RSS

Tag Archives: സെക്റ്റ്

സെക്റ്റുകള്‍ സെക്റ്റുകള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍…

സയന്റൊളജി എന്ന ക്രൈസ്തവസെക്റ്റിനെപ്പറ്റി കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഹോളിവുഡ് താരം ടോം ക്രൂസ് തുടങ്ങിയ ചില പ്രശസ്തരൊക്കെ ഉള്‍പ്പെടുന്ന ഒരു സെക്റ്റാണതു്‌. സെക്റ്റുകള്‍ പൊതുവെ, രക്ഷയും സമത്വവും സ്വാതന്ത്ര്യവുമെല്ലാം വാഗ്ദാനം ചെയ്തു്‌ മനുഷ്യരെ തടവിലാക്കുന്നവയാണെന്നതിനാല്‍, ഒരിക്കല്‍ പെട്ടുപോയാല്‍ അവിടെനിന്നും രക്ഷപെടുക എന്നതു്‌ അത്ര എളുപ്പമായ കാര്യമല്ല. തടവറയില്‍ അനുഭവിക്കാന്‍ കഴിയുന്ന സുരക്ഷിതത്വം, സ്വാതന്ത്ര്യം മുതലായവയെപ്പറ്റിയുള്ള സ്റ്റഡിക്ലാസ്സുകള്‍ മുടങ്ങാതെ നടത്തിയാലും, അതൊന്നും ചിലരെ ബോദ്ധ്യപ്പെടുത്താന്‍ പര്യാപ്തമാവാറില്ല എന്നതിനാല്‍, അതില്‍നിന്നും രക്ഷപെടുന്നതാണു്‌  ബുദ്ധി എന്നു്‌ എന്നെങ്കിലുമൊരിക്കല്‍ മനസ്സിലാക്കുന്നവരും വിരളമല്ല. ഡ്രൈക്ലീന്‍ ചെയ്താൽ പോലും ശുദ്ധിയാവാത്ത ചില തലകളുണ്ടു്‌, എന്തുചെയ്യാന്‍? അംഗങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കൊഴിഞ്ഞുപോയാല്‍ സെക്റ്റിനു്‌ നിലനില്‍ക്കാനാവില്ല എന്നതു്‌ വ്യക്തമാണെന്നതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ക്കെതിരെ ആയുധങ്ങള്‍ എടുക്കാനും സെക്റ്റിനെ നയിക്കുന്ന “സ്വാതന്ത്ര്യസ്നേഹികളായ” നേതാക്കള്‍ മടിക്കാറില്ല.

സെക്റ്റ് എന്നതുകൊണ്ടു്‌ പൊതുവേ ഉദ്ദേശിക്കുന്നതു്‌ മെയിന്‍സ്റ്റ്റീം മതങ്ങളിലെ വിശ്വാസപ്രമാണങ്ങളില്‍ ചില ചായംപൂശലുകള്‍ നടത്തി, പുതിയതു്‌ എന്നു്‌ അവകാശപ്പെടുന്ന സ്വന്തം വിശ്വാസസത്യങ്ങളുമായി, വേര്‍പെട്ടു്‌ നിലകൊള്ളുന്ന ചെറിയ സംഘങ്ങളെയാണെങ്കിലും, രാഷ്ട്രീയമോ തത്വചിന്താപരമോ ആയ അഭിപ്രായഭിന്നതകളുടെ പേരില്‍ – പക്ഷേ, സത്യത്തില്‍, നേതൃത്വവും, അപ്പത്തിൽ നിന്നും കഴിയുന്നത്ര വലിയ ഒരു പങ്കും കൈക്കലാക്കുന്നതിനുവേണ്ടി! – വേര്‍പിരിയുന്ന കൈവഴികളെയും സെക്റ്റുകള്‍ എന്നു്‌ വിളിക്കാറുണ്ടു്‌. ഇത്ര അംഗങ്ങളില്‍ കൂടുതലാണെങ്കില്‍ മെയിന്‍സ്റ്റ്റീം, അതില്‍ കുറവെങ്കില്‍ സെക്റ്റ് എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക (ചുരുങ്ങിയപക്ഷം കുറയാതെയെങ്കിലും ഇരിക്കുക) എന്നതു്‌ രണ്ടു്‌ വിഭാഗത്തിന്റെയും ലക്ഷ്യമാണെങ്കിലും, അതിനു്‌ കൊല്ലും കൊലയും അടക്കമുള്ള, അഗ്രെസീവ് ആയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും, അവയെ എന്തു്‌ മുട്ടായുക്തി ഉപയോഗിച്ചും ന്യായീകരിക്കാനും സെക്റ്റുകളോളം ആവേശം മെയിന്‍സ്റ്റ്റീമില്‍ കാണാറില്ല. ജനാധിപത്യപരം, സര്‍വ്വതന്ത്രസ്വതന്ത്രം എന്നൊക്കെ സ്വയം വിശേഷിപ്പിക്കപ്പെടുന്ന മത-, രാഷ്ട്രീയഗ്രൂപ്പുകള്‍ സത്യത്തില്‍ സെക്റ്റുകള്‍ മാത്രമാണോ എന്നറിയാനുള്ള ഒരു ക്രൈറ്റീറിയമായി ഈ വസ്തുതയെ പ്രയോജനപ്പെടുത്താവുന്നതാണു്‌.

