RSS

Tag Archives: സാറ്റയര്‍

ഹേഗെലും ചില ‘ഐഡിയ’കളും

പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും അവയുടെ പരസ്പരബന്ധങ്ങളും ആകെമൊത്തമായി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നേനെ. “The truth is the whole” എന്നാണു്‌ ഹേഗെലും പറഞ്ഞതു്‌. അതിനാല്‍, സത്യം അറിയണമെങ്കില്‍ മുഴുവനും അറിയണം. അതറിഞ്ഞവനാണു്‌ ഹേഗെല്‍ (എന്നു്‌ ഹേഗെല്‍). അങ്ങേര്‍ ഇതുമാത്രമല്ല, മറ്റു്‌ പലതും പറഞ്ഞിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌, ശബ്ദത്തെപ്പറ്റിയും ചൂടിനെപ്പറ്റിയും വളരെ അത്ഭുതകരമായ കാര്യങ്ങളാണു്‌ ഹേഗെല്‍ കണ്ടെത്തിയതു്‌:

“Sound is the change in the specific condition of segregation of the material parts, and in the negation of this condition; — merely an abstract or an ideal ideality, as it were, of that specification. But this change, accordingly, is itself immediately the negation of the material specific subsistence; which is, therefore, real ideality of specific gravity and cohesion, i.e. — heat. The heating up of sounding bodies, just as beaten or rubbed ones, is the appearance of heat, originating conceptually together with sound”. – Hegel

ഇപ്പറഞ്ഞതില്‍ എന്തെങ്കിലുമൊരു അര്‍ത്ഥം നല്‍കാവുന്ന ഒരേയൊരു വാചകം അവസാനത്തേതു്‌ മാത്രമാണു്‌. അതിനുതന്നെ ഇതേ അര്‍ത്ഥമുള്ളു: “അടി, (ചെവിക്കു്‌ പിടിച്ചു്‌) തിരുമ്മല്‍ മുതലായവ വഴി വസ്തുക്കള്‍ ശബ്ദത്തോടെ ചൂടാവുന്നതാണു്‌ ശബ്ദവും ചൂടും”! “ശബ്ദവും ചൂടുമാണു്‌ ശബ്ദവും ചൂടും” എന്നു്‌ പറഞ്ഞിരുന്നെങ്കില്‍ വാക്കുകളുടെ എണ്ണമെങ്കിലും കുറയ്ക്കാമായിരുന്നു. അക്ഷരങ്ങള്‍ വളരെ വിലപിടിപ്പുള്ള വസ്തുക്കളാണു്‌ – ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നണമെന്നില്ലെങ്കിലും. അതുകൊണ്ടു്‌ അവയെ കവലപ്രാസംഗികരെപ്പോലെ മലിനീകരിക്കാതെയും ധൂര്‍ത്തടിക്കാതെയും ഉപയോഗിച്ചാല്‍, ശുദ്ധജലത്തിന്റെ ധൂര്‍ത്തടിയും അന്തരീക്ഷത്തിന്റെ മലിനീകരണവും ഒഴിവാക്കിയാല്‍ എന്നപോലെതന്നെ, മനുഷ്യവര്‍ഗ്ഗത്തെ നാശത്തിലേക്കു്‌ നയിക്കാതിരിക്കാന്‍ അതു്‌ സഹായകമാവും. എന്തായാലും ഒരുകാര്യം പറയാതെ വയ്യ: മുഴുവനും അറിഞ്ഞവനായിരുന്നു ഹേഗെലെങ്കിലും ഭാഷാപരമായ മിതവ്യയത്തിന്റെ ആവശ്യത്തെപ്പറ്റി വലിയ ഗ്രാഹ്യമുള്ളവനായിരുന്നു അദ്ദേഹം എന്നു്‌ തോന്നുന്നില്ല. ശബ്ദത്തിലും ചൂടിലും മാത്രമല്ല, ഇനെര്‍ഷ്യയും, ഗ്രാവിറ്റിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും മറ്റും പ്രഖ്യാപിച്ചുകൊണ്ടു്‌ ന്യൂട്ടന്റെ തത്വങ്ങളിലും ഹേഗെല്‍ കൈവച്ചിട്ടുണ്ടു്‌. ഹേഗെല്‍ മരിച്ചു്‌ 48 വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം മാത്രം ഐന്‍‌സ്‌റ്റൈന്‍ ജനിച്ചതു്‌ ഏതായാലും നന്നായി. ഈ ഹേഗെലിനെയാണു്‌ താന്‍ പിടിച്ചു്‌ “തലകീഴാക്കി” എന്നു്‌ കാള്‍ മാര്‍ക്സ് അവകാശപ്പെട്ടതു്‌. ഏതു്‌ ‘തലയെ’ ആണു്‌ കീഴാക്കിയതെന്നും, ആ തലയെ കീഴ്മേല്‍ മറിച്ച തല അതിനുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടിക്കാണുമെന്നും ചിന്തിച്ചാല്‍ മതി. ശാസ്ത്രമെന്തെന്നറിയാതെ ശാസ്ത്രജ്ഞരായി ചമഞ്ഞു്‌ ലോകത്തെ രക്ഷിക്കാന്‍ മത്സരഓട്ടം ഓടിയ രണ്ടു്‌ ചരിത്രപുരുഷന്മാര്‍!

വിടുവായന്‍ തവളകളെപ്പോലെ ഐഡിയോളജിക്കലായി കരയുന്നതു്‌ എത്ര എളുപ്പമാണെന്നും, അതില്‍ നിന്നുമൊക്കെ എത്രയോ മടങ്ങു്‌ പ്രയാസമേറിയതാണു്‌ പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്നും അറിയണമെങ്കില്‍ “ഒരുവന്‍/ഒരുവള്‍” ഹേഗെലിനെ വായിച്ചിരിക്കണം. അക്കാര്യത്തിനു്‌ ഹേഗെലിനെക്കാള്‍ ഒട്ടും കുറയാത്ത സഹായം മാര്‍ക്സിനും നല്‍കാന്‍ കഴിയും. അതുകൊണ്ടു്‌ “ഐഡിയോളജിക്കല്‍ കരച്ചില്‍” ആര്‍ക്കും കഴിയുന്ന ഒരു കാര്യമാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. കഴുതകളെപ്പോലെ കരയാന്‍ തവളകള്‍ക്കാവുമോ? ചില കഴിവുകള്‍ ചില ജീവികള്‍ക്കു്‌ ഇന്‍സ്റ്റിങ്ക്റ്റീവായി ലഭിക്കുന്നതാണു്‌. ദ്വിതീയാക്ഷരപ്രാസം, ആദ്യപ്രാസം, അന്ത്യപ്രാസം, ആദിമദ്ധ്യാന്തപ്രാസം,  അത്യന്താധുനികപ്രാസം മുതലായ നിയമങ്ങള്‍ പാലിച്ചു്‌ സാഹിത്യസൃഷ്ടികള്‍ നടത്താനോ, അതല്ലെങ്കില്‍ സില്‍മകള്‍ സംവിധാനം ചെയ്യാനോ, സില്‍മയില്‍ അഭിനയിക്കാനോ, നൃത്തം ചെയ്യാനോ ഇപ്പറഞ്ഞ “ജന്മവാസനയില്‍” ഏറിയോ കുറഞ്ഞോ ഒരല്പമെങ്കിലും ഉണ്ടാവാതെ പറ്റുമെന്നു്‌ എനിക്കു്‌ തോന്നുന്നില്ല. എഴുതുന്നവരെല്ലാം ഷേക്സ്‌പിയറോ, സില്‍മാക്കാരെല്ലാം സത്യജിത്ത് റേയോ, മിമിക്രിക്കാരെല്ലാം സൂപ്പര്‍ സ്റ്റാറുകളോ ആവുന്നില്ല എന്നും നമ്മള്‍ ശ്രദ്ധിക്കുക. അതിലൊക്കെ വളരെ ഉയരത്തിലുള്ള മരങ്ങളില്‍ സ്വയം അലങ്കരിച്ചു് തൂക്കുന്നതാണു്‌ അവരില്‍ പലര്‍ക്കും കൂടുതല്‍ ഇഷ്ടമെങ്കിലും.

പണ്ടൊക്കെ, അതായതു്‌ കേരളത്തില്‍ I. R. 8-ന്റെ സ്ഥാനത്തു്‌ I. T. കൃഷി തുടങ്ങുന്നതിനുമൊക്കെ മുന്‍പു്‌, കൊയ്ത്തും പണിയുമെല്ലാം കഴിഞ്ഞു്‌ മനുഷ്യര്‍ സ്വസ്ഥമാവുന്ന കന്നിമാസത്തില്‍ ഗ്രാമപ്രദേശങ്ങളിലെ മനുഷ്യര്‍ “നിങ്ങളെന്നെ (എന്തിനിങ്ങനെ) കമ്മൂണിഷ്ടാക്കി” എന്നും മറ്റുമുള്ള നാടകങ്ങളുടെ റിഹേഴ്സലുകള്‍ നടത്താറും, കലശലായ മനംപിരട്ടല്‍ മൂലം യുവനടികളെ അധികം ദീര്‍ഘിപ്പിക്കാതെ കെട്ടിച്ചു്‌ വിടേണ്ട സാഹചര്യം ഇല്ലാതിരുന്ന അവസരങ്ങളില്‍ അവ അരങ്ങേറ്റം വരെയൊക്കെ എത്താറും ഉണ്ടായിരുന്നു. അപൂര്‍വ്വമായെങ്കിലും അവരില്‍ ചിലര്‍ “K. P. A. C.” വരെയോ, “വെള്ളിത്തിര” വരെയോ ഒക്കെ എത്തിപ്പെട്ടിരുന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. പഠനവിധേയമാക്കാന്‍ കൊള്ളാവുന്ന മറ്റു്‌ ചരിത്രങ്ങളോ, സ്വതന്ത്രമായ ചരിത്രപഠനം നടത്താന്‍ യോഗ്യതയുള്ള ചരിത്രകാരന്മാരോ ഇല്ലാത്തതിനാല്‍, ഉള്ള “ചരിത്രകാരന്മാര്‍ക്കു്‌” അവരുടെ കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍, “ഉള്ളതുകൊണ്ടു്‌ ഓണം പോലെ” എന്ന നിലയില്‍, ഇതുപോലുള്ള വിഷയങ്ങള്‍ പഠനവിധേയമാക്കാവുന്നതാണു്‌. പലതരം വര്‍ണ്ണങ്ങളാലും വര്‍ണ്ണനകളാലും തമ്മില്‍ത്തമ്മില്‍ വേര്‍പെട്ടു്‌ നില്‍ക്കുന്നതും, പരസ്പരവിരുദ്ധമായതുമായ കലാസൃഷ്ടികളുടെ സമാഹാരത്തെയാണല്ലോ നമ്മള്‍ ചരിത്രം എന്നു്‌ വിശേഷിപ്പിക്കുന്നതു്‌! ഹിന്ദുവിനു്‌ ഒരു ഭാരതചരിത്രം, മുസ്ലീമിനു്‌ മറ്റൊരു ഭാരതചരിത്രം, ക്രൈസ്തവനു്‌ ഇതുരണ്ടുമല്ലാത്ത മറ്റൊന്നു്‌… അങ്ങനെ വസ്തുനിഷ്ഠമായി, നിരയനുസരിച്ചു്‌. മതങ്ങള്‍ ചരിത്രരചന തീര്‍ത്തുകഴിയുമ്പോള്‍ ജാതികള്‍ക്കു്‌ അവരുടെ വകയായുള്ള ചരിത്രരചന തുടങ്ങാം. അച്ചടിമഷി പുരട്ടിയിരിക്കുന്ന കടലാസുകളുടെ വിലപോലും ഇല്ലാത്ത തകൃതികളാണു്‌ സാഹിത്യസൃഷ്ടികള്‍ എന്ന പേരില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയില്‍ എണ്‍പതു്‌ ശതമാനവും എന്നതിനാല്‍, ഈ രീതിയില്‍ “സാമൂഹികപ്രതിബദ്ധതയുള്ള” വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ സാമ്പത്തികമായി വന്‍വിജയം കരസ്ഥമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇനി, ഹേഗെലിന്റെ മറ്റൊരു മൊഴിമുത്തു്‌! മനസ്സിലാകാത്തതിനെ അന്ധമായി ആരാധിക്കുക എന്ന പ്രവണത മനുഷ്യവര്‍ഗ്ഗത്തിനു്‌ ജന്മസിദ്ധമായതിനാല്‍, കാണാതെ പഠിച്ചു്‌, ചായക്കട, കള്ളുഷാപ്പു്‌ മുതലായ ഇടങ്ങളില്‍ “വിദഗ്ദ്ധര്‍” തമ്മില്‍ കയ്യേറ്റത്തിലും കൊലയിലും വരെ എത്തിച്ചേരാവുന്നത്ര ആവേശത്തോടെ അരങ്ങേറുന്ന രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ചര്‍ച്ചകളില്‍ സന്ദര്‍ഭാനുസരണം ഉരുവിട്ടാല്‍ എതിര്‍പക്ഷത്തിന്റെ കണ്ണില്‍ പൊടി വാരിയെറിയുന്നതിനു്‌ തുല്യമായ ഫലം കിട്ടിക്കൂടെന്നില്ല. പഴയകാലത്തെ പൂഴിക്കടകന്‍ അടി, പുതിയകാലത്തെ ചെളി വാരിയെറിയല്‍ മുതലായവയെല്ലാം ഒരര്‍ത്ഥത്തില്‍ എതിരാളിയുടെ കണ്ണിലേക്കു്‌ മണ്ണു്‌ വാരിയെറിഞ്ഞു്‌ കണ്ണുകാണാതാക്കുക എന്ന മലയാളിത്തനിമയുള്ള അടവുകള്‍ തന്നെയാണല്ലോ.

