്സിനെ മാറ്റത്തിനു് സന്നദ്ധമാക്കിയെടുക്കണം. മനുഷ്യർക്കു് ശരിയായ വിദ്യാഭ്യാസം ലഭിക്കണം. അവർ ബോധവത്കരിക്കപ്പെടണം. മനുഷ്യന്റെ ബുദ്ധിയെ വളരാനനുവദിക്കാതെ, ഏതെങ്കിലും മതത്തിന്റെയോ ഇസത്തിന്റെയോ ഇരുമ്പുപെട്ടിക്കുള്ളിലടച്ചു് പൂട്ടി മുദ്രവച്ചു് താക്കോൽ ആഴക്കടലിലേക്കു് വലിച്ചെറിഞ്ഞിട്ടില്ലാത്തിടത്തോളം പുതിയ അറിവുകളെ നിരസിക്കുന്ന നിലപാടു് സ്വീകരിക്കാൻ മനുഷ്യർക്കാവില്ല. അറിവിനു് വേണ്ടിയുള്ള ദാഹം മനുഷ്യരുടെ ഒരു സഹജഗുണമാണു്. ആ തിരിച്ചറിവിൽ എത്തുന്നതിനു് മുന്നേതന്നെ അതിന്റെ നാരായവേരിനു് ഭക്തി-, ഒറ്റമൂലിപ്രസ്ഥാനങ്ങൾ കോടാലിവയ്ക്കുന്നതുവഴി ഇക്കൂട്ടർ പരിശീലിപ്പിക്കുന്ന പാറ്റേണുകളിലല്ലാതെ, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി മനുഷ്യർക്കു് മിക്കവാറും എന്നേക്കുമായി നഷ്ടപ്പെടുന്നു. മനുഷ്യർക്കു് അറിവു് പകർന്നു് നൽകേണ്ടതു് അതിനു് വേണ്ട വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചവരായിരിക്കണം. പക്ഷേ, വിദ്യാസമ്പന്നർ എന്നു് സ്വയം വിശേഷിപ്പിക്കുന്നവർ ചരിത്രപരവും സാമൂഹികവുമായ എവൊല്യൂഷനിലൂടെ, “ലാൻഡ് ഫില്ലിൽ നിക്ഷേപിക്കേണ്ട ഹാസാർഡസ് വെയ്സ്റ്റുകൾ” മാത്രമായി പരിണമിച്ചുപോയ യാഥാസ്ഥിതികസമൂഹങ്ങളിൽ ആരു് ആരെ പഠിപ്പിക്കാൻ? ആരു് ആരെ ബോധവത്കരിക്കാൻ?
സാമൂഹികമായ അനീതികൾ താങ്ങാനാവാതെ ഇൻഡ്യയിൽ ഒരു പച്ചക്കറി വില്പനക്കാരൻ സ്വയം തീകൊളുത്തി മരിച്ചാൽ ഭാരതീയസമൂഹം എങ്ങനെയാവും പ്രതികരിക്കുക? അതു് അവന്റെ ജാതിയും മതവും പാർട്ടിയുമൊക്കെ ഏതു് എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഇവയുടെയെല്ലാം പേരിൽ മനുഷ്യർ മനുഷ്യരെ കൊല്ലുന്ന ഒരു നാട്ടിൽ ഒരുത്തന്റെ ആത്മഹത്യക്കോ കൊലപാതകത്തിനോ വലിയ സ്ഥാനവിലയൊന്നുമില്ല. എത്ര കൂടുതൽ വെട്ടുകളും കുത്തുകളും വഴിയാണോ ഒരുവൻ കൊല ചെയ്യപ്പെട്ടതു്, അത്രയും കൂടുതലായിരിക്കും അതിന്റെ ഫോട്ടോ പത്രങ്ങളിലും നെറ്റിലും പരസ്യപ്പെടുത്തിയാൽ ലഭിക്കുന്ന “ദുഃഖ സ്മൈലികൾ”! കൂട്ടത്തിൽ മാനവസ്നേഹം വഴിഞ്ഞൊഴുകുന്ന ഒരു സ്ലോഗൻ കൂടി ചേർത്താൽ രോമാഞ്ചമരണങ്ങൾക്കു് കയ്യും കണക്കും ഉണ്ടാവില്ല. അതാണു് സ്ഥിതി എന്നതിനാൽ, വ്യഭിചാരം, ബലാൽസംഗം, സമരം, ഹർത്താൽ തുടങ്ങിയ, കൂടുതൽ ത്രില്ലിങ് ആയ വിഷയങ്ങൾ ഒന്നും ഇല്ലെങ്കിൽ, അതുപോലൊരു ആത്മഹത്യയുടെ പേരിൽ, ഒരുപക്ഷേ, അതു് ചെയ്തവന്റെ “പക്ഷക്കാർ” അവനെ അനുകൂലിച്ചും, അവർ അനുകൂലിച്ചതുകൊണ്ടു് മാത്രം മറുപക്ഷം അതിനെ പ്രതികൂലിച്ചും അല്ലറചില്ലറ വാക്കുതർക്കങ്ങൾ ഓൺലൈനിലും ഓഫ്ലൈനിലും ഉണ്ടായേക്കാം, അത്രതന്നെ. കോൺസ്പിരസി, അജണ്ട, ഫോട്ടോഷോപ്പ്, വീഡിയോ എഡിറ്റിങ്, വ്യാഖ്യാനങ്ങൾ, നിർവചനങ്ങൾ തുടങ്ങിയ പതിവു് മസാലകൾ ചേരുംപടി ചേർത്തുകൊണ്ടുള്ള ഒരു സാമ്പാറവിയൽ.
മലയാളിയെ സംബന്ധിച്ചു് ചർച്ച ഒരു കുലത്തൊഴിലാണു്. പണ്ടു് തറവാടുകളുടെ ഉമ്മരത്തിരുന്നു് നാലും കൂട്ടി മുറുക്കി മുറ്റത്തേക്കു് നീട്ടിത്തുപ്പി ഭൂമിമലയാളത്തിലെ ലോകകാര്യങ്ങൾ പറഞ്ഞും തർക്കിച്ചും രസിച്ചിരുന്ന കാരണവന്മാരിൽ നിന്നും ഏറ്റെടുത്തു് എരിവും പുളിയും ചേർത്തു് കാലാനുസൃതം വികസിപ്പിച്ചെടുത്ത തർക്കോളജി എന്ന ജീവനകല! അതിൽ മലയാളികളെ മറ്റാർക്കും തോല്പിക്കാനാവില്ല. ഏതു് വിഷയത്തെപ്പറ്റിയും, എന്താണു് പറയുന്നതെന്നോ, എന്തിനെപ്പറ്റിയാണു് പറയുന്നതെന്നോ അറിയാതെ എത്രനാൾ വേണമെങ്കിലും തർക്കിക്കാനുള്ള പ്രാപ്തിയാണു് ഈ കലയിൽ ഒരുവനു് ആർജ്ജിക്കാനാവുന്ന ഏറ്റവും ഉന്നതമായ ഫോം. പറയാൻ വേണ്ടി മാത്രം പറഞ്ഞുകൊണ്ടിരിക്കാനുള്ള കഴിവാണു് അതിന്റെ മുഖമുദ്ര. രാഷ്ട്രീയം – അഥവാ ആ പേരിൽ കേരളത്തിൽ അറിയപ്പെടുന്നതെന്തോ അതു് – കൈകാര്യം ചെയ്യുന്നവർ ഈ യോഗ്യത നേടിയിട്ടുള്ളവരാണു്. ഒച്ചയുണ്ടാക്കാൻ സബ്സ്റ്റൻസ് വേണമെന്നില്ല, പുറംതോടു് ധാരാളം മതി.
ആത്മഹത്യ ചെയ്യാൻ ടുണീഷ്യക്കാരനേക്കാൾ ആയിരം മടങ്ങു് കൂടുതൽ കാരണങ്ങളുള്ള ഭാരതീയർ കോടിക്കണക്കിനുണ്ടു്. മൃഗങ്ങളേക്കാൾ കഷ്ടമായ രീതിയിൽ ജീവിക്കേണ്ടി വരുന്നവർ, മലവിസർജ്ജനത്തിനുപോലും തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്ന, പ്രായപൂർത്തിയായ സ്ത്രീകൾ അടക്കമുള്ള ലക്ഷക്കണക്കിനു് മനുഷ്യർ, തൊഴിലില്ലാത്തവർ, തൊഴിൽപീഡനം നേരിടേണ്ടിവരുന്നവർ, ബാലവേല ചെയ്യുന്നവർ, ലൈംഗികവിവേചനം അനുഭവിക്കുന്നവർ…! അവരിൽ ചിലർ സാമൂഹിക ദുരവസ്ഥയുടെ പേരിൽ ആത്മഹത്യ ചെയ്താൽ ആർക്കെന്തു് ചേതം? അറിഞ്ഞും അറിയാതെയുമുള്ള അത്തരം ആത്മഹത്യകൾ ധാരാളം ഭാരതത്തിൽ സംഭവിക്കുന്നുമുണ്ടു്. സ്റ്റാറ്റിസ്റ്റിക്സിനെ ബാധിക്കാത്ത ഒറ്റപ്പെട്ട കാര്യങ്ങളെ ജനറലൈസ് ചെയ്യരുതെന്നതു് തർക്കോളജിയിലെ പ്രാഥമികപാഠങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതു് അവ സൂചിപ്പിക്കുന്നവരുടെ വായടപ്പിക്കാനാണു്.
ജാതിയുടെയും വർണ്ണത്തിന്റെയും ലിംഗത്തിന്റെയും പേരിൽ വിവേചനവും പീഡനവും അനുഭവിക്കേണ്ടി വരുന്ന ഭാരതീയരുടെ എണ്ണം അല്ലാത്തവരുടേതിനേക്കാൾ എത്രയോ കൂടുതലാണു്. അവരിൽ പലരുടെയും സംരക്ഷണം ഏറ്റെടുത്തിട്ടുള്ള പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും നേതാക്കൾക്കും പഞ്ഞമൊന്നുമില്ലതാനും. പക്ഷേ അവരിൽ പലരും അവരെ സ്വയം രക്ഷപെടാൻ വിടില്ല എന്നതാണു് വസ്തുത. അവരുടെ രക്ഷപെടൽ സ്വന്തം സ്ഥാനഭ്രഷ്ടിൽ കലാശിക്കുമോ എന്നതാവാം ഭയം. അതുകൊണ്ടാവാം സ്വന്തം ഓട്ടോറിക്ഷയും മറ്റും വാങ്ങി ഓടിച്ചു് ജീവിക്കാൻ ഒരു “പുലയത്തിയേയും” അവർ അനുവദിക്കാത്തതു്. ഭാരതത്തിൽ “ഓടുന്ന ഇസങ്ങൾക്കു്” അവയുടെ രൂപമെടുത്ത കാലത്തെ അർത്ഥവുമായി പുലബന്ധം പോലും ഉണ്ടായിരിക്കണമെന്നില്ല. ഏതു് ഇസമായാലും സ്വന്തം തലയിൽ ഒതുങ്ങുന്നതിനെയല്ലേ ഉൾക്കൊള്ളാൻ പറ്റൂ! സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്നങ്ങളുടെ പഠനവും പരിഹാരമാർഗ്ഗങ്ങൾ തേടലുമെല്ലാം അടിസ്ഥാനലക്ഷ്യങ്ങളാക്കിയ ഫെമിനിസം കേരളത്തിൽ എത്തിയപ്പോൾ ചക്കളത്തിപ്പോരാട്ടങ്ങൾ സംഘടിപ്പിച്ചു് സ്വന്തം പ്രൊഫൈൽ തിളക്കിയെടുക്കുക, പുരുഷന്മാരെ “ഫ്ലിർട്ടാൻ” പഠിപ്പിക്കുക തുടങ്ങിയ, “കൊക്കിൽ ഒതുങ്ങുന്ന” ലക്ഷ്യങ്ങളിലേക്കു് ചുരുങ്ങിയതുപോലെ.
JNU പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു “മുല്ലപ്പൂ വിപ്ലവം” പ്രതീക്ഷിക്കുന്നവരുടെ അറിവിലേക്കായി: എസ്കേപ്പ് വെലോസിറ്റിയിൽ എത്തിയാലേ വസ്തുക്കൾക്കു് ഭൂമിയുടെ ആകർഷണപരിധിയെ ഭേദിക്കാനാവൂ. ട്രിഗ്ഗർ വോൾട്ടേജ് കിട്ടിയാലേ ട്യൂബ് ലൈറ്റിൽ ഗ്യാസ് അയണൈസ് ചെയ്യപ്പെടൂ. ഒരു മിനിമം ത്രെഷോൾഡ് ഫ്രീക്വൻസിയിൽ പ്രകാശം ലോഹത്തിൽ പതിച്ചാലേ ഫോട്ടോ എലക്ട്രിക് എമിഷൻ നടക്കൂ. ജീവിതത്തേക്കാൾ മരണത്തേയും മരണാനന്തര ജീവിതത്തേയും ഇഷ്ടപ്പെടുന്ന ഭാരതീയരെ വിപ്ലവത്തിലേക്കു് എത്തിക്കാൻ കഴിയുന്ന ട്രിഗ്ഗറിങ് സിസ്റ്റങ്ങളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. യോഗാസനങ്ങൾ വഴി പണ്ടേമുതൽ ആവശ്യത്തിലേറെ ചൂടുപിടിച്ചിരിക്കുന്ന ആസനങ്ങൾ ഒരുമാതിരി വിപ്ലവച്ചൂട്ടുകളുടെ ചൂടേറ്റാലൊന്നും അനങ്ങില്ല. ഭൂമദ്ധ്യരേഖയോടു് അടുത്ത കിടപ്പുമൂലം സൂര്യഭഗവാന്റെ സ്ഥിരമായ ചൂടേറ്റു് പൊരിയുന്ന തലകളിലും കാര്യമായി ഒന്നുമില്ല, ഏതാനും ഭക്തിശീലുകളൊഴികെ. എല്ലാം ആവിയായിപ്പോയി. ഇനി, ഞെക്കിപ്പഴുപ്പിച്ചു് ഒരു വിപ്ലവം സൃഷ്ടിച്ചാൽ അതുപോലൊരു വിപ്ലവാനന്തര ഭാരതത്തിന്റെ സ്ഥിതി മുല്ലപ്പൂവിപ്ലവങ്ങൾ നടന്ന അറേബ്യൻ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥയേക്കാൾ ഭീകരവും അനിയന്ത്രിതവുമായിരിക്കും. ഒരുപക്ഷേ അതുപോലൊരു അവസ്ഥക്കായി കാത്തിരിക്കുന്ന ദേശസ്നേഹികളും ഉണ്ടാവാം. ബഹുജനം പലവിധം എന്നാണല്ലോ.
Feb 19, 2016, 5:31 PM
ചെങ്ങന്നൂരുള്ള ഒരു ക്ഷേത്രത്തിലെ ദേവിക്കു് തൃപ്പൂത്തു് ഉണ്ടായത്രെ! ഇതാ ഇപ്പോ വല്യ കാര്യം! ഈ സംഭവം മനുഷ്യസ്ത്രീകൾക്കും ഉണ്ടാവാറുണ്ടു്. പിന്നെ ദേവിക്കു് ഉണ്ടായാൽ എന്താ പുളിക്ക്വോ? പെണ്ണുങ്ങളുടെ ലോകത്തിൽ അതു് തൃപ്പൂത്തു് എന്നല്ല, ആർത്തവം, മാസമുറ എന്നൊക്കെയാണു് അറിയപ്പെടുന്നതു് എന്നേയുള്ളു. വയസ്സറിയിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന ആദ്യത്തെ ആർത്തവം ബന്ധപ്പെട്ട കക്ഷികളെ ബന്ധുക്കളായ സ്ത്രീകൾ കുരവയിട്ടു് അറിയിക്കുന്ന ഒരു നാട്ടുനടപ്പു് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിലവിലുണ്ടായിരുന്നു. ആ യുഗത്തിൽ വേരുറച്ചു് പോയവരായതിനാൽ, ദേവിയുടെ തൃപ്പൂത്തു് ക്ഷേത്രക്കമ്മിറ്റി ഒരു ആറാട്ടായി ആഘോഷിക്കുന്നു, അത്രതന്നെ. പിന്നെ അവർ തൃപ്പൂത്തുചോര പറ്റിയ ചേലകൾ വിറ്റു് നാലു് കാശുണ്ടാക്കുന്നതു്. അതിപ്പോ എന്തെങ്കിലുമൊക്കെ വിറ്റല്ലേ മനുഷ്യർ ജീവിക്കുന്നതു്? കർഷകർ കാച്ചിലും കച്ചൂലവും വിറ്റു് ജീവിക്കുന്നു, സ്വർണ്ണക്കടക്കാർ സ്വർണ്ണവും ചെമ്പും വിറ്റു് ജീവിക്കുന്നു! മോക്ഷം പ്രാപിക്കുന്നതുവരെ ഈ ഭൂമിയിൽ അവർക്കും ജീവിക്കണ്ടേ? ചരക്കു് വാങ്ങാനായി മാർക്കറ്റിൽ ഇടിച്ചു് കയറിയിട്ടും അതു് കിട്ടാതെ പോയാൽ മനുഷ്യർ അനുഭവിക്കേണ്ടി വരുന്ന ഹൃദയവേദന എത്ര ഭയങ്കരമാണെന്നു് ആലോചിച്ചാലേ അവർ ഭക്തരുടെ ആശ്വാസത്തിനായി നൽകുന്ന തൃപ്പൂത്തു് സേവനത്തിന്റെ മഹത്വം അറിയാൻ കഴിയൂ.
സംഭവം ഇത്രയേയുള്ളു: Ovulation എന്ന ഒരു ചടങ്ങിലൂടെ “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടുചുറ്റി” അണ്ഡം ഗർഭപാത്രത്തിലെത്തി, ആണൊരുത്തൻ വരും, ഒരു ലുങ്കി തരും എന്നൊക്കെ കരുതി കുറച്ചു് നേരം കാത്തിരിക്കും. ഒരു കിഴങ്ങനും വരുന്നില്ല എന്നു് ബോധ്യമായാൽ, പോട്ടു് പുല്ലു് എന്നു് പറഞ്ഞു് ചുമരിനു് ഒരു തൊഴിയും കൊടുത്തു് സ്ഥലം കാലിയാക്കും. ഏതു് രാഷ്ട്രീയസംഘർഷത്തിലും എന്നപോലെ, ഇവിടെയും അതിന്റെ പേരിൽ ഇത്തിരി ചോര പൊടിയും, അത്രേയുള്ളു. രണ്ടുമൂന്നു് ദിവസം കഴിഞ്ഞാൽ എല്ലാം ബിസ്നസ് ആസ് യൂഷ്വൽ.
ശ്രദ്ധേയമായ ഒരു കാര്യം: അണ്ഡം പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യം ശുഭകരമായി പര്യവസാനിച്ചാൽ പിന്നെ, അക്കാര്യത്തിനൊരു പരിഹാരം ആകുന്നതു് വരെ, രക്തച്ചൊരിച്ചിലുകൾ സംഭവിക്കില്ല, ഉറപ്പു്. അതുകൊണ്ടു്, എനിക്കു് തോന്നുന്നതു്, എന്റെ ഒരു ഊഹം പറഞ്ഞാൽ, ക്ഷേത്രത്തിലെ ദേവി നിലാവുള്ള രാവുകളിൽ “തൂശനില മുറിച്ചുവച്ചു്, തുമ്പപ്പൂച്ചോറുവിളമ്പി, ആശിച്ച കറിയെല്ലാം നിരത്തി വച്ചു്” കാത്തിരിക്കുന്നതിന്റെ പൊരുളെന്തെന്നു് ചുമതലക്കാരായ പൂജാരികൾക്കു് ഒന്നുകിൽ ഇതുവരെ പിടികിട്ടിയിട്ടില്ല, അല്ലെങ്കിൽ അതു് അറിയാത്ത പോലെ ഭാവിച്ചു് ദേവിയെ കറവപ്പശു ആക്കാൻ അവർ ശ്രമിക്കുന്നു എന്നാണു്.
ഒരു കുഞ്ഞിക്കാൽ കാണാനുള്ള ദേവിയുടെ ആഗ്രഹം എന്തുകൊണ്ടു് അവർ അവഗണിക്കുന്നു എന്നു് മനസ്സിലാകുന്നില്ല. ദേവിയും ഒരു സ്ത്രീ ആയ സ്ഥിതിക്കു് ഒരു പ്രായം കഴിഞ്ഞാൽ പിന്നെ തൃപ്പൂത്തു് ഉണ്ടാവില്ല എന്നു് അവർക്കു് അറിയില്ല എന്നു് തോന്നുന്നു. കാര്യങ്ങളുടെ പോക്കു് കണ്ടിട്ടു്, തൃപ്പൂത്തിന്റെ രക്തം പറ്റിയ തുണിക്കഷണം വാങ്ങാൻ ക്യൂ നിൽക്കുന്നവരും അതിനെപ്പറ്റി വലിയ ഗ്രാഹ്യമൊന്നും ഉള്ളവരാണെന്നു് തോന്നുന്നില്ല. അവർ മിക്കവരും “ബിരുദ-ആനന്ദ-ബിരുദവും” ഡോക്ടറേറ്റുമെല്ലാം ഉള്ളവരാണെങ്കിലും അവരുടെ വിഷയം തൃപ്പൂത്തു് ആയിരുന്നില്ലല്ലോ. കിഡ്നിയുടെ ഡോക്ടർ ഹാർട്ടിനെപ്പറ്റിയല്ല പഠിക്കുന്നതു് എന്നു് കേരളത്തിലെ രാഷ്ട്രീയക്കാർക്കുപോലും അറിയാം.
എന്തായാലും പൂജാരികളുടെ ഭാഗ്യം. ന്യായാധിപൻ ഇല്ലാത്തിടത്തു് അന്യായവുമില്ല.
Feb 19, 2016, 5:47 PM
“സ്വന്തം ജീവൻ നഷ്ടപ്പെടുത്തി നേടിയെടുക്കാൻ മാത്രം യോഗ്യതയുള്ള ഒരു ശാശ്വതസത്യവും, ഒരു നീതിശാസ്ത്രവും, ഒരു ദൈവസ്നേഹവും, ഒരു മനുഷ്യസ്നേഹവും, ഒരു തൊഴിലാളിസ്നേഹവും ഇന്നോളം ലോകത്തിൽ ഉണ്ടായിട്ടില്ല.”
Feb 20, 2016, 3:14 PM
ജിബ്രീൽ മാലാഖ വഴി മുഹമ്മദ് നബി പ്രവാചകനായതുപോലെ, ഏതോ മാലാഖ എന്നെ ചേർത്തതുവഴി ഞാനും അംഗമായിത്തീർന്ന ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ സ്റ്റാറ്റസിൽ നിന്നും:
“ജാതിവാദത്തിൽ നിന്നും ആസാദി.
ബ്രാഹ്മണവാദത്തിൽ നിന്നും ആസാദി.
മനുവാദത്തിൽ നിന്നും ആസാദി.
ജന്മിത്തത്തിൽ നിന്നും ആസാദി.
ദാരിദ്ര്യത്തിൽ നിന്നും ആസാദി.
ലഹളക്കാരിൽ നിന്നും ആസാദി.
കൊണ്ടുവരും നമ്മൾ ആസാദി.”
സംഭവം കൊള്ളാം. പക്ഷേ, ഒരു സെക്യുലർ ഡെമോക്രസിയിൽ ഒരിക്കലും ഒഴിവാക്കപ്പെടാൻ പാടില്ലാതിരുന്ന ചില പ്രധാന കാര്യങ്ങളിൽ നിന്നുമുള്ള ആസാദികൾ ഈ ലിസ്റ്റിൽ ഒഴിവാക്കപ്പെട്ടില്ലേ എന്നൊരു സംശയം. എന്റെ കാഴ്ചപ്പാടുകളുടെ പ്രശ്നമാവാം.
വേദവാദത്തിൽ നിന്നും ആസാദി, ഗീതാവാദത്തിൽനിന്നും ആസാദി, ബൈബിൾ വാദത്തിൽ നിന്നും ആസാദി, ഖുർആൻ വാദത്തിൽ നിന്നും ആസാദി, ഹിന്ദു, മുസ്ലീം, ബുദ്ധ, ജൈന, ക്രൈസ്തവ, തുടങ്ങിയ എല്ലാ മതവാദങ്ങളിൽ നിന്നും ആസാദി, ഉപയോഗശൂന്യം എന്നു് എത്രയോ രാജ്യങ്ങൾ വർഷങ്ങളോളം ചവച്ചരച്ചു് മനസ്സിലാക്കി തുപ്പിക്കളഞ്ഞ മാർക്സിസം, ലെനിനിസം, മാവോയിസം തുടങ്ങിയ എല്ലാ ഇസങ്ങളിൽ നിന്നും ആസാദി, അങ്ങനെ, പൊതുസമൂഹത്തിന്റെ സുഗമമായ ഗതിക്കു് തടസ്സമായി നിൽക്കുന്ന എല്ലായിനം പ്രതിലോമതകളിൽ നിന്നും – അവ വ്യക്തിപരമായി എനിക്കു് അനുകൂലമായാലും പ്രതികൂലമായാലും – ആസാദി, കൊണ്ടുവരും നമ്മൾ “ഭാരതീയർ” ആസാദി തുടങ്ങിയ ആസാദികൾ കൂടി ചേർത്തിരുന്നെങ്കിൽ ശരിക്കും കലങ്ങിയേനെ എന്നാണു് എനിക്കു് തോന്നുന്നതു്.
കൂടാതെ, ലഹളക്കാരിൽ നിന്നും ആസാദി എന്നതു് സായുധ ലഹളക്കാരിൽ നിന്നും ആസാദി എന്നായിരുന്നെങ്കിൽ കൂടുതൽ ശരിയായിരുന്നേനെ എന്നു് തോന്നുന്നു. വെറും ലഹള എന്നതു് മിക്കവാറും എല്ലാ കുടുംബങ്ങളിലും നിത്യമെന്നോണം നടക്കുന്ന കാര്യമല്ലേ? ലഹള ഇല്ലെങ്കിൽ കൂകിൾ കുടുംബം, ഫെയ്സ്ബുക്ക് സമൂഹം തുടങ്ങിയവയെല്ലാം അടച്ചുപൂട്ടേണ്ടിവരില്ലേ? അങ്ങനെ വന്നാൽ പാവം കൂകിൾ-, ഫെയ്സ്ബുക്ക്ജീവികൾ അവരുടെ ജോലിസമയം മുഴുവൻ എങ്ങനെ തള്ളിനീക്കും? സർവ്വോപരി, സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കു് ഇല്ലെങ്കിൽ പിന്നെ അതുപോലൊരു വ്യവസ്ഥിതിയെ ഡെമോക്രസി എന്നു് വിളിക്കുന്നതിൽ എന്തർത്ഥം?
Feb 21, 2016, 8:10 AM
ഒരു “നിയോലിബറൽ” ആത്മഗതം:
ഒരല്പം സ്റ്റ്യുപ്പിഡിറ്റി നല്ലതാണു്. ഒട്ടും തമാശയില്ലെങ്കിൽ ആരെങ്കിലും ശവമടക്കിൽ പങ്കെടുക്കുമോ? പക്ഷേ, അതു് ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടന്മാരുടെ ലെവലിലേക്കു് ഉയരാതിരുന്നാൽ അതിലും നല്ലതു്. വല്ലവരും മനം പിരട്ടൽ മൂലം ശവക്കുഴിയിലേക്കു് ഛർദ്ദിച്ചാൽ മഹാകഷ്ടമല്ലേ? വല്ല ഉപ്പോ മണ്ണോ ഇട്ടു് ഛർദ്ദിൽ അടക്കം ശവം മൂടാം. പക്ഷേ, എന്നാലും…
Feb 21, 2016, 12:51 PM
ഇസ്ലാമിക് സ്റ്റേറ്റ് തലവനെ വധിക്കുന്നയാളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു് ഒരു ഈജിപ്ത്യൻ നടി (55 വയസ്സു്) വാഗ്ദാനം ചെയ്തിരിക്കുന്നത്രെ!
അയാളെ വധിക്കാൻ തയ്യാറെടുപ്പു് നടത്തിക്കൊണ്ടിരുന്ന യുവാക്കൾ എല്ലാ വധപ്ലാനുകളും ഉപേക്ഷിച്ചു് ഹിമാലയസാനുക്കളിലേക്കു് ഒളിച്ചോടുകയാണെന്നാണു് ഏറ്റവും ഒടുവിൽ ലഭിച്ച വാർത്ത. നിത്യബ്രഹ്മചാരികളായി വനാന്തരങ്ങളിൽ ആജീവനാന്തം തപസ്സു് അനുഷ്ഠിക്കുകയാണത്രെ അവരുടെ ലക്ഷ്യം!
ഗുണപാഠം: A-ക്കു് B-യെ കെട്ടാൻ മുട്ടുന്നുണ്ടു് എന്നതു് B-ക്കു് A-യെ കെട്ടാൻ മുട്ടുന്നുണ്ടു് എന്നതിന്റെ നിർബന്ധമായ തെളിവായി കരുതുന്നതു് കേവലം തെറ്റായ ഒരു കരുതലാണു്.
Feb 21, 2016, 1:14 PM
“In placebo we (believers) trust.”
Feb 22, 2016, 9:20 AM
മോഹൻലാലിനു് ഒരു അടഞ്ഞ കത്തു്
പ്രിയ മോഹൻ ലാൽ,
സംഗതി ടോപ് സീക്രട്ടാണു്. അല്ലെങ്കിൽ പതിവുപോലെ തുറന്ന കത്തേ എഴുതുമായിരുന്നുള്ളു. അതുകൊണ്ടു് ആദ്യം പോയി മുറി അകത്തുനിന്നും അടച്ചു് കുറ്റിയിട്ടോളൂ. അതിനുശേഷം മാത്രമേ ഈ കത്തു് തുടർന്നു് വായിക്കാവൂ. അമേരിക്ക മുതൽ ബുർക്കിന ഫാസോ വരെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏജന്റുകൾ നമ്മുടെ വീടുകളേയും പൗരന്മാരെയും വീക്ഷിച്ചുകൊണ്ടാണിരിക്കുന്നതു്. സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റേയും ചാരന്മാർ! ഭാരതം എരിയുകയാണു്. ആസേതുഹിമാചലം തീപ്പെട്ടിക്കോലുകൾ കത്തുന്നു, ബീഡിസിഗററ്റുകൾ പുകയുന്നു. വല്ലാത്തൊരു മാറ്റത്തിലൂടെയാണു് ഭാരതം കടന്നുപോയിക്കൊണ്ടിരിക്കുന്നതു്. അഭിപ്രായം പ്രകടിപ്പിക്കുന്നതിനും കൂട്ടിൽ കാഷ്ഠിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനായി പൊരിഞ്ഞ സമരമാണു് നടക്കുന്നതു്. നിങ്ങൾ അഭിനയത്തിന്റെ തിരക്കിൽ ആയിരുന്നതുകൊണ്ടാണു് അതറിയാതെ പോയതു്. വല്ലതും പറയണമെന്നോ കൂട്ടിൽ അപ്പിയിടണമെന്നോ തോന്നുന്നുണ്ടെങ്കിൽ അല്പം കൂടി ക്ഷമിക്കുന്നതാണു് നല്ലതു്. ഇപ്പോൾ ഭാരതത്തിൽ ആർക്കും അതിനുള്ള സ്വാതന്ത്ര്യമില്ല. പക്ഷേ, ആ സ്ഥിതി താമസിയാതെ മാറും. പാർലമെന്റ് മന്ദിരം സമരക്കാർ വളഞ്ഞിരിക്കുകയാണു്. ഇന്നല്ലെങ്കിൽ നാളെ അധികാരം അവർ പിടിച്ചടക്കുമെന്നു് ഉറപ്പാണു്. അതിനുശേഷം സ്വാതന്ത്ര്യങ്ങളുടെയും അധികാര വികേന്ദ്രീകരണങ്ങളുടെയും കാലമായിരിക്കും. വ്യക്തികൾക്കും സംസ്ഥാനങ്ങൾക്കും പരിപൂർണ്ണ സ്വാതന്ത്ര്യം, സ്വയം ഭരണാവകാശം!
സമരക്കാർ അധികാരം ഏറ്റെടുത്താൽ ആദ്യം ഗാന്ധി, നെഹ്രു തുട്രങ്ങിയവരുടെ ചിത്രങ്ങളും ശില്പങ്ങളുമെല്ലാം പാർലമെന്റിൽ നിന്നും എന്നേക്കുമായി നീക്കം ചെയ്യപ്പെടും. അവിടെ മാർക്സും, എൻഗൽസും, ലെനിനും, സ്റ്റാലിനും, മാവോയും സ്ഥാനം പിടിക്കും. കറൻസിയിലെ ഗാന്ധിത്തല പോയി മാവോത്തല വരും. അശോകസ്തംഭത്തിലെ നാലു് സിംഹത്തലകൾ എടുത്തുമാറ്റി, രൂപസാദൃശ്യത്തിന്റെ പേരിൽ, നാലു് മാർക്സ്‌തലകൾ പിടിപ്പിക്കും. പാർലമെന്റിനു് മുകളിൽ രക്തവർണ്ണപതാക പാറിക്കളിക്കും. ഓരോ വീടുകൾക്കു് മുകളിലും പതാകകൾ പൊക്കിക്കെട്ടാൻ പറയുമ്പോൾ പൊക്കിക്കെട്ടാനും, താഴ്ത്തിക്കെട്ടാൻ പറയുമ്പോൾ താഴ്ത്തിക്കെട്ടാനും ജനങ്ങൾ ബാദ്ധ്യസ്ഥരായിരിക്കും. മടിക്കുന്നവർ ആരോഗ്യമുള്ളവരെങ്കിൽ ലേബർ ക്യാമ്പ്, അല്ലാത്തവർക്കു് നാത്സി മോഡൽ ഗ്യാസ് ചേമ്പർ! കൊടികളുടെ നിറവും മുഖച്ഛായയും സംസ്ഥാനാടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കും: ചുമ്മാചെങ്കൊടി, പച്ചച്ചെങ്കൊടി, ത്രിവർണ്ണച്ചെങ്കൊടി, കാവിച്ചെങ്കൊടി, ചർക്കച്ചെങ്കൊടി, അങ്ങനെ, മാർക്സ് പറഞ്ഞതുപോലെ, ഓരോരുത്തർക്കും അവരവർക്കു് യോജിച്ച കൊടികൾ, അവരവർക്കു് തോന്നിയപോലത്തെ ജോലികൾ. ഇന്നു് ഡോക്ടർ, നാളെ ആസ്റ്റ്രൊനോട്ട്, മറ്റെന്നാൾ നോക്കുകൂലി വാങ്ങുന്നവൻ അങ്ങനെയങ്ങനെ. പരിപൂർണ്ണ സമത്വവും, സ്വാതന്ത്ര്യവും! എല്ലാവരുടെയും എല്ലാ ചിലവുകളും രാജ്യം വഹിക്കും. എനിക്കു് CIA വളരെ രഹസ്യമായി ചോർത്തിത്തന്ന വിവരങ്ങളാണു്. സമരം തീർന്നു് എല്ലാവർക്കും സമാധാനമാവുന്നതുവരെ മറ്റാരും ഇതൊന്നും അറിയാൻ ഇടവരരുതു്.
നിങ്ങൾ ധൃതി പിടിച്ചു് അഭിപ്രായം പ്രകടിപ്പിച്ചതാണു് പ്രശ്നമായതു്. സാരമാക്കാനില്ല. നാളെ നിങ്ങൾക്കു് വല്ല അപായവും സംഭവിച്ചാൽ, (അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ മാതാ അമൃതാനന്ദമയിയോടു് പ്രാർത്ഥിക്കുന്നു) ഇന്നു് നിങ്ങളെ തെറി പറഞ്ഞവർതന്നെ നെഞ്ചത്തിടിച്ചു് നിലവിളിക്കും. മരിച്ചു് കിടക്കുമ്പോൾ നാലു് നല്ല വാക്കുകൾ കേൾക്കുന്നതിൽ കവിഞ്ഞ ഒരു സന്തോഷമുണ്ടോ? അതുകൊണ്ടു് ഇപ്പോൾ കേട്ട തെറിവിളിയും നായർവിളിയുമൊന്നും അത്ര കാര്യമാക്കണ്ട. സരിതോർജ്ജം നിറഞ്ഞ രക്തവും മൂത്രവുമായി ജീവിക്കുന്ന മനുഷ്യരാണു്. “അച്ചിയെയും” മറ്റു് കുടുംബാംഗങ്ങളേയും തെറി വിളിക്കാഞ്ഞതു് ഭാഗ്യം എന്നു് കരുതിക്കോളൂ. സാദാ ഈച്ചകളുടെ ബുദ്ധിക്കു് ഏതാനും സെക്കൻഡുകളെങ്കിലും ആയുസ്സുണ്ടു്. രാഷ്ട്രീയത്തിലെ ഈച്ചകൾക്കു് ദീർഘബുദ്ധിയുമില്ല, സ്ഥിരബുദ്ധിയുമില്ല. ബംഗാളിൽ യെച്ചൂരിയും രാഹുലും കൈകോർത്തു് നടക്കുന്നതു് കണ്ടവരുണ്ടത്രെ! അത്രേയുള്ളു രാഷ്ട്രീയത്തിലെ ധാർമ്മികതയുടെയും സത്യസന്ധതയുടെയുമൊക്കെ കാര്യം. രാഷ്ട്രീയത്തിൽ അവനവനോടു് പോലും സത്യസന്ധത പാടില്ല. സത്യസന്ധതയെപ്പറ്റി വാതോരാതെ പ്രസംഗിക്കാൻ മറക്കുകയുമരുതു്. ഹൃദയത്തിന്റെ പക്ഷമാണു് ഇടതുപക്ഷം, ഞാൻ ഇടതുപക്ഷമാണു് എന്നൊക്കെ ചുമ്മാ തട്ടിവിട്ടേക്കണം. സിൽമയിൽ വച്ചുകാച്ചിയ കലക്കൻ ഡയലോഗുകളൊക്കെ ഒന്നു് പൊടിതട്ടി എടുത്താൽ മതി. എല്ലാം ശരിയാവും. വായിച്ചശേഷം ഈ കത്തു് നശിപ്പിക്കാൻ മറക്കരുതു്. ഞാൻ ഒളിസങ്കേതത്തിലാണു്. CIA-യിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതനുസരിച്ചു് വീണ്ടും ബന്ധപ്പെടാം.
ഫെയ്സ്ബുക്കിലെ ഏതോ “ഫിസിയോതെറാപ്പിസ്റ്റിന്റെ” ഒരു സ്റ്റാറ്റസ് കാണാൻ ഇടയായി. മോദിയെ 56 ഇഞ്ചുകാരൻ എന്നല്ല, 54 ഇഞ്ചുകാരൻ എന്നാണു് അതിൽ വിശേഷിപ്പിച്ചിരിക്കുന്നതു്! അതിൻ പ്രകാരം രണ്ടിഞ്ചു് കുറവു് കാണുന്നുണ്ടു്. നേരത്തും കാലത്തും ആഹാരം കഴിക്കാതിരുന്നാൽ ആരുടെ ആയാലും തൂക്കവും തടിയും കുറയും. അതുകൊണ്ടു് ആഹാരകാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. കത്തു് വായിച്ചു് തീർത്തതിനു് നന്ദി. മറുപടി എഴുതരുതു്. അപകടമാണു്. ജയ് ഹിന്ദ്!
Feb 23, 2016, 9:08 AM
മണക്കാടു് ദേവീക്ഷേത്രത്തിൽ ഒരു ശത്രുസംഹാരപൂജ നേർന്നിരുന്നു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ അന്ധവിശ്വാസദൂരീകരണനാസ്തികപ്പാർട്ടിയുടെ (ADNP) ടിക്കറ്റിൽ നുമ്മ മൽസരിക്കുന്നുണ്ടേ. ഒരു മുൻകരുതൽ എന്തുകൊണ്ടും നല്ലതാണല്ലോ. ഇന്നാണു് പൂജയുടെ ഡെയ്റ്റ്. അതു് കഴിഞ്ഞു് വന്നിട്ടുവേണം ആറ്റുകാൽ ഭഗവതീക്ഷേത്രത്തിലെ പൊങ്കാല എന്ന അന്ധവിശ്വാസത്തിനെ ഖണ്ഡിച്ചുകൊണ്ടു് ഒരു പോസ്റ്റിടാൻ.
Feb 24, 2016, 8:34 AM
മോഹൻലാലിനു് അനുവാദമില്ലാത്തതും, “വൺ ടൂ ത്രീ മണി”യുടെ അവകാശമായതുമായ അഭിപ്രായസ്വാതന്ത്ര്യത്തിനു് വേണ്ടിയാണു് JNU സമരം. ഞങ്ങളുടെ ഭാഷ, ഞങ്ങൾക്കു് മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്നവർക്കുള്ളതാണു് അഭിപ്രായസ്വാതന്ത്ര്യം! അല്ലാത്തവർ വായടയ്ക്കുക, അല്ലെങ്കിൽ ഞങ്ങൾ അടപ്പിയ്ക്കും.
ഉപയോഗിച്ച കോണ്ടം വാരിക്കൂട്ടുന്ന ഒരുത്തൻ! ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി എന്നപോലെ, അവന്റെ കോണ്ടംചട്ടിയിൽ കയ്യിട്ടു് വാരാൻ പിന്നാലേ ഓടുന്ന മറ്റു് കുറെ ഒരുത്തന്മാരും ഒരുത്തികളും! ഏതായാലും കയ്യിട്ടു് വാരി. ആ സ്ഥിതിക്കു് അതിലൊന്നുകൊണ്ടു് വായും മൂക്കും അടയുംവിധം തല മൊത്തം മൂടിയാൽ അതു് ഭാരതം ഇന്നു് നേരിടുന്ന വലിയ ഒരു പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കും. കോണ്ടത്തിലൊരു രണ്ടെണ്ണം സഖാവു് മണിക്കും (അതോ മണിസഖാവോ?) കൊടുക്കുന്നതു് നന്നായിരിക്കും. “ടങ്-ടാസ്ക്” വഴി വായിൽ നിന്നും ഒഴുകുന്ന വിഷത്തിന്റെ കടുപ്പം വച്ചു് നോക്കുമ്പോൾ ഒന്നുകൊണ്ടൊന്നും ഒന്നുമാവാൻ വഴിയില്ല.
അന്റോണിയോ ഗ്രാംഷിയും, നോം ചോസ്കിയും, ഉംബെർട്ടോ എക്കോയുമൊക്കെ ആരോ ഉപയോഗിച്ച ഗർഭനിരോധനഉറകളുടെ പിന്നാലേ ആർപ്പിട്ടു് ഓടുന്നതു് കാണാൻ നല്ല ചേലുണ്ടു്.
Feb 25, 2016, 9:18 AM
“നായിന്റെ മക്കൾ! പുലയാടിമക്കൾ!!” സഹിഷ്ണുതയോ സംസ്കാരമോ മനുഷ്യത്വമോ ഒരെണ്ണത്തിന്റെയും ഏഴയലത്തുകൂടി പോയിട്ടില്ല.
Feb 25, 2016, 9:37 AM
ഗൗരവ(രാഷ്ട്രീയ)ക്കാർ ചിരിപ്പിച്ചുകൊന്നാൽ കോമേഡിയൻസ് എന്തിനു് വേറെ? (കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു് വേറെ?)
Feb 25, 2016, 12:03 PM
യഥാർത്ഥസത്യമെന്തെന്നു് തിരിച്ചറിയാനുള്ള ഓർഡറുകൾ ഇപ്പോഴത്തെ brain capacity വച്ചു് മാനേജ് ചെയ്യാൻ കഴിയുന്നതിലും അധികമായി കുമിഞ്ഞു് കൂടിയിട്ടുള്ളതിനാൽ, ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സദ്ഭരണം, ദുർഭരണം, സമരം, രംഭ-തിലോത്തമ-വസുമതി-കുസുമം തുടങ്ങിയ ജനപ്രിയവിഷയങ്ങൾ സംബന്ധിച്ച ഡിവിഡികൾ, വീഡിയോ കാസറ്റുകൾ, സിഡികൾ, ദൃക്സാക്ഷിവിവരണങ്ങൾ, മാപ്പുസാക്ഷി ഏറ്റുപറച്ചിലുകൾ, ഓൺലൈൻ സത്യപത്രങ്ങൾ, സോഷ്യൽമീഡിയ സ്റ്റാറ്റസ് സാക്ഷിപത്രങ്ങൾ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.
എന്നു്,
ജീവപര്യന്തം സത്യപരിശോധകനാവാൻ വിധിക്കപ്പെട്ട ഒരു പാവം പൊതുജനൻ
Feb 27, 2016, 10:43 AM
അറിയപ്പെടുന്ന ഒരുത്തൻ/ഒരുത്തി മരിച്ചതിന്റെ വാർത്ത മറ്റാരും കേൾക്കുന്നതിനു് മുൻപേ കേൾക്കാനും ദുഃഖിച്ചു് അലമുറയിടാനും കഴിയുന്നതിൽ മലയാളി അനുഭവിക്കുന്ന ആനന്ദം എത്രയെന്നു് അറിയാവുന്നവരാണു് കേരളത്തിലെ പത്രമുതലാളിമാർ. അതുകൊണ്ടു് ഡിമാൻഡ് അനുസരിച്ചു് വാർത്തകൾ സപ്ലൈ ചെയ്യപ്പെടും, വേണ്ടിവന്നാൽ അഡ്വാൻസായും! അതാണല്ലോ ഈ ചന്തകളുടെ, അതായതു്, അമേരിക്കൻ ഫ്രീ മാർക്കറ്റ് എക്കോണമിയുടെയും, ചൈനീസ് സോഷ്യലിസ്റ്റ് മാർക്കറ്റ് എക്കോണമിയുടെയുമൊക്കെ ഒരു രീതി.
Feb 28, 2016, 12:23 PM
CPI (M) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒരു പ്രസംഗത്തിൽ നിന്നും:
“മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ദര്‍ശനം എല്ലായ്പ്പോഴും വളരെയധികം വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന ഉദ്ധരണിയാണ് ഇതേക്കുറിച്ച് സാധാരണയായുള്ള പൊതുബോധം. കരുതിക്കൂട്ടിത്തന്നെ, ഈ വാചകം ഉള്‍പ്പെടുന്ന ഖണ്ഡിക പലരും പൂര്‍ണ്ണമായി ഉദ്ധരിക്കാറില്ല. “മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ പ്രകടനവും യഥാര്‍ത്ഥ വ്യഥയോടുള്ള പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ ദീര്‍ഘനിശ്വാസമാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവാണ്. അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നാണ് മാര്‍ക്സ് പറഞ്ഞത്.”
“മതത്തെ മാര്‍ക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല. ആളുകളുടെ മേല്‍ മതത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്ന സാഹചര്യങ്ങളെയാണ് മാര്‍ക്സിസം ആക്രമിക്കുന്നത്. ലോകത്തെ മാറ്റുകയാണ് വേണ്ടത്, മായലോകത്തെ സുഖസൗകര്യങ്ങള്‍ മൂര്‍ത്തമായ യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്.”
- മാർക്സിനെ സാമ്പത്തിക ദുരിതങ്ങളിൽ നിന്നും രക്ഷപെടുത്താൻ സന്ദർഭാനുസരണം കയ്യയച്ചു് സംഭാവന നൽകിക്കൊണ്ടിരുന്ന എൻഗെൽസ് ഈയിടെ അത്ര ദാനശീലൻ അല്ലാതായെന്നു് തോന്നുന്നു. ലണ്ഡനിൽ നിന്നും കേരളത്തിൽ എത്താനുള്ള പണമുണ്ടായിരുന്നെങ്കിൽ, “മതത്തെ മാര്‍ക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല” എന്നും മറ്റും പ്രസ്താവിക്കുന്നവരെ മാർക്സ് കല്ലറയിൽ നിന്നും പ്ലെയിൻ കയറിവന്നു് തല്ലുമായിരുന്നു എന്ന കാര്യം ഉറപ്പായതിനാൽ അങ്ങനെയേ കരുതാനാവൂ. രാഷ്ട്രീയപ്രശ്നങ്ങൾ പരസ്പരം തല്ലിത്തീർക്കൽ ഇന്നത്തെ പ്രബുദ്ധകേരളത്തിൽ എന്നപോലെതന്നെ, മാർക്സ് ജീവിച്ചിരുന്ന പത്തൊൻപതാം നൂറ്റാണ്ടു് യൂറോപ്പിലും അത്ര അപൂർവ്വമായിരുന്നില്ല.
ദൈവഭക്തിയും മതവിശ്വാസവും മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളുമായി കെട്ടുപിണഞ്ഞു് കിടക്കുന്ന ഭാരതം പോലൊരു സമൂഹത്തിൽ മതങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടു് ഒരു എലക്ഷൻ ജയിക്കുക എന്നതു് ഒരു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ചു് അത്ര എളുപ്പമായ കാര്യമല്ല. അതുകൊണ്ടാണു്, നിരീശ്വരത്വവും മതവിമർശനവും അടിസ്ഥാനതത്വങ്ങളുടെ അവിഭാജ്യഘടകങ്ങളായി സ്ഥാപനപിതാക്കളാൽത്തന്നെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് ഈ വിഷയങ്ങളിൽ വിപരീതനിലപാടു് എടുക്കേണ്ടതായും, അതിനു് വ്യാഖ്യാനങ്ങളിലൂടെ ന്യായീകരണങ്ങൾ തേടേണ്ടതായും വരുന്നതു്. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ എന്താണു് എഴുതിയിരിക്കുന്നതു് എന്നതിനെക്കുറിച്ചു് നേതാക്കൾ പറയുന്നതിൽ കവിഞ്ഞ അറിവൊന്നും ഇല്ലാത്ത വോട്ടർമാരെ തൃപ്തിപ്പെടുത്താൻ അതിൽ കൂടുതലിന്റെ ആവശ്യവുമില്ല. പക്ഷേ, മാർക്സ് പറഞ്ഞ വാചകങ്ങളെ തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചതുകൊണ്ടോ, അവ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയതാണെന്നു് പ്രസ്താവിച്ചതുകൊണ്ടോ, ദൈവത്തേയും മതത്തേയും ഒരുവിധ സംശയത്തിനും ഇടനൽകാതെ നിഷേധിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മാർക്സ് എന്ന വസ്തുതയിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല.
“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു്” എന്ന മാർക്സിന്റെ പ്രസിദ്ധമായ വാക്യം ഹേഗലിന്റെ ഫിലോസഫി ഓഫ് റൈറ്റിനെതിരെ എഴുതാൻ ഉദ്ദേശിച്ചിരുന്ന ഒരു വിമർശനത്തിന്റെ മുഖവുരയിൽ നിന്നുമാണു്. (മുഖവുര പ്രസിദ്ധീകരിച്ചെങ്കിലും വിമർശനം എഴുതപ്പെട്ടില്ല). അതിലെ, ഇവിടെ പ്രസക്തമായ ആദ്യഖണ്ഡിക തുടങ്ങുന്നതുതന്നെ “നാസ്തികമായ വിമർശനത്തിന്റെ അടിത്തറ:” എന്ന പ്രസ്താവനയോടെയാണു്. അവസാനിക്കുന്നതു്, “മതത്തിനെതിരായ പോരാട്ടം, അതുകൊണ്ടു്, പരോക്ഷമായി, ഏതു് ലോകത്തിന്റെ ആത്മീയ സുഗന്ധമാണോ മതം, ആ ലോകത്തിനെതിരെയാണു്” എന്നും.
രണ്ടാമത്തെ ഖണ്ഡിക: “മതപരമായ ദുരിതം ഒരുവശത്തു് യഥാർത്ഥ ദുരിതത്തിന്റെ പ്രകടതയും, ഒരുവശത്തു് യഥാർത്ഥ ദുരിതത്തിനോടുള്ള പ്രതിഷേധപ്രകടനവുമാണു്. മതം ചേതനയില്ലാത്ത അവസ്ഥയുടെ ചേതന എന്നപോലെ, ഞെരുക്കത്തിലായ ജീവിയുടെ നെടുവീർപ്പാണു്, ഹൃദയമില്ലാത്ത ലോകത്തിന്റെ മാനസികാവസ്ഥയാണു്. അതു് ജനത്തിന്റെ കറുപ്പാണു്(opium)”.
മൂന്നാമത്തേതു് ഇങ്ങനെ തുടങ്ങുന്നു: “ജനത്തിന്റെ മിഥ്യാഭാഗ്യമായ മതത്തിന്റെ ഉന്മൂലനം അവരുടെ യഥാർത്ഥഭാഗ്യത്തിന്റെ ആവശ്യമാണു്”.
അതായതു്, ഇവിടെ മാർക്സ് എന്ന നിരീശ്വരൻ പോരാടുന്നതു് മതത്തിനും, ആ മതത്തിനു് കാരണഭൂതമായ ലോകത്തിനും എതിരെയാണു്. മാർക്സ് ലക്ഷ്യമാക്കുന്നതു് മതത്തിന്റെ ഉന്മൂലനമാണു്. അതല്ലാത്തൊരു മാർക്സിനെ വരച്ചുകാണിക്കാനുള്ള ഏതു് ശ്രമവും മാർക്സ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ യൂറോപ്യൻ ചരിത്രത്തിനോടുതന്നെ ചെയ്യുന്ന ഒരു മഹാപാതകമായിരിക്കും.
“ലുഡ്വിഗ് ഫൊയർബാഹും ക്ലാസിക്കൽ ജർമ്മൻ ഫിലോസഫിയുടെ അവസാനവും” (Ludwig Feuerbach und der Ausgang der klassischen deutschen Philosophie) എന്ന ഗ്രന്ഥത്തിൽ എൻഗെൽസ് പറയുന്നതു് ശ്രദ്ധിച്ചാൽ ഈ വസ്തുത കൂടുതൽ വ്യക്തമാവും:
“മെറ്റീരിയലിസം പ്രകൃതിയെ ഒരേയൊരു യാഥാർത്ഥ്യമായി കരുതുമ്പോൾ, ഹേഗെലിയൻ സിസ്റ്റത്തിൽ അതു് അബ്സൊല്യൂട്ട് ഐഡിയയുടെ ഒരു എക്സ്റ്റേണലൈസേഷൻ മാത്രമാണു്. ചിന്തയും ചിന്തയുടെ ഉത്പന്നവുമായ ഐഡിയയുടെ ഈ തരംതാഴ്ത്തലിലൂടെ ഐഡിയ പ്രൈമറിയും പ്രകൃതി സെക്കൻഡറിയും ആയിത്തീരുന്നു. മതത്തിനെതിരായ പോരാട്ടത്തിൽ ഇൻഗ്ലീഷ്-ഫ്രഞ്ച് മറ്റീരിയലിസത്തിലേക്കു് പിൻതള്ളപ്പെട്ട ‘യങ് ഹേഗെലിയൻസ്’ ഈ വിഷമവൃത്തത്തിൽ പെട്ടു് വലയുന്നതിനിടയിലാണു് ലുഡ്വിഗ് ഫൊയർബാഹിന്റെ “ക്രിസ്റ്റ്യാനിറ്റിയുടെ എസ്സൻസ്” (Das Wesen des Christentums) എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതു്. അതോടെ ഹേഗെലിന്റെ സ്കൂൾ സിസ്റ്റവും മെറ്റീരിയലിസവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാവുകയും, മെറ്റീരിയലിസം ഒറ്റയടിക്കു് സിംഹാസനത്തിൽ അവരോധിക്കപ്പെടുകയും ചെയ്തു. പ്രകൃതി എല്ലാ ഫിലോസഫികളിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കുന്നു, പ്രകൃതിയുടെ അസ്തിവാരത്തിലാണു് അതിന്റെ തന്നെ ഉത്പന്നമായ നമ്മൾ മനുഷ്യരും ആവിർഭവിക്കുന്നതു്, പ്രകൃതിയും മനുഷ്യരുമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല, ഉന്നതമായ ഒരു ഉണ്മ എന്നതു് നമ്മുടെ മതഭാവനയുടെ സൃഷ്ടിയാണു്, നമ്മുടെ സ്വന്തം ഉണ്മയുടെ ഒരു സാങ്കല്പികപ്രതിഫലനം മാത്രമാണു് തുടങ്ങിയ ഫൊയർബാഹിന്റെ ആശയങ്ങൾ വഴി ഹേഗെലിയൻ സിസ്റ്റം തകർക്കപ്പെട്ടു. ഒരു തോന്നൽ മാത്രമായിരുന്നു എന്നപോലെ വൈരുദ്ധ്യം പൊടുന്നനെ അപ്രത്യക്ഷമായി. ആ ഗ്രന്ഥം വഴി ഉണ്ടായ സ്വതന്ത്രമാക്കലിന്റെ ശക്തിയെപ്പറ്റി ഒരു ധാരണ ഉണ്ടാവണമെങ്കിൽ അതു് നേരിട്ടു് അനുഭവിക്കണം. ഞങ്ങൾ എല്ലാവരും നൈമിഷികമെന്നോണം “ഫൊയർബാഹിയൻസ്” ആയി”.
എത്ര ആവേശപൂർവ്വമാണു് മാർക്സ് ഫൊയർബാഹിന്റെ ആശയത്തെ സ്വാഗതം ചെയ്തതെന്നും, ആ ഗ്രന്ഥം വഴി സ്വാധീനിക്കപ്പെട്ടതെന്നും “തിരുകുടുംബം” (Die heilige Familie) എന്ന പുസ്തകത്തിൽ വായിക്കാമെന്നും എൻഗെൽസ്.
എല്ലാ രാഷ്ട്രീയപ്പാർട്ടികളും അധികാരമാണു് ലക്ഷ്യമാക്കുന്നതെന്നതിനാൽ, പാർട്ടികൾ തമ്മിൽത്തമ്മിൽ കൂട്ടുചേരുന്നതിൽ അപാകതയൊന്നുമില്ല. പലപ്പോഴും കൂട്ടുകക്ഷിഭരണം അനിവാര്യമായിത്തീരുകയും ചെയ്യും. പക്ഷേ, അധികാരം ഉറപ്പിക്കാനായാലും, അഡ്രസ്സ് നഷ്ടപ്പെടാതിരിക്കാനായാലും ഏതെങ്കിലുമൊരു പാർട്ടി അതിന്റെ അടിസ്ഥാനതത്വങ്ങൾക്കു് കടകവിരുദ്ധമായി വ്യതിചലിച്ചാൽ അതുവഴി അതു് മറ്റേതോ പാർട്ടി ആയി മാറുകയല്ലേ ചെയ്യുന്നതു്? മനുഷ്യർക്കു് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം നിഷേധിക്കാത്തവിധം ചിന്തകളെ ലിബറേറ്റ് ചെയ്യേണ്ടതു് ആവശ്യമാണു്. പക്ഷേ, അതു് അവരുടെ ചിന്തകളെ സ്വാർത്ഥതാത്പര്യസംരക്ഷണാർത്ഥം മാനിപ്യുലെയ്റ്റ് ചെയ്തുകൊണ്ടാവരുതു്. ആയാൽ, അതുവഴി ലിബറേറ്റ് ചെയ്യപ്പെടുന്നതു് സ്വതന്ത്രചിന്തകളായിരിക്കില്ല, വ്യാജമായ പക്ഷപാതചിന്തകൾ മാത്രമായിരിക്കും.
Feb 29, 2016, 12:29 PM
ഈ മരണം എന്നതു് ജീവിതത്തിൽ ഒരു പ്രാവശ്യമേ സംഭവിക്കൂ എന്നതാണു് ആകെയൊരു ആശ്വാസം. നിത്യവും മരിക്കേണ്ടിവരുന്ന ഒരവസ്ഥയായിരുന്നു മനുഷ്യനെങ്കിൽ ചാവുന്നതു് തന്നെയായിരുന്നേനെ ഭേദം.
Feb 29, 2016, 12:45 PM
ലിയോണാർഡോ ഡികാപ്രിയോയെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്കു് മോഹൻ ലാലിനെപ്പറ്റിയും ചിന്തിക്കേണ്ടിവരുന്നതു് അവരുടെ ശാരീരികമായ സാമ്യം കൊണ്ടായിരിക്കണം.
Feb 29, 2016, 1:29 PM
ഏകദേശം പത്തുവയസ്സുവരെയുള്ള മതപരമായ ഇൻഡോക്ട്രിനേഷനിൽ നിന്നും, പത്തോ പതിനഞ്ചോ വർഷങ്ങൾ നീളാവുന്ന വിദ്യാലയരാഷ്ട്രീയത്തിന്റെ ഇൻഡോക്ട്രിനേഷനിൽ നിന്നും സ്വയം മോചിപ്പിക്കാൻ കഴിയാത്ത മനുഷ്യരാണു് ആയിരക്കണക്കിനു് വർഷങ്ങളിലൂടെ മതപരവും ബൗദ്ധികവും സാംസ്കാരികവുമായി ഇൻഡോക്ട്രിനേറ്റ് ചെയ്യപ്പെട്ട ഭാരതീയസമൂഹത്തെ ഏതാനും മുദ്രാവാക്യങ്ങൾ മുഴക്കിയും ഇടതടവില്ലാതെ വിഴുപ്പലക്കിയും മോചിപ്പിക്കാൻ കഴിയുമെന്നു് വ്യാമോഹിക്കുന്നതു്!
January 2016
Jan 1, 2016, 12:08 PM
2016 പടി കടന്നെത്തി. ഇനി ഒരു വർഷം കൂടെയുണ്ടാവും. വിരുന്നുകാരോടൊത്തു് കഴിയേണ്ട മനുഷ്യർക്കു് ജീവിതത്തിന്റെ കാര്യം കോഞ്ഞാട്ട ആവാതിരിക്കാൻ ചില തീരുമാനങ്ങളും തിരുത്തലുകളുമെല്ലാം ആവശ്യമായി വരും. A. D. 33 വിരുന്നു് വരുമ്പോഴോ, AD 632 വിരുന്നു് വരുമ്പോഴോ സ്വീകരിക്കേണ്ട തിരുത്തലുകളും പുതുക്കലുകളുമല്ല AD 2016 വരുമ്പോൾ സ്വീകരിക്കേണ്ടതെങ്കിലും, നാർസിസിസത്തിനു് അതിലുള്ള പങ്കു് നിഷേധിക്കാനാവില്ല. കാരണം, ഏറിയോ കുറഞ്ഞോ എല്ലാ മനുഷ്യരും നാർസിസിസ്റ്റിക് ആണു്. തന്നോടുതന്നെയുള്ള ഈ അനുരാഗബദ്ധത ഒരു പെഴ്സണാലിറ്റി ഡിസോർഡർ ആയിരുന്നെങ്കിലും, ഇപ്പോൾ അതു് എല്ലാവരിലും കാണുന്ന ഒരു കാര്യമായതിനാലാവാം, ഒരു രോഗമായി പരിഗണിക്കപ്പെടുന്നില്ലത്രെ! അതങ്ങനെയാണു്. ഒരുത്തൻ/ഒരുത്തി ഒറ്റക്കിരുന്നു് മറ്റാർക്കും കാണാൻ കഴിയാത്ത എന്തെങ്കിലും ഒന്നിനോടു് പിറുപിറുത്തുകൊണ്ടിരുന്നാലേ അതൊരു രോഗമാവൂ. ഒരുപാടു് പേർ ചേർന്നു് അതുതന്നെ നടത്തിക്കൊണ്ടിരുന്നാൽ അതു് രോഗമാവില്ല, ഈശ്വരാരാധന മാത്രമേ ആവൂ.
ജീവിതത്തിൽ മനുഷ്യനു് നിയന്ത്രിക്കാൻ കഴിയുന്ന ഒരുപാടു് കാര്യങ്ങളുണ്ടു്. ശ്വാസോച്ഛ്വാസം, തീറ്റ, കുടി, കുളി, ജപം, വസ്ത്രം, തുടങ്ങിയ ധാരാളം കാര്യങ്ങൾ മനുഷ്യനു് പൂർണ്ണമായും നിർത്തിവയ്ക്കാനോ, ഭാഗികമായി കുറയ്ക്കാനോ കൂട്ടാനോ ഒക്കെ കഴിയുന്നവയാണു്. എന്നോടുള്ള സ്നേഹത്തെപ്രതി 2016-ൽ അത്തരം കാര്യങ്ങളിൽ സമൂലമായ ഒരു മാറ്റം വരുത്താനാണു് എന്റെ പ്ലാൻ. പക്ഷേ, എല്ലാം കൂടി ഒരുമിച്ചു് തിരുത്താൻ പോയാൽ, ഏതോ ഒരു സിൽമയിൽ ആരെയും ബുദ്ധിമുട്ടിക്കാത്ത നായകനായ മോഹൻലാൽ, തന്നെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നവരോടു് പറയുന്നതുപോലെ, ഞാൻ “താങ്ങില്ല”. അതുകൊണ്ടു് ഈ വർഷം എന്റെ ആഹാരരീതികളിൽ വരുത്തേണ്ട മാറ്റങ്ങളെ മാത്രമേ ഞാൻ നോട്ടമിടുന്നുള്ളു.
കർമ്മങ്ങളോടു് മാത്രമല്ല, അവയ്ക്കു് വിധേയമാവേണ്ടിവരുന്ന എല്ലാ വസ്തുക്കളോടും മനുഷ്യർ ധാർമ്മികമായ നീതി പുലർത്തേണ്ടതുണ്ടു്. അല്ലെങ്കിൽ, മൃഗങ്ങളെ കൊല്ലുക, തിന്നുക എന്നീ കർമ്മങ്ങളുടെ പേരിൽ എന്നപോലെതന്നെ, ആ കർമ്മങ്ങൾക്കു് ഇരയാകേണ്ടിവരുന്ന മൃഗങ്ങളുടെ പേരിലും എപ്പോഴെങ്കിലും നമ്മൾ സർവ്വാധിപതിയുടെ മുന്നിൽ മാതമാറ്റിക്സ് ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു് തനിയേ ചത്ത മൃഗങ്ങളുടെതൊഴികെ മറ്റെല്ലാവിധ മാംസാഹാരങ്ങളും 2016-ൽ ഞാൻ വർജ്ജിക്കുന്നതായിരിക്കും. ആരുടെയും മതവികാരം വ്രണപെടാതിരിക്കാൻ, പശു, പന്നി, പട്ടി എന്നീ മൃഗങ്ങൾ തനിയെ ചത്തവ ആയാൽ പോലും അവയുടെ മാംസം ഞാൻ ഭക്ഷിക്കുന്നതല്ല.
പ്രസവിച്ച പശുവേ പാൽ ചുരത്തൂ. പശു പാൽ ചുരത്തുന്നതു് അതിന്റെ ക്ടാവിനു് കുടിക്കാൻ വേണ്ടിയാണു്. അല്ലെങ്കിൽ പ്രസവിക്കാത്ത പശുക്കളും വയസ്സറിയിക്കുന്നതു് മുതൽ പാൽ ചുരത്തേണ്ടിയിരുന്നു. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. പശുവിന്റെ ക്ടാവിനുള്ള പാൽ മനുഷ്യൻ കറന്നെടുക്കുന്നതു് മോഷണവും ചൂഷണവും ആണെന്നാണു് എന്റെ മനഃസാക്ഷിയുടെ അഭിപ്രായം. മനുഷ്യസ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിച്ചു് പാലൂട്ടി വളർത്തുന്നതും, സസ്തനികളായ മറ്റു് മൃഗങ്ങൾ മക്കളെ പെറ്റു് വളർത്തുന്നതും തമ്മിൽ ഒരു വ്യത്യാസവും കാണാൻ എനിക്കു് കഴിയുന്നില്ല. മനുഷ്യസ്ത്രീകളുടെ മുലപ്പാൽ സ്വന്തം കുഞ്ഞുങ്ങളല്ലാതെ അന്യജീവികൾ കുടിക്കാറോ കറന്നെടുക്കാറോ ഇല്ല. പല പ്രദേശങ്ങളിലും അമ്മമാർ അവരുടെ പാൽ “എലിയനേയ്റ്റ്” ചെയ്യാറുണ്ടെന്നതു് ശരിതന്നെ. പക്ഷേ, അവരതു് ചെയ്യുന്നതു് ആരും നിർബന്ധിച്ചിട്ടല്ല, സ്വാഭീഷ്ടപ്രകാരമാണു്. അവരുടെ മുലപ്പാൽ, അവർ ആർക്കോ കൊടുക്കുന്നു, കിട്ടുന്നവർ സന്തോഷിക്കുന്നു, അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല. പക്ഷേ, പശു പാൽ ചുരത്താനായി ആദ്യം ക്ടാവിനെക്കൊണ്ടു് ഇത്തിരി കുടിപ്പിച്ചശേഷം അതിനെ മാറ്റിക്കെട്ടി ബാക്കി പാൽ മനുഷ്യർ കറന്നെടുക്കുന്നതു് വഞ്ചനയാണു്. വഞ്ചനക്കു് കൂട്ടുനിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ ഇന്നുമുതൽ പാലോ, പാലിന്റെ അംശങ്ങൾ അടങ്ങിയിട്ടുള്ള മറ്റേതെങ്കിലും ഉത്പന്നമോ ഞാൻ കഴിക്കുന്നതല്ല.
പിടക്കോഴി മുട്ടയിടുന്നതു് അവ വിരിഞ്ഞു് കോഴിക്കുഞ്ഞുങ്ങളാവുന്നതു് കാണാനും, തനിക്കു് നാളെ മുലവരുമെന്ന നുണ പറഞ്ഞു് അവയെ പറ്റിക്കാനുമാണു്. കോഴിലോകത്തിലിന്നോളം കോഴിക്കുഞ്ഞുങ്ങൾ വിശ്വസിച്ചു് പിൻതുടർന്നുകൊണ്ടിരിക്കുന്ന ഒരു വിശുദ്ധാചാരമാണു് “കോഴിക്കു് മുലവരൽ”. തന്മൂലം, മനുഷ്യൻ പിടക്കോഴിയുടെ കാൽച്ചുവട്ടിൽ നിന്നും മുട്ടകൾ മോഷ്ടിച്ചു് സ്വന്തമാക്കുന്നതു് കോഴിവിശ്വാസത്തെ വ്രണപ്പെടുത്തലും, വംശഹത്യയോടു് അടുത്തുനിൽക്കുന്ന കുറ്റകൃത്യവുമാണു്. മതഗ്രന്ഥങ്ങളും മറ്റിനം ശാസ്ത്രങ്ങളും വ്യാഖ്യാനിക്കുന്നതുപോലെ, കോഴികളുടെ കൊക്കൽജ്ഞാനപ്പാന വ്യാഖ്യാനിക്കാൻ മനുഷ്യനു് കഴിയാത്തതുകൊണ്ടു് കോഴിയമ്മമാരുടെ മനഃപ്രയാസം നമുക്കു് അറിയാൻ കഴിയുന്നില്ല എന്നേയുള്ളു. ഏതെങ്കിലും വന്യജീവികൾക്കു് പച്ചക്കോ പുഴുങ്ങിയോ തിന്നാൻ വേണ്ടി ആയിരുന്നെങ്കിൽ മുട്ടയിടൽ എന്ന അർത്ഥശൂന്യമായ ചടങ്ങു് പിടക്കോഴികൾ എപ്പോഴേ നിർത്തിവച്ചേനെ എന്നാണെനിക്കു് തോന്നുന്നതു്. കോഴികൾക്കു് മനുഷ്യരെക്കാൾ ബുദ്ധിയുണ്ടു്. അതുകൊണ്ടാണു് ദൈവങ്ങളിലോ മതങ്ങളിലൊ വിശ്വസിക്കാൻ അവ തയ്യാറാവാത്തതു്. അതെന്തായാലും, 2016 മുതൽ മുട്ട പച്ചക്കോ, പുഴുങ്ങിയോ, “ഓം”ലെറ്റാക്കിയോ, ബുൾസ് ഐയാക്കിയോ കഴിക്കുന്ന ഏർപ്പാടു് ഞാൻ ഉപേക്ഷിക്കുന്നു.
ജനിക്കുകയും വളരുകയും നശിക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കളും ജീവനുള്ള വസ്തുക്കളാണു്. ജീവനുള്ള വസ്തുക്കളിൽ അവയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തപ്പെടുന്ന ഏതൊരു കൈകടത്തലും ബലാൽക്കാരവും, തന്മൂലം കുറ്റകൃത്യവുമാണു്. അതുകൊണ്ടാണു് മരച്ചീനിയെ മൂടോടെ പിഴുതെടുത്തു് അവയ്ക്കൊരു ജീവിതാടിത്തറ ഇല്ലാതാക്കുന്നതു് ക്ഷമിക്കാനാവാത്ത ഒരു ക്രൂരകൃത്യമാവുന്നതു്. ഉരുളക്കിഴങ്ങായാലും, മധുരക്കിഴങ്ങായാലും, ഇഞ്ചിയായാലും കൂർക്കയായാലും അതുപോലെതന്നെ. അസ്തിത്വനശീകരണത്തിനു് കൂട്ടുനിൽക്കാൻ എന്റെ ധാർമ്മികബോധം എന്നെ അനുവദിക്കുന്നില്ല എന്നതിനാൽ, പറിച്ചെടുക്കപ്പെടുന്ന കിഴങ്ങുവർഗ്ഗങ്ങൾക്കു് എന്റെ ആമാശയത്തിൽ സ്ഥലം കൊടുത്തു് അവയോടുള്ള അധാർമ്മികതയിൽ പങ്കാളിയാവാൻ ഇന്നുമുതൽ എന്നെ കിട്ടില്ല.
വെണ്ടയ്ക്ക, പാവയ്ക്ക, വഴുതനങ്ങ, പടവലങ്ങ ഇത്യാദി പച്ചക്കറികളെ തള്ളച്ചെടിയിൽ നിന്നും പിഴുതെടുക്കുന്നതു് കൊലപാതകമാണു്. പൂർണ്ണ വളർച്ചയെത്തി ഉണങ്ങിക്കൊഴിഞ്ഞു് ഭൂമിയിലേക്കു് വീണു് പുനർജീവിക്കാനുള്ള ഓരോ പച്ചക്കറിയുടെയും സ്വാഭാവികമായ അവകാശത്തിലാണു് അവയെ കഴുത്തു് പിരിച്ചു് വേർപെടുത്തി സ്വന്തമാക്കി കറിക്കലത്തിൽ എത്തിക്കുന്നതുവഴി മനുഷ്യർ കൈവയ്ക്കുന്നതു്. കൊലപാതകത്തിന്റെ ഫലം ആഹാരമായി എനിക്കു് വേണ്ട. പിഴുതെടുക്കപ്പെടുന്ന എല്ലാത്തരം പച്ചക്കറികളെയും എന്റെ മെന്യുവിൽ നിന്നും എന്നേക്കുമായി ഞാൻ ഡിലീറ്റ് ചെയ്യുന്നു.
എന്റെ ആഹാരപദാർത്ഥങ്ങളിൽ അവശേഷിക്കുന്ന ഒരിനമാണു് നെല്ലു്, ഗോതമ്പു് മുതലായ ധാന്യവർഗ്ഗങ്ങൾ. ഇത്രയേറെ ക്രൂരത അനുഭവിച്ചിട്ടുള്ളതും അനുഭവിക്കുന്നതുമായ മറ്റേതെങ്കിലും ഒരു ഭക്ഷണപദാർത്ഥം ചരിത്രത്തിൽ കാണാനാവുമോ എന്നു് സംശയമാണു്. ധാന്യങ്ങൾ സ്വന്തമാക്കുന്നതിനുവേണ്ടി മാരകായുധങ്ങൾ ഉപയോഗിച്ചുപോലും പൊരുതാൻ മടിക്കാത്തവരാണു് മനുഷ്യർ. തേച്ചു് മിനുക്കിയ അരിവാൾ കൊണ്ടു് നെൽപ്പാടങ്ങൾ കൊയ്തെടുക്കുന്നതു് കണ്ടിട്ടുള്ളവർക്കു് ഇതറിയാൻ കഴിയും. ഐസിസ് ഭക്തർ അവിശ്വാസികളുടെ തല വെട്ടുന്നതുപോലെ, മാർക്സിസ്റ്റു് മാനവർ വർഗ്ഗശത്രുക്കളെ അരിഞ്ഞു് വീഴുത്തുന്നതുപോലെ, പാട്ടും മേളവുമായി ആഘോഷപൂർവ്വം നടത്തപ്പെടുന്ന അതിഭീകരമായ ഒരു ചടങ്ങാണു് കൊയ്ത്തു്. യാതൊരു ദയയോ കാരുണ്യമോ കാണിക്കാതെ, നെൽക്കതിരുകൾ ഉടലിൽ നിന്നും അരിഞ്ഞരിഞ്ഞു് വേർപെടുത്തപ്പെടുന്നു! മേലിൽ ഈ ക്രൂരതയിൽ എനിക്കു് പങ്കില്ല. പീലാത്തോസിനേപ്പോലെ ഞാനെന്റെ കൈ കഴുകുന്നു. ഇന്നുമുതൽ കൊയ്തോ മുറിച്ചോ എടുക്കപ്പെടുന്ന ധാന്യങ്ങളൊന്നും എന്റെ അടുക്കളയിൽ പ്രവേശിക്കുകയില്ല.
ആഹാരം ഒരുവിധം സമീകൃതമായിരിക്കണം എന്നതിനാൽ, താനേ ചത്ത മൃഗങ്ങളുടെ മാംസത്തിനോടൊപ്പം, പഴുത്തു് താനേ താഴെ വീഴുന്ന പഴവർഗ്ഗങ്ങൾ കൂടി എനിക്കു് കഴിക്കേണ്ടിവരും. പച്ചക്കറികളുടെ കുറവു് പരിഹരിക്കാൻ സസ്യഭുക്കുകളായ മൃഗങ്ങളുടെ ചാണകം കഴിക്കുന്നതു് ധാർമ്മികമോ അല്ലയോ എന്നതിനെപ്പറ്റി കൂലങ്കഷമായ ഒരു ആലോചന ആവശ്യമാണു്. ഞാൻ ഏതെങ്കിലും പ്ലാവിന്റെ ചുവട്ടിൽ ഇരിക്കുന്നതായി ആരുടെയെങ്കിലും ദൃഷ്ടിയിൽ പെട്ടാൽ ആരും തെറ്റിദ്ധരിക്കരുതു്. അതു് തനിയെ താഴെ വീഴുന്ന ചക്കക്കു് വേണ്ടിയുള്ള കാത്തിരിപ്പോ, ബുദ്ധന്റെ മാതൃകയിൽ, ഇപ്പറഞ്ഞ ധാർമ്മികതയുടെ നാനാവശങ്ങൾ അറിയുന്നതിനു് വേണ്ടിയുള്ള ധ്യാനമോ ആയിരിക്കാനേ സാദ്ധ്യതയുള്ളു. ഒരുകണക്കിനു് ഞാനൊരു സെലിബ്രിറ്റി അല്ലാത്തതു് നന്നായി. അല്ലെങ്കിൽ, ചക്ക വീഴുമ്പോൾ ചാവുന്ന മുയലുകളെ രഹസ്യമായി വീട്ടിലെത്തിച്ചു് പൊരിച്ചടിക്കാനാണു് ഞാൻ പ്ലാഞ്ചുവട്ടിൽ പാത്തിരിക്കുന്നതെന്നു് മീഡിയക്കാർ അപവാദം പറഞ്ഞു് പരത്തിയേനെ!
Jan 2, 2016, 7:12 AM
ജന്തുവർഗ്ഗങ്ങൾക്കു് അവയുടേതായ ഹാബിറ്റാറ്റുകളുണ്ടു്. മരംകൊത്തികൾ, ശവംകൊത്തികൾ, കാക്കാത്തികൾ, ദൈവങ്ങൾ തുടങ്ങിയ ജീവിവർഗ്ഗങ്ങൾക്കെല്ലാം അവയുടെ നിലനില്പു് ഉറപ്പുവരുത്താൻ അവയുടേതായ ബയോടോപ്പുകൾ ആവശ്യമാണു്. മരങ്ങൾ ഇല്ലാത്തിടത്തു് മരംകൊത്തികൾക്കോ, ശവങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയില്ലാത്തിടത്തു് ശവംകൊത്തികൾക്കോ, സ്വന്തം ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്നവർ ഇല്ലാത്തിടത്തു് കാക്കാത്തികൾക്കോ, അന്ധവിശ്വാസികൾ ഇല്ലാത്തിടത്തു് ദൈവങ്ങൾക്കോ അധികനാൾ നിലനിൽക്കാനാവില്ല. സ്ഥിരമായി മൂന്നുനേരവും പട്ടിണി കിടന്നാൽ ആരായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ചത്തുപോകും. അതുപോലെതന്നെയാണു് വീണുകിട്ടുന്ന പദങ്ങൾ കൊത്തിപ്പെറുക്കി മാത്രം അസ്തിത്വം സ്ഥിരപ്പെടുത്താൻ കഴിയുന്ന പദംകൊത്തികളുടെ കാര്യവും. ഈ ജീവിവർഗ്ഗത്തിനു് ചത്തുപോകാതെ പുഷ്ടിപ്പെടാൻ പറ്റിയ ഒരു ഹാബിറ്റാറ്റാണു് സോഷ്യൽ മീഡിയ. പദംകൊത്തികളെക്കൂടാതെ മരംചുറ്റികൾ എന്ന മറ്റൊരു ജീവിവർഗ്ഗമുണ്ടു്. പ്രധാനമായും കേരളത്തിലെ പൈങ്കിളിസിൽമകളാണു് ഇവയ്ക്കു് തഴച്ചു് വളരാൻ പറ്റിയ വാസസ്ഥലം.
Jan 10, 2016, 11:08 AM
എത്രമാത്രം ബുദ്ധി ഉണ്ടായാലാണു്, എത്രമാത്രം ബുദ്ധിമുട്ടിയാലാണു് ഞാൻ ഗുദാസ്ഥിയിൽ (coccyx) ഒട്ടിച്ചു് വച്ചിരിക്കുന്ന എന്റെ ഗംഭീരബിരുദം നേടാൻ കഴിയുക എന്നു് നിങ്ങളെയൊക്കെ പറഞ്ഞു് മനസ്സിലാക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടു്. പക്ഷേ, എന്റെ കഷ്ടകാലത്തിനു്, ആ ബിരുദം നേടുന്നതിനേക്കാൾ ഭയങ്കര കഷ്ടപ്പാടാണു് അതിന്റെ ഉള്ളുകള്ളികൾ തുറന്നു് മറ്റുള്ളവരെ കാണിക്കുക എന്നതു്. എങ്കിലും നിങ്ങൾ നിരാശപ്പെടേണ്ടതില്ല. വർമ്മം കൊണ്ടല്ല, കർമ്മം കൊണ്ടാണു് ഒരുവൻ ബ്രാഹ്മണൻ ആകുന്നതു് എന്നപോലെതന്നെ, ഒരു ബിരുദധാരിയുടെ മഹത്വം അവന്റെ വർമ്മത്തിലല്ല, അവന്റെ കർമ്മത്തിലാണു് തേടേണ്ടതു്. അതുകൊണ്ടു് എന്റെ ബിരുദത്തിന്റെ ഗാംഭീര്യം അറിയാൻ എന്റെ വർമ്മത്തിലേക്കു് നോക്കിയിട്ടു് കാര്യമില്ല, അതിനു് ചരിത്രം ഭൂമിശാസ്ത്രം സാഹിത്യം നിയമം രാഷ്ട്രീയം മതം സാമൂഹികം മാനവികം തുടങ്ങിയ വെളിമ്പ്രദേശങ്ങളിൽ വിവിധ കർമ്മങ്ങൾ വഴി ഞാൻ പതിപ്പിച്ച എന്റെ കാലടിയിലെ പാടുകളിലേക്കു് നോക്കിയാൽ മാത്രം മതി .
എന്തെന്തു് കഷ്ടപ്പാടുകൾ ഞാൻ സഹിച്ചില്ല? എത്രയെത്ര ഇടങ്ങളിൽ കുത്തിയിരുന്നു് ഞാൻ സത്യം ആഗ്രഹിച്ചില്ല? എത്രയെത്ര നാമജപങ്ങൾ! എത്രയെത്ര ഹർത്താലുകൾ! എത്രയെത്ര കടയടപ്പിക്കലുകൾ! എത്രയെത്ര കൊലപാതകങ്ങൾ! എത്രയെത്ര മഹാസമ്മേളനങ്ങളിൽ എന്തുമാത്രം തീപ്പൊരികൾ ഞാൻ പ്രസംഗിച്ചു് കൂട്ടിയില്ല? പച്ച വേഷത്തിലും കത്തി വേഷത്തിലും താടി വേഷത്തിലും കരി വേഷത്തിലും കാവി വേഷത്തിലും വെള്ള വേഷത്തിലും നഗ്നപാദനായും നഗ്നശരീരനായും എത്രയെത്ര മലകളും കുന്നുകളും ഞാൻ ഐലസാ വിളിച്ചുകൊണ്ടും അയ്യപ്പാ വിളിച്ചുകൊണ്ടും നടന്നുനടന്നു് തള്ളിയില്ല? എത്രയെത്ര “ഉക്തിവ്യാധികളുടെ” ബോധവത്കരണശ്രമത്തെ വിജയകരമായി ഞാൻ കൂവിയും പരിഹസിച്ചും തോല്പിച്ചില്ല?
സ്വന്തമായ ഒരു വ്യക്തിത്വത്തിന്റെ തുടക്കംതന്നെ സ്വന്തം മുഖത്തിൽ നിന്നുമായതിനാൽ, സ്ത്രീകൾ സ്വന്തമായ വ്യക്തിത്വം കൈവരിച്ചു് ദൈവനിഷേധികളാവാതിരിക്കാൻ എത്രയെത്ര സ്ത്രീകളെ കരിഞ്ചാക്കിൻ കെട്ടുകളാക്കി മാറ്റാൻ ഞാൻ കൂട്ടുനിന്നില്ല? ആസിഡൊഴിച്ചും, മണ്ണെണ്ണയൊഴിച്ചു് കത്തിച്ചും വികൃതമാക്കിയ എത്രയെത്ര സ്ത്രീകളുടെ മുഖം ഞാൻ കണ്ടില്ലെന്നു് നടിച്ചില്ല? മനുഷ്യാവകാശധ്വംസനങ്ങളെ ന്യായീകരിക്കാൻ ന്യായപ്രമാണങ്ങളുടേയും നിയമപുസ്തകങ്ങളുടേയും എത്രയെത്ര പേജുകൾ ഞാൻ മറിച്ചും തിരിച്ചും പരതിയില്ല? കേട്ടുകേൾവി ഒഴികെ എനിക്കു് യാതൊരു ഗ്രാഹ്യവുമില്ലാത്ത പ്രത്യയശാസ്ത്രങ്ങളുടെ ആവണക്കെണ്ണ മനുഷ്യരാശിയുടെ അന്തിമരക്ഷക്കുള്ള വായുഗുളികയെന്ന ലേബലിൽ വിറ്റഴിക്കാൻ എത്രയെത്ര ഇടങ്ങളിൽ ഞാൻ ഓടിനടന്നില്ല? “ഫണിമാന്റെ” ഹോമിയോയെയും, “ഹനുമാന്റെ” വാക്യങ്ങളെയും ശാസ്ത്രവത്കരിക്കാൻ, വാക്സീനുകളുടെ കോട്ടങ്ങൾക്കും രോഗശാന്തിശുശ്രൂഷകളുടെ നേട്ടങ്ങൾക്കും സമൂഹത്തിൽ അംഗീകാരം സ്ഥാപിച്ചെടുക്കാൻ, അതുവഴി സാമൂഹികാംഗങ്ങളെ എന്നേക്കും എന്റെ അജ്ഞതയുടെ ഇരകളാക്കി നിലനിർത്തി എനിക്കു് പച്ചരി വാങ്ങാൻ, കോട്ടകൊത്തളങ്ങൾ പണിയാൻ… അങ്ങനെ എന്തെന്തു് ത്യാഗങ്ങൾ, എത്രയെത്ര മനുഷ്യകാരുണ്യപ്രവൃത്തികൾ!
ഒരിക്കൽ കൂടി: എന്റെ ബിരുദത്തിന്റെ ഗാംഭീര്യവും അതിന്റെ ദ്വാരത്തിലൂടെ (തദ്വാരാ) എന്റെ മഹത്വവും അറിയാൻ എന്റെ വർമ്മത്തിലേക്കു് നോക്കാതെ കർമ്മത്തിലേക്കു് മാത്രം നോക്കിയാൽ മതി. വിശ്വസിക്കുന്നവർക്കു് അതിലെല്ലാം ചവറുപോലെ ദൃഷ്ടാന്തങ്ങളുണ്ടു്.
Jan 11, 2016, 11:50 AM
“അപരിഹാര്യമായ ഒരു പ്രശ്നവും ഇസ്ലാമിലില്ല. മുത്തുനബിയുടെ ഹദീസുകൾ സ്പർശിക്കാത്ത ഒരു വിഷയവും ഈ “അണ്ഡകഠാഹ”ത്തിലില്ല.”
ഫെയ്സ്ബുക്കിൽ ഇന്നു് കണ്ട ഒരു സ്റ്റാറ്റസിന്റെ തുടക്കമാണിതു്. അന്യരായ സ്ത്രീപുരുഷന്മാർ ഒരുമിച്ചു് ജോലി ചെയ്യുന്നതു് ഒരു മഹാപാപം (khulwa) ആയതിനാൽ, അല്ലാഹു നിർദ്ദേശിക്കുന്ന ഒരു പരിഹാരമാർഗ്ഗമാണു് വിഷയം. സ്ത്രീകൾ അവരുടെ മുലകൾ ഒപ്പം ജോലി ചെയ്യുന്ന പുരുഷന്മാരെക്കൊണ്ടു് കുടിപ്പിക്കുക! അല്ലാഹു ഇവിടെ ഉദ്ദേശിക്കുന്നതു് യുവമുലകളായിരിക്കണം. അല്ലാതെ പാതിപ്പണം പോയ സഞ്ചികളെപ്പറ്റി സൂക്തമിറക്കാൻ അങ്ങേർക്കെന്താ വട്ടുണ്ടോ? മുലകുടി വഴി രക്തബന്ധസമാനമായ ഒരു ബന്ധം മുലയുടമയും മുലകുടിയനും തമ്മിൽ സ്ഥാപിക്കപ്പെടുമെന്നു് അല്ലാഹു. അതുവഴി, പിന്നീടു് അവർ ഒരുമിച്ചു് ജോലി ചെയ്യുമ്പോൾ, ഏറിയാൽ മുല കുടിക്കണമെന്നും കുടിപ്പിക്കണമെന്നും തോന്നിയേക്കാമെന്നല്ലാതെ, അവരിൽ മറ്റു് ദുശ്ചിന്തകൾ എങ്ങനെ ഉണ്ടാവും എന്നാണു് അല്ലാഹുവിന്റെ ചോദ്യം. അങ്ങേരുടെ ചോദ്യം തെറ്റാവാൻ വഴിയില്ല. കാരണം, അവർ രക്തബന്ധുക്കളായിക്കഴിഞ്ഞവരാണല്ലോ. ഇവിടെയാണു് അല്ലാഹു എല്ലാം അറിയുന്നവനും, സർവ്വോപരി കരുണാനിധിയുമാകുന്നു എന്ന വസ്തുത നമ്മൾ നന്ദിപൂർവ്വം ഓർക്കേണ്ടതു്.
പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നും ഇസ്ലാമിലില്ല എന്നതു് ശരിയാണു്. മുല കൊല ഒട്ടകം കഴുത ഈത്തപ്പന എന്നിവയ്ക്കു് അപ്പുറമെത്തുന്ന പ്രശ്നങ്ങളൊന്നും ഇല്ലാത്ത, ഇസ്ലാമെന്ന “അണ്ഡകഠാഹത്തിൽ” മുലപ്പാലിന്റേയും കഴുതമൂത്രത്തിന്റേയും ഒട്ടകച്ചാണകത്തിന്റേയും മണമുള്ള പ്രശ്നപരിഹാരങ്ങളേ പ്രതീക്ഷിക്കേണ്ടതുള്ളു. ഹയർ മാത്തമാറ്റിക്സിന്റെ സഹായമൊന്നുമില്ലാതെ എത്തിച്ചേരാൻ പറ്റുന്ന “പെറ്റീറ്റ് സൊല്യൂഷനുകൾ”. ബ്രഹ്മത്തിന്റെ മുട്ടയായ ബ്രഹ്മാണ്ഡത്തിൽ, അഥവാ ആ അണ്ഡം വസിക്കുന്ന കടാഹത്തിൽ “ഭഗവദ്ഗീതയും കുറെ മുലകളും”, “നാലും ആറും ആടുന്ന ചക്കുകളു”മൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളു എന്നപോലെതന്നെ.
മതങ്ങൾക്കുള്ളിലല്ല പ്രശ്നം, മതങ്ങൾ തന്നെയാണു് പ്രശ്നം. മനുഷ്യരെ സ്വതന്ത്രവായു ശ്വസിക്കാൻ വിടാതെ വ്യാജവാക്കുകളും വ്യാജവാഗ്ദാനങ്ങളും കൊണ്ടു് മയക്കി അന്ധവിശ്വാസത്തിന്റെ കൽത്തുറുങ്കിൽ തളച്ചിട്ടു് വീർപ്പുമുട്ടിക്കുന്ന മതങ്ങൾ – അവയാണു് പ്രശ്നം. മനുഷ്യരുടെ ഇടയിൽ നിലനിൽക്കുന്ന മിക്കവാറും എല്ലാ സംഘർഷങ്ങളുടെയും ഈറ്റില്ലങ്ങൾ – അതാണു് മതങ്ങൾ!
Jan 13, 2016, 11:38 AM
കൊതുകുകൾക്കും കൃമികടി ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവുമെന്നു് തോന്നുന്നില്ല. കൃമികടിയോടൊപ്പം തന്നെ, കൊതുകിസ്ഥാൻ ഭരണഘടന അനുവദിച്ചു് നൽകിയിരിക്കുന്ന സ്വന്തം അവകാശങ്ങളെപ്പറ്റി തികഞ്ഞ ബോധമുള്ള ജീവികളുമാണു് കൊതുകുകൾ. മല്യാളി എന്നോ, റ്റമിളാളി എന്നോ ബംഗാളി എന്നോ, ആണെന്നോ പെണ്ണെന്നോ, സവർണനെന്നോ “അസവർണനെന്നോ” ഉള്ള വ്യത്യാസങ്ങളൊന്നുമില്ലാതെ, ഏതു് മനുഷ്യശരീരത്തിലും കയറിയിരുന്നു് രക്തം കുടിക്കാമെന്നതു് കൊതുകുകളുടെ ഒരു മൗലികാവകാശമായിട്ടാണു് അവറ്റകൾ കരുതുന്നതു്. അതുകൊണ്ടുതന്നെ, ആരെങ്കിലും ഈ അവകാശത്തെ കൊതുകുവലയിട്ടു് ബ്ലോക്ക് ചെയ്യുന്നതു് അവയ്ക്കു് മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്ന കാര്യമല്ല. പ്രശ്നം സ്വാതന്ത്ര്യത്തിന്റേതാണു്. അതാണെങ്കിൽ, “സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം” എന്നിവയെ മനുഷ്യാവകാശങ്ങളായി പ്രഖ്യാപിച്ച ഫ്രഞ്ചു് വിപ്ലവത്തിനു് ശേഷം പോലും, ഇന്നുവരെ സ്പഷ്ടമായി പരിഹരിക്കപ്പെടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രശ്നമാണുതാനും. ആരും അതിനുവേണ്ടി ശ്രമിക്കാത്തതുകൊണ്ടല്ല, പരിഹാരം അത്ര എളുപ്പമല്ലാത്തതുകൊണ്ടു്. എങ്കിലും, ക്യാപ്പിറ്റലിസം, സോഷ്യലിസം, ഡെമോക്രസി തുടങ്ങിയ വ്യവസ്ഥിതികളിൽ സ്വാതന്ത്ര്യത്തിന്റെ അളവു്, പരിധി, നിർവ്വചനം തുടങ്ങിയവയെപ്പറ്റി മനുഷ്യർ ഇന്നും തല പുകയ്ക്കാതിരിക്കുന്നുമില്ല. കൊതുകുലോകത്തിലെ അവസ്ഥയും അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. കൊതുകുകളും അവയുടെ “വ്യക്തിസ്വാതന്ത്ര്യം” ഹനിക്കപ്പെട്ടാൽ അതിന്റെ പേരിൽ കൊതുകുവലയ്ക്കു് ചുറ്റും കോപാകുലരായി മോങ്ങിപ്പറന്നുകൊണ്ടിരിക്കും! “ബ്ലോോക്കീീീീ……”. മനുഷ്യർക്കു് സ്വന്തം ശരീരത്തിന്മേൽ സ്വയം നിർണ്ണയാവകാശമുണ്ടെന്നു് കൊതുകിസ്ഥാനിലെ ദൈവങ്ങൾക്കു് അറിയില്ലല്ലോ. അറിയാത്ത കാര്യത്തിൽ എങ്ങനെ കല്പന ഇറക്കും? കല്പിച്ചിട്ടുള്ളതു് മാത്രം ചെയ്യുന്നവരാണു് ദൈവഭക്തർ. കല്പിച്ചിട്ടില്ലാത്തതും ചെയ്യുന്നവർ ഡിങ്കഭക്തർ.
Jan 14, 2016, 9:40 AM
“പരിചിതമായ ആശയങ്ങളെ വ്യാജമായ ഭാഷയില്‍ അവതരിപ്പിക്കുന്നതു് മോശമായ ബുദ്ധിയുടെയും താഴ്ന്ന വിശ്വാസയോഗ്യതയുടെയും അടയാളമായി പരിഗണിക്കപ്പെടുമെന്നു് ഡാനിയേല്‍ ഒപ്പന്‍ഹൈമര്‍ പറഞ്ഞതു് നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടണമെങ്കില്‍ ഭാരതത്തില്‍ ജ്യോതിഷശാസ്ത്രം, മതശാസ്ത്രം, രാഷ്ട്രീയശാസ്ത്രം തുടങ്ങിയ ‘സാമൂഹികശാസ്ത്രങ്ങള്‍’ വിറ്റു് ജീവിക്കുന്നവരെ വീക്ഷിച്ചാല്‍ മതി.”
Jan 15, 2016, 2:05 PM
മലയപ്പുലയനും, ഭാര്യ മൂതേവിക്കും, മക്കളിൽ വോട്ടവകാശമുള്ള കരുമാടിക്കുട്ടന്മാർക്കും രാഷ്ട്രീയ കമ്പോളത്തിൽ പെട്ടെന്നു് ഡിമാൻഡ് വർദ്ധിക്കുമ്പോൾ തിരഞ്ഞെടുപ്പു് അടുത്തു എന്നു് മനസ്സിലാക്കണം. മലയപ്പുലയൻ! നിങ്ങൾ കേട്ടിട്ടുണ്ടാവും. പണ്ടൊരിക്കൽ മഴവന്ന കാലത്തു് തന്റെ മാടത്തിന്റെ മുറ്റത്തു് ഒരു വാഴ നട്ട ചങ്ങായി. അവൻ മഴക്കാലത്തു് വാഴ നട്ടതു് അവന്റെ പേരു് മലയപ്പുലയൻ എന്നായതുകൊണ്ടു് മാത്രമാണു്. പേരു് വേലുപ്പുലയൻ എന്നായിരുന്നെങ്കിൽ അവൻ വാഴ നട്ടതു് വെയിൽവന്ന കാലത്തായിരുന്നേനെ. പ്രാസം!
വാഴ വളർന്നുകൊണ്ടിരുന്നപ്പോഴും, ജന്മിത്തമ്പ്രാൻ വാഴക്കുല സ്വന്തം വീട്ടിൽ എത്തിച്ചപ്പോഴുമെല്ലാം മലയപ്പുലയന്റെ മാടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ബീഡിവലിക്കാരൻ, കവി പോലും അറിയാതെ, മൂതേവിയുടെ കലത്തിന്റെ പങ്കുപറ്റി ഒളിവിൽ കഴിഞ്ഞിരുന്നു. പോലീസ് അന്വേഷിച്ചിരുന്ന ഒരു തൊഴിലാളി നേതാവു്. മൂതേവി കൊയ്യുന്ന ജന്മിയുടെ പാടങ്ങൾ മുഴുവൻ അവൾക്കു് എഴുതിക്കിട്ടുന്ന ഒരു സുദിനത്തെപ്പറ്റി വാതോരാതെ പ്രസംഗിച്ചു് മലയന്റെ കുടുംബത്തെ ആവേശം കൊള്ളിച്ചിരുന്ന ഒരു വിപ്ലവകാരി. അതൊക്കെ ഒരു കാലം!
അതിനുശേഷം പമ്പയിലൂടെ അയ്യപ്പഭക്തരുടെ മലവും മൂത്രവും പേറി വെള്ളം കുറെയേറെ ഒഴുകി. (മലവും മൂത്രവുമല്ലേ, അശുദ്ധമായ ആർത്തവരക്തമൊന്നുമല്ലല്ലോ എന്നു് ബലിരക്തം ഒഴുക്കാൻ മടിക്കാത്ത ഭക്തരുടെ “ഒബ്ജക്ഷൻ യുവറോണർ”!) മലയനും മൂതേവിയും വൃദ്ധരായി. കരുമാടിക്കുട്ടന്മാരും കുട്ടത്തികളും തിന്നും നിന്നാതെയും, ഉടുത്തും ഉടുക്കാതെയും, പഠിച്ചും പഠിക്കാതെയും ആയതുപോലെയൊക്കെ വളർന്നു. കൂലിപ്പണിക്കാർ, ഓട്ടോറിക്ഷ ഓടിക്കുന്നവർ, പണിയൊന്നും കിട്ടാത്തവർ, ജാഥത്തൊഴിലാളികൾ!
പഴയ വിപ്ലവകാരിയും വളർന്നു, അയാൾ മലയന്റെ മാടത്തിൽ നിന്നും മന്ത്രിമന്ദിരത്തിലെത്തി, യാത്ര സ്റ്റേറ്റ് കാറിലായി, ശുഭ്രവസ്ത്രധാരിയായി, പഴയ കട്ടൻ ചായയും പരിപ്പുവടയും മറ്റിനം സുഖഭക്ഷണങ്ങൾക്കുവേണ്ടി വഴി മാറി, അംഗരക്ഷകർ അയാൾക്കു് ഉറക്കമൊഴിച്ചു് ഇടത്തും വലത്തും കാവൽ നിന്നു. ബുദ്ധിജീവികൾ എന്നു് പരസ്പരം പുറംചൊറിയുന്ന അന്യഭാഷാജീവികളായ കുറെ അനുയായികൾ നേതാവിന്റെ ഏതു് തെറ്റും ന്യായീകരിക്കാൻ സന്നദ്ധരായി പിന്നിൽ അണിനിരന്നു. തിരഞ്ഞെടുപ്പുകളും അഴിമതികളും കോഴകളും ജാഥകളും വന്നു, പോയി. അപ്പോഴും പമ്പ പതിവുപോലെ ഒഴുകിക്കൊണ്ടിരുന്നു.
നസ്രാണികളുടെ പള്ളികളിൽ ഹാശാ ആഴ്ചയിലെ കുർബ്ബാനകൾക്കു് ഉണ്ടാവാറുള്ളതിനേക്കാൾ വലിയ തിരക്കാണു് തിരഞ്ഞെടുപ്പു് അടുത്താൽ മലയാളികളുടെ ചായക്കടകളിൽ. കേരളത്തിൽ ഏതു് വിദ്യാഭ്യാസത്തിനും, ഏതു് ബിരുദത്തിനും ഒരു ലക്ഷ്യമേയുള്ളു: കക്ഷിരാഷ്ട്രീയവാചാടോപത്തിൽ പങ്കാളിയാവുക. അതിനു് വിദ്യ വേണ്ട, അഭ്യാസം മതി. അതാണു് ചായക്കടകളിലെ തിരക്കിന്റെ കാരണം. കന്നിമാസത്തിൽ കേരളത്തിൽ ഒരു കല്യാണമണ്ഡപം വാടകയ്ക്കു് കിട്ടുന്നതിനേക്കാൾ പ്രയാസമാണു് എലക്ഷൻ കാലത്തു് ചായക്കടബഞ്ചുകളിൽ ഒരു സീറ്റ് കിട്ടാൻ. എലക്ഷൻ പാർലമെന്റിലേക്കായാലും അസംബ്ലിയിലേക്കായാലും പഞ്ചായത്തിലേക്കായാലും തിരക്കിനു് കുറവൊന്നുമില്ല. വല്യപരീക്ഷ ആയാലും കൊച്ചുപരീക്ഷ ആയാലും ഓണപ്പരീക്ഷ ആയാലും പരീക്ഷ പരീക്ഷയല്ലാതാവില്ലല്ലോ എന്നു് ബഞ്ചാസനർ.
ഈ ജനാധിപത്യഭംഗിയെപ്പോലും തകിടം മറിക്കാൻ ശ്രമിക്കുന്ന ചില അശ്രീകരങ്ങളുണ്ടു്. മലയപ്പുലയന്റെ ബന്ധുക്കളായ ചില സ്ത്രീകൾ. ആണുങ്ങൾ ഗൗരവതരമായ രാഷ്ട്രീയചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന ചായക്കടയുടെ മുന്നിലൂടെ സ്വന്തം ഓട്ടോറിക്ഷ ഓടിച്ചു് യാത്രക്കാരിൽ നിന്നും ക്യാപ്പിറ്റൽ ശേഖരിക്കാൻ ധൈര്യപ്പെടുന്ന പെറ്റീറ്റ് ബൂർഷ്വാസികൾ, അല്ലെങ്കിൽ വേണ്ട, സമൂഹത്തിൽ വിപ്ലവം വരാൻ സമ്മതിക്കാത്ത വർഗ്ഗശത്രുക്കൾ! അതെങ്ങനെ, മാർക്സും ലെനിനും മാവോയും ചെയും ഫുക്കോയും പറഞ്ഞതു് എന്താണെന്നു് വല്ലതും അറിഞ്ഞിട്ടാണോ ഈറ്റകൾ ഓട്ടോർഷയും ഓടിച്ചുകൊണ്ടു് നടക്കുന്നതു്? കഥയറിയാതെ ഓട്ടോ ഓടിക്കുന്ന വിപ്ലവവിരോധികൾ, പ്രതിലോമകാരികൾ!
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിൻമുറക്കാർ” എന്നു് കവി.
Jan 18, 2016, 8:45 AM
പേട്രിയറ്റിസം: രണ്ടു് കാഴ്ചപ്പാടുകൾ
“ഉരുളകളായി ഉരുണ്ടുകൂടി ജീവിതം ജീവിച്ചു് തീർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പൊളിറ്റിക്കൽ ജീവിയാണു് മനുഷ്യൻ. ഓരോ ഉരുളയും മറ്റു് ഉരുളകളെ അവ മറ്റു് ഉരുളകൾ ആയതുകൊണ്ടും, സ്വന്തം ഉരുളകളെ അവ സ്വന്തം ഉരുളകൾ ആയതുകൊണ്ടും വെറുക്കുന്നു. രണ്ടാമത്തെ വെറുപ്പു് പേട്രിയറ്റിസം എന്നു് അറിയപ്പെടുന്നു.” – Kurt Tucholsky
“തന്റേതുകളോടുള്ള സ്നേഹമാണു് പേട്രിയറ്റിസം; മറ്റുള്ളവരോടുള്ള വെറുപ്പാണു് നാഷണലിസം.” – Romain Gary
Jan 18, 2016, 12:09 PM
കുറുക്കവിലാപം:
നീലവെള്ളത്തിൽ തലകുത്തി വീണു് നീലക്കുറുക്കനായാലും, കരിഓയിലിൽ വീണുരുണ്ടു് കരിങ്കുറുക്കനായാലും, എവടേലും കൂവലുണ്ടെന്നു് കേട്ടാൽ, എന്റെ പൊന്നുസാറേ, നുമ്മ അറിയാതെ കൂവിപ്പോവും. ത്ലാവർഷത്തിൽ ഒഴുകിവന്നു് കിട്ടിയ PhD-യുടെ ഒരു മാറാപ്പു് ഇപ്പോഴും മുതുകത്തുണ്ടു്. പക്കേങ്കി, കൂവൽ കേട്ടാൽ ഉള്ളിൽ ആകെമൊത്തം ഒരു എരിപൊരി. അപ്പോൾ തൊള്ള തൊറന്നു് ഒന്നു് കൂവിയാലേ നുമ്മക്കു് ഒരു സ്വസ്ഥത കിട്ടൂ.
Jan 19, 2016, 1:49 PM
ഭിക്ഷ യാചിച്ചു് ജീവിക്കേണ്ടി വരിക എന്നതു്, സാധാരണഗതിയിൽ, മറ്റൊരു വഴിയും ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ മനുഷ്യർക്കു് സ്വീകരിക്കേണ്ടിവരുന്ന ഒരു ജീവിതോപാധിയാണു്. അത്തരം ജീവിതസാഹചര്യങ്ങൾ ജനങ്ങൾക്കു് ഉണ്ടാവാതിരിക്കാനും, ഉണ്ടായാൽ അവരെ സംരക്ഷിക്കാനും അവിടെ നിന്നും മോചിപ്പിക്കാനുമുള്ള ചുമതല ആധുനിക ജനാധിപത്യസമൂഹങ്ങളിൽ സ്റ്റേറ്റിന്റേതാണു്. സ്റ്റേറ്റ് ആ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു. “ഒരുവൻ എല്ലാവർക്കും വേണ്ടി, എല്ലാവരും ഒരുവനുവേണ്ടി.”
ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനം അവരുടെ പ്രതിനിധികളേയും അതുവഴി ഒരു ഗവണ്മെന്റിനെയും തെരഞ്ഞെടുക്കുന്നതും നികുതി നൽകുന്നതും ആ ഗവണ്മെന്റ് ജനങ്ങളുടെ – വോട്ട് നൽകിയവരുടെ മാത്രമല്ല, എല്ലാ സാമൂഹികാംഗങ്ങളുടെയും – പ്രശ്നങ്ങൾ പഠിക്കാനും, അവയ്ക്കു് പരിഹാരങ്ങൾ കണ്ടെത്തി നടപ്പാക്കാനുമാണു്.
പക്ഷേ, ഭിക്ഷാടനം ഉന്നതമായ ഒരു ജീവിതചര്യയായി പ്രഖ്യാപിച്ചു്, തലമുറകളായി, നൂറ്റാണ്ടുകളായി ആചരിക്കുക മാത്രമല്ല, ക്ഷുദ്രജീവികളായ അത്തരം ഭിക്ഷുക്കൾ, അവരുടെ മിസാന്ത്രോപ്പിക് വൈദികസൂക്തങ്ങളിലൂടെ മനുഷ്യരുടെ ഇഹലോക-പരലോക ഭാഗധേയങ്ങൾ നിർണ്ണയിക്കുക കൂടി ചെയ്യുന്ന ഭാരതം പോലൊരു സമൂഹത്തിൽ ഇത്തിക്കണ്ണി ജീവിതം – അന്യന്റെ ചട്ടിയിൽ, അവന്റെ അദ്ധ്വാനഫലത്തിൽ കയ്യിട്ടുവാരിത്തിന്നൽ – ജാതീയമായ ഔന്നത്യവും ശ്രേഷ്ഠജീവിതവുമായി പരിഗണിക്കപ്പെടുകകൂടി ചെയ്യുന്നു!
ഭാരതത്തിൽ മന്ത്രിമാരുടെയും മറ്റു് ജനപ്രതിനിധികളുടെയുമൊക്കെ ജോലി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കലല്ല, അവരെ സംരക്ഷിക്കേണ്ടതും, അവർക്കുവേണ്ടി അദ്ധ്വാനിക്കേണ്ടതും ജനങ്ങളുടെ ബാദ്ധ്യതയാണു്. ആരുടെ മുന്നിലൊക്കെയാണു് ജനം പഞ്ചപുച്ഛമടക്കി, കുനിഞ്ഞ മുതുകുമായി നിൽക്കേണ്ടതു് എന്ന കാര്യത്തിൽ ജനങ്ങൾക്കു് ധാരണപ്പിശകുകൾ ഒന്നും ഉണ്ടാവാതിരിക്കാൻ ഈയിടെ ഗവണ്മെന്റിനു് ഒരു പുതിയ കല്പന പോലും ഇറക്കേണ്ടിവന്നു! മേലാളന്മാരുടെ കാറുകളിൽ “തിരിച്ചറിയൽ പ്ലേറ്റുകൾ” ഫിറ്റ് ചെയ്യുക എന്നൊരു ഗംഭീര ഭരണപരിഷ്ക്കാരമാണു് അതുവഴി ഗവണ്മെന്റ് നടപ്പിൽ വരുത്തിയതു്! പരിഷ്ക്കാരികളായ ജനത്തിനു് പരിഷ്ക്കാരികളായ ഭരണാധികാരികൾ! പണ്ടത്തെ ദൈവങ്ങളും അങ്ങനെ ആയിരുന്നു. രക്ഷിക്കാനുള്ള കഴിവില്ല, പക്ഷേ രക്ഷിക്കാനെന്ന വ്യാജേന ശിക്ഷിക്കാനുള്ള കല്പനകൾ ഇറക്കാൻ യാതൊരു ഉളുപ്പുമില്ലതാനും! മനുഷ്യരെ വ്യഭിചരിപ്പിക്കാതിരിക്കാൻ കഴിയില്ല, പക്ഷേ വ്യഭിചരിച്ചാൽ കല്ലെറിഞ്ഞു് കൊല്ലണമെന്ന കല്പന ഉറിയും പറിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ആർക്കെങ്കിലും ഇറക്കിക്കൊടുക്കും.
ഏതായാലും, വിദേശനാണയം ഒഴുകി എത്തുന്ന പൈപ്പ് അടയാതിരിക്കാൻ കൽദൈവങ്ങൾ, മരദൈവങ്ങൾ, മുടിദൈവങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരീസ് ദൈവങ്ങൾ, ശിവകാശിപ്പടദൈവങ്ങൾ തുടങ്ങിയ അമാനുഷശക്തികളോടു് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതു് നന്നായിരിക്കും.
Jan 23, 2016, 1:50 PM
മനുഷ്യർ അറിയുന്നതുപോലെയല്ലാതെ ലോകത്തെ വിശദീകരിക്കുന്ന ശാസ്ത്രമാണു് ഫിസിക്സ് എന്നു് ഫിസിസിസ്റ്റും ഫിലോസഫറുമായിരുന്ന കാൾ ഫ്രീഡ്രിഹ് ഫോൺ വൈത്സ്‌സെക്കർ. (1984 മുതൽ 1994വരെ ജർമ്മനിയുടെ പ്രസിഡന്റ് ആയിരുന്ന Richard von Weizsäcker-ന്റെ മൂത്തസഹോദരൻ). അതേസമയം, മനുഷ്യർ അറിയുന്നതുപോലെ മാത്രം ലോകത്തെ വിവരിക്കുന്ന ശിക്ഷണമാണു് മതതത്വ”ശാസ്ത്രം”. എല്ലാ ദൈവങ്ങളും മനുഷ്യസൃഷ്ടികൾ മാത്രമായതുകൊണ്ടു് അതാതു് കാലത്തു് ഉന്നതമായിരുന്ന മനുഷ്യബുദ്ധിക്കു് ഉൾക്കൊള്ളാൻ കഴിയുന്നതിൽ അല്പം പോലും കൂടുതലായി ലോകത്തെ അറിയാനോ വിവരിക്കാനോ ദൈവങ്ങൾക്കു് (മതഗ്രന്ഥങ്ങൾക്കു്) കഴിയാതെ പോകുന്നു. അതുകൊണ്ടുതന്നെ, പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടു് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അറിവിന്റെ വളർച്ചക്കും ബുദ്ധിയുടെ വികാസത്തിനും മുന്നിൽ സർവ്വജ്ഞനായ സ്വന്തം ദൈവത്തിൽ നിന്നും ലഭിച്ചതെന്നു് പറഞ്ഞു് വിശ്വസിപ്പിച്ചു് മതമേധാവികൾ മനുഷ്യരെക്കൊണ്ടു് ചുമപ്പിക്കുന്ന മതഗ്രന്ഥങ്ങൾക്കും, തന്മൂലം അവയുടെ ഉപജ്ഞാതാക്കളായി അവരോധിക്കപ്പെട്ടിരിക്കുന്ന ദൈവങ്ങൾക്കും മുട്ടുമടക്കേണ്ടി വരുന്നു.
ദൈവങ്ങൾക്കു് മുന്നിൽ നിരുപാധികം മുട്ടുമടക്കാൻ പരിശീലിപ്പിക്കപ്പെട്ടവർക്കു് സ്വന്തം ദൈവത്തിന്റെ ഈ മുട്ടുമടക്കൽ താങ്ങാനാവില്ല എന്നതു് സ്വാഭാവികം. പ്രവാചകനോ ഭക്തനോ ആവശ്യപ്പെട്ടാൽ ചന്ദ്രനെ പിളർക്കാനും, “നിൽക്കെടാ അവിടെ!” എന്നു് കല്പിച്ചുകൊണ്ടു് സൂര്യനെ വരെ പിടിച്ചു് നിർത്താനുമൊക്കെ കഴിവുള്ള ഒരു ദൈവമോ കുറേ ദൈവങ്ങളോ ആണു് മതങ്ങളുടെ ആധാരശില. (ജർമ്മൻ ഭാഷയിൽ സൂര്യൻ സ്ത്രീലിംഗമായതിനാൽ (die Sonne) അവിടത്തുകാരനായിരുന്നു ദൈവമെങ്കിൽ “നിൽക്കെടീ അവിടെ!” എന്നായിരുന്നേനെ കല്പിക്കുക. ഭാരതത്തിലാണെങ്കിൽ സൂര്യനും ചന്ദ്രനും ദേവന്മാരും, പക്കാ ആണുങ്ങളും, യഥാക്രമം താമര, ആമ്പൽ എന്നീ തരുണീമണികളുടെ ഭർത്താക്കന്മാരുമാണു്). അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവരാവണം ദൈവങ്ങൾ. അല്ലാത്തവർ ദൈവങ്ങളാവില്ല. അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ള ദൈവത്തിനെയേ മനുഷ്യർക്കു് വേണ്ടൂ. എനിക്കു് വേണ്ടതു് ചെയ്തു് തരുന്നവനാവണം എന്റെ ദൈവം. എന്റെ ദൈവം എന്നെ സ്നേഹിക്കുന്നവനായാൽ മാത്രം പോരാ, എന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനുമാവണം.
ബൈബിളിലെ ദൈവമായ യഹോവ ആവശ്യാനുസരണം കടലിനെ രണ്ടായി പകുക്കുകയും, മോശെയുടെ വടിയെ പാമ്പാക്കി മാറ്റുകയുമൊക്കെ ചെയ്യുന്നവനാണു്. മോശെ തന്റെ ആ അത്ഭുതവടി ഒന്നു് നീട്ടിപ്പിടിച്ചാൽ, ഈജിപ്റ്റിലെ നദികൾ, പുഴകൾ, കുളങ്ങൾ ഇത്യാദികളിലെ വെള്ളം മുഴുവൻ രക്തമാകും, അവയിലെ മത്സ്യങ്ങൾ ആകമാനം ചത്തൊടുങ്ങും, അതോടെ ജലാശയങ്ങളിലെ വെള്ളം, മലയാളികളുടെ കയ്യിൽ എത്തിയ ബലാൽസംഗക്കേസ് പോലെ, ആകെമൊത്തം ചീഞ്ഞുനാറും, വെള്ളം കുടിക്കാൻ മനുഷ്യർക്കു് അറപ്പുതോന്നും! ഇതൊന്നും മോശെ തന്നിഷ്ടമായി ചെയ്യുന്നതല്ല, ഇസ്രായേൽ ജനത്തിനു് വേണ്ടിയും, ഫറവോയ്ക്കു് എതിരായും യഹോവ മോശെയെക്കൊണ്ടു് ചെയ്യിപ്പിക്കുന്നതാണു്. അതു് മറക്കരുതു്. മറന്നാൽ, കഥയിലെ ദൈവികത മൊത്തമായി നഷ്ടപ്പെടും; മോശെ, ഹാരി ഹൗഡിനിയെപ്പോലെ, വെറുമൊരു മാജിക്കുകാരനായി മാറും. അങ്ങനെ എത്രയെത്ര ദൈവങ്ങളുടെ എന്തെന്തു് തരം അത്ഭുതങ്ങൾ മതഗ്രന്ഥങ്ങളിലൂടെ മനുഷ്യർ ഇന്നോളം കണ്ടിട്ടില്ല, ഇന്നും കാണുന്നില്ല, മേലിൽ കാണുകയില്ല!?
ഇമ്മാതിരി അത്ഭുതങ്ങളെല്ലാം ചെയ്തിട്ടുള്ള സ്വന്തം ദൈവത്തിന്റെ മുട്ടുമടക്കൽ ഒരു വിശ്വാസിക്കു് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുട്ടിൽ വീണുകിടക്കുന്ന ഒരു ദൈവത്തിനോടു് മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും വലിയ കാര്യമൊന്നും ഇല്ലതാനും. മുട്ടിലിഴയുന്നവനു് ശത്രുവിനെ സംഹരിക്കാനാവുമോ? ഈ അവസ്ഥയിൽ വിശ്വാസിക്കു് തന്റെ ദൈവത്തെ സംരക്ഷിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. തന്നെ സംരക്ഷിക്കേണ്ടവനെ താൻതന്നെ സംരക്ഷിക്കേണ്ടിവരുന്ന, പുറത്തു് പറയാൻ കൊള്ളാത്ത ഗതികേടു്! ഇവിടെയാണു് വിശ്വാസി വാളും പരിചയുമായി ഉണർന്നു് തന്റെ പരിചമുട്ടുകളി തുടങ്ങുന്നതു്. എത്രവട്ടം മൂക്കും കുത്തി വീണാലും വെല്ലുവിളികളും വാക്പയറ്റുകളുമായി “ഒന്നേ” എന്നു് വീണ്ടും വീണ്ടും തുടങ്ങേണ്ടിവരുന്ന വാൾപയറ്റുകൾ.
പരിണാമസിദ്ധാന്തം ശരിയെങ്കിൽ കുരങ്ങു് എന്തുകൊണ്ടു് മനുഷ്യനെ പ്രസവിക്കുന്നില്ല, മൊട്ടുസൂചിയില്ലാതെ ദൈവമുണ്ടാവുമോ തുടങ്ങിയ ഗംഭീര ചോദ്യങ്ങൾ, അടവുകൾ, തനിയാവർത്തനങ്ങൾ! എത്ര ആവർത്തിച്ചാലും ഉക്തനും നാസ്തികനുമൊന്നും ഒന്നും പിടി കിട്ടുകയുമില്ല. എങ്ങനെ പിടികിട്ടാൻ? അവർ ഗ്രന്ഥം പഠിച്ചിട്ടല്ലല്ലോ വാദിക്കാൻ വരുന്നതു്! ദൈവം തോന്നിപ്പിച്ചാലേ മനുഷ്യർക്കു് തോന്നാൻ തോന്നൂ എന്നാണു് മുഹമ്മദ് നബിയും പഠിപ്പിച്ചതു്! ദൈവം വെറുമൊരു പിഗ്മിയല്ല, വളരെ വലിയ ഒരുവനാണെന്നും അദ്ദേഹം പഠിപ്പിച്ചു. ആരും അവനിലും വലുതല്ലത്രെ! അക്കണക്കിനു്, ദൈവം തോന്നിപ്പിക്കാത്തവരെ തോന്നിപ്പിക്കാൻ കഴിയുന്നവരാണെന്നു് വ്യാമോഹിച്ചു് ഉക്തരുടെയും നാസ്തികരുടെയും “മനം മറിയ്ക്കാൻ” കഷ്ടപ്പെടുന്ന മതതത്വചിന്തകർ ദൈവത്തേക്കാൾ വലിയവരാണെന്നു് ഭാവിക്കുകയല്ലേ ചെയ്യുന്നതു്? തികഞ്ഞ തോന്ന്യാസമല്ലേ അവരാക്കാണിക്കുന്നതു്? തന്നേക്കാൾ വലിയവരായി ഭാവിച്ചവർ ചത്തു് സ്വർഗ്ഗത്തിലെത്തി ഹൂറികൾ എവിടെ എന്നു് ദൈവത്തോടു് ചോദിക്കുമ്പോൾ അങ്ങേരുടെ മുഖത്തു് വിരിയുന്ന രസം ശൃംഗാരമായിരിക്കാൻ എന്തായാലും വഴിയില്ല. സ്വയംകൃതാനർത്ഥം! അല്ലാതെന്തു് പറയാൻ?
“ഇതുവരെ ചത്തിട്ടില്ലെങ്കിൽ ഇപ്പോഴും അവർ സുഖമായും സന്തോഷമായും ജീവിക്കുന്നു” എന്ന വാചകത്തോടെ അവസാനിക്കുന്ന ബാലകഥകൾ പോലെ, ഇതുവരെ ചത്തിട്ടില്ലെങ്കിൽ, മത-വേദ-പണ്ഡിതർ എന്നവകാശപ്പെടുന്ന തർക്കോവ്സ്കികൾ, അവരുടെ ജീവിതാവസാനമാണോ ലോകാവസാനമാണോ ആദ്യം സംഭവിക്കുന്നതു്, അതുവരെ, മനുഷ്യരുടെ ശാസ്ത്രത്തിൽ നിന്നും സ്വന്തം ദൈവത്തെയും, അങ്ങേരുടെ സൂക്തങ്ങളേയും, അതുവഴി തങ്ങളെത്തന്നെയും രക്ഷപെടുത്താനായി “പാണ്ടിലോറിയ്ക്കു് തലവയ്ക്കൽ” എന്ന അവരുടെ ചോദ്യോത്തരപംക്തി തുടർന്നുകൊണ്ടിരിക്കും.
Jan 25, 2016, 7:53 PM
ആർക്കെങ്കിലും പദ്മവിഭൂഷണോ, വിദൂഷകപദ്മമോ ഒക്കെ നൽകിയതിന്റെ പേരിൽ ആളുകൾ ചൂടാകുന്നതെന്തിനെന്നു് എനിക്കു് മനസ്സിലാകുന്നില്ല. ആ നടപടി ഇൻഡ്യൻ സിസ്റ്റത്തിൽ പെർഫെക്റ്റ് ആയി ഫിറ്റ് ചെയ്യുന്നുണ്ടല്ലോ. പിന്നെന്തിനു് ഈ ബഹളം? “വൈ ദിസ് കൊലവെറി, ഡി”?
Jan 26, 2016, 1:29 PM
1950 ജനുവരി 26-നാണു് ഇൻഡ്യ ഒരു റിപ്പബ്ലിക്കായി ജന്മമെടുത്തതു്. അക്കണക്കിനു് ഇന്നു് ഇൻഡ്യൻ റിപ്പബ്ലിക് അറുപത്താറു് വയസ്സു് പൂർത്തിയാക്കി. ഇൻഡ്യൻ റിപ്പബ്ലിക് ഇന്നു് അറുപത്താറാം ജന്മദിനം ആഘോഷിക്കുന്നു എന്നല്ല, ഇൻഡ്യ ഇന്നു് അറുപത്തേഴാമത്തെ റിപ്പബ്ലിക് ഡേ ആഘോഷിക്കുന്നു എന്നാണു് ഒരു ഇൻഡ്യൻ പത്രത്തിൽ കണ്ടതു്. അത്ര വലിയ “ഇശ്യൂ” ആക്കേണ്ട കാര്യമൊന്നുമല്ല അതു്. ജനത്തിനു് വേണ്ടതു് വിളമ്പുക എന്നതാണു് പത്രങ്ങളുടെ ജോലി. പാപ്പരാവാൻ പത്രമുതലാളിമാരും ആഗ്രഹിക്കുന്നില്ല. ജാതിയിലും പദവിയിലും തന്നിൽ താഴെയുള്ളവരെ ഒഴികെ മിക്കവാറും എല്ലാ ചരാചരങ്ങളേയും പൂജിക്കുന്നവരായ ഭാരതീയർ പൂജ്യത്തേയും പൂജിക്കുന്നവരാണെന്നു് പത്രക്കാർക്കറിയാം. അതുകൊണ്ടാവണം റിപ്പബ്ലിക്കിന്റെ പൂജ്യാമത്തെ ജന്മദിനത്തെക്കൂടി കൂട്ടുചേർത്തു് അറുപത്തേഴാമത്തെ റിപ്പബ്ലിക് ഡേ ആക്കാൻ അവർ തീരുമാനിച്ചതു്. പൂജ്യം കണ്ടെത്തിയതു് ഭാരതീയരാണെന്നു് ഒരു ശ്രുതിയുള്ളതുകൊണ്ടു് പൂജ്യത്തിനോടു് ഭാരതീയർക്കു് ഒരു പ്രത്യേക മമത ഉണ്ടെന്ന കാര്യവും അവർ ഓർത്തുകാണും. അതവർ ലെജിറ്റിമേറ്റായി മുതലെടുക്കുന്നു. ഏതു് വഴിയോരക്കടയിലും വാഴക്കുലകൾ കെട്ടിത്തൂക്കിയിട്ടുള്ളതുകൊണ്ടു് ഭാരതം ഒരു ബനാനറിപ്പബ്ലിക്കാണു് എന്ന ധാരണ പുലർത്തുന്നവരായിരുന്നു ഭാരതീയർ എങ്കിൽ ഭാരതം എന്ന ബനാനറിപ്പബ്ലിക്കിന്റെ ജന്മദിനമാണു് ഇന്നു് എന്നു് എടുത്തു് പറയാൻ അവർ ശ്രദ്ധിക്കുമായിരുന്നു. അതാണു് പത്രധർമ്മം. എന്തായാലും ഒരുകാര്യം പറയാതെ വയ്യ. ഞങ്ങൾ വരച്ച വട്ടത്തിനു് അകത്തു് നിൽക്കേണ്ടവർ, പുറത്തു് നിൽക്കേണ്ടവർ എന്നു് മനുഷ്യരെ ദൈവനാമത്തിൽ വേർതിരിച്ചു് വിജയകരമായി നടപ്പിലാക്കിയവർക്കു് കുടപിടിച്ചുകൊടുത്ത ഒരു ജനതയ്ക്കു് പൂജ്യം എന്ന ശൂന്യതയുടെ ചെറുവട്ടത്തിലേക്കല്ലാതെ അതിനപ്പുറം എത്തിപ്പെടാൻ പറ്റില്ല. അതിനാണെങ്കിൽ അധികം ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല, വെറുതേ നാമവും ജപിച്ചു് ശവാസനത്തിൽ കിടന്നാൽ മതി.
ഇങ്ങനെയൊക്കെയാണെങ്കിലും, അറുപത്താറു് വർഷങ്ങൾ കൊണ്ടു് ഭാരതം കുറച്ചൊന്നുമല്ല പുരോഗമിച്ചതു്. ജനം ആത്മീയമായി പണ്ടത്തേതിൽ നിന്നുമൊക്കെ വളരെയേറെ മുന്നോട്ടുപോയി. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഭാരതം അസൂയാവഹമായ പുരോഗതി കൈവരിച്ചു. സിൽമ, സാഹിത്യം, ഫോട്ടോഷോപ്പ്, ഭക്തിചികിത്സ എന്നീ മേഖലകളിൽ മറ്റൊരു രാജ്യത്തിന്റെ മുന്നിലും തല കുനിക്കേണ്ടതിന്റേയോ, കാലുതൊട്ടു് നമസ്കരിക്കേണ്ടതിന്റെയോ ആവശ്യം ഇന്നത്തെ ഭാരതീയനില്ല. രണ്ടാമത്തെ ചടങ്ങു് അവർ ഇപ്പോഴും ചില സ്വാമി(നി)മാരുടെ മുന്നിൽ ചെയ്യാറുണ്ടു്. അതു് അവരുടെ ഒരു മര്യാദ മാത്രം. ഐറണിയോ സർക്കാസമോ ഒന്നുമില്ലാതെതന്നെ കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാൻ ഇന്നു് ഒരുമാതിരി ഭാരതീയർക്കെല്ലാം കഴിയും. സമ്പൂർണ്ണ സാക്ഷരത കൈവരിച്ചുകഴിഞ്ഞതിനാൽ ജനം മൊത്തത്തിൽ അഭ്യസ്തവിദ്യരാണു്. പരിസ്ഥിതി വിഷയത്തിലും ജനം ഇപ്പോൾ അജയ്യരാണു്. കീഴ്‌വായുതെറാപ്പിയിലൂടെ എങ്ങനെ അന്തരീക്ഷമലിനീകരണം തടയാൻ കഴിയും എന്ന വിഷയത്തിൽ വായൂപണ്ഡിതരായ മഹാത്മാക്കൾ ലോകരാജ്യങ്ങളുടെതന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അത്തരം മാതൃകാപുരുഷന്മാർക്കു് നൽകാൻ വേണ്ടത്ര പദവികളും ബഹുമതികളും ഇല്ലല്ലോ എന്ന ദുഃഖമേയുള്ളു ഭാരതത്തിലെ ഭരണാധികാരികൾക്കു്. ഇതിന്റെ വെളിച്ചത്തിൽ വേണം ‘ഭ്ര്‍ര്‍’ എന്ന ചെറുകഥയെ പുനരുജ്ജീവിപ്പിക്കാൻ കേരളത്തിലെ ബാലികാബാലന്മാർ നടത്തുന്ന പ്രയത്നത്തെ വിലയിരുത്താൻ. ഈ നേട്ടങ്ങളെല്ലാം അറുപത്താറു് വർഷങ്ങൾക്കു് മുൻപു് ഇന്നേ ദിവസം നിലവിൽ വന്ന ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷന്റെ ഫലമായി ഉണ്ടായതാണു്.
മനുസ്മൃതിയോ, ഭഗവദ്ഗീതയോ ബൈബിളോ, ഖുർആനോ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒക്കെപ്പോലെ ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷനും സമ്പൂർണ്ണമായ ഒരു സൃഷ്ടിപ്പാണു്. ഒരു താളിയോല അതിൽത്തന്നെ പൂർണ്ണമാണെങ്കിൽ അതു് എന്തിനു് തിരുത്തപ്പെടണം? അതു് തിരുത്തുന്നതില്പരമൊരു അസംബന്ധമുണ്ടോ? അതുകൊണ്ടാണു് അതാതുകളിലെ ഭക്തർക്കു് നവീകരണവാദികളെ കണ്ണെടുത്താൽ കണ്ടുകൂടാത്തതു്. ഒരു വ്യാജപുരോഗമനവാദിയുടെ മുന്നിലെ കണ്ണാടിയാണു് നവീകരണം ആവശ്യപ്പെടുന്ന തിരുത്തൽവാദി. അതിൽ അവൻ കാണുന്നതു് അവന്റെ യഥാർത്ഥ രൂപമായിരിക്കും – നിന്റെ കിത്താബുകൾ കാലഹരണപ്പെട്ടു എന്നു് വ്യക്തമാക്കുന്ന ആരെയും വളർത്തിവിടാതിരിക്കാൻ ഏതു് മാർഗ്ഗവും സ്വീകരിക്കാൻ മടിക്കാത്ത ഒരു പക്കാ യാഥാസ്ഥികന്റെ വേതാളരൂപം.
Jan 27, 2016, 12:42 PM
“ലൈവ്സ്റ്റോക്ക് സിൻഡ്രോം”
തടവുകാർക്കു് അവരെ തടവുകാരായി പിടിച്ചു് വച്ചിരിക്കുന്നവരോടു് ക്രമേണ വളർന്നുവരുന്ന പോസിറ്റീവ് ആയ ഒരു സൈക്കൊളോജിക്കൽ ഫിനൊമെനോൺ ആണു് സ്റ്റോക്‌ഹോം സിൻഡ്രോം. സഹാനുഭൂതിയും തന്മയീഭാവവും കലർന്ന ആ വൈകാരികബന്ധം മൂലം തടവുകാർ നിയമപാലകരോടു് എന്നതിനേക്കാൾ കൂടുതൽ തട്ടിക്കൊണ്ടു് പോയവരോടു് സഹതപിക്കാനും സഹകരിക്കാനും തയ്യാറാവുന്നു. ഈ പ്രതിഭാസത്തിനു് പല കാരണങ്ങളുമുണ്ടാവാമെങ്കിലും, തടവുകാർക്കു് മൊത്തം സാഹചര്യങ്ങളെ ഭാഗികമായി മാത്രം ഗ്രഹിക്കാൻ കഴിയുന്നതാണു് (distorted perception) അതിൽ പ്രധാനമായതെന്നു് പണ്ഡിതമതം.
അതിന്റെ വെളിച്ചത്തിൽ, വീട്ടുമൃഗങ്ങൾക്കു് അവയെ പിടിച്ചു് വച്ചിരിക്കുന്ന ഉടമസ്ഥരോടു് തോന്നുന്ന അടിമത്വഭാവത്തേയും ആത്മാർപ്പണസന്നദ്ധതയേയും “സ്റ്റേഅറ്റ്ഹോം സിൻഡ്രോം” എന്നു് വിളിക്കുന്നതിൽ അപാകതയുണ്ടാവാൻ വഴിയില്ല.
മനുഷ്യർക്കു് വീട്ടുമൃഗങ്ങളിൽ കൂടിയ വിലയൊന്നും നൽകേണ്ട ആവശ്യമൊന്നും ഇല്ലെന്നു് കരുതുന്നവരുടെ ലോകമാണു് മതങ്ങളുടെ ലോകം. പുരോഹിതർ ഇടയന്മാരായും, ആണാടുകളും പെണ്ണാടുകളും കുഞ്ഞാടുകളും വളർത്തുമൃഗങ്ങളായും ലോകാവസാനത്തിനും അതിനു് ശേഷം വരാനിരിക്കുന്ന നവലോകത്തിനും വേണ്ടി കൊട്ടും പാട്ടും പ്രദക്ഷിണവും പൊറാട്ടുനാടകങ്ങളുമായി ഭൂമിയെന്ന നശ്വരതൊഴുത്തിൽ ജീവിതം തള്ളിനീക്കുന്ന വിശ്വാസികളുടെ ലോകം. ഒരു ഡിവൈൻ കോഡെക്സിന്റെ അപ്രമാദിത്വത്തിൽ നിരുപാധികം വിശ്വസിക്കുന്ന കുറേ ഇടയന്മാരുടെയും ആടുകളുടെയും ക്ലോസ്ഡ് കമ്മ്യൂണിറ്റികളാണു് മതങ്ങൾ. ആ കോഡെക്സിന്റെ പിൻബലത്തിൽ അധികാരി ചമയുന്ന ഇടയന്മാർ, നിന്റെ ശാരീരിക ദ്രവങ്ങൾ എനിക്കു് അറപ്പാണു്, മേൽവസ്ത്രം ധരിച്ചു് നീ എന്റെ മുന്നിൽ വരുന്നതുപോലും എനിക്കു് അലർജിയുണ്ടാക്കും, ജാതിയിൽ താഴ്ന്നവനായ നിനക്കു് എന്റെ അടുത്തു് വരാനുള്ള യോഗ്യതയില്ല എന്നൊക്കെ കല്പിച്ചാലും പിന്നെയും പിന്നെയും അവരുടെ പുറകെ നടന്നു് ചവിട്ടു് മേടിച്ചില്ലെങ്കിൽ സ്വൈര്യം കിട്ടാത്ത വളർത്തുമൃഗതുല്യരായ മനുഷ്യർ!
സൈക്കോപ്പാത്തുകളായ ചില മാതാക്കളും പിതാക്കളും, പലപ്പോഴും രണ്ടുപേരും ചേർന്നും, എതിർക്കാനോ, താൻ അനുഭവിക്കുന്നതു് എന്തെന്നോ, എന്തിന്റെ പേരിലെന്നോ ഒന്നും അറിയാൻ പോലും പ്രായമാവാത്ത കുഞ്ഞുങ്ങളെ വീണ്ടും വീണ്ടും തല്ലുകയും ചവിട്ടുകയും ചെയ്യുമ്പോഴും അവർ ആ മാതാപിതാക്കളുടെ അടുത്തേക്കുതന്നെ നിസ്സഹായതയോടെ ചെല്ലുന്ന ചില വീഡിയോകൾ ഇന്റർനെറ്റിൽ കറങ്ങിനടക്കുന്നതു് ഭാഗികമായെങ്കിലും കാണേണ്ടി വന്നിട്ടുണ്ടു്. ആ കുഞ്ഞുങ്ങൾ നിസ്സഹായരാണു്. അവർ അനുഭവിക്കേണ്ടിവരുന്നതു് സമാനതകളില്ലാത്ത ക്രൂരതയാണു്. അതിനെതിരായി നിയമപരമായി നീങ്ങാൻ കഴിയുന്നവരാണു് അതിന്റെ വീഡിയോ എടുക്കുന്നതും അതു് ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുന്നതുമൊക്കെ ചെയ്യുന്നതെങ്കിൽ അവർ ആ ക്രൂരത ചെയ്യുന്നവരെപ്പോലെതന്നെ ക്രൂരരും സൈക്കോപ്പാത്തുകളുമായിരിക്കണം. അതു് മറ്റൊരു വിഷയം. പക്ഷേ, ഏതർത്ഥത്തിലും സൈക്കോപ്പാത്തായ ഒരു ദൈവത്തിന്റെ പ്രതിനിധികളായ കുറേ ന്യൂറോട്ടിക് തമ്പ്രാക്കളുടെ ചവിട്ടു് മേടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യാൻ പോലും മടിയില്ലാത്തവരാക്കി പ്രായപൂർത്തിയായ മനുഷ്യരെവരെ മാറ്റിയെടുക്കുന്ന മതപരമായ ഈ വിധേയത്വപ്രതിഭാസത്തിനു് നൽകാൻ എറ്റവും യോജിക്കുന്ന പേരു് “ലൈവ്സ്റ്റോക്ക് സിൻഡ്രോം” എന്നായിരിക്കുമെന്നു് തോന്നുന്നു.
Jan 28, 2016, 8:32 AM
സരിതയോ, ഉമ്മൻ ചാണ്ടിയോ, വി. ടി. ബൽറാമോ, വി. എസ്. അച്യുതാനന്ദനോ, നരേന്ദ്രമോദിയോ, രാഹുൽ ഗാന്ധിയോ (കേട്ടു് തഴമ്പിച്ച കുറച്ചു് പേരുകൾ പറഞ്ഞെന്നേയുള്ളു. പേരുകൾ വേറെയും ധാരാളമുണ്ടു്. പേരുകളേ ഉള്ളു, പേരുകളേ വേണ്ടൂ.) എന്തു് പറയുന്നു എന്നതല്ല, അവർ എന്തെങ്കിലും പറയുന്നുണ്ടോ എന്നതാണു് പ്രധാനം. അവർ എന്താണു് പറഞ്ഞതെന്നു് വ്യാഖ്യാനിച്ചും ചർച്ച ചെയ്തും തീരുമാനിക്കാൻ പറഞ്ഞവന്റെ പക്ഷവും എതിർപക്ഷവും, പോരെങ്കിൽ പക്ഷവാദം കുലത്തൊഴിലാക്കിയ മീഡിയകളുമുണ്ടു്. ഡെമോക്രാറ്റുകൾ തമ്മിലുള്ള സംവാദം ജനാധിപത്യത്തിന്റെ ഒരു അവിഭാജ്യഘടകമാണു്. ഡെമോക്രാറ്റുകൾ ഇല്ലാത്ത ഡെമോക്രസികളിൽ എക്സ്റ്റ്രിമിസ്റ്റുകളും റാഡിക്കലുകളും അരങ്ങു് കയ്യേറുന്നു. സംവാദം തെറിവിളിയായി മാറുന്നു. കാരണം, സംവാദത്തേക്കാൾ സിമ്പിളും പവ്വർഫുളുമാണു് തെറിവിളി.
ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കാൻ ചുമതലയുള്ള ഒരു ഏജൻസി എന്ന നിലയിൽ രാഷ്ട്രീയത്തെ വളരെ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യുന്നവരാണു് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ. അതു് അവർ പരസ്പരം വിളിക്കുന്ന പേരുകളിൽ നിന്നുതന്നെ വായിച്ചെടുക്കാവുന്നതേയുള്ളു: കമ്മി, സഖാപ്പി, സുഡാപ്പി, കൊങ്ങി, മൂരി, സംഘി, … (സാക്ഷരതയുടെയും പ്രബുദ്ധതയുടെയുമെല്ലാം അളവനുസരിച്ചു് സങ്കി, കൊങ്കി, മങ്കി എന്നൊക്കെയുമാവാം).
Jan 29, 2016, 11:43 AM
ദൈവഭക്തരും മതഭക്തരും ദേശഭക്തരും പാർട്ടിഭക്തരും തമ്മിൽ സ്ഥിരം പൊരിഞ്ഞ അടിയാണു്. ഇൻഡോക്ട്രിനേഷന്റെ ഫലം ഇന്റെലെക്റ്റിന്റെ ഇനെർഷ്യ ആണെന്നും, അതു് യുക്തിബോധത്തിന്റെ മരണമാണെന്നും കേട്ടാൽ ഏതു് ഭക്തനും ഉടനെ തലയിൽ പൂട തപ്പും. പൂട തപ്പിയാൽ പപ്പു് കിട്ടും. പപ്പു് കിട്ടിയാൽ ആർക്കായാലും ദേഷ്യം വരും. മറ്റൊരു ജനുസ്സിൽപെട്ട ഭക്തന്മാരാണു് അതു് പറയുന്നതെങ്കിൽ കേൾക്കുന്ന ഭക്തന്മാർക്കു് വരുന്ന ദേഷ്യം ഇരട്ടിയായിരിക്കും. ആത്മദേഷ്യം + അന്യദേഷ്യം = ഇരട്ടിദേഷ്യം. ദേഷ്യം വന്നാൽ ആരായാലും അടിക്കും. സിൽമയിലെ സൂപ്പർ സ്റ്റാറുകളുടെ മാതൃകയിൽ പൊരിഞ്ഞ അടി തന്നെ അടിക്കും. അല്ലെങ്കിൽ പിന്നെ എന്തിനാണു് ആണിനായാലും പെണ്ണിനായാലും ഡിങ്കഭഗവാൻ മൂക്കിനു് താഴെ മീശ നൽകിയിരിക്കുന്നതു്?
മുഴുവൻ താടി വയ്ക്കുന്നതു് ഇപ്പോൾ പശ്ചിമയൂറോപ്പിൽ അത്ര ഫാഷൻ അല്ലത്രെ! അഭയാർത്ഥിപ്രവാഹം വഴി യൂറോപ്പിനു് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടായില്ല എന്നു് വാദിച്ചിരുന്നവർ ഇതോടെ നിശ്ശബ്ദരായിക്കാണണം. വേണ്ടതു് കേൾക്കാതിരുന്നാൽ ആർക്കാണു് സ്വസ്ഥത കിട്ടുക? പുരുഷമുസ്ലീം അഭയാർത്ഥികളെ അനുകരിച്ചു് തല മൊട്ടയാക്കി, മീശ വടിച്ചു് പുരികം അടക്കമുള്ള ശിഷ്ടം മുഖരോമങ്ങളെ അതാതിന്റെ പാടുനോക്കി ജീവിക്കാൻ അനുവദിക്കാനായിരുന്നു യൂറോപ്യന്മാർ തീരുമാനിച്ചിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതി?
ക്വാളിറ്റി പ്രൊഡക്റ്റുകൾ ലോകം മുഴുവൻ എക്സ്പോർട്ട് ചെയ്തു് ജീവിക്കുന്ന ഏതു് രാജ്യത്തിനും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണു് ക്വാളിഫൈഡ് ആയ തൊഴിൽശക്തി. അതുപോലുള്ള രാജ്യങ്ങളിൽ ജനനനിരക്കു് സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയും കൂടി ചെയ്താൽ അനുയോജ്യമായ തൊഴിൽശക്തിയെ ഇറക്കുമതി ചെയ്യുകയല്ലാതെ അവർക്കു് വേറെ നിവൃത്തിയില്ല. അഭയാർത്ഥിപ്രവാഹത്തെ പോസിറ്റീവ് ആയിക്കാണാൻ ചില രാജ്യങ്ങൾ ശ്രമിച്ചതു് അതുകൊണ്ടാണു്. പക്ഷേ, വന്നുപെട്ടവരിൽ അധികത്തിനും അക്ഷരസ്ഫുടതയോടെ “അല്ലാഹു അക്ബർ” എന്നു് കാറാനല്ലാതെ മറ്റു് കാര്യമായ കഴിവുകളോ, വിദ്യാഭ്യാസമോ ഇല്ല എന്നു് മനസ്സിലായതോടെ ആദ്യത്തെ യുഫോറിയ സഹാനുഭൂതിക്കു് വഴിമാറി. ഇനി അവശേഷിക്കുന്നമാർഗ്ഗം മതം വഴി അധികം “വിശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത” യുവതലമുറയെ സമൂഹത്തിനും, അതുവഴി അവർക്കുതന്നെയും പ്രയോജനകരമായ വിധത്തിൽ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകി വളർത്തിയെടുക്കുക എന്നതാണു്.
എങ്കിലും ധൃതിപ്പെട്ടു് സന്തോഷിക്കാതിരിക്കുന്നതാണു് നല്ലതെന്നു് തോന്നുന്നു. കാരണം, അവരൊന്നു് പച്ചപിടിക്കാനായി കാത്തിരിക്കുകയാണു് എല്ലാം അറിയുന്നവനായ അല്ലാഹു. – എന്തു് ചെയ്താലാണു് ഏറ്റവും എളുപ്പം ഹൂറികളും ബാലന്മാരും മദ്യപ്പുഴകളുമുള്ള തന്റെ സ്വർഗ്ഗത്തിൽ എത്താൻ കഴിയുക എന്നു് വെറുപ്പിന്റെ പ്രബോധകരെ അയച്ചു് അവരെ ബോധവത്കരിക്കാൻ.
Jan 30, 2016, 9:38 AM
ഫെയ്സ്ബുക്കിൽ കണ്ട ചില മൊഴിമുത്തുകൾ:
“ഈ പട്ടികളെ പിടിച്ചു മാറ്റാൻ ആരുമില്ലേ എന്ന് സമരക്കാരെ T. P. ശ്രീനിവാസൻ അപഹസിച്ചു. അപ്പോൾ അടി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.”
- S. F. I. ക്കാർ നരേന്ദ്ര മോദിയെ നായിന്റെ മോൻ (നാ. മോ.) എന്നു് വിളിക്കുന്നതുപോലെയല്ല, നരേന്ദ്ര മോദി S. F. I. ക്കാരെ പട്ടികൾ എന്നു് വിളിക്കുന്നതു് എന്നു് ശ്രീ T. P. ശ്രീനിവാസൻ അറിയേണ്ടതായിരുന്നു. (അങ്ങേർ അങ്ങനെ വിളിച്ചെങ്കിൽ)
“പ്രതിഷേധക്കാരുടെ ഭാഗത്തേക്കു് ശ്രീനിവാസൻ എന്തിനു് പോയി?
- യൂദൻ റൊട്ടി വാങ്ങണമോ, വാങ്ങണമെങ്കിൽ എവിടെനിന്നും വാങ്ങണം എന്നെല്ലാം ഞങ്ങൾ നാത്സികൾ കല്പിക്കും. അതു് ഫാഷിസമാണെന്നു് മാത്രം പറഞ്ഞേക്കരുതു്. അതു് “ജർമ്മൻ ദേശീയസോഷ്യലിസ്റ്റ് തൊഴിലാളിപ്പാർട്ടിയുടെ” (NSDAP) മാനിഫെസ്റ്റോ അനുസരിച്ചു് “സോഷ്യലിസ്റ്റ് തൊഴിലാളിസ”മാണു്. തൊഴിലാളികളോടുള്ള സ്നേഹവും മുൻകരുതലുമാണതിന്റെ പിന്നിൽ.
“തെളിവില്ലാതെ ഓരോ മണ്ടത്തരം വിളിച്ചുപറഞ്ഞു് നാണം കെടരുതു്.”
- തെളിവുണ്ടോ തെളിവുണ്ടോ എന്നു് ഉമ്മൻ ചാണ്ടി ചോദിക്കുന്നതുപോലെയല്ല ഞങ്ങൾ തെളിവുണ്ടോ തെളിവുണ്ടോ എന്നു് ചോദിക്കുന്നതു്. ഞങ്ങളുടേതു് ബെർമൂഡയാണു്.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. മിസാന്ത്രോപ്പിക്കുകളാണു് മനുഷ്യസ്നേഹത്തെപ്പറ്റി ഏറ്റവും കൂടുതൽ വാചാലരാവുന്നതു്. വാക്കിലും പ്രവൃത്തിയിലും അങ്ങേയറ്റത്തെ എലീറ്റിസം പ്രദർശിപ്പിക്കുന്നവരാണു് “മറ്റവരിൽ” എലീറ്റിസം ആരോപിക്കുന്നതു്. സ്വപക്ഷത്തിന്റെ ഏതു് തോന്ന്യാസവും മനഃപൂർവ്വം മറക്കാൻ മടിയില്ലാത്തവരാണു് അന്യപക്ഷത്തിൽ “സെലെക്റ്റീവ് അംനീഷ്യ” കണ്ടെത്താൻ തിടുക്കപ്പെടുന്നതു്. സ്വപക്ഷം ചെയ്ത കൊലപാതകത്തെ നിർലജ്ജം ന്യായീകരിക്കുന്നവരാണു് അന്യപക്ഷം ചെയ്ത കൈവെട്ടലിന്റെ പേരിൽ അലമുറയിടുന്നതു്.
ഹിപ്പോക്രസിയുടെ ഈ പട്ടിക ഇനിയും എത്ര വേണമെങ്കിലും നീട്ടാം. ഇതിനെയൊക്കെ രാഷ്ട്രീയം എന്നു് വിളിക്കുകയും അവിടെനിന്നും രക്ഷ വരുമെന്നു് പ്രതീക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളെ പറഞ്ഞാൽ മതി. പക്ഷേ, സ്വയം രക്ഷിക്കാൻ കഴിയാത്ത ദൈവങ്ങളിൽ നിന്നുവരെ രക്ഷ പ്രതീക്ഷിക്കാൻ പഠിപ്പിച്ചിരിക്കുന്ന ജനങ്ങളെ പറഞ്ഞിട്ടു് എന്തു് നേടാൻ?
Jan 31, 2016, 9:37 AM
വിവേകാനന്ദനാണെന്നു് തോന്നുന്നു കേരളം ഒരു ഭ്രാന്താലയമാണെന്നു് പറഞ്ഞതു്. പറഞ്ഞതു് ആരുമാവട്ടെ, സംഗതി സത്യമാണു്. ഭ്രാന്താലയത്തിലെ ചിലർ ഇപ്പോൾ കൂട്ടം ചേർന്നു് ദേഹോപദ്രവും തുടങ്ങിയിട്ടുണ്ടെന്നു് കേൾക്കുന്നു.
ആധുനിക കേരളത്തിലെ മറ്റൊരു ഉത്തരാധുനിക പ്രതിഭാസം, ഏതു് വാർത്തയോടൊപ്പവും ഒന്നിലധികം വേർഷനുകൾ പുറത്തു വരുന്നു എന്നതാണു്. ഒരു തലയുമായി ഒരു കുഞ്ഞു് ഗർഭപാത്രം വിട്ടു എന്ന ഒരു ചാനൽവാർത്ത, മറ്റൊരു ചാനലിൽ, പത്തു് തലകളുമായി ഒരു കുഞ്ഞു് പുറത്തു് വന്നു എന്നും, അമ്മ ഒരു വർഷത്തോളം ലങ്കയിൽ ജീവിച്ച ശേഷം മടങ്ങി എത്തിയതോടെ ആയിരുന്നു പ്രസവം എന്നും മറ്റുമായി മാറുന്നതു് ഇപ്പോൾ ഒട്ടും അസാധാരണമല്ലത്രെ!
വായനക്കാരെ കഴിയുന്നത്ര ആശയക്കുഴപ്പത്തിലാക്കുക എന്നതാണു് ഏതൊരു മലയാളദിനപ്പത്രത്തിന്റെയും ധർമ്മം. അതുതാനല്ലയോ ഇതു്, അതുതന്നെയാണോ ഇതു്, അതുതന്നെയല്ലല്ലോ ഇതു്, അതുമിതുമല്ലേ മറ്റേതു് എന്നിങ്ങനെ ചിന്തിച്ചുചിന്തിച്ചു് ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്കു്, അവിടെനിന്നും മായയിലേക്കു്, മരണത്തിലേക്കു്, ചിതയിലേക്കു്, മണ്ണിലേക്കു്… … വീണ്ടും വൈറസായി, പുഴുവായി, മലയാളിയായി, ഭ്രാന്താലയവാസിയായി, പത്രവായനക്കാരായി… അങ്ങനെയങ്ങനെ…
മുകളിൽ സൂചിപ്പിച്ച അഭിപ്രായം പറഞ്ഞ വ്യക്തി ഇന്നായിരുന്നു കേരളം സന്ദർശിച്ചിരുന്നതെങ്കിൽ എന്തു് അഭിപ്രായമാവും പറയുക? കേരളം വെറുമൊരു ഭ്രാന്താലയമല്ല, പേപ്പട്ടിയുടെ കടിയേറ്റ ഭ്രാന്തന്മാർ പരസ്പരം തല്ലും തെറിവിളിയുമായി സോദരീസോദരരെപ്പോലെ വസിക്കുന്ന ഒരു സർവ്വകലാലയമാണെന്നോ?