അതിനു്‌, ഒരു ഗ്രൂപ്പിന്റെ ചിന്താധാരയില്‍ നിന്നും അകലുകയോ, അതിനോടു്‌ വിയോജിപ്പു്‌ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ അതുവരെ കൂടെനിന്നു്‌ കയ്യടിച്ചു്‌ പ്രോത്സാഹിപ്പിച്ചിരുന്ന ചെന്നായ്ക്കള്‍ ധരിച്ചിരുന്ന ആട്ടിന്‍തോലും, ജനാധിപത്യ-,  മതേതരത്വമുഖംമൂടിയും അഴിഞ്ഞുവീഴുന്നുണ്ടോ എന്നു്‌ പരിശോധിച്ചാല്‍ മതി. പക്ഷേ, രാഷ്ട്രീയം എന്നാല്‍ വ്യക്തിഹത്യയാണെന്നും, അതു്‌ കഴിയുമെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കയ്യോടെ കഴുത്തുമുറിച്ചു്‌ നടപ്പാക്കിയിരിക്കണമെന്നും “ചിന്തിക്കുന്ന” സമൂഹങ്ങളിലെയും സംസ്കാരങ്ങളിലെയും സെക്റ്റുകളില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനുമുന്‍പു്‌ രണ്ടുവട്ടം ആലോചിക്കുന്നതു്‌ നല്ലതാണു്‌. അല്ലെങ്കില്‍ പരീക്ഷണശേഷം തപ്പിനോക്കാന്‍ കയ്യോ, കഴുത്തിനു്‌ മുകളില്‍ തലയോ ഇല്ലല്ലോ എന്നു്‌ അത്ഭുതപ്പെടേണ്ടിവന്നേക്കാം.

ചില അംഗങ്ങള്‍ ഡിസ്ലോയല്‍ ആവാന്‍ തുടങ്ങുന്നു എന്ന സംശയം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ചാവേറുകള്‍ ആക്രമണസന്നദ്ധരാവുമ്പോഴേക്കും അത്തരം ചില “നിഷേധികള്‍” ക്വട്ടേഷന്‍കാരുടെ കയ്യും ആയുധവും എത്താത്തത്ര ഉയരത്തില്‍ എത്തിയിട്ടുണ്ടാവാമെന്നതിനാല്‍, ചാവേറുകള്‍ അപൂര്‍വ്വമായെങ്കിലുംമുഖം മൂടിയുമായി സ്തുതിഗീതങ്ങളോടെ അവരുടെ മുന്നിലെത്തി വണങ്ങി നേര്‍ച്ചയിട്ടു്‌ പിന്മടങ്ങുന്ന കാഴ്ചകളും വിരളമല്ല. മല്ലൂസ് അങ്ങനെയാണു്‌: ഒന്നുകില്‍ എല്ലാവരെയും തങ്ങളോടൊപ്പം ചെളിയിലിട്ടു്‌ വലിച്ചിഴക്കാന്‍ ശ്രമിക്കും, അതിനു്‌ പറ്റാത്തത്ര ഉയർന്ന നിലയില്‍ എത്തിയെന്നു്‌ തോന്നുന്നവരെ ദൈവത്തെപ്പോലെ പൂവിട്ടു്‌ പൂജിക്കും! വല്ല ബൂര്‍ഷ്വാ ക്യാപിറ്റലിസ്റ്റുകളുടെയും രാജ്യങ്ങളിലെത്തി ഡോക്ടറേറ്റോ മറ്റോ എടുക്കുന്നവര്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരാണു്‌. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ദൈവങ്ങളുടെ മുന്നില്‍ ചെന്നു്‌ ഹൃദയഭാരം ഇറക്കിവച്ചു്‌ ആശ്വസിക്കുന്ന ഭാരതീയന്‍ ആരെയൊക്കെ, എന്തിനെയൊക്കെ പൂജിക്കാന്‍ തയ്യാറാവുകയില്ല? തെരുവിലിറങ്ങി എതിര്‍പക്ഷത്തെ തെറിപറയുക, പോലീസിന്റെ തല്ലുകൊള്ളുക ഇതൊക്കെ ധാരാളം മതി മല്ലൂസിന്റെ ലോകത്തില്‍ നേതാവു്‌ എന്ന സ്ഥാനം കരസ്ഥമാക്കാന്‍. ചുരുക്കത്തില്‍, മറ്റു്‌ പല രാജ്യങ്ങളിലും ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റങ്ങള്‍ മല്ലൂസിന്റെ ലോകത്തില്‍ അന്തസ്സിന്റെയും യോഗ്യതയുടെയും സൂപര്‍ലറ്റീവുകളാണു്‌!