“It is the totality which reaches its truth – the potential becomes actualized – only at the end of the process of its own teleological self-becoming. It is a result of its own development in which it gives itself its own content – Nature (the presupposition of human consciousness) – and returns from the otherness of this content through human consciousness. In other words, it becomes object to itself and comes to know itself to be this object.  It becomes self-consciously, self-thinking thought.” – Hegel

“It is the totality which reaches its truth”. അതുതന്നെയല്ലേ “The truth is the whole” എന്ന വാക്യം പറയുന്നതും? ആണെന്നു്‌ കരുതാം. മനുഷ്യനായാല്‍ എന്തെങ്കിലുമൊന്നു്‌ കരുതാതിരിക്കുന്നതെങ്ങനെ? കേരളത്തില്‍ കരുതിയിരുന്നാല്‍ത്തന്നെ മനുഷ്യനായി ജീവിക്കാന്‍ പറ്റാത്തതാണു്‌ ഇന്നത്തെ കാലം. പഴയ കാലത്തെ മനുഷ്യര്‍ നാച്ചുറല്‍ ഫിലോസഫി മുഴുവനും അറിയാനുള്ള ശ്രമമായിരുന്നു നടത്തിക്കൊണ്ടിരുന്നതു്‌. ഇത്തിരി കൊണ്ടൊന്നും അവര്‍ തൃപ്തിപ്പെട്ടിരുന്നില്ല. ഇന്നത്തെ നാച്ചുറല്‍ സയന്‍സ് ആ ഉദ്യമം ഉപേക്ഷിച്ചു. മുഴുവനും അറിയാനുള്ള ആഗ്രഹമില്ലാത്തതിനാലല്ല, അതു്‌ സാദ്ധ്യമല്ലാത്തതിനാല്‍. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നതാണു്‌ അവരുടെ രീതി. – റിഡക്ഷനിസം. ചെറിയ ചുവടുകളിലൂടെ അറിയാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെ ചേര്‍ത്തുവച്ചു്‌ മൊത്തത്തെപ്പറ്റി എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍ കഴിയുമോ എന്നറിയാനുള്ള ശ്രമം.

മനുഷ്യനു്‌ ആകെമൊത്തം ഈ ലോകത്തില്‍ ജീവിക്കാന്‍ ലഭിക്കുന്ന സമയം എഴുപതോ എണ്‍പതോ വര്‍ഷങ്ങളാണു്‌. കേരളത്തിലെ ട്രാഫിക്കില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തില്‍ ഒരു നാല്പതോ അന്‍പതോ വര്‍ഷങ്ങള്‍ വേണമെങ്കില്‍ കുറയ്ക്കാം. അതായതു്‌, അവരുടെ ജീവിതദൈര്‍ഘ്യം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ മാത്രം. ശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്ന നശിച്ച വര്‍ഗ്ഗം അവരെക്കാള്‍ നശിച്ച ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയതിന്റെ ഫലമായി, ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളില്‍ ഒരു പത്തോ ഇരുപതോ വര്‍ഷങ്ങള്‍ (സത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍) കൂട്ടുകയുമാവാം. നൂറു്‌ വയസ്സുവരെയൊക്കെ ജീവിക്കുന്ന പുരുഷന്മാരും, നൂറിനുമീതെ വയസ്സുവരെ ജീവിക്കുന്ന സ്ത്രീകളും പരിഷ്കൃതരാജ്യങ്ങളില്‍ ഇന്നൊരു അപൂര്‍വ്വതയല്ല. അങ്ങനെ, ചുരുക്കം ദശാബ്ദങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്ന മനുഷ്യര്‍ “മുഴുവന്‍ സത്യവും” മനസ്സിലാക്കിയിട്ടേ ചാകാവൂ എന്നെല്ലാം പറയുന്നതു്‌ ഇത്തിരി കടന്നകയ്യാണു്‌.

അല്ലെങ്കിലും ആയുസ്സിന്റെ കാര്യത്തില്‍ പുരുഷവര്‍ഗ്ഗം ആദിമുതലേ അവഗണിക്കപ്പെട്ടവരാണു്‌. ഉദാഹരണത്തിനു്‌, പിടകള്‍ക്കു്‌ കാലവും സമയവും നോക്കാതെ എപ്പോള്‍ വേണമെങ്കിലും മുറ്റത്തും പറമ്പിലും കൊക്കിക്കൊണ്ടു്‌ നടക്കാം. അതു്‌ ആരിലും ഒരുവിധ ചൊറിച്ചിലും ഉണ്ടാക്കാറില്ല. പക്ഷേ, പുലര്‍കാലത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള പൂവന്മാരുടെ കൂവല്‍ ഒരു പത്തുമിനിട്ടു്‌ മുന്നെയോ, പത്തുമിനിട്ടു്‌ താമസിച്ചോ സംഭവിച്ചാല്‍ ആ വീട്ടില്‍ ആ പൂവനാവും അന്നത്തെ അത്താഴത്തിന്റെ കറി. കൃത്യമായി ടൈം ടേബിള്‍ പാലിക്കാന്‍ വിധിക്കപ്പെട്ടവരാണു്‌ പൊതുവേ പുരുഷവര്‍ഗ്ഗം. ഒരു പത്തുമിനിട്ടു്‌ നേരത്തെയോ, അല്ലെങ്കില്‍ പത്തുമിനിട്ടു്‌ താമസിച്ചോ ആണു്‌ ഉണര്‍ന്നതും കൂവിയതും എന്നതു്‌ വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമായി എനിക്കു്‌ തോന്നുന്നില്ല.

അതിനെക്കാളൊക്കെ കഷ്ടം, complete truth, absolute truth എന്നൊക്കെ വിളിക്കപ്പെടുന്ന സംഗതി എന്താണെന്നു്‌ സങ്കല്പിക്കാന്‍ പോലും മനുഷ്യര്‍ക്കു്‌ കഴിയില്ല എന്നതാണു്‌. റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയുമൊക്കെ വന്നശേഷം പ്രത്യേകിച്ചും. തീര്‍ച്ചയായും, ദൈവവിശ്വാസികളും മറ്റിനം പച്ചക്കുതിരകളുമെല്ലാം (പച്ചക്കുതിര ജര്‍മ്മന്‍ ഭാഷയില്‍ ദൈവാരാധിക എന്നു്‌ അര്‍ത്ഥം വരുന്ന Gottesanbeterin എന്നാണു്‌ അറിയപ്പെടുന്നതു്‌! തികച്ചും യോഗ്യമായ ഒരു വിളിപ്പേരു്‌). കമ്പ്ലീറ്റ് ട്രൂത്ത്‌, അബ്സൊല്യൂട്ട് ട്രൂത്ത്‌ എന്നൊക്കെപ്പറഞ്ഞാല്‍ എന്തെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണു്‌. ഇപ്പറഞ്ഞ ഏതാനും കാര്യങ്ങള്‍ മാത്രമല്ല, ഇനി ലോകാവസാനത്തോളം സകലലോകവും പറയാനിരിക്കുന്ന സര്‍വ്വമാനകാര്യങ്ങളും ദൈവം എന്ന ഒരൊറ്റ വാക്കിലേക്കു്‌ ഒതുക്കാന്‍ കഴിയുന്നവയാണെന്ന കാര്യത്തില്‍ ഒരു തരിക്കുപോലും സംശയമില്ലാത്തവര്‍! അവര്‍ക്കാണെങ്കില്‍ അതിനു്‌ സാമാന്യവിദ്യാഭ്യാസത്തിന്റെ പോലും ആവശ്യവുമില്ല. സത്യം പറയാമല്ലോ, ജനിക്കണമെങ്കില്‍ അത്തരം പച്ചക്കുതിരകളായി ജനിക്കണം! പ്രപഞ്ചത്തില്‍ ഒരു അസ്തിത്വത്തിനു്‌ ലഭിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഭാഗ്യമാണതു്‌. ജനിക്കുക, മുടങ്ങാതെ പ്രാര്‍ത്ഥിക്കുക, മുടങ്ങാതെ തിന്നുക, തിന്നുതിന്നു്‌ വീര്‍ക്കുക, കഴിയുന്നത്ര പെരുകുക,  എപ്പോഴെങ്കിലും ചാവുക, അവസാനം നിത്യസ്വര്‍ഗ്ഗത്തിലെത്തുക! അതില്‍ കൂടിയ ഒരു ഭാഗ്യമുണ്ടോ?