Jan 31, 2016, 1:38 PM
അങ്ങനെ ഒടുവിൽ അതും സംഭവിച്ചു. ഇതുവരെ, വല്ല കപ്പയും കരണ്ടു് തിന്നു് സമാധാനപ്രിയരായി ജീവിച്ചു് പോന്നിരുന്നവരാണു് ലോകമെമ്പാടുമുള്ള ഡിങ്കമതക്കാർ. (കരണ്ടു് തിന്നുക എന്നാൽ electric current തിന്നുക എന്നല്ല. ഡിങ്കമതഗ്രന്ഥങ്ങൾ ശരിക്കു് പഠിക്കാതെ ഡിങ്കമതത്തെ “വിമർഷിക്കുന്ന” ധാരാളം അന്യമതസ്ഥരുണ്ടു്. രഹസ്യമായി ഡിങ്കമതാനുയായികളെ അനുകരിക്കുന്നവരാണവർ. അവർ അനുകരണഭ്രമം മൂത്തു് വല്ല ഹൈ വോൾട്ടേജ് ലൈനിലും വലിഞ്ഞുകയറി അപകടം വരുത്താതിരിക്കാനാണു് ഇതു് പ്രത്യേകം പറയുന്നതു്). പക്ഷേ, ഈയിടെയായി ചില ഡിങ്കമതവിശ്വാസികൾ തീവ്രവാദികളായി മാറുന്നുണ്ടെന്നു് കേൾക്കുന്നു. മഹാകഷ്ടം തന്നെ. ഏതെങ്കിലും യൂദന്മാരോ സാമ്രാജ്യത്വശക്തികളോ സ്യൂട്ട്കെയ്സ് തുറന്നു് ഏഴുകോടിയോ മറ്റോ രൂഫാ അവരെ കാണിച്ചുകാണും. അതിൽ മയങ്ങി അവർ സത്യമാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചതാവാനേ വഴിയുള്ളു. ഒരുപാടു് പൂജ്യങ്ങൾ കണ്ടാൽ ഏതു് മന്ത്രിയാണു് മയങ്ങിവീഴാത്തതു്? തുടക്കത്തിൽ അവർ നോട്ടമിട്ടിരിക്കുന്നതു് കേരളത്തിലെ ചായക്കടകളെയാണത്രെ! മെഷീൻ ഗണ്ണുകളും ബോംബുകളുമായി അവർ ചായക്കടകൾക്കു് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
അവരുടെ ഈ ഭീകരതക്കു് ഒരു ദീർഘകാലഫലമുണ്ടെന്നു് അവർ ചിന്തിക്കുന്നില്ല. കാരണം, ഡിങ്കൻ അവരെ അങ്ങനെ ചിന്തിപ്പിക്കുന്നില്ല. ഭാവിയിൽ വിശദവും കർശനവുമായ ആയുധപരിശോധനകൾക്കു് ശേഷമല്ലാതെ ആർക്കും ഒരു ചായക്കടയുടെയും പടി കയറാൻ പോലും കഴിയില്ല എന്നതാണതു്. മേലിൽ ഒരു കാലിച്ചായയ്ക്കും പരിപ്പുവടയ്ക്കും വേണ്ടി ചായക്കടയിലെത്തുന്ന പാവം ബൂർഷ്വാസികളെ ആരെല്ലാം എവിടെയെല്ലാം തപ്പിനോക്കും, തന്തയേപ്പോലെ തോന്നിയാൽ തല്ലിനോക്കും, എത്രയെത്ര സ്കാനിങ്ങുകൾക്കു് അവർ വിധേയരാവേണ്ടി വരും എന്നൊന്നും ഇപ്പോൾ പറയാനാവില്ല. സംഭവിക്കുന്ന ഒരുമാതിരി നല്ല കാര്യങ്ങളെല്ലാം മനുഷ്യന്റെ നന്മക്കായിരിക്കും എന്നു് മാത്രം തത്കാലം പറയാം.
December 2015
Dec 3, 2015, 10:36 AM
“പതിനായിരം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നു് അവകാശപ്പെടുന്ന ഒരാൾ ഖുർആനിൽ/ബൈബിളിൽ/ഭഗവദ്ഗീതയിൽ എഴുതി വച്ചിരിക്കുന്നതു് ദൈവത്തിന്റെ വചനങ്ങളാണെന്നാണു് വിശ്വസിക്കുന്നതെങ്കിൽ നീണ്ടുപരന്ന ആ വായനകൊണ്ടു് സമയനഷ്ടമല്ലാതെ മറ്റെന്തു് നേട്ടമാണു് താൻ കൈവരിച്ചതെന്നു് അവൻ/അവൾ സ്വയം ചോദിച്ചുനോക്കുന്നതിൽ തെറ്റില്ലെന്നാണു് എനിക്കു് തോന്നുന്നതു്.”
Dec 6, 2015, 10:28 AM
ശവം എന്ന വാക്കിനു് കഴുകരുടെ ലോകത്തിൽ ആഹാരം എന്ന പോസിറ്റീവ് ആയ അർത്ഥമായിരിക്കുമെന്നതിനാൽ അവിടെ ശവംതീനി എന്ന വിളി ഒരു ആക്ഷേപമായിരിക്കാൻ വഴിയില്ല. മനുഷ്യലോകത്തിലെ തിരുമേനി, നേത്യാരമ്മ എന്നൊക്കെയുള്ള വിളികൾ പോലെ, കഴുകന്മാരും “കഴുകികളും” അതു് ബഹുമാനസൂചകമായി കരുതി അഹങ്കരിക്കാൻ പോലും സാദ്ധ്യതയുണ്ടു്.
കമ്മ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഒരു മാധ്യമം എന്ന നിലയിൽ ഭാഷ പലപ്പോഴും ഒരനുഗ്രഹമാണെങ്കിലും ചിലപ്പോഴെങ്കിലും അതൊരു ശാപവുമാവാം. ഭാഷ ഏതു് ലോകത്തിൽ, ഏതു് സാഹചര്യത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്. പൊട്ടിത്തെറി വഴി പരിക്കൊന്നും ഏൽക്കാത്തവിധം ഇരുമ്പുകവചത്തിൽ പൊതിഞ്ഞ ലൈംഗികാവയവവുമായി ചത്തു് സ്വർഗ്ഗത്തിലെത്തി 72 ഹൂറികളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ചാവേറിന്റെ ലോകത്തിൽ ആത്മഹത്യയുടെ അർത്ഥം ഒരിക്കലും നെഗറ്റീവ് ആവാൻ വഴിയില്ല. കാരണം, അതാണവന്റെ ജീവിതലക്ഷ്യം തന്നെ. അതാണവന്റെ ഉത്തമബോദ്ധ്യം, അവന്റെ പരമമായ സത്യം! ആത്മഹത്യയുടെ അർത്ഥശൂന്യതയെപ്പറ്റിയുള്ള സ്റ്റഡിക്ലാസ്സുകൾ അവനെസംബന്ധിച്ചു് അനാവശ്യമായ “ഡെക്കറേഷനുകൾ” മാത്രമായിരിക്കും. എല്ലാത്തരം “ഉത്തമബോദ്ധ്യക്കാർക്കും” ഒരുപോലെ ബാധകമായ ഈ വസ്തുത മനസ്സിലാക്കിയിരിക്കുന്നതു് നല്ലതാണു്. ഒരുപാടു് സമയവും ഊർജ്ജവും ലാഭിക്കാൻ അതു് ഉപകരിക്കും.
Dec 6, 2015, 11:27 AM
ക്ഷമിക്കണം, ഗോമാതാക്കളെ ഇന്നത്തെപ്പോലെ ഗഹനമായി മനസ്സിലാക്കാൻ അന്നെനിക്കു് കഴിഞ്ഞിരുന്നില്ല. മനുഷ്യൻ ഒരിക്കലും പഠിച്ചു് തീരുന്നില്ല എന്നാണല്ലോ കുഞ്ഞുണ്ണിമാഷും, സോറി, കുഞ്ഞാണ്ടിമാഷും പറഞ്ഞിട്ടുള്ളതു്.
Dec 7, 2015, 8:07 AM
“പുസ്തകങ്ങൾ കത്തിക്കുന്നവരുടെ ലോകത്തിൽ കത്താനും മാത്രം തലച്ചോറുള്ള മനുഷ്യർ ഉണ്ടാവാൻ വഴിയില്ല. അവിടെ സ്നേഹിക്കുന്നവർ തമ്മിൽ ചുംബിക്കുന്നതു് കുറ്റകൃത്യവും, കാണുന്നവരെ എല്ലാം ചുംബിക്കുന്നതു് അതിനെതിരെയുള്ള വിപ്ലവവും ആയിക്കൂടെന്നുമില്ല.
Dec 7, 2015, 8:08 AM
“ഭാവിയിലെങ്കിലും സ്വയം നയിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നവിധം ഇന്നു് അവരെ നയിക്കാന്‍ കഴിയുന്നതു് മാത്രമേ രാഷ്ട്രീയമാവൂ. അല്ലാത്തതെല്ലാം അന്തരീക്ഷം മലീമസമാക്കുന്ന വെറും ശബ്ദകോലാഹലങ്ങള്‍ മാത്രം.”
Dec 9, 2015, 8:57 AM
ഫെയ്സ്ബുക്കിൽ കണ്ട സ്വാമി വിവേകാനന്ദന്റേതായ ഒരു ഉദ്ധരണി:
“The moment I have realized God sitting in the temple of every human body, the moment I stand in reverence before every human being and see God in him – that moment I am free from bondage, everything that binds vanishes, and I am free.” (Swami Vivekananda)
ഒരു ഏകദേശ മലയാളം:
“ഓരോ ‘മനുഷ്യശരീരഅമ്പലങ്ങളിലും’ ഇരിക്കുന്നതായി ദൈവത്തെ ഞാൻ മനസ്സിലാക്കിയ നിമിഷത്തിൽ, ഓരോ മനുഷ്യന്റേയും മുന്നിൽ ആദരവോടെ നിന്നുകൊണ്ടു് അവനിൽ ഞാൻ ദൈവത്തെ കാണുന്ന നിമിഷത്തിൽ – ആ നിമിഷത്തിൽ ഞാൻ ബന്ധനങ്ങളിൽ നിന്നും മോചിതനാവുന്നു, ബന്ധിക്കുന്നവയെല്ലാം അപ്രത്യക്ഷമാവുന്നു, ഞാൻ സ്വതന്ത്രനാവുന്നു”.
വിവേകാനന്ദനുമൊക്കെ വളരെവളരെ മുൻപേ മനുഷ്യവർഗ്ഗത്തിന്റെ മനസ്സുകളിൽ സൂത്രശാലികളായ ഒരുകൂട്ടം മനുഷ്യർ സംഘം ചേർന്നു് ബന്ധിച്ചിട്ടിരിക്കുന്ന ദൈവം എന്ന ഭൂതത്തെക്കൂടി അവിടെ നിന്നും അഴിച്ചുവിട്ടിരുന്നെങ്കിൽ വിവേകാനന്ദനു് അല്പം കൂടി സ്വതന്ത്രനാവാൻ കഴിഞ്ഞേനെ എന്നാണെന്റെ പക്ഷം! കൊടിയ ഭാരം ഉള്ളിലിരിക്കുമ്പോൾ മനുഷ്യനു് സ്വതന്ത്രനാവാൻ കഴിയുമെന്ന വിവേകാനന്ദന്റെ അഭിപ്രായത്തോടു് യോജിക്കാനാവില്ല. വിവേകാനന്ദന്റെ കാര്യത്തിൽ ഇനി എന്തു് പറഞ്ഞിട്ടും കാര്യമൊന്നുമില്ലെന്നറിയാം. എങ്കിലും ചുമ്മാ പറഞ്ഞെന്നേയുള്ളു. കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ ചാടി ചത്തവനെ വലിച്ചുകയറ്റി കഴുത്തിൽ നിന്നും കല്ലു് അഴിച്ചുമാറ്റിയിട്ടു് വല്ല കാര്യവുമുണ്ടോ? വെള്ളം ഒഴുകിപ്പോയിട്ടു് ചിറ കെട്ടിയാൽ അടുത്ത മഴക്കാലത്തെങ്കിലും ചിറയിൽ വെള്ളം നിറഞ്ഞേക്കും. പക്ഷേങ്കി ചത്താൽ ചത്തു, വെടി തീർന്നു! Finito! അതു് വിവേകാനന്ദനായാലും ശരി, യേശു ആയാലും ശരി. യേശു മരിച്ചവരിൽ നിന്നും “ഉയിർപ്പിച്ച” ലാസർ പോലും പിന്നീടെന്നോ മരിച്ചുതന്നെയാണു് തീർന്നതു്! ലാസറിന്റെ എക്സ്പയറി ഡേറ്റ് യേശു അല്പം കൂടി നീട്ടിക്കൊടുത്തു എന്നുമാത്രം.
Dec 11, 2015, 10:09 AM
ജനാധിപത്യം കഠിനമെന്റയ്യപ്പാ! ഓടിയോടി തുലയുമെന്റയ്യപ്പാ!! ജനാധിപത്യം വല്ലാത്ത പൊല്ലാപ്പാണു്. ജനം അധിപതികളായതിനാൽ എല്ലാറ്റിന്റെയും പുറകെ അവർ തന്നെ ഓടണം. കെജ്രിവാളിന്റെ പുറകെ, മോദിയുടെ പുറകെ, നടേശന്റെ പുറകെ, മാണിയുടെ പുറകെ, ബാബുവിന്റെ പുറകെ, ചാണ്ടിയുടെ പുറകെ, മറ്റാരുടെയൊക്കെയോ വായ്മൊഴികളുടെയും വരമൊഴികളുടെയും പുറകെ, അമ്മയുടെ പുറകെ, ഉമ്മയുടെ പുറകെ, സ്വാമിമാരുടെ പുറകെ, ആർത്തവത്തിന്റെ പുറകെ, ആണും പെണ്ണും ഒരുമിച്ചു് പോകുന്നതു് കണ്ടാൽ അവരുടെ പുറകെ, … … ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ ഇപ്പോൾ ദേ ഏതോ CD-യുടെ പുറകെയും! ഇതിനെല്ലാമിടയിൽ മനുഷ്യർക്കു് പ്രാർത്ഥിക്കുക, ധ്യാനിക്കുക, മല ചവിട്ടുക, ഹജ്ജിനു് പോകുക, ജാഥ പോകുക, ഹർത്താൽ ആചരിക്കുക, നിരാഹാരം അനുഷ്ഠിക്കുക തുടങ്ങിയ മർമ്മപ്രധാനമായ കാര്യങ്ങളും കൂടി ചെയ്യേണ്ടതുണ്ടു്. ഇതിനും മാത്രം കാര്യങ്ങൾക്കു് തൃപ്തികരമായ ഒരു തീർച്ചയും തീരുമാനവും ഉണ്ടാക്കിയെടുക്കാൻ ചില്ലറ സ്പീഡിലൊന്നും ഓടിയാൽ പോരെന്നു് ഏതു് വിദ്യാഭ്യാസമന്ത്രിയും സമ്മതിക്കും. ഈ അവസ്ഥയിൽ, കാണുന്നതിനോടും കേൾക്കുന്നതിനോടമെല്ലാം റിയാക്റ്റ് ചെയ്യുക എന്നല്ലാതെ, സ്വന്തമായി ആക്റ്റ് ചെയ്യുക എന്നതു് ജനത്തെ സംബന്ധിച്ചു് അസാദ്ധ്യമായ കാര്യമായിരിക്കും. സമയം വേണ്ടേ? സ്ഥിരമായുള്ള ഈ റിയാക്റ്റ് ചെയ്യൽ മൂലമാവണം ഭാരതീയർക്കു് “റിയാക്ഷനറികളായി” മാറേണ്ടിവന്നതു്.
Dec 11, 2015, 10:13 AM
“ആത്യന്തികമായ ആദ്ധ്യാത്മികജ്ഞാനം കണ്ടെത്തി ഓലക്കെട്ടില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ വെറുതെയെന്തിനു് ഭൗതികമായ വല്ല പൊട്ടജ്ഞാനത്തിന്റെയും പുറകെ നടക്കണം?”!
Dec 12, 2015, 9:22 AM
പണ്ടൊക്കെ തെറി പറയൽ ഒരു വലിയ പ്രശ്നമായിരുന്നു. “നീ പോടാ/പോടീ കോപ്പേ/പിഞ്ഞാണീ” എന്നൊക്കെ പറയാമായിരുന്നെങ്കിലും, അതെല്ലാം ഉഡുപ്പി/സ്വാമി മോഡൽ വെജിറ്റേറിയൻ തെറികൾ മാത്രമേ ആകുമായിരുന്നുള്ളൂ. ഇത്തിരി എരിവും മസാലയുമൊക്കെ ചേർത്ത നോൺവെജിറ്റേറിയൻ വിഭവങ്ങൾ പോലെയുള്ള തെറി പറയൽ അത്ര എളുപ്പമായിരുന്നില്ല. പറയാൻ കഴിയുമായിരുന്നില്ല എന്നല്ല, പറഞ്ഞാൽ പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ ചുമതലക്കാർ ചാടി വീണു് non-vegan തെറികൾ കൊണ്ടു് അഭിഷേകം കഴിക്കുമായിരുന്നു. കമ്പ്യൂട്ടറിലൂടെ ആശയവിനിമയം നടത്തുന്ന കൊട്ടുമൊഴിക്കാർക്കു് കീബോർഡിലെ അഡീഷണൽ ക്യാരക്റ്റേഴ്സ് ഉപയോഗിച്ചു് ഈ പ്രശ്നം ഒരുവിധം പരിഹരിക്കാൻ കഴിയുമായിരുന്നെങ്കിലും വായ്മൊഴിക്കാരുടെ കാര്യം കഷ്ടമായിരുന്നു. US അമേരിക്കയിൽ പ്രസിഡന്റ് പദവിക്കു് വേണ്ടിയുള്ള ഇലക്‌ഷൻ പ്രചരണം ആരംഭിച്ചതോടെ ആ പ്രശ്നത്തിനൊരു പരിഹാരമായി: “ഡൊണാൾഡ് ട്രമ്പ്” – തെറി വിളിയിലെ ne plus ultra!
Dec 12, 2015, 9:36 AM
God of Small Things and Gods of Silly Things.
Dec 12, 2015, 2:35 PM
യൂസർ എത്രത്തോളം നല്ലതോ ചീത്തയോ ആയിരിക്കുന്നോ, അത്രത്തോളം മാത്രം നല്ലതോ ചീത്തയോ ആയിരിക്കും ഇന്റർനെറ്റും.
Dec 15, 2015, 7:31 AM
മോദിവധം ബാലെ ആകേണ്ടിയിരുന്നതു് സുരേന്ദ്രവധം ആട്ടക്കഥയായി.
Dec 15, 2015, 7:55 AM
സോഷ്യൽ മീഡിയയിൽ ഇന്നു് കാണേണ്ടിവന്ന ചില “ബ്രേക്കിങ് ന്യൂസുകൾ”:
“സരിത താമസം മാറി, ആലുവയിലെ വിവാദ ഫ്ളാറ്റിലേക്കു്”
“മോദിക്കെതിരെ ആഞ്ഞടിച്ചു് സുധീരന്‍” (ആയത്തിന്റെ ശക്തി അളന്നിരുന്നോ എന്നു് അറിയില്ല)
സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുക എന്നതു് ഒരു ഭാഗ്യമാണു്. അല്ലെങ്കിൽ മലയാളം ചാനലുകൾ ബോധപൂർവ്വം വേണ്ടെന്നുവച്ച എനിക്കു് (സന്ദർഭവശാൽ: പിന്നീടു് പശ്ചാത്താപം തോന്നേണ്ടിവന്നിട്ടില്ലാത്ത എന്റെ ചുരുക്കം തീരുമാനങ്ങളിലൊന്നു്) ഇത്തരം സുപ്രധാനവാർത്തകൾ എങ്ങനെ അറിയാൻ കഴിയുമായിരുന്നു?
Dec 16, 2015, 9:22 AM
മനുഷ്യശരീരത്തിൽ കൈവയ്കാൻ മതിയായ പഠനവും പരിശീലനവും പൂർത്തിയാക്കുന്ന ഭിഷഗ്വരന്മാർ അടിസ്ഥാനപരവും ധാർമ്മികവുമായ ചില പ്രമാണങ്ങൾ പാലിക്കുമെന്നു് ഉറപ്പു് വരുത്താനായി “Hippocratic oath” എന്നൊരു പ്രതിജ്ഞ എടുത്തിരുന്നു (ഇപ്പോഴും ഉണ്ടോ ആവോ). രാഷ്ട്രീയത്തിൽ അധികാരം ഏറ്റെടുക്കുന്ന “കുറുപ്പുകൾ” ദൈവനാമത്തിലോ, മതഗ്രന്ഥങ്ങളിൽ തൊട്ടോ, ഭരണഘടനയുടെ പേരിലോ ഒക്കെ പ്രതിജ്ഞയെടുത്തു് താൻ നീതിപൂർവ്വമേ പ്രവർത്തിക്കൂ എന്നു് ഉറപ്പു് നൽകാറുണ്ടു്. പലരുടെ കാര്യത്തിലും അതൊരു തോന്നലായിരുന്നു എന്നു് പിന്നീടു് ജനത്തിനു് ബോദ്ധ്യമാവാറുമുണ്ടു്. കുഞ്ഞിലത്തെ “ഹരിശ്രീ ഗണപതായേ നമഃ” മുതിരുമ്പോൾ അരിയും സിരിയും കണകുണയുമായി മാറുന്നപോലെ.
അതൊക്കെക്കൊണ്ടുതന്നെ സത്യവും നീതിയും മുഖമുദ്രയായ ചില സമൂഹങ്ങളിൽ ധാരാളം കമ്മീഷനുകളുടെ ആവശ്യം വരാറുണ്ടു്. ഈ വക കമ്മീഷനുകൾ ബന്ധപ്പെടേണ്ടിവരുന്നതു് പൊതുവേ മനുഷ്യജീവികളുമായാണു്. ഇടയ്ക്കൊക്കെ പേപ്പട്ടികളും മറ്റിനം മൃഗങ്ങളും അവരുടെ അധികാരപരിധിയിൽ വരാറുണ്ടു്. അതുകൊണ്ടാണു് “പൊതുവേ” എന്നു് പറഞ്ഞതു്. അതിനാൽ അവർ മണ്ടന്മാരാവാതിരിക്കേണ്ടതു് മനുഷ്യരുടെയും മൃഗങ്ങളുടെയും ആവശ്യമാണു്. “എന്നോടാണു് കളി” എന്ന ഗോഗ്വാ വിളി ഞാനൊരു മഹാ “കളിയൻ” ആണെന്നതിന്റെ നിഷേധിക്കാനാവാത്ത ഒന്നാം നംബർ തെളിവാണെന്നപോലെ, “ഈ ഗ്രന്ഥം എനിക്കു് ദൈവം നൽകിയതാണെന്നതിനു് ഞാനും ദൈവവും സാക്ഷി” എന്ന പ്രസ്താവന ആ പ്രസ്താവനയുടെ ചോദ്യം ചെയ്യാനാവാത്ത തെളിവു് ആകുന്നപോലെ, “ഞാനൊരു മണ്ടനല്ല” എന്നു് പരസ്യമായി പ്രഖ്യാപിക്കുന്നതാണു് താനൊരു മണ്ടനല്ല എന്നു് സ്ഥാപിക്കാനായി ഒരു മനുഷ്യനു് നൽകാൻ കഴിയുന്നതിൽ വച്ചു് ഏറ്റവും വലിയ തെളിവു്.
അതുകൊണ്ടു്, ഏറ്റവും താമസിച്ചാൽ വിചാരണ തുടങ്ങുന്നതിനു് മുൻപെങ്കിലും, ഹിപ്പോക്രാറ്റിക് ഓഥ് പോലെ, മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ, കുഞ്ഞുങ്ങളുടെ അരിസിരി കണകുണായേനമഃ പോലെ, “എന്നെ ഒരു മണ്ടനായി കാണരുതു്; മണ്ടത്തരം കാണിക്കാനുള്ള സ്ഥാനത്തിരിക്കുന്ന ഒരാളല്ല ഞാൻ” എന്നൊരു “hypocritical oath” ആലപിച്ചുകൊണ്ടു് വേണം കമ്മീഷനുകൾ അവരുടെ സിറ്റിങ് തുടങ്ങാൻ എന്നാണെന്റെ വിനീതമായ അഭിപ്രായം. അതു് പറയാൻ എനിക്കു് യോഗ്യതക്കുറവൊന്നുമില്ല. ഞാനും മലയാളദിനപ്പത്രങ്ങൾ വായിച്ചിട്ടുള്ളവനും, ചായക്കടച്ചർച്ചകളിൽ പങ്കെടുത്തിട്ടുള്ളവനുമൊക്കെത്തന്നെ.
കൂടാതെ, സിറ്റിങ്ങിനു് ശേഷം സോഷ്യൽ മീഡിയയിലെ പ്ലിങ്, ICU തുടങ്ങിയ കമ്മ്യൂണിറ്റികളിൽക്കൂടി ഈ കമ്മീഷനുകൾ ആക്റ്റീവായാൽ അവർ ശരിക്കും തിളങ്ങുമെന്ന കാര്യത്തിൽ എനിക്കു് ഒരു സംശയവുമില്ല. അതുവഴി സ്വന്തം കഴിവു് വികസിപ്പിക്കാം, ഒപ്പം സമൂഹത്തെ സേവിക്കുകയും ചെയ്യാം. പണവും പ്രതാപവുമൊക്കെ ഉള്ളവർ ലയൺസ് ക്ലബ്ബിലും റോട്ടറി ക്ലബ്ബിലുമൊക്കെ അംഗങ്ങളാവുന്നപോലെ.
Dec 20, 2015, 1:52 PM
ന്യൂട്ടന്റെ ഒന്നാം ചലനനിയമം: “Every body continues to be in state of rest, or of uniform motion in a right line, unless it is compelled to change that state by an impressed force”.
ഈ നിയമത്തെ ഭാരതത്തിന്റെ പ്രത്യേക സാഹചര്യത്തിലേക്കു് ഏറ്റെടുത്താൽ: “ഏതെങ്കിലും ഫോഴ്സ് വന്നു് ഇമ്പ്രെസ് ചെയ്തു് നിർബന്ധിക്കുന്നതുവരെ ഓരോ ‘ബാഡീസും’ ഒന്നുകിൽ യോഗാസനത്തിൽ വിശ്രമിക്കുകയോ, അല്ലെങ്കിൽ റോഡിലൂടെ ചലിക്കുകയോ ചെയ്തുകൊണ്ടിരിക്കും”.
ഇരുത്തിയാൽ ഇരുത്തിയേടത്തു് ഇരിക്കും; ഒരു ഊക്കു് വന്നു് ഉന്തിയാൽ നീങ്ങും; വീണ്ടും പിടിച്ചിരുത്തുന്നതുവരെ നീങ്ങിക്കൊണ്ടേയിരിക്കും. സാദ്ധ്യമായ ഈ രണ്ടവസ്ഥകളിലും സമയത്തിനു് വലിയ പങ്കില്ല, പഞ്ഞവുമില്ല.
ശീർഷാസനത്തിൽ നിൽക്കുമ്പോഴായാലും, പദ്മാസനത്തിൽ ഇരിക്കുമ്പോഴായാലും, ചൊറിയണാസനത്തിൽ കിടക്കുമ്പോഴായാലും, റോഡിലൂടെ ചലിക്കുമ്പോഴായാലും കണ്ണും വിഷപ്പല്ലും മറ്റു് ആസനങ്ങളുടെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും തിരിഞ്ഞിരിക്കുന്നതു് മോണോക്രസിയുടെ ലക്ഷണവും ആവശ്യവുമാണു്. നമ്മുടെ ദൈവവും മതവും ആശയങ്ങളും മാത്രമാണു് ശരി എന്നതിനാൽ, മറ്റുള്ളവരും അതുതന്നെ പാലിക്കണം. പാലിച്ചില്ലെങ്കിൽ അവരെക്കൊണ്ടു് അതു് ഒന്നുകിൽ പാലിപ്പിക്കണം, ഇല്ലെങ്കിൽ അവരെ നശിപ്പിക്കണം. അതു് ചെയ്യുന്നതു് “നമ്മൾ” ആണെങ്കിൽ അതു് ഫാഷിസമല്ല. “അവർ” ആണു് ചെയ്യുന്നതെങ്കിൽ അതു് തികഞ്ഞ ഫാഷിസമാണുതാനും.
തൊട്ടുകൂടാത്ത പ്രമാണങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിത്തറയിൽ പണിതു് ഉയർത്തപ്പെട്ടിരിക്കുന്ന ഏതൊരു ഗോത്രീയസമൂഹത്തിന്റെയും മൗലികസ്വഭാവങ്ങളിൽ ഒന്നാണു് ഫാഷിസം. സമ്പൂർണ്ണതകളുടെ ആൾരൂപം എന്ന ഭാവവും സമയത്തിന്റെ ധാരാളിത്തവും അജ്ഞരിൽ ഒത്തുചേർന്നാൽ, അവരിലൂടെ, മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിലേക്കു് നീണ്ടിരിക്കുന്ന മൂക്കും കണ്ണും കയ്യും ദംഷ്ട്രയുമായി വളർന്നു് വീർക്കാൻ കഴിയുന്ന ഒരുതരം സാമൂഹികവിഷജന്തു!
Dec 22, 2015, 6:43 AM
മതപരമായ വിശ്വാസങ്ങളുടെ പേരിൽ തമ്പ്രാക്കന്മാരുടെ എച്ചിലിലകളിൽ കിടന്നു് ഉരുളുന്ന അജ്ഞരായ സാധുക്കളെ പിടിച്ചെഴുന്നേൽപിച്ചു് കുളിപ്പിച്ചു് വൃത്തിയാക്കി ശുദ്ധവസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നതു് ഒരു നല്ല കാര്യമാണു്. പക്ഷേ, അതു് അവരെ വീണ്ടും തുണിയുരിഞ്ഞു് മറ്റിനം തിയോളജികളുടെയോ, ഐഡിയോളജികളുടെയോ കമ്പോസ്റ്റ് കുഴികളിലേക്കു് മാറ്റിക്കിടത്താൻ വേണ്ടിയാവരുതു്.
Dec 22, 2015, 7:04 AM
എല്ലാം “ഗ്രീക്ക്” ആയി തോന്നുന്നവർക്കു് എന്തു് മനുഷ്യസംഗമം, എന്തു് അമാനവ(?)സംഗമം? അതുകൊണ്ടു് ആദ്യം അവർ “ഗ്രീക്ക്” പഠിക്കട്ടെ. പക്ഷേ, ഗ്രീക്ക് പഠിച്ചാൽ പിന്നെ സംഗമിക്കാൻ താല്പര്യമുണ്ടാവുമോ എന്നതൊരു പ്രശ്നമാണു് . അതാണെങ്കിൽ ഒരു ചെറിയ പ്രശ്നമല്ല, പലരുടെയും ഉപജീവനത്തിന്റെതന്നെ പ്രശ്നമാണു്.
Dec 25, 2015, 11:45 AM
ക്രിസ്മസ് പോലുള്ള ഒഴിവുദിനങ്ങൾ വരുമ്പോഴെല്ലാം തീവ്രവിശ്വാസികൾ ചോദിക്കാറുള്ള ഒരു ചോദ്യമാണു് നിരീശ്വരവാദിയും യുക്തിവാദിയുമെല്ലാം അത്തരം അവധിദിവസങ്ങൾ ആഘോഷിക്കുന്നതു് ശരിയാണോ എന്നതു്. മനുഷ്യർ മറ്റു് ദിവസങ്ങളിൽ തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതു് ഒരു തെറ്റല്ലെങ്കിൽ അവരതു് ഒരു “പുണ്യ”ദിവസത്തിൽ ചെയ്യുന്നതു് എങ്ങനെ തെറ്റാവുമെന്നറിയില്ല. അതാതു് മതങ്ങൾ കല്പിച്ചു് നൽകിയിരിക്കുന്ന പുണ്യതയിൽ വിശ്വസിച്ചുകൊണ്ടു് മാത്രമേ മനുഷ്യൻ ആ അവധിദിനങ്ങളിൽ ആനന്ദിക്കാനും രസിക്കാനും പാടുള്ളു എന്ന തിട്ടൂരവും അർത്ഥശൂന്യമാണു്. നിരീശ്വരരായ മനുഷ്യർ പോലും അതൊക്കെ ചെയ്യാറുണ്ടു്. അതുവഴി, പെറ്റി മൈൻഡെഡ് ആയ ഭക്തരുടെ മനസ്സിൽ അന്യവിശ്വാസങ്ങളോടുള്ള വെറുപ്പിന്റെ വ്രണങ്ങൾ പൊട്ടിയൊലിച്ചേക്കാം എന്നതൊഴികെ മറ്റു് സുനാമികളൊന്നും സംഭവിക്കാറുമില്ല.
ക്രൈസ്തവമതവിശ്വാസത്തിൽ അധിഷ്ഠിതമായ പാശ്ചാത്യരാജ്യങ്ങളിൽ ക്രിസ്മസ് ഒരു സാമൂഹികാഘോഷമാണു്. വീടും നാടും വർണ്ണങ്ങളും വെളിച്ചങ്ങളും കൊണ്ടു് അലംകൃതമാവുന്ന, ബന്ധുക്കളായ മനുഷ്യർ സമ്മാനങ്ങൾ കൊടുത്തും വാങ്ങിയും സന്തോഷിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു പ്രമുഖ ആഘോഷം. ഈ ദിനങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതു് കുഞ്ഞുങ്ങളാണു്. ദൈവം തന്റെ ബീജം ടെസ്റ്റ് റ്റ്യൂബിലാക്കി ഏതോ മാലാഖ വഴി ഭൂമിയിൽ എത്തിച്ചാണോ, അതോ നേരിട്ടു് ഭൂമിയിലെത്തി മറിയയുടെ ഗുഹ്യഭാഗത്തു് ഊതിയാണോ കന്യകയെ ഗർഭം ധരിപ്പിച്ചു് യേശുവിനെ ജനിപ്പിച്ചതു് എന്നോ, എന്തിനു്, ക്രിസ്മസ് എന്നാൽ യേശു ജനിച്ച ദിനമാണോ, അതോ മരിച്ച ദിനമാണോ എന്നുപോലുമോ അറിയേണ്ട ആവശ്യമൊന്നുമില്ല സമ്മാനങ്ങളിൽ സന്തോഷിക്കുന്ന അവരുടെ മുഖം ഭാഗ്യാനുഭവം കൊണ്ടു് തിളങ്ങാൻ. ചുറ്റുപാടുകൾ മുഴുവൻ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചു് നിൽക്കുകയും, അയൽവാസികളായ കുഞ്ഞുങ്ങൾ മുഴുവൻ ആനന്ദത്തിൽ ആറാടുകയും ചെയ്യുമ്പോൾ, ഒരു വീട്ടിൽ വാഴുന്നതു് അന്ധകാരമാണെങ്കിൽ അതു് അവിടത്തെ കുഞ്ഞുങ്ങളിൽ, തങ്ങൾ മറ്റു് മനുഷ്യരിൽ നിന്നും വ്യത്യസ്തരാണെന്ന, മാനസികമായ അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന, തോന്നലേ ഉണ്ടാക്കൂ. സമൂഹത്തിലെ ഒരു അംഗം എന്ന ബോധത്തോടെ വളരാനുള്ള കുഞ്ഞുങ്ങളുടെ അവകാശത്തെയാണു് മാതാപിതാക്കൾ അതുവഴി തടസ്സപ്പെടുത്തുന്നതു്. ദൈവത്തേയും മതത്തേയും കൂട്ടിച്ചേർത്തുകൊണ്ടു് മാത്രമേ കുഞ്ഞുങ്ങളോടൊത്തു് അവധിദിനങ്ങൾ ആഘോഷിക്കാവൂ എന്നില്ല. സ്വന്തമായി ചിന്തിച്ചു് ഒരു തീരുമാനത്തിലെത്താനുള്ള മനുഷ്യന്റെ സ്വാഭാവികമായ കഴിവിന്റെ കഴുത്തിനു് കത്തിവയ്ക്കാതിരുന്നാൽ മതി.
ഒരു ബഹുമതസമൂഹത്തിൽ ഒരു മതത്തിന്റെ ആഘോഷങ്ങളിൽ മറ്റു് മതങ്ങളിൽ പെട്ടവരും പങ്കെടുക്കുകയാണു് വേണ്ടതു്. അതിനു് ഏതെങ്കിലും മതങ്ങൾ തടസ്സം നിന്നാൽ പൊതുസമൂഹത്തിന്റെ ഭാഗമാവാൻ അവർ ആഗ്രഹിക്കുന്നില്ല എന്നേ അർത്ഥമുള്ളു. പണ്ടൊരു പോസ്റ്റിൽ പറഞ്ഞപോലെ, ഒരു മതവും മറ്റേതെങ്കിലും ഒരു മതത്തേക്കാൾ നല്ലതോ ചീത്തയോ അല്ല. ഒരു മതം നല്ലതാണെങ്കിൽ എല്ലാ മതങ്ങളും നല്ലതു്; ഒന്നു് ചീത്തയെങ്കിൽ എല്ലാം ചീത്ത എന്നേയുള്ളു.
ഞാൻ ഒരു ഈനാംപേച്ചിയെ ദൈവമായി വിശ്വസിച്ചു് ആരാധിക്കാൻ തുടങ്ങിയാൽ സമൂഹം എന്നെ ഭ്രാന്തൻ എന്നാവും വിളിക്കുക. പക്ഷേ, വാക്കുകൊണ്ടോ വാളുകൊണ്ടോ, എണ്ണത്തിൽ അത്ര ചെറുതല്ലാത്ത കുറെ മനുഷ്യരെ എന്നോടൊപ്പം ചേർന്നു് ഈനാംപേച്ചിയെ ആരാധിപ്പിക്കാൻ എനിക്കു് കഴിഞ്ഞാൽ അപ്പോൾ മുതൽ അതേ സമൂഹം അതിനെ ഭ്രാന്തു് എന്നല്ല, സത്യമതം എന്നേ വിളിക്കൂ. മറ്റൊരുവൻ ഈനാംപേച്ചിക്കു് പകരം മരപ്പട്ടിയെ ദൈവമായി വിശ്വസിച്ചു് ആരാധിക്കാൻ തുടങ്ങിയാലത്തെ കഥയും അതുപോലെതന്നെ. യന്ത്രവത്കരണം, ഭൂമിക്കടിയിലെ എണ്ണ, വിദേശനാണയം തുടങ്ങിയ ഏതെങ്കിലും കാരണങ്ങളാൽ സമൂഹം കാലക്രമേണ സാമ്പത്തികമായി വളർന്നാൽ, കേക്കിന്റെ മുന്തിയ ഭാഗം കൈക്കലാക്കാനായി ഈനാംപേച്ചികളും മരപ്പട്ടികളും തമ്മിൽ അടി തുടങ്ങും. അതോടെ, സ്വന്തം നിലപാടുകളും വിശ്വാസപ്രമാണങ്ങളുമാണു് മികച്ചതു് എന്നു് സ്ഥാപിക്കാനായി താത്വികരും വ്യാഖ്യാതാക്കളും അധികാരികളും യോദ്ധാക്കളുമെല്ലാം പ്രതിഫലസഹിതം നിയോഗിക്കപ്പെടും. മഷിയുടെയും മനുഷ്യരക്തത്തിന്റെയും ഇടതടവില്ലാത്ത ഒരു ഒഴുക്കായിരിക്കും പിന്നെ. മതങ്ങളുടെ ഈ ഗതിയിൽ ചില മതങ്ങളെ നശിപ്പിച്ചുകൊണ്ടു്, പിന്നീടെപ്പോഴെങ്കിലും നശിക്കാനായി മറ്റു് ചില മതങ്ങൾ നിലനിൽക്കും. ജയിച്ചവർ അവർക്കു് ശരിയെന്നു് തോന്നുന്ന പെരുമാറ്റച്ചട്ടങ്ങൾ തോറ്റവരിൽ അടിച്ചേല്പിക്കാൻ തുടങ്ങും. മനുഷ്യർ എന്തു് തിന്നണം, എന്തു് കുടിക്കണം, എന്തു് പറയണം, എന്തു് എഴുതണം തുടങ്ങിയ കാര്യങ്ങൾ പിന്നീടു് അവരാവും നിയന്ത്രിക്കുക. അങ്ങനെ രൂപമെടുത്ത പെരുമാറ്റച്ചട്ടങ്ങളോ, അവയുടെ രൂപാന്തരങ്ങളോ, ബാക്കിപത്രങ്ങളോ ഒക്കെയാണു് മതാചാരപ്രകാരമുള്ള എല്ലാ അവധിദിനങ്ങളും ആഘോഷങ്ങളും. ഏതൊരു മതത്തിന്റെ കാര്യവും അത്രയേയുള്ളു. ഒട്ടും കൂടുതലുമില്ല, കുറവുമില്ല. ഇതു് മതങ്ങൾക്കു് മാത്രമല്ല, സർവ്വാധിപത്യം സ്വപ്നം കാണുന്ന ഏതൊരു ഐഡിയോളജിക്കും ബാധകമായ ഒരു വസ്തുതയാണു്.
പാശ്ചാത്യരാജ്യങ്ങളിൽ ക്രിസ്മസ് സമയത്തു് മാത്രം ലഭിക്കുന്ന ചില പലഹാരങ്ങളുണ്ടു്. നിരീശ്വരരോ മറ്റുള്ളവവരോ അതൊന്നും തിന്നാതിരിക്കുന്നതിലല്ല, കൂടുതൽ പേർ തിന്നുന്നതിലാണു് പലഹാരനിർമ്മാതാക്കൾ സന്തോഷിക്കുന്നതു്. കാരണം, ആഘോഷങ്ങളിൽ നിന്നും മതവിശ്വാസത്തെ മാറ്റി നിർത്തിയാൽ, എല്ലാ ആഘോഷങ്ങളും ബിസ്നസാണു്. അതുകൊണ്ടു് ക്രിസ്മസിന്റെ സ്പെഷൽ പലഹാരങ്ങളുടെ രുചി ഇഷ്ടമുള്ളവർ അവയൊക്കെ വാങ്ങി മൂക്കുമുട്ടെ തിന്നുന്നു. അല്ലാത്തവർ ആ പലഹാരങ്ങളെയോ, അവ തിന്നുന്നവരെയോ തിരിഞ്ഞുപോലും നോക്കാറുമില്ല.
കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിലുമുണ്ടു് വിശുദ്ധ ദിനങ്ങളിൽ മാത്രം ഉണ്ടാക്കാറുള്ള ചില ആഹാരപദാർത്ഥങ്ങൾ. എന്റെ ബാല്യകാല ആത്മകഥയിലെ നോമ്പുവീടലുകളിൽ കള്ളപ്പമായിരുന്നു പ്രധാന നടൻ. അരിപ്പൊടിയിൽ ചില സുഗന്ധദ്രവ്യങ്ങളൊക്കെ ചേർത്തു് കലത്തിലാക്കി കള്ളൊഴിച്ചു് കുറച്ചുനേരം വച്ചേക്കും. (എത്രനേരം എന്നു് എന്നോടു് ചോദിക്കരുതു്. സത്യമായിട്ടും എനിക്കറിയില്ല). നേരം നിവൃത്തിയാവുമ്പോൾ അടുപ്പത്തു് ചൂടോടെ കാത്തിരിക്കുന്ന ചട്ടിയിലേക്കു് കുറേശ്ശെയൊഴിച്ചു് ചുട്ടെടുത്താൽ സംഭവം റെഡി. ഇറച്ചിക്കറി അതിനോടു് നന്നായി ചേരുന്ന ഒരു കോമ്പിനേഷനാണു്. അപ്പം ഹീറൊ ആണെങ്കിൽ ഇറച്ചിക്കറി ഹീറോയിൻ. (ഫെമിനിസ്റ്റുകൾക്കു് വേണമെങ്കിൽ നേരെ മറിച്ചും വിളിക്കാം. ചരിത്രത്തെ hi(s)story എന്നു് വിളിക്കുന്നതിനു് പകരം herstory എന്നു് വിളിക്കുന്നതിനോടു് എനിക്കു് എതിർപ്പു് ഒന്നുമില്ലെന്നു് സാരം. ചരിത്രത്തിൽ സബ്സ്റ്റാൻഷ്യൽ പോയിട്ടു് സബോർഡിനേറ്റ് ആയ റോൾ പോലും വഹിച്ചിട്ടില്ലാത്ത ഞാൻ എന്തിനു് അതിന്റെ പേരിൽ വെറുതെ ചൂടാകണം?) പെസഹാക്കു് ഉഴുന്നുകൊണ്ടുണ്ടാക്കുന്ന ചില കലാസൃഷ്ടികളും, ശർക്കര ചേർത്ത ഒരു ദ്രാവകവുമായിരുന്നു കഥ കൊണ്ടുപോയിരുന്നതു്. “കുരിശപ്പം” യേശുവിന്റെ ശരീരമാണെന്നും ശർക്കരദ്രാവകം രക്തമാണെന്നുമൊക്കെ “മുതിരാത്തവരെ” വിശ്വസിപ്പിക്കാൻ “മുതിർന്നവർ” മുടങ്ങാതെ നടത്തുന്ന ശ്രമങ്ങളും പെസഹായുടെ ഒരു ഭാഗമാണു്. ഒരു ക്യാനിബൽ ആകാൻ ഇഷ്ടമില്ലാതിരുന്നതിനാൽ മാത്രമാണു് ഞാൻ അവരുടെ വലയിൽ വീഴാതിരുന്നതു്. പെസഹാക്കു് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നൊരു അപരനാമം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഉഴുന്നപ്പങ്ങളിൽ കള്ളു് നിഷിദ്ധമായിരുന്നു. അഭിരുചിയിലെ വ്യത്യാസം മൂലമാവാം, പെസഹാ വിഭവങ്ങൾക്കു് എന്റെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയാതെ പോയതു്.
ചുരുക്കത്തിൽ, നോമ്പോ, നൊവേനയോ എന്നോ, ആഘോഷമാണോ അല്ലയോ എന്നോ ഒന്നും നോക്കാതെ, തിന്നാൻ ഇഷ്ടമുള്ള വിഭവങ്ങൾ തിന്നുക, കുടിയ്ക്കാൻ ആഗ്രഹമുള്ള പാനീയങ്ങൾ കുടിക്കുക എന്നേ നിരീശ്വരരോടും, യുക്തിവാദികളോടുമെല്ലാം എനിക്കു് പറയാനുള്ളു. മിതത്വം പാലിച്ചാൽ നല്ലതു്. പാലിക്കണമോ വേണ്ടയോ എന്നു് തീരുമാനിക്കേണ്ടതും മറ്റാരുമല്ല, അവനവൻ തന്നെ. പരിണതഫലങ്ങളുടെ ചുമതല ഏറ്റെടുക്കാനുള്ള ബാദ്ധ്യതയിൽ നിന്നും ഒഴിയാതിരുന്നാൽ മതി.
നീ പറയുന്ന കാര്യങ്ങൾ നിഷേധിക്കാനാവാത്ത സത്യമാണെന്ന ബോധം മൂലം, അവയെ വസ്തുനിഷ്ഠമായി നേരിടാനോ ഖണ്ഡിക്കാനോ കഴിയാതെ വരുമ്പോൾ ഇന്നലെകളുടെ നിത്യകമിതാക്കൾ നിന്റെ വ്യക്തിത്വത്തെ, നിന്റെ കുടുംബത്തെ, തീറ്റയും കുടിയുമടക്കമുള്ള നിന്റെ ജീവിതരീതികളെ, നിന്റെ ഇന്റമസികളെവരെ വിളിച്ചുകൂവിക്കൊണ്ടിരിക്കും, കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. വായിട്ടലയ്ക്കാൻ കഴിയുക എന്നതൊഴികെ മറ്റൊരു യോഗ്യതയും ആവശ്യമില്ലാത്ത ഒരു കലയുടെ ഉപാസകരാണവർ. ലോകത്തിന്റെ നേരിയ ഒരംശം പോലും അറിയാത്തപ്പോഴും, അറിഞ്ഞതും അറിയാത്തതുമായ സകല ലോകത്തിന്റെയും സ്രഷ്ടാവിനെ അറിയുന്നവർ എന്നു് ഭാവിക്കാൻ മടിയില്ലാത്ത ബുദ്ധിശാലികൾ!
ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുക്കൾക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റേയും എല്ലാ നന്മകളും നേരുന്നു.
Dec 28, 2015, 10:48 AM
“ചമതമുറിക്കും കൈവിരലുകളാൽ ഹൃദയതംബുരുവെങ്ങിനെ മീട്ടും
പ്രണവം ചൊല്ലും ചുണ്ടുകളാൽ ഞാൻ “പ്രേമകാ(ക)ളി” എങ്ങനെ പാടും?” 🙂
ഇന്നത്തെ കേരളത്തിലായിരുന്നെങ്കിൽ കണ്വമഹർഷിയും ശകുന്തളയുമെല്ലാം ബെൻസിലോ ബി എം ഡബ്ലിയുവിലോ ബ്ലൂലൈറ്റ് ഇട്ടും സൈറൺ മുഴക്കിയുമേ ചമത ശേഖരിക്കാൻ പോകുമായിരുന്നുള്ളു എന്നുവേണം കരുതാൻ. ഒരു മെഗാഫോണോ ഓലപ്പീപ്പി പോലുമോ വായിൽ തിരുകാതെ കാര്യം സാധിച്ചിരുന്ന മനുഷ്യരാണു്! ഇന്നു് കാലം മാറി. ഇന്നവർക്കു് അവരുടെയും അവരുടെ സമയത്തിന്റെയും വിലയറിയാം. ശ്രദ്ധയില്ലാത്ത വല്ല കാട്ടുമാക്കാനോ പെരുച്ചാഴിയോ മറ്റോ വനവഴിയിൽ നിന്നു് ഉദ്ദിഷ്ടകാര്യം – വിറകു് പെറുക്കൽ – സാധിക്കുന്നതിനു് വിളംബം സൃഷ്ടിക്കരുതല്ലോ. മഹഷിസമൂഹം ആകെമൊത്തം പുരോഗമിക്കുമ്പോൾ ആ പുരോഗതിയുടെ ഒരംശം മഹർഷി സമൂഹത്തിലും എത്തിയിരിക്കും – ഭാരതീയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, എപ്പോഴും അങ്ങനെ സംഭവിക്കണമെന്നു് വലിയ നിർബന്ധമൊന്നും ഇല്ലെങ്കിലും.
ഒറ്റയാനായ ഒരു ഹീറോയുമായി സ്റ്റണ്ട് നടത്തി അമ്പേ പരാജയപ്പെട്ട 139 റൗഡികളെ അറസ്റ്റ് ചെയ്യാനായി മനുഷ്യവാസമില്ലാത്ത ഏതോ മലയോരത്തുകൂടി ബ്ലൂലൈറ്റും സൈറണുമായി കുറെ പോലീസുകാർ ഒരു SUV-ൽ ചീറിപ്പായുന്ന ഒരു മലയാളസിൽമ ഇന്നലെ കാണേണ്ടിവന്നു. റിവോൾവർ ജനാധിപത്യം നിലവിലിരിക്കുന്ന, കൗബോയ് ഹീറോകളുടെ “പെങ് പെങ്” അമേരിക്കയെ “നമ്മൾ” തെറി പറയുന്നതു് അവർ ചെയ്യുന്നതു് ഇഷ്ടമല്ലാത്തതുകൊണ്ടല്ല, അവരോടൊപ്പം ഓടിയെത്താൻ നമുക്കു് കഴിയാത്തതുകൊണ്ടാണു്. അതുകൊണ്ടാണു് ഓടിയെത്താൻ കഴിഞ്ഞിട്ടുള്ള എല്ലാ സമയങ്ങളിലും മേഖലകളിലും അവരെ അനുകരിക്കാൻ നമ്മൾ മടിക്കാത്തതും. ആനയില്ലെങ്കിലും ഒരു തോട്ടി വാങ്ങി ഇറയിൽ സൂക്ഷിക്കുന്നതുപോലെ, റിവോൾവർ ഇല്ലെങ്കിലും കുറച്ചു് വെടിയുണ്ടകൾ വാങ്ങി പെട്ടിയിൽ സൂക്ഷിക്കാൻ നമുക്കു് തോന്നുന്നതും മറ്റൊന്നും കൊണ്ടല്ല.
എത്ര ആഴമുള്ള ചതുപ്പിലേക്കാണു് താൻ കാലെടുത്തു് വയ്ക്കുന്നതെന്നു് കേരളസമൂഹത്തിൽ ശാസ്ത്രബോധവും സ്വന്ത-സ്വതന്ത്രചിന്തയും വളർത്തിയെടുക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. ശീഘ്രഫലം പ്രതീക്ഷിച്ചു് നിരാശപ്പെടാതിരിക്കാൻ അതുപകരിച്ചേക്കും.
Dec 30, 2015, 9:27 AM
മനുഷ്യർ സർവ്വേക്കാരാണു്. ഭൂമിയെ സർവ്വേ ചെയ്യുന്ന ചുരുക്കം ചിലർ, മനുഷ്യരെ സർവ്വേ ചെയ്യുന്ന അധികം ചിലർ – അളവുകാർ! മറ്റു് മനുഷ്യരിലേക്കു് എത്രറ്റം വരെ ചങ്ങല വലിക്കാനാവും എന്നു് അറിയാനാണു് മനുഷ്യസർവ്വേ. അളക്കാൻ പലതരം കോലുകളുണ്ടു്. പ്രസിഡന്റോ സെക്രട്ടറിയോ ഖജാൻജിയോ ഒക്കെ ആയവരുടെ അളവുകൾ സെൽഫ് എവിഡന്റ് ആയതിനാൽ അവർ അധികം അളക്കപ്പെടാറില്ല. വല്ല ബിരുദമോ പദവിയോ ഉണ്ടെങ്കിലും അതുതന്നെ കഥ. അവർ ഒന്നുകിൽ അളക്കപ്പെടാറില്ല, അല്ലെങ്കിൽ അളക്കപ്പെടുന്നതു് നോർമൽ മോർട്ടലുകൾ അളക്കപ്പെടുന്ന അളവുകോലുകൾ കൊണ്ടാവില്ല. “അധികാരം” അളക്കപ്പെടാൻ “സാദാ ദോശകൾ” ഇഷ്ടപ്പെടാറില്ല എന്നതാണതിനു് കാരണം. കുടിക്കാൻ പറഞ്ഞാൽ കുടിക്കുന്ന, കുടിക്കരുതെന്നു് പറഞ്ഞാൽ കുടിക്കാത്ത, ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്ന, സന്ദർഭാനുസരണം വേണമെങ്കിൽ കിടക്കാൻ പോലും മടിക്കാത്ത സാദാ ദോശകൾ!
ചോദ്യങ്ങൾ ചോദിക്കുക എന്നതു് “പ്രബുദ്ധരായ” ആർക്കും കഴിയുന്ന ഒരു കാര്യമാണു് എന്നതിനാൽ മനുഷ്യസർവ്വേക്കു് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും ആ മാർഗ്ഗമാണു്. മറുപടി അറിയാനല്ല, മറ്റവനതറിയില്ലെന്നോ, അവൻ പറയുന്നതു് ശരിയല്ലെന്നോ വരുത്താനാണു് ചോദ്യം. ആ ചോദ്യത്തിനു് തനിക്കറിയാവുന്ന മറുപടിയൊഴികെ മറ്റെല്ലാ മറുപടികളും തെറ്റാണെന്ന ഉത്തമബോദ്ധ്യം മൂലം ചോദ്യകർത്താവിനു് അതത്ര പ്രയാസമുള്ള കാര്യവുമല്ല. ഏതു് മറുപടി പറഞ്ഞിട്ടും കാര്യമില്ല. മറുപടിയില്ലാത്ത ചോദ്യങ്ങൾക്കുപോലും മറുപടിയുള്ളവരായിരിക്കും ഈവക സർവ്വേക്കാർ. പ്രപഞ്ചമുണ്ടാവാൻ ദൈവം വേണം (അതും മറ്റു് ചപ്പടാച്ചി ദൈവങ്ങൾ ഉണ്ടായാൽ പോരാ, തന്റെ ദൈവം തന്നെ വേണം. മൊട്ടുസൂചി ഉണ്ടാക്കുന്നതുപോലെ പ്രപഞ്ചത്തെ ഉണ്ടാക്കാൻ കഴിയുന്ന, തന്റെ സ്വന്തം കൊന്തയിലും കിത്താബിലും കുടിയിരിക്കുന്ന ദൈവം!), പക്കേങ്കി, ആ ദൈവമുണ്ടാവാൻ വേറൊരു “ദൈവത്തിന്റെ” ആവശ്യമില്ല എന്നപോലത്തെ, ആർക്കും നിഷേധിക്കാനാവാത്ത മറുപടിയുള്ളവർ!
പ്രപഞ്ചത്തിന്റെ ആകൃതി, നീ ക്യാമറയിൽ ഉപയോഗിച്ച ലെൻസിന്റെ പേരു്, നിന്റെ പ്രസ്താവനകളുടെ ഉറവിടം (അവ നിന്റെ സ്വന്തമാണെങ്കിൽ തെറ്റായിരിക്കും, സായിപ്പിന്റേതാണെങ്കിൽ ശരിയാവാതെ നിവൃത്തിയുമില്ല – കൊളോണിയൽ അടിമത്തത്തിന്റെ ബാക്കിലഹരി!), എന്നുവേണ്ട, നിന്റെ IQ വരെ “Surveying and Levelling”-ന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണു്. സർവ്വേക്കാരന്റെ ഈ ചോദ്യങ്ങൾക്കു് മറുപടി പറയുന്നതും ചക്കമുളഞ്ഞിലിൽ കിടന്നു് ഉരുളുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ല. കാരണം, മനുഷ്യസർവ്വേക്കാർ സ്വന്തനിലപാടുകളെപ്പറ്റി ഉത്തമബോദ്ധ്യമുള്ളവരാണു്. അന്യബോദ്ധ്യങ്ങൾ കൊണ്ടു് ബോദ്ധ്യപ്പെടുത്താൻ കഴിയുന്നവരല്ല ഉത്തമബോദ്ധ്യക്കാർ. അതുകൊണ്ടു്, ഒന്നുകിൽ സർവ്വേക്കാരൻ പറയുന്നതു് അപ്പടി ശരിയാണെന്നു് സമ്മതിക്കുകയോ, അല്ലെങ്കിൽ നീയൊരു വിഡ്ഢിയാണെന്ന അവന്റെ ധാരണയെ ശരി വയ്ക്കുന്ന, അവന്റെ പ്രതീക്ഷാനുസൃതമായ ഏതെങ്കിലുമൊരു മറുപടി നൽകി അവനെ തൃപ്തിപ്പെടുത്തുകയോ ചെയ്യുന്നതാണു്, “നീ പറയുന്നതു് ശരി, എനിക്കെന്റെ സ്വൈര്യം വേണം” എന്നൊരു ജർമ്മൻ പ്രയോഗം പോലെ, ഊർജ്ജനഷ്ടവും, സമയനഷ്ടവും, തന്മൂലം വാരഫലക്കാരൻ പ്രവചിച്ചപോലുള്ള ധനനഷ്ടവും മാനഹാനിയും ഒഴിവാക്കാൻ നല്ലതു്.
അതിൻപ്രകാരം, നിന്റെ IQ ചോദിക്കുന്നവർക്കു് നിനക്കു് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മറുപടി, നിന്റെ IQ ഒന്നാണു് എന്നു് പറയുന്നതായിരിക്കും. അതു് പക്ഷേ, സർവ്വേക്കാരനു് മനസ്സിലായിക്കൊള്ളണമെന്നില്ല എന്നതിനാൽ, നടുവിരൽ കൂടി പൊക്കിക്കാണിച്ചാൽ ഉത്തമം. അച്ഛൻ ഇഛിച്ചതും, അമ്മ പൊക്കിക്കാണിച്ചതും ഒന്നു്. (ഫെയ്സ്ബുക്കിലെ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസാണു് പ്രചോദനം/പ്രലോഭനം/പ്രകോപനം)
Dec 30, 2015, 9:29 AM
എനിക്കുതന്നെ വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിലും, ജീരകത്തിന്റെയും വെങ്കായത്തിന്റെയുമൊക്കെ തൊലി കളയാൻ വേണ്ടി സമയം കണ്ടെത്തിയിരുന്ന, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലം എനിക്കുമുണ്ടായിരുന്നു.
November 2015
Nov 8, 2015, 11:39 AM
ഇടത്തും വലത്തും “ഹെമിപരേസിസ്” പിടിപെട്ടു്, ഫലത്തിൽ ഇരുവശങ്ങളും തളർന്നുകിടക്കുന്ന ഭാരതീയജനാധിപത്യത്തെ അടുത്ത അഞ്ചുവർഷത്തേക്കു് ചോരയൂറ്റാനുള്ള അധികാരം പ്ലേഗിനോ കോളറയ്ക്കോ അതോ മസൂരിക്കോ നൽകേണ്ടതെന്നു് തീരുമാനിക്കാൻ കഴിയുന്നതും ഒരു സ്വാതന്ത്ര്യമാണു്. മൗലികമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കു് അധികാരശക്തിയെ വലിച്ചു് താഴെയിടാൻ ജനാധിപത്യം ഒരുക്കിവച്ചിരിക്കുന്ന ഒരു വഴിയാണു് വോട്ടവകാശം. സർവ്വാധിപത്യം എന്ന നിഗൂഢലക്ഷ്യം സ്ഥാപിക്കാനായി ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞു് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ശക്തികളെ ആരംഭത്തിലേ തിരിച്ചറിയാൻ കഴിയാതെ അവർക്കു് ഓശാനാ പാടിയപ്പോഴെല്ലാം ജനങ്ങൾക്കു് ആ അവകാശവും നഷ്ടമായിട്ടുണ്ടു്. വായിക്കാനും പഠിക്കാനും ക്രിട്ടിക്കലായി ചിന്തിക്കാനുമുള്ള അവകാശം നിരാകരിച്ചവരാൽ (ഈയമുരുക്കിയൊഴിക്കൽ കർമ്മം!) നിയന്ത്രിക്കപ്പെടുന്ന, മനുഷ്യന്റെ ബുദ്ധിയേയും അറിവിനേയും യുക്തിബോധത്തേയും പരിഹസിക്കുന്ന (പുത്തിജീവി/നിച്പച്ചൻ/ഉക്തൻ) “താത്വികരാൽ” നയിക്കപ്പെടുന്ന ഭാരതീയജനത മുഖംമൂടിയണിഞ്ഞ ജാരകരുടെ മുന്നിൽ പ്രത്യേകിച്ചും ജാഗരൂകരാകേണ്ടതുണ്ടു്.
തിയൊറെറ്റിക്കലായും എമ്പിരിക്കലായുമുള്ള അഗ്നിപരീക്ഷകളെ വിജയകരമായി അതിജീവിച്ചിട്ടുള്ളതായിരിക്കുന്നിടത്തോളം, പറയുന്നതെന്തെന്നു് പറയുന്നവനും, കേൾക്കുന്നതെന്തെന്നു് കേൾക്കുന്നവനും അറിയാൻ കഴിയുന്നിടത്തോളം, കൃത്രിമമായതല്ലാത്തിടത്തോളം, സിദ്ധാന്തങ്ങൾ നല്ലതാണു്, ആവശ്യവുമാണു്. ജനങ്ങൾ ആഗ്രഹിക്കുന്നതു്, അല്ലെങ്കിൽ ആഗ്രഹിക്കേണ്ടതു് ജനാധിപത്യമാണു്. അതുകൊണ്ടുതന്നെ, “അവരുടെ മുന്നാധിപത്യത്തെ” തുടച്ചുനീക്കി “ഞങ്ങളുടെ മുന്നാധിപത്യം” സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരുടെ “ജനാധിപത്യപരത”
സൂക്ഷ്മതയോടെ വീക്ഷിക്കപ്പെടേണ്ടതുണ്ടു്. ഹെജെമണി ( = മുന്നാധിപത്യം: Vorherrschaft എന്ന ജർമ്മൻ പദത്തിൽ നിന്നുമുള്ള സ്വന്തം പരിഭാഷ) എന്നാൽ ഏതോ തങ്കമണി അവളുടെ മകൾക്കു് നൽകിയ പുതുപുത്തൻ പരിഷ്കാരിപ്പേരാണെന്നു് കരുതുന്നവരോടു് ഹെജെമണിയെപ്പറ്റിയല്ല, ഞങ്ങൾ നിങ്ങളിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന മുന്നധികാരത്തെപ്പറ്റിത്തന്നെ സംസാരിക്കണം. അല്ലെങ്കിൽ അതു് പാതിരാത്രിയിൽ എസ്കിമോയെ അവന്റെ ഇഗ്ലൂവിൽ നിന്നും വിളിച്ചിറക്കി, ദൈവങ്ങളോ ദൈവതുല്യരോ ആയ ആനത്തലയന്റേയും, നരസിംഹത്തിന്റെയും, ബുർജ്ജ് ഖലീഫയുടെ മുകളിലത്തെ നിലയിലിരുന്നു് ചിരിച്ചു് ചത്തവനെ തെക്കോട്ടു് കൂട്ടിക്കൊണ്ടുപോകാൻ പോത്തിന്റെ പുറത്തുകയറി എലിവേറ്ററിൽ യാത്ര ചെയ്യുന്ന യമദേവന്റെയും, കുരങ്ങുകളുടെയും, മറ്റു് പലവിധ അത്ഭുതജീവികളുടെയും കഥാകഥനങ്ങളും, പാട്ടുകുർബ്ബാനകളും, പാട്ടുപ്രസംഗങ്ങളും സംസ്കൃതത്തിലോ അറബിയിലോ ലാറ്റിനിലോ ഒക്കെ പാടിക്കേൾപ്പിക്കുന്നതിനു് തുല്യമേ ആവൂ.
Nov 10, 2015, 11:29 AM
ജൂലിയസ് സീസർ versus കരിങ്കോഴക്കൽ മാണി മാണി!!
ഒരല്പം തമാശയൊക്കെ ജഡ്ജിമാർക്കുമാവാം. ഇതു് പക്ഷേ പോലീസ് അനുവദിക്കുന്ന അതിരുകളെപ്പോലും ലംഘിച്ചു എന്നു് പറയാതെ തരമില്ല.
മറിയാമ്മ നാടകങ്ങൾ കേരളക്കരയിൽ ഇപ്പോൾ ഔട്ടോഫ് ഫാഷനായി. മറിമായ നാടകങ്ങൾക്കാണു് ഇപ്പോൾ ഡിമാൻഡ്. സൂപ്പർസ്റ്റാറുകളായ രാഷ്ട്രീയക്കാരും അവരുടെ വാൽനക്ഷത്രങ്ങളും ചേർന്നു് തട്ടുതകർത്തു് അവതരിപ്പിക്കുന്ന മണിമായ-, മാണിമായ ചവിട്ടുനാടകങ്ങൾ! കേരളരാഷ്ട്രീയം എന്നും പറയാം.
ജനത്തിനു് വേണ്ടതു് എന്റർട്ടെയ്‌ന്മെന്റാണു്. അതുകൊണ്ടു് അപശബ്ദങ്ങളും ചൂടുകാറ്റുമല്ലാതെ മറ്റൊന്നും പുറത്തുവിടാനില്ലാത്ത രാഷ്ട്രീയത്തിന്റെ പുറകെ അവർ വച്ചുപിടിക്കുന്നു.
Nov 12, 2015, 7:42 AM
കെ. എം. മാണിയുടെ രാജി വഴി അടർന്നു് വീണതു് മലയാളിയുടെ എസ്സൻസിന്റെ ഒരു ഭാഗം തന്നെയാണു്. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, രാഷ്ട്രീയവിടുവായത്തം തുടങ്ങിയവ വേർപെടുത്താനാവാത്തവിധം നിത്യജീവിതവുമായി ഇഴുകിച്ചേർന്നു് സാമൂഹിക ആചാരങ്ങളായി, സമൂഹത്തിന്റെ സത്തയായി മാറിയ ഒരു നാട്ടിൽ മറ്റൊരു രാഷ്ട്രീയം ഉരുത്തിരിയുകയില്ല. അവിടെ കോഴയുടെയും തോഴിയുടെയുമെല്ലാം പേരിലാണു് മിക്കപ്പോഴും പ്രതിഷേധനിലവിളികൾ ഉയരുന്നതു്. എല്ലാം അവൻ കൊണ്ടുപോയതിൽ, എനിക്കു് ഒന്നും കിട്ടാതെ പോയതിൽ ഉള്ള പ്രതിഷേധ ഓരിയിടലുകൾ. അവൻ ചെയ്തതുകൊണ്ടു് തെറ്റും, ഞാൻ ചെയ്തിരുന്നെങ്കിൽ ശരി ആകുമായിരുന്നതുമായ കൃത്യങ്ങളുടെ പേരിലുള്ള “ആദർശപരമായ” വികാരവിക്ഷോഭങ്ങൾ!
നിരാശപ്പെടേണ്ട. മറ്റൊരു നടപടി കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത വ്യത്യസ്ത അണികളുടെ തനിയാവർത്തനവിലാപങ്ങൾ ഒട്ടൊന്നു് ഒതുങ്ങുമ്പോഴേക്കും അടർന്നു് പോയതിനെ എവിടെയെങ്കിലും തുന്നിച്ചേർത്തുകൊണ്ടുള്ള പ്ലാസ്റ്റിക് സർജറിയും പൂർത്തീകരിക്കപ്പെട്ടിരിക്കും. പതിവുപോലെ, മുൻപൊരിക്കലും സംഭവിച്ചിട്ടേ ഇല്ല എന്നപോലെ, സാമൂഹികഗ്രഹണശേഷിയെ ചോദ്യം ചെയ്തുകൊണ്ടു് കോഴക്കഥകളും കോഴിക്കഥകളും വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും.
സർവ്വാധിപത്യം ഏകാധിപത്യത്തെയും നേരെമറിച്ചും ഫാഷിസം എന്നു് വിളിക്കുന്നതു് സ്റ്റാലിൻ ഹിറ്റ്‌ലറെയും നേരേ മറിച്ചും, ലെനിൻ റ്റ്സാർ നിക്കോളാസ് II-നെയും നേരേ മറിച്ചും, മാവോ സെഡോങ് മുസോളിനിയേയും നേരേ തിരിച്ചും ഫാഷിസ്റ്റ് എന്നു് കൊഞ്ഞനം കുത്തുന്നതുപോലെയേയുള്ളു. നീ എന്തു് പറയണമെന്നു് ഞാൻ നിശ്ചയിക്കുമെന്നു് പറയുന്നവരും, നീ എന്തു് തിന്നണമെന്നു് ഞാൻ തീരുമാനിക്കും എന്നു് പറയുന്നവരും ഒരുപോലെ ഫാഷിസത്തിന്റെ പ്രതിനിധികളാണു്. ആരെങ്കിലും ഏതെങ്കിലുമൊരു കാര്യത്തിൽ പ്രതികരിക്കാതിരുന്നാൽ അവനെ കല്ലെറിയാനായി ഉറക്കമിളച്ചു് കാത്തിരിക്കുന്നവർ ഫാഷിസവിരുദ്ധരും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആൾരൂപങ്ങളുമായി വേഷം കെട്ടുന്നതു് കാണാനാണു് അതിലേറെ രസം. മറ്റുള്ളവർ എപ്പോൾ, എങ്ങനെ പ്രതികരിക്കണമെന്നു് തന്റെ (അന്ധമായ) ഗ്രന്ഥവിശ്വാസത്തിന്റെ അടിസ്ഥാനത്തിലെ “ഉത്തമബോദ്ധ്യങ്ങളുടെ” വെളിച്ചത്തിൽ താൻ തീരുമാനിക്കുമെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്തവർ – നീതിമാന്മാരായി ചമയുന്ന അക്ഷരഭക്തർ! ബൈബിളിലെ പരീശർക്കു് തുല്യരായ ഇവരെപ്പറ്റി യേശു പറഞ്ഞതു് തന്നെയേ പറയേണ്ടതുള്ളു: “പരീശരുടെ പുളിച്ച മാവിനെ സൂക്ഷിച്ചുകൊള്ളുക.” കലത്തിലെ മാവു് മുഴുവൻ പുളിച്ചുപോകാതിരിക്കാൻ അതു് സഹായിക്കും. ചുരുക്കത്തിൽ, ഞാൻ നിന്നെ തെറി പറഞ്ഞാൽ അതു് സഹിക്കേണ്ടവനാണു് നീയെന്നും, നിന്നെ അവഹേളിക്കാനുള്ള എന്റെ അവകാശവും, അതു് നിശ്ശബ്ദം സഹിക്കാനുള്ള നിന്റെ ബാദ്ധ്യതയുമാണു് വ്യക്തിസ്വാതന്ത്ര്യമെന്നുമൊക്കെ ധരിച്ചുവശായിരിക്കുന്ന ഹിപ്പൊക്രൈറ്റ്സ്!
എനിക്കു് ശരിയെന്നു് തോന്നിയ കാര്യങ്ങൾ തുറന്നു് പറഞ്ഞതിന്റെ പേരിൽ ഓൺലൈൻ രാഷ്ട്രീയം ജീവിതവൃത്തിയാക്കിയ ചിലർ എന്നെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടു്. നന്മയുടെ മഹത്വത്തെ വിലമതിക്കാൻ തിന്മയുടെ നീചത്വം അറിഞ്ഞിരിക്കണം. “അര്‍ഹതയുള്ളതു് അതിജീവിക്കും” എന്ന ഡാർവ്വിനിയൻ സിദ്ധാന്തത്തിൽ തീരുമാനം പ്രകൃതിയുടെ കൈകളിലായതിനാൽ, നീചത്വത്തിന്റെ അതിജീവനകാര്യം മനുഷ്യർക്കു് അത്ര ഉറപ്പായി പറയാനാവില്ല. അതുകൊണ്ടു് വല്ല കൃത്രിമബീജസങ്കലനം വഴിയായാലും ശരി, ഇത്തരം പരീശർക്കു് വംശനാശം സംഭവിക്കാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ടു്. അക്കാര്യം ഏറ്റവും ഭംഗിയായി ചെയ്യാൻ കഴിയുന്നതു് ബ്ലോക്കാപ്പീസിനായതിനാൽ അവരിൽ ഓജസ്സും തേജസ്സുമുള്ള ചിലരെ ഞാൻ അങ്ങോട്ടയച്ചു. അവശേഷിക്കുന്നവരിൽ നിന്നുള്ള ഭീഷണിയിൽ നിന്നും രക്ഷപെടാൻ, ആശ്രിതവത്സലനായ ഡിങ്കഭഗവാനു് തൊലി കളഞ്ഞ പച്ചക്കപ്പകൊണ്ടൊരു തുലാഭാരം നടത്തുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യവും പണ്ടേതന്നെ കട്ടപ്പൊഹയായേനെ!
Nov 14, 2015, 11:58 AM
ഏതാനും ദിവസങ്ങൾക്കു് മുൻപു് ഉംബെർട്ടോ എക്കൊയുമായുള്ള ഒരു ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലായ “Numero Zero” ആയിരുന്നു പശ്ചാത്തലം. (താത്പര്യമുള്ളവർക്കു് ഇവിടെ “Numero Zero”-യുടെ ഒരു റിവ്യൂ വായിക്കാം: http://www.scotsman.com/lifestyle/culture/books/book-review-numero-zero-by-umberto-eco-1-3940965). ആ ഇന്റർവ്യൂവിൽ എക്കോ ഏകദേശം ഇങ്ങനെ പറയുന്നു: “ഏതെങ്കിലുമൊരു വിഷയത്തെപ്പറ്റി സംസാരിക്കുന്നതിനിടയിൽ, യുവാവായിരുന്നപ്പോൾ താൻ കഞ്ചാവു് വലിച്ചിരുന്നു എന്നു് ഇന്റർവ്യൂവീ പറഞ്ഞുപോയാൽ, അതായിരിക്കും വലിയതലക്കെട്ടിൽ പിറ്റേന്നു് പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുക”.
ഇതറിയാൻ എക്കോ ഇത്ര താമസിച്ചതെന്തെന്നേ എനിക്കറിയാതുള്ളു. “റോസാപ്പൂവിന്റെ പേരു്” തേടി നടക്കാതെ, ഇന്റർനെറ്റിലെ മേച്ചിൽപ്പുറങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞിരുന്നെങ്കിൽ പണ്ടേതന്നെ ഈ വെളിപാടിൽ എത്തിച്ചേരാൻ അങ്ങേർക്കു് കഴിയുമായിരുന്നു. അല്ലെങ്കിൽത്തന്നെ, തനിക്കു് വേണ്ടതേ മനുഷ്യൻ കാണൂ എന്നതു് ഇന്റർനെറ്റിനൊക്കെ വളരെ മുൻപേ വ്യക്തമായിരുന്ന കാര്യമാണുതാനും. എന്താണു് മനുഷ്യനു് വേണ്ടതു് എന്നതാണു് കാര്യം. എന്താണു് എനിക്കു് വേണ്ടതെന്നു് സ്വയം തീരുമാനിക്കാനാവുന്നതിനു് മുൻപേ, എന്താണു് എനിക്കു് വേണ്ടതെന്നു് ഞാൻ പഠിപ്പിക്കപ്പെടുന്നു എന്നതു് അതിലെ പ്രശ്നവും! മിക്കപ്പോഴും – പൊതുവിന്റെ ഭാഗമായിരിക്കുന്നിടത്തോളം മാത്രം വ്യക്തിക്കു് എന്തെങ്കിലും വില കല്പിക്കപ്പെടുന്ന ഗോത്രസമൂഹങ്ങളിൽ എല്ലായ്പോഴും – സ്വന്തമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാനുള്ള, സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയെ എന്നേക്കുമായി നശിപ്പിച്ചുകൊണ്ടായിരിക്കും ആ “പഠിപ്പിക്കൽ”. “പൊതു” എന്നതു് മതമോ, പാർട്ടിയോ മറ്റിനം വിശ്വാസസംഹിതകളോ ആവാം. ഒരു ബിരുദമുള്ളതുകൊണ്ടോ, പദവിയുള്ളതുകൊണ്ടോ, ലോകം ചുറ്റിയതുകൊണ്ടോ, നശിപ്പിക്കപ്പെട്ട സ്വതന്ത്രചിന്താശേഷിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയണമെന്നുമില്ല. മാർക്സിസം കറതീർന്ന ശാസ്ത്രമായി കരുതുന്ന വിദ്യാസമ്പന്നർ, തുലാഭാരം നടത്തുന്ന ഉന്നതശാസ്ത്രജ്ഞർ, ISRO-യുടെ പ്രവർത്തനങ്ങളെ വാണംവിടൽ എന്നു് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ, മൃഗങ്ങളിൽ ദൈവങ്ങളേയും മാതാപിതാക്കളെയും ദർശിക്കുന്നവർ തുടങ്ങിയവരിൽ കൂടിയ തെളിവുകൾ ഈ പ്രസ്താവനക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. വേണ്ടതു് എന്താണെന്നാണോ മനുഷ്യർ പഠിപ്പിക്കപ്പെട്ടിരിക്കുന്നതു്, ഏതു് ആശയത്താലാണോ അവർ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടിരിക്കുന്നതു്, അതിന്റെ പിന്നാലേ, മറുചോദ്യമില്ലാതെ, ഒരു സ്വയം പരിശോധനയുമില്ലാതെ, കീ കൊടുത്താൽ സംസാരിക്കുന്ന പാവകളെപ്പോലെ നടക്കുന്ന ഭക്തസമൂഹം.
ഇന്നലെ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞതു് നൂറ്റി ഇരുപതു് മനുഷ്യരെങ്കിലും കൊല ചെയ്യപ്പെട്ടിട്ടുണ്ടു്. തന്നോടു് വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത മനുഷ്യരുടെ നേരെ കോൾഡ്ബ്ലഡഡ് ആയി തോക്കുചൂണ്ടി നിറയൊഴിക്കാൻ കഴിയുന്നവർ! നിരപരാധികൾ കൂട്ടക്കൊല ചെയ്യപ്പെടുന്നതു്, ഈ ലോകത്തിൽ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ സ്വാഭാവികമായ അവകാശം അകാരണമായി നശിപ്പിക്കപ്പെടുന്നതു് ന്യായമോ നീതിയോ ആണെന്നു് അല്പമെങ്കിലും സംസ്കാരമുള്ള ഏതെങ്കിലുമൊരു മനുഷ്യൻ കരുതുന്നുണ്ടാവില്ല. എന്നിട്ടും, പ്രത്യക്ഷമായോ പരോക്ഷമായോ ആ കൊലയാളികളുടെ പക്ഷം ചേരുന്നവർ ഈ ലോകത്തിലുണ്ടു്. എന്തുകൊണ്ടാണങ്ങനെ? അതു് ഒരിക്കലും മനുഷ്യസ്നേഹം കൊണ്ടാവില്ല. അവരെ നയിക്കുന്ന വിശ്വാസപ്രമാണങ്ങൾ അവരിൽ ചെലുത്തുന്ന സ്വാധീനത്തിൽ നിന്നും വരുന്നതാണതു്. മറ്റൊരു നിലപാടു് സ്വീകരിക്കാൻ അവർക്കാവില്ല. വർഗ്ഗീയമോ, ജാതീയമോ, മതപരമോ, രാഷ്ട്രീയമോ ആയി ഞങ്ങളുടേതിൽ നിന്നും അന്യമായ നിലപാടുകളോടു്, അന്യചിന്തകളോടു് അവർ വച്ചുപുലർത്തുന്ന “പാത്തൊളോജിക്കൽ ഹേറ്റ്രഡ്” അവരെ അതിനു് അനുവദിക്കില്ല. കാരണം, അവരുടെ കാഴ്ചപ്പാടിൽ അതു് വെറുപ്പല്ല, അവരുടെ ഉത്തമബോദ്ധ്യങ്ങളാണു്. ഉത്തമബോദ്ധ്യങ്ങളാണു് സത്യത്തെ (യാഥാർത്ഥ്യങ്ങളെ എന്ന അർത്ഥത്തിൽ) തിരിച്ചറിയാൻ മനുഷ്യനു് ഏറ്റവും തടസ്സമായി നിൽക്കുന്നതു് എന്നുകൂടി ചേർത്തു് വായിച്ചാൽ കാര്യങ്ങൾക്കു് കൂടുതൽ വ്യക്തത കിട്ടും.
Nov 16, 2015, 10:12 AM
നിരപരാധികളുടെ നേരെ നിറയൊഴിക്കുകയും, ഓരോരോ ദൈനംദിനാവശ്യങ്ങൾക്കായി പൊതുസ്ഥലങ്ങളിൽ എത്തുന്ന ജനങ്ങളെ അരയിൽ ബോംബും ഒളിപ്പിച്ചുചെന്നു് ഓർക്കാപ്പുറത്തു് കൊലപ്പെടുത്തുകയും, അതോടൊപ്പം “അല്ലാഹു അക്ബർ” (ദൈവൻ വലിയവനാണു്!) എന്നു് മുദ്രാവാക്യം മുഴക്കുകയുംകൂടി ചെയ്യുന്ന ചാവേറുകൾക്കു് സ്വർഗ്ഗത്തിൽ രാജകീയമായ സ്വീകരണം നൽകാൻ മദ്യവും മദിരാക്ഷികളും കുണ്ടന്മാരുമായി കാത്തിരിക്കുന്ന, മാമപ്പണിക്കാരനായ, തേങ്ങാക്കുലയോളം വലിയവനായ ഒരു ദൈവത്തിനോടുതന്നെ വേണം ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ!!
കൊലയാളികളെ വരവേൽക്കാൻ “പൊന്നും മൂരും കുന്തുരുക്കവും” ഷാംപെയ്നും ഹൂറികളുമായി കാത്തിരിക്കാൻ മാത്രം “സമാധാനകാംക്ഷിയായ” ഒരു പ്രപഞ്ചസ്രഷ്ടാവിനെ മാമൻ എന്നല്ലാതെ മറ്റെന്തു് വിളിക്കണം എന്നെനിക്കറിയില്ല. ഈ മാമപ്പണിക്കാരന്റെ കരുണാകടാക്ഷങ്ങൾക്കായി മനുഷ്യർ പ്രാർത്ഥിക്കണം എന്നാണു് ആഹ്വാനങ്ങൾ!
“ദൈവം ഇല്ല എന്നു് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു” എന്നു് ബൈബിൾ ഘോഷിക്കുന്നതും, നാൽക്കവലകളിലും പുരപ്പുറത്തു് കയറിനിന്നും ദൈവം ഉണ്ടു് എന്നു് ഉപദേശികൾ വിളിച്ചു പറയുന്നതും ഈ സ്വർഗ്ഗീയമാമനെപ്പറ്റിയാണു്. ദൈവം ഇല്ലെന്നു് പറയുന്നവനോ ഉണ്ടെന്നു് പറയുന്നവനോ യഥാർത്ഥത്തിൽ മൂഢൻ എന്നു് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ചിന്തിക്കാവുന്നതേയുള്ളു. പക്ഷേ, ഭക്തിയിൽ യുക്തിയിലേതു് പോലെ ചിന്തയില്ല, വിശ്വാസമേയുള്ളു. അതുകൊണ്ടാണു്, തന്നേക്കാൾ ചെറുതല്ലാതെ അല്പം പോലും വലുതല്ലാത്ത അവന്റെ സാങ്കല്പികദൈവം മാമത്തിനേക്കാൾ വലിയവനാണെന്നു് വിളിച്ചുകൂവിക്കൊണ്ടു് സഹജീവികളെ അറുകൊല ചെയ്യാൻ ചാവേറുകൾക്കു് കഴിയുന്നതു്. കൊലയാളികളുടെ കൂട്ടിക്കൊടുപ്പുകാരനായ ഈ സ്വർഗ്ഗീയമാമനോടുള്ള ഭക്തിക്കു് അപ്പുറമെത്തുന്ന ഒരു ഭ്രാന്തു് മനുഷ്യനെ ബാധിക്കാനില്ല. കലാഷ്നിക്കോവും ജപമാലയും ഒരേ ഭ്രാന്തിന്റെ രണ്ടുതരം പണിയായുധങ്ങളാണു്.
Nov 21, 2015, 10:50 AM
പണ്ടു് ഭാരതത്തിൽ വാത്സ്യായനൻ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. ഒരു മഹർഷി. അനാട്ടമി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. “ഫയർ” എന്ന റഫറൻസ് ഗ്രന്ഥമാണു് വൈജ്ഞാനികലോകത്തിനു് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവന. ശരീരഘടനാശാസ്ത്രത്തിൽ ഇന്നു് പ്രസിദ്ധീകരിക്കപ്പെടുന്ന കാമസൂത്രം പോലുള്ള ആനുകാലികങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഫയറിനെ മാതൃകയാക്കുന്നവയാണു്. ദിവ്യദൃഷ്ടിയുള്ളവനായിരുന്നു അദ്ദേഹം. അതുകൊണ്ടു് അന്യശരീരങ്ങളെ മനസ്സുകൊണ്ടു് നഗ്നമാക്കി ഉള്ളുകള്ളികൾ മനസ്സിലാക്കാൻ ഇന്നത്തെപ്പോലെ ഒളിക്യാമറകളുടെ ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആൺപെൺ ഭേദമില്ലാതെ, പൂർണ്ണനഗ്നരായി, “റ” പോലെ വളഞ്ഞുനിന്നുകൊണ്ടു് മുകളിലേക്കു് നോക്കിയാൽ, താനാരെന്നു് തനിക്കുതന്നെ അറിയാൻ കഴിയുമെന്ന കണ്ടെത്തൽ വാത്സ്യായനന്റേതാണു്. പതിവായി യോഗ ചെയ്യുന്നവരായതിനാൽ ഭാരതീയർക്കു് ഈ വളയൽ പ്രയാസമുള്ളതാവാൻ വഴിയില്ലെന്നും അദ്ദേഹം കണ്ടെത്തി. തന്നെത്തന്നെ അറിയാൻ മാത്രമല്ല, തനിക്കു് മൂലക്കുരു ഉണ്ടോ എന്നു് തനിക്കുതന്നെ അറിയാനും ഈ മാർഗ്ഗം ഉപയോഗിക്കാമെന്നു് ആയുർവ്വേദമഹർഷിമാരും പഠിപ്പിക്കുന്നുണ്ടു്.
മഹർഷിമാരാൽ കൈപിടിച്ചു് നടത്തപ്പെട്ടവരാണു് ഭാരതീയർ. ഋഷികളുടെ ഭൂമി ആയതിനാലാണു് ഭാരതം ആർഷഭാരതം എന്ന പേരിൽ അറിയപ്പെടുന്നതുതന്നെ. അക്കാലത്തു് സ്ത്രീസംവരണം ഇല്ലാതിരുന്നതിനാൽ എഴുത്തുകുത്തുകൾ ഋഷന്മാർ തനിയെ ആശ്രമത്തിലിരുന്നു് ചെയ്തു് തീർക്കേണ്ടിയിരുന്നു. അതിനാലാണു് ആണിനെപ്പറ്റിയും പെണ്ണിനെപ്പറ്റിയും ആൺവർഗ്ഗം തന്നെ കഥയും കവിതയും എഴുതേണ്ടിവന്നതും, പെണ്ണു് എങ്ങനെ ചിന്തിക്കുന്നു എന്നും, എങ്ങനെ ചിന്തിക്കണം എന്നുമൊക്കെ കഞ്ചാവടിച്ചു് കിറുങ്ങിയിരുന്നു് ഋഷന്മാർ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നതും.
ഋഷന്മാർക്കു് കഞ്ചാവും സോമരസവുമൊന്നും നിഷിദ്ധമല്ല. ഏതു് കാര്യവും നിഷിദ്ധമാവുന്നതു് അതു് നമുക്കു് ഇഷ്ടമില്ലാത്തവർ ചെയ്യുമ്പോഴാണല്ലോ. അവർ നമുക്കു് ഇഷ്ടമില്ലാത്തവരാവുന്നതു്, നമ്മൾ വിശുദ്ധമെന്നു് കരുതുന്ന കാര്യങ്ങൾ വിഡ്ഢിത്തങ്ങളാണെന്നു് അവർ നമ്മുടെ മുഖത്തുനോക്കി പറയുകയും, അതിനെ യുക്തിഭദ്രമായി, കാര്യകാരണസഹിതം നിഷേധിക്കാൻ നമുക്കു് കഴിയാതെ വരികയും ചെയ്യുമ്പോഴും. അപ്പോൾ അവനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടല്ലാതെ നമുക്കു് നമ്മൾ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന അമേധ്യപ്പൊതിയെ രക്ഷപെടുത്താനാവില്ല. അതിനാണു് നമ്മൾ അവന്റെ വ്യക്തിപരമോ അപ്പനപ്പൂപ്പന്മാർ മുതലുള്ളതോ ആയ കുറ്റങ്ങളും കുറവുകളും തേടുന്നതു്.
മഹർഷിമാർ ആത്മീയരാണു്. ന്ന്വച്ചാൽ, അവർ ആത്മാവിന്റെ ആൾക്കാരാണു്. അവരുടെ ഭാഷ നമുക്കു് അത്ര പിടിയില്ലാത്തതും, പിടികൂടാൻ അവകാശമില്ലാത്തതുമാണു്. മനസ്സിലാവാത്ത കാര്യങ്ങൾ അമൂല്യമായവയാണെന്നു് കരുതാനാണു് മനുഷ്യർക്കിഷ്ടം. അതുകൊണ്ടു്, നമുക്കു് മനസ്സിലാവാത്ത ഭാഷയിൽ, നമുക്കു് മനസ്സിലാവാത്ത ദൈവം ആത്മാവു് മുതലായ “ഗഹനമായ” കാര്യങ്ങൾ പറയുന്ന മഹർഷിമാർ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചാൽ നമ്മൾ സൗകര്യപൂർവ്വം അതിനുനേരെ കണ്ണടക്കും. അതിനെ കുറ്റം പറയുന്നവരെ നമ്മൾ തെറി പറഞ്ഞു് കണ്ണുപൊട്ടിക്കും.
ആത്മീയർക്കു് പല ഇളവുകളും ആനുകൂല്യങ്ങളും അനുവദിച്ചു് കൊടുക്കുന്നവരാണു് ഭാരതീയർ. അതുകൊണ്ടാവാം, ഇന്നു് “ഋഷിണികൾ” വരെ സ്വന്തമായി ആശ്രമങ്ങൾ തുറക്കാറുണ്ടു്. ഋതുമതികൾക്കു് അമ്പലത്തിൽ പ്രവേശനമില്ലെങ്കിലും, അമ്മ-പെങ്ങന്മാരുടെ ഋതു ആശ്രമം തുടങ്ങുന്നതിനു് ഒരു തടസ്സമല്ല. അവർക്കു് കഥയുണ്ടെങ്കിൽ കഥയെഴുതാം. കഥയില്ലാത്തവർക്കു് കവിതയെഴുതിയോ, കവിത ചൊല്ലിയോ തൃപ്തിപ്പെടാം.
വാത്സ്യായനനാണു് ഭാരതീയരുടെ, പ്രത്യേകിച്ചും മലയാളി പുരുഷന്മാരുടെ മാതൃകാപുരുഷൻ. “അനാട്ടമി”യോടുള്ള അമിതതാത്പര്യം ഒരു ഒഴിയാബാധ പോലെ അവരെ പിടികൂടിയിരിക്കുന്നതിനു് അവർ കടപ്പെട്ടിരിക്കുന്നതു് ഈ മനുഷ്യശരീരശാസ്ത്രജ്ഞനോടാണു്. സ്ത്രീകളുടെ “ആന്തരമൂല്യങ്ങളെ” മലയാളിപുരുഷലോകം എത്രമാത്രം വിലമതിക്കുന്നുണ്ടെന്നതിന്റെ തെളിവാണു് അവരുടെ വസ്ത്രധാരണം ആർത്തവം മുതലായ വ്യക്തിപരമായ കാര്യങ്ങളിൽ അവർ ചെലുത്തുന്ന ശുഷ്കാന്തി. മറ്റെല്ലാ ജോലികളും മാറ്റിവച്ചു് ദിവസങ്ങളോളം അത്തരം കാര്യങ്ങളിൽ ചുറുചുറുക്കോടെ ചർച്ച നടത്താൻ അവർ മടിക്കാറില്ല. മറ്റു് വിഷയങ്ങളിൽ ഒരു മത്സ്യത്തേപ്പോലെ മൂകരായവരെപ്പോലും വാചാലരാക്കുന്ന വിഷയാസക്തി! പെഡൊഫീലിയ പോലെ ഗുരുതരമായ മാനസികവൈകല്യങ്ങളെ, കുറ്റകൃത്യങ്ങളെ കണ്ടില്ലെന്നു് നടിച്ചുകൊണ്ടു് പ്രായപൂർത്തിയായ മനുഷ്യരുടെ ലൈംഗികജീവിതത്തിലേക്കു് ഒളിഞ്ഞുനോക്കി അഭിരമിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നതരം വിഷയാസക്തി! പശുവിന്റെ പിൻഭാഗം മണത്തശേഷം വിജയശ്രീലാളിതനായി ലോകത്തെ നോക്കി ചിരിച്ചു് കാണിക്കുന്ന കാളകളെപ്പോലെ.
പ്രായപൂർത്തിയായ മനുഷ്യർ പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ, കൂട്ടിയോ കൂട്ടാതെയോ കൊടുക്കുകയോ ചെയ്താൽ അവർക്കു് ഭ്രഷ്ടു് കല്പിക്കാൻ മടിക്കാത്ത മലയാളിസമൂഹം അല്ലാഹു ഹൂറികളെ കൂട്ടിക്കൊടുക്കുന്നതിനെ പുകഴ്ത്തും. പതിനാറായിരത്തിഎട്ടു് ഭാര്യമാരെ വച്ചുപുലർത്തിയവനെ ദൈവമായി ആരാധിക്കും. ലക്ഷക്കണക്കിനു് സ്ത്രീകളെ മരിച്ചു് മണ്ണടിഞ്ഞ ഒരു “മണവാളന്റെ” നിത്യഭാര്യമാരായി മഠങ്ങൾ എന്ന കൽത്തുറുങ്കിൽ അടയ്ക്കുന്ന ഒരു മതത്തെ വിശുദ്ധമെന്നു് പ്രഖ്യാപിക്കും, അതിൽ വിശ്വസിക്കും. കാരണം, ഞങ്ങൾ മലയാളികൾ വിചാരജീവികളല്ല, വികാരജീവികളാണു്. അതിനെയൊക്കെ ചോദ്യം ചെയ്താൽ ഞങ്ങടെ വികാരം വ്രണപ്പെട്ടു് ചലമൊഴുകും. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളിൽ നിന്റെ നിലപാടു് എന്തായിരിക്കണമെന്നു് ഞങ്ങൾ ചിലർ തീരുമാനിക്കും. ഇതൊക്കെക്കൊണ്ടു് ഞങ്ങൾ ഹിപ്പോക്രിറ്റുകളോ ഫാഷിസ്റ്റുകളോ ആണെന്നു് മാത്രം പറഞ്ഞേക്കരുതു്. അതൊക്കെ ദേ അവരാണു്, മറ്റവർ, ഞങ്ങളല്ല!
Nov 30, 2015, 11:35 AM
“കണ്ണിനു് കണ്ണു്, പല്ലിനു് പല്ലു്”!
എന്തായാലും ശരി, ഈറ്റോൾടെ പല്ലു് പറിക്കാൻ എന്നെ കിട്ടില്ല എന്നു് ദന്തവൈദ്യന്മാർ തീർത്തു് പറയുന്നതു് ചുമ്മാതല്ല.
October 2015
Oct 8, 2015, 7:45 AM
ഗോമാതാ, ഗോമൂത്രം, ഗോചാണകം, ഗോചാകണം ഇത്യാദി ഗുരുതരവിഷയങ്ങളാൽ ഭാരതം ആകെ കലുഷിതമായിരിക്കുന്നു! ഈ വിഷയത്തിൽ പശുക്കളുടെ നിലപാടു് എന്തെന്നു് അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾക്കു് ഒരു വ്യക്തത ലഭിച്ചേനെ. അതുകൊണ്ടു്, ഇക്കാര്യത്തിൽ സ്വന്തമായ എന്തെങ്കിലും നിലപാടുകളോ, തറകളോ, തറകളുടെ വല്ല നിലപാടുകളോ ഉണ്ടെങ്കിൽ അതൊരു പത്രസമ്മേളനമോ, ചാനൽ ചർച്ചയോ വഴി കുരച്ചുകേൾപ്പിച്ചു്, താത്വികനഞ്ചു് തിന്നു് പാമ്പുകളെപ്പോലെ വട്ടം ചുറ്റുന്ന ഭാരതീയ ജനകോടികളെ രക്ഷപെടുത്തണമെന്നു് ഓളിൻഡ്യാ പൈ ലിബറേഷൻ മൂവ്മെന്റിനോടു് (AIPLM) താഴ്മയായി അപേക്ഷിക്കുന്നു.
എടികളേ, പശുക്കളേ, നീങ്ങ ഞങ്ങടെ മാതാക്കളോ അല്ലയോ? ഇതേയുള്ളു ചോദ്യം. ഇതിന്റെ ഒരു “ക്ലാരാഫക്കേഷൻ” മാത്രമേ വേണ്ടൂ. “പശുക്കൾ മൌനം വെടിയുക” അതാണ് ഇന്നിന്റെ ആവശ്യം.
എന്നു്,
ദിനപ്പത്രങ്ങളും, ചാനലുകളും, പ്രാർത്ഥനായോഗങ്ങളും, ധ്യാനപരമ്പരകളും വഴി സ്ഥലകാലബോധം നഷ്ടപ്പെട്ടു് നാനാവിധമായിത്തീർന്ന ഒരു മോക്ഷയാത്രികൻ.
Oct 30, 2015, 2:19 PM
2015 സെപ്റ്റംബർ 22-നും 28-നും ഇടയിൽ ഒരു ഭയങ്കരമാന ആസ്റ്റെറോയിഡ് ഭൂമിയിൽ പതിച്ചു് ലോകം അവസാനിക്കുമെന്നു് ചില അന്ത്യനാൾകാംക്ഷികൾ ബ്ലോഗെഴുതിയതു് എനിക്കു് പറ്റുവിനയും മുറ്റുവിനയുമായി എന്നു് പറഞ്ഞാൽ മതി. എന്നെങ്കിലും ഈ ലോകം അവസാനിക്കുകയാണെങ്കിൽ, അതിനു് മുൻപു് വീടിന്റെ മുറികളെല്ലാം ഒന്നു് പുതുക്കണമെന്നൊരു മോഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണു് ലോകാവസാനവാർത്ത കേട്ടപ്പോൾ വായനാമുറി ഒന്നു് പുതുക്കിക്കൊണ്ടു് ആ മനോരാജ്യപൂർത്തീകരണത്തിനു് ഒരു തുടക്കം കുറിയ്ക്കാമെന്നു് കരുതിയതു്. അത്ര പെട്ടെന്നു് പുതുക്കൽ പൂർത്തിയാവില്ലെങ്കിലും, ലോകാവസാനച്ചടങ്ങുകൾ അവസാനിച്ചു്, അതിഭീകരമായ കാഹളനാദങ്ങൾ ഒട്ടൊന്നു് ഒതുങ്ങിക്കഴിയുമ്പോൾ, ലോകം അവസാനിച്ചതുകൊണ്ടു് നവീകരണപ്പണി തീരാതെയും “നവ ഉത്ഥാനം” സംഭവിക്കാതെയും പോയി എന്നൊരു സ്റ്റാറ്റസും, അതിനു് മേമ്പൊടിയായി ഒന്നുരണ്ടു് “ദുഃഖസ്മൈലികളും” (ഓക്സിമൊറോണുകൾക്കു് ഭാരതത്തിൽ പണ്ടുമുതലേ നല്ല ഡിമാൻഡാണു്) ഫെയ്സ്ബുക്കിലിട്ടു് തടിതപ്പാമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധിവൈപരീത്യത്തിന്റെ തീവണ്ടിയെ സഹാനുഭൂതിയുടെ പാളങ്ങളിലൂടെ ആരെങ്കിലും ഓടിക്കുന്നതു് കണ്ടാൽ കണ്ണീരോടെ അതിനു് കീഴിലേക്കു് ആവേശപൂർവ്വം തല കൊണ്ടുപോയി വച്ചു് അനുകമ്പ പ്രകടിപ്പിക്കുന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നവരാണു് മലയാളികൾ. ആ ബലഹീനത മുതലെടുക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, “ദൈവത്തിൻ “മല”മാരുകണ്ടു…” എന്നു് ചോദിച്ച കവിയെ ശരിവയ്ക്കാനെന്നപോലെ, ലോകാവസാനം നീട്ടിവയ്ക്കാനാണു് പലപ്പോഴുമെന്നപോലെ ഇത്തവണയും ഈശ്വരൻ തീരുമാനിച്ചതു്. “Man proposes, God disposes”, “Man proposes, woman disperses” എന്നൊക്കെയാണു് മഹദ്വചനങ്ങൾ. ലോകാരംഭം മുതൽ ഇന്നുവരെ ഒരു ലോകത്തേയും ദൈവമായിട്ടു് അവസാനിപ്പിച്ചിട്ടില്ല, ഇനി അവസാനിപ്പിക്കുകയുമില്ല എന്നതു് മറ്റൊരു വസ്തുത. ആരംഭിച്ചതേ അവസാനിക്കൂ, ആരംഭിക്കാത്തതു് അവസാനിക്കുകയുമില്ല എന്നതൊരു സാമാന്യലോകതത്വമാണു്. പക്ഷേ, അതു് ഏതെങ്കിലും ഒരു ദൈവത്തിലല്ല, ചില പ്രകൃതിനിയമങ്ങളിലാണു് അധിഷ്ഠിതമായിരിക്കുന്നതു്. പോരെങ്കിൽ, ഈ പ്രപഞ്ചത്തിൽ ഒരു ദൈവത്തിനും സ്വാധീനമില്ലാത്ത ലോകങ്ങളും, അവിടങ്ങളിൽ സാമാന്യമായ മനുഷ്യജീവിതത്തിനു് പരിചിതമല്ലാത്തതോ, അപ്രസക്തമോ ആയ നിയമങ്ങളും നിലവിലിരിക്കുന്നുണ്ടെന്നു് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ടു്. കാര്യകാരണബന്ധം എന്നതു് ഒരു മനുഷ്യലോകനിയമമാണു്, പ്രപഞ്ചനിയമമല്ല. മനുഷ്യനിയമങ്ങൾ വാഴുന്ന ലോകത്തിൽമാത്രം നിലനിൽപ്പുള്ളതും, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതും, മാനുഷികമായ ഊഹാപോഹങ്ങളിലൂടെ രൂപം കൊണ്ടതുമായ ഒരു ഉഡായിപ്പു്, ഒരു “സർവ്വപ്രശ്നോത്തരി”, അതു് മാത്രമാണു് ദൈവം. സർവ്വശക്തൻ, സർവ്വജ്ഞാനി, സർവ്വവ്യാപി തുടങ്ങിയ വിരുദ്ധോക്തികൾക്കു് “പരമസത്യം” (മറ്റൊരു ഓക്സിമൊറോൺ) എന്ന പേരു് നൽകിയാൽ ലഭിക്കുന്ന ക്യാരിക്കേച്ചറുകളാണു് മതങ്ങളിലെ ദൈവങ്ങൾ. അവയ്ക്കു് മുന്നിൽ മൃഗബലി മുതൽ നരബലി വരെ നടത്തി, കൈക്കൂലി നൽകി, കണ്ണുനീർ വീഴ്ത്തി, ആത്മപീഡനം ചെയ്തു് തൻകാര്യം നേടാൻ ബദ്ധപ്പെടുന്നവരാണു് വിശ്വാസികൾ, അഥവാ മനുഷ്യൻ എന്ന ഉത്ക്കൃഷ്ടതയെ, മഹനീയതയെ, അറപ്പുളവാക്കുന്ന പരിഹാസചിത്രങ്ങളാക്കി മാറ്റി നാറ്റിക്കുന്ന ദൈവമക്കൾ, സ്വർഗ്ഗത്തിന്റെ നിത്യാവകാശികൾ. (“സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാാാത്ര ചെയ്യുന്നു. എന്‍ സ്വദേശം കാണ്മതിന്നു് ബദ്ധപ്പെട്ടോടീടുന്നു. ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍…”). സ്വർഗ്ഗത്തിലെത്താൻ ഒരു വഴിയുമില്ലെന്നു് കരുതി ദൈവമക്കൾ ആരും ദുഃഖിക്കണ്ട. അതിനു് പറ്റിയ കുറുക്കുവഴികൾ ധാരാളമുണ്ടു്. അതിലൊന്നാണു് പൊട്ടാസ്യം സയനൈഡ്. സ്വർഗ്ഗം വേണ്ടവർ അതു് വാങ്ങിക്കഴിച്ചു് അങ്ങോട്ടേക്കൊന്നു് പോയിക്കിട്ടിയാൽ ഈ ഭൂമിയിൽ ജീവിക്കാനും സ്വാഭാവിക മരണം വരിക്കാനും ആഗ്രഹിക്കുന്ന, നോർമൽ മോർട്ടലുകളായ ബാക്കി മനുഷ്യർക്കു് ചെവി പൊട്ടാതെ സ്വൈര്യമായി ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നല്ലോ എന്നതുകൊണ്ടു് പറഞ്ഞതാണു്.
(“ദൈവത്തിൻ മലമാരുകണ്ടു” എന്നു് ചോദിക്കുന്ന കവിക്കു് വേണമെങ്കിൽ ദൈവം കുഞ്ഞായിരുന്നപ്പോൾ ദൈവത്തിന്റെ അമ്മ/വളർത്തമ്മ കണ്ടിട്ടുണ്ടു് എന്ന മറുപടിയിൽ സ്വയം എത്തിച്ചേരാവുന്നതേ ഉണ്ടായിരുന്നുള്ളു. ദേവകി/യശോദ ഉണ്ണിക്കൃഷ്ണന്റെ മലം കണ്ടിട്ടില്ല എന്നോ, മറിയയ്ക്കു് യേശുവിന്റെ അമേധ്യത്തിന്റെ നിറം, മണം, കൺസിസ്റ്റൻസ് മുതലായവ അജ്ഞാതമായിരുന്നു എന്നോ ഉള്ള പ്രസ്താവങ്ങളും സാക്ഷിമൊഴികളും വിശ്വാസയോഗ്യമല്ല. ഡൈജസ്റ്റീവ് സിസ്റ്റവും ബ്രൈനും തമ്മിൽ അതിപ്രധാനമായ ചില ന്യൂറോണൽബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെന്നു് ന്യൂറോസയൻസ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു്, ഒരുവന്റെ/ഒരുവളുടെ മലം കണ്ടവർ അവന്റെ/അവളുടെ മനവും കണ്ടു എന്ന സ്റ്റേറ്റ്മെന്റ് ഒട്ടും അസ്ഥാനത്തല്ല. ഇനി, സ്വയംഭൂക്കളായ ദൈവങ്ങളുടെ കാര്യത്തിലാണെങ്കിൽ, അവർ മലമൂത്രവിസർജ്ജനം ചെയ്യുന്നവരാവാൻ സാദ്ധ്യതയൊന്നുമില്ലതാനും. അല്ലെങ്കിൽ, പോർട്ടബിൾ ടോയ്ലെറ്റോ, ഡൈപ്പർ പോലുമോ ഇല്ലാതെ അഞ്ചാറു് ദിവസം അദ്ധ്വാനിച്ചു് സകല പ്രപഞ്ചവും നിർമ്മിക്കാനായി ഇറങ്ങിപ്പുറപ്പെടാൻ അവർ തീരുമാനിക്കുമായിരുന്നു എന്നു് തോന്നുന്നില്ല. അത്രയ്ക്കു് വിഡ്ഢികളാണു് സ്വയംഭൂക്കളെന്നു് – അവർ ദൈവങ്ങളാണെങ്കിൽ പോലും – വിശ്വസിക്കുന്നവർ അതിലും വലിയ വിഡ്ഢികളായിരിക്കണം. തൂറുക എന്നൊരു ആവശ്യം ജനനം മുതൽ മരണം വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഋഷിവര്യന്മാരും, കേൾക്കുന്നതെന്തും വിശ്വസിക്കുന്നവരുമൊക്കെ ഇന്നും ലോകത്തിലെ ചില പ്രദേശങ്ങളിൽ ജീവിക്കുന്നുണ്ടു് എന്നതിനാൽ, അത്തരക്കാർ ഇല്ലെന്നു് തീർത്തു് പറയാനുമാവില്ല).
ലോകാവസാനം മുറ്റത്തെത്തിനിൽക്കെ എന്തിനൊരു നവീകരണമെന്നോ നവോത്ഥാനമെന്നോ ഒക്കെ ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷേ, അത്ര അസാധാരണമായ ഒരു കാര്യമല്ല അതു്. വിവാഹം എന്ന ചടങ്ങു് വഴി രണ്ടു് ലോകങ്ങൾ അവസാനിക്കുകയാണു് എന്നറിയാമായിരുന്നിട്ടും മണവാളൻ പുയ്യാപ്ലക്കുപ്പായവും, മണവാട്ടി പട്ടുവസ്ത്രങ്ങളും തട്ടയും മണിയും കല്ലുകളും ലോഹങ്ങളുമെല്ലാം വാരിച്ചാർത്തി അലങ്കരിക്കാറുള്ളതു് ഉദാഹരണം. അനുഭവിച്ചാൽ മാത്രം അറിയാൻ കഴിയുന്ന ഒരുതരം അനുഭൂതിയോ ഭ്രാന്തോ മറ്റോ ആണതു്. പറഞ്ഞറിയിക്കാനാവുന്നതല്ല. “ചത്തു് കിടക്കുമ്പോഴും ചമഞ്ഞു് കിടക്കണം” എന്ന ചൊല്ലിനെ ഇവിടെ വേർതിരിച്ചു് കാണേണ്ടതുണ്ടു്. സ്വയം ചമഞ്ഞശേഷം എവിടെയെങ്കിലും പോയിക്കിടന്നു് ചാവാൻ കഴിയുമെങ്കിലും, ചാവൽ കഴിഞ്ഞു് കിടക്കുന്നവർക്കു് പിന്നീടൊരു സ്വയം ചമയൽ മിക്കവാറും അസാദ്ധ്യമായിരിക്കും. അതുകൊണ്ടു് ആ ജോലി മറ്റാരെങ്കിലും ഏറ്റെടുക്കാറാണു് പതിവു്. പലപ്പോഴും അടുത്ത ബന്ധുക്കളാവും ഇങ്ങനെ “കോർപ്സ് ബ്യൂട്ടീഷൻസ്” ആയി ചമയുന്നതു് എന്നതിനാൽ, അവരിൽ ചിലരെങ്കിലും ഒരുത്തൻ/ഒരുത്തി ചത്തൊഴിഞ്ഞു് കിട്ടുന്ന ഒരു പായയിലോ, ഒരു കട്ടിലിലോ, ഒരു ചട്ടിയിലോ ആശ്വസിക്കുന്നവരോ, നിഗൂഢമായി അതിൽ ആനന്ദിക്കുന്നവർ പോലുമോ ആയിക്കൂടെന്നുമില്ല. അല്ലെങ്കിൽത്തന്നെ, “എ റൈറ്റ് റ്റു എക്സിസ്റ്റ്” എന്നതു് ഭർത്താവു് മരിച്ച സ്ത്രീകൾക്കും, പ്രായമായ മനുഷ്യർക്കും, “താഴ്ന്ന” ജാതിക്കാർക്കും അവകാശപ്പെട്ട ഒരു കാര്യമായി “ചാതിയിൽ കൂടിയ” ഭാരതീയർ പണ്ടേതന്നെ അംഗീകരിച്ചിരുന്നില്ല. പശുവിൽ തന്റെ ക്ടാവിനെ ജനിപ്പിച്ച കെട്ട്യോൻകാള ചത്താൽ അമ്മപ്പശു – അതു് വെള്ളപ്പശു ആയാലും, പുള്ളിപ്പശു ആയാലും, കറമ്പിപ്പശു ആയാലും – ചിതയിൽ ചാടി ചത്തു് “സതി” ആചരിക്കേണ്ട കാര്യമില്ല, അന്നായാലും, ഇന്നായാലും. അതുകൊണ്ടാണു് മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ട ഒരുവളോ ഒരുവനോ ആയി ജനിക്കുന്നതിനേക്കാൾ ഒരു പശുവോ അമ്പലക്കാളയോ ആയി ഭാരതത്തിൽ ജനിക്കുന്നതു് അഭിമാനകരവും തന്മൂലം അഭികാമ്യവുമായി ഒട്ടേറേ ഭാരതീയർ കരുതുന്നതു്. ഒരു നാല്പതു് അൻപതു് വയസ്സാകുന്നതിനു് മുന്നേ മനുഷ്യർ തട്ടിപ്പോയിരുന്ന ഒരു കാലമുണ്ടായിരുന്നു ഭാരതത്തിൽ. എന്നിട്ടും ചാകാതെ, “ഭൂമിക്കു് ഭാരമായി” (ച്ചാൽ, ഭാരതത്തിനു്, അല്ലെങ്കിൽ ഭൂമിമലയാളത്തിനു് ഭാരമായി) ചടഞ്ഞുകൂടുന്ന മനുഷ്യരെ അവരുടെ സമയം കഴിഞ്ഞെന്നു് പരോക്ഷമായി സൂചിപ്പിക്കാനാവണം ഷഷ്ടിപൂർത്തി എന്ന “ആഘോഷം” കണ്ടുപിടിക്കപ്പെട്ടതു്. അതുപോലെ എത്രയെത്ര മനോഹരമായ, സംസ്കാരസമ്പന്നമായ, ഭാരതീയമായ ആഘോഷങ്ങൾ, ആചാരങ്ങൾ, ചടങ്ങുകൾ, വിശ്വാസപ്രമാണങ്ങൾ! ഏതാനും ചില ഭാരതീയരിലൊഴികെ മറ്റേതു് മനുഷ്യരിലും മനംപിരട്ടലുണ്ടാക്കുന്ന സാമൂഹികജീർണ്ണതകൾ!
തിരിച്ചു് എന്റെ നവീകരണയജ്ഞത്തിലേക്കു്: അങ്ങനെ, ലോകം അവസാനിക്കാതെ പോയതുമൂലം പുതുക്കൽ തുടരുകയല്ലാതെ എനിക്കു് നിവൃത്തിയില്ലാതായി. “ഇത്രയിട വരാൻ കഴിഞ്ഞെങ്കിൽ എനിക്കു് തുടർന്നും ഓടാൻ കഴിയും” എന്നു് ആവർത്തിച്ചുകൊണ്ടു് മൂന്നു് വർഷവും രണ്ടു് മാസവും പതിനാലു് ദിവസവും പതിനാറു് മണിക്കൂറും അമേരിക്കയിലൂടെ നെടുകെയും കുറുകെയും ഓടിയ ഫോറസ്റ്റ് ഗമ്പിന്റെ മാതൃകയിൽ എനിക്കു് മറ്റു് മുറികളുംകൂടി പുതുക്കുകയല്ലാതെ മാർഗ്ഗമില്ലാതായി. ഈ വീടു് വാങ്ങി താമസം തുടങ്ങിയപ്പോൾ എല്ലാ മുറികളിലും ടെലഫോൺ, എല്ലാ മുറികളിലും റ്റിവി, എല്ലാ മുറികളിലും നടുവിലും മുതുകിലും മൂലയിലുമെല്ലാം എലക്ട്രിസിറ്റി തുടങ്ങിയവ സാദ്ധ്യമാക്കാൻ വിവിധയിനം സോക്കറ്റുകൾ സ്ഥാപിക്കുകയും, അതിനുള്ള കേബിളുകൾ തേപ്പിനടിയിലൂടെ കൊണ്ടുപോകുകയും ചെയ്തിരുന്നു. അതിനുശേഷം ടെലഫോൺ, റ്റിവി എന്നിവയിൽ ഒന്നിലേറെ സിസ്റ്റം ചെയ്ഞ്ചുകൾ വന്നതിനാൽ, ചില കേബിളുകളും പെട്ടികളുമെല്ലാം തേപ്പിനു് പുറത്തു് സ്ഥാനം പിടിച്ചു. ഒഴിവാക്കേണ്ടവയെ ഒഴിവാക്കി പുതിയവയെ തേപ്പിനടിയിൽ സ്ഥാപിച്ചുകൊണ്ടല്ലാതെ, മത്സ്യവുമല്ല, മാംസവുമല്ല എന്ന രീതിയിലുള്ള ഒരു തട്ടിക്കൂട്ടലിനെ എങ്ങനെ റെനവേഷൻ എന്നു് വിളിക്കാനാവും? റെനവേഷൻ എന്നാൽ “റാഡിക്കലായ ഒരു മാറ്റം”, ആയിരിക്കണം എന്ന കാര്യത്തിൽ ശങ്കരാടിയും ഞാനും ഒരേ അഭിപ്രായക്കാരാണു്. ഒരു ദിവസം ഓട്ടം നിർത്തി, “എനിക്കൊന്നു് ഓടണമെന്നു് തോന്നി” എന്നു് പ്രഖ്യാപിച്ച ഫോറസ്റ്റ് ഗമ്പിൽ നിന്നും വ്യത്യസ്തമായി, നാലഞ്ചു് മുറികൾ റെനോവേറ്റ് ചെയ്യണം എന്നു് തോന്നിയതുകൊണ്ടല്ല, ലോകാവസാനം സംഭവിക്കാത്തതുകൊണ്ടു് മറ്റൊരു ചോയ്സ് ഇല്ലാതിരുന്നതിനാലാണു് ഏതാനും ആഴ്ചകൾ, ദിവസം പതിനാലു് മണിക്കൂർ വരെ ജോലി ചെയ്തു് എനിക്കു് ആ പണികൾ തീർക്കേണ്ടി വന്നതു്. കൂടാതെ, ഫോറസ്റ്റ് ഗമ്പ് പ്രത്യാശാർഹനായ ഒരു “മശിഹാ” ആണെന്നു് കരുതിയ ധാരാളം ആളുകൾ അവന്റെ ഓട്ടത്തിന്റെ പിന്നാലെ കൂടി ഓടിയതുപോലെ എന്റെ പിന്നാലെ ആരും ഓടിയില്ല എന്നുംകൂടി, താരതമ്യത്തിൽ കല്ലുകടി ഉണ്ടാവാതിരിക്കാൻ, ഇവിടെ സൂചിപ്പിക്കുന്നു. ഏകാഗ്രത നഷ്ടപ്പെടാതെ ജോലി ചെയ്യാൻ അതു് സഹായിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളുടെ കാര്യത്തിൽ ഇക്കാര്യം അല്പം ഡിഫറെൻഷ്യേറ്റ് ചെയ്തു് കാണേണ്ടതുണ്ടു്. അവിടെ ആദ്യം എഴുത്തുകാരൻ ഫോളോവേഴ്സിനുവേണ്ടി അവരുടെ പിന്നാലേ ഓടുന്നു, പിന്നീടു് ഫോളോവേഴ്സ് എഴുത്തുകാരന്റെ പിന്നാലേ കൂടി അവനെ ഓടിക്കുന്നു.
കരമടച്ചതിന്റേയും, ജനിച്ചിട്ടുണ്ടെന്നതിന്റെയും, മരിച്ചിട്ടില്ലെന്നതിന്റേയും രേഖകൾ വില്ലേജാപ്പീസ്, പഞ്ചായത്താപ്പീസ്, റേഷൻകട തുടങ്ങിയ ഇടങ്ങളിൽ നിന്നും, ദൈവത്തിനു് കുടിശിഖയൊന്നും വരുത്തിയിട്ടില്ല എന്ന, മുദ്രപ്പത്രത്തിലെ സത്യവാങ്മൂലത്തിൽ ഒരു സീൽ പള്ളിയാപ്പീസിൽ നിന്നും, സിൽമ കാണാനും സംഗീതം ആസ്വദിക്കാനും അനുവാദമുള്ള പ്രായപരിധി ലംഘിച്ചിട്ടില്ലെന്നു് കാണിക്കുന്ന ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഗോത്രത്തലവന്മാരിൽ നിന്നും ലഭിക്കുകയും കൂടി ചെയ്താൽ, ഇളം തണുപ്പുള്ള ശരത്കാലസായംസന്ധ്യകൾക്കു് ദൃശ്യസുന്ദരവും സംഗീതസാന്ദ്രവുമാവാൻ മറ്റു് തടസ്സങ്ങളൊന്നുമില്ലെന്നു് പറയാം.
Sptember 2015
Sep 1, 2015, 10:35 AM
“മാത്രവുമല്ല, ബൗദ്ധികമായ (ചിന്താപരമായ) പ്രവൃത്തികൾ വെറും സുഖാനുഭവം മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നവയുമല്ല.” – യാക്കോബ് ബുർക്ക്‌ഹാർഡ്റ്റ്
Sep 1, 2015, 11:49 AM
“പണം നഷ്ടപ്പെട്ടാൽ ഒന്നും നഷ്ടപ്പെടുന്നില്ല, ആരോഗ്യം നഷ്ടപ്പെട്ടാൽ ചിലതെല്ലാം നഷ്ടപ്പെടുന്നു, സ്വഭാവം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടുന്നു” എന്നൊരു ചൊല്ലു് കേട്ടിട്ടുണ്ടു്. ഇന്നു് അതിനെ ഇങ്ങനെ വായിക്കുന്നതായിരിക്കും കൂടുതൽ ശരി എന്നു് തോന്നുന്നു: “സ്വഭാവം നഷ്ടപ്പെട്ടാൽ ഒരു മാങ്ങാത്തൊലിയും നഷ്ടപ്പെടാനില്ല, ആരോഗ്യം നഷ്ടപ്പെട്ടാൽ പലതും നഷ്ടപ്പെടാം, പണം നഷ്ടപ്പെട്ടാൽ ഒരുവന്റെ/ഒരുവളുടെ ദേശീയപതാക മാത്രമല്ല, അണ്ടർവെയറും താറുകെട്ടും വരെ അഴിച്ചു് മാറ്റപ്പെടാം.”
ഇപ്പറഞ്ഞവയിൽ, സ്വഭാവത്തിന്റെ കാര്യത്തിൽ സംശയമുള്ളവർ കേരളത്തിലെ രാഷ്ട്രീയക്കാരെ ഒന്നു് സൂക്ഷിച്ചു് നോക്കുക. ആരോഗ്യത്തിന്റെ കാര്യത്തിൽ സംശയമുള്ളവർ സിക്ക് ഇൻഷുറൻസ് ഇല്ലാത്ത രാജ്യങ്ങളിലെ ദരിദ്രരായ രോഗികളെ സമയം പോലെ ഒന്നു് ശ്രദ്ധിക്കുക. പണത്തിന്റെ കാര്യത്തിൽ സംശയമുള്ളവർ “അറ്റ്‌ലസ് രാമചന്ദ്രനെ” ഈ ദിവസങ്ങളിൽ ഓൺലൈൻ ലോകത്തിലെ അഭിനവ ഹരിശ്ചന്ദ്രന്മാരും സത്യവതികളും കൈകാര്യം ചെയ്ത രീതി ഒരു വിഹഗത്തേപ്പോലെ ചുമ്മാ ഒന്നു് വീക്ഷിച്ചേക്കുക.
Sep 4, 2015, 7:32 AM
എഴുത്തുകാരനെ തോൽപ്പിച്ചു എന്നൊരു നിഗൂഢമായ ആനന്ദം അനുഭവിക്കാൻ വായിക്കുന്നതിൽ എന്തെങ്കിലും ഒരു തെറ്റു്, അതൊരു പ്രിന്റിംഗ് മിസ്റ്റേക്ക് ആയാലും മതി, കണ്ടുപിടിക്കുകയേ വേണ്ടൂ. പൊന്തിക്കൽ എന്നോ, പൊന്തിക്കൊസ്തിക്കൽ എന്നോ ഒക്കെ വിളിക്കാവുന്ന ആ ആരോഹണാനുഭൂതിയുടെ പൂക്കൽ അനുഭവിച്ചറിയേണ്ടുന്ന കാര്യമാണു്. എന്താണു് എഴുത്തുകാരൻ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതു് എന്നു് മനസ്സിലാക്കാൻ വേണ്ടതിന്റെ ഒരംശം പോലും ഊർജ്ജമോ, മുന്നറിവോ, ആശയപരിചയമോ ആവശ്യമില്ലാത്തതിനാൽ ആർക്കും പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു കലയാണതു്. വലിയ അദ്ധ്വാനമോ, പലപ്പോഴും കാര്യമായ വിദ്യാഭ്യാസം പോലുമോ ഇല്ലാതെ, സൂത്രത്തിൽ മിടുക്കനാവാൻ കഴിയുന്ന ഒരു കുറുക്കുവഴി. എന്തുകൊണ്ടു് ഇതറിയാൻ ഞാനിത്ര താമസിച്ചു എന്നെനിക്കറിയില്ല. എളുപ്പത്തിൽ യോഗ്യനാവാൻ കഴിയുമായിരുന്ന എത്ര അവസരങ്ങളാണു് അതുവഴി എനിക്കു് നഷ്ടമായതു്? ഇപ്പോഴെങ്കിലും അതറിയാൻ കഴിഞ്ഞതു് ഭാഗ്യം. ഇനിയെങ്കിലും ഒരു മുദ്രാവാക്കീട്ടോക്കിയായി വല്ല സെക്രട്ടറിയോ ഖജാൻജിയോ ആയി നാലു് കാശുണ്ടാക്കാൻ ശ്രമിക്കണം.
Sep 4, 2015, 10:28 AM
തത്വചിന്തകർ ലോകത്തെ നാനാപ്രകാരത്തിൽ വ്യാഖ്യാനിച്ചതേയുള്ളു, വേണ്ടതു് ലോകത്തെ മാറ്റിയെടുക്കലാണെന്നു് മാർക്സ്. ലോകത്തെ മാറ്റിയെടുക്കാൻ എന്താണു് ചെയ്യേണ്ടതു്? അതിനും മാർക്സിനു് മറുപടിയുണ്ടു്. അത്ഭുതകരമെന്നു് തോന്നിയേക്കാമെങ്കിലും, “സമയം” സമാഗതമാകുന്നതുവരെ കാര്യമായി ഒന്നും ചെയ്യേണ്ടതില്ല എന്നതാണു് അദ്ദേഹത്തിന്റെ മറുപടി. എപ്പോഴാണു് ആ സമയത്തിന്റെ വരവെന്നു് മാസം, വർഷം എന്ന രീതിയിൽ കൃത്യമായി മാർക്സ് പറഞ്ഞില്ലെങ്കിലും, ആ സമയത്തിന്റെ ലക്ഷണങ്ങൾ അദ്ദേഹം എഴുതിവച്ചിട്ടുണ്ടു്. “അത്തിയുടെ കൊമ്പു് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു് നിങ്ങൾ അറിയുന്നുവല്ലോ” എന്നാണു്, തന്റെ രണ്ടാം വരവു് എപ്പോഴാണെന്നു് എങ്ങനെ അറിയാം എന്നതിനെപ്പറ്റി യേശുവും പറഞ്ഞതു്. വ്യക്തമായ ഒരു പ്രസ്താവന എന്നാൽ അതാണു്! ഒരാണു്, ഒരു വാക്കു്! (ഒരു പെണ്ണു്, ഒരു നിഘണ്ടു എന്നു് സ്ത്രീവിരുദ്ധർ).
പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിലനിന്നിരുന്ന ഇൻഡസ്റ്റ്റിയൽ ക്യാപ്പിറ്റലിസത്തിന്റെ സമഗ്രമായ വിലയിരുത്തലിലൂടെയാണു് മാർക്സ് ഈ നിഗമനത്തിൽ എത്തിച്ചേർന്നതു്. ക്യാപ്പിറ്റലിസം ആന്തരമായ ഒരു ജീർണ്ണതയുടെ പാതയിലാണെന്നു് അദ്ദേഹം അതിസൂക്ഷ്മവും ശാസ്ത്രീയവുമായ പരിശോധനയിലൂടെ കണ്ടെത്തി. തത്ഫലമായി, പൂച്ചകരച്ചിലോടെ സംഭവിക്കാനിരിക്കുന്ന ക്യാപ്പിറ്റലിസത്തിന്റെ അനിവാര്യമായ അന്ത്യശ്വാസം വലിക്കായി കാത്തിരിക്കുക എന്നൊരു ചുമതലയേ തൊഴിലാളിവർഗ്ഗത്തിനുള്ളു. ക്യാപ്പിറ്റലിസത്തിന്റെ വീഴ്ചയോടെ വർഗ്ഗരഹിതസമൂഹം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സംഭവിക്കേണ്ട സായുധവിപ്ലവത്തിന്റെ സമയം സമാഗതമാവും. അവിടെയാണു് തൊഴിലാളികൾ ആക്ഷൻ തുടങ്ങേണ്ടതു്. വീണുകിടക്കുന്ന ചുരുക്കം മുതലാളികളെ ഇല്ലായ്മ ചെയ്യാൻ ഒരു വലിയ അമ്മവിപ്ലവത്തിന്റെ ആവശ്യമെന്തെന്നോ, കഞ്ഞികുടിക്കാൻപോലും വകയില്ലാത്തവിധം അപ്പോഴേക്കും തീർച്ചയായും ദുരിതത്തിൽ എത്തിയിട്ടുണ്ടാവുന്ന തൊഴിലാളികൾക്കു് അതുപോലൊരു മുന്നേറ്റത്തിനുള്ള ആരോഗ്യമോ ആയുധങ്ങളോ ഉണ്ടാവുമോ എന്നോ തുടങ്ങിയ ചോദ്യങ്ങൾ പ്രതിലോമകരവും കോണ്ട്രാപ്രൊഡക്റ്റീവുമാണെന്നതു് വർഗ്ഗബോധമുള്ള ഏതൊരു കമ്മ്യൂണിസ്റ്റ് തൊഴിലാളിയേയും അറിയിക്കേണ്ടതുണ്ടു്. അതിനുവേണ്ടി ക്യാപ്പിറ്റലിസത്തിന്റെ കടപുഴകലിനു് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ വിശദമായ താത്വികവിശദീകരണങ്ങൾ പാർട്ടിക്ലാസുകൾ വഴി തൊഴിലാളികൾക്കു് നൽകിക്കൊണ്ടിരിക്കണം. ക്യാപ്പിറ്റലിസത്തിനോടുള്ള വെറുപ്പിന്റെയും, വർഗ്ഗസമരത്തിനുള്ള ദാഹത്തിന്റെയും തീജ്വാലകൾ തൊഴിലാളികളുടെ മനസ്സിൽ കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കാൻ അതാവശ്യമാണു്.
വാഗ്ദത്തലോകത്തിനു് വേണ്ടിയുള്ള കാത്തിരിപ്പു് എന്ന നിലയിൽ ക്രിസ്തുമതവും കമ്മ്യൂണിസവും തമ്മിൽ ഏറെ സാമ്യങ്ങളുണ്ടു്. കർത്താവെന്ന നിത്യമണവാളൻ തന്റെ രണ്ടാമത്തെ വരവു് വരികയും, പെണ്ണുങ്ങളുടെ വാതിലുകളിൽ മുട്ടിവിളിക്കുകയും ചെയ്യുമ്പോൾ തിരിയുള്ള വിളക്കിൽ നിറയെ എണ്ണയുമായി കാത്തിരിക്കുന്ന ക്രിസ്തുമതവിശ്വാസിനികളും കന്യകകളുമായ മണവാട്ടികളെപ്പോലെ ആയിരിക്കണം നല്ല കമ്മ്യൂണിസ്റ്റുകൾ. വിളക്കിൽ എണ്ണയോ, കത്തിക്കാൻ തീപ്പെട്ടിക്കൊള്ളി പോലുമോ ഇല്ലാതെ കാത്തിരിക്കുന്ന ഗുണം കെട്ട മണവാട്ടികളെപ്പോലെ ആവരുതെന്നു് സാരം. സ്വിച്ചിട്ടു് ലൈറ്റ് തെളിക്കാമല്ലോ എന്നാണു് ഞങ്ങൾ കരുതിയതു് എന്ന ക്ഷമാപണം അവർക്കുണ്ടാവും. പക്ഷേ, സത്യവിശ്വാസിനികളല്ലാത്തതിനാൽ അവർ പവ്വർ കട്ടിനെപ്പറ്റി ചിന്തിക്കുന്നവരല്ല.
മാർക്സും എൻഗെൽസും ചേർന്നു് സൃഷ്ടിച്ചതു് ഒരു സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ഒരു സിദ്ധാന്തമല്ല, സമൂഹത്തിന്റെ കമ്മ്യൂണിസത്തിലേക്കുള്ള പരിണാമത്തെ സംബന്ധിക്കുന്ന ഒരു തിയറിയാണു്. ക്യാപ്പിറ്റലിസ്റ്റ് രീതിയിലുള്ള ഉത്പാദനപ്രക്രിയ ഒരു കമ്മ്യൂണിസ്റ്റ് സമ്പദ്‌വ്യവസ്ഥയായി പരിണമിക്കുമെന്ന വാഗ്ദാനമാണു് അതിന്റെ ജീവൻ. അതോടെ ഉത്പാദനവസ്തുക്കളുടെ ഉടമസ്ഥതയിൽ സ്വകാര്യമൂലധനത്തിനു് ഒരു പങ്കുമില്ലാതാവും. സ്ഥിരമായി എണ്ണത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതും, അതോടൊപ്പം പൂർവ്വാധികം ശക്തിയോടെ വളർന്നുകൊണ്ടിരിക്കുന്നതുമായ ഏതാനും ക്യാപ്പിറ്റലിസ്റ്റുകളുടെ കൈകളിൽ മാത്രമായി മൂലധനം പെരുകുന്നതും, വൻഫാക്ടറികൾ ഉത്പാദനത്തിന്റെ എല്ലാ ശാഖകളും കയ്യടക്കുന്നതും, മദ്ധ്യവർഗ്ഗം (“Mittelstand”) നശിപ്പിക്കപ്പെടുന്നതും, അവർ പ്രോലെറ്റേറിയറ്റ് ആയി തരം താഴ്ത്തപ്പെടുന്നതും, ലോകത്തിലെ എക്കൊണോമിക് ക്രൈസിസുകൾ വർദ്ധിതവും ത്വരിതവുമാവുന്നതും, വേതനസമ്മർദ്ദവും, തൊഴിലില്ലായ്മയും വഴി തൊഴിലാളികൾ കൂടുതൽ കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും, തൊഴിലാളിവർഗ്ഗത്തിന്റെ ദാരിദ്ര്യവും ദുരിതവും അനുദിനമെന്നോണം പെരുകുന്നതുമെല്ലാം കാണുമ്പോൾ, അതു്, ഇല തളിർത്ത അത്തിയുടെ കൊമ്പു് വേനൽവരവിന്റെ ലക്ഷണം എന്നപോലെ, അന്ത്യവിപ്ലവം എന്ന ലക്ഷ്യത്തിലേക്കു് ഇനി അധികം ദൂരമില്ല എന്നതിന്റെ ലക്ഷണമായി മനസ്സിലാക്കപ്പെടണം. മാർക്സിന്റെ ചരിത്രപരമായ ഈ ദർശനപ്രകാരം, വിപ്ലവത്തിന്റെ മണിയടി മുഴങ്ങുമ്പോൾ വർഗ്ഗരഹിതമായ ഒരു സമൂഹത്തിന്റെ സമ്പൂർണ്ണസാക്ഷാത്കാരത്തിനുവേണ്ടി യുദ്ധഭൂമിയിൽ ഇറങ്ങേണ്ട ചുമതല തൊഴിലാളിവർഗ്ഗത്തിന്റേതാണു്. ആ നവസമൂഹത്തിൽ സ്റ്റേറ്റ് മാഞ്ഞുമറഞ്ഞു് അനാവശ്യമായി മാറുമെന്നു് മാർക്സ്. വിപ്ലവകാലത്തും, അതിനു് ശേഷം സാമൂഹികപരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടക്കാലഘട്ടത്തിലും തൊഴിലാളിവർഗ്ഗത്തിന്റെ താത്കാലിക ഏകാധിപത്യം അനുവദനീയമാണു്. അത്രമേൽ തൊഴിലാളിവർഗ്ഗത്തിന്റേതു് മാത്രമായ ഒരു ഇടപാടാണു് മാർക്സും എൻഗെൽസും കൂട്ടായി വിഭാവനം ചെയ്ത സോഷ്യലിസം. ഒരുപക്ഷേ, നോർത്ത് കൊറിയയിൽ ഇപ്പോൾ നിലവിലിരിക്കുന്ന വ്യവസ്ഥിതി ആ “വിപ്ലവാചാര്യർ” അകക്കണ്ണിലൂടെ കണ്ടു് പ്രവചിച്ച ആ സോഷ്യലിസ്റ്റ് സ്വേച്ഛാധിപത്യ കാലഘട്ടമാവാം.
തന്റെ സങ്കല്പത്തിലെ ഈ ഐഡിയൽ വ്യവസ്ഥിതിയിൽ, ഒരു കമ്മ്യൂണിസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ നിർബന്ധമായും സംഭവിക്കുന്ന പ്രശ്നങ്ങൾ കാണാൻ മാർക്സിനു് കഴിഞ്ഞില്ല. വിജയകരമായി സ്വീകരിക്കാവുന്ന ഒരു വഴിയെന്നു്, ഉദാഹരണത്തിനു്, ഇംഗ്ലണ്ഡിലെ ലേബർ പാർട്ടി (see Fabian Societies) തെളിയിച്ച മാതൃകയിൽ, എല്ലാ “വർഗ്ഗങ്ങളെയും” ഉൾപ്പെടുത്തിക്കൊണ്ടു്, ചുവടുചുവടായി എത്തിച്ചേരാവുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ മാർക്സും, തന്മൂലം അനുയായികളും നിരുപാധികം തള്ളിക്കളഞ്ഞു. മാർക്സിനു് വേണ്ടതു് റിഫൊർമേഷനല്ല, റെവൊല്യൂഷനാണു്. അമ്മവിപ്ലവത്തിലേക്കുള്ള പരിവർത്തനഘട്ടത്തിന്റെ അനിവാര്യതകൾ എന്ന നിലയിൽ ക്യാപ്പിറ്റലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ കാഠിന്യങ്ങളും അംഗീകരിക്കാൻ പോലും മാർക്സ് മടിക്കുന്നില്ല. എല്ലാ സാമൂഹികനവീകരണശ്രമങ്ങളും വിപ്ലവത്തിലേക്കുള്ള വഴിയിലെ ഉപയോഗശൂന്യതകൾ മാത്രമാണു്. അതുകൊണ്ടു് അവ ഉപേക്ഷിക്കപ്പെടണം. മാർക്സിന്റെ കാഴ്ചപ്പാടിൽ, ശാസ്ത്രീയമായ കൃത്യതയോടെ പ്രവചിക്കാവുന്ന ചരിത്രത്തിന്റെ ഗതി (ഐസക് ന്യൂട്ടണു് കാർൾ മാർക്സിന്റെ വക വിപ്ലവാഭിവാദ്യങ്ങൾ!) അനിവാര്യമായും ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്കു് പരിവർത്തിക്കേണ്ടതുണ്ടു് എന്നതിനാലാണു്, വിപ്ലവത്തിന്റെ സമയം എത്തുന്നവരേക്കും തൊഴിലാളികളുടെ പക്ഷത്തുനിന്നുള്ള ഒരു പ്രത്യേകഇടപെടൽ അനാവശ്യമായിത്തീരുന്നതു്. അതുവരെ വിപ്ലവാത്മകതയുടെ ഇച്ഛാശക്തിയും, പ്രതീക്ഷാനിർഭരതയുടെ ചൂടും ആളിക്കത്തിച്ചുകൊണ്ടിരിക്കുക എന്നതാണു്, മറ്റു് തത്വചിന്തകരെപ്പോലെ വെറുമൊരു ലോകവ്യാഖ്യാതാവല്ലാത്ത സൂപ്പർ “തത്വചിന്തകൻ” മാർക്സ് ലോകത്തെ മാറ്റിമറിക്കൽ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. അല്ലാതെ, അനുയോജ്യമായ വിദ്യാഭ്യാസവും പ്രായോഗികതലങ്ങളിലെ പ്രാരംഭപരിശീലനങ്ങളും വഴി മനുഷ്യശക്തിയെ ഒരു സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥിതിക്കു് അനുയോജ്യമായ രീതിയിൽ വളർത്തിയെടുക്കുക എന്നതല്ല.
ഇന്നുവരെയുള്ള പിൽക്കാലലോകചരിത്രം തെളിയിച്ചതുപോലെ, വ്യാവസായികമായി പുരോഗമിച്ച രാജ്യങ്ങളിലെങ്കിലും, മാർക്സ് സ്വപ്നം കണ്ട രീതിയിലുള്ള ദുരിതവും ദാരിദ്ര്യവും തൊഴിലാളികൾക്കു് സംഭവിച്ചില്ല. മാർക്സിന്റെ കാലത്തെ “ഇൻഡസ്റ്റ്റിയൽ ക്യാപ്പിറ്റലിസം” എന്നൊന്നു്, മാർക്സിന്റെ അഭിപ്രായത്തിൽ, വ്യാവസായികമായി പുരോഗമിച്ചവ എന്ന നിലയിൽ, ആദ്യം കമ്മ്യൂണിസ്റ്റ് വിപ്ലവം വരേണ്ടിയിരുന്നവയെങ്കിലും, മാർക്സിസത്തെ തള്ളിപ്പറഞ്ഞതുകൊണ്ടു് രക്ഷപെട്ട പശ്ചിമയൂറോപ്പിൽ ഇന്നു് നിലനിൽക്കുന്നില്ല എന്നതാണു് സത്യം. മാത്രവുമല്ല, മാർക്സ് നടത്തിയ അന്ത്യകാലപ്രവചനം തെറ്റായിരുന്നു എന്നു് തെളിയിച്ചുകൊണ്ടു്, മദ്ധ്യവർഗ്ഗം പ്രോലെറ്റേറിയറ്റ് ആയി അധഃപതിക്കുകയായിരുന്നില്ല, കൂടുതൽ കൂടുതൽ തൊഴിലാളികൾ വിദ്യാഭ്യാസവും ട്രെയിനിങ്ങും വഴി സ്കിൽഡ് ലേബറേഴ്സ് ആയി, സ്വന്തം കാറും ഫ്ലാറ്റുമെല്ലാമുള്ള മദ്ധ്യവർഗ്ഗമായി പുരോഗമിക്കുകയായിരുന്നു ചെയ്തതു്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വർഗ്ഗരഹിത കമ്മ്യൂണിസ്റ്റ് സ്വർഗ്ഗത്തിലേക്കുള്ള വഴി ഉപേക്ഷിച്ച കിഴക്കൻ യൂറോപ്പിന്റെയും, ഈ അടുത്തയിട അമേരിക്കയോടു് സൗഹൃദപരമായ സമീപനം സ്വീകരിക്കാൻ തീരുമാനിച്ച ക്യൂബയുടെയുമെല്ലാം സാമൂഹികാവസ്ഥയും, ഇംഗ്ലണ്ഡിന്റെയും മറ്റു് പശ്ചിമയൂറോപ്യൻ രാജ്യങ്ങളുടെയുമെല്ലാം സാമൂഹികാവസ്ഥയും, ഒരു താരതമ്യം എന്ന നിലയിൽ, ഒന്നു് ശ്രദ്ധിക്കുന്നതു് നന്നായിരിക്കും.
പണ്ടു് കേരളത്തിൽ കേട്ട മുദ്രാവാക്യം: “ഹംഗറിയല്ലിതു് കേരളമാണേ, ഓർത്തു് ഭരിച്ചോ നമ്പൂരീ!” ഇന്നു് ഹംഗറിയിൽ കേട്ടേക്കാവുന്ന മുദ്രാവാക്യം: “ജർമ്മനിയല്ലിതു് ഹംഗറിയാണേ, ഓർത്തു് അതിർത്തികടന്നോ അഭയാർത്ഥീ!”
Sep 5, 2015, 10:59 AM
പുരാണേതിഹാസങ്ങളിലെ ആനത്തലയും മനുഷ്യശരീരവുമുള്ള ഗണപതി, മേൽപ്പാതി മനുഷ്യനും, താഴ്പ്പാതി കുതിരയുമായ സെന്റോർ തുടങ്ങിയ സൃഷ്ടിപ്പുകൾ അവയിൽത്തന്നെ വിരുദ്ധോക്തികളാണു്. യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മസ്തിഷ്കഭൂതങ്ങളെ ഭാഷയുടെ മൂശയിലേക്കു് ഉരുക്കിയൊഴിച്ചു് സൃഷ്ടിക്കപ്പെടുന്ന ഓക്സിമൊറോണുകൾ, ഇല്ലാജീവികൾ! ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, പൗരോഹിത്യം ദൈവങ്ങളെ സാക്ഷിയാക്കി നടത്തുന്ന മനുഷ്യന്റെ സാമാന്യബുദ്ധിയുടെ വ്യഭിചരിക്കലാണതു്. സാമാന്യബുദ്ധി എന്നൊന്നില്ലാത്തിടത്തു് എങ്ങനെ അതിനെ വ്യഭിചരിക്കാനാവുമെന്നാണു് ചോദ്യമെങ്കിൽ, അതു് യുക്തിപൂർവ്വമായ ഒരു ചോദ്യമാണെന്നു് സമ്മതിക്കാതെ വയ്യ. വിവിധതരം ആരാധനാലയങ്ങളുടെ അകത്തുനിന്നു്, അവിടെയെത്തുന്ന ഭക്തരെയും അവരുടെ ചേഷ്ടകളേയും വീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള ആർക്കും അക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാവാൻ വഴിയില്ല.
സ്കിത്സോഫ്രേനിയയുടെ ഒരു ലക്ഷണമാണു് വിഭജിക്കപ്പെട്ട വ്യക്തിത്വമെന്നു് മനഃശാസ്ത്രം. ഗണപതിയും സെന്റോറും പോലുള്ള ജീവികൾ ശാരീരികമായി മൃഗംപാതി-മനുഷ്യൻപാതി രൂപത്തിൽ ആയതുകൊണ്ടു് അവ “per se” സൈക്കോട്ടിക് ആവണമെന്നില്ല. പക്ഷേ, അവരെ സൃഷ്ടിച്ച സാഹിത്യകാരന്മാരുടെ മാനസികാവസ്ഥ ഒന്നു് പരിശോധിച്ചു് നോക്കുന്നതു് തെറ്റാവില്ല. അവർ സ്കിത്സൊഫ്രെനിക്കോ, ബാലസാഹിത്യസ്രഷ്ടാക്കളോ, അതോ വിപ്ലവസാഹിത്യസ്രഷ്ടാക്കളോ എന്നു് മനസ്സിലാക്കാൻ അതു് സഹായിച്ചേക്കും. അതേസമയം, മനുഷ്യന്റെ രൂപവും, മൃഗത്തിന്റെ സ്വഭാവവും ഉള്ളവർ, “with a probability bordering on certainty”, സൈക്കോട്ടിക്കുകളോ ന്യൂറോട്ടിക്കുകളോ ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
കൂട്ടം കൂടിയുള്ള പ്രാർത്ഥനാവിലാപങ്ങളോ പോകട്ടെ, ആരുമില്ലാത്തിടത്തു് ഒറ്റയ്ക്കിരുന്നു് ആരോടോ എന്നപോലെ പിറുപിറുത്തതുതന്നെ പിറുപിറുക്കുകയും, ഗോഷ്ടികൾ കാണിക്കുകയും ചെയ്യുന്നതു് ആരോഗ്യമുള്ള ഒരു മനസ്സിന്റെ ലക്ഷണമല്ല എന്നു് മനസ്സിലാക്കാൻ വലിയ മനഃശാസ്ത്രത്തിന്റെയൊന്നും ആവശ്യമില്ല. അവരുടെ അഭിപ്രായത്തിൽ അതു് മൂത്ത ശാസ്ത്രം പോലുമായിരിക്കുമെന്നതാണു് അതിലേറെ രസകരം. ദൈവവിശ്വാസം ഒരു മാനസികരോഗമാണെന്നു് ശാസ്ത്രജ്ഞർ ഈയിടെയാണത്രെ കണ്ടെത്തിയതു്! അതിനവരെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. ഇന്റർനെറ്റ് വരുന്നതിനു് മുൻപു് വിശ്വാസശാസ്ത്രത്തിന്റെ ചെണ്ടകൾ കൊട്ടിത്തുള്ളുന്ന ഇത്രയേറെ ദൈവ-മത-ഭക്തിശാസ്ത്രജ്ഞരെ കാണാനും പരിചയപ്പെടാനും, തന്മൂലം ആ പ്രതിഭാസം പഠനവിധേയമാക്കേണ്ടതാണെന്നു് തോന്നാനും അവർക്കു് കഴിയുമായിരുന്നില്ലല്ലോ.
Sep 6, 2015, 6:26 AM
“പൊതുസ്ഥലങ്ങളിൽ നഗ്നത പ്രദർശിപ്പിക്കുന്നതു് സദാചാരവിരുദ്ധമാണു്.” – നഗ്നത ദൈവങ്ങളുടേതല്ലാത്തിടത്തോളം!
Sep 6, 2015, 6:47 AM
“ആധുനിക ശാസ്ത്രത്തിന്റെ ലക്ഷ്യം: കഴിയുന്നത്ര കുറച്ചു് വേദന, സാധിക്കുന്നത്ര ദീർഘമായ ജീവിതം – അതായതു്, ഒരുതരം നിത്യനിർവൃതി, പക്ഷേ മതങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ നിത്യാനുഭൂതിയുമായി താരതമ്യം ചെയ്യുമ്പോൾ, വളരെ എളിയ ഒന്നു്.” – ഫ്രീഡ്രിഹ് നീറ്റ്സ്‌ഷെ.
Sep 7, 2015, 8:13 AM
മനുഷ്യമനസ്സിന്റെ ഭാരം ലഘൂകരിക്കുന്നതിനുവേണ്ടി എന്ന പേരിലാണു് പൗരോഹിത്യം മതങ്ങൾക്കു് രൂപം കൊടുത്തതു്. ഗോപ്യമായ ലക്ഷ്യം, ഇത്തിക്കണ്ണിയുടെ മാതൃകയിൽ, എല്ലുമുറിയെ പണിയെടുത്താൽ മാത്രം ജീവിക്കാനുള്ള വക കഷ്ടിച്ചു് ഉണ്ടാക്കാൻ കഴിയുന്ന മനുഷ്യരെ ചൂഷണം ചെയ്തു് പുരോഹിതവർഗ്ഗത്തിന്റെ അധികം മേലനങ്ങാതെയുള്ള സുഖജീവിതം നയിക്കലും! അദ്ധ്വാനിക്കുന്നവർക്കു് അദ്ധ്വാനഭാരമല്ലാതെ ചിന്താഭാരം ചുമക്കാൻ സമയമുണ്ടാവാറില്ലെങ്കിലും, ചിന്താശേഷി ഇല്ലാതിരിക്കണമെന്നില്ല. തന്മൂലം, അവരിലാരെങ്കിലും ഭാരമില്ലാത്തിടത്തു് ഭാരലഘൂകരണത്തിനു് എന്തർത്ഥമെന്തെന്നു് തിരിച്ചു് ചോദിച്ചാൽ? അതുകൊണ്ടു് ആദ്യം മനുഷ്യമനസ്സിൽ ഭാരം ജനിപ്പിക്കപ്പെടണം. അതിനായിട്ടാണു് സ്വർഗ്ഗം, നരകം, പാപം, പുണ്യം, കർമ്മം, വർമ്മം, ചർമ്മം, വർണ്ണം, ചർമ്മവർണ്ണം തുടങ്ങിയ “ആദ്ധ്യാത്മിക”ഭാരങ്ങൾ ദൈവനാമത്തിൽ ഒന്നിനുപുറകെ ഒന്നായെന്നോണം സൃഷ്ടിക്കപ്പെട്ടതു്. ദൈവമാണെങ്കിൽ, ഞാനില്ലല്ലോ, പിന്നെ എന്റെ നാമത്തിൽ വല്ലവനും വല്ലതും സൃഷ്ടിച്ചാലോ, ചെയ്താലോ എനിക്കെന്തു് എന്നു് സ്വയം സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ, ജീവിക്കാൻ ആവശ്യമായ അദ്ധ്വാനഭാരം ആവശ്യത്തിലേറെ മുതുകത്തു് വഹിക്കുന്ന മനുഷ്യന്റെ മനസ്സിൽ ആദ്ധ്യാത്മികഭാരം കൂടി തിരുകിയശേഷം പുരോഹിതൻ കല്പിച്ചു: “വലിയെടാ വലി!” (ഇല്ലാത്ത) ദൈവത്തിന്റെ കോപം ഉണ്ടാവാതിരിക്കാൻ, മരണാനന്തരം നരകത്തിൽ എത്താതിരിക്കാൻ, നിത്യസ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാൻ അന്നുമുതൽ ഇന്നുവരെ മനുഷ്യൻ വണ്ടിക്കാളകളേപ്പോലെ വലിയോടു് വലി! തലമുറകൾ പലതു് കൊഴിഞ്ഞുപോയി. അതിനിടയിൽ ഒട്ടേറെ പുരോഹിതർ സ്വന്തം ഇഷ്ടാനുസരണം തിന്നും കുടിച്ചും വീർത്തു് ചത്തു, അതിന്റെ പതിന്മടങ്ങു് വിശ്വാസികൾ പൗരോഹിത്യത്തിന്റെ ഇഷ്ടാനുസരണം പ്രാർത്ഥിച്ചും നോമ്പുനോക്കിയും ഉണങ്ങി മെലിഞ്ഞും ചത്തു. ചത്തവരാരും ഇതുവരെ ഭൂമിയിൽ തിരിച്ചു് വന്നിട്ടുമില്ല. സ്വർഗ്ഗത്തിലെയും നരകത്തിലെയും ജീവിതം നിത്യമാണെങ്കിലും സമ്മർ വെക്കേഷനോ, കാഷ്വൽ ലീവോ ഒന്നും അവിടങ്ങളിലെ അന്തേവാസികൾക്കു് ലഭിക്കില്ലെന്നു് വേണം കരുതാൻ. പക്ഷേ, മനുഷ്യൻ എന്ന “കണ്ഡീഷൻഡ് അനിമൽ” തന്റെ മനസ്സിൽ ഉണ്ടെന്നു് സങ്കല്പിക്കുന്ന പാപഭാരങ്ങൾ വലിച്ചുകൊണ്ടുള്ള ഇഴയൽ ഇന്നും അനുസ്യൂതം തുടരുന്നു. വിർച്ച്വൽ ആയ, പൗരോഹിത്യം സ്വേച്ഛയാ കണ്ടെത്തി തന്റെ മനസ്സിൽ കുത്തിവച്ച ഒരു ഇല്ലാഭാരമാണു് താൻ ഈവിധം കഷ്ടപ്പെട്ടു് ചുമക്കുന്നതെന്നു് എന്നു് മനുഷ്യൻ തിരിച്ചറിയുന്നോ അന്നു് മതങ്ങളും അവയോടൊപ്പം പൗരോഹിത്യവും എന്നേക്കുമായി ലോകത്തിൽ നിന്നും അപ്രത്യക്ഷമാവും; അന്നേ അപ്രത്യക്ഷമാവൂ.
Sep 7, 2015, 10:08 AM
അടി കാണാൻ അടിയിൽ കുത്തിടുക. കുത്തുകാണാൻ അടിയിൽ ഒന്നും ഇടാതിരിക്കുക.
Sep 8, 2015, 10:07 AM
ഒരിക്കൽ ഡോണാൾഡ് ഡക്കിന്റേതുപോലത്തെ ചുണ്ടുള്ള ഒരു ഗാന്ധി പ്രതിമ ഏതോ ഒരു പോളി ടെക്‌നിക് കോളജിന്റെ മുന്നില്‍ സ്ഥാപിച്ചതിനെപ്പറ്റി ഒരു വാർത്ത കണ്ടിരുന്നു. ദൈവങ്ങളുടേയും ദൈവതുല്യരുടെയും പടങ്ങളും ശില്പങ്ങളുമെല്ലാം മാസ്സ് പ്രൊഡക്ഷൻ അടിസ്ഥാനത്തിൽ അടങ്ങൽ എടുത്തു് നടത്തിക്കൊടുക്കുന്ന കലാകാരന്മാർ ശിവകാശി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളമുണ്ടു്. വില തുച്ഛം, ഗുണവും ഒപ്പത്തിനൊപ്പം തുച്ഛം. അവരിൽ ആരെങ്കിലുമായിരിക്കണം ഗാന്ധിയുടെ പ്രതിമാനിർമ്മാണത്തിന്റെ ചുമതല വഹിച്ചതു്. കല എന്നൊക്കെപ്പറഞ്ഞാൽ, അതിപ്പോൾ “ബിയെനാലെയിലെ” ആയാലും, കേരളത്തിൽ അങ്ങനെയാണു്. കലാകാരൻ ആരെയെങ്കിലും ദിവസക്കൂലിക്കു് നിർത്തി തന്റെ “കല” പണികഴിപ്പിക്കും. അതിനു് ഉത്തരാധുനികമെന്നു് തോന്നുന്ന ഒരു പേരുമിട്ടു് തന്റേതായി അവതരിപ്പിക്കും. സർവ്വം ശുഭം, മംഗളം.
ഗാന്ധി പ്രതിമയുടെ ചുവട്ടിൽ മഹാത്മാഗാന്ധി എന്നെഴുതിവച്ചിട്ടില്ലായിരുന്നെങ്കിൽ അതു് വിൻസ്റ്റൺ ചർച്ചിലിന്റേതാണെന്നു് കലാസ്വാദകർ സംശയിക്കുമായിരുന്നുപോലും! കലാസ്വാദകർക്കു് പ്രതീകാത്മകത മനസ്സിലാവില്ല എന്നു് വന്നാൽ കലാകാരന്മാരുടെ കാര്യം കഷ്ടം തന്നെയാണു്. കലയായാലും, സാഹിത്യമായാലും, രാഷ്ട്രീയമായാലും, മതമായാലും കാര്യങ്ങൾ വളരെ ഗൗരവപൂർവ്വം കൈകാര്യം ചെയ്യുന്നവരാണു് കേരളത്തിലെ ആസ്വാദകർ. അതുകൊണ്ടു് ബന്ധപ്പെട്ട സ്രഷ്ടാക്കൾ എപ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ടു്. കല ആയാലും, സാറ്റയർ ആയാലും, സർക്കാസമായാലും അടിയിൽ “പേരെഴുതിവച്ചു്” വേണ്ടത്ര ഗൗരവം വരുത്താതിരുന്നാൽ സംഭവം പാളിപ്പോകാനിടയുണ്ടു്. ഇപ്പോൾത്തന്നെ കേരളത്തിൽ രണ്ടിനം ഭക്തന്മാർ തമ്മിൽ ഏതോ കലയിലെ പ്രതീകാത്മകതയുടെ പേരിൽ പൊരിഞ്ഞ വാക്പയറ്റു് നടന്നുകൊണ്ടിരിക്കുകയാണത്രെ! അണികളുടെ ഗോഗ്വാ വിളികളിൽ തൊഴിൽപരമായ വൈദഗ്ദ്ധ്യത്തോടെ ഇടപെടുന്ന നേതാക്കൾ ഇരുപക്ഷത്തും അത്യാവശ്യം വേണ്ടത്ര ഉള്ളതിനാൽ മാത്രമാണു് രാഷ്ട്രീയവണ്ടികൾ കുഴിയിൽ വീഴാതെയും, പാളം തെറ്റാതെയും ഒരുവിധം മുന്നോട്ടു് പോയിക്കൊണ്ടിരിക്കുന്നതെന്നും കേൾക്കുന്നു.
Sep 10, 2015, 11:43 AM
ശ്രീനാരായണഗുരു ചിലർക്കു് “സിമന്റ് നാണു” ആയിരുന്നത്രെ! അപൂർവ്വമായി ലഭിക്കുന്ന ഇത്തരം അറിവുകൾ സകല ലോകത്തേയും അറിയിക്കേണ്ടതു് ഒരു ബാദ്ധ്യതയായി കരുതുന്നതിനാൽ ഞാൻ ചുമ്മാ പങ്കുവച്ചെന്നേയുള്ളു. അതെന്തായാലും, നാരായണഗുരുവും കാൾ മാർക്സും അവരുടേതായ രീതിയിൽ അദ്വൈതവാദികളായിരുന്നു. മാർക്സ് വിഭാവനം ചെയ്ത അന്തിമവിപ്ലവം വഴി “ദ്വൈതത്തിൽ” ഒന്നു് ഇല്ലായ്മ ചെയ്യപ്പെടുമ്പോൾ അദ്വൈതമല്ലാതെ മറ്റെന്താണുണ്ടാവുക? വംശീയമായി ഒരു യഹൂദനായിരുന്ന മാർക്സിന്റെ ഈ “അദ്വൈതവാദം” യെശയ്യാപ്രവാചകന്റെ പുസ്തകത്തിലും കാണാൻ കഴിയുന്നതു് ഒരു യാദൃച്ഛികതയാവാൻ വഴിയില്ല. ഞാനൊരു ദ്വൈതനോ അദ്വൈതനോ അല്ലാത്തതിനാൽ യെശയ്യാപ്രവാചകൻ വരച്ചുകാണിച്ച “എസ്കറ്റൊളോജിക്കൽ സിനാറിയോ”യുടെ ഒരംശം ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു. വേണമെന്നുള്ളവർക്കു് വായിച്ചു് വിപ്ലവാനുഭൂതിയിൽ ആറാടാം. കൂടാതെ, യെശയ്യാപ്രവാചകൻ ജീവിച്ചിരുന്നതു് ക്രിസ്തുവിനു് മുൻപു് എട്ടാം നൂറ്റാണ്ടിലായിരുന്നു.
വിപ്ലവകാലം:
“യഹോവെക്കു് സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്കു് ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഒഴുകിപ്പോകും. ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ (മനോരമയോ, മാതൃഭൂമിയോ ദേശാഭിമാനിയോ ചുരുളുന്നതുപോലെ! കാരണം, ആകാശം ഒരു പത്രം പോലെയോ, പഴമ്പായ പോലെയോ, പരന്നതാണു്) ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു് എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. യഹോവയുടെ വാൾ രക്തംപുരണ്ടും കൊഴുപ്പു് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു് ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു് ഒരു മഹാസംഹാരവും ഉണ്ടു്. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു് ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു് നിറഞ്ഞിരിക്കും. അതു് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.” – യെശയ്യാവു് 34: 2 – 8.
(By the way, ആട്ടിൻമൂത്രവും ഗോമൂത്രവും മനുഷ്യമൂത്രവും വിശ്രമം കൊള്ളുന്ന ചാണകക്കുഴികളും സെപ്റ്റിക് ടാങ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും, അവയുടെ ഔഷധഗുണത്തെ അതൊരുവിധത്തിലും ബാധിക്കുന്നില്ല. മൊത്തിമൊത്തി കുടിച്ചാൽ മതി, അത്ഭുതകരമായ രോഗശാന്തിയും അപ്രതീക്ഷിതമായ മഹാഭാഗ്യങ്ങളും ഉറപ്പു്. തൻമൂത്രം കുടിച്ചു് പ്രധാനമന്ത്രി ആയവർ വരെ ഭാരതത്തിലുണ്ടു്!)
വിപ്ലവാനന്തരകാലം:
“അന്നു് കുരുടന്മാരുടെ കണ്ണു് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു് മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു് ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു് തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു്, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും. അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിനു് വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല; അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോകയില്ല. ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.” – (യെശയ്യാവു് 35: 5 – 10)
Sep 11, 2015, 10:17 AM
എതിരാളികളുടെ ഉന്മൂലനം തന്റെ രാഷ്ട്രീയനയമായി പിൻതുടരുകയും നടപ്പാക്കുകയും ചെയ്തിരുന്ന ജോസഫ് സ്റ്റാലിന്റെ വക രണ്ടു് ഉദ്ധരണികൾ:
“ഒരു മനുഷ്യൻ ഒരു പ്രശ്നമാണു്, ഒരു മനുഷ്യനുമില്ലെങ്കിൽ ഒരു പ്രശ്നവുമില്ല”.
“ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തമാണു്, ലക്ഷങ്ങളുടെ മരണം സ്റ്റാറ്റിസ്റ്റിക്കും”.
സ്റ്റാലിനു് ഇപ്പോൾ റഷ്യയിൽ ആരാധകർ വർദ്ധിക്കുന്നുണ്ടത്രെ! സ്റ്റാലിനിസവും ഒരു മതമാണെങ്കിലും, മതനാഥൻ ഉയിർത്തെഴുന്നേറ്റു് തിരിച്ചുവരും എന്ന വിശ്വാസം അതിലില്ല. ഭാഗ്യം! സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ്പാതയിലെ പ്രശ്നക്കാരനായ മനുഷ്യനോ, കൊന്നൊടുക്കുന്ന ദശലക്ഷങ്ങളിൽ ആരെങ്കിലുമോ ആവേണ്ട ആവശ്യമില്ലാത്തവിധം അടിമമനസ്സുള്ള പാർട്ടിവിധേയരും സ്റ്റാലിൻഭക്തരുമാവണം ആവേശഭരിതരായ ആ ആരാധകർ. യജമാനഭക്തിയിലൂടെ മാത്രമേ ഇന്നുവരെ അടിമകൾക്കു് നിർവൃതിയടയാൻ കഴിഞ്ഞിട്ടുള്ളു.
Sep 12, 2015, 9:26 AM
ഫെയ്സ്ബുക്കിൽ കണ്ടതു്: “മരിച്ചുകഴിഞ്ഞാൽ കണ്ണു് തിരുമ്മിയടക്കാൻ പോലും മറ്റാരുടെയെങ്കിലും വിരൽത്തുമ്പിനു് ദയയുണ്ടാകണം. അത്രത്തോളം നിസ്സഹായരാണു് നമ്മളൊക്കെ”.
അതുപിന്നെ പറയാനുണ്ടോ? ശവം അനുഭവിക്കുന്ന നിസ്സഹായതയാണു് ശരിക്കുമുള്ള നിസ്സഹായത! തന്റെ കണ്ണു് ആരെങ്കിലുമൊന്നു് തിരുമ്മിയടച്ചിരുന്നെങ്കിൽ എന്നൊരാഗ്രഹം മരിച്ചുകഴിഞ്ഞാലും മനുഷ്യരിൽ അവശേഷിക്കും. അതുകൊണ്ടു്, നിന്റെ മരണാനന്തരനിസ്സഹായതയെപ്പറ്റി എപ്പോഴും ഓർത്തു് (എന്നേപ്പോലെ!) ദൈവഭയത്തോടെയും, താഴാഴ്മയോടെയും നിന്റെ ജീവിതം ജീവിച്ചു് തുലച്ചാൽ, ബോംബു് പൊട്ടിയോ, പേപ്പട്ടികളുടെ കടിയേറ്റോ നീ എവിടെയെങ്കിലും ചത്തുകിടക്കുമ്പോൾ മറ്റാരുടെയെങ്കിലും വിരൽത്തുമ്പിനു് ദയയുണ്ടായി നിന്റെ കണ്ണു് തിരുമ്മിയടച്ചുതരും.
Sep 12, 2015, 2:01 PM
മുട്ടനാടുകൾ ഇടി കൂടുന്നിടത്തു് ചോര കുടിക്കാൻ എത്തുന്ന കുറുക്കന്മാർക്കു് പണ്ടൊക്കെ ജോലി വളരെ എളുപ്പമായിരുന്നു. ഇടികൂടലിന്റെ തിരക്കുമൂലം ആണാടുകളോ, “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടിൽ, “ഇടിവിജയൻ” ആരെന്നറിയാൻ, ഇടി “കാണാതെകാണുന്ന” പെണ്ണാടുകളോ അവരെ അധികം ശല്യം ചെയ്തിരുന്നില്ല. മുട്ടനാടുകൾക്കു് സ്വഭാവത്തിൽ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും, പെണ്ണാടുകൾ ബൗദ്ധികമായി വളരെയേറെ പുരോഗമിച്ചു എന്നു് പറയാതെ വയ്യ. തനിയെ കുടിച്ചു് തീർക്കാൻ മാത്രമുള്ള ചോരയേ കൂട്ടിയിടികൾവഴി താഴെ വീഴുന്നുള്ളു എന്നും, സ്വന്തം വിശപ്പും ദാഹവും മാറ്റാൻ കുറുക്കന്മാരെ അകറ്റി നിർത്തുന്നതാണു് അഭികാമ്യമെന്നും അവർക്കു് ഇപ്പോൾ കുറേശ്ശെ ബോദ്ധ്യമായിത്തുടങ്ങി. പിടക്കോഴികൾപോലും വളരെ ചെറിയ മുട്ടകൾ മാത്രമിടുന്ന ഇക്കാലത്തു് അങ്ങനെ അല്ലാതിരുന്നാലേ അത്ഭുതപ്പെടേണ്ടതുള്ളു. അത്ര വലിയ മുട്ട തിന്നു് ആരുമങ്ങനെ സുഖിക്കണ്ട എന്നാണു് അവയുടെ വാദം. അതുപോലെ, നമ്മൾ കൊയ്യുന്ന വയലൊന്നും ഒരിക്കലും നമ്മുടേതാവില്ലെന്നും, ഏറിയാൽ പാർട്ടിയുടേതു് മാത്രമേ ആവുകയുള്ളു എന്നും ഇന്നത്തെ പൈങ്കിളികൾപോലും മനസ്സിലാക്കിക്കഴിഞ്ഞു. അല്ലെങ്കിലും, മെനൊപോസ് വരെ ഗർഭം ധരിക്കാതിരുന്നാൽ പിന്നെ പ്രസവത്തിനുവേണ്ടിയുള്ള അദ്ധ്വാനങ്ങൾ ചുമ്മാ കഷ്ടപ്പാടു് മാത്രമാണെന്നു് പെൺവർഗ്ഗത്തിനു് പണ്ടേതന്നെ അറിയാവുന്ന കാര്യവുമാണു്. അതുകൊണ്ടു്, ഐഡിയോളജികൾക്കു് ആർത്തവവിരാമം വന്നാലത്തെ അവസ്ഥയും അതിൽനിന്നും വ്യത്യസ്തമാവില്ലെന്നു് അറിയാൻ പ്രത്യേക സ്റ്റഡിക്ലാസ്സിന്റെ ആവശ്യം അവർക്കുണ്ടെന്നു് തോന്നുന്നില്ല. ഏതായാലും, തലയുടെ കീഴിൽ വൈരുദ്ധ്യാത്മകതയുടെയും, കാലിനിടയിൽ ഭൗതികവാദത്തിന്റെയും തലയിണകൾ തിരുകി സുഖനിദ്ര കൊള്ളുന്ന തമ്പ്രാക്കന്മാർ യൂഫിമിസം, ഹെജെമണി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു് പറയുമെന്നും, അതു് അവർ കാണാപ്പാഠം പഠിച്ച പദാവലികളുടെ സ്വപ്നത്തിലെ പുളിച്ചു് തികട്ടലായി കരുതിയാൽ മതിയെന്നും, അല്ലാതെ, എന്തെങ്കിലും വില നൽകേണ്ട കാര്യമല്ല അതെന്നുമൊക്കെ മനുഷ്യർ സാവകാശമെങ്കിലും മനസ്സിലാക്കിവരുന്നതു് അല്പമെങ്കിലും പ്രതീക്ഷക്കു് വക നൽകുന്നുണ്ടെന്നു് പറയേണ്ടിയിരിക്കുന്നു.
Sep 13, 2015, 3:04 PM
സിൽക്ക് കയ്യുറ ധരിച്ചുകൊണ്ടു് വിപ്ലവം സൃഷ്ടിക്കാൻ കഴിയില്ലെന്നു് സ്റ്റാലിൻ. കേരളത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പാർട്ടിനേതാക്കൾക്കു് കഴിയാത്തതു്, അധികം ദേഹമനങ്ങിയാൽ അലക്കിത്തേച്ചു് വടിപോലെ ആക്കിയ കുപ്പായങ്ങളിൽ ചുളിവുകൾ വീഴും എന്നതിനാലാവണം. കക്ഷത്തിൽ കുരു വന്നാലെന്നപോലെ നടക്കുന്നവർക്കു് പറ്റിയ പണിയല്ല വിപ്ലവം. വല്ല എട്ടുകാലിമമ്മൂഞ്ഞുമായി, വല്ലവന്റെയും വിപ്ലവങ്ങളുടെ പിതൃത്വം ഏറ്റെടുത്താൽ തുണി ചുളിയാതെ വിപ്ലവകാരിയാവാം. അതാണെളുപ്പം. ഒരു വെടിവട്ടം, രണ്ടു് പക്ഷികൾ! ദിവസേന ചെളിയിൽ ഉഴുതും, മണ്ണിൽ കിളച്ചും, കിളുന്തു് നുള്ളിയും ജീവൻ നിലനിർത്തേണ്ടിവരുന്ന തൊഴിലാളികൾ ഭാരതത്തിൽ കുറച്ചൊന്നുമല്ല. പക്ഷേ, അതു് വിപ്ലവപ്രസംഗം തൊഴിലാക്കിയവരെ അധികം അലട്ടാറില്ല. അതേസമയം, എവിടെയെങ്കിലും അതുപോലുള്ള തൊഴിലാളികൾ ആരെങ്കിലും വസ്ത്രത്തിനോ, ആഹാരത്തിനോ, പാർപ്പിടത്തിനോ വേണ്ടി സമരം തുടങ്ങുന്നു എന്നു് കേട്ടാൽ ശുഭ്രവസ്ത്രധാരികളായ വിപ്ലവഗുരുക്കൾ പതിവുചിരിയുടെ വിശാലതയുമായി തത്ക്ഷണം അവരുടെ മുന്നിൽ എത്തിയിരിക്കും. എലക്ഷൻ പ്രചരണസമയത്തു് അമ്മമാരുടെ ഒക്കത്തിരുന്നു് മൂക്കള ഒലിപ്പിക്കുന്ന കുഞ്ഞുങ്ങളെവരെ ഉമ്മ വച്ചു് ക്യാമറയെ നോക്കി വെളുക്കെ ചിരിച്ചുകാണിക്കാൻ മടിയില്ലാത്തവർക്കാണോ നാട്ടുകാരുടെ മുന്നിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു്? അല്പം ഡെറ്റോൾ ഒഴിച്ചു് കഴുകിയാൽ ഇല്ലാതാവുന്നതേയുള്ളു തൊഴിലാളിവർഗ്ഗസ്നേഹത്തിന്റെ സവർണ്ണാധരത്തിൽ പതിഞ്ഞ ആ മൂക്കളതീണ്ടലിന്റെ ദുർഗന്ധമെന്നും അവരെ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, പഠിപ്പിക്കാൻ പഴയതുപോലെ തൊഴിലാളികളെ കിട്ടുന്നില്ല എന്നതു് ഇപ്പറഞ്ഞത്ര എളുപ്പം പരിഹരിക്കാനാവുന്ന ഒരു പ്രശ്നമല്ല – പഠിപ്പിക്കപ്പെടേണ്ടവർ പഠിപ്പിക്കാൻ കച്ചകെട്ടി ഇരിക്കുന്നവരേക്കാൾ ബോധവാന്മാരായ ഒരു ലോകത്തിൽ പ്രത്യേകിച്ചും. വാക്കുകൾ എഴുതാൻ പഠിച്ചവനെ വാക്കു് വരയ്ക്കാൻ മാത്രമറിയുന്നവനു് അധികനാൾ നിയന്ത്രിച്ചു് നിർത്താനാവില്ല.
Sep 14, 2015, 9:27 AM
“With all due respect, Mr President, you are an asshole”. ജർമ്മൻ വിദേശകാര്യമന്ത്രി ആയിരുന്ന യോഷ്കാ ഫിഷർ ജർമ്മൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ആയിരുന്ന റിഹാർഡ് സ്റ്റ്യുക്ലെനോടു് ഒരിക്കൽ പറഞ്ഞതാണിതു്. ചെറിയ പ്രൈവറ്റ് ഗ്രൂപ്പുകളിലെ സംസാരഭാഷയിൽ ഉപയോഗിക്കാറുണ്ടെങ്കിലും, അത്ര പാർലമെന്ററി അല്ലാത്ത ഈ പ്രയോഗം ഫിഷർ പാർലമെന്റിൽത്തന്നെ ഉപയോഗിക്കുകയായിരുന്നു. സ്റ്റ്യുക്ലെൻ തന്റെ ഉദ്ദേശ്യം അർഹിക്കുന്ന സ്പിരിറ്റിൽ ഉൾക്കൊള്ളുമെന്നുള്ള ബോദ്ധ്യമാവണം ഫിഷറിനെക്കൊണ്ടു് അതു് പറയിച്ചതു്. താനൊരു മലദ്വാരമാണെന്നോ, ഫിഷർ അങ്ങനെ പറഞ്ഞെന്നോ നെറ്റിയിൽ ഒട്ടിച്ചുവച്ചു് അതുമൊരു അംഗീകാരം എന്നു് കരുതി ഞെളിയുന്നവനായിരുന്നു സ്റ്റ്യുക്ലെനെങ്കിൽ ഫിഷർ അങ്ങനെ പറയുമായിരുന്നെന്നോ, പറഞ്ഞാൽത്തന്നെ ആ പ്രയോഗം ലക്ഷ്യം കാണുമായിരുന്നെന്നോ തോന്നുന്നില്ല.
കൂതിയില്ലാത്ത മനുഷ്യരില്ല. പക്ഷേ, ഒരു കൂതിയുള്ളതുകൊണ്ടു് മാത്രം ആരും മനുഷ്യനാവുന്നുമില്ല. ഒരു വെറും കൂതി മാത്രമായോ, ഒരു മനുഷ്യനായോ തനിക്കു് ജീവിക്കേണ്ടതെന്നു് തീരുമാനിക്കാൻ കൂടിയാണു് മനുഷ്യനു് തല എന്നൊരു അവയവമുള്ളതു്. മനുഷ്യൻ ഒരിക്കലും ഒന്നിനും – വ്യക്തികൾക്കോ, പാർട്ടികൾക്കോ, മതങ്ങൾക്കോ, ദൈവങ്ങൾക്കോ – പണയപ്പെടുത്താൻ പാടില്ലാത്ത വളരെ വിലപിടിപ്പുള്ള ഒരു നിധിയാണതു്. മനുഷ്യനു് സ്വന്തമായ വ്യക്തിത്വം നൽകി അവനെ/അവളെ വെറുമൊരു കൂതി അല്ലാതാക്കുന്നതിന്റെ ചുമതല ഏറ്റെടുക്കാൻ പ്രാപ്തിയുള്ള കണ്ട്രോൾ സെന്റർ. പക്ഷേ മനുഷ്യന്റെ തീരുമാനങ്ങൾ യുക്തിഭദ്രമായിരിക്കണമെങ്കിൽ ആ മെക്കാനിസത്തിൽ വൈറസ് കടക്കാതെയും പുഴുക്കുത്തു് വീഴാതെയും സൂക്ഷിക്കേണ്ടതുണ്ടു്. സമൂഹജീവികൾക്കു് പൊതുവേയും, ഗോത്രജീവികൾക്കു് പ്രത്യേകിച്ചും മിക്കവാറും അസാദ്ധ്യമായ ഒരു കാര്യമാണതു്. ജനനം മുതൽ മരണം വരെ കുടുംബവും സമുദായവും സമൂഹവും മറ്റു് ചുറ്റുപാടുകളും ചേർന്നു് മുടങ്ങാതെ കുത്തിവച്ചുകൊണ്ടിരിക്കുന്ന വൈറസുകളിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ഒരു മോചനം അനാവശ്യമാണെന്ന ബോദ്ധ്യത്തിലേക്കുവരെ കൊണ്ടുചെന്നെത്തിക്കാൻ മാത്രം ശക്തമായ കണ്ഡീഷനിങ്ങിനു് വിധേയരാക്കപ്പെടുന്നവരാണു് മനുഷ്യർ എന്നറിയുമ്പോൾ അതിൽ അത്ഭുതത്തിനു് വകയുമില്ല.
സൗദി അറേബ്യയിലെ ക്രെയിൻ അപകടത്തിൽ നൂറിലധികം മനുഷ്യർ മരിക്കുകയും, അനവധി ആളുകൾക്കു് പരിക്കു് പറ്റുകയും ചെയ്ത വിഷയത്തിൽ ചില ഓൺലൈൻ മുസ്ലീം ഭക്തർ കമന്റുകളിലൂടെ ഒഴുക്കുന്ന വിഷം കാണുമ്പോഴും (ആത്മാവിൽ അല്ലാഹു വസിക്കുമ്പോൾ നാവിലൂടെ കാളകൂടമൊഴുകും!), അധികപങ്കും സ്ത്രീകളായ മൂന്നാറിലെ തേയിലത്തൊഴിലാളികൾ സ്വന്തശക്തിയാൽ അവരുടെ സമരത്തെ വിജയത്തിലേക്കു് എത്തിച്ചതിന്റെ അവകാശം ഏറ്റെടുക്കാൻ ചില എട്ടുകാലിമമ്മൂഞ്ഞുകൾ ഉടുതുണിവരെ അഴിച്ചുമാറ്റി ഗോദയിലിറങ്ങി പുലികളിക്കുന്നതു് കാണുമ്പോഴും, അല്ലാഹുവിന്റെ നാമത്തിൽ ലോകസമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ കൊന്നൊടുക്കലിൽ നിന്നും രക്ഷപെടാനായി എല്ലാം ഇട്ടെറിഞ്ഞു് നാടുവിടുന്നവരെ മനുഷ്യത്വത്തിന്റെ പേരിൽ സ്വീകരിക്കാൻ തയ്യാറാവുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്നവരെ കാണുമ്പോഴും എനിക്കു് ഫിഷർ ഉപയോഗിച്ച ആ പ്രയോഗമാണു് ഓർമ്മ വരുന്നതു്. പക്ഷേ, “ഉടുക്കുകൊട്ടു് കേട്ടാൽ പേടിക്കാത്ത വെടിക്കെട്ടുകാരോടു്” അതോ അതിലപ്പുറമോ പറഞ്ഞിട്ടും കാര്യമൊന്നുമില്ല. കാരണം, “You can twist and turn as you want – the ass is always behind”.
August 2015
Aug 3, 2015, 1:18 PM
കോടതികൾ അടങ്കൽ എടുത്തിരിക്കുന്ന ഒന്നല്ല വധശിക്ഷ. രാഷ്ട്രീയപ്രതിയോഗികളെ വകവരുത്താൻ (ഉദാ. മാർക്സിസം, മാവോയിസം തുടങ്ങിയ ഇസങ്ങളുടെ പേരിൽ നടത്തപ്പെടുന്ന കൊലപാതകങ്ങൾ), സ്വന്തം ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവരെ ആ ദൈവത്തിന്റെ നാമത്തിൽ ഇല്ലായ്മ ചെയ്യാൻ (ഉദാ. ISIS പോലുള്ള ഭീകരസംഘടനകളും, ഒരു മതത്തിന്റെ അവാന്തരവിഭാഗങ്ങൾ തമ്മിൽത്തമ്മിലും നടത്തുന്ന കൊലപാതകങ്ങൾ), സ്വന്തം നാട്ടിൽ അനഭിലഷണീയരായവരെ ഉന്മൂലനം ചെയ്യാൻ (ഉദാ. ഉറുമ്പിനെപ്പോലും നോവിക്കാത്തവർ എന്നു് വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധമതവിശ്വാസികൾ മ്യാന്മാറിൽ നിന്നും റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാനായി നടത്തുന്ന വംശഹത്യകൾ), … അങ്ങനെ പല കാരണങ്ങളുടെ പേരിൽ മനുഷ്യർ മനുഷ്യരെ വധിക്കാറുണ്ടു്. കൊല്ലുന്ന വിഭാഗത്തിന്റെ കാഴ്ചപ്പാടിൽ ശരിയും കൊല്ലപ്പെടുന്ന വിഭാഗത്തിന്റെ ദൃഷ്ടിയിൽ തെറ്റുമായ കൊലപാതകങ്ങൾ, വംശഹത്യകൾ! നിയമം കയ്യിലെടുത്തു്, അന്യചിന്തകൾക്കും അന്യവിശ്വാസങ്ങൾക്കുമെതിരെ ഒരു ശിക്ഷയായി നടത്തപ്പെടുന്ന ഇത്തരം വധങ്ങളെ വധശിക്ഷ എന്നല്ലാതെ എന്തു് പേരു് നൽകിയാണു് വിളിക്കേണ്ടതു്? അതോ, കോടതിയുടെ വധശിക്ഷ പോലെ, ശമ്പളം വാങ്ങുന്ന ഒരു ആരാച്ചാർ നിയമപരമായി നിറവേറ്റുന്ന കൊലപാതകങ്ങൾ മാത്രമേ “വധശിക്ഷ” എന്ന വിളിപ്പേരു് അർഹിക്കുന്നുള്ളോ? അങ്ങനെയെങ്കിൽ, ചുരുങ്ങിയപക്ഷം, വാടകക്കൊലയാളികൾക്കു് കൂലികൊടുത്തു് ചെയ്യിക്കുന്ന അറുകൊലകളെ എങ്കിലും വധശിക്ഷ എന്നു് വിളിക്കേണ്ടതുണ്ടു്. സ്വന്തം പ്രവൃത്തികളുടെ പരിണതഫലങ്ങളെപ്പറ്റി പൂർണ്ണബോധമില്ലാത്ത മാനസികരോഗികളോ, ഡ്രഗ്സിനു് വിധേയരായവരോ ചെയ്യുന്ന കുറ്റകൃത്യങ്ങളോ, ഒരു അഫെക്റ്റിൽ ആരെങ്കിലും തല്ലുകയോ തള്ളിവീഴിക്കുകയോ ചെയ്തതിന്റെ ഫലമായി ആരെങ്കിലും ചാവുന്നതുപോലുള്ള കുറ്റകൃത്യങ്ങളോ അല്ല കരുതിക്കൂട്ടി ചെയ്യുന്ന കൊലപാതകങ്ങൾ. ഒരു ചാവേറോ, വാടകക്കൊലയാളിയോ, മത-രാഷ്ട്രീയതീവ്രവാദികളോ മറ്റു് മനുഷ്യരെ കൊല്ലുന്നതു് ഒരിക്കലും യാദൃച്ഛികമായിട്ടല്ല. അതിനു് പിന്നിൽ ആലോചിച്ചുറപ്പിച്ച ഒരു പ്ലാനുണ്ടായിരിക്കും. അബദ്ധത്തിൽ ആരും അരയിൽ ഒരു ബോബും ഫിറ്റ് ചെയ്തു് നിരപരാധികളെ കൊല്ലാൻ പുറപ്പെടാറില്ല.
അതുപോലുള്ള “വധശിക്ഷകൾ” ഒരു പ്രോഗ്രാം എന്നോണം കൊണ്ടുനടക്കുന്ന ആശയ-, വിശ്വാസസംഹിതകളുടെ പ്രതിനിധികൾ ഒരു സമൂഹത്തിൽ നിലവിലിരിക്കുന്ന വധശിക്ഷക്കെതിരായി ശബ്ദമുയർത്തുമ്പോൾ, ഒരു നിലപാടെന്ന രീതിയിൽ, അതു് എല്ലാത്തരം വധശിക്ഷകൾക്കും എതിരായവരിൽ അറപ്പേ ഉളവാക്കുകയുള്ളു. പണ്ടൊരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞതാണെങ്കിലും ആക്ച്വാലിറ്റി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഒരിക്കൽ കൂടി: “നീ കൊല ചെയ്യരുതു്” എന്ന, യഹൂദ-, ക്രൈസ്തവദൈവമായ യഹോവയുടെ കല്പനക്കു് “നീ ആരെയും കൊല ചെയ്യരുതു്” എന്ന അർത്ഥത്തിലേ എന്തെങ്കിലും വില നൽകാൻ കഴിയൂ. അന്യജാതികളെ അറുകൊല ചെയ്തു് വംശനാശം വരുത്താൻ യഹൂദരോടു് ആഹ്വാനം ചെയ്യുന്ന ഒരു യഹോവ ഒരു യഹൂദൻ മാത്രമേ ആവൂ; ഒരിക്കലും പ്രപഞ്ചസ്രഷ്ടാവു്, സർവ്വജ്ഞാനി എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവം ആവില്ല (ആവർത്തനപുസ്തകം 20: 16, 17). “നീ കൊല ചെയ്യരുതു്” എന്നു് ആ “ദൈവം” കല്പിച്ചാൽ അതിനു്, “നീ യഹൂദനെ കൊല്ലരുതു്, മറ്റാരെയും നിനക്കു് കൊല്ലാം” എന്ന ഒരർത്ഥമേ നൽകേണ്ടതുള്ളു. അതുപോലൊരു ദൈവം “വഴി തെറ്റിപ്പോയ” യഹൂദരെ രക്ഷപെടുത്താൻ “വഴിപിഴച്ച രീതിയിൽ” ഒരു മകനെ ജനിപ്പിച്ചാൽ അതിലും അത്ര വലിയ അത്ഭുതമോ അർത്ഥമോ ഒന്നും കാണേണ്ടതില്ല. പല കഥകളുടെയിടയിൽ മറ്റൊരു കഥ, അത്രതന്നെ! ആ മകൻ സകല ലോകത്തിനുമായി സ്നേഹകാഹളം മുഴക്കിയതുകൊണ്ടു് (അങ്ങനെ ബൈബിളിൽ എഴുതിയിരിക്കുന്നതു് നേരാണെന്ന നിഗമനത്തിൽ) പിതാവു് മുഴക്കിയ കൊലപാതകകാഹളത്തെ സംഭവിച്ചിട്ടില്ലാത്തതാക്കി മാറ്റാനുമാവില്ല. ആ ദൈവം ഇത്തിരികൂടി അപ്പുറത്തേക്കു് മാറി മറ്റൊരാൾക്കു് പ്രത്യക്ഷപ്പെട്ടു് മനുഷ്യവംശത്തിന്റെ രക്ഷക്കായി ആത്യന്തികമായ ഒരു ഒറ്റമൂലിസാഹിത്യം പാടിക്കേൾപ്പിച്ചതുകൊണ്ടും അങ്ങേരുടെ “ദൈവിക എസ്സെൻസിൽ” മാറ്റമൊന്നും വരുന്നില്ല.
ഇതു് യഹോവ എന്ന ദൈവത്തിനു് മാത്രമല്ല, ഭൂമിയിൽ പല കാലങ്ങളിലായി “അവതരിച്ചു്” സകലലോകപ്രശ്നപരിഹാരികൾ വിതരണം ചെയ്തു് മനുഷ്യരെ പരസ്പരം കൊല്ലിച്ചവരും കൊല്ലിച്ചുകൊണ്ടിരിക്കുന്നവരുമായ എല്ലാ ദൈവങ്ങൾക്കും, അതിമാനുഷപിതാക്കൾക്കും, അതിവിശുദ്ധമാതാക്കൾക്കും ഒരുപോലെ ബാധകമായ ഒരു കാര്യമാണു്. ഏതു് വിഡ്ഢിത്തത്തിനും അതിനെ പിന്തുടരാൻ തയ്യാറുള്ള കുറെ ആളുകളെ കണ്ടെത്താനാവും. അതുകൊണ്ടു് വിഡ്ഢിത്തം വിഡ്ഢിത്തമല്ലാതാവുന്നില്ല.
Aug 4, 2015, 11:40 AM
Article 1 of the Constitution of the Federal Republic of Germany:
“The dignity of man is inviolable.”
മലയാളം: “അന്തസ്സു് വേണമെടാ അന്തസ്സു്!”
Aug 5, 2015, 12:05 PM
ഇന്നു് ഫ്രീഡ്രിഹ് എൻഗെൽസിന്റെ നൂറ്റി ഇരുപതാമത്തെ ചരമദിനം.
ഒരുവശത്തു് വിപ്ലവകാരിയും മറുവശത്തു് വ്യവസായിയുമായി ഇരട്ടജീവിതം നയിച്ചിരുന്ന ഫ്രീഡ്രിഹ് എൻഗെൽസ്! മാർക്സ് വീട്ടിലിരുന്നു് വിപ്ലവസാഹിത്യം രചിക്കാൻ ഇഷ്ടപ്പെട്ടിരുന്നപ്പോൾ, ജന്മപ്രദേശമായ ബാർമനിലെ ലഹളകളിൽ പങ്കെടുത്തു് ബാരിക്കേഡ്സിനു് രൂപം നൽകാൻ മടിയില്ലാതിരുന്ന, സ്വന്തം അഭിപ്രായത്തിൽ, ജീവിതകാലം മുഴുവൻ “രണ്ടാം വയലിൻ” വായിച്ചിരുന്ന വിപ്ലവകാരി. തന്റെ ബിസ്നസ് ഹൗസിൽ താമസിക്കുകയും, സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിജയകരമായി സ്പെക്യുലേറ്റ് ചെയ്യുകയും ചെയ്തിരുന്ന “സ്യൂട്ട് ധാരി”. അതോടൊപ്പംതന്നെ മാഞ്ചെസ്റ്ററിന്റെ പ്രാന്തപ്രദേശത്തൊരു വീട്ടിൽ മേരി ബേൺസ് എന്നൊരു ഐറിഷ് തൊഴിലാളിയോടൊത്തു് ജീവിച്ചിരുന്ന “കോട്ടൺ ലോർഡ്”.
രാഷ്ട്രീയസഹചാരികളുടെ ഇകൊണോമിക് കോമ്പിറ്റൻസിനെപ്പറ്റി എൻഗെൽസിനു് വലിയ വിലമതിപ്പൊന്നുമുണ്ടായിരുന്നില്ല: “സോഷ്യലിസ്റ്റ് പത്രങ്ങളിൽ നിന്നും എന്റെ പ്രവർത്തനങ്ങൾക്കു് ഉപദേശം സ്വീകരിക്കാൻ മാത്രം ബാലിശനല്ല ഞാൻ.”
എഴുതുന്നതിൽ അത്ര വലിയ സത്യസന്ധതയുടെ ആവശ്യമൊന്നുമില്ലെന്നും, എങ്ങനെയെങ്കിലും “ദസ് കപിറ്റാൽ” എഴുതിത്തീർക്കുകയാണു് വേണ്ടതെന്നും മാർക്സിനെ നിർബന്ധിക്കുകയും, അതിനു് സാമ്പത്തികവും മാനസികവുമായ സഹായങ്ങൾ നൽകുകയും ചെയ്ത എൻഗെൽസ്: “ആ സാധനം എഴുതിത്തീർക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണു് പ്രധാനം. അതിലെ ദുർബ്ബലതകളായി നിന്റെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ ആ കഴുതകൾ ഒരിക്കലും കണ്ടുപിടിക്കാൻ പോകുന്നില്ല”. എന്നിട്ടും മരണത്തിനു് മുൻപു് ആദ്യത്തെ വാല്യം പൂർത്തിയാക്കാനേ മാർക്സിനു് കഴിഞ്ഞുള്ളു. മാർക്സ് അവശേഷിപ്പിച്ച കയ്യെഴുത്തു് പ്രതികളുടെ സഹായത്തോടെ എൻഗെൽസ് രണ്ടും മൂന്നും വാല്യങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
നല്ലൊരു ആസ്തിയോടോപ്പം ആയിരത്തിലേറെ കുപ്പി വീഞ്ഞും ഷാമ്പെയ്നും അവശേഷിപ്പിച്ചുകൊണ്ടു് 1895 ഓഗസ്റ്റ് അഞ്ചിനു് എൻഗെൽസ് ലണ്ഡണിൽ എഴുപത്തിനാലാമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം ചിതാഭസ്മം ഇംഗ്ലണ്ടിന്റെ തെക്കേ തീരത്തു് വിതറപ്പെട്ടു. “വീരാരാധന” ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഇത്തരം കാര്യങ്ങളിൽ എപ്പോഴുമെന്നപോലെ ഇവിടെയും മൂർത്തികളെ തേടുന്ന ആരാധകവൃന്ദത്തിന്റെ ലക്ഷ്യം നേരെ തിരിച്ചായിരുന്നു.
Aug 6, 2015, 10:54 AM
ആയിരം തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റ്കാരെ കിട്ടില്ല എന്നൊരു പ്രസ്താവന കണ്ടു. സാധാരണഗതിയിൽ അഞ്ചു് വർഷത്തിലൊരിക്കലാണു് കേരളനിയമസഭയിലേക്കു് തിരഞ്ഞെടുപ്പു് നടക്കുന്നതെന്നതിനാൽ, ഇന്നത്തെപ്പോലെതന്നെ, അയ്യായിരം വർഷങ്ങൾക്കു് ശേഷവും കേരളത്തിൽ സമുദായങ്ങളും സാമുദായികനേതാക്കളുമൊക്കെ ആയിരിക്കും തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുക എന്നതു് കോട്ടുവാ വിടാൻ തോന്നുന്നത്ര ത്രില്ലിങ് ആയൊരു കാര്യംതന്നെ. കേരളം പോലൊരു ചൊറിയൻസമൂഹത്തിന്റെ അത്യന്താധുനികവും പുരോഗമനപരവുമായ കാര്യങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ലോകാവസാനത്തോളം രാഷ്ട്രീയവൃദ്ധസദനങ്ങളിലെ ടുട്ടെൻകാമെനുകളിൽ നിന്നുതന്നെ വന്നുകൊണ്ടിരിക്കുമല്ലോ എന്നു് ഓർക്കുമ്പോൾ മേലാസകലം ഒരു രോമാഞ്ചപുളകോദ്‌ഗമം! നിങ്ങൾക്കു് ഇപ്പറഞ്ഞ സംഭവം ഉണ്ടാകുന്നില്ലെങ്കിൽ അതു് നിങ്ങളുടെ കുഴപ്പമല്ല, നിങ്ങളിലെ അരാഷ്ട്രീയതയുടെ, അഥവാ അരാജകത്വമില്ലായ്മയുടെ കുഴപ്പമാണു്.
ചില നാടുകളിൽ ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ മതി, തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്നും പറഞ്ഞു് ചില പാർട്ടി നേതാക്കൾ രാജി വയ്ക്കാറുണ്ടു്. വിഡ്ഢികൾ എന്നേ ഞാനവരെ വിളിക്കൂ. അവരൊക്കെ ഭാരതത്തെ മാതൃകയാക്കുകയാണു് ചെയ്യേണ്ടതു്. രാഷ്ട്രീയനേതാവു് എന്നതു് ഒരു ആയുഷ്കാലപദവി ആയിരിക്കണം. എന്നാലേ ഒരു രസമുള്ളു. പണ്ടത്തെ പല രാജവംശങ്ങളും ജനങ്ങളെ ഭരിക്കാനായി മാത്രം ദൈവത്തിൽ നിന്നോ, സൂര്യനിൽ നിന്നോ ഒക്കെ നേരിട്ടു് പൊട്ടിപ്പുറപ്പെട്ടു് അപ്പൂപ്പൻ താടിപോലെ ഭൂമിയിൽ എത്തിയവയാണെന്നോർക്കുക. മറ്റാർക്കും വിട്ടുകൊടുക്കാതെ കുടുംബപരമ്പരകൾ എന്നേക്കുമായി കൈവശം വച്ചു് അനുഭവിക്കുന്ന അധികാരം കണ്ടാൽ ഉറപ്പിക്കാം: അവരുടേതു് ദൈവദത്തമായ ഒരു അധികാരശക്തിയാണു്. ചിന്തിക്കുന്നവർക്കു് ഇതിലൊക്കെ ധാരാളം ഭൃഷ്ടാന്നമുണ്ടു്. എടുത്തു് വയറുനിറയെ കഴിക്കുകയേ വേണ്ടൂ.
ഷിബു എന്ന സിമ്പിൾ നാമത്തിൽ ഭഗവാൻ വീണ്ടും സംഭവിച്ചിരിക്കുന്നു! തിരുവടികൾ ഇന്നലെ എന്റെ വേർഡ്പ്രസ് ബ്ലോഗിൽ വന്നു് വല്ലാതെ ക്ഷോഭിച്ചപ്പോഴാണ് അവതാരവിവരം ഞാൻ അറിഞ്ഞത്. ഞാൻ പറഞ്ഞ കഥകൾ വല്ലതും മനസ്സിലാക്കിയിട്ടാണോടാ നീയിങ്ങനെയൊക്കെ പുലമ്പുന്നത് എന്നായിരുന്നു തിരുമേനിയുടെ വണ്‍ മില്ല്യൻ ചോദ്യം. ഞാൻ നാണിച്ചും ഭയന്നും പോയെന്ന് പറയേണ്ടതില്ലല്ലോ. തിരുക്ഷോഭത്തിന്റെ എരിവും പുളിയും ഒട്ടുമേ നഷ്ടപ്പെടാതിരിക്കാൻ തിരുവചനങ്ങൾ അതേപടി ഇവിടെ പകർത്തുന്നു:
“Edo Manushya, thanikku hindu matham enthanennum hinduthvam enthanennum ariyamo..? than geethayo ramayanamo mahabharathamo vayichittunto?, thaniku upanoshthukalepatti enthariyam, thaniku vedangalappati enthariyam? avayil enthanu paranjirikkunnathennu ariyamodo ….thanikku?..avayokke enthanu vivakshikkunnathennu thanikariyamo?…thanikoru chukkum ariyilla…..yesu anhu appam ayyayiram perkku vitharanam cheythu ennu bibilil paranjittuntallo…enganeyado manushya athu sadikunnathu? yesu entha muthukadinte shishyan ayirunno?…
== “യെസു അന്ഹു അപ്പം അയ്യയിരം പെർക്കു വിതരനം ചെയ്തു എന്നു ബിബിലിൽ പരഞിട്ടുന്റല്ലോ… എങനെയദൊ മനുഷ്യ അതു സദിക്കുന്നതു? യെസു എന്ത മുതുകദിന്റെ ഷിഷ്യൻ അയിരുന്നൊ?”==
അഖിലാണ്ഡനായകസിംഹമായ ഷിബുഭഗവാന്റെ കുണ്ടിൽ അബദ്ധത്തിൽ വീണുപോയ വെറുമൊരു ചുണ്ടെലിയായ ഈ പാവത്തിനോട് നിന്തിരുവടികൾ പൊറുക്കണം. “അടിയൻ പാവമാണ്. ആനയെപ്പോലും കൊല്ലാൻ കെല്പുള്ള ആളും, ബ്ലോഗെഴുതുന്ന “മതേതറകളെ” അറുകൊല ചെയ്യുന്ന ആളുകളുടെ വല്യങ്ങത്തയുമാണ് അങ്ങ്”. അങ്ങ് പറഞ്ഞാൽ, യെസു അന്ഹു അപ്പം അയ്യയിരം പെർക്കു വിതരനം ചെയ്തു എന്നല്ല, യെസു ഒരു അപ്പം അന്പതിനായിരം പെർക്കു വിതരനം ചെയ്തു എന്നുപോലും ഞാൻ വിശ്വസിക്കും. അങ്ങ് പാടിത്തന്നാൽ, യെസു മുതുകദിന്റെയല്ല, പൊതുകദിന്റെ ഷിഷ്യൻ അയിരുന്നു എന്നുപോലും ഞാൻ ഏറ്റുപാടും.
അങ്ങ് പറഞ്ഞ ഹൈന്ദവതരികിടകളൊന്നും വായിക്കാതെ ഓണ്‍ലൈനിൽ ഇടപെടുന്ന ഏതെങ്കിലും ഒരുത്തിയെയോ ഒരുത്തനെയോ എന്റെ കണ്മുന്നിൽ കണ്ടാൽ ആ നിമിഷം തട്ടിക്കളയും ഞാനവരെ!
Aug 10, 2015, 9:39 AM
എല്ലാം കാണുന്നവൻ, എല്ലാം അറിയുന്നവൻ , കരഞ്ഞപേക്ഷകൾക്ക് പ്രതിഫലം നൽകുന്നവൻ എന്നെല്ലാം മനുഷ്യർ വിളിച്ചിരുന്നത് പണ്ടൊക്കെ (ഡോഗ്മാറ്റിക് മയക്കത്തിൽ നിന്നും ഉണരാത്തവർ ഇന്നും) ദൈവത്തെ ആയിരുന്നു. വസ്തുതാപരമായി നോക്കിയാൽ, യാതൊരു അർത്ഥവുമില്ലാത്ത ഒരു ആരോപണം, ഒരു സങ്കൽപം മാത്രമല്ലാതെ മറ്റൊന്നുമല്ല ദൈവത്തിന്റെ ഇത്തരം ശേഷികളിലുള്ള മനുഷ്യരുടെ വിശ്വാസം. സത്യമെന്ന് മനുഷ്യർ വിശ്വസിക്കാൻ തുടങ്ങിയാൽ ഏത് അസംബന്ധവും കാലാന്തരത്തിൽ സംശയരഹിതമായ നിത്യസത്യങ്ങളായി മാറും. മാറാത്തവയെ മാറ്റിയെടുക്കലാണ് വ്യാഖ്യാതാക്കളുടെ ജോലി. പത്താംക്ലാസ് പാസാവാത്തവനെ യാതൊരു കുറ്റബോധവുമില്ലാതെ ബീയേക്കാരനോ എമ്മേക്കാരനോ പിഎച്ച്ഡിക്കാരനോ ആക്കി മാറ്റിയെടുക്കുന്നതുപോലുള്ള ഒരു കലാവിരുതാണതും. “കച്ചവടയൂണിവേഴ്സിറ്റികൾ” ഉന്നതബിരുദങ്ങൾ നൽകുന്ന കേരളത്തിൽ പ്രീഡിഗ്രിയും ഒരു ഡിഗ്രിയാണെന്ന് അംഗീകരിക്കാൻ ആരെങ്കിലും മടിക്കുമെന്ന ഭയവുംവേണ്ട. ഈ വ്യാഖ്യാനകലാകാരന്മാരുടെ ച്യവനപ്രാശവും ദ്രാക്ഷാരിഷ്ടവും കുറച്ചുനാൾ സേവിച്ചാൽപ്പിന്നെ ആദ്യം ദൈവത്തെപ്പറ്റി ചിന്തിച്ചശേഷമേ മറ്റെന്തിനെപ്പറ്റിയെങ്കിലും മനുഷ്യർക്ക് ചിന്തിക്കാനാവു; ആദ്യം മാർക്സിനെയും ലെനിനേയും മാവോയെയും പറ്റി ചിന്തിച്ചശേഷമേ സമൂഹത്തെപ്പറ്റി ചിന്തിക്കാൻ മനുഷ്യർക്കാവൂ. പോത്തട്ടയെപ്പോലെ വിട്ടുമാറാതെ കടിച്ചുതൂങ്ങി മനുഷ്യമനസ്സിൽ നിന്നും ബൌദ്ധികതയുടെ ജീവരക്തം ഊറ്റിക്കുടിച്ച് വീർക്കുന്ന നിലവിളക്കും, മലവിളക്കും, ഈശ്വരപ്രാർത്ഥനയും, ശുഭമുഹൂർത്തങ്ങളും, ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനാനിലവിളികളും ഇങ്ക്വിലാബ് കൊലവിളികളുമെല്ലാം ഈ കലാവിരുതിന്റെ സൃഷ്ടിപ്പുകളാണ്.
ഇന്നു് ഫെയ്സ്ബുക്കാണ് ദൈവം. ഓണ്‍ലൈൻ ലോകം ഗ്രീക്ക് ദൈവങ്ങളെയാണ് മാതൃകയാക്കുന്നതു്. സോഷ്യൽ മീഡിയകളിലെ സ്യൂസ് (Zeus) ആണ് ഫെയ്സ്ബുക്ക്. ബാക്കിയുള്ളതെല്ലാം സഹദൈവങ്ങളോ, ഛോട്ടാ ദൈവങ്ങളോ മാത്രം. ഓണ്‍ലൈൻ ലോകത്തിൽ ദൈവങ്ങൾ മാത്രമല്ല, ചുരുക്കം മാലാഖമാരും അതിലേറെ പിശാചുക്കളുമുണ്ട്. മുറുക്കിത്തുപ്പാൻ ചുണ്ണാമ്പും, പതുക്കെത്തുപ്പാൻ കോളാമ്പിയും ചോദിക്കാനും, ഈ രണ്ട് വഹകളും തരാനും മടിയില്ലാത്തവരുമുണ്ട്. ഫെയ്സ്ബുക്ക് ദൈവത്തിൽ നിന്നും ഫലം ലഭിക്കാൻ പ്രാർത്ഥനയുടെ ആവശ്യമില്ല, മതദൈവങ്ങളുടെ സന്നിധിയിൽ എന്നപോലെതന്നെ തുട്ടിന്റെ ആവശ്യം ഉണ്ടുതാനും. എളുപ്പത്തിന്റെ പേരിൽ, തുട്ടിനേക്കാൾ പ്ലാസ്റ്റിക് മണിയാണ് ഓണ്‍ലൈൻ ഇടപാടുകാർക്ക് കൂടുതൽ ഇഷ്ടമെന്നേയുള്ളു. ഒരു ജീൻസിനെപ്പറ്റി ആരെങ്കിലും ഇട്ട ഒരു പോസ്റ്റ് വായിക്കുകയോ, സ്വയം ഒരു പോസ്റ്റിടുകയോ ചെയ്‌താൽ എവിടെനിന്നൊക്കെ ഏതെല്ലാം തരം ജീൻസ് വാങ്ങിക്കാൻ കഴിയുമെന്ന് ഫെയ്സ്ബുക്ക് നിരന്തരം നമ്മെ കാണിച്ചുകൊണ്ടിരിക്കും. ആരെങ്കിലും പോസ്റ്റുന്ന തുണിയില്ലാലിങ്കുകളിൽ ക്ലിക്കിയാൽ പലതരം ആലീസുമാർ പലതരം അഡ്വെഞ്ചേഴ്സ് നടത്തുന്ന പലതരം അത്ഭുത ലോകങ്ങളിലേക്ക് ഫെയ്സ്ബുക്ക് നമ്മെ കൊണ്ടുപോയിക്കൊണ്ടിരിക്കും.
മനുഷ്യരുടെ രഹസ്യവും പരസ്യവുമായ സകല കാര്യങ്ങളിലേക്കും ഒളിഞ്ഞുനോക്കി വിലയിരുത്തുന്ന പലതരം “ഏകദൈവങ്ങൾ” അതു് ചെയ്യുന്നതു് മനുഷ്യരുടെ കുറ്റങ്ങളും പാപങ്ങളും കണ്ടെത്തി അവരെ സൗകര്യം പോലെ ഈ ലോകത്തിലോ മറ്റേ ലോകത്തിലോ ശിക്ഷിക്കാനാണെങ്കിൽ, ഫെയ്സ്ബുക്കും സമാനദൈവങ്ങളും മനുഷ്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് അവർക്ക് ഈ ലോകത്തിൽ ആവശ്യമായ സഹായങ്ങൾ നൽകാനാണ്. മതദൈവത്തിന് അറിയേണ്ടത് മനുഷ്യൻ കുളിമുറിയിൽ “നിഷിദ്ധമായ” കാര്യങ്ങൾ വല്ലതും ചെയ്യുന്നുണ്ടോ എന്നാണെങ്കിൽ, ഫെയ്സ്ബുക്ക് ദൈവത്തിന് അറിയേണ്ടത് ഉദാഹരണത്തിന്, കക്കൂസ്ഗാമീഗാമിനികൾ ഏത് ടോയ്ലെറ്റ് ടിഷ്യൂ ആണ് ഉപയോഗിക്കുന്നത് എന്നായിരിക്കും. അതിനുപിന്നിൽ ഒരു ദുരുദ്ദേശ്യവുമില്ല, ഒരുതരം സ്വയംസഹായമനസ്ഥിതി മാത്രം! സ്മാർട്ട് ഫോണുമായി കക്കൂസിലിരുന്ന് ആകർഷണീയമായ ഫോട്ടോകൾ സകല ലോകത്തിനുമായി പോസ്റ്റ് ചെയ്യുമ്പോൾ മൃദുലമായ ടോയ്ലെറ്റ് പേപ്പർ നിർമ്മിക്കുന്ന കമ്പനിയുടെ പരസ്യം സൈഡൊതുക്കി കാണിച്ച് ഫെയ്സ്ബുക്ക് നമ്മെ സഹായിക്കുന്നു. കഴുകിത്തഴുകിത്തലോടുന്ന ഭാരതീയന്റെ കാര്യത്തിൽ ടോയ്ലെറ്റ് പേപ്പറിന് പകരം ബിസ്ഫിനോൾ-എ പോലുള്ള വിഷങ്ങളുടെ അംശംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത മഗ്ഗിന്റെയും ബക്കറ്റിന്റെയും പരസ്യമാവും ഡിസ്പ്ലേയുടെ മൂലയിൽ നിരുപദ്രവകരമെന്നോണം തെളിയുക. സ്നേഹപൂർവ്വം ഒന്നോ രണ്ടോ അമർത്തലുകൾ! ഉദ്ദിഷ്ടവസ്തു ഉപകാരസ്മരണയും നന്ദിപ്രകടനവും സഹിതം അടുത്ത ദിവസങ്ങളിൽ വീട്ടിൽ എത്തിയിരിക്കും.
എന്തിനുവേണ്ടി എന്നാലോചിക്കാനുള്ള കഴിവില്ലാത്തതിനാൽ ആരോ പാടി പഠിപ്പിച്ച കഥകൾ പരമസത്യം എന്നുറപ്പിച്ച് വളരെയേറെ പ്രയാസങ്ങൾ സഹിച്ചും കഷ്ടപ്പെട്ടും വിശ്വാസിജീവിതം നയിക്കുന്ന സാധുക്കളുടെ ധാരണയിൽ സുവർക്കത്തിൽ മാത്രം കിട്ടുന്നവയായ ഹൂറികൾ, മദ്യങ്ങൾ, വെള്ളിക്കൂജകൾ, സ്വർണ്ണമഞ്ചങ്ങൾ തുടങ്ങിയവ എല്ലാം ഈ ലോകത്തിൽ തന്നെ ലഭ്യമാക്കുന്നു എന്നതാണ് ഫെയ്സ്ബുക്ക് പോലെയുള്ള മാധ്യമങ്ങൾ ദൈവത്തെക്കാൾ മുന്തിയതാവുന്നതിന്റെ പിന്നിലെ രഹസ്യം. ഫെയ്സ്ബുക്ക് ഇതൊക്കെ ചെയ്യുന്നത് നമ്മുടെ ആസനഭംഗി ലോകത്തെ കാണിക്കാനാണ് എന്ന് വിശ്വസിക്കുന്നതിൽ തെറ്റൊന്നുമില്ല. ആരൊക്കെ, എന്തൊക്കെ, എന്തിലൊക്കെ വിശ്വസിക്കുന്നില്ല?
Aug 10, 2015, 10:13 AM
“എകാധിപതിക്ക് ഫാൻ ക്ലബ്ബില്ല”.
രാവിലെതന്നെ ഫെയ്സ്ബുക്കിൽ ഇത് കണ്ടപ്പോൾ ഒറ്റ ഫാനുമില്ലാതെ വിഷമിച്ച് ലോകചരിത്രത്തിലൂടെ ജീവിതം തള്ളിനീക്കിയ ഒരുപാട് പാവങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി:
പാവം ഹിറ്റ്‌ലർ, പാവം ലെനിൻ, പാവം സ്റ്റാലിൻ, പാവം മാവോ, പാവം കാസ്ട്രോ, … … എല്ലാറ്റിലുമുപരി, ഭയങ്കരമാന പാവങ്ങളായ വിവിധയിനം “ഏകദൈവങ്ങൾ”!
Aug 11, 2015, 7:03 AM
ജൂറിയുണ്ടോ സാറേ ഒരവാർഡെടുക്കാൻ?
Aug 11, 2015, 11:42 AM
“അയാം ബോണ്ട്, ജെയിംസ് ബോണ്ട്” എന്ന മുഖവുരയോടെ സ്വയം പരിചയപ്പെടുത്തുന്ന ഒരാൾ ചില്ലറക്കാരനാവില്ല. അയാളോടു് ഭയഭക്തിബഹുമാനങ്ങളിൽ പിശുക്കു് കാണിക്കാൻ റൌഡിയോ മാഫിയയോ ഒന്നുമല്ലാത്ത ആരും മുതിരുമെന്നും തോന്നുന്നില്ല. “അയാം ഹിയർ, ബ്ലഫർ ഹിയർ” എന്നൊരു മുഖവുരയോടെ കഴിഞ്ഞദിവസം ഗൂഗിൾ പ്ലസിൽ ഒരു “നെറ്റിസണെ” കാണേണ്ടി വന്നപ്പോൾ, ജെയിംസ് ബോണ്ട് ആകസ്മികമായി എന്റെ മുന്നിൽ ചാടിവീണാലെന്നപോലെയാണു് എനിക്കു് തോന്നിയതു്. ഞാൻ ഒരു റൌഡിയോ, മാഫിയയോ, രാഷ്ട്രീയ ചാവേറോ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പോലുമോ അല്ല. ഫലമോ, നടുക്കം, ഭയം, ഭക്ത്യാദരവുകൾ ഇത്യാദി.
മാതാപിതാക്കൾ മക്കൾക്കു് ബ്ലഫർ എന്നു് പേരിടുന്നതു് അന്യായമാണു്. കുടുംബപ്പേർ ഹിയർ എന്നായതു് പോരാഞ്ഞിട്ടെന്നപോലെ! ഹിറ്റ്ലർ, ടൈഗർ എന്നൊക്കെ കേരളത്തിൽ നായ്ക്കൾക്കു് പേരിടാറുണ്ടു്. ഹിറ്റ്ലർ ഹിയർ, ടൈഗർ ഹിയർ എന്നൊക്കെപ്പോലെ ബ്ലഫർ ഹിയർ! അന്ത്യാക്ഷരപ്രാസം ആയതിനാൽ, ഭാഷാപോഷകർ പോലും അതിൽ ഒരു ചേർച്ചക്കുറവു് കാണുമെന്നു് തോന്നുന്നില്ല. ഒരുപക്ഷേ, മകൻ/മകൾ എന്തായിത്തീരുമെന്നു് മുൻകൂറായി മാതാപിതാക്കൾ മനസ്സിലാക്കിയതിനാൽ ഇട്ട പേരു് ആയിക്കൂടെന്നുമില്ല. എങ്കിൽ അവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.
ചില മനുഷ്യർ സ്വതവേ പ്രവചനശേഷിയുള്ളവരാണു്. ലോകചരിത്രത്തിന്റെ ഗതി ശാസ്ത്രീയമായി പ്രവചിച്ചിട്ടുള്ള അസാമാന്യപ്രതിഭകൾ വരെ ഈ ലോകത്തിൽ ജീവിച്ചു് മരിച്ചിട്ടുണ്ടു്. വലിയവലിയ ശാസ്ത്രജ്ഞർവരെ അവരെ ആരാധനയോടെ ഇന്നും പിൻതുടരുന്നുണ്ടു് എന്നതിനാൽ ആ പ്രവചനങ്ങൾ ഉറപ്പായും നാളെ അല്ലെങ്കിൽ നാളെകഴിഞ്ഞു് സംഭവിക്കും. അക്കാര്യത്തിൽ ഒരു സംശയം വേണ്ട.
ഓൺലൈൻ ലോകത്തിൽ സംഭവങ്ങൾ ശക്തമാണെങ്കിലും കാര്യങ്ങൾ അത്ര സിമ്പിളല്ല. അവിടെ “ബ്ലഫർ ഹിയർ” എന്നാൽ സാമാന്യമായ അർത്ഥത്തിലെ ഒരു പേരാവണമെന്നില്ല, അതൊരു ID മാത്രമാവാനും മതി. ID യുടെ ലിംഗം തിരിച്ചറിയൽ ഒട്ടും എളുപ്പമായ കാര്യമല്ല. കീബോർഡ് രാഷ്ട്രീയത്തിൽ ഇടപെടുന്നവരിൽ പലരും “ഗൊറില്ലാ”കളായി പരിശീലനം ലഭിച്ചിട്ടുള്ളവരാണു് – ഒളിച്ചിരുന്നു് യുദ്ധിക്കുന്നവർ. ആൾമാറാട്ടം അവർ പഠിക്കുന്ന ഒന്നാം പാഠമാണു്. അതിനാൽ, “ബ്ലഫർ ഹിയർ” ഒരു ആണാവാം, പെണ്ണാവാം, ഹിന്ദു ആവാം, മുസ്ലീം ആവാം, സോരോആസ്റ്റ്രിയനോ, നിരീശ്വരനോ, യുക്തിവാദിയോ, യുക്തിവാദ “വിശ്വാസി” പോലുമോ ആവാം. സംഭവം ഒളിയുദ്ധമാണു്!
നിഗൂഢമായ ഇടപെടലുകളിലൂടെ സമൂഹത്തിൽ ഭയാനകമായ മാറ്റങ്ങൾ വരുത്തിയ ഹോ, ചെ തുടങ്ങിയവരുടെ വഴികളിലൂടെ സോംനാംപുലികൾ ആവാനും, തെറിവിളി, വ്യക്തിഹത്യ മുതലായ യുദ്ധമുറകളും വിപ്ലവമര്യാദകളും വിജയകരമായി നടപ്പിലാക്കാനും വ്യാജഐഡികൾ അനിവാര്യമാണു്. അതുകൊണ്ടാണു് ഓൺലൈൻ പോരാളികൾ – ഗറില്ലാപോരാളികൾ കുറ്റിക്കാട്ടിനടിയിൽ എന്നപോലെ – വ്യാജനാമത്തിനു് പിന്നിൽ പതുങ്ങിയിരിക്കുന്നതു്. ഇരിപ്പു് കണ്ടാൽ അവർ “രണ്ടിനു്” ശ്രമിക്കുകയാണു് എന്നു് തോന്നിയേക്കാമെങ്കിലും സത്യം അതല്ല. അതാണു് പറഞ്ഞതു്: കാര്യമറിഞ്ഞാൽ നമ്മൾ ആരെയും കുറ്റപ്പെടുത്തില്ല. ഓരോ വ്യാജമായ ഐഡിക്കു് പിന്നിലും ജീവനുള്ള ഓരോ ജന്തുക്കളും ക്രൂരമായ ഒരുപാടു് സത്യങ്ങളും ഒളിച്ചിരിക്കുന്നുണ്ടു്.
വ്യാജമായ ഐഡിയകളെ സംരക്ഷിക്കേണ്ടവർ വ്യാജമായ ഐഡികൾ സ്വീകരിച്ചേ പറ്റൂ. അല്ലാതെന്തു് ചെയ്യാൻ? നല്ല നാളെ മറ്റെന്നാൾ പൊട്ടി വിരിയുന്നതിനു് മുന്നേ, താനേതു്, ഐഡിയേതു് എന്നൊന്നും തിരിച്ചറിയാത്ത അവസ്ഥയിൽ എത്താതിരുന്നാൽ ഭാഗ്യം. മൂത്താൽ, ഭിത്തിയിലൂടെ ജിറാഫ് കയറിപ്പോകുന്നതായും മറ്റും തോന്നുന്ന അലമ്പു് ഇടപാടായി മാറിക്കൂടെന്നില്ല. ആളുപദ്രവം തുടങ്ങില്ലെന്നും തീർത്തു് പറയാനാവില്ല. ആദ്ധ്യാത്മികർ അഹം ബ്രഹ്മം, ഇഹം പൊഹ, അതു് നീ തന്നെയെങ്കിൽ ഇതു് ഞാൻ തന്നെ എന്നൊക്കെ വിശേഷിപ്പിക്കുന്ന അവസ്ഥ, അഥവാ ഥീം തരികിട തോം!
Aug 12, 2015, 9:40 AM
എലിവേറ്റർ എന്നൊരു സംഭവം ഇല്ലായിരുന്നെങ്കിൽ സ്കൈസ്കേപ്പർ എന്ന ആശയം തന്നെ അസംബന്ധമായിരുന്നേനെ!
എലിവേറ്റർ കണ്ടുപിടിക്കുന്നതിനു് മുൻപേ, ഇപ്പൊ സ്വർഗ്ഗത്തിന്റെ മച്ചിൽ മുട്ടും എന്നത്ര ഉയരത്തിൽ മനുഷ്യർ ബാബേൽ ഗോപുരം പണിതുയർത്തിയതാവണം മച്ചിൻ പുറത്തു് പള്ളിയുറങ്ങിയിരുന്ന യഹോവയെ ദേഷ്യം കൊള്ളിച്ചതു്. ആറു് ദിവസങ്ങൾ കൊണ്ടു് കുറച്ചു് വല്ല പണികളുമാണോ ആ മനുഷ്യൻ ഒറ്റക്കു് ചെയ്തു് തീർത്തതു്? പണികൾ മുഴുവനും തീർത്തശേഷവും വിശ്രമിക്കാൻ സമ്മതിക്കില്ലെന്നു് വന്നാൽ ആർക്കായാലും ദേഷ്യം വരും. അതിന്റെ പേരിലാണു് അങ്ങേർ കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികളുടെ ഭാഷ, പഴുത്തു് താനേ താഴെവീണു് ചിതറിയ കൂഴച്ചക്കയുടെ പരുവത്തിൽ ആക്കിയതു്. ചുളയുടെ കരച്ചിൽ കുരുവിനോ, കുരുവിന്റെ ചിരി മടലിനോ, മടലിന്റെ ബ്ലൂപ്രിന്റ് ചവണിക്കോ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ബാബേലിനെ ദൈവം ഗൾഫിലെ ഇന്റർനാഷണൽ റെയിൽവേ സ്റ്റേഷനുകൾ പോലെയാക്കി മാറ്റിക്കളഞ്ഞു.
അതോടെ, തൊഴിലാളികൾ തമ്മിലുള്ള ആശയവിനിമയം ഓൺലൈൻ യുക്തിവാദികളും ദൈവ-മത-വിശ്വാസികളും തമ്മിലുള്ള ചർച്ച പോലെ ആയി. സിൽമാഭാഷയിൽ പറഞ്ഞാൽ, സെൻസോടെ സെൻസിറ്റിവിറ്റിക്കു് സെൻസിബിലിറ്റിയുടെ കൂടെ പണി ചെയ്യാൻ പറ്റാതായി. ജോലി ഇല്ലാത്തിടത്തു് കൂലിയില്ല. കൂലി ഇല്ലാത്തിടത്തു് നോക്കുകൂലിയും കിട്ടാൻ വഴിയില്ല. അങ്ങനെ ഭാഷ പോലെതന്നെ തൊഴിലാളികളും ലോകമാസകലം ചിതറിപ്പോയി.
അവരിൽ അധികം പേരും കരമാർഗ്ഗമായി ഭാരതത്തിലാണു് എത്തിയതെന്നും, അങ്ങനെയാണു് ഭാരതത്തിന്റെ ചരിത്രപരമായ “ഏകത്വത്തിൽ” ഭാഷാപരമായ നാനാത്വം കടന്നുകൂടിയതെന്നും നാനാമതപണ്ഡിറ്റുകളുടെ ഏകകണ്ഠമതം. ദോഷം പറയരുതല്ലോ, ഭാരതത്തിലെ ഭാഷാതീവ്രവാദം, മതതീവ്രവാദം, രാഷ്‌ട്രീയതീവ്രവാദം, മത(അഭിപ്രായ)വിദ്വേഷം, എംപ്ലോയീമൊറാൽ, അജ്ഞരായ മനുഷ്യരെ പറ്റിച്ചു് തീറ്റ എന്നിവ നോക്കിയാൽ, ആ “പണ്ഡിറ്റുകൾ” ചുറ്റികപ്രയോഗം നടത്തിയതു് ആണിയുടെ തലക്കു് തന്നെ ആയിരുന്നു എന്നു് കാണാം.
ഇതിൽ നിന്നും വിശ്വാസികൾ പഠിക്കേണ്ട ഗുണപാഠം: ഈശ്വരൻ അല്ലാതെ ഈശ്വരൻ ഇല്ല. ഈശ്വരോ രക്ഷതു:
Aug 12, 2015, 12:59 PM
മനുഷ്യർ കൊടിതോരണങ്ങളും മുദ്രാവാക്യങ്ങളുമായി വീട്ടിൽ നിന്നും നാട്ടിലേക്കു് ജാഥ പോകാറുണ്ടു്. ഉറുമ്പുകളും ജാഥ പോകാറുണ്ടു്. അവ മുദ്രാവാക്യം മുഴക്കാറില്ലെങ്കിലും തമ്മിൽത്തമ്മിൽ കുശലം പറയാറുണ്ടു്. അതുപോലെ, കൊടികൾക്കു് പകരം അവ വാനിലേക്കുയർത്തിപ്പിടിക്കുന്നതു് പച്ചിലക്കഷണങ്ങളാണു്. ഇലക്കഷണങ്ങൾ നാട്ടിൽ നിന്നും വീട്ടിൽ എത്തിക്കലാണു് അവയുടെ ജാഥാലക്ഷ്യം. തന്നേക്കാൾ പല മടങ്ങു് വീതിവിസ്താരമുള്ള ഇലനുറുക്കുകൾ ചുമന്നുകൊണ്ടു് നടക്കാൻ ഉറുമ്പുകൾക്കു് കഴിയും.
ഇലക്കഷണങ്ങൾ പൊക്കിപ്പിടിച്ചു് നിന്നിടത്തുതന്നെ നിന്നനിൽപ്പിൽ നിൽക്കുന്നതു് ഉറുമ്പുകൾക്കു് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അതിനാൽ, അവയുടെ ലോകത്തിൽ ഒരിക്കലും നിശ്ചലമായ ഉറുമ്പുചങ്ങലകൾ കാണാനാവില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ ഒരുറുമ്പു് എന്റെ മുഖത്തുനോക്കി പറഞ്ഞു: “ഞങ്ങൾ നിങ്ങൾ മനുഷ്യരെപ്പോലെ വിഡ്ഢികളല്ല!” അതു് പോരാഞ്ഞിട്ടു്, ഒരു പാട്ടിന്റെ പാരഡി കൂടി ആ പഹയനുറുമ്പു് എന്നെ പാടിക്കേൾപ്പിച്ചു: “നിൽപ്പു് മരണമാണുണ്ണീ, നടപ്പല്ലോ ഗുണപ്രദം.” അതോടെ ഞാൻ നടന്നു് മടങ്ങി കയ്ച്ചിലാക്കി.
Aug 13, 2015, 8:43 AM
ഫെയ്സ്ബുക്കിനെതിരായി എന്തോ ഒരു സമരം നടക്കുന്നുണ്ടെന്നാണു് ചില സ്റ്റാറ്റസുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു്. സമരത്തിന്റെ സൂത്രധാരകരെ എനിക്കറിയില്ല. അറിഞ്ഞിട്ടൊട്ടു് കാര്യവുമില്ല. അത്ര കേമമാണു് എന്റെ ഗ്രഹണശേഷി. അവരൊക്കെ പറയുന്നതിന്റെ പകുതിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്കും ചാവുമ്പോൾ പതാകയിൽ പൊതിഞ്ഞു് കിടക്കാമായിരുന്നു. പറഞ്ഞിട്ടു് കാര്യമില്ല. ഉള്ളിൽ പിണ്ണാക്കാണെങ്കിൽ വെളിയിൽ വരയുണ്ടായിട്ടും പ്രയോജനമൊന്നുമില്ല.
പക്ഷേങ്കി, ഫെയ്സ്ബുക്ക് അടച്ചുപൂട്ടിച്ചു് സുക്കർബെർഗിനെ ഒരു പാഠം പഠിപ്പിക്കണം എന്നൊരു മോഹം എനിക്കുമുണ്ടു്. മഹാ നിഷേധിയാണയാൾ. Zucker-Berg! “പഞ്ചാര-മല!” ആ പേരു് കേൾക്കുമ്പോൾ തന്നെ എനിക്കു് ചൊറിഞ്ഞുകയറും. കുറെ നേരം മാന്തുമ്പോൾ ഒരാശ്വാസം കിട്ടും. എന്നാലും വയ്യ. മാന്തിമാന്തി മടുത്തു. അയാളുടെ കട പൂട്ടണം. ലോകത്തിലെ സകല മുതലാളിമാരെയും കെട്ടുകെട്ടിച്ചു്, പാഠം പഠിപ്പിച്ചു്, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന പക്ഷക്കാരനാണു് ഞാനും – കേരളീയമാതൃക! ഉള്ളതു് പറയാമല്ലോ: മനുഷ്യർ ചൊറി കുത്തി ഇരിക്കുന്നതു് കാണുന്നതാണു് എന്റെ ഏറ്റവും വലിയ സന്തോഷം.
സമരം എത്രാമത്തെ ദിവസം എന്നു് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരു ബോർഡ് സുഹൃത്തുക്കൾ ആരെങ്കിലും ഓൺലൈനിൽ ലഭ്യമാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ. മറ്റൊന്നും കൊണ്ടല്ല, ഫെയ്സ്ബുക്ക് മുട്ടുമടക്കി എന്നറിഞ്ഞാൽ പിന്നെ സ്റ്റാറ്റസുകൾ ഇട്ടു് സമയം കളയേണ്ടല്ലോ എന്നു് കരുതി. മൂന്നും നാലും അക്കങ്ങൾക്കു് സ്ഥലമുള്ള വലിയ ബോർഡൊന്നും ആവശ്യമില്ല. ഏറിയാൽ രണ്ടക്കം, അതുമതി. ഫെയ്സ്ബുക്കിനെതിരായി സമരം ചെയ്യുന്നവർ അനുഭവസമ്പന്നരും പവ്വർഫൂളും ആയിരിക്കും. ആവാതെ തരമില്ല. അതിനാൽ വിജയം കയ്യെത്തും ദൂരത്താണു്. ഒരു കാരണവശാലും സമരം 99 ദിവസങ്ങൾക്കു് അപ്പുറം പോകില്ല, നിശ്ചയം. മതി, ബോർഡിനു് രണ്ടക്കം ധാരാളം മതി.
Aug 13, 2015, 12:20 PM
എസ്. ഗുപ്തൻ നായർ:
“കേശവദേവിന്റെ ‘അയൽക്കാർ’ വായിച്ചപ്പോൾ അതിലെ ചില രംഗങ്ങൾ തകഴി എഴുതിയിരുന്നെങ്കിൽ കുറേക്കൂടി മെച്ചമാകുമായിരുന്നില്ലേ എന്നു് ഞാൻ ആലോചിച്ചുപോയി. കോളേജിൽ പഠിക്കാൻ തിരുവനന്തപുരത്തു് ചെന്നെത്തിയ ഒരു പാവപ്പെട്ട വിദ്യാർത്ഥി വിടുതിവീടുകളിലും മറ്റും താമസിച്ചു് കഷ്ടതയനുഭവിക്കുന്ന രംഗങ്ങളാണു് ഞാൻ ഉദ്ദേശിക്കുന്നതു്. തകഴി ഒന്നിലധികം ചെറുകഥകളിൽ – വിശേഷിച്ചു് ആദ്യകാല ചെറുകഥകളിൽ – അത്തരം ചിത്രങ്ങൾ വർണപ്പൊലിമയോടെ വരച്ചിട്ടുണ്ടു്. അതുകൊണ്ടുതന്നെയാണു് ദേവിന്റെ നോവൽ വായിച്ചപ്പോൾ തകഴിയെ സ്മരിച്ചതു്. പക്ഷേ, ദോഷം പറയരുതല്ലോ, ദേവ് ആ ഭാഗം മോശമാക്കിയിട്ടില്ല. കോളേജിൽ പഠിച്ചിട്ടില്ലെങ്കിലും ദേവ് വിദ്യാർത്ഥികളോടൊപ്പം തിരുവനന്തപുരത്തു് കഴിഞ്ഞുകൂടിയിട്ടുണ്ടു്, അവരുടെ ലോഡ്‌ജുകളിൽ പോയിട്ടുണ്ടാവും, അവരോടൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ടാവും. അത്രയൊക്കെ ധാരാളം മതി, ഭാവനാശാലിയായ ഒരെഴുത്തുകാരനു്.”
കേശവദേവിന്റെ തിരുവനന്തപുരം ജീവിതത്തെപ്പറ്റി ഗുപ്തൻനായർ നടത്തുന്ന ഊഹങ്ങൾ ശരിയാവാം, തെറ്റാവാം. പക്ഷേ, ഇവിടെ ഗുപ്തൻനായരുടെ ആ കൺക്ലൂഷനു് മാത്രമാണു് പ്രസക്തി. ഭാവനാശാലിയായ ഒരെഴുത്തുകാരനു് “അത്രയൊക്കെ” മതി എന്ന കൺക്ലൂഷൻ. കേരളത്തിലെ രാഷ്ട്രീയനേതാക്കളിലേക്കു്, സാംസ്കാരികനായകരിലേക്കു്, മതപണ്ഡിതരിലേക്കു്, സമൂഹത്തിലെ മുന്നണിപ്പോരാളികളുടെ ആകെമൊത്തത്തിലേക്കു്, ഇതിനെ എക്സ്ട്രാപൊളേറ്റ് ചെയ്താൽ ഒരു സത്യം വ്യക്തമാവും: കേരളസമൂഹത്തെ മുന്നോട്ടു് നയിക്കേണ്ടവർക്കു് “ഇത്രയൊക്കെ” യോഗ്യത ധാരാളം മതി എന്ന സത്യം. “എത്രയൊക്കെ” മതി എന്നതു് ഓരോ ഘടകവും ഇതിനോടകം വളർത്തിയെടുത്ത അവരുടെ സ്വന്തം അണികളുടെ ബൌദ്ധികനിലവാരത്തിൽ/ ബോധത്തിൽ/അബോധത്തിൽ അധിഷ്ഠിതമായിരിക്കുന്നതും, അവർ എന്തു് വില കൊടുത്തും സമൂഹത്തിൽ അടിച്ചേൽപ്പിക്കും എന്നു് പ്രതിജ്ഞ എടുത്തിരിക്കുന്നതുമായ കാര്യവും.
Aug 14, 2015, 9:23 AM
ഉത്തമപുരുഷനിൽ കഥ പറയുന്ന സാങ്കേതികമാർഗ്ഗം പലരുടെ കൈകളിലും പാളിപ്പോകാറുണ്ടത്രെ!
കഥ പറയുന്നവർ ഉത്തമപുരുഷന്മാർ/ഉത്തമസ്ത്രീകൾ അല്ലാത്തതാവാം ഒരുപക്ഷേ ഈ പാളിച്ചയുടെ കാരണം.
Aug 14, 2015, 12:09 PM
ഫെയ്സ്ബുക്കിലെ ഒരു സ്റ്റാറ്റസിൽ നിന്നും:
“നാലാം കിട ഹിന്ദുക്കളായ പട്ടികജാതിയിൽ പെട്ട പെലത്തികളെ ബലാൽസംഗം ചെയ്തു് കൊല്ലുക. എന്നാലേ ഈ നാടു് നന്നാകൂ.”
ആകെ അറിയാവുന്ന ജോലിയല്ലേ മനുഷ്യർക്കു് (?) ചെയ്യാനോ, ചെയ്യാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്യാനോ പറ്റു.
ബലാൽസംഗം ചെയ്തു് കൊല്ലുന്ന പാവങ്ങൾക്കു് മനുഷ്യാവകാശങ്ങളേ ഉള്ളു. പക്ഷേങ്കി, ചാവുന്നവർക്കു് ഫൈവ് സ്റ്റാർ സ്വർഗ്ഗമില്ലേ? ദൈവനീതി? അതിൽ കൂടുതൽ ഒരു നശ്വര മനുഷ്യജീവിക്കു് മറ്റെന്തു് വേണം?
ഫെയ്സ് ബുക്കിലെ “റൈറ്റ് തിങ്കേഴ്സ്” എന്നൊരു ഗ്രൂപ്പിലാണത്രെ ഈ ആഹ്വാനം വന്നതു്!
ഇതുപോലുള്ള “ചിന്തകർ” അവരുടെ “ചിന്തകൾ” പങ്കിടാനായി തുടങ്ങുന്ന ഗ്രൂപ്പുകൾക്കു് ഇംഗ്ലീഷിലല്ലാതെ, മലയാളത്തിൽ പേരിട്ടിരുന്നെങ്കിൽ വഴിപോക്കർക്കു് വളരെ സഹായകമായിരുന്നേനെ! ഉദാഹരണത്തിനു്:
“ശരിയായ ചിന്തകൾ”
“വലതു് ചിന്തകൾ”
“ഇടതു് ചിന്തകൾ”
“സ്വതന്ത്ര ചിന്തകൾ” എന്നിങ്ങനെ.
ചിന്തകളും ചന്തികളും ചന്തകളും തമ്മിലുള്ള “ഡിഫറൻസ്” അത്ര “ഇറെക്കൺസൈലബിൾ” അല്ല എന്നതിനാൽ, അബദ്ധത്തിൽ അകത്തുകയറിപ്പോയവർക്കു്, അവർ കയറിയതു് ചന്തികൊണ്ടു് ചിന്തിക്കുന്ന ഏതോ ചന്തകളുടെ ഗ്രൂപ്പിലാണെന്നു് പെട്ടെന്നു് തിരിച്ചറിയാനും, സ്വയം ആശ്വസിപ്പിക്കാനും, ഉടനെതന്നെ സ്ഥലം വിടാനും അതു് സഹായിക്കും.
ചില സമൂഹങ്ങളിൽ “പ്യുബർട്ടി” എന്നു് വിളിക്കപ്പെടുന്നതു്, ബാല്യം യൗവനത്തിലേക്കു് പ്രവേശിക്കുന്നതിനിടയിൽ തലച്ചോർ ചന്തിയിലേക്കും നെഞ്ചത്തേക്കും ഊർന്നിറങ്ങുന്ന പ്രക്രിയയെയാണു്. പ്രകൃതിയെ, അങ്ങേയറ്റം പോയാൽ, ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കാമെന്നല്ലാതെ, ശാശ്വതമായി നിരോധിക്കാനാവില്ല. കഷ്ടം എന്നു് തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണു്.
Aug 15, 2015, 8:04 AM
ആ വി. ടി. ബൽറാം ഇതുവരെ ഓൺലൈൻ ലോകത്തിൽ നിന്നും കെട്ടുകെട്ടിയില്ലേ? അയാളേക്കൊണ്ടു് തോറ്റല്ലോ. കമ്മ്യൂണിസ്റ്റ് പച്ച കയറി മൂടിയാലും നശിക്കില്ല എന്നൊക്കെ പറഞ്ഞാൽ?
ങാ, വരട്ടെ. സീമാസിന്റെയും സ്വാതന്ത്രൃദിനത്തിന്റെയുമൊക്കെ തിരക്കു് ഒന്നു് കഴിഞ്ഞോട്ടെ. രണ്ടു് ലോഡ് ആഫ്രിക്കൻ പായൽ കൊണ്ടൊരു പിടി പിടിക്കണം. എത്ര “ഫാഷിസ്റ്റുകളെ” മുണ്ടാണ്ടു് ആക്കിയോരാ ഈ നുമ്മ എന്നു് അയാളെ കാണിച്ചുകൊടുക്കാം!
അപ്പോ, പറഞ്ഞപോലെ, ഈ പ്രത്യേക “സ്പെയ്സ്-ടൈമിൽ” എല്ലാ ഭാരതീയർക്കും എന്റെയും വക സ്വാതന്ത്രൃദിനാശംസകൾ! (ഇത്തരം ഭംഗിവാക്കുകൾ ഭയങ്കര ഫാഷിസം ആണെന്നറിയാം. എന്നാലും പറഞ്ഞില്ലെങ്കിൽ എന്റെ സഹ ഉദരന്മാരും സഹ ഉദരികളും എന്തു് കരുതും?)
Aug 15, 2015, 12:04 PM
രസങ്ങൾ പലതരമുണ്ടു്. രസങ്ങൾ ഒൻപതാണെന്നു് ചിലർ, എട്ടേ ഉള്ളു എന്നു് ചിലർ, അതല്ല പതിനൊന്നാണെന്നു് മറ്റു ചിലർ. കടുകു് വറുത്തിട്ട പുളിവെള്ളമടക്കം പന്ത്രണ്ടുണ്ടില്ലേ എന്നു് വേറെ ചിലർ. അതു് പള്ളിയിലോ ഓൺലൈനിലോ പറഞ്ഞാൽ മതിയെന്നു് ഇനിയും വേറെ ചിലർ.
പക്ഷേ, യഥാർത്ഥ രസം എന്നതു് അതൊന്നുമല്ലെന്നു് ഞാൻ. ഞാന്റെ അഭിപ്രായത്തിൽ, കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സുകൾ കൊണ്ടു് പൊളിറ്റിക്കൽ തർക്കോവ്സ്ക്കികൾ ഫെയ്സ്ബുക്കിലും മറ്റും പിംഗ്-പോംഗ് കളി നടത്തുമ്പോൾ അവർ അനുഭവിക്കുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ, അതാണു് പരമാനന്ദരസം. വിശുദ്ധ യൂദാസ് ഇസ്കറിയോത്താണേ സത്യം, അതു് കഴിഞ്ഞേയുള്ളു ബാക്കി ഏതു് രസവും!
“പ്രാണഹത്യ എനിക്കു് നൽകുമാ പരമാനന്ദരസത്തെ പറവതിനെളുതാമോ….”
Aug 17, 2015, 9:20 AM
മൂന്നു് തവി കഞ്ഞിവെള്ളത്തിൽ രണ്ടു് തവി ചോറു് എന്ന നിരക്കിൽ പണിയെടുക്കുന്നവർക്കു് അര തവി കഞ്ഞിവെള്ളം കൂടുതൽ കിട്ടുന്നതു് ഒരു നേട്ടമാണു്.
ആ നേട്ടം തന്മയത്വത്തോടെ വിറ്റു് അര തവി ചോറു് കമ്മീഷൻ ഉണ്ടാക്കാൻ കഴിഞ്ഞാൽ അതു് അതിലും വലിയ ഒരു നേട്ടമാണു്.
നേട്ടങ്ങളിൽ നിന്നും മുതലെടുപ്പു് നടത്തണമെങ്കിൽ അവ ഏതു് വിധേനയും അംഗീകരിപ്പിക്കപ്പെടണം. അല്ലെങ്കിൽ അവ “ചരിത്രത്തിന്റെ” ഏടുകളിൽ സ്ഥാനമില്ലാതെ, അധികമാരും ശ്രദ്ധിക്കാതെ, വെറും മനുഷ്യകാരുണ്യപ്രവൃത്തികളായി മറവിയിലേക്കു് മാഞ്ഞുമറഞ്ഞുപോകും.
Aug 18, 2015, 11:11 AM
ഫെയ്സ്ബുക്കിൽ കണ്ട ഒരു വാർത്ത (സത്യമല്ലാതിരിക്കില്ല):
“തന്റെ യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചെന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ അവകാശവാദം വ്യാജമെന്ന് ആരോപണം. 2013ല്‍ ക്ഷേത്ര നിര്‍മാണത്തിനായി ഒരു വ്യവസായി സ്ഥലം വിട്ടു നല്‍കിയതിനെയാണ് തന്റെ വിജയമായി മോദി ട്വിറ്ററില്‍ ആഘോഷിച്ചത്.”
“2013ല്‍ ബൊച്ചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ (ബാപ്‌സ്) എന്ന സംഘടനക്ക്, ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ ഒരു വ്യവസായി അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. അബുദാബിയിലെ ഒരു പള്ളിയോട് ചേര്‍ന്നുള്ളതായിരുന്നു ക്ഷേത്രത്തിനായി നിശ്ചയിച്ച സ്ഥലം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ക്ഷേത്രനിര്‍മാണം നടപ്പാകാതെ കിടക്കുകയായിരുന്നു.”
അതിപ്പോ, സീമാസിൽ നിന്നും വാങ്ങിയ പുയ്യാപ്ല കുപ്പായം ഇട്ടതുകൊണ്ടോ, താലി കെട്ടിയതുകൊണ്ടോ, മോതിരം കൈമാറിയതുകൊണ്ടോ, അല്ലറ ചില്ലറ വട്ടം ചുറ്റലുകൾ നടത്തിയതുകൊണ്ടോ ഒന്നും അടുത്ത രണ്ടോ അതിൽ കൂടുതലോ വർഷങ്ങൾക്കുള്ളിൽ ഭാര്യ ഗർഭം ധരിക്കണമെന്നില്ല. അതിനു് മറ്റു് ചില “സാങ്കേതികതകൾ” കൂടി പൂർത്തീകരിക്കപ്പെടേണ്ടതുണ്ടു്. അല്ലാത്തപക്ഷം “അപ്പനാവൽ” ചടങ്ങു് മറ്റാരെങ്കിലും എറ്റെടുക്കും. കാരണം, കെട്ടിയവനു് വേണ്ടെങ്കിൽ, കിട്ടിയവന്റെ കൂടെ എന്നതാണു് പൊതുവേ ഈ പെണ്ണുങ്ങളുടെ ഒരു രീതി. അതിനു് ഭർത്താവുദ്യോഗസ്ഥനോ, നാട്ടുകാരായ മറ്റു് “സഹൃദയരോ” പിന്നീടു് കിടന്നു് കരഞ്ഞിട്ടു് കാര്യമില്ല.
അതെല്ലാം പോകട്ടെ: സത്യമായിട്ടും ഞാൻ കരുതിയിരുന്നതു്, ക്ഷേത്രം പണിയാൻ അനുവാദം ചോദിക്കുമെന്നായിരുന്നില്ല, യു. എ. ഇ. യിലുള്ള മുഴുവൻ മോസ്കുകളും, ഹിന്ദു, സിഖ്, ക്രിസ്റ്റ്യൻ ആരാധാനാലയങ്ങളും ഇടിച്ചു് നിരത്തണമെന്നു് ബന്ധപ്പെട്ട ഷെയ്ഖുകളോടു് ശക്തമായ ഭാഷയിൽ മോദി ആവശ്യപ്പെടുമെന്നായിരുന്നു.
Aug 20, 2015, 5:42 AM
ജയിലിലായിരുന്നപ്പോൾ ഗാന്ധിജി കാൾ മാർക്സിന്റെ ക്യാപ്പിറ്റൽ വായിച്ചു് മനസ്സിലാക്കുകയും, എനിക്കു് ഇതേ കാര്യങ്ങൾ കുറേക്കൂടി ഹ്രസ്വമായും കുറേക്കൂടി ലളിതമായും എഴുതാൻ കഴിയുമെന്നു് പറയുകയും ചെയ്തത്രെ!
ചില ഗ്രന്ഥങ്ങൾ സാമാന്യജനം വായിച്ചു് മനസ്സിലാക്കാൻ പാടില്ലാത്തവയാണു്. കാരണം, വളച്ചൊടിക്കാതെ അവ വായിച്ചു് മനസ്സിലാക്കുന്ന ആരെയും പിന്നെ അവയുടെ പിന്നാലെ നടക്കാൻ കിട്ടില്ല. വ്യാഖ്യാതാക്കൾക്കു് ഒരു ജീവിതമാർഗ്ഗം, അതാണത്തരം ഗ്രന്ഥങ്ങൾ. റിഫർമേഷൻ കാലത്തു് ബൈബിൾ സാധാരണ മനുഷ്യരുടെ ഭാഷയിലേക്കു് തർജ്ജമ ചെയ്യപ്പെട്ടതോടെ തുടങ്ങിയതാണു് യൂറോപ്പിൽ ക്രിസ്തുമതത്തിന്റെ അധ:പതനം. ലാറ്റിനിലും സംസ്കൃതത്തിലും അറബിയിലുമെല്ലാം എഴുതപ്പെട്ട മതഗ്രന്ഥങ്ങൾ ആ ഭാഷകൾ അത്ര വശമില്ലാത്ത വിശ്വാസിക്കൂട്ടത്തിന്റെ കണ്ണിൽ പൊടിയിട്ടു് കാര്യം നേടാൻ മതപണ്ഡിതർ ചമയുന്നവർക്കു് ചില്ലറ സഹായമൊന്നുമല്ല ചെയ്തതും, ചെയ്തു് കൊടുത്തുകൊണ്ടിരിക്കുന്നതും.
“ദസ് കപിറ്റാൽ” മാത്രമല്ല, എല്ലാ മതഗ്രന്ഥങ്ങളും അവ വിനിമയം ചെയ്യാൻ ശ്രമിക്കുന്ന ആശയത്തിനു് ഒരു ഭംഗവും വരാതെ എത്രയോ ചെറുതാക്കി ചുരുക്കി എഴുതാവുന്നവയാണു്. ഉദാഹരണത്തിനു്, ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിന്റെ പത്തിലൊന്നു് മാത്രം വലിപ്പമുള്ള ഒരു പുസ്തകത്തിൽ ഭംഗിയായി പറയാവുന്നതേയുള്ളു.
പക്ഷേ, സമയത്തിനു് വിലയൊന്നുമില്ലാത്ത മനുഷ്യർക്കു് എല്ലാം നല്ലപോലെ നീളമുള്ളതായാലേ തൃപ്തിയാവൂ. സിൽമ, കുർബ്ബാന, കഥാസ്പ്രംഗം, പാട്ടുപ്രസംഗം, ജാഥ, സമ്മേളനം തുടങ്ങിയ അവരുടെ പ്രിയങ്കര “പാസ്ടൈമുകൾ” മൂന്നു് മണിക്കൂർ മുതൽ മുകളിലേക്കു് എത്രയെങ്കിലും നീണ്ടിരിക്കണം. അതിലൊരു വിട്ടുവീഴ്ചക്കു് അവർ തയ്യാറല്ല. എല്ലാം ഇത്തിരി മുഴുത്തിരിക്കണം എന്ന പക്ഷക്കാരാണവർ – മലമ്പുഴ യക്ഷിയെപ്പോലെ.
Aug 22, 2015, 12:00 PM
രാഷ്ട്രീയതീവ്രവാദികളും മതമൗലികവാദികളും ഒരേ കുടുംബത്തിൽ നിന്നും വരുന്നവരാണു്. ഒരേതൂവൽ പക്ഷികൾ. രണ്ടുവിഭാഗത്തിന്റെയും എസ്സെൻസ് ഒന്നുതന്നെ. അവർ ചുമക്കുന്ന വിഴുപ്പുകെട്ടുകൾ വ്യത്യസ്തമാണെന്നേയുള്ളു. മാർക്സിസം/ലെനിനിസം/മാവോയിസം/വൈരുദ്ധ്യാത്മകഎന്തോവാദം തുടങ്ങിയവ യുക്തിവാദത്തിന്റെ എവെറെസ്റ്റാണു്, ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു്, ചരിത്രഗതിയുടെ അതിസൂക്ഷ്മമായ വിലയിരുത്തലും പ്രവചനവുമാണു് എന്നോ, ഖുർആൻ ദൈവം നേരിട്ടു് ഇറക്കിക്കൊടുത്തതാണു്, ലോകാവസാനം വരെ തിരുത്തലോ പുതുക്കലോ ആവശ്യമില്ലാത്തവിധം സാധുത്വമുള്ളതാണു്, ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ സകലശാസ്ത്രവും ഉൾക്കൊള്ളുന്നതാണു് എന്നോ, ഹൈന്ദവവേദഗ്രന്ഥങ്ങൾ ദൈവികമാണു്, അവയിൽ പണ്ടേതന്നെ എഴുതിവച്ചിട്ടുള്ളതല്ലാത്ത ഒരു ശാസ്ത്രവും ലോകത്തിലില്ല, ഇനി ഉണ്ടാവുകയുമില്ല എന്നോ, ദൈവം മറ്റൊരുവന്റെ പെണ്ണിൽ ലൈംഗികമായി “അദ്ധ്വാനിച്ചു്” ജനിപ്പിച്ച മകനാണു് യേശു, അവൻ സകലലോകത്തെയും (ഒസാമാ ബിൻ ലാദനും, ജോർജ്ജ് ബുഷും, ഹിറ്റ്‌ലറും സ്റ്റാലിനും ഉൾപ്പെടെ!) പാപങ്ങളിൽ നിന്നും രക്ഷിക്കാൻ സ്വമേധയാ ഭീകര പീഡനങ്ങളേറ്റു് കുരിശിൽ തൂങ്ങി മരിച്ചു, വീണ്ടും ഉയിർത്തു, പക്ഷേ, ഏറ്റെടുത്ത “മിഷൻ ഇംപോസിബിൾ” ആയിരുന്നതിനാൽ ഒന്നാം ഷിഫ്റ്റിൽ പൂർണ്ണമായി തീർക്കാൻ കഴിയാഞ്ഞതിനാൽ, രണ്ടാം ഷിഫ്റ്റിൽ ബാക്കി പണി തീർക്കാനായി ഇന്നല്ലെങ്കിൽ നാളെ മൺസൂൺ മഴമേഘത്തിന്റെ പുറത്തുകയറി വന്നു് പാപികളെയും “അപാപികളെയും” നെല്ലും പതിരും പോലെ പാറ്റിക്കൊഴിച്ചരിച്ചു് തമ്മിൽത്തമ്മിൽ വേർതിരിക്കും എന്നോ ഒക്കെയുള്ള അവകാശവാദങ്ങൾക്കു് ഒരു ലക്ഷ്യമേയുള്ളു: “ഞങ്ങളീ ചുമക്കുന്നതു് നീയൊക്കെ കരുതുന്നതുപോലെ അന്ധവിശ്വാസവിഴുപ്പുകളുടെ ഭാണ്ഡക്കെട്ടുകളല്ല, ഏതു് ആധുനികശാസ്ത്രത്തിനും മേലെ നിൽക്കാൻ സർവ്വഥാ യോഗ്യതയുള്ള, ദൈവികമായ സർവ്വജ്ഞാനമാണു്”. അതിൽ നിന്നും സാധാരണ മനുഷ്യർക്കു് ഇത്രയുമേ മനസ്സിലാക്കാനുള്ളു: ഇത്തരം ബഡായി ഉസ്താദുകൾക്കു് ശാസ്ത്രം എന്നാൽ എന്തെന്നു് അറിയില്ലെന്നു് മാത്രമല്ല, കക്ഷത്തിൽ സ്ഥിരമായി കൊണ്ടുനടക്കുന്ന അവരുടെ കിത്താബു് അവർ വായിച്ചിട്ടുമില്ല (വായിച്ചിട്ടൊട്ടു് കാര്യവുമില്ല). ഉറക്കത്തിനു് മുൻപുള്ള കോട്ടുവായ്ക്കു് അർജെന്റായി അയക്കുന്ന ഒരു “ക്ഷണ”ക്കത്തു് എന്ന നിലയിൽ അവർ അവരുടെ വിശുദ്ധഗ്രന്ഥങ്ങൾ ഒരുപക്ഷേ നൈമിഷികമായി തുറക്കാറുണ്ടായിരിക്കാം.
ഇക്കൂട്ടരുടെ മറ്റൊരു പൊതുസ്വഭാവമാണു്, അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന, വിഡ്ഢിത്തവും, വൈരുദ്ധ്യവും ആണെന്നു് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവർ മുഴുവൻ അവരുടെ ഗ്രന്ഥം വസ്തുനിഷ്ഠമായി പഠിക്കാത്തവരാണെന്ന പരാതിയുടെ നിർല്ലജ്ജവും സ്ഥിരവുമായ ആവർത്തനം. വ്യത്യസ്ത വിശ്വാസിസമൂഹങ്ങൾ പരസ്പരം പരിഹസിക്കുന്നതും ചെളിവാരിയെറിയുന്നതുമാണു് മറ്റൊരു രസകരമായ കാഴ്ച. എന്റെ വിശ്വാസം തെറ്റാണെന്നു് ചുണയുണ്ടെങ്കിൽ നീ തെളിയിക്കൂ എന്നും മറ്റും വെല്ലുവിളിച്ചു് വായ്ക്കരുത്തു് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഓറൽ ഗ്ലാഡിയേറ്റേഴ്സിനും ഓൺലൈൻ ലോകത്തിൽ പഞ്ഞമൊന്നുമില്ല. ഫെയ്സ്ബുക്ക്/ഗൂഗിൾ പ്ലസ് അങ്കത്തട്ടുകളിലെ ആരോമലുകളും, അരിങ്ങോടരുകളും! ജുത്തം ചുരിക കൊണ്ടല്ല, തെറിവിളികൾ കൊണ്ടാണെന്ന ഒരു വ്യത്യാസമേയുള്ളു. അങ്കത്തിനു് ഓഡിയൻസ് ഉള്ളിടത്തോളം അങ്കത്തട്ടുകളിൽ അരങ്ങേറ്റവും ഉണ്ടാവും. അതാണു് നാട്ടുനടപ്പു്. ലോകചരിത്രത്തിൽ, ജനാധിപത്യപൗരസമൂഹം ദീർഘകാല പൊരുതലുകളിലൂടെ നേടിയെടുത്ത അഭിപ്രായസ്വാതന്ത്ര്യത്തിൽ, ഉള്ളു് പൊള്ളയായ കാലിപ്പാട്ടകളിൽ നിന്നും വരുന്ന ശബ്ദമലിനീകരണങ്ങളോ, അന്തസ്സാരശൂന്യമായ ചെണ്ടകളിൽ നിന്നുയരുന്ന താളാത്മകമായ ശബ്ദകോലാഹലങ്ങളോ പെടുന്നുണ്ടെന്നു് തോന്നുന്നില്ല. ഇനി, “I do not agree with what you have to say, but I’ll defend to the death your right to say it” എന്നു് വോൾട്ടയർ പറഞ്ഞതു് കാലിപ്പാട്ടകളും ചെണ്ടകളും തമ്മിലുള്ള രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ആശയവിനിമയത്തെപ്പറ്റി ആയിരുന്നു എന്നുണ്ടോ?
Aug 24, 2015, 9:02 AM
മത,- രാഷ്ട്രീയനേതൃത്വങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾ നേടാനായി കൈകോർക്കുമ്പോൾ ജന്മനാട്ടിൽ നിന്നും രക്ഷപെടുകയല്ലാതെ നിവൃത്തിയില്ലാതാവുന്ന മനുഷ്യരെക്കൊണ്ടുള്ള കച്ചവടം – അതാണിന്നു് അഭയാർത്ഥിപ്രശ്നം. കുഞ്ഞുങ്ങളടക്കം കടലിൽ മുങ്ങി ചത്തേക്കാമെന്നു് അറിഞ്ഞുകൊണ്ടു് മനുഷ്യർ അതുപോലൊരു പ്രവൃത്തിക്കു് തയ്യാറാവണമെങ്കിൽ അവരുടെ ഗതികേടു് എത്രയെന്നു് ചിന്തിച്ചാൽ മതി. അഭയാർത്ഥികളോടു് കഴുത്തറപ്പൻ കമ്മീഷൻ വാങ്ങി അവരെ ബോട്ട്, കപ്പൽ എന്നൊക്കെ വേണമെങ്കിൽ വിളിക്കാവുന്ന “മരണപ്പെട്ടികളിൽ” കാലിക്കൂട്ടങ്ങളെപ്പോലെ തിരുകിക്കയറ്റി അയച്ചാൽ, ആയുധവില്പന കൊണ്ടു് ഉണ്ടാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സാമ്പത്തികനേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന അവസ്ഥയാണിന്നു്. സിറിയ, ഇറാക്ക് തുടങ്ങിയ യുദ്ധപ്രദേശങ്ങളിൽ നിന്നും വരുന്നവരെ കൂടാതെ, മരണത്തിൽ കൂടുതലൊന്നും ഇനി സംഭവിക്കാനില്ല എന്ന നിലയിലെത്തിയവർ ആഫ്രിക്കയിൽ നിന്നും ഇതേ മാർഗ്ഗത്തിലൂടെ യൂറോപ്പിലേക്കു് രക്ഷപെടാൻ ശ്രമിക്കുന്നുണ്ടു്. മൂന്നാമതൊരു വിഭാഗം ബാൽക്കൻ ഏറിയയിൽ നിന്നും വരുന്ന “എക്കൊണോമിക് റെഫ്യൂജീസ്” എന്നു് വിശേഷിപ്പിക്കപ്പെടുന്നവരാണു്. കമ്മ്യൂണിസ്റ്റ് സ്വർഗ്ഗം എന്ന സ്വപ്നത്തിൽനിന്നും ദാരിദ്ര്യത്തിന്റെ നടുക്കടലിലേക്കു് ഉറക്കമുണർന്നവർ. ഇവരിൽ 99 ശതമാനം പേരും അഭയാർത്ഥി എന്ന “പദവിക്കു്” നിയമപരമായി അർഹരല്ലാത്തതിനാൽ അധികം താമസിയാതെ സ്വദേശത്തേക്കു് തന്നെ തിരിച്ചയക്കപ്പെടാറാണു് പതിവു്. പക്ഷേ, ആ തീരുമാനവും തിരിച്ചയക്കലും ഒരു നിയമരാഷ്ട്രം അനുശാസിക്കുന്ന നീതിനിഷ്ഠമായ പരിശോധനകൾ പൂർത്തിയാക്കിയശേഷം ആയാൽ മാത്രമേ സാധുവാകൂ എന്നതിനാൽ, അതിനായി ബ്യൂറോക്രസിക്കു് ആവശ്യമായ ഏതാനും മാസങ്ങൾകൊണ്ടു് ഉണ്ടാക്കാൻ കഴിയുന്ന “പൊക്കറ്റ് മണി” കൈക്കലാക്കുക എന്ന ലക്ഷ്യത്തിൽ മാത്രം വരുന്നവരും കുറവല്ല.
ചുരുക്കത്തിൽ, ഒരുവശത്തു് മതങ്ങളും, മറുവശത്തു് കമ്മ്യൂണിസവും കൂടി നശിപ്പിച്ചു് ഗതിയില്ലാതാക്കിത്തീർത്ത, അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന, കുറെയേറെ മനുഷ്യരാണു് അഭയം അർഹിക്കുന്നവരും അല്ലാത്തവരുമായി ഇറ്റലിയുടെ തീരപ്രദേശങ്ങളിലും, ഗ്രീക്ക്-മസിഡോണിയൻ അതിർത്തികളിലുമെല്ലാം എത്തിപ്പെടുന്നവർ. അവരിൽ അധികം പേരും “ഇസപരമായ” ഇൻഫെക്ഷനുകളുടെ അണുക്കൾ ഇന്നും മനസ്സിൽ പേറുന്നവരാണു്. പറ്റിയ കുറെ ഉപദേശികളെയും, അനുയോജ്യമായ അവസരവും ലഭിച്ചാൽ അഭയം നൽകിയ സമൂഹങ്ങളെത്തന്നെ നശിപ്പിക്കാൻ അത്തരം പകർച്ചവ്യാധികൾ ഇതുവരെ മടി കാണിച്ചിട്ടില്ല. അതിനു് ലോകചരിത്രം തെളിവു്. മനുഷ്യരുടെ ആശ്രയം ആത്മീയ-, ഭൗതികദൈവങ്ങളിലും, ഇല്ലായ്മകളുടെ കുറ്റങ്ങൾ മറ്റുള്ളവരിലും മാത്രം കാണാൻ പഠിപ്പിച്ചു് വച്ചിരിക്കുന്ന, ക്യാപ്പിറ്റലിസം – കമ്മ്യൂണിസം, വലതു് – ഇടതു് തുടങ്ങിയ “ബ്ലാക്ക് ആൻഡ് വൈറ്റ്” ചിന്തകൾക്കു് മാത്രം പ്രാപ്തരായ മനുഷ്യരെ മാറ്റിയെടുക്കൽ മിക്കവാറും അസാദ്ധ്യമായിരിക്കും. ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിൽ കുടിയേറിയ കമ്മ്യൂണിസ്റ്റുകൾ, മിക്കവാറും നാസ്തികം എന്നു് പറയാവുന്ന രാജ്യങ്ങളിൽ സ്വമേധയാ എത്തിച്ചേർന്ന മതവിശ്വാസികൾ തുടങ്ങിയവരുടെ പ്രഘോഷങ്ങൾ അതിനു് സാക്ഷ്യം വഹിക്കുന്നുണ്ടു്. അവരുടെ അടുത്ത തലമുറകളെയെങ്കിലും ഇസങ്ങൾക്കതീതമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരായി വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ അതു് അവർ ഏതേതു് പ്രദേശങ്ങളിൽ നിന്നു് വന്നോ, ആ പ്രദേശങ്ങളിൽ ഇന്നു് നിലവിലിരിക്കുന്ന അരക്ഷിതാവസ്ഥകളിലേക്കു് ആതിഥേയസമൂഹങ്ങളെക്കൂടി കൊണ്ടെത്തിക്കുമെന്നതാവും ഫലം. പക്ഷേ, ആതിഥേയസമൂഹങ്ങളിലെ തീവ്രവലതുകളും തീവ്രഇടതുകളും തമ്മിൽ അഭയാർത്ഥി പ്രശ്നത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അവർക്കു് ആകെ അറിയാവുന്നതു് അവർ ചെയ്യുന്നു. അതിനാൽ, അതുപോലുള്ള സാമൂഹികസംഘർഷങ്ങളെ നിയന്ത്രണാധീനമാക്കാൻ ജനാധിപത്യസമൂഹങ്ങൾക്കു് എത്രത്തോളം കഴിയുന്നു എന്നതിൽ ആശ്രയിച്ചിരിക്കും അഭയാർത്ഥികളുടെ ആതിഥേയസമൂഹങ്ങളിലെ ഇന്റഗ്രേഷനു് വേണ്ടിയുള്ള ശ്രമങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലെങ്കിലുമുള്ള വിജയം.
Aug 25, 2015, 7:26 AM
“Construction site ahead, Speed limit 30 km/h” എന്ന സൈൻ കാണുന്നിടത്തുവച്ചു് അംബാസ്സഡറിനു് ലാംബോർഗിനിയെ ഓവർടേക്ക് ചെയ്യാൻ കഴിഞ്ഞേക്കാം. “ശ്രമിച്ചാൽ തോൽക്കാം, അല്ലാഞ്ഞാൽ ശ്രമിക്കുന്നതിനു് മുന്നേ തോൽക്കാം, ശ്രമത്തിനവസാനം പോലീസ് പിടിച്ചാൽ ജയിച്ചാലും തോൽക്കാം” എന്നാണല്ലോ മഹദ്വചനം. അതുകൊണ്ടാണു് മറ്റുള്ളവരെ നാറ്റിച്ചാൽ സ്വന്തം നാറ്റം ഇല്ലാതാക്കാൻ കഴിയുമെന്നു് വിശ്വസിക്കുന്നവർ ശത്രുവിന്റെ നിലയും കാറ്റിന്റെ ഗതിയും കാത്തുനിന്നു് തൂറ്റുന്നതു്. മറ്റൊരു ലേപത്തിനും വകയില്ലാത്തവരും, തങ്ങളുടെ ഏതു് തോൽവിയെയും വിജയമായി വിളംബരം ചെയ്യണമെന്നു് നിർബന്ധമുള്ളവരുമായ ജീവനകലാവിദഗ്ദ്ധരാണവർ.
നിവൃത്തിയില്ലായ്‌മയെ വ്യാഖ്യാനങ്ങൾ വഴി വിശിഷ്ടഗുണങ്ങളാക്കി മാറ്റുന്നതും ഒരുതരം കലയാണു്. അത്തരം ജീവനകലകൾ ഏറിയോ കുറഞ്ഞോ വിജയകരമായി പരിശീലിക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കാറുള്ളതു് കത്തോലിക്കാപുരോഹിതന്മാർ മാത്രമല്ല.
Aug 26, 2015, 8:32 AM
“കമ്മ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം
ചുമ്മാ പറഞ്ഞുനടന്നാൽ മതി”
“റോട്ടിൽ നടക്കാനിടമില്ലിസങ്ങൾതൻ
കൂട്ടിയടികൊണ്ടു് ചുറ്റിയില്ലേ?”
“പാതാളക്കുണ്ടിലൊളിച്ചിരുന്നു്
പാമ്പുകളെത്രമേൽ ചീറ്റിയാലും
വിഷ്ണുപദത്തിലുയർന്നുപൊങ്ങി
കൃഷ്ണപ്പരുന്തുകൾ സഞ്ചരിക്കും”
ചങ്ങമ്പുഴയുടേതാണീ വരികൾ. കേരളസമൂഹത്തിലും ഓൺലൈൻ ലോകത്തിലുമെല്ലാം ഇന്നു് നിലവിലിരിക്കുന്ന “പറഞ്ഞുനടപ്പുകളും ചൊറിഞ്ഞുതടിപ്പുകളും” കാണുമ്പോൾ അതു് മുഴുവൻ ഉത്തരാധുനികതയുടെ ഉല്പന്നമാണെന്നൊന്നും കരുതാതിരിക്കാൻ സൂചിപ്പിച്ചതാണു്. ഇസങ്ങളുടെ കൂട്ടിയടികളും, ചുമ്മാ രാഷ്ട്രീയം പറഞ്ഞുനടക്കലുമൊക്കെ ചങ്ങമ്പുഴയുടെ കാലത്തുതന്നെ മലയാളിയുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനാകുമായിരുന്നില്ലാത്ത ഘടകങ്ങളായിരുന്നു. അന്നത്തെ നടപ്പുരീതികൾ ഇന്നു്, കമ്പ്യൂട്ടറിന്റെയും മൊബൈൽ ടെലഫോണിന്റെയുമൊക്കെ വരവോടെ, കുറേക്കൂടി കുലീനത്വവും തറവാടിത്വവുമുള്ള ഭാഷയും സംസ്കാരവും, സാങ്കേതികത്വവും തിളക്കവുമുള്ള രൂപഭാവങ്ങളും കൈവരിച്ചു എന്നേയുള്ളു. കുറേ സദാചാരന്മാർ കൂടി ഒരു നിരായുധനെ തല്ലുന്നതും കൊല്ലുന്നതുമൊക്കെ പണ്ടത്തെ കേരളത്തിൽ വല്ല വഴിപോക്കർക്കും യാദൃച്ഛികമായി കാണാൻ കഴിഞ്ഞാലായി. ഇന്നു് കാര്യങ്ങൾ പാടേ മാറി. ഇന്നു് വെടിയും കൊലയുമൊക്കെ കുഞ്ഞുങ്ങൾക്കുപോലും തത്സമയം കാണാനാവും. “സ്ക്രീൻ വെടിക്കാർ” ചൂടൻ ഷോട്ടുകൾ ഇങ്ക്യുബേറ്ററിൽ സൂക്ഷിക്കാറുള്ളതുകൊണ്ടു് പിന്നീടു് എപ്പോൾ വേണമെങ്കിലും ചൂടാറാതെ അവയെല്ലാം കാണുന്നതിനു് തടസ്സവുമില്ല. ലോകചരിത്രത്തിന്റെ ഗതിയെപ്പറ്റി വ്യക്തമായ ധാരണകളും ദീർഘമായ വീക്ഷണങ്ങളുമുള്ള സാമൂഹികനേതാക്കളാൽ നയിക്കപ്പെടാതിരുന്നെങ്കിൽ അതുപോലുള്ള ആധുനികസൗകര്യങ്ങളൊന്നും നേടാൻ മലയാളിക്കു് കഴിയുമായിരുന്നില്ല. ലെനിൻ, സ്റ്റാലിൻ, ഹിറ്റ്‌ലർ, മുസ്സോളിനി, മാവോ, പോൾ പോട്ട്, കാസ്റ്റ്രോ തുടങ്ങിയ ലോകനേതാക്കളിൽ കുറഞ്ഞ ആരുമായും കേരളീയർ അവരുടെ നേതാക്കളെ താരതമ്യം ചെയ്യാറില്ലാത്തതു് അതുകൊണ്ടാണു്. ആനകളെ ആരെങ്കിലും കുഴിയാനകളുമായി താരതമ്യം ചെയ്യുമോ? തനിക്കു് വേണ്ടതെന്തെന്നും, താൻ ചെയ്യുന്നതെന്തെന്നും കൃത്യമായി അറിയാവുന്നവനാണു് മലയാളി. ആ അറിവാണെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണു്. മനുഷ്യജീവിതവിജയത്തിന്റെ രഹസ്യം തന്നെ അതാണു്.
ചങ്ങമ്പുഴയുടെ വഴികളും പാമ്പുകളുടെ ചീറ്റലുകളാൽ മുഖരിതമായിരുന്നു. അതുകൊണ്ടാണു് ചങ്ങമ്പുഴക്കു് കൃഷ്ണപ്പരുന്തുകളേപ്പോലെ വാനത്തിലൂടെ സഞ്ചരിക്കേണ്ടി വന്നതു്. പാമ്പുകളും കൊതുകുകളെപ്പോലെ സ്ഥിതിസമത്വത്തിൽ വിശ്വസിക്കുന്ന മാർക്സിസ്റ്റുകളാണു്. ജാതി-മതം, സ്ത്രീ-പുരുഷൻ, ഇളവൻ-കിളവൻ, അമ്മായിഅമ്മ-മരുമകൾ, പ്രോലെറ്റേറിയൻ ബംഗാളി-ബൂർഷ്വാ മലയാളി, ഫെയ്സ്ബുക്കൻ-കൂകിളൻ, കവി-കപി, മന്ത്രി-തന്ത്രി, ജ്യോതിഷശാസ്ത്രജ്ഞൻ-ജ്യോതിശാസ്ത്രജ്ഞൻ, പണ്ഡിതൻ-പാമരൻ അങ്ങനെയുള്ള ഒരു തരം തിരിവും സമത്വവാദികൾക്കില്ല, കൊതുകുകൾക്കില്ല, പാമ്പുകൾക്കുമില്ല. രക്തം ചിന്തി സാക്ഷിയാവാൻ തള്ളിക്കയറുന്നവർ സഖാക്കൾ, രക്തമുണ്ടെങ്കിലും ചിന്താൻ മടിക്കുന്ന റിവിഷണിസ്റ്റുകൾ, നവലിബറലുകൾ തുടങ്ങിയവർ വർഗ്ഗശത്രുക്കൾ – സിമ്പിളും പവ്വർഫുളും സർവ്വോപരി ഇഡിയറ്റ്പ്രൂഫും ആയ ഒരു ആൾഗൊരിഥം. “ഒരു തോട്ടേ പോയതെല്ലാം പൂളോൻ” എന്നൊരു ചൊല്ലുണ്ടു്. ഒരു കുടുംബത്തിലോ ഒരു സമൂഹത്തിലോ ഉള്ളവർ ഒന്നടങ്കം സാമാന്യബുദ്ധിയുടെ ചില അപൂർവ്വവകഭേദങ്ങൾ പ്രദർശിപ്പിക്കുന്ന തരക്കാരായി കണ്ടാൽ, അവരെ പൊതുവായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ചൊല്ലാണതു്. ചങ്ങമ്പുഴയുടെ കാലത്തിനും മുന്നേതന്നെ (1911 – 1948) ഈ പ്രതിഭാസവും തന്മൂലം ഈ ചൊല്ലും ഉണ്ടായിരുന്നിരിക്കണം.
ഇന്നു്, ഈ ചൊല്ലിനുതന്നെ പല രൂപഭേദങ്ങളുണ്ടു്. മല്ലുസമൂഹത്തിന്റെ പുരോഗമനത്തിന്റെയും വികസനത്തിന്റെയും തെളിവുകളാണവ. “ഒരു കാമ്പസിലുള്ളതെല്ലാം നിവിമ്പോളി”, “ഒരു കൂകിൾ പ്ലസിൽ ഉള്ളതെല്ലാം പുയ്യാപ്ല” തുടങ്ങിയവ അർത്ഥശങ്കക്കിടയില്ലാത്ത ഉദാഹരണങ്ങളാണു്. പൂളോനുകൾക്കു് ഉപയോഗിക്കാൻ കഴിയാഞ്ഞതും, നിവിമ്പോളികൾക്കു് കഴിയുന്നതുമായ ഒരു സാങ്കേതിക വികസനമാണു് സെൽഫി. സിൽമകൾ ഞവണികളെപ്പോലെ സൂപ്പർസ്റ്റാറുകളെ മുട്ടയിടുന്ന ഒരു സമൂഹത്തിൽ, സ്വന്തം മോന്തായം മാത്രമാണു് യുവത്വത്തിന്റെ ദൃഷ്ടിയിൽ എന്തെങ്കിലും മൂല്യം നൽകാൻ കഴിയുന്ന ഒരേയൊരു മുതൽക്കൂട്ടു്. അതിന്റെ രൂപാന്തരങ്ങളും ഭാവാന്തരങ്ങളും അടങ്ങുന്ന വൈവിധ്യമാണു് ഏതൊരു നാട്യക്കാരന്റെയും മൂലധനം. “സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് കേരള”യിലെ വൈരുദ്ധ്യാത്മകഭൗതികവാദ എക്സ്പെർട്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ: “(യേശു)ദാസ് കാപ്പിറ്റൽ”. അതു് ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന ഒരു സന്ദർഭവും പാഴാക്കരുതെന്നാണു് പുതിയ കാലം പഠിപ്പിക്കുന്ന ഫിലോ സോഫിയ. കാലത്തിന്റെ അനിവാര്യതകൾക്കു് ആരെയെങ്കിലും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. പോരെങ്കിൽ, ഷാരുക്കായുടെ കൂടെ സിൽമയിൽ നൃത്തിക്കാൻ ധാരാളം യുവരക്തങ്ങളെ ആവശ്യമുള്ള ഒരു നാടാണു് ഭാരതം. പക്ഷേ, അതിനു് എഞ്ചിനിയറിങ്ങും മെഡിസിനുമൊക്കെ പഠിക്കണമെന്നുണ്ടോ എന്നൊരു സംശയമേയുള്ളു. അങ്ങോട്ടൊരു തെയ്, ഇങ്ങോട്ടൊരു തെയ്, നടുവിലെത്തി ഇന്തത്തെയ് എന്നു് തുള്ളിച്ചാടാൻ ഏതെങ്കിലും നടരാജഗുരുക്കളുടെ കൂടെക്കൂടി അസാരം നൃത്തം അഭ്യസിച്ചാൽ ധാരാളം മതിയില്ലേ? സർവ്വകലാശാലകളിലെ വിദ്യാഭ്യാസത്തിനു് കഴിവും താല്പര്യവുമുള്ളവരുടെ വഴി തടയാതിരിക്കാനെങ്കിലും അതു് സഹായിക്കുമായിരുന്നില്ലേ? ഒരു സംശയം ചോദിച്ചെന്നേയുള്ളു.
ആത്മീയമാനിയാക്കുകളുടെ സമൂഹങ്ങൾ സദാചാരമാനിയാക്കുകളെ മാത്രമേ സൃഷ്ടിക്കൂ. അവിടെ കാശിനു് കൊള്ളാത്ത ഗോത്രമൂപ്പന്മാരായിരിക്കും കാര്യവിചാരകർ. പരസ്യമായി നഗ്നത പ്രദർശിപ്പിക്കുന്ന കശുമാങ്ങകളെ മുഴുവൻ ജട്ടി ധരിപ്പിക്കണം എന്നു് ഏതെങ്കിലും ഗോത്രത്തലവൻ തന്റെ വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചാൽ ഉടനെ കശുവണ്ടികളെ ജട്ടി ഇടീക്കുന്ന ജോലി പൂർത്തിയാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെടുന്ന പ്രബുദ്ധരായിരിക്കും അവിടത്തെ “പൗരവൃന്ദം”. ജയ് ഹിന്ദ്!
Aug 27, 2015, 10:47 AM
ജനനത്തിനും മരണത്തിനുമിടയിൽ ഇതിനകം സംഭവിച്ചതും, ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ അറിയാൻ ഉപകരിക്കുന്ന പലതരം “ആപ്പുകൾ” ഫെയ്സ്ബുക്കിൽ ഉണ്ടത്രെ! സംഭവിച്ച കാര്യങ്ങൾ അറിയേണ്ട ആവശ്യം ഉള്ളവർ ഉണ്ടോ എന്നറിയില്ല. സംഭവിച്ച കാര്യങ്ങൾ മുഴുവൻ മറന്നുപോയ വല്ല ആൽത്സ്ഹൈമർ രോഗികളും ഉണ്ടായാലായി. പക്ഷേ അവർ ഒന്നാമതു്, ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരാവില്ല, രണ്ടാമതു് ഓർമ്മയുടെ യുഗത്തിൽ സംഭവിച്ചവ, മറവിയുടെ യുഗത്തിൽ ഒരിക്കൽ കൂടി കേട്ടതുകൊണ്ടു് അവർക്കു് വലിയ പ്രയോജനം ഉണ്ടെന്നും തോന്നുന്നില്ല. ചത്ത കൊച്ചിന്റെ ജാതകം, അത്രതന്നെ! ഭൂതം കൂടാതെ, ആപ്പുകൾക്കു് യൂസേഴ്സിനെ അറിയിക്കാൻ കഴിയുന്നതു് ഭാവിയാണു്. ഭാവി അറിയണം എന്നു് ആഗ്രഹിക്കുന്ന മനുഷ്യർ ലോകത്തിൽ ഒരിക്കലും അത്ര കുറവായിരുന്നിട്ടില്ല. ഒരുപാടു് “ശാസ്ത്രങ്ങൾ” – ഗൗളിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, തുടങ്ങിയവ – അതുകൊണ്ടു് മാത്രം നിലവിൽവന്നവയാണു്. ആവശ്യക്കാരുണ്ടായാൽ കച്ചവടവും ഉണ്ടാവും. ആവശ്യക്കാർ ഉള്ളതുകൊണ്ടാണു്, അല്ലെങ്കിൽ, ഉണ്ടാവും എന്നു് അറിയാവുന്നതുകൊണ്ടാണു് ഫെയ്സ്ബുക്ക് ആപ്പുകളും സൃഷ്ടിക്കപ്പെടുന്നതു്. കാറോട്ടം, സൈക്കിളോട്ടം, വെറുമോട്ടം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നവരിലുമുണ്ടാവും ഭാവി അറിയാൻ ആഗ്രഹിക്കുന്നവർ. മത്സരത്തിൽ അവർ ജയിക്കും എന്ന പ്രവചനമാണു് അവർ കേൾക്കാൻ ആഗ്രഹിക്കുന്നതു്. വിജയപ്രവചനത്തിനു് മനഃശാസ്ത്രപരമായ ഒരു സ്വാധീനം വ്യക്തികളിൽ ഉണ്ടെന്ന കാര്യം നിസ്തർക്കമാണു്. പരിശീലനം കൂടുതൽ തീവ്രമാക്കാനെങ്കിലും അതു് സഹായിക്കും. ഇനി, മത്സരത്തിൽ തോറ്റാൽ അതിനെ ന്യായീകരിക്കാൻ പറ്റിയ “ഉപവാക്യങ്ങൾ” പ്രവാചകർ അവരുടെ പ്രവചനങ്ങളിൽ തിരുകിവച്ചിട്ടുമുണ്ടാവും. അല്ലെങ്കിൽത്തന്നെ, എല്ലാ കാര്യങ്ങളിലും മനുഷ്യൻ വെറും പാതി മാത്രമാണു്. ബാക്കി പാതി ദൈവത്തിന്റെ തൃക്കൈകളിലാണു്. ഫിഫ്റ്റി-ഫിഫ്റ്റി. ഒന്നുകിൽ ജയിക്കാം, അല്ലെങ്കിൽ തോൽക്കാം. അതറിയാത്ത ആരെങ്കിലും ഉണ്ടാവാൻ വഴിയില്ല. പുരാതനകാലങ്ങളിൽ യുദ്ധത്തിനു് പുറപ്പെടുന്നതിനു് മുൻപു് ലഹരിയിൽ കിറുങ്ങി വട്ടം ചുറ്റുന്ന വെളിച്ചപ്പാടുകളെക്കൊണ്ടു് രാജാക്കന്മാർ യുദ്ധത്തിന്റെ ഗതി പ്രവചിപ്പിക്കുമായിരുന്നു. പാമ്പാവുമ്പോഴാണു് വെളിച്ചപ്പാടുകൾ ദൈവത്തിന്റെ നാവായി മാറുന്നതു്. അതുകൊണ്ടാവാം, വെളിച്ചപ്പാടുകളുടെ വായിലൂടെ പുറത്തുവരുന്ന തന്റെ ഭാഷയുടെ അക്കുസ്റ്റിക്സിനു് വലിയ പ്രാധാന്യമൊന്നും ദൈവം നൽകാതിരുന്നതു്. വ്യാഖ്യാതാക്കളും ജീവിച്ചു് പോകണമല്ലോ. പലപ്പോഴും മേൽപ്പറഞ്ഞ അവ്യക്തമായ ഉപവാക്യങ്ങൾ ഇല്ലായിരുന്നെങ്കിൽ പല വെളിച്ചപ്പാടുകൾക്കും തലയില്ലാതെ ശിഷ്ടജീവിതം നയിക്കേണ്ടി വരുമായിരുന്നു.
വ്യക്തിപരമായി പറഞ്ഞാൽ, എന്റെ ഭാവി അറിയണമെന്ന ഒരാഗ്രഹവും എനിക്കില്ല. ഇനി, രണ്ടിലൊന്നു് സ്വീകരിച്ചേ പറ്റൂ എന്നു് നിർബന്ധമാണെങ്കിൽ, ഒരു ഫെയ്സ്ബുക്ക് യൂസറുടെ രണ്ടേമുക്കാൽ സ്റ്റാറ്റസുകളിൽ നിന്നും അവന്റെ/അവളുടെ സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ ഏതാനും ചില അൽഗൊരിഥങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കമ്പ്യൂട്ടർ ഗണിച്ചെടുക്കുന്ന പ്രവചനത്തേക്കാൾ എന്തുകൊണ്ടും വിശ്വസനീയമായതു്, എന്നെ സംബന്ധിച്ചു്, ഒരു കാക്കാത്തി കൈരേഖ നോക്കി നടത്തുന്ന പ്രവചനമായിരിക്കും. ശത്രുവിനെയും മിത്രത്തേയും ഇണയേയുമെല്ലാം തിരിച്ചറിയാനായി ജന്തുലോകം ലക്ഷക്കണക്കിനു് വർഷങ്ങളിലൂടെയുള്ള എവൊല്യൂഷൻ വഴി വളർത്തിയെടുത്ത ഇൻസ്റ്റിങ്ക്റ്റിനു് ഒരു കമ്പ്യൂട്ടറിനേക്കാൾ കൃത്യമായും വേഗത്തിലും (പലപ്പോഴും ഒറ്റനോട്ടത്തിൽത്തന്നെ) ഒരു മനുഷ്യനെ വിലയിരുത്താൻ കഴിയും. മുന്നിൽ നിൽക്കുന്നതു് കോഴിപ്പൂവനോ, അതോ കുറുക്കനോ എന്നു് തിരിച്ചറിയാൻ ഒരു പിടക്കോഴിക്കു് കാൽക്യുലേറ്റർ ഉപയോഗിക്കേണ്ടി വന്നാലത്തെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു. ഭാവിയറിയാൻ തന്റെ മുന്നിൽ കയ്യും നീട്ടി നിൽക്കുന്ന ഒരുവൻ ഒരു “കമ്പ്ലീറ്റ് നട്ട്” ആണെന്നറിയാൻ കൈനോക്കി ഉപജീവനം കഴിക്കുന്നവളും, ഒരുപാടു് കൈകളേയും, അവയുടെ ഉടമകളേയും കണ്ടും, കേട്ടും, തൊട്ടും അറിഞ്ഞിട്ടുള്ളവളുമായ ഒരു കാക്കാത്തിക്കു് ഒരുപാടു് നേരം ആലോചിക്കുകയോ, തന്റെ തത്തക്കിളിയോടു് ചോദിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. ആ കിഴങ്ങനോടു് എന്തു് പറയണമെന്നു് അവൾക്കു് ഇൻസ്റ്റിങ്ക്റ്റീവായി, സ്പൊണ്ടേനിയസായി അറിയാം.
“സംഭവിച്ചതെല്ലാം നല്ലതിനു്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു്” എന്ന കാര്യത്തിൽ സംശയമേതുമില്ലാത്ത ആദ്ധ്യാത്മികജീവികൾക്കും ചിലപ്പോഴൊക്കെ തന്റെ ഭാവി ഒന്നറിയണം എന്നു് തോന്നാറുണ്ടു്. എന്തു് സംഭവിച്ചാലും അതു് നല്ലതിനാണെങ്കിലും, എന്താണു് സംഭവിക്കാനിരിക്കുന്നതു് എന്നറിയുന്നതുകൊണ്ടു് കുഴപ്പമൊന്നുമില്ലല്ലോ എന്ന ന്യായം. തന്റെ നന്മക്കുവേണ്ടി സംഭവിക്കാനിരിക്കുന്ന ആ കാര്യങ്ങൾ ആരെങ്കിലും അല്പം എരിവും പുളിയും ഉപ്പുമൊക്കെ ചേർത്തു് പാകപ്പെടുത്തി അഭീഷ്ടാനുസരണം മുന്നിൽ വിളമ്പി വയ്ക്കുമ്പോഴത്തെ ആ രസം, അതൊന്നു് വേറെതന്നെ!
Aug 27, 2015, 11:11 AM
“നമ്മുടെ ജീവിതം ഒരു ബിസ്നസാണു്, കഴിഞ്ഞ കാലങ്ങളിലേതു് ഒരു നിലനില്പായിരുന്നു; മൊത്തം ജനം എന്നതു് മിക്കവാറും നിലനിന്നിട്ടേയില്ല, പക്ഷേ, പരമ്പരാഗതമായതു് അഭിവൃത്തി പ്രാപിക്കുകയും ചെയ്തു.” – യാക്കോബ് ബുർക്ക്ഹാർഡ്റ്റ്
Aug 30, 2015, 6:20 PM
ചരങ്ങളും അചരങ്ങളുമായ വിഗ്രഹങ്ങളെ ആരാധിക്കലാണു് ജീവിതത്തിന്റെ ലക്ഷ്യംതന്നെ എന്നു് പഠിപ്പിക്കപ്പെട്ട ഒരു ജനതയ്ക്കു് വിഗ്രഹാരാധനക്കെതിരായി ശബ്ദമുയർത്തുന്നവരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടു്. മുന്നേ നടന്നവരോ, നടക്കുന്നവരോ ആയ രൂപങ്ങളുടെ പുറകെയല്ലാതെ, അവർ കാണാതെചൊല്ലാൻ പഠിപ്പിച്ച വിശ്വാസപ്രമാണങ്ങളുടെ “പിടിവള്ളിയിൽ” തൂങ്ങിയല്ലാതെ ഒരു ചുവടുപോലും മുന്നോട്ടു് വയ്ക്കാൻ കഴിയാത്ത മനുഷ്യർക്കു് അങ്ങനെയേ പ്രതികരിക്കാനാവൂ. വിഗ്രഹാരാധന അതിൽത്തന്നെയല്ല, ഏതു് വിഗ്രഹത്തെ ആരാരാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് അവരുടെയിടയിൽ ശരിതെറ്റുകൾ നിർണ്ണയിക്കപ്പെടുന്നതു്. അതിനാൽ, ഇന്നത്തെ കൊലയാളികൾ നാളത്തെ ഇരകളാവുന്നതു് അവിടെ തികഞ്ഞ സ്വാഭാവികതയായിരിക്കും.
അന്യനിലപാടുകളുടെ പേരിൽ മാത്രം മനുഷ്യർ വധിക്കപ്പെടുമ്പോൾ, ആ ക്രൂരകൃത്യത്തെ നിരുപാധികം അപലപിക്കുന്നതിനു് പകരം, അതിനെ ഏതു് വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ സ്വന്തം മൈലേജ് വർദ്ധിപ്പിക്കാം എന്നാവും സമൂഹത്തെ കച്ചവടച്ചരക്കാക്കാൻ ശ്രമിക്കുന്ന, ഈ രണ്ടു് വിഭാഗങ്ങളിലും പെട്ട “പക്ഷവാദിസഹൃദയരുടെ” ചിന്ത. അനുയോജ്യമായ അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം മനുഷ്യസ്നേഹിവേഷം കെട്ടി മുതലക്കണ്ണീർ ഒഴുക്കേണ്ടിവരുന്ന “സന്മനസ്സുകൾ”!
നിത്യമായതെന്നു് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനാൽ സ്വന്തം സാംസ്കാരികപുറംതോടു് പൊട്ടിച്ചു് പുറത്തുവരാൻ കഴിയാത്ത ബാർബേറിയൻസിന്റെ കാര്യത്തിൽ അവരുടെ ചരിത്രമില്ലായ്മ അവരുടെ കാട്ടാളത്തമായിരിക്കും, നേരെമറിച്ചും.
Aug 31, 2015, 12:17 PM
മന്ത്രി, തന്ത്രി തുടങ്ങിയ ജീവികൾ ചെയ്യുന്നതുപോലെ, സത്യപ്രതിജ്ഞയെടുക്കൽ ദൈവനാമത്തിലോ, അവരവരുടെ വേദഗ്രന്ഥങ്ങളിൽ തൊട്ടോ വേണമെന്നു് നിർബന്ധമൊന്നുമില്ല. ഫൊയർബാഹ് പറയുന്ന പ്രകാരം, ഉപയോഗപ്രദമായ ഉപകരണങ്ങളുടെ പേരിൽ (തൊട്ടും, തൊടാതെയും) സത്യപ്രതിജ്ഞ ചെയ്യുന്ന രീതി പുരാതനകാലം മുതലേ നിലവിലുണ്ടു്. ഉദാഹരണത്തിനു്, ഒരു രാജാവു് അവന്റെ ചെങ്കോലിൽ പിടിച്ചോ, ഒരു പട്ടാളക്കാരൻ അവന്റെ തോക്കിന്റെ കാഞ്ചിയിൽ വിരൽ വച്ചുകൊണ്ടോ, ഒരു മുക്കുവൻ അവന്റെ വലയുടെ കണ്ണികളുടെ പേരിലോ സത്യപ്രതിജ്ഞ ചെയ്യുന്നതു് ‘പ്രോട്ടോക്കോൾ’ അനുസരിച്ചു് ഒരു തെറ്റായിരുന്നിട്ടില്ല. സ്വന്തം വർഗ്ഗത്തിന്റെയോ തൊഴിലിന്റെയോ പേരിലല്ലാതെ, ഒരു മനുഷ്യജീവി അവന്റെ സ്വന്തം തലയുടെ പേരിലോ, അവന്റെ ഗോത്രമൂപ്പന്റെ തലയുടെ പേരിലോ, ഗോത്രമൂപ്പത്തിയുടെ മുലയുടെ പേരിലോ സത്യപ്രതിജ്ഞ ചൊല്ലുന്നതും നിയമാനുസൃതമാണു്. അതുപോലെതന്നെ, ഒരു ഇംഗ്ലിഷ് ലോർഡ് അവന്റെ കുലീനതയുടെ പേരിലോ, ഒരു തുർക്കി അവന്റെ താടിയുടെ പേരിലോ, ഒരു ബെഡുവിൻ അവന്റെ ഉല്പാദനേന്ദ്രിയത്തിന്റെ പേരിലോ സത്യപ്രതിജ്ഞയെടുക്കുന്നതും ഔദ്യോഗികമായി ഇതുവരെ നിരോധിക്കപ്പെട്ടിട്ടില്ല.
അഴിമതിക്കും കള്ളത്തരത്തിനും ഈവക സത്യപ്രതിജ്ഞകളൊന്നും ഒരിക്കലും ഒരു തടസ്സമായിരുന്നിട്ടില്ല എന്നതിനാൽ, സത്യപ്രതിജ്ഞ എടുക്കാതിരുന്നാലും പ്രശ്നമൊന്നുമില്ല. പക്ഷേ, ജനത്തിനു് അഭിമാനം കൊണ്ടു് ആനന്ദപുളകിതരാവാൻ അത്തരം ചില കണ്ണിൽ പൊടിയിടലുകൾ ആവശ്യമാണു്. കണ്ണിൽ ദേശസ്നേഹത്തിന്റെ പൊടി വീണാൽ മനുഷ്യർ അവരുടെ ഒട്ടിയ വയറുകളുടെ കാര്യം മറക്കും. അതാണു് മനുഷ്യരുടെ ഒരു പ്രകൃതം. ഉത്തരകൊറിയൻ ഡിക്റ്റേറ്റർ കിം ജോങ്-ഇൽ ആണു് ഇന്നു് ജീവിച്ചിരിക്കുന്ന കണ്ണിൽപൊടിയിടൽവിദഗ്ദ്ധരിൽ പ്രമുഖൻ.
July 2015
Jul 1, 2015, 9:35 AM
വ്യക്തമായ ജ്ഞാനമാണെന്നതിനാൽ, ജിയോമെട്രിയിൽ ആരെയും വാചകമടിച്ചു് വശത്താക്കേണ്ട കാര്യമില്ല. പഠിപ്പിക്കുകയും പഠിക്കുകയും ചെയ്താൽ മതി. രാഷ്ട്രീയത്തിൽ അങ്ങനെയല്ല. അവിടെ അറിവിനേക്കാൾ സാധ്യതകളാണു് അരങ്ങു് വാഴുന്നതു്. മനുഷ്യജീവിതവുമായി അടിസ്ഥാനബന്ധം പുലർത്തുന്ന ഒന്നാണു് രാഷ്ട്രീയമെന്നതിനാൽ, പൊതുജനത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടല്ലാതെയുള്ള ഒരു റാഷണാലിറ്റിക്കു് അവിടെ നിലനില്പില്ല. കാരണം, ഗണിതശാസ്ത്രത്തിലേതിൽ നിന്നും വ്യത്യസ്തമായി, സ്വതന്ത്രമായ നിലനില്പുള്ള ഒന്നല്ല സാമൂഹികപ്രശ്നങ്ങളിലെ റാഷണാലിറ്റി. (ആശയപരമായി അരിസ്റ്റോട്ടിലിനോടു് കടപ്പാടു്)
എല്ലാം കണക്കാണെന്നു് ചിന്തിക്കാൻ സാമാന്യമനുഷ്യരെ പ്രേരിപ്പിക്കുമെന്നതാണു് രാഷ്ട്രീയത്തിൽ കുത്തിനിറയ്ക്കപ്പെടുന്ന കണക്കുകളുടെ പ്രധാന ഗുണം.
Jul 2, 2015, 8:42 AM
കേൾക്കാനും കാണാനുമുള്ള കുഞ്ഞുങ്ങളുടെ ശേഷി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു്. കളിക്കുന്ന കുട്ടികൾ ഉണ്ടാക്കുന്ന ശബ്ദം ചെവി പൊട്ടിക്കുന്ന ബഹളമായല്ല അവർക്കു് അനുഭവപ്പെടുന്നതു്. കാഴ്ചയിൽ അവർക്കുള്ള ശേഷിക്കുറവുമൂലമാണു് കിൻഡർ ഗാർട്ടൻ-, സ്ക്കൂൾപരിസരങ്ങളിലെ റോഡുകളിൽ വാഹനങ്ങൾക്കു് കുറഞ്ഞ വേഗത നിർബന്ധമാക്കിയിരിക്കുന്നതു്.
കിളിക്കൂട്ടിലെ കുഞ്ഞുങ്ങളും അതുപോലെ തന്നെ. അമ്മക്കിളിയോ അപ്പൻകിളിയോ വന്നു് തീറ്റയായി വല്ല കൃമിയോ പുഴുവോ വായിലേക്കു് തിരുകിക്കൊടുക്കുന്നതുവരെ, സ്വന്തം തല പോലും വിഴുങ്ങാൻ പോന്നത്ര തുറന്ന വായുമായി, അവ ഇങ്ക്വിലാബ് വിളിച്ചുകൊണ്ടിരിക്കും. വായിൽ വച്ചുകൊടുക്കുന്നതു് പാഷാണമായാലും ശരി, അതവറ്റകൾ വിഴുങ്ങുകയും ചെയ്യും. അതാണു് കിളിക്കൂട്ടിലെ രാഷ്ട്രീയം – തീറ്റരാഷ്ട്രീയം. പല തരം പൊളിറ്റിക്സുണ്ടു്. തീറ്റ പൊളിറ്റിക്സ്, എലക്റ്റൊറൽ പൊളിറ്റിക്സ്, എക്ളിസിയാസ്റ്റിക്കൽ പൊളിറ്റിക്സ്, ജെൻഡർ പൊളിറ്റിക്സ്, പവ്വർ പൊളിറ്റിക്സ്, ക്രിമിനൽ പൊളിറ്റിക്സ് ….
ബഹളത്തിന്റെയും കരച്ചിലിന്റെയും കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയക്കുഞ്ഞുങ്ങളും ഏകദേശം ഇതേ നിലപാടുകാരാണു്. തീറ്റ കിട്ടുന്നതു് വരെ അവരും ആർക്കും സ്വൈര്യം കൊടുക്കാതെ ബഹളം വച്ചുകൊണ്ടിരിക്കും. ഏതെങ്കിലും നേതാവിന്റെ വായിൽ നിന്നും വീണുകിട്ടുന്ന ചെറിയ എല്ലോ അപ്പക്കഷണമോ മതി ചിലർക്കു് തൃപ്തിപ്പെടാൻ. മറ്റു് ചിലർക്കു് വായിൽ ആറാട്ടു് മുണ്ടനെത്തന്നെ കിട്ടിയാലേ തൃപ്തിയാവൂ – പൊറ്റപെറുക്കൽ പൊളിറ്റിക്സ്, ആറാട്ടുമുണ്ടനെ എഴുന്നള്ളിക്കൽ പൊളിറ്റിക്സ്…! എന്തെന്തുതരം പൊളിറ്റിക്സ്!?അതിനെ പക്ഷേ പൊളിറ്റിക്സ് എന്നതിനേക്കാൾ പൊളിമിക് എന്നു് വിളിക്കുന്നതാവും കൂടുതൽ ശരി. കടലും കടലാടിയും പോലെ.
ഇതിന്റെ ഒരു വകഭേദമാണു് റ്റ്സിപ്രാസ് ഗ്രീസിൽ പയറ്റിക്കൊണ്ടിരിക്കുന്നതു്. ക്യാരറ്റ് കാണിച്ചു് അലക്കുകാരനേമാൻ കഴുതയുടെ മുതുകിൽ കൂടുതൽ കൂടുതൽ വിഴുപ്പുഭാണ്ഡങ്ങൾ വച്ചുകെട്ടുന്നതുപോലെ! പൂപ്പൽ പിടിച്ചുതുടങ്ങിയ പ്രത്യയശാസ്ത്രവിഴുപ്പുകെട്ടുകളിൽ കൂണുകൾ മുളച്ചേക്കാമെന്നല്ലാതെ, സാധാരണജനത്തിനു് നിത്യോപയോഗവസ്തുക്കൾ വാങ്ങാൻ പോലുമുള്ള പണം കായ്ക്കില്ല. രാജ്യത്തിന്റെ വരുമാനവും, രാജ്യം കടം വാങ്ങിയ പണവും ഏതാനും ചിലരുടെ പോക്കറ്റുകളിലേക്കും, അവിടെ നിന്നും സുരക്ഷിതപ്രദേശങ്ങളിലെ ബാങ്കുകളിലേക്കും ഒഴുകിക്കൊണ്ടിരുന്നപ്പോൾ അതു് കാണുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടവർ തല മണ്ണിൽ പൂഴ്ത്തി മൌനം ഭജിച്ചു് സഹായിച്ചതിന്റെ ഫലം!
മോഹനവാഗ്ദാനങ്ങൾ നൽകിയും, ശത്രുചിത്രങ്ങൾ ചൂണ്ടിക്കാണിച്ചും ഇലക്ഷൻ ജയിക്കാനാവുന്നത്ര എളുപ്പത്തിൽ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
Jul 3, 2015, 1:08 PM
ഫെയ്സ് ബുക്കിലെ ഒരു ഗ്രുപ്പിലെ സത്യവിശ്വാസിയായ ഏതോ ഒരു സന്മനസ്സു് ഉവാച:
“നല്ലതു് മാത്രം സംസാരിക്കുക, അല്ലെങ്കിൽ മൌനം പാലിക്കുക.”
“എന്നെപ്പറ്റി/ഞങ്ങളെപ്പറ്റി നല്ലതു് മാത്രം സംസാരിക്കുക, അല്ലെങ്കിൽ മൌനം പാലിക്കുക” എന്നായിരുന്നെങ്കിൽ കുറച്ചുകൂടി വസ്തുനിഷ്ഠമായിരുന്നേനെ.
എന്താണു് നല്ലതു്? എന്റെ വിശ്വാസം, എന്റെ സംസാരം. എന്താണു് ചീത്ത? നിന്റെ വിശ്വാസം, നിന്റെ സംസാരം. അതുകൊണ്ടു് എനിക്കു് സംസാരിക്കാനും, നിന്നെ വിമർശിക്കാനും അനുവാദമെന്നല്ല, അവകാശവും, അധികാരവും ഉണ്ടു്. കാരണം, ഞാൻ പരമ്പരാഗതമായിത്തന്നെ ഒരു അധികാരിയാണു്. അന്യവിശ്വാസിയായ നിനക്കു് ഒരിക്കലും നല്ലതു് പറയാനാവില്ല. അതുകൊണ്ടു് നീ മൌനം പാലിച്ചേ തീരൂ!
സംഭവം സിമ്പിൾ ആണെങ്കിലും, ദൈവങ്ങളും ദൈവമക്കളും പറയുന്ന അതികഠിനമായ കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാൻ കഴിവുള്ളവരല്ല അവിശ്വാസികൾ. അതിനാൽ, അവർക്കു വേണ്ടി ഞാനതിനെ ഒന്നു് വ്യാഖ്യാനിച്ചെന്നേയുള്ളു. ഞാനതു് ചെയ്തില്ലെങ്കിൽ അവിശ്വാസികൾ വഴിതെറ്റും. അവർ വഴിതെറ്റിയാൽ, കുറ്റബോധം എന്നെ പിടികൂടും. പിന്നെ ആ പാപഭാരം തലയിൽ നിന്നും താഴെ ഇറക്കി വയ്ക്കണം; അതിനു് ഏതെങ്കിലും പാതിരിയെ കാണണം; തുട്ടുകൊടുത്തു് കുമ്പസാരിക്കണം… ഒരു വ്യാഖ്യാനം വഴി ആ പൊല്ലാപ്പുകൾ എല്ലാം ഒഴിവായിക്കിട്ടും. ഭാവിയിൽ എനിക്കു് മനസ്സമാധാനത്തോടെ ഉറങ്ങുകയും ചെയ്യാം.
മനുഷ്യർ വേദവാക്യങ്ങളും, മഹദ്വചനങ്ങളും, പ്രത്യയശാസ്ത്രജ്ഞരുടെ പ്രവചനങ്ങളുമൊക്കെ ശരിയായി മനസ്സിലാക്കാതിരിക്കുന്നതു് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ല.