എനിക്കു്‌ മനസ്സിലാവാത്ത മറ്റൊരു കാര്യം, ഉപരിപഠനത്തിനും, വിദഗ്ദ്ധചികിത്സക്കുമൊക്കെയായി പലരും എന്തുകൊണ്ടു്‌ ഇത്തരം ബൂര്‍ഷ്വാ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണു്‌. വിശ്രമമില്ലാതെ സോഷ്യലിസത്തിന്റെ മഹത്വം പ്രസംഗിക്കുന്നവര്‍ വരെ ഈ രീതിയാണു്‌ സ്വീകരിച്ചു്‌ കാണുന്നതു്‌. വെനെസ്വേലയില്‍ സ്ത്രീകള്‍ക്കു്‌ സാക്ഷാല്‍ ചാവെസിന്റെ മുന്നില്‍ നിന്നു്‌ പരസ്യമായി കുഞ്ഞിനു്‌ മുല കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, അവിടത്തെ ചികിത്സയും ഉപരിപഠനവുമൊന്നും അത്ര മികച്ചതല്ല എന്നു്‌ തോന്നുന്നു. അതുകൊണ്ടാവണം ഇപ്പോഴത്തെ അവിടത്തെ പ്രസിഡന്റ് മഡൂറൊ പണ്ടു്‌ “ഉപരിപഠനത്തിനും ചികിത്സക്കുമായി” ഭാരതത്തിലെത്തി സായിബാബയുടെ മുന്നില്‍ പോയി വായും പൊളിച്ചു്‌ കുത്തിയിരുന്നതു്‌.

ഞാനിതു്‌ ഇപ്പോള്‍ എഴുതാന്‍ കാരണം ഈ വാര്‍ത്തയാണു്‌. (http://www.bbc.co.uk/news/technology-23273109).

അതില്‍ നിന്നും ഒരു ഭാഗം:

“I would like to ask your assistance in getting each one of you to post positive messages on the internet (at least once a week, more if you like), about Scientology,” she wrote.

“If you imagine 40-50 Scientologists posting on the internet every few days, we’ll just run the SP’s [ex-members] right off the system.

“It will be quite simple, actually.”

അതാണു്‌ ഒരു സെക്റ്റിന്റെ തനിസ്വഭാവം! ആഴ്ചയില്‍ ഒന്നുവീതം (വേണമെങ്കില്‍ അതില്‍ കൂടുതലുമാവാം) നാല്പതു്‌ അന്‍പതു്‌ സയന്റോളജിസ്റ്റുകള്‍ കടന്നാക്രമണം നടത്തിയാല്‍ “SP”-കളെ വലിയ കാലതാമസമില്ലാതെ നശിപ്പിക്കാമെന്നു്‌! ഇതു്‌ വായിക്കുമ്പോള്‍ ഇതേ നയം തന്നെ സ്വീകരിക്കുന്ന ചില ഇനങ്ങളെ എവിടേയോ  കണ്ടിട്ടുള്ളതുപോലെ തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍, മല്ലൂസിന്റെ “ഓപ്പറേഷന്‍ ഗൂഗിള്‍ പ്ലസ്”, “ഓപ്പറേഷന്‍ ഫേസ്ബുക്ക്” മുതലായവയെപ്പറ്റി “നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല” എന്നേ അതിനര്‍ത്ഥമുള്ളു. അവിടങ്ങളില്‍ ചെന്നാല്‍, ആഴ്ചയില്‍ ഒന്നല്ല, ദിവസത്തില്‍ത്തന്നെ ഒന്നിലധികം തവണ വെറുപ്പിന്റെ സുവിശേഷം ഘോഷിക്കാനായി ഉണരുന്നതു്‌ മുതല്‍ ഉറങ്ങുന്നതുവരെ സോഷ്യല്‍ മീഡിയകളില്‍ കുത്തിയിരുന്നു്‌ ചര്‍വ്വിതചര്‍വ്വണം നടത്തുന്നവരെ കണ്ടു്‌ തൃപ്തിയടയാം.