ഹേഗെലിന്റെയും മാര്‍ക്സിന്റെയും, എന്തിനു്‌, ഐന്‍‌സ്റ്റൈന്റെ പോലും ലോകത്തില്‍ നിന്നും ശാസ്ത്രവും  മനുഷ്യരും (ചിലരെങ്കിലും) ഇന്നു്‌ വളരെ മുന്നോട്ടുപോയി. പണ്ടു്‌ തത്വചിന്തയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന സംജ്ഞകള്‍ക്കു്‌ ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സംജ്ഞകളുടെ സൂക്ഷ്മതാനിലവാരം ഇല്ല എന്നതു്‌ തത്വചിന്തകര്‍ തന്നെ അംഗീകരിച്ചുകഴിഞ്ഞ കാര്യമാണു്‌. ക്ലാസിക്കല്‍ ഫിലോസഫി കൈകാര്യം ചെയ്തതു്‌ യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളായിരുന്നില്ല, സ്യൂഡോ പ്രശ്നങ്ങളായിരുന്നു. വാസ്തവത്തില്‍ തത്വചിന്തകര്‍ ഇടപെടാന്‍ പോകരുതാത്ത മേഖലയാണതു്‌. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ക്ലാസിക്കല്‍ ഫിലോസഫി ചോദിച്ച ചോദ്യങ്ങളും, നടത്തിയ പരിശോധനകളും അര്‍ത്ഥശൂന്യമായിരുന്നു. ക്വാണ്ടം മെക്കാനിക്സിന്റെ വരവോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ശാസ്ത്രത്തില്‍ നിന്നും സ്പഷ്ടമായ സംജ്ഞകള്‍ പ്രതീക്ഷിക്കുന്ന തത്വചിന്തകരെ അതിലെ കോമ്പ്ലിമെന്റാരിറ്റി, അണ്‍സെര്‍ട്ടെന്റി റിലേഷന്‍, ഇന്റെര്‍ഫെറെന്‍സ് പ്രോബബിലിറ്റി മുതലായവയെല്ലാം നിരുത്സാഹപ്പെടുത്തിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. നീല്‍സ് ബോര്‍ പറയുന്നു: “ഒരു വസ്തുത സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുമ്പോഴും, അതിനെപ്പറ്റി സാദൃശ്യങ്ങളും ഉപമകളും വഴി മാത്രം സംസാരിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു്‌ ക്വാണ്ടം തിയറി. തരംഗവും കണവും ക്ലാസിക്കല്‍ സംജ്ഞകളാണെങ്കിലും ഇവിടെ അവ കോമ്പ്ലിമെന്ററി ആയതിനാല്‍ യഥാര്‍ത്ഥ ലോകവുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തവിധം പരസ്പരവിരുദ്ധമായി നിലകൊള്ളുന്നവയാണു്‌. എങ്കിലും, ഒരു വസ്തുതയുടെ വിവരണത്തിനു്‌ നമുക്കു്‌ സ്വാഭാവികഭാഷയുടെ പരിധിക്കുള്ളില്‍ നില്‍ക്കേണ്ടതുള്ളതിനാല്‍, സാദൃശ്യങ്ങളും ഉപമകളും വഴി മാത്രമേ ഈ വസ്തുതയെ നമുക്കു്‌ സമീപിക്കാന്‍ കഴിയൂ”.

പതിനേഴാം നൂറ്റാണ്ടോടെ മാത്രമാണു്‌ ചുരുങ്ങിയപക്ഷം യൂറോപ്പിലെങ്കിലും മനുഷ്യര്‍ അഥോറിറ്റികളില്‍ നിന്നും സ്വതന്ത്രമായി അനുഭവജ്ഞാനത്തിലേക്കു്‌, അല്ലെങ്കില്‍, പരീക്ഷണങ്ങള്‍ വഴി വിശദാംശങ്ങള്‍ വെരിഫൈ ചെയ്തു്‌ അനുഭവജ്ഞാനം സ്ഥിരീകരിക്കുന്ന രീതിയിലേക്കു്‌ പുരോഗമിച്ചതു്‌. അതുവരെ അറിവു്‌ എന്നതു്‌ ആകമാനതയെപ്പറ്റി പൊതുവായുള്ള ചില വിവരങ്ങള്‍ മാത്രമായിരുന്നു. അതിനു്‌ മനുഷ്യര്‍ ആശ്രയിച്ചിരുന്നതു്‌ പ്ലേറ്റോ, അരിസ്റ്റോട്ടില്‍ മുതലായവരുടെ ചിന്തകളെയോ ക്രൈസ്തവസഭയുടെ ഡോക്ട്രിനുകളെയോ ആയിരുന്നു. അക്കാലത്തു്‌ അനുഭവലോകത്തിലെ ചെറിയ ചെറിയ കാര്യങ്ങളും അവയുടെ വിശദാംശങ്ങളുമൊന്നും മനുഷ്യരെ അധികം അലട്ടിയിരുന്നില്ല. അതിനെല്ലാം “ജ്ഞാനികളായ” മന്ത്രവാദികള്‍ നല്‍കുന്ന വിശദീകരണങ്ങള്‍കൊണ്ടു്‌ മനുഷ്യര്‍ സംതൃപ്തരായിരുന്നു. അതിന്റെ ഫലമായി ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും അന്ധവിശ്വാസം പെരുകുകയും, വലിയ കാര്യങ്ങളില്‍ ഒരു ചുവടുപോലും മുന്നോട്ടു്‌ പോകാന്‍ കഴിയാതിരിക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍, ആകാശത്തിലേപ്പോലെ ഭൂമിയിലും എന്ന രീതിയില്‍ “നന്മതിന്മകള്‍ക്കപ്പുറത്തുള്ള” ഏതോ ലോകത്തെ സ്വപ്നം കണ്ടുകൊണ്ടു്‌ ജീവിച്ചു്‌ മരിക്കുക എന്നതിനു്‌ അപ്പുറം എത്തുന്നതായിരുന്നില്ല അന്നത്തെ മനുഷ്യജീവിതം.

ഒരു കരിവണ്ടിനെ അര്‍ദ്ധരാത്രിയില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ മേശപ്പുറത്തു്‌ ചോക്കുകൊണ്ടു്‌ വരച്ച ഒരു വൃത്തത്തിന്റെ നടുക്കു്‌ വച്ചാല്‍, അതിനു്‌ ആ വൃത്തത്തിനു്‌ പുറത്തുകടക്കാന്‍ സാധിക്കുകയില്ല എന്നൊരു വിശ്വാസം പഴയ കാലത്തുണ്ടായിരുന്നു. ഒരിക്കല്‍ നിര്‍ദ്ദിഷ്ടമായ എല്ലാ കണ്ഡീഷനുകളും പാലിച്ചുകൊണ്ടു്‌ വൃത്തത്തിനു്‌ നടുവില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു വണ്ടു്‌ ഒന്നും സംഭവിച്ചിട്ടില്ല എന്നപോലെ (സ്വാഭാവികമായും) വൃത്തത്തിനു്‌ പുറത്തിറങ്ങി അതിന്റെ പാട്ടിനുപോയതോടെ ആ വിശ്വാസം അവസാനിച്ചു. ഇതു്‌ പതിനേഴാം നൂറ്റാണ്ടിലെ ലണ്ഡനില്‍ സംഭവിച്ചതാണു്‌. എങ്കിലും, മഴ പെയ്യിക്കാനായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും യാഗവും ഹോമവുമൊക്കെ നടത്തുന്ന ചില രാജ്യങ്ങളുണ്ടു്‌! അവിടങ്ങളില്‍ മേശപ്പുറത്തു്‌ വരച്ച വൃത്തത്തിന്റെ നടുവില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രതിഷ്ഠിക്കപ്പെടുന്ന കരിവണ്ടുകള്‍ പ്രതിമയെപ്പോലെ ഇരുത്തിയിടത്തു്‌ ഇരിക്കാറാണു്‌ പതിവെന്നും കേള്‍ക്കുന്നു. അത്തരം രാജ്യങ്ങളില്‍ വണ്ടും, മനുഷ്യരും, കല്ലും, തടിയുമൊക്കെ ഒരുപോലെയാണു്‌ – നിന്നിടത്തുനിന്നും ഒരു ചുവടുപോലും അനങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന യാഥാസ്ഥിതികത്വമാണു്‌ അവയുടെ മുഖമുദ്ര! ഇരുത്തിയാല്‍ ഇരുത്തിയിടത്തു്‌ ഇരിക്കുന്ന, കിടത്തിയാല്‍ കിടത്തിയിടത്തു്‌ കിടക്കുന്ന തരം യാഥാസ്ഥിതികത്വം.

“ഒരുവന്‍ /ഒരുവള്‍” എന്നു്‌ മുകളില്‍ പ്രത്യേകം എടുത്തുപറയേണ്ടിവന്നതുകൊണ്ടു്‌ ഒരു വിശദീകരണം: സ്ത്രീപുരുഷസമത്വത്തില്‍ ഭാഗികമായി മാത്രം വിശ്വസിക്കുന്നവനാണു്‌ ഞാന്‍. അതു്‌ ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗം ഇത്തിരി ഉയര്‍ന്നതാണെന്നോ, മറ്റേ വര്‍ഗ്ഗം അതിലുമിത്തിരി താഴ്ന്നതാണെന്നോ ഉള്ള ചിന്തയുടെ പേരിലല്ല, പൂര്‍ണ്ണമായ സ്ത്രീപുരുഷസമത്വം മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടുചെന്നു്‌ എത്തിച്ചേക്കാവുന്ന സ്വയം നശീകരണത്തിനു്‌ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ശാസ്ത്രത്തിനു്‌ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതിന്റെ പേരില്‍ മാത്രം. വിദ്യാഭ്യാസത്തിനും തൊഴിലിനും തുല്യ അവസരങ്ങള്‍, തുല്യജോലിക്കു്‌ തുല്യകൂലി മുതലായ കാര്യങ്ങള്‍ ജാതി, മത, ലിംഗഭേദമെന്യേ മനുഷ്യവര്‍ഗ്ഗത്തിനു്‌ പൊതുവായി ബാധകമായിരിക്കേണ്ട ജന്മാവകാശങ്ങള്‍ ആയിരിക്കണം എന്നാണെന്റെ അഭിപ്രായം. ഇന്ന ജോലി ഇന്ന വിഭാഗമേ ചെയ്യാവൂ എന്നൊരു നിര്‍ബന്ധത്തിന്റെ പോലും ആവശ്യമില്ല എന്നുംകൂടി പറയാന്‍ കഴിഞ്ഞിരുങ്കില്‍ അതായിരുന്നേനെ എനിക്കു്‌ കൂടുതല്‍ ഇഷ്ടം. പക്ഷേ, ചില വിഷയങ്ങളില്‍ (പുരുഷവര്‍ഗ്ഗത്തെ എങ്ങനെ പ്രസവശേഷിയുള്ള ജീവികളാക്കി മാറ്റാം എന്ന പോലുള്ളവ) ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താന്‍ ശാസ്ത്രത്തിനു്‌ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു്‌, ഈ രണ്ടു്‌ വര്‍ഗ്ഗങ്ങളുടെയും ശരീരങ്ങള്‍ തമ്മില്‍ കാലാകാലങ്ങളായി നിലവിലിരിക്കുന്ന പ്രസക്തമായ ചില വ്യത്യാസങ്ങള്‍ക്കു്‌ കാര്യമായ മാറ്റമൊന്നും സംഭവിക്കാത്തവിധത്തില്‍ തട്ടിക്കൂട്ടാവുന്ന സ്ത്രീപുരുഷസമത്വംകൊണ്ടു്‌ തൃപ്തിപ്പെടുക എന്നതല്ലാതെ തത്കാലം മറ്റു്‌ നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല. സാങ്കേതികമായ ഇത്തരം പ്രശ്നങ്ങള്‍ക്കു്‌ ഒരു കാലത്തു്‌ അനുയോജ്യമായ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പക്ഷം അന്നു്‌ സ്ത്രീപുരുഷസമത്വത്തിലെ ഈ “ഭാഗികത” ഒഴിവാക്കുന്നതിനോടു്‌ എനിക്കു്‌ വിയോജിപ്പുമില്ല. വിയോജിക്കാന്‍, ഇതിപ്പോള്‍ വൈരുദ്ധ്യത്തില്‍ അധിഷ്ഠിതമായ ഭൗതികവാദം പോലെ, തൊടാനും തീണ്ടാനുമൊന്നും അനുവാദമില്ലാത്ത ഒരു “സയന്റിഫിക്” തിയറിയോ, മരണാനന്തരജീവിതം പോലെ, ലോകാവസാനം വരെ ഇടിച്ചാലും കടിച്ചാലും പൊട്ടാത്ത ഒരു വിശ്വാസസത്യമോ ഒന്നുമല്ലല്ലോ.