Jul 5, 2015, 5:48 PM
കാലിക്കൂട്ടിൽ ജനിച്ച ദൈവപുത്രൻ, കുഞ്ഞായിരുന്നപ്പോൾ നദിയിൽ നിന്നും വീണ്ടെടുക്കപ്പെട്ട മോശെ, ബാല്യത്തിൽ മുതലയുടെ വായിൽ പെട്ടെങ്കിലും, സന്ന്യസിക്കാനുള്ള അനുവാദം അമ്മ നൽകിയതോടെ മുതല കടി വിടുകയും അങ്ങനെ രക്ഷപെടുകയും ചെയ്ത ശങ്കരാചാര്യർ തുടങ്ങി താഴ്മയുടെ അടിത്തട്ടിൽ നിന്നും, വിപരീതസാഹചര്യങ്ങളിൽ നിന്നും രക്ഷപെട്ടു് മഹത്വത്തിന്റെ കൊടുമുടിയിൽ എത്തിച്ചേർന്ന മനുഷ്യരുടെ കഥകൾ ലോകത്തിൽ എത്ര വേണമെങ്കിലുമുണ്ടു്.
രാഷ്ട്രീയം എന്നാൽ ഒരു തല്ലുകൊള്ളിയുടെ പിന്നിൽ അണിനിരക്കുന്നതാണു് എന്നു് മനസ്സിലാക്കി വച്ചിരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, നേതൃത്വത്തിലേക്കു് എത്താനുള്ള വഴിയിൽ സ്വന്തം നേതാക്കൾ സഹിക്കേണ്ടിവന്ന പീഡനങ്ങളും കഷ്ടപ്പാടുകളും ഇതേ മാതൃകയിൽ പാടിക്കൊണ്ടിരിക്കുന്നതു് ഒരു ബാദ്ധ്യതപോലെ കരുതുന്ന അണികളുണ്ടു്. അധികാരം കയ്യടക്കാനായി നിസ്വാർത്ഥരും ജനപ്രിയരുമായ തങ്ങളുടെ നേതാക്കൾ നയിച്ച സഹനസമരങ്ങളുടെയും, അധികാരിവർഗ്ഗത്തിന്റെ പോലീസ് അവരെ നിഷ്ഠൂരമായി തല്ലിച്ചതച്ചതിന്റെയുമെല്ലാം കരളലിയിപ്പിക്കുന്ന കദനഗാഥകൾ. അമ്പലത്തിലും, പള്ളിയിലും, മോസ്ക്കിലും, സിൽമയിലും, ടിവിയിലും, എന്നുവേണ്ട, ആകെമൊത്തം കൂട്ടക്കരച്ചിലായ ഒരു നാട്ടിലെ രാഷ്ട്രീയത്തിലും അല്പം വിലാപം കലരുന്നതിൽ തെറ്റില്ല. മരണവീട്ടിൽ പോയി ചളു അടിക്കുന്നതിനേക്കാൾ തീർച്ചയായും ഭേദമായിരിക്കും.
എങ്കിലും, അനിയന്ത്രിതമെന്നോണം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി പങ്കെടുക്കാൻ ഒരു രാഷ്ട്രീയക്കാരനു് വേണ്ടതു് “തല്ലിച്ചതയ്ക്കപ്പെട്ടവൻ” എന്ന യോഗ്യതയാണെങ്കിൽ, അത്തരമൊരു രാഷ്ട്രീയത്തിന്റെ നേതൃത്വം – കൂടിയ അർഹതയുടെ പേരിൽ – ഇഞ്ചയെ ഭരമേൽപ്പിച്ചാൽ ഒന്നുകൂടി കലങ്ങിയേനെ എന്നു് പറയാതെ വയ്യ!
Jul 5, 2015, 6:27 PM
മനുഷ്യരെ സംബന്ധിച്ചു് മഹത്വം എന്നതു് അതിൽത്തന്നെ മോശമായ ഒരു കാര്യമല്ല. നശിക്കലല്ല, വളരലാണു് ജീവിവർഗ്ഗങ്ങളിൽ സ്വഭാവജന്യത. മുതലാളിത്തം നശിക്കട്ടെ എന്നു് മുദ്രാവാക്യം മുഴക്കുന്നവനും സൂത്രത്തിൽ ഒരു മുതലാളി ആവാനുള്ള അവസരം ലഭിച്ചാൽ അതു് വേണ്ടെന്നു് വയ്ക്കാറില്ല. ദൈവഭക്തരാണെങ്കിൽ സ്വർഗ്ഗത്തോളം വളരാൻ ആഗ്രഹിക്കുന്നവരാണു്. ആ മോഹം മൂടി വയ്ക്കാനുള്ള ഒരു പർദ്ദ മാത്രമാണു് സമൂഹത്തിൽ അവർ പ്രദർശിപ്പിക്കാറുള്ള താഴാഴ്മ. ദൈവഭയമുള്ളവരും വിനയാന്വിതരുമാണു് തങ്ങൾ എന്നു് കാണിക്കാൻ വാരിയണിയുന്ന ഒരുതരം മുഖംമൂടി.
ദൈവഭയം എന്നതു് സത്യത്തിൽ ആരോ തന്നെ സ്ഥിരമായി ഒളിഞ്ഞു് നോക്കിക്കൊണ്ടിരിക്കുന്നു, ആരോ തന്നെ വിടാതെ പിൻതുടർന്നുകൊണ്ടിരിക്കുന്നു എന്ന ഭയമല്ലാതെ മറ്റൊന്നുമല്ല. മന:ശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ ഇതൊരുതരം രോഗാവസ്ഥയാണെങ്കിലും, ഇവിടെ ആ അപരാധം മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുന്നവൻ ദൈവമായതിനാൽ അതൊരു കുറ്റമായല്ല, തന്റെ നന്മക്കുവേണ്ടി ദൈവം ഏറ്റെടുത്തിരിക്കുന്ന ഭാരിച്ച ഒരു ചുമതലയായി മനസ്സിലാക്കപ്പെടുന്നു എന്നുമാത്രം. കാലാകാലങ്ങളായി ആവർത്തിക്കപ്പെടുന്ന കണ്ഡീഷനിങ്ങിന്റെ ഫലം.
പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു ആയ തന്റെ നേരെയല്ലാതെ പ്രപഞ്ചസ്രഷ്ടാവു് ഊണും ഉറക്കവും ഒഴിഞ്ഞു് മറ്റാരുടെ നേരെ നോക്കിക്കൊണ്ടിരിക്കാൻ? എന്തായാലും, ഭക്തർ അവരുടെ ദൈവത്തിനെ ഭരമേൽപ്പിച്ചിരിക്കുന്ന ജോലി കഠിനം എന്നേ പറയേണ്ടൂ. സിക്ക് ലീവില്ല, ഏൺഡ് ലീവില്ല, രാവെന്നോ പകലെന്നോ ഇല്ല!
മനുഷ്യരുടെ കക്കൂസിലേക്കും കുളിമുറിയിലേക്കും ഒളിഞ്ഞു് നോക്കിക്കൊണ്ടിരിക്കുന്ന ഒരു ദൈവം എന്ന ഭ്രാന്തൻ ആശയം, ഏതു് നീചത്വവും ചെയ്യാൻ മടിക്കാത്ത മനുഷ്യരുടെ തലയിൽ മാത്രമേ ഉദിക്കാൻ കഴിയൂ എന്ന കാര്യത്തിൽ സംശയം വേണോ?
സകല കാര്യങ്ങളും മുൻകൂട്ടി കാണാനും അറിയാനും കഴിയുന്ന ഒരു ദൈവം ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും നിശ്ചയിച്ചു് ഉറപ്പിച്ച ശേഷം, സ്വന്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സ്വാതന്ത്രൃവും നൽകി ഒരു മനുഷ്യനെ ഭൂമിയിലേക്കു് അയക്കുന്നു! എന്നിട്ടു് അവൻ എന്തു് ചെയ്യുന്നു എന്നറിയാൻ കടലയും കൊറിച്ചുകൊണ്ടു് സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നു!
പണ്ടെന്നോ താൻ തന്നെ ഒരുത്തനുവേണ്ടി ആർക്കും തിരുത്താനാവാത്തവിധം എഴുതിയുണ്ടാക്കിയ ഒരു മരണസർട്ടിഫിക്കറ്റും കയ്യിൽ വച്ചുകൊണ്ടു് അവൻ മരിക്കാനോ, അതോ ജീവിക്കാനോ തന്റെ “ഇച്ഛാസ്വാതന്ത്രൃം” ഉപയോഗിക്കുന്നതെന്നറിയാൻ നോക്കിക്കൊണ്ടിരിക്കുന്നതിലെ ആകാംക്ഷയും നിശ്ചയദാർഢ്യവും ഭയങ്കരം എന്നല്ലാതെ എന്തു് പറയാൻ? ഒരു സംശയമേ വേണ്ടൂ: അതുപോലൊരു ദൈവം ഒരു സമ്പൂർണ്ണ ഭ്രാന്തനോ, അതോ ഒരു സമ്പൂർണ്ണ വിഡ്ഢിയോ?
Jul 6, 2015, 11:52 AM
മതഗ്രന്ഥങ്ങൾ മനുഷ്യരുടെ മാത്രം സൃഷ്ടിയാണെന്നും, ഒരു ദൈവത്തിനും അവയുടെ രൂപമെടുക്കലിൽ പങ്കില്ലെന്നും അവയിലെ തന്നെ വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും ചൂണ്ടിക്കാണിച്ചു് യുക്തിഭദ്രമായി തെളിയിച്ചാൽ വിശ്വാസികൾ അവരുടെ അന്ധമായ ഭക്തി ഉപേക്ഷിക്കും എന്നു് കരുതുന്നതു് അബദ്ധമായിരിക്കും.
തെറ്റുകൾ വരുത്തുന്നവനോ എന്റെ ദൈവം? എന്റെ വിശ്വാസവും അനുഭവവങ്ങളും തെറ്റെന്നോ? തികച്ചും അസാദ്ധ്യം! തന്റെ ഈവിധ ഉത്തമബോദ്ധ്യങ്ങൾക്കു് ചുറ്റും മാത്രം കറങ്ങാൻ കഴിയുന്നവനാണു് ഒരു വിശ്വാസി. ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റുകൾ മനസ്സിലാക്കാനുള്ള കഴിവില്ലായ്മ, അല്ലെങ്കിൽ അതിനുള്ള ആഗ്രഹമില്ലായ്മ, ഇവ കൂടിയാകുമ്പോൾ ഭക്തിയുടെ അടിത്തറ ഒന്നുകൂടി ഉറയ്ക്കും. അല്ലെങ്കിലും മനുഷ്യനു് യാതൊരു പ്രയാസവും കൂടാതെ എപ്പോഴും കാണാൻ കഴിയുന്നതു് മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങളും, കാണാൻ അത്ര എളുപ്പമല്ലാത്തതു് അവനവന്റെതന്നെ കുറ്റങ്ങളും കുറവുകളുമാണല്ലോ.
എല്ലാ മതങ്ങളും ആത്യന്തികമായ സത്യത്തെ പ്രതിനിധീകരിക്കുന്നു എന്നു് അവകാശപ്പെടുന്നവയാണു്. ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും ഏതെങ്കിലുമൊക്കെ മതങ്ങളിൽ വിശ്വസിക്കുന്നവരുമാണു്. ശീലിച്ച കീഴ്വഴക്കങ്ങളെ പിൻതുടരുന്നു എന്നല്ലാതെ, താൻ എന്താണു് വിശ്വസിക്കുന്നതു് എന്നു് മനസ്സിലാക്കിയശേഷം അതിൽ വിശ്വസിക്കുന്നവരല്ല അവരിൽ ആരുംതന്നെ. വിശ്വാസികളായാലും, അവരെ നയിക്കുന്ന തിരുമേനിമാരായാലും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല.
ഗോത്രസമൂഹങ്ങളിലെ പ്രമാണിമാർ എന്നും ഒരു പ്രത്യേക ജനുസ്സായിരുന്നു. ഒരു മാങ്ങാത്തൊലിയും അറിയില്ലെങ്കിലും, അൻഡ്രോയ്ഡ് കാണത്തക്കവിധം മുണ്ടു് മടക്കിക്കുത്തി, മീശ പിരിച്ചുകാട്ടി, വിശ്വാസികളും സാധാരണ ജനങ്ങളും നുമ്മ കാണിച്ചുകൊടുത്തിരിക്കുന്ന വഴിയും വരിയും തെറ്റിക്കാതിരിക്കാൻ പാടുപെടുന്ന സദാചാരപ്രഭുക്കൾ! ഉള്ളതു് പറഞ്ഞാൽ, ഇക്കൂട്ടരുടെ വായിൽ നിന്നും വരുന്ന വിഡ്ഢിത്തം കേൾക്കാതിരിക്കാൻ, ഈവക കമ്പോസ്റ്റ് കുഴികളിൽ നിന്നും കഴിയുന്നത്ര അകന്നുനിൽക്കാൻ ചെറുപ്പം മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു! ഒരിക്കൽ ലതാ മങ്കേഷ്ക്കർ പരാമർശിക്കപ്പെട്ടപ്പോൾ, “അതിനു്, ഹിന്ദി സിനിമയിൽ പാടാൻ അറിയാവുന്നതായി അയാൾ ഒരുത്തനേയുള്ളു” എന്നായിരുന്നു സദസ്സിൽ സന്നിഹിതനായിരുന്ന സ്ഥലം പഞ്ചായത്തു് മെമ്പറുടെ വിദഗ്ദ്ധാഭിപ്രായം! എവിടെയും കയറി തന്റെ വകയായി ഒരു കടുകു് പൊട്ടിക്കൽ കൂടി നടത്തിയില്ലെങ്കിൽ കൃമികടി മാറാത്ത സാമൂഹിക ഉപദേശിമാർ!
അതുപോലുള്ള എല്ലാത്തരം തിരുമേനിമാരും വിശുദ്ധം എന്നു് പ്രഖ്യാപിച്ചു് ചുമന്നുകൊണ്ടു് നടക്കുന്നതു് സാമൂഹികമായ പകർച്ചവ്യാധികളുടെ ദുർഗന്ധവാഹിയായ വിഴുപ്പുകെട്ടാണെന്നു് അവരുടെ മുഖത്തു് നോക്കി പറയുന്നതിലെ ചാരിതാർത്ഥ്യം കൂടിയാണു് എനിക്കു് ദൈവ-മത-രാഷ്ട്രീയ വിമർശനം. ഇൻഡോക്ട്രിനേഷനു് വിധേയമാകാത്തവരോ, അതു് പൂർത്തീകരിക്കപ്പെടാത്തവരോ ആയ ആർക്കെങ്കിലും ഈ ശ്രമം പ്രയോജനപ്രദമായാൽ അതൊരു ബോണസുമായി! അല്ലാതെ, ഭക്തരെ തിരുത്തുക എന്നതോ, ഭക്തരുമായി സംവദിക്കുക എന്നതോ ഒന്നും എന്റെ ലക്ഷ്യമല്ല. അവർക്കു് അവരുടെ വഴി, എനിക്കു് എന്റെ വഴി.
Jul 7, 2015, 9:51 AM
ബൈബിൾ:
യേശു തന്റെ ശിഷ്യന്മാരോടു്: “ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു് പ്രയാസം തന്നേ എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു് എളുപ്പം എന്നും ഞാൻ നിങ്ങളോടു് പറയുന്നു”.
ഖുർആൻ:
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്കു് വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്നു് പോകുന്നതു് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണു് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നതു്.
ബൈബിളിലെ ധനവാന്റെ സ്ഥാനത്തു് ഖുർആനിൽ മുഹമ്മദ് കുറ്റവാളികളെ തിരുകിയതു് നന്നായി. അല്ലെങ്കിൽ ഖുർആൻ ബൈബിളിന്റെ കോപ്പിയാണെന്നു് ദുഷിച്ച നാവുകളായ അവിശ്വാസികൾ പറഞ്ഞു് പരത്തിയേനെ.
Jul 7, 2015, 10:00 AM
ഖുർആൻ:
“പ്രതാപിയും യുക്തിമാനുമായ അല്ലാഹു പരമകാരുണികനും പരിശുദ്ധനുമാകുന്നു. എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു.”
അതാണു് മനുഷ്യർ മാതൃകയാക്കേണ്ട ദൈവികനീതി! ആക്രമിക്കുമ്പോൾ നമ്മൾ രാത്രിയിലോ ഉച്ചയുറക്കത്തിലോ ആക്രമിക്കണം. കുത്തുമ്പോൾ നമ്മൾ പിന്നിൽ നിന്നുതന്നെ കുത്തണം. പ്രതാപിയും യുക്തിമാനുമായ അല്ലാഹു പരമകാരുണികനും പരിശുദ്ധനും കൂടിയാണെന്ന കാര്യം മനുഷ്യർ മറക്കരുതു്:
Jul 7, 2015, 12:03 PM
ലോകത്തിലെ മറ്റെല്ലാ പ്രദേശങ്ങളിലും എന്നപോലെതന്നെ കേരളത്തിലും ആണും പെണ്ണും ഇണചേരും, അതിന്റെ ഫലമായി പലപ്പോഴും കുഞ്ഞുങ്ങളുമുണ്ടാവും. ഓരോ അടിക്കും ഒരു തിരിച്ചടി ഉണ്ടാവുമെന്നു് ന്യൂട്ടൺ. കുഞ്ഞുങ്ങളുണ്ടായാൽ ഇണചേർന്ന ആണും പെണ്ണും അപ്പനും അമ്മയുമായി പരിണമിക്കും. ആ കുഞ്ഞുങ്ങൾ, മാതാപിതാക്കളും ബന്ധുക്കളും സംഘം ചേർന്നു് നടത്തുന്ന കണ്മഷിപൂശൽ പാലൂട്ടു് ചോറൂട്ടു് സ്വർണ്ണംഅരച്ചൂട്ടു് മാലചാർത്തൽ കാൽത്തള-കൈത്തള ചാർത്തൽ നിലത്തെഴുത്തു് ആകാശത്തെഴുത്തു് തുടങ്ങിയ കടന്നാക്രമണങ്ങളെയെല്ലാം അതിജീവിച്ചു്, ആന്റി-വാക്സിനേഷൻ ആന്റി-അങ്കിൾമാരിൽ നിന്നും രക്ഷപെട്ടു് ഒരുവിധം വളർന്നു് വിവാഹപ്രായമെത്തിക്കിട്ടിയാൽ അടുത്തതായി നടന്നിരിക്കേണ്ട ചടങ്ങാണു് കല്യാണം. കല്യാണം വഴി കേരളത്തിൽ രണ്ടു് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ, രണ്ടു് കുടുംബങ്ങൾ തമ്മിലോ, പലപ്പോഴും രണ്ടു് സമുദായങ്ങൾ തമ്മിലോ ആണു് കെട്ടിപ്പൂട്ടപ്പെടുന്നതു്.
കെട്ടിയവർക്കും വഴി നടക്കേണ്ടതുണ്ടെന്നതിനാലും, ഒരു ആണും പെണ്ണും വഴിയിൽ ഒരുമിച്ചു് പോകുന്നതു് കണ്ടാൽ, അവരെ തല്ലിച്ചതച്ചു് സാമൂഹികമര്യാദകൾ പഠിപ്പിച്ചുകൊടുക്കാൻ സ്വയം നിയമിച്ചിരിക്കുന്ന സദാചാരപോലീസ് സ്ഥിരം കാവലുണ്ടെന്നതിനാലും, ഞങ്ങൾ/ഞങ്ങളുടെ മക്കൾ ഇത്രാം തീയതി ഇത്ര മണിക്കു് ഇന്നയിടത്തുവച്ചു് കെട്ടുമെന്നും, നിങ്ങൾ കുടുംബസമേതം വയറിളക്കി കാലേകൂട്ടി വന്നു് ഞങ്ങൾ ഒരുക്കിയിരിക്കുന്ന തീറ്റസാധനങ്ങൾ തിന്നു് തീർത്തു് തരണമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഒരു നോട്ടീസ് കല്യാണച്ചടങ്ങുമായി ബന്ധപ്പെട്ടവർ എല്ലാ പ്രാദേശികവാസികൾക്കും എത്തിച്ചുകൊടുത്തിരിക്കണം. വഴിയിൽ വച്ചു് കാണുമ്പോൾ ഇവർ കെട്ടിയവരോ കെട്ടാത്തവരോ എന്നറിയാതെ, തല്ലണോ വേണ്ടയോ എന്നറിയാതെ നാട്ടുകാർ ചിന്താക്കുഴപ്പത്തിലാവാതിരിക്കാൻ നിർബന്ധമായും ഈ സദ്യയൂട്ടു് നടത്തിയിരിക്കണം. ക്ഷണിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ നാലിരട്ടി ആളുകൾക്കായി സദ്യ ഒരുക്കിയില്ലെങ്കിൽ തികഞ്ഞില്ല എന്ന പരാതി കേൾക്കേണ്ടിവരും. എന്നാലും, ബഹുമാന്യരായ അതിഥികൾ തിന്നു് തൃപ്തരാവും എന്ന വ്യാമോഹം പാടില്ല. അതൃപ്തി പ്രകടിപ്പിക്കുന്നതാണു് മല്ലുലോകത്തിൽ ശ്രേഷ്ഠതയുടെ ലക്ഷണം എന്നു് എപ്പോഴും ഓർമ്മ വേണം. സദ്യ നന്നായിരുന്നു എന്നോ, തോരനു് ലേശം ഉപ്പു് കൂടിപ്പോയെങ്കിലും, സദ്യ പൊതുവേ നന്നായിരുന്നു എന്നോ ഉള്ള അഭിപ്രായങ്ങൾ കേട്ടാൽ അതൊരിക്കലും ഒരു മല്ലുവിൽ നിന്നും ആവാൻ വഴിയില്ല. ഉപ്പിന്റെ നഞ്ചായിരുന്നില്ലേ ന്റെ ചങ്ങായി, വായിൽ വച്ചു് തിന്നാൻ കൊള്ളുമായിരുന്നോ (ആ ഉപ്പേരി) എന്നാണു് കേൾക്കുന്നതെങ്കിൽ ഉറപ്പിക്കാം, വായിൽ വച്ചു് തിന്നാൻ കൊള്ളാത്തതിനാൽ, വിഭവങ്ങൾ മുഴുവൻ ആസനത്തിലൂടെ തിരുകിക്കയറ്റേണ്ടിവന്ന ഒരു പാവം മല്ലുവിന്റെ ആത്മരോദനമാണതു്! അതാണു് മല്ലു.
വി. റ്റി. ബല്‍റാമും വെയിറ്റിങ് ഷെഡ് പണിയും സംബന്ധിച്ച ചില കമന്റുകളും നിലപാടുകളും കണ്ടപ്പോൾ ജനിതകമായിത്തന്നെ ഒരസംതൃപ്തജീവിയായ മല്ലൂവിനെ വെറുതെ കുറ്റപ്പെടുത്തുന്നതു് ശരിയല്ലല്ലോ എന്നു് തോന്നി.
Jul 8, 2015, 9:59 AM
വീട്ടുവേലകൾ ചെയ്യാനായി നിർമ്മിക്കപ്പെട്ട, പഠിപ്പിച്ചതു് ചെയ്യാനും പറയാനും മാത്രം തുടക്കത്തിൽ കഴിഞ്ഞിരുന്ന ഒരു റോബോട്ട് കാലക്രമേണ, കേൾക്കുന്നതു് ആവർത്തിക്കാനും, കലാപരവും, ബൗദ്ധികവും, ശാരീരികവും, മാനസികവുമായ സവിശേഷതകൾ കൈവരിക്കാനും തുടങ്ങി, അവസാനം “മനുഷ്യൻ” എന്നു് വിളിക്കപ്പെടാനുള്ള യോഗ്യത ഔദ്യോഗികമായിത്തന്നെ നേടി, ഇരുന്നൂറാമത്തെ വയസ്സിൽ മരണമടയുന്നതാണു് “Bicentennial Man” എന്ന ഫിലിം.
ഒരു പൂർണ്ണ മനുഷ്യനായിത്തീരാൻ വേണ്ട എല്ലാ ചേരുവകളുമായി ഈ ഭൂമിയിലേക്കു് ജനിച്ചിട്ടും, വീടും മതവും സമൂഹവും കൂട്ടുചേർന്നു്, ചുവടുചുവടായി, കേൾക്കുന്നതു് ആവർത്തിക്കാനും, കാണാപ്പാഠം പഠിപ്പിച്ചതു് ചിന്താശൂന്യമായി ഉരുവിടാനും മാത്രം കഴിയുന്ന (അതു് ബൈനോമിയൽ തിയറമായാലും, ഇങ്ക്വിലാബ് സിന്ദാബാദായാലും, രാമനാമജപമായാലും, അല്ലാഹു അക്ബർ വിളിക്കലായാലും, ഈശോമശിഹായ്ക്കു് സ്തുതി ചൊല്ലലായാലും വ്യത്യാസമൊന്നും വരുന്നില്ല) ഒരു പ്രിമിറ്റീവ് റോബോട്ടിന്റെ നിലയിലേക്കു് ചുരുക്കി മുരടിപ്പിക്കപ്പെടുന്ന മനുഷ്യജീവികളുടേതിനു് നേർവിപരീതമായ പാതയാണു് ബൈസെന്റെനിയൽ മാനിൽ റോബോട്ട് “ആൻഡ്ര്യൂ” (റോബിൻ വില്യംസ്) പിൻതുടരുന്നതു്.
റോബോട്ടുകളാക്കി മാറ്റപ്പെടുന്ന മനുഷ്യർ, മനുഷ്യനായി മാറുന്ന റോബോട്ട്! പ്രബുദ്ധർ എന്നു് അവകാശപ്പെടുന്ന മനുഷ്യർ, പ്രബുദ്ധൻ എന്നു് തെളിയിക്കുന്ന റോബോട്ട്! പഴങ്കഥകളുടെ പേരിൽ സ്വന്തം വ്യക്തിത്വം ബലികഴിക്കുന്ന മനുഷ്യർ, സ്വന്തം വ്യക്തിത്വത്തിന്റെ പേരിൽ നശ്വരത കൈവരിക്കാൻ തീരുമാനിക്കുന്ന റോബോട്ട്!
Jul 8, 2015, 11:07 AM
ഖുർആൻ: 62: 2
“അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്കു് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പു് വ്യക്തമായ വഴികേടിലായിരുന്നു.”
മുടുമുടുക്കനായ അല്ലാഹു! അന്ധരെ അന്ധൻ തന്നെയാണു് നയിക്കേണ്ടതു്. ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാൻ അവരിൽ നിന്നുതന്നെ ഒരാളെ വേണം നിയോഗിക്കാൻ. ഒന്നാം ക്ലാസ്സിന്റെ ലെവലിൽ നിന്നും കുറേയേറെ താഴേക്കു് പോകുമ്പോഴാണു് നമ്മൾ ബഹു. മന്ത്രി ജനാബ് പി. കെ. അബ്ദു റബ്ബിന്റെ ലോകത്തിലെത്തുന്നതു്. അവിടെയും ഈ തത്വം തന്നെയാണു് വാഴുന്നതു്. അതിനാൽ, അല്ലാഹുവിന്റെ കാഴ്ചപ്പാടിൽ, കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ജനാബ് പി. കെ. അബ്ദു റബ്ബ് ആവാനേ വഴിയുള്ളു. വിദ്യാർത്ഥികളെ “വ്യക്തമായ വഴികേടിൽ” നിന്നും “വേദഗ്രന്ഥത്തിന്റെയും തത്വജ്ഞാനത്തിന്റെയും” വ്യക്തമായ കേടുവഴികളിലേക്കു് ആട്ടിത്തെളിക്കാൻ കഴിവുള്ളവരെയല്ലാതെ മറ്റാരെയെങ്കിലും അല്ലാഹു അധികാരസ്ഥാനത്തു് ഇരുത്തുമെന്നു് തോന്നുന്നില്ല. അതിനു് ചരിത്രവും ഭൂമിശാസ്ത്രവും സാക്ഷി.
Jul 9, 2015, 10:47 AM
എഞ്ചിൻ ഓയിലിനു് പകരം വോൾവൊ ബസിൽ സോപ്പ് ഓയിൽ ഒഴിച്ചെന്നു് വാർത്ത. 25 ലക്ഷം രൂഫാ കൊടുത്താൽ 5 വർഷം മാത്രം പഴക്കമുള്ള ആ ബസ് റിപ്പയർ ചെയ്തുകൊടുക്കാമെന്നു് വർക്കിഷോപ്പുകാർ KSRTC-യെ അറിയിച്ചിട്ടുണ്ടത്രെ! സോപ്പ് ഓയിൽ മാറ്റി പകരം മയിലെണ്ണയോ ആവണക്കെണ്ണയോ നിറക്കേണ്ടതു് എന്ന കാര്യത്തിൽ വകുപ്പു് മന്ത്രിയുമായി ചർച്ചയിലാണെന്നു് KSRTC അധികൃതർ. കരി ഓയിൽ ഒഴിച്ചു് പ്രശ്നം പരിഹരിക്കാമായിരുന്നു എന്നിരിക്കെ സോപ്പെണ്ണ ഉപയോഗിച്ചതിനെപ്പറ്റി ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്ന അഭിപ്രായവുമായി പ്രതിപക്ഷവും രംഗത്തുണ്ടത്രെ!
പ്രീപ്രൈമറി-, മുതല്‍ സര്‍വ്വകലാശാലാതലങ്ങൾ വരെ മാത്രമേ നുമ്മ സമഗ്രമായി കൊളമാക്കിയിട്ടുള്ളു എന്ന തെറ്റിദ്ധാരണയൊന്നും ആർക്കും വേണ്ട. സാങ്കേതികതലങ്ങൾക്കും അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടു്.
Jul 9, 2015, 11:05 AM
ഖുർ ആൻ 13: 8
“ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്നു് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.”
ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുമോ ഇല്ലയോ എന്നു് അറിയുന്നവനാകുന്നു കോണ്ടം. അതുകൊണ്ടാവണം കോണ്ടം കണ്ട അല്ലാഹു, കുരിശുകണ്ട പിശാചിനെപ്പോലെയും, കുരിശോ വെളുത്തുള്ളിയോ കണ്ട ഡ്രാക്കുളയെപ്പോലെയും സ്ഥലം വിടുമെന്നു് പഴമക്കാർ പറയുന്നതു്.
Jul 10, 2015, 11:47 AM
ആദ്യമൊക്കെ ഡി. ഡി. റ്റി. അടിച്ചാൽ കൊതുകുകൾ ചാവുമായിരുന്നു, ഇപ്പോഴത്തെ കൊതുകുകൾ ഡി. ഡി. റ്റി. തിന്നു് ജീവിക്കുന്നവയാണെന്നു് ആരോ പറഞ്ഞു് കേട്ടിട്ടുണ്ടു്. കൊതുകുകൾ ഡി. ഡി. റ്റി. തിന്നുന്നതു് കാണാനുള്ള ഭാഗ്യം ഇതുവരെ എനിക്കു് ഉണ്ടായിട്ടില്ല. എങ്കിലും, എന്തായാലും പട്ടിണി കിടന്നു് ചാവും എന്നു് വന്നാൽ, കിട്ടുന്നതു്, അതിപ്പോ ഡി. ഡി. റ്റി. ആയാലും, വയറു് നിറയെ തിന്നിട്ടു് ചാവാമെന്നു് കൊതുകുകൾ കരുതിയാൽ അവയെ ഞാൻ കുറ്റം പറയില്ല. പണ്ടൊരു നോർത്ത് പോൾ എക്സ്പെഡിഷനിൽ പട്ടിണിമൂലം ചിലർ മരിച്ചപ്പോൾ, മറ്റു് ചിലർ, ചാവാതിരിക്കാൻ, മരിച്ചവരുടെ മാംസം ഭക്ഷിച്ചു എന്ന കഥയും ഞാൻ മിണ്ടാതിരുന്നു് കേൾക്കുകയായിരുന്നു.
ചില ക്രൈസ്തവവിഭാഗങ്ങൾ ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും, പെരുന്നാളുകളിലും പള്ളിയിൽ പോയി യേശുവിന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നതു് കാണുമ്പോഴും ഞാൻ ഒന്നും മിണ്ടാറില്ല. ക്യാനിബൽസിനെ മനുഷ്യർ അല്പം ഭയപ്പെടുന്നതിൽ തെറ്റൊന്നുമില്ല, ചെറുതല്ലാത്ത ഗുണമുണ്ടുതാനും. കണ്ണാടിയിലൂടെ ഞാൻ മനസ്സിലാക്കിയതു് ശരിയാണെങ്കിൽ, എനിക്കും ഏകദേശം ഒരു മനുഷ്യന്റെ രൂപമാണു്.
ആദ്യമൊക്കെ ആന്റിബയോട്ടിക്സ് ഉപയോഗിച്ചാൽ നശിക്കുമായിരുന്ന ചില ബാക്ടീരിയ ഇപ്പോൾ അവയെ വകവയ്ക്കാറില്ലത്രെ! അവയും ഒരുപക്ഷേ ആന്റിബയോട്ടിക്സ് തിന്നുന്നുണ്ടായിരിക്കും. അതു് കാണാനുള്ള ഭാഗ്യവും ഇതുവരെ എനിക്കു് ഉണ്ടായിട്ടില്ല. നഗ്നന്റെ നേത്രങ്ങൾക്കു് കൊതുകിനെ കാണാനാവും, പക്ഷേ ബാക്ടീരിയത്തെ കാണാനാവില്ല. കാലം വല്ലാതെ മാറുന്നുണ്ടു്. ദൈവമാണെങ്കിൽ മാറുന്നുമില്ല, മാറ്റങ്ങളൊന്നും അറിയുന്നുമില്ല. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അതത്ര നല്ല കാര്യമായി എനിക്കു് തോന്നുന്നില്ല.
പണ്ടൊരു പയ്യൻ മലമുകളിൽ കയറിനിന്നു് “പുലി വരുന്നേ, പുലി വരുന്നേ” എന്നു് വിളിച്ചുകൂവി നാട്ടുകാരെ മലകയറ്റിയിരുന്നത്രെ! പതിവായി പ്രാർത്ഥിച്ചിരുന്ന ദൈവഭക്തരായിരുന്നു ആ നാട്ടുകാർ. ആവർത്തനവിരസത അവർക്കു് അജ്ഞാതമായിരുന്നു. അതിനാൽ അവന്റെ കൂവിവിളി കേൾക്കുമ്പോഴെല്ലാം അവർ ഒരു മടിയുമില്ലാതെ വീണ്ടും വീണ്ടും മല കയറിക്കൊണ്ടിരുന്നു. ഒരിക്കൽ, അവൻ പുലി വരുന്നേ എന്നതിനു് പകരം, കടുവ വരുന്നേ എന്നു് കൂവിയെന്നും, ശീലം തെറ്റിയ കൂവൽ കേട്ടതിനാൽ ആരും മല കയറാൻ പോയില്ലെന്നും, അവന്റെ വിളിച്ചുകൂവൽ പിന്നീടൊരിക്കലും ആരും കേട്ടിട്ടില്ലെന്നും കഥ.
ഞാനിപ്പോൾ ആലോചിക്കുന്നതു്, ഒരിക്കൽ, ദാണ്ടെ കൊതുകുകൾ ഞങ്ങളെ കൊന്നുതിന്നുന്നേ എന്നു് ഡി. ഡി. റ്റി. യോ, അയ്യോ, ബാക്ടീരിയ ഞങ്ങളെ വിഴുങ്ങുന്നേ എന്നു് ആന്റിബയോട്ടിക്സോ വലിയകൂട്ടമിടുകയും, ആരും ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരിക്കുകയും ചെയ്താൽ, ഡി. ഡി. റ്റി. ക്കും, ബാക്റ്റീരിയക്കും പുലിപ്പയ്യന്റെ അവസ്ഥ നേരിടേണ്ടിവരില്ലേ എന്നാണു്.
Jul 11, 2015, 9:49 AM
ഖുർആൻ: 16: 9
“അല്ലാഹുവിന്റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നതു്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ടു്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.”
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ “നിങ്ങളെയെല്ലാം” (എന്നെപ്പോലെ) അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു! അതുപോലെതന്നെ, അവൻ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നേരായ മാര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ പിഴച്ചവ കടന്നുകൂടുകയുമില്ലായിരുന്നു. പക്ഷേങ്കി, പിഴച്ചവയേ ഇല്ലാതിരുന്നാൽ ആർക്കെങ്കിലും പിഴച്ച വഴിയിലൂടെ പോകാൻ പറ്റുമോ? പിഴച്ച വഴിയിലൂടെ ആരും പോകാതിരുന്നാൽ അല്ലാഹുവിനു് ആരെയെങ്കിലും നേര്‍വഴിയിലാക്കേണ്ടതിന്റെയോ, അങ്ങനെയൊരു ഉദ്ദേശ്യം ഉദ്ദേശിക്കേണ്ടതിന്റെയോ ആവശ്യം വരുമോ? ഒന്നും ഉദ്ദേശിക്കാതെയും ഉരിയാടാതെയും ചെയ്യാതെയും ഒരു മനുഷ്യൻ സ്വർഗ്ഗത്തിലായാലും എത്ര നാൾ ഇരുന്ന ഇരുപ്പു് ഇരിക്കും? അതുകൊണ്ടാണു് നേരായ മാർഗ്ഗങ്ങളുടെ കൂട്ടത്തിൽ അസാരം പിഴച്ച മാർഗ്ഗങ്ങൾ കൂടി ആയിക്കോട്ടേ എന്നു് അല്ലാഹു കരുതിയതു്. ഞാൻ ഇക്കാര്യത്തിൽ അല്ലാഹുവിന്റെ പക്ഷത്താണു്. എന്നെപ്പോലെ ഒരു അദ്ധ്വാനശീലനു് മറുകണ്ടം ചാടാനാവില്ല.
(അടുത്ത ആഴ്ച ഞാൻ വീണ്ടും സോഷ്യൽ മീഡിയയിൽ ലോഗിൻ ചെയ്യുമ്പോഴേക്കും ഏതെങ്കിലും മടിയന്മാരുടെ പ്രാർത്ഥന കേട്ടു് അല്ലാഹു പണ്ടെടുത്ത തീരുമാനം മാറ്റാതിരുന്നാൽ മതിയായിരുന്നു!
Jul 22, 2015, 11:02 AM
അതിരാവിലെ പല്ലുതേയ്ക്കൽ, കക്കൂസ് സന്ദർശനം, കുളി, പൌഡർ പൂശൽ, മുടി ചീകൽ, തുടങ്ങിയ ആചാരമര്യാദകൾ പാലിച്ചു്, അണിഞ്ഞൊരുങ്ങി, വീണ്ടും മുടിചീകി, ആദ്യം മെസ്സിലും, പിന്നെ കോളേജിലും പോകാൻ വിധിക്കപ്പെട്ട ഹോസ്റ്റൽ നിവാസികൾ നിർബന്ധമായും സഹിക്കേണ്ടിവരുന്ന ഒന്നാണു് അടഞ്ഞ കക്കൂസ് വാതിലുകൾക്കു് മുന്നിലെ ക്യൂ. അകത്തുനിന്നും കുറ്റിയിട്ട കക്കൂസിന്റെ വാതിൽ പുറത്തുനിന്നും ബലമായി തള്ളിത്തുറക്കാൻ നീ ശ്രമിക്കരുതെന്നു് ദൈവകല്പന.
പണ്ടൊക്കെ ഇത്തരം കല്പനകൾ നൽകാൻ മാത്രമായി ദൈവം ഭൂമിയിൽ നേരിട്ടു് വരികയോ, കാര്യമായ പണിയൊന്നുമില്ലാതെ ചൊറികുത്തി ഇരിക്കുന്ന ഏതെങ്കിലും മാലാഖയെ അയക്കുകയോ ചെയ്യുമായിരുന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടും, ഇന്ധനവില കൂടിക്കൊണ്ടും ഇരിക്കുന്നതിനാൽ യാത്രാദൂരവും യാത്രച്ചിലവും ഇന്നു് വളരെ കൂടുതലാണു്. വരവു് അറിയാതെ ചിലവു് ചെയ്താൽ ഗ്രീസായാലും സ്വർഗ്ഗമായാലും പാപ്പരാവും. ആദ്യം വീട്ടമ്മമാരും, പിന്നെ ദൈവവും, ഇപ്പോൾ റ്റ്സിപ്രാസും മനസ്സിലാക്കിയ ഒരു സത്യം.
അതെന്തായാലും, ഒരിക്കൽ നൽകപ്പെട്ട, കല്ലിനെയും പിളർക്കുന്ന ദൈവകല്പനകളെ നിരുപാധികം അനുസരിക്കാൻ പിൽക്കാലജീവികളായ സകല മനുഷ്യരും ബാദ്ധ്യസ്ഥരാണു്. അതിനാൽ, അകത്തുള്ള മനുഷ്യജീവി സ്വമനസ്സാലെ വാതിൽ തുറന്നു് പുറത്തുവരുന്നതുവരെ സത്യവിശ്വാസികൾ കാത്തുനിൽക്കണം. അതു് സഹിക്കാവുന്നതേയുള്ളു. പക്ഷേ ശബ്ദകോലാഹലങ്ങളോടെയേ നീ കക്കൂസിൽ പോകൂ എന്നു് ദൈവം ശപിച്ചിട്ടുള്ള ആരെങ്കിലുമാണു് കക്കൂസിലെ മുൻഗാമിയെങ്കിൽ അവൻ ആരാധനാലയങ്ങളിലെ പ്രാർത്ഥനാവിലാപങ്ങളെക്കാൾ ഉച്ചത്തിൽ പാട്ടുപാടുന്ന കക്കൂസ് ഗായകനായിരിക്കും. പൊട്ടിത്തെറി പോലെ (വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ ബിഗ്-ബാംഗ് പോലെ!) അടിയിൽ നിന്നും ആർത്തിരമ്പുന്ന അപസ്വരങ്ങളെ മുക്കിക്കൊല്ലാൻ അതിലും ഉച്ചത്തിൽ ഗാനങ്ങൾ ആലപിക്കുകയല്ലാതെ മറ്റൊരു പോംവഴി അവനില്ല എന്നു് നമ്മൾ മറക്കരുതു്. കക്കൂസിൽ പോകുമ്പോൾ നീ തമ്പേറുമായി പോകണം എന്നു് ദൈവകല്പനയില്ല.
മനസ്സിലാക്കാവുന്ന കാരണങ്ങളാൽ, “താമസമെന്തേ വരുവാൻ”, “അറബിക്കടലിളകിവരുന്നു” തുടങ്ങിയ സിൽമാപ്പാട്ടുകൾക്കാവും ഇക്കൂട്ടർ മുൻഗണന നൽകുക. ഗുദസമീപവാസികളായ സകല പേശീദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു് തന്റെ ഊഴത്തിനായി കാത്തുനിൽക്കുന്നവർക്കു് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മത്തായിക്കു് മല്ലുസിൽമയാണു് എന്ന മട്ടിൽ അലമുറയിടുന്ന ഈ ഗാനമേളക്കാരെ സഹിക്കേണ്ടി വരുന്നതിനേക്കാൾ കൂടിയ ഒരു ദുരന്തമേയുള്ളു: മതപ്രസംഗം എന്ന പേരിൽ ഇസ്ലാംപണ്ഡിതർ നടത്തുന്ന പാട്ടു് കുർബ്ബാനകൾ, അഥവാ പ്രബോധനരോദനങ്ങൾ! ദൈവത്തെ അനുഭവിച്ചറിയുന്നു എന്നു് വിശ്വാസികൾ അവകാശപ്പെടുന്ന പോലെ, അനുഭവിച്ചറിയേണ്ടുന്ന രണ്ടു് കഷ്ടാനുഭവങ്ങളാണു് ഇവ.
പ്രതിയോഗികളെ നേരിടാൻ കേരളസമൂഹത്തിലെ രാഷ്ട്രീയത്തൊഴിലാളികളും, ഓൺലൈൻ സമൂഹത്തിലെ സ്വപക്ഷസംരക്ഷകരും, ന്യായീകരണത്തൊഴിലാളികളും കാട്ടിക്കൂട്ടുന്ന കൂട്ടനിലവിളികൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, ഒഴിവാക്കാൻ കഴിയാത്ത സ്വന്തം അപസ്വരങ്ങളെ മൂടിവയ്ക്കാനായി മന:പൂർവ്വം വലിയകൂട്ടമിട്ടിരുന്ന ചില ഹോസ്റ്റൽ സഹജീവികളെ ഓർമ്മ വന്നെന്നേയുള്ളു. ആശയപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ, സ്വഭാവം കൊണ്ടു് അധമരായവർ എപ്പോഴും സ്വീകരിച്ചിരുന്ന കുടിലതന്ത്രമാണു് എതിരാളികളുടെ അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും, അവരുടെ നേരെ അമേധ്യം വാരി എറിയലും. അവർക്കു് അതറിയില്ലെങ്കിലും, മറ്റുള്ളവരിൽ അവർ കണ്ടുപിടിക്കുന്ന എല്ലാത്തരം തിന്മകളും ദോഷങ്ങളും ദുർഗ്ഗന്ധങ്ങളും സ്വന്തം അധമത്വത്തിൽ നിന്നും ഉരുത്തിരിഞ്ഞു് വരുന്നവ മാത്രമാണു്. അവയുടെ വെളിപ്പെടുത്തലിലൂടെ അവർ ചെയ്യുന്നതു് സ്വന്തം നീചത്വത്തിനു് ആത്മഹത്യാപരമായ ഒരു പരസ്യമുഖം നൽകുകയല്ലാതെ മറ്റൊന്നുമല്ല.
Jul 22, 2015, 12:41 PM
“നിയമസഭാ എഥിക്സ് കമ്മിറ്റി!”
ആരു് പറഞ്ഞു മലയാളി തമാശ പറയില്ലെന്നു്?
മലയാളി ഉഗ്രൻ തമാശകൾ പറയും. താൻ പറയുന്ന ഗൗരവതരമായ കാര്യങ്ങൾ കൊടുംപിരിക്കൊണ്ട തമാശകളാണെന്നു് അവനറിയില്ലെന്നേയുള്ളു.
ഡെമോക്രാറ്റിക് മാർക്സിസം , സോഷ്യൽഡെമോക്രാറ്റിക് ഇസ്ലാമിസം, റോമൻ കാത്തലിക് ഡെമോക്രസി, കർത്താവിന്റെ രണ്ടാം വരവു്, നരകത്തിലെ വറചട്ടി, കണ്ണീരും ചോരയും, വേണമെങ്കിൽ മലവും മൂത്രവും വരെ വിസർജ്ജിക്കുന്ന ശിവകാശിപ്പടങ്ങൾ, ശാസ്ത്രീയ ജ്യോതിഷം, പല്ലിയുടെ ശാസ്ത്രീയ മൂളിപ്പാട്ടു്, കാക്കയുടെ ശാസ്ത്രീയ തലയിൽത്തൂറൽ, തുട്ടു് കൊടുത്താൽ ആരുടെയും കയ്യോ മുഖമോ മറ്റെവിടെയെങ്കിലുമോ നോക്കി ലോകമഹാവിപ്ലവം വരെ പ്രവചിക്കാൻ കഴിയുന്ന ത്രികാലജ്ഞാനികളായ കാക്കാത്തികൾ, ഹിമക്കരടിയും, ജിറാഫും, ഞാഞ്ഞൂലുമായുള്ള പുനർപുനർജന്മങ്ങൾ, നേർപ്പിക്കുന്തോറും വീര്യം കൂടുന്ന ഹോമിയോ മരുന്നുകൾ … … ഇവയൊക്കെ തമാശകളല്ലെങ്കിൽ!?
Jul 23, 2015, 11:01 AM
“സോഷ്യല്‍ മീഡിയയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വഴികളിലൂടെ നയിക്കുക എന്നത് ബല്‍റാമിനെപ്പോലെ ഉള്ളവര്‍ക്ക് ഒട്ടും ഭൂഷണമല്ല. കയ്യടിക്കുവേണ്ടിയുള്ള ആക്ഷേപങ്ങളിലൂടെ അല്ല പൊതുസമൂഹത്തിനു മുന്നില്‍ ഞെളിഞ്ഞു നില്‍ക്കേണ്ടത്, മറിച്ച് പ്രവൃത്തികളിലൂടെ വേണം ജനങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നുനില്‍ക്കേണ്ടതെന്ന് ബല്‍റാമിനെപ്പോലെയുള്ളവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ കാലത്തിന്റെ പുറമ്പോക്കിലേക്ക് ജനങ്ങള്‍ നിങ്ങളെയൊക്കെ വലിച്ചെറിയും എന്നു മറക്കാതിരിക്കുക.” – എന്നു് കാലത്തിന്റെ പുറമ്പോക്കിൽ നിന്നും സ്വന്തം,
Jul 23, 2015, 12:57 PM
“അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുതു്. തന്‍മൂലം അല്ലാഹു അവര്‍ക്കു് അവരെ പറ്റി തന്നെ ഓര്‍മ്മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗ്ഗികള്‍.” (ഖുര്‍ആന്‍ 59: 19)
ആൽത്സ്ഹൈമർ രോഗത്തെപ്പറ്റി ഖുർആനിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും പറഞ്ഞുകൊണ്ടു് അവിശ്വാസികൾ ആരും മേലിൽ ഈ വഴി വന്നേക്കരുതു്. അല്ലാഹു മനുഷ്യര്‍ക്കു് അവരെ പറ്റി തന്നെ ഓര്‍മ്മയില്ലാതാക്കുന്ന രോഗമല്ലാതെ മറ്റൊന്നുമല്ല ഈ ആൽത്സ്ഹൈമർ എന്ന രോഗം, അഥവാ “ഓർമ്മയില്ലാ- ദുർമാർഗ്ഗി-സിൻഡ്രോം”!
അവനവനെപ്പറ്റി ഓർമ്മയില്ലാത്തവർക്കു് അല്ലാഹുവിനെപ്പറ്റിയും ഓർമ്മയുണ്ടാവില്ല; ദുര്‍മാര്‍ഗ്ഗികൾക്കു് അങ്ങനെയൊരു ഓർമ്മ അല്ലാഹു ആഗ്രഹിക്കുന്നുമില്ല. അല്ലാഹു ഓർമ്മിക്കാതെ മനുഷ്യർ ഓർമ്മിക്കുന്നില്ല. അല്ലാഹു ഇച്ഛിക്കാതെ മനുഷ്യർ ഇച്ഛിക്കുന്നുമില്ല. അതുകൊണ്ടു് അല്ലാഹു ഇങ്ങനെ ഇച്ഛിക്കുന്നു: പുകഞ്ഞ കൊള്ളികളായ ആൽത്സ്ഹൈമർ രോഗികൾ പുറത്തു്, പുകയാത്ത കൊള്ളികളായ സത്യവിശ്വാസികൾ അകത്തു്! നിസ്കാരവും സക്കാത്തും ഹജ്ജും ചാവേർ ആക്രമണത്തീയതിയും മറക്കുന്ന കുറെ ആൽത്സ്ഹൈമർ രോഗികളെ കിട്ടിയിട്ടു് അല്ലാഹുവിനു് യാതൊരു പ്രയോജനവുമില്ല.
കാരണം: “താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവനു് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ടു്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.” – (ഖുര്‍ആന്‍ 59: 22 – 24)
Jul 24, 2015, 12:05 PM
പർദ്ദ വിഷയത്തിൽ ഇന്നുകണ്ട ഒരു ഫെയ്സ്ബുക്ക് സുഭാഷിതം:
“It is a property
A valuable property
It is owners pride
And neighbors envy
Wife is equal to God
It can see all
But no one can see her
That’s parda”
ഇതിനെയൊന്നു് മലയാളീകരിച്ചാൽ:
- അതൊരു മൊതലാണു്. (പർദ്ദയും സ്ത്രീയും ജംഗമവസ്തുക്കളാണു്. സ്ത്രീ അനങ്ങുമ്പോൾ പർദ്ദയും അനങ്ങുന്നുണ്ടല്ലോ).
- അതൊരു വിലപിടിപ്പുള്ള മൊതലാണു്. (കർഷകനു് കൃഷിനിലം എന്നപോലെ മൊയലാളിക്കു് തോന്നുമ്പോലെ, തോന്നുമ്പോഴൊക്കെ ഉഴുതു് കൂടുതൽ വിളവുണ്ടാക്കാനുള്ള ഒരു മൊതൽ, അഥവാ പ്രസവയന്ത്രം).
- മൊയലാളിയുടെ അഭിമാനവും അയൽവാസിയുടെ കുശുമ്പുമാണു് ആ മൊതൽ, (അഥവാ മൊയലാളി വിലക്കു് വാങ്ങിയ ഒരു ഉഗ്രൻ “ചരക്കു്”).
- ഫാര്യ ദൈവത്തിനു് തുല്യമാണു്. അതിനു് (ദൈവത്തിനും മൊതലിനും) എല്ലാറ്റിനേയും കാണാം. പക്ഷേങ്കി, അവളെ (മൊതലിനെ) ആർക്കും കാണാൻ കഴിയില്ല (എന്നു് ഫർത്താവുദ്യോഗസ്ഥൻ കരുതുന്നു).
- അതാണു് ഫർദ്ദ.
ഒരിക്കൽ ഒരു ഫർത്താവുദ്യോഗസ്ഥൻ ഫർദ്ദയിൽ പൊതിഞ്ഞ തന്റെ നാലു് ഫാര്യമാരുമായി ഒട്ടകഫിരിയാണി തിന്നാൻ പോകുന്നതു് കണ്ടു. അപ്പോൾ ഞാനോർത്തു: Each wife is equal to God, or all wives (wearing purdah) are equal to Gods. They can see all. Ergo, there can be many Gods!
മുകളിലത്തെ കോയയുടെ, ഭാര്യ ദൈവമാണെന്ന അഭിപ്രായം ശരിയാണെങ്കിൽ, ഇസ്ലാമിൽ ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടാവുന്നതിൽ തെറ്റൊന്നുമില്ലല്ലോ എന്നായി എന്റെ സംശയം. ജന്മനാ സംശയരോഗിയായാലുള്ള ഓരോരോ പൊല്ലാപ്പുകൾ! ഇസ്ലാമാണെങ്കിൽ ഏറ്റവും കടുത്ത ഏകദൈവവിശ്വാസം പുലർത്തുന്ന ഒരു മതമാണെന്നാണു് ഞാൻ കേട്ടിരിക്കുന്നതും!
വിശ്വാസപരമായ അമിതാസക്തിയുടെ മുളകുപൊടി കണ്ണിൽ പോയി കണ്ണുകാണാതായ ഭക്തജനങ്ങൾക്കു് അവർ നടത്തുന്ന മിക്കവാറും എല്ലാ പ്രസ്താവനകളും സ്വന്തം വിശ്വാസത്തിന്റെ നാരായവേരിനുതന്നെ കോടാലി വയ്ക്കുന്നവയാണെന്നു് അറിയാൻ കഴിയാറില്ല. ഹിന്ദിയിൽ പറഞ്ഞാൽ, തൂ തും ആപ്! (നീ തന്നെ നിന്റെ ആപ്പു്!
Jul 25, 2015, 10:43 AM
കഥകളിലേക്കു് ജനിച്ചു്, കഥകളിലൂടെ വളർന്നു്, കഥകൾ ആവർത്തിച്ചു് മരിക്കുന്നവരാണു് മലയാളികൾ. ഐതിഹ്യങ്ങളുടെയും അർദ്ധചരിത്രങ്ങളുടെയും ശ്മശാനഗുഹകളിൽ നിന്നും ഓരോരോ ശവങ്ങൾ മാറിമാറി മാന്തിയെടുത്തു് പുകഴ്ത്തുന്നതോ ഇകഴ്ത്തുന്നതോ വിലപിക്കുന്നതോ ആണു് അവരുടെ പ്രധാന വിനോദം. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് എന്ന രീതിയിലുള്ള ഒരുതരം വട്ടം ചുറ്റൽ. ഒടുക്കത്തിൽ എത്തിയാൽ വീണ്ടും തുടക്കത്തിൽ എത്തി ആവർത്തിക്കപ്പെടുന്ന പ്രദക്ഷിണങ്ങൾ. തല കറങ്ങാതെ അവർക്കൊപ്പം വട്ടം ചുറ്റാൻ കഴിയണമെങ്കിൽ ബോൾഷോയ് ബാലെയോ, ചുരുങ്ങിയപക്ഷം “പിറുവെറ്റ്” എങ്കിലുമോ ശീലിച്ചിരിക്കണം! വിഷയം രാഷ്ട്രീയമോ മതമോ ചരിത്രമോ ശാസ്ത്രമോ നിയമമോ കൊലപാതകമോ വ്യഭിചാരമോ ബലാൽസംഗമോ എന്നതിനനുസരിച്ചു് അനുയോജ്യമായ ക്യാറ്റക്കോംബിൽ നിന്നുമുള്ള ശവങ്ങൾ മാന്തിയെടുത്തു് പേരുപറഞ്ഞു് കീറിമുറിച്ചു് നടത്തപ്പെടുന്ന “മൃതനൃത്തങ്ങൾ”!
Jul 26, 2015, 9:29 AM
അച്ചടക്കം നല്ലതാണു്. ലക്ഷ്യബോധത്തോടെ മുന്നോട്ടു് പോകാൻ അതു് മനുഷ്യരെ സഹായിക്കും. പക്ഷേ, മതപരമോ രാഷ്ട്രീയമോ ആയ ആശയങ്ങളുടെ കീഴിൽ അനുയായികളെ പരിശീലിപ്പിക്കുന്ന അച്ചടക്കത്തിന്റെ ലക്ഷ്യം, ആ “ക്ലോസ്ഡ് സിസ്റ്റങ്ങളുടെ” നിരുപാധികമായ പിൻപറ്റലും, എതിർപക്ഷത്തിന്റെ എത്ര ചെറിയ വീഴ്ചകളെയും പെരുപ്പിച്ചു് കാണിക്കാനും, സ്വപക്ഷത്തിന്റെ കുറ്റകൃത്യങ്ങളെവരെ ഏതറ്റം വരെയും പോയി ന്യായീകരിക്കാനുമുള്ള സന്നദ്ധമാക്കലും ആയിരിക്കും. യാന്ത്രികമായി പ്രവർത്തിക്കാൻ മാത്രം കഴിയുന്നവരാക്കി അനുയായികളെ മാറ്റാൻ രൂപകല്പനം ചെയ്യപ്പെടുന്നവയാണു് അത്തരം പരിശീലനങ്ങൾ. ഹിപ്നൊസിസ് എന്നോ, ബ്രെയിൻ വാഷിങ് എന്നോ വിളിക്കാവുന്ന ഈ പരിശീലനങ്ങൾ വഴി സകല ലോകപ്രശ്നങ്ങളുടെയും അന്തിമപരിഹാരത്തിന്റെ വഴിയിലാണു് തങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു് എന്ന മിഥ്യാബോധം അവരിൽ വേരുറയ്ക്കുന്നു. അതിനാൽ, കാര്യസാദ്ധ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുറെ കള്ളന്മാരുടെ ഗുഹയിലാണു് തങ്ങൾ ചെന്നുപെട്ടിരിക്കുന്നതു് എന്ന നേരിയ ചിന്തക്കു് പോലും അവരുടെ മനസ്സിൽ സ്ഥാനമുണ്ടാവാറില്ല. അതു് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവർ വ്യക്തിപരമായി ആക്രമിക്കപ്പെടും. തനിക്കു് വേണ്ടതെന്തെന്നു് കൃത്യമായി അറിയാവുന്ന നേതാവു് ചൊല്ലിക്കൊടുക്കുന്നതിൽ കവിഞ്ഞ അറിവൊന്നും പ്രതിനിധീകരിക്കുന്ന ആശയങ്ങളെപ്പറ്റി ഇക്കൂട്ടർക്കു് ഉണ്ടാവാറില്ലെന്നതിനാൽ, എതിരാളികളെ ഞോളസാഹിത്യത്തിന്റെയും തെറിയുടെയും ചെളിയിലൂടെ വലിച്ചിഴക്കലാണു് സ്ഥിരമായി സ്വീകരിക്കാറുള്ള ആക്രമണമാർഗ്ഗം.
എല്ലാവരെയും കുറച്ചുകാലത്തേക്കും, കുറച്ചുപേരെ എല്ലാക്കാലത്തേക്കും കബളിപ്പിക്കാൻ ആവുമെങ്കിലും, എല്ലാവരെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാനാവില്ല എന്നതിനാൽ, അന്തിമലക്ഷ്യത്തിൽ ലഭിക്കാനിരിക്കുന്ന പറുദീസയെപ്പറ്റിയുള്ള വാചാലതയിൽ കവിഞ്ഞ കൈമുതലൊന്നും കൊട്ടിഘോഷിക്കപ്പെടുന്ന ആശയങ്ങളെപ്പറ്റി നേതാക്കൾക്കുമില്ല എന്ന ബോധം സാവകാശമെങ്കിലും ഒറ്റപ്പെട്ട ചില അനുയായികൾക്കു് ഉണ്ടാവാതെ തരമില്ല. വിഡ്ഢികൾക്കും ക്രിമിനലുകൾക്കുമാണു് ഇതുവരെ കീജേ വിളിച്ചുകൊണ്ടിരുന്നതെന്നു് ഒരിക്കൽ അവർ തിരിച്ചറിയുകയും, അതു് തുറന്നു് പറയാൻ അവർ ധൈര്യപ്പെടുകയും ചെയ്യും. അതോടെ, നേതാക്കൾക്കു് “എല്ലാക്കാലത്തേക്കും കബളിപ്പിക്കാനാവുന്ന വിഭാഗം” അവരുടെ പതിവു് ആയുധങ്ങളുപയോഗിച്ചു് പ്രതിയോഗികളെ ആക്രമിക്കാൻ തുടങ്ങും. ഏറ്റവും വൈകിയാൽ അപ്പോഴെങ്കിലും മറ്റുള്ള മനുഷ്യർ ഉറക്കത്തിൽ നിന്നും ഉണരുകയും സ്വപ്നപറുദീസയുടെ അർത്ഥശൂന്യതയെപ്പറ്റി ചിന്തിക്കാൻ തുടങ്ങുകയും ചെയ്യും. അവസാനത്തിന്റെ ആരംഭമാണതു്. കാരണം, രാഷ്ട്രീയവും മതപരവുമായ എല്ലാ വാഗ്ദാനപറുദീസകളും അതിൽ വിശ്വസിക്കുന്ന മനുഷ്യർ ചിന്തിക്കാൻ തുടങ്ങുന്നതുവരെ മാത്രം നിലനിൽക്കാൻ കഴിയുന്ന ചീട്ടുകൊട്ടാരങ്ങളാണു്.
Jul 27, 2015, 10:41 AM
മുതലകൾക്കു് നീന്താൻ കഴിയാതെ വന്നാലെന്നതുപോലത്തെ ഒരവസ്ഥയാണു് കോപ്പിയടിക്കാൻ കഴിയാതെ വന്നാൽ മലയാളികളും അനുഭവിക്കേണ്ടിവരുന്നതു്. സിൽമ, സാഹിത്യം തുടങ്ങിയ കലകളിലൂടെ അവരുടെ ആ ജന്മവാസന അവർ പലവട്ടം തെളിയിച്ചിട്ടുമുണ്ടു്. ഭാവിജീവിതത്തിലേക്കുള്ള ചുവടുവയ്പാണു് പരീക്ഷകൾ എന്നതിനാൽ കോപ്പിയടിയുടെ ആദ്യശ്രമങ്ങൾ മലയാളികൾ അവിടെവച്ചു് തുടങ്ങുന്നു എന്നേയുള്ളു. കോപ്പിയടി, നടനം, നാട്യം, ഏറ്റുപാടൽ തുടങ്ങിയ ലളിതകലകളെ മലയാളിത്വത്തിന്റെ പ്രകൃതിസഹജതയെന്നു് വിളിച്ചാൽ പോലും തെറ്റില്ല. അവയില്ലെങ്കിൽ മലയാളിയുമില്ല. പൊതുവേ പറഞ്ഞാൽ, മലയാളികൾ പഠിക്കുന്നതു് എഞ്ചിനിയറോ ഡോക്ടറോ ശാസ്ത്രജ്ഞനോ നിയമജ്ഞനോ ഒന്നും ആവാനല്ല, അങ്ങനെ ഒരുവനാണെന്നു് അഭിനയിക്കാനാണു്. എങ്ങനെ അനുകരിക്കണമെന്നു് സമൂഹത്തിലെ മാതൃകാപുരുഷന്മാരും സിൽമയിലെ സൂപ്പർസ്റ്റാറുകളും കാണിച്ചു് കൊടുത്തിട്ടുണ്ടുതാനും.
ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ആ ദൈവമായി, ഈ ദൈവമായി, മനുഷ്യർക്കു്, പ്രത്യേകിച്ചും വിശ്വാസികളായ സ്ത്രീകൾക്കു് തലയിൽ മുണ്ടിട്ടല്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണിന്നു് ഭാരതത്തിൽ. അതിനിടയിലാണു് അടിയിൽ കോപ്പികൾ ഒന്നും ഒളിപ്പിക്കാൻ പറ്റാത്ത വിധം പൊതിഞ്ഞ തലയും ഉടലുമായി വേണം പരീക്ഷക്കെത്താൻ എന്നൊരു കോടതിവിധി! അതിനു് പറ്റില്ലെങ്കിൽ ആണിനെ ആണിനും പെണ്ണിനെ പെണ്ണിനും (സദാചാരവിധിപ്രകാരം!) തപ്പിനോക്കി തുണ്ടില്ല എന്നു് ഉറപ്പുവരുത്താൻ പരീക്ഷക്കു് അരമണിക്കൂർ നേരത്തെ എത്തിയാലും മതിയത്രേ! “നമ്മുടെ പെൺകുട്ടികൾ” ദൈവേഷ്ടപ്രകാരം ജീവിക്കാൻ എന്തെന്തു് ത്യാഗങ്ങൾ നമ്മൾ ഏറ്റെടുക്കില്ല!? പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവരും പൊതിഞ്ഞുകെട്ടി വരുന്നവരല്ല എന്നതു് നികുതിദായകരുടെ ഭാഗ്യമെന്നേ പറയേണ്ടൂ. അല്ലെങ്കിൽ ഇക്കണ്ട പൊതിക്കെട്ടുകളെ മുഴുവൻ തപ്പിനോക്കാൻ എത്ര ഉദ്യോഗസ്ഥകൾക്കും ഉദ്യോഗസ്ഥന്മാർക്കും നികുതിപ്പണത്തിൽ നിന്നും ശമ്പളം കൊടുക്കേണ്ടി വന്നേനെ! ഏതായാലും, ഒരു കന്യാസ്ത്രീ പരീക്ഷയേക്കാൾ തലയിലെ മുണ്ടിനു് പ്രാധാന്യം നൽകി വിശുദ്ധിയുടെ പാതയിലൂടെ നീങ്ങാൻ തീരുമാനിച്ചതൊഴിച്ചാൽ, മറ്റു് അനിഷ്ടസംഭവങ്ങൾക്കൊന്നും ഇടനൽകാതെ പരീക്ഷ സമംഗളം പര്യവസാനിച്ചു എന്നാണു് കേൾവി. മടിയിൽ ഘനമില്ലാത്തവർക്കു് വഴിയിലെന്തിനു് ഭയം എന്നാവും അവർ ചിന്തിച്ചിട്ടുണ്ടാവുക.
ഭാരതത്തിലെ നിയമവും കോടതിയുമൊക്കെ ഭാവിയിലും ഇതുപോലെ കർശനമാവാൻ തുടങ്ങിയാൽ, പരിണാമസിദ്ധാന്തപ്രകാരം, മ്യൂട്ടേഷനുകൾ വഴി, “നാട്യകലാതിലകം” എന്ന സ്വഭാവജന്യതയില്ലാതെ മനുഷ്യരെപ്പോലെ ജീവിക്കാൻ പറ്റുന്ന ഒരു പുതിയ മലയാളി/ഇൻഡ്യൻ ജനുസ്സു് രൂപമെടുത്തുകൂടെന്നില്ല. അതാണു് ഇനി ബാക്കിയുള്ള ഒരേയൊരു പ്രതീക്ഷയും.
Jul 28, 2015, 2:08 PM
അടുത്തൊരു ഫ്ലാറ്റിലെ ടെലിവിഷൻ മാക്സിമം വോള്യത്തിൽ വച്ചിരിക്കുകയാണെന്നൊരു ഫോൺകോൾ ഇന്നലെ രാത്രി ജർമ്മനിയിലെ ഒരു പട്ടണത്തിലെ പോലീസിനു് ലഭിച്ചു. സ്വാഭാവികമായും അവർ ഉടനെതന്നെ അവിടെയെത്തി ഫ്ലാറ്റ് തുറന്നു് നോക്കിയപ്പോൾ സംഭവം ശരിയാണു്. ഫ്ലാറ്റിലെ മാനുഷികമായ അധികാരശക്തിയുടെ അസാന്നിദ്ധ്യം മുതലെടുത്തു് ഫ്ലാറ്റിന്റെ ഭരണം പിടിച്ചെടുക്കാൻ അടിച്ചമർത്തപ്പെട്ട വിഭാഗം – ഇവിടെ ഒരു പൂച്ച – റിമോട്ടുപയോഗിച്ചു് തുരുതുരാ വെടിവച്ചതിന്റെ ഫലമായിട്ടാണത്രെ ടെലിവിഷൻ വലിയകൂട്ടമിട്ടതും, അയൽവാസികൾ “ഞെട്ടി” ഉണരേണ്ടിവന്നതും! ഉച്ചക്കു് ഒരുമണി മുതൽ മൂന്നുമണി വരെയും, വൈകിട്ടു് എട്ടുമണിമുതൽ രാവിലെ ഏഴു് മണിവരെയും ഫ്ലാറ്റിൽ ഉണ്ടാവുന്ന ശബ്ദങ്ങൾ പുറത്തുനിന്നും കേൾക്കാൻ കഴിയാത്തത്ര ഉച്ചത്തിലേ ആകാവൂ എന്നു് പൊതുനിയമം.
ഒച്ചയില്ലാതെ ഭക്തിയില്ല എന്നതിനാൽ, മനുഷ്യന്റെ ആരോഗ്യത്തേക്കാൾ ഭക്തിക്കു് വിലകല്പിക്കുന്ന കേരളം ഒച്ചയുടെ കാര്യത്തിൽ പൊതുവേ ലിബറലാണു്. പിടക്കോഴിയെ തിന്നുന്ന യാമത്തിലോ, പൂവൻകോഴി കൂവുന്ന യാമത്തിലോ, അതിനിടയിലുള്ള മറ്റു് യാമങ്ങളിലോ എന്ന വ്യത്യാസമൊന്നുമില്ലാതെ കേരളത്തിൽ ആർക്കും എപ്പോഴും എത്ര വലിയ ഒച്ച വേണമെങ്കിലും വയ്ക്കാം – ഏതെങ്കിലും തരത്തിലുള്ള ഭക്തികളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധപ്പെടുത്താവുന്നതായിരിക്കണം ആ ഒച്ചകൾ എന്ന ഒരു നിബന്ധനയേയുള്ളു. “ഹൗസ്ഹോൾഡ് നോയിസ് ലെവൽ” എന്ന നെഗറ്റീവ് മാനദണ്ഡം ഉപയോഗിച്ചല്ല, “താലൂക്കു് നോയിസ് ലെവൽ”, “ഡിസ്ട്രിക്റ്റ് നോയിസ് ലെവൽ” തുടങ്ങിയ പോസിറ്റീവ് മാനദണ്ഡം ഉപയോഗിച്ചാണു് ഭക്തിയുടെ ഒച്ച അളക്കപ്പെടുന്നതു്. എത്ര ഉച്ചത്തിലോ അത്രയും നല്ലതും അത്രയും ഫലവത്തുമാണു് ഭക്തിയുടെ കാറൽ എന്നു് സാരം. ഭക്തരുടെ രോദനങ്ങൾ കേൾക്കേണ്ടവർക്കു് വാർദ്ധക്യസഹജമായ ശ്രവണമാന്ദ്യം ബാധിച്ചാൽ അതു് കോമ്പൻസേറ്റ് ചെയ്യാൻ ഭക്തർ ഒച്ച കൂട്ടുകയല്ലാതെ മറ്റെന്തു് പോംവഴി?
പകലായാലും രാത്രിയിലായാലും, അമ്പലങ്ങളിൽ നിന്നോ പള്ളികളിൽ നിന്നോ എത്ര വലിയ കൂട്ടവിലാപങ്ങൾ കേട്ടാലും കേരളത്തിൽ ആരും പോലീസിനെ വിളിക്കാറില്ല. ഒന്നാമതു്, അത്ര പെട്ടെന്നു് പ്രതികരിക്കാൻ കേരളത്തിൽ നിലവിലിരിക്കുന്ന സാമൂഹികവ്യവസ്ഥ പോലീസിനെ അനുവദിക്കുന്നില്ല. രണ്ടാമതു്, ദൈവത്തിന്റെ അനുഗ്രഹത്താൽ മാത്രമാണു് തങ്ങൾക്കു് ജോലിയും കൂലിയുമൊക്കെ ലഭിക്കുന്നതെന്നു് വിശ്വസിക്കുന്നവരാണു് പോലീസുകാർ അടക്കമുള്ള കേരളീയർ എന്നതിനാൽ, ഒച്ചപ്പരാതിയുടെ പേരിൽ അമ്പലത്തിലോ പള്ളിയിലോ എത്തുന്ന പോലീസുകാർ ആദ്യം അവരുടെ വക മണിയടി സഹിതമുള്ള ഒരു പ്രാർത്ഥനാമാമാങ്കത്തിനു് ശേഷമേ പരാതിയുടെ നിജസ്ഥിതി പരിശോധിക്കാൻ തുടങ്ങുകയുള്ളു. ദൈവകോപം ഉണ്ടാകരുതല്ലോ. നാട്ടുകാർക്കു് കൂട്ടവിലാപത്തോടൊപ്പം കൂട്ടമണിയടി കൂടി കേൾക്കേണ്ടി വരുമെന്നതു് അതിന്റെ ഫലവും!
ഇനി, “അയ്യോ, പോലീസും പട്ടാളവും കൂടി ഞങ്ങടെ ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നേ, വാരിക്കുന്തങ്ങളുമായി ഓടിവായോ” എന്നു് വിളിച്ചുകൂവാനാണു് പൗരോഹിത്യത്തിനു് തോന്നുന്നതെങ്കിൽ, ഭക്തർ ഒന്നടങ്കം പരാതിപ്പെട്ടവന്റെ വീട്ടിൽ വന്നു് ദൈവനിന്ദാകുറ്റം ചുമത്തി കൂമ്പിനു് നാലു് ഇടികൂടി കൊടുത്തെന്നിരിക്കും. പരാതികൊടുത്തശേഷം ഇടി കൊള്ളാതിരിക്കാൻ തത്ക്ഷണം ഒളിവിൽ പോകേണ്ട ഗതികേടു് ഒഴിവാക്കാനായിരിക്കണം, ഭക്തിപരമായ ശബ്ദമലിനീകരണങ്ങൾ നിശബ്ദം സഹിക്കുക എന്ന രീതിയാണു് കേരളത്തിൽ കണ്ടുവരുന്നതു്. മിക്കവാറും എല്ലാവരും ഭക്തകളും ഭക്തന്മാരുമായ ഒരു നാട്ടിൽ അതൊരു വലിയ പ്രശ്നമായി ആർക്കെങ്കിലും ഈ അടുത്ത കാലത്തെന്നെങ്കിലും തോന്നുമെന്നു് കരുതാനും വയ്യ.
Jul 29, 2015, 9:37 AM
ഓപ്പിയം, പൊട്ടാസ്യം സയനൈഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു് തിരഞ്ഞെടുക്കുക എന്ന ഒരോപ്ഷനേ മനുഷ്യനു് ഉണ്ടായിരുന്നുള്ളു എങ്കിൽ ഓപ്പിയം തിരഞ്ഞെടുക്കാനാവും ഞാൻ കൂടുതൽ ഇഷ്ടപ്പെടുക. മറ്റു് വല്ല ഓപ്ഷനുകളും ഉണ്ടോ എന്നു് മയക്കമുണരുമ്പോൾ ചിന്തിക്കാനോ, ചുരുങ്ങിയപക്ഷം മയക്കത്തിൽ സ്വപ്നം കാണാനെങ്കിലുമോ കഴിയണമെങ്കിൽ മനുഷ്യൻ കൊല്ലപ്പെടാതിരിക്കേണ്ടതുണ്ടു്. അത്തരം സാദ്ധ്യതകൾക്കുള്ള എല്ലാ പഴുതുകളുമാണു് മരണം വഴി എന്നേക്കുമായി അടയുന്നതു്.
ഉള്ളടക്കത്തിന്റെ യഥാർത്ഥരൂപം തിരിച്ചറിയണമെങ്കിൽ ആദ്യം അവയെ പൊതിഞ്ഞിരിക്കുന്ന വർണ്ണക്കടലാസുകളുടെ തിളക്കം മൂലമുള്ള കണ്ണഞ്ചലിൽ നിന്നും മനുഷ്യൻ രക്ഷപെടണം. പലപ്പോഴും അതു് മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള രക്ഷപെടലായിക്കൂടെന്നുമില്ല.
Jul 30, 2015, 3:38 PM
മനസ്സാക്ഷിയും നിയമവും – ഫൊയർബാഹിന്റെ ഏതാനും ചില ചിന്തകൾ
എന്നിലെ മറ്റൊരു ഞാൻ, ആ പഴയ അഹംഭാവം, അതാണു് മനസ്സാക്ഷി. പിതാവാണു് മകന്റെ മനസ്സാക്ഷി – ഞാൻ അതു് ചെയ്താൽ നല്ലവനായ എന്റെ പിതാവു് എന്തു് പറയും? അതുപോലെ, സുഹൃത്തിന്റെ മനസ്സാക്ഷിയാണു് സുഹൃത്തു്. അദ്ധ്യാപകനാണു് വിദ്യാർത്ഥിയുടെ മനസ്സാക്ഷി. ഒരു യഹൂദന്റെ മനസ്സാക്ഷി മറ്റു് ജാതികളിൽ പെട്ടവരോ, മറ്റു് മനുഷ്യർ പോലുമോ ആവില്ല, അതൊരു യഹൂദനേ ആവൂ. ഒരു ഗ്രീക്കിന്റെ മനസാക്ഷി ഒരു ബാർബേറിയനല്ല, ഒരു ഗ്രീക്കാണു്.
മനുഷ്യന്റെ പ്രതികാരവും ദൈവങ്ങളുടെ കോപവും തമ്മിലുള്ള വ്യത്യാസം, ദൈവങ്ങളുടെ കോപം ചിന്തയിൽ, ആഗ്രഹത്തിൽ മാത്രമായിരിക്കുമ്പോൾ, മനുഷ്യരുടെ പ്രതികാരം അനുഭവവേദ്യവും, പ്രാവർത്തികമാക്കപ്പെടുന്നതുമാണു്. അനീതി അനുഭവിക്കുക, പ്രതികാരം ചെയ്യാൻ തോന്നുക എന്നാൽ മനുഷ്യനായിരിക്കുക എന്നാണെങ്കിൽ, പ്രതികാരം നടപ്പാക്കുക, മനുഷ്യാവകാശങ്ങൾ വിജയകരമായി ഉന്നയിക്കുക എന്നാൽ “ദൈവമാവുക” എന്നാണു്. എന്റെ മനസ്സാക്ഷിയുടെ പ്രതികാരം എന്നതു് ഞാൻ എന്നിൽത്തന്നെ മുൻകൂറായി നടപ്പാക്കുന്ന മറ്റുള്ളവരുടെ പ്രതികാരം മാത്രമാണു്. മനസ്സാക്ഷിയുടെ കാര്യത്തിൽ ന്യായാധിപനും കുറ്റവാളിയും ഒരു വ്യക്തിയിൽ സംയോജിക്കുന്നു എന്ന വ്യത്യാസമൊഴിച്ചാൽ, രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ.
വിശ്വാസം പോലെതന്നെ മനസ്സാക്ഷിയും ചെവിയിലൂടെയും കണ്ണുകളിലൂടെയുമാണു് വരുന്നതു്. മനസ്സാക്ഷി എന്നതു് ഒരു പ്രത്യേക അഭിരുചിയോ ജന്മവാസനയോ ഒന്നുമല്ല, കൂടെ വളരുന്നതോ വളരെ ശ്രമപ്പെട്ടു് വളർത്തിയെടുക്കുന്നതോ ആയ ഒന്നാണതു്. ഒരിക്കൽപ്പോലും ഒരു ശിക്ഷ കാണുകയോ അനുഭവിക്കുകയോ, മറ്റുള്ളവരിൽ നിന്നും ഒരു പരാതി കേൾക്കുകയോ, മറ്റുള്ളവരോടു് ഒരു പരാതി പറയുകയോ ചെയ്തിട്ടില്ലാത്ത ഒരാൾക്കു് ഇന്നോ എന്നെങ്കിലുമോ മറ്റുള്ളവരെപ്പറ്റി ഒരു പരാതി പറയാൻ കഴിയില്ല. മറ്റുള്ളവരിൽ മനുഷ്യർ കാണുന്ന കുറ്റങ്ങൾ അവരുടെ തന്നെ കുറ്റങ്ങളോ, കുറ്റങ്ങളെന്നു് അവർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളോ ആയിരിക്കും. മാതാപിതാക്കൾ, സമപ്രായക്കാർ, സമകാലികർ, നാട്ടുകാർ തുടങ്ങിയവർ ചെയ്യുന്നതും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതുമായി കാണുന്ന കാര്യങ്ങളാണു് മനുഷ്യർ നല്ല മനസ്സാക്ഷിയോടെ ചെയ്യുന്നതു്. ഒരു കുറ്റകൃത്യമോ ദുരാചാരമോ ഒരു ശീലവും ആചാരവുമായിടത്തു് ആ തിന്മ മനസ്സാക്ഷിക്കുത്തില്ലാതെ ചെയ്യാൻ മനുഷ്യനു് മടിയുണ്ടാവില്ല. ശിക്ഷയുള്ളതായ ഒരു കാര്യം ചെയ്യുന്നതിനുള്ള ഭയമാണു് – ആ ഭയം മറ്റുള്ളവരുടെ വിസമ്മതം പ്രകടിപ്പിക്കുന്ന വിധിപ്രസ്താവന മാത്രമായാൽ പോലും – മനുഷ്യന്റെ മനസ്സാക്ഷി. മിക്കവാറും എല്ലാ മനുഷ്യരുടെയും കാര്യത്തിൽ മനസ്സാക്ഷിയുടെ ശബ്ദമെന്നതു് പൊതുസമൂഹത്തിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല – ആളുകൾ എന്തു് പറയും? നമ്മെപ്പറ്റി മറ്റുള്ളവർക്കുള്ള ധാരണയിൽ കളങ്കം ചേരാതിരിക്കാനാണു് പലപ്പോഴും നമ്മൾ ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ തീരുമാനിക്കുന്നതു് – അത്രക്കു് ശക്തമാണു് മറ്റുള്ളവർ നമ്മെപ്പറ്റി എന്തു് കരുതും എന്ന മനുഷ്യരുടെ ചിന്ത. അഹംഭാവത്തിൽ (igoism) മാത്രമേ നീതിയും അനീതിയും തമ്മിൽ, ചെയ്യാവുന്നതും ചെയ്യരുതാത്തതും തമ്മിൽ വേർതിരിക്കുന്നതിനുള്ള ഒരു ക്രൈറ്റീരിയൻ, ഒരു മാനദണ്ഡം മനുഷ്യനുള്ളു. ബൈബിളിൽ നിന്നും: “മനുഷ്യർ നിങ്ങൾക്കു് ചെയ്യണം എന്നു് നിങ്ങൾ ഇച്ഛിക്കുന്നതു് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; (ന്യായപ്രമാണവും പ്രവാചകന്മാരും ഇതു് തന്നെ)”. ഇതിന്റെ നിഷേധരൂപം തൽമൂദിൽ നിന്നും: “മറ്റുള്ളവർ നിന്നോടു് ചെയ്യരുതാത്തതു് നീ അവരോടും ചെയ്യാതിരിക്കുക”.
ഒരു കള്ളൻ പോലും അവന്റെ സമ്പത്തു് മോഷ്ടിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒരു കൊലയാളിയും അവന്റെ ജീവൻ എടുക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരോടുള്ള തന്റെ സ്വന്തം നിലപാടുകൾക്കും ചെയ്തികൾക്കും വിപരീതമായി, തന്റെ മുതലും തന്റെ ജീവനും വിശുദ്ധമാണെന്നും, മറ്റുള്ളവർ അവയ്ക്കു് ക്ഷതം വരുത്തരുതെന്നുമുള്ള ഒരു കുറ്റവാളിയുടെ ഇച്ഛയാണു് മനസ്സാക്ഷിയുടെയും നീതിബോധത്തിന്റെയും അനീതിബോധത്തിന്റെയും ആന്തരാടിസ്ഥാനം. ഒരുവശത്തു്, എന്റെ നീതിക്കും സ്വകാര്യസമ്പത്തിനും പരിക്കു് പറ്റാതിരിക്കാൻ എനിക്കുള്ള അവകാശം അംഗീകരിക്കുന്നതിനുള്ള തികഞ്ഞ സന്നദ്ധത; മറുവശത്തു്, അതേ അവകാശംതന്നെ മറ്റുള്ളവർക്കും ബാധകമാണെന്ന കാര്യം അംഗീകരിക്കുന്നതിനുള്ള വൈമുഖ്യവും! എത്ര പ്രത്യക്ഷമായ പൊരുത്തക്കേടു്? എത്രമാത്രം ന്യായരഹിതമായ പരസ്പരവൈരുദ്ധ്യം!?
June 2015
Jun 9, 2015, 1:31 PM
“ISIS – നെ നോക്കി ഇസ്ലാമിനെ വിലയിരുത്തുന്ന മണ്ടന്മാർ”!
“അൽ ഖായിദയാണു് ഇസ്ലാം എന്നു് കരുതുന്ന വിഡ്ഢികൾ”!
“ജോസഫ് സാറിന്റെ കൈ വെട്ടിയവരെ ഇസ്ലാമിന്റെ പ്രതിനിധികളായി കരുതുന്ന ജബ്രകൾ”!
(ജബ്ര എന്താണു് സംഭവം എന്നറിയില്ല. ഉപയോഗിക്കുന്ന സന്ദർഭങ്ങൾ വച്ചു്, മണ്ടൻ, വിഡ്ഢി, ഇസ്ലാം വിമർശകൻ എന്നൊക്കെ അർത്ഥം നൽകാമെന്നു് തോന്നുന്നു.)
മുസ്ലീമുകൾ ആരെങ്കിലും ആശയപരമായ അമേധ്യങ്ങൾ വാക്കുകളായോ കർമ്മങ്ങളായോ പ്രയോഗിച്ചു് ലോകത്തെ നാറ്റിക്കുമ്പോൾ അതിനെ വിമർശിക്കുന്നവരെ പരിഹസിക്കാനായി മനസ്സിൽ “ശരി മുസ്ലീമുകൾ” എന്ന അഭിമാനവും, നെറ്റിയിൽ മുട്ടുകുത്തി നേടിയ നിസ്ക്കാരത്തഴമ്പും ഉള്ളവർ ഉപയോഗിക്കാറുള്ള ഒരുപാടു് വിശേഷണങ്ങളിൽ ചിലതാണിവ. വിമർശകർ വിഡ്ഢിത്തത്തിൽ നിന്നും, “ജബ്രത്തത്തിൽ” നിന്നുമൊക്കെ രക്ഷപെട്ടു് “സത്യവഴി” കണ്ടെത്താൻ എന്തുചെയ്യണമെന്ന ഉപദേശവും ആ പരിഹാസങ്ങളുടെ ഒപ്പമുണ്ടാവും: “(എന്നെപ്പോലെ) ഖുർആൻ ശരിക്കു് വായിച്ചു് പഠിക്കുക”! ഈ ഉപദേശം വഴി അവർ പറയാതെ പറയുന്നതു് ഇതാണു്: “ഐസിസോ, അൽ ഖായിദയോ, മറ്റാരെങ്കിലുമോ അല്ല, ഞാനാണു്, ഞാൻ മാത്രമാണു് ഒരു മുസ്ലീമിനു് അനുകരിക്കാൻ പറ്റിയ മാതൃകാപുരുഷൻ/സ്ത്രീ”!
പരസ്പരവൈരുദ്ധ്യങ്ങളുടെ കാര്യത്തിൽ മറ്റെല്ലാ വേദഗ്രന്ഥങ്ങളെയും കടത്തിവെട്ടാൻ കഴിയുന്ന ഖുർആനിൽ നിന്നും സമാധാനത്തെയോ, അറുകൊലയെയോ, മനുഷ്യസ്നേഹത്തേയോ, മനുഷ്യാധമത്വത്തെയോ ന്യായീകരിക്കാൻ അനുയോജ്യമായ വാക്യങ്ങൾ കണ്ടെത്താൻ പ്രയാസമൊന്നുമില്ല. തനിക്കു് വേണ്ടതു് എന്തെന്നു് അറിഞ്ഞാൽ മാത്രം മതി. ഒരു വിശ്വാസിയെ സംബന്ധിച്ചു് അതു് പ്രത്യേകിച്ചു് അറിയേണ്ട കാര്യം പോലുമില്ല. എന്തു് അറിയണം, എന്തു് അറിയരുതു് എന്നു് ബാല്യത്തിലേ പ്രോഗ്രാം ചെയ്യപ്പെടുന്ന ഒരുവനു് എന്തിലും ഏതിലും അവനു് “വേണ്ടതു്” മാത്രം കാണാനേ കഴിയൂ. അല്ലാഹുവിലും, മുത്തുനബിയിലും, സത്യമതത്തിലും അന്ധമായി വിശ്വസിക്കാൻ കണ്ഡീഷൻ ചെയ്യപ്പെടുന്നവൻ എത്രപ്രാവശ്യം ഖുർആൻ വായിച്ചാലും തന്റെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അതിൽ കണ്ടെത്താൻ അവനു് കഴിയില്ല. അതേസമയം, മനുഷ്യന്റെ ഇന്നത്തെ അറിവു് ഉപയോഗിച്ചു് വിമർശനാത്മകമായി ഖുർആൻ വായിക്കുന്ന ആർക്കും അല്ലാഹുവിന്റെയും, അവന്റെ ദൂതന്റെയും, ഖുർആന്റെയും നാരായവേരു് അറുക്കാൻ അതേ ഖുർആൻ മാത്രം മതി എന്നു് മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.
ലോകത്തിൽ ഭീകരത സൃഷ്ടിക്കുന്ന മുസ്ലീം ഗ്രൂപ്പുകൾക്കും പ്രതിനിധികൾക്കും, ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു് വിശ്രമമില്ലാതെ സ്ഥിരമായി ആവർത്തിക്കുന്നവർക്കും, കടകവിരുദ്ധമായ അവരുടെ ഈ നിലപാടുകളെ ഖുർആൻ എന്ന ഗ്രന്ഥത്തെ പൊക്കിപ്പിടിച്ചുകൊണ്ടു് ന്യായീകരിക്കാൻ കഴിയുന്നു എന്നതു് എവിടെയോ എന്തോ തകരാറുണ്ടു് എന്നതിന്റെ തെളിവല്ലെങ്കിൽ പിന്നെ എന്താണു്? ആ തകരാറു് മറ്റെവിടെയുമല്ല, ഖുർആനിൽ തന്നെ, അതിൽ എഴുതി വച്ചിരിക്കുന്ന, തിരിച്ചും മറിച്ചും വ്യാഖ്യാനിക്കാവുന്ന, അബദ്ധജടിലവും മനുഷ്യത്വരഹിതവുമായ വാക്യങ്ങളിൽത്തന്നെയാണു് കുടികൊള്ളുന്നതു്. അതു് കാണണമെങ്കിൽ – “ശരി മുസ്ലീമുകൾ” മുടങ്ങാതെ ആഹ്വാനം ചെയ്യുന്നപോലെ – ഖുർആൻ വായിക്കുക തന്നെ വേണം. പക്ഷേ ആ വായന അവർ വായിക്കുന്നപോലെ ആവരുതെന്നേയുള്ളു. അങ്ങനെ വായിച്ചാൽ ഒരു വലിയ വായനക്കാരനായി ഭാവിക്കാം, അത്രതന്നെ. ഒൻപതു് ദിവസങ്ങൾ കൊണ്ടു് പന്ത്രണ്ടും വേണമെങ്കിൽ അതിൽ കൂടുതലുമൊക്കെ (കൊച്ചു)പുസ്തകങ്ങൾ വായിച്ചു് തള്ളുന്ന നാട്യപ്രഭുക്കളുടെയും നാട്ടുപ്രമാണിമാരുടെയും നാട്ടിൽ അതൊക്കെത്തന്നെ ധാരാളമാണെങ്കിലും.
Jun 11, 2015, 7:34 AM
പണ്ടു്: “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.”
ഇന്നു്: “ഭൂമിയിൽ ദൃശ്യവിസ്മയം, എനിക്കും കിട്ടണം പണം.”
ഇതു് മല്ലുസമൂഹത്തിന്റെ റാഷണാലിറ്റി കൾച്ചറിലേക്കുള്ള നിർണ്ണായകമായ മാറ്റത്തിന്റെ (എത്രാമത്തെയോ) തുടക്കമല്ലെങ്കിൽ!?
Jun 13, 2015, 11:47 AM
മരിച്ച യേശു ഉയിർത്തില്ല എന്നൊരു സംശയം ഇനി ആർക്കും വേണ്ട. ജീവിച്ചിരിക്കുന്ന യേശു ദാണ്ടെ പ്രത്യക്ഷപ്പെട്ടു് കുരിശുവരച്ചു് കാണിക്കുന്നു! ടൈം ലൈനിൽ ഇതു് കണ്ടപ്പോൾ അന്ത്യദിനത്തിലെ യേശുവിന്റെ രണ്ടാമത്തെ വരവാണെന്നാണു് കരുതിയതു്. ഞെട്ടിപ്പോയി എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ പഹയൻ വിധിച്ചാൽ പിന്നെ അപ്പീലില്ല എന്നാണു് കേൾവി. അല്ലെങ്കിലും, ഫെയ്സ് ബുക്ക് തുടങ്ങിയതിൽ പിന്നെ ഞെട്ടലില്ലാതെ ഒരു കാര്യവും കാണാനോ കേൾക്കാനോ കഴിയില്ല എന്നതാണു് അവസ്ഥ. ഞെട്ടൽ ഒട്ടൊന്നു് ഒതുങ്ങി ഒന്നുകൂടി നോക്കാൻ ധൈര്യം വന്നപ്പോഴാണു് യേശു മേഘപ്പുറത്തു് ആസനസ്ഥനായിട്ടല്ല വരവെന്നും, തറയിൽ വിരിച്ച ടൈൽസിൻ പുറത്തു് നഗ്നപാദസ്ഥനായി ആംഗ്യം കാണിക്കുകയാണെന്നും മനസ്സിലായതു്. എന്നിട്ടും, ഒരിക്കൽ കൂടി ശ്രദ്ധയോടെ ചെവിയോർത്തു് രണ്ടാംവരവിന്റെ അകമ്പടിയായി ഉണ്ടായിരിക്കേണ്ട കാഹളനാദമോ തമ്പേറടിയോ ഒന്നും കേൾക്കുന്നില്ലെന്നു് ഉറപ്പുവരുത്തിയ ശേഷമേ ശ്വാസം നേരെ വീണുള്ളു.
ഒരു യേശു ആവുക എന്നതിൽ കവിഞ്ഞ ഒരു ശിക്ഷയുണ്ടെന്നു് തോന്നുന്നില്ല. ശത്രുക്കൾക്കു് പോലും അതുപോലൊരു ദുരവസ്ഥ ഉണ്ടാകരുതു്. ഒന്നോർത്തുനോക്കൂ: അടി, തുപ്പൽ, പരിഹാസം, തലയിൽ മുൾമുടി ചാർത്തൽ, തൂക്കാനുള്ള കുരിശു് ചുമപ്പിച്ചു് മലകയറ്റൽ, കുരിശിൽ തറച്ചു് കൊല്ലൽ! ഇതൊന്നും പോരാഞ്ഞിട്ടെന്ന പോലെ, ദാഹം മാറാൻ കയ്പ്പുനീർ കുടിപ്പിക്കലും!
മനുഷ്യരുടെ പാപങ്ങൾക്കു് ഒരു പരിഹാരം എന്ന നിലയിലാണത്രേ അങ്ങേർ ഇതൊക്കെ സഹിച്ചതു്! എന്നിട്ടു് മനുഷ്യർ പാപികൾ അല്ലാതായോ? ആയിക്കാണണം. അല്ലെങ്കിൽ ഇന്നത്തെ മാണിമാരും ജോർജ്ജുമാരുമൊക്കെ വാലും കൊമ്പുമുള്ള ദുർഭൂതങ്ങളായി തീ തുപ്പാൻ തുടങ്ങുമായിരുന്നു എന്നുവേണം കരുതാൻ. എന്നാലും ഒരു മുൻകരുതൽ നല്ലതാണല്ലോ എന്നതിനാലാവാം, കേരളത്തിൽ നസ്രാണികൾ മാരത്തോൺ നടത്തവും മലകയറ്റവും തകൃതിയായി നടത്തുന്നതു്. സ്വയം പീഡിപ്പിക്കുന്നതിലെ ആ ഒരു സന്തോഷം, അതൊന്നു് വേറെതന്നെ! പറഞ്ഞു് അറിയിക്കാനാവില്ല. അതറിയണമെങ്കിൽ മനുഷ്യൻ ഒരു മാസക്കിസ്റ്റോ, വിശ്വാസിയോ ആയിരിക്കണം. ഹിന്ദുക്കൾക്കു് ശബരിമലയും മറ്റു് മലകളും മല ചവിട്ടലുകളും, മുസ്ലീമുകൾക്കു് ഹജ്ജുമൊക്കെ ഉള്ളപ്പോൾ നസ്രാണികൾക്കും അങ്ങനെ ചിലതു് ഇല്ലാഞ്ഞാൽ എങ്ങനെ ശരിയാവും? നസ്രാണിക്കും വേണ്ടേ ഒരു സാഡിസ്റ്റ് ദൈവം?
മദ്ധ്യകാലയൂറോപ്പിൽ വലിയ മരക്കുരിശും ചുമന്നുകൊണ്ടു് കിലോമീറ്ററുകൾ അകലെയുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്കു് നടന്നു് മോക്ഷം പ്രാപിച്ചവരുണ്ടു്. ഇതൊന്നും ചെയ്യാതെ തീറ്റയും കുടിയുമായി വീട്ടിലിരുന്നവരും, യുദ്ധം ചെയ്തും കൃഷി ചെയ്തും വീട്ടുവേല ചെയ്തുമൊക്കെ ജീവിച്ചവരും മോക്ഷം പ്രാപിച്ചവരാണു്. എന്തു് ചെയ്താലും, ഒന്നും ചെയ്തില്ലെങ്കിലും എല്ലാവർക്കും കിട്ടുന്ന ഒരുതരം അംഗീകാരമാണു് ഈ മോക്ഷം എന്ന സംഭവം. തത്വത്തിൽ, ഭാരതത്തിലെ അവാർഡുകൾ പോലെ. ആർക്കു് വേണമെങ്കിലും കൊടുക്കാവുന്നവ. ആർക്കും കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലാത്ത തരം അവാർഡുകൾ!
രണ്ടായിരം വർഷങ്ങൾക്കു് മുൻപൊരു വെള്ളിയാഴ്ച യേശുവിനെ ഈ വിധമെല്ലാം പീഡിപ്പിച്ചതും, ആ കഥകൾ വിശ്വസിക്കുന്നവരെ ഇന്നും പീഡിപ്പിക്കുന്നവരുമായ ഈ സാഡിസ്റ്റുകൾ ആരാണു്? പുരോഹിതവർഗ്ഗം, അല്ലാതാരു്? യേശുവിന്റെ കാര്യത്തിൽ അന്നത്തെ ചുമതലക്കാർ യഹൂദപുരോഹിതരായിരുന്നെങ്കിൽ നസ്രാണികളുടെ കാര്യത്തിൽ ഇന്നു് ക്രൈസ്തവപുരോഹിതരാണു് ദയാനിധിയായ സാഡിസ്റ്റ് ദൈവത്തിന്റെ രാജാപ്പാർട്ട് അഭിനയിക്കുന്നതു്. സൂക്ഷിച്ചുനോക്കൂ: അവരുടെ വേഷത്തിനു് തന്നെയില്ലേ ഒരു രാജകീയത? ഒരു ദൈവികതിളക്കം? സ്വർഗ്ഗീയമായ ഒരു വിശുദ്ധി? അതാണു് കാര്യം. അതിലാണു് കാര്യം. പുരോഹിതവർഗ്ഗം നാടൻ തക്കാളി പോലെയാണു്. തുടക്കം പച്ചയായിട്ടാണെങ്കിലും മൂത്താൽ ചുവപ്പായി മാറും – അപകടത്തിന്റെ നിറം! അപായസൂചന! ഒരു മിനിമം അകലം പാലിച്ചാൽ പാലിക്കുന്നവർക്കു് നന്നു്.
മനുഷ്യനു് ശരിക്കും വിടർത്താവുന്ന രണ്ടു് കൈകളം, ഒരുപാടു് വിടർത്തുന്നതിനേക്കാൾ കൂട്ടിചേർക്കുന്നതു് കുറച്ചുകൂടി എളുപ്പമായ രണ്ടു് കാലുകളും ഉള്ളതു് ഒരുകണക്കിനു് നല്ലതാണു്. കുരിശാകൃതിയിൽ തൂക്കിയിട്ടു് മരണശിക്ഷ നടപ്പാക്കാൻ എളുപ്പമുണ്ടു്. “സർപ്പസന്തതികളേ” എന്നു് യേശു പുരോഹിതരെ വിളിച്ചപോലെ, മനുഷ്യനു് പാമ്പിന്റെ രൂപമായിരുന്നെങ്കിൽ കാര്യം ഒന്നുകൂടി എളുപ്പമായിരുന്നേനെ: ഒരു തൂണും ഒരു ആണിയും ഉണ്ടെങ്കിൽ തൂണിൽതൂക്കൽശിക്ഷ നടപ്പിലാക്കാവുന്നതേയുള്ളു. അതേസമയം മനുഷ്യൻ വല്ല ആമയുടെയോ ആനയുടെയോ രൂപത്തിൽ ആയിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കിൽ കുരിശിന്റെ ഡിസൈൻ അല്പം കൂടി കോംപ്ലിക്കേറ്റഡ് ആകുമായിരുന്നു. ദൈവത്തിനു് നന്ദി. ദൈവം ദീർഘവീക്ഷണം ഉള്ളവനും കരുണാസാഗറുമാണു്.
കുരിശുവരച്ചുകാണിക്കുന്ന കർത്താവിന്റെ GIF കണ്ടാൽപോലും സ്തോത്രം ചൊല്ലുന്നവനാണു് യഥാർത്ഥ വിശ്വാസി. യേശുവിന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ, ഇത്രയൊക്കെ പീഡിപ്പിച്ചതും പോരാഞ്ഞിട്ടു് ഇപ്പോൾ കോമാളി വേഷം കെട്ടിക്കുക കൂടി ചെയ്യുന്നവരുടെ നേരെ കുരിശു് വരച്ചു് കാണിക്കുകയല്ല, നടുവിരൽ പൊക്കിക്കാണിക്കുകയായിരുന്നേനെ ചെയ്യുക. പക്ഷേ അതുകൊണ്ടും കാര്യമൊന്നുമില്ല. യേശു നടുവിരൽ പൊക്കിക്കാണിച്ചാലും ഭക്തൻ കുരിശുവരക്കാനാണു് സാദ്ധ്യത. കാരണം, നന്മതിന്മകൾക്കു് അപ്പുറമുള്ള ജീവിതം സ്വപ്നം കാണുന്നവരായ വിശ്വാസികളുടെ ലോകത്തിൽ വ്യാഖ്യാനകലയുടെ സാദ്ധ്യതകൾ അനന്തമാണു്, എല്ലാ ലോജിക്കുകൾക്കും അതീതമാണു്.
Jun 17, 2015, 6:59 PM
അറിവിനെ പലവട്ടം ആവർത്തിച്ചു് പ്രകീർത്തിക്കുന്ന ഒരു ഗ്രന്ഥം, അതോടൊപ്പംതന്നെ, അതുപോലൊന്നു് എഴുതി ഉണ്ടാക്കാൻ ആർക്കും കഴിയില്ലെന്നു് വെല്ലുവിളിക്കുകയും, ലോകാവസാനം വരെ അതിലെ ഒരു വള്ളിയോ പുള്ളിയോ മായ്ക്കുകയോ, തിരുത്തുകയോ, കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്ത വിധം പൂർണ്ണമായതാണു് അതിന്റെ ഉള്ളടക്കമെന്നു് സ്വയം പ്രഖ്യാപിക്കുകയും കൂടി ചെയ്യുമ്പോൾ, ആ അവകാശവാദങ്ങളുടെ മാത്രം പേരിൽ ആ ഗ്രന്ഥം അതിന്റെ മുഴുവൻ ക്രെഡിബിലിറ്റിയും നഷ്ടപ്പെടുത്തുകയാണു് ചെയ്യുന്നതു്.
എന്നേക്കുമായി വലിഡിറ്റിയുള്ള ഒരറിവുമില്ല, പ്രത്യേകിച്ചും അത്തരം നിത്യഅറിവുകൾ അവകാശപ്പെടുന്ന മതങ്ങളിൽ! അതുകൊണ്ടു് ഭക്തർക്കു് ഒരിക്കലും അതംഗീകരിക്കാൻ കഴിയാറുമില്ല. തലമുറകളിലൂടെ സത്യഗ്രന്ഥത്തിലെ വാക്കുകളിൽ വാവലുകളെപ്പോലെ തലകീഴായി തൂങ്ങിക്കിടന്നു് ആശ്വാസം തേടേണ്ടവരാണു് തങ്ങളെന്നു് പരിശീലിപ്പിക്കപ്പെടുന്നവരാണു് ഭക്തകളും ഭക്തന്മാരും എന്നോർത്താൽ അതു് മനസ്സിലാക്കാവുന്നതേയുള്ളു. ഭക്തി പഠനമല്ല, പഠനം എന്നു് തോന്നിപ്പിക്കുന്ന ഒരുതരം പരിശീലനമാണു് – അതും ബാല്യം മുതലേ!
അറിവു് എന്ന വാക്കു് എണ്ണൂറോ എണ്ണായിരമോ പ്രാവശ്യം ഉരുവിട്ടതുകൊണ്ടു് അബദ്ധങ്ങളുടെ കൂമ്പാരം അറിവായി മാറുകയില്ല. സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത ജല്പനങ്ങളെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തിന്റെ വായിൽ തിരുകിയാൽ അങ്ങേരെക്കൂടി ചെളിയിലൂടെ വലിച്ചിഴക്കാം, അത്രതന്നെ. “ഞാൻ ഇല്ലാത്തതു് എന്റെ ഭാഗ്യം” എന്നാവും ആ ഗ്രന്ഥം വായിക്കേണ്ടിവന്നാൽ ദൈവത്തിന്റെ ആത്മഗതം!
Jun 19, 2015, 1:00 PM
മല്ലൂസ് കുടിക്കുന്നതാണു് മദ്യമെങ്കിൽ, മല്ലൂസ് കുടിക്കുന്നതുപോലെ കുടിക്കുന്നതാണു് മദ്യപാനമെങ്കിൽ, മദ്യം പാനം ചെയ്യുന്നവൻ പാമ്പായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
“A Book of Verses underneath the Bough,
A Jug of Wine, a Loaf of Bread and Thou
Beside me singing in the Wilderness
O, Wilderness were Paradise enow!” – Omar Khayyám
Jun 19, 2015, 1:06 PM
പകൽസമയത്തു് ഉറങ്ങുകയും രാത്രി ഇര തേടുകയും ചെയ്യുന്ന ജീവികളുണ്ടു്. ചേനത്തണ്ടൻ ആ ഇനത്തിൽപ്പെടുന്ന ഒരു ജീവിയാണു്.
രാത്രിയിൽ മൂക്കുമുട്ടെ തിന്നാനായി പകൽസമയത്തു് പട്ടിണിയിരിക്കുന്ന മനുഷ്യരുണ്ടു്. ദൈവത്തിന്റെ അടുത്ത ബന്ധുക്കളായ അവർ മരണാനന്തരജീവികൾ എന്നറിയപ്പെടുന്നു.
Jun 19, 2015, 1:17 PM
ഏദൻ തോട്ടത്തിൽ വച്ചു് ഹവ്വ ആദാമിനെ വെട്ടിൽ വീഴിച്ചതു് ആപ്പിൾ കാണിച്ചല്ല, ശരിക്കും മൂത്തുപഴുത്ത തക്കാളി കാണിച്ചായിരുന്നിരിക്കാനാണു് സാദ്ധ്യത.
സ്പെയിൻകാർ തെക്കേ അമേരിക്ക തേടി പോയതും ചെന്നതും കണ്ടതും കീഴടക്കിയതും, ഏദൻ തോട്ടം എന്ന തക്കാളിപ്പറുദീസ അവിടെ എവിടെയോ ആണെന്നു് അറിയാമായിരുന്നതുകൊണ്ടാവാനേ വഴിയുള്ളു.
പക്ഷേ, അവിടെ തക്കാളി മാത്രമല്ല, അതിനേക്കാൾ കൂടുതൽ സ്വർണ്ണം ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നു് കണ്ടതിനാൽ അവർ ഇത്തിരി തക്കാളിയും, ഒത്തിരി സ്വർണ്ണവും കപ്പലുകളിൽ നിറച്ചു് വീണ്ടും വീണ്ടും യൂറോപ്പിൽ എത്തിച്ചെന്നേയുള്ളു. സ്വർണ്ണശേഖരം കണ്ടാൽ, അതിപ്പോ ശ്രീമാൻ പത്മനാഭന്റെ ആയാലും, ഒരല്പം വാരി പോക്കറ്റ് നിറയ്ക്കണമെന്നു് ആർക്കായാലും തോന്നാതിരിക്കുമോ?
ചുക്കും കരുമുളകും ചായയും പുൽത്തൈലവും തേടി ഇൻഡ്യയിലെത്തിയ ഇംഗ്ലീഷുകാർ അവയോടൊപ്പം ചില കല്ലുകളും ലോഹങ്ങളുമെല്ലാം കയറ്റി ഇംഗ്ലണ്ടിലേക്കു് അയച്ചതുപോലെ. പൈതൃകമായി ലഭിച്ച ശാസ്ത്ര-സാംസ്കാരികമഹത്വങ്ങളുടെ തയമ്പു് തടവാൻ അനുയോജ്യമായ യോഗാസനം കണ്ടെത്താനുള്ള തിരക്കിൽ ആയിരുന്നു ഭാരതീയൻ ഇന്നത്തെപ്പോലെതന്നെ അന്നും എന്നതിനാൽ സായിപ്പിനു് കാര്യം വളരെ എളുപ്പവുമായിരുന്നു.
എന്തായാലെന്തു്? സ്പെയിൻകാർ വഴി തക്കാളി ലോകം മുഴുവൻ വ്യാപിച്ചല്ലോ. തക്കാളിയില്ലാത്ത ജീവിതം വെടിയുണ്ടയില്ലാത്ത സ്യൂട്ട്കെയ്സ് പോലെയാണു്.
Jun 20, 2015, 12:34 PM
ഒരു സമയം ഒരാൾ മാത്രം പ്രസംഗിക്കുന്ന ചടങ്ങുകളിൽ ഒരു സ്പീക്കേഴ്സ് ഡെസ്ക്കിന്റെ ആവശ്യമേ സാധാരണഗതിയിൽ വേദിയിലുള്ളു. പ്രസംഗിക്കാനുള്ളവർക്കും പ്രസംഗിച്ചു് കഴിഞ്ഞവർക്കും സദസ്യരോടൊപ്പം സീറ്റ് നൽകുന്നതാണു് ഭംഗിയും ജനാധിപത്യപരവും. എഴുതി വായിക്കുന്ന ചില പ്രാസംഗികരും ഉണ്ടാവാമെന്നതിനാൽ വേദിയിൽ വേണ്ടത്ര വെളിച്ചം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടു്. ഒരു നിലവിളക്കിനു് നൽകാൻ കഴിയുന്ന പ്രകാശം അതിനു് തീർച്ചയായും അപര്യാപ്തമായിരിക്കും. വേദിയിൽ നിലവിളക്കേ ഇല്ലെങ്കിൽ ഒന്നുകൂടി നല്ലതു്. കേരളത്തിന്റെ കാര്യത്തിൽ അത്ര തീർത്തു് പറയാൻ പറ്റില്ലെങ്കിലും, ഇല്ലാത്ത വിളക്കോ, അതിലെ തിരികളോ കത്തിക്കണം എന്നു് തോന്നുന്നവരെ ലോകത്തിൽ പൊതുവെ വളരെ വിരളമായാണു് കണ്ടുവരുന്നതു്.
ഇനി, സ്റ്റേജിൽ ജനനേതാക്കളുടെ വല്ല പരിചമുട്ടുകളിയോ മറ്റോ ആണു് അരങ്ങേറേണ്ടതെങ്കിൽ പ്രസംഗപീഠം എടുത്തു് മാറ്റാൻ മറക്കരുതുതാനും. അല്ലെങ്കിൽ അതിൽ തട്ടിവീണു് അപകടം പറ്റാനുള്ള സാദ്ധ്യതയുണ്ടു്. പ്രസംഗപീഠത്തോടൊപ്പം സ്റ്റേജിൽ നിലവിളക്കുകൂടി പ്രതിഷ്ഠിച്ചാൽ അപകടസാദ്ധ്യത ഒന്നുകൂടി കൂടുതലായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുത്തുവിളക്കിന്റെ തണ്ടുകൊണ്ടു് പണ്ടു് ചന്തുച്ചേകോൻ ആരോമൽച്ചേകോന്റെ മുറിവിൽ കാണിച്ച കൈവിരുതിനോടു് സാമ്യമുള്ള വല്ല അപകടവും സ്റ്റേജിലെ നിലവിളക്കിന്റെ സാന്നിദ്ധ്യം വഴി യാദൃശ്ചികമായി സംഭവിച്ചാൽ!?
മന്ത്രിമാർ മസാല വാങ്ങാനായി സൈറൺ മുഴക്കി അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്നതിനിടയിൽ ആംബുലൻസും ഫയർ ഫോഴ്സുമൊക്കെ കയറി തടസ്സം സൃഷ്ടിക്കാതിരിക്കാൻ അവയ്ക്കു് സ്പീഡ് നിയന്ത്രണം വരാൻ പോകുന്ന ഇന്നത്തെ പുതിയ കേരളീയ സാഹചര്യത്തിൽ, അപകടത്തിൽ പെട്ടു് വേദിയിൽ കിടക്കുന്നവരുടെ രക്ഷാപ്രവർത്തനത്തിനു് അപ്രതീക്ഷിതമായ കാലതാമസം വന്നുകൂടെന്നുമില്ല. മസാലയും മന്ത്രിയും ബീഫും അരുവിക്കരയും വിഴിഞ്ഞവുമെല്ലാം കൂടിക്കുഴഞ്ഞു് ആകെമൊത്തം അവിയൽപരുവത്തിൽ കിടക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ വെറുമൊരു നിലവിളക്കിലേക്കു് ചുരുക്കിക്കാണരുതെന്നു് സാരം.
Jun 23, 2015, 1:47 PM
യോഗയാണു് താരം. യോഗയെ വിമർശിക്കുന്നതു് പുരോഗമനം, യോഗ ചെയ്യുന്നതും, ചെയ്യാൻ ആഹ്വാനം ചെയ്യുന്നതും ഫാഷിസം വരെയെത്താവുന്ന പിന്തിരിപ്പത്തരം എന്ന നിലയിൽ വരെയെത്തി കാര്യങ്ങൾ. “ഞാൻ ദർബാനിൽ വക്കീലായിരുന്നപ്പോൾ”, “ഞാൻ ഒബാമയോടൊപ്പം ബിയറും കുടിച്ചു് കടൽത്തീരത്തു് കാറ്റും കൊണ്ടു് ഇരിക്കുകയായിരുന്നപ്പോൾ” തുടങ്ങിയ രീതിയിൽ സ്വാനുഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടു് സമീപിച്ചാലേ സാമൂഹികവിഷയങ്ങളെ “ശാസ്ത്രീയമായി” കൈകാര്യം ചെയ്യാൻ പറ്റൂ എന്നു് കരുതുന്നതു് ഫാഷൻ ആയ ഒരു സമൂഹത്തിൽ എന്നെപ്പറ്റി ചില വസ്തുതകൾ പറഞ്ഞുകൊണ്ടു് ആരംഭിക്കാൻ ഞാനും ബാദ്ധ്യസ്ഥനാണെന്നു് തോന്നുന്നു. മാർക്കറ്റിൽ പിടിച്ചു് നിൽക്കണമല്ലോ: ഞാൻ യോഗ ചെയ്യാറില്ല, ഇതുവരെ ചെയ്തിട്ടില്ല, എന്നെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. യോഗ ചെയ്തു് പരിഹരിക്കേണ്ട രോഗങ്ങളോ മറ്റു് ശാരീരിക പ്രശ്നങ്ങളോ എനിക്കില്ല. ഉദാഹരണത്തിനു്, നടുവേദന ഉള്ളവർ യോഗ (ചെയ്യേണ്ടവിധം) ചെയ്താൽ ആശ്വാസം ലഭിക്കും എന്നതു് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു കാര്യമാണു്. ഭാരതീയന്റെ യോഗ മാത്രമല്ല, ചൈനാക്കാരന്റെ “സൂചികുത്തിത്തിരിക്കലും” (acupuncture), തിരുമ്മലുമെല്ലാം പല ദീർഘകാലരോഗങ്ങൾക്കും പരിഹാരമാവാറുണ്ടു്. നേർപ്പിക്കുന്തോറും വീര്യം കൂടുന്ന ഹോമിയോ മരുന്നുകൾ കഴിച്ചാൽ മാറുന്ന, മാനസികകാരണങ്ങളാലുണ്ടാകുന്ന ശാരീരികരോഗങ്ങളിൽ നിന്നും (psychosomatic) വ്യത്യസ്തമായി, പഴകിയ പല “യഥാർത്ഥ”രോഗങ്ങൾക്കും ഈ ചികിത്സാരീതികൾ ആശ്വാസം നൽകുന്നുണ്ടു്.
അരിമ്പാറകളുടെ വലിപ്പത്തിൽ “നാഴിയിടങ്ങഴി” ഉണ്ണിയപ്പം ചുട്ടു് പള്ളിയിലെത്തിച്ചാൽ അരിമ്പാറ മാറുന്നപോലെ, ചില പ്രത്യേക ഭക്തികേന്ദ്രങ്ങളിൽ പോയി മെഴുകുതിരി കത്തിച്ചാൽ തീരാരോഗങ്ങൾ മാറുകയും സന്താനഭാഗ്യം ലഭിക്കുകയുമൊക്കെ ചെയ്യുന്നപോലെ, തലയിൽ കൈവച്ചു് പ്രാർത്ഥിച്ചാൽ ചില രോഗങ്ങളെങ്കിലും മാറുന്നപോലെ, വല്ല പ്ലസീബോ ഇഫക്റ്റുമാണോ യോഗയിലും അക്യുപങ്ക്ചറിലും തിരുമ്മലിലുമെല്ലാം പ്രവർത്തിക്കുന്നതു് എന്നറിയാൻ ശാസ്ത്രീയമായി നടത്തിയ പഠനങ്ങളിലൂടെയാണു് ഈ ചികിത്സാരീതികൾ ഫലപ്രദമാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നതു്. നടുവേദനയ്ക്കു് യോഗയിലൂടെ ആശ്വാസം ലഭിക്കുന്നതു് മെഡിറ്റേഷൻ, റിലാക്സേഷൻ, മസിൽ ട്രെയിനിങ്, കൂടുന്ന ബ്ലഡ് സർക്യുലേഷൻ എന്നിവവഴി ആയിരിക്കാമെന്ന ഇതുവരെയുള്ള ധാരണ തിരുത്താൻ ഈ പഠനത്തിനു് കഴിഞ്ഞു. പഠനത്തിനായി തിരഞ്ഞെടുത്തവരിൽ, പഴകിയ നടുവേദനക്കാരായ തൊണ്ണൂറുപേരോടു് മൂന്നുമാസത്തേക്കു് യോഗ ചെയ്യാനും, തൊണ്ണൂറുപേരോടു് അത്രയും കാലം കണ്വെൻഷനൽ രീതിയിലുള്ള ജിംനാസ്റ്റിക്സും സ്റ്റ്രെച്ചിങ് എക്സെർസൈസസും ചെയ്യാനും ആവശ്യപ്പെട്ടു. മറ്റു് നാല്പത്തഞ്ചു് പേർക്കു് റിലാക്സെഷൻ, ബ്രീഥിങ് എക്സെർസൈസസ്, ജീവിതരീതികൾ എന്നിവയുടെ സെൽഫ്-ഹെല്പ് ടിപ്സ് ഉള്ള ഒരു പുസ്തകം നൽകി. അവർ മൂന്നുമാസം അതിനനുസരിച്ചു് അവരുടെ ജീവിതം ക്രമീകരിച്ചു.
പഠനാനന്തരം പുസ്തകവിഭാഗത്തിനു് നടുവേദനയിൽ 25 ശതമാനം കുറവു് അനുഭവപ്പെട്ടു. മറ്റു് രണ്ടു് വിഭാഗത്തിനും ഏകദേശം 55 ശതമാനമാണു് ശമനം ലഭിച്ചതു്. വേദനയുടെ ശമനകാര്യത്തിൽ യോഗ ഗ്രൂപ്പും ജിംനാസ്റ്റിക്സ് ഗ്രൂപ്പും തമ്മിൽ വ്യത്യാസമൊന്നും കാണാനുണ്ടായിരുന്നില്ലെന്നു് സാരം. നടുവേദനയ്ക്കു് ആശ്വാസം ലഭിക്കുന്നതു്, യോഗയിലെ മെഡിറ്റേഷനോ, റിലാക്സേഷനോ, മസിൽ ട്രെയിനിങ്ങോ വഴിയല്ല, സ്റ്റ്രെച്ചിങ് വഴിയാണെന്നു് അതു് തെളിയിച്ചു. സ്റ്റ്രെച്ചിങ് വഴി കണെക്റ്റീവ് ടിഷ്യൂകളിലെ സെല്ലുകളിൽ പ്രൊട്ടീൻ വർദ്ധനവു് സംഭവിക്കുന്നതാണു് ഇതിനു് കാരണമെന്നു് ഫൈബർ അനാലിസിസ് വഴി കണ്ടെത്താനും കഴിഞ്ഞു.
ചെയ്യേണ്ടവിധം യോഗ ചെയ്താൽ, ഒരു എക്സർസൈസ് എന്ന നിലയിൽ, അതിൽ തെറ്റൊന്നുമില്ല. മനുഷ്യശരീരം പതിവായി ‘ക്ഷ’ രൂപത്തിൽ വളച്ചൊടിച്ചാൽ കുറുങ്കാലി നെടുങ്കാലി ആവുമെന്നോ, എലുങ്കൻ ആർനോൾഡ് ഷ്വാർത്സെനെഗ്ഗർ ആവുമെന്നോ ഒക്കെ കരുതി യോഗ ചെയ്താൽ ജീവിക്കാനുള്ള യോഗം എന്നേക്കുമായി വിട പറഞ്ഞു് പോയിക്കൂടെന്നുമില്ല.
വീണ്ടും ആവർത്തിക്കേണ്ടി വരുന്നു: ഏതു് കാര്യത്തിലും എക്സ്റ്റ്രീമുകളെ ഒഴിവാക്കി ഒരു മദ്ധ്യമാർഗ്ഗം സ്വീകരിക്കുന്നതാണു് പൊതുവേ പറഞ്ഞാൽ നല്ലതു്. എങ്കിലും, വരുംവരായ്കകൾ മനസ്സിലാക്കി ഒരുവൾ/ഒരുവൻ ബൻജീ ജമ്പിങ്ങോ, എവറസ്റ്റ് കയറലോ ഒക്കെപ്പോലെ എക്സ്റ്റ്രീം ആയ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ – സ്വർഗ്ഗത്തിലെത്തി 72 ഹൂറികളെ നേടാനായി ചാവേർ വേഷം കെട്ടി അരയിൽ ബോംബുമായി നടക്കുന്നവർ വഴിയെന്നപോലെ, മറ്റു് മനുഷ്യരുടെ ജീവിതത്തെ അതു് പ്രതികൂലമായി ബാധിക്കുന്നില്ല എന്നതിനാൽ – അതു് അവളുടെ/അവന്റെ വ്യക്തിപരമായ തീരുമാനമെന്നേ കരുതേണ്ടതുള്ളു. നടന്ന വഴികൾ വിട്ടു് നടക്കാൻ ധൈര്യപ്പെട്ടവരിലൂടെയേ ഇതുവരെ ലോകം വളർന്നിട്ടുള്ളു. പുതിയതായ എന്തിനേയും ഭയത്തോടെ വീക്ഷിക്കുന്നവരാണു് സാമാന്യമനുഷ്യരും അവരുടെ ദൈവങ്ങളും. സ്വന്തവഴി സ്വയം മനസ്സിലാക്കി തിരഞ്ഞെടുക്കുന്നവർ നശിപ്പിക്കപ്പെടേണ്ടതു് അതുകൊണ്ടാണു്. അതിനുവേണ്ടിയാണു് ദൈവങ്ങളുടെ വില്പനക്കാർ യുഗേ യുഗേ അവരുടെ ദൈവങ്ങളെ പ്രത്യക്ഷപ്പെടുത്തുന്നതു്. കമ്പോളനിയമങ്ങൾക്കു് വിധേയമായ വില്പനച്ചരക്കുകൾ മാത്രമാണു് ദൈവങ്ങൾ – ഒട്ടും കൂടുതലുമില്ല, കുറവുമില്ല.
അക്യുപങ്ക്ചർ, യോഗ, തിരുമ്മൽ എന്നിവയെപ്പറ്റി ഒരു ചെറിയ വീഡിയോ റിപ്പോർട്ട് (ജർമ്മൻ ഭാഷയിൽ). വേണമെന്നുള്ളവർ 15:53 മുതൽ 21:54 വരെ കാണുക.
http://www.3sat.de/mediathek/index.php?mode=play&obj=51579
Jun 24, 2015, 9:49 AM
പതഞ്ജലിയും, ശ്രീനാരായണ ഗുരുദേവനും, ശ്രീരാമകൃഷ്ണ പരമഹംസരുമൊക്കെ യോഗയെ ശാസ്ത്രീയമായ പഠനങ്ങൾക്കു് വിധേയമാക്കി മനുഷ്യരെ ബോധവത്കരിച്ചതു് നന്നായി. അല്ലെങ്കിൽ ഭാരതീയർ മുഴുവൻ യോഗ ചെയ്തുചെയ്തു് തെണ്ടിപ്പോയേനെ! (ന്ന്വച്ചാൽ, ഭാരതീയർ ഒന്നടങ്കം ബുദ്ധസന്യാസികളായി, ഭിക്ഷാടനക്കാരായി മാറിയേനെയെന്നു് ചുരുക്കം.) എന്തുചെയ്യാം, സ്വാമി സച്ചിദാനന്ദയോ, ബാബാ രാംദേവോ, ശ്രീ ശ്രീ രവിശങ്കറോ, എന്നുവേണ്ട, സ്വാമി പെടുപെടുക്കാനന്ദയോ വരെ എന്തെങ്കിലും പറഞ്ഞാൽ അതിന്റെ പുറകേ വാലും മടക്കി നടക്കാൻ ശീലിച്ചു് പോയവനാണു് ഭാരതീയൻ. സ്വയം ചിന്തിക്കുക എന്നതു് അവനു് എന്നാളും അജ്ഞാതമായിരുന്നു.
Jun 24, 2015, 10:49 AM
തെരുവുനായ്ക്കൾ എച്ചിലിലയ്ക്കുവേണ്ടി കടിപിടി കൂടാറുണ്ടു്. എച്ചിലിലയിൽ അധികാരം സ്ഥാപിക്കുന്നതിനു് വേണ്ടിയുള്ള അവകാശസമരം എന്ന നിലയിൽ, നായ്ക്കൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എച്ചിൽതൊട്ടിയിൽ അതു് അറിയപ്പെടുന്നതു് രാഷ്ട്രീയമെന്നായിരിക്കണം. ഉക്രയിനിലും, ഗാസയിലും, യെമനിലും, യൂറോപ്യൻ യൂണിയനും അതിലെതന്നെ അംഗമായ ഗ്രീസും തമ്മിലും, അരുവിക്കരയിലുമെല്ലാം നടക്കുന്നതും അധികാരത്തിനും ആഹാരത്തിനും വേണ്ടിയുള്ള അവകാശസമരങ്ങളും, അതുകൊണ്ടുതന്നെ അതവിടങ്ങളിലെ രാഷ്ട്രീയവുമാണു്. അവരവർക്കു് ഉള്ളതോ ലഭ്യമായതോ ആയ ആയുധങ്ങളേ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ, നായ്ക്കൾ കടിപിടി കൂടുമ്പോൾ, മനുഷ്യർ യുദ്ധം ചെയ്യുകയും, തെറിവിളി നടത്തുകയും, ചെളി വാരിയെറിയുകയുമൊക്കെ ചെയ്യുന്നു. അതുകൊണ്ടു് ഒരു ഗുണമുണ്ടു്: ഓരോ വിഭാഗത്തിന്റെയും പൊളിറ്റിക്കൽ കൾച്ചർ അറിയാൻ അവരുടെ ആയുധമുറകൾ പരിശോധിച്ചാൽ മതി.
Jun 26, 2015, 10:40 AM
എന്റെ ജന്മപൂർവ്വാവസ്ഥയിൽ ഒരിക്കൽ അല്ലാഹു (ച്ചാൽ ദൈവം) എനിക്കു് (ന്ന്വച്ചാൽ എന്റെ ആത്മാവിനു്) പ്രത്യക്ഷപ്പെട്ടു. ശരീരമില്ലാതെ ആത്മാവോ എന്നു് ഇപ്പോൾ അവിശ്വാസികൾക്കു് തോന്നിയേക്കാം. അവിശ്വാസികൾ ചിന്തിക്കുന്നില്ല. അതെങ്ങനെ, അല്ലാഹു ഇച്ഛിക്കാതെ മനുഷ്യർ ഇച്ഛിക്കുന്നില്ലല്ലോ. എങ്കിലും ഒരു ദൃഷ്ടാന്തം പറഞ്ഞേക്കാം: ഞാൻ ജനിച്ചിട്ടില്ലാത്തതിനാൽ ആത്മാവിനു് എന്റെ കൈയ്യിലോ തലയിലോ ശരീരത്തിലോ, മരിച്ചിട്ടില്ലാത്തതിനാൽ സ്വർഗ്ഗത്തിലോ നരകത്തിലോ ഉണ്ടാവാൻ കഴിയില്ലെങ്കിലും, അപ്പോൾ അച്ചങ്ങാതി ഡപ്പിയിൽ ഒളിച്ചിരിക്കുന്നുണ്ടാവുമല്ലോ. ഒളിച്ചാണു് ഇരിക്കുന്നതെങ്കിലും ആ സംഭവം ഇല്ലാതിരിക്കുന്നില്ലല്ലോ. ഗംബ്ലീറ്റ് ശൂന്യതയിൽ നിന്നും സ്വയംഭൂവാകാൻ ഇച്ഛിച്ച സമയത്തു് അല്ലാഹു ഡപ്പിയിൽ എങ്ങനെയാണോ ഒളിച്ചിരുന്നതു്, അതുപോലെ ആയിരുന്നു എന്റെ ആത്മാവിന്റെയും അവസ്ഥ.
അങ്ങനെ അക്കാര്യത്തിനു് ഒരു തീരുമാനം ആയ സ്ഥിതിക്കു് ഇനി പ്രത്യക്ഷപ്പെടലിലേക്കു് ശ്രദ്ധ തിരിക്കാം. അല്ലാഹു എന്നോടു് പറഞ്ഞു: മഹനേ, നിനക്കു് മൂന്നു് ചോയ്സുണ്ടു്: അതിലൊന്നു് നീ തിരഞ്ഞെടുത്തേ പറ്റൂ. അപ്പോൾ ഞാൻ പറഞ്ഞു: അടിയൻ കേൾക്കുന്നു. അങ്ങു് അരുളിച്ചെയ്താലും. തിരുവിഷ്ടം പോലെ അടിയനു് ഭവിക്കട്ടെ!
അപ്പോൾ അല്ലാഹു ഉവാച: നീ ജനിക്കും, തീർച്ച. ജീവിതത്തിൽ നിനക്കു് ഒരു മല്ലു ഫെമിനിസ്റ്റോ, ഒരു ജിഹാദിസ്റ്റോ, അല്ലെങ്കിൽ ചുമ്മാ വെറുമൊരു മനുഷ്യനോ ആയിത്തീരാം. ഒരു മനുഷ്യനായി ജീവിച്ചാൽ മരണശേഷം നിന്നെ ഞാൻ നരകത്തിലെ വറചട്ടിയിലേക്ക് അയക്കും. ഒരു ജിഹാദിസ്റ്റായാൽ നിന്നെ ഞാൻ ഒരു ചാവേറാക്കുകയും, 25 വയസ്സു് തികയുന്നതിനു് മുൻപു് നീ നിന്റെ തന്നെ ബോംബുവഴി പൊട്ടിച്ചിതറി സ്വർഗ്ഗത്തിലെത്തുകയും ചെയ്യും. അവിടെ നിന്നെ കാത്തിരിക്കുന്നതു് മദ്യപ്പുഴകളും 72 മദിരാക്ഷികളും മൂട്ടകടിയില്ലാത്ത സ്വർണ്ണക്കട്ടിലുകളുമായിരിക്കും. ഇനി, ഒരു മല്ലു ഫെമിനിസ്റ്റ് ആയി ജീവിക്കാനാണു് നീ ആഗ്രഹിക്കുന്നതെങ്കിൽ അതും നിന്റെയിഷ്ടം.
അപ്പോൾ ഞാൻ: “ഒരു മല്ലു ഫെമിനിസ്റ്റായാൽ എന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്നും കൂടി അടിയനോടു് അരുളിച്ചെയ്യേണമേ”.
അതിനു് അല്ലാഹു: അപ്പോൾ 72 സ്ത്രീകളെയല്ല, ലോകത്തിലെ മുഴുവൻ സ്ത്രീകളുടെയും ഭാരം നീ നിന്റെ തലയിൽ ചുമക്കേണ്ടിവരും. അതും ഈ ഭൂമിയിൽ വച്ചു തന്നെ. ഒരു ഫെമിനിസ്റ്റ് എന്ന നിലയിൽ നീ ഒരു സർവ്വമന:ശാസ്ത്രജ്ഞനും, തന്മൂലം സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മനസ്സുകളിലെ ഏറ്റവും ഇരുണ്ട കോണുകളിലേക്കു് വരെ ഒളിഞ്ഞുനോക്കാൻ കഴിവുള്ളവനും ആയിരിക്കും. സ്വന്തം പാപങ്ങൾ സ്വയം ചുമക്കാനോ, അവയ്ക്കു് പരിഹാരം കാണാനോ കഴിവില്ലാത്തവരാണു് മനുഷ്യർ എന്നു് അകക്കണ്ണിലൂടെ കണ്ട യേശു പണ്ടു് സകല മനുഷ്യരുടെയും പാപം തലയിലേറ്റി കുരിശിലേറിയതുപോലെ, സ്വന്തം കാര്യം നോക്കാൻ കഴിവില്ലാത്തവരാണു് സ്ത്രീകൾ എന്നു് മന:ശാസ്ത്രജ്ഞനായ നീ ഒറ്റ നോട്ടത്തിലേ മനസ്സിലാക്കുമെന്നതിനാൽ അവരുടെ സകലഭാരവും വലിച്ചു് തലയിൽ വയ്ക്കാതിരിക്കാൻ നിനക്കു് കഴിയില്ല. കാരണം, നീ വളരെ ആത്മാർത്ഥതയുള്ള ഒരു ഭാരവാഹിയാണു്.
“അല്ലാഹുവേ, അടിയന്റെ ചോദ്യം അവിവേകമെങ്കിൽ പൊറുക്കണം: ആൺപെൺഭേദമില്ലാതെ പെറ്റുപെരുകാൻ നായ്ക്കളെ അനുവദിച്ചില്ലെങ്കിൽ ഭയങ്കരമായി ചൂടാവുന്ന മനുഷ്യർ ഈ ലോകത്തിൽ ധാരാളം ഉണ്ടെങ്കിലും, മനുഷ്യകുലത്തിലെ പെൺവർഗ്ഗം ഗർഭത്തിൽവച്ചേ നശിപ്പിക്കപ്പെടുന്നതു് അവരെ ആരെയും അധികം അലട്ടാറില്ല. ആ സ്ഥിതിക്കു് ഒരു ജിഹാദിക്കു് 72 ഹൂറികൾ എന്ന അനുപാതം കാത്തുസൂക്ഷിക്കാൻ അങ്ങേക്കു് എങ്ങനെ കഴിയുന്നു?
“നിന്റെ അവിവേകം നാം പൊറുത്തിരിക്കുന്നു. നിന്റെ ചോദ്യത്തിന്റെ മറുപടി: പുരുഷമേധാവിത്വം നിലവിലിരിക്കുന്ന സ്വർഗ്ഗത്തിലെ ശിക്ഷാനിയമപ്രകാരം നരകത്തിൽ പോകേണ്ടവരാണു് സ്ത്രീകളായ ഫെമിനിസ്റ്റുകൾ. പക്ഷേ അവരെ നാം സ്വർഗ്ഗത്തിൽ എത്തിച്ചു്, ഗാന്ധാരിക്കു് നൂറു് മക്കൾ ജനിച്ച സാങ്കേതികത്വത്തിന്റെ മാതൃകയിൽ, “ഫെമിനെക്‌ടൊമി” എന്നൊരു ഓപ്പറേഷനു് വിധേയമാക്കുന്നു. എത്ര കോപ്പികൾ വേണമെന്നു് പ്രിന്ററിൽ മുൻകൂറായി നൽകാവുന്നപോലെ, ഒരു ഫെമിനിസ്റ്റ് ഇൻപുട്ടിനു് എത്ര ഹൂറികൾ ഔട്ട്പുട്ട് ആയി വേണം എന്നതിന്റെ എണ്ണം ടൈപ്പ് ചെയ്തു് എന്റർ അടിച്ചാൽ മതി, ഒരച്ചിൽ ഉണ്ടാക്കിയ പാവകൾ പോലെ അത്രയും ഹൂറികൾ പുറത്തുവന്നു് ബെല്ലി കുലുക്കി ഡാൻസ് ചെയ്യാൻ തുടങ്ങും.”
“കരുണാനിധിയായ അല്ലാഹുവേ, ജിഹാദിയും ഫെമിനിസ്റ്റും വഹിക്കുന്ന ഭാരം ചുമക്കാനോ, സ്വർഗ്ഗത്തിൽ അവരോടൊത്തു് കഴിയാനോ ഉള്ള ത്രാണി അടിയനില്ല. വെറുമൊരു മനുഷ്യനായി ഈ ഭൂമിയിൽ ചാകുവോളം ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി, അടിയൻ പൂർണ്ണസംതൃപ്തൻ.”
“നിന്റെ ആഗ്രഹം പോലെ നിനക്കു് ഭവിക്കും. ചാവുന്നതുവരെ നീ ജീവിക്കും, ചത്തുകഴിഞ്ഞാൽ നരകത്തിലെ വറചട്ടിയിൽ കിടന്നു് നീ പൊരിയും. പൊരിഞ്ഞുകഴിഞ്ഞ നിന്റെ തൊലിക്കു് പകരം പുതിയ പുതിയ തൊലികൾ വന്നുകൊണ്ടിരിക്കും, പൊരിഞ്ഞുകൊണ്ടിരിക്കും.”
“സർവ്വജ്ഞാനിയായ അല്ലാഹുവേ, പുതിയതായി എനിക്കു് വരുന്ന തൊലികൾ കറുത്തതോ, അതോ വെളുത്തതോ?”
അപ്പോഴേക്കും അല്ലാഹു അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു!
Jun 27, 2015, 11:47 AM
മനുഷ്യരുടെ അജ്ഞത മൂലം അധികാരത്തിലെത്തി തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുന്ന അനേകം അബദ്ധധാരണകളിൽ ഒന്നുകൂടിയാണു് സെയിം സെക്സ് മാര്യേജിന്റെ ലീഗലൈസേഷൻ വഴി അമേരിക്കയിൽ ഇന്നലെ കടപുഴകി വീണതു്.
ഇന്നലെ മൂന്നു് ഭൂഖണ്ഡങ്ങളിൽ (ടുണീഷ്യ, കുവൈറ്റ്, ഫ്രാൻസ്) സമാധാനമതത്തിലെ അംഗങ്ങൾ എന്നു് അഭിമാനിക്കുന്ന മനുഷ്യാധമർ അല്ലാഹുവിന്റെ നാമത്തിൽ ആഘോഷമായി നടത്തിയ ഭീകരാക്രമണങ്ങളിലൂടെയുള്ള കൊലപാതകങ്ങൾ വഴി അതേ ദിവസത്തെത്തന്നെ “ബ്ലാക്ക് ഫ്രൈഡേ” ആക്കി മാറ്റിയതു് കാണുമ്പോൾ, കടപുഴകി വീഴേണ്ടതായ മതപരമായ വെറുപ്പിന്റെ വേരുകൾ എത്ര ആഴത്തിലാണു് അജ്ഞരായ വിശ്വാസികളുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നതെന്നു് മനസ്സിലാക്കേണ്ടിവരുന്നു.
മാനസികരോഗിയായ ഒരു കോ-പൈലറ്റ് തന്നെയും നൂറ്റിനാല്പത്തൊൻപതു് സഹയാത്രികരെയും മനഃപൂർവ്വം മരണത്തിലേക്കു് നയിക്കുന്നതും ഒരു മഹാദുരന്തവും മരണപ്പെട്ടവരുടെ ബന്ധുക്കളെസംബന്ധിച്ചു് നികത്താനാവാത്ത ഒരു നഷ്ടവുമാണു്. അത്തരം അപകടങ്ങൾ നൂറുശതമാനവും ഒഴിവാക്കാൻ ആർക്കും കഴിയില്ലെങ്കിലും, ഭാവിയിൽ അതുപോലുള്ള അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ മനുഷ്യസാദ്ധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാവും. പക്ഷേ, മതത്തിന്റെ പേരിൽ ലോകം മുഴുവൻ അറുകൊലകൾ അരങ്ങേറുമ്പോൾ അവയെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ബദ്ധപ്പെടുന്നവരാണു് “യഥാർത്ഥ” വിശ്വാസികൾ എന്നു് സ്വയം വിശേഷിപ്പിക്കുന്ന, സ്നേഹസ്വരൂപിയായ ദൈവത്തിന്റെ മക്കൾ. വിശ്വാസത്തിൽ അധിഷ്ഠിതമായ എല്ലാത്തരം “മതങ്ങളുടെയും” നിലനിൽപ്പു് മനുഷ്യരുടെ അജ്ഞതയിലാണു് കുടികൊള്ളുന്നതു്.
ഏതാനും നൂറ്റാണ്ടുകൾക്കു് മുൻപു് യൂറോപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. കയ്യൂക്കിനനുസരിച്ചു് ചക്രവർത്തി മാർപ്പാപ്പയെയും, മാർപ്പാപ്പ ചക്രവർത്തിയെയും മാറിമാറി വാഴിച്ചിരുന്ന, മതവിരുദ്ധരും, ദൈവനിഷേധികളുമെല്ലാം ജീവനോടെ കത്തിക്കപ്പെട്ടിരുന്ന, കത്തോലിക്കരും പ്രോട്ടസ്റ്റന്റുകളും പരസ്പരം കൊന്നു് കൊലവിളിച്ചിരുന്ന, “സത്യവിശ്വാസികളുടെ” സുവർണ്ണ കാലം! അതു് ഒട്ടൊന്നു് ഒതുങ്ങിയപ്പോഴേക്കും മാർക്സ് പ്രവാചകൻ അവതാരമെടുത്തു. മാർക്സ് ആചാര്യന്റെ പ്രവചനത്തിൽ വിശ്വസിച്ചു് തൊഴിലാളിവർഗ്ഗത്തിന്റെ നല്ല നാളെക്കുവേണ്ടി കുറെ തൊഴിലാളികൾ ഇങ്ക്വിലാബ് വിളിച്ചുകൊണ്ടു് കാലപുരിയിലേക്കു് പോയി. അതിനിടയിൽ സംഭവിച്ച രണ്ടു് മഹായുദ്ധങ്ങൾ വഴി ലക്ഷക്കണക്കിനു് മനുഷ്യർ പീരങ്കിക്കു് തീറ്റയായി. അതൊക്കെക്കാരണമാവാം, രക്തദാഹത്തിനു് അല്പമൊരു ആശ്വാസം ലഭിച്ചതു്. അങ്ങനെ മതശാസ്ത്ര-, പ്രത്യയശാസ്ത്രപരമായ കൊലപാതകങ്ങൾക്കു് യൂറോപ്പിൽ പൊതുവെ ഒരറുതിവന്നെങ്കിലും, സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ മനുഷ്യരക്തത്തിനു് ഇപ്പോഴും മോശമല്ലാത്ത ഡിമാൻഡുണ്ടു് – ചുരുങ്ങിയപക്ഷം അവിടങ്ങളിലെ സാഹിത്യവിശാരദരും നിത്യ ഇന്നലെകളുമായ ഡ്രാക്കുളകളെങ്കിലും അങ്ങനെ ചിന്തിക്കുന്നവരാണു്.
മനുഷ്യർ എവിടെയെങ്കിലും സ്വൈര്യവും സമാധാനവുമായി ജീവിക്കുന്നതു് കണ്ടാൽ കണ്ണു് കഴയ്ക്കുകയും, അവിടം കുളം കോരിയാൽ മാത്രം സംതൃപ്തി അടയുകയും ചെയ്യുന്ന സാമൂഹികകീടങ്ങൾ. “എനിക്കു് കഴിയുന്നില്ല, അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല!”
Jun 30, 2015, 8:26 AM
മത്സരത്തിൽ നീ ജയിച്ചതു് അവന്റെ കുറ്റം കൊണ്ടു്. ഞാൻ തോറ്റതു് അവന്റെയും നിന്റെയും കുറ്റം കൊണ്ടു്.
Jun 30, 2015, 10:52 AM
സ്വവർഗ്ഗാനുരാഗം എന്തുകൊണ്ടാണു് പ്രകൃതിവിരുദ്ധവും മഹാപാപവുമാകുന്നതു്? (പ്രത്യേകിച്ചും) സെമിറ്റിക് മതങ്ങളിലെ ചില തീവ്രവിശ്വാസികൾ അങ്ങനെ കരുതുന്നതുകൊണ്ടു്. എന്തുകൊണ്ടാണു് അവരങ്ങനെ കരുതുന്നതു്? അവരുടെ കഥാപ്പുസ്തകങ്ങളായ ബൈബിളിലും, ഖുർആനിലും അങ്ങനെ എഴുതി വച്ചിട്ടുള്ളതുകൊണ്ടു്. ചികിത്സിക്കാത്തതുകൊണ്ടു് മാത്രം മാറാതിരിക്കുന്ന ഒരു രോഗമാണു് സ്വവർഗ്ഗാനുരാഗം എന്നു് ഉത്തമബോദ്ധ്യമുള്ള ചില വിദഗ്ദ്ധർ പോലും അക്കൂട്ടത്തിലുണ്ടു്.
ബൈബിൾ പ്രകാരം, “യഹോവയുടെ സന്നിധിയിൽനിന്നു്, ആകാശത്തുനിന്നുതന്നെ”, ഗന്ധകവും തീയും വർഷിപ്പിച്ചു് സോദോമിനേയും ഗോമോറയേയും ദൈവം നശിപ്പിച്ചതു് അവിടെയുള്ള മനുഷ്യർ സ്വവർഗ്ഗാനുരാഗികളായിരുന്നതിനാലാണു്. എന്തുകൊണ്ടു് ആ മനുഷ്യരെ സ്വവർഗ്ഗാനുരാഗികളായി ജനിക്കാൻ ദൈവം അനുവദിച്ചു എന്നതിനെപ്പറ്റിയോ, ഇനി അതൊരു ജന്മസഹജതയല്ല, പിന്നീടു് അവർക്കു് ഒന്നടങ്കം വല്ല വൈറസ് വഴിയോ, ബാക്റ്റീരിയം വഴിയോ മറ്റോ വന്നുകിട്ടിയ ഒരു രോഗമായിരുന്നെങ്കിൽ, പറ്റിയ ഒരു പച്ചമരുന്നു് കുറിച്ചുകൊടുത്തു് ഒരു പ്രവാചകനെ അങ്ങോട്ടയച്ചു് ആ രോഗം മാറ്റുന്നതിനു് പകരം, ആ രണ്ടു് പട്ടണങ്ങൾക്കും തീവയ്ക്കാൻ എന്തുകൊണ്ടു് ദൈവം തീരുമാനിച്ചു എന്നതിനെപ്പറ്റിയോ ബൈബിൾ ഒന്നും മിണ്ടുന്നില്ല.
ആ പട്ടണങ്ങൾക്കു് തീ വയ്ക്കുന്നതിനു് മുൻപു് ലോത്തിനെയും രണ്ടു് പെണ്മക്കളേയും ദൈവത്തിന്റെ ദൂതന്മാർ പട്ടണത്തിനു് വെളിയിൽ എത്തിച്ചു. കൂട്ടത്തിൽ ലോത്തിന്റെ ഭാര്യയും ഓടുന്നുണ്ടായിരുന്നെങ്കിലും, അവൾ എന്തിനോ വേണ്ടി പുറകോട്ടു് തിരിഞ്ഞുനോക്കി തത്ക്ഷണം ഉപ്പുതൂണായി മാറി. വരാൻ പോകുന്ന ആപത്തിനെപ്പറ്റി ലോത്ത് പറഞ്ഞതൊന്നും പെണ്മക്കളുടെ പ്രതിശ്രുതവരന്മാർ വിശ്വസിച്ചില്ല, അവർ കൂട്ടത്തിൽ ഓടിയുമില്ല. അങ്ങനെ പർവ്വതത്തിൽ ചെന്നു് പാർക്കുകയായിരുന്നപ്പോൾ സ്വന്തകുടുംബം വേരറ്റുപോകാതിരിക്കാൻ ചിലതു് ചെയ്യേണ്ടതുണ്ടെന്ന ബോധം പെണ്മക്കൾക്കുണ്ടായി. എല്ലാം ഉപേക്ഷിച്ചു് ഓടുന്നതിനിടയിൽ മറക്കാതെ കൂട്ടത്തിലെടുത്ത രണ്ടുകുപ്പി വീഞ്ഞു് കൈവശമുണ്ടെങ്കിലും, അപ്പനല്ലാതെ മറ്റാരും പുരുഷനായി ആ ഭാഗത്തെങ്ങുമില്ല എന്ന കാര്യം “ഞെട്ടലോടെ” അവർ മനസ്സിലാക്കി. പിന്നെ ഒന്നും നോക്കിയില്ല, ആദ്യത്തെ ദിവസം ഒരുത്തിയും രണ്ടാമത്തെ ദിവസം മറ്റവളും അപ്പനു് വീഞ്ഞുകൊടുത്തു് പാമ്പാക്കി അവനിൽ നിന്നും അവനറിയാതെ ഗർഭം ധരിച്ചു് കുടുംബപരമ്പര ഉറപ്പു് വരുത്തി.
ഇതിൽ നിന്നും, ദൈവദൃഷ്ടിയിൽ സ്വവർഗ്ഗാനുരാഗമെന്നതു്, ഇൻസെസ്റ്റിനേക്കാൾ ഭീകരമായ ഒരു പാപമാണെന്നു് വേണം കരുതാൻ. രണ്ടു് പട്ടണങ്ങളെ പൂർണ്ണമായി തീവച്ചു് നശിപ്പിച്ചുകൊണ്ടു് ഒരു കുടുംബത്തെ നിഷിദ്ധഗമനത്തിലേക്കു് എത്തിക്കുന്ന സർവ്വശക്തനും നീതിമാനുമായ ദൈവം! സ്വവർഗ്ഗാനുരാഗം സംബന്ധിച്ച, ആ ദൈവത്തിന്റെ അങ്ങേയറ്റം ശാസ്ത്രീയമായ പടപ്പുകളെ സംരക്ഷിക്കാനാണു് സത്യവിശ്വാസികൾ ഓൺലൈനിലും ഓഫ്ലൈനിലും കിടന്നു് ചക്രശ്വാസം വലിക്കുന്നതു്!
ആന പോകുന്ന പുറകെ വാലുമുണ്ടാവണം എന്നതിനാൽ ബൈബിളിലെ ഈ കഥാകഥനം ഖുർആനും ഏറ്റെടുത്തു. ഖുർആന്റെ കാലമായപ്പോഴേക്കും ദൈവം, അഥവാ അല്ലാഹു കുറേ നൂറ്റാണ്ടുകൾ കൂടി വയസ്സനായിക്കഴിഞ്ഞിരുന്നു എന്നതിനാലാവാം, ഖുർആനിൽ അദ്ദേഹം പല കാര്യങ്ങളും തന്നെയും പിന്നെയും ആവർത്തിക്കുന്നുണ്ടു്. ദൈവമായതുകൊണ്ടു് വാർദ്ധക്യത്തിൽ ആൽത്സ്‌ഹൈമർ രോഗം വരാൻ പാടില്ലെന്നൊന്നുമില്ല. വരില്ലെന്നു് ഖുർആനിലോ ബൈബിളിലോ പറയുന്നുമില്ല. അതുകൊണ്ടാവണം, തലേന്നു് താൻ മുഹമ്മദിനോടു് പറഞ്ഞതെന്തെന്നു് പിറ്റേന്നത്തേക്കു് അല്ലാഹു മറന്നുപോയിരുന്നതു്. ബൈബിളിലെ പല കഥകളും ഖുർആനിൽ പലയിടത്തായി പലപ്രാവശ്യം വായിക്കാൻ കഴിയുന്നതും അതുകൊണ്ടാവാനേ വഴിയുള്ളു.
ലോത്തിന്റെ (ലൂത്വ്) കഥ ഖുർആനിലെ ഏഴാം അദ്ധ്യായത്തിൽ നിന്നും:
“ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോടു്, നിങ്ങള്‍ക്ക് മുമ്പു് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്കു് നിങ്ങള്‍ ചെല്ലുകയോ? എന്നു് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) സ്ത്രീകളെ വിട്ടു് പുരുഷന്‍മാരുടെ അടുത്തു് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു് പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു് പറഞ്ഞതു് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു് നിന്നവരുടെ കൂട്ടത്തിലായിരുന്നു. നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്നു് നോക്കുക.” – (7: 80 – 84)
ലോത്തിന്റെ കഥ ഖുർആനിലെ ഇരുപത്തേഴാം അദ്ധ്യായത്തിൽ നിന്നും:
ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്റെ ജനതയോടു് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടു് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ടു് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു് പറഞ്ഞതു് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണു് നാം അവളെ കണക്കാക്കിയതു്. അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീതു് നല്‍കപ്പെട്ടവര്‍ക്കു് ലഭിച്ച ആ മഴ എത്രമോശം! (27: 54 – 58)
ബൈബിൾ കഥ അനുസരിച്ചു്, അബ്രാഹാമിനു് (ഖുർആനിലെ ഇബ്രാഹിം) നാഹോർ, ഹാരാൻ എന്നിങ്ങനെ രണ്ടു് സഹോദരന്മാരുണ്ടായിരുന്നു. അവരുടെ പിതാവായ തേരഹ് മരിക്കുന്നതിനു് മുൻപേതന്നെ ഹാരാൻ മരണപ്പെട്ടിരുന്നു. ഈ ഹാരാന്റെ മകനാണു് സോദോം-ഗോമോറായിലെ കഥാനായകനായ ലോത്ത്. “ഞങ്ങൾ ഞങ്ങളുടേതെന്നും, അവർ അവരുടേതെന്നും” അവകാശപ്പെടുന്ന, അഥവാ അബ്രാഹാം ദൈവത്തിനു് ബലി കഴിക്കാൻ കൊണ്ടുപോയതു് അവനു് ഭാര്യ സാറയിൽ ജനിച്ച മകനായ ഇസഹാക്കിനെ ആയിരുന്നെന്നും, അല്ല, ഇബ്രാഹിം അല്ലാഹുവിനു് ബലി കൊടുക്കാൻ കൊണ്ടുപോയതു് ദാസി ഹാഗാറിൽ നിന്നും ജനിച്ച മകനായ ഇസ്മാഈലിനെ ആയിരുന്നെന്നും എഴുതിവച്ചിരിക്കുന്ന ആധികാരികഗ്രന്ഥങ്ങളായ ബൈബിളും ഖുർആനും! ദൈവവചനങ്ങളിൽ പുഴുക്കുത്തു് വരുന്നതിന്റെ കുറ്റം ദൈവത്തിന്റെ തലയിലല്ലാതെ മറ്റാരുടെ തലയിലാണു് കെട്ടിവയ്ക്കേണ്ടതു്? ദൈവം പറഞ്ഞതു് നേരിട്ടു് കേട്ടെഴുതിയവരോ, കേട്ടു് പറഞ്ഞതു് കേട്ടെഴുതിയവരോ ആയ “പാവം” മനുഷ്യരുടെ തലയിലോ?
May 2015
May 1, 2015, 6:30 PM
നേപ്പാളിലെ ഭൂകമ്പത്തിൽ മരണമടഞ്ഞതു് ഏകദേശം അയ്യായിരം മനുഷ്യരാണെന്നു് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യർ വസിക്കുന്ന രാജ്യങ്ങളിൽ ഒന്നായ നേപ്പാളിലെ ജനങ്ങളിൽ പകുതിയും അക്ഷരാഭ്യാസം ഇല്ലാത്തവരാണു്. കഴിഞ്ഞ ഇരുപതു് വർഷങ്ങളായി സമൂഹത്തിനു് ഒരു നിയമസംഹിത രൂപീകരിക്കുന്നതിനെവരെ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേപ്പാളിലെ രാഷ്ട്രീയപ്പാർട്ടികൾ! ഭരിക്കപ്പെടുന്നവരെ എല്ലാ അർത്ഥത്തിലും തോൽപ്പിക്കാൻ യോഗ്യരായ ഭരിക്കുന്നവരുടെ ലോകം! ഞങ്ങൾ മുകളിലെത്തി; ഏതുവിധവും ഞങ്ങൾക്കിവിടെ തുടരണം. അതുകൊണ്ടു് “അലമ്പു്” സാമൂഹിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു് ഞങ്ങളെ ശല്യം ചെയ്യരുതു്, അതാണു് ഞങ്ങളുടെ നയം! (അതാണെങ്കിൽ നേപ്പാളിൻ്റെ മാത്രം ഗതികേടല്ലതാനും!)
മൂന്നുനേരം ആഹാരം കഴിക്കാൻ വകയുള്ള മുതലാളിക്കു് വിപ്ലവവും സമത്വവും പ്രസംഗിക്കാനല്ലെങ്കിൽ പിന്നെയെന്തിനാണു് ഒരുനേരം പോലും തൃപ്തിയായി ആഹാരം കഴിക്കാനില്ലാത്തവരെ ഈശ്വരൻ സൃഷ്ടിച്ചു് വച്ചിരിക്കുന്നതു്? വയർ നിറയുമ്പോൾ വരുന്ന ഏമ്പക്കം പോലെ, ഒരു “ബൂർഷ്വാ” ആകാൻ വേണ്ട യോഗ്യതയൊക്കെ തനിക്കുമുണ്ടു് എന്നു് സ്വയം തോന്നുമ്പോൾ സമത്വസുന്ദരലോകം എന്ന വിപ്ലവമോഹമേഘസന്ദേശം ഓട്ടോമാറ്റിക് ആയി വായിലേക്കു് തികട്ടിവരും. കണ്ട “പൊട്ടനും ചട്ടനുമൊക്കെ” തന്നെപ്പോലെതന്നെ ഒരു “ബൂർഷ്വാ” ആകണം, തന്നെപ്പോലെതന്നെ തൃപ്തിയായി ആഹാരം കഴിക്കണം, തനിക്കൊപ്പം കസേരയിൽ കയറി ഇരിക്കണം എന്നെല്ലാം തോന്നാൻ തുടങ്ങുന്നതുവരെ ഈ പ്രത്യയശാസ്ത്രഓക്കാനം തുടർന്നുകൊണ്ടിരിക്കും. രക്തം ചിന്തിയും സംരക്ഷിക്കപ്പെടണം എന്നു് ആവേശപൂർവ്വം കൊട്ടിഘോഷിക്കപ്പെടുന്ന, സർവ്വലോക തൊഴിലാളിവർഗ്ഗസ്നേഹം എന്ന ഈ മായാമരീചിക സത്യത്തിൽ അധികാരത്തിനു് വേണ്ടിയുള്ള കുതികാൽ വെട്ടലുകളുടെ രൂപത്തിലാണു് വെളിപ്പെടാറു് എന്നറിയാൻ മേൽത്തട്ടുകളിൽ ഇടതടവില്ലാതെ നടക്കുന്ന (അധികാര)ക്കസേരകളികൾ കണ്ടാൽ മതി.
അതുപോലെതന്നെ, ഹിമാലയത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന മനുഷ്യർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം, മുട്ടിപ്പായി യാചിക്കുന്ന ഭക്തരും അഗതികളുമായവർക്കു് ഉടനടി എത്തിച്ചു് കൊടുക്കാനല്ലെങ്കിൽ പിന്നെയെന്തിനാണു് “ബ്രേക്ക്ഡാൻസ് തിലകം” നടരാജേശ്വരൻ ഹിമാലയത്തിൽ കുടുംബസഹിതം താമസമാക്കിയിരിക്കുന്നതു്? ശ്രീമാൻ നടേശഭഗവാൻ ഇത്തവണ ഇത്തിരി അകമഴിഞ്ഞാടി എന്നു് തോന്നുന്നു. അതു് മൂലമാവണം നേപ്പാളിലെ ഭൂമിക്കു് ഇമ്മാതിരി കുലുങ്ങേണ്ടി വന്നതു്! പരമശിവൻ ഒരുപ്രാവശ്യം ചുമ്മാ തുള്ളിയാൽ വെളിച്ചപ്പാടു് നൂറ്റമ്പതുവട്ടം ഉറഞ്ഞുതുള്ളിയ മാതിരി എന്നാണു് ഭക്തസൂക്തം. ഏതായാലും, പ്രശ്നവും പ്രശ്നപരിഹാരവും, ഭൂകമ്പവും ഭൂകമ്പത്തിൽ നിന്നുള്ള മോചനവും രക്ഷയും ഒരിടത്തുനിന്നുതന്നെ വരുന്നതു് ഒരു നല്ല കാര്യമാണു്. ഭൌതികപ്രശ്നങ്ങളും അവയുടെ ആത്മീയപരിഹാരങ്ങളും ഒരുമിച്ചു് ലഭിക്കുന്ന ഒരുതരം “ഓൾ-ഇൻ-വൺ-ഫ്ലാറ്റ്റേറ്റ് പാക്കറ്റ് ഒരു നല്ല ശകുനമല്ലെങ്കിൽ പിന്നെയെന്താണു്? ഭക്തജനങ്ങൾക്കു് പൊന്തിയൂസിൽ നിന്നും പീലാത്തോസിലേക്കു് മാറിമാറി ഓടിത്തുലയേണ്ടി വരുന്നില്ല എന്നതുതന്നെ ഒരു ചെറിയ കാര്യമാണോ?
ഇൻഡ്യ, ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം രക്ഷാപ്രവർത്തനങ്ങൾക്കു് ആവശ്യമായ സാധനസാമഗ്രികളുമായി സന്നദ്ധസംഘങ്ങൾ നേപ്പാളിൽ എത്തുന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ അതു് ചെയ്യുന്നു. എത്രമാത്രം ആത്മാർത്ഥതയോടെയും, ഗൌരവത്തോടെയുമാണു് ഈ ദുരന്തം അവർ ടിവിയിൽ അവതരിപ്പിക്കുന്നതും, സഹായം അഭ്യർത്ഥിക്കുന്നതുമൊക്കെ എന്നു് ഇതു് സംബന്ധമായ വാർത്തകൾ കാണുമ്പോൾ തോന്നാറുണ്ടു്.
നേപ്പാളിലെ അധികാരി പ്രഭുക്കൾ, കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഒരു പ്രദേശത്തേക്കു് അയച്ചതിനാൽ ദു:ഖിക്കുന്ന ഒരു ജർമ്മൻ റെസ്ക്യൂ ടീമിനെ ഇന്നലെ ടിവിയിൽ കാണാനിടയായി. അതാണു് നേപ്പാൾ ബ്യൂറോക്രസി! ഇവിടെ നേപ്പാളിൽ ആരു്, എവിടെ, എന്തു് ചെയ്യണമെന്നു് ഞങ്ങൾ കസേരവളിയന്മാർ തീരുമാനിക്കും! മരിക്കാത്ത മനുഷ്യർക്കു് വേണ്ട സഹായങ്ങൾ ചെയ്യുക, മരിച്ച മനുഷ്യരെ കല്ലിനും മണ്ണിനും അടിയിൽ നിന്നും കണ്ടെടുത്തു് മനുഷ്യാന്തസ്സിനു് അനുസൃതമായി സംസ്കരിക്കുക, അതൊന്നുമല്ല, ആരാണു് ഇവിടത്തെ അധികാരികൾ എന്നു് സ്ഥാപിക്കുക, അതാണു് നേപ്പാളിൽ ഇപ്പോൾ അത്യാവശ്യമായി നടപ്പിലാക്കേണ്ട കാര്യം! ഭൂകമ്പം ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രദേശം എന്ന നിലയിൽ നാലുവർഷം മുൻപുപോലും ഒരു ജർമ്മൻ ടീം അവിടെയെത്തി ട്രെയിനിംഗ് നടത്തിയിരുന്നു. ഇപ്പോഴത്തെ ഭൂകമ്പം ഒരു “അത്ഭുതഗർഭം” ആയിരുന്നില്ലെന്നു് സാരം. എന്നിട്ടും കോഓർഡിനേഷൻ, കോഓപ്പറേഷൻ തുടങ്ങിയവയെപ്പറ്റി കേട്ടറിവു് പോലും ഇല്ലാത്തപോലെയാണു് കാര്യങ്ങളുടെ ഗതി!
അതുപോലെ, പ്രകൃതിക്ഷോഭം പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ, ലോകത്തിൽ മറ്റൊരിടത്തും കാണാൻ കഴിയാത്തതരം പ്രതികരണപ്രതിഭാസങ്ങൾ കാണാൻ ഓൺലൈൻ ലോകത്തിലെ ചില ന്യൂറോട്ടിക് മല്ലുക്കളെ നോക്കിയാൽ മതി. ആയിരക്കണക്കിനു് മനുഷ്യർക്കു് അവരുടെ ജീവൻ നഷ്ടപ്പെട്ടതും, അതിലും എത്രയോ കൂടുതൽ പേർക്കു് അവരുടെ ബന്ധുക്കളും മിത്രങ്ങളും സ്ഥാവരജംഗമവസ്തുക്കളും നഷ്ടപ്പെട്ടതുമൊന്നും അവർക്കറിയേണ്ട കാര്യങ്ങളല്ല. മോദി എന്തു് ട്വീറ്റ് ചെയ്തു, ഇൻഡ്യൻ റെസ്ക്യൂ ടീമിൻ്റെ മുന്നിലോ പിന്നിലോ നിന്നു് ആരെങ്കിലും മൂക്കു് ചീറ്റിയോ, തുമ്മിയോ, അതിനെയൊക്കെ എങ്ങനെ വ്യാഖ്യാനിച്ചും വളച്ചൊടിച്ചും ചളുവടിച്ചു് മിടുക്കരാവാം എന്നതിലാണു് അവരുടെ ശ്രദ്ധ മുഴുവനും. ഈ കഷ്ടപ്പെടലിനു് വേണ്ടതിൻ്റെ പത്തിലൊന്നു് കഷ്ടപ്പെട്ടിരുന്നെങ്കിൽ കേരളത്തിനു് ഇക്കാലം കൊണ്ടു് എത്രയെത്ര നോബൽ പ്രൈസുകൾ നേടാൻ കഴിയുമായിരുന്നില്ല?
(മോദിയുടേതു് എന്ന പേരിൽ പുറത്തുവരുന്ന ട്വീറ്റുകളും മറ്റും സത്യമാണെങ്കിൽ, ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മോദി ആദ്യം ചെയ്യേണ്ടതു്, തനിക്കുവേണ്ടി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന അന്യഗ്രഹജീവികളെ, പൊതുജനസംരക്ഷണം എന്ന ലക്ഷ്യത്തിൻ്റെ മാത്രം പേരിൽ വല്ല മാനസികരോഗാശുപത്രിയിലോ, ദുർഗ്ഗുണപരിഹാരപാഠശാലയിലോ – ഈ രണ്ടു് കൂട്ടരും ഇത്തരം ജനുസ്സുകളെ ഏറ്റെടുക്കാൻ പൊതുവെ മടിക്കാനാണു് സാദ്ധ്യത എന്നതിനാൽ – വല്ല കൽത്തുറുങ്കുകളിലെ ഇരുട്ടുമുറികളിലോ മറ്റോ, അപ്പീലിനുള്ള അനുവാദം നിരുപാധികം നിഷേധിച്ചുകൊണ്ടു്, ആജീവനാന്തം തടവിലടയ്ക്കുക എന്ന മനുഷ്യകാരുണ്യപ്രവൃത്തിയാണു് എന്നാണെൻ്റെ വിനീതമായ അഭിപ്രായം.)
ഏതാനും മില്യൺ വർഷങ്ങൾക്കു് മുൻപു് ഓസ്റ്റ്രാലോപ്പിത്തെക്കസ് എന്നൊരു കൂട്ടർ ജീവിച്ചിരുന്നു. നല്ല മനുഷ്യരായിരുന്നു! അവർ നല്ലവരായിരുന്നതു് എന്തുകൊണ്ടായിരുന്നു എന്നു് ചോദിച്ചാൽ, യഹോവക്കുമറിയില്ല, അല്ലാഹുവിനുമറിയില്ല എന്നേ പറയാനാവൂ. കാരണം, അന്നു് ഇവർ രണ്ടുപേരുമോ, മറ്റേതെങ്കിലും ദൈവങ്ങളോ ജനിച്ചിരുന്നില്ല. ഒരഭിപ്രായം പറയാൻ അനുവാദമുണ്ടെങ്കിൽ, എനിക്കു് തോന്നുന്നതു്, അന്നു് ഈവക മഹാരഥന്മാർ (“മഹാന്മാരായ” രഥങ്ങളിൽ സഞ്ചരിക്കുന്ന മഹാന്മാർ മഹാരഥന്മാർ എന്നറിയപ്പെടുന്നു!) ജനിച്ചിട്ടില്ലായിരുന്നു എന്നതുകൊണ്ടാണു് അവർ നല്ലവരായി ജീവിച്ചിരുന്നതു് എന്നാണു്. (എന്തു് കാരണത്തിൻ്റെ പേരിലായാലും, കൈ വെട്ടപ്പെട്ട ഒരു സഹജീവിയുടെ തലയുംകൂടി വെട്ടേണ്ടതായിരുന്നു എന്നൊരു ചിന്ത ഇന്നത്തെ ഒരു മതഭ്രാന്തൻ്റെ തലയിലെ “ശാസ്ത്രബോധ”ത്തിലല്ലാതെ, അന്നത്തെ ഒരു ഓസ്റ്റ്രാലോപ്പിത്തെക്കസിൻ്റെ പ്രിമിറ്റീവ് തലയിൽ പോലും രൂപമെടുക്കുമായിരുന്നു എന്നു് തോന്നുന്നില്ല.) വൈദികമായി “സംസ്കരിക്കപ്പെടുകയോ”, രാഷ്ട്രീയമായി വ്യഭിചരിക്കപ്പെടുകയോ ചെയ്യാത്തിടത്തോളം നല്ലവരായി ജീവിക്കുക എന്നൊരു ഓപ്ഷനേ മനുഷ്യർക്കുണ്ടാവാൻ വഴി കാണുന്നുള്ളു. ഉദാഹരണത്തിനു്, നന്മതിന്മകളുടെ അറിവിൻ്റെ വൃക്ഷം ഏദൻ തോട്ടത്തിൻ്റെ നടുവിൽ നിന്നിരുന്നു എന്നതുകൊണ്ടാണു് ആദ്യം ഹവ്വക്കും പിന്നെ ആദാമിനും അതിലെ പഴം പറിച്ചുതിന്നണം എന്നു് തോന്നിയതു്. ഇത്തരം കാര്യങ്ങളിൽ പുരുഷന്മാർ അന്നത്തെപ്പോലെതന്നെ ഇന്നും പൊതുവെ ഇത്തിരി പിന്നാക്കമാണു്. കാര്യം മനസ്സിലാക്കി വരുമ്പോഴേക്കും കുഞ്ഞിനും തള്ളയ്ക്കും ചിലവിനു് കൊടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത പരുവത്തിൽ അവൻ എത്തിയിട്ടുണ്ടാവും. അതുകൊണ്ടാണു് നീ “മൂക്കു്” വിയർക്കുന്നതുവരെ ജോലി ചെയ്യേണ്ടി വരും എന്നു് യഹോവ അവനോടു് പറഞ്ഞതു്. കിഴങ്ങൻ ആദാമിനു് പക്ഷേ അതു് മനസ്സിലായില്ല. അതുപോലെ, പുരുഷവർഗ്ഗത്തിൻ്റെ മൂക്കു് വിയർപ്പിക്കാനായി, ദുരുദ്ദേശപരമായി, കരുതിക്കൂട്ടി, നിഷിദ്ധമായ ഫലം കായ്ക്കുന്ന ആ മരം ഏദൻതോട്ടത്തിൽ നട്ടതും യഹോവയല്ലാതെ മറ്റാരുമല്ല. ബാബേൽ ഗോപുരങ്ങളുടെ പണി തീർക്കാനായി ജീവിതകാലം മുഴുവൻ ചിലവഴിക്കേണ്ടി വരുന്നതിനാൽ, അതിനെപ്പറ്റി ചിന്തിക്കാനും അവനു് സമയം കിട്ടാറില്ല. ഒരിക്കൽ കിഴങ്ങൻ, എന്നും കിഴങ്ങൻ, അതാണു് ആദാം!
ഇന്നു് മെയ് ദിനമാണു്. തൊഴിൽദിനം! ജോലി ചെയ്തു് ജീവിക്കുന്നവർ ആഘോഷിക്കുന്ന അവധിദിവസം! ആകാശത്തിലെ പറവകൾ വിതക്കാതെയും കൊയ്യാതെയും ജീവിക്കുന്നു എന്ന യേശുവചനത്തിനു് അവയെപ്പോലെ നമ്മളും അദ്ധാനിക്കാതെ ജീവിക്കണം എന്നു് അർത്ഥം നൽകുന്നവരുണ്ടാവാം. അവരിൽ ഒരുത്തൻ ആവാനല്ല, ചൂഷണം വഴി ജീവിക്കുന്ന ഒരു ഇത്തിക്കണ്ണിയോ, ഒരു നോക്കുകൂലിക്കാരനോ ആവാതെ ജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു എന്നതിനാൽ, തൊഴിലിനെ വിലമതിക്കുന്ന, തൊഴിലുകളെ ബഹുമാനിക്കുന്ന ഒരുവനാവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഈ അർത്ഥത്തിൽ, എന്നെ വായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും മെയ്ദിനാശംസകൾ!
May 5, 2015, 10:27 AM
“ഓരോരുത്തനും അവനവനുവേണ്ടി ചിന്തിക്കുന്നു, ഞാൻ മാത്രം എനിക്കുവേണ്ടി ചിന്തിക്കുന്നു.”
മനുഷ്യകാരുണ്യപ്രവൃത്തികളെപ്പോലും മതത്തിൻ്റെ മൂടുപടത്തിലൂടെയല്ലാതെ കാണാൻ കഴിയാത്ത ജന്മങ്ങളെ വിശേഷിപ്പിക്കാൻ പറ്റിയ വാക്കുകൾ മലയാളത്തിൽ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു!
May 5, 2015, 12:05 PM
മനസ്സറിഞ്ഞൊന്നു് ഛർദ്ദിക്കണമെന്നു് തോന്നുമ്പോൾ, ഇറാക്കിലും സിറിയയിലും (പിന്നീടു് ലോകം മുഴുവനും) മുത്തുനബിക്കു് ഇഷ്ടപ്പെടുന്ന ഷരിയരീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനായി നിരപരാധികളായ മനുഷ്യരുടെ തല വെട്ടുന്ന അല്ലാഹുവിൻ്റെ പടയാളികൾ ഇൻ്റർനെറ്റിൽ പ്രചരിപ്പിക്കുന്ന തരം വീഡിയോകളായിരുന്നു ആശ്രയം. (വീഡിയോയും സിനിമയും മൈക്കുമൊക്കെ പണ്ടു് “ബോക്കോ ഹറാം” ആയിരുന്നു; ഇന്നങ്ങനെയല്ല.) ഇനി അവയൊന്നും കാണേണ്ട ആവശ്യമില്ല. കാരണം, ഹിന്ദുവിനെ രക്ഷപെടുത്തുന്ന മുസ്ലീമിൻ്റെയും, ജൈനനെ രക്ഷപെടുത്തുന്ന ക്രിസ്ത്യാനിയുടെയുമൊക്കെ മതഗുണം തരംതിരിച്ചു് പരിശോധിക്കുന്നവരുടെ സ്റ്റാറ്റസുകൾ വായിച്ചാൽ മതി, കുടലുവരെ ഛർദ്ദിക്കാൻ മറ്റൊന്നും വേണ്ട.
May 6, 2015, 12:36 PM
“അഴിച്ചിട്ടും അഴിച്ചിട്ടും അഴിയാത്ത ചേല സമ്മാനിച്ച കൃഷ്ണൻ” എന്നും മറ്റുമുള്ള ഭാവനാസൃഷ്ടികളിൽ ഭയഭക്തികളോടെ ജീവിതം ഹോമിക്കുന്ന മനുഷ്യർ ജീവിക്കുന്ന സമൂഹത്തിൽ, അതുപോലുള്ള കെട്ടുകഥകളെ ചരിത്രസത്യങ്ങളോ, ചുരുങ്ങിയതു് പ്രതീകാത്മകതകളെങ്കിലുമോ ആക്കിത്തീർക്കാൻ ശ്രമിക്കുന്ന മേലാളന്മാരുടെ ഇച്ഛയുടെയും, വ്യാഖ്യാനങ്ങളുടെയും, ശരിതെറ്റുകളുടെയും അടിസ്ഥാനത്തിൽ സ്ത്രീകൾക്കു് നഗ്നരായോ, ചാക്കിൽ പൊതിഞ്ഞവരായോ ഒക്കെ സ്വയം കാഴ്ച വയ്ക്കേണ്ടിവരും. അവിടെ പെൺജീവിതങ്ങൾ സ്വന്തജീവിതത്തിൻ്റെ ചുമതല സന്തോഷത്തോടെ മറ്റുള്ളവരുടെ കൈകളിൽ ഭരമേൽപ്പിക്കും. അവിടെ ഭാര്യ ഭർത്താവിൻ്റെ ചിതയിൽ ചാടി ജീവനൊടുക്കുന്നതു് അഭിമാനത്തോടെ ആയിരിക്കും. സ്വന്തം അടിമത്വത്തിൽ അഭിമാനം കൊള്ളുന്ന മനുഷ്യരെ അതിൽനിന്നും അത്ര എളുപ്പം ആർക്കും മോചിപ്പിക്കാനാവില്ല, അതിനു് ആരെയും അവർ അനുവദിക്കുകയുമില്ല.
പതിനാറായിരത്തിഎട്ടു് ഭാര്യമാർ ഉണ്ടായിരുന്ന കൃഷ്ണൻ ഭക്തരോടു് പറയാതെ പറയുന്നതു്, ഒരു പുരുഷൻ്റെ വിലയുടെ പതിനാറായിരത്തിഎട്ടിൽ ഒന്നു് വിലയേ ഒരു സ്ത്രീക്കു് നൽകേണ്ടതുള്ളു എന്നല്ലാതെ മറ്റെന്താണു്? കൃഷ്ണൻ ഒരു ഭഗവാൻ ആയതിനാൽ അതു് ശരിപോലും ആയിരിക്കാൻ വഴിയുണ്ടു്!
തീരുമാനിക്കേണ്ടതു് സ്ത്രീകളാണു്: കൃഷ്ണനെ അനുസരിച്ചു് പുരുഷൻ്റെ പതിനാറായിരത്തിഎട്ടിൽ ഒന്നാവണമോ, ഇസ്ലാമിൻ്റെ നിയമപ്രകാരം ഒരുത്തൻ്റെ നാലിൽ ഒന്നാവണമോ, മുഹമ്മദ് നബിയുടെ വ്യക്തിപരമായ മാർഗ്ഗം പിൻതുടർന്നു് ഒരുപാടിൽ ഒന്നാവണമോ, (ഔദ്യോഗികമായി പതിനഞ്ചിൽ ഒന്നോ മറ്റോ, അനൗദ്യോഗികമായി എത്രയെന്നു് നബിക്കുപോലും അറിയാമായിരുന്നു എന്നു് തോന്നുന്നില്ല.) ക്രൈസ്തവസഭയുടെ മാതൃകയിൽ, യേശുനാഥൻ്റെ ആയിരക്കണക്കിനു് നിത്യമണവാട്ടികളിൽ ഒന്നാവണമോ, അങ്ങനെ ചോയ്സ് ഇഷ്ടം പോലെയുണ്ടു്. സ്വയം വരിക്കുകയേ വേണ്ടൂ.
May 8, 2015, 3:20 PM
ജന്മം കൊണ്ടോ, കർമ്മം കൊണ്ടോ, പൂണൂൽ ധരിച്ചതുകൊണ്ടോ ഒന്നും ആർക്കും ബ്രാഹ്മണൻ ആകാനാവില്ലത്രെ! ബ്രഹ്മം നേടിയവനു് മാത്രമേ (എന്തു് ബിരുദമാണാവോ ഈ ബ്രഹ്മം!?) ബ്രാഹ്മണൻ എന്ന പട്ടം കെട്ടാനാവൂ!
ആർക്കു് വേണം ഈ ബ്രാഹ്മണപട്ടം എന്നതാണു് ഈ വിഷയത്തിൽ എന്തെങ്കിലും അർത്ഥം കൽപ്പിക്കാൻ കഴിയുന്നതും, നിത്യഇന്നലെകളല്ലാത്ത മനുഷ്യർ ചോദിക്കേണ്ടതുമായ ചോദ്യം. മനുഷ്യൻ സ്വയം നിർണ്ണയശേഷിയിലേക്കു് വളരാതിരിക്കാൻ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും കെണികളും ഒരുക്കി വച്ചു്, തലമുറകളിലൂടെ, നൂറ്റാണ്ടുകളിലൂടെ ജീവശ്വാസവും വെളിച്ചവും നൽകാതെ ഭാരതീയസമൂഹത്തെ മുരടിപ്പിച്ച വിവരദോഷത്തിൻ്റെ പൂണൂൽ ഇന്നത്തെ ലോകത്തിൽ ആർക്കു് വേണം?
പൂണൂലും, ഖാക്കിട്രൗസറും, തൊപ്പിയും, കുറുവടിയും, കാപ്പയും, കച്ചയും, ചുവപ്പു്-വെള്ള-പച്ച-കത്തി-താടി-കരി… യൂണിഫോമുകളുമെല്ലാം മുഖംമൂടികളാണു് – ഉള്ളു് പൊള്ളയാണെന്ന സത്യം പണ്ടേതന്നെ കഴുതകളായ പൊതുജനത്തിൽ നിന്നും മറച്ചുപിടിക്കാനുള്ള മൂടുപടങ്ങൾ!
കണ്ണുകെട്ടി വായിക്കാൻ കഴിയുന്നതു് ജീനിയസ്സിൻ്റെ ലക്ഷണമായി വിലയിരുത്തുന്നവരുടെ നാട്ടിൽ, പരീക്ഷ ജയിക്കാൻ പഠിക്കേണ്ട ആവശ്യമേ ഇല്ലാത്തവരുടെ നാട്ടിൽ, ആരോഗ്യകരമായ മത്സരം വിജയത്തിനു് അനാവശ്യമെന്നു് കരുതുന്നവരുടെ നാട്ടിൽ, ദൈവത്തിൻ്റെ കിത്താബിലുള്ള ഏതാനും ശീലുകൾ കാണാതെ പാടാൻ കഴിയുന്നവർക്കു് ബ്രഹ്മം നേടിയ “ബ്രഹ്മികൾ” എന്ന പദവി ലഭിച്ചിരിക്കും. ഇല്ലെങ്കിലേ അത്ഭുതം വേണ്ടൂ.
കാണാതെ വായിക്കുന്നവരെയല്ല, (അത്തരക്കാർക്കു് കേരളത്തിൽ പഞ്ഞമൊന്നുമില്ല. ചൊട്ട മുതൽ ചുടല വരെ കണ്ണുതുറക്കാതെ യാത്രചെയ്യേണ്ടവർക്കു് ഏറ്റവും അനുയോജ്യം കാണാപ്പാഠപഠനമാണെന്നു് ഓത്തുപള്ളിക്കൂടങ്ങൾ പോലും മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്തുകഴിഞ്ഞു.) കാണുന്നതു് വായിക്കാനും, വായിക്കുന്നതു് മനസ്സിലാക്കാനും, പുനർവിചിന്തനം ചെയ്യാനും കഴിയുന്നവരെയാണു് ഏതൊരു സമൂഹവും വളർത്തിയെടുക്കേണ്ടതു്. പക്ഷേ അതുപോലൊരു തലമുറ വളർന്നുവന്നാൽ, കാണാതെ പഠിച്ചും പഠിപ്പിച്ചും “ബ്രഹ്മം” നേടിയവരുടെ ശ്രേഷ്ഠതയുടെ മരണമണിയാവും അതുവഴി മുഴങ്ങുന്നതു്! അതുകൊണ്ടാണു് അന്തിമ വിധികർത്താക്കളായ സാമാന്യമനുഷ്യരുടെ മുന്നിൽ “അസാമാന്യബ്രഹ്മത്തിനു്” വ്യാഖ്യാനയജ്ഞങ്ങൾ നടത്തേണ്ടിവരുന്നതും.
May 9, 2015, 1:10 PM
നേപ്പാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. – വാർത്ത
സ്വന്തം പ്രധാനമന്ത്രിയെ കോലം കെട്ടിക്കുന്ന ഭാരതീയൻ ആ പ്രധാനമന്ത്രിയുടെ കോലത്തെ നേപ്പാളികൾ കത്തിക്കുമ്പോഴും ആഘോഷിക്കണം! അതു് ഇക്കാര്യത്തിലെ അന്തർലീനതയാണു്. അവനു് പക്ഷേ അറിയാത്തതു്, നേപ്പാളിൽ കത്തിക്കപ്പെട്ടതു് ഒരു നരേന്ദ്രമോദിയുടെ കോലമല്ല, നൂറ്റിമുപ്പതു് കോടിയോടുക്കുന്ന ഭാരതീയകോലങ്ങളിൽ ഓരോന്നിനേയുമാണു് എന്ന സത്യമാണു്. ഭാരതത്തിൻ്റെ പ്രധാനമന്ത്രി ആവാൻ, സ്വയം കോലം കെട്ടുന്ന, ആർക്കും കോലം കെട്ടിക്കാൻ പറ്റുന്ന വ്യക്തികളല്ലാതെ മറ്റാരും ഒരിക്കലും, ഒരു കാരണവശാലും ആ ഉപഭൂഖണ്ഡത്തിൽ ജന്മമെടുക്കാതിരിക്കാൻ കാവലിരുന്നും കൂവിവിളിച്ചും ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന “അഹം ബ്രഹ്മ” നോക്കുകുത്തികൾക്കു് വ്യത്യസ്ത ഭാരതീയഈശ്വരന്മാർ പകുത്തു് നൽകിയിരിക്കുന്ന “തലവിധി”!
May 10, 2015, 10:57 AM
“ദൈവങ്ങളെപ്പറ്റി ചിലതൊക്കെ അറിയാം എന്നു് അവകാശപ്പെടുന്നവർക്കു് അറിയാവുന്നതു് ഒരേയൊരു കാര്യമാണു്; വാക്കുകൾ കൊണ്ടു് എങ്ങനെ മനുഷ്യരെ മയക്കാം എന്നതാണതു്” എന്നു് യൂറിപ്പിഡിസ് എന്ന പുരാതന അഥേനിയൻ നാടകകൃത്തു് ഒരു ട്രാജഡിയിൽ പറഞ്ഞതു് BCE 431_ൽ ആയിരുന്നു. ഇന്നു്, 2446 വർഷങ്ങൾക്കു് ശേഷവും, ഈ പ്രസ്താവനയുടെ സാധുത്വത്തിനു് ഒരു മങ്ങലും ഏറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും വാചകമടിയാണു് ദൈവജ്ഞാനികളുടെ “അ-യും ക്ഷ-യും”. ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ അനുവാദമില്ലാത്ത കാര്യങ്ങൾ, അഥവാ ചെയ്‌താൽ കാരുണ്യവാനായ ദൈവം ഒരു ദാക്ഷണ്യവുമില്ലാതെ മനുഷ്യരെ നരകത്തിലെ വറചട്ടിയിലേക്കു് തട്ടുന്ന തരം കാര്യങ്ങൾ, ചത്തശേഷം ആസ്വദിക്കാനായി മുഖവും കൈകാലുകളും കഴുകി, കുടിയും വെടിയും ഉപേക്ഷിച്ചു്, നെറ്റിയിൽ തയമ്പുമായി “ജീവിക്കുന്ന” മനുഷ്യർ ഇന്നുമുണ്ടു്. മനുഷ്യരെ മയക്കി കൂടെ നിർത്താനായി പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വാക്കുകൾ ഭാവനാസൃഷ്ടികളും, ഒരിക്കലും യാഥാർത്ഥ്യമാവാൻ കഴിയാത്ത പച്ചക്കള്ളങ്ങളും ആണെന്നു് മനസ്സിലായിരുന്നെങ്കിൽ ആരെങ്കിലും ആ “ദൈവജ്ഞാനത്തിന്റെ” പേരിൽ മനുഷ്യരുടെ കൈകാലുകൾ വെട്ടാൻ ആയുധമോ, അവരെ ഒറ്റക്കോ കൂട്ടമായോ കൊല്ലാൻ കല്ലോ ബോംബോ കയ്യിൽ എടുക്കുമായിരുന്നോ? അതങ്ങനെയാണു്: വാചകമടി ദൈവനാമത്തിൽ ആണെങ്കിൽ അതിൻ്റെ ശക്തി ഭയങ്കരമായിരിക്കും! ആ “അഭൗമശക്തിക്കു്” കീഴ്പ്പെടുമ്പോൾ മനുഷ്യൻ ബുദ്ധിരാക്ഷസനായി, സത്യജ്ഞാനിയായി മാറും! “അധമമായ” ചിന്തകൾ അപ്പോൾ ഓട്ടോമാറ്റിക് ആയി ഓഫ് ചെയ്യപ്പെടും!
അന്യവിശ്വാസികളെ കൊല്ലാനുള്ള ശ്രമത്തിൽ സ്വയം ചത്താലും സ്വർഗ്ഗത്തിലെത്തുമെന്നും, അവിടെ സുന്ദരികളായ ആറു് ഡസൻ നിത്യയുവതികളെ ലഭിക്കുമെന്നുമൊക്കെ സത്യമായും വിശ്വസിക്കാൻ ബുദ്ധിരാക്ഷസനല്ലാത്ത ഒരുത്തനു് കഴിയുമോ? ദോഷം പറയരുതല്ലോ: ഹൂറികളുടെ കഥ തൊഴിൽ പരമായി മാത്രമല്ല, ഗണിതശാസ്ത്രപരമായും വളരെ രസകരമാണു്: ഒരു ജിഹാദിമൃതനു് 72 ഹൂറികൾ. ഒരു ദിവസത്തിനു് 24 മണിക്കൂർ. ഒരു മണിക്കൂറിനു് 60 മിനുട്ടു്. അതുവച്ചു് ഒരു ജിഹാദിമൃതൻ പ്രോസസ് ചെയ്യേണ്ടതു് മണിക്കൂറിൽ മൂന്നു് ഹൂറികളെ വീതം. ഒരു ഹൂറിക്കായി ഒരു മൃതനു് ഓരോ മണിക്കൂറിലും 20 മിനുട്ടു് വീതം ലഭിക്കും. എന്തായിരിക്കും രസം!? ഇന്നലെ ഇതുപോലൊരു ദിവസമായിരുന്നു എന്നും, നാളെയും ഇതുപോലൊരു ദിവസമായിരിക്കുമെന്നും ഓർക്കാൻ പോലും നേരം കിട്ടാത്തത്ര തിരക്കു് പിടിച്ച പണി! ഒരു കണക്കിനു് അതൊരു ഭാഗ്യമാണു്. അത്രയുംകൂടി പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കാം. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം, തുടങ്ങിയ തൊഴിലധിഷ്ഠിത ഭൌമികതിന്മകളൊന്നും ഭാഗ്യത്തിനു് സ്വർഗ്ഗത്തിലില്ല. ”ഈദും മുബാറക്കും” ഇല്ലാതെ, രാവും പകലും മുടക്കമില്ലാതെ, നോമ്പോ നോമ്പുതുറയോ ഇല്ലാതെ തിന്നുക, കുടിക്കുക, ഹൂറിപ്രോസസിംഗ് നടത്തുക! അതിനിടയിൽ മറ്റു് അനാവശ്യകാര്യങ്ങൾ ചിന്തിച്ചു് നേരം കളയുന്നവനെ സ്വർഗ്ഗീയവിഡ്ഢി എന്നല്ലേ വിളിക്കേണ്ടതു്? മല്ലുസിൽമകൾ കണ്ടിട്ടുള്ള ആർക്കുമറിയാം: ദേശാടനപ്പക്കികൾ മോങ്ങാറില്ല, വിത്തുകാളകൾ ചിന്തിക്കാറുമില്ല.
സമാധാനമതത്തിന്റെ പേരിൽ “piecework” ചെയ്തു് ഭൂമിയിൽ “peace” സ്ഥാപിച്ചവർക്കു് ചത്തശേഷം സ്വർഗ്ഗത്തിൽ ലഭിക്കുന്നതും “piecework” തന്നെ! അതാണു് ദൈവനീതി! അങ്ങനെ, “അതിരസം പ്രതിഫലം” എന്ന സ്വർഗ്ഗീയ ഉടമ്പടിപ്രകാരം ജിഹാദിമൃതന്റെ പീസ്-വർക്ക് തകൃതിയായി നടക്കുന്നതിനിടയിൽ വർഷങ്ങൾ, നൂറ്റാണ്ടുകൾ, യുഗങ്ങൾ ഹിജ്റകളായി വന്നുകൊണ്ടിരിക്കും, പോയിക്കൊണ്ടിരിക്കും – ലോകാവസാനത്തോളം! സോറി, സ്വർഗ്ഗാവസാനത്തോളം!
May 16, 2015, 12:34 PM
മാവോയിസ്റ്റുകൾ എന്നറിയപ്പെടുന്ന കൂട്ടർ ഭാരതത്തിൽ മാവോയിസം നടപ്പിൽ വരുത്താനാണു് ആഗ്രഹിക്കുന്നതെങ്കിൽ, അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ടതു് ക്യാപ്പിറ്റലിസ്റ്റുകളാണു്. കാരണം, പാർട്ടിപ്രോപ്പഗാൻഡ ശീലിച്ചു് വളർന്ന തൊഴിലാളിവർഗ്ഗത്തെ ആവേശഭരിതരാക്കാനായി നാടുനീളെ വലിച്ചുകെട്ടുന്ന ചുവന്ന ബാനറുകളിൽ മാത്രമേ മാവോയിസം എന്നറിയപ്പെടുന്ന കമ്മ്യൂണിസം ഇന്നു് ചൈനയിൽ നിലവിരിക്കുന്ന വ്യവസ്ഥിതിയിൽ കാണാൻ കഴിയൂ. ആ ഒരു തന്ത്രപരതയെ മാറ്റി നിർത്തിയാൽ, കമ്പോളത്തിന്റെ മുൻനിരയിലെ ഒരു “ഗ്ലോബൽ പ്ലെയർ” ആണിന്നു് ചൈന.
ചൈനയിൽ കമ്മ്യൂണിസം ബാനറിൽ മാത്രമേ ഉള്ളു എന്നതു് അത്ര ശരിയല്ല. വ്യവസ്ഥിതിയെ വിമർശിക്കുന്നവരെ “ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ സുപ്രീം ലീഡർ” കിം ജോംഗ് ഉന്റെ മാതൃകയിൽ ഉന്മൂലനം ചെയ്യുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്ന കാര്യത്തിലും ചൈനയിൽ കമ്മ്യൂണിസം വേരറ്റിട്ടില്ല എന്നു് പറയേണ്ടിയിരിക്കുന്നു. പറയുമ്പോൾ എല്ലാം പറയണമല്ലോ. US അമേരിക്കക്കു് നോർത്ത് കൊറിയയിൽ ജനിച്ച ഒരു സങ്കര ജീവിയാണു് ചൈനയിൽ ഇന്നു് നിലവിലിരിക്കുന്ന മാവോയിസ്റ്റ് കമ്മ്യൂണിസം എന്നു് പറയുന്നതാവും കൂടുതൽ ശരി.
വ്യവസ്ഥിതിയെന്നാൽ ഇവിടെ, പാർട്ടിനേതാക്കളുടെ അപ്പപ്പോഴത്തെ നിലപാടുകൾ എന്നേ അർത്ഥം നൽകേണ്ടതുള്ളു. മാവോയുടെ സാംസ്കാരിക വിപ്ലവകാലത്തു് ബുദ്ധമതക്ഷേത്രങ്ങൾ തകർക്കുന്നതായിരുന്നു ശരിയായ നിലപാടെങ്കിൽ, ഇന്നു് ക്ഷേത്രങ്ങൾക്കു് സ്വൈര്യം കൊടുക്കുന്നതാണു് ശരി. മതം എന്ന ഓപ്പിയം നൽകി മനുഷ്യരെ മയക്കുന്നതു് ഒട്ടും മോശമായ ഒരു കാര്യമല്ല. അധികാരികൾക്കു് ഒരു നല്ല പരിധിവരെ അതുവഴി സ്വൈര്യം ലഭിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് ഭാരതം. വിശ്വാസികൾക്കു് മതം, ചർച്ചത്തൊഴിലാളികൾക്കു് സെൻസേഷണൽ ന്യൂസ്! – എല്ലു് കിട്ടിയ പട്ടിയെപ്പോലെ അവർ അതു് കടിച്ചുപറിച്ചു് സംതൃപ്തി അടഞ്ഞുകൊള്ളും.
(മാർക്സിന്റേതെന്നു് കരുതപ്പെടുന്ന ഈ മതം – ഓപ്പിയം താരതമ്യം പുരാതന ഗ്രീക്ക് തത്വചിന്തകനും രാജ്യതന്ത്രജ്ഞനുമായിരുന്ന ക്രൈറ്റിയാസിന്റെ ചിന്തയിലായിരുന്നു ആദ്യം ഉദിച്ചതു് എന്നതു് മറ്റൊരു കാര്യം.)
മാവോയുടേതുപോലുള്ള “ശരിയായ” കമ്മ്യൂണിസം വഴിയും മനുഷ്യൻ എത്തിച്ചേരുന്നതു് ക്യാപ്പിറ്റലിന്റെ അക്യുമുലേഷനിലാണെങ്കിൽ, അതുതന്നെ ലക്ഷ്യമാക്കുന്ന ക്യാപ്പിറ്റലിസ്റ്റുകളെ കമ്മ്യൂണിസം എന്തിനു് ആജന്മശത്രുക്കളായി പ്രഖ്യാപിക്കണം? ഉത്തരം ലളിതം. സമ്പത്തിന്റെ ഉടമത്വം ക്യാപ്പിറ്റലിസ്റ്റുകളിൽ നിന്നും ഏതാനും കമ്മ്യൂണിസ്റ്റ് ഫങ്ക്‌ഷണറികൾക്കു് ഏറ്റെടുക്കാൻ തൊഴിലാളികൾ ബലിമൃഗങ്ങൾ ആയാലേ പറ്റൂ. അവരെ വശീകരിച്ചു് രക്തം ചിന്തിക്കാൻ ശത്രുചിത്രങ്ങൾ കൊണ്ടുള്ള പ്രോപ്പഗാൻഡയെക്കാൾ ഫലപ്രദമായ ഒരു തന്ത്രമില്ല. തൊഴിലാളിവർഗ്ഗത്തെ ചൂഷണം ചെയ്യുന്ന ക്യാപ്പിറ്റലിസ്റ്റുകളെ നശിപ്പിച്ചു് പാർട്ടി നേതാക്കൾക്കു് ക്യാപ്പിറ്റലിസ്റ്റുകളാവാൻ അതേ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രത്യയശാസ്ത്രതന്ത്രം!
യുവമാർക്സ് പറഞ്ഞപോലെ: “ഞാൻ ഒന്നുമല്ല, എനിക്കു് എല്ലാമാകണം.” അതിനുവേണ്ടി ശരീരം അനങ്ങി ജോലി ചെയ്യാൻ ഞാൻ തയ്യാറുമല്ല. അതുകൊണ്ടു് എനിക്കു് മറ്റുള്ളവരുടെ ചിലവിൽ എല്ലാമാകണം. അതിനുവേണ്ടി എത്ര തൊഴിലാളികൾ കുരുതി കൊടുക്കപ്പെടേണ്ടി വന്നാലും അതിൽ തെറ്റില്ല. കാരണം, “ലക്ഷ്യം മാർഗ്ഗത്തെ വിശുദ്ധീകരിക്കുന്നു!” ഈ “ആർഗ്യുമെന്റ്” ബലിയാടുകൾക്കു് നല്ലപോലെ മനസ്സിലാവും. എക്കാലവും ഒരു കണ്ണിനു് മാത്രം കാഴ്ചയുണ്ടായിരുന്ന, കേവലവിശ്വാസികളായ ബലിമൃഗങ്ങൾക്കു് അതേ മനസ്സിലാവൂ!
May 16, 2015, 12:40 PM
“All human knowledge begins with intuitions, proceeds from thence to concepts, and ends with ideas.” – Immanuel Kant
May 24, 2015, 10:49 AM
പബ്ലിസിറ്റിക്കായി കവിതക്കും, മന്ത്രിക്കും, തന്ത്രിക്കും, ചരിത്രത്തിനും, അരിക്കും പൊടിക്കും പോലും കള്ളമാകാൻ അനുവാദമുള്ള, എല്ലാം മായയും മായവുമായ ഒരു നാട്ടിൽ, ഒരു രൂപേഷ് പോളോ മറ്റേതെങ്കിലും “സെലിബ്രിറ്റികളോ” ഒരല്പം പബ്ലിസിറ്റിക്കായി ഒരു ശകലം കള്ളത്തെ കവിതപോലെയോ, കാവ്യംപോലെയോ ഒക്കെ അവതരിപ്പിക്കുന്നതിൽ തെറ്റു് കാണുന്നതു് ശരിയാണെന്നു് തോന്നുന്നില്ല. കോഴപ്പണവും കള്ളപ്പണവും നേർച്ചപ്പണവുമായി മുൻനിരയിൽ ഓടുന്ന, ശുഭ്രവസ്ത്രധാരികളായ അഴിമതിക്കാരുടെയും ആൾദൈവങ്ങളുടെയുമെല്ലാം മുന്നിൽ എത്തിയില്ലെങ്കിലും ഒപ്പമെങ്കിലും ഓടി എത്തണ്ടേ? അല്ലാതെ, നാടോടുമ്പോൾ നടുവെ മാത്രം ഓടിയിട്ടെന്തുകാര്യം? കാപട്യം മുഖമുദ്രയായ ഒരു സമൂഹത്തിന്റെ മുൻനിരയിലെത്താൻ കാപട്യം കൊണ്ടേ കഴിയൂ. ഉഷ്ണം വഴിയല്ലാതെ ഇതുവരെ ഒരു ഉഷ്ണവും ശാന്തമ്മയായിട്ടില്ല. തലയ്ക്കു് ചൂടുപിടിക്കുമ്പോൾ ഭാരതീയർ തീയ്യിലൂടെ നടന്നു് ആശ്വാസം കണ്ടെത്തുന്നതുതന്നെ അതിന്റെ തെളിവു്. അല്ലാതെ, അവർക്കു് വട്ടായതുകൊണ്ടല്ല അവരങ്ങനെ ചെയ്യുന്നതു്. ഒരിത്തിരി മാജിക്കും കൺകെട്ടും കൈനോട്ടവും കള്ളവും ചതിയും വഞ്ചനയുമൊന്നും ഇല്ലാതെ അതുപോലൊരു നാട്ടിൽ സ്വയം പ്രമോഷൻ സാദ്ധ്യമല്ലതന്നെ!
May 25, 2015, 10:11 AM
ഞാനൊരു യേശു ആയിരുന്നെങ്കിൽ!
എന്നെ സംബന്ധിച്ചു് അതു് മരിച്ചാലും എനിക്കു് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമായിരുന്നല്ലോ എന്നതിന്റെ പേരിലല്ല, എങ്കിൽ എനിക്കു് യൂറോപ്പിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിനു് മീതേ കൂടി കാൽനടയായി വാഷിങ്ടണിൽ എത്താമായിരുന്നല്ലോ എന്നതിന്റെ പേരിൽ മാത്രമാണു്.
May 26, 2015, 11:27 AM
ജനാധിപത്യത്തിൽ വാക്കു് (പ്രസംഗകല) ഭരിക്കുന്നു; സ്വേച്ഛാധിപത്യത്തിൽ ചെണ്ടകൊട്ടു് ഭരിക്കുന്നു.” – സിസെറൊ
സോഫിസ്റ്റുകളുടെ കാലം മുതൽ ഇന്നുവരെയുള്ള ശ്രദ്ധാർഹമായ റെടറിക്കുകളും, അവഗണനാർഹം മാത്രമായ പ്രോപ്പഗാൻഡ ചെണ്ടമേളങ്ങളും ഏതു് സമൂഹങ്ങളിൽ, ഏതു് ഭരണങ്ങളിൽ, ഏതു് സാഹചര്യങ്ങളിൽ ആണു് രൂപമെടുത്തതെന്നു് പരിശോധിച്ചാൽ മതി ഈ സത്യം മനസ്സിലാക്കാൻ.
May 28, 2015, 3:46 PM
പൂർവ്വാക്ഷരത്തിന്റെ ബലം വർദ്ധിപ്പിക്കുക എന്ന ദുരുദ്ദേശത്തോടെ ഭാഷയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ വിസർഗ്ഗചിഹ്നം ആളത്ര ശരിയല്ല. ഈ വിസർഗ്ഗത്തെ മലയാളം പണ്ഡിതർ എത്രയും വേഗം ഭാഷയിൽ നിന്നും ആട്ടിയോടിക്കണം എന്നാണെന്റെ അഭിപ്രായം. ഞാനൊരു വിദ്വാനേ അല്ല എന്നു് പറഞ്ഞാൽ അതത്ര ശരിയാവില്ലെങ്കിലും, ഒരു മലയാളം വിദ്വാനല്ല എന്നതൊരു സത്യമാണു്. അല്ലെങ്കിൽ, മലയാളഭാഷയും, സാഹിത്യവും, വ്യാകരണവുമായി ഇടപെടാൻ വിധിക്കപ്പെട്ട ശുദ്ധമനസ്കരായ പുരുഷരിൽ ലൈംഗികപ്രകമ്പനം സൃഷ്ടിക്കുന്ന ഈ വിസർഗ്ഗരൂപത്തിന്റെ സംസർഗ്ഗദോഷം ഞാൻ തന്നെ തുറന്നുകാണിച്ചേനെ!
അതുപോലെതന്നെ ലോകത്തിൽ നിന്നും ആട്ടിയോടിക്കേണ്ട മറ്റൊരു രൂപമാണു് സാരി ചുറ്റിനിൽക്കുന്ന ശതമാനചിഹ്നം (%). ഒരു പുരുഷനായി ജനിച്ചതിന്റെ പേരിൽ മനുഷ്യൻ എവിടെ നിന്നൊക്കെയാണു് മാനസികപീഡനങ്ങളും ലൈംഗിക ഉദ്ധാരണങ്ങളും (ഉദ്ധരണികളല്ല) അനുഭവിക്കേണ്ടി വരുന്നതെന്നു് നോക്കൂ!
മല്ലു സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ ലെഗ്ഗിങ്സും ഉദ്ധാരണവുമൊക്കെയാണു് വിഷയം. പുരുഷൻ ഉണരുന്നു എന്നതിന്റെ തെളിവാണതു്. (എനിക്കു് അജ്ഞാതനായ) ഏതോ ഒരു എഴുത്തുകാരൻ തന്റെ ഒരു ലൈംഗിക ബലഹീനത (ബലപ്പെടൽ എന്നു് പറയുന്നതാവും വസ്തുതാപരമെന്നു് തോന്നുന്നു.) തുറന്നു് പറഞ്ഞു. എന്നോടു് ചോദിച്ചാൽ, അതാണു് ധീരത എന്നേ ഞാൻ പറയൂ. വിസർഗ്ഗചിഹ്നവും ശതമാനചിഹ്നവും പോരാഞ്ഞിട്ടെന്നപോലെ ഇപ്പോൾ ലെഗ്ഗിങ്‌സും! ആരായാലും ധീരമായി പ്രതികരിച്ചുപോകും. ക്ഷമയ്ക്കുമില്ലേ ഒരു അതിരും വേലിയുമൊക്കെ?
May 28, 2015, 7:11 PM
ജോൺ വെസ്ലി എന്നൊരു മെഥഡിസ്റ്റ് പതിനെട്ടാം നൂറ്റാണ്ടിൽ അൻപതു് വർഷം കൊണ്ടു് ഏകദേശം നാല്പതിനായിരം സുവിശേഷപ്രസംഗങ്ങൾ നടത്തിയത്രെ! വിശാലമായ മൈതാനങ്ങളിൽ വച്ചായിരുന്നു ധാരാളം വിശ്വാസികൾ പങ്കെടുത്തിരുന്ന ഈ മതഘോഷണങ്ങൾ. സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്ത വിശ്വാസികൾക്കും സുവിശേഷം മനസ്സിലാവണം എന്ന ലക്ഷ്യത്തിൽ കേൾവിക്കാരുടെ ഭാഷയിൽ ലളിതവും വ്യക്തവുമായി സംസാരിക്കുക എന്നതായിരുന്നു വെസ്ലിയുടെ രീതി.
പക്ഷേ കാലക്രമേണ മെഥഡിസ്റ്റുകൾ ലോകത്തിൽ വ്യാപിക്കാൻ തുടങ്ങിയതോടെ, ആവേശം മൂത്ത പുതുഘോഷകർ വായിൽ തോന്നിയതു് സുവിശേഷം എന്ന പേരിൽ വിളിച്ചുപറയാൻ തുടങ്ങി. യേശു സ്വർഗ്ഗാരോഹണം ചെയ്ത ശേഷം ശിഷ്യന്മാരിലേക്കു് പരിശുദ്ധാത്മാവു് ഇറങ്ങിവന്നപ്പോൾ അവരും പല “ഭാഷകളിൽ” സംസാരിച്ചില്ലേ എന്നായിരുന്നു അവരുടെ ന്യായീകരണം! പത്തൊമ്പതാം നൂറ്റാണ്ടിലെ മന:ശാസ്ത്രജ്ഞരും മാനസികരോഗ ചികിത്സകരും ഈ പ്രതിഭാസം പഠനവിഷയമാക്കി. കേൾക്കുന്നവർക്കു് മനസ്സിലാകണം എന്ന സദുദ്ദേശത്തിൽ ലളിതമാക്കി പറഞ്ഞ കാര്യങ്ങൾ അവരെ കൊണ്ടുചെന്നെത്തിച്ചതു് മാനസികരോഗാവസ്ഥയിലായിരുന്നു! ഈ രീതി ആവിഷ്കരിച്ചവരെപ്പോലും നിസ്സഹായരാക്കി മാറ്റിയ രോഗാവസ്ഥ!
ചുരുങ്ങിയ രൂപത്തിലുള്ള ഒരു റാഷണാലിറ്റിയെ അംഗീകരിക്കുന്നു എന്നൊരു “ഉടമ്പടി” പറയുന്നവനും കേൾക്കുന്നവരും തമ്മിൽ ഉണ്ടായിരിക്കണം എന്നു് അരിസ്റ്റോട്ടിൽ. ഒരുതരം “റാഷണാലിറ്റി കോൺട്രാക്റ്റ്”! അതില്ലാത്തിടത്തു് കമ്മ്യൂണിക്കേഷൻ എന്നതു് ശൂന്യമായ സംഭാഷണവും നഷ്ടപ്പെട്ട വാക്കുകളും മാത്രം!
April 2015
Apr 1, 2015, 11:56 AM
“ഒരു ഭൗതികവ്യവസ്ഥയിൽ, വസ്തുക്കളിൽത്തന്നെ സ്ഥിതിചെയ്യുന്ന, വ്യക്തമായി തിരിച്ചറിയാനാവുന്ന പരസ്പരബന്ധങ്ങൾ മനസ്സിലാക്കപ്പെടാൻ കഴിയും. അവയിൽ വ്യവസ്ഥാനുസൃതമായതെന്തോ അതു് അപ്പോൾ പുതുതായി കണ്ടുപിടിക്കപ്പെടുകയല്ല, വെളിപ്പെടുത്തപ്പെടുക മാത്രമാണു് ചെയ്യുന്നതു്. അതിനു് വിപരീതമായി, ഫോർമൽ സിസ്റ്റത്തിലെ വ്യവസ്ഥാപിതതത്വങ്ങൾ തീരുമാനിക്കപ്പെടുന്നതു് അടിസ്ഥാനപരമായി ചിന്തയിലൂടെയാണു്.” – H. Wagenführ in “Der Systemgedanke in der Nationalökonomie. Eine methodengeschichtliche Betrachtung.”
Apr 4, 2015, 2:35 PM
ചെകുത്താനും കടലിനുമിടയിൽ ആയിപ്പോകുന്ന അവസ്ഥ ചിലപ്പോഴെങ്കിലും മനുഷ്യർക്കു് ഉണ്ടായിക്കൂടെന്നില്ല. പക്ഷേ ഭാരതത്തിലെ ജനങ്ങളുടെ അവസ്ഥ അതിലും കഷ്ടമാണു്. അവർ ജീവിതകാലം മുഴുവൻ ചിലവഴിക്കുന്നതു് കടലുകൾക്കും പർവ്വതദൈവങ്ങൾക്കും ഇടയിലും, പരസ്പരം പാലം വലിക്കാൻ തക്കം പാർത്തിരിക്കുന്ന നാടൻ ചെകുത്താന്മാർക്കു് നടുവിലുമാണു്. പടിഞ്ഞാറു് അറബിക്കടൽ, കിഴക്കു് ബംഗാൾ ഉൾക്കടൽ, തെക്കു് ലക്ഷദ്വീപ് കടല്‍, (ഇത്തിരിക്കൂടി തെക്കോട്ടു് പോയാൽ ഇൻഡ്യൻ മഹാസമുദ്രം), വടക്കു് ഹിമാലയപർവ്വതനിരകളും അതിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദൈവങ്ങളും, മുകളിൽ സ്വർഗ്ഗം, താഴെ പാതാളം. ഒരു ഗതിയും പരഗതിയും ഇല്ലാതെ, ഇരുണ്ട കാരാഗൃഹത്തിലെന്നോണം, തലമുറകളായി കഴിഞ്ഞുകൂടുന്ന ഭാരതീയന്റെ ദയനീയാവസ്ഥ!
കടൽ കടന്നു് യാത്ര ചെയ്യൽ നിഷിദ്ധം. ഹിമാലയങ്ങളിൽ വസിക്കുന്ന ദൈവങ്ങളെ ആരാധിക്കാമെന്നല്ലാതെ, പർവ്വതമുകളിൽ ചെന്നു് കാണാൻ ശ്രമിച്ചാൽ അതു് നിഷിദ്ധം. (ദിഗംബരന്മാരോ കൗപീനധാരികളോ ഒക്കെയായ സത്യാന്വേഷികൾ അതിനുവേണ്ടി ശ്രമിച്ചിട്ടും കാര്യമുണ്ടെന്നു് തോന്നുന്നില്ല. അമ്മാതിരിയാണു് അവിടത്തെ ഊഷ്മാവും മർദ്ദവുമൊക്കെ. ചില പ്രത്യേകതരം പച്ചിലമരുന്നുകൾ യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്തി, ഏതുതരം കടുംകൈകൾ ചെയ്യാനും മനുഷ്യരെ പ്രേരിപ്പിക്കുമെന്നതിനാൽ, പച്ച-, ഉണക്കമരുന്നുകൾ സംബന്ധിച്ച കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിരുന്ന ഭാരതീയ സ്വാമികളിൽ ചിലരെങ്കിലും മോഹനിദ്രാവസ്ഥയിൽ പെട്ടിട്ടുണ്ടാവാനും, ചില ഹിമാലയംകയറൽ ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവാനും മതി. അവരാരും ഇതുവരെ തിരിച്ചു് വന്നിട്ടില്ലാത്തതിനാൽ, ആത്മീയർ എന്ന നിലയിൽ, അതുവഴി അവർ മോക്ഷം പ്രാപിച്ചിട്ടുണ്ടാവുമെന്നും കരുതാം.) പാതാളവും നിഷിദ്ധമാണു്. അഭിലഷണീയമായതു് സ്വർഗ്ഗം മാത്രം! അതിനാണെങ്കിൽ ആദ്യം മനുഷ്യൻ ചാവണം. ചുമ്മാ ചത്താൽ മാത്രം പോരാ, ചത്തു് മോക്ഷം പ്രാപിക്കണം. ഈ മോക്ഷം പ്രാപിക്കലിനുവേണ്ടിയുള്ള കർമ്മാനുഷ്ഠാനങ്ങളും കഷ്ടപ്പാടുകളുമാണു് ഒരു ശരാശരി ഭാരതീയന്റെ ഇഹലോകത്തിലെ ജീവിതത്തിന്റെ ആകെത്തുക!
ഈ മുഴുവൻ നിഷിദ്ധികളുടെയും നടുവിൽ “ജീവിതം” എന്ന പേരിൽ ശ്വാസം മുട്ടി ജീർണ്ണിക്കുന്നതിനേക്കാൾ ഭേദമായിരിക്കും പാതാളത്തിലെ ജീവിതമെന്നു് തോന്നുന്നു. എത്രയായാലും, മാവേലിമന്നൻ അനേകം വർഷങ്ങളായി കഴിഞ്ഞുകൂടുന്ന ഒരു സ്ഥലമാണല്ലോ അതു്. വർഷത്തിലൊരിക്കൽ പട്ടുടയാടയും സ്വർണ്ണാഭരണങ്ങളും കിരീടവുമൊക്കെച്ചാർത്തി കേരളം സന്ദർശിക്കാൻ എത്തുന്ന മാവേലിമന്നന്റെ കുടവയർ മാത്രം കണ്ടാൽ മതി, പാതാളത്തിൽ മറ്റെന്തു് പ്രശ്നങ്ങളുണ്ടെങ്കിലും സുഭിക്ഷതക്കു് കുറവൊന്നുമില്ല എന്നു് മനസ്സിലാക്കാൻ. അരിയുടെയും ഗോതമ്പിന്റെയുമൊക്കെ വിതരണം നരകത്തിൽ എന്തായാലും റേഷൻ കടവഴിയാവാൻ വഴിയില്ല. പട്ടിണി എന്തെന്നു് അറിഞ്ഞിട്ടുള്ളവർക്കു് ഇപ്പറഞ്ഞതിന്റെ അർത്ഥം എളുപ്പം പിടികിട്ടും.
ഇടുങ്ങിയ ഇരുട്ടറയിൽ നൂറ്റാണ്ടുകളിലൂടെ നിഷിദ്ധികൾക്കും നിരോധങ്ങൾക്കും നടുവിൽ തളച്ചിടപ്പെട്ടവരാണു് ഭാരതീയർ എന്ന വസ്തുത മനസ്സിലാക്കിയാൽ എന്തുകൊണ്ടു് എല്ലാ സാമൂഹികവിഷയങ്ങളിലും ഭാരതീയർ സാമാന്യബുദ്ധിക്കു് ഭ്രാന്തെന്നു് തോന്നുന്ന നിലപാടുകൾ സ്വീകരിക്കുന്നു എന്നറിയാൻ കഴിയും. ഭൂമിശാസ്ത്രപരമായ ഇടുങ്ങിയ അതിർവരമ്പുകൾ പോരാഞ്ഞിട്ടെന്നപോലെ, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ തരം തിരിച്ചു്, മനുഷ്യരെയും മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും പണ്ഡിതരായി അഭിനയിച്ച ഭാരതീയർ വിലക്കുകൾ കൊണ്ടു് വരിഞ്ഞുകെട്ടി. നാട്യകല പണ്ടേതന്നെ ഭാരതീയന്റെ ജന്മവാസനയാണു്. താൻ അല്ലാഹുവിന്റെ ദൂതനാണെന്നതിനും, തന്റെ ദൂതു് സത്യമാണെന്നതിനും താനും അല്ലാഹുവും സാക്ഷി എന്നു് മുഹമ്മദ് സ്വയം പ്രഖ്യാപിച്ചതുപോലെ, ബ്രാഹ്മണർ ഒന്നടങ്കം മഹാ മിടുക്കന്മാരാണെന്നും, തങ്ങളുടെ “വേദവാക്യങ്ങൾ” ദൈവദത്തമാണെന്നും ബ്രാഹ്മണർ തന്നെ എഴുതിവച്ചു. അതംഗീകരിക്കാത്തവരെ ഭീകരരൂപികളായ വിഗ്രഹദൈവങ്ങളെ ചൂണ്ടിക്കാട്ടി പേടിപ്പിച്ചു. മനുഷ്യരെ തൊടാനും തീണ്ടാനും പാടില്ലാത്തവർ, വായിക്കാനും പഠിക്കാനും അനുവാദമില്ലാത്തവർ, കൊല്ലാനും കൊല്ലിക്കാനും അധികാരമുള്ളവർ, കീഴ്പ്പെടാനും ചാവാനും മാത്രം അനുവാദമുള്ളവർ എന്നിങ്ങനെ എത്രയോ വിഭാഗങ്ങളായി വേർപെടുത്തി അവർ കള്ളികളിലടച്ചു. തല എങ്ങോട്ടു് തിരിച്ചുവച്ചു് ഉറങ്ങണം, കാൽ എങ്ങോട്ടു് തിരിച്ചുകൊണ്ടു് എഴുന്നേൽക്കണം എന്നുവേണ്ട, മനുഷ്യർ ഇരുപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലുമെല്ലാം പാലിച്ചിരിക്കേണ്ട “ശാസ്ത്രീയമായ” പെരുമാറ്റച്ചട്ടങ്ങൾ അടിച്ചേല്പിക്കാനും അവർ മറന്നില്ല.
ഭാരതം അങ്ങനെ കാലാന്തരത്തിൽ അടിമകളുടെ ഒരു കൂടാരമായി മാറി. അവസാനം, മുഗളനും നിഗളനും പോർട്ടുഗീസും ഇംഗ്ലീഷുമെല്ലാം യഥേഷ്ടം കയറി നിരങ്ങിയപ്പോൾ ഊട്ടുപുരകളിലും ചായക്കടകളിലുമിരുന്നു് കവിത ചൊല്ലി രസിക്കാനും, ആ അധിനിവേശശക്തികളുടെ മഹത്വം ഘോഷിക്കാനുമല്ലാതെ മറ്റൊന്നിനും പ്രാപ്തിയില്ലാത്തവിധം സ്വന്തം അടിമത്വത്തെ ആസ്വദിക്കാൻ ശീലിച്ചു് കഴിഞ്ഞിരുന്നു ഭാരതീയസമൂഹം!
അതെല്ലാം വഴിയാവണം, ഇന്നു് ഭാരതം വളരെയേറെ പുരോഗമിച്ചിട്ടുണ്ടു്. മറ്റുള്ളവരുടെ കാര്യത്തിൽ വളരെ ഉത്കണ്ഠയുള്ളവനാണു് ഇന്നത്തെ ഭാരതീയൻ. ആണും ആണും തമ്മിലോ, പെണ്ണും പെണ്ണും തമ്മിലോ സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ഒക്കെ ചെയ്താൽ അതവനെ ചിന്താക്കുഴപ്പത്തിലാക്കും. അത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അവരിൽ ആരു് പ്രസവിക്കും എന്നതാണവന്റെ പ്രധാന ദുഃഖം. ആരെങ്കിലും പെണ്ണുകെട്ടിയാൽ പത്താം മാസം കൊച്ചു് പുറത്തു് വന്നിരിക്കണം! അല്ലെങ്കിൽ പല ഭാരതീയരും അസ്വസ്ഥരാവും. അവളെ പ്രസവിപ്പിക്കാൻ തനിക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന രഹസ്യചിന്തയാണു് സത്യത്തിൽ അവനെ രാപകലില്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നതു്. മറ്റു് മനുഷ്യർ എങ്ങനെ ജീവിക്കണം എന്നതിനെപ്പറ്റി ഗോത്രജീവികൾക്കു് ചില ധാരണകളൊക്കെയുണ്ടു്. അവർ അതിനെ സഹജീവിസ്നേഹം എന്നു് വിളിക്കും. കൊച്ചുങ്ങൾ ഉണ്ടാവാനല്ലാതെയും രണ്ടു് മനുഷ്യർക്കു് പരസ്പരം സ്നേഹിക്കാനാവും എന്ന വസ്തുത അവർക്കു് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമാണു്. തന്റെ കാഴ്ചപ്പാടിലെ തെറ്റുകൾ മറ്റുള്ളവരിൽ ചിലർക്കെങ്കിലും ശരികളാവാമെന്നതു് ഒരു തിരിച്ചറിവാണു്. ഏതെങ്കിലുമൊരു ആത്യന്തികസത്യഗ്രന്ഥത്തിന്റെ മറവിൽ ചുരുണ്ടുകൂടി പ്യൂപ്പദശയിൽ കഴിയുന്ന ഒരുവനു് ഒരിക്കലും ഉണ്ടാവാൻ കഴിയാത്ത ഒരു തിരിച്ചറിവു്! അതില്ലാത്തതിനാൽ, മരിച്ചവരുടെ ഉയിർത്തെഴുന്നേല്പും, കത്താത്ത നബിമുടിയും, ചന്തിചവിട്ടിപ്പൂജയും, അതിരാത്രവും, പശുമൂത്രപാനവുമൊക്കെ വിമർശിക്കപ്പെടുമ്പോൾ അതിനെ ആശയപരമായി നേരിടാൻ കഴിയാതെ, (ഏതു് ആശയമെടുത്തു് നേരിടാൻ?) തെറിവിളിയിലോ ആയുധങ്ങളിലോ ഒക്കെ അവനു് ആശ്രയം തേടേണ്ടി വരുന്നു.
Apr 6, 2015, 10:30 AM
വാർത്ത:
“ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് ധ്യാനങ്ങളിലൂടെ നമ്മുക്ക് ലഭിക്കുകയെന്ന് ഡോ.കെ.ജെ യേശുദാസ്. ഹിന്ദുമതം ഒരു ജീവിതചര്യണെന്നും ലോകത്തെ എല്ലാവര്‍ക്കും നന്മയുണ്ടാകണമെന്ന് പ്രാര്‍ത്ഥനയാണ് ഹിന്ദുമതത്തിന്റെ അടിസ്‌ഥാനമെന്നും യേശുദാസ് പറഞ്ഞു.മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തിന് സമീപത്തായി നിര്‍മ്മിച്ച ധ്യാനമണ്ഡപം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.”
യേശുദാസിനെപ്പോലെ ദൈവദാസനും, സിൽമാപ്പാട്ടുകാരൻ എന്ന നിലയിൽ പണവും പ്രശസ്തിയും ശ്രേഷ്ഠതയുമെല്ലാം ഉള്ളവനും ആയിരുന്നു ഞാനെങ്കിൽ ഹിന്ദുക്ഷേത്രങ്ങളിലെ ധ്യാനമണ്ഡപങ്ങളുടെയും, ക്രൈസ്തവരുടെ ധ്യാനകേന്ദ്രങ്ങളുടെയും (പോട്ട പോലുള്ളവ), മുസ്ലീമുകളുടെ മുടിപ്പള്ളികളുടെയുമൊക്കെ ഉദ്ഘാടനത്തിനു് എന്നെയും ആളുകൾ വിളിച്ചേനെ! എങ്കിൽ ഞാനും അവിടെയെല്ലാം പോയി തകർപ്പൻ പ്രസംഗങ്ങൾ നടത്തിയേനെ! എങ്കിൽ ഞാനും, അവസരോചിതം, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു, യേശു നിന്നെ പ്രേമിക്കുന്നു, ISIS (Islamic State of Iraq and Syria) ലോകസമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ഗ്രൂപ്പാണു് എന്നൊക്കെ വായിട്ടലച്ചു് മനുഷ്യരെ ജാതിമതഭേദമെന്യേ അച്ചൂടും മുച്ചൂടും ബോധവത്കരിച്ചേനെ! പക്ഷേ എന്തുചെയ്യാൻ? വരയിൽ തലയില്ലാതെ പോയി.
ഏതെങ്കിലുമൊരു ദേവാലയത്തിന്റെ അധികാരികൾ അന്യമതസ്ഥർക്കും സ്ത്രീകൾക്കുമൊക്കെ പ്രവേശനം നിഷേധിക്കുന്നതു്, അവർ മനുഷ്യരെ ആര്യൻ – ദ്രാവിഡൻ, ശ്രേഷ്ഠൻ – നീചൻ, പുരുഷൻ – സ്ത്രീ, സ്വമതസ്ഥൻ – അന്യമതസ്ഥൻ എന്നൊക്കെ തരം തിരിക്കുന്നതുകൊണ്ടല്ല; ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ നന്മയുണ്ടാകണമെന്നു് അവർ ഹൃദയംഗമമായി ആഗ്രഹിക്കുന്നതുകൊണ്ടാണു്. പണ്ടൊരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ താൻ പ്രവേശിക്കുന്നതു് സംബന്ധിച്ചു് നടന്ന ചില ദേവപ്രശ്നങ്ങൾക്കു് ശേഷം, ഇതുപോലുള്ള ദൈവികമായ കാര്യങ്ങളെ മനുഷ്യർ വില കുറച്ചു് കാണുകയോ, വ്യക്തിഗതമായ കാര്യങ്ങൾ അതുമായി കൂട്ടിക്കുഴക്കുകയോ ചെയ്യരുതെന്ന പ്രായോഗികജ്ഞാനം യേശുദാസും കൈവരിച്ചു എന്നുവേണം കരുതാൻ. ഇത്തിരി പണവും പ്രശസ്തിയും ശ്രേഷ്ഠതയുമൊക്കെ ഉള്ളവർക്കു് നഷ്ടപ്പെടാനുള്ളതു് കൈവിലങ്ങുകൾ മാത്രമാണെന്ന ധാരണ ഒരു തെറ്റിദ്ധാരണയാണു്. ഗൾഫിലും മറ്റും പോയി പൊള്ളുന്ന ചൂടുസഹിച്ചു് പണിചെയ്തു് നാലുകാശുണ്ടാക്കി നാട്ടിൽ മടങ്ങിയെത്തി ഒരു വീടുണ്ടാക്കാൻ ലോറിയിൽ സിമന്റും കമ്പിയും കല്ലും മണലും ഇറക്കാൻ ശ്രമിക്കുന്ന “ക്യാപിറ്റലിസ്റ്റുകൾക്കും കോർപ്പറേറ്റുകൾക്കും” പോലും നോക്കുകൂലിയേ നഷ്ടപ്പെടാനുള്ളു. അതുപോലെയല്ല, ആര്യഫുത്രന്മാരുടെയും ആചാര്യഫുത്രന്മാരുടെയുമൊക്കെ കാര്യം.
കൂട്ടത്തിൽ പറയട്ടെ: നോക്കുകൂലിയെസംബന്ധിച്ചു് അതിന്റെ ഉപജ്ഞാതാക്കൾക്കു് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ടു്: മാർക്സിന്റെ (ചീറ്റിപ്പോയ) ചിന്ത അനുസരിച്ചു്, നാളെകഴിഞ്ഞു് ലോകാധിപത്യം ഏറ്റെടുക്കേണ്ടവരും, നിഷ്കളങ്കരും, സാത്വികരും, ശുദ്ധാത്മാക്കളുമായ നോക്കുകൂലിക്കാരെ അവരുടെ രാഷ്ട്രീയനേതാക്കളെപ്പോലെതന്നെ വെള്ള യൂണിഫോം ധരിപ്പിക്കുക എന്നതാണതു്. ജോലി ചെയ്യേണ്ട ആവശ്യം രണ്ടുകൂട്ടർക്കും ഇല്ലാത്തതിനാൽ പെട്ടെന്നൊന്നും മുഷിയുന്ന പ്രശ്നവുമില്ല. കർത്താവിന്റെ നിത്യമണവാട്ടിമാർ ധരിക്കുന്ന രീതിയിലുള്ള വെള്ളവസ്ത്രവും തലയിലൊരു മുണ്ടും നല്ലൊരു ചോയിസായിരിക്കും എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. കല്യാണവസ്ത്രം ധരിച്ചുവേണം കല്യാണവീട്ടിൽ പോകാൻ എന്നു് ബൈബിളും ആഹ്വാനം ചെയ്യുന്നുണ്ടെന്നോർക്കുക!
Apr 7, 2015, 11:41 AM
ലോജിക്കൽ കൺക്ലൂഷനുണ്ടു്, ലോജിക്കൽ ഫാലസിയുണ്ടു്, ലോജിക്കൽ ഫാന്റസിയുമുണ്ടു്. മൂന്നാമത്തേതിന്റെ ചാകര കാണണമെങ്കിൽ സോഷ്യൽ മീഡിയയിൽ കക്ഷിരാഷ്ട്രീയ-അവിയൽ, മതാതിസാര-രസഗുള, ആയുർവേദ-ഹോമിയോ-സാമ്പാർ മുതലായവ വാരിവിളമ്പുന്ന ഓൺലൈൻ മല്ലു “ഏയ്നൽ-ഇസ്റ്റുക്കളുടെ” സ്റ്റാറ്റസുകൾ വായിക്കണം. ഈശ്വരോ രക്ഷതു ഹഃ, സരിതശോഭായനമഹഃ ഹഃ …
Apr 7, 2015, 12:16 PM
അത്ഭുതം! മഹാത്ഭുതം! ഞാൻ ഇന്നു് മൂക്കു് ചീറ്റിയപ്പോൾ മ്യൂക്കസിൽ മുഴുവൻ നാനോ പാർട്ടിക്കിളുകൾ!! കേരളത്തിലായിരുന്നെങ്കിൽ ഹോമിയോപ്പതിയിലെ നാനോ പാർട്ടിക്കിളുകൾ, ആയുര്‍വേദ ഭസ്മങ്ങളിലെ നാനോ പാര്‍ട്ടിക്കിളുകൾ, (മക്ഡോണൾഡ്സിലെ നാനോ പാർട്ടിക്കിളുകൾ) എന്നിവയുടെയെല്ലാം മാതൃകയിൽ ഒരു “നാനോഗ്രാഫോ-സ്കോപ്പിക്-മ്യൂക്കോസോപ്പതി” (വൈദ്യന്റെ മൂക്കള നക്കൽ എന്നു് മലയാളം) തുടങ്ങി ജനസേവനം നടത്താമായിരുന്നു. “ജനസേവനം, ജനസേവനം” എന്നു് നിറുത്താതെ ആവർത്തിച്ചുകൊണ്ടാണു് ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്നതെന്നു് എന്നെ കാണുമ്പോഴൊക്കെ (ചില്ലറ വാങ്ങാനായി) വയറ്റാട്ടിത്തള്ള എന്നെ ഓർമ്മിപ്പിക്കുമാറുണ്ടായിരുന്ന തിരുവെഴുത്തിലെ തിരുവചനം അതുവഴി നിവൃത്തിയാകുകയും ചെയ്തേനെ!
Apr 7, 2015, 1:17 PM
മല്ലു സൈക്കിയെ സംബന്ധിച്ചു് ഗവേഷണം നടത്തുന്നവർ ഈ ദിവസങ്ങളിൽ കഴിവതും ഓൺലൈൻ ആവാൻ ശ്രമിക്കുക. നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല.
Apr 8, 2015, 12:19 PM
ആരും മൂലയ്ക്കൽ മറഞ്ഞിരുന്നു് മൂത്രമൊഴിക്കാതിരിക്കാനാണു് “ഈസ്റ്റ് ഫ്രീസ്യൻസ്” വൃത്താകൃതിയിലുള്ള വീടുകൾ പണിയുന്നതെന്നൊരു തമാശ കേട്ടിട്ടുണ്ടു്. കാരണമതല്ലെങ്കിലും, കേരളത്തിലെ രാഷ്ട്രീയലാൻഡ്സ്കേപ്പും വൃത്തത്തിലാണെന്ന പോലെയാണു് കാര്യങ്ങൾ. ജനങ്ങൾക്കു് വലതുപക്ഷമേതു്, ഇടതുപക്ഷമേതു് എന്നൊന്നും എളുപ്പം തിരിച്ചറിയാൻ കഴിയില്ല. അല്ലെങ്കിൽത്തന്നെ, വട്ടം ചുറ്റലുകൾ (പ്രദക്ഷിണങ്ങൾ) വഴി തലകറങ്ങി പണ്ടേതന്നെ ഓറിയെന്റേഷൻ നഷ്ടപ്പെട്ടവരാണുതാനും അവർ. ഈ അവസ്ഥയിൽ ഇടതുപക്ഷത്തിനു് വേണമെങ്കിൽ വലതിന്റെ വലതായോ, വലതുപക്ഷത്തിനു് ഇടതിന്റെ ഇടതായോ ഒക്കെ ജനങ്ങൾക്കു് മുന്നിൽ സ്വയം അവതരിപ്പിക്കാം. ഒരു പ്രശ്നവുമില്ല. ഒരു പേരിൽ എന്തിരിക്കുന്നു എന്നപോലെതന്നെയാണു് ഇവിടെയും കാര്യങ്ങൾ. അധികാരത്തിലെത്തി സ്വന്തം പോക്കറ്റുകൾ വീർപ്പിക്കുക എന്നതിൽ കവിഞ്ഞ പ്രോഗ്രാമുകളൊന്നും ഒരു പാർട്ടിക്കും ഇല്ലാത്തതിനാൽ, പ്രോഗ്രാമുകളാണെന്നു് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സ്‌റ്റ്രാറ്റജികൾ ആവശ്യമാണു്. എതിർപക്ഷത്തുള്ളവരെ വ്യക്തിപരമായി നിർത്താതെ ആക്രമിച്ചുകൊണ്ടിരിക്കുക എന്ന “സ്‌റ്റ്രാറ്റജി” അതിനു് പറ്റിയതും, ആർക്കും ചെയ്യാവുന്നതും, കേരളത്തിൽ വിജയകരമായി പയറ്റിക്കൊണ്ടിരിക്കുന്നതുമായ ഒരു തന്ത്രമാണു്. കുറേശ്ശെയെങ്കിലും, സാമാന്യജനത്തിനും ബോധം വച്ചുതുടങ്ങിയതിനാൽ ഈ തന്ത്രം എത്രനാളത്തേക്കുകൂടി തുടരാനാവുമെന്നേ ചിന്തിക്കേണ്ടതുള്ളു.
Apr 9, 2015, 9:04 AM
അരിയാഹാരം കഴിക്കുന്നവർക്കു് മനസ്സിലാക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും കേരളീയർക്കില്ല. മിക്കവാറും എല്ലാ മലയാളികളും അരിയാഹാരം കഴിക്കുന്നവരാണു്. എന്നിട്ടും മലയാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കപ്പെടുന്നില്ല, പരിഹരിക്കപ്പെടുന്നില്ല?
ഈ സാഹചര്യത്തിൽ, ഭൂമിയെ ലോകത്തിന്റെ കേന്ദ്രമായി സങ്കല്പിച്ചുകൊണ്ടുള്ള ടോളെമെയിക് മോഡൽ ഉപയോഗിച്ചു് വാനഗോളങ്ങളുടെ വട്ടംചുറ്റൽ കൺസിസ്റ്റന്റായി വിശദീകരിക്കാൻ കഴിയാതെ വന്നപ്പോൾ സൂര്യനെ കേന്ദ്രമായി സങ്കല്പിച്ചുകൊണ്ടുള്ള ഒരു വേൾഡ് വ്യൂ കോപ്പർനിക്കസ് ആവിഷ്കരിച്ചതുപോലെ, അരിയാഹാരം കഴിക്കുന്നവർക്കു് മനസ്സിലാക്കാൻ കഴിയേണ്ടതും, എന്നാൽ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതുമായ പ്രശ്നങ്ങൾ വേണ്ടവിധം മനസ്സിലാക്കി പരിഹരിക്കാൻ മലയാളികൾ അരിയാഹാരം കഴിക്കൽ എന്നേക്കുമായി നിർത്തി കപ്പയാഹാരമോ, ഗോതമ്പാഹാരമോ കഴിച്ചുതുടങ്ങുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. സ്വന്തം നാടിനെ രക്ഷിക്കാൻ എന്തെന്തു് ത്യാഗങ്ങൾ മലയാളികൾ സഹിച്ചിട്ടില്ല? എത്രയെത്ര ജാഥകൾ, സമരങ്ങൾ, മുദ്രാവാക്യങ്ങൾ, കുരകൾ, ഹർത്താലുകൾ!?
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒന്നു് രാജിവച്ചു് കിട്ടിയിരുന്നെങ്കിൽ, സരിതപ്രശ്നം പോലെ, കോഴിപ്രശ്നം പോലെ, കോഴപ്രശ്നം പോലെ, മനസ്സിലാക്കപ്പെടാതെ കിടക്കുന്ന കേരളത്തിന്റെ മുഴുവൻ പ്രശ്നങ്ങളും അതോടെ നിശ്ശേഷം പരിഹരിക്കപ്പെട്ടു് കിട്ടിയേനെ! പക്ഷേ, അതു് അത്ര എളുപ്പമല്ലെന്നു് അനേകം സത്യാഗ്രഹങ്ങൾവഴി (മഹാത്മാ ഗാന്ധിയോടു് കടപ്പാടു്) തെളിയിക്കപ്പെട്ടതിനാൽ, ആഹാരപരമായ ഒരു മാറ്റത്തിലൂടെ ചിന്താപരമായ ഒരു മാറ്റം (കാന്റിനോടു് കടപ്പാടു്), ഒരു paradigm shift കൈവരിക്കുക എന്നൊരു മാർഗ്ഗമേ മലയാളികൾക്കു് മുന്നിൽ അവശേഷിക്കുന്നുള്ളു. അതുകൊണ്ടും ഫലമില്ലെങ്കിൽ ഇപ്പോൾ മതങ്ങൾ ഒറ്റയൊറ്റയായി നടത്തുന്ന പ്രാർത്ഥനകളെ ഏകോപിപ്പിച്ചു് ഒരു സർവ്വമത-സർവ്വരാഷ്ട്രീയപ്രാർത്ഥനാവിലാപം സ്വർഗ്ഗത്തിലേക്കു്, ഈശ്വരസന്നിധിയിലേക്കു് ഉച്ചഭാഷിണിയിലൂടെ അയച്ചുനോക്കാവുന്നതാണു്.
Apr 12, 2015, 12:39 PM
പ്രപഞ്ചാരംഭം, ജീവിതത്തിന്റെ അർത്ഥം തുടങ്ങിയതരം ചോദ്യങ്ങളുടെ ഉത്തരം എപ്പോഴും മറ്റൊരു ചോദ്യത്തിന്റെ ആരംഭമായിരിക്കും. ഇന്നത്തെ നിലയിൽ ഈ പ്രശ്നത്തിനു് അടുത്തൊന്നും മാറ്റമുണ്ടാവുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണു് ശാസ്ത്രചിന്ത എന്നതു് തുറന്നതും, നിരന്തരമായതും, അന്വേഷകരെ ആകർഷിക്കുന്നതുമായ ഒരു വ്യവസ്ഥ ആയിരിക്കുമ്പോൾ, ഈവിധ ചോദ്യങ്ങൾക്കെല്ലം “ദൈവം” എന്ന ഒറ്റ മറുപടിയിൽ എന്നേക്കുമായി തൃപ്തിപ്പെടുന്നവരുടെ കൂട്ടം എന്ന നിലയിൽ, മതങ്ങൾ ആരംഭം മുതൽ ഇന്നുവരെ, അടഞ്ഞവയും അന്വേഷകരെ വഴി മുടക്കാൻ ശ്രമിക്കുന്നവയുമെന്ന അവയുടെ മൗലികസ്വഭാവം തുടർന്നുകൊണ്ടിരിക്കുന്നതു്. പുതിയ ചോദ്യങ്ങളെയാണു് മതങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നതു്. “സത്യം അന്വേഷിക്കൂ” എന്നൊക്കെ മതങ്ങളും മനുഷ്യരോടു് ആഹ്വാനം ചെയ്യാറുണ്ടു്. “സത്യാന്വേഷണം” എന്നതുകൊണ്ടു് മതങ്ങൾ ഉദ്ദേശിക്കുന്നതു് അവ കെട്ടിപ്പൊക്കി നിർത്തിയിരിക്കുന്നതും, സ്വന്തം മതസ്ഥാപകൻ സംശയാതീതമായി കണ്ടെത്തിക്കഴിഞ്ഞതും, ലോകാന്ത്യത്തോളം യാതൊരു മാറ്റവും ആവശ്യമില്ലാത്തതുമായ “ആത്യന്തികസത്യത്തെ” വീണ്ടും കണ്ടെത്താനായി മനുഷ്യർ നടത്തേണ്ടുന്ന സത്യാന്വേഷണമാണെന്നേയുള്ളു. ഭക്തി, ഭജന, പ്രാർത്ഥന, ജാഥ മുതലായ, കഥയില്ലാത്തവർക്കുപോലും അവരുടെ കഥകഴിയുന്നതുവരെ പ്രാവർത്തികമാക്കാവുന്നവയാണു് മതങ്ങളുടെ സത്യാന്വേഷണങ്ങൾ. നൂറ്റാണ്ടുകൾക്കും മുൻപേ കണ്ടെത്തിക്കഴിഞ്ഞതെന്നു് അവർതന്നെ അവകാശപ്പെടുന്ന സത്യത്തെ കണ്ടെത്താനായുള്ള സത്യാന്വേഷണമാണു് വിശ്വാസിസമൂഹങ്ങൾ ഇക്കാലമത്രയും തുടർന്നുകൊണ്ടിരിക്കുന്നതെന്നു് ചുരുക്കം. പണ്ടെന്നോ കണ്ടുപിടിക്കപ്പെട്ട ചക്രത്തിൽ നിന്നും തന്നെയും പിന്നെയും തുടങ്ങിയാലേ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ പറ്റൂ എന്ന ഉത്തമബോദ്ധ്യമാവണം അവരെ മുന്നോട്ടു് നയിക്കുന്നതു്.
ഒറ്റയ്ക്കു് ജീവിക്കുന്നതിനേക്കാൾ കൂട്ടം ചേർന്നു് ജീവിക്കുന്നതു് മനുഷ്യവർഗ്ഗത്തിന്റെ അതിജീവനത്തിനു് ആവശ്യമായിരുന്ന ഒരു കാലഘട്ടമായിരിക്കണം മനുഷ്യനെ ഒരു സമൂഹജീവിയാക്കി മാറ്റിയതു്. അത്ര അർത്ഥശൂന്യമല്ലാത്ത ആ സാമൂഹികജീവിതത്തിന്റെ മറപറ്റി മതങ്ങൾ മനുഷ്യമനസ്സിൽ കയറിക്കൂടി സ്ഥാനമുറപ്പിച്ചു. സമൂഹത്തിനു് അനിഷേദ്ധ്യമായ പെരുമാറ്റച്ചട്ടങ്ങൾ നിശ്ചയിച്ചു് നൽകിയവൻ എന്ന നിലയിൽ ഓരോ കൂട്ടത്തിനും അവരുടേതായ ദൈവങ്ങളും രൂപമെടുത്തു. കാലക്രമത്തിൽ ഓരോ കൂട്ടവും അവരുടേതു് മാത്രമായ രീതിയിൽ കൊക്കാനും കൂവാനും ഇങ്ക്വിലാബ് വിളിക്കാനും തുടങ്ങി. കൊക്കലും കൂവലും ഇങ്ക്വിലാബ് വിളിയും അങ്ങനെ ഓരോ കൂട്ടത്തിന്റെയും ആചാരമര്യാദകളായി, കീഴ്വഴക്കങ്ങളായി. അവയാണു് വിശ്വാസപ്രമാണങ്ങളായി ഇന്നും തലമുറകളിലേക്കു് പകർന്നു് നൽകപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഏതു് “മത”വിശ്വാസവും ഏറ്റെടുക്കപ്പെട്ട വിശ്വാസമാണു്. ഉദാഹരണത്തിനു്, മോശെയുടെ ന്യായപ്രമാണങ്ങൾ ഓരോ യഹൂദനും സ്വയം കണ്ടെത്തുകയായിരുന്നില്ല. ഓരോ മാവോയിസ്റ്റും സ്വയം കണ്ടെത്തിയതല്ല മാവോയിസം. ഓരോ പ്രദേശങ്ങളിലെ മനുഷ്യർ ശീലിച്ചിരുന്ന വിശ്വാസങ്ങൾ ഏറ്റെടുക്കാനോ, തിരുത്താനോ, ഉപേക്ഷിക്കാനോ ഒക്കെ ആഹ്വാനം ചെയ്തു് വിജയിച്ചവർ മതസ്ഥാപകരായി അവരോധിക്കപ്പെട്ടു. ചിലപ്പോഴൊക്കെ അവർ ദൈവങ്ങളോ, ദൈവതുല്യരോ പോലുമായി!
ആരെങ്കിലും സൃഷ്ടിക്കാതെ തീവണ്ടിയോ, മൊട്ടുസൂചിപോലുമോ ഉണ്ടാവില്ല എന്ന വസ്തുതയിൽ നിന്നും എത്തിച്ചേരുന്ന, ആരെങ്കിലും സൃഷ്ടിക്കാതെ ഈ പ്രപഞ്ചം ഉണ്ടാകില്ല എന്ന നിഗമനത്തിനു്, ആ വാദം ഉന്നയിക്കുന്ന വ്യക്തിയുടെ സങ്കല്പത്തിലെ (“ചിന്തയിലെ” എന്ന പ്രയോഗം ഇവിടെ ചിന്തയോടു് ചെയ്യുന്ന ഒരപരാധമായിരിക്കും) പ്രപഞ്ചം ഒരു തീവണ്ടിയോളമോ മൊട്ടുസൂചിയോളമോ ഒക്കെ മാത്രം വരുന്നതാണു് എന്ന ഒരർത്ഥമേയുള്ളു. ആ “പ്രപഞ്ചസ്രഷ്ടാവാണു്” അവനെ സംബന്ധിച്ചു് അവന്റെ ദൈവം. അങ്ങനെ വിശ്വസിക്കുന്നതു് അവന്റെ സ്വാതന്ത്ര്യം. പക്ഷേ, ആരെങ്കിലും സൃഷ്ടിക്കാതെ ഒന്നും ഉണ്ടാവുന്നില്ലെങ്കിൽ, ആരും സൃഷ്ടിക്കാതെ അവന്റെ ദൈവം എങ്ങനെ ഉണ്ടായി എന്നു് തിരിച്ചു് ചോദിച്ചാൽ, ദൈവം സ്വയംഭൂവാണെന്നാവും അവന്റെ മറുപടി. ആരും സൃഷ്ടിക്കാതെ അവന്റെ ദൈവത്തിനു് സ്വയംഭൂവാകാമെങ്കിൽ, ഈ പ്രപഞ്ചത്തിനോ, പ്രപഞ്ചങ്ങൾക്കോ എന്തുകൊണ്ടു് സ്വയംഭൂവായി ഉണ്ടായിക്കൂടാ എന്നു് വീണ്ടും ചോദിച്ചാൽ, സ്രഷ്ടാവിനു് സ്വയം സൃഷ്ടിക്കാം, പക്ഷേ, സൃഷ്ടിക്കു് അതിനു് കഴിവില്ല, സൃഷ്ടി സ്രഷ്ടാവിനേക്കാൾ വലുതല്ല എന്നൊക്കെയാവും മറുപടി. ഈവിധ മറുപടികളിലൂടെ, സംവാദം തുടങ്ങിയതെവിടെയോ അവിടെത്തന്നെയാണു് താൻ എത്തിപ്പെടുന്നതെന്നു് മാത്രം അവനു് പിടികിട്ടാറില്ല. അതിന്റെ കാരണവും മുൻപത്തേതുതന്നെ: മനുഷ്യനിർമ്മിതമായ ഒരു തീവണ്ടിയോ മൊട്ടുസൂചിയോ ഒക്കെപ്പോലെ, ആരെങ്കിലും സൃഷ്ടിക്കാതെ ഉണ്ടാവാൻ കഴിയാത്ത ഒരു “വസ്തു”വായ പ്രപഞ്ചവും, അതിന്റെ സ്രഷ്ടാവായ സ്വന്തം ദൈവവും മാത്രമാണു് അവന്റെ തലയിൽ കുടികൊള്ളുന്ന അവന്റെ ലോകം, അവന്റെ ലോകവീക്ഷണം!
പറയുന്നതു് (മൈന പാടുന്നതുപോലെ പാടുന്നതു് എന്നായിരുന്നേനെ കൂടുതൽ ശരി) വേദഗ്രന്ഥങ്ങളും, അവ സംസ്കൃതത്തിലോ, അറബിയിലോ, എബ്രായഭാഷയിലോ ആയിരിക്കുകയും ചെയ്താൽ (മറ്റു് ഭാഷകളായാലും ഒപ്പിക്കാം, കേൾവിക്കാരനു് മനസ്സിലാകാത്തതായിരിക്കണം അതെന്നേയുള്ളു), “ബാഹ്യേന്ദ്രിയങ്ങളെകൊണ്ടു് അറിയാന്‍ കഴിയാത്തതിനെയാണു് ലിംഗം എന്നു് പറയുന്നതു്” എന്നോ, “ഒറ്റരാത്രികൊണ്ടു് നുമ്മ സ്വർഗ്ഗത്തിൽ പോയി മടങ്ങിവന്നു” എന്നോ, “കുരിശിൽ തറച്ചു് കൊന്നു് ശവമടക്കു് നടത്തിയിട്ടും അവൻ മൂന്നാം നാളിൽ ഉയിർത്തെഴുന്നേൽക്കുകയും, ഓസിൽ കിട്ടിയ മീനും തേൻകട്ടയും തിന്നശേഷം സ്വർഗ്ഗത്തിലേക്കു് നരിച്ചീറിനെപ്പോലെ പൊങ്ങിപ്പറന്നുപോയി” എന്നോ ഒക്കെ ആരെങ്കിലും പറഞ്ഞാൽ അതപ്പാടെ വിശ്വസിക്കുന്ന മനുഷ്യരുമായാണു് നമ്മൾ ഈവിധ “സ്നേഹസംവാദങ്ങൾ” നടത്തുന്നതു് എന്നറിഞ്ഞാലേ, അതിനേക്കാൾ എത്രയോ സ്നേഹപൂർവ്വമായ കാര്യമായിരിക്കും എടുത്താൽ പൊങ്ങാത്ത കല്ലു് മലമുകളിലേക്കു് ഉരുട്ടി കയറ്റുന്ന നാറാണത്തു് ഭ്രാന്തനെ ആ പണിയിൽ സഹായിക്കുന്നതു് എന്നു് മനസ്സിലാക്കാൻ കഴിയൂ. എത്രയായാലും, കല്ലുകൾ മലമുകളിൽ എത്തിച്ചുതരാൻ ദൈവത്തോടു് പ്രാർത്ഥിക്കുന്നതിനേക്കാൾ, ആ പണി സ്വന്തം ചെയ്യാൻ ധൈര്യപ്പെടുന്നു എന്നൊരു മഹത്വമെങ്കിലും ഉള്ളവനാണല്ലോ സഖാവു് നാറാണത്തു്! കേരളത്തിലെ ബസുകളിൽ – “ജാക്കിവയ്ക്കൽ” എന്ന “നോർമൽ പേറ്റ്രിയാർക്കൽ” കല അരങ്ങേറുന്ന കേരളത്തിലെ വഹനശകടങ്ങളിൽ – യാത്ര ചെയ്തിട്ടുള്ളവർ “കയ്യും തലയും വെളിയിൽ ഇടരുതു്” എന്നൊരു ബോർഡ് കണ്ടിട്ടുണ്ടാവണം. കേരളം പോലൊരു ഭക്തഭൂരിപക്ഷ സമൂഹത്തിന്റെ norm അനുസരിച്ചു് ഭ്രാന്തനായ നാറാണത്തു് ഒരുപക്ഷേ ആ ബോർഡ് കാണാതിരിക്കാനും, അതുവഴി അപകടത്തിൽ പെടാനും സാദ്ധ്യതയുണ്ടെങ്കിലും, കല്ലുന്തലിൽ അവനെ സഹായിക്കാൻ ശ്രമിക്കുന്നവരുടെ കയ്യും തലയും വെട്ടണം എന്ന “ദൈവികവും ജനാധിപത്യപരവുമായ” ബുദ്ധി അവന്റെ തലയിൽ ഉദിക്കുമെന്നു് തോന്നുന്നില്ല. അതാണു് “ഭ്രാന്തൻ” എന്ന അബ്നോർമലും, ഭക്തൻ എന്ന “നോർമലും” തമ്മിലുള്ള വ്യത്യാസം – ഭക്തിയുടെ എല്ലാ genre-യും ഉൾപ്പെടെ!
Apr 14, 2015, 1:26 PM
“ഒരിക്കലും ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല.”
“ഞങ്ങൾ” ആകെമൊത്തം നുണകളുടെ പ്രതിപുരുഷന്മാരാകുമ്പോൾ പ്രത്യേകമായി നുണ പറയേണ്ട ആവശ്യമെന്തു്? ക്യാപിറ്റലിസം ആന്തരികമായ ജീർണ്ണതയിലൂടെ സ്വയം നശിച്ചു് കഴിയുമ്പോൾ തൊഴിലാളി വർഗ്ഗത്തിനു് ഒരു വർഗ്ഗരഹിതലോകം നേടാൻ കഴിയുമെന്ന മാർക്സിയൻ നുണയുടെ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ സമത്വസുന്ദര നല്ല നാളെ എന്ന ഭൗതികനുണയുടെ, മരണാന്തരസ്വർഗ്ഗം എന്ന ആത്മീയനുണയുടെ, ദൈവം എന്ന നുണയുടെ, ഞങ്ങളാണു് സത്യത്തിന്റെയും നിങ്ങളുടെയും രക്ഷാകർത്താക്കൾ എന്ന അഹങ്കാരനുണയുടെ, നുണകളിലൂടെ രചിക്കപ്പെട്ട ലോകചരിത്രം ഏതോ ചാരുകസേരസിദ്ധാന്തപ്രകാരം ഡിറ്റർമിൻഡ് ആയി, ലീനിയർ ആയി, വൈരുദ്ധ്യാത്മകമായി, ചലനാത്മകമായി ആവർത്തിക്കപ്പെടുമെന്നും, അവസാനം വിപ്ലവങ്ങളുടെയെല്ലാം അമ്മവിപ്ലവമായ ലോകമഹാതൊഴിലാളിവിപ്ലവത്തിൽ എത്തുന്നതോടെ സകല ചലനാത്മകതകളും ഉപേക്ഷിച്ചു് എന്നേക്കുമായി സ്റ്റാറ്റിക്ക് ആയി സ്വസ്ഥമാവുമെന്നുമുള്ള നുണയുടെ, ചുരുക്കം ചില ചൂഷകർക്കു് ഭൂരിപക്ഷത്തിന്റെ അജ്ഞത മുതലെടുത്തു് ഇത്തിക്കണ്ണിജീവിതം നയിക്കാനായി രൂപീകരിക്കപ്പെട്ട, ഇതുപോലുള്ള എത്രയോ നുണകളുടെ പ്രതിപുരുഷന്മാർ! അവർ സത്യമല്ലാതെ മറ്റെന്തു് പറയാൻ? എന്താണു് അവരുടെ സത്യം? അവർ ആരിൽ നിന്നൊക്കെയോ – അവർക്കു് മനസ്സിലായതുപോലെ – ഏറ്റെടുത്തു് മനുഷ്യരുടെ മുന്നിൽ ഛർദ്ദിച്ചു് വയ്ക്കുന്നതാണു് സത്യം. മനുഷ്യരുടെ സത്യം വിദ്യാഭ്യാസത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും സ്വതന്ത്രമായ ചിന്തയിലൂടെയും സ്വയം കണ്ണുതുറന്നു് അവർതന്നെ കണ്ടുപിടിക്കേണ്ടതല്ല, അതു് ഭൗതികവും ആത്മീയവുമായ “ശാശ്വതസത്യങ്ങളുടെ” മൊണോപോളിസ്റ്റുകൾക്കു് ഇഷ്ടാനുസരണം മനുഷ്യർക്കു് വിറ്റു് സുഖജീവിതം നയിക്കാനുള്ളതാണു്!
“ഒരിക്കലും ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്ന നിങ്ങളുടെ വിശ്വാസത്തിലാണു്, നിങ്ങളുടെ വിഡ്ഢിത്തത്തിലാണു് ഞങ്ങളുടെ ശക്തി കുടികൊള്ളുന്നതു്. ഞങ്ങൾ എന്തു് പറയുന്നതും പ്രവർത്തിക്കുന്നതും ആ ശക്തിയുടെ പിൻബലത്തിലാണു്. ഒൻപതു് ദിവസങ്ങൾ കൊണ്ടു് ഞാൻ പന്ത്രണ്ടു് പുസ്തകങ്ങൾ വായിച്ചുതീർത്തു എന്നു് അനുയായികളോടു് പ്രസംഗിക്കുന്ന നേതാക്കൾക്കും, മെഡിസിനിൽ ബാച്ചിലർ ബിരുദത്തിനും മാസ്റ്റർ ബിരുദത്തിനും പുറമെ ഹൈജീനിൽ എക്സ്‌റ്റ്രാ ബിരുദവുമെടുത്തിട്ടുള്ള വിശ്വാസികളെക്കൊണ്ടുവരെ സ്വന്തം ചിരങ്ങുപാദങ്ങൾ കഴുകിയ വെള്ളവും പാലുമെല്ലാം കുടിപ്പിക്കാനും, അവരെക്കൊണ്ടു് തനിക്കുവേണ്ടി സ്തുതിഗീതങ്ങൾ പാടിക്കാനും കഴിയുന്ന അമ്മമാർക്കും, ധ്യാനഗുരുക്കൾക്കും, സർവ്വരോഗവും ഒറ്റമൂലികൊണ്ടു് ചികിത്സിച്ചു് ഭേദമാക്കാൻ കഴിവുള്ള അത്ഭുതവൈദ്യന്മാർക്കുമെല്ലാം നിങ്ങളുടെ ആരാധനാപാത്രങ്ങളും, വിശുദ്ധരും, ദൈവങ്ങളുമാകാൻ കഴിയുന്ന ആ “ദിവ്യശക്തി”!
Apr 16, 2015, 12:16 PM
വേണമെന്നുള്ളവർക്കു് താഴെ കൊടുത്തിരിക്കുന്ന ഭാഗം വായിച്ചാൽ “പാർട്ടിക്കും ഇടതുപക്ഷത്തിനും” ഇതുവരെ സംഭവിച്ച “പിന്നോട്ടടിയുടെ” കാരണങ്ങൾ അറിയാം, ഭാവിയിൽ ഇവ രണ്ടിനും സംഭവിക്കാൻ പോകുന്ന മാറ്റത്തിന്റെ മാറ്റൊലികൾ കേൾക്കാം. പക്ഷേ ശ്രദ്ധിച്ചു് വായിക്കണം. “ശരിയായ നയത്തിന്റെ തെറ്റായ പ്രയോഗം, നയത്തിൽ തന്നെ ഉണ്ടായിരുന്ന ചില പോരായ്മകൾ, ബൂർഷ്വാ പ്രാദേശികപാർട്ടികൾ, നിയോലിബറൽ കാലഘട്ടം, നിയോലിബറൽ നയങ്ങൾ, അവസരവാദപരമായ കൂട്ടുകെട്ടു്, വർഗ്ഗബഹുജന സംഘടനകൾ, പ്രക്ഷോഭ സമരങ്ങൾ” എന്നും മറ്റും അവിടെ വായിക്കുമ്പോൾ, കമ്മ്യൂണിസം എക്കാലവും ഉപയോഗിച്ചിരുന്ന, “ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ-മേധാവിത്വത്തിനെതിരെയുള്ള നിരന്തരപോരാട്ടം” എന്നൊക്കെയുള്ള, കേട്ടു് തഴമ്പിച്ച, മാർക്സിന്റെ കാലത്തെ ഭാഷയും മുദ്രാവാക്യങ്ങളുമൊക്കെത്തന്നെയല്ലേ ഇവയും എന്നൊരു തോന്നൽ ഒരുപക്ഷേ നിങ്ങൾക്കുണ്ടായേക്കാം. പക്ഷേ നിരാശപ്പെടരുതു്. അതൊരു തോന്നൽ മാത്രമാണു്. എന്തു് ടൈപ്പു് ചെയ്താലും പഴയ പല്ലവികൾ ആവർത്തിക്കുന്ന ഒരു റഷ്യൻ മോഡൽ ടൈപ്പ് റൈറ്റർ ഉണ്ടാക്കുന്ന പ്രശ്നമാണതു്. പഴയ ടൈപ്പ് റൈറ്റർ ഒഴിവാക്കണമോ, പുതിയ കമ്പ്യൂട്ടർ വാങ്ങണമോ തുടങ്ങിയ നയപരമായ കാര്യങ്ങൾ അടുത്ത പാർട്ടി കോൺക്ലേവിൽ ചർച്ചക്കെടുക്കണമോ വേണ്ടയോ എന്നതിനെപ്പറ്റിയും ഈ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടു്. റോമിലെ കോൺക്ലേവിനിടയിൽ പുരപ്പുറത്തെ പുകക്കുഴലിൽ വെളുത്ത പുക കണ്ടാൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തു എന്നു് വിശ്വാസികളായ കുഞ്ഞാടുകൾ മനസ്സിലാക്കുന്നതുപോലെ, പാർട്ടി കോൺക്ലേവിന്റെ അവസാനം ചുവന്ന പുക പുറത്തുവന്നാൽ ജാഥത്തൊഴിലാളികൾക്കു് ഉറപ്പിക്കാം: തങ്ങളെപ്പോലുള്ള ഏതാനും സഖാക്കളുടെ ചോരകൊണ്ടു് വളർന്നുവന്ന പാർട്ടിക്കു് എപ്പോഴെങ്കിലും ഇന്നത്തെ ലോകത്തിന്റെ ഭാഷ സംസാരിക്കാൻ കഴിയുന്ന ഒരു പുതിയ കമ്പ്യൂട്ടർ ലഭിച്ചേക്കും.
അതുപോലെതന്നെ ഗൗരവതരമായ മറ്റൊരു കാര്യം: ഇതുവരെ സമരങ്ങൾ ചുമ്മാ പ്രക്ഷോഭങ്ങളായിരുന്നെങ്കിൽ, ഭാവിയിൽ പ്രക്ഷോഭങ്ങൾ മൊത്തം സമരങ്ങളായിരിക്കും – നിയോലിബറൽ കാലഘട്ടത്തിലെ പാർട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ടു്, ഇടതുപക്ഷ ജനാധിപത്യ ബദലിനു് രൂപം നൽകാനായി സന്ധിയില്ലാതെ നടത്തപ്പെടുന്ന പച്ചയായ തുറന്നു് കാണിക്കലുകളുടെ പ്രക്ഷോഭസമരങ്ങൾ!
“… … ശരിയായ നയത്തിന്റെ തെറ്റായ പ്രയോഗം മാത്രമായിരുന്നില്ല പിന്നോട്ടടിയുടെ കാരണം. നയത്തിൽ തന്നെ ചില പോരായ്മകൾ ഉണ്ടായിരുന്നു. … … “മൂന്നാം മുന്നണി”, “മൂന്നാം ബദൽ” തുടങ്ങി പല ലേബലുകളിൽ വിവിധ ബൂർഷ്വാ പ്രാദേശിക പാർട്ടികളുമായി തുടർച്ചയായി ഉണ്ടാക്കിയ ബന്ധം നിയോ ലിബറൽ കാലഘട്ടത്തിൽ ഈ പാർട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളെ കണക്കിലെടുത്തില്ല. കോണ്ഗ്രസ്സും ബി ജെ പിയുമായി അവസരവാദപരമായ കൂട്ടുകെട്ടു് ഉണ്ടാക്കുന്നതിൽ പ്രാദേശിക പാർട്ടികൾക്കു് ഇന്നു് മടിയില്ല . ഐക്യമുന്നണി സർക്കാരിനെയും യു പി എ സർക്കാരിനെയും പിന്താങ്ങിയ വേളയിൽ സമരത്തിനും തുറന്നു് കാണിക്കലിനും അർഹമായ പ്രാധാന്യം നൽകിയില്ല.”
“ഈ സമീപനം തിരുത്തി പാർട്ടിയുടെയും വർഗ്ഗബഹുജന സംഘടനകളുടെയും ശേഷി വർദ്ധിപ്പിക്കാൻ ആണു് ഇനി ഊന്നൽ നൽകാൻ പോകുന്നതു്. ഇതിനുള്ള മാർഗ്ഗമാകട്ടെ നിയോ ലിബറൽ നയങ്ങൾക്കെതിരായും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ ആണു്. ഈ പ്രക്ഷോഭ സമരങ്ങളിലൂടെയാണു് ഇടതുപക്ഷ ജനാധിപത്യ ബദൽ രൂപം കൊള്ളുക . ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സമകാലീന അടവുകളെന്തു് എന്നതു് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.”
Apr 18, 2015, 3:55 PM
പാലുകുടിച്ച പെണ്ണിന്റെ വയറു് കീറിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച! താഴെയുള്ള “ലിംഗത്തിൽ! ഒന്നു് ക്ലിക്കി നോക്കൂ! ആരെയും നടുക്കുന്ന ആ കാഴ്ച ഒന്നു് കണ്ടുനോക്കൂ! ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേേേേ! ഷെയർ ചെയ്യാൻ മറക്കല്ലേേേേ!!
ഓൺലൈൻ മല്ലുക്കൾ രാപകലില്ലാതെ “സർഫ്” ചെയ്തു് കണ്ടെത്തുന്ന രഹസ്യങ്ങളുടെയും അത്ഭുതങ്ങളുടെയും ലോകത്തിൽ ചെന്നുപെട്ടവർ അവിടെ നിത്യേനയെന്നോണം കാണുന്നതും കേൾക്കുന്നതുമായ വാർത്തകൾക്കൊപ്പിച്ചു് ഞെട്ടിത്തെറിച്ചുതെറിച്ചു് ഇപ്പോൾ മച്ചിൻപുറത്തെത്തിയിട്ടുണ്ടാവണം. ഇനി തെറിക്കാൻ അവശേഷിക്കുന്നതു് പുരപ്പുറം മാത്രമാണു്. അങ്ങോട്ടുകൂടി ഞെട്ടിത്തെറിച്ചാൽ പിന്നെ ഞെട്ടലുകാർ എങ്ങോട്ടു് ഞെട്ടിത്തെറിക്കുമോ ആവോ? ഞെട്ടലുകാർ പൊതുവേ വിശ്വാസികളായതിനാൽ, മുടക്കമില്ലാതെ ഞെട്ടിയും നടുങ്ങിയും തെറിച്ചുകൊണ്ടിരിക്കാൻ ദൈവം, അദ്ദേഹത്തിന്റെ വല്യമ്മാവൻ, അമ്മായിഅമ്മ തുടങ്ങിയ, തമ്പ്രാൻസ് കേഡറിലുള്ള ആരെങ്കിലും അവർക്കൊരു വഴി കാണിച്ചു് കൊടുക്കുമായിരിക്കുമല്ലേ?
Apr 21, 2015, 11:55 AM
മിത്തുകളുടെയും കെട്ടുകഥകളുടെയും കാടുകയറി മൂടിയ ഒരു ഭൂതകാലമല്ലാതെ, വിശ്വസനീയമായ ഒരു ചരിത്രം അവകാശപ്പെടാനില്ലാത്ത സമൂഹങ്ങളുടെ കാര്യം കഷ്ടമാണു്. ഒരുതരം വിഷമവൃത്തത്തിലാണവ. കാടുവെട്ടിത്തെളിച്ചാൽ അവശേഷിക്കുന്നതു് ഒന്നും വിളയാത്ത തരിശുഭൂമി മാത്രമായിരിക്കും! വ്യാഖ്യാനങ്ങൾകൊണ്ടു് പഴയ ഐതിഹ്യങ്ങളെ ചായംപൂശാമെന്നു് കരുതിയാൽ അതുവഴി വേറെ കുറെ ഇതിഹാസങ്ങൾ ലഭിച്ചേക്കാമെന്നല്ലാതെ മറ്റൊന്നും നേടാനുമില്ല. മിത്തുകളെ അവയുടേതായ ചവറ്റുകുട്ടയിലെറിയാനും, തലമുറകളിലൂടെ ആവർത്തിക്കപ്പെടുന്ന പിൻതിരിഞ്ഞിരുന്നുള്ള ഓരിയിടൽ എന്നേക്കുമായി അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ മനുഷ്യർക്കു് മുന്നോട്ടു് പോകാനും പുതിയ വഴികൾ തേടാനും കഴിഞ്ഞേനെ! പക്ഷേ, പുണ്യപുരാതനമായ സാംസ്കാരികപൈതൃകത്തിന്റെ നൊസ്റ്റാൾജിക് ഭാണ്ഡക്കെട്ടു് പിടലിയിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതെ കടൽക്കിഴവനെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്നതിനാൽ, അതിനെ വലിച്ചെറിയൽ ഒരു മഹാപാതകമായി വിലയിരുത്തപ്പെടുന്നു. ഫലമോ, ഭാണ്ഡം ചുമട്ടുകാർ അഭിമാനപൂർവ്വം പരസ്പരം തർക്കിച്ചും കലഹിച്ചും കാലം കഴിക്കുന്നു. ഏതു് വിഴുപ്പുകെട്ടാണു് സത്യം എന്നതാണു് അവരുടെ തർക്കവിഷയം. അവരുടെ എല്ലാ ഭാണ്ഡങ്ങളും ചരിത്രവുമായി ബന്ധമൊന്നുമില്ലാത്ത വിഴുപ്പുകെട്ടുകൾ മാത്രമാണെന്നതു് മറ്റൊരു സത്യം!
Apr 21, 2015, 5:52 PM
എസ്. എസ്. എൽ. സി. പരീക്ഷയുടെ റിസൽറ്റിനെ വിമർശിച്ചുകൊണ്ടുള്ള ചില പോസ്റ്റുകൾ കാണുമ്പോൾ, പരീക്ഷ എഴുതുന്ന എല്ലാവരേയും ജയിപ്പിക്കുന്ന പരിപാടി തുടങ്ങിയിട്ടു് കുറെ വർഷങ്ങളായെന്നും, ആ പരീക്ഷകൾ എഴുതിയ പലരും ഇന്നു് സോഷ്യൽ മീഡിയകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും തോന്നുന്നു.
വ്യക്തിപരമായി, ജോലിചെയ്യാതെ കൂലി വാങ്ങുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല എന്നതിനാൽ, നോക്കുകൂലിയെ എന്നപോലെ തന്നെ, പഠിക്കാതെ പരീക്ഷ പാസാവുന്നതിനേയും അംഗീകരിക്കാൻ എനിക്കാവില്ല.
അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം മുതൽ മോഷ്ടിക്കപ്പെടുമ്പോഴും കട്ടവനെ ന്യായീകരിക്കാൻ കഴിയുന്നത്ര നല്ല മനുഷ്യരുണ്ടാവാം. പക്ഷേ അത്രത്തോളം മഹാമനസ്കനാവാൻ ഞാനാഗ്രഹിക്കുന്നില്ല.
Apr 24, 2015, 12:38 PM
പറയാൻ കഴിയുന്ന കാര്യങ്ങൾ തെളിച്ചും വ്യക്തമായും പറയാൻ കഴിയുമെന്നും, പറയാൻ കഴിയാത്ത കാര്യങ്ങളെപ്പറ്റി മനുഷ്യൻ നിശ്ശബ്ദത പാലിക്കണമെന്നും തത്വചിന്തകൻ ലുഡ്വിഗ് വിറ്റ്ഗെൻസ്റ്റൈൻ പറഞ്ഞിട്ടു് അധികനാൾ ആയിട്ടില്ല.
അത്രയില്ലെങ്കിലും, ആധുനികലോകത്തിൽ ജീവിതത്തിൻ്റെ വേഗത അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു എന്നതിനാൽ, രണ്ടു് വാക്യങ്ങളിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന കാര്യങ്ങൾ രണ്ടു് വാക്യത്തിൽത്തന്നെ പറയാൻ ചുരുങ്ങിയപക്ഷം ഓൺലൈൻ മല്ലുക്കളെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ പറയുന്നവനും കേൾക്കുന്നവനും മുതലക്കുഞ്ഞുങ്ങൾക്കു് തീറ്റ കൊടുക്കുക, അഞ്ചുനേരം നിസ്കരിക്കുക, രണ്ടു് മണിക്കൂർ ബസ് കാത്തുനിൽക്കുക തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു് കൂടുതൽ സമയം കണ്ടെത്താൻ കഴിഞ്ഞേനെ!
നുണയെ സത്യമാക്കി മാറ്റാനാണു് ഏറ്റവും കൂടുതൽ എഴുതിക്കൂട്ടേണ്ടിവരുന്നതു്. മനുഷ്യജീവികളുടെ ആത്മീയവും ഭൌതികവുമായ ഭാവിയിലേക്കു് വിരൽ ചൂണ്ടി ഭയപ്പെടുത്തുകയും, “നിത്യമോചനം” വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന എത്രയെത്ര വിശ്വാസപ്രമാണങ്ങൾ! അവ മുഴുവൻ സത്യമെന്നു് സ്ഥാപിക്കാനായി എഴുതപ്പെട്ട എത്രയെത്ര വ്യാഖ്യാനങ്ങൾ! – അവയുടെ പിൻപേ ഉത്സാഹത്തോടെ ഗമിക്കുന്ന ഗോക്കൾക്കു് ആവശ്യം വരാറില്ലാത്ത ചില ഉദാഹരണങ്ങൾ.
March 2015
Mar 4, 2015, 11:03 AM
തലമുറകളിലൂടെ ബൗദ്ധികമായി വ്യഭിചരിക്കപ്പെടുന്ന ഒരു സമൂഹത്തിനു് ജാരസന്തതികൾക്കല്ലാതെ മറ്റെന്തിനാണു് ജന്മം നൽകാൻ കഴിയുക? ആ കർമ്മം ധർമ്മവും സദാചാരവും സംസ്കാരവുമാണെന്നു് കണ്ടും കേട്ടും അനുഭവിച്ചും വളരുന്ന ജന്മങ്ങൾ സമൂഹത്തിൽ ഈ ബൗദ്ധികവ്യഭിചാരമേ തുടരൂ. അല്ലാതെ അവർ മറ്റെന്തു് ചെയ്യാൻ? അങ്ങനെ സ്വതന്ത്രചിന്താശേഷി സുന്നത്തു് ചെയ്യപ്പെടുന്നവരിൽ നിന്നും കാലക്രമേണ “ഞങ്ങളെ ബൗദ്ധികമായി വ്യഭിചരിക്കൂ” എന്നു് മുറവിളി കൂട്ടുന്ന മാസക്കിസ്റ്റുകളുടെ തലമുറകൾ രൂപമെടുക്കും. കീഴ്പെടുന്നതിലും അടിമത്തത്തിലും മാത്രം ആനന്ദിക്കാൻ കഴിയുന്ന അവർ ആൾദൈവങ്ങൾക്കു് മുന്നിൽ അനുഗ്രഹത്തിനായി കമിഴ്ന്നു് വീഴും. ചൊല്ലിക്കൊടുക്കുന്ന മുദ്രാവാക്യങ്ങൾ അർത്ഥമറിയാതെ, മറുചോദ്യമില്ലാതെ തത്തയെപ്പോലെ ഏറ്റു് പാടും. കോളനിവല്‍ക്കരണവും വൈദേശികഭരണവും അവരെ അങ്ങേയറ്റം സന്തോഷിപ്പിക്കും. ഭരിക്കുന്നവരും നയിക്കുന്നവരുമായ തമ്പ്രാന്മാരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നതും മുട്ടുകുത്തി യാചിക്കുന്നതും അവർക്കു് അഭിമാനമായിരിക്കും. ദൈവങ്ങളെ സന്തോഷിപ്പിക്കാൻ സ്വന്തം മാംസത്തിൽ കുത്തി നോവിക്കാൻ പോലും അവർ മടിക്കില്ല. അന്യവിശ്വാസം പുലർത്തുന്നവരുടെ രക്തമായിരിക്കും അവരുടെ ഇഷ്ടപാനീയം. ചോരയുടെ കൊടുക്കൽ വാങ്ങലിലാണു് അവരുടെ ബിസ്നസ് കുടികൊള്ളുന്നതുതന്നെ. മൃഗീയവാസനകൾക്കപ്പുറമെത്താത്ത അവരുടെ രോഗാതുരമനസ്സിന്റെ നേർചിത്രം ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ പുറംലോകത്തിനുകൂടി ദൃശ്യമാകാൻ തുടങ്ങിയിട്ടുണ്ടു്. പലപ്പോഴും പ്രബോധനത്തിന്റെ മുഖംമൂടിയണിഞ്ഞു് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു് അവർ മനുഷ്യരുടെയിടയിൽ അവരുടെ മതപരമോ രാഷ്ട്രീയമോ ആയ പരമ്പരാഗതസാമൂഹികവ്യഭിചാരം തുടരുന്നു.
ഏതാനും ദിവസങ്ങൾക്കു് മുൻപു് ഫെയ്സ്ബുക്കിൽ നിന്നും കിട്ടിയ അത്തരമൊരു ബസിലസ്. സമയക്കുറവുമൂലം കോപ്പി ചെയ്തു് വച്ചിരുന്നതാണു്.
= “ഈശ്വരനു തെളിവുണ്ടോ ? ഉണ്ട് “
- അദ്വൈത വേദാന്ത(രണ്ടില്ല-Non Duality) പ്രകാരം ഈ പ്രപഞ്ചം മുഴുവനും ഒന്നില നിന്നുണ്ടായതാണ് (ബ്രഹ്മം). അതിൽ നിന്നന്യമായി ഈ പ്രപഞ്ചത്തിൽ ഒരനു പോലുമില്ല. അതിന്റെ പേരാണ് ഓം അതായത് ഈശ്വരൻ.
- ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇത് വളരെ എളുപ്പത്തിൽ വിഷദീകരിക്കാനാകും.
- Energy Mass Equalence (E=MC^2) പ്രകാരം ഊർജവും മാസ് ഉം (ഗരം, ദ്രാവകം, വാതകം, പ്ലാസ്മ) ഒരേ വസ്തുവിന്റെ രണ്ടു വ്യത്യസ്ത രൂപങ്ങൽ ആണ്. ആ ഒന്ന് കൊണ്ട് തന്നെ പ്രപഞ്ച സൃഷ്ടി. അതിൽ നിന്നന്യമായി ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല.
- Energy of the universe is a constant :That one is a constant
- Energy/mass neither be created nor be destroyed , only can transformed from one form to another: ആ ഒന്നിനെ നിര്മിക്കാണോ നശിപ്പിക്കണോ സാധ്യമല്ല
- സ്വാഭാവികമായും ഒരു ചോദ്യം വരാം അപ്പോൾ ആ ഒന്ന് ഊർജം തന്നെ അല്ലെ അതിന്റെ unit ജുൾ അല്ലെ എന്ന്.
- ഈശ്വരനിൽ എത്തണമെങ്കിൽ ഊർജത്തിനും അപ്പുറം പോകണം. The zero-energy universe theory states that the total amount of energy in the universe is exactly zero: its amount of positive energy in the form of matter is exactly canceled out by its negative energy in the form of gravity. The remaining is ബോധം. അതുകൊണ്ട് ഊർജത്തിനും കാരണമായിരിക്കുന്ന ഈ ബോധം ആണ് ബ്രഹ്മം.
- മണ്ണിലും വിണ്ണിലും തൂനിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് ഭാരതീയർ വിശ്വസിക്കുന്നതിനടിസ്ഥാനം ഇതാണ്.
- ലക്ഷക്കണക്കിന് ഋഷിമാരുടെ പതിനായിരക്കണക്കിനു വര്ഷങ്ങളുടെ അനുഭവങ്ങലിലൂദെയും, തപസിലൂദെയുമെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള അദ്വൈത വേദാന്തം.മനുഷ്യ ബുദ്ധിയുടെ അവസാന വാക്കാന
- ആധുനിക ശാസ്ത്രം അവസാനിക്കുന്നിടത്താണ് ആണ് വേദാന്തത്തിന്റെ ആരംഭം.
Q.E.D. !!!
ദൈവമുണ്ടെന്നതിന്റെ തെളിവായി ഇവിടെ നിരത്തിയിരിക്കുന്ന “ശാസ്ത്രീയതയിൽ” അപാകതയൊന്നും നിങ്ങൾ കാണുന്നില്ലെങ്കിൽ ഇത്തരം ബൗദ്ധിക വ്യഭിചാരികളുടെ വലയിൽ വീഴാതിരിക്കാൻ എല്ലാ മുൻകരുതലുകളും നിങ്ങൾ സ്വീകരിക്കേണ്ടതുണ്ടു്. ഇനി, അതൊക്കെ തികച്ചും ശരിയാണെന്നാണു് നിങ്ങൾക്കു് തോന്നുന്നതെങ്കിൽ, സ്വയം ഒരു ബൗദ്ധികവ്യഭിചാരി ആകാൻ എന്തുകൊണ്ടും യോഗ്യനാണു് നിങ്ങൾ.
മുൻപൊരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്ന, ബ്ലോഗ് ലോകത്തിൽ നിന്നും കിട്ടിയ മറ്റൊരു മണിമുത്തു്: >>>ബ്രിട്ടനിലെ ചില വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ അനിമല്‍ ഫാം എന്ന പുസ്തകം ചില്ലറ എഡിറ്റിങ്ങുകള്‍ മാത്രം വരുത്തി ഒന്നാന്തരം ആന്റി കമ്മ്യൂണിസ്റ്റ് വില്‍പ്പനച്ചരക്കാക്കി…<<<
ജോര്‍ജ്ജ് ഓര്‍വെലിന്റെ “അനിമല്‍ ഫാം” വായിച്ചിട്ടില്ല എന്നതു് ഒരു മഹാപാപമൊന്നുമല്ല. പക്ഷേ, ഇതുപോലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതു് സമൂഹത്തെ ബൗദ്ധികമായി വ്യഭിചരിക്കലായതിനാൽ അതൊരു മഹാപാപം തന്നെയാണു്. വാചകമടി കേട്ടു് കയ്യടിക്കാൻ കഥയറിയാത്ത കുറെ ആളുകളും, അല്പം ഭാവനാശേഷിയും ഉണ്ടെങ്കിൽ സത്യത്തെ വളച്ചൊടിച്ചു് നുണകളാക്കി ശത്രുവിന്റെ നേരെ എറിഞ്ഞു് താൽകാലികമായ നേട്ടങ്ങൾ കൊയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ അത്തരം ബൂമെറാങ്ങുകൾ ഇന്നല്ലെങ്കിൽ നാളെ തന്റെ നേരെതന്നെ തിരിച്ചുവരുമെന്നു് ഓർത്താൽ സ്വന്തം ക്രെഡിബിലിറ്റി നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും.
പ്രസ്തുത പോസ്റ്റ്: “അനിമല്‍ ഫാമും സോവിയറ്റ് യൂണിയനും” (https://ckbabu.com/2013/12/30/)
Mar 4, 2015, 11:37 AM
“ഈയം പൂശാനുണ്ടോ, അരകല്ലു് കുത്താനുണ്ടോ, നിരത്താനുണ്ടോ” എന്നു് വിളിച്ചു് ചോദിച്ചുകൊണ്ടു് നാട്ടുവഴികളിലൂടെ ചില അന്യനാട്ടുകാർ പോകുന്നതു് ചെറുപ്പത്തിൽ കണ്ടിട്ടുണ്ടു്. ആ ജോലികളിൽ നിന്നുള്ള പ്രതിഫലം കൊണ്ടായിരുന്നിരിക്കണം അവർ ജീവിച്ചിരുന്നതു്. അവർക്കു് ജോലി നൽകുന്ന വീട്ടുകാർ പണത്തിനു് പകരം നെല്ലോ അരിയോ ഒക്കെ പ്രതിഫലമായി നൽകിയാലും അവർ വാങ്ങിക്കുമായിരുന്നു. ഒരുതരം ബാർട്ടർ സമ്പ്രദായം.
“സിപിഐ എമ്മിന്റെ ചോര ആര്‍ക്കാണ് വേണ്ടതു്” എന്നൊരു സ്റ്റാറ്റസ് കണ്ടപ്പോൾ, ചോര കൊടുത്തു് രക്തസാക്ഷികളെ വാങ്ങുന്നതും ഒരുതരം ബാർട്ടർ സമ്പ്രദായമല്ലേ എന്നൊരു സംശയം തോന്നി. ചിന്തയുടെ ബഹിഃസ്ഫുരണമാണല്ലോ ഭാഷ!
Mar 5, 2015, 9:54 AM
ഡൽഹിയിൽ ഏതെങ്കിലും പെൺകുട്ടിയെ ആരെങ്കിലും ബലാൽസംഗം ചെയ്താൽ, ഭാരതത്തിൽ എവിടെയെങ്കിലും രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ, ആശയപരമായ നിലപാടുകളുടെയോ പേരിൽ ആരെങ്കിലും അറുകൊല ചെയ്യപ്പെട്ടാൽ, അവരൊന്നും എന്റെ ബന്ധുക്കളോ, എനിക്കു് വേണ്ടപ്പെട്ടവരോ, വിശ്വാസപരമോ ആദർശപരമോ ആയി എന്റെ സഖാക്കളോ മിത്രങ്ങളോ ഒന്നുമല്ലാത്തിടത്തോളം എനിക്കെന്തു്? രാവിലെ ചായക്കടയിലെത്തി ബഞ്ചിന്റെ ഒരരികിൽ ചന്തി ഉറപ്പിച്ചു് കഴിയുമ്പോൾ, ആർത്തവമോ, ആറ്റുകാൽ പൊങ്കാലയോ, മോദിയുടെ കോട്ടോ, ഭഗവതിയുടെ തൃപ്പൂത്തോ, കണ്ണീരൊഴുക്കുന്ന കർത്താവിന്റെ ശിവകാശിപ്പടമോ, അല്ലാഹു പിഴുതെടുത്തു് ഭൂമിയിലേക്കു് കവണിയേറു് നടത്തുന്ന നക്ഷത്രങ്ങളോ ഒക്കെപ്പോലെ, ആവേശപൂർവ്വം ചർച്ച ചെയ്യാൻ പറ്റിയ മറ്റു് ചില വിഷയങ്ങൾ അത്രതന്നെ! ബലാൽസംഗവും കൊലപാതകവുമൊക്കെ, കാഴ്ചവയ്ക്കുന്ന നാൾ മുതൽ സിൽമകളിലൂടെയും, പത്രങ്ങളിലൂടെയും കണ്ടു് മടുത്തു് വളരുന്ന, ആരംഭശൂരന്മാരുടെ ഒരു സമൂഹത്തിൽ ഇത്തരം വാർത്തകൾ സ്ഥായിയായ എന്തു് ചലനം സൃഷ്ടിക്കാൻ? വൈദികമായി നോക്കിയാലും ഭാരതത്തിൽ മനുഷ്യജീവനു് വലിയ വിലയൊന്നുമില്ല. അതിങ്ങനെ പാമ്പും പഴുതാരയുമൊക്കെയായി പുനർജ്ജനിച്ചുകൊണ്ടിരിക്കും. ഇന്നു് മനുഷ്യൻ ഇടുന്ന ഷർട്ടു് നാളെ ഞാഞ്ഞൂലോ, ഗോമാതാവോ, കാട്ടുപോത്തോ, ഹിമക്കരടിയോ ഒക്കെ ഇടുന്നതുപോലെ ലളിതമാണു് പുനർജ്ജന്മത്തിന്റെ കാര്യം. അതുകൊണ്ടു് മരണം ഒരു നിസ്സാരകാര്യമാണു്. അതത്ര കാര്യമാക്കേണ്ട കാര്യമല്ല – ചാവുന്നതു് സ്വന്തം മകനോ, മകളോ, ഭാര്യയോ, ഭർത്താവോ ഒന്നുമല്ലെങ്കിൽ!
Mar 6, 2015, 1:46 PM
അമേരിക്കയിലെയോ പാശ്ചാത്യരാജ്യങ്ങളിലെയോ പ്രസിഡന്റ്, പ്രധാനമന്ത്രി മുതലായവർ സന്ദർശനത്തിനു് വരുമ്പോൾ ഇൻഡ്യയുടെ പൗഡർ പൂശിയ മുഖമേ അവർ കാണാവൂ എന്നു് ഭാരതത്തിലെ ഭരണാധികാരികൾക്കു് നിർബന്ധമുണ്ടു്. കണ്ടാൽ അറപ്പുളവാക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന ധാരാളം ഭാരതീയർ ഉണ്ടു് എന്ന സത്യം മൂടി വയ്ക്കാനുള്ള വ്യഗ്രതയല്ലാതെ മറ്റൊന്നുമല്ല അതിന്റെ കാരണം. അപകർഷതാബോധമാണല്ലോ പൊങ്ങച്ചത്തിന്റെ ആഹാരം. ആ ഒട്ടകപ്പക്ഷികൾക്കറിയാത്ത ഒരു കാര്യം, ഭാരതീയന്റെ സാമൂഹികസാഹചര്യങ്ങളെപ്പറ്റി അവൻ അറിയുന്നതിനേക്കാൾ കൂടുതൽ അറിയുന്നവരാണു് നല്ലൊരു പങ്കു് പാശ്ചാത്യരും എന്നതാണു്. മനുഷ്യർ കാര്യങ്ങളെ വിലയിരുത്തുന്നതു് അവരുടെ ബൗദ്ധികവും സാംസ്കാരികവുമായ നിലവാരത്തിനനുസരിച്ചും, തന്മൂലം വ്യത്യസ്തമായിട്ടുമായിരിക്കും. യൂറോപ്പ് കാണാൻ പോയ കേരളത്തിലെ ഒരു മുഖ്യമന്ത്രി മടങ്ങിയെത്തിയപ്പോൾ നടത്തിയ, അവിടെ “അതൊക്കെ” വെറുതെ ചായ കുടിക്കുന്നതുപോലെയേ ഉള്ളു എന്നൊരു വിലയിരുത്തൽ മറക്കാറായിട്ടില്ലല്ലോ. “അതൊക്കെ” എന്നാൽ ഏതൊക്കെയാണെന്നു് മലയാളിയോടു് പ്രത്യേകം പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല.
കൂട്ടബലാൽസംഗം മൂലം മരിക്കേണ്ടിവന്ന ഒരു ഭാരതീയ പെൺകുട്ടിയുടെയോ, സമാധാനിയായ അല്ലാഹുവിന്റെ ഭീകരപടയാളികളായ ISIS നടത്തുന്ന കൊലപാതകങ്ങളുടെയോ, ലോകത്തിലുടനീളം സംഭവിക്കുന്ന മറ്റെത്രയോ ക്രൂരകൃത്യങ്ങളുടെയോ വാർത്തകൾ കേൾക്കുമ്പോൾ അവയെ നിരുപാധികമായി, അവയുടെ പേരിൽത്തന്നെ, അനീതി എന്നു് വിളിക്കാനോ അപലപിക്കാനോ പല മനുഷ്യർക്കും കഴിയാറില്ല. ഏതൊരു കുറ്റകൃത്യത്തിന്റെ പേരിൽ വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാലും അതു് വ്യക്തമാവും. ആ കുറ്റകൃത്യത്തെ അപലപിക്കുന്നു എന്നും, കുറ്റവാളിയെ (പലപ്പോഴും പച്ചത്തെറി വിളിച്ചുകൊണ്ടു്) നടുറോട്ടിലിട്ടു് തല്ലിക്കൊല്ലണമെന്നുമൊക്കെ ആക്രോശിക്കുന്നവർപോലും അവരുടെ ധാർമ്മികരോഷം അവസാനിപ്പിക്കുന്നതു് ഒരു “പക്ഷേ” യിലാണെങ്കിൽ ഒരുകാര്യം ഉറപ്പിക്കാം, അവരുടെ മനസ്സിന്റെ അടിത്തട്ടിൽ, സ്വന്തം ദൈവത്തിന്റെ, സ്വന്തം മതത്തിന്റെ, സ്വന്തം വിശ്വാസപ്രമാണങ്ങളുടെ, സ്വന്തം നിലപാടുതറകളുടെ, തൊട്ടാൽ പൊട്ടുന്ന ഒരു വ്രണം പൊറ്റപിടിച്ചു് കിടക്കുന്നുണ്ടു്. അതു് പൊട്ടിയാൽ ആ നിമിഷം “സെപ്സിസ്” മൂലം താനെന്ന അസ്തിത്വത്തിന്റെ അവസാനം സംഭവിക്കുമെന്ന ഭയം! ആ ഭയമാണു് തന്റെ “പക്ഷേ”യിലൂടെ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി അവൻ പ്രകടിപ്പിക്കുന്നതു്. സ്വന്തം നിലനില്പിനുവേണ്ടി അവനു് ചിലതൊക്കെ സംരക്ഷിക്കേണ്ടതുണ്ടു്. ഒരു കുറ്റകൃത്യത്തിൽ കുറ്റവാളി ആരു്, ഇര ആരു് എന്നു് നേരിയ തോതിലെങ്കിലും അറിയാൻ കഴിയുന്ന ആദ്യത്തെ നിമിഷം അവന്റെ തലയിലെ സർക്കിറ്റുകളിൽ ചിലതു് ഷോർട്ടാവും. അതോടെ ഫ്യൂസ് പോയി കണ്ണുകാണാതാവുന്ന അവന്റെ പിന്നീടുള്ള എല്ലാ പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നതു് ഇപ്പറഞ്ഞ ഭയമായിരിക്കും. ആ കുറ്റകൃത്യത്തെ റിലേറ്റിവൈസ് ചെയ്തു് തീവ്രത കുറയ്ക്കാനും, കുറ്റകൃത്യത്തിൽ എതിർ നിലപാടു് സ്വീകരിക്കുന്നവരെ വെർബലായി ആക്രമിക്കാനും, സാദ്ധ്യമായ എല്ലാ പ്രതിരോധനടപടികളും സ്വീകരിക്കാനുമുള്ള ഒരു പരക്കം പാച്ചിലായിരിക്കും പിന്നെ.
BBC പ്രക്ഷേപണം ചെയ്ത “India’s Daughter” എന്ന ഡോക്യുമെന്ററി കണ്ടവർ, അതിൽ ഒരു നിയമജ്ഞൻ ഛർദ്ദിച്ചു് വയ്ക്കുന്ന, “We have the best culture. In our culture there is no place for a woman” എന്ന മഹദ്വചനം കേട്ടിരിക്കും. മുഴുവൻ ഭാരതീയരുടെയും പ്രതിനിധിയായി തന്നെ അവരോധിക്കാൻ ആരാണു് അയാൾക്കധികാരം കൊടുത്തതു്? നിയമവ്യവസ്ഥക്കുതന്നെ അപമാനമായ ഇയാളെപ്പോലുള്ളവർക്കൊക്കെ വക്കീലാവാൻ ഭാരതത്തിലേ കഴിയൂ എന്നു് തോന്നുന്നു. യൂറോപ്യൻസ് ആരെങ്കിലും ഈ വിഷയത്തിലും എന്നെങ്കിലും ഒരു ഡോക്യുമെന്ററി ചെയ്യുമെന്നും BBC അതു് പ്രക്ഷേപണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാരണം, കൂട്ടബലാൽസംഗത്തിന്റെ പേരിൽ BBC- യെ തെറി വിളിക്കുകയും, ഇംഗ്ലണ്ടിലും, പാകിസ്ഥാനിലും, ആഫ്രിക്കയിലുമൊക്കെ ഇതിലും “രസകരമായ” ബലാൽസംഗങ്ങൾ കാണാൻ കഴിയുമെന്നു് സങ്കടപ്പെടുകയും ചെയ്യുന്നവർക്കു് ആ നാടുകളിൽ നിന്നും ലഭിച്ച ആ വാർത്തകളും ലിങ്കുകളുമൊക്കെ ഏതെങ്കിലും സായിപ്പന്മാരുടെ അദ്ധ്വാനഫലമാവാനേ സാദ്ധ്യതയുള്ളു. അതോ, ദിനം പ്രതിയെന്നോണം സിൽമാമസാലകൾ പടച്ചുവിടുന്ന ബോളിവുഡ് എക്സ്പെർട്ടുകളിൽ ആരെങ്കിലും അവിടെയൊക്കെ പോയി അതെല്ലാം ഷൂട്ട് ചെയ്തു് ലോകത്തിനു് മുന്നിൽ കാഴ്ച വയ്ക്കുകയായിരുന്നോ?
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതു് ആരെന്നു് നോക്കാതെ, അവ തെറ്റുകളാണെങ്കിൽ അവയെ തിരുത്താനാണു് ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യർ ശ്രമിക്കാറുള്ളതു്. വിശ്വാസസത്യങ്ങളുടെ മായാജാലത്തിൽ സുബോധം നഷ്ടപ്പെട്ടവർക്കു് എന്തിനു് ചിന്താശേഷി? അവർക്കു് ഏതു് പ്രശ്നത്തിനും സനാതനമായ ഒറ്റമൂലികളുണ്ടല്ലോ.
അമ്മയെയും പെങ്ങന്മാരെയും അങ്ങേയറ്റം ബഹുമാനിക്കുന്നവൻ എന്നഭിമാനിക്കുന്ന ഭാരതീയനും അവന്റെ പുണ്യപുരാതനസംസ്കാരവും! ഭാരതാംബ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് ഭാരതീയരുടെ മാതാവു് എന്നാണെങ്കിൽ, ആ മാതാവിന്റെ തന്നെ ഒരു മകളായിരുന്നു ക്രൂരമായ ബലാൽസംഗംവഴി കൊല്ലപ്പെട്ട ആ പെൺകുട്ടിയും. കൂട്ടുകാരനോടൊത്തു് പുറത്തുപോയി എന്ന മഹാപരാധത്തിന്റെ പേരിലായിരുന്നു അവൾ ശിക്ഷിക്കപ്പെട്ടതു്. അവളുടെ കൊലപാതകം ഒരു അനീതിയായിരുന്നു എന്നും, കുറ്റവാളികൾ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്നും നിരുപാധികം സമ്മതിക്കാൻ ഏതെങ്കിലുമൊരു ഭാരതീയനു് കഴിയുന്നില്ലെങ്കിൽ, അതിനു് അവൻ പൊക്കിപ്പിടിക്കുന്ന ന്യായീകരണങ്ങൾ ഏതു് ഗ്രന്ഥത്തിന്റെ, ഏതു് വിശ്വാസത്തിന്റെ, ഏതു് സംസ്കാരത്തിന്റെ അടിസ്ഥാനത്തിലായാലും, അവയുടെയൊക്കെ സ്ഥാനം ചവറ്റുകൊട്ടയിലാണു്. ഇക്കാലത്തു് ചവറ്റുകൊട്ടകൾ പോലും അവയെ പുറത്തേക്കു് തുപ്പാനാണു് സാദ്ധ്യത.
Mar 9, 2015, 3:51 PM
“വേലി ചാടിപ്പശുവിനു് കോലുകൊണ്ടു് മരണം” എന്നൊരു പഴഞ്ചൊല്ലുണ്ടു്. ഗോമാതാക്കൾ അകാലത്തിൽ കോലപകടം വഴി നിര്യാണം പ്രാപിക്കാതിരിക്കാൻ കോലുകൊണ്ടുള്ള വേലികെട്ടൽ ഭാരതത്തിൽ എത്രയും വേഗം നിരോധിക്കേണ്ടിയിരിക്കുന്നു. ആയിരം മനുഗോത്രജാതകൾ പീഡിപ്പിക്കപ്പെടാം, കൊല്ലപ്പെടാം. അതിൽ ദൈവദോഷമില്ല. പക്ഷേ, കുലീനകളായ പശുഗോത്രവനിതകൾക്കു് ഏൽക്കുന്ന ഒരു പോറൽ പോലും ദൈവകോപം വിളിച്ചുവരുത്തും. കാരണം, പണ്ടു് ദൈവം പശുപതി ആയിരുന്നു; ഇന്നു് പശുപതികളാണു് ദൈവങ്ങൾ!
Mar 11, 2015, 9:40 AM
ഭാരതീയൻ മൃഗങ്ങൾക്കു് ചുറ്റും, പ്രത്യേകിച്ചും പശുവിനും പോത്തിനും കുരങ്ങിനും പാമ്പിനും പട്ടിക്കും പന്നിക്കുമൊക്കെ ചുറ്റും, എന്തിനാണിങ്ങനെ വട്ടം കറങ്ങുന്നതു്? ഇവയിൽ ചിലവ ദൈവങ്ങളോ ദൈവതുല്യരോ ആണെങ്കിൽ, മറ്റു് ചിലവ എതിരാളികളെ തെറി വിളിക്കുന്നതിനുള്ള രൂപകങ്ങളാണു്. നല്ല മനുഷ്യർ, ചീത്ത മനുഷ്യർ എന്നപോലെതന്നെ, നല്ല മൃഗങ്ങൾ, ചീത്ത മൃഗങ്ങൾ! ഞാനും എന്റേതുകളും നല്ലതു്, നീയും നിന്റേതുകളും ചീത്ത. ജനിതകമായ വല്ല കാരണങ്ങളുമുണ്ടാവുമോ ഈ സ്വഭാവവിശേഷത്തിനു് പിന്നിൽ? അതിജീവനത്തിനായി, ചുറ്റുപാടുകൾ അതനിവാര്യമാക്കുമ്പോൾ, ജീവികളിൽ മ്യൂട്ടേഷനുകളും തത്ഫലമായി, കാലക്രമേണ ശാരീരികവും പെരുമാറ്റപരവുമായ മാറ്റങ്ങളും രൂപമെടുക്കുമെന്നു് കേട്ടിട്ടുണ്ടു്. മൃഗങ്ങളോടുള്ള ഭാരതീയന്റെ ഈ അഫിനിറ്റിയും അവെർഷനും അതുപോലെ വല്ല മ്യൂട്ടേഷന്റെയും ഫലമായി അവനിൽ രൂപമെടുത്തതായിരിക്കുമെന്നുണ്ടോ? വേദഗ്രന്ഥങ്ങളിലെ മനുഷ്യരെയും മൃഗങ്ങളെയും മനുഷ്യമൃഗങ്ങളെയും, രതിശില്പങ്ങൾ നിറഞ്ഞ ഖജുരാഹോയിലെ മൃഗവേഴ്ചാശില്പങ്ങളെയുമൊക്കെ കാണുമ്പോൾ, അങ്ങനെയൊരു സംശയം തോന്നിപ്പോകുന്നു. അവയിലേക്കു് നയിച്ച സാമൂഹികവും, സാംസ്കാരികവുമായ ഘടകങ്ങൾ പഠനവിധേയമാക്കാതെ കൃത്യമായ ഒരു വിലയിരുത്തൽ സാദ്ധ്യമാവില്ലെങ്കിലും, ഗവേഷകർക്കുള്ള ഒരു ചൂണ്ടുപലക എന്ന നിലയിലെങ്കിലും, അതുപോലൊരു ഊഹത്തിനു് സാധുത്വമുണ്ടു്.
ഖജുരാഹോ ശില്പങ്ങളുടെ ഉത്ഭവകാലത്തു് ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹികയാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കിൽ, മനുഷ്യൻ മൃഗങ്ങളുമായി രതിയിൽ ഏർപ്പെടുന്നതിന്റെയും മറ്റും ശില്പങ്ങൾ ഭാവനാശേഷി മാത്രം ഉപയോഗിച്ചു് കൊത്തിയെടുക്കാൻ ശില്പികൾക്കു് കഴിയുമായിരുന്നുവോ? അത്തരം ചിത്രങ്ങൾ സമൂഹത്തിൽ എവിടെ നിന്നോ, എങ്ങനെയോ ഒക്കെ അവരുടെ തലയിൽ സ്ഥാനം പിടിച്ചു എന്നു് കരുതുന്നതല്ലേ കൂടുതൽ യുക്തിസഹം? അശ്വമേധത്തിന്റെ അവസാനം തിരികെ കൊണ്ടുവരുന്ന കുതിരയെ യാഗത്തിന്റെ രണ്ടാം ദിവസം ശ്വാസം മുട്ടിച്ചു് കൊല്ലുകയും, ചത്ത കുതിരയുമായി രാജാവിന്റെ പട്ടമഹിഷി (പ്രധാനഭാര്യ) സംഭോഗത്തിലേർപ്പെടുകയും ചെയ്തിരുന്ന ഭാരതീയ സംസ്കാരത്തിൽ മൃഗവേഴ്ച (മൗനമായെങ്കിലും) അനുവദിക്കപ്പെട്ടിരിക്കാനോ, അതോ നിരോധിക്കപ്പെട്ടിരിക്കാനോ കൂടുതൽ സാദ്ധ്യത ?
അശ്വമേധയാഗത്തെത്തെപ്പറ്റി വിക്കിപ്പീഡിയയിൽ വായിക്കാമെങ്കിലും (http://bit.ly/1EVD5uC), ആത്മീയതയുടെ ഭൂതം തലയിൽ കയറിക്കൂടിയാൽ അത്ര എളുപ്പം അതിനെ അവിടെനിന്നും ഇറക്കിവിടാനാവില്ല എന്നു് മനസ്സിലാക്കാൻ അതിലെ ചില കമന്റുകൾ സഹായിക്കുമെന്നതിനാൽ, “അനാര്യൻ” എന്ന ബ്ലോഗറുടെ, “രാജ്ഞിമാരുടെ മൃഗവേഴ്ചകള്‍” എന്നൊരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു: (http://anaryan-blog.blogspot.de/2010/11/blog-post.html).
മാർക്സിയൻ ഭൂതം, മുഹമ്മദീയൻ ഭൂതം, യേശുനാഥഭൂതം, വേദാന്തഭൂതം, അങ്ങനെയങ്ങനെ, ഒരിക്കൽ ബാധിച്ചാൽ ഇറങ്ങിപ്പോകാനോ, ഇറക്കിവിടാനോ കഴിയാത്ത ഭൂതങ്ങൾ ബാധിച്ച മനുഷ്യർ ജാഥയും ഹർത്താലും, യാഗവും പൂജയും, നേർച്ചയും കാഴ്ചയുമായി നെട്ടോട്ടം ഓടുകയും, വട്ടം ചുറ്റുകയും, മനുഷ്യരെ വട്ടം ചുറ്റിക്കുകയും ചെയ്യുന്ന ഒരു നാഥനില്ലാക്കളരിയാണിന്നു് ഭാരതഭൂമി. അതെന്തായാലും, അശ്വത്തെ ബലിയർപ്പിക്കുന്നതിന്റെ തലേന്നു് നടത്തപ്പെടുന്ന ബലികളിൽ (കൊലകളിൽ) വന്യമൃഗങ്ങളോടൊപ്പം അനേകം പശുക്കളും ഉൾപ്പെട്ടിരുന്നു എന്നതു്, പൊട്ടിവിരിയാൻ വെമ്പിനിൽക്കുന്ന ആർഷഭാരതീയ പശുയുഗനവോത്ഥാനത്തിന്റേതായ ഇക്കാലത്തു് ഒട്ടും അപ്രസക്തമാവാൻ വഴിയില്ല എന്നതിനാൽ അതുകൂടി ഇവിടെ സൂചിപ്പിക്കുന്നു.
സമൂഹം സാംസ്കാരിക പുരോഗതി കൈവരിക്കുന്നതിനനുസരിച്ചു് പഴയ ചിട്ടകളും ആചാരമര്യാദകളും ഉപേക്ഷിക്കപ്പെടാം, തിരുത്തപ്പെടാം, തികച്ചും പുതിയവ സ്വീകരിക്കപ്പെടാം. പക്ഷേ, സമൂഹം സാംസ്കാരികമായ മാറ്റമില്ലായ്മയോ, അധോഗതിതന്നെയോ ആണു് ആഗ്രഹിക്കുന്നതെങ്കിൽ? അപ്പോൾ “വൈദികമായി” ശവവേഴ്ച അനുവദിച്ചിരുന്ന ഒരു സമൂഹം ഒന്നുകിൽ നിത്യമായി ശവവേഴ്ചയിലും മൃഗവേഴ്ചയിലും അഭിരമിച്ചു് സ്റ്റാറ്റസ് ക്വോ കാത്തു് സൂക്ഷിക്കാനോ, അല്ലെങ്കിൽ ഒരുപടി കൂടി താഴേക്കിറങ്ങി, പ്രകൃതിവിരുദ്ധമായ ഈ ലൈംഗികവേഴ്ചകളോടൊപ്പം, മനുഷ്യമാംസം കൂടിത്തിന്നു് അഘോരിസംസ്കാരത്തിൽ എത്തിച്ചേരാനോ ശ്രമിക്കും. അതായിരിക്കും അത്തരമൊരു സംസ്കാരത്തിന്റെ സ്വാഭാവികമായ ഗതി – അധോഗതി! ജീവിക്കുന്നവയോ, ചത്തവയോ ആയ മൃഗങ്ങളുമായി സംഭോഗത്തിലേർപ്പെടുന്നതും, മനുഷ്യമാംസം തിന്നുന്നതുമെല്ലാം അങ്ങേയറ്റം പ്രാകൃതമായ കൃത്യങ്ങളാണെന്നും, അവ ഇന്നത്തെ മാനവസംസ്കാരവുമായി ഒരുവിധത്തിലും പൊരുത്തപ്പെടുത്താവുന്ന കാര്യങ്ങളല്ലെന്നും സമൂഹത്തിന്റെ പൊതുബോധത്തിൽ വേരുറപ്പിക്കാൻ കഴിയാത്തിടത്തോളം ഇത്തരം പ്രാകൃതത്വങ്ങൾ തുടർന്നുകൊണ്ടിരിക്കാനേ മനുഷ്യർക്കു് കഴിയൂ. കാരണം, ശീലങ്ങളിൽ നിന്നും അത്ര എളുപ്പം മോചനം പ്രാപിക്കാൻ കഴിയാത്ത ഒരു മൃഗമാണു് മനുഷ്യനും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു്, അർത്ഥശൂന്യമായ കീഴ്വഴക്കങ്ങളുടെയും, മതപരമായ ആചാരങ്ങളുടെയും, പരാജിതനീതിശാസ്ത്രങ്ങളുടെയും അളിഞ്ഞുനാറുന്ന ചേറിലിട്ടു് തലമുറകളിലൂടെ വലിച്ചിഴക്കപ്പെടുന്ന ഭാരതീയൻ.
ഒരു അഘോരി ഗംഗയിൽ നിന്നും ഒരു മൃതശരീരം വലിച്ചെടുത്തു് തിന്നുന്നതിന്റെ വീഡിയോ: http://bit.ly/1GmAybk (മുന്നറിയിപ്പു്: ദുര്‍ബ്ബലമാനസർക്കു് ഈ വീഡിയോ അനുയോജ്യമായിരിക്കില്ല)
മൃഗവേഴ്ചയുടെയും, ശവഭോജനത്തിന്റെയും കുടിപ്പള്ളിക്കൂടങ്ങൾക്കു് മനുഷ്യരെ കൂട്ടബലാൽസംഗവും, സ്ത്രീകളുടെ ലൈംഗികാവയവത്തിൽ കമ്പിയും കോലും കയറ്റലുമൊക്കെ പഠിപ്പിക്കാനേ കഴിയൂ. ഏതവയവത്തിലൂടെയാണോ സ്വന്തം അമ്മ തന്നെ ലോകത്തിന്റെ പ്രകാശം കാണിച്ചതു്, അവിടേയ്ക്കുതന്നെ കമ്പിപ്പാര കയറ്റാൻ മടിക്കാത്ത കാട്ടാളജന്മങ്ങൾ! BBC-യിലെയോ മറ്റോ “ഭാരതസംസ്കാരവൈരികളായ” ഏതെങ്കിലും “പെയ്‌ൽ ഫെയ്സുകൾ” ഭാരതത്തിൽ നിലനിന്നിരുന്നതും നിലനിൽക്കുന്നതുമായ ആത്മീയപൈതൃകങ്ങളെപ്പറ്റി വല്ല ഡോക്യുമെന്ററിയുമുണ്ടാക്കി പ്രക്ഷേപണം ചെയ്തിരുന്നെങ്കിൽ, ചുരുങ്ങിയപക്ഷം, ഇതുവരെ ബൗദ്ധികമലിനീകരണം സംഭവിച്ചിട്ടില്ലാത്ത പുതിയ തലമുറകളിൽ ഒരു “അവെയർനെസ് റെയ്സിങ്ങിനും”, അതുവഴി അടുത്ത നൂറോ ഇരുന്നൂറോ വർഷങ്ങൾക്കുള്ളിലെങ്കിലും ഇരുട്ടിൽനിന്നുമുള്ള ഭാരതത്തിന്റെ വിമോചനത്തിനും അതു് സഹായകമായേനെ, ഒരുപക്ഷേ!
Mar 13, 2015, 10:39 AM
“ജനാധിപത്യമര്യാദകൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരേ പാലിക്കേണ്ടതുള്ളു.”
സെൽഫ് പ്രൊമോഷനുവേണ്ടി ശവങ്ങൾക്കുമീതെ നടക്കാൻ മടിക്കാത്തവർക്കുപോലും പറയാൻ കഴിയുന്ന ഒരു വാചകം! ഇതു് പറയുന്നതു് സാക്ഷാൽ ഇദി അമീൻ തന്നെയാണെങ്കിലും അതു് അംഗീകരിക്കേണ്ടിവരുന്നതാണു് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ഗതികേടു്. പക്ഷേ, ഗതികേടിനെ എന്റർട്ടെയ്‌ന്മെന്റ് ആക്കി മാറ്റാൻ ഭാരതീയൻ പണ്ടേ ശീലിച്ചു് കഴിഞ്ഞതിനാൽ, കാര്യങ്ങൾ കടിയും പിടിയുമൊക്കെയായി ആഘോഷപൂർവ്വം മുന്നോട്ടു് പോയിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയദൈവങ്ങൾക്കു് സ്തോത്രം!
Mar 14, 2015, 10:24 AM
ഈത്തപ്പഴം പായ്ക്കുചെയ്യുന്നതുപോലെ മനുഷ്യരെ കയറ്റിനിറച്ച ബസുകളിൽ “ഉന്നതവിദ്യാഭ്യാസത്തിനായുള്ള” യാത്രകളിൽ പരിശീലിക്കുന്ന സാമൂഹികമായ പെരുമാറ്റമര്യാദകൾ, എങ്ങനെയോ നിയമസഭയിൽ എത്തിപ്പെട്ടു എന്നതിന്റെ പേരിൽ ആർക്കും അത്ര എളുപ്പം മറക്കാനോ, എന്നേക്കുമായി മറയ്ക്കാനോ കഴിയില്ല. അവസരം ലഭിക്കുമ്പോൾ അതു് വീണ്ടും തലയുയർത്തും. “ചെറുപ്പകാലങ്ങളിലുള്ള ശീല അലക്കുമോ മാനുഷനുള്ള കാലം” എന്നു് മഹദ്‌വാക്യം. ഒന്നും അറിയാത്തവനും വായിട്ടലയ്ക്കാൻ പറ്റിയ വിഷയം കക്ഷിരാഷ്ട്രീയമാണെന്നപോലെ, നല്ലൊരുപങ്കു് അജ്ഞതയും, അതിലേറെ ബോധമില്ലായ്മയും ഉള്ളവനു് ലൈംഗികസംതൃപ്തി ലഭിക്കാൻ ഏതെങ്കിലും ഒരു സ്ത്രീയുടെ ശരീരത്തിൽ സൂത്രത്തിൽ ഒന്നു് തൊടാനോ പിടിക്കാനോ കഴിഞ്ഞാൽ മതി. ഒരുതരം ഇടക്കാലാശ്വാസം. ഒരുവൻ ഒരേസമയം കക്ഷിരാഷ്ട്രീയക്കാരനും, ഈ ലൈംഗികരോഗം ഉള്ളവനുമാണെങ്കിൽ ഭാരതത്തിലെ നിയമനിർമ്മാണസഭകളിൽ അവനു് അംഗത്വം ലഭിക്കുന്നതിനു് മറ്റു് യോഗ്യതകളുടെ ആവശ്യമില്ല. (ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ ഗുരുതരമായ മാനസികരോഗാവസ്ഥ ഉണ്ടായാലേ പറ്റൂ. അതാണെങ്കിൽ ചികിത്സിച്ചു് ഭേദമാക്കാൻ മിക്കവാറും കഴിയുന്നതുമല്ല.) പുരുഷനോടുള്ള വിധേയത്വവും, സ്ത്രീനിശബ്ദതയുടെ മഹത്വവും ബാല്യത്തിലേതന്നെ കുടുംബത്തിൽ നിന്നും പകർന്നുനൽകി പ്രതികരണശേഷി നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളെയാണു് തോണ്ടുന്നതെങ്കിൽ ചിലപ്പോൾ ചവിട്ടും കടിയുമൊക്കെ കിട്ടിയെന്നിരിക്കും. പക്ഷേ, ദിവ്യാനുരാഗപൂർത്തിക്കായി എന്തെന്തു് ത്യാഗങ്ങൾ സഹിക്കാൻ പുരുഷവർഗ്ഗം തയ്യാറാവുകയില്ല?! പ്രേമാഭ്യർത്ഥനയുമായി തന്റെ പിന്നാലെ നടക്കുന്ന ആൺകഴുതയെ കഴുതപ്പെണ്ണു് പിൻകാലുരണ്ടും പൊക്കി തൊഴിക്കുന്ന തൊഴി കണ്ടിട്ടുള്ളവർക്കറിയാം കഴുതച്ചെക്കന്മാരുടെ സഹനശക്തി!
ലൈംഗികത ജീവിവർഗ്ഗങ്ങളിലെ ഒരു സ്വാഭാവികതയാണു്. അതറിയാവുന്ന സമൂഹങ്ങൾ പ്രായപൂർത്തിയായവർ ഒരുമിച്ചു് ജീവിക്കുന്നതിനെ സദാചാരം തകർന്നു, കുടുംബമഹിമ തുലഞ്ഞു എന്നൊന്നും പറഞ്ഞു് എതിർക്കാറില്ല. അതുകൊണ്ടുതന്നെ, അവിടങ്ങളിൽ കേരളത്തിലേതുപോലെ “സദാ ചാരരായ” ന്യൂറോട്ടിക് ആന്റിമാരുടെയും ഇഡിയോട്ടിക് അങ്കിൾമാരുടെയും തിക്കും തിരക്കും കാണാനുമില്ല. ചൂടേറ്റു് വെള്ളം ആവിയാവുമ്പോൾ ഉള്ളിലെ മർദ്ദം പെരുകുന്ന, ചായക്കടകളിലൊക്കെ കാണാറുള്ള, സമോവറിനോടു് പ്രായപൂർത്തിയെത്തുന്ന മനുഷ്യരെ ഉപമിക്കാമെന്നു് തോന്നുന്നു. ഉള്ളിലെ മർദ്ദം കൂടുന്നതിനനുസരിച്ചു് ഇടയ്ക്കിടെ ആവി പുറത്തുപോയില്ലെങ്കിൽ സമോവർ തന്നെ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടു്. ഇക്കാര്യം പ്രകൃതിയെപ്പോലെതന്നെ സമോവർ നിർമ്മിക്കുന്നവർക്കും അറിയാമെന്നതിനാലാണു് ഉള്ളിലെ മർദ്ദം ഒരു പരിധിയിലും അധികം വർദ്ധിക്കാതിരിക്കാൻ മനുഷ്യരിലും സമോവറിലും ചില വാൽവുകൾ മനുഷ്യരുടെ “നിർമ്മാതാവായ” പ്രകൃതിയും, സമോവറിന്റെ നിർമ്മാതാക്കളും ഫിറ്റ് ചെയ്യുന്നതു്. സർവ്വജ്ഞാനിയായ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ഇക്കാര്യം അങ്ങേർക്കും അറിയാൻ കഴിയേണ്ടതായിരുന്നു. കഷ്ടകാലത്തിനു് അങ്ങനെയൊരു സംഭവമില്ല. പക്ഷേ, പണ്ടെന്നോ അങ്ങനെയൊരു “സർവ്വശക്തൻ” ഉണ്ടാവുന്നതു് അത്ര മോശം കാര്യമല്ല എന്നു് മനസ്സിലാക്കിയ ചില തട്ടിപ്പുകാർ, അതുപോലൊന്നിനെ സങ്കല്പിച്ചു് നീലപ്പെയിന്റടിച്ച ആകാശത്തട്ടിന്റെ മുകളിൽ ഒരു സിംഹാസനത്തിൽ കുടിയിരുത്തി. അന്നുമുതൽ തുടങ്ങിയതാണു് ഈയാം പാറ്റകളെപ്പോലെ, ദൈവസങ്കല്പത്തെച്ചുറ്റിയും അങ്ങേരെ തൃപ്തിപ്പെടുത്താനുള്ള കുറുക്കുവഴികളെപ്പറ്റിയുമുള്ള മനുഷ്യഭാവനയുടെ പറന്നുപൊങ്ങൽ! ഒരു ദൈവം, ഒരുപാടു് ദൈവങ്ങൾ, ദ്വൈതം, അദ്വൈതം, ഒന്നായ രണ്ടു്, മൂന്നായ ഒന്നു്, മുപ്പത്തിമുക്കോടിയായ ഒന്നു്, ഏതാണോ ഒന്നു് അതാണു് ഒന്നു്, അതു് നീ തന്നെ, ഇതു് ഞാൻ തന്നെ, ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, ….! അങ്ങനെയങ്ങനെ എത്രയെത്ര ദൈവങ്ങൾ! ഏതേതുതരം മതങ്ങൾ! ഓരോരോ മദങ്ങൾക്കും എന്തെന്തുതരം ഗുണങ്ങൾ!!
ആ ദൈവം കല്പിച്ചതു് എന്നും പറഞ്ഞു് ഈ ലോകത്തിൽ അങ്ങോളമിങ്ങോളം, അങ്ങേയറ്റം ശാസ്ത്രീയമെന്ന ലേബലിൽ, അലയടിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ മനുഷ്യന്റെ പ്രകൃതിസഹജമായ ജീവിതത്തെ എത്രമാത്രം താറുമാറാക്കി എന്നറിയാൻ ഇപ്പറഞ്ഞ മർദ്ദനിയന്ത്രണത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഉറിയേതു്, തറിയേതു് എന്നറിയാത്ത കുറെ ദൈവികഏജന്റുകൾ ദൈവനാമത്തിൽ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും പെരുമാറ്റച്ചട്ടങ്ങൾ ഏർപ്പെടുത്തി. പ്രകൃതിസഹജതകൾ പരിഹാരം ചെയ്യേണ്ട പാപങ്ങളായി മാറി. മനുഷ്യൻ ഒഴിവാക്കേണ്ട പാപങ്ങളുടെ ഏറ്റവും മുന്നിലാണു് ലൈംഗികതയുടെ സ്ഥാനം! മനുഷ്യനു് ആനന്ദം നൽകുന്ന കാര്യങ്ങളെല്ലാം അവനെ പരീക്ഷിക്കാനായി ഏർപ്പെടുത്തപ്പെട്ടവയാണെന്നു് വ്യാഖ്യാനിക്കപ്പെട്ടു. ദൈവത്തിന്റെ പരീക്ഷകൾ, പിശാചിന്റെ പരീക്ഷകൾ! പരീക്ഷകൾ ജയിച്ചാലേ സ്വർഗ്ഗത്തിലെത്തൂ. അല്ലെങ്കിൽ നരകത്തിലെത്തും. കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകങ്ങൾ! വറചട്ടിയും ദോശക്കല്ലുമുള്ള നരകങ്ങൾ! എന്തുചെയ്തും സ്വർഗ്ഗത്തിൽ എത്തുകതന്നെ! “ചത്താലും” നരകത്തിലേക്കില്ല. അതിനായി ആഴ്ചകളോളം നോമ്പു് നോക്കുന്നവർ; ദിവസങ്ങളോളം ഭജനയിരിക്കുന്നവർ; രാപകൽ ധ്യാനിക്കുന്നവർ; തല മൊട്ടയടിക്കുന്നവർ; ദേഹം മുഴുവൻ ചാരം വാരിപ്പൂശുന്നവർ; നാവു് തുളച്ചു് കമ്പിയിടുന്നവർ; പുറത്തെ തൊലിയിൽ പിടിപ്പിച്ച കൊളുത്തുകളിൽ എന്തിനോ വേണ്ടി തൂങ്ങിക്കിടക്കുന്നവർ; ചത്തു് പണ്ടാറമടങ്ങുമ്പോൾ നരകത്തിലെ വറചട്ടിയിൽ എത്തിപ്പെടുമോ എന്ന ഭയം മൂലം നിസ്കാരം എന്ന പേരിൽ ദിവസത്തിൽ അഞ്ചുനേരം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നവർ; സ്വർഗ്ഗത്തിലെത്തുമ്പോൾ മദ്യപ്പുഴയിൽ നിന്നും മോന്താൻ കിട്ടിയില്ലെങ്കിലോ എന്ന ഭയം മൂലം ഇഹലോകത്തിൽ മദ്യം കൈകൊണ്ടുപോലും തൊടാത്തവർ; സ്വർഗ്ഗത്തിലെ ഹൂറികൾക്കുവേണ്ടി ഭൂമിയിലെ സ്ത്രീകളെ, അവർ പകർച്ചവ്യാധി ആയാലെന്നപോലെ അകറ്റി നിർത്തുന്നവർ; ദൈവകോപം ഭയന്നു്, “വാൽവ്” തുറന്നു് ഒരു കാരണവശാലും “മർദ്ദം” കുറഞ്ഞുപോകാതിക്കാൻ കഷ്ടപ്പെടുന്ന അച്ചന്മാർ, കന്യാസ്ത്രീകൾ, ജിഹാദികൾ; ദൈവവാഗ്ദാനപ്രകാരം, സ്വർഗ്ഗത്തിലെത്തുമ്പോൾ 72 ഹൂറികളെ കിട്ടുമെന്ന ധാരണയിൽ അരയിലെ ബോംബു് പൊട്ടിച്ചു് അവിശ്വാസികളെ കൊല്ലാനും സ്വയം ചാവാനും തയ്യാറാവുന്നവർ … !
മനുഷ്യരെ ഇത്തരം ഭ്രാന്തുകളിലേക്കു് നയിക്കുന്ന മതഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവർ ഈ ലോകത്തിൽ ഏറിയാൽ വല്ല ആയിരമോ പതിനായിരമോ മറ്റോ ആയിരിക്കുമെന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. ഇന്നത്തെ ലോകജനസംഖ്യയായ ഏകദേശം 7,000,000,000 (എഴുന്നൂറു് കോടി) മനുഷ്യരിൽ ബഹുഭൂരിപക്ഷവും ഇതിൽ ഏതെങ്കിലുമൊരു ഭ്രാന്തിന്റെ അടിമയാണു്! സ്വർഗ്ഗം എന്ന “ഫാറ്റാ മോർഗാന”യ്ക്കുവേണ്ടി ഇങ്ങനെയൊക്കെ ജീവിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതു് ചാവുന്നതുതന്നെയാണു്. അതുവഴി ഇഹലോകത്തിലെ പാപങ്ങളിൽ നിന്നും രക്ഷപെടാം, ദൈവം പ്രത്യക്ഷപ്പെടുന്ന മുറയ്ക്കു് സ്വർഗ്ഗത്തിൽ എത്തുകയും ചെയ്യാം. ഒരു വെടിക്കു് രണ്ടു് പക്ഷി! വെടി വയ്ക്കണമെന്നേയുള്ളു. അരയിൽ കെട്ടിവച്ചിരിക്കുന്ന ബോംബുപൊട്ടിച്ചുചത്തു് വൈകിട്ടുതന്നെ സ്വർഗ്ഗത്തിലെത്തി 72 നിത്യകന്യകകളെ സ്വന്തമാക്കുന്ന ചാവേറുകൾ അത്ര പൊട്ടന്മാരല്ല!
ഒരു ആശയം കടമെടുത്തു് പറഞ്ഞാൽ, ഒരു ചാവേറിനെ സംബന്ധിച്ചു്, ഏതു് നിമിഷവും പൊട്ടിത്തെറിക്കാൻ റെഡിയായി അവന്റെ കാലുകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന, സമോവറിലെപ്പോലെ ഉന്നതമർദ്ദമുള്ള “ബോംബുകളുടെ” കൂട്ടത്തിൽ അന്യബോംബുകൾ ഒളിപ്പിച്ചു് വയ്ക്കേണ്ട ആവശ്യം തന്നെയുണ്ടെന്നു് തോന്നുന്നില്ല. ചാവേറുകൾ പൊട്ടിത്തെറിക്കുന്നതു് സത്യത്തിൽ അങ്ങനെയല്ലെന്നു് ആരുകണ്ടു? ഒരുപക്ഷേ അതുകൊണ്ടാവാം, ചാവേറുകളെപ്പോലുള്ള തീവ്രവിശ്വാസികൾ സർക്കാസമോ ഐറണിയോ ഒന്നും കേട്ടാൽ ചിരിക്കാറില്ല. അതു് അവ മനസ്സിലാക്കാനുള്ള അവരുടെ കഴിവില്ലായ്മ കൊണ്ടാണെന്നു് മറ്റുള്ളവർക്കറിയാമെങ്കിലും അവർക്കറിയില്ല; അവരതു് സമ്മതിക്കാറുമില്ല. വാസ്തവത്തിൽ അതിനു് പിന്നിൽ വിശ്വാസികളുടെ സന്തതസഹചാരിയായ ഭയമാവാനാണു് കൂടുതൽ സാദ്ധ്യതയെന്നു് തോന്നുന്നു. ചിരിമൂലം വയറിന്റെ മസിലുകളിൽ ഉണ്ടാകുന്ന ചലനങ്ങളുടെ അനുരണനങ്ങൾ താഴത്തെ വെടിക്കുടുക്കകളിലേക്കെങ്ങാനും വ്യാപിച്ചാൽ?!
(P. S. സാഹിത്യപരമായ അർത്ഥത്തിനു് വ്യത്യസ്തമോ, വിപരീതമോ ആയ അർത്ഥം ഉദ്ദേശിച്ചു് എഴുതുകയോ, പറയുകയോ ചെയ്യുന്ന verbal irony, sarcasm മുതലായവ ആസ്വദിക്കാൻ കഴിയാത്തവരുടെ ഏറ്റവും മുന്നിലാണു് വിശ്വാസികൾ എന്നറിയപ്പെടുന്ന വിഭാഗം. അവരുടെ വിശ്വാസം ദൈവത്തിലോ, മതത്തിലോ, പാർട്ടിയിലോ, ആശയസംഹിതകളിലോ എന്നതു് ഇക്കാര്യത്തിൽ ഒരു പ്രശ്നമല്ല. സർക്കാസമോ, ഐറണിയോ, മറ്റിനം തമാശകളോ മനസ്സിലാകാത്ത സമൂഹങ്ങളിലും, സ്വന്തം വിശ്വാസങ്ങളുടെ ആത്യന്തികവും അനന്തവുമായ സാധുത്വത്തിൽ ഉത്തമബോദ്ധ്യമുള്ള മനുഷ്യരുടെയിടയിലും ഇക്കാര്യങ്ങൾ ആസ്വദിക്കപ്പെടാതിരിക്കാനും, അപകടകരമായ പ്രതികരണങ്ങൾ ഉളവാക്കാനും കാരണമായേക്കാം.)
Mar 15, 2015, 9:37 AM
ഹർത്താലും സമരവുമൊക്കെ നടത്തുമ്പോൾ പൊതുമുതലായ വല്ല പോലീസ് വണ്ടിയോ, KSRTC – ബസോ ഒക്കെ തകർക്കുകയോ കത്തിക്കുകയോ ഒക്കെ ചെയ്തോളൂ, കുഴപ്പമില്ല. പൊതുമുതലിൽ കയ്യിട്ടുവാരി ഞാൻ ചില കോട്ടകളും കൊട്ടാരങ്ങളുമൊക്കെ കെട്ടിപ്പൊക്കി നിർത്തിയിട്ടുണ്ടു്. അതിലൊന്നും പോയി കൈവച്ചേക്കരുതു്!
Mar 15, 2015, 11:13 AM
പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ യൂറോപ്പിൽ മുഴുവൻ പടർന്നുപിടിച്ച പകർച്ചവ്യാധിയിൽ അന്നത്തെ യൂറോപ്പിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നു് “കറുത്ത മരണത്തിനു്” ഇരയായി. പുരകത്തുമ്പോൾ വാഴവെട്ടുന്നതുപോലെ, ഈ പാൻഡെമിക്കിന്റെ കാരണം യഹൂദർ കിണറ്റിൽ വിഷം കലർത്തിയതാണെന്നൊരു വ്യാജപ്രചരണം നടന്നു. “അന്വേഷിപ്പിൻ, നിങ്ങൾ (ബലിയാടുകളെ) കണ്ടെത്തും” എന്നാണല്ലോ യഹൂദനായിരുന്ന കർത്താവിന്റെ വചനവും! ലക്ഷക്കണക്കിനു് യഹൂദരാണു് അതിന്റെ പേരിൽ കൊലചെയ്യപ്പെട്ടതു്. ഒരു വശത്തു് പ്ലേഗുവഴി ആത്മീയരെന്നോ ലൗകികരെന്നോ, മുതലാളിയെന്നോ തൊഴിലാളിയെന്നോ, ആണെന്നോ പെണ്ണെന്നോ, ബാലരെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ലക്ഷങ്ങൾ മരിക്കുന്നു, മറുവശത്തു് ആ പ്ലേഗിന്റെ കാരണം അന്യായമായി ചുമത്തി യഹൂദലക്ഷങ്ങൾ കൊല ചെയ്യപ്പെടുന്നു! പുരോഹിതന്മാർക്കും ഭരണാധികാരികൾക്കും, ദൈവികവും മാനുഷികവുമായ നിയമങ്ങൾക്കുമെല്ലാം യാതൊരു വിലയോ അർത്ഥമോ ഇല്ലാതായി. യൂണിവേഴ്സിറ്റികളിൽ അക്കാലത്തു് തിയോളജിക്കും ഫിലോസഫിക്കും മാത്രമേ വിലയുണ്ടായിരുന്നുള്ളു. നാച്ചുറൽ സയൻസിനു് ആരും അത്ര ശ്രദ്ധയൊന്നും നൽകിയിരുന്നില്ല. കെമിസ്‌ട്രിയിൽ ഉണ്ടായിരുന്ന അല്പം ചില അറിവുകളുടെ ഉപയോഗം ആൽകെമിയിൽ മാത്രമായിരുന്നു. അസ്‌റ്റ്രോണമിയിൽ ഉണ്ടായിരുന്ന ചുരുങ്ങിയ അറിവുകൾ അസ്‌റ്റ്രോളജിയും ഭാവിഫലപ്രവചനക്കാരും കൂടി പങ്കിട്ടെടുത്തിരുന്നു. പകർച്ചവ്യാധിയുടെ കാരണം കണ്ടെത്താൻ ഫ്രാൻസിലെ ഫിലിപ്പ് ആറാമൻ ചുമതലപ്പെടുത്തിയ പാരീസിലെ മെഡിക്കൽ ഫാക്കൾട്ടി അവരുടെ “പഠനത്തിലൂടെ” എത്തിച്ചേർന്നതു്, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ 1345 മാർച്ചു് 20-നു് പ്രതികൂലമായ ഒരു “ത്രിഗ്രഹകോൺസ്റ്റലേഷനിൽ” നിന്നതിനാലാണു് വ്യാധി പടർന്നുപിടിച്ചതു് എന്ന കൺക്ലൂഷനിലായിരുന്നു!
യൂറോപ്പിലെയും ഏഷ്യയിലേയും സെമെറ്ററികളിലെ അസ്ഥികൂടങ്ങളിൽ നിന്നും Yersinia pestis എന്ന ബാക്റ്റീരിയത്തിന്റെ പല ജെനറ്റിക് വേരിയേഷനുകളും കണ്ടെത്താൻ ആധുനികശാസ്ത്രത്തിനു് കഴിഞ്ഞതുവഴി, 2011-ൽ മാത്രമാണു് രോഗഹേതു ആ ബാക്റ്റീരിയമാണെന്നു് സ്ഥിരീകരിക്കപ്പെട്ടതു്.
ആലുവയിലെ ഹർത്താലിൽ AAP- യൂത്ത് വിംഗ് യാത്രക്കാർക്കായി തയ്യാറാക്കിയിരുന്ന കുടിവെള്ളത്തിൽ L. D. F. അനുയായികൾ മണ്ണുവാരിയിട്ട “സ്റ്റോറി” കേട്ടപ്പോൾ മദ്ധ്യകാലയൂറോപ്പിന്റെ ആ സുവർണ്ണകാലത്തെപ്പറ്റി ഓർത്തെന്നേയുള്ളു. “കുടിവെള്ളത്തിൽ വിഷം കലർത്തൽ” ഒരു വ്യാജവാർത്തയായിരുന്നു. കേരളം ഇതുവരെ മദ്ധ്യകാലയൂറോപ്പിൽ പോലും എത്തിയിട്ടില്ലാത്തതിനാലാവാം, കുടിവെള്ളത്തിൽ മണ്ണും നഞ്ചുമൊക്കെ വാരിയിടാൻ മടിക്കാത്തവരെ അവിടെ കാണാൻ കഴിയുന്നതു്.
“ഇതു് ഫേസ്ബുക്കിലിട്ടാൽ നീയൊന്നും ഇനി ആലുവയിലിറങ്ങി നടക്കില്ല” എന്നൊരു ഭീഷണി നിലവിലുണ്ടു്. ഈ ഫെയ്സ് ബുക്കിന്റെ ഒരു ശക്തിയേ! ആലുവയിൽ പോകുന്നതിനു് മുൻപു് ഒരു ഹെലിക്കോപ്റ്റർ വാങ്ങാൻ പരിപാടിയുള്ളതിനാൽ ആലുവയിൽ ഇറങ്ങി നടക്കേണ്ട ആവശ്യം എനിക്കു് വരില്ല എന്ന ഉറപ്പിൽ ആ പൊറാട്ടുനാടകത്തിന്റെ ലിങ്ക് ഇവിടെ ഇടുന്നു:
Mar 16, 2015, 11:23 AM
ഫെയ്സ്ബുക്കിലെ സ്വതന്ത്രചിന്താഗ്രൂപ്പുകളിൽ തീവ്രവിശ്വാസികളായ നല്ലൊരു പങ്കു് മുസ്ലീമുകളുണ്ടു്. ഇതു് കേൾക്കുമ്പോൾ ചോദ്യരൂപത്തിൽ നോക്കേണ്ട. മാർപ്പാപ്പയുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നവർക്കും, മാർക്സിസം-ലെനിനിസത്തിൽ വിശ്വസിക്കുന്നവർക്കുമെല്ലാം ജനാധിപത്യവാദികളും സ്വതന്ത്രചിന്തകരും ആകാമെങ്കിൽ ISIS-നുപോലും സ്വതന്ത്രചിന്തകരാവാം. അതുപോലൊരു സ്വതന്ത്രചിന്താഗ്രൂപ്പിൽ എങ്ങനെയോ അംഗമായതിനാൽ, ഒരു മുസ്ലീമിന്റെ ഈ “സ്വതന്ത്രചിന്ത” കാണാൻ പറ്റി:
“ഹേ, ബുദ്ധിജീവി! തന്റെ യൗവനത്തിൽ അമിതമായ ശുക്ലം പുറന്തള്ളാൻ നിനക്കു് സ്വപ്നം കാണിച്ചു് തരുന്നതാരു്?”
അല്ലാഹുവും എട്ടുകാലി മമ്മൂഞ്ഞാവാൻ തുടങ്ങി! ഒന്നും ഒന്നും കൂട്ടിയാൽ ഇത്തിരി ബെല്യേ ഒരു ഒന്നു് ആകാമെങ്കിൽ, എട്ടുകാലിമമ്മൂഞ്ഞുകളുടെ ദൈവത്തിനു് എന്തുകൊണ്ടു് ഇത്തിരി ബെല്യേ ഒരു എട്ടുകാലിമമ്മൂഞ്ഞായിക്കൂടാ? അതും, ഇതും, മറ്റേതും, അതിനൊക്കെ അപ്പുറവും ഇപ്പുറവുമുള്ളതുമെല്ലാം തന്റെ മാത്രം നിയന്ത്രണത്തിലാണു് എന്നു് പറയാൻ അതു് അല്ലാഹുവിനെ വളരെയേറെ സഹായിക്കും.
ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ രൂപമെടുത്ത ഒരു “APP” ആണു് ഖുർആൻ എന്നു് പറഞ്ഞാൽ അതു് തെറ്റാവാൻ വഴിയില്ല. ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ ജ്ഞാനവും ഉൾക്കൊള്ളുന്ന ഒരു അത്ഭുത “ആപ്പു്”. മുഹമ്മദും മലക്കു് ജിബ്രീലും 23 വർഷങ്ങൾ മാറിമാറി അടയിരുന്നു് (609 – 632 CE) വിരിയിച്ചെടുത്ത ഭൂത-വർത്തമാന-ഭാവികാര്യങ്ങളുടെ ഒരു സർവ്വവിജ്ഞാനകോശം!
“Quran APP” മനുഷ്യരെ ഈവിധം എട്ടുകാലിമമ്മൂഞ്ഞുകളാക്കിത്തീർക്കും എന്നറിയാമായിരുന്നിട്ടും അക്കാര്യം ഒരു സ്വപ്നത്തിലൂടെ ജിബ്രീലിനെ അല്ലാഹു അറിയിക്കാതിരുന്നതു് ജിബ്രീൽ ബുദ്ധിജീവിയും യൗവനക്കാരനും ആയിരുന്നതിനാൽ മാത്രമാവാനേ വഴിയുള്ളു. കാരണം, അല്ലാഹു മനുഷ്യരുടെ എന്നപോലെതന്നെ, മലക്കുകളുടെ വരവുപോക്കുകളെപ്പറ്റിയും മുൻകരുതലുള്ളവനാണു്.
അല്ലാഹുവിനെ പുതിയപുതിയ ചുമതലകൾ ഏല്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇനിയും തുടരെത്തുടരെ ഉണ്ടാകും; ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാലേ, സ്വയം ഇല്ലായ്മ ചെയ്യുകയല്ലാതെ മറ്റു് ഗതിയൊന്നുമില്ലാത്ത അവസ്ഥയിലേക്കു് എത്രയും വേഗം അവനെ എത്തിക്കാൻ കഴിയൂ. ആദ്യം, ഇല്ലാത്തവനെ ഉണ്ടാക്കുക, പിന്നെ, പറഞ്ഞുപറഞ്ഞു് മടുപ്പിച്ചു് അവനെക്കൊണ്ടുതന്നെ അവനെ ഇല്ലായ്മ ചെയ്യിക്കുക – മതഭക്തരുടെ കലാപരിപാടി!
Mar 18, 2015, 10:59 AM
“പെണ്ണൊന്നെരെണ്ണത്തെത്തീർത്തല്ലോ നാന്മുഖൻ
പെണ്ണിലും പെണ്ണാക്കി പൂരുഷനെ” എന്നു് പിങ്‌ഗളയിൽ ഉള്ളൂർ എസ്. പരമേശ്വരയ്യർ.
ഒന്നും പറയണ്ടെന്റെ അയ്യരേ! ഈ രണ്ടിനങ്ങളേയും ഇപ്പോൾ നിയമസഭയിലേക്കല്യോ നാന്മുഖൻ തീർത്തുവിടുന്നതു്! സൂര്യനുതുല്യമായ പെൺപ്രകാശം! അതേൽക്കുന്ന പൂ രുഷന്മാർ ചന്ദ്രനുതുല്യം പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. ഈ പ്രതിഭാസം അരങ്ങേറുന്നതു് നിയമസഭയിലാവുമ്പോൾ ഞങ്ങ മല്ലൂസ് അതിനെ രാഷ്ട്രീയം എന്നു് വിളിക്കുന്നു എന്നൊരു ചെറിയ വ്യത്യാസമൊഴിച്ചാൽ, കാര്യങ്ങൾക്കു് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. താങ്കളൊരു ദീർഘദർശിതന്നെ!
Mar 19, 2015, 8:25 AM
ചപ്പുചവറു് പുസ്തകങ്ങൾ വായിച്ചു് മടുത്തു. മേലിൽ ഇ. എം. എസ്., ഓഷോ എന്നിവരുടെ പുസ്തകങ്ങളല്ലാതെ മറ്റൊരു പുസ്തകം വായിക്കുന്ന പ്രശ്നമേയില്ല.
Mar 19, 2015, 10:02 AM
അബദ്ധത്തിൽ പോലും, “ഇതിലും ഭേദം അമ്മയെ കൊല്ലുന്നതായിരുന്നില്ലേ” എന്നൊക്കെയുള്ള കമന്റുകളൊന്നും ഒരു സ്റ്റാറ്റസിലും ഇടരുതു്. ഇട്ടാൽ, അതിന്റെ പിറ്റേന്നുതന്നെ “ഞാനെന്റെ അമ്മയെ കൊന്നു, ഹ ഹ ഹ!” എന്ന രീതിയിലുള്ള സ്റ്റാറ്റസുകളും, “വേണം മറ്റൊരു കേരളം, അമ്മയെ കൊല്ലുന്ന കേരളം” എന്നും മറ്റുമുള്ള കിടിലൻ പേരുകളുമായി ഓൺലൈൻ ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളുമൊക്കെ കൂണു് മുളയ്ക്കുന്നതുപോലെ പൊട്ടിമുളച്ചെന്നു് വരും. അമ്മയെ കൊന്നവന്റെ പക്ഷം ചേരാൻ അമ്മയുടെ കുറ്റങ്ങൾ തേടുന്നവരെ സംബന്ധിച്ചു് അതൊന്നും ഒരിക്കലും ഒരു പ്രശ്നമാവാറില്ലെങ്കിലും, അല്ലാത്തവരിൽ അതു് കുറ്റബോധത്തിനു് കാരണമായിക്കൂടെന്നില്ല.
ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്ന ചോദ്യത്തേക്കാൾ, അങ്ങാടി വാണിഭം എന്തെന്നറിയേണ്ട ആവശ്യം ആടിനില്ല എന്ന വസ്തുതയാണു് കൂടുതൽ പ്രസക്തമെന്നു് തോന്നുന്നു.
Mar 20, 2015, 9:01 AM
“വിശുദ്ധ ഖുർആൻ കത്തിച്ചെന്നു് ആരോപണം. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ തല്ലിക്കൊന്നു് പുഴയിൽ എറിഞ്ഞു” – വാർത്ത.
ഈ വാർത്ത തെറ്റാവാനേ വഴിയുള്ളു. ഖുർആനു് തീപിടിക്കില്ല. സംശയമുള്ളവർക്കു് ഖുർആൻ വാങ്ങി കത്തിച്ചു് നോക്കാവുന്നതാണു്. ഖുർആൻ പോലെതന്നെ, നബിയുടെ മുടി, എല്ലു്, പല്ലു്, മുതലായ ശാരീരികാവയവങ്ങളൊന്നും ആർക്കും കത്തിക്കാനാവുന്നവയല്ല.
Mar 20, 2015, 9:02 AM
“കോണ്‍ഗ്രസുകാര്‍ക്കു് ചായ വാങ്ങിക്കൊടുത്തിരുന്നയാളാണു് സ്‍പീക്കർ. അഴിമതി കണ്ടാല്‍ രാമനാമം ജപിച്ചിരിക്കാന്‍ ആകില്ലെന്നു് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി ജയരാജന്‍” – വാർത്ത
ഈ വാർത്ത തെറ്റിദ്ധാരണാജനകമാണു്. അഴിമതി കണ്ടാലും ശരി, കണ്ടില്ലെങ്കിലും ശരി, രാമനാമം ജപിക്കുക എന്നൊരു ഓപ്ഷൻ മാർക്സിസ്റ്റുകൾക്കു് ഐഡിയോളജിക്കലായിത്തന്നെ ഇല്ല. മാർക്സ് എന്ന ദൈവനാമമേ അവർ ജപിക്കാറുള്ളു; അതിനേ അവർക്കു് അനുവാദമുള്ളു. മാർക്സിയൻ ജപസ്വാതന്ത്ര്യം എന്നും വേണമെങ്കിൽ പറയാം. അതുകൊണ്ടു് സഖാവു് ജയരാജൻ അങ്ങനെ പറയാൻ ഒരു വഴിയുമില്ല.
ഏതായാലും ചായ വാങ്ങിക്കൊടുക്കുന്നവരും, “ഓട്ടോർഷ” വാങ്ങി ഓടിച്ചു് കഞ്ഞി കുടിക്കാൻ നോക്കുന്ന ദളിതസ്ത്രീകളുമൊക്കെ ഒരല്പം ഒന്നങ്ങോട്ടു് മാറി മിണ്ടാതെ നിൽക്കുകയോ തറയിൽ ഇരിക്കുകയോ ചെയ്യു്! എന്നിട്ടു് വേണം ഞങ്ങൾക്കു് നല്ലപോലെ വാതുറന്നൊരു മുദ്രാവാക്യം വിളിക്കാൻ: “തൊഴിലാളി ഐക്യം സിന്ദാബാദ്”!
രാഷ്ട്രീയത്തിൽ ഒരുവിധ തമാശകളും ഇഷ്ടപ്പെടാത്തവരാണു് കേരളത്തിലെ കക്ഷിരാഷ്ട്രീയക്കാർ. അതു് മനസ്സിലാക്കാൻ പ്രയാസമില്ല. അവരുടെ രാഷ്ട്രീയം തന്നെ “സിർച്ചു് സിർച്ചു് ചാവാൻ പറ്റുന്ന” തമാശകളാകുമ്പോൾ അവിടെ “എക്സ്ട്രാ” തമാശകളുടെ ആവശ്യമെന്തു്?
Mar 23, 2015, 9:21 AM
ചില ഭാരതീയർ സ്‌കൂള്‍ കെട്ടിടത്തിനു് പുറത്തുകൂടി വലിഞ്ഞു് കയറുന്നതിന്റെ ചിത്രം റ്റിവിയിൽ കണ്ടപ്പോൾ ഇഴഞ്ഞുകയറ്റത്തിൽ സ്വതന്ത്രഭാരതം കൈവരിച്ച അഭൂതപൂർവ്വമായ നേട്ടത്തെ പുകഴ്ത്താനായിരിക്കും അതെന്നായിരുന്നു ആദ്യം കരുതിയതു്. പക്ഷേ, ബീഹാറിലെ മഹ്‌നാറിലുള്ള വിദ്യാ നികേതന്‍ സ്‌കൂളില്‍ പത്താംക്ലാസ് പരൂക്ഷ എഴുതുന്ന നവതലമുറയ്ക്കു് കോപ്പിയടിക്കാനുള്ള തുണ്ടുകള്‍ നൽകാൻ ബന്ധുമിത്രാദികൾ നടത്തിയ ഒരു മലകയറ്റമായിരുന്നു അതെന്നു് കേട്ടപ്പോൾ വാർത്ത വായിക്കുന്നവനോടു് നല്ല നാലു് തെറി പറയണമെന്നു് തോന്നി. മഹാൻ ആയ മേരാ ഭാരതിനെ അപമാനിക്കാൻ മാത്രം ഇവനൊക്കെ വളർന്നോ? സംഭവം പക്ഷേ അവിടെയും നിന്നില്ല. സ്കൂൾ അധികാരികൾ അങ്ങനെയൊരു നുഴഞ്ഞുകയറ്റം കണ്ടതുപോലുമില്ലത്രെ! മാത്രവുമല്ല, കാര്യങ്ങൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നു് ഇസ്കൂളിലെ മുന്തിയ തമ്പ്രാന്മാർ ഉറപ്പു് നൽകുകയും ചെയ്തത്രെ! അതാണു് “ഇൻഡ്യർവ്യൂ”! രോഗി മരിച്ചു, പക്ഷേ ഓപ്പറേഷൻ പൂർണ്ണമായും വിജയിച്ചു! അതുകൂടി കേട്ടപ്പോൾ ആ ന്യൂസ് റീഡറെ പിടിച്ചു് ഷരിയാ മോഡലിൽ ഒരു ശിക്ഷ നൽകിയാലോ എന്നുപോലും തോന്നിപ്പോയി.
ഒന്നിനെയും നമ്പരുതു്. എല്ലാം ഭാരതത്തിനെതിരെയുള്ള അജണ്ടകളാണു്, അതിനിഗൂഢമായ കരുനീക്കങ്ങളാണു് അതിന്റെയെല്ലാം പിന്നിൽ. നീക്കങ്ങൾ സൂക്ഷ്മമായി വീക്ഷിക്കേണ്ടിയിരിക്കുന്നു. എടുത്തുചാട്ടം ഗുണം ചെയ്യില്ല. അതുകൊണ്ടു് നേരത്തേകാലത്തേ നേരറിയിക്കുന്ന ഏതെങ്കിലും മല്ലുപ്പത്രം വായിച്ചു് സത്യാവസ്ഥ അറിയുന്നതുവരെ ക്ഷമിക്കാമെന്നു് കരുതി. ചിലപ്പോൾ ചൂടൻ പട്ടിയെ ആരും തിന്നിട്ടുണ്ടാവില്ല. ചിലപ്പോൾ ഇതൊരു ഒറ്റപ്പെട്ട സംഭവമാകാം. ഓരോ സ്കൂളിൽ ഓരോ വർഷം ഒന്നോ രണ്ടോ ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നാൽ നമ്മൾ അതിനെ ഒരിക്കലും “ജനറലൈസ്” ചെയ്യരുതു്. നിർബന്ധമാണെങ്കിൽ “ലെഫ്റ്റനന്റലൈസ്” ചെയ്യാം. അതിനപ്പുറം പോകരുതു്. ഹാരപ്പ-മോഹന്‍ജദാരോകളെയും, നളന്ദ-തക്ഷശിലകളെയുമൊക്കെ മറന്നാലും, ഇരുന്നിടത്തുതന്നെ അനക്കമില്ലാതെ ഇരുന്നുപോയതിനാൽ, വാൽമീകം കയറി മൂടിപ്പോയ നമ്മുടെ ബീമാനശാസ്ത്രവും ആർഷഭാരതസംസ്കാരവുമൊന്നും നമ്മൾ ഒരിക്കലും മറക്കരുതു്.
Mar 24, 2015, 8:44 AM
“ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനു് നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്നു് വ്യക്തമാക്കി കൊണ്ടു് കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമത്തിലെ 66 എ വകുപ്പു് സുപ്രീംകോടതി റദ്ദാക്കി.”
ഇനി സ്വതന്ത്രമായി പ്രകടിപ്പിക്കാൻ പറ്റിയ, സ്വന്തമായ ചില അഭിപ്രായങ്ങൾ കൂടി ഉണ്ടായാൽ സംഭവം കിടിലം!
Mar 25, 2015, 9:00 AM
മറ്റെല്ലാ മതഗ്രന്ഥങ്ങളും കളിപ്പീരു് പീസുകളാണെങ്കിലും, സ്വന്തമതഗ്രന്ഥം നിറയെ ആധുനികശാസ്ത്രമാണെന്നു് ക്ഷീണമില്ലാതെ ആവർത്തിക്കുന്നവരാണു് എല്ലാ മതവിശ്വാസികളും. ആ അവകാശവാദത്തിൽ നിന്നും ലഭിക്കുന്ന ഒരു ത്രില്ലുണ്ടല്ലോ, അതു് പറഞ്ഞറിയിക്കാവുന്നതല്ല. പണ്ടു് ആനപ്പുറത്തിരുന്നു് നിരങ്ങിയ സ്വന്തം ഉപ്പൂപ്പായുടെ ചന്തിത്തഴമ്പും, കുമ്പിട്ടു് തല തറയിൽ മുട്ടിച്ചുരച്ചു് സ്വന്തം ഐഡെന്റിറ്റിയുടെ ഭാഗമാക്കിയ നെറ്റിത്തഴമ്പും തമ്മിൽ കൂട്ടിമുട്ടിച്ചു് രണ്ടും തമ്മിൽ ജനിതകമെന്നു് തോന്നിപ്പിക്കുന്ന ഒരു കുടുംബബന്ധം സ്ഥാപിച്ചെടുക്കുമ്പോൾ കിട്ടുന്ന ആ ഒരു കോൾമയിർ പോലെതന്നെ! കേരളത്തിലെ “പുതുക്രിസ്ത്യാനികൾ” അല്ലാത്ത നസ്രാണികൾ മുഴുവൻ പണ്ടു് ബ്രാഹ്മണരായിരുന്നു. ക്രോസ്ബെൽറ്റിന്റെ രൂപത്തിൽ ബ്രാഹ്മണർ ധരിക്കുന്ന പൂണൂലാണു് പരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളുടെ കഴുത്തിലേക്കു് മാറിത്തൂങ്ങി വെന്തിങ്ങയായി പരിണമിച്ചതു്. കർത്താവിനെ മനുഷ്യർ കുരിശിൽ തൂക്കി, വെന്തിങ്ങയെ കത്തോലിക്കർ കഴുത്തിൽ തൂക്കി. കാലം മാറി. ഇവരുടെ പിൻതലമുറകൾ വിദേശത്തു് പോകാനും ശമ്പളം വിദേശനാണയത്തിൽ വാങ്ങാനുമൊക്കെ തുടങ്ങി. അപ്പോൾ വെന്തിങ്ങയും ചരടും, സ്വർണ്ണക്കുരിശും സ്വർണ്ണമാലയുമായി പരിണമിച്ചു. സമ്പത്തു് പെരുകുമ്പോൾ ഭാഷയിലും നവീകരണം ആവശ്യമായതിനാൽ, ചിലരുടെ കക്കൂസുകൾ കൽക്കൂസുകൾ എന്ന ഫാഷൻ നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. കക്കൂസും കൽക്കൂസും തമ്മിൽ നിലനിൽക്കുന്ന സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസം നമ്മൾ കരുതുന്നതിനേക്കാളൊക്കെ വളരെ കൂടുതലാണു്. പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കാത്ത മതവിശ്വാസികൾക്കു് ഇതിലൊക്കെ ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.
ഇത്തിരിക്കൂടി പുറകോട്ടു് പോയാൽ, ജെറ്റ്ബീമാനങ്ങളിൽ യാത്ര ചെയ്തിരുന്ന ഭാരതീയ ഋഷിമാരെ കാണാനാവും. പിന്നെ എന്തിനാണു് അവർ ബീമാനങ്ങൾ ഉപേക്ഷിച്ചതു് എന്നാണെങ്കിൽ, തന്നിലേക്കു് തന്നെനോക്കിയാലേ മനുഷ്യന്റെ “ആന്തരമൂല്യങ്ങൾ” കാണാനാവൂ എന്നതിനാലാവണം അവർ ബീമാനം ഉപേക്ഷിക്കാനും, ലങ്കോട്ടി പോലുമില്ലാതെ വനം ചുറ്റാനും, സ്വന്തം “ആന്തരമൂല്യങ്ങൾ” കണ്ടുകണ്ടു് നിർവാണം പ്രാപിക്കാനും തീരുമാനിച്ചതു്.
ബീമാനശാസ്ത്രത്തിൽ മാത്രമല്ല, കമ്പ്യൂട്ടർ ടെക്നോളജി അടക്കമുള്ള എല്ലാ ആധുനികശാസ്ത്രങ്ങളിലും ഭാരതീയ ഋഷിമാർ മഹാ പാണ്ഡിത്യമുള്ളവരായിരുന്നു. ഗുരുക്കളായ അവർ പറഞ്ഞതു് വേണ്ടവിധം മനസ്സിലാക്കാൻ ശിഷ്യവൃന്ദത്തിനു് കഴിയാതെ പോയി എന്നേയുള്ളു. ഗുരുക്കൾക്കു് സംസ്കൃതം മാത്രമേ അറിയാമായിരുന്നുള്ളു എന്നു് കരുതിയതാണു് അവർക്കു് പറ്റിയ ഏറ്റവും വലിയ അബദ്ധം. ത്രികാലത്തേയും, ഈരേഴു് പതിനാലു് ഉലകങ്ങളേയും കയ്യിലിട്ടു് അമ്മാനമാടാൻ കഴിയുന്നത്ര ജ്ഞാനികളായ അവർ സന്ദർഭത്തിനനുസരിച്ചു് പല ഭാഷകളിൽ സംസാരിച്ചിരുന്നു. ഉദാഹരണത്തിനു്, റാം റാം എന്നവർ ഉരുവിട്ടപ്പോൾ, സംസ്കൃതത്തിൽ മാത്രം ചിന്തിച്ചിരുന്ന ശിഷ്യന്മാർക്കു് അതിന്റെ ശരിയായ അർത്ഥം പിടി കിട്ടിയില്ല. “രാമനാമം ഭജ മൂഢമതേ” എന്നാണു് ഋഷിവര്യർ ഉദ്ദേശിച്ചതെന്നു് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു. ഇന്നുവരെ അവർ അതു് നാമജപരൂപത്തിൽ ആചരിച്ചുപോരുകയും ചെയ്യുന്നു. തെറ്റു് തിരുത്തൽ മൂഢമതികൾക്കു് പൊതുവേ അത്ര ഇഷ്ടമുള്ള കാര്യമല്ല. തിരുത്തൽവാദികളെ മാർക്സിസ്റ്റുകളും വച്ചുപൊറുപ്പിക്കാറില്ല എന്നോർക്കുക. “ഞാൻ എഴുതിയതു് എഴുതി” എന്നാണു് പീലാത്തോസ് പോലും പറഞ്ഞതു്. റാം റാം എന്നല്ല, RAM, RAM എന്നു് ഇംഗ്ലീഷിലായിരുന്നു അവർ പറഞ്ഞതു് എന്നു് പാവം ശിഷ്യന്മാർ മനസ്സിലാക്കിയിരുന്നെങ്കിൽ ഭാരതം ഇന്നു് എന്തെന്തു് ഉയരങ്ങളിൽ ആയിരുന്നേനെ! കമ്പ്യൂട്ടറിൽ Random Access Memory-ക്കുള്ള പ്രാധാന്യം ആയിരുന്നു സത്യവിശ്വാസികളേ, അതുവഴി മഹാന്മാരായ ആ ഗുരുക്കൾ നമ്മെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചതു്! (നസ്രാണികൾക്കു് വേണമെങ്കിൽ ഇവിടെ ഹല്ലേലുയ്യ എന്നു് അൻപതു്പ്രാവശ്യവും, സ്തോത്രം എന്നു് നൂറു് പ്രാവശ്യവും അലമുറയിടാം, മുസ്ലീമുകൾക്കു് അല്ലാഹു അക്ബർ, ഇൻശാ അള്ളാ എന്നും, മാർക്സിസ്റ്റുകൾക്കു് ഇങ്ക്വിലാബ് സിന്ദാബാദ്, ലാൽ സലാം എന്നും ആലപിച്ചു് മാനസികമർദ്ദം റിലീസ് ചെയ്യാം. എണ്ണം കുറഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലതു്. ഉത്പ്രേക്ഷ വന്നാൽ ഉച്ചത്തിൽ കൂവുക എന്നതു് ഇവർക്കെല്ലാം പൊതുവായ ഒരു ബലഹീനതയായതുകൊണ്ടു് പറഞ്ഞെന്നേയുള്ളു). കമ്പ്യൂട്ടറിന്റെ Random Access Memory എത്ര കൂടിയിരിക്കുന്നോ അത്രയും നല്ലതാണെന്നു് അന്നേ ഋഷിവര്യർ അറിഞ്ഞിരുന്നു! യുഗയുഗാന്തരങ്ങൾ കടന്നുവരുന്ന സകലമാന “സംഭവാമി”കൾക്കും തലയിലൂടെ യഥേഷ്ടം കയറിയിറങ്ങാൻ അല്പമൊന്നും RAM ഉണ്ടായാൽ പോരാ എന്ന തിരിച്ചറിവു്!
ആത്മാവിന്റെ പുനർജന്മം പോലെ ഗഹനമായ കാര്യങ്ങൾ പഴയ ഷർട്ട് ഊരി മാറ്റി പുതിയതു് ധരിക്കുന്നതുപോലുള്ള ലളിതമായ ഉപമകളിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്നതിനാൽ, RAM-ന്റെ വലിപ്പം താരതമ്യം ചെയ്യാൻ പറ്റിയ ചില ഉപമകൾ: തൊട്ടുനക്കാൻ ഇത്തിരി അച്ചാറു് പോലെ, എലി അപ്പിയിടുന്നതുപോലെ, അല്പം RAM ഉണ്ടായാൽ പോരാ, സംഭാരം പോലെ, സാമ്പാറു് പോലെ, ആനപ്പിണ്ടം പോലെ, പാഞ്ചാലിയുടെ അക്ഷയപാത്രം പോലെ, കണ്ടാൽ അമ്പമ്പോ! എന്നു് പറയാൻ തോന്നുന്നത്ര ആയിരിക്കണം RAM. മനുഷ്യനെ സൃഷ്ടിച്ചതു് കളിമണ്ണു് കൊണ്ടായതിനാൽ, തലയിലും മറ്റൊന്നു് പ്രതീക്ഷിക്കാനില്ല. അതുകൊണ്ടാണു് മതഗ്രന്ഥങ്ങൾക്കു് ഉപമകൾ ചവറുപോലെ വാരിവിതറേണ്ടി വരുന്നതും, അവ തലയിലെത്തിയാലും കമ്പോസ്റ്റ് കുഴിയിലെത്തിയ ചവറുകളിൽ കൂടിയ ഫലമൊന്നും ചെയ്യാതിരിക്കുന്നതും.
ROM (Read Only Memory)- യെപ്പറ്റിയും യോഗിവര്യർ സമ്പൂർണ്ണ ജ്ഞാനമുള്ളവരായിരുന്നു! വേദവാക്യങ്ങൾ വായിക്കുക, കേൾക്കുക മുതലായ കാര്യങ്ങൾ ബ്രാഹ്മണർക്കു് മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളു എന്ന തിട്ടൂരം അവർ ഇറക്കിയിരുന്നു. സത്യത്തിൽ അതു് ഇന്നത്തെ ROM = Read (Brahmins) Only Memory-യല്ലാതെ മറ്റൊന്നുമല്ല. ദീർഘവീക്ഷണമുണ്ടായിരുന്ന അവർ ഇന്നത്തെ ROM-നെ അന്നേ കണ്ടു. പുരാണങ്ങളിലെ വിവരണങ്ങൾ പണ്ഡിതർ കാലാനുസൃതം വ്യാഖ്യാനിച്ചു് നേരെയാക്കി എടുക്കേണ്ടതിന്റെ ആവശ്യകതയാണു് ഇതു് വെളിപ്പെടുത്തുന്നതു്. ശുദ്രന്മാർ വേദങ്ങൾ കേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുക, വായിച്ചാൽ നാവു് പിഴുതെടുത്തു് റോസ്റ്റ് ചെയ്തു് ഫോട്ടോ ഫെയ്സ്ബുക്കിലും ഗൂഗിളിലുമിടുക തുടങ്ങിയ പ്രതിവിധികൾ അവർ നിർദ്ദേശിച്ചിരുന്നു എന്നതിൽ നിന്നും ഒരു പ്രശ്നവും ബ്രാഹ്മണപണ്ഡിതരുടെ കാഴ്ചപ്പാടിൽ പരിഹാരമില്ലാത്തതായിരുന്നില്ല എന്ന വസ്തുതയും നമുക്കു് മനസ്സിലാക്കാവുന്നതാണു്.
Apropos ചെവി, ഈയം, നാവു്, റോസ്റ്റ്, etc. ബ്രാഹ്മണപണ്ഡിതരുടെ ഈ തിട്ടൂരത്തിൽ ഒരിത്തിരി സത്യമില്ലാതില്ല. ആശയപരമായി പറഞ്ഞാൽ, ഇവിടെയും അവർ ത്രികാലജ്ഞാനികളാണെന്നു് തെളിയിക്കുകയായിരുന്നു. നാവു് മുറിക്കലും, ഈയം ഉരുക്കി ചെവിയിൽ ഒഴിക്കലുമൊക്കെ അവർ ശുദ്രരിൽ മാത്രം പരിമിതപ്പെടുത്തി എന്നൊരു തെറ്റു് അവർക്കു് പറ്റിയെന്നേയുള്ളു. ബലിയർപ്പിക്കാൻ താമസിച്ചതിന്റെ പേരിലോ മറ്റോ മുൻകോപിയായ ഏതെങ്കിലും ഛോട്ടാ ദൈവം അവരുടെ അന്തർനേത്രത്തിന്റെ വീക്ഷണകോണം പരിമിതപ്പെടുത്തിയതാവണം ആ പിശകിന്റെ കാരണം. വേദങ്ങൾ വായിക്കാനും, മനസ്സിലാക്കാനും ബ്രാഹ്മണരെപ്പോലെയോ അതിൽ കൂടുതലോ കഴിവുള്ള ശുദ്രന്മാരുണ്ടു്. അതിനൊന്നിനും കഴിവില്ലാത്ത പൊട്ടബ്രാഹ്മണരുമുണ്ടു്. ഇതു് വിശ്വസിക്കാൻ തോന്നുന്നില്ലെങ്കിൽ, നിങ്ങൾ ഇന്നത്തെ ഭാരതത്തിലേക്കു് ഒരു നിമിഷം ഒന്നു് നോക്കൂ! എന്നിട്ടു് നെഞ്ചത്തു് കൈവച്ചുകൊണ്ടു് പറയൂ: ഉറിയും തറിയും തമ്മിൽ തിരിച്ചറിയാതെ, നേതാക്കളും ദൈവങ്ങളും പണ്ഡിതരും ചമഞ്ഞു് വിടുവായത്തം വിളമ്പി നാടുനീളെ നടന്നു് ആ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന അവർണ്ണരും സവർണ്ണരുമായ സകല വളിവയറന്മാരുടെയും – ദളിതൻ, നസ്രാണി, മുസ്ലീം, നമ്പൂതിരിപ്പാടു്, വെളിച്ചപ്പാടു്, കഷ്ടപ്പാടു്… തുടങ്ങിയ യാതൊരു വ്യത്യാസവുമില്ലാതെ – നാവു് മുറിച്ചു് കളയണമെന്നും, ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നുമൊക്കെ ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവുമോ? ധൃതി വേണ്ട. സമയം പോലെ സാവകാശം ആലോചിച്ചു് സ്വയം ഒരു തീരുമാനത്തിൽ എത്തിയാൽ മതി.
Mar 27, 2015, 11:24 AM
മനുഷ്യരെക്കൊണ്ടു് ഒരു രക്ഷയുമില്ലാതാകുമ്പോൾ, അല്ലെങ്കിൽ, അവരിൽ അധികം പേരുടെയും കാര്യം പോക്കാണെന്നു് ഉറപ്പാവുമ്പോൾ, ചില മഹാവിപത്തുകളെ ദൈവങ്ങൾ ലോകത്തിലേക്കു് പറഞ്ഞുവിടാറുണ്ടു്. പ്രളയം, ഭൂകമ്പം, തീമഴ, പകർച്ചവ്യാധികൾ, കഥകളി, ചാക്യാർ കൂത്തു്, കുച്ചിപ്പുടി തുടങ്ങിയ കടുംകൈകൾ അതിൽ പെടുന്നവയാണു്. മനുഷ്യരുടെ തോന്ന്യവാസങ്ങളിൽ നേരിട്ടു് ഇടപെടാൻ താല്പര്യമില്ലാത്ത രസികന്മാരായ ചില ദൈവങ്ങൾ സ്വന്തം മക്കൾക്കു് ജന്മം നൽകി, പ്രശ്നപരിഹാരത്തിന്റെ ചുമതല അവരെ ഏൽപ്പിച്ചിട്ടുള്ള കഥകളുമുണ്ടു്. ഒന്നുകിൽ, മൊഞ്ചുള്ള ഏതെങ്കിലും മനുഷ്യസ്ത്രീയെ ഗർഭം ധരിപ്പിച്ചു് വല്ലവന്റെയും തലയിൽ കെട്ടിവച്ചു് സൗകര്യപൂർവ്വം പ്രസവിക്കാൻ അവളെ അനുവദിക്കുകയോ, അല്ലെങ്കിൽ, സ്വയം പെൺരൂപം സ്വീകരിച്ചു്, കൊള്ളാമെന്നു് തോന്നുന്ന ഏതെങ്കിലും ആൺദൈവത്തിന്റെ മുന്നിൽ കാബറെ നൃത്തം ചെയ്തു്, അവനെ വെട്ടിൽ വീഴിച്ചു്, ഗർഭം ധരിച്ചു് പ്രസവിക്കുകയോ ചെയ്യുന്ന രീതികൾ പ്രവർത്തനക്ഷമമെന്നു് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു്. എളുപ്പം കബളിപ്പിക്കാവുന്ന സ്ത്രീകൾക്കും, വിടന്മാരായ ദൈവങ്ങൾക്കും ലോകത്തിൽ ഒരിക്കലും ക്ഷാമം ഉണ്ടായിരുന്നിട്ടില്ല എന്നതിനാൽ ഈ രണ്ടിൽ ഏതു് മാർഗ്ഗം സ്വീകരിച്ചാലും പരാജയപ്പെടും എന്ന ഭയത്തിന്റെ ആവശ്യവുമില്ല.
മനുഷ്യർ എത്ര തലകുത്തി മറിഞ്ഞാലും ദൈവങ്ങൾ ആ ഭാഗത്തേക്കു് തിരിഞ്ഞുപോലും നോക്കാത്ത ചില സമൂഹങ്ങളുണ്ടു്. തങ്ങൾക്കു് അവിടെ ഒന്നും ചെയ്യാനില്ല എന്ന നിലപാടാണു് ദൈവങ്ങൾക്കു്. അതുകൊണ്ടു് മനുഷ്യരെ നശിപ്പിക്കാൻ പറ്റിയ മഹാവിപത്തുകൾ സ്വയം കണ്ടെത്തുകയല്ലാതെ അവിടങ്ങളിലെ മനുഷ്യർക്കു് വേറെ പോം വഴിയൊന്നുമില്ല. ദൈവങ്ങളുടെ സ്വന്തം നാടുകളിൽ എല്ലാവരും ദൈവങ്ങളായതിനാലാവാം, മനുഷ്യനശീകരണം ഓരോ വ്യക്തിയും ഒരു കടമയെന്നപോലെ ഏറ്റെടുക്കാറാണു് പതിവു് – ഒരുതരം പരസ്പരനശീകരണം. വ്യക്തിഹത്യയാണു് അവരുടെ പ്രധാന ആയുധം. വ്യക്തിഹത്യക്കുവേണ്ടി ഏതറ്റം വരെ പോകാനും അവർ മടിക്കാറില്ല. സംരക്ഷിക്കപ്പെടേണ്ട ഒരു സ്വകാര്യജീവിതം വ്യക്തികൾക്കു് ആവശ്യമേയില്ല എന്ന പ്രാകൃതചിന്തയിൽ നിന്നുകൊണ്ടു്, ബെൽറ്റ് ലെവലിലും താഴുന്ന വെർബൽ അറ്റാക്കുകൾ വഴി അവർ മനുഷ്യരെ ചാനലുകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയുമെല്ലാം ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുന്നു!
ശത്രുപക്ഷത്തുള്ള ഒന്നോ ഒന്നിലധികമോ വ്യക്തികളെ പേരെടുത്തു് പറഞ്ഞു് ദിവസേന തെറി വിളിച്ചുകൊണ്ടിരിക്കാൻ ഒരു മനുഷ്യജീവിക്കു് എത്രനാൾ കഴിയും? ദൈവങ്ങളുടെ സ്വന്തം നാട്ടിൽ നിന്നുള്ളവനാണെങ്കിൽ, ജീവിതകാലം മുഴുവൻ അവനതിനു് കഴിയും. ഭക്തന്റെ നിസ്കാരം പോലെ തന്നെയാണതും: പഠിപ്പിക്കുന്നതിനനുസരിച്ചു്, വാക്കുകൾ കൂട്ടിപ്പറയാൻ കഴിയുന്നതുമുതൽ ചാവുന്നതുവരെ, ദിവസേന മൂന്നോ അഞ്ചോ പത്തോ പ്രാവശ്യം ആവർത്തിച്ചാലും മടുപ്പു് തോന്നാത്ത പ്രാർത്ഥന പോലെ. വിരലിലെണ്ണാവുന്ന ഏതാനും വാക്യങ്ങളാണു് പ്രാർത്ഥനയെന്ന പേരിൽ താൻ ഇക്കാലമത്രയും ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് എന്നൊരു ബോധം ഇല്ലെങ്കിൽ, അങ്ങനെയൊരു ചിന്തയേ അവനിൽ ഉദിക്കുന്നില്ലെങ്കിൽ, പിന്നെയെങ്ങനെ ആവർത്തനവിരസത തോന്നാൻ? തന്റെ ഈ മുടങ്ങാത്ത പ്രാർത്ഥന ഇല്ലായിരുന്നെങ്കിൽ തനിക്കു് ആഹാരമോ, ജോലിയോ, കുടുംബമോ, മക്കളോ, ജീവിതം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന, ആരു് വിചാരിച്ചാലും പറിച്ചു് മാറ്റാൻ കഴിയാത്ത ഉത്തമബോദ്ധ്യത്തിന്റെ നീരാളിപ്പിടുത്തം അതിനു് പുറമേയും!
Mar 30, 2015, 1:51 PM
സമാധാനം, മനുഷ്യസ്നേഹം തുടങ്ങിയ മോറൽ വാല്യൂസിൽ അധിഷ്ഠിതമാണു് ഓരോ വിശ്വാസിക്കും അവന്റെ മതം. സുന്നിക്കും ഷിയാക്കും, കത്തോലിക്കനും പ്രോട്ടസ്റ്റന്റിനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും ഹിന്ദുവിനും ബുദ്ധിസ്റ്റിനുമൊക്കെയതെ. അതുകൊണ്ടു്, മതാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളെങ്കിലും ലോകസമാധാനത്തിനുവേണ്ടി പ്രയത്നിക്കുന്നവ ആയിരിക്കും എന്നു് നമ്മൾ (ന്ന്വച്ചാൽ ചത്തശേഷം ദൈവത്തെ നേരിൽകാണുക, സ്വർഗ്ഗം കയ്യടക്കുക, നിർവാണം പ്രാപിക്കുക തുടങ്ങിയ വ്യാമോഹങ്ങളൊന്നുമില്ലാത്ത നോർമൽ മോർട്ടൽസ്) കരുതുന്നതു് അതു് യുക്ത്യനുസൃതവും, സ്വാഭാവികവുമായ ഒരു നിഗമനമായതിനാലാണു്. മതം കൂടാതെ ജീവിക്കാൻ കഴിയാത്തവർക്കു് അതിൽ വിശ്വസിക്കാനും, അല്ലാത്തവർക്കു് അതിൽ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിൽ മനുഷ്യന്റെ യുക്തിബോധം വിലമതിക്കപ്പെടുമ്പോൾ, മതാധിഷ്ഠിതരാജ്യങ്ങൾ പൊതുവേയും, മതവിശ്വാസികൾ പ്രത്യേകിച്ചും, റീസണബിൾ ആയി ചിന്തിക്കാനുള്ള മനുഷ്യന്റെ ശേഷിയെ, അവന്റെ ബുദ്ധിയെ, യുക്തിബോധത്തെ, എന്തു് വിലകൊടുത്തും പൊരുതിത്തോല്പിക്കേണ്ട ദുർഗ്ഗുണങ്ങളായിട്ടാണു് വിലയിരുത്താറുള്ളതു്.
ലോകത്തിലെ ആയുധക്കച്ചവടം ശ്രദ്ധിച്ചാൽ, വ്യക്തിസ്വാതന്ത്ര്യത്തെയും യുക്തിബോധത്തെയും സ്വതന്ത്രചിന്തയേയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന, നല്ലൊരു പങ്കും നിരീശ്വരന്മാരായ ജനങ്ങൾ വസിക്കുന്ന രാജ്യങ്ങളാണു് ആയുധങ്ങൾ വിൽക്കുന്നവരുടെ മുൻപന്തിയിലെങ്കിൽ, അവ വാങ്ങുന്നവരുടെ മുൻനിരയിൽ മതാധിഷ്ഠിതമോ, മതങ്ങളുടെ സ്വാധീനത്തിൽ കഴിയുന്നതോ ആയ രാജ്യങ്ങളാണെന്നു് കാണാൻ കഴിയും. എന്തുകൊണ്ടാണിങ്ങനെ? സർവ്വശക്തരായ ദൈവങ്ങളുടെ പിൻബലമുണ്ടായിട്ടും, വാതോരാതെ സമാധാനവും മനുഷ്യസ്നേഹവും പ്രസംഗിച്ചിട്ടും മനുഷ്യർക്കു് പരസ്പരം കൊല്ലേണ്ടിവരുന്നു എന്നതു് ഒരുകാര്യം, കോടികൾ മുടക്കി അതിനുവേണ്ടി ആയുധങ്ങൾ വാങ്ങാൻ സമീപിക്കേണ്ടിവരുന്നതു് സാത്താനേക്കാൾ വെറുക്കേണ്ടവർ എന്നു് ഇക്കൂട്ടർ തന്നെ സ്ഥിരം ഉരുവിട്ടുകൊണ്ടിരിക്കുന്ന “യുക്തിവാദി” രാജ്യങ്ങളെയാണു് എന്നതു് അതിനേക്കാൾ പരിഹാസ്യമായ മറ്റൊരുകാര്യം. ഞങ്ങൾക്കു് നിങ്ങളുടെ യാതൊരുവിധ ആയുധങ്ങളും ആവശ്യമില്ല എന്നു് ആ ശൈത്താന്മാരോടു് തുറന്നു് പറഞ്ഞു് തന്നെപ്പോലെതന്നെ തന്റെ അയൽക്കാരെയും സ്നേഹിച്ചു് ജീവിക്കേണ്ടതിനു് പകരം വരുത്തിവയ്ക്കുന്ന വിനകളല്ലാതെ എന്താണിതു്? എന്താണൊരു കുറവു്? ഇഷ്ടം പോലെ US ഡോളറില്ലേ? കൊട്ടാരങ്ങളും ഫെരാരികളുമില്ലേ? ഒട്ടകങ്ങളും ഈത്തപ്പഴങ്ങളുമില്ലേ? ഇതിപ്പോൾ സ്വന്തം ദൈവത്തിന്റെ സർവ്വശക്തിക്കു് നാണക്കേടു്, സമാധാനത്തിനു് വേണ്ടി മാത്രം നിലകൊള്ളുന്ന സ്വന്തം മതത്തിനു് മാനക്കേടു്! ഇതെല്ലാം തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചു് അവിശ്വാസികളായ “ഉക്തന്മാരെ” ബോദ്ധ്യപ്പെടുത്തേണ്ടിവരുന്ന സത്യവിശ്വാസികളുടെ കഷ്ടപ്പാടു് ഇതിനെല്ലാം പുറമെയും!
http://en.wikipedia.org/wiki/Arms_industry
February 2015
Feb 1, 2015, 10:55 AM
മല്ലൂസിൽമാഗാനങ്ങളെപ്പറ്റിത്തന്നെ:
“പ്രവാചകന്മാരേ പറയൂ, പ്രഭാതമകലെയാണോ? പ്രപഞ്ചശില്പികളേ പറയൂ, പ്രഭാതമകലെയാണോ?”
ഞാനൊരു പ്രവാചകനോ പ്രപഞ്ചശില്പിയോ അല്ല. എങ്കിലും നിന്റെ ചോദ്യം കേട്ട സ്ഥിതിക്കു് എനിക്കു് ശരിയെന്നു് തോന്നുന്ന ഒരു മറുപടി പറയാം. പ്രവാചകന്മാരുടെയും പ്രപഞ്ചശില്പികളുടെയും മറുപടിയേ നീ അംഗീകരിക്കുകയുള്ളു എങ്കിൽ എന്റെ ഈ മറുപടി ചുമ്മാ മറന്നേക്കുക.
ഏതു് ലോൻജിറ്റ്യൂഡിലും ലാറ്റിറ്റ്യൂഡിലും നിന്നുകൊണ്ടാണു് നീ ഈ ചോദ്യം ചോദിക്കുന്നതു് എന്നെനിക്കറിയില്ല. അതുകൊണ്ടു്, നിനക്കിപ്പോൾ രാത്രിയാണെങ്കിൽ, അല്പം കൂടി ക്ഷമിച്ചാൽ പ്രഭാതം പൊട്ടി വിരിയുന്നതു് കാണാൻ നിനക്കു് കഴിയേണ്ടതാണു്. നിനക്കിപ്പോൾ പകലാണെങ്കിൽ, രാത്രി വരുന്നതും അവസാനിക്കുന്നതും വരെ കാത്തിരിക്കുക. അപ്പോൾ പ്രഭാതം വരും, വരാതിരിക്കില്ല. പ്രഭാതം കാണാൻ കാഴ്ചശേഷിയുള്ള ഒരു കണ്ണെങ്കിലും നിനക്കു് ഉണ്ടായിരിക്കണം എന്നേയുള്ളു.
“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം. … … നമ്മുടെ നെഞ്ചിലാകെയനുരാഗക്കരിക്കിൻ വെള്ളം.
അല്ലിയാമ്പൽ കടവിലോ മറ്റേതെങ്കിലും കടവിലോ അരപ്പൊക്കം വെള്ളം ഉണ്ടാവുന്നതു് അത്ര ഗുരുതരമായ ഒരു പ്രശ്നമാവണമെന്നില്ല. കടവിൽ ശക്തമായ ഒഴുക്കില്ലെങ്കിൽ, തുണി പൊക്കിപ്പിടിച്ചോ, അഴിച്ചു് തലയിൽ കെട്ടിയോ അക്കരെ എത്താവുന്നതേയുള്ളു. അതേസമയം, നെഞ്ചിൽ വെള്ളം കെട്ടിയാൽ അതു് കരിക്കിന്റെ വെള്ളമാവാനുള്ള സാദ്ധ്യത മിക്കവാറും പൂജ്യവും, “Pulmonary edema” ആയിരിക്കാനുള്ള സാദ്ധ്യത പൂജ്യത്തിൽ നിന്നും ഭിന്നവും ആയിരിക്കാമെന്നതിനാൽ, നല്ലൊരു ഡോക്ടറെക്കൊണ്ടു് ഒരു “നെഞ്ചുപരിശോധന” നടത്തിക്കുന്നതു് നന്നായിരിക്കും.
“അന്നു് മൂളിപ്പാട്ടു് പാടിത്തന്ന മുളംതത്തമ്മേ, ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്തൂ?”
ഈ ചോദ്യത്തിനു് “ഒബ്‌വിയസ്” ആയ ഒരു മറുപടി നൽകാൻ മുളംതത്തമ്മക്കു് മാത്രമേ കഴിയൂ. എങ്കിലും, തത്തമ്മ പാടിത്തന്ന മൂളിപ്പാട്ടു് നായകൻ ഏറ്റു് പാടാത്തതുകൊണ്ടോ, ആളൊഴിഞ്ഞ കൂട്ടിൽ എത്രനാൾ ഒറ്റയ്ക്കു് കുത്തിപ്പിടിച്ചിരിക്കുമെന്നു് ചിന്തിച്ചതുകൊണ്ടോ ഒക്കെ ആയിരിക്കാം ചേക്കേറൽ സംഭവിക്കാതിരുന്നതു് എന്നു് ഊഹിക്കാമെന്നു് തോന്നുന്നു.
Feb 3, 2015, 8:43 AM
“ലാലിസം” മൂലം മല്ലുസിൽമകളിലെ പിന്നണിഗായകർക്കു് തൊഴിലില്ലാതായി. ഇനി hero-കളും, “heroin”-കളും യുഗ്മഗാനം പാടുന്നതുപോലെ ചുണ്ടനക്കി പ്രണയപരവശരായി മരം ചുറ്റി ഓടുന്നതു് കാണാൻ ഏതെങ്കിലും ഒരു സിൽമാപ്രേമി പണം കൊടുത്തു് ടിക്കറ്റെടുക്കുമോ? ലാലിസത്തിനു് മുൻപു് കഥറിയാതെ ഓട്ടം കാണുകയായിരുന്ന പാവങ്ങൾ.
Feb 10, 2015, 1:47 PM
അഭിനന്ദനങ്ങൾ ശ്രീ അരവിന്ദ് കെജ്രിവാൾ! രണ്ടു് അപേക്ഷകളുണ്ടു്: ഒന്നു്, നല്ല ഭരണം കാഴ്ചവയ്ക്കുക. രണ്ടു്, വാടക കുറഞ്ഞ വീട്ടിൽ – ചേരിപ്രദേശങ്ങളിലെ ഒരു ഒറ്റമുറി അടുക്കള ധാരാളം മതി – താമസിക്കാൻ ശ്രദ്ധിക്കുക. ജനങ്ങളിൽ ഒരാളാവാനും ശത്രുക്കളെ പേടിപ്പിക്കാനും ഇത്രയും എളുപ്പമുള്ള വേറൊരു വഴിയില്ല. ദൈവങ്ങൾ താങ്കളെ അനുഗ്രഹിക്കട്ടെ!
Feb 14, 2015, 9:54 AM
“Materialists &Skeptics.” എന്ന പബ്ലിക് ഗ്രൂപ്പിൽ കണ്ട ഒരു സ്റ്റാറ്റസും രണ്ടു് കമന്റുകളും:
Krishnan Leji February 4 at 5:29pm
=വൈരുധ്യാത്മക ഭൊൂതികവാദികളെ പ്പോലും അന്ധവിശ്wആസികളെന്നു അധിക്ഷേപിചു് ,ശാസ്ത്രവിരുധമായ എല്ലാറ്റിനെയും തള്ളികളഞു ഇവിടെ നവമാനവലൊകം സ്രിഷ്ടിക്കാൻ പോകുന്ന കേരള fരീ തിൻകെർസ് fഓത്തിന് നല്ല നമസ്കാരം. ചരിത്രതിലെ എല്ലാ നവോധാന പ്രസ്താനങളിലും സാമൂഹ്യമുന്നെറ്റങളിലും ബഹുജനങളാണു` മുന്നിൽ നിന്നും പോരാടിയിട്ടുള്ളതു് . അവരുടെ പോരാട്ടങളിൽ നിന്നാണ് ഇന്നു കാണുന്ന ലോകം സ്രിഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രവും സാങ്കെതികവിദ്യകളും ഇത്തരം പോരാട്ടങൾക്കു് ശക്തി പകർന്നിട്ടുള്ളതുമാണു്.അയ്യൻകാളിയും നാരായണഗുരുവും വൈകുണ്ടസാമികളും സഹോദരനും ഒക്കെ വിശ്വാസികളുൾപ്പെടെയുള്ള ബഹുജനങളെ അണിനിരത്തി പോരാടിയവരാണു്. ഇതൊന്നും പരിഗണിക്കാതെ ഫാസിസം അതിന്റെ എല്ലാ അർത്ധതിലും ഇന്ത്യയെ കാർന്നുതിന്നുംബൊൾ ഒന്നിചു പൊരുതുന്നതിനുപകരം ജനങളെ വിശ്വാസത്തിൽ നിന്നും മോചിപ്പിചാൽ ഫാസിസമുൾപ്പെടെയുള്ള വിപത്തുകളിൽ നിന്നും രക്ഷയായെന്നു കരുതുന്നവരെ കേവലം വിഡികളെന്നല്ല വിളിക്കെണ്ടത്,ഇവരെപ്പോലുള്ളവരെ ചരിത്രം എന്നും വിളിചിട്ടുള്ളത് ഒറ്റുകാർ എന്നാണ്.=
Anilkumar K N Kariyath and 4 others like this.
Ravindranath Tk Jachin Jayaram
=”സഹോദരാ..നിറയെ അക്ഷരത്തെറ്റുണ്ട് നിങ്ങളുടെ ഈ ലേഖനത്തിൽ..ആദ്യം സ്കൂളിൽ പോകു. അല്ലെങ്കിൽ സാക്ഷരതാ ക്ലാസ്സിൽ..വൈരുദ്ധ്യാത്മക ഭൗതികവാദമൊക്കെ ചർച്ച ചെയ്യുന്നതിന് മുൻപ് ദയവായി നാലക്ഷരം പഠിക്കൂ.. ‘വൈകുണ്ടസാമി’ എന്നൊക്കെ കാണുമ്പോൾ സങ്കടമാണ് തോന്നുന്നത് “.
February 5 at 2:11pm =
Krishnan Leji
=ചില വാക്കുകളെപിടിചു് രാവിലെ മുതൽ വൈകുന്നേരം വരെ ചർച്ച ചെയ്ത് അജണ്ട പൂർത്തീകരിക്കാതെ യോഗം അവസാനിപ്പിച് പരിപ്പ്‌വടയും ചായയും കഴിചു പിരിയുന്ന പാരമ്പര്യം തെറ്റിയില്ല.വാക്കുകളും തെറ്റുകളും മാത്രം ചർച്ച ചെയ്ത് ശീലിചവർക്കു ആശയം മനസിലായില്ലെങ്കിലും അക്ഷരതെറ്റുകൾ എളുപ്പം പിടികിട്ടും=
Freethinkers സ്വതന്ത്രചിന്തകർ എന്ന പബ്ലിക് ഗ്രൂപ്പിൽ കണ്ട മറ്റൊരു ചാപിള്ള സ്റ്റാറ്റസ്:
Sirajsha Dgdd
=കേരളത്തിലെ എല്ലാ നാസ്ഥികർകും എന്റെ ഹൃദയം നിറഞ്ഞ കൂപ് കൈ ……….എന്റെ പേര് സിറാജ് ….സ്ഥലം കൊല്ലം- പുനലൂര് ……….ഞാൻ ഒരു സത്യം അന്വേഷകൻ ആണ് .എന്റെ സംശയങ്ങൾക്ക് ഈ ഗ്രൂപ്പിലെ സ്വതന്ത്ര ചിന്തകർ അല്ലെങ്കിൽ യുക്തിവാദ പ്രജാരകർ മറുപടി തരണം. ….
ചോദ്യം .. (1)ഇന്ന് ശാസ്ത്രത്തിനു ഈ പ്രപഞ്ചത്തിന്റെ ഒരു കുറച്ച ശതമാനം മാത്രമേ കണ്ടതുവാനും, കുറച്ചെങ്കിലും പഠനം നടത്തുവാനും സാധിച്ചത് .ഈ നമ്മൾ കാണുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടോ ???
ചോദ്യം (2)……..ശാസ്ത്രത്തിന്റെ വളര്ച്ചയെ അഭിനന്ദിച് കൊണ്ട് തന്നെ ചോതികട്ടെ .നമ്മുടെ ശരീരത്തിന് ഇത്രയും ഭംഗിയുള്ള ഘടന നല്ഗിയതാര് ?അതിനു പിന്നിൽ ശക്തനും, ബുദ്ധിമാനും ആയ ഒരു ശക്തി പ്രവര്തിച്ചിട്ടില്ലേ ???
ചോദ്യം (3)……….പരിണാമം ആധികാരികമായി തെളിയിക്കാൻ (യുക്തി പ്രകാരം ) കഴിയുമോ ???
ചോദ്യം (4)………മനുഷ്യന്റെ തലച്ചോറും, പരിണാമം സംഭവിച്ചു എന്ന് നിങ്ങൾ അവകാശപെടുന്ന ആൾ കുരങ്ങിന്റെ തലച്ചോറും തുല്യ പ്രവർതനമാണോ ???മൃഗവും മനുഷ്യനും തുല്യ ചിന്താശേഷി ഉള്ളവരാണോ ???
ചോദ്യം (5)……….പരിണാമത്തിനു ശേഷം എന്ത് കൊണ്ട് ഒരു കുട്ടി പോലും കുരങ്ങിന്റെ രൂപതിൽ ജനികുന്നില്ല ???
എന്റെ ചോദ്യത്തിനു ഉത്തരം കിട്ടുമെന്ന് പ്രതീക്ഷികുന്നു …………വെറും ബാലിശമായ ഡിങ്കൻ, ബാലരമ ,മംഗളംകുട്ടിച്ചാത്തൻ തുടങ്ങിയ കമന്റ് ഇട്ട് സമയം കളയണ്ട അറിവുള്ള യുക്തിവാദിഗൽക് മറുപടി പറയാം ……………..?
സ്വന്തം പാദങ്ങളുടെ അളവിനെപ്പറ്റി വലിയ നിശ്ചയമൊന്നുമില്ല. പക്ഷേ, ചെറിയവരായിരിക്കുക എന്നതു് ആത്മഹത്യാപരമാണെന്ന കാര്യത്തിൽ സംശയമൊട്ടുമില്ലതാനും. അത്തരക്കാർ എപ്പോഴും കൂടിയ നമ്പറുള്ള ഷൂസ് വാങ്ങാൻ തിടുക്കപ്പെടുന്നവരായിരിക്കും. എത്ര വലുതോ അത്രയും നല്ലതു് എന്നതാണു് നിലപാടു്. അതുകൊണ്ടു് ഇടതും വലതും പാദങ്ങൾ തമ്മിൽ മാറിപ്പോയാൽ പോലും അറിയുകയുമില്ല. പക്ഷേ ഈ കോമഡി ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ കുറ്റം മുഴുവൻ അവരുടേതായിരിക്കും. മിനിമം നാലു് നമ്പറെങ്കിലും വലിയ ചെരിപ്പുമിട്ടുകൊണ്ടു്, സംവദിക്കാൻ എന്ന പേരിൽ, സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത നാട്ടുകാരുടെ നെഞ്ചത്തു് പൊങ്കാലയിടാൻ വരുന്ന ഈ പണ്ഡിതാഭിമാനികളുടെ ചൂണ്ടയിൽ ആരും കൊത്തിയില്ലെങ്കിൽ അതു് ഭയമോ ഭീരുത്വമോ മഹാപരാധമോ മൂലമാണെന്നായിരിക്കും പരാതി.
“What little Hans has not learned, adult Hans will never learn.” – A German saying
Feb 18, 2015, 11:08 AM
പരസ്പരം മുഖത്തുനോക്കി സംസാരിക്കുക എന്നതാണു് മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിൽ പൊതുവേ സ്വീകരിക്കപ്പെടുന്ന രീതി. അങ്ങനെയൊരു രീതി മല്ലൂസിന്റെയിടയിൽ നിലവിലില്ല എന്നൊരു അഭിപ്രായം അരുന്ധതി റോയ്, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ, ഒരിക്കൽ പ്രകടിപ്പിച്ചതായി കേട്ടിരുന്നു. അരുന്ധതി ഒരു പെണ്ണായതുകൊണ്ടു് മല്ലുക്കൾ എവിടെ നോക്കിയായിരിക്കും അവളോടു് സംസാരിച്ചിരിക്കുക എന്നു് ഊഹിക്കാവുന്നതേയുള്ളു. പണ്ടൊരിക്കൽ ഖസാക്കിൽ ഐതിഹാസികമായി സംഭവിച്ച ആർത്തവത്തിനു് ശേഷം മാത്രമാണു് അങ്ങനെയൊരു പ്രകൃതിസഹജത പെണ്ണുങ്ങളിലുണ്ടു് എന്നു് മല്ലൂസ് മനസ്സിലാക്കിയതുതന്നെ. അതുകൊണ്ടു് അവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. കലശലായ ആർത്തി പട്ടിണിയുടെ ഒഴിവാക്കാനാവാത്ത ഒരു പാർശ്വഫലമാണു്. പശുക്കളിൽ കൃത്രിമബീജസങ്കലനം നടത്താനായി ബീജം ശേഖരിക്കാൻ, വയ്കോലും ചാക്കുമെല്ലാം ഉപയോഗിച്ചു് പശുവിന്റെ പിൻഭാഗം എന്നു് തോന്നിക്കുന്നവിധം നിർമ്മിച്ച ഒരു രൂപത്തിന്റെ അടുത്തേക്കു് മൂരിയെ ആനയിക്കുന്ന ഒരു രീതി യൂറോപ്പിൽ കണ്ടിട്ടുണ്ടു്. ഒരു പശുവിനെയാണു് താൻ കാണുന്നതെന്ന ധാരണയിൽ, നിയന്ത്രണം വിട്ടു് വയ്കോൽത്തുറുവിനെ ഗർഭം ധരിപ്പിക്കാൻ ശ്രമിക്കുന്ന മൂരിയിൽ നിന്നും ബീജം ശേഖരിക്കുക എന്നൊരു ചുമതലയേ അതുമായി ബന്ധപ്പെട്ടവർക്കു് അവശേഷിക്കുന്നുള്ളു. തന്മൂലം, സാരി ചുറ്റിയ ഒരു കൊടിമരത്തെ കണ്ടാൽ ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന മനുഷ്യർ ജീവിക്കുന്ന ചില പ്രദേശങ്ങൾ ലോകത്തിലുണ്ടെന്നു് കേട്ടാൽ അത്ഭുതപ്പെടരുതു്. എവൊല്യൂഷന്റെ ഗതി വിത്തുമൂരികളുടെ നിലവാരത്തിൽ എത്തിയതോടെ മാനസികമായ വളർച്ച മുരടിച്ചുപോയ സാധുക്കളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.
സൃഷ്ടിയുടെ സ്ഥിതി ഇങ്ങനെയൊക്കെ ആയതിനാൽ, വൻപിച്ച കച്ചവടസാദ്ധ്യതകളാണു് ഇതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതു്. മുടക്കമില്ലാത്ത അന്വേഷണങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ, അവയെ കണ്ടെത്തണമെന്നേയുള്ളു. “Sex sells”! അതുപോലൊരു ഉഗ്രൻ കണ്ടെത്തലാണു് CPI (M)-ന്റെ വിപ്ലവത്തിരുവാതിരക്കളി. വിപ്ലവത്തിന്റെയോ തിരുവാതിരയുടെയോ പേരിൽ എന്നതിനേക്കാൾ കൂടുതൽ അതിൽ അന്തർലീനമായ കളിയുടെ പേരിലാണു് വിപ്ലവത്തിരുവാതിരക്കളി പ്രസക്തമാവുന്നതു്. ബാല്യത്തിനും യൗവനത്തിനും ഇടയിൽ കളിയുടേതു് മാത്രമായ ഒരു കാലമുണ്ടു്: puberty-യുടെ കാലം, ആർത്തവാരംഭത്തിന്റെ കാലം, താടിമീശകൾ കിളിർക്കുന്ന കാലം, യുഫോറിയയുടെ കാലം. മുകളിൽ സൂചിപ്പിച്ച എവൊല്യൂഷണൽ മുരടിപ്പു് മൂലം ജീവിതകാലം മുഴുവൻ puberty-യും യുഫോറിയയുമായി കഴിയാൻ വിധിക്കപ്പെട്ട ഒരു സമൂഹമാണു് കേരളം. അതിനാൽ, അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടതിലേറെ പൊട്ടൻഷ്യൽ ഉള്ള ഒരു കളിയാണു് വിപ്ലവത്തിരുവാതിരക്കളി. ചൂഷണത്തിൽ കളികളുടെയും കേളികളുടെയും പങ്കു് പണ്ടേ മനസ്സിലാക്കിയ മറ്റൊരു വിഭാഗമാണു് മല്ലുസിൽമാക്കാർ. പെണ്ണുങ്ങളുടെ തിരുവാതിരകളിയിൽ വല്ല ധാർമ്മികമൂല്യങ്ങളും കൊഴിഞ്ഞു് വീഴുന്നുണ്ടോ എന്നറിയാനാണു് ജന്മനാ സദാചാരന്മാരായ ഗോത്രമൂപ്പന്മാർ അതിൽ പങ്കെടുക്കുന്നതു്. പെണ്ണുങ്ങൾ താറു് ഉടുത്തിട്ടില്ലെന്നും, ഈറൻ ധരിച്ചിട്ടുണ്ടെന്നും, നിതംബം ആവശ്യത്തിലേറെ കുലുങ്ങുന്നില്ലെന്നും (വണ്ടി കുഴിയിൽ വീഴരുതല്ലോ) മറ്റുമുള്ള സാങ്കേതികവശങ്ങൾ പരിശോധിക്കുക മാത്രമാണു് അവരുടെ ചുമതല. അതവരുടെ ധർമ്മവും കർമ്മവുമായിട്ടാണു് അവർ കാണുന്നതു്. സ്ത്രീകളുമായി സംസാരിക്കുമ്പോൾ അവരുടെ മുഖത്തു് നോക്കുന്നതിനെക്കാൾ സ്ത്രീശരീരത്തിലെ നിമ്നോന്നതങ്ങൾ കാണാൻ ശ്രമിക്കുന്നവരെപ്പോലെതന്നെ, കളി കാണുന്നതിനേക്കാൾ കളിക്കുന്ന സ്ത്രീകളുട്രെ കുലുങ്ങുന്ന സദാചാരങ്ങൾ കാണാനും പരിശോധിക്കാനും യാതൊരു ദുരുദ്ദേശ്യവുമില്ലാതെ ശ്രമിക്കുന്ന ഗോത്രസംരക്ഷകരാണവർ! തിരുവാതിരക്കളിയായാലും, കൈകൊട്ടിക്കളിയായാലും, കുച്ചിപ്പുടിയായാലും, “പുച്ചിക്കുടി”യായാലും, സിൽമയായാലും, എന്നുവേണ്ട, ഏതുതരം “കളി” ആയാലും ഈയൊരു വീക്ഷണകോണകത്തിൽ നിന്നുകൊണ്ടുള്ളതല്ലാതെ മറ്റൊരു കാഴ്ചപ്പാടു് സദാചാരന്മാർക്കു് സാദ്ധ്യമല്ലതന്നെ!
കേരളത്തിൽ സദാചാരം മനസ്സിലാക്കപ്പെടുന്നതു് ഒരേയൊരർത്ഥത്തിലാണു്: സ്ത്രീപുരുഷലൈംഗികതയിൽ അധിഷ്ഠിതമായ അർത്ഥത്തിൽ. അതുകൊണ്ടുതന്നെ, സദാചാരന്മാർ രണ്ടു് തരമുണ്ടു്: ഒന്നു്, പ്രായപൂർത്തിയായ ഒരു ആണും പെണ്ണും ഒരുമിച്ചു് നടക്കുന്നതു് കണ്ടാലുടനെ സദാചാരക്കുരു പൊട്ടുകയും കുറുവടിയുമായി അവരുടെ പിന്നാലെ പായുകയും ചെയ്യുന്ന സദാചാരന്മാർ. രണ്ടു്, ഈ സദാചാരന്മാരെ അപലപിച്ചുകൊണ്ടും, തെറിപറഞ്ഞുകൊണ്ടും, കണ്ണുകളിൽ സ്ത്രീകളോടുള്ള സഹാനുഭൂതിയുടെ മൂത്രവുമായി അവരുടെ പിന്നാലെ പായുന്ന സദാചാരന്മാർ. സ്ത്രീകൾ തങ്ങളുടെ സംരക്ഷണം ആവശ്യമുള്ള ആശ്രിതരും അബലകളുമാണെന്ന കാര്യത്തിൽ രണ്ടു് സദാചാരികൾക്കും സംശയമേതുമില്ല. അതുകൊണ്ടു്, സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി സ്ത്രീകൾ കൈവരിക്കുന്നതു് രണ്ടു് കൂട്ടരുടെയും പേടിസ്വപ്നമാണു്. സ്ത്രീകൾ സ്വയം പര്യാപ്തമായാൽ പിന്നെ നുമ്മ ആരെ സംരക്ഷിക്കും? നുമ്മെ ആരു് വിലമതിക്കും?
ഏതായാലും, അംഗസംഖ്യയിൽ ഇടിവു് സംഭവിക്കുന്നോ എന്നു് സംശയം തോന്നുന്ന മതപരവും, രാഷ്ട്രീയവും, സാമൂഹികവുമായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇതുപോലുള്ള “പുച്ചിക്കുടി”കൾ പരീക്ഷിക്കാവുന്നതാണു്. Secondary sexual characteristics-നു് അത്തരം പരീക്ഷണങ്ങളിൽ വേണ്ടത്ര പരിഗണന നൽകാൻ മറക്കാതിരുന്നാൽ, സംഭവം ചീറ്റിപ്പോകും എന്നൊരു ഭയം അടുത്തൊരു നൂറു് വർഷത്തേക്കു് ആവശ്യമില്ല, ചുരുങ്ങിയതു് കേരളത്തിലെങ്കിലും.
Feb 19, 2015, 8:26 AM
പ്രധാനമന്ത്രി മോദിയുടെ സ്യൂട്ട് ലേലത്തെപ്പറ്റി പരാമർശിക്കുന്നതിനിടയിൽ ജർമ്മൻ റേഡിയോയിൽ (WDR2) ഇന്നലെ കേട്ട ഒരു തമാശ: “അദ്ദേഹത്തിന്റെ പേരു് Modi എന്നായതുകൊണ്ടാവും അദ്ദേഹം അതുപോലൊരു സ്യൂട്ട് വാങ്ങിയതു്.” (Fashion എന്നർത്ഥമുള്ള “Mode” എന്ന ജർമ്മൻ വാക്കിനു് “Modi” എന്ന പേരുമായുള്ള സാമ്യം പരോക്ഷസൂചന).
അതെന്തായാലും, കോട്ടിനു് കിട്ടുന്ന ലേലത്തുക ഗംഗയുടെ ശുചീകരണത്തിനു് വേണ്ടി വിനിയോഗിക്കുമെന്ന വാർത്ത ശരിയാണെങ്കിൽ ആ തീരുമാനം അനുമോദനാർഹമാണു്. പത്തു് ലക്ഷത്തിനു് വാങ്ങിയതായാൽ പോലും, ഒരു കോടിയിലേറെയാണു് ലേലത്തുകയെങ്കിൽ ഇത്തിരി ചില്ലറ ബാക്കിയുണ്ടാവുമല്ലോ. പൊങ്ങച്ചക്കാരനായ ഏതോ ഉപദേശകൻ മൂലം മോദിക്കു് വന്ന (അങ്ങനെ വിശ്വസിക്കാനാണു് എനിക്കിഷ്ടം) മാനനഷ്ടത്തിനു്, പൊങ്ങച്ചക്കാരനായ ഏതോ ഒരു പണക്കാരന്റെ “ധനനഷ്ടം” പരിഹാരം നൽകണമെന്നില്ലെങ്കിലും, ഗംഗയെ ശുചീകരിക്കുക എന്നൊരു നല്ല കാര്യം അതുവഴി നടക്കുമെങ്കിൽ, “കോട്ടട പോട്ടട” എന്നേ പറയാനുള്ളു.
(BBC News India: “The proceeds will be used to clean the heavily polluted river Ganges.The clean-up is a pet project of the prime minister, and his government has set a target to complete the task within three years.”)
Feb 19, 2015, 9:39 AM
തന്റെ കടമ നിർവഹിച്ചു എന്നതല്ലാതെ മറ്റൊരു കുറ്റവും ചെയ്യാത്ത ഒരു മനുഷ്യനു് അവന്റെ ജീവൻ നഷ്ടപ്പെടും എന്നു് വ്യക്തമായി അറിഞ്ഞുകൊണ്ടു് സമ്പന്നനായ ഒരു മനുഷ്യാധമൻ അവനെ കാറുകൊണ്ടു് ഇടിക്കുകയും, അതുവഴിയുള്ള പരിക്കുകളുടെ ഫലമായി അവൻ മരിക്കുകയും ചെയ്യുന്നു. ഈ ക്രൂരകൃത്യം ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണെന്നു് ഒരു സമൂഹം കരുതുന്നുണ്ടെങ്കിൽ, ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമവ്യവസ്ഥകൾക്കും, അതു് നടപ്പാക്കാൻ ബാദ്ധ്യസ്ഥരായ അധികാരിവർഗ്ഗത്തിനും അത്യാവശ്യമായി പരിഹരിക്കേണ്ടതും ഗൗരവതരവുമായ എന്തൊക്കെയോ തകരാറുകളുണ്ടു്.
#ചന്ദ്രബോസ്
january 2015
Jan 1, 2015, 3:11 PM
കൃത്യമായി ജനുവരി ഒന്നിനു് ജനിക്കാനും അതു് പോരാഞ്ഞിട്ടെന്നപോലെ എന്റെ ഫ്രണ്ട് സർക്കിളുകളിൽ വന്നുപെടാനും വിധിക്കപ്പെട്ട ഇരുപത്തിരണ്ടു് നവവത്സര “ജനിദിവസികൾക്കും” എന്റെ “ഹൃദയഭേദകമായ” ജന്മദിന-പുതുവത്സരാശംസകൾ! അവരെ പ്രൈമറി സ്കൂളിലേക്കു് കൈപിടിച്ചു് കയറ്റിയ അദ്ധ്യാപകർ തീർച്ചയായും സ്പെഷൽ അഭിനന്ദനങ്ങളും പുതുവത്സരാശംസകളും അർഹിക്കുന്നുണ്ടു്. സൂതികർമ്മിണികളായി ജോലി ചെയ്തിരുന്നെങ്കിൽ, നവഭാരതതലമുറകൾ ദുശ്ശകുനസമയത്തു് ഗർഭപാത്രത്തിൽ നിന്നും പുറത്തുവരാതെ, വീടിനും നാടിനും ഏറ്റവും അനുയോജ്യമായ ദിനത്തിലും മുഹൂർത്തത്തിലും മാത്രം അവരെ ഭൂമിയിലേക്കു് തുറന്നുവിടാൻ അവർക്കു് കഴിയുമായിരുന്നു എന്നിരിക്കെ, അദ്ധ്യാപകർ എന്ന, ഒട്ടും എളുപ്പമല്ലാത്ത ഒരു തൊഴിൽ സ്വീകരിക്കാൻ എന്തുകൊണ്ടു് അവർ തയ്യാറായി എന്നുമാത്രമേ അറിയാതുള്ളു. അല്ലെങ്കിൽത്തന്നെ, എല്ലാം അറിയണം എന്നതു്, എല്ലാ മുന്തിരിങ്ങക്കും മധുരമാണു് എന്ന ധാരണപോലെ, ഒരുപാടു് ഊർജ്ജനഷ്ടം വരുത്താവുന്ന ഒരുതരം പിടിവാശിയാണു്. ഏതായാലും, വേണ്ടത്ര തൊലിക്കട്ടി ഉണ്ടായിരിക്കുക, താൻ പറയുന്നതെന്തെന്നു് തനിക്കുതന്നെ അറിയാൻ കഴിയാതിരിക്കുക എന്നീ ഗുണങ്ങൾ അവർക്കു് കമ്മിയായിരുന്നിരിക്കണം. അല്ലെങ്കിൽ ജ്യോതിഷികളോ, രാഷ്ട്രീയക്കാരോ ആയി സമൂഹത്തെ സേവിച്ചുകളയാമെന്നേ അവർ തീരുമാനിക്കുമായിരുന്നുള്ളു.
Jan 2, 2015, 1:33 PM
പലപ്പോഴും കേൾക്കാറുള്ളതാണു് അറിവില്ലായ്മ ഒരു കുറ്റമല്ല എന്ന പ്രയോഗം. “ഒന്നെനിക്കറിയാം, എനിക്കൊന്നും അറിയില്ല എന്നതാണതു്” എന്നു് പറയുന്നവരെ വരെ വിഷം കൊടുത്തു് കൊല്ലാൻ മടിക്കാത്തവർ ജീവിച്ചതും ജീവിക്കുന്നതുമായ ഈ ലോകം മനുഷ്യശൂന്യമായി മാറാതിരിക്കാൻ സഹായിച്ചേക്കാമെന്നതിനാൽ അതുപോലൊരു കാഴ്ചപ്പാടു് ഉണ്ടാവുന്നതും ഒരു കുറ്റമല്ലാതായിരിക്കേണ്ടതുണ്ടു്. എങ്കിലും, ഈ പ്രയോഗം വെറുമൊരു സാമാന്യസത്യം മാത്രമല്ല, ഉയർന്ന നിലവാരം പുലർത്തുന്ന ഒരു കോമെഡി വാല്യൂ കൂടി അതിനുണ്ടെന്നു് മനസ്സിലാക്കാൻ കഴിയണമെങ്കിൽ, ദൈവഭക്തർ, മതഭക്തർ, പാർട്ടിഭക്തർ, ആശയഭക്തർ, വ്യക്തിഭക്തർ, എന്നുവേണ്ട, വിവിധതരം ഭക്തിപരവശത മൂലം യുക്തിബോധത്തിന്റെ കണ്ണുകൾ അർദ്ധനിമീലിതമാവുകയോ, പൂർണ്ണമായും അടഞ്ഞുപോവുകയോ ചെയ്യുന്നവരുടെ വായിൽ നിന്നുതന്നെ അതു് കേൾക്കേണ്ടതുണ്ടു്. ഭക്തിയുടെ അടിത്തറ ഉത്തമബോദ്ധ്യങ്ങളാണു്. ഉത്തമബോദ്ധ്യങ്ങളേക്കാൾ ഇടുങ്ങിയ ഒരു കൽത്തുറുങ്കിൽ അറിവിനെ ചങ്ങലയിൽ തളച്ചിടാനാവുമെന്നു് തോന്നുന്നില്ല. ഈ വസ്തുതകൾ രണ്ടും കൂട്ടിവായിച്ചാൽ, സ്വന്തം ഉത്തമബോദ്ധ്യങ്ങളിൽ നിലയുറപ്പിച്ചു്, രണ്ടുകൈകൊണ്ടും നെഞ്ചത്തടിച്ചു് തന്റെ അജയ്യത വിളംബരം ചെയ്യുന്ന ഗൊറില്ലകളെപ്പോലെ, “അറിവില്ലായ്മ ഒരു കുറ്റമല്ല” എന്നു് ലോകത്തോടു് വിളിച്ചു് പറയുന്ന ഒരു ഭക്തൻ എത്ര വലിയ ഒരു തമാശക്കാരനാണെന്നു് മനസ്സിലാവും. അറിവില്ലായ്മ ഒരു കുറ്റമല്ലാത്തപോലെ കണ്ണാടിയിൽ നോക്കി പറയേണ്ടതു് പൊതുസ്ഥലത്തു് നിന്നുകൊണ്ടു് പറയുന്നതും ഒരു കുറ്റമല്ല; അതു് പലപ്പോഴും നല്ലൊരു തമാശ ആയിക്കൂടെന്നുമില്ല. ഭക്തർ വളരെ ഗൗരവപൂർവ്വം നടത്തുന്ന എല്ലാ പ്രസ്താവനകളും പ്രഖ്യാപനങ്ങളും പൊതുവേ ഒന്നാംതരം തമാശകളായിരിക്കും. അവ ആസ്വദിക്കാൻ ഒരു മിനിമം യുക്തിബോധമെങ്കിലും ഉണ്ടായിരിക്കണമെന്നേയുള്ളു.
Jan 3, 2015, 11:13 AM
കേരളത്തിലെ “സ്റ്റേജ് പെർപെറ്റ്രേറ്റേഴ്സ്” മാത്രമായ രാഷ്ട്രീയനേതാക്കൾ, സാംസ്കാരികനായകർ, സാമൂഹികവിചക്ഷണർ, മതവിദ്വാന്മാർ തുടങ്ങിയവർ ഒന്നടങ്കം കയറിയ ഒരു കപ്പൽ നടുക്കടലിൽ മുങ്ങിയാൽ ആ സംഭവത്തെ ഏറിയാൽ ശോചനീയം എന്നല്ലാതെ, ഒരു മഹാവിപത്തു് എന്നും മറ്റും വിളിക്കുന്നതു് ഒരു മഹാപരാധമായിരിക്കും. അവരിൽ ഒരുത്തനോ/ഒരുത്തിക്കോ എങ്കിലും നീന്തൽ അറിയാമെങ്കിൽ അതിനെ അങ്ങനെ വിളിക്കാതിരിക്കുന്നതും അതുപോലെതന്നെ.
Jan 4, 2015, 2:45 PM
Rajesh KP-യുടെ കഴിഞ്ഞ ദിവസം കണ്ട രസകരമായ ഒരു സ്റ്റാറ്റസ്: “നിറയാൻ വിസമ്മതിക്കുന്ന ഒഴിഞ്ഞ പാത്രങ്ങളോട് ഓട്ടപ്പാത്രങ്ങളാണോ എന്ന് ചോദിച്ചതിന് എന്നെയെന്തിന് ശിക്ഷിക്കണം?”
നിറയാൻ ഇനിയൊട്ടും ഇടമില്ലാത്തവിധം നിറഞ്ഞവരാണെന്നു് വിശ്വസിക്കുന്നവരോടു് ഓട്ടപ്പാത്രങ്ങളാണോ എന്നും മറ്റും ചോദിക്കുന്നതു് മഹാപാപമാണു്. പാപികൾ ശിക്ഷിക്കപ്പെടും, ശിക്ഷിക്കപ്പെടണം. ദൈവനിശ്ചിതമായ ഒരു നിയമമാണതു്. സംശയമോ ചോദ്യമോ ആവശ്യമില്ലാത്ത “ഒബ്‌വിയസ്” ആയ നിയമം! ഏതർത്ഥത്തിലും പൂർണ്ണനായ ഒരു ദൈവത്തോടു് താനൊരു ഓട്ടപ്പാത്രമാണോ എന്നു് ആരെങ്കിലും ചോദിക്കുന്നതു് ഒന്നാലോചിച്ചുനോക്കൂ. അത്തരക്കാർ നശിപ്പിക്കപ്പെട്ടില്ലെങ്കിൽ പിന്നെ ദൈവങ്ങൾക്കും മതങ്ങൾക്കും (പുരോഹിതർക്കു് എന്നു് ഒറ്റവാക്കു്) ലോകത്തിൽ നിലനിൽക്കാനാവുമോ? വ്യഭിചാരം ഒരു കുറ്റകൃത്യമാണെന്നു് ബൈബിളിൽ കല്പനയുണ്ടു്. കൊല ചെയ്യരുതു്, കള്ളസാക്ഷ്യം പറയരുതു്, കൂട്ടുകാരന്റെ ഭാര്യ, ദാസൻ, ദാസി, ഭവനം മുതലായ യാതൊന്നിനെയും മോഹിക്കരുതു് തുടങ്ങിയ പല കല്പനകൾ വേറേയുമുണ്ടു്. പക്ഷേ ദൈവത്തിനു് ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്യാൻ അനുവാദമുണ്ടുതാനും. ഉദാഹരണത്തിനു്, യോസേഫിനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയ പരിശുദ്ധാത്മാവിനാൽ വ്യഭിചരിക്കപ്പെട്ടു് ഗർഭിണിയായപ്പോൾ കഥയറിയാത്ത പാവം യോസേഫ് മറിയയെ “ഗൂഢമായി ഉപേക്ഷിപ്പാൻ” തീരുമാനിച്ചു. അപ്പോൾ ദൈവം തന്റെ ദൂതനെ യോസേഫിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുത്തിയതു് എത്രയും വേഗം മറിയെയും പരിശുദ്ധാത്മാവിനെയും കല്ലെറിഞ്ഞു് കൊല്ലൂ എന്നു് കല്പിക്കാനായിരുന്നില്ല, “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നു് അരുളിച്ചെയ്യാൻ വേണ്ടിയായിരുന്നു. ഗുണപാഠം: പാപം ചെയ്യാനും കല്ലെറിയാനുമൊക്കെയുള്ള അവകാശവും അധികാരവും ഞങ്ങൾക്കു്, പാപം ചെയ്യാതിരിക്കാനും കല്ലേറുകൊണ്ടു് ചാവാനുമുള്ള കടമയും സ്വാതന്ത്ര്യവും നിങ്ങൾക്കു്. ക്രൈസ്തവവിശ്വാസിയുടെ പെഴ്സെപ്റ്റീവ് ഫാക്കൽറ്റിയുടെ ആഴം അറിയാൻ ഈ കഥ ശ്രദ്ധിച്ചാൽ മതി. മറിയയെ വ്യഭിചരിക്കുന്നതു് ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവു്. അതുവഴി ജനിക്കുന്നതു് ത്രിത്വത്തിൽ രണ്ടാമനായ പുത്രൻ. എന്നിട്ടും പിതാവു് ദൈവം തന്നെ! ജനിപ്പിച്ചവനും ജനിച്ചവനും അപ്പനും വെവ്വേറേ ആയിരിക്കുന്നതും, അതേസമയംതന്നെ ഒന്നായിരിക്കുന്നതുമായ അവസ്ഥ! പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നായും ഒന്നായും വാഴുന്ന ക്രൈസ്തവഭക്തന്റെ ലോകം! വിശ്വാസികൾ പൊതുവേ കീൻ പെർസെപ്ഷൻ ഉള്ളവരാണു്. മൂന്നായ നിന്നെയിഹ ഒന്നെന്നു് കണ്ടളവിൽ… എന്നൊക്കെ പാടുന്നവർ! സാധാരണലോകത്തിൽ ഒന്നിനെ പലതായും പലതിനെ ഒന്നായുമൊക്കെ കാണാൻ തുടങ്ങുന്നതു് ചികിത്സ ആവശ്യമായ രോഗമാണു്. പക്ഷേ, ഭക്തിയുടെ ലോകത്തിൽ അതു് ബുദ്ധിയുടെയും അറിവിന്റെയുമൊക്കെ ഔന്നത്യമാണു്. “അറിവില്ലായ്മ ഒരു കുറ്റമല്ല”, “നീയൊക്കെപ്പോയി ആദ്യം എന്റെ ഗ്രന്ഥം പഠിച്ചിട്ടു് വാ”, “നമ്മളോടാണു് കളി”, “നിനക്കൊന്നും ഒരു ചുക്കുമറിയില്ല” തുടങ്ങിയ “ഖണ്ഡിക്കാനാവാത്ത” വിശുദ്ധപ്രഖ്യാപനങ്ങൾ വരുന്നതു് അവിടെനിന്നുമാണു്.
തങ്ങൾ ഒഴിഞ്ഞവയാണെന്നു് അംഗീകരിക്കുന്നവയല്ല പാത്രങ്ങൾ. അവയുടെ ഈ നിലപാടു് അത്ര തെറ്റുപോലുമല്ലെന്നതാണു് സത്യം. ഓട്ടയുള്ളവയായാലും ഇല്ലാത്തവയായാലും അക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. കരയിലോ കടലിലോ ചെളിയിലോ സ്ഥിതിചെയ്യുന്നതു് എന്നതിനനുസരിച്ചു് വായുവോ വെള്ളമോ ചെളിയോ ഒക്കെക്കൊണ്ടു് നിറഞ്ഞതായിരിക്കാനേ അവയ്ക്കു് കഴിയൂ. (വാ)തുറന്നാൽ പുറത്തുവരുന്നതും അതൊക്കെത്തന്നെ ആയിരിക്കും. ഉള്ളിലുള്ളതേ പുറത്തേക്കു് വരൂ. പരു പൊട്ടിയാൽ ചലം, അത്രതന്നെ.
Jan 5, 2015, 2:21 PM
ടുണീഷ്യയുടെ ദേശീയ പുഷ്പം മുല്ലപ്പൂ ആയതിനാൽ, മുല്ലപ്പൂ വിപ്ലവം എന്നും അറിയപ്പെടുന്ന ടുണീഷ്യൻ വിപ്ലവത്തിന്റെ “ട്രിഗെർ” ആയതു് മൊഹമ്മെദ് ബൊഅസീസി എന്ന ഒരു 26 വയസ്സുകാരൻ 2010 ഡിസംബർ 17-നു് ദേഹത്തു് പെട്രോൾ ഒഴിച്ചു് തീവച്ചു് നടത്തിയ ആത്മഹത്യാശ്രമവും, അതിനെത്തുടർന്നു് അവനു് ആശുപത്രിയിൽ വച്ചു് 2011 ജനുവരി-4നു് സംഭവിച്ച മരണവുമായിരുന്നു. ആ സമൂഹത്തിന്റെ ദുഷിപ്പിനും ജീർണ്ണതക്കും അധികാരദുർവ്വിനിയോഗത്തിനുമെതിരെ ദശാബ്ദങ്ങളായി വളർന്നുവന്ന ജനരോഷത്തിന്റെ പൊട്ടിത്തെറിക്കലായിരുന്നു അതെന്നു് പറയുന്നതാവും കൂടുതൽ ശരി. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, അഭിപ്രായസ്വാതന്ത്ര്യമില്ലായ്മ, രാഷ്ട്രീയസ്വാതന്ത്ര്യമില്ലായ്മ, ഭൂരിപക്ഷം ജനങ്ങളും അനുഭവിച്ചിരുന്ന താഴ്ന്ന ജീവിതനിലവാരം മുതലായ സാമൂഹികപ്രശ്നങ്ങൾ ജനത്തെ പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നയിക്കുകയായിരുന്നു എന്നതാണു് സത്യം. ടുണീഷ്യൻ വിപ്ലവം “അറബ് വസന്തം” എന്ന പേരിൽ അറബ് ലോകം മുഴുവൻ പടർന്നു് പിടിച്ചതിന്റെ പിന്നിലെ യഥാർത്ഥത്തിലുള്ള പ്രേരകശക്തിയും ദശാബ്ദങ്ങളായി അവിടങ്ങളിൽ നിലനിന്നിരുന്ന അധികാരിവർഗ്ഗത്തിന്റെ ധാർഷ്ട്യവും, ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള അവരുടെ ഭരണരീതിയുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം പോലൊരു സാമൂഹികവിപ്ലവം ഭാരതത്തിൽ ഈയടുത്തയിടയെങ്ങും വരുമെന്നുള്ള പ്രതീക്ഷയൊന്നും വേണ്ട. പ്രശ്നങ്ങളൊന്നും ഇല്ലാത്തിടത്തു് എന്തു് വിപ്ലവം? അവസരാസമത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം, രാഷ്ട്രീയത്തിലെയും ബ്യൂറോക്രസിയിലെയും അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ സാമൂഹികദുഷിപ്പുകൾ ദൈനംദിനജീവിതത്തിന്റെ ഒരു ഭാഗവും, തന്മൂലം തികഞ്ഞ സാധാരണത്വവും ആയി മാറിക്കഴിഞ്ഞതിനാൽ, അതൊന്നും ഭാരതീയനെ കാര്യമായി അലട്ടുന്ന കാര്യങ്ങളല്ല. കർഷകരുടെ ആത്മഹത്യകൾ, പെൺകുട്ടികളെ ഒറ്റയ്ക്കും കൂട്ടമായും ബലാൽസംഗം ചെയ്തു് കൊല്ലൽ മുതലായവ, മറ്റു് പല സെൻസേഷണൽ ന്യൂസുകളും പോലെ, പുതിയൊരു ന്യൂസ് വരുന്നതുവരെ മാത്രം ആയുസ്സുള്ളവയായിരിക്കും. രാഷ്ട്രീയത്തിലും സാംസ്കാരികമേഖലകളിലുമൊക്കെ എങ്ങനെയോ കയറിപ്പറ്റി പിടിമുറുക്കിയിരിക്കുന്ന വിദൂഷകരുടെ വായ്മൊഴികളും വീരകൃത്യങ്ങളും നിലനിൽക്കുന്നിടത്തോളം പുതിയതും “ഞെട്ടിക്കുന്നതുമായ” സെൻസേഷണൽ ന്യൂസുകൾക്കു് പഞ്ഞമൊന്നും ഉണ്ടാവാനും വഴിയില്ല. ഞെട്ടാനും ചിരിച്ചു് ചാവാനുമായി കാത്തിരിക്കുന്ന ഒരു സമൂഹമാണു് ഭാരതം! സ്പെയിൻ പോർട്ടുഗൽ തുടങ്ങിയ രാജ്യങ്ങളിലെ “കാളപ്പോരു്” എന്നറിയപ്പെടുന്ന “സ്പോർട്ടിൽ”, “റ്റൊറേറോസ്” ഇളംചുവപ്പു് നിറമുള്ള ഒരു തുണി വീശി കാളകളെ പ്രകോപിപ്പിക്കാറുണ്ടു്. ബൂർഷ്വാസികളുടെ രക്തത്തിന്റെയും, തൊഴിലാളികളുടെ രക്തത്തിന്റെയും, ഫാഷിസ്റ്റുകളുടെ രക്തത്തിന്റെയും, ആർത്തവരക്തത്തിന്റെയും നിറവും ചുവപ്പുതന്നെ. ഭാരതീയന്റെ പ്രതികരണരീതികളും, പ്രതികരണാവേശവും, മുക്രയിടലും വച്ചു് നോക്കിയാൽ, അവൻ ഏറ്റവും ഇഷ്ടപ്പെടുന്നതു് ഒരു “കല്യാണസൗഗന്ധികവിപ്ലവം” നടത്താനായിരിക്കും. അതു് കാമസൂത്രത്തിന്റെയും, ഖജുരാഹോ ശില്പങ്ങളുടെയും, ആർഷറോക്കറ്റ് സയൻസിന്റെയും നാടായ ഭാരതത്തിൽ പാരമ്പര്യങ്ങളോടു് പുലർത്തുന്ന ഒരു നീതി കൂടി ആയിരിക്കും. നിരന്തരമെന്നോണം വന്നും പോയുമിരിക്കുന്ന പുതുവാർത്താസുരതത്താൽ ക്ഷീണിതനായ അവനു് എത്രത്തോളം (ഭീമനെപ്പോലെ) ഗദ പൊക്കിപ്പിടിച്ചു് ഒരു വിപ്ലവം നയിക്കാൻ കഴിയും എന്നേ ആലോചിക്കേണ്ടതുള്ളു. എങ്കിലും, കാളപ്പോരിലെ റ്റൊറേറോകളെ അനുകരിച്ചു്, ഒരു ശ്രമമെന്ന നിലയിൽ, ഭാരതത്തിലെ ഭാവശുദ്ധിയുള്ള സ്ത്രീകൾ അവരുടെ ആർത്തവരക്തത്തിൽ മുക്കിയ തുണിക്കഷണങ്ങൾ വീശിക്കാണിക്കാൻ തയ്യാറായാൽ ഒരു “കല്യാണസൗഗന്ധിക-ബീപ്-പ്ലവം” ഭാരതീയന്റെ വകയായും സംഭവിച്ചുകൂടെന്നില്ല.
Jan 6, 2015, 2:44 PM
ഖുർആനിൽ നിന്നും:
“സത്യനിഷേധികള്‍ പറഞ്ഞു: ഇത് (ഖുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്. … … ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.” (അദ്ധ്യായം 25: 4, 5)
ഇതിൻപ്രകാരം, ഖുർആനിൽ “സത്യനിഷേധികള്‍” എന്നു് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗം ഒട്ടും മോശക്കാരായിരുന്നിരിക്കാൻ വഴിയില്ല. “നബി തന്നു, ഞങ്ങൾ തിന്നു” എന്നു് അഭിമാനിച്ചിരുന്ന സത്യവിശ്വാസികളെക്കാൾ ബുദ്ധിയിലും ഗ്രഹണശേഷിയിലും വളരെ മുന്നിട്ടു് നിന്നിരുന്നവരായിരിക്കണം അവർ. മതസത്യനിഷേധമാണു് യാഥാർത്ഥ്യബോധത്തിനും, സത്യാന്വേഷണത്തിനും ആവശ്യമായ ആദ്യത്തെ ചുവടു് എന്നു് തിരിച്ചറിഞ്ഞവർ.
Jan 8, 2015, 12:21 PM
കാർട്ടൂണുകളെ ഭയപ്പെടുന്നവനാണു് അല്ലാഹു എങ്കിൽ, ആ അല്ലാഹു എത്രകണ്ടു് വലിയവനായിരിക്കും? ഹ്യൂമർ ഇഷ്ടപ്പെടാത്തവനാണു് അല്ലാഹുവെങ്കിൽ അങ്ങേർ എന്തിനാണെന്നുണ്ടോ ഹ്യൂമർ ഉള്ളവരായി മനുഷ്യരെ സൃഷ്ടിച്ചതു്? ഇനി, ഹ്യൂമറസ് ആയ കാര്യങ്ങൾ പറയാനും എഴുതാനും വരയ്ക്കാനും അവയൊക്കെ ആസ്വദിക്കാനുമുള്ള കഴിവും ബുദ്ധിയും മനുഷ്യരിൽ തിരുകിയതു് പിശാചാണെങ്കിൽ അല്ലാഹു ആദ്യം ചെയ്യേണ്ടിയിരുന്നതു് പിശാചെന്നൊരു വിഭാഗമേ ലോകത്തിൽ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയായിരുന്നില്ലേ? അതോ, പിശാചുക്കൾ അല്ലാഹു അറിയാതെ രൂപം കൊണ്ടവരും, അവർക്കെതിരെ എന്തെങ്കിലും ചെയ്യാനുള്ള ശക്തി ഇല്ലാത്ത “സർവ്വശക്തനും” ആണോ അല്ലാഹു? അല്ലാഹുവിനോടു് പാപം ചെയ്യുന്നവരെ പൊരിക്കാൻ ചീനച്ചട്ടിയിൽ എണ്ണയും തിളപ്പിച്ചു് നരകത്തിൽ കാത്തിരിക്കുന്ന പിശാചുക്കളോടു് നന്ദിയുള്ളവനായിരിക്കാൻ ബാദ്ധ്യസ്ഥനാണു് അല്ലാഹുവെങ്കിൽ, – അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യമാണുതാനും – തന്റെ ഇഷ്ടദൂതനായ മുഹമ്മദിന്റെയും, ഇഷ്ടഭക്തരായ ISIS കൊലപാതകികളുടെയുമൊക്കെ കാർട്ടൂൺ വരച്ചു് തന്നെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന “ശൈത്താന്മാരെ” അതിനു് തോന്നിപ്പിക്കാതിരിക്കാനെങ്കിലും ഓമ്നിപ്പൊട്ടന്റ് ആയ അല്ലാഹുവിനു് കഴിയേണ്ടതല്ലേ? മനുഷ്യന്റെ സാമാന്യയുക്തിയും, ഭക്തന്റെ വിശ്വാസവും തമ്മിൽ പൊരുത്തപ്പെടുകയില്ലെങ്കിലും, അല്ലാഹുവിന്റെ നാമത്തിൽ കൊലചെയ്യുമ്പോൾ ഭക്തന്മാരായ “ഓമ്നിപ്പൊട്ടന്മാർ” വിളിച്ചു് പറയാറുള്ള “അല്ലാഹു അഖ്ബർ” എന്ന മുദ്രാവാക്യത്തിനു് എനിക്കു് ഇതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്ന വല്ല അർത്ഥവും ഉണ്ടോ എന്നറിയാൻ അല്ലാഹു അഖ്ബർ എന്നൊന്നു് ഗൂഗിൾ ചെയ്തപ്പോൾ “vachanam” എന്ന ബ്ലോഗിൽ “അള്ളാഹു അഖ്‌ബര്‍ എന്ന പദം ഖുര്‍ആന്‍ വിരുദ്ദമോ?” എന്നൊരു പോസ്റ്റ് കണ്ടു. അധികം ദീർഘമല്ലാത്തതിനാൽ അതിവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു
“Thursday, November 3, 2011
അള്ളാഹു അഖ്‌ബര്‍ എന്ന പദം ഖുര്‍ആന്‍ വിരുദ്ദമോ? കാരണം ഖുറാനില്‍ അല്ലാഹു എന്ന പദത്തിനോട് ഒരിടത്തും അക്ബര്‍ ചേര്‍ത്ത് പറഞ്ഞിട്ടില്ല …
ഏകനും ഭൂമിയിലെയോ അതല്ലങ്കില്‍ പ്രബന്ജതിലെ തന്നെ ഒന്നിനോടും സമാനതകള്‍ ഇല്ലാത്ത ഒരു നാഥന്‍ ആണ് ഖുര്‍ആന്‍ പരിജയപെടുതുന്ന അള്ളാഹു.!!!!, എന്നാല്‍ അള്ളാഹു അക്ബര്‍ എന്ന പ്രയോഗത്തിലൂടെ (ഏറ്റവും വലിയവന്‍) ഭാഷ പരമായി അങ്ങിനെ പറഞ്ഞാല്‍ അതിനു തൊട്ടു താഴെ അത്പോലയൂള്ള ഒരാള്‍ ഉണ്ടാകണം ,അതുകൊണ്ട് തന്നെയാവണം പരിശുദ്ധ ഖുറാനില്‍ ഒരിടെത്ത് പോലും അള്ളാഹു അക്ബര്‍ എന്ന് പ്രയോകികതിരിക്കാന്‍ കാരണം എന്ന് ന്യായമായും വിശ്വസിക്കാം,പകരം അള്ളാഹു വിന്റെ നാമം പറഞ്ഞിടതെല്ലാം റഹ്മാന്‍ റഹീം ,കബീര്‍, റഹൂഫ്, അഹദ് ,…..etc .എന്ന് മാത്രമാണ് .എന്നാല്‍ ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്ന് ചിന്തിച്ചാല്‍, ഒരു കാര്യം മനസ്സിലാകും, ഇവിടെ എല്ലാം ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, കാരണം പ്രവാചകന്റെ കാലത്തേ മുശ്രിക്കുകള്‍ക്ക് ഒരു വാതം ഉണ്ടായിരുന്നു “മുഹമ്മദ് നിന്റെ ദൈവം വലിയതും ഞങ്ങളുടെ ലാത്തയെയും ഉസ്സയെയും , മനാത്തയെയും കുട്ടി ദൈവങ്ങളായി നീ പരിഗണിക്കണം “ഈ വാതത്തെ സാദൂകരിക്കുന്ന രീതിയില്‍ ആണ് ലോക വ്യാപകമായി അള്ളാഹു അക്ബര്‍ പ്രചാരത്തില്‍ ആക്കിയതെന്നു ന്യായമായും സംശയിച്ചുകൂടെ …….??കാരണം ഖുര്‍ആന്‍ ഒരാളെ അഭിസംബോദന ചെയ്യാന്‍ സലാമുന്‍ അലൈകും എന്ന്‍ നിരവതി സ്ഥലത്ത് പറഞ്ഞിട്ടും, അങ്ങിനെ മാത്രമേ പറയാവൂ എന്ന ഖുര്‍ ആന്‍ കല്പന ഉണ്ടായിട്ടും, അസ്സലാമു അലൈകും എന്ന ഖുര്‍ആന്‍ വിരുദ്ധ സലാം പ്രജരത്തില്‍ ആക്കിയതുപോലെ ,ഖുര്‍ ആനിലോ അറബിപദമോ പോലും അല്ലാത്ത ആമീന്‍ എന്ന പദവും പ്രചാരത്തില്‍ ആക്കിയതുപോലെ ,ഖുര്‍ ആന്റെ ശത്രുക്കള്‍ , അള്ളാഹു അക്ബറും പ്രജരത്തില്‍ ആക്കി എന്ന് വേണം അനുമാനിക്കാന്‍,
നാഥാ….. നീ ഞങ്ങള്‍ക്ക് ശരിയായ മാര്‍ഗം മരിക്കുന്നതിനുമുംബ് കാണിച്ചു തരേണമേ ……….”
ഏതാനും വരികൾ മാത്രമുള്ള ആ പോസ്റ്റിൽ എത്രമാത്രം അക്ഷരത്തെറ്റുകളാണു് ബ്ലോഗുടമ വരുത്തിയിരിക്കുന്നതെന്നു് ശ്രദ്ധിക്കുക! അതു് ക്ഷമിച്ചാൽ പോലും, അതിലെ ആശയപരമായ തെറ്റുകൾ ഇല്ലാതാവുന്നില്ല. അല്ലാഹുവെ വലിയവനെന്നു് വിളിക്കാൻ അവനു് (തൊട്ടോ, തൊടാതെയോ) താഴെ അതുപോലെയൊരാൾ ഉണ്ടാവുന്നതു് എങ്ങനെ തടസ്സമാവും? അവനു് മുകളിൽ അതുപോലെയൊരാൾ ഉണ്ടായാലല്ലേ “അല്ലാഹു അഖ്ബർ” എന്ന പ്രയോഗം തെറ്റും സത്യവിരുദ്ധവും ആവുക? വലുതും ചെറുതുമെല്ലാം ആപേക്ഷികമായ കാര്യങ്ങളാണു്. മുകളിലോ താഴെയോ ഉള്ള “ആളുമായി” താരതമ്യം ചെയ്യുമ്പോഴേ അല്ലാഹു വലിയവൻ, ചെറിയവൻ എന്നൊക്കെ പറയുന്നതിനു് എന്തെങ്കിലും അർത്ഥമുള്ളു. പരിധിയില്ലാത്തവയും, അളവില്ലാത്തവയുമായി താരതമ്യം ചെയ്യേണ്ടിവന്നാൽ അല്ലാഹു എന്ന വാക്കുതന്നെ അർത്ഥശൂന്യമാകും. വാക്കുകൾ തെറ്റുകൂടാതെ എഴുതാൻ പോലും അറിയാത്ത ഒരു വ്യക്തി “ആമീൻ”, “അസ്സലാമു അലൈകും” തുടങ്ങിയ വാക്കുകളിൽ തൂങ്ങി അവയെ “അസ്സലായി അലക്കാൻ” നടത്തുന്ന ശ്രമം ദയനീയം എന്നല്ലാതെ എന്തു് പറയാൻ? ആ പോസ്റ്റുടമയെ പരിഹസിക്കാൻ വേണ്ടി പറയുന്നതല്ല ഇതു്. പരിഹസിച്ചതുകൊണ്ടു് എനിക്കൊന്നും നേടാനുമില്ല. എങ്കിലും, ആ പോസ്റ്റിന്റെ അവസാനത്തിൽ ബ്ലോഗുടമ ചെയ്യുന്നതുപോലെ, “നാഥാ….. നീ ഞങ്ങള്‍ക്ക് ശരിയായ മാര്‍ഗം മരിക്കുന്നതിനുമുംബ് കാണിച്ചു തരേണമേ” എന്നു് പ്രാർത്ഥിക്കുന്നതിനു് പകരം, എഴുതാനും വായിക്കാനും, വായിക്കുന്നതിന്റെ ഉള്ളടക്കം മനസ്സിലാക്കാനുമുള്ള മാർഗ്ഗങ്ങൾ തേടിയിരുന്നെങ്കിൽ അതുപോലൊരു പോസ്റ്റെഴുതേണ്ട ഗതികേടു് ആ മാന്യദേഹത്തിനു് വരുമായിരുന്നില്ല. കാരണം, അപ്പോൾ “സാദാ” ഭക്തരെപ്പോലെ വാക്കുകൾ മെതിക്കുന്നവനാകാതെ, തന്റെ വേദഗ്രന്ഥത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ഭക്തിയുടെ കണ്ണട മാറ്റിവച്ചു് കാണാനും, അതുവഴി അവയുടെ അർത്ഥശൂന്യത മനസ്സിലാക്കി ആ ഗ്രന്ഥത്തെ എന്നേക്കുമായി തട്ടിൻപുറത്തു് വയ്ക്കാനും അദ്ദേഹത്തിനു് കഴിഞ്ഞേനെ! തന്റെ കണ്ണു് തുറക്കാൻ അനുവദിക്കാത്ത സ്വന്തഗ്രന്ഥം നോക്കി എന്റെ കണ്ണു് തുറക്കാനുള്ള മാർഗ്ഗം എനിക്കു് കാണിച്ചുതരേണമേ എന്നു് പ്രാർത്ഥിക്കേണ്ട ഗതികേടിലേക്കു് ബാല്യത്തിലേ എത്തിക്കപ്പെടുക്കുന്നവനാണു് ഓരോ ഭക്തനും. ഭക്തനെ യുക്തിബോധമുള്ളവനാക്കാനുള്ള ശ്രമം വരിയുടയ്ക്കപ്പെട്ടവയെ പ്രത്യുല്പാദനശേഷിയുള്ളവയാക്കാനുള്ള ശ്രമത്തിനു് തുല്യമാണു്.
Jan 11, 2015, 11:58 AM
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു് പങ്കുവച്ചു, മനസ്സു് പങ്കുവച്ചു എന്നൊരു സിൽമാപ്പാട്ടുണ്ടു്. സത്യത്തിൽ, മതങ്ങളെയും ദൈവങ്ങളേയും സൃഷ്ടിച്ചതു് മനുഷ്യൻ തന്നെയാണു്. മണ്ണും മനസ്സും പങ്കുവച്ചതിന്റെ ഉത്തരവാദിത്വത്തിലേക്കു് മതങ്ങളെയും ദൈവങ്ങളേയും കൂടി കൂട്ടിച്ചേർത്തു് ഫയറിങ് ലൈനിൽ നിന്നും അകന്നുനിന്നു് സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതും മനുഷ്യൻ തന്നെ. അതൊരുതരം റിലേറ്റിവൈസേഷനാണു്. മനുഷ്യന്റെ കൈവെട്ടുന്നവരും, മനുഷ്യന്റെ തലവെട്ടുന്നവരും, മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നവരും, മനുഷ്യരെ വംശനാശം ചെയ്യുന്നവരും അവരുടെ പെരുമാറ്റങ്ങളും നിലപാടുകളും ന്യായീകരിക്കാനായി പല്ലിളിച്ചു് പരസ്പരം ചൂണ്ടിക്കാണിച്ചു് സ്വയം രക്ഷിക്കുന്ന ഒരുതരം റിലേറ്റിവൈസേഷൻ.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു ഉദാഹരണം സൂചിപ്പിക്കുന്നതിൽ ക്ഷമിക്കുക. ഇതു് ഒരുവിധത്തിലും “മഹത്തരമായ” മറ്റു് “infallibility”-കളെ അംഗീകരിക്കലായി കാണാതിരിക്കുകയും ചെയ്യുക: “അല്ലാഹു അഖ്ബർ” എന്നു് വിളിച്ചുകൊണ്ടു് പന്ത്രണ്ടു് മനുഷ്യരെ – എന്തു് കാരണത്തിന്റെ പേരിലായാലും – അറുകൊല ചെയ്യുന്നതിന്റെ “റൂട്ട് കോസ്” ഖുർആനിൽ അല്ലാതെ മുട്ടത്തുവർക്കിയുടെ പൈങ്കിളി നോവലുകളിലാണെന്നുണ്ടോ മനുഷ്യർ തേടേണ്ടതു്? അങ്ങനെ ആണെങ്കിൽ, “സൈക്കോപ്പാത്തുകൾ” സൈക്കോപ്പാത്തുകൾ ആവുന്നതിന്റെ ഉത്തരവാദിത്തം മുട്ടത്തുവർക്കിയല്ലാതെ മറ്റാരാണു് ഏറ്റെടുക്കേണ്ടതു്? യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത മാനസികാവസ്ഥയാണു് psychosis. അല്ലാഹുവിന്റെ നാമത്തിൽ അറുകൊല ചെയ്തിട്ടു് വരുന്നവർക്കു് അവൻ സ്വർഗ്ഗത്തിൽ 72 നിത്യകന്യകകളെ ഒരുക്കി നിർത്തിയിട്ടുണ്ടെന്നു് എഴുതിവച്ചിരിക്കുന്ന ഒരു ഗ്രന്ഥം ദൈവം ഇറക്കിക്കൊടുത്തതാണെന്നും, അതു് അക്ഷരം പ്രതി ശരിയാണെന്നും, അതു് ലോകാവസാനം വരെ വലിഡിറ്റി ഉള്ളതാണെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കുന്നതു് സൈക്കോസിസ് അല്ലെങ്കിൽ പിന്നെയെന്താണെന്നു്, അറബിയിലും സംസ്കൃതത്തിലുമല്ലാതെ, മലയാളഭാഷയിൽ ആരെങ്കിലും ഒന്നു് പറഞ്ഞുതന്നിരുന്നെങ്കിൽ നന്നായിരുന്നേനെ.
Jan 14, 2015, 12:13 PM
ഇന്നു് “സ്വതന്ത്രചിന്തകരിൽ” കണ്ടതു്:
“ദൈവമുണ്ടെന്ന് തെളിയിക്കൈന്നവരെ കേൾക്കാൻ തയ്യിറുണ്ടേ…
വെറുതെയല്ല…ദാർശനികമായി ശാസ്ത്രീയമായി??????”
ദൈവമുണ്ടെന്നതിന്റെ തെളിവിനു്, ദൈവമുണ്ടെന്നു് തെളിയിക്കുന്ന ആ പണ്ഡിതരെ കേൾക്കേണ്ട ഒരാവശ്യവുമില്ല. അതിനു് ഈ വെല്ലുവിളി വായിച്ചാൽത്തന്നെ ധാരാളം. ആ പണ്ഡിതരിൽ നിന്നും ദാർശനികവും ശാസ്ത്രീയവുമായ തെളിവു് തനിക്കു് ലഭിച്ചു എന്ന അദ്ദേഹത്തിന്റെ സാക്ഷ്യത്തെ സംശയിക്കേണ്ടതുണ്ടെന്നു് തോന്നുന്നില്ല.
ഖുർആനിൽ നിന്നും:
“സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.” – (അദ്ധ്യായം 29 : 60)
സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത ഒരു ജീവിയും എന്റെ അറിവിലില്ല. എന്റെ അറിവിലില്ലാത്തതുകൊണ്ടു് അല്ലാഹു നേരിട്ടു് ഉപജീവനം നല്‍കുന്ന അത്തരം ജീവികൾ ഇല്ലാതിരിക്കണമെന്നുമില്ല. അറിയാവുന്നവർ ആരെങ്കിലും പറഞ്ഞുതരുമെന്നോ, എന്നെങ്കിലും വല്ല വെളിപാടും ഉണ്ടാവുമെന്നോ കരുതി കാത്തിരിക്കുന്നു.
Jan 14, 2015, 1:43 PM
ഖുർആനിൽ നിന്നും:
“അല്ല, പൂര്‍വ്വികന്‍മാര്‍ പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. (നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകര്‍ത്തൃത്വം ). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്? അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു. ” – (അദ്ധ്യായം 23: 81 – 90)
ഈ ഖുർആൻ വാക്യങ്ങളിൽ “അവർ” എന്ന കൂട്ടർ നൽകുന്നതായി മുഹമ്മദ് നബി സങ്കല്പിക്കുന്ന മറുപടികളിൽ അല്ലാഹു എന്നതിനു് പകരം ഡിങ്കൻ എന്നെഴുതിയാൽ, മറ്റെല്ലാ പുനരുത്ഥാനമതങ്ങളിലും എന്നപോലെ, ഡിങ്കമതത്തിലും മരണാനന്തരജീവിതമുണ്ടെന്നു് തെളിയിക്കാൻ പറ്റിയതും, “മായാവലയത്തില്‍ പെട്ടുപോകുന്നവർക്കു്” ഒരു കാലത്തും ഖണ്ഡിക്കാൻ കഴിയാത്തതുമായ “ലോജിക്കൽ ആർഗ്യുമെന്റ്സ്” കിട്ടും. അതിൽനിന്നും എന്തു് മനസ്സിലാക്കാം? ലീലാവിലാസനായതുകൊണ്ടു് പ്രശ്ചന്നവേഷങ്ങളിൽ അല്ലാഹുവും ഡിങ്കനുമൊക്കെയായി തൂണിലും തുരുമ്പിലുമെല്ലാം പ്രത്യക്ഷപ്പെടുമെങ്കിലും ദൈവം ഏകനാണു്. കളിതമാശകൾ ഒഴിവാക്കാനാവാത്ത ഒരു പാവം സർവ്വശക്തൻ! ദൈവം ഒരുതരം “പാത്തൊളോജിക്കൽ ഗാംബ്ലർ” ആണെന്നു് സാരം .
(Pathological gambling is being unable to resist impulses to gamble, which can lead to severe personal or social consequences. – MedlinePlus)
Jan 16, 2015, 9:50 AM
തന്റെ മകൾക്കു് ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നും, അവളെ സഹായിക്കണമെന്നും നിലവിളിച്ചുകൊണ്ടു് യേശുവിന്റെ പുറകെ ചെന്ന ഒരു കനാന്യസ്ത്രീയുടെ കഥ ബൈബിളിലുണ്ടു്. മിക്കവരും അതു് കേട്ടിട്ടുമുണ്ടാവും. ആദ്യം അവനവളെ ശ്രദ്ധിക്കുന്നില്ല. ശിഷ്യന്മാർ ശുപാർശ ചെയ്തിട്ടും, “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല; മക്കളുടെ അപ്പം എടുത്തു് നായ്ക്കുട്ടികൾക്കു് ഇട്ടുകൊടുക്കുന്നതു് നന്നല്ല” എന്നായിരുന്നു അവന്റെ മറുപടി. “അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു് വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്ന അവളുടെ മറുപടി കേട്ടപ്പോൾ മാത്രമാണു് യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു്; നിന്റെ ഇഷ്ടംപോലെ നിനക്കു് ഭവിക്കട്ടെ” എന്നു് ഉത്തരം പറഞ്ഞതു്. അതോടെ അവളുടെ മകൾ സൗഖ്യം പ്രാപിക്കുകയും ചെയ്തു.
രണ്ടായിരം വർഷങ്ങൾക്കു് മുൻപു് ടേബിൾ മാനേഴ്സിനൊന്നും ആരും അത്ര വലിയ വിലയൊന്നും കല്പിച്ചിരുന്നില്ലെന്നു് വേണം കരുതാൻ. നായ്ക്കുട്ടികൾക്കു് വയറുനിറയാൻ വേണ്ടത്ര നുറുക്കുകൾ തീന്മേശയുടെ അടിയിലേക്കു് വീണിരുന്നതു് അതുകൊണ്ടാവണം. തന്റെ ശിഷ്യന്മാർ കൈ കഴുകാതെ ആഹാരം കഴിക്കുന്നതിനെപ്പോലും പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മുന്നിൽ യേശു ന്യായീകരിക്കുന്നുണ്ടു്. “മനുഷ്യനു് അശുദ്ധിവരുത്തുന്നതു് വായ്ക്കകത്തു് ചെല്ലുന്നതല്ല, വായിൽനിന്നു് പുറപ്പെടുന്നതത്രേ; അതു് മനുഷ്യനെ അശുദ്ധമാക്കുന്നു. … അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികളത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. വായ്ക്കകത്തു് കടക്കുന്നതെല്ലാം വയറ്റിൽ ചെന്നിട്ടു് മറപ്പുരയിൽ പോകുന്നു എന്നു് ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു് പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു് വരുന്നു; അതു് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു് പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.” (മത്തായി 15: 1 – 20). ഖുർആൻ ശൈലിയിൽ പറഞ്ഞാൽ: മർയമിന്റെ മകൻ ദഹനത്തെയും മറപ്പുരയെയും പറ്റി പറഞ്ഞ സന്ദർഭം (ഓർക്കുക). മനുഷ്യർക്കു് അതിലൊക്കെ പല ദൃഷ്ടാന്തങ്ങളുമുണ്ടു്.
അക്കാലത്തു് ഉടയവരുടെ തീൻമേശയിൽ നിന്നും താഴെ വീഴുന്ന അപ്പത്തിന്റെയും എല്ലിന്റെയുമൊക്കെ കഷണങ്ങൾ തിന്നു് നായ്ക്കൾ തൃപ്തിയടഞ്ഞിരുന്നു. തീൻമേശയിൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്നു് വയറുനിറയ്ക്കുന്ന രീതി നായ്ക്കളുടെ ഇടയിൽ ഇന്നും നിലവിലുണ്ടു്. പുതിയതെന്നു് പറയാവുന്നതു്, തിന്നു് മതിയായാൽ, ഉച്ഛിഷ്ടത്തിൽ അവശേഷിക്കുന്നതിൽ ഏറ്റവും വലിയ കഷണമെടുത്തു് ഉടയവരുടെ തലനോക്കി എറിഞ്ഞിരിക്കണം എന്ന എവൊല്യൂഷനറി അഡാപ്റ്റേഷനാണു് . അതിൻപ്രകാരം, അടുത്ത എവൊല്യൂഷനറി സ്റ്റെപ്പിനു് മോഡൽ നിൽക്കുന്നതു് ഭസ്മാസുരനായിരിക്കണം.
Jan 16, 2015, 12:57 PM
മല്ലു സിൽമകൾക്കു് നന്ദിപൂർവ്വം:
“മേലാകെ ഫൂത്തുഫൂത്തു ഞാൻ തന്നെയൊരു വനമാലയായ് മാറിയാലോ, താമര മാലയായ് മാറിയാലോ?”
“ആ മാല മാറിലിട്ടു് നടക്കും ഞാനെന്റെ രോമാഞ്ചമാകും രാജഫുത്രീ….”
“ആര്യഫുത്രാാാാ ബരൂൂൂൂ എന്റെ അണ്ഡപ്പുരം ഭവാൻ അലങ്കരിക്കൂൂൂൂ”
Jan 18, 2015, 2:19 PM
“ഒരു കാരിക്കേച്ചർ ഒരു കാരിക്കേച്ചറാണു്. കാരിക്കേച്ചർ ചെയുന്നതുകൊണ്ടാണു് അതങ്ങനെ വിളിക്കപ്പെടുന്നതു്. (“Eine Karikatur ist eine Karikatur, und sie karikiert, deshalb heißt sie so.”) – ജർമ്മനിയിലെ ബാഡൻ-വ്യുർട്ടെംബെർഗ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി (ഗ്രീൻ പാർട്ടി) വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ.
(തുർക്കി പ്രസിഡന്റ് എർഡൊഗാന്റെ ഒരു കാരിക്കേച്ചർ ബാഡൻ-വ്യുർട്ടെംബെർഗിലെ ഒരു പാഠപുസ്തകത്തിൽ വന്നതിന്റെ പേരിൽ തുർക്കികൾ ബഹളം വച്ചപ്പോൾ പറഞ്ഞതു്)
Jan 20, 2015, 10:18 AM
Run Kerala Run!
നല്ലൊരു കാര്യമാണതു്. കേരളത്തിന്റെ മുഴുവൻ പ്രശ്നങ്ങളും അതുവഴി പരിഹരിക്കപ്പെടുമെന്നതിനാൽ, കേരളീയർ ഒന്നടങ്കം നേർരേഖയിൽ കിഴക്കുനിന്നും പടിഞ്ഞാറേക്കു് നിർത്താതെ ഓടിയിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നേനെ! സ്റ്റാർട്ടിങ് പോയിന്റ് എവിടെ എന്നതിനനുസരിച്ചു് കവർ ചെയ്യേണ്ട ദൂരം 120+ – 30+ കിലോമീറ്റർ മാത്രമായതിനാൽ ഓടിത്തീർക്കാവുന്നതേയുള്ളു.
December 2014
Dec 1, 2014, 1:19 PM
നരേന്ദ്ര മോദിയെ ചിലർ, പ്രത്യേകിച്ചും മാർക്സിസ്റ്റുകൾ, (മാർക്സിസ്റ്റുകൾ എന്നതു് മുറപ്പേരു്, ഇടതുപക്ഷം എന്നു് മറപ്പേരു്) നായിന്റെ മോൻ എന്നൊക്കെ വിളിച്ചു് കേട്ടിട്ടുണ്ടു്. കൃത്യമായി നായിന്റെ മോനെന്നല്ല, “നാ മോ” എന്നാണവർ വിളിക്കാറു്. നരേന്ദ്ര മോദിയുടെ സംക്ഷേപം, ഏറിയാൽ, “ന മോ” എന്നല്ലാതെ “നാ മോ” എന്നു് വരാനാവില്ല എന്നു് ഭാഷാപരമായോ അല്ലാതെയോ അറിയാവുന്നതുകൊണ്ടാവണമെന്നില്ല ഈ പ്രയോഗം. അതിന്റെ കാരണം, ബൗദ്ധികമായ പ്രിമിറ്റിവിറ്റിയുടെ കാര്യത്തിൽ ഇസ്ലാമിസ്റ്റുകളെ തോല്പിക്കാൻ ഏറ്റവും ഇന്റെൻസീവ് ആയി ശ്രമിക്കുന്നവർ കേരളത്തിലെ മാർക്സിസ്റ്റുകൾ ആണെന്നതാവാനാണു് കൂടുതൽ സാദ്ധ്യത. ആത്മീയമായും ഭൗതികമായും, കളക്റ്റീവായും ഇൻഡിവിജ്വലായും, താത്വികമായും പ്രായോഗികമായും നായ്ക്കളുടെ ജീവിതത്തോടുമാത്രം ഐഡെന്റിഫൈ ചെയ്യാൻ കഴിയുന്ന ഒരു പ്രാകൃതകൂട്ടത്തിന്റെ ഏറ്റവും ഉയർന്ന ചിന്തകളിൽപ്പോലും നായ്ക്കൾക്കല്ലാതെ മറ്റൊന്നിനും കടന്നുവരാനാവില്ല എന്ന ഗതികേടുമൂലം സംഭവിക്കുന്നതാണതു്. അതിനു് അവരെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും, നരേന്ദ്രമോദിയെ “നായിന്റെ മോൻ” എന്നു് വിളിച്ചു് അപഹസിക്കുന്നതിനേക്കാൾ കൂടുതൽ അവഹേളിക്കുന്നതായി എനിക്കു് തോന്നുന്നതു് അങ്ങേരെ അഡോൾഫ് ഹിറ്റ്‌ലറിനോടും മുസ്സോളിനിയോടും മറ്റും ഉപമിക്കുന്നതാണെന്നാണു്. ഹിറ്റ്‌ലറും മുസ്സോളിനിയുമെല്ലാം എമെർജ് ചെയ്തതിനു് മുൻപുള്ള യൂറോപ്പിന്റെ ചരിത്രം ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർ അതുപോലൊരു താരതമ്യത്തിനു് മുതിരുമെന്നു് തോന്നുന്നില്ല. അപ്പന്റെയോ അമ്മാവന്റെയോ മുന്നിൽ മുഖം കാണിക്കാൻ ധൈര്യപ്പെടാത്ത പാവം സ്ത്രീകളെ ആടിന്റെ ചൂടുചോര കുടിപ്പിച്ചു് ഭദ്രകാളി ആക്കുന്നതുപോലെയോ, “പാമ്പുവിഷബാധ” ഓതിയും ഊതിയും ഇറക്കുന്നതുപോലെയോ, “പിശാചുബാധ” പ്രാർത്ഥിച്ചു് സുഖപ്പെടുത്തുന്നതുപോലെയോ എളുപ്പമല്ല ലോകചരിത്രസംബന്ധിയായ കാര്യങ്ങൾ. പുരാതന “ഭാരതീയശാസ്ത്രങ്ങളിൽ” ഒരുപക്ഷേ അങ്ങനെയോ, അതിൽ കൂടുതലോ ഒക്കെ പറയുന്നുണ്ടു് എന്നതുകൊണ്ടു് യാഥാർത്ഥ്യങ്ങളിലോ, ലോകചരിത്രത്തിലോ മാറ്റമൊന്നും വരുന്നില്ല.
ഇത്രയും പറഞ്ഞതുകൊണ്ടു് ഞാൻ നരേന്ദ്ര മോദിയെ നിരുപാധികം പിൻതുണക്കുന്നവനാണു് എന്നൊന്നും അർത്ഥമാക്കേണ്ടതില്ല. എന്റെ ദൃഷ്ടിയിൽ തെറ്റെന്നു് തോന്നുന്നവയെ തെറ്റെന്നും, ശരിയെന്നു് തോന്നുന്നവയെ ശരിയെന്നും പറയുന്നതിനെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലുമൊരു വിശ്വാസസംഹിതയുടെയോ, നീതിശാസ്ത്രത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ അനുയായി അല്ലാത്തതിനാൽ, സ്വന്തം മനസ്സാക്ഷിയോടല്ലാതെ മാറ്റാരോടെങ്കിലും കണക്കു് ബോധിപ്പിക്കേണ്ട ഒരാവശ്യവും എനിക്കില്ല. ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ മോദിയോ മറ്റാരെങ്കിലുമോ ശ്രമിക്കുന്നതായി ബോദ്ധ്യപ്പെടുന്ന ആദ്യത്തെ നിമിഷത്തിൽത്തന്നെ അതിനെ എതിർക്കുന്നവരോടൊപ്പം ഞാനുമുണ്ടാവും. അതുവരെ, എന്നെസംബന്ധിച്ചു്, മോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭാരതത്തിന്റെ പ്രധാനമന്ത്രിയാണു്. “രാഷ്ട്രീയം” എന്ന ലേബൽ നെറ്റിയിലൊട്ടിച്ചു് ജനങ്ങളെ വഞ്ചിക്കുന്ന, വ്യത്യസ്തമായി ചിന്തിക്കുന്നവരെ “ചോരയൊഴുകും” എന്നും മറ്റും ഭീഷണിപ്പെടുത്തുകയും, ഒപ്പംതന്നെ മോദിയുടെ ഫാഷിസത്തെപ്പറ്റി ഘോരഘോരം ക്ലാസ്സെടുക്കുകയും ചെയ്യുന്ന, ക്രിമിനലുകളെ തോല്പിക്കുന്ന മാഫിയാസംഘത്തിന്റെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുക എന്നതു് എന്റെ ജോലിയല്ല. മാത്രവുമല്ല, അതിനെ എതിർക്കേണ്ടതു് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഭാരതീയന്റെയും കടമയാണെന്നു് വിശ്വസിക്കുന്നവനുമാണു് ഞാൻ.
ഹിറ്റ്‌ലറിന്റെ മാതൃകയിൽ, എത്രയും പെട്ടെന്നു് മോദിയും ഗ്യാസ് ചേമ്പറുകൾ സ്ഥാപിക്കുമെന്നും, അതിലേക്കു് ന്യൂനപക്ഷങ്ങളെ (ശത്രുപക്ഷത്തിനെ) കടത്തിവിട്ടു് നശിപ്പിക്കുമെന്നും, ആ “നല്ല നാളെകളിൽ” ഒഴുകുന്ന “അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ” രക്തം കുടിച്ചു് വീർക്കാമെന്നും കരുതി കരുക്കൾ നീക്കുന്നവരുണ്ടാവാം. പക്ഷേ അതവരുടെ പ്രശ്നമാണു്, എന്റേതല്ല.
മനുഷ്യനിലപാടുകളിലെ ശരിതെറ്റുകളുടെ അന്തിമമായ വിധികർത്താവാണു് കാലം. കാലത്തിന്റെ സംശയാതീതമായ വിധി വന്നുകഴിഞ്ഞാലും തിരുത്താൻ തയ്യാറാവത്തവർ അർഹിക്കുന്ന ഒരു വിശേഷണമേയുള്ളു: “നിത്യ ഇന്നലെകൾ”!
Dec 2, 2014, 9:20 AM
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ മറ്റുള്ളവർ പതിവായി സ്റ്റാറ്റസ് ഇടുന്നതിനെതിരെ ഒരു സഖാവിന്റെ സ്റ്റാറ്റസ് ഒരു മിന്നായം പോലെ കണ്ടിരുന്നു. ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളങ്ങനെയാണു്. പെട്ടെന്നു് മിന്നിമറയും. കണ്ടിടത്തോളം, ശരിയായ ഒരു നിരീക്ഷണമാണതെന്നു് എനിക്കും തോന്നി. നമ്മൾ നമ്മുടെ സമയത്തിനും ഇഷ്ടത്തിനും അനുസരിച്ചു് ചൂണ്ടയിട്ടു് മീൻ പിടിക്കുന്ന കടവിൽ മറ്റുള്ളവർ നിത്യേന വന്നു് ചൂണ്ടയിടാൻ തുടങ്ങിയാൽ നമ്മളായാലും സമ്മതിക്കുമോ? രാവിലെ കമ്പ്യൂട്ടർ തുറക്കുമ്പോൾ അതിൽ നമുക്കിഷ്ടപ്പെട്ട സ്റ്റാറ്റസുകളല്ലാതെ മറ്റു് വല്ലതും കണ്ടാൽ നമുക്കു് ചൊറിഞ്ഞു് കയറാറില്ലേ? എല്ലാറ്റിനും പുറമെ, കൂടുതൽ സ്റ്റാറ്റസുകൾ ഇടുന്നവർ കാപ്പിറ്റലിസ്റ്റുകളായ ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കാപ്പിറ്റൽ കൂടുതൽ കൂടുതൽ പെരുകാൻ കൂട്ടുനിൽക്കുകയാണു് ചെയ്യുന്നതു്. നമുക്കതു് എങ്ങനെ സഹിക്കാനാവും?
കഷ്ടകാലത്തിനു്, പതിവായി സ്റ്റാറ്റസിട്ടു് ലൈക്ക് കിട്ടാതെ അത്താഴത്തിനു് അരി വാങ്ങാൻ നിവൃത്തിയില്ലാത്തവർ എന്തു് ചെയ്യണമെന്നതിനെപ്പറ്റി ആ സ്റ്റാറ്റസിൽ വല്ലതും പറഞ്ഞിരുന്നോ എന്നു് കാണാനും കഴിഞ്ഞില്ല. അതിനെപ്പറ്റി മാനിഫെസ്റ്റോയിൽ വല്ലതും പറഞ്ഞിട്ടുണ്ടോ ആവോ. ഉണ്ടെങ്കിലും LKG നിലവാരം പോലുമില്ലാത്ത “പതിവു് സ്റ്റാറ്റസിടൽക്കാർ” വായിച്ചു് മനസ്സിലാക്കാൻ വേണ്ടിയല്ലല്ലോ മാർക്സും എംഗൽസും കൂടി കമ്മ്യൂണിസത്തെ ലോകത്തിലേക്കു് മാനിഫെസ്റ്റിയതു്. ഏതായാലും ആ തിട്ടൂരം “പതിവു് സ്റ്റാറ്റസിടൽക്കാരുടെ” വയറ്റിൽപിഴപ്പിനേറ്റ വല്ലാത്തൊരു അടിയായിപ്പോയി.
Dec 2, 2014, 10:53 AM
അറപ്പു് തോന്നുന്നിടത്തുനിന്നും അകന്നുനിൽക്കാൻ സ്വാഭാവികമായി മനുഷ്യൻ ശ്രമിക്കും. അതും ഒരുതരം ഭയമാണു്, അറപ്പിനോടുള്ള ഭയം. എവൊല്യൂഷനിലൂടെ ലഭിച്ച ഒരുതരം പ്രിക്കോഷണൽ മെഷർ.
Dec 3, 2014, 1:33 PM
ഒരു യുക്തിവാദി എങ്ങനെ ആയിരിക്കണം എന്തായിരിക്കണം എന്നതിനെപ്പറ്റി “ഞങ്ങൾക്കു്” ചില ധാരണകളൊക്കെയുണ്ടു്. ആ ധാരണകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ നിശ്ചയിക്കുന്ന പരിധികൾക്കുള്ളിൽ മാത്രമാണു് അവന്റെ സ്ഥാനം. ആ അതിർ ലംഘിക്കാൻ അവനു് അവകാശമില്ല. ലംഘിച്ചാൽ ഫാഷിസത്തെ എതിർക്കുന്നവരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഞങ്ങൾ അവനെ ഫാഷിസ്റ്റായി മുദ്ര കുത്തും. ഈ ഫാഷിസം എന്നാൽ ഇനി വല്ല “ഭാസിസമോ” മറ്റോ ആയിരിക്കുമെന്നുണ്ടോ? തോപ്പിൽ ഭാസിയോ അടൂർ ഭാസിയോ അല്ലാത്ത മറ്റേതെങ്കിലും ഗോസായി ഭാസി കണ്ടെത്തിയ വല്ല ചിക്കൻ മസാലയോ മറ്റോ? വാതുറക്കുന്നവനെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഫാഷിസം ഫാഷിസം എന്നു് ഉരുവിടുന്നതുകൊണ്ടു് തോന്നുന്ന സംശയമാണു്.
“യുക്തിപ്രതി” ആകുന്നതിനേക്കാൾ ഭേദമാണല്ലോ “യുക്തിവാദി” ആകുന്നതു് എന്നതുകൊണ്ടു് യുക്തിവാദിയായോ, നാസ്തികൻ ആകുന്നതു് ഒരു ഫാഷൻ ആയതുകൊണ്ടു് നാസ്തികനായോ ഉള്ള ജീവിതം ട്രാൻസിറ്റൊറി ആവാനാണു് സാദ്ധ്യത. തനിക്കോ ബന്ധുക്കൾക്കോ ഒരു രോഗം വന്നാൽ, മറ്റൊരു യുക്തിവാദിയോ നാസ്തികനോ എന്തെങ്കിലും തോന്നിയവാസം കാണിച്ചാൽ അതോടെ അവസാനിക്കുന്ന, അല്പായുസ്സുള്ള ഒരു യുക്തിവാദിജീവിതമോ, നാസ്തികജീവിതമോ മാത്രമായിരിക്കുമതു്. ശാസ്ത്രബോധത്തിന്റെ അടിത്തറയിൽ, യുക്തിഭദ്രമായി നടത്തുന്ന ചിന്തകളുടെയും അപഗ്രഥനങ്ങളുടെയും വെളിച്ചത്തിൽ എത്തിച്ചേർന്നതായാലേ അതുപോലൊരു ജീവിതത്തിനു് തടസ്സങ്ങളെ നേരിട്ടുകൊണ്ടു് മുന്നോട്ടു് പോകാൻ കഴിയൂ. ആരെങ്കിലും വായനയെപ്പറ്റി ഒരു പോസ്റ്റിട്ടാൽ മറ്റു് ചിലർ താൻ വായിച്ചതും വായിക്കാൻ ഉദ്ദേശിക്കുന്നതുമായ പുസ്തകങ്ങളുടെ ലിസ്റ്റോ പടമോ ഒക്കെ ഇട്ടുകാണാറുണ്ടു്. എന്താണു് വായിക്കുന്നതെന്നനുസരിച്ചു് വായന നല്ലൊരു കാര്യമാണു്. ഒരുവൻ “എത്ര” പുസ്തകങ്ങൾ വായിച്ചു എന്നതിനേക്കാൾ, അവൻ എത്ര പുസ്തകങ്ങൾ “വായിച്ചു” എന്നതാണു് കാര്യം. പതിനായിരം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നു് അവകാശപ്പെടുന്ന ഒരാൾ ഖുർആനിൽ/ബൈബിളിൽ/ഭഗവദ്ഗീതയിൽ എഴുതി വച്ചിരിക്കുന്നതു് ദൈവത്തിന്റെ വചനങ്ങളാണെന്നാണു് വിശ്വസിക്കുന്നതെങ്കിൽ നീണ്ടുപരന്ന ആ വായനകൊണ്ടു് സമയനഷ്ടമല്ലാതെ മറ്റെന്തു് നേട്ടമാണു് താൻ കൈവരിച്ചതെന്നു് അവൻ/അവൾ സ്വയം ചോദിച്ചുനോക്കുന്നതിൽ തെറ്റില്ലെന്നാണു് എനിക്കു് തോന്നുന്നതു്.
ബൈബിളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണു് 2007-ൽ ഞാനെന്റെ ബ്ലോഗ് ജീവിതം ആരംഭിച്ചതു്. എന്റെ എല്ലാ പോസ്റ്റുകളും ഇപ്പോഴും ബ്ലോഗിലുണ്ടു്. ഹിന്ദുക്കളും മുസ്ലീമുകളും കമ്മ്യൂണിസ്റ്റുകളും, സ്വാഭാവികമായും യുക്തിവാദികളും അതിനെ പിൻതുണയ്ക്കുകയോ കുറഞ്ഞപക്ഷം എതിർക്കാതിരിക്കുകയെങ്കിലുമോ ചെയ്തു. എന്റെ പോസ്റ്റുകളിൽ നിന്നുള്ള എക്സെർപ്റ്റ്സുകൾ ഈച്ചക്കോപ്പി ചെയ്തു് ചില മുസ്ലീമുകൾ സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിക്കുക പോലും ചെയ്തിരുന്നു. ഖുർആനിലെ കഥാംശങ്ങളിലെ നല്ലപങ്കും ബൈബിളിൽ നിന്നുള്ള കോപ്പി ആയതിനാൽ അതിലേക്കും കൂടി പിന്നീടു് ഞാൻ വിരൽ ചൂണ്ടിയപ്പോൾ അതുവരെ എന്നെ സപ്പോർട്ട് ചെയ്തിരുന്ന മുസ്ലീമുകൾ എന്റെ ശത്രുക്കളായി. അവരൊഴികെ, മറ്റുള്ളവരുടെ പിൻതുണ അപ്പോഴും തുടർന്നു. അതുപോലെ, ഭഗവദ്ഗീതാപണ്ഡിതർ എന്നവകാശപ്പെടുന്ന ചിലരുടെ വ്യാഖ്യാനങ്ങൾ കണ്ടതിന്റെ ഫലമായി ഭഗവദ്ഗീത വായിക്കാൻ തുടങ്ങിയപ്പോൾ അവിടെയും എനിക്കു് കാണാൻ കഴിഞ്ഞതു് പൊരുത്തക്കേടുകളായിരുന്നു. അക്കാര്യം ഞാൻ ചൂണ്ടിക്കാണിച്ചതോടെ അതുവരെ എന്നെ പിൻതുണച്ചിരുന്ന ഹിന്ദുക്കളും ശത്രുക്കളായി മാറി. ഒരു ലോകവീക്ഷണം എന്ന നിലയിൽ മാർക്സിസം ഒരു പരാജയമാണെന്നു് മുൻപേതന്നെ ഞാൻ മനസ്സിലാക്കിയിരുന്നെങ്കിലും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ കമ്മ്യൂണിസം അടിയറ പറയുകയും, അത്തരം രാജ്യങ്ങളുടെ അക്കാലത്തെ അവസ്ഥ നേരിട്ടു് മനസ്സിലാക്കാൻ കഴിയുകയും ചെയ്തപ്പോൾ ആ സത്യം കൂടുതൽ വ്യക്തമായി. അതു് തുറന്നു് പറഞ്ഞതുമുതൽ കമ്യൂണിസ്റ്റുകൾ, അവരുടെ സ്വാഭാവിക പ്രതികരണമായ, തെറിവിളി തുടങ്ങി. (കേരളത്തിലെ കമ്യൂണിസ്റ്റുകളെ അങ്ങനെ വിളിക്കുന്നതുതന്നെ തെറ്റാണെന്നാണു് എന്റെ അഭിപ്രായം. കാരണം, മാർക്സിസം എന്താണെന്നു് മനസ്സിലാക്കിയിട്ടുള്ളവർ അവരുടെ പോളിറ്റ് ബ്യൂറോയിൽ പോലും ഉണ്ടെന്നു് തോന്നുന്നില്ല). പിന്നെ അവശേഷിക്കുന്നതു് യുക്തിവാദികളാണു്. അവർക്കു് വേണമെങ്കിൽ പണ്ടേതന്നെ എന്നെ തള്ളിപ്പറയാമായിരുന്നു. (സത്യം പറഞ്ഞാൽ, അവരങ്ങനെ ചെയ്തിട്ടുണ്ടോ എന്നു് ഇതുവരെ എനിക്കറിയുകയുമില്ല). കാരണം, യുക്തിവാദി എന്ന വാക്കു് മലയാളി ഉപയോഗിക്കുന്ന അർത്ഥത്തിലാണെങ്കിൽ, ഞാനൊരു യുക്തിവാദി അല്ല എന്നു് ഞാൻ പലവട്ടം ആവർത്തിച്ചു് പറഞ്ഞിട്ടുണ്ടു്. അതുപോലെതന്നെ, ഇതുവരെ പറഞ്ഞിരുന്നോ എന്നു് അത്ര നിശ്ചയമില്ലാത്തതിനാൽ, ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു: ശാസ്ത്രതല്പരനും, ശാസ്ത്രത്തിൽ അല്പസ്വല്പം ചില ബാലപാഠങ്ങൾ മനസ്സിലാക്കിയിട്ടുള്ളവനുമാണെങ്കിലും, ഞാനൊരു ശാസ്ത്രവിശ്വാസിയല്ല. അതായതു്, ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെങ്കിൽ, ശാസ്ത്രവിശ്വാസി സമുദായവും എനിക്കു് ഭ്രഷ്ടു് കല്പിക്കാൻ മറക്കണ്ട.
ചുരുക്കത്തിൽ, ബൈബിളിനെ വിമർശിച്ച സമയത്തു് ഞാൻ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ അനുയായിയോ വിശ്വാസിയോ ആയിരുന്നില്ല, ആകാൻ ആഗ്രഹിക്കുന്നുമില്ല. അത്രത്തോളമെങ്കിലും ആ കാര്യങ്ങളെ മനസ്സിലാക്കാൻ ഇതിനോടകം എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ബൈബിളിനെ വിമർശിക്കുന്നു എന്നതിനർത്ഥം മറ്റുള്ള എല്ലാ വിശ്വാസപ്രമാണങ്ങളെയും അംഗീകരിക്കുന്നു എന്നാണെന്നോ, നേരേ മറിച്ചോ, കരുതുന്നവർ ആദ്യം പരിശോധിക്കേണ്ടതു് അവരുടെ സ്വന്തം കാഴ്ചപ്പാടുകളെയാണു്. ലോകത്തെവിടെയായാലും, മതപരവും രാഷ്ട്രീയവും സാംസ്കാരികവുമായി ഒരു സമൂഹം തയ്യാറാക്കിവച്ചിരിക്കുന്ന ചാണകക്കുഴികളിലേക്കാണു് ഒരുവൻ/ഒരുവൾ ജനിച്ചു് വീഴുന്നതെങ്കിൽ, അതുപോലൊരു പരിശോധന അസാദ്ധ്യമായിരിക്കുമെന്നു് അറിയാതെയല്ല ഇതു് പറയുന്നതു്. സ്വന്തം കുഴിയിൽനിന്നും പുറത്തുകടന്നാലേ അതിന്റെ ജീർണ്ണതയും ദുർഗന്ധവും മനസ്സിലാക്കാൻ കഴിയൂ. എന്നാൽപ്പോലും, ഇൻഡോക്ട്രിനേഷനിലൂടെ വിശ്വാസപ്രമാണങ്ങൾക്കു് ഒരു പരിധിയിലേറെ വിധേയരാക്കപ്പെട്ടവർക്കു് അതിനു് കഴിയണമെന്നുമില്ല. അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലവിലിരിക്കുന്ന വ്യവസ്ഥിതികളിൽ സ്വതന്ത്രവായു ശ്വസിച്ചു്, അവിടത്തെ സുഭിക്ഷതയിൽ നിന്നും തിന്നും കുടിച്ചും വീർത്തു്, അവ നൽകുന്ന സാമൂഹിക സുരക്ഷിതത്വം അനുഭവിച്ചു് ജീവിക്കുമ്പോഴും ചൈനയിലെയും ക്യൂബയിലെയും സോഷ്യലിസ്റ്റ് സ്വാതന്ത്ര്യത്തെ പുകഴ്ത്തി സംതൃപ്തിയയടയുന്ന ചില ആധുനിക മലയാളികളിൽ കവിഞ്ഞ ഒരു തെളിവു് അതിനാവശ്യമില്ല. അതായാലും കാണണമെങ്കിൽ അതു് കാണാനുള്ള കണ്ണുണ്ടായിരിക്കണം.
Dec 3, 2014, 2:08 PM
എങ്ങനെയെങ്കിലും ആഫ്രിക്കയിൽ നിന്നും രക്ഷപെട്ടാൽ മതിയെന്നു് കരുതി, ഉള്ളതെല്ലാം വിറ്റുപെറുക്കി ഏജന്റന്മാർക്കു് കൊടുത്തിട്ടു് വല്ല പഴഞ്ചൻ ബോട്ടുകളിലും കപ്പലുകളിലും കയറി യൂറോപ്പിലെത്താൻ ശ്രമിക്കുന്ന നൂറുകണക്കിനാളുകൾ കടലിൽ മുങ്ങിച്ചാവുന്നുണ്ടു്. അവരുടെ നാടുകളിലെ രാഷ്ട്രീയ-, മതനേതാക്കൾ ജീവിക്കുന്നതിന്റെ പത്തിലൊന്നു് സുഭിക്ഷതയിലും സുഖസൗകര്യങ്ങളിലും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സ്വന്തം നാടു് ഉപേക്ഷിക്കാൻ അവരിൽ അധികം പേരും തയ്യാറാവുമായിരുന്നു എന്നു് തോന്നുന്നില്ല. പോരെങ്കിൽ, സ്വിറ്റ്സർലണ്ടിൽ നിന്നും മറ്റും അതിനു് തടസ്സമില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ ചെന്നു് ഡെവലെപ്മെന്റ് പ്രോജക്റ്റുകൾ നടത്തി അവരെ സ്വയം പര്യാപ്തമാക്കാൻ ശ്രമിക്കുന്നവർ കൈവരിക്കുന്ന വിജയം സുഖസമൃദ്ധമായ ഒരു ജീവിതം അവിടെത്തന്നെ സാദ്ധ്യമാണെന്നു് തെളിയിക്കുന്നുമുണ്ടു്. ജനങ്ങൾക്കു് വിദ്യാഭ്യാസത്തിലൂടെ ശരിയായ മാർഗ്ഗദർശനം നൽകിയാൽ, സാമൂഹികപ്രശ്നങ്ങളുടെ പരിഹാരം മതവിശ്വാസത്തിലോ മാർക്സിസത്തിലോ ഒക്കെയാണെന്ന മിഥ്യാബോധവുമായി, എവിടെനിന്നെങ്കിലും കിട്ടുന്ന പഴഞ്ചൻ തോക്കുകളുമായി ഹീറോ വേഷം കെട്ടി അവരെ “നന്നാക്കാതിരുന്നാൽ”, അവർ സ്വയം നന്നായിക്കൊള്ളും.
നാടുവിട്ടു് എങ്ങനെയെങ്കിലും കരയിലെത്തുകയും രക്ഷപെടുകയും ചെയ്താൽ ദൈവത്തിന്റെ പ്രതിപുരുഷന്മാർ പ്രബോധനവുമായി അവരെ തേടിയെത്തും. അവരതു് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കാരണം, പലർക്കും ജീവൻ നഷ്ടപ്പെട്ട കപ്പൽ യാത്രയിൽ അവരെ രക്ഷിച്ചതും, പിന്നീടു് എവിടെയെങ്കിലും ഒരു ജോലി കണ്ടെത്തി സ്വന്തമായി നാലുകാശു് സമ്പാദിക്കാനും അതുവഴി ജീവിതത്തിനു് ഒരടിത്തറയുണ്ടാക്കാനും അവരെ സഹായിച്ചതും ദൈവമാണല്ലോ – അങ്ങേർക്കു് ആഫ്രിക്കയിലെ അവരുടെ ദുരിതത്തിന്റെ ചുമതലയോ, അതിൽ നിന്നും അവരെ അവിടെവച്ചുതന്നെ മോചിപ്പിക്കേണ്ട ബാദ്ധ്യതയോ ഒന്നും ഏറ്റെടുക്കേണ്ട ആവശ്യമില്ലെങ്കിലും! ഇവരിൽ നിന്നോ, അവരുടെ പിൻതലമുറയിൽ നിന്നോ ആണു് ഈവക പ്രതിപുരുഷന്മാരിൽ നിന്നും വമിക്കുന്ന മതവിദ്വേഷത്തിന്റെ വിഷവായു ശ്വസിച്ചു് അള്ളാവിന്റെ പടയാളികളും സൂയിസൈഡ് ബോംബർമാരുമൊക്കെ എമെർജ് ചെയ്യുന്നതെന്നതാണു് ഏറ്റവും വലിയ വിരോധാഭാസം. ഭൗതികമായ ചെളിക്കുഴികളിൽ നിന്നും രക്ഷപെട്ടാലും, ഇൻഡോക്ട്രിനേഷൻ മനസ്സിൽ സൃഷ്ടിക്കുന്ന ചെളിക്കുഴികളിൽ നിന്നും രക്ഷപെടാൻ മനുഷ്യനു് കഴിയണമെന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണിതു്.
മോദിഭക്തനായതിൽ പിന്നെ സമയം വളരെ കുറവു്. രാവിലെ മോദിയമ്പലത്തിൽ കുത്തിയിരുന്നു് ഭജന, ഉച്ചക്കു് പട്ടിണികിടന്നു് ധ്യാനം, വൈകിട്ടു് കുത്തിനിന്നു് പൂജ, രാത്രിയിൽ അമ്പലത്തിനു് ചുറ്റും ഉരുണ്ടു് നേർച്ച …! നല്ലപോലെ കഷ്ടപ്പെട്ടിട്ടല്ലാതെ ഒരു ഭക്തനും ഇതുവരെ ദേവപ്രസാദം ലഭിച്ചിട്ടില്ല. ഇപ്പറഞ്ഞതിൽ കിടന്നു് നിരാഹാരം, കുത്തിയിരുന്നു് സത്യാഗ്രഹം എന്നിവ ഭാരതീയനിൽ നിന്നും സായിപ്പുബാധ ഒഴിവാക്കാനായി രാഷ്ട്രപിതാവുതന്നെ കാണിച്ചുതന്ന മാർഗ്ഗങ്ങളായതുകൊണ്ടുകൂടിയാണു് ഞാനും ആ വഴിതന്നെ സ്വീകരിക്കാൻ തീരുമാനിച്ചതു്. ഇഷ്ടസ്വരൂപിയെ സ്വീകരിക്കാൻ ആദ്യം ബാധകളെയെല്ലാം ഒഴിവാക്കി മനസ്സു് ശുദ്ധമാക്കണമല്ലോ. ഏതായാലും, ആറേഴു് ദശാബ്ദങ്ങൾ കൊണ്ടു് ഇരുപ്പിനോടും കിടപ്പിനോടുമൊപ്പം നില്പിലേക്കും ഉരുളലിലേക്കും കൂടി മുന്നേറാൻ ഭാരതീയനു് കഴിഞ്ഞു. അതു് പുരോഗമനമല്ലെങ്കിൽ!? 67 വർഷങ്ങൾ കൊണ്ടു് ജനങ്ങൾക്കു് ഇന്റൻസീവ് ആയ വിദ്യാഭ്യാസം നൽകി, സ്വന്തമായി ചിന്തിക്കാൻ പഠിപ്പിച്ചതിന്റെ ഫലമാണു് സമൂഹത്തിലെ വ്യത്യസ്തരായ നേതാക്കളുടെ വായിലൂടെ ഇന്നും പുറത്തുവരുന്നതും നമ്മൾ കേൾക്കേണ്ടിവരുന്നതുമായ മൊഴിമുത്തുകൾ. അറിയാവുന്നതല്ലാതെ അവർ മറ്റെന്തു് വിളിച്ചുപറയാൻ? പഠിച്ചതല്ലാതെ പാടാൻ കഴിയുമോ? ഭാരതീയനായാലും അർഹിക്കുന്നതേ ലഭിക്കൂ. അർഹതയാണെങ്കിൽ നേടിയെടുക്കേണ്ട ഒന്നാണുതാനും.
Dec 5, 2014, 10:02 AM
മോദിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ വളരെ മോശമെന്നു് പറയാതെ വയ്യ. ഇത്രയും മാസങ്ങൾ കിട്ടിയിട്ടും ഭാരതത്തെ യൂറോപ്പോ അമേരിക്കയോ ആക്കാൻ അങ്ങേർക്കു് കഴിഞ്ഞോ? അതുകൊണ്ടു്, കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തിൽ നിന്നു് നോക്കുമ്പോൾ, ചില രാജ്യസ്നേഹികൾ ഹിറ്റ്‌ലറോടു് ഉപമിക്കുന്ന മോദിയേക്കാൾ ഭാരതത്തിന്റെ പ്രധാനമന്ത്രി ആവാൻ കൂടുതൽ യോഗ്യനായിരുന്നതു് സ്റ്റാലിനോടു് ഉപമിക്കപ്പെടാൻ കഴിയുന്ന ആരെങ്കിലുമായിരുന്നേനെ എന്നാണു് എനിക്കു് തോന്നുന്നതു്. അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ജാഥ, ഹർത്താൽ, നോക്കുകൂലി തുടങ്ങിയ ജനാധിപത്യമര്യാദകൾ പാലിക്കാൻ ജനങ്ങളെ യഥേഷ്ടം അനുവദിച്ചിരുന്ന ഉദാരമതിയായിരുന്നു സ്റ്റാലിൻ. അതിനായി അവരെ സൈബീരിയയിലേക്കു് രാജ്യത്തിന്റെ ചിലവിൽ തീവണ്ടികയറ്റുകപോലും ചെയ്യുമായിരുന്നു കക്ഷി. പ്രകൃതിരമണീയമായ ഒരു പ്രദേശമാണു് സൈബീരിയ; വിന്ററിൽ അവിടെച്ചെന്നു് കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്നവരുടെ ദൃഷ്ടിയിൽ പ്രത്യേകിച്ചും!
ബ്ലാക്ക് ആൻഡ് വൈറ്റ് ചിന്തകരോടുള്ള എന്റെ സ്നേഹം പറഞ്ഞറിയിക്കാവുന്നതല്ല. മുതലാളി-തൊഴിലാളി, കറുപ്പു്-വെളുപ്പു്, ഇരുട്ടു്- വെളിച്ചം, അങ്ങനെയങ്ങനെ. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ മാത്രമല്ല, മറ്റു് പല നിറങ്ങളിലും ഫോട്ടോകൾ സാദ്ധ്യമാണെന്നു് ക്യാമറയുടെ ലോകം പോലും മനസ്സിലാക്കിയിട്ടു് കാലം കുറെയായി. എന്നിട്ടും, ഒന്നുകിൽ അതു്, അല്ലെങ്കിൽ ഇതു് എന്നതല്ല, അതിനും ഇതിനും പുറമെ മറ്റു് പല സാദ്ധ്യതകളും ഉണ്ടെന്നു് മനസ്സിലാക്കാൻ ചില മനുഷ്യർക്കു് എന്തുകൊണ്ടോ ഇന്നും കഴിയുന്നില്ല. ഒന്നുകിൽ നമ്മുടെ മിത്രം, അല്ലെങ്കിൽ നമ്മുടെ ശത്രു എന്ന കുപ്രസിദ്ധ പ്രസ്താവനയുടെ പേരിൽ ജോർജ്ജ് ബുഷിനെ പരിഹസിക്കാൻ തിടുക്കപ്പെടുന്നവരാണു് അവരിൽ പലരുമെന്നതു് അതിനേക്കാൾ രസകരം!
Dec 7, 2014, 7:22 PM
എത്ര പുരോഗമിച്ച സമൂഹങ്ങളിലും തലച്ചോറു് കത്തിപ്പോയ കുറെ skinheads-നെ കാണാനാവും. ഇടതു് സ്കിൻഹെഡ്സ്, വലതു് സ്കിൻഹെഡ്സ്, രണ്ടുമല്ലാത്ത സ്കിൻഹെഡ്സ് എന്നൊക്കെ തരം തിരിക്കാമെങ്കിലും, പരസ്പരം തെറി വിളിക്കുക, പറ്റുന്നിടത്തെല്ലാം ചെന്നു് തല്ലുണ്ടാക്കുക എന്നതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നും ഇവയിലൊരു വിഭാഗത്തിനും ഇല്ല എന്നതാണു് സത്യം. രാഷ്ട്രീയം എന്തെന്നറിയാനുള്ള ഇടം തലയിൽ ബാക്കിയുണ്ടായിരുന്നെങ്കിൽ അവർ ഇപ്പണിക്കു് ഇറങ്ങുമായിരുന്നില്ലല്ലോ.
പുസ്തകങ്ങൾ കത്തിക്കുന്നവരുടെ ലോകത്തിൽ കത്താനും മാത്രം തലച്ചോറുള്ള മനുഷ്യർ ഉണ്ടാവാൻ വഴിയില്ല. അവിടെ സ്നേഹിക്കുന്നവർ തമ്മിൽ ചുംബിക്കുന്നതു് കുറ്റകൃത്യവും, കാണുന്നവരെ എല്ലാം ചുംബിക്കുന്നതു് അതിനെതിരെയുള്ള വിപ്ലവവും ആയിക്കൂടെന്നുമില്ല. വാനരന്മാരെയും, നായ്ക്കളെയും, പോത്തുകളെയും ലജ്ജിപ്പിക്കുന്ന വിധത്തിൽ മറ്റു് മനുഷ്യരുടെ ജീവിതത്തിൽ ഇടപെടുന്നതു് കീഴ്വഴക്കവും സംസ്കാരവുമായി മാറിക്കഴിഞ്ഞ കുറെ മനുഷ്യരൂപികളുടെ ലോകത്തിൽനിന്നും മറ്റൊന്നു് പ്രതീക്ഷിക്കുന്നതാണു് തെറ്റു്. ഫെയ്സ്ബുക്ക് ആർട്ടിസ്റ്റുകൾക്കും, ഗൂഗിൾ ലിറ്റെററികൾക്കുമൊക്കെ അവരുടെ കഴിവുകൾ യാതൊരു റിപ്രെഷനുമില്ലാതെ പ്രകടിപ്പിക്കാൻ പറ്റിയ മറ്റൊരു വിഷയം എന്ന നിലയിൽ ചുംബനസമരം നല്ലൊരു കാര്യമാണു്. അതിൽ കൂടുതൽ എന്തെങ്കിലും അവർ പോലും പ്രതീക്ഷിക്കുന്നുണ്ടെന്നും തോന്നുന്നില്ല.
ഈ മുന്നേറ്റത്തിൽ എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് “ഇരുട്ട് നുണയാമെടികളെ” എന്ന ആ മുദ്രാവാക്യമാണു്. മറ്റൊന്നും കൊണ്ടല്ല, വെളിച്ചം നുണയുന്നതിനേക്കാൾ നല്ലതാണല്ലോ ഇരുട്ടു് നുണയുന്നതു് എന്നതിന്റെ പേരിൽ മാത്രം! മലയാളിക്കു് പണ്ടേതന്നെ വെളിച്ചം ദുഃഖവും തമസ്സു് സുഖപ്രദവുമായിരുന്നല്ലോ.
Dec 17, 2014, 10:53 AM
“സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍, നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍, പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍, പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍, (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, [പെഷവാറിൽ “അല്ലാഹു അക്ബർ” ചൊല്ലിക്കൊണ്ടു് കൊല്ലുന്ന “സത്യവിശ്വാസികളുടെ” വെടിയേറ്റു് വീണുമരിച്ച നൂറ്റിമുപ്പതിലേറെ കുഞ്ഞുങ്ങളോടു് ചോദിക്കപ്പെടുമ്പോൾ], താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്, (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍, ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍, ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍, സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍. …” – (ഖുർആൻ അദ്ധ്യായം 81: 1 – 13)
“അപ്പോൾ സത്യവിശ്വാസികളും അല്ലാഹുവിന്റെ പോരാളികളുമായ താലിബാനികൾ മറുപടി പറയും: സർവ്വലോകത്തിന്റെയും സ്രഷ്ടാവും, കരുണാനിധിയും, യുക്തിമാനും, സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവേ, “… മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് ഞങ്ങൾക്ക് കുടിക്കാന്‍ നല്‍കപ്പെടുമെന്നും, അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കുമെന്നും, വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെയെന്നും, അതിലെ ചേരുവ തസ്നീം ആയിരിക്കുമെന്നും, സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലമാണതെന്നും” (83: 25 – 28), “(സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും, നിറഞ്ഞ പാനപാത്രങ്ങളും” ഞങ്ങൾക്കു് ലഭിക്കുമെന്നും (78: 32 – 34) അങ്ങയുടെ പ്രവാചകൻ അടിയങ്ങളോടു് അരുളിച്ചെയ്തിട്ടുള്ളതിനാലാണു് ഞങ്ങൾ “പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങൾ അവഗണിക്കപ്പെട്ടപ്പോൾ”, മനുഷ്യരെ ബന്ദികളാക്കിയും അറുകൊല ചെയ്തും അതിന്റെയൊക്കെ വീഡിയോ പ്രചരിപ്പിച്ചും ലോകം മുഴുവൻ ഭീകരത വിതച്ചതു്. “അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലെന്നും, തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു എന്നും” (76: 30) അങ്ങു് കല്പിച്ചിട്ടുള്ളതിനാൽ, അങ്ങു് ഉദ്ദേശിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശിക്കാനോ നടപ്പാക്കാനോ അഗതികളായ അടിയങ്ങൾക്കു് കഴിയുമായിരുന്നില്ലല്ലോ. “തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു് ചെയ്യുന്നത്” (49: 12) എന്ന അരുളപ്പാടില്ലായിരുന്നെങ്കിൽ കൊന്നവരെ തിന്നു് അങ്ങയെ സന്തോഷിപ്പിക്കാനും ഞങ്ങൾ മടിക്കുമായിരുന്നില്ല. അതിനാൽ, സത്യദീപങ്ങളായ ജിഹാദികൾക്കു് അങ്ങു് വാഗ്ദാനം ചെയ്തപോലെ, വെള്ളിപ്പാത്രത്തിൽ മദ്യവും, ഇനി തുടുക്കാൻ ഒട്ടും ബാക്കിയില്ലാത്തവിധം തുടുത്ത മാര്‍വിടങ്ങളുമായി സ്വർണ്ണക്കട്ടിലിൽ ഞങ്ങളെ കാത്തു് കിടക്കുന്ന 72 യുവകന്യകകളെയും ഞങ്ങളോരോരുത്തർക്കും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമീൻ.
Dec 19, 2014, 12:59 PM
ഖുർആനിൽ നിന്നും:
“പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിനു് ശേഷം, ജനങ്ങള്‍ക്കു് ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടു് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ചു് ഗ്രഹിച്ചേക്കാമല്ലോ. (നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ചു് കൊടുത്ത സമയത്തു് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിനു്) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷെ നാം (പിന്നീട്) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല. പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം (മൂസായെ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ചു് തരികയാകുന്നു.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീതു് നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ചു് മനസ്സിലാക്കിയേക്കാം.” – (അദ്ധ്യായം 28: 43 – 46)
ജനങ്ങള്‍ക്കു് ഉള്‍കാഴ്ച നല്‍കാനായി മൂസായ്ക്കു് തൗറാത്ത് എന്നപോലെ, തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടു് മുഹമ്മദ് നബിക്കു് ഖുർആൻ എന്ന വേദഗ്രന്ഥം നൽകിയവനും സർവ്വശക്തനും, സർവ്വജ്ഞാനിയും യുക്തിമാനുമായ അല്ലാഹുവിനു് ഇവിടെ പിണഞ്ഞ ഒരു ശ്രദ്ധക്കുറവു് ചൂണ്ടിക്കാണിക്കുകയാണു് ഈ പോസ്റ്റിന്റെ ലക്ഷ്യം. അല്ലാഹുവിനു് പിണയുന്ന അബദ്ധങ്ങൾ അവന്റെ ശ്രദ്ധയിൽ പെടുത്തുന്നതു് താലിബാനെയും കൂട്ടരെയും അവരുടെ തെറ്റുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്ര അപകടം പിടിച്ച കാര്യമല്ല എന്നതാണു് എന്റെയൊരു ധൈര്യം. പൊതുവേ അബദ്ധങ്ങളേ തനിക്കു് പിണയാറുള്ളു എന്നു് അല്ലാഹുവിനും, തങ്ങൾക്കു് അബദ്ധങ്ങൾ പിണയാറേയില്ല എന്നു് താലിബാനും അറിയാവുന്നതുകൊണ്ടാവണം രണ്ടു് പക്ഷത്തിന്റെയും പ്രതികരണങ്ങൾ ഇങ്ങനെ വ്യത്യസ്തമായിരിക്കുന്നതു്.
മൂസായെ അല്ലാഹു വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്റെ പാര്‍ശ്വത്തിലും, മോശെക്കു് കല്‍പന ഏല്‍പിച്ചുകൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തിലും മുഹമ്മദ് നബി ഉണ്ടായിരുന്നില്ല എന്ന അല്ലാഹുവിന്റെ നിരീക്ഷണം കിറുകൃത്യമാണെന്നു് പറയാതെ വയ്യ. മൂസായെ അല്ലാഹു വിളിച്ച സമയത്തു് സാക്ഷികൾ എന്നു് പറയാൻ അവിടെ ആകെയുണ്ടായിരുന്നതു് കുറെ ആടുകളായിരുന്നു. കാരണം, ബൈബിൾ പ്രകാരം, “ദൈവത്തിന്റെ പർവ്വതമായ” ഹോരേബിന്റെ പരിസരത്തു് തന്റെ അമ്മായപ്പനായിരുന്ന യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു മൂസായെ (മോശെയെ) ദൈവം “മോശേ മോശേ” എന്നു് വിളിച്ചതും, കാലിൽ നിന്നും ചെരിപ്പു് ഊരിമാറ്റാൻ കല്പിച്ചതും. ദൈവത്തിന്റെ വിശുദ്ധസ്ഥലത്താണു് താൻ ചെരിപ്പിട്ടു് നിൽക്കുന്നതെന്നു് പാവം മോശെ അറിഞ്ഞിരുന്നില്ലല്ലോ. അവൻ ചെരിപ്പൂരി മാറ്റി എന്നു് ഉറപ്പു് വരുത്തിയശേഷമാണു് “ഓപ്പറേഷൻ എക്സൊഡസ്” എന്ന, യഹൂദരെ ഈജിപ്റ്റിൽ നിന്നും “പാലും തേനുമൊഴുകുന്ന” ദേശത്തേക്കു് കാൽനടയായി എത്തിക്കാനുള്ള ജോലിയുടെ കമാൻഡർ-ഇൻ-ചീഫ് ആയി മോശെയെ യഹോവ നിയമിക്കുന്നതു് (പുറപ്പാടു് 3: 1-20). (അവൻ നിന്നിരുന്ന സ്ഥലം പഴയപടി ശുദ്ധിയുള്ളതാക്കാനായി മാലാഖമാരെ ഡെറ്റോളും ബക്കറ്റും വെള്ളവും ചൂലുമൊക്കെയായി ഉടനടി അങ്ങോട്ടു് പറഞ്ഞയക്കാനുള്ള കല്പനയിൽ ഒപ്പു് വക്കുകയായിരുന്നിരിക്കണം സ്വർഗ്ഗത്തിൽ മടങ്ങി എത്തിയശേഷം യഹോവ ചെയ്ത ആദ്യത്തെ ഔദ്യോഗികകർമ്മം).
കൂടാതെ, കനാൻ ദേശത്തേക്കുള്ള യഹൂദരുടെ ഈ യാത്രയിലാണു്, സീനായ് മലയിൽ വച്ചു് യഹോവ മോശെക്കു് കല്‍പനകളും മിക്കവാറും എല്ലാ ന്യായപ്രമാണങ്ങളും ഏല്‍പിച്ചുകൊടുത്തതു്. അപ്പോഴെല്ലാം, യിസ്രായേൽ ജനത്തെ സീനായ് പർവ്വതത്തിന്റെ അടുത്തുനിന്നും അകറ്റി നിർത്തണമെന്നു് യഹോവ മോശെയോടു് കർശനമായി കല്പിക്കുന്നുമുണ്ടു്. ആ സ്ഥിതിക്കു് ദൈവകല്പനകൾസംബന്ധിയായ ഔദ്യോഗിക ചടങ്ങുകൾക്കു് ഒരുപാടു് സാക്ഷികളെ പ്രതീക്ഷിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ലല്ലോ. (ഇനി, അഥവാ ഒന്നോ രണ്ടോ സാക്ഷികൾ ഉണ്ടായിരുന്നു എന്നു് കരുതിയാൽ തന്നെ, മുഹമ്മദിന്റെ കാലം വരെ അവർ ജീവിച്ചിരുന്നിരിക്കാൻ വഴിയില്ലാത്തതിനാൽ, ഒരു തെളിവെടുപ്പു് മുഹമ്മദിനു് സാദ്ധ്യവുമായിരുന്നില്ല). ഏതായാലും, അല്ലാഹുവും മൂസായും തമ്മിൽ ഇപ്പറഞ്ഞ ഇടപാടുകൾ നടന്ന സമയത്തു്, AD 570-ൽ ജനിച്ചു് 632-ൽ മരിച്ച മുഹമ്മദ് നബി സാക്ഷിയായിരുന്നില്ല എന്നു് അല്ലാഹു പറയുമ്പോൾ അതു് അവിശ്വസിക്കേണ്ട കാര്യമില്ല. വിശ്വാസികളുടെ ലോകത്തിൽ ഏതുതരം അത്ഭുതവും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും, അവയൊക്കെ അക്ഷരം പ്രതി വിശ്വസിക്കാൻ താലിബാനികൾക്കു് മാത്രമല്ല, ശാസ്ത്രസാങ്കേതികവിഷയങ്ങളിൽ ബിരുദവും ഡോക്ടറേറ്റും അതിനപ്പുറവുമൊക്കെ സംഘടിപ്പിച്ച മഹതികൾക്കും മഹാന്മാർക്കും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ക്ഷാമമൊന്നും ഇല്ല എന്നും അറിയാതെയല്ല ഇതു് പറയുന്നതു്.
അല്ലാഹുവിന്റെ ശ്രദ്ധയിൽ പെടാതെ പോയതു് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണു്. മോശെക്കു് യഹോവ (അല്ലാഹു) നൽകിയ കല്പനകളും ന്യായപ്രമാണങ്ങളും ലിഖിത രൂപത്തിൽ ആക്കാനുള്ള ശ്രമം BC 600-ൽ ആരംഭിച്ചു് BC 400-ൽ പൂർത്തീകരിക്കപ്പെട്ടിരുന്നു. അതായതു്, മുഹമ്മദ് നബിയുടെ ജീവിതകാലത്തിനും ഏകദേശം ആയിരം വർഷങ്ങൾക്കു് മുൻപേതന്നെ, അതുവരെ വായ്മൊഴികളായി പകർന്നു് കൊടുക്കപ്പെട്ടിരുന്ന തൗറാത്തും അതിനോടു് ബന്ധപ്പെട്ട മറ്റു് കഥകളും അക്ഷരരൂപം കൈവരിച്ചിരുന്നു. അല്ലാഹു മൂസയെ വിളിച്ചതും, അവനു് കല്പനകൾ നൽകിയതുമായ കഥകൾ അറിയാൻ AD ആറു്, ഏഴു് നൂറ്റാണ്ടുകളിൽ പെട്ട ഒരുവനു് അന്നേതന്നെ ആ മലകളുടെ പാർശ്വത്തിൽ കാവലിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നു് സാരം. ലോകാവസാനം വരെ തിരുത്തലോ പുതുക്കലോ ആവശ്യമില്ലാത്ത, ലോകത്തിലാർക്കും അതുപോലൊന്നു് എഴുതിയുണ്ടാക്കാൻ കഴിയാത്തവിധം പൂർണ്ണവും പരിശുദ്ധവുമായ ഖുർആൻ മുഹമ്മദിനു് അല്ലാഹു ഓതിക്കൊടുത്തപ്പോൾ ഈ വസ്തുതക്കു് അല്ലാഹുവിന്റെ ചിന്തയിൽ ഇടമില്ലാതിരുന്നില്ലെങ്കിൽ, അങ്ങേർ മോശെയുടെ കാലത്തിനു് ശേഷം സ്വർഗ്ഗീയ കമ്പ്യൂട്ടറിൽ “സോഫ്റ്റ്‌വെയർ അപ്ഡെയ്റ്റുകൾ” ഒന്നും നടത്തിയിട്ടില്ല എന്നേ കരുതാനാവൂ. അതിനേക്കാൾ വിശ്വാസയോഗ്യവും വസ്തുതാപരവും, സാമാന്യബുദ്ധിക്കു് നിരക്കുന്നതും ഈ രണ്ടു് കഥകളിലെയും പ്രൊട്ടാഗൊണിസ്റ്റ് ആയ അല്ലാഹു അഥവാ, യഹോവ എന്ന സംഭവം ഒരു റിയാലിറ്റിയല്ല, ഈ രണ്ടു് കഥകളുടെയും രചയിതാക്കളുടെ മനസ്സിൽ ജന്മമെടുത്ത ഒരു സാങ്കല്പികസൃഷ്ടി മാത്രമാണെന്നതാണു്.
November 2014
Nov 2, 2014, 3:52 PM
ഒരു ശരാശരി മല്ലു അതൊരു തൃശൂര്‍പൂരമോ പൊങ്കാലയോ പോര്‍ണോഫിലിമോ മറ്റോ ആയിരുന്നാലെന്നപോലെ പ്രതികരിക്കുന്ന ഇന്നത്തെ സ്നേഹചുംബനസമരത്തില്‍ ശ്രദ്ധാര്‍ഹമായ നാലു് ചിന്താശകലങ്ങള്‍ – ഫ്രീഡ്റിഹ് നീറ്റ്‌സ്‌ഷെയുടെ വക:
- “വ്യത്യസ്തമായി ചിന്തിക്കുന്നവരെക്കാള്‍ ഒരുപോലെ ചിന്തിക്കുന്നവരെ കൂടുതല്‍ ബഹുമാനത്തോടെ പരിഗണിക്കാന്‍ പഠിപ്പിക്കലാണു് യുവത്വത്തെ ദുഷിപ്പിക്കാന്‍ പറ്റിയ ഏറ്റവും ഉറപ്പായ വഴി”.
- “ഒരു ആദര്‍ശവാദിയെ തിരുത്താനാവില്ല. അവന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ അവന്റെ നരകത്തില്‍ നിന്നും അവനൊരു ആദര്‍ശം സൃഷ്ടിക്കും”.
- “കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നവനെയും, ആഴത്തില്‍ നിന്നു് കോരുന്നവനെയും തമ്മില്‍ ഓഡിയന്‍സ് (പൊതുജനം) എളുപ്പം തെറ്റിദ്ധരിക്കുന്നു”.
- “സ്വയം അനുസരിക്കാന്‍ കഴിവില്ലാത്തവന്‍ കല്പിക്കപ്പെടും. അതാണു് ജീവിവര്‍ഗ്ഗങ്ങളുടെ പ്രകൃതി”.
കൂട്ടത്തില്‍ ജര്‍മ്മന്‍ കാബറെ ആര്‍ട്ടിസ്റ്റ് ഡീറ്റര്‍ ഹില്‍ഡെബ്രാന്‍ഡ്റ്റിന്റെ വക ഇത്തിരി മേമ്പൊടി കൂടി:
“തന്റെ ഓഡിയന്‍സിന്റെ പിന്നാലെ ഓടുന്നവന്‍ അവരുടെ ചന്തികളായിരിക്കും സ്ഥിരമായി കാണുന്നതു് “.
Nov 8, 2014, 11:29 AM
പരസ്പരം സ്നേഹിക്കുന്ന ആണും പെണ്ണും ചുംബനസമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, ആസനത്തില്‍ കൃമിയുണ്ടായാല്‍ എന്നപോലെ അസ്വസ്ഥരായി അവരെ തല്ലിയോടിക്കാന്‍ കമ്പിയും ഉലക്കയുമായി ഓടിനടന്നശേഷം ഇപ്പോള്‍, ജീവനുള്ള സകലതിനേയും (സ്ത്രീകള്‍ ഒഴികെയും കുഞ്ഞുങ്ങള്‍ അടക്കവും) ചുംബിച്ചുകൊണ്ടു് ബദല്‍സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവനെയൊക്കെ, പല്ലുതേക്കായ്ത്തവനെ സഹായിക്കാനാവുമെന്ന പ്രതീക്ഷയില്‍ അവനു് കരിമ്പു് വാങ്ങിത്തിന്നാന്‍ ആരോ കൊടുത്ത പണംകൊണ്ടു് പുഴുങ്ങിയ ചെറുകിഴങ്ങു് വാങ്ങിത്തിന്നവനോടേ താരതമ്യം ചെയ്യാനാവൂ.
ഓര്‍മ്മിക്കുക: സ്ത്രീകള്‍ കൃഷിനിലമാണു്; പുരുഷന്മാര്‍ കലപ്പകളും! പുരുഷനു് അനുകരിക്കാന്‍ പറ്റിയ ഒരേയൊരു മാതൃകയേയുള്ളു – വിത്തുകാള!
ജീവിവര്‍ഗ്ഗത്തിന്റെ നിലനില്പിനു് അത്യന്താപേക്ഷിതമായ ലൈംഗികതയെ ഒരു പകര്‍ച്ചവ്യാധി ആയാലെന്നപോലെ നമ്മള്‍ ഒഴിവാക്കണം! എന്നാലല്ലേ – നീറ്റ്സ്‌ഷെ പറഞ്ഞതുപോലെ – മനുഷ്യര്‍ക്കു് തലമുറകളിലൂടെ കുറ്റബോധത്തോടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാനാവൂ. മനുഷ്യര്‍ക്കു് വേണ്ടതു് മുഴുവന്‍ എന്റെ കിത്താബിലുണ്ടെന്നു് ഒരുവന്‍. അല്ല എന്റെ കിത്താബിലാണുള്ളതെന്നു് മറ്റൊരുവന്‍. സ്വന്തവും സ്വതന്ത്രവുമായ ചിന്ത നിഷിദ്ധമാണു്, ബുദ്ധിയെന്നതു് തികഞ്ഞ അനാവശ്യമാണു് (അതുവഴി മനുഷ്യന്‍ “പുത്തിജീവി”യാകും), യുക്തിബോധത്തിന്റെ അടുത്തുകൂടിപ്പോലും പോകരുതു് (പോയാല്‍ മനുഷ്യന്‍ “ഉക്തിവാദി”യാകും)!
തൃപ്തിയായില്ലേ പരശുരാമാ നിനക്കു്? കന്നിനെ കയം കാണിക്കാതിരിക്കൂ രാമപ്പരശുമോനേ എന്നു് ദേവരരും അസുരരരും ഒരുമിച്ചു് പറഞ്ഞിട്ടും ഞാന്‍ കന്നിനെ കയം കാണിക്കുന്നില്ലല്ലോ, മഴു എറിയുന്നതല്ലേയുള്ളു എന്നായിരുന്നല്ലോ നിന്റെ മറുപടി! അനുഭവിച്ചോളൂ! സമൂഹത്തിന്റെ ശരീരം നിറയെ രാ മരാ മരാ മരാകളും, കുറിയലൈസോനുകളും നെടിയലൈസോനുകളും, അല്ലാഹു അക്ബറുകളും, മാര്‍ക്സാണു് ഹൈദറുകളുമെല്ലാം മസൂരിക്കുരുക്കള്‍ പോലെ പടര്‍ന്നു് പിടിക്കുന്നതു് കണ്ടു് ആനന്ദിക്കു്! കേരളത്തെ ഉണ്ടാക്കാതെ നിനക്കു് ഇരിപ്പുറയ്ക്കുമായിരുന്നില്ലല്ലോ.
എങ്ങനെ അപ്പ, അങ്ങനെ അപ്പി! അല്ലാതെന്തു് പറയാന്‍?
Nov 16, 2014, 3:16 PM
ഭാരതത്തെ ഏതു് പിശാചിന്റെ കൈകളില്‍ ഏല്പിച്ചാലും, മാര്‍ക്സിസത്തിന്റെ കൈകളില്‍ ഏല്പിക്കാതിരുന്നാല്‍ ഭാരതത്തിനു് നല്ലതു്. ഒരു മനുഷ്യജീവിയില്‍ ഇന്‍ഹെറന്റ് ആയിട്ടുള്ള, പോസിറ്റീവ് ആയ, എല്ലാ – കലാ-, സാഹിത്യ-, സാംസ്കാരിക – ശേഷികളെയും നെഗേയ്റ്റ് ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം മാനവസമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യേണ്ട കാലം സത്യത്തില്‍ അതിക്രമിച്ചുകഴിഞ്ഞു. തൊഴിലിന്റെ മഹത്വം അറിയണമെങ്കില്‍ മനുഷ്യന്‍ സ്വയം തൊഴില്‍ ചെയ്തു് ജീവിച്ചിരിക്കണം. നോക്കുകൂലി വാങ്ങി ജീവിക്കുന്നവനു് അതറിയാന്‍ കഴിയില്ല. അതുപോലെ, ക്യാപിറ്റലിസമാണു് ശരിയെന്നു് പറയുന്നവര്‍ പകുതി സത്യം മാത്രം മനസ്സിലാക്കിയവരാണു്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയെ മാര്‍ക്സും ഒരുപാടു് വിമര്‍ശിച്ചിട്ടുണ്ടു്, ശരിയായിത്തന്നെ വിമര്‍ശിച്ചിട്ടുണ്ടു്. പക്ഷേ, അതൊന്നും മാറിമാറിവരുന്ന, അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന, ആധുനിക മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ല. ശത്രുചിത്രങ്ങളെ ചെളി വാരിയെറിയുക എന്നതല്ലാതെ സാമൂഹികപ്രശ്നങ്ങള്‍ക്കു് മാര്‍ക്സിസത്തില്‍ പ്രായോഗികമായ പരിഹാരമൊന്നുമില്ല എന്നു് ആദ്യം മനസ്സിലാക്കിയതു് മറ്റാരുമല്ല, ലെനിന്‍തന്നെ ആയിരുന്നു. ലെനിന്‍ അത്യാവശ്യമായി തട്ടിക്കൂട്ടിയ പരിഹാരങ്ങള്‍ക്കും ലോകത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല. അതിനു് ലോകചരിത്രം സാക്ഷി. ലോകത്തെ രക്ഷിക്കാന്‍ ഏതെങ്കിലും ഒരു മനുഷ്യനോ, ഒരു പ്രത്യയശാസ്ത്രത്തിനോ കഴിയില്ല. പരമാവധി ശ്രമിച്ചാല്‍ കഴിയുന്നതു്, ഒരു മനുഷ്യനു് സ്വയം രക്ഷിക്കാന്‍ കഴിഞ്ഞേക്കാമെന്നതാണു്. അങ്ങനെ, എല്ലാ മനുഷ്യരും സ്വയം രക്ഷപെടുത്താന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ അതുവഴി ലോകവും രക്ഷപെട്ടെന്നു് വരാം – ഒരു യുട്ടോപ്പിയന്‍ ഡ്രീം, അതില്‍ കൂടിയ ഒന്നുമല്ല അതു്!
പ്രാസങ്ങളുടെയും, സമസ്യകളുടെയും, പരദൂഷണത്തിന്റെയും, സെക്ഷ്വല്‍ ന്യുറോസിസിന്റെയും ഊട്ടുപുരകളില്‍ നിന്നും ചായക്കടകളിലേക്കു് കുടിയേറി ജനകീയവും അതുവഴി പ്രാകൃതവും സംസ്കാരശൂന്യവുമായി, പിന്നീടു് ചട്ടിയും കലവും, പായും തലയിണയുമായി ഇന്റര്‍നെറ്റിലേക്കു് കുടിയേറി ജെന്‍ഡര്‍ ന്യൂട്രലും തെറികളുമായി രൂപാന്തരപ്പെട്ട വിടുവായത്തത്തിനു് മനസ്സിലാകുന്നതോ, മനസ്സിലാക്കണമെന്നു് തോന്നുന്നതോ, അതിനു് കഴിയുന്നതോ, ആയ കാര്യങ്ങള്‍ ആവണമെന്നില്ല ഇതൊന്നും. മാര്‍ക്സിസം എന്നാല്‍ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനമാണെന്നും, ഇടതുപക്ഷമെന്നാല്‍ മാര്‍ക്സിസമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ള തെറ്റിദ്ധാരണ, സാധാരണജനങ്ങള്‍ക്കു് പറ്റാവുന്നതില്‍ വച്ചു് ഏറ്റവും വലിയ അബദ്ധമാണു്. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യമാണു്, അല്ലാതെ, മുതലാളികളുടെ ആധിപത്യമായ ക്യാപിറ്റലിസമോ, തൊഴിലാളികളുടെ(!) ആധിപത്യമായ കമ്മ്യൂണിസമോ അല്ല. ലോകത്തില്‍ ഇന്നുവരെ തൊഴിലാളിവര്‍ഗ്ഗം അധികാരത്തില്‍ എത്തിയിട്ടില്ല. തൊഴിലാളികളുടെ നാമത്തില്‍ പലരും അധികാരത്തില്‍ എത്തിയിട്ടുണ്ടുതാനും. ഒരു നാണയത്തിന്റെ ഒരുവശം നശിപ്പിക്കപ്പെട്ടാല്‍ ഒറ്റവശമുള്ള മറ്റൊരു നാണയമല്ല, മറ്റൊരു പുതിയ വശമുള്ള നാണയമാവും രൂപമെടുക്കുക. ബൂര്‍ഷ്വാസിയുടെ നശീകരണത്തിനുശേഷം രൂപമെടുത്ത സമത്വസുന്ദരമായ കമ്മ്യൂണിസങ്ങളിലെല്ലാം ആ പുതിയ വശം പാര്‍ട്ടി ഫങ്ക്ഷണറികള്‍ കൈവശപ്പെടുത്തുകയായിരുന്നു. നശിപ്പിക്കപ്പെട്ട പഴയ ക്യാപ്പിറ്റലിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കു് ലജ്ജിച്ചു് മുഖം താഴ്ത്തേണ്ടിവരുമായിരുന്ന തരത്തില്‍ പെട്ട ഒന്നാംതരം 24 കാരട്ട് “സോഷ്യലിസ്റ്റ് ക്യാപ്പിറ്റലിസ്റ്റുകള്‍”!
ക്യാപിറ്റലിസവും കമ്മ്യൂണിസവുമല്ലാതെ, ജനങ്ങളുടെ ആധിപത്യം ഒരു സമൂഹത്തില്‍ സ്ഥാപിതമാവണമെങ്കില്‍ അതിനു് ആദ്യം നിറവേറ്റപ്പെടേണ്ട ഒരു നിബന്ധനയുണ്ടു് – ബോധവത്കരിക്കപ്പെട്ട ജനം. പടം നോക്കി വോട്ടുചെയ്യേണ്ട ഗതികേടുള്ള ഒരു സമൂഹത്തിനു് അവിടേയ്ക്കെത്താന്‍ വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ടു്.
Nov 17, 2014, 8:35 AM
പറന്നു് പറന്നു് പറന്നു് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ കൂടൊന്നു് കൂട്ടീ ഞാനൊരു പൂമരക്കൊമ്പില്‍ എന്നൊരു ആണ്‍കിളി പാടുന്നുണ്ടു്. തന്നെപ്പറ്റി നല്ലൊരു ഇമ്പ്രഷന്‍ പെണ്‍കിളിയില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നു് തോന്നുന്നു അച്ചങ്ങാതി. കാര്യങ്ങള്‍ അവ അല്ലാതിരിക്കുന്നതുപോലെ കാണാനുള്ള കഴിവു് നല്‍കുന്ന ഒരു ഏര്‍പ്പാടാണു് പ്രണയം എന്നതിനാല്‍, പെണ്‍കിളി ഈ പാട്ടുകേട്ടു് വളയുകയോ ഒടിയുകയോ വീഴുകയോ ഒക്കെ ചെയ്തുകൂടെന്നുമില്ല. പക്ഷേ, കാര്യങ്ങളെ അവ ആയിരിക്കുന്നതുപോലെ കാണാന്‍ ശ്രമിക്കുന്നവരില്‍ ഈ പാട്ടു് സൃഷ്ടിക്കുന്ന ചിന്താക്കുഴപ്പം ചില്ലറയല്ല. പറന്നു് ചെന്നെത്താന്‍ പറ്റാത്ത ഒരു കാട്ടിലെ ഒരു പൂമരക്കൊമ്പില്‍ ഒരു കിളി എങ്ങനെ ഒരു കൂടുകൂട്ടും എന്നതാണു് പ്രധാനപ്രശ്നം. നടന്നു് പോയി കൂടു് കൂട്ടുക എന്നതൊരു പരിഹാരമാണെങ്കിലും, സാധാരണഗതിയില്‍, പറക്കലിനെക്കാള്‍ കൂടുതല്‍ സമയമെടുക്കുന്ന ഒരു പ്രക്രിയയാണു് നടത്തം എന്നതിനാല്‍, അതു് അത്ര പ്രായോഗികമായിരിക്കുമെന്നു് തോന്നുന്നില്ല. ഇനി ആണ്‍കിളി മാത്രം ഏതെങ്കിലും വിധത്തില്‍ പൂമരക്കൊമ്പിലെത്തി ഒരു കൂടു് തട്ടിക്കൂട്ടിയിട്ടും പ്രയോജനമൊന്നുമില്ല. പ്രണയത്തില്‍ വീണാല്‍, ചുരുക്കം ചില സാഹചര്യങ്ങളിലൊഴികെ, അധികം താമസിയാതെ പെണ്‍കിളിക്കു് മുട്ടയിടാന്‍ മുട്ടുമെന്നതു് ഒരു പ്രകൃതിനിയമമായതിനാല്‍, ആ സമയത്തു് കൂട്ടില്‍ കയറാന്‍ പെണ്‍കിളിക്കു് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു് പറഞ്ഞിട്ടോ, ആണ്‍കിളി എത്ര പാടിയിട്ടോ ആടിയിട്ടോ ഒരു കാര്യവുമില്ല. കുഞ്ഞുകുട്ടികളൊക്കെയായുള്ള ഒരു സന്തുഷ്ടകുടുംബം എന്നതാണു് പെണ്‍കിളിയുടെ (ആണ്‍കിളിയുടെയും) സ്വപ്നമെങ്കില്‍, ആ സ്വപ്നം അകാലത്തിലേ പൊലിഞ്ഞുപോകാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. കൂട്ടിലല്ലാതെ, വെറുതെ മരക്കൊമ്പിലിരുന്നു് മുട്ടയിട്ടിട്ടുള്ള ഒരു പെണ്‍കിളിക്കും ഇന്നുവരെ സന്താനഭാഗ്യം ലഭിച്ചിട്ടില്ല.
ഇത്രയും ഗൗരവതരമല്ലെങ്കിലും, മറ്റൊരു പ്രശ്നവും പെണ്‍കിളിയില്‍ നിന്നും മറച്ചുപിടിക്കാന്‍ ആണ്‍കിളി ശ്രമിക്കുന്നുണ്ടു്. ഒരു കാട്ടിലെ ഒരു മരത്തില്‍ ഒരു കൂടോ ഒന്നിലധികം കൂടുകളോ, ഒരുപാടു് കാടുകളിലെ ഒരുപാടു് മരങ്ങളില്‍ ഒരുപാടു് കൂടുകളോ കൂട്ടാന്‍ ഒരു കിളിക്കു് തത്വത്തിലെങ്കിലും കഴിഞ്ഞേക്കാമെങ്കിലും, ഒരുപാടു് കാടുകളില്‍ ഒരു പൂമരത്തിന്റെ കൊമ്പില്‍ താനൊരു കൂടുകൂട്ടി എന്നൊക്കെയുള്ള അവകാശവാദം, പ്രണയത്തിന്റെ യുഫോറിയയില്‍ ഒരുപക്ഷേ പെണ്‍കിളി വിശ്വസിച്ചേക്കാമെങ്കിലും, മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ തികഞ്ഞ അസംബന്ധമായേ കിലുങ്ങൂ. രാക്കിളികള്‍ വളയോ കൊലുസ്സോ ഒക്കെ എത്ര കിലുകിലുങ്ങനെ കിലുക്കിയാലും അതില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ല.
ഇത്രയും ഇവിടെ പറഞ്ഞതു് ആ പാട്ടിനെയോ, അതു് അവതരിപ്പിച്ചവരെയോ ഏതെങ്കിലും വിധത്തില്‍ പരിഹസിക്കാനോ, താഴ്ത്തിക്കെട്ടാനോ അല്ല. സ, രി, ഗ, മ, പ, ത, നി എന്നീ അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു് രണ്ടോ മൂന്നോ അതിലൊക്കെ വളരെ കൂടുതലോ മണിക്കൂറുകള്‍ ഇരുന്നയിരുപ്പിലിരുന്നു് പാടിത്തകര്‍ക്കാന്‍ കഴിയുന്നവരും അതു് ആസ്വദിക്കാന്‍ കഴിയുന്നവരും ധാരാളമുള്ള ഒരു നാട്ടില്‍ ഇതത്ര വലിയൊരു കാര്യമായി കാണേണ്ടതുണ്ടോ എന്ന ചോദ്യം ഒരിക്കലും അന്യായവുമല്ല. അ മുതല്‍ ക്ഷ വരെയുള്ള അക്ഷരങ്ങളും അവയുടെ ഇണചേരലുകളും ക്രമമായോ അക്രമമായോ ചേര്‍ത്തുവച്ചും ഗാനം രചിക്കാം, സംഗീതം നല്‍കാം, പാടുകയുമാവാം. മല്ലുസില്‍മകളിലെ ഒട്ടധികം പാട്ടുകളും അങ്ങനെയുള്ളവ ആണുതാനും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, കമിതാക്കള്‍ “യുഗ്മഗാനവും”പാടി മരത്തിനുചുറ്റും ഓടുന്ന സില്‍മകള്‍ കാണാന്‍ തിരക്കുകൂട്ടുന്ന കാണികളുള്ള നാടല്ലേ? കാണുന്നതിന്റെയും കേള്‍ക്കുന്നതിന്റെയും അര്‍ത്ഥമൊന്നും അത്തരം ആസ്വാദകവൃന്ദത്തിനു് ആവശ്യമില്ല. അവയൊക്കെ അവരുടെ ഞരമ്പുകള്‍ക്കു് അവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍പ്പെട്ട തരുതരുപ്പു് നല്‍കുന്നുണ്ടെങ്കില്‍ അവര്‍ വളരെ ഹാപ്പിയായിരിക്കും.
മൊബൈലില്‍ മലയാളം ടൈപ്പുചെയ്തതുകൊണ്ടാവണം, ശശി തരൂരിന്റെ ഒരു ട്വീറ്റില്‍ ചില അക്ഷരത്തെറ്റുകള്‍ വന്നുപോയതു്. എന്തായിരുന്നു അതിന്റെ പേരില്‍ ഓണ്‍ലൈനില്‍ നടന്ന ആഘോഷങ്ങള്‍! മലയാളം തെറ്റുകൂടാതെ എഴുതാന്‍ കഴിയുന്ന കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്താല്‍ പോലും അക്ഷരത്തെറ്റും, വ്യാകരണപ്പിശകും, പരസ്പരബന്ധമില്ലായ്മയും വിളമ്പിവയ്ക്കുന്ന “സമ്പൂര്‍ണ്ണസാക്ഷരര്‍” ആയിരുന്നു അതിന്റെ മുന്‍നിരയില്‍ നിന്നു് കൂവിയിരുന്നവരില്‍ അധികവും എന്നതാണു് ഏറെ രസകരം. മുകളില്‍ സൂചിപ്പിച്ച പാട്ടില്‍ അര്‍ത്ഥശൂന്യതയ്ക്കു് പകരം വല്ല അക്ഷരത്തെറ്റോ മറ്റോ ആയിരുന്നു കടന്നുകൂടിയിരുന്നതെങ്കില്‍, ഗാനരചയിതാവിന്റെ വീടിനു് ഇത്തരം ഭാഷാസംരക്ഷകര്‍ എപ്പോള്‍ തീവച്ചു എന്നു് ചോദിച്ചാല്‍ മതി.
കുറെ വര്‍ഷങ്ങള്‍ക്കു് മുന്‍പു് കണ്ട ഒരു ഇറ്റാലിയന്‍ ഫിലിമില്‍ (അഡ്രിയാനോ ചെലെന്റാനോയുടേതായിരുന്നു എന്നാണോര്‍മ്മ), മകനെ ഗുരുതരമായ ഏതോ ക്രിമിനല്‍ കുറ്റത്തിനു് വിലങ്ങുവച്ചു് കൊണ്ടുപോകുന്നതു് ടിവിയില്‍ കണ്ട അവന്റെ അമ്മ “അവനൊരു നല്ല പാന്റ്സും ഷര്‍ട്ടും ധരിക്കാമായിരുന്നു. ടിവിയിലൊക്കെ വരുന്നതല്ലേ?” എന്ന രീതിയില്‍ ആത്മഗതിക്കുന്നുണ്ടു്. ആദ്യനോട്ടത്തില്‍ കാണുന്നതേ കാണൂ, അടുത്ത സെക്കന്‍ഡില്‍ത്തന്നെ പ്രതികരണവും വരും. ഒരിക്കലും വംശനാശം സംഭവിക്കാത്ത ഒരിനമാണു് ഇത്തരം അഭിപ്രായശീഘ്രസ്ഖലനക്കാര്‍!
Nov 18, 2014, 2:19 PM
ലോകത്തില്‍ പുതിയൊരു പാരഡൈം ഷിഫ്റ്റ് സംഭവിച്ചിരിക്കുന്നു! CUSAT-ലെ ഒരു “ആസ്പ്രൊ” ആണു് ആ ഷിഫ്റ്റിനുള്ള കാഹളം മുഴക്കിയതെന്നതില്‍ ഓരോ കേരളീയനും അഭിമാനിക്കാം. കാഹളം കേട്ടയുടനെ പാരഡൈം A.D. 2014-ല്‍ നിന്നും B.C. 360-ലേക്കു് ഒരൊറ്റ കുതിപ്പായിരുന്നത്രെ!
കോസ്മോസ് ഒരു ലിവിങ് ഓര്‍ഗാനിസമാണെന്നൊരു “വെളിപാടു്” B.C. 360-ല്‍ പ്ലേറ്റോയ്ക്കു് ഉണ്ടായിരുന്നു:
Plato: Timaeus – 30 b: “… … So because of this reflection He constructed reason within soul and soul within body as He fashioned the All, that so the work He was executing might be of its nature most fair and most good. Thus, then, in accordance with the likely account, we must declare that this Cosmos has verily come into existence as a Living Creature endowed with soul and reason owing to the providence of God”.
പിന്നീടു് പല തത്വചിന്തകരും ഇതോ, സമാനമായതോ ആയ ആശയങ്ങളില്‍ കടിച്ചു് പല്ലുകളഞ്ഞിരുന്നു. (http://en.wikipedia.org/wiki/Anima_mundi)
ഫ്രീഡ്റിഹ് നീറ്റ്സ്ഷെ അതിന്റെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിച്ചിട്ടുതന്നെ നൂറ്റിമുപ്പതിലേറെ വര്‍ഷങ്ങളായി. പക്ഷേ, ഇത്തരം കാലഹരണപ്പെട്ട ആശയങ്ങളില്‍ കടിച്ചുകടിച്ചു് പല്ലൊന്നും ഇല്ലാതായിട്ടും ഭാരതീയന്‍ ഇന്നും അവന്റെ കടി തുടരുന്നു. കടിക്കാന്‍ മോണ മാത്രമേ ബാക്കിയുള്ളു എന്നതിനാല്‍ ചപ്പല്‍ എന്നു് പറയുന്നതാവും കൂടുതല്‍ ശരി. എന്തെങ്കിലും പഠിക്കാമെന്ന ചിന്തയില്‍ കോളേജിലേക്കു് പോകുന്നവരെ ആട്ടിയോടിക്കാന്‍ കത്തിയും കുറുവടിയുമായി കോളേജിന്റെ പടിവാതില്‍ക്കല്‍ കാത്തുനിന്നിട്ടുള്ളതല്ലാതെ, ഒരു ക്ലാസ്സ്റൂം അകത്തുനിന്നും കണ്ടിട്ടില്ലാത്തവനൊക്കെ വിദ്യാഭ്യാസമന്ത്രിവരെ ആവാന്‍ പറ്റുന്ന ഒരു നാട്ടില്‍ ഇത്തരം പാരഡൈം ഷിഫ്റ്റുകള്‍ തുടര്‍ന്നും സംഭവിച്ചുകൊണ്ടിരിക്കും. “സംഭവാമി ജുഗേ ജുഗേ”!
Friedrich Nietzsche in Gay Science III: 108, 109: “After Buddha was dead, they still showed his shadow in a cave for centuries, — a tremendous, gruesome shadow. God is dead; but given the way people are, there may still for millennia, be caves in which they show his shadow. — And we — we must still defeat his shadow!”
“Let us beware of thinking that the world is a living being. Where could it extend itself? What could it nourish itself with? How could it grow and increase? We know tolerably well what the organic is; and we are to reinterpret the emphatically derivative, tardy, rare and accidental, which we only perceive on the crust of the earth, into the essential, universal and eternal, as those do who call the universe an organism? That disgusts me. Let us even beware of believing that the universe is a machine ; it is assuredly not constructed with a view to one end; we invest it with far too high an honour with the word “machine.” Let us beware of assuming in general and everywhere anything as elegant as the cyclic motions of our neighbouring stars obtains generally and throughout the universe; indeed a glance at the Milky Way induces doubt as to whether there are not many cruder and more contradictory motions there, and even stars with continuous, rectilinearly gravitating orbits, and the like. The astral arrangement in which we live is an exception; this arrangement, and the relatively long durability which is determined by it, has again made possible the exception of exceptions, the formation of organic life. The general character of the world, on the other hand, is to all eternity chaos; not by the absence of necessity, but in the sense of the absence of order, structure, form, beauty, wisdom, and whatever else our aesthetic anthropomorphisms are called. Judged from the vantage point of our reason, the unsuccesful attempts are by far the rule, the exceptions are not the secret purpose; and the whole musical mechanism repeats eternally its tune, which can never be called a melody, —and ultimately even the phrase, ‘unsuccesful attempt’ is already an anthropomorphism bearing a reproach. But how could we reproach or praise the universe! Let us beware of attributing to it heartlessness or unreason or their opposites; it is neither perfect, nor beautiful, nor noble ; nor does it want to become any of these things, in noway does it strive to imitate man! In no way do our aesthetic and moral judgments apply to it! It also has no drive to self-preservation or any other drives; nor does it observe any law. Let us beware of saying that there are laws in nature. There are only necessities: there is no one who commands, no one who obeys, no one who transgresses. When you know that there are no purposes, you also know that there is no accident for only against a world of purposes does the word ‘accident’ have a meaning. Let us beware of saying that death is opposed to life. The living is only a form of what is dead, and a very rare form. Let us beware of thinking that the world etrernally creates new things. There are no eternally enduring substances; matter is as much of an error as the god of the eleatics. But when will we be done with our caution and care? When will all these shadows of god no longer darken us? When will we have completely de-deified nature? When may we begin to naturalize humanity with a pure, newly discovered, newly redeemed nature?”
പാരഡൈം ഷിഫ്റ്റിനെ ആവാഹിച്ചു് വരുത്തിയ “ആസ്പ്രൊ”യെ കാണേണ്ടവര്‍ക്കു് കണ്ടു് നിര്‍വൃതിയടയാന്‍:
Nov 19, 2014, 4:11 PM
ഒരു മതത്തിലെ ചുരുക്കം ചിലർ ചെയ്യുന്ന കുറ്റത്തിന് ആ മതസ്ഥരെ മുഴുവൻ കുറ്റം പറയുന്നത് ശരിയോ എന്നൊക്കെ ചില മതവിശ്വാസികൾ ചോദിക്കാറുണ്ട്. അത് ശരിയല്ലെന്ന അഭിപ്രായക്കാരനാണ് ഞാനും. കുറ്റം ചെയ്തവർ സ്വന്തമതസ്ഥരായതിനാൽ, അവരെ കുറ്റം പറയുന്നത് കാണുമ്പോൾ തന്റെ മതവും, അതുവഴി താൻതന്നെയും പ്രതിക്കൂട്ടിൽ നിൽക്കുന്നതുപോലെയേ ആ മതത്തിൽ പെട്ടവർക്ക്, പ്രത്യേകിച്ചും തീവ്രവിശ്വാസികൾക്ക്, തോന്നൂ. കൂട്ടത്തിന്റെ മനഃശാസ്ത്രം! കുറ്റവാളിയെ ന്യായീകരിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് തോന്നിപ്പിക്കുക. അതേസമയം, ഇതുപോലുള്ള നീചത്വങ്ങളുമായി പുലബന്ധം പോലുമില്ലാത്തത്ര പരിശുദ്ധമായതാണ് തന്റെ മതമെന്ന് വരുത്തുക. അതാണ് നിഷ്കളങ്കം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ പിന്നിലെ യഥാർത്ഥലക്ഷ്യം. ഒരുവൻ കുറ്റവാളിയായി തീരുന്നതിന്റെ പ്രധാന പങ്ക് വഹിക്കേണ്ടത് അവന്റെ കുടുംബവും അവന്റെ സമൂഹവുമാണെന്നത് ഒരു സത്യമാണ്. പക്ഷേ, കുടുംബമോ സമൂഹമോ ഒന്നുമില്ലാത്ത ഒരു ദൈവം പറയുന്നതോ ചെയ്യുന്നതോ ആയ താന്തോന്നിത്തരത്തിന് ആ ദൈവമല്ലാതെ മറ്റാരാണ് ഉത്തരവാദിത്വം വഹിക്കേണ്ടത്? പക്ഷേ അവിടെയെത്തുമ്പോൾ വിശ്വാസി വീണ്ടും ഉരുളാൻ തുടങ്ങും. കാരണം, തന്റെ ദൈവത്തെ രക്ഷപെടുത്തിക്കൊണ്ടല്ലാതെ തന്റെ മതത്തെയും വിശ്വാസത്തെയും രക്ഷിക്കാനാവില്ലെന്ന് അവനറിയാം. തനിക്കല്ലാതെ തന്റെ ദൈവത്തെ രക്ഷിക്കാൻ ദൈവത്തിനുപോലും കഴിയില്ലെന്നും അവനറിയാം. അതംഗീകരിക്കുന്നത് ദൈവം എന്നൊന്ന് ഇല്ലെന്ന് അംഗീകരിക്കുന്നതിന് തുല്യമാണുതാനും. പിന്നെ ഉരുളാതെന്ത് ചെയ്യും?
ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെയോ മതവിശ്വാസിയുടെയോ കാര്യമല്ല ഇത്. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്. ഒരു മതവിശ്വാസി സ്വയം ഉണരുകയല്ലാതെ, അവനെ അവന്റെ സ്വപ്നാടനത്തിൽ നിന്നും ഉണർത്തുക എന്നത് എളുപ്പമായ കാര്യമല്ല. വിശ്വാസി അവന്റെ സ്വന്തഗ്രന്ഥം വായിച്ചിരുന്നെങ്കിൽ അതായിരുന്നേനെ അവന് സ്വയം ഉണരാൻ ഏറ്റവും എളുപ്പമായ വഴി. ഉദാഹരണത്തിന്, ഖുർആനിൽ ദൈവം നൽകിയിരിക്കുന്ന കല്പനകൾ ഭയഭക്തിപുരസരം ശ്രദ്ധിച്ച് വായിച്ചാൽ വളരെ പെട്ടെന്ന് ഉണരാം. ലോകാവസാനത്തോളം മാറ്റമില്ലാത്ത ശാശ്വതസത്യങ്ങളാണ് സകലമാന മാനവരാശിക്കും വേണ്ടി ഇവിടെ അല്ലാഹു മുഹമ്മദ് നബിയിലൂടെ പകർന്നുനൽകിയിരിക്കുന്നത് എന്ന കാര്യം മറക്കരുതെന്നേയുള്ളു:
“നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.” (അദ്ധ്യായം 033: 50 – 52)
ചുരുക്കിപ്പറഞ്ഞാൽ,
അല്ലാഹു മുഹമ്മദ്നബിക്ക് ഭാര്യമാരായി അനുവദിച്ച് കൊടുത്തിരിക്കുന്ന സ്ത്രീകൾ ഇനം തിരിച്ച് ഇവരൊക്കെയാണ്: (ഇതിൽ നബി ഉദ്ദേശിക്കുന്നവരെ തന്റെ അടുക്കലേക്ക് അടുപ്പിക്കുകയോ, മാറ്റി നിർത്തുകയോ, വീണ്ടും അടുപ്പിക്കുകയോ ഒക്കെ ചെയ്യാം. അതിൽ കുറ്റമില്ല)
- കാശുകൊടുത്തുവാങ്ങിയ ഭാര്യമാർ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
- യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട അടിമകളിൽ ആരെയൊക്കെ ഉടമപ്പെടുത്തണമെന്ന് വലതുകൈക്ക് തോന്നിയോ അവരൊക്കെ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
മുഹമ്മദ് നബിയോടൊപ്പം സ്വദേശം വിട്ടുപോന്നവരായ –
- അപ്പന്റെ അനുജന്റെ പുത്രിമാർ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
- അപ്പന്റെ സഹോദരിമാരുടെ പുത്രിമാർ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
- അമ്മാവന്റെ പുത്രിമാർ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
- അമ്മയുടെ സഹോദരിമാരുടെ പുത്രിമാർ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
കൂടാതെ,
- സ്വന്തം ദേഹം നബിക്ക് ദാനം ചെയ്യണമെന്നും, നബിക്ക് അവളെ കെട്ടണമെന്നും തോന്നുന്നതരത്തിൽപ്പെട്ട സത്യവിശ്വാസിനികൾ (എണ്ണത്തിനോ പ്രായത്തിനോ പരിധിയില്ല)
എത്ര സുന്ദരികളായാലും, ഇപ്പറഞ്ഞവരിൽ കൂടുതലായി ആരും പാടില്ല. എങ്കിലും, ഒരു എക്സെപ്ഷണൽ കെയ്സ് എന്ന നിലയിൽ,, വലതുകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകൾ ഇതിൽ കൂടുതലായി പാടിക്കൂടെന്നുമില്ല. അതിൽ കുറ്റമില്ല.
സര്‍വ്വജ്ഞനും സഹനശീലനുമായ അല്ലാഹു ഈ വിധം തലപുകച്ച് നിയമങ്ങൾ ഉണ്ടാക്കുന്നതിന് പ്രധാനമായ ചില ലക്ഷ്യങ്ങളുണ്ട്: നബി കെട്ടുന്ന പെണ്ണുങ്ങളുടെ കണ്ണുകള്‍ കുളിര്‍ക്കണം, അവര്‍ ദുഃഖിക്കാതിരിക്കണം, നബി അവര്‍ക്ക് നല്‍കിയതിലൂടെ അവരെല്ലാം സംതൃപ്തി അടയണം! ഇവയോടൊപ്പം, അത്രയൊന്നും പ്രധാനമല്ലെങ്കിലും, നബിക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കുക എന്നൊരു വളരെ ചെറിയ ലക്ഷ്യവുംകൂടി അല്ലാഹുവിനുണ്ട്.
ഈ കല്പന പക്ഷേ സത്യവിശ്വാസികൾക്ക് ബാധകമല്ല. അവരുടെ ഭാര്യമാരുടെയും, അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ എന്താണ് നിയമമായി നിശ്ചയിച്ചിട്ടുള്ളതെന്ന് അല്ലാഹുവിനറിയാം. മറ്റാരെങ്കിലും അറിയണമെന്നുണ്ടെങ്കിൽ, അല്ലാഹു അക്കാര്യം നബിയോട് പറയും, നബി അത് അവരോട് പറയും. അതിന്റെ ആവശ്യമേയുള്ളുതാനും. വളഞ്ഞ വഴിയുള്ളപ്പോൾ എന്തിന് വെറുതെ നേർവഴി?
ഇതൊക്കെ ദൈവവചനമാണെന്ന് വിശ്വസിക്കുന്ന ഒരാൾ, ഒരു ബാലിക പീഡിപ്പിക്കപ്പെടുകയോ, ഐസിസ് പിശാചുക്കൾ നിരപരാധികളെ കൊന്നൊടുക്കുകയോ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എങ്ങനെ പെരുമാറും, എത്ര ഡിപ്ലോമാറ്റിക് ആയി പ്രതികരിക്കും, അല്ലെങ്കിൽ, പീഡിപ്പിക്കപ്പെട്ടവരോട് എത്രമാത്രം സഹാനുഭൂതി പ്രകടിപ്പിക്കും എന്നൊക്കെ അറിയാൻ ഒരുപാട് ആലോചിക്കേണ്ടതുണ്ടോ? പോരെങ്കിൽ, ഹിറ്റ്‌ലർ കൊന്നിട്ടുണ്ട്, സ്റ്റാലിൻ കൊന്നിട്ടുണ്ട്, അമേരിക്ക കൊല്ലുന്നുണ്ട്…! പിന്നെയെന്തുകൊണ്ട് അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങൾക്ക് കൊന്നുകൂടാ?!
Nov 20, 2014, 11:54 AM
ആദ്യത്തെ മനുഷ്യരായ ആദാമിനെയും ഹവ്വയെയും ദൈവം ലോകത്തിൽ സൃഷ്ടിച്ച കാലത്ത്, എങ്ങനെയെന്നറിയില്ല, ലോകത്തിലെ മറ്റ് ദേശങ്ങളിൽ വേറെ മനുഷ്യരും ഉണ്ടായിരുന്നു. അതിന്റെ തെളിവ് നൽകുന്നതും ബൈബിൾ തന്നെയാണ്:
“അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.” (ഉല്പത്തി 4: 16, 17)
കഥയിങ്ങനെ:
“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.” (ഉല്പത്തി 4: 1, 2)
എവിടെ ലൈഫ്ബോയ് ഉണ്ടോ അവിടെ ആരോഗ്യവുമുണ്ട് എന്നപോലെ, എവിടെ വിളവെടുപ്പും, അദ്ധ്വാനഫലങ്ങളുമുണ്ടോ, അവിടെ തന്റെ പങ്കിനായി ദൈവവുമുണ്ട് എന്നതിനാൽ, കയീനും ഹാബെലും – ഇന്നെന്നപോലെ അന്നും – തങ്ങളുടെ അദ്ധ്വാനഫലങ്ങളുടെ പങ്ക് ദൈവത്തിനെത്തിച്ചു. പക്ഷേ, ദൈവം നോൺവെജിറ്റേറിയനായതിനാൽ, കർഷകനായിരുന്ന കയീൻ കൊണ്ടുചെന്ന പച്ചക്കറികളേക്കാൾ, ഇടയനായിരുന്ന ഹാബെൽ സമർപ്പിച്ച നെയ്ക്കൊഴുപ്പുള്ള ആട്ടിൻകുട്ടിയിലാണ് അങ്ങേർ കൂടുതൽ പ്രസാദിച്ചത്. അതിൽ ദ്വേഷ്യം കയറിയ കയീൻ ഹാബെലിനെ അടുത്തുകിട്ടിയ ആദ്യത്തെ അവസരത്തിൽത്തന്നെ തല്ലിക്കൊന്നു. എന്തുകൊണ്ടോ ഈ തല്ലിക്കൊല്ലൽ തടയാൻ കഴിയാതിരുന്ന ദൈവംതമ്പുരാൻ കയീനിൽ കൊലക്കുറ്റം ചുമത്തി ഏദൻ തോട്ടം എന്ന പറുദീസയിൽ നിന്നും നാടുകടത്താൻ തീരുമാനിക്കുന്നു.
(അപ്പോൾ) കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു. അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു. കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു. ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ. ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു. സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ. ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു. ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി. (ഉല്പത്തി 4: 13 – 26)
നമുക്ക് കാണാൻ കഴിയുന്നപോലെ, നേർച്ചയും കാഴ്ചയും കൊല്ലും കൊലയും പ്രതികാരദാഹവുമൊന്നും പാലസ്റ്റൈനിലും പരിസരപ്രദേശങ്ങളിലും ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. അതുപോലെ, ബൈബിൾ പ്രകാരം ആദ്യമനുഷ്യന്റെ ആദ്യപുത്രന്മാർ തന്നെ ദൈവത്തിന് വഴിപാട് നൽകുന്നുണ്ടെങ്കിലും, അതേ ദൈവമായ യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങുന്നത് അവരുടെ അടുത്ത തലമുറ മുതലാണ്.
“കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” – ബൈബിൾ.
“കേൾക്കാൻ മൂക്കുള്ളവൻ കാണട്ടെ ” – ഞാൻ.
Nov 23, 2014, 10:26 AM
ഫെയ്സ്ബുക്കിൽ കണ്ട ഒരു “അദ്ധ്യാത്മാവിന്റ” കമന്റ്:
“തുറന്ന ചര്‍ച്ചകളിലേക്ക് വരാതെ ഏകപക്ഷീയമായ ജല്‍പനങ്ങളില്‍ നിന്നും വേദം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതല്ല.”
സ്വഭാവത്തിൽ തന്നെ അടഞ്ഞവയായ മതതത്വശാസ്ത്രങ്ങളെപ്പറ്റിയും പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയുമൊക്കെ തുറന്ന ചർച്ചകൾ എങ്ങനെ സാദ്ധ്യമാവും എന്നേ മനസ്സിലാകാതുള്ളു. (വെറുതെ ഒരു സംശയം തോന്നിയതാണു്. കാര്യമാക്കേണ്ട കാര്യമൊന്നുമല്ല.)
ഫെയ്സ്ബുക്കിൽ കണ്ട മറ്റൊരു മൊഴിമുത്തു് (കോപ്പി-പെയ്സ്റ്റ്):
“ഇന്ത്യയിൽ അയ്യായിരം വർഷം മുൻപ് തന്നെ വിമാനവും കോസ്മിക് ആയുധങ്ങളും ഉപയോഗിച്ചിരുന്നതായി ചരിത്ര വിഭാഗം (ICHR ) മേധാവിയുടെ ഔദ്യോഗിഗ വെളിപ്പെടുത്തൽ – അഞ്ചാം ക്ലാസ്സുകാർ ആയ യുക്തന്മാരും പൊത്തക വിശ്വാസികളും ആശങ്കയിൽ . ലോക ചരിതരകാരന്മാരിൽ തന്നെ അവസാന വാക്ക് എന്ന് പറയാവുന്ന പ്രോഫെസ്സർ സുദർശൻ റാവു പുരാതന ഇന്ത്യയുടെ ശാസ്ത്ര പുരോഗതി ലോകത്തിനു മുന്നില് വ്യക്തമായി തുറന്നു കാട്ടുകയായിരുന്നു . ഇന്ത്യൻ സാഹചര്യത്തിൽ താരതമ്യേനെ അക്കാദമിക് നിലവാരവും വിദ്യാഭ്യാസവും കുറഞ്ഞു നിൽക്കുന്നവർ അസ്ഥിത്വം നഷ്ടപ്പെട്ടു യുക്തിവാദവും മർക്സിസവും ആയി അടുക്കുന്നത് സ്വാഭാവികം ആണല്ലോ . എന്നാൽ വിജ്ഞാന ഭാണ്ഡം ആയ സുദർശൻ റാവുവിന്റെ ഈ വെളിപ്പെടുതലോട് കൂടി ഇത്തരക്കാർ സ്വന്തം അടിസ്ഥാനങ്ങൾ നഷ്ട്ടപെടുമോ എന്നാ ഭയാ ശങ്കയിൽ ആണ് . എന്തായാലും ഈ വിഷയത്തിൽ ഗവേഷണം നടന്നു ലോകത്തിനു മുന്നില് വ്യക്തമായ തെളിവുകൾ താമസിക്കാതെ ഉണ്ടാകും . എന്ന് കരുതപ്പെടുന്നു.”
ഭാരതത്തിൽ നാലല്ല, അഞ്ചു് ക്ലാസ്സുകളുണ്ടു്. അഞ്ചാമത്തേതാണു് പൊത്തകവിശ്വാസികളായ ഉക്തന്മാർ! അദ്ധ്യാത്മാക്കൾ പൊത്തകത്തിൽ വിശ്വസിക്കുന്നവരല്ല. വേദവും ഗീതയുമൊന്നും പൊത്തകങ്ങളല്ലല്ലോ. “ലോകചരിത്രകാരന്മാരിൽത്തന്നെ അവസാനവാക്കു് എന്നു് പറയാവുന്ന പ്രൊഫസ്സർ സുദർശൻ റാവു”!! ലോകചരിത്രകാരന്മാരിൽ അവസാനം നിൽക്കുന്നവന്റെ വാക്കു് എന്നായിരുന്നെങ്കിൽ കൂടുതൽ അനുയോജ്യമായിരുന്നേനെ. “അക്കാദമിക് നിലവാരവും വിദ്യാഭ്യാസവും കുറഞ്ഞു നിൽക്കുന്നവരുടെ അസ്ഥിത്വം നഷ്ടപ്പെടൽ” എന്നതുകൊണ്ടു് കവി ഉദ്ദേശിക്കുന്നതു് അത്തരക്കാരെ Osteoporosis ബാധിക്കുമെന്നാണെന്നു് തോന്നുന്നു. അതുവഴി അവർ “യുക്തിവാദവും മർക്സിസവും ആയി അടുക്കും” എന്നതും പുരാതന ഭാരതീയജ്ഞാനത്തിന്റെ ഒരു ഭാഗമായിരിക്കണം. “ഈ വിഷയത്തിലൊരു ഗവേഷണം നടത്തി വ്യക്തമായ തെളിവുകൾ നൽകാൻ ആരുമില്ലേടാ അവിടെ” എന്ന ഒറിജിനൽ ആർഷഭാരതീയ ആക്രോശത്തോടെയേ ഈ നാടകത്തിനും പതിവുപോലെ തിരശ്ശീല വീഴുന്നുള്ളു.
പുരാതനഇന്ത്യയിൽ നിർമ്മിച്ച “ഗ്രാഫൂൺപെട്ടി” (gramophone) വാൽമീകം കയറി മൂടിയതിനാൽ, “ബലികുടീരങ്ങളേ” എന്ന പാട്ടു് വയ്ക്കാനാവുന്നില്ല. പകരം, വിദ്യാഭ്യാസകാലത്തു് കേട്ട, അത്ര “പൊളിറ്റിക്കലി കറക്റ്റ്” അല്ലാത്ത, ഒരു വളിപ്പു് കേട്ടു് തൃപ്തിപ്പെടുക: വേലക്കാരിയെ ഒപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോണകമഴിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ കുതറിമാറുന്നതിൽ ദ്വേഷ്യം കയറിയ വീട്ടുകാരണവരുടെ ആക്രോശം: “എന്റെ ചോറുതിന്നുന്ന പട്ടികളാരുമില്ലേടാ അവിടെ എന്റെ ഈ കോണകമൊന്നു് അഴിച്ചുതരാൻ?”
അതുപോലെ, അയ്യായിരം വർഷം മുൻപുതന്നെ ഭാരതത്തിൽ ഉണ്ടായിരുന്ന വിമാനത്തിന്റെയും കോസ്മിക് ആയുധങ്ങളുടെയുമൊക്കെ കോണകമഴിച്ചു് ലോകത്തെ കാണിക്കാൻ ആരെങ്കിലും തയ്യാറാവുമെന്ന പ്രതീക്ഷയോടെ ഞാനും നിർത്തുന്നു:
Nov 23, 2014, 4:25 PM
നിതാന്തവന്ദ്യദിവ്യശ്രീമാന്മാരായ പിതാക്കന്മാരെ, നിതാന്തവന്ദ്യദിവ്യശ്രീമതിമാരായ മാതാക്കന്മാരെ,
നെല്ലിക്കാത്തളം പഞ്ചായാത്തംഗവും, നിത്യകന്യകയായി കർത്താവിൽ നിദ്രപ്രാപിച്ചവളുമായ കടുവാക്കുഴിയിൽ കുഞ്ഞെളച്ചാരു് ചേട്ടത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ ഒട്ടും അമാന്തിക്കരുതെന്നു് തിരുമേനിമാർ ഓരോരുത്തരോടും താഴ്മയായി അപേക്ഷിക്കുകയും മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്തുകൊള്ളുന്നു. കുഞ്ഞെളച്ചാരു് ചേട്ടത്തി ജീവിതകാലം മുഴുവൻ കടുവാക്കുഴിയിൽ തന്നെ ആയിരുന്നു എന്നതിനേക്കാൾ കൂടിയ ഒരു അത്ഭുതം അതിനു് ആവശ്യമുണ്ടോ? ഇക്കാര്യം ഇനി ഒരുപാടു് നീട്ടിക്കൊണ്ടു് പോയാൽ കാര്യങ്ങൾ പിടിച്ചാൽ കിട്ടാത്തവിധം വഷളാവും. വഴിപാടു് നൽകാൻ കഴിയാതെ ശ്വാസംമുട്ടി വിശ്വാസിസമൂഹം ഇളകിയാൽ ആനകൾക്കു് കൂട്ടമായി മദമിളകിയ പോലിരിക്കുമെന്നു് ഞാൻ പറയാതെതന്നെ അങ്ങത്തുങ്ങൾക്കു് അറിയാമല്ലോ.
എന്നു്,
വിനീതവിധേയൻ,
മുട്ടുമടക്കിമുത്തുംപറമ്പിൽ ഇടിക്കുള ഇത്താപ്പിരി
Nov 24, 2014, 10:25 AM
ഖുർആനിൽ നിന്നും:
“ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.” – (അദ്ധ്യായം 31 : 27)
“എഴുത്തുകാർ എല്ലാവരും കുന്തിപെറ്റ ഭീമനെ തിരുമ്മിപ്പൊടിച്ചു് മൂക്കുപൊടിയാക്കുന്ന അതിഭീകരഭീമന്മാരായിരിക്കുകയും” എന്നുകൂടി ചേർക്കാമായിരുന്നു. പേനമരം (അതോ മരപ്പേനയോ?) എടുത്തുപൊക്കി കയ്യിൽ പിടിച്ചു് എഴുതാൻ പറ്റണ്ടേ?
പ്ലാസ്റ്റിക് മാലിന്യം വാരിക്കൊണ്ടുപോയി കൊടുത്തു് പുസ്തകം വാങ്ങിക്കുന്ന വേലയാണെങ്കിൽ (അറിവിൽ) ശിശുക്കൾക്കും കഴിഞ്ഞേക്കാമെന്നാണു് കേരളത്തിലെ കഥ കേട്ടിട്ടു് തോന്നുന്നതു്. അതേസമയം, ദസ് കാപ്പിറ്റലിൽ കാൾ മാർക്സ് അനേകം ഉദാഹരണങ്ങൾ സഹിതം ഒരുപാടു് കണ്ണീരൊഴുക്കുന്ന ബാലവേല, എടുത്താൽ പൊങ്ങാത്ത ഭാരം ചുമക്കേണ്ടിവരുന്നതിനേക്കാൾ ക്രൂരമായതായിരുന്നു. ഏതായാലും, എവിടങ്ങളിൽ നിലനിന്നിരുന്ന ബാലവേലയെപ്പറ്റിയായിരുന്നോ മാർക്സ് വ്യാകുലപ്പെട്ടതു്, അവിടങ്ങളിൽ നിന്നെല്ലാം പിൽക്കാലത്തു് ബാലവേലയും പോയി, മാർക്സിസവും പോയി.
Nov 24, 2014, 3:54 PM
“I do not fear the return of the fascists in the mask of fascists, but the return of the fascists in the mask of the Democrats”
“One must have tradition in oneself, to hate it properly.” – Theodor W. Adorno
Nov 24, 2014, 4:06 PM
“A fascist is one whose lust for money or power is combined with such an intensity of intolerance toward those of other races, parties, classes, religions, cultures, regions or nations as to make him ruthless in his use of deceit or violence to attain his ends.” – Henry A. Wallace
“What difference does it make to the dead, the orphans and the homeless, whether the mad destruction is wrought under the name of totalitarianism or in the holy name of liberty or democracy?” – Mahatma Gandhi
Nov 24, 2014, 4:59 PM
“Unlimited tolerance must lead to the disappearance of tolerance”:
“If we extend unlimited tolerance even to those who are intolerant, if we are not prepared to defend a tolerant society against the onslaught of the intolerant, then the tolerant will be destroyed, and tolerance with them. Unlimited tolerance must lead to the disappearance of tolerance. ” – Sir Karl Raimund Popper
Nov 25, 2014, 12:39 PM
ചില കരച്ചിൽ പോസ്റ്റുകൾ കാണുമ്പോൾ വീണ്ടും വീണ്ടും അത്ഭുതപ്പെടേണ്ടിവരുന്നു: സോഷ്യൽ മീഡിയകൾ “കസ്റ്റമേഴ്സിന്റെ” ആത്മരക്ഷക്കായി പലതരം വാതിലുകൾ തുറന്നുവച്ചിട്ടുണ്ടെന്നു് അറിയാത്തവരാണെന്നുണ്ടോ പ്രബുദ്ധരെന്നു് അവകാശപ്പെടുന്ന മലയാളി “വെബ്-ഹാൻഡിലുകൾ”?(കാവ്യാത്മകമായ വാക്കു്). ശല്യമായി തോന്നുന്നവരെ ഫെയ്സ്ബുക്കിലാണെങ്കിൽ സുഹൃദ്‌വലയത്തിൽ നിന്നും ഒഴിവാക്കാം, ഗൂഗിൾ പ്ലസിലാണെങ്കിൽ സർക്കിളുകളിൽ നിന്നും ഒഴിവാക്കാം, രണ്ടിലും വേണമെങ്കിൽ ബ്ലോക്ക് ചെയ്യാം, അറ്റകൈയ്ക്കു് പരാതികൊടുക്കുകപോലുമാവാം. “റേഡിയോ” കേൾക്കാൻ ഇഷ്ടമില്ലാത്തവരാണെങ്കിൽ അവർക്കു് റേഡിയോ ഓഫ് ചെയ്യാം, സ്റ്റേഷൻ മാറ്റിപ്പിടിക്കാം. ഉദാഹരണത്തിനു്, തൃശൂർ പൂരം മോശമെന്നു് തോന്നുന്ന ഭക്തകൾക്കും ഭക്തന്മാർക്കും കൊടുങ്ങല്ലൂർ പൂരം സ്റ്റേഷൻ വച്ചു് അവിടെനിന്നും പാട്ടുകൾ ആസ്വദിക്കാം. ഇതൊന്നും പോരെങ്കിൽ, മലയാളം ചാനലുകൾ ലഭിക്കുന്നവർക്കു്, കമ്പ്യൂട്ടർ കമ്പ്ലീറ്റ് ഓഫ് ചെയ്തിട്ടു് ഹൈക്ലാസ്സ് ചാനൽ ചർച്ചകൾ കാണാം. എന്താണു് വേണ്ടതെന്നു് അറിയണമെന്നേയുള്ളു. അല്ലെങ്കിൽത്തന്നെ, തനിക്കു് വേണ്ടതെന്തെന്നു് അറിയുന്നതു് ഒരു ചെറിയ കാര്യമല്ല; മനുഷ്യജീവികളെ സംബന്ധിച്ചു് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണതെന്നാണു് അറിവുള്ളവർ പറഞ്ഞുകേട്ടിട്ടുള്ളതു്.
ചായക്കടയാണെന്നു് കരുതി ബാർബർ ഷോപ്പിൽ കയറുന്നവരുണ്ടെന്നു് കേട്ടിട്ടുണ്ടു്. സെപ്റ്റിക് ടാങ്കാണു് എന്നു് അറിഞ്ഞുകൊണ്ടു് അതിൽ പോയി ചാടിയിട്ടു് കൂവിവിളിച്ചു് കരയുന്നവരുണ്ടെന്നു് കരുതിയിരുന്നില്ല.
സോക്രട്ടീസ് പറഞ്ഞതെത്ര ശരി: “I know one thing: that I know nothing.”
Nov 26, 2014, 1:55 PM
Excerpts from “Michael Bakunin – A Biographical Sketch” by James Guillaume (1844-1916)
“Bakunin is our friend, but this does not prevent us from criticizing his pamphlet. Apart from the Russians, the Poles, and perhaps the Turkish Slavs, no Slavic people has a future, for the simple reason that they lack the indispensable historical, geographical, political, and industrial conditions for independence and vitality.” – Karl Marx
“Nevertheless, there is one point on which Marx was wrong, and I was right. As a Slav, I wanted the emancipation of the Slavic race from the German yoke, and as a German patriot he did not admit then, nor will he admit now, the right of the Slavs to free themselves from German domination. He thought then, as he does now, that the mission of the Germans is to civilize – that is to say, Germanize – the Slavs, for better or for worse.” – Michael Bakunin
Bakunin and Marx met again in Berlin, and a reluctant reconciliation was effected. Bakunin recalled the incident in 1871: “Mutual friends induced us to embrace, and during our conversation Marx remarked, half-smilingly, ‘Do you know that I am now the chief of a secret communist society, so well disciplined that had I said to any member, “Kill Bakunin,” you would be dead?” ’
“The German workers, Bornstadt, Marx, Engels – especially Marx – poison the atmosphere. Vanity, malevolence, gossip, pretentiousness and boasting in theory and cowardice in practice. Dissertations about life, action, and feeling – and complete absence of life, action, and feeling – and complete absence of life. Disgusting flattery of the more advanced workers – and empty talk. According to them, Feuerbach is a “bourgeois,” and the epithet BOURGEOIS! is shouted ad nauseam by people who are from head to foot more bourgeois than anyone in a provincial city – in short, foolishness and lies, lies and foolishness. In such an atmosphere no one can breathe freely. I stay away from them and I have openly declared that I will not go to their Kommunistischer Handwerkerverein [Communist Trade Union Society] and will have nothing to do with this organization.” – Michael Bakunin
For further reading: https://www.marxists.org/reference/archive/guillaume/works/bakunin.htm
Nov 28, 2014, 11:55 AM
കുഞ്ഞുങ്ങളെ വളരെ ചെറുപ്പത്തിലേ പിടികൂടണം. എത്ര ചെറുപ്പമോ, അത്രയും നല്ലതു്. നമ്മൾ സഞ്ചരിച്ച വഴികൾവിട്ടു് അവർ നടക്കാതിരിക്കണമെങ്കിൽ, നമ്മുടെ ശരികൾ നിത്യമായി അവരുടെയും ശരികളായിരിക്കണമെങ്കിൽ, അവയിൽ തെറ്റൊന്നും കണ്ടെത്താൻ അവർക്കു് കഴിയാതിരിക്കണം. ആ ലക്ഷ്യം നേടാൻ, സ്വന്തമായും സ്വതന്ത്രമായും ചിന്തിക്കാനുള്ള അവരുടെ ശേഷി ബാല്യത്തിലേ നശിപ്പിക്കപ്പെടണം; ബൗദ്ധികമായി അവർ വന്ധ്യംകരിക്കപ്പെടണം; ബാല്യത്തിലേ അവർ കണ്ഡീഷൻ ചെയ്യപ്പെട്ടിരിക്കണം. മതങ്ങളിലെയും രാഷ്ട്രീയത്തിലെയും സ്ഥാപിതതാല്പര്യക്കാർ തലമുറകളിലൂടെ അതിനു് പറ്റിയ മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ടു്. എട്ടും പൊട്ടും തിരിയുന്നതിനു് മുൻപേ പള്ളിയിലെത്തിച്ചു് വെള്ളത്തിൽ മുക്കുന്ന മാമൂദീസ എന്ന “ജ്ഞാനസ്നാനം”, അമ്പലത്തിൽ കൊണ്ടുപോയി ചോറുകൊടുക്കൽ, ഓത്തുപള്ളിക്കൂടങ്ങൾ വഴി നടത്തപ്പെടുന്ന ബ്രെയിൻവാഷിങ്, രാജാക്കന്മാരുടെയും രാജതുല്യരായവരുടെയും ജന്മദിനങ്ങളിൽ കൊടിപിടിപ്പിച്ചു് അവർക്കുവേണ്ടി കീജേ വിളിപ്പിച്ചു് തെരുവിലൂടെ നടത്തിക്കൽ, പുരാതന വീരഗാഥകൾ ഛർദ്ദിക്കുന്നതുവരെ ചൊല്ലിച്ചു് അവയോടുള്ള മനം പിരട്ടൽ മാറ്റിയെടുക്കൽ തുടങ്ങിയവയെല്ലാം ലക്ഷ്യമാക്കുന്നതു് ബാല്യത്തിലേയുള്ള മനുഷ്യരുടെ ബൗദ്ധികവന്ധ്യംകരണമല്ലാതെ മറ്റൊന്നുമല്ല.
കുഞ്ഞുങ്ങളെക്കൊണ്ടു് പ്ലാസ്റ്റിക് മാലിന്യം വാരിക്കുന്നതു് അതിന്റെ പുതിയൊരു വകഭേദം മാത്രം. മാലിന്യസംസ്കരണം കേരളത്തിൽ മാത്രമുള്ള ഒരു പുതിയ വിഷയമൊന്നുമല്ല. അതൊരു പ്രശ്നമാണെന്നു് മനസ്സിലാക്കിയ രാജ്യങ്ങളിലെല്ലാം അതിനു് പ്രവർത്തനക്ഷമമായ പദ്ധതികളും നിലവിലുണ്ടു്. വേണമെങ്കിൽ അവയെ കേരളത്തിന്റെ സാമൂഹ്യസാഹചര്യങ്ങൾക്കു് യോജിക്കുന്ന വിധത്തിൽ അനുകരിക്കാവുന്നതേയുള്ളു. പക്ഷേ, കേരളത്തിലെ നേതാക്കളുടെ ലക്ഷ്യം മാലിന്യനിർമ്മാർജ്ജനം, സംസ്കരണം എന്നിവയേക്കാൾ, അതുപയോഗിച്ചു് എങ്ങനെ തനിക്കോ തന്റെ പാർട്ടിക്കോ മൈലേജ് ഉണ്ടാക്കാം എന്നതു് മാത്രമാവുമ്പോൾ അവരുടെ പരിഹാരങ്ങൾ ഇത്തരം കണ്ണിൽ പൊടിയിടൽ പദ്ധതികളായി അവശേഷിക്കാതെ നിവൃത്തിയില്ല. കാങ്കിരസ്സിന്റേതാണു് പദ്ധതിയെങ്കിൽ കമ്മൂണിഷ്ട് അതിനെ എതിർത്തിരിക്കണം. കമ്മൂണിഷ്ടിന്റേതാണു് പദ്ധതിയെങ്കിൽ കാങ്കിരസ്സു് അതിനെ എതിർത്തിരിക്കണം. മറ്റു് രാഷ്ട്രീയപ്പാർട്ടികളായാലും, ജാതിമതവിഭാഗങ്ങളായാലും ഫലത്തിൽ വ്യത്യാസമൊന്നുമില്ല. സമൂഹത്തിന്റെ പൊതുനന്മ എന്നതു് കേരളീയനു് ഒരു സംജ്ഞയേയല്ല, ആയിരുന്നിട്ടുമില്ല.
നാട്ടിലെ ചില ഒറ്റമൂലി വൈദ്യന്മാരെപ്പറ്റി കേട്ടിട്ടുണ്ടു്. തന്റെ ഒറ്റമൂലി എന്താണെന്നു് ആ വൈദ്യനല്ലാതെ മറ്റാർക്കും അറിവുണ്ടാവില്ല. വല്ല കമ്മ്യൂണിസ്റ്റ് പച്ചയുടെയോ മറ്റോ ഇല ഞെരടിപ്പിഴിഞ്ഞുകൊടുത്തു് വരട്ടുചൊറി മാറ്റുക, മന്ത്രങ്ങൾ ഓതിയോ, തന്ത്രങ്ങൾ ഊതിയോ വിഷമിറക്കുക, ആർക്കെങ്കിലും പിശാചുബാധയേറ്റാൽ (പിശാചുക്കൾ പൊതുവേ പെണ്ണുങ്ങളെ ബാധിക്കാൻ ഇഷ്ടപ്പെടുന്നവരാണു്!) മറ്റുള്ളവർക്കോ തനിക്കുപോലുമോ പിടികിട്ടാത്ത ചില പദസഞ്ചയങ്ങൾ ഉരുവിട്ടുകൊണ്ടു് അവൾക്കു് ചുറ്റും ചുവടുവച്ചു് ഇടയ്ക്കിടെ “ഇറങ്ങിപ്പോ” എന്നും മറ്റുമുള്ള ആക്രോശത്തോടെ അവളുടെ കരണക്കുറ്റി നോക്കി പൊട്ടിക്കുക, തുടങ്ങിയ എന്തെങ്കിലുമായിരിക്കും വൈദ്യന്റെ ചികിത്സ. ചാവുന്നതിനു് തൊട്ടുമുൻപുമാത്രമേ ഈ ചികിത്സയുടെ പിന്നിലെ രഹസ്യം തന്റെ പ്രിയപുത്രനു് വൈദ്യൻ പറഞ്ഞുകൊടുക്കൂ. വൈദ്യന്റെ അപ്പന്റെ അപ്പന്റെ അപ്പന്റെ… … അപ്പൻ മുതലേ ചെയ്തുപോരുന്ന നടപ്പുരീതിയാണിതെന്നു് ജനം പതിവുപോലെ തമ്മിൽത്തമ്മിൽ അടക്കം പറയും, വൈദ്യന്റെ കുടുംബത്തിനു് ലഭിച്ച ദൈവാനുഗ്രഹത്തിൽ അതിശയിക്കും, ദൈവത്തിനു് വേണ്ടുവോളം സ്തുതിയും പാടും.
ഈ വൈദ്യന്മാരുടേതുപോലെ തന്നെയാണു് കേരളത്തിലെ രാഷ്ട്രീയകക്ഷികളുടെ കാര്യവും. തങ്ങളുടെ ചികിത്സയുടെ പിന്നിലെ രഹസ്യം ജനങ്ങൾ അറിയരുതെന്നു് അവർക്കും നിർബന്ധമുണ്ടു്. പ്രശ്നം നിലനില്പിന്റേതാണു്. ജനങ്ങളെ ഒരു ചുക്കും അറിയാത്തവരായി നിലനിർത്തിക്കൊണ്ടുമാത്രം സുരക്ഷിതമാക്കാൻ കഴിയുന്ന സ്വന്തം നിലനില്പിന്റെ പ്രശ്നം.
Nov 29, 2014, 7:47 PM
“… …It is not exactly a sword, but Mr Marx’s usual weapon, a heap of filth.”
“Marx called me a sentimental idealist, and he was right. I called him morose, vain and treacherous; and I too was right.” – Bakunin.
“Like Marx, Like Marxism” or, “Some Things Never Change”!
Nov 30, 2014, 10:22 AM
ആറേഴു് കൊല്ലം മുൻപു് ഞാൻ ബ്ലോഗിൽ എത്തിയ കാലത്തു്, ഗ്രൂപ്പുതിരിഞ്ഞു്, ദിവസങ്ങൾ നീണ്ടുനിന്ന ഒരു തെറിവിളിയഭിഷേകം നടന്നിരുന്നു. ഗൾഫിലോ മറ്റോ ഉള്ള ഒരു “ആൺഐഡി” അമേരിക്കയിലോ കാനഡയിലോ എങ്ങോ ഉള്ള ഒരു പെൺഐഡിയുമായി നടത്തിയ ചാറ്റ് ചോർത്തി പബ്ലിക് ആക്കിയതായിരുന്നു വിഷയമെന്നാണു് ഓർമ്മ. ബ്ലോഗുലകത്തിൽ ജ്ഞാനപീഠം കയറിയ കവികൾ, കവയിത്രികൾ, കഥാകൃത്തുകൾ, രാഷ്ട്രമീമാംസകർ, പാചകവിദഗ്ദ്ധർ തുടങ്ങി, ഈവക കാര്യങ്ങളിൽ എപ്പോഴും ഭൂരിപക്ഷവിഭാഗമായ കമന്റ് വിദഗ്ദ്ധർ വരെയുള്ളവരുടെ ഒരു നീണ്ട പടതന്നെ അവിടെ അണിനിരന്നിരുന്നു. മലയാളം ബ്ലോഗുലകത്തിൽ പുതിയതായിരുന്നതിനാൽ, ഞാനതിൽ പങ്കെടുത്തില്ലെങ്കിലും നിരീക്ഷകനായിരുന്നു. ബ്ലോഗ് ലോകത്തിൽ “പേരും പദവിയും” ഉള്ളവർ, അവരുടെ ഗ്രൂപ്പുകൾ, അവരുടെ വാക്പയറ്റുകളുടെ ആഴം, പരപ്പു് ഇവയൊക്കെ മനസ്സിലാക്കാനും, അതിനനുസരിച്ചു്, തുടർന്നുള്ള ബ്ലോഗ് ജീവിതത്തിലെ എന്റെ പെരുമാറ്റരീതികൾ രൂപപ്പെടുത്താനും ആ “സ്നേഹസംവാദം” എന്നെ കുറച്ചൊന്നുമല്ല സഹായിച്ചതു്. അമേധ്യം വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു് വിൽക്കുന്നവനേക്കാൾ കൂടിയകുറ്റം ചെയ്യുന്നതു് അതിനുള്ളിൽ അമേധ്യമാണെന്നു് വർണ്ണക്കടലാസ്സിൽ പൊതിയാതെ വിളിച്ചുപറയുന്നവനാണെന്ന മല്ലുന്യായമാണു്, അതുവഴി ഞാൻ മനസ്സിലാക്കിയതും പിന്നീടു് ബോദ്ധ്യം വന്നതുമായ ഒരു പ്രധാനകാര്യം. ജ്യോതിഷക്കാരനും, വേദോപദേശക്കാരനും, പ്രത്യയശാസ്ത്രക്കാരനുമെല്ലാം ഉപയോഗിക്കുന്ന “വർണ്ണക്കടലാസ്സ് ഭാഷയും”, അതിലുള്ളതു് ശാസ്ത്രമല്ല, വിഡ്ഢിത്തമാണെന്നു് പറയാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഭാഷയും, അവർക്കു് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും ശ്രദ്ധിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ളവർക്കു് ഇതറിയാതിരിക്കാൻ വഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ, ഏഭ്യത്തരം കാണിക്കുന്നതല്ല, അവനെ ഏഭ്യനെന്നു് വിളിക്കുന്നതാണു് അക്ഷന്തവ്യമായ അപരാധം. ഏഭ്യത്തരം കാണിക്കുന്നവനു് “ചിയർ ഗേൾസിന്റെ” സപ്പോർട്ടുകൂടിയുണ്ടെങ്കിൽ പിന്നത്തെ കാര്യം പറയുകയും വേണ്ട.
തന്റെ എടുക്കാച്ചരക്കു് ആർക്കു് വിൽക്കാനാണോ ഒരുവൻ ഉദ്ദേശിക്കുന്നതു്, അവർക്കു് മനസ്സിലാകാത്തതും, തന്മൂലം ഗഹനം എന്നു് അവർക്കു് തോന്നുന്നതുമായിരിക്കണം അവൻ ഉപയോഗിക്കുന്ന ഭാഷ. വർണ്ണശബളിമയിൽ കുടുങ്ങി, പ്രലോഭനങ്ങളിൽ മയങ്ങി ചരക്കു് വാങ്ങാനെത്തുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കണമെങ്കിൽ അവർക്കു് മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുക എന്നതല്ലാതെ മറ്റു് പോംവഴിയില്ല. പക്ഷേ, സാമാന്യജനത്തിനു് വേണ്ടതു് മനസ്സിലാക്കലല്ല, സ്വപ്നം കാണാൻ പറ്റിയ മിഥ്യാവാഗ്ദാനങ്ങളാണെന്നതിനാൽ, മിഥ്യയായ വാഗ്ദാനങ്ങൾ വിൽക്കുന്നവന്റെയും അവ വാങ്ങുന്നവന്റെയും വെറുപ്പു് ഒരുപോലെ നേടണമെന്നുണ്ടെങ്കിൽ, വാങ്ങുന്നവനെ അവന്റെ നന്മക്കുവേണ്ടി സത്യം മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.
October 2014
Oct 1, 2014, 3:31 PM
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫ്രാന്‍സിന്റെ അറ്റ്ലാന്റിക് തീരത്തിന്റെ ഓരം ചേര്‍ന്നു് Calais-യില്‍ നിന്നും ആരംഭിച്ച ഒരു യാത്രയിലാണു് ഞാന്‍. ഇതുവരെ ഇന്റര്‍നെറ്റ് – ഇമെയില്‍ ചെക്കിങ് അടക്കം – മൊത്തത്തില്‍ ഒഴിവാക്കുകയായിരുന്നു. എങ്കിലും, ആദ്യഘട്ടത്തിലെ അവസാനത്തെ സ്റ്റേഷനായ nôtre-Dame-de-Monts-ല്‍ എത്തിയപ്പോള്‍ അടുത്ത ആഴ്ചകളിലെ യാത്ര പ്ളാന്‍ ചെയ്യാനായി ഒരു “Hot Spot”-നെ സമീപിക്കേണ്ടി വന്നു. പുതിയ സ്റ്റാറ്റസ് ഇടുമ്പോള്‍ എനിക്കു് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കള്‍ എനിക്കുണ്ടെന്നതിനാല്‍, സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ തരംഗം ഒരു കിംഗ് ജോണ്‍സിന്റെ “കുട്ടികളുടെ കോടതി” എന്ന കവിതയാണെന്നു് മനസ്സിലാക്കാന്‍ കഴിഞ്ഞു. എനിക്കു് ആ കവിയെ അറിയില്ല, ഞാന്‍ ആ കവിത വായിച്ചിട്ടില്ല, വായിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. കൊന്നതു് ആരെന്നറിയാന്‍ ചത്തതു് ആരെന്നതില്‍ കൂടിയ ഒരു അറിവിന്റെ ആവശ്യമില്ല എന്നാണെന്റെ പക്ഷം – ചുരുങ്ങിയതു്, കേരളത്തിലെ അധികപങ്കു് കൊലപാതകങ്ങളുടെ കാര്യത്തിലെങ്കിലും. ഏതായാലും, ഭയങ്കരമാന ചര്‍ച്ചകളാണു് അവിടെ അരങ്ങേറുന്നതായി കാണാന്‍ കഴിഞ്ഞതു്! ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ രാഷ്ട്രീയ-സാംസ്കാരികമേഖലകളിലെയും വ്യക്തികളെയും ആശയങ്ങളെയും വലിച്ചിഴച്ചു് കൊണ്ടുവന്നാണു് ഈ വിഷയം അവിടെ കൈകാര്യം ചെയ്യപ്പെടുന്നതു്. അതില്‍ അത്ഭുതമില്ല. “വിഷയത്തിലെ ആസക്തി” – അതാണല്ലോ പണ്ടും ഇന്നും – മിക്കവാറും എന്നും – മല്ലുത്വത്തിന്റെ ഐഡന്റിറ്റി തന്നെ! ലോകത്തില്‍ ഇടയ്ക്കിടെ – അഥവാ വല്ലപ്പോഴുമൊക്കെ – പുതിയ തരംഗങ്ങള്‍ രൂപമെടുക്കാറുണ്ടു്. ന്യൂട്ടണ്‍ തരംഗം, ഐന്‍സ്റ്റൈന്‍ തരംഗം, ബീറ്റില്‍സ് തരംഗം, ഹിപ്പി തരംഗം, എല്‍വിസ് തരംഗം അങ്ങനെയങ്ങനെ. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണു്. അവിടെ ദിനംപ്രതിയോ, ഒരേദിവസത്തില്‍ തന്നെ പലവട്ടമോ പോലും “തരംഗങ്ങള്‍” രൂപമെടുത്തുകൂടെന്നില്ല. സരിതോര്‍ജ്ജതരംഗം, കൂട്ടബലാല്‍സംഗതരംഗം, വ്യഭിചാരതരംഗം, സദാചാരതരംഗം അങ്ങനെയങ്ങനെ. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നതു് “വിഷയാസക്തി”യല്ലാതെ മറ്റൊന്നുമല്ലെന്നു് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയേണ്ടതാണു്. ജെലസി എബൗട്ട് ഫുഡ് എന്നോ, ജെലസി എബൗട്ട് സെക്സ് എന്നോ, അല്ലെങ്കില്‍ നാടന്‍ ഭാഷയിലെ ഒരു ചൊല്ലുപോലെ, “ഒരു പട്ടിക്കു് വേറൊരു പട്ടിയെ കണ്ടുകൂടാ” എന്നോ ഒക്കെ വിളിക്കപ്പെടുന്ന മാനസികാവസ്ഥകളുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള രംഗപ്രവേശം മാത്രമാണു് അവിടെ സംഭവിക്കുന്നതു്. സോഷ്യല്‍ മീഡിയകളിലെ ഏതൊരു ചര്‍ച്ചയുടെയും ജീവിതദൈര്‍ഘ്യം പോലെ, മറ്റൊരു വിഷയം കിട്ടുന്നതുവരെ, ഇതിനോടകം അവസാനിച്ചില്ലെങ്കില്‍, “കുട്ടികളുടെ കോടതി”യെപ്പറ്റിയും ചില വാക്കുതര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. Guidel എന്ന സ്ഥലത്തു് യാദൃച്ഛികമായി കാണാനിടയായ ഒരു കലാസൃഷ്ടി ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നതിനാല്‍ അതു് ഇവിടെ വെറുതെ പങ്കു് വയ്ക്കുന്നു: Art, Histoire, notre culture, sombre dans la misère!
Oct 24, 2014, 12:24 PM
മഴയും കാറ്റുമൊക്കെയായി ശരത്കാലമെത്തി. മഞ്ഞും തണുപ്പുമായി ശിശിരവും എത്താതിരിക്കില്ല. ഇനിയൊരു ആറുമാസം ബൈബിള്‍, ഖുര്‍ആന്‍, ഗീത, ഭവാനി, മാനിഫെസ്റ്റൊ മുതലായവയെല്ലാം വായിച്ചു് ആത്മീയകാര്യങ്ങളില്‍ മുഴുകി ജീവിക്കാനാണു് എന്റെ തീരുമാനം. എന്തിനു് മാനിഫെസ്റ്റോ എന്നാണു് ചോദ്യമെങ്കില്‍ ഒരു ഉറപ്പിനു് എന്നേ മറുപടിയുള്ളു. ശവസംസ്കാരം എങ്ങനെ ആയിരുന്നു എന്നതിനനുസരിച്ചു് കുഴിയില്‍ നിന്നോ, കടലില്‍ നിന്നോ, ചാരത്തില്‍ നിന്നോ ഒക്കെ വരവുചെലവുകണക്കുകള്‍ ചോദിക്കാനായി ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുമ്പോള്‍ കണികാണുന്നതു് ആരെയെന്നു് ഉറപ്പില്ലാത്തതിനാല്‍ ഒരു മുന്‍കരുതല്‍ എന്തുകൊണ്ടും നല്ലതാണു്. അവിടെയെത്തുന്ന “ച്ഛവജീവനുകളെ” (ജീവച്ഛവങ്ങളുടെ വിപരീതം) ഇന്റര്‍വ്യൂ ചെയ്യാനായി കാത്തിരിക്കുന്ന മോശെയുടെയും യേശുവിന്റെയും മുഹമ്മദ് നബിയുടെയും (സ) കൃഷ്ണന്റെയുമൊക്കെ ഒപ്പം കാര്‍ള്‍ മാര്‍ക്സും ഉണ്ടായിക്കൂടെന്നില്ല. നമ്മള്‍ കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ഇവരെല്ലാം തമ്മില്‍ ആലോചിച്ചുറപ്പിച്ച ഒരു അജണ്ടയുടെ ഭാഗമായിരുന്നെങ്കിലോ? മനുഷ്യരെ കണ്ണില്‍ ചോരയില്ലാതെ പരൂക്ഷിക്കുന്നവരാണു് ദൈവങ്ങള്‍. ദൈവം കരുണാനിധിയാണു്, ജയലളിതയാണു് തുടങ്ങിയ വിശേഷണങ്ങള്‍ മറക്കുടകള്‍ മാത്രമാണെന്നാണു് അനുഭവപാഠം. മനുഷ്യരെയും ദൈവങ്ങളെയുമെന്നല്ല, ഒന്നിനെയും നമ്മള്‍ ഒരിക്കലും നമ്പരുതു്. പരൂക്ഷകര്‍ നമ്മോടു് ആള്‍ജിബ്രയും അരിത്മെറ്റിക്സുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സ്വന്തം തൊലികളും കണ്ണുകളും കാതുകളും പോലും നമ്മെ ഒറ്റിക്കൊടുത്തുകൂടെന്നില്ല എന്നാണു് ഖുര്‍ആന്‍ പോലും പറയുന്നതു്: “അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്. അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു.” – (ഖുര്‍ആന്‍ അദ്ധ്യായം 41 ഫുസ്സിലത് : 20 – 23)
ഇതില്‍ നിന്നും നമുക്കു് മനസ്സിലാക്കാന്‍ കഴിയുന്നപോലെ, കാര്യം വളരെ ഗൗരവതരമാണു്. സ്വര്‍ഗ്ഗത്തിലായാലും, നരകത്തിലായാലും ഒരിക്കല്‍ പെട്ടാല്‍ എന്നേക്കുമായി പെട്ടതുതന്നെ. കാരണം, മന്ത്രിമാരോ, പാര്‍ട്ടി സെക്രട്ടറിമാരോ, മാര്‍പ്പാപ്പയോ, പാത്രിയര്‍ക്കീസ്മാരോ, മറ്റാരുതന്നെയോ ശുപാര്‍ശ ചെയ്താലും ഒരു മാറ്റവും വരുത്താന്‍ കഴിയാത്ത, നിത്യമായ ഒരു ജീവിതത്തിലേക്കാണു് ഉയിര്‍പ്പാനന്തരം നിശ്ചയമായും സംഭവിക്കാനിരിക്കുന്ന കണക്കുപരൂക്ഷക്കുശേഷം നമ്മള്‍ വലത്തുകാല്‍ വച്ചായാലും ഇടത്തുകാല്‍ വച്ചായാലും കയറിപ്പറ്റുന്നതു്. സഹാറ മരുഭൂമിയെ തോല്പിക്കുന്നത്ര ഭയങ്കരമായ ചൂടു് നിലനില്‍ക്കുന്ന നരകത്തില്‍ പോകേണ്ടി വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടിവന്നാലും അതൊന്നും ഒട്ടും കൂടുതലാവില്ല – പ്രാര്‍ത്ഥനയോ, നോമ്പോ, കുമ്പസാരമോ, ശീര്‍ഷാസനമോ, യോഗാസനമോ എന്തുതന്നെ ആയാലും. അതുകൊണ്ടുതന്നെ, എന്തിനു് സ്വര്‍ഗ്ഗം തേടണം എന്ന ചോദ്യം അപ്രസക്തവുമാവുന്നു. അതിനാല്‍, ലോകാവസാനത്തോളം വള്ളിയോ പുള്ളിയോപോലും തിരുത്തേണ്ടതോ പുതുക്കേണ്ടതോ ആവശ്യമില്ലാത്ത മൊഴിമുത്തുകളിലൂടെ മോക്ഷാന്വേഷണയജ്ഞം നടത്തുമ്പോള്‍, മുത്തിലും മുത്തായ മണിമുത്തു് കിട്ടി എന്ന സില്‍മാപ്പാട്ടുപോലെ, കണ്മുന്നില്‍ എത്തിപ്പെടുന്ന മണിമുത്തുകള്‍, നമ്മള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കുകൂടി പങ്കുവച്ചാല്‍ നന്നായിരിക്കും. ചേതമില്ലാത്ത ഒരു ഉപകാരം, കമ്മീഷന്‍ കിട്ടിക്കൂടെന്നുമില്ല.
Oct 24, 2014, 1:59 PM
“(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.” – (ഖുര്‍ആന്‍ അദ്ധ്യായം 109 കാഫിറൂന്‍ : 1 – 6)
അല്ലാഹു നല്‍കിയ, ഈത്തപ്പഴത്തിനേക്കാള്‍ മാധുര്യമുള്ള ഈ മൊഴിമുത്തിനു് “ഇസിസുകള്‍ക്കു് അവരുടെ മതം, യസീദികള്‍ക്ക് അവരുടെ മതം” എന്നൊരു അര്‍ത്ഥം എന്തുകൊണ്ടു് നല്‍കപ്പെടുന്നില്ല എന്നെനിക്കു് മനസ്സിലാകുന്നില്ല. താഴെപ്പറയുന്ന രണ്ടു് വാക്യങ്ങള്‍ കൂടി ചേര്‍ത്തു് വായിക്കുമ്പോള്‍ ആ മനസ്സിലാകായ്മ ഒന്നുകൂടി കൂടുന്നതല്ലാതെ കുറയുന്നില്ല.
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് – അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.”- (ഖുര്‍ആന്‍ അദ്ധ്യായം 60 മുംതഹന : 8, 9)
Oct 30, 2014, 12:05 PM
ഖുര്‍ആനില്‍ കണ്ടതു്: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്.” – (അദ്ധ്യായം 047 മുഹമ്മദ് : 7)
തന്നെത്താന്‍ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നൊരു ചൊല്ലുണ്ടു്. പുരാതന ഗ്രീസിലാണു് അതിന്റെ ഉറവിടം. മനുഷ്യന്റെ മനഃശാസ്ത്രപരമായ ഒരു സഹായി, ഒരു സാങ്കല്പികചുമടുതാങ്ങി, എന്നതില്‍ കവിഞ്ഞ ഒരു അര്‍ത്ഥം ഇവിടെ ദൈവത്തിനു് നല്‍കേണ്ടതുണ്ടെന്നു് തോന്നുന്നില്ല. മനുഷ്യശരീരത്തിന്റെ സെല്‍ഫ്ഹീലിങ് പവ്വറിനു് ഉത്തേജനം നല്‍കാന്‍ പ്ളസീബോക്കു് എങ്ങനെ കഴിയുന്നുവോ അതുപോലൊരു എഫക്റ്റ് വഴി മനുഷ്യനു് ലഭിക്കുന്ന മാനസികമായ ഒരാശ്വാസം. (മനുഷ്യര്‍ അവരുടെ പ്ളസീബോകളുടെ പുറകെ പോയി ആശ്വാസം കണ്ടെത്തുന്നതിനോടു് എനിക്കു് എതിര്‍പ്പൊന്നുമില്ല. ഞാന്‍ അതിനെ വിലകുറച്ചു് കാണുന്നുമില്ല. പക്ഷേ അതുകൊണ്ടു് പ്ളസീബോ എഫക്റ്റ് അതല്ല എന്നു് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറുമില്ല.) ലോകത്തില്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരുണ്ടു്. അവര്‍ ഓരോരുത്തരും സ്വന്തവിശ്വാസം വഴി തങ്ങള്‍ക്കു് നന്മയും, പലവിധ ജീവിതപ്രാരബ്ധങ്ങളില്‍ നിന്നും മോചനവും, ഭാഗ്യവുമൊക്കെ ലഭിക്കുന്നു എന്നു് വിശ്വസിക്കുന്നവരാണു് എന്നതുതന്നെയാണു് അതൊരു പ്ളസീബോ എഫക്റ്റ് മാത്രമാണെന്ന വസ്തുതയുടെ അനിഷേദ്ധ്യമായ തെളിവും. ഏലസ്സു്, പലതരം ചരടുകള്‍, കല്ലുകള്‍, ആനവാല്‍മോതിരം, വിശുദ്ധപശു തുടങ്ങിയ എത്രയോ വസ്തുക്കള്‍ ഭാഗ്യദാതാക്കളാണെന്ന വിശ്വാസവും ദൈവത്തിലുള്ള വിശ്വാസവും തമ്മില്‍ തത്വത്തില്‍ യാതൊരു വ്യത്യാസവുമില്ല. ഒരു മനുഷ്യന്റെ ദൈവവിശ്വാസം അവന്‍ അംഗമായിരിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പൊതുവായ വിശ്വാസമായിരിക്കുമെന്നതിനാല്‍ ആ വിശ്വാസം പിന്‍തുടരുന്നതു് പലപ്പോഴും പ്രായോഗികമായി എളുപ്പമായിരിക്കുമെന്നു് മാത്രം. അതേസമയം, കൂട്ടത്തിന്റെ വിശ്വാസത്തില്‍ (അതു് മതപരമായ വിശ്വാസം തന്നെയാവണമെന്നില്ല) നിന്നും വ്യതിചലിച്ചു് ജീവിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവനു് തെറിവിളിയും, കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍ എന്ന പേരുദോഷവും, ഭ്രഷ്ടു് കല്പിക്കലും, ഒരുപക്ഷേ ജീവനാശം വരെയും നേരിടേണ്ടി വന്നെന്നും വരാം – പ്രത്യേകിച്ചും ഗോത്രരീതിയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളില്‍. മനുഷ്യാന്തസ്സിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഇന്നു് അങ്ങേയറ്റത്തെ വില കല്പിക്കുന്ന പാശ്ചാത്യസമൂഹങ്ങള്‍ക്കും ഗോത്രമാതൃക നിലനിന്നിരുന്ന, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു. അതു് മാറ്റിയെടുത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു് ഏതെങ്കിലുമൊരു ദൈവമായിരുന്നില്ല, മനുഷ്യര്‍ തന്നെയായിരുന്നു. എവിടെ നിന്നെങ്കിലും കെട്ടിയിറക്കപ്പെട്ട നീതിശാസ്ത്രങ്ങളിലൂടെയല്ലാതെ, നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ലോകത്തെയും മനുഷ്യജീവിതത്തെയും മനസ്സിലാക്കാന്‍ ശ്രമിച്ച ഏതാനും മനുഷ്യര്‍.
പക്ഷേ ഗ്രീക്ക് ചിന്തകരെപ്പോലെ, സ്വയം സഹായിക്കുന്നവനെ ദൈവം സഹായിക്കും എന്നല്ല, ദൈവത്തെ നിങ്ങള്‍ സഹായിക്കുന്നപക്ഷം അവന്‍ നിങ്ങളെയും സഹായിക്കും എന്നാണു് മുഹമ്മദ് നബി പഠിപ്പിക്കുന്നതു്. നബി പഠിപ്പിക്കുന്നു എന്നാല്‍ അല്ലാഹു പഠിപ്പിക്കുന്നു എന്നല്ലാതെ മറ്റൊരര്‍ത്ഥം നല്‍കാനാവില്ല. കാരണം, “ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു. നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു” (അദ്ധ്യായം 069 ഹാഖ : 43 – 46) എന്നാണു് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതു്.
തന്റെ പേരില്‍ വാക്കുകള്‍ കെട്ടിച്ചമച്ചു് പറയുന്ന മനുഷ്യരുടെ മുഴുവന്‍ ജീവനാഡി ദൈവം മുറിച്ചുകളയുമായിരുന്നെങ്കില്‍ “ദൈവവചനം” വിറ്റു് ഉപജീവനം കഴിക്കുന്ന, ദൈവവചനം ഉരുവിടുന്ന ഏതെങ്കിലുമൊരു മനുഷ്യനു് ഈ ലോകത്തില്‍ ജീവനോടെ ഇരിക്കാന്‍ കഴിയുമായിരുന്നോ? മനുഷ്യര്‍ കെട്ടിച്ചമച്ചതല്ലാത്ത ഏതെങ്കിലുമൊരു വാക്കോ ദൈവവചനമോ ഈ ലോകത്തിലുണ്ടോ? മനുഷ്യന്റെ ജീവനാഡി മുറിച്ചുകളയാന്‍ മടിക്കാത്ത ഒരു ദൈവത്തിന്റെ അനുയായികള്‍ മനുഷ്യന്റെ ശാരീരികാവയവങ്ങള്‍ മുറിച്ചുകളയാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു? എത്രമാത്രം നീചനായാലാണു് മനുഷ്യന്‍ എന്ന അത്ഭുതപ്രതിഭാസത്തെ ഛിന്നഭിന്നമാക്കാനുള്ള കല്പനകള്‍ ഇറക്കാന്‍ ഒരു ദൈവത്തിനു് കഴിയുന്നതു്? എത്രമാത്രം നീചത്വം ഉണ്ടായാലാണു് അവ അക്ഷരം പ്രതി നടപ്പിലാക്കാന്‍ അവന്റെ അനുയായികള്‍ക്കു് കഴിയുന്നതു്?
എന്നെ സഹായിച്ചാല്‍ ഞാന്‍ നിന്നെ സഹായിക്കാമെന്നു് മനുഷ്യരോടു് പറയുന്ന ഉദാരമതിയും സര്‍വ്വവ്യാപിയുമായ അല്ലാഹു! മനുഷ്യന്റെ സഹായം ആവശ്യമുള്ള ഒരു ദൈവം എന്തൊരുതരം സര്‍വ്വശക്തനായിരിക്കും? തന്റെ സഹായികളെ സഹായിക്കുക മാത്രമല്ല, അവരുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ചു് നിര്‍ത്തുകയും ചെയ്യുമത്രെ! അതായതു്, പാദങ്ങള്‍ ഉറപ്പിച്ചു് നിര്‍ത്താന്‍ കഴിയാത്ത ഒരുവന്‍ തന്നെ സഹായിച്ചാല്‍ അവന്റെ കാലുകളെ ഉറപ്പിച്ചു് നിര്‍ത്താന്‍ താനും സഹായിക്കാമെന്നു്! നിലത്തു് നിന്നിട്ടു് വേണ്ടേ ഗുസ്തി പിടിക്കാന്‍? ഏതു് മതത്തില്‍ പെട്ടവനായാലും സഹായം ആവശ്യമുള്ളതുകൊണ്ടല്ലേ ഒരുവന്‍ പ്രാര്‍ത്ഥനയും കണ്ണീരുമായി തന്റെ ദൈവത്തെ സമീപിക്കുന്നതു്? അവനോടു് ആദ്യം എന്നെ സഹായിക്കൂ അപ്പോള്‍ ഞാന്‍ നിന്നെ സഹായിക്കാം എന്നു് അരുളിച്ചെയ്യുന്ന ഒരു ദൈവം എന്തൊരുതരം സര്‍വ്വജ്ഞാനിയായിരിക്കും?
Oct 30, 2014, 12:47 PM
ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം? (ബൈബിള്‍: മര്‍ക്കോസ് 8 : 35)
വേദഗ്രന്ഥങ്ങളും ചിലപ്പോഴൊക്കെ സത്യം പറയുമെന്നതിന്റെ ഒരു തെളിവാണിതു്. സര്‍വ്വലോകമൊന്നും നേടിയില്ലെങ്കിലും, രുചികരമായ ഒരു ആഹാരം ഉണ്ടാക്കിവച്ചിട്ടു് അതു് കഴിക്കാതെ, അല്ലെങ്കില്‍, ഇഷ്ടപ്പെട്ട ഒരു വസ്ത്രം വാങ്ങിച്ചിട്ടു് അതു് ധരിക്കാതെ ഒരുവന്‍ അവന്റെ ജീവന്‍ കളഞ്ഞാല്‍ അവനു് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവാന്‍ വഴിയില്ല.
ഉപമകളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതു് ബൈബിളിലെ ഒരു രീതിയാണു്. ബുദ്ധിരാക്ഷസന്മാരായ വിശ്വാസികള്‍ക്കു് കാര്യം പിടികിട്ടണമല്ലോ. ഇന്നായിരുന്നെങ്കില്‍, സര്‍വ്വലോകവും നേടിയിട്ടു് ജീവന്‍ കളയുന്ന കാര്യം ഇങ്ങനെയൊരു ഉപമ വഴി വ്യക്തമാക്കാന്‍ യേശുവിനു് കഴിയുമായിരുന്നു: ഒരു മനുഷ്യൻ ദേഹത്തെ (നരച്ച) സര്‍വ്വരോമങ്ങളും ഡൈ ചെയ്യുകയും അവന്റെ മൂക്കിലെ നാലു് (നരച്ച) രോമങ്ങള്‍ ഡൈ ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്റെ ഡൈ ചെയ്യല്‍ കൊണ്ടു് അവനു് എന്തു് പ്രയോജനം?
ദൈവവചനങ്ങള്‍!!!
Oct 31, 2014, 10:28 AM
സ്ത്രീയോ പുരുഷനോ ആയതിന്റെ പേരില്‍ മനുഷ്യര്‍ക്കു് അവഗണനയോ മുന്‍ഗണനയോ ലഭിക്കുന്നതു് അംഗീകരിക്കാനാവുന്ന കാര്യമല്ല. വിദ്യാഭ്യാസം, തൊഴിലവസരം മുതലായ, മനുഷ്യനു് സ്വയംപര്യാപ്തമാവാന്‍ ആവശ്യമായ എല്ലാ മേഖലകളിലും ലിംഗഭേദം ഒരു തടസ്സമാവാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ടു്. പക്ഷേ, സ്ത്രീസമത്വത്തിനുവേണ്ടി പോരാടുന്നവര്‍ എന്നു് സ്വയം വിശേഷിപ്പിക്കുന്ന ചില ന്യൂറോട്ടിക്കുകള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതു് കാണുമ്പോള്‍ “എല്ലാരും കളിക്കണെ കളി പഠിക്കാന്‍, കോരപ്പന്‍ കളിക്കണെ കൊതം കടിക്കാന്‍” എന്നൊരു നാടന്‍ പ്രയോഗമാണു് ഓര്‍മ്മ വരുന്നതു്. കോരപ്പനല്ല, ഇനി കോരമ്മ കളിച്ചാലും ഫലം മറ്റൊന്നല്ല എന്നു് മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റ് യുഗം വരെ കാത്തിരിക്കേണ്ടിവന്നു. ചൊല്ലുകള്‍ക്കും കോഡുകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്ത ഒരു നാടായിരുന്നല്ലോ പണ്ടുമുതലേ കേരളം. “തീട്ടം തിന്നുന്ന പട്ടിയെ വളിവിട്ടു് തോല്പിക്കാനാവുമോ?” എന്നൊരു കിടിലന്‍ ചോദ്യം അതിലൊന്നാണു്. അതു് കേട്ടിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല അമേധ്യം ഭുജിക്കുക മാത്രമല്ല, അതിന്റെ സെല്‍ഫി എടുത്തു് ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്യുകകൂടി ചെയ്യുന്ന ഇനങ്ങളെ വളിവിട്ടു് തോല്പിക്കാമെന്ന ധാരണ ചില ശിങ്കങ്ങള്‍ പുലര്‍ത്തുന്നതു്. “വാശിക്കു് വളിവിട്ടാല്‍ കൊതം പുണ്ണാവും” എന്ന മറ്റൊരു ചൊല്ലും ഊട്ടുപുരകളിലെ കലാസാഹിത്യവ്യായാമങ്ങളിലൂടെ മല്ലുക്കള്‍ കണ്ടുപിടിച്ചിട്ടുണ്ടു് എന്നോര്‍ത്താല്‍ അവര്‍ക്കു് നന്നു്.
Oct 31, 2014, 12:32 PM
“My nose tip is the end of the world”.
June July August 2014
Aug 23, 2014, 11:28 AM
എക്കാലവും മനുഷ്യര്‍, പ്രത്യേകിച്ചും പുരുഷന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടു്. ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ എന്തുകൊണ്ടു് മുന്നിലാവുന്നു എന്നതിനു് പല കാരണങ്ങള്‍ കണ്ടെത്താനാവുമെങ്കിലും, അതില്‍ പ്രധാനപ്പെട്ടതു് ഈ രണ്ടു് വര്‍ഗ്ഗങ്ങളുടെയും സ്വഭാവത്തില്‍ അധിഷ്ഠിതമായതാവാനാണു് സാദ്ധ്യത എന്നു് തോന്നുന്നു. കൂടാതെ, മറവിലെ ഒളിവില്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്കു് കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യവുമല്ലല്ലോ.
ഏതായാലും, ആദാമിന്റെ സൃഷ്ടിക്കുശേഷം മനുഷ്യവര്‍ഗ്ഗം പുരുഷവര്‍ഗ്ഗമായിത്തന്നെ തുടര്‍ന്നാല്‍ മതിയെന്നു് ദൈവം തീരുമാനിക്കുകയും, അതിനു് അനുയോജ്യമായ ഏതെങ്കിലുമൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ പദ്ധതി ഭൂമിയില്‍ നിലവില്‍ വരുത്തുകയും ചെയ്തിരുന്നെങ്കില്‍, അതായതു് സ്ത്രീവര്‍ഗ്ഗത്തിന്റെ അസാന്നിദ്ധ്യത്തില്‍, പുരുഷന്മാര്‍ക്കു് ലഹരിപദാര്‍ത്ഥങ്ങളോടു് ഇത്രയേറെ ആഭിമുഖ്യം തോന്നുമായിരുന്നോ എന്നതു് ന്യായമായും സംശയിക്കേണ്ട ഒരു കാര്യമാണു്. പുരുഷന്‍ ഏകനായിരിക്കുന്ന അവസ്ഥ ഒഴിവാക്കാനായിട്ടാണു് ദൈവം സ്ത്രീയെ സൃഷ്ടിച്ചതു്. പക്ഷേ, ദൈവം മറ്റു് പലതുമാണെങ്കിലും, ഒരു നല്ല സൈക്കോളജിസ്റ്റ് അല്ലാത്തതിനാല്‍, ഏകനായതും അല്ലാത്തതുമായ പുരുഷന്റെ മാനസികാവസ്ഥകളെ വിലയിരുത്തുന്നതില്‍ അങ്ങേര്‍ക്കു് മായം ചേര്‍ക്കാത്ത അബദ്ധം പിണഞ്ഞു. അങ്ങനെ ദൈവം നിര്‍ബന്ധിച്ചു് പെണ്ണുകെട്ടിച്ചു് ആദാമിനെ ഒരു ഊരാക്കുടുക്കില്‍ ആക്കി എന്നു് പറഞ്ഞാല്‍ മതി. ഏകനല്ലാത്ത അവസ്ഥയില്‍ തടവിലാക്കപ്പെട്ട അവന്‍ താല്‍കാലികമായെങ്കിലും അതില്‍ നിന്നും മോചനം നേടാനാവണം അന്നുമുതല്‍ ഇന്നുവരെ ലഹരിയില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നതു്. പ്രകൃതിയില്‍ ലഭ്യമായ ഇലയും പുല്ലും കായും കനികളുമെല്ലാം പച്ചക്കു് ചവച്ചോ, ഉണക്കി പുകച്ചോ, പൊടിച്ചു് മൂക്കിലൂടെ വലിച്ചോ, അരച്ചുകലക്കി സാദ്ധ്യവും അസാദ്ധ്യവുമായ ശരീരഭാഗങ്ങളില്‍ വാരിത്തേച്ചോ, പലപ്പോഴും ജീവന്‍ വരെ ബലികഴിച്ചു്, അവന്‍ ദൈവത്തിനു് സംഭവിച്ച ഒരു വലിയ പിഴവിനു് നിത്യേനയെന്നോണം പരിഹാരം തേടിക്കൊണ്ടിരിക്കുന്നു. ബലി, അതും മനുഷ്യക്കുരുതി, ദൈവങ്ങള്‍ക്കു് അന്നും ഇന്നും വളരെ ഇഷ്ടമുള്ള ഒരു കലാപരിപാടിയുമാണു്.
ഏഷ്യ, ആഫ്രിക്ക, അറേബ്യ, തെക്കേ അമേരിക്ക, … അങ്ങനെ ലോകത്തില്‍ എവിടെ ജനിക്കാനും ജീവിക്കാനുമാണോ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നതു്, അതിനനുസരിച്ചു് പുകയില, കഞ്ചാവു്, കറുപ്പു്, ഖറ്റ് (khat), കൊക്കയില, കള്ളു് മുതലായവയിലെല്ലാം തനിക്കു് ആശ്വാസമുണ്ടു് എന്നവന്‍ പണ്ടേതന്നെ കണ്ടെത്തിയിട്ടുണ്ടു്. ജന്മനാ പരീക്ഷണകുതുകി ആയതിനാല്‍ ചില പൊടിക്കൈകളൊക്കെ ചെയ്തുനോക്കി ലഹരിയുടെ അളവും ക്വാളിറ്റിയും വര്‍ദ്ധിപ്പിക്കാനും ഇതിനോടകം അവനു് കഴിഞ്ഞിട്ടുണ്ടു്. ആ ഇനത്തില്‍ പെടുന്ന ചാരായം, വൈന്‍, ബിയര്‍, ബ്രാണ്ടി, വിസ്കി തുടങ്ങിയവ പൊതുവേ “spirits” എന്നാണു് അറിയപ്പെടുന്നതു് എന്നകാര്യം മാത്രം ചിന്തിച്ചാല്‍ മതി, മനുഷ്യനെ ഈ ഗതികേടില്‍ എത്തിച്ചതിനു് ദൈവത്തിനും അങ്ങേരുടെ “holy spirit”-നും എത്രമാത്രം പങ്കുണ്ടെന്നു് മനസ്സിലാക്കാന്‍.
ഗുണപാഠം: തനിക്കു് വേണ്ടതെന്തെന്നു് സ്വയം തീരുമാനിക്കാന്‍ പ്രാപ്തിയുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കുകയാണു്, അല്ലാതെ വയ്ക്കോല്‍പ്പൊട്ടന്മാരായ കുറെ ഗോത്രമൂപ്പന്മാര്‍ക്കു് ശരിയെന്നു് തോന്നുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി ജനങ്ങളുടെ മേല്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയല്ല ആല്‍ക്കഹോള്‍ അബ്യൂസ് പോലുള്ള സാമൂഹികപ്രശ്നങ്ങളുടെ പരിഹാരം. അതുപോലുള്ള നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ രാജ്യങ്ങളിലും അവ പരാജയപ്പെട്ടിട്ടുണ്ടു്. അതൊരു പരാജയമായിരുന്നു എന്നു് തിരിച്ചറിയാനും അംഗീകരിക്കാനും മാത്രം മാനസികവളര്‍ച്ച നേടിയിട്ടുള്ള രാജ്യങ്ങള്‍ അത്തരം തീരുമാനങ്ങള്‍ അനുയോജ്യമായ രീതിയില്‍ തിരുത്തിയിട്ടുമുണ്ടു്.
Jul 28, 2014, 8:27 PM
നാലു് രാജ്യങ്ങളിലൂടെ (ജര്‍മ്മനി, ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ) 4658 കിലോമീറ്റര്‍ യാത്ര ചെയ്തു് ഇന്നലെ നോര്‍ത്ത് കെയ്പ്പില്‍ എത്തി. നാളെ മടക്കയാത്ര (ഫിന്‍ലാന്‍ഡ്, എസ്റ്റോണിയ, ലാറ്റ്‌വിയ, ലിത്വേനിയ, പോളണ്ഡ്, ജര്‍മ്മനി). സെപ്റ്റംബര്‍ അവസാനം വീട്ടിലെത്തണമെന്ന കണക്കുകൂട്ടല്‍. ഇന്നലെ രാത്രി പത്തുമണിയോടെ എവിടെനിന്നെന്നറിയാതെ പെട്ടെന്നു് മൂടല്‍ മഞ്ഞു് വ്യാപിച്ചതിനാല്‍ പാതിരാസൂര്യനെ കാണാന്‍ കഴിഞ്ഞില്ല. ഇന്നാണെങ്കില്‍ രാവിലെ മുതല്‍ മുഴുവന്‍ സമയവും മൂടല്‍മഞ്ഞു്. അതിനാല്‍, ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു പനോരാമ ഫിലിമിലൂടെ (120°-യില്‍) പാതിരാസൂര്യനെ കണ്ടു് തൃപ്തിപ്പെട്ടു. കൂടാതെ ഇവിടത്തെ നാലു് സീസണുകളും ചുറ്റുപാടുകളുമെല്ലാം വളരെ മനോഹരമായി അതില്‍ ചിത്രീകരിച്ചിട്ടുണ്ടു്.
യാത്ര ഒറ്റയ്ക്കായതിനാല്‍ എനിക്കു് ഇതുവരെ സമാധാനക്കുറവൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ലോകസമാധാനത്തിനുവേണ്ടി തമ്മിലടിച്ചുകൊണ്ടിരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വഴിയില്‍ അധികം ശ്രദ്ധ പതിപ്പിക്കാതെ കഴിക്കാമായിരുന്നല്ലോ എന്നു് തോന്നാതെയുമിരുന്നില്ല. കയറ്റവും ഇറക്കവും അവയിലെ വളവുകളും തിരിവുകളുമെല്ലാം മാറിമാറി വരുന്ന എത്രയോ ചുരങ്ങളും, എട്ടു് മീറ്റര്‍ മുതല്‍ എട്ടു് കിലോമീറ്റര്‍ വരെ നീളമുള്ള ഒട്ടനവധി ടണലുകളും, കണ്‍സ്റ്റ്റക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന, അന്‍പതും മുപ്പതുമൊക്കെ മാത്രം വേഗത അനുവദിച്ചിട്ടുള്ള, കിലോമീറ്റര്‍ നീളം വരുന്ന റോഡുകളും, അതൊന്നും പോരാഞ്ഞിട്ടെന്നപോലെ ചില ദിവസങ്ങളില്‍ പ്രകൃതി കാഴ്ച വയ്ക്കുന്ന മൂടല്‍മഞ്ഞും താണ്ടിയുള്ള ഒരു ദീര്‍ഘയാത്രയില്‍ അതുപോലൊരു താര്‍ക്കികവ്യായാമം ഉപകാരപ്രദമല്ലാതിരിക്കുമോ?
Jun 12, 2014, 11:18 AM
ഞാന്‍ ഈ സമ്മറില്‍ ആദ്യം Benelux രാജ്യങ്ങളിലൂടെയും പിന്നീടു് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയുമായി ഏകദേശം മൂന്നു് മാസങ്ങളോളം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതിന്റെ ആസൂത്രണത്തിനും മറ്റുമായി കഴിഞ്ഞ മൂന്നാഴ്ച ചിലവഴിക്കേണ്ടിവന്നു. യാത്ര അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. സോഷ്യല്‍ മീഡിയകളിലെ എഴുത്തുകള്‍ നിര്‍ത്തിയോ എന്നു് ചോദിച്ചുകൊണ്ടുള്ള ചില മെയിലുകള്‍ കിട്ടി. അതുകൊണ്ടു് ഇതു് പറയണമെന്നു് തോന്നി.
March 2014
Mar 1, 2014, 3:58 PM
കേള്‍ക്കുന്നതെന്തായാലും കഴിയുമെങ്കില്‍ അതിനെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെടുത്തുക എന്നതു് ഭാരതീയന്റെ സഹജവാസനയാണു്. ലോകത്തിലെ അത്ഭുതകരമായ മനോഹാരിതകള്‍ കാണുമ്പോള്‍, അവ പ്രകൃതിസഹജമായാലും മനുഷ്യനിര്‍മ്മിതമായാലും, അതിലെല്ലാം ഈശ്വരനെ ദര്‍ശിച്ചില്ലെങ്കില്‍ അവനൊരു സ്വസ്ഥതയില്ല. മറ്റൊരു ചര്‍മ്മം ആയാലെന്നപോലെ ആത്മീയത അവന്റെ സന്തതസഹചാരിയായതുകൊണ്ടാവാം ഏതു് ഭക്തിപ്രസ്ഥാനത്തിലും ചെന്നു് തലവയ്ക്കാന്‍ അവനു് യാതൊരുവിധ മടിയുമില്ലാത്തതു്. ഭക്തിജ്വരം ബാധിച്ചാല്‍ പിന്നെ സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപ്പോലെ ആയിരിക്കും അവന്റെ പെരുമാറ്റം. എത്ര റീസണബിള്‍ ആയ വസ്തുതകള്‍ നിരത്തിയാലും ആ പെരുമാറ്റത്തിന്റെ അര്‍ത്ഥശൂന്യത അവനു് ബോദ്ധ്യപ്പെടില്ല. ഉദാഹരണത്തിനു്, കൈയിലെ രേഖകള്‍ നോക്കി ഭാവി പ്രവചിക്കാന്‍ ഒരു കാക്കാത്തിക്കു് കഴിയുമെന്ന അവന്റെ “ഉത്തമവിശ്വാസം” തെറ്റാണെന്നു്, പ്രവചിക്കാനാവുന്നതല്ല ഭാവി എന്ന സത്യത്തിന്റെ വെളിച്ചത്തില്‍, മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരുവനെ അവന്‍ നേരിടുന്നതു്, കാക്കാത്തി എന്ന ജാതിയെ മൊത്തമായി അവന്‍ അവഹേളിച്ചു എന്ന പരാതിയുമായിട്ടായിരിക്കും. ആറ്റ്രിബ്യൂട്ട് സബ്സ്റ്റിറ്റ്യൂഷന്‍ എന്ന ഈ വജ്രായുധം ഇല്ലായിരുന്നെങ്കില്‍ എല്ലാത്തരം വിശ്വാസിവര്‍ഗ്ഗങ്ങളും പണ്ടേതന്നെ ഭൂമുഖത്തുനിന്നും എന്നേക്കുമായി അപ്രത്യക്ഷമായേനെ. മനുഷ്യരെ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും തരം തിരിച്ചു്, ഓരോരുത്തരും ലോകാവസാനത്തോളം അവരവര്‍ക്കു് ഈശ്വരന്‍ (എന്ന്വച്ചാല്‍, ഈ “ഞങ്ങള്‍”, അഥവാ മേലാളര്‍, നേതാക്കള്‍, പ്രമാണങ്ങളുടെ കാവല്‍ക്കാരായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രമാണിമാര്‍ തുടങ്ങിയ ജനുസ്സുകള്‍) വിധിച്ചിട്ടുള്ള തൊഴിലുകള്‍ മാത്രമേ ചെയ്യാവൂ എന്നും മറ്റും എഴുതിവച്ചിരിക്കുന്ന നീതിശാസ്ത്രത്തിന്റെ സംരക്ഷകര്‍ കൂടിയായിരിക്കും കൈനോട്ടക്കാരിയുടെ ജാതി പരാമര്‍ശിച്ചു എന്ന പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇവരില്‍ അധികപങ്കും എന്നതാണു് ഇതിലെ രസകരമായ വിരോധാഭാസം.
ഒരുവന്‍/ഒരുവള്‍ ഏതെങ്കിലും ഒരു ജാതിയിലെയോ, മതത്തിലെയോ, പ്രത്യയശാസ്ത്രപരമായ ഒരു വിശ്വാസത്തിലെയോ അംഗമാണെന്നതിന്റെ പേരില്‍ അവന്റെ/അവളുടെ എല്ലാ കുറ്റകൃത്യങ്ങളും ഒഴിവാക്കപ്പെടുകയോ നീതീകരിക്കപ്പെടുകയോ ചെയ്യാമെന്നു് വന്നാല്‍ ആ സമൂഹത്തെ ഒരു നിയമരാഷ്ട്രം എന്നു് വിളിക്കാനാവുമോ? അതുപോലുള്ള ഏതെങ്കിലുമൊരു കൂട്ടത്തില്‍ ചേര്‍ന്നാല്‍ താന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ന്യായീകരിക്കപ്പെടുമെന്നും, താന്‍ സംരക്ഷിക്കപ്പെടുമെന്നുമുള്ള തോന്നല്‍ ഉളവാക്കുന്നിടത്തേക്കു് ക്രിമിനല്‍ പ്രവണതയുള്ളവര്‍ ഓടിക്കൂടുമെന്ന കാര്യത്തില്‍ സംശയം വേണോ? അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കുറ്റം ആ കൂട്ടത്തിന്റേതല്ലാതെ മറ്റാരുടേതാണു്? ജനാധിപത്യപരമായാണു് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു് പ്രഖ്യാപിക്കാനുള്ള എന്തു് അവകാശമാണു് അതുപോലൊരു കൂട്ടത്തിനുള്ളതു്? തെറ്റിനെ തെറ്റായും, ശരിയെ ശരിയായും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തു് ജനാധിപത്യം? തെറ്റു്, ശരി എന്നതൊക്കെ സ്വാഭാവികമായും ആപേക്ഷികമാണു്. പക്ഷേ, നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത, മൗലികമായ ചില അവകാശങ്ങള്‍ മാനവരാശി ഇതിനോടകം വളര്‍ത്തിയെടുത്തിട്ടുണ്ടു്. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അര്‍ഹതപ്പെട്ടതും ഒരു ജനാധിപത്യത്തിനു് കയ്യൊഴിയാനാവാത്തതുമായ ചില മനുഷ്യാവകാശങ്ങള്‍.
ദൈവം ചൊല്ലിക്കൊടുത്തതെന്ന പേരില്‍ കുറെ കെട്ടുകഥകള്‍ ചൊല്ലിപ്പഠിപ്പിച്ചു്, അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ തൊടാനും തീണ്ടാനും പാടില്ലാത്ത ജാതികളും വര്‍ണ്ണങ്ങളുമായി വേര്‍തിരിച്ച ഭാരതീയദര്‍ശനം! മനുഷ്യരെ ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നും തരം തിരിച്ചപോലെതന്നെ, മനുഷ്യരുടെ തൊഴിലുകളെയും ഉയര്‍ന്നതെന്നും താഴ്ന്നതെന്നും തരം തിരിച്ച ഉന്നതമായ മാനവസംസ്കാരം! ലജ്ജിക്കാനല്ലാതെ, ഭാരതീയനു് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നല്ല അതു്. കഴിഞ്ഞതു് കഴിഞ്ഞു. പക്ഷേ, ഇന്നും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നുകില്‍ ആ പുരാതന കാലഘട്ടത്തിലെ മനസ്സുമായി ജീവിക്കുന്ന പ്രാകൃതരാണു്, അല്ലെങ്കില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതുശത്രുക്കളാണു്. അതുപോലൊരു സമൂഹത്തില്‍നിന്നും “താഴ്ന്ന” മനുഷ്യരെയും “താഴ്ന്ന” തൊഴിലുകളെയും പകര്‍ച്ചവ്യാധി ആയാലെന്നപോലെ വെറുക്കുകയും അതേസമയംതന്നെ തൊഴിലാളിസ്നേഹവും ദളിത് സ്നേഹവും വാതോരാതെ പ്രസംഗിക്കുകയും, ജാതിവ്യവസ്ഥയെ അപലപിക്കുകയും ചെയ്യുന്ന ആത്മവഞ്ചകരല്ലാതെ മനുഷ്യസ്നേഹികള്‍ ഉണ്ടായാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?
സമസ്തലോകത്തിനും സുഖമായി അസുഖമൊന്നുമില്ലാതെ വസിക്കാന്‍ കഴിയണമെങ്കില്‍ ഇരിക്കുന്നതിനും കിടക്കുന്നതിനും, തുപ്പുന്നതിനും തുമ്മുന്നതിനുമൊക്കെ മുന്‍പും പിന്‍പും മനുഷ്യന്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു് വളരെ ശാസ്ത്രീയമായി ഗണിച്ചെടുക്കാന്‍ ഒരുവന്‍ തീരുമാനിക്കണമെങ്കില്‍, അവന്റെ പിരി എത്രമാത്രം ലൂസായിരിക്കണം എന്നു് ചിന്തിച്ചാല്‍ മതി. തല ഏതു് ദിക്കിലേക്കു് തിരിച്ചുവച്ചുകൊണ്ടുവേണം ഉറങ്ങാന്‍, കാലുകള്‍ ഏതു് ദിശയില്‍ തിരിച്ചുവേണം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ എന്നുതുടങ്ങി, ജീവിതത്തില്‍ പുറകോട്ടു് മാത്രം നടക്കാന്‍ അനുവാദമുള്ള സന്ദര്‍ഭങ്ങള്‍ വരെ ദിവ്യദൃഷ്ടിയിലൂടെ കണ്ടെത്തിയ കുറെ ആസാമികളെ ഒരു മറുചോദ്യവുമില്ലാതെ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാന്‍ കോടിക്കണക്കിനു് ആളുകള്‍ തയ്യാറാവണമെങ്കില്‍ അവരുടെ തലയില്‍ ചളിയില്‍ കുതിര്‍ത്തിയ ചകിരിയല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിരിക്കുമോ? മനുഷ്യക്കഴുത്തില്‍ ആനത്തല തുന്നിച്ചേര്‍ക്കല്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വരെയുള്ള വൈദ്യശാസ്ത്രപരമായ സാങ്കേതികത്വങ്ങള്‍ പുരാതനകാലം മുതലേ ഭാരതീയന്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്തിരുന്ന എണ്ണമറ്റ ഫാകല്‍റ്റികളില്‍ ചിലതു് മാത്രമാണു്. കാണുന്നതും കാണാത്തതുമെല്ലാം ദൈവമാണെന്നു് കരുതുക, ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കുക, ഒഴിവുസമയത്തു് കാമസൂത്രങ്ങള്‍ എഴുതിയുണ്ടാക്കുക തുടങ്ങിയ ചില ഏര്‍പ്പാടുകള്‍ ഒഴിവാക്കിയാല്‍, ആള്‍ മിക്കവാറും എപ്പോഴും കഞ്ചാവടിച്ച സ്വാമിമാരെപ്പോലെ നന്മതിന്മകള്‍ക്കപ്പുറത്തു് സ്വപ്നാടനത്തിലായിരിക്കും. പക്ഷേ, കാമസൂത്രത്തിന്റെ സ്വാധീനം മൂലമാവാം, ഏതവസ്ഥയിലായാലും പെണ്ണെന്നു് കേട്ടാല്‍ അവന്‍ വെകിളി പിടിക്കും, ജാഗ്രതയുടെ ആള്‍രൂപമായി മാറും. അല്ലെങ്കില്‍ത്തന്നെ ലിംഗത്തിനോടു് പണ്ടുമുതലേ ഒരുതരം വൈകാരികബന്ധം ഉള്ളവനാണു് ഭാരതീയന്‍. ഒരിക്കല്‍ മുന്‍കോപിയായ ഒരു ദൈവം ഏതോ ദ്വേഷ്യത്തിന്റെ പേരില്‍ തന്റെ ലിംഗം ചെത്തിയെറിയുന്നതു് കണ്ടതുമുതല്‍, ആ ലിംഗം തോന്നിയിടത്തെല്ലാം കൊണ്ടുപോയി കോപ്പി-പേസ്റ്റ് ചെയ്തു് ആ ദൈവത്തെ ലോകമായ ലോകം മുഴുവന്‍ നാറ്റിച്ചുകൊണ്ടിരിക്കുന്നവനാണു് പാര്‍ട്ടി. പ്രസവമെടുക്കുമ്പോള്‍ മറുപിള്ള ഒരിക്കലും ഒരു ഭാരതീയഭക്തന്റെ കയ്യില്‍ അകപ്പെടാതിരിക്കാന്‍ വയറ്റാട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതു് അതിനുശേഷമാവണം. ലോകം മുഴുവന്‍ മറുപിള്ളക്ഷേത്രങ്ങള്‍കൊണ്ടു് നിറയരുതല്ലോ.
Mar 5, 2014, 11:12 AM
Theory-induced Blindness:
“Once you have accepted a theory and used it as a tool in your thinking, it is extraordinarily difficult to notice its flaws. If you come upon an observation that does not seem to fit the model, you assume that there must be a perfectly good explanation that you are somehow missing. You give the theory the benefit of the doubt, trusting the community of experts who have accepted it.” – Daniel Kahneman, an Israeli-American psychologist and winner of the 2002 Nobel Memorial Prize in Economic Sciences.
Mar 6, 2014, 12:03 PM
പ്രായപൂര്‍ത്തിയാകാത്തവരും മാനസികരോഗികളുമെല്ലാം കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവര്‍ക്കു് ശിക്ഷയില്‍ ഇളവു് നല്‍കുക, ചികിത്സക്കു് വിധേയമാക്കുക തുടങ്ങിയ നടപടികള്‍ പല രാജ്യങ്ങളും നിയമാനുസൃതം സ്വീകരിച്ചു് കാണാറുണ്ടു്. അല്ലാത്തവര്‍ക്കു് അത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. കേരളത്തില്‍ പക്ഷേ, ബോധപൂര്‍വ്വം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കു്, അവര്‍ സമൂഹത്തില്‍ “നിലയും വിലയും” ഉള്ളവരാണെങ്കില്‍, ശിക്ഷയല്ല സംരക്ഷണമാണു് ലഭിക്കാറുള്ളതു്. അതിനുവേണ്ടി മുറവിളി കൂട്ടാന്‍ അവരുടെ വേണ്ടപ്പെട്ടവര്‍ക്കു് മടിയുമില്ല. ആ സ്ഥിതിക്കു് കേരളത്തെ ഒരു ഭ്രാന്തായലം എന്നു് വിളിക്കുന്നതു്, എന്റെ അഭിപ്രായത്തില്‍, പാവം മാനസികരോഗികളോടു് ചെയ്യുന്ന ഒരു അനീതി ആയിരിക്കും. “കേരളം, ക്രിമിനലുകള്‍ക്കു് ഒരു ആലയം” എന്ന മുദ്രാവാക്യമാവും കൂടുതല്‍ അനുയോജ്യം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംരക്ഷണവും ആലയവും ലഭിച്ചതിന്റെ പേരില്‍ ക്രിമിനലുകള്‍ക്കു് അഭിമാനിക്കുകയും ചെയ്യാം.
പ്രായപൂര്‍ത്തിയായവര്‍ പ്രായപൂര്‍ത്തിയാകാത്തവരോടു് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കു് മൈനറുകള്‍ കുറ്റക്കാരാക്കപ്പെടുന്നതുപോലും കേരളത്തില്‍ അപൂര്‍വ്വമല്ല. വര്‍ഷക്കണക്കനുസരിച്ചു് പ്രായപൂര്‍ത്തി ആയെങ്കിലും മാനസികമായി പ്രായപൂര്‍ത്തി ആവാത്ത ധാരാളം കേരളീയര്‍ ഉണ്ടെന്ന വസ്തുതയും മറക്കുന്നില്ല. മേലാളര്‍ പറഞ്ഞാല്‍ എന്തും വിശ്വസിക്കുന്നവരാണവര്‍. ഏതൊരു കാര്യത്തിലും തലൈവരുടെ അഭിപ്രായം എന്തെന്നറിഞ്ഞശേഷം ആ അഭിപ്രായം മെഗഫോണുകളെപ്പോലെ ലോകം മുഴുവന്‍ വിളിച്ചു് പറയാനായി കാത്തിരിക്കുന്നവര്‍. ഈ ആശ്രിതത്വം തങ്ങള്‍ പ്രായപൂര്‍ത്തിയായ മനുഷ്യരാണെന്നു് ചിന്തിക്കാനുള്ള അവരുടെ മടിയില്‍ നിന്നും വരുന്നതാവാനേ വഴിയുള്ളു എന്നാണു് എനിക്കു് തോന്നുന്നതു്. കേരളസമൂഹത്തിന്റെ അധികം പഴക്കമില്ലാത്ത ഭൂതകാലത്തില്‍ പെണ്‍കുട്ടികള്‍ വയസ്സറിയിച്ചാല്‍ ബന്ധുക്കളായ മുതിര്‍ന്ന കുറെ സ്ത്രീകള്‍ കൂട്ടം കൂടി കുരവയിട്ടു് ആ വിവരം സമീപസ്ഥരായ തത്പരകക്ഷികളെ അറിയിക്കുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. അതുപോലൊരു രീതി വോട്ടവകാശം ലഭിക്കുന്ന പ്രായത്തിലെങ്കിലും പുരുഷന്മാരുടെ കാര്യത്തില്‍ നടപ്പില്‍ വരുത്തിയാല്‍, ഒരുപക്ഷേ അവരിലെ ലജ്ജാബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും ഈ നിത്യപരാധീനതയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞേക്കും.
Mar 10, 2014, 10:19 AM
The Monkey Business Illusion by Daniel Simons
Mar 11, 2014, 11:40 AM
“ഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു”.
സംസ്ഥാനമായാല്‍ ഒരു ഗവര്‍ണര്‍ വേണം. അതാണു് ചട്ടം. ആ സ്ഥിതിക്കു് ആരെയെങ്കിലും പിടിച്ചു് സംസ്ഥാനഗവര്‍ണര്‍ ആക്കുന്നതിലും ഭേദമാണല്ലോ ചേരുംപടി ചേര്‍ക്കുന്നതു്. ഹാസ്യനടീനടന്മാരില്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒന്നുകൂടി ഇരമ്പിയേനെ. കാരണം, വിശപ്പു് മാറിയ ജനത്തിനു് വേണ്ടതു് എന്റര്‍ടെയ്‌ന്‍മെന്റാണു്. അതവര്‍ക്കു് ലഭിക്കുന്നതു് ചാനലുകളില്‍ നിന്നോ, മഠങ്ങളില്‍ നിന്നോ, ദേവാലയങ്ങളില്‍ നിന്നോ, അസംബ്ലിയില്‍ നിന്നോ, മറ്റിടങ്ങളില്‍ നിന്നോ എന്നതൊക്കെ ഓരോരുത്തരുടെ അഭിരുചിയെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണു്.
വന്ദേ മാതരം!
(ഞങ്ങടെ) സത്യമേവ ജയതേ!
Mar 12, 2014, 12:01 PM
1947 ഓഗസ്റ്റ് പതിനഞ്ചിനു് മുന്‍പു് ജനിച്ചവരും, പ്രായപൂര്‍ത്തി ആയതുമുതല്‍ കേന്ദ്രത്തിലെയോ, സംസ്ഥാനങ്ങളിലെയോ രാഷ്ട്രീയകുരുക്ഷേത്രങ്ങളില്‍ അധികാരസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമായ വ്യക്തികള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്ന പക്ഷം അവരുടെ അടയാളം ശവപ്പെട്ടി ആക്കിയാല്‍ ജനങ്ങളില്‍ നിന്നും കൂടുതല്‍ സിമ്പതി ലഭിക്കുകയും വിജയസാദ്ധ്യത കൂടുകയും ചെയ്യും. “പൊന്നിന്‍ കുടത്തിനു് നെറുകന്തലയില്‍ ഒരു സിന്ദൂരപ്പൊട്ടുകൂടി” എന്ന മഹദ്വചനം പോലെ, മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭൂരിപക്ഷസമ്മതിദായകരുടെ ജാതി, മതം, രാഷ്ട്രീയനിലപാടുകള്‍ മുതലായവ തിരിച്ചറിയാന്‍ കഴിയുന്ന അനന്യമായ അടയാളങ്ങള്‍ (സ്വസ്തികചിഹ്നം, അര്‍ദ്ധചന്ദ്രന്‍, കുരിശു്, ഉറുമി, പിക്കാസ്, കൊട്ടോടി തുടങ്ങിയവ) ശവപ്പെട്ടിയുടെ എല്ലാ വശങ്ങളിലും “സവര്‍ണ്ണ” ലിപികളില്‍ എഴുതിപ്പിടിപ്പിക്കുക കൂടി ചെയ്താല്‍ പിന്നെ, ചാനലുകളിലെയും, ഫെയ്സ് ബുക്കിലെയും, ഗൂഗിള്‍ പ്ലസിലെയും മഹാരഥന്മാര്‍ ഒന്നിച്ചു് ശ്രമിച്ചാലും ശരി, തോല്‍വി എന്നൊരു കാര്യത്തെപ്പറ്റി വ്യാകുലപ്പെടേണ്ട യാതൊരാവശ്യവും അവര്‍ക്കുണ്ടാവില്ല.
(അറിയാത്തവര്‍ക്കായി: വിശുദ്ധ ദൈവമാതാവും, നിത്യകന്യകയുമായ മറിയയുടെ സ്വര്‍ഗ്ഗാരോഹണപ്പെരുന്നാള്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ 1947-ല്‍ ആഘോഷിക്കപെട്ടതു് ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു.)
Mar 14, 2014, 10:56 AM
ഭാരതം പോലൊരു മള്‍ട്ടിലിന്‍ഗ്വല്‍ രാജ്യത്തിലെ പാര്‍ലമെന്റില്‍ സുഗമമായ ആശയവിനിമയത്തിനു് ഒരു പൊതുഭാഷയെങ്കിലും ഉണ്ടായിരിക്കുന്നതാണു് ഏറ്റവും നല്ലതു്. സൈമള്‍ട്ടേനിയസ് ട്രാന്‍സ്ലേഷന്‍ ഒരു സാദ്ധ്യതയാണെങ്കിലും അതിനു് അതിന്റേതായ പരിമിതികളുണ്ടു്. അല്ലെങ്കില്‍ത്തന്നെ, ആശയവൈരുദ്ധ്യങ്ങള്‍ മൂലമോ, അംഗസംഖ്യയിലെ കുറവു് മൂലമോ അധികമാരും ചെവി കൊടുക്കാന്‍ തയ്യാറാവാത്ത പാര്‍ട്ടികളിലെ അംഗങ്ങള്‍ പൊല്ലാപ്പു് ഒഴിവാക്കാനായി തങ്ങളുടെ കാലാവധി “ഇരുന്നു് തീര്‍ക്കാന്‍” തീരുമാനിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. “പാമ്പു് തന്നു, ഞാന്‍ തിന്നു” എന്നു് പണ്ടു് ഹവ്വ പറഞ്ഞപോലെ, “പാര്‍ട്ടി പറഞ്ഞു, ഞാന്‍ നിന്നു” എന്ന രീതിയില്‍ പാര്‍ലമെന്റില്‍ എത്തുന്നവരുടെ കാര്യത്തില്‍ മിക്കവാറും ഇതാവും അവസ്ഥ.
ഇതൊക്കെ ഇവിടെ പറയുന്നതു്, ഇത്തരത്തില്‍പ്പെട്ടവര്‍ കഷ്ടകാലത്തിനു് എലക്ഷന്‍ ജയിക്കുകയും ഇന്ദ്രപ്രസ്ഥത്തിലേക്കു് ചേക്കേറേണ്ടി വരികയും ചെയ്യുന്ന പക്ഷം, പാക്കിങ്ങിന്റെ തിരക്കില്‍ മറന്നുപോകാതെ, മാര്‍ദ്ദവമുള്ള ഒരു “കുഷ്യന്‍” കൂടി കൂടെ കരുതുന്നതു് നന്നായിരിക്കുമെന്നു് ഓര്‍മ്മിപ്പിക്കാനാണു്. പൊതുജനത്തെപ്പോലെ തറയിലോ, സ്കൂള്‍കുട്ടികളെപ്പോലെ മരപ്പലകയിലോ ഒന്നും ഇരുന്നല്ല, നല്ല മാര്‍ദ്ദവമുള്ള സീറ്റുകളില്‍ ഇരുന്നാണു് പാര്‍ലമെന്റംഗങ്ങള്‍ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതെങ്കിലും, ഇരുന്നയിരിപ്പില്‍ ദീര്‍ഘനേരം ഇരിക്കുന്നതു് ഇല്ലാത്ത അര്‍ശസ്സ് ഉണ്ടാവാനും, ഉള്ളതിനെ പ്രകോപിപ്പിക്കാനും കാരണമാവാം. അതിനാല്‍, ഒരു അഡിഷണല്‍ കുഷ്യന്‍ കൂടെ കരുതുന്നതു്, haemorrhoid-ന്റെ ആക്രമണത്തെ പ്രതിരോധിക്കാനും, നേതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരുവിധ വ്യാകുലതയും ആവശ്യമില്ല എന്നൊരു സന്ദേശം അണികള്‍ക്കു് നല്‍കാനും സഹായിക്കും. അണികള്‍ പൊതുവെ കണ്ണുകാണാത്തവരും കൃമി ബാധിച്ചാലെന്നപോലെ അസ്വസ്ഥരുമാണെന്ന കാര്യം മറ്റാരു് മറന്നാലും നേതാക്കള്‍ മറക്കരുതു്, അതവര്‍ സഹിക്കില്ല. ഇന്ദ്രപ്രസ്ഥത്തില്‍ കുഷ്യന്‍ ലഭിക്കാത്തതുകൊണ്ടല്ല, കേരളകുഷ്യനും ഇന്ദ്രപ്രസ്ഥകുഷ്യനും തമ്മിലുള്ള വ്യത്യാസം, ചോറും ചപ്പാത്തിയും പോലെ ആയി കൂടെന്നില്ല എന്നതിനാലാണു് ഇതുപോലൊരു മുന്‍കരുതല്‍ ആവശ്യമായി വരുന്നതു്. ഭദ്രാസനം, സിംഹാസനം, യോഗാസനം തുടങ്ങിയ ഒട്ടേറെ വ്യത്യാസങ്ങള്‍ ആസനങ്ങള്‍ തമ്മിലുമുണ്ടല്ലോ.
പ്രൈമറി സ്കൂളുകളിലൊക്കെ ടീച്ചേഴ്സ് കുട്ടികളോടു് പറഞ്ഞു് ചെയ്യിക്കാറുള്ളതുപോലെ, സ്പീക്കര്‍ നിശ്ചിത ഇന്റര്‍വലുകളില്‍ സ്റ്റാന്‍ഡ് അപ്പ്, ലെഫ്റ്റ് ടേണ്‍, റൈറ്റ് ടേണ്‍, സിറ്റ് ഡൗണ്‍ എന്നൊക്കെ സാമാജികരോടു് രണ്ടോ മൂന്നോ വട്ടം പറഞ്ഞുചെയ്യിച്ചു് അവര്‍ക്കു് ചോരയോട്ടം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതാണു് എന്നൊരു ഭേദഗതി ഭരണഘടനയില്‍ വരുത്തിയാല്‍ അഡീഷണല്‍ കുഷ്യന്‍ പദ്ധതി നല്ലൊരു പരിധിവരെ ഒഴിവാക്കാവുന്നതാണു്.
Mar 16, 2014, 1:33 PM
കേരളസമൂഹത്തെ പൊതുവെയും യുവജനതയെ പ്രത്യേകിച്ചും തിരുത്താനാവാത്തവിധം ആദ്ധ്യാത്മികവിഡ്ഢികളോ, രാഷ്ട്രീയഗുണ്ടകളോ, ലൈംഗികഞരമ്പുരോഗികളോ (പലപ്പോഴും അതെല്ലാമോ) ആക്കി – ആശയപരമോ വ്യക്തിപരമോ ആയ അവനവന്റെ നിലപാടുകള്‍ക്കു് മൈലേജ് ഉണ്ടാക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍ സ്വന്തം മാതാപിതാക്കളും മക്കളും അടക്കമുള്ള ബന്ധുമിത്രാദികളുടെ മരണത്തെപ്പോലും ആഘോഷമാക്കാന്‍ മടിക്കാത്ത “മിമിക്രി കലാകാരന്മാര്‍” പോലുമാക്കി – മാറ്റിയതില്‍, ജനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സാമൂഹികഘടകം എന്ന നിലയില്‍, കൊമേഴ്സ്യല്‍ മല്ലുസിനിമകള്‍ക്കുള്ള പങ്കു് ഒട്ടും ചെറുതല്ല. ജനങ്ങളില്‍ സദാചാരബോധവും ധാര്‍മ്മികതയും വളര്‍ത്താന്‍ എന്ന വ്യാജേന അവരില്‍ കുത്തിത്തിരുകപ്പെടുന്ന ശാരീരികവും ലൈംഗികവുമായ വയലന്‍സും, ഒളിച്ചു് കടത്തപ്പെടുന്ന ഭക്തിവ്യവസായവും! സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന, ആരാധിക്കപ്പെടുകപോലും ചെയ്യുന്ന, വ്യാജവേഷം ധരിച്ച ഈ സാംസ്കാരിക അപ്പോസ്തലന്മാര്‍ വിളമ്പി വയ്ക്കുന്ന ഇത്തരം കാഷ്ഠങ്ങള്‍ പ്രസാദം പോലെ ഭുജിച്ചു്, സ്വന്തം ജീവിതത്തെക്കുറിച്ചു് യാതൊരു പെഴ്സ്പെക്റ്റീവും ഇല്ലാത്ത പൊങ്ങുതടികളായി മാറിയവരെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടണമെന്നുള്ളവര്‍ക്കു് വളരെ എളുപ്പം വിലയ്ക്കു് വാങ്ങാന്‍ കഴിയും. ഏതൊക്കെയോ ആശയങ്ങള്‍ക്കു് അടിമകളായി മനസ്സാക്ഷി നഷ്ടപ്പെട്ട കൊലപാതകരാഷ്ട്രീയക്കാരും ആള്‍ദൈവങ്ങളും അവരുടെ പിണിയാളുകളുമൊക്കെ ചെയ്യുന്നതും മറ്റൊന്നുമല്ല.
Mar 17, 2014, 5:30 PM
”വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രീയമോ?” എന്ന വിഷയത്തെ സംബന്ധിച്ച ഒരു ഫെയ്സ്ബുക്ക് ചര്‍ച്ചയില്‍ കണ്ട ഒരു പ്രസ്താവനയാണിതു്:
“എന്നാല്‍ ശാസ്ത്രങ്ങളെയും ഭരിക്കുന്ന ശാസ്ത്രമായി, ഭൗതികലോകത്തിന്റെ നിയമങ്ങളെയും ഭരിക്കുന്ന ഒന്നായി വൈരുദ്ധ്യാത്മതയെ പരിഗണിക്കാന്‍ തുടങ്ങുന്നതു ഏംഗല്‍സിന്റെ പ്രകൃതിയുടെ വൈരുദ്ധ്യാല്‍മകത എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ്.”
“എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു, രാജാധിരാജനിതാ എഴുന്നള്ളുന്നു” എന്നും മറ്റും പാടിക്കൊണ്ടു് ചില ക്രിസ്തുമതവിശ്വാസികള്‍ ഒരു മരക്കുരിശുമേന്തി പെരുന്നാള്‍ ദിനങ്ങളില്‍ ജാഥ പോകുന്നതു് കണ്ടിട്ടുണ്ടു്. അവിടെ ആ മരക്കുരിശാണു് രാജാധിരാജന്‍ ആയ യേശുവിന്റെ പ്രതീകം. പ്രതീകങ്ങളുടെ ലോകമാണു് മതങ്ങൾ. കല്ലിനെയോ പല്ലിനെയോ മുടിയെയോ ഡിങ്കനെയോ ഒക്കെ ദൈവമെന്നോ രാജാധിരാജനെന്നോ ഒക്കെ വിളിച്ചു് ആരാധിക്കുക, പ്രദക്ഷിണം വയ്ക്കുക ഇതെല്ലാം ചില ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്ന അവരുടെ മൗലികമായ അവകാശങ്ങളാണു്. അതു് അനുവദിക്കപ്പെട്ടില്ലെങ്കില്‍ കത്തുന്നതു് ആ രാജ്യം മൊത്തമായിരിക്കും. കത്താന്‍ വൈകുന്നവര്‍ എന്നും കത്തിക്കലിന്റെ കാര്യത്തില്‍ മുന്നിലായിരുന്നു. അതിനാല്‍, ഒരു ജനവിഭാഗം “ശാസ്ത്രങ്ങളെയും ഭരിക്കുന്ന ശാസ്ത്രമായി” ഗൗളിശാസ്ത്രത്തെയോ ഹസ്തരേഖാശാസ്ത്രത്തെയോ ഒക്കെ അവരോധിച്ചാല്‍ അതു് ശരിയാണെന്നു് അംഗീകരിക്കുന്നതാണു് ബുദ്ധി. കത്തി വരാനുള്ള കാലതാമസം തന്നെ കാരണം. അതുകൊണ്ടു്, മറുവശം വ്യക്തമാക്കാനൊന്നും നില്‍ക്കാതെ, ഈവക ശാസ്ത്രങ്ങളെ സംബന്ധിച്ചു് എനിക്കൊരു ചുക്കും അറിയില്ല എന്നു് തുടക്കത്തിലേ അങ്ങു് സമ്മതിച്ചാല്‍ അധികം നാറാതെ രക്ഷപെടാം.
ഗൗളിശാസ്ത്രത്തെ സംബന്ധിച്ചു് അധികമാര്‍ക്കും ഒന്നും അറിയാന്‍ കഴിയില്ല എന്നതിനു് ലോജിക്കലായ ഒരു റീസണും അവിടെ കൊടുത്തിട്ടുണ്ടു്. ഇതാണതു്:
“ശാസ്ത്രത്തെ സംബന്ധിച്ച്, ഡയലക്ടിക്സിലെ നിയമങ്ങള്‍ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാനാവാത്തവയാണ്. ഓലപ്പാമ്പെന്നോ പൊട്ടാത്ത ബോംബെന്നോ പറയാം.”
ഭാഗ്യം എന്നേ പറയേണ്ടൂ, കേരളസമൂഹം നേരിടുന്ന അനവധി ഗതികേടുകളില്‍ ഒന്നു് മാത്രമാണിതു്.
Mar 30, 2014, 1:02 PM
എക്കോലൊക്കേഷന്‍
വാവലുകള്‍ക്കു് കറുപ്പും വെളുപ്പുമായി (ചില ഇനങ്ങള്‍ക്കു് അള്‍ട്രാവയലറ്റ് തരംഗങ്ങളും) കാണാനുള്ള ശേഷി ഉണ്ടെങ്കിലും, കൂരിരുട്ടില്‍ നാവിഗേഷനു് വേണ്ടിയും, ഇരപിടിക്കാനായും അവ എക്കോലൊക്കേഷന്‍ ആണു് ഉപയോഗിക്കാറുള്ളതു്. സ്വയം സൃഷ്ടിക്കുന്ന, ഉന്നതഫ്രീക്വന്‍സിയുള്ള ശബ്ദതരംഗങ്ങള്‍ (അള്‍ട്രാസോണിക്) നിരന്തരം പുറത്തേക്കു് അയക്കുകയും, അതിന്റെ പ്രതിദ്ധ്വനികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണു് അവ ഇതു് സാദ്ധ്യമാക്കുന്നതു്. വാവലുകളുടെ അഭിപ്രായം എന്തായാലും, മനുഷ്യരെ സംബന്ധിച്ചു്, ഫ്രീക്വന്‍സികളില്‍ വ്യത്യാസമുണ്ടാവാം എന്നതില്‍ കൂടിയ ഒരു അര്‍ത്ഥവ്യാപ്തി ആ തരംഗങ്ങള്‍ക്കു് നല്‍കേണ്ടതുണ്ടെന്നു് തോന്നുന്നില്ല.
ലോകത്തെ കറുപ്പും വെളുപ്പുമായി കാണുന്ന രീതി മനുഷ്യരിലും അത്ര അപൂര്‍വ്വമല്ല. ബ്രാഹ്മണന്‍ – ചണ്ഡാലന്‍, മുതലാളി-തൊഴിലാളി, സ്വദേശി-പരദേശി, ആണു്-പെണ്ണു്, അങ്ങനെ എത്രയോ ദ്വന്ദ്വങ്ങള്‍. അതുപോലെതന്നെ, അള്‍ട്രാവയലറ്റ് തരംഗങ്ങളെ കാണാന്‍ ചില ഇനം വാവലുകള്‍ക്കുള്ളതുപോലെ അസാധാരണശേഷിയുള്ള ചില മനുഷ്യരുമുണ്ടു്, പ്രത്യേകിച്ചും ഭാരതത്തില്‍. ഇവരാണു് അതീന്ദ്രിയജ്ഞാനികള്‍ എന്നു് അറിയപ്പെടുന്നവര്‍. മനുഷ്യരും വാവലുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ആദ്യത്തേതു് പകലും (രാത്രിയില്‍ ഇരയെ കൊല്ലാന്‍ വടിവാളുമായി ഇറങ്ങുന്ന ചില അപൂര്‍വ്വജന്മങ്ങളെ ഇവിടെ ഒഴിവാക്കുന്നു), രണ്ടാമത്തേതു് രാത്രിയിലും സജീവമായ ജീവികളാണു് എന്നതാണു്. ഗുഹകള്‍, പാറകളുടെ വിടവുകള്‍ മുതലായ ഇരുണ്ട സ്ഥലങ്ങളില്‍ തലകീഴായി ഉറങ്ങുന്ന വാവലുകള്‍ രാത്രിയാവുമ്പോള്‍ എക്കോലൊക്കേഷന്‍ തന്ത്രം ഉപയോഗിച്ചു് ഇരതേടാനായി ഇറങ്ങും. മനുഷ്യര്‍ അതിനായി ഇറങ്ങുന്നതു് പൊതുവേ പകല്‍ സമയത്താണു്. ക്രമീകൃതമായ ജോലികള്‍ ചെയ്യുന്ന മനുഷ്യര്‍ക്കു് പ്രത്യേകമായ ഒരു “എക്കോലൊക്കേഷന്റെ” ആവശ്യം സാധാരണ വരാറില്ലെങ്കിലും, അവരില്‍ ചിലര്‍ക്കു് അതൊരു നിര്‍ബന്ധം പോലെയാണു് – അതില്ലാതെ ഒരു ഓറിയെന്റേഷന്‍ ഈ ലോകത്തില്‍ അസാദ്ധ്യമായാലെന്നപോലെ. അതിനുവേണ്ടി അവര്‍ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങള്‍ക്കും, വാവലുകളേടേതു് പോലെതന്നെ, കാര്യമായ അര്‍ത്ഥമൊന്നും കല്പിക്കേണ്ടതില്ല. ഓരോരുത്തരുടെ മതപരമോ, രാഷ്ട്രീയമോ ആയ വിശ്വാസപ്രമാണങ്ങള്‍ പഠിപ്പിച്ചിരിക്കുന്നതനുസരിച്ചു് അവയുടെ വോള്യും, ഫ്രീക്വന്‍സി, പീരിയോഡിസിറ്റി എന്നിവയില്‍ മാറ്റമുണ്ടായിരിക്കും എന്നേയുള്ളു. എലക്ഷന്‍, പെരുന്നാളുകള്‍, തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഇവ മൂന്നിലും അസാധാരണമായ വര്‍ദ്ധനവു് അനുഭവപ്പെടും. കാര്യമാക്കേണ്ട കാര്യമൊന്നും അതിലുമില്ല. താന്‍ കൂവുന്നതുകൊണ്ടാണു് നേരം വെളുക്കുന്നതെന്നു് കോഴിപ്പൂവന്മാരും അവകാശപ്പെടാറുണ്ടു്. ജനാധിപത്യത്തില്‍ അവയ്ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടു്. ആവുന്നതു് അവ ചെയ്യുന്നു. ഏതായാലും, “നാടോടുമ്പോള്‍ നടുവേ ഓടണം” എന്നോ മറ്റോ ആണെന്നതിനാല്‍, ഇതിലൊന്നും പെടാത്തവര്‍ക്കും വേണമെങ്കില്‍ വിളിക്കാം: “എക്കോലൊക്കേഷന്‍ കീജേ”!
February 2014
Feb 7, 2014, 2:04 PM
ആഹാരസഹിതമുള്ള കുത്തിയിരുപ്പു്, ആഹാരരഹിതമായ കുത്തിയിരുപ്പു് മുതലായ സമരമുറകള്‍ ഭാരതീയരെ പഠിപ്പിച്ചതു് അവരുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണു്. തന്മൂലം ഓരോരോ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഈ സമരമുറ ഒരു മാതൃകയാക്കിയാല്‍ അതില്‍ തെറ്റു് കാണുന്നതു് ശരിയല്ല. പൈതൃകമായി ലഭിച്ച ഒരു സമ്പത്തു് കാത്തുസൂക്ഷിക്കാനുള്ള ശ്രമം എന്നേ കരുതേണ്ടതുള്ളു. സമൂഹത്തില്‍ ക്രമസമാധാനം നിയമപരിപാലനം മുതലായവയുടെ ചുമതല വഹിക്കേണ്ടുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍, മാറിമാറി അധികാരത്തില്‍ വരുന്ന ഇടതുവലതുകള്‍ അവരുടെ സ്വന്തം ആളുകളെ തിരുകും. അതാണു് ഭാരതീയ ജനാധിപത്യത്തിന്റെ ഒരു രീതി. അതുപോലൊരു സാമൂഹികഘടനയില്‍ ജനങ്ങള്‍ക്കു് നിയമസംരക്ഷണം ലഭിക്കുമോ ഇല്ലയോ, ലഭിച്ചാല്‍ തന്നെ എപ്പോള്‍, ഏതു് നിബന്ധനയില്‍ എന്നതെല്ലാം അവര്‍ ഏതു് പക്ഷത്തു് നില്‍ക്കുന്നവരാണു്, അപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന കക്ഷി ഏതാണു് മുതലായവയെ ആശ്രയിച്ചിരിക്കുന്ന കാര്യമായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുത്തിയിരുപ്പു് ഒരു കാര്‍ഷികരാജ്യത്തില്‍ ഒരു പുതുമയുമല്ല. വിളവിറക്കലിനും വിളവെടുപ്പിനും ഇടയില്‍ ലഭിക്കുന്ന സമയം മുഴുവന്‍ കുത്തിയിരുന്നു് തീര്‍ക്കുന്നവരാണവര്‍. അസൂയ കുശുമ്പു് പരദൂഷണം കൊച്ചുവര്‍ത്തമാനം മുതലായ ഒഴിവുകാല വിനോദങ്ങള്‍ക്കു് ഏറ്റവും പറ്റിയ യോഗാസനമാണു് ഈ കുത്തിയിരുപ്പു്. ചിലര്‍ അതിനെ എക്സാജെറേറ്റ് ചെയ്യാറുണ്ടു്. അവരാണു് ചാകുന്നതുവരെ വല്ല വനത്തിലും പോയി പലതരം ആസനങ്ങളില്‍ ചളുങ്ങിയിരുന്നു് തപസ്സുചെയ്യാന്‍ തീരുമാനിക്കുന്നവര്‍. പത്തുപന്ത്രണ്ടു് വര്‍ഷങ്ങള്‍ വനവാസം അനുഷ്ഠിച്ച ശേഷം തിരിച്ചുവന്നു് യുദ്ധം ചെയ്യാന്‍ തീരുമാനിക്കുന്നവരുമുണ്ടു്. പക്ഷേ, അവര്‍ മറ്റൊരു വിഭാഗത്തില്‍ പെടുന്നവരാണു്. അതുകൊണ്ടു് സമയംകൊല്ലിയായ കുത്തിയിരുപ്പിനെ ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ എന്നു് വിളിച്ചാലും തെറ്റില്ലെന്നു് തോന്നുന്നു. അതിനെ കണ്ടെത്തി ഇംഗ്ലീഷുകാര്‍ക്കെതിരായുള്ള ഒരു സമരമുറ ആക്കിയതാണു് ഗാന്ധിജി കൈവരിച്ച നേട്ടം. ചൂലുപയോഗിച്ചു് ഇംഗ്ലീഷുകാരെ ഓടിക്കാനാവുമെന്ന ചിന്ത ഗാന്ധിജിയെ സംബന്ധിച്ചു് ഒരു തമാശ മാത്രമായിരുന്നിരിക്കാനേ വഴിയുള്ളു. ഭാരതത്തില്‍ രാഷ്ട്രീയം തന്നെ ഒരു തമാശയാണു്. രാഷ്ട്രീയം എന്ന ലേബലില്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ നോക്കിയാല്‍ അതു് മനസ്സിലാവും.
കീഴ്വഴക്കങ്ങളെ ഉപേക്ഷിക്കാത്തവനാണു് ഭാരതീയന്‍. ഗോത്രത്തിലെ പ്രമാണിമാര്‍ കല്പിച്ചാല്‍ അതു് അക്ഷരംപ്രതി അനുസരിക്കുന്നതാണു് അവന്റെ കീഴ്വഴക്കം. അതുകൊണ്ടാണു് കേരളത്തിലെ മണല്‍ മാഫിയക്കെതിരെയുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ന്യൂയോര്‍ക്കിലോ ലണ്ടനിലോ പോയി കുത്തിയിരിക്കണം എന്നു് നാലുപേര്‍ പിരികയറ്റിയാല്‍ ഉടനെ പായും തലയിണയുമായി അങ്ങോട്ടേക്കു് പായാതിരിക്കാന്‍ അവനു് കഴിയാത്തതു്. അല്ലെങ്കില്‍ അതു് തന്റെ പൈതൃകത്തോടു് ചെയ്യുന്ന ഒരപരാധമായിട്ടേ അവനു് തോന്നൂ. പൊതുജനാഭിപ്രായം മാനിച്ചു്, കഴുതപ്പുറത്തു് സഞ്ചരിക്കുന്നതിനു് പകരം കഴുതയെ ചുമന്നുകൊണ്ടു് സഞ്ചരിച്ചവരാണല്ലോ അവന്റെ മാതൃകകള്‍. ആരും അഭിപ്രായമൊന്നും പറയുന്നില്ലെങ്കില്‍ അങ്ങോട്ടു് ചെന്നു് അഭിപ്രായം ചോദിച്ചു് വാങ്ങണം എന്നാണു് അവന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നതു്: “പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ല”.
ഭാരതീയ നീതിബോധത്തില്‍, സമരം തുടങ്ങലായാലും സമരം നിറുത്തലായാലും, പാരിതോഷികമോ പ്രതിഫലമോ വാങ്ങുന്നതായാലും അവ നിഷേധിക്കുന്നതായാലും, അതെല്ലാം തെറ്റോ ശരിയോ എന്നു് നിര്‍ണ്ണയിക്കപ്പെടുന്നതു് അതു് ആരു് ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണെന്നതാണു് കഷ്ടം – എന്റെ പക്ഷക്കാരെങ്കില്‍ ശരി, നിന്റെ പക്ഷക്കാരെങ്കില്‍ തെറ്റു്. എന്തു് ചെയ്യുന്നു എന്നതല്ല, ആരു് ചെയ്യുന്നു എന്നതും, അവനും വിധികര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവുമാണു് വിധിനിര്‍ണ്ണയത്തിന്റെ മാനദണ്ഡം.
സ്വന്തം നിലനില്പിനെ ബാധിക്കുന്ന നിര്‍ണ്ണായകമായ പല കാര്യങ്ങളിലും പാര്‍ട്ടിഭേദമെന്യേ നേതാക്കള്‍ ഒത്തുകളിക്കുകയാണു് എന്നറിയാതെ, അവരുടെ വാക്കുകേട്ടു് ഓരോ സാഹസങ്ങള്‍ക്കു് ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യരും, അതേ നേതാക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി ഉരുണ്ടുകളിക്കേണ്ടിവരുന്ന അണികളും തമ്മില്‍ വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല എന്നതു് മറ്റൊരു വിരോധാഭാസം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കുറ്റവാളികളായി കാണാതിരിക്കുക മാത്രമല്ല, അവര്‍ക്കു് വീരാരാധന അര്‍പ്പിക്കാന്‍ കൂടി മടിക്കാത്ത ഒരു കൂട്ടമായി മാറിയിരിക്കുന്നു ഇന്നു് കേരളസമൂഹം. ആ മൂഢസ്വര്‍ഗ്ഗത്തില്‍ ഏറ്റുവിളിക്കാരായി അരങ്ങേറുന്നവരില്‍ വിദ്യാസമ്പന്നര്‍ എന്നു് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലുമുണ്ടു് എന്നതാണു് ഏറ്റവും ഭീതിദമായ കാര്യം.
Feb 7, 2014, 2:55 PM
ഇന്നു് വൈകിട്ടു് അഞ്ചുമണിക്കു് (CET) സൊച്ചിയില്‍ വിന്റര്‍ ഒളിമ്പിക്സിനു് തുടക്കം കുറിക്കും. അവിടെ വല്ല ഭീകരാക്രമണമോ സ്ഫോടനമോ മറ്റോ ഉണ്ടാവും എന്നു് ദീര്‍ഘദൃഷ്ട്യാ പ്രവചിക്കാന്‍ കഴിയുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആ വിവരം ഇപ്പോഴേ വെളിപ്പെടുത്തണം. പൊട്ടിത്തെറികള്‍ വല്ലതും നടന്നുകഴിഞ്ഞിട്ടു് ഞാന്‍ അപ്പോഴേ അതു് മനസ്സില്‍ കണ്ടിരുന്നു എന്നു് പറയരുതു്. അതു് മര്യാദകേടാണു്. 2008-ലെ ഫിനാന്‍ഷ്യല്‍ ക്രൈസിസ് കാള്‍ മാര്‍ക്സിന്റെ പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നതാണു് എന്ന രീതിയില്‍ ഏതോ ഒരു മിടുക്കന്‍ ഒരു ലേഖനം എഴുതിക്കണ്ടു. സമ്പത്തും പിശാചും ഒരുപോലെയാണു്. തൂറിയതിന്റെ പുറത്തുതന്നെ തന്നെയും പിന്നെയും തൂറുന്നതാണു് രണ്ടിന്റെയും പൊതുസ്വഭാവം. നിയന്ത്രണമില്ലാതെ തൂറാന്‍ അനുവദിച്ചാല്‍ അമേധ്യം കുന്നുകൂടുമെന്നു് സാരം. നിങ്ങളൊന്നു് ആലോചിച്ചു് നോക്കൂ. ഇതു് പറയാന്‍ മാര്‍ക്സോ, മാര്‍ക്സിന്റെ “ദസ് കപ്പിറ്റാലോ” വേണമോ? വേണ്ടല്ലോ. അത്രേയുള്ളു കാര്യം, വേണമെന്നുണ്ടെങ്കില്‍.
Feb 8, 2014, 1:19 PM
കത്തോലിക്കാ സഭയില്‍ നിന്നു് വന്‍തോതില്‍ വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ ഭാരതത്തില്‍ കത്തോലിക്കാ സഭ ദുര്‍ബലമാകുന്നതായി പാലയില്‍ നടക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ പ്ലീനറി സമ്മേളനത്തില്‍ വിലയിരുത്തല്‍. തന്മൂലം ആരാധനാക്രമങ്ങളില്‍ മാറ്റം വരുത്തുന്നതു് ഉള്‍പ്പെടെയുള്ള അടിയന്തിരനടപടികള്‍ കൈക്കൊള്ളാന്‍ മെത്രാന്‍ സമിതി തീരുമാനിച്ചത്രെ!
അല്‍മായര്‍ എന്നു് മുദ്രകുത്തപ്പെട്ട അജ്ഞരായ മനുഷ്യര്‍ സഭയുടെ സംഘടനാപരമായ ഇത്തരം കാര്യങ്ങളില്‍ എന്തു് അഭിപ്രായം പറയാന്‍? എങ്കിലും, ഉന്നതരായ ആത്മീയര്‍ അവരുടെ കീഴിലുള്ള അല്‍മായരെ പതിവായി ഓര്‍മ്മിപ്പിക്കാറുള്ള ഒരു കാര്യം ഇവിടെ അവരോടു് തിരിച്ചു് സൂചിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു് തോന്നുന്നു. നേരിനെ സ്നേഹിക്കണമെന്നും നുണയെ ഉപേക്ഷിക്കണമെന്നും മറ്റുമുള്ള പതിവു് വായ്ത്താരി കണ്ണാടിയില്‍ നോക്കിക്കൊണ്ടു് പറയാനും, അവ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും പൗരോഹിത്യം തയ്യാറാവുക എന്നതാണതു്. വേണമെങ്കില്‍, ഒരു തുടക്കം എന്ന നിലയില്‍, ദിവ്യബലിയില്‍ (വിശുദ്ധ കുര്‍ബാന) ഉപയോഗിക്കപ്പെടുന്ന ഗോതമ്പപ്പവും വീഞ്ഞും, തുടക്കത്തിലെന്നപോലെതന്നെ ഒടുക്കത്തിലും വെറും ഗോതമ്പപ്പവും വീഞ്ഞും മാത്രമാണെന്നും, അല്ലാതെ അവ യേശുവിന്റെ ശരീരമോ രക്തമോ ഒന്നുമായി മാറുന്നില്ലെന്നും മനുഷ്യരോടു് തുറന്നു് പറയാവുന്നതാണു്. അതുപോലുള്ള പല നുണകളില്‍ വിശ്വസിക്കുന്നതുകൊണ്ടുകൂടിയാണു് പല ഭക്തകളും ഭക്തന്മാരും ഭൂമിയിലെ “ദൈവത്തിന്റെ പ്രതിനിധികള്‍” (ഭയങ്കരം!!) എന്നവകാശപ്പെടുന്നവരുടെ പുറകെ നഞ്ചുപിടിച്ച മീനുകളെപ്പോലെ സ്വപ്നാടനം ചെയ്യുന്നതു് എന്നതിനാല്‍, സത്യമെന്തെന്നു് അവരെ അറിയിക്കുന്നതല്ലേ മര്യാദ?
എന്നിരുന്നാലും, മതങ്ങളുടെ കാര്യത്തില്‍ സത്യം ഒന്നേയുള്ളു എന്നും, അതു് മതങ്ങളില്‍ സത്യം എന്നൊന്നില്ല എന്നതു് മാത്രമാണെന്നുമുള്ള സത്യം ഒറ്റ നടയായി വിശ്വാസികളോടു് പറയാതിരിക്കുന്നതാണു് നല്ലതെന്നാണു് എന്റെ അഭിപ്രായം. കാരണം, ആരുമില്ലാത്തവരുടെ ആശ്രയമാണു് ദൈവം എന്നൊക്കെ തലമുറകളിലൂടെ പാടിയും പറഞ്ഞും പഠിപ്പിച്ചതു് അതേപടി ശീലിച്ചുപോയ മനുഷ്യരാണു്. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അനുഭവിക്കാനിരിക്കുന്ന തീന്‍മേശാവാഗ്ദാനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു് കാത്തിരിക്കുന്ന സാധുക്കള്‍! തങ്ങള്‍ ഒരുപാടു് കെട്ടുകഥകളാല്‍ ആത്മീയമായും ഭൗതികമായും വഞ്ചിക്കപ്പെടുകയായിരുന്നു എന്നു് ഒറ്റയടിക്കു് അവരറിഞ്ഞാല്‍ അതവര്‍ക്കു് ഒരുപക്ഷേ താങ്ങാനായെന്നു് വരില്ല. സാവകാശം ചെറിയ ചെറിയ സ്ലൈസുകളായി നല്‍കിയാല്‍ (salami tactics) ചിലപ്പോള്‍ ദഹിച്ചുകൂടെന്നുമില്ല.
http://www.reporterlive.com/2014/02/08/81769.html
Feb 10, 2014, 1:46 PM
ഇന്നു് ഫെയ്സ്ബുക്കില്‍ കണ്ട ഒരു മഹദ്വചനമാണു്; സഖാവു് ലെനിന്റെ വക: “Ex communist is the worst communist”. (എല്ലാ എക്സ് കമ്മ്യൂണിസ്റ്റുകളും ഒന്നു് ഭയപ്പെടുന്നതും സൂക്ഷിക്കുന്നതും നല്ലതാണു്.)
അതു് കണ്ടപ്പോള്‍ Philip Sheridan (1831 – 1888) പറഞ്ഞ കുപ്രസിദ്ധമായ മറ്റൊരു മഹദ്വചനമാണു് ഓര്‍മ്മ വന്നതു്.
“The only good Indian is a dead Indian.”
റ്റൊസാവി എന്നൊരു നേറ്റീവ് അമേരിക്കന്‍ കൊമാന്‍ഷി ചീഫ് 1869-ല്‍, “Me, Tosawi; me good Injun” എന്നു് പറഞ്ഞതിനു് ഫിലിപ് ഷെറിഡാന്‍ നല്‍കിയ, “The only good Indians I ever saw were dead” എന്ന മറുപടി രൂപാന്തരം പ്രാപിച്ചതാണു് ഈ “മഹദ്വചനം”.
1874 ആയപ്പോഴേക്കും നാല്പതു് ലക്ഷം കാട്ടുപോത്തുകളെ കൊന്നൊടുക്കിയ വേട്ടക്കാരെ പുകഴ്ത്തിക്കൊണ്ടു്, “Let them kill, skin and sell until the buffalo is exterminated” എന്നു് പറഞ്ഞതും ഈ മഹാന്‍ തന്നെ.
1869, 1874 എന്നൊക്കെ പറയുമ്പോള്‍ കാര്‍ള്‍ മാര്‍ക്സ് 51, 56 വയസ്സുകാരനായി ലണ്ഡനില്‍ കഴിഞ്ഞുകൂടുന്ന സുവര്‍ണ്ണകാലം!
Feb 14, 2014, 11:52 AM
പ്രമുഖ അമേരിക്കന്‍ ഗവേഷകയായ വെന്‍ഡി ഡോണിഗര്‍ എഴുതിയ “ഹിന്ദുക്കള്‍: ഒരു ബദല്‍ചരിത്രം” എന്ന പുസ്തകം ഭീഷണിയെത്തുടര്‍ന്ന് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സ് തീരുമാനിച്ചിരിക്കുകയാണത്രേ!
ബദലുകള്‍ ഉണ്ടാവാതിരിക്കാന്‍ ഏറ്റവും എളുപ്പമായ വഴി മൂലകൃതികള്‍ നശിപ്പിക്കുന്നതായിരുന്നു. ജനത്തെ കെട്ടുകഥകളില്‍ നിന്നും മോചിപ്പിക്കാനും അതുവഴി കഴിഞ്ഞേനെ! ഇനി, ജനങ്ങളില്‍ അബദ്ധധാരണകള്‍ ഉണ്ടാവാതിരിക്കുക എന്നതാണു് ഇത്തരം നശീകരണങ്ങളുടെ ലക്ഷ്യമെങ്കില്‍ ഭാരതത്തില്‍ ആദ്യം നശിപ്പിക്കപ്പെടേണ്ടിയിരുന്നതു് മത്സരിച്ചു് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങളും ചാനലുകളുമായിരുന്നില്ലേ?
Feb 14, 2014, 11:54 AM
ഡാനിയേല്‍ ബെര്‍ണ്യൂളി 1738-ല്‍ ഫോര്‍മ്യുലേയ്റ്റ് ചെയ്തതും, 250-ലേറെ വര്‍ഷങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നതുമായ “expected utility theory”-യെ ഖണ്ഡിക്കുന്ന മാത്യു റാബിന്‍, റിച്ചാര്‍ഡ് താലെര്‍ എന്നിവര്‍ അതിനെ ഒരു “ex-hypothesis” എന്നാണു് പരിഹസിക്കുന്നതു്. അതിനു് അവര്‍ ഉപയോഗിക്കുന്നതു്, താന്‍ വാങ്ങിയതു് ഒരു ചത്ത തത്തയെ ആണെന്നറിഞ്ഞു് അതിനെ തിരിച്ചു് കൊടുക്കാന്‍ കടയില്‍ മടങ്ങിയെത്തുന്ന, മോണ്ടി പൈഥണ്‍ വക ഒരു സ്കെച്ചിലെ കസ്റ്റമറുടെ പ്രയോഗമാണു്. അതൊരു ചത്ത പക്ഷിയാണെന്നു് കടക്കാരനെ ബോദ്ധ്യപ്പെടുത്താന്‍ പല ഫ്രെയ്സുകളും ഉപയോഗിക്കുന്ന ആ കസ്റ്റമര്‍ അവസാനം, അതിനെ “എക്സ് പാരറ്റ്” എന്നു് വിശേഷിപ്പിക്കുന്നു – എക്സ് കമ്മ്യൂണിസ്റ്റ്, എക്സ് പഞ്ചായത്തു് പ്രസിഡന്റ് എന്നൊക്കെ പറയുന്നതുപോലെ.
ചില ആശയങ്ങളും തിയറികളും അങ്ങനെയാണു്. തത്വത്തില്‍ തന്നെയുള്ള അതിന്റെ അടിസ്ഥാനരാഹിത്യവും, പ്രയോഗത്തില്‍ അതിനു് നേരിടേണ്ടിവന്ന ചരിത്രപരമായ പരാജയങ്ങളും എത്ര യുക്തിഭദ്രമായി കണ്മുന്നില്‍ നിരത്തിയാലും ആശയാന്ധത ബാധിച്ച അനുയായികള്‍ക്കു് അതു് ബോദ്ധ്യമാവുകയില്ല. ഒരു “തിയറി” വിശ്വസിക്കാന്‍ അതു് തെറ്റോ ശരിയോ എന്നു് പഠിച്ചോ പരിശോധിച്ചോ അറിയേണ്ട ആവശ്യവുമില്ല. അതില്‍ വിശ്വസിക്കുന്നവന്റെ കാഴ്ചപ്പാടില്‍ അതു് എപ്പോഴും ശരിയായിരിക്കും. ആ വിശ്വാസം തെറ്റാണെന്നു് തെളിയിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തിനുനേരെയും അവന്‍ ഒന്നുകില്‍ മുഖം തിരിക്കും, അല്ലെങ്കില്‍ പടവാളോങ്ങും. ഏറെ ശ്രദ്ധയും പ്രയത്നവും ചിലവാക്കിയാല്‍ പോലും വിശ്വാസത്തിന്റെ ചങ്ങലകളില്‍ നിന്നും രക്ഷപെടാന്‍ മനുഷ്യനു് കഴിയണമെന്നുമില്ല. മാര്‍ക്സ് പറഞ്ഞതുപോലെ, ചങ്ങലകളില്‍ കഴിയുന്നവരാണു് മനുഷ്യര്‍. പക്ഷേ ആ ചങ്ങലകള്‍ കാലുകളിലല്ല, ഓരോ മനുഷ്യന്റെയും മനസ്സിലാണു്, ഓരോ മനുഷ്യനും സ്വയം പൊട്ടിച്ചെറിയേണ്ട ചങ്ങലകള്‍ – രാഷ്ട്രീയവും മതപരവും സാമൂഹ്യശാസ്ത്രപരവുമായ പലതരം “എക്സ്-ഹൈപ്പോതെസിസ്” ചങ്ങലകള്‍!
The Kerala Civil War
Feb 14, 2014, 1:08 PM
The Kerala Civil War, also known as the War Between the Dowry-Yeps and Dowry-Nopes, or simply the North-South Dowry War, was a civil war fought in February 2014, or in the Year of the Horse according to Chinese zodiac, in the Republic of India. The war had its origin in the fractious issue of dowry and the practice of covering of the female body with precious metals and colourful stones at the time of marriage, especially the extension of the system of dowry to the northern territories of Kerala. A few foreign powers were present in the occurrence as observers, but they did not intervene.
Feb 16, 2014, 4:02 PM
ഏദന്‍ തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലമൊഴികെ മറ്റെല്ലാ ഫലങ്ങളും തിന്നാന്‍ ആദിമനുഷ്യരായ ആദാമിനും ഹവ്വക്കും അനുവാദമുണ്ടായിരുന്നു എന്നതു് പൂര്‍ണ്ണമായും ശരിയല്ല. അപകടകാരിയായ മറ്റൊരു വൃക്ഷം കൂടി ആ തോട്ടത്തില്‍ ഉണ്ടായിരുന്നു എന്നു് വേണം കരുതാന്‍. ഭര്‍ത്താവില്ലാതിരുന്ന സമയത്തു് പാമ്പിനോടൊത്തു് തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ പഴം തിന്നു് രുചിപിടിച്ച ഹവ്വ, ഭര്‍ത്താവു് വന്നപ്പോള്‍ അവനോടൊത്തും പഴം തിന്നുകയും, അതുവഴി നന്മതിന്മകളെ തിരിച്ചറിയുകയും, അതിന്റെ പേരില്‍ പാപികളാവുകയും, തങ്ങള്‍ നഗ്നരാണെന്നു് മനസ്സിലാക്കുകയും ചെയ്തു എന്നെല്ലാമാണല്ലോ “ചരിത്രം”. (പുരോഹിതന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ അറിവു് ദൈവത്തിനു് മുന്നില്‍ മഹാപാപമാണു്. അതേസമയം, നഗ്നതയുടെ കാര്യത്തില്‍ പുരോഹിതനും തന്മൂലം ദൈവവും അത്ര കര്‍ശനക്കാരല്ല. മറ്റാരും കാണുന്നില്ലെങ്കില്‍ ദൈവവും കാണുന്നില്ല എന്നാണു് ഇത്തരം കാര്യങ്ങളില്‍ പൊതുവെ നിലവിലിരിക്കുന്ന പ്രമാണം). നന്മതിന്മകളും നഗ്നതയും തിരിച്ചറിഞ്ഞതിന്റെ പേരില്‍ മാത്രമായിരുന്നില്ല മനുഷ്യര്‍ ഏദന്‍ തോട്ടം എന്ന പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടതു്. ഒരിക്കലും മനുഷ്യന്‍ നിത്യജീവനു് അവകാശി ആവരുതു് എന്നുംകൂടി യഹോവക്കു് നിര്‍ബന്ധമുണ്ടായിരുന്നു. യഹോവയായ ദൈവം, “മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മിലൊരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്നു് എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുതു്” എന്നു് കല്പിക്കുക മാത്രമല്ല, ഭാവിയില്‍ വല്ല പുഷ്പകവിമാനമോ മറ്റോ ഉണ്ടാക്കി വായുമാര്‍ഗ്ഗം ജീവവൃക്ഷത്തെ സമീപിച്ചു് അതിന്റെ ഫലം പറിച്ചു് തിന്നു് നിത്യജീവന്‍ കൈവരിക്കാതിരിക്കാനാവാം, മനുഷ്യനെ പുറത്താക്കിയശേഷം “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ അവന്‍ ഏദന്‍തോട്ടത്തിനു് കിഴക്കു് കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി” നിര്‍ത്തുകയും കൂടി ചെയ്തു. ഒരു കാരണവശാലും മനുഷ്യന്‍ നിത്യജീവന്‍ പ്രാപിക്കരുതു് എന്നു് ആരംഭകാലത്തു് യഹോവക്കു് വളരെ നിര്‍ബന്ധമായിരുന്നു എന്നു് ഇതില്‍ നിന്നും വ്യക്തം. എന്നിട്ടും, വേണമെങ്കില്‍ ഒരു പെട്ടകമൊക്കെ പണിയാം എന്ന നിലയിലേക്കു് കാലക്രമേണ മനുഷ്യന്റെ അറിവു് വളരുകയായിരുന്നു, അഥവാ, ദൈവത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ പാപികളാവുകയായിരുന്നു. പാപാധിക്യം മൂലം ഒരിക്കല്‍ എട്ടു് പേരൊഴികെ ലോകത്തിലെ ബാക്കി സകല മനുഷ്യരെയും ഒരു മഹാപ്രളയത്തില്‍ ദൈവം മുക്കിക്കൊന്നു. മറ്റൊരിക്കല്‍ ഒരപ്പനും രണ്ടു് പെണ്മക്കളും ഒഴികെ ഒരു പ്രദേശത്തെ മുഴുവന്‍ മനുഷ്യരെയും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു് കൊന്നുകരിച്ചു. എന്നിട്ടും മനുഷ്യരുടെ അറിവും, തന്മൂലം പാപവും, കൂടിക്കൊണ്ടിരുന്നതല്ലാതെ കുറഞ്ഞില്ല.
അങ്ങനെയാണു് ഏതാനും ആയിരം വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരു സ്റ്റ്റാറ്റെജി സ്വീകരിക്കാന്‍ യഹോവ നിര്‍ബന്ധിതനായതു്. പാപികള്‍ എന്നു് മുദ്രകുത്തി മനുഷ്യരെ മുഴുവന്‍ നശിപ്പിക്കുന്നതിനു് പകരം ഒരു മനുഷ്യസ്ത്രീയില്‍ നിന്നും സ്വന്തമായി ഒരു മകനെ ജനിപ്പിക്കുക എന്നതായിരുന്നു പ്ലാന്‍. പക്ഷേ, അതു് അവനെക്കൊണ്ടു് താന്‍ ചെയ്തതുപോലെ മനുഷ്യക്കുരുതി ചെയ്യിക്കാനല്ല, മനുഷ്യരെക്കൊണ്ടു് അവനെ കുരിശില്‍ തറപ്പിച്ചു് കൊല്ലിക്കാനും, ചത്തു് കല്ലറയില്‍ വച്ചു് കഴിയുമ്പോള്‍ വീണ്ടും ഉയിര്‍പ്പിക്കാനുമായിരുന്നു. അങ്ങനെയാണു് മറ്റൊരുത്തന്റെ പെണ്ണില്‍ നിന്നും യഹോവ യേശുവിനെ ജനിപ്പിക്കുന്നതു്. എന്തിനായിരുന്നു ഇത്രയും അതിബുദ്ധി അങ്ങേര്‍ പ്രയോഗിച്ചതു്? പാപികളായ മുഴുവന്‍ ലോകനിവാസികളെയും (അവര്‍ ഈ അമലോല്‍ഭവ-മരിച്ചുയിര്‍പ്പു്-സ്വര്‍ഗ്ഗാരോഹണകഥ അതേപടി വിശ്വസിക്കാന്‍ തയ്യാറായാല്‍ മാത്രം!) പാപവിമുക്തരാക്കി നിത്യജീവനു് അര്‍ഹരാക്കിത്തീര്‍ക്കുവാന്‍! “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്നു് യോഹന്നാന്റെ സുവിശേഷം. എട്ടുപേരൊഴികെ ഭൂമിയിലെ ബാക്കി മനുഷ്യരെ മുഴുവന്‍ ഒരു പ്രളയത്തില്‍ സ്നേഹപൂര്‍വ്വം മുക്കിക്കൊല്ലാനും, മൂന്നു് പേരൊഴികെ സോദോം-ഗൊമോറായിലെ ബാക്കി സകല മനുഷ്യരെയും ഒരു തീമഴയില്‍ സ്നേഹപൂര്‍വ്വം ദഹിപ്പിക്കാനും മടികാണിക്കാത്ത യഹോവ എന്ന ദൈവം സ്വന്തമായി ഒരു മകനെ ജനിപ്പിച്ചു് കൊന്നു് അന്തസ്സായി ഉയിര്‍പ്പിച്ചു് സ്വര്‍ഗ്ഗത്തിലെത്തിച്ചതു് മനുഷ്യരോടുള്ള സ്നേഹം മൂലമല്ലെങ്കില്‍ പിന്നെ എന്തു് മൂലമായിരിക്കണം?
ഈ കഥകള്‍ രണ്ടും കൂട്ടിച്ചേര്‍ത്തു് വായിക്കുമ്പോള്‍, പണ്ടു് നന്മതിന്മകളുടെ ഫലം തിന്ന മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കുന്നതിനു് പകരം, കൈനീട്ടിയാല്‍ എത്തുന്ന ദൂരത്തില്‍ ആ തോട്ടത്തില്‍ത്തന്നെ നിന്നിരുന്ന ജീവവൃക്ഷത്തിന്റെ ഫലം കൂടി പറിച്ചുതിന്നാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഈ സകല കഷ്ടപ്പാടുകളും ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവുമോ? ഇതിപ്പോള്‍ യഹോവക്കു് എന്തെല്ലാം പേരുദോഷങ്ങള്‍: മഹാപ്രളയം, സോദോം-ഗൊമോറാ, അന്യന്റെ ഭാര്യയെ കടമെടുത്തു, മകനെ കൊലക്കു് കൊടുത്തു, അവന്റെ മരണരോദനം കേട്ടിട്ടുപോലും അനങ്ങിയില്ല, എല്ലാറ്റിനുമുപരി, ഇതൊക്കെ ചെയ്തിട്ടും വഞ്ചി ഇപ്പോഴും പഴയപോലെ തിരുനക്കരെത്തന്നെ എന്ന നാണക്കേടും! അതാണെങ്കിലോ, നാളെ രാവിലെ ഏഴു് മുപ്പതു് മുതല്‍ (അതാതു് റ്റൈം സോണ്‍ അനുസരിച്ചു്) ലോകം പാപവിമുക്തമായിരിക്കും എന്നു് ഒരൊറ്റ ഇടയലേഖനം അങ്ങിറക്കിയാല്‍ തീരുന്ന ഒരു നിസ്സാര കാര്യത്തിനുവേണ്ടിയും!
ഇനി, സത്യമായിട്ടും അങ്ങനെ വല്ല ഇടയലേഖനവും ഇറക്കാന്‍ അങ്ങേക്കു് പ്ലാനുണ്ടെങ്കില്‍, പൊങ്കാലരഹിതകേരളത്തിലെ അടുക്കളകളില്‍
കലങ്ങളും ചട്ടികളും എപ്പോഴും നിറഞ്ഞുതന്നെയിരിക്കും എന്നൊരു ക്ലോസുകൂടി എഴുതിച്ചേര്‍ത്താല്‍ അവിടത്തെ ഒരുപാടു് സ്ത്രീകള്‍ക്കും വഴിയാത്രക്കാര്‍ക്കും അതു് വളരെ ആശ്വാസപ്രദമായ ഒരു കാര്യമായിരുന്നേനെ! അതിനുവേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നോ രണ്ടോ ശീലുകള്‍ കൂടുതല്‍ ഉരുവിടേണ്ടിവന്നാലും അവര്‍ക്കു് എതിര്‍പ്പൊന്നും ഉണ്ടാവാന്‍ വഴിയില്ല. നല്ല പ്രാര്‍ത്ഥനാദൃഢതയുള്ള മനുഷ്യരാണവരില്‍ അധികം പേരും.
(ആശയം എന്റെ ഒരു പഴയ ബ്ലോഗ് പോസ്റ്റില്‍ നിന്നും)
Feb 17, 2014, 1:35 PM
“അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ, അണിവൈരക്കമ്മലിട്ട പെണ്ണേ, ആടിവാ, തുള്ളിയോടിവാ..”
സ്ത്രീയുടെ ശരീരത്തിലും, അവളുടെ ചലനങ്ങളിലും പെരുമാറ്റങ്ങളിലും പുരുഷനു് ആസ്വദിക്കാതിരിക്കാന്‍ കഴിയാത്ത ചില സൗന്ദര്യരൂപങ്ങളും ഭാവങ്ങളുമൊക്കെ ഉണ്ടെന്ന കാര്യത്തില്‍, ഒരു ഹെറ്റെറോസെക്ഷ്വല്‍ എന്ന നിലയില്‍, എനിക്കു് തെല്ലും സംശയമില്ല. എങ്കിലും, ഒരു താറുകെട്ടോ, മറ്റിനം അടിവസ്ത്രങ്ങളോ ഒന്നുമില്ലാതെ, അരയില്‍ ഒരൊറ്റ മുണ്ടുമാത്രം ഉടുത്തിരിക്കുന്ന ഒരു പെണ്ണിനോടു് ആടിയും തുള്ളിയുമൊക്കെ ഓടിവരാന്‍ പരസ്യമായി ആവശ്യപ്പെടുന്നതു് ഒരു ജെന്റില്‍മന്‍സംസ്കാരമാണെന്നു് ചിന്തിക്കാന്‍ എനിക്കു് കഴിയുന്നില്ല. അതുപോലൊരു നിര്‍ദ്ദേശം സദുദ്ദേശ്യപരമായിരിക്കും എന്നു് കരുതാന്‍ മാത്രം ഞാന്‍ നയീവുമല്ല. അവള്‍ ഒരു അണിവൈരക്കമ്മല്‍ ധരിച്ചിട്ടുണ്ടു് എന്നതു്, വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെ, ഈ വിഷയത്തില്‍, വസ്തുതാപരമായി കാര്യമായ പരിഗണന അര്‍ഹിക്കുന്ന ഒരു കാര്യമാണെന്നും എനിക്കു് തോന്നുന്നില്ല. ഈ ആവശ്യത്തോടു് അവള്‍ അനുകൂലമായി പ്രതികരിക്കുന്ന സാഹചര്യത്തില്‍, അവള്‍ ഒരു കമ്മല്‍ ധരിച്ചിട്ടുണ്ടെന്ന വസ്തുത തികച്ചും അപ്രസക്തമാവുമെന്ന കാര്യം കൂടുതല്‍ സ്പഷ്ടമാക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. കാരണം, കഥാനായകന്‍ ഇവിടെ പ്രകടിപ്പിക്കുന്ന ആഗ്രഹത്തോടു് അനുകൂലമായി പ്രതികരിക്കുന്ന, ഒറ്റ മുണ്ടുടുത്ത ഒരു നാടന്‍പെണ്ണിനെ ഭാവനയില്‍ കാണുന്ന ആരുടെ മനസ്സിലും മഷിനോട്ടക്കാരന്റെ മഷിയില്‍ എന്നപോലെ തെളിഞ്ഞുവരുന്ന ചില ചലനാത്മകതകളുടെ മായംചേര്‍ക്കാത്ത ദൃശ്യം ആരുടെ സംശയത്തെയും ദൂരീകരിക്കാന്‍ തീര്‍ച്ചയായും പര്യാപ്തമായിരിക്കും. അല്ലാത്തവര്‍ ഫീമെയ്ല്‍ ബോഡി ഡൈനാമിക്സില്‍ ക്വാളിഫൈഡ് ആയിട്ടുള്ള ആരില്‍ നിന്നെങ്കിലും ട്യൂഷന്‍ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്ന കാര്യം ഒത്തിരി വൈകിക്കാതിരിക്കുന്നതാണു് നല്ലതു്.
മറ്റു് ചെറുകിട കാര്യങ്ങള്‍ അവഗണിച്ചാല്‍ തന്നെ, അരയില്‍ ചുറ്റിയിരിക്കുന്ന ഒറ്റമുണ്ടിനും അണിവൈരക്കമ്മലിനും ഇവിടെ എന്തു് പ്രസക്തിയാണുള്ളതു് എന്നാണു് ഗാന്ധിജിയെപ്പോലെ സത്യാന്വേഷികളായ നമ്മള്‍ പ്രധാനമായും ചിന്തിക്കേണ്ടതു്. മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍, മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചതുപോലെ, ഭാവിയിലേക്കുള്ള നമ്മുടെ വിശ്രമരഹിതമായ പ്രയാണം കൂടുതല്‍ കൂടുതല്‍ ലാളിത്യത്തിലേക്കുള്ളതായിരിക്കേണ്ടേ, അഥവാ, ഒറ്റമുണ്ടില്‍ നിന്നും മുണ്ടില്ലായ്മയിലേക്കു് ആയിരിക്കേണ്ടേ, ചര്‍ക്കയില്‍ നിന്നും ചര്‍ക്കയില്ലായ്മയിലേക്കായിരിക്കേണ്ടേ എന്നൊക്കെയാണു് നമ്മള്‍ നമ്മോടുതന്നെ ചോദിക്കേണ്ട നിര്‍ണ്ണായകമായ ചോദ്യങ്ങള്‍. മലയാളിസമൂഹത്തിന്റെ സകല ഞരമ്പുകളിലേക്കും, അവിടെനിന്നും അവരുടെ ആത്മാവിലേക്കും ആഴ്ന്നിറങ്ങിക്കഴിഞ്ഞ കൊമേഴ്സ്യല്‍ സില്‍മവഴിയല്ലാതെ ഈ ധാര്‍മ്മികലക്ഷ്യം നേടിയെടുക്കാന്‍ നമുക്കു് കഴിയുമോ എന്നും കൂടി നമ്മള്‍ തുടര്‍ന്നു് ചോദിക്കുന്നതില്‍ തെറ്റുണ്ടെന്നു് തോന്നുന്നില്ല. നമ്മുടേതല്ലാത്ത ലിംഗത്തിനോടും മതത്തിനോടും ജാതിയോടും വര്‍ഗ്ഗത്തിനോടുമെല്ലാം നമ്മള്‍ പുലര്‍ത്തുന്ന മാതൃകാപരമായ സഹിഷ്ണുതയും സാഹോദര്യവും വാര്‍ത്തെടുക്കുന്നതില്‍ ആര്‍ഷഭാരതസംസ്കാരവും, മതങ്ങളും, “ഉത്തമരായ'”നേതാക്കള്‍ നയിക്കുന്ന രാഷ്ട്രീയവും വഹിക്കുന്ന പങ്കില്‍ ഒട്ടും കുറയാത്ത ഒരു പങ്കു് വഹിച്ചിട്ടുള്ളതും, ഇന്നും നിര്‍ബാധം വഹിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ കൊമേഴ്സ്യല്‍ സില്‍മകളാണെന്നു് നമ്മള്‍ മറക്കരുതു്. ചാനലുകളാണു് ഒഴിവാക്കാനാവാത്ത നമ്മുടെ മറ്റൊരാശ്രയം. സില്‍മകളും ചാനലുകളും വഴി, വയറ്റിലേക്കു് മുലപ്പാല്‍ എന്നപോലെ, ആത്മാവിലേക്കു് കാപട്യവും അന്ധവിശ്വാസവും കൊലപാതകരാഷ്ട്രീയവും നിരന്തരം വലിച്ചെടുക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന കേരളക്കരയിലെ കുഞ്ഞുങ്ങള്‍ ഭാവിയില്‍ നമ്മോടു് നന്ദിയുള്ളവരായിരിക്കാന്‍ ഇതില്‍ കൂടുതലൊന്നും ചെയ്യാനാവുമെന്നു് തോന്നുന്നില്ല. ആവുന്നതല്ലേ ആര്‍ക്കായാലും ചെയ്യാന്‍ പറ്റൂ!
അതേസമയം, “ഏലേലം പാടിവരും കുയിലിണകള്‍ കുരവയിട്ടു” എന്നതു് തികച്ചും വ്യത്യസ്തമായ മറ്റൊരു വിഷയമാണു്. അതിനെ സംബന്ധിച്ചു് മറ്റൊരു പോസ്റ്റ് ഇടുന്നതാവും ഉചിതം എന്നു് തോന്നുന്നു.
Feb 17, 2014, 2:27 PM
ഈ വീഡിയോയില്‍ കാണുന്ന പത്തുവയസ്സുകാരി നാറ്റലി ഒരു വിക്റ്റിം ആണു്. മീസില്‍സിനു് എതിരായുള്ള പ്രതിരോധ കുത്തിവയ്പ്പു് നടത്താത്തതിന്റെ പേരില്‍ വിടരുന്നതിനു് മുന്‍പേ, പരിഹാരമില്ലാതെ, നിര്‍ബന്ധമായും കൊഴിയേണ്ടിവന്ന ഒരു പാവം വിക്റ്റിം. കുത്തിവയ്പ്പു് നടത്തണമോ വേണ്ടയോ എന്നു് നിശ്ചയിക്കേണ്ടതു് അവളായിരുന്നില്ല, അവളുടെ മാതാപിതാക്കളായിരുന്നു എന്നതിനാലാണു് താന്‍ നേരിടേണ്ടിവന്ന വിധിയുടെ ഉത്തരവാദിത്വം അവളുടേതല്ലാതാവുന്നതും, അവള്‍ മറ്റാരുടെയോ ചെയ്തിയുടെ ഒരു പാവം ഇരയാവുന്നതും. പക്ഷേ, അവളുടെ കഷ്ടകാലത്തിനു് എന്നല്ലാതെ എന്തു്‌പറയാന്‍, അവളുടെ മാതാപിതാക്കളും ഇരകള്‍ ആവുകയായിരുന്നു – പ്രതിരോധകുത്തിവയ്പുകള്‍ നടത്തുന്നതിനു് എതിരായി അണിനിരന്നിരിക്കുന്ന കാപാലികര്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളുടെ ഇരകള്‍!
ഈ വീഡിയോയിലെ ഭാഷ ജര്‍മ്മന്‍ ആണു്. പക്ഷേ, ചില കാര്യങ്ങള്‍ (മനസ്സുണ്ടെങ്കില്‍) മനസ്സിലാക്കാന്‍ ഭാഷ ഒരിക്കലും ഒരു തടസ്സമാവാറില്ല.
SSPE: http://en.wikipedia.org/wiki/Subacute_sclerosing_panencephalitis
Feb 18, 2014, 3:01 PM
അമൃതാനന്ദമയിയെയും ആശ്രമത്തെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങിയത്രെ! അതു് കേട്ടാല്‍ തോന്നും, ആ പുസ്തകം ഇറങ്ങുന്നതുവരെ സകല മനുഷ്യരും കരുതിയിരുന്നതു് ആ ആശ്രമത്തില്‍ (അക്കാര്യത്തിനു്, മറ്റെല്ലാത്തരം ഭക്തികേന്ദ്രങ്ങളിലും) കളിയാടിയിരുന്നതു് സമാധാനവും സന്തോഷവും ശര്‍ക്കരയപ്പവും മാത്രമായിരുന്നെന്നു്. അങ്ങനെ കരുതുന്ന ധാരാളം പേര്‍ തീര്‍ച്ചയായുമുണ്ടു്. അല്ലെങ്കില്‍ ഈ ഭക്തിവ്യവസായം നിലനില്‍ക്കില്ലല്ലോ. അവരുടെ നിലപാടിനെ ന്യായീകരിക്കാന്‍ പറ്റിയ കാരണങ്ങളും അവര്‍ക്കുണ്ടു്. ഒരു പുസ്തകത്തിനും അതുപോലുള്ളവരെ വസ്തുതകള്‍ പറഞ്ഞു് ബോദ്ധ്യപ്പെടുത്താനാവില്ല. കാരണം, അവരുടെ വിശ്വാസപ്രകാരം, തിരുത്തേണ്ട ഒരാവശ്യവുമില്ലാത്തവിധം സംശയരഹിതമായ സ്വന്തം “അനുഭവങ്ങളിലൂടെ” ഉറപ്പിക്കപ്പെട്ടവയാണു് അവരുടെ ഉത്തമബോദ്ധ്യങ്ങള്‍. അവിടെ ഒരു മഠവും വിശുദ്ധ നരകമല്ല, വിശുദ്ധ സ്വര്‍ഗ്ഗമാണു്. മറിച്ചു് പറയുന്നവരാണു് അവിശുദ്ധ പിശാചുക്കള്‍, നശിപ്പിക്കേണ്ട ശത്രുക്കള്‍! ഏതൊരു വിശ്വാസത്തിന്റെയും അടിത്തറതന്നെ അത്തരം ശത്രുചിത്രങ്ങളിലാണു് സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്. വരാനിരിക്കുന്ന കോളറയില്‍ മൂക്കുമുട്ടെ തിന്നാനിരിക്കുന്ന സുഭിക്ഷതയെപ്പറ്റി ആരോ നടത്തിയ കള്ളപ്രവചനത്തില്‍ നിന്നും യോജിച്ച തുണ്ടുകള്‍ പാരായണം ചെയ്യുന്ന കപടന്മാര്‍ ഉത്തമരും മാതൃകാപുരുഷന്മാരുമായി ആരാധിക്കപ്പെടുന്നിടത്തോളം അവരുടെ പുറകെ ഓരിയിട്ടു് നടക്കാന്‍ അമേധ്യഭോജികളായ കുറെ നായ്ക്കള്‍ തയ്യാറാകും, അതില്‍ അത്ഭുതപ്പെട്ടിട്ടു് കാര്യമില്ല.
പാഴ്ശ്രമമാണെന്നറിയാതെ (അറിഞ്ഞാലും കണക്കിലെടുക്കാതെ), ഭാവി അറിയാനും ഭാഗ്യം തേടാനും മനുഷ്യര്‍ എക്കാലവും ശ്രമിച്ചിരുന്നു. വെളിപാടുകളിലൂടെ ലഭിച്ചെന്നു് അവകാശപ്പെടുന്ന എല്ലാ പ്രവചനങ്ങളും വാഗ്ദാനങ്ങളും മനുഷ്യരുടെ ഈ ദാഹത്തെ ശമിപ്പിക്കാന്‍ വേണ്ടി കണ്ടുപിടിക്കപ്പെട്ടവയാണു്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന മുഴുവന്‍ കോപ്രായങ്ങളും ഒരുതരം ഇന്‍ഷുറന്‍സ് പോളിസികളാണു്. ഭാവി സുരക്ഷിതമാക്കാന്‍ കഴിയും എന്ന (തെറ്റായ) പ്രതീക്ഷയില്‍ വലിയ മുതല്‍മുടക്കില്ലാതെ വാങ്ങിക്കൂട്ടുന്ന പോളിസികള്‍! വില്‍ക്കുന്നവര്‍ക്കും വലിയ ചിലവിന്റെയൊന്നും ആവശ്യമില്ല. ഇത്തിരി ഭസ്മം, ചെണ്ടകൊട്ടു്, ബാന്‍ഡുമേളം, വര്‍ണ്ണവിളക്കുകള്‍, കൊടിതോരണങ്ങള്‍ … അല്പം വെടിക്കെട്ടും ഒരു ആനയെഴുന്നെള്ളിപ്പും കൂടിയുണ്ടെങ്കില്‍ കാര്യം കെങ്കേമം! പലതുള്ളികളാണു് പെരുവെള്ളം എന്നതിനാല്‍, അത്തരം ഇവെന്റുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കു് അതിവേഗം കോടികള്‍ സമ്പാദിക്കാനും കഴിയും. അതൊക്കെ കണ്ടാലും കേട്ടാലും അറിയാത്ത, പുള്ളകള്‍ ഉണ്ടാവാന്‍ മാത്രം പ്രായമുള്ള വല്യപുള്ളികള്‍ ചൊറിഞ്ഞാലും അറിയാത്തവരും, ചൊറിഞ്ഞുകൊണ്ടുതന്നെ അവസാനിക്കേണ്ടവരുമാണു്.
Feb 18, 2014, 3:11 PM
മന്ത്രിയാകാൻ വേണ്ടി പി. സി. ജോർജ്ജ് നഗ്നപൂജ നടത്തി എന്നൊക്കെ കേള്‍ക്കുന്നു. നഗ്നപൂജ വല്ല ശിവലിംഗക്ഷേത്രത്തിലും ആയിരുന്നോ ആവോ. പാടിയും ചെയ്തും ശീലിച്ച കാര്യങ്ങള്‍ അത്ര എളുപ്പം മറക്കുന്നവരല്ല പൂജാരിമാര്‍. വിഗ്രഹത്തില്‍ തിളച്ച നെയ്യു് കോരിയൊഴിക്കുന്ന വല്ല പൂജാരീതിയുമാണു് മന്ത്രിയാവാന്‍ വേണ്ടതെങ്കില്‍!? ഭക്തിപാരവശ്യത്തില്‍ പൂജാരിയുടെ കാഴ്ച അത്ര കൃത്യമായിക്കൊള്ളണമെന്നില്ല എന്നും മറ്റുമുള്ള കാര്യങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍!
Feb 19, 2014, 10:21 AM
ആലപ്പുഴക്കാരനായ ഒരു പൂര്‍വ്വകാലസുഹൃത്തു് പറഞ്ഞു് കേട്ടിട്ടുള്ള ഒരു വൈരുദ്ധ്യാത്മകമൂത്രിക്കല്‍ വളിപ്പു്: കയ്യാലപ്പുറത്തിരുന്നു് മാറാന്‍ ചേമ്പിന്റെ ഇലയിലേക്കു് മൂത്രമൊഴിക്കുന്നതു് മരുമകളാണെന്ന ധാരണയില്‍ അമ്മായിഅമ്മ ഉച്ചത്തില്‍: “ആരാടീ അവിടെ പറപറാന്നു് മുള്ളുന്നതു്?” അതിനു് സ്വന്തം മകളുടെ മറുപടി: “അമ്മേ, ഞാനല്ലേമ്മേ”. അപ്പോള്‍ (അമ്മായി)അമ്മ ഒച്ച താഴ്ത്തി: “ഓ, മോളാണോ കിശുകിശാന്നു് മുള്ളുന്നേ? എന്നാല്‍ മുള്ളിക്കോട്ടോ.”
കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുതറകളുടെ ഒരു നേര്‍ചിത്രമാണിതു്. ആരാണു് ചെയ്യുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലാണു് ആ ചെയ്തികള്‍ പറപറകളോ കിശുകിശകളോ എന്നു് വിലയിരുത്തപ്പെടുന്നതു് – അതു് മൂത്രിക്കലായാലും, ചൂഷണമായാലും, അഴിമതിയായാലും, പീഡനമായാലും, കൊലപാതകമായാലും, കൂട്ടക്കൊലയായാലും.
Feb 21, 2014, 1:35 PM
മനസ്സമാധാനത്തിനുവേണ്ടി പരക്കം പായുന്ന ഭക്തന്മാരാണു് ദൈവങ്ങളെ തേടിപ്പോകുന്നതത്രെ! ഭക്തിയുടെ കാര്യങ്ങള്‍ വളരെ അര്‍ജന്റായതിനാല്‍ സ്ഥാപിതദൈവങ്ങള്‍ക്കു് തിരക്കാവുമ്പോള്‍ അവര്‍ക്കു് ആള്‍ദൈവങ്ങളെ തേടേണ്ടിവരുന്നതു് സ്വാഭാവികം. കല്യാണം കഴിക്കാതിരുന്നാല്‍ ഉണ്ടാവുമായിരുന്നില്ലാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനാണു് മനുഷ്യര്‍ കല്യാണം കഴിക്കുന്നതു് എന്നപോലെ, ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്നില്ലാത്ത മനസ്സമാധാനമില്ലായ്മ ഇല്ലാതാക്കാനായിട്ടാണു് തങ്ങള്‍ പരക്കം പായുന്നതെന്നു് എന്തുകൊണ്ടോ അവര്‍ക്കു് മനസ്സിലാവുന്നില്ല. നാസ്തികര്‍ എന്നൊരു വിഭാഗമുണ്ടു്. അവര്‍ക്കു് ഈവക മനസ്സമാധാനമില്ലായ്മയൊന്നുമില്ല. അതിനാല്‍ വലിയ പരക്കം പാച്ചിലുമില്ല. നാസ്തികരെ കാണുന്ന വിശ്വാസി കുരിശു് കണ്ട പിശാചിനെപ്പോലെ വെകിളി പിടിക്കാനും കൂടുതല്‍ പരക്കം പായാനും ശ്രമിക്കാതെ, ഇവന്മാര്‍ എങ്ങനെ ഇങ്ങനെ സ്വൈര്യവും സ്വസ്ഥവുമായി കഴിയുന്നു എന്നൊന്നു് അറിയാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പരക്കം പാച്ചിലിനു് ശാശ്വതമായ ഒരു പരിഹാരം ലഭിച്ചേനെ.
ഇന്നു് അന്താരാഷ്ട്ര മാതൃഭാഷാദിനം ആയതിനാല്‍, മലയാളിയുടെ മാതൃഭാഷയായി മാറിക്കഴിഞ്ഞ സില്‍മാ ഭാഷയില്‍ പറഞ്ഞാല്‍, ഈ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും “കാര്യം നിസ്സാരം” ആണു്. ഉണ്ടെന്നു് കരുതി ചുമന്നുകൊണ്ടു് നടക്കുന്ന എല്ലാ ദൈവങ്ങളും, ആ ദൈവങ്ങളുടേതായ എല്ലാ കല്പനകളും, അതിന്‍പ്രകാരം മനുഷ്യന്‍ നിറവേറ്റിയിരിക്കേണ്ടതെന്നു് പഠിപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ബാദ്ധ്യതകളും മനുഷ്യന്‍ തന്നെ സൃഷ്ടിച്ചെടുത്ത മിഥ്യാബോധങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ചു്, ജീവിക്കുന്ന സമൂഹത്തില്‍ നിയമപരമായി തെറ്റല്ലാത്ത എന്തെങ്കിലും ജോലി ചെയ്തു് ഉപജീവനത്തിനുള്ള വരുമാനം ഉണ്ടാക്കുകയും, ഒഴിവുസമയങ്ങളില്‍ അവനവനു് മാനസികമായ ആനന്ദം നല്‍കുന്ന സ്പോര്‍ട്ട്സ്, കല, സാഹിത്യം, സംഗീതം തുടങ്ങിയ വല്ല ഹോബികളിലും ഏര്‍പ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ മനസ്സമാധാനമില്ലായ്മയെപ്പറ്റി വ്യാകുലപ്പെടുന്നതായി കണ്ടിട്ടില്ല. അല്ലാതെ, ആലിംഗനാനന്ദസ്വാമിനിമാരും ലൈംഗികാനന്ദസ്വാമിമാരും പറയുന്നതു് കേട്ടു് ആത്മാവിന്റെ രക്ഷക്കു് വേണ്ടി പരക്കം പാഞ്ഞാല്‍, രക്ഷയും ആനന്ദവും ലഭിക്കുന്നതു് സ്വാമിനിമാര്‍ക്കും സ്വാമിമാര്‍ക്കുമായിരിക്കും, അതും ആത്മാവിനല്ല, അവരുടെ ശരീരത്തിനു്. ശരീരത്തിനു് ആനന്ദം ലഭിക്കുന്നിടത്തോളം കാലം മാത്രം മനുഷ്യന്റെ കൂടെക്കഴിയുന്ന ഒരു സാധനമാണു് ഈ ആത്മാവു്. ശരീരമില്ലെങ്കില്‍ ആത്മാവുമില്ല. ആശ്രമങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിയുന്നതല്ല ഈ സത്യം. അതിനു് ബുദ്ധി ഉണ്ടായാല്‍ മാത്രം പോരാ, നല്ലപോലെ ബുദ്ധിമുട്ടുകയും വേണം. ഇല്ലാത്ത ഒന്നിനുവേണ്ടി കടമകള്‍ നിറവേറ്റേണ്ടതോ, പരക്കം പായേണ്ടതോ ആയ എന്തെങ്കിലും ആവശ്യവുമുണ്ടെന്നു് തോന്നുന്നില്ല. അതേസമയം, ജീവിതത്തില്‍ സ്വൈര്യവും മനസ്സമാധാനവും ഉണ്ടാവരുതെന്നു് നിര്‍ബന്ധമുള്ളവര്‍ക്കു് ആത്മാവു് ഉണ്ടെന്നു് വിശ്വസിക്കാം, അതിന്റെ രക്ഷക്കും മോക്ഷത്തിനുമായി ആശ്രമങ്ങള്‍ തോറും, ക്ഷേത്രങ്ങള്‍ തോറും, പള്ളികള്‍ തോറും കയറിയിറങ്ങാം, നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാം, പലതരം ഗോഷ്ടികള്‍ കാണിച്ചു് അവിടെ കുടിയിരിക്കുന്ന ദൈവങ്ങളെ വലയില്‍ വീഴിക്കാന്‍ ശ്രമിക്കാം, അവറ്റകള്‍ വലയില്‍ വീണു എന്നു് ഉറച്ചു് വിശ്വസിക്കാം.
ഈ ലോകത്തില്‍ ഇതിനോടകം എണ്ണമറ്റ കോടി മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ടു്. ഇതുവരെ ഒരാത്മാവും ഞാന്‍ ഈ ശരീരം വിട്ടു് പോകില്ല എന്നു് വാശി പിടിച്ചിട്ടില്ല. മരണം എന്നതു് അത്ര വലിയ ഒരു കാര്യമല്ല എന്നല്ലാതെ മറ്റെന്താണു് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്?
സുധാമണി (a.k.a. അമൃതാനന്ദമയി) എന്നല്ല, ഈ ഭൂമിയില്‍ ജനിച്ചു് മരിച്ചവരോ, ഇന്നും ജീവിക്കുന്നവരോ ആയ ഏതെങ്കിലും ഒരു പുരുഷനെയോ സ്ത്രീയെയോ ദൈവമായി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. അമാനുഷികമായ ഏതെങ്കിലുമൊരു ദൈവമാണു് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നോ സംരക്ഷിക്കുന്നതെന്നോ ഞാന്‍ കരുതുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ക്കു് അതാവാം. പക്ഷേ, ജന്തുശാസ്ത്രപരമായ എല്ലാ സ്വഭാവവിശേഷങ്ങളുമുള്ള സാധാരണ മനുഷ്യരാണു് എല്ലാ ആള്‍ദൈവങ്ങളും എന്നു് ഞാന്‍ പറയുമ്പോള്‍ (ഉദാഹരണത്തിനു്, വിശപ്പു്, ദാഹം, ആര്‍ത്തവം, ലൈംഗികത്വര മുതലായവ) ആരുടെയെങ്കിലും വികാരം വ്രണപ്പെടുന്നുവെങ്കില്‍ എനിക്കൊന്നും ചെയ്യാനാവില്ല. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ സത്യം പറയാനുള്ള അവകാശം ഭരണഘടനാപരമായി ജനങ്ങള്‍ക്കു് ലഭിക്കുന്ന ഒരു വാഗ്ദാനമാണു്. അതു് പാടില്ല എന്നൊക്കെ പറയുന്നതു് നിയമവിരുദ്ധമായ കാര്യമാണു്. അതിനെതിരായാണു് ഒരു നിയമരാഷ്ട്രം കേസെടുക്കേണ്ടതു്, അല്ലാതെ മനുഷ്യരെ പൊട്ടന്‍ കളിപ്പിച്ചു് ചൂഷണം ചെയ്യുന്ന വഞ്ചകരെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരായല്ല. അതോ, സത്യം പറയാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെ മുതുകില്‍ ആരു് പൊങ്കാലയിട്ടാലും അതൊരു പ്രശ്നമല്ലെന്നാണോ? അവിശ്വാസികള്‍ വയ്ക്കോല്‍പൊട്ടന്മാരല്ലാത്തതിനാല്‍ അവര്‍ക്കു് വ്രണപ്പെടാന്‍ അര്‍ഹതയുള്ള വികാരങ്ങളൊന്നുമില്ല എന്നാണോ?
Feb 24, 2014, 8:51 AM
സമത്വസുന്ദരലോകം വരാന്‍ കാത്തിരുന്നു് പാപ്പരായ യുക്രേനിയന്‍സ് വലിച്ചു് താഴെയിടുന്ന ലെനിന്‍ പ്രതിമകള്‍.
വീഡിയോ: http://www.youtube.com/watch?v=XIdaHFIMs9I#t=45
യുക്രെയ്നില്‍ ആരാധനാവിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍, ഭാരതത്തില്‍ കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വലിപ്പത്തില്‍ എന്ന തോതില്‍ മത്സരിച്ചാണു് ജനങ്ങള്‍ക്കു് ആരാധിക്കാനും ആവേശഭരിതരാവാനും വേണ്ടി പ്രതിമകള്‍ പണിതുയര്‍ത്തപ്പെടുന്നതു്! അധികാരികള്‍ക്കു് സ്വൈര്യമായി സിംഹാസനങ്ങളില്‍ വാഴാന്‍ ജനത്തിനു് ജപമാലകളും വാഗ്ദാനങ്ങളും നല്‍കിയാല്‍ മതി. എത്ര നാളേക്കു് സ്വൈര്യമായി വാഴാനാവുമെന്നതു്, അമ്മമാരുടെയും സ്വാമിമാരുടെയുമൊക്കെ സഹായത്താല്‍ ജനങ്ങളെ എത്ര നാളത്തേക്കു് കിഴങ്ങുകളായി നിലനിര്‍ത്താനാവും എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അതാണു് “ദൈവങ്ങള്‍” പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെയും, അവരുടെ സംശയരഹിതമായ തെറ്റുകുറ്റങ്ങളും ചൂഷണങ്ങളും പോലും മറച്ചുപിടിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കുന്നതിന്റെയും പിന്നിലെ രഹസ്യം.
Feb 25, 2014, 1:55 PM
ഏതാനും കോമാളികള്‍ ഏതു് സര്‍ക്കസിനും ആവശ്യമാണു്. ശ്വാസം അടക്കിപ്പിടിച്ചിരുന്നു് കാണേണ്ടിവരുന്ന ഐറ്റങ്ങള്‍ മൂലമുണ്ടാവുന്ന ടെന്‍ഷനില്‍ നിന്നും കാഴ്ചക്കാര്‍ക്കു് ഇടയ്ക്കിടെ അല്പം റിലാക്സേഷന്‍ ആവശ്യമാണല്ലോ. പക്ഷേ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ലെജിസ്ലേറ്റീവ്, ജുഡീഷ്യല്‍, എക്സക്യുട്ടീവ് എന്നീ ബ്രാഞ്ചുകളിലൊക്കെ വാണരുളുന്നവര്‍ മുഴുവന്‍ കോമാളികളായാല്‍ അതിനു് ഒരു കോമഡി ഷോയുടേതല്ലാതെ, ഒരു സര്‍ക്കസിന്റെ നിലവാരം പോലും ഉണ്ടാവില്ല. കോമാളിത്തത്തിന്റെ കാര്യത്തില്‍ ജനങ്ങളും ഒട്ടും പിന്നിലല്ലെങ്കിലും, കൈനോക്കിയും മുഖം നോക്കിയും, കാക്ക തൂറുന്നതും പല്ലി ചിലക്കുന്നതുമെല്ലാം വിശദമായി പരിശോധിച്ചും, ഗൗരവഭാവം തെല്ലും വിടാതെ ഭാവിഫലം പ്രവചിക്കാന്‍ കഴിയുന്ന പണ്ഡിതരെ അപ്പാടെ വിശ്വസിക്കാന്‍ സഹസ്രാബ്ദങ്ങളായി ശീലിച്ചുപോയ ജനതയാണു്. അക്ഷരത്തെറ്റുകളില്‍ മുടങ്ങാതെ കണ്ണുടക്കുകയും, വേണ്ടപ്പെട്ട ശീലുകള്‍ മാത്രം കാണാപ്പാഠം പഠിക്കുകയും ചെയ്യുന്നവര്‍. അതിനാല്‍, ആള്‍ദൈവങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നുമൊക്കെ എത്ര കൊടിയ തമാശകള്‍ കേട്ടാലും അതെല്ലാം വളരെ ഗൗരവതരമായ പ്രവചനങ്ങളോ പ്രസ്താവനകളോ ഒക്കെ ആയിട്ടേ അവര്‍ മനസ്സിലാക്കൂ. അവര്‍ക്കുപോലും തലകുത്തിനിന്നു് ചിരിക്കാതിരിക്കാന്‍ കഴിയാത്ത തരത്തില്‍പ്പെട്ട പുതിയ നിയമങ്ങളും കല്പനകളുമെല്ലാം പൊതുജനസമക്ഷം വയ്ക്കുന്നതിനുമുന്‍പു് ബന്ധപ്പെട്ടവര്‍ ഒരല്പം ശ്രദ്ധ ചെലുത്തിയാല്‍ ധാരാളം ജനങ്ങളുടെ കൂട്ടമരണം ഒഴിവാക്കാന്‍ കഴിയും. ടെന്‍ഷന്‍ മൂലം മാത്രമല്ല, നിര്‍ത്താതെ ചിരിക്കേണ്ടിവന്നാലും മനുഷ്യര്‍ ചത്തുപോകാം.
Feb 26, 2014, 3:18 PM
ജനാധിപത്യത്തിലെ നാടുവാഴികള്‍! ട്രെയിനില്‍ യാത്ര ചെയ്യുന്ന മന്ത്രി, മുന്നില്‍ മൂന്നു് പോലീസുകാരുടെയും പിന്നില്‍ മൂന്നു് പോലീസുകാരുടെയും അകമ്പടിയോടെ മുള്ളാന്‍ പോകുന്നതടക്കമുള്ള പല മന്ത്രിവിശേഷങ്ങളെയും പറ്റി സക്കറിയയുടെ പ്രസംഗം. നഗ്നരായി നാടുചുറ്റുന്ന സ്വന്തം രാജാക്കന്മാരെപ്പറ്റി നിശബ്ദത പാലിക്കുന്നവരും, അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുമൊക്കെയുള്ള ഒരു വെള്ളരിക്കാപ്പട്ടണത്തില്‍ ആരെങ്കിലുമൊക്കെ “നഗ്നസത്യങ്ങള്‍” വിളിച്ചുപറഞ്ഞേ പറ്റൂ. ഒരു സക്കറിയയോ, ഒരു കെജ്രിവാളോ ഒക്കെ, ജാംബവാന്‍ കുടിപ്പള്ളിക്കൂടത്തില്‍ ഉപയോഗിച്ചിരുന്ന ഭാഷക്കു് പകരം, ജനങ്ങള്‍ക്കു് മനസ്സിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു് തുടക്കം കുറിച്ചാല്‍ ആയിരങ്ങള്‍ അതേറ്റെടുക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. എന്തുകൊണ്ടു് അതിനു് ഇത്രയേറെ സമയമെടുത്തു എന്നുമാത്രമേ മനസ്സിലാവാതുള്ളു. വെള്ളരിക്കാപ്പട്ടണത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ കഴിയുന്നവര്‍ തമ്മിലുള്ള അന്തര്‍ധാര വളരെ സജീവമായിരുന്നതാവണം അതിന്റെ കാരണം.
https://www.facebook.com/photo.php?v=10200402372171251&set=vb.1514162263&type=3&theater
Feb 27, 2014, 1:32 PM
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ ക്യാമ്പസ് രാഷ്ട്രീയം കേരളത്തിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളെ നയിച്ചതു് മാര്‍ക്സിയന്‍ ഐഡിയോളജി എന്ന ചെളിക്കുഴിയിലേക്കായിരുന്നു. ചെളിക്കുഴി എന്നു് പറയാന്‍ കാരണം, കാലുകുത്തിയ എല്ലാ രാജ്യങ്ങളിലും, മനുഷ്യര്‍ കൂടുതല്‍ ബോധവാന്മാരായതോടെ, പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സിദ്ധാന്തമാണു് മാര്‍ക്സിസം എന്നും, ആ മാര്‍ഗ്ഗം പിന്‍തുടര്‍ന്നുകൊണ്ടു് ഒരു സമൂഹത്തിന്റെ പുരോഗതി അസാദ്ധ്യമാണെന്നും അവര്‍ തിരിച്ചറിയുകയും, അതിനെ ഉപേക്ഷിക്കുകയും ചെയ്തതിനാലാണു്. പന്നിക്കുഴിയില്‍ ജീവിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കുമോ? മാര്‍ക്സിസം കാലുകുത്തിയതും അല്ലാത്തതും സമാനവുമായ സമൂഹങ്ങളെ തമ്മില്‍ താരതമ്യം ചെയ്താല്‍ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിതു്. ഉദാ. ഈസ്റ്റ് ജര്‍മ്മനി – വെസ്റ്റ് ജര്‍മ്മനി, നോര്‍ത്ത് കൊറിയ – സൗത്ത് കൊറിയ. പക്ഷേ അതിനൊക്കെ തുനിയുന്നതിനെക്കാള്‍, മാര്‍ക്സിസത്തിനു് സംഭവിച്ച പരാജയം അമേരിക്കയുടെ തലയില്‍ ചാര്‍ത്തിക്കൊടുത്തു് സ്വയം ആശ്വസിപ്പിക്കുന്നതാണു് അതില്‍ വിശ്വസിക്കുന്നവര്‍ക്കു് തീര്‍ച്ചയായും കൂടുതല്‍ എളുപ്പം. ഇനി, ആ പരാജയങ്ങള്‍ക്കു് മുഴുവന്‍ പിന്നില്‍ ഇപ്പറയുന്ന അമേരിക്കയാണെങ്കില്‍, ആ അമേരിക്ക ഒരു സംഭവം തന്നെയായിരിക്കണം എന്നേ അതിനര്‍ത്ഥം നല്‍കാന്‍ കഴിയൂ. ഒരു മോഡിയെയോ ഒരു കെജ്രിവാളിനെയോ ഒരു രാഹുല്‍ ഗാന്ധിയെയോ ഒക്കെ വ്യക്തിപരമായി അവഹേളിക്കാനായി ചിലര്‍ നിര്‍ത്താതെ തെറി പറയുന്നതു് കേള്‍ക്കുമ്പോള്‍, ആ തെറിയന്മാര്‍ ഭയപ്പെടുന്ന ചില നന്മകള്‍ അവരില്‍ ഉണ്ടായിരിക്കണമല്ലോ എന്നാര്‍ക്കെങ്കിലും തോന്നിയാല്‍, അതിനവരെ കുറ്റപ്പെടുത്താനാവില്ല എന്നപോലെ – തെറി പറയുന്നവര്‍ വ്യക്തിപരമായോ ആദര്‍ശപരമായോ യാതൊരുവിധ ക്രെഡിബിലിറ്റിയും അവകാശപ്പെടാനില്ലാത്തവര്‍ കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും. സംസ്കൃതചിത്തരായ മനുഷ്യര്‍ കഴിവതും ഒഴിവാക്കുന്ന ആര്‍ഗ്യുമെന്റേഷന്‍ രീതിയാണു് ad hominem. പക്ഷേ, കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു് (പ്രത്യേകിച്ചും അവരുടെ ശിങ്കിടികള്‍ക്കു്) അതല്ലാതെ മറ്റൊരു രീതി അറിയില്ല എന്നേ വിമര്‍ശനങ്ങളുടെ സ്വഭാവം കണ്ടാല്‍ തോന്നൂ. ആശയപരമായി നേരിടാന്‍ കഴിവില്ലാത്തവരുടെ സമരമുറയാണു് വ്യക്തിപരമായ ആക്രമണം. അതാണെങ്കില്‍ ആര്‍ക്കും കഴിയുന്ന ഒരു കലാപരിപാടിയാണുതാനും.
ക്യാമ്പസ് രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളെ “രക്തഹാരമണിഞ്ഞു്” നയിച്ചവരും, നയിക്കുന്നവരും മാര്‍ക്സിസം എന്നാല്‍ അതീവ രുചികരമായ എന്തോ കൊക്രോച്ച് ബിരിയാണിയാണു് എന്ന ധാരണയിലാണു് ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊടുത്തതും, ഇന്നും വിളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നതും. ആ ചെളിക്കുഴിയില്‍ എത്തിപ്പെട്ടതിനു് പക്ഷേ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. മനുഷ്യനന്മ, സത്യസന്ധത, നീതിനിഷ്ഠ തുടങ്ങിയ സദ്ഗുണങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും മരണം വരെ പോരാടാനുമൊക്കെ മനുഷ്യനെ പ്രേരിപ്പിക്കുന്ന യുവരക്തത്തിന്റെ കാലഘട്ടമാണു് കോളേജ് ജീവിതം. ജീവിതപങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രണയത്തിന്റെ കാലം കൂടിയായതുകൊണ്ടാവണം, സൗന്ദര്യം, സാഹിത്യം, സംഗീതം, കലകള്‍ തുടങ്ങിയവയിലെ സാദ്ധ്യമായതില്‍ ഏറ്റവും നല്ല തൂവലുകള്‍കൊണ്ടു് മനുഷ്യന്‍ അലങ്കരിക്കപ്പെടുന്ന ആ കാലഘട്ടത്തില്‍, വിപ്ലവം വഴി വരാനിരിക്കുന്ന സമത്വസുന്ദരലോകം എന്നും മറ്റുമുള്ള ഒറ്റവരി സമവാക്യങ്ങളില്‍ അവര്‍ വളരെ പെട്ടെന്നു് വീണുപോകുന്നതു്. സങ്കീര്‍ണ്ണതയുടെ ഗഹനതയെക്കാള്‍ ലാളിത്യത്തിന്റെ ഭംഗിയും സൗന്ദര്യത്തിന്റെ ലഹരിയും മനുഷ്യരെ കൂടുതല്‍ ആകര്‍ഷിക്കുന്ന കൗമാര-യൗവനകാലഘട്ടം. വീരശൂരപരാക്രമികളായ വിപ്ലവകാരികളും, ആ ഹീറോകളോടു് “ഇത്തിരി കോഴിച്ചാര്‍ കൂടി ഒഴിക്കട്ടേ ചേട്ടാ” എന്നു് ചോദിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിപ്ലവകാരിണികളും തോളോടുതോള്‍ ചേര്‍ന്നു് നവഭാരതനിര്‍മ്മിതി പ്ലാന്‍ ചെയ്യുന്ന ക്യാമ്പസുകള്‍! ഐഡിയോളജികള്‍ക്കു്, പ്രത്യേകിച്ചു് പുരോഗമനപരം എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നവയ്ക്കു്, ഇത്രയും അനുയോജ്യമായ ബ്രീഡിങ് ഗ്രൗണ്ഡ് വേറെയെവിടെ കിട്ടും? അവിടേക്കു് (ആരാന്റെ മക്കളുടെ) ചോര വീണു് കുതിര്‍ന്ന ഏതോ മണ്ണിന്റെ വീരഗാഥയുമായി കുറെ നേതാക്കള്‍ കടന്നു് ചെല്ലുമ്പോള്‍ അവര്‍ക്കു് അനുയായികള്‍ ഉണ്ടാവുക സ്വാഭാവികം. എന്തിനെപ്പറ്റിയാണു്, എത്ര ഉള്‍ക്കാഴ്ചയോടെയാണു് തങ്ങള്‍ പറയുന്നതു് എന്നതിനെപ്പറ്റി അവര്‍ക്കു് വലിയ ഗ്രാഹ്യമൊന്നുമില്ല എന്നു്, അക്കാര്യങ്ങളെപ്പറ്റി പൂജ്യം ഗ്രാഹ്യം മാത്രമുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ അറിയാന്‍? അല്ലെങ്കില്‍ത്തന്നെ, ആവേശത്താല്‍ ഭരിക്കപ്പെടുമ്പോള്‍, വിശദാംശങ്ങളൊക്കെ ആര്‍ക്കറിയണം? അതിന്റെ ഫലമായി, ലെക്ചര്‍ റൂമുകളിലും, ലബോററ്ററികളിലും, ലൈബ്രറികളിലുമായി പ്രയോജനപ്പെടുത്തേണ്ട സമയം, കൊച്ചിക്കു് പോകാന്‍ പറഞ്ഞാല്‍ ഉടനെ കൊച്ചിക്കു് പോയി അടുത്ത ബസില്‍ തിരിച്ചു് വരുന്ന വിനീതവിധേയനെപ്പോലെ, മനുഷ്യരാശിയുടെ ഭാവി ശോഭനമാക്കാന്‍ അനിവാര്യമെന്നു് പണ്ടാരോ കൂവിക്കേള്‍പ്പിച്ച സമവാക്യങ്ങള്‍ ആവര്‍ത്തിച്ചു് കൂവിക്കൊണ്ടു് തെരുവു് നിരങ്ങാനായി ചിലവഴിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ആ സമയം, ഏതു് സ്വപ്നലോകത്തിനു് വേണ്ടിയാണോ ഇങ്ങനെ തൊണ്ട കീറുന്നതു്, ആ സ്വപ്നലോകസിദ്ധാന്തം എന്തെന്നറിയാന്‍, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ കേള്‍ക്കലല്ലാതെ, സ്വന്തമായി ശ്രമിച്ചിരുന്നെങ്കില്‍, വെറുപ്പില്‍ അധിഷ്ഠിതമായ ചില പ്രവചനങ്ങള്‍ മാത്രമാണതെന്നും, ഒരു മാര്‍ക്സിനോ, മറ്റാര്‍ക്കെങ്കിലുമോ പ്രവചിക്കാന്‍ കഴിയുന്നതല്ല ലോകചരിത്രമെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞേനെ. പക്ഷേ, അറിയുന്നതിനേക്കാള്‍ അറിയുന്നതായി ഭാവിക്കുന്നതാണല്ലോ എളുപ്പം. അതിനു് നിനക്കൊന്നും ഒരു ചുക്കും അറിയില്ലെന്നോ, നീയൊക്കെ വെറും പയ്യന്‍സ് എന്നോ ഒക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ മതി. ഇഷ്ടംപോലെ കൊമേഴ്സ്യല്‍ മല്ലു സില്‍മകള്‍ മാതൃകയായി ഉള്ളപ്പോള്‍ അനുയോജ്യമായ സംഭാഷണശകലങ്ങള്‍ക്കു് പഞ്ഞമുണ്ടാവേണ്ട കാര്യവുമില്ല. ഊശാന്‍ താടിയും തോള്‍സഞ്ചിയും അതില്‍ പുസ്തകങ്ങളെന്നു് തോന്നുന്ന ചില വസ്തുക്കളും, മലബന്ധമോ അതോ ഇഞ്ചി തിന്നതോ എന്നു് തീര്‍ത്തു് പറയാനാവാത്ത മുഖഭാവവുമായി, താന്‍ ചുമക്കുന്ന അസ്തിത്വദുഃഖഭാരത്തെ ലോകസമക്ഷം പ്രദര്‍ശിപ്പിച്ചു് നാടു് ചുറ്റിയിരുന്ന ബുദ്ധിജീവികളെ അത്ര എളുപ്പം മറക്കാനാവുമോ?
ഭാഗ്യത്തിനു്, ഇന്നു് കാലം മാറി. ഇന്റര്‍നെറ്റിന്റെയും ഗൂഗിളിന്റെയുമൊക്കെ ഇന്നത്തെ ലോകത്തില്‍, വേണമെന്നുള്ളവര്‍ക്കു് വസ്തുതകള്‍ മനസ്സിലാക്കാന്‍ പണ്ഡിതരുടെ വ്യാഖ്യാനങ്ങളെയോ, നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളെയോ ഒന്നും ആശ്രയിക്കേണ്ട ഗതികേടില്ല. അതൊക്കെ കാരണമാവാം, മനുഷ്യര്‍ക്കു് കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കൊണ്ടിരിക്കുന്നതു്. എങ്കിലും, ആഗ്രഹസിദ്ധിക്കും മോക്ഷം നേടാനുമായി ആള്‍ദൈവങ്ങളുടെ മുന്നില്‍ വാക്കയ്യുംപൊത്തി വിദ്യാസമ്പന്നരായ മനുഷ്യര്‍വരെ വോട്ടുബാങ്ക് ലക്ഷ്യമാക്കുന്ന രാഷ്ട്രീയക്കാരോടൊപ്പം ക്യൂനില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തില്‍, വരാനിരിക്കുന്ന മാര്‍ക്സിയന്‍ പറുദീസക്കുവേണ്ടി ചാകാനും കൊല്ലാനും തയ്യാറാവുന്ന ഏതാനും ജന്മങ്ങള്‍ കുറെനാളത്തേക്കുകൂടി വംശനാശം സംഭവിക്കാതെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
January 2014
Jan 7, 2014, 10:31 AM
“Modernity is not democracy; machinery is not democracy; the surrender of everything to trade and commerce is not democracy. Capitalism is not democracy; and is admittedly, by trend and savour, rather against democracy. Plutocracy by definition is not democracy. But all these modern things forced themselves into the world at about the time, or shortly after the time, when great idealists like Rousseau and Jefferson happened to have been thinking about the democratic ideal of democracy.” – G. K. Chesterton
“A Plutocracy is preferable to a Lootocracy.” – P. Milford
Jan 8, 2014, 10:30 AM
ഭരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ഘോഷിക്കാന്‍ തിടുക്കപ്പെടുന്നതു് സമഗ്രാധിപത്യങ്ങളിലെ ഭരണകൂടങ്ങളാണു്. ഗോത്രസ്വഭാവം വിട്ടുമാറാത്തവയാണു് അത്തരം സമൂഹങ്ങളെങ്കില്‍ അവിടെ ബഹുജനം ഭരണകൂടത്തിന്റെ നിഷ്ഠുരതകളെവരെ പിന്‍തുണക്കാന്‍ മടി കാണിക്കാറുമില്ല. സാമാന്യജനത്തിന്റെ ഈ സ്വഭാവം ഒരിക്കലും മാറാതിരിക്കാനുള്ള പല ഉപാധികളില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണു് പ്രൊപഗാന്‍ഡ. സ്വപക്ഷം എല്ലാ നന്മകളുടെയും വിളനിലമാണെന്നും, അതിനു് നേര്‍വിപരീതമായി, ശത്രുപക്ഷം എല്ലാ തിന്മകളുടെയും കൂമ്പാരമാണെന്നുമുള്ള ദ്വൈതചിന്ത ജനഹൃദയങ്ങളില്‍ വേരുറപ്പിക്കുക എന്നതാണു് സമഗ്രാധിപത്യമോ, സമഗ്രാധിപത്യം ഉന്നം വയ്ക്കുന്ന വിഭാഗങ്ങളോ മുടക്കമില്ലാതെ നടത്തുന്ന മുഴുവന്‍ പ്രൊപഗാന്‍ഡയുടെയും അന്തിമലക്ഷ്യം. മതിലിനെപ്പറ്റി ബോധമില്ലാത്തിടത്തോളം മതിലിനുള്ളില്‍ മനുഷ്യന്‍ സ്വതന്ത്രനായിരിക്കുമല്ലോ. സ്വതന്ത്രമായ ചിന്തയിലൂടെ സ്വാതന്ത്ര്യത്തിനു് തടസ്സമായ ആ മതില്‍ വെളിപ്പെടുമെന്നതിനാലാണു്, അങ്ങനെയൊന്നു് നിലനില്‍ക്കുന്നേയില്ല എന്നു് വരുത്തേണ്ടതു് ഗോത്രത്തലവന്റെയും, ഗോത്രമൂപ്പന്മാരുടെയും, അവര്‍ക്കു് ഹോശാന പാടുന്ന ശിങ്കിടികളുടെയുമെല്ലാം നിലനില്പിന്റെ പ്രശ്നമായി മാറുന്നതു്. സ്വപ്നസ്വര്‍ഗ്ഗങ്ങളും ശത്രുചിത്രങ്ങളും മാറി മാറി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രൊപഗാന്‍ഡ-ഹിപ്നോസിസ് വഴി അവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു് സ്വന്തം കസേരയല്ലാതെ മറ്റൊന്നുമല്ല.
ഗോത്രം ഒരു അടഞ്ഞ സമൂഹമാണു്. അവിടെ ഗോത്രം എല്ലാം നിശ്ചയിക്കുന്നു, വ്യക്തി പാസ്സീവ് ആയി അനുസരിക്കുക മാത്രം ചെയ്യുന്നു. റാഷണല്‍ ആയി ചിന്തിക്കുന്ന, വ്യക്തിപരമായി തന്നോടും സമൂഹത്തോടും ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ അതുപോലൊരു ഗോത്രസമൂഹത്തിനു് അന്യനാണു്, അതിലേറെ അപകടകാരിയുമാണു്. കാരണം, അതുപോലുള്ള പൗരന്മാര്‍ വഴി സ്വാഭാവികമായും രൂപമെടുക്കുന്നതും ജനാധിപത്യപരവുമായ ഒരു തുറന്ന സമൂഹത്തില്‍ നിന്നും മുഴങ്ങുന്നതു് ഗോത്രസമൂഹത്തിന്റെ മരണമണിയായിരിക്കും. അതുകൊണ്ടു്, സ്വതന്ത്രചിന്തക്കു് കടിഞ്ഞാണിടാന്‍ സന്നദ്ധസംഘങ്ങളും ചാവേറുകളുമൊക്കെ നിയോഗിക്കപ്പെടേണ്ടതു് ഗോത്രരീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കൊളെക്റ്റിവിസ്റ്റ് സമൂഹങ്ങളുടെയും ഒഴിവാക്കാന്‍ വയ്യാത്ത ആവശ്യമായിത്തീരുന്നു.
Jan 14, 2014, 3:56 PM
ഒരു ആത്മീയവെബ്സൈറ്റില്‍ കണ്ടതാണിതു്. ഇതു് പറയുന്നതു് മറ്റാരുമല്ല, സ്വാമി വിവേകാനന്ദനാണു്.
“നിങ്ങള്‍ ശരീരമല്ല, അശരീരമായ ആത്മാവാണ് എന്നു ഭാവന ചെയ്യാന്‍ നോക്കുക. അതു മിക്കവാറും അസാദ്ധ്യമെന്നു കാണാം: തങ്ങള്‍ ആത്മാവാണെന്നനുഭവപ്പെടുത്തുവാന്‍ സാധിച്ച ചുരുക്കം ചിലര്‍ക്ക് ആ സമയത്ത് ദേഹഭാവനയുണ്ടായിരുന്നില്ലെന്നു കാണാം. ഗംഭീരധ്യാനമോ, സ്വാന്യത്വഭാവനയോ ഔഷധങ്ങളോ നിമിത്തം ചിലപ്പോള്‍ ഒരസാധാരണ മനഃസ്ഥിതി വന്നിട്ടുള്ളവരെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കാം, ഒരുപക്ഷേ കണ്ടിട്ടുമുണ്ടാവാം. അവര്‍ ആന്തരമായ എന്തോ ഒന്നു കണ്ടിരുന്നപ്പോള്‍ ബാഹ്യമായതു കണ്ടിരുന്നില്ലെന്നാണ് ആ അനുഭവത്തില്‍നിന്നു മനസ്സിലാക്കാവുന്നത്. ഉള്ളത് ഒന്നുമാത്രമെന്നത്രേ ഇതു തെളിയിക്കുന്നത്. ആ ഒന്ന് ഈ വിവിധരൂപങ്ങളില്‍ പ്രത്യക്ഷമാകുന്നു.”
മനുഷ്യന്‍ ശരീരമല്ല, അശരീരമായ ആത്മാവാണെന്നു് “ഭാവന ചെയ്യല്‍” മിക്കവാറും അസാദ്ധ്യമാണെന്നാണു് വിവേകാനന്ദന്‍ പറയുന്നതു്. പിന്നെ മനുഷ്യന്‍ അശരീരമായ ആത്മാവാണു് എന്നു് എങ്ങനെയാണു് തെളിയിക്കുക? അതിനുള്ള ഒരു വഴി, തങ്ങള്‍ ആത്മാവാണു് എന്നു് അനുഭവപ്പെടുത്തുവാന്‍ സാധിച്ച ചുരുക്കം ചിലര്‍ക്കു് ആ സമയത്തു് ദേഹഭാവനയുണ്ടായിരുന്നില്ലെന്നു് കാണുക എന്നതാണു്. അവരുടെ അനുഭവം എങ്ങനെയാണു് മറ്റുള്ളവര്‍ക്കു് കാണാനും അറിയാനും കഴിയുക? ഒന്നുകില്‍ അവരുടെ ആ സമയത്തെ ചേഷ്ടകള്‍ കണ്ടു് അപ്പോള്‍ ദേഹഭാവനയില്ല എന്നു് ഊഹിക്കുക, അല്ലെങ്കില്‍ ആ അവസ്ഥയിലോ, പിന്നീടോ അവര്‍ പറയുന്നതു് മുഖവിലക്കെടുത്തു് വിശ്വസിക്കുക. മറ്റൊരു വഴിയുള്ളതു്, “ഗംഭീരധ്യാനമോ സ്വാന്യത്വഭാവനയോ” ഔഷധങ്ങളോ വഴി “അസാധാരണ മനഃസ്ഥിതിയില്‍” എത്തിയവര്‍ ആന്തരമായ എന്തോ ഒന്നു് കാണുമ്പോള്‍ ബാഹ്യമായതൊന്നും കാണുന്നില്ല എന്നുള്ള അനുമാനത്തില്‍ വിശ്വസിക്കുക.
പക്ഷേ, വിശ്വാസം എന്നതു് അറിവാകുമോ? അറിവല്ലാത്തതു് തെളിവാകുമോ? ചില “ഔഷധങ്ങള്‍” വഴിയും, മാനസികരോഗങ്ങള്‍ വഴിയും, തലയ്ക്കു് ഏല്‍ക്കുന്ന പരിക്കുകള്‍ വഴിയുമെല്ലാം മനുഷ്യനു് സ്വബോധവും സ്ഥലകാലബോധവും നഷ്ടപ്പെടാമെന്നതു് സത്യമാണെങ്കിലും, അതുപോലൊരു അവസ്ഥ തെളിയിക്കുന്നതു് “ഉള്ളതു് ഒന്നുമാത്രമാണു്, ആ ഒന്നാണു് വിവിധരൂപങ്ങളില്‍ പ്രത്യക്ഷമാകുന്നതു്” എന്നും മറ്റുമുള്ള കണ്‍ക്ലൂഷനില്‍ സുബോധമുള്ള ഒരു മനുഷ്യനു് എത്തിച്ചേരാനാവുമോ? മനുഷ്യനു് ഭാവനചെയ്യാന്‍ പോലും പ്രയാസമായ അദ്വൈതം എന്ന പ്രപഞ്ചജ്ഞാനം മതിഭ്രമം സൃഷ്ടിക്കുന്ന “ഔഷധങ്ങളുടെ” (ഉദാ. കഞ്ചാവു്) ലഹരിയില്‍ പുറത്തു് വരുന്നതാണെങ്കില്‍, ആ ജ്ഞാനത്തിനു് എന്തു് മൂല്യമാണുള്ളതു്? എങ്കില്‍ ആ “ഔഷധങ്ങള്‍” അല്ലേ ആ ജ്ഞാനത്തെക്കാള്‍ കൂടുതല്‍ വിലമതിക്കപ്പെടേണ്ടതു്?
Jan 14, 2014, 4:06 PM
ഇതൊരു ജ്യോതിഷവെബ്സൈറ്റില്‍ കണ്ടതാണു്:
“സ്വ൪ണ്ണാംശകം മേടം രാശിയിലായാല്‍, ദ്രവ്യനാശവും, വാഗ്വാദവും ശത്രുക്കളാല്‍ ഉപദ്രവവും രോഗവും സംഭവിക്കുന്നതാണ്.
സ്വ൪ണ്ണാംശകം ഇടവം രാശിയിലായാല്‍ പശു, എരുമ, കാള മുതലായ നാല്ക്കാലികള്‍ ലഭിക്കുന്നതായിരിക്കും.
സ്വ൪ണ്ണാംശകം മിഥുനം രാശിയിലായാല്‍ സ്ത്രീകള്‍ തമ്മിലോ പുരുഷന്മാ൪ തമ്മിലോ കലഹമുണ്ടാവുകയും കാര്യങ്ങളില്‍ പരാജയം സംഭവിക്കുകയും, സഹോദരന്മാ൪ക്ക് രോഗവും, വാഗ്വാദവും, കുരുമുളക് മുതലായ ധനം വ൪ദ്ധിയ്ക്കുകയും ബന്ധുക്കളോട് ശത്രുത ഉണ്ടാവുകയും ഫലമാകുന്നു.”
ജ്യോതിഷത്തില്‍ കള്ളമില്ല എന്നതിനാല്‍, മെറ്റ്രോപോളിറ്റന്‍ മനുഷ്യര്‍ എരുമകാളപശുക്കളെ കൂട്ടിയടിച്ചുകൊണ്ടു് നടക്കാറില്ലാത്തതു് അവരുടെ സ്വര്‍ണ്ണാംശകം ഒരിക്കലും ഇടവം രാശിയില്‍ വരാത്തതുകൊണ്ടാവാനേ വഴിയുള്ളു. ഇല്ലാത്തതിനെ ആഘോഷമായി കൊണ്ടുനടക്കാന്‍ ആവില്ലല്ലോ. സ്വര്‍ണ്ണാംശകം മേടം രാശിയിലോ മിഥുനം രാശിയിലോ വന്നാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ (കുരുമുളകു് ഉപ്പു് മുതലായ ധനങ്ങളുടെ വര്‍ദ്ധനവു് സഹിതം) സ്വര്‍ണ്ണാംശകത്തിനു് പകരം ടൈറ്റാനിയാംശകം ആയാലും സംഭവിക്കാവുന്നവയാണുതാനും.
ഹസ്തരേഖാശാസ്ത്രവും, മുഖലക്ഷണവുമെല്ലാം നോക്കി കാക്കാത്തി ഭാവി പ്രവചിക്കുന്നതു് കേള്‍ക്കാന്‍ അവളുടെ കിളിക്കൂടിനു് മുന്നില്‍ വായും പൊളിച്ചിരിക്കുന്നവരെപ്പോലുള്ള മനുഷ്യര്‍ക്കു് ഇത്തരം ശാസ്ത്രങ്ങള്‍ സംസ്കൃതത്തില്‍ കേള്‍ക്കുന്നതാണു് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ അതിന്റെ സംസ്കൃതശ്ലോകം കൂടെ ഇവിടെ പകര്‍ത്തുന്നു. ഇതു് കേള്‍ക്കുന്ന, സംസ്കൃതമറിയാത്ത ഒരു ഭാഗ്യാന്വേഷിയുടെ മനസ്സില്‍ എരുമകാളപശുക്കള്‍ക്കും ഉപ്പുമുളകുമഞ്ഞളിനുമൊക്കെ എന്തു് പ്രസക്തി? എന്തുകൊണ്ടാണു് ജനത്തിനു് മനസ്സിലാവാത്ത ഭാഷയില്‍ മാത്രമേ അവരോടു് സംസാരിക്കാവൂ എന്നും, ആ ഭാഷ പഠിക്കാന്‍ അവരെ ഒരിക്കലും അനുവദിക്കരുതെന്നും പൂര്‍വ്വപിതാക്കള്‍ നിര്‍ബന്ധം പിടിച്ചതു്? ജാതിമതവര്‍ഗ്ഗലിംഗഭേദമെന്യേ സകലജനത്തിന്റെയും സര്‍വ്വതോമുഖമായ ബോധവത്കരണം, അതുവഴിയുള്ള സമൂഹത്തിന്റെ വളര്‍ച്ച അതായിരുന്നു അവരുടെ ലക്ഷ്യം.
“സ്വ൪ണ്ണസ്യാംശേ ഹി മേഷേ ഭവതി യദി നൃണാം
ദ്രവ്യനാശം വിവാദം.
ശത്രോഃ പീഡാം രുജം വാ നിഗദതു , വൃഷഭേ
ഗോമഹിഷ്യാദിലാഭം.
യുഗ്മേ സ്ത്രീണാം നൃണാം വാ കലഹപരിഭവം
ഭ്രാതൃരോഗം വിവാദം.
പ്രോക്തം കൃഷ്യാദിലാഭം മരിചമുഖധനം
ബന്ധുവൈരം ക്രമേണ.”
പരിചിതമായ ആശയങ്ങളെ വ്യാജമായ ഭാഷയില്‍ അവതരിപ്പിക്കുന്നതു് മോശമായ ബുദ്ധിയുടെയും താഴ്ന്ന വിശ്വാസയോഗ്യതയുടെയും അടയാളമായി പരിഗണിക്കപ്പെടുമെന്നു് ഡാനിയേല്‍ ഒപ്പന്‍ഹൈമര്‍ പറഞ്ഞതു് നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടണമെങ്കില്‍ ഭാരതത്തില്‍ ജ്യോതിഷശാസ്ത്രം, മതശാസ്ത്രം, രാഷ്ട്രീയശാസ്ത്രം തുടങ്ങിയ “സാമൂഹികശാസ്ത്രങ്ങള്‍” വിറ്റു് ജീവിക്കുന്നവരെ വീക്ഷിച്ചാല്‍ മതി.
Jan 18, 2014, 1:10 PM
സങ്കീര്‍ണ്ണമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ പ്രയത്നം ലഘൂകരിക്കാനായി മനുഷ്യര്‍ പലതരം തന്ത്രങ്ങള്‍ സ്വീകരിക്കാറുണ്ടു്. അവയില്‍പ്പെടുന്ന ഒന്നാണു് ആറ്റ്രിബ്യൂട്ട് സബ്സ്റ്റിറ്റ്യൂഷന്‍. കട്ടിയായ ഒരു ചോദ്യത്തിനു് മറുപടി പറയേണ്ടിവരുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടതെങ്കിലും വ്യത്യസ്തവും ലളിതവുമായ മറ്റൊരു ചോദ്യത്തിനു് മറുപടി നല്‍കി തൃപ്തിപ്പെടുന്ന രീതിയാണതു്. ആ സമയത്തു് അങ്ങനെയൊരു സബ്സ്റ്റിറ്റ്യൂഷന്‍ സംഭവിച്ചതിനെപ്പറ്റി അവര്‍ ബോധവാന്മാരായിരിക്കുകയില്ല എന്നതാണു് രസകരം. കാരണം, ഈ സബ്സ്റ്റിറ്റ്യൂഷന്‍ നടക്കുന്നതു് “ഓട്ടോമാറ്റിക് ഇന്റുവിറ്റീവ് ജഡ്ജ്മെന്റ് സിസ്റ്റ”ത്തിലാണു്. (2×2 എത്രയെന്നു് ചിന്തയുടെയോ കണക്കു് കൂട്ടലിന്റെയോ ഒന്നും ആവശ്യമില്ലാതെ പറയാന്‍ കഴിയുന്നതും, പരിചിതമായ ഒരു മുഖമോ ഒരു മുറിയോ ഒക്കെ അവയുടെ ഓരോ മുക്കും മൂലയും നോക്കാതെയും പരിശോധിക്കാതെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതുമെല്ലാം അതിവേഗം പ്രവര്‍ത്തിക്കുന്ന ഈ ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ ചുമതലയില്‍പെട്ട കാര്യങ്ങളാണു്. അതേസമയം, 97×86 എത്രയെന്നാണു് അറിയേണ്ടതെങ്കില്‍ ആ ജോലി സ്വതവേ മടിയനായ “സെല്‍ഫ്-അവെയര്‍ റിഫ്ലക്റ്റിവ് സിസ്റ്റം” ഏറ്റെടുക്കാതെ നിവൃത്തിയുമില്ല. നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും ഉത്ഭവം ആദ്യത്തെ സിസ്റ്റത്തിലാണെങ്കിലും, പ്രശ്നം സങ്കീര്‍ണ്ണമാവുമ്പോള്‍ അതിന്റെ ചുമതലയും “അവസാനവാക്കും” രണ്ടാമത്തെ സിസ്റ്റത്തിന്റേതാണു്).
മനുഷ്യര്‍ സ്വന്തം മുന്‍വിധികളെപ്പറ്റിയുള്ള അബോധാവസ്ഥയില്‍ ആയിരിക്കുക മാത്രമല്ല, ആ വിഷയം ബോദ്ധ്യപ്പെടുത്തിയാലും അതേ മുന്‍വിധികള്‍ അവരില്‍ നിന്നും മായാതെ നിലനില്‍ക്കുകയും ചെയ്യുന്നതു് അതുകൊണ്ടാണു്. ചര്‍ച്ചകളിലെ പരാമര്‍ശവിഷയത്തെപ്പറ്റി ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടോ, അറിയാത്തതുകൊണ്ടോ, അതുമായി ബന്ധപ്പെട്ടതെങ്കിലും ഇറെലെവന്റ് ആയ മറ്റു് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ അതിനെപ്പറ്റി ബോധവാന്മാര്‍ പോലുമല്ല എന്ന വസ്തുത മനസ്സിലാക്കിയാല്‍ അവരുമായി വൃഥാ തര്‍ക്കിക്കുന്നവര്‍ക്കു് ഏറെ സമയവും ഊര്‍ജ്ജവും ലാഭിക്കാം. മനുഷ്യര്‍ക്കു് മാറ്റിയെടുക്കാന്‍ കഴിയാത്ത കാര്യമല്ല മുന്‍വിധികള്‍. പക്ഷേ, തീരുമാനങ്ങളിലെ റിഫ്ലക്റ്റിവ് സിസ്റ്റത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനായി സ്ഥിരം ജാഗരൂകരായി ഇരിക്കേണ്ടിവരുമെന്നതിനാല്‍ “പ്രയത്നം” ആവശ്യമായ ഒരു കാര്യമാണതു്. മടിയും പ്രയത്നന്യൂനീകരണവുമാണു് മനുഷ്യരില്‍ സ്വാഭാവികത എന്നതിനാല്‍ അതത്ര എളുപ്പവുമല്ല.
http://en.wikipedia.org/wiki/Attribute_substitution
Jan 24, 2014, 2:03 PM
ഇലക്ട്രിസിറ്റി ബോര്‍ഡിലും പൊതുമരാമത്തു് വകുപ്പിലുമൊക്കെ പണികള്‍ ചെയ്യാന്‍ റ്റെന്‍ഡര്‍ വിളിക്കുകയും അതില്‍ ഏറ്റവും കുറഞ്ഞ തുക കാണിച്ചിട്ടുള്ള ക്വൊട്ടേഷന്‍കാരനെ പണി ഏല്പിക്കുകയും ചെയ്യാറാണു് സാധാരണ പതിവു്. പക്ഷേ, പത്രവാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍, റ്റെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്നമേ അല്ലാത്തതുപോലെ സ്വമേധയാ അങ്ങോട്ടുചെന്നു് റോഡുകളും പാലങ്ങളും ഡാമുകളും പവ്വര്‍ സ്റ്റേഷനുകളുമെല്ലാം പണീതീര്‍ക്കുന്ന ഒരു പ്രത്യേകതരം കോണ്ട്രാക്റ്റേഴ്സാണു് പ്രബുദ്ധകേരളത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡെന്നു് കരുതേണ്ടിയിരിക്കുന്നു. അറിഞ്ഞുകൊണ്ടു് ചെയ്യുന്ന അത്തരം നിയമലംഘനങ്ങള്‍ക്കു് പ്രതിഫലം ലഭിച്ചില്ലെങ്കിലും ശിക്ഷ ലഭിക്കാതിരിക്കരുതു് എന്നവര്‍ക്കു് നിര്‍ബന്ധമാണത്രെ!
ചില ഓണംകേറാമൂലകളില്‍ പലതരം മരാമത്തു് പണികള്‍ നല്‍കാനുള്ള ഓഫീസുകള്‍ ഉണ്ടെങ്കിലും, അവ ചെയ്യാന്‍ കഴിവുള്ള കോണ്ട്രാക്റ്റേഴ്സ് ചുരുക്കമാണെന്നതിനാല്‍ പലപ്പോഴും ഒരാള്‍ തന്നെയാവും മിക്കവാറും എല്ലാ പണികളും ഏറ്റെടുത്തു് നടത്തുന്നതു്. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും പല ടെന്‍ഡറുകളില്‍ പല തുകകള്‍ എഴുതി പല പേരുകളില്‍ ഒപ്പിട്ടു് ഹാജരാക്കുന്നതും അയാള്‍ തന്നെ ആയിരിക്കും. നിയമം പാലിക്കപ്പെടേണ്ടതുണ്ടല്ലോ. ഫയല്‍ നിറയെ അനുയോജ്യമായ കടലാസ്സുകളുണ്ടായാല്‍ നിയമം പാലിക്കപ്പെടുമെന്നു് സായിപ്പു് പഠിപ്പിച്ചിട്ടുമുണ്ടു്. പഠിപ്പിച്ചതു് മാത്രം പാടിക്കൊണ്ടിരിക്കാനും, പഴംപാട്ടുകള്‍ കേട്ടുകൊണ്ടിരിക്കാനും ആഗ്രഹിക്കുന്നവരാണു് ഭാരതീയര്‍. ഗോത്രമൂപ്പന്മാര്‍ക്കും, വൈദേശികമായ ആധിപത്യങ്ങള്‍ക്കും കീഴ്പ്പെട്ടുകൊണ്ടു് അവരുടെ കല്പനകളെ തലമുറകളിലൂടെ നിരുപാധികം അനുസരിക്കുകയും, അവര്‍ ചൂണ്ടിക്കാണിച്ച വഴികള്‍ പിന്‍തുടരുകയും മാത്രം ചെയ്തിട്ടുള്ള ഒരു ജനം ഇച്ഛാശക്തി നശിപ്പിക്കപ്പെട്ട ഒരു കൂട്ടം മാത്രമായിരിക്കും. സ്ഥിരം പുറകോട്ടു് നോക്കിക്കൊണ്ടിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത അവര്‍ അവരുടെ പഴയ അച്ചില്‍ പാകമാകാത്തതൊന്നും അംഗീകരിക്കാന്‍ തയ്യാറാവില്ല.
ഉദാഹരണത്തിനു്, അരവിന്ദ് കെജ്രിവാളിന്റെ നിലപാടുകളെ പുകഴ്ത്തുമ്പോഴും അയാളില്‍ നിന്നും ഗാന്ധിജിയുടെ ശബ്ദത്തിനായി ചെവിയോര്‍ക്കുന്നവര്‍ പുതിയ വഴികള്‍ തേടുന്നവരല്ല, അറിഞ്ഞോ അറിയാതെയോ, “പുണ്യമുള്ള” ആ പഴയ വഴികള്‍ പുനഃസ്ഥാപിക്കപ്പെടും എന്നു് പ്രതീക്ഷിക്കുന്നവരാണു്. ആ പ്രതീക്ഷ സഫലീകരിക്കപ്പെടുന്നില്ല എന്നു് തോന്നിയാല്‍ ആ നിമിഷം മുതല്‍ AAP-യെ തള്ളിപ്പറയാന്‍ മടിക്കാത്തവര്‍. പകരം വയ്ക്കാനില്ലാത്തതാണു് തങ്ങളുടെ നീതിശാസ്ത്രമെന്നു് വിശ്വസിച്ചിരുന്ന മറ്റു് ചിലര്‍ AAP-യില്‍ കയറിപ്പറ്റുന്നതിന്റെ ലക്ഷ്യം കുറെക്കൂടി റാഡിക്കലാണു്. ഉള്ളില്‍ കയറിക്കൂടി പുഴുക്കുത്തായി മാറി AAP-യെ ആന്തരികമായി ജീര്‍ണ്ണിപ്പിച്ചു് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണു് ഇക്കൂട്ടര്‍. ഈ രണ്ടു് വിഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നതു് ഭാരതീയവിശ്വരൂപത്തിന്റെ രണ്ടു് മുഖങ്ങള്‍ മാത്രം.