സയന്റോളജിയെപ്പറ്റി ഇന്റര്‍നെറ്റില്‍ “നിന്ദകരും വട്ടന്മാരും” (വിമര്‍ശകര്‍ക്കു്‌ നല്‍കപ്പെടുന്ന പ്രാമാണികവിശേഷണങ്ങളില്‍ താരതമ്യേന നിരുപദ്രവകരം എന്നു്‌ വിളിക്കാവുന്ന രണ്ടെണ്ണം. ഇവയാണു്‌ മാര്‍ക്സിയന്‍ ശ്രേഷ്ഠഭാഷയില്‍ “പട്ടി, പന്നി, തീട്ടം” മുതലായവയായി മാറുന്നതു്‌!) അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരായി സയന്റോളജിക്കാര്‍ എന്താണു്‌ ചെയ്യേണ്ടതു്‌ എന്നു്‌ പറയാനായി 1994-ല്‍ E. Siegel എല്ലാ അംഗങ്ങള്‍ക്കുമായി അയച്ച ഒരു മെയിലില്‍ നിന്നുള്ള ഒരു ഭാഗമാണു്‌ മുകളില്‍ കൊടുത്തതു്‌. (ബ്രീഫിങ് പൂര്‍ണ്ണമായി ഇവിടെ വായിക്കാം. http://www.freezone.de/english/timetrack/data/e-siegel.html).

ഇന്നത്തെ സയന്റോളജി സീഗലിന്റെ ഈ പഴയ ആഹ്വാനത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതു്‌ മനസ്സിലാക്കാവുന്നതേയുള്ളു. മാര്‍ക്സും മുഹമ്മദും യേശുവുമൊക്കെ പറഞ്ഞ കാര്യങ്ങളുടെ ഇന്നത്തെ അവസ്ഥയും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലല്ലോ. വേണ്ടതുമാത്രം നുള്ളിയെടുക്കുന്നവരാണു്‌ യഥാര്‍ത്ഥ അനുയായികള്‍. അല്ലെങ്കില്‍ത്തന്നെ, കാണാനും കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നവ മാത്രം കാണാനും കേള്‍ക്കാനുമേ മനുഷ്യനു്‌ കഴിയൂ എന്നതൊരു അംഗീകൃതസത്യവുമാണു്‌. പറയുന്നവന്‍ കാണുന്നതെന്തെന്നു്‌ കാണാന്‍ കഴിയാത്ത കേള്‍വിക്കാരനോടു്‌ സംസാരിക്കുന്നതു്‌ അര്‍ത്ഥശൂന്യമായ ഒരു സംരംഭമാവുന്നതു്‌ മറ്റൊന്നും കൊണ്ടല്ല. ഞാന്‍ ഏതാണ്ടു്‌ ഏഴു്‌ വര്‍ഷത്തോളമായി മലയാളം ബ്ലോഗിലുണ്ടു്‌. അന്നും ഇന്നും ഒരേ വായ്ത്താരിയുമായി ബ്ലോഗില്‍ ചുറ്റിത്തിരിയുന്ന ആത്മീയ-, ഭൗതികവിശ്വാസികളുണ്ടു്‌. “എന്നോടു്‌ മുട്ടാന്‍ ആരുണ്ടെടാ” എന്നും മറ്റുമാണു്‌ വെല്ലുവിളികള്‍. അതില്‍ അത്ഭുതമൊന്നുമില്ല. ബസ്സില്‍ കയറുമ്പോഴും “മുട്ടിനില്‍ക്കണം” എന്നു്‌ വിശ്വസിക്കുന്നവരാണല്ലോ മല്ലൂസ്!

പണ്ടു്‌ ഞാന്‍ നാട്ടിലായിരുന്ന കാലത്തു്‌ ട്രെയിനോ ബസോ കാത്തു്‌ നില്‍ക്കുമ്പോള്‍, അടുത്തുവന്നു്‌ തോണ്ടിവിളിച്ചു്‌ ഭിക്ഷ യാചിച്ചിരുന്ന ചില കുട്ടികളെ കണ്ടിട്ടുണ്ടു്‌. എന്തെങ്കിലും കൊടുത്തു്‌ ഒഴിവാക്കുന്നതുവരെ അവര്‍ തോണ്ടലും കൈനീട്ടലും തുടര്‍ന്നുകൊണ്ടിരിക്കും. എന്തെങ്കിലും വാങ്ങിക്കൊണ്ടല്ലാതെ മടങ്ങിച്ചെന്നാല്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനായി എവിടെയോ മറഞ്ഞിരിക്കുന്ന ചൂഷകരില്‍ നിന്നുള്ള ദേഹോപദ്രവം ഉറപ്പാണെന്നതിനാലാവണം എന്തും സഹിച്ചു്‌ അവര്‍ ഈ കര്‍മ്മത്തിനു്‌ മുതിരുന്നതു്‌. വാദഗതികള്‍ എന്ന പേരില്‍ വര്‍ഷങ്ങളായി ഛര്‍ദ്ദിക്കുന്ന വിവരദോഷങ്ങള്‍ വീണ്ടും വീണ്ടും ഛര്‍ദ്ദിച്ചുവച്ചിട്ടു്‌ ആരെങ്കിലും “മുട്ടാന്‍” വരുമെന്നു്‌ കരുതി കാത്തിരിക്കുന്ന ചാവേറുകളെ കാണുമ്പോള്‍ ആ കുട്ടികളെ ഓര്‍മ്മ വരാറുണ്ടു്‌. പീഡനം ഏല്‍ക്കേണ്ടിവരുമെന്നുള്ള ഭയമാവുമോ ഇത്തരം താര്‍ക്കികരെ ഈ നാണംകെട്ട ഏര്‍പ്പാടിനു്‌ പ്രേരിപ്പിക്കുന്നതു്‌?

എന്തിനുവേണ്ടിയാണു്‌ ഇക്കൂട്ടര്‍ ഈ ഭഗീരഥപ്രയത്നം നടത്തുന്നതെന്നു്‌ എനിക്കറിയില്ല. വീടുകള്‍ തോറും കയറിയിറങ്ങി ഇന്‍ഷ്വറന്‍സുകളില്‍ ആളെച്ചേര്‍ക്കുക, ആനുകാലികങ്ങളുടെ സബ്സ്ക്രിപ്ഷന്‍ പിടിപ്പിക്കുക മുതലായ, വാസ്തവത്തില്‍ നിയമവിരുദ്ധമായ, ജോലികള്‍ ചെയ്യാനായി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്ന തട്ടിപ്പുകാരായ ചില ഏജന്റുകളെപ്പറ്റി കേട്ടിട്ടുണ്ടു്‌. പ്രതീക്ഷിക്കുന്ന ക്വോട്ട തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേഹോപദ്രവംവരെ ഏല്‍ക്കേണ്ടിവരുമത്രെ! ചെയ്യുന്നതു്‌ നിയമവിരുദ്ധമായ ജോലി ആയതിനാലും, ഏജന്റ് കാണിക്കുന്ന ഉടമ്പടി വായിച്ചാലും അതില്‍ ചെറിയ അക്ഷരങ്ങളില്‍ ഒളിപ്പിച്ചുവച്ച കെണികള്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാലും, ശുദ്ധഗതിയോടെ ഒപ്പിട്ടു്‌ കൊടുത്തു്‌ അബദ്ധത്തില്‍ വീഴുന്ന യുവാക്കള്‍ പരാതിയും കൂടെ കൊടുത്തു്‌ കൂടുതല്‍ പ്രശ്നങ്ങള്‍ വലിച്ചു്‌ തലയില്‍ വയ്ക്കാന്‍ ഒരുങ്ങുകയില്ല എന്ന ഉറപ്പാണു്‌ ഏജന്റുമാരുടെ ധൈര്യം. ഈ കെണിയില്‍ പോയി വീഴുന്ന യുവാക്കളെ പാവങ്ങള്‍ എന്നു്‌ വിളിക്കാമോ എന്നെനിക്കറിയില്ല. കാരണം, ഏജന്റിന്റെ മധുരവാഗ്ദാനങ്ങള്‍ സത്യമെന്നു്‌ കരുതി പെട്ടെന്നു്‌ ധനികരാവാന്‍ ചാടിപ്പുറപ്പെടുന്നവര്‍ക്കു്‌ പാവങ്ങള്‍ എന്നതിനേക്കാള്‍ വിഡ്ഢികള്‍ എന്ന വിശേഷണമാണു്‌ കൂടുതല്‍ യോജിക്കുന്നതെന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌.

ഒരു ആശയം തത്വത്തില്‍ എങ്കിലും ശരിയാണോ എന്നറിയണമെങ്കില്‍ ആ ആശയം എന്തെന്നു്‌ വിശദമായും ക്രിട്ടിക്കല്‍ ആയും പഠിച്ചിരിക്കണം. ഒരു ആശയം പ്രായോഗികമായി ശരിയാണോ എന്നറിയണമെങ്കില്‍ ആ ആശയം പ്രായോഗികമാക്കാന്‍ കഴിഞ്ഞ നാടുകളില്‍ അതിനു്‌ പില്‍ക്കാലത്തു്‌ എന്തു്‌ സംഭവിച്ചു എന്നറിഞ്ഞിരിക്കണം. അതിനു്‌ ലോകചരിത്രം മുഴുവനുമല്ലെങ്കിലും, ആ രാജ്യങ്ങളുടെ ചരിത്രമെങ്കിലും മുന്‍വിധിയില്ലാതെ, നിഷ്പക്ഷമായി പഠിച്ചിരിക്കണം. വടക്കു്‌- തെക്കന്‍ കൊറിയകളും, കിഴക്കു്‌-പടിഞ്ഞാറന്‍ ജര്‍മ്മനികളുമെല്ലാം ഈ വിഷയത്തില്‍ വേണമെങ്കില്‍ പഠിക്കാന്‍ ശ്രമിക്കാവുന്ന ചില ഉദാഹരണങ്ങളാണു്‌.

BBC-യിലെ ആ ലേഖനത്തില്‍ നിന്നും:

“Founder L Ron Hubbard told them how to do everything in life,” reflects Dr Poulter from Wikipedia.

“But he didn’t leave any instructions on how to handle the internet.”

അതുപോലെതന്നെ, ബൂര്‍ഷ്വാ ക്യാപിറ്റലിസ്റ്റുകളെ എന്നേക്കുമായി ഉന്മൂലനം ചെയ്യേണ്ടതു്‌ എങ്ങനെയെന്നു്‌ മാര്‍ക്സ് തൊഴിലാളിവര്‍ഗ്ഗത്തോടു്‌ പറഞ്ഞു. പക്ഷേ, പ്രോലെറ്റേറിയറ്റിന്റെ അന്തിമവിപ്ലവത്തിനുശേഷം പാര്‍ട്ടി ഫങ്ക്ഷണറികള്‍ സ്വയം ക്യാപിറ്റലിസ്റ്റുകള്‍ ആയി, ചരിത്രം കണ്ടിട്ടുള്ളതില്‍ വച്ചു്‌ ഏറ്റവും നികൃഷ്ടമായ ബൂര്‍ഷ്വാസിയായി മാറുമെന്നു്‌ മനസ്സിലാക്കാന്‍ മാത്രം വളര്‍ന്നതായിരുന്നില്ല പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച മാര്‍ക്സിന്റെ ഉള്‍ക്കാഴ്ച – എന്തുകൊണ്ടു്‌ എന്നാണു്‌ ചോദ്യമെങ്കില്‍, ആയിരത്തിനാനൂറോ, രണ്ടായിരമോ അതില്‍ കൂടുതലോ പഴക്കമുള്ള “ദര്‍ശനങ്ങള്‍” ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവികസംസ്കാരത്തിനു്‌ അനുയോജ്യമല്ലാതാവുന്ന അതേ കാരണങ്ങള്‍ കൊണ്ടുതന്നെ എന്നേ മറുപടിയുള്ളു.

 
Comments Off on സെക്റ്റുകള്‍ സെക്റ്റുകള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍…

Posted by on Jul 18, 2013 in പലവക

 

Tags: , , , ,