 
Comments Off on ഹേഗെലും ചില ‘ഐഡിയ’കളും

Posted by on Jul 22, 2013 in പലവക

 

Tags: , , , , ,

രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍

തങ്ങള്‍ അര്‍ഹിക്കുന്ന ഒരു ഭരണകൂടത്തെ മിക്കവാറും എല്ലാ ലോകസമൂഹങ്ങള്‍ക്കും ലഭിച്ചേക്കാമെങ്കിലും, അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഒരു ഭരണകൂടം ലഭിക്കുക എന്ന അസുലഭഭാഗ്യം വളരെ ചുരുക്കം രാജ്യങ്ങള്‍ക്കേ സിദ്ധിച്ചിട്ടുള്ളു. അതിലൊന്നാണു്‌ ഭാരതം. അഭിമാനിക്കുക, ആനന്ദിക്കുക! ഭാരതത്തിലെ പരമോന്നത പദവികളില്‍ പലതും അലങ്കരിക്കാന്‍ മനുഷ്യജീവികള്‍ വേണമെന്നു്‌ വലിയ നിര്‍ബന്ധമൊന്നും ഇല്ല. വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചും പരിഹരിക്കാവുന്ന ഒരു കാര്യമാണതു്‌. വിഗ്രഹങ്ങള്‍ പഞ്ചലോഹങ്ങളില്‍ പണിതീര്‍ത്തിട്ടുള്ളവയാണെങ്കില്‍ കാണാന്‍ നല്ല ഗമയുണ്ടാവും. അവയങ്ങനെ വാണരുളുന്നതു്‌ കാണുന്ന മറ്റു്‌ സമൂഹങ്ങള്‍ക്കു്‌ അവയോടും, അവയുടെ ഭരണത്തിന്‍ കീഴിലുള്ള ജനങ്ങളോടും ബഹുമാനവും ഭയവുമൊക്കെ തോന്നാന്‍ അതു്‌ സഹായകമാവുകയും ചെയ്യും. ലോകം അത്രയും പുരോഗമിച്ചിട്ടില്ലാത്തതിനാലായിരിക്കണം ഇപ്പോള്‍ ലോകത്തിലുള്ള അധികാരസ്ഥാനങ്ങളിലെ സിംഹാസനങ്ങളില്‍ വാണരുളുന്നവര്‍ മിക്കവരും തന്നെ മനുഷ്യരാണു്‌. മനുഷ്യര്‍ ചിരഞ്ജീവികള്‍ അല്ലാത്തതിനാല്‍, വല്ലപ്പോഴുമെങ്കിലും സിംഹാസനയോഗ്യതയുള്ള പുതിയ ആസനങ്ങളെ കണ്ടെത്താതെ നിവൃത്തിയില്ല. വടക്കന്‍ കൊറിയയില്‍ പോലും ഭരണസാരഥ്യം വഹിക്കുന്നവര്‍ മരിക്കാതിരിക്കുന്നില്ല. ഇതു്‌ കേള്‍ക്കുമ്പോള്‍ അതു്‌ സാദ്ധ്യമോ എന്നൊരു സംശയം ആര്‍ക്കും തോന്നിയേക്കാമെങ്കിലും അതൊരു സത്യമാണു്‌.

അത്ഭുതമെന്നേ പറയേണ്ടൂ, ഇപ്പോഴത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ പ്രായവും കുറയുകയല്ല, ഒരു സെക്കന്‍ഡില്‍ ഒരു സെക്കന്‍ഡ് എന്ന നിരക്കില്‍ കൂടിക്കൊണ്ടിരിക്കുകയാണു്‌. താമസിയാതെ ഭാരതത്തിനു്‌ ഒരു നവപ്രധാനമന്ത്രിയെ വേണ്ടിവരുമെന്നു്‌ സാരം. ഉജ്ജ്വലസാരഥികളായ അമൃതാനന്ദജി മയില്‍ജി അമ്മജി, യെന്തരു്‌ജി ഊരു്‌ജി അപ്പജി മുതലായ ചില പേരുകള്‍ ആ സ്ഥാനത്തേക്കു്‌ നിര്‍ദ്ദേശിക്കപ്പെട്ടു്‌ കാണുന്നുണ്ടെങ്കിലും അവരൊന്നും രാഹുല്‍ജി, ഹസാരെജി തുടങ്ങിയവരോളം യോഗ്യതയുള്ളവരായി എനിക്കു്‌ തോന്നുന്നില്ല. ഇതില്‍ എന്റെ ഇഷ്ടതാരം രാഹുല്‍ജിയാണു്‌. രാഹുല്‍ജി ഗാന്ധിജിക്കു്‌ എന്താണൊരു കുഴപ്പം? ഭാരതത്തിലെ ഏതു്‌ ഉന്നതപദവിയും അലങ്കരിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഉള്ളവനാണു്‌ അദ്ദേഹം. ഗൗരവതരമായ കാര്യങ്ങളൊക്കെ പറയാനായി വായ് തുറന്നാല്‍ അല്പം വിടക്കു്‌ മണക്കുന്ന തമാശകളേ വെളിയില്‍ വരൂ എന്നതു്‌ ശരിയാണെങ്കിലും, കേരളത്തിലെ ചില രാഷ്ട്രീയ-മത-സാംസ്കാരിക നേതാക്കള്‍ വായ് തുറന്നു്‌ വിസര്‍ജ്ജിക്കുന്നത്ര കൊടിയ വിഷം തുപ്പാന്‍ കഴിയണമെങ്കില്‍ രാഹുല്‍ജി ഇനിയും മൈലുകളും ഫര്‍ലോങ്ങുകളും സഞ്ചരിക്കേണ്ടതുണ്ടു്‌, കണ്ടമാനം പരിശീലിക്കേണ്ടതുണ്ടു്‌. പക്ഷേ, അദ്ദേഹം നയിക്കേണ്ടതു്‌ വെറുമൊരു സംസ്ഥാനത്തെയല്ല, മൊത്തം ഭാരതത്തെ ആണെന്നതിനാല്‍ ഇതൊരു പരിമിതിയായി കാണേണ്ടതില്ലെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു തുള്ളി വിഷം ചേര്‍ക്കുന്നതുപോലെയല്ലല്ലോ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേക്കു്‌ ഒരു തുള്ളി വിഷം ഒഴിക്കുന്നതു്‌. വിദ്വാന്‍ അല്ലാത്തതിനാല്‍ “മൗനം വിദ്വാനു്‌ ഭൂഷണം” എന്ന മന്മോഹന്‍ജി തത്വത്തിന്റെ ആരാധകനാവേണ്ട കാര്യം രാഹുല്‍ജിക്കില്ല, ആയിട്ടു്‌ പ്രയോജനവുമില്ല.

പിന്നെ കേള്‍ക്കാറുള്ള ഒരു പ്രധാന പരാതി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നുവരെ ഭാരതത്തില്‍ നിലവിലിരിക്കുന്നതു്‌ നെഹ്രുകുടുംബത്തിന്റെ ആധിപത്യമാണെന്നും, അതിനൊരു അറുതി വരുത്തേണ്ടതു്‌ അത്യാവശ്യമാണെന്നുമൊക്കെയാണു്‌. (ദൈവാനുഗ്രഹം മൂലം) അതുപോലൊരു മഹാഭാഗ്യം ലഭിച്ചാല്‍ സുബോധമുള്ള മനുഷ്യര്‍ ആരെങ്കിലും അങ്ങനെയല്ലാതെ പെരുമാറുമോ? കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ, ആത്മപ്രശംസ, കുടുംബപ്രശംസ, ജാതിപ്രശംസ, മതപ്രശംസ മുതലായ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുന്ന ഭാരതീയനാണു്‌ ഒരു രാജ്യത്തിന്റെ ഭരണം വീണുകിട്ടിയാല്‍ അതു്‌ വല്ലവനേയും പിടിച്ചേല്പിക്കുന്നതു്‌! ഇനി ഏല്പിക്കാമെന്നു്‌ വച്ചാലും ആരെ ഏല്പിക്കാന്‍? സായി ബാബ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും ആ ബുദ്ധി പോയില്ല. അല്ലെങ്കില്‍ ഭാരതത്തിലെ മുഴുവന്‍ പ്രശ്നങ്ങളുടെയും പരിഹാരം ശൂന്യാകാശത്തില്‍ നിന്നും ഭസ്മരൂപത്തിലോ, വായില്‍ നിന്നും ഇരുമ്പുണ്ടയുടെ രൂപത്തിലോ മറ്റോ അങ്ങേര്‍ നേരിട്ടു്‌ ഇറക്കുമതി ചെയ്തു്‌ തന്നേനെ. ഇനിയിപ്പോള്‍ ആകെ ഒരു ഓപ്ഷനേയുള്ളു: ഒന്നുകില്‍ രാഹുല്‍ജി അല്ലെങ്കില്‍ ഹസാരെജി. മോന്തായം കണ്ടാല്‍ വോട്ടു്‌ കുത്താനോ അതോ ഒരു കുത്തു്‌ കൊടുക്കാനോ തോന്നുന്നതു്‌ എന്നതാണു്‌ ഓപ്ഷന്‍. ഹീറോപ്രേമികളായ ഭാരതീയര്‍ക്കു്‌ എളുപ്പം തീരുമാനിക്കാവുന്ന ഒരു കാര്യമാണതു്‌. ചൈനയും ജപ്പാനുമൊക്കെ ഭാരതത്തിലേക്കു്‌ കയറ്റി അയക്കുന്ന പേനയ്ക്കും സ്കൂട്ടറിനുമൊക്കെ “ഹീറോ” എന്നു്‌ പേരിടുന്നതു്‌ ഒന്നും കാണാതെയാണെന്നു്‌ കരുതിയോ? കണ്ണുകള്‍ ഇത്തിരി ചെറുതാണെങ്കിലും അത്രകൂടി ഭയങ്കരമായ കാഴ്ചശേഷി ഉള്ളവരാണവര്‍. സില്‍മയിലെ ഒരു ഹീറോയില്‍ നിന്നും എന്തെല്ലാം ഗുണങ്ങളാണോ ഭാരതീയന്‍ പ്രതീക്ഷിക്കുന്നതു്‌, അതെല്ലാം ഒത്തിണങ്ങിയ ഒരു അതുല്യ പ്രതിഭാസമാണു്‌ ശ്രീ രാഹുല്‍ജി എന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും എതിരഭിപ്രായം ഉണ്ടാവും എന്നു്‌ തോന്നുന്നില്ല. യുവകോമളന്‍, കുലീനന്‍, തറവാടി, സവര്‍ണ്ണന്‍, വേണ്ടിവന്നാല്‍ നെറ്റിയില്‍ ചാന്തുപൊട്ടു്‌ തൊടാന്‍ പോലും  മടിക്കാത്ത സാക്ഷാല്‍ ഭാരതീയന്‍! ഇനി നിങ്ങള്‍ (സ്വന്തം) നെഞ്ചത്തു്‌ കൈവച്ചു്‌ (എന്ന്വച്ചാല്‍ നെഞ്ചത്തു്‌ എവിടെയെങ്കിലും കൈവച്ചല്ല, നെഞ്ചിന്റെ ഒരല്പം ഇടത്തുവശത്തേക്കു്‌ മാറി ചങ്കു്‌ ഇരിക്കുന്ന ഭാഗത്തു്‌ കൈവച്ചു്‌) പറയൂ: മലയാളം സില്‍മയില്‍ ഒരു മധുരപ്പതിനെട്ടുകാരി നായികയുടെ പുറകെ “മണിയാന്‍ചെട്ടിക്കു്‌ മണിമിഠായി” എന്നോ, “കണ്ണാ പൊത്തീലേലെ, കാട്ടുകുറിഞ്ഞീലേലെ” എന്നോ മറ്റോ പാടുന്നപോലെ തോന്നത്തക്കവിധം ചുണ്ടനക്കിക്കൊണ്ടു്‌ ആല്‍മരം ചുറ്റി ഓടേണ്ടതു്‌ മമ്മൂട്ടിയോ അതോ മമ്മുക്കോയയോ? ആരാണു്‌ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആവേണ്ടതു്‌? രാഹുല്‍ജിയോ അതോ ഹസാരെജിയോ? നിങ്ങള്‍ ചുമ്മാ കണകുണാന്നു്‌ ഓരോ വര്‍ത്തമാനം പറയരുതു്‌.

ദോഷം പറയരുതല്ലോ, കേരളാകാങ്കിരസിലും മുസല്‍മാന്‍ലീഗിലുമൊക്കെ എന്തിനും പോന്ന നേതാക്കളെ മലയാളക്കരയും വളര്‍ത്തിയെടുത്തിട്ടുണ്ടു്‌. മന്ത്രിയോ തന്ത്രിയോ എന്താണു്‌ ആവേണ്ടതെന്നു്‌ പറഞ്ഞേച്ചാല്‍ മതി. ബാക്കി കാര്യം അവര്‍ ഏറ്റെടുത്തുകൊള്ളും. പക്ഷേ, ഹിന്ദി പറയുകയും ചപ്പാത്തി തിന്നുകയും ചെയ്യുന്നവര്‍ കൈവച്ചാലേ ഡല്‍ഹിയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ഭാരതഭരണയന്ത്രത്തിന്റെ സ്റ്റിയറിങ് തിരിയുകയുള്ളു എന്നതൊരു പ്രശ്നമാണു്‌. ചക്കക്കൂട്ടാന്‍ തിന്നു്‌ ശീലമുള്ളതുകൊണ്ടു്‌ ചപ്പാത്തിയുടെ കാര്യം ഇവരും ഒപ്പിച്ചേക്കും. അമ്പലങ്ങളില്‍ നിന്നു്‌ കേള്‍ക്കുന്ന സംസ്കൃതശ്ലോകങ്ങളും, നസ്രാണിപ്പള്ളികളില്‍ നിന്നു്‌ കേള്‍ക്കുന്ന സുറിയാനിശീലുകളും, സില്‍മാക്കൊട്ടകയില്‍ നിന്നും കേള്‍ക്കുന്ന ഹിന്ദിപ്പാട്ടുകളും, ജന്മനാ കേട്ടുപഠിച്ച തട്ടുതകര്‍പ്പന്‍ പൂരപ്പാട്ടുകളുമൊക്കെ കൂട്ടിച്ചേര്‍ത്തു്‌ ഒരു അവിയല്‍ രൂപത്തില്‍ വച്ചുകീറിയാല്‍ ഭാഷയുടെ കാര്യവും ഒരുവിധം തട്ടിക്കൂട്ടാനായേക്കും. യഥാര്‍ത്ഥ പ്രശ്നം അതൊന്നുമല്ല: കയ്യെത്തുന്ന ദൂരത്തില്‍ സ്ത്രീ എന്നു്‌ തോന്നിയേക്കാവുന്ന വല്ല രൂപവും നീങ്ങുന്നതു്‌ കണ്ടാല്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈവിട്ടു്‌ ചങ്ങായിമാര്‍ അതിന്റെ പുറകെ പോകും. അതൊരുതരം ഇന്‍സ്റ്റിങ്ക്റ്റ് ആയതിനാല്‍ അത്ര എളുപ്പം ചികിത്സിച്ചു്‌ ഭേദമാക്കാവുന്ന ഒരു രോഗവുമല്ല.

അതുകൊണ്ടു്‌ എന്റെ മുദ്രാവാക്യം: “രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍, രാഹുല്‍ജി സിന്ദാബാദ്, ബാക്കിയെല്ലാം അഹമ്മദാബാദ്”!

 
1 Comment

Posted by on Jan 22, 2013 in പലവക

 

Tags: , , ,

കവലയിലെ കാവല്‍ക്കാര്‍

ചെറുപ്പത്തില്‍ എനിക്കു്‌ നസ്രാണി ജാതിയില്‍ പെട്ട ഒരു മരപ്പണിക്കാരന്‍ അയല്‍വാസിയായി ഉണ്ടായിരുന്നു. യേശുവും പിതാവായ ജോസഫും മരപ്പണിക്കാരായിരുന്നു, പിന്നെ ഇതില്‍ എന്തിത്ര കാര്യം എന്നു്‌ ഒരുപക്ഷേ ആര്‍ക്കെങ്കിലും തോന്നിയേക്കാം. മരപ്പണിക്കാരും കല്പണിക്കാരും അറവുകാരുമൊന്നും ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സാക്ഷാല്‍ യഹോവയ്ക്കും മനുഷ്യനെ സൃഷ്ടിക്കാനായി ഒരു കുശവനെപ്പോലെ കുത്തിയിരുന്നു്‌ മണ്ണു്‌ കുഴക്കേണ്ടിവന്നു എന്ന വസ്തുത യഹോവാസാക്ഷികള്‍ പോലും സമ്മതിക്കും. പിന്നെയെന്താണു്‌ പ്രശ്നം? പ്രശ്നം ഞാനും എന്റെ അയല്‍വാസിയും ജീവിച്ചിരുന്നതു്‌ ഭാരതത്തില്‍ ആയിരുന്നു എന്നതാണു്‌. അവിടെ ക്ലോക്കുകള്‍ക്കു്‌ കീ കൊടുക്കുന്ന രീതി ഇല്ലാത്തതിനാല്‍ പണ്ടേതന്നെ വളരെ സാവകാശം നടന്നിരുന്ന സമയമാപിനികള്‍ ഇപ്പോള്‍ ഒരുപാടു്‌ നൂറ്റാണ്ടുകള്‍ പിന്നിലായാണു്‌ സഞ്ചാരം. തന്മൂലം ജാംബവാന്റെ ചെറുപ്പകാലത്തു്‌ ജീവിച്ചിരുന്ന ചില ഗുരുക്കള്‍ ധ്യാനങ്ങളിലൂടെയും പൂജകളിലൂടെയും അതീന്ദ്രിയ ജ്ഞാനത്തിലൂടെയുമെല്ലാം നേടിയെടുത്തു്‌ ഭാരതീയനു്‌ കാലാകാലം കൈവശം വച്ചു്‌ അനുഭവിക്കുന്നതിനായി നല്‍കിയിട്ടുള്ള നിയമാവലികളും പെരുമാറ്റച്ചട്ടങ്ങളും ഇന്നും മാറ്റമൊന്നും സംഭവിക്കാതെയാണു്‌ അവിടെ നിലകൊള്ളുന്നതു്‌. ഓരോരോ മൃഗങ്ങളോടും “ഞാന്‍” എങ്ങനെ പെരുമാറും, “നീ” എങ്ങനെ പെരുമാറണം എന്ന കാര്യങ്ങളെല്ലാം അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടു്‌. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ചെയ്യാന്‍ അര്‍ഹതപ്പെട്ട പ്രൊഫഷനുകള്‍ ഏതെല്ലാമെന്നു്‌ അറിയാന്‍ ഗ്രന്ഥം തുറന്നു്‌ നോക്കുകയേ വേണ്ടൂ. ഉദാഹരണത്തിനു്‌, എലിക്കു്‌ മാത്രം ചുമക്കാന്‍ അനുവാദമുള്ള ദൈവത്തെ യാതൊരു കാരണവശാലും ഒരു പോത്തു്‌ ചുമന്നുകൊണ്ടു്‌ നടക്കരുതു്‌. മനുഷ്യരായാലും അതുപോലെതന്നെ. മരപ്പണിക്കാരന്‍ ചോറ്റുക്ലബ്ബു്‌ തുടങ്ങരുതു്‌. മരപ്പണിക്കാരനായിരുന്നിട്ടും പത്തയ്യായിരം പേര്‍ക്കു്‌ സദ്യ നല്‍കിയ യേശു ഭാരതത്തില്‍ ആയിരുന്നു ജീവിച്ചിരുന്നതെങ്കില്‍ അതുമാത്രം മതിയായിരുന്നു കുരിശുമരണത്തിനു്‌ അര്‍ഹനാവാന്‍. അതേസമയം, താന്‍ ദൈവമാണെന്നു്‌ പറയുന്നതു്‌ ഭാരതത്തില്‍ ഒരു കുറ്റമേ അല്ല. അവിടെ അത്തരക്കാരെ ദൈവങ്ങളായിത്തന്നെ അംഗീകരിക്കുകയും പൂജിക്കുകയുമാണു്‌ പതിവു്‌. ഈവിധമെല്ലാം ലോകാവസാനത്തോളം മാറ്റമില്ലാത്ത നിയമാവലികള്‍ക്കു്‌ വിഘ്നം വരുത്തി ദൈവകോപത്തിനു്‌ ഇരയാവാതിരിക്കാനാവണം ഞങ്ങളുടെ ഭാഗത്തും മരപ്പണി ചെയ്തിരുന്നതു്‌ ജാതീയമായി “ആശാരി” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി മുടി വെട്ടിയിരുന്നതു്‌ ഒരു ക്ഷൗരക്കാരനും, മുഷിഞ്ഞ തുണികള്‍ വീടുകളില്‍ വന്നു്‌ ശേഖരിച്ചുകൊണ്ടുപോയി അലക്കി തേച്ചുമടക്കി തിരിച്ചെത്തിച്ചിരുന്നതു്‌ ഒരു വേലനും വേലത്തിയുമായിരുന്നു. വാക്കത്തി, മഴു മുതലായ മാരകായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതു്‌ ഒരു കൊല്ലനായിരുന്നു. കൊല്ലന്റെ ആലയിലെ ഉല ഒരര്‍ത്ഥത്തില്‍ ഒരു സ്ഥാവരവസ്തു ആയതിനാല്‍ ഉലയുമായി ആവശ്യക്കാരുടെ വീടുകളില്‍ നേരിട്ടു്‌ ഹാജരായി ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിയുക എന്ന ബഹുമതി കൊല്ലനുണ്ടായിരുന്നില്ല. ഈ കുറവു്‌ പരിഹരിക്കാനെന്നോണം ഗ്രാമവാസികളുടെ ഓര്‍ഡറോ, സ്വന്തം മനോധര്‍മ്മമോ അനുസരിച്ചു്‌ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു്‌ അവന്‍ കൃതാര്‍ത്ഥനാവുകയായിരുന്നു പതിവു്‌. അരിവാള്‍, ചുറ്റിക, കോടാലി, തൂമ്പ മുതലായ ഏതാനും സൊഫിസ്റ്റിക്കേറ്റഡ് ഇന്‍സ്റ്റ്റുമെന്റുകളില്‍ കവിഞ്ഞ ഡിമാന്‍ഡ്സ് ഒന്നും ആ പ്രദേശത്തു്‌ ആര്‍ക്കും ഇല്ലാതിരുന്നതിനാല്‍ സപ്ലൈയും അതിനനുസരിച്ചു്‌ എളുപ്പമായിരുന്നു. മിക്കവാറും എല്ലാ കൈത്തൊഴിലുകളും ജാതികളുടെ പരമാധികാരത്തിന്‍ കീഴില്‍ അമര്‍ന്നിരുന്നു എന്നു്‌ ചുരുക്കം. ആരെങ്കിലും ഈ ജാതികളില്‍ പെട്ട ആരെയെങ്കിലും ബൂര്‍ഷ്വാസികളുടെയിടയില്‍ സാധാരണമായ രീതിയിലുള്ള ഒരു പേരു്‌ വിളിച്ചു്‌ സംസാരിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. സ്വന്തം കുടിലില്‍ ആയിരിക്കുമ്പോള്‍ ബന്ധുക്കളാല്‍ അഭിസംബോധനം ചെയ്യപ്പെടാനായി അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു്‌ അതുപോലുള്ള പേരുകള്‍ നല്‍കിയിരുന്നോ എന്നും എനിക്കു്‌ അറിയില്ല.

ഇതുപോലെ മാതൃകാപരമായ ഒരു സാമൂഹികസംതുലിതാവസ്ഥ നിലനിന്നിരുന്ന ഒരു പറുദീസയിലേക്കാണു്‌ ഒരു നസ്രാണി ആയിരുന്ന മേല്പറഞ്ഞ മരപ്പണിക്കാരന്‍ കടന്നുവന്നതു്‌. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ യേശുക്രിസ്തുവിനാല്‍ മാമൂദീസ മുക്കപ്പെട്ടവരാണെന്നും അതല്ല, വിശുദ്ധ തോമാശ്ലീഹായാണു്‌ അവരെ മുക്കിയതെന്നും രണ്ടു്‌ അഭിപ്രായം ക്രൈസ്തവ ചരിത്രകാരന്മാരുടെയിടയില്‍ ഇന്നും നിലവിലുണ്ടു്‌. ആ കഥകളിലെ ശരിതെറ്റുകള്‍ എന്തുതന്നെ ആയാലും, നമ്മുടെ കഥാനായകന്‍ നസ്രാണി ഒരിക്കലും പള്ളിയില്‍ പോവുകയോ കുരിശു്‌ വരക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനായിരുന്നില്ല. അതു്‌ ആ പ്രദേശത്തെ രക്ഷിക്കപ്പെട്ടവരായ സ്ത്രീകളുടെയിടയില്‍ കുശുകുശുപ്പിനും, അന്ത്യനാളിലെ ശിക്ഷാവിധിയില്‍ നിന്നും മോചിതരെന്നു്‌ ഉറപ്പുള്ളവരായിരുന്ന പുരുഷന്മാരുടെയിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കാരണമായി. തത്ഫലമായി മരപ്പണിക്കാരന്‍ കുറ്റവിസ്താരണയ്ക്കായി പീലാത്തോസിന്റെ സന്നിധിയിലേക്കു്‌ ആനയിക്കപ്പെട്ടു. കുരിശു്‌ വരയ്ക്കല്‍ ഏതു്‌ കുഞ്ഞിനും കഴിയുന്ന കാര്യമാണെന്നും, അതേസമയം കുരിശു്‌ നിര്‍മ്മിക്കല്‍ ഒരു മരപ്പണിക്കാരനു്‌ മാത്രമേ കഴിയൂ എന്നും, യേശുതന്നെ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു എന്നും, എല്ലാറ്റിലുമുപരി ഇവിടത്തെ ഇടവകപ്പള്ളിയില്‍ ഇപ്പോള്‍ ദൈവസ്ഥാനം അലങ്കരിക്കുന്നതും ആരാധിക്കപ്പെടുന്നതുമായ കുരിശു്‌ തന്റെ സ്വന്തം കൈവേലയാണെന്നും, തന്റെ കൈവേലയെ താന്‍ തന്നെ ആരാധിക്കുന്നതു്‌ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ ആരാധിക്കുന്നതിനു്‌ തുല്യമായിരിക്കുമെന്നും മറ്റുമായി അവന്റെ കമന്റുകള്‍ ബ്ലോഗിലെ വിശ്വാസികളുടേതുപോലെയും വണ്ടിക്കാളകള്‍ മൂത്രിക്കുന്നതുപോലെയും അനന്തമായി നീണ്ടപ്പോള്‍ ഒരു വിശ്വാസി അല്ലാതിരുന്ന പീലാത്തോസ് ഉറങ്ങിപ്പോയി. ഈ ഉറക്കം ഒരു ദൃഷ്ടാന്തമായി കണ്ട വിശ്വാസികള്‍ യേശുവിന്റെ വിചാരണ സമയത്തു്‌ ശിഷ്യന്മാര്‍ ചെയ്തപോലെ “അവനെ വിട്ടു്‌ ഓടിപ്പോയി”. അവര്‍ എങ്ങോട്ടാണു്‌ ഓടിയതെന്നോ, അങ്ങനെ ഓടിപ്പോയവരില്‍ അവനെ ഒറ്റിക്കൊടുത്തവര്‍ ആരെങ്കിലും അതിനു്‌ ലഭിച്ച ചില്ലറ മുഴുവന്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചശേഷം “കെട്ടിത്തൂങ്ങിച്ചത്തു് കളയുകയായിരുന്നോ” എന്നെല്ലാമുള്ള കാര്യങ്ങള്‍ എന്റെ അറിവിനു്‌ അതീതമാണു്‌.

വസ്തുതാപരമായി പറഞ്ഞാല്‍, അവനെപ്പോലെ ഭംഗിയായി “ഇംഗ്ലീഷ് മോഡല്‍” കട്ടിലുകള്‍ പണിയാന്‍ കഴിവുള്ള ആശാരിമാര്‍ ആ പ്രദേശങ്ങളില്‍ ഇല്ലാതിരുന്നതിനാലും, നാട്ടുപ്രമാണിമാരില്‍ പലര്‍ക്കും അതുപോലൊരു കട്ടിലില്‍ കിടന്നു്‌ ചാവണം എന്നു്‌ ആഗ്രഹം ഉണ്ടായിരുന്നതിനാലും വെസ്റ്റ് കേരള മഹാരാജ്യത്തില്‍ നിന്നും ഞങ്ങളുടെ ഈസ്റ്റ് കേരള മഹാരാജ്യത്തിലേക്കു്‌ കുടിയേറിപ്പാര്‍ത്ത ആ മരപ്പണിക്കാരന്‍ നസ്രാണിക്കു്‌ അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസയ്ക്കു്‌ നാട്ടുപ്രമാണിമാരുടെ മൗനാനുവാദം ലഭിക്കുകയായിരുന്നു. അവിടത്തെ ആശാരിമാര്‍ക്കു്‌ ഇംഗ്ലീഷ് ശൈലികള്‍ വശമില്ലാതിരുന്നെങ്കിലും നല്ലപോലെ നാടന്‍ കട്ടിലുകളും നാടന്‍ വീടുകളുമൊക്കെ പണിയാന്‍ അറിയാമായിരുന്നു. രണ്ടോ മൂന്നോ വലിപ്പത്തിലുള്ള വീടുകളേ അവര്‍ പണിയുമായിരുന്നുള്ളു എന്നുമാത്രം. അവയില്‍ പെട്ട ഒരു വീടിന്റെ ചുറ്റളവു്‌ ഇത്രയെങ്കില്‍ അതിന്റെ നെടിയ ഉത്തരം, കുറിയ ഉത്തരം,  മോന്തായം, കഴുക്കോല്‍  ഇവയുടെയെല്ലാം നീളം വീതി ഘനം ഇവയൊക്കെയെത്ര, അവയില്‍ എവിടെയൊക്കെ ഏതൊക്കെ തുളകള്‍ ഏതു്‌ വലിപ്പത്തില്‍ തുളയ്ക്കണം ഇതെല്ലാം അവര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു്‌ അവരുടെ ആശാന്മാരെ കണ്ടും കേട്ടും പരിശീലിച്ചുമൊക്കെ മനഃപാഠമാക്കിയിരിക്കും. തനിക്കറിയാവുന്ന ഈ ചുറ്റളവുകളില്‍ നിന്നും ഒരു “കോലോ” ഏതാനും അംഗുലമോ കൂടുതലോ കുറവോ ഉള്ള വീടാണു്‌ ഒരുവനു്‌ വേണ്ടതെങ്കില്‍ ആശാരി പറയും: “അതു്‌ മരണമാണു്‌”! ആശാരിക്കു്‌ അതു്‌ അവന്റെ കണക്കിന്റെ മരണമാണു്‌. പക്ഷേ, അതു്‌ തന്റെ കണക്കിന്റെ മരണമാണു്‌ എന്നു്‌ ഒരിക്കലും അവന്‍ തുറന്നു്‌ പറയുകയുമില്ല. അങ്ങനെ പറഞ്ഞാല്‍ അതു്‌ തന്റെ തൊഴിലിന്റെയും കഞ്ഞികുടിയുടെയും മരണം ആയിക്കൂടെന്നില്ല എന്നവനറിയാം. ആശാരികള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ കൗശലക്കാരാണു്‌.

ഏതായാലും, വീടു്‌ പണിയിക്കാന്‍ ആഗ്രഹിക്കുന്ന മുതലാളി അതു്‌ അവന്റെയോ ബന്ധുക്കളുടെയോ മരണമായിട്ടേ മനസ്സിലാക്കൂ എന്നതിനാല്‍ വീടിന്റെ വലിപ്പത്തിന്റെയും ഡിസൈന്റെയുമെല്ലാം പൂര്‍ണ്ണമായ ചുമതല ആശാരിയെ ഭരമേല്പിക്കുകയല്ലാതെ മറ്റു്‌ മാര്‍ഗ്ഗമൊന്നും അത്ര പെട്ടെന്നു്‌ അവന്റെ ബുദ്ധിയില്‍ ഉദിക്കുകയുമില്ല. ഉള്ളിന്റെയുള്ളില്‍ ഏതു്‌ മനുഷ്യനും ഒരു ഈഗോയിസ്റ്റാണെന്നു്‌ അറിയുന്നവരാണു്‌ ആശാരി മൂശാരി കൊല്ലനെ തട്ടാന്‍ മുതലായ എല്ലാ കൈത്തൊഴില്‍ “ജാതി”കളും. സുഖവാസത്തിനായിട്ടല്ലാതെ മരിക്കാനായിട്ടല്ലല്ലോ ഒരുത്തന്‍ ഒരു വീടു്‌ പണികഴിക്കുന്നതു്‌. അത്ഭുതമെന്നേ പറയേണ്ടൂ, ആശാരിമാരുടെ പ്ലാന്‍ അനുസരിച്ചു്‌ പണികഴിപ്പിച്ച വീടുകളില്‍ ജീവിച്ചവരോ ജനിച്ചവരോ ആയ ആരും ഇതുവരെ ചിരംജീവികളായി മാറിയതായി കേട്ടിട്ടില്ല. ഏതു്‌ കുടുംബരഹസ്യവും തത്സമയം ഫെയ്സ് ബുക്കിലും ഗൂഗിള്‍ പ്ലസിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തു്‌ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അതു്‌ ലോകം അറിയാതെ പോകും എന്നു്‌ കരുതാനും വയ്യ.

കുടിലായാലും കൊട്ടാരമായാലും ഒറ്റവീടുകള്‍ എന്ന രീതിയില്‍ വീടുകള്‍ പണിയുന്ന ഒരു കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വാസ്തുവും, സ്ഥാനവും, അസ്ഥാനവുമൊക്കെ നോക്കി വീടു്‌ പണിതില്ലെങ്കില്‍ മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമെന്നു്‌ ഭയപ്പെടുത്തി പണം പിടുങ്ങാന്‍ എളുപ്പമാണു്‌. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണങ്ങളില്‍ റോഡിന്റെ കിടപ്പനുസരിച്ചു്‌ പല കുടുംബങ്ങള്‍ക്കു്‌ താമസിക്കത്തക്ക വിധത്തില്‍ ഫ്ലാറ്റുകള്‍ പണിയുന്ന ആധുനിക സമൂഹങ്ങളില്‍ ആരും വാസ്തുവും, വസ്തുവും, വെഞ്ചരിപ്പും, മാങ്ങാത്തൊലിയുമൊന്നും ആഘോഷിക്കാറില്ല. കെട്ടുറപ്പും പ്രായോഗികതയുടെ അടിസ്ഥാനത്തിലുള്ള ഡിസൈനുകളുമാണു്‌ അവയുടെ ആധാരം. എന്നിട്ടും ദൈവികമായ അനുഗ്രഹങ്ങള്‍ ചോര്‍ന്നുപോകാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടു്‌ പണികഴിപ്പിക്കപ്പെടുന്ന വീടുകളില്‍ സംഭവിക്കുന്ന അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും ഒരു ചെറിയ അംശം പോലും അവയില്‍ സംഭവിക്കുന്നുമില്ല.

ആശാരിമാരെപ്പോലെ “ഉറയിലിട്ടു്‌” സംസാരിക്കുന്ന ഈ തന്ത്രം ഭാരതത്തില്‍ മിക്കവാറും എല്ലാ തൊഴില്‍മേഖലകളിലും ദര്‍ശിക്കാന്‍ കഴിയും. സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിക്കാന്‍ ഇതൊരു നല്ല സൂത്രമാണെന്നതാവാം അതിന്റെ കാരണം. പോരെങ്കില്‍ ഭാരതീയര്‍ ജന്മനാ അഡ്വൈസര്‍മാരുമാണല്ലോ. ഉപദേശം പാളിയാല്‍ വ്യാഖ്യാനിച്ചു്‌ തടിതപ്പാന്‍ കഴിയണം എന്നതു്‌ ഉപദേശികളുടെ നിലനില്പിന്റെ പ്രശ്നമാണു്‌. വിശാരദന്മാര്‍ എന്നു്‌ സ്വയം കരുതുന്ന ചിലരും, പ്രത്യേകിച്ചും സാഹിത്യത്തില്‍, സമൂഹവുമായുള്ള അവരുടെ “ഇന്റര്‍ ആക്ഷനുകളില്‍” ഈ രീതി പ്രാവര്‍ത്തികമാക്കാറുണ്ടു്‌. താന്‍ പറയുന്നതു്‌ മറ്റുള്ളവര്‍ക്കു്‌ മനസ്സിലാവാതിരിക്കുന്നതാണു്‌ അവര്‍ക്കു്‌ പാണ്ഡിത്യത്തിന്റെ മാനദണ്ഡം. താന്‍ പറയുന്നതു്‌ ഓരോരുത്തരും ഓരോ വിധത്തിലാണു്‌ മനസ്സിലാക്കുന്നതെന്നു്‌ അറിയുമ്പോള്‍ കുമ്പകുലുക്കി അടക്കിച്ചിരിക്കാന്‍ കഴിയുന്നതിലെ ആ ഭാഗ്യാനുഭൂതി! അത്തരം സാഡിസ്റ്റുകള്‍ ഗുരുനാഥന്റെ വേഷം കെട്ടി മനുഷ്യരെ വിദ്യ അഭ്യസിപ്പിച്ചതിന്റെ ഫലമാണു്‌ കോടാനുകോടി ഭാരതീയര്‍ ഇന്നും അനുഭവിക്കുന്നതു്‌. അത്തരം സാമൂഹികദ്രോഹികള്‍ വിളിച്ചുപറയുന്ന വിഡ്ഢിത്തങ്ങള്‍ വേദവാക്യമായി ഏറ്റെടുക്കാനല്ലാതെ താന്‍ എന്താണു്‌ കേള്‍ക്കുന്നതെന്നു്‌ സ്വതന്ത്രമായും വിമര്‍ശനാത്മകമായും  ചിന്തിക്കാന്‍ ശേഷിയില്ലാതാക്കിത്തീര്‍ത്ത ഒരു കൂട്ടമാണു്‌ ഇന്നു്‌ ഭാരതീയസമൂഹം. ഏതര്‍ത്ഥവും നല്‍കാന്‍ കഴിയുന്ന ഒരു വാക്യം ഒരര്‍ത്ഥവും നല്‍കാന്‍ കഴിയാത്ത ഒരു വാക്യമേ ആവൂ. അത്തരം അര്‍ത്ഥശൂന്യമായ വാക്യങ്ങളാണു്‌ വേദവാക്യങ്ങള്‍ എന്ന ലേബലില്‍ ഭാരതത്തില്‍ നല്ല വിലയ്ക്കു്‌ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്‌. അതിനു്‌ പറ്റിയ ഒരു ഭാഷയും ഭാരതീയന്‍ കണ്ടുപിടിച്ചിട്ടുണ്ടു്‌. താമര താമരയാണെന്നു്‌ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ താമര എന്നൊരു വാക്കിന്റെയേ ആവശ്യമുള്ളു. എങ്കില്‍ത്തന്നെയും അതിനു്‌ കാക്കത്തൊള്ളായിരം പര്യായപദങ്ങള്‍ നല്‍കുന്നതു്‌ തീര്‍ച്ചയായും ശ്രേഷ്ഠമായ ഒരു കാര്യമാണു്‌. അതു്‌ “ഏകത്വത്തിലെ നാനാത്വത്തിന്റെ” തെളിവാണല്ലോ. പക്ഷേ, തത്വചിന്തയിലും, പ്രകൃതിശാസ്ത്രങ്ങളിലുമൊക്കെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അനിവാര്യമായ വാക്കുകള്‍ മഷിയിട്ടു്‌ നോക്കിയാലും കാണാനില്ലാത്ത ഒരു ഭാഷയില്‍ സൂര്യനെയും ചന്ദ്രനെയുമൊക്കെ കൊട്ടപ്പടി പര്യായപദങ്ങള്‍ കൊണ്ടു്‌ പൊതിയുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു്‌ തോന്നുന്നില്ല. അതുപോലെതന്നെ പരിഹാസ്യമാണു്‌ ആധുനികശാസ്ത്രം എന്നാല്‍ എന്തെന്നു്‌ അറിയാത്തവര്‍ ശാസ്ത്രപഠനം മാതൃഭാഷയില്‍ ആക്കണം എന്നു്‌ തൊണ്ട കീറുന്നതും. ഇല്ലായ്മയെ മൂടിവച്ചു്‌ പൊങ്ങച്ചം കാണിക്കുന്നതിലും എത്രയോ ഭേദമാണു്‌ അവനവനില്ലാത്തവയും ഉള്ളവരില്‍ നിന്നും വെറുതെ ലഭിക്കുന്നവയുമായവ വാങ്ങി വളരാന്‍ ശ്രമിക്കുന്നതു്‌.

നമ്മുടെ മരപ്പണിക്കാരന്‍ നസ്രാണി ഏതെങ്കിലും ഒരു വീട്ടിലേക്കു്‌ ഇംഗ്ലീഷ് കട്ടില്‍ പണിയാനായി പോകുന്നതു്‌ തന്റെ ഉളി കൊട്ടുവടി ചിന്തേര്‍ മട്ടം മുതലായ ഉപകരണങ്ങള്‍ ഒരു മരപ്പെട്ടിയിലാക്കി അതും തലയില്‍ വച്ചുകൊണ്ടായിരിക്കും. ഒരു മരപ്പണിക്കാരന്‍ തന്റെ പണിപ്പെട്ടിയും തലയിലേറ്റി പോകുന്നതു്‌ കാണുമ്പോള്‍ അതിനുള്ളില്‍ എന്താണെന്നു്‌ ചോദിക്കാനുള്ള ഒരു ജിജ്ഞാസ ആര്‍ക്കായാലും ഉണ്ടാവുമല്ലോ. വഴിയരികിലെ ഒരു വീട്ടില്‍ താമസിച്ചിരുന്ന അമിതജിജ്ഞാസുവായ ഒരു ചേട്ടത്തിയുടെ “ഈ പെട്ടിയില്‍ എന്നതാ പണിയ്ക്കാ?” എന്ന ചോദ്യം കേള്‍ക്കാതെ അവിടം കടന്നുപോകാന്‍ നമ്മുടെ ആശാരിക്കും കഴിഞ്ഞിരുന്നില്ല. തെറ്റിദ്ധരിക്കണ്ട, ഒരു വിചാരണക്കു്‌ വേണ്ടിയല്ല, കാര്യങ്ങള്‍ അറിയാനുള്ള ആവേശമാണു്‌ ഓരോ വട്ടവും ഈ ചോദ്യം ആവര്‍ത്തിക്കാന്‍ ചേട്ടത്തിയെ പ്രേരിപ്പിച്ചിരുന്നതു്‌. ഈ പെട്ടിയില്‍ ഒരു കുഞ്ഞിന്റെ ശവമാണെന്നും, ശവമടക്കാന്‍ കൊണ്ടുപോവുകയാണെന്നുമുള്ള “സത്യം” ഒരിക്കല്‍ ആശാരി തുറന്നു്‌ പറഞ്ഞതു് കേട്ടതിനുശേഷമേ ചേട്ടത്തിയുടെ വിജ്ഞാനദാഹം ശമിച്ചുള്ളു. വേദഗ്രന്ഥത്തില്‍ നിന്നും അദ്ധ്യായവും വാക്യവും സഹിതം ഒരു വാക്യം ക്വോട്ടുചെയ്താലും, ആ ഗ്രന്ഥത്തിലെങ്ങും അതുപോലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും, അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും മറ്റുമുള്ള താക്കീതുകളുമായി ചര്‍ച്ചിക്കാന്‍ എത്തുന്ന ദൈവജ്ഞാനികളെ കാണുമ്പോള്‍ ഞാന്‍ ഈ ചേട്ടത്തിയുടെ കഥ ഓര്‍മ്മിക്കാറുണ്ടു്‌. പക്ഷേ, ഒരു പ്രധാന വ്യത്യാസമുള്ളതു്‌, ആ ചേട്ടത്തിക്കു്‌ ഒരു മറുപടികൊണ്ടു്‌ തൃപ്തിയായി, വിശ്വാസിയെ ഒന്‍പതു്‌ മറുപടികള്‍ കൊണ്ടുപോലും തൃപ്തിപ്പെടുത്താന്‍ ആവില്ല. അതാണു്‌ ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ ഒരു പ്രത്യേകത. ദൈവവിശ്വാസം വഴി മനുഷ്യര്‍ കണ്ടമാനം ബുദ്ധിയും യുക്തിബോധവും ഉള്ളവരായി മാറിപ്പോവും.

ഓരോരുത്തരും ഓരോരുത്തരേയും അറിയുന്ന ഗ്രാമപ്രദേശങ്ങളില്‍ അന്യ ഇടപെടലുകളില്ലാത്ത വ്യക്തിപരമായ ഒരു ജീവിതം അസാദ്ധ്യമാണെന്നുതന്നെ പറയാം. ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, പ്രത്യേകിച്ചും പിഴവുകള്‍, മുറിപ്പാടില്‍ നിന്നും വിഷം വലിച്ചെടുക്കുന്നതുപോലെ വലിച്ചെടുക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നു്‌ വിശ്വസിക്കുന്നവരാണു്‌ അവിടത്തെ നാട്ടുപ്രമാണിമാര്‍. അവര്‍ അങ്ങനെ ചെയ്യുന്നതു്‌ ആ സമൂഹത്തെ രക്ഷപെടുത്താനാണെന്നു്‌ കരുതിയാല്‍ തെറ്റി. അവിടന്നും ഇവിടന്നും ശേഖരിക്കപ്പെടുന്ന വിഷം ചീറ്റിത്തെറിപ്പിച്ചു്‌ ആ പ്രദേശത്തെ മുഴുവന്‍ വിഷലിപ്തമാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണു്‌ അവര്‍ ജീവിക്കുന്നതുതന്നെ. വരുന്നവരും പോകുന്നവരുമായ എല്ലാവരെയും വീക്ഷിക്കത്തക്കവിധം അവര്‍ ആ ഗ്രാമത്തിന്റെ “സിറ്റി” ആയ നാല്‍ക്കവലയില്‍ സ്ഥിരവാസം അനുഷ്ഠിക്കുന്നുണ്ടാവും. ആ ഗ്രാമത്തിലെ ഗമനാഗമനങ്ങളുടെ ഒരുതരം ഫില്‍റ്റര്‍ – അതാണവര്‍. ഹൈസ്കൂളിനുശേഷം വിദ്യാഭ്യാസത്തിനായി നാടു്‌ വിടേണ്ടി വന്നതിനാല്‍ അധികം ഇക്കൂട്ടരുമായി ഇടപെടേണ്ടി വന്നിട്ടില്ലെങ്കിലും മദ്ധ്യവേനലവധിക്കും മറ്റും വീട്ടിലെത്താന്‍ എനിക്കും ആ ഫില്‍റ്ററിലൂടെ കടന്നുപോകേണ്ടിയിരുന്നു. ബസ്സ് നിര്‍ത്തുന്ന കവലയില്‍ നിന്നും വീട്ടിലേക്കു്‌ അല്പം നടക്കേണ്ടിയിരുന്നതിനാല്‍ പ്രമാണിമാരുടെ കണ്ണില്‍ പെടാതെ രക്ഷപെടാന്‍ കഴിയുമായിരുന്നില്ല. അവിടെ അരങ്ങേറിയിരുന്ന സംഭാഷണവിഷയങ്ങള്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഒരു താത്പര്യം എന്നില്‍ ജനിപ്പിച്ചിട്ടുള്ളവ ആയിരുന്നില്ല എന്നതിനാല്‍ അവയില്‍ നിന്നും രക്ഷപെടാനുള്ള ഒഴിവുകഴിവുകള്‍ ആലോചിച്ചുറപ്പിച്ചാവും ഞാന്‍ ബസില്‍ നിന്നും ഇറങ്ങുന്നതുതന്നെ. പത്തു്‌ മിനുട്ടിനുള്ളില്‍ ലതാ മങ്കേഷ്കറുടെ ഗാനങ്ങള്‍ റേഡിയോയില്‍ ഉണ്ടെന്നും അതു്‌ കേള്‍ക്കാന്‍ കഴിയാതിരുന്നാല്‍ അതൊരു വലിയ നഷ്ടമായിരിക്കുമെന്നുമായിരുന്നു ഒരിക്കല്‍ എന്റെ ക്ഷമാപണം. അതു്‌ കേട്ടപാടെ അന്നത്തെ സ്ഥലം പഞ്ചായത്തു്‌ മെമ്പറുടെ വക ജ്ഞാനവിളംബരം വന്നു: “അതിനു്‌ ഹിന്ദി സിനിമയില്‍ പാടാന്‍ അറിയാവുന്നതായി അയാള്‍ ഒരുത്തനേയുള്ളു”. ആദ്യത്തേതോ അപ്രതീക്ഷിതമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ തിരുവായില്‍ നിന്നും അടര്‍ന്നുവീണ ഈ വൈജ്ഞാനികമണിമുത്തു്‌ എന്നതിനാല്‍ തിരുത്താനൊന്നും പോയില്ല. പോയാല്‍ “നമ്മള്‍ ഈ പോളിടെക്നിക്കില്‍ ഒന്നും പോയിട്ടില്ലേ” എന്ന രീതിയില്‍ ഉള്ള നീണ്ട ഒരു ചര്‍ച്ചയാവും ഫലം.

മറ്റൊരിക്കല്‍ ഈ ഫില്‍റ്ററിന്റെ ഇടയില്‍ ഒരു വിരുന്നുകാരനെ നേരിടേണ്ടി വന്നതും രസകരമാണു്‌. ഫില്‍റ്ററില്‍ പെട്ടയുടനെതന്നെ എന്നെപ്പറ്റിയുള്ള ചില അന്വേഷണങ്ങള്‍ക്കു്‌ അദ്ദേഹം തുടക്കമിട്ടു. ഞാന്‍ എന്റെ “ലക്ഷ്യലക്ഷണങ്ങള്‍” എല്ലാം ഉത്തമബോദ്ധ്യത്തോടെ വെളിപ്പെടുത്തി. അതുവഴി, തന്റെ മകനും ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ തന്നെ കോഴി പിടുത്തവുമായി നടന്നവനാണെന്നു്‌ മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “അവനു്‌ ഹൈ ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സ്വന്തമായി ഒരു ബാങ്ക് നടത്തുകയാണു്‌”. അദ്ദേഹത്തിനു്‌ അറിയാതിരുന്നതു്‌, തന്റെ മകന്‍ പഠിച്ച ബാച്ചിലെ മുപ്പതു്‌ പേരില്‍ നിന്നും ആകെ രണ്ടുപേര്‍ മാത്രമേ പാസ്സായിരുന്നുള്ളു എന്നും, അവര്‍ രണ്ടുപേരും ഫസ്റ്റ് ക്ലാസ്സ് വാങ്ങിയാണു്‌ ജയിച്ചതെന്നും എനിക്കു്‌ നേരിട്ടു്‌ അറിയാമായിരുന്നു എന്ന കാര്യമാണു്‌. അവിടെയും നിശ്ശബ്ദതയാണു്‌ അഭികാമ്യം എന്നു്‌ എന്റെ സാമാന്യബുദ്ധി എന്നെ ഉപദേശിച്ചു. ആണ്മക്കളെ ശൂന്യാകാശത്തിനും അപ്പുറത്തേക്കു്‌ ഉയര്‍ത്തിപ്പിടിച്ചാലും പോരെന്നു്‌ തോന്നുന്നവരാണു്‌ പിതാക്കള്‍ എന്നതു്‌ ഒരു പുതിയ കാര്യമൊന്നുമല്ല. “കാണെടാ കാണു്‌, എന്റെ ബീജത്തിന്റെ ക്വാളിറ്റി കാണു്‌” എന്നാണു്‌ അവര്‍ അതുവഴി പറയാതെ പറയാന്‍ ശ്രമിക്കുന്നതു്‌. എന്തുകൊണ്ടു്‌ പാടില്ല? അതു്‌ മുഖവിലയ്ക്കെടുക്കാന്‍ ആളുകളുണ്ടെങ്കില്‍ അവരായി അവരുടെ പാടായി. എന്നാലും പച്ചനുണ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു വൈക്ലബ്യമുണ്ടല്ലോ, അതാണു്‌ അസഹ്യം. ഏതായാലും, ഇതുപോലുള്ള അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോകാമെങ്കിലും, നുണ പറയല്‍ ഒരു കലയാണു്‌. അതുകൊണ്ടു്‌ ആ കല വശമില്ലാത്തവര്‍ അതിനു്‌ പോകരുതു്‌. അവര്‍ സത്യം പറഞ്ഞാലും കേള്‍ക്കുന്നവര്‍ അതു്‌ നുണയെന്നേ കരുതൂ.

ഈ രണ്ടു്‌ ചങ്ങാതിമാരും ഇന്നു്‌ ജീവിച്ചിരുപ്പില്ല. മരണാനന്തരം കൊതുകും കുളവിയും പശുവും പന്നിയുമെല്ലാം എവിടെ ചെന്നെത്തുന്നുവോ അവിടെ അവരും സുഖമായി വാഴുന്നുണ്ടാവണം. മരിക്കുന്നതിനു്‌ മുന്‍പു്‌ അവരുടെ ഈ പ്രസ്താവനകളെപ്പറ്റി അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരിക്കാം എന്നു്‌ കരുതുന്നതില്‍ കവിഞ്ഞ ഒരു വിഡ്ഢിത്തമില്ല. ഏതു്‌ കാര്യവും പറയുന്നതിനേക്കാള്‍ വേഗത്തില്‍ മറന്നു്‌ മുന്നേറുന്ന ഒരു പ്രതിഭാസമാണല്ലോ മനുഷ്യജീവിതം.

 
1 Comment

Posted by on Jan 21, 2012 in പലവക

 

Tags: , , ,