[“ഭാവികാലക്കുളിരോളി”, “വാക്കുപാലകൻ” പിണറായി വിജയന്റെ “ആവർത്തനം തന്തുനാനേന” വാളയാർ കൊലപാതകക്കേസ് സംബന്ധമായ, നാലു് വർഷങ്ങൾ മുൻപത്തെ ഒരു പോസ്റ്റിന്റെ “തനിയാവർത്തനം”.
ബൈബിളിലെ ഉല്പത്തി, പുറപ്പാടു്, സംഖ്യ, ലേവ്യ എന്നീ നാലു് പുസ്തകങ്ങളിലൂടെ പറയാനുള്ള കാര്യങ്ങൾ യഹോവ പറഞ്ഞുതീർത്തിട്ടും, ആവർത്തനം എന്ന അഞ്ചാം പുസ്തകംവഴി അക്കാര്യങ്ങൾ ഒരിക്കൽക്കൂടി അയവിറക്കാൻ മോശെ തീരുമാനിച്ചതു് ഒന്നും കാണാതെയല്ല. മോശെ ഒരു “ഹ്യൂമൻ കണ്ഡീഷണർ” ആണു്.
ലോകാരംഭം മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയറായി കാണാനും ഓർത്തിരിക്കാനും കഴിയുന്ന അല്ലാഹുവിനെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പുകഴ്ത്തുകയോ ആരാധിക്കുകയോ ചെയ്തിട്ടുള്ളവരെ ലോകാവസാനത്തോളം തെളിനീരിലെന്നപോലെ കാണാനും ഓർത്തിരിക്കാനും കഴിയുന്നവനാണു് അല്ലാഹു. അതു് വിശ്വസിക്കാത്തവർക്കു് അല്ലാഹുവിനെ ശരിക്കും അറിയില്ലെന്നേ അർത്ഥമുള്ളു.
ഇനി, മനുഷ്യർക്കു് നിർബന്ധമാണെങ്കിൽ, വർഷത്തിലോ, മാസത്തിലോ, ഏറ്റവും കൂടിയാൽ ദിവസത്തിലോ ഒരിക്കൽ അല്ലാതെ, അതിൽ കൂടുതലായി അല്ലാഹുവിനെ പുകഴ്ത്തുകയോ ആരാധിക്കുകയോ ചെയ്യുന്നതു് അല്ലാഹുവിന്റെ ഗ്രഹണക്ഷമതയെയും ഓർമ്മശക്തിയെയും അവഹേളിക്കുന്നതിനു് തുല്യമാണു്.
ആർക്കും എപ്പോഴും തോന്നുമ്പോലെ കൊട്ടിക്കളിക്കാനുള്ള ഒരു വഴിച്ചെണ്ടയല്ല അല്ലാഹു എന്നു് വ്യക്തവും സ്പഷ്ടവുമായി അറിയാമായിരുന്നിട്ടും, ദിനേന അഞ്ചുനേരം അല്ലാഹുവിനെ നിസ്കരിക്കാൻ മുഹമ്മദ് നബി (സ) മുസ്ലീമുകളോടു് കല്പിച്ചതു് ഒന്നും കാണാതെയല്ല. നബീ(സ) ഒരു “ഹ്യൂമൻ കണ്ഡീഷണർ” ആണു്.
വിരസമായ ആവർത്തനങ്ങളുണ്ടു്; ഒബ്സെഷണൽ ന്യൂറോട്ടിക്കുകളെ സൃഷ്ടിക്കുന്ന ആവർത്തനങ്ങളുണ്ടു്; “ശക്തമായ നടപടിയെടുക്കും കേട്ടോ”, “കേരളത്തെ യൂറോപ്പ് ആക്കും കേട്ടോ”, “കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കും കേട്ടോ”, “കേരളത്തിൽ 20 ലക്ഷം പേർക്കു് ജോലി നൽകും കേട്ടോ”, “കെ-റെയിൽ വരും കേട്ടോ” മുതലായ, കറതീർന്ന ജീവിതശുദ്ധിയുള്ള കമ്മി ഉന്തലുകളും തള്ളലുകളും തള്ളിമറിയ്ക്കലുകളുമുണ്ടു്.]
മുഖവുര കണ്ടമാനം നീണ്ടു. ഇനിയും നീണ്ടാൽ സുരേഷ് ഗോപിയെപ്പോലെ പൊതുജനസമക്ഷം മാപ്പു് പറയേണ്ടിവരുമെന്നതിനാൽ, സൂചിതമായ പോസ്റ്റ് താഴെ കൊടുക്കുന്നു:
വാളയാർ കേസ് സംബന്ധമായ ചില മുഖ്യമന്ത്രിവചനങ്ങൾ (2017 മാർച്ചിലെ പത്രവാർത്ത):
1. പോലീസ് അതിശക്തമായ നടപടിയെടുക്കും
2. കുറ്റവാളികളെ നിയമത്തിനു് മുന്നിലെത്തിക്കും
3. കർശനമായ നടപടിയെടുക്കും.
4. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കും.
5. ലൈംഗികകുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. (പട്ടിക മോഷണം പോകാത്തവിധം ഭദ്രമായി സ്ട്രോങ് റൂമിലെ കാരിരുമ്പു് സെയ്ഫിൽ സൂക്ഷിക്കും. സെയ്ഫിന്റെ താക്കോൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ. രാജേഷിനെ ഏല്പിക്കും.)
വാളയാർ കേസ് സംബന്ധമായ ചില മുഖ്യമന്ത്രിവചനങ്ങൾ (2019 ഒക്ടോബറിലെ പത്രവാർത്ത):
1. സർക്കാർ അപ്പീൽ നൽകും.
2. കേസ് നടത്തിപ്പു് പ്രഗൽഭരായ അഭിഭാഷകരെ ഏൽപ്പിക്കും. (ഉദാ. ഹരീഷ് സാല്വേ)
3. പ്രതികൾക്കു് ശിക്ഷ വാങ്ങിക്കൊടുക്കും. (ഒരു കിലോ ശിക്ഷക്കു് എന്തു് വില വരുമെന്നു് ആരായും.)
4. പുനരന്വേഷണം വേണമോ സിബിഐയെ ഏൽപ്പിക്കണമോ എന്ന കാര്യം പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയനു് സ്ഥലകാലാതീതമായി ഫ്യൂച്ചർ സിംപിൾ ടെൻസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണു് (ഭാവികാലക്കുളിർ!) നാമിവിടെ കാണുന്നതു്. കാര്യമറിയാതെ വിമർശിക്കുന്ന കഴുതകളായ പൊതുജനം അതൊന്നും കാണാതെ പോകരുതു്.
പട്ടികജാതി-, പട്ടികവർഗ്ഗ-, പിന്നാക്കവിഭാഗക്ഷേമം, നിയമം, സംസ്കാരം, പാർലമെന്ററി ഇത്യാദി വകുപ്പുകളുടെ മന്ത്രിയായ എ. കെ. ബാലനാണെങ്കിൽ വാളയാർ കേസിൽ തെളിവുകിട്ടാക്കുളിർ! എന്തോരും വകുപ്പുകളാണു് അദ്ദേഹം ഒറ്റയ്ക്കു് ചുമക്കുന്നതു്! കാര്യമറിയാതെ വിമർശിക്കുന്ന കഴുതകളായ പൊതുജനം ഇതൊന്നും കാണാതെ പോകരുതു്.
ഭാവികാലക്കുളിർ, ഭൂതകാലക്കുളിർ, വർത്തമാനക്കുളിർ, തെളിവുകിട്ടാക്കുളിർ, കന്നിമാസക്കുളിർ. കുളിരുകൾ പലവിധമുലകിൽ സുലഭം